অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രമേഹ ചികിത്സയ്ക്കു പുത്തൻ സാങ്കേതികവിദ്യകൾ

ആമുഖം

നവംബർ 14. ലോക പ്രമേഹദിനം. ഈ വർഷത്തെ പ്രമേയം പ്രമേഹത്തിലേക്ക് ഒരു എത്തിനോട്ടം എന്നാണ്. അതോടൊപ്പം ടൈപ്പ് രണ്ട് പ്രമേഹ രോഗികളെ രക്‌ത പരിശോധനകൾ വഴി സ്ക്രീൻ ചെയ്ത് രോഗം നിർണയിക്കുകയും അതുമൂലമുണ്ടാകുന്ന സങ്കീർണതകളെ പ്രതിരോധിക്കുകയും ചികിത്സിക്കുകയും ചെയ്യണം എന്നതും ഈ വർഷത്തെ പ്രമേയത്തിൽ ഉൾപ്പെടുന്നു.

ഇവർക്കു റിസ്ക് കൂടുതൽ...

പ്രമേഹപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചവർ, അമിത വണ്ണമുള്ളവർ, ഉയർന്ന രക്‌തസമ്മർദ്ദമുള്ളവർ, 40 വയസിനുമുകളിൽ പ്രായമുള്ളവർ, ക്രമം തെറ്റിയ ആർത്തവമുള്ള പെൺകുട്ടികൾ, രക്‌തത്തിൽ കൊഴുപ്പുള്ളവർ, കഴുത്തിലും കക്ഷത്തും കറുത്ത മിനുസമുള്ള വെൽവെറ്റ് പോലെ ചർമമുള്ളവർ, വേണ്ടത്ര അധ്വാനമില്ലാത്തവർ, ഗർഭകാലത്ത് പ്രമേഹമുള്ളവരും നാലു കിലോയിൽ കൂടുതൽ ഭാരമുള്ള കുഞ്ഞുങ്ങളെ പ്രസവിച്ചവർ, ഇതിനൊപ്പം പ്രമേഹരോഗ ലക്ഷണമുള്ളവർ എന്നിവർക്ക് പ്രമേഹ സാധ്യത കൂടുതലാണ്. 

ഭാരതം, ഡയബറ്റിക് തലസ്‌ഥാനം

ആഗോളതലത്തിൽ 382 ദശലക്ഷം പ്രമേഹരോഗികൾ ഉണ്ടെന്നാണു കണക്ക്. 2035 ആകുമ്പോൾ 592 ദശലക്ഷം വർധയുണ്ടാകുമെന്നാണു കരുതുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രമേഹരോഗികളുടെ 19 ശതമാനം ഭാരതത്തിലാണ്. പ്രമേഹരോഗത്തിന്റെ തലസ്‌ഥാനം ഭാരതമെന്നു പറയാം.

പുത്തൻ സാങ്കേതിക വിദ്യകൾ

പ്രമേഹ ചികിത്സാരംഗത്ത് പുത്തൻ സാങ്കേതികവിദ്യകൾ രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും പ്രയോജനപ്പെടുത്തുകയും ആയുർദൈർഘ്യം വർധിപ്പിക്കുകയും ചെയ്യാം. പുത്തൻഗ്ലൂക്കോമീറ്ററുകൾ, കുത്തിവയ്പ്പില്ലാത്ത പരിശോധനകൾ, പുതിയ തരം ഇൻസുലിൻ പമ്പുകൾ എന്നിവ ഇപ്പോൾ നിലവിലുണ്ട്.

പുത്തൻ ഗ്ലൂക്കോമീറ്റർ

ഇവ വളരെ ആകർഷകമാണ്. ഐഫോൺ ആൻഡ്രോയിഡ് ഫോണിൽ ലഭ്യമാകുന്ന വളരെ ചെറിയ നൂതന രീതികളുണ്ട്.

കൃത്യമായി ഗ്ലൂക്കോസ് അളവ് തരുന്ന ഗ്ലൂക്കോമീറ്ററുകൾ ലഭ്യമാണ്. മലേഷ്യയിൽ നിന്നുള്ള നൂതന ഗ്ലൂക്കോ വാച്ച് ധരിച്ചാൽ പ്രമേഹം കുറയുന്ന അവസ്‌ഥയിൽ ഇത്് ഓട്ടോമാറ്റിക്കായി പ്രോഗ്രാം ചെയ്തുവച്ച നമ്പറിലേക്ക് സന്ദേശമെത്തിക്കും. അങ്ങനെ പ്രമേഹം കുറഞ്ഞു പോകുന്ന അവസ്‌ഥയിൽ നിന്ന് രോഗിയെ രക്ഷപ്പെടുത്താം. 

ഗ്ലൂക്കോമീറ്റർ പുതിയ തരം ഫോണുകളുമായി ബന്ധിപ്പിച്ചു നിമിഷങ്ങൾക്കകം രക്‌തത്തിലെ ഗ്ലൂക്കോസിന്റെ തോതു കണ്ടെത്താം. പുതിയ ആപ്പ് ഉപയോഗിച്ച് ഡോക്്ടർക്ക് അയച്ചു കൊടുത്ത് ചികിത്സഫലവത്താക്കാം.

തുടർച്ചയായ മോണിറ്ററിംഗ് സിസ്റ്റം

രക്‌തത്തിലെ പഞ്ചസാര എപ്പോൾ കൂടുന്നു, കുറയുന്നു, കൂടിയാൽ എത്ര നേരം നിൽക്കുന്നു, 24 മണിക്കൂറിലെ ഗ്ലൂക്കോസിന്റെ ഏറ്റക്കുറച്ചിലുകൾ എന്നിവ മനസിലാക്കാം. നേർത്ത സൂചി വയറ്റിൽ ഘടിപ്പിക്കുന്നു. ഇതിന്റെ കൂടെ ഒരു റിക്കോർഡറുമുണ്ട്. രോഗിക്ക് ഏത് ആഹാരം കഴിച്ചാൽ ഗ്ലൂക്കോസ് കൂടി, കുറഞ്ഞു വ്യായാമത്തിനു മുമ്പും പിമ്പുമുള്ള ഗ്ലൂക്കോസിന്റെ അളവ് എന്നിവ എല്ലാ അഞ്ചു മിനിറ്റിലും നിരീക്ഷിക്കാവുന്നതാണ്.

ഫ്ളാഷ് ഗ്ലൂക്കോസ് മോണിറ്ററിംഗ് ടെക്നോളജി

ഈ സംവിധാനം വഴി ഗ്ലൂക്കോസിന്റെ അളവ് 14 ദിവസം വരെ മനസിലാക്കാം. കൈയുടെ മുകൾ ഭാഗത്താണു ഘടിപ്പിക്കുന്നത്. ഒരു ദിവസം 96 തവണ ഗ്ലൂക്കോസിന്റെ അളവ് മനസിലാക്കാം. ഇതിന്റെ അളവുകൾ ഡൗൺലോഡ് ചെയ്യാവുന്നതുമാണ്.

ഇൻസുലിൻ പമ്പുകൾ

പ്രചാരത്തിലിരിക്കുന്ന ചികിത്സാരീതിയാണ്. 500 യൂണിറ്റുവരെ ഇൻസുലിൻ നിറയ്ക്കാവുന്ന പമ്പുകളും ഗ്ലൂക്കോമീറ്റർ ഘടിപ്പിച്ച പമ്പും നിലവിലുണ്ട്. കൃത്രിമ പാൻക്രിയാസിനു വില കൂടുതലും പ്രതിമാസം 10000 രൂപവരെ ചെലവു വരുന്നതുമാണ്.

വേദനരഹിതമായ പരിശോധന

നാനോ ടെക്നോളജി വഴി വിയർപ്പു വഴിയും തുപ്പൽ വഴിയും കണ്ണീരീലൂടെയും ഗ്ലൂക്കോസ് പരിശോധന നടത്താവുന്നതാണ്. 

പുതിയ ഗുളികകൾക്കും ഇൻസുലിനും വില കൂടൂതലാണ്. ഡോക്്ടർമാരുടെ നിർദേശ പ്രകാരം പുതിയ ഗുളികകൾ ഉപയോഗിച്ചാൽ പ്രമേഹം നിയന്ത്രിതമാക്കാനും പ്രമേഹ സങ്കീർണതകൾ കൊണ്ടുള്ള വിഷമതകൾ തടയാനും സാധിക്കും. 

ഡോ.ജി. ഹരീഷ്കുമാർ എംഡി
സീനിയർ ഫിസിഷ്യൻ, ഐഎച്ച്എം ഹോസ്പിറ്റല്‍, ഭരണങ്ങാനം

പാദസംരക്ഷണം പ്രധാനം

  • പാദങ്ങൾ എന്നും പരിശോധിക്കുക. പാദത്തിന്റെ മുകൾഭാഗവും താഴ്ഭാഗവും സൂക്ഷ്്മമായി നിരീക്ഷിക്കുക; നിലത്ത് ഒരു കണ്ണാടി വച്ച ശേഷം പാദത്തിന്റെ താഴ്വശത്ത് മുറിവുകളോ വിളളലുകളോ പോറലുകളോ ഉണ്ടോ എന്നു പരിശോധിക്കുക.
  • വിരലുകൾക്കിടയിലെ തൊലി പൊട്ടുന്നുവെങ്കെിൽ അവിടെ ആന്റിസെപ്റ്റിക് മരുന്നു പുരട്ടുക; ഏതാനും ദിവസങ്ങൾക്കുളളിൽ ഉണങ്ങുന്നില്ലെങ്കിൽ ഡോക്ടറെ സമീപിക്കുക.
  • സോപ്പും വെളളവും ഉപയോഗിച്ചു പാദങ്ങൾ നിത്യവും വൃത്തിയായി കഴുകുക. ഉണങ്ങിയ തുണി ഉപയോഗിച്ചു തുടയ്ക്കുക. വിരലുകൾക്കിടയിൽ പറ്റിയിരിക്കുന്ന ജലാംശം തുടച്ചു കളയാൻ ശ്രദ്ധ വേണം.
  • കാലു വിണ്ടു കീറാതിരിക്കാൻ കുളി കഴിഞ്ഞ ശേഷം എണ്ണയോ എണ്ണമയം നിലനിർത്താൻ സഹായിക്കുന്ന ക്രീമുകളോ ലോഷനോ കാലിന്റെ മുകളിലും താഴെയും പുരട്ടുക; വിരലുകളുടെ ഇടയിൽ പുരട്ടരുത്.
  • സോക്സ് ഉപയോഗിക്കുക; മുറുക്കമുളളവ പാടില്ല. വായൂസഞ്ചാരം സാധ്യമാകുന്നതും വിയർപ്പ് തങ്ങി നിൽക്കാൻ അനുവദിക്കാതുമായ സോക്്സാണ് അനുയോജ്യം. രാത്രി തണുപ്പ്് അനുഭവപ്പെടുന്നുവെങ്കിൽ സോക്സ് ധരിക്കുന്നതു ഗുണകരം.
  • കുളി കഴിഞ്ഞ ശേഷം നഖങ്ങൾ വെട്ടി വൃത്തിയാക്കുക; നഖങ്ങളുടെ അരികുകൾ വെട്ടുമ്പോൾ ചർമത്തിൽ മുറിവേല്ക്കാതെ ശ്രദ്ധിക്കണം.
  • ചെരുപ്പു ധരിച്ചേ നടക്കാവൂ; മുറുക്കമുളള ചെരുപ്പും ഷൂസും പാടില്ല.
  • കാലുകൾ ഏറെ ചൂടു കൂടിയ വെളളമുപയോഗിച്ചു കഴുകരുത്. ഹോട്ട്വാട്ടർ ബോട്ടിലോ ഹീറ്റിംഗ് പാഡോ ഉപയോഗിച്ചു കാലിൽ ചൂടുവയ്ക്കരുത്.
  • ആണിയും തഴമ്പും ഉണ്ടെങ്കിൽ ബ്ലേഡും കത്തിയും ഉപയോഗിച്ചു നീക്കാൻ ശ്രമിക്കരുത്; ഡോക്ടറെ സമീപിക്കുന്നതാണു നല്ലത്്്.
  • കാലിലെ രക്‌തസഞ്ചാരം നിലനിർത്താൻ പുകവലി ഉപേക്ഷിക്കുക.
  • ദിവസവും 20 മുതൽ 30 മിനിട്ടു വരെ നടക്കുക; കാലിലേക്കുളള രക്‌തസഞ്ചാരം കൂട്ടുന്നതിന് ഇതു സഹായകം.
  • ഇരിക്കുമ്പോൾ ഒരു കാലിനു മേൽ മറ്റേ കാൽ കയറ്റി വച്ച് ഇരിക്കരുത്; സുഗമമായ രക്‌തസഞ്ചാരത്തിന് അതു തടസമാകും.

ആഹാരത്തിന്റെ അളവിൽ നിയന്ത്രണം പാലിക്കണം; കഴിക്കുന്നതിൽ സമയനിഷ്ഠയും

  • ഇൻസുലിൻ കുത്തിവയ്ക്കാനുപയോഗിക്കുന്ന സൂചിയും സിറിഞ്ചും അണുവിമുക്‌തമാണെന്ന് ഉറപ്പുവരുത്തണം.
  • ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്നുകളുടെ അളവിൽ മാറ്റം വരുത്താവൂ.
  • പ്രമേഹബാധിതർ ഇടയ്ക്കിടെ രക്‌തപരിശോധന നടത്തി പഞ്ചസാരയുടെ അളവു നിയന്ത്രണവിധേയമാണെന്ന് ഉറപ്പു വരുത്തണം.
  • പ്രമേഹബാധിതരിൽ ചിലപ്പോൾ രക്‌തത്തിലെ പഞ്ചസാരയുടെ അളവ് താഴാനിടയുണ്ട്. അതിനാൽ യാത്രാവേളയിൽ ഗ്ലൂക്കോസ് അടങ്ങിയ ബിസ്കറ്റ് കരുതുന്നതു ബോധക്കേട് ഒഴിവാക്കാൻ പ്രയോജനപ്പെടും.
  • മറ്റു രോഗങ്ങൾക്കു മരുന്നു കഴിക്കുന്ന പ്രമേഹരോഗികൾ ചികിത്സിക്കുന്ന ഡോക്ടറോട് പുതുതായി കഴിക്കുന്ന മരുന്നുകളുടെ വിവരം അറിയിക്കണം. ഇത്തരം മരുന്നുകൾ പ്രമേഹനിയന്ത്രണത്തെ ബാധിക്കാതിരിക്കാൻ ഡോക്ടറുടെ നിർദേശപ്രകാരം പ്രമേഹത്തിനു കഴിക്കുന്ന മരുന്നുകളുടെ ഡോസിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താവുന്നതാണ്.
  • പ്രമേഹരോഗികൾ മരുന്നു കഴിച്ചതിനു ശേഷമേ രക്‌തപരിശോധന നടത്താവൂ.
  • രാവിലത്തെ ഭക്ഷണത്തിനു മുമ്പും ഭക്ഷണം കഴിഞ്ഞ് രണ്ട് മണിക്കൂറിനു ശേഷവുമുളള രക്‌തപരിശോധനയാണ് ആവശ്യം.
  • ചർമസംരക്ഷണത്തിന് അതീവപ്രാധാന്യം നല്കണം. ഫംഗസ് ബാധ ഒഴിവാക്കുന്നതിന് അതു സഹായകം
  • പാദസംരക്ഷണത്തിൽ പ്രത്യേകശ്രദ്ധ ചെലുത്തണം.
  • പ്രമേഹം കാലുകളിലെ ഞരമ്പിനെ ബാധിക്കാനിടയുള്ളതിനാൽ ഇടയ്ക്ക് ഇതു സംബന്ധിച്ച പരിശോധനയ്ക്കു വിധേയമാകണം.
  • മദ്യപാനം ഉപേക്ഷിക്കണം. ബിയർ പോലും ഉപയോഗിക്കരുത്.
  • ആഹാരത്തിന്റെ അളവിൽ നിയന്ത്രണംപാലിക്കണം; കഴിക്കുന്നതിൽ സമയനിഷ്ഠയും.
  • വ്യായാമം എല്ലാ ദിവസവും ഒരേതോതിൽ ചെയ്യണം. ഹൃദ്രോഗികൾ ഡോക്ടറുടെ നിർദേശപ്രകാരമു ളള വ്യായാമമുറകൾ സ്വീകരിക്കണം.
  • പ്രമേഹം പൂർണമായി ചികിത്സിച്ചു ഭേദമാക്കാൻ സാധ്യമല്ല;
എന്നാൽ ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കാനുളള മനസും ജീവിതശൈലിയിൽ വരുത്താവുന്ന ഗുണപരമായ മാറ്റവും പ്രമേഹംനിയന്ത്രിക്കാൻ സഹായകം. 

കടപ്പാട് : ദീപിക

അവസാനം പരിഷ്കരിച്ചത് : 6/7/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate