অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ക്യാന്‍സര്‍ - വിവരണം

ആമുഖം

ഇന്ന് നമ്മുടെ സമൂഹം അനുഭവിക്കുന്ന ഏറ്റവും വേദനാജനകമായ രോഗങ്ങളില്‍ ഒന്നായ, ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന പദങ്ങളില്‍ ഒന്നാണല്ലോ കാന്‍സര്‍.

ഗ്രീക് ഭാഷയിൽ "ഞണ്ട് " എന്ന അർത്ഥം വരുന്ന "കാര്‍സിനോമ" (Carcinoma - karkinos, or "crab", and -oma, "growth") എന്ന പദത്തിൽ നിന്നുമാണ് കാൻസർ എന്ന പദം ഉത്ഭവിച്ചത്. അതുകൊണ്ടാണ് കാന്‍സര്‍ രോഗത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡറായി ഞണ്ട് മാറിയത്‌. കാർന്നു തിന്നുന്ന വ്രണങ്ങളെ സൂചിപ്പിയ്ക്കാനാണ് ഈ പദം ഉപയോഗിച്ചത്.

നമ്മുടെ ശരീരത്തിലെ ഓരോ അവയവവും അനേകം കോശങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണല്ലോ.  ഈ  കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവുമായ വിഭജനമാണ് അർബുദം അഥവാ കാന്‍സര്‍ എന്ന് നമുക്ക്‌ ഏറ്റവും ലളിതമായി പറയാം. 
അനിയന്ത്രിതമായ കോശവളര്‍ച്ചാ വ്യതിയാനത്തിനു കാരണം ആ കോശങ്ങളിലെ ഡി എന്‍ എയില്‍  ഉണ്ടാകുന്ന  തകരാറുകള്‍ ആണ്. കാന്‍സര്‍ കോശങ്ങള്‍ പെറ്റുപെരുകി ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ അവ രക്തത്തില്‍ കലരുന്നു. പിന്നീട് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക്  രക്തത്തിലൂടെയും, ലിംഫിലൂടേയും എത്തിച്ചേരുകയും അവിടെയെല്ലാം രോഗം വ്യാപിക്കുകയും ചെയ്യുന്നു.

കാന്‍സര്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍ കാര്‍സിനോജന്‍ (Carcinogens) എന്ന പേരില്‍ ആണ് അറിയപ്പെടുന്നത്. ഇവ ഡി എന്‍ എയില്‍ തകരാറുകള്‍ സൃഷ്ടിച്ച് കാന്‍സര്‍ ഉണ്ടാക്കുന്നവയാണ്. പുകയില, രാസ വസ്തുക്കള്‍, അസ്ബെസ്റ്റോസ്, ആര്‍സനിക്ക്, എക്സ്  റേ, സൂര്യ കിരണങ്ങള്‍ എന്നിവയെല്ലാം ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

കാന്‍സര്‍ ഏകദേശം നൂറോളം അസുഖങ്ങള്‍ക്കു പൊതുവായി പറയുന്ന പേരാണ്  എന്ന് കൂടി നാം ഓര്‍ക്കണം. ഇതില്‍ വളരെ മാരകമായ തലച്ചോറിനെ ബാധിക്കുന്ന ബ്രെയിന്‍ ടൂമര്‍ മുതല്‍ വളരെ വേഗത്തില്‍ സുഖപ്പെടുത്താന്‍ കഴിയുന്ന തൊലിയുടെ കാന്‍സര്‍ വരെ ഉള്‍പ്പെടുന്നു.

അമിത കോശ വളര്‍ച്ച മൂലം ഉണ്ടാകുന്ന അവസ്ഥയെ രണ്ടു വിഭാഗങ്ങള്‍ ആക്കി തരം തിരിക്കാം :

1. ബെനൈന്‍ ട്യൂമര്‍ - Benign Tumor :

2. മാലിഗ്നന്റ് ട്യൂമര്‍ - Malignant Tumor :

ബെനൈന്‍ ട്യൂമര്‍ - Benign Tumor :

ഇവയെ "ദയയുള്ള മുഴകള്‍" എന്ന് വിശേഷിപ്പിക്കാം. ബെനൈന്‍ ട്യൂമറുകളെ കാന്‍സര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നില്ല. ഇവ ഗുരുതരമല്ലാത്ത മുഴകള്‍ ആണ്. 
സാധാരണ ഗതിയില്‍ ഇവ സര്‍ജറിയിലൂടെയോ മറ്റോ നീക്കം ചെയ്തു കഴിഞ്ഞാല്‍ പിന്നെ തിരിച്ചു വരില്ല. ഗര്‍ഭാശയ മുഴകള്‍ പലപ്പോഴും ഈ ഗണത്തില്‍പ്പെടുന്നതാണ്. ഇത്തരം മുഴകളുടെ കോശങ്ങള്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക്‌ വ്യാപിക്കുകയും ഇല്ല.

മാലിഗ്നന്റ് ട്യൂമര്‍ - Malignant Tumor :

"പകയുള്ള മുഴകള്‍" എന്ന് വിശേഷിപ്പിക്കാവുന്ന ഇവനാണ് യഥാര്‍ത്ഥ വില്ലന്‍.

ഈ വിഭാഗത്തില്‍പ്പെടുന്നവയുടെ കോശങ്ങള്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചികിത്സ ദുഷ്ക്കരമാക്കുകയും ചെയ്യുന്നു.

ക്യാന്‍സര്‍ രോഗം ബാധിച്ച അവയവത്തിന്റെ സ്ഥാനം അനുസരിച്ച് താഴെ പറയുന്ന തരത്തില്‍ വര്‍ഗ്ഗീകരിക്കാം.

01. കാഴ്സിനോമ - Carcinoma :

മൂക്ക്, കുടലുകള്‍, ജനനേന്ദ്രിയങ്ങള്‍, സ്തനങ്ങള്‍, മൂത്രാശയം തുടങ്ങിയവയില്‍ ഉണ്ടാകുന്ന കാന്‍സറുകള്‍ ഇവക്ക് ഉദാഹരണം ആണ്.

കാന്‍സര്‍ രോഗങ്ങളില്‍ 80% ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണ്.

02. സാര്‍ക്കോമ - Sarcoma :

മസിലുകള്‍, അസ്ഥികള്‍, തരുണാസ്ഥികള്‍ തുടങ്ങിയവയില്‍ വരുന്ന കാന്‍സറുകള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

03. ലുക്കീമിയ - Leukemia :

രക്തത്തിലും, രക്ത ഉല്‍പ്പാദന അവയവങ്ങളിലും വരുന്ന കാന്‍സര്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

ലുക്കീമിയ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ശ്വേത രക്താണുവിനെയാണ്.

04. ലിംഫോമ - Lymphoma :

ലിംഫാറ്റിക്ക് സിസ്റ്റത്തില്‍ വരുന്ന കാന്‍സര്‍ ആണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. നമ്മുടെ പ്രതിരോധ ശക്തിയെ മുന്നോട്ട് നയിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട സിസ്റ്റം ആണ് ലിംഫാറ്റിക്ക് സിസ്റ്റം.

05. അഡിനോമ - Adenoma :

തൈറോയ്ഡ്, പിട്ട്യൂട്ടറി, അഡ്രീനല്‍ തുടങ്ങിയ ഗ്രന്ഥികളില്‍ ഉണ്ടാവുന്ന കാന്‍സര്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

കാന്‍സറിന് പേര് നല്‍കുന്ന വിധം :
കാന്‍സര്‍ ബാധിച്ച അവയവങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഓരോ കാന്‍സറിനും പേര് നിശ്ചയിക്കുന്നത്.

പൊതുവേ അവയവത്തിന്റെ മെഡിക്കല്‍ പദത്തോടൊപ്പം സാര്‍ക്കോമ, കാര്‍സിനോമ എന്നോ അല്ലെങ്കില്‍ വെറും "ഓമ (oma)" എന്നോ സഫിക്സ് ആയി ചേര്‍ത്താണ് കാന്‍സര്‍ ബാധിച്ച അവയവത്തിന് അനുസരിച്ച പേര് വിളിക്കുക. 

ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു.

അഡിനോ - Adeno : ഗ്രന്ഥി - Gland

കോണ്ട്രോ - Chondro : തരുണാസ്ഥി - Cartilage

എറിത്രോ - Erythro : ചുവന്ന രക്താണു - Red blood cells

ഹേമാഞ്ചിയോ - Hemangio : രക്ത കുഴലുകള്‍ - Blood vessels

ഹെപ്പാറ്റോ - Hepato : കരള്‍ - Liver

ലിപ്പോ - Lipo : കൊഴുപ്പ് - Fat

മെലാനോ - Melano : തൊലി - Pigment

മൈലോ - Myelo : മജ്ജ - Bone marrow

മയോ - Myo : മാംസ പേശി - Muscle

ഓസ്റ്റിയോ - Osteo : അസ്ഥി - Bone

ന്യൂറോ - Neuro : നാഡി - Nerve

കാന്‍സര്‍ ഉണ്ടാവാനുള്ള കാരണങ്ങള്‍

സാധാരണ ശരീരകോശങ്ങളിൽ നിഷ്ക്രിയരായി കഴിയുന്ന അർബുദ ജീനുകളെ , രാസവസ്തുക്കളോ, പ്രസരങ്ങളോ, മറ്റു പ്രേരക ജീവിത ശൈലികളോ ഉത്തേജിപ്പിക്കുന്നു. ഇപ്രകാരം സാധാരണ കോശം അർബുദകോശമാകുന്നു.

കാന്‍സര്‍ ഉണ്ടാക്കുന്ന കാരണങ്ങളെ പ്രധാനമായും അഞ്ചായി തിരിക്കാം :

രാസവസ്തുക്കള്‍ - Chemicals :

നിരവധി രാസ വസ്തുക്കള്‍ കാന്‍സറിനു കാരണമാകുന്നുണ്ട്. അവയില്‍ പലതും ഭക്ഷണത്തിലൂടെയും മറ്റും ഓരോ ദിവസവും നാം അകത്താക്കി കൊണ്ടിരിക്കുന്നു. കീടനാശിനികളെല്ലാം ഈ ഗണത്തില്‍ വരും. കാന്‍സര്‍ ഉണ്ടാക്കും എന്ന്  തെളിയിക്കപ്പെട്ട അന്‍പതില്‍ അധികം രാസവസ്തുക്കള്‍ പുകവലിയിലൂടെ നമ്മുടെ ശരീരത്തില്‍ എത്തുന്നു. അര്‍മ്മാദിക്കാന്‍ വേണ്ടി പുകവലിക്കുമ്പോള്‍ ഈ ചിന്ത മനസ്സില്‍ ഉണ്ടാവുന്നത് നന്നായിരിക്കും.

വികിരണം - Radiation :

അമിതമായി അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏറ്റാല്‍ മെലനോമ ഉണ്ടാവാന്‍ ഉള്ള സാധ്യതയുണ്ട്. എക്സ്റേ, സി ടി സ്കാന്‍  തുടങ്ങിയവ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഉപയോഗിച്ചാലും കാന്‍സറിലേക്ക് നയിച്ചേക്കാം. ഹിരോഷിമ, നാഗസാക്കി എന്നിവടങ്ങളിലെ അമേരിക്കന്‍ അണുബോംബ് ആക്രമണം നിരവധി തലമുറകള്‍ക്ക്  സമ്മാനിച്ചത്‌  കാന്‍സറും മറ്റു രോഗങ്ങളും ആണ് എന്ന വസ്തുത നമുക്ക്‌  അറിയാമല്ലോ...

പകര്‍ച്ചവ്യാധി - Infection :

ചില കാന്‍സറുകള്‍ ഇന്‍ഫെക്ഷന്‍ മൂലവും ഉണ്ടാകാം. മനുഷ്യനില്‍ ഉണ്ടാവുന്ന കാന്‍സറുകളില്‍ 20% വൈറസ്‌ മൂലം ഉള്ളതാണ് എന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ചിലതരം അർബുദങ്ങൾ വൈറസുകൾ (virus) മുഖേന ഒരു വ്യക്തിയിൽനിന്നു മറ്റൊരു വ്യക്തിയിലേക്ക് പകരുന്നു. ത്വക്കിനെ ബാധിക്കുന്ന ചില കാൻസറുകൾ ഇപ്രകാരം പകരുന്നവയാണ്. 

ഗവേഷണശാലയിൽ, സ്തനങ്ങളെ ബാധിക്കുന്ന കാൻസർ മുലപ്പാലിൽക്കൂടി എലികളിൽ പകർത്തിയതിനും അർബുദത്തെ പകർച്ചവ്യാധിയുടെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്തതിനും ആണ് 1966-ൽ പേറ്റൺ റൂസ് എന്ന യു.എസ്. ശാസ്ത്രജ്ഞനു നോബൽ സമ്മാനം ലഭിച്ചത്. 

കരളിലെ അർബുദത്തിനു കാരണമാകുന്നത് ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകളും ഗർഭാശയ ഗളാർബുദം (Cervical), ഗുദാർബുദം എന്നിവയ്ക്കു കാരണമാകുന്നത് ഹ്യൂമൺ പാപ്പിലോമാ വൈറസുകളായ HPV 16, 18 വൈറസുകളുമാണ്. 
ഹെലിക്കോബാക്ടർ പൈലോറി എന്ന വൈറസുകള്‍ ആമാശയാർബുദത്തിനു കാരണമാകുന്നു.

HIV അണുബാധ ഉള്ളവരിലും കാന്‍സര്‍ സാധ്യതകള്‍ കൂടുതലാണ്.

പാരമ്പര്യം - Heredity :

വിത്ത് ഗുണം പത്തു ഗുണം എന്നത് കാരണവന്മാര്‍ പറഞ്ഞത്‌ കാന്‍സര്‍ വിഷയത്തിലും ബാധകമാണ്. ട്യൂമറുകള്‍ ഉണ്ടാവുന്നതിനെ പ്രതിരോധിക്കുന്ന ജീനുകളില്‍ ഉണ്ടാവുന്ന തകരാറുകള്‍ എല്ലാം ഇത്തരത്തില്‍ തലമുറകളിലേക്ക്‌ കൈകാര്യം ചെയ്യപ്പെട്ടേക്കാം.

വൃക്കകളിലും വൃഷണങ്ങളിലും അണ്ഡാശയത്തിലും ഉണ്ടാകുന്ന പലതരം അർബുദങ്ങളും ഈ ഇനത്തിൽപ്പെട്ടവയാണ്. കുട്ടികളിലും ചെറുപ്പക്കാരിലും കാണുന്ന കാൻസറുകള്‍ക്ക് പാരമ്പര്യം ഒരു മുഖ്യ ഘടകമാണ്. ബ്രെസ്റ്റ് കാന്‍സര്‍, ഓവേറിയന്‍ കാന്‍സര്‍ എന്നിവയും ഇത്തരത്തില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള കാന്‍സറുകള്‍ക്ക് ഉദാഹരണമാണ്.

മറ്റു കാരണങ്ങള്‍ :

ചില കാന്‍സറുകള്‍ വിശദീകരിക്കാന്‍ കഴിയാത്ത അന്ജ്യാത കാരണങ്ങള്‍ കൊണ്ടും ഉണ്ടായേക്കാം. മറ്റു പല രോഗങ്ങളെയും പോലെ...

ജോലിയും കാന്‍സറും :
എക്സറേയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവര്‍ക്ക്‌ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അസ്ബെസ്റ്റോസുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍ക്ക്‌ ശ്വാസകോശാർബുദത്തിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു.

കോൾ ടാറിൽ ജോലി ചെയ്യുന്നവർക്കുണ്ടാകുന്ന ചര്‍മ്മാര്‍ബുദങ്ങളും, വാച്ചുകളിൽ റേഡിയം തേയ്ക്കുന്നവർക്ക് അസ്ഥിയിലുണ്ടാകുന്ന അർബുദവും ഈ ഗണത്തില്‍പ്പെടുത്താവുന്നവയാണ്.

ലക്ഷണങ്ങള്‍

കാന്‍സറിന്റെ ലക്ഷണങ്ങള്‍ ഏതു അവയവത്തെയാണ് അത് ബാധിച്ചത്‌, അതിന്റെ വലുപ്പം എന്നതിനൊക്കെ അനുസരിച്ചായിരിക്കും.  സാമാന്യവല്ക്കരിക്കാന്‍ കഴിയാത്ത ലക്ഷണങ്ങള്‍ പലരിലും ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.

ചില കാന്‍സറുകള്‍ ശരീരത്തിനു പുറത്ത്‌ തന്നെ നമുക്ക്‌ കാണാന്‍ കഴിഞ്ഞേക്കും. 
വായില്‍ ഉണ്ടാവുന്ന കാന്‍സറുകളുടെ തുടക്കമായി ചിലപ്പോള്‍ വെള്ള നിറത്തില്‍ ഉള്ള സ്പോട്ടുകള്‍ പ്രത്യക്ഷപ്പെട്ടേക്കാം. കുടല്‍ കാന്‍സറുകളില്‍ മലബന്ധം, വയറിളക്കം എന്നിവയെല്ലാം ഉണ്ടാകാറുണ്ട്. മൂത്രാശയവുമായി ബന്ധപ്പെട്ട കാന്‍സറുകളില്‍ അമിതമായി മൂത്രം പോകുന്ന അവസ്ഥയോ, മൂത്രം വളരെ കുറഞ്ഞ അവസ്ഥയോ ഉണ്ടായേക്കാം.

പനി, ക്ഷീണം, അമിതമായ വിയര്‍പ്പ്, രക്തക്കുറവ്, പെട്ടന്നുള്ള ശരീര ഭാരം കുറയല്‍ എന്നിവയൊക്കെ കാന്‍സറിന്റെ ലക്ഷണമായി വരാം. എന്നാല്‍ ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക്‌ എല്ലാം കാന്‍സര്‍ ഉണ്ടാവും എന്ന് കരുതാതിരിക്കുക. മറ്റു പല കാരണങ്ങള്‍ കൊണ്ടും ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടായേക്കാം. ഉദാഹരണത്തിനു ജലദോഷം പിടിപെട്ടാലും, തൊണ്ടയ്ക്കു കാന്‍സര്‍ പിടിപ്പെട്ടാലും ചുമ ഉണ്ടായേക്കാം. അതുകൊണ്ട് വല്ല അസുഖവും വരുമ്പോഴേക്കും ഇത് മറ്റവന്‍ പറഞ്ഞ കാന്‍സര്‍ ആണോ അന്ന് ഭയപ്പെടാതിരിക്കുക.

കാന്‍സര്‍ ബാധിച്ച അവയവങ്ങളുടെ സമീപം ഉള്ള ലിംഫ് നോഡുകള്‍ വലുതാവാനുള്ള സാധ്യതയുണ്ട്. ബ്രെയിനിനെ കാന്‍സര്‍ ബാധിച്ചാല്‍ വെര്‍ട്ടിഗോ, തലചുറ്റല്‍, അപസ്മാര സമാനമായ ലക്ഷണങ്ങള്‍ എന്നിവയൊക്കെ ഉണ്ടായേക്കാം.

കാന്‍സര്‍ രോഗത്തിലെ ഒരു പ്രധാന ലക്ഷണമാണ് വേദനയെങ്കിലും,  തുടക്കത്തില്‍ ഉണ്ടായിക്കൊള്ളണം എന്നില്ല. പലപ്പോഴും കാന്‍സര്‍ ശരീരത്തില്‍ പിടിമുറുക്കിയ ശേഷമാണ്  വേദന പ്രകടമാവുന്നത്.

രോഗ നിര്‍ണ്ണയം

സാധാരണ ഗതിയില്‍ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കാണുകയും, അവക്ക്‌ പൊതുവായി നല്‍കുന്ന മരുന്നുകള്‍ ഫലപ്രദമല്ലാതായി വരുകയും ചെയ്യുമ്പോഴാണ്  കൂടുതല്‍ ടെസ്റ്റുകള്‍ നടത്തി കാന്‍സര്‍ രോഗത്തെ തിരിച്ചറിയുന്നത്. പലപ്പോഴും കാന്‍സര്‍ ഇത്തരത്തില്‍ തിരിച്ചറിയാന്‍ വൈകുന്നത് ചികിത്സാ ഫലപ്രാപ്തിയെ കാര്യമായി ബാധിക്കുന്നുണ്ട് എന്നത് ഒരു വാസ്തവം തന്നെയാണ്.

പല അർബുദങ്ങളും കാണാവുന്ന തരത്തിലുള്ളവയാണ്. അവയെ തൊട്ടുനോക്കാനും സാധ്യമാണ്. എൻഡോസ്കോപ്പ് മുഖേന പരിശോധിച്ചാൽ അറിയാവുന്ന തരത്തില്‍ ഉള്ളതുമായ അര്‍ബുദങ്ങള്‍ ഉണ്ട്. പൊള്ളയായ അവയവങ്ങളെ (ഉദാ. അന്നനാളം, മൂത്രാശയം) നിരീക്ഷിക്കുവാൻ ഉപയോഗിക്കുന്നതും ബൾബുകൾ ഘടിപ്പിക്കാവുന്നതുമായ ഉപകരണങ്ങളാണ് എൻഡോസ്കോപ്പുകൾ .

പ്രത്യേകം കാണാൻ കഴിയുന്ന രാസവസ്തുക്കൾ ഉപയോഗിച്ചും അല്ലാതെയും ഉള്ള എക്സ് - റേ പടങ്ങളും അർബുദം കണ്ടുപിടിക്കാൻ സഹായിക്കുന്നു. ബേരിയം ഭക്ഷിച്ചതിനുശേഷം എടുക്കുന്ന എക്സ് റേ ഇതിന് ഉദാഹരണമാണ്.

ചില അർബുദങ്ങളിൽ രക്തത്തിലെ രാസവസ്തുക്കളും എൻസൈമുകളും (ആൽക്കലൈൻ ഫോസ്ഫേറ്റ്സ്, ആസിഡ് ഫോസ്ഫേറ്റ്സ് എന്നിവ) കൂടിയും കുറഞ്ഞുമിരിക്കും. രക്ത പരിശോധനയിലൂടെ ഇത് തിരിച്ചറിയാം.

അർബുദം ഉണ്ടെന്നു സംശയം തോന്നിയാൽ, മൂലവസ്തുവിന്റെ ഒരു ചെറിയ കഷണം മുറിച്ചെടുത്ത് സൂക്ഷ്മദർശിനിയിൽക്കൂടി പരിശോധിക്കണം. ഈ പരീക്ഷണത്തിനാണ് ബയോപ്സി എന്നു പറയുന്നത്. ഇന്ന് നമ്മുടെ നാട്ടില്‍ സുപരിചതമായി കേള്‍ക്കുന്ന ഒരു പദം ആണല്ലോ ഇത്.

ഇത്തരത്തില്‍ വിവിധ ടെസ്റ്റുകള്‍ രോഗം ബാധിച്ച അവയവത്തിന് അനുസൃതമായി നടത്തിയാണ് കാന്‍സര്‍ രോഗം സ്ഥിരീകരിക്കുന്നത്.

പ്രതിരോധം

"കാന്‍സര്‍ രോഗം പിടിപെടുന്നതില്‍ നിന്നും നമുക്ക്‌ എങ്ങിനെ രക്ഷപ്പെടാം ??"
ഏവരും ആകാംക്ഷയോടെ ചോദിക്കുന്ന ഒരു ചോദ്യമാണ് അത്.

ജീവിത ശൈലിയും, പ്രകൃതി സാഹചര്യങ്ങളും കാന്‍സര്‍ ഉണ്ടാക്കുന്നതില്‍ നിര്‍ണ്ണായകമായ സ്ഥാനം വഹിക്കുന്ന ഘടകങ്ങള്‍ ആണ്.

പുകവലി, അമിത ഭാരം, വ്യായാമം ഇല്ലായ്മ, മദ്യം, വായു മലിനീകരണം, അനിയന്ത്രിതമായ ഭക്ഷണ ശീലങ്ങള്‍ തുടങ്ങിയവ കാന്‍സര്‍ രോഗം ഉണ്ടാക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളായത് കൊണ്ട് ഇവയില്‍ നിന്ന് അകന്നു നില്‍ക്കുന്നതിലൂടെ കാന്‍സര്‍ പിടിക്കൂടാന്‍ ഉള്ള സാധ്യത കുറയുന്നു. പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതും കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍ സഹായമാകുന്നവയാണ്. എന്നാല്‍ ഇന്ന് ലഭിക്കുന്ന കീടനാശിനി അടിച്ച പച്ചക്കറികളും, പഴങ്ങളും ഈ ഗണത്തില്‍ വരുന്നതല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ...

ഇവിടെയാണ്‌ അടുക്കള തോട്ടത്തിന്റെ പ്രസക്തി വരുന്നത്. അടുക്കളത്തോട്ടം ഉണ്ടെങ്കില്‍ മായം ചേര്‍ക്കാത്ത പച്ചക്കറികള്‍ കഴിക്കുകയും ചെയ്യാം, ആ കൃഷിക്ക് വേണ്ട ജോലികള്‍ നമ്മള്‍ തന്നെ ചെയ്യുകയാണെങ്കില്‍ നല്ലൊരു വ്യായാമവും ആവും. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറഞ്ഞ പോലെ...

മൈദ, അജിനോമോട്ടോ തുടങ്ങിയവ അടങ്ങിയവയെല്ലാം കാന്‍സറിനു അനുകൂലമായ സാഹചര്യങ്ങള്‍ ശരീരത്തില്‍ സൃഷ്ടിക്കുന്നു. കൃത്രിമ ഭക്ഷണ സാധനങ്ങള്‍, പെപ്സി, കോള തുടങ്ങിയവയെല്ലാം കാന്‍സറിനു കാരണമാകുന്നതാണ്.

ഇടയ്ക്കിടെ വ്രതം അനുഷ്ഠിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ അനുകൂലമായ സാഹചര്യം ശരീരത്തില്‍ ഒരുക്കുന്നു. ഇത് കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍ സഹായമാകുന്ന ഒരു ഘടകമാണ്.

ചികിത്സ

ഇനി കാന്‍സറിനു നല്‍കുന്ന ചികില്‍സാ രീതികളെ കുറിച്ച് ഒന്ന് നോക്കാം...

വിവിധ ഘടകങ്ങള്‍ കണക്കിലെടുത്താണ് ഓരോ രോഗിയുടേയും ചികിത്സ നിശ്ചയിക്കുന്നത്.
ആരംഭ ദശയില്‍ തന്നെ കാന്‍സര്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അത് ചികിത്സയെ വലിയൊരളവില്‍ സഹായിക്കുന്നു. കാന്‍സര്‍ ടൈപ്പ്‌, അവസ്ഥ, രോഗിയുടെ പ്രായം, രോഗിയുടെ ആരോഗ്യാവസ്ഥ എന്നിവയെല്ലാം ചികില്‍സക്കായി കണക്കിലെടുക്കേണ്ടി വരുന്നു.
പല ചികിത്സാ മാര്‍ഗ്ഗങ്ങള്‍ ഒരു കോമ്പിനേഷന്‍ എന്ന രീതിയില്‍ ആണ് ഭൂരിപക്ഷം കാന്‍സര്‍ രോഗികള്‍ക്കും ആവശ്യമായി വരുന്നത്.

സര്‍ജറി, റേഡിയേഷന്‍, കീമോതെറാപ്പി, ഇമ്മ്യൂണോ തെറാപ്പി, ഹോര്‍മോണ്‍ തെറാപ്പി, ജീന്‍ തെറാപ്പി തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു.

സര്‍ജറി

കാന്‍സര്‍ ചികിത്സാ രംഗത്ത്‌ ഏറ്റവും പഴക്കമുള്ള രീതിയാണ് സര്‍ജറി എന്ന് വേണമെങ്കില്‍ പറയാം.

കാന്‍സര്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക്‌ ബാധിച്ചിട്ടില്ലെങ്കില്‍, ആ ഭാഗം സര്‍ജറിയിലൂടെ ഒഴിവാക്കി രോഗ ശമനം നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്. സ്തനം, വൃഷ്ണം തുടങ്ങിയവയില്‍ ഉണ്ടാകുന്ന കാന്‍സര്‍ ഈ വിധത്തില്‍ ഫലപ്രദമായി മറികടക്കാം. കാന്‍സര്‍ കൂടുതല്‍ ശരീര ഭാഗങ്ങളിലേക്ക്‌ വ്യാപിച്ചിട്ടുണ്ടെങ്കില്‍ സര്‍ജറി കൊണ്ട് വലിയ പ്രയോജനം ലഭിക്കില്ല.

റേഡിയേഷന്‍ :
ഇത് റേഡിയോ തെറാപ്പി എന്ന പേരിലും അറിയപ്പെടുന്നു.

കാന്‍സര്‍ ബാധിച്ച കോശങ്ങളെ ഉയര്‍ന്ന ഊര്‍ജ്ജം ഉള്ള രശ്മികള്‍ ഉപയോഗിച്ച് നശിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ഉയര്‍ന്ന ഊര്‍ജ്ജമുള്ള ഗാമ രശ്മികളേയും, എക്സ്റേ രശ്മികളേയും എല്ലാം ഇതിനായി ഉപയോഗപ്പെടുത്തുന്നു.
ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്ന റേഡിയേഷന്‍ ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ വളരെ കൂടുതലായിരുന്നെങ്കിലും, കാന്‍സര്‍ ബാധിച്ച പ്രദേശത്ത്‌  കൂടുതല്‍ കൃത്യമായി റേഡിയേഷന്‍ നടത്താന്‍കഴിവുള്ള ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞതോടെ ഈ രീതി കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ നമുക്കിന്ന് കഴിയുന്നു.

റേഡിയേഷന്‍ പലപ്പോഴും മറ്റു ചികിത്സാ രീതികളോട് സംയോജിപ്പിച്ചാണ് ചെയ്യാറുള്ളത്. ആരോഗ്യമുള്ള കോശങ്ങളും റേഡിയേഷന്‍ ചികിത്സയുടെ ഫലമായി നശിക്കാറുണ്ട്.

കീമോതെറാപ്പി :
രാസവസ്തുക്കള്‍ ആണ് കീമോതെറാപ്പിയില്‍ ഉപയോഗിക്കുന്നത്. ശരീരത്തിലെ കൂടുതല്‍ ഭാഗങ്ങളില്‍ വ്യാപിച്ച കാന്‍സറുകള്‍ക്കാണ് ഈ ചികിത്സാ രീതി പിന്തുടരുന്നത്. ലുക്കീമിയ, ലിംഫോമ തുടങ്ങിയവയില്‍ കീമോതെറാപ്പി ഒഴിച്ചുകൂടാന്‍ കഴിയാത്ത ചികിത്സാ മാര്‍ഗ്ഗം ആണ്. 
മുടി കൊഴിച്ചില്‍, ക്ഷീണം, ചര്‍ദ്ദി തുടങ്ങിയവയെല്ലാം കീമോതെറാപ്പിയുടെ സാധാരണ പാര്‍ശ്വ ഫലങ്ങളാണ്.
കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന രാസ വസ്തുക്കള്‍ ശരീരത്തിലെ ആരോഗ്യമുള്ള കോശങ്ങളെയും പ്രതികൂലമായി ബാധിക്കും എന്നത്  അവഗണിക്കാന്‍ കഴിയാത്ത ഒരു വിഷയമാണ്.

ഇമ്മ്യൂണോ തെറാപ്പി :
ശരീരത്തിന്റെ പ്രതിരോധ ശക്തിയെ ഉപയോഗപ്പെടുത്തിയാണ് ഈ രീതി നടപ്പിലാക്കുന്നത്.
ആവശ്യമായ മരുന്നുകള്‍ മുഴകളിലും മറ്റും കുത്തിവെച്ച്  അവയുടെ വളര്‍ച്ചയെ തടഞ്ഞ്, അവയെ സങ്കോചിപ്പിക്കുന്നു. 

താരതമ്യേന പുതിയ ഒരു ചികിത്സാരീതിയാണിത്. എങ്കിലും സ്തനാര്‍ബുദത്തില്‍ നല്ല വിജയം ഇമ്മ്യൂണോ തെറാപ്പിയിലൂടെ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
മജ്ജ മാറ്റിവെക്കല്‍ ചികിത്സയും ഇതിന്റെ ഒരു ഭാഗം ആയി കണക്കാക്കാവുന്നതാണ്.

ഹോര്‍മോണ്‍ തെറാപ്പി :
ശരീരത്തിലെ ഹോര്‍മോണ്‍ ഉല്പാദന രീതിയില്‍ വ്യതിയാനം വരുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്.
സ്തനാര്‍ബുദത്തില്‍ ഈസ്ട്രോജെന്‍ ഹോര്‍മോണിന്റെ ലെവല്‍ താഴ്ത്തുന്നത് ഇതിനു ഉദാഹരണമായി എടുക്കാം. ലുക്കീമിയ, ലിംഫോമ എന്നിവയിലും ഹോര്‍മോണ്‍ ചികിത്സ ഉപയോഗിക്കുന്നു.

ജീന്‍ തെറാപ്പി :
രോഗബാധിതമായ ജീനുകളെ കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ജീനുകളുമായി മാറ്റി വെക്കുന്നതാണ് ഈ ചികിത്സാരീതിയുടെ ലക്ഷ്യം. ഇത് ശൈശവാവസ്ഥയില്‍ ആണ്. ഇതില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.
ആയുര്‍വേദ ഗ്രന്ഥങ്ങളായ ചരക സംഹിത, ശുശ്രുത സംഹിത തുടങ്ങിയവയില്‍ അര്‍ബുദത്തെ പറ്റിയും, ഫലപ്രദമായ ഔഷധ സസ്യങ്ങളെ പറ്റിയും പ്രതിപാദിക്കുന്നുണ്ട്. പലപ്പോഴും കാന്‍സര്‍ രോഗം തിരിച്ചറിയാന്‍ വൈകുന്നത് തന്നെയാണ് ആയുര്‍വേദ ചികിത്സക്കും പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത്.

കാന്‍സര്‍ രോഗ ചികിത്സയില്‍ ഫലപ്രദമാണ് എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചില ഔഷധ സസ്യങ്ങള്‍ :

ഔഷധ സസ്യങ്ങള്‍

01. Guggul : Commiphora mukul - ഗുല്‍ഗുലു
02. Indian Podophyllum : Podophyllum hexandrum - വനവൃന്താകം
03. Nithya kalyaani : Vinca alba - ശവകോട്ട പച്ച
04. Ashwagandha : Withania somnifera - അമുക്കുരം
05. Amalaki : Emblica officinalis - നെല്ലിക്ക 
06. Saariva : Hemidesmus indicus - നന്നാരി
07. Manjishtha : Rubia cordifolia - മഞ്ചട്ടി
08. Neem : Azadirachta indica - ആര്യ വേപ്പ്‌
09. Kanchnaar : Bauhinia variegata - മന്ദാരം
10. Mandukaparni : Bacopa monerea - കുടങ്ങല്‍
11. Kasamarda : Cassia oxidentalis - ഊളന്തകര
12. Pippali : Piper longum - തിപ്പലി
13. Shatavari : Asparagus resimosus - ശതാവരി
14. Kumari : Aloe Vera - കറ്റാര്‍ വാഴ
15. Amaltas : Casia fistula - കൊന്ന
16. Bhoomi amalaki : Philanthus nurare - കിഴാര്‍ നെല്ലി
17. Sarphunkha : Tephrosia purpura - കൊഴിഞ്ഞില്‍
18. Shigru : Moringa olifera - മുരിങ്ങ
19. Ashoka : Seraka Ashoka - അശോകം
20. Bibhitaki : Terminalia bellirica - താന്നിക്ക
21. Haritaki : Terminalia chebula - കടുക്ക
22. Haridra : Curcuma longa - മഞ്ഞള്‍

ഗുഗ്ഗുലു അടങ്ങിയ മരുന്നുകള്‍ വേദനകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.

കാന്‍സര്‍ രോഗ ചികിത്സയില്‍ ഉപയോഗിക്കാവുന്ന ചില ഔഷധങ്ങള്‍ :
01. Kaishora Gugglu - കൈശോര ഗുഗ്ഗുലു 
02. Gandhak Rasayan - ഗന്ധക രസായനം 
03. Sutashekhar rasa - സൂതശേഖര്‍ രസം 
04. Trifala Churna - ത്രിഫല ചൂര്‍ണ്ണം 
05. Kanchnara Gugglu - കാഞ്ചനാര ഗുഗ്ഗുലു 
06. Trifala Gugglu - ത്രിഫല ഗുഗ്ഗുലു 
07. Laksha Gugglu - ലാക്ഷാ ഗുഗ്ഗുലു 
08. Varunadi Kwath - വരണാദി കഷായം 
09. Panchvalkal Kwath - പഞ്ചവല്‍ക്കല കഷായം  
10. Manjishthadi Kwath - മഞ്ജിഷ്ടാദി കഷായം 
11. Dashmula Kwath - ദശമൂലം കഷായം 
12. Kanchnar Kwath - കാഞ്ചനാരം കഷായം 
13. Gulgulu Thiktham kwath - ഗുല്‍ഗുലു തിക്തം കഷായം

കടപ്പാട് :www.absarmohamed.com

അവസാനം പരിഷ്കരിച്ചത് : 7/23/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate