অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രമേഹ രോഗം

Help
പ്രമേഹം

ഡയബറ്റിസ് അഥവാ പ്രമേഹം ഇന്ത്യയില്‍ ഒന്നു മുതല്‍ മൂന്ന് ശതമാനം വരെ ആളുകളില്‍ കാണപ്പെടുന്നു. ഇന്ന് കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പ്രമേഹരോഗികള്‍ ഉള്ളത്. എന്താണ് ഡയബറ്റീസ്. പാന്‍ക്രിയാസ് എന്ന ഗ്രന്ഥിയിലെ ബി കോശങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ അപര്യാപ്തതയാണ് ഡയബറ്റീസിന്റെ മൂലകാരണം.

ഇന്‍സുലിന്റെ അപര്യാപ്തത രക്തത്തില്‍ ക്രമാതീതമായി ഗ്ലൂക്കോസ് അടിഞ്ഞുകൂടാന്‍ ഇടയാക്കുന്നു. ഡയബറ്റീസ് പ്രധാനമായും രണ്ടു തരം ഉണ്ട്. ഇന്‍സുലിന്‍കൊണ്ടു മാത്രം നിയന്ത്രിക്കാവുന്ന ടൈപ്പ്-1 ഡയബറ്റീസ്, മരുന്നുകൊണ്ട് നിയന്ത്രിക്കാവുന്ന ടൈപ്പ് -2 ഡയബറ്റീസ്. ടൈപ്പ് - 1 ഡയബറ്റീസ് സാധാരണമായി കുട്ടികളിലും, ടൈപ്പ്-2 ഡയബറ്റീസ് 35 വയസ്സിന് മുകളില്‍ ഉള്ളവരിലുമാണ് കണ്ടുവരുന്നത്.

പ്രമേഹരോഗികളില്‍ വളരെ പെട്ടെന്ന് രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ താഴ്ന്നുപോകുന്നു. ഇതിനെ ഹൈപ്പോഗ്‌ളൈ സിമിയ എന്നാണ് പറയുന്നത്. പ്രമേഹ രോഗികളില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വളരെ കൂടുതലായി ഉണ്ടാകാം. 
ചെറുപ്രായത്തില്‍ തന്നെ ഹൃദയാഘാതം ഉണ്ടാകാം.

വൃക്കയിലെ മൈക്രോആന്‍ജിയോപ്പതി, മൂത്രത്തില്‍ കൂടിയുള്ള ആല്‍ബുമിന്‍ നഷ്ടത്തിനും, രക്തസമ്മര്‍ദ്ദം, കൈകാലുകളില്‍ നീര് എന്നിവയ്ക്കും കാരണമാവുന്നു. കാലക്രമേണ വൃക്കകളുടെ പ്രവര്‍ത്തനം മന്ദീഭവിച്ച് റീനല്‍ ഫെയ്‌ലിയറിന് കാരണമാവുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അസന്തുലിതാവസ്ഥ കണ്ണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.

തിമിരം വളരെ ചെറുപ്പത്തില്‍ തന്നെ ഉണ്ടാകാം. തന്മൂലം കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു. നേത്രപടലങ്ങളിലെ രക്തസ്രാവം പെട്ടെന്ന് കൂടുന്നത് അന്ധതയ്ക്ക് കാരണമാകുന്നു. ഹോമിയോപ്പതിയിലെ പ്രതിരോധ മരുന്ന് കഴിക്കുകയാണെങ്കില്‍ പ്രമേഹം വരാതെ ജീവിതകാലം മുഴുവന്‍ ആരോഗ്യ വാനായി ജീവിക്കാം.

പ്രതിരോധമരുന്നിന് ഒപ്പം ശരിയായ വ്യായാമവും ഭക്ഷണവും മാനസിക ഉല്ലാസവും വഴി ഈ തലമുറയേയും അടുത്ത തലമുറയേയും പ്രമേഹം എന്ന മഹാരോഗത്തിന്റെ പിടിയില്‍നിന്ന് മോചിപ്പിക്കുവാന്‍ ഇന്ന് ഹോമിയോ പോലെയുള്ള വൈദ്യസമ്പ്രദായത്തിന് കഴിയും. പ്രമേഹരോഗം വന്നവരില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ പ്രകാരമുള്ള മരുന്ന് കഴിക്കുകയാണെങ്കില്‍ പ്രമേഹം നിയന്ത്രിച്ച് നിര്‍ത്തുവാന്‍ ഹോമിയോപ്പതി ചികിത്സയ്ക്ക് സാധിക്കും എന്നത് തെളിയിക്കപ്പെട്ടിട്ടുള്ള സംഗതിയാണ്.

ഡയബറ്റീസ്

 


പാന്‍ക്രിയാസിലെ ബിറ്റാകോശങ്ങള്‍ക്കുണ്ടാകുന്ന നാശമാണ് പ്രമേഹത്തിനു കാരണമാകുന്നത്. ഒരു പ്രമേഹരോഗിക്ക് ആഹാരത്തിലുള്ള നിയന്ത്രണം, വ്യായാമം, മരുന്ന് തുടങ്ങിയവകൊണ്ടു ഭംഗിയായി നിയന്ത്രിക്കാനും മിക്കവാറും ഒരു സാധാരണജീവിതം നയിക്കുവാനും കഴിയും. ഹോമിയോ മരുന്നിലൂടെ പ്രമേഹം നിയന്ത്രിച്ചുകൊണ്ടു വരാം. പാന്‍ക്രിയാസ് ഗ്രന്ഥിയിലെ നശിച്ചുകൊണ്ടിരിക്കുന്ന ബീറ്റാകോശങ്ങള്‍ക്ക് ഹോമിയോ മരുന്ന് വളരെ ഫലപ്രദമാണ്.

ഉള്ളവ നശിക്കാതിരിക്കുകയും പുതിയവ ഉണ്ടാകാന്‍ സഹായിക്കുകയും ചെയ്യും. പ്രമേഹരോഗികളുടെ എണ്ണം നമ്മുടെ നാട്ടില്‍ നാള്‍ക്കുനാള്‍ കൂടി വരികയാണ്. അതിനാല്‍ രക്തം പരിശോധിച്ചു പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണം. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടി നില്‍ക്കുമ്പോള്‍ ഗര്‍ഭം ധരിച്ചാല്‍ അബോര്‍ഷന്‍ ആകാനും കുഞ്ഞിന് വൈകല്യങ്ങള്‍ ഉണ്ടാകാനും സാധ്യത ഏറെയാണ്.

അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം ഒഴിവാക്കുന്നതാണ് നല്ലത്. ഇതുമൂലം പാരമ്പര്യ രോഗങ്ങളും ജനിതക വൈകല്യങ്ങളും ഒഴിവാക്കാം. പ്രമേഹ ബാധിതരില്‍ മസ്തിഷ്‌കത്തിനുണ്ടാകുന്ന ഒരു പ്രധാന രോഗാവസ്ഥയാണ് മസ്തിഷ്‌കാഘാതം അഥവാ സ്‌ട്രോക്ക്. പ്രമേഹം കൂടുന്തോറും സ്‌ട്രോക്കിന് ഉള്ള സാദ്ധ്യത വര്‍ദ്ധിക്കുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തില്‍ തടസ്സം വരുന്ന ഇതിന്റെ പ്രധാന കാരണങ്ങള്‍.

പ്രമേഹബാധിതരില്‍ രക്തത്തിലെ ഗ്ലൂക്കോസ് ഉയര്‍ന്നുനില്‍ക്കുമ്പോള്‍ ഇത് രക്തക്കുഴലിനകത്തെ ആവരണമായ എന്‍ഡോതീതോ, രക്തക്കുഴല്‍ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതോ ആണ് ലിയത്തില്‍ ദോഷകരമായ പല മാറ്റങ്ങളുമുണ്ടാക്കുന്നു. ഇതുമൂലം രക്തക്കുഴലുകള്‍ക്കകത്ത് തടസ്സങ്ങള്‍ ഉണ്ടാക്കുകയും രക്തപ്രവാഹം കുറയുകയും ചെയ്യുന്നു.

ഇത് ശരീരത്തിലെ എല്ലാ ഭാഗത്തുമുള്ള രക്തക്കുഴലുകളെ ബാധിക്കുന്ന അവസ്ഥയെ പെരിഫറല്‍ വാസ്‌ക്കുലര്‍ ഡിസീസ് എന്നു പറയുന്നു. പെരിഫറല്‍ വാസ്‌ക്കുലര്‍ ഡിസീസ് മൂലം രക്തപ്രവാഹം കുറയുന്നതാണ് പാദങ്ങളിലെ വ്രണങ്ങള്‍ ഉണങ്ങാതിരിക്കാനും, ഗാംഗ്രീന്‍ രോഗത്തിനുമെല്ലാം കാരണം.

പ്രമേഹവും മാനസിക സംഘര്‍ഷവും തമ്മില്‍ വളരെ വ്യക്തവും ശക്തവുമായ ബന്ധമുണ്ട്. മാനസിക സംഘര്‍ഷങ്ങള്‍ മൂലം പ്രമേഹ നിയന്ത്രണം സാധിക്കാതെ വരുന്നു. പലപ്പോഴും ഷുഗര്‍ ലെവല്‍ കൂടുന്നതു കാണാം. പ്രമേഹം കൂടുന്നത് മൂലം ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കാം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്നു നില്‍ക്കും, ഇത്തരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്നത് മൂലം ഓരോ വ്യക്തിയിലും ബ്ലഡിലെ ഷുഗര്‍ ലെവല്‍ കൂടുന്നതായി കാണാം.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമപ്പെടുത്തുന്നത് ഇന്‍സുലിന്‍ ഹോര്‍മോണ്‍ ആണ്. പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാകോശങ്ങളാണ് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നത്. പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങള്‍. പ്രമേഹം ആരംഭത്തില്‍ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. പ്രമേഹം ശരീരത്തില്‍ കൂടുമ്പോള്‍ ചില ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും.

അമിതദാഹം, അമിത വിശപ്പ്, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍ പ്രത്യേകിച്ച് രാത്രിയില്‍, ക്ഷീണം, ശരീരം മെലിയല്‍, ഭക്ഷണം കഴിച്ചാലും ശരീരം മെലിഞ്ഞുവരിക, ഭാരക്കുറവ്, കാലിലും കൈയ്യിലും തരിപ്പ്, മുറിവുകള്‍ ഉണങ്ങാതെ വരുക, ചര്‍മ്മത്തില്‍ കുരുക്കളും പൂപ്പല്‍ ബാധയും ജനനേന്ദ്രിയത്തിലും തുടയിടുക്കിലും ഉണ്ടാകുന്ന അണുബാധ, തിമിരത്തിന്റെ ആരംഭം, കാഴ്ചമങ്ങല്‍. പ്രമേഹം ചെറുതും വലുതുമായ രക്തക്കുഴലുകളെ തകരാറിലാക്കുന്നു.

ചെറിയ ധമനികളെ ബാധിക്കുമ്പോള്‍ വൃക്ക, കണ്ണുകള്‍, ഞരമ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാവുന്നു. കേരളത്തില്‍ ഹൃദ്രോഗം കൂടുതലായി കാണപ്പെടുന്നത് പ്രമേഹം മൂലമാണ്. പ്രമേഹം കൂടുന്നത് മൂലം ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാക്കുന്നു. കിഡ്‌നി തകരാറിലാവുന്നതിന് പ്രധാന കാരണം ഡയബറ്റിക് കൂടുന്നതുകൊണ്ടാണ്. പ്രമേഹം മൂലം അന്ധതയിലേക്ക് നീങ്ങുന്നു. പ്രമേഹം കൂടുന്നതു മൂലം ലൈംഗികശേഷി നഷ്ടപ്പെടുന്നു.

തുടര്‍ച്ചയായി ഹോമിയോ മരുന്നു കഴിക്കുന്നത് മൂലം പ്രമേഹം കുറയുകയും, ഹൃദയാഘാതമോ, വൃക്കനാശമോ, അന്ധതയോ, ലൈംഗികശേഷി കുറവോ ഉണ്ടാകുന്നില്ല. പ്രമേഹം മൂലം ഉണ്ടാകുന്ന ലൈംഗികശേഷി കുറവിന് ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികിത്സയുണ്ട്. ഇന്‍സുലിന്‍ ഉത്പാദനം കുറയുന്നതോ ഇന്‍സുലിനോട് ശരീര കോശങ്ങള്‍ ശരിയായരീതിയില്‍ പ്രതികരിക്കാത്തതോ ആവാം രോഗകാരണം. ജീവിതശൈലി ക്രമീകരണങ്ങളിലൂടെ ടൈപ്പ്- 2 പ്രമേഹത്തെ വലിയൊരളവു വരെ പ്രതിരോധിക്കാനാവും.

പ്രമേഹത്തെ പ്രതിരോധിക്കാന്‍ വ്യായാമം പതിവാക്കുക, അലസജീവിതം ഒഴിവാക്കുക, പ്രമേഹത്തെ പ്രതിരോധിക്കാന്‍ വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കണം, സ്ഥിരമായ വ്യായാമം മാനസിക ഉന്മേഷവും ആരോഗ്യവും വീണ്ടെടുക്കാന്‍ കഴിയും. അതുവഴി പ്രമേഹം കുറയ്ക്കുവാന്‍ കഴിയും. സ്ഥിരമായ വ്യായാമത്തിലൂടെ ബി.പി., കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുന്നു.

ഭക്ഷണകാര്യത്തില്‍ കൃത്യത പാലിക്കുക, നാര് ധാരാളമുള്ള പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ ധാന്യങ്ങള്‍ എന്നിവ നിത്യവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. അരിയും ഗോതമ്പും അമിതമായി കഴിക്കരുത്. കൊഴുപ്പ്, മധുരപലഹാരങ്ങള്‍ എന്നിവ ഒഴിവാക്കണം. മാംസം, മുട്ട, പാല്, വെണ്ണ എന്നിവ ഒഴിവാക്കണം. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍, ബേക്കറി സാധനങ്ങള്‍, കോള, ശീതളപാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക, മദ്യപാനം, പുകവലി എന്നിവ പ്രത്യേകം ഒഴിവാക്കണം. ടെന്‍ഷന്‍ കുറയ്ക്കണം,മനഃസമ്മര്‍ദ്ദം പരമാവധി കുറയ്ക്കണം.

നിരന്തരമുണ്ടാകുന്ന മനഃസമ്മര്‍ദ്ദം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടാന്‍ ഇടയുണ്ട്. ആരോഗ്യമുള്ള വ്യക്തികളില്‍ പാന്‍ക്രിയാസ് ഗ്രന്ഥി സ്വയം ഉത്പാദിപ്പിക്കുന്ന ഒരു ഹോര്‍മോണാണ് ഇന്‍സുലിന്‍. ടൈപ്പ് - 1 പ്രമേഹരോഗികളില്‍ ഇന്‍സുലിന്‍ ഒട്ടും ഉണ്ടാകുകയില്ല. ടൈപ്പ് - 2 പ്രമേഹരോഗികളില്‍ പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞ് ഇന്‍സുലിന്‍ കുറഞ്ഞുവരുന്നു. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികള്‍ ഉള്ള നാടായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടില്‍ പ്രമേഹം മൂലമുള്ള സങ്കീര്‍ണതകള്‍ ആണ് നാം നേരിടുന്ന ഗുരുതരമായ പ്രശ്‌നം.

വൃക്കരോഗങ്ങളും, ഹൃദ്രോഗം, ലൈംഗിക ബലഹീനത സ്‌ട്രോക്ക് മുതലായവ പ്രമേഹം മൂലം ഉണ്ടാകാം. ഇതു പരിഹരിക്കാന്‍ ഹോമിയോപ്പതിയുടെ ജര്‍മ്മന്‍ മരുന്നുകള്‍ വളരെ ഫലപ്രദമാണ്. ഓരോ വ്യക്തിയുടെയും ലക്ഷണം നോക്കി കോണ്‍സ്റ്റിറ്റിയൂഷണല്‍ മരുന്നു കൊടുക്കുകയാണെങ്കില്‍ പ്രമേഹത്തെ ഫലപ്രദമായി നേരിടുവാന്‍ ഹോമിയോ ചികിത്സാ സമ്പ്രദായത്തിന് കഴിയും എന്നത് തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്.

ഹോമിയോപ്പതിയിലെ പ്രതിരോധ മരുന്ന് കഴിക്കുകയാണെങ്കില്‍ പ്രമേഹം വരാതെ ജീവിതകാലം മുഴുവന്‍ ആരോഗ്യവാനായി ജീവിക്കാം. പ്രതിരോധ മരുന്നിന് ഒപ്പം വ്യായാമവും ഭക്ഷണവും മാനസിക ഉല്ലാസവും വഴി ഈ തലമുറയേയും അടുത്ത തലമുറയേയും പ്രമേഹം എന്ന മഹാരോഗത്തിന്റെ പിടിയില്‍നിന്ന് മോചിപ്പിക്കുവാന്‍ ഇന്ന് ഹോമിയോപ്പതി പോലെയുള്ള വൈദ്യശാസ്ത്രത്തിന് കഴിയും.

ഹോമിയോപ്പതിക് മാനേജ്‌മെന്റ്

 


ഹോമിയോപ്പതിയില്‍ പ്രമേഹത്തിന് ട്രീറ്റ്‌മെന്റ് ചെയ്യുന്നത് ഓരോ വ്യക്തിയുടെയും രോഗലക്ഷണങ്ങള്‍ പഠിച്ച് ആ വ്യക്തിയുടെ കോണ്‍സ്റ്റിറ്റിയൂഷനും മയാസവും നോക്കി ആ വ്യക്തി ഏതു മയാസത്തില്‍ പെടുന്നതാണ് എന്നു മനസ്സിലാക്കി ഹോമിയോപ്പതി പ്രകാരം മരുന്നു കൊടുക്കുകയാണെങ്കില്‍ എത്ര കൂടിയ അളവില്‍ പ്രമേഹമുള്ളവരിലും ഹോമിയോ മരുന്ന് കൊടുത്ത് പ്രമേഹം കുറച്ചുകൊണ്ടുവരുവാന്‍ സാധിക്കും.

ഹോമിയോ മരുന്നുകളുടെ പ്രത്യേകത മരുന്നുകള്‍ക്കൊന്നിനും തന്നെ സൈഡ് ഇഫക്ട് ഇല്ല ഹോമിയോ മരുന്ന് കഴിച്ച് ശരീരത്തിന്റെ ഒരു ഓര്‍ഗന്‍സിനും നാശം സംഭവിക്കുന്നില്ല. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ശരിയായ രീതിയില്‍ നടക്കുന്നു. ഹോമിയോപ്പതിയില്‍ ഒരു രോഗത്തിന് ട്രീറ്റ്‌മെന്റ് ചെയ്യുമ്പോള്‍ മറ്റ് അസുഖങ്ങള്‍ കൂടിയുണ്ടെങ്കില്‍ ആ രോഗങ്ങള്‍കൂടി മാറി പോകുന്നതാണ്.

ഒരു വ്യക്തിയെ മുഴുവന്‍ പഠിച്ചാണ് ഹോമിയോപ്പതി ഡോക്ടര്‍മാര്‍ ചികിത്സിക്കുന്നത്. രോഗത്തെയല്ല രോഗിയെയാണ് ഹോമിയോപ്പതി ഡോക്ടര്‍മാര്‍ ചികിത്സിക്കുന്നത്. ഒരു രോഗത്തിന് ട്രീറ്റ്‌മെന്റ് ചെയ്യുമ്പോള്‍ ആ വ്യക്തിയിലുള്ള മുഴുവന്‍ രോഗങ്ങളും മാറി പോകുകയും ആ വ്യക്തി ആരോഗ്യമുള്ള വ്യക്തിയായി ജീവിക്കുവാന്‍ സാധിക്കുകയും ചെയ്യുന്നു. ഹോമിയോ മരുന്നില്‍ വിശ്വാസമര്‍പ്പിക്കുകയാണെങ്കില്‍ രോഗങ്ങളില്ലാതെ ദീര്‍ഘായുസ്സോടുകൂടി ജീവിക്കുവാന്‍ സാധിക്കും.

കടപ്പാട് : ഡോ . കെ വി ഷൈൻ
Dr. Shine Multi Speciality Homoeopathic Hospital

LADA -പ്രത്യേക തരം പ്രമേഹം


രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയെയാണ് പ്രമേഹ രോഗം എന്നുവിളിക്കുന്നത്. പ്രമേഹം പലവിധമുണ്ട്. ടൈപ് -1, ടൈപ് -2, ഗര്‍ഭകാലപ്രമേഹം തുടങ്ങിയവ. ഇതുകൂടാതെ മറ്റുചില പ്രമേഹങ്ങളുമുണ്ട്. എല്‍.എ.ഡി.എ, എം.ഒ.ഡി.വൈ തുടങ്ങിയവ. ടൈപ് -2 പോലെ തുടങ്ങുകയും ചുരുങ്ങിയ കാലയളവിനുള്ളില്‍ ടൈപ് -1 രോഗം പോലെ ആയിത്തീരുകയും ചെയ്യുന്ന രോഗാവസ്ഥയാണ് എല്‍.എ.ഡി.എ (LADA- Latent autoimmune diabetes of adults). നമ്മുടെ ശരീരംതന്നെ ശരീരത്തിലെ ചില കോശങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുകയും അതുമൂലം ഉണ്ടാകുന്ന രോഗങ്ങളെ Auto immune രോഗങ്ങള്‍ എന്നുവിളിക്കുന്നു. ആഗ്നേയ ഗ്രന്ഥിയിലെ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന കോശങ്ങള്‍ക്ക് എതിരെ ശരീരം പ്രതിപ്രവര്‍ത്തിക്കുമ്പോഴാണല്ളോ ടൈപ് -1 പ്രമേഹരോഗം ഉണ്ടാകുന്നത്. ഇത് സാധാരണ ചെറിയ കുട്ടികളിലും കൗമാരക്കാരിലുമാണ് കാണുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്തരക്കാരില്‍ ഇന്‍സുലിന്‍ ഉല്‍പാദനം പൂര്‍ണമായും നിലക്കുകയും ശരീരത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുകയും ചെയ്യും. ഇവര്‍ക്ക് അടിയന്തരമായി ഇന്‍സുലിന്‍ ചികിത്സ കൊടുക്കണം. ഇന്‍സുലിന്‍ കൊണ്ടുമാത്രമേ ഇത്തരക്കാരെ ചികിത്സിക്കാനാകൂ. എന്നാല്‍, ടൈപ് -2 പ്രമേഹം സാധാരണ പ്രായപൂര്‍ത്തിയായവരിലാണ് കാണപ്പെടുന്നത്. ഇന്‍സുലിന്‍ ഉല്‍പാദനം ഇത്തരക്കാരില്‍ നടക്കുന്നുണ്ടെങ്കിലും താരതമ്യേന കുറവായിരിക്കും. കൂടാതെ ഇന്‍സുലിന്‍െറ പ്രവര്‍ത്തനം ശരീരം തന്നെ കുറേ പ്രതിരോധിക്കുക കൂടി ചെയ്യും. ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള മരുന്നുകള്‍ കൊടുത്താല്‍ വര്‍ഷങ്ങളോളം ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ തന്നെയോ പ്രമേഹം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞെന്നിരിക്കും. എന്നിരുന്നാലും ചില ആളുകളില്‍ എട്ടോ പത്തോ വര്‍ഷം ആകുമ്പോഴേക്കും പലപ്പോഴും ഇന്‍സുലിന്‍ ചികിത്സ വേണ്ടിവന്നേക്കും.

ഈ രണ്ട് വിഭാഗത്തിനും ഇടയിലാണ് എല്‍.എ.ഡി.എ എന്ന പ്രമേഹം. പ്രായപൂര്‍ത്തിയായ ആള്‍ക്കാരിലാണ് എല്‍.എ.ഡി.എ ഉണ്ടാകുന്നത്. തുടക്കത്തില്‍ മരുന്നുകള്‍ കൊണ്ട് ചികിത്സിക്കാനാകും (ടൈപ് -2 പ്രമേഹക്കാരെപ്പോലെ). എന്നാല്‍, കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവരില്‍ ഇന്‍സുലിന്‍ ഉല്‍പാദനം തീരെ കുറഞ്ഞുപോവുകയും ടൈപ് -1 പ്രമേഹക്കാരെപ്പോലെ ഇന്‍സുലിന്‍ ചികിത്സ ആവശ്യമായിവരുകയും ചെയ്യുന്നു. ഇവരുടെ രക്തം പരിശോധിച്ചാല്‍ ടൈപ് -1 പ്രമേഹക്കാരെപ്പോലെ Auto antibodies ഉണ്ടായിരിക്കും.

ചെറുപ്പക്കാരില്‍ കാണുന്ന പ്രമേഹങ്ങളില്‍ ഏകദേശം 10 ശതമാനം പേരിലും ചിലപ്പോള്‍ എല്‍.എ.ഡി.എ എന്ന പ്രമേഹം ആയിരിക്കാന്‍ സാധ്യതയുണ്ട്. വിദഗ്ധ പരിശോധനകളിലൂടെ ഇത് കണ്ടത്തൊന്‍ സാധിക്കും. ഇത്തരക്കാരില്‍ തുടക്കത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദനം നടക്കുന്നുണ്ടെങ്കിലും ശരീരത്തിന് ആവശ്യത്തിനുള്ള അത്രയും അളവ് ഉല്‍പാദനം നടക്കുന്നില്ല. അതിനാല്‍, ഇന്‍സുലിന്‍ ഉല്‍പാദനം കൂട്ടുന്ന ഗുളികകള്‍ കൊണ്ട് ഈ അപര്യാപ്തത പരിഹരിക്കുവാന്‍ സാധിക്കും. എന്നാല്‍, ക്രമേണ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന കോശങ്ങള്‍ നശിക്കപ്പെടുകയും ഇന്‍സുലിന്‍ ഉല്‍പാദനം തീരെയില്ലാത്ത അവസ്ഥയില്‍ എത്തിച്ചേരുകയും ചെയ്യും. ഈ അവസരത്തില്‍ പിന്നെ ഇന്‍സുലിന്‍ ചികിത്സ ഇല്ലാതെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ സാധ്യമല്ല. അതായത് രോഗി ടൈപ് -1 പ്രമേഹ രോഗാവസ്ഥയില്‍ എത്തിച്ചേരുന്നു. തുടക്കത്തില്‍ ടൈപ് -2, ഒടുവില്‍ ടൈപ് -1 രോഗാവസ്ഥകള്‍ പ്രകടമാകുന്നതിനാല്‍ ഈ രോഗാവസ്ഥയെ ടൈപ് 1-5 എന്നും ചിലപ്പോള്‍ വിളിക്കുന്നു. മന്ദഗതിയില്‍ ഉണ്ടാകുന്ന ഒരു ടൈപ് -1 രോഗമായി ഇതിനെ കരുതുന്നതായിരിക്കും ഉചിതം. ടൈപ് -1 രോഗികള്‍ക്ക് ഭാവിയില്‍ എന്തെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമാകുന്നെങ്കില്‍ അത് ഇത്തരം രോഗികള്‍ക്കും ഉപകാരം ചെയ്യും. അതിനാല്‍, ഈ രോഗമുള്ളവര്‍ തങ്ങളുടെ രോഗാവസ്ഥ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പൊതുവെ വണ്ണം കുറഞ്ഞവരിലാണ് ഈ രോഗം കൂടുതല്‍ കാണപ്പെടുന്നതെങ്കിലും പൊണ്ണത്തടിയുള്ളവരിലും ഇത് ചിലപ്പോള്‍ കാണപ്പെടും.

രോഗാവസ്ഥ സ്ഥിരീകരിക്കാനായി Islet cells cytoplasmic antibodies (ICA) അല്ളെങ്കില്‍ GAD antibodies രോഗിയുടെ രക്തത്തില്‍ ഉണ്ടെന്ന് പരിശോധനകള്‍ വഴി കണ്ടത്തെണം. ടൈപ് -1 രോഗികളിലും ഇത്തരം ആന്‍റിബോഡീസ് ഉണ്ടായിരിക്കും. രോഗം പ്രത്യക്ഷപ്പെടുന്ന വയസ്സ്, ഇന്‍സുലിന്‍ കൂടാതെ തുടക്കത്തില്‍ ചികിത്സിക്കാന്‍ കഴിയുക മുതലായ കാര്യങ്ങള്‍ കൂടി കണക്കിലെടുത്തിട്ടാണ് രോഗം സ്ഥിരീകരിക്കുന്നത്.

(ലേഖകന്‍ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ ഫിസിഷ്യനും പ്രമേഹരോഗ വിദഗ്ദനുമാണ്)

അവസാനം പരിഷ്കരിച്ചത് : 7/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate