অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രമേഹവും വൃക്കയും

നിശബ്ദമായി തുടങ്ങി സാവധാനം സങ്കീര്‍ണ്ണതകളിലേക്ക് വളരുന്ന ഒരു രോഗമാണ് പ്രമേഹം. തുടക്കത്തില്‍ കാര്യമായ ഒരു ലക്ഷണങ്ങളിലൂടെയും പ്രമേഹം തന്‍െറ സാനിധ്യം അറിയിക്കാറില്ല. അതുകൊണ്ടുതന്നെ ഒട്ടുമിക്കപേരും വളരെ വൈകിമാത്രമാണ് ഈ രോഗം ഉള്ളതായി അറിയുക. പ്രമേഹം ഉണ്ടെന്നറിഞ്ഞിട്ടും വേണ്ടത്ര പ്രാധാന്യം നല്‍കാത്തവരും ഏറെയാണ്. ഈ ഘടകങ്ങളെല്ലാംതന്നെ രോഗിയെ ഗുരുതരമായ സങ്കീര്‍ണ്ണതകളിലേക്കത്തെിക്കുന്നു.
പാന്‍ക്രിയാസ് എന്ന ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണാണ് രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കുന്നത്. പ്രമേഹവുമായി ബന്ധപ്പെടുത്തുമ്പോള്‍ പാന്‍ക്രിയാസിലെ ‘ഐലറ്റ്സ് ഓഫ് ലാംഗര്‍ഹാന്‍സ്’ എന്ന ഭാഗമാണ് ഏറ്റവും പ്രധാനം. ഐലറ്റിലെ കോശങ്ങളില്‍ 70 ശതമാനത്തോളം ഇന്‍സുലിന്‍ ഉത്പാദക ബീറ്റാകോശങ്ങളാണ്. ഭക്ഷണം കഴിക്കുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന ഗ്ളൂക്കോസിന്‍െറ വിഘടനത്തിനാവശ്യമായ ഇന്‍സുലിന്‍ നേരിട്ട് രക്തത്തില്‍ കലരും. തുടര്‍ന്ന് ഗ്ളൂക്കോസിനെ ഗൈ്ളക്കോജനാക്കി മാറ്റി കോശങ്ങളില്‍ സംഭരിച്ച് സൂക്ഷിച്ച് വെക്കുന്നു. ഈ ഗൈ്ളക്കോജനാണ് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജമായി പരിണമിക്കുന്നത്. ശരീരത്തില്‍ ഇന്‍സുലിന്‍െറ അളവ് കുറയുമ്പോള്‍ രക്തത്തില്‍നിന്ന് ഗ്ളൂക്കോസ് തന്മാത്രകള്‍ക്ക് കോശങ്ങളിലേക്ക് കടക്കാന്‍ കഴിയാതെവരും. ഇത് രക്തത്തിലെ ഗ്ളൂക്കോസ് നില ഉയര്‍ത്തുകയും പ്രമേഹം എന്ന രോഗാവസ്ഥക്കിടയാക്കുകയും ചെയ്യുന്നു. ഇന്‍സുലിന്‍ വേണ്ടത്ര ഇല്ലാതെ വന്നാലോ ശരീരം ഇന്‍സുലിനെ സ്വീകരിക്കാതെ വന്നാലോ പ്രമേഹമുണ്ടാകാം. ചിലരില്‍ ഗര്‍ഭകാലത്തും പ്രമേഹമുണ്ടാകാറുണ്ട്.
പ്രമേഹം അനിയന്ത്രിതമാകുന്നതോടെ സാവധാനം സങ്കീര്‍ണ്ണതകളിലേക്ക് നീങ്ങും. വൃക്കകള്‍, രക്തക്കുഴലുകള്‍, ഹൃദയം, നാഡികള്‍, കണ്ണുകള്‍ തുടങ്ങി ഒട്ടുമിക്ക അവയവങ്ങളും പ്രമേഹത്തിന്‍െറ ആക്രമണത്തിനിരയാകും.

പ്രമേഹവും വൃക്ക പരാജയവും


വൃക്ക പരാജയം എല്ലാ പ്രമേഹരോഗിക്കുമുണ്ടാകാറില്ല. പ്രമേഹരോഗിയില്‍ വൃക്കപരാജയ സാധ്യത കൂട്ടുന്ന നിരവധി ഘടകങ്ങളുണ്ട്.
1) കുടുംബത്തില്‍ ആര്‍ക്കെങ്കിലും വൃക്കപരാജയം ഉണ്ടായിട്ടുണ്ടെങ്കില്‍ സാധ്യത ഏറും.
2) പ്രമേഹത്തിന്‍െറ പഴക്കം വൃക്കയുടെ ആരോഗ്യവുമായി അടുത്ത ബന്ധമുണ്ട്.
3) അനിയന്ത്രിതമായ പ്രമേഹം വൃക്കപരാജയത്തിലേക്ക് നയിക്കും.
4) പ്രമേഹ രോഗിക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെങ്കില്‍ വൃക്കപരാജയ സാധ്യത കൂടാറുണ്ട്.
5) പ്രമേഹരോഗി പുകവലിക്കാരനാണെങ്കില്‍ വൃക്കപരാജയ സാധ്യത ഏറും.

പ്രമേഹം വൃക്കയെ ബാധിക്കുന്നതെങ്ങനെ?


സങ്കീര്‍ണ്ണമായ നിരവധി ധര്‍മ്മങ്ങള്‍ ശരീരത്തില്‍ നിര്‍മ്മിക്കുന്ന ആന്തരാവയവമാണ് വൃക്കകള്‍. ശരീരത്തിന് ആവശ്യമുള്ളതൊക്കെ വലിച്ചെടുക്കുകയും ആവശ്യമില്ലാത്തവയെ അരിച്ചുമാറ്റുന്നതും വൃക്കകളാണ്. മലിനരക്തം വൃക്കയിലത്തെിയാല്‍ അവയെ ശുദ്ധീകരിക്കുന്നത് ഓരോ വൃക്കയിലേയും 10 ലക്ഷത്തോളം വരുന്ന നെഫ്രോണുകളാണ്. നെഫ്രോണുകള്‍ക്കുള്ളിലെ രക്തക്കുഴലുകളുടെ കൂട്ടമാണ് ഗ്ളോമറുലസ്. രക്തം ഗ്ളോമറുലസിലൂടെ കടന്ന് പോകുമ്പോഴാണ് അരിച്ചെടുക്കല്‍ പ്രക്രിയ നടക്കുന്നത്. മണിക്കൂറില്‍ ഏകദേശം 70 ലിറ്റര്‍ രക്തമാണ് ഗ്ളോമറുലസിലൂടെ കടന്നുപോകുന്നത്. മാലിന്യങ്ങളെല്ലാം ഗ്ളോമറുലസിലൂടെ കിനിഞ്ഞിറങ്ങി മൂത്രത്തില്‍ ചേരും. രക്തത്തിലെ മാംസ്യം (ആല്‍ബുമിന്‍) തന്മാത്രകള്‍ വലുതായതിനാല്‍ കിനിഞ്ഞിറങ്ങാതെ രക്തത്തില്‍തന്നെ നിലനില്‍ക്കും. എന്നാല്‍, പ്രമേഹരോഗിയില്‍ ഇതില്‍നിന്ന് വ്യത്യസ്തമായാണ് അരിച്ചെടുക്കല്‍ നടക്കുന്നത്. രക്തത്തിലെ ഗ്ളൂക്കോസിന്‍െറ അളവ് കൂടുതലായതിനാല്‍ പ്രമേഹരോഗിയില്‍ പൊതുവേ വൃക്കകളുടെ ജോലിഭാരം കൂടുതലാണ്. ധാരാളം ഗ്ളൂക്കോസ് അടങ്ങിയ രക്തം അരിച്ചെടുത്ത് വൃക്കകള്‍ ക്ഷീണിക്കും. വര്‍ഷങ്ങള്‍ ഈ പ്രക്രിയ തുടരുമ്പോള്‍ ഗ്ളോമറുലസില്‍ ചോര്‍ച്ചവരും. ശരീരത്തിനാവശ്യമായ മാംസ്യവും ഇങ്ങനെ ചോര്‍ന്ന് പോകാന്‍ ഇടയാകും.
മൂത്രത്തിലൂടെ മാംസ്യം പുറത്ത് പോകുന്നത് തുടര്‍ന്ന് കൊണ്ടേയിരുന്നാല്‍ ഗ്ളോമറുലസിന്‍െറ നാശത്തിനും തുടര്‍ന്ന് വൃക്കപരാജയത്തിനും ഇടയാകും. വൃക്കരോഗം വരുന്നവരില്‍ ഭൂരിഭാഗവും പ്രമേഹരോഗികളാണ്. പ്രമേഹം തിരിച്ചറിയാന്‍ വൈകുന്നത് വൃക്കകളുടെ നാശത്തെ ത്വരിതപ്പെടുത്തും. കൃത്യമായ പരിശോധനകളും പ്രമേഹ നിയന്ത്രണവും കൊണ്ട് വൃക്കപരാജയത്തെ ഒഴിവാക്കാനാകും.

ലക്ഷണങ്ങള്‍


ചെറിയ പ്രശ്നങ്ങളും പ്രയാസങ്ങളും കാര്യമാക്കാതെ തകരാറുകള്‍ പരമാവധി പരിഹരിക്കാന്‍ വൃക്കകള്‍ കഠിനശ്രമം നടത്തും. അതിനാല്‍ തുടക്കത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ കാണാറില്ല. രോഗം പുരോഗമിക്കുമ്പോള്‍ ചില ലക്ഷണങ്ങള്‍ പ്രകടമാക്കാറുണ്ട്. ശരീരത്തിലെ രാസപ്രവര്‍ത്തനത്തിന് ആവശ്യമുള്ള വെള്ളം എടുത്ത് ബാക്കി പുറന്തള്ളുകയാണ് വൃക്കകള്‍ ചെയ്യാറുള്ളത്. വൃക്കകള്‍ക്ക് പ്രവര്‍ത്തനമാന്ദ്യം ഉണ്ടാകുമ്പോള്‍ ശരീരത്തില്‍ വെള്ളം അളവില്‍ കൂടുതലാകുന്നു. ഇതുമൂലം കണ്‍പോളകളിലും കണങ്കാലുകളിലും ദേഹത്ത് പലഭാഗങ്ങളിലും നീര്‍ക്കെട്ടുണ്ടാകും. ചിലരില്‍ ഓക്കാനം, ഛര്‍ദ്ദി, ക്ഷീണം, ഭക്ഷണത്തോട് വിരക്തി, ഉറക്കക്കുറവ്, ചൊറിച്ചില്‍, മൂത്രം പതയുക തുടങ്ങിയ കാണാറുണ്ട്.

വൃക്കപരാജയം പ്രതിരോധം അനിവാര്യം


വൃക്കപരാജയത്തെ പ്രതിരോധിക്കാന്‍ രക്തത്തിലെ ഗ്ളൂക്കോസ് നിയന്ത്രണമാണ് ഏറ്റവും പ്രധാനം. ഒപ്പം രക്തസമ്മര്‍ദ്ദവും കര്‍ശനമായി നിയന്ത്രിക്കണം. പ്രമേഹം ആരംഭത്തില്‍തന്നെ കണ്ടുപിടിക്കുന്നതും ആദ്യ നാളുകളില്‍തന്നെ നന്നായി ചികിത്സിക്കുന്നതും വളരെ പ്രധാനമാണ്.

1) വൃക്കപരാജയ സാധ്യത ആരംഭത്തിലെ തിരിച്ചറിയാന്‍ മൂത്രത്തിലെ ആല്‍ബുമിന്‍െറ അളവ് പരിശോധിക്കണം. ആല്‍ബുമിന്‍െറ അളവ് കൂടുന്നത് ഭാവിയില്‍ ഹൃദ്രോഗത്തിനും വഴിയൊരുക്കാറുണ്ട്.
2) കൂടാതെ രക്തത്തിലെ ക്രിയാറ്റിനിന്‍െറ അളവും പരിശോധിക്കണം.
3) വൃക്കപരാജയം തീവ്രമായി കഴിയുമ്പോഴാണ് ക്രിയാറ്റിനിന്‍ ഉയര്‍ന്ന് തുടങ്ങുന്നത്. ഒപ്പം ക്ഷീണം, വിളര്‍ച്ച, നീര് എന്നീ ലക്ഷണങ്ങളും ഉണ്ടാകും.

ചികിത്സ


വൃക്ക രോഗചികിത്സയുടെ വിജയം എത്രയും നേരത്തെരോഗം തിരിച്ചറിയുന്നതുമായി ഏറെ ബന്ധമുണ്ട്. പ്രമേഹവും രക്ത സമ്മര്‍ദ്ദവും നിയന്ത്രിക്കുന്നത് ചികിത്സയില്‍ പരമപ്രധാനമാണ്. ഏകനായകം, പാച്ചോറ്റി, കോവല്‍വേര്, വയല്‍ച്ചുള്ളി, മുരിക്കിന്‍തൊലി, ചെറൂള, നീര്‍മരുത്, തേറ്റമ്പരല്‍, ത്രിഫല, ആവിരക്കുരു, നീര്‍മാതള്വേര്, കരിങ്ങാലി, അമൃത് ഇവ വൃക്കകള്‍ക്ക് കരുത്തേകുന്ന ഒൗഷധികളില്‍ ചിലതാണ്. സ്നേഹപാനം, അവഗാഹം, പിണ്ഡസ്വേദം, ഉപനാഹം തുടങ്ങിയ വിശേഷ ചികിത്സകളും നല്‍കുന്നു. ജീവിതശൈലി ക്രമീകരിക്കുന്നതോടൊപ്പം കൃത്യമായ പരിശോധനകളും ചികിത്സയുംകൊണ്ട് ഓരോ പ്രമേഹരോഗിയും വൃക്കപരാജയത്തെ ഒഴിവാക്കുന്നതാണുചിതം.

കടപ്പാട് : ഡോ. പ്രിയ ദേവദത്ത്, കോട്ടക്കല്‍ ആര്യവൈദ്യശാല, മാന്നാര്‍

അവസാനം പരിഷ്കരിച്ചത് : 9/15/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate