ശിരസും കഴുത്തും മസ്തിഷ്കവുമൊഴിച്ചുള്ള അനുബന്ധഭാഗങ്ങളിലും വരുന്ന അനിയന്ത്രിത വളര്‍ച്ചയുള്ള മുഴകളെയാണ് ഹെഡ് ആൻഡ് നെക്ക് ക്യാന്‍സറുകള്‍ എന്ന് പറയുന്നത്. വായ, തൊണ്ട, മൂക്ക്, ചെവി, മുഖം, തലയോട്ടി, കഴുത്ത് എന്നീ ഭാഗങ്ങളില്‍ വരുന്ന മുഴകള്‍ ( ട്യൂമറുകൾ) ഇതില്‍പ്പെടും. കഴുത്തിലെ ഒരു പ്രധാന ഗ്രന്ഥിയായ തൈറോയ്ഡില്‍ വരുന്ന ക്യാന്‍സറും ഇക്കൂട്ടത്തില്‍ വരും.
ചവയ്ക്കാവുന്ന പുകയിലയുടെ ഉപയോഗമാണ് വായില്‍ വരുന്ന ക്യാന്‍സറിന്‍റെ മുഖ്യകാരണം. പുകയിലയും മദ്യപാനവും ഹ്യാമന്‍ പാപ്പിലോമ വൈറസ് പോലുള്ള രോഗാണുക്കളും ഇതിനുകാരണമാവാം. മൂര്‍ച്ചയുള്ള പല്ലുകൊണ്ടുണ്ടാകുന്ന മുറിവുകളും സ്പൈസസിന്‍റെ അമിതമായ ഉപയോഗവും വായിലെ അര്‍ബുദത്തിന് വഴിതെളിക്കാറുണ്ട്. തൊണ്ടയിലെ ക്യാന്‍സറിന്‍റെ മുഖ്യകാരണം പുകവലിയാണെങ്കില്‍ മൂക്കില്‍പ്പൊടിയുടെ ഉപയോഗവും തുകൽ, ഡൈ മുതലായ ചില തൊഴിലുകളിലേര്‍പ്പെടുന്നതും നാസാദ്വാരങ്ങളിലെ ക്യാന്‍സറിന് കാരണങ്ങളാകുന്നുണ്ട്. സൂര്യതാപം ഏല്‍ക്കുന്നത് മുഖത്തെ തൊലിയില്‍ ക്യാന്‍സര്‍ ഉണ്ടാക്കാം. അതുകൊണ്ടാണ് ഇത്തരം ക്യാന്‍സറുകള്‍, സൂര്യതാപമേല്‍ക്കുന്നത് പതിവായ പാശ്ചാത്യരില്‍ കൂടുതലായി കാണപ്പെടുന്നത്. തൈറോയ്ഡ് ക്യാന്‍സറുകള്‍ ഇവയില്‍നിന്ന് വളരെ വ്യത്യസ്തവും സങ്കീർണവുമായതിനാല്‍ ഇവിടെ പ്രതിപാദിക്കുന്നില്ല.
വായിലുണ്ടാകുന്ന ഉണങ്ങാത്ത മുറിവുകൾ, മുഴകള്‍, കഴുത്തിലുണ്ടാകുന്ന മുഴകൾ എന്നിവ വായിലെ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാവാം. ശബ്ദത്തില്‍വരുന്ന മാറ്റവും ഭക്ഷണം കഴിക്കുമ്പോഴുണ്ടാകുന്ന തടസവും തൊണ്ടയിലെ ക്യാന്‍സറിന്‍റെ തുടക്കത്തിലുള്ള ലക്ഷണങ്ങളാവുമ്പോള്‍ അസുഖം വ്യാപിക്കുന്നതിനനുസരിച്ച് ശ്വാസതടസവും അനുഭവപ്പെട്ടേക്കാവുന്നതാണ്. മൂക്കില്‍കൂടിയുള്ള രക്തസ്രാവവും വര്‍ധിച്ചുവരുന്ന മൂക്കടപ്പും മൂക്കില്‍ വരുന്ന ക്യാന്‍സറിന്‍റെ ലക്ഷണമാവാം. നാസാദ്വാരങ്ങളിലെ അര്‍ബുദരോഗം കാഴ്ചയെയും ബാധിച്ചേക്കാം. ജലദോഷവും അലര്‍ജിയും മൂലമുള്ള മൂക്കടപ്പ്, ഉയര്‍ന്ന രക്ത സമ്മര്‍ദം മൂലമുള്ള രക്തസ്രാവം എന്നിവയെ ഇവയില്‍ നിന്നും വിവേചിച്ചറിയേണ്ടതാണ്. ചെവിയില്‍ കൂടി ദീര്‍ഘകാല പഴുപ്പ് വരുന്നതും ക്യാന്‍സറിന്‍റെ ലക്ഷണമായേക്കാം. ഇതോടൊപ്പം ചെവിയില്‍ നിന്നുള്ള രക്തസ്രാവവും അര്‍ബുദരോഗ ലക്ഷണമായേക്കാം.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഇഎന്‍ടി സ്പെഷ്യലിസ്റ്റിനേയോ ക്യാന്‍സര്‍ രോഗ വിദഗ്ധനെയോ കാണിച്ച് അവശ്യ പരിശോധനകള്‍ നടത്തേണ്ടതാണ്. രോഗിക്ക് വേദന ഉണ്ടാകാത്ത എന്‍ഡോസ്കോപ്പി പരിശോധനവഴി പല പ്രശ്നങ്ങളും രോഗനിർണയം നടത്തുവാനുള്ള സൗകര്യമുണ്ട്. സംശയമുള്ള അവസരങ്ങളില്‍ ബയോപ്സി, റേഡിയോളജി സ്കാനിങ്ങുകള്‍ ( സിടിഎംആർ ഹോള്‍ ബോഡി പെറ്റ് സിടി) മുതലായവ ആവശ്യമായി വന്നേക്കാം.
ഹെഡ് ആൻഡ് നെക്ക് ക്യാന്‍സറുകള്‍ക്ക് സ്റ്റേജ് അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുക. പ്രാരംഭ സ്റ്റേജുകളില്‍ ഭൂരിഭാഗം ക്യാന്‍സറുകള്‍ക്കും സര്‍ജറിയോ റേഡിയേഷനോ മതിയാവുമ്പോള്‍ സ്റ്റേജ് കൂടുന്നതിനനനുസരിച്ച് ഇവ രണ്ടും എന്നാല്‍ ചിലപ്പോള്‍ ഇവയോടൊപ്പം കീമോതെറാപ്പിയും വേണ്ടിവരും. എന്നാല്‍ മുഖ്യമായും കീമോതെറാപ്പി വേണ്ടിവരുന്ന ക്യാന്‍സറുകളും ഹെഡ് ആൻഡ് നെക്ക് വിഭാഗത്തിലുണ്ട്. അതിനാല്‍ ചികിത്സാ തീരുമാനം പലപ്പോഴും സര്‍ജിക്കല്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, റേഡിയേഷന്‍ ഓങ്കോളജി എന്നീ വിഭാഗങ്ങളിലെ ഡോക്റ്റര്‍മാര്‍ പരസ്പരം ചര്‍ച്ചചെയ്താണ് തീരുമാനിക്കുക. എന്‍ഡോസ്കോപ്പി, മൈക്രോവാസ്കുലര്‍ ശസ്ത്രക്രിയകളുടെ ആവിര്‍ഭാവത്തോടും പ്രചാരത്തോടും കൂടി ഹെഡ് ആൻഡ് നെക്ക് ക്യാന്‍സര്‍ സര്‍ജറികളുടെ രീതിയും നിര്‍വഹണവും ഏറെ മാറിയിരിക്കുകയാണ്. രോഗിക്ക് കാഴ്ചയിലും ചലനങ്ങളിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ മികച്ച ആശുപത്രികളും ഡോക്റ്റര്‍മാരും ഇപ്പോള്‍ ഉപയോഗിക്കുന്നു.
തുടക്കത്തിലേ കണ്ടുപിടിച്ചാല്‍ ഒട്ടുമിക്ക ഹെഡ് ആൻഡ് നെക്ക് ക്യാന്‍സറുകളും പൂർണമായും സുഖപ്പെടുത്താവുന്നതും ദൈനംദിന ജീവിതത്തിന്‍റെ തിരക്കുകളിലേക്ക് ചികിത്സാനന്തരം ഏറെ വൈകാതെ കടക്കാവുന്നതുമാണ്. ചികിത്സ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ തുടക്കത്തിൽ തന്നെ അസുഖം കണ്ടുപിടിച്ച് ചികിത്സിക്കുന്നത് സഹായിക്കും. ചികിത്സയ്ക്ക് ശേഷം കൃത്യമായ തുടർ പരിശോധനയും ആവശ്യമാണ്.
കടപ്പാട് : www.vvmtoday.com
അവസാനം പരിഷ്കരിച്ചത് : 6/20/2020
കാൻസർ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് ഡോക്ടറുടെ മുന...
അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് കാന്‍സര്‍
ശരീരഘടന നിർമ്മിക്കുന്ന അടിസ്ഥാന ഘടകങ്ങളായ കോശങ്ങളി...
കോശങ്ങളുടെ അമിതവും അനിയന്ത്രിതവുമായ വളര്‍ച്ചയാണ് ക...