অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാന്‍സര്‍-കൂടുതൽ വിവരങ്ങൾ

ജീവിതത്തില്‍ നാം പരീക്ഷകളെ അഭിമുഖീകരിച്ചേ മതിയാവൂ. അതിനാല്‍ എന്തുകൊണ്ട്‌ പരീക്ഷയെ ഇഷ്‌ടപ്പെട്ടുകൂടാ? പരീക്ഷയെ ഇഷ്‌ടപ്പെടുകയാണ്‌ പരീക്ഷ ആയാസരഹിതമാക്കാനുള്ള, പരീക്ഷയോടുള്ള പേടി ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം.

അജ്‌ഞതയും അന്ധവിശ്വാസവും കാരണം ഒരു കാലത്ത്‌ വളരെയേറെ അറപ്പോടും അവജ്‌ഞയോടും കൂടി കണ്ടിരുന്ന രോഗമാണ്‌ കാന്‍സര്‍. എന്നാല്‍ ഇന്ന്‌ വൈദ്യശാസ്‌ത്രത്തിന്റെ വളര്‍ച്ചയോടൊപ്പം രോഗനിര്‍ണയം, ചികിത്സ എന്നിവയില്‍ വളരെയേറെ മുന്നേറ്റം നടന്നുകഴിഞ്ഞു.

ഒരു പക്ഷേ ഇത്‌ കാന്‍സര്‍ നിര്‍ണയത്തിലുള്ള പരിശോധനാ മാര്‍ഗങ്ങളുടെ വളര്‍ച്ചകൊണ്ടാകാം. കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ഷംതോറും ലോകത്താകമാനം അഭൂതപൂര്‍വമായ വളര്‍ച്ചാനിരക്കാണ്‌ കാണുന്നത്‌.

ഇത്‌ വളരെ ആശങ്കാജനകമാണ്‌. ഇതിനേക്കാള്‍ ഏറെ വിഷമകരം, ഈ അസുഖത്തെക്കുറിച്ച്‌ ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളും അന്ധമായ ഭയവുമാണ്‌. ചികിത്സ ഇല്ലാത്തത്‌ മൂലമല്ല, അത്‌ തേടുവാനുള്ള മടിയാണ്‌ പലപ്പോഴും നമ്മെ ആപത്തില്‍ ചെന്നെത്തിക്കുന്നത്‌.

കോശങ്ങള്‍ക്ക്‌ നിലതെറ്റുമ്പോള്‍

ഒറ്റവാക്കില്‍ പറഞ്ഞാല്‍ അനിയന്ത്രിതമായ കോശവളര്‍ച്ചയാണ്‌ കാന്‍സര്‍. ശരീരത്തിന്റെ ഏതെങ്കിലും ഒരു കോശത്തില്‍ തുടങ്ങുന്ന മാറ്റം അതിന്റെ ഘടനയെയും വളര്‍ച്ചാ രീതിയെയും സ്വഭാവത്തെത്തന്നെയും മാറ്റിമറിക്കുന്നു. പിന്നീട്‌ അതൊരു കൂട്ടം കോശങ്ങളായി രൂപപ്പെട്ട്‌ ഒരു പ്രത്യേക സ്വഭാവത്തിലൂടെ മുന്നേറുന്നു.

പല ഘട്ടങ്ങളിലൂടെയും കുറേ നാളത്തെ മാറ്റങ്ങളിലൂടെയും (കോശങ്ങളുടെ മൂലഘടകങ്ങളായ ഡി.എന്‍.എ, പ്രോട്ടീനുകള്‍ തുടങ്ങിയവയിലാണ്‌ ഈ മാറ്റങ്ങള്‍ സംഭവിക്കുന്നത്‌) ആണ്‌ ഒരു സാധാരണ കോശം ഒരു കാന്‍സര്‍ കോശമായി മാറുന്നത്‌.

ഒരു കാന്‍സര്‍ കോശത്തിന്റെ അല്ലെങ്കില്‍ കോശങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത്‌ മറ്റു കോശങ്ങളിലേക്ക്‌ പടരുവാനുള്ള അവയുടെ കഴിവാണ്‌.

അതുപോലെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക്‌ പടരുവാനുള്ള കഴിവും ഇതിനുണ്ട്‌. അനിയന്ത്രിതമായും അമിത വേഗത്തിലുമുള്ള വളര്‍ച്ചയാണ്‌ കാന്‍സര്‍ കോശങ്ങള്‍ക്ക്‌ ഉണ്ടാവുക.

അതുകൊണ്ട്‌ ഇവ നമ്മുടെ ശരീരത്തിനുള്ളില്‍ത്തന്നെ സ്വന്തമായി ഒരു പ്രവര്‍ത്തന രീതി (നമ്മുടെ ശരീരത്തിന്‌ യാതൊരു വിധ നിയന്ത്രണങ്ങളും ഇല്ലാത്ത) ഉണ്ടാക്കിയെടുക്കുന്നു.

പുക ഉയര്‍ത്തുന്ന അപകടങ്ങള്‍

ഏതെങ്കിലും ഒരു കാരണണോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു പ്രത്യേക ഘടകമോ മാത്രമല്ല കാന്‍സറിന്‌ പിന്നില്‍. കാന്‍സര്‍ ഉണ്ടാക്കും എന്ന്‌ അസനിഗ്‌ധമായി തെളിയിക്കപ്പെട്ടിട്ടുള്ള പല കാര്യങ്ങളുമുണ്ട്‌. പുകവലി അതിന്‌ ഉദാഹരണമാണ്‌.

പലപ്പോഴും ഇത്‌ കാന്‍സറിന്‌ കാരണമാകേക്കാവുന്ന, കോശങ്ങളിലെ മൂലഘടകങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള ഘടകങ്ങളായാണ്‌ അറിയപ്പെടുന്നത്‌.

മനുഷ്യനെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുള്ള നൂറോളം കാന്‍സറുകളില്‍ ഏകദേശം 22 ശതമാനത്തോളം കാന്‍സറുകള്‍ക്ക്‌ കാരണം പുകവലിയാണ്‌ എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. അത്‌ പുകവലി മാത്രമല്ല.

പുകയില അതിന്റെ ഏത്‌ രൂപത്തില്‍ നാം ഉപയോഗിച്ചാലും നമ്മുടെ ശരീരത്തില്‍ കാന്‍സര്‍ ഉണ്ടാക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്‌.

 

പാരമ്പര്യത്തിന്റെ വഴിയെ

അമിത വണ്ണം, ഭക്ഷണരീതിയിലുള്ള മാറ്റം, ഫാസ്‌റ്റ് ഫുഡ്‌ സംസ്‌കാരം, മദ്യപാനം, അന്തരീക്ഷമലിനീകരണം, ചില വൈറസുകളുടെ പ്രവര്‍ത്തനം തുടങ്ങിയവയൊക്കെ കാന്‍സറിന്‌ വഴിതെളിക്കുന്നു. ഇതു കൂടാതെ ഏകദേശം 5 - 10 ശതമാനം വരെ കാന്‍സറുകള്‍ പാരമ്പര്യമായി കൈമാറി വരുന്നതാണ്‌.

തലമുറകള്‍ കൈമാറി വരുന്ന ജനിതക മാറ്റങ്ങളാണ്‌ ഈ അവസ്‌ഥയ്‌ക്ക് കാരണമാകുന്നത്‌. ഒരു കുഞ്ഞ്‌ ജനിക്കുമ്പോള്‍ത്തന്നെ അതിന്റെ കോശഘടനയില്‍ കാന്‍സറിന്‌ കാരണമായ മാറ്റങ്ങള്‍ അച്‌ഛനമ്മമാരില്‍ നിന്ന്‌ കൈമാറ്റം ചെയ്യപ്പെട്ടിരിക്കും.

എത്രമാത്രം ശക്‌തമാണ്‌ ജനികഘടനയിലെ മാറ്റങ്ങള്‍ (കോശങ്ങളുടെ വളര്‍ച്ചയെ ബാധിക്കുവാന്‍ തക്കവണ്ണം) എന്നതനുസരിച്ചായിരിക്കും ആ കുഞ്ഞിന്‌ കാന്‍സര്‍ ഏത്‌ വയസില്‍ ഏത്‌ രീതിയില്‍ പ്രകടമാകും എന്ന്‌ നിശ്‌ചയിക്കുക.

കണക്കുകള്‍ ഞെട്ടിക്കുന്നത്‌

കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ലോകത്താകമാനം കാന്‍സര്‍ രോഗികളുടെ എണ്ണം വളരെയേറെ കൂടിവരുന്നതായാണ്‌ കാണുന്നത്‌.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, 2012 ല്‍ മാത്രം 14 ലക്ഷം ആളുകളില്‍ കാന്‍സര്‍ കണ്ടെത്തിയിരുന്നു. ഏകദേശം 8 ലക്ഷത്തോളം ആളുകള്‍ 2012 ല്‍ കാന്‍സര്‍ മൂലം മരണമടഞ്ഞു.

ഇത്‌ 2008 ല്‍ യഥാക്രമം 12 ലക്ഷവും 76 ലക്ഷവുമാണ്‌. 184 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയുടെ സംഭാവന ഏകദേശം 8 ശതമാനമാണ്‌. ഈ കണക്കുകള്‍ അത്ര കൃത്യമായിരിക്കില്ല എന്നതിനാല്‍ ഈ സംഖ്യയുടെ വലുപ്പം ഇതിലും എത്രയോ വലുതായിരിക്കും എന്നോര്‍ക്കുക.

കേരളം കാന്‍സറിന്റെ പിടിയില്‍

കേരളത്തിന്റെ ചിത്രം അത്ര വ്യത്യസ്‌തമല്ല. കേരളത്തിലെ സ്‌ഥിതി പരിശോധിച്ചാ കഴിഞ്ഞ 30 വര്‍ഷംകൊണ്ട്‌ കേരളത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം 200 ശതമാനം ആയാണ്‌ വര്‍ധിച്ചത്‌. സ്‌ത്രീകളിലെ കാന്‍സര്‍ കഴിഞ്ഞ 5 വര്‍ഷംകൊണ്ട്‌ സ്‌താനാര്‍ബുദത്തിന്റെ തോത്‌ 20 ശമാനം വര്‍ധിച്ചതായി കാണാം.

ഓരോ വര്‍ഷവും ഈ തോത്‌ കൂടിവരുന്നു. ജീവിത സാഹചര്യങ്ങളുടെ മാറ്റം, സ്‌തനാര്‍ബുദത്തെ പ്രത്യേകിച്ചും ഒരു ജീവിതശൈലി രോഗമായി മാറ്റിയിരിക്കുന്നു.

പട്ടങ്ങളിലെയും ഗ്രാമങ്ങളിലെയും സ്‌ത്രീകളിലുണ്ടാകുന്ന കാന്‍സറിന്‍െ വ്യത്യാസം ഈ കണക്ക്‌ സാധൂകരിക്കുന്നു. പട്ടണങ്ങളില്‍ സ്‌തനാര്‍ബുദമാണ്‌ സ്‌ത്രീകളില്‍ കൂടുതലായി കാണുന്നതെങ്കില്‍ ഗ്രാമങ്ങളില്‍ ഇത്‌ ഗര്‍ഭാശയമുഖത്തെ കാന്‍സറാണ്‌.

പൊതുവേ വികസ്വര രാജ്യങ്ങളിലെ സാമ്പത്തികവും സാമൂഹികവുമായ മാറ്റം, അന്ധമായുള്ള പാശ്‌ചാത്യ സംസ്‌കാരത്തിന്റെ അനുകരണം, ജീവിതരീതികളിലും ആഹാരങ്ങളിലുമുള്ള മാറ്റങ്ങള്‍ എല്ലാംതന്നെ, ഈ രാജ്യങ്ങളില്‍ കാന്‍സറിന്റെ അളവ്‌ ഭീകരമാം വിധം കുടുന്നതിന്‌ കാരണമായിട്ടുണ്ട്‌.

ഈ സംഖ്യകളും കണക്കുകളും നമ്മെ വല്ലാതെ ഒറ്റപ്പെടുത്തുമ്പോള്‍ ഒരു കാര്യം നാം ശ്രദ്ധിക്കേണ്ടുതുണ്ട്‌. കാന്‍സര്‍ പുതുതായി നിര്‍ണയിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ മാത്രമേ കാര്യമായ മാറ്റം കാണ്ടുവരുന്നുള്ളൂ.

പക്ഷേ, കാന്‍സര്‍ കാരണം മരണപ്പെടുന്ന ആളുകളുടെ എണ്ണം കഴിഞ്ഞ 5 വര്‍ഷത്തില്‍ കാര്യമായ മറ്റം വന്നട്ടില്ല. അതായത്‌ ഇതിനുള്ള ചികിത്സാ സമ്പ്രദായങ്ങള്‍ നമ്മെ, ഈ രോഗത്തിന്റെ പിടിയില്‍ നിന്നും രക്ഷിക്കാന്‍ പര്യാപ്‌തമാണ്‌ എന്നര്‍ഥം.

കാന്‍സര്‍ നിയന്ത്രണം

'രോഗം വരാതിരിക്കുന്നതാണ്‌ രോഗം വന്നിട്ട്‌ ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത്‌' എന്ന ആപ്‌തവാക്യം കാന്‍സര്‍ രോഗ ചികിതിത്സാരംഗത്തും വലിയൊരളവുവരെ അര്‍ഥവത്താണ്‌. പുകയിലയും ജീവിത സാഹചര്യവുമാണ്‌ കാന്‍സറിന്‌ വലിയൊളവുവരെ കാരണം. എങ്കില്‍ ഇത്‌ ഒഴിവാക്കുന്നതാണ്‌ തീര്‍ച്ചയായും ഒരു പരിധിവരെയെങ്കിലും കാന്‍സറിനെ അകറ്റി നിര്‍ത്തുവാന്‍ നല്ലത്‌.

ആഹാക്രമീകരണം, എണ്ണ, കൊഴുപ്പ്‌, അമിതമായി പൊരിച്ചെടുത്തു ഇറച്ചി, എന്നിവ ഒഴിവാക്കി പച്ചക്കറികളും പഴവര്‍ഗങ്ങളും, നാര്‌ കൂടുതലുള്ള ഭക്ഷണങ്ങളും കൂടുതല്‍ കഴിക്കുന്നത്‌ കാന്‍സറോ, അല്ലെങ്കില്‍ കാന്‍സറായേക്കാവുന്ന മാറ്റങ്ങളോ ശരീരത്തില്‍ ഉണ്ടാകുന്നത്‌ ഒരു പരിധിവരെ മാറ്റി നിര്‍ത്താമെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

ആഹാരത്തില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ അളവ്‌, കാന്‍സര്‍ ജന്യമാറ്റങ്ങള്‍ കോശങ്ങളിലുണ്ടാക്കുന്നത്‌ തടയാന്‍ നമ്മുടെ ശരീരത്തെ പ്രാപ്‌തമാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്‌.

ഏത്‌ രോഗത്തിനും ഒരു മറുമരുന്നാണ്‌ വ്യായാമം എന്നത്‌ കാന്‍സര്‍ നിയന്ത്രണത്തിന്റെ കാര്യത്തിലും ശരിയാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

കാന്‍സര്‍ തടയാന്‍ ശസ്‌ത്രക്രിയ

കാന്‍സര്‍ ചികിത്സയ്‌ക്കയുടെ ഭാഗമായി ശസ്‌ത്രക്രിയയുമുണ്ട്‌. എന്നാല്‍ കാന്‍സര്‍ തടയാനും ശസ്‌ത്രക്രിയ ഉണ്ട്‌. ഇന്ന്‌ ഇങ്ങനെയൊരു ചികിത്സാ രീതി ചില അവയവങ്ങളുശട കാര്യത്തില്‍ ശാസ്‌ത്രീയമായി തെളിവുകളോടു കൂടി ചെയ്യുന്നുണ്ട്‌.

ചില ജനിതകമായി കൈമാറ്റം ചെയ്യപ്പെടുന്ന മാറ്റങ്ങള്‍ വഴി ഒരു വ്യക്‌തിയുടെ ജീവിതത്തില്‍ കാന്‍സര്‍ വരാനുള്ള സാധ്യത 100 ശതമാനം വരെയാണ്‌. അതായത്‌ ചില ജനികത മാറ്റങ്ങള്‍ ഒരാളില്‍ ഉണ്ട്‌ എന്നു കണ്ടാല്‍ ആ വ്യക്‌തി തീര്‍ച്ചയായും ഒരു കാന്‍സര്‍ രോഗിയായി മാറും.

ഉദാഹരണത്തിന്‌ എ.പി.സി എന്ന ജീനിലുള്ള മാറ്റങ്ങളുള്‌ വ്യക്‌തിക്ക്‌ ഏകദേശം 40 വയസാകുമ്പോള്‍ വന്‍കുടലില്‍ കാന്‍സര്‍ വരുവാനുള്ള സധ്യത 100 ശതമാനം ആണ്‌.

അതുപോലെ സ്‌തനം, അണ്ഡാശയം, തൈറോയ്‌ഡ് ഗ്രന്ഥി എന്നിവയുടെയൊക്കെ കാര്യങ്ങളില്‍ ജനിതക മാറ്റങ്ങള്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു.

ഇങ്ങനെ കാന്‍സര്‍ ഉറപ്പുള്ള സാഹചര്യങ്ങളില്‍ അസുഖം വരുന്നതിനു മുമ്പുതന്നെ ആ അവയവം നീക്കം ചെയ്യുന്ന രീതി ഇന്ന്‌ പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. അതുപോലെ ചില മരുന്നുകളും കാന്‍സര്‍ വരുന്നത്‌ തടയുവായി സഹായകരമാണ്‌ എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

കോക്‌സ് 2 ഇന്‍ഹിബിറ്റേഴ്‌സ് Cox 2 inhibitor എന്ന ഗണത്തില്‍പ്പെടുന്ന ഗുളികകള്‍ വന്‍കുടലിന്റെ കാന്‍സര്‍ തടയാന്‍ സഹായകരമാണ്‌. ടോമോക്‌സിഫെന്‍ (Tomoxifen) എന്ന ഗുളിക ചില പ്രത്യേക സാഹചര്യത്തില്‍ സ്‌തനാര്‍ബുദത്തിന്റെ വ്യാപനവും തിരിച്ചുവരവും തടയുവാന്‍ സഹായിക്കുമെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു.

സമാനമായി ചില വാക്‌സിനുകളും കാന്‍സര്‍ വരുന്നത്‌ തടയും. ഹെപ്പടൈറ്റിസ്‌ ബി വാക്‌സിന്‍ കരളിനെ ബാധിക്കുന്ന കാന്‍സര്‍ തടയാന്‍ സഹായിക്കുന്നു.

സ്‌ത്രീകളില്‍ 21 വയസിനു മുമ്പ്‌ എടുക്കുന്ന ഹ്യൂമന്‍ പാപ്പിലോമാ വൈറസ്‌ വാക്‌സിന്‍ ഗര്‍ഭാശയമുഖത്തെ കാന്‍സര്‍ തടയാന്‍ സഹായകരമാണെന്നും തെളിഞ്ഞിരിക്കുന്നു.

കടപ്പാട് : ഡോ. ശ്യാം വിക്രം

കണ്‍സള്‍ട്ടന്റ് സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്
ആസ്റ്റര്‍ മെഡിസിറ്റി, ചേരാനല്ലൂര്‍, കൊച്ചി

അവസാനം പരിഷ്കരിച്ചത് : 7/1/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate