অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഗര്‍ഭാശയ മുഴകള്‍

സ്ത്രീയുടെ പ്രത്യുല്‍പാദന വ്യവസ്ഥയില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്ന അവയവങ്ങളാണ് ഗര്‍ഭാശയവും അണ്ഡാശയങ്ങളും. ആവശ്യാനുസരണം ശക്തമായി ചുരുങ്ങാനും വികസിക്കാനും കഴിയുന്ന പേശിനിര്‍മിതമായ ഒരു സഞ്ചിയാണ് ഗര്‍ഭാശയം. ചുരുങ്ങിയിരിക്കുന്ന അവസ്ഥയില്‍ ഏകദേശം മൂന്നിഞ്ച് നീളവും രണ്ടിഞ്ച് വണ്ണവും ഗര്‍ഭാശയത്തിനുണ്ടാകും. മൂന്ന് പാളി സ്തരങ്ങള്‍ കൊണ്ടാണ് ഗര്‍ഭാശയം നിര്‍മിച്ചിരിക്കുന്നത്. അടിവയറ്റില്‍ മൂത്രസഞ്ചിക്ക് പിന്നില്‍ മുകള്‍ഭാഗത്തായാണ് ഗര്‍ഭാശയത്തിന്‍െറ സ്ഥാനം. ഗര്‍ഭാശയത്തിന്‍െറ ഇരുവശങ്ങളിലായി സ്ഥിതിചെയ്യുന്ന ഒന്നര ഇഞ്ചോളം വലുപ്പമുള്ള അണ്ഡാശയങ്ങളാണ് ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ എന്നീ ഹോര്‍മോണുകളുടെ പ്രധാന ഉല്‍പാദക കേന്ദ്രം.വയറുവേദനയും മൂത്ര തടസ്സവുമായി ആശുപത്രിയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് പരിശോധനയ്ക്ക് ശേഷം ഗര്‍ഭപാത്രത്തില്‍ മുഴകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിയാണ്. ക്യാന്‍സര്‍ ആയിരിക്കുമോ എന്നാണ് മിക്ക ആളുകളുടേയും ഭയം. ഗര്‍ഭാശയ ഭിത്തിയിലെ പേശികളില്‍ ഉണ്ടാകുന്ന ചെറുതും വലുതുമായ മുഴകളാണ് ഫൈബ്രോയ്ഡുകള്‍. ഇങ്ങനെയുണ്ടാകുന്ന 98% മുഴകളും ക്യാന്‍സര്‍ ആയിരിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം ഫൈബ്രോയ്ഡിന്റെ വേദനയും മറ്റുലക്ഷണങ്ങളും ഒന്നും തന്നെയില്ലാത്ത 100 സ്ത്രീകളില്‍ സ്കാനിംഗ് പരിശോധന നടത്തിയാല്‍ അവരില്‍ പകുതിയോളം അല്ലെങ്കില്‍ പകുതിയില്‍ ഏറെ സ്ത്രീകളിലും ഇതുപോലെ ചെറിയൊരു ഫൈബ്രോയ്ഡെങ്കിലും കാണാന്‍ കഴിയും. അതുകൊണ്ടുതന്നെ ഇത്തരം ചെറിയ മുഴകളെ പേടിക്കേണ്ടതില്ല.
നല്ളൊരു ശതമാനം സ്ത്രീകളിലും കണ്ടുവരുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഫൈബ്രോയ്ഡ് എന്ന ഗര്‍ഭാശയ മുഴകള്‍. ഗര്‍ഭാശയ ഭിത്തിയിലെ പേശികളില്‍നിന്നുണ്ടാകുന്ന അമിതവളര്‍ച്ചകളാണ് മുഴകളായി മാറുന്നത്. വളരെ അപൂര്‍വമായി മാത്രമേ മുഴകള്‍ അര്‍ബുദമായി പരിണമിക്കാറുള്ളൂ.

മുഴകള്‍ പലതരം


ഗര്‍ഭാശയത്തിന്‍െറ ഭിത്തിക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുന്ന തരത്തിലുള്ളവ, ഗര്‍ഭാശയത്തിന് അകത്തും പുറത്തും രൂപപ്പെടുന്നവ, തണ്ടോടുകൂടിയവ എന്നിങ്ങനെ ചെറുതും വലുതുമായി പലതരം മുഴകള്‍ ഉണ്ടാകാറുണ്ട്.

 

ലക്ഷണങ്ങള്‍

മുന്‍പ്‌ പറഞ്ഞപോലെ ചെറിയ മുഴകളുള്ള ഭൂരിപക്ഷം സ്ത്രീകള്‍ക്കും യാതൊരു ലക്ഷണവും ഉണ്ടാകാറില്ല. അതോടൊപ്പം ഗര്‍ഭപാത്രത്തില്‍ മുഴയുടെ സ്ഥാനം, അവയുടെ വലിപ്പം ഇതൊക്കെ അനുസരിച്ചായിരിക്കും പ്രകടമാകുന്ന ലക്ഷണങ്ങള്‍. അനിയന്ത്രിത രക്തസ്രാവം, ആര്‍ത്തവകാലങ്ങളിലെ അമിതരക്തസ്രാവം, കടുത്ത വേദന, ആര്‍ത്തവ ക്രമക്കേടുകള്‍ എന്നിവയാണ് ഫൈബ്രോയ്ഡിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇതോടൊപ്പം വയറ്റില്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍, മൂത്രതടസ്സം അല്ലെങ്കില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടതായി വരുന്ന അവസ്ഥ, മലവിസര്‍ജ്ജന വേളയില്‍ ഉണ്ടാകുന്ന വേദന ഇവയൊക്കെയാണ് മറ്റുലക്ഷണങ്ങള്‍.
ഫൈബ്രോയ്ഡ് ഗര്‍ഭപാത്രത്തിന്റെ ഉള്ളിലേക്ക് തള്ളിനില്‍ക്കുമ്പോഴാണ് അമിത രക്തസ്രാവം ഉണ്ടാകുന്നത്. മറിച്ച് ഇത് ഗര്‍ഭപാത്രത്തിന്റെ പുറത്തേക്ക് തള്ളി നില്‍ക്കുകയാണെങ്കില്‍ ഫൈബ്രോയ്ഡ് എത്ര വലിപ്പമുള്ളതാണെങ്കിലും അമിത രക്തസ്രാവം ഉണ്ടാവുകയില്ല. എന്നാല്‍ വയറ്റില്‍ തൊടുമ്പോള്‍ ഒരു മുഴയുള്ളതുപോലെ അനുഭവപ്പെടും. ഫൈബ്രോയ്ഡിന്റെ സ്ഥാനമനുസരിച്ച് ചിലര്‍ക്ക് ലൈംഗിക ബന്ധം വേദനാജനകം ആകാം. ചിലര്‍ക്ക് ഗര്‍ഭം ധരിക്കാന്‍ പ്രയാസവും, കൂടെക്കൂടെ ഗര്‍ഭം അലസിപ്പോകാനും ഫൈബ്രോയ്ഡുകള്‍ കാരണമാകും. പക്ഷേ ഫൈബ്രോയ്ഡ്സിനെ വന്ധ്യതയുടെ മുഖ്യകാരണമായൊന്നും കാണാന്‍ പറ്റില്ല. ഫൈബ്രോയ്ഡ് ഉള്ളവരില്‍ 3% പേര്‍ക്ക് മാത്രമാണ് വന്ധ്യതയുണ്ടാകാന്‍ സാധ്യതയുള്ളത്. ഇതില്‍ വലിയ ഫൈബ്രോയ്ഡുകള്‍ ചിലപ്പോള്‍ ഫെല്ലോപ്പിയന്‍ ട്യൂബുകളുടെ മുകളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നത് മൂലവും വന്ധ്യതയുണ്ടാകാം.

കാരണങ്ങള്‍

25 നും 45 നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളിലാണ് കൂടുതലായും ഫൈബ്രോയ്ഡുകള്‍ കാണപ്പെടുന്നത്. സ്ത്രീ ഹോര്‍മോണുകളായ ഈസ്ട്രജന്‍, പ്രൊജസ്ട്രോണ്‍ ഹോര്‍മോണുകളുടെ വ്യതിയാനങ്ങളാണ് ഇതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെ ആര്‍ത്തവ വിരാമം സംഭവിച്ചവരില്‍ ഹോര്‍മോണുകളുടെ ഉത്പാദനം കുറയുന്നതോടെ ഫൈബ്രോയ്ഡുകള്‍ തന്നെ ചുരുങ്ങാനും സാധ്യതയുണ്ട്. ഭാരം കൂടുതലുള്ള സ്ത്രീകളില്‍ ഫൈബ്രോയ്ഡുകള്‍ കൂടുതലായി കണ്ടുവരാറുണ്ട്. ജനിതക കാരണങ്ങള്‍ കൊണ്ടും ഫൈബ്രോയ്ഡ് ഉണ്ടാകും. അതുപോലെ അമ്മയ്ക്ക് ഫൈബ്രോയ്ഡ് ഉണ്ടെങ്കില്‍ മകള്‍ക്ക് ഫൈബ്രോയ്ഡ് ഉണ്ടാകാനുള്ള സാധ്യതയും ഏകദേശം മൂന്ന് മടങ്ങ്‌ കൂടുതലാണ്.

 

ഗര്‍ഭാശയ മുഴകള്‍ സാധ്യതകള്‍ ആര്‍ക്കൊക്കെ?


ഈസ്ട്രജന്‍ ഹോര്‍മോണിന്‍െറ അതിപ്രസരം ഗര്‍ഭാശയ മുഴകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താറുണ്ട്.
*പ്രസവിക്കാത്ത സ്ത്രീകള്‍
*വളരെ നേരത്തേ തന്നെ ഋതുമതിയായവര്‍
*അമിതവണ്ണമുള്ളവര്‍
*പാരമ്പര്യമായി ഗര്‍ഭാശയമുഴകള്‍ ഉള്ളവര്‍
*വന്ധ്യതയുള്ളവര്‍ തുടങ്ങിയവരില്‍ ഗര്‍ഭാശയ മുഴകള്‍ക്കുള്ള സാധ്യതകള്‍ കൂടുതലാണ്. ആര്‍ത്തവവിരാമശേഷം ഗര്‍ഭാശയമുഴകള്‍ ചുരുങ്ങുന്നതും പുതുതായി ഉണ്ടാകാത്തതും ഈസ്ട്രജന്‍ ഹോര്‍മോണിന്‍െറ അഭാവംകൊണ്ടാണ്. ഈസ്ട്രജന്‍െറ പ്രഭാവം ഇല്ലാത്തതിനാല്‍ ബാല്യത്തില്‍ പെണ്‍കുട്ടികളിലും ഗര്‍ഭാശയമുഴകള്‍ കാണാറില്ല.

ഫൈബ്രോയ്ഡും പ്രശ്നങ്ങളും


നല്ളൊരു പങ്ക് സ്ത്രീകളിലും പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഫൈബ്രോയ്ഡ് സൃഷ്ടിക്കാറില്ല. ഗര്‍ഭാശയ മുഴകളുടെ എണ്ണം, സ്ഥാനം, വലുപ്പം ഇവക്കനുസരിച്ച് പ്രകടമാകുന്ന പ്രശ്നങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും.
പൊതുവെ ആര്‍ത്തവസമയത്തെ അമിതരക്തസ്രാവം, അടുപ്പിച്ചുള്ള ആര്‍ത്തവം, ഇടക്കിടെ മൂത്രമൊഴിക്കണമെന്ന അവസ്ഥ, കടുത്ത ആര്‍ത്തവവേദന, ബന്ധപ്പെടുമ്പോള്‍ വേദന എന്നിവ ചിലരില്‍ കാണുന്നു. അമിത രക്തസ്രാവം വിളര്‍ച്ചക്കുമിടയാക്കാറുണ്ട്.
ഗര്‍ഭാശയത്തിന്‍െറ അകത്തേക്ക് വളരുന്ന മുഴകള്‍, പഴുപ്പ് കലര്‍ന്ന സ്രവങ്ങള്‍, നീണ്ടുനില്‍ക്കുന്ന രക്തസ്രാവം എന്നിവ കടുത്ത വേദനക്കിടയാക്കും. രക്തം കലര്‍ന്ന വെള്ളപോക്കും ഇവരില്‍ കാണും.
ഗര്‍ഭാശയത്തിന്‍െറ പുറത്തേക്ക് തള്ളിനില്‍ക്കുന്ന മുഴകള്‍ സാധാരണഗതിയില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാറില്ല. എന്നാല്‍, ഗര്‍ഭാശയ ഭിത്തിക്കുള്ളില്‍ വളരുന്ന മുഴകള്‍ രക്തസ്രാവത്തോടൊപ്പം തുടര്‍ച്ചയായി ഗര്‍ഭം അലസുന്നതിനും ഇടയാക്കും. നടുവേദനയും ശക്തമായ കാല്‍കഴപ്പും ഇവരില്‍ കാണും.
ദീര്‍ഘനാള്‍ മൂത്രനാളത്തെ ഞെരുക്കുന്ന മുഴകള്‍ വൃക്കരോഗത്തിനിടയാക്കാറുണ്ട്. കൂടാതെ മൂത്രസഞ്ചിയുടെ മേല്‍ അമര്‍ന്നിരിക്കുന്ന മുഴകള്‍ മൂത്രതടസ്സമോ ഇടക്കിടെ മൂത്രമൊഴിക്കണമെന്ന അവസ്ഥയോ സൃഷ്ടിക്കാറുണ്ട്.

ഗര്‍ഭിണികളിലെ മുഴകള്‍


മുഴകളുള്ളവര്‍ ഗര്‍ഭിണിയാകുമ്പോള്‍ ഗര്‍ഭാശയം വളരുന്നതോടൊപ്പം മുഴകള്‍ക്കും 20 ശതമാനത്തോളം വലുപ്പ വര്‍ധന ഉണ്ടാകും. ഒപ്പം മുഴകള്‍ പരന്ന് മൃദുവാകാറുമുണ്ട്. ഗര്‍ഭത്തിന്‍െറ ആദ്യ ആഴ്ചകളില്‍ അലസിപ്പോകാനും ചിലപ്പോള്‍ മുഴകള്‍ ഇടയാക്കാറുണ്ട്. പ്ളാസന്‍റക്ക് ആവശ്യമുള്ളത്ര ആഴ്ന്നിറങ്ങാന്‍ കഴിയാത്തതാണിതിന് കാരണം. മുഴകളുടെ സ്ഥാനത്തിനനുസരിച്ച് കുഞ്ഞിന്‍െറ കിടത്തത്തില്‍ മാറ്റങ്ങളുണ്ടാകാം. പ്രസവാനന്തരമുള്ള അമിത രക്തസ്രാവത്തിനും മുഴകള്‍ കാരണമാകാറുണ്ട്. അപൂര്‍വമായി ഗര്‍ഭകാലത്ത് വേദനകളും മുഴകള്‍ മൂലം ഉണ്ടാകാറുണ്ട്.

വന്ധ്യതയും മുഴകളും


ഗര്‍ഭാശയത്തില്‍ ഭ്രൂണം ഒട്ടിപ്പിടിക്കാനുള്ള സാധ്യത കുറക്കുക, ഗര്‍ഭാശയത്തില്‍ ഭ്രൂണത്തിന്‍െറ ചലനം, ബീജത്തിന്‍െറ ചലനം ഇവയെ തടസ്സപ്പെടുത്തുക ഇവ വഴിയാണ് മുഴകള്‍ വന്ധ്യതക്കിടയാക്കുന്നത്.

സങ്കീര്‍ണതകള്‍


തണ്ടോടുകൂടിയ മുഴകള്‍ തണ്ടില്‍ ചുറ്റി ശക്തമായ വേദനക്കിടയാക്കുക, ആന്തരിക രക്തസ്രാവം ഉണ്ടാവുക, വലിയ മുഴകളുടെ കേന്ദ്രഭാഗത്തേക്ക് രക്തം ലഭിക്കാതെ വേദനയുണ്ടാവുക തുടങ്ങിയവ സങ്കീര്‍ണതക്കിടയാക്കുന്നു. പെട്ടെന്നുണ്ടാകുന്ന വലുപ്പമുള്ള മുഴകള്‍ അര്‍ബുദമല്ളെന്ന് ഉറപ്പാക്കുകയും വേണം.

 

രോഗനിര്‍ണ്ണയം

അള്‍ട്രാസൗണ്ട് സ്ക്കാനിങ്ങാണ് പ്രധാന രോഗനിര്‍ണ്ണയ മാര്‍ഗ്ഗം. ഇതുവഴി ഗര്‍ഭാശയ മുഴകള്‍ അല്ലെങ്കില്‍ ഫൈബ്രോയ്ഡുകളുടെ സാന്നിദ്ധ്യം നമുക്ക്‌ തിരിച്ചറിയാം.
ചികിത്സ
ഫൈബ്രോയ്ഡിന്റെ വലുപ്പം 14 ആഴ്ച എത്തിയ ഒരു പ്രഗ്നന്റ് യൂട്രസ്സിനേക്കാളും വളര്‍ച്ച കൂടുതലാണെങ്കിലും വേറെ ലക്ഷണങ്ങള്‍ ഒന്നും ഇല്ലെങ്കിലും തീര്‍ച്ചയായും ചികിത്സവേണം. ലക്ഷണങ്ങളൊന്നും ഇല്ലാത്ത ചെറിയ ഫൈബ്രോയ്ഡുകള്‍ക്ക് ചികിത്സ വേണ്ടി വരാറില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ സ്കാന്‍ ചെയ്ത് അതിന്റെ വലിപ്പം കൂടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും. ഐബ്രൂപ്രൂഫിന്‍ പോലുള്ള NSAID (Nonsteroidal anti inflammatory drugs) ഗുളികകള്‍ ഉപയോഗിക്കാം. അമിത രക്തസ്രാവത്തിന് ഗര്‍ഭനിരോധന ഗുളികകളാണ് നല്‍കാറുള്ളത്. അമിതരക്തസ്രാവം തടയാനായി levonorgesteral അടങ്ങിയിട്ടുള്ള ഗര്‍ഭാശയവലയം (Itnrauterine device) ഉപയോഗിക്കാറുണ്ട്. ഇത് രക്തസ്രാവത്തെ കുറയ്ക്കുകയും ഫൈബ്രോയ്ഡ്സിനെ ചുരുക്കുകയും ചെയ്യും.
അമിതരക്തസ്രാവം കാരണം വിളര്‍ച്ച ഉണ്ടാകാന്‍ ഇടയുണ്ട്. അതുകൊണ്ട് തന്നെ രക്തസ്രാവം നിയന്ത്രിക്കുകയും അതോടൊപ്പം വിളര്‍ച്ചയുടെ ചികിത്സയും നല്‍കേണ്ടതായുണ്ട്. വന്ധ്യതയ്ക്ക് ചികിത്സിക്കുന്നവരില്‍ ഫൈബ്രോയ്ഡ് ഉണ്ടെങ്കില്‍ അത് ചെറുതാണെങ്കില്‍ പോലും ശസ്ത്രക്രിയയിലൂടെ എടുത്തുകളയേണ്ടതുണ്ട്. ആര്‍ത്തവവിരാമം സംഭവിച്ചവരില്‍ ഫൈബ്രോയ്ഡ് ചുരുങ്ങിയില്ലെങ്കില്‍ ശസ്ത്രക്രിയ വേണ്ടിവരും.
ആര്‍ത്തവ വിരാമത്തോടടുത്ത സ്ത്രീകളാണെങ്കില്‍ ഗര്‍ഭപാത്രം എടുത്തുമാറ്റാറുണ്ട്. അതേസമയം ചെറിയ പ്രായത്തിലുള്ളവരിലും അവിവാഹിതരിലും ഒക്കെ ഗര്‍ഭപാത്രം സംരക്ഷിച്ചുകൊണ്ട് ഫൈബ്രോയ്ഡിനെ മാത്രമേ നീക്കം ചെയ്യാറുള്ളൂ. ലാപ്രോസ്കോപ്പി അഥവാ താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴിയും തുറന്ന ശസ്ത്രക്രിയ വഴിയും ഇത് ചെയ്യാറുണ്ട്. യൂട്ടറൈന്‍ ആര്‍ട്ടറി എമ്പോലൈസേഷന്‍ (Uterine artery embolization) അഥവാ UAE എന്ന പുതിയ ചികിത്സാരീതിയും ഇപ്പോള്‍ സ്വീകരിച്ചുവരുന്നുണ്ട്. ഇതില്‍ ഫൈബ്രോയ്ഡിലേക്കുള്ള ധമനിയെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. അതോടെ മുഴകളിലേക്കുള്ള രക്തയോട്ടം നിലക്കുകയും ഫൈബ്രോയ്ഡുകള്‍ സ്വമേധയാ ചുരുങ്ങി പോകുകയും ചെയ്യുന്നു.
അള്‍ട്രാ സൗണ്ട് രശ്മികള്‍ ഉപയോഗിച്ചും ഫൈബ്രോയ്ഡിനെ ചുരുക്കുന്ന ഒരു ചികിത്സാ രീതിയുണ്ട്. GNRH അനലോഗ് കുത്തിവെപ്പുമുണ്ട്. വലിയ ഫൈബ്രോയ്ഡുകളെ ഈ രീതികള്‍ ഉപയോഗിച്ച് ചുരുക്കിയ ശേഷം ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്യുന്നത്.

 

ചികിത്സ


മുഴകളുടെ വലിപ്പത്തെ കുറക്കുന്നതോടൊപ്പം രക്തസ്രാവത്തെ കുറച്ചും വേദന കുറച്ചും വിളര്‍ച്ച ഒഴിവാക്കിയുമാണ് ഒൗഷധങ്ങള്‍ പ്രവര്‍ത്തിക്കുക. നീര്‍മാതളം, മുന്തിരി, മുക്കൂറ്റി, ചെറൂള, മഞ്ചട്ടി, നിലപ്പന, ശതാവരി, അശോകം, നാഗകേസരം, പാച്ചോറ്റി, ജീരകം ഇവ നല്ല ഫലം തരും. ഒൗഷധങ്ങള്‍ക്കൊപ്പം വസ്തി, ഉത്തരവസ്തി, അഭ്യംഗം, പിചു തുടങ്ങിയ വിശേഷ ചികിത്സകളും അവസ്ഥകള്‍ക്കനുസരിച്ച് വേണ്ടിവരും. മന$സംഘര്‍ഷം കുറക്കുന്നതോടൊപ്പം ഇലക്കറികള്‍ ഉള്‍പ്പെട്ട നാടന്‍ ഭക്ഷണശീലങ്ങള്‍, വിശ്രമം, ലഘുവ്യായാമങ്ങള്‍ ഇവ ഉള്‍പ്പെട്ട ജീവിതശൈലീ ക്രമീകരണങ്ങളും ഗര്‍ഭാശയ മുഴകളെ ഒഴിവാക്കാന്‍ അനിവാര്യമാണ്.

 

കടപ്പാട് : ഡോ. പ്രിയ ദേവദത്ത് (കോട്ടക്കല്‍ ആര്യവൈദ്യശാല മാന്നാര്‍)

അവസാനം പരിഷ്കരിച്ചത് : 6/29/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate