രക്തത്തിലെ പഞ്ചസാരയുടെ അളവ് നിശ്ചിത നിരക്കില്‍ നിന്നും വര്‍ദ്ധിക്കുന്ന അവസ്ഥയാണ് പ്രമേഹം . ഈ അവസ്ഥയില്‍ വ്യക്തിക്ക് ബോധം നഷ്ടപ്പെടാം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞാലും ഇത് സംഭവിക്കാം.
എല്ലാ മനുഷ്യരിലും ബോധം എന്ന അവസ്ഥ നിലനില്‍ക്കുന്നത് രക്തത്തില്‍ ലയിച്ചു ചേര്‍ന്നിട്ടുള്ള പഞ്ചസാര നിശ്ചിത അളവില്‍ തുടരുമ്പോഴാണ്. പ്രമേഹം ചികിത്സിക്കാതെ തുടര്‍ന്നാല്‍ ദിവസങ്ങളും ആഴ്ചകളും കൊണ്ട് രോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും തുടര്‍ന്ന് അയാള്‍ ബോധരഹിതന്‍ ആവുകയും ചെയ്യും.
ചികിത്സയിലുള്ള പ്രമേഹ രോഗിക്ക്, ഇന്‍സുലിന്‍ കുത്തിവെക്കുന്ന ആള്‍ക്ക്, മറ്റൊരുതരത്തിലുള്ള അബോധാവസ്ഥ അല്ലെങ്കില്‍ കോമ ഉണ്ടായേക്കാം. ഇന്‍സുലിന്‍ ശരീരത്തില്‍ ചെയ്യുന്നത്, രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് കുറയ്ക്കുകയാണ്. അത് രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് വേഗത്തിലോ കൂടുതലായോ കുറച്ചുകളഞ്ഞാല്‍ രോഗി വളരെ പെട്ടെന്ന് അബോധാവസ്ഥയില്‍ ആയേക്കാം, സാധാരണയായി ഇതിന്റെ അപകട സൂചന വളരെ ചുരുങ്ങിയ സമയം, നിമിഷങ്ങളോ മിനിറ്റുകളോ മാത്രമേ ഉണ്ടാവൂ. ഈ സന്ദര്‍ഭത്തില്‍ അപകടത്തില്‍പ്പെട്ട വ്യക്തി ശബ്ദമില്ലാതെ സംസാരിക്കയോ, പ്രകോപിതനാവുകയോ പ്രതിബന്ധം സൃഷ്ടിക്കയോ ചെയ്യാം.തുടര്‍ന്ന് ശ്രദ്ധയോടെ പരിശോധിച്ചാല്‍ അയാള്‍ പ്രമേഹരോഗിയാണ് എന്നതിന്റെ മെഡിക്കല്‍ കാര്‍ഡോ മറ്റ് എന്തെങ്കിലും അടയാളങ്ങളോ അയാളില്‍ നിന്നും ലഭിച്ചേക്കാം. ഒരിക്കല്‍ അബോധാവസ്ഥയില്‍ പെട്ടാല്‍, ഡോക്ടറില്‍ നിന്നും വേണ്ട ചികിത്സ ലഭിക്കുന്നതുവരെ അയാള്‍ ആഴ്ന്ന അബോധാവസ്ഥയില്‍ അഥവാ കോമയില്‍ തന്നെ തുടരും.
മുതിര്‍ന്നവരില്‍ കാണപ്പെടുന്ന ടൈപ്-രണ്ട് പ്രമേഹമാണ് സര്‍വസാധാരണം. ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ ഹോര്‍മോണ്‍ ശരിയായി പ്രവര്‍ത്തിക്കാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയാണ് ചെയ്യുക. ഇത്തരം രോഗികളില്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇന്‍സുലിന്‍ ഉല്പാദനം നിലക്കുകയും ചെയ്യുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ളത് ചൈനയിലാണ്. ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 2030 ആകുന്നതോടെ ഇന്ത്യയില്‍ ഏകദേശം 10 കോടിയിലധികം പ്രമേഹ രോഗികള്‍ ഉണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പലപ്പോഴും പ്രമേഹ രോഗികള്‍ക്ക് തുടക്കത്തില്‍ കാര്യമായ ലക്ഷണമൊന്നും ഉണ്ടാകാറില്ല. മറ്റേതെങ്കിലും ആവശ്യത്തിനായി രക്തം പരിശോധിക്കുമ്പോഴാണ് രോഗം കണ്ടുപിടിക്കുക. അമിതമായ വിശപ്പ്, അമിതമായ ദാഹം, ഇടക്കിടക്കുള്ള മൂത്രവിസര്‍ജനം എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. അകാരണമായി ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യും. വലിയ ക്ഷീണവും അനുഭവപ്പെടാം. മുറിവുകള്‍ പഴുക്കുകയും ഉണങ്ങാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യുന്നതും ലക്ഷണങ്ങളാണ്.
പ്രഭാത ഭക്ഷണത്തിനു മുമ്പ് രക്തത്തിലെ ഗ്ളൂക്കോസ് നില 126mg/dlല്‍ കൂടുതലാണെങ്കില്‍ പ്രമേഹമുണ്ടെന്ന് അനുമാനിക്കാം. ഭക്ഷണശേഷം 200mg/dlല്‍ കൂടുതലാണെങ്കിലും അസുഖം ഉണ്ടെന്നര്‍ഥം. ഗൈ്ളക്കോസിലേറ്റഡ് ഹീമോഗ്ളോബിന്‍ എന്ന പരിശോധനയും പ്രയോജനകരമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആഴ്ചകളായി കൂടുതലാണോ എന്നറിയാന്‍ ഇത് സഹായിക്കും. 6.5 ശതമാനത്തിന് മുകളില്‍ ആണെങ്കില്‍ പ്രമേഹം ഉണ്ടെന്ന് മനസ്സിലാക്കാം.
നമ്മുടെ രാജ്യത്തും പ്രമേഹം വര്‍ധിക്കുകയാണ്. രോഗപ്രതിരോധനത്തിനും ചികിത്സക്കും എന്താണ് പ്രമേഹം എന്ന് അറിണ്ടേത് അത്യാവശ്യമാണ്. ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള ഊര്‍ജം ലഭിക്കുന്നതിനാണ് നമ്മള് ദിവസവും ആഹാരം കഴിക്കുന്നത്. ആഹാരത്തിലെ പ്രധാന ഘടകങ്ങള്‍ അന്നജവും (Carbohydrate), മാംസാഹാരവും (Protein) കൊഴുപ്പുകളും (Fat) ആണ്. ഉദ്ദേശം 60-70 ശതമാനംവരെ നമ്മുടെ ആഹാരത്തിലെ അംശം അന്നജം ആണ്. ബാക്കിയുള്ളവ, ഏകദേശം 25 ശതമാനംവരെ കൊഴുപ്പും 10-15 ശതമാനംവരെ മാംസാംശവും ആണ്. ആഹാരത്തിലുള്ള അന്നജം ഉപയോഗിച്ച് ശരീരത്തില്‍ ഊര്‍ജം നിര്‍മിച്ച് ഉപയോഗിക്കുന്നതിന് (Insulin) ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ അത്യാവശ്യമാണ്. ഇന്‍സുലിന്‍ ശരീരത്തിലെ പാന്‍ക്രിയാസ് (Pancreas) ഗ്രന്ഥിയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനം കുറയുകയോ, ഇന്‍സുലിന്റെ പ്രവര്‍ത്തനം ശരിയായവണ്ണം നടക്കാതിരിക്കുകയും ചെയ്താല്‍ ഉണ്ടാകുന്ന രോഗമാണ് പ്രമേഹം. അതായത് ശരീരത്തില്‍ അന്നജത്തില്‍നിന്ന് ഉണ്ടാകുന്ന ഗ്ലൂക്കോസ് ഉപയോഗപ്പെടുത്തുന്നതിന് ഇന്‍സുലിന്റെ പ്രവര്‍ത്തനം ആവശ്യമാണ്. ഈ പ്രവര്‍ത്തനം ശരിയായി നടന്നില്ലെങ്കില്‍, രക്തത്തിലെ ഗ്ലൂക്കോസ് ഉപയോഗിക്കപ്പെടില്ല, അങ്ങനെ ഗ്ലൂക്കോസ് അളവ് കൂടുകയും പ്രമേഹം വരുകയും ചെയ്യുന്നു.
ടൈപ്പ് 1 പ്രമേഹം
ശരീരത്തിലെ ഇന്‍സുലിന്‍ ഉണ്ടാകുന്ന പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങള്‍ (Beta Cell) നശിച്ചുപോകുന്നതുകൊണ്ടാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്. ഇങ്ങനെ ബീറ്റാ കോശങ്ങള്‍ നശിച്ചുപോകുമ്പോള്‍ ഇന്‍സുലിന്‍ ഉണ്ടാക്കാനുള്ള കഴിവ് വളരെ കുറഞ്ഞുപോകും. ഉദ്ദേശം 20 തൊട്ടു 25 ശതമാനമായി ഇന്‍സുലിന്റെ അളവു കുറയുമ്പോള്‍, രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. പാന്‍ക്രിയാസ് ഗ്രന്ഥിയില്‍ ഓട്ടോ ഇമ്യൂണ്‍ ഡിസ്ട്രക്ഷന്‍ (Autoimmune destruction) ഉണ്ടാകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നമ്മുടെ ശരീരത്തിലുള്ള ഒരുതരം കോശങ്ങള്‍ ((Immunological Band T Cells) പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങളെ നശിപ്പിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കൂടാതെ ചെറുപ്പകാലത്തുവരുന്ന ചില വൈറസ് (Virus) അണുബാധയും ചിലപ്പോള്‍ ഇങ്ങനെയുള്ള കേടുവരുത്തും. ഇങ്ങനെ ശരീരത്തിലെ ഇന്‍സുലിന്റെ അളവ് വളരെ കുറയുന്നതുകൊണ്ട് ഉണ്ടാകുന്ന പ്രമേഹത്തെയാണ് ടൈപ്പ് 1 പ്രമേഹം എന്നുപറയുന്നത്. ഇതു സാധാരണയായി കുട്ടികളിലും, 20 വയസ്സിനു താഴെയുള്ളവരിലും ആണ് വരുന്നത്. ഇവര്‍ക്ക് ദാഹവും ക്ഷീണവും അനുഭവപ്പെടുകയും, ചികിത്സ ഉടനെ തുടങ്ങിയില്ലെങ്കില്‍, രക്തത്തിലും മൂത്രത്തിലും അസെറ്റോണ്‍ (Acetone) എന്ന ലവണം വരികയും ചെയ്യും. ഇതിനെ ഡയബറ്റിക് കീറ്റോ അസിഡോസിസ് എന്നു പറയും. ടൈപ്പ് 1 പ്രമേഹത്തിന്റെ ചികിത്സക്ക് ഇന്‍സുലിന്‍ കുത്തിവയ്പ് അത്യാവശ്യമാണ്. ഇവര്‍ക്ക് ജീവിതകാലം മുഴുവന്‍ ഇന്‍സുലിന്‍ കുത്തിവയ്പ് വേണ്ടിവരും. ഇവര്‍ക്ക് സാധാരണയായി വണ്ണം (Weight) കുറവായിരിക്കും. ഇത് പാരമ്പര്യമായി വരുന്ന രോഗമല്ല. നമ്മുടെ നാട്ടില്‍ ടൈപ്പ് 1 പ്രമേഹം വളരെ കുറവാണെന്നുള്ളതാണ് ആശ്വാസം.
ടൈപ്പ് 2 പ്രമേഹം
ടൈപ്പ് 2 പ്രമേഹമാണ് സാധാരണയായി നമ്മുടെ ആളുകളില്‍ കാണുന്നത്. പ്രമേഹം ഉള്ളവരില്‍ 90 ശതമാനംവരെ ടൈപ്പ് 2 പ്രമേഹികളാണ്. ഇതു സാധാരണയായി 30 വയസ്സിനു മുകളില്‍ ഉള്ളവരിലാണ് കാണുന്നത്. എന്നാല്‍ ഈയിടയില്‍ ഇതു കുട്ടികളിലും കണ്ടു തുടങ്ങിയിരിക്കുന്നു. ഇതു ശരീരത്തിലെ ഇന്‍സുലിന്‍ നല്ലവണ്ണം പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ്. ഇതിനെ ഇന്‍സുലിന്‍ പ്രവര്‍ത്തനം കുറയ്ക്കല്‍ Insulin Resistance) എന്നുപറയും. കൂടാതെ ഇവരുടെ ഇന്‍സുലിന്‍ ഉണ്ടാക്കാനുള്ള കഴിവും, കാലക്രമേണ കുറഞ്ഞുവരികയും, രോഗലക്ഷണങ്ങള്‍ പതുക്കെ വരുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടാക്കുന്നത്, ഇന്‍സുലിന്‍ നല്ലവണ്ണം പ്രവര്‍ത്തിക്കാത്തതുകൊണ്ടും ഇന്‍സുലിന്‍ ആവശ്യത്തിനു ഉണ്ടാകാത്തതുകൊണ്ടുമാണ്. അതുകൊണ്ട് ഈ രണ്ടു കാരണങ്ങളും ചികിത്സിക്കണം. ടൈപ്പ് 2 പ്രമേഹം സാധാരണയായി പാരമ്പര്യമായി വരുന്നതാണ്.
ടൈപ്പ് 3 പ്രമേഹം
ടൈപ്പ് ഒന്നും, രണ്ടും പ്രമേഹം കൂടാതെ വളരെ ഒരു ചെറിയ ശതമാനം പ്രമേഹം ഉണ്ടാകുന്നത് മറ്റുപല ഹോര്‍മോണുകളുടെ ഉല്‍പ്പാദനം കൂടിയതുകൊണ്ടോ, ദുരുപയോഗംകൊണ്ടോ ആയിരിക്കും. ഇവയെല്ലാംകൂടെ ഒരുമിച്ച് ടൈപ്പ് 3 കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവയില്‍ ഏറ്റവും പ്രധാനം പാന്‍ക്രിയാസ് ഗ്രന്ഥിക്കു വരുന്ന കേടുകള്കൊണ്ടുള്ള കോര്‍ട്ടിസോണ്‍ മുതലായ ഹോര്‍മോണ്‍ അമിതമായി ഉല്പ്പാദിപ്പിക്കുന്നതുകൊണ്ടോ, അമിതമായി മറ്റു രോഗചികിത്സക്കു മരുന്നു കഴിക്കുന്നതുകൊണ്ടോ ആയിരിക്കാം.
പാന്‍ക്രിയാസ് ഗ്രന്ഥിക്കു വരുന്ന ക്രോണിക് പാന്‍ക്രിയാറ്റിറ്റിസ് എന്ന രോഗം കാലക്രമേണ പാന്‍ക്രിയാസ് ഗ്രന്ഥിക്കു കേടുവരുകയും അതിലെ ബീറ്റാസെല്ലിന്റെ പ്രവര്‍ത്തനം കുറയ്ക്കുകയും ചെയ്യും. ഇങ്ങനെ വരുന്ന പ്രമേഹത്തെ പാന്‍ക്രിയാറ്റിക്ക് ഡയബറ്റീസ് എന്നു പറയും. ഇങ്ങനെയുള്ള രോഗികള്‍ക്ക് ചിലപ്പോള്‍ പാന്‍ക്രിയാസില്‍ കല്ലുകള്‍ വരികയും അമിതമായ വയറുവേദന അനുഭവപ്പെടുകയും ചെയ്യും. ഇങ്ങനെ പാന്‍ക്രിയാസില്‍ കേടുവന്ന്, കല്ലുകള്‍ ഉണ്ടായി, പിന്നെ പ്രമേഹം വരുന്ന അസുഖമാണിത്.
മറ്റു ചികിത്സകള്‍ക്ക് ഉപയോഗിക്കുന്ന പല മരുന്നുകള്‍കൊണ്ടും പ്രമേഹരോഗം വരാന്‍ സാധ്യതയുണ്ട്. ഇതില്‍ ഏറ്റവും പ്രധാനമായ മരുന്ന് കോര്‍ട്ടിസോണ്‍ (Cortisone) ആണ്. ഈ മരുന്ന് ആസ്ത്മാരോഗികളും വാതരോഗികളും ത്വക്ക് രോഗികളും കൂടുതലായി ഉപയോഗിക്കുന്നതുകൊണ്ട് അവര്‍ക്ക് വരാന്‍ സാധ്യതയുണ്ട്. കൂടാതെ ഡൈയുറിറ്റിക്ക് ഉപയോഗംകൊണ്ടും, പലതരം മാനസികരോഗത്തിന് ഉപയോഗിക്കുന്ന മരുന്നുകള്‍കൊണ്ടും പ്രമേഹരോഗം വരാന്‍ സാധ്യതയുണ്ട്. ഈ മരുന്നുകള്‍ ആവശ്യത്തിനു മാത്രം ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മാത്രം ഉപയോഗിച്ചാല്‍ പ്രമേഹം വരുന്നത് കുറയ്ക്കാം.
ടൈപ്പ് 4
പ്രസവകാല പ്രമേഹം അവസാനതരം പ്രമേഹമാണ് ഗര്‍ഭകാലത്തു മാത്രം കാണുന്ന ജെസ്റ്റേഷണല്‍ പ്രമേഹം. ഈ പ്രമേഹം പ്രസവകാലത്ത് ആദ്യമായി കാണുകയും പ്രസവം കഴിഞ്ഞ് ആറാഴ്ചയ്ക്കുശേഷം പൂര്‍ണമായും മാറുകയും ചെയ്യുന്നതാണ്. പക്ഷെ ഇങ്ങനെ ഗര്‍ഭകാലത്തു മാത്രം വരുന്ന പ്രമേഹം രോഗികളില്‍ പലരും ഭാവിയില്‍ ടൈപ്പ് 2 പ്രമേഹം ഉള്ളവരായി കാണുന്നു. അതുകൊണ്ട് ഗര്‍ഭകാലത്ത് പ്രമേഹം ഉള്ളവര്‍ ഭാവിയില്‍ ടൈപ്പ് 2 പ്രമേഹം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ജീവിതശൈലിയില്‍ വരുത്തേണ്ടതാണ്. ഗര്‍ഭകാലത്തു വരുന്ന പ്രമേഹം ആഹാരവും വ്യായാമവുംകൊണ്ട് നിയന്ത്രിക്കാന്‍ പറ്റിയില്ലെങ്കില്‍, ഇന്‍സുലിന്‍ ഉപയോഗിക്കേണ്ടിവരും.
ഓരോ പ്രമേഹത്തിനും ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. പ്രമേഹം ഏതു ടൈപ്പാണ് എന്നതിനനുസരിച്ചും ലക്ഷണങ്ങളും: ടൈപ്പ് 1 പ്രമേഹരോഗികള്‍ക്കാണ് ഏറ്റവും കൂടുതല്‍ ലക്ഷണങ്ങള്‍. കുട്ടികള്‍ക്ക് അമിതമായ ദാഹം, ക്ഷീണം, കൂടുതല്‍ മൂത്രം ഒഴിക്കല്, ശരീരം മോശമാകുകയും തൂക്കം കുറയുകയും ചെയ്യും. ആഹാരം നല്ലവണ്ണം കഴിച്ചിട്ടും ശരീരം മെലിയുകയാണെങ്കില്‍, പരിശോധന നടത്തേണ്ടതാണ്.
ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് കാര്യമായ രോഗലക്ഷണങ്ങള്‍ കാണില്ല. ചെറിയ ക്ഷീണം, ശരീരത്തിലെ അണുബാധ, പ്രത്യേകിച്ചും ലൈംഗികഭാഗത്തുള്ള ഫംഗസ്ബാധ എന്നിവ ഉള്ളപ്പോള്‍ പ്രമേഹം കണ്ടുപിടിക്കാനുള്ള രക്തം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. മിക്ക ടൈപ്പ് 2 പ്രമേഹരോഗികള്‍ക്കും കാര്യമായ, രോഗലക്ഷണങ്ങള്‍ കാണില്ല, ഒരു മെഡിക്കല്‍ചെക്കപ്പിനു പോകുമ്പോഴാണ് കണ്ടുപിടിക്കുന്നത്.
പ്രമേഹം ജീവിതശൈലീ രോഗമാണ്. അതുകൊണ്ടുതന്നെ, പ്രമേഹ നിയന്ത്രണത്തിന് രോഗി ജീവിതശൈലി ക്രമീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ചിട്ടയായ ഭക്ഷണക്രമവും നിത്യേനയുള്ള വ്യായാമവും അതിപ്രധാനമാണ്. കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കലും അളവനുസരിച്ചുള്ള ഭക്ഷണക്രമവും അതിപ്രധാനമാണ്. അന്നജം അടങ്ങിയ ഭക്ഷണം നിയന്ത്രിക്കുന്നതാണ് ഏറ്റവും പ്രധാനം. പഞ്ചസാരയിലും അരി തുടങ്ങിയ ധാന്യങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ അന്നജം അടങ്ങിയിട്ടുള്ളത്. പ്രമേഹ രോഗികള്‍ പഞ്ചസാരയും മറ്റു മധുരപദാര്‍ഥങ്ങളും പൂര്‍ണമായും ഉപേക്ഷിക്കണം.
ഗോതമ്പ് ആഹാരമാണ് അരിയാഹാരത്തെക്കാള്‍ നല്ലത്. റാഗി, റവ, ഓട്സ്, ഇലക്കറികള്‍, മുഴു ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, തവിടു കളയാത്ത അരി കൊണ്ടുള്ള ചോറ് എന്നിവയും ആകാം. കിഴങ്ങുവര്‍ഗങ്ങള്‍ മിതമായി മാത്രം ഉപയോഗിക്കുക. പ്രതിദിനം 100 ഗ്രാം പഴവര്‍ഗങ്ങള്‍ കഴിക്കാം. എന്നാല്‍, ഈന്തപ്പഴം പോലുള്ളവ ഒഴിവാക്കുകയാണ് നല്ലത്. എണ്ണ ഉപയോഗവും നിയന്ത്രിക്കണം. മധുരമുള്ള ഭക്ഷണം കഴിച്ചതിനുശേഷം മരുന്ന് കൂടുതലായി കഴിക്കുന്നത് അപകടകരമാണ്. പഞ്ചസാരക്ക് പകരം ഷുഗര്‍ഫ്രീ പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നത് വളരെ നിയന്ത്രിക്കണം. ഫാസ്റ്റ്ഫുഡ്, ബേക്കറി ആഹാരങ്ങള്‍ എന്നിവ വര്‍ജിക്കണം. ഭക്ഷണ നിയന്ത്രണത്തിന് ഡയറ്റീഷ്യന്‍െറ സഹായം തേടുന്നത് നല്ലതാണ്.
പൊണ്ണത്തടിയാണ് പ്രമേഹത്തിന്‍െറ പ്രധാന കാരണങ്ങളിലൊന്ന്. ശരീര ഭാരം കൂടുതലുള്ളവരില്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനം ശരിയായി നടക്കാത്തതാണ് കാരണം. അതിനാല്‍, നിത്യേനയുള്ള വ്യായാമം രോഗനിയന്ത്രണത്തിന് അത്യന്താപേക്ഷിതമാണ്. വ്യായാമം ചെയ്യുമ്പോള്‍ അധിക ഊര്‍ജത്തിനായി രക്തത്തിലെ ഗ്ളൂക്കോസ് ഉപയോഗിക്കപ്പെടുന്നു. പ്രമേഹ രോഗികള്‍ ദിനേന 20 മുതല്‍ 30 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കണം. ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്നത് നടത്തമാണ്. പ്രമേഹമുള്ളവരാണെങ്കില്‍ നടക്കുമ്പോള്‍ കാലിന് പരിക്ക് ഉണ്ടാകാതിരിക്കാന്‍ സോക്സും ഷൂസും ധരിക്കണം. വ്യായാമം ചെയ്ത് തുടങ്ങുമ്പോള്‍ ഡോക്ടറുടെ ഉപദേശം സ്വീകരിക്കണം. സംസാരിക്കാനോ ശ്വസിക്കാനോ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍ വ്യായാമത്തിന്‍െറ തീവ്രത കുറക്കണം.
പ്രവാസികളില്‍ പ്രമേഹ നിയന്ത്രണം ബുദ്ധിമുട്ടുള്ളതായി കാണാറുണ്ട്. ശരീരം അനങ്ങാതെയുള്ള ജോലിയും അസമയത്തുള്ള ഭക്ഷണരീതിയും മാനസിക പിരിമുറുക്കങ്ങളും നിയന്ത്രണം കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കുന്നു. മരുന്ന് കഴിക്കുന്ന പ്രമേഹ ബാധിതരും ഭക്ഷണ നിയന്ത്രണവും വ്യായാമവും തുടരേണ്ടതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നാളുകളോളം ഉയര്‍ന്നുനിന്നാല്‍ അത് കണ്ണ്, വൃക്ക, ഞരമ്പുകള്‍, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാവുകയും ചെയ്യും. അതിനാല്‍ സൂക്ഷിച്ചാല്‍ ദു$ഖിക്കേണ്ട എന്ന ചൊല്ല് പ്രമേഹത്തെ സംബന്ധിച്ച് അന്വര്‍ഥമാണ്.
കടപ്പാട് : ഡോ. ആര് വി ജയകുമാര്‍, എഐഎംഎസ്
അവസാനം പരിഷ്കരിച്ചത് : 6/18/2020
കൂടുതല്‍ വിവരങ്ങള്‍
അസ്ഥികളെ ബാധിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളില്‍ ...
ശരീരഘടന നിർമ്മിക്കുന്ന അടിസ്ഥാന ഘടകങ്ങളായ കോശങ്ങളി...
കൂടുതല്‍ വിവരങ്ങള്‍