Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വിവിധ സാഹിത്യരൂപങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

തനതു സാഹിത്യഭാവങ്ങള്‍

തനതു സംസ്കാരവുമായി ബന്ധപ്പെട്ട വാങ്മയ സാഹിത്യം ഏതു നാടിനുമുണ്ട്. അത് അപരിഷ്കൃതമെന്ന് സമകാലികരും ഇതിഹാസ പാരമ്പര്യവാദികളും പറഞ്ഞെന്നിരിക്കും.

അജ്ഞാതകര്‍ത്തൃകം എന്നാണ് നാടോടിക്കു നല്‍കുന്ന ആദ്യ ലക്ഷണം. പലപ്പോഴും ഒരു കര്‍ത്താവല്ല, ഒരു കര്‍ത്തൃസമൂഹമാകും വാങ്മയസാഹിത്യം രൂപപ്പെടുത്തുന്നത്. കേരളീയ ജനതയുടെ സ്വകീയവും സൂക്ഷ്മവുമായ ഈ ഈടുവയ്പ് സാംസ്കാരികതയുടെ ശക്തമായ മുദ്രയാണ്. കേരളീയരുടെ വാങ്മയതയില്‍ ഏറ്റവും കുറച്ച് പരിവര്‍ത്തനവിധേയമായത് ആദിവാസികളുടേതാണ്. ആദിവാസികളുടെ ഗാനങ്ങള്‍, കഥകള്‍, കടങ്കഥകള്‍, പഴഞ്ചൊല്ലുകള്‍, അറിവുകള്‍ എന്നിവ അധികം മാറ്റങ്ങള്‍ക്കു വിധേയമായിട്ടില്ല.

കേരളത്തിലെ ആദിവാസികളില്‍ പണിയരാണ് പ്രധാന ആദിമവര്‍ഗം. കൃഷിപ്പണി, മലദൈവങ്ങളെ ആരാധിക്കല്‍, താരാട്ടുപാടല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ധാരാളം പാട്ടുകളും അസാധാരണാംശങ്ങള്‍ നിറഞ്ഞ കഥകളും അവര്‍ക്കിടയിലുണ്ട്. ദാരിദ്യ്രത്തിന്റെ കെടുതികള്‍ പലകഥകളിലും പാട്ടിലും നിറഞ്ഞുനില്ക്കുന്നു. കുട്ടി കരഞ്ഞാലും പന്തലുപൊളിഞ്ഞാലും ഉപ്പിന്റെയും മുളകിന്റെയും തിനയുടെയും കടംവീട്ടാന്‍ ചെട്ടിയാന് ശരീരം വില്‍ക്കുന്ന പണിയത്തിയുടെ ജീവിതം മറ്റൊരു പാട്ടിന്റെ വിഷയമാണ്. കാണികള്‍ക്കിടയില്‍ വാതപ്പാട്ട്, സ്ത്രീകളുടെ തുങ്കിപ്പാട്ട് എന്നിവയും പത്തടിപ്പാട്ട്, ചേനന്‍പാട്ട്, ചേരയാന്‍ പാട്ട്, ഭീമന്‍ പാട്ട്, മയിലാട്ടം പാട്ട് തുടങ്ങിയ ഒട്ടേറെ പാട്ടുകളും ഇന്നും സജീവം.

കുഞ്ഞിക്കണ്ണന്റെ കഥ പറയുന്ന നാടന്‍ ഇതിഹാസം കുറിച്യരുടേതാണ്.

സംഘകാലം തൊട്ടേ കേരളത്തിന്റെ സാംസ്കാരിക ജീവിതത്തില്‍ സുപ്രധാന പങ്കു വഹിച്ചവരാണ് പാണസമൂഹം. രാമായണം കഥ, നാരായണം പിറവി, പാലാഴിമഥനം കഥ, തിരുവരങ്കന്‍ പാട്ട്, കൃഷ്ണലീല തുടങ്ങിയവ ഈ സമുദായത്തിന്റെ പ്രത്യേകമായ നാടന്‍പാട്ടുകളാണ്.

കേരളത്തിലെ തൊഴിലാളിവര്‍ഗ പാരമ്പര്യം പുലയ സമൂഹത്തോട് ബന്ധപ്പെട്ടിരിക്കുന്നു. അധ്വാനത്തെ ലഘൂകരിക്കാന്‍ അവര്‍ ചമച്ച നാടന്‍പാട്ടുകള്‍ ഏറെ വിഖ്യാതമാണ്. ഞാറ്റുപാട്ട് കുട്ടനാടിന്റെ ഹരിതഭൂമിയില്‍ ഇപ്പോഴും മുഴങ്ങുന്നു. വട്ടി, കുട്ട, ഓല തുടങ്ങിയവ മെടയല്‍ കൃഷിയോടൊപ്പം അവരുടെ കൈത്തൊഴിലാണ്. അതുമായി ബന്ധപ്പെട്ടുമുണ്ട് ധാരാളം പാട്ടുകള്‍.

കൃഷിപ്പാട്ടില്‍ അവരുടെ ആശകളും പീഡനങ്ങളും ചുറ്റുമുള്ള പ്രകൃതിയും ദൈവസങ്കല്പങ്ങളുമെല്ലാം തികഞ്ഞിട്ടുണ്ട്. ഞാറ്റുപാട്ടിന്റെ ഉത്സവ പ്രതീതി വിടര്‍ന്നു നില്പുണ്ട്. ചെങ്ങന്നൂര്‍ കുഞ്ഞാല്‍, അതിയാരുപിള്ള, ഇടനാടന്‍ തുടങ്ങിയ വീരന്മാരെക്കുറിച്ചുള്ള വീരാപദാനകഥകളും ഇവയോടൊപ്പം സ്മരിക്കപ്പെടേണ്ടതാണ്.

പുരാണങ്ങളില്‍ വേലസമുദായം കണ്ടെത്തുന്ന വംശമഹിമകള്‍ 'വേലന്‍ പിറവി' തുടങ്ങിയ പാട്ടുകളില്‍ അവര്‍ സൂക്ഷിച്ചു വയ്ക്കുന്നു. കാക്കാരിശ്ശി നാടകത്തിന്റെ സമ്പ്രദായത്തിലുള്ളവയാണ് പലതും. കുറവന്മാരുടെ സ്വന്തം പാട്ടാണ് പാല്‍ നെയ്യടപ്പാട്ട്.

നാടന്‍പാട്ടുകളിലെ വിഷാദമധുരമായ ഒരു വിഭാഗമാണ് വള്ളപ്പാട്ടുകള്‍.

മധ്യതിരുവിതാംകൂറിലെ അനുഷ്ഠാനപരമായ കോലംതുള്ളലുകള്‍ നാടന്‍പാട്ടുകളിലെ മുഖ്യമായ ഒരു വിഭാഗമാണ്. ഭദ്രകാളിക്കോലം, പിശാച് കോലം, മറുതക്കോലം, പിള്ളതീനിക്കോലം എന്നിങ്ങനെയുള്ള പാട്ടുകള്‍ ദ്രാവിഡ സങ്കല്പങ്ങളില്‍ ഉറഞ്ഞു തുള്ളുന്നവയാണ്.

ഓണക്കാലവുമായി ബന്ധപ്പെട്ട നിരവധി നാടന്‍പാട്ടുകളുണ്ട്. തുമ്പിതുള്ളല്‍, ഊഞ്ഞാല്‍പ്പാട്ട്, കോലടി കളി, കമ്പടി കളി, പൊലിപ്പാട്ട് എന്നിവ ചിലതുമാത്രം.

തെക്കന്‍പാട്ടുകള്‍ എന്ന് വ്യവഹരിക്കപ്പെടുന്ന ചരിത്രവും അസാധാരണത്വവും ചേര്‍ന്ന കഥകള്‍ നാടന്‍ കവികളുടെ രചനകളാണ്. ചരിത്രപരമായ തെക്കന്‍പാട്ടാണ് ഇരവിക്കുട്ടിപ്പിള്ളപ്പോര്. അഞ്ചുതമ്പുരാന്‍പാട്ടിലെ വിഷയം തിരുവിതാംകൂര്‍ രാജവംശത്തിലെ അന്തച്ഛിദ്രങ്ങളാണ്. പുരുഷാദേവിപ്പാട്ട്, ഉലകുടപെരുമാള്‍പാട്ട്, കന്നടിയന്‍ പോര് എന്നിവയ്ക്ക് ചരിത്രാംശമില്ലെങ്കില്‍പ്പോലും വികാരനിര്‍ഭരമായ കഥാരംഗങ്ങളുണ്ട്. പുതുവാതപ്പാട്ട് കേരളവര്‍മയുടെ കഥ എന്ന പേരിലും പ്രസിദ്ധമായ ഒരു വില്‍പ്പാട്ടാണ്. വലിയ തമ്പി കുഞ്ഞുതമ്പികഥ, ദിവാന്‍ വെറ്റി, ധര്‍മരാജാവിന്റെ രാമേശ്വരം യാത്ര എല്ലാം ചരിത്രപരം. പഞ്ചവന്‍കാട്ടു നീലിയെക്കുറിച്ചുള്ള കഥ നാടോടി അന്തരീക്ഷത്തില്‍ സൃഷ്ടിക്കപ്പെട്ട ഒരു പ്രതികാര കഥയാണ്.

ദേശദേവതകളെക്കുറിച്ചുള്ള തോറ്റങ്ങള്‍ കേരളത്തിലെമ്പാടുമുണ്ട്. അവയില്‍ കരുവൂര്‍ തോറ്റം, പാണ്ഡവര്‍ തോറ്റം, കുറതോറ്റം, ദാരുകവധം തോറ്റം, ശാസ്താവ് തോറ്റം, കാലിത്തോറ്റം മണ്ണാന്‍പാട്ട് മണിമങ്കത്തോറ്റം തുടങ്ങിയ കണ്ണകിത്തോറ്റങ്ങള്‍ എന്നിങ്ങനെ ഏറെ പാനത്തോറ്റങ്ങളുണ്ട്. വടക്കേ മലബാറിലെ തെയ്യങ്ങളുമായി ബന്ധപ്പെട്ട് കതിവന്നൂര്‍വീരന്‍ തോറ്റം, പൊട്ടന്‍ തെയ്യത്തോറ്റം, മലയന്‍ തോറ്റം, മുത്തപ്പന്‍ തോറ്റം, പൂമാലത്തെയ്യന്‍ തോറ്റം, മരക്കലത്തോറ്റം എന്നിങ്ങനെ സമൃദ്ധമാണ് തോറ്റങ്ങള്‍. പൂരക്കളി വര്‍ണനാപരമാണ്. ചെറുമരുടെ നേര്‍ച്ചപ്പാട്ട്, വണ്ണാന്മാരുടെ പാട്ട്, കുറുന്തിരിപ്പാട്ട്, കണിയാന്മാരുടെ കളം പാട്ട്, പടപ്പാട്ട്, പാറപൊട്ടിക്കുന്നവരുടെ പാട്ട്, കുമ്പളങ്ങാപ്പാട്ട്, തവരപ്പാട്ട്, ചീരപ്പാട്ട്, കക്കരിപ്പാട്ട്, പാചകപ്പാട്ടുകള്‍, പാപ്പാന്മാരുടെ പാട്ട്, വേട്ടക്കാരുടെ പാട്ട് എന്നിങ്ങനെ നാടന്‍പാട്ടുകളുടെ ശേഖരം വിപുലമാണ്.

അയ്യപ്പന്‍പാട്ടിനെ ആസ്പദമാക്കി തീയാട്ടു നമ്പ്യാന്മാരുടെയും, ഭദ്രകാളിയോട് ബന്ധപ്പെട്ട്, തായാട്ടുണ്ണികളുടെയും 'തീയാട്ട്' എന്ന അനുഷ്ഠാനകല നിലനില്ക്കുന്നു. ബ്രാഹ്മണികളുടെ അനുഷ്ഠാനഗാനമാണ് ബ്രാഹ്മണിപ്പാട്ട്. ഐവര്‍ കളി, പത്തോ അതിലധികമോ ആളുകള്‍ ഒരു മുച്ചാണ്‍ വടി കൈയില്‍ വച്ചുകൊണ്ട് ചോടുവച്ചു കളിക്കുന്ന ഒരു നാടന്‍ വിനോദമാണ്, പാലക്കാടന്‍ ജില്ലയില്‍ പ്രചുരമാണ് നായന്മാരുടെ ദേശത്തുകളി അഥവാ കണിയാര്‍ കളി. ഏഴാമത്തുകളി നമ്പൂതിരിമാരും അമ്പലവാസികളും പങ്കെടുക്കുന്ന വിനോദമാണ്. സംഘക്കളി നമ്പൂതിരിമാര്‍ മാത്രമുള്ള ഒരനുഷ്ഠാനകലാ വിനോദമാണ്. കുമ്മാട്ടിക്കളിക്കുമുണ്ട് തനതു പാട്ടുകള്‍.

മാപ്പിളപ്പാട്ട് മലബാറിന്റെ അന്തരീക്ഷത്തെ ഏറെ ആഹ്ലാദിപ്പിച്ച ഒരു കാവ്യവിഭാഗമാണ്. അതില്‍ നാടോടിയല്ലാത്ത കവിതകളുമുണ്ട്. കെസ്സുപാട്ടുകള്‍, കത്തുപാട്ടുകള്‍, കല്യാണപ്പാട്ടുകള്‍, താലോലപ്പാട്ട്, സര്‍ക്കീട്ടുപാട്ട്, അമ്മായിപ്പാട്ട്, കപ്പപ്പാട്ട്, കുപ്പിപ്പാട്ട്, മയിലാഞ്ചിപ്പാട്ട്, വെറ്റിലപ്പാട്ട്, തേങ്ങാപ്പാട്ട്, മാങ്ങാപ്പാട്ട്, നരിപ്പാട്ട്, ഒട്ടകമാന്‍ പാട്ട് എന്നിങ്ങനെ ബഹുലമാണ് മാപ്പിളപ്പാട്ടുകളുടെ ഗാനശേഖരം. കെസ്സുപാട്ട്, മയിലാഞ്ചിപ്പാട്ട്, കത്തുപാട്ട് എന്നിവ സമകാലിക ഗാനസന്ദര്‍ഭങ്ങളെ പോഷിപ്പിച്ചിട്ടുണ്ട്.

ടി. ഉബൈദ്

അറബിമലയാളത്തിലെ ആദ്യ പകുതി മുഹയുദ്ദീന്‍മാലയാണ് (ഖാസി മുഹമ്മദ്, 1607). മലയാള ലിപിയിലെഴുതിയ ആദ്യമാപ്പിളപ്പാട്ട് മെഹറിന്റെ നെടുവീര്‍പ്പുകള്‍ ആകുന്നു. കുഞ്ഞായിന്‍ മുസലിയാര്‍, മൊയ്തു മുസലിയാര്‍, ടി. ഉബൈദ്, ചേറ്റുവായ്, പരീക്കുട്ടി, കെ.ടി.മുഹമ്മദ്, ഒ. അബു, പുലിക്കോട്ടില്‍ ഹൈദര്‍, പുത്തൂര്‍ ആമിന, ബി. ആയിശക്കുട്ടി തുടങ്ങിയവര്‍ മാപ്പിളപ്പാട്ടു സാഹിത്യത്തിലെ മറ്റു പ്രശസ്തരില്‍പ്പെടുന്നു.

ക്രൈസ്തവര്‍ക്കുമുണ്ട് തനതെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന കലാരൂപങ്ങളും പാട്ടുകളും. ചവിട്ടുനാടകവും മാര്‍ഗംകളിയും ക്രിസ്തുമതപ്രചാരണാംശങ്ങള്‍ നിറഞ്ഞ നൃത്യനൃത്തകലാരൂപങ്ങളാണ്. മംഗല്യവട്ടക്കളി (കല്യാണനിശ്ചയം, വിളിച്ചു ചൊല്ലല്‍ എന്നിവയുടെ വിവരണ ഗാനം), അന്തം ചാര്‍ത്തുപാട്ട് (വരന്റെ ഒരുക്കം), മയിലാഞ്ചിപ്പാട്ട് (വധുവിന്റെ ഒരുക്കം), അയിനിപ്പാട്ട് (അയിനി അപ്പം വഹിച്ചുകൊണ്ട് വിവാഹദിവസം വരന്റെ പെങ്ങള്‍ പള്ളിയില്‍ പോകുന്നത്.) എന്നിവ വിവാഹം ഒരു ഉത്സവമായി ആഘോഷിക്കുന്ന കാലത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്നു. വിവാഹവുമായി ബന്ധപ്പെട്ട മറ്റു പാട്ടുകളാണ് നല്ലോരോരോശലം വാടി മനം (വട്ടുകളി), വാഴ്വു പാട്ട്, ചന്തല്‍പ്പാട്ട്, എണ്ണപ്പാട്ട്, കളിപ്പാട്ട്, വിളക്കു തൊടീല്‍ പ്പാട്ട്, അടച്ചുതുറപ്പാട്ട്, താണ്യദിവസം പാട്ട് എന്നിവ.

വടക്കന്‍പാട്ടുകള്‍ ഉത്തരകേരളത്തിന്റെ വീരപാരമ്പര്യം ഉണര്‍ത്തിയെടുക്കുന്ന നാടന്‍ പാട്ടുകളാണ്. തച്ചോളി ഒതേനന്‍, ആരോമല്‍ച്ചേകവര്‍, തച്ചോളിചന്തു, പാലാട്ടു കോമപ്പന്‍, ആറ്റുംമണമ്മേലെ ഉണ്ണിയാര്‍ച്ച തുടങ്ങി പേരുകേട്ട ഒട്ടേറെ വീരജന്മങ്ങള്‍ ഈ കഥകളില്‍ അവതരിക്കുന്നു. അങ്കം, പൊയ്ത്ത്, വിശ്വാസം, ആചാരം എന്നിങ്ങനെ ഒരു പൂര്‍വകാലത്തിന്റെ മനുഷ്യജീവിതസമൃദ്ധി ഇവയിലുണ്ട്. കേരളീയ വീരപാരമ്പര്യത്തിന്റെ ഒരു മുഖമുദ്ര വടക്കന്‍പാട്ടിനുണ്ട്. കേരളത്തിന്റെ തനതു പാരമ്പര്യം അന്വേഷിക്കുന്നവര്‍ക്ക് ചരിത്രപരവും സാംസ്കാരികവുമായ ഒട്ടേറെ വിവരങ്ങള്‍ നല്‍കുന്ന അക്ഷയഖനിയാണ് വടക്കന്‍പാട്ടുകള്‍.

ഗദ്യത്തിന്റെ വഴികള്‍

മലയാള ഗദ്യത്തിന്റെ ചരിത്രത്തിന് വാങ്മയ ഭാഷയും ലിഖിതഭാഷയും പരിശോധിക്കേണ്ടതാണ്. ചിലപ്പതികാരം, തൊല്ക്കാപ്പിയം എന്നീ കൃതികളില്‍ അന്നത്തെ ചെന്തമിഴ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായ പ്രയോഗങ്ങളും ശൈലികളും ചുരുക്കമായെങ്കിലും കാണുന്നത്, ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ശാസനങ്ങള്‍ അന്നത്തെ രാജഭാഷയില്‍ എഴുതപ്പെടുന്നതും നിശ്ചിത രീതി പിന്തുടരുന്നതുമാണെങ്കിലും അവയില്‍ വ്യത്യസ്തമായ ഭാഷാംശങ്ങള്‍ ഉണ്ട്. സാഹിത്യഗ്രന്ഥങ്ങളെക്കാള്‍ ശാസനങ്ങള്‍ ഭാഷാമാതൃകയ്ക്ക് വിലപ്പെട്ടതാണെന്ന് ഇളംകുളത്തെപ്പോലുള്ളവര്‍ വാദിക്കുന്നു. എ.ഡി. ഒമ്പതാം ശതകം മുതലുള്ള ശാസനങ്ങളും ചെപ്പേടുകളും നമുക്കു ലഭിച്ചിട്ടുണ്ട്. രാജശേഖര ചക്രവര്‍ത്തിയുടെ വാഴപ്പള്ളി ശാസനമാണ് ഇതില്‍ ഏറ്റവും പഴക്കമുള്ളത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഭാഷയിലെ ആദ്യത്തെ ഗദ്യകൃതിയായ ഭാഷാകൌടലീയത്തിന്റെ കാലം വരെയുള്ള ഭാഷ, കാലമറിയുന്നതും അല്ലാത്തതുമായ ഇത്തരം ചെപ്പേടുകളിലും ക്ഷേത്രരേഖകളിലും വിളംബരങ്ങളിലും ഒതുങ്ങിക്കിടക്കുന്നു.

ശാസനങ്ങളിലെ ലിപി വട്ടെഴുത്താണ്. അതിനുമുണ്ടൊരു പ്രത്യേകത. വട്ടെഴുത്തില്‍ വരാത്ത അതിഖരം, മൃദു, ഘോഷം, ഊഷ്മാവ് എന്നിവയ്ക്ക് ഗ്രന്ഥാക്ഷരം ഉപയോഗിച്ചിരിക്കുന്നു. കൂട്ടക്ഷരങ്ങള്‍ പിരിച്ചെഴുതുന്നതും ചില്ലുകള്‍ അടിസ്ഥാനവര്‍ണം കൊണ്ട് സൂചിപ്പിക്കുന്നതും എ, ഒ എന്നീ ഹ്രസ്വങ്ങള്‍ ദീര്‍ഘമായി ഉപയോഗിക്കുന്നതും അനുസ്വാരത്തിന് മകാരം ഉപയോഗിക്കുന്നതും ഇതിലെ രീതികളില്‍പ്പെടുന്നു.

മലയാള ഭാഷയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുവയ്പില്‍ സുപ്രധാനമായ ചില ഘടകങ്ങള്‍ കേരളപാണിനി ചൂണ്ടിക്കാണിക്കുന്നുണ്ട്. പുരുഷപ്രത്യയനിരാസം, അനുനാസികാതിപ്രസരം, സ്വരസംവരണം, താലവ്യാദേശം, അംഗഭംഗം, ഖിലോപസംഗ്രഹം എന്നീ ആറുനയങ്ങളാണവ. കൊല്ലം ഒമ്പതാം നൂറ്റാണ്ടു മുതലുള്ള ശാസനങ്ങളില്‍ ഇവയുടെ പ്രവര്‍ത്തനം സ്പഷ്ടമാകുന്നുണ്ട്. പുരുഷപ്രത്യയമില്ലാത്ത പ്രയോഗങ്ങള്‍ ഭാഷയുടെ കെട്ടുറപ്പു കുറയ്ക്കുമെങ്കിലും മലയാളഗദ്യത്തിന്റെ സവിശേഷതയായി അതുമാറി. വാക്യക്രമമെന്നത് കര്‍ത്താവ്-കര്‍മം-ക്രിയ എന്നിങ്ങനെ ക്രമപ്പെട്ടു തുടങ്ങി. സമ്പത്തിക്രിയ എന്നു വിളിക്കപ്പെടുന്ന 'ആകുന്നു', 'ആണ്' എന്നിവ വാക്യപൂരണത്തിന് പ്രയോഗിച്ചു തുടങ്ങി ഇന്നത്തെ മലയാളത്തോട് അടുക്കുന്ന വിഭക്തി പ്രയോഗങ്ങള്‍, സമുച്ചയ വികല്പങ്ങളുടെ ഉപയോഗം, സര്‍വനാമങ്ങളുടെ പ്രയോഗം, മലയാള വിഭക്ത്യന്തപദങ്ങള്‍, തത്സമങ്ങള്‍, തദ്ഭവങ്ങള്‍ എന്നിവയെല്ലാം ക്രമേണ മലയാള ഗദ്യത്തിന്റെ ഭാഗമായിത്തുടങ്ങി. എന്നാല്‍ ഒട്ടേറെ അവ്യവസ്ഥയുടെ ഘട്ടങ്ങള്‍ താണ്ടിയാണ് ഈ വളര്‍ച്ച. ഭാഷാകൌടലീയമാണ് ഈ അവ്യവസ്ഥയുടെ ആദ്യമാതൃകയായ സാഹിത്യകൃതി. എന്നാല്‍ ഹീനജാതിക്കാരേ ഉപയോഗിക്കൂ എന്ന 14-ാം നൂറ്റാണ്ടില്‍ ലീലാതിലകകാരന്‍ പറയുന്ന പല പ്രയോഗങ്ങളും 12-ാം നൂറ്റാണ്ടിലെ ഈ കൃതിയില്‍ ധാരാളമായുണ്ട്.

ചാക്യാന്മാരും പാഠകക്കാരും തങ്ങളുടെ മാത്രമായ ത്രൈവര്‍ണികാന്തരീക്ഷത്തില്‍ പ്രചരിപ്പിച്ച ഗദ്യത്തിനും തെളിവുകളുണ്ട്. കൂത്തിനും കൂടിയാട്ടത്തിനും ഗദ്യത്തില്‍ രചിക്കപ്പെട്ട ആട്ടപ്രകാരങ്ങളും ക്രമദീപികകളുമാണവ. അഭിനയവിധികളാണ് ആട്ടപ്രകാരം. രംഗാവതരണവും വിദൂഷകന്റെ പങ്കുമാണ് ക്രമദീപിക, ദൂതവാക്യം, ഗദ്യം, മത്തവിലാസം, ശൂര്‍പ്പണഖാങ്കം, അശോകവനികാങ്കം എന്നീ ആട്ടപ്രകാരങ്ങള്‍ ശ്രദ്ധേയം. ചാക്യാന്മാരുടെ ഈ രചനകളില്‍ ഇന്നത്തെ ഗദ്യശൈലിയുടെ തനിപ്പകര്‍പ്പ് പലേടത്തും കാണാം. പാഠകം പറഞ്ഞിരുന്നത് നമ്പ്യാന്മാരാണ്. 'നമ്പ്യാന്തമിഴ്' എന്നാണ് അതിനെ വിളിച്ചിരുന്നത്. തന്റെ മണിപ്രവാള നിയമങ്ങള്‍ക്ക് ഇണങ്ങാത്തതുകൊണ്ട് ലീലാതിലകകാരന്‍ നമ്പ്യാന്തമിഴിനെ വേര്‍തിരിച്ചു നിര്‍ത്തി. നമ്പ്യാന്തമിഴ് ഗദ്യസാഹിത്യത്തില്‍ പ്രാമാണ്യം പുലര്‍ത്തി. രാമായണം, തമിഴ്, ഭാഗവതം ഗദ്യം, ഉത്തരരാമായണം ഗദ്യം, തിരുക്കുറളിന്റെ ആദ്യ പരിഭാഷയായ തിരുക്കുറള്‍ ഭാഷ, പരമജ്ഞാനവിളക്കം, സംഗീതശാസ്ത്രം, കളരിവിദ്യ എന്നീ ഗദ്യകൃതികള്‍ നമ്പ്യാര്‍ത്തമിഴിന്റെ വിഭിന്ന ഭാഷാസങ്കലന രീതികള്‍ക്ക് ഉദാഹരണങ്ങളാണ്. ചമ്പുക്കളിലെ ദ്രാവിഡവൃത്തത്തിലുള്ള ഗദ്യത്തില്‍ നിന്നു വിഭിന്നമായി ഒരു ഗദ്യം ശക്തിപ്പെട്ടുതുടങ്ങി. സംഘക്കളി തുടങ്ങിയ നാടന്‍ വിനോദങ്ങളില്‍ ഭാഷണ ശക്തിയുള്ള ഗദ്യം ഉപയോഗിച്ചിട്ടുണ്ട്.

ഹോര്‍ത്തൂസ് മലബാറിക്കസ് ആദ്യപേജ്

കേരളീയജീവിതത്തില്‍ സ്വാധീനം ചെലുത്തിയ വിദേശികള്‍ രാഷ്ട്രീയ-സാമൂഹിക-മത രംഗങ്ങളില്‍ ഒരു നവീന ഗദ്യത്തിന്റെ വളര്‍ച്ചയ്ക്ക് വഴിതെളിച്ചു. 1599-ലെ ഉദയം പേരൂര്‍ സുനഹദോസ് എന്ന സമ്മേളനത്തില്‍ മതമേലധ്യക്ഷന്മാരും ക്രൈസ്തവ ജനപ്രതിനിധികളും പ്രഖ്യാപിച്ച തീരുമാനങ്ങളുടെ പരിഭാഷയാണ് മിഷനറി ഗദ്യത്തിലെ ആദ്യമലയാള ഗ്രന്ഥം. കാര്യമാത്രപ്രസക്തമായ ആഖ്യാനരീതിയും ആജ്ഞാപരമായ പ്രൗഢിയും ഭാഷയുടെ ശൈലിക്ക് വ്യക്തിത്വം നല്‍കിയിരിക്കുന്നു. പില്ക്കാലത്ത് ഈ ഭാഷയെ പാതിരി മലയാളമെന്നും മിഷനറി ഗദ്യമെന്നും വിളിച്ചു. 'പറങ്കി പാഴ'യിലും 'മലയാം പാഴ'യിലും ചൊല്ലിയ കേരളാരാമം എന്ന സസ്യശാസ്ത്ര ഗ്രന്ഥം (ഹോര്‍ത്തൂസ് മലബാറിക്കസ്) ഇതേ ഗദ്യവഴി പിന്തുടര്‍ന്നു. മിഷനറിമാര്‍ കൂടുതല്‍ ശ്രദ്ധിച്ചത് ഭാഷാപഠനത്തിന് അനിവാര്യമായ വ്യാകരണഗ്രന്ഥങ്ങളും നിഘണ്ടുക്കളും നിര്‍മിക്കുന്നതിനാണ്. കവി കൂടിയായ അര്‍ണോസ് പാതിരി ഒരു വ്യാകരണഗ്രന്ഥവും മലയാളം പോര്‍ച്ചുഗീസ് നിഘണ്ടുവും നിര്‍മിച്ചു. സംഭാഷണഭാഷയെ ആശ്രയിച്ച് ആഞ്ജലോസ് ഫ്രാന്‍സിസ് എന്ന കത്തോലിക്കാ ബിഷപ്പ് ഒരു വ്യാകരണ ഗ്രന്ഥം സാധാരണക്കാരുടെ ഭാഷ വിദേശികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ രചിച്ചു. മലയാളത്തില്‍ അച്ചടിച്ച ആദ്യകൃതി ക്ളമന്റ് പാതിരിയുടെ സംക്ഷേപവേദാര്‍ഥമാകുന്നു (1772). മലയാളത്തില്‍ പാണ്ഡിത്യം നേടിയ ആദ്യ പാശ്ചാത്യ മിഷനറി, റോസിന്റെ നിയമാവലി രചിച്ച ഫ്രാന്‍സിസ് റോസ് ആണ്.

പാതിരിമലയാളം അന്നത്തെ ഗദ്യത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് കേരളോത്പത്തി, കേരളചരിത്രം എന്നീ ഗദ്യഗ്രന്ഥങ്ങള്‍ തെളിയിക്കുന്നു. കരിയാറ്റില്‍ ഔസേപ്പുകത്തനാരുടെ വേദതര്‍ക്കവും (1768), മലയാളത്തിലെ ആദ്യയാത്രാവിവരണ ഗ്രന്ഥമായ വര്‍ത്തമാനപുസ്തകവും ഈ കാലഘട്ടത്തിലെ ഗദ്യഭാഷയ്ക്ക് ഉദാഹരണമാണ്.

വേലുത്തമ്പി ദളവയുടെ കുണ്ടറ വിളംബരം (കൊ.വ. 984) പത്തൊമ്പതാം നൂറ്റാണ്ടിലെ ഗദ്യത്തിന്റെ മാതൃകയാണ്. ബെഞ്ചമിന്‍ ബെയ്ലിയുടെ ഇംഗ്ലീഷ് മലയാളം നിഘണ്ടു, പുതിയനിയമത്തിന്റെയും പഴയനിയമത്തിന്റെയും പരിഭാഷകള്‍, (കൂട്ട്യത്നങ്ങളാണവ) മലയാളം-ഇംഗ്ലീഷ് നിഘണ്ടു, ഡ്രമ്മണ്ടിന്റെ മലയാള ഭാഷയുടെ വ്യാകരണം റവ. ജോസഫ് പിറ്റ്, ഗാര്‍ത്ത് വെയിറ്റ് തുടങ്ങിയവരുടെ യത്നങ്ങള്‍, ജര്‍മന്‍ മിഷനറിയായ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ മലയാളം ഇംഗ്ളീഷ് നിഘണ്ടു, മലയാള വ്യാകരണം, ഭാഷാപാഠാവലികള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച മിഷനറിമാര്‍ മതപരിവര്‍ത്തനത്തിനു മാത്രമല്ല ഭാഷാ പരിവര്‍ത്തനത്തിനും നിയോഗിക്കപ്പെട്ടവരായി. ഇംഗ്ളീഷില്‍ ഉപയോഗിക്കുന്ന ഗദ്യത്തിലെ ചിഹ്നങ്ങള്‍ ഭാഷയില്‍ നടപ്പിലാക്കിയത് ഗുണ്ടര്‍ട്ടാണ്.


ഗദ്യത്തിന്റെ നവോത്ഥാനപരമായ പ്രചാരത്തിന് മാധ്യമങ്ങള്‍ നല്ല പങ്കു വഹിച്ചിട്ടുണ്ട്. മാധ്യമ പ്രകാശനത്തിന് വഴികാട്ടി യായത് ഗുണ്ടര്‍ട്ട് തന്നെയാണ്. 1847-ല്‍ രണ്ടു പത്രികകള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു. രാജ്യസമാചാരവും പശ്ചിമോദയവും. ആദ്യത്തെ സാഹിത്യമാസിക വിദ്യാവിലാസിനിയാണ് (1881). വിദ്യാവിനോദിനി, ഭാഷാപോഷിണി, കേരളപത്രിക, മലയാളി, മലയാള മനോരമ എന്നിവയോടൊപ്പം ജ്ഞാനനിക്ഷേപം, പശ്ചിമതാരക, സത്യനാദകാഹളം, കേരളമിത്രം, നസ്രാണി ദീപിക എന്നിവയും ഗദ്യത്തിന്റെ വളര്‍ച്ചയ്ക്ക് മികച്ച വാഹകങ്ങളായി. കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ നേതൃത്വത്തില്‍ ഒരു പാഠപുസ്തക കമ്മിറ്റി നിലവില്‍ വന്നു. പുസ്തകങ്ങള്‍ക്കു വേണ്ടിയും അല്ലാതെയും വിവിധ വിഷയങ്ങളില്‍ ധാരാളം ഗദ്യപ്രബന്ധങ്ങള്‍ അദ്ദേഹം രചിച്ചു. കഥ, ജീവചരിത്രം, വിദ്യാഭ്യാസം, സന്മാര്‍ഗം, സാമ്പത്തികകാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഈ രചനകളില്‍ ഉള്‍പ്പെടുന്നു.

ഏ.ആര്‍. രാജരാജവര്‍മയുടെ സാഹിത്യസാഹ്യം, കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലി, നാലപ്പാട്ടു നാരായണമേനോന്റെ പാവങ്ങള്‍ (തര്‍ജുമ) തുടങ്ങിയവ മലയാള ഗദ്യത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായി.

നിയമങ്ങളെ പിന്തള്ളി ഗദ്യം സര്‍ഗസാഹിത്യത്തില്‍ ബഹുശാഖയായി വളര്‍ന്നുകൊണ്ടിരിക്കുന്നു-നോവല്‍, കഥ, നാടകം എന്നിങ്ങനെ. സാഹിത്യനിരൂപണം, ഉപന്യാസം, ജീവചരിത്രം, ആത്മകഥ, സഞ്ചാരസാഹിത്യം, വൈജ്ഞാനികഗ്രന്ഥങ്ങള്‍, മതഗ്രന്ഥങ്ങള്‍, ചരിത്രം, സാഹിത്യചരിത്രം, ശാസ്ത്രസാങ്കേതിക ഗ്രന്ഥങ്ങള്‍, സാമൂഹ്യ ശാസ്ത്രങ്ങള്‍ എന്നിങ്ങനെ സര്‍ഗേതരമായ മേഖലയും സമ്പന്നമാണ്. ഗദ്യത്തിന് പുതിയ പദാവലി നല്കുന്നതിന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ യത്നങ്ങള്‍ ശ്ലാഘനീയമാണ്. ഗദ്യം പദ്യത്തിനെതിരല്ല, പരിപൂരകമാണ് എന്ന് സാഹിത്യചരിത്രം പഠിപ്പിക്കുന്നു.

നോവല്‍ മലയാളത്തില്‍

പ്രാരംഭം.

മലയാളത്തില്‍ നോവലിന് തുടക്കം കുറിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. ആദ്യകാല മലയാള നോവല്‍ മിഷനറി ദൗത്യത്തിന്റെ ഭാഗമായിരുന്നു. റവ. ജോസഫ് പിറ്റ് എന്ന മിഷനറി തര്‍ജുമ ചെയ്ത കാതറൈന്‍ മുല്ലെന്‍സിന്റെ ഫുല്‍മോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ(1854)യാണ് ഗ്രന്ഥരൂപം പൂണ്ട ഭാഷയിലെ ആദ്യത്തെ നോവല്‍. മിഷനറി ദൗത്യം ഏറ്റെടുത്ത മിസ്സിസ് കോളിന്‍സ് ഘാതകവധം എന്നൊരു നോവല്‍ ഇംഗ്ലീഷില്‍ രചിച്ചു. അതു പൂര്‍ത്തിയാക്കുകയും മലയാളത്തിലേക്ക് തര്‍ജുമ തയ്യാറാക്കുകയും ചെയ്തത്, അവരുടെ ഭര്‍ത്താവും മിഷനറിയുമായ റിച്ചാര്‍ഡ് കോളിന്‍സാണ് (1878) തര്‍ജുമ നിര്‍വഹിച്ചത്. തുടര്‍ന്ന് രചിക്കപ്പെട്ട പുല്ലേലിക്കുഞ്ചു എന്ന, ആര്‍ച്ച് ഡീക്കണ്‍ കോശിയുടെ നോവലിലുമുണ്ട് മിഷനറി ദൗത്യം. നോവല്‍ എന്നു വിളിക്കാമെങ്കിലും ഈ പ്രാരംഭ കലാരചനകള്‍ മികച്ച സര്‍ഗാത്മക മാതൃകകള്‍ അല്ല.

ചന്തുമേനോനും, സി.വി.യും. തുടര്‍ന്ന് പ്രസിദ്ധീകൃതമായ കുന്ദലത(അപ്പുനെടുങ്ങാടി, 1887)യെ ഭാഷയിലെ ആദ്യത്തെ സ്വതന്ത്ര നോവലെന്ന് ചില നിരൂപകര്‍ വിശേഷിപ്പിക്കുന്നുവെങ്കിലും സിംബര്‍ ലൈന്‍, ഐവാന്‍ ഹോ എന്നീ ഇംഗ്ലീഷ് നോവലുകളുടെ സ്വതന്ത്രമായ അനുകരണം മാത്രമാണത്. യൂറോപ്യന്‍ നോവലുകളുടെ താവഴിയില്‍ വര്‍ത്തമാനകാലവുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട ഇന്ദുലേഖ (ചന്തുമേനോന്‍, 1889) നോവല്‍ എന്ന സാഹിത്യരൂപത്തോട് കൂടുതല്‍ നീതിപുലര്‍ത്തുന്ന മൗലിക രചനയാണ്. ബ്രാഹ്മണര്‍ക്കിടയില്‍ നിലനിന്നിരുന്ന സംബന്ധ വ്യവസ്ഥയെയാണ് ഇന്ദുലേഖ എതിര്‍ത്തതെങ്കില്‍ ജന്മിത്വത്തോടാണ്, ചന്തുമേനോന്റെ രണ്ടാമത്തെ നോവലിലെ നായികയായ ശാരദയ്ക്ക് ഏറ്റുമുട്ടേണ്ടി വരുന്നത്. ശാരദ അപൂര്‍ണരചനയാണ്. കോമാട്ടില്‍ പാഡുമേനോന്റെ ലക്ഷ്മീകേശവം ശ്രദ്ധേയമാണ്.

തിരുവിതാംകൂറിലെ നോവല്‍ചരിത്രം തുടങ്ങുന്നത് അധികാരവുമായി ബന്ധപ്പെട്ടാകുന്നു. സമകാലിക രാഷ്ട്രീയവുമായി സജീവ ബന്ധം ഉണ്ടായിരുന്ന ആളാണ് സി.വി. രാമന്‍പിള്ള. അദ്ദേഹത്തിന്റെ മാര്‍ത്താണ്ഡവര്‍മയാണ് മലയാളത്തിലെ ആദ്യ ചരിത്രനോവല്‍. സി.വി. ഈ കൃതിക്കു പിന്നാലെ ധര്‍മരാജ, രാമരാജബഹദൂര്‍ എന്നീ ചരിത്രനോവലുകളും രചിച്ചു. ഓരോ കഥാപാത്രത്തിനും അത്രപ്രധാനമോ അപ്രധാനമോ ആകട്ടെ, ചേഷ്ടകളും സംസാര സവിശേഷതകളും ഉണ്ട്. ധര്‍മരാജ, അനന്തപദ്മനാഭന്‍, കേശവപിള്ള, പെരിഞ്ചക്കോടന്‍, കാളിയുടയാന്‍ ചന്ത്രക്കാരന്‍, ത്രിപുരസുന്ദരിക്കുഞ്ഞമ്മ, സുഭദ്ര തുടങ്ങിയവരുടെ രൂപഭാവങ്ങളും ഭാഷയും കൃത്യമായി വിവേചിക്കപ്പെട്ടിരിക്കുന്നു. സമകാലികസമൂഹത്തെ വിമര്‍ശിക്കുന്നതില്‍ ഒ. ചന്തുമേനോന്‍ പരിഷ്കരണപരമായ നിര്‍ദേശങ്ങളും ശക്തമായ ഹാസ്യവും ഉപയോഗപ്പെടുത്തിയപ്പോള്‍ സി.വി. ഭൂതകാല മഹത്ത്വം നമ്മില്‍ ഉദ്ദീപിപ്പിച്ചുകൊണ്ട് സമകാലികാവശ്യങ്ങളെ ധ്വനിപ്പിക്കുകയാണ് ചെയ്തത്. മലയാള നോവലിന് ആഖ്യാനപരമായ മുന്നേറ്റം നല്കിയ പ്രതിഭാധനരെന്ന നിലയ്ക്ക് ഇരുവരുടെയും സ്ഥാനം തുല്യമാണ്. ഈ കുലപതികള്‍ക്കു പിന്നാലെ മലയാള നോവല്‍ ബഹുശാഖയായി പടര്‍ന്നു വികസിച്ചു.

പില്ക്കാല വികാസങ്ങള്‍.

എന്‍. കെ. കൃഷ്ണപിള്ള, നാട്ടുക്കൂട്ടത്തിന്റെ ചേരിയില്‍ നിന്ന് സി. വി.യ്ക്കെതിരെ നിലപാടെടുത്ത് ഉദയമാര്‍ത്താണ്ഡന്‍, ബാലരാമവര്‍മ, വേലുത്തമ്പി ദളവ എന്നീ കൃതികള്‍ രചിച്ചു. അപ്പന്‍ തമ്പുരാന്റെ ഭൂതരായര്‍ വെറും സാങ്കല്പികമായ ഒരു കഥയായിരുന്നു. അദ്ദേഹത്തിന്റെ ഭാസ്കരമേനോന്‍ ഭാഷയിലെ ആദ്യത്തെ അപസര്‍പ്പക നോവലായി. നമ്പൂതിരി സമുദായ പ്രശ്നങ്ങള്‍ മുഖ്യ വിഷയമായ ആദ്യ നോവല്‍ ഭാസ്കരന്‍ നമ്പൂതിരിപ്പാടാണ്. നാരായണ കുരുക്കളുടെ പാറപ്പുറം, ഉദയഭാനു, സത്യാഗ്രഹി എന്നിവയില്‍ ഭാരതത്തിന്റെ ബൗദ്ധികപാരമ്പര്യത്തിന്റെ പരിഷ്കരണങ്ങള്‍ ലക്ഷ്യമാക്കുന്നു. കാരാട്ട് അച്യുതമേനോന്റെ വിരുതന്‍ ശങ്കു പ്രതിപാദനരീതികൊണ്ട് ഏറെ രസിപ്പിച്ച ആദ്യത്തെ ജനപ്രിയ നോവലാണ്. കെ.എം. പണിക്കരുടെ നിരവധി നോവലുകളില്‍ ഏറ്റവും പരിഗണനീയം കേരളസിംഹവും ഝാന്‍സിറാണിയുടെ ആത്മകഥയുമാകുന്നു. ടി. രാമന്‍ നമ്പീശന്റെ കേരളേശ്വരന്‍ പ്രതിപാദനഭംഗിയിലും മധ്യകേരളഭാഷയിലും ഏറ്റവും മികച്ചു നില്ക്കുന്നു. കപ്പന കൃഷ്ണമേനോന്റെ ചേരമാന്‍ പെരുമാള്‍ ഐതിഹ്യങ്ങളില്‍ നിന്ന് ശേഖരിച്ച കഥയാണെങ്കില്‍ വൈക്കം ചന്ദ്രശേഖരപിള്ളയുടെ ബാഷ്പമണ്ഡപം അക്ബര്‍കാലത്തെക്കുറിച്ചുള്ള പേര്‍ഷ്യന്‍ റിക്കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതാണ്. കൊച്ചീപ്പന്‍ തരകന്റെ ബാലികാ സദനം, കുന്നുകുഴിയില്‍ കൊച്ചുതൊമ്മന്റെ പരിഷ്കാരപ്പൊതി എന്നിവ ക്രിസ്ത്യന്‍ സാമുദായിക രംഗത്തേക്കുള്ള എത്തിനോട്ടങ്ങളാണ്. തരവത്ത് അമ്മാളുവമ്മയായിരുന്നു ആദ്യമായി ഏറെ ശ്രദ്ധിക്കപ്പെട്ട നോവലെഴുത്തുകാരി. അവരുടെ കോമളവല്ലി എഴുത്തുകാരുടെ അനുകരണത്തിനും വായനക്കാരുടെ അതിരുകവിഞ്ഞ അനുമോദനത്തിനും വിധേയമായ കൃതിയാണ്.

നോവല്‍ നവോത്ഥാനം.

നോവലിന്റെ മാത്രമല്ല പൊതുവേ ഗദ്യത്തിന്റെ വഴിത്തിരിവിന് ഇടയാക്കിയ ഗ്രന്ഥമാണ് നാലപ്പാട്ട് നാരായണമേനോന്റെ പാവങ്ങള്‍. മൂലഗ്രന്ഥത്തിന്റെ ഭാവുകത്വവും സംസ്കാരവും അനുഭവിപ്പിക്കുന്നതാകണം തര്‍ജുമ എന്ന് അദ്ദേഹം കരുതി. വിദേശനോവലുകളുമായുള്ള പരിചയത്തിനും ഭാഷാ നോവലുകളുടെ പുനര്‍നവീകരണത്തിനുമുള്ള അന്തരീക്ഷം ഇപ്രകാരം സൃഷ്ടിക്കപ്പെട്ടു.

സാഹിത്യ നവോത്ഥാനത്തിന് ഒരു ഒറ്റയാന്‍ പ്രസ്ഥാനം കേരളത്തില്‍ സജീവമായിരുന്നു. കേസരി എ. ബാലകൃഷ്ണപിള്ളയുടേതാണ് ആ വ്യക്തിത്വം. ഒരു മതാത്മക സമൂഹത്തെ അതിന്റെ യാഥാസ്ഥിതികത്വത്തില്‍ നിന്ന് ഉണര്‍ത്തി വര്‍ത്തമാനകാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ജാഗരൂകമാക്കുക എന്നതായിരുന്നു അദ്ദേഹം ഏറ്റെടുത്ത ദൗത്യം. കൃതികളെയും എഴുത്തുകാരെയും വിലയിരുത്തുകയും സര്‍ഗാത്മകമായ മാറ്റങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്തു. പുരോഗമന പ്രസ്ഥാനം ഇത്തരം മാറ്റങ്ങള്‍ക്ക് സംഘബലം നല്കി. മലയാള നോവലില്‍ നവോത്ഥാനം സൃഷ്ടിച്ച തലമുറ ഈ സംവേദനാന്തരീക്ഷത്തില്‍ എഴുതിത്തെളിഞ്ഞവരുടേതാണ്. വൈക്കം മുഹമ്മദ് ബഷീര്‍, തകഴി ശിവശങ്കരപ്പിള്ള, പി. കേശവദേവ് തുടങ്ങിയവരുടെ സമഗ്രവീക്ഷണത്തിലാണ് ഈ അന്തരീക്ഷത്തിന് സര്‍ഗാത്മകമായ തിളക്കം ലഭിച്ചത്.

ആത്മകഥയുടെ മറ്റൊരു രൂപമായി രചനകളെ മാറ്റിയ വൈക്കം മുഹമ്മദ് ബഷീര്‍ വിശപ്പിന്റെ കഥകള്‍ ഒട്ടേറെ എഴുതി. ബാല്യകാലസഖി, ശബ്ദങ്ങള്‍, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു, പാത്തുമ്മയുടെ ആട്, പ്രേമലേഖനം, മതിലുകള്‍ എന്നിങ്ങനെ ബഷീറിന്റെ നോവലുകളെല്ലാം പ്രമേയങ്ങളെ മൗലികമായി പരിചരിക്കുന്നതാണ്. ആഢ്യസംവേദനത്തെ സമ്പൂര്‍ണമായി തിരസ്കരിക്കുന്ന ശബ്ദങ്ങള്‍, മുസ്ലിം സമൂഹത്തിന്റെ മാറ്റം സൂചകമാക്കിയ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു വ്യക്തിദുഃഖങ്ങളുടെ ഓര്‍മക്കുറിപ്പുകളായ ഇതര രചനകള്‍ ഇവയെല്ലാം അനനുകരണീയമായ ഒരു ജീവിതം കണ്ടെത്തിയ അനനുകരണീയമായ ശൈലിയിലാണ് രചിക്കപ്പെട്ടത്. ദുരന്ത സ്വനത്തിന് കുറഞ്ഞ ഫലിതത്തിന്റെ മൂര്‍ച്ച ലഭിച്ചത് ബഷീറിന്റെ അനന്വയമായ ദര്‍ശനസിദ്ധി കൊണ്ടാണ്.

തകഴി ശിവശങ്കരപ്പിള്ള കുട്ടനാടിന്റെ കാഥികനാണ്. കര്‍ഷകത്തൊഴിലാളികളും ജന്മിമാരും മുതലാളിമാരും ബ്യൂറോക്രാറ്റുകളും വിപ്ലവകാരികളും തോട്ടികളും അദ്ദേഹത്തിന്റെ രചനകളില്‍ ഇടതിങ്ങിനില്ക്കുന്നു, തലയോട്, രണ്ടിടങ്ങഴി, തോട്ടിയുടെ മകന്‍, കയര്‍, ചെമ്മീന്‍ തുടങ്ങിയവ തകഴിയുടെ പ്രശസ്ത രചനകളാണ്. കേരള ജനതയുടെ പരിവര്‍ത്തനം വിവിധ നോവലുകളില്‍ ചിത്രീകരിച്ച തകഴി, കാല്പനികതയുടെ സാന്ദ്രതയോടെ പ്രകൃതിയെ കാണുന്നതിന്റെ പ്രൗഢനിദര്‍ശനമാണ്. കടലിനെക്കുറിച്ചുള്ള മിത്ത് കൊണ്ട് ജീവിതം മിനുക്കുന്ന മുക്കുവരുടെ കഥപറയുന്നു ചെമ്മീന്‍. സ്ഥലപരമായ ദര്‍ശനം തകഴിയുടെ സവിശേഷതയാകുന്നു.

പി. കേശവദേവ് എതിര്‍പ്പിന്റെ മൂല്യം ആവിഷ്കരിച്ച നോവലിസ്റ്റാണ്. അദ്ദേഹം തൊഴിലാളികളുടെ കഥ പറയുന്നതില്‍ മാത്രമല്ല, അവരെ സംഘടിത ശക്തിയാക്കുന്നതിന് പ്രവര്‍ത്തിക്കുക കൂടി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ നോവലുകളില്‍ ഏറ്റവും മികച്ചു നില്ക്കുന്നത് അയല്‍ക്കാരാണ്. ഭാവഗീതത്തിന്റെ ഒതുക്കത്തോടെ ഒരു റിക്ഷാത്തൊഴിലാളിയുടെ മനഃശുദ്ധിയുടെ കഥപറയുന്ന ഓടയില്‍ നിന്ന്, ഇന്ത്യാ-പാക് വിഭജനത്തോടെ ഭ്രാന്തന്‍ കലാപഭൂമിയായ ഇന്ത്യയെക്കുറിച്ചുള്ള രോദനമായ ഭ്രാന്താലയം എന്നിവ കേശവദേവിന്റെ മികച്ച രചനകളാണ്.

സഞ്ചാരപ്രിയനായ എസ്.കെ. പൊറ്റെക്കാട്ട് കാല്പനികമായ ചിത്രീകരണത്തില്‍ ഏറെ ശ്രദ്ധിച്ച ഇക്കാലത്തെ മറ്റൊരു നോവലിസ്റ്റാണ്. കുടിയേറ്റ സമൂഹത്തിനെ കേന്ദ്രീകരിച്ചെഴുതിയ വിഷകന്യക, തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകള്‍ പൊറ്റെക്കാട്ടിന്റെ കഥനസമഗ്രതയുടെ പൂര്‍ണരൂപം വെളിപ്പെടുത്തുന്നു. ഗൃഹാതുരത്വത്തോടെ മാത്രം വായിച്ചു പോകാവുന്ന നോവലാണ് ഒരു ദേശത്തിന്റെ കഥ.


ഉറൂബ് എന്ന പി.സി. കുട്ടിക്കൃഷ്ണന്‍ മനോമണ്ഡലത്തിലേക്ക് യാത്ര ചെയ്യുന്നതില്‍ തത്പരനായ നോവലിസ്റ്റാണ്. അദ്ദേഹത്തിന്റെ പ്രധാനനോവലുകളാണ് ഉമ്മാച്ചു, അമ്മിണിയും സുന്ദരികളും സുന്ദരന്മാരും. മലബാറിലെ കലുഷിതമായ ജാതിമത രാഷ്ട്രീയാന്തരീക്ഷത്തിന്റെ ചിത്രമാണ് സുന്ദരികളും സുന്ദരന്മാരും എന്ന നോവല്‍.

നോവല്‍ രംഗത്തെ ഈ മഹാരഥന്മാര്‍ക്കൊപ്പം സ്മരിക്കപ്പെടേണ്ട സമകാലികരായ നോവലിസ്റ്റുകളില്‍ നാഗവള്ളി (തോട്ടി), വെട്ടൂര്‍ രാമന്‍ നായര്‍ (ജീവിക്കാന്‍ മറന്നുപോയ സ്ത്രീ), സരസ്വതി അമ്മ (പ്രേമഭാജനം) തുടങ്ങിയവരുണ്ട്. സ്ത്രീപക്ഷത്തു നിന്നുള്ള കഥാവീക്ഷണം ശക്തമായി അവതരിപ്പിച്ച കാഥികയാണ് സരസ്വതി അമ്മ. വര്‍ഗസമരത്തിന്റെ പശ്ചാത്തലത്തില്‍ വള്ളുവനാടന്‍ ജീവിതത്തിന്റെ അപഗ്രഥനം ചെറുകാടിന്റെ മണ്ണിന്റെ മാറില്‍, മുത്തശ്ശി തുടങ്ങിയ നോവലുകളില്‍ സമൃദ്ധമാണ്.

ജനപ്രിയനോവല്‍ രചന പത്രമാസികകളുടെ വര്‍ധനവോടെ ഭാഷയില്‍ പ്രോത്സാഹിപ്പിക്കപ്പെട്ടു. മുട്ടത്തുവര്‍ക്കി, കാനം ഇ.ജെ. തുടങ്ങിയവരാണ് ഇത്തരം കൃതികള്‍ ധാരാളമായി എഴുതിയവരില്‍ പ്രധാനികള്‍. ഇക്കാലത്തു തന്നെ ഡിറ്റക്ടീവ് നോവലുകളുടെ പ്രളയവും ഉണ്ടായി. പാര്‍ശ്വവത്കരിക്കപ്പെട്ട ഇത്തരം നോവലുകള്‍ ഇന്നു പാടേ നിലച്ചിട്ടില്ല. പോഞ്ഞിക്കര റാഫിയുടെ സ്വര്‍ഗദൂതന്‍ ഭാഷയിലെ ആദ്യത്തെ ബോധധാരാനോവലാണ്. അദ്ദേഹത്തിന്റെ കാനായിലെ കല്യാണം തുടങ്ങിയ നോവലുകളില്‍ ഈ ശൈലി ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടില്ല.

സംവാദത്തിന്റെ കല ഉപയോഗപ്പെടുത്തിയ കെ. സുരേന്ദ്രന്‍ മനോവീക്ഷണത്തില്‍ ഏറെ ശ്രദ്ധിച്ച കുടുംബ നോവലിസ്റ്റാണ്. താളം, കാട്ടുകുരങ്ങ് തുടങ്ങിയവയില്‍ പരീക്ഷിച്ചു നോക്കിയ ഈ സങ്കേതം മരണം ദുര്‍ബലം, ഗുരു തുടങ്ങിയവയില്‍ പൂര്‍ണതയിലെത്തിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്.

ബിഗ് ബിസിനസ്സിന്റെ ലോകമാണ് ഇ.എം. കോവൂര്‍ നോവലിന് വിഷയമാക്കിയത്. മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ കഥകളാണ് കാട്, മുള, മലകള്‍, ഗുഹാജീവികള്‍ എന്നിവയെല്ലാം. ആശുപത്രിയുടെ ലോകം പരിചയപ്പെടുത്തുന്ന ജി. വിവേകാനന്ദന്റെ ഏറ്റവും മികച്ച കഥാപാത്രം ഈ ലോകത്തിലുള്‍പ്പെടാത്ത തന്റേടിയായ കള്ളിച്ചെല്ലമ്മയാണ്. മലയാറ്റൂര്‍ രാമകൃഷ്ണനും ഇ. വാസുവും ബ്യൂറോക്രസിയെ ചിത്രീകരിക്കുന്ന നോവലുകളെഴുതി, യന്ത്രം, ചുവപ്പുനാട എന്നിവ. എന്നാല്‍ ആത്മകഥാംശമുള്ള വേരുകള്‍ ആണ് രാമകൃഷ്ണന്റെ ഏറ്റവും കെട്ടുറപ്പുള്ള നോവല്‍. ചിന്തയിലും സാംസ്കാരിക പഠനത്തിലും അദ്വിതീയനായ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ ധാരാളം നോവല്‍ രചിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഗോത്രയാനം വേറിട്ടു നില്ക്കുന്നു. മരം, എണ്ണപ്പാടം, ദൈവത്തിന്റെ കണ്ണ് എന്നിവയില്‍ എന്‍. പി. മുഹമ്മദ് മുസ്ലിം സമൂഹത്തിന്റെ ജീവിതം ഒരു മിത്തുപോലെ ചിത്രീകരിക്കുന്നു. പാറപ്പുറത്ത്, ഏകലവ്യന്‍, നന്തനാര്‍, കോവിലന്‍ തുടങ്ങിയവരെ പട്ടാളകാഥികര്‍ എന്ന് ചേര്‍ത്തുവിളിച്ചിരുന്നു. അവരുടെ രചനകളില്‍ ബാരക്കുകളും യുദ്ധഭൂമിയുമായിരുന്നു പ്രധാന ജീവിതകേന്ദ്രങ്ങള്‍. ഭാവശൈലിയിലും ആഖ്യാന തീവ്രതയിലും കോവിലന്‍ ഇവരില്‍ മുന്തി നില്ക്കുന്നു. എ മൈനസ് ബി, ഏഴാമെടങ്ങള്‍, താഴ്വരകള്‍ എന്നിവയില്‍ നിന്ന് ഹിമാലയം, തോറ്റങ്ങള്‍, ഭരതന്‍ എന്നിവയിലേക്കുള്ള ഭാവപരമായ കുതിപ്പ് അമ്പരപ്പിക്കുന്നതാണ്. തട്ടകം അദ്ദേഹത്തിന്റെ ഐതിഹാസിക രചനയുടെ പൂര്‍ണരൂപമാകുന്നു. ആഖ്യാനത്തിലെ ആധുനികത കോവിലനെ ശ്രദ്ധേയനാക്കുന്നു.

പുരാണകഥകളുടെ സ്വതന്ത്രാഖ്യാനങ്ങള്‍ ദേശീയ നവോത്ഥാനത്തിന്റെ സാംസ്കാരികനേട്ടങ്ങളില്‍ ഒന്നായിരുന്നു. ഇതിഹാസങ്ങളിലെ നാനാര്‍ഥങ്ങള്‍ കാണുന്ന ഈ അന്വേഷണത്തിന് പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ മൗലികദീപ്തി നല്കി.

എം.ടി. വാസുദേവന്‍നായര്‍ കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ച കാഥികനാണ്. നാലുകെട്ട് എന്ന നോവലിന്റെ പ്രമേയം അണുകുടുംബത്തിലേക്ക് പതുക്കെ പതുക്കെ മാറുന്നതിന് കൂട്ടുകുടുംബങ്ങളിലെ പുതിയ തലമുറകളെ പ്രേരിപ്പിച്ച ബന്ധശൈഥില്യമാണ്. ഒറ്റപ്പെടലിന്റെ കവിതയാണ് മഞ്ഞ് എന്ന നോവല്‍. അസുരവിത്ത്, അറബിപ്പൊന്ന് (കൂട്ടുരചന), കാലം, രണ്ടാമൂഴം എന്നിവയാണ് എം.ടി.യുടെ പ്രഖ്യാതമായ മറ്റു നോവലുകള്‍. രണ്ടാമൂഴം മഹാഭാരതകഥാപാത്രമായ ഭീമസേനന്റെ സൂക്ഷ്മതലങ്ങളിലൂടെയുള്ള ഒരു നിഷേധിയുടെ വ്യഥ നിറഞ്ഞ പര്യടനമാണ്.

എം.ടി.യുടെ സമകാലികനായ ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ കൂട്ടുകുടുംബ പശ്ചാത്തലം കുറേക്കൂടി രൂക്ഷവും വാചാലവുമായി പ്രതിപാദിച്ച കാഥികനാണ്. ആത്മീയതയുടെ പരിസരങ്ങള്‍ മാലിന്യമാകുന്നതിനെക്കുറിച്ചുള്ള രോഷം ബലിക്കല്ല്, നാഴികമണി തുടങ്ങിയ നോവലുകളില്‍ ആത്മകഥാംശത്തോടെ അദ്ദേഹം വിവരിക്കുന്നു. രോഗം പ്രമേയമാക്കി അദ്ദേഹം രചിച്ച മനസ്സേ ശാന്തമാകൂ എന്ന നോവല്‍ മലയാള നോവലിലെ ഒറ്റപ്പെട്ട ഒരു കഥാശില്പമാണ്. ജലസമാധിയില്‍ അദ്ദേഹത്തിന്റെ ഭാഷ അസ്വസ്ഥതയെ സമീകരിക്കുന്ന അദ്ഭുതം കണ്ടെത്താം. പുതൂരിന്റെ ഇതിഹാസമായ നോവലാണ് ധര്‍മചക്രം.

ആക്ഷേപഹാസ്യത്തിന്റെ ചേരിയിലാണെങ്കിലും ഗൗരവപരമായ വെളിപ്പെടുത്തലുകള്‍ തികഞ്ഞതാണ് വി.കെ.എന്നിന്റെ നോവലുകള്‍. പിതാമഹന്‍, ആരോഹണം, സിന്‍ഡിക്കേറ്റ്, ജനറല്‍ ചാത്തന്‍സ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന നോവലുകള്‍. ഭാഷയുടെ ശ്ലീലാശ്ലീലതകളുടെ അതിര്‍വരമ്പ് അദ്ദേഹം പലപ്പോഴും ഭേദിച്ചു കളയുന്നു.

സി. രാധാകൃഷ്ണന്‍ എം.ടി.യെ അനുകരിച്ചാണ് തുടങ്ങിയത്. എന്നാല്‍ തന്റെ ജീവിതവുമായി ബന്ധപ്പെട്ട ശാസ്ത്രലോകം പിന്നീട് അദ്ദേഹത്തിന്റെ കഥനലോകമായി. സ്പന്ദമാപിനികളേ നന്ദിയാണ് ഇതില്‍ ഏറെ ശ്രദ്ധേയം. എല്ലാം മായ്ക്കുന്ന കടല്‍, പുഴ മുതല്‍ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, മുമ്പേപറക്കുന്ന പക്ഷികള്‍, ഇനിയൊരു നിറ കണ്‍ചിരി എന്നിങ്ങനെ പ്രമേയ സമഗ്രമാണ് രാധാകൃഷ്ണന്റെ രചനകള്‍.

നോവല്‍ പ്രത്യക്ഷവത്കരണമാണെന്ന് വിശ്വസിക്കുന്നു വിലാസിനി എന്ന എം.കെ. മേനോന്‍. ഇണങ്ങാത്ത കണ്ണികള്‍, ഊഞ്ഞാല്‍, ചുണ്ടെലി, യാത്രാമുഖം എന്നീ നോവലുകളിലെല്ലാം ബോധധാരാസമ്പ്രദായം ആഖ്യാനത്തിന് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മലയാളഭാഷയിലെ ഏറ്റവും ബൃഹത്തായ നോവല്‍ വിലാസിനിയുടെ അവകാശികള്‍ ആകുന്നു.

നമ്പൂതിരിസമുദായത്തിലെ പരിഷ്കരണ പ്രവണതകള്‍ ധാരാളം സാഹിത്യകൃതികള്‍ക്ക് നിദാനമായിട്ടുണ്ട്. ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷിയാകട്ടെ ആ ചരിത്ര സംഭവങ്ങളിലേക്കുള്ള ഒരു പിന്തിരിഞ്ഞുനോട്ടമാണ്. കാലമല്ല, കാലത്തിന്റെ ഗൃഹാതുരത്വമാണ് അഗ്നിസാക്ഷിയുടെ ആത്മാവ്.

പാര്‍ശ്വവത്കരിക്കപ്പെട്ട ആദിവാസിജനതയും ദലിത് വിഭാഗവും ഒട്ടേറെ നോവലുകളില്‍ പ്രമേയ സാധ്യത കണ്ടെത്തിയിട്ടുണ്ട്. പൊറ്റെക്കാട്ടിന്റെ വിഷകന്യകയില്‍ വേലിക്കപ്പുറം ഒളിഞ്ഞുനിന്നവരായിരുന്നു ആദിവാസികള്‍. കെ. നാരായണന്‍ നായരുടെ ഓലപ്പീപ്പിയും മുളന്തണ്ടുമാണ് ആദിവാസികളെ കേന്ദ്രീകരിച്ച് ആദ്യമെഴുതപ്പെട്ട ഇതര നോവല്‍. തുടര്‍ന്ന് നെല്ല്, ആഗ്നേയം, കൂമന്‍കൊല്ലി തുടങ്ങിയ നോവലുകളിലൂടെ ആദിവാസി ജീവിതത്തിലേക്ക് പി. വത്സല തീര്‍ഥയാത്ര നടത്തി. സമകാലിക ജീവിതത്തിന്റെ മുന്നിലേക്ക് ആദിവാസികളെ പിടിച്ചു നിര്‍ത്തിയ മറ്റൊരു കഥാകൃത്താണ് ടി.സി. ജോണ്‍ (ഉറാട്ടി) . പോള്‍ ചിറക്കരോട്, ടി.കെ.സി. വടുതല, വത്സല എന്നിവര്‍ ദലിത്ജീവിതത്തിന്റെ പ്രശ്നങ്ങള്‍ നോവലിന് ശക്തമായ വിഷയങ്ങളാക്കി. കെ.ജെ.ബേബിയുടെ മാവേലി മണ്‍റമാണ് തനതു വര്‍ഗത്തെക്കുറിച്ചുള്ള നോവലുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതി. ആദിവാസി സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവന്ന എഴുത്തുകാരനാണ് നാരായണ്‍. അദ്ദേഹത്തിന്റെ കൊച്ചരേത്തി ആ നിലയ്ക്ക് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്.

പെരുമ്പടവം ശ്രീധരന്‍ (അഭയം, ഒരു സങ്കീര്‍ത്തനം പോലെ), യു.എ.ഖാദര്‍ (ഖുറൈഷിക്കൂട്ടം, തൃക്കോട്ടൂര്‍പെരുമ), കെ.എല്‍. മോഹനവര്‍മ (ഓഹരി, ക്രിക്കറ്റ്), സാറാതോമസ് (നാര്‍മടിപ്പുടവ), കെ. രാധാകൃഷ്ണന്‍ (നഹുഷപുരാണം), കെ.ബി. ശ്രീദേവി (യജ്ഞം), പി. അയ്യനേത്ത് (വാഴ്വേമായം), എ.പി. കളയ്ക്കോട് (അഗ്നിഹോത്രം), ജി.എന്‍ പണിക്കര്‍ (കഥയിങ്ങനെ), പി.ആര്‍. ശ്യാമള (ശരറാന്തല്‍), ജി. ബാലചന്ദ്രന്‍ (ജക), ജോര്‍ജ് ഓണക്കൂര്‍ (ഇല്ലം), മാടമ്പു കുഞ്ഞുക്കുട്ടന്‍ (അശ്വത്ഥാമാവ്) എന്നിങ്ങനെ നോവലില്‍ വൈവിധ്യമുള്ള ജീവിതസാഹചര്യങ്ങള്‍ കൈകാര്യം ചെയ്ത നോവലിസ്റ്റുകള്‍ ഏറെയാണ്. കാലിക്കച്ചവടക്കാര്‍ (ചാട്ട-പി.ആര്‍. നാഥന്‍), താറാവുവളര്‍ത്തുകാര്‍ (താറാവ്-പി.കെ. മോഹനന്‍), ഈറ്റത്തൊഴിലാളികള്‍ (പനമ്പ്-ജേക്കബ് നായത്തോട്), കൊങ്കണി ബ്രാഹ്മണന്‍ (ദെവ്ലി-കെ.കൃഷ്ണന്‍ വാധ്യാര്‍), മണ്‍പാത്ര നിര്‍മാതാക്കള്‍ (പന്നഗം തോട്-ജോസഫ് മറ്റം), കോളജ് കാമ്പസ് (രാഗക്കുരുവികള്‍-തുളസി), പരമ്പരാഗത ശില്പവിദ്യക്കാര്‍ (രാജശില്പി-എടത്വ പരമേശ്വരന്‍) തുടങ്ങി വിവിധ വിഷയങ്ങള്‍ മലയാള നോവലിനു മിഴിവേകി. തീവ്രവാദപരമായ സമീപനങ്ങളും (പ്രകൃതിനിയമം-സി.ആര്‍. പരമേശ്വരന്‍), ഗാന്ധിയന്‍ പൈതൃകവും (അര്‍ധനഗ്നര്‍-പുഴങ്കര ബാലനാരായണന്‍), സ്ത്രീപക്ഷരചനകളും (അലാഹയുടെ പെണ്‍മക്കള്‍-സാറാജോസഫ്) മലയാള നോവലിനെ സമ്പന്നമാക്കിയിട്ടുണ്ട്.

നോവല്‍ നവീകരിക്കപ്പെടുന്നു. മലയാളിയുടെ നോവല്‍ സംസ്കാരത്തെ ശക്തമായി സ്വാധീനിച്ച രണ്ടു കൃതികളാണ് ഖസാക്കിന്റെ ഇതിഹാസവും ആള്‍ക്കൂട്ടവും. ഇതരകാഥികര്‍ കെട്ടിപ്പൊക്കിക്കൊണ്ടു നടന്ന പിരമിഡിയന്‍ രചനയില്‍ നിന്ന് ചാക്രികമായ ലോകവീക്ഷണം ലോകകഥയ്ക്കു സമ്മാനിച്ച ആഖ്യാന സംസ്കാരത്തിന്റെ മാതൃകകളാണ് അവ. അശാന്തനായ ഒരു മാനസിക സഞ്ചാരിയുടെ മനസ്സാണ് ഖസാക്കിന്റെ ഇതിഹാസം. വിജയന്റെ ധര്‍മപുരാണത്തിന്റെ വ്യത്യസ്തത മറ്റൊരു തലത്തിലാണ്. അതില്‍ വൈരൂപ്യത്തിന്റെ സൌന്ദര്യശാസ്ത്രവും ദുരാചാരത്തിന്റെ സദാചാരവുമാണ് രാഷ്ട്രീയ ധ്വനികളോടെ ആവിഷ്കരിക്കപ്പെടുന്നത്. ഗുരുസാഗരം ആത്മീയതയുടെ കേവലചിന്തകളിലേക്ക് ഉയര്‍ന്നു പോകുന്ന രചനയാണ്. മധുരംഗായതി, ആത്മീയമായ പ്രപഞ്ചദര്‍ശനവും പ്രവാചകന്റെ വഴി സ്നേഹത്തിന്റെ ആത്മീയതയും ഉള്‍ക്കൊള്ളുന്നു.

ആനന്ദിന്റെ രചനയാണ് നാഗരികബൗദ്ധികാന്തരീക്ഷം ഉള്‍ക്കൊള്ളുന്ന ആള്‍ക്കൂട്ടം. ആധുനിക ജീവിതത്തെ ഇളക്കിമറിച്ച ഈ ചിന്താപദ്ധതിയുടെ ആദ്യ മലയാള നോവല്‍ മാതൃകയാണ് ആള്‍ക്കൂട്ടം. ജൈവമനുഷ്യനെക്കുറിച്ചുള്ള അവബോധമാണ് അദ്ദേഹത്തിന്റെ ചിന്തയെ നയിക്കുന്നത്. അഭയാര്‍ഥികള്‍, മരുഭൂമികള്‍ ഉണ്ടാകുന്നത്, വ്യാസനും വിഗ്നേശ്വരനും, ഗോവര്‍ധന്റെ യാത്രകള്‍ എന്നിവയിലെല്ലാം ഇന്ത്യന്‍ അവസ്ഥയുടെ വിവിധ മുഖങ്ങള്‍ വിശകലനം ചെയ്യപ്പെടുന്നു.

മലയാള നോവലിനെ കാല്പനികമായ മയക്കത്തില്‍ നിന്ന് ഞെട്ടിച്ച് എഴുന്നേല്പിച്ച നോവലാണ് കാക്കനാടന്റെ അജ്ഞതയുടെ താഴ്വരകള്‍. വിപ്ലവരാഷ്ട്രീയത്തിന് സംഭവിക്കുന്ന ധര്‍മക്ഷയങ്ങള്‍ ആദര്‍ശശാലികളെ ഭ്രഷ്ടരാക്കുന്നതാണ് ഉഷ്ണമേഖലയിലെ പ്രതിപാദ്യം. കോഴി, സാക്ഷി, വസൂരി എന്നിവയില്‍ ആധുനികതയുടെ ആഗോള സംവേദനങ്ങളുടെയും ആഖ്യാനരീതികളുടെയും അംഗീകരണം കാണാം.

തന്റെ പരിചയാനുഭവങ്ങള്‍ കൊണ്ടാണ് കന്യാവനം, മരുന്ന് എന്നിവ പുനത്തില്‍ കുഞ്ഞബ്ദുള്ള രചിച്ചത്. മിത്തും ചരിത്രവുമെല്ലാം യോജിപ്പിച്ച് സ്വന്തം സമൂഹത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും വ്യക്തിസവിശേഷതകളും ആഖ്യാനം ചെയ്യുന്ന സ്മാരകശിലകള്‍ ആണ് അദ്ദേഹത്തിന്റെ മുഖ്യ രചന. എം. ടി. വാസുദേവന്‍ നായരും എന്‍. പി. മുഹമ്മദും കൂട്ടായി രചിച്ച അറബിപ്പൊന്നിന് ശേഷമുണ്ടായ ഒരു കൂട്ടരചനയാണ് കുഞ്ഞബ്ദുള്ളയും സേതുവും കൂടി ഒരുമിച്ച നവഗ്രഹങ്ങളുടെ തടവറ.

കൂട്ടംതെറ്റി മേയുന്നവരുടെ ലോകമാണ് മുകുന്ദന്റെ കൃതികളില്‍ അനാവരണം ചെയ്യപ്പെടുന്നത്. ഡല്‍ഹി, ഹരിദ്വാറില്‍ മണിമുഴങ്ങുന്നു, കൂട്ടംതെറ്റി മേയുന്നവര്‍ എന്നിവയില്‍ അലക്ഷ്യ താരുണ്യത്തെയാണ് പരിചയപ്പെടുന്നത്. ദൈവത്തിന്റെ വികൃതികള്‍, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, കേശവന്റെ വിലാപങ്ങള്‍ എന്നിവ മുകുന്ദന്റെ പില്ക്കാല കൃതികളാണ്. നൃത്തം, ദല്‍ഹിഗാഥകള്‍, പ്രവാസം എന്നിവയാണ് മുകുന്ദന്റെ ഏറ്റവും പുതിയ നോവലുകള്‍.

ഫാന്റസിയെ പിന്തുടരുന്ന നോവലിസ്റ്റാണ് സേതു. അദ്ദേഹത്തിന്റെ പ്രഖ്യാതമായ പാണ്ഡവപുരം അതേ പേരുള്ള ഗ്രാമത്തിന്റെ ആചാരത്തെക്കുറിച്ചുള്ള അറിവില്‍ കെട്ടിപ്പൊക്കിയ വിഭ്രാന്ത ലോകമാണ്. നിയോഗം, താളിയോല, അടയാളങ്ങള്‍ എന്നിവ സേതുവിന്റെ ഇതര രചനകളില്‍പ്പെടുന്നു.

യാഥാര്‍ഥ്യത്തെ നിസ്സംഗമായി കീറിമുറിക്കുന്നതിനും ആത്മകഥയും കഥയും സമന്വയിപ്പിക്കുന്നതിനും ശരീരധ്യാനത്തിന്റെ വെളിപാടുകളായി ഭാഷയെ മാറ്റുന്നതിനും ചെറുകഥയില്‍ ശ്രദ്ധിച്ച മാധവിക്കുട്ടിയുടെ പ്രതിഭ കടല്‍മയൂരം, മനോമി, രുക്മിണിക്കൊരു പാവക്കുട്ടി, മാനസി എന്നീ നോവലുകളിലും പ്രകടമാണ്. അനുഭവ സ്വാതന്ത്യ്രത്തിന് അവര്‍ ആര്‍ജവത്തോടെ പിന്തുണ നല്കുന്നു.

നോവലിനെ ആഖ്യാന പരീക്ഷണങ്ങള്‍ക്ക് ശക്തമായ മാധ്യമമാക്കിയതിനും മലയാള നോവല്‍സാഹിത്യ ചരിത്രം സാക്ഷിയാണ്. ടി.ആര്‍.-ന്റെ കൊരുന്ന്യോടത്ത് കോമൂട്ടി, കരൂര്‍ ശശിയുടെ മെതിയടിക്കുന്നു, കല്പറ്റ ബാലകൃഷ്ണന്റെ ചൂളിമല, യു.കെ. കുമാരന്റെ ഒരിടത്തുമെത്താത്തവര്‍, ഡി. വിനയചന്ദ്രന്റെ ഉപരികുന്ന്, മേതില്‍ രാധാകൃഷ്ണന്റെ സൂര്യവംശം, ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി, ബ്രാ, രവിയുടെ പാതിരാമണല്‍, കെ. രഘുരാമന്റെ ഭൂമിയുടെ പൊക്കിള്‍ക്കൊടി, എന്‍.എസ്. മാധവന്റെ ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ എന്നിവ പരീക്ഷണാംശങ്ങള്‍ കൊണ്ട് ശ്രദ്ധേയമത്രേ. മലയാള നോവലിലെ ഏറ്റവും സര്‍ഗാത്മക സാഹസികന്‍ മേതില്‍ രാധാകൃഷ്ണനാണ്.

ചടുലമായ മധ്യമാര്‍ഗം പിന്തുടര്‍ന്ന ഒട്ടേറെ പ്രതിഭാശാലികള്‍ രതിയും നര്‍മവും ഗൃഹാതുരത്വവും വിപ്ളവബോധവും ആക്ഷേപഹാസ്യവും ആഖ്യാനപരിഷ്കൃതിയോടെ നോവല്‍ വിഷയങ്ങളാക്കി. പി. പദ്മരാജന്‍ (നക്ഷത്രങ്ങളേ കാവല്‍), സക്കറിയ (ഭാസ്കരപട്ടേലരും എന്റെ ജീവിതവും), സി.വി. ബാലകൃഷ്ണന്‍ (ആയുസ്സിന്റെ പുസ്തകം), ടി.വി.കൊച്ചുബാവ (വൃദ്ധസദനം), മനോജ് (കാട്ടാളന്‍), കെ.പി. രാമനുണ്ണി (സൂഫി പറഞ്ഞ കഥ), വത്സലന്‍ വാതുശ്ശേരി (വാര്‍ഷികരേഖ), എന്‍. പ്രഭാകരന്‍ (തിയ്യൂര്‍ രേഖകള്‍), പി. സുരേന്ദ്രന്‍ (സാമൂഹ്യപാഠം), എം. സുകുമാരന്‍ (ശേഷക്രിയ, ജനിതകം), എം.പി. നാരായണപിള്ള (പരിണാമം), ഇ. ഹരികുമാര്‍, അക്ബര്‍ കക്കട്ടില്‍ എന്നിങ്ങനെ. പ്രമേയപരമായി പുതിയ കാലത്തെ ശ്രദ്ധേയമായ നോവലാണ് കരുണാകരന്റെ യുദ്ധകാലത്തെ നുണയും മരക്കൊമ്പിലെ കാക്കയും. നോവലിസ്റ്റുകളില്‍ വനിതകളുടെ പ്രാതിനിധ്യവും പ്രകടമായി വരുന്നുണ്ട്. എം.ഡി. രത്നമ്മ, മല്ലികായൂനസ്, ചെല്ലമ്മ ജോസഫ്, ചന്ദ്രകല എസ്. കമ്മത്ത്, ബിം.എം. സുഹ്റ, കെ.ആര്‍. മീര എന്നിങ്ങനെ. എങ്കിലും സ്ത്രീത്വത്തെ സമഗ്രമായ ക്ഷോഭവാസനയോടെ കണ്ട മാധവിക്കുട്ടിയെ മാനസികമായി പിന്തുടര്‍ന്ന സാറാ ജോസഫിന്റെ ആലാഹായുടെ പെണ്‍മക്കളും ഒതപ്പും അപൂര്‍വശോഭയുള്ള സ്ത്രൈണശക്തി ഉള്‍ക്കൊള്ളുന്നു. കെ.ആര്‍. മീരയുടെ ആരാച്ചാര്‍ ഭാവഗൗരവംകൊണ്ട് ഭാഷാപരിമിതിയെ അതിലംഘിക്കുന്ന ഇന്ത്യന്‍ നോവലത്രെ.

പ്രവാസി സാഹിത്യകാരന്‍ എന്ന നിലയില്‍ ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ അനുഭവതീക്ഷ്ണതകൊണ്ടും നവ്യമായ ആഖ്യാനശൈലികൊണ്ടും വേറിട്ടുനില്ക്കുന്നതാണ്. മനുഷ്യന് ഒരാമുഖം എന്ന നോവലിലൂടെ സുഭാഷ് ചന്ദ്രനും മലയാള സാഹിത്യത്തിന്റെ പുതിയ പ്രതീക്ഷയായി മാറിയിട്ടുണ്ട്. ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലിലൂടെ റ്റി.ഡി. രാമകൃഷ്ണനും.

മലയാള സാഹിത്യത്തില്‍ ചില ചേരികള്‍ ഇന്ന് സജീവമാണ്. ദലിത് സാഹിത്യം, സ്ത്രീപക്ഷ സാഹിത്യം, പ്രവാസി സാഹിത്യം, ക്രിസ്ത്യന്‍ സാഹിത്യം, ഹൈന്ദവ സാഹിത്യം, മുസ്ലിം സാഹിത്യം, സെക്കുലര്‍ സാഹിത്യം എന്നിങ്ങനെ. ഈ ചേരികളെല്ലാം സാഹിത്യത്തില്‍ അവര്‍ പിന്തുടരുന്ന ആശയങ്ങളുടെയും സമീപനങ്ങളുടെയും ക്രോഡീകരണമാണ്. പുതിയ രചനാസങ്കേതങ്ങള്‍ ഉപയോഗിക്കുന്ന ഒരുകൂട്ടം നോവലിസ്റ്റുകള്‍ ഇന്നുണ്ട്. അവര്‍ അനുഭവങ്ങളുടെ സൂക്ഷ്മതകള്‍ക്ക് ആഖ്യാനത്തിന്റെ വൈചിത്ര്യങ്ങള്‍ ഒരുക്കാന്‍ ഏറെ പ്രയത്നിക്കുന്നുണ്ട്.

ചെറുകഥയുടെ ലോകം

ആദ്യകാഥികര്‍.

കേരളത്തിലെ കഥാപരമായ നാടന്‍ പാട്ടുകള്‍ പദ്യത്തിലുള്ള വാങ്മയങ്ങള്‍ ആണ്. അവയുടെ ഘടന ചെറുകഥകളുടേതാണെങ്കിലും ചെറുകഥ എന്നു വിളിക്കാത്തതിന് ഒരു കാരണമേ ഉള്ളൂ. അവ ഗദ്യത്തില്‍ രചിക്കപ്പെട്ടതല്ല. രേഖപ്പെടുത്താത്ത എത്രയോ മുത്തശ്ശിക്കഥകള്‍ ഭൂതകാല കേരളത്തിന്റെ സ്മരണകളിലുണ്ട്. ചരിത്രവും പുരാണങ്ങളും ഐതിഹ്യങ്ങളും അവയില്‍ സജീവമായ ചെറുകഥയുടെ ഘടന അണിയുന്നു. എന്നാല്‍ പാശ്ചാത്യസമ്പര്‍ക്കത്തോടെയാണ് ചെറുകഥ വ്യക്തിത്വമുള്ള ഒരു ഗദ്യസാഹിത്യരൂപമായി അനുഭവപ്പെട്ടു തുടങ്ങുന്നത്. മലയാള ചെറുകഥയ്ക്കും മിഷനറി ദൗത്യത്തിന്റെ പശ്ചാത്തലം കാണുന്നു. മിഷനറി സ്കൂളിലെ പാഠപുസ്തകങ്ങളില്‍ ബൈബിളില്‍ നിന്നുള്ള സാരോപദേശ കഥകള്‍ തര്‍ജുമ ചെയ്തു ചേര്‍ത്തിരിക്കുന്നു. ചെറുപൈതങ്ങള്‍ക്ക് ഉപകാരാര്‍ഥം, ഇംഗ്ലീഷില്‍ നിന്നു പരിഭാഷപ്പെടുത്തിയ കഥകള്‍ (1829) ഇത്തരം കഥാഗ്രന്ഥങ്ങളില്‍ ഏറ്റവും പഴക്കമുള്ളതാണ്. കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ പ്രസിദ്ധപ്പെടുത്തിയ വിജ്ഞാന മഞ്ജരിയിലെ 'രണ്ടു യാചകന്മാരായ ചെറുപ്പക്കാരുടെ കഥ', ജ്ഞാനനിക്ഷേപം എന്ന ആനുകാലികത്തിലെ 'ആനയെയും തുന്നനെയും കുറിച്ചുള്ള കഥ' (1849), വിദ്യാവിലാസിനി എന്ന സാഹിത്യമാസികയിലെ ഒരു കല്ലന്‍ (1881) എന്നിവ ആദ്യകാലത്തെ ചെറുകഥാരൂപങ്ങളാണ്. വിദ്യാവിനോദിനിയില്‍ പ്രസിദ്ധീകരിച്ച വാസനാവികൃതി (1891) എന്ന അപസര്‍പ്പക കഥ(വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടേതെന്ന് ഉള്ളൂര്‍)യാണ് ആദ്യ ചെറുകഥയെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. സ്വതന്ത്രമായ ഒരു ഇതിവൃത്തം രസാത്മകമായി കൈകാര്യം ചെയ്യുന്ന കഥയാണിത്. വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍, കെ. സുകുമാരന്‍, എ.ആര്‍.കെ.സി., അമ്പാടി നാരായണപ്പൊതുവാള്‍, സി.എസ്. ഗോപാലപ്പണിക്കര്‍, മൂര്‍ക്കോത്തു കുമാരന്‍ തുടങ്ങിയവരുടേതാണ്. ചെറുകഥാചരിത്രത്തിലെ ആദ്യതലമുറയില്‍പ്പെട്ടവര്‍ വിദ്യാവിലാസിനി, ഭാഷാപോഷിണി, രസികരഞ്ജിനി, ശാരദ, വിദ്യാവിനോദിനി തുടങ്ങിയവ അക്കാലത്തെ ആനുകാലികങ്ങളില്‍ ധാരാളം കഥകള്‍ പ്രസിദ്ധീകരിച്ചു. മൂര്‍ക്കോത്തു കുമാരന്റെ ചില കഥകളില്‍ പ്രകടമായ സാമൂഹ്യ പരിവര്‍ത്തനോത്സാഹം കാണുന്നു.

ഇക്കാലത്തെ പ്രാതിനിധ്യസ്വഭാവമുള്ള കഥകളാണ് കണ്ണിപ്പറമ്പിലെ കൊലപാതകന്‍ (എം.ആര്‍.കെ.സി), 'കുഞ്ഞു നമ്പൂതിരിയുടെ രണ്ടാം വേളി' (തേലപ്പുറത്ത് നാരായണന്‍ തമ്പി), 'ഞാനും മഹാത്മാവും' (വി.കെ. തോമസ്), 'ഒരു ഭര്‍ത്താവിന്റെ മനസ്താപം' (കെ. ശങ്കരക്കുറുപ്പ്), 'കനകലത' (പെരിഞ്ചേരി രാമന്‍ മേനോന്‍), 'സ്വതന്ത്ര തമസ്' (ചിത്രമെഴുത്ത് കെ.എം. വര്‍ഗീസ്) തുടങ്ങിയവ. മലയാളത്തില്‍ ആദ്യത്തെ സ്വതന്ത്ര ചെറുകഥ എഴുതിയ കാഥിക എം. സരസ്വതിഭായിയാണെന്ന് അഭിപ്രായമുണ്ട്. 'കഥ', 'തലച്ചോറില്ലാത്ത സ്ത്രീകള്‍' (1911 ഭാഷാപോഷിണി), ഒരു കൊലപാതകിയുടെ മനസ്സാക്ഷിയും അയാളുടെ മോഹവും തമ്മിലുള്ള സംഘര്‍ഷം ചിത്രീകരിക്കുന്ന അമ്പാടി നാരായണി അമ്മയുടെ 'മനസ്സാക്ഷിയും മോഹവും' ഇക്കാലത്തെ ഏറ്റവും ശ്രദ്ധേയമായ കഥയാണ്.

ഉപരിവര്‍ഗ ഉന്നതകുലജാതരുടെ കലാരൂപമായി ചെറുകഥ മാറിയതിനെ പരിഹസിക്കുന്ന വേറൊരു കഥാരത്നമാല-പ്രഥമഗുച്ഛകം ഇക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. ഇ.വി. കൃഷ്ണപിള്ളയുടെ ചെറുകഥകളാണ് തുടര്‍ന്ന് വിഷയവൈവിധ്യം കൊണ്ടും രചനാപരമായ പുതുമകള്‍ കൊണ്ടും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇക്കാലത്തെ കഥാസാഹിത്യത്തിന് ലഭിച്ച അനശ്വരമായ നേട്ടം കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയാണ്. വാങ്മയമായി പ്രചരിച്ചിരുന്ന ഐതിഹ്യങ്ങള്‍ അക്കാലത്തെ അന്തരീക്ഷത്തിനും ആചാരവിശ്വാസങ്ങള്‍ക്കും ഒട്ടും പോറലേല്പിക്കാതെ പുനരാഖ്യാനം നിര്‍വഹിച്ച ഈ ഉപന്യാസ കഥകള്‍ മലയാളിയുടെ മനസില്‍ ഇന്നും സജീവ സാന്നിധ്യമാണ്.

കേസരിയും പില്ക്കാലവും.

കേരളത്തിന്റെ സാഹിത്യാവബോധത്തെ വിപ്ലവകരമായി പരിഷ്കരിക്കുന്നതിന് കാരണക്കാരനായ കേസരി ബാലകൃഷ്ണപിള്ള പാശ്ചാത്യകഥകളുടെ സൗന്ദര്യശാസ്ത്രം ചര്‍ച്ചാവിഷയമാക്കുകയും ലോകകഥകള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ജീവിതത്തോടു സജീവ ബന്ധമുള്ള കഥകള്‍ രചിക്കുന്നതിന് മാര്‍ഗനിര്‍ദേശം നല്കുകയും യൂറോപ്യന്‍ സാഹിത്യപ്രസ്ഥാനങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തു. യഥാതഥ പ്രസ്ഥാനവുമായി ബന്ധപ്പെട്ട കഥകള്‍ രചിച്ച ആദ്യകാല കാഥികര്‍ സി. അച്യുതക്കുറുപ്പ്, എം.ആര്‍.ബി, കെ.എന്‍. എഴുത്തച്ഛന്‍, വി.ടി. ഭട്ടതിരിപ്പാട്, മൂത്തിരിങ്ങോട്ടു ഭവത്രാതന്‍ നമ്പൂതിരിപ്പാട്, സി.ബി. കുമാര്‍, വി.കെ. അമ്മുണ്ണി, ഗ്രാമീണന്‍, എസ്.കെ.ആര്‍. കമ്മത്ത്, വി.വി. മേനോന്‍ തുടങ്ങിയവരാണ് കുടുംബബന്ധങ്ങളിലെ അസ്വാരസ്യങ്ങള്‍, സമുദായപരമായ അനാചാരങ്ങള്‍, വിഭ്രാന്തമായ മാനസികാവസ്ഥകളുടെ സ്വാഭാവികമായ ആവിഷ്കാരങ്ങള്‍, ദാരിദ്ര്യം, അധഃസ്ഥിതരുടെ ജീവിതദുരിതങ്ങള്‍, സാമൂഹ്യവിപ്ലവ പ്രശ്നങ്ങള്‍, ജീവിതത്തിലെ വ്യര്‍ഥതകള്‍, സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഇവയെല്ലാം ഈ കാഥികരുടെ രചനകളില്‍ സവിശേഷ ശക്തിയോടെ നാം അനുഭവിക്കുന്നു. ഇവരുടെ കാലത്തുതന്നെ എഴുതിത്തുടങ്ങുകയും കഥാവീക്ഷണത്തില്‍ സ്വതന്ത്രവും മൗലികവും ആയ രീതി പിന്തുടരുകയും ചെയ്ത കേശവദേവ്, തകഴി, ബഷീര്‍, പൊന്‍കുന്നംവര്‍ക്കി തുടങ്ങിയവരാണ് നവോത്ഥാന കാഥികര്‍ എന്ന് ഏറെ പ്രശസ്തരായവര്‍.

തകഴി പുതിയ സംവേദനത്തിന്റെ ഭാഗത്തു നിന്നാണ് എഴുത്ത് ഗൗരവതരമാക്കിയത്. അനുഭവങ്ങള്‍ സൂക്ഷ്മമായി ഉള്‍ക്കൊണ്ടതിന്റെ ഫലമാണ് അദ്ദേഹത്തിന്റെ കഥകള്‍. അവ ലക്ഷ്യബോധമുള്ളതുമാണ്. പുരോഗമനാശയങ്ങളുടെ ചേരിയില്‍ ഉറച്ചു നിന്ന് ഈ കഥാകൃത്ത് കര്‍ഷകത്തൊഴിലാളികളുടെയും താണവര്‍ഗക്കാരുടെയും മധ്യവര്‍ഗത്തിന്റെയും കഥകള്‍ ധാരാളം എഴുതിയിട്ടുണ്ട്. അവ അദ്ദേഹം അടുത്തുനിന്നു നോക്കിക്കണ്ടവയാണ്. മനസ്സില്‍ കൊള്ളുന്ന വിധം നാട്ടിന്‍പുറത്തെ ഭാഷ ഉപയോഗിച്ച് അദ്ദേഹം കഥാരചന നിര്‍വഹിക്കുന്നു. നാട്ടിന്‍പുറത്തെ നിഷ്കളങ്കരായ മനുഷ്യര്‍, കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ കഥകളില്‍ നിറഞ്ഞു നില്ക്കുന്നു. നാടന്‍ ഭാഷയും ചിന്തയും കൊണ്ടു തന്നെ മികച്ച ഊന്നലുകള്‍ ആഖ്യാനത്തിനു നല്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 'വെള്ളപ്പൊക്കത്തില്‍', 'വെളുത്തകുഞ്ഞ്', 'തഹസീല്‍ദാരുടെ അച്ഛന്‍', 'ദീര്‍ഘയാത്ര', 'മാഞ്ചുവട്ടില്‍', 'ഇങ്ക്വിലാബ്' തുടങ്ങിയ കഥകളില്‍ അദ്ദേഹത്തിന്റെ ഭാവരൂപപരമായ വൈവിധ്യവും സാങ്കേതികമായ പക്വതയും തെളിഞ്ഞുകാണുന്നു.

കേരളത്തിലെ ദരിദ്രരായ പ്രൈവറ്റ്സ്കൂള്‍ അധ്യാപകരും സാധുകര്‍ഷകരുമായിരുന്നു കാരൂരിന്റെ പ്രിയ കഥാപാത്രങ്ങള്‍. വാധ്യാര്‍ കഥകളെഴുതിയ കാഥികന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. 'പൊതിച്ചോറ്', 'പെന്‍ഷന്‍', 'ഉത്തരക്കടലാസ്', 'അദ്ഭുത മനുഷ്യര്‍' തുടങ്ങിയ അത്തരം കഥകള്‍ നിരവധിയാണ്. വ്യംഗ്യമധുരമായും അഭിജാതമായും ഏതു ഭാവം അവതരിപ്പിക്കുന്നതിനും കാരൂരിനുള്ള കഴിവ് 'പൂവമ്പഴം', 'മരപ്പാവകള്‍', 'മോതിരം' എന്നിവയില്‍ കാണാം.

വൈക്കം മുഹമ്മദ്ബഷീര്‍ സ്വാതന്ത്ര്യ സമരപോരാളിയും സഞ്ചാരിയും യാഥാര്‍ഥ്യവും വിഭ്രാന്തിയും സര്‍ഗാത്മകമായി ഇണചേര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമയും ആയിരുന്നു. വിശക്കുന്നവരും ശരീരംവിറ്റു ജീവിക്കേണ്ടി വരുന്നവരും കള്ളന്മാരും വിരൂപികളുമെല്ലാം അദ്ദേഹത്തിന്റെ കഥാലോകത്തിലെ സാന്നിധ്യങ്ങളായി. പ്രേതങ്ങളും സ്വാതന്ത്ര്യസമരസേനാനികളും ഭൂമിയുടെ എല്ലാ അവകാശികളും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളാണ്. ഈ കാലഘട്ടത്തിന്റെ കാഥികരില്‍ ഏറ്റവും വ്യത്യസ്തനായിരുന്നു ബഷീര്‍. 'ഒരു ജയില്‍പ്പുള്ളിയുടെ ചിത്രം' എന്ന കഥയിലെ മറിയാമ്മ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ മഹത്ത്വകാലം അനുഭവിപ്പിക്കുന്ന അസാധാരണ പരിവേഷമുള്ള ഒരു മാതൃകയാണ്. 'തേന്മാവ്', 'നിലാവു കാണുമ്പോള്‍', 'നീലവെളിച്ചം' തുടങ്ങിയവ ഭ്രമാത്മക കഥകളാണ്. ഒരു വാര്‍ത്തയുടെ സര്‍ഗാത്മകമായ വിപുലനമാണ് 'വിശ്വവിഖ്യാതമായമൂക്ക്'. 'മുച്ചീട്ടുകളിക്കാരന്റെ മകള്‍', 'എട്ടുകാലിമമ്മൂഞ്ഞ്', 'ആനവാരിയും പൊന്‍കുരിശും', 'സ്ഥലത്തെ പ്രധാന ദിവ്യന്‍', ഇവയിലെല്ലാം ഫലിതമോ ആക്ഷേപഹാസ്യമോ കൊണ്ടാണ് ശൈലി മിനുക്കിയിരിക്കുന്നത്.

മതാധിപത്യത്തെയും സ്വേച്ഛാധിപത്യത്തെയും ശക്തമായി വിമര്‍ശിക്കുന്നവയാണ് പൊന്‍കുന്നം വര്‍ക്കിയുടെ ചെറുകഥകള്‍. പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പം സഞ്ചരിച്ച വര്‍ക്കി പുരോഹിതവര്‍ഗത്തിന്റെ സദാചാരച്യുതിക്കെതിരെ ക്രൈസ്തവ മതത്തിന്റെ മതപരിവര്‍ത്തന പ്രവണതകള്‍ക്കെതിരെ നിരവധി കഥകള്‍ എഴുതി. 'അന്തോണീ നീയും അച്ഛനായോടാ', 'ബൈബിള്‍', 'രണ്ടു ചിത്രം', 'വിരുന്നുകാരി' തുടങ്ങിയ കഥകള്‍. 'വിത്തുകാള', 'ശബ്ദിക്കുന്ന കലപ്പ' എന്നീ കഥകള്‍ പൊന്‍കുന്നം വര്‍ക്കിയുടെ കഥാഖ്യാന ചാരുതയ്ക്കും ആഴമേറിയ മാനവികതയ്ക്കും മികച്ച ഉദാഹരണങ്ങളാണ്.

ലളിതാംബിക അന്തര്‍ജനവും സ്വന്തം സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച കാഥികയാണ്. 'കുറ്റസമ്മതം', 'രാത്രിയുടെ കഥ', 'മൂടുപടത്തില്‍', 'പ്രതികാരദേവത', 'ജീവിതവും മരണവും' എന്നിങ്ങനെ സമുദായ പരിഷ്കരണത്തിലൂന്നിയ ഒട്ടേറെ കഥകള്‍ അവര്‍ എഴുതി. ജന്മിത്തത്തിന്റെ പതനം അനിവാര്യമാണെങ്കിലും അതു സൃഷ്ടിച്ച ചില മാനുഷിക പ്രശ്നങ്ങള്‍ ഒരെഴുത്തുകാരിക്ക് കാണാതിരിക്കാനാവില്ല. 'മനുഷ്യപുത്രി' എന്ന ഹൃദയാവര്‍ജകമായ കഥയുടെ പ്രമേയം ഈ പ്രശ്നങ്ങളാണ്. പൊന്‍കുന്നം വര്‍ക്കിയുടെ 'ശബ്ദിക്കുന്ന കലപ്പപോലെ' വളര്‍ത്തു മൃഗവും മനുഷ്യനും തമ്മിലുള്ള ഹൃദയബന്ധമാണ് 'മാണിക്കന്‍'എന്ന കഥ.

എസ്.കെ. പൊറ്റെക്കാട്ട് കവിയും കാഥികനും സോഷ്യലിസ്റ്റും സഞ്ചാരിയുമായിരുന്നു. കാല്പനികതയുടെ വെളിച്ചത്തിലാണ് അദ്ദേഹത്തിന്റെ കഥകള്‍ പലതും പിറവിയെടുത്തിട്ടുള്ളത്. 'പുള്ളിമാന്‍', 'ഒട്ടകം', 'അന്തകന്റെ തൊട്ടി', 'ടൈംപീസിന്റെ കഥ', 'ഭ്രാന്തന്‍ നായ', 'ഏഴിലം പാല', 'കൊഹേരി' എന്നിവയെല്ലാം ശക്തമായ കഥാസാന്നിധ്യമുള്ള രചനകളാണ്.

'മനുഷ്യന് നന്മയിലുള്ള വിശ്വാസം എന്നെ വിങ്ങി വിങ്ങിക്കരയിപ്പിക്കുന്നു, പരിഹസിപ്പിക്കുന്നു' എന്ന് എഴുതിയ കാഥികനാണ് ഉറൂബ്. മനുഷ്യസ്നേഹം കൊണ്ടു വലയുന്ന മനുഷ്യരെ കാണണമെങ്കില്‍ ഉറൂബിലേക്കു കടന്നു ചെല്ലണം, ഗോപാലന്‍ നായര്‍ ('ഗോപാലന്‍ നായരുടെ താടി'), കഥാകാരന്‍ ('നനഞ്ഞ സായാഹ്നം'), മൗലവി ('പൊന്നു തൂക്കുന്ന തുലാസ്') തുടങ്ങിയവ.

പെണ്മ തന്റെ നിലപാടും വിഷയവുമായി അംഗീകരിച്ച കാഥികയാണ് കെ. സരസ്വതി അമ്മ. സമുദായത്തിലുള്ള സ്ത്രീയുടെ വിമോചനമല്ല സരസ്വതി അമ്മ ലക്ഷ്യമാക്കുന്നത്. സ്ത്രീ എന്ന നിലയ്ക്കു തന്നെയുള്ള സ്വാതന്ത്ര്യമാണ്. രമണന്‍ വായിച്ചിട്ട് സരസ്വതി അമ്മയ്ക്ക് തോന്നിയത് ചന്ദ്രികയെ സാധൂകരിക്കണമെന്നാണ്. 'സ്ത്രീജന്മം', 'കീഴ്ജീവനക്കാരി', 'പെണ്‍ബുദ്ധി', 'എല്ലാം തികഞ്ഞ ഭാര്യ' തുടങ്ങിയ കഥകളിലൂടെ സ്വതന്ത്രമായ സ്ത്രൈണഭാവുകത്വത്തിന് ശക്തമായ അടിത്തറ അവര്‍ സ്ഥാപിച്ചു.

മലയാള ചെറുകഥയില്‍ ഇംപ്രഷനിസത്തിന്റെ ശൈലി പ്രയോഗിച്ചു നോക്കിയ ആദ്യ കാഥികനാണ് പുളിമാന പരമേശ്വരന്‍പിള്ള. റിയലിസവും റൊമാന്റിസിസവും ശക്തമായ കഥാപ്രേരണകളായിരുന്ന കാലത്ത് അവയോടൊപ്പം ഇംപ്രഷനിസവും എക്സ്പ്രഷനിസവും അദ്ദേഹം രചനകളില്‍ പരീക്ഷിച്ചു. 'പ്രതിമ', 'ശകുന്തള', 'അടഞ്ഞവാതിലുകള്‍', 'മഴവില്ല്' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മികച്ച കഥകള്‍.


ജനപ്രിയ നോവലുകള്‍ കൊണ്ട് ശ്രദ്ധേയനായ മുട്ടത്തുവര്‍ക്കിയുടെ മിക്ക ചെറുകഥകളിലും മധ്യതിരുവിതാംകൂര്‍ ക്രൈസ്തവ പശ്ചാത്തലം തന്നെയാണുള്ളത്. ധാര്‍മിക നീതികള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന വര്‍ക്കി സമൂഹത്തിലും കുടുംബത്തിലും നിലനില്ക്കേണ്ട സൗമ്യമായ അന്തരീക്ഷം തന്റെ കൃതികളുടെ കഥാഘടനയില്‍ നിലനിര്‍ത്തുന്നു. വെട്ടൂര്‍ രാമന്‍നായരും പാവങ്ങളുടെ കാഥികനാണ്. 'ദാനത്തെങ്ങ്', 'ദേവദാസി', 'അശാസ്ത്രീയമായ ഒരു സ്നേഹം', 'വ്യാകുലമാതാവ്' തുടങ്ങിയവ പ്രധാന കഥകള്‍. 'രണ്ടു തലമുറ', 'ചങ്ക്രാന്തി അട', 'ജാതിയെന്താ' തുടങ്ങിയ കഥകളിലൂടെ ടി.കെ.സി. വടുതല ചിത്രീകരിക്കുന്നത് ദലിതരുടെ പ്രമേയങ്ങളാണ്. വടക്കേ മലബാറിന്റെ അന്തരീക്ഷമാണ് പി.എ. മുഹമ്മദ്കോയയുടെ കഥകളില്‍. മുസ്ലിങ്ങളുടെ പുരോഗതിക്കു വിഘാതം സൃഷ്ടിക്കുന്ന ആചാരങ്ങളെ അദ്ദേഹം തന്റെ കഥകളില്‍ വിമര്‍ശിക്കുന്നു. കളിക്കാരുടെ ദയനീയാവസ്ഥയിലേക്കുള്ള ആര്‍ദ്രമായ വീക്ഷണമാണ് അദ്ദേഹത്തിന്റെ 'സ്പോര്‍ട്സ്മാന്‍'. ക്രിസ്തീയ സമൂഹത്തിനുണ്ടാവേണ്ട പരിഷ്കരണത്തെക്കുറിച്ച് കഥകളിലൂടെ ചിന്തിച്ച എഴുത്തുകാരനാണ് പോഞ്ഞിക്കര റാഫി. അദ്ദേഹത്തിന്റെ ഫുട്ട്റൂള്‍ പൈതൃകമുദ്രയുടെ പഠനമെന്ന് അവകാശപ്പെടാവുന്ന അസാധാരണ കഥയാണ്. സി.എ.കിട്ടുണ്ണി, ആര്‍.എസ്. കുറുപ്പ്, ഡി.എം. പൊറ്റെക്കാട്ട്, സരളാരാമവര്‍മ എന്നിങ്ങനെ കാഥികരുടെ സുസജ്ജമായ ഒരു കൂട്ടായ്മ ആ കാലഘട്ടത്തിലുണ്ട്. വേളൂര്‍ കൃഷ്ണന്‍കുട്ടി ചെറുകഥയില്‍ ഫലിതത്തില്‍ മാത്രം മുഴുകിയ കാഥികനാണ്. ഈ തലമുറയില്‍ നിന്ന് പില്ക്കാല തലമുറയിലേക്ക് പടര്‍ന്ന പ്രതിഭകളാണ് എം. ഗോവിന്ദനും, (ബഷീറിന്റെ-'പുന്നാര മൂഷികന്‍'), വി.കെ.എന്‍ എന്ന പുരുഷഹാസ്യവും ('പയ്യന്‍ കാലഘട്ടത്തിലെ പയ്യന്‍', 'പയ്യന്റെ കാലം', 'പയ്യന്റെ യാത്രകള്‍', 'പയ്യന്റെ സമരം'). ഗോവിന്ദന്‍ ദര്‍ശനവും രൂപസന്നിവേശവും കൊണ്ടും വി.കെ.എന്‍. മൗലികമായ ഭാഷാന്തര സന്നാഹം കൊണ്ടും വേറിട്ടുനില്‍ക്കുന്നു. എന്നാല്‍ സര്‍ഗാത്മകത വി.കെ.എന്നിന് ഏറും.‌‌

ആധുനികതയുടെ തുടക്കം.

മലയാള ചെറുകഥാരംഗത്ത് കാല്പനികതയും ആധുനികതയും കഥന തീവ്രതയുടെ സൗന്ദര്യശാസ്ത്രം പിന്തുടരാന്‍ തുടങ്ങിയത് ടി. പദ്മനാഭനോടെയാണ്. പാര്‍ശ്വവത്കരിക്കപ്പെടുന്ന നന്മകളെക്കുറിച്ചുള്ള ആത്മീയവേദനയാണ് പദ്മനാഭന്റെ കഥകളുടെ മുഖ്യഭാവം. മലയാളകഥയ്ക്ക് മാനസിക യൗവനം ലഭിച്ചത് പദ്മനാഭനോടെയാണ്. 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി', 'മുഖന്‍സിങ്ങിന്റെ മരണം', 'കാലഭൈരവന്റെ ഗൗരി', 'കുടയനെല്ലൂരിലെ സ്ത്രീ', 'കത്തുന്ന രഥചക്രം', 'പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക്' തുടങ്ങിയ കഥകള്‍ മലയാള സാഹിത്യത്തിലെ ഏറ്റവും വിലപ്പെട്ട കഥാശില്പങ്ങളാണ്.

ലാവണ്യബോധത്തിന്റെ മാതൃകാ രൂപങ്ങളാണ് എം.ടി.യുടെ കഥകള്‍. നോവലിലെന്നപോലെതന്നെ അദ്ദേഹം തന്റെ പരിചയ സീമകളിലാണ് കഥാബീജങ്ങള്‍ കണ്ടെത്തുന്നത്. ഏറെയും ആത്മനിഷ്ഠമാണെങ്കിലും കഥാകാരന്‍ നിസ്സംഗതയോടെ പലകഥകളിലും മാറ്റി നിര്‍ത്തുന്നു. അമര്‍ഷത്തിന്റെ അനുരണനം, പക, തകര്‍ച്ച എന്നിവ കഥകളില്‍ ധാരാളം കേള്‍ക്കാം. അനായാസം വികസിപ്പിക്കാവുന്ന സംഭവങ്ങള്‍ അദ്ദേഹം വെറും സ്പര്‍ശങ്ങള്‍ കൊണ്ട് നമ്മില്‍ ഉണര്‍ത്തിയെടുക്കുന്നു. 'ഇരുട്ടിന്റെ ആത്മാവ്', 'ഓപ്പോള്‍', 'കുട്ട്യേടത്തി', 'ബന്ധനം', 'അക്കല്‍ദാമയില്‍ പൂക്കള്‍ വിരിയുമ്പോള്‍', 'വാനപ്രസ്ഥം' തുടങ്ങിയവയാണ് എം.ടി.യുടെ മികച്ച കഥകള്‍.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചെറുകഥകള്‍ രചിച്ചിട്ടുള്ളത് അഞ്ഞൂറിലേറെ കഥകള്‍ രചിച്ചിട്ടുള്ള പുതൂര്‍ ഉണ്ണിക്കൃഷ്ണനാവാം. തീക്ഷ്ണമായ ജീവിതാനുഭവങ്ങളാണ് മിക്ക കഥകളുടെയും പ്രമേയം. ഭാഷയുടെ വികാരപരമായ പ്രവാഹ രീതിയും ദ്രുതതാളസമ്പന്നതയും ഈ കഥകളെ സഹൃദയാകര്‍ഷകമാക്കുന്നു.

രാജലക്ഷ്മിയുടെ കഥകളും കുടുംബവ്യവസ്ഥിതിയോടുള്ള സജീവ പ്രതികരണങ്ങളാണ്. വള്ളുവനാടന്‍ ശൈലിയുടെ സ്വാഭാവിക നിയോഗമാണ് അവരുടെ കഥനഭാഷ. 'മകള്‍' എന്ന അവിസ്മരണീയമായ കഥ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. തറവാടിന്റെ അഭിമാനം കൊരുത്ത കഥകള്‍ പി.ആര്‍. ശ്യാമള രചിച്ചത് വ്യത്യസ്തമായാണ്. അതില്‍ പ്രകടമാവുന്നത് ചരിത്രബോധം നല്കുന്ന അന്തസ്സും പൗരുഷവുമാണ്. പി. വത്സല പ്രതിജ്ഞാബദ്ധയായ എഴുത്തുകാരിയെന്ന നിലയ്ക്ക് കഥാലോകത്തും സജീവമായി. 'അനുപമയുടെ കാവല്‍ക്കാരന്‍', 'ചാമുണ്ഡിക്കുഴി' തുടങ്ങിയ കഥകളില്‍ അവര്‍ കരുത്തും വിശാലതയുമുള്ള ജീവിതത്തിന്റെ അപഗ്രഥനം നിര്‍വഹിക്കുന്നു. കഥാരംഗത്തെ ശക്തിധനരില്‍ ചാട്ടുളിപോലെ ഭാഷ ഉപയോഗിക്കുന്ന കോവിലന്‍ ('ഒരു പലം മനയോല', 'ശകുനം', 'പിത്തം'), ലളിതമനസ്കനായ നന്തനാര്‍ ('മിസ്റ്റര്‍ കുല്‍ക്കര്‍ണി'), വിപ്ലവപാരുഷ്യം നിറഞ്ഞ പട്ടത്തുവിള കരുണാകരന്‍ ('മുനി', 'നട്ടെല്ലികളുടെ ജീവിതം'), എന്‍. പി. മുഹമ്മദ് ('42-ാം വീട്ടില്‍ ചെകുത്താന്‍'), എന്‍. മോഹനന്‍ എന്നിവരെല്ലാം ('എന്റെ കഥ നിന്റെയും') വിശദപഠനം അര്‍ഹിക്കുന്നവരാണ്. കഥയും കലയും ഒരു പോലെ ആത്മാനുഭവമാകുന്ന അസാധാരണത്വം മാധവിക്കുട്ടിയുടെ കഥകളെ ജാജ്ജ്വല്യമാക്കുന്നു. യാഥാര്‍ഥ്യത്തിനും മാന്ത്രികാനുഭവത്തിനും ഇടയ്ക്ക് സഞ്ചരിക്കുന്ന ഒരു മനസ്സിനെ അവരുടെ കഥകളില്‍ കാണാം. 'പക്ഷിയുടെ മരണം', 'ചുവന്ന പാവാട', 'നെയ്പ്പായസം', 'നരച്ചീറുകള്‍ പറക്കുമ്പോള്‍', 'രാജാവിന്റെ പ്രേമഭാജനം' തുടങ്ങിയ കഥകളില്‍ ഇന്ദ്രിയ സ്പര്‍ശകമായ ഭാഷയുടെ വെളിപാടുകള്‍ കാണാം.

ആധുനികത.

സംവേദനത്തെ പലതരത്തില്‍ ഞെട്ടിച്ച് ഉണര്‍ത്തിയെടുക്കാം. കാക്കനാടന്‍, എം.പി. നാരായണപിള്ള, ഒ.വി. വിജയന്‍, സേതു, എം. സുകുമാരന്‍, എം. മുകുന്ദന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, സക്കറിയ, കെ.പി. നിര്‍മല്‍കുമാര്‍ ടി.ആര്‍., മേതില്‍ രാധാകൃഷ്ണന്‍, എന്‍.എസ്. മാധവന്‍ എന്നിങ്ങനെ സംവേദനത്തിന് ഞെട്ടിക്കുന്ന പുതുമ നല്കിയ ചെറുകഥാകൃത്തുകള്‍ ഇത്തരം നിയോഗങ്ങള്‍ സാക്ഷാത്കരിച്ചവരാണ്. കാക്കനാടന്റെ ഉറഞ്ഞുതുള്ളുന്ന ഭാഷ കാല്പനികതയെ നിഷ്പ്രഭമാക്കി പുതിയ സംവേദനത്തിന് ആക്കം കൂട്ടി. എം.പി. നാരായണപിള്ള കൂസലില്ലാത്ത പരുക്കന്‍ കഥകളെഴുതി. ഒ.വി.വിജയന്‍ സമകാലിക സമസ്യകള്‍ക്ക് ധ്യാനാത്മകമായ തീക്ഷ്ണതകള്‍ നല്കി. സേതു ചിഹ്നങ്ങളുടെ രൂപങ്ങള്‍ കഥയുടെ അംശമാക്കി. എം. സുകുമാരന്‍ കത്തുന്ന വിപ്ലവത്തിന്റെ അക്ഷരങ്ങള്‍ കൊണ്ടാണ് കഥ രചിച്ചത്. എം. മുകുന്ദന്‍ ഭാഷയെ ആദ്യന്തം സൈക്കഡലിക് ആയ അനുഭവവും വിശ്ലഥ ചിത്രങ്ങളുടെ വാഹകവുമാക്കി. സക്കറിയ ഗൂഢഭാഷയുടെയും നര്‍മത്തിന്റെയും പുതിയ സങ്കേതങ്ങള്‍ കഥയില്‍ പരീക്ഷിച്ചു. 'ജാസ്സെക്കിനെ കൊല്ലരുത്' പോലെയുള്ള കഥകളില്‍ ടി.ആര്‍. കഥയ്ക്ക് പ്രഹേളികയുടെ സ്വഭാവം നല്കുന്നു. ഭാഷയുടെ പ്രഹേളികയാണ് നിര്‍മല്‍കുമാറും മേതില്‍ രാധാകൃഷ്ണനും അനുഭവിപ്പിക്കുന്നത്.

ഭാഷയിലെ മികച്ച ഒട്ടേറെ കഥകള്‍ മൌലികമായ സര്‍ഗാത്മകതയില്‍ നിന്നാണ് പിറന്നു വീണത്. 'ശ്രീചക്രം' (കാക്കനാടന്‍), 'മുരുകനെന്ന പാമ്പാട്ടി' (എം.പി. നാരായണപിള്ള), 'കടല്‍ത്തീരത്ത്' (ഒ.വി. വിജയന്‍), 'പേടി സ്വപ്നങ്ങള്‍' (സേതു), 'പര്‍വതങ്ങളെ നീക്കം ചെയ്ത വിഡ്ഢിയായ വൃദ്ധന്‍' (എം. സുകുമാരന്‍), 'അഞ്ചര വയസ്സുള്ള കുട്ടി' (എം. മുകുന്ദന്‍), 'മലമുകളിലെ അബ്ദുള്ള' (കുഞ്ഞബ്ദുള്ള) 'കണ്ണാടി കാണ്മോളവും' (സക്കറിയ), 'കൃഷ്ണഗണ്ഡകജ്വാലകള്‍' (കെ.പി. നിര്‍മല്‍കുമാര്‍), 'നാം നാളെയുടെ നാണക്കേട്' (ടി. ആര്‍), 'ചൂളൈമേട്ടിലെ ശവങ്ങള്‍' (എന്‍. എസ്. മാധവന്‍) എന്നിങ്ങനെ അവ ഒരു കാലഘട്ടം തന്നെ സൃഷ്ടിച്ചു. ആനന്ദിന്റെ സംവേദനാത്മകമായ കഥകള്‍ ഈ നവീനതയുടെ ആശയനിര്‍ധാരണപരമായ മറ്റൊരു മുഖമാണ്. ഈ കഥാപരിസരം സൃഷ്ടിച്ച കഥാപ്രതിഭകളില്‍ വി.പി. ശിവകുമാര്‍, ടി.വി. കൊച്ചുബാവ, മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി, ശത്രുഘ്നന്‍, മാനസി, അഷിത, അക്ബര്‍ കക്കട്ടില്‍, ജയനാരായണന്‍, ഇ. ഹരികുമാര്‍, എന്‍. പ്രഭാകരന്‍, വിക്ടര്‍ ലീനസ്, ജോസഫ് വൈറ്റില, വൈശാഖന്‍, യു.പി. ജയരാജ്, ബി.എം. സുഹ്റ, ഗ്രേസി, എം. ചന്ദ്രശേഖരന്‍, കെ രഘുനാഥന്‍, അശോകന്‍ ചരുവില്‍, വി.ആര്‍. സുധീഷ്, സി. വി. ബാലകൃഷ്ണന്‍, എബ്രഹാം ജോസഫ്, ബാബു കുഴിമറ്റം, യു.കെ. കുമാരന്‍, അംബികാസുതന്‍ മാങ്ങാട് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. വി.കെ. ശ്രീരാമന്‍ ഈ കാലത്ത് ഗൃഹാതുരത്വമുള്ള കനത്ത ഓര്‍മകളും ചരിത്രവും നിറഞ്ഞ കഥകളിലൂടെ വേറിട്ട വ്യക്തിത്വം സ്ഥാപിച്ചു.

ഇആധുനികതയ്ക്കു പിന്നാലെ വന്ന രൂപപരീക്ഷണങ്ങളുടെ അന്തരീക്ഷവും മലയാളത്തിലെ കാഥികര്‍ അനുഭവിക്കാതിരുന്നില്ല. ആധുനികോത്തര കഥയുടെ മാതൃകകള്‍ സാക്ഷാത്കരിച്ചവരില്‍ ബി. മുരളി, സുസ്മേഷ് ചന്ദ്രോത്ത്, സന്തോഷ് ഏച്ചിക്കാനം, ശിഹാബുദീന്‍ പൊയ്ത്തുംകടവ്, ടി.എന്‍. പ്രകാശ്, ഉണ്ണി ആര്‍., കെ.പി. രാമനുണ്ണി, പി. സുരേന്ദ്രന്‍, ഗീതാഹരണ്യന്‍, ഇന്ദുമേനോന്‍ എന്നിങ്ങനെ ഏറെ പ്രതിഭകളുണ്ട്. വ്യത്യസ്തമായ ഒരു കൃതി ഇവിടെ പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്. ബൈബിള്‍ വാക്യങ്ങള്‍ കഥാപരമാക്കി ജെയ്മോന്‍ കുമരകം രചിച്ച അഞ്ഞൂറോളം കഥകള്‍ ഉള്ള 'സന്ദേശകഥാസാഗര'മാണത്.

നാടകരംഗം

ആദ്യകാല നാടകങ്ങള്‍.

ഗ്രാമക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ദൃശ്യകലകള്‍ കേരളത്തില്‍ ധാരാളമുണ്ട്. രംഗകലയും സാഹിത്യവുമുള്ള അവയെ കേരളത്തിന്റെ തനതു സംസ്കാരത്തിന്റെ നാടകരൂപമായി കണക്കാക്കാം. സംസ്കൃത നാടകങ്ങളുടെ രംഗാവതരണമായ കൂടിയാട്ടവും രംഗകലകളായ കഥകളി, തുള്ളല്‍ എന്നിവയുംമൂലം വ്യത്യസ്തമായ ഒരു നാടകവേദി രൂപപ്പെട്ടുവന്നില്ല. പോര്‍ച്ചുഗീസുകാരുടെ വരവോടെ ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള ഒരു നാടകരൂപത്തിന് കേരളം സാക്ഷ്യം വഹിച്ചു; ഇന്ന് പാര്‍ശ്വവത്കരിക്കപ്പെട്ടിരിക്കുന്ന ചവിട്ടു നാടകം. പാശ്ചാത്യനാടകവുമായി ബന്ധപ്പെട്ട് മലയാളത്തില്‍ ആദ്യമുണ്ടായത് ഷെയ്ക്സ്പിയറിന്റെ കോമഡി ഒഫ് എറേഴ്സ് എന്ന നാടകത്തിന് കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസ് തയ്യാറാക്കിയ ആള്‍മാറാട്ടം അഥവാ കേളീസല്ലാപം എന്ന തര്‍ജുമയാണ് (1866). പതിനാറു വര്‍ഷങ്ങള്‍ക്കുശേഷം കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ അഭിജ്ഞാന ശാകുന്തളം തര്‍ജുമ ചെയ്തതാണ് നാടകപ്പിറവിയെന്ന നിലയില്‍ രംഗവേദി ആഘോഷിച്ചത്. കാളിദാസന്‍, ഭാസന്‍, ഭവഭൂതി തുടങ്ങിയവരുടെ നാടകങ്ങള്‍ക്ക് ഒട്ടേറെ പരിഭാഷകള്‍ ഉണ്ടായി. അവയില്‍ ഉത്തരരാമചരിതം (ചാത്തുക്കുട്ടിമന്നാടിയാര്‍), മാളവികാഗ്നിമിത്രം, സ്വപ്നവാസവദത്തം (ഏ.ആര്‍. രാജരാജവര്‍മ), മാലതീമാധവം (കൊട്ടാരത്തില്‍ ശങ്കുണ്ണി) തുടങ്ങിയവ ഏറെ പ്രസിദ്ധങ്ങളാണ്.

ഇതേകാലത്തുതന്നെ തമിഴ് നാടക വേദിയുടെ സ്വഭാവങ്ങളും ഇവിടെ പടര്‍ന്നു പിടിച്ചിരുന്നു. കോവിലന്‍ ചരിതം, നല്ലതങ്കാള്‍ ചരിത്രം, അല്ലി അര്‍ജുന, ഗുലേബക്കാവലി തുടങ്ങിയ നാടകങ്ങള്‍ ഇക്കാലത്തേതാണ്. സദാറാം നാടകം എന്ന നാടകത്തെ മുന്‍നിര്‍ത്തി കെ.സി.കേശവപിള്ള സദാരാമ എന്നൊരു നാടകം എഴുതി. ടി.സി. അച്യുതമേനോന്റെ സംഗീത നൈഷധവും എരുവയില്‍ ചക്രപാണിവാര്യരുടെ സംഗീത ഹരിശ്ചന്ദ്രവും ആണ് മറ്റു രണ്ടു വിഖ്യാത കൃതികള്‍. അക്കാലത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഗ്രന്ഥമാണ് നൈഷധം. കുട്ടമത്തിന്റെയും വിദ്വാന്‍ പി. കേളുനായരുടെയും നാടകങ്ങളാണ് വടക്കന്‍ ദിക്കില്‍ ഏറെ പ്രചരിച്ചത്. കുട്ടമത്തിന്റെ സംഗീത ശാകുന്തളവും കേളുനായരുടെ പാക്കനാര്‍ ചരിതവും ഇക്കൂട്ടത്തില്‍പ്പെടുന്നു. വെള്ളരി നാടകങ്ങള്‍ എന്ന് വിളിക്കപ്പെട്ട ഈ വടക്കന്‍ നാടകശേഖരം സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ ശക്തമായ ചലനങ്ങള്‍ സൃഷ്ടിച്ചു.

സംസ്കൃത നാടകതര്‍ജുമകള്‍, ആ രൂപം ഉള്‍ക്കൊണ്ട് സ്വതന്ത്രനാടകങ്ങള്‍ രചിക്കുന്നതിനും പ്രേരകമായി. ലക്ഷണാസംഗമം, ചന്ദ്രിക (കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണി തമ്പുരാന്‍), ലക്ഷ്മി കല്യാണം (കേശവപിള്ള), എബ്രായക്കുട്ടി (കണ്ടത്തില്‍ വറുഗീസ് മാപ്പിള) എന്നിവ സംസ്കൃത നാടകരൂപത്തിലുള്ള സ്വതന്ത്ര രചനകളാണ്. കല്യാണി നാടകമാണ് സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്ന ആദ്യ സ്വതന്ത്രനാടകം. ചന്ദ്രിക ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ വിഭാവനം ചെയ്യപ്പെട്ട കഥയാണ്. എബ്രായക്കുട്ടി ബൈബിള്‍ സന്ദര്‍ഭം സ്വീകരിച്ചെഴുതിയ കൂടുതല്‍ ശില്പഭംഗിയുള്ള നാടകമാണ്. സമകാലിക സാമൂഹ്യാചാരങ്ങളെ പരിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെ എഴുതിയ സാമുദായിക നാടകമാണ് ലക്ഷ്മീകല്യാണം. വയസ്കര മൂസ്സിന്റെ മനോരമ വിജയം (1891) രവിവര്‍മ കോയിത്തമ്പുരാന്റെ കവി സഭാരഞ്ജനം (1892) എന്നിവ ശ്രദ്ധേയമാണ്. എന്നാല്‍ കത്തോലിക്കാ സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച മറിയാമ്മാ നാടകം ഇക്കാലത്തെ ഏറ്റവും പ്രസിദ്ധമായ രചനയാകുന്നു. മുന്‍ഷി രാമക്കുറുപ്പിന്റെ ചക്കീചങ്കരവും കെ.സി. നാരായണന്‍ നായരുടെ ചക്കീചങ്കരവും (രണ്ടും 1864) ശീവൊള്ളി നമ്പൂതിരിയുടെ ദുസ്പര്‍ശ നാടകവും നാടകസംവേദനത്തെ ദുഷിപ്പിക്കുന്ന രചനകളെ നിയന്ത്രിക്കാന്‍ സഹായകമാണ്.

ഇംഗ്ലീഷ് നാടകങ്ങളുടെ തര്‍ജുമകളും ഇക്കാലത്തു വ്യാപകമായി. ഷെയ്ക്സ്പിയര്‍ നാടകത്തിന്റെ തര്‍ജുമയായിരുന്നു ആള്‍മാറാട്ടം അഥവാ കേളീസല്ലാപം. ഇതാണ് വാസ്തവത്തില്‍ മലയാളത്തിലെ ആദ്യത്തെ നാടക സംബന്ധിയായ രചന. തുടര്‍ന്ന് ഷെയ്ക്സ്പിയറുടെ റ്റെയ്മിങ് ഒഫ് ദ് ഷ്റൂ ഷെയ് എന്ന പ്രഹസനം കണ്ടത്തില്‍ വറുഗീസ് മാപ്പിള കലഹിനീ ദമനകം എന്ന പേരില്‍ പരിഭാഷപ്പെടുത്തി (1893). ടെമ്പസ്റ്റ്, ഹാംലെറ്റ്, കിങ്ലിയര്‍, മര്‍ച്ചന്റ് ഒഫ് വെനീസ് എന്നീ പ്രഖ്യാത നാടകങ്ങളും പരിഭാഷാരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, ദിവാന്‍ ബഹദൂര്‍ എ. ഗോവിന്ദപ്പിള്ള തുടങ്ങിയവരായിരുന്നു പരിഭാഷകര്‍. മാക്ബത്ത്, ഒഥല്ലോ തുങ്ങിയ കൃതികള്‍ പരിഭാഷപ്പെടുത്തിയത് ഗോവിന്ദപ്പിള്ളയാണ്.

സി.വി. രാമന്‍പിള്ളയുടെ പ്രഹസനങ്ങള്‍ ഈ കാലഘട്ടത്തില്‍ നാടകാസ്വാദകരെ ഏറെ ആകര്‍ഷിച്ചു. തന്റെ രചനകളില്‍ സാമൂഹിക പരിഷ്കരണമായ പ്രമേയങ്ങള്‍ ഹാസ്യാത്മകമായി അവതരിപ്പിക്കാനാണ് സി.വി. ശ്രമിച്ചത്. 1884-ലെ ചന്ദ്രമുഖീ വിലാസം, 1893-ലെ മത്തവിലാസം എന്നിവ രണ്ടും തിരുവനന്തപുരത്തെ സാമൂഹിക ജീവിതത്തിന്റെ നേര്‍ക്കുള്ള ഒളിയമ്പുകളായിരുന്നു. കുറുപ്പില്ലാക്കളരിയില്‍ പാശ്ചാത്യഭ്രമത്തെയാണ് അദ്ദേഹം വിമര്‍ശനപൂര്‍വം പരിഹസിക്കുന്നത്. പാശ്ചാത്യ പ്രഹസനങ്ങളുടെ മാതൃക സ്വീകരിച്ച ആദ്യ മലയാള കൃതിയാണ് കുറുപ്പില്ലാകളരി. തുടര്‍ന്ന് തെന്തനാം കോട്ട് ഹരിശ്ചന്ദ്രന്‍ (1914), കയ്മളശ്ശന്റെ കടശ്ശിക്കൈ (1915), ചെറുതേന്‍ കൊളംബസ് (1917), പണ്ടത്തെ പാച്ചന്‍ (1918), ബട്ളര്‍ പപ്പന്‍ (1921) തുടങ്ങിയവയും രചിച്ചു.

സി.വി.യുടെ നോവലുകളിലെ കഥാപാത്രങ്ങളുടെ ഭാഗധേയം പിന്തുടര്‍ന്നാണ് ഇ.വി.കൃഷ്ണപിള്ള സീതാലക്ഷ്മി, രാജാകേശവദാസന്‍ എന്നീ ചരിത്ര സംബന്ധിയായ നാടകങ്ങള്‍ രചിച്ചത്. സ്വാമി ബ്രഹ്മവ്രതന്‍ രചിച്ച് പ്രഖ്യാത നടന്മാര്‍ അവതരിപ്പിച്ച കരുണ എന്ന സംഗീത നാടകം വര്‍ഷങ്ങളോളം രംഗത്ത് അവതരിപ്പിക്കപ്പെട്ടു. ചരിത്ര നാടകങ്ങളുടെ ഒരു പെരുംകൂട്ടം തന്നെ ഇക്കാലത്തുണ്ടായി. വേലുത്തമ്പി, ഇരവിക്കുട്ടിപ്പിള്ള തുടങ്ങിയ കേരള ചരിത്രപുരുഷന്മാരും മുഗള്‍ കഥാപാത്രങ്ങളുമെല്ലാം അതിഭാവുകത്വം നിറഞ്ഞ ഈ നാടകങ്ങളില്‍ നിറഞ്ഞു നിന്നു.

നവോത്ഥാനം നാടകരംഗത്ത്.

കൈനിക്കര കുമാരപിള്ളയുടെ ഹരിശ്ചന്ദ്രന്‍, മോഹവും മുക്തിയും, പദ്മനാഭപിള്ളയുടെ കാല്‍വരിയിലെ കല്പപാദപം എന്നിവ രചനാപരമായ മാറ്റം സൂചിപ്പിക്കുന്നു. എന്‍.പി. ചെല്ലപ്പന്‍ നായര്‍ പ്രഹസനത്തിന്റെയും മെലോഡ്രാമയുടെയും അംശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മിന്നല്‍ പ്രണയം, വികടയോഗി തുടങ്ങിയ ജനപ്രിയ നാടകങ്ങള്‍ രചിച്ചു. ടി.എന്‍. ഗോപിനാഥന്‍ നായര്‍, ജഗതി എന്‍.കെ. ആചാരി എന്നിവര്‍ പിന്നീട് തുടര്‍ന്നത് ഈ മാര്‍ഗമാണ്.

വി.ടി.യുടെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്, എം.ആര്‍.ബി.യുടെ മറക്കുടയ്ക്കുള്ളിലെ മഹാനരകം, പ്രേംജിയുടെ ഋതുമതി എന്നീ പരിഷ്കരണപരമായ രചനകളെല്ലാം മുപ്പതുകളിലാണ് രചിക്കപ്പെട്ടത്. മലബാറിലെ കര്‍ഷക പ്രസ്ഥാനത്തിന് ശക്തി പകരാനാണ് കെ. ദാമോദരന്‍ പാട്ടബാക്കി എഴുതിയത് (1938). മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയനാടകമാണിത്. ആഢ്യനായികാനായകന്മാരെ മാറ്റി നിര്‍ത്തി യാചകര്‍ക്ക് പ്രമുഖ സ്ഥാനം കല്പിച്ചു കൊടുത്ത കേശവദേവിന്റെ യാചകപ്രേമം എന്ന നാടകവും ഇക്കാലത്ത് എഴുതിയതാണ്.

ഇക്കാലത്ത് അഭിനയിക്കാന്‍ വേണ്ടിയല്ലാത്ത യൂറോപ്യന്‍ നാടകങ്ങളുടെ അനുകരണങ്ങളോ തര്‍ജുമകളോ ആയ നാടകങ്ങളും കടന്നുവന്നു. മലയാളിയുടെ മനസ്സില്‍ ചിന്താവിപ്ളവം അഴിച്ചുവിട്ട കേസരി ബാലകൃഷ്ണപിള്ളയായിരുന്നു ഇതിനും വഴിയൊരുക്കിയത്. ലോക നാടകവേദിയിലെ അതികായനും പ്രശ്നനാടകങ്ങളുടെ ജനയിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന നാടകകൃത്തുമായ ഇബ്സന്റെ ഗോസ്റ്റസ് എന്ന നാടകം ബാലകൃഷ്ണപിള്ളയും എ.കെ. ഗോപാലകൃഷ്ണപിള്ളയും ചേര്‍ന്ന് പ്രേതങ്ങള്‍ എന്ന പേരില്‍ പരിഭാഷപ്പെടുത്തി. ഇബ്സന്റെ റോസ്മര്‍ഷോമായിരുന്നു സി. നാരായണപിള്ള മുല്ലയ്ക്കല്‍ ഭവനമെന്ന പേരില്‍ പുനഃസൃഷ്ടിച്ചത്. ഇബ്സന്റെ മാര്‍ഗം പിന്തുടര്‍ന്നാണ് കെ. രാമകൃഷ്ണപിള്ള തപ്തബാഷ്പം രചിച്ചത്.

ഇതിനിടെ നാടകത്തില്‍ തിക്കുറിശ്ശി സുകുമാരന്‍നായര്‍ വിപ്ലകരമായ മറ്റൊരു മാറ്റമുണ്ടാക്കി. കൂര്‍ത്തു മൂര്‍ത്ത ഡയലോഗുകള്‍ക്ക് അദ്ദേഹം രചനയില്‍ സ്ഥാനം നല്കി. ഇത്തരത്തില്‍ രചിക്കപ്പെട്ട ആദ്യ നാടകം അദ്ദേഹത്തിന്റെ സ്ത്രീയാണ്. കെ. രാമകൃഷ്ണപിള്ള നിഴലുകള്‍, തൂക്കുമുറിയില്‍, പ്രതിമ എന്നീ രാഷ്ട്രീയ നാടകങ്ങള്‍ രചിച്ചത് ഈ ശൈലിയിലാണ്.

ഇബ്സന്റെ ഗാര്‍ഹിക പ്രശ്നാധിഷ്ഠിതമായ നാടകങ്ങളുടെ രൂപഭാവങ്ങള്‍ സൂക്ഷ്മമായി പിന്തുടര്‍ന്ന് നാടകമെഴുതിയത് ഭഗ്നഭവന(1942)ത്തിന്റെ കര്‍ത്താവായ എന്‍. കൃഷ്ണപിള്ളയാണ്. ഇബ്സന്റെ പാവകളുടെവീട്, ബര്‍ണാഡ് ഷായുടെ വിഭാര്യന്മാരുടെ വീട് എന്നിവയുടെ ചുവടുപിടിച്ചു രചിച്ചതാണ് എന്‍. കൃഷ്ണപിള്ളയുടെ ഭഗ്നഭവനം, കന്യക, അഴിമുഖത്തേക്ക്, അനുരഞ്ജനം, ബലാബലം എന്നിവ.

ചിന്താപരമായ മൗലികതകൊണ്ട് ശ്രദ്ധേയനായ സി.ജെ.തോമസ് നാടക വീക്ഷണത്തിലും മൌലികത പുലര്‍ത്തി. 1128-ല്‍ രചിച്ച ക്രൈം 27 എന്ന നാടകമാണ് മൗലികത കൊണ്ട് ഏറെ ശ്രദ്ധേയം. ആ മനുഷ്യന്‍ നീ തന്നെ, അവന്‍ വീണ്ടും വരുന്നു ഇവയെല്ലാം ഇതിഹാസാംശങ്ങളുടെ മൗലിക പരിചരണങ്ങളാണ്. സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ ഇതിഹാസങ്ങളെ മൗലികമായി വ്യാഖ്യാനിക്കുന്ന കാഞ്ചനസീത, ലങ്കാലക്ഷ്മി, സാകേതം എന്നിവ മികച്ച നാടകാനുഭവങ്ങളാക്കി. അദ്ദേഹത്തിന്റെ കലി നവീനതയുടെ രംഗഭാഷയാണ് ആവിഷ്കരിച്ചത്. രംഗവേദിയില്‍ വിപ്ളവം സൃഷ്ടിച്ച കെ.ടി. മുഹമ്മദിന്റെ രചനകള്‍ സൃഷ്ടി, സ്ഥിതി, സംഹാരം, സമന്വയം എന്നിവയാണ്. ബര്‍ണാഡ് ഷാ തൊട്ട് അബ്സേര്‍ഡ് നാടകകൃത്തുക്കളെവരെ തന്റെ പ്രതിഭാസമ്പത്തില്‍ നവീകരിച്ച നടനും നാടകനിരൂപകനുമായ എന്‍.എന്‍.പിള്ള പ്രേതലോകം, ആത്മബലി, കാപാലിക, ക്രോസ്ബെല്‍റ്റ്, മെഹര്‍ബാനി, ഈശ്വരന്‍ അറസ്റ്റില്‍, മരണനൃത്തം തുടങ്ങിയ രചനകളിലൂടെ സാമൂഹ്യവിമര്‍ശനവും രംഗവേദി പരിഷ്കരണവും ഒരു പോലെ നിര്‍വഹിച്ചു.

തോപ്പില്‍ ഭാസിയുടെ നാടകങ്ങള്‍ പ്രതിബദ്ധത കൊണ്ടാണ് ഏറെ സമ്പന്നമായത്. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, സര്‍വേക്കല്ല്, അശ്വമേധം എന്നിവ മലയാളനാടകത്തിലെ അഭിരുചി വിധാതാക്കളായി. എന്‍. എന്‍. പിള്ളയുടെ നാടകങ്ങളും ഇക്കാലത്ത് ശ്രദ്ധേയമായി. സി. എല്‍. ജോസ്, പറവൂര്‍ ജോര്‍ജ്, ഇബ്രാഹിം വേങ്ങര, പിരപ്പന്‍കോടു മുരളി എന്നിവര്‍ വിവിധ സാമൂഹ്യസന്ദര്‍ഭങ്ങള്‍ സ്വീകരിച്ച് നാടകരചനയില്‍ ഏര്‍പ്പെട്ടവരാണ്, വൈക്കം ചന്ദ്രശേഖരന്‍ നായരുടെ ജാതുഗൃഹം, വീരന്റെ തൂവലും തുമ്പയും, സി.ജി. ഗോപിനാഥിന്റെ കുരുതിക്കളം, എസ്.എല്‍. പുരം സദാനന്ദന്റെ ഒരാള്‍ കൂടി കള്ളനായി, പി. ആര്‍. ചന്ദ്രന്റെ അഹല്യ, മുഹമ്മദ് യൂസഫിന്റെ കണ്ടംബെച്ചകോട്ട്, കെ.ജി. സേതുനാഥിന്റെ വീട്ടുമൃഗം, പി.വി. കുര്യക്കോസിന്റെ കുപ്പിച്ചില്ലുകള്‍, കാലടി ഗോപിയുടെ ഏഴു രാത്രികള്‍, കെ.എക്സ്. ആന്റോയുടെ ഇത്രകേക്കാ പടിഞ്ഞാറ്, തിക്കോടിയന്റെ പ്രസവിക്കാത്ത അമ്മ, രാജമാര്‍ഗം, സുരാസുവിന്റെ വിശ്വരൂപം തുടങ്ങിയവ മലയാള നാടകവേദിയില്‍ മുദ്രപതിപ്പിച്ചിട്ടുള്ള നാടകങ്ങളാണ്.


അരങ്ങ്പുതുക്കല്‍.

അരങ്ങ് പുതുക്കിയെടുക്കാന്‍ നാടകകൃത്തുക്കള്‍ നടത്തിയ ശ്രമങ്ങള്‍ ഇതോടൊപ്പം കാണണം. അബ്സേര്‍ഡ് നാടകങ്ങളുടെ സ്വാധീനം ഉള്‍ക്കൊണ്ട് മലയാളത്തില്‍ ഉണ്ടായ ആദ്യനാടകം പി.എല്‍.ആന്റണിയുടെ ഏപ്രില്‍ഫൂള്‍ ആണ്. ശ്രീകണ്ഠന്‍നായരുടെ കലി അയനസ്കോയുടെ അമീദിയെ അനുകരിക്കുന്നു. കാവാലം നാരായണപ്പണിക്കരാണ് പരീക്ഷണവുമായി അരങ്ങിലെത്തിയ മറ്റൊരു പ്രതിഭാശാലി. അദ്ദേഹത്തിന്റെ അവനവന്‍ കടമ്പ, ദൈവത്താര്‍ എന്നിവ സ്വത്വാന്വേഷണത്തിന്റെ ദ്രാവിഡഭംഗി തനതു രംഗഭാഷയില്‍ അവതരിപ്പിച്ചു. അധികാരം എന്ന പ്രശ്നത്തിന്റെ പ്രതീകാത്മകമായ ആവിഷ്കാരമാണ് എം.ടി. വാസുദേവന്‍ നായരുടെ ഗോപുര നടയില്‍ എന്ന പരീക്ഷണ നാടകം. സി. രാധാകൃഷ്ണന്റെ ദ്വീപ്, ഓംചേരിയുടെ പ്രളയം, ചുമ്മാര്‍ ചൂണ്ടലിന്റെ കാളിത്തെയ്യം, നരേന്ദ്രപ്രസാദിന്റെ സൗപര്‍ണിക, വയലാ വാസുദേവന്‍ പിള്ളയുടെ വരവേല്പ്, പി.എം. ആന്റണിയുടെ സ്പാര്‍ട്ടാക്കസ്, പി.എം. താജിന്റെ കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തം, വാസുപ്രദീപിന്റെ അഭിമതം, മധുമാസ്റ്ററുടെ കലുഗുല, കെ.ജെ. ബേബിയുടെ നാട്ടുഗദ്ദിക (മലയാളത്തിലെ ആദ്യത്തെ തെരുവുനാടകം ഇതാണെന്നു തോന്നുന്നു), എന്‍. ശശിധരനും. ഇ.പി. രാജഗോപാലനും രചിച്ച കേളു, സി.പി. രാജശേഖരന്റെ മൂന്നു വയസന്മാര്‍, ടി.പി. സുകുമാരന്റെ ദക്ഷിണായനം, പി. ബാലചന്ദ്രന്റെ പാവം ഉസ്മാന്‍ എന്നിവയെല്ലാം കരുത്തുള്ള പ്രമേയത്തിന് സ്വന്തമായ രംഗഭാഷ സൃഷ്ടിച്ചവയാണ്. പി.കെ. വേണുക്കുട്ടന്‍ നായരുടെ ഏലംകുളം മനയ്ക്കലെ അമ്മ രംഗവേദിയില്‍ ഏറെ ചലനങ്ങള്‍ക്കു വഴിയൊരുക്കി. കാവാലം നാരായണപ്പണിക്കര്‍, ജി. ശങ്കരപ്പിള്ള, നരേന്ദ്രപ്രസാദ്, വയലാ വാസുദേവന്‍പിള്ള തുടങ്ങിയവരാണ് രംഗവേദിയെ സമഗ്രമാറ്റത്തിന് ഒരുക്കിയവര്‍. പിന്നാലെ ജയപ്രകാശ് കൂളൂര്‍, സതീഷ് കെ. സതീഷ് തുടങ്ങിയ ഒരു നീണ്ട നിരയുണ്ട്. ലോകനാടകവേദിയിലെ ചലനങ്ങളാണ് അവര്‍ക്ക് ഏറെ ആഭിമുഖ്യം. ഇത് തനത് സങ്കല്പത്തെ ഉലച്ചുകളയുന്നുമുണ്ട്.

കടപ്പാട്-സര്‍വ്വവിജ്ഞാനകോശം.ജി.ഒ.വി.ഇന്‍

3.52173913043
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top