Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

നാടോടിവിജ്ഞാനീയം

കൂടുതല്‍ വിവരങ്ങള്‍

ആമുഖം

ഭാഷയെപ്പോലെ ഫോക് ലോറും സംസ്കാരത്തിന്റെ നിദര്‍ശനമാണ്. നാടന്‍പാട്ടുകള്‍, നാടന്‍കലകള്‍, നാടന്‍കഥാഗാനങ്ങള്‍, പഴഞ്ചൊല്ലുകള്‍, അനുഷ്ഠാനങ്ങള്‍, ആചാരങ്ങള്‍, വിശ്വാസങ്ങള്‍, നാടന്‍ വിനോദങ്ങള്‍ തുടങ്ങി ഗ്രാമീണ ജീവിതത്തിന്റെ സമസ്ത ഘടകങ്ങളെയും സൂചിപ്പിക്കുവാന്‍ 'ഫോക്ലോര്‍' എന്ന പദം വ്യാപകമായി ഉപയോഗിച്ചുപോന്നു. ഒരു ദേശത്തിന്റെയോ ജനതയുടെയോ സാംസ്കാരിക ചരിത്രമായ ഫോക് ലോറില്‍ നാടോടി ജീവിതം പ്രതിഫലിക്കുന്നു. പുരാതനവും ഗ്രാമീണവുമായ വിജ്ഞാനത്തെ ഉള്‍ക്കൊള്ളുന്ന സാംസ്കാരിക പഠനവുമെന്ന നിലയില്‍ 'ഫോക്ലോര്‍' എന്ന പദത്തെ പൊതുവില്‍ നാടോടി വിജ്ഞാനീയം എന്ന പദം കൊണ്ടാണ് സാമാന്യവത്കരിച്ചിട്ടുള്ളത്.

കേരളത്തില്‍ ഫോക് ലോര്‍ പഠനം ആരംഭിക്കുന്നത് എ.ഡി. 18-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലാണ്. നാടോടി സാഹിത്യത്തില്‍ നാടന്‍പാട്ടുകളുടെയും പഴഞ്ചൊല്ലുകളുടെയും ശേഖരണമാണ് ആദ്യഘട്ടത്തില്‍ നടന്നത്. ഇറ്റലിക്കാരനായ പഴളിനോസ് പാതിരിയുടെ അഡഗിയ മലബാറിക്ക(1791)യും ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പഴഞ്ചൊല്‍ സമാഹാരവും (1845) ഈ രംഗത്തെ ആദ്യകാല്‍വയ്പുകളാണ്. നാടന്‍വിജ്ഞാനത്തെ ഉള്‍ക്കൊള്ളുന്ന ചില കൃതികളും ഇക്കാലത്തു പുറത്തുവന്നു. മാക്വിന്നിന്റെ പെര്‍സി, എഡ്ഗര്‍ തസ്റ്റണ്‍ന്റെ കാസ്റ്റ് ആന്‍ഡ് ട്രൈബ്സ് ഒഫ് സതേണ്‍ ഇന്ത്യ, വില്യം ലോഗന്റെ മലബാര്‍ മാന്വല്‍ എന്നിവ ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടവയാണ്.

വാമൊഴിവഴക്കത്തിലോ അനുഷ്ഠാനം, ചടങ്ങുകള്‍ ആദിയായവയുടെ രൂപത്തിലോ പരമ്പരാഗതമായി തലമുറകളിലൂടെ കൈമാറിവരുന്ന ഒന്നാണ് നാടോടിവിജ്ഞാനീയം. നാടന്‍പാട്ടുകള്‍, കഥാഗാനങ്ങള്‍, പഴഞ്ചൊല്ലുകള്‍, കടങ്കഥകള്‍, ഐതിഹ്യങ്ങള്‍, പുരാവൃത്തങ്ങള്‍, നാടന്‍കഥകള്‍, നാടന്‍ വിശ്വാസങ്ങള്‍, ആചാരങ്ങള്‍, ആരാധനാരീതികള്‍, ഉത്സവങ്ങള്‍, നാടന്‍കളികള്‍, വിനോദങ്ങള്‍, അനുഷ്ഠാനകലകള്‍, അനുഷ്ഠാനേതര കലകള്‍ തുടങ്ങി ചായപ്പണി, ചിത്രപ്പണി, ആഭരണനിര്‍മാണം, വിവിധ കൃഷിരീതികള്‍, നാട്ടുചികിത്സാരീതികള്‍, ചക്രം തേവല്‍, തടയണ കെട്ടല്‍, നാടന്‍ മത്സ്യബന്ധനം എന്നിങ്ങനെ വിപുലമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിജ്ഞാനശാഖയാണ് കേരളത്തിന്റെ നാടോടി വിജ്ഞാനീയം.

കുമ്മാട്ടി

സാമൂഹിക ജീവിതത്തിന്റെ തുടിപ്പുകളാണ് നാടന്‍കലകള്‍. അധ്വാനത്തില്‍ നിന്നും മതം-ജാതി പരിസരങ്ങളില്‍നിന്നും ഊര്‍ജം സ്വീകരിച്ചാണ് അവ നിലനില്ക്കുന്നത്. കൃഷിയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളില്‍ സന്തോഷം പങ്കിടാനാണ് നാടന്‍കലകള്‍ ഉണ്ടായത്. നാടന്‍കലകളുടെ സവിശേഷത, അവതരണത്തിന്റെ ലാളിത്യമാണ്. മത-ജാതി പരിസരത്തില്‍ തളച്ചിട്ടവയാണ് നാടന്‍കലകള്‍ ഏറിയപങ്കും എന്നതിനാല്‍ ആചാരാനുഷ്ഠാനങ്ങളുമായി അവ ഏറെ ബന്ധപ്പെട്ടിരിക്കുന്നു.

പ്രകൃതിയുമായി സംവദിച്ചുകൊണ്ടുള്ളതായിരുന്നു ആദിമജനതയുടെ പ്രാകൃതനൃത്തം. ഏലേലംകളി, കുറുമര്‍കളി, നായ്ക്കര്‍ കളി തുടങ്ങിയവ ഇതിനുദാഹരണമാണ്. പ്രാകൃതനൃത്തത്തിന്റെ വികാസഘട്ടമാണ് നാടന്‍നൃത്തം. ശരീരചലനങ്ങള്‍ക്ക് ബോധപൂര്‍വമായ അനുകരണം ഇതില്‍ നിര്‍വഹിക്കപ്പെടുന്നു. അനുഷ്ഠാനമാണ് ഇതില്‍ അടിസ്ഥാനമായി വര്‍ത്തിക്കുന്നത്.

അനുഷ്ഠാനകലകളാണ്, നാടന്‍കലകളില്‍ കൂടുതലായിട്ടുള്ളത്. ഉത്തരകേരളത്തില്‍ പ്രചാരത്തിലുള്ള കണ്ണേറുപാട്ട്, ആദിവാസികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള കൂളിയാട്ട്, മന്നാന്‍കൂത്ത്, കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ചുള്ള കെന്ത്രോന്‍പാട്ട്, കുറുന്തിനിപ്പാട്ട്, തെക്കന്‍കേരളത്തില്‍ പ്രചാരത്തിലുള്ള കോലംതുള്ളല്‍, വയനാട്ടിലെ അടിയാള സമൂഹത്തിന്റെ മാന്ത്രികകര്‍മമായ ഗദ്ദി, വണ്ണാന്‍, കല്ലാറ്റുക്കുറുപ്പ്, കണിയാന്‍ എന്നീ സമുദായങ്ങള്‍ക്കിടയിലുള്ള ഗന്ധര്‍വന്‍പാട്ട്, ഉത്തരമലബാറില്‍ പ്രചാരത്തിലുള്ള നിണബലി, മലയന്‍കെട്ടി, മാരിയാട്ടം, തെയ്യാട്ട്, നാഗപ്രീതിക്കായി കേരളത്തില്‍ പൊതുവേ പ്രചാരത്തിലുള്ള സര്‍പ്പംതുള്ളല്‍ തുടങ്ങിയവ ബാധോച്ചാടനപരമായ അനുഷ്ഠാനകലകളും, മധ്യകേരളത്തില്‍ പ്രധാനമായും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ അവതരിപ്പിച്ചുവരുന്ന അയ്യപ്പന്‍തീയാട്ട്, കുമ്മാട്ടി, തിരു-കൊച്ചി പ്രദേശങ്ങളില്‍ പ്രചാരത്തിലുള്ള ഭദ്രകാളി തീയാട്ട്, കാവുകളിലും ക്ഷേത്രങ്ങളിലും ബ്രാഹ്മണാലയങ്ങളിലും പഴയ തറവാടുകളിലും അരങ്ങേറിയിരുന്ന കളമെഴുത്തുപാട്ട്, ഉത്തരകേരളത്തില്‍ പ്രചാരത്തിലുള്ള തെയ്യം, തിറ, പൂതനും തിറയും, ഓണത്താര്‍, ഗരുഡന്‍തൂക്കം, ഗരുഡന്‍പറവ, മധ്യകേരളത്തില്‍ പ്രചാരത്തിലുള്ള മുടിയേറ്റ്, കൊല്ലം ജില്ലയില്‍ പ്രധാനമായും മണ്ണടിക്കാവിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിവരുന്ന മുടിപ്പേച്ച്, മധ്യതിരുവിതാംകൂറിലെ അനുഷ്ഠാനകലകളിലൊന്നായ പടേനി/പടയണി, തിരുവനന്തപുരം ജില്ലയില്‍ പ്രചാരത്തിലുള്ള കാളിയൂട്ട്, തെക്കന്‍കേരളത്തില്‍ പ്രചാരത്തിലുള്ള കുത്തിയോട്ടം, വേലകളി, ഓണത്തുള്ളല്‍, അര്‍ജുനനൃത്തം, കോഴിക്കോട് ജില്ലയില്‍ പ്രചാരത്തിലുള്ള ഓണേശ്വരന്‍, കുത്തുറാത്തീബ്, ചാത്തന്‍കളി, കേരളത്തില്‍ പൊതുവേ പ്രചാരത്തിലുള്ള സംഗീതകലയായ അയ്യപ്പന്‍പാട്ട് തുടങ്ങിയവ ആരാധനാപരമായ അനുഷ്ഠാനകലകളുമാണ്.

നാടന്‍കലകളില്‍ വിനോദത്തിനുവേണ്ടി അവതരിപ്പിച്ചുവരുന്ന കലകളെയാണ് അനുഷ്ഠാനേതര കലകള്‍ എന്ന് വിവക്ഷിക്കുന്നത്. അനുഷ്ഠാന കലകളെ അപേക്ഷിച്ച് ഇവയുടെ എണ്ണം കുറവാണ്. നൃത്തം, നാടകം എന്നിങ്ങനെ രണ്ടു രൂപങ്ങളും ഇതില്‍വരുന്നു.

തെയ്യം

കേരളത്തില്‍ പരക്കെ പ്രചാരത്തിലുള്ള തിരുവാതിരക്കളി, പരിചമുട്ടുകളി, തുമ്പിതുള്ളല്‍, മലബാറിലെ 'മാപ്പിള'മാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒപ്പന, വട്ടപ്പാട്ട്, കോല്‍ക്കളി, ചവിട്ടുകളി, മധ്യകേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പരമ്പരാഗത കലാരൂപമായ മാര്‍ഗംകളി, തെക്കന്‍ കേരളത്തില്‍ പ്രചാരത്തിലുള്ള ചരടുപിന്നിക്കളി, തൃശൂരില്‍ പ്രചാരത്തിലുള്ള ചോഴിക്കളി തുടങ്ങിയവ പൊതുവില്‍ സംഘനൃത്തങ്ങളാണ്. ജീവിതത്തിന്റെ സവിശേഷ ഘട്ടങ്ങളില്‍ സംഘം ചേര്‍ന്ന് നൃത്തംചെയ്യുന്ന രീതി, എല്ലാ സമൂഹത്തിലും കാണുന്നു.

നാടന്‍ നൃത്തത്തിന്റെ തുടര്‍ച്ചയാണ് നാടോടിനാടകം. ഒട്ടുമിക്ക നാടോടിനാടകങ്ങളും നൃത്തത്തോടും അനുഷ്ഠാനത്തോടും ബന്ധപ്പെട്ടു നില്ക്കുന്നവയാണ്. അനുഷ്ഠാനത്തിന്റെയും ആഘോഷത്തിന്റെയും ഭാഗമായിട്ടാണ് ഇവ അരങ്ങേറുന്നത്; അപൂര്‍വം ചിലത് വിനോദത്തിനുവേണ്ടിയും. കേരളത്തിലെ നാടോടി നാടകങ്ങള്‍ എന്ന കൃതിയില്‍ ഡോ. എസ്.കെ. നായര്‍ കേരളത്തിലെ നാടോടി നാടകങ്ങളെ അനുഷ്ഠാന നാടകങ്ങള്‍ (ritual plays), അനുഷ്ഠാനാഭാസനാടകങ്ങള്‍ (pseudo ritualistic plays), സാങ്കേതികാഭാസ നാടകങ്ങള്‍ (pseudo classical plays), അനുഷ്ഠാനേതര നാടകങ്ങള്‍ (non ritual plays) എന്നിങ്ങനെ നാലായി തരംതിരിച്ചിരിക്കുന്നു. ദേവതാപ്രീണനാര്‍ഥം നടത്തുന്നവയാണ് അനുഷ്ഠാനനാടകങ്ങള്‍. മുടിയേറ്റ്, തീയ്യാട്ട്, അയ്യപ്പന്‍പാട്ട്, തിറയാട്ടം എന്നിവ അനുഷ്ഠാനനാടകവിഭാഗത്തില്‍പ്പെടുന്നു. ദേവതാരാധനയുടെ ഭാഗമാണെങ്കിലും വിനോദത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ളവയാണ് അനുഷ്ഠാനാഭാസ നാടകങ്ങള്‍. യാത്രാക്കളി, ഏഴാമത്തുകളി എന്നിവ ഇവയ്ക്കുദാഹരണമാണ്. കേരളത്തിലെ ക്ലാസ്സിക് കലകളായ കൃഷ്ണനാട്ടം, കഥകളി എന്നിവയെ അനുകരിച്ച് രൂപപ്പെടുത്തിയിട്ടുള്ള നാടകരൂപങ്ങളാണ് സാങ്കേതികാഭാസ നാടകങ്ങള്‍. ചവിട്ടുനാടകം, കംസനാടകം, മീനാക്ഷീകല്യാണം തുടങ്ങിയവ ഈ വിഭാഗത്തില്‍പ്പെടുന്നു. പാങ്കളി, കാക്കാരിശ്ശി നാടകം, പൊറാട്ടുനാടകം, കുറത്തിയാട്ടം തുടങ്ങിയ അനുഷ്ഠാനേതര നാടകങ്ങള്‍ കേവലം വിനോദത്തിനുവേണ്ടി മാത്രം അവതരിപ്പിക്കപ്പെടുന്നവയാണ്.

നാടന്‍പാട്ടുകള്‍

ഗ്രാമീണജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ചൈതന്യം കലര്‍ന്ന നാടന്‍പാട്ടുകള്‍ മാനവജീവിതത്തിന്റെ സര്‍വരംഗങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു. കളിക്കാനും കുളിക്കാനും തുടിക്കാനും വിനോദത്തിനും കുട്ടികളെ കുളിപ്പിക്കാനും താരാട്ടുപാടിയുറക്കാനും കല്യാണത്തിനും ഗര്‍ഭബലി കര്‍മങ്ങള്‍ക്കും വിത്തുവിതയ്ക്കുവാനും ഞാറു നടുവാനും വിളകൊയ്യുവാനും ധാന്യം കുത്തുവാനും ഓണത്തിനും തിരുവാതിരയ്ക്കും ഭജനയ്ക്കും പൂജയ്ക്കും ആരാധനയ്ക്കും പകര്‍ച്ചവ്യാധികളും ബാധകളും ഒഴിപ്പിക്കുവാനും തുടങ്ങി ജനനം മുതല്‍ മരണം വരെയുള്ള ജീവിതഘട്ടങ്ങളില്‍ എല്ലാം പാട്ട് ഒരവശ്യഘടകമായി നിലനില്ക്കുന്നു. ഇത്തരത്തില്‍ നാനാവിധത്തിലുള്ള നാടന്‍പാട്ടുകളാല്‍ സമ്പന്നമാണ് മലയാള ഭാഷയും നാടും സാഹിത്യവും.

വാചികപാരമ്പര്യം

നാടന്‍പാട്ടുകള്‍ മിക്കതും 'ഓലയുടെയും നാരായത്തിന്റെയും ഒത്താശ' കൂടാതെ വാചികമായി പകര്‍ന്നുവരുന്നവയാണ്. അപൂര്‍വമായി ചിലവ താളിയോലകളില്‍ കുറിച്ചിട്ടതായി കാണാമെങ്കിലും ശാശ്വതമായി സൂക്ഷിക്കാനുള്ള ഗ്രന്ഥങ്ങളായി അവയെ പരിഗണിക്കേണ്ടതില്ല. നാടന്‍പാട്ടുകള്‍ ഗ്രന്ഥവഴിക്കല്ല പ്രായേണ പഠിച്ചുപോന്നത്; തലമുറകളായി ചുണ്ടുകളില്‍ നിന്നു ചുണ്ടുകളിലേക്ക് അവ കൈമാറിവരികയാണുണ്ടായത്. അതുകാരണം, അവ പലവിധ മാറ്റങ്ങള്‍ക്കും വിധേയമായിരിക്കുവാന്‍ സാധ്യതയുണ്ട്. അജ്ഞതകൊണ്ടു വന്നുചേരാവുന്ന തെറ്റുകളും ഇവയില്‍ കടന്നുകൂടിയിരിക്കാം.

കലാബന്ധം

നാടന്‍പാട്ടുകള്‍ മിക്കതും ഗ്രാമീണ കലകളോടോ വിനോദങ്ങളോടോ ഉത്സവങ്ങളോടോ ആണ് ബന്ധപ്പെട്ടിരിക്കുന്നത്. അനുഷ്ഠാനം, പൂജ, ആരാധന ഇത്യാദികളോടോ വിനോദപരമായ കലകള്‍, കളികള്‍ എന്നിവയോടോ ജീവിതവൃത്തിക്കുവേണ്ടിയുള്ള അധ്വാനത്തോടോ ബന്ധപ്പെടുത്തിയുള്ള ഗാനങ്ങളും കുറവല്ല. ഒരേപാട്ടു തന്നെ പല രംഗങ്ങളില്‍ പാടുന്ന സന്ദര്‍ഭങ്ങളും കണ്ടെന്നുവരാം. നാടന്‍പാട്ടുകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ പ്രായോഗിക സന്ദര്‍ഭങ്ങളെക്കുറിച്ചു ശ്രദ്ധിക്കേണ്ടതായുണ്ട്. പാട്ടുകളുടെ മതപരവും സാമൂഹികവുമായ പശ്ചാത്തലവും അറിഞ്ഞിരിക്കേണ്ടതാണ്. നാടോടിഗാനങ്ങളില്‍ പലതിനും ഗായകന്മാര്‍ ഗ്രാമീണ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാറുണ്ട്.

സംസ്കാരസ്രോതസ്

നാടന്‍പാട്ടുകള്‍ നമ്മുടെ സംസ്കാരത്തിന്റെ മൂലസ്രോതസ്സുകളാണ്. പ്രാക്തന മനുഷ്യന്റെ ആര്‍ജിതാനുഭവങ്ങളും സങ്കല്പങ്ങളുമെല്ലാം അവന്റെ പാട്ടിലും കലയിലുമാണ് പ്രതിഫലിപ്പിച്ചിട്ടുള്ളത്. പരമ്പരാഗതമായ സംസ്കാരത്തിന്റെ കലവറയാണ് നാടോടിപ്പാട്ടുകള്‍. നിത്യജീവിതത്തിന്റെ ആത്മാവും ചൈതന്യവും കണ്ടെത്തുവാന്‍ ഇവ നമ്മെ സഹായിക്കുന്നു.

സാമുദായികം

കേരളത്തിലെ നാടന്‍പാട്ടുകളില്‍ ഭൂരിഭാഗവും ജാതി ഗോത്ര പാരമ്പര്യമുള്ളവയാണ്. പാട്ടും കലയും പല സമുദായക്കാരുടെയും കുലത്തൊഴില്‍ കൂടിയാണ്. പുള്ളുവന്‍പാട്ട്, പാണപ്പാട്ട്, വേലര്‍പാട്ട്, മണ്ണാര്‍പാട്ട്, പുലയര്‍പാട്ട്, കുറവര്‍പാട്ട്, കണിയാന്‍പാട്ട്, ബ്രാഹ്മണിപ്പാട്ട്, പാപ്പിനിപ്പാട്ട്, അക്കമ്മപ്പാട്ട്, കുറുപ്പന്‍പാട്ട്, തീയ്യാടിപ്പാട്ട്, തെയ്യംപാടിപ്പാട്ട്, മാപ്പിളപ്പാട്ട് തുടങ്ങിയ പേരുകള്‍ തന്നെ അവയുടെ വര്‍ഗപാരമ്പര്യം വിളിച്ചോതുന്നു. പാട്ടുകളുടെ അവതരണ സ്വഭാവത്തിലും ഈ പാരമ്പര്യം ദര്‍ശിക്കുവാന്‍ കഴിയും. ഒരേഗാനം തന്നെ വിവിധ സമുദായത്തില്‍പ്പെട്ട ഗായകന്മാര്‍ പാടുകയാണെങ്കില്‍ അവയോരോന്നും വിഭിന്നമായ രീതിയിലായിരിക്കും പാടുക. 'പുള്ളുവന്‍ പാടുന്നതേ വീണ പാടൂ' എന്നൊരു പഴഞ്ചൊല്ല് നിലവിലുണ്ട്. നാടന്‍പാട്ടുകള്‍ വര്‍ഗസ്വഭാവവുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്ന വസ്തുതയാണ് ഈ ചൊല്ലു സൂചിപ്പിക്കുന്നത്. കരിമ്പാലര്‍, മലയാളര്‍, കളനാടികള്‍, പണിയര്‍, കുറിച്യര്‍, ചെറുമര്‍, കോപ്പാളര്‍, കുറവര്‍, ചിങ്കാത്തന്മാര്‍, മാവിലര്‍, ചെറമര്‍, മുക്കുവര്‍, കമ്മാളര്‍, കാണിക്കാര്‍, മലവേടര്‍, കുറുമര്‍, കൊശവര്‍, ക്രിസ്ത്യാനികള്‍, മുസ്ലിങ്ങള്‍ തുടങ്ങിയ സമുദായക്കാര്‍ക്കെല്ലാം പ്രത്യേകം പ്രത്യേകം ഗാനസമ്പത്തുകളുണ്ട്. ഇത്തരം സാമുദായികഗാനങ്ങള്‍ അനുഷ്ഠാനപരമോ വിനോദപരമോ മതപരമോ ഐതിഹ്യാധിഷ്ഠിതമോ ഇതിഹാസ പുരാണകഥകള്‍, വീരാപദാനങ്ങള്‍ വര്‍ഗോത്പത്തിക്കഥകള്‍, സങ്കല്പ കഥകള്‍, തൊഴിലില്ലായ്മ എന്നിവയെ ആസ്പദമാക്കിയുള്ളതോ ആകാം.

അനുഷ്ഠാനപരം

കേരളത്തിലെ നാടോടിഗാനങ്ങളില്‍ നല്ലൊരുഭാഗം മതപരമായ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടവയാണ്. അനുഷ്ഠാനകര്‍മങ്ങള്‍, അനുഷ്ഠാനകലകള്‍, മാന്ത്രികകര്‍മങ്ങള്‍, ആരാധനകള്‍ മുതലായവയ്ക്കു പാടിവരുന്ന ഗാനങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. തോറ്റംപാട്ടുകള്‍, സര്‍പ്പപ്പാട്ടുകള്‍, തീയ്യാട്ടുപാട്ടുകള്‍, പൂരക്കളിപ്പാട്ടുകള്‍, സംഘക്കളിപ്പാട്ടുകള്‍, കുത്തിയോട്ടപ്പാട്ടുകള്‍, ബ്രാഹ്മണിപ്പാട്ടുകള്‍, കളംപാട്ടുകള്‍, കുറുന്തിനിപ്പാട്ടുകള്‍, ഗന്ധര്‍വന്‍പാട്ടുകള്‍, അയ്യപ്പന്‍പാട്ടുകള്‍, തെയ്യംപാടിപ്പാട്ടുകള്‍ തുടങ്ങിയവ അനുഷ്ഠാനപരങ്ങളാണ്.

തോറ്റംപാട്ടുകള്‍.

തോറ്റംപാട്ടുകള്‍ എന്ന പേരില്‍ അനേകം അനുഷ്ഠാനഗാനങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും പ്രചാരത്തിലുണ്ട്. തെക്കന്‍ കേരളത്തിലെ വേലന്മാര്‍ പാടുന്ന ഭഗവതിപ്പാട്ട്, മധ്യകേരളത്തിലെ മണ്ണാന്മാരുടെ ഭഗവതിത്തോറ്റം, പുലയരുടെ കണ്ണകിത്തോറ്റം, കുറുപ്പന്മാരും തീയ്യാട്ടുണ്ണികളും പാടാറുള്ള ഭദ്രകാളിത്തോറ്റം, മണിമങ്കത്തോറ്റം, തീയ്യാടി നമ്പ്യാര്‍ പാടുന്ന ശാസ്താംതോറ്റം, തെയ്യംപാടികള്‍ പാടാറുള്ള ദാരികവധംതോറ്റം, മഹിഷവധംതോറ്റം, യക്ഷിത്തോറ്റം, നാഗത്തോറ്റം, അയ്യപ്പന്‍തോറ്റം, പുള്ളുവരുടെ കളമെഴുത്തുതോറ്റം, മാന്ത്രികന്മാരായ പാണര്‍ തുടങ്ങിയവര്‍ മാന്ത്രികബലിക്രിയകള്‍ക്ക് പാടാറുള്ള ബലിക്കളത്തോറ്റം, തിരുവിതാംകൂര്‍ പ്രദേശത്ത് രണ്ടാം വിളവെടുപ്പുകാലത്ത് വയലുകളിലെ കുര്യാലകളുടെ മുന്നില്‍വച്ച് പാടാറുള്ള മുടിപ്പുരപ്പാട്ട്, 'പാന' എന്ന കര്‍മത്തിന് പാടാറുള്ള പാനത്തോറ്റം എന്നിങ്ങനെ നിരവധി തോറ്റങ്ങളുണ്ട്. ഉത്തരകേരളത്തിലെ തെയ്യങ്ങള്‍ക്കും തിറകള്‍ക്കും പാടിവരുന്ന തോറ്റങ്ങളും പ്രസ്താവയോഗ്യങ്ങളാണ്. ഈ തോറ്റങ്ങളെല്ലാം ഉള്ളടക്കത്തിലും അവതരണത്തിലും ഭിന്നതപുലര്‍ത്തുന്നു. ദക്ഷിണകേരളത്തില്‍ കാളി, കണ്ണകി എന്നീ ദേവതകളെ സംബന്ധിക്കുന്ന ഗാനങ്ങളെയാണ് 'തോറ്റം പാട്ടുക'ളെന്ന് പ്രായേണ പറഞ്ഞുവരുന്നത്. മധ്യകേരളത്തില്‍ ഇവര്‍ക്കുപുറമേ അയ്യപ്പനും നാഗങ്ങളും തോറ്റം പാട്ടിന് വിഷയമാകുന്നുണ്ട്. പാലക്കാട്ടെത്തുമ്പോള്‍ പാണ്ഡവര്‍ കഥയും നിഴല്‍ക്കുത്തുകഥയും തോറ്റംപാട്ടില്‍ കേള്‍ക്കാം. അത്യുത്തര കേരളത്തിലെ തെയ്യംതിറയുടെ പാട്ടുകളിലാവട്ടെ ദേവീദേവന്മാരും യക്ഷഗന്ധര്‍വാദികളും നാഗങ്ങളും ഭൂതങ്ങളും യക്ഷികളും മണ്‍മറഞ്ഞ വീരന്മാരും പരേതരായ കാരണവന്മാരുമൊക്കെ പാട്ടിന് വിഷയമായിത്തീരുന്നു. ഇത്രയധികം മൂര്‍ത്തികളെ മറ്റൊരു പാട്ടിലും കാണുകയില്ല. തോറ്റംപാട്ടുകളില്‍ പൊതുവേ ദേവതകളുടെ ഉദ്ഭവം, മാഹാത്മ്യം, സഞ്ചാരം, രൂപവിശേഷം തുടങ്ങിയ കാര്യങ്ങളാണ് വര്‍ണിക്കപ്പെട്ടിരിക്കുന്നത്. ഭക്തിയും വിശ്വാസവും വളര്‍ത്തുവാന്‍ ഈ പാട്ടുകള്‍ക്ക് കഴിയും. തോറ്റംപാട്ടുകള്‍ കേവലസ്തുതികളല്ല. 'തോറ്റം' എന്ന ശബ്ദത്തിന് സ്തോത്രം എന്ന അര്‍ഥമുണ്ടെങ്കിലും തോന്നുക, സൃഷ്ടിക്കുക, പുനരുജ്ജീവിപ്പിക്കുക, പ്രത്യക്ഷപ്പെടുക, പ്രകാശിക്കുക എന്നീ അര്‍ഥങ്ങളും സന്ദര്‍ഭാനുഗുണം അതിന് യോജിക്കുന്നു. തോറ്റംപാട്ടുകളില്‍ ഭൂരിഭാഗവും ഇതിവൃത്തപ്രധാനങ്ങളാണ്. അനേകം വീരാപദാനങ്ങള്‍ അവയില്‍ ആഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ട്.

സര്‍പ്പംതുള്ളല്‍

സര്‍പ്പപ്പാട്ടുകള്‍.

സര്‍പ്പപ്രീതിക്കുവേണ്ടി പുള്ളുവര്‍ സര്‍പ്പക്കാവുകളിലും നാഗക്ഷേത്രങ്ങളിലും സര്‍പ്പപ്പാട്ട് നടത്താറുണ്ട്. അലങ്കരിച്ച പന്തലില്‍ സര്‍പ്പക്കളം ചിത്രീകരിച്ചിരിക്കും. പുള്ളുവര്‍ തന്നെയാണ് കളംപൂജയും മറ്റു കര്‍മങ്ങളും നടത്തുന്നത്. പുള്ളുവര്‍ പാടുമ്പോള്‍, വ്രതമെടുത്ത സ്ത്രീകള്‍ പന്തലില്‍ വരികയും നാഗരാജാവ്, നാഗയക്ഷി, സര്‍പ്പയക്ഷി, മണിനാഗം, എറിനാഗം, കരിനാഗം, കുഴിനാഗം, പറനാഗം, കന്യാവ് എന്നീ സങ്കല്പങ്ങളില്‍ ആടുകയും ചെയ്യും. പുള്ളുവക്കുടവും പുള്ളുവവീണയും താളക്കൊഴുപ്പുണ്ടാക്കുന്നു. പാട്ടിന്റെ രാഗതാളങ്ങള്‍ മുറുകുമ്പോള്‍ സര്‍പ്പംതുള്ളുന്നവരുടെ തുള്ളലും മുറുകും. 'ആടാടുയക്ഷിയമ്മേ, അഴകിനോടാടാടൂ', 'നാഗരാജാവിന്‍ തുള്ളോരാ, നാഗയക്ഷിക്കളിപോരല്ലോ' തുടങ്ങിയ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ സ്വാഭാവികമായി തുള്ളിപ്പോകും. പാലാഴിമഥനം, ആസ്തികം, സര്‍പ്പോത്പത്തി തുടങ്ങിയ പല ആഖ്യാനങ്ങളും സര്‍പ്പപ്പാട്ടുകളിലുണ്ട്. സര്‍പ്പങ്ങളെ സ്തുതിച്ചുകൊണ്ടുള്ള ലഘുഗാനങ്ങളും പന്തല്‍, സര്‍പ്പംതുള്ളല്‍ എന്നിവയുടെ വര്‍ണനകളും കുറവല്ല. വീണയും കുടവും വായിച്ച് പാട്ടുപാടി സര്‍പ്പങ്ങളെ പ്രീതിപ്പെടുത്തുവാന്‍ പുള്ളുവര്‍ക്ക് പാരമ്പര്യം സിദ്ധിച്ചതിന്റെ കഥകള്‍ ആഖ്യാനം ചെയ്യുന്ന ചില പാട്ടുകളും പുള്ളുവര്‍ പാടാറുണ്ട്.

തീയ്യാട്ടുപാട്ടുകള്‍.

കേരളത്തിലെ ക്ഷേത്രകലകളിലൊന്നാണ് തീയ്യാട്ട്. അയ്യപ്പന്‍ തീയ്യാട്ട്, ഭദ്രകാളിത്തീയ്യാട്ട് എന്നു രണ്ടുവിധം തീയ്യാട്ടുകളുണ്ട്. അയ്യപ്പന്‍ തീയ്യാട്ട് അയ്യപ്പന്‍കാവുകളിലും ഭദ്രകാളിത്തീയ്യാട്ട് ഭദ്രകാളീക്ഷേത്രങ്ങളിലുമാണ് നടത്തുന്നത്. ബ്രാഹ്മണ-ക്ഷത്രിയ ഗൃഹങ്ങളിലും തീയ്യാട്ടു നടത്താറുണ്ടായിരുന്നു. അയ്യപ്പന്‍ തീയ്യാട്ടു നടത്തുന്നത് തീയ്യാടി നമ്പ്യാര്‍മാരും ഭദ്രകാളിത്തീയ്യാട്ടു നടത്തുന്നത് തീയ്യാട്ടുണ്ണികളുമാണ്. തീയ്യാട്ടെന്ന അനുഷ്ഠാന കലയ്ക്കു പാടിവരുന്ന ഗാനങ്ങളെ പൊതുവേ തീയ്യാട്ടുപാട്ടുകള്‍ എന്ന് പറയാം. ഭദ്രകാളിത്തീയ്യാട്ടിന് ദക്ഷിണ കേരളത്തിലാണ് കൂടുതല്‍ പ്രചാരം. അയ്യപ്പന്‍ തീയ്യാട്ട് ഉത്തരകേരളത്തില്‍ നടപ്പുള്ളതാണ്. ഉച്ചപ്പാട്ട്, കളമെഴുത്ത്, കളംപൂജ, കളംപാട്ട്, വേഷമണിഞ്ഞുകൊണ്ടുള്ള അഭിനയം, കോമരം, തിരിയുഴിച്ചില്‍ തുടങ്ങിയ രംഗങ്ങള്‍ തീയ്യാട്ടില്‍ പൊതുവേ കാണാവുന്നതാണ്. ഭദ്രകാളിത്തീയ്യാട്ടിന്, സ്തുതിഗാനങ്ങള്‍ക്ക് പുറമേ, 'നിറംപാട്ടുകള്‍' എന്നൊരിനവും പാദാദികേശ കേശാദിപാദ വര്‍ണനകളുമുണ്ട്. കൂടാതെ 'കാളിനാടകം' എന്ന പാട്ടും പാടും. അയ്യപ്പന്‍ തീയ്യാട്ടിന് പാടുന്ന ഗാനങ്ങളില്‍ ഉച്ചപ്പാട്ടിന് പാടുന്നവ, കാവെണ്ണല്‍ തോറ്റം, കളംപാട്ട്, വേട്ടചൊല്ലല്‍, അയ്യപ്പന്റെ അപദാനങ്ങളെ വര്‍ണിക്കുന്ന 'വലിയ പാട്ട്', പുലിപ്പാട്ട്, കോമരം വരുമ്പോള്‍ പാടുന്ന പാട്ട്', കേശാദിപാദവര്‍ണന, കളത്തിലാട്ടപ്പാട്ട്, വിഷ്ണുമായാവര്‍ണന, തിരിയുഴിയുമ്പോള്‍ പാടുന്ന പാട്ട്', ഉദയാസ്തമയം കൂത്തിന് പാടാറുള്ള 'പൊലിച്ചുപാട്ട്' എന്നിവയടങ്ങുന്നു. കൂടാതെ പാലാഴിമഥനവും അയ്യപ്പന്റെ ചരിതവുമടങ്ങിയ സുദീര്‍ഘമായ താളാത്മക ഗദ്യവും ഇതില്‍ ഉള്‍പ്പെടുന്നു.

തെയ്യംപാടിപ്പാട്ടുകള്‍.

ഉത്തരകേരളത്തിലെ ഭഗവതീക്ഷേത്രങ്ങളിലും സര്‍പ്പക്കാവുകളിലും ബ്രാഹ്മണാലയങ്ങളിലും വേട്ടയ്ക്കൊരുമകന്‍, അയ്യപ്പന്‍, വൈരജാതന്‍ എന്നീ ദേവതകളുടെ കാവുകളിലും കളമെഴുത്തും പാട്ടും നടത്തുന്ന ഒരു അന്തരാളവര്‍ഗമാണ് തെയ്യംപാടികള്‍ (ദൈവം പാടികള്‍). ദേവഗായകവൃന്ദ പരമ്പരയാണത്രേ ഇവര്‍. തെയ്യംപാടികളുടെ പാട്ടുകള്‍ ദൈവങ്ങള്‍ക്കും തുഷ്ടിപ്രദമാണ്. ഇവര്‍ പാട്ടു പാടുമ്പോള്‍ നന്തുണി (ഒരു തരം വീണ)യും കൈമണിയും വാദ്യോപകരണങ്ങളായി ഉപയോഗിക്കാറുണ്ട്. ഇവരുടെ നന്തുണിപ്പാട്ടിന് ചിലേടങ്ങളില്‍ 'വ്യാഴം പാട്ട്' എന്നും പറയാറുണ്ട്. വേട്ടയ്ക്കൊരുമകന്‍ പാട്ട്, വൈരജാതന്‍ പാട്ട്, ദൈവത്താര്‍ പാട്ട്, ഭഗവതി(ഭദ്രകാളി)പ്പാട്ട്, ശിവന്‍ പാട്ട്, ശാസ്താംപാട്ട്, മരക്കലപ്പാട്ട്, മാബലിപ്പാട്ട്, അമ്മാനപ്പാട്ട്, പൊലിച്ചുപാട്ട് എന്നീ പാട്ടുകളും; അയ്യപ്പസ്തുതി, അന്നപൂര്‍ണേശ്വരീസ്തുതി, യക്ഷിസ്തുതി, ശ്രീകൃഷ്ണസ്തുതി, ചുഴലിസ്തുതി, ഭഗവതിസ്തുതി, ഗണപതിസ്തുതി എന്നീ സ്തുതിഗാനങ്ങളും; നാഗത്തോറ്റം, യക്ഷിത്തോറ്റം, അയ്യപ്പന്‍തോറ്റം, ദാരികവധംതോറ്റം, മഹിഷവധംതോറ്റം തുടങ്ങിയ താളാത്മകഗദ്യങ്ങളും തെയ്യംപാടികളുടെ പാട്ടുകളില്‍ പ്രധാനങ്ങളാണ്.

ക്ഷേത്രങ്ങളിലും കാവുകളിലും കുറുപ്പന്മാര്‍ നടത്തുന്ന 'കളമെഴുത്തു പാട്ടു'കളും പ്രസ്താവയോഗ്യമാണ്.

അയ്യപ്പന്‍ പാട്ട്.

അയ്യപ്പഭക്തന്മാര്‍ പാടുന്ന അനുഷ്ഠാനഗാനങ്ങളാണ് അയ്യപ്പന്‍ പാട്ടുകള്‍. അയ്യപ്പന്‍ കാവുകളിലോ ക്ഷേത്രങ്ങളിലോ ഗൃഹങ്ങളിലോ വച്ച് പാട്ട് നടത്താം. ഗുരുസ്വാമിയായിരിക്കും പാട്ടിന്റെ നേതൃത്വം വഹിക്കുന്നത്. അലങ്കരിച്ച പന്തലില്‍ അയ്യപ്പപൂജ നടത്തിയശേഷമാണ് പാട്ടുപാടുക. ഉടുക്കും കൈമണിയും വാദ്യോപകരണമായി ഉപയോഗിക്കും. അയ്യപ്പന്‍ പാട്ടിനെ ചിലേടങ്ങളില്‍ ഉടുക്കുപാട്ട് എന്നും പറയാറുണ്ട്. ചിലേടങ്ങളില്‍ ഇതിന് ശാസ്താംപാട്ട് എന്നാണ് പേര്. ഇതിന് 'നമ്പ്യാര്‍പ്പാട്ട്' എന്ന് തെക്കന്‍ ദിക്കുകളില്‍ പേര് പറയാറുണ്ടെന്ന് മലയാളഭാഷാചരിത്രത്തില്‍ പി. ഗോവിന്ദപ്പിള്ള സൂചിപ്പിക്കുന്നു. നമ്പ്യാന്മാര്‍ കൂടുതല്‍ പങ്കെടുക്കുന്നതുകൊണ്ടാകാം ഇതിനെ അങ്ങനെ വിളിക്കുന്നത്. അയ്യപ്പന്‍ പാട്ട് ആരംഭിക്കുന്നത് ഇഷ്ടദേവതാവന്ദനത്തോടുകൂടിയാണ്. ഗണപതി, സരസ്വതി, സുബ്രഹ്മണ്യന്‍ തുടങ്ങിയ ദേവകളെ സ്തുതിച്ചുകൊണ്ട് പാടിയശേഷം അയ്യപ്പസ്തുതികള്‍ തുടങ്ങും. ശാസ്താവിന്റെ ഉത്പത്തി, പാലാഴി മഥനം, ശൂര്‍പ്പകാസുരകഥ, ശൂരപദ്മാസുരകഥ തുടങ്ങിയവ ഈ അയ്യപ്പന്‍പാട്ടുകളില്‍ മുഖ്യപ്രതിപാദ്യമാണ്.

പൂരക്കളിപ്പാട്ടുകള്‍.

അത്യുത്തരകേരളത്തിലെ കാവുകളിലും ഭഗവതീ ക്ഷേത്രങ്ങളിലും മീനമാസത്തിലെ പൂരംനാളിന് സമാപിക്കത്തക്കവിധം ഒമ്പതു നാളുകളിലായി ആടിപ്പാടിക്കളിക്കുന്ന അനുഷ്ഠാനപരമായ ഗ്രാമീണ കലയാണ് പൂരക്കളി. മണിയാണി, തീയ്യന്‍, മുക്കുവന്‍, മൊയോന്‍, ചാലിയന്‍, മൂശാരി, തട്ടാന്‍, മൂവാരി തുടങ്ങിയ സമുദായക്കാര്‍ ഈ കലാപ്രകടനത്തില്‍ ഏര്‍പ്പെട്ടുപോരുന്നു. പൂരക്കളിക്ക് പാടുന്ന നിരവധി ഗാനങ്ങളുണ്ട്. അനേകം പൂരക്കളി സംഘങ്ങള്‍ ഉള്ളതിനാല്‍ ഓരോ സംഘത്തിനും പ്രത്യേകം പ്രത്യേകം പാട്ടുകളുണ്ടായിരിക്കും. ദീപവന്ദന, ദേവതാവന്ദന, നവവന്ദന, നവാക്ഷരവന്ദന, പൂരമാല (പതിനെട്ടു നിറങ്ങള്‍ പാടിക്കൊണ്ടുള്ള നര്‍ത്തനങ്ങള്‍), ഗണപതിപ്പാട്ട്, ഗണപതി-സരസ്വതി-ശ്രീകൃഷ്ണസ്തുതികള്‍, രാമായണ-ഭാരത കഥകള്‍ പാടിക്കൊണ്ടുള്ള കളികള്‍, അങ്കം, പട, ചായല്‍, ശൈവക്കൂത്തുകള്‍, ശക്തിക്കൂത്തുകള്‍, യോഗി, ആണ്ട്, പള്ള്, കുളിതൊഴല്‍ എന്നിങ്ങനെ വിവിധരംഗങ്ങള്‍ പൂരക്കളിയില്‍ ഉള്ളതിനാല്‍ ഓരോ രംഗത്തിനും പാടുവാന്‍ പറ്റിയ ഗാനങ്ങള്‍ നിലവിലുണ്ട്. ശൈവ-വൈഷ്ണവ കഥകളും ഇതിഹാസ-പുരാണ കഥകളും കൂടാതെ അനേകം ദേവതാചരിതങ്ങളും പൂരോത്സവത്തിന്റെ ഉത്പത്തിയെക്കുറിച്ചുള്ള പുരാവൃത്തങ്ങളും വര്‍ഗോത്പത്തിക്കഥകളും പൂരക്കളിപ്പാട്ടുകള്‍ക്ക് വിഷയമായിട്ടുണ്ട്.

സംഘക്കളിപ്പാട്ടുകള്‍.

കേരള ബ്രാഹ്മണര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നതും ലുപ്തപ്രായവുമായ അനുഷ്ഠാനകലയാണ് സംഘക്കളി. ചാത്തിരാങ്കം, ശാസ്ത്രാംഗക്കളി, സത്രക്കളി, ശാസ്ത്രക്കളി, യാത്രക്കളി, പാനേങ്കളി എന്നിങ്ങനെ ഇതിന് പല പേരുകളും പറഞ്ഞുവരുന്നുണ്ട്. ഉപനയനം, അന്നപ്രാശനം, വേളി, പന്ത്രണ്ടാംമാസം തുടങ്ങിയ വലിയ സത്രങ്ങളോട് (അടിയന്തിരങ്ങളോട്) ബന്ധപ്പെടുത്തിയാണ് സംഘക്കളി നടത്തിയിരുന്നത്. സംഘക്കളിയില്‍ വിനോദത്തിന് ധാരാളം വകയുണ്ടെങ്കിലും, ഈശ്വരപ്രീതിക്കും അഭീഷ്ടസിദ്ധിക്കുമുള്ള ഒരു പുണ്യകര്‍മമായിട്ടാണ് ഇതിനെ വീക്ഷിക്കുന്നത്. സംഘക്കളിപ്പാട്ടുകള്‍ (ചാത്തിരാങ്കപ്പാട്ടുകള്‍) ഭാഷയ്ക്കൊരു മുതല്‍ക്കൂട്ടാണ്. കൊട്ടിച്ചകംപൂകല്‍, പാത്രം കൊട്ടിയാര്‍ക്കല്‍, നാലുപാദം, കറിശ്ലോകം ചൊല്ലല്‍, തോണിപ്പാട്ടുചൊല്ലല്‍, പാന, ഇട്ടിക്കണ്ടപ്പന്റെ പുറപ്പാട്, പൊലി, കുറുത്തിയാട്ടം, ബലിയുഴിച്ചില്‍, വട്ടമിരിപ്പ് എന്നിങ്ങനെ വിവിധരംഗങ്ങള്‍ സംഘക്കളിക്കുണ്ട്. ഈ ഓരോ സന്ദര്‍ഭത്തിലും പ്രത്യേകം പ്രത്യേകം പാട്ടുകളും താളാത്മകഗദ്യങ്ങളുമാണ് പാടുന്നത്. വിളക്കുവച്ച് അതിനുചുറ്റും പ്രദക്ഷിണം ചെയ്തുകൊണ്ട് പ്രത്യേകസ്വരത്തില്‍ താളമൊപ്പിച്ച് തൃക്കാരിയൂരപ്പനെ സ്തുതിച്ചുകൊണ്ട് 'നാലുപാദം' (കണ്ടമിരണ്ട നടം ചെയ്യുന്നേന്‍.... എന്ന പാട്ട്) പാടുകയെന്നത് തികച്ചും അനുഷ്ഠാനബദ്ധമായ ചടങ്ങാണ്.

ബ്രാഹ്മണിപ്പാട്ടുകള്‍.

പുഷ്പകസമുദായത്തില്‍പ്പെട്ട സ്ത്രീകളാണ് ബ്രാഹ്മണികള്‍. ഭഗവതീക്ഷേത്രങ്ങളിലും സ്വഭവനങ്ങളിലും ബ്രഹ്മാലയങ്ങളിലും ശൂദ്രഭവനങ്ങളിലും അവര്‍ പാട്ടുപാടിവരുന്നു. ഭഗവതീക്ഷേത്രങ്ങളിലും ബ്രഹ്മാലയങ്ങളിലും പാടുന്ന പാട്ടുകളെ 'ഭഗവതിപ്പാട്ട്' എന്നാണ് പറഞ്ഞുവരുന്നത്. അലങ്കരിച്ച പന്തലില്‍ പീഠം വച്ച് പീഠത്തിന്മേല്‍ വാളുവച്ചു പൂജിച്ചശേഷമാണ് ബ്രാഹ്മണികള്‍ പാടുന്നത്. രാവിലെയും ഉച്ചയ്ക്കും ചെറിയ തോതില്‍ പാടുന്നു. സന്ധ്യയോടുകൂടിയാണ് കൂടുതല്‍ ഭാഗങ്ങള്‍ പാടുക. ഭദ്രകാളിയുടെ ഉത്പത്തി, ദുര്‍ഗയുടെ ഉത്പത്തി; ദാരികവധം, കാളീസ്തുതി എന്നിവ ഭഗവതിപ്പാട്ടുകളില്‍ മുഖ്യങ്ങളാണ്. ബ്രാഹ്മണിയമ്മമാര്‍ നായന്മാരുടെ വീടുകളില്‍ പാട്ടുനടത്തുന്നത് കെട്ടുകല്യാണത്തിനാണ്. പാഞ്ചാലീസ്വയംവരം, ലക്ഷ്മീസ്വയംവരം, പാര്‍വതീസ്വയംവരം, സുഭദ്രാഹരണം, ദയമന്തീസ്വയംവരം എന്നീ കഥകളാണ് ആ അവസരങ്ങളില്‍ കൂടുതല്‍ പാടുന്നത്. കതിരുപാട്ട് (തിരുവോണം പാട്ട്) ഉത്രംപാട്ട്, പെണ്‍കൊടപ്പാട്ട് തുടങ്ങിയ ചില പാട്ടുകളും ബ്രാഹ്മണികള്‍ പാടിവരുന്നു. ബ്രാഹ്മണിപ്പാട്ടുകള്‍ ഋഗ്വേദസ്വരത്തില്‍ പാടണമെന്നാണ് സങ്കല്പം. മധ്യകേരളത്തിലാണ് ബ്രാഹ്മണിപ്പാട്ടുകള്‍ക്ക് കൂടുതല്‍ പ്രചാരം.

അത്യുത്തര കേരളത്തില്‍ ബ്രാഹ്മണിപ്പാട്ടുകളുടെ സ്ഥാനത്ത് കാണുന്നത് പാപ്പിനിപ്പാട്ടുകളാണ്. ബ്രാഹ്മണികളെപ്പോലെ പാപ്പിനികളും പുഷ്പക സമുദായത്തില്‍പ്പെട്ടവര്‍തന്നെ.

കുത്തിയോട്ടപ്പാട്ടുകള്‍

.ദക്ഷിണകേരളത്തിലെ ഭഗവതീക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവകാലത്ത് നടത്താറുള്ള അനുഷ്ഠാനകലയാണ് കുത്തിയോട്ടം. അതിന് പാടുന്ന പാട്ടുകളുടെ വിഷയം ഭദ്രകാളിയുടെ ചരിതങ്ങളാണ്. കൃഷ്ണലീല മുതലായ മറ്റു ചില കഥകളും കുത്തിയോട്ടപ്പാട്ടുകളില്‍ കാണുന്നു. മുഖത്ത് ചായംതേച്ച് തലയില്‍ കിരീടമണിഞ്ഞ് മെയ്യാഭരണങ്ങളോടുകൂടിയ വേഷങ്ങള്‍ വാദ്യഘോഷത്തോടുകൂടി ക്ഷേത്രത്തിലേക്ക് വരും. കുട്ടികളാണ് ഈ വേഷങ്ങള്‍ കെട്ടുക. അവരോടൊപ്പം പാട്ടുപാടുവാന്‍ പ്രത്യേകം ആള്‍ക്കാര്‍ ഉണ്ടായിരിക്കും. പാട്ടുകാര്‍ പരസ്പരം വെല്ലുവിളിച്ചുകൊണ്ട് പാടുമത്രേ. വ്യത്യസ്ത താളങ്ങളോടുകൂടി പാട്ടുപാടുന്ന അഞ്ചു ഖണ്ഡങ്ങള്‍ കുത്തിയോട്ടത്തിനുണ്ട്. മാവേലിക്കരത്താലൂക്കിലെ ചെട്ടികുളങ്ങര തുടങ്ങിയ ദേവീക്ഷേത്രങ്ങളില്‍ കുത്തിയോട്ടം ഒരു വഴിപാടായി നടന്നുവരുന്നു. നോ. കുത്തിയോട്ടം

ഭഗവതിപ്പാട്ടുകള്‍.

ദേവീക്ഷേത്രങ്ങളിലും കാവുകളിലും നടത്തുന്ന പാട്ടുകളെ പൊതുവേ 'ഭഗവതിപ്പാട്ടുകള്‍' എന്ന് പറയാറുണ്ട്. ദക്ഷിണകേരളത്തിലെ വേലന്‍സമുദായക്കാര്‍ നടത്തുന്ന കളമെഴുത്തുപാട്ടിനെയും 'ഭഗവതിപ്പാട്ട്' എന്നാണ് പറഞ്ഞുവരുന്നത്. അല്പം ഉയര്‍ന്ന തറയില്‍ ഭദ്രകാളിയുടെ രൂപം പഞ്ചവര്‍ണപ്പൊടികള്‍ കൊണ്ട് ചിത്രീകരിക്കും. 'ഭഗവതിപ്പാട്ട്' മൂന്നുദിവസത്തോളം നീണ്ടുനില്ക്കും. കളം പൂജിച്ചുകഴിഞ്ഞ ശേഷമാണ് പാട്ട് പാടുന്നത്. ഭഗവതിയെ കളത്തില്‍ കുടിയിരുത്തുന്ന പാട്ടാണ് ആദ്യം പാടുക. തുടര്‍ന്ന് സ്തുതികളും കീര്‍ത്തനങ്ങളും തോറ്റങ്ങളും പാടുന്നു. കണ്ണകീചരിതം, ദാരികവധം എന്നിവ ഭഗവതിപ്പാട്ടുകളില്‍ മുഖ്യങ്ങളാണ്. നന്തുണി, കുഴിത്താളം എന്നിവ പാട്ടിന് വാദ്യോപകരണങ്ങളായി ഉപയോഗിക്കുന്നു. മണ്ണാന്മാരുടെ പാട്ടിനെയും 'ഭഗവതിപ്പാട്ട്' എന്ന് പറയാറുണ്ട്.

ആവിയര്‍പ്പാട്ട്.

പാലക്കാട് ജില്ലയിലെ ഭഗവതീക്ഷേത്രങ്ങളിലും കാവുകളിലും ധനുമാസത്തില്‍ നടത്തിവരുന്ന പാട്ടാണ് ആവിയര്‍പ്പാട്ട്. കണ്ണകിയുടെ ചരിതമാണ് അതില്‍ ആഖ്യാനം ചെയ്യുന്നത്. കണ്ണകിയുടെ ഭര്‍ത്താവായ പേകന്‍ (കോവലന്‍) ആവിയര്‍ എന്ന ജാതിയില്‍പ്പെട്ടവനായതിനാലത്രേ ഈ പാട്ടിന് ഇങ്ങനെ പേരുണ്ടായത്. നന്തുണി എന്ന വാദ്യോപകരണം പാട്ടുകാര്‍ ഉപയോഗിക്കുന്നതുകൊണ്ട് 'നന്തുണിപ്പാട്ട്' എന്നും പറയാറുണ്ട്. നല്ലമ്മത്തോറ്റം, നല്ലമ്മപ്പാട്ട് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. അലങ്കരിച്ച പന്തലില്‍ പഞ്ചവര്‍ണപ്പൊടികള്‍ കൊണ്ടു ചിത്രീകരിച്ച കളത്തിന് മുമ്പില്‍ വച്ചാണ് പാടുക.

കണ്യാര്‍ക്കളിപ്പാട്ടുകള്‍.

കണ്യാര്‍ക്കളി എന്ന അനുഷ്ഠാനകല പാലക്കാട് ജില്ലയിലും സമീപപ്രദേശങ്ങളിലുമാണ് പ്രചാരത്തിലുള്ളത്. ദേവീപ്രീണനാര്‍ഥമുള്ള ഈ കളിയില്‍ ശൂദ്രജാതിക്കാരാണ് ഏര്‍പ്പെടുന്നത്. 'കണ്ണകിയാര്‍ക്കളി'യാണ് കണ്യാര്‍ക്കളി' എന്നായത്. ഈ കളിക്ക് വട്ടക്കളി, പുറാട്ട് എന്നീ രണ്ടു ഭാഗങ്ങളുണ്ട്. വട്ടക്കളി തികച്ചും അനുഷ്ഠാനപ്രധാനമാണ്. കണ്യാര്‍ക്കളി സാധാരണമായി നാലുദിവസമായിട്ടാണ് അവതരിപ്പിക്കുന്നത്. വട്ടക്കളിപ്പാട്ടുകളും ആണ്ടിക്കുത്തുപാട്ടുകളും വള്ളോന്‍കളിപ്പാട്ടുകളും മലമക്കളിപ്പാട്ടുകളും കണ്യാര്‍ക്കളിപ്പാട്ടുകളില്‍പ്പെടുന്നു. തമിഴുഭാഷാസ്വാധീനത ഈ ഗാനങ്ങളില്‍ പ്രകടമാണ്. മന്നത്തുകളി, ലാലാക്കളി, ദേശത്തുകളി എന്നീ വഴിപാടുകളെയും അവയുടെ പാട്ടുകളെയും പറ്റി സാഹിത്യചരിത്രങ്ങളില്‍ സൂചനകളുണ്ട്. ഭദ്രകാളീപ്രീണനത്തിനുവേണ്ടിയുള്ള അവ കണ്യാര്‍ക്കളിയുടെ ദേശഭേദമനുസരിച്ചുള്ള രൂപാന്തരങ്ങളായി ഗണിക്കപ്പെടുന്നു.

മുണ്ട്യന്‍പാട്ട്.

കന്നുകാലികളെ പീഡിപ്പിക്കുന്ന ഒരു വനദേവതയാണ് മുണ്ട്യന്‍. കൃഷിക്കും കന്നുകാലികള്‍ക്കും ഈ ദേവതയുടെ കോപംകൊണ്ടു നാശമുണ്ടാകുമെന്ന വിശ്വാസം നിലവിലുണ്ട്. അതിനാല്‍ മുണ്ട്യനെ തൃപ്തിപ്പെടുത്തുവാന്‍ കോഴി, ആട് മുതലായവയെ ബലിനല്‍കുകയും പഞ്ചവര്‍ണപ്പൊടികള്‍ കൊണ്ട് ദേവതാരൂപം ചിത്രീകരിച്ച് മുണ്ട്യന്‍പാട്ട് പാടുകയും ചെയ്യുന്നു. കുരുത്തോലയും പൂക്കളും കൊണ്ട് അലങ്കരിച്ച പന്തലില്‍ വച്ചാണ് പാട്ടുപാടുക. ഈഴറ, തുടി, ചെണ്ട, താളം തുടങ്ങിയ വാദ്യോപകരണങ്ങള്‍ പാട്ടിന് ഉപയോഗിക്കും. പെരുവണ്ണാന്മാര്‍ പാടിവരുന്ന മുണ്ട്യന്‍ പാട്ട് പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലാണ് സാധാരണമായി നടപ്പുള്ളത്.

കുറുന്തിനിപ്പാട്ട്.

സന്താനലാഭാര്‍ഥം സ്ത്രീകളെ പുരസ്കരിച്ച് ചെയ്യാറുള്ള ഒരു കര്‍മമാണ് കുറുന്തിനിപ്പാട്ട്. ഉത്തരകേരളത്തിലെ മണ്ണാന്മാരാണ് ഇത് നടത്തുന്നത്. നാഗപ്രീതിക്കുവേണ്ടിയുള്ളതാണ് ഇത്. ഒരു ദിവസം രാവിലെ തുടങ്ങി അടുത്ത ദിവസം പ്രഭാതം വരെയുള്ള കര്‍മങ്ങള്‍ ഇതിനുണ്ട്. ഏതു സ്ത്രീയെ ഉദ്ദേശിച്ചാണോ പാട്ടു നടത്തുന്നത് ആ സ്ത്രീയാണ് കര്‍മങ്ങള്‍ ചെയ്യേണ്ടത്. പഞ്ചവര്‍ണപ്പൊടികള്‍ കൊണ്ട് ചിത്രീകരിച്ച കളത്തില്‍ വലിയൊരു ചെമ്പുപാത്രത്തില്‍ കരുതിക്കൂട്ടി അതില്‍ പിണിയാളെ ഇരുത്തും. വണ്ണാന്മാര്‍ കുറുന്തിനിഭഗവതി, കുറുന്തിനിക്കാമന്‍ എന്നീ തെയ്യങ്ങള്‍ കെട്ടി നര്‍ത്തനം ചെയ്യും. ഈ അനുഷ്ഠാനത്തിന്റെ ഓരോ ഘട്ടത്തിലും വണ്ണാന്മാര്‍ പാട്ടുകള്‍ പാടും. നൂറും പാലും കൊടുക്കുന്ന ചടങ്ങിന് ചെറിയൊരു പാട്ടാണ് പാടുക. ആറുഖണ്ഡങ്ങളുള്ള സുദീര്‍ഘമായൊരു പാട്ട് കുറുന്തിനിക്ക് അവര്‍ പാടാറുണ്ട്. നാഗരാജാവ്, ഉലകരാജാവ്, വണ്ടോരപ്പന്‍, കനകരാജാവ് തുടങ്ങിയവരെക്കുറിച്ചുള്ള ഈ പാട്ട് ഒരു സങ്കല്പപുരാവൃത്തം ഉള്‍ക്കൊള്ളുന്നു. കര്‍മാരംഭത്തില്‍ കോടിമുണ്ടുകൊണ്ട് ഏഴു പുതുക്കലങ്ങള്‍ പൊതിഞ്ഞു കെട്ടി വയ്ക്കുകയും, കര്‍മാവസാനം അത് അഴിക്കുകയും ചെയ്യും. ഈ കര്‍മത്തിനും പ്രത്യേകം പാട്ടു പാടാറുണ്ട്.

ഗന്ധര്‍വന്‍പാട്ട്.

ഗന്ധര്‍വന്‍പാട്ട് എന്ന അനുഷ്ഠാനകര്‍മം കേരളത്തില്‍ പല സമുദായക്കാര്‍ക്കിടയിലും പ്രചാരത്തിലുണ്ട്. ഓരോ സമുദായവും പാടുന്ന പാട്ടുകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വ്യത്യാസം കാണും. ദേവാലയങ്ങളിലും ബ്രഹ്മാലയങ്ങളിലും ഗന്ധര്‍വന്‍ തുള്ളല്‍ നടത്തിവരുന്നു. കുറുപ്പന്മാരാണ് ഇതിലേര്‍പ്പെടുന്നത്. വിവാഹപ്രായമായ കന്യകമാരെ ഗന്ധര്‍വാദികള്‍ ബാധിക്കുമെന്നും ആ ദേവതകളുടെ രൂപങ്ങള്‍ പഞ്ചവര്‍ണപ്പൊടികള്‍ കൊണ്ടു ചിത്രീകരിച്ചു പാട്ടു പാടിയാല്‍ ആ ദേവതകളുടെ ഉപദ്രവം നീങ്ങുമെന്നാണ് വിശ്വാസം. ഗന്ധര്‍വപ്രീതിക്കുവേണ്ടി ചില തറവാടുകളില്‍ ആണ്ടുതോറും നടത്തിവരാറുള്ള ഗന്ധര്‍വന്‍ പാട്ടിന് പാടുന്ന ഗാനങ്ങളില്‍ 'ചന്ദനമാരന്‍' എന്ന പാട്ട് മുഖ്യമാണ്. കാമദേവന്റെ മാമാങ്കം പുറപ്പാടാണ് ആ പാട്ടിന്റെ ഉള്ളടക്കം.

കളംപാട്ട്

ഉത്തരകേരളത്തിലെ വണ്ണാന്‍ സമുദായക്കാര്‍ ഗന്ധര്‍വന്‍ പാട്ടു നടത്താറുണ്ട്. അതിനെ 'കെന്ത്രോന്‍ പാട്ട്' എന്നാണ് പ്രാദേശികമായി പറയുന്നത്. ഗര്‍ഭിണികളെ പുരസ്കരിച്ചു ചെയ്യുന്ന ഒരു കര്‍മമാണിത്. കെന്ത്രോന്‍ പാട്ടിന് വണ്ണാന്മാര്‍ പാടുന്ന പാട്ടുകളില്‍ മിക്കതും കെട്ടുകഥകളാണ്. അവയെ 'കന്നല്‍പ്പാട്ടുകള്‍' എന്ന് വിളിച്ചുവരുന്നു. അസുരകാണ്ഡം, ഗോദാവരിയെത്തേടല്‍, ദേവക്കോട്ട പണിയല്‍, തിരുവേളി തേടല്‍, വരമിരിപ്പ്, ഉര്‍വേറ്റി തേടല്‍, നാടയ്യാളുടെ ജനനം, പൂരം നോക്ക്, വാണാട്ടുകോട്ട പണിയല്‍, നാടയ്യാളും വിഷ്ണുഭഗവാനും തമ്മിലുള്ള വിവാഹം എന്നീ സങ്കല്പകഥാഭാഗങ്ങളാണ് കന്നല്‍പ്പാട്ടില്‍ അടങ്ങിയിട്ടുള്ളത്. മാരന്‍ പാട്ട്, നീലകേശിപ്പാട്ട് തുടങ്ങിയ ഗാനങ്ങളും കെന്ത്രോന്‍ പാട്ടിന് പാടിവരുന്നു. മാരപത്നിയുടെ സഹോദരിമാര്‍ മാരന്റെ അമിതപ്രഭാവത്തില്‍ അസൂയ തോന്നുകയാല്‍ അവനെ അപമാനിച്ചയച്ചതിന്റെ ഫലമായി വിരഹവിധുരയായി കഴിയുന്ന മാരപത്നി കിളിയെ (തത്തയെ) അഭിസംബോധന ചെയ്തു പാടുന്നരീതിയില്‍ രചിക്കപ്പെട്ടതാണ് മാരന്‍ പാട്ട്.

കളംപാട്ട്.

ഉത്തരകേരളത്തിലെ കണിയാന്‍ (കണിശന്‍) സമുദായത്തില്‍പ്പെട്ടവര്‍ 'കളംപാട്ട്' എന്ന ഒരു ഗര്‍ഭബലികര്‍മം നടത്തിവരാറുണ്ട്. ചിലേടങ്ങളില്‍ വണ്ണാന്മാരും കളംപാട്ട് നടത്തും. ഗന്ധര്‍വന്‍, ഭൈരവന്‍, രക്തേശ്വരി, കരികലക്കി, ഉടല്‍വരട്ടി തുടങ്ങിയ ദേവതകളുടെ രൂപം പഞ്ചവര്‍ണപ്പൊടികള്‍ കൊണ്ടു ചിത്രീകരിച്ചു പിണിയാളെ കളത്തിലിറക്കി, പാട്ടു പാടുകയാണ് കളംപാട്ടിന്റെ പ്രത്യേകത. പിണിയാള്‍ കളത്തിലിറങ്ങുമ്പോള്‍ പാടുന്ന 'കളമിറക്കുപാട്ട്'; പിണിയാള്‍ക്ക് ബാധാചലനമുണ്ടെന്ന് കണ്ടാല്‍ പാടാറുള്ള 'ബാധാചലനപ്പാട്ട്' (ബാധപ്പാട്ട്); ഗണപതി, സരസ്വതി തുടങ്ങിയവരെക്കുറിച്ചുള്ള സ്തുതികള്‍; പൊലിച്ചുപാട്ട് തുടങ്ങിയ ഗാനങ്ങള്‍ക്കുപുറമേ ബാലിവിജയം, ബാലിവധം, കല്യാണസൗഗന്ധികം, സന്താനഗോപാലം, വ്യാസോത്പത്തി, നളചരിതം, കംസവധം, സോമവാരവ്രതം തുടങ്ങിയ പുരാണേതിഹാസകഥകളും കളംപാട്ടുകളില്‍പ്പെടുന്നു.

മാരിപ്പാട്ട്.

ഉത്തരകേരളത്തിലെ പുലയര്‍ക്കിടയില്‍ അരിശാസ്ത്രം, വിരുന്നുപൂജപ്പാട്ട്, ഗണപതിപ്പാട്ട്, അടിതളിപ്പാട്ട്, കലശപ്പാട്ട്, അരങ്ങാറ്റുപാട്ട് തുടങ്ങിയ അനേകം അനുഷ്ഠാനഗാനങ്ങള്‍ പ്രചാരത്തിലുണ്ട്. മാരിപ്പാട്ട് അവരുടെ അനുഷ്ഠാനഗാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. കര്‍ക്കിടകമാസം പതിനാറാം നാളില്‍ മാരിത്തെയ്യങ്ങളുമായി പുലയര്‍ ഭവനന്തോറും ചെന്ന് മാരിയാട്ടവും നടത്തുന്നു. ഈതിബാധകളകറ്റുവാനാണ് മാരിപ്പാട്ട് പാടുന്നത് എന്ന് വിശ്വസിച്ചുവരുന്നു.

ഐവര്‍കളിപ്പാട്ടുകള്‍.

മധ്യകേരളത്തിലെ ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്താറുള്ള കളിയാണ് ഐവര്‍കളി. ഭദ്രകാളീപ്രീണനാര്‍ഥം പാണ്ഡവന്മാര്‍ പാടിക്കളിച്ച കളിയുടെ അനുസ്മരണമാണിതെന്ന് വിശ്വസിച്ചുവരുന്നു. എന്നാല്‍ കമ്മാളന്മാര്‍ (ആശാരി, മൂശാരി, തട്ടാന്‍, കരുവാന്‍, വേലക്കുറുപ്പ്) പാടിക്കളിച്ചതുകൊണ്ടാണ് 'ഐവര്‍കളി' എന്ന് പേരുണ്ടായതെന്നും ഒരു വാദമുണ്ട്. ഈ കളിയില്‍ ഈഴവര്‍, വേട്ടുവര്‍, ചെറുമര്‍, കണിയാര്‍ തുടങ്ങിയവരും പങ്കെടുക്കാറുണ്ട്. കളിയാശാന്‍ പാട്ടു പാടുമ്പോള്‍ കളിക്കാര്‍ ഏറ്റുപാടും. കാളിയുടെ ചരിതമാണ് ഐവര്‍കളിപ്പാട്ടുകളില്‍ മുഖ്യപ്രതിപാദ്യം. രാമായണഭാരതകഥകളും പാടാറുണ്ട്.

മലയപ്പുറാട്ടുകളിപ്പാട്ടുകള്‍.

രോഗശാന്തിക്കുവേണ്ടി ചെറുമ സമുദായക്കാര്‍ നടത്തുന്ന അനുഷ്ഠാന കലയാണ് മലയപ്പുറാട്ടുകളി. പാലക്കാടുജില്ലയില്‍ ഇതിന് ഇന്നും പ്രചാരമുണ്ട്. കളിക്കാര്‍ പ്രത്യേക വേഷമണിയും. മലയപ്പുറാട്ടുകളിക്ക് പ്രത്യേകം പാട്ടുകളുണ്ട്. കുലദൈവങ്ങളെയും മറ്റും വന്ദിച്ചുകൊണ്ടാണ് കളി സമാപിക്കുന്നത്. മൃദംഗം, ചെണ്ട, താളം എന്നിവ പിന്നണിവാദ്യങ്ങളായി ഉപയോഗിക്കുന്നു.

മന്ത്രവാദപ്പാട്ടുകള്‍.

മന്ത്രവാദം കുലത്തൊഴിലായി സ്വീകരിച്ച അനേകം സമുദായങ്ങള്‍ കേരളത്തിലുണ്ട്. വണ്ണാന്‍, മണ്ണാന്‍, മലയന്‍, പാണന്‍, കണിശന്‍ (ഗണകന്‍), പുള്ളുവന്‍, കോപ്പാളന്‍, മാവിലന്‍, ചെറവന്‍, പറയന്‍, വേലന്‍ തുടങ്ങിയ ജാതിക്കാര്‍ മാന്ത്രികകര്‍മങ്ങള്‍ ചെയ്യുമ്പോള്‍ പലവിധത്തിലുള്ള മന്ത്രവാദപ്പാട്ടുകള്‍ പാടാറുണ്ട്. മന്ത്രവാദപ്പാട്ടുകള്‍ സ്തുതികളും കീര്‍ത്തനങ്ങളും പുരാണേതിഹാസ കഥകളും സാങ്കല്പികകഥകളും വംശോത്പത്തിക്കഥകളും ഉള്‍ക്കൊള്ളുന്നു.

മന്ത്രവാദപ്പാട്ടുകളില്‍ ഒരിനമാണ് 'ചാറ്റുപാട്ടുകള്‍'. തിരുവിതാംകൂറിലെ മലകളില്‍ വസിക്കുന്ന കാണിക്കാര്‍ക്കിടയില്‍ ഇത്തരം പാട്ടുകള്‍ പ്രചാരത്തിലുണ്ട്. ദൈവങ്ങള്‍ക്കു പിടിപെട്ട ദൃഷ്ടിദോഷം തീര്‍ക്കുവാന്‍ വേണ്ടിയാണ് ഈ പാട്ടുകള്‍ ആദ്യം പാടിയതെന്ന് അവര്‍ വിശ്വസിക്കുന്നു. കോലംതുള്ളലെന്ന അനുഷ്ഠാനകലയോടനുബന്ധിച്ചു ദക്ഷിണകേരളത്തിലെ ഗണകസമുദായക്കാരും ചാറ്റുപാട്ടുകള്‍ പാടിവരുന്നു.

കണ്ണേര്‍ദോഷം (ദൃഷ്ടിദോഷം) നീക്കുവാന്‍ വേണ്ടി പാടുന്ന പാട്ടുകളാണ് കണ്ണേര്‍ പാട്ടുകള്‍. മലയര്‍ കണ്ണേറ്റു മന്ത്രവാദത്തില്‍ വിദഗ്ധരാണ്. അവര്‍ പാടുന്ന കണ്ണേര്‍ പാട്ടുകളില്‍ നാരായണപ്പത്ത്, സങ്കീര്‍ത്തനങ്ങള്‍, മലമശ്ശാസ്ത്രം, അണിയറശ്ശാസ്ത്രം, സത്യഗുരുവചനം, കണ്ണേറ്റുമാല, ഭദ്രബലി, വായിപ്രാകല്‍, നിഴല്‍ക്കുത്ത് തുടങ്ങിയ പല പാട്ടുകളും ഉള്‍പ്പെടുന്നു. നാവേര്‍ (നാവിനു ദോഷം) നീക്കുവാന്‍ മലയരും പുള്ളുവരും ദക്ഷിണകേരളത്തിലെ വേലരും മറ്റും നാവേറ്റു പാട്ടുകള്‍ പാടാറുണ്ട്.

മാന്ത്രികകര്‍മങ്ങള്‍ക്കു മലയരും പുലയരും മറ്റും 'പിള്ളപ്പാട്ട്' എന്ന ഒരു തരം അനുഷ്ഠാനഗാനം പാടിവരുന്നു. ഗര്‍ഭിണി മരിച്ച ഭവനങ്ങളില്‍ ഉത്തരകേരളത്തിലെ പുള്ളുവര്‍ ചില മാന്ത്രികകര്‍മങ്ങള്‍ നടത്താറുണ്ട്. അപ്പോള്‍ പാടുന്ന പാട്ടുകളെ 'പുള്ളുവപ്പാട്ട്' എന്നാണ് പറയാറുള്ളത്.

ദുര്‍ദിനങ്ങളില്‍ മരണമുണ്ടായാല്‍ ആ ദോഷം നീക്കാന്‍ ആ ഭവനത്തില്‍ ഉത്തരകേരളത്തിലെ വണ്ണാന്മാരും മലയരും നടത്തുന്ന മാന്ത്രികകര്‍മമാണ് 'അകം നാള്‍ നീക്ക്'. ഭൈരവന്‍, ഗുളികന്‍ തുടങ്ങിയ ദേവതകളെ സംബന്ധിച്ച ചില പാട്ടുകള്‍ ആ സന്ദര്‍ഭത്തില്‍ പാടുന്നു.

വിനോദപരം

കളിക്കും വിനോദങ്ങള്‍ക്കും പാടുന്ന ഗാനങ്ങള്‍ നാടന്‍പാട്ടുകളില്‍ നല്ലൊരു ഭാഗമുണ്ട്. 'കളി' എന്ന ശബ്ദത്തിന് അര്‍ഥവ്യാപ്തിയുള്ളതായി കണക്കാക്കാം. കമ്പടിക്കളി (കോല്‍ക്കളി), പരിചകളി, പരിചമുട്ടിക്കളി, വട്ടക്കളി, ആണ്ടിക്കളി, ചെറുമക്കളി, ചോഴിക്കളി, താലംകളി, കുമ്മാട്ടിക്കളി, കൈകൊട്ടിക്കളി തുടങ്ങിയവ കേവലം കളികളല്ല; കലാപരമായ മേന്മ അവയില്‍ ദര്‍ശിക്കാം.

കോലടിപ്പാട്ടുകള്‍.

കോല്‍ക്കളിക്ക് കോലടിക്കളി, കമ്പടിക്കളി എന്നിങ്ങനെ പ്രാദേശികമായി പേരില്‍ വ്യത്യാസം കാണാം. വിവിധ സമുദായക്കാരുടെയിടയില്‍ കോല്‍ക്കളി പ്രചാരത്തിലുണ്ട്. എന്നാല്‍ മാപ്പിളമാരുടെയും (മലബാര്‍ മുസ്ലിങ്ങള്‍) ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും കോലടിപ്പാട്ടുകള്‍ക്കു തമ്മില്‍ അന്തരമുണ്ട്. വന്ദനക്കളി, വട്ടക്കോല്‍, ചുറ്റിക്കോല്‍, തെറ്റിക്കോല്‍, ഇരുന്നുകളി, തടുത്തുകളി, താളക്കളി, ചവിട്ടിച്ചുറ്റല്‍, ചുറഞ്ഞു ചുറ്റല്‍, ചിന്ത്, ഒളവും പറവും തുടങ്ങി അറുപതില്‍പ്പരം ഇനങ്ങള്‍ കോല്‍ക്കളിയിലുണ്ട്. ഇവയ്ക്കെല്ലാം പ്രത്യേകം പാട്ടുകളുമുണ്ട്. രാഗവും താളവുമൊത്ത് പാടേണ്ടവയാണ് കോല്‍ക്കളിപ്പാട്ടുകള്‍. ഹിന്ദുക്കളുടെ പാട്ടുകളില്‍ ക്ഷേത്രപുരാവൃത്തങ്ങളും ദേവതാസ്തുതികളും കാണാം. പയ്യന്നൂര്‍ പെരുമാള്‍ ക്ഷേത്രത്തെയും അവിടെ മുമ്പൊരിക്കല്‍ നടന്ന കലശത്തെയുംകുറിച്ചു വര്‍ണിക്കുന്ന 'കലശപ്പാട്ട്' ഒരു കോലടിപ്പാട്ടു കൂടിയാണ്.

പുരുഷന്മാരെപ്പോലെ സ്ത്രീകളും പെണ്‍ക്കുട്ടികളും കോല്‍ക്കളിയില്‍ ഏര്‍പ്പെടാറുണ്ട്. ആ വിനോദത്തിന് 'കോലാട്ടം എന്നാണ് പറയുന്നത്. ചായംതേച്ചതും ചിലങ്കകള്‍ പിടിപ്പിച്ചതും നീളം കുറഞ്ഞതുമായ കോലുകളാണ് കോലാട്ടത്തിന് ഉപയോഗിക്കുക. കോലാട്ടത്തിനും പാട്ടുകളുണ്ട്.

കൈകൊട്ടിക്കളിപ്പാട്ടുകള്‍.

സ്ത്രീകളുടെ വിനോദകലയാണ് കൈകൊട്ടിക്കളി (തിരുവാതിരക്കളി). ചിങ്ങമാസത്തിലെ ഓണാഘോഷത്തിനും ധനുമാസത്തിലെ ആതിരാഘോഷത്തിനും കൈകൊട്ടിക്കളി മുഖ്യമാണ്. കൈകൊട്ടിക്കളിപ്പാട്ടുകള്‍ ധാരാളം പ്രചാരത്തിലുണ്ടായിരുന്നുവെങ്കിലും ഇന്നു നഷ്ടപ്രായമായിരിക്കയാണ് (നോ. കൈകൊട്ടിക്കളിയും പാട്ടുകളും). സാഹിത്യലോകത്ത് പ്രശസ്തങ്ങളായ ചില കൈകൊട്ടിക്കളിപ്പാട്ടുകളുണ്ട്. പാര്‍വതീസ്വയംവരം നാലു വൃത്തം, അംബരീഷചരിതം പന്ത്രണ്ടുവൃത്തം, പാര്‍വതീസ്വയംവരം പന്ത്രണ്ടുവൃത്തം, ഗജേന്ദ്രമോക്ഷം നാലു വൃത്തം, ശാകുന്തളം നാലു വൃത്തം, സീതാസ്വയംവരം നാലു വൃത്തം, വൃകാസുരവധം രണ്ടു വൃത്തം, കല്യാണസൗഗന്ധികം രണ്ടു വൃത്തം തുടങ്ങിയ പാട്ടുകള്‍ മച്ചാട്ട് ഇളയതിന്റെ സംഭാവനകളാണ്. കോട്ടൂര്‍ നമ്പ്യാര്‍ കുചേലവൃത്തം, സുഭദ്രാഹരണം എന്നീ കഥകള്‍ കൈകൊട്ടിക്കളിപ്പാട്ടുകളായി രചിച്ചിട്ടുണ്ട്. അഹല്യാമോക്ഷം ഏഴു വൃത്തം, ലക്ഷ്മീസ്വയംവരം മൂന്നു വൃത്തം, അജാമിളമോക്ഷം നാലു വൃത്തം, ദക്ഷയാഗം പതിനെട്ടു വൃത്തം, പൂതനാമോക്ഷം എട്ടു വൃത്തം, രാസക്രീഡ ആറു വൃത്തം, രാജസൂയം പത്തു വൃത്തം, കിരാതം എട്ടു വൃത്തം മുതലായ അനേകം കൈകൊട്ടിക്കളിപ്പാട്ടുകളെപ്പറ്റി സാഹിത്യചരിത്രഗ്രന്ഥങ്ങളില്‍ സൂചനകള്‍ കാണാം.

ധനുമാസത്തിലെ തിരുവാതിര ഹൈന്ദവവനിതകളുടെ ഉത്സവമാണ്. അശ്വതി നാള്‍ മുതല്‍ കുളിയും തുടിയും കളിയും തുടങ്ങും. പുലരുന്നതിനു മുമ്പേ കുളിക്കുവാന്‍ ചെല്ലും. ഗംഗയുണര്‍ത്തുപാട്ട്, കുളംതുടിപ്പാട്ട് എന്നിവ ആ സന്ദര്‍ഭത്തില്‍ പാടുന്നവയാണ്. ഊഞ്ഞാല്‍പ്പാട്ടുകള്‍ പാടി ഊഞ്ഞാലാടുന്ന പതിവുണ്ട്. താലോലംപാട്ട്, തുമ്പിതുള്ളല്‍പ്പാട്ട് എന്നിവ തിരുവാതിരപ്പാട്ടുകളില്‍പ്പെടുന്നവയാണ്. തിരുവാതിരക്കളിക്ക് ഗണപതി, സരസ്വതി, ശ്രീകൃഷ്ണന്‍, പരമേശ്വരന്‍ തുടങ്ങിയവരെ സ്തുതിച്ചുകൊണ്ടുള്ള പാട്ടുകള്‍ പാടും. കൂടാതെ മംഗളാതിരാപുരാണം, പാര്‍വതീസ്വയംവരം, സത്യാസ്വയംവരം, രുക്മിണീസ്വയംവരം തുടങ്ങിയ കഥകള്‍ പാടും. സാഹിത്യലോകത്ത് പ്രശസ്തങ്ങളായ ചില തിരുവാതിരപ്പാട്ടുകളുമുണ്ട്. കുഞ്ചന്‍ നമ്പ്യാരുടെ രുക്മിണീസ്വയംവരം പത്തു വൃത്തം, ഇരട്ടക്കുളങ്ങര രാമവാര്യരുടെ കിരാതം, കോട്ടൂര്‍ നമ്പ്യാരുടെ കുചേലവൃത്തം, സുഭദ്രാഹരണം, കുട്ടിക്കുഞ്ഞു തങ്കച്ചിയുടെ ശിവരാത്രിമാഹാത്മ്യം, സീതാസ്വയംവരം, നാരദമോഹനം എന്നിവ ഇവയില്‍ ചിലതാണ്. മച്ചാട്ടിളയത്, വെണ്മണിമഹന്‍ നമ്പൂതിരി തുടങ്ങിയവരും തിരുവാതിരപ്പാട്ടുകള്‍ എഴുതിയിട്ടുണ്ട്. ആതിരവ്രതം അനുഷ്ഠിക്കുന്ന സ്ത്രീകളാണ് തിരുവാതിരക്കളിയില്‍ ഏര്‍പ്പെടുന്നതെങ്കിലും അനുഷ്ഠാനത്തെക്കാള്‍ വിനോദത്തിനാണ് ഈ കളിയില്‍ മുന്‍തൂക്കം കാണുന്നത്. പ്രസിദ്ധങ്ങളായ കഥകളിപ്പദങ്ങളും തിരുവാതിരക്കളിക്ക് ഉപയോഗിച്ചുവരുന്നു. നോ. കൈകൊട്ടിക്കളിയും പാട്ടുകളും

ഓണപ്പാട്ടുകള്‍.

കേരളീയരുടെ ദേശീയോത്സവമായ ഓണാഘോഷത്തോടനുബന്ധിച്ച് പാട്ടുകളും കളികളും കലാപ്രകടനങ്ങളും ഉദയം ചെയ്തിട്ടുണ്ട്. ഓണപ്പാട്ടുകളില്‍ പ്രായേണ ഓണാഘോഷത്തിന്റെ ഐതിഹ്യങ്ങളും ചടങ്ങുകളുമാണ് വര്‍ണിക്കുന്നത്. 'മാവേലി നാടുവാണീടും കാലം' എന്ന നാടോടിപ്പാട്ട് പ്രചുരപ്രചാരമുള്ളതാണ്. ഓണത്തിന് പൂവിടുകയും പൂക്കളം നിര്‍മിക്കുകയും ചെയ്യുമ്പോള്‍ പൂപ്പാട്ടുകള്‍ (പൂവിളിപ്പാട്ടുകള്‍) പാടിവരുന്നു. അത്യുത്തര കേരളത്തില്‍ 'ഓണത്താര്‍' എന്ന തെയ്യം ഭവനംതോറും വന്നു പാട്ടു പാടി ആടാറുണ്ട്. വണ്ണാന്മാര്‍ പാടിവരുന്ന ഈ പാട്ടിന്റെ ഉള്ളടക്കം മഹാബലിയുടെ കഥയാണ്. ഓണക്കാലത്തു പുള്ളുവരും പാണരും ഭവനങ്ങളില്‍ വന്നു പാട്ടു പാടും . ഓണപ്പാട്ടുകള്‍ പാടിയാല്‍ അവര്‍ക്കു പ്രത്യേക പാരിതോഷികങ്ങള്‍ ലഭിക്കും . ഓണക്കാലത്തെ വിനോദങ്ങള്‍ക്കു പാടുന്ന പാട്ടുകളും കുറവല്ല. തുമ്പിതുള്ളല്‍പ്പാട്ടുകളും തലയാട്ടപ്പാട്ടുകളും ഊഞ്ഞാല്‍പ്പാട്ടുകളും കുമ്മിപ്പാട്ടുകളും മറ്റും ഗ്രാമീണാന്തരീക്ഷത്തില്‍ ഇന്നും പ്രചാരത്തിലിരിക്കുന്നു.

പരിചമുട്ടിക്കളിപ്പാട്ടുകള്‍.

മധ്യകേരളത്തിലും ദക്ഷിണകേരളത്തിലും നിലവിലുള്ള ആയോധനപരമായ കലാപ്രകടനമാണ് പരിചമുട്ടിക്കളി. വാളും പരിചയുമെടുത്ത് വട്ടമിട്ടു കളിക്കുന്ന ഈ വിനോദത്തില്‍ വിവിധ സമുദായക്കാര്‍ ഏര്‍പ്പെടാറുണ്ട്. കേരളത്തിലെ ക്രൈസ്തവര്‍ക്കിടയില്‍ കല്യാണം, പെരുന്നാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍ പരിചമുട്ടിക്കളി വേണമെന്നുണ്ട്. പരിചമുട്ടിക്കളിപ്പാട്ടുകള്‍ താളത്തിനും ചുവടിനുമൊത്ത് പാടാന്‍ കഴിയുന്നവയാണ് തോമാശ്ലീഹായുടെ ചരിതങ്ങളും മറ്റുമാണ് നസ്രാണികളുടെ പരിചമുട്ടിപ്പാട്ടുകള്‍ക്കു വിഷയം. മാപ്പിളമാര്‍ പരിചമുട്ടികളിക്കു പടപ്പാട്ടുകളാണധികം പാടിവരുന്നത്.

ദക്ഷിണകേരളത്തിലെ പുലയര്‍, ചെറുമര്‍ തുടങ്ങിയ ജാതിക്കാര്‍ക്കിടയിലും ഉത്തരകേരളത്തിലെ അരയസമുദായക്കാര്‍ക്കിടയിലും 'പരിചകളി' എന്നൊരു വിനോദമുണ്ട് അതിനും പാട്ടുകള്‍ പാടും.

ചൊവടുകളിപ്പാട്ടുകള്‍.

ഉത്തരകേരളത്തിലെ ദലിതരുടെയും ഗോത്രവിഭാഗക്കാരുടെയും പ്രചാരമുള്ള കളിയാണ് ചൊവടുകളി അഥവാ വട്ടക്കളി. ഇതിനു വൈവിധ്യമാര്‍ന്ന താളങ്ങളിലുള്ള പാട്ടുകളാണ് പാടുന്നത്.

ചെറുമക്കളിപ്പാട്ടുകള്‍.

വേട്ടുവരുടെയും പുലയരുടെയും ചെറുമരുടെയുമിടയില്‍ പ്രചാരത്തിലുള്ള ഒരു തരം വിനോദമാണ് ചെറുമക്കളി അഥവാ ചവിട്ടുകളി. ഉത്സവം, മറ്റു വിശേഷാവസരങ്ങള്‍ എന്നീ സന്ദര്‍ഭങ്ങളില്‍ ചവിട്ടുകളി നടത്തും. ചുവടുവയ്പുകള്‍ക്ക് അനുഗുണമായ പാട്ടുകളാണ് ചെറുമക്കളിപ്പാട്ടുകള്‍. ദക്ഷിണകേരളത്തില്‍ നെല്‍ക്കറ്റകള്‍ മെതിക്കുമ്പോഴുള്ള ഒരു കാര്‍ഷിക വിനോദമാണ് ചവിട്ടുകളി.

ചോഴിക്കളിപ്പാട്ടുകള്‍.

മധ്യകേരളത്തില്‍ ചോഴികെട്ട് എന്ന ഒരു തരം വിനോദകല പ്രചാരത്തിലുണ്ട്. ആതിരോത്സവവുമായി ബന്ധപ്പെട്ട് പുരുഷന്മാര്‍ നടത്തുന്ന കളിയാണിത്. യമന്‍, ചിത്രഗുപ്തന്‍, മുത്തിയമ്മ, ചോഴി തുടങ്ങിയ വേഷങ്ങള്‍ വേണം. ചെണ്ടയാണ് വാദ്യം. ഈ വിനോദത്തിനും ചില പാട്ടുകള്‍ പാടാറുണ്ട്.

തളികക്കളിപ്പാട്ടുകള്‍.

തളികക്കളി, താലംകളി, കിണ്ണംകളി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന വിനോദം കേരളത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. തീയരുടെയും കമ്മാളരുടെയുമിടയില്‍ താലികെട്ടുകല്യാണത്തിന് ഈ വിനോദം പതിവുണ്ട്. പുരുഷന്മാരാണ് തളികക്കളിയില്‍ ഏര്‍പ്പെടാറുള്ളതെങ്കിലും ചിലയിടങ്ങളില്‍ വനിതകളും പങ്കെടുക്കുന്നുണ്ട്. തളികക്കളിക്ക് പ്രത്യേകം പാട്ടുകളുണ്ട്. ഇലത്താളമാണ് പാട്ടിനു താളക്കൊഴുപ്പു നല്കുന്നത്.

കല്യാണക്കളിപ്പാട്ടുകള്‍.

താലികെട്ടുകല്യാണത്തോടനുബന്ധിച്ച് ഈഴവര്‍, കുറവര്‍, നായന്മാര്‍ തുടങ്ങിയ ചില സമുദായക്കാരുടെയിടയില്‍ കല്യാണക്കളി എന്ന ഒരു വിനോദകല നടപ്പുണ്ട്. ഓണക്കാലത്തെ വിനോദമെന്ന നിലയ്ക്കും ഈ കളിക്കു പ്രാധാന്യമുണ്ട്. കല്യാണക്കളിപ്പാട്ടുകള്‍ പുരാണകഥകളെ അവലംബിച്ചുള്ളവയാണ്.

ദപ്പുപാട്ടുകള്‍.

മുസ്ലിം സമുദായക്കാരുടെ ഇടയില്‍ പ്രചാരത്തിലുള്ള ' വിനോദകലയാണ് ദപ്പുകളി. 'ദപ്പ്' എന്ന വാദ്യോപകരണം കൊട്ടിക്കൊണ്ടു പാടിക്കളിക്കുകയാണ് ഇതിന്റെ സ്വഭാവം. ദപ്പുകളി ഒരനുഷ്ഠാനത്തിന്റെ പരിവേഷത്തോടെ പളളികളില്‍ നേര്‍ച്ചയായി നടത്തിവന്നിരുന്നുവെങ്കിലും, ഒരു സാമൂഹിക വിനോദമെന്ന നിലയില്‍ ഇന്ന് ഇതിനു കൂടുതല്‍ പ്രചാരം കൈവന്നിരിക്കുകയാണ്. അറബിഗാനങ്ങളാണ് ആദ്യകാലത്ത് ദപ്പുകളിക്കു പാടിവന്നിരുന്നത്. എന്നാല്‍ ഇന്ന് ഭാഷാഗാനങ്ങള്‍ തന്നെ പാടിവരുന്നു. മതപരമായ പാട്ടുകള്‍, പ്രേമഗാനങ്ങള്‍, പടപ്പാട്ടുകള്‍, ദുഃഖഗാനങ്ങള്‍, സ്ഥലപുരാണങ്ങള്‍, വര്‍ണനകള്‍, സങ്കല്പകഥകള്‍ എന്നിങ്ങനെ ദപ്പുകളിപ്പാട്ടുകളെ തരംതിരിക്കാം. ബദറുല്‍ മുനീര്‍ഹുസിനുല്‍ ജമാല്‍, ബദര്‍ പടപ്പാട്ട്, മക്കം ഫത്തഹ്, കര്‍ബലയുദ്ധം, കച്ചോടപ്പാട്ട്, താലിപ്പാട്ട്, പക്ഷിപ്പാട്ട്, ഉഹദ്യുദ്ധം തുടങ്ങിയവ ദപ്പുകളിപ്പാട്ടുകളില്‍ മുഖ്യങ്ങളാണ്.

കല്യാണപ്പാട്ടുകള്‍. പല സമുദായക്കാര്‍ക്കിടയിലും കല്യാണ (മങ്ങല-മംഗല)ത്തിന് പാട്ടും കളിയും പതിവുണ്ട്. പുലയര്‍, കുറവര്‍, മാവിലര്‍, മലയര്‍, കമ്മാളര്‍, ഈഴവര്‍, വേലര്‍, പുള്ളുവര്‍ തുടങ്ങിയവര്‍ക്കിടയില്‍ മങ്ങലപ്പാട്ടുകള്‍ പ്രചാരത്തിലിരിക്കുന്നു. താലികെട്ടുകല്യാണത്തിനും തിരണ്ടുകല്യാണത്തിനും കാതുകുത്തുമങ്ങലത്തിനുമൊക്കെ പ്രത്യേകം പാട്ടുകളുണ്ട്. ഈഴവരുടെയും പുലയരുടെയും മറ്റുമിടയില്‍ പ്രചാരത്തിലുള്ള അരവുപാട്ടുകളും പൊലിച്ചുപാട്ടുകളും കല്യാണപ്പാട്ടുകളില്‍പ്പെട്ടതാണ്. വധൂവരന്മാരുടെ ആള്‍ക്കാര്‍ ചേരിതിരിഞ്ഞ് മത്സരിച്ചുപാടുന്ന സമ്പ്രദായം കമ്മാളരുടെയും മലയരുടെയും മറ്റുമിടയില്‍ നിലവിലുണ്ട്. വാതില്‍തുറപ്പാട്ട്, അമ്മാനപ്പാട്ട്, തോഴമ്മപ്പാട്ട്, പെണ്ണുവാഴ്ത്തുപാട്ട് എന്നിവ കല്യാണപ്പാട്ടിന്റെ ഭാഗങ്ങളാണ്. ദക്ഷിണകേരളത്തിലെ കാനപ്പുലയര്‍ക്കിടയില്‍ നിലവിലുള്ള ഒരു തിരണ്ടുപാട്ടാണ് മലപ്പാട്ട്. കേരളബ്രാഹ്മണര്‍ക്കിടയില്‍ വേളിക്ക് കൈകൊട്ടിക്കളിക്കുവാന്‍ പ്രത്യേകം പാട്ടുകളുണ്ട്.

കല്യാണപ്പാട്ടുകള്‍ ക്രിസ്ത്യാനികളുടെയും മലബാര്‍ മുസ്ലിങ്ങളുടെയും ഇടയിലും പ്രചാരത്തിലുണ്ട്. മുസ്ലിങ്ങളുടെ 'ഒപ്പനപ്പാട്ടുകള്‍' കല്യാണത്തിന് പാടുന്നവയാണ്. കാതുകുത്തുകല്യാണത്തിനു അവര്‍ പാട്ടുകള്‍ പാടുക പതിവാണ്. അയനിപ്പാട്ട്, പന്തല്‍പ്പാട്ട്, വാതിലടച്ചുപാട്ട്, അടച്ചുതുറപ്പാട്ട്, മൈലാഞ്ചിപ്പാട്ട്, കുളിപ്പാട്ട് തുടങ്ങിയവ നസ്രാണികളുടെ കല്യാണപ്പാട്ടുകളില്‍ ചിലതാണ്.

കുട്ടികളെ താലോലിക്കുവാന്‍ പാടുന്ന 'താലോലംപാട്ടു' കളും തപ്പാണിപ്പാട്ടുകളും ശിശുക്കളെ ഉറക്കുവാന്‍ പാടുന്ന താരാട്ടുപാട്ടുകളും വിനോദഗാനങ്ങളില്‍പ്പെടുന്നു. കുട്ടികളുടെ വിനോദങ്ങളായ താരംകളി, അരിപ്പോ തിരിപ്പോകളി, പൂഴികളി തുടങ്ങിയവയ്ക്കെല്ലാം ലഘുഗാനങ്ങള്‍ പാടാറുണ്ട്.

പണിപ്പാട്ടുകള്‍, കൃഷിപ്പാട്ടുകള്‍

അധ്വാനഭാരം ലഘൂകരിക്കാന്‍വേണ്ടി പാടുന്നവയാണ് പണിപ്പാട്ടുകള്‍. തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആശ്വാസം നല്കുന്ന ഈ പാട്ടുകള്‍ അര്‍ഥപുഷ്ടിയുടെ കാര്യത്തില്‍ മുന്നിലല്ല. നിരര്‍ഥകശബ്ദങ്ങള്‍ ഇവയില്‍ കാണാം. താളബോധമാണ് ഇവയുടെ സവിശേഷത. വണ്ടിവലിക്കുമ്പോള്‍ പാടുന്ന വണ്ടിപ്പാട്ടുകളും കുട്ട (വട്ടി) ഉണ്ടാക്കുമ്പോള്‍ പാടുന്ന വട്ടിപ്പാട്ടുകളും വെള്ളം തേകുമ്പോള്‍ പാടുന്ന തേക്കുപ്പാട്ടുകളും വിത്തുവിതയ്ക്കുമ്പോള്‍ പാടുന്ന വിത്തുകിളപ്പാട്ടുകളും ഞാറു നടുമ്പോള്‍ പാടുന്ന ഞാറ്റുപാട്ടുകളും കളപറിക്കുമ്പോള്‍ പാടുന്ന കളപ്പാട്ടു (പൊരിപ്പാട്ടു) കളും പണിപ്പാട്ടുകളില്‍പ്പെടുന്നവയാണ്. കുട്ടനാടന്‍ പുഞ്ചകളില്‍ കൃഷിയിറക്കുന്നതിനുവേണ്ടി പാടത്തുനിന്നു വെള്ളം വറ്റിക്കാന്‍ ചക്രം ചവിട്ടുമ്പോള്‍ പാടുന്ന പാട്ടുകളും ഈ കൂട്ടത്തില്‍പ്പെടുന്നു.

കൃഷിപ്പാട്ടുകള്‍.

കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട നിരവധി ഗാനങ്ങളുണ്ട്. കൃഷിപ്പണിയുടെ ഓരോ ഘട്ടത്തിലും പാട്ടുകള്‍ പാടിവരുന്നു. പുലയരും ചെറുമരും വേട്ടുവരും മാവിലരും മറ്റും മലമ്പ്രദേശങ്ങളില്‍ വിത്തിറക്കുമ്പോള്‍ പാടാറുള്ള ഗാനമാണ് വിത്തുകിളപ്പാട്ട്. ഞാറ്റുപാട്ടുകള്‍ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രചാരത്തിലുണ്ടെങ്കിലും ഗാനങ്ങള്‍ക്കു പ്രാദേശിക വ്യത്യാസം കാണുന്നു. ഉത്തരകേരളത്തില്‍ ഞാറ്റുപാട്ടുകളെ നാട്ടിപ്പാട്ട്, പൊരിപ്പാട്ട്, തൊരംപ്പാട്ട്, കളപ്പാട്ട് എന്നും മറ്റും പ്രാദേശികമായി പറഞ്ഞുവരുന്നു.

ഉത്തരകേരളത്തിലെ പുള്ളുവര്‍ കൊയ്ത്തുകാലത്ത് വയലുകള്‍ തോറും വീണയുമായിച്ചെന്നു പാട്ടു പാടാറുണ്ട്. ഇവര്‍ക്കു കൃഷിക്കാര്‍ നെല്‍ക്കറ്റകള്‍ സമ്മാനിക്കും. കറ്റയ്ക്കുവേണ്ടി പാടുന്ന അത്തരം ഗാനങ്ങളെ 'കറ്റപ്പാട്ട്' എന്നാണ് പറയുന്നത്. നെല്ലും തെങ്ങും തമ്മിലുള്ള തര്‍ക്കം കറ്റപ്പാട്ടില്‍ വര്‍ണിക്കപ്പെട്ടിരിക്കുന്നു.

വയനാട്ടിലും മറ്റും ഞാറു നടുമ്പോള്‍ പാടാറുള്ള ഒരു തരം ഗാനമാണ് 'കണ്ടംവലിപ്പാട്ട്. മത്സരിച്ചുപാടുന്ന കൃഷിപ്പാട്ടാണിത്.

കൃഷിപ്പാട്ടുകള്‍ പുലയരുടെയും ചെറുമരുടെയും ചുണ്ടുകളില്‍ ഇന്നും ജീവിക്കുന്നു. 'വടക്കന്‍ പാട്ടുകള്‍' എന്നറിയപ്പെടുന്ന വീരാപദാനകഥാഗാനങ്ങളും കൃഷിപ്പാട്ടുകളാണ്.

വടക്കന്‍ പാട്ടുകള്‍

പൂര്‍വികരായ പരാക്രമികളുടെ വീരസാഹസ കൃത്യങ്ങളും പ്രേമചാപല്യങ്ങളും വര്‍ണിക്കുന്ന ജനകീയ ഗാനങ്ങളാണ് വടക്കന്‍ പാട്ടുകള്‍. കളരി സംസ്കാരവുമായി ബന്ധപ്പെട്ട കഥകളാണ് ആ വീരാപദാനങ്ങളില്‍ ഏറിയകൂറും. ഇവയുണ്ടായ കാലഘട്ടത്തിലെ ജനജീവിതവും സംസ്കാരവും ഇവ പ്രതിഫലിപ്പിക്കുന്നു.

വടക്കന്‍പാട്ടുകളെ തച്ചോളിപ്പാട്ടുകള്‍, പുത്തൂരം പാട്ടുകള്‍, ഒറ്റപ്പെട്ട പാട്ടുകള്‍ എന്നിങ്ങനെ മൂന്നിനമായി തിരിക്കാം. പുത്തൂരം പാട്ടുകള്‍ പുത്തൂരം വീടിനെ കേന്ദ്രീകരിച്ചുള്ളവയാണ്. ആരോമല്‍ച്ചേകവര്‍, സഹോദരിയായ ആറ്റുമ്മണമ്മേല്‍ ഉണ്ണിയാര്‍ച്ച, ഉണ്ണിയാര്‍ച്ചയുടെ മകന്‍ ആരോമലുണ്ണി എന്നിവരുടെ വീരകഥകളെ ഇവ ഉള്‍ക്കൊള്ളുന്നു. ആരോമല്‍ച്ചേകവര്‍ പുത്തരിയങ്കം വെട്ടിയതും ഉണ്ണിയാര്‍ച്ച കൂത്തു കാണാന്‍പോയതും അമ്മാവനെ ചതിച്ചുകൊന്ന ചന്തുവിനോട് ആരോമലുണ്ണി കുടിപ്പക തീര്‍ത്തതുമൊക്കെ പുത്തൂരംപാട്ടുകളിലെ ഹൃദയസ്പര്‍ശിയായ ഭാഗങ്ങളാണ്. ഈഴവസമുദായത്തില്‍പ്പെട്ടവര്‍ക്ക് ഒരുകാലത്ത് ശക്തിയും പ്രതാപവും സ്ഥാനമാനങ്ങളും ഉണ്ടായിരുന്നുവെന്ന് ഈ പാട്ടുകള്‍ തെളിയിക്കുന്നു.

തച്ചോളിത്തറവാടിനെ കേന്ദ്രീകരിച്ചുള്ള പാട്ടുകളാണ് തച്ചോളിപ്പാട്ടുകള്‍. തച്ചോളി ഒതേനനെപ്പറ്റിയും അനേകം പാട്ടുകളുണ്ട്. ഒതേനന്റെ മരുമകനാണ് തച്ചോളിച്ചന്തു. തച്ചോളിപ്പാട്ടുകള്‍ 'കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍' എന്ന അലിഖിതനിയമം നിലവിലിരുന്ന ഒരു കാലഘട്ടത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. സാമന്തപ്രഭുക്കന്മാര്‍ പരസ്പരം കലഹിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്.

പയ്യംപള്ളിച്ചന്തു, പാലാട്ടുകോമന്‍, പുതുനാടന്‍കേളു, കരുമ്പറമ്പില്‍ കണ്ണന്‍, വെള്ളിമാന്‍കുന്നില്‍ പെരുമലയന്‍, മഞ്ഞേരിടത്തിലെ കുഞ്ഞിക്കണ്ണന്‍, അക്കരക്കരമ്മല് പാട്ടി, വയലപ്പുറം ചെറിയ, ആതിമണക്കോട്ടയില്‍ കുട്ടിനമ്പ്ര്, ചേറ്റയില്‍ കരിമ്പനാട്ടു കോരന്‍, മുരിക്കഞ്ചേരി കേളു, കൊടുമലകുഞ്ഞിക്കണ്ണന്‍, പൊന്മല ക്കോട്ടേല് കുഞ്ഞിക്കണ്ണന്‍, കിളിയാപുരത്ത് കിളിമങ്ക, ചെറുവത്തൂര് കൊടക്കല്‍ കുഞ്ഞിക്കണ്ണന്‍, കോട്ടയത്തടിയോടി കുഞ്ഞിദേവമ്മറ്, കമ്പല്ലൂര്‍ കോട്ടയില്‍ കുഞ്ഞിച്ചന്തു, കുഞ്ഞിമങ്ങലത്തു കോയിമ്മ, തേവര് വെള്ളയന്‍ എന്നിങ്ങനെ അനേകം വീരപുരുഷന്മാരെയും ധീരവനിതകളെയും പറ്റിയുള്ള പാട്ടുകളില്‍ മിക്കതും ശേഖരിക്കപ്പെടാതെ കിടക്കുകയാണ്. ഒറ്റപ്പെട്ട ഈ പാട്ടുകള്‍ കൂടി പൂര്‍ണമായി സമാഹരിച്ചാല്‍ മാത്രമേ വടക്കന്‍പാട്ടുകളുടെ ശേഖരം പൂര്‍ണമാകയുള്ളൂ.

വടക്കന്‍പാട്ടുകളെ 'ചാരന്‍പാട്ടുകള്‍' എന്നു കൂടി ചിലേടങ്ങളില്‍ പറയാറുണ്ട്. വീരാപദാനകഥാഗാനങ്ങള്‍ക്ക് ഈ പേര് യോജിച്ചതുതന്നെ. നോ: വടക്കന്‍പാട്ടുകള്‍

തെക്കന്‍ പാട്ടുകള്‍

ദക്ഷിണ തിരുവിതാംകൂറില്‍ നിലവിലുള്ള വീരാപദാനകഥാഗാനങ്ങളാണ് തെക്കന്‍ പാട്ടുകള്‍. ഇവയില്‍ മിക്കതും വില്ലടിച്ചാന്‍ (വില്ലടി) പാട്ടുകള്‍ കൂടിയാണ്. തെക്കന്‍ പാട്ടുകളെ ബാധാപ്രീതികരങ്ങള്‍, ദേശചരിത്രപരങ്ങള്‍, ദേവതാരാധനാപരങ്ങള്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം. ക്ഷേത്രങ്ങളിലും ദേവതാസ്ഥാനങ്ങളിലും പാടുന്നവയാണ് ബാധപ്പാട്ടുകള്‍. വിവാഹാദികള്‍ക്കു പാടുന്ന ചരിത്രപരമായ പാട്ടുകളെ 'കേള്‍വിപ്പാട്ട്' എന്നു പറയുന്നു.

വീരപരാക്രമികളും ദേശഭക്തന്മാരും പതിവ്രതാരത്നങ്ങളും അപമൃത്യുവിനിരയായാല്‍ അവര്‍ മാടന്‍, യക്ഷി തുടങ്ങിയ ദുര്‍ദേവതകളായി മാറുമെന്നും അവരുടെ കഥകള്‍ പാടിയാല്‍ അവര്‍ക്കു തൃപ്തി വരുമെന്നുള്ള വിശ്വാസം നിലവിലുണ്ട്. കന്നടിയന്‍പോര്, ഉലകുടപ്പെരുമാള്‍പ്പാട്ട്, പുരുഷാദേവിയമ്മപ്പാട്ട്, അഞ്ചുതമ്പുരാന്‍ പാട്ട്, ഇരവിക്കുട്ടിപ്പിള്ളപ്പോര്, പഞ്ചവന്‍ കാട്ടുനീലിപ്പാട്ട് എന്നിവ തെക്കന്‍ പാട്ടുകളില്‍ പ്രധാനപ്പെട്ട ചിലവയാണ്. ചാമുണ്ഡിക്കഥ, രാമകഥപ്പാട്ട് എന്നിവയും തെക്കന്‍ പാട്ടുകളില്‍ എടുത്തുപറയേണ്ടവ തന്നെ. ഇവയ്ക്കു പുറമേ, സര്‍പ്പങ്ങളെയും ശാസ്താവിനെയും കുറിച്ചുള്ള ചില പാട്ടുകളും തെക്കന്‍ പാട്ടുകളില്‍പ്പെടുന്നു. പ്രാകൃതത്തമിഴ് കലര്‍ന്ന മലയാളഭാഷയിലാണ് തെക്കന്‍ പാട്ടുകള്‍ പ്രായേണ രചിക്കപ്പെട്ടിരിക്കുന്നത്.

ഉപസംഹാരം.

പ്രാചീനമനുഷ്യര്‍ ഭാവിയിലേക്കു കരുതിവയ്ക്കണമെന്ന് ഉദ്ദേശിച്ചിട്ടുള്ള ഏതറിവും ഗാനരൂപത്തിലാക്കുവാന്‍ ശ്രമിച്ചിട്ടുള്ളതായി കാണാം. ശാസ്ത്രം, തത്ത്വജ്ഞാനം, സദാചാരം, നിയമം, ചരിത്രം മുതലായ എല്ലാ വിഷയങ്ങളും പാട്ടുകളില്‍ ആവിഷ്കൃതമായിട്ടുണ്ട്. ജ്യോതിഷം, രേഖാശാസ്ത്രം, വൈദ്യം, മര്‍മം, വേദാന്തം, വ്യാകരണം തുടങ്ങിയവയും നമ്മുടെ പാട്ടുകള്‍ക്കു വിഷയീഭവിച്ചിട്ടുണ്ട്.

സദാചാരവിഷയങ്ങളെ പുരസ്കരിച്ചുള്ള ചില പാട്ടുകള്‍ മലയാളത്തില്‍ പ്രചാരത്തിലുണ്ട്. നല്ലൂപ്പാട്ട്, ശീലന്‍ പാട്ട്, മോക്ഷപ്പാട്ട്, ഉറുതിക്കവി എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. പൂരക്കളിപ്പാട്ടുകളില്‍പ്പെടുന്നവയാണ് ശീലന്‍ പാട്ടും നല്ലൂപ്പാട്ടും, ഉത്തരകേരളത്തിലെ പുള്ളുവര്‍ പാടുന്ന ഒരു നാടന്‍ പാട്ടാണ് മോക്ഷപ്പാട്ട്. മലയരുടെ ഒരു മന്ത്രവാദപ്പാട്ടാണ് ഉറുതിക്കവി. ഇവയെല്ലാം സദാചാരതത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജ്ഞാനോപദേശഗാനങ്ങളാണ്. ഇതിഹാസപുരാണകഥാവലംബികളായ പാട്ടുകളും അനേകമുണ്ട്. ഐതിഹ്യം, ചരിത്രം, വര്‍ഗോത്പത്തിപുരാണം, സ്ഥലമാഹാത്മ്യം തുടങ്ങിയവയെ സംബന്ധിച്ച ഗാനങ്ങളും കുറവല്ല.

കടപ്പാട്-സര്‍വ്വവിജ്ഞാനകോശം വെബ്എഡിഷന്‍

3.13114754098
സന്തോഷ് മണപ്പള്ളി Aug 08, 2020 06:36 AM

ഇത്ര വലിയ ആഴത്തിലുള്ള അറിവുകൾ ചുരുങ്ങിയ സമയം കൊണ്ട് അറിയുവാൻ കഴിഞ്ഞതിൽ സന്തോഷം സമ്പാദകന് അഭിനന്ദനങ്ങൾ

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top