অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നിരൂപണം

നിരൂപണം

ആദ്യഘട്ടം.

ഗദ്യസാഹിത്യത്തില്‍ സര്‍ഗാത്മക സാഹിത്യവും വൈജ്ഞാനികസാഹിത്യവും ഉള്‍പ്പെടുന്നു. രണ്ടിനും ഒരുപോലെ പ്രാധാന്യം നല്കാന്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചവര്‍ ആദ്യകാലം തൊട്ടേ ശ്രമിച്ചിട്ടുണ്ട്. മലയാള ഗദ്യത്തിന് സുതാര്യത നല്കിയത് ആനുകാലികങ്ങളിലെ ഇത്തരം രചനകളാണ്. സാഹിത്യ നിരൂപണം, വിവിധ ഭൗതിക സാമൂഹികശാസ്ത്രങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍, ജീവചരിത്രം, ആത്മകഥ, സഞ്ചാരസാഹിത്യം എന്നിങ്ങനെ പല വഴികളിലൂടെ ഗദ്യവും വൈജ്ഞാനിക മണ്ഡലവും വളരുന്നത് സാഹിത്യ ചരിത്രത്തിന്റെ ഭാഗമായി നാം കാണുന്നു.

ഇതില്‍ സര്‍ഗസാഹിത്യത്തിന് സമാന്തരമായി വളര്‍ന്നു വന്നതാണ് സാഹിത്യ നിരൂപണം. സാഹിത്യ രചനകളില്‍ പ്രതിഫലിക്കുന്ന സര്‍ഗാത്മകത, ആസ്വാദ്യത, മൂല്യം എന്നിവയെക്കുറിച്ചുള്ള പഠനമാണ് സാഹിത്യനിരൂപണം. മലയാള നിരൂപണത്തില്‍ ധര്‍മശാസ്ത്രം, സാമൂഹ്യശാസ്ത്രം, മനഃശാസ്ത്രം, രൂപം, ആദിരൂപം, സൗന്ദര്യാത്മകത ഇവയെ എല്ലാം മാനദണ്ഡമായി നിരൂപകര്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്കൃത സാഹിത്യത്തിലെയും പാശ്ചാത്യസാഹിത്യത്തിലെയും താത്ത്വികവും പ്രായോഗികവുമായ ആശയങ്ങളാണ് മലയാള നിരൂപണത്തെ കൂടുതലും നിയന്ത്രിക്കുന്നത്. മലയാള ഭാഷയുടെയും മലയാളിയുടെയും തനതു സംസ്കാരവും കാവ്യരീതിയും ചിന്താവിഷയമാക്കുന്നതില്‍ നിരൂപകര്‍ ഏറെ ശ്രദ്ധിച്ചിട്ടില്ല.

കൂടിയാട്ടവുമായി ബന്ധപ്പെട്ട രംഗകലയിലുണ്ടായ ആട്ടപ്രകാരങ്ങള്‍ക്ക് നിരൂപണപരമായ സ്ഥാനം ഉണ്ട്.

വിഷയങ്ങളുടെ പുതുമയെക്കാള്‍ രചനയുടെ പ്രൗഢിയും ആലങ്കാരികതയോടുള്ള വിധേയത്വവും പരിഗണിച്ച നിയോ ക്ലാസ്സിസത്തിന്റെ പരീക്ഷണഘട്ടമായിരുന്നു കേരളവര്‍മയുടെ കാലം. ഉള്ളൂര്‍ രചിച്ച ഉമാകേരളം എന്ന മഹാകാവ്യത്തിന് കേരളവര്‍മ വലിയകോയിത്തമ്പുരാനെഴുതിയ അവതാരിക ശ്രദ്ധേയമത്രേ. നിരൂപണത്തിന്റെ പല അംശങ്ങളും തെളിഞ്ഞുകാണുന്നതാണ് ഈ അവതാരിക. ഗ്രന്ഥകാരന്റെ സ്ഥാനം, കൃതിയുടെ സ്വഭാവം, സമൂഹത്തിന് നല്കുന്ന സന്ദേശം, ഇതര കൃതികളുമായുള്ള താരതമ്യം എല്ലാം ഇതിലുണ്ട്. മണ്ഡനപരമായ നിരൂപണത്തിന് ഉത്തമമാതൃകയാണ് ഈ അവതാരിക.

എന്നാല്‍ ഏതു കൃതിയെയും ഗുണദോഷങ്ങളുടെ നിഷ്കൃഷ്ട പരിശോധനയിലൂടെ വിലയിരുത്തണമെന്ന സി.പി. അച്യുതമേനോന്റെ നിര്‍ദേശം ഗ്രന്ഥരചന ഉത്തരവാദിത്തമുള്ള ഒരു പ്രയത്നമായി കാണാന്‍ എഴുത്തുകാരെ നിര്‍ബന്ധിപ്പിച്ചു. അദ്ദേഹം പ്രായേണ ഖണ്ഡന നിരൂപണമാണ് അവലംബിച്ചത്. സമകാലികതയ്ക്കപ്പുറം നവീനതയോടുള്ള ആഭിമുഖ്യം കല്യാണീ നാടകം, മയൂരസന്ദേശം ഇവയ്ക്കെഴുതിയ മണ്ഡനനിരൂപണങ്ങളില്‍ കാണാം. തന്റെ കാലത്തെ സാഹിത്യത്തിന് ഒരു തിരുത്തല്‍ ശക്തിയായിരുന്നു സി.പി. അച്യുതമേനോന്റെ നിരൂപണം.

നവീനതയുടെ പക്ഷത്ത് തന്റെ കാലത്തെ മലയാളസാഹിത്യത്തെ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ ഏറെ ശ്രദ്ധിച്ച നിരൂപകനാണ് ഏ.ആര്‍. രാജരാജവര്‍മ. നവീനത പദ്യത്തില്‍ മാത്രമല്ല ഭാഷാപ്രയോഗങ്ങളിലും ഗദ്യങ്ങളിലും അലങ്കാരങ്ങളിലും വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

നിരൂപണത്തില്‍ ഏ.ആറിന്റെ ശിഷ്യന്മാരും അനുയായികളും ഒരേ തരക്കാരായിരുന്നില്ല. സാഹിത്യപഞ്ചാനനന്‍ പി.കെ.നാരായണപിള്ള സമകാലിക സാഹിത്യത്തെ അവഗണിച്ച് ക്ളാസ്സിക്ഗൌരവത്തിന്റെ അപഗ്രഥനത്തിനാണ് മുന്നോട്ടു വന്നത്. എ. ബാലകൃഷ്ണപിള്ള ലോകസാഹിത്യത്തിന്റെ ആശയലോകത്തേക്ക് മലയാള നിരൂപണത്തെയും സര്‍ഗസാഹിത്യത്തെയും മുന്നില്‍നിന്ന് നയിച്ചു. ഏ.ആറിനെ ഗുരുവിനെപ്പോലെ കരുതിയ കുമാരനാശാന്‍ മഹാകാവ്യസംസ്കാരത്തെ കെട്ടുകുതിര ഏര്‍പ്പാടായി തള്ളിക്കളഞ്ഞു. രാഷ്ട്രീയ പ്രക്ഷോഭകന്‍ കൂടിയായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള വ്യക്തിപരമായ സ്നേഹവും വിദ്വേഷവും കൊണ്ട് കാവ്യനിരൂപണത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയും ജാതിപരമായ മലിനതകള്‍ക്ക് സാഹിത്യത്തില്‍ ഇടം നല്കുകയും ചെയ്തു. മൂര്‍ക്കോത്തു കുമാരന്‍ നിരൂപണത്തെ ആഴത്തോടൊപ്പം സരസവുമാക്കി. നെടിയം വീട്ടില്‍ ബാലകൃഷ്ണമേനോന്‍ നോവലിന്റെ പഠനത്തില്‍ ക്രാന്തദര്‍ശിത്വം പ്രകടിപ്പിച്ചു. വടക്കുംകൂര്‍ രാജരാജവര്‍മയും ശിരോമണി പി. കൃഷ്ണന്‍ നായരും സംസ്കൃത പ്രഭാവത്തിന്റെ പക്ഷം നിന്നു. സി.എസ്. നായര്‍ എന്ന പ്രഗല്ഭ നിരൂപകന്‍ ദേശീയതയ്ക്ക് നിരൂപണത്തില്‍ സ്ഥാനം നല്കി. ഉള്ളാട്ടില്‍ ഗോവിന്ദന്‍കുട്ടിനായര്‍, കെ.എസ്. എഴുത്തച്ഛന്‍ തുടങ്ങിയ സൗമ്യനിരൂപകര്‍ സി.എസ്സി.നോടു കടപ്പെട്ടിരിക്കുന്നു. പ്രൊഫ. പി. ശങ്കരന്‍ നമ്പ്യാര്‍, അപ്പന്‍ തമ്പുരാനെ പിന്തുടര്‍ന്ന് പാശ്ചാത്യ കാവ്യരൂപങ്ങള്‍ ഭാഷയില്‍ പ്രചരിപ്പിക്കാന്‍ തന്റെ നിരൂപണത്തില്‍ ശ്രദ്ധിച്ചു. സഞ്ജയന്‍ ഉള്ളൂരിനെയും വി.സി.യെയും ഏറെ ആദരിച്ച പണ്ഡിതനായ നിരൂപകനാണ്. പണ്ഡിതന്മാരായ ഈ നിരൂപകര്‍ക്കിടയില്‍ മലയാള നിരൂപണത്തെ സമഗ്രമായി പുതുക്കിയെടുക്കാന്‍ ഭാരതീയ സൗന്ദര്യശാസ്ത്രത്തില്‍ നിന്ന് വിട്ടുമാറി പാശ്ചാത്യകലയെ പിന്തുടര്‍ന്ന കേസരി ബാലകൃഷ്ണപിള്ളയ്ക്കു കഴിഞ്ഞു.

പുതിയ ലോകത്തിനു വേണ്ട ആശയങ്ങള്‍

എ. ബാലകൃഷ്ണപിള്ള സാഹിത്യത്തില്‍ ഉദ്ബുദ്ധചിന്തകളുടെ വക്താവാണ്. പ്രസ്ഥാനങ്ങളുടെ രീതിവച്ച് അദ്ദേഹം എഴുത്തുകാരെ വകതിരിച്ചു. പ്രസ്ഥാനങ്ങള്‍ക്ക് സ്വന്തം വ്യവസ്ഥകള്‍ രൂപപ്പെടുത്തി നവലോകത്തിന് വേണ്ട സാഹിത്യ മാതൃകകള്‍ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ സാങ്കേതിക ഗ്രന്ഥനിരൂപണങ്ങള്‍, നവലോകം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ മലയാളം ഉള്‍ക്കൊള്ളേണ്ട പുതിയ സാഹിത്യാവബോധത്തിന്റെ രേഖകളുണ്ട്.

ഇ.എം.എസ്സിന്റെ വ്യക്തിപ്രഭാവസിദ്ധാന്തവും സാഹിത്യകാരനും, കെ. ദാമോദരന്റെ എന്താണ് സാഹിത്യം എന്നിവ റിയലിസ്റ്റിക് ആശയാന്തരീക്ഷം ഉള്‍ക്കൊള്ളുന്നു. എം. എസ്. ദേവദാസ്, കെ.എന്‍. എഴുത്തച്ഛന്‍, കുറ്റിപ്പുഴ കൃഷ്ണപിള്ള, എം.എസ്. മേനോന്‍ എന്നിവര്‍ പൊതുവേ ഇത്തരം ആഭിമുഖ്യത്തോടെ ആണ് നിരൂപണം നടത്തിയത്. നവീന നിരൂപണത്തിന്റെ ആശയങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സാഹിത്യത്തിന്റെ പുരോഗമനാംശത്തെ പുനര്‍വ്യാഖ്യാനിക്കാന്‍ ബി. രാജീവന്‍, സച്ചിദാനന്ദന്‍, പി.കെ.പോക്കര്‍, കെ.ഇ.എന്‍. കുഞ്ഞഹമ്മദ് തുടങ്ങിയവര്‍ പുതിയ കാലഘട്ടത്തിലും ശ്രദ്ധിച്ചു.

കലാസൃഷ്ടികള്‍ സ്വന്തം നിലയ്ക്കുതന്നെ സുന്ദരവും മനുഷ്യഭാവിയില്‍ വിശ്വാസം ജനിപ്പിക്കുന്നതുമാവണമെന്ന വിശ്വാസം വച്ചു പുലര്‍ത്തിയ നിരൂപകരാണ് എം.പി. പോള്‍, ജോസഫ് മുണ്ടശ്ശേരി എന്നിവര്‍. സൌന്ദര്യനിരീക്ഷണം, നോവല്‍ സാഹിത്യം, ചെറുകഥാപ്രസ്ഥാനം എന്നിവ പോളിന്റെ അക്കാദമിക് പഠനങ്ങളാണ്. ബാല്യകാലസഖിയുടെ ജീവിതത്തുടിപ്പ് അദ്ദേഹത്തെ വ്യാമുഗ്ധനാക്കിയത് അതിന്റെ അദ്ഭുതകരമായ അനുഭവവേദ്യതയും യാഥാര്‍ഥ്യബോധവും കൊണ്ടാണ്.

മുണ്ടശ്ശേരിയാണ് സമകാലിക രചനകളെ കൂടുതല്‍ വിമര്‍ശന വിധേയമാക്കിയത്. ഉള്ളൂര്‍, വള്ളത്തോള്‍, കുമാരനാശാന്‍ എന്നിവരുടെ സമാന പ്രമേയം കൈകാര്യം ചെയ്യുന്ന പിംഗ്ള, മഗ്ദലനമറിയം, കരുണ എന്നിവയെ വിലയിരുത്തിയ മാറ്റൊലിയില്‍ അദ്ദേഹം മനഃപൂര്‍വം പക്ഷപാതം കാണിച്ചു എന്ന് ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ആശാനോടുള്ള പ്രതിപത്തിയായിരുന്നു മുണ്ടശ്ശേരിയെ ശക്തനാക്കിയത്. തന്റെ അവസാനകാലത്ത് ഉള്ളൂരിനെ മുണ്ടശ്ശേരി ഏറെ പ്രശംസിച്ചത് ആദ്യകാല നിലപാടുകള്‍ക്കുള്ള പശ്ചാത്താപമായിരുന്നു. ജി. ശങ്കരക്കുറുപ്പിന്റെ കവിതയുടെ ഭാവഗീതത്വത്തെ എതിര്‍ക്കാന്‍ അദ്ദേഹമുണ്ടാക്കിയ തത്ത്വമാണ് നാടകാന്തം കവിത്വം. ഭദ്രമായ ഭാവം മാത്രം പോരാ രൂപവും വേണമെന്ന ആശയം രൂപഭദ്രത എന്ന കൃതിയില്‍ അദ്ദേഹം അവതരിപ്പിച്ചത് പുരോഗമനവാദികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. പുതിയ ആശയങ്ങളോട് ബന്ധപ്പെട്ടാണ് ചരിത്രപരമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതെന്ന് ബോധ്യപ്പെടുത്താനാണ് രാജരാജന്റെ മാറ്റൊലിയില്‍ അദ്ദേഹം ശ്രമിച്ചത്.

കുട്ടിക്കൃഷ്ണമാരാര്‍ സംസ്കൃതപാണ്ഡിത്യത്തിന്റെ തണലിലാണ് തന്റെ നിരൂപണങ്ങള്‍ എഴുതിയത്. മഹാഭാരതം കഥ ഭാരത പര്യടനത്തില്‍ അദ്ദേഹം പുതിയ വായനയ്ക്കു വിധേയമാക്കി. പക്ഷപാതപരമാവണം നിരൂപണം എന്ന് അദ്ദേഹം സയുക്തികം സ്ഥാപിച്ചിട്ടുണ്ട്. വള്ളത്തോളിനെ അദ്ദേഹം ഗാഢമായി ഉള്‍ക്കൊണ്ടിരുന്നു. 'സംവിധാന ഭംഗിയാണ് കല' എന്ന് അദ്ദേഹം വിശ്വസിക്കുകയും അത് യാന്ത്രികമല്ലെന്ന് സമര്‍ഥിക്കുകയും ചെയ്തു.

കേരളീയ മനസ്സിനെ പ്രകൃതിയുമായി ബന്ധപ്പെടുത്തി നിരൂപണത്തില്‍ ചര്‍ച്ചചെയ്ത ഒരേയൊരു നിരൂപകനാണ് ഭാസ്കരന്‍ നായര്‍. അദ്ദേഹത്തിന്റെ കലയും കാലവും, ദൈവനീതിക്കു ദാക്ഷിണ്യമില്ല എന്നിവ മൌലികമായ നിരൂപണ പ്രതിഭയുടേതാണ്. ശക്തമായ അഭിപ്രായങ്ങള്‍ക്കുപോലും മധുരസംഗീതത്തിന്റെ ലയം നല്കുന്ന മറ്റൊരു പ്രമുഖ നിരൂപകനാണ് പ്രൊഫ. എസ്. ഗുപ്തന്‍നായര്‍. സാഹിത്യം ഇസങ്ങള്‍ക്കപ്പുറമാണെന്ന് വിശ്വസിച്ച ഈ നിരൂപകന്‍ ജി.യുടെ കവിതയ്ക്കെഴുതിയ ആമുഖം സമഗ്രവും ആധികാരികവുമായ വിലയിരുത്തലിന്റെ മികച്ച മാതൃകയാണ്. ചങ്ങമ്പുഴയെ അടുത്തറിയാന്‍ കഴിഞ്ഞതിന്റെ രേഖകളും അദ്ദേഹം മലയാളിക്ക് നല്കിയിട്ടുണ്ട്. സമാലോചന എന്നത് അദ്ദേഹത്തിന്റെ നിരൂപണത്തിന് നല്കാവുന്ന വിശേഷണമാണ്; അദ്ദേഹത്തിന്റെ ഒരു കൃതിയുടെ പേരും. ആധുനിക സാഹിത്യം, ഇസങ്ങള്‍ക്കപ്പുറം എന്നിവ പ്രധാന കൃതികളില്‍ ചിലതാണ്.

സമഗ്രനിരൂപണത്തിന്റെ വഴിയേ സഞ്ചരിച്ച നിരൂപകനാണ് സുകുമാര്‍ അഴീക്കോട്. ആശാന്റെ സീതാകാവ്യം, ചിന്താവിഷ്ടയായ സീതയെക്കുറിച്ചുള്ള സമഗ്രപഠനമാണ്. ചങ്ങമ്പുഴയെക്കുറിച്ചും (രമണനും മലയാളകവിതയും), ജി.യെക്കുറിച്ചുമുള്ള (ജി. ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു) പഠനങ്ങള്‍ ഖണ്ഡനപരമാണ്. തത്ത്വമസി എന്ന ഉപനിഷത് പഠനമാണ് അഴീക്കോടിന്റെ ഗവേഷണപരമായ മുഖ്യകൃതി. മറ്റൊന്ന് മലയാള വിമര്‍ശനത്തെക്കുറിച്ചുള്ള പഠനമാണ്. ആധുനികതയോട് അസഹിഷ്ണുവാണ് അദ്ദേഹം. പുരോഗമനപ്രസ്ഥാനത്തോട് അവസാനകാലത്ത് ഈ നിരൂപകന്‍ അനുരഞ്ജിച്ചു.

മനഃശാസ്ത്രനിരൂപണത്തില്‍ തുടങ്ങിയവരാണ് ഡോ.എം. ലീലാവതിയും എം.എന്‍. വിജയനും. കവിതയും ശാസ്ത്രവും ഡോ. ലീലാവതിയുടെ പ്രശസ്തമായ ആദ്യകാല ഗ്രന്ഥമാണ്. തുടര്‍ന്ന് കവിതാകഥാപഠനം അവരുടെ മുഖ്യ ദൗത്യമായി. കേരളത്തിലെ ഒട്ടുമിക്ക കവികളെയും പ്രധാന കാഥികരെയും അവര്‍ പഠനവിധേയമാക്കിയിട്ടുണ്ട്. ജി.യാണ് അവരുടെ ഏറ്റവും പ്രധാന കവി. കാല്പനിക കവിതകളെയും നിയോക്ലാസ്സിക് കവിതകളെയും അറിഞ്ഞ് ആസ്വദിക്കുകയും അപഗ്രഥിക്കുകയും ചെയ്ത ഈ നിരൂപക സി. രാധാകൃഷ്ണന്റെ കൃതികള്‍ മുന്‍നിര്‍ത്തി നടത്തിയ പഠനം (അപ്പുവിന്റെ അന്വേഷണം) ഏറെ ശ്രദ്ധാര്‍ഹമാണ്. കവിതാധ്വനി, അമൃതമശ്നുതേ, ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍ എന്നിവ ആഴത്തിലുള്ള സമഗ്ര വിമര്‍ശനത്തിന്റെ മികച്ച മാതൃകകളാണ്.

പ്രൊഫ. എം.എന്‍. വിജയന്റെ സഹ്യന്റെ മകനെയും മാമ്പഴത്തെയും കുറിച്ചുള്ള പഠനങ്ങള്‍ മനഃശാസ്ത്രപഠനത്തിന്റെ മലയാളത്തിലെ മികച്ച മാതൃകകളാണ്. മാര്‍ക്സിയന്‍ ദര്‍ശനത്തില്‍ തികഞ്ഞ അവഗാഹമുള്ള അദ്ദേഹം ആദ്യം മനഃശാസ്ത്രത്തെ മാര്‍ക്സിസ്റ്റ് ദര്‍ശനവുമായി സമന്വയിപ്പിക്കാന്‍ ശ്രമിച്ചു. പിന്നെ നരവംശശാസ്ത്രത്തിന്റെ സ്വാധീനത്തില്‍ കൃതികളിലൂടെ സാംസ്കാരിക പഠനമെന്നതായി അദ്ദേഹതിന്റെ സമീപനം. ചുമരില്‍ ചിത്രമെഴുതുമ്പോള്‍, ചിതയിലെ വെളിച്ചം, ശീര്‍ഷാസനം എന്നിവയാണ് പ്രധാന കൃതികള്‍. മൌലികമായ ഭാഷയും ചിന്തയും അപഗ്രഥനസ്വഭാവങ്ങളും എം.എന്‍. വിജയനെ വ്യത്യസ്തനാക്കുന്നു.

സംസ്കൃതപാണ്ഡിത്യത്തിന്റെ കുലപര്‍വതങ്ങളെന്ന് വിളിക്കപ്പെടാവുന്നവരാണ് കെ.പി. നാരായണപ്പിഷാരടിയും എം.പി. ശങ്കുണ്ണിനായരും എന്‍.വി. കൃഷ്ണവാര്യരും. എന്നാല്‍ മൂവരും നിരൂപണരംഗത്ത് വ്യത്യസ്തരാണ്. കൂടിയാട്ടം തുടങ്ങിയ ക്ഷേത്ര കലകളും നാട്യശാസ്ത്രവും വ്യാഖ്യാനിക്കുന്നതില്‍ കെ.പി. നാരായണപ്പിഷാരടി ശ്രദ്ധിച്ചു. സംസ്കൃതത്തിലും പ്രാകൃതത്തിലും ഒരു പോലെ പണ്ഡിതനായിരുന്ന എം.പി. ശങ്കുണ്ണിനായര്‍ നാട്യമണ്ഡപം, ഛത്രവും ചാമരവും എന്നീ കൃതികളില്‍ ഇന്ത്യന്‍ സാഹിത്യപൈതൃകത്തെക്കുറിച്ചുള്ള വ്യതിരിക്തചിന്തകളാണ് അവതരിപ്പിക്കുന്നത്. വൈലോപ്പിള്ളിയുടെ കണ്ണീര്‍പ്പാടത്തിന് അദ്ദേഹം രചിച്ച പഠനം ഏറെ പ്രസിദ്ധം. എന്‍.വി. മലയാളിയുടെ ഭാവുകത്വത്തെ മാറ്റിമറിക്കുന്നതില്‍ നേതൃത്വപരമായ ജാഗ്രത കാണിച്ച നിരൂപകനാണ്. വള്ളത്തോളിന്റെ കാവ്യശില്പം എന്ന നിരൂപണം മലയാളത്തിലെ ശൈലീപരമായ നിരൂപണത്തിന് മാതൃകയാണ്. നാടകകൃത്തും സാഹിത്യചരിത്രകാരനുമായ എന്‍. കൃഷ്ണപിള്ളയുടെ പ്രതിപാത്രം ഭാഷണഭേദം സി.വി. കഥാപാത്രങ്ങളെ സംഭാഷണ ശൈലിയിലൂടെ കണ്ടെത്താനുള്ള ഉദ്യമമാണ്. താരതമ്യസാഹിത്യ നിരൂപണ രംഗത്ത് ഏറെ പ്രവര്‍ത്തിച്ച ആളാണ് ഡോ. കെ.എം. ജോര്‍ജ്. ചിന്താമണ്ഡലത്തില്‍ വിപ്ളവകരമായ മാറ്റം രേഖപ്പെടുത്തിയ വ്യക്തിവാദിയായ നിരൂപകനാണ് ഇടച്ചേരിയുടെ നിലപാടുകളില്‍ ഉറച്ചുനിന്ന സി.ജെ. തോമസ്. നോവല്‍ രചനയ്ക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്ന സിദ്ധിയെയും സാധനയെയും പി.കെ. ബാലകൃഷ്ണന്‍ പഠനവിഷയമാക്കി.

ആധുനിക സംവേദനം അനുഭവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എഴുതിയ ആദ്യത്തെ പ്രധാന മലയാള നിരൂപണം അയ്യപ്പപ്പണിക്കരുടെ കവിതകള്‍ക്ക് എം.വി. ദേവനെഴുതിയ അവതാരികയാണ്. ദേവസ്പന്ദനം പ്രധാന കൃതി. ചിന്താലോകത്തെ ഒറ്റയാനായ എം. ഗോവിന്ദന്‍, വ്യക്തിസ്വാതന്ത്യ്രത്തിന്റെ ആത്മീയത ദാര്‍ശനിക ചര്‍ച്ചയ്ക്ക് വിധേയമാക്കിയ പ്രൊഫ. എം.കെ. സാനു (അസ്തമിക്കാത്ത വെളിച്ചം, അവധാരണം), കെ.എസ്.നാരായണപിള്ള, കെ. പി. അപ്പന്‍, വി. രാജകൃഷ്ണന്‍, സച്ചിദാനന്ദന്‍ എന്നിവരെല്ലാം ആധുനിക സംവേദനത്തിന്റെ വ്യാഖ്യാതാക്കളായാണ് നിരൂപണരംഗത്ത് പ്രസിദ്ധര്‍. ഡോ. പി.കെ. രാജശേഖരനും ഡോ. കെ.എസ്. രവികുമാറും നോവലിന്റെയും ചെറുകഥയുടെയും നിരൂപണത്തില്‍ സ്വന്തമായ ഇടം നേടിയവരാണ്. ആഷാമോനോനും, ജി. മധുസൂദനനും പരിസ്ഥിതി സൗന്ദര്യശാസ്ത്രത്തിന്റെ വഴികളാണ് കണ്ടെത്തിയത്. ടി. പദ്മനാഭന്റെ ജീവിതവും കലയും ആത്മാവിന്റെ മുറിവുകള്‍ എന്ന സമഗ്രപഠനത്തില്‍ തോമസ് മാത്യു അപഗ്രഥിക്കുന്നു.

വ്യക്തികളെക്കുറിച്ചുള്ള പഠനം, സാഹിത്യ ചരിത്രം, സാഹിത്യ രൂപങ്ങളുടെ പഠനം എന്നിങ്ങനെ അക്കാദമിക്കായ പഠനങ്ങള്‍ മലയാളത്തില്‍ ഏറെയുണ്ട്. നാടക ദര്‍പ്പണം (എന്‍.എന്‍. പിള്ള), നളിനി എന്ന കാവ്യശില്പം (നിത്യചൈതന്യയതി), വീണപൂവ് കണ്‍മുമ്പില്‍ (പ്രൊഫ. കെ.എം. ഡാനിയേല്‍), അനശ്വരനായ ഉറൂബ് (ഡോ. കെ.എം. തരകന്‍), ചെറുകഥ ഇന്നലെ ഇന്ന് (എം. അച്യുതന്‍), പുരോഗമന സാഹിത്യപ്രസ്ഥാനം നിഴലും വെളിച്ചവും (പി. കെ. ഗോപാലകൃഷ്ണന്‍), രംഗഭാഷ (വയലാ വാസുദേവന്‍ പിള്ള), നാടകം കണ്ണിന്റെ കല (ടി.പി. സുകുമാരന്‍) തുടങ്ങിയവ. പാശ്ചാത്യ സാഹിത്യചരിത്രത്തെക്കുറിച്ച് ഡോ. കെ.എം. തരകന്‍, പ്രൊഫ. എം. അച്യുതന്‍, ഡോ. പി.വി. വേലായുധന്‍ പിള്ള തുടങ്ങിയവരുടെ പഠനങ്ങള്‍ സമഗ്രമായ അക്കാദമിക് പഠനങ്ങളാണ്. ഗാന്ധിയന്‍ ചായ് വുള്ള പ്രധാന സൗന്ദര്യശാസ്ത്ര ഗ്രന്ഥമാണ് കല്പറ്റ ബാലകൃഷ്ണന്റെ ഗാന്ധിയന്‍ സൗന്ദര്യവിചാരം. പണ്ഡിതനായ എം.കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം ലോകസാഹിത്യത്തെയും വര്‍ത്തമാനകാലത്തെ സജീവ സാഹിത്യത്തെയും സമന്വയിപ്പിക്കുന്ന ചിന്താധാര്‍ഷ്ട്യമുള്ള ജനപ്രിയ നിരൂപണങ്ങളാണ്.

ആധുനികോത്തര കാലത്തിന്റെ വിമര്‍ശന രീതിക്ക് താത്ത്വിക പിന്തുണ നല്കുന്നതിന് കെ.പി.അപ്പന്‍ ശ്രദ്ധാലുവാണ്. അദ്ദേഹത്തിന്റെ പിന്നാലെ ആധുനികോത്തര മുദ്ര അണിഞ്ഞവര്‍ ധാരാളം. ആധുനികാനന്തരം, വിചാരം, വായന (പി.പി. രവീന്ദ്രന്‍), ആധുനികാനന്തര മലയാള നോവല്‍ (കെ.പി. രമേഷ്), ആധുനികോത്തര കേരള പരിസരം (ഡോ. പി.കെ. പോക്കര്‍), ആധുനികോത്തര വിശകലനവും വിമര്‍ശവും (വി.സി. ശ്രീജന്‍), ഉത്തരാധുനികത (സി.ബി. സുധാകരന്‍) എന്നീ പഠനങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. കൃതിയെ അനുഭവിക്കുന്നതിലല്ല അപനിര്‍മിക്കുന്നതിലാണ് ഇവരുടെ ആവേശം.

സ്ത്രീപക്ഷ രചനകളും അവയുടെ തത്ത്വങ്ങളും പ്രസക്തിയും അപഗ്രഥിക്കുന്ന നിരൂപണങ്ങളും ആധുനികോത്തര സംസ്കാരത്തിന്റെ ഒരു ഉപവിഭാഗമാണ് സ്ത്രീവാദം. ആണരശു നാട്ടിലെ കാഴ്ചകള്‍ (ജെ. ദേവിക) തുടങ്ങിയവ ഇത്തരം നിരൂപണ ഗ്രന്ഥങ്ങളില്‍പ്പെടുന്നു. ഒപ്പം പ്രബലമായ ദലിത് സംസ്കാരപഠനകേന്ദ്രീകരണവുമുണ്ട്. പണ്ഡിറ്റ് കെ.പി. കറുപ്പന്‍, ടി.കെ.സി. വടുതല, ഡി. രാജന്‍, പോള്‍ ചിറക്കരോട്, കല്ലറ സുകുമാരന്‍, കെ.കെ. കൊച്ച്, നാരായന്‍ തുടങ്ങിയവരുടെ രചനകള്‍ യഥാര്‍ഥ ദലിത് രചനകള്‍ തന്നെയാണ്. രാഘവന്‍ അത്തോളി, സി. അയ്യപ്പന്‍, എം.ആര്‍. രേണുകുമാര്‍, എന്‍.കെ. ജോസ്, സണ്ണി കപിക്കാട്, കെ.എം. സലിംകുമാര്‍ എന്നിങ്ങനെ പടരുന്നതാണ് ദലിത്സാഹിത്യ വിചാരം.

ആഖ്യാനശാസ്ത്രത്തെക്കുറിച്ച് ഡോ. അയ്യപ്പപ്പണിക്കര്‍ രചിച്ച ആഖ്യാനകലാസിദ്ധാന്തവും പ്രയോഗവിധികളും നിരൂപണത്തില്‍ ഏറെ സമഗ്രമായ സമീപനത്തിന് മാര്‍ഗദര്‍ശിയായ പഠനമാണ്. ദ്രാവിഡന്റെ തിണസങ്കല്പവും ആര്യന്റെ രസധ്വനിയും പാശ്ചാത്യന്റെ അനുകരണ സിദ്ധാന്തവും സമന്വയിപ്പിക്കപ്പെടാവുന്നതാണെന്ന് ഈ പഠനം നമ്മെ ഓര്‍മിപ്പിക്കുന്നു. പാരിസ്ഥിതിക രചനകള്‍ വിമര്‍ശനത്തിന് പുതുവഴി തുറന്നിട്ടുണ്ട്. ജി. മധുസൂദനന്‍ നായര്‍, ആഷാ മേനോന്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് ഹരിതപഠനത്തിന്റെ മേഖലയിലാണെന്നു പറയാം.

കടപ്പാട് -സര്‍വ്വവിജ്ഞാനകോശം വെബ് എഡിഷന്‍© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate