മാതൃഭാഷയായ മലയാളത്തിനുപുറമേ ഗോത്രഭാഷകള്‍ ഉള്‍പ്പെടെ തമിഴ്, കന്നഡ, തുളു, ഹിന്ദി, ഉര്‍ദു, കൊങ്കണി, അറബി മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളും സാഹിത്യവും കേരളത്തില്‍ പ്രചാരത്തിലുണ്ട്. ഇവകൂടാതെ മറ്റു ചില ഭാരതീയ ഭാഷകള്‍ സംസാരിക്കുന്ന ചെറിയൊരു ന്യൂനപക്ഷവും കേരളത്തിലുണ്ട്. വ്യവസായസംബന്ധമായും ഉദ്യോഗ/തൊഴില്‍ സംബന്ധമായും കേരളത്തില്‍ തുടര്‍ച്ചയായി വരികയും ഒടുവില്‍ ഇവിടെ സ്ഥിരതാമസമുറപ്പിക്കുകയും ചെയ്ത സിന്ധികള്‍, ബംഗാളികള്‍, പഞ്ചാബികള്‍, തെലുങ്കന്മാര്‍, ഗുജറാത്തികള്‍, ഒറിയക്കാര്‍ എന്നിവരാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. സിന്ധി, പഞ്ചാബി, ബംഗാളി, ഗുജറാത്തി, തെലുഗു തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്ന ഏതാനും കുടുംബങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നുണ്ടെങ്കിലും ഈ ഭാഷകളുടേതായ പ്രത്യേകം സാഹിത്യം രൂപംകൊണ്ടിട്ടില്ല.
ചിരപുരാതനകാലം മുതല്‍ കേരളത്തില്‍ അധിവസിക്കുന്ന ഗോത്രവര്‍ഗക്കാര്‍ക്ക് അവരവരുടേതായ സംസാരഭാഷകളുണ്ട്. ഇവയ്ക്ക് പ്രത്യേക ലിപിയില്ല. ഓരോ ഭാഷയും അതു സംസാരിക്കുന്ന ഗോത്രവിഭാഗത്തിന്റെ പേരിലറിയപ്പെടുന്നു (പണിയരുടെ ഭാഷ-പണിയഭാഷ; അടിയരുടെ ഭാഷ-അടിയഭാഷ). ഭൂരിപക്ഷം ഗോത്രവര്‍ഗക്കാരും പരസ്പരം അവരുടെ മാതൃഭാഷയായ ഗോത്രഭാഷകളും മറ്റുള്ളവരോടു മലയാളവും സംസാരിക്കുന്നു. അടിയര്‍, ഇരുളര്‍, മല-ഉള്ളാടര്‍, ഊരാളി, ഊരാളിക്കുറുമര്‍, കരവഴിപ്പുലയര്‍, കരിമ്പാലര്‍, കൌലാടി, കാടര്‍, വയനാടന്‍ കാടര്‍, കാട്ടുനായ്ക്കര്‍, കാണിക്കാര്‍, കുറിച്യര്‍, കുറമ്പപ്പുലയര്‍, കുറുമ്പര്‍, കൊറഗര്‍, തച്ചനാടന്‍മൂപ്പര്‍, പതിയര്‍, പണിയര്‍, പളിയര്‍, മലമുത്തന്‍, മലക്കുറവന്‍, മലപ്പണ്ടാരം, മലമടിയന്‍, മലയരയര്‍, മലയാളര്‍, മലവേടര്‍, മന്നാന്‍, മാവിലാന്‍, മുഡുഗര്‍, മുതുവാന്‍, മുള്ളക്കുറുമര്‍ എന്നീ ഗോത്രവിഭാഗങ്ങളുടെ ഭാഷകളെക്കുറിച്ച് സാമാന്യമായ ഒരറിവ് ഇന്നു ലഭ്യമാണ്.
താരതമ്യേന ചെറിയ സമുദായങ്ങളുടെ സംസാരഭാഷകളായതുകൊണ്ടും ഒന്നിലധികം ഭാഷകളുടെ സ്വാധീനത ഏറ്റക്കുറച്ചിലോടെ ഇവയില്‍ തെളിഞ്ഞുകാണാവുന്നതുകൊണ്ടും ഈ ഗോത്രഭാഷകള്‍ക്ക് പ്രത്യേക ഭാഷാപദവി കൊടുക്കാന്‍ ഗവേഷകര്‍ വിസമ്മതിക്കുന്നു. കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലുള്ള ഭൂരിപക്ഷം ഗോത്രഭാഷകളിലും തുളുവിന്റേയും കന്നഡത്തിന്റേയും സ്വാധീന ശക്തി തെളിഞ്ഞുകാണുന്നു. കാസര്‍കോട്ടെ കൊറഗരുടെ ഭാഷയെ തുളുവിന്റെ ഭാഷാഭേദമായി കണക്കാക്കാം. വയനാട്ടിലെ കാട്ടുനായ്ക്കര്‍ (തേന്‍കുറുമര്‍), ഊരാളിക്കുറുമര്‍ (ബെട്ടക്കുറുമര്‍), നിലമ്പൂരിലെ ചോലനായ്ക്കര്‍, പതിനായ്ക്കര്‍ എന്നിവരുടെ ഭാഷകള്‍ക്ക് കന്നഡത്തോടാണ് അടുപ്പം. ഊരാളിക്കുറുമരുടെ ഭാഷയ്ക്ക് മറ്റു ഗോത്രഭാഷകളേക്കാള്‍ വളരെയേറെ പ്രത്യേകതകളുണ്ട്. മുള്ളക്കുറുമര്‍, കുറിച്യര്‍, വയനാടന്‍ കാടര്‍, പതിയര്‍, മാവിലാന്‍, കരിമ്പാടന്‍, കൌലാടി എന്നിവരുടെ ഭാഷകള്‍ക്ക് മലയാളത്തോടാണ് കൂടുതല്‍ അടുപ്പം. പരസ്പരസാദൃശ്യമുള്ളവയും മറ്റു ഭാഷകളുമായി വളരെയധികം വ്യത്യാസങ്ങളുള്ളവയുമായ രണ്ട് ഭാഷകളാണ് വയനാട്ടിലെ പണിയരുടെയും അടിയരുടെയും ഭാഷകള്‍. പാലക്കാട്ടുജില്ലയിലെ അട്ടപ്പാടിയിലുള്ള മുഡുഗരുടെയും കുറുമ്പരുടെയും ഭാഷകള്‍ക്കു പരസ്പരസാമ്യം കൂടുതലാണ്. ഇവ രണ്ടും അവിടെത്തന്നെയുള്ള ഇരുള ഭാഷയില്‍നിന്നും വളരെയധികം അകന്നു നില്‍ക്കുന്നു. മലയാളത്തിനേക്കാള്‍ തമിഴിനോടാണ് ഇരുളഭാഷയ്ക്കടുപ്പം. ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മലയരയര്‍, മലഉള്ളാടര്‍, ഊരാളികള്‍ എന്നീ വിഭാഗങ്ങളുടെ ഭാഷകളെ മലയാളത്തിന്റെ ഭാഷാഭേദങ്ങളായും മന്നാന്‍, പളിയര്‍, കുറുമ്പപ്പുലയര്‍, കരവഴിപ്പുലയര്‍ എന്നിവരുടെ ഭാഷകളെ തമിഴിന്റെ ഭാഷാഭേദങ്ങളായും കണക്കാക്കിവരുന്നു. കൊല്ലം ജില്ലയിലെ മലവേടരുടെ ഭാഷയ്ക്ക് മറ്റു ഗോത്രഭാഷകളില്‍ നിന്നും വളരെയധികം വ്യത്യാസങ്ങളുണ്ട്. തമിഴ്നാട്ടിലേയും കേരളത്തിലെ തിരുവനന്തപുരം-കൊല്ലം ജില്ലകളിലേയും കാണിക്കാരുടെ ഭാഷ മലയാളത്തിലെ മറ്റു ഭാഷാ ഭേദങ്ങളില്‍ നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു. പൊതുവായിപ്പറഞ്ഞാല്‍ മലയാളം, തമിഴ്, കന്നഡ, തുളു എന്നീ നാലു ദ്രാവിഡ ഭാഷകളില്‍ ഏതെങ്കിലുമൊന്നിന്റെ ഭാഷാഭേദമെന്നു പറയാവുന്നവയാണ് കേരളത്തിലെ ഗോത്രഭാഷകള്‍. എന്നാലും ഈ സംസാരഭാഷകളെക്കുറിച്ച് കൂടുതല്‍ പഠിക്കുമ്പോള്‍ പ്രത്യേകമൊരു ഭാഷയുടെ സ്ഥാനം കൊടുക്കാന്‍ യോഗ്യതയുള്ള ഭാഷകള്‍ കണ്ടെത്തിക്കൂടെന്നില്ല.
മലയാളത്തില്‍ പദാരംഭത്തിലും പദാരംഭത്തിലെ വ്യഞ്ജനത്തിനുശേഷവും വരുന്ന 'അ'കാരം മുള്ളുക്കുറുമര്‍, കാണിക്കാര്‍ എന്നിവരുടെ ഭാഷകളിലെ മിക്കവാറും പദങ്ങളില്‍ 'എ'കാരമായി മാറുന്നു. എനിയന്‍ (അനിയന്‍), കെരി (കരി), കെല്ല് (കല്ല്), പെനി (പനി), മെല (മല) എന്നീ പദങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്. മലയാളത്തിലെ പദാന്ത്യത്തിലെ 'അ'കാരം കന്നഡത്തിലുള്ളതുപോലെ 'എ'കാരമാകുന്നതും പദമധ്യത്തിലുള്ള ഹ്രസ്വമായ 'അ' കാരത്തിന്റെ സ്ഥാനത്ത് ദീര്‍ഘമായ 'ആ'കാരം വരുന്നതും പണിയ-അടിയ ഭാഷകളുടെ പ്രത്യേകതകളാണ്. അടാക്കെ (അടയ്ക്ക), ഉലാക്കെ (ഉലക്ക), കിടാക്കെ (കിടക്ക) എന്നീ പണിയ-അടിയഭാഷാ പദങ്ങള്‍ രണ്ടു മാറ്റങ്ങളേയും ഉദാഹരിക്കുന്നു. പദാവസാനത്തിലെ 'അം' 'ഒം' ആയി മാറുന്ന സ്വഭാവം മുള്ളക്കുറുമ ഭാഷയിലും തച്ചനാടന്‍ മൂപ്പന്മാരുടെ ഭാഷയിലുമുള്ള പ്രത്യേകതയാണ്. അമ്പലൊ (അമ്പലം), ബളൊ (വളം), മിറ്റൊം (മുറ്റം), മൊറൊം (മുറം) എന്നീ മുള്ളക്കുറുമഭാഷാ പദങ്ങളില്‍ ചിലപ്പോള്‍ അവസാനത്തെ 'മ'കാരം ലോപിക്കാറുണ്ട്. ആയൊം (ആഴം), കടൊം (കടം), കളൊം (കളം), നെറൊം (നിറം) തുടങ്ങിയവ തച്ചനാടന്‍ മൂപ്പന്മാരുടെ ഭാഷയിലെ പദങ്ങളാണ്. മലയാളത്തിലെ 'ഴ'കാരം ഗോത്രഭാഷകളില്‍ യ, വ, ള, ച എന്നീ വ്യഞ്ജനങ്ങളായി മാറുന്നു. നാലു ഗോത്രഭാഷകളില്‍ പൊതുവായി വരുന്ന മൂന്നു പദങ്ങള്‍ താഴെ ചേര്‍ക്കുന്നു-
കാട്ടുനായ്ക്കര്‍, ഊരാളിക്കുറുമര്‍, ചോലനായ്ക്കര്‍ എന്നിവരുടെ ഭാഷകളില്‍ 'കാലു' എന്ന പദത്തിലെ 'ല'കാരം മലയാളത്തിലെപ്പോലെ വര്‍ത്സ്യമായിട്ടല്ല, ദന്ത്യമായിട്ടാണ് ഉച്ചരിക്കുന്നത്. അനുനാസികവും അതിന്റെ സ്പര്‍ശവും ചേര്‍ന്ന ങ്ക, ഞ്ച, ണ്ട, ന്ത, മ്പ എന്നീ സംയുക്ത വ്യഞ്ജനങ്ങള്‍ വയനാട്ടിലെ തച്ചനാടന്‍ മൂപ്പന്മാരുടെ ഭാഷയില്‍ ഗ്ഗ, ജ്ജ, ഡ്ഡ, ദ്ദ, ബ്ബ എന്നിങ്ങനെ മാറുന്നു. കുങ്കുമൊം (കുങ്കുമം), ഇജ്ജി (ഇഞ്ചി), അഡ്ഡി (അണ്ടി), അദ്ദി (അന്തി), ചെബ്ബ് (ചെമ്പ്) എന്നിവ ഉദാഹരണങ്ങള്‍. മലയാളത്തില്‍ പദാരംഭത്തില്‍ വരുന്ന 'വ'കാരം മലമുത്തന്മാരുടേയും തച്ചനാടന്‍ മൂപ്പന്മാരുടേയും ഭാഷകളില്‍ മിക്കവാറും പദങ്ങളില്‍ 'മ'കാരമായി മാറുന്നു. മായ (വാഴ), മെറും (വെറും), മേറെ (വേറെ), മല്യ (വല്യ) എന്നിവയാണ് രണ്ടു ഭാഷകളിലും പൊതുവായുള്ള പദങ്ങള്‍. ഈ മാറ്റം മലയാളത്തിലെ മറ്റു ചില ഭാഷാഭേദങ്ങളിലും അപൂര്‍വമായിട്ടുണ്ട്. ചോലനായ്ക്കരുടേയും ഊരാളിക്കുറുമരുടേയും ഭാഷകളില്‍ മറ്റുള്ള സ്പര്‍ശങ്ങളെപ്പോലെതന്നെ ശ്വാസിയും നാദിയുമായ വാത്സ്യസ്പര്‍ശങ്ങള്‍ ഒറ്റയായും ഇരട്ടിച്ചും വരുന്നു. മലയാളം, തമിഴ്, കന്നഡ, തെലുഗു, തുളു തുടങ്ങിയ പ്രധാനപ്പെട്ട ദ്രാവിഡഭാഷകളില്‍ കാണാത്ത ഒരു പ്രത്യേകതയാണ് ഇരട്ടിച്ച നാദിയായ വര്‍ത്സ്യ സ്പര്‍ശത്തിന്റെ സാന്നിദ്ധ്യം. താഴെ കൊടുത്തിരിക്കുന്ന ചോലനായ്ക്കരുടെ ഭാഷാപദങ്ങളില്‍ ശ്വാസിയായ ഒറ്റ സ്പര്‍ശത്തിന് 'ഥ' ഇരട്ടിച്ചതിന് 'റ്റ' നാദിയായ ഒറ്റ സ്പര്‍ശത്തിന് 'ഡ' ഇരട്ടിച്ചതിന് 'ഡ്ഡ' എന്നീ ലിപികള്‍ ഉപയോഗിച്ചിരിക്കുന്നു.
'ഉണ്ട്', 'ഉള്ള' എന്നീ അര്‍ഥങ്ങളിലുള്ള 'ഉള' എന്ന പ്രാചീനപദം ഇന്നും പണിയരുടേയും അടിയരുടേയും ഭാഷകളിലുണ്ട്. 'എനിക്കു ഇരാണ്ടുകൊട്ടെമ്മാരു ഉള' (എനിക്ക് രണ്ട് ആണ്‍കുട്ടികള്‍ ഉണ്ട്), 'അയാവുള പൊണ്ണ്' (അഴകുള്ള പെണ്ണ്) എന്നിവ പണിയഭാഷാ വാക്യങ്ങളാണ്. പണിയഭാഷയിലെ 'അവാളു', അടിയഭാഷയിലെ 'അവോളു' എന്നീ പദങ്ങള്‍ക്ക് അവള്‍ എന്നു തന്നെയാണര്‍ഥം. പക്ഷേ, 'അവെന്‍' എന്ന പണിയഭാഷാ പദത്തിലും 'അയിനു' എന്ന അടിയഭാഷാപദത്തിനും 'അവന്‍, അത്' എന്നീ രണ്ട് അര്‍ഥങ്ങളുണ്ട്. അതുകൊണ്ട് മലയാളത്തിലെ സ്ത്രീലിംഗത്തിനും പുല്ലിംഗത്തിനും പകരം, പണിയ-അടിയ ഭാഷകളിലെ അന്യപുരുഷ സര്‍വനാമങ്ങളില്‍ സ്ത്രീലിംഗം, സ്ത്രീലിംഗേതരം എന്ന വിഭജനമാണുള്ളത്. ഈ രണ്ടു ഭാഷകളിലും കന്നഡയുടെ സ്വാധീനതയുണ്ടെങ്കിലും കാട്ടുനായ്ക്കര്‍, പതിനായ്ക്കര്‍ തുടങ്ങിയവരുടെ ഭാഷകളിലുള്ളതുപോലെ അത്ര ശക്തമല്ല.
ചിരപുരാതനകാലം മുതല്‍ കേരളത്തില്‍ പ്രചരിച്ചിരുന്ന ദ്രാവിഡ ഭാഷയാണ് തമിഴ്. കേരളം തമിഴകത്തിന്റെ ഭാഗമായിരുന്ന കാലഘട്ടത്തില്‍ മലയാളം ഉരുത്തിരിയുന്ന കാലഘട്ടം വരെ ഇവിടത്തെ ഭാഷ തമിഴായിരുന്നു. തമിഴും മലയാളവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെപ്പറ്റി നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. തമിഴ് മലയാളത്തിന്റെ ജ്യേഷ്ഠസഹോദരിയാണെന്നും അമ്മയാണെന്നും പോറ്റമ്മയാണെന്നും മറ്റും പല അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും തമിഴിനും മലയാളത്തിനും അഭേദ്യബന്ധമാണുള്ളതെന്ന കാര്യം നിര്‍വിവാദമാണ്. തമിഴ് സംസാരിക്കുന്ന നല്ലൊരു ശതമാനം പേര്‍ ഇപ്പോഴും കേരളത്തിലുണ്ട്. തമിഴ് സാഹിത്യത്തിന് ഗണ്യമായ സംഭാവന നല്‍കിയവരും വിരളമല്ല. കേരളത്തിലെ തെക്കന്‍ പ്രദേശങ്ങളായ നെയ്യാറ്റിന്‍കര, പാറശ്ശാല മുതലായ സ്ഥലങ്ങളിലും വടക്ക് പാലക്കാട്, തത്തമംഗലം, ചിറ്റൂര്‍ മുതലായ പ്രദേശങ്ങളിലും താമസിക്കുന്ന കേരളീയരില്‍ നല്ലൊരു വിഭാഗം തമിഴ് സംസാരിക്കുന്നവരാണ്. ഈ പ്രദേശങ്ങളില്‍ നിരവധി തമിഴ്മാധ്യമ വിദ്യാലയങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാചീന മലയാളസാഹിത്യത്തില്‍ തമിഴിന്റെ സ്വാധീനത പ്രകടമാണ്. രാമചരിതം, രാമകഥപ്പാട്ട്, ഇരവിക്കുട്ടിപ്പിള്ളപ്പോര്‍പ്പാട്ട് മുതലായ കൃതികള്‍ കേരളത്തിലെ തമിഴ് പ്രഭാവകാലത്ത് രചിക്കപ്പെട്ടവയാണ്.
വടക്ക് തിരുപ്പതി മുതല്‍ തെക്ക് കന്യാകുമാരി വരെയുള്ള ഭൂഭാഗത്തെ പ്രാചീനകാലത്ത് തമിഴകമെന്നാണ് വിളിച്ചിരുന്നത്. കുട്ടം, കുടം, പൂഴി, കര്‍ക്ക, വേണാട്, ശീതനാട്, പന്നിനാട്, പുന്നാട്, മലാട് (മലയമാന്‍നാട്), അരുവാനാട്, അരുവാവടതല എന്നിങ്ങനെ പന്ത്രണ്ട് ദേശങ്ങളാണ് തമിഴകത്തിന്റെ വിഭാഗങ്ങളായി ഉണ്ടായിരുന്നത്. അവയില്‍ വേണാടും കുട്ടനാടും കുടനാടും പൂഴിനാടും കേരളത്തില്‍ ഉള്‍പ്പെടുന്നു.
തമിഴ്സംഘകാലത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങളാണുള്ളത്. ക്രിസ്ത്വബ്ദത്തിന്റെ ആദിമ ശതകങ്ങളാണ് സംഘകാലമെന്നുള്ള അഭിപ്രായം പൊതുവേ സ്വീകാര്യമായി തോന്നുന്നു. സംഘം കൃതികള്‍ എന്ന പേരില്‍ അറിയപ്പെടുന്നത് എട്ടുത്തൊകൈ, പത്തുപ്പാട്ട്, പനിനെണ്‍കിഴ് കണക്ക് എന്നിവയാണ്. സംഘകൃതികളില്‍ നല്ലൊരുശതമാനം കേരളത്തെപ്പറ്റി എഴുതിയതോ കേരളീയരായ കവികള്‍ എഴുതിയതോ ആകുന്നു എന്നതിനാല്‍ ഭാഷാ-സാംസ്കാരിക ചരിത്രപഠനങ്ങളില്‍ ഇവ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു.
എട്ടുത്തൊകൈ, പത്തുപ്പാട്ട് എന്നിവയെ മേല്‍കണക്ക് എന്നും പറയാറുണ്ട്. ഇവയില്‍ പത്തൂപ്പാട്ട് എന്ന സമാഹാരത്തില്‍ ഉള്‍പ്പെട്ട മതുരൈക്കാഞ്ചിയില്‍ ഓണാഘോഷം തമിഴകമൊട്ടുക്ക് മുന്‍കാലത്ത് ആഘോഷിക്കപ്പെട്ടിരുന്നു എന്നു കാണുന്നു. പതിറ്റുപ്പത് (1-ാം ശതകം) ഇരുന്നൂറ്റിയമ്പതു സംവത്സരക്കാലത്തോളം കൊടുങ്ങല്ലൂരും കരൂരും രാജധാനിയാക്കി കേരളം ഭരിച്ചിരുന്ന പത്തു ചേര രാജാക്കന്മാരെപ്പറ്റി പ്രകീര്‍ത്തിക്കുന്ന ഒരു കൃതിയാണ്. ഇതിലെ ഒന്നാമത്തേയും പത്താമത്തേയും ഭാഗങ്ങള്‍ കിട്ടിയിട്ടില്ല.
എട്ടുത്തൊകൈയില്‍ ഉള്‍പ്പെട്ട പുറനാനൂറ് 159 പുലവന്മാര്‍ പാടിയ നാനൂറുപുറപ്പാട്ടുകള്‍ (വീരഗാനങ്ങള്‍) അടങ്ങിയതാണ്. അകനാനൂറ് 145 പുലവന്മാര്‍ പാടിയ അക (പ്രേമ) പ്പാട്ടുകള്‍ ഉള്‍ക്കൊണ്ടതത്രേ. മൂവേന്തര്‍ പ്രസിദ്ധരായ ചേര-ചോഴ-പാണ്ഡ്യന്മാരുടെ ചരിത്രനിര്‍മിതിക്ക് അമൂല്യസഹായം നല്‍കുന്നു. ചേരമാന്‍ അന്തുവന്‍, ചേരലിരുമ്പൊറൈ, ചേരമാന്‍കുട്ടവന്‍കോതൈ, ചേരമാന്‍ ചെല്‍വക്കട്ടം കോവാഴിയാരന്‍ മുതലായ അനേകം ചേര-ചോഴ-പാണ്ഡ്യരാജാക്കന്മാരെപ്പറ്റിയുള്ള വിവരങ്ങള്‍ ഇവയില്‍ കാണാം.
ഐങ്കുറുനൂറ് അഞ്ചുപുലവന്മാരുടെ അഞ്ഞൂറു അകപ്പാട്ടുകള്‍ അടങ്ങിയതാണ്. അഞ്ചു പുലവന്മാരുടെ നൂറ്റിയമ്പതു അകപ്പാട്ടുകള്‍ കലിത്തൊകൈയിലുണ്ട്. പരിപാടല്‍ അനേകം പുലവന്മാര്‍ പാടിയ എഴുപതു അകപ്പാട്ടുകളും പുറപ്പാട്ടുകളും അടങ്ങിയതത്രേ.
മുരുക (സുബ്രഹ്മണ്യ)നെപ്പറ്റി നക്കീരന്‍ രചിച്ചതാണ് തിരുമുരുകാറ്റൂപ്പടൈ. കരികാലചോഴനെപ്പറ്റിയുള്ള മുടത്താമക്കണ്ണിയാരുടെ കൃതിയാണ് പൊരുനാരാറ്റുപ്പടൈ. ചിറുപാണാറ്റുപ്പടൈ ഓയ്മാനാട്ടു നല്ലിയക്കോടനെപ്പറ്റി ഇടൈ കഴിനാട്ടുനല്ലൂര്‍ നത്തത്തനാര്‍ രചിച്ച കൃതിയാണ്. തൊണ്ടൈമാന്‍ ഇളന്തിരയനെപ്പറ്റി കടിയല്ലൂര്‍ ഉരുത്തിരങ്കണ്ണനാര്‍ നിര്‍മ്മിച്ചതാണ് പെരുമ്പാണാറ്റുപ്പടൈ. മുല്ലൈപ്പാട്ട് യുദ്ധരംഗത്തു പോകേണ്ടിവന്ന കാമുകന്റെ വേര്‍പാടു നിമിത്തം നായികയ്ക്കുണ്ടാകുന്ന തീവ്രദുഃഖത്തെ കാവിപ്പൂമ്പട്ടിനത്തുനപ്പൂതനുര്‍ വര്‍ണിക്കുന്നതാണ്. തലൈയാലങ്കാനത്തുച്ചെരുവെന്റെ നെടുഞ്ചെഴിയനെപ്പറ്റി മാങ്കുടി മരുതനാര്‍ രചിച്ചതാണ് മധുരൈക്കാഞ്ചി. മലയില്‍ വാണിരുന്ന ഒരു പ്രഭു പ്രഥമ ദര്‍ശനത്തില്‍ ഒരു കന്യകയില്‍ അനുരക്തനായി ഗാന്ധര്‍വ വിവാഹം കഴിക്കുന്നതിനെ കപിലര്‍ വര്‍ണിക്കുന്നതാണ് കുറിഞ്ചിപ്പാട്ട്. പാണ്ഡ്യന്‍ നെടുഞ്ചെഴിയനെപ്പറ്റി നക്കീരന്‍ രചിച്ചതാണ് നെടുനല്‍വാടൈ. കരികാലചോഴനെപ്പറ്റി കടിയല്ലൂര്‍ ഉരുത്തി രങ്കണ്ണനാര്‍ രചിച്ചതാണ് പട്ടിനപ്പാലൈ. മലൈപ്പട്ടുകടാവല്‍കുന്റക്കോട്ടത്തു നന്തനെക്കുറിച്ച് ഇരണിയമുട്ടത്തു പുരുംകൂന്റൂര്‍ പെരുംകൌശികനാര്‍ രചിച്ചതാകുന്നു.
പതിനെണ്‍കീഴ് കണക്കില്‍ കൂടുതല്‍ ശ്രദ്ധേയമായത് തിരുവള്ളുവരുടെ തിരുക്കുറളും ജൈനന്മാര്‍ രചിച്ച നാലടിയാരുമാകുന്നു. രണ്ടും ഉത്തമകോടിയില്‍പ്പെട്ട നീതിശാസ്ത്രഗ്രന്ഥങ്ങളാണ്. ഇവയ്ക്ക് ഇംഗ്ളീഷില്‍ വിവര്‍ത്തനങ്ങളുണ്ടായിട്ടുണ്ട്, ദിവാന്‍ ബഹദൂര്‍ എ. ഗോവിന്ദപ്പിള്ള, ശാസ്തമംഗലം രാമകൃഷ്ണപിള്ള, വെണ്ണിക്കുളം ഗോപാലക്കുറുപ്പ് തുടങ്ങിയവര്‍ തിരുക്കുറള്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ചിലപ്പതികാരവും (തമിഴിലെ പഞ്ചമഹാകാവ്യങ്ങളില്‍ ഒന്നാമത്തേത്), അതിന്റെ തുടര്‍ച്ചയായ മണിമേഖലയും കേരളത്തെ സംബന്ധിക്കുന്ന കൃതികളാണ്. ചിലപ്പതികാരത്തിന്റെ കര്‍ത്താവ് തൃക്കണാമതിലകത്ത് വസിച്ചിരുന്ന ജൈനമതാനുയായിയും ചേരന്‍ ചെങ്കുട്ടുവന്റെ അനുജനുമായ ഇളങ്കോഅടികള്‍ ആണെന്ന് കരുതുന്നു.ചിലപ്പതികാരത്തിന്റെ 'പതിക'ത്തില്‍-
'കുണവായിര്‍ കോട്ടത്തു അരചു തുറന്തിരുന്ന
കുടക്കോച്ചേരലിളങ്കോ അടികള്‍'
എന്നു പറഞ്ഞിട്ടുള്ളത് ഇതിനു തെളിവാണ്. ഇളങ്കോ അടികളുടെ സുഹൃത്തും മഹാവിദ്വാനുമായ മധുരയിലെ കുലവാണികന്‍ ചീത്തലൈച്ചാത്തനാര്‍ ആണ് മണിമേഖലയുടെ കര്‍ത്താവ്. ചിലപ്പതികാരം കഥയുടെ തുടര്‍ച്ചയാണ് മണിമേഖലയിലെ പ്രതിപാദ്യം. ദക്ഷിണ ഭാരതത്തില്‍ അതീവ പ്രതാപത്തോടുകൂടി വാണിരുന്ന ചേര-ചോഴ-പാണ്ഡ്യന്മാരുടെ വീരാപദാനങ്ങളെ വര്‍ണിക്കുന്ന ചിലപ്പതികാരം ഒരു കേരളീയ കൃതിയാണെന്നതില്‍ സംശയമില്ല. ഇതിവൃത്തത്തിന്റെ അത്യാകര്‍ഷകത്വം, കവിയുടെ വ്യക്തിമാഹാത്മ്യം, സംഗീതസാഹിത്യാദികളില്‍ കവിക്കുണ്ടായിരുന്ന അപാരമായ വൈദുഷ്യം മുതലായവ ഇതിന്റെ മേന്മയെ വര്‍ധിപ്പിക്കുന്നു.
ഈ മഹാകാവ്യത്തെ പുകാര്‍കാണ്ഡം, മധുരൈക്കാണ്ഡം, വഞ്ചികാണ്ഡം എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു. ഇത് ഉയല്‍ (കാവ്യത്തമിഴ്), ഇശൈ (സംഗീതത്തമിഴ്), നാടകം (നാടകത്തമിഴ്) ഇവ മൂന്നും ഇണങ്ങിയ ഒരു മുത്തമിഴ്കാവ്യം കൂടിയാണ്. പുരാതന ചേര രാജധാനിയായ വഞ്ചി അഥവാ മഹോദയപുരം ഇതിലെ കഥാരംഗങ്ങളില്‍ ഒന്നാണ്. കൊടുങ്ങല്ലൂര്‍ ഭഗവതി, കരുംബേശ്വരി എന്നിങ്ങനെ അറിയപ്പെടുന്ന ദേവിയുടെ വിഗ്രഹം ചെങ്കുട്ടുവന്‍ പ്രതിഷ്ഠിച്ച കണ്ണകീ (ചിലപ്പതികാരത്തിലെ നായിക) വിഗ്രഹം തന്നെയാണ്. കണ്ണകിയെ പത്തിനിക്കടവുള്‍ എന്നും പറയാറുണ്ട്. ഇന്നത്തെ തമിഴ്പണ്ഡിതന്മാര്‍ക്കുപോലും ദുര്‍ഗ്രഹങ്ങളായ അനേകം പദങ്ങളും പ്രയോഗങ്ങളും ചിലപ്പതികാരത്തില്‍ കാണുന്നു. കടിഞ്ഞൂല്‍, മടത്തില്‍, വാലായ്മ, തറ്റ്, വിളി, ആര്‍പ്പ്, കരയുക, പറയുക, ഒരുപാട്, പള്ളി, നീട്ട്, നേരിയത്, അക്കന്‍, ചെറുക്കന്‍ മുതലായ പദങ്ങള്‍ ഒരു തമിഴന് സുഗ്രഹമല്ല. പനി എന്ന പദത്തെ വ്യാഖ്യാനിക്കുമ്പോള്‍ ചിലപ്പതികാരവ്യാഖ്യാതാവായ അടിയാര്‍ക്ക് നല്ലാര്‍, 'പനി എന്‍പതോര്‍നോയുമുണ്ട്. അതു മലൈനാട്ടുവഴക്കം' എന്നു പറഞ്ഞിരിക്കുന്നു. ജ്വരം എന്ന അര്‍ഥത്തില്‍ പനി ശബ്ദം തമിഴര്‍ ഉപയോഗിക്കാറില്ല. 'മഞ്ഞ്' എന്നര്‍ഥത്തിലാണ് തമിഴില്‍ അതിന്റെ പ്രയോഗം.
ചേരന്‍ ചെങ്കുട്ടുവന്റെ അനുജന്‍ ഇളങ്കോ അടികള്‍ കണ്ണകിയുടെ കഥയെ ആസ്പദമാക്കി ഒരു മഹാകാവ്യം രചിച്ചു. കോവലന് മാധവിയില്‍ ജാതനായ പുത്രിയാണ് മണിമേഖല. മണിമേഖല ബുദ്ധമതം സ്വീകരിച്ചു. ആ മഹതിയുടെ ധന്യജീവിതത്തെ ഉപജീവിച്ചു ചീത്തലൈച്ചാത്തനാര്‍ മണിമേഖല എന്ന മറ്റൊരു വിശിഷ്ടമഹാകാവ്യവു രചിച്ചു. ബുദ്ധന്റെ ത്യാഗമോഹനമായ ജീവിതത്തെപ്പറ്റിയും വഞ്ചിപ്പട്ടണത്തെപ്പറ്റിയുമുള്ള അതിമനോഹരമായ വര്‍ണനകളാല്‍ സമൃദ്ധമാണ് ഈ കാവ്യം.
പന്ത്രണ്ടു വൈഷ്ണവസിദ്ധന്മാരില്‍ പ്രമുഖനായ കുലശേഖര ആഴ്വാരുടെ പെരുമാള്‍ തിരുമൊഴി, നാലായിരം ദിവ്യ പ്രബന്ധം എന്ന വൈഷ്ണവ ഗാനസമാഹാരത്തില്‍ അടങ്ങിയിരിക്കുന്നു. ശൈവസിദ്ധന്മാരില്‍ പ്രമുഖനായ ചേരമാന്‍പെരുമാള്‍ നായനാര്‍ തിരുവഞ്ചിക്കുളം രാജധാനിയാക്കി കേരളം വാണിരുന്ന ഒരു ചക്രവര്‍ത്തിയാണ്. ഇദ്ദേഹത്തിന്റെ അപദാനങ്ങള്‍ ചേക്കിഴാര്‍ രചിച്ച പെരിയപുരാണത്തില്‍ കാണാം. തിരുവഞ്ചിക്കുളം ക്ഷേത്രം ഇദ്ദേഹം സ്ഥാപിച്ചതാണ്. ഇദ്ദേഹത്തിന്റെ വിഗ്രഹവും അവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പൊന്‍വണ്ണന്താദിയും തിരുക്കൈലായത്താനവുലായും പ്രശസ്ത കൃതികളാകുന്നു. വൈഷ്ണവ ഗ്രന്ഥമായ മുന്‍പറഞ്ഞ നാലായിരം ദിവ്യ പ്രബന്ധത്തില്‍ കേരളത്തിലെ വൈഷ്ണവ പുണ്യസ്ഥലങ്ങളായ തിരുപ്പതിസാരം, തിരുവട്ടാര്‍, തിരുവനന്തപുരം, തിരുവാറന്മുള, തിരുച്ചെങ്ങന്നൂര്‍, തിരുപ്പുറയൂര്‍, തിരുവല്ലി, തിരുമൂഴിക്കുളം, തിരുക്കാക്കര, തിരുനാവാ, തിരുമിറ്റക്കോട് എന്നീ ക്ഷേത്രങ്ങളെക്കുറിച്ച് ആഴ്വാര്‍മാര്‍ 'പാടല്‍കള്‍' പാടിയിട്ടുണ്ട്.
തിരുവല്ലായക്കു സമീപം കുട്ടമ്പേരൂര്‍ നാലേക്കാട്ടുപിള്ളമാരുടെ കുടുംബത്തില്‍ അനേകം തമിഴ്പണ്ഡിതന്മാര്‍ ജീവിച്ചിരുന്നു. അവരുടെ കൂട്ടത്തില്‍ പ്രഖ്യാതനായ യോഗീശ്വരന്‍ രാമന്‍പിള്ള കാര്‍ത്തികതിരുനാള്‍ രാമവര്‍മ രാജാവിന്റെ കാലത്ത് വലിയ മേലെഴുത്തുപിള്ള ഉദ്യോഗം വഹിച്ചിരുന്നു. മഹാപണ്ഡിതനായ ഇദ്ദേഹം വലിയ ദിവാന്‍ജി രാജാ കേശവദാസനുമായും വേലുത്തമ്പി ദളവയുമായും കത്തിടപാടു നടത്തിയിരുന്നതു പദ്യരൂപത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ കൃതികളൊന്നും ലഭിച്ചിട്ടില്ല.
ആധുനിക കാലത്തും കേരളം തമിഴ്സാഹിത്യത്തിനു അമൂല്യസംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വിജ്ഞാനനിധിയായ പി. സുന്ദരംപിള്ള (1855-97) തിരുവനന്തപുരം മഹാരാജാസ് കോളജിലെ ഫിലോസഫി വകുപ്പിന്റെ അധ്യക്ഷനായിരുന്നു. ഇദ്ദേഹത്തിന്റെ മനോന്മണീയം നാടകവും നൂറ്റൊകൈവിളക്കവും തമിഴിലെ വിശിഷ്ട കൃതികളാണ്. റ്റി. രാമലിംഗംപിള്ള (1880-1968) പദ്മിനി, അന്നപൂര്‍ണാലയം എന്നീ തമിഴ്കൃതികള്‍ക്കു പുറമേ ഇംഗ്ളീഷ്-ഇംഗ്ളീഷ് മലയാള നിഘണ്ടു, മലയാള ശൈലി നിഘണ്ടു എന്നിവയും രചിച്ചിട്ടുണ്ട്.
തിരുവനന്തപുരം വിമന്‍സ് കോളജില്‍ തമിഴ് വകുപ്പിന്റെ അധ്യക്ഷനായ കവിമണി എസ്. ദേശികവിനായകംപിള്ള ചില വിശിഷ്ട തമിഴ്കവിതകളുടേയും ചരിത്രലേഖനങ്ങളുടേയും കര്‍ത്താവാണ്. ലാളിത്യവും മാധുര്യവുമാണ് ഇദ്ദേഹത്തിന്റെ കവിതകളുടെ പ്രത്യേകതകള്‍.
കേരളസര്‍വകലാശാലയില്‍ തമിഴ്വകുപ്പിന്റെ അധ്യക്ഷന്മാരായിരുന്ന എം. രാഘവയ്യങ്കാര്‍, എസ്. വൈയാപുരിപ്പിള്ള, എം. ഇളൈയപെരുമാള്‍, നീലാപദ്മനാഭന്‍, മാധവന്‍ മുതലായവര്‍ കേരളീയ തമിഴ്സാഹിത്യകാരന്മാരില്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്നവരാണ്. തൊല്‍കാപ്പിയം, നന്നൂല്‍ എന്നീ തമിഴ് വ്യാകരണ ഗ്രന്ഥങ്ങള്‍ മലയാളത്തിലും ലീലാതിലകം, കേരളപാണിനീയം എന്നീ മലയാളഗ്രന്ഥങ്ങള്‍ തമിഴിലും വിവര്‍ത്തനം ചെയ്ത ഇളൈയപെരുമാള്‍ ഉഭയഭാഷാപണ്ഡിതനായിരുന്നു. 21 നോവലുകളുടേയും 13 ചെറുകഥാസമാഹാരങ്ങളുടേയും നാല് കവിതാസമാഹാരങ്ങളുടേയും നാല് ലേഖനസമാഹാരങ്ങളുടെയും രചയിതാവായ നീലാപദ്മനാഭന്‍ സര്‍ അണ്ണാമല ചെട്ടിയാര്‍ അവാര്‍ഡും (ഉറവുകള്‍-നോവല്‍) ഭാരതീയനാഷണല്‍ ഫോറത്തിന്റെ 'നോവലരശ്' (1981) എന്ന ബഹുമതിയും നേടിയ പ്രതിഭാശാലിയാണ്. ഇദ്ദേഹത്തിന്റെ തലൈമുറൈകള്‍ എന്ന നോവല്‍ മലയാളം, ഇംഗ്ളീഷ് മുതലായ ഭാഷകളില്‍ വിവര്‍ത്തിതമായിട്ടുണ്ട്. നോ. തമിഴ് ഭാഷയും സാഹിത്യവും
തമിഴ്നാട്ടിലെ കുംഭകോണത്ത് ജനിച്ച 'നകുലന്‍' എന്ന ടി.കെ. ദൊരൈസ്വാമി തമിഴിലെ പ്രസിദ്ധനായ എഴുത്തുകാരനാണ്. തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കോളജിലെ ഇംഗ്ളീഷ് അധ്യാപകനായിരുന്ന ഇദ്ദേഹത്തിന്റെ നിനൈ വുപ്പാതൈ ആത്മകഥാപരമായ നോവലാണ്. നായ്ക്കള്‍ നവീനന്‍ ഡയറി, ചില അത്തിയായങ്കള്‍ എന്നിവ ഗദ്യവിഭാഗത്തിലും എഴുത്തുകവിതൈകള്‍, പത്താണ്ടു കവിതൈകള്‍ എന്നിവ കവിതാവിഭാഗത്തിലും ശ്രദ്ധേയമായവയാണ്. 'തമിഴ് എഴുതലര്‍ സംഘം' എന്ന സംഘടന കേരളത്തിലെ തമിഴ് എഴുത്തുകാരുടെ അറിയപ്പെടുന്ന സാഹിത്യഘടക കമാണ്. ഈ കൂട്ടായ്മയിലൂടെ ഒട്ടനവധി എഴുത്തുകാര്‍ സാഹിത്യരംഗത്തേക്ക് വരികയുണ്ടായി. ഉരുണ്ടോടും എണ്ണങ്കള്‍ രചിച്ച വാനനമാമലൈയും ഉയിര്‍ത്തെഴു രചിച്ച എ ലക്ഷ്മണനും പത്തായം ഒണ്‍ടു വില്‍പെനയ്ക്ക് എഴുതിയ എം.എസ്.എസ്. മണിയും സമകാലിക വിഷയങ്ങളെ അതിന്റെ പ്രസക്തിയനുസരിച്ച് പരിഗണിക്കുന്ന എഴുത്തുകാരാണ്. അനന്തിയുടെ അമ്മാവനും വി. ബാലകൃഷ്ണന്റെ കാശിനാഥ് മുരുകന്‍ കാണിയും രാജശേഖരന്റെ അയ്യര്‍ക്കായി നേസിയും എം. അലക്സാണ്ടറുടെ നദിയില്‍ മിതക്കും നിലാവും എടുത്തുപറയേണ്ട രചനകള്‍ തന്നെയാണ്. കേരള പശ്ചാത്തലത്തിലെ തമിഴ് രചനകള്‍ക്കു മുന്‍പന്തിയില്‍ നില്‍ക്കുന്ന എ. മാധവന്‍ ചിത്രീകരണത്തിന്റെ മാസ്മരികത അറിയുന്ന എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ കടയ്തെരുകഥൈകളും, മാധവന്‍ കഥൈകളും അതിനു തെളിവുമാണ്. കുമരേശന്റെ കാന്തപ്പൂക്കളും, വട്രകൈവീടും മലയാളീ സന്നിധ്യമുള്ള ശക്തമായ കഥകളാണ്. തോപ്പില്‍ മുഹമ്മദ് മീരാനും നിഷാ റാഫിയും എം നൈനാറും എഴുത്തിന്റെ ലോകത്തിലെ പുതുമ തേടുന്നവരാണ്. നിഷാറാഫിയുടെ അയ്യാവൈകുണ്ഠസ്വാമി, നൈനാറുടെ നേര്‍കോടുകള്‍, ചുമ്മാ എന്നിവ സാംസ്കാരിക തനിമ നിലനിര്‍ത്തുന്ന രചനകളാണ്. മലയാളത്തില്‍ നിന്ന് തമിഴിലേക്കും തിരിച്ചും മൊഴിമാറ്റം നടത്തി കലയെ ചിരസ്ഥായിയാക്കുന്ന സമീരയും പി. ഉഷാദേവിയും ഒറ്റപ്പെട്ടതെങ്കിലും കരുത്തുറ്റ സ്വതന്ത്രരചനകള്‍ നടത്തുന്നവരാണ്.
അത്യുത്തരകേരളത്തില്‍ കാസര്‍കോട്, മഞ്ചേശ്വരം, നീലേശ്വരം മുതലായ പ്രദേശങ്ങളിലെ ജനങ്ങളില്‍ ഏറിയകൂറും കന്നഡ മാതൃഭാഷയായിട്ടുള്ളവരാണ്. അവിടെ കന്നഡ ബോധന മാധ്യമമായുള്ള വിദ്യാലയങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. കന്നഡഭാഷയും ദ്രാവിഡഭാഷാഗോത്രത്തിലെ ഒരു പ്രമുഖാംഗമാണ്. അത്യുത്തരകേരളത്തിലെ മലയാളഭാഷയും വനവാസിഭാഷകളും കന്നഡഭാഷാപ്രഭാവിതങ്ങളാണ്.
കന്നഡ, തുളു, മലയാളം എന്നീ മൂന്നു ഭാഷാസംസ്കാരങ്ങളുടെ സംഗമസ്ഥാനമാണ് കാസര്‍കോടു ജില്ല. അവിടെ നീര്‍ച്ചാല്‍ എന്ന സ്ഥലത്തു സ്ഥിതിചെയ്തിരുന്ന മഹാജനസംസ്കൃത കോളജ് നിരവധി പണ്ഡിതന്മാരെയും സാഹിത്യകാരന്മാരെയും സംഭാവന ചെയ്ത പ്രസിദ്ധമായ വിദ്യാകേന്ദ്രമാണ്. കര്‍ണാടകവുമായി അടുത്ത സമ്പര്‍ക്കത്തില്‍ കഴിയുന്ന കാസര്‍കോട് കന്നഡ സാഹിത്യത്തിനു വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
കന്നഡഭാഷയ്ക്കും സാഹിത്യത്തിനും വിലപ്പെട്ട സംഭാവന നല്‍കിയ വ്യക്തിയാണ് മഞ്ചേശ്വരം ഗോവിന്ദപ്പൈ (1883-1963). ഭാരതീയവും ഭാരതീയേതരവുമായ നിരവധി ഭാഷകളില്‍ ഇദ്ദേഹം അവഗാഹം നേടിയിരുന്നു. ഇദ്ദേഹത്തിന്റെ ഭവനം കര്‍ണാടകത്തിലെ പേരുകേട്ട കവികള്‍ക്കൊക്കെയും തീര്‍ഥാടനകേന്ദ്രമാണ്. ബഹുമുഖ പ്രതിഭയായ ഇദ്ദേഹത്തിന്റെ സേവനങ്ങളും കണക്കിലെടുത്ത് മദിരാശി ഗവണ്‍മെന്റ് ഇദ്ദേഹത്തിന് 1949-ല്‍ ആസ്ഥാനകവിപദം നല്‍കി ആദരിക്കുകയുണ്ടായി. കേരളസര്‍ക്കാര്‍ പൈയുടെ ജന്മഗൃഹം ഏറ്റെടുത്ത് ദേശീയസ്മാരകമായി സൂക്ഷിച്ചുവരുന്നു. മഞ്ചേശ്വരത്ത് ആരംഭിച്ച കോളജിന് മഹാകവിയുടെ നാമധേയമാണ് നല്‍കിയിരിക്കുന്നത്.
കന്നഡകവിതയില്‍ വിപ്ലവാത്മകമായ പരിവര്‍ത്തനങ്ങളാണ് ഗോവിന്ദപ്പൈ വരുത്തിയത്. ദ്വിതീയാക്ഷരപ്രാസത്തിനുവേണ്ടി അനുചിത പദങ്ങളെ കവിതയിലേക്ക് വലിച്ചിഴയ്ക്കുന്നതിനെ ഇദ്ദേഹം എതിര്‍ത്തു. പ്രാസദീക്ഷയില്ലാതിറങ്ങിയ പൈയുടെ കവിതകളെ സാഹിത്യത്തിലെ യാഥാസ്ഥിതികര്‍ ശക്തിയായി എതിര്‍ത്തെങ്കിലും ക്രമേണ വിമര്‍ശകര്‍ക്ക് അവയെ അംഗീകരിക്കേണ്ടിവന്നു; എന്നു മാത്രമല്ല, ആ കവിതകളെ മാതൃകയാക്കി സ്വീകരിക്കേണ്ടിവരികയും ചെയ്തു. നിരവധി ഗവേഷണപ്രബന്ധങ്ങളിലൂടെ സാഹിത്യത്തില്‍ ദീര്‍ഘകാലമായി നിലനിന്നുപോന്ന പല വാദപ്രതിവാദങ്ങള്‍ക്കും ഇദ്ദേഹം വിരാമമിട്ടു. ഭാവസൗന്ദര്യംകൊണ്ട് അതുല്യമാണ് ഇദ്ദേഹത്തിന്റെ ഗീതകങ്ങള്‍. ഗീതകങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ഹരിശ്ചന്ദ്രനെക്കുറിച്ചുള്ളതാണ്. ചില ജാപ്പനീസ് നാടകങ്ങളും ബംഗാളി മഹാകാവ്യങ്ങളും ഇദ്ദേഹം കന്നഡത്തിലേക്ക് തര്‍ജുമ ചെയ്തതിനുപുറമേ ചില ഖണ്ഡകാവ്യങ്ങളും ഗോവിന്ദപ്പൈ രചിച്ചിട്ടുണ്ട്. പദ്യകൃതികളില്‍ പ്രഥമഗണനീയങ്ങള്‍ വൈശാഖി, ഗൊല്‍ഗോത എന്നിവയാണ്. ബുദ്ധന്റെ അവസാനകാലത്തിന്റെ ഭാവസാന്ദ്രമായ ആവിഷ്കാരമാണ് വൈശാലി; ഗൊല്‍ഗോത (മഹാകാവ്യങ്ങള്‍) ക്രിസ്തുദേവന്റേയും. ഹെബ്ബെറലു (പെരുവിരല്‍) കാവ്യനാടകമാണ്.
മഹാജന സംസ്കൃതകോളജിലെ അധ്യാപകനായ പെര്‍ദല കൃഷ്ണഭട്ടും കാവ്യങ്ങളേക്കാള്‍ കൂടുതല്‍ കവികളെ സൃഷ്ടിച്ച മഹാനായിരുന്നു. ഇദ്ദേഹത്തിന്റെ കന്നഡ മാസ്റ്റരകൃതഗളു അകൃത്രിമവും അസുലഭവുമായ സൗന്ദര്യത്തിന്റെ കേദാരമെന്നു കൊണ്ടാടപ്പെടുന്ന കൃതിയാണ്.
സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ കാലഘട്ടത്തില്‍ ജനങ്ങളില്‍ ദേശീയബോധം ഉണര്‍ത്തുന്നതിനുവേണ്ടി തൂലികയെ പടവാളാക്കിയ കവിയാണ് കയ്യാര്‍ കൃഷ്ണറായി. ശ്രീമുഖ, ഐക്യഗാനപുനര്‍നവ, ചേതന, പാഞ്ചജന്യ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രമുഖ കാവ്യകൃതികള്‍. ചില മലയാളകാവ്യങ്ങളും ഇദ്ദേഹം കന്നഡത്തിലേക്ക് തര്‍ജുമ ചെയ്തിട്ടുണ്ട്. തൊട്ടുകൂടായ്മ തുടങ്ങിയ സാമൂഹികാനീതികള്‍ക്കെതിരായി പോരാടുവാന്‍ ഇദ്ദേഹം കവിതയെ ആയുധമാക്കി. നചികേത, രത്നരാശി, ഗോവിന്ദപ്പൈ-സ്മൃതി മത്തു കൃതി, വിരാഗിണി തുടങ്ങിയ ഗദ്യകൃതികളും രചിച്ചിട്ടുണ്ട്.
കന്നഡകവിതയ്ക്കു കരുത്തും ഗാംഭീര്യവും നല്‍കിയ കവിയാണ് കാര്യഹള്ള രാമകൃഷ്ണഷെട്ടി. നിരവധി ചെറുകഥകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. വിധിവൈപരീത്യത്തില്‍ വളരെ കുറച്ചുകാലം മാത്രമേ ഇദ്ദേഹത്തിന് സാഹിത്യസേവനം നടത്താനായുള്ളു. ഷെട്ടിയുടെ മകനും കഥാകാരനും നാടകകൃത്തുമായ കെ. ആര്‍. സാരങ്ഗനും വളരെ ചെറുപ്പത്തില്‍ അന്തരിച്ചു.
യരീഞ്ജ രാമചന്ദ്രയാണ് പ്രസിദ്ധനായ മറ്റൊരു കവി. സ്വാതന്ത്യ്രസമരസേനാനിയായ ലക്ഷ്മീ നാരായണപുനചിത്തായ നിരവധി ഭാവഗീതങ്ങളും ദേശഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. വെങ്കടരാജപുനചിത്തായ, സുബ്രായഭട്ട്, മട്ടിരാധാകൃഷ്ണറാവു, ശിവാനന്ദബേക്കല്‍, രാമാനന്ദബനറി, കൃഷ്ണചെമ്മാന്‍ ഗഡെ തുടങ്ങിയവര്‍ പുതിയ തലമുറയിലെ ശ്രദ്ധേയരായ കവികളാണ്.
സാഹിത്യവിമര്‍ശകരുടെ കൂട്ടത്തില്‍ ബഹുഭാഷാപണ്ഡിതനായ കെ. എസ്. ശര്‍മ്മയാണ് പ്രമുഖന്‍. കെ. എസ്. ശര്‍മ്മ, കൃഷ്ണറായി, എസ്. തിരുമലേശ്വരഭട്ട്, അനന്തപുരസുബ്രായ, കോളൂര്‍ ശ്യാമഭട്ട്, നിരിബഗിളു വെങ്കപ്പയ്യ, ഗണപതി ദിവാന തുടങ്ങിയവര്‍ ബാലസാഹിത്യകാരന്മാരാണ്. എം. ഗംഗാധര ഭട്ടും കെ. എന്‍. ബിയും എം. വ്യാസയും നവീനാശയങ്ങളുടെ പ്രമുഖ വക്താക്കളാണ്. മുഖവാദഗളുവാതര, മഹാപ്രസ്ഥാന തുടങ്ങിയ കൃതികളുടെ കര്‍ത്താവായ കെ. വി. തിരുമലേഷ് ആധുനിക കവികളില്‍ ശ്രദ്ധേയനാണ്.
ബഹുമുഖപ്രതിഭാശാലിയായ ബി. വേണുഗോപാല്‍ പന്ത്രണ്ടോളം കൃതികള്‍ രചിച്ചിട്ടുണ്ട്. ഗരിമുരിദഹക്കിഗളു എന്ന കാവ്യസമാഹാരം കര്‍ണാടകസാഹിത്യ അക്കാദമിയുടെ അവാര്‍ഡ് കരസ്ഥമാക്കുകയുണ്ടായി. കവിത, നോവല്‍, നിരൂപണം, നാടകം തുടങ്ങിയ വ്യത്യസ്തമേഖലകളില്‍ ഇദ്ദേഹം സപര്യ നടത്തുന്നു. ശ്രീഷദേവപൂജിത്തായ, എം. ഗംഗാധരഭട്ട് എന്നിവരും ആധുനിക കാലഘട്ടത്തിലെ ശ്രദ്ധേയരായ കവികളാണ്.
കന്നഡത്തിലെ പ്രസിദ്ധങ്ങളായ ചില നോവലുകള്‍ സി. രാഘവന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്; ഓടയില്‍നിന്ന് കന്നഡത്തിലേക്കും. മലയാളം നോവലുകളുടെ തര്‍ജുമയില്‍ കന്നഡസാഹിത്യത്തിനു മുതല്‍ക്കൂട്ടിയ മറ്റൊരാളാണ് ബി.കെ. തിമ്മപ്പ. മാപ്പിള സാഹിത്യത്തിലെ പ്രസിദ്ധകവിയായ റ്റി. ഉബൈദ് വള്ളത്തോളിന്റെ കുറെ പദ്യങ്ങളും ആശാന്റെ വീണപൂവും കന്നഡത്തിലാക്കിയിട്ടുണ്ട്. ഭഗവാന്‍-പരശുരാമന്‍ എന്ന കൃതി കന്നഡത്തിലേക്ക് ഭാഷാന്തരം ചെയ്ത യക്ഷഗാനപണ്ഡിതനാണ് പെര്‍ദല കൃഷ്ണഭട്ട്.
സ്ഥിരപ്രതിഷ്ഠരായ കന്നഡ നോവലിസ്റ്റുകളില്‍ ചിലര്‍ കാസര്‍കോടുകാരാണ്. രാമവിശ്വാമിത്രയും കെ.റ്റി. ഗട്ടിയും ഇവരില്‍ ഉള്‍പ്പെടുന്നു. കല്ലിഗ മഹാബലാണ്ഡാരി പ്രസിദ്ധനായ നോവലിസ്റ്റാണ്. ചന്ദ്രഗിരിയതീരദല്ലി എന്ന നോവലിന്റെ രചനയിലൂടെ സാറാ അബൂബക്കര്‍ ശ്രദ്ധേയയായി. നിരവധി ചരിത്രകഥകളുടെ രചനകള്‍കൊണ്ട് കന്നഡ സാഹിത്യത്തെ സമ്പന്നമാക്കിയ സാഹിത്യകാരനാണ് ബേകലരാമനായക്. ഭൂതകാലത്തിന്റെ മധുരസ്മരണകളാണ് നായക്കിന്റെ കൃതികളുടെ ഉള്ളടക്കം. പ്രമേയത്തിനനുഗുണമായ ശൈലിയാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത.
കന്നഡ-ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കാസര്‍കോട് നിസ്തുലസേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാസറഗോഡുസമാചാര (എ.ഡി.വൈ. മഹാലിംഗഭട്ട്), നവചേതന (വെങ്കിട്ടരമണഭട്ട്), നാദപ്രേമി (എം.വി. ബല്ലുല്ലായ), അജന്ത (എം. വ്യാസ) എന്നിവ ഉന്നതനിലവാരം പുലര്‍ത്തുന്ന ആനുകാലികങ്ങളായിരുന്നു. ഇവയെല്ലാം അകാലത്തില്‍ത്തന്നെ അന്തര്‍ധാനവും ചെയ്തു. ഇപ്പോള്‍ ഇവിടെനിന്നും പ്രസിദ്ധികരിക്കുന്ന കന്നഡ ദിനപത്രങ്ങളാണ് കാരവല്‍, ഉദയവാണി, ഉത്തരദേശം, വിജയകര്‍ണാടക, വിജയവാണി എന്നിവ. കയ്യറ കൃഷ്ണറായി ബി. കെ. എന്‍. കുളമാര്‍വ, ബാലകൃഷ്ണ, കെ. റ്റി. ശ്രീധര, കെ. റ്റി. വേണുഗോപാല, എച്ച്. എം. നാരായണഭട്ട്, എം. വി. ബല്ലുല്ലായ, കാര്യഹള്ള രാമകൃഷ്ണഷെട്ടി, കെ. ആര്‍. സാരങ്ഗ എന്നിവര്‍ പേരെടുത്ത പത്രലേഖകരാണ്.
കാസര്‍കോട് 'യക്ഷഗാന'ത്തിന്റെ കളിത്തൊട്ടിലായി കണക്കാക്കപ്പെടുന്നു. കുമ്പളയിലെ പാര്‍വതിസുബ്ബയെ കാസര്‍കോടിലെ ആദികവിയും യക്ഷഗാനത്തിന്റെ പിതാവും ആയി ആദരിച്ചുപോരുന്നു. യക്ഷഗാനത്തെ ആസ്പദമാക്കി നിരവധി കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ശങ്കയ്യഭാഗവത, ബലിപ്പനാരായണഭാഗവത, എ. വിഷ്ണു മൂര്‍ത്തിഹൊള്ള, ബഡക്കില വിഷ്ണയ്യദ, കീരിക്കാട്ടു വിഷ്ണുഭട്ട്, ഷേനിഗോപാലകൃഷ്ണഭട്ട്, പെര്‍ദല കൃഷ്ണഭട്ട് തുടങ്ങിയവരും പ്രസിദ്ധരായ യക്ഷഗാന കവികളാണ്
ദക്ഷിണകര്‍ണാടക ജില്ലയില്‍നിന്നും കേരളത്തില്‍ കുടിയേറിപ്പാര്‍ത്തുവരുന്ന ബ്രാഹ്മണരുടെ മാതൃഭാഷ തുളുവാണ്. അതിപ്രാചീനകാലം മുതല്‍തന്നെ തൌലവന്മാര്‍ (തുളുവന്മാര്‍) കേരളീയരുടെ ഭാഷയിലും ജീവിതത്തിലും സ്വാധീനത ചെലുത്തിയിരുന്നുവെന്ന് മലയാളലിപിക്ക് 'തുളുമലയാളലിപി' എന്ന പേരു പ്രചരിച്ചിരുന്നതില്‍ നിന്നു മനസ്സിലാക്കാം. എമ്പ്രാന്‍, എമ്പ്രാന്തിരി, തുളുപ്പോറ്റി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ ജനവിഭാഗം കേരളത്തില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രം, ശ്രീകണ്ഠേശ്വരം, വര്‍ക്കല മുതലായ പല മഹാക്ഷേത്രങ്ങളിലേയും പൂജാരികളും പരികര്‍മ്മികളും തൌലവന്മാര്‍ ആണ്. തിരുവനന്തപുരം, തൃപ്പൂണിത്തുറ, തൃശൂര്‍ എന്നിവിടങ്ങളില്‍ ഇവരുടെ സംഖ്യ കൂടുതലായി കാണപ്പെടുന്നു. തുളു ദ്രാവിഡഗോത്രത്തില്‍പ്പെട്ട ഭാഷയാണ്. അതിപ്രാചീനങ്ങളായ ചില തുളു സാഹിത്യകൃതികള്‍ ഉണ്ടെന്നു പറയപ്പെടുന്നു. ഈ ഭാഷ ഇന്ന് അധികവും സംഭാഷണത്തില്‍മാത്രം ഒതുങ്ങിനില്‍ക്കുന്നു. അപൂര്‍വമായേ സാഹിത്യകൃതികള്‍ ഇതില്‍ ആവിര്‍ഭവിക്കാറുള്ളു. ഉഡുപ്പിയെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു തൌലവ സംഘം ബനിഞ്ജ ഗോവിന്ദാചര്യയുടേയും മറ്റും നേതൃത്വത്തില്‍ തുളു നിഘണ്ടു നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. നോ. തുളുഭാഷയും സാഹിത്യവും
ഹിന്ദി. കേരളവും ഹിന്ദിയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഹിന്ദീപ്രചാരണ പ്രസ്ഥാനം (1919) ആരംഭിക്കുന്നതിന് എത്രയോ മുമ്പുതന്നെ കേരളത്തിലും ദക്ഷിണേന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഹിന്ദി പ്രചാരം നേടിയിരുന്നു എന്നതിനു മതിയായ തെളിവുകളുണ്ട്. പഴയ കാലത്ത് 'ഹിന്ദുസ്ഥാനി', 'ഗോസായിഭാഷ', 'പട്ടാണിഭാഷ', 'ദക്ഖിനി' തുടങ്ങിയ പേരുകളിലാണ് ഈ ഭാഷ കേരളത്തില്‍ അറിയപ്പെട്ടിരുന്നത്. പ്രധാനമായും പരദേശികളുമായുള്ള സംഭാഷണത്തിനും തീര്‍ഥയാത്രയ്ക്കും വ്യാപാരാവശ്യങ്ങള്‍ക്കും രാജാക്കന്മാരുടെ കത്തിടപാടുകള്‍ക്കും മറ്റും ഈ ഭാഷ ഉപയോഗിച്ചുപോന്നു. 18, 19 നൂറ്റാണ്ടുകളിലെ ചില അപൂര്‍വ താളിയോല ഗ്രന്ഥങ്ങള്‍ കേരളീയര്‍ ഈ ഭാഷ പഠിക്കുകയും പ്രയോഗിക്കുകയും ചെയ്തിരുന്നതെങ്ങനെ എന്നും വ്യക്തമാക്കുന്നുണ്ട്. 19-ാം നൂറ്റാണ്ടിന്റെ ഒടുവില്‍ ബാസല്‍മിഷല്‍ തുടങ്ങിയ ചില ക്രിസ്ത്യന്‍ മിഷണറി സംഘടനകള്‍ ഹിന്ദുസ്ഥാനി പ്രചരിപ്പിക്കുകയും സ്കൂളുകളില്‍ പഠിപ്പിക്കുകയും ചെയ്തിരുന്നു. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഹിന്ദീപ്രചാരണ പ്രസ്ഥാനം ആരംഭിച്ചതോടുകൂടി കേരളീയര്‍ ഹിന്ദി ഭാഷ വ്യാപകമായി പഠിക്കാനും ഹിന്ദിയില്‍ സാഹിത്യരചനകള്‍ നടത്താനും തുടങ്ങി. സ്വാതന്ത്യ്രാനന്തര കാലഘട്ടത്തില്‍ ഹിന്ദീപഠന ഗവേഷണസാധ്യതകള്‍ വര്‍ദ്ധിച്ചുവന്നതോടൊപ്പം അനേകം ഹിന്ദി എഴുത്തുകാരും, വിവര്‍ത്തകരും കേരളത്തില്‍ ഉണ്ടാവുകയും ചെയ്തു. കാശീനാഗരീ പ്രചാരണിസഭ അടുത്തകാലത്തു പ്രസിദ്ധീകരിച്ച ഹിന്ദീ സാഹിത്യബൃഹച്ചരിത്രം (ഹിന്ദീ സാഹിത്യ കാ ബൃഹത് ഇതിഹാസ്) പതിനഞ്ചാം ഭാഗത്തില്‍ ഒരദ്ധ്യായം തന്നെ കേരളീയ ഹിന്ദീസാഹിത്യത്തിനായി നീക്കിവച്ചിരിക്കുന്നത് രാഷ്ട്ര ഭാഷയ്ക്ക് കേരളീയര്‍ നല്‍കിയ സംഭാവനകളുടെ ദേശീയ പ്രാധാന്യത്തെയാണ് കാണിക്കുന്നത്.
കേരളത്തില്‍ പ്രവേശിച്ച 'ഹിന്ദുസ്ഥാനി' അഥവാ 'തുലുക്കഭാഷ' സംസാരിക്കുന്ന തുലുക്കന്‍ പടയെപ്പറ്റി ഉണ്ണുനീലിസന്ദേശം തുടങ്ങിയ കാവ്യങ്ങളില്‍ പരാമര്‍ശമുണ്ട്. കുഞ്ചന്‍ നമ്പ്യാരുടെ 'സ്യമന്തകം' തുള്ളലിലാകട്ടെ 'ഗോസായി' മാരുടെ ഹിന്ദി സംഭാഷണരീതി കവിതയില്‍ത്തന്നെ കൊടുത്തിരിക്കുന്നു. 'തുമാരാ മുല്‍ക്കു കോന്‍ മുല്‍ക്കു, ഹമാരാ മുല്‍ക്കു കാശി മുല്‍ക്കു' തുടങ്ങിയ വരികള്‍ കേരളത്തില്‍ എഴുതപ്പെട്ട ആദ്യത്തെ ഹിന്ദീകാവ്യാംശമാണെന്നു പറയാം.
ഏകദേശം നമ്പ്യാരുടെ കാലത്തിനടുത്ത് താളിയോലയില്‍ എഴുതപ്പെട്ട അജ്ഞാതകര്‍തൃകങ്ങളായ രണ്ടു ഹിന്ദുസ്ഥാനീ മലയാളകോശങ്ങള്‍ തിരുവനന്തപുരം ഹസ്തലിഖിത ഗ്രന്ഥശാലയില്‍ കാണാം. അമരകോശത്തിന്റെയും ഹിന്ദിയിലെ പ്രാചീന നാമകോശങ്ങളുടെയും മാതൃകയിലുള്ള ഈ ഗ്രന്ഥങ്ങള്‍ (തിരുവനന്തപുരം ഹസ്തലിഖിതഗ്രന്ഥശാല ഗ്രന്ഥസംഖ്യ 6079, 22504 അ) മലയാളികള്‍ മുന്‍കാലങ്ങളില്‍ ശാസ്ത്രീയമായ രീതിയില്‍ത്തന്നെ ഹിന്ദി പഠിച്ചിരുന്നു എന്നതിനു പ്രകടമായ തെളിവുകളായി നിലകൊള്ളുന്നു. രണ്ടുകോശങ്ങളിലും പൂര്‍വാര്‍ദ്ധവും ഉത്തരാര്‍ധവുമുണ്ട്. പൂര്‍വാര്‍ധത്തില്‍ വ്യാകരണ രൂപങ്ങളും മലയാളത്തില്‍ വിവരണവും അര്‍ഥവും കൊടുത്തിരിക്കുന്നു. ഉത്തരഭാഗത്തിലാകട്ടെ വാക്കുകളെ വര്‍ഗങ്ങളായി തിരിച്ച് അര്‍ഥം വിവരിച്ചിരിക്കയാണ്. ഇവയ്ക്ക് വര്‍ഗവിഭജനത്തില്‍ ചില സാദൃശ്യങ്ങള്‍ ഉണ്ടെങ്കിലും ഇവ രണ്ടും രണ്ടു വ്യത്യസ്ത കോശങ്ങള്‍ തന്നെയാണ്. ഇവയുടെ സാദൃശ്യത്തിനു കാരണം ഇവയ്ക്ക് മാതൃകയായി മറ്റേതെങ്കിലും ദക്ഖിനീ ഹിന്ദുസ്ഥാനികോശങ്ങള്‍ അന്നു ലഭ്യമായിരുന്നതായിരിക്കണം.
ഭാരതത്തിലെ ഭാഷകള്‍ക്കു പ്രാധാന്യം നല്‍കിയ ബാസല്‍മിഷന്‍കാര്‍ 19-ാം നൂറ്റാണ്ടിന്റെ ഒടുവില്‍ ആധുനികരീതിയിലുള്ള ചില ഹിന്ദുസ്ഥാനി റീഡറുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. തോബിയാസ് സക്കറിയാസ് 1899-ല്‍ പ്രസിദ്ധീകരിച്ച ഹിന്ദുസ്ഥാനി സ്വബോധിനി ബാസല്‍മിഷന്‍കാര്‍ മലയാളമാധ്യമത്തില്‍ ഹിന്ദി പഠിപ്പിക്കാനായി ഉപയോഗിച്ചിരുന്ന ഒരു വ്യാകരണഗ്രന്ഥമാണ്. റവ. മാത്യു കുര്യന്‍ 1887-ല്‍ പ്രസിദ്ധീകരിച്ച ഹിന്ദുസ്ഥാനി ഭാഷ എന്ന ഗ്രന്ഥവും പാശ്ചാത്യ മാതൃകയിലുള്ള ഹിന്ദുസ്ഥാനി-മലയാള വ്യാകരണഗ്രന്ഥമത്രേ. മലയാളത്തിലെ ആയുര്‍വേദപദങ്ങള്‍ക്ക് ഹിന്ദുസ്ഥാനിയിലും മറ്റു ഭാഷകളിലും പര്യായപദങ്ങള്‍ കൊടുക്കുന്ന തയ്യില്‍ കുമാരന്‍ കൃഷ്ണന്റെ ആയുര്‍വേദ-ഔഷധി നിഘണ്ടു (1902) ഹിന്ദുസ്ഥാനിയുടെ പ്രായോഗികതയെ കാണിക്കുന്ന മറ്റൊരു വിശിഷ്ടഗ്രന്ഥമാണ്.
ഹിന്ദീപ്രചാരണത്തിനു വളരെ മുമ്പുതന്നെ ഹിന്ദുസ്ഥാനീസംഗീതം ദക്ഷിണേന്ത്യയില്‍ വളരെയധികം പ്രചരിച്ചിരുന്നു. തഞ്ചാവൂരിലെ ഷാഹ്നജി, ശരഭോജി എന്നീ രാജാക്കന്മാര്‍ ഹിന്ദുസ്ഥാനീ കൃതികള്‍ രചിച്ച ദാക്ഷിണാത്യരാണ്. ആ പാരമ്പര്യം പിന്തുടര്‍ന്ന് സ്വാതിതിരുനാള്‍ രാജാവും ഹിന്ദുസ്ഥാനീഗീതങ്ങള്‍ രചിച്ചു. ഇദ്ദേഹം രചിച്ച ഹിന്ദുസ്ഥാനീഗീതങ്ങളില്‍ നാല്‍പതോളമേ ലഭിച്ചിട്ടുള്ളു. 1916-ല്‍ ചിദംബരവാധ്യാര്‍ സമ്പാദനം ചെയ്ത സ്വാതിതിരുനാള്‍ സംഗീത കൃതികള്‍ എന്ന ഗ്രന്ഥത്തിലൂടെയാണ് ഈ ഗീതങ്ങള്‍ വെളിച്ചം കണ്ടത്.
ഇദ്ദേഹത്തിന്റെ ഭാവദീപ്തങ്ങളായ വരികള്‍ ഹിന്ദീകവികളുടെ കൂട്ടത്തില്‍ ഇദ്ദേഹത്തിന് സമുന്നതമായ ഒരു സ്ഥാനം നേടിക്കൊടുക്കുന്നു. ഈ ഗീതങ്ങളിലെ രാഗപ്രയോഗങ്ങള്‍ സംഗീതത്തിന് ഇദ്ദേഹം നല്‍കിയ ഏറ്റവും വലിയ സംഭാവനകളാണ്.
1918-ല്‍ ദക്ഷിണേന്ത്യയില്‍ ഹിന്ദീപ്രചാരണം ആരംഭിച്ചകാലം മുതല്‍തന്നെ കേരളീയര്‍ അതില്‍ സജീവമായി പങ്കെടുക്കുകയും ഹിന്ദിയില്‍ മൌലിക കൃതികള്‍ രചിക്കുന്നതില്‍ താത്പര്യം പ്രദര്‍ശിപ്പിക്കുകയും ചെയ്തുപോന്നു. 1923 മുതല്‍ മദ്രാസില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'ഹിന്ദീ പ്രചാരക്' എന്ന മാസിക കേരളീയരായ എഴുത്തുകാരുടെ അനേകം കവിതകളും കഥകളും ലേഖനങ്ങളും ഉള്‍ക്കൊണ്ടിരുന്നു. അതിനുശേഷം കേരളത്തില്‍ നിന്ന് 'ഹിന്ദീ മിത്ര', 'ലല്‍ക്കാര്‍', 'അരവിന്ദ്', 'വിശ്വഭാരതി', 'പ്രതാപ് രാഷ്ട്രവാണി', 'ആര്യകൈരളി' , 'കേരളഭാരതി', 'സഹകാരി ഹിന്ദീപ്രചാരക്', 'ഭാവ് ഔര്‍ രൂപ്', 'കേരള ജ്യോതി', 'ഗ്രന്ഥാലോകം' (ഹിന്ദീ വിഭാഗം), 'സാഹിത്യമണ്ഡല്‍ പത്രിക' തുടങ്ങിയ മാസികകളും 'യുഗപ്രഭാത്' എന്ന സചിത്രഹിന്ദീ ദ്വൈവാരികയും പ്രസിദ്ധീകരിക്കുകയുണ്ടായി. 1930-കളില്‍ ഗാന്ധിയന്‍ പ്രേരണ ഉള്‍ക്കൊണ്ടുകൊണ്ട് മാതൃഭൂമി വാരിക ഹിന്ദീ വിഭാഗം ആരംഭിച്ചു പ്രസിദ്ധീകരിച്ചതും ഐതിഹാസികമായ ഒരു ചുവടുവയ്പായിരുന്നു. ഈ മാസികകളിലും ഹിന്ദീപ്രദേശത്തുനിന്നു പുറപ്പെടുന്ന മറ്റനേകം ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കേരളീയര്‍ തങ്ങളുടെ അനേകം മൗലിക കൃതികളും വിവര്‍ത്തനങ്ങളും പ്രസിദ്ധീകരിച്ചു ഹിന്ദീസാഹിത്യത്തെ പരിപോഷിപ്പിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണത ഉള്‍ക്കൊള്ളുന്ന പല കവിതകളും ലക്ഷ്മിക്കുട്ടിദേവി, ഭാരതീദേവി, ടി.കെ. ഗോവിന്ദ് തലശ്ശേരി, വിമല്‍ കേരളീയ് തുടങ്ങിയവര്‍ ഹിന്ദീപ്രചാരക് എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. സ്വാതന്ത്യ്രത്തിനു ശേഷം ദേവ് കേരളീയ്, പി. നാരായണന്‍ 'നരന്‍', വാസുദേവന്‍പിള്ള 'ദക്ഷിണണി, പി.വി. വിജയന്‍, ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ ഹിന്ദിയില്‍ നിരവധി മൗലിക കവിതകള്‍ എഴുതി.
നാടകരംഗത്ത് എന്‍. ചന്ദ്രശേഖരന്‍നായര്‍, ലക്ഷ്മിക്കുട്ടിയമ്മ, കെ. നാരായണന്‍ മുതലായവരുടെ സംഭാവനകള്‍ ശ്രദ്ധേയമാണ്. കെ. നാരായണന്‍, എന്‍. ചന്ദ്രശേഖരന്‍ നായര്‍, എന്‍. രാമന്‍ നായര്‍ തുടങ്ങിയവരുടെ കഥാസമാഹാരങ്ങളും ഹിന്ദിയില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഗോവിന്ദഷേണായിയുടെ ഹാസ്യലേഖന സമാഹാരങ്ങള്‍ ഹിന്ദീസാഹിത്യത്തിനു കേരളീയരില്‍ നിന്നു ലഭിച്ചിട്ടുള്ള വിശിഷ്ടമായ സംഭാവനയാണ്. രണ്ടു കഥാസമാഹാരങ്ങളും (ആഗേ കോന്‍ ഹവാല്‍, മിസ്റ്റിക് സാഹബ് കാ കുത്താ) ഒരു ലഘു നോവലും (കിഞ്ചിത് ശേഷ്) ഇദ്ദേഹം ഹിന്ദിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരൂപണരംഗത്ത്, വിശേഷിച്ച് മലയാളസാഹിത്യത്തെ ഹിന്ദി വായനക്കാര്‍ക്കു പരിചയപ്പെടുത്തുന്ന കാര്യത്തില്‍ കെ. ഭാസ്കരന്‍ നായര്‍, എന്‍. വെങ്കടേശ്വരന്‍, വിശ്വനാഥയ്യര്‍, രത്നമയീദേവി ദീക്ഷിത്, എന്‍.വി. കൃഷ്ണവാരിയര്‍, സി.ആര്‍. നാണപ്പ, കെ. രവിവര്‍മ്മ, വെള്ളായണി അര്‍ജുനന്‍, രാമചന്ദ്രദേവ് തുടങ്ങിയ എഴുത്തുകാരുടെ ഗവേഷണ പ്രബന്ധങ്ങളും മറ്റു സംഭാവനകളും പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു.
കേരളത്തിലെ ഹിന്ദീലേഖകരുടെ കൂട്ടത്തില്‍ കെ. വാസുദേവന്‍പിള്ള 'ദക്ഷിണണി, പി.കെ. കേശവന്‍ നായര്‍, പി.ജി. വാസുദേവ്. എന്‍.പി. കുട്ടന്‍പിള്ള തുടങ്ങിയവരുടെ സംഭാവനകളും പ്രത്യേകം ശ്രദ്ധേയമാണ്. വിശ്വനാഥയ്യരുടെ ഗദ്യലേഖനങ്ങളും, ജി. ഗോപിനാഥന്റെ വിവര്‍ത്തന പഠനങ്ങളും ഡയറിക്കുറിപ്പുകളും, 'ആര്‍സു'വിന്റെ പ്രശസ്ത സാഹിത്യകാരന്മാരുമായുള്ള അഭിമുഖങ്ങളും; ഡോ. വെള്ളായണി അര്‍ജുനന്‍, കുന്നുകുഴി കൃഷ്ണന്‍കുട്ടി, പി.ജി. വാസുദേവ് തുടങ്ങിയവരുടെ ബാലസാഹിത്യ കൃതികളും, പദ്മിനിമേനോന്റെ ഓര്‍മക്കുറിപ്പുകളും, ടി.എന്‍. വിശ്വന്‍, അരവിന്ദാക്ഷന്‍, എന്‍. രവീന്ദ്രനാഥ് തുടങ്ങിയവരുടെ വിവിധ വിഷയങ്ങളെപ്പറ്റിയുള്ള ലേഖനങ്ങളും ഹിന്ദീസാഹിത്യരംഗത്ത് കേരളീയര്‍ക്കു ഉറച്ചുനില്ക്കാന്‍ കഴിയുമെന്നു കാണിക്കുന്ന നൂതനവാഗ്ദാനങ്ങളാണ്. കെ. ഭാസ്കരന്‍ നായര്‍ (ഹിന്ദിയിലേയും മലയാളത്തിലേയും കൃഷ്ണഭക്തിസാഹിത്യം), വിശ്വനാഥയ്യര്‍ (ഹിന്ദിയിലേയും മലയാളത്തിലേയും ആധുനിക കവിത), എന്‍. ചന്ദ്രശേഖരന്‍ നായര്‍(സുമിത്രാ നന്ദന്‍ പന്തിന്റെയും ജി. ശങ്കരക്കുറുപ്പിന്റെയും സിംബലിസം), എന്‍. രാമന്‍ നായര്‍ (ഹിന്ദിയിലേയും മലയാളത്തിലേയും കവിതയില്‍ വാത്സല്യരസം), എം. ജോര്‍ജ് (തുഞ്ചത്തെഴുത്തച്ഛനും തുളസീദാസും), കെ.എസ്. മണി (മൈഥിലീശരണ്‍ ഗുപ്തയും വള്ളത്തോളും), വെള്ളായണി അര്‍ജുന്‍ (ശ. ഹിന്ദിയിലേയും മലയാളത്തിലേയും സമാനപദങ്ങളുടെ ഭാഷാശാസ്ത്രപരമായ പഠനം, ശശ. ദക്ഷിണേന്ത്യന്‍ ഭാഷകളിലെ ഹിന്ദീശബ്ദപ്രഭാവം), ജി. ഗോപിനാഥന്‍ (ഹിന്ദിസാഹിത്യത്തിനു കേരളത്തിന്റെ സംഭാവന) എന്നീ പണ്ഡിതന്മാരുടെ ഗവേഷണപ്രബന്ധങ്ങളും അവരുടെ മേല്‍നോട്ടത്തില്‍ നിരവധി ഗവേഷണവിദ്യാര്‍ഥികള്‍ തയ്യാറാക്കിയിട്ടുള്ളതും തയ്യാറാക്കിക്കൊണ്ടിരിക്കുന്നതുമായ ഗവേഷണഗ്രന്ഥങ്ങളും ഹിന്ദീഭാഷയ്ക്കും സാഹിത്യത്തിനുമുള്ള കേരളത്തിന്റെ കനപ്പെട്ട സംഭാവനകളാണ്.
മലയാള-ഹിന്ദീസാഹിത്യധാരകളെ കൂട്ടിയിണക്കുവാന്‍ പല പരിശ്രമങ്ങളും നടന്നിട്ടുണ്ട്. പി.കെ. കേശവന്‍ നായര്‍, അഭയദേവ് തുടങ്ങിയവര്‍ ഹിന്ദി-മലയാളകോശനിര്‍മാണരംഗത്തും രവിവര്‍മ, ലക്ഷ്മണ്‍ശാസ്ത്രി, കെ.ജി. ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ ഹിന്ദീപത്രപ്രവര്‍ത്തനരംഗത്തും അനുഷ്ഠിച്ചിട്ടുള്ള സേവനങ്ങള്‍ വിലപ്പെട്ടവ തന്നെയാണ്.
മലയാളകൃതികളുടെ ഹിന്ദിയിലേക്കുള്ള വിവര്‍ത്തനമാണ് ഹിന്ദിക്ക് കേരളം നല്കിയ കനത്ത സംഭാവന. എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍, കുമാരനാശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍, ജി. ശങ്കരക്കുറുപ്പ,് ബാലാമണിയമ്മ, എം.പി. അപ്പന്‍ മുതലായവരുടെ കവിതകളും; തകഴി ശിവശങ്കരപ്പിള്ള, കേശവദേവ്, ഉറൂബ് (പി.സി. കുട്ടിക്കൃഷ്ണന്‍), എം.ടി. വാസുദേവന്‍ നായര്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, പാറപ്പുറത്ത് (കെ.ഇ. മത്തായി), ബഷീര്‍, പൊറ്റെക്കാട്ട് തുടങ്ങിയവരുടെ നോവലുകളും; എന്‍. കൃഷ്ണപിള്ള, തോപ്പില്‍ ഭാസി, സി.ജെ.തോമസ്, ജി. ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കര്‍ തുടങ്ങിയവരുടെ നാടകങ്ങളും; മുകുന്ദന്‍, കാക്കനാടന്‍, എം.ടി. വാസുദേവന്‍ നായര്‍, വത്സല, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയവരുടെ കഥകളും ഇതിനകം ഹിന്ദിയില്‍ പരിഭാഷപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. സുധാംശുചതുര്‍വേദി, ജി.എന്‍. പിള്ള, വിശ്വനാഥയ്യര്‍, ചാത്തുക്കുട്ടി, ഭാസ്കരവര്‍മ്മ, വി.ഡി. കൃഷ്ണന്‍ നമ്പ്യാര്‍, പി.ജി. വാസുദേവ്, ഹര്‍ഷവര്‍ധന്‍, അഭയദേവ്, ലക്ഷ്മണ്‍ ശാസ്ത്രി, ശ്രീധരമേനോന്‍, ജി. ഗോപിനാഥന്‍, പി.കെ. വേണു, എം.എസ്. വിശ്വംഭരന്‍, നന്ദിയോടു രാമചന്ദ്രന്‍, ആര്‍സു തുടങ്ങിയവരുടെ സംഭാവന വിവര്‍ത്തനരംഗത്താണ്.
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, ദിവാകരന്‍ പോറ്റി മുതലായവര്‍ ഹിന്ദിയില്‍ നിന്നും മലയാളത്തിലേക്ക് തുളസീദാസരാമായണം, പ്രേംചന്ദിന്റെ കൃതികള്‍ തുടങ്ങിയവ തര്‍ജുമ ചെയ്തു ഹിന്ദീമലയാളസാഹിത്യങ്ങളെ സമന്വയിപ്പിക്കാന്‍ ശ്രമിച്ചവരാണ്.
ദക്ഷിണഭാരത ഹിന്ദീ പ്രചാരസഭയും കേരള ഹിന്ദീ പ്രചാരസഭയുമാണ് കേരളത്തില്‍ ഹിന്ദി പ്രചാരണരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍. ഈ സംഘടനകള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ കോഴ്സുകള്‍ നടത്തിവരുന്നു. ഹിന്ദിയുടെ പ്രചരണാര്‍ഥം ദക്ഷിണ ഭാരത് ഹിന്ദീ പ്രചാരസഭ പ്രസിദ്ധീകരിച്ചുവരുന്ന പ്രസിദ്ധീകരണങ്ങളാണ് ഹിന്ദി പ്രചാര്‍ സമാചാര്‍, ദക്ഷിണ ഭാരത് എന്നിവ. കേരള്‍ ജ്യോതിയാണ് കേരള ഹിന്ദി പ്രചാരസഭയുടെ പ്രസിദ്ധീകരണം.
ഉര്‍ദു മാതൃഭാഷയായുപയോഗിക്കുന്ന 10 ലക്ഷത്തോളം ജനങ്ങള്‍ കേരളത്തിലുള്ളതായി കണക്കാക്കപ്പെടുന്നു. പതിനാറും പതിനേഴും നൂറ്റാണ്ടുകള്‍ മുതല്‍ തന്നെ ഉര്‍ദുഭാഷ കേരളത്തില്‍ പ്രചരിരുന്നതായി കരുതുന്നു. പോര്‍ട്ടുഗീസുകാര്‍ ചാലിയംകോട്ട ആക്രമിച്ചപ്പോള്‍ സാമൂതിരിയെ സഹായിക്കാന്‍ ബിജപ്പൂര്‍ സുല്‍ത്താന്‍ അയച്ച സൈനികരില്‍ പലരും യുദ്ധാനന്തരം ഇവിടെത്തന്നെ സ്ഥിരതാമസമാക്കി. അതുപോലെ, ടിപ്പുവിന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ സേനാംഗങ്ങളിലും ഉദ്യോഗസ്ഥവൃന്ദത്തിലുംപെട്ട അനേകം പേര്‍ തിരിച്ചുപോകാതെ ഇവിടെത്തന്നെ വാസമുറപ്പിച്ചു. 1789-ല്‍ ടിപ്പുസുല്‍ത്താന്‍ തൃശൂരില്‍ ആഗതനായത് 30,000 പേരടങ്ങുന്ന കാലാള്‍ സേനയോടും 5,000 കുതിരപ്പടയാളികളോടുംകൂടിയായിരുന്നു. അദ്ദേഹത്തിന്റെ ഭരണപരമായ ഉത്തരവുകള്‍ (ഫര്‍മാനകള്‍) എല്ലാം ഉര്‍ദുവിലായിരുന്നു. പിന്നീടു മലബാര്‍ ബോംബേ പ്രവിശ്യയുടെ ഭാഗമായിത്തീര്‍ന്നപ്പോള്‍ ഉര്‍ദുവിനു ഇവിടെ പ്രത്യേകമായ ഒരു ഉത്തേജനം ലഭിക്കുകയും ചെയ്തു. കര്‍ണാട്ടിക് യുദ്ധകാലങ്ങളില്‍ പൂര്‍വതീരങ്ങളില്‍ നിന്ന് ഇവിടെ എത്തിയ അഭയാര്‍ഥികളില്‍ ധാരാളമാളുകളുടെ മാതൃഭാഷ ഉര്‍ദുവായിരുന്നു. കേരളവും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളും തമ്മില്‍ നിലനിന്നിരുന്ന വ്യാപാരബന്ധങ്ങള്‍ ഈ ഭാഷയുടെ വിനിമയ വൃത്തങ്ങളെ വിപുലീകരിക്കാനേ സഹായിച്ചിട്ടുള്ളു.
സംസാരഭാഷയെന്ന നിലയില്‍ കേരളത്തില്‍ ഉര്‍ദുവിനു സ്ഥിരപ്രതിഷ്ഠ ലഭിച്ചുതുടങ്ങിയതോടെ ഉര്‍ദുപഠനകേന്ദ്രങ്ങള്‍ സ്ഥാപിതമായി. മുന്‍ഷി മഹല്ലകളെന്നറിയപ്പെട്ടിരിക്കുന്ന ഈ ഗുരുകുല പാഠശാലകള്‍ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട് മുതലായ പലയിടങ്ങളിലും നിലവില്‍ വന്നു. ബ്രിട്ടിഷ് ഭരണകാലത്ത് വിദ്യാഭ്യാസവകുപ്പ് രൂപീകരിക്കപ്പെട്ടപ്പോള്‍ കേരളത്തിലെ വിദ്യലയങ്ങളില്‍ ഉര്‍ദുപഠനത്തിനു കാര്യമായ പരിഗണന നല്കിയില്ല. എങ്കിലും പില്ക്കാലത്ത് ചില ഹൈസ്കൂളിലും ചില കോളേജുകളിലും ഉര്‍ദു പാഠ്യവിഷയമായി അംഗീകരിക്കപ്പെടുകയുണ്ടായി. ഉര്‍ദുപഠനകേന്ദ്രങ്ങളില്‍ ലോവര്‍, ഹയര്‍ എന്നിങ്ങനെ രണ്ടുവിധം പരീക്ഷകള്‍ നടത്തിവരുന്നു. 1975 മുതല്‍ തിരുവനന്തപുരം കേന്ദ്രീയവിദ്യാലയത്തിലും എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ഗവണ്മെന്റ് ഹൈസ്കൂളുകളിലും ഹയര്‍ പരീക്ഷ നടത്തിവരുന്നു. ഉപ്പള (കാസര്‍കോട്) യില്‍ ഉര്‍ദു മാതൃഭാഷക്കാര്‍ ധാരാളമുള്ളതുകൊണ്ട് അവിടെ ഉര്‍ദു മാധ്യമത്തില്‍ത്തന്നെ ശിക്ഷണം നല്കുന്ന വിദ്യാലയങ്ങളുണ്ട്.
സ്വാതന്ത്ര്യാനന്തരം ആദ്യദശകങ്ങളില്‍ കേരളത്തിലെ വിരലിലെണ്ണാവുന്ന സ്കൂളുകളില്‍ മാത്രമേ ഉര്‍ദു അധ്യയനം നടത്തിയിരുന്നുള്ളൂ. 1970-കളില്‍ ഉര്‍ദു പ്രചാര്‍സഭ, ഉര്‍ദു പ്രചാര്‍ സമിതി, അര്‍ജുമാന്‍ തരാഖി ഇഷ തുടങ്ങിയ സംഘടനകള്‍ രൂപീകൃതമായതോടെ കേരളത്തിലെ ഉര്‍ദു പഠനത്തിനും വ്യാപനത്തിനും കരുത്ത് വര്‍ധിച്ചു. 2011-ലെ കണക്കുകള്‍ പ്രകാരം ഉര്‍ദു പ്രഥമഭാഷയായി പഠിപ്പിക്കുന്ന ഒരു എല്‍.പി. സ്കൂള്‍ മാത്രമാണ് കേരളത്തിലുള്ളത്. 1261 യു.പി. സ്കൂളുകളിലും 377 ഹൈസ്കൂളുകളിലും ഉര്‍ദു അഭ്യസിപ്പിക്കുന്നുണ്ട്. മലപ്പുറം ഗവണ്‍മെന്റ് കോളജ്, കണ്ണൂര്‍ സര്‍ സയ്യദ് കോളജ്, കാലിക്കറ്റ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ ഉര്‍ദു ബിരുദ കോഴ്സുകളുണ്ട്. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലും കാലിക്കറ്റ് സര്‍വകലാശാലയിലും ഉര്‍ദു ബിരുദാനന്തര ബിരുദ കോഴ്സുകളും നടത്തിവരുന്നു. ഇതിനുപുറമെ പല സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ഉര്‍ദു ഡിപ്ലോമ കോഴ്സുകളും നടത്തിവരുന്നു.
ഹാജി ഇബ്രാഹിം മൂസാസേട്ട് പ്രസിഡന്റും സെയ്ദ് മൊഹിദീന്‍ഷാ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിരുന്ന കേരള ഉര്‍ദു അസോസിയേഷന്‍ ഉര്‍ദുഭാഷയുടെ പ്രോത്സാഹത്തിനുവേണ്ടി നല്ലപോലെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഖിലകേരള ഉര്‍ദു അധ്യാപക സംഘടന ഇപ്പോള്‍ സജീവമാണ്. 1940-ല്‍ തലശ്ശേരിയില്‍ രൂപവത്കരിക്കപ്പെട്ട 'സലാഹുല്‍ ലിസാന്‍' എന്ന ഉര്‍ദു പ്രേമികളുടെ സംഘടനയും ഉര്‍ദു ഭാഷാപ്രചാരണകാര്യങ്ങളില്‍ സജീവമായി പങ്കെടുത്തു വരുന്നുണ്ട്.
മലപ്പുറം ഗവണ്മെന്റ് ഹൈസ്കൂളിലെ ഉര്‍ദു അധ്യാപകനായ ഗുലാം സര്‍വര്‍ രചിച്ച അര്‍മഗാന കേരള (പ്രബുദ്ധ കേരളം) എന്ന കാവ്യകൃതിയാണ് ഉര്‍ദു സാഹിത്യത്തിനു ലഭിച്ച കേരളത്തിന്റെ പ്രഥമസംഭാവന. 32 കവിതകളുടെ സമാഹാരമായ ഈ കൃതി ഉത്തരേന്ത്യയിലെ സുപ്രസിദ്ധരായ പല ഉര്‍ദു പണ്ഡിതന്മാരടെയും പ്രശംസയ്ക്കു പാത്രീഭവിച്ചിട്ടുണ്ട്.
1938-ല്‍ തലശ്ശേരിയില്‍ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച 'നാര്‍ജലസ്ഥാന്‍' മാസിക ബാംഗ്ലൂരിലാണ് അച്ചടിച്ചിരുന്നത്. തലശ്ശേരി, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം എന്നീ പല കേന്ദ്രങ്ങളില്‍നിന്നും പല ആനുകാലികങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ഉര്‍ദു അധ്യാപക സംഘടനകളുടെ മുഖപത്രമായ' ഉര്‍ദു ബുള്ളറ്റിന്‍' ഉര്‍ദുവിനു ജനപ്രീതി വളര്‍ത്തുവാനുദ്ദേശിച്ചുകൊണ്ടുള്ള ഒരു മാസികയാണ്.
ഭാരതീയ ഭാഷകളുടെ കുടുംബത്തില്‍ ഏറ്റവുമടുത്ത ഇരട്ട സഹോദരികളാണ് ഹിന്ദിയും ഉര്‍ദുവും. വ്യാകരണത്തിലും ഘടനയിലും വളരെയധികം അടുപ്പവും സമാനതകളുമുള്ള ഈ ഭാഷകള്‍ പരസ്പരപൂരകങ്ങളാണെന്നു പറയുന്നതില്‍ പിശകില്ല. സംസ്കൃതത്തിന്റെ അതിപ്രസരം ഹിന്ദിയിലും പേഴ്സ്യന്‍, അറബിക് എന്നീ ഭാഷകളുടെ പ്രഭാവം ഉര്‍ദുവിലും പ്രകടമായി കാണാം.
ആലപ്പുഴ, ചേര്‍ത്തല, കൊച്ചി, കാസര്‍കോട്, നീലശ്വരം എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്ന ഗൌഡസാരസ്വത ബ്രാഹ്മണരുടെയും അവരുടെ പാര്‍ശ്വവര്‍ത്തികളുടെയും മാതൃഭാഷയാണ് കൊങ്കണി. കൊങ്കണദേശത്തിലെ സംസാരഭാഷയാണിത്. മറാഠി, ഗുജറാത്തി മുതലായ ഭാഷകളുമായി ഇതിനു ബന്ധമുണ്ടെങ്കിലും ഇത് ഒരു സ്വതന്ത്രഭാഷതന്നെയാണെന്നു ഭാഷാശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. ഈ അടുത്ത കാലത്തായി കൊങ്കണിഭാഷയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചയ്ക്കും പ്രചാരത്തിനുമായി കൊച്ചിയില്‍ കൊങ്കണി ഭാഷാപ്രചാരസഭ സ്ഥാപിതമായിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി കൊങ്കണിയെ അംഗീകരിച്ച് ഉത്തമ കൊങ്കണി സാഹിത്യകൃതികള്‍ക്ക് അവാര്‍ഡ് നല്കിവരുന്നു. കേരളം കൊങ്കണിഭാഷയ്ക്കും സാഹിത്യത്തിനും അമൂല്യമായ സംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുന്നു. ഗോകുലദാസ് പ്രഭുവിന്റെ പൃഥിവീനമഃ എന്നത് കേരളത്തിലെ ആദ്യത്തെ കൊങ്കണി നോവലാണെന്നതും പ്രസ്താവ്യമാണ്. നോ. കൊങ്കണിഭാഷയും സാഹിത്യവും അറബിമലയാളം. അറബിലിപിയില്‍ മലയാളഭാഷ എഴുതാന്‍ നടത്തിയ ശ്രമത്തിന്റെ ഫലമായാണ് അറബിമലയാളം. അനറിബികളെ അറബിഭാഷ പഠിപ്പിക്കാനുള്ള സംഘടിതമായ ഒരു ശ്രമം 682-ല്‍ ഹജ്ജാഇഇബ്നു യൂസഫ് എന്ന ഭരണാധികാരിയുടെ കാലത്തു നടത്തിയതായി പറയപ്പെടുന്നു. ചില അക്ഷരങ്ങള്‍ക്കു ഒന്നോ അധികമോ പുള്ളി മുകളിലോ ചുവട്ടിലോ നല്കുകയും അകാരാദി സ്വരചിഹ്നങ്ങള്‍ ചേര്‍ക്കുകയുമായിരുന്നു ആ മാര്‍ഗം. അതൊന്നുകൂടി വിപുലീകരിച്ചാല്‍ ഇതര ഭാഷകള്‍ക്കും അറബിലിപി ഉപയോഗപ്പെടുത്തി എല്ലാ സ്വരങ്ങളും സൂചിപ്പിക്കാമെന്നു മനസ്സിലാക്കി. അതിന്റെ വെളിച്ചത്തിലാവണം അറബിമലയാളത്തിന്റെ ആരംഭം.
അറബിമലയാള ലിപിയില്‍ എഴുതപ്പെട്ടതും മുസ്ലീം മാപ്പിളമാര്‍ക്കിടയില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതുമായ കൃതികളുള്‍ക്കൊള്ളുന്ന സാഹിത്യമാണ് മാപ്പിളസാഹിത്യം. ഇതിലെ ഭാഷയെ അറബിമലയാളമെന്നോ മാപ്പിള മലയാളമെന്നോ വിശേഷിപ്പിക്കാമെങ്കിലും ഇതും മലയാള സാഹിത്യം തന്നെ.
മതം, ചരിത്രം, ശാസ്ത്രം, കഥ, നിരൂപണം, നിഘണ്ടു എന്നിങ്ങനെ തരംതിരിക്കാവുന്ന അസംഖ്യം ശാഖകളില്‍ ഉള്‍പ്പെടുന്ന കൃതികളെ ഉള്‍ക്കൊള്ളുന്നതാണ് ഈ സാഹിത്യശാഖ. കൊ. വ. 752-ല്‍ (786-ല്‍ എന്നും മതഭേദം) രചിക്കപ്പെട്ടതാണെന്ന് ആമുഖമായി പറയുന്ന മൊഹിയദ്ദീന്‍ മാലയാണ് അറബിമലയാളത്തില്‍ എഴുതപ്പെട്ട ആദ്യത്തെ കൃതിയെന്നു കരുതപ്പെടുന്നു. ഹിജറ 1151-ല്‍ തീര്‍ത്തതാണ് കുഞ്ഞായന്‍ മുസലിയാരുടെ കല്‍മറൂഹ്. ആദ്യകാലങ്ങളില്‍ ഇസ്ളാമിക വിഷയങ്ങള്‍ മാത്രമാണ് അറബിമലയാളകൃതികളില്‍ പ്രതിപാദിക്കപ്പെട്ടിരുന്നത്.
നേര്‍ച്ചപ്പാടുകളും മറ്റും. നബിമാരുടെയും അനുചരന്മാരുടെയും സിദ്ധന്മാരുടെയും ജീവിതകഥകളും അപദാനങ്ങളും ആണ് 'പദഹ' പാട്ടുകളുടെ പ്രതിപാദ്യം. ആത്മോപദേശപരമായ ഗാനങ്ങളെ 'അടിഉറുദി' കളെന്നു പറയുന്നു. പ്രവാചകന്റെയും മറ്റു വിശുദ്ധരുടെയും ജനനത്തെയും ജീവിതത്തെയും പറ്റി പ്രതിപാദിക്കുന്ന ചൊല്ലുകള്‍തന്നെ മുന്നൂറില്‍പ്പരം ഉണ്ടെന്നാണറിയുന്നത്. മൊഹിയദ്ദീന്‍മാല, രിഫായിന്‍ മാല, നഫീസത്ത് മാല തുടങ്ങിയവ എണ്ണമറ്റു നേര്‍ച്ചപ്പാടുകളില്‍ പ്രധാനപ്പെട്ടവയാണ്. ബദര്‍, ഉഹദ്, കര്‍ബല തുടങ്ങിയവ യുദ്ധേതിഹാസങ്ങളാണ്. അവയിലുള്ള നൂറുനൂറു ശീലുകള്‍ നിരണം കൃതികളുമായി അകന്ന ബന്ധമെങ്കിലുമുള്ളവയാണ്.' തുടരെ മദ്ദളവും മുരിടയൊട് മന്ദവ ഒറ്റകളും-ബന്ദയൊട് ദ്ദുടികള്‍ ഒപ്പുകളും കൈമണി ദുനികന്‍ താഗികളാല്‍' (ബദര്‍) എന്നു തുടങ്ങി മൊയീന്‍കുട്ടി വൈദ്യരുടെ പടക്കോപ്പു വര്‍ണ്ണന ഇരവിക്കുട്ടിപ്പിള്ളപ്പാട്ടുകളെ അനുസ്മരിപ്പിക്കുന്നു. ബദറിലെ ദ്വന്ദ്വയുദ്ധ ചിത്രീകരണം കുഞ്ചന്‍നമ്പ്യാരുടെ ശ്രീകൃഷ്ണ ജാംബവന്മാരുടെ ഏറ്റുമുട്ടലിന്റെ മാതൃകയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
സിദ്ധിയും സാധനയുമൊത്തിണങ്ങിയതെന്നു വിലയിരുത്തപ്പെട്ടിട്ടുള്ള ബദറുല്‍മുനീര്‍ പ്രേമകാവ്യമാണ്. അതിനെ പിന്‍പറ്റാന്‍ കരുത്തുള്ള കത്തുപാട്ടുകളും യാത്രാവിവരണങ്ങളും നിരവധിയുണ്ട്. മലയാളത്തിലെ കൊയ്ത്തുപാട്ടിനും ഞാറ്റുപാട്ടിനും പുള്ളുവന്‍പാട്ടിനും സമാന്തരമായും നിരണം കൃതികള്‍, കുറത്തിപ്പാട്ട് തുടങ്ങിയവയുടെ അനുകരണങ്ങളായും മാപ്പിളപ്പാട്ടുകള്‍ ഉണ്ട്. ഐവര്‍കളി, കോല്‍ക്കളി, പരിചമുട്ടുകളി തുടങ്ങിയവയ്ക്കുപയോഗിക്കാവുന്ന പാട്ടുകള്‍ നിരവധിയാണ്.
മാപ്പിളപ്പാട്ടിലെ 'ഇശല്‍' തമിഴിന്റെ 'ഇയലി' ല്‍ നിന്ന് ഉടലെടുത്ത പദമായി കണക്കാമെങ്കിലും ഇശലുകള്‍ (വൃത്തങ്ങള്‍) ചേര്‍ത്തുനോക്കിയാല്‍ അവയ്ക്കു ദ്രാവിഡവൃത്തങ്ങളോടുള്ള ബന്ധം വ്യക്തമാകും. ഉദാഹരണമായി പുമയിനാര്‍, അകത്താര്‍, കരുളന്‍, പോയിമടന്‍, ചെന്നവനുമെന്നീ ഇശലുകള്‍ യഥാക്രമം വഞ്ചിപ്പാട്ട്, നരനായിങ്ങനെ, കുറത്തിപ്പാട്ട്, തുയിലുണര്‍ത്തുപാട്ട് എന്നിവയുടെ മാത്രാദികളില്‍ ഒതുങ്ങിനില്ക്കുന്നവയാണ്. സന്ദേശകാവ്യങ്ങളെ പിന്‍പ്പറ്റിയാവണം മാപ്പിളമാരുടെ കത്തിടപാടുകള്‍ ഉത്ഭവിച്ചത്. പാട്ടില്‍ കത്തെഴുതുന്നതും എഴുതിക്കുന്നതും ഒരുകാലത്ത് മാപ്പിളമാര്‍ക്കിടയില്‍ പതിവായിരുന്നു. വേശ്യാലയങ്ങളും കാമകേളികളുമൊക്കെ ഉണ്ണിയച്ചീചരിതത്തിന്റെയും ഉണ്ണുനീലിസന്ദേശത്തിന്റെയും മാതൃകയില്‍ അവയില്‍ പ്രതിപാദിക്കുന്നു.
'ഖല്ലാക്കില്‍ വിധിയാലെ കഴിഞ്ഞ ജൂമ അഃരാവ്
കനില്‍ഞാനുമൈകളെ ഒരു കിനാവു അതിനാല്‍
കരള്‍ കത്തിക്കരിഞ്ഞു പോണിതാ എന്‍ജീവ്
ബല്ലാരിക്കുടനെ ഞാന്‍ വരാം ഒട്ട വഴിയുണ്ടൊ
വല്ലികള്‍ക്കവിടങ്ങളില്‍ വരാന്‍ പാടുണ്ടോ'
എന്നന്വേഷിക്കുന്ന വിരഹിണിയായ മറിയക്കുട്ടിയുടെ കത്ത് ബല്ലാരി ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനയച്ചതാണ്. ഇതിന്റെ രചയിതാവായ പുലിക്കോട്ടില്‍ ഹൈദര്‍ വാമൊഴിയിലും വരമൊഴിയിലുമായി രണ്ടായിരത്തോളം പാട്ടുകള്‍ രചിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു.
ബീഡിതെറുപ്പുകാര്‍ക്കിടയില്‍ കമ്പി പാടുക എന്നൊരേര്‍പ്പാടുണ്ട്. ഒരാള്‍ പാടിനിര്‍ത്തിയ വരിയിലെ അവസാനത്തെ അക്ഷരംകൊണ്ട് തുടങ്ങുന്ന ഒരു വരി പാടലാണിത്. പ്രാസത്തിനു മാപ്പിളപ്പാട്ടില്‍ പറയുന്ന പോരാണ് കമ്പി. കഴുത്ത്, വാല്‍ക്കമ്പി, വാലുമ്മല്‍ക്കമ്പി എന്നീ പ്രാസനിയമങ്ങള്‍ മാപ്പിളപാട്ടുകള്‍ക്കുണ്ടായിക്കഴിഞ്ഞിട്ടുണ്ട്. ഒരു മൊഴിയിലെ രണ്ടു പാദങ്ങളിലുമുള്ള ആദ്യാക്ഷരമാണ് കമ്പി. കമ്പി ദീക്ഷിച്ച രണ്ടു ഖണ്ഡങ്ങളെ ഒരു മൊഴിയായി കരുതി നാലു മൊഴികളുടെ ഒന്നാം പാദത്തില്‍ ദ്വിതീയാക്ഷരപ്രാസം ദീക്ഷിക്കുന്നതാണു കഴുത്ത്. ഭാഷാകവിതകളിലെ അന്താദിപ്രാസത്തോടു സാമ്യമുള്ളതാണ് വാലുമ്മല്‍ക്കമ്പി. ഓരോ മൊഴിയിലെയും ഈരണ്ടു ചീറുകളിലുള്ള (ചീരാണ് തമിഴില്‍) അന്ത്യാക്ഷരപ്രാസമാണു വാലുമ്മല്‍ക്കമ്പി. രാമചരിതത്തിലെ അന്താദിപ്രാസവും എതുകയിലും മോനയിലുമുള്ള നിഷ്കര്‍ഷയും മാപ്പിളപ്പാട്ടുകളിലും കാണുന്നു. മൊയീന്‍കുട്ടി വൈദ്യര്‍, ചാക്കീരുമൊയ്തീന്‍കുട്ടി, മച്ചിങ്ങലകന്ന മൊയ്തീന്‍മുല്ല തുടങ്ങിയവരാണ് മണ്‍മറഞ്ഞുപോയ ചില വിഖ്യാതരായ മാപ്പിളപ്പാട്ടുരചയിതാക്കള്‍. ചന്ദിരസുന്ദരിമാല രചിച്ച പി. കെ. ഹലീമ, ബദര്‍മിസ്സ രചിച്ച കുണ്ടില്‍ കുഞ്ഞാമിന തുടങ്ങിയ കവിയിത്രികളും പ്രശസ്തകളാണ്.
വിശുദ്ധ ഖുര്‍ആന്‍ പരിഭാഷകളും നബിവചനങ്ങളും വ്യാഖ്യാനങ്ങളുമായാണ് അറബിമലയാളത്തിന്റെ സാഹിത്യശാഖ പിറവിയെടുത്തത്. 1867-ല്‍ കണ്ണൂര്‍ അറയ്ക്കല്‍ മായിന്‍കുട്ടി ഇളയയാണ് ആദ്യമായി അറബിമലയാളത്തില്‍ ഖുര്‍ആന്‍ പരിഭാഷപ്പെടുത്തിയത്. മനോഹരമായ അകപ്പാ(അറബിയിലെ ചിത്രലിപി) യിലെഴുതിയ അതിന്റെ പ്രതികള്‍ സൗജന്യമായി വിതരണം ചെയ്യുകയാണുണ്ടായത്.
മൂന്നു വാല്യങ്ങളിലായി ഖുര്‍ആന്‍ പൂര്‍ണമായി പിന്നീട് പരിഭാഷപ്പെടുത്തിയത് കെ. ഉമ്മര്‍ മൗലവിയാണ്. കൊങ്ങണം വീട്ടില്‍ ഇബ്രാഹിം മുസ്സലിയാര്‍ ഖുര്‍ആന്‍ പരിഭാഷപ്പെടുത്തുകയും നക്ഷത്രഫലങ്ങള്‍ ഗണിച്ചുണ്ടാക്കിയ ഖൈറിത്തുല്‍ മുസ്ലിമന്‍ (മുസ്ലീമീങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍) രചിക്കുകയും ചെയ്തു. തേന്‍പ്പറമ്പില്‍ അബ്ദുള്‍ഖാദര്‍ മുസലിയാര്‍, പി. കെ. മൂസ മൗലവി തുടങ്ങിയ പലരും ഖുര്‍ആന്‍ പരിഭാഷ അറബിമലയാളത്തില്‍ രചിച്ചിട്ടുണ്ട്. മുലാമ്പത്ത് കുഞ്ഞാമുവിന്റെ ഇബ്ലീസ്നാമവും (ഇബിലീസിന്റെ പര്യായങ്ങള്‍) കിനാവിന്റെ തഅബീറും (സ്വപ്നത്തിന്റെ വ്യാഖ്യാനം) പ്രശസ്തങ്ങളാണ്. ഏഴു വാല്യങ്ങളുള്ള ഫൈജുര്‍ മന്നാര്‍ (നന്മയുടെ ഉറവ), പത്താല്‍ മന്നാര്‍ (നന്മയുടെ അനാവരണം) ഫത്തുഹുല്‍ നൂര്‍ (പ്രകാശത്തിന്റെ അനാവരണം) തുടങ്ങിയവ മതസംബന്ധികളായ രചനകളാണ്.
അലാവുദ്ദീന്‍, ഖമറുസ്സമാന്‍, ശംസുസ്സമാന്‍, ഉമര്‍ അയ്യാര്‍, അമീര്‍ ഹംസ, ഗുല്‍സനോവര്‍ എന്നിവ അറബിമലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ആഖ്യായികളാണ്. ആദ്യകാല മലയാളനോവലുകളായ പുല്ലേലി കുഞ്ചു (1882), കുന്ദലത (1886), ഇന്ദുലേഖ (1889) എന്നിവയോടൊപ്പം പഴക്കമുള്ളതാണ് ചാര്‍ദര്‍വേശ് (നാലു സന്ന്യാസിമാര്‍-1888). ഇത് ഒരു പാഴ്സി നോവലിന്റെ അറബി മലയാളവിവര്‍ത്തനമെന്നാണു പറയപ്പെടുന്നത്. അറബിക്കഥകളെന്ന പേരില്‍ അറിയപ്പെടുന്ന അല്‍ഫ് ലൈല ഓ ലൈല അറബിമലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് കരിയാന്‍ കുഞ്ഞി മൂസ്സയാണ്. സുബൈദ, നബീസ, ഹിളറ്, നബിയെ കണ്ട നബീസ എന്നിവയും ആദ്യകാല- ആഖ്യായികകളില്‍പ്പെടുന്നു.
നിഘണ്ടുക്കള്‍. ചാക്കീരു മൊയ്തീന്‍കുട്ടി സാഹിബ്, വടക്കന്‍ പറവൂര്‍ അബ്ദുള്‍ ഖാദര്‍ മുസലിയാര്‍, പി. വി. മുഹമ്മദ്ഹാജി (ഇദ്ദേഹത്തിന്റെ അറബി മലയാള നിഘണ്ടു അച്ചടിച്ചിട്ടില്ല) തുടങ്ങിയവരാണ് അറബി മലയാളനിഘണ്ടുശാഖയ്ക്ക് അനര്‍ഘങ്ങളായ സംഭാവനകള്‍ നല്കിയവര്‍. സയ്യിദ് മുഹമ്മദ് കോയത്തങ്ങള്‍ അറബിമലയാളത്തില്‍ ഒരു ബഹുഭാഷാനിഘണ്ടു രചിച്ചിട്ടുണ്ട്. പി. വി. ഉബൈദുള്ളയുടേത് ഉറുദു-മലയാള നിഘണ്ടുവാണ്. ഉസ്താദ് കെ. ടി. ഇബ്രാഹിം മൗലവി രചിച്ച വിവിധഭാഷാപര്യായങ്ങളടങ്ങുന്ന ഗ്രന്ഥവും അറബിമലയാളത്തിലുണ്ട്. അതിലെ ഒരു പര്യായവിവരണമാണിത്:
'നാഗം പടമ്പു ഗന്ധകം
കരിങ്കുരങ്ങ് വലിയുമേ
സുവര്‍ക്ക ചുത്ത നാഗമേ
നാഗം കുങ്കുമമരം മൂര്‍ഖന്‍പാമ്പുമേ
നല്‍ തുണി ആകാശമേ
നാഗം ആന കാരീയം
മലയും പുന്ന നരകമേ
പാഷാണ പച്ച ഗ്രഹണമെ'
നാഗം എന്ന പദത്തിനു പടമ്പു, ഗന്ധകം, കുങ്കുമം, മരം എന്നിങ്ങനെ പത്തൊമ്പതു പര്യായങ്ങളുണ്ടെന്നു സാരം.
ചികിത്സാ ശാസ്ത്ര ഗ്രന്ഥങ്ങള്‍.
പൊന്നാനിയില്‍ കൊങ്ങണം വീട്ടില്‍ ബാവ മുസലിയാര്‍ വൈദ്യശാസ്ത്രപരമായ പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. വലിയ വൈദ്യസാരം, പരോപകാരം, ഒറ്റമൂലികള്‍ എന്നിവ ഇവയിലുള്‍പ്പെടുന്നു. കാരക്കല്‍ മുഹമ്മദ് വൈദ്യരുടെ (തലവേ) വിഷചികിത്സ വൈദ്യശാസ്ത്രത്തിനൊരു മുതല്‍ക്കൂട്ടാണ്. നാഡീശാസ്ത്രവും ബാലചികിത്സാക്രമവും അറബിമലയാളത്തിലുണ്ട്. ചാലിലകത്ത് ഇബ്രാഹിം മൗലവി രചിച്ച ദേഹചരിത്ര തര്‍ജുമയും ഇഅലാമുന്നാസും (സ്ത്രീകള്‍ക്കുള്ള തത്ത്വബോധനം) ദാമ്പത്യജീവിതത്തെയും ലൈംഗികശാസ്ത്രത്തെയും സംബന്ധിച്ചതാണ്.നിക്കാഹിന്റെ തര്‍ജുമ വൈവാഹിക ജീവിതത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നു. മന്ത്രവാദം, ഉപജാപം, പ്രതിവിധി, ഘടികാരത്തിന്റെ സഹായമില്ലാതെ സമയം നിര്‍ണയിക്കല്‍ തുടങ്ങി സമൂഹത്തിനു താത്പര്യമുള്ള എല്ലാ വിഷയങ്ങളെ സംബന്ധിച്ചും അറബിമലയാളഗ്രന്ഥങ്ങള്‍ ഉണ്ട്. ക്രിസ്ത്യന്‍ മിഷണറിമാര്‍ ബൈബിള്‍ അറബിമലയാളത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ആനുകാലിക പ്രസിദ്ധീകരണങ്ങള്‍.
19-ാം ശതകത്തിന്റെ അവസാനകാലത്ത് സനാഉള്ള മക്തിത്തങ്ങള്‍ ആരംഭിച്ച തുഹഫത്തുര്‍ അഖ്യാര്‍ വഹിദായത്തുല്‍ അശ്റാല്‍ (അനുഗ്രഹീതര്‍ക്കും സന്മാര്‍ഗികള്‍ക്കുമുള്ള സമ്മാനം) ആണ് ആദ്യത്തെ അറബിമലയാളപ്പത്രമെന്നു പറയാം. 1899-ല്‍ കൊച്ചിയില്‍ നിന്ന് അദ്ദേഹം പരോപകാരി(മാസിക)യും സസ്യപ്രകാശവും പ്രസിദ്ധീകരിക്കുകയുണ്ടായി. സി. സെയ്താലിക്കുട്ടി മാസ്റ്ററുടെ സലാവുല്‍ ഇഖ്വാന്‍ (സഹോദരസമക്ഷം), മൊയ്തു മൗലവിയുടെ അല്‍ഇസ്ലാഹ് (പരിഷ്കരണവാദി), വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയുടെ അല്‍ഇസ്ലാം, കെ.എം. മൗലവിയുടെ നിസാ ഉല്‍ ഇസ്ലാം (ഇസ്ലാം വനിത), പാങ്ങില്‍ അഹമ്മദുകുട്ടി മുസലിയാരുടെ അല്‍ബയാന്‍ (വിവരണം), കേത്തുജംയത്തുല്‍ ഉല്‍മയുടെ അല്‍മുര്‍ഷിദ (സന്മാര്‍ഗദര്‍ശി), ഇ.കെ. മൗലവിയുടെ അല്‍തുത്തിഹാദ് (ഐക്യം) എന്നിവയാണ് അറബിമലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ചില പത്രമാസികകള്‍.
പഴയ അറബിമലയാളഗ്രന്ഥങ്ങളില്‍ പലതിലും ഗ്രന്ഥകാരന്റെയും പ്രസാധകന്റെയും പേരും രചിക്കപ്പെട്ട കൊല്ലവും കാണുന്നില്ല. ഒരു പുസ്തകത്തിന്റെ ആമുഖം ഇങ്ങനെയാണ്-'ഈ വൈദ്യസാരം എന്ന തര്‍ജുമകിത്താബ് പൊന്നാനി മഖ്ദൂംതങ്ങളുടെ മകന്‍ കൊങ്കണം വീട്ടില്‍ അഹമ്മദ് എന്ന ബാവ മുസലിയാര്‍ തങ്ങളാല്‍ ഉണ്ടാക്കപ്പെട്ടതും മദ്രാസ് രജിസ്റ്റ്രാഫീസില്‍ നിന്ന് താന്‍ രജിസ്റ്റര്‍ ചെയ്യിക്കപ്പെട്ടതും തന്റെ പകര്‍പ്പവകാശം പൊന്നാനി നഗരത്തില്‍ ഉത്തുവാങ്ങാനകത്ത് മാളിയക്കല്‍ മുഹമ്മദു മുസലിയാര്‍ക്കു തീറു സിദ്ധിച്ചതും മേപ്പടി മുഹമ്മദു മുസലിയാര്‍ ഹിജറ 1349 (1929) റബി ഉല്‍ അവ്വല്‍ മാസം കാ ഉം ഞായറാഴ്ചയുമായി മയ്യത്തായിപോകയാല്‍ പിന്തുടര്‍ച്ചാവകാശികളുടെ സമ്മതപ്രകാരം മരുമകനായ പി.എം. അബ്ദുള്ളഹാജി എന്നവരുടെ സ്വന്തമായ ചിലവിന് മേല്‍ അച്ചടിച്ചു പ്രസിദ്ധം ചെയ്തിരിക്കയാല്‍ അവകാശികളുടെ രജിസ്റ്റര്‍ രേഖാമൂലമുള്ള സമ്മതം കൂടാതെ മറ്റൊരാള്‍ക്കും ഇതിനെ അച്ചടിപ്പിക്കാന്‍ പാടുള്ളതല്ലെന്ന് ഇതിനാല്‍ എല്ലാവരെയും അറിയിച്ചുകൊളളുന്നു' (പി.കെ. മുഹമ്മദ് കുഞ്ഞി).
എന്നുമുതല്‍ക്കാണ് ഇംഗ്ലീഷ് കേരളത്തില്‍ പ്രചരിച്ചുതുടങ്ങി എന്നതിനെപ്പറ്റി വ്യക്തമായ സൂചനകളില്ലെങ്കിലും യൂറോപ്യരുടെ ആഗമനത്തോടൊപ്പമാണ് ഈ ലോകഭാഷ ഇവിടെ പ്രചുരപ്രചാരം നേടിയതെന്നു കരുതുന്നു. 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ ഇവിടെ പാശ്ചാത്യവിദ്യാഭ്യാസം സന്നിവേശിപ്പിച്ചതോടെ ഔദ്യോഗിക വ്യവഹാരഭാഷ എന്ന നിലയിലും സാഹിത്യഭാഷ എന്ന നിലയിലും ഇംഗ്ലീഷ് പ്രചുരപ്രചാരം നേടി.
കവിത. 1896-ല്‍ ലണ്ടനില്‍ പ്രസിദ്ധീകരിച്ച റ്റെയില്‍സ് ഒഫ് ഇന്‍ഡ് ആന്‍ഡ് അദര്‍ പോയംസ് എന്ന കവിതാ സമാഹാരം കേരളത്തിലെ ആംഗലകവിതയുടെ ആദ്യകാല മാതൃകയായി നിലകൊള്ളുന്നു. തിരുവിതാംകൂറിലെ ട്രഷറി ആഫീസറായ ടി. ലക്ഷ്മണന്‍പിള്ളയുടെ എസ്സേയ്സ് (1918) എന്ന ലേഖനസമാഹാരത്തിന്റെ അവസാനഭാഗത്ത് അദ്ദേഹം രചിച്ച ചില കവിതകളും ചേര്‍ത്തിട്ടുണ്ട്. ഇവയില്‍ 'ഏര്‍ളി റെമിനിസന്‍സസ്', 'ഓണ്‍ ദ് ഡത്ത് ഒഫ് മൈ ഡോട്ടര്‍ ബാലരമവല്ലി', 'ഓണ്‍ ദ് സൈറ്റ് ഒഫ് എ ചൈല്‍ഡ്', 'കോണ്ടംപ്ളേഷന്‍', 'ഓണ്‍ ദ് ക്യാപ്ചര്‍ ഒഫ് പ്രിട്ടോറിയ' എന്നീ കവിതകള്‍ ശ്രദ്ധേയമാണ്.
പാലക്കാടു സ്വദേശിയും ഇംഗ്ലീഷ് പ്രൊഫസറുമായ പി. ശേഷാദ്രി (1887-1944) ഒന്നിലധികം കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബില്‍ഹണ (1914), സോണറ്റ്സ് (1914), ചമ്പകലീവ്സ് (1915), വാനിഷ്ഡ് അവേഴ്സ് (1925) എന്നിവയാണ് ശേഷാദ്രിയുടെ കവിതാസമാഹാരങ്ങളില്‍ ശ്രദ്ധേയമായവ.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായ ഉമാമഹേശ്വറും (1902-42) ആംഗലഭാഷയില്‍ കവിതകള്‍ രചിച്ചിട്ടുണ്ട്. വിഷാദഭാവം കവിതകളുടെ മുഖമുദ്രയാക്കിയ ഇദ്ദേഹത്തിന്റെ കൃതികളാണ് ദ് ഫീസ്റ്റ് ഒഫ് ദ് ക്രിസ്റ്റല്‍ ഹാര്‍ട്ട് (1928), എമങ് ദ് സൈലന്‍സ് (1928), എവേക്കന്‍ഡ് ഏഷ്യ(1930), ദ് ലേഡി ഒഫ് ദ് ലോട്ടസ് (1939), സതേമ് ഇഡില്‍സ് (1940) എന്നിവ.
ജി.കെ. ചേറ്റൂര്‍ (1898-1936) സൗണ്ട്സ് ആന്‍ഡ് ഇമേജസ് (1921), ഗുമതരായ ആന്‍ഡ് അദര്‍ സോണറ്റ്സ് ഫോര്‍ ഓള്‍ മോഡ്സ് (1932), ദ് റ്റെമ്പിള്‍ ടാങ്ക് ആന്‍ഡ് അദര്‍ പോയംസ് (1932), ദ് ട്രയംഫ് ഒഫ് ലവ് (1932), ദ് ഷാഡോ ഒഫ് ഗോഡ് (1935) എന്നീ കവിതാസമാഹാരങ്ങള്‍ രചിച്ചു. ഗീതകമാണ് ഇദ്ദേഹത്തിന്റെ പ്രിയങ്കരമായ കാവ്യരൂപം. അമ്മയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച ദ ഷാഡോ ഒഫ് ഗോഡ് എന്ന സമാഹാരത്തിലെ കവിതകളിലും ബഹുഭാവസമ്മിശ്രമായ വിഷാദഭാവമാണു സ്ഫുരിക്കുന്നത്.
ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ (1877-1949) ഇംഗ്ലീഷില്‍ കവിതകള്‍ രചിക്കുകയും തര്‍ജുമ ചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധി ഗീതങ്ങളും ഭാവഗീതങ്ങളും (odes) ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഇംഗ്ലീഷ് കവിതകളില്‍ പ്രധാനപ്പെട്ടവ ദ് മൗണ്ടന്‍ സമ്മിറ്റ്, എ കോണ്‍ട്രാസ്റ്റ്, തത്ത്വം അസി, ഓഡ് ഓണ്‍ ദ് ബര്‍ത്ത്ഡേ ഓഫ് ദ് മഹാരാജാ, വൈ നോട്ട്, ദ് പീസ് ഒഫ് വേഴ്സായ് എന്നിവയാണ്. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ മയൂരസന്ദേശം ദ് പീകോക്ക് മെസഞ്ജര്‍ എന്ന പേരില്‍ ഉള്ളൂര്‍ ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
1930-കളിലും 40-കളിലും ആംഗലകവിതയെ സമ്പുഷ്ടമാക്കിയ കേരളീയരില്‍ വി.ആര്‍.എം. ചെട്ടിയാര്‍(ലൂസിഡ് മോമന്റ്സ്-1938, ലിറിക് ഫെസ്റ്റൂണ്‍സ് 1943), സൂഡി പി. ഡേവിഡ് (ദ് ഗാര്‍ലന്‍സ്-1938), കെ. ആര്‍. മേനോന്‍ (ദ് ഷെല്‍സ് ഫ്രം ദ് സീ ഷോര്‍-1938), എന്‍. രാമന്‍ വക്കീല്‍ (റ്റു യൂറോപ്പ്-1942), ഹെപ്സിബാ യേശുദാസന്‍ (കുക്കൂ ആന്‍ഡ് അദര്‍ പോയംസ്)എന്നിവരുടെ പേരുകള്‍ പ്രാധാന്യമര്‍ഹിക്കുന്നു.
ചെറുകഥാകൃത്തെന്ന നിലയില്‍ വിഖ്യാതനായ മഞ്ചേരി എസ്. ഈശ്വരന്റെ (1910-66) ആദ്യത്തെ കവിതാസമാഹാരമായ സാഫ്രണ്‍ ആന്‍ഡ് ഗോള്‍ഡ് 1932-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. തുടര്‍ന്ന് അള്‍ട്ടാര്‍ ഒഫ് ഫ്ളവേഴ്സ് (1934), ക്യാറ്റ് ഗട്ട് (1940), ബ്രീഫ് ഓറി സണ്‍സ് (1941), പിനുംബ്ര(1942), ദ് ഫോര്‍ത് അവതാര്‍(1946), റാപ്സഡി ഇന്‍ റെഡ് (1953), ദ് നീം ഈസ് എ ലേഡി (1957) എന്നീ കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ കേരളീയരായ ഉംഗ്ലീഷ് എഴുത്തുകാരില്‍ കമലാദാസ് (19342009) മുന്‍പന്തിയില്‍ നില്ക്കുന്നു. ഇന്തോ-ആംഗ്ലിയന്‍ കവിതയില്‍ പുതിയ ചലനങ്ങളുളവാക്കാന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. കമലാദാസിന്റെ ആദ്യകാല രചനകളുടെ സമാഹാരമായ സമ്മര്‍ ഇന്‍ കല്‍ക്കട്ട 1965-ല്‍ പുറത്തുവന്നു. തുടര്‍ന്ന് ദ് ഡിസന്‍ ഡന്റ്സ് (1967), ദി ഓള്‍ഡ് പ്ലേ ഹൗസ് ആന്‍ഡ് അദര്‍ പോയംസ് (1973) എന്നീ സമാഹാരങ്ങള്‍കൂടി പ്രസിദ്ധീകരിച്ചതോടുകൂടി കമലാദാസ് ഒരു ഇംഗ്ലീഷ് കവിയത്രി എന്ന പ്രശസ്തിയിലേക്കുയര്‍ന്നു. അവരുടെ കുമ്പസാര കവിതകളെ സില്‍വിയാ പ്ളാത്ത്, ജൂഡിത്ത് റൈറ്റ് തുടങ്ങിയവരുടെ കവിതകളുമായി സാദൃശ്യപ്പെടുത്താവുന്നതാണ്. ആത്മപ്രകാശനമാണ് ഈ കവിതകളുടെ കാതല്‍. കമലാദാസിന്റെയും പ്രിതിഷ് നന്ദിയുടെയും പ്രേമകവിതകള്‍ 1979-ല്‍ റ്റു നൈറ്റ് ദിസ് സാവേജ് റൈറ്റ് എന്ന പേരില്‍ പ്രസിദ്ധീകൃതമായി. ഹേഴ്സ് വേഴ്സസ് ബൈ ഇന്‍ഡ്യന്‍ വിമന്‍ എന്ന പേരില്‍ മേരി ആന്‍ഡ് ദാസ് ഗുപ്ത പ്രസിദ്ധീകരിച്ച കവിതാസമാഹാരത്തിലും കമലാദാസിന്റെ ചില കവിതകള്‍ക്ക് സ്ഥാനം ലഭിച്ചിട്ടുണ്ട്. ഏഷ്യന്‍ രാജ്യങ്ങളിലെ ഇംഗ്ലീഷ് കവിതയ്ക്കുള്ള 'കെസ്റ്റ്' സമ്മാനം, ആശാന്‍ വേള്‍ഡ് പ്രൈസ് (1983), ഇംഗ്ലീഷ് കവിതയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1985) എന്നീ പുരസ്കാരങ്ങളും ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്.
ആര്‍. രവീന്ദ്രനാഥ മേനോന്‍ തന്റെ ആദ്യത്തെ കവിതാസമാഹാരം (ദശാവതാര ആന്‍ഡ് അദര്‍ പോയംസ്-1967) കൊണ്ടുതന്നെ ശ്രദ്ധേയനായി. സ്ട്രാസ് ഇന്‍ ദ് വിന്‍ഡ്, ഷാഡോസ് ഇന്‍ ദ് സണ്‍, ഗ്രാസ് ഇന്‍ ദ് ഗാര്‍ഡന്‍ (1978), ബബിള്‍സ് ഓണ്‍ ദ് ഷോര്‍ (1981) എന്നിവയാണ് മേനോന്റെ മറ്റു കവിതാ സമാഹാരങ്ങള്‍.
ആംഗലകവിതാരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച വേറെയും പല കേരളീയ കവികളുമുണ്ട്; എസ്. കെ. ചേറ്റൂര്‍ (1905-73) (ഗോള്‍ഡന്‍ സ്റ്റെയേഴ്സ് ആന്‍ഡ് അദര്‍ പോയംസ്-1967). ഒ. റ്റി. മേനോന്‍ (സ്ട്രേപെറ്റല്‍സ്-1957), പോള്‍ ജേക്കബ് (സോണറ്റ്സ്-1967; സ്വീഡിഷ് എക്സര്‍സൈസസ്), എം. പി. ഭാസ്കരന്‍ (ദ് ഡാന്‍സര്‍ ആന്‍ഡ് ദ് റിംഗ്-1962), മൈക്കിള്‍ ചാക്കോ ഡാനിയല്‍സ് (സ്പ്ളിറ്റ് ഇന്‍ റ്റു) തുടങ്ങിയവര്‍ ഇക്കൂട്ടത്തിലെ മുന്‍നിരക്കാരാണ്.
വിവര്‍ത്തനങ്ങള്‍.
ആംഗലേയ വിവര്‍ത്തനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച നിരവധി കേരളീയരുണ്ട്. സര്‍ദാര്‍ കെ. എം. പണിക്കര്‍ (1895-1963) തന്റെ ചിന്താതരംഗിണി എന്ന കവിതാസമാഹാരത്തിന് ദ് വേവ്സ് ഒഫ് തോട്ട് (1944) എന്ന പേരില്‍ നല്കിയ തര്‍ജുമയാണ് സ്വയംകൃത പരിഭാഷകളില്‍ പ്രഥമഗണനീയമായിട്ടുള്ളത്. ബാലാമണിയമ്മ (19092004) തന്റെ ചില കവിതകള്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്ത് തേര്‍ട്ടി പോയംസ് (1970) എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളകവിതയിലെ ആധുനികതയുടെ മുഖ്യപ്രയോക്താവായ കെ. അയ്യപ്പപ്പണിക്കര്‍ (19302006) തന്റെ തെരഞ്ഞെടുത്ത കവിതകള്‍ തര്‍ജുമ ചെയ്ത് സെലക്ടഡ് പോയംസ് ഒഫ് അയ്യപ്പപ്പണിക്കര്‍ (1985) എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പണിക്കരുടെ പ്രചാരം സിദ്ധിച്ച കവിതകളെല്ലാം ഇതില്‍ കാണാം.
പ്രാദേശിക ഭാഷാകവിതകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്നതില്‍ ശ്രദ്ധേയമായ ഒരു കാല്‍വയ്പാണ് ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ ഇന്ത്യന്‍ പോയട്രി റ്റു ഡേ എന്ന കവിതാ സമാഹാരപരമ്പരയുടെ പ്രസിദ്ധീകരണം. മലയാളകവികള്‍ സ്വന്തം കവിതകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഇതിലെ നാലാമത്തെ പരമ്പരയില്‍ കാണാം. വൈലോപ്പിള്ളി (ബാക്ക് ടു ഇസ്രായേല്‍, ദ് ടൈഗ്രീസ്, ഫ്ളവേഴ്സ് ഒഫ് എ ബിലേറ്റഡ് സമ്മര്‍, ദ് കമിലിയോണ്‍), എം. ഗോവിന്ദന്‍ (ലൂസിഫേഴ്സ് സോളിസിറ്റര്‍), ജി. കുമാരപിള്ള (ദ് വോയ്സസ് ഒഫ് ഏജ്), പുനലൂര്‍ ബാലന്‍ (ഹണ്ടിങ്, എ ഡര്‍ബാര്‍ ഡ്രാമ), വിഷ്ണു നാരായണന്‍ നമ്പൂതിരി (ഡസ്ക് ഫാള്‍, സ്വീറ്റ്സ്), സച്ചിദാനന്ദന്‍ (ദ് ബഗേഴ്സ് ഒഫ് കൊണാര്‍ക്) എന്നീ കേരളീയരുടെ കവിതകള്‍ക്ക് സമാഹാരത്തില്‍ സ്ഥാനം നല്‍കിയിരിക്കുന്നു.
മലയാളകവിതയുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന് തുടക്കം കുറിച്ചത് മഹാകവി ഉള്ളൂരാണെന്ന് പറയാം. 1903-ല്‍ ഇദ്ദേഹം മയൂരസന്ദേശം ദ പീക്കോക്ക് മെസഞ്ജര്‍ എന്ന പേരില്‍ തര്‍ജുമ ചെയ്തു. 'ഹീറോയിക് കപ്ലറ്റ്' എന്ന ഇംഗ്ലീഷ് ഛന്ദസ്സ് പൗരസ്ത്യ കൃതികളുടെ പരിഭാഷയ്ക്ക് എത്ര വിദഗ്ധമായി ഉപയോഗിക്കാമെന്ന് തെളിയിച്ച ആദ്യത്തെ ഭാരതീയന്‍ ഉള്ളൂരാണെന്നു നിസ്സംശയം പറയാം. ആംഗലമഹാകവിയായ മില്‍ട്ടന്റെ പാരഡൈസ് ലോസ്റ്റ് എന്ന കാവ്യത്തിന്റെ രചനാസൗഷ്ഠവം ഈ പരിഭാഷയില്‍ ദൃശ്യമാണ്.
മഞ്ചേരി ഈശ്വരന്‍ ഇംഗ്ലീഷില്‍ സ്വതന്ത്രകവിത രചിക്കുക മാത്രമല്ല, ചില എണ്ണപ്പെട്ട മലയാളകവിതകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകകൂടി ചെയ്തു. ഫോളന്‍ഫ്ളവര്‍ (വീണപൂവ്), മേരിമഗ്ദലിന്‍ (മഗ്ദലനമറിയം), അക്രൂരാ ഗോസ് ടു ആമ്പാടി (ആമ്പാടിയില്‍ ചെന്ന അക്രൂരന്‍) എന്നിവ ഇക്കൂട്ടത്തില്‍ ഗണനീയങ്ങളാണ്. കൈനിക്കരകുമാരപിള്ളയും വീണപൂവ് തര്‍ജുമ ചെയ്തിട്ടുണ്ട്. ആശാന്റെ പ്രരോദനത്തിന്റെ അവസാനശ്ലോകങ്ങള്‍ ഡെത്ത് ആന്‍ഡ് ദ് ബിയോന്‍ഡ് എന്ന പേരിലും വള്ളത്തോളിന്റെ അച്ഛനുംമകളും ഫാദര്‍ ആന്‍ഡ് ഡോട്ടര്‍ എന്ന പേരിലും ഇദ്ദേഹം വിവര്‍ത്തനം ചെയ്തു. കെ. രാഘവന്‍ പിള്ളയുടെ പരിഭാഷകളില്‍ പ്രധാനം ദി ഓര്‍ണമെന്റ്സ് ഒഫ് കര്‍ണ (കര്‍ണ ഭൂഷണം), ദ് സോങ് ഒഫ് ക്രിയേഷന്‍ (സര്‍ഗസംഗീതം) എന്നിവയാണ്. ജി. കുമാരപിള്ള ആശാന്റെ ചില കവിതാഭാഗങ്ങള്‍ - ദിവ്യകോകിലം (ഡിവൈന്‍നൈറ്റിങ് ഗെയില്‍); ചണ്ഡാല ഭിക്ഷുകി; ദുരവസ്ഥയിലെ 'മാറ്റുവിന്‍ ചട്ടങ്ങളേ' എന്ന് തുടങ്ങുന്ന ഭാഗം (റി പ്ളേസ് ദ ലോസ്)-വിവര്‍ത്തനം ചെയ്തു. കെ. അയ്യപ്പപ്പണിക്കരും ചില മലയാളകവിതകള്‍ തര്‍ജുമ ചെയ്തിട്ടുണ്ട്. കംപാഷന്‍ (കരുണ), റിഫ്ളക്ഷന്‍സ് ഒഫ് എ തിയ്യാബോയ് (ഒരു തീയക്കുട്ടിയുടെ വിചാരം), ടു ഡേ ഐ ടുമാറോ യൂ (ഇന്ന് ഞാന്‍ നാളെ നീ), ദ വേ ഫെയറേഴ്സ് സോങ് (പഥികന്റെ പാട്ട്-ജി.), 'റിങ് ഔട്ട് ദ ഡമണ്‍' 'റിങ് ഇന്‍ ദ ഗോഡ്സ്' (പൊട്ടി അക ത്ത് ശിവോതി പുറത്ത് -ഇടശ്ശേരി), 'ദ ലാങ്ഗ്വേജ് ബേഡ്' (കുറവന്റെ കിളി -പി. കുഞ്ഞിരാമന്‍ നായര്‍), മോഹനദാസ് ഗാന്ധി ആന്‍ഡ് നാഥൂറാം ഗോഡ് സേ (ഗാന്ധിയും ഗോഡ്സേയും) നക്സല്‍ബാരി-എന്‍.വി. എന്നിവ ഇക്കൂട്ടത്തില്‍ പ്രാമുഖ്യമര്‍ഹിക്കുന്നു.
പരിഭാഷകരുടെ പട്ടികയില്‍ ഉള്‍പ്പെട്ട മൂര്‍ക്കോത്തുകുഞ്ഞപ്പ (മേരി മഗ്ദലിന്‍-മഗ്ദലനമറിയം), ടി.കെ. ദൊരൈസ്വാമി (കുരുക്ഷേത്രം), ആര്‍. രവിന്ദ്രനാഥ മേനോന്‍ (ദ ആര്‍ട്ട് ഒഫ് പോയട്രി ഓര്‍ സെവന്ത് സെന്‍സ്-കാവ്യകല അഥവാ ഏഴാമിന്ദ്രീയം-കുമാരനാശന്‍), എസ്. വേലായുധന്‍ (ചൈല്‍ഡ് ആന്‍ഡ് മദര്‍- കുട്ടിയും തള്ളയും, ദ മൂണ്‍-ചന്ദ്രന്‍, മോര്‍ണിങ് സ്റ്റാര്‍-പ്രഭാതനക്ഷത്രം-കുമരനാശാന്‍), ജി.എസ്. പിള്ള (മനസ്വിനി-ചങ്ങമ്പുഴ, ദ കോസ്മിക് വിഷന്‍-വിശ്വദര്‍ശനം-ജി.), എം.പി. ഭാസ്കരന്‍ (ആശാന്‍സ് സീത-ചിന്താവിഷ്ടയായ സീത), പി.സി. ഗംഗാധരന്‍ (ദ ഔട്ട് കാസ്റ്റ്നണ്‍-ചണ്ഡാലഭിക്ഷുകി), എന്‍.കെ. ശേഷന്‍ (ഹിമ് ഒഫ് ലൗ- പ്രേമസംഗീതം) എന്നിവയെല്ലാം മലയാളകവിതകളുടെ ഭാവസൗന്ദര്യവും സര്‍ഗചൈതന്യം ഇംഗ്ലീഷില്‍ പ്രകാശിപ്പിച്ചവരാണ്.
ഈ തര്‍ജുമകളെല്ലാം പല സമാഹാരങ്ങളിലായി ചിതറിക്കിടക്കുന്നു. 1968-ല്‍ കെ. എം. ജോര്‍ജ് പ്രസിദ്ധീകരിച്ച എ സര്‍വേ ഒഫ് മലയാളം ലിറ്ററേച്ചര്‍ എന്ന ഗ്രന്ഥത്തിന്റെ ഒടുവില്‍ ചില മലയാളകവിതകളുടെ പരിഭാഷ ചേര്‍ത്തിട്ടുണ്ട്. കുമാരനാശാന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് 1974-ല്‍ പ്രസിദ്ധീകരിച്ച 'പോയട്രി ആന്‍ഡ് റെനെയ്സന്‍സ്: കുമാരനാശാന്‍സ് ബെര്‍ത്ത് സെന്റിനറി വോള്യം എന്ന ഗ്രന്ഥത്തിലും ആശാന്റെ ചില കവിതകളുടെ പരിഭാഷ കാണാം. സെലക്റ്റഡ് പോയംസ് ഒഫ് കുമാരനാശാന്‍ (1975) എന്ന കവിതാസമാഹാരം കേരളത്തിലെ ആംഗലപരിഭാഷാസാഹിത്യത്തിന് ഈടുറ്റ ഒരു സംഭാവനയാണ്. ആശാന്റെ പ്രമുഖ കവിതകള്‍ക്ക് ഒന്നിലധികം ഇംഗ്ലീഷ് പരിഭാഷയുണ്ടായി എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത. 1978-ല്‍ ഉള്ളൂരിന്റേയും (സെലക്റ്റഡ് പോയംസ് ഒഫ് മഹാകവി ഉള്ളൂര്‍) വള്ളത്തോളിന്റേയും (വള്ളത്തോള്‍: സെലക്റ്റഡ് പോയംസ്) തെരഞ്ഞെടുത്ത കവിതകളുടെ പരിഭാഷ പ്രസിദ്ധീകൃതമായി. 'ഇന്‍ഡ്യന്‍ പോയട്രി റ്റുഡേ'യുടെ നാലാമത്തെ പരമ്പരയില്‍ ജി. ശങ്കരക്കുറുപ്പ് മുതലുള്ള മുപ്പതു മലയാളകവികള്‍ രചിച്ച അറുപതോളം കവിതകളുടെ ഇംഗ്ലീഷ് വിവര്‍ത്തനം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കേരള സാഹിത്യഅക്കാദമിയുടെ 'മലയാളം ലിറ്റററി സര്‍വേ', കേന്ദ്രസാഹിത്യ അക്കാദമിയുടെ 'ഇന്ത്യന്‍ ലിറ്ററേച്ചര്‍', കൊല്ല ത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന 'ജേര്‍ണല്‍ ഒഫ് ലിറ്ററേച്ചര്‍ ആന്‍ഡ് ഈസ്തറ്റിക്സ്, തിരുവനന്തപുരത്ത് നിന്നു പ്രസിദ്ധീകരിക്കുന്ന 'ലിറ്റ്ക്രിറ്റ്' എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഇത്തരം വിവര്‍ത്തനങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്.
എം. പി. അപ്പന്റെ കവിതകള്‍ക്ക് എം. പ്രഭ നല്‍കിയ പരിഭാഷ (ദ് ഗോര്‍ഡന്‍ ഗോബ്ളറ്റ്, 1976)യും ജി. ശങ്കരകുറുപ്പിന്റെ കവിതകള്‍ക്ക് റ്റി.സി. ശങ്കരമേനോന്‍ നല്‍കിയ പരിഭാഷ (സെലക്റ്റഡ് പോയംസ്,1977)യും കൂടി ഇവിടെ പ്രസ്താവ്യമാകുന്നു. ജിയുടെ കവിതകളില്‍ നിന്ന് ശങ്കരമേനോന്‍ തര്‍ജുമയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നവയില്‍ ഭൂരിഭാഗവും പ്രതീകാത്മക കവിതകളും ആഖ്യാനകവിതകളുമാണ്. ഈ പരിഭാഷകളും ഇതര മൗലികകൃതികളെപ്പോലെത്തന്നെ ഭാരതീയ ആംഗല കവനകലയെ പുഷ്കലമാക്കാന്‍ സഹായികമായിട്ടുണ്ട്.
ഗദ്യസാഹിത്യം. രാഷ്ട്രീയവും സാമൂഹികവും ചരിത്രപരവുമായ പ്രശ്നങ്ങളെ സ്പര്‍ശിക്കുന്ന ഇംഗ്ലീഷ് ലേഖനങ്ങള്‍ രാമവര്‍മ്മ വിശാഖംതിരുനാള്‍, ജി. പി. പിള്ള, സി. വി. രാമന്‍പിള്ള, പി. കെ. നാരായണപിള്ള തുടങ്ങിയ പലരും 19-ാം ശതകത്തിന്റെ അവസാനഘട്ടത്തില്‍ എഴുതിയിരുന്നു. സര്‍ഗാത്മക സാഹിത്യകാരന്മാരെ ഈ രംഗത്ത് കണ്ടെത്താന്‍ എ. എസ്. പഞ്ചാപകേശയ്യര്‍, മഞ്ചേരി എസ്. ഈശ്വരന്‍ മുതലായവരുടെ കാലഘട്ടം വരെ കേരളത്തിന് കാത്തുനില്‍ക്കേണ്ടി വന്നു. എസ്. മേനോന്‍മാറാത്ത്, ജി.കെ. ചേറ്റൂര്‍ തുടങ്ങിയവരാണ് ആദ്യകാല ഗദ്യസാഹിത്യരംഗത്തെ മറ്റു ചിലപ്രതിഭകള്‍.
നോവല്‍, ചെറുകഥ, നാടകം, സഞ്ചാരസാഹിത്യം, ജീവചരിത്രം, ആത്മകഥ, നിരൂപണം എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ ശാഖകളില്‍ കൈവച്ചിട്ടുള്ള ആളാണ് എ. എസ്. പഞ്ചാപകേശയ്യര്‍ (1899-1963). ഇദ്ദേഹത്തിന്റെ നാടകത്തിലെ പ്രമേയങ്ങള്‍ പുരോഗമനാത്മകമാണ്. ഇന്‍ ദ ക്ളച്ച് ഒഫ് ദ ഡെവിള്‍ (1929), സീതാസ് ചോയിസ് (1935), ദ സ്ളേവ് ഒഫ് ഐഡിയാസ് (1941), എ മദേഴ്സ് സാക്രിഫൈസ്, ദ ട്രയല്‍ ഒഫ് സയന്‍സ് ഫോര്‍ ദ മര്‍ഡര്‍ ഒഫ് ഹ്യുമാനിറ്റി (1942) എന്നിവയാണ് ഇദ്ദേഹത്തിന്റെ മികച്ച ഇംഗ്ലീഷ് നാടകങ്ങള്‍. ഇദ്ദേഹം പുരാതന-ഇന്ത്യാചരിത്രം പശ്ചാത്തലമാക്കിക്കൊണ്ട് എഴുതിയ നോവലുകളില്‍ ബാലാദിത്യ (1930) യും ത്രി മെന്‍ ഒഫ് ഡസ്റ്റിനി (1939) യും പ്രത്യേകം പ്രസ്താവ്യമാണ്. രണ്ടാമത് പരാമര്‍ശിക്കപ്പെട്ട നോവല്‍ പില്‍ക്കാലത്ത് ചില മാറ്റങ്ങളോടുകൂടി രണ്ടു ഭാഗങ്ങളായി ദ ലീജിയന്‍സ് തണ്ടര്‍ പാസ്റ്റ് (1947), ചാണക്യ ആന്‍ഡ് ചന്ദ്രഗുപ്ത (1951) എന്നീ പേരുകളില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ധാരാളം ചെറുകഥകളും ആന്‍ ഇന്ത്യന്‍ ഇന്‍ വെസ്റ്റേണ്‍ യൂറോപ്പ് എന്ന യാത്രാവിവരണഗ്രന്ഥവും ചില ആധ്യാത്മിക കൃതികളും ആത്മകഥയും പഞ്ചാപകേശയ്യര്‍ ഇംഗ്ലീഷില്‍ രചിച്ചിട്ടുണ്ട്.
മലയായില്‍ ഇന്ത്യയുടെ പ്രതിനിധിയായും മദ്രാസ് ഗവണ്‍മെന്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുള്ള ശങ്കരകൃഷ്ണ ചേറ്റൂര്‍ (1905-) നോവലിസ്റ്റ്, ചെറികഥാകൃത്ത് എന്നീ നിലകളിലെല്ലാം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മഫിള്‍ഡ് ഡ്രംസ് ആന്‍ഡ് അദര്‍ സ്റ്റോറീസ് (1917), ദ ക്രോബ്രാസ് ഒഫ് ധെരംഷേവി ആന്‍ഡ് അദര്‍ സ്റ്റോറീസ് (1937), ദ സ്പെല്‍ ഒഫ് ആഫ്രോഡൈറ്റ് ആന്‍ഡ് അദര്‍ സ്റ്റോറീസ് (1957) മാഗോ സീഡ്സ് ആന്‍ഡ് അദര്‍ സ്റ്റോറീസ് (1974) എന്നിവയാണ് ചേറ്റൂരിന്റെ പ്രധാനകൃതികള്‍.
എസ്.കെ ചേറ്റൂരിന്റെ സഹോദരനായ ഗോവിന്ദകൃഷ്ണ ചേറ്റൂര്‍ (1898-1936) കവി എന്ന നിലയില്‍ കൂടുതല്‍ പ്രസിദ്ധി നേടി. ഇദ്ദേഹം ദ ഗോസ്റ്റ് സിറ്റി അന്‍ഡ് അദര്‍ സ്റ്റോറീസ് (1932) എന്നൊരു കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തൃശൂര്‍ തിരുവാമ്പാടി സ്വദേശിയായ മേനോന്‍ മാറാത്തിന്റെ യഥാര്‍ഥനാമം ശങ്കരന്‍കുട്ടി എന്നാണ്. ദ വൂണ്ട് ഒഫ് സ്പ്രിങ് (1968), ദ സെയില്‍ ഒഫ് ആന്‍ ഐലന്‍ഡ് (1968), ജാനു എന്നിവ ഇദ്ദേഹമെഴുതിയ നോവലുകളാണ്. പൊറ്റയില്‍ രവീന്ദ്രന്‍ എഴുതിയ ദ മര്‍ജര്‍ (1982) ഒത്ടോപസ് എന്നീ നോവലുകളും ഇവിടെ പരാമര്‍ശമര്‍ഹിക്കുന്നു.
ചെറുകഥ എന്ന സാഹിത്യമാധ്യമത്തെ വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്ത സാഹിത്യകാരനായ മഞ്ചേരി ഈശ്വരന്‍ (1910-66) ദ നേക്കഡ് ഷിങ്കിള്‍സ് (1947), ശിവരാത്രി (1943), ആംഗ്രിഡസ്റ്റ് (1944), റിക്ഷാവാലാ (1946), ഫാന്‍സിറ്റേല്‍സ് (1947), നോ ആംക്ലറ്റ് ബെല്‍സ് ഫോര്‍ ഹെര്‍ (1949), ഇമേര്‍ഷന്‍ (1951), പ്രിന്റഡ് റ്റൈഗേഴ്സ് (1956), എ മദ്രാസ് അഡ്മിറല്‍ (1959) എന്നിവയുടെ കര്‍ത്താവാണ്. ഇദ്ദേഹം തമിഴിലും മലയാളത്തിലും നിന്ന് നിരവധി ചെറുകഥകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. നിരൂപണം, നാടകം എന്നീ രംഗങ്ങളിലും ഇദ്ദേഹം കൈവച്ചിട്ടുണ്ട്. യമ ആന്‍ഡ് യമി, സോങ് ഒഫ് ദ ജിപ്സിമെയ്ഡന്‍, നചികേതസ് എന്നിവയാണ് മഞ്ചേരിയുടെ നാടകങ്ങള്‍.
പുന്നയൂര്‍ക്കുളം സ്വദേശിയായ കെ. എന്‍. മേനോന്റെയും അയര്‍ലണ്ടുകാരിയായ ആലീസ് വയലറ്റ് എവററ്റിന്റെയും പുത്രനായി ജനിച്ച ഓബ്രിമേനോന്‍ ആണ് മറ്റൊരു ഇംഗ്ലീഷ് എഴുത്തുകാരന്‍. ജീവിതത്തിന്റെ സിംഹഭാഗവും വിദേശത്തു കഴിച്ചുകൂട്ടിയ ഓബ്രിമേനോന്‍ അല്പകാലം കേരളത്തില്‍ ചെലവിടുന്നതിനുവേണ്ടി ഇവിടെ വന്നിട്ടുണ്ട്. ദ പ്രിവലന്‍സ് ഒഫ് വിച്ചസ് (1940) ആണ് ഇദ്ദേഹത്തിന്റെ ആദ്യത്തെ നോവല്‍. എങ്കിലും അതിനുമുമ്പു തന്നെ ധാരാളം നാടകങ്ങളും ഉപന്യാസങ്ങളും എഴുതിയിട്ടുണ്ട്. ഇദ്ദേഹം ഒരു പ്രക്ഷേപകന്‍ (broadcaster) എന്ന നിലയിലും പ്രസിദ്ധിയാര്‍ജിച്ചിട്ടുണ്ട്. ദ ഡ്യൂക്ക് ഒഫ് ഗല്ലോഡോറോ, എ കോണ്‍സ്പിറസി ഒഫ് വിമന്‍, ദ സ്റ്റംബ്ളിങ് സ്റ്റോണ്‍, ഷെഡ്മാന്‍ ഇന്‍ ദ സില്‍വര്‍ മാര്‍ക്കറ്റ്, ദ ന്യൂ മിസ്റ്റിക്സ് എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. ഹിന്ദുമതത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു കൃതിയാണ് ദ ന്യൂമിസ്റ്റിക്സ്. വളരെയേറെ വിവാദങ്ങള്‍ ഉയര്‍ത്തിയ രാമറീറ്റോള്‍ഡ് എന്ന നോവല്‍ ഇന്ത്യയില്‍ നിരോധിക്കപ്പെടുകയുണ്ടായി. ദ ന്യൂയോര്‍ക്കര്‍, ഹോളിഡേ തുടങ്ങിയ അമേരിക്കന്‍ പ്രസിദ്ധീകരണങ്ങള്‍ക്കു വേണ്ടി എഴുതാറുള്ള മേനോന്‍ ദ സ്പെയ്സ് വിതിന്‍ ദ ഗാര്‍ട്ട് എന്ന പേരില്‍ തന്റെ ആത്മകഥയും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
|
പ്രസിദ്ധ കവയിത്രിയായ കമലാദാസ് (1934-) കഥാകര്‍ത്രി എന്ന നിലയിലും വ്യക്തിത്വമാര്‍ജിച്ചിട്ടുണ്ട്. എ ഡോള്‍ ഫോര്‍ ദ ചൈല്‍ഡ് പ്രോസ്റ്റിറ്റ്യൂട്ട് (1977), എ മിനി ട്രിലജി, ആല്‍ഫാബെറ്റ് ഒഫ് ലസ്റ്റ് തുടങ്ങിയവ ഇവരുടെ ഇംഗ്ലീഷ് കഥാകൃതികളില്‍ ചിലതു മാത്രമാണ്. വിവാഹജീവിതത്തില്‍ നിന്നും മറ്റ് സ്നേഹബന്ധങ്ങളില്‍ നിന്നും ഉണ്ടായ നിരാശ സൃഷ്ടിച്ച വൈകാരികാഘാതങ്ങളുടെ പ്രതിഫലനമാണ് തന്റെ കഥകളില്‍ ദൃശ്യമാകുന്നതെന്ന് ആത്മകഥയില്‍ (മൈ സ്റ്റോറി-1976) അവര്‍ സൂചിപ്പിച്ചിട്ടുണ്ട്. |
പി. തോമസ്സാണ് മറ്റൊരു ഇന്തോ-ആംഗ്ലിയന്‍ എഴുത്തുകാരന്‍. ഇദ്ദേഹം ഭാരതീയ സംസ്കാരം, മതം, ദര്‍ശനം എന്നിവയെപ്പറ്റി പതിനെട്ടോളം പുസ്തകങ്ങള്‍ എഴുതിയിട്ടുള്ളതു കൂടാതെ ഡത്ത് ഒഫ് എ ഹരിജന്‍ എന്നൊരു നോലും രചിച്ചിട്ടുണ്ട്. ചിക്കാഗോയിലെ വേള്‍ഡ്ബുക്ക് എന്‍സൈക്ലോപീഡിയ ഉള്‍പ്പെടെയുള്ള റഫറന്‍സ് ഗ്രന്ഥങ്ങളിലും ഇല്ലസ്ട്രേറ്റഡ് വീക്കിലി ഒഫ് ഇന്ത്യ തുടങ്ങിയ ആനുകാലികങ്ങളിലും ധാരാളം എഴുതിയിട്ടുള്ള തോമസ് ജീവചരിത്രകാരനെന്ന നിലയില്‍ അന്തര്‍ദേശീയ പ്രസിദ്ധി നേടിയിട്ടുണ്ട്.
ഇന്നത്തെ പ്രസിദ്ധരുടെ നിരയിലേക്ക് ഉയര്‍ന്നിട്ടില്ലെങ്കിലും മൈക്കിള്‍ ചാക്കോ ദാനിയല്‍ (1943-) ഇന്തോ-ആംഗ്ലിയന്‍ ആഖ്യായികയുടെ വളര്‍ച്ചയ്ക്ക് ഗണ്യമായ ചില സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വിദേശത്ത് ഉപരിപഠനം നടത്തിയശേഷം 1972-ല്‍ ഇന്ത്യയില്‍ മടങ്ങിഎത്തുന്നതുവരെ സാന്‍ഫ്രാന്‍സിസ്കോയില്‍ അസിസ്റ്റന്റ് എഡിറ്ററായിരുന്ന ഇദ്ദേഹം 1971-ല്‍ എനിതിങ് ഔട്ട് ഒഫ് പ്ലേസ് ഈസ് ഡെര്‍ട്ട് എന്ന പ്രഥമ നോവല്‍ പ്രസിദ്ധീകരിച്ചു. ഈ നോവലിലെ തന്നെ ചില കഥാപാത്രങ്ങള്‍ മുഖ്യമായും പ്രത്യക്ഷപ്പെടുന്ന ദ ഡാം റൊമാന്റിക് ഫൂള്‍ (1972) ആണ് മറ്റൊരു കൃതി. പ്രതിരൂപാത്മക ശൈലിയിലാണ് പലപ്പോഴും ദാനിയല്‍ എഴുതാറുള്ളത്.
1998-ല്‍ മാന്‍ബുക്കര്‍ പുരസ്കാരം നേടിയ അരുന്ധതി റോയ് മലയാളിയുടെ യശസ്സ് സാര്‍വദേശീയതലത്തില്‍ ഉയര്‍ത്തിയ ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരിയാണ്. കോട്ടയം ജില്ലയിലെ അയ്മനമാണ് ഇവരുടെ സ്വദേശം. അയ്മനത്ത് ചിലവിട്ട കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മകളാണ് ബുക്കര്‍ പ്രൈസിനാധാരമായ ദ് ഗോഡ് ഒഫ് സ്മോള്‍ തിങ്സിന്റെ കഥാപശ്ചാത്തലം. എന്‍ഡ് ഒഫ് ഇമാജിനേഷന്‍ (1998), പവര്‍ പൊളിറ്റിക്സ് (2002), വാര്‍ടോക്ക് (2003), ലിസനിങ് ടു ഗ്രാസ് ഹോപ്പേഴ്സ് (2009) എന്നീ കൃതികള്‍ക്കുപുറമേ ദി ആള്‍ജിബ്രാ ഒഫ് ഇന്‍ഫിനിറ്റ് ജസ്റ്റിസ് എന്ന ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2002-ലെ ലന്നാന്‍ ഫൗണ്ടേഷന്‍ കള്‍ച്ചറല്‍ ഫ്രീഡം പുരസ്കാരം, സിഡ്നി പീസ് പ്രൈസ്-2004, സാഹിത്യ അക്കാദമി പുരസ്കാരം-2006, നോര്‍മന്‍ മെയ്ലര്‍ പുരസ്കാരം-2011 എന്നിവ അരുന്ധതി രോയ്ക്കു ലഭിച്ച ശ്രദ്ധേയമായ ബഹുമതികളാണ്. രണ്ട് ചലച്ചിത്രങ്ങള്‍ക്കു തിരക്കഥ രചിച്ചിട്ടുള്ള ഇവര്‍ക്ക് 1989-ല്‍ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. നോ. അരുന്ധതി റോയ്
ഐക്യരാഷ്ട്രസഭയില്‍ ഉദ്യോഗസ്ഥനായിരിക്കെ തന്നെ സാഹിത്യത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ് മലയാളിയായ ശശി തരൂര്‍. നോവലുകളായ ദ് ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍, ഷോ ബിസിനസ്, റയട്ട്, രാഷ്ട്രീയ നിരീക്ഷണങ്ങളായ ഇന്ത്യ: ഫ്രം മിഡ്നൈറ്റ് റ്റു ദ് മില്ലെനിയം, അണ്‍ഹേഡ് വോയ്സ്, ചരിത്രാഖ്യായികളായ നെഹുറു: ദ് ഡിസ്കവറി ഒഫ് ഇന്ത്യ, ന്യൂ മില്ലെനിയം, ന്യൂ ഇന്ത്യ, പാക്സ് ഇന്‍ഡിക്ക: ഇന്ത്യന്‍ ആന്‍ഡ് ദ് വേള്‍ഡ് ഇന്‍ ദ് ട്വന്റി ഫസ്റ്റ് സെഞ്ച്വറി തുടങ്ങിയ രചനകളിലൂടെ തരൂര്‍ ആംഗലേയ ഗദ്യസാഹിത്യലോകത്ത് തന്റേതായ ശൈലിക്ക് രൂപം നല്‍കി.
ആക്സിഡന്റ്സ് ലൈക് ലവ് ആന്‍ഡ് മാരീജ്, ആഫ്റ്റര്‍ വാര്‍ഡ്സ്, ദ് ലിറ്റില്‍ ബുക് ഒഫ് റൊമാന്‍സ്, സീക്രട്സ് ആന്‍ഡ് ലൈസ്, സീക്രട്സ് ആന്‍ഡ് സിന്‍സ്, എ സ്കാന്‍ഡലസ് സീക്രട്, റാണി ലക്ഷ്മി ബായി ഒഫ് ഝാന്‍സി തുടങ്ങിയ കൃതികള്‍ പ്രസിദ്ധീകരിച്ച ജയശ്രീ മിശ്ര; സ്റ്റയര്‍ ഓണ്‍ ദ് സബ് വേ, ദ് ബെറ്റര്‍ മാന്‍, ലേഡീസ് കൂപ്പൈ, മലബാല്‍ മൈന്‍ഡ്(കവിതാ സമാഹാരം), ദ് പഫിന്‍ ബുക് ഒഫ് മിത്ത്സ് ആന്‍ഡ് ലെജന്‍ഡ്സ്, മിസ്ട്രസ് മാജിക്കല്‍ ഇന്ത്യന്‍ മിത്ത്സ്, ലിവിങ് നെക്സ്റ്റ് ഡോര്‍ ടു ആലീസ്, കട്ട് ലൈറ്റ് വൂണ്ട് എന്നീ കൃതികള്‍ രചിച്ച അനിതാ നായര്‍; ദീസ് എറേഴ്സ് അര്‍ കറക്ട്, ഇംഗ്ലീഷ്, അപോകാലിപ്സോ, ജെമിനി എന്നീ കവിതാസമാഹാരങ്ങളും നാര്‍കോപോളിസ് എന്ന നോവലും രചിച്ച ജീത് തയ്യില്‍; ശ്രീലങ്കയില്‍ നടന്ന വംശഹത്യയുടെ പശ്ചാത്തലത്തില്‍ രചിച്ച ഐലന്റ് ഒഫ് ബ്ലഡ് എന്ന കൃതിയുടെ രചയിതാവും പത്രപ്രവര്‍ത്തകയുമായ അനിതാ പ്രതാപ്; ഹാര്‍വെസ്റ്റ്, ക്ലെപ്റ്റോമാനിയ ഡബിള്‍ ടോക് തുടങ്ങിയ രചനകളിലൂടെ ശ്രദ്ധേയമായ മഞ്ജുള പത്മനാഭന്‍; എ ബ്രിഡ്ജ് ഓവര്‍ കര്‍മ എന്ന നോവലിലൂടെയുംപിക്കോളോ, മൈല്‍സ്റ്റോണ്‍സ് ടു ദ് സണ്‍, സണ്‍ബേഡ്സ് ഇന്‍ ദ് റെയ്ന്‍ തുടങ്ങിയ കവിതാസമാഹാരങ്ങളിലൂടെയും ശ്രദ്ധേയനായ ഗോപീകൃഷ്ണന്‍ കോട്ടൂര്‍; മൈ വോണ്‍ കണ്‍ട്രി: എ ഡോക്ടേഴ്സ് സ്റ്റോറി, ദ് ടെന്നീസ് പാര്‍ട്ണര്‍: എ സ്റ്റോറി ഒഫ് ഫ്രണ്ട്ഷിപ്പ് ആന്‍ഡ് ലോസ്, കട്ടിങ് ഫോര്‍ സ്റ്റോണ്‍ എന്നീ കൃതികളിലൂടെ മികവു തെളിയിച്ച ഭിഷഗര്വനും സാഹിത്യകാരനുമായ എബ്രഹാം വര്‍ഗീസ്; സീയിങ് ദ് ഗേള്‍ എന്ന നോവലിലൂടെ ശ്രദ്ധേയയായ അനുരാധാ വിജയകൃഷ്ണന്‍ തുടങ്ങിയവരാണ് സമീപകാലത്ത് ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ മികച്ച സൃഷ്ടികളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ മലയാളികള്‍.
വൈജ്ഞാനികരംഗം. മറ്റേതൊരു ഭാഷയിലും എന്നപോലെ കേരളത്തിലെ ആംഗലേയസാഹിത്യമേഖലയിലും വ്യാപ്തികൊണ്ട് മുന്നിട്ടു നില്‍ക്കുന്നത് വൈജ്ഞാനിക സാഹിത്യമാണ്. ചരിത്രം, വൈദ്യശാസ്ത്രം, മനശ്ശാസ്ത്രം, എന്നിങ്ങനെ വിവിധവിഷയങ്ങളെ അധികരിച്ചുള്ള ഇംഗ്ലീഷ്കൃതികള്‍ കേരളത്തില്‍ ധാരാളം ഉണ്ടായിട്ടുണ്ട്. കേരളത്തിന്റെ ചരിത്രം, സംസ്കാരം, കല, സാമൂഹിക വിപ്ലവം എന്നിവയെപ്പറ്റിയുള്ള ചില കൃതികള്‍ ഹിസ്റ്ററി ഒഫ് മലബാര്‍ (കെ. പി. പദ്മനാഭമേനോന്‍), കേരള ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ (എ. ഗോപാലമേനോന്‍), റിലിജിയന്‍, ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ (ഡോ. എസ്. വെങ്കിട സുബ്രഹ്മണ്യയ്യര്‍), ഇന്‍ഡ്യ ലാന്‍ഡ് ആന്‍ഡ് പീപ്പിള്‍ പരമ്പരയില്‍ വരുന്ന കേരള (കൃഷ്ണചൈതന്യ), എ ഡിക്ഷ്ണറി ഒഫ് കഥകളി (കെ. പി. എസ്. മേനോന്‍), ധര്‍മ്മശാസ്താ ആന്‍ഡ് അയ്യപ്പാ കള്‍ട്ട് (കെ. പി. സി. പിള്ള), സ്വാതിതിരുനാള്‍ ആന്‍ഡ് ഹിസ് മ്യൂസിക് (ഡോ. എസ്. വെങ്കിടസുബ്രഹ്മണ്യയ്യര്‍), മോഹിനിയാട്ടം (ജി. വേണു; നിര്‍മ്മലാപണിക്കര്‍), ദ റൈസ് ഒഫ് ട്രാവന്‍കൂര്‍, എ സ്റ്റഡി ഒഫ് ദ റ്റൈംസ് ഒഫ് മാര്‍ത്താണ്ഡവര്‍മ്മ (ഡോ. എ. പി. ഇബ്രാഹിംകുഞ്ഞ്) എന്നിവയാണ്. കൂടാതെ കേരളത്തെ സംബന്ധിക്കുന്ന നിരവധി ചരിത്ര-നരവംശശാസ്ത്ര ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ സാമൂഹിക വിപ്ലവകാരികളെപ്പറ്റിയും നിരവധി ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷില്‍ ഉണ്ടായിട്ടുണ്ട്. നാരായണഗുരുസ്വാമി, മന്നത്തുപദ്മനാഭന്‍, കുമാരനാശാന്‍ തുടങ്ങിയവരെപ്പറ്റിയുള്ള പഠനങ്ങള്‍ അവയില്‍ ചിലതു മാത്രമാണ്. ഇന്റഗ്രേറ്റഡ് സയന്‍സ് ഒഫ് ദി അബ്സല്യൂട്ട് (നടരാജ ഗുരു), വണ്‍കാസ്റ്റ്, വണ്‍റിലിജിയന്‍, വണ്‍ഗോഡ്: എ സ്റ്റഡി ഒഫ് ശ്രീ നാരായണഗുരു (വി. തോമസ് സാമുവല്‍), ശ്രീനാരായണഗുരു ആന്‍ഡ് സോഷ്യല്‍ റവലൂഷ്യന്‍ (സി. ആര്‍. മിത്ര), നാരായണഗുരു എ ബയോഗ്രാഫി (എം. കെ. സാനു), ഫിലോസഫി ഒഫ് ശ്രീനാരായണഗുരു (ഡോ. എസ്. ഓമന) എന്നിവ കൂടാതെ നിത്യചൈതന്യയതിയും നാരായണഗുരുവിനെപ്പറ്റി ഇംഗ്ലീഷില്‍ ധാരാളം എഴുതിയിട്ടുണ്ട്. മന്നത്തുപദ്മനാഭന്‍ ആന്‍ഡ് ദ റിവൈവല്‍ ഒഫ് നായേഴ്സ് ഇന്‍ കേരള എന്ന കൃതി വി. ബാലകൃഷ്ണന്‍-ആര്‍.ലീലാദേവി ദമ്പതികളുടേതാണ്.
റ്റി. കെ. രവീന്ദ്രന്റെ ആശാന്‍ ആന്‍ഡ് സോഷ്യല്‍ റവലൂഷന്‍ ഇന്‍ കേരളാ, എ സ്റ്റഡി ഒഫ് ഹിസ് സ്പീച്ചസ്, കെ. രാജേന്ദ്രന്റെ ഈഴവകമ്യൂണിറ്റി ആന്‍ഡ് കേരള പൊളിറ്റിക്സ്, കെ. വി. ഈപ്പന്റെ ചര്‍ച്ച് മിഷണറി സൊസൈറ്റി ആന്‍ഡ് എഡ്യൂക്കേഷന്‍ ഇന്‍ കേരള, ചുമ്മാര്‍ ചൂണ്ടലിന്റെ ക്രിസ്ത്യന്‍ ഫോക്ക് സോങ്സ്, ക്രിസ്ത്യന്‍ തീയേറ്റര്‍ ഇന്‍ ഇന്‍ഡ്യ എന്നീ പുസ്തകങ്ങളും ഇവിടെ പരാമര്‍ശമര്‍ഹിക്കുന്നു.
മലയാള കവിത്രയത്തെക്കുറിച്ചുള്ള ചില പഠനങ്ങളും ഇംഗ്ലീഷില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. കുമാരനാശാന്‍ ബെര്‍ത്ത് സെന്റിനറി വോളിയവും, മഹാകവി ഉള്ളൂര്‍ എ സെന്റിനറി വോളിയവും ഈ രണ്ടു മഹാകവികളേയും പറ്റിയുള്ള ആധികാരിക പഠനങ്ങളുടേയും അവരുടെ ചില കൃതികളുടെ വിവര്‍ത്തനങ്ങളുടേയും സമാഹാരങ്ങളാണ്. കേന്ദ്രസാഹിത്യ അക്കാദമിയുടെ 'മേക്കേഴ്സ് ഒഫ് ഇന്‍ഡ്യന്‍ ലിറ്ററേച്ചര്‍' പരമ്പരയ്ക്കുവേണ്ടി കെ. എം. ജോര്‍ജ് തയ്യാറാക്കിയ കുമാരനാശാന്‍ എന്ന ലഘുഗ്രന്ഥവും വള്ളത്തോള്‍ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരത്തു നടത്തിയ സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരമായ ഇന്‍ഡ്യന്‍ റിനയസ്സന്‍സ് എന്ന ഗ്രന്ഥവും എണ്ണപ്പെട്ട ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളാണ്. വര്‍ക്കല ശിവന്‍പിള്ള രചിച്ച റഷ്യ ഇന്‍ വള്ളത്തോള്‍സ് പോയംസ് എന്ന ഗവേഷണഗ്രന്ഥം ചെറുതാണെങ്കിലും പ്രയോജനകരമായ ഒരു പഠനമാണ്.
ഈ മേഖലയില്‍പ്പെട്ട ഉപന്യാസവിഭാഗവും കുറേയൊക്കെ സമ്പന്നമാണ്. ആദ്യകാല കേരളീയ ആംഗലേയ സാഹിത്യകാരന്മാരില്‍ പലരും എഴുതിയ ഉപന്യാസങ്ങള്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ മാത്രം വെളിച്ചം കണ്ടവയാണ്. അവയുടെ പ്രതികളൊന്നും ഇന്ന് കിട്ടാനില്ല. റ്റി. ലക്ഷ്മണന്‍പിള്ളയുടെ എസ്സേസ് (Essays) ഭേദപ്പെട്ട ഒരു ആദ്യകാല കൃതിയാണ്. വിധി, ഉത്തരവാദിത്വം, നന്മതിന്മകള്‍, സംഗീതം, മതം തുടങ്ങിയ വിവിധ വിഷയങ്ങളെ അധികരിച്ചെഴുതിയ ഉപന്യാസങ്ങളുടെ ഈ സമാഹാരം നല്ലൊരു ആംഗല ഗദ്യശൈലിയുടെ മാതൃകയും ആണ്.
ഇംഗ്ലീഷ് ഗദ്യലേഖനങ്ങള്‍ രചിച്ചവരില്‍ ശ്രദ്ധേയനായ മറ്റൊരു വ്യക്തി ബാരിസ്റ്റര്‍ ജി.പി. പിള്ള (1863-1903) ആണ്. പത്രപ്രവര്‍ത്തനം വിശേഷിച്ചും ആംഗലേയ പത്രപ്രവര്‍ത്തനം വേണ്ടതുപോലെ വളര്‍ന്നിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍ ഇന്ത്യയിലെ മിക്ക പത്രങ്ങള്‍ക്കും ഈടുറ്റ ലേഖനങ്ങള്‍ നല്‍കിയിരുന്ന എഴുത്തുകാരനായിരുന്നു ഇദ്ദേഹം. 1890 മുതല്‍ 'മദ്രാസ് മെയിലി' നുവേണ്ടി മുഖലേഖനങ്ങള്‍ എഴുതിവന്ന ഇദ്ദേഹം 1892-ല്‍ മദ്രാസ് സ്റ്റാന്‍ഡേര്‍ഡിന്റെ മുഖ്യ പത്രാധിപരായി നിയമിതനായതോടെ ഇംഗ്ലീഷില്‍ പൂര്‍വാധികം രചനകള്‍ നടത്തുകയും റെപ്രസെന്ററ്റീവ് ഇന്‍ഡ്യന്‍സ്, ഇന്‍ഡ്യന്‍ കോണ്‍ഗ്രസ് മെന്‍, ലണ്ടന്‍ ആന്‍ഡ് പാരിസ്, ട്രബിള്‍സ് ഒഫ് ആന്‍ ഇന്‍ഡ്യന്‍ ഇന്‍ യൂറോപ്പ് എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ജി.പി. ശേഖര്‍ എഡിറ്റു ചെയ്ത സെലക്റ്റ് റൈറ്റിങ്സ് ആന്‍ഡ് സ്പീച്ചസ് ഒഫ് ജീ.പി. പിള്ള എന്ന പുസ്തകത്തില്‍ ജി.പി. പിള്ളയുടെ കനപ്പെട്ട രചനകള്‍ പലതും സമാഹൃതമായിട്ടുണ്ട്.
മലയാളത്തിലെന്നപോലെ ഇന്തോ-ആംഗ്ലിയന്‍ സാഹിത്യത്തിലും മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ക്കുള്ള സ്ഥാനം സമുന്നതമാണ്. 20-ാം ശതകത്തിന്റെ ആദ്യദശയില്‍ത്തന്നെ ഇംഗ്ലീഷില്‍ എഴുതിത്തുടങ്ങിയ ഉള്ളൂരിന്റെ നിരവധി സംഭാവനകള്‍ ഗദ്യ-പദ്യ-നിരൂപണ-സാഹിത്യ മേഖലകളിലായി ചിതറിക്കിടക്കുന്നു. തത്ത്വശാസ്ത്രം, ചരിത്രം, സംസ്കാരം, സാമൂഹികജീവിതം എന്നീ മണ്ഡലങ്ങളിലെല്ലാം വിഹരിച്ച ആ പ്രതിഭാശാലിയുടെ രചനകളാണ്. ഇന്‍ഡ്യ ആന്‍ഡ് വേള്‍ഡ് പ്രോഗ്രസ്, എ ഡോട്ടര്‍ ഒഫ് ട്രാവന്‍കൂര്‍, എ ഫര്‍ഗോട്ടന്‍ ചാപ്റ്റര്‍ ഇന്‍ ഇംഗ്ലീഷ് പൊയട്രി എന്നിവ ലളിത സുന്ദരമായ ആംഗലശൈലിയില്‍ അനായാസം സാഹിത്യരചന നടത്തുവാന്‍ മഹാകവി ഉള്ളൂരിനുണ്ടായിരുന്ന വൈഭവം അന്യാദൃശമാണെന്ന് ഈ കൃതികള്‍ സാക്ഷ്യപ്പെടുത്തുന്നു.
മലയാളത്തിലെ സമുന്നത സാഹിത്യകാരനായ സര്‍ദാര്‍ കെ. എം. പണിക്കര്‍ (1894-1963) ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലും അസാമാന്യ പാടവം പ്രദര്‍ശിപ്പിച്ചിരുന്നു. 'സ്വരാജ്യ', 'ഹിന്ദുസ്ഥാന്‍ ടൈംസ്' എന്നീ പത്രങ്ങളുടെ എഡിറ്ററായി പ്രവര്‍ത്തിച്ച ഇദ്ദേഹം ഇംഗ്ലീഷില്‍ രാഷ്ട്രതന്ത്ര പ്രാധാന്യമേറിയ ഏതാനും ഗ്രന്ഥങ്ങളും ചരിത്രപുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മലബാര്‍ ആന്‍ഡ് പോര്‍ട്ടുഗീസ് (1928), മലബാര്‍ ആന്‍ഡ് ഡച്ച് എന്നിവ ഇക്കൂട്ടത്തില്‍ പ്രാമുഖ്യമര്‍ഹിക്കുന്ന ചരിത്ര-ഗവേഷണ ഗ്രന്ഥങ്ങളാണ്.
അന്താരാഷ്ട്രീയ തലത്തില്‍ ഇന്ത്യയുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുള്ള മലയാളികളില്‍ പ്രമുഖനാണ് കെ.പി.എസ്. മേനോന്‍ (1898-1983). പന്ത്രണ്ടിലധികം പുസ്തകങ്ങളും ധാരാളം പ്രഭാഷണങ്ങളും ലേഖനങ്ങളും ചില ചെറുകഥകളും കെ. പി.എസ്. മേനോന്റെ സംഭാവനകളായി നമുക്കു ലഭിച്ചിട്ടുണ്ട്. ഡല്‍ഹി-ചുങ്കിങ്, ദ റഷ്യന്‍ പനോരമ, ദ ഫ്ളൈയിങ് ട്രോയിക, ലെനിന്‍ ത്രൂ ഇന്‍ഡ്യന്‍ ഐസ്, ദ ലാമ്പ് ആന്‍ഡ് ദ ലാമ്പ് സ്റ്റാന്‍ഡ് എന്നീ ഗ്രന്ഥങ്ങള്‍ എല്ലാ നിലയിലും പ്രാധാന്യമര്‍ഹിക്കുന്നു. സ്വന്തം ശ്വശുരന്‍ സി. ശങ്കരന്‍ നായരുടെ ജീവചരിത്രവും മെനി വേള്‍ഡ്സ് എന്ന ആത്മകഥയും കെ.പി.എസ്. മേനോന്‍ രചിച്ചിട്ടുണ്ട്.
മലയാളികള്‍ രചിച്ച ആത്മകഥാപരമായ പല ഇംഗ്ലീഷ് കൃതികളും ശ്രദ്ധേയമായിത്തീര്‍ന്നിട്ടുണ്ട്. കേരള മുഖ്യമന്ത്രിയായ ഈ. കെ. നായനാരുടെ മൈ സ്ട്രഗിള്‍സ്, കെ.എം. പണിക്കരുടെ ആന്‍ ഓട്ടോബയോഗ്രഫി (വിവര്‍ത്തകന്‍, കെ. കൃഷ്ണമൂര്‍ത്തി), ആന്‍ ഇന്‍ഡ്യന്‍ ഫ്രീഡം ഫൈറ്റര്‍ ഇന്‍ ജപ്പാന്‍-മെമ്മോയിഴ്സ് ഒഫ് എ. എം. നായര്‍ (നായര്‍ സാന്‍) എന്നിവയും ഈ വിഭാഗത്തിലെ എണ്ണപ്പെട്ട രചനകള്‍ തന്നെയാണ്.
വിവിധ സാഹിത്യശാഖകളില്‍പ്പെട്ട പല ഉത്കൃഷ്ട മലയാള ഗ്രന്ഥങ്ങളുടേയും ഇംഗ്ളിഷ് പരിഭാഷയിലൂടെ ആംഗല കൈരളി പുഷ്കലയായിത്തീര്‍ന്നിട്ടുണ്ട്. നോവലുകള്‍, നാടകങ്ങള്‍, ചെറുകഥകള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന കൃതികളുടെ വിവര്‍ത്തനത്തിനാണ് മുന്‍തൂക്കം കാണുന്നത്.
നോവല്‍. സി.വി. രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് രണ്ടു പരിഭാഷകളുണ്ടായിട്ടുണ്ട്. സി.കെ. മേനോനും ലീലാദേവിയുമാണ് വിവര്‍ത്തകര്‍. എം.ടി. വാസുദേവന്‍ നായരുടെ അസുരവിത്ത് വി. അബ്ദുള്ള ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം.ടി.യുടെ മഞ്ഞ് (മിസ്റ്റ്), ഇരുട്ടിന്റെ ആത്മാവ് (ക്രീച്ചര്‍ ഒഫ് ഡാര്‍ക്ന്സ്), ചില ചെറുകഥകള്‍ എന്നിവയും ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇ.എം.ജെ. വെണ്ണിയൂരിന്റെ ഫ്രം ദ ഗട്ടര്‍ (ഓടയില്‍നിന്ന്- കേശവദേവ്), പി.കെ. രവീന്ദ്രനാഥന്റെ നെയ്ബേഴ്സ് (അയല്‍ക്കാര്‍-കേശവദേവ്), സി. പോള്‍ വര്‍ഗീസിന്റെ എ റ്റൈം റ്റു ഡേ (അരനാഴികനേരം-പാറപ്പുറത്ത്), എന്‍. കുഞ്ഞിന്റെ മാജിക് ക്യാറ്റ് (മാന്ത്രികപ്പൂച്ച-ബഷീര്‍), മേരി മത്തായി, സാമുവല്‍ മത്തായി എന്നിവരുടെ ഔസേപ്പ്സ് ചില്‍ഡ്രന്‍ (ഔസേപ്പിന്റെ മക്കള്‍-തകഴി), ബ്യൂട്ടിഫുള്‍ ആന്‍ഡ് ഹാന്‍സം (സുന്ദരന്മാരും സുന്ദരികളും-ഉറൂബ്) എന്നീ വിവര്‍ത്തനങ്ങള്‍ വ്യാപകമായ അംഗീകാരം നേടിയവയാണ്. പൊറ്റെക്കാട്ടിന്റെ വിഷകന്യക വി. അബ്ദുള്ളയും ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി വാസന്തീ മേനോനും തകഴിയുടെ രണ്ടിടങ്ങഴി എന്‍. മേനോനുമാണ് വിവര്‍ത്തനം ചെയ്തിട്ടുള്ളത്. വി. കെ.എന്‍.-ന്റെ ബൊവൈന്‍ ബ്യൂഗിള്‍സ് സ്വയംകൃത വിവര്‍ത്തനമാണ്.
നാടകം. തോപ്പില്‍ഭാസിയുടെ മൂലധനം ദ് ക്യാപ്പിറ്റല്‍ എന്ന പേരില്‍ ഇ.എം.ജെ. വെണ്ണിയൂരും ഭാസിയുടെ തന്നെ അശ്വമേധം പ്രേമാമേനോനും ഇംഗ്ലീഷിലാക്കിയിട്ടുണ്ട്. അശ്വമേധത്തിന്റെ മറ്റൊരു ഭാഷാന്തരം എസ്. വേലായുധനാണ് നിര്‍വഹിച്ചിട്ടുള്ളത്. ജി. ശങ്കരപ്പിള്ളയുടെഭരതവാക്യം, സി.ജെ. തോമസിന്റെ അവന്‍ വീണ്ടും വരുന്നു, കെ.ടി. മുഹമ്മദിന്റെ ഇതു ഭൂമിയാണ്, എന്‍. കൃഷ്ണപിള്ളയുടെ മുടക്കുമുതല്‍എന്നിവയും വിവര്‍ത്തനവിധേയമായിട്ടുണ്ട്.
മലയാളത്തിലെ പ്രസിദ്ധങ്ങളായ പല ചെറുകഥകള്‍ക്കും ഇംഗ്ലീഷ് രൂപാന്തരം ലഭിച്ചതായിക്കാണാം. കെ. അയ്യപ്പപ്പണിക്കര്‍ എഡിറ്റ് ചെയ്ത മലയാളം ഷോര്‍ട്ട് സ്റ്റോറീസ് ആന്തോളജിയില്‍ 1940-നുശേഷം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഇരുപത്തിയൊന്നു കഥകള്‍ ചെറുകഥാസാഹിത്യരംഗത്തെ നവീനമാതൃകകളാണ്. കാരൂര്‍ നീലകണ്ഠപ്പിള്ള മുതല്‍ പദ്മരാജന്‍ വരെയുള്ളവര്‍ രചിച്ച ചെറുകഥകളുടെ വിവര്‍ത്തനമാണ് വുഡന്‍ ഡോള്‍സ്എന്നു തുടങ്ങിയ പേരുകളില്‍ ആ പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ളത്. ഈ ചെറുകഥകള്‍ മലയാളത്തിലെ പല പ്രമുഖരുടേയും കലാസൃഷ്ടികള്‍ക്കു പ്രാതിനിധ്യം വഹിക്കുന്നു. എ സര്‍വേ ഒഫ്മലയാളം ലിറ്ററേച്ചര്‍ എന്ന പുസ്തകത്തിന്റെ അനുബന്ധത്തിലും ഏതാനും മലയാള ചെറുകഥകളുടെ ആംഗലവിവര്‍ത്തനങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഇവ കൂടാതെ ആംഗലേയ സാഹിത്യത്തിലെ മികച്ച ക്ലാസിക് കൃതികള്‍ എല്ലാംതന്നെ മലയാളത്തിലെ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കുന്നതിനുള്ള ഒരു ബൃഹത് പദ്ധതിക്കും പ്രസാധകര്‍ ആരംഭം കുറിച്ചിട്ടുണ്ട്.
മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ ഭാരതീയ-ആംഗലസാഹിത്യത്തിന് കേരളത്തിന്റെ സംഭാവന മികച്ചതാണെന്നു പറയാനാവില്ല. തിരുവിതാംകൂറിലും കൊച്ചിയിലും രാജഭരണകാലത്ത് സംസ്കൃതത്തിനുണ്ടായിരുന്ന പ്രാഭവവും കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും ഈ മാന്ദ്യത്തിന് കാരണമാകാം. ഇന്തോ-ആംഗ്ലിയന്‍ സാഹിത്യം അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്നങ്ങളില്‍നിന്നും കേരളീയരും വിമുക്തരല്ല. ഇംഗ്ലീഷ് മാതൃഭാഷയാക്കിയിട്ടുള്ളവരുടെ അഭാവം, വായനക്കാരുടെ കുറവ്, ഇംഗ്ലീഷ് ഭാഷ സര്‍ഗാത്മക രചനയ്ക്ക് ഉപയോഗിക്കുന്നതിനുള്ള വൈഷമ്യം, സാഹിത്യരചനകള്‍ പ്രസിദ്ധീകരിക്കുന്നതിനും അംഗീകാരം നേടുന്നതിനുമുള്ള പരിമിതികള്‍ തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ ഈ രംഗത്തു കാണാം. എന്നാല്‍ തദ്ദേശീയമെന്നോ വിദേശീയമെന്നോ ഉള്ള ഭേദചിന്ത കൂടാതെ നല്ലതെന്തും സ്വീകരിക്കാനും സ്വായത്തമാക്കാനുമുള്ള കേരളീയരുടെ സഹജവാസന പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. അന്തര്‍ദേശീയ ഭാഷ, അഖിലേന്ത്യാതലത്തിലുപയോഗിക്കാവുന്ന ബന്ധഭാഷ എന്നീ നിലകളില്‍ ഇംഗ്ലീഷിനോടുള്ള പ്രാധാന്യവും അന്തര്‍ദേശീയ തലത്തിലേക്കുയരുവാനുള്ള സാഹിത്യകാരന്മാരുടെ അഭിവാഞ്ച്ഛയും കേരളത്തിലെ ആംഗലസാഹിത്യത്തെ പരിപോഷിപ്പിക്കുന്ന ഘടകങ്ങളായി വര്‍ത്തിക്കുന്നു.
(ഡോ. സോമശേഖരന്‍ നായര്‍)
കടപ്പാട്- സര്‍വ്വവിജ്ഞാനകോശം വെബ് എഡിഷന്‍
അവസാനം പരിഷ്കരിച്ചത് : 4/29/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍