অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിവിധ തലത്തിലുള്ള വിദ്യാഭ്യാസം

സ്കൂള്‍ സ്കൗട്ട് വിഭാഗം

ഇരുപതാം ശതകത്തിന്റെ ആവിര്‍ഭാവത്തോടുകൂടി കായിക പരിശീലനത്തിനുള്ള ഒരു പ്രധാന ഉപാധിയായി സ്കൗട്ട് പ്രസ്ഥാനം പ്രചരിക്കുവാന്‍ തുടങ്ങി. കുട്ടികളുടെയും യുവാക്കളുടെയും ശാരീരികവും മാനസികവുമായ വികാസം, അനുഗുണമായ സ്വഭാവരൂപവത്കരണം, നേതൃത്വപരിശീലനം, സാമൂഹിക സേവനം, നൈതികവും സദാചാരപരവുമായ ഉത്കര്‍ഷം എന്നിവ ലക്ഷ്യമാക്കി ബേഡല്‍ പവ്വല്‍ 1907-ല്‍ ആവിഷ്കരിച്ചു നടപ്പാക്കിയതാണ് ഈ പ്രസ്ഥാനം. ഇന്ത്യയില്‍ 1909-ല്‍ ബംഗളൂരു, കിര്‍ക്കി, പൂണെ, ജബല്‍പ്പൂര്‍ എന്നിവിടങ്ങളിലെ സൈനികകേന്ദ്രങ്ങളിലായി സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ചു. 1913-ല്‍ ബെന്‍സന്റെ നേതൃത്വത്തില്‍ കോട്ടയം സി.എം.എസ്. ഹൈസ്കൂളിനോടു ബന്ധപ്പെട്ട ഒരു സ്കൗട്ട് ഗ്രൂപ്പ് ഉണ്ടായതോടുകൂടിയാണ് കേരളത്തില്‍ ഈ പ്രസ്ഥാനം ആവിര്‍ഭവിച്ചത്; ക്രമേണ കേരളത്തിലാകമാനം ഇതു വ്യാപിച്ചു. ഇപ്പോള്‍ സ്കൂളുകളുമായി ബന്ധപ്പെട്ട് നാല് വിഭാഗത്തില്‍പ്പെട്ട സ്കൗട്ട് ഗ്രൂപ്പുകളും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. മൂന്നു വയസ്സുമുതല്‍ ആറു വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കുവേണ്ടിയുള്ള ബണ്ണീസ് വിഭാഗം (Bunnies section), അഞ്ചു വയസ്സുമുതല്‍ പത്തുവയസ്സുവരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള കബ് വിഭാഗം (cub section), പത്തുമുതല്‍ പതിനേഴു വയസ്സുവരെ പ്രായമുള്ളവരെ ഉദ്ദേശിച്ചുകൊണ്ടുള്ള ബോയി സ്കൗട്ട് വിഭാഗം (boy scout section), പതിനാറുവയസ്സുമുതല്‍ ഇരുപത്തിയഞ്ചുവയസ്സുവരെയുള്ളവര്‍ക്കുവേണ്ടിയുള്ള റോവര്‍ സ്കൗട്ട് വിഭാഗം (rover scout section) എന്നിവയാണിവ. സ്കൂളുകളിലെ വിദ്യാര്‍ഥിനികളെയും ഉള്‍ക്കൊള്ളുന്ന ഈ പ്രസ്ഥാനം ഗേള്‍ ഗൈഡ്സ് എന്നറിയപ്പെടുന്നു. ആറു വയസ്സുമുതല്‍ പത്തു വയസ്സുവരെയുള്ളവര്‍ക്കുവേണ്ടി ബുള്‍ബുള്‍ വിഭാഗം (Bulbul section), പത്തുവയസ്സുമുതല്‍ പതിനെട്ടുവയസ്സുവരെയുള്ളവര്‍ക്കുള്ള ഗൈഡ്സ് വിഭാഗം, പതിനെട്ടുമുതല്‍ ഇരുപത്തിയഞ്ചു വയസ്സുവരെയുള്ളവര്‍ക്കുള്ള റേഞ്ചേഴ്സ് (Rangers) എന്നിവയാണ് പെണ്‍കുട്ടികള്‍ക്കായുള്ള വിഭാഗങ്ങള്‍. കൂടാതെ എക്സ്റ്റെന്‍ഷന്‍ സ്കൗട്ടിങ്, സീ സ്കൗട്ടിങ്, എയര്‍ സ്കൗട്ടിങ്, വെന്‍ച്വര്‍ ക്ലബ് സ്കൗട്ടിങ് എന്നീ നാല് പ്രത്യേക ശാഖകള്‍കൂടി ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് സംവിധാനമൊരുക്കിയിട്ടുണ്ട്. ഓരോ വിഭാഗത്തിനും പരിശീലനം നല്കാന്‍ പ്രത്യേകപരിശീലനം സിദ്ധിച്ച സ്കൗട്ട് മാസ്റ്റേഴ്സും ഉണ്ട്. നോ. സ്കൗട്ട് പ്രസ്ഥാനം

എന്‍.സി.സി

1949-ല്‍ എന്‍.സി.സി.യുടെ തിരുവിതാംകൂര്‍ ബറ്റാലിയന്റെ രൂപവത്കരണത്തോടെയാണ് കേരളത്തില്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് സംസ്ഥാനത്ത് ഈ പ്രസ്ഥാനം വളരെ വേഗം വളര്‍ന്നു. ചൈന ഇന്ത്യയെ ആക്രമിച്ചതിനെത്തുടര്‍ന്ന് 1963-ല്‍ എന്‍.സി.സി പരിശീലനം കേരളത്തില്‍ വളരെ വ്യാപകമായിത്തീര്‍ന്നു; കേരള സര്‍വകലാശാല അതിന്റെ കീഴിലുള്ള എല്ലാ കോളജുകളിലും എന്‍.സി.സി. പരിശീലനം നിര്‍ബന്ധിതമാക്കി. ആ കാലഘട്ടത്തില്‍ കേരളത്തിലെ കോളജുകളിലായി 68,000-ല്‍പ്പരവും സ്കൂളുകളിലായി 45,000-ല്‍പ്പരവും അംഗങ്ങള്‍ ഈ പ്രസ്ഥാനത്തില്‍ ഉണ്ടായിരുന്നു. എന്‍.സി.സി. പരിശീലനം നിര്‍ബന്ധിതമല്ലാതാക്കിയതിനെത്തുടര്‍ന്ന് കാലക്രമത്തില്‍ കേഡറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

എന്‍.സി.സി.കേഡറ്റ്

എന്‍.സി.സി. യില്‍ വിദ്യാര്‍ഥികള്‍ ആകൃഷ്ടരായിത്തീരുന്നതിനുവേണ്ടി കേരള സര്‍ക്കാര്‍ പല ആനുകൂല്യങ്ങളും അവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിനുള്ള മാര്‍ക്കില്‍ ഇളവ്; തൊഴിലധിഷ്ഠിത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം; സാംസ്കാരിക വിനിമയത്തിനായി വിദേശയാത്ര; പൊലീസ്, ഫോറസ്റ്റ് ഗാര്‍ഡ് തുടങ്ങിയ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുന്‍ഗണന; സ്കോളര്‍ഷിപ്പ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പരിശീലനപരിപാടി

കേരളത്തില്‍ തിരുവനന്തപുരത്താണ് എന്‍.സി.സി. ഡയറക്ടറേറ്റ് സ്ഥിതിചെയ്യുന്നത്. കേരളത്തില്‍ വിവിധ സേനാവിഭാഗങ്ങളിലായി 44 യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി അഞ്ച് ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സുകളും കഴക്കൂട്ടം സൈനിക സ്കൂള്‍ കമ്പനി എന്നൊരു പ്രത്യേക യൂണിറ്റും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. നോ. നാഷണല്‍ കേഡറ്റ് കോര്‍

ഇതിനുപുറമേ വിദ്യാര്‍ഥികളില്‍ നിയമപരിജ്ഞാനം സൃഷ്ടിക്കുന്നതിനും സാമൂഹ്യപ്രതിബദ്ധത വളര്‍ത്തുന്നതിനുംവേണ്ടി വിദ്യാഭ്യാസവകുപ്പും ആഭ്യന്തരവകുപ്പും മറ്റുമായി ചേര്‍ന്ന് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 2010-ല്‍ ആവിഷ്കരിച്ച പദ്ധതിയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ്. 2012-ലെ കണക്കനുസരിച്ച് 250 സ്കൂളുകളിലായി ഏകദേശം 16,000-ത്തോളം സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണ് സംസ്ഥാനത്തുള്ളത്.

എന്‍.എസ്.എസ്

വിദ്യാര്‍ഥികള്‍ക്ക് സാമൂഹ്യസേവനത്തിലൂടെ സമൂഹവുമായി ക്രിയാത്മകബന്ധം വളര്‍ത്താനും, അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്താനും ലക്ഷ്യംവച്ച് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി. 1969 സെപ്. 24-ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വി.കെ.ആര്‍.വി. റാവു ഇത് ഉദ്ഘാടനം ചെയ്തു. 37 സര്‍വകലാശാലകളില്‍ (40,000 വോളന്റിയര്‍മാര്‍) എന്‍.എസ്.എസ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി. തുടര്‍ന്ന് മുഴുവന്‍ സര്‍വകലാശാലകളിലും, പോളിടെക്നിക്കുകളിലും, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും (2.6 മില്യന്‍ വോളന്റിയര്‍മാര്‍) എന്‍.എസ്.എസ്. പ്രവര്‍ത്തിക്കുന്നു.

എന്‍.എസ്.എസ്.നേതൃത്വത്തിലുള്ള ശുചീകരണപ്രവൃത്തി

സമൂഹത്തെ മനസ്സിലാക്കുക, സമൂഹവുമായുള്ള ബന്ധത്തിലൂടെ സ്വയം മനസ്സിലാക്കുക, സാമൂഹിക ആവശ്യങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കുക, സാമൂഹിക-പൌര ഉത്തരവാദിത്തങ്ങള്‍ വളര്‍ത്തുക, വൈയക്തിക, സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അക്കാദമിക് അറിവുകള്‍ ഉപയോഗപ്പെടുത്തുക, കൂട്ടായ ജീവിതവും, ഉത്തരവാദിത്തങ്ങള്‍ പങ്കുവയ്ക്കുന്നതും മനസ്സിലാക്കുക, നേതൃത്വപരവും ജനാധിപത്യപരവുമായ ഗുണങ്ങള്‍ ആര്‍ജിക്കുക, ദേശീയോദ്ഗ്രഥനവും, സാമൂഹികസൗഹൃദവും ഊട്ടിയുറപ്പിക്കുക തുടങ്ങിയവയാണ് എന്‍.എസ്.എസ്സിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. കേരള സര്‍ക്കാര്‍ ഗ്രേസ്മാര്‍ക്ക് തുടങ്ങിയ പല ആനുകൂല്യങ്ങളും എന്‍.എസ്.എസ്സില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാര്‍ക്ക് നല്‍കുന്നുണ്ട്.

എന്‍.എസ്.എസ്സിനു കീഴില്‍ പലവിധ പ്രത്യേക പരിപാടികളും സംഘടിപ്പിക്കപ്പെടുന്നു. യുവജനങ്ങള്‍ ക്ഷാമത്തിനെതിരെ (1973), യുവജനങ്ങള്‍ രോഗങ്ങള്‍ക്കെതിരെ (1974-75)', യുവാക്കള്‍ പാരിസ്ഥിതിക വികസനത്തിന്, യുവാക്കള്‍ ഗ്രാമ പുനര്‍നിര്‍മാണത്തിന്, യുവാക്കള്‍ ദേശീയ വികസനത്തിന്, യുവാക്കള്‍ സാക്ഷരതയ്ക്ക് (1985-93), യുവാക്കള്‍ ദേശീയോദ്ഗ്രഥനത്തിനും സാമൂഹിക സൗഹൃദത്തിനും എന്നിവ എന്‍.എസ്.എസ്സിന്റെ പ്രത്യേക പരിപാടികളായിരുന്നു. സുസ്ഥിരവികസനം, തണ്ണീര്‍ത്തട വികസനം, നീര്‍ത്തട വികസനം, എയ്ഡ്സിനെതിരായ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ സേവനങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ശുചീകരണം, പ്രായപൂര്‍ത്തി വിദ്യാഭ്യാസം, രക്തദാനം തുടങ്ങിയവയും എന്‍.എസ്.എസ്. പരിപാടികളില്‍ ഉള്‍പ്പെടുന്നു.

വയോജനവിദ്യാഭ്യാസം

അഞ്ചാം പഞ്ചവത്സര (1978-83)പദ്ധതിയില്‍ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ദുര്‍ബലവിഭാഗത്തില്‍പ്പെട്ടവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേക ഊന്നല്‍ നല്‍കിയിരുന്നു. ഇതിനുവേണ്ടി പല ഉപാധികള്‍ സ്വീകരിച്ചതില്‍ പ്രമുഖമായ ഒന്നാണ് വയോജനവിദ്യാഭ്യാസപദ്ധതി. മനുഷ്യശക്തി ശരിയായ വിധത്തില്‍ പ്രയോജനപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പല കാരണങ്ങളാല്‍ സാക്ഷരത നേടാന്‍ കഴിയാതെ പോയ 15-നും 35-നും മധ്യേ പ്രായമുള്ള (ഈ പരിധി കര്‍ശനമാക്കിയിട്ടില്ല) യുവതീയുവാക്കള്‍ക്കു പരസഹായം കൂടാതെ സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യമായ വിദ്യാഭ്യാസം പ്രദാനം ചെയ്യുകയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.‌‌

അംഗന്‍വാടി

അനൗപചാരിക വിദ്യാഭ്യാസസമ്പ്രദായമാണ് ഇതിനായി സ്വീകരിച്ചിട്ടുള്ള മാര്‍ഗം. അതിനാല്‍ അനൗപചാരികവിദ്യാഭ്യാസപദ്ധതി എന്ന പേരിലും ഇത് അറിയപ്പെടുന്നു. എഴുത്തുപോലും അറിയാന്‍ പാടില്ലാത്ത യുവതീയുവാക്കളെ അനൗപചാരിക മാര്‍ഗത്തില്‍ക്കൂടി എഴുതാനും വായിക്കാനും പഠിപ്പിക്കുക, വ്യക്തികളുടെ ന്യായമായ അവകാശത്തെയും അധികാരത്തെയും കുറിച്ച് ബോധവാന്മാരാക്കി ചൂഷണത്തില്‍ നിന്നും മോചനം നേടാന്‍ പ്രാപ്തരാക്കുക, നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുക, ശാരീരികശുദ്ധിയും പരിസരശുദ്ധിയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ഇവരുടെ ജീവിതനിലവാരം ഉയര്‍ത്തി സമൂഹത്തിലെ ഉത്തമപൗരന്മാരാക്കിത്തീര്‍ത്ത് രാജ്യത്തിന്റെ ശ്രേയസ് വര്‍ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനനുസരണമായ കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നു.

1978 ന. 2-ന് കേരളത്തില്‍ വയോജനവിദ്യാഭ്യാസപദ്ധതി ആരംഭിച്ചു. വിവിധ സംഘടനകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിയില്‍ സമന്വയിച്ചിരിക്കുന്നത്. 'റൂറല്‍ ഫങ്ഷണല്‍ ലിറ്ററസി പ്രോജക്റ്റ്', 'നെഹ്റു യുവകേന്ദ്രം', 'സര്‍വകലാശാലകള്‍', 'കാന്‍ഫെഡ്', 'മിത്രനികേതന്‍' പോലുള്ള സന്നദ്ധസംഘടനകള്‍, നാഷണല്‍ സ്റ്റുഡന്റ്സ് സര്‍വീസ് എന്നിവ ഈ പദ്ധതിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചുവരുന്നു. ഈ രംഗത്തു പ്രവര്‍ത്തിച്ചുവരുന്ന എല്ലാ സംഘടനകളെയും ഏകോപിപ്പിച്ചു മാര്‍ഗനിര്‍ദേശങ്ങളും മറ്റു സഹായങ്ങളും നല്കിവരുന്നത് സംസ്ഥാന വയോജനവിദ്യാഭ്യാസ വകുപ്പാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഠനകേന്ദ്രങ്ങള്‍ സ്ഥാപിച്ചു 15-നും 35-നും മധ്യേ പ്രായമുള്ള യുവതീയുവാക്കള്‍ക്കു പ്രവേശനം നല്കി അവരെ ബോധവാന്മാരാക്കുകയാണ് പദ്ധതിവഴി നടപ്പാക്കുന്ന വിദ്യാഭ്യാസരീതി. കോഴ്സിന്റെ കാലാവധി ഒരു വര്‍ഷമാണ്.

സാക്ഷരതാമിഷന്റെ തുല്യതാപരീക്ഷയെവുതുന്നവര്‍

കേരളത്തിലെ പിന്നോക്ക ജില്ലകളായ ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ നടത്തുന്ന ആരോഗ്യകുടുംബക്ഷേമ പരിപാടികളുടെ ഭാഗമായി 'ഇന്ത്യാ പോപ്പുലേഷന്‍ പ്രോജക്റ്റ്-3' എന്ന പേരില്‍ അറിയപ്പെടുന്ന ജനസംഖ്യാവിദ്യാഭ്യാസത്തിനുള്ള ഒരു പദ്ധതി നടപ്പിലാക്കി വരുന്നു. ആരോഗ്യകുടുംബാസൂത്രണവകുപ്പിന്റെ നേരിട്ടുള്ള ജനസംഖ്യാവിദ്യാഭ്യാസം, കോളജുകളിലെ അധ്യാപകര്‍വഴി വിദ്യാര്‍ഥികളെയും വിദ്യാര്‍ഥികള്‍ വഴി പൊതുജനങ്ങളെയും ബോധവാന്മാരാക്കിത്തീര്‍ക്കല്‍, അനൌപചാരിക വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കല്‍, പൊതുജനങ്ങള്‍ക്കുവേണ്ട അറിവുകള്‍ ലഭ്യമാക്കല്‍ എന്നിങ്ങനെ ഒരു ത്രിമുഖ പരിപാടിയാണ് ജനസംഖ്യാ വിദ്യാഭ്യാസത്തിനായി തയ്യാറാക്കിയിട്ടുള്ളത്. ഈ പരിപാടി സമാരംഭിച്ചത് 1985 ജനുവരിയിലാണ്.

സാക്ഷരത്വത്തില്‍ മറ്റു ലോകരാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ വളരെ പിന്നിലാണെന്നു കാണാന്‍ കഴിയും. ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്കന്‍ ഐക്യനാടുകള്‍, റഷ്യ, ജര്‍മനി, ഐസ്ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, നോര്‍വെ എന്നിവിടങ്ങളിലെ സാക്ഷരതാനിരക്ക് 99 ശതമാനത്തിനും മേലെയാണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ സാക്ഷരതയില്‍ മുമ്പന്തിയില്‍ നില്ക്കുന്നത് ജപ്പാനാണ്; 99 ശതമാനം. ഇസ്രയേല്‍, ദക്ഷിണകൊറിയ, ഫിലിപ്പൈന്‍സ്, തായ് ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളാണ് സാക്ഷരത്വത്തില്‍ മുന്നിട്ടുനില്ക്കുന്ന മറ്റു ഏഷ്യന്‍ രാഷ്ട്രങ്ങള്‍. ഇന്ത്യയിലെ സാക്ഷരതാശതമാനമാകട്ടെ 74.04 മാത്രമാണ്. ദേശീയതലത്തില്‍ ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. 2011-ലെ സെന്‍സസ് പ്രകാരം 93.91 ശതമാനമാണ് കേരളത്തിലെ സാക്ഷരതാനിരക്ക്. സാക്ഷരതയില്‍ പത്തനംതിട്ട ജില്ല (96.93 ശ.മാ.) ഏറ്റവും മുന്നിലും പാലക്കാട് ജില്ല (88.49 ശ.മാ.) ഏറ്റവും പിന്നിലുമാണ്.

സ്കൂള്‍ കലോത്സവം.

കേരളത്തിലെ വിദ്യാര്‍ഥികളുടെ സംസ്ഥാനതല കലാമേളയാണ് കേരള സ്കൂള്‍ കലോത്സവം. എല്ലാവര്‍ഷവും ഡിസംബര്‍-ജനുവരി മാസങ്ങളിലായി നടക്കുന്ന ഈ മേള ആരംഭിച്ചത് 1956-ലാണ്. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. സി.എസ്. വെങ്കിടേശ്വരന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ രാമവര്‍മ അപ്പന്‍തമ്പുരാന്‍, ഗണേശ അയ്യര്‍ എന്ന ഒരു പ്രഥമാധ്യാപകന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ സംഘാടകസമിതിയാണ് പ്രസ്തുത കലാമേളയ്ക്കു നേതൃത്വം നല്‍കിയത്. ജനു. 24 മുതല്‍ 26 വരെ എറണാകുളം എസ്.ആര്‍.വി. ഹൈസ്കൂളില്‍ വച്ചാണ് ആദ്യയുവജനോത്സവം അരങ്ങേറിയത്. ആദ്യവര്‍ഷങ്ങളില്‍ ഒരു ദിവസം മാത്രമായിരുന്നു കലോത്സവം ഉണ്ടായിരുന്നത്. 1975 മുതല്‍ കഥകളിസംഗീതം, മോഹിനിയാട്ടം, അക്ഷരശ്ലോകം തുടങ്ങിയ കേരളീയ കലാരൂപങ്ങള്‍ യുവജനോത്സവത്തിന്റെ മത്സരയിനങ്ങളായി ഇടംപിടിച്ചു. 1975 മുതല്ക്കാണ് കലോത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയ്ക്കു തുടക്കമായത്. എണ്‍പതുകളുടെ അവസാനത്തോടെ വിജയിയാകുന്ന റവന്യൂ ജില്ലയ്ക്കു അവാര്‍ഡായി എവര്‍റോളിങ് സ്വര്‍ണക്കപ്പ് ഏര്‍പ്പെടുത്തപ്പെട്ടു. മഹാകവി വൈലോപ്പിള്ളിയുടെ നിര്‍ദേശാനുസരണം വിദ്യാഭ്യാസവകുപ്പിലെ ആര്‍ട്ട് ഇന്‍സ്ട്രക്ടറായ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായരാണ് പ്രസ്തുത സ്വര്‍ണക്കപ്പ് രൂപകല്പന ചെയ്തത്.

54-ാം സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിലെ ഒരു നിശ്ചലദൃശ്യം

കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയിന്റുനേടുന്ന പെണ്‍കുട്ടിക്ക് 'കലാതിലകം' എന്ന പട്ടവും ആണ്‍കുട്ടിക്ക് 'കലാപ്രതിഭ' എന്ന പട്ടവും നല്‍കുന്ന പതിവുണ്ടായിരുന്നു. 1986-ല്‍ ആരംഭിച്ച ഈ പതിവ് 2006-ല്‍ ഉപേക്ഷിച്ചു.

2008 മുതല്‍ സംസ്ഥാന സ്കൂള്‍ യുവജനോത്സവം എന്നതിനുപകരം കേരള സ്കൂള്‍ കലോത്സവം എന്ന പുതിയ പേര് സ്വീകരിച്ചു. 2009 മുതല്‍ ഹയര്‍ സെക്കന്‍ഡറി കലോത്സവംകൂടി ഒന്നിച്ചു നടക്കുന്നതിനാല്‍ ഇതേവര്‍ഷം മുതല്‍ സ്വര്‍ണക്കപ്പ് ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ പ്രത്യേകമായി നടക്കുന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റു നേടുന്ന റവന്യു ജില്ലയ്ക്കാണ് ലഭിക്കുന്നത്.

1956-ല്‍ കേവലം 200 വിദ്യാര്‍ഥികളാണ് കലാമേളയില്‍ പങ്കെടുത്തതെങ്കില്‍ നിലവില്‍ (2013) ഇത് 10,000-ത്തിലേറെയായി ഉയര്‍ന്നിട്ടുണ്ട്. മാര്‍ഗംകളി, കുച്ചിപ്പുടി, യക്ഷഗാനം, ബാന്‍ഡ്മേളം, ഗാനമേള തുടങ്ങിയവകൂടി ഉള്‍പ്പെടുത്തി മത്സരയിനങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.

ഏഴുദിവസങ്ങളിലായി പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കുന്ന ഈ മേള ഇന്ന് ഏഷ്യയിലെതന്നെ ഏറ്റവും വലിയ കൗമാരകലാ മത്സരം എന്ന അംഗീകാരം നേടിയിട്ടുണ്ട്. സംസ്കൃതം പഠിക്കുന്ന സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംസ്കൃതോത്സവവും അറബി പഠിക്കുന്ന സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി അറബി കലോത്സവവും ഇതോടൊപ്പംതന്നെ നടത്തുന്നു. സര്‍വകലാശാലതലത്തിലുള്ള കലോത്സവങ്ങളും ശ്രദ്ധേയമാണ്.

ശാസ്ത്രസംഭാവനകള്‍

പൗരാണിക ഇന്ത്യയിലെ ഗണിതം, ജ്യോതിശ്ശാസ്ത്രം, ജ്യോതിഷം, ആയുര്‍വേദം, വാസ്തുവിദ്യ തുടങ്ങിയ എല്ലാ ശാസ്ത്രശാഖകള്‍ക്കും കേരളം വിലപ്പെട്ട സംഭാവനകള്‍ നല്കിയിട്ടുണ്ട്.

ഗണിതം-ജ്യോതിശ്ശാസ്ത്രം

ജ്യോതിശ്ശാസ്ത്രഗവേഷണവുമായി ബന്ധപ്പെട്ടാണ് ഭാരതീയഗണിതശാസ്ത്രം വളര്‍ന്നത്. കേരളവും ഈ പാരമ്പര്യം തന്നെ പിന്തുടര്‍ന്നു. പൗരാണിക കാലഘട്ടത്തില്‍ ഗണിതശാസ്ത്രരംഗത്ത് കേരളത്തിലുണ്ടായ വളര്‍ച്ച അദ്ഭുതാവഹമാണ്. ജ്യോതിശ്ശാസ്ത്രത്തിന്റെ ഒരു ഭാഗമെന്ന നിലയിലാണ് ഗണിതം പരിഗണിക്കപ്പെട്ടത്. മിക്ക കേരളീയ ഗണിതശാസ്ത്രജ്ഞന്മാരും ജ്യോതിശ്ശാസ്ത്രപണ്ഡിതന്മാരായിരുന്നു. ഇവരുടെ ശുദ്ധഗണിതത്തിലെ കണ്ടുപിടിത്തങ്ങള്‍ ഇവരെഴുതിയ ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളുടെ താളുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

കേരളത്തിന്റെ ഗണിത-ജ്യോതിശ്ശാസ്ത്ര പാരമ്പര്യം ആര്യഭടനിലും അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയായ ആര്യഭടീയത്തിലുമാണ് ആരംഭിക്കുന്നത്. 476-ലാണ് താന്‍ ജനിച്ചതെന്നും തന്റെ 23-ാമത്തെ വയസ്സിലാണു ആര്യഭടീയം എഴുതിയതെന്നും ആര്യഭടീയത്തില്‍ത്തന്നെ അദ്ദേഹം രേഖപ്പെടുത്തിക്കാണുന്നു. ആര്യഭടീയത്തിന് വ്യാഖ്യാനമെഴുതിയ കേളല്ലൂര്‍ നീലകണ്ഠസോമയാജി ആര്യഭടന്റെ ജനനസ്ഥലം 'അശ്മക'മാണെന്നു പറഞ്ഞു കാണുന്നു (അശ്മകജനപദജാത ആര്യഭടാചാര്യാ... ആര്യഭടീയം നാമ സിദ്ധാന്തം... ചകാര). ആപ്തേയുടെ സംസ്കൃതനിഘണ്ടുവില്‍ അശ്മകം എന്നതിനു 'തിരുവിതാംകൂറിന്റെ പഴയ പേര്‍' എന്നാണു അര്‍ഥം കൊടുത്തിരിക്കുന്നത്. ഗവേഷകനായ കെ. സാംബശിവശാസ്ത്രികള്‍ മറ്റു പല തെളിവുകളും കണക്കിലെടുത്ത് ആര്യഭടന്‍ കേരളീയനാണെന്ന നിഗമനത്തെ ശരിവച്ചിട്ടുണ്ട്. ഒപ്പം ആര്യഭടന്‍ ഉപരിപഠനത്തിനായി ഉത്തരഭാരതത്തിലേക്കു പോവുകയും കുസുമപുരത്ത്(പാടലീപുത്രം-പാറ്റ്ന) സ്ഥിരതാമസമാക്കുകയും ചെയ്തു എന്നും അഭിപ്രായപ്പെട്ടിരിക്കുന്നു.

ആര്യഭടന്‍

ആര്യഭടീയത്തെ അടിസ്ഥാനമാക്കിയാണ് കേരളത്തില്‍ ഗണിതശാസ്ത്രവും ജ്യോതിശ്ശാസ്ത്രവും വളര്‍ന്നത്. ആര്യഭടീയ സിദ്ധാന്തങ്ങള്‍ കൂടുതല്‍ ഗാഢമായി പഠിക്കാനും പരീക്ഷിച്ചുബോധ്യപ്പെടാനും കേരളീയ പണ്ഡിതന്മാര്‍ പരിശ്രമിച്ചു. ഇതു നിരവധി പുതിയ കണ്ടുപിടിത്തങ്ങള്‍ക്കു വഴിതെളിച്ചു. ആര്യഭടീയ വ്യാഖ്യാനങ്ങളില്‍ ഉള്‍ക്കൊള്ളിച്ചാണ് ഇവയില്‍ മിക്കവയും അവര്‍ അവതരിപ്പിച്ചത്. ശുദ്ധഗണിതത്തിലും ജ്യോതിശ്ശാസ്ത്രത്തിലും ഉള്‍പ്പെട്ടുവരുന്ന നിരവധി വിഷയങ്ങള്‍ ഇത്തരം പഠനങ്ങള്‍ക്കു വിധേയമായി. ഭൂമിക്ക് ആപേക്ഷികമായുള്ള ഓരോ ഗ്രഹത്തിന്റെയും ചലനത്തെപ്പറ്റി പഠിക്കുന്നതിലായിരുന്നു അവര്‍ക്കു കൂടുതല്‍ താത്പര്യം. ഇതു സംബന്ധമായ കണക്കുകൂട്ടലുകള്‍ 'ഗ്രഹഗണിതം' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആര്യഭടീയ രീതിയിലുള്ള ഗ്രഹഗണിതം കുറ്റമറ്റതല്ലെന്നും അതു പരിഷ്കരിക്കേണ്ടത് ആവശ്യമാണെന്നും കേരളീയ പണ്ഡിതന്മാര്‍ പരീക്ഷണനിരീക്ഷണങ്ങളിലൂടെ സമര്‍ഥിച്ചു. ഗ്രഹങ്ങളുടെ ചലനരീതിയെപ്പറ്റി ആര്യഭടനുണ്ടായിരുന്ന ധാരണ അപൂര്‍ണമായിരുന്നതും അദ്ദേഹം ഉപയോഗിച്ച ഏകദേശനങ്ങളിലെ പിശകുകള്‍ കാലം കഴിയുന്തോറും വര്‍ധിച്ചു വര്‍ധിച്ചു വന്നതുമായിരുന്നു ഇതിനു കാരണം. ഇതിനെപ്പറ്റിയെല്ലാം ഗാഢമായ പഠനം നടത്തി പുതിയ ഒരു ഗണിത സമ്പ്രദായത്തിനു രൂപം കൊടുത്തു എന്നതാണ് കേരളത്തിന്റെ ആദ്യസംഭാവനകളില്‍ ഒന്ന.് ഇതിനുവേണ്ടി നിരവധി പണ്ഡിതന്മാര്‍ ദീര്‍ഘകാലം ഗവേഷണം നടത്തിയിട്ടുണ്ടാവണം. ഈ ഗവേഷണഫലങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 'പരഹിതം' എന്ന പേരില്‍ ഒരു പുതിയ ഗണിതസമ്പ്രദായം വരരുചി അവതരിപ്പിച്ചു. ചന്ദ്രന്റെ സ്ഥാനം നിര്‍ണയിക്കുന്നതിനുള്ള 'ഗീര്‍ന്നശ്രേയ' തുടങ്ങിയ വാക്യങ്ങളും ധ്രുവസംസ്കാരഹാരകങ്ങള്‍ തുടങ്ങിയവയും ഈ ഗണിതസമ്പ്രദായത്തിന്റെ ഭാഗങ്ങളാണ്. ഗണിതശാസ്ത്രത്തിലും ജ്യോതിശ്ശാസ്ത്രത്തിലും കേരളത്തിനു നേടാന്‍ കഴിഞ്ഞ അസൂയാവഹമായ ഔന്നത്യത്തിന്റെ നിദര്‍ശനമാണ് ഈ ഗണിതപരിഷ്കരണം. പഞ്ചബോധം തുടങ്ങിയ പരഹിതഗണിതഗ്രന്ഥങ്ങളിലെ ആന്തരികലക്ഷ്യങ്ങള്‍ സൂചിപ്പിക്കുന്നത് 7-ാം നൂറ്റാണ്ടോടടുത്തായിരിക്കണം ഇദ്ദേഹത്തിന്റെ കാലമെന്നാണ്. 682-ല്‍ തിരുനാവായയില്‍ വച്ചു നടന്ന മാമാങ്കത്തോടനുബന്ധിച്ചു നടത്തിയ കേരളീയഗണിതശാസ്ത്രജ്ഞരുടെ സമ്മേളനം ഹരിദത്തന്‍ എന്ന ഗണിതപണ്ഡിതന്റെ (ഗ്രഹാചാരനിബന്ധനം) വാദഗതികള്‍ കണക്കിലെടുത്തു പരഹിതസമ്പ്രദായം അംഗീകരിക്കുകയും അങ്ങനെ അതു കേരളമാകെ പ്രചരിക്കുകയും ചെയ്തു.

എ. ഡി. 9-ാം നൂറ്റാണ്ടില്‍ കേരളത്തിലെ മഹോദയപുരത്ത് (കൊടുങ്ങല്ലൂര്‍) ഒരു വാനനിരീക്ഷണകേന്ദ്രം നിലനിന്നിരുന്നു. കുലശേഖരരാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മഹോദയപുരം. ജ്യോതിഷത്തില്‍ നിപുണനായിരുന്ന കുലശേഖര രാജാവായ സ്ഥാണുരവിവര്‍മയുടെ കാലത്താണ് മഹോദയപുരം വാനനിരീക്ഷണകേന്ദ്രം പ്രശസ്തിയാര്‍ജിച്ചത്. 12-ാം നൂറ്റാണ്ടില്‍ രാജേന്ദ്രചോളന്റെ ആക്രമണത്തില്‍ മഹോദയപുരം നഗരം തകര്‍ന്നടിഞ്ഞപ്പോള്‍ ഈ വാനനിരീക്ഷണാലയവും നശിപ്പിക്കപ്പെട്ടതായി കരുതുന്നു.

സ്ഥാണുരവിവര്‍മയുടെ ഭരണകാലത്ത് ശങ്കരനാരായണന്‍ എന്ന ജ്യോതിഷിയായിരുന്നു മഹോദയപുരം വാനനിരീക്ഷണകേന്ദ്രം മേധാവി. ശങ്കരനാരായണന്റെ വിവരണങ്ങളില്‍ നിന്നും ശങ്കു, ഗോളയന്ത്രം എന്നീ ജ്യോതിശ്ശാസ്ത്ര ഉപകരണങ്ങള്‍ മഹോദയപുരം വാനനിരീക്ഷണശാലയില്‍ ഉപയോഗിച്ചിരുന്നതായി മനസ്സിലാക്കാം. ഓരോ നാഴിക ഇടവിട്ട് മണിമുഴക്കി നഗരവാസികളെ സമയം അറിയിക്കാനുള്ള സംവിധാനവും മഹോദയപുരത്ത് ഉണ്ടായിരുന്നു. എ. ഡി. 866-ല്‍ മഹോദയപുരത്ത് ഒരു പൂര്‍ണസൂര്യഗ്രഹണം ദൃശ്യമായതായി ഭാസ്കരന്‍ ഒന്നാമന്റെ ലഘുഭാസ്കരീയത്തില്‍ നിന്നു മനസ്സിലാക്കാം. സൂര്യഗ്രഹണസമയത്ത് ഗ്രഹസ്ഫുടങ്ങള്‍ (Planetary celestial) നിര്‍ണയിക്കാന്‍ അധിചക്ര മാതൃകയാണ് (Epicycle model) അന്ന് സ്വീകരിച്ചിരുന്നത്. സൂര്യന്‍, ചന്ദ്രന്‍, രാഹു തുടങ്ങിയവയുടെ സ്ഫുടങ്ങളും ഏറെക്കുറെ കൃത്യതയോടെ ശങ്കരനാരായണന്‍ നിര്‍ണയിച്ചിരുന്നതായി കാണാം.

പതിനൊന്നു മുതല്‍ പതിമൂന്നു വരെ നൂറ്റാണ്ടുകളില്‍ കേരളത്തില്‍ നടന്ന ഗണിത-ജ്യോതിശ്ശാസ്ത്രഗവേഷണങ്ങളെപ്പറ്റി ആധികാരികമായ യാതൊരു രേഖയും കിട്ടിയിട്ടില്ല. പക്ഷേ ഇക്കാലത്തു വിപുലമായ ഗവേഷണപഠനങ്ങള്‍ നടന്നിട്ടുണ്ടെന്നുള്ളതിന് 15-ാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. ഈ ഘട്ടമാവുമ്പോഴേക്കും അദ്ഭുതകരമാംവണ്ണം വികാസം പ്രാപിച്ച ഒരു ഗണിതശാസ്ത്രവും ജ്യോതിശ്ശാസ്ത്രവും കേരളത്തില്‍ നിലവില്‍ വന്നുകഴിഞ്ഞതായി ഈ ഗ്രന്ഥങ്ങള്‍ തെളിവാക്കുന്നു.

കാലം മുന്നോട്ടു നീങ്ങിയപ്പോള്‍ പരഹിതസമ്പ്രദായമനുസരിച്ചുള്ള ഗ്രഹഗണിതത്തിലും പോരായ്മകള്‍ കണ്ടുതുടങ്ങി. അതില്‍ ആവശ്യമായ പരിഷ്കാരങ്ങള്‍ വരുത്തി നവീകരിക്കാന്‍ നിരവധി പണ്ഡിതന്മാര്‍ പരിശ്രമിച്ചിട്ടുണ്ടാവണം. ഈ രംഗത്തു ദീര്‍ഘകാലം പ്രയത്നിച്ചു വിജയം നേടിയ വടശ്ശേരിയില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയാണ് ആര്യഭടനും വരരുചിയും കഴിഞ്ഞാല്‍ അടുത്ത സ്ഥാനം അര്‍ഹിക്കുന്ന കേരളീയഗണിതശാസ്ത്രജ്ഞന്‍. 1431-ല്‍ എഴുതിത്തീര്‍ത്ത ദൃഗ്ഗണിതമെന്ന ഗ്രന്ഥത്തില്‍ തന്റെ കണ്ടുപിടിത്തങ്ങള്‍ ഇദ്ദേഹം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 'ഭാരതപ്പുഴ സമുദ്രത്തിലെത്തുന്നതിനു സമീപം അതിന്റെ വടക്കേ തീരത്താണ് തന്റെ ഇല്ല'മെന്ന് ഇദ്ദേഹം അതില്‍ രേഖപ്പെടുത്തിക്കാണുന്നു. ദൂരദര്‍ശിനി തുടങ്ങിയ ആധുനിക ഗവേഷണോപകരണങ്ങളൊന്നും പ്രചാരത്തിലില്ലായിരുന്ന ഒരു കാലഘട്ടത്തിലാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. ഭാരതപ്പുഴയുടെ തീരത്തെ മണല്‍ത്തിട്ടകളില്‍ ഏതാണ്ട് 55 വര്‍ഷം ഇദ്ദേഹം നിരീക്ഷണങ്ങളില്‍ മുഴുകി, നഗ്നനേത്രങ്ങള്‍കൊണ്ടു ഗ്രഹങ്ങളുടെയും സൂര്യചന്ദ്രന്മാരുടെയും ചലനങ്ങള്‍ ഇദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ച്, അവയുടെ ചലനരീതിയെപ്പറ്റി ഉള്‍ക്കാഴ്ച നേടുകയും ഗണിതശാസ്ത്രനിയമങ്ങള്‍ ഉപയോഗിച്ച് ഓരോ സമയത്തും അവ എവിടെയാണെന്നു നിര്‍ണയിക്കുന്നതിനുള്ള വാക്യങ്ങള്‍ക്കു രൂപം കൊടുക്കുകയും ചെയ്തു. ഭാരതത്തിന്റെ ഇതരഭാഗങ്ങളില്‍ അതിപുരാതനമായ ഗ്രഹഗണിതസമ്പ്രദായം തന്നെ നിലനില്ക്കവേ കേരളത്തില്‍ ഗ്രഹഗണിതം രണ്ടാമതും പരിഷ്കരിക്കപ്പെടുകയും സൂര്യചന്ദ്രന്മാരുടെയും മറ്റു ഗ്രഹങ്ങളുടെയും സ്ഥാനം 'ദൃക്സമമായി' നിര്‍ണയിക്കാനുള്ള പരിഷ്കൃതമായ ഗണിതസമ്പ്രദായം കേരളത്തിന് കരഗതമാവുകയും ചെയ്തു. പരമേശ്വരന്‍ നമ്പൂതിരി ദൃഗ്ഗണിതം എന്ന തന്റെ ഗവേഷണ (പ്രബന്ധ)ത്തിലൂടെ അവതരിപ്പിച്ച ഈ ഗണിതസമ്പ്രദായമാണ് അടുത്ത കാലം വരെ കേരളത്തില്‍ നിലനിന്നുവന്നത്. തന്റെ ഗവേഷണഫലങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സിദ്ധാന്തദീപിക, ഗോളദീപിക, സൂര്യസിദ്ധാന്തവിവരണം എന്നീ ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

പരമേശ്വരന്‍ നമ്പൂതിരിയുടെ സമകാലികരായിരുന്ന രണ്ടുഗണിതശാസ്ത്രജ്ഞന്മാരാണ് പുതുമന ചോമാതിരിയും സംഗമഗ്രാമക്കാരനായ മാധവനും. നിരവധി കണ്ടുപിടിത്തങ്ങളുമായി ബന്ധപ്പെടുത്തി ഗണിതശാസ്ത്രഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചു കാണുന്ന സംഗമഗ്രാമ മാധവന്‍ ഇരിങ്ങാലക്കുട ഇരിഞ്ഞാടാപ്പള്ളി ഇല്ലത്തെ മാധവന്‍ നമ്പൂതിരിയാണെന്നും അല്ലെന്നുമുള്ള രണ്ടു അഭിപ്രായങ്ങളുണ്ട്. പരമേശ്വരന്‍ നമ്പൂതിരിയുടെ ഗുരുവായിരുന്നു ഇദ്ദേഹമെന്നു പില്ക്കാലത്ത് പ്രശസ്തി നേടിയ നീലകണ്ഠന്‍ പറഞ്ഞുകാണുന്നു. sin (A ± B) തുടങ്ങിയ ത്രികോണമിതീയ വാക്യങ്ങളുടെ വികസനം ഇദ്ദേഹമാണ് കണ്ടെത്തിയത്. ഒരു വൃത്തത്തിന്റെ പരിധിയും വ്യാസവും തമ്മിലുള്ള അനുപാതത്തെ കാണിക്കുന്ന π യുടെ പത്തുദശാംശസ്ഥാനം വരെ ഒരു ഏകദേശനം ഇദ്ദേഹം കണ്ടെത്തി. അനന്തശ്രേണികളെപ്പറ്റി ആദ്യമായി പഠനം നടത്തിയ ഭാരതീയ പണ്ഡിതന്‍ ഇദ്ദേഹമാണ്. വേണ്വാരോഹം എന്ന ഗ്രന്ഥം മാത്രമേ ഇദ്ദേഹത്തിന്റേതായി ലഭ്യമായിട്ടുള്ളൂ.

കരണപദ്ധതി എന്ന ഗണിതഗ്രന്ഥത്തിന്റെ കര്‍ത്താവാണ് പുതുമന ചോമാതിരി. ഇദ്ദേഹം തൃശൂര്‍ സ്വദേശിയാണെന്നു കരണപദ്ധതിയില്‍ സൂചനയുണ്ട്. വടശ്ശേരി പരമേശ്വരന്‍ നമ്പൂതിരി ആവിഷ്കരിച്ച ദൃഗ്ഗണിതപദ്ധതി നടപ്പിലാക്കുന്നതിനുമുമ്പാണ് കരണപദ്ധതിയുടെ നിര്‍മാണം. 18-ഉം 19-ഉം നൂറ്റാണ്ടുകളില്‍ യൂറോപ്യന്‍ പണ്ഡിതന്മാര്‍ കണ്ടെത്തിയ നിരവധി ഗണിതസിദ്ധാന്തങ്ങള്‍ കരണപദ്ധതിയിലുണ്ട്. സമതലത്രികോണഗണിതം, ഗോളതലത്രികോണഗണിതം, അനന്തശ്രേണികളുപയോഗിച്ചുള്ള ഏകദേശനസമ്പ്രദായങ്ങള്‍ തുടങ്ങി ഉപരിഗണിതത്തിന്റെ അഭിവാജ്യഘടകങ്ങളായ നിരവധി ഗണിതസിദ്ധാന്തങ്ങള്‍ കരണപദ്ധതിയില്‍ കാണാം. വൃത്തത്തിന്റെ പരിധിയും വ്യാസവും തമ്മിലുള്ള അനുപാതത്തെ π എന്ന അക്ഷരം കൊണ്ടാണ് സാധാരണ സൂചിപ്പിക്കുക. ഇതിന്റെ കൃത്യമായ മൂല്യം നിര്‍ണയിക്കാനുള്ള പരിശ്രമങ്ങള്‍ ചരിത്രാതീതകാലം മുതല്‍ നടന്നുവന്നിരുന്നു. അവസാനം 18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രിഗറി എന്ന പാശ്ചാത്യപണ്ഡിതന്‍, π = 4 (1 - 1/3 + 1/5 - ....)എന്ന് അനന്തശ്രേണിരൂപത്തില്‍ അതിന്റെ മൂല്യം നിര്‍ണയിക്കുകയുണ്ടായി. പക്ഷേ കരണപദ്ധതിയുടെ എട്ടാം അധ്യായത്തില്‍ 'വ്യാസാല്‍ ചതുര്‍ഘ്നാല്‍' എന്നു തുടങ്ങുന്ന പദ്യത്തില്‍ ചോമാതിരി ഈ ശ്രേണി നല്കിക്കാണുന്നു.

വടശ്ശേരിയുടെ മകനും ശിഷ്യനുമായ ദാമോദരന്‍ എന്ന മറ്റൊരു ഗണിതശാസ്ത്രജ്ഞനുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ശിഷ്യനായ കേളല്ലൂര്‍ നീലകണ്ഠസോമയാജിയാണ് കേരളീയ ഗണിതശാസ്ത്രജ്ഞന്മാരില്‍ അഗ്രഗണ്യന്‍. തിരൂരിനടുത്തുള്ള തൃക്കണ്ടിയൂരാണ് ഇദ്ദേഹത്തിന്റെ ജനനസ്ഥലം. സോമയാജിയുടെ ഏറ്റവും പ്രധാനപ്പെട്ടകൃതി തന്ത്രസംഗ്രഹം എന്ന ഗണിതഗ്രന്ഥമാണ്. ഇതിലെ വിവരങ്ങളില്‍ നിന്നും ഇദ്ദേഹം 16-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് ജീവിച്ചിരുന്നത് എന്ന് കരുതാം. ആര്യഭടീയത്തിന് ഒരു ഭാഷ്യവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ആര്യഭടീയ പദ്യങ്ങളുടെ വിശദീകരണവും അതോടൊപ്പം അതുമായി ബന്ധപ്പെട്ട് കേരളീയ പണ്ഡിതന്മാര്‍ നടത്തിയ ഗവേഷണപഠനങ്ങളുടെ ആകെത്തുകയും ഇദ്ദേഹം തന്റെ ഭാഷ്യത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഉപരിഗണിതത്തിലെ നിരവധി സിദ്ധാന്തങ്ങള്‍ ഇദ്ദേഹം വിവരിച്ചുകാണുന്നു. ഒരളവു വരെ തികച്ചും സ്വതന്ത്രമായ ഒരു ഗ്രന്ഥമാണു ഈ ഭാഷ്യം. സമതല, ഗോളത്രികോണമിതിയുടെ ഭൂരിഭാഗവും സോമയാജിയുടെ ഭാഷ്യത്തില്‍ കാണാന്‍ കഴിയും. ആധുനിക ഗണിതത്തിന്റെ അഭിമാനമായ കലനത്തിന്റെ അസ്തിവാരം വരെ എത്തിനില്ക്കുന്നു സോമയാജിയുടെ ചര്‍ച്ച. തന്ത്രസംഗ്രഹം ഈ എല്ലാ ആശയങ്ങളും കൂടുതല്‍ ഭംഗിയായും വിശദമായും ചര്‍ച്ച ചെയ്യുന്നുണ്ട്.

കരണപദ്ധതിയെ ആശ്രയിച്ചു 17-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ യുക്തിഭാഷ എന്നൊരു മലയാളഗ്രന്ഥവും എഴുതപ്പെട്ടിട്ടുണ്ട്. ബ്രഹ്മദത്തനാണ് ഈ ഗ്രന്ഥം എഴുതിയത്. ' അലേഖിയുക്തിഭാഷാവിപ്രേണ ബ്രഹമദത്ത സമജ്ഞേന' എന്നു അതില്‍ത്തന്നെ എഴുതിക്കാണുന്നു.(അലേഖി-എഴുതപ്പെട്ടു. എഴുതിയെന്നോ പകര്‍ത്തിയെഴുതിയെന്നോ ആകാം.) തന്ത്രസംഗ്രഹം, കരണപദ്ധതി തുടങ്ങിയ ഗണിതശാസ്ത്രഗ്രന്ഥങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്ന സിദ്ധാന്തങ്ങളുടെ യുക്തികളാണ് ഈ ഗ്രന്ഥത്തിലുള്ളത്. കരണപദ്ധതി, തന്ത്രസംഗ്രഹം, ആര്യഭടീയഭാഷ്യം, യുക്തിഭാഷ എന്നിവ ചേര്‍ന്നാല്‍ കേരളത്തിന്റെ ഗണിതശാസ്ത്രരംഗത്തെ കനത്ത സംഭാവനകളെപ്പറ്റി ഒരു സാമാന്യരൂപം ലഭിക്കും. അന്നത്തെ പ്രതിപാദനരീതിയെപ്പറ്റി ഏകദേശമായെങ്കിലും മനസ്സിലാക്കുന്നതിനായി യുക്തിഭാഷയിലെ ചില പ്രസ്താവനകളും അവയുടെ ആധുനികരൂപത്തിലുള്ള ഇംഗ്ലീഷ് ആവിഷ്കരണവും താഴെ കൊടുക്കുന്നു-

ജ്യോതിഷം

ഗ്രഹനക്ഷത്രാദികളുടെ ഗതിവിഗതികള്‍ മനുഷ്യജീവിതത്തില്‍ സ്വാധീനത ചെലുത്തുന്നുണ്ടെന്ന വിശ്വാസം അതിപുരാതനകാലം മുതല്‍ ഭാരതത്തില്‍ നിലനിന്നിരുന്നു. ജനനസമയത്തെ ഗ്രഹസ്ഥിതികളെ അടിസ്ഥാനമാക്കി ജീവിതാനുഭവങ്ങള്‍ പ്രവചിക്കാന്‍ സ്വാഭാവികമായും പരിശ്രമങ്ങള്‍ നടന്നു. അങ്ങനെയാണ് ജ്യോതിഷമെന്ന വിജ്ഞാനശാഖ വളര്‍ന്നത്. വസിഷ്ഠന്‍, പരാശരന്‍, സത്യന്‍ തുടങ്ങി നിരവധി മഹര്‍ഷിമാര്‍ ഈ രംഗത്തു ഗവേഷണം നടത്തുകയും അവരവരുടെ ഗവേഷണഫലങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ വസിഷ്ഠഹോര, പരാശരഹോര, സത്യഹോര തുടങ്ങിയ ബൃഹദ് ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. ഈ ഗ്രന്ഥശേഖരങ്ങള്‍ ഒരു മനുഷ്യായുസ്സുകൊണ്ടുപോലും പഠിച്ചുതീര്‍ക്കാന്‍ കഴിയാത്തതായി അനുഭവപ്പെട്ടപ്പോള്‍ വിക്രമാദിത്യ സദസ്യനായിരുന്ന വരാഹമിഹിരന്‍ ഇവയെല്ലാം സംഗ്രഹിച്ച് അര്‍ഥപുഷ്കലമായ ബൃഹജ്ജാതകം എന്ന ഒരു ചെറിയ ഗ്രന്ഥം തയ്യാറാക്കി. 6-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് വരാഹമിഹിരന്‍ ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. പില്ക്കാലത്ത് ജ്യോതിഷത്തിന്റെ അടിസ്ഥാനഗ്രന്ഥം ബൃഹജ്ജാതകമായിത്തീര്‍ന്നു. കേരളത്തിലും ബൃഹജ്ജാതത്തിന് പ്രചാരം സിദ്ധിക്കാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ബൃഹജ്ജാതകത്തെ അടിസ്ഥാനമാക്കി കേരളപണ്ഡിതന്മാര്‍ ആരംഭിച്ച ജ്യോതിഷപഠനം വമ്പിച്ച പല സംഭാവനകളും ഈ വിജ്ഞാനശാഖയ്ക്ക് നല്‍കുവാന്‍ അവരെ പ്രാപ്തരാക്കി. 13-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തലക്കുളത്തു ഭട്ടതിരിയാണ് കേരളീയ ജ്യോതിഷ പണ്ഡിതന്മാരില്‍ അഗ്രഗണ്യനായി കരുതപ്പെടുന്നത്. ബൃഹജ്ജാതകത്തിന് ഇദ്ദേഹമെഴുതിയ ദശാദ്ധ്യായി എന്ന വ്യാഖ്യാനം ശ്രദ്ധേയമാണ്. ജ്യോതിഷസിദ്ധാന്തങ്ങളുടെ വിശദവും ആധികാരികവുമായ ചര്‍ച്ചയാണ് ഇതിലുള്ളത്. പിന്നീടു നടന്ന ജ്യോതിഷ ഗവേഷണങ്ങള്‍ക്കെല്ലാം ഇത് അടിസ്ഥാനമായിത്തീര്‍ന്നു.

ജാതകം, പ്രശ്നം, നിമിത്തം, മുഹൂര്‍ത്തം എന്നിങ്ങനെ വിവിധ ശാഖകള്‍ ജ്യോതിഷത്തിനുണ്ട്. ജനനസമയത്തെ ഗ്രഹനിലകള്‍ നോക്കി ഭാവി പ്രവചിക്കുകയാണ് ജാതകം ചെയ്യുന്നത്. ജ്യോതിഷിയെ സമീപിച്ച് ഏതെങ്കിലും വിഷയത്തെപ്പറ്റി ചോദിക്കുന്ന (പ്രശ്നം ചെയ്യുന്ന) ആളിനോട് ആ സമയത്തെ ഗ്രഹനിലകളെ അടിസ്ഥാനമാക്കി ആ വിഷയത്തെ സംബന്ധിക്കുന്ന ഭൂത, വര്‍ത്തമാന, ഭവിഷ്യത്കാര്യങ്ങള്‍ പറയുകയാണ് പ്രശ്നത്തില്‍ ചെയ്യുന്നത്. രാശിചക്രം വരച്ച് അതില്‍ ഒരു കളത്തില്‍ ആ ആളിനെക്കൊണ്ട് ഒരു സ്വര്‍ണനാണയം വയ്പിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ഫലങ്ങള്‍ പറയുന്ന സമ്പ്രദായവും പ്രശ്നത്തില്‍ ഉള്‍പ്പെടുന്നു. പ്രകൃതി ഓരോ സംഭവത്തിനും മുന്‍സൂചനകള്‍ നല്‍കുന്നു എന്ന സങ്കല്പത്തിലാണ് നിമിത്തശാസ്ത്രം വളര്‍ന്നത്. യാദൃച്ഛികമായി കാണുകയോ കേള്‍ക്കുകയോ ചെയ്യുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി ഫലങ്ങള്‍ പറയുകയാണ് ഇതിലെ രീതി. ഓരോ കാര്യവും ആരംഭിക്കുന്നതിനുള്ള നല്ല സമയങ്ങള്‍ നിര്‍ണയിക്കുകയാണ് മുഹൂര്‍ത്തശാസ്ത്രത്തിന്റെ ലക്ഷ്യം. ഇങ്ങനെയുള്ള ജ്യോതിഷശാഖകള്‍ക്കും ശ്രദ്ധേയങ്ങളായ സംഭാവനകള്‍ നല്‍കാന്‍ കേരളീയ പണ്ഡിതന്മാര്‍ക്കു കഴിഞ്ഞു. ജാതകസംബന്ധമായി അവര്‍ നേടിയ അറിവുകള്‍ ബൃഹജ്ജാതക വ്യാഖ്യാനങ്ങളിലാണ് അധികവും ക്രോഡീകരിച്ചിരിക്കുന്നത്. ബൃഹജ്ജാതകത്തിന് വിവരണം, പ്രകാശിക, ജയമംഗല തുടങ്ങി നിരവധി വ്യാഖ്യാനങ്ങള്‍ കേരളീയ പണ്ഡിതന്മാര്‍ എഴുതിയിട്ടുണ്ട്. ഇതോടൊപ്പം പുതുമന ചോമാതിരിയുടെ ജാതകാദേശം പോലെയുള്ള നിരവധി സ്വതന്ത്ര ഗ്രന്ഥങ്ങളും രചിക്കപ്പെട്ടു. ഇവയിലെല്ലാം കേരളത്തില്‍ മാത്രം പ്രചാരമുള്ള ഫലാദേശ സമ്പ്രദായങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇവ കേരളത്തിന്റെ സംഭാവനകളാണെന്നു തീര്‍ത്തുപറയാം. പ്രശ്നം, നിമിത്തം എന്നീ ജ്യോതിഷശാഖകള്‍ തന്നെ കേരളത്തിന്റെ സംഭാവനകളായി ഗണിക്കാവുന്നതാണ്. ഏതായാലും കേരളത്തില്‍ പ്രചരിച്ചു കാണുന്ന വിധത്തിലുള്ള പ്രശ്ന സമ്പ്രദായം ഭാരതത്തില്‍ മറ്റൊരിടത്തും നിലവിലില്ല. തലക്കുളത്തു ഭട്ടതിരിയും അദ്ദേഹത്തിന്റെ പുത്രനായ പാഴൂര്‍ കണിയാരും ഈ മണ്ഡലത്തിലെ അതികായന്മാരാണ്. ഭട്ടതിരിയുടെ ഭൌതികാവശിഷ്ടങ്ങളുടെ മുകളില്‍ പണിതുയര്‍ത്തിയ പാഴൂര്‍ പടിപ്പുര കേരളീയ ജ്യോതിഷ പഠനത്തിന്റെ സിരാകേന്ദ്രമായി നൂറ്റാണ്ടുകളോളം നിലനിന്നു. എടയ്ക്കാട്ടു നമ്പൂതിരിയുടെ പ്രശ്നമാര്‍ഗമാണ് പ്രശ്നവിഷയത്തില്‍ കേരളത്തിന്റെ സംഭാവനകള്‍ ഉള്‍ക്കൊള്ളുന്ന ഏറ്റവും പ്രധാന ഗ്രന്ഥം. ഇതിനെ അടിസ്ഥാനമാക്കി പ്രശ്നസാരം, പ്രശ്നരീതി, പ്രശ്നദീപിക തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. നിമിത്തശാസ്ത്രസംബന്ധമായ ഗവേഷണ ഫലങ്ങളും ഈ ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. മാത്തൂര്‍ നമ്പൂതിരിയുടെ മുഹൂര്‍ത്തപദവി എന്ന ഗ്രന്ഥവും അതിന് മഹിഷമംഗലം നമ്പൂതിരി എഴുതിയ വ്യാഖ്യാനവും മുഹൂര്‍ത്തവിഷയത്തില്‍ കേരളം നല്‍കിയ മഹത്തായ സംഭാവനകള്‍ ഉള്‍ക്കൊള്ളുന്നു.

ആയുര്‍വേദം

അതിപുരാതനകാലംമുതല്‍ ആയുര്‍വേദ ചികിത്സാ സമ്പ്രദായം കേരളത്തില്‍ പ്രചരിച്ചിരുന്നു. വാഗ്ഭടാചാര്യന്റെ അഷ്ടാംഗഹൃദയവും, അഷ്ടാംഗസംഗ്രഹവുമാണ് പ്രധാന ആധാരഗ്രന്ഥങ്ങളായി അംഗീകരിക്കപ്പെട്ടിരുന്നത്. വാഗ്ഭടാചാര്യന്‍തന്നെ കേരളത്തില്‍ വരികയും കേരളീയപണ്ഡിതന്മാര്‍ക്ക് ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കുകയും ചെയ്തതായി ഐതിഹ്യമുണ്ട്. അദ്ദേഹം അഷ്ടാംഗഹൃദയം രചിച്ചത് കേരളത്തില്‍ വച്ചാണെന്നുവരെ വിശ്വസിക്കപ്പെടുന്നു. വാഗ്ഭടനില്‍ നിന്ന് ഉത്തേജനം നേടിയ കേരളീയ പണ്ഡിതന്മാര്‍ ആയുര്‍വേദത്തില്‍ പുതിയ പല പരിഷ്കാരങ്ങളും വരുത്തുകയുണ്ടായി. ഒരു സ്വതന്ത്രശാസ്ത്ര ശാഖയായി ആയുര്‍വേദം കേരളത്തില്‍ വളര്‍ന്നു. നോ: ആയുര്‍വേദം

മന്ത്രശാസ്ത്രവും തന്ത്രശാസ്ത്രവും

ക്ഷേത്രാരാധനയുമായി ബന്ധപ്പെട്ട രണ്ടു ശാസ്ത്രങ്ങളാണ് മന്ത്രശാസ്ത്രവും തന്ത്രശാസ്ത്രവും. അഥര്‍വവേദത്തിന്റെ ശാഖകളായി പരിഗണിക്കപ്പെടുന്ന ഈ ശാസ്ത്രശാഖകള്‍ക്കും കേരളം വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഈ ശാസ്ത്രങ്ങളില്‍ കേരളീയര്‍ക്കുണ്ടായിരുന്ന വൈദുഷ്യം വിദേശസഞ്ചാരികളുടെ പോലും ശ്രദ്ധയില്‍പ്പെടുകയുണ്ടായി. മന്ത്രതന്ത്രങ്ങള്‍ പാരമ്പര്യമായി കൈകാര്യം ചെയ്തിരുന്ന നിരവധി കുടുംബങ്ങള്‍ കേരളത്തില്‍ ഉണ്ട്. കല്ലൂര്, സൂര്യകാലടി, ഭദ്രകാളിമറ്റപ്പള്ളി, ആണ്ടലാടി തുടങ്ങിയ ഇല്ലങ്ങള്‍ ഈ രംഗത്ത് പ്രശസ്തി നേടിയവയാണ്. മനസ്സിന്റെ ഏകാഗ്രതകൊണ്ട് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ എങ്ങനെ കഴിയുമെന്ന് പഠിച്ചു പ്രയോഗിച്ചവരാണ് ഈ ശാസ്ത്രശാഖകള്‍ കൈകാര്യം ചെയ്തവര്‍. അങ്ങനെ കേരളത്തിന്റേതായ ഒരു മന്ത്രവാദ ശൈലിയും തന്ത്രസമ്പ്രദായവും ഇവര്‍ വളര്‍ത്തിയെടുത്തു. നിരവധി മന്ത്രതന്ത്ര ഗ്രന്ഥങ്ങളും പല കാലത്തായി കേരളത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. പക്ഷേ അവയില്‍ ചുരുക്കം ചിലതു മാത്രമേ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളൂ. പ്രപഞ്ചസാരം തുടങ്ങിയ മന്ത്രഗ്രന്ഥങ്ങളും തന്ത്രസമുച്ചയം പോലുള്ള തന്ത്രഗ്രന്ഥങ്ങളും പ്രത്യേകം സ്മരണീയങ്ങളാണ്.

വാസ്തുവിദ്യ

കെട്ടിടനിര്‍മാണം സംബന്ധിച്ച് കേരളത്തില്‍ പ്രാചീനകാലം മുതല്‍ നിലവിലിരുന്ന നിയമങ്ങളും ചിട്ടകളും പറയത്തക്ക മാറ്റങ്ങളില്ലാതെ ഇവിടത്തെ ഭൂരിപക്ഷം കെട്ടിടങ്ങളുടെയും കാര്യത്തില്‍ ഇപ്പോഴും തുടര്‍ന്നുവരുന്നു. ഭാരതത്തിലെ മറ്റു ഭാഗങ്ങളില്‍ വിദേശീയാക്രമണത്തിന്റെയും മറ്റും ഫലമായി പലതരത്തിലുള്ള മാറ്റങ്ങള്‍ വന്നുകൊണ്ടിരുന്നപ്പോഴും കേരളത്തില്‍ വാസ്തുവിദ്യയ്ക്ക് ഗണ്യമായ മാറ്റങ്ങളൊന്നും വന്നുചേര്‍ന്നില്ല. പുതിയ നിര്‍മാണവസ്തുക്കളും ആധുനിക സാങ്കേതികവിദ്യകളും പ്രയോഗത്തിലുണ്ടെങ്കിലും അടിസ്ഥാനപരമായ ആസൂത്രണത്തെ സംബന്ധിച്ചിടത്തോളം ക്ഷേത്രങ്ങളും ഏറിയപങ്കു പാര്‍പ്പിടങ്ങളും പഴയ നിയമങ്ങളെയും ചിട്ടകളെയും ഇപ്പോഴും അനുവര്‍ത്തിച്ചുവരുന്നു എന്നതാണ് വാസ്തവം. അത്രത്തോളം സജീവമാണ് ഇന്നും പരമ്പരാഗതമായ കേരളീയ വാസ്തുവിദ്യ.

സ്വാധീനതകള്‍. എല്ലാ സ്ഥലങ്ങളിലെ വാസ്തുവിദ്യയിലും പല തരത്തിലുള്ള പ്രാദേശിക സ്വാധീനതകള്‍ പ്രകടമാകാറുണ്ട്. കാലാവസ്ഥ, നിര്‍മാണപദാര്‍ഥങ്ങളുടെ ലഭ്യത, ഭൂപ്രകൃതി മുതലായവ വാസ്തുവിദ്യാകാര്യങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കേരളീയ വാസ്തുവിദ്യാമാതൃക-കനകകുന്ന് കൊട്ടാരം,തിരുവനന്തപുരം

  • ഭൂമിശാസ്ത്രപരം. ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ കേരളം ഏറെക്കാലം ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു കിടന്നിരുന്നു. കിഴക്കുള്ള പശ്ചിമഘട്ടവും പടിഞ്ഞാറും തെക്കുമുള്ള കടലുകളും കേരളത്തിനെ വേര്‍തിരിച്ചു സംരക്ഷിച്ചതിന്റെ ഫലമായി പൗരാണികമായ ഒരു വാസ്തുവിദ്യാപാരമ്പര്യം മറ്റിടങ്ങളില്‍ നിന്നും പലതുകൊണ്ടും വ്യത്യസ്തമായി ഇവിടെ നിലനിന്നുപോന്നു.
  • ഭൂവിജ്ഞാനീയപരം. അതതു സ്ഥലത്തെ ഭൂവിജ്ഞാനീയ നിക്ഷേപങ്ങള്‍ അവിടങ്ങളിലെ വാസ്തുവിദ്യയെ ഒരളവുവരെ സ്വാധീനിക്കാറുണ്ട്. ഗൃഹനിര്‍മാണത്തിന് കേരളത്തിലെ മലമ്പ്രദേശങ്ങളില്‍ വെട്ടുകല്ലും കരിങ്കല്ലും സമൃദ്ധമായി ലഭിക്കുന്നു; തീരപ്രദേശങ്ങളില്‍ കളിമണ്ണും കളിമണ്ണുകൊണ്ടു നിര്‍മിക്കുന്ന ഇഷ്ടികകളും.
  • നിര്‍മാണപദാര്‍ഥപരം.

തടി നിര്‍മിതി

തടി. കേരളം മരത്തിന്റെ കാര്യത്തില്‍ സമ്പന്നമാണ്. വനപ്രദേശങ്ങളില്‍ തേക്ക്, ഈട്ടി തുടങ്ങിയ തടികളും, സമതലങ്ങളിലും കടല്‍ത്തീരത്തും പ്ലാവ്, ആഞ്ഞിലി, തെങ്ങ് മുതലായവയും സുലഭമാണ്. കെട്ടിടനിര്‍മാണത്തിന് ഉപയോഗിച്ചുവരുന്ന തടികളും ഇവതന്നെ. മധ്യകേരളത്തിലും തെക്കന്‍കേരളത്തിലും തടികൊണ്ട് അറയും നിരയുമായി പണിത ഗൃഹങ്ങള്‍ക്കായിരുന്നു പ്രചുരപ്രചാരം. അടിസ്ഥാനവും തറയും മേച്ചിലും ഒഴിച്ച് ഗൃഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ മുഴുവന്‍ തടികൊണ്ടാണ് പണിതിരിക്കുന്നത്. കടല്‍ത്തീരത്തു സുലഭമായ തെങ്ങിന്‍തടിയാണ് തീരപ്രദേശങ്ങളില്‍ ഗൃഹനിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത്. തെങ്ങിന്‍തടികളെ മണ്ണില്‍ കുഴിച്ചിടുന്ന തൂണുകളായിട്ടാണ് അധികമായും പ്രയോജനപ്പെടുത്തിയിരുന്നത്. ഉപ്പുരസമുള്ള തീരദേശമണ്ണില്‍ വളരെക്കാലം കേടുകൂടാതെയിരിക്കുന്നു എന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്.

ഇഷ്ടിക. സിന്ധൂനദീതട സംസ്കാരകാലഘട്ടം മുതല്‍ ഇന്ത്യയിലെ സ്ഥപതികള്‍ക്ക് അറിയാവുന്ന ഒരു കലയായിരുന്നു ഇഷ്ടികാനിര്‍മാണം. പുരാണഗ്രന്ഥങ്ങളില്‍ ഇഷ്ടിക ഉണ്ടാക്കുന്ന രീതി, ഇഷ്ടികകള്‍ ഗൃഹനിര്‍മാണത്തിന് ഉപയോഗിക്കേണ്ട വിധം എന്നിവയെപ്പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. തന്ത്രസമുച്ചയപ്രകാരം ക്ഷേത്രങ്ങളുടെ ശ്രീകോവില്‍ പണിയാന്‍ ഇഷ്ടികയാണ് ഉപയോഗിച്ചു വന്നിരുന്നത് എന്ന് വ്യക്തമാകുന്നുണ്ട്.

കരിങ്കല്ല്. കരിങ്കല്ല് കേരളത്തില്‍ സുലഭമായി ഉണ്ടായിരുന്നെങ്കിലും കേരളത്തിലെ ഗൃഹനിര്‍മാണത്തിനും ക്ഷേത്രനിര്‍മാണത്തിനും പുരാതനകാലത്ത് വളരെക്കുറച്ചു മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. കരിങ്കല്ലിന്റെ മേന്മകളെപ്പറ്റിയുള്ള അജ്ഞതയായിരിക്കാം ഇതിനു കാരണം. ആദ്യകാലങ്ങളില്‍ കരിങ്കല്ല് ഉപയോഗിച്ചിരുന്നതുതന്നെയും തടികൊണ്ടുണ്ടാക്കുന്ന ഭാഗങ്ങളുടെ അനുകരണങ്ങളെന്ന നിലയ്ക്കായിരുന്നു. പില്ക്കാലത്ത് കരിങ്കല്ലിന്റെ പ്രയോജനം മനസ്സിലാക്കുകയും തൂണുകള്‍ മുതലായവയ്ക്ക് ഇതിനെ ഉപയോഗിച്ചുതുടങ്ങുകയും ചെയ്തു.

വെട്ടുകല്ല്. കേരളത്തിലെ മലമ്പ്രദേശങ്ങളില്‍നിന്ന് ധാരാളമായി വെട്ടിയെടുക്കുന്ന കല്ലാണ് ഈ അടുത്തകാലംവരെ ഗൃഹനിര്‍മാണത്തിനും ക്ഷേത്രനിര്‍മാണത്തിനും ഉപയോഗിച്ചുവന്നത്. ഇഷ്ടമുള്ള അളവിലും രൂപത്തിലും മുറിച്ചെടുക്കാം എന്നൊരു ഗുണം കൂടി ഇതിനുണ്ട്. ഇതു ബലത്തില്‍ ഇഷ്ടികയുടെ അടുത്തുനില്‍ക്കും. അടിസ്ഥാനത്തിനും ഭിത്തിക്കും ഇതു സാധാരണയായി ഉപയോഗിച്ചുവരുന്നു. ഇന്നും കേരളത്തിലെ പല പ്രദേശങ്ങളിലും പ്രത്യേകിച്ചും വടക്കന്‍ കേരളത്തില്‍ വെട്ടുകല്ല് ഒരു ഗൃഹനിര്‍മാണ പദാര്‍ഥമാണ്.

ഓട്. ആദ്യകാലങ്ങളില്‍ കെട്ടിടങ്ങള്‍ മേയാന്‍ ഉപയോഗിച്ചിരുന്നത് ഓല, വയ്ക്കോല്‍ തുടങ്ങിയവയായിരുന്നു. വര്‍ഷന്തോറും മാറ്റിമേയണം എന്നതിനുപുറമേ, എളുപ്പം തീ പിടിക്കുന്ന വസ്തുക്കളാണ് എന്ന മറ്റൊരു ദോഷവും ഇവയ്ക്കുണ്ട്. കാലക്രമേണ ഓലയ്ക്കും വയ്ക്കോലിനും പകരം കളിമണ്ണുകൊണ്ടുണ്ടാക്കുന്ന ഓടുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഓടുകള്‍ക്ക് പ്രാദേശികമായ ആകൃതി വ്യത്യാസമുണ്ടെങ്കിലും ഓടു നിര്‍മാണത്തിനുള്ള അടിസ്ഥാന പദാര്‍ഥം കളിമണ്ണു തന്നെയാണ്. കളിമണ്ണ് സുലഭമായ പ്രദേശങ്ങളില്‍ മുമ്പ് ഓടുവ്യവസായം വന്‍തോതില്‍ നടന്നിരുന്നു. കെട്ടിടനിര്‍മാണത്തിന് സിമന്റ് സര്‍വസാധാരണമായി തീരുന്നതിനുമുമ്പ് വരെ ഓടായിരുന്നു കെട്ടിടങ്ങള്‍ മേയാന്‍ ഉപയോഗിച്ചിരുന്നത്.

കാലാവസ്ഥാപരം. ഓരോ സ്ഥലത്തെയും വാസ്തുവിദ്യയെ അടിസ്ഥാനപരമായി ബാധിക്കുന്ന ഒരു ഘടകമാണ് കാലാവസ്ഥ. കെട്ടിടം നിര്‍മിക്കുന്നതിന്റെ പ്രധാനോദ്ദേശ്യം മനുഷ്യര്‍ക്കു പ്രതികൂലമായ കാലാവസ്ഥയില്‍നിന്നും സംരക്ഷണം നല്‍കുക എന്നതാണ്. കെട്ടിടത്തിന്റെ ബാഹ്യവും ആന്തരികവുമായ ആസൂത്രണത്തില്‍ കാലാവസ്ഥയെയും മുഖ്യമായി പരിഗണിക്കേണ്ടതാണ്. പ്രതികൂലമായ കാലാവസ്ഥയിലും ഏറ്റവുമധികം സുഖം പ്രദാനം ചെയ്യുംവിധം കെട്ടിടനിര്‍മാണത്തിന്റെ രൂപകല്പന കാലാകാലങ്ങളില്‍ മാറ്റങ്ങള്‍ക്കു വിധേയമാകുന്നു. അന്തിമരൂപരേഖ അതതു സ്ഥലത്തിന് ഏറ്റവും യോജിച്ചതായിരിക്കുകയും ചെയ്യും. കേരളത്തിലെ കാലാവസ്ഥയെ പ്രധാനമായി രണ്ടായി തിരിക്കാം: ഇടവം മുതല്‍ തുലാം വരെ മഴക്കാലം. അതു കഴിഞ്ഞാല്‍ ഉഷ്ണകാലം. മഴക്കാലത്തും ചൂടുകാലത്തും ഈര്‍പ്പം കൂടുതലായിരിക്കും. മഴക്കാലത്തും ചൂടിനു പറയത്തക്ക കുറവു സംഭവിക്കുന്നില്ല. എന്നാല്‍, ഉഷ്ണകാലത്തും മഴക്കാലത്തും ചൂടിനെക്കാള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത് ഈര്‍പ്പമാണ്. ഈ ഈര്‍പ്പമില്ലാതാക്കുന്നതിന് വീടുകളില്‍ വായുസഞ്ചാരം സുഗമമാക്കേണ്ടതുണ്ട്. ശക്തമായ മഴയില്‍നിന്നും കെട്ടിടങ്ങള്‍ക്ക് സംരക്ഷണം കിട്ടുന്ന തരത്തില്‍ രൂപകല്പന ചെയ്തിട്ടുള്ള ചെങ്കുത്തായ മേല്‍ക്കൂരയും, തള്ളിനില്‍ക്കുന്ന ഇറമ്പും, വീടിനു ചുറ്റും വീതിയുള്ള വരാന്തയും കേരള വാസ്തുവിദ്യയുടെ പ്രത്യേകതകളാണ്. വായുസഞ്ചാരം ഏറ്റവും സുഗമമാക്കുന്നതിന് നേരേ നേരേ ജനലുകളും വാതിലുകളും കൊടുക്കേണ്ടതുണ്ട്. ഈ ആവശ്യങ്ങള്‍ എല്ലാം ഉള്‍ക്കൊണ്ടുകൊണ്ടാണ് കേരളത്തിന്റെ തനതായ വാസ്തുവിദ്യ ഉരുത്തിരിഞ്ഞിട്ടുള്ളത്. പുരാതനകാലംമുതല്‍ ആധുനിക കാലംവരെയുള്ള കെട്ടിടങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന പദാര്‍ഥങ്ങള്‍ക്കും സാങ്കേതികവിദ്യയ്ക്കും മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി കേരളീയ വാസ്തുവിദ്യക്ക് പറയത്തക്ക മാറ്റം വരാത്തതിനുള്ള പ്രധാനകാരണം ഇതുതന്നെയാവാം.

ഘടനാപരം. കെട്ടിടത്തിന്റെ രൂപകല്പന, ബാഹ്യമായ ആകൃതി എന്നിവ നിര്‍മാണപദാര്‍ഥങ്ങളുടെ ഘടനയെയും ആശ്രയിച്ചിരിക്കും. നിര്‍മാണ പദാര്‍ഥങ്ങളുടെ ഘടനാപരമായ സ്വഭാവങ്ങള്‍ ഒരു പരിധിവരെ വാസ്തുവിദ്യാശൈലിയേയും സ്വാധീനിക്കുന്നുണ്ടെന്ന് ഇതു വ്യക്തമാക്കുന്നു. കേരളീയ വാസ്തുവിദ്യയ്ക്കു പരക്കേ ഉപയോഗിക്കുന്ന വസ്തുക്കള്‍ കരിങ്കല്ല്, വെട്ടുകല്ല്, ഇഷ്ടിക, തടി എന്നിവയാണ്. കരിങ്കല്ല്, വെട്ടുകല്ല്, ഇഷ്ടിക എന്നിവയ്ക്കു ഞെരുക്കുശക്തി (Compressive force) താങ്ങാന്‍ കഴിവുള്ളതുകൊണ്ട് ഭിത്തി, തൂണുകള്‍, അടിത്തറ എന്നിവയ്ക്ക് ഇവ ഉപയോഗിക്കുന്നു. വളയല്‍ശക്തി (bending force) താങ്ങുന്നതിന് തടി ആയിരുന്നു സാധാരണ ഉപയോഗിച്ചിരുന്നത്. ഒരളവുവരെ കരിങ്കല്ലും ഉപയോഗിച്ചിരുന്നതായി കാണാം. രണ്ടിനും വളയല്‍ശക്തി താങ്ങാനുള്ള ശേഷിക്കു പരിധിയുണ്ട്. ഇക്കാരണത്താല്‍ വളരെ വലിയ ഇടയകലം (span) കൊടുക്കാന്‍ കഴിയാത്തതുകൊണ്ട് താരതമ്യേന ചെറിയ ഇടയകലമാണ് ബഹുഭൂരിപക്ഷം കെട്ടിടങ്ങള്‍ക്കും ഉണ്ടായിരുന്നത്. വാതിലുകള്‍, ജനലുകള്‍ എന്നിവയുടെ വിസ്താരത്തിനെയും ഇതു ബാധിക്കാറുണ്ട്.

മേല്ക്കൂരയുടെ പണിയെ ആണ് ഈ പരിമിതി ഗണ്യമായി ബാധിച്ചിട്ടുള്ളത്. തടി ഉപയോഗിച്ച് ഏറ്റവും ലളിതമായ ചരിവുമേല്‍ക്കൂര നിര്‍മിക്കാവുന്നതു നീളത്തില്‍ പരുവപ്പെടുത്തിയ രണ്ടു തടിക്കഷണങ്ങള്‍ ഉപയോഗിച്ചാണ്. പക്ഷേ മുകളില്‍ ഭാരം വരുമ്പോള്‍ ഇവയുടെ ചരിവ് നഷ്ടപ്പെടുന്നു. ഇതിനു പ്രതിവിധിയായി മൂന്നാമതൊരു നീണ്ട തടിക്കഷണംകൂടി പിടിപ്പിക്കുമ്പോള്‍ ഏറ്റവും ലളിതമായ ഒരു മേല്‍ക്കൂരയുടെ ഭാഗമാകും. ഇത്തരം പല ഭാഗങ്ങള്‍ കൂട്ടിവച്ച് ചതുരം, ദീര്‍ഘചതുരം എന്നിങ്ങനെയുള്ള കെട്ടിടങ്ങള്‍ക്ക് യോജിക്കുന്ന മേല്ക്കൂരകള്‍ നിര്‍മിക്കുന്നു. നീളമേറിയ മേല്ക്കൂരയ്ക്ക് കൂടുതല്‍ ഉറപ്പിനുവേണ്ടി നീളക്കൂടുതലുള്ള മോന്തായം ഉപയോഗിച്ചുതുടങ്ങി. ഭിത്തിക്കു മുകളില്‍ മേല്ക്കൂരയെ ഉറപ്പിക്കുന്നതിനുവേണ്ടി തുലാം, ഇരസില്‍വള എന്നിവയും യഥാക്രമം പ്രയോഗത്തില്‍ വന്നു. കൂടുതല്‍ വീതിയുള്ള മുറിയുടെ മേല്‍ക്കൂര പണിയുമ്പോള്‍ ഉറപ്പിനുവേണ്ടി ഇടയ്ക്കൊരുത്തരംകൂടി ഉപയോഗിക്കുന്നു. ഇതിന് ആരൂഢോത്തരം എന്നാണ് പേര്. ഭിത്തിക്കു മുകളിലുള്ള ഉത്തരം വാരോത്തരം എന്നും ഇറമ്പിന്റെ അറ്റത്തുള്ളത് വാമട എന്നും അറിയപ്പെടുന്നു. വൃത്താകൃതിയിലുള്ള ക്ഷേത്രത്തിനും മറ്റും ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെയാണ് മേല്‍ക്കൂര പണിയുന്നത്.

മതപരം. മേല്പറഞ്ഞ വസ്തുതകള്‍ കെട്ടിടത്തിന്റെ ബാഹ്യമായ ആകൃതിയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ടെങ്കിലും, കെട്ടിടത്തിന്റെ ആന്തരികമായ രൂപകല്പനയിലും ആസൂത്രണത്തിലും മതപരമായ സ്വാധീനതയാണ് ഏറ്റവും കൂടുതല്‍ പ്രകടമാവുന്നത്. വാസ്തുവിദ്യ വേദകാലങ്ങളില്‍ ഋഷികള്‍ക്ക് അറിയാമായിരുന്ന 32 ശാസ്ത്രങ്ങളില്‍ ഒന്നാണ് എന്നു ഐതിഹ്യം ഉദ്ഘോഷിക്കുന്നു. പ്രപഞ്ചസ്രഷ്ടാവായ ബ്രഹ്മാവു തന്നെയാണ് ഈ ശാസ്ത്രത്തിന്റെയും ഉപജ്ഞാതാവായി അറിയപ്പെടുന്നത്. പില്ക്കാലത്ത് കശ്യപന്‍, പരാശരന്‍, മയന്‍ തുടങ്ങിയവര്‍ ബ്രഹ്മപ്രോക്തമായ ഈ ശാസ്ത്രത്തെ വ്യാഖ്യാനിച്ചു വിശദീകരിച്ചു എന്നാണ് വിശ്വസിച്ചുപോരുന്നത്. ഈ വിഷയത്തില്‍ കേരളത്തില്‍ പരക്കേ ഉപയോഗത്തിലുള്ള രണ്ടു കൃതികള്‍ മനുഷ്യാലയചന്ദ്രികയും തന്ത്രസമുച്ചയവും ആണ്. മനുഷ്യാലയചന്ദ്രിക മനുഷ്യഗേഹങ്ങളെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ തന്ത്രസമുച്ചയം ക്ഷേത്ര വാസ്തുവിദ്യയെപ്പറ്റി പ്രപഞ്ചനം ചെയ്യുന്നു. രണ്ടിലും ഉപയോഗിച്ചിരിക്കുന്ന അടിസ്ഥാന തത്ത്വങ്ങള്‍ക്ക് ഗണ്യമായ സാമ്യമുണ്ട്.

അളവുകള്‍. ഏതു ശില്പകലയ്ക്കും ചില മാനക (standard) അളവുകള്‍ ആവശ്യമാണ്. വാസ്തുവിദ്യയ്ക്ക് ഉപയോഗിക്കുന്ന അളവുകള്‍ക്ക് ആധാരമായിരിക്കുന്നത് ഒരു ശരാശരി മനുഷ്യന്റെ അളവുകളാണ്. വീടു നിര്‍മിക്കുന്ന ഗൃഹനാഥന്റെ ഉയരമാണ് അടിസ്ഥാന-അളവ്. ഈ ഉയരത്തില്‍ 1/96 ഭാഗമാണ് ഒരു അംഗുലമായി എടുക്കുന്നത്. പക്ഷേ മനുഷ്യരുടെ ഉയരം വ്യത്യസ്തമായിരിക്കുന്നതിനാല്‍ ഓരോ കെട്ടിടം പണിയുമ്പോഴും അംഗുലത്തിന്റെ തോതിന് മാറ്റം വരുത്തേണ്ടിവരുന്നു. ഈ ബുദ്ധിമുട്ടൊഴിവാക്കാന്‍വേണ്ടി മാനകാംഗുലം (standard angulam) എന്ന ഒരു തോത് നിശ്ചയിച്ചു. ഈ മാനകാംഗുലത്തിന്റെ നീളം 8 യവങ്ങള്‍ അടുത്തടുത്തു വച്ചാല്‍ കിട്ടുന്ന നീളമാണ്. ഗോതമ്പുവര്‍ഗത്തില്‍പ്പെട്ടതും, നെല്ലുപോലുള്ളതുമായ ഒരു ധാന്യമാണ് യവം. ആധുനികകാലത്ത് ഉപയോഗത്തിലുള്ള ഇഞ്ചിനോട് വളരെ അടുത്തുവരുന്ന അളവാണ് അംഗുലം. അംഗുലം വളരെ ചെറിയ അളവായതിനാല്‍ സൗകര്യത്തിന് വലിയ ഒരളവുകൂടി സാധാരണയായി ഉപയോഗിച്ചുവരുന്നു. അതിനെ കോല്‍ എന്നാണ് പറയുന്നത്. സാധാരണയായി ഒരു കോലിന്റെ ദൈര്‍ഘ്യം 24 അംഗുലമാണ്. എങ്കിലും പലതരത്തിലുള്ള കോലുകള്‍ (ഉദാ: 23 അംഗുലം, 25 അംഗുലം) ഉപയോഗത്തിലുണ്ട്. കേരളീയ വാസ്തുവിദ്യയില്‍ ക്ഷേത്രനിര്‍മാണം, ഗൃഹനിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട രണ്ടു വിഭാഗങ്ങളുണ്ട്. രണ്ടിനും വളരെയധികം നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടെങ്കിലും ഗൃഹനിര്‍മാണത്തിന്റെ കാര്യത്തില്‍ നിയന്ത്രണാദികള്‍ കര്‍ശനമായി പിന്തുടര്‍ന്നു വന്നിരുന്നു. ലക്ഷണഹീനങ്ങളായ വീടുകളില്‍ താമസിച്ചാല്‍ പലതരം കഷ്ടപ്പാടും മരണംതന്നെയും ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെട്ടിരുന്നതുകൊണ്ടാണ് ഈ നിയമങ്ങളെ വളരെ ഗൗരവമായിത്തന്നെ പാലിച്ചിരുന്നത്.

സ്ഥാനനിര്‍ണയം. കേരളത്തില്‍ പരമ്പരാഗത രീതിയനുസരിച്ച് പാര്‍പ്പിടങ്ങളുടെ സ്ഥാനനിര്‍ണയത്തെ സ്വാധീനിക്കുന്ന പൊതുതത്ത്വങ്ങള്‍ നിലവിലുണ്ട്. ഉപയോഗ യോഗ്യങ്ങളായ ഫലവൃക്ഷങ്ങള്‍ ധാരാളമുണ്ടായിരിക്കുക, മയമുള്ള മണ്ണായിരിക്കുക, ചവിട്ടുമ്പോള്‍ ഗംഭീരമായ ശബ്ദമുണ്ടാക്കുക, പ്രദക്ഷിണമായി വെള്ളമൊഴിക്കുക, ഏതു കാലത്തും വെള്ളത്തിന് ക്ഷാമമില്ലാതിരിക്കുക, വിത്തുവിതച്ചാല്‍ ഉടന്‍ മുളയ്ക്കുക എന്നീ പ്രത്യേകതകളുള്ള ഭൂമി ഗൃഹനിര്‍മാണത്തിനു യോജിച്ചതാണ്. ഭൂമിയുടെ തെക്കും പടിഞ്ഞാറും ഭാഗങ്ങള്‍ ഉയര്‍ന്നിരുന്നാല്‍ ശുഭമായും കരുതപ്പെടുന്നു. ഭൂമിക്ക് ചതുരമോ ദീര്‍ഘചതുരമോ ആയ ആകൃതിയായിരിക്കണം. വൃത്താകൃതിയായോ അര്‍ധചന്ദ്രാകൃതിയായോ ഇരിക്കുക, മൂന്നോ അഞ്ചോ ആറോ കോണുകള്‍ ഉണ്ടായിരിക്കുക, ശൂലംപോലെ മൂന്നു മുനയോടോ കൊമ്പുമുറംപോലെ രണ്ടു കോണോടോകൂടിയിരിക്കുക, മത്സ്യം, ആന, ആമ ഇവയുടെ പുറംപോലെയോ, പശുവിന്റെ മുഖം പോലെയോ ഇരിക്കുക ഇവയൊക്കെ ചീത്ത ലക്ഷണങ്ങളായും കരുതപ്പെടുന്നു.

ഭൂമി കുഴിക്കുമ്പോള്‍ ഭസ്മം, കരിക്കട്ട, ഉമി, അസ്ഥി, തലമുടി, പുഴു എന്നിവ കാണുകയോ പുറ്റുള്ളതായിരിക്കുകയോ മണ്ണ് ദുര്‍ഗന്ധമുള്ളതായിരിക്കുകയോ ചെയ്താല്‍ ആ ഭൂമി ലക്ഷണയുക്തമല്ലെന്നും വിശ്വസിക്കപ്പെടുന്നു.

ഒരു കുഴി കുഴിച്ച മണ്ണ് വീണ്ടും കുഴിയില്‍ ഇടുമ്പോള്‍ മണ്ണ് അധികം വരികയാണെങ്കില്‍ ആ ഭൂമി നല്ലതാണത്രേ. വാസ ഗൃഹങ്ങളുണ്ടാക്കുമ്പോള്‍ അടുത്ത് ദേവാലയങ്ങളുണ്ടെങ്കില്‍ അക്കാര്യംകൂടി കണക്കാക്കിയിട്ടുവേണം സ്ഥലം തെരഞ്ഞെടുക്കേണ്ടതെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

  • ദിങ് നിര്‍ണയം. കെട്ടിടത്തിന് ചരിവ് ഉണ്ടായിരിക്കാന്‍ പാടില്ലെന്നാണ് പൊതുവേയുള്ള വിശ്വാസം. ദിങ്നിര്‍ണയത്തിന് സ്വീകരിച്ചിരുന്ന ഒരു മാര്‍ഗം താഴെപ്പറയുംപ്രകാരമാണ്. പന്ത്രണ്ടു വിരല്‍ നീളമുള്ള ഒരു കുറ്റി സമതലത്തില്‍ കുത്തനെ നിര്‍ത്തുക. കുറ്റിയുടെ നീളത്തിന്റെ ഇരട്ടി, അര്‍ധവ്യാസമുള്ള ഒരു വൃത്തം കുറ്റി കേന്ദ്രമാക്കി വരയ്ക്കുക. രാവിലെ കുറ്റിയില്‍ തട്ടി വൃത്തരേഖയില്‍ പതിക്കുന്ന സൂര്യച്ഛായയുടെ അടയാളം പടിഞ്ഞാറും വൈകുന്നേരം പതിക്കുന്നത് കിഴക്കും അടയാളപ്പെടുത്തി ഈ രണ്ട് അടയാളങ്ങളെ സ്പര്‍ശിച്ചുകൊണ്ട് ഒരു നെടുരേഖ ഉണ്ടാക്കിയാല്‍ അത് കിഴക്കുപടിഞ്ഞാറു ദിക്കാകും. ഇതില്‍നിന്നും മറ്റു ദിക്കുകളും കണ്ടുപിടിക്കാം.
  • ഖണ്ഡങ്ങള്‍. കെട്ടിടനിര്‍മാണത്തിനുപയോഗിക്കുന്ന ഭൂമിയെ പരമ്പരാഗത കേരളീയ വാസ്തുവിദ്യാപരമായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ ഖണ്ഡങ്ങളായി തിരിക്കുന്ന രീതിയാണ് താഴെ വിവരിച്ചിട്ടുള്ളത്. കിഴക്കുപടിഞ്ഞാറും തെക്കുവടക്കും ദിക്കുകള്‍ നിര്‍ണയിച്ചുകഴിഞ്ഞാല്‍ ഭൂമിയെ നാലു ഖണ്ഡങ്ങളായി ഭാഗിക്കാം. ഈ ഖണ്ഡങ്ങള്‍ യഥാക്രമം മനുഷ്യഖണ്ഡം (വടക്ക്-കിഴക്ക്), യമഖണ്ഡം (തെക്ക്-കിഴക്ക്), ദേവഖണ്ഡം (തെക്ക്-പടിഞ്ഞാറ്), അസുരഖണ്ഡം (വടക്ക്-പടിഞ്ഞാറ്) എന്നിവയാണ്. ഇതില്‍ മനുഷ്യഖണ്ഡവും ദേവഖണ്ഡവും കെട്ടിടം പണിയാന്‍ ഉപയോഗിക്കാം. സ്ഥലം വളരെ വലുതായാല്‍ ഓരോ ഖണ്ഡവും വലുതാകുമല്ലോ. അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ ഓരോ ഖണ്ഡത്തെയും നാലാക്കി വിഭജിച്ച് ദേവഖണ്ഡത്തിലെ മനുഷ്യഖണ്ഡത്തിലും മനുഷ്യഖണ്ഡത്തിലെ ദേവഖണ്ഡത്തിലും കെട്ടിടം നിര്‍മിക്കാം. വളരെ ചെറിയ സ്ഥലമാണെങ്കില്‍ ഈ ഖണ്ഡങ്ങളൊന്നും കണക്കാക്കാനാവില്ല. കെട്ടിടത്തിന്റെ മധ്യഭാഗം ദേവഖണ്ഡത്തിലോ മനുഷ്യഖണ്ഡത്തിലോ വരത്തക്കരീതിയില്‍ നിര്‍മിക്കാം.
  • സൂത്രങ്ങള്‍. കെട്ടിടനിര്‍മാണ സ്ഥലത്തെ ഖണ്ഡങ്ങളായി വിഭജിക്കുമ്പോള്‍ ഉണ്ടാകുന്ന രേഖകളെ അടിസ്ഥാനമാക്കി കെട്ടിടത്തിനുളള സ്ഥാനനിര്‍ണയം നടത്തേണ്ടതെങ്ങനെ എന്നു കാണിക്കുന്ന കേരളീയ വാസ്തുവിദ്യാപരമായ വസ്തുതകള്‍ താഴെ ചേര്‍ക്കുന്നു: ഭൂമിയെ നാലു ഖണ്ഡങ്ങളായി വിഭജിക്കുമ്പോള്‍ മധ്യത്തില്‍ക്കൂടി കിഴക്കു-പടിഞ്ഞാറായും, തെക്കു-വടക്കായും രണ്ടു സൂത്രങ്ങള്‍ (വരകള്‍) കടന്നുപോകുമല്ലോ. ഇതില്‍ കിഴക്കു-പടിഞ്ഞാറു പോകുന്ന രേഖയാണ് 'ബ്രഹ്മസൂത്രം', തെക്കു-വടക്കു പോകുന്ന രേഖ 'യമസൂത്ര'വും. ഈ രണ്ടു രേഖകളും കൂട്ടിമുട്ടുന്ന ബിന്ദുവാണ് ബ്രഹ്മസ്ഥലം. കെട്ടിടം പണിയുമ്പോള്‍ ഭൂമിയുടെ കോണോടുകോണ്‍ പോകുന്ന രണ്ട് രേഖകള്‍ കൂടി കണക്കിലെടുക്കണം. തെക്ക്-പടിഞ്ഞാറുനിന്ന് വടക്ക്-കിഴക്ക് പോകുന്ന കര്‍ണസൂത്രവും വടക്കു-പടിഞ്ഞാറുനിന്ന് തെക്ക്-കിഴക്കു പോകുന്ന മൃത്യുസൂത്രവും ആണ് ഇവ. കെട്ടിടം നിര്‍മിക്കുമ്പോള്‍ ഈ സൂത്രങ്ങള്‍ ഒന്നും മുറിയാതെ നോക്കണം. കര്‍ണസൂത്രം ഒഴിച്ചുള്ള സൂത്രങ്ങള്‍ ഒന്നും സാധാരണയായി പ്രധാന ഗൃഹത്തില്‍ തട്ടുകയില്ല. കര്‍ണസൂത്രം ഭിത്തിയില്‍ തട്ടുന്ന സ്ഥലത്ത് ദ്വാരമുണ്ടാക്കുകയും വേണം.
  • വീഥികള്‍. കേരളീയ വാസ്തുവിദ്യാപരമായി വീഥികളെ സംബന്ധിച്ചും ചില വിശ്വാസങ്ങള്‍ ഉണ്ട്. സമചതുരശ്രമാക്കിയ ഭൂമിയെ പതിനെട്ടു സമഭാഗമായി വിഭജിക്കുമ്പോള്‍ ആവരണങ്ങളായി 9 വീഥികള്‍ ഉണ്ടാകുന്നു. ഇവ, പുറമേ നിന്നുള്ള വീഥിമുതല്‍, പിശാചവീഥി, ദേവവീഥി, കുബേരവീഥി, യമവീഥി, നാഗവീഥി, ജലവീഥി, അഗ്നിവീഥി, ഗണേശവീഥി, ബ്രഹ്മവീഥി എന്നിങ്ങനെ അറിയപ്പെടുന്നു. പിശാചവീഥി, യമവീഥി, നാഗവീഥി, അഗ്നിവീഥി എന്നിവയില്‍ ഗൃഹം വരുന്നത് നിന്ദ്യമാണ്. ചെറിയ ഭൂമിയാണെങ്കില്‍ പിശാചവീഥി ഒഴിച്ചു ബാക്കി എല്ലാ വീഥികളും ഉള്‍ക്കൊള്ളുന്ന തരത്തില്‍ കെട്ടിടത്തിനു രൂപകല്പനചെയ്യാം.
  • പദങ്ങള്‍. ആചാരവിധിപ്രകാരമുള്ള പദകല്പനകള്‍ മൂന്നു വിധത്തിലുണ്ട്; അഷ്ടവര്‍ഗം, നവവര്‍ഗം, ദശവര്‍ഗം. അഷ്ടവര്‍ഗത്തില്‍ തുല്യ വിസ്താരമുള്ള 64 കളങ്ങളും നവവര്‍ഗത്തില്‍ 81 കളങ്ങളും ദശവര്‍ഗത്തില്‍ 100 കളങ്ങളുമുണ്ട്. ഈ പദങ്ങള്‍ക്ക് നാഥന്മാരായി ദേവതകളും ഉണ്ട്. ഈ ദേവതകളെ ഗൃഹം പണിയുന്നതിനു മുമ്പിലും മധ്യത്തിലും അവസാനത്തിലും ബലിനടത്തി തൃപ്തിപ്പെടുത്തുന്നത് ശുഭകരമായിരിക്കുമെന്നാണ് വിശ്വാസം.
  • മര്‍മങ്ങള്‍. മൂന്നുതരത്തില്‍ പദകല്പന നടത്താറുണ്ടെങ്കിലും ഏറ്റവും ഉത്തമമായത് നവവര്‍ഗപദമാണ്. നവവര്‍ഗ പദകല്പനയില്‍ 81 കളങ്ങളുണ്ട്. നവവര്‍ഗപദത്തിന്റെ വായു കോണില്‍ നിന്നും തുടങ്ങി അഗ്നികോണില്‍ അവസാനിക്കത്തക്ക വിധത്തില്‍ സമാന്തരമായ കര്‍ണാകരമായി അഞ്ചുരേഖകള്‍ വരയ്ക്കുക. അതുപോലെ നിരൃതികോണില്‍ നിന്നും തുടങ്ങി, ഈശാനകോണില്‍ അവസാനിക്കുന്ന അഞ്ച് സമാന്തരരേഖകള്‍ കൂടി വരയ്ക്കുക. കിഴക്കു-പടിഞ്ഞാറ്, വടക്ക്-കിഴക്ക് എന്നിങ്ങനെ പോകുന്ന വരകളെ നാഡികള്‍ എന്നും കര്‍ണാകരമായും മൃത്വാകാരമായും പോകുന്നവയെ രജ്ജുക്കള്‍ എന്നും പറയുന്നു. നാഡികളും രജ്ജുക്കളും കൂട്ടിമുട്ടുന്ന സ്ഥലമാണ് മര്‍മം. ഈ പദകല്പനയില്‍ മര്‍മങ്ങള്‍ 100 എണ്ണമുണ്ട്. മര്‍മസ്ഥാനങ്ങളില്‍ ഭിത്തി, സ്തംഭം മുതലായവ പണിയരുതെന്നും വിശ്വാസമുണ്ട്.
  • യോനികള്‍. കെട്ടിടത്തിന്റെ അല്ലെങ്കില്‍ ശാലയുടെ ചുറ്റളവിനെ 3 കൊണ്ടു ഗുണിച്ചു 8 കൊണ്ട് ഹരിക്കുമ്പോള്‍ 0 മുതല്‍ 7 വരെ ശിഷ്ടം കിട്ടുമല്ലോ. ശിഷ്ടത്തിന്റെ എണ്ണമനുസരിച്ച് ശാലയ്ക്ക് വായസയോനി, ധ്വജയോനി, ധൂമയോനി, സിംഹയോനി, കുക്കുരയോനി, വൃഷയോനി, ഖരയോനി, ഗജയോനി എന്നീ പേരുകള്‍ നല്‍കിയിരുന്നു. ഇവയില്‍ കിഴക്കു തുടങ്ങിയ ദിക്കുകളില്‍ വരുന്നവയായ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് എന്നിവ ശുഭയോനികളും മറ്റുള്ളവ (വിദിക്കുകളില്‍ വരുന്നവ) അശുഭ യോനികളും ആണെന്നാണ് സങ്കല്പം.
  • നക്ഷത്രങ്ങള്‍. ചുറ്റളവിനെ 8 കൊണ്ട് ഗുണിച്ച് 27 കൊണ്ടു ഹരിക്കുമ്പോള്‍ ശേഷിക്കുന്നത് അശ്വതി മുതലായ നക്ഷത്രങ്ങളുടെ സംഖ്യയാകുന്നു. ഹരണത്തിനുശേഷം അംഗുലമുണ്ടെങ്കില്‍ അതിനെ 60 കൊണ്ട് ഗുണിച്ച് 24 കൊണ്ട് ഹരിച്ചാല്‍ നക്ഷത്രത്തില്‍ ചെന്ന നാഴികയും കണക്കാക്കാം. ഇങ്ങനെയുള്ള നക്ഷത്രങ്ങളുടെ ഗുണദോഷങ്ങള്‍ കൂടി നോക്കിയിരിക്കേണ്ടതുണ്ട്. ഉദാഹരണമായി അശ്വതി, മകം, മൂലം എന്നീ നക്ഷത്രങ്ങളുടെ ആദ്യത്തെ 15 നാഴികയ്ക്കും ആയില്യം, തൃക്കേട്ട, രേവതി എന്നീ നാളുകളുടെ അവസാനത്തെ 15 നാഴികയ്ക്കും ഗണ്ഡാന്തമെന്ന ദോഷമുണ്ട്. ചുറ്റളവില്‍ നിന്നുണ്ടാകുന്ന നക്ഷത്രം ഗൃഹകര്‍ത്താവിന്റെ ജന്മനക്ഷത്രത്തില്‍ നിന്നും ഒന്ന്, രണ്ട്, നാല്, ആറ്, എട്ട്, ഒമ്പത് ഇവയിലൊന്നായാല്‍ ശുഭവും ശേഷിക്കുന്നവ അശുഭവുമാണ്.
  • ദശകള്‍. ബാല്യം, കൌമാരം, യൗവനം, വാര്‍ധക്യം, മരണം എന്നിങ്ങനെ ദശകള്‍ അഞ്ചു വിധത്തിലാകുന്നു. ചുറ്റളവിനെ എട്ടുകൊണ്ട് ഗുണിച്ച് 27 കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന ശിഷ്ടം 1 ആണെങ്കില്‍ ബാല്യം, 2 എങ്കില്‍ കൗമാരം, 3 എങ്കില്‍ യൗവനം, 4 എങ്കില്‍ വാര്‍ധക്യം, 5 എങ്കില്‍ മരണം എന്നിങ്ങനെയാണ് ദശ കണക്കാക്കുന്നത്. ശിഷ്ടം 5-ല്‍ കൂടുതലെങ്കില്‍ 5 കൊണ്ട് ഹരിച്ച് കണക്കാക്കണം. ഈ ദശകളില്‍ വച്ച് മരണം ഒരുതരത്തിലും സ്വീകരിക്കാന്‍ പാടില്ല. ബാല്യവും വാര്‍ധക്യവും മധ്യമവും കൗമാരവും യൗവനവും ഉത്തമവുമാണ്.
  • തിഥികള്‍. ചുറ്റളവിനെ 8 കൊണ്ട് ഗുണിച്ച് 30 കൊണ്ട് ഹരിച്ചാല്‍ ശേഷിക്കുന്നത് ശുക്ളപക്ഷപ്രതിപദം മുതല്‍ക്കുള്ള തിഥികളുടെ സംഖ്യയാകുന്നു. നാളുകള്‍ക്കെന്നപോലെ ദോഷഫലങ്ങള്‍ തിഥികള്‍ക്കുമുണ്ട്. പ്രതിപദം മുതലായ തിഥികള്‍ക്ക് നന്ദ, ഭദ്ര, ജയ, രിക്ത, പൂര്‍ണ എന്നിങ്ങനെയാണ് പേരുകള്‍. ഇവയില്‍ രിക്തകളായ രണ്ടു പക്ഷങ്ങളിലെയും ചതുര്‍ഥി, നവമി, ചതുര്‍ദശി എന്നിവ അശുഭങ്ങളും പൂര്‍ണകളായ പഞ്ചമി, ദശമി, പഞ്ചദശി ഇവ ഉത്തമങ്ങളുമാണ്.
  • ആഴ്ചകള്‍. 8 കൊണ്ട് ഗുണിച്ച ചുറ്റളവിനെ 7 കൊണ്ട് ഹരിച്ചാല്‍ ശേഷിക്കുന്നത് ഞായറാഴ്ച മുതല്‍ക്കുള്ള ആഴ്ചകളുടെ സംഖ്യയാകുന്നു. ഇവയില്‍ പാപന്മാരുടെ ആഴ്ചകളായ ഞായര്‍, ചൊവ്വ, ശനി ഇവ അശുഭങ്ങളും ശേഷമുള്ളവ ശുഭങ്ങളും ആകുന്നു.
  • ആയവ്യയങ്ങള്‍. 8 കൊണ്ട് ഗുണിച്ച ചുറ്റളവിനെ 12 കൊണ്ട് ഹരിച്ചാല്‍ ശേഷിക്കുന്നത് ആയസംഖ്യയും ചുറ്റളവിനെ 3 കൊണ്ട് ഗുണിച്ച് 14 കൊണ്ട് ഹരിച്ചാല്‍ കിട്ടുന്നത് വ്യയസംഖ്യയുമാണ്. ആയസംഖ്യ വ്യയസംഖ്യയെക്കാള്‍ അധികമായിരിക്കണമെന്നും വിധിയുണ്ട്.
  • ദീര്‍ഘവിസ്താരങ്ങള്‍. ദീര്‍ഘവിസ്താരങ്ങള്‍ സമതതായതികം, പാദാധികം, അര്‍ധാധികം, പാദോനം എന്നിങ്ങനെ നാലു തരത്തിലുണ്ട്.

സമതതായതികം. ചുറ്റളവിനെ നാലായി ഭാഗിച്ച് ഓരോ ഭാഗം കൊണ്ട് ദീര്‍ഘവിസ്താരങ്ങള്‍ നിശ്ചയിച്ചാല്‍, അതായത് നീളവും വീതിയും സമമായിരുന്നാല്‍ അതിനെ സമതതായതികം എന്നു പറയുന്നു. വിസ്താരത്തെ 2,3,4 എന്നീ സംഖ്യകള്‍ കൊണ്ട് ഗുണിക്കുമ്പോള്‍ കിട്ടുന്ന ദൈര്‍ഘ്യമുള്ളതിനേയും സമതതായതികം എന്നു പറയുന്നു. 1:1, 1:2, 1:3, 1:4, 1:5 എന്നിങ്ങനെയുള്ള ദീര്‍ഘവിസ്താരങ്ങള്‍ സമതതായതികങ്ങളാണ്.

പാദാധികം. ചുറ്റളവിന്റെ പകുതിയെ 9 കൊണ്ട് ഹരിച്ച് 4 ഭാഗം കൊണ്ട് വിസ്താരവും 5 ഭാഗം കൊണ്ട് ദീര്‍ഘവും തീരുമാനിച്ചാല്‍ അതിനെ പാദാധികം എന്നു പറയുന്നു. 4:5, 4:9, 4:13 എന്നിവയും പാദാധികം തന്നെയാണ്.

അര്‍ധാധികം. ചുറ്റളവിനെ 10 കൊണ്ട് ഹരിച്ച് 4 ഭാഗം വിസ്താരവും 6 ഭാഗം ദീര്‍ഘവുമായാല്‍ അതിനെ അര്‍ധാധികം എന്നു പറയുന്നു. 4:6, 4:10, 4:14 മുതലായവയും അര്‍ധാധികമാണ്.

പാദോനം. ചുറ്റളവിനെ 11 കൊണ്ട് ഹരിച്ച് 4 ഭാഗം വിസ്താരവും 7 ഭാഗം ദീര്‍ഘവുമായാല്‍ അതിനെ പാദോനം എന്നു പറയുന്നു.

ഇവയില്‍ മനുഷ്യാലയങ്ങള്‍ക്ക് സാധാരണയായി പാദാധികമാണ് ഉത്തമം; സമതതായതികം മധ്യമവും. മറ്റുള്ളവ വര്‍ജ്യങ്ങളുമാണ്.

കേരളീയ വാസ്തുവിദ്യയെ പ്രധാനമായി രണ്ടായി തിരിക്കാം: ഗാര്‍ഹികവാസ്തുവിദ്യ, ക്ഷേത്രവാസ്തുവിദ്യ.

ഗാര്‍ഹികവാസ്തുവിദ്യ

ഗൃഹത്തിന്റെ അടിസ്ഥാന ഘടകത്തിനെ ശാല എന്നു പറയുന്നു. ഒരു ശാലയ്ക്ക് ഒരു കെട്ടിടവും അതിന് മുന്‍വശത്ത് ഒരു അങ്കണവും വേണം. കെട്ടിടത്തിലേക്കുള്ള വാതില്‍ ഈ അങ്കണത്തില്‍ നിന്നും ആയിരിക്കുകയും വേണം. കെട്ടിടത്തിന്റെയും അങ്കണത്തിന്റെയും സ്ഥാനം അനുസരിച്ച് ശാലയെ കിഴക്കിനി (അങ്കണം പടിഞ്ഞാറ്), പടിഞ്ഞാറ്റിനി (അങ്കണം കിഴക്ക്), തെക്കിനി, വടക്കിനി എന്നിങ്ങനെ പറയുന്നു. വീടിനു വലുപ്പം കൂടുന്നതനുസരിച്ച് ദ്വിശാലം (രണ്ടു ശാലകള്‍), ത്രിശാലം, ചതുശ്ശാലം എന്നിങ്ങനെ ദശശാലം വരെ ഗൃഹങ്ങള്‍ പത്തു തരത്തിലാകാം. ഇവയില്‍ വളരെ സാധാരണമായി കണ്ടുവരാറുള്ളത് ചതുശ്ശാലങ്ങളാണ്. നാലു ദിക്ശാലകള്‍ ഒരു അങ്കണത്തിന് ചുറ്റും വരുമ്പോള്‍ ചതുശ്ശാലം എന്നു പറയും. ഈ നാലു ദിക്ശാലകളെയും കോണ്‍ശാലകളും അന്തരാളങ്ങളും ബന്ധിക്കുമ്പോള്‍ നാലുകെട്ടുപോലുള്ള ഗൃഹമാകുന്നു. ദിക്ശാലകളുടെ കണക്കുകളും കോണ്‍ശാലകളുടെ കണക്കുകളും ലക്ഷണയുക്തമായിരിക്കണം. അന്തരാളങ്ങളുടെ കണക്കുകള്‍ പ്രത്യേകമായി നോക്കാറില്ലെങ്കിലും പൊതുവേ എല്ലാ കണക്കുകളും കൂട്ടുമ്പോള്‍ ലക്ഷണയുക്തമായി വരണം.

ചതുശ്ശാലകള്‍ തന്നെ എട്ടു വിധമുണ്ട്. അന്തരാളങ്ങളുടെയും കോണ്‍ശാലകളുടെയും സ്ഥാനം, ഉത്തരങ്ങളുടെ സ്ഥാനം എന്നിവയുടെ മാറ്റങ്ങളാണ് ഈ വൈവിധ്യത്തിനു കാരണം. പഞ്ചശാലം മുതല്‍ ദശശാലം വരെയുള്ള ഗൃഹങ്ങള്‍ നിര്‍മിക്കുമ്പോള്‍ അങ്കണങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കും.

പ്രധാന ഗൃഹത്തിന് പുറമേ പല ഉപശാലകളും സാധാരണയായി പണിതുവരാറുണ്ട്. ഓരോ ആവശ്യത്തിനുള്ള ശാലയും ഓരോ പ്രത്യേക സ്ഥാനത്താണ് നിര്‍മിക്കേണ്ടത്. സ്ഥാനം തെറ്റിയാല്‍ അതിനും അതിനോടു ചേര്‍ന്നുള്ള ഭവനത്തിനും ദോഷാനുഭവങ്ങളുണ്ടായിരിക്കും. ആരാധനാമന്ദിരങ്ങള്‍-കുലദേവതാ സ്ഥാനങ്ങള്‍ - എട്ടുദിക്കിലും നിര്‍മിക്കാം. വടക്ക്-കിഴക്ക്, കിഴക്ക്, തെക്ക്-കിഴക്ക്, തെക്ക് എന്നീ ദിക്കുകളിലെ മണ്ഡപങ്ങള്‍ പടിഞ്ഞാറു മുഖമായിട്ടും തെക്ക്-പടിഞ്ഞാറ്, പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ്, വടക്ക് എന്നീ ദിക്കുകളിലേത് കിഴക്കു മുഖമായും മാത്രമേ വരാന്‍ പാടുള്ളൂ. മന്ദിരങ്ങളുടെ കര്‍ണാദിസൂത്രങ്ങള്‍ ഭവനങ്ങളില്‍ വരാതിരിക്കാനും ശ്രദ്ധിക്കണം. കുളങ്ങള്‍ കിഴക്കോ പടിഞ്ഞാറോ ഉത്തമമാകുന്നു. കിണറുകള്‍ക്ക് വടക്ക്, കിഴക്ക്, വടക്ക്-കിഴക്ക് എന്നിവയാണ് ഉത്തമമായ സ്ഥാനങ്ങള്‍.

ഭൂമിയുടെ പിശാചാവൃതി ഒഴിച്ച് ദേവാവൃതിയില്‍ വരുന്ന ബാഹ്യപദങ്ങളാണ് ഗോശാലയ്ക്ക് യോജിച്ചത്. കണക്കുകള്‍ വൃഷയോനിയിലായിരിക്കണം. കിഴക്കും പടിഞ്ഞാറും ഗോശാലകള്‍ പണിയിക്കാം; പര്‍ജന്യന്‍, ജയന്തന്‍, ദ്വാരപാലകന്‍, പുഷ്പദന്തന്‍ എന്നീ പദങ്ങളിലും പണിയിക്കുന്നത് ശുഭകരം തന്നെ.

പാചകശാല കിഴക്കിനിയെ ആശ്രയിച്ചുള്ള ദിക്കിലും കുളിമുറി കിഴക്കുഭാഗത്തും കിടപ്പുമുറി തെക്കുഭാഗത്തും നിര്‍മിക്കുന്നതാണ് ഉത്തമം. ഇങ്ങനെ ഓരോ പ്രവൃത്തിക്കുള്ള മുറിക്കും പ്രത്യേക സ്ഥാനങ്ങള്‍ കല്പിച്ചിട്ടുണ്ട്.

കാലാകാലങ്ങളില്‍ മനുഷ്യരുടെ ജീവിതരീതിക്കും ക്രമത്തിനും അനുസൃതമായി ഗൃഹനിര്‍മാണകലയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഈ മാറ്റങ്ങളില്‍ അധികപങ്കും മേലുദ്ധരിച്ച നിയമങ്ങളെ അനുസരിക്കുന്നവ തന്നെയാണ്. ഉത്തരകേരളത്തിലും മധ്യകേരളത്തിലും പോര്‍ച്ചുഗീസ് ശില്പകലയും ഡച്ചു ശില്പകലയും വാസ്തുവിദ്യയെ സ്വാധീനിച്ചപ്പോള്‍ ദക്ഷിണകേരളത്തിലെ മാതൃകയെ ബ്രിട്ടീഷ് ശില്പകല സ്വാധീനിച്ചിട്ടുള്ളതായി കാണാം. ബാഹ്യമായ അലങ്കാരത്തിലും മറ്റും ഇതു പ്രകടമായി കാണാമെങ്കിലും കെട്ടിടത്തിന്റെ വിസ്താരം കണക്കാക്കല്‍, കെട്ടിടത്തിന്റെ സ്ഥാനം കണ്ടുപിടിക്കല്‍ എന്നിവ പഴയ നിയമപ്രകാരം തന്നെയാണ് നടന്നുവരുന്നത്. നാലുകെട്ടുകള്‍ക്കു പകരം ഏകശാലകള്‍ ധാരാളമായി നിര്‍മിക്കുവാനും തുടങ്ങി. ചെറിയ സ്ഥലത്ത് പണിയുന്ന ആധുനിക ഗൃഹത്തെ ഏകശാലയായി സങ്കല്പിച്ച് അല്പക്ഷേത്രത്തില്‍ വീടു വയ്ക്കുമ്പോള്‍ പിന്തുടരുന്ന നിയമങ്ങള്‍ ഇവിടെയും ബാധകമാകുന്നു.

ക്ഷേത്രവാസ്തുവിദ്യ

കേരളത്തിന് തനതായ ഒരു ക്ഷേത്ര വാസ്തുവിദ്യയുണ്ട്. മറ്റുള്ള ദേശങ്ങളിലെ വാസ്തുവിദ്യയുമായി ഒത്തുനോക്കുമ്പോള്‍ അതു തനതായി നില്ക്കുന്നു. ബാഹ്യമായി കുറച്ചെങ്കിലും സാമ്യമുള്ളത് കാശ്മീര്‍, ജപ്പാന്‍, ചൈന എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളുമായാണ്.

ക്ഷേത്രത്തിനു സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ മനുഷ്യവാസ ഗൃഹത്തിനു വേണ്ടിയുള്ള നിയമങ്ങള്‍ തന്നെയാണ് സ്വീകരിക്കേണ്ടത്. കേരളത്തിലെ ക്ഷേത്രങ്ങള്‍ എണ്ണത്തില്‍ നിരവധിയാണ്. പക്ഷേ അവ സാധാരണയായി ആകൃതിയില്‍ ചെറുതാണ്.

വിവിധ ഭാഗങ്ങള്‍

ശ്രീകോവില്‍. ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഗര്‍ഭഗൃഹം അഥവാ ശ്രീകോവില്‍. ശ്രീകോവില്‍ സാധാരണയായി വൃത്താകൃതിയിലും ചതുരാകൃതിയിലുമാണ് കാണാറുള്ളത്. എങ്കിലും അപൂര്‍വമായി മറ്റ് ആകൃതികളിലും കാണാറുണ്ട്. ഗര്‍ഭഗൃഹത്തെ 49 പദങ്ങളായി വിഭജിച്ച് നടുവിലത്തെ പദത്തെ ബ്രഹ്മപദം എന്നു സങ്കല്പിക്കുന്നു. ബ്രഹ്മപദത്തിലാണ് ദേവപ്രതിഷ്ഠ നടത്തുന്നത്

മണ്ഡപം. ശ്രീകോവിലിനു മുമ്പില്‍ സമചതുരാകൃതിയില്‍ നിര്‍മിക്കുന്ന മണ്ഡപത്തെ നമസ്കാര മണ്ഡപം എന്നു പറയുന്നു. ശ്രീകോവിലുമായി ഇതു ബന്ധപ്പെടുത്തിയിട്ടില്ല. തറനിരപ്പ് ഗര്‍ഭഗൃഹത്തിന്റെ തറനിരപ്പില്‍ താഴെയായിരിക്കണം.

നാലമ്പലം. ശ്രീകോവിലിനെയും മണ്ഡപത്തെയും ഉള്‍ക്കൊള്ളിച്ച് പ്രദക്ഷിണവഴിക്കു പുറമേ ഒരു ചുറ്റമ്പലം കാണാം. ഇതുതന്നെയാണ് നാലമ്പലം. നാലമ്പലത്തിനകത്ത് ഉപദേവന്മാരുടെ പ്രതിഷ്ഠകളും കാണാം. നാലമ്പലത്തിനകത്തായി നിവേദ്യപ്പുര (തിടപ്പള്ളി) തുടങ്ങിയവയും ഉണ്ടായിരിക്കും.

ബലിക്കല്‍പ്പുര. മണ്ഡപത്തിനും ശ്രീകോവിലിനും നേരെയായി നാലമ്പലത്തിന് പുറത്തുകാണുന്ന പോര്‍ട്ടിക്കോയാണ് ബലിക്കല്‍പ്പുര. ബലിക്കല്ല് സ്ഥാപിച്ചിരിക്കുന്നതുകൊണ്ടാണ് ഈ പേര് ലഭിച്ചത്.

ധ്വജസ്തംഭം. ബലിക്കല്‍പ്പുരയുടെ മുന്‍വശത്തായി ധ്വജസ്തംഭം സ്ഥാപിക്കുന്നു.

വിളക്കുമാടം. നാലമ്പലത്തിന്റെ മതിലിനു പുറത്ത് 5 വരിയായോ 7 വരിയായോ 9 വരിയായോ വിളക്കുകള്‍ ഉറപ്പിച്ചിരിക്കും. ഇതിനെ വിളക്കുമാടം എന്നാണ് പറയുന്നത്.

പ്രദക്ഷിണപഥം. വിളക്കുമാടത്തിനു പുറത്തായി വിസ്തൃതമായ അങ്കണവും അങ്കണത്തിനു മതില്‍ക്കെട്ടും ഗോപുരങ്ങളും കാണാം. പ്രധാനമായ ഗോപുരങ്ങള്‍ കിഴക്കും പടിഞ്ഞാറുമാണ് ഉണ്ടായിരിക്കേണ്ടത്. ചില ക്ഷേത്രങ്ങള്‍ക്ക് തെക്കുഭാഗത്തും ഗോപുരം കാണും. വടക്ക് ഗോപുരം അപൂര്‍വമാണ്. സാധാരണയായി വടക്കുഭാഗത്താണ് ഊട്ടുപുര കാണുന്നത്. ഈ മതില്‍ക്കെട്ടിനകത്തായി ചില പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ കൂത്തമ്പലവും കാണാം. (ഉദാ. വടക്കുന്നാഥക്ഷേത്രം, ശ്രീവല്ലഭക്ഷേത്രം). കൂടാതെ ഉപദേവന്മാരുടെ പ്രതിഷ്ഠകളും ഈ മതില്‍ക്കെട്ടിനകത്തു കാണാം. ഓരോ കെട്ടിടത്തിനും ചുറ്റളവു കണക്കാക്കുമ്പോള്‍ അതതിനു യോജിച്ച യോനികള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാറുണ്ട്.

കേരളീയ വാസ്തുവിദ്യയുടെ ഒരു പ്രത്യേകത അത് അമ്പലമായാലും വാസഗൃഹമായാലും അതിലും ചെറിയ ഗോശാല, കുളിപ്പുര എന്നിവ ആയാലും മിക്കവാറും ഒരേ നിയമങ്ങള്‍ തന്നെയാണ് അംഗീകരിച്ചിരിക്കുന്നത് എന്നതാണ്.

കേരളത്തിലെ പരമ്പരാഗത വാസ്തുവിദ്യയുമായി ബന്ധപ്പെട്ട നിയമങ്ങളും വിശ്വാസങ്ങളും ശാസ്ത്രീയമായ അടിസ്ഥാനമുള്ളവയാണോ എന്നതിനെക്കുറിച്ച് കാര്യമായ ഗവേഷണങ്ങള്‍ ഒന്നും നടന്നിട്ടില്ല. എങ്കിലും ഇവയില്‍ ചില നിയമങ്ങളും വിശ്വാസങ്ങളും ശാസ്ത്രീയമായി ശരിയാണെന്ന് തെളിയിക്കാവുന്നവയാണ്. പരമ്പരാഗത കേരളീയ വാസ്തുവിദ്യാനിയമങ്ങളനുസരിച്ച് ഭവനം നിര്‍മിക്കാന്‍ പോകുന്ന പുരയിടത്തിന്റെ വടക്കു കിഴക്കുനിന്നും തെക്കു-പടിഞ്ഞാറോട്ട് ഒരു നേര്‍വര വരച്ചാല്‍ ആ രേഖയിലെവിടെയെങ്കിലും ആയിരിക്കണം ഭവനത്തിനുള്ള സ്ഥാനം നിര്‍ണയിക്കേണ്ടത്. ഇപ്രകാരം ഭവനങ്ങള്‍ നിര്‍മിച്ചാല്‍, അടുത്തടുത്ത പുരയിടങ്ങളിലെ ഭവനങ്ങള്‍ തമ്മില്‍ വടക്ക്-പടിഞ്ഞാറ് തെക്ക്-കിഴക്ക് ദിശകളില്‍ പരമാവധി അകലം ലഭിക്കുന്നതാണ്. ഇതുമൂലം ഭവനങ്ങളില്‍ കൂടുതല്‍ വെളിച്ചവും വടക്കു-പടിഞ്ഞാറു നിന്നുള്ള നല്ല വായുസഞ്ചാരവും ലഭ്യമാകുന്നു. കേരളത്തില്‍ കാറ്റിന്റെ ഗതി ഏറിയപങ്കും വടക്കു-പടിഞ്ഞാറു നിന്നാണല്ലോ. വീടു വയ്ക്കാന്‍ തെരഞ്ഞെടുക്കുന്ന പുരയിടത്തില്‍ വിത്തിട്ടാല്‍ മൂന്നു ദിവസങ്ങള്‍ക്കകം മുളയ്ക്കണം എന്നത് പരമ്പരാഗതമായ മറ്റൊരു വിശ്വാസമാണ്. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന കേരളത്തില്‍ ഈ വിശ്വാസം തികച്ചും പ്രസക്തമായിരുന്നു. കെട്ടിടം പണിയേണ്ട പുരയിടത്തില്‍ ഒരു കുഴികുഴിച്ച് മണ്ണു പുറത്തെടുത്തശേഷം അതേ മണ്ണുപയോഗിച്ച് ആ കുഴി നികത്തിയാല്‍ പുറത്തെടുത്ത മണ്ണില്‍ കുറേ ബാക്കിവരുന്നു എങ്കില്‍ ആ പുരയിടം കെട്ടിടനിര്‍മാണത്തിന് ഉത്തമമാണെന്ന വിശ്വാസവും പരമ്പരാഗതമാണ്. ഇപ്രകാരം മണ്ണ് ബാക്കിവരുന്നു എങ്കില്‍ പുരയിടം കെട്ടിടനിര്‍മാണത്തിന് യോജിച്ച തരത്തില്‍ ഉറപ്പുള്ള മണ്ണോടുകൂടിയതായിരിക്കുമെന്ന് തീര്‍ച്ചയാണ്. മണ്ണ് ഇളക്കി നോക്കിയാല്‍ ചിതല്‍ കാണരുതെന്നതു മറ്റൊരു നിയമമാണ്. ഏറിയകൂറും തടികൊണ്ടു നിര്‍മിച്ചിരുന്ന പുരാതന ഭവനങ്ങളില്‍ ചിതല്‍ കേറാതിരിക്കാന്‍ ഈ മുന്‍കരുതല്‍ ആവശ്യമായിരുന്നു.

കേരളത്തിലെ പരമ്പരാഗത വാസ്തുവിദ്യാനിയമങ്ങളനുസരിച്ച് പുരയിടത്തില്‍ മരങ്ങള്‍ നടുന്നതിനുപോലും ചില നിബന്ധനകളുണ്ടായിരുന്നു. നടാന്‍ പോകുന്ന വൃക്ഷത്തൈ പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ ഏകദേശം എത്ര ഉയരം ഉണ്ടാവുമെന്ന് ഊഹിക്കാന്‍ കഴിയുമല്ലോ. കെട്ടിടത്തില്‍ നിന്നും അത്രയെങ്കിലും അകലത്തിലായിരിക്കണം തൈ വയ്ക്കേണ്ടത്. തന്നെയുമല്ല, മരത്തിന്റെ ഉയരത്തോളം എങ്കിലും കെട്ടിടത്തില്‍ നിന്നും അകലത്തിലല്ലാതെ നില്ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റേണ്ടതുമാണ്. കാറ്റടിച്ചോ മറ്റോ മരം വീണ് കെട്ടിടത്തിന് കേടുപറ്റാതിരിക്കാനുള്ള മുന്‍കരുതലുകളാണിവ. പുളി, മാവ് മുതലായ മരങ്ങള്‍ കെട്ടിടത്തിനടുത്ത് നടാന്‍ പാടില്ല എന്ന നിബന്ധനയും അര്‍ഥവത്താണ്. ശക്തിയുള്ള വേരുകള്‍ തുളച്ചുകയറി കെട്ടിടത്തിന്റെ നിലനില്പുതന്നെ അപകടത്തിലാവാനുള്ള സാധ്യത ഒഴിവാക്കുക, ഇത്തരം വൃക്ഷങ്ങളില്‍ കൂടുതലായി കണ്ടുവരുന്ന ഉറുമ്പുകളുടെ ശല്യം കെട്ടിടത്തിനുള്ളില്‍ ഉണ്ടാവാതിരിക്കുക എന്നവയ്ക്കുള്ള മുന്‍കരുതലും ഇതിലടങ്ങിയിട്ടുണ്ട്.

മധ്യകാല വാസ്തുവിദ്യ

ക്രിസ്തുമതവും ഇസ്ലാംമതവും മധ്യകാല വാസ്തുവിദ്യയെ ഒരളവുവരെ സ്വാധീനിച്ചിട്ടുണ്ട്; പ്രത്യേകിച്ച് ആരാധനാലയങ്ങളുടെ കാര്യത്തില്‍. ക്രിസ്ത്യന്‍ പള്ളികളുടെ നിര്‍മാണത്തില്‍ യൂറോപ്യന്‍ വാസ്തുവിദ്യയുടെ പ്രത്യേകിച്ചും ഗോഥിക് രീതിയുടെ സ്വാധീനതയാണ് കൂടുതലായി കാണുന്നത്. തിരുവനന്തപുരത്തെ പാളയം ക്രിസ്ത്യന്‍ പള്ളി ഒരു ഉദാഹരണമാണ്. മുസ്ലിം പള്ളികളില്‍ ഇന്തോസാരസനിക് സ്വാധീനത വ്യക്തമായി കാണാമെങ്കിലും, അവയില്‍ പരമ്പരാഗത വാസ്തുവിദ്യാ സ്വാധീനതയ്ക്കാണ് മുന്‍തൂക്കം. പാരമ്പര്യേതര സ്വാധീനത പ്രധാനമായും ആരാധനാലയങ്ങളില്‍ മാത്രമായി ഒതുങ്ങിനില്ക്കുന്നു. പരമ്പരാഗത കേരളീയ വാസ്തുവിദ്യയുടെ സ്വാധീനതയ്ക്ക് ചെറിയ തോതിലാണെങ്കിലും ഒരു മാറ്റം സംഭവിച്ചത് 16-ാം നൂറ്റാണ്ടില്‍ കോളനിവാഴ്ച ആരംഭിച്ചതോടുകൂടിയാണ്. രാജകീയ ഗൃഹങ്ങളും അതിനോടനുബന്ധിച്ച കെട്ടിടങ്ങളുമാണ് ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതായി കാണുന്നത്. മട്ടാഞ്ചേരിയിലെ ഡച്ച് പാലസ്, തിരുവനന്തപുരത്തെ വി.ജെ.ടി ഹാള്‍, തിരുവനന്തപുരം മ്യൂസിയം കെട്ടിടങ്ങള്‍ എന്നിവ ഈ സ്വാധീനത വെളിപ്പെടുത്തുന്നവയാണ്.

ആധുനിക വാസ്തുവിദ്യ

വാസ്തുവിദ്യ ഗുരുകുലം

സാര്‍വലൗകിക സ്വഭാവമുള്ള ആധുനിക വാസ്തുവിദ്യ വ്യക്തമായ സ്വാധീനത ഈയിടെയായി കേരളത്തിലും ചെലുത്തിത്തുടങ്ങിയതായി കാണാം. പുതിയ പുതിയ കെട്ടിടനിര്‍മാണ പദാര്‍ഥങ്ങളുടെയും ആധുനിക കെട്ടിടനിര്‍മാണ രീതികളുടെയും ആവിര്‍ഭാവവും, ലോകമെമ്പാടും നടക്കുന്ന പരീക്ഷണ നിരീക്ഷണങ്ങളെപ്പറ്റിയുള്ള അറിവും കേരളത്തിലെ വാസ്തുവിദ്യയിലും പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. പുതിയ തരത്തിലുള്ള കെട്ടിടങ്ങളുടെ ആവശ്യകതയും അവ പുരാതന (traditional) രീതിയില്‍ പണിതുയര്‍ത്താന്‍ ആവശ്യമായ സാങ്കേതിക വൈദഗ്ധ്യത്തിന്റെ ദൗര്‍ലഭ്യവും പുതിയ രീതി പ്രചരിക്കാന്‍ പ്രേരകമായിട്ടുണ്ട്. ബാഹ്യമായ രീതിയില്‍ ഇവ പാര്‍പ്പിട നിര്‍മാണത്തേയും ബാധിച്ചിട്ടുണ്ട്. നഗരങ്ങളുടെ ആവിര്‍ഭാവവും ജനസംഖ്യാവര്‍ധനവും സ്ഥലദൌര്‍ലഭ്യവും സാമൂഹിക മാറ്റങ്ങളും പരമ്പരാഗത രീതിയിലുള്ള കെട്ടിടനിര്‍മാണത്തെ നിരുത്സാഹപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എങ്കിലും പുതിയ പാര്‍പ്പിടഗൃഹങ്ങള്‍ പലതും അല്പക്ഷേത്രത്തില്‍ ഏകശാല പണിയുന്നതിനെ താത്ത്വികമായി അംഗീകരിച്ചിട്ടുള്ള മട്ടിലാണ് പണിതുയര്‍ത്തുന്നത്. ഇന്നും കെട്ടിടത്തിന്റെ സ്ഥാന നിര്‍ണയത്തിന് പരമ്പരാഗതരീതി ഉപയോഗിക്കുന്നവരാണല്ലോ ബഹുഭൂരിപക്ഷവും. കേരളത്തില്‍ പുരാതന വാസ്തുവിദ്യയുടെ സ്വാധീനത സജീവമായി നിലകൊള്ളുന്നു എന്നതാണ് ഇതിനര്‍ഥം. ചരിഞ്ഞ മേല്‍ക്കൂരയോടുകൂടിയ ആധുനിക കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കേരളത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ടുള്ളത് പരമ്പരാഗത കേരളീയ വാസ്തുവിദ്യയും സാര്‍വദേശീയ സ്വഭാവമുള്ള ആധുനിക വാസ്തുവിദ്യയും തമ്മില്‍ ഭാവിയിലുണ്ടാകാന്‍ പോകുന്ന സമന്വയത്തിന്റെ സൂചനയാണ്. വാസ്തുവിദ്യാപഠനം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ രീതിയില്‍ നടക്കുന്നുണ്ടെങ്കിലും അവയ്ക്ക് ഒരു ഏകീകൃതസ്വഭാവം കൈവന്നിട്ടില്ല. കേരളത്തില്‍ നിര്‍മിതികേന്ദ്രം, പുരാവസ്തു (വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള), വാസ്തുവിദ്യാ പ്രതിഷ്ഠാനം (കോഴിക്കോട്), കേരള വാസ്തുവിദ്യാ അക്കാദമി (തൃശൂര്‍) എന്നിവിടങ്ങളില്‍ പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒരു സര്‍വകലാശാലാതലത്തില്‍ വാസ്തുവിദ്യാ പഠനം ആരംഭിച്ചത് കാലടി സംസ്കൃത സര്‍വകലാശാലയിലാണ്. നോ. ഇന്ത്യന്‍ വാസ്തുവിദ്യ; ക്ഷേത്ര വാസ്തുവിദ്യ

(പ്രൊഫ. ആശാലതാ തമ്പുരാന്‍; സ.പ.)

ആധുനികശാസ്ത്രം

ആധുനിക ശാസ്ത്രരംഗത്ത് കേരളീയരായ നിരവധി ശാസ്ത്രകാരന്മാര്‍ മൗലികമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. അന്തരീക്ഷ ശാസ്ത്രം, സസ്യശാസ്ത്രം, കാലാവസ്ഥാശാസ്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം, സൗര-പവനോര്‍ജപഠനം, എക്സ്റേ ക്രിസ്റ്റലോഗ്രാഫി, പോളിപെപ്റ്റൈഡ് സ്റ്റീരിയോ കെമിസ്ട്രി, ടോമോഗ്രാഫി, ബയോഫിസിക്സ്, ജൈവശാസ്ത്രം, ജ്യോതിശ്ശാസ്ത്രം, റബ്ബര്‍ ഗവേഷണം, പരിസ്ഥിതി-സാമ്പത്തികശാസ്ത്രം, ആണവ സാങ്കേതികവിദ്യ, കണികാഭൗതികം, ബഹിരാകാശ ഗവേഷണം, പ്രപഞ്ചവിജ്ഞാനീയം തുടങ്ങിയ മേഖലകളില്‍ നിര്‍ണായകമായ കണ്ടെത്തലുകള്‍ നടത്തുവാനും ലോകശ്രദ്ധയാകര്‍ഷിക്കുവാനും മലയാളികളായ ശാസ്ത്രജ്ഞര്‍ക്കു സാധിച്ചിട്ടുണ്ട്. ആധുനിക ശാസ്ത്രരംഗത്ത് മൗലിക സംഭാവനകള്‍ നല്‍കിയ കേരളീയ ശാസ്ത്രജ്ഞര്‍ ഇവരാണ്:

പ്രൊഫ. കെ.ആര്‍. രാമനാഥന്‍ (1893-1984). നോബല്‍ ജേതാവായ സി.വി.രാമനോടൊപ്പം ഗവേഷണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് സാര്‍വദേശീയ പ്രസിദ്ധി നേടിയ കേരളീയ ശാസ്ത്രജ്ഞനാണ് പ്രൊഫ. കെ.ആര്‍. രാമനാഥന്‍. പ്രകാശത്തിന്റെ പ്രകീര്‍ണതയെക്കുറിച്ച് രാമനാഥന്‍ നടത്തിയ പഠനങ്ങളാണ് സി.വി. രാമന് പ്രസിദ്ധമായ 'രാമന്‍ ഇഫക്ട്' കണ്ടുപിടിക്കുന്നതിന് പ്രചോദനമായതെന്നു കരുതപ്പെടുന്നു. 1893-ല്‍ പാലക്കാട്ടുള്ള കല്പാത്തി ഗ്രാമത്തില്‍ ജനിച്ച പ്രൊഫ. രാമനാഥന്‍, 1920-കളില്‍ കല്‍ക്കത്തയിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഒഫ് കള്‍ട്ടിവേഷന്‍ ഒഫ് സയന്‍സ് എന്ന സ്ഥാപനത്തില്‍ സി.വി. രാമനോടൊപ്പം ഗവേഷണം നടത്തുകയും അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ ഡി.എസ്.സി. ബിരുദം നേടുകയും ചെയ്തു. ജലംമൂലം പ്രകാശത്തിന്റെ മോളിക്യുലാര്‍ ഡിഫ്രാക്ഷന്‍ സംഭവിക്കുന്നതുസംബന്ധിച്ച സിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ചത് ഇക്കാലയളവിലാണ്. ബോംബെ, കൊടൈക്കനാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഒബ്സര്‍വേറ്ററികളില്‍ ഡയറക്ടറായി സേവനമനുഷ്ഠിക്കവേ അന്തരീക്ഷ ഭൗതികശാസ്ത്രം, ജിയോഫിസിക്സ്, ടെറസ്ട്രിയല്‍ മാഗ്നെറ്റിസം, സോളാര്‍ ടെറസ്ട്രിയല്‍ ബന്ധങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഇദ്ദേഹം നിരവധി സംഭാവനകള്‍ നല്കി. അന്തരീക്ഷത്തില്‍ 35 കി.മീ. ഉയരത്തിലുള്ള താപനില, ഈര്‍പ്പം എന്നിവയെപ്പറ്റി ഗവേഷണം നടത്തിയ ഇദ്ദേഹം ഇന്ത്യയുടെ ഉപരി അന്തരീക്ഷത്തെപ്പറ്റിയും വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അന്തരീക്ഷ ഓസോണിനെക്കുറിച്ച് ഇദ്ദേഹം നടത്തിയ പഠനങ്ങളെത്തുടര്‍ന്നാണ് ഡോബ്സണ്‍ ഓസോണ്‍ സ്പെക്ട്രോഗ്രാഫ് അഹമ്മദാബാദില്‍ സ്ഥാപിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ ശാസ്ത്രസംഭാവനകളെ മാനിച്ച് ഐക്യരാഷ്ട്രസഭ 1956-ല്‍ അന്തരീക്ഷപഠനത്തിനുള്ള വിദഗ്ധ മെഡല്‍ നല്‍കി ഇദ്ദേഹത്തെ ആദരിച്ചു.

ഇ.കെ. ജാനകിയമ്മാള്‍ (1897-1984). എത്തനോബോട്ടണി (Ethano Botony) എന്ന സസ്യശാസ്ത്രശാഖയ്ക്ക് ഇന്ത്യയില്‍ തുടക്കംകുറിച്ച ശാസ്ത്രജ്ഞയാണ് ഇ.കെ. ജാനകിയമ്മാള്‍. സസ്യപ്രജനനത്തെപ്പറ്റി ഗവേഷണം നടത്തിയ ഇവര്‍, വിവിധ കരിമ്പിനങ്ങള്‍ തമ്മിലുള്ള സങ്കരപ്രക്രിയയിലൂടെ ഏറ്റവും മധുരമുള്ള എസ്.ജി. 63.32 എന്ന കരിമ്പിനം കണ്ടെത്തി. ഭിന്നസസ്യവര്‍ഗങ്ങള്‍ തമ്മില്‍ വര്‍ഗാന്തര സങ്കരണം സാധ്യമാണെന്ന് തെളിയിച്ച ജാനികയമ്മാള്‍, 1939-ല്‍ എഡ്വിന്‍ബര്‍ഗില്‍ നടന്ന ജനിതക കോണ്‍ഗ്രസ്സില്‍ തന്റെ നിഗമനങ്ങള്‍ ശാസ്ത്രസമൂഹത്തിനു മുമ്പാകെ അവതരിപ്പിക്കുകയും ലോകശ്രദ്ധ നേടുകയും ചെയ്തു. തുടര്‍ന്ന് മണിച്ചോളത്തിലെ കോശവിഭജനരീതികളില്‍ ഗവേഷണം നടത്തിയ ഇവര്‍, സാധാരണയിലധികം ക്രോമസോമുകളുള്ള ചില കോശങ്ങള്‍ അനിയന്ത്രിതവിഭജനത്തിനു വിധേയമാകുന്നതായും ഈ പ്രതിഭാസത്തിന് ന്യൂക്ലിക് അമ്ലത്തിന്റെ അളവുമായി ബന്ധമുള്ളതായും കണ്ടെത്തി. കാന്‍സര്‍ രോഗത്തിന്റെ കാരണങ്ങളിലേക്കുവരെ ഈ നിഗമനം വെളിച്ചം വീശി. ക്രോമസോം സംഖ്യ ഇരട്ടിപ്പിച്ച് പ്രത്യേക സ്വഭാവവിശേഷങ്ങളോടുകൂടിയ ചിലയിനം വിളകള്‍ക്കും ജാനകിയമ്മാള്‍ ജന്മം നല്‍കി. ഇപ്പോള്‍ പ്രചാരത്തിലുള്ള പല തരത്തിലുള്ള ഉദ്യാനസസ്യങ്ങളും കാര്‍ഷിക വിളകളും ജാനകിയമ്മാളിന്റെ ഗവേഷണ ഫലമായി ഉരുത്തിരിഞ്ഞവയാണ്.

1897-ല്‍ തലശ്ശേരിയില്‍ ജനിച്ച ഇ.കെ. ജാനകിയമ്മാള്‍, ഒരു വനിത എന്ന നിലയിലും പിന്നാക്ക സമുദായാംഗമെന്ന നിലയിലും കേരളീയ സമൂഹത്തില്‍ അക്കാലത്തു നിലനിന്നിരുന്ന സാമൂഹിക അനാചാരങ്ങളുടെ വെല്ലുവിളികളെ അതിജീവിച്ചാണ് സാര്‍വദേശീയതലത്തില്‍ മൗലിക സംഭാവനകള്‍ നല്‍കിയത് എന്നത് ശ്രദ്ധേയമാണ്.

ഡോ. പി.ആര്‍. പിഷാരടി (1909-2002). ഭാരതീയ കാലാവസ്ഥാ ശാസ്ത്രത്തിന്റെ (മിറ്റീരിയോളജി) പിതാവായി അറിയപ്പെടുന്ന ഡോ. പിഷാരടി, വായുമണ്ഡലത്തിന്റെ ഗതികോര്‍ജത്തെക്കുറിച്ചും (കൈനറ്റിക് എനര്‍ജി) തെക്കുകിഴക്കന്‍ മണ്‍സൂണിനെക്കുറിച്ചും നടത്തിയ പഠനഗവേഷണങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിയവയാണ്. ഉത്തരാര്‍ധഗോളത്തിലെ ഗതികോര്‍ജത്തിന്റെ ഉറവിടം ഭൂമധ്യരേഖയ്ക്കും ഉത്തര അക്ഷാംശരേഖയ്ക്കും ഇടയ്ക്കാണെന്ന് ഇദ്ദേഹം കണ്ടെത്തി. തുമ്പയില്‍ നിന്നും വിക്ഷേപിച്ച ഇന്ത്യയുടെ പ്രഥമ റോക്കറ്റ് വിക്ഷേപണദൗത്യത്തില്‍ ഡോ. പിഷാരടിയും പങ്കുവഹിച്ചിരുന്നു. ഇന്ത്യാ സമുദ്രത്തിന്റെ ഉപരിതല ഊഷ്മാവിനെക്കുറിച്ച് പഠിക്കുന്നതിനും കാലവര്‍ഷത്തിന്റെ ഗതിവിഗതികള്‍ കണ്ടെത്തുന്നതിനും റിമോട്ട് സെന്‍സിങ് രീതികള്‍ ഫലവത്തായി പ്രയോഗിച്ച ഡോ. പിഷാരടി ആധുനിക ശാസ്ത്രസാങ്കേതികവിദ്യയെ ജനജീവിതവുമായി ബന്ധിപ്പിക്കുന്നതിന് മുന്‍കൈയെടുത്തു. കാലാവസ്ഥാ നിരീക്ഷണവും വാനശാസ്ത്രവുമായി ബന്ധപ്പെട്ട, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ട്രോപ്പിക്കല്‍ മിറ്റീരിയോളജി, നാഷണല്‍ റിമോട്ട് സെന്‍സിങ് ഏജന്‍സി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കുന്നതിന് നേതൃത്വം നല്‍കിയത് ഇദ്ദേഹമായിരുന്നു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോടാണ് ഡോ. പിഷാരടിയുടെ ജന്മസ്ഥലം.

ഡോ. ആര്‍.എസ്. കൃഷ്ണന്‍ (1911-99). ക്രിസ്റ്റല്‍ ഫിസിക്സിന്റെ വിവിധ മേഖലകളില്‍ നടത്തിയ ഗവേഷണങ്ങളാണ് 1911-ല്‍ തൃശൂര്‍ ജില്ലയിലെ പറപ്പൂക്കരയില്‍ ജനിച്ച ആര്‍.എസ്. കൃഷ്ണന് സാര്‍വദേശീയ അംഗീകാരം നേടിക്കൊടുത്തത്. ക്രിസ്റ്റലിന്റെ ഊര്‍ജതന്ത്രപരമായ വശങ്ങളിലായിരുന്നു ഇദ്ദേഹം പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചത്. ക്രിസ്റ്റലുകളുടെ സ്പെക്ട്രോസ്കോപ്പിക് പരിശോധനകള്‍ക്ക് പറ്റിയ അള്‍ട്രാവയലറ്റ് ടെക്നിക് രൂപപ്പെടുത്തിയെടുക്കാന്‍ ഇദ്ദേഹത്തിനുകഴിഞ്ഞു. ന്യൂക്ളിയര്‍ ജിയോക്രൊണോളജി, മാഗ്നെറ്റിക് റെസൊണന്‍സ്, ഡയലെക്ട്രിക്സ്, ഫെറോ ഇലക്ട്രിക്സ്, അള്‍ട്രാസോണിക്സ് തുടങ്ങിയ നിരവധി നൂതനശാസ്ത്രമേഖലകളിലെ ഗവേഷണങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കി. കൊളോയ്ഡുകളിലെ പ്രകാശ പ്രകീര്‍ണനത്തിന്റെ റെസി പ്രോസിറ്റി തിയറമായ 'കൃഷ്ണന്‍ പ്രഭാവ'മാണ് (കൃഷ്ണന്‍ ഇഫക്ട്) ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. ശിലകളുടെ കാലനിര്‍ണയത്തിലൂടെ ഇന്ത്യയിലെ പ്രീ കേംബ്രിയന്‍ യുഗത്തെക്കുറിച്ച് ധാരാളം വിവരങ്ങള്‍ പുറത്തുകൊണ്ടുവരുവാനും ഡോ. ആര്‍. എസ്. കൃഷ്ണന് കഴിഞ്ഞു.

ഡോ. പി.കെ. മേനോന്‍ (1917-79). ആധുനിക ഗണിതശാസ്ത്രത്തിലെ തിയറി ഒഫ് നംബേഴ്സ്, പേയിന്റ് സെറ്റ് തിയറി, തിയറി ഒഫ് ഗ്രൂപ്സ്, കോംബിനറ്റോറിയല്‍ ഗണിതം, മോഡേണ്‍ ആള്‍ജിബ്ര, സ്പെഷ്യല്‍ ഫങ്ഷന്‍സ് തുടങ്ങിയ നിരവധി മേഖലകളില്‍ മൗലിക സംഭാവനകള്‍ നല്‍കിയ ശാസ്ത്രകാരനാണ് കേരളീയനായ ഡോ. പി. കെ. മേനോന്‍. 1917-ല്‍ പാലക്കാട് ജനിച്ച ഇദ്ദേഹം ഗണിതശാസ്ത്രത്തിലെ സങ്കീര്‍ണങ്ങളായ നിരവധി സമകാലീന പ്രശ്നങ്ങള്‍ക്ക് ഉത്തരംകണ്ടെത്തി.

അന്നാമാണി

അന്നാമാണി (1918-2001). അന്തരീക്ഷ പഠനം, പ്രസ്തുത ഗവേഷണത്തിന് അനിവാര്യമായ പഠനോപകരണങ്ങള്‍ തദ്ദേശീയമായി വികസിപ്പിക്കല്‍, ഇന്ത്യന്‍ ഉപകരണങ്ങളുടെ മാനകീകരണം തുടങ്ങി പില്ക്കാലത്ത് അന്തരീക്ഷപഠനരംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ക്കു പിന്നില്‍ അന്നാമാണിയെന്ന മലയാളി ശാസ്ത്രജ്ഞയുടെ സംഭാവനകള്‍ നിരവധിയാണ്. നിലവില്‍ ഇടുക്കി ജില്ലയുടെ ഭാഗമായ പീരുമേട്ടില്‍ 1918-ലാണ് അന്നാമാണി ജനിച്ചത്. ഇന്ത്യയുടെ പ്രഥമ റോക്കറ്റ് വിക്ഷേപണത്തിനാവശ്യമായ അന്തരീക്ഷപഠനസംവിധാനങ്ങള്‍ തയ്യാറാക്കപ്പെട്ടതും അന്നാമാണിയുടെ നേതൃത്വത്തിലായിരുന്നു. അന്തരീക്ഷ ഘടനയില്‍ ഓസോണിനുള്ള പ്രാധാന്യത്തെപ്പറ്റി ഇവര്‍ നടത്തിയ നിരീക്ഷണങ്ങളുടെ അംഗീകാരമായി അന്താരാഷ്ട്രാ ഓസോണ്‍ കമ്മിഷന്‍ അന്നാമാണിയെ അംഗത്വം നല്‍കി ആദരിക്കുകയുണ്ടായി. സൗരോര്‍ജത്തിന്റെയും പവനോര്‍ജത്തിന്റെയും സാധ്യതകളെപ്പറ്റിയും വൈരക്കല്ലുകളുടെ ഭൗതികസ്വഭാവത്തെക്കുറിച്ചും ഇവര്‍ നടത്തിയ പഠനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.

ജി.എന്‍. രാമചന്ദ്രന്‍ (1922-2001). എക്സ്-റേ, ഡിഫ്രാക്ഷന്‍, ക്രിസ്റ്റലോഗ്രാഫി, പോളിപെപ്റ്റൈഡ് സ്റ്റീരിയോ കെമിസ്ട്രി, ടോപ്പോഗ്രാഫി, ബയോഫിസിക്സ് തുടങ്ങിയ നിരവധി നവീന ശാസ്ത്രശാഖകളില്‍ മൗലിക സംഭാവനകള്‍ നല്‍കിയ മലയാളി ശാസ്ത്രകാരനാണ് ഡോ. ജി.എന്‍. രാമചന്ദ്രന്‍. സഹപ്രര്‍ത്തകനായിരുന്ന ഗോപിനാഥ് കര്‍ത്തായുമായി ചേര്‍ന്ന് നടത്തിയ ഗവേഷണങ്ങളെത്തുടര്‍ന്ന് മൂന്ന് സമാന്തര പോളിപെപ്റ്റൈഡ് ശൃംഖലകള്‍ ചേര്‍ന്നാണ് കൊളാജന്റെ ഘടന എന്ന നിഗമനത്തില്‍ ഇദ്ദേഹം എത്തിച്ചേര്‍ന്നു. പ്രസ്തുത പഠനം 1954-ല്‍ നേച്ചര്‍ മാസിക പ്രസിദ്ധീകരിക്കുകയും ചെയ്തു. പെപ്റ്റൈഡിന്റെ ഘടന വിവരിക്കുന്ന 'രാമചന്ദ്രന്റെ മാപ്' (Ramachandran's map) സി.വി. രാമന്റെ പ്രസിദ്ധമായ 'രാമന്‍ ഇഫക്ടു'പോലെ ശാസ്ത്രലോകം വിലമതിച്ചിരുന്നു.

ഡോ. ഗോപിനാഥ് കര്‍ത്താ (1927-84). ബയോഫിസിക്സ്-ക്രിസ്റ്റലോഗ്രാഫി ശാസ്ത്രശാഖകളില്‍ മൗലിക സംഭാവനകള്‍ നല്‍കി അന്തര്‍ദേശീയ അംഗീകാരം നേടിയ ഇന്ത്യന്‍ ശാസ്ത്രജ്ഞനാണ് മലയാളിയായ ഡോ. ഗോപിനാഥ് കര്‍ത്താ. 1927-ല്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് ഇദ്ദേഹം ജനിച്ചത്.

മനുഷ്യശരീരത്തില്‍ ഏറ്റവുമധികമുള്ള കൊളാജന്റെ ഘടന ഒറ്റപ്പിരിയന്‍ ഗോവണിയുടേതാ(single Helix)ണെന്ന് ഈ രംഗത്ത് ഗവേഷണം നടത്തിയിരുന്ന പൗളിങ്ങിന്റെയും അതല്ല; ഇരട്ടപ്പിരിയന്‍ ഗോവണിയുടേതാ(double Helix)ണെന്ന വാട്സണിന്റെയും അഭിപ്രായങ്ങള്‍ക്കു ഭിന്നമായി കൊളാജന് മുപ്പിരിയന്‍ ഗോവണിയുടെ (Triple Helix) ഘടനയാണെന്ന് രാമചന്ദ്രനും കര്‍ത്തായും ഗവേഷണത്തിലൂടെ ശാസ്ത്രീയമായി തെളിയിച്ചു. മദ്രാസ് ഹെലിക്സ് (Madras Helix) എന്നാണ് ഈ മാതൃക അറിയപ്പെടുന്നത്. ലോകത്തെ ഏറ്റവും പ്രമുഖ ക്രിസ്റ്റലോഗ്രാഫറായിട്ടാണ് 1960-കളില്‍ ശാസ്ത്രലോകം കര്‍ത്തായെ കണക്കാക്കിയിരുന്നത്. ഹല്‍ വെക്കോഫ് എന്ന പ്രസിദ്ധ ജൈവശാസ്ത്രജ്ഞനുമായി ചേര്‍ന്ന് 1967-ല്‍ ഇദ്ദേഹം റൈബോന്യൂക്ലിയേസ് എന്‍സൈമിന്റെ ഘടന നിര്‍ധാരണം ചെയ്തു. ഈ ഗവേഷണവും ഇദ്ദേഹത്തിന് കൂടുതല്‍ അന്തര്‍ദേശീയ പ്രശസ്തി നേടിക്കൊടുത്തു.

ഡോ. എം.കെ. വൈനു ബാപ്പു (1927-82). ഇന്ത്യന്‍ ജ്യോതിശ്ശാസ്ത്രഗവേഷണത്തെയും വാനനിരീക്ഷണകേന്ദ്രങ്ങളെയും ലോകനിലവാരത്തിലെത്തിച്ച വൈനു ബാപ്പു, അസ്ട്രോഫിസിക്സ് സൊസൈറ്റി ഒഫ് ഇന്ത്യയുടെ സ്ഥാപകപ്രസിഡന്റായിരുന്നു. 1927-ല്‍ തലശ്ശേരിയില്‍ ജനിച്ച വൈനു ബാപ്പു കേരളത്തിനു പുറത്താണ് വിദ്യാഭ്യാസം നേടിയത്. ഗവേഷണ വിദ്യാര്‍ഥിയായിരിക്കെ സഹപ്രവര്‍ത്തകരായ ബാര്‍ട്ട് ബോക്, ഗോര്‍ഡന്‍ ന്യൂ കിര്‍ക്ക് എന്നിവരുമായിച്ചേര്‍ന്ന് ഒരു പുതിയ വാല്‍നക്ഷത്രത്തെ കണ്ടെത്തി. ബാപ്പു-ബോക്-ന്യൂകിര്‍ക്ക് എന്നാണ് ഈ വാല്‍നക്ഷത്രത്തിന് പേരിട്ടിട്ടുള്ളത്. ഒരു ഇന്ത്യാക്കാരന്റെ പേരില്‍ അറിയപ്പെടുന്ന ഏക വാല്‍നക്ഷത്രമാണിത്. കോളിന്‍ചഡോക്ക് വില്‍സണ്‍ (ജൂനിയര്‍) എന്ന ശാസ്ത്രജ്ഞനുമായി ചേര്‍ന്ന് ചില പ്രത്യേകതരം നക്ഷത്രങ്ങളുടെ പ്രകാശദീപ്തിയും അവയുടെ വര്‍ണരാജിയുടെ സവിശേഷതകളും തമ്മിലുള്ള ബന്ധവും ഇദ്ദേഹം (വില്‍സണ്‍-ബാപ്പു ഇഫക്ട്) കണ്ടെത്തി. ഈ സങ്കേതം ഉപയോഗിച്ചാണ് ചിലതരം നക്ഷത്രങ്ങളുടെ പ്രകാശമാനവും അകലവും നിര്‍ണയിക്കുന്നത്.

ബി.സി. ശേഖര്‍ (1929-2006). കൃത്രിമ റബ്ബറിനെ അപേക്ഷിച്ച് സ്വാഭാവിക റബ്ബറിനുണ്ടായിരുന്ന പലതരം പോരായ്മകളും ഗവേഷണത്തിലൂടെ പരിഹരിച്ച് ലോകശ്രദ്ധ നേടിയ മലയാളിയായ ശാസ്ത്രജ്ഞനാണ് ബി.സി. ശേഖര്‍. റബ്ബറിന്റെ ഭൗതിക-രാസഗുണങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനും റബ്ബര്‍ സൂക്ഷിച്ച് വയ്ക്കുമ്പോള്‍ കട്ടപിടിക്കുന്ന സ്വഭാവം ഒഴിവാക്കുന്നതിനുമുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്താണ് ഇദ്ദേഹം സ്വാഭാവിക റബ്ബറിന്റെ കുറവുകള്‍ പരിഹരിച്ചത്. റബ്ബറും പ്ലാസ്റ്റിക്കും ചേര്‍ന്ന പോളിമര്‍ വികസിപ്പിക്കുന്നതിനും റബ്ബറിന്റെ രാസഘടനയില്‍ മാറ്റം വരുത്തുന്നതിനുമുള്ള നിരവധി ഗവേഷണങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കി.

ഡോ. എം.എസ്. സ്വാമിനാഥന്‍ (1925 - ). ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെയും പരിസ്ഥിതി സാമ്പത്തിക ശാസ്ത്രത്തിന്റെയും പിതാവ്. കുട്ടനാട്ടിലെ മങ്കൊമ്പില്‍ 1925-ലാണ് ഡോ. സ്വാമിനാഥന്റെ ജനനം. ഇന്ത്യയടക്കം ഭക്ഷ്യക്കമ്മി നേരിട്ടിരുന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെ ഭക്ഷ്യമിച്ച രാജ്യങ്ങളാക്കി മാറ്റിയതില്‍ സുപ്രധാന പങ്കുവഹിച്ച ശാസ്ജ്ഞ്രനാണ് ഇദ്ദേഹം. 1960-കളില്‍ ഇന്ത്യയിലെ ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുകയും ഭക്ഷ്യക്ഷാമം ഭീഷണിയായി ഉയരുകയും ചെയ്തപ്പോള്‍ നോബല്‍ സമ്മാനജേതാവായ അമേരിക്കന്‍ കാര്‍ഷിക ഗവേഷകന്‍ നോര്‍മന്‍ ബോര്‍ലഗ് മെക്സിക്കോക്ക് വേണ്ടി വികസിപ്പിച്ചെടുത്ത അത്യുത്പാദനശേഷിയുള്ള ഗോതമ്പുവിത്തുകള്‍ 1966-ല്‍ പഞ്ചാബിലെ കൃഷിയിടങ്ങളിലെത്തിച്ച് ഡോ. സ്വാമിനാഥന്‍ ഇന്ത്യയിലെ ഗോതമ്പുത്പാദനം മൂന്നിരട്ടി വര്‍ധിപ്പിച്ചു. തുടര്‍ന്ന് സ്വാമിനാഥനും സംഘവും അത്യുത്പാദനശേഷിയുള്ള നെല്‍വിത്തുകളും വികസിപ്പിച്ചെടുത്തു.

പോളിപ്ലോയിഡ് സസ്യങ്ങളുടെ പാരമ്പര്യത്തെ സംബന്ധിച്ചും ക്രോമസോം സംഗമവും സസ്യങ്ങളുടെ ഫലപുഷ്ടിയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചുമുള്ള ഇദ്ദേഹത്തിന്റെ കണ്ടെത്തലുകളും ശ്രദ്ധേയമാണ്. രണ്ട് വിഭിന്ന സസ്യങ്ങളുടെ ഉപഗണങ്ങള്‍ തമ്മില്‍ വര്‍ഗസങ്കരം നടത്തുന്നതിലും ഇദ്ദേഹം വിജയിക്കുകയുണ്ടായി. 'സ്വാമിനാഥന്‍ കൃത്രിമ സ്റ്റിഗ്മ സമ്പ്രദായം' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. സസ്യജീനുകളെ സംബന്ധിച്ചുള്ള ഗവേഷണമാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരു പ്രവര്‍ത്തനമേഖല. പ്രാണികളിലും സസ്യവര്‍ഗങ്ങളിലും നടത്തിയ പരീക്ഷണങ്ങളിലൂടെ ജീവജാലങ്ങളില്‍ റേഡിയേഷന്‍ മൂലമുണ്ടാകാനിടയുള്ള മാറ്റങ്ങളും ഇദ്ദേഹം പഠിക്കുകയുണ്ടായി.

ഡോ. എം.ജി.കെ. മേനോന്‍ (1928 - ). ന്യൂക്ലിയര്‍ എമല്‍ഷന്‍ ടെക്നിക്കിന്റെ വികസനത്തെക്കുറിച്ചും പ്രാഥമിക കണികകളുടെ പഠനത്തില്‍ അവയുടെ പ്രയോഗത്തെക്കുറിച്ചും ഗവേഷണം നടത്തിയിട്ടുള്ള ഡോ. എം.ജി.കെ. മേനോനാണ് കോസ്മിക്റേ-ന്യൂട്രിനോ അന്യോന്യപ്രക്രിയകളെക്കുറിച്ചുള്ള (mutual interactions) നിരീക്ഷണങ്ങള്‍ക്കു തുടക്കം കുറിച്ചത്. ഭൗമകാന്തിക രശ്മികളുടെ സ്വഭാവസവിശേഷതകളെക്കുറിച്ച് ഇദ്ദേഹം സവിശേഷ പഠനം നടത്തുകയുണ്ടായി. ലോകത്തിലെ ഏറ്റവും മികച്ച കോസ്മിക് റേ ഗവേഷണകേന്ദ്രം സ്ഥാപിച്ചുകൊണ്ട് ഈ മേഖലയിലെ ഗവേഷണത്തില്‍ ഇദ്ദേഹം ഇന്ത്യയ്ക്ക് ലോകശാസ്ത്രഭൂപടത്തില്‍ ഇടം നേടിക്കൊടുത്തു.

1928 ആ. 28-ന് ഒറ്റപ്പാലത്താണ് ഇദ്ദേഹം ജനിച്ചത്. മൗലിക കണങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള പഠനം, കോസ്മിക് റേ, എക്സ്-റേ, ഗാമാ എന്നിവ ഉപയോഗിച്ചുള്ള ജ്യോതിശ്ശാസ്ത്രപഠനം, ഭൗമാന്തര്‍ഭാഗത്തെ മ്യൂവോണ്‍, ന്യൂട്രിനോ, വീക്ക് ഇന്ററാക്ഷന്‍, അണുശോഷണം എന്നിവയുടെ പഠനം, കാന്തിക മോണോപോളുകളെക്കുറിച്ചുള്ള പഠനം, കോളാര്‍ ഖനിയില്‍ നടത്തിയ പരീക്ഷണങ്ങള്‍ തുടങ്ങിയവ നവീന ഭൗതികശാസ്ത്രമേഖലകളില്‍ ഇദ്ദേഹം നല്‍കിയ മൗലിക സംഭാവനകളാണ്.

ഡോ. ഇ.സി.ജി. സുദര്‍ശന്‍ (1931- ). ആറുതവണ നോബല്‍ സമ്മാനത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ട ഡോ. ഇ.സി.ജി. സുദര്‍ശന്‍, ആധുനിക കേരളീയ ശാസ്ത്രജ്ഞരില്‍ ഏറ്റവും പ്രശസ്തനാണ്. 1931 സെപ്. 16-ന് കോട്ടയം ജില്ലയിലെ പാക്കില്‍ ജനിച്ച ഇദ്ദേഹം പ്രകാശത്തെക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന കണമായ ടാക്കിയോണുകളെക്കുറിച്ചുള്ള പഠനങ്ങളിലൂടെയാണ് അന്താരാഷ്ട്രാ തലത്തില്‍ ശ്രദ്ധേയനായത്. വാര്‍ത്താവിനിമയം, ബഹിരാകാശസഞ്ചാരം, അന്യഗ്രഹ ജീവികള്‍ക്കായുള്ള അന്വേഷണം എന്നീ മേഖലകളില്‍ കുതിച്ചുചാട്ടത്തിനു ടാക്കിയോണ്‍ സിദ്ധാന്തത്തിന്റെ പ്രയോഗം കളമൊരുക്കുമെന്നാണ് കരുതപ്പെടുന്നത്. മൗലിക കണപഠനത്തില്‍ ഏറെ പ്രാധാന്യമുള്ള ക്ഷീണബല(വീക്ക് ഫോഴ്സ്)ത്തെക്കുറിച്ച് സൈദ്ധാന്തിക വ്യക്തത ആദ്യമായി നല്‍കിയത് സുദര്‍ശനാണ്. അന്താരാഷ്ട്രാതലത്തില്‍ ശ്രദ്ധേയമായ ഒട്ടനവധി ജേണലുകളിലായി അഞ്ഞൂറില്‍പ്പരം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഇദ്ദേഹം, ക്വാണ്ടം ഒപ്റ്റിക്സ് എന്ന ശാസ്ത്രശാഖയുടെ വികാസത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള വ്യക്തിയാണ്.

ഡോ. പി.കെ. അയ്യങ്കാര്‍ (1931- ). ഇന്ത്യയെ ലോകഅണുശക്തി രാഷ്ട്രങ്ങളിലൊന്നാക്കുന്നതില്‍ മൗലികസംഭാവന നല്‍കിയ ശാസ്ത്രജ്ഞരില്‍ പ്രമുഖനാണ് അറ്റോമിക് എനര്‍ജി കമ്മിഷന്‍ ചെയര്‍മാന്‍, ഇന്ത്യാ ഗവണ്‍മെന്റിന്റെ അറ്റോമിക് എനര്‍ജി സെക്രട്ടറി എന്നീ ഉന്നത പദവികള്‍ വഹിച്ച മലയാളിയായ ഡോ. പി.കെ. അയ്യങ്കാര്‍. 1931 ജൂണ്‍ 29-ന് തിരുവനന്തപുരത്ത് ജനിച്ച ഇദ്ദേഹം ഇന്ത്യന്‍ ആണവ ഗവേഷണത്തിന്റെ പിതാവായ ഡോ. ഹോമി ജെ. ഭാഭയുടെ ശിക്ഷണത്തിലാണ് തന്റെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടറായ അപ്സര രൂപകല്പന ചെയ്യുന്നതിലും 1974-ലെ പൊഖ്റാന്‍ അണുസ്ഫോടനത്തിനായി ഉപയോഗിച്ച ലോഹം അവിടെ ഉത്പാദിപ്പിക്കുന്നതിനും പരീക്ഷണ ഉപകരണങ്ങള്‍ പൂര്‍ണമായും സംവിധാനം ചെയ്യുന്നതിനും ഡോ. അയ്യങ്കാര്‍ സുപ്രധാന പങ്കുവഹിച്ചു.

ഡോ. കൃഷ്ണസ്വാമി കസ്തൂരിരംഗന്‍ (1940- ). ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംരംഭങ്ങളെ അത്യുന്നതങ്ങളിലെത്തിച്ച മലയാളി ശാസ്ത്രജ്ഞനാണ് ഡോ. കസ്തൂരി രംഗന്‍. 1940 ഒ. 24-ന് എറണാകുളത്താണ് ഇദ്ദേഹം ജനിച്ചത്. അത്യൂര്‍ജ എക്സ് രശ്മികള്‍, ഗാമാ രശ്മികളുടെ പ്രത്യേകതകള്‍, കോസ്മിക് രശ്മികളുടെ സ്രോതസ്, ഭൗമാന്തരീക്ഷത്തില്‍ കോസ്മിക് രശ്മികളുടെ പ്രവര്‍ത്തനം, ഒപ്റ്റിക്കല്‍ അസ്ട്രോണമി എന്നീ മേഖലകളിലാണ് കസ്തൂരിരംഗന്‍ പ്രധാനമായും ഗവേഷണപഠനങ്ങള്‍ നടത്തിയിട്ടുള്ളത്.

ഇന്‍സാറ്റ്-2, ഇന്ത്യന്‍ റിമോട്ട് സെന്‍സിങ് സാറ്റലൈറ്റ് തുടങ്ങിയ ഉപഗ്രഹവിക്ഷേപണങ്ങള്‍ക്ക് ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടറായിരിക്കെ ഇദ്ദേഹം നേതൃത്വം നല്‍കി. ഭാസ്കര-1, 2 എന്നീ ഭൌമ നിരീക്ഷണ കൃത്രിമോപഗ്രഹങ്ങളുടെ പ്രോജക്റ്റ് ഡയറക്ടറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പി.എസ്.എല്‍.വി.), ജിയോ സിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജി.എസ്.എല്‍.വി.) എന്നിവ വിജയകരമായി പരീക്ഷിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഐ.ആര്‍.എസ്.-1 സി., 1-ഡി എന്നീ കൃത്രിമ ഉപഗ്രഹങ്ങളും ഐ.ആര്‍.എസ്.പി.-3, പി.-4 എന്നീ നിരീക്ഷണ ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നതിലും ഡോ. കസ്തൂരിരംഗന്‍ പങ്കുവഹിച്ചു. ബഹിരാകാശ ഗവേഷണരംഗത്ത് ലോകത്തെ ആറു പ്രമുഖ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടം നേടിയതിനു പിന്നില്‍ ഇദ്ദേഹത്തിന്റെ നിതാന്തപരിശ്രമമുണ്ട്.

ഡോ. താണുപദ്മനാഭന്‍ (1957- ). പൂണെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സില്‍ പ്രപഞ്ചവിജ്ഞാനീയത്തില്‍ ഗവേഷണം നടത്തുന്ന ഡോ. താണുപദ്മനാഭന്‍, തമോ ഊര്‍ജത്തെ (Dark Energy) സംബന്ധിച്ച തന്റെ മൗലികസിദ്ധാന്തങ്ങളിലൂടെ ലോകശ്രദ്ധ നേടിയ മലയാളി ശാസ്ത്രജ്ഞനാണ്. ക്വാണ്ടം സിദ്ധാന്തം, ആപേക്ഷികതാസിദ്ധാന്തം എന്നിവയെപ്പോലെ വമ്പിച്ച ശാസ്ത്രസൈദ്ധാന്തിക കുതിച്ചുചാട്ടത്തിന് ഈ സിദ്ധാന്തം വഴിയൊരുക്കും എന്നു വിലയിരുത്തപ്പെടുന്നു. 1957-ല്‍ തിരുവനന്തപുരത്താണ് ഇദ്ദേഹം ജനിച്ചത്.

ഗുരുത്വാകര്‍ഷണം, പ്രപഞ്ചവിജ്ഞാനീയം, ക്വാണ്ടം സിദ്ധാന്തം എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ഗവേഷണ മേഖലകള്‍. പ്രപഞ്ചത്തിന്റെ ഘടനയെ സംബന്ധിച്ച് ഇന്നു നിലനില്ക്കുന്ന ധാരണകളെ തമോ ഊര്‍ജസിദ്ധാന്തം തിരുത്തിക്കുറിക്കുമെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഗുരുത്വവും ക്വാണ്ടം സിദ്ധാന്തവും യോജിപ്പിക്കുക എന്ന സൈദ്ധാന്തിക ഭൗതികശാസ്ത്രം നേരിടുന്ന കടുത്ത വെല്ലുവിളി തമോ ഊര്‍ജത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതോടെ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്. പ്രപഞ്ചത്തിന്റെ നാലില്‍ മൂന്നുഭാഗവും തമോ ഊര്‍ജംകൊണ്ട് നിറഞ്ഞിരിക്കുന്നു എന്നാണ് താണു പദ്മനാഭന്റെ നിരീക്ഷണം.

പ്രസിദ്ധ ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്ങും താണു പദ്മനാഭനും ക്വാണ്ടം അന്ദോളനങ്ങളില്‍ നിന്നും പ്രപഞ്ചം ഉദ്ഭവിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് വ്യത്യസ്ത സമീപനങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. വിശിഷ്ട ആപേക്ഷികതാസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് പദ്മനാഭന്‍ തന്റെ സിദ്ധാന്തം രൂപപ്പെടുത്തിയത്. ഹോക്കിങ്ങിന്റേതാവട്ടെ, യൂക്ളിഡിയന്‍ ക്വാണ്ടം കോസ്മോളജി അടിസ്ഥാനമാക്കിയിട്ടുള്ളതുമായിരുന്നു. ഇവയില്‍ താണുപദ്മനാഭന്റെ മാതൃകയാണ് കൂടുതല്‍ യുക്തിസഹം എന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്.

ഡോ. വര്‍ഗീസ് കുര്യന്‍ (1921-2012). ഇന്ത്യയുടെ ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വര്‍ഗീസ് കുര്യന്‍, 1921-ല്‍ കോഴിക്കോട് ആണ് ജനിച്ചത്. പാല്‍ ഉല്‍പാദനത്തില്‍ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഇന്ത്യയെ പാല്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാക്കി മാറ്റിയതില്‍ ഡോ. വര്‍ഗീസ് കുര്യന്‍ നേതൃത്വം നല്‍കിയ ധവളവിപ്ലവത്തിന് നിര്‍ണായക പങ്കാണുള്ളത്. ഗുജറാത്തില്‍ ആനന്ദ് എന്ന പേരില്‍ ക്ഷീരസഹകരണ സംഘം സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നു. ആനന്ദ് മാതൃകയിലാണ് 1965-ല്‍ ദേശീയ സ്ഥാപനമായ നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡ് സ്ഥാപിതമായത്. പോഷകാഹാരം എന്ന നിലയില്‍ രാജ്യത്ത് എല്ലായിടത്തും ന്യായമായ വിലയ്ക്ക് ഗുണനിലവാരമുള്ള പാലിന്റെ ലഭ്യത ഉറപ്പുവരുത്തുന്ന ക്ഷീരവ്യവസായം സംരക്ഷിക്കുക, തൊഴിലില്ലായ്മയ്ക്ക് ഒരു പരിധിവരെ പരിഹാരം കാണുക എന്നിവയും ധവളവിപ്ലവം (operation flood) എന്ന പദ്ധതിയുടെ പ്രധാന ഉദ്ദേശ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

കടപ്പാട്- സര്‍വ്വവിജ്ഞാനകോശം വെബ് എഡിഷന്‍

അവസാനം പരിഷ്കരിച്ചത് : 6/20/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate