കേരളത്തിലെ കലകളില്‍ പലതും തനിമ പുലര്‍ത്തുന്നവയാണ്. ശ്രവ്യങ്ങളും ദൃശ്യങ്ങളും ആയ കേരളീയകലകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ വിഭാഗത്തിലെ ലേഖനങ്ങളെ ഇപ്രകാരം സംവിധാനം ചെയ്തിരിക്കുന്നു.
കേരളത്തിന്റെ തനിമയുള്‍ക്കൊള്ളുന്നതാണ് ഇവിടെ പ്രചാരത്തിലുള്ള ഗാനസമ്പ്രദായം. കേരളത്തിലെ സംഗീതസമ്പത്തിനെ സാമാന്യമെന്നും ശാസ്ത്രീയമെന്നും രണ്ടായി വിഭജിക്കാം. ആദ്യത്തെയിനത്തില്‍ സാധാരണക്കാര്‍ ഒറ്റയ്ക്കോ സംഘം ചേര്‍ന്നോ പാടുന്ന നാടോടിപ്പാട്ടുകളും രണ്ടാമത്തെയിനത്തില്‍ ശാസ്ത്രനിയമങ്ങള്‍ക്ക് വിധേയമായി രൂപം കൊണ്ടിട്ടുള്ള സംഗീതവും ഉള്‍പ്പെടുന്നു. പ്രയോഗത്തിലും ആസ്വാദനത്തിലും ഒരു പാമരനെ സംബന്ധിച്ചതും മറ്റൊന്നു പ്രത്യേക പരിശീലനം നേടിയവരെ സംബന്ധിച്ചതുമാണെന്ന് പൊതുവേ പറയാമെങ്കിലും, ശാസ്ത്രീയസംഗീതം സാമാന്യസംഗീതത്തില്‍ നിന്നും പലതും സ്വീകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്തിട്ടുണ്ടെന്നുള്ളത് നിസ്തര്‍ക്കമാണ്.
വീരകഥാഖ്യാനങ്ങളായ വടക്കന്‍ പാട്ടുകള്‍, തെക്കന്‍ പാട്ടുകള്‍ മുതലായവ; ഭദ്രകാളി, അയ്യപ്പന്‍, നാഗരാജാവ് മുതലായ ദേവതകളുടെ സ്തുതി രൂപത്തിലുള്ളതും വീരപരാക്രമാദിവര്‍ണനാപരവുമായ പാട്ടുകള്‍; അധ്വാനലാഘവത്തിനായി പണിക്കാര്‍ പാടുന്ന പാട്ടുകള്‍; തിരുവാതിരക്കളി, കുമ്മി, കോലാട്ടം മുതലായ വിനോദങ്ങള്‍ക്കായുള്ള പുരാണകഥാകഥനപരമായ പാട്ടുകള്‍; വള്ളക്കാരുടെ സമ്പത്താണെങ്കിലും സാഹിത്യത്തില്‍ ഗണ്യമായ സ്ഥാനം നേടിയിട്ടുള്ള വഞ്ചിപ്പാട്ട് എന്നിങ്ങനെ നാടോടിപ്പാട്ടെന്ന വിഭാഗത്തില്‍ ഒരു വലിയ നിധി കേരളത്തിനുണ്ട്. ഇവയ്ക്കോരോന്നിനും തനിപ്പെട്ട ഒരു ഗാനരീതിയും ലഘുവെങ്കിലും വ്യക്തമായ ഒരു താളക്കെട്ടും ഗതിഭേദവും ഉണ്ടെന്നും അവയുടെ യഥാര്‍ഥരൂപം പരിശോധിച്ചാല്‍ കാണാം. പക്ഷേ പരമ്പരാഗതമായ രീതിയില്‍ ഇവയുടെ രൂപം ശരിക്കു മനസ്സിലാക്കിയിട്ടില്ലാത്ത ഗായകര്‍ ഇവയെ കൈകാര്യം ചെയ്യുന്ന രീതി ഇവയുടെ സ്വത്വം സാരമായി നഷ്ടപ്പെടുത്തുന്നു. പുള്ളുവന്മാര്‍ കമ്പിയിന്മേല്‍ വില്ലുകൊണ്ട് വായിക്കുന്ന വീണക്കുഞ്ഞ്, കളപ്പാട്ടുകള്‍, താളത്തിനായി കമ്പിയിന്മേല്‍ മീട്ടി വായിക്കുന്ന നന്തുണി എന്നീ തന്ത്രീവാദ്യങ്ങളും; ശംഖ്, അര്‍ധവൃത്താകൃതിയിലുള്ള കൊമ്പ് എന്നീ സുഷിരവാദ്യങ്ങളും; തുടി, ഉടുക്ക്, പറ എന്നീ ചര്‍മവാദ്യങ്ങളും; കൈമണിയുമാണ് ഇവയുമായി ബന്ധപ്പെട്ട മുഖ്യവാദ്യങ്ങള്‍.
'സോപാനസംഗീത' മെന്ന പേരില്‍ കേരളത്തിന് തദ്ദേശീയമായ ഒരു സംഗീതമുണ്ടെന്നും അമ്പലങ്ങളിലെ എടയ്ക്കയെന്ന വാദ്യോപകരണത്തോടുകൂടിയ അഷ്ടപദിപ്പാട്ടിലും കഥകളിപ്പാട്ടിലും ഇതു കാണാമെന്നും ഒരഭിപ്രായമുണ്ട്. പക്ഷേ സൂക്ഷ്മ പരിശോധനയില്‍ ശ്രുതി, സ്വരം, രാഗം, താളം മുതലായ അടിസ്ഥാന തത്ത്വങ്ങളില്‍ 'ദേശീയ'മെന്നു വിശേഷിപ്പിക്കപ്പെടുന്ന ആധുനിക ശാസ്ത്രീയസംഗീതത്തിനും സോപാനത്തിനും തമ്മില്‍ ഭേദമില്ലെന്നും സോപാനം ഒരു രീതിഭേദം മാത്രമാണെന്നും മനസ്സിലാകും. പറയത്തക്ക രാഗാലാപനമോ സ്വരപ്രസ്താരമോ ഇല്ലാതെ, ലഘുവായ രീതിയില്‍, സഞ്ചാരം മിക്കവാറും ഒരു സ്ഥായിയിലൊതുക്കി നിര്‍ത്തി, രാഗത്തിന്റെ സ്ഥൂലരൂപം മാത്രമവലംബിച്ച് ഗാനാലങ്കാരങ്ങള്‍ക്ക് പ്രത്യേകിച്ച് സ്ഥാനമൊന്നും നല്‍കാതെ, പ്രയേണ പതിഞ്ഞ മട്ടില്‍, സാഹിത്യാംശത്തില്‍ പ്രത്യേകം ശ്രദ്ധയോടുകൂടി പാടുന്നതാണ് സോപാനത്തിന്റെ പ്രത്യേകത. ദേവാലയങ്ങളില്‍ ശ്രീകോവിലിനു മുമ്പില്‍ 'സോപാന' മെന്നറിയപ്പെടുന്ന പടിക്കെട്ടിനരികില്‍ നിന്നുകൊണ്ടാണ് മാരാര്‍ അഷ്ടപദി പാടുന്നത്. തന്നിമിത്തം ഇതിന് 'സോപാനത്തില്‍പ്പാട്ട്' എന്ന പേരു കിട്ടി. അതേ രീതിയില്‍ പാടുന്ന സംഗീതത്തിന് 'സോപാനസംഗീത'മെന്ന പേരും കാലക്രമത്തിലുണ്ടായി.
അമ്പലത്തോടനുബന്ധിച്ചതാണ് പഞ്ചവാദ്യമേളം. ബലി തൂവുന്നതിനും മറ്റും 'ക്രിയാംഗപഞ്ചവാദ്യം' ഉപയോഗപ്പെടുത്തുന്നു. ഇതില്‍ തിമിലയെന്ന വാദ്യമാണ് പ്രധാനം. മധ്യം കൃശവും അഗ്രങ്ങളിലോട്ട് ക്രമേണ വിസ്തൃതി കൂടിവരുന്നതുമായ മരക്കുറ്റിയില്‍ രണ്ടറ്റവും തോലുകൊണ്ട് പൊതിഞ്ഞു പരസ്പരം കോര്‍ത്തുകെട്ടിയിട്ടുള്ളതും ഒരു മുഖത്തുമാത്രം രണ്ടുകൈ കൊണ്ടും തട്ടി വായിക്കപ്പെടുന്നതുമാണ് ഈ വാദ്യം. സാധാരണ ചെണ്ടയെക്കാള്‍ അല്പം ചെറുതും നാദത്തിന്റെ ഉച്ചത്വം കുറഞ്ഞതുമായ 'വീക്കുചെണ്ട'യാണ് ഉപവാദ്യം. ചേങ്ങില, കൈമണി എന്നിവ മറ്റുപകരണങ്ങള്‍. അഞ്ചാമത്തെ വാദ്യമായ ശംഖ് തുടക്കത്തില്‍ മുഴക്കുന്നു. തുടര്‍ന്ന് തിമിലയില്‍ ശാസ്ത്രവിധിയനുസരിച്ചുള്ള താളങ്ങള്‍ വായിക്കുന്നു. മറ്റു വാദ്യങ്ങളില്‍ താളാംഗങ്ങളെ കാണിക്കുന്നു. ഉത്സവബലിപോലെയുള്ള പ്രത്യേക സന്ദര്‍ഭങ്ങളില്‍ വീക്കുചെണ്ടയുടെ ഒരു ചെറിയ രൂപമായി കരുതാവുന്ന 'പാണി' വായിക്കുന്നു. മൂന്നാംതാളം, അഞ്ചാംതാളം, ശംഭുതാളം, ശകടുതാളം, കൊണ്ടനാച്ചി താളം മുതലായ ചില പ്രത്യേകതാളങ്ങള്‍ ഇതിന് വിധിച്ചിട്ടുണ്ട്. ഓരോ സ്ഥാനത്തിനും ഓരോ ദേവതയ്ക്കും താളവും അതിന്റെ മുറയും വെവ്വേറെയുണ്ട്. ഇവയില്‍ ചില താളങ്ങള്‍ കേരളത്തില്‍ മാത്രം നിലനില്ക്കുന്നവയായി കരുതാവുന്നതാണ്.
ക്രിയാംഗമെന്നതില്‍ നിന്നും വ്യത്യസ്തമായി 'സേവാംഗം' എന്നു വിശേഷിപ്പിക്കാവുന്ന ഒരിനം പഞ്ചവാദ്യമുണ്ട്. ഇതിനെയാണ് പഞ്ചവാദ്യമെന്നു പൊതുവേ പറയുന്നത്. ഇത് അമ്പലത്തിനകത്തും പുറത്തും പ്രയോഗിക്കുന്നുണ്ട്. ഇതിലെ ചര്‍മവാദ്യങ്ങളില്‍ തിമില കൂടാതെ എടയ്ക്കയും മദ്ദളവുമുണ്ട്. മധ്യം ചുരുങ്ങിയതും അഗ്രങ്ങള്‍ വിടര്‍ന്നതുമായ ഒരു പൊള്ളക്കുറ്റിയുടെ രണ്ടറ്റങ്ങളും വിസ്തൃതിയേറിയ മൃദുലമായ തോലുകൊണ്ട് ബന്ധിച്ച് ചരടുകൊണ്ട് പരസ്പരം കോര്‍ത്തിണക്കിയിട്ടുള്ളതാണ് എടയ്ക്ക. ഇതിന്റെ ഒരു മുഖത്തുമാത്രം കോലുകൊണ്ട് വായിക്കുന്നു. മദ്ദളത്തെ വലുപ്പമേറിയ മൃദംഗമായി കണക്കാക്കാം. കൊമ്പും ഇലത്താളവും കൂടിച്ചേര്‍ന്ന് ഈ വാദ്യസമൂഹത്തിന് പഞ്ചവാദ്യമെന്ന നാമം അന്വര്‍ഥമാക്കുന്നു. പക്ഷേ ഇന്നത്തെ പഞ്ചവാദ്യത്തില്‍ രണ്ടുപകരണങ്ങള്‍ കൂടിയുണ്ട്; ശംഖും കുഴലും. ശംഖ് ആരംഭത്തിലും കുഴല്‍ ഇടയ്ക്കിടയ്ക്ക് മേളക്കൊഴുപ്പിനു വേണ്ടിയും മാത്രമേ വായിക്കാറുള്ളൂ. താളവിസ്താരം മറ്റു വാദ്യങ്ങളില്‍ത്തന്നെയാണ്, പ്രത്യേകിച്ചും തിമിലയിലും മദ്ദളത്തിലും മാറിമാറി. ത്രിപുടയെന്ന താളം വളരെ പതിഞ്ഞ കാലപ്രമാണത്തില്‍ തുടങ്ങി ക്രമേണ അതിനെ പാതിപ്പാതിയായി കുറച്ചു വായിക്കുന്നതാണ് ഇതിലെ മുഖ്യാംശം.
ഉത്സവങ്ങളില്‍ ശീവേലിക്കും ഘോഷയാത്രയ്ക്കും മറ്റും ഉപയോഗിക്കുന്നതാണ് ചെണ്ടമേളം. ഇതില്‍ പഞ്ചാരി, അടന്ത, ചെമ്പട, ചമ്പ എന്നിങ്ങനെ ആധുനിക സംഗീതത്തിലെ രൂപകം, അട, ആദി, ഝമ്പ എന്നിവയ്ക്ക് സമാനങ്ങളായ താളങ്ങള്‍ വിസ്തരിച്ച് വായിക്കുന്നു. താളത്തിന്റെ ജതികള്‍ (വായ്ത്താരികള്‍) വായിക്കുന്നതിനു മറ്റു രണ്ടു ചെണ്ടകളും രണ്ട് ഇലത്താളവും കാണും. ചെണ്ടയില്‍ വളരെ വിസ്തരിച്ചുള്ള ഒരു താളവിന്യാസമാണ് 'തായമ്പക'. ഇതിന് ചെമ്പടതാളമാണ് സാധാരണയായി സ്വീകരിക്കുന്നത്.
നാഗസ്വരമേളം ഇന്നു കേരളത്തില്‍ സാര്‍വത്രികമാണെങ്കിലും അത്രതന്നെ പ്രാചീനമല്ല. തമിഴ്നാട്ടില്‍നിന്ന് ഇവിടെ സംക്രമിച്ചതാണ് മറ്റുപലതുമെന്നപോലെ ഇതും.
അഷ്ടപദിഗാനം കേരളത്തില്‍ പ്രചരിച്ചത് 16-ാം ശതകത്തില്‍ ചൈതന്യന്‍ ഇവിടെ നടത്തിയ തീര്‍ഥയാത്രയുടെ കാലത്തിനു ശേഷമാണെന്ന് കരുതുന്നു. പക്ഷേ അതിനു മുമ്പുതന്നെ പ്രാചീന സംസ്കൃത നാടകാഭിനയരീതി നിലനിര്‍ത്തിയിരുന്ന കൂടിയാട്ടത്തില്‍ ഒരുതരം സംഗീതമുണ്ട്. ഇതിന് ക്ലിപ്തമായ രാഗതാളങ്ങളുമുണ്ട്. ഇതില്‍ പ്രാചീന സംഗീതത്തെ അനുസ്മരിപ്പിക്കുന്ന ശ്രീകാമരം, കൈശികം, പുറനീര്‍, കുറുക്കുറുഞ്ഞി മുതലായ രാഗങ്ങളും; തൊണ്ടി, തര്‍ക്കന്‍, ആര്‍ത്തന്‍ മുതലായ വിചിത്ര നാമങ്ങളോടുകൂടിയ രാഗങ്ങളും; ഇവയുടെ പ്രയോഗസന്ദര്‍ഭം സംബന്ധിച്ച നിര്‍ദേശങ്ങളും; ധ്രുവം, ത്രിപുട, ഏകം മുതലായ താളങ്ങളും കാണുന്നു. പക്ഷേ നിലവിലുള്ള കൂടിയാട്ടത്തിലെ സംഗീതപ്രയോഗം വേദം ചൊല്ലുന്ന ഒരു പ്രതീതിയല്ലാതെ രാഗം പാടുന്ന പ്രതീതി ഉളവാക്കുന്നില്ല. അതിന്റെ പ്രയോക്താക്കള്‍ തന്നെയും രാഗങ്ങളെ 'സ്വരം' എന്നല്ലാതെ രാഗമെന്നു പറയുന്നുമില്ല. നാദപ്രയോഗത്തില്‍ ഉച്ചനീചമധ്യങ്ങളെ കുറിക്കുന്ന ഉദാത്താനുദാത്തസ്വരിതസ്വരങ്ങളില്‍ പ്രധാനമായി അധിഷ്ഠിതമായ വൈദികസംഗീതത്തില്‍ നിന്നും സപ്തസ്വരങ്ങളോടുകൂടിയ ലൗകിക സംഗീതത്തിലേക്കുള്ള പരിവര്‍ത്തന പ്രക്രിയയിലെ ഒരവസ്ഥ കൂടിയാട്ടത്തിലെ സംഗീതം സൂചിപ്പിക്കുന്നതായി കണക്കാക്കാം. ചര്‍മബദ്ധമായ മുഖത്തോടു കൂടിയ 'മിഴാവ്' എന്ന വലിയ കുടമാണ് ഇതിനു താളവാദ്യമായി ഉപയോഗിക്കുന്നത്.
സോപാനരീതി തികച്ചും അനുഭവപ്പെടുന്ന സംഗീതമാണ് കഥകളിയിലുള്ളത്. ദേശീയ സംഗീതത്തിന്റെ അതിപ്രസരം അതിലിപ്പോള്‍ കണ്ടുതുടങ്ങിയിട്ടുണ്ടെങ്കിലും അഭിനയിക്കാനുള്ള പദങ്ങളും കഥാഗതി ആഖ്യാനം ചെയ്യുന്ന ശ്ലോകങ്ങളുമാണ് ഇതിലെ ഗാനങ്ങള്‍. 'പൊന്നാനി' എന്ന പ്രധാന ഗായകന്‍ ചേങ്ങിലയില്‍ താളം കൊട്ടിക്കൊണ്ടും 'ശിങ്കിടി' യെന്ന ഉപഗായകന്‍ ഇലത്താളം കൊട്ടിക്കൊണ്ടും പദത്തിലെ ഓരോ ഭാഗവും ആവശ്യാനുസരണം ആവര്‍ത്തിച്ചു പാടുന്നു. മേളച്ചെണ്ടയും മദ്ദളവുമാണ് വാദ്യങ്ങള്‍. സ്ത്രീവേഷങ്ങള്‍ക്കായുള്ള പദങ്ങള്‍ പാടുമ്പോള്‍ ചെണ്ട വായിക്കാറില്ല. കാംബോജി, കല്യാണി, തോടി, മോഹനം, ശങ്കരാഭരണം, കേദാരഗൗളം തുടങ്ങി സാധാരണ രാഗങ്ങള്‍ക്ക് പുറമേ കാനക്കുറിഞ്ഞി, ഇന്ദിശ, ഇരുളം, നവരസം, കണ്ഠാരം മുതലായ പ്രാചീന ദാക്ഷിണാത്യസംഗീതത്തിന്റെ അവശിഷ്ടങ്ങളായി കരുതാവുന്ന രാഗങ്ങളും ഗോപികാവസന്തം, പാടി, ദ്വിജാവന്തി മുതലായ അപൂര്‍വരാഗങ്ങളും കഥകളിയില്‍ കാണുന്നുണ്ട്. ചില രാഗങ്ങള്‍ക്ക് അല്പം നാമഭേദം വന്നിട്ടുണ്ട്; കാംബോജിക്കു കാമോദരി, യദുകുലകാംബോജിക്കു എരിക്കിലകാമോദരി, ധന്യാസിക്കു ധനാശി എന്നിങ്ങനെ. ചില സന്ദര്‍ഭങ്ങളില്‍ ശ്ളോകത്തിനു മുമ്പേ അതിന്റെ രാഗം അല്പാല്പമായി ആലാപനം ചെയ്യാറുണ്ട്. താളത്തില്‍ അടന്ത, ചെമ്പട, ചമ്പ, പഞ്ചാരി, ഏകം എന്നിവയ്ക്കു പുറമേ ഇന്നത്തെ മിശ്രചാപിനു തുല്യമായ മുറിയടന്തയും കാണുന്നു. രസാനുസരണം ലയത്തില്‍ വ്യത്യാസമുണ്ട്. ശൃംഗാരം, കരുണം എന്നിവയ്ക്ക് വിളംബിതലയവും വീരത്തിനും ഹാസ്യത്തിനും മധ്യലയവും ഭയാനകം, അദ്ഭുതം എന്നിവയ്ക്ക് ദ്രുതലയവുമാണ്. കോട്ടയം കേരളവര്‍മത്തമ്പുരാന്‍, ഉണ്ണായിവാര്യര്‍, അശ്വതിതിരുനാള്‍, ഇരയിമ്മന്‍ തമ്പി എന്നിവരുടെ കഥകളിപ്പദങ്ങള്‍ മേന്മയേറിയവയാണ്.
ദക്ഷിണഭോജനെന്നു വിഖ്യാതനായ തിരുവിതാംകൂറിലെ സ്വാതിതിരുനാള്‍ രാജാവിന്റെ കാലം തൊട്ടാണ് കര്‍ണാടക സംഗീതമെന്നറിയപ്പെടുന്ന ആധുനിക ദാക്ഷിണാത്യസംഗീതം കേരളത്തില്‍ പ്രചരിച്ചു തുടങ്ങിയത്. അതിവേഗത്തിലുള്ള പ്രചാരത്തോടൊപ്പം അമൂല്യമായ സംഭാവനകളും കേരളത്തിന്റേതായി ഈ സംഗീത സമ്പ്രദായത്തിന് ലഭിച്ചു. ഇതിനെ ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഇതില്‍ സ്വയം ഗാനനിര്‍മിതി ചെയ്യുന്നതിനും സ്വാതിതിരുനാള്‍ മുന്നോട്ടു വന്നതിന് ഇദ്ദേഹത്തിന്റെ ജന്മസിദ്ധമായ വാസനയ്ക്ക് പുറമേ പ്രേരകങ്ങളായി മറ്റു ചില കാര്യങ്ങളുമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ അധ്യാപകനും പില്ക്കാലത്ത് ദിവാനുമായ തഞ്ചാവൂര്‍ സുബ്ബരായര്‍ ഒരു തികഞ്ഞ സംഗീതജ്ഞനായിരുന്നത് സ്വാഭാവികമായും ശിഷ്യനില്‍ സംഗീതകൗതുകം വളര്‍ത്തുന്നതിനു സഹായിച്ചു. ഇദ്ദേഹം മുഖാന്തരം തിരുവനന്തപുരത്തേക്ക് ക്ഷണിക്കപ്പെട്ട മേരുസ്വാമികളെന്ന വിവിധ സംഗീതസമ്പ്രദായ പാരംഗതനായ ഒരു യോഗി സ്വാതിതിരുനാളിന്റെ ഗുരുത്വം സ്വീകരിച്ച് ശിഷ്യന് സംഗീതരഹസ്യങ്ങളുപദേശിച്ചു. കലാകാരന്മാര്‍ക്ക് കല്പവൃക്ഷമായി വിരാജിച്ചിരുന്ന തഞ്ചാവൂര്‍ ശരഭോജി രാജാവിന്റെ നിര്യാണം നിമിത്തം ഒരു തരത്തില്‍ നിരാലംബരായിത്തീര്‍ന്ന വിദ്വാന്മാരില്‍ വളരെപ്പേര്‍ തത്തുല്യനായ സ്വാതിതിരുനാളിനെ ആശ്രയിക്കുകയും ഇദ്ദേഹത്തിന്റെ ആസ്ഥാനവിദ്വാന്മാരാകുകയും ചെയ്തു. ഇവരില്‍ 'തഞ്ചാവൂര്‍ സഹോദരന്മാര്‍' എന്നറിയപ്പെടുന്ന വടിവേലു, പൊന്നയ്യാ, ചിന്നയ്യാ, ശിവാനന്ദം എന്നിവര്‍ പ്രസിദ്ധ വാഗ്ഗേയകാരനായ മുത്തുസ്വാമി ദീക്ഷിതരുടെ ശിഷ്യന്മാരും ഭരതനാട്യഗാനങ്ങളുടെ നിര്‍മിതിയിലും പ്രയോഗത്തിലും വിദഗ്ധന്മാരുമായിരുന്നു. ഇവരില്‍ വടിവേലു സ്വാതിതിരുനാളിനെ ഗാനനിര്‍മിതിയില്‍ അത്യന്തം സഹായിച്ചു. പാശ്ചാത്യവാദ്യമായ വയലിനിന്റെ സാധ്യതകളെ മനസ്സിലാക്കി വേണ്ട പരീക്ഷണങ്ങള്‍ ചെയ്ത് അതു നമ്മുടെ സംഗീതത്തിനു വളരെ യോജിച്ച ഉപകരണമാണെന്ന് ബോധ്യപ്പെടുത്തുക നിമിത്തം വടിവേലുവിനു രാജാവില്‍ നിന്നു ദന്ത നിര്‍മിതമായ ഒരു വയലിന്‍ പാരിതോഷികമായി ലഭിച്ചു; വയലിന്‍ സംഗീതസദസ്സില്‍ അനുപേക്ഷണീയമായ ഉപകരണമായി സ്ഥാനം നേടുകയും ചെയ്തു. ത്യാഗരാജസ്വാമിയുടെ ശിഷ്യനായ കണ്ണയ്യാഭാഗവതര്‍ സദസ്യനായി വരികയും അദ്വിതീയനായ ആ ഗാനകര്‍ത്താവിന്റെ കൃതികളെ പരിചയപ്പെടുത്തുകയും ചെയ്തു. ഇതിനെല്ലാം പുറമേ, ആറുകാലത്തില്‍ പാടുകയെന്ന അസാമാന്യമായ സിദ്ധി നേടി, ത്യാഗരാജസ്വാമിയുടെ മുമ്പില്‍ അതു പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ ആത്മാര്‍ഥമായ അഭിനന്ദനം നേടിയ ഷട്കാലഗോവിന്ദമാരാരുടെ സാന്നിധ്യം പല പ്രകാരത്തിലും ഉത്തേജകമായിരുന്നു. ഇദ്ദേഹത്തില്‍ നിന്നു കിട്ടിയ 'മാര്‍ഗദര്‍ശി' ശേഷയ്യങ്കാരെന്ന പ്രസിദ്ധ ഗാനകര്‍ത്താവിന്റെ കൃതികള്‍ രാജാവിനു കീര്‍ത്തനനിര്‍മിതി ചെയ്യുന്നതിന് മാതൃക നല്‍കി. ഇവര്‍ക്കു പുറമേ ഹിന്ദുസ്ഥാനി ഗായകന്മാരും ആസ്ഥാന വിദ്വാന്മാരായുണ്ടായിരുന്നു. ആ സമ്പ്രദായത്തില്‍ നിന്നും ചില രാഗങ്ങളും മറ്റു ചില അംശങ്ങളും നമ്മുടെ സമ്പ്രദായത്തില്‍ സ്വീകരിക്കുന്നതിന് അതുപകരിച്ചു.
ആധുനിക സംഗീതത്തിലെ ഗാനരൂപങ്ങളായ കീര്‍ത്തനം, വര്‍ണം, പദം, സ്വരജതി, തില്ലാന, രാഗമാലിക എന്നിവയ്ക്കെല്ലാം കേരളത്തിന്റേതായ സംഭാവനയുണ്ട്. സ്വാതിതിരുനാള്‍ മലയാളം, സംസ്കൃതം, തെലുഗു, കന്നഡ, ഹിന്ദുസ്ഥാനി എന്നീ ഭാഷകളില്‍ കൃതികള്‍ രചിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി കൃതികളില്‍ ഉത്തരേന്ത്യന്‍ സംഗീതത്തിലെ ധ്രുപദ്, ടപ്പാ, ഖയാല്‍ എന്നീ ഗാനരൂപങ്ങള്‍ സ്വീകരിച്ചുകാണുന്നു. മറ്റു വാഗ്ഗേയകാരന്മാര്‍ ഏറിയകൂറും മലയാളത്തിലും കുറേ സംസ്കൃതത്തിലുമാണ് ഗാനങ്ങള്‍ രചിച്ചിട്ടുള്ളത്.
ഈശ്വരസ്തുതിപരങ്ങളും പല്ലവി, അനുപല്ലവി, ചരണം എന്നീ അംഗങ്ങളോടുകൂടിയവയുമാണ് കീര്‍ത്തനങ്ങള്‍. ഒരു രാഗത്തിന്റെ പ്രധാനാംശങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതും ഗായകന് മനോധര്‍മപ്രകടനത്തിന് വേണ്ടത്ര സൌകര്യമുള്ളതുമായ 'കൃതി' കീര്‍ത്തനത്തിന്റെ വകഭേദം മാത്രമാണ്. ഹിന്ദുമതത്തിലെ വിവിധ ദേവീദേവന്മാരെയും ശ്രീപദ്മനാഭസ്വാമിയെ പ്രത്യേകിച്ചും പ്രകീര്‍ത്തിക്കുന്നവയായി മുന്നൂറില്‍പ്പരം കീര്‍ത്തനങ്ങള്‍ സ്വാതിതിരുനാളിന്റേതായുണ്ട്. അക്കൂട്ടത്തില്‍ ദേവീസ്തുതിപരങ്ങളായ 'നവരാത്രികീര്‍ത്തന'ങ്ങളും ശ്രവണം, കീര്‍ത്തനം മുതലായ നവവിധ ഭക്തിയെ പ്രതിപാദിക്കുന്ന 'നവരത്നമാലിക'യും ലൗകിക സുഖങ്ങളെ വെടിഞ്ഞ് പാരത്രികസുഖത്തിനായി പരിശ്രമിക്കുന്നതിന് ഉദ്ബോധനം നല്‍കുന്ന 'വൈരാഗ്യകീര്‍ത്തന'ങ്ങളും പ്രത്യേകം പ്രസ്താവമര്‍ഹിക്കുന്നു. സാഹിത്യാംശത്തില്‍ ശബ്ദഗാംഭീര്യം, ഉത്കൃഷ്ടാശയത്വം, അലങ്കാരപ്രാചുര്യം എന്നിവയും സംഗീതാംശത്തില്‍ സ്വരാക്ഷരമെന്ന ഗാനാലങ്കാരസന്നിവേശം, പ്രാചീന പദ്ധതിപ്രകാരമുള്ള സ്വരപ്രയോഗങ്ങളുടെ സംരക്ഷണം, താളഘടനയിലും നൂതനരാഗരൂപവത്കരണത്തിലും ചില പരീക്ഷണങ്ങള്‍ എന്നിവയും സ്വാതിതിരുനാള്‍ കീര്‍ത്തനങ്ങളില്‍ സുലഭമാണ്.
നാട്യഗാനത്തിനുള്ള സ്വാതിതിരുനാളിന്റെ സംഭാവനയും വലുതാണ്. ഭരതനാട്യത്തിലെ ഒരു രൂപഭേദമായി കരുതാവുന്ന 'മോഹിനിയാട്ടത്തെ' ഇദ്ദേഹം വളരെ പ്രോത്സാഹിപ്പിച്ചു. അതിലെ അഭിനയത്തിനുവേണ്ടിയാണ് പ്രേമഭക്തിയെ ആസ്പദമാക്കിക്കൊണ്ടുള്ള ശൃംഗാരപ്രധാനങ്ങളായ അനവധി 'പദ'ങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുള്ളത്. രസഭാവാദി പൗഷ്കല്യം ഇവയില്‍ പ്രകടമാണ്. രൂപത്തില്‍ പദങ്ങള്‍ കീര്‍ത്തനങ്ങളോടു സദൃശ്യങ്ങളാണെങ്കിലും ഇവയുടെ ഗാനരീതി താരതമ്യേന ലഘുവാണ്. രക്തിരാഗങ്ങളും പതിഞ്ഞ മട്ടും ഇവയുടെ മേന്മ വര്‍ധിപ്പിക്കുന്നു. സ്വാതിതിരുനാള്‍ മലയാളത്തില്‍ രചിച്ചിട്ടുള്ള ഗാനങ്ങളൊട്ടുമുക്കാലും പദങ്ങളാണ്. തെലുഗു ഭാഷയിലുള്ള ഇദ്ദേഹത്തിന്റെ പദങ്ങള്‍ ഈയിനം ഗാനങ്ങള്‍ രചിച്ചിട്ടുള്ളവരില്‍ അഗ്രേസരനായ ക്ഷേത്രജ്ഞന്റെ കൃതികളോടു കിടനില്ക്കുന്നവയാണ്. പദങ്ങളോളം അഭിനയപ്രാധാന്യങ്ങളല്ലാത്തവയും നൃത്തപ്രധാനങ്ങളുമായ സ്വരജതി, തില്ലാന എന്നിവയ്ക്കും സ്വാതിതിരുനാളിന്റെ സംഭാവനയുണ്ട്. പല്ലവിയും ധാതുഭേദത്തോടുകൂടിയുള്ള ഏതാനും ചരണങ്ങളുമടങ്ങിയതാണ് സ്വരജതി, ചൊല്ലുകെട്ടുകള്‍ അല്ലെങ്കില്‍ ജതികളെന്നറിയപ്പെടുന്ന വായ്ത്താരികള്‍ നിറഞ്ഞതാണ് തില്ലാന.
'വര്‍ണ'മെന്നതു പല്ലവി, അനുപല്ലവി, മുക്തായിസ്വരം എന്നിവയോടുകൂടിയ പൂര്‍വാംഗവും ഉപപല്ലവി, ചിട്ടസ്വരങ്ങള്‍ എന്നിവയോടുകൂടിയ ഉത്തരാംഗവും ചേര്‍ന്നതാണ്. സാഹിത്യം സാധാരണയായി ശൃംഗാരപ്രധാനമാണ്. പദത്തിലെന്നപോലെ ഈശ്വരവിഷയകമായ പ്രേമഭക്തിയെ ആവിഷ്കരിക്കുന്ന മട്ടില്‍ സ്വരപ്രധാനമായ 'താനവര്‍ണ'ത്തിലും, സാഹിത്യവും കൂടി തുല്യ പ്രാധാന്യം വഹിക്കുന്ന 'പദവര്‍ണ'ത്തിലും അത്യുത്തമ മാതൃകകള്‍ സ്വാതിതിരുനാളിന്റേതായുണ്ട്. മാത്രമല്ല, ഈ ഗാനരൂപത്തെ കീര്‍ത്തനം പോലെ തന്നെ ഈശ്വരസ്തുതിക്കുപയോഗപ്പെടുത്തി 'സ്തവവര്‍ണ'മെന്ന ഒരു നൂതനവിഭാഗവും ഉദ്ദേഹം വിഭാവനം ചെയ്തു പ്രയോഗിച്ചു വിജയിച്ചിരിക്കുന്നു.
ഒരേ ഗാനത്തില്‍ പല രാഗങ്ങള്‍ കോര്‍ത്തിണക്കുന്ന 'രാഗമാലിക'യുടെ കര്‍ത്താക്കളില്‍ അദ്വിതീയനാണ് സ്വാതിതിരുനാള്‍. വര്‍ണം, കീര്‍ത്തനം, പദം എന്നിവയിലെല്ലാം രാഗമാലികകള്‍ ഇദ്ദേഹത്തിന്റേതായുണ്ടെന്നതു കൂടാതെ, രാഗമാലികാശ്ലോകമെന്നൊരു നൂതനവിഭാഗവും കാണുന്നു. അഭിനയത്തിനായിട്ടാണ് ഇത്തരം ശ്ലോകങ്ങളെന്നതിനു തെളിവുണ്ട്. 'ഹരികഥാകാലക്ഷേപ'മെന്ന സംഗീതകഥാകഥനത്തിനു കുചേലന്റെയും അജാമിളന്റെയും കഥകളെ അവലംബമാക്കി രണ്ടുപാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്.
കേരളീയരായ ശാസ്ത്രീയഗാനകര്‍ത്താക്കളില്‍ പ്രഥമഗണനീയന്‍ സ്വാതിതിരുനാളാണ്. പക്ഷേ ഇദ്ദേഹം മാത്രമാണ് ഇത്തരം ഗാനനിര്‍മിതി ചെയ്തിട്ടുള്ളതെന്ന സാമാന്യ ധാരണ ഒട്ടും ശരിയല്ല. ഇദ്ദേഹത്തിന് മുമ്പും പിമ്പും പലരും ഗാനങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. അഷ്ടപദിയുടെ രീതിയില്‍ മുക്കോലഭഗവതിയുടെ സ്തുതിയായി 'ശിവാഗീതി' രചിച്ച രാമപാണിവാദന്‍, സദാശിവബ്രഹ്മേന്ദ്രന്റെ ഗാനങ്ങളുടെ രീതിയില്‍ കീര്‍ത്തനങ്ങള്‍ രചിച്ച മുക്കോലയ്ക്കല്‍ മാരാര്‍, കാര്‍ത്തികതിരുനാള്‍ രാമവര്‍മരാജാവിന്റെ മുമ്പില്‍ പാടി കേള്‍പ്പിച്ചതായി രേഖപ്പെടുത്തിക്കാണുന്ന 'കുലശേഖരകീര്‍ത്തന'ങ്ങളുടെ കര്‍ത്താവായ കുലശേഖരന്‍, അശ്വതി തിരുനാള്‍ യുവരാജാവ്, രുക്മിണീഭായിത്തമ്പുരാട്ടി എന്നിവര്‍ ഇദ്ദേഹത്തിനു മുമ്പും ഇരയിമ്മന്‍ തമ്പി ഇദ്ദേഹത്തോടൊരുമിച്ചും കുട്ടിക്കുഞ്ഞു തങ്കച്ചി തുടങ്ങിയവര്‍ പില്ക്കാലത്തും ഗാനരചനചെയ്തിട്ടുള്ളവരാണ്. ഇരയിമ്മന്‍ തമ്പിക്ക് ഇക്കൂട്ടത്തില്‍ പ്രത്യേകമായ ഒരു സ്ഥാനമുണ്ട്. ഇദ്ദേഹത്തിന്റെ കീര്‍ത്തനങ്ങള്‍ സ്വാതിതിരുനാളിന്റെ കീര്‍ത്തനങ്ങളോട് അത്യന്തം സാദൃശ്യമുള്ളവയാണ്. ലക്ഷണമൊത്ത ഏതാനും വര്‍ണങ്ങളും മനോഹരങ്ങളായ നിരവധി പദങ്ങളും തത്കര്‍ത്തൃകങ്ങളായുണ്ട്. സമീപകാല ഗാനകര്‍ത്താക്കളില്‍ ലക്ഷ്മണന്‍പിള്ള, എണ്ണപ്പാടം വെങ്കടരമണഭാഗവതര്‍, യോഗാനന്ദദാസര്‍, കുട്ടമത്ത് എന്നിവര്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്നു. ലക്ഷ്മണന്‍പിള്ള തമിഴിലാണ് കവനം ചെയ്തിട്ടുള്ളത്. തമിഴ് നാട്ടില്‍ വളരെ പ്രശസ്തി നേടിയ യോഗിവര്യനായ നീലകണ്ഠശിവനെന്ന ഗാനകൃത്തും കേരളീയനാണ്. ഇദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യനാണ് പാപനാശം ശിവനെന്ന പ്രസിദ്ധ തമിഴ് ഗാനരചയിതാവ്.
സംഗീതശാസ്ത്രത്തിനു കേരളത്തിന്റെ സംഭാവനയായി പറയാവുന്ന ചില ഗ്രന്ഥങ്ങളുണ്ട്. സ്വരതാളാദിലക്ഷണം, സംഗീതവിധികള്‍, താളവിധികള്‍, സംഗീതചൂഡാമണി തുടങ്ങിയ ഗ്രന്ഥങ്ങളില്‍ പലതിലും പല പ്രാചീന ഗ്രന്ഥങ്ങളിലടങ്ങിയിട്ടുള്ള കാര്യങ്ങള്‍ വിവരിക്കുന്നു. പക്ഷേ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രഗ്രന്ഥം ആറ്റൂര്‍ കൃഷ്ണപ്പിഷാരൊടിയുടെ സംഗീതചന്ദ്രികയാണ്. പ്രാചീന സംഗീത തത്ത്വങ്ങളുടെ വിസ്തരിച്ചുള്ള പ്രതിപാദനമാണ് ഇതിലുള്ളത്. ആധുനിക കൃതികളില്‍ വി. മാധവന്‍ നായരുടെ കേരളസംഗീതത്തില്‍ നമ്മുടെ സംഗീതത്തിന്റെ ചരിത്രപരമായ ഒരു നിരീക്ഷണം കാണുന്നു. എ. കെ. രവീന്ദ്രനാഥിന്റെ ദക്ഷിണേന്ത്യന്‍ സംഗീതം ഇന്നത്തെ സംഗീതസ്വരൂപം വിവരിച്ചുകാണിക്കുന്നു. സംഗീതവിദ്യാര്‍ഥികള്‍ക്കും സംഗീതകുതുകികളായ സാധാരണക്കാര്‍ക്കും പ്രയോജനപ്പെടണമെന്ന ഉദ്ദേശ്യത്തോടുകൂടി രചിച്ചിട്ടുള്ള ഗ്രന്ഥമാണ് സംഗീതശാസ്ത്രപ്രവേശിക.
പ്രസിദ്ധിപെറ്റ കേരളീയഗായകരില്‍ ഒന്നാമനാണ് ഷട്കാല ഗോവിന്ദമാരാര്‍. ഇദ്ദേഹത്തിന്റെ ഗാനപാടവത്തില്‍ മുഴുകി ആശ്ചര്യപ്പെട്ട ത്യാഗരാജസ്വാമി രചിച്ച കൃതിയാണ് 'എന്തരോ മഹാനുഭാവലു' എന്ന പഞ്ചരത്നകീര്‍ത്തനം. പാലക്കാട്ടു പരമേശ്വരഭാഗവതര്‍, കോയമ്പത്തൂര്‍ രാഘവയ്യര്‍, കഥാകാലക്ഷേപം അനന്തരാമഭാഗവതര്‍, വീണ കല്യാണകൃഷ്ണഭാഗവതര്‍, ചെമ്പൈ വൈദ്യനാഥഭാഗവതര്‍ എന്നിവര്‍ നമ്മുടെ അഭിമാനസ്തംഭങ്ങളാണ്. കെ.വി. നാരായണസ്വാമി, കെ.എസ്. നാരായണസ്വാമി, എം.ഡി. രാമനാഥന്‍, ടി.എന്‍. കൃഷ്ണന്‍, എം.എസ്. ഗോപാലകൃഷ്ണന്‍, ടി.എസ്. മണി അയ്യര്‍, ടി.കെ. മൂര്‍ത്തി, നെയ്യാറ്റിന്‍കര വാസുദേവന്‍ തുടങ്ങി നിരവധി സംഗീതവിദ്വാന്മാര്‍ ആഗോള പ്രശസ്തിനേടിയ കേരളീയ സംഗീതജ്ഞന്മാരാണ്.
(ഡോ. എസ്. വെങ്കടസുബ്രഹ്മണ്യയ്യര്‍)
ദൃശ്യം
ദൃശ്യകലകളെ ചിത്രകലകളെന്നും അഭിനേയകലകളെന്നും രണ്ടായി വിഭജിക്കാം. ഇവയുടെ കാര്യത്തിലും കേരളം തനിമ പുലര്‍ത്തുന്നു.
മറയൂരിലെ പാറമടക്കുകളിലും ഗുഹാന്തരങ്ങളിലും മധ്യമശിലായുഗമനുഷ്യര്‍ (Mesolythic men) വരച്ച ആദിമചിത്രങ്ങളുടെ (Cave paintings) തുടര്‍ച്ചയാണ് ഒരര്‍ഥത്തില്‍ കേരളത്തിലെ ചുവര്‍ച്ചിത്രങ്ങള്‍.
മന്ദിരങ്ങളിലെ പുറം പ്രതലങ്ങള്‍ മോടി പിടിപ്പിക്കുകയായിരുന്നു കേരളത്തിലെ ചുവര്‍ച്ചിത്രങ്ങളുടെ ധര്‍മം. മറ്റുള്ളിടങ്ങളിലെന്നപോലെ സ്ഥാപത്യ കലയുമായി (Architecture ) ബന്ധപ്പെട്ടാണ് ചുവര്‍ച്ചിത്രങ്ങള്‍ ഇവിടെയും വികസിച്ചത്.
പല്ലവ ഗുഹാക്ഷേത്രങ്ങളുടെ മാതൃകയിലുള്ള ദേവാലയങ്ങള്‍ രൂപം കൊണ്ട 7-ാം ശ. മുതല്‍ നാമിന്നു കാണുന്ന വിധത്തിലുള്ള ചുവര്‍ച്ചിത്രങ്ങള്‍ ഇവിടെ രൂപം കൊണ്ടുവെന്നു കരുതാം. തിരുനന്തിക്കര ഗുഹാക്ഷേത്രത്തില്‍ (കന്യാകുമാരി ജില്ല) ഉണ്ടായിരുന്ന ചുവര്‍ച്ചിത്രങ്ങളാണ് കേരളീയ ശൈലിയിലുള്ള ഭിത്തി ചിത്രങ്ങളില്‍ ഏറ്റവും പ്രാചീനം. കുറഞ്ഞപക്ഷം 9-ാം ശതകത്തിലെങ്കിലും വരച്ചവയായിരിക്കണം ഇവിടത്തെ ചിത്രങ്ങള്‍.
ഒമ്പതാം ശതകം മുതല്‍ പതിനാലാം ശതകം വരെയുള്ള ആദ്യകാല ചുവര്‍ച്ചിത്രങ്ങളുടെ മറ്റൊരു മാതൃക തിരുവനന്തപുരം ജില്ലയിലെ കാന്തളൂര്‍ ക്ഷേത്രത്തില്‍ അവശേഷിക്കുന്നുണ്ട്.
പതിനാലാം ശതകം മുതല്‍ പത്തൊമ്പതാം ശതകം വരെയുള്ള കാലഘട്ടത്തിലെ ചുവര്‍ച്ചിത്രങ്ങള്‍ കേരളത്തിലെ അനേകം ദേവാലയങ്ങളിലും മന്ദിരങ്ങളിലും കാണുന്നു. ഈ കാലഘട്ടത്തെ കേരളീയചിത്രകലയുടെ സുവര്‍ണകാലമായി വിശേഷിപ്പിക്കാം.
ആലേഖനസമ്പ്രദായങ്ങള്‍. പതിനാറാം ശതകത്തിലെ ചെമ്പകശ്ശേരി ദേവനാരായണന്റെ സദസ്സിലെ അംഗമായിരുന്ന ശ്രീകുമാരന്റെ ശില്പരത്നം എന്ന ഗ്രന്ഥത്തില്‍ നിന്ന് കേരളത്തിലെ ചുവര്‍ച്ചിത്രരചനാസമ്പ്രദായങ്ങളെപ്പറ്റി സാമാന്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. വര്‍ണവിധികളെപ്പറ്റി പ്രതിപാദിക്കുന്ന മറ്റേതാനും ഹസ്തലിഖിത ഗ്രന്ഥങ്ങളും കേരളത്തില്‍ പ്രചരിപ്പിച്ചിരുന്നു. വെട്ടുകല്ലുകൊണ്ടോ കരിങ്കല്ലുകൊണ്ടോ കെട്ടിപ്പടുത്ത ചുവരുകളില്‍ പരുക്കന്‍ കുമ്മായം ഉപയോഗിച്ചു പ്രാഥമിക പ്രതലവും (ground), അതിനു മീതെയായി ദ്വിതീയ പ്രതലവും (carrier) ഒരുക്കിയശേഷം വരച്ചവയാണ് കേരളത്തിലെ ചുവര്‍ച്ചിത്രങ്ങള്‍. പ്രാഥമിക പ്രതലം, ദ്വിതീയ പ്രതലം, വര്‍ണവസ്തുക്കള്‍ (pigments),യോജകമാധ്യമം (binding medium) എന്നിങ്ങനെ നാലു ഘടകങ്ങള്‍ കേരളത്തിലെ ചുവര്‍ച്ചിത്രങ്ങള്‍ക്കും കാണുന്നുണ്ട്.
യോജകമാധ്യമത്തില്‍ ലയിപ്പിച്ച വര്‍ണവസ്തുക്കള്‍ കുമ്മായത്തിന്റെ തെളിനീരില്‍ ചാലിച്ചശേഷം ദ്വിതീയ പ്രതലത്തില്‍ ബ്രഷ് ഉപയോഗിച്ചു വരയ്ക്കുന്ന ശൈലിക്കാണ് കേരളത്തില്‍ പ്രചാരം. 'ഫ്രെസ്കൊ സെക്കൊ' (fresco seco) എന്നാണ് ഈ ശൈലിയുടെ പേര്.
നിറങ്ങള്‍. അഞ്ചു നിറങ്ങളും അവയുമായി ബന്ധപ്പെടുന്ന ഇതരനിറങ്ങളുമാണ് കേരളത്തില്‍ കണ്ടുവരുന്നത്. കാവിച്ചുവപ്പ്, കാവിമഞ്ഞ, കറുപ്പ്, വെള്ള, ശ്യാമഹരിതം എന്നിവയാണ് പ്രധാന നിറങ്ങള്‍. പീതരഹിതം, ഹരിതനീലം, മേഘശ്യാമം, സുവര്‍ണം, ധൂമം തുടങ്ങിയ നിറഭേദങ്ങളും ഉപയോഗിച്ചു കാണുന്നു.
ചുവര്‍ച്ചിത്രങ്ങളിലെ നിറങ്ങള്‍ പ്രതീകാത്മകങ്ങളാണ്. സാത്ത്വികം, രാജസം, താമസം എന്നീ ത്രിഗുണങ്ങളെ ആധാരമാക്കിയാണ് മൂര്‍ത്തികള്‍ക്കു നിറം നല്കുന്നത്.
പലരും കരുതുന്നതുപോലെ പച്ചിലച്ചായങ്ങള്‍ മാത്രമല്ല ചുവര്‍ച്ചിത്രങ്ങള്‍ തയ്യാറാക്കുന്നതിനുപയോഗിച്ചിരുന്നത്. മണ്ണില്‍ നിന്നും കുഴിച്ചെടുക്കുന്ന ചുവപ്പും മഞ്ഞയും നിറമുള്ള മണ്‍കട്ടകളും മനയോല, ചായില്യം, തുരിശ് തുടങ്ങിയ രാസവസ്തുക്കളും എണ്ണക്കരി, നീലയമരിയുടെ ചാറ് തുടങ്ങിയ ജൈവജന്യവസ്തുക്കളും ചായങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കാറുണ്ട്. കുമ്മായത്തിനു പുറമേ പലതരം പശകളും യോജകമാധ്യമം എന്ന നിലയില്‍ ഉപയോഗിച്ചിരുന്നു.
സ്ഥൂലം, മധ്യമം, സൂക്ഷ്മം എന്നിങ്ങനെ മൂന്നു വിധത്തിലുള്ള വര്‍ത്തി (ബ്രഷ്) കളെപ്പറ്റി ശില്പരത്നത്തില്‍ പ്രസ്താവിക്കുന്നുണ്ട്.
പ്രമേയങ്ങള്‍. ത്രിമൂര്‍ത്തികള്‍, കാളി, ദുര്‍ഗ, ഗണപതി, സുബ്രഹ്മണ്യന്‍ തുടങ്ങിയ മുഖ്യദേവീദേവന്മാരുടെ രൂപങ്ങളാണ് ചുവര്‍ച്ചിത്രങ്ങളില്‍ സാധാരണയായി കണ്ടുവരുന്നത്. ധ്യാനങ്ങളെ ആധാരമാക്കിയാണ് ദേവീദേവന്മാരെ വരയ്ക്കുന്നത്. പ്രദോഷനൃത്തം ചെയ്യുന്ന ശിവന്‍, അനന്തശായിയായ വിഷ്ണു, വേട്ട നടത്തുന്ന ശാസ്താവ്, വിഷ്ണുവിന്റെ അവതാരങ്ങള്‍, ശിവഭാവങ്ങള്‍ തുടങ്ങിയവയും ചുവര്‍ച്ചിത്രങ്ങളില്‍ കാണാം. രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ പുരാണേതിഹാസങ്ങളില്‍ നിന്നുള്ള കഥാസന്ദര്‍ഭങ്ങളും ചിത്രീകരിക്കാറുണ്ട്. മൃഗങ്ങള്‍, പക്ഷികള്‍, മരങ്ങള്‍, ചെടികള്‍, പര്‍വതങ്ങള്‍, പുഴകള്‍, കടല്‍ എന്നിവയും കഥാസന്ദര്‍ഭത്തിനനുയോജ്യമായി ആലേഖനം ചെയ്തുകാണുന്നു.
യേശുക്രിസ്തുവിന്റെ ജനനം, അവസാനത്തെ അത്താഴം, ക്രൂശാരോഹണം, ഉയിര്‍ത്തെഴുന്നേല്പ്, മാലാഖമാര്‍, ശ്ലീഹാമാര്‍ തുടങ്ങിയവയാണ് ക്രൈസ്തവദേവാലയങ്ങളിലെ ചുവര്‍ച്ചിത്രങ്ങളില്‍ പ്രധാനം.
രസം, ഭാവം, ചലനം എന്നിവയ്ക്കാണ് നമ്മുടെ ചുവര്‍ച്ചിത്രകാരന്മാര്‍ മുന്‍തൂക്കം കൊടുത്തിരുന്നത്. ഓരോ രൂപത്തിനും ചിത്രത്തിനും ചുറ്റിനും അലങ്കൃതങ്ങളായ രേഖകള്‍ വരയ്ക്കുന്ന രീതി കേരളത്തിലെ ചുവര്‍ച്ചിത്രങ്ങളുടെ പ്രത്യേകതയാണ്. ചിത്രങ്ങള്‍ എഴുന്നു നില്ക്കുന്ന പ്രതീതി ഉണ്ടാക്കാന്‍ ഇതു സഹായിക്കുന്നു.
പതിനഞ്ചാം ശതകത്തിനും പതിനാറാം ശതകത്തിനും മധ്യേ കേരളത്തില്‍ രൂപം കൊണ്ട ഭക്തിപ്രസ്ഥാനമാണ് കേരളത്തിലെ ചുവര്‍ച്ചിത്രങ്ങളെ ശ്രദ്ധേയമാക്കിയത്.
രൂപപ്പൊലിമയ്ക്കും വര്‍ണഭംഗിക്കും പേരുകേട്ടതാണ് കേരളത്തിലെ ചുവര്‍ച്ചിത്രങ്ങള്‍. രാജസ്ഥാന്‍ കഴിഞ്ഞാല്‍ പുരാതത്വപ്രാധാന്യമുള്ള ചുവര്‍ച്ചിത്രങ്ങള്‍ ഏറ്റവും കൂടുതല്‍ കാണുന്നതു കേരളത്തിലാണ്.
കേരളീയ ദേവാലയങ്ങളുടെ പഠനം ഇവിടത്തെ വാസ്തുശില്പത്തിന്റെ ശൈലീപരിണാമങ്ങള്‍ മനസ്സിലാക്കുവാന്‍ ഒട്ടേറെ സഹായിക്കുന്നു. പ്രകൃതിയുടെ സ്വാഭാവികഘടനയ്ക്ക് അനുപൂരകമായിട്ടാണ് നമ്മുടെ ക്ഷേത്രങ്ങളുടെ വാസ്തുശില്പശൈലി വികാസം പ്രാപിച്ചത്. വളര്‍ച്ചയെത്തിയ ഒരു തെങ്ങിനെക്കാള്‍ പൊക്കമുള്ള മന്ദിരത്തെപ്പറ്റി നമ്മുടെ പൂര്‍വികര്‍ക്കു ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. അതിനാലാണ് ചോള-പാണ്ഡ്യ സമ്പ്രദായങ്ങളിലുള്ള ഉന്നതഗോപുരങ്ങള്‍ ഇവിടെ ഉണ്ടാകാതിരുന്നത്. വൃത്തം, ചതുരം, ദീര്‍ഘചതുരം, ഗജപൃഷ്ഠം തുടങ്ങിയ ജ്യാമിതീയ രൂപങ്ങളിലൊന്നു സ്വീകരിച്ച ശ്രീകോവിലും ചതുരശ്രമായ ഒരു നാലമ്പലവുമാണ് കേരളീയ ക്ഷേത്രങ്ങളുടെ മുഖ്യഘടകങ്ങള്‍. വലിയ ഒരു പടിപ്പുരയെ ഓര്‍മിപ്പിക്കുന്ന ഗോപുരവും മതില്‍ക്കെട്ടും കൂടി പില്ക്കാലത്തു രൂപം കൊണ്ടു. ലാളിത്യത്തില്‍ സൗന്ദര്യം കാണാനുള്ള കേരളീയ മനോഭാവമാണ് വാസ്തുശില്പശൈലിയിലും പ്രതിഫലിച്ചിരിക്കുന്നത്
ചരിത്രം. വാസ്തുശില്പരംഗത്തെ ഒരു പരിവര്‍ത്തനഘട്ടത്തിലാണ് പല്ലവശൈലിയില്‍ പാറ തുരന്നുള്ള ഗുഹാക്ഷേത്രങ്ങള്‍ കേരളത്തില്‍ രൂപം കൊണ്ടത്. മടവൂര്‍പ്പാറ, കോട്ടുകാല്‍, കവിയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പാറ തുരന്നുള്ള ഗുഹാക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടവ സ്ഥിതി ചെയ്യുന്നത്. ഇവയുടെ നിര്‍മാണം 8-ാം ശതകത്തിലോ അതിന് അല്പം മുമ്പോ നടന്നിരിക്കണം.
ആറാം ശ. മുതല്‍ തന്നെ ഘടനാത്മകക്ഷേത്രങ്ങളും (Structural temple) കേരളത്തില്‍ ആവിര്‍ഭവിച്ചിരുന്നു. സമചരുരാകൃതിയിലുള്ള ചെറിയ ഒരു അറയായിരുന്നു ആദ്യകാലത്തെ ശ്രീകോവില്‍. ഇവയ്ക്കു കരിങ്കല്‍പ്പാളികള്‍കൊണ്ടു കെട്ടിയ മേല്‍ക്കൂരകളായിരുന്നു ഉണ്ടായിരുന്നത്.
വിഴിഞ്ഞം ക്ഷേത്രങ്ങള്‍, മലപ്പുറം ജില്ലയിലെ കട്ടില്‍മാടം ക്ഷേത്രം, എറണാകുളം ജില്ലയിലെ മഞ്ഞപ്രക്ഷേത്രം എന്നിവ ആദ്യകാലത്തെ ഘടനാത്മക ക്ഷേത്രങ്ങളെപ്പറ്റി ഒരു ഏകദേശധാരണ നല്കുന്നു. കാലവര്‍ഷത്തെ പ്രതിരോധിക്കാന്‍ കരിങ്കല്‍പ്പാളികള്‍ കൊണ്ടു നിര്‍മിച്ച മേല്‍ക്കൂരകള്‍ മാത്രം പോരെന്നു കണ്ടതോടെ ചെമ്പുപലകകള്‍ കൊണ്ട് മേല്‍ക്കൂര കെട്ടുന്ന സമ്പ്രദായം പ്രചരിച്ചു.
മൂന്നുഘട്ടങ്ങള്‍. കേരളക്ഷേത്രങ്ങളുടെ വാസ്തുശില്പകാലത്തെ കെ.വി. സൗന്ദരരാജന്‍ 9-ാം ശ. മുതല്‍ 12-ാം ശ. വരെയുള്ള കാലത്തെ പ്രാരംഭഘട്ടമെന്നും 12-ാം ശ. മുതല്‍ 16-ാം ശ. വരെയുള്ള കാലത്തെ മധ്യഘട്ടം എന്നും 16-ാം ശ. മുതല്‍ 18-ാം ശ.വരെയുള്ള കാലത്തെ പില്ക്കാലഘട്ടമെന്നും മൂന്നു ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു. കണ്ടിയൂര്‍, തിരുവഞ്ചിക്കുളം, തൃക്കുലശേഖരപുരം, കീഴ്ത്തളി, വാഴപ്പള്ളി, കവിയൂര്‍, വൈക്കം, ഏറ്റുമാനൂര്‍, പന്നിയൂര്‍, ശുകപുരം തുടങ്ങിയ ക്ഷേത്രങ്ങളില്‍ ഇന്നു കാണുന്ന അടിത്തറ പ്രാരംഭകാലഘട്ടത്തില്‍ നിര്‍മിച്ചതാണ്.
മധ്യമഘട്ടം. ക്ഷേത്രനിര്‍മാണത്തിനു വളരെ പ്രചാരം ലഭിച്ച ഒരു കാലഘട്ടമാണിത്. അനേകം ക്ഷേത്രങ്ങള്‍ ഇക്കാലത്ത് പുനര്‍നിര്‍മാണത്തിനു വിധേയമായി. ഏറ്റുമാനൂര്‍, വൈക്കം, കവിയൂര്‍, കഴക്കൂട്ടം, കഠിനംകുളം, നാവായിക്കുളം തുടങ്ങിയ ക്ഷേത്രങ്ങളില്‍ ഇക്കാലത്ത് പുനര്‍നിര്‍മാണം നടന്നിരുന്നതായി ശിലാലിഖിതങ്ങളില്‍ നിന്നു മനസ്സിലാക്കാം.
പില്ക്കാലഘട്ടം. തന്ത്രസമുച്ചയം (15-ാം ശ.), ശില്പരത്നം (16-ാം ശ.), മനുഷ്യാലയചന്ദ്രിക (16-ാം ശ.) തുടങ്ങിയ ശില്പകലാഗ്രന്ഥങ്ങളുടെ സ്വാധീനത ഈ കാലഘട്ടത്തിലെ വാസ്തുശില്പങ്ങളില്‍ കാണാനുണ്ട്. നാലമ്പലങ്ങളില്‍ നേരത്തേ ഉണ്ടായിരുന്ന കൂത്തുതറകള്‍ക്കു പകരം പ്രത്യേകം കൂത്തമ്പലങ്ങള്‍ ഇക്കാലത്തു നിര്‍മിച്ചു. ഗോപുരങ്ങളും ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്. പദ്മനാഭപുരം, കൃഷ്ണപുരം, മട്ടാഞ്ചേരി തുടങ്ങിയ കൊട്ടാരങ്ങള്‍ ഈ കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ടവയാണ്.
പ്രധാന ക്ഷേത്രങ്ങള്‍. ക്ഷേത്രാരാധനയ്ക്കായി എത്തുന്നവരില്‍ ഏകാഗ്രമായ ഭക്തി സൃഷ്ടിക്കുവാന്‍ സഹായകമാണ് നമ്മുടെ ക്ഷേത്രങ്ങള്‍. കവിയൂര്‍, തിരുവല്ല, തൃക്കൊടിത്താനം, ഏറ്റുമാനൂര്‍, വൈക്കം, തൃക്കാക്കര, അവിട്ടത്തൂര്‍, ഇരിങ്ങാലക്കുട തുടങ്ങിയ സ്ഥലങ്ങളിലെ വട്ടശ്രീകോവിലുകള്‍ ആത്മീയമായ അന്തരീക്ഷം വളര്‍ത്തുന്നതിന് അത്യധികം സഹായിക്കുന്നു. ചോകിരം, പന്നിയൂര്‍, തിരുവഞ്ചിക്കുളം, തൃക്കുലശേഖരപുരം, കീഴ്ത്തളി, തിരുനാവായ, ഇന്ത്യാനൂര്‍, തൃച്ചംബരം എന്നിവിടങ്ങളിലെ ശ്രീകോവിലുകള്‍ക്ക് ഒതുക്കമുള്ള ചതുരാകൃതിയാണുള്ളത്. തൃക്കണ്ടിയൂര്‍, തൃപ്രങ്ങോട്, ശ്രീമദനന്തേശ്വരം, പയ്യന്നൂര്‍, തിരുമണ്ണൂര് തുടങ്ങിയ ക്ഷേത്രങ്ങളില്‍ ഗജപൃഷ്ഠാകൃതിയിലുള്ള ശ്രീകോവിലുകള്‍ കാണാം. പെരുമനത്തെ ദീപ്രശൈലിയിലുള്ള ശ്രീകോവിലുകള്‍ക്കും അസാധാരണമായ വാസ്തുശില്പഭംഗിയുണ്ട്.
പള്ളികള്‍. വൈദേശിക സ്വാധീനത ഉണ്ടെങ്കില്‍ക്കൂടി ലാളിത്യമായിരുന്നു കേരളത്തിലെ പള്ളികളുടെയും സവിശേഷത. കുടമാളൂര്‍, കല്ലൂപ്പാറ, രാമപുരം (മീനച്ചല്‍), അകപ്പറമ്പ്, കാഞ്ഞൂര്‍, പൂതപ്പള്ളി തുടങ്ങിയ പള്ളികള്‍ പഴമയുടെ ഒതുക്കം നിലനിര്‍ത്തുന്നു. കോട്ടയത്തെ വലിയ പള്ളിയെയും ചെറിയ പള്ളിയെയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താം. വെള്ളത്തുണിയില്‍ ചട്ടയും ഞൊറിവച്ച മുണ്ടും ധരിച്ചിരുന്ന ക്രിസ്തീയ വനിതയുടെ നാടന്‍ഭംഗിയാണ് പള്ളിയുടെ ബാഹ്യവിതാനങ്ങള്‍ ഓര്‍മിപ്പിക്കുന്നത്.
മുസ്ലിംപള്ളികള്‍. തിരൂരങ്ങാടി, തളങ്കര, പെരിങ്ങത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ മുസ്ലിം ദേവാലയങ്ങള്‍ പഴമയുടെ ഭംഗി ആവാഹിക്കുന്നു. കോഴിക്കോട്ടെ മുച്ചാണ്ടിപ്പള്ളി(മുച്ചിന്തി)യും ഇക്കൂട്ടത്തില്‍പ്പെടുന്നു.
വീടുകള്‍. നടുമുറ്റത്തോടുകൂടിയതും അതിനു ചുറ്റുമായി പന്ത്രണ്ടു മുറികള്‍ വരെ ഉള്ളതുമായ നാലുകെട്ടുകളായിരുന്നു കേരളത്തില്‍ സര്‍വസാധാരണയായി കണ്ടിരുന്നത്. രണ്ടു നിലകളിലുള്ള നാലുകെട്ടുകളും എട്ടുകെട്ടുകളും പടിപ്പുരമാളിക, പടിഞ്ഞാറ്റിനി തുടങ്ങിയ എടുപ്പുകളോടുകൂടിയ നാലുകെട്ടുകളും പിന്നീടു പ്രചാരത്തില്‍ വന്നവയാണ്.
ചുവര്‍ച്ചിത്രങ്ങള്‍. കാന്തളൂര്‍ (തിരുവനന്തപുരം ജില്ല), പിഷാരിക്കാവ്, കളിയാമ്പള്ളി (കോഴിക്കോട്) എന്നിവിടങ്ങളിലെ ചുവര്‍ച്ചിത്രങ്ങളാണ് ഇന്ന് അവശേഷിക്കുന്ന ചിത്രങ്ങളില്‍ വച്ച് ഏറ്റവും പഴക്കമുള്ളവ. മട്ടാഞ്ചേരി കൊട്ടാരത്തിലെ രാമായണചിത്രങ്ങള്‍; പള്ളിമണ്ണ, ചെമ്മന്‍തിട്ട, തൃച്ചക്രപുരം (തൃശൂര്‍), കുടമാളൂര്‍ (കോട്ടയം), പനയന്നാര്‍ കാവ് (പത്തനംതിട്ട), തൊടീക്കളം (കണ്ണൂര്‍) തുടങ്ങിയ ക്ഷേത്രങ്ങളിലെ ചുവര്‍ച്ചിത്രങ്ങള്‍ എന്നിവ മധ്യകാല കേരളീയ ചിത്രകലയിലെ രണ്ടാംഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നു. മട്ടാഞ്ചേരിക്കൊട്ടാരത്തിലെ കീഴ്ത്തളത്തിലുള്ള ചിത്രങ്ങള്‍; കൃഷ്ണപുരത്തെയും പദ്മനാഭപുരത്തെയും കൊട്ടാരചിത്രങ്ങള്‍; പുണ്ഡരീകപുരം (കോട്ടയം), കോട്ടയ്ക്കല്‍(മലപ്പുറം) എന്നീ ക്ഷേത്രങ്ങളിലെ ചുവര്‍ച്ചിത്രങ്ങള്‍ എന്നിവ മധ്യകാല കേരളീയ ചിത്രകലയുടെ മൂന്നാം ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നു.
കാഞ്ഞൂര്‍, അകപ്പറമ്പ്, അങ്കമാലി (എറണാകുളം), താഴത്തങ്ങാടി (കോട്ടയം), തിരുവല്ല പാലിയേക്കര (പത്തനംതിട്ട), ചേപ്പാട് (ആലപ്പുഴ) എന്നിവിടങ്ങളിലെ പഴയ ക്രൈസ്തവദേവാലയങ്ങളിലെ ചുവര്‍ച്ചിത്രങ്ങള്‍ അഴകാര്‍ന്നവയാണ്.
ഗോവര്‍ധനം കുടയായി പിടിച്ചുനില്ക്കുന്ന ശ്രീകൃഷ്ണന്‍, ഗോപികമാരാല്‍ ലാളിക്കപ്പെടുന്ന മദനഗോപാലകൃഷ്ണന്‍, ഗിരിജാകല്യാണം തുടങ്ങിയവയാണ് മട്ടാഞ്ചേരിക്കൊട്ടാരത്തിലെ കീഴ്ത്തളങ്ങളിലെ പ്രധാന ചിത്രങ്ങള്‍. കേരളത്തിലെ വലുപ്പമുള്ള ചുവര്‍ച്ചിത്രങ്ങളിലൊന്നാണ് കൃഷ്ണപുരം കൊട്ടാരത്തിലെ ഗജേന്ദ്രമോക്ഷം (നോ: കൃഷ്ണപുരം). രാമരാവണയുദ്ധം, സീതാരാമന്മാരുടെ പുനഃസമാഗമം തുടങ്ങിയവ പനയന്നാര്‍ കാവിലെ പ്രസിദ്ധ ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. വേട്ട നടത്തുന്ന ശാസ്താവ്, മഹിഷദര്‍ശനം നടത്തുന്ന ദുര്‍ഗ, യക്ഷി തുടങ്ങിയവയാണ് പുണ്ഡരീകപുരം ക്ഷേത്രത്തിലെ ഗണനീയങ്ങളായ ചിത്രങ്ങള്‍. ചലനത്തിനായി കാത്തിരിക്കുന്ന മുറുക്കിക്കെട്ടിവച്ച ഒരു രുദ്രവീണപോലെ അതിമനോഹരമാണ് ഏറ്റുമാനൂരെ നടരാജചിത്രം. മരച്ചുവട്ടില്‍നിന്നു ഓടക്കുഴല്‍ വായിക്കുന്ന കൃഷ്ണന്‍, ഭൂവരാഹമൂര്‍ത്തി, നൃത്തം ചെയ്യുന്ന വിഷ്ണുമായയും ശിവനും, ഗരുഡശക്തി തുടങ്ങിയ കോട്ടയ്ക്കലെ ചിത്രങ്ങള്‍ ലോകപ്രശസ്തങ്ങളായ ചുവര്‍ച്ചിത്രങ്ങളോടൊപ്പം പരിഗണിക്കാവുന്നവയാണ്.
ടിപ്പുസുല്‍ത്താന്റെ സൈന്യത്തെ പ്രതിരോധിക്കുന്ന നാട്ടുകാരുടെയും ഇംഗ്ലീഷുകാരുടെയും സംയുക്ത സൈന്യത്തിന്റെ ചിത്രങ്ങള്‍ കാഞ്ഞൂര്‍പ്പള്ളിയില്‍ കാണാം. ഇപ്പോള്‍ കാണുന്ന ചിത്രങ്ങള്‍ പഴയ ചിത്രങ്ങളുടെ പുനരാലേഖനങ്ങളാണ്. അകപ്പറമ്പ് പള്ളിയിലെയും താഴത്തങ്ങാടി പള്ളിയിലെയും ചുവര്‍ച്ചിത്രങ്ങളില്‍ക്കാണുന്ന വര്‍ണങ്ങളുടെ മേളനം അതീവ ശ്രദ്ധേയമാണ്.
ദാരുശില്പങ്ങള്‍. കേരളത്തിലെ ദേവാലയങ്ങളുടെയും മനുഷ്യാലയങ്ങളുടെയും ചുവരുകള്‍ പഴയകാലത്ത് മരത്തിലാണ് നിര്‍മിച്ചിരുന്നത്. ആണ്ടില്‍ രണ്ടു തവണ പെയ്യുന്ന കാലവര്‍ഷങ്ങളും വളക്കൂറുള്ള മണ്ണും ചെറുതും വലുതുമായ പുഴകളും മരത്തെ നമ്മുടെ മുഖ്യ മന്ദിരനിര്‍മാണവസ്തുവാക്കുന്നതിനു സഹായിച്ചിട്ടുണ്ട്. തേക്ക്, ആഞ്ഞിലി (അയിനിപ്ലാവ്), പ്ലാവ്, ഈട്ടി (വീട്ടി), ചീലാന്തി, ചന്ദനം, കരിന്താളി, അകില്‍ തുടങ്ങിയ മരങ്ങള്‍ ഭിത്തികളുടെയും മറ്റും നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നു.
മരത്തില്‍ നിര്‍മിക്കുന്ന ഭിത്തികള്‍ക്കും മച്ചുകള്‍ക്കും തൂണുകള്‍ക്കും ഉത്തരങ്ങള്‍ക്കും പ്രരൂപങ്ങള്‍ (ഡിസൈനുകള്‍) കൊടുത്തു മോടി പിടിപ്പിക്കുന്ന സമ്പ്രദായം വളരെ പണ്ടു മുതലേ ഇവിടെ പ്രചാരത്തില്‍ വന്നിരുന്നു.
ആദ്യകാലത്തെ നമ്മുടെ ആരാധനാവിഗ്രഹങ്ങള്‍ പ്ലാവില്‍ നിര്‍മിക്കപ്പെട്ടവയായിരുന്നു. കേരളത്തിലെ രൂപനിര്‍മാണ വിധേയകലകളില്‍ (Plastic arts) വച്ച് സ്വതന്ത്രമായ വ്യക്തിത്വം ആദ്യമായി നേടിയെടുത്തത് ദാരുശില്പങ്ങളാണ്. ചുവര്‍ച്ചിത്രങ്ങള്‍, ലോഹവിഗ്രഹങ്ങള്‍ തുടങ്ങിയ ഇതര കേരളീയ കലാരൂപങ്ങള്‍ ദാരുശില്പങ്ങളുടെ ശൈലിയെയാണ് പിന്തുടരുന്നത്.
കേരളത്തിലെ പ്രശസ്തമായ ദാരുശില്പ പാരമ്പര്യത്തിന്റെ അനുക്രമചരിത്രം തയ്യാറാക്കുക അത്ര എളുപ്പമല്ല. വാതില്‍പ്പലകകള്‍, കട്ടിളകള്‍, വണ്ടിച്ചക്രങ്ങള്‍, കാവടിത്തട്ടുകള്‍, ഭസ്മക്കുട്ടകള്‍, നെട്ടൂര്‍ പെട്ടികള്‍ എന്നിവയില്‍ കാണുന്ന പ്രരൂപങ്ങള്‍ ആദ്യകാല ദാരുശില്പശൈലികളുടെ തുടര്‍ച്ചകളാണ്.
കുലശേഖര ആഴ്വാര്‍, ചേരമാന്‍ പെരുമാള്‍ നായനാര്‍, ശങ്കരാചാര്യര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കേരളത്തിലേക്കു വ്യാപിച്ച ഭക്തിപ്രസ്ഥാനത്തിന്റെ കാലത്താവണം നമ്മുടെ ദാരുശില്പങ്ങള്‍ക്കു പ്രത്യേക മിഴിവും സാര്‍ഥകതയും കൈവന്നത്.
കേരളത്തിലെ അവശേഷിക്കുന്ന ദാരുശില്പങ്ങളില്‍ വച്ച് പ്രാചീനം കഠിനംകുളം (തിരുവനന്തപുരം ജില്ല) മഹാദേവക്ഷേത്രത്തിലെ നമസ്കാര മണ്ഡപത്തിന്റെ മച്ചില്‍ കൊത്തിയിട്ടുള്ള അഷ്ടദിക്പാലകന്മാരുടെയും ബ്രഹ്മാവിന്റെയും അര്‍ധോദ്യതശില്പങ്ങള്‍ ആണെന്ന് തിരുവിതാംകൂറിലെ പുരാതത്വവകുപ്പ് മേധാവിയായ ആര്‍. വാസുദേവപ്പൊതുവാള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രസ്തുത ക്ഷേത്രത്തിലെ അധിഷ്ഠാനഭാഗത്തു കാണുന്ന വട്ടെഴുത്തുലിഖിതത്തില്‍ നിന്ന് ക്ഷേത്രത്തിന്റെ നിര്‍മാണകാലം 1214 ആണെന്നു കരുതിയാണ് ഈ ശില്പങ്ങള്‍ പതിമൂന്നാം നൂറ്റാണ്ടിലേതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്. തിരുവനന്തപുരം പദ്മനാഭസ്വാമിക്ഷേത്രത്തിന്റെ മതിലകത്തു സ്ഥിതി ചെയ്യുന്ന തിരുവാമ്പാടി ക്ഷേത്രത്തിലെ ദാരുശില്പങ്ങള്‍ 14-ാം ശതകത്തിലേതാണെന്നും കഴക്കൂട്ടം ക്ഷേത്രത്തിലെ ദാരുശില്പങ്ങള്‍ 15-ാം ശതകത്തിലേതാണെന്നും അതതു ക്ഷേത്രങ്ങളിലെ ചില ലിഖിതങ്ങളെ മുന്‍നിര്‍ത്തി പൊതുവാള്‍ കരുതുന്നു.
ക്ഷേത്രനവീകരണത്തെ സംബന്ധിക്കുന്ന ലിഖിതങ്ങളെ മുന്‍നിര്‍ത്തി ദാരുശില്പത്തിന്റെ കാലഗണന നിര്‍വഹിക്കുന്നതു ശാസ്ത്രീയമായിക്കൊള്ളണമെന്നില്ല. ശൈലീസവിശേഷതകളെ ആധാരമാക്കിയാല്‍ കഠിനംകുളത്തെ ദാരുശില്പങ്ങള്‍ 17-ാം ശതകത്തിലോ 18-ാം ശതകത്തിലോ നിര്‍മിക്കപ്പെട്ടവയാണെന്നു പറയേണ്ടിവരും.
മലപ്പുറം ജില്ലയിലെ ഇന്ത്യാനൂര്‍ക്ഷേത്രത്തില്‍ പൂജാവിഗ്രഹങ്ങളായി ആരാധിക്കപ്പെട്ടിരുന്നതും ഏതാണ്ട് ആള്‍വലുപ്പമുള്ളതുമായ സോമസ്കന്ദസങ്കല്പത്തിലുള്ള (മഹേശ്വരന്‍, ഉമ, സ്കന്ദന്‍) ദാരവപ്രതിമകളാണ് അറിവില്‍പ്പെട്ടിടത്തോളം പഴക്കം ചെന്ന ശില്പങ്ങള്‍.
വിഷ്ണു: ഏറ്റുമാനൂര്‍ ക്ഷേത്രം
പദ്മനാഭപുരം കൊട്ടാരത്തിലെ ദാരുശില്പങ്ങള്‍
പ്രമേയങ്ങള്‍.അഷ്ടദിക്പാലകന്മാര്‍, ദ്വാരപാലകന്മാര്‍, ദേവീദേവന്മാര്‍, പുരാണേതിഹാസഗ്രന്ഥങ്ങളില്‍ നിന്നുള്ള കഥാസന്ദര്‍ഭങ്ങള്‍ എന്നിവയാണ് കേരളീയക്ഷേത്രങ്ങളില്‍ കാണുന്ന ദാരുശില്പങ്ങളുടെ മുഖ്യപ്രമേയങ്ങള്‍. ചാത്തന്‍കുളങ്ങര, കവിയൂര്‍, പൂവപ്പുഴ (പത്തനംതിട്ട), ചുനക്കര, കുട്ടംപേരൂര്‍, ചെട്ടികുളങ്ങര, ചേര്‍ത്തല, തുറവൂര്‍ (ആലപ്പുഴ), ചിറക്കടവ്, വാഴപ്പള്ളി, ഏറ്റുമാനൂര്‍, ഉദയനാപുരം, ടി.വി.പുരം (കോട്ടയം), വടക്കുന്നാഥക്ഷേത്രം, കടവല്ലൂര്‍, പെരുവനം (തൃശൂര്‍), തിരുവാലത്തൂര്‍ (പാലക്കാട്), പൊന്‍മേരി ശിവക്ഷേത്രം (കോഴിക്കോട്), മടിയന്‍കുളം, ചെറുകുന്ന്, ചിറയ്ക്കല്‍, തിരുവങ്ങാട്, കോട്ടയം (കണ്ണൂര്‍) തുടങ്ങിയ ക്ഷേത്രങ്ങളിലാണ് കേരളത്തിലെ മികച്ച ദാരുശില്പ മാതൃകകള്‍ ഉള്ളത്. പദ്മനാഭപുരം കൊട്ടാരത്തിലെ തായ്കൊട്ടാരത്തില്‍ കാണുന്ന ചിത്രത്തൂണുകള്‍ക്കും മട്ടാഞ്ചേരിക്കൊട്ടാരത്തിലെ പൂമച്ചുകള്‍ക്കും അപൂര്‍വഭംഗിയുണ്ട്.
കിടങ്ങൂര്‍, ആര്‍പ്പൂക്കര, ഹരിപ്പാട്, പെരുവനം, തിരുവേഗപ്പുറ, മൂഴിക്കുളം, തൃശൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളില്‍ കാണുന്ന ചിത്രത്തൂണുകളും സര്‍പ്പിളങ്ങളായ ഉത്തരങ്ങളും പ്രസ്താവ്യങ്ങളാണ്. മനുഷ്യസ്വഭാവത്തിന്റെ വിഭിന്നതകളെ അതിവിദഗ്ധമായി അവതരിപ്പിക്കുന്ന കൂടിയാട്ടത്തിലേക്കുള്ള പ്രതീകാത്മകമായ 'നാന്ദി'യാണ് സര്‍പ്പിളാകൃതിയോടുകൂടിയ കൂത്തമ്പലങ്ങളിലെ ഉത്തരങ്ങള്‍.
ഒല്ലൂര്‍, കാഞ്ഞൂര്‍, കോതമംഗലം, കുരട്ടി, മുളന്തുരുത്തി തുടങ്ങിയ പള്ളികളിലെ ദാരുശില്പങ്ങള്‍ പ്രസിദ്ധങ്ങളാണ്. കാഞ്ഞൂര്‍ പ്പള്ളിയിലെ വിശുദ്ധ സെബാസ്ത്യാനോസീസിന്റെയും ഒല്ലൂര്‍ പള്ളിയിലെ സെന്റ് അഗസ്റ്റീന്റെയും കുരട്ടിയിലെ കന്യാമറിയത്തിന്റെയും പ്രതിമകള്‍ അതിമനോഹരം തന്നെ. രക്തസാക്ഷിത്വത്തിന്റെ ധീരമായ ഏറ്റുവാങ്ങല്‍ വിശുദ്ധസെബാസ്ത്യാനോസീസിന്റെ മുഖത്തു സ്ഫുരിക്കുന്നുണ്ട്. മുളന്തുരുത്തി പള്ളിയിലെ ദാരുശില്പങ്ങളില്‍ വച്ച് ഏറ്റവും മനോഹരം ക്രിസ്തുവിന്റെ അന്ത്യഅത്താഴത്തിന്റെ ആവിഷ്കരണമുള്ള ശില്പമാണ്. വിങ്ങിപ്പൊട്ടലിനു മുമ്പിലുള്ള നിശ്ശബ്ദതയെ ഈ ശില്പം അഭിവ്യഞ്ജിപ്പിക്കുന്നു.
കാസര്‍കോട്ട് തളങ്കരപ്പള്ളി, മാഹിക്കടുത്തുള്ള പെരിങ്ങത്തൂര്‍പ്പള്ളി, കോഴിക്കോട്ട് മുച്ചാണ്ടിപ്പള്ളി, മലപ്പുറത്ത് തിരൂരങ്ങാടിപ്പള്ളി തുടങ്ങിയ ഇസ്ലാം ദേവാലയങ്ങളില്‍ കമനീയങ്ങളായ ദാരുശില്പങ്ങള്‍ കാണാനുണ്ട്.
തിരുവനന്തപുരം മ്യൂസിയത്തിലും കേരളീയ ദാരുശില്പങ്ങളുടെ മികച്ച ചില മാതൃകകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മഹിഷാസുരമര്‍ദിനി, ബ്രഹ്മാവ് തുടങ്ങിയ ദാരുശില്പങ്ങള്‍ ഇവിടത്തെ പ്രദര്‍ശന വസ്തുക്കളില്‍ ഉള്‍പ്പെടുന്നു.
മദ്ബഹയിലെ റത്താള്‍, ചെറിയ അള്‍ത്താരകള്‍, പുഷ്പം (പ്രസംഗപീഠം), മരമച്ചുകള്‍ എന്നിവിടങ്ങളിലായാണ് പഴയ ക്രൈസ്തവ ദേവാലയങ്ങളിലെ ദാരുശില്പങ്ങള്‍ കാണുന്നത്. യേശുക്രിസ്തു, വിശുദ്ധമറിയം, വിശുദ്ധജോസഫ്, വിശുദ്ധ ഗീവര്‍ഗീസ്, വിശുദ്ധ സെബാസ്ത്യാനോസീസ്, ശ്ലീഹന്മാര്‍ തുടങ്ങിയവരുടെ ദാരുപ്രതിമകളും അനേകം ക്രൈസ്തവ ദേവാലയങ്ങളില്‍ ഉണ്ട്.
മരമച്ചുകള്‍, കോവണികള്‍, തൂണുകള്‍, വാതില്‍പ്പടികള്‍ എന്നിവിടങ്ങളിലായാണ് ഇസ്ലാം ദേവാലയങ്ങളിലെ ദാരുശില്പങ്ങള്‍ കാണുന്നത്. മനുഷ്യരൂപങ്ങളോ ജന്തുരൂപങ്ങളോ കൊത്തിവയ്ക്കുന്നത് ഇസ്ലാം ദേവാലയങ്ങളില്‍ നിഷിദ്ധമാണ്.
ബ്രഹ്മാവിന് ചുറ്റുമായി അഷ്ടദിക്പാലകന്മാരെ കൊത്തിവയ്ക്കുന്ന സമ്പ്രദായം ഗംഗന്മാരില്‍ നിന്നാണത്രേ കേരളീയര്‍ സ്വീകരിച്ചത്. ഹോയ്സാലന്മാരില്‍ നിന്ന് സ്വീകരിച്ച 'നാഗദന്ത'ങ്ങളും (ബ്രാക്കറ്റുകള്‍) ദാരുശില്പങ്ങളുടെ പ്രദര്‍ശന സ്ഥാനങ്ങളാണ്. കേരളത്തിലെ പെരുന്തച്ചന്മാരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച പ്രമേയം രാമായണത്തിലെ നാടകീയ മുഹൂര്‍ത്തങ്ങളാണ്. ശ്രീരാമന്റെ ജനനം മുതല്‍ അഭിഷേകം വരെയുള്ള സന്ദര്‍ഭങ്ങളാണ് പ്രധാനമായും നമ്മുടെ ശില്പികള്‍ ആവിഷ്കരിച്ചിട്ടുള്ളത്. ഉത്തരരാമായണം ഒരിടത്തും ചിത്രീകരിച്ചു കണ്ടിട്ടില്ല. ചിത്രത്തൂണുകളും ത്രികോണമുഖപ്പുകളും (ഗാബിള്‍) ദാരുശില്പവൈചിത്യ്രങ്ങളെ അവതരിപ്പിക്കുന്നു. ലാളിത്യത്തില്‍ ഊന്നിനിന്നിരുന്ന നമ്മുടെ സ്ഥാപത്യകലയ്ക്ക് ഗാംഭീര്യവും ചൈതന്യവും നല്‍കുവാന്‍ ഇവിടത്തെ ദാരുശില്പങ്ങള്‍ക്ക് അനായാസം കഴിഞ്ഞിട്ടുണ്ട്.
കരിങ്കല്‍ ശില്പങ്ങള്‍. വൈക്കം (കോട്ടയം), വലിയശാല, പദ്മനാഭസ്വാമിക്ഷേത്രം, വര്‍ക്കല (തിരുവനന്തപുരം) തുടങ്ങിയ ദേവാലയങ്ങളില്‍ കാണുന്ന ദീപലക്ഷ്മിമാരുടെ കരിങ്കല്‍ ശില്പങ്ങള്‍ക്ക് നായ്ക്ശൈലിയോടാണ് സാമ്യം. കണ്ടിയൂര്‍ (ആലപ്പുഴ) ക്ഷേത്രത്തിലാണ് കേരളീയ ശൈലിയുള്ള കരിങ്കല്‍ ശില്പങ്ങള്‍ ധാരാളമായി കാണുന്നത്.
ഇപ്പോള്‍ കന്യാകുമാരി ജില്ലയിലുള്ള ശുചീന്ദ്രം, തിരുവട്ടാര്‍, കേരളപുരം തുടങ്ങിയ ക്ഷേത്രങ്ങളിലും തിരുനെല്‍വേലിയിലുള്ള തിരുകുറുംകുടി ക്ഷേത്രത്തിലും കേരളീയ ശൈലിയിലുള്ള കരിങ്കല്‍ ശില്പങ്ങള്‍ കാണാം.
ത്രിവിക്രമമംഗലം, ചെങ്ങന്നൂര്‍, തൃക്കൊടിത്താനം, കണ്ടിയൂര്‍, ഏറ്റുമാനൂര്‍, കിടങ്ങൂര്‍, തൃക്കുലശേഖരപുരം, കോഴിക്കോട് തളി ശ്രീകൃഷ്ണക്ഷേത്രം തുടങ്ങിയ ദേവാലയങ്ങളിലെ സോപാനഭി ത്തികളിലെ അര്‍ധോദ്യത (Half relief) ശില്പങ്ങള്‍ക്കും എടുത്തുപറയത്തക്ക സവിശേഷതയുണ്ട്. ചെങ്ങന്നൂര്‍ പള്ളിയിലെ കരിങ്കല്‍പ്പണികള്‍ക്ക് പ്രത്യേക ഭംഗിയുണ്ട്. ചങ്ങനാശ്ശേരി, കടുത്തുരുത്തി, കുറവിലങ്ങാട് എന്നിവിടങ്ങളിലെ കല്‍ക്കുരിശുകളുടെ പീഠങ്ങളിലും അഴകാര്‍ന്ന അര്‍ധോദ്യതശില്പങ്ങള്‍ കാണാം.
ദ്വാരപാലകന്‍-ശിലാവിഗ്രഹം
തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും പ്രശസ്തങ്ങളായ കരിങ്കല്‍ ശില്പങ്ങളോട് കേരളത്തിലെ കരിങ്കല്‍ ശില്പങ്ങള്‍ക്ക് മത്സരിക്കാനാവുകയില്ല. അടിച്ചാല്‍ പെട്ടെന്ന് ഉടഞ്ഞു പോകാത്തതും ഉരുപ്പടിയാക്കാന്‍ വകതരുന്നതുമായ കരിങ്കല്ലുകള്‍ ഇവിടെ സുലഭമല്ലാത്തതാകാം പ്രധാന കാരണം. ദാരുശില്പങ്ങള്‍ക്കും ചുവര്‍ച്ചിത്രങ്ങള്‍ക്കും മുന്‍ഗണന കൊടുത്ത കേരളത്തിലെ സ്ഥാപത്യകലയുടെ സവിശേഷതകളും മറ്റൊരു കാരണമായിരുന്നിരിക്കാം.
എടയ്ക്കല്‍, പെരുങ്കടവിള, തെന്മല തുടങ്ങിയ സ്ഥലങ്ങളില്‍ ശിലായുഗമനുഷ്യര്‍ പാറ തുരന്നു വരച്ച ശിലാചിത്ര ങ്ങളില്‍ നിന്നാണ് നമ്മുടെ കരിങ്കല്‍ ശില്പങ്ങളുടെ പാരമ്പര്യം ആരംഭിക്കുന്നത്.
കേരളത്തിലെ ഏറ്റവും പ്രാചീനങ്ങളായ വിഗ്രഹങ്ങള്‍ നാഗരാജാക്കന്മാരുടെയും നാഗയക്ഷികളുടെയും ആകാനാണ് സാധ്യത. ഇരു കൈകളിലും സര്‍പ്പങ്ങള്‍ വഹിച്ചോ അഭയവരദമുദ്രകളോടുകൂടിയോ നില്‍ക്കുന്ന നാഗയക്ഷിയുടെയും അഭയവരദമുദ്രകളോടുകൂടി ഇരിക്കുന്ന നാഗരാജാക്കന്മാരുടെയും വിഗ്രഹങ്ങള്‍ സര്‍പ്പക്കാവുകളില്‍ സര്‍വസാധാരണമാണ്.
കരങ്കല്‍ശില്പങ്ങള്‍-വിഴിഞ്ഞം ഗുഹാക്ഷേത്രം
കവിയൂര്‍, ഇരുനിലംകോട്, മടവൂര്‍പ്പാറ, വിഴിഞ്ഞം തുടങ്ങിയ ഗൂഹാക്ഷേത്രങ്ങളിലാണ് കേരളത്തിലെ പ്രാചീനശില്പങ്ങളില്‍ ചിലത് സ്ഥിതിചെയ്യുന്നത്. ഏതാണ്ട് ആള്‍ വലുപ്പമുള്ള രണ്ടു ദ്വാരകപാലകവിഗ്രഹങ്ങള്‍ കവിയൂര്‍ ഗുഹാക്ഷേത്രത്തില്‍ കാണാം. കൈകെട്ടി നില്ക്കുന്ന ദ്വാരപാലകന്‍ കരിങ്കല്ലില്‍ കടഞ്ഞെടുത്ത പൗരുഷമൂര്‍ത്തിയാണ്. പുതുക്കോട്ടയിലെ കുന്നാണ്ടാര്‍ കോവിലിലെ പല്ലവകാലഘട്ടത്തെ ദ്വാരപാലകനോട് ഈ ശില്പത്തിന് സാമ്യമുണ്ടെന്ന് പ്രശസ്ത കലാനിരൂപികയായ സ്റ്റെല്ലാക്രാംറിഷ് അഭിപ്രായപ്പെട്ടിട്ടുണ്ട്. 8-ാം ശതകത്തിലോ അതിന് അല്പം മുമ്പോ നിര്‍മിച്ചതാവണം ഈ ശില്പം.
നീണ്ട ഒരു ഗദയില്‍ കൈയൂന്നി നില്ക്കുന്ന രണ്ടാമത്തെ ദ്വാരപാലകനും കഞ്ചാവുകുടുക്കയുമായി നില്ക്കുന്ന താടിക്കാരന്‍ സന്ന്യാസിയും ഗണപതിയും കവിയൂരിലെ ശിലാശില്പങ്ങളില്‍ സ്ഥാനം പിടിക്കുന്നു. പില്ക്കാലത്തെ ദ്വാരപാലകന്മാര്‍ക്കുള്ള അലങ്കാരങ്ങളോ യജ്ഞോപവീതമോ കവിയൂരെ ദ്വാരപാലകന്മാര്‍ക്ക് കാണാനില്ല. ഹനുമാന്‍, നന്ദി തുടങ്ങിയവയാണ് കോട്ടുകാല്‍ ഗുഹാക്ഷേത്രത്തിലെ കരിങ്കല്‍ പ്രതിമകള്‍. ഷൊര്‍ണൂരില്‍ നിന്ന് 19 കി.മീ. അകലെയുള്ള ഇരുനിലംകോടു ഗുഹാക്ഷേത്രത്തിലെ അര്‍ധോദ്യതശില്പവും സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നു.
ശാക്തേയമതവുമായി ബന്ധപ്പെടുന്ന സപ്തമാതാക്കളുടെ കരിങ്കല്‍ വിഗ്രഹങ്ങള്‍ക്കും വളരെക്കൂടുതല്‍ പഴക്കമുണ്ട്. ഒരൊറ്റ ശിലാപാളിയില്‍ സപ്തമാതാക്കളെ പരുക്കനായി കൊത്തി എടുക്കുകയായിരുന്നു ആദ്യകാലരീതി. തിരുവനന്തപുരത്തെ കരകുളത്ത് ആദ്യമാതൃകയിലുള്ള ഒരു സപ്തമാതൃവിഗ്രഹം കാണാം. കൊടുങ്ങല്ലൂരില്‍ വസൂരിമാലയായി ആരാധിച്ചുവരുന്ന കരിങ്കല്‍ വിഗ്രഹം സപ്തമാതാക്കളില്‍പ്പെട്ട ചാമുണ്ഡിയുടേതാണ്. ചുരുങ്ങിയത് 8-ാം ശതകത്തിലെങ്കിലും നിര്‍മിക്കപ്പെട്ടതാവണം ഈ വിഗ്രഹം.
ഗണപതി, വീരഭദ്രന്‍ എന്നീ വിഗ്രഹങ്ങളോടൊപ്പമാണ് സപ്തമാതാക്കളുടെ വിഗ്രഹങ്ങള്‍ പില്ക്കാലത്ത് കാണപ്പെട്ടിരുന്നത്. കോട്ടയം തളിക്ഷേത്രത്തിലെയും നീറമണ്‍കര, വിഴിഞ്ഞം എന്നീ ക്ഷേത്രങ്ങളിലെയും മതിലകത്തായി ചിതറിക്കിടക്കുന്ന സപ്തമാതൃവിഗ്രഹങ്ങള്‍ക്കും തൃശൂര്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള കീഴ്ത്തളിക്ഷേത്രത്തില്‍ നിന്നുള്ള വിഗ്രഹങ്ങള്‍ക്കും വളരെ പഴക്കമുണ്ട്. രൂപഭംഗി കൊണ്ട് ഏറ്റവും ശ്രദ്ധേയമായ സപ്തമാതൃവിഗ്രഹങ്ങള്‍ തിരുവല്ലയ്ക്കടുത്ത് തൃക്കപാലീശ്വരം ക്ഷേത്രത്തില്‍ കാണാം.
ലോഹവിഗ്രഹങ്ങള്‍
ചോഴവിഗ്രഹങ്ങള്‍ക്കുള്ള ലോക പ്രശസ്തി ലഭിച്ചിട്ടില്ലെങ്കിലും ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാവുന്നവയാണ് കേരളത്തിലെ ലോഹവിഗ്രഹങ്ങള്‍.
ആദ്യകാലത്തെ ലോഹവിഗ്രഹങ്ങള്‍ക്ക് പല്ലവശൈലിയോടായിരുന്നു സാമ്യം. പില്ക്കാലലോഹവിഗ്രഹങ്ങളില്‍ ചിലതിന് ഹോയ്സാല ശില്പങ്ങളോട് നേരിയ സാമ്യം കാണുന്നുണ്ട്. ഹോയ്സാല ശില്പങ്ങളോടുള്ളതിനെക്കാള്‍ കേരളത്തിലെ ദാരുശില്പങ്ങളോടാണ് ഇവിടത്തെ ലോഹവിഗ്രഹങ്ങള്‍ക്ക് അടുപ്പം. ദാരുശില്പങ്ങളെപ്പോലെ അത്യധികം അലങ്കൃതവും ശൈലീകൃതവും ആണ് നമ്മുടെ ലോഹവിഗ്രഹങ്ങള്‍.
ചെമ്പും ഈയവും കലര്‍ത്തി ഓടില്‍ നിര്‍മിച്ച വിഗ്രഹങ്ങള്‍ കേരളത്തില്‍ പരക്കേ കാണാം. 80 ശ.മാ. ചെമ്പും 8 ശ.മാ. ഈയ വും 4 ശ.മാ. വെള്ളിയും ഒരു ശ.മാ. സ്വര്‍ണവും ചെറിയ അളവില്‍ ഇരുമ്പും ചേര്‍ത്ത് നിര്‍മിക്കുന്ന പഞ്ചലോഹവിഗ്രഹങ്ങള്‍ക്ക് കുറേക്കൂടി പ്രചാരമുണ്ട്. വെള്ളിയിലും സ്വര്‍ണത്തിലും നിര്‍മിച്ച വിഗ്രഹങ്ങളും കേരളത്തില്‍ അവിടവിടെയായി കാണാം. ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്ന ക്ഷേത്രവിഗ്രഹങ്ങള്‍ ലോഹങ്ങളില്‍ നിര്‍മിച്ചവയായിരിക്കും.
ആവശ്യം കഴിഞ്ഞാല്‍ മെഴുക് ഉരുക്കി നഷ്ടപ്പെടുത്തുന്ന (ലോസ്റ്റ് വാക്സ്) രീതിയിലാണ് നമ്മുടെ മൂശാരിമാര്‍ ലോഹവിഗ്രഹങ്ങള്‍ നിര്‍മിക്കുന്നത്.
എട്ടാം ശതകത്തോടുകൂടി ലോഹവിഗ്രഹങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ പ്രാധാന്യം ലഭിച്ചു. 8-ാം ശതകത്തിലോ 9-ാം ശതകത്തിലോ നിര്‍മിച്ചതാകാന്‍ ഇടയുള്ള അതിമനോഹരമായ ഒരു ലോഹവിഗ്രഹം തിരുവനന്തപുരത്തെ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്.
ചോളശൈലിയിലുള്ള ഓട് പ്രതിമ
അമ്പത്തേഴു സെ. മീ. ഉയരമുള്ള ഈ വിഷ്ണുവിഗ്രഹം ഹാരം, കുണ്ഡലം, കേയൂരം, കങ്കണങ്ങള്‍, യജ്ഞോപവീതം, കടിവസ്ത്രം തുടങ്ങിയവ അണിഞ്ഞുനില്ക്കുന്നു. ചതുര്‍ബാഹുവായ വിഗ്രഹത്തിന്റെ മൂന്നു കൈപ്പത്തികളും മുറിഞ്ഞുപോയി. അവശേഷിച്ച ഇടത്തെ കൈപ്പത്തി കടിബന്ധത്തെ സ്പര്‍ശിക്കുന്നു. അനുഗ്രഹമൂര്‍ത്തിയുടെ സൗമ്യഭാവമാണ് മഹാവിഷ്ണുവിന്റെ കണ്ണുകളില്‍ സ്ഫുരിക്കുന്നത്. സൂക്ഷ്മദൃഷ്ടിയുടെ പ്രതീതി ജനിപ്പിക്കത്തക്കവണ്ണം കൃഷ്ണമണികളുടെ സ്ഥാനം ചുവന്ന പളുങ്കുകളാലും ശേഷിച്ച ഭാഗം സ്വര്‍ണത്താലും അലങ്കരിച്ചിരിക്കുന്നു. ഏതാണ്ട് ഇതേകാലത്ത് നിര്‍മിച്ച മറ്റൊരു വിഷ്ണുവിഗ്രഹം കൂടി തിരുവനന്തപുരം മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
കുറേക്കൂടി പഴക്കമുള്ള, എന്നാല്‍ കൃത്യമായി കാലഗണന നടത്താന്‍ പ്രയാസമുള്ള ഒരു ലോഹവിഗ്രഹം നീലമ്പേരൂര്‍ ക്ഷേത്രത്തിലെ സൂക്ഷിപ്പില്‍ ഉണ്ട്. ക്ഷേത്രമുറ്റത്ത് നിന്നു ലഭിച്ച ഈ വിഗ്രഹം പള്ളിവാണപെരുമാളിന്റേതാണെന്നും 4-ാം ശതകത്തില്‍ നിര്‍മിച്ചതാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇരുകൈകളിലും നീണ്ട രണ്ടു ദണ്ഡുകളും പിടിച്ച് കുരിശൂരൂപത്തോടുകൂടിയ പതക്കം രുദ്രാക്ഷമാലയില്‍ അല്ലെങ്കില്‍ കൊന്തയില്‍ അണിഞ്ഞു നില്ക്കുന്ന ഈ പ്രതിമയ്ക്കു 19 സെ.മീ. ഉയരമുണ്ട്. രാജോചിതമായ കടിവസ്ത്രമാണ് ഈ പിന്‍കുടുമക്കാരന്‍ ധരിച്ചിരിക്കുന്നത്.
പന്ത്രാണ്ടാം ശതകത്തില്‍ നിര്‍മിച്ച പാര്‍ശ്വനാഥന്റെയും മഹാവീരന്റെയും നില്ക്കുന്ന രൂപത്തിലുള്ള രണ്ടു പ്രതിമകള്‍ മഞ്ചേശ്വരത്തുണ്ട്.
തൃശൂര്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചതുര്‍ബാഹുവായ വൈഷ്ണവദുര്‍ഗയുടെ (വിഷ്ണുമായയായി ചിലര്‍ തെറ്റിദ്ധരിക്കുന്നു) രണ്ടു വിഗ്രഹങ്ങള്‍ മധ്യകാലലോഹവിഗ്രഹശൈലിയെ പ്രതിനിധാനം ചെയ്യുന്നു. കിരീടം, കുണ്ഡലം, കേയൂരം, കങ്കണം, നൂപുരം, കുചബന്ധം എന്നിവ അണിഞ്ഞുനില്ക്കുന്ന ഈ വൈഷ്ണവദുര്‍ഗ പ്രശാന്തഗംഭീരയാണ് (16-ാം ശ.). വേഷഭൂഷാദികളില്‍ കാണുന്ന ധാരാളിത്തവും അവയുടെ വിശദാംശങ്ങളില്‍ ദീക്ഷിച്ചിട്ടുള്ള അതീവ ശ്രദ്ധയുമാണ് ഈ വിഗ്രഹത്തിന്റെ പ്രത്യേകത. ഈ മ്യൂസിയത്തിലെ ഐരാണിക്കുളം ക്ഷേത്രത്തില്‍ നിന്നുള്ള ദ്വാരപാലകവിഗ്രഹങ്ങള്‍ മധ്യകാലത്ത് കേരളീയ ലോഹവിഗ്രഹങ്ങള്‍ നേടിയിരുന്ന ഔന്നത്യം വ്യക്തമാക്കുന്നു. ഉടഞ്ഞ ഈ ദ്വാരപാലകവിഗ്രഹങ്ങളെ ശ്രദ്ധേയമാക്കുന്നത് അലങ്കാരങ്ങളിലെ ധാരാളിത്തവും മുഖഭാവങ്ങളിലെ തീക്ഷ്ണതയും ആണ്.
നിര്‍മാണ വൈദഗ്ധ്യം പ്രദര്‍ശിപ്പിക്കുന്ന, ശാസ്താവിന്റെ രണ്ട് വിഗ്രഹങ്ങള്‍ തിരുവനന്തപുരം മ്യൂസിയത്തില്‍ കാണാം. ഇതിലൊന്ന് 18-ാം ശതകത്തില്‍ നിര്‍മിച്ച ഓട്ടു പ്രതിമയും മറ്റൊന്ന് ദാരവപ്രതിമയില്‍ വെള്ളിത്തകിട് ചേര്‍ത്ത് പിടിപ്പിച്ച് 19-ാം ശതകത്തില്‍ നിര്‍മിച്ച ലോഹപ്രതിമയും ആണ്. തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍ ക്കാണുന്ന നടരാജന്‍, ഉമാസഹിതശിവന്‍, ചേരമാന്‍ പെരുമാള്‍, സുന്ദരമൂര്‍ത്തി നായനാര്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ കേരളീയ ശൈലിയുടെ സാമാന്യ സ്വഭാവങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നു. അലങ്കാരങ്ങളിലെ മിതത്വം ആണ് ഈ വിഗ്രഹങ്ങളുടെ പ്രത്യേകത. കിളിരൂര്‍ (ബോധിസത്വന്‍), നീലംപേരൂര്‍ (സുന്ദരയക്ഷി) എന്നിവിടങ്ങളില്‍ കാണുന്ന ലോഹവിഗ്രഹങ്ങള്‍ക്കും അസാധാരണ ചൈതന്യമുണ്ട്.
നടരാജ വിഗ്രഹം
വരാഹമൂര്‍ത്തി (12, 13 ശ.), ഭൂദേവി (15-ാം ശ.), സീതാരാമഹനുമാന്മാര്‍ (16-ാം ശ.), വാരാഹി (17-ാം ശ.), വല്ലഭഗണപതി (17- ാം ശ.), ദുര്‍ഗ (17-ാം ശ.), ഉമാമഹേശ്വരന്‍ (17-ാം ശ.) തുടങ്ങിയ കേരളീയ ശൈലിയിലുള്ള ഏതാനും തേവാരവിഗ്രഹങ്ങള്‍ ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. മദ്രാസ് മ്യൂസിയം (ദേവി), ലണ്ടന്‍ മ്യൂസിയം (കിരാതമൂര്‍ത്തി), പശ്ചിമ ജര്‍മനിയിലെ സ്റ്റാറ്റില്‍ മ്യൂസിയം (വൈനായകി) എന്നിവിടങ്ങളിലും കേരളീയശൈലിയില്‍ നിര്‍മിച്ച ഏതാനും ലോഹവിഗ്രഹങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ദേവീവിഗ്രഹങ്ങള്‍ നവതാലത്തിലും ഗണപതിവിഗ്രഹങ്ങള്‍ പഞ്ചതാലത്തിലും ഉണ്ണിക്കൃഷ്ണവിഗ്രഹങ്ങള്‍ അഷ്ടതാലത്തിലുമാണ് നിര്‍മിക്കുന്നത്.
ആട്ടവിളക്ക്, നിലവിളക്ക്, കുത്തുവിളക്ക്, അഷ്ടമംഗല്യവിളക്ക്, മയില്‍ വിളക്ക്, ഗജലക്ഷ്മിവിളക്ക്, ആനവിളക്ക്, അശ്വാരൂഢദീപം തുടങ്ങി പല ആകൃതികളിലുള്ള വിളക്കുകള്‍ കേരളത്തില്‍ പ്രചരിച്ചിരുന്നു.
അര്‍ധോദ്യത ശില്പങ്ങളോടുകൂടിയ 'റാഫ്ടര്‍ ഷൂ' പല ക്ഷേത്രങ്ങളുടെയും ഉത്തരങ്ങളില്‍ കണ്ടിട്ടുണ്ട്.
തിരുവനന്തതപുരം, തൃശൂര്‍ മ്യൂസിയങ്ങളിലാണ് കേരളീയ ശൈലിയിലുള്ള ലോഹ പ്രതിമകളുടെ മികച്ച മാതൃകകള്‍ സൂക്ഷിച്ചിട്ടുള്ളത്. പശ്ചിമ ജര്‍മനിയിലെ സ്റ്റാറ്റില്‍ മ്യൂസിയം, ലണ്ടനിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയം, മദ്രാസ് മ്യൂസിയം, ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയം തുടങ്ങിയ സ്ഥാപനങ്ങളിലും കേരളത്തില്‍ നിന്നുള്ള ലോഹപ്രതിമകള്‍ കാണാം.
ആനവിളക്ക്-കാഞ്ഞൂര്‍പള്ളി
തിരുവല്ല, ചെട്ടികുളങ്ങര തുടങ്ങിയ ദേവാലയങ്ങളിലെ തൂക്കുവിളക്കുകള്‍ക്ക് അസാധാരണഭംഗിയുണ്ട്. കാഞ്ഞൂര്‍പ്പള്ളിയിലെ ആനവിളക്കും ശ്രദ്ധേയമാണ്. തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ ചേരമാന്‍ പെരുമാള്‍, സുന്ദരമൂര്‍ത്തി നായനാര്‍, നടരാജമൂര്‍ത്തി തുടങ്ങിയ ലോഹപ്രതിമകളില്‍ ചോളശൈലിയുടെ സ്വാധീനത കാണാം.
വാഴപ്പള്ളി, ബ്രഹ്മമംഗലം, നടവരമ്പ് എന്നിവിടങ്ങളിലാണ് കേരളത്തിലെ ഓട്ടു വിഗ്രഹങ്ങളധികവും നിര്‍മിക്കുന്നത്. ഇവിടങ്ങളിലെ മൂശാരികുടുംബങ്ങള്‍ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടില്‍ നിന്നുവന്നവരാണ് തങ്ങളുടെ പൂര്‍വികര്‍ എന്ന് അഭിമാനിക്കുന്നു. നടവരമ്പും മാന്നാറും കടവല്ലൂരുമാണ് ഓട്ടുവിളക്കുകളുടെ നിര്‍മാണകേന്ദ്രങ്ങള്‍. മായന്നൂര്‍, ചെങ്ങന്നൂര്‍, ബ്രഹ്മമംഗലം, കവളപ്പാറ, പിലാമന്തോള്‍ വടേശ്വരം എന്നീ സ്ഥലങ്ങളിലെ സ്ഥപതിമാര്‍ കരിങ്കല്‍ശില്പ നിര്‍മാണത്തില്‍ വിദഗ്ധരാണ്.
ജൈനവിഗ്രഹങ്ങള്‍. പാര്‍ശ്വനാഥന്‍, മഹാവീരന്‍, പദ്മാവതി എന്നിവരുടെ കരിങ്കല്‍ ശില്പങ്ങള്‍ കേരളത്തിലെ പല സ്ഥലങ്ങളില്‍ നിന്നു ലഭിച്ചിട്ടുണ്ട്. ഒന്നിനു മീതെ ഒന്നായി വരുന്ന മൂന്നു കുടകള്‍കൊണ്ട് വര്‍ധമാനമഹാവീരന്റെയും ശിരസ്സിനു മുകളില്‍ അലങ്കാരമായി കാണുന്ന നാഗഫണത്തെ മുന്‍നിര്‍ത്തി പാര്‍ശ്വനാഥന്റെയും വിഗ്രഹങ്ങള്‍ തിരിച്ചറിയാം. രണ്ടു തീര്‍ഥങ്കരന്മാരുടെയും വിഗ്രഹങ്ങള്‍ ദിഗംബരരൂപത്തിലാണ്. പാര്‍ശ്വനാഥന്റെ യക്ഷിയാണ് പദ്മാവതി.
കല്ലില്‍ (എറണാകുളം), അട്ടപ്പാടി, ആലത്തൂര്‍ (പാലക്കാട്), മഞ്ചേശ്വരം (കാസര്‍കോട്), പെരുവശ്ശേരി (തൃശൂര്‍) എന്നിവിടങ്ങളില്‍ നിന്നാണ് പ്രാചീന ജൈനവിഗ്രഹങ്ങള്‍ ലഭിച്ചിട്ടുളളത്. കന്യാകുമാരി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ചിതറാലിലെ (തിരുച്ചാരണത്തു മലയില്‍) ജൈനതീര്‍ഥങ്കരന്മാരായ പാര്‍ശ്വനാഥനെയും മഹാവീരനെയും മറ്റു നിരവധി തീര്‍ഥങ്കരന്മാരെയും പദ്മാവതിയെയും അര്‍ധോദ്യതശില്പങ്ങളായി കൊത്തിവച്ചിട്ടുണ്ട്. പാര്‍ശ്വനാഥന്‍, മഹാവീരന്‍, പദ്മാവതി എന്നിവരുടെ വിഗ്രഹങ്ങളും ഇവിടെ കാണാം. ആയ്രാജാവായ വിക്രമാദിത്യ വരഗുണന്റെ കാലത്തേതാണ് (880-925) ഈ വിഗ്രഹങ്ങള്‍.
ഇപ്പോള്‍ കന്യാകുമാരിജില്ലയില്‍ ഉള്‍പ്പെട്ട നാഗര്‍കോവിലില്‍ നിന്ന് ആറ് ജൈന പ്രതിമകള്‍ ടി. എ. ഗോപിനാഥറാവു കണ്ടെടുത്തിട്ടുണ്ട്. പാലക്കാട്, കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളിലെ ജൈനക്ഷേത്രങ്ങള്‍ പില്ക്കാലത്തുണ്ടായവയാണ്.
ബൗദ്ധവിഗ്രഹങ്ങള്‍. പദ്മാസനത്തില്‍ ഇരുന്നു ധ്യാനിക്കുന്ന ശാന്തമൂര്‍ത്തിയായുള്ള ബുദ്ധന്റെ കരിങ്കല്‍ശില്പങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. മരുതൂര്‍കുളങ്ങര (ഇപ്പോള്‍ കൃഷ്ണപുരം മ്യൂസിയത്തില്‍), കരുമാടി, ഭരണിക്കാവ്, മാവേലിക്കര, പള്ളിക്കല്‍ (ഇപ്പോള്‍ തൃശൂര്‍ മ്യൂസിയത്തില്‍) എന്നിവിടങ്ങളില്‍ നിന്നാണ് ബൗദ്ധവിഗ്രഹങ്ങള്‍ ലഭിച്ചിട്ടുള്ളത്. ഇവയില്‍ ഏറ്റവും മനോഹരമായിട്ടുള്ളതു ഭരണിക്കാവിലെ ബുദ്ധവിഗ്രഹമാണ്. കിളിമാനൂര്‍ ക്ഷേത്രങ്ങളില്‍ കാണുന്നതും 'മകളര്‍' എന്നറിയപ്പെടുന്നതുമായ ഏഴു കന്യകകളുടെ വിഗ്രഹങ്ങള്‍ താന്ത്രിക ബുദ്ധമതത്തിലെ ഉപദേവതകളുടേതാണ്.
വിഷ്ണുവിഗ്രഹങ്ങള്‍. നെയ്യാറ്റിന്‍കരയ്ക്കടുത്തുള്ള അയിരൂര്‍, ഇന്ത്യാനൂരിനടുത്തുള്ള ഭ്രാന്തന്‍കാവ് (ഇപ്പോള്‍ തൃപ്പുണിത്തറ മ്യൂസിയത്തില്‍) എന്നിവിടങ്ങളിലെ വിഷ്ണുവിഗ്രഹങ്ങള്‍ ആകാരംകൊണ്ടും ഭംഗികൊണ്ടും അസാധാരണങ്ങളാണ്. കോഴിക്കോടുജില്ലയിലെ വടകര നിന്നു ലഭിച്ച വരദരാജവിഗ്രഹവും (ഇപ്പോള്‍ തൃശൂര്‍ മ്യൂസിയത്തില്‍) തിരുവനന്തപുരത്തെ നീറമണ്‍കരയിലുള്ള വിഷ്ണുവിഗ്രഹവും രൂപസൗഭാഗ്യം കൊണ്ട് അതീവ ശ്രദ്ധേയമാണ്.
സോപാനഭിത്തിയിലെ ശില്പങ്ങള്‍. ക്ഷേത്രശ്രീകോവിലിലേക്കുള്ള സോപാനത്തിന്റെ ഇരുവശങ്ങളിലായുള്ള ലഘുസ്തംഭ പംക്തിയില്‍ (ballustrades) അതിമനോഹരങ്ങളായ അര്‍ധോദ്യതശില്പങ്ങള്‍ കാണാം. സുബ്രഹ്മണ്യന്റെ കുടക്കൂത്തും ശ്രീകൃഷ്ണന്റെ കുടംകൂത്തും ഇവയില്‍ പ്രധാനമാണ്. പക്കമേളക്കാരുടെ അകമ്പടിയോടെ നൃത്തം ചെയ്യുന്ന നര്‍ത്തകിമാരുടെ ശില്പങ്ങളാണ് മറ്റു ചില സോപാനഭിത്തികളില്‍ ഉള്ളത്. ദേവീദേവന്മാരെ കൊത്തിവച്ചിട്ടുള്ള സോപാനഭിത്തികളും ഉണ്ട്.
പള്ളിയിലെ ശില്പങ്ങള്‍. ശില്പങ്ങളോടുകൂടിയ ജ്ഞാനസ്നാനത്തൊട്ടിയും കല്‍ക്കുരിശുകളുടെ പീഠങ്ങളും ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ സവിശേഷതകളാണ്. മാലാഖരുടെയും വിശുദ്ധന്മാരുടെയും രൂപങ്ങള്‍, ബൈബിളില്‍ നിന്നുള്ള മൂഹൂര്‍ത്തങ്ങള്‍ എന്നിവ പല ജ്ഞാനസ്നാനത്തൊട്ടികളിലും പീഠങ്ങളിലും കൊത്തിവച്ചിട്ടുണ്ട്.
ചെന്നൈയിലെ മദ്രാസ് സ്കൂള്‍ ഒഫ് ഫൈനാര്‍ട്സാണ് ദക്ഷിണേന്ത്യയിലെ ആധുനിക ശില്പകലയുടെ ഉറവിടമായിത്തീര്‍ന്നത്. 1940-കളില്‍ റോയ് ചൗധരിയുടെ ശിക്ഷണത്തില്‍ തുടക്കമിട്ട ശില്പകലാ പഠനസമ്പ്രദായത്തെ പിന്‍പറ്റിയവരില്‍ പ്രമുഖരാണ് കെ.സി.എസ്. പണിക്കരും കാനായി കുഞ്ഞിരാമനും. ഇവരില്‍ കാനായി കുഞ്ഞിരാമന്‍ 1960-കള്‍ മുതല്ക്ക് പൊതുസ്ഥലങ്ങളില്‍ ശില്പരചന നടത്തി ശില്പകലയെ പ്രചാരത്തിലാക്കി. ആദിമ-അനുഷ്ഠാനകലകളുടെയും ക്ലാസ്സിക്കല്‍ ആധുനികതയുടെയും സ്വാധീനം കാനായിയുടെ ശില്പനിര്‍മിതിയെ സ്വാധീനിച്ചിട്ടുള്ള പ്രധാന ഘടകങ്ങളാണ്. കൊച്ചിയിലെ മുക്കോലപ്പെരുമാള്‍, മലമ്പുഴയിലെ യക്ഷി, വേളിയിലെ അസ്തമയം, ആലിംഗനം, ശംഖുംമുഖത്തെ സാഗരകന്യക, അമ്പലമേടിലെ ഉര്‍വരത തുടങ്ങിയ നിരവധി ശില്പങ്ങള്‍ ഈ രംഗത്ത് ഒരു പുതിയ ഭാവുകത്വം സൃഷ്ടിച്ചു. 1970-കളുടെ അവസാനവും 1980-കളുടെ ആദ്യഘട്ടത്തിലും ശില്പകലയില്‍ ഗണ്യമായ മാറ്റം സംജാതമായി. ആശയത്തിനു പ്രാധാന്യം കൊടുക്കുന്ന വിധത്തിലുള്ള കാഴ്ചപ്പാടുകളും സ്വീകരിക്കപ്പെട്ടു. ഇക്കാലയളവില്‍ ലളിതമായതും സങ്കീര്‍ണമായതുമായ ശില്പങ്ങള്‍ രൂപംകൊള്ളുകയും ചെയ്തു. 1980-90-കളില്‍ കാനായിക്കുശേഷമുള്ള തലമുറ ശില്പകലയില്‍ രംഗപ്രവേശനം ചെയ്തു. കെ.പി. കൃഷ്ണകുമാര്‍, എന്‍.എന്‍. റിംസണ്‍, അലക്സ്മാത്യു, കെ.പി. സോമന്‍, വത്സന്‍ കൊല്ലേരി, രഘുനാഥ് കെ., സുമീത് രാജേന്ദ്രന്‍, കെ.എസ്. രാധാകൃഷ്ണന്‍, രാജശേഖരന്‍ നായര്‍, അശോകന്‍ പൊതുവാള്‍ തുടങ്ങിയവരെ ഭാരതീയ ശില്പകലാരംഗത്തെ പ്രമുഖരായി പലരും വിലയിരുത്തി. രാഷ്ട്രീയ-സാമൂഹ്യ വീക്ഷണവും മനുഷ്യാവസ്ഥയുടെ വിഹ്വലതയും അവരുടെ ശില്പങ്ങളില്‍ വിഷയങ്ങളായി.
1970-കളില്‍ തിരുവനന്തപുരം കോളജ് ഒഫ് ഫൈനാര്‍ട്സില്‍ ശില്പകലാപഠനം സിലബസ്സിന്റെ ഭാഗമാവുകയും കാനായി കുഞ്ഞിരാമന്‍ ശില്പകലാധ്യാപകനായി സേവനമാരംഭിച്ചതും കേരളീയ ആധുനിക ശില്പകലാരംഗത്തെ സുപ്രധാന വഴിത്തിരിവായിരുന്നു.
തൊണ്ണൂറുകളുടെ അവസാനത്തോടെ പൊതുസ്ഥലങ്ങളിലെ ബൃഹദാകാരങ്ങളായ ശില്പങ്ങള്‍ക്കുപുറമേ ശില്പങ്ങളുടെ കൂട്ടായ പ്രദര്‍ശനവും ഗാലറിയുടെ സാധ്യതകളെ മുന്‍നിര്‍ത്തിയുള്ള ഇന്‍സ്റ്റിലേഷന്‍ സങ്കേതങ്ങള്‍ക്കും തുടക്കമായി. ഇന്ത്യയില്‍ ബോംബെ, ബറോഡ, ചെന്നൈ തുടങ്ങിയ വന്‍നഗരങ്ങളില്‍ ശില്പങ്ങളുടെ ഇന്‍സ്റ്റിലേഷന്‍ പ്രദര്‍ശനങ്ങള്‍ക്കായി പുതിയ വേദികളും ആര്‍ട്ട് ഗാലറികളും തുറക്കപ്പെട്ടു. യൂറോപ്യന്‍ രീതികളെ പിന്‍പറ്റി ബോംബെ കേന്ദ്രമായി തുടക്കമിട്ട ബിനാലെ സംസ്കാരം 2011-ഓടെ കേരളത്തിലുമെത്തി. പ്രാദേശികമായി ഏറെ ശ്രദ്ധിക്കപ്പെടാതിരുന്ന പല ശില്പങ്ങള്‍ക്കും ശില്പികള്‍ക്കും കൊച്ചി-മുസ്രിസ് ബിനാലെ പുത്തന്‍ സാധ്യതകള്‍ തുറന്നുകൊടുക്കുന്നു എന്ന വാദം നിലനില്ക്കേതന്നെ ശില്പകലാപഠനം, ആസ്വാദനം എന്നീ രംഗത്തെ അക്കാദമികമായ പഠനങ്ങളെയും ചര്‍ച്ചകളെയും ഇല്ലാതാക്കുകയും കല എന്നത് കേവലം കാഴ്ചയുടെ അനുഭൂതി മാത്രമായി പരിമിതപ്പെടുത്തുന്നു എന്ന വിമര്‍ശനവും ശക്തമാണ്. ഒപ്പം സാമൂഹിക അപനിര്‍മാണം എന്നദൗത്യത്തില്‍ നിന്നും കലയും കലാകാരനും പിന്‍വാങ്ങുകയും ചെയ്യുന്നു.
കളമെഴുത്ത്
വിരലുകളുപയോഗിച്ച് അഞ്ചുനിറമുള്ള അഞ്ചുതരം പൊടികള്‍ കൊണ്ട് ദേവീദേവന്മാരുടെ രൂപങ്ങള്‍ നിലത്തുവരയ്ക്കുന്ന സമ്പ്രദായമാണ് കളമെഴുത്ത്. കണ്‍മുമ്പിലിരിക്കുന്ന മാതൃകകള്‍ നോക്കി വരച്ചും അതിന്റെ പ്രതിച്ഛായ ശരിപ്പെട്ടില്ലെന്നു തോന്നുമ്പോള്‍ മായ്ച്ച് നേരെയാക്കിയും സാവകാശം പൂര്‍ത്തിയാക്കുന്ന പരിഷ്കൃത ചിത്രരചനാസമ്പ്രദായമല്ല കളമെഴുത്തുകാരുടേത്. കേശാദിപാദവര്‍ണനകളിലോ ധ്യാനമന്ത്രങ്ങളിലോ പ്രതിപാദിച്ചിട്ടുള്ള ഇഷ്ടദേവതാരൂപങ്ങളെ വര്‍ണപ്പൊടികള്‍ മാറിമാറി വിതറി വരയ്ക്കുകയാണ് ഈ അനുഷ്ഠാനകലയുടെ രചനാവിദ്യ. ഒരുകാലത്ത് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനിന്നിരുന്ന കളമെഴുത്ത് അതിന്റെ എല്ലാ വൈവിധ്യത്തോടുകൂടിയും അവശേഷിക്കുന്നതു കേരളത്തില്‍ മാത്രമാണ്.
കളമെഴുത്ത്
ഏകവര്‍ണത്തിലുള്ള പൊടി ഉപയോഗിച്ച് തറയില്‍ പ്രരൂപങ്ങള്‍ സൃഷ്ടിക്കുന്ന ബംഗാളിലെ 'അല്പന'യ്ക്കും ഉത്തരേന്ത്യയിലെ രംഗോലി'ക്കും തമിഴ്നാട്ടിലെ 'കോല'ത്തിനും ആന്ധ്രയിലെ 'മുഗ്ഗു' വിനും കേരളത്തിലെ കളമെഴുത്തുമായി ബന്ധമുണ്ട്.
സൗന്ദര്യത്തിനും രൂപസാദൃശ്യത്തിനും മുന്‍തൂക്കമുള്ള 'ചത്രവടിവി'ല്‍ ചുവര്‍ച്ചിത്രങ്ങള്‍ എഴുതുമ്പോള്‍ ഓജസ്സിനും രൗദ്രഭംഗിക്കും പ്രാധാന്യമുള്ള 'ഭൂതവടിവി'ലാണ് കളം എഴുതുന്നത്. കളമെഴുത്ത് ദ്രാവിഡമെന്നോ ശാക്തേയമെന്നോ പറയാവുന്ന ഒരു പാരമ്പര്യത്തില്‍ മിക്കവാറും അടിയുറച്ചുനിന്നപ്പോള്‍ ചുവര്‍ച്ചിത്രങ്ങള്‍ വൈദികമെന്നോ ആര്യമെന്നോ പറയാവുന്ന പാരമ്പര്യത്തെക്കൂടി സ്വാംശീകരിച്ചു. ശില്പഗ്രന്ഥങ്ങളിലെ നിയമങ്ങളില്‍ ചിലതു പാലിക്കുന്നുണ്ടെങ്കിലും നാടോടി പാരമ്പര്യങ്ങള്‍ക്കു മുന്‍തൂക്കമുള്ള കളമെഴുത്തില്‍ ചുവര്‍ച്ചിത്രങ്ങളില്‍ കാണുന്ന വിധത്തിലുള്ള സൗമ്യവര്‍ണങ്ങളോ വര്‍ണമിശ്രങ്ങളോ കാണുകയില്ല.
കളമെഴുത്തുപാട്ടും, മുടിയേറ്റ്, ഭദ്രകാളിത്തീയാട്ട്, അയ്യപ്പന്‍ തീയാട്ട്, കോലംതുള്ളല്‍, സര്‍പ്പപ്പാട്ടും തുള്ളലും തുടങ്ങിയ അനുഷ്ഠാനകലകളിലൊക്കെ കളമെഴുത്തു പ്രാധാന്യമാണ്. കാളി, ദുര്‍ഗ, അയ്യപ്പന്‍, വേട്ടയ്ക്കല്‍, യക്ഷിയും ഗന്ധര്‍വനും, നാഗങ്ങള്‍ തുടങ്ങിയ മൂര്‍ത്തികളെയാണ് കളമെഴുത്തില്‍ മുഖ്യമായി ചിത്രീകരിക്കുന്നത്.
കളമെഴുതുന്നത് കുലവൃത്തിയായി സ്വീകരിച്ച പല സമുദായങ്ങള്‍ കേരളത്തിലുണ്ട്. അമ്പലവാസികളില്‍പ്പെട്ട കുറുപ്പന്മാരാണ് ഇവരില്‍ പ്രധാനികള്‍. കളമെഴുത്തുപാട്ടിനോടനുബന്ധിച്ചും മുടിയേറ്റിനോടനുബന്ധിച്ചും കളമെഴുതുന്നത് കുറുപ്പന്മാരും അയ്യപ്പന്‍ തീയാട്ടിനോട് അനുബന്ധിച്ചു കളമെഴുതുന്നത് തീയാടി നമ്പ്യാരുമാണ്; ഭദ്രകാളിത്തീയാട്ടിനു തീയാട്ട് ഉണ്ണിയും. നാഗക്കളങ്ങള്‍ എഴുതുവാനുള്ള അവകാശം പുള്ളുവന്മാര്‍ക്കുള്ളതാണ്. കോലം തുള്ളലിനോട് അനുബന്ധിച്ചുള്ള കളങ്ങള്‍ കണിയാന്മാരാണ് തയ്യാറാക്കുന്നത്. മന്ത്രവാദങ്ങള്‍ക്കും മറ്റുമായി കളമെഴുതുന്ന വണ്ണാന്മാരെ മലബാറിന്റെ പല ഭാഗങ്ങളിലും കാണാം.
വൃശ്ചികം ഒന്നാം തീയതി മുതല്‍ ധനു പതിനൊന്നാം തീയതിവരെയുള്ള മണ്ഡലകാലത്താണ് കളമെഴുത്ത് സാധാരണ നടത്താറുള്ളത്. കുംഭം-മീനം-മേടം മാസങ്ങളിലെ 'വേല'യ്ക്കും 'പൂര' ത്തിനും കളമെഴുത്തു നടക്കാറുണ്ട്. കുംഭം-മീനം മാസങ്ങളിലെ അശ്വതി, ഭരണി നാളുകളും പത്താമുദയ ദിവസവും (മേടപ്പത്ത്) കളമെഴുത്തിനു മുഖ്യമാണ്.
വഴിപാടെന്നനിലയില്‍ ആഢ്യഗൃഹങ്ങളിലും വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ കളമെഴുത്തു പാട്ടും നടത്തിയിരുന്നു. വസൂരി, വിഷൂചിക തുടങ്ങിയ പകര്‍ച്ചവ്യാധികളില്‍ നിന്നും ദുര്‍ഭൂതങ്ങളില്‍ നിന്നും രക്ഷനേടാനും ഉദ്ദിഷ്ടകാര്യം സാധിക്കാനും കളമെഴുത്തും പാട്ടും നടത്തുന്ന സമ്പ്രദായം കേരളത്തില്‍ നിന്ന് ഇപ്പോഴും തീരെ അപ്രത്യക്ഷമായിട്ടില്ല.
കളമെഴുത്തു പൂര്‍ത്തിയായാല്‍ കളത്തിലേക്ക് ആവാഹിക്കപ്പെടുന്ന മൂര്‍ത്തിക്കു പൂജയും പാട്ടും ഉണ്ടാകും.
നാടന്‍ സാമഗ്രികള്‍ കൊണ്ടു തയ്യാറാക്കിയ അഞ്ചുതരം പൊടികളാണ് കളമെഴുത്തിനു ഉപയോഗിക്കുന്നത്. ഉമിക്കരി (കറുപ്പ്), അരിപ്പൊടി (വെള്ള), മഞ്ഞള്‍പ്പൊടി(മഞ്ഞ), നെന്മേനിവാകയുടെ പൊടി, (പച്ച), മഞ്ഞളും ചുണ്ണാമ്പും അരിപ്പൊടിയും ചേര്‍ത്ത മിശ്രിതം (ചുവപ്പ്) എന്നിവയാണ് കളമെഴുത്തിന് ഉപയോഗിക്കുന്നത്.
കളമെഴുതുന്നതിനു രണ്ടു പേരെങ്കിലും വേണം. ഇഷ്ടദേവതാസ്വരൂപം മനസ്സില്‍ ഏകാഗ്രമായി ധ്യാനിച്ച ശേഷമാണ് കളമെഴുത്താശാന്‍ വരച്ചുതുടങ്ങുന്നത്. ഒരു നേര്‍വര വരയ്ക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇതിനു 'ബ്രഹ്മസൂത്രം' എന്നു കളമെഴുത്തുകാര്‍ പറയുന്നു. ഇതു കഴിഞ്ഞ് കറുത്ത പൊടിയോ അരിപ്പൊടിയോ ഉപയോഗിച്ച് ശരീരാവയവങ്ങള്‍ വരയ്ക്കാന്‍ തുടങ്ങും. മുഖം, കഴുത്ത്, മാറ്, കിരീടം എന്നിവ ഒരാളും ഉദരം, കൈകാലുകള്‍ എന്നിവ മറ്റൊരാളും വരയ്ക്കുകയാണ് പതിവ്. വരച്ചുകഴിഞ്ഞ ഭാഗങ്ങള്‍ ചവിട്ടാതെ കളമെഴുത്തു പൂര്‍ത്തിയാക്കാന്‍ ഈ ക്രമത്തില്‍ വരയ്ക്കുന്നത് സഹായകമാകും. വേഷഭൂഷാദികള്‍ കേശാദിപാദക്രമത്തിലാണ് വരയ്ക്കുന്നത് മുഖം വരച്ചയാള്‍ തന്നെയാണ് കാലുകളും വരയ്ക്കേണ്ടത്. അനുപാതഭംഗി ലഭിക്കാന്‍ വേണ്ടിയാകും ഈ നിയമം. നാസിക, ചുണ്ട്, സ്തനം, കണ്ണുകള്‍ എന്നിവ എഴുന്നുനില്ക്കുന്ന വിധത്തിലാണ് വരയ്ക്കുക. താഴെനിന്നു മുകളിലേക്കാണ് കളമെഴുത്തുകാര്‍ വരകള്‍ വിന്യസിക്കുന്നത്. വീരം കലര്‍ന്ന രൗദ്രം ആവാഹിക്കുന്നിടത്താണ് കളമെഴുത്തുകാരന്റെ കൈമിടുക്ക്.
ചിത്രകലയിലെ കേരളീയഘടകങ്ങള്‍ കണ്ടെത്താനും കേരളീയ സംസ്കാരത്തിന്റെ നൈരന്തര്യത്തെക്കുറിച്ചു മനസ്സിലാക്കാനും നമ്മുടെ പാരമ്പര്യസംരക്ഷണമനോഭാവത്തെക്കുറിച്ച് ധാരണ ലഭിക്കാനും കളമെഴുത്ത് വളരെയേറെ ഉപകരിക്കുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തില്‍ ചുവര്‍ച്ചിത്രമെഴുത്തിന്റെ പാരമ്പര്യം മാത്രമാണ് കേരളത്തില്‍ നിലനിന്നിരുന്നത്. ചുവര്‍ച്ചിത്രകല എണ്ണച്ചായാച്ചിത്രരചനാ കാലഘട്ടത്തിലേക്കു കടന്നത് രാജാരവിവര്‍മയിലൂടെയായിരുന്നു. വിക്ടോറിയന്‍ ശൈലിയില്‍ കാന്‍വാസില്‍ എണ്ണച്ചായം ഉപയോഗിച്ചു ത്രിമാന ചിത്രരചന കൈകാര്യം ചെയ്യാനുള്ള പരിശീലനം നേടിയ രാജാരവിവര്‍മയ്ക്ക് ബ്രിട്ടീഷ് ആധിപത്യത്തില്‍ ഉറങ്ങിക്കിടന്ന പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥാപാത്രങ്ങള്‍ക്ക് പുതിയ നിറവും സൌന്ദര്യവും നല്കാന്‍ കഴിഞ്ഞു. അങ്ങനെ ഭാരതീയ ചിത്രകലയില്‍ വിശേഷിച്ച് കേരളീയ ചിത്രകലയില്‍ ഒരു പുതിയ കാഴ്ചപ്പാടു തന്നെ ഉണ്ടാക്കാനും ജനങ്ങളില്‍ പുതിയൊരുണര്‍വും സ്വതന്ത്രചിന്തയും വളര്‍ത്തിയെടുക്കാനും ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കു സാധിച്ചു.
ഇദ്ദേഹം ക്ഷേത്രങ്ങളിലെ പക്വതയാര്‍ന്ന ദ്വിമാന ചിത്രങ്ങളെ ഇറക്കുമതി ചെയ്ത കാന്‍വാസിലേക്ക് എണ്ണച്ചായം ഉപയോഗിച്ചു പകര്‍ത്തി ത്രിമാന ചിത്രങ്ങളാക്കി മാറ്റി. അങ്ങനെ രവിവര്‍മ കാലഘട്ടത്തിന്റെ പ്രതിപുരുഷനായി ആവശ്യത്തിന്റെ വെല്ലുവിളികളെ സ്വീകരിച്ചു. ബംഗാള്‍ നവോത്ഥാന കാലഘട്ടത്തില്‍ നിലനിന്നിരുന്ന, നേര്‍ത്തതും അവ്യക്തവുമായ ജലച്ചായ നിറക്കൂട്ടില്‍ നിന്നും വ്യത്യസ്തമായി പുരാണങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് എല്ലാ അര്‍ഥത്തിലും യാഥാര്‍ഥ്യത്തിന്റെ പരിവേഷം നല്കിയ ഇദ്ദേഹം ശ്ലാഘനീയനാണ്. ഭാരതീയര്‍ക്ക്, വിശേഷിച്ചു കേരളീയര്‍ക്ക് ചിത്രകലയില്‍ അപരിചിതമായ ഒരു വിദേശപാരമ്പര്യം ഇറക്കുമതി ചെയ്യാന്‍ ഇദ്ദേഹം ശ്രമിച്ചുവെന്ന കാര്യം അംഗീകരിക്കേണ്ടതായിട്ടുണ്ട്.
രവിവര്‍മയെത്തുടര്‍ന്നുവന്ന പലരും ഇദ്ദേഹത്തിന്റെ ശൈലി തന്നെ അനുകരിച്ചു. എന്നാല്‍ ഇതില്‍ നിന്നും വളരെ മാറിയ ഒരു ചിത്രകലാശൈലിയായിരുന്നു കെ. മാധവമേനോന്റെ ചിത്രങ്ങള്‍ക്ക് ഉണ്ടായിരുന്നത്. ഇദ്ദേഹം കേരളത്തിലെ ഭൂപ്രകൃതി, പക്ഷികള്‍, പുഷ്പങ്ങള്‍ ഇവയെ ചിത്രീകരിച്ചതു തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. ഇദ്ദേഹത്തിന്റെ ചിത്രങ്ങളിലെല്ലാം തന്നെ കേരളത്തിലെ തനിമ നിറഞ്ഞുനിന്നിരുന്നു; അവയ്ക്കു തനതായ മൗലികതയും വൈവിധ്യവും ഉണ്ടായിരുന്നു.
എന്നാല്‍ ഇത്തരം എല്ലാ സ്വാധീന വലയങ്ങളും ഭേദിച്ച്, വളരെ വ്യത്യസ്തമായി പരമ്പരാഗതവിശ്വാസങ്ങളിലൂടെയാണ് കെ. സി. എസ്. പണിക്കര്‍ കടന്നുവന്നത്. പ്രതീകാത്മകയും വിചിത്രകല്പനകളും ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രത്യേകതയാണ്. ഇദ്ദേഹം ഭാരതീയ തന്ത്രകലയുടെ പുനരാവിഷ്കരണത്തില്‍ക്കൂടി നാടന്‍ കലാരൂപങ്ങളുടെ ഉയിര്‍ത്തെഴുന്നേല്പിന്റെ പുതിയൊരു ഘട്ടം ഉദ്ഘാടനം ചെയ്തു. കളമെഴുത്തിന്റെയും കോലംവരപ്പിന്റെയും നാടായ കേരളത്തില്‍ നിറപ്പകിട്ടാര്‍ന്ന പുതിയൊരു ദേശീയ കലാശൈലിക്കു ജന്മം നല്കുവാനുള്ള സാധ്യതയെക്കുറിച്ചും ഇദ്ദേഹം ചിന്തിച്ചിരുന്നു. താന്ത്രികകലാരൂപങ്ങളുടെ പുനരാവിഷ്കരണം ഇതിന്റെ തുടക്കം മാത്രമായി കരുതേണ്ടതാണ്.
ഈ മാറ്റങ്ങള്‍ക്കു പിന്തുണ നല്കിക്കൊണ്ട് ഒട്ടുവളരെ കേരളീയചിത്രകാരന്മാരും അല്ലാത്തവരും മുന്നോട്ടുവന്നു. ഇവരില്‍ ചിലര്‍ ഉയര്‍ത്തിവിട്ടതും മറ്റു ചിലര്‍ ഉയര്‍ത്തിവിട്ടുകൊണ്ടിരിക്കുന്നതുമായ ആവേശം, കേരളീയ ചിത്രകലയുടെ നൂതന സരണിയിലൂടെയുള്ള പുരോഗതിക്കും വികാസത്തിനും അത്യന്തം ഉപകാരമാണ്. സ്വന്തമായ വ്യക്തിത്വം പുലര്‍ത്താനും സ്വതന്ത്രമായ കലാശൈലിക്കു രൂപം നല്കാനും കഴിവുള്ള കേരളീയ കലാകാരന്മാരില്‍ പലരും പൊതുവേ പാശ്ചാത്യശൈലിയിലും പ്രതിപാദ്യങ്ങളിലും താത്പര്യം പ്രദര്‍ശിപ്പിക്കുന്നവരാണ്. പാശ്ചാത്യലോകത്തില്‍ നിന്ന് കൊള്ളേണ്ടതു കൊള്ളാനും തള്ളേണ്ടതു തള്ളാനും വേണ്ട വിവേകം സിദ്ധിച്ച ചില പക്വമതികളും ഇക്കൂട്ടരിലുണ്ട്. എ. രാമചന്ദ്രന്‍, അക്കിത്തം നാരായണന്‍, ജി. അരവിന്ദന്‍, സി.എന്‍. കരുണാകരന്‍, ജയപാലപ്പണിക്കര്‍, സി.കെ. രാമകൃഷ്ണന്‍നായര്‍, ബി.ഡി. ദത്തന്‍, എം.വി. ദേവന്‍, ടി.കെ. പദ്മിനി, കെ.വി. ഹരിദാസ്, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, ടി. കലാധരന്‍, കാട്ടൂര്‍ നാരായണപിള്ള, ജി. രാജേന്ദ്രന്‍, എ.എസ്. നായര്‍, കാനായി കുഞ്ഞിരാമന്‍, പാരിസ് വിശ്വനാഥന്‍, കെ.ജി. സുബ്രഹ്മണ്യം, സി.എന്‍. പൊറിഞ്ചുകുട്ടി, വി. വിശ്വനാഥന്‍, ജെ. ശശികുമാര്‍, ബോസ് കൃഷ്ണമാചാരി, നേമം പുഷ്പരാജ്, ഷിബു നടേശന്‍, എന്‍.എന്‍. റിംസണ്‍, റിയാസ് കോമു, അജയകുമാര്‍, ജ്യോതിബാബു, കവിതാ ബാലകൃഷ്ണന്‍, രതീദേവിപ്പണിക്കര്‍, കെ.കെ. രാജപ്പന്‍, അച്യുതന്‍ കൂടല്ലൂര്‍, രാഘവന്‍ അത്തോളി, ഭാസ്കരന്‍, മദനന്‍, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, പി. ഗോപിനാഥ്, സി. ഡഗ്ലസ്, ബൈജുപാര്‍ഥന്‍, പുഷ്കിന്‍ തുടങ്ങിയവര്‍ തങ്ങളുടെ രചനകളിലൂടെ ആധുനിക കലാപ്രവണതകളിലെ നവീനഭാവുകത്വത്തെ കേരളീയ സഹൃദയര്‍ക്കു പരിചയപ്പെടുത്തിയവരില്‍ പ്രമുഖരാണ്. പൊതുവേ നോക്കുമ്പോള്‍ ഇന്ന് ആധുനിക കേരളീയ ചിത്രകല വളര്‍ച്ചയുടെ മാര്‍ഗത്തിലൂടെയാണ് മുന്നേറുന്നത്. നോ. ചിത്രകല
അനുഷ്ഠാനപരമായി തലമുറകളില്‍നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാത്തതും എന്നാല്‍ ശാസ്ത്രീയമായ അഭ്യസനത്തിലൂടെ മാത്രം സ്വായത്തമാക്കാവുന്നതുമായ കലാരൂപങ്ങളെയാണ് ക്ലാസ്സിക്കല്‍ കലകളായി വിവക്ഷിക്കുന്നത്. ആസ്വാദനം, വിമര്‍ശനം, പരിഷ്കരണം എന്നിവയിലൂടെ ബോധപൂര്‍വം സൃഷ്ടിച്ചെടുക്കുന്നതാണ് പരിഷ്കൃത നൃത്തം അഥവാ ശാസ്ത്രീയ നൃത്തം (classical dance). സാങ്കേതികബദ്ധവും ചിട്ടപ്പെടുത്തലുകള്‍ക്ക് വിധേയവുമാണ് ഈ നൃത്തങ്ങള്‍. നാട്യശാസ്ത്രനിയമങ്ങളെ അനുസരിക്കുന്ന ഇവ, കര്‍ക്കശമായ പരിശീലനത്തിലൂടെ മാത്രം സ്വായത്തമാക്കാന്‍ കഴിയുന്നവയാണ്. കഥകളി, കൃഷ്ണനാട്ടം, കൂടിയാട്ടം, തുള്ളല്‍, മോഹിനിയാട്ടം, കൂത്ത്, പാഠകം തുടങ്ങിയവയാണ് കേരളത്തിലെ ക്ലാസ്സിക്കല്‍ കലാരൂപങ്ങള്‍.
കഥകളി.
ഭാരതത്തിലെ ക്ലാസ്സിക് നൃത്തങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമെന്നു വിശേഷിപ്പിക്കുന്ന കേരളീയ ദൃശ്യകലയാണിത്. വള്ളത്തോളിലൂടെയും കേരളകലാമണ്ഡലത്തിലൂടെയും ലോകമെങ്ങും പ്രശസ്തിയാര്‍ജിച്ചുകഴിഞ്ഞിരിക്കുന്ന ഈ കല, അഭിനയകലയെക്കുറിച്ചും തിയെറ്ററിനെക്കുറിച്ചും പഠിക്കുന്ന ഏതൊരാള്‍ക്കും അദ്ഭുതകരമായ ഒരു രത്നഖനി തന്നെയാണ്. ആട്ടം, പാട്ട്, അഭിനയം, വാദ്യം, സാഹിത്യം, ചിത്രകല മുതലായ മിക്ക അടിസ്ഥാനകലകളും ഇതില്‍ ചേര്‍ന്നിട്ടുണ്ട്. കേരളത്തിന്റെ തനതുദൃശ്യകലകളായ കൂത്ത്, കൂടിയാട്ടം, മുടിയേറ്റ്, കൃഷ്ണനാട്ടം, രാമനാട്ടം എന്നിവയില്‍ നിന്നെല്ലാം കൊള്ളേണ്ടവ മാത്രം കൊണ്ട്, അഭിനയത്തിന്റെ നാലംശങ്ങളിലും (ആംഗികം, വാചികം, സാത്വികം, ആഹാര്യം) സാമ്പ്രദായീകരണം (stylisation) അതിന്റെ പരിപൂര്‍ണതയിലെത്തിച്ചിരിക്കുന്ന കലയാണ് കഥകളി. പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെ പ്രധാനമായും അഞ്ചുവിഭാഗങ്ങളായി വേഷങ്ങളെ തരംതിരിച്ചതിലൂടെ ദേവാസുരമാനുഷഗണങ്ങളിലെല്ലാമുള്ള ആളുകളെ മുഴുവന്‍ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചു കള്ളിയറകളിലാക്കിയിരിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പാത്രാവിഷ്കരണത്തില്‍പ്പോലും ഒരു തരം സാമ്പ്രദായീകരണം സാധിച്ചിരിക്കുന്നു. നോ. കഥകളി
കൃഷ്ണനാട്ടം.
അഷ്ടപദിയാട്ടത്തോടും കൂടിയാട്ടത്തോടും ഏറെ കടപ്പാടുള്ള അഭിനയപ്രധാനമായ കലയാണിത്. 16-ാം ശതകത്തിലാണ് ഇതിന്റെ ഉദ്ഭവം. കോഴിക്കോടു മാനവേദകവി രചിച്ച കൃഷ്ണഗീതിയുടെ ദൃശ്യരൂപമാണിത്. കൃഷ്ണനാട്ടം ഗുരൂവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് നടന്നുപോരുന്നത്. അവിടത്തെ ഒരു വഴിപാടുകൂടിയാണ് ഈ കലാപ്രകടനം. കേരളത്തിലെ ഏക കൃഷ്ണനാട്ടസംഘം ഗുരുവായൂര്‍ക്ഷേത്രത്തിന്റെ വകയുമാണ്.
മാനവേദകവിയെ സംസ്കരിച്ചത് ഗുരുവായൂര്‍ക്ഷേത്രത്തിന്റെ തെക്കുവശത്തെ കോവിലകം പറമ്പിലാണ്. കൃഷ്ണനാട്ടസംഘത്തിന്റെ 'പെട്ടിവച്ചുകളി' തെക്കോട്ടു തിരിഞ്ഞുനിന്നാവാന്‍ കാരണം ഇതാണെന്ന് പറഞ്ഞുപോരുന്നു. മറ്റൊരിക്കലും തെക്കോട്ടു തിരിഞ്ഞുനിന്നു കൃഷ്ണനാട്ടം പതിവില്ല.
അഷ്ടപദിയാട്ടത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്ന കൃഷ്ണനാട്ടത്തിന് 'എട്ടു' മായി വളരെ ബന്ധമുണ്ട്; എട്ടുദിവസത്തെ കളി, എട്ടുതിരിയിട്ട വിളക്ക്, എട്ടുനാഴി എണ്ണ, എട്ടുകുട്ടികള്‍, എട്ടു നാഴികനേരത്തെ കളി, സര്‍വോപരി അരങ്ങുപണവും എട്ട് (വസുദേവരുടെ എട്ടാമത്തെ കുട്ടിയായ കൃഷ്ണന്റെ കഥയല്ലേ അവതരിപ്പിക്കുന്നത്, അതുകൊണ്ടുകൂടിയാവാം എട്ടിന് ഇത്രയേറെ പ്രസക്തി വന്നത്).
കൃഷ്ണകഥ എട്ടുദിവസംകൊണ്ട് ആടിത്തീര്‍ക്കത്തക്ക വിധത്തിലാണ് സംവിധാനം ചെയ്തിട്ടുള്ളത്. ഏതെങ്കിലും ഒരു ദിവസത്തെ കഥ മാത്രമായി അഭിനയിക്കുന്നതിനു വിരോധമില്ല. എന്നാല്‍ സ്വര്‍ഗാരോഹണംമാത്രം തനിച്ചു പതിവില്ല. എട്ടുദിവസത്തെ കഥയും തുടര്‍ച്ചയായി കളിച്ചാല്‍ പിറ്റേന്ന് അവതാരംകൂടി കളിച്ചിരിക്കണമെന്നുണ്ട്.
സംഭാഷണം ഗാനങ്ങളിലൂടെയും കഥാസന്ദര്‍ഭങ്ങളെ കൂട്ടിയിണക്കുന്നതു ശ്ലോകങ്ങളിലൂടെയുമാണ്. ഇവിടെയും ഗീതഗോവിന്ദത്തോടുള്ള വിധേയത്വം വ്യക്തമാണല്ലോ. കൃഷ്ണനാട്ടത്തിലെ ഭാഷ തനി സംസ്കൃതമാണ്. നോ. കൃഷ്ണനാട്ടം
കൂടിയാട്ടം.
ഒന്നിലധികം നടന്മാര്‍ 'കൂടി' ആടുന്നതുകൊണ്ട് കൂടിയാട്ടം എന്നറിയപ്പെടുന്നു. കൂടിയാട്ടം തികച്ചും ഒരു ക്ഷേത്രകലയാണ്. കേരളീയരുടെ സംസ്കൃതനാടകാവതരണമാണ് 'കൂടിയാട്ടം'. ഇതിന് ഈ പേരു സിദ്ധിച്ചത് നായികയും നായകനും രംഗത്തുവരുന്നതു കൊണ്ടാണെന്നും വിദൂഷകനും നായകനും ഒന്നിച്ചു രംഗത്തെത്തുന്നതുകൊണ്ടാണെന്നും മറ്റും അഭിപ്രായഭേദങ്ങളുണ്ട്. രണ്ടാം ചേരസാമ്രാജ്യത്തിന്റെ സ്ഥാപകനെന്നു കരുതപ്പെടുന്ന കുലശേഖരപ്പെരുമാളും തോലകവിയും ചേര്‍ന്നാണ് കൂടിയാട്ടം ചിട്ടപ്പെടുത്തിയതെന്നു വിശ്വസിച്ചു പോരുന്നു. കൂടിയാട്ടത്തിലെ വിദൂഷകക്കൂത്തില്‍, നായകന്റെ വാക്കുകള്‍ക്കും ശ്ളോകങ്ങള്‍ക്കും ഹാസ്യാനുകരണങ്ങള്‍ (പാരഡികള്‍) ചൊല്ലി രംഗവാസികളെ രസിപ്പിക്കലാണ് മുഖ്യമായിട്ടുള്ളത്. ധര്‍മാര്‍ഥകാമമോക്ഷങ്ങള്‍ പുരുഷാര്‍ഥങ്ങളായി നായകന്‍ പറയുമ്പോള്‍ വിദൂഷകന്റെ പുരുഷാര്‍ഥങ്ങള്‍ വേശ്യാവിനോദം, വേശ്യാവഞ്ചനം, അശനം, രാജസേവ എന്നിവയാണ്. കൂടിയാട്ടത്തില്‍ മിഴാവിനു പുറമേ ഇടയ്ക്ക, ശംഖ്, കുഴിത്താളം എന്നിവയും വാദ്യങ്ങളായുണ്ട്. ചാക്യാന്മാരും നങ്ങ്യാന്മാരും കൂടിയാട്ടത്തില്‍ പങ്കെടുക്കുന്നു. സ്ത്രീവേഷം കെട്ടുന്നതിന് സ്ത്രീകള്‍ തന്നെ വേണം എന്ന നിയമമുണ്ട്. നോ. കൂടിയാട്ടം
കൂത്ത്.
ഇത് തികച്ചും ഒരു ക്ഷേത്രകലയാണ്. അമ്പലവാസികളായ ചാക്യാന്മാരാണ് കൂത്തു നടത്തുന്നത് കൂത്തിനു രണ്ടു ഘട്ടങ്ങളുണ്ട്: (i) കഥാകഥനം, (ii) നാടകാഭിനയം. കഥാകഥനം ഏകനടാഭിനയമാണ്. പശ്ചാത്തലമായി മിഴാവു മാത്രം. എന്നാല്‍ മന്ത്രാങ്കം കൂത്ത്, മത്തവിലാസം കൂത്ത് എന്നൊക്കെ പറയുന്നിടത്ത് നാടകാഭിനയമാണുദ്ദേശിക്കുന്നത്. ഇങ്ങനെ രണ്ടംശമുണ്ടെങ്കിലും, ഒരേ ഒരു നടന്‍ രംഗത്തു വന്നു കഥാകഥനം നടത്തുന്ന രീതിയെയാണ് കൂത്ത് എന്ന പദം കൊണ്ട് ഇന്ന് അര്‍ഥമാക്കുന്നത്. വാഗ്മിതയും വാചാലതയും ഒപ്പം വേണ്ട കലയാണ് ഇത്. പുരാതന കഥകളില്‍ അഗാധമായ ജ്ഞാനവും അവയെ സന്ദര്‍ഭവുമായി ഇണക്കിക്കൊണ്ടു പോകാനുള്ള പാടവവും കാലാനുക്രമം തെറ്റാതെ തന്നെ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെടുത്തി പറയാനുള്ള കഴിവും ഉള്ള നടന്‍ അരങ്ങത്തു ശോഭിക്കും. നല്ലൊരു അനുകരണവിദഗ്ധന്‍കൂടിയായാല്‍ കൂടുതല്‍ നന്ന്. ഇരുപതു വ്യത്യസ്ത സ്വരത്തില്‍ സംസാരിക്കാന്‍ സാധകം ചെയ്തിട്ടുള്ള ചാക്യാന്മാരുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഇരുപതു വ്യത്യസ്ത സ്വരങ്ങള്‍ അവര്‍ ചിട്ടപ്പെടുത്തിയിരുന്നു എന്നര്‍ഥം. നോ. കൂത്ത്
ഓട്ടന്‍തുള്ളല്‍.
ഈ ക്ഷേത്രകലയുടെ ഉപജ്ഞാതാവ് കുഞ്ചന്‍ നമ്പ്യാരാണ് എന്നു വിശ്വസിച്ചുപോരുന്നു. ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്ന് തുള്ളലിന് മൂന്നു വിഭാഗങ്ങളുണ്ട്. ഇവയ്ക്കു മൂന്നിനും ഉടുത്തുകെട്ട്, വേഷവിധാനം, പാട്ടിന്റെ രീതി എന്നിവയിലെല്ലാം വ്യത്യാസമുണ്ട്. ഓട്ടന്‍ തുള്ളല്‍ തുള്ളലിന്റെ ഒരു വകഭേദം മാത്രമാണെങ്കിലും കലാപ്രകടനം എന്ന നിലയ്ക്ക് 'ഓട്ടന്‍തുള്ളല്‍' എന്ന വാക്ക് മറ്റു രണ്ടു വിഭാഗത്തെയും ഉള്‍ക്കൊള്ളുന്നുണ്ട്. പാടുന്നതിന്റെ രീതിയനുസരിച്ചാണ് ഈ മൂന്നു വകഭേദങ്ങളുണ്ടായതെന്ന് ചിലര്‍ പറയുന്നു. 'പറയന്‍' വിളംബഗതിയിലാണ് പാടുന്നത്. 'ശീതങ്കന്‍' അല്പംകൂടി വേഗത്തില്‍; 'ഓട്ടന്‍' വളരെ ദ്രുതഗതിയിലും. ചുവടുവയ്പിലും ഈ വ്യത്യാസങ്ങളുണ്ട്.
ഓട്ടന്‍ എന്നു പറയുന്നത് ഒരു വര്‍ഗത്തിന്റെ പേരാണ്; അതായത് ദൂതന്മാരുടെ വര്‍ഗം.
"ഓട്ടന്‍ വന്നുപറഞ്ഞൊരു വാക്കുകള്‍
കേട്ടു കയര്‍ത്തുപറഞ്ഞു സുയോധനന്‍
എന്ന ഘോഷയാത്രയിലെ 'ഓട്ടന്‍' പ്രയോഗം ഇതു സാധൂകരിക്കാറുമുണ്ട്. 'പറയന്‍' ഒരു വര്‍ഗമാണെന്ന് വ്യക്തം. 'ശീതങ്കന്‍' എന്നു പറയുന്ന വര്‍ഗമേതാണെന്ന് ഇന്നറിഞ്ഞുകൂട. ഏതായാലും മൂന്നു വര്‍ഗക്കാരുടെ നൃത്തരീതി എന്നു പറയുന്നതിലും തെറ്റില്ല. മദ്ദളം, കുഴിത്താളം എന്നിവ മാത്രമാണ് തുള്ളലിനുപയോഗിക്കുന്ന പശ്ചാത്തല വാദ്യങ്ങള്‍. തുള്ളുന്നവര്‍ തന്നെയാണ് പാടുന്നത്. പശ്ചാത്തല വാദ്യക്കാര്‍ ഏറ്റു പാടുന്നു.
ഓട്ടന്‍തുള്ളലില്‍ പൊതുവേ ഉപയോഗിക്കുന്നത് 'തരംഗിണി' എന്ന നാടന്‍ വൃത്തമാണ്. ഭാവത്തിനനുസരിച്ച് വൈവിധ്യത്തിനുവേണ്ടിയും മറ്റു വൃത്തങ്ങളും ഉപയോഗിക്കാറുണ്ട്. ശീതങ്കനില്‍ അധികവും 'കാകളി'യാണ് സ്വീകരിച്ചിരിക്കുന്നത്; പറയനില്‍ 'മല്ലിക' എന്ന സംസ്കൃതവൃത്തത്തെ അതേപടിയും, ചിലേടത്തു മാത്രാ പ്രധാനമാക്കിയും പ്രയോഗിക്കുന്നു. എങ്കിലും തുള്ളലില്‍ അനേകം വൃത്തഭേദങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. നമ്പ്യാരെപ്പോലെ വൃത്തത്തിന്റെ സൂക്ഷ്മഭേദങ്ങളുടെ അനന്തമായ സാധ്യതകളെ ഇത്രയധികം വ്യക്തമാക്കിത്തന്നിട്ടുള്ള മറ്റൊരു കവിയില്ലെന്നു തന്നെ പറയാം. നോ. തുള്ളല്‍
പാഠകം.
പുരാണകഥാകഥനമാണിത്. കൂത്തും കൂടിയാട്ടവും ചാക്യാന്മാരുടേതും പാഠകം നമ്പ്യാരുടേതുമാണ്. ഇതില്‍ ഒറ്റ നടന്‍ മാത്രമാണുള്ളത്. വേഷവിധാനങ്ങള്‍ കാര്യമായിട്ടൊന്നുമില്ല; തലയില്‍ ചുവന്ന പട്ടുകൊണ്ട് ഒരു കെട്ട്, കുങ്കുമ തിലകം. നടന്‍ വാഗ്ധാടിയും നര്‍മബോധവും ഉള്ള ആളായിരുന്നാല്‍ പാഠകം കേമമാകും. എന്നാല്‍ കൂത്തിലെന്നപോലെ സദസ്യരെ പരിഹസിക്കാനോ ചൂണ്ടിപ്പറയാനോ പാഠകത്തില്‍ അനുവാദമില്ല. നോ. പാഠകം
മോഹിനിയാട്ടം.
ഇതു ക്ലാസ്സിക് പാരമ്പര്യം പുലര്‍ത്തുന്ന ഒരു ലാസ്യനൃത്തമാണ്. ദേവദാസിയാട്ടം, ദാസിയാട്ടം എന്നീ പേരുകളിലും അറിയപ്പെടുന്നു. പണ്ട് ക്ഷേത്രങ്ങള്‍ ആരാധനാകേന്ദ്രങ്ങള്‍ മാത്രമായിരുന്നില്ല; വിദ്യാകേന്ദ്രങ്ങളും കലാകേന്ദ്രങ്ങളും കൂടിയായിരുന്നു. ക്ഷേത്രങ്ങളില്‍ നിത്യവും പ്രത്യേകിച്ച് വിശേഷദിവസങ്ങളിലും നൃത്തം നടത്തുന്ന ജോലിക്കു നിയമിക്കപ്പെട്ടിരുന്നവരാണ് ദേവദാസികള്‍. ഇവര്‍ക്ക് ചില യോഗ്യതകള്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇവര്‍ അഭിജാതരും സുന്ദരികളുമായിരിക്കണം; നൃത്തഗീതാദി ലളിതകലകളില്‍ വിചക്ഷണരുമായിരിക്കണം. ഇവര്‍ക്ക് വിവാഹം അനുവദനീയമായിരുന്നില്ല. ദേവന്റെ ദാസിമാരാണിവര്‍. ദേവന്റെ ദാസിമാര്‍ നടത്തുന്ന നൃത്തം ദേവദാസിയാട്ടം. ആദ്യകാലത്ത് ദേവദാസികള്‍ക്ക് മാന്യമായ സ്ഥാനമാണ് കല്പിച്ചിരുന്നത്. രാജാക്കന്മാരോടൊപ്പമിരുന്ന് വെറ്റില മുറുക്കാനുള്ള അവകാശം ഇവര്‍ക്കുണ്ടായിരുന്നു. മന്ത്രിമാര്‍ക്ക് തുല്യമായിരുന്നു ഇവരുടെ സ്ഥാനം. എന്നാല്‍ പില്ക്കാലത്ത് ദേവദാസി സമ്പ്രദായം ദുഷിച്ച് ഒരു വക കുത്തഴിഞ്ഞ ജീവിതമായി മാറി. ഒടുവില്‍ 'ദേവദാസി' യുമായി ബന്ധപ്പെട്ടതെല്ലാം അകറ്റി നിര്‍ത്തപ്പെട്ടു; ഒപ്പം ദേവദാസിയാട്ടവും. പിന്നീട് കേരള കലാമണ്ഡലത്തിലൂടെയാണ് അതീവ ഹൃദ്യമായ ക്ലാസ്സിക് സ്വഭാവമുള്ള ഈ ലാസ്യത്തിന് പുതുജീവന്‍ കൈവന്നത്.പാലാഴിമഥനത്തില്‍ അമൃത് തട്ടിക്കൊണ്ടുപോയ അസുരന്മാരെ മോഹിപ്പിച്ച് അമൃത് തിരികെ കൊണ്ടുവരാന്‍ മഹാവിഷ്ണു മോഹിനിയുടെ വേഷം കെട്ടിയ കഥ പ്രസിദ്ധമാണ്. ആ മോഹിനിയെപ്പോലെ മോഹിപ്പിക്കുന്ന നൃത്തം എന്ന അര്‍ഥത്തിലാകാം മോഹിനിയാട്ടം എന്ന പേര് വന്നതെന്നും ഒരു പക്ഷമുണ്ട്. നോ. മോഹിനിയാട്ടം
അനുഷ്ഠാനകലകള്‍
കഥകളി സംഗീതം, സാഹിത്യം, അഭിനയം, നൃത്തം, വാദ്യം എന്നിങ്ങനെ ഒന്നിലധികം അടിസ്ഥാനകലകള്‍ കൂടിച്ചേര്‍ന്നതാണ്. ഈ അടിസ്ഥാനകലകളില്‍ ഓരോന്നിനുമുണ്ട് ഉള്‍പ്പിരിവുകളും വൈവിധ്യങ്ങളും. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കലകള്‍ കേരളത്തിലുണ്ട്. കേരള സംഗീതനാടക അക്കാദമിയുടെ നാടോടിദൃശ്യകലാസൂചികയില്‍ 87 ഇനം കലകളെക്കുറിച്ചേ പറയുന്നുള്ളൂ. യഥാര്‍ഥത്തില്‍ കേരളത്തിലുള്ള കലകളുടെ എണ്ണം ഇതുകൊണ്ടും പൂര്‍ത്തിയാകുന്നില്ല.
നമ്മുടെ നാട്ടിലെ കലകളെ മതപരം (അനുഷ്ഠാനപരം), ശുദ്ധവിനോദപരം, സാമൂഹികം, കായികം എന്നു നാലായി തിരിക്കാം. ഇതില്‍ മതപരമെന്നോ അനുഷ്ഠാനപരമെന്നോ വിളിക്കാവുന്നതില്‍ ഏറിയ പങ്കും ക്ഷേത്രകലകളാണ്.
കൂത്ത്, കൂടിയാട്ടം, മുടിയേറ്റ്, പടയണി, കൃഷ്ണനാട്ടം, കഥകളി, തുള്ളല്‍, പാഠകം, ഗരുഡന്‍തൂക്കം, കാവടിയാട്ടം എന്നിങ്ങനെ ക്ഷേത്രകലകള്‍ നിരവധിയുണ്ട്. എന്നാല്‍ അനുഷ്ഠാനപരമാണെങ്കിലും തീയാട്ടവും തിറയും ക്ഷേത്രകലകളാണെന്നു പറഞ്ഞുകൂട. പ്രദര്‍ശനങ്ങള്‍ക്കുവേണ്ടി 'കളമെഴുത്ത്' ക്ഷേത്രത്തിനു പുറത്തേക്കു കൊണ്ടുവന്നു തുടങ്ങിയിട്ടുണ്ടെങ്കിലും, ഇത് തികച്ചും ഒരു ക്ഷേത്രകലതന്നെ.
യാത്രകളി, ഏഴാമുത്തിക്കളി, മാര്‍ഗംകളി തുടങ്ങിയവ 'സാമൂഹികം' എന്ന വിഭാഗത്തില്‍പ്പെടുന്നു. ഓണത്തല്ല്, പരിചമുട്ടുകളി മുതലായവ കായികവിനോദത്തിനു മുന്‍ തൂക്കം കല്പിക്കുന്നു. അതേസമയം കാക്കാരിശ്ശി നാടകം, പൊറാട്ടുകളി, തോല്പാവക്കൂത്ത്, ഞാണേല്‍ദണ്ഡിപ്പ് (ഞാണിന്മേല്‍ക്കളി) എന്നിങ്ങനെ ശുദ്ധവിനോദം മാത്രം ലക്ഷ്യമാക്കിയുള്ള കലകളും ധാരാളമാണ്. കേരളത്തിലെ പ്രധാനപ്പെട്ട ചില കലകളെക്കുറിച്ചുള്ള ലഘുവിവരണം താഴെ കൊടുക്കുന്നു.
അര്‍ജുനനൃത്തം
അര്‍ജുനനൃത്തം.
കോട്ടയം ജില്ലയില്‍ ഒരു കാലത്ത് സാര്‍വത്രികമായി പ്രചാരത്തിലിരുന്നതും ഇപ്പോള്‍ ചങ്ങനാശ്ശേരിയില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതും അതിദുര്‍ലഭവുമായ ഒരു നാടന്‍കലാരൂപമാണിത്. അനുഷ്ഠാനകല, ആയോധനകല, അനുരഞ്ജനകല, ഐതിഹ്യകല എന്നും മറ്റും ഇതിനെ വിശേഷിപ്പിച്ചുവരുന്നു. 'മയില്‍പ്പീലിത്തൂക്കം' എന്നും ഇതിനു പേരുണ്ട്. മഹാഭാരതകഥയുമായി ബന്ധപ്പെട്ടതാണ് ഈ കലാരൂപം. കഥകളിയെപ്പോലെ ചുട്ടിയും മിനുക്കും മുഖത്തെഴുത്തും നര്‍ത്തകര്‍ക്കുണ്ടായിരിക്കും. മയില്‍പ്പീലി മെടഞ്ഞ പാവാടയും മെയ്യാഭരണവും മറ്റും അണിഞ്ഞ നര്‍ത്തകര്‍ ദ്രുതതാളം ചവിട്ടി നൃത്തം ചെയ്യുന്നു. മദ്ദളവും ഇലത്താളവുമാണ് വാദ്യങ്ങള്‍. നൃത്തക്കാര്‍ തന്നെയാണ് പാടുന്നത്. പാട്ട് ആസ്വാദ്യവും ശ്രുതിമധുരവും പുരാണകഥാഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ആണ്. ദേവീക്ഷേത്രങ്ങളില്‍ 'തൂക്കം' എന്ന നേര്‍ച്ച-ഉത്സവത്തിന്റെ ഭാഗമായിട്ടാണ് ഈ നൃത്തം അവതരിപ്പിച്ചുകാണുന്നത്.
ആടിവേടന്‍.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നാട്ടിന്‍പുറങ്ങളില്‍ പ്രചാരത്തിലുള്ള ഒരു അനുഷ്ഠാനകലയാണിത്. 'ആടി'(പാര്‍വതി)യും 'വേടനും' (ശിവന്‍) ചേര്‍ന്ന് വീടുകള്‍തോറും കയറിയിറങ്ങി ആടിവരുന്ന തെയ്യസങ്കല്പമാണിത്. കര്‍ക്കിടകം, ചിങ്ങം എന്നീ മാസങ്ങളിലാണ് ആടിവേടന്‍ വീടുകളിലെത്തുന്നത്. ആടിവേഷം കെട്ടുന്നത് പെരുവണ്ണാന്‍ സമുദായക്കാരും 'വേടന്‍' കെട്ടുന്നത് മലയരുമാണ്. വീട്ടുമുറ്റത്ത് നിലവിളക്കിനും നിറപറയ്ക്കുമുമ്പിലുമാണ് കലാവതരണം. കാല്‍മുട്ടിനുതാഴെ ഇറങ്ങിക്കിടക്കുന്നവിധം ചുവന്ന പട്ടുടുത്ത്, പട്ടിനുതാഴെ വെള്ളയില്‍ കറുത്തപുള്ളികളോടുകൂടിയ 'പട്ട' ചേര്‍ത്തുവയ്ക്കുന്നു. തലയില്‍ മരം കൊണ്ടുണ്ടാക്കിയതും നാലായി മടക്കാവുന്നതും സ്വര്‍ണനിറത്തോടുകൂടിയതുമായ ചെറിയ മുടിവയ്ക്കും. കോലത്തിന്റെ കൈയില്‍ ഒരു 'കുടമണി' (കൈമണി) ഉണ്ടായിരിക്കും. കൊട്ടിനും പാട്ടിനുമനുസരിച്ച് ചുവടുവയ്പുകളോടെയാണ് വേടനാട്ടം. ശിവന്റെ കിരാതാവതാരകഥയാണ് പാട്ടിലെ സാരാംശം. ആട്ടത്തിനുശേഷം ആടിവേടന്‍ അരിയെറിഞ്ഞ് വീട്ടുകാരെ അനുഗ്രഹിക്കുന്നു. ചെണ്ടയാണ് ഇതിലെ പ്രധാന വാദ്യോപകരണം.
ഐവര്‍കളി.
മധ്യകേരളത്തിലെ ഭഗവതിക്കാവുകളില്‍ അവതരിപ്പിക്കപ്പെട്ടുവരുന്ന ഒരു അനുഷ്ഠാനകലയാണിത്. അഞ്ചുപേരുടെ കളി എന്ന അര്‍ഥത്തിലാണ് ഇതിന് ഐവര്‍കളി എന്ന പേരുദ്ദേശിച്ചത്. ആശാരി, മൂശാരി, കരുവാന്‍, തട്ടാന്‍, കല്ലാശാരി എന്നീ അഞ്ചു സമുദായക്കാര്‍ ഈ കലാവതരണത്തില്‍ പങ്കെടുക്കുന്നു. അനുഷ്ഠാന നാടകത്തിന്റെ പല ഘടകങ്ങളുള്ള ഇത് രംഗവേദിയിലാണ് അവതരിപ്പിക്കുന്നത്. പാട്ടും കളിയും ഒപ്പം സംഭാഷണവും ഇതില്‍വരുന്നു. ദേവീ സന്നിധിയില്‍ മതില്‍ക്കെട്ടിനു പുറത്ത് കെട്ടിയുയര്‍ത്തിയ തറ/തട്ടില്‍ പന്തലൊരുക്കി, കുരുത്തോലത്തോരണം കെട്ടി അലങ്കരിച്ചാണ് രംഗവേദിയൊരുക്കുന്നത്. വെള്ളവസ്ത്രം തറ്റുടുത്ത്, അതിനു മീതെ ചുവന്ന പട്ടുചുറ്റി, നെറ്റിയില്‍ ചന്ദനക്കുറിയും തൊട്ട് നിലവിളക്കിനുചുറ്റും കളിക്കാര്‍ അണിനിരക്കുന്നു. കഥാസംബന്ധിയായ പാട്ടുകള്‍ ആശാന്‍ പാടുമ്പോള്‍ മറ്റു കളിക്കാര്‍ അതേറ്റുപാടുന്നു. പാട്ടിനനുസരിച്ച് താളത്തില്‍ ചുവടുവച്ചാണ് കളിക്കുന്നത്. രാമായണം, മഹാഭാരതം എന്നിവയിലെ കഥാസന്ദര്‍ഭങ്ങളാണ് പാടിക്കളിക്കുന്നത്. പാട്ടില്‍ ചോദ്യോത്തരങ്ങളും അവതരിപ്പിക്കാറുണ്ട്. ഇലത്താളം, പൊന്തി എന്നിവയാണ് ഐവര്‍കളിയുടെ വാദ്യങ്ങള്‍. പൊന്തി അഥവാ തോല്‍മണി ഐവര്‍കളിയില്‍ മാത്രം ഉപയോഗിച്ചുവരുന്ന വാദ്യോപകരണമാണ്.
ഓണത്താര്‍.
ഉത്തരകേരളത്തില്‍ പ്രധാനമായും കണ്ണൂര്‍ ജില്ലയില്‍ അരങ്ങേറിവരുന്ന ഒരു അനുഷ്ഠാനകലയാണിത്. മാവേലി സങ്കല്പത്തിലുള്ള ഒരു തെയ്യമാണിത്. ചിങ്ങമാസത്തിലെ ഉത്രാടം, തിരുവോണം നാളുകളിലാണ് ഓണത്താറിന്റെ വരവ്. ഓണത്തപ്പന്‍ തന്നെയാണ് ഓണത്താര്‍ എന്നാണ് വിശ്വാസം. വണ്ണാന്‍ സമുദായക്കാരാണ് ഓണത്താറായി കോലം കെട്ടുന്നത്. മുഖത്തു തേപ്പും ചെറിയ മുടിയും മറ്റു അണിയലങ്ങളും കാണാം. വലതുകൈയില്‍ മണിയും ഇടതുകൈയില്‍ ഓണവില്ലും അമ്പുമേന്തിയിട്ടുണ്ടാകും. മണിനാദത്തിനു പുറമേ അകമ്പടിയായി ചെണ്ടമേളവും ഉണ്ടാകാറുണ്ട്.
ഓണത്തുള്ളല്‍.
ആലപ്പുഴ ജില്ലയിലെ കുട്ടനാടന്‍ പ്രദേശങ്ങളില്‍ വേലന്‍ സമുദായക്കാര്‍ അനുഷ്ഠിച്ചുവരുന്ന ഒരു കലയാണ് ഓണത്തുള്ളല്‍. വേലന്‍തുള്ളല്‍ എന്നും ഇതിനുപേരുണ്ട്. ഓണത്തുള്ളലില്‍ വേഷം കെട്ടുന്നത് സ്ത്രീകളും കൊട്ടിപ്പാടുന്നത് പുരുഷന്മാരുമാണ്. കണ്ണെഴുതി വാലിട്ട് ചെറിയ മുടി തലയില്‍ വച്ച്, ചുവന്ന ഉടുത്തുകെട്ടോടുകൂടിയാണ് വേഷം. ഇരുകൈകളിലും കുരുത്തോലത്തൊങ്ങല്‍ കാണാം. തുടിയും കിണ്ണവുമാണ് വാദ്യങ്ങള്‍. മഹാബലിചരിതം പാട്ടുകള്‍ക്കൊത്ത് ചുവടുകള്‍ വയ്ക്കുന്നു. അമ്മാനാട്ടം, മൂക്കേവിദ്യ എന്നിവയും ഇതോടൊപ്പം അവതരിപ്പിക്കാറുണ്ട്.
ഓണേശ്വരന്‍.
കോഴിക്കോട് ജില്ലയുടെ ഗ്രാമപ്രദേശങ്ങളില്‍ ഓണക്കാലത്ത് അവതരിപ്പിച്ചുവരുന്ന ഒരു കലാരൂപമാണിത്. മഹാബലി സങ്കല്പമാണ് ഇതിനുപിന്നില്‍. പാണസമുദായക്കാരാണ് ഇത് അവതരിപ്പിച്ചുവരുന്നത്. തലയില്‍ കൃഷ്ണമുടിപോലുള്ള മുടി, മുഖം മിനുക്കല്‍, കണ്ണും പുരികവുമെഴുതല്‍, നെറ്റിയില്‍ കുറി, നീണ്ടതാടി, വച്ചുകെട്ട്, മഞ്ഞനിറത്തിലുള്ള നീണ്ട തലമുടി, ഉടുത്തുകെട്ട്, കഴുത്തില്‍ മാലകള്‍, മാറത്തും കൈകളിലും കുറി, തോള്‍വള, കടകം, വലതുകൈയില്‍ കുരുത്തോല തൂക്കിയ ഓലക്കുട, ഇടത്തെ കൈയില്‍ മണി, ഇടത്തേ തോളില്‍ പൊക്കണം (ഭിക്ഷാസഞ്ചി) എന്നിവയാണ് വേഷം. സംസാരിക്കാത്ത തിറയായതിനാല്‍ ഇതിന് ഓണപ്പൊട്ടന്‍ എന്നും പേരുണ്ട്.
കുത്തിയോട്ടം.
തെക്കന്‍ കേരളത്തിലെ ചില ഭഗവതി ക്ഷേത്രങ്ങളിലും കാവുകളിലും അരങ്ങേറിവരുന്ന ഒരു അനുഷ്ഠാനകലയാണിത്. ചെട്ടികുളങ്ങരയിലും സമീപപ്രദേശങ്ങളിലും കെട്ടുകാഴ്ച ഉത്സവത്തോടനുബന്ധിച്ചാണ് കുത്തിയോട്ടം നടത്തിവരുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൂരലോ, സ്വര്‍ണം, വെള്ളി എന്നിവ കൊണ്ടുണ്ടാക്കിയ ചെറിയ കമ്പികളോ കുത്തി ദേവിസന്നിധിയിലേക്ക് ചുവടുകള്‍ വച്ച് ഓടുക എന്നതാണ് കുത്തിയോട്ടത്തിന്റെ രീതി. കാളീപ്രീതിക്കായി നടത്തപ്പെടുന്ന 'നരബലി' എന്ന സങ്കല്പമാണ് ഇതിനുപിന്നിലുള്ളത്. പത്തുവയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളാണ് കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്നത്. ഭരണിനാളില്‍ ചുവന്ന പട്ടുടുത്ത്, കിന്നരി വച്ച വട്ടത്തൊപ്പി തലയിലണിഞ്ഞ്, പട്ടിനുമീതെ വാഴയില വാട്ടിക്കെട്ടി, അരമണി ധരിച്ച്, കൈയിലും മാറിലും മണിമാലകളണിഞ്ഞാണ് ആണ്‍കുട്ടികള്‍ കുത്തിയോട്ടത്തിനു തയ്യാറെടുക്കുന്നത്. വയറിന്റെ തൊലിയിലൂടെ കനം കുറഞ്ഞ ചൂരല്‍പാള കുത്തിയിറക്കുന്ന പഴയ രീതികള്‍ മിക്കവാറും ഇന്ന് പിന്തുടരുന്നില്ല. പാട്ടിന്റെയും വാദ്യത്തിന്റെയും താളത്തിനനുസരിച്ച് ചുവടുവച്ച്, കുത്തിയോട്ടക്കാര്‍ മുന്നോട്ടുനീങ്ങുന്നു. തുടര്‍ന്ന് ദേവീക്ഷേത്രനടയില്‍ വന്ന് നൃത്തം വച്ചശേഷം ചൂരല്‍ ഊരുന്നതോടെയാണ് കുത്തിയോട്ടം സമാപിക്കുന്നത്. കുത്തിയോട്ടത്തിന്റെ വായ്ത്താരികളില്‍ നല്ലൊരുഭാഗവും ഭദ്രകാളി സ്തുതികളാണ്. കളിക്കാര്‍ പരസ്പരം വാശിയോടെ ആവേശത്തില്‍ പാടുന്നു. 'കവിത്തം' എന്നാണ് ഇതിനുപറയുക. ചെണ്ട, ഇലത്താളം, കുറുംകുഴല്‍ എന്നിവയാണ് ഇതിലെ വാദ്യങ്ങള്‍.
കുത്തുറാത്തീബ്.
കേരളത്തിലെ സുന്നി മുസ്ലിങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു അനുഷ്ഠാനകല. വീടുകളില്‍ നടത്തിവരുന്ന ഒരു നേര്‍ച്ചയാണിത്. ദോഷങ്ങളെയും പിശാചിന്റെ ഉപദ്രവങ്ങളെയും അകറ്റുകയാണ് ഇതിന്റെ ലക്ഷ്യം. പുരുഷന്മാരാണ് ഇതില്‍ പങ്കെടുക്കുക. രാത്രിയില്‍ 'ഇശാ' നമസ്കാരത്തിനുശേഷമാണ് ചടങ്ങുകള്‍ ആരംഭിക്കുക. അവതരണത്തിനായി പ്രത്യേക രംഗസജ്ജീകരണമൊന്നുമില്ല. നിലത്ത് പായയോ വിരിയോ ഇട്ട് രണ്ടു ഭാഗത്തായി ഇതില്‍ പങ്കെടുക്കുന്നവര്‍ ഇരിക്കുന്നു. വെള്ളമുണ്ടും കുപ്പായവും ധരിച്ച് തലയില്‍ ചെറിയ തൊപ്പിയോ കൈത്തുണിയോ ധരിക്കുന്നു. പ്രാര്‍ഥനയാണ് ആദ്യചടങ്ങ്. തുടര്‍ന്ന് ഉസ്താദ് ബൈത്തുകള്‍ ചൊല്ലുകയും മറ്റുള്ളവര്‍ അതേറ്റുചൊല്ലുകയും ചെയ്യുന്നു. ബൈത്തുകളെ തുടര്‍ന്ന് ദഫ്മുട്ടും പിന്നീട് ആയുധപ്രകടനവുമാണ്. മരപ്പിടിയിലുള്ള നേരിയ കമ്പി (കദ്ര്‍) കവിളിലും നാക്കിലുമൊക്കെ കുത്തിക്കയറ്റുന്നു. മുറുകിയ താളത്തിന്റെ അകമ്പടിയിലാണ് പ്രകടനം. ഒടുവില്‍ ലാ ഇലാഹ ഇല്ലല്ലാ ചൊല്ലി ദഫ്മുട്ട് അവസാനിപ്പിക്കുന്നു. ദഫിനുപകരം ചിലയിടങ്ങളില്‍ 'അറബന'യും വാദ്യമായി ഉപയോഗിക്കാറുണ്ട്.
ഗരുഡന്‍ തൂക്കം.
അനുഷ്ഠാനപരമായ ഈ കലയ്ക്ക് ദാരികവധത്തിലെ ഒരു സംഭവവുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. ദാരികനുമായുള്ള യുദ്ധം നടക്കുമ്പോള്‍ ഗരുഡന്‍ ആകാശത്തില്‍ വട്ടമിട്ട് പറന്ന് എല്ലാം വീക്ഷിച്ചിരുന്നു. ദാരികവധം കഴിഞ്ഞിട്ടും കാളിയുടെ കലി തീര്‍ന്നില്ല. കലിതുള്ളുന്ന കാളി ഗരുഡനെ വെട്ടാനൊരുങ്ങി. എത്രയൊക്കെ കേണപേക്ഷിച്ചിട്ടും ഗരുഡന്റെ മൂന്നുതുള്ളി ചോര കുടിച്ചിട്ടേ കാളി പിന്‍വാങ്ങിയുള്ളുവത്രെ.
ഈ കലയുടെ പഴക്കം നിര്‍ണയിക്കാന്‍ വിഷമമുണ്ട്. കൂത്തമ്പലത്തിന്റെ മാതൃകയിലുള്ള ഗരുഡത്തട്ടുകളി (ചാട് എന്നും ഇതിനു പേരുണ്ട്) ലാണ് ഗരുഡന്‍ നൃത്തം ചെയ്യുന്നത്. ഗരുഡനെപ്പോലെ കൊക്കും ചിറകും പിടിപ്പിച്ച വേഷമണിഞ്ഞയാള്‍ തട്ടില്‍ കയറി, വാദ്യമേളങ്ങളുടെ പശ്ചാത്തലത്തോടെ, കൊക്കുകൊണ്ട് മേനി മിനുക്കിയും ചിറകുവിരിച്ചാടിയും നൃത്തം വയ്ക്കുന്നു. തട്ടുമുഴുവനും പ്രഭാപൂര്‍ണമായിരിക്കും. ആസുരമായ വാദ്യമേളങ്ങള്‍ യുദ്ധത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നു. ഗരുഡന്‍ നൃത്തം വയ്ക്കുന്ന തട്ട് അഥവാ ചാട് ആളുകള്‍ തോളിലേറ്റി (ചിലപ്പോള്‍ ഉരുട്ടിയും) അതതു ഭദ്രകാളീക്ഷേത്രത്തിന്റെ തട്ടകത്തു മുഴുവനും കൊണ്ടു നടക്കും. ഇടയ്ക്കിടയ്ക്കു ചാട് താഴത്തിറക്കി നിര്‍ത്തി ചാടില്‍ ഗരുഡന്‍ ഒരു താളവട്ടം നൃത്തം വയ്ക്കും. ഇങ്ങനെ താഴത്തിറക്കി നിര്‍ത്തുന്നത് മിക്കവാറും നാട്ടുപ്രമാണിമാരുടെ ഗൃഹങ്ങളുടെയോ പോകുന്ന വഴിക്കുള്ള ഏതെങ്കിലും ക്ഷേത്രത്തിന്റെയോ കാവിന്റെയോ മുമ്പിലായിരിക്കും. ഇങ്ങനെ രാത്രി അവസാനിക്കാറാകുമ്പോള്‍ ക്ഷേത്രത്തിലെത്തി പ്രദക്ഷിണം ചെയ്ത് അടുത്ത പരിപാടിയിലേക്ക് പ്രവേശിക്കുന്നു.
ഗരുഡന്‍ തൂക്കം പൂര്‍ത്തിയാകണമെങ്കില്‍ മറ്റൊരു ചടങ്ങുകൂടി വേണം; കാളിക്ക് ഗരുഡന്റെ രക്തദാനം. അതു സാധിക്കുന്നതു സാധാരണമായി ഇങ്ങനെയാണ്: ഗരുഡനായി വേഷം കെട്ടുന്ന ആളിന്റെ പുറത്ത് ഇരു പള്ളകളിലും ഇരുമ്പുകൊണ്ടുള്ള ചൂണ്ടല്‍പോലെയുള്ള 'ഉടക്കുകള്‍' കുത്തിക്കയറ്റി, അതിലൂടെ ബലമുള്ള കയര്‍കോര്‍ത്ത് ഗരുഡനെ ചാടിന്റെ അഗ്രത്തിലുള്ള ഉത്തോലകത്തിന്റെ അറ്റത്ത് ഘടിപ്പിച്ച് ആകാശത്തിലേക്കുയര്‍ത്തുന്നു. അയാളുടെ ശരീരത്തില്‍ നിന്നും ഇറ്റുവീഴുന്ന ചോരത്തുള്ളികള്‍ കൊണ്ട് കാളി സംതൃപ്തയാകും എന്നാണ് വിശ്വാസം.
ചില ക്ഷേത്രങ്ങളില്‍ ഒന്നിലധികം 'ഗരുഡന്മാര്‍' തൂക്കം നടത്താറുണ്ട്. ഒരേ തട്ടില്‍ത്തന്നെ രണ്ടോ മൂന്നോ ഗരുഡന്മാര്‍ ഒന്നിച്ചു 'പറക്കാറു'മുണ്ട്. എന്നാല്‍ ഗരുഡന്മാരുടെ എണ്ണം ഏറെയായാല്‍ കൂടുതല്‍ തട്ടുകള്‍ ഉപയോഗിക്കുകയാണ് പതിവ്. ഗരുഡന്‍ തൂക്കത്തിന് ഗരുഡന്‍ പറവ എന്നും പേരുണ്ട്.
ചാത്തന്‍കളി.
മലപ്പുറം ജില്ലയിലെ ഏതാനും ഗ്രാമപ്രദേശങ്ങളില്‍ പ്രചാരത്തിലുള്ള ഒരു അനുഷ്ഠാന നൃത്തകല. ചാത്തന്റെ കോലം കെട്ടിയുള്ള കളിയാണ് ചാത്തന്‍കളി. പറയ സമുദായക്കാരാണ് ഇതില്‍ പങ്കെടുക്കുന്നത്. 'ചാത്തന്‍' എന്ന മൂര്‍ത്തിയെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടിയാണിത്. നാലു പേരടങ്ങിയ കളിസംഘത്തില്‍ ചാത്തന്റെ വേഷം കെട്ടാന്‍ ഒരാളും പിന്നെ വാദ്യക്കാരനുമാണുണ്ടാവുക. പകല്‍ സമയത്ത് വീടുകളില്‍ കയറിയിറങ്ങിയാണ് അവതരണം. വീട്ടുമുറ്റത്ത് നിലവിളക്കിന്റെ സാന്നിധ്യത്തില്‍ ചാത്തന്‍കോലം, മേളത്തിനനുസരിച്ച് ചുവടുകള്‍ വച്ച് കളിക്കുന്നു. ചാത്തന്റെ ഇരുകൈകളിലും നീളം കുറഞ്ഞ രണ്ടുകോലുകള്‍ ഉണ്ടാകും. അവ തമ്മിലടിച്ച് ശബ്ദമുണ്ടാക്കുന്നു. പാള കൊണ്ട് ഉണ്ടാക്കിയതാണ് ചാത്തന്റെ പൊയ്മുഖം. പാളയില്‍ പലതരം വരകളും കാണാം. 'നീളന്‍മൂക്ക്' ഉള്ളതുപോലെയാണ് പാളയിലെ ചിത്രംവര. തലയില്‍ കുരുത്തോലകൊണ്ടുള്ള മുടി, അരയില്‍ കച്ചമുണ്ട്, അരമണി, കാലില്‍ ചിലമ്പ് എന്നിവയും വേഷത്തില്‍ കാണാം. ചെണ്ടയാണ് പ്രധാനവാദ്യം.
തിടമ്പുനൃത്തം.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രചാരത്തിലുള്ള ഒരു ക്ഷേത്രനൃത്തകല. ക്ഷേത്രത്തിലെ ശീവേലിയോടനുബന്ധിച്ച് ദേവീദേവന്മാരുടെ വിഗ്രഹം (തിടമ്പ്) എഴുന്നള്ളിക്കുന്ന വേളയില്‍ ഈ തിടമ്പ് തലയിലേറ്റി നൃത്തം വയ്ക്കുന്നതാണ് തിടമ്പുനൃത്തം. നമ്പൂതിരി സമുദായത്തില്‍പ്പെട്ടവരാണ് ഇത് അവതരിപ്പിക്കുന്നത്. അപൂര്‍വമായി എമ്പ്രാന്തിരിമാരും തുളു ബ്രാഹ്മണരും തിടമ്പുനൃത്തം ചെയ്യുന്നവരാണ്. പുരുഷന്മാരാണ് ഇത് അവതരിപ്പിക്കുന്നത്. തിടമ്പുനൃത്തം ചെയ്യുന്ന നമ്പൂതിരിക്കുപുറമേ ഏഴുവാദ്യക്കാരും രണ്ടു വിളക്കു പിടിക്കുന്നവരും ഉണ്ടായിരിക്കും. മാരാര്‍, പൊതുവാള്‍ എന്നീ സമുദായക്കാരാണ് വാദ്യക്കാര്‍. ക്ഷേത്രത്തില്‍ പൂവും മാലയും ഒരുക്കുന്ന നമ്പീശന്‍, പുഷ്പകന്‍, വാര്യര്‍, ഷാരോടി, ഉണിത്തിരി എന്നീ സമുദായക്കാര്‍ക്കാണ് വിളക്കുപിടിക്കാനുള്ള അവകാശം. കുംഭം, മീനം എന്നീ മാസങ്ങളിലാണ് തിടമ്പുനൃത്തം അവതരിപ്പിക്കാറുള്ളത്. 'കൊട്ടിയുറച്ചില്‍' എന്ന ചടങ്ങോടുകൂടിയാണ് നൃത്തം ആരംഭിക്കുന്നത്. നൃത്തം ചെയ്യുമ്പോള്‍ നര്‍ത്തകന്‍ ഒരു കൈകൊണ്ട് തിടമ്പിന്റെ പീഠഭാഗം പിടിക്കുകയും മറ്റേക്കൈ മുഷ്ടി മുദ്രയില്‍ ഉടക്കി നെഞ്ചിനോട് ചേര്‍ത്തുപിടിക്കുകയും ചെയ്യും. നൃത്തം ചെയ്തുകൊണ്ട് ക്ഷേത്രപ്രദക്ഷിണം ചെയ്യുന്നു. കൊട്ടിന്റെ താളത്തിനനുസരിച്ചാണ് നൃത്തം. താളം മുറുകുന്നതിനനുസരിച്ച് കലാശമെടുക്കും. അടന്ത, ചെമ്പട, പഞ്ചാരി എന്നീ താളങ്ങള്‍ക്കുപുറമേ 'തകിലടി' എന്നൊരു താളവും തിടമ്പുനൃത്തത്തിലുണ്ട്. അലക്കിയ വസ്ത്രം തറ്റുടുക്കുന്നതുപോലെ ഞൊറിഞ്ഞുടുത്ത്, ഉത്തരീയവും ധരിക്കുന്നു. തലയില്‍ ഉഷ്ണപീഠം എന്ന തലപ്പാവും അതിന്റെ വക്കില്‍ സ്വര്‍ണം കൊണ്ടുള്ള നെറ്റിപ്പട്ടവും ഉണ്ടാകും. കാതില്‍ കുണ്ഡലം, കഴുത്തില്‍ മാല, കൈകളില്‍ വള തുടങ്ങിയവ നര്‍ത്തകന്റെ വേഷവിധാനമാണ്. ചെണ്ട, വീക്കന്‍ചെണ്ട, ഇലത്താളം, കുറുംകുഴല്‍, ശംഖ് എന്നിവയാണ് തിടമ്പുനൃത്തത്തിലെ വാദ്യോപകരണങ്ങള്‍.
തെയ്യവും തിറയും.
ഇതും അനുഷ്ഠാനകലയാണ്. ഉത്തരകേരളം, വിശേഷിച്ചും കണ്ണൂര്‍ ജില്ലയാണ് ഇതിന്റെ കേന്ദ്രം. അദ്ഭുതങ്ങള്‍ കാട്ടി മണ്‍മറഞ്ഞ വീരപുരുഷന്മാരുടെ തെയ്യ (ദൈവ) ക്കോലങ്ങളാണ് തിറ. ഇത്തരം വീരപുരുഷന്മാരെ ദൈവങ്ങളാക്കി ആരാധിക്കുന്ന പതിവ് പരക്കെ ഉണ്ടായിരുന്നു.
വണ്ണാന്‍, മലയന്‍, വേലന്‍ തുടങ്ങി പല വിഭാഗങ്ങളും തെയ്യം കെട്ടാറുണ്ട്. ഇവരുടെ പാരമ്പര്യമായ തൊഴില്‍ വൈദ്യവും മന്ത്രവാദവുമാണ്.
ഏകദേശം എട്ടു നൂറ്റാണ്ടുവരെ പഴക്കമുണ്ട് ഈ കലയ്ക്ക്. പാട്ടുകാര്‍, മുഖത്തെഴുത്തുകാര്‍, വാദ്യക്കാര്‍ എന്നിവര്‍ ഈ കലാപ്രകടനത്തിന് അവശ്യം വേണ്ട സഹായികളാണ്. കുറഞ്ഞത് പത്തു പേരെങ്കിലും സംഘത്തിലുണ്ടായിരിക്കും. തെയ്യങ്ങളുടെ എണ്ണമനുസരിച്ച് കലാകാരന്മാരുടെ എണ്ണവും വ്യത്യാസപ്പെടും.
ഓരോ തെയ്യത്തിന്റെയും ഉത്പത്തിപ്പാട്ട്-തോറ്റം-കാവിന്റെ മുമ്പില്‍ ചെന്നു നിന്നു പാടുന്നു. വീരപുരുഷന്മാരുടെ തെയ്യത്തിന് 'വെള്ളാട്ട' വും ഉണ്ട്. നൃത്തരീതികളും അഭ്യാസമുറകളും പ്രകടിപ്പിക്കുന്നതിനാണ് വെള്ളാട്ടമെന്നു പറയുന്നത്. തെയ്യത്തിന്റെ മുടിക്കു പകരം ഇവര്‍ക്ക് കിരീടമാണ്. ഒരുപക്ഷേ തെയ്യത്തിന്റെ യൗവനകാലത്തെ രൂപമായിട്ടായിരിക്കും ഈ സങ്കല്പം. നോ. തെയ്യം, തിറ.
തീയാട്ട്.
ഇത് പ്രാചീനമായ ഒരു അനുഷ്ഠാന കലയാണ്. തീയാടി നമ്പ്യാര്‍, തീയാട്ടുണ്ണികള്‍ എന്നീ അമ്പലവാസി വിഭാഗങ്ങളാണ് ഇതു നടത്തുന്നത്. തീയാട്ട് രണ്ടുതരം: അയ്യപ്പന്‍ തീയാട്ടും ഭദ്രകാളിത്തീയാട്ടും. ആദ്യത്തേത് തീയാടി നമ്പ്യാരും രണ്ടാമത്തേത് തീയാട്ടുണ്ണിയും നടത്തുന്നു. ഈ കലാപ്രകടനത്തിന് കുറഞ്ഞതു മൂന്നുപേര്‍ വേണം. കൊട്ടാരങ്ങള്‍, പ്രഭുഗൃഹങ്ങള്‍, ഇല്ലങ്ങള്‍ എന്നിവിടങ്ങളില്‍ വിശേഷദിവസങ്ങളിലാണ് തീയാട്ടു നടത്താറുള്ളത്. വേഷവിധാനത്തിന് കഥകളിയോടാണ് സാദൃശ്യം. കളമെഴുത്ത് തീയാട്ടിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഇഷ്ടദേവതാ പ്രാര്‍ഥനയില്‍,
"കാരിരുള്‍ നിറമൊത്ത തിരുമേനി തൊഴുന്നേന്‍
കനല്‍ക്കണ്‍ തിരുനെറ്റിത്തിലകം കൈതൊഴുന്നേന്‍
എന്നു തുടങ്ങുന്ന പാട്ടാണ് പാടിവരുന്നത്.
തീ കൊണ്ടുള്ള നൃത്തം എന്ന അര്‍ഥത്തിലായിരിക്കാം ഈ പേരു വന്നത്. കത്തുന്ന പന്തത്തിലെ ജ്വാലയില്‍ തെള്ളിപ്പൊടിയെറിഞ്ഞ് അന്തരീക്ഷത്തിലേക്ക് അഗ്നിജ്വാല തെറിപ്പിക്കുക തീയാട്ടില്‍ നിത്യം കാണുന്ന ഒരു പ്രകടനമാണ്. തീ കൊണ്ടുള്ള ആട്ടമാണ് തീയാട്ടം. അതിന്റെ രൂപഭേദം തീയാട്ട്. ദൈവം-തെയ്യം; ദൈവാട്ടം-തെയ്യാട്ടം. തെയ്യാട്ടത്തിന്റെ രൂപഭേദമായി തീയാട്ട് വന്നു ചേര്‍ന്നതാണോ എന്നും സന്ദേഹിക്കേണ്ടിയിരിക്കുന്നു.
സാംക്രമികരോഗങ്ങള്‍, ദുര്‍ദേവതകള്‍ എന്നിവയെ ഉച്ചാടനം ചെയ്യാനും തീയാട്ട് നടത്താറുണ്ട്. നോ. തീയാട്ട്
പടയണി.
അനുഷ്ഠാനപരമായ ഒരു കായിക വിനോദമായ ഇതിന് മധ്യതിരുവിതാംകൂറില്‍ ഹിന്ദുക്കളുടെ ഇടയിലാണ് പ്രചാരം. ഉത്പത്തിയെക്കുറിച്ച് കൃത്യമായ അറിവില്ല. കാളിയുടെ ദാരികവധത്തെത്തുടര്‍ന്നുള്ള വിജയാഘോഷമാണ് ഇതിനാസ്പദമെന്ന് കരുതിപ്പോരുന്നു. ഭഗവതീക്ഷേത്രങ്ങളിലാണ് ഈ കല അവതരിപ്പിക്കാറുള്ളത്. ഭദ്രകാളി, ഭൈരവന്‍, കാലന്‍ എന്നിവയാണ് പ്രധാന വേഷങ്ങള്‍. ഇവരുടെ രൂപങ്ങള്‍ പാളയില്‍ എഴുതി തലയില്‍ വച്ചുകെട്ടി നടത്തുന്ന നൃത്തമാണ് മുഖ്യമായ ഇനം. ഇടയ്ക്കിടയ്ക്കു കാക്കാരിശ്ശി നാടകത്തിലെ ചില രംഗങ്ങളും കാണുന്നു. ഇവ പില്ക്കാലത്ത് കൂട്ടിച്ചേര്‍ത്തതാവാം. സംഭാഷണം മിക്കവാറും സാമൂഹികമായ അനാചാരങ്ങളുടെ നേരെ വിരല്‍ ചൂണ്ടുന്നതും നാട്ടിലെ സംഭവങ്ങളെ അനാവരണം ചെയ്യുന്നതുമാണ്. ഏതു പ്രായത്തിലുള്ളവര്‍ക്കും ഇതില്‍ പങ്കെടുക്കാം. കുറഞ്ഞതു പന്ത്രണ്ടു പേരെങ്കിലും വേണം സംഘത്തില്‍. സമയപരിധിയില്ല; പ്രത്യേകമായി അരങ്ങുമില്ല.
പറണേറ്റ്.
തിരുവനന്തപുരം ജില്ലയില്‍ പ്രചാരത്തിലുള്ള ഒരു അനുഷ്ഠാനം. കാളിപ്രീതിക്കുവേണ്ടി നടത്തുന്ന ഒരു അനുഷ്ഠാനമായതിനാല്‍ കാളിയൂട്ട് എന്നും ഇതിനുപേരുണ്ട്. കാളി-ദാരിക കഥയും കണ്ണകീസങ്കല്പവും ഇതിനു പിന്നിലുണ്ട്. കൊല്ലന്‍, പരവന്‍, ഈഴവര്‍, തണ്ടാന്‍, നായര്‍ എന്നീ സമുദായക്കാരാണ് ഇതിന്റെ സംഘാടകര്‍. വേലന്മാരാണ് ഇതില്‍ വേഷം കെട്ടിയാടുന്നത്. മകരം, കുംഭം, മീനം, മേടം എന്നീ മാസങ്ങളിലെ ഞായര്‍, ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളിലാണ് പറണേറ്റിന്റെ അവതരണം നടക്കാറുള്ളത്.
കളമെഴുത്തും പാട്ടുമാണ് പറണേറ്റില്‍ ആദ്യം. കളം കാവല്‍, ഉച്ചബലി, ദിക്കുബലി, നല്ലിരിപ്പ്, പറണേറ്റ്, നിലത്തില്‍പ്പോര്, കുരുതി, ആറാട്ട് തുടങ്ങിയ ചടങ്ങുകള്‍ പിന്നീട് അരങ്ങേറുന്നു. വെള്ളാട്ട്, പപ്പരുകളി, പീഠംചവിട്ടല്‍, പറയ്ക്കെഴുന്നള്ളിപ്പ് തുടങ്ങിയ മറ്റു ചില ചടങ്ങുകളും ഇതിനോടൊപ്പം കാണാം. പറണേറ്റിലെ പാട്ടുകള്‍ക്ക് പറണിത്തോറ്റങ്ങള്‍ എന്നുപറയുന്നു. ചെണ്ട, തൊപ്പിമദ്ദളം, ചേങ്ങില, കൈമണി എന്നിവയാണ് ഇതിലെ പ്രധാനവാദ്യങ്ങള്‍.
പൂരക്കളി.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രചാരത്തിലുള്ള ഒരു അനുഷ്ഠാനസംഘനൃത്തം. തെക്കന്‍ കേരളത്തില്‍ ഇത്തരത്തില്‍ പൂരവേല എന്ന അനുഷ്ഠാനവും നിലവിലുണ്ട്. കാമദഹനകഥയുമായാണ് പൂരക്കളിയുടെ ഇതിവൃത്തം. പാട്ടിനനുസരിച്ച് കൈകൊട്ടിക്കളിക്കുന്ന രീതിയാണ് പൂരക്കളിയുടേത്. പൊതുവേ വട്ടത്തില്‍ നിന്നുകൊണ്ടാണ് കളിക്കുക. കളിക്കാര്‍ ചുവന്ന പട്ടുകൊണ്ട് തറ്റുടുക്കുന്നു. അതിനു മീതെ കച്ചഞൊറിഞ്ഞുകെട്ടും. കറുത്ത ഉറുമാല്‍ (തുണി) കോണോടുകോണ്‍ മടക്കി, കെട്ട് മുന്‍വശത്തുവരത്തക്കവിധം കെട്ടുന്നു. ശരീരത്തിലും നെറ്റിയിലും മഞ്ഞക്കുറിതൊടും. പൂരക്കളിക്ക് വാദ്യോപകരണങ്ങള്‍ പതിവില്ല. നോ. പൂരക്കളി
മുടിയേറ്റ്.
അനുഷ്ഠാനപരമായ അംശങ്ങളുള്ള കലയാണിത്. തിരുവിതാംകൂറും കൊച്ചിയുമാണ് ഇതിന്റെ കേന്ദ്രം. കുറുപ്പ്, മാരാര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരാണ് മുടിയേറ്റ് നടത്തുന്നത്.
കഥ ദാരികവധം തന്നെ. 12 മുതല്‍ 20 വരെ ആളുകള്‍ വേണം ഈ കല അവതരിപ്പിക്കുന്നതിന്. കളമെഴുത്ത്, തിരിയുഴിച്ചില്‍, താലപ്പൊലി, പ്രതിഷ്ഠാപൂജ, കളംമായ്ക്കല്‍ എന്നിവയാണ് മുടിയേറ്റിലെ പ്രാരംഭചടങ്ങുകള്‍. അരങ്ങുകേളി, അരങ്ങുവാഴ്ത്തല്‍, ദാരികന്‍, കാളി എന്നിവരുടെ പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം ഇത്രയുമാണ് മുഖ്യമായ പരിപാടികള്‍.
ചെണ്ടയും ഇലത്താളവുമാണ് വാദ്യങ്ങള്‍; ദീപസംവിധാനമാകട്ടെ നിലവിളക്കു മാത്രവും. വേഷത്തിന് ഏതാനും അംശങ്ങളില്‍ ചാക്യാര്‍കൂത്തിലേതിനോട് സാദൃശ്യമുണ്ട്; മറ്റു ചില അംശങ്ങളില്‍ കഥകളിയോടും. പേരിന്റെ ഉത്പത്തിയെക്കുറിച്ചോ പഴക്കത്തെക്കുറിച്ചോ വിശദവിവരങ്ങള്‍ ലഭ്യമല്ല. പഴക്കവും നിര്‍ണയിക്കാന്‍ എളുപ്പമല്ല. കഥകളിയുടെ ഉത്പത്തിക്കു മുമ്പാണെന്ന് പൊതുവില്‍ വിശ്വസിച്ചുപോരുന്നു. നോ. മുടിയേറ്റ്
യാത്രകളി.
നമ്പൂതിരിമാരുടേത് മാത്രമായ അനുഷ്ഠാനപരമായ ഒരു കലയാണിത്. ചാത്തിരന്മാരുടെ കളി എന്നത് ചാത്തിരക്കളിയായി. ഇതു പരിഷ്കരിച്ച് 'യാത്രകളി'യായതാവാന്‍ വഴിയുണ്ട്. ശാസ്ത്രക്കളി, പാനേങ്കളി, സംഘക്കളി എന്നിങ്ങനെ പല പേരുകളിലും ഈ കളി അറിയപ്പെടുന്നു. നമ്പൂതിരിമാരില്‍ യാത്രനമ്പൂതിരിമാര്‍ എന്നൊരു വിഭാഗം തന്നെയുണ്ട്. ആദ്യമായി കേരളത്തില്‍ കുടിയേറിപ്പാര്‍ത്തവര്‍ ഇവരാണെന്നും അന്നു കേരളത്തിലുണ്ടായിരുന്ന മറ്റു വിഭാഗക്കാരുടെ ഉപദ്രവങ്ങളില്‍ നിന്നും പിന്നീടുവന്ന നമ്പൂതിരിമാരുള്‍പ്പെടെയുള്ള സമുദായത്തെ രക്ഷിക്കാന്‍ ആയുധമെടുത്തവരാണ് ഇവരെന്നും പറയപ്പെടുന്നു. ബ്രാഹ്മണന് ക്ഷത്രിയധര്‍മമനുഷ്ഠിച്ചതുകൊണ്ട് പാതിത്യം കല്പിക്കപ്പെട്ടതിനാല്‍ ഇവര്‍ നമ്പൂതിരിമാരില്‍ രണ്ടാം തരക്കാരായിപ്പോയി.
വേളി, ഉപനയനം തുടങ്ങിയ ചടങ്ങുകളോടനുബന്ധിച്ചാണ് ഈ കലാപ്രകടനം. നാലുപദം, ചെമ്പുകൊട്ടിയാര്‍ക്കല്‍, ഇട്ടിക്കണ്ടപ്പന്റെ പ്രവേശനം, കള്ളുകുടിയന്റെ പ്രവേശനം എന്നിങ്ങനെ പല രംഗങ്ങളുമിതിലുണ്ട്. കമഴ്ത്തിയിട്ട ചെമ്പ്, അടുക്കളസാധനങ്ങളായ ചട്ടുകം, മരക്കയില്‍ എന്നിവയ്ക്ക് പുറമേ ചെണ്ട, മദ്ദളം, ഇലത്താളം എന്നിവയും വാദ്യങ്ങളായി ഉപയോഗിക്കുന്നു. നിലവിളക്ക്, തീവെട്ടി എന്നിവയാണ് ദീപാലങ്കാരം. കാണികളുടെ ഇടയില്‍ത്തന്നെയാണ് അരങ്ങ്.
വിശേഷാവസരങ്ങളില്‍ മറ്റു വിഭാഗക്കാരില്‍ നിന്നുണ്ടായേക്കാവുന്ന ആക്രമണങ്ങളെ തടയാന്‍ വേണ്ടി കാലേകൂട്ടിത്തന്നെ കാവലായി യാത്രകളിസംഘം എത്തി പ്രതിരോധമൊരുക്കുന്നതിന്റെ ഒരു ചിത്രമാണ് മൊത്തത്തില്‍ നോക്കിയാല്‍ ഈ കളിയില്‍ നിന്നും തെളിഞ്ഞുവരുന്നത്. നോ: യാത്രകളി.
ഏഴാമുത്തിക്കളി.
ഹാസ്യരസപ്രധാനമായ ഒരു വിനോദകലയാണിത്. അമ്പലവാസികളും നമ്പൂതിരിമാരും ഈ കല അവതരിപ്പിക്കാറുണ്ട്. 'യോഗ'ത്തില്‍ ഇരുപത്തഞ്ചു മുപ്പത് ആളുകള്‍ വരെ ഉണ്ടായിരിക്കും. വീട്ടുമുറ്റം തന്നെയാണ് കളിയരങ്ങ്. പന്തലിട്ട് നിലവിളക്കു കത്തിച്ചു പന്തലിന്റെ നടുക്കുവച്ചാല്‍ അരങ്ങായി.
അത്താഴത്തിനു ശേഷമാണ് കളി. കടങ്കഥാരൂപത്തില്‍ ചോദ്യോത്തരങ്ങളായാണ് പാട്ടുകളിലധികവും. കടങ്കഥയ്ക്കുത്തരം പറയാന്‍ കഴിയാത്ത ആള്‍ വിദൂഷകനായി വന്നു സദസ്യരെ രസിപ്പിക്കണമെന്നു വ്യവസ്ഥയുണ്ട്. ചിലപ്പോള്‍ കടങ്കഥയില്‍ നിന്നു വിട്ട് തികഞ്ഞ പരിഹാസത്തിലേക്കും പാട്ടുകള്‍ കടന്നു ചെല്ലാറുണ്ട്.
"കണ്ടവര്‍ക്കു പിറന്നോനെ
കാട്ടുമാക്കാന്‍ കടിച്ചോനെ
കടവില്‍ കല്യാണി നിന്റെ
അച്ചിയല്യോടാ....?
ചിപ്പം ചിപ്പം ചിരട്ടിയും
ചിരട്ടയ്ക്കല്‍ തരിപ്പണം
വട്ടമൊത്ത കുറിച്ചിയും
പതഞ്ഞ കള്ളും
ഇഷ്ടമുള്ള ജനമൊത്തു
വട്ടമിട്ടു കുടിച്ചപ്പോള്‍
വിട്ടപ്പട്ടിക്കൂട്ടം വന്നു
കിറിയും നക്കി....
എന്നിങ്ങനെ പാട്ടുകള്‍ ഏറിയപങ്കും നതോന്നതാവൃത്തത്തിലാണെന്നു പറയാം.കടങ്കഥാരൂപത്തിലുള്ള പാട്ടിന് ഒരുദാഹരണം-
'ഞാന്‍ കുളിക്കും കുളമല്ലാ ഏറ്റുമാന്നൂര്‍ തേവര്‍കുളം
നീ കുളിക്കും കുളത്തിന്റെ പേര്‍ ചൊല്‍ മാരാ......'
ചെണ്ട, ചേങ്ങില, മദ്ദളം തുടങ്ങിയവയാണ് വാദ്യങ്ങള്‍. മിക്കവാറും അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്ന കലാരൂപമാണിത്
ഒപ്പന.
മുസ്ലിം സ്ത്രീകള്‍ നടത്തുന്ന ഒരു സാമൂഹിക വിനോദമായ ഒപ്പനയ്ക്ക് മലപ്പുറം, കോഴിക്കോട് കണ്ണൂര്‍ എന്നീ പ്രദേശങ്ങളിലാണ് കൂടുതല്‍ പ്രചാരമുള്ളത്. ഏതാണ്ട് 500 വര്‍ഷത്തെ പഴക്കം കല്പിക്കപ്പെടുന്ന ഈ കല അവതരിപ്പിക്കുന്നതിന് പത്തു പതിനഞ്ച് ആളുകളെങ്കിലും വേണം.
വിവാഹദിവസം മണവാട്ടിയെ അണിയിച്ചൊരുക്കി പന്തലില്‍ കൊണ്ടുപോയി ഒരു പീഠത്തിലിരുത്തും. കൂട്ടുകാരികള്‍ ചുറ്റിലുമിരുന്നു പാട്ടുപാടിക്കളിക്കും. സ്നേഹപൂര്‍വമുള്ള കളിയാക്കലുകളും ചില ഒളിയമ്പുകളും ഉള്‍ക്കൊള്ളുന്നതാണ് പാട്ടിന്റെ പ്രതിപാദ്യം. മാപ്പിളപ്പാട്ടുകളാണ് പാടുന്നത്.
ഈ പരിപാടിക്കു കൃത്യമായ സമയപരിധി ഒന്നുമില്ല. പത്തുമിനിട്ട് കൊണ്ടും പരിപാടി അവസാനിപ്പിക്കാം. ഒപ്പന അവതരിപ്പിക്കാന്‍ പ്രത്യേകസമയവുമില്ല; രാത്രിയിലായാല്‍ കൂടുതല്‍ ആകര്‍ഷകമായിരിക്കും.
വധുവിനെ ഇരുത്താനുള്ള ഒരു പീഠം മാത്രമാണ് അരങ്ങ്. ദീപസംവിധാനം സാധാരണവിളക്കുകള്‍കൊണ്ടു സാധിക്കുന്നു. വധുവിന്റെ വേഷം സാധാരണ മുസ്ലിം മണവാട്ടിയുടേതു തന്നെ. ഹാര്‍മോണിയം, ഗഞ്ചിറ തുടങ്ങിയ വാദ്യങ്ങളാണുപയോഗിക്കുന്നത്.
ഈ വിനോദം പുരുഷന്മാര്‍ക്കുമുണ്ട്. ഇതില്‍ പങ്കെടുക്കുന്നതു മുഴുവന്‍ പുരുഷന്മാരായിരിക്കും. 'പുതിയാപ്പള' മണിയറയിലേക്കു പോകുമ്പോള്‍ കല്യാണപ്പാട്ടുപാടി അയാളെ കളിയാക്കുന്നു. അടുത്തകാലത്തായി ഒപ്പനയ്ക്കു കൂടുതല്‍ പ്രചാരവും അംഗീകാരവും കിട്ടിവരുന്നുണ്ട്. നോ. ഒപ്പന
കാക്കാരിശ്ശി നാടകം.
മധ്യതിരുവിതാംകൂറിലെ കരുനാഗപ്പള്ളിക്കു തെക്കോട്ടുള്ള പ്രദേശങ്ങളില്‍ നിലനിന്നു പോരുന്ന ഒരു സാമൂഹിക വിനോദകലയാണിത്. തെക്കന്‍ പ്രദേശങ്ങളിലെ സമ്പ്രദായം കരുനാഗപ്പള്ളി പ്രദേശങ്ങളിലേതില്‍ നിന്നും ഭിന്നമാണ്. മധ്യതിരുവിതാംകൂറില്‍ പാണന്മാര്‍, കമ്മാളന്മാര്‍ തുടങ്ങിയവരാണ് ഇതവതരിപ്പിക്കുന്നത്; തെക്ക് ഈഴവരും കുറവരും. തെക്കന്‍ പ്രദേശങ്ങളില്‍ കാക്കാന്മാര്‍ കത്തുന്ന പന്തവുമായി സദസ്യരുടെ ഇടയിലൂടെ അരങ്ങില്‍ പ്രവേശിക്കുന്നു. അരങ്ങില്‍ കാക്കാന്റെ പിന്നില്‍ വരുന്ന തമ്പ്രാനുമായുള്ള ചോദ്യോത്തരങ്ങളിലൂടെയാണ് കഥയുടെ ആരംഭം. മധ്യതിരുവിതാംകൂറില്‍ ഒരുതരം സൂത്രധാരസമ്പ്രദായത്തില്‍ സുന്ദരകാക്കാന്‍ പ്രവേശിക്കുന്നതോടെയാണ് നാടകമാരംഭിക്കുന്നത്. പത്തു പന്ത്രണ്ടാളുകള്‍ വേണം ഈ കല അവതരിപ്പിക്കാന്‍. കളി ഏതാണ്ടു നാലു മണിക്കൂര്‍ നീണ്ടുനില്ക്കും. നൃത്തം, അഭിനയം, സംഗീതം എന്നിവയുടെ സമ്മേളനമാണ് കാക്കാരിശ്ശി നാടകത്തില്‍ കാണുന്നത്. നാട്ടുപ്രമാണിമാരെയും മറ്റും കളിയാക്കുന്ന ഉപകഥകള്‍ കൂട്ടിച്ചേര്‍ത്ത് കഥകള്‍ പലപ്പോഴും നീട്ടിക്കൊണ്ടു പോകാറുണ്ട്. വേഷവിധാനങ്ങള്‍ പ്രാകൃതരീതിയിലുള്ളവയാണ്. അരങ്ങുകള്‍ കെട്ടിയുണ്ടാക്കുന്നു. ഇലത്താളം, ഗഞ്ചിറ, മൃദംഗം തുടങ്ങിയ വാദ്യങ്ങള്‍ ഉപയോഗിക്കുന്നു. നോ. കാക്കാരിശ്ശിനാടകം
കുമ്മാട്ടി.
തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ നിലവിലുള്ള ഒരു കലാപ്രകടനമാണ് കുമ്മാട്ടിക്കളി. തൃശൂര്‍ ജില്ലയില്‍ ഇത് ഓണക്കാലത്തെ ഒരു വിനോദകലയാണ്. മറ്റുള്ള പ്രദേശങ്ങളില്‍ കുമ്മാട്ടിക്ക് അനുഷ്ഠാനപരമായ പ്രാധാന്യം കൂടിയുണ്ട്. ഒരു കാര്‍ഷികോത്സവമായും കൊങ്ങന്‍ പടയുടെ അനുസ്മരണമായും ഈ കലയെ ചിലര്‍ കാണുന്നു. ശ്രീകൃഷ്ണന്‍, ശിവന്‍, ദാരികന്‍, ഗണപതി, നാരദന്‍, തള്ളക്കുമാട്ടി തുടങ്ങിയ പല വേഷങ്ങളുമണിഞ്ഞ് ഭവനന്തോറും ചെന്നു കളിക്കുകയാണ് ഇതിന്റെ സ്വഭാവം. വേഷങ്ങള്‍ പൊയ്മുഖങ്ങള്‍ അണിഞ്ഞിരിക്കും. കുമ്മാട്ടിക്കളിക്ക് പ്രത്യേകം പാട്ടുകളുണ്ട്. വേഷക്കാരല്ല പാടുന്നത്. പാടുവാന്‍ പ്രത്യേകം പാട്ടുകാര്‍ സംഘത്തിലുണ്ടായിരിക്കും. മുന്നണിവാദ്യമായി ചെണ്ട ഉപയോഗിക്കുന്നു. നോ. കുമ്മാട്ടിക്കളി
കുറത്തിയാട്ടം.
ഇത് ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളോടനുബന്ധിച്ചു നടത്തുന്നു. ചിലയിടങ്ങളില്‍ കുറവരാണ് ഈ കല പ്രദര്‍ശിപ്പിക്കുന്നത്. നായന്മാരും കുറത്തിയാട്ടം നടത്തുന്നുണ്ട്. നായന്മാരാണെങ്കില്‍ അരങ്ങ് ക്ഷേത്രമതില്ക്കകത്ത് ആനപ്പന്തലിലാണ്; കുറവരുടെ അരങ്ങ് മതിലിനു പുറത്തും അരങ്ങില്‍ വിശേഷിച്ചൊന്നുമില്ല; ദീപം മാത്രം.
തെക്കന്‍ രീതിയനുസരിച്ച് കുറത്തിയാട്ടത്തിനു സംഘത്തില്‍ മൂന്നു പേര്‍ മതി. വടക്കന്‍ സമ്പ്രദായത്തിന് എട്ടു പേരുണ്ടായിരിക്കും. മദ്യപാനം, അയിത്താചരണം തുടങ്ങിയ സാമൂഹിക ദുരാചാരങ്ങള്‍ ഉച്ചാടനം ചെയ്യാനുള്ള പ്രചാരണവേലയും ഈ കലയിലൂടെ സാധിക്കുന്നുണ്ട്. ക്ഷേത്രങ്ങളില്‍ സന്ധ്യയ്ക്കുള്ള ദീപാരാധനയ്ക്കുശേഷമാണ് പ്രകടനംതുടങ്ങുന്നത്. കുറവനും കുറത്തിക്കും സാധാരണവേഷം തന്നെ. മൃദംഗം, കൈമണി, ചെറിയ മദ്ദളം എന്നിവയാണ് വാദ്യങ്ങള്‍. തമിഴ്നാട്ടില്‍ നിന്നു വന്ന കുറവര്‍ പ്രചരിപ്പിച്ചതാണ് ഈ കല എന്നു കരുതിപ്പോരുന്നു. നോ. കുറത്തിയാട്ടം
കോലടിക്കളി.
ഗാനാത്മകവും താളാനുസൃതവുമായ ഈ കളിയില്‍ ആറു മുതല്‍ പന്ത്രണ്ടുവരെ കളിക്കാര്‍ പങ്കെടുത്തുവരുന്നു. കളിക്കാരുടെ വേഷവിധാനത്തിന് ഐകരൂപ്യമുണ്ടായിരിക്കും.
കളിക്കാരുപയോഗിക്കുന്ന കോലിന് 38 സെ. മീ. നീളവും 13 മി. മീ. വ്യാസവും കാണും. കളിക്കാര്‍ വട്ടത്തില്‍നിന്നു കൊണ്ടാണ് കളിക്കുന്നത്.
ഒരുമിച്ചു പാടിക്കൊണ്ട് താളത്തിനൊത്ത് ക്ലിപ്തച്ചുവടുകള്‍ മുമ്പോട്ടു വച്ചും അടുത്തണഞ്ഞും തൊട്ടടുത്തു നില്ക്കുന്ന കളിക്കാരന്റെ കോലില്‍ സ്വന്തം കോല്‍ കൊണ്ടടിക്കുക, സ്വന്തം സ്ഥാനത്തേക്ക് മടങ്ങി ചുറ്റിക്കറങ്ങുക, കുനിഞ്ഞും മുകളിലേക്കാഞ്ഞും അടുത്തു നില്ക്കുന്ന കളിക്കാരന്റെ കോലില്‍ അടിക്കുക, എതിര്‍വശത്തെ കളിക്കാരന്റെ കോലില്‍ അടിക്കുക തുടങ്ങിയ രീതികളാണ് പൊതുവേ കണ്ടുവരുന്നത്. പാട്ടിന്റെ താളവും ശാരീരിക ചലനങ്ങളുടെ വേഗതയും കളി പുരോഗമിക്കുന്നതനുസരിച്ച് മുറുകിക്കൊണ്ടിരിക്കും.
കളിയാശാന്മാര്‍ ഇതിനു നിശ്ചയിച്ചിട്ടുള്ള നിബന്ധനകളെ ഇങ്ങനെ സംക്ഷേപിക്കാം-
1. തന്നാള്‍ ചുറ്റി നാലാം പാദത്തില്‍ പാട്ടുപാടി മൂന്നാം പാദത്തില്‍ മുറുക്കുക.
2. മറ്റാള്‍ക്കു മാറുക, മറ്റാളെ ചുറ്റിത്തിരിഞ്ഞ് തന്നാളെക്കാണുക.
3. തന്നാളെക്കണ്ടു മുമ്പോട്ടു നീങ്ങി തന്റെ പുറകോട്ടു വലിഞ്ഞ് തിരിഞ്ഞ്
എതിര്‍വശത്തെ ആളെക്കണ്ടു തല്ലുക.
'കോലടിക്കുറുപ്പച്ചന്‍ ചത്തേപ്പിന്നെ കോലടി കാണാന്‍ കൊതിയാണേ'
തുടങ്ങിയ വരികള്‍ ഈ കളിയുടെ സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കുന്നു.
ചരടുപിന്നിക്കളി.
തെക്കന്‍കേരളത്തില്‍ പ്രചാരത്തിലുള്ള വിനോദനൃത്തകല. സ്ത്രീകളാണ് ഇത് അവതരിപ്പിക്കുന്നത്. പൊതുസ്ഥലത്തോ, വീട്ടുമുറ്റത്തോ ഇത് അവതരിപ്പിക്കാറുണ്ട്. ഉയരത്തില്‍ കാല്‍നാട്ടി അതില്‍ ഒരു വളയം ഘടിപ്പിക്കുന്നു. ആ വളയത്തിലെ ദ്വാരത്തിലൂടെ ചരടുകള്‍ കോര്‍ത്ത് താഴേക്കിടുന്നു. ഒരു കുട്ടിയെ നടുക്കുനിര്‍ത്തി കളിക്കാര്‍ രണ്ടുകൈകളിലും ചരടുകള്‍ പിടിച്ച് കോലടിച്ച് കളിക്കുമ്പോള്‍ ചരടുകള്‍ പിണഞ്ഞുവരികയും നടുവില്‍ നില്ക്കുന്ന കുട്ടി അതില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നു. ആദ്യം പിന്നിയതിന്റെ ചരടുകള്‍ അഴിയുകയും കുട്ടി സ്വതന്ത്രമാവുകയും ചെയ്യുന്നു. ഓണക്കാലത്തും തിരുവാതിരക്കാലത്തും ഇത് അവതരിപ്പിക്കാറുണ്ട്. ശ്രീകൃഷ്ണന്റെ ബാല്യകാലകഥകളാണ് പശ്ചാത്തലഗാനമായി ആലപിക്കാറ്. കുഴിത്താളമാണ് ഇതിനായി ഉപയോഗിക്കുന്ന വാദ്യം.
ചവിട്ടുനാടകം.
കേരളത്തിലെ ക്രിസ്ത്യാനികളുടേതെന്നു പറയാവുന്ന ദൃശ്യകലയായ ഇത് കഥകളിയിലെ ചില അംശങ്ങളോടു സാദൃശ്യം വഹിക്കുന്ന നാടകമാണെന്ന് പറയാം. കഥകളിയില്‍ ഹസ്തമുദ്രകള്‍ക്ക് പ്രമുഖമായ സ്ഥാനമുള്ളപ്പോള്‍ ചവിട്ടുനാടകത്തില്‍ ചുവടുവയ്പിനാണ് പ്രാധാന്യം. കഥകളിയിലേതുപോലെ ഇവിടെയും കേളികൊട്ടുണ്ട്. പോര്‍ച്ചുഗീസുകാരുടെ വരവിനുശേഷമാണ് ഈ കല രൂപം കൊണ്ടത്. തമിഴ് കലര്‍ന്ന ഭാഷയാണ് സംഭാഷണത്തിലധികവും കാണുന്നത്. ചവിട്ടുനാടകങ്ങളില്‍ ഏറ്റവും പ്രധാനം കാറള്‍മാന്‍ ചരിത്രമാണ്. പലകകള്‍ നിരത്തിയിട്ടുള്ള സ്റ്റേജില്‍ നാടകം നടത്തുന്നത് കൊണ്ടാവണം 'തട്ടുപൊളിപ്പന്‍' എന്നും ഇതിനു പേരുണ്ടായത്.
കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് കഥകളിയോടുള്ള കമ്പം അമിതമായി വര്‍ധിച്ചുവരുന്നതു കണ്ടപ്പോള്‍ അതു തടയുന്നതിനായി പോര്‍ച്ചുഗീസുകാര്‍ ഓപ്പറ (opera) മാതിരിയുള്ള ഒരു കലാപരിപാടി ഉണ്ടാക്കിയെടുത്തു. ക്രിസ്ത്യാനികളുടെ കലാസ്വാദന തൃഷ്ണയെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് ചവിട്ടുനാടകം എന്ന കലാരൂപം ഉദ്ഭവിച്ചത് എന്ന ഒരു അഭിപ്രായവും നിലവിലുണ്ട്. നോ. ചവിട്ടുനാടകം
ചിമ്മാനക്കളി.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍പ്പെട്ട ഗ്രാമപ്രദേശങ്ങളില്‍ പ്രചാരത്തിലുള്ള ഒരു വിനോദകല. കന്നല്‍ കളമ്പാട്ട് എന്ന ഗര്‍ഭബലിയോടനുബന്ധിച്ച് വീടുകളിലാണ് ഇത് അവതരിപ്പിക്കുന്നത്. പുലയരുടേതാണ് ഈ കലാരൂപം. ചോതിയും പിടയും എന്ന പാട്ടാണ് ഇതിനായി പാടുന്നത്. കളിയില്‍ വിവിധ പൊറാട്ടുവേഷങ്ങളും കടന്നുവരുന്നു. മാവിലന്‍, മാവിലത്തി, ചോതിയാന്‍, മാപ്പിള എന്നീ കഥാപാത്രങ്ങളാണ് ഇതിലുള്ളത്. പാട്ടും നര്‍മസംഭാഷണങ്ങളും അഭിനയവും ഇതില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. പാട്ടിന്റെയും കൊട്ടിന്റെയും താളത്തിനനുസരിച്ച് ചുവടുകള്‍ വച്ച് കളിക്കുകയും ചെയ്യുന്നു. തുടിയാണ് ഇതിലെ വാദ്യം.
ചോഴിക്കളി.
മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ പ്രചരിപ്പിച്ചിട്ടുള്ള ഒരു വിനോദകല. കുടച്ചോഴി, തിരുവാതിരച്ചോഴി എന്നിങ്ങനെ രണ്ടു വിധത്തില്‍ ഈ കലാരൂപമുണ്ട്. ചോഴിയുടെ വേഷംകെട്ടിയുള്ള കളിയാണ് ചോഴിക്കളി. ഓലക്കുട കൈയിലേന്തി വരുന്ന ചോഴിയാണ് കുടച്ചോഴി. ചോഴിവേഷം കെട്ടുന്നത് ആണ്‍കുട്ടികളാണ്. ചെറുമരും (കണക്കര്‍, പുലയര്‍) കുമ്പാരന്മാരും ആണ് കുടച്ചോഴി അവതരിപ്പിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരാഘോഷത്തോടനുബന്ധിച്ചാണ് തിരുവാതിരച്ചോഴി കളിക്കുന്നത്. നായന്മാരാണ് ഇതില്‍ പങ്കെടുക്കുന്നത്. ശിവപുരാണവുമായി തിരുവാതിരച്ചോഴിയുടെ ഇതിവൃത്തത്തിനു സാമ്യതയുണ്ട്. ക്ഷേത്രത്തിന്റെ മുന്നില്‍ നിന്നും ആരംഭിക്കുന്ന ചോഴിക്കളി തുടര്‍ന്ന് ദേശത്തെ എല്ലാ വീടുകളിലും കയറിയിറങ്ങി കളിക്കുന്നു. ദേശത്തെ തമ്പുരാന്റെ വീട്ടുമുറ്റത്താണ് കളി അവസാനിപ്പിക്കുന്നത്. വെള്ളമുണ്ടുകൊണ്ട് തറ്റുടുത്ത്, അതിനുമീതെ പട്ടുചുറ്റി, ശരീരമാകെ ചന്ദനം പൂശി, ഒരു കൈയില്‍ ഓലക്കുടയും മറുകൈയില്‍ വിശറിയുമായിട്ടുള്ളതാണ് ചോഴികളുടെ വേഷം. ചെണ്ടയും ഇലത്താളവുമാണ് ഇതിലെ വാദ്യങ്ങള്‍.
തിരുവാതിരക്കളി.
ഇത് സ്ത്രീകളുടെ ഒരു വിനോദമാണ്. കായിക വിനോദത്തോടുകൂടിയ ഒരു കലയാണിതെന്നും പറയാം. ധനുമാസത്തിലെ തിരുവാതിര ശ്രീപരമേശ്വരന്റെ തിരുനാളാണ്. അന്ന് വ്രതമനുഷ്ഠിച്ച് രാത്രി ഉറക്കമിളച്ചാല്‍ കന്യകമാര്‍ക്ക് നല്ല ഭര്‍ത്താവിനെ കിട്ടും; ഭര്‍ത്തൃമതികള്‍ക്ക് നെടുമംഗല്യം ലഭിക്കും; ഇതാണ് വിശ്വാസം. ഈ ഉറക്കമിളപ്പിന് അവര്‍ രാത്രി മുഴുവന്‍ ആട്ടവും പാട്ടുമായി കഴിയും. ഇവര്‍ വട്ടത്തില്‍നിന്നു പാട്ടുപാടി നൃത്തം വയ്ക്കുന്നു. മധ്യത്തില്‍ നിലവിളക്കുകൊളുത്തി വച്ചിരിക്കും; അടുത്തുതന്നെ അഷ്ടമംഗല്യവും. പാട്ടും കളിയും അവസാനിക്കുന്നതുവരെ ഈ വിളക്ക് കത്തിക്കൊണ്ടിരിക്കേണ്ടതുണ്ട്. തിരുവാതിരനാളിലെ കളിയായതുകൊണ്ടാണ് ഇതിന് ഈ പേരു വന്നത്. കൈകൊണ്ടു താളം പിടിച്ചു പാട്ടുപാടി നൃത്തം വയ്ക്കുന്നതുകൊണ്ട് കൈകൊട്ടിക്കളി എന്നും ഇതിനു പേരുണ്ട്. നോ. കൈകൊട്ടിക്കളിയും പാട്ടുകളും; തിരുവാതിരക്കളി
തുമ്പിതുള്ളല്‍.
പെണ്‍കുട്ടികളുടെ ഒരു വിനോദകല. തിരുവോണം, തിരുവാതിര എന്നീ ആഘോഷാവസരങ്ങളിലാണ് ഇത് അവതരിപ്പിക്കുന്നത്. പകല്‍ സമയത്ത് വീട്ടുമുറ്റത്താണ് അവതരണം. പത്തോ പതിനഞ്ചോ പേര്‍ പങ്കെടുക്കുന്നു. വട്ടത്തില്‍ അണിനിരക്കുന്ന ഇവര്‍ക്കു നടുവിലായി ഒരു സ്ത്രീ ഇരിക്കും. ഈ സ്ത്രീയുടെ തല തുണികൊണ്ട് മൂടിയിട്ടുണ്ടാകും. ഇവരാണ് തുമ്പിതുള്ളുന്നത്. തുമ്പിയുടെ കൈയില്‍ തുമ്പച്ചെടിയുടെ കെട്ടോ തെങ്ങിന്‍പൂക്കുലയോ കോര്‍ക്കുന്നു. ചുറ്റിനും നില്ക്കുന്ന സഹകളിക്കാരുടെ കൈകളിലും തുമ്പച്ചെടിയോ മറ്റോ ഉണ്ടായിരിക്കും. ഇവര്‍ പാട്ടുപാടുകയും അതിന്റെ താളത്തിനനുസരിച്ച് തുമ്പിയെ അടിക്കുകയും ചെയ്യുന്നു. പാട്ടിന്റെ താളം മുറുകുന്നതിനനുസരിച്ച് നടുവിലിരിക്കുന്ന തുമ്പി ഉറഞ്ഞുതുള്ളുകയും മറ്റുള്ളവരുടെ പുറകെ ഓടുകയും ചെയ്യുന്നു. കാണികളായി നില്ക്കുന്ന സ്ത്രീകളും കുട്ടികളും ആര്‍പ്പുവിളിച്ചുകൊണ്ട് തുമ്പിയെ തുള്ളിക്കുന്നു. തുമ്പി തുള്ളലിനു പ്രത്യേക വാദ്യോപകരണങ്ങളില്ല.
പരിചമുട്ടുകളി.
സാമൂഹിക വിനോദമെന്ന നിലയിലും അനുഷ്ഠാനമെന്ന നിലയിലും അവതരിപ്പിക്കാറുള്ള ഒരു കലാപ്രകടനമാണിത്. കേരളത്തിന്റെ പല ഭാഗങ്ങളിലും ഇത് അവതരിപ്പിക്കാറുണ്ടെങ്കിലും എറണാകുളം, മലപ്പുറം ജില്ലകളില്‍ മറ്റു സമുദായക്കാരാണ് ഇതില്‍ പങ്കെടുത്തു വരുന്നത്.
അടയ്ക്കാമരത്തിന്റെ (കമുക്) അലകു കൊണ്ടു നിര്‍മിച്ച കളിവാളിന് 60 സെ. മീ. ഓളം നീളം കാണും. 4 സെ. മീ. ആയിരിക്കും വീതി. പിടിക്കു വീതി കുറവാണ്. പാലത്തടികൊണ്ടുണ്ടാക്കിയ പരിച കനം കുറഞ്ഞതാണ്. നടുക്ക് ഒതുക്കമുള്ള പിടിയും കാണും. പാട്ടിനു താളം പിടിക്കുന്നതിന് ഇലത്താളം, കൈത്താളം എന്നിവ ഉപയോഗിക്കുന്നു.
കളിക്കുന്നത് നിലവിളക്കു കത്തിച്ചു സ്റ്റൂളില്‍ വച്ചിട്ട് വിളക്കിനെ പ്രദക്ഷിണം വച്ചായിരിക്കും. ഇലത്താളത്തിനനുസൃതമായി കളിക്കാരിലൊരാള്‍ പാടുന്ന പാട്ട് മറ്റു കളിക്കാര്‍ ഏറ്റുപാടും. പാടുന്നതോടൊപ്പം അവര്‍ ഒരു കൈയിലെ പരിചകൊണ്ട് തുടയില്‍ തട്ടുകയും മറ്റേക്കൈയിലെ വാളുകൊണ്ട് അടുത്തു നില്ക്കുന്ന കളിക്കാരന്റെ വാളില്‍ വെട്ടുകയും ചെയ്യും. വാളും പരിചയും ചലിപ്പിക്കുന്നതില്‍ ഇടയ്ക്കിടെ ചില മാറ്റങ്ങളും കാണാം. പുതിയ കളിക്കാര്‍ സംഘത്തില്‍ നിന്ന് മാറുന്നവരുടെ സ്ഥാനം ഏറ്റെടുക്കുന്നു. ഒരു പാട്ടിന്റെ മാതൃക.
"എട്ടുനാടും കീര്‍ത്തിപ്പെട്ട ആയങ്കരപ്പള്ളിതന്നില്‍
വാണരുളീടും ഗീവറുഗ്ഗീസ്സേ
നിന്റെ നാമം സ്തുതിപ്പാനും
വന്ദിപ്പാനും ഞങ്ങള്‍ക്കിന്നു
വന്‍കൃപ നല്‍കീടണം ഗീവറുഗ്ഗീസ്സേ
തൈ, തൈ, തകതൈ...
സംഘത്തില്‍ പതിനാറുപേര്‍ വരെ കാണും. വെള്ളവസ്ത്രമുടുത്ത് ചുവന്ന പട്ടുകൊണ്ട് അരയില്‍ ഒരു കെട്ടും കെട്ടി ആശാന്‍ മധ്യത്തില്‍ നില്ക്കും. ആശാന്റെ ചുറ്റും മറ്റുള്ളവര്‍ വാളും പരിചയുമേന്തി അണിനിരക്കും. ആശാന്‍ പാട്ടുപാടും. കൈമണി മാത്രമാണ് വാദ്യം. പാട്ടിനൊപ്പിച്ചു മറ്റുള്ളവര്‍ ചുവടുവച്ചു കളിക്കും; ഏറ്റുപാടുകയും ചെയ്യും. പ്രത്യേകിച്ച് അരങ്ങില്ല, ദീപസംവിധാനവുമില്ല. വിവാഹവേദികള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ ഇടങ്ങളിലാണ് ഈ പ്രകടനം നടത്താറുള്ളത്. ഉത്പത്തി എങ്ങനെയാണെന്ന് വ്യക്തമല്ല. വാളും പരിചയും ധാരാളമായി പ്രചാരത്തിലിരുന്ന കാലത്തായിരിക്കാം ഇതിന്റെ ഉത്പത്തി എന്ന് ഊഹിക്കപ്പെടുന്നു.
പൊറാട്ടുകളി.
പൊറാട്ടുനാടകം എന്നു കൂടി പേരുള്ള ഈ കല കൈകാര്യം ചെയ്യുന്നത് പാണസമുദായത്തില്‍പ്പെട്ടവരാണ്. കളിയില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രായപരിധിയൊന്നുമില്ല. നര്‍മഭാഷണം, ചടുലമായ നൃത്തം, രസകരമായ പാട്ടുകള്‍ എന്നിവ ഈ കലയുടെ പ്രത്യേകതകളാണ്; വിദൂഷകനുമുണ്ട്.
കുറവനും കുറത്തിയും, ചെറുമനും ചെറുമിയും, തള്ളമണ്ണാത്തി, ദാസി, ചോദ്യക്കാരന്‍ തുടങ്ങിയവരാണ് വേഷക്കാര്‍. ഒരു ഗായകസംഘവുമുണ്ട്. കളിയാശാനും ഇടയ്ക്ക് കഥാപാത്രമാകും. അതതു സമുദായത്തിന്റെ ജീവിതരീതി യഥാതഥമായി ഫലിതരൂപത്തില്‍ രംഗത്തവതരിപ്പിക്കുന്നു.
കൊയ്ത്തു കഴിഞ്ഞ പാടങ്ങള്‍, ഒഴിഞ്ഞ വെളിമ്പറമ്പുകള്‍ എന്നിവിടങ്ങളിലൊക്കെ അരങ്ങു നിര്‍മിക്കാം. കളിയമ്പലം എന്നാണ് അരങ്ങിനു പേര്. നാലുകാല്‍ പന്തലിട്ട് നടുവില്‍ കര്‍ട്ടനിട്ടാല്‍ സ്റ്റേജായി. വേഷം ഓരോ സമുദായക്കാരുടെയും സാധാരണ വേഷം തന്നെ. വേഷം കെട്ടുന്നത് പുരുഷന്മാരാണ്.
സ്ത്രീ കഥാപാത്രങ്ങള്‍ മാത്രമുള്ള പൊറാട്ടുകളിയുമുണ്ട്. അതിന് 'പാങ്കളി' എന്നു പറയുന്നു.
ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ഈ കലയ്ക്ക് പാലക്കാട്ടു ജില്ലയില്‍ ആലത്തൂര്‍, ചിറ്റൂര്‍ എന്നിവിടങ്ങളിലും തൃശൂരില്‍ അപൂര്‍വം ചില പ്രദേശങ്ങളിലും മാത്രമേ പ്രചാരമുള്ളൂ.
പുലികളി.
ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂര്‍ ജില്ലയില്‍ അരങ്ങേറിവരുന്ന മതനിരപേക്ഷപരമായ ഒരു കല. പുരുഷന്മാരാണ് പുലിവേഷം കെട്ടുന്നത്. ചിങ്ങമാസത്തിലെ അത്തം മുതല്‍ ചതയംവരെയുള്ള നാളുകളിലാണ് പുലികളി അരങ്ങേറുന്നത്. 40 മുതല്‍ 51 വരെ അംഗങ്ങള്‍ ഒരു പുലികളി സംഘത്തില്‍ ഉണ്ടാകും. നല്ല മെയ് വഴക്കവും കായികബലവും ഇതിന് അനിവാര്യമാണ്. പുലിയുടെ രൂപത്തിലുള്ള മുഖാവരണം വച്ചാണ് കലാകാരന്മാര്‍ വേഷമിടുന്നത്. പുലിയുടെ ശരീരത്തില്‍ കാണുന്നതുപോലെയുള്ള മഞ്ഞയും കറുപ്പും ഇടകലര്‍ന്ന വരകളും പുള്ളികളും കളിക്കാരുടെ ശരീരത്തില്‍ വരയ്ക്കുന്നു. വയറിനുമീതെയും പുലിയുടെ മുഖം വരയ്ക്കാറുണ്ട്. വാല്‍, ചെവി, നാക്ക്, പല്ല് എന്നിവ കൃത്രിമമായി ഉണ്ടാക്കിവയ്ക്കും. വ്യത്യസ്തങ്ങളായ പുലിരൂപങ്ങളാണ് പുലികളിയുടെ സവിശേഷത. പെരുമ്പറ, ചെണ്ട, ഉടുക്ക്, തകില്‍, ഇലത്താളം എന്നിവയാണ് വാദ്യങ്ങള്‍.
മാര്‍ഗംകളി.
ക്രിസ്ത്യാനികളുടെ ഇടയില്‍ മാത്രം പ്രചാരമുള്ള ഒരു വിനോദമാണിത്. മധ്യകേരളത്തിലെ ക്രിസ്ത്യാനികളുടെ പൂര്‍വകലാ സമ്പത്താണ് ഇതെന്നു പറയപ്പെടുന്നു. പെരുന്നാള്‍, വിവാഹം തുടങ്ങിയ ആഘോഷവേളകളിലാണ് ഇത് അവതരിപ്പിക്കുക പതിവ്. പുരുഷന്മാര്‍ മാത്രമേ ഈ പ്രകടനത്തില്‍ പങ്കെടുക്കാറുള്ളൂ. നടുവില്‍ പതിനൊന്നു തിരിയിട്ടു കത്തിച്ച വിളക്കിനു ചുറ്റും തലയില്‍ മയില്‍പ്പീലി ചൂടിയ പന്ത്രണ്ടുപേര്‍ നില്ക്കുന്നു. മുണ്ടും തലയില്‍ക്കെട്ടും മാത്രമാണ് ഇവരുടെ വേഷം; ദീപം ക്രിസ്തുദേവനും. ചുറ്റും നില്ക്കുന്നവര്‍ പന്ത്രണ്ടു ശിഷ്യന്മാരുമാണെന്നാണ് സങ്കല്പം. പാട്ടുപാടിക്കൊണ്ടുള്ള സമൂഹനൃത്തമാണ് ഈ വിനോദത്തിന്റെ ഒന്നാംഭാഗം. തുടര്‍ന്ന് ആയോധനപരമായ പരിചമുട്ടുകളിയും. കുമ്മിയോട് സാദൃശ്യമുള്ളതാണ് പാട്ടും നൃത്തവും. ഗാനങ്ങള്‍ തോമാശ്ലീഹയുടെ ചരിത്രം വിവരിക്കുന്നു. വാദ്യോപകരണങ്ങളൊന്നുമില്ല.
മീനാക്ഷിക്കല്യാണം.
പാലക്കാട് ജില്ലയില്‍ പ്രചാരത്തിലുള്ള ഒരു വിനോദനാടകം. കഥകളിയും നാടകവും യോജിപ്പിച്ചുണ്ടാക്കിയ ഒരു കലാരൂപമാണിത്. തമിഴ് ബ്രാഹ്മണരുടെ ഇടയിലാണ് ഇതിന് കൂടുതല്‍ പ്രചാരം. പുരുഷന്മാര്‍ വേഷമിടുന്ന മീനാക്ഷിക്കല്യാണത്തിന്റെ ഇതിവൃത്തം ഹാലാസ്യമാഹാത്മ്യത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്. പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് നാടകം അവതരിപ്പിക്കുന്നത്. കളിവിളക്കിന്റെ സാന്നിധ്യത്തിലാണ് അവതരണം. പാട്ടും സംഭാഷണവും ഇടകലര്‍ന്ന രീതിയാണുള്ളത്. പുരുഷകഥാപാത്രങ്ങള്‍ കഥകളി വേഷത്തിലും സ്ത്രീകഥാപാത്രങ്ങള്‍ നാടകവേഷത്തിലും ഒരുങ്ങുന്നു. നാടകവേഷക്കാര്‍ പാട്ടുപാടി അഭിനയിക്കുകയാണ് ചെയ്യുന്നത്. ചെണ്ട, ചേങ്ങില, മദ്ദളം, ഇലത്താളം എന്നിവ പുരുഷവേഷങ്ങള്‍ക്കും മൃദംഗം, ഹാര്‍മോണിയം, തിത്തി, ഫിഡില്‍ എന്നിവ സ്ത്രീവേഷങ്ങള്‍ക്കും അകമ്പടിയായിട്ടുള്ള വാദ്യങ്ങളാണ്.
വേലന്‍ തുള്ളല്‍.
ഓണം തുള്ളല്‍ എന്നുകൂടി പേരുള്ള ഈ അത്യാകര്‍ഷകമായ കല വേലന്‍ സമുദായത്തില്‍പ്പെട്ടവരാണ് അവതരിപ്പിക്കുന്നത്. കേരളത്തിന്റെ ദേശീയോത്സവമായ ഓണക്കാലത്ത് മാത്രമാണ് ഇതു നടത്താറുള്ളത്. ഉത്രാടനാളിലാണ് ആദ്യം കളി തുടങ്ങുന്നത്. ഈ കളിയുടെ പ്രത്യേകത 'കളിസംഘം' വീടുവീടാന്തരം കയറിയിറങ്ങിയാണ് കലാപ്രകടനം നടത്തുക എന്നുള്ളതാണ്. ഒരു ദിവസം തന്നെ എട്ടും പത്തും ദിക്കില്‍ പ്രകടനം നടത്തും. നാട്ടിലെ പ്രധാനപ്പെട്ട ഏതെങ്കിലും ക്ഷേത്രത്തിനു മുമ്പില്‍ മതിലിനു വെളിയില്‍ വച്ചാണ് ആദ്യത്തെ പ്രകടനം; തുടര്‍ന്ന് നാട്ടിലെ പ്രമാണിമാരുടെ ഗൃഹങ്ങളിലും.
സംഘത്തില്‍ നാലാളുകളാണ് സാധാരണ പതിവ്. വേലന്‍, വേലത്തി, പത്തു വയസ്സില്‍ താഴെ പ്രായമുള്ള ഒരു പെണ്‍കുട്ടി, പിന്നെ കുടുംബത്തില്‍പ്പെട്ട ഏതെങ്കിലും ഒരു പുരുഷന്‍. ഉടുക്കാണ് മുഖ്യവാദ്യം. ഓട്ടുകിണ്ണത്തില്‍ പേനാക്കത്തിപോലുള്ള എന്തെങ്കിലും സാധനം കൊണ്ട് കൊട്ടുന്നത് കൂട്ടത്തിലുള്ള പുരുഷനാണ്. വേലത്തി കൈത്താളമിടും.
പത്തുവയസ്സുള്ള പെണ്‍കുട്ടി കൈകളില്‍ കുരുത്തോല കൊണ്ട് നിര്‍മിച്ച ചാമരം താളത്തില്‍ വീശിക്കൊണ്ട് പ്രത്യേക രീതിയിലുള്ള ചുവടുവയ്പോടെ അതീവ ലളിതമായി നടത്തുന്ന നൃത്തത്തോടെയാണ് കളിയുടെ തുടക്കം. അരങ്ങ് ഒന്നുമില്ല. തീണ്ടല്‍ കല്പിച്ച് അകറ്റി നിര്‍ത്തപ്പെട്ടിരുന്ന ഇവര്‍ ആചാരമനുസരിച്ച് അവര്‍ക്കു നില്ക്കാവുന്ന അകലത്തില്‍ നിന്നുകൊണ്ടാണ് പ്രകടനം നടത്തുന്നത്.
ഗണപതി, സരസ്വതി എന്നിവ പാടിക്കഴിഞ്ഞ് മാവേലിയുടെ വരവിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പാട്ടാണ്,
"അരുള്‍തരിക ഗണപതിയിന്ന്
ഗുരുപാദം തൊഴു പെണ്ണേ...
എന്നു തുടങ്ങുന്ന ഗാനം.
ഉത്രാടമസ്തമിച്ച്,
തിരുവോണം വെളുപ്പിന്ന്,
മാബലിയും വിഷ്ണുവുമായി...
നാടു കാണാന്‍....
എഴുന്നള്ളുമ്പോള്‍ അവരെ എതിരേല്‍ക്കാനുള്ള
ഒരുക്കങ്ങളെന്തൊക്കെയാണെന്നാണ് അടുത്ത പാട്ടില്‍ പറയുന്നത്.
"ചെത്തിപ്പറിച്ചിടുകല്ലോ
ചെങ്കദളിപ്പൂവിടുകല്ലോ
..................................
വട്ടത്തില്‍പ്പൂവിടുകല്ലോ
ഇഷ്ടത്തില്‍ കൈതൊഴുകല്ലോ
മാബലിയെ കൈതൊഴുകല്ലോ
മാളോരെ കൈ തൊഴുകല്ലോ
ഈ പാട്ടിനെ തുടര്‍ന്ന് സന്താനഗോപാലം പാനയിലെ വൈകുണ്ഠദര്‍ശനം മുഴുവനും പാടും. അതു തീരുന്നതുവരെ പെണ്‍കുട്ടിയുടെ നൃത്തവുമുണ്ട്.
തുടര്‍ന്ന് വേലത്തിയുടെ ഊഴമാണ്. 'അമ്മാനമാട്ട'മാണ് ആദ്യത്തെ ഇനം. നാലെണ്ണം ഒരേസമയത്ത് വായുവില്‍ നിര്‍ത്തിക്കൊണ്ട് പാട്ടിന്റെ താളത്തില്‍ അമ്മാനമാടുന്ന വിദ്യ അദ്ഭുതമുളവാക്കുന്നതാണ്. അടുത്തയിനം 'പാറാവളയം' ആണ്. നിലത്തിരുന്ന് കാലുരണ്ടും മുന്നോട്ട് നീട്ടിവച്ച് ഏതാണ്ട് 20 സെ. മീ. വ്യാസമുള്ള രണ്ട് വളയങ്ങള്‍ കാലിന്റെ പെരുവിരലില്‍ ഇട്ട് അതിവേഗത്തില്‍ വട്ടത്തില്‍ കറക്കിക്കൊണ്ടുള്ള അമ്മാനമാട്ടമാണ് 'പാറാവളയം' എന്ന പേരില്‍ പ്രകടിപ്പിക്കുന്നത്. ഇതിനൊക്കെ പറ്റിയ പാട്ടുകളുമുണ്ട്.
'കുടനിവര്‍ത്തല്‍', 'അറപ്പുകാരന്‍' എന്നീ കലാപ്രകടനങ്ങളും വേലത്തിയുടെ വകയാണ്. എല്ലാ പ്രകടനങ്ങളും വിശദമായി നടത്താന്‍ മൂന്നുമണിക്കൂര്‍ വരെ വേണ്ടിവരും. പ്രകടനങ്ങളെല്ലാം കഴിയുമ്പോള്‍ സംഘത്തിന്റെ നേതാവായ വേലന്‍, നാടിനും നാട്ടാര്‍ക്കും തമ്പുരാനും ക്ഷേമൈശ്വര്യങ്ങള്‍ നേര്‍ന്നതിനുശേഷം ഉപ്പേരി, പപ്പടം, പഴം, പായസം എല്ലാം ഉള്‍പ്പെടെയുള്ള 'കരിക്കാടി' യും (ഭക്ഷണം) 'പഴയതും' (വസ്ത്രം) 'കിട്ടിക്കണ' മെന്ന് അഭ്യര്‍ഥിക്കുന്നതോടെ പ്രകടനം അവസാനിക്കുന്നു.
തമ്പുരാന്‍ സംഘത്തിലുള്ളവര്‍ക്ക് മുഴുവനും ഓണക്കോടിക്കും വിഭവസമൃദ്ധമായ സദ്യയ്ക്കും പുറമേ, ഓണം നാലുദിവസവും വേലനും കുടുംബത്തിനും സമൃദ്ധിയായി ഭക്ഷണം കഴിക്കുന്നതിനുവേണ്ട എല്ലാ സാധനങ്ങളും 'കല്പിച്ചു' കൊടുക്കുകയും ചെയ്യുന്നു.
ഫ്യൂഡല്‍ കാലഘട്ടത്തിലെ 'അടിയാനും ഉടയോനും' തമ്മിലുള്ള ബന്ധം കാണിക്കുന്ന ഈ കല നാശോന്മുഖമായിക്കൊണ്ടിരിക്കുന്നു. കോട്ടയത്ത് പാലാ, പൂഞ്ഞാര്‍, രാമപുരം, പുലിയന്നൂര്‍, പൂവരണി തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ കലയ്ക്ക് പ്രചാരമുള്ളത്. ഒന്നോ രണ്ടോ കുടുബങ്ങള്‍ മാത്രമാണ് ഇന്ന് ഈ കലയെക്കുറിച്ച് അല്പമെങ്കിലും അറിവുള്ളവരായി കാണുന്നത്.
വേലകളി.
മധ്യതിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ നടത്തിവരുന്ന ഒരാരാധനായോധന കലയാണിത്. ഇതില്‍ 50-ലധികം ആളുകള്‍ പങ്കെടുക്കുന്നു. ഇവര്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണെങ്കിലും നിഷ്കൃഷ്ടമായ പരിശീലനം നേടിയവരായിരിക്കും. പഴയകാലത്തെ ഭടന്മാരുടേതു തന്നെയാണ് വേഷം. കട്ട്യാവുകൊണ്ട് ഒരു കോണിലേക്കു കൂര്‍ത്തുനില്ക്കുന്ന തലക്കെട്ട്, മാറില്‍ നിറയെ മാല, തോള്‍വള, കൈവള എന്നിവകൊണ്ടു വേഷം ആകര്‍ഷകമാക്കിയിരിക്കും. ദേഹം മുഴുവനും ചന്ദനം പൂശിയിരിക്കും. ഇടതുകൈയില്‍ ചായം പൂശിയ പരിചയും വലതുകൈയില്‍ ചൂരല്‍ കൊണ്ടുള്ള ചുരികക്കോലും ആയി നില്ക്കുന്ന നര്‍ത്തകരുടെ നിരയില്‍ നിന്ന് ഒന്നോ രണ്ടോ പേര്‍ മുന്നോട്ടു കയറി അടവുകള്‍ കാട്ടുന്നു. വൈവിധ്യമുള്ള ചുവടുകളും അടവുകളും ഇതിന്റെ സവിശേഷതയാണ്. മദ്ദളം, തകില്‍, കൊമ്പ്, കുഴല്, ഇലത്താളം തുടങ്ങിയ മിക്ക വാദ്യങ്ങളും ഇതിനു പശ്ചാത്തലം ഒരുക്കുന്നു. ഈ കലകള്‍ രൂപമെടുത്തത് ചെമ്പകശ്ശേരി രാജ്യ(അമ്പലപ്പുഴ)ത്താണ്. രാജാവിന്റെ ആശ്രയത്തില്‍ ഒന്നിലധികം വേലകളി സംഘങ്ങളുണ്ടായിരുന്നു.
കെട്ടുകാഴ്ച.
കേരളത്തിലെ, പ്രത്യേകിച്ചും തെക്കന്‍ തിരുവിതാംകൂറിലെ ചില ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളോടനുബന്ധിച്ച് കാഴ്ചക്കാര്‍ക്കുവേണ്ടി കെട്ടിയുണ്ടാക്കുന്ന ശില്പങ്ങളുടെ പ്രദര്‍ശനമാണിത്. ഓരോ കരക്കാരും അവരവരുടെ കെട്ടുകാഴ്ച ക്ഷേത്ര പരിസരങ്ങളില്‍ പ്രദര്‍ശിപ്പിച്ചുകൊള്ളണമെന്നായിരുന്നു പണ്ടത്തെ വ്യവസ്ഥ. ഇക്കാര്യത്തില്‍ കരക്കാര്‍ തമ്മില്‍ മത്സരം തന്നെ ഉണ്ടായിരുന്നു. തേരും കുതിരയും, അരയന്നം, ചമയക്കുതിര എന്നിങ്ങനെ ശില്പങ്ങള്‍ പലതുണ്ട്. ശിവക്ഷേത്രങ്ങളില്‍ കാളയാണ് ശില്പം. വെട്ടിയാര്‍, ചെട്ടിക്കുളങ്ങര, ഓച്ചിറ എന്നിവിടങ്ങളില്‍ കെട്ടുകാഴ്ചകള്‍ക്കു കേള്‍വികേട്ട സ്ഥലങ്ങളാണ്. പാണ്ഡവന്മാരുടെയും മറ്റും രൂപങ്ങള്‍ മരത്തില്‍ പണിചെയ്തു പ്രദര്‍ശിപ്പിക്കുന്നതും ഈ വകുപ്പില്‍ പെടുത്താം. തിരുവനന്തപുരത്തു ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് ഈ പ്രദര്‍ശനം ഇന്നും കണ്ടുവരുന്നുണ്ട്.
മാടുകള്‍ക്ക് രോഗം വന്നാല്‍ ഉപശാന്തിക്കായി ശിവക്ഷേത്രത്തില്‍ 'കാളകെട്ട്' ഒരു വഴിപാടായി നടത്താറുണ്ട്. ചില സാംക്രമിക രോഗങ്ങളില്‍ നിന്നു മുക്തി നേടാനും കെട്ടുകാഴ്ച നടത്തിവരുന്നു.
കെട്ടുകാഴ്ച ബുദ്ധമതവുമായി ബന്ധപ്പെട്ടതാണെന്നും ഒരു പക്ഷമുണ്ട്. ചമയക്കുതിര കെട്ടുകാഴ്ചയിലെ ശില്പങ്ങളില്‍ ഒന്നാണല്ലോ. ബുദ്ധന്റെ അഭിസംക്രമണം കുതിരയുടെ രൂപത്തിലായിരുന്നുവെന്നും അതിനെ ഓര്‍മിപ്പിക്കുന്നതാണ് 'ചമയക്കുതിര' എന്നുമാണ് ഇതിന്റെ വിശദീകരണം. നോ. കെട്ടുകാഴ്ച
കേരളത്തില്‍ പ്രചാരത്തിലിരുന്നതും ഇന്നും നിലവിലുള്ളതുമായ പ്രാധാന്യമേറിയ ഏതാനും കലകളെക്കുറിച്ച് മാത്രമേ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളു. പരാമര്‍ശമര്‍ഹിക്കുന്ന ചെറിയതരം കലാരൂപങ്ങള്‍ ഇനിയും നിരവധിയുണ്ട്. പൂതംകളി, കോതാമൂരിയാട്ടം, സര്‍പ്പംതുള്ളല്‍, വട്ടക്കളി, കരടിയാട്ടം, ആണ്ടവന്‍കളി, കാവടിയാട്ടം, കുംഭകുടം തുള്ളല്‍ എന്നിങ്ങനെ അനുഷ്ഠാനപരവും കായികവും വിനോദപരവുമായ അനവധി കലകള്‍ കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ കാണാം. ഒരു പക്ഷേ ലോകത്തിന്റെ മറ്റൊരു കോണിലും ഇത്രയധികം വൈവിധ്യം നിറഞ്ഞ കലാപാരമ്പര്യം കണ്ടെത്താന്‍ കഴിഞ്ഞെന്നുവരില്ല.
കടപ്പാട്- സര്‍വ്വ വിജ്ഞാനകോശം വെബ് എഡിഷന്‍
അവസാനം പരിഷ്കരിച്ചത് : 6/10/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍