অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചെമ്മീന്‍ കൃഷി

ആമുഖം


കേരളത്തിലെ പൊക്കാളി നിലങ്ങള്‍ ഉള്‍പ്പടെയുള്ള ചെമ്മീന്‍ കെട്ടുകളിലും നെല്‍പ്പാടങ്ങള്‍ ഉള്‍പ്പടെയുള്ള ഓരുജല പ്രദേശങ്ങളിലുമാണ് പരന്പരാഗത രീതിയിലുള്ള ചെമ്മീന്‍ വളര്‍ത്തല്‍ നിലവിലുള്ളത്.

വേലിയേറ്റത്തോടൊപ്പം കടലില്‍ നിന്നും കയറിവരുന്ന ചെമ്മീന്‍കുഞ്ഞുങ്ങളേ നിലങ്ങളില്‍ (ചെമ്മീന്‍ കെട്ടുകള്‍) തടഞ്ഞു നിര്‍ത്തി വേലിയിറക്കസമയത്ത് തൂന്പില്‍ വലവെച്ച് പുറത്തേക്കിറങ്ങി വരുന്നവയെ പിടിച്ചെടുക്കുന്ന രീതിയാണ് ചെമ്മീന്‍ വാറ്റ്. ചെമ്മീന്‍ കെട്ടുകളില്‍ സ്വാഭാവികമായി കാണപ്പെടുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ തിന്നാണ് ചെമ്മീന്‍ വളരുന്നത്.

കേരളത്തില്‍ ദശാബ്ദങ്ങളായി ചെമ്മീന്‍ വാറ്റു നടത്തിവരുന്നുണ്ട്. വേനല്‍ക്കാലത്തു മാത്രം (നവന്പര്‍ - ഏപ്രില്‍) ചെമ്മീന്‍ വാറ്റു നടത്തുന്ന സീസണ്‍കെട്ടുകളും കൊല്ലം മുഴുവനും പ്രവര്‍ത്തിക്കുന്ന വര്‍ഷക്കെട്ടുകളും ഇതില്‍പ്പെടും.

കേരളത്തില്‍ പ്രധാനമായും കൃഷി ചെയുന്ന ചെമ്മീന്‍ ഇനങ്ങള്‍

കാര ചെമ്മീന്‍               നാരന്‍ ചെമ്മീന്‍

ശാസ്ത്രീയ കൃഷിരീതികള്‍

വാണിജ്യപ്രാധാന്യമേറിയ ഇനം ചെമ്മീനുകളെ മാത്രം വളര്‍ത്തിയെടുക്കുന്ന രീതിയാണിത്. നിലത്തിലുള്ള ഉപദ്രവകാരികളായ ജീവികളെയെല്ലാം അകറ്റിയശേഷം നിലത്തിന്‍റെ വിസ്തീര്‍ണ്ണത്തിന്‍റെയും ഉല്‍പ്പാദനക്ഷമതയുടെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്തയിനം ചെമ്മീന്‍ കുഞ്ഞുങ്ങളെ മാത്രം സംഭരിച്ച് ഒരു നിശ്ചിതകാലം വളര്‍ത്തിയശേഷം ഒന്നിച്ചു പിടിച്ചെടുക്കുന്ന ഈ ശാസ്ത്രീയ രീതി വഴി മികച്ച ഉല്‍പ്പാദനം കൈവരിക്കാം.

വിസ്ത്രൃത കൃഷി, അര്‍ദ്ധ-ഊര്‍ജ്ജിത കൃഷി, ഊര്‍ജ്ജിത കൃഷി എന്നിങ്ങനെ പല മാതൃകയിലാണ് ശാസ്ത്രീയ കൃഷി പ്രചാരത്തിലായിട്ടുള്ളത്. വിസ്തൃത കൃഷിയില്‍ താരതമ്യേന കുറഞ്ഞ നിരക്കിലാണ് നിലങ്ങളില്‍ ചെമ്മീന്‍ കുഞ്ഞുങ്ങളെ സംഭരിക്കുന്നത്. നാരന്‍ കുഞ്ഞുങ്ങളും ഹെക്ടറിന് യഥാക്രമം അന്പതിനായിരവും, ഇരുപ്പത്തയ്യായിരവും ആകാം. പ്രത്യേകിച്ച് ആഹാരമൊന്നും നല്‍കാറില്ല. ഏകദേശം 500 കിലോഗ്രാം വീതം ഉല്‍പാദനം പ്രതീക്ഷിക്കാം. നിശ്ചിത സ്ഥലത്തുനിന്ന് നിലവിലുള്ള ഉല്‍പാദനത്തേക്കാള്‍ പല മടങ്ങ് വര്‍ദ്ധന ലക്ഷ്യമാക്കിയുള്ളതാണ് അര്‍ദ്ധഉര്‍ജ്ജിത- ഊര്‍ജ്ജിത കൃഷിരീതികള്‍. അര്‍ദ്ധഊര്‍ജ്ജിത കൃഷിരീതിയില്‍ ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ നാരന്‍ കുഞ്ഞുങ്ങളെ സംഭരിക്കാറുണ്ട്. ഒരു വിളവെടുപ്പില്‍ ആയിരം മുതല്‍ രണ്ടായിരം കിലോഗ്രാം വരെ ഉല്‍പാദനം പ്രതീക്ഷിക്കാം. ജൈവവളങ്ങളും രാസവളങ്ങളും പ്രയോഗിച്ച് മണ്ണിന്‍റെയും വെള്ളത്തിന്‍റെയും ഉല്‍പ്പാദക്ഷമത വര്‍ദ്ധിപ്പിക്കേണ്ടിവരും. കൃത്രിമ വായു സമ്മിശ്രണം നടത്തുന്നതിനുപുറമെ, ദിവസേന പത്തുമുതല്‍ ഇരുപതു ശതമാനം വരെ ജലവിനിമയവും ആവശ്യമായേക്കാം. ചെമ്മീനിന്‍റെ തൂക്കത്തിന്‍റെ അഞ്ചുമുതല്‍ പത്തു ശതമാനം വരെ പുറംതീറ്റയും നല്‍കേണ്ടതായിട്ടുണ്ട്.

ഏകദേശം 10 സെന്‍റ് മുതല്‍ 25 സെന്‍റ് വരെ വിസ്തീര്‍ണ്ണമുള്ള താരതമ്യേന ചെറിയ കോണ്‍ക്രീറ്റു കുളങ്ങളിലാണ് ഊര്‍ജ്ജിത കൃഷി നടത്താറുള്ളത്. കുഞ്ഞുങ്ങളുടെ സംഭരണനിരക്ക് ഹെക്ടറിന് അഞ്ചു ലക്ഷത്തിലധികമായിരിക്കും. അതായത് 10 സെന്‍റിന് 20,000 വും 25 സെന്‍റിന് 50,000 വരെ കുഞ്ഞുങ്ങളെ സംഭരിക്കാം. ദിവസേന മൂന്നൂറു ശതമാനംവരെ ജലവിനിമയം നടത്തുന്നതിനുപുറമെ ക്രിത്രിമമായി വായു സമ്മിശ്രണവും വേണ്ടിവരും. കൂടുതല്‍ ഊര്‍ജ്ജശേഷിയുള്ളതും പോഷക സന്പുഷ്ടവുമായ തീറ്റയാണ് നല്‍കേണ്ടത്. പത്തു ടണ്ണോളം ഉല്‍പാദനമാണ് പ്രതീക്ഷിക്കുന്നത്.

സ്ഥലനിര്‍ണ്ണയം


സ്ഥലത്തിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, ഓരു വെള്ളം കയറ്റിയിറങ്ങാനുള്ള സൗകര്യം, മലിനീകരണ പ്രശ്നങ്ങള്‍, വെള്ളത്തിന്‍റെയും മണ്ണിന്‍റെയും ഭൗതിക-രാസ ഗുണങ്ങള്‍, ചെമ്മീന്‍ കുഞ്ഞുങ്ങളുടെ ലഭ്യത തുടങ്ങിയ നിരവധി ഘടകങ്ങള്‍ വിലയിരുത്തിവേണം ചെമ്മീന്‍ കൃഷിക്കായി സ്ഥലനിര്‍ണ്ണയം തിരഞ്ഞെടുക്കേണ്ടത്.

പരന്പരാഗത രീതിയില്‍ ചെമ്മീന്‍ വാറ്റു നടത്തിവരുന്ന സീസണ്‍കെട്ടുകള്‍, വര്‍ഷകെട്ടകള്‍, തെങ്ങിന്‍ തോപ്പുകളിലുള്ള തോടുകള്‍, ആഴംകുറഞ്ഞ കായല്‍ ഭാഗങ്ങള്‍, ഉപ്പളങ്ങളിലെ ജലസംഭരണികള്‍ എന്നിവയുടെ താണ ഓരുജലപ്രദേശങ്ങളെല്ലാം പൊതുവെ ചെമ്മീന്‍ കൃഷിക്കനുയോജ്യമായിരിക്കും. വളരെ താഴ്ന്ന പ്രദേശങ്ങള്‍ ഒഴിവാക്കണം.

വെള്ളം അമിതമായി കലങ്ങിയതായിരിക്കരുത്. എക്കല്‍മൂലമോ പ്ലവകോല്‍പാദനം മൂലമോ വെള്ളത്തിന് അമിതമായി കലക്കല്‍ ഉണ്ടാകാം. പ്ലവകങ്ങള്‍ മൂലമുള്ള കലക്കല്‍ നല്ല ലക്ഷണമാണ്. വെള്ളത്തിന്‍റെ ഊഷ്മാവ് 25 മുതല്‍ 30 ഡിഗ്രി സെന്‍റിഗ്രേഡ് വരെ ആയിരിക്കുന്നതാണ് ഉത്തമം. വെള്ളത്തിലെ പ്രാണവുയുവിന്‍റെ അളവ് ഒരു ലിറ്റര്‍ വെള്ളത്തിന് 3.5 മില്ലീലിറ്ററില്‍ കുറയാന്‍ പാടില്ല. ചെമ്മീന്‍ വളരെ താണ ലവണാംശമുള്ള വെള്ളത്തിലും ജീവിക്കുമെങ്കിലും നല്ല വളര്‍ച്ചയുണ്ടാകുന്നത് 10 മുതല്‍ 30 പി.പി.ടി. (ഒരു കിലോഗ്രാം വെള്ളത്തില്‍ 10 മുതല്‍ 30 ഗ്രാം വരെ ഉപ്പ്) വരെ ലവണാംശമുള്ള വെള്ളത്തിലാണ്. പി. എച്ച് 7.5 മുതല്‍ 8.5 വരെ പി.എച്ച് ഉള്ള വെള്ളമാണ് അനുയോജ്യം.

ഹാച്ചറിയിലെ വിത്തുല്‍പ്പാദനം


പീനീഡ് വര്‍ഗ്ഗത്തില്‍പെട്ട ചെമ്മീനുകള്‍ കടലിലോ ഉപ്പുവെള്ളത്തിലോ മാത്രം ജീവിക്കുന്നവയാണ്. ഇവ 5-8 മാസം പ്രായമാകുന്പോള്‍ പ്രജനനം തുടങ്ങുന്നു. 8-14 മണിക്കൂറിനുള്ളില്‍ ഭ്രൂണവളര്‍ച്ചപ്രാപിച്ച് നോപ്ലിയസ് ആയി പുറത്തുവരികയും പ്രോട്ടോസോയിയ, മൈസിസ് എന്നീ പരിണാമദശകള്‍ തരണം ചെയ്ത് 9-11 ദിവസത്തിനുള്ളില്‍ പോസ്റ്റു ലാര്‍വയുടെ ഒന്നാം ഘട്ടത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ചെമ്മീനുകളുടെ ജീവിതചക്രം മുഴുവന്‍ കടലില്‍തന്നെയാണെങ്കിലും ചിലയിനങ്ങള്‍ അവനയുടെ പ്രാരംഭദശകളില്‍ വേലിയേറ്റത്തോടൊപ്പം കായലുകളില്‍ കടന്നുകൂടുകയും ലൈംഗിക വളര്‍ച്ച പ്രാപിക്കാന്‍ വേണ്ടി വീണ്ടും കടലില്‍ തിരിച്ചുവരികയും ചെയ്യുന്നു. ലൈംഗിക വളര്‍ച്ച പൂര്‍ത്തിയായ ചെമ്മീനുകളെ കടലില്‍ നിന്നും ശേഖരിച്ചാണ് ഹാച്ചറികളില്‍ വിത്തുല്‍പ്പാദനത്തിന് ഉപയോഗിക്കുന്നത്.

ഹാച്ചറിക്കുള്ള സ്ഥലം തിരഞ്ഞെടുക്കള്‍

നല്ല സൂര്യപ്രകാശവും ശുദ്ധമായ കടല്‍ വെള്ളവും ധാരാശമായി ലഭിക്കുകയും ജലത്തിന് താഴെ പറയുന്ന ഗുണങ്ങള്‍ ഉണ്ടായിരിക്കുകയും വേണം.

ഉപ്പിന്‍റെ സാന്ദ്രത29-34 പി.പി.ടി.
താപം 27-32 c
ക്ഷാര-അമ്ല അവസ്ഥ 8-8.2
പ്രാണവായു 4.55 mg/L

ഹാച്ചറിയിലെ പ്രവര്‍ത്തനം

മുട്ടകള്‍വിരിഞ്ഞ്, കുഞ്ഞുങ്ങള്‍ വിത്തായിതീരുന്നതിനു 26 ദിവസങ്ങള്‍ വേണം. ഈ സമയത്തെ മൂന്ന് ഘട്ടങ്ങളായി വിഭജിക്കാം.

1. തള്ളചെമ്മീന്‍ ശേഖരണം

നല്ല ആരോഗൃമുള്ളവയും പൂര്‍ണ്ണവളര്‍ച്ചയെത്തിയ മുട്ടകള്‍ നിറഞ്ഞവയുമായ തള്ളചെമ്മീന്‍ുകളെ കടലില്‍നിന്നും പിടിച്ച് ശ്രദ്ധാപൂര്‍വ്വം ഹാച്ചറിയില്‍ എത്തിക്കുന്നു.

2. പ്രജനനം

തള്ളചെമ്മീന്‍ുകള്‍ ഓരോന്നിനേയും പ്രത്യേകമായി 200 ലിറ്റര്‍ അളവുള്ള പ്ലാസ്റ്റിക് സംഭരണികളില്‍ 150 ലിറ്റര്‍ അരിച്ചെടുത്ത കടല്‍ജലം നിറച്ച് ആവശ്യാനുസരണം ശുദ്ധവായുനല്കി സൂക്ഷിക്കുക. പ്രജനനം നടക്കുന്നത് രാത്രിയിലാണ്.

3. നോപ്ലിയസ് സംഭരിക്കല്‍

മുട്ടകള്‍ വെള്ളത്തിനലെ താപനില അനുസരിച്ച് 8-14 മണിക്കൂറിനുള്ളില്‍ വിരിയുകയും നോപ്ലിയസ്സുകള്‍ പുറത്തുവരികയും ചെയ്യും. ഇവയില്‍ നിന്നും നല്ല ആരോഗ്യമുള്ളവയെ ലിറ്ററിന് 100 എണ്ണം എന്ന നിരക്കില്‍ വളര്‍ത്തുടാങ്കുകളില്‍ ശേഖരിക്കുക.

ലാര്‍വകളെ 11-12 ദിവസം വരെ ടാങ്കുകളില്‍ വളര്‍ത്തുന്നു. ഈ സമയംകൊണ്ട് അവ വളര്‍ച്ചയുടെ രണ്ടും മൂന്നും പരിണാമദശകള്‍ കടക്കുന്നു. രണ്ടാം ദിവസം മുതല്‍ ഏഴാം ദിവസംവരെ സസ്യപ്ലവകങ്ങളും പിന്നീട് അവയ്ക്കൊപ്പം മുട്ടയും ചെമ്മീനും ചേര്‍ത്തുണ്ടാക്കിയ കൃത്രിമാഹാരവും (ഈെേമൃറ) തീറ്റയായി നല്‍കുക. ദിവസേന ടാങ്കുകളില്‍ നിന്നുള്ള ഉച്ചിഷ്ടങ്ങള്‍ നീക്കം ചെയ്തു വെള്ളം ഒഴിക്കുകയും വേണം. ദിവസേന തുടര്‍ച്ചയായി ശുദ്ധവായുവം ക്രമമായി ഭക്ഷണവും നല്‍കേണ്ടതാണ്.

നിലം ഒരുക്കല്‍


നിലത്തിലെ കളമത്സ്യങ്ങളെ നീക്കം ചെയ്യുകയാണ് ആദ്യ നടപടി. ഇതിനായി പല മാര്‍ഗ്ഗങ്ങളും നിലവിലുണ്ട്. നിലം വറ്റിച്ച് അടിത്തട്ട് വിണ്ടുകീറുന്നതുവരെ ഉണക്കുകയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. വെള്ളം പൂര്‍ണ്ണമായി വറ്റിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വെള്ളം പരമാവധി കുറച്ച് 200 ഗ്രാം എന്ന തോതില്‍ ഇലിപ്പപ്പിണ്ണാക്കോ 3-4 ഗ്രാം എന്ന തോതില്‍ നീര്‍വാളമോ 15-20 ഗ്രാം എന്ന തോതില്‍ അമോണിയ വാതകമോ പ്രയോഗിച്ച് കളമത്സ്യങ്ങളെ നശിപ്പിക്കാവുന്നതാണ്. അടിത്തട്ട് ഉണങ്ങുന്പോള്‍ മണ്ണിന് അമ്ലഗുണം കുടാനിടയുള്ളതിനാല്‍ ആവശ്യാനുസരണം കുമ്മായം ചേര്‍ക്കേണ്ടതുണ്ട്. 1000 കിലോഗ്രാം എന്ന തോതില്‍ ചാണകമോ 500 കിലോഗ്രാം എന്ന തോതില്‍ കോഴിക്കാഷ്ടമോ വളമായി ചേര്‍ക്കാവുന്നതാണ്. വളപ്രയോഗത്തെത്തുടര്‍ന്ന് കാല്‍മീറ്ററോളം പൊക്കത്തില്‍ വെള്ളം കയറ്റി ഒരാഴ്ച നിര്‍ത്തണം. അതിനുശേഷം തൂന്പുതുറന്ന് നൈലോണ്‍ വലയില്‍കൂടി രണ്ടുമൂന്നു ദിവസം ജലവിനിമയം നടത്തിയശേഷം രണ്ടരയടിയെങ്കിലും വെള്ളം നിലനിര്‍ത്തിക്കൊണ്ട് ചെമ്മീന്‍ കുഞ്ഞുങ്ങളെ സംഭരിക്കാവുന്നതാണ്.

ട്രാക്ട്ടറും ടില്ലറും ഉപയോഗിച്ച് നിലം ഒരുക്കല്‍


കുമ്മായപ്രയോഗം

സംഭരിക്കാവുന്ന ചെമ്മീന്‍ കുഞ്ഞുങ്ങല്‍

കുളങ്ങളില്‍ ചെമ്മീന്‍ കുഞ്ഞുങ്ങളുടെ സംഭരണം

കൃഷിസഥലത്തെ വെള്ളവുമായി പൊരുത്തപ്പെടുത്തിയ ചെമ്മീന്‍ കുഞ്ഞുങ്ങളെ ഒരു ദിവസത്തേക്ക് നിരീക്ഷണത്തിനായി നഴ്സറികുളത്തിലുറപ്പിച്ചിട്ടുള്ള ഹാപ്പകളില്‍ നിക്ഷേപിക്കുക. തുടര്‍ന്നുള്ള അതിജീവനനിരക്ക് വിലയിരുത്താനായി പിറ്റേദിവസം കുറച്ചുകുഞ്ഞുങ്ങളെ എണ്ണിതിട്ടപ്പെടുത്തി മറ്റൊരു ചെറിയ ഹാപ്പയിലേക്കു മാറ്റിയശേഷം ബാക്കിയുള്ളവരെ നഴ്സറികുളത്തിലേക്കു തുറന്നുവിടാവുന്നതാണ്.

വിളപരിപാലനം

ചെമ്മീന്‍ കുഞ്ഞുങ്ങളെ രണ്ടോ മൂന്നോ ആഴ്ചയോളം നഴ്സറികുളത്തില്‍ പ്രത്യേക സംരക്ഷണയില്‍ സൂക്ഷിച്ചശേഷം വളര്‍ത്തുകുളങ്ങളിലേക്കു തുറന്നുവിടാവുന്നതാണ്. അത്രയും കാലം പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരുവോ, കക്കയിറച്ചിയോ, മറ്റേതെങ്കിലും സംയുക്താഹാരമോ ചെറിയ തരികളാക്കി കുഞ്ഞുങ്ങള്‍ക്ക് തീറ്റയായി നല്‍കേണ്ടതാണ്.

ചെമ്മീന്‍ തീറ്റ

ചെമ്മീന്‍തീറ്റ സ്വാഭാവികമായി ലഭിക്കുന്നതോ കൃത്രിമമായി നിര്‍മ്മിച്ചെടുത്ത സംയുക്താഹാരമോ (കോന്പൗണ്ട് ഫീഡ്) ആകാം. സ്വാഭാവികമായി ലഭിക്കുന്നവയില്‍ കക്കയിറച്ചിയാണ് ചെമ്മീനിന് സംപൂരകാഹാരമായി സാധാരണ നല്‍കാറുള്ളത്.

സംയുക്താഹാരം

സ്വാഭാവികമായി ലഭിക്കുന്ന തീറ്റ ആവശ്യത്തിനു മതിയാകാതെ വരുന്ന സാഹചര്യത്തിലാണ് സംയുക്താഹാര നിര്‍മ്മാണത്തിനു പ്രസക്തിയേറുന്നത്. ചെമ്മീനിന്‍റെ വിവിധ വളര്‍ച്ചാ ഘട്ടങ്ങളില്‍ ആവശ്യമുള്ള പോഷകവസ്തുക്കള്‍ ഏതൊക്കെയാണെന്നു മനസ്സിലാക്കി അതിനനുസൃതമായി പല ചേരുവകളിലുള്ള തീറ്റ നിര്‍മ്മിക്കാമെന്നുള്ളത് സംയുക്താഹാരത്തിന്‍റെ സവിശേഷതയാണ്.

തീറ്റയില്‍ 40 ശതമാനത്തോളം മാംസ്യം ഉണ്ടായിരിക്കണം. സംസ്ക്കരണശാലകളില്‍ നിന്നു പുറന്തള്ളുന്ന മത്സ്യാവശിഷ്ടങ്ങള്‍, ചെമ്മീന്‍ തോട്, തല തുടങ്ങിയവ, നിലക്കടലപപിണ്ണാക്ക്, മരച്ചീനിപ്പൊടി, തവിട്, സാധാരണയായി കാലി-കോഴിത്തീറ്റകളില്‍ ചേര്‍ക്കാറുള്ള വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, മീനെണ്ണ തുടങ്ങിയ അസംസ്കൃതപദാര്‍ത്ഥങ്ങളാണ് ചെമ്മീന്‍തീറ്റ നിര്‍മ്മാണത്തിനുപയോഗിക്കുന്നത്.

തീറ്റ നല്‍കുന്ന വിധം

തീറ്റ കുളത്തിലേക്ക് നേരിട്ടുവാരി വിതറുകയോ പ്രത്യേകം തയ്യാറാക്കിയ പാത്രങ്ങളില്‍ വച്ചുകൊടുക്കുകയോ ചെയ്യാം. തത്സസമയം കുളത്തിലുള്ള ചെമ്മീനിന്‍റെ ഏകദേശതൂക്കം കണക്കുകൂട്ടിയെടുത്തശേഷം അതിന്‍റെ 5-10% വരെയാണ് തീറ്റനല്‍കേണ്ടത്.കൊടുക്കേണ്ട തീറ്റ രണ്ടായി വിഭജിച്ച് അതിരാവിലെയും രാത്രിയിലുമായി കൊടുക്കുന്നതാണ് അഭികാമ്യം.

ചെമ്മീന്‍ രോഗങ്ങള്‍


കര്‍ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ ആദായവും അതുപോലെ നഷ്ടം വരാന്‍ സാദ്ധ്യതയും ഉള്ള കൃഷിയാണ് ചെമ്മീന്‍കൃഷി.

1 വൈറസ് രോഗങ്ങള്‍

കാഴ്ചയില്‍ തന്നെ രോഗം ബാധിച്ചതായി തോന്നുക.
ഇരുണ്ട നിറം
കുറഞ്ഞ വളര്‍ച്ചനിരക്ക്, തളര്‍ച്ച
പുറംതോട്ടിലെ വെള്ളപ്പാടുകള്‍
2. ബാക്ടീരിയ രോഗങ്ങള്‍

പുറംതോടും മറ്റു അവയവങ്ങളും ജീര്‍ണ്ണിച്ചുപോകുക
ഇരുട്ടില്‍ തിളങ്ങുക
പുറംതോട്ടിലെ കറുത്തതോ തവിട്ടു നിറത്തിലുള്ളതോ ആയ പാടുകള്‍
ചെകിളകളില്‍ മഞ്ഞ കലര്‍ന്ന തവിട്ടുനിറം
മാംസത്തിന് ഇരുണ്ട നിറം
അസാധാണ സഞ്ചാര രീതി
3 പൂപ്പല്‍, ഏകകോശ ജീവിരോഗങ്ങള്‍

ചെകിള കറുക്കുക
ശരീരത്തില്‍ മറ്റു ജീവികള്‍ ചേക്കേറുക
മന്ദഗതിയിലുള്ള സഞ്ചാരം
4 പോഷകക്കുറവുകൊണ്ടുണ്ടാകുന്ന രോഗങ്ങള്‍
ഇരുണ്ട നിറം, മാംസം ജീര്‍ണ്ണിക്കുക
വാലിന് സ്വമേധയായുള്ള ആകൃതി നഷ്ടപ്പെടുക
പുറംതോടിന് കട്ടികുറയുക, ആകെ നീലനിറം ബാധിക്കുക

സൂക്ഷ്മാണുക്കളായ പലതരം ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയവയ്ക്കു പുറമെ ചില ഏകകോശ ജീവികള്‍ മൂലവും തീറ്റയിലെ പോഷകമൂല്യങ്ങളുടെ കുറവ്, ചില പ്രത്യേക സസ്യപ്ലവകങ്ങളുടെ സാന്നിദ്ധ്യം പല വിധത്തില്‍ ശരീരത്തിന് ഏല്‍ക്കേണ്ടിവരുന്ന ക്ഷതം മലിനീകരണം തുടങ്ങിയ കാരണങ്ങളാലും ചെമ്മീനിന് മാരകമായ രോഗങ്ങള്‍ ഉണ്ടാകാം.

ബാക്ടീരിയ രോഗങ്ങള്‍ ബാധിച്ച ചെമ്മീനിന്‍റെ ശരീരത്തിലങ്ങിങ്ങായി വെളുത്ത പാടുകള്‍, വ്രണങ്ങള്‍, കൊന്പിനും വാലിനും ചുവപ്പുനിറം, ശരീരാവയവയങ്ങള്‍ ജീര്‍ണ്ണിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ശരീരത്തിന് മൊത്തത്തില്‍ പഞ്ഞിപ്പൂ ബാധിക്കാനും ഇടയുണ്ട്. വൈറസ് ബാധ തിരിച്ചറിയാന്‍ തക്ക ബാഹ്യലക്ഷണങ്ങള്‍ ചെമ്മീനിന്‍റെ ശരീരത്ത് കാര്യമായി പ്രത്യക്ഷപ്പെടാറില്ല. ആന്തരികാവയവങ്ങള്‍ സൂക്ഷ്മപരിശോധന നടത്തി മാത്രമെ രോഗ നിര്‍ണ്ണയം നടത്താനാകൂ. ഫംഗസ്, അഥവാ പൂപ്പല്‍, രോഗം ബാധിച്ച ചെമ്മീനിന്‍റെ ചെകിളകളിലും അവയവങ്ങള്‍ ചേരുന്ന ഭാഗങ്ങളിലും പുറംതോടില്‍ തന്നെയും കറുത്തനിറത്തില്‍ വ്രണങ്ങള്‍ ഉണ്ടാകാം. ആഹാരത്തില്‍ അസ്കോര്‍ബിക് ആസിഡിന്‍റെ അഭാവം മൂലം ബ്ലാക്ക്ഡെത്ത് ഡിസീസ് എന്ന രോഗം ഉണ്ടാകാം. ആമാശയഭിത്തിയിയലും ചെകിളകളിലും പുറംതോടിനടിയിലുള്ള മാംസ്യപേശികളിലും ശരീര ഖണ്ഡങ്ങള്‍ ചേരുന്ന ഭാഗങ്ങളിലും ബാഹ്യാവയവങ്ങളിലും കറുത്ത മുറിവുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ലക്ഷണം.

ചെമ്മീന്‍ കൃഷി പരിസ്ഥിതക്കു ഹാനികരമാകാതിരിക്കാന്‍ ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

ചെമ്മീന്‍ കൃഷിയില്‍ സാങ്കേതിക പരിജ്ഞാനം നേടുക.
കണ്ടല്‍ കാടുകള്‍ നശിപ്പിച്ചുകൊണ്ടുള്ള വികസനം ഒഴിവാക്കുക.
ഭക്ഷ്യവിളകള്‍ കൃഷി ചെയ്തുവരുന്ന സഥലത്ത് ചെമ്മീന്‍ പാടങ്ങള്‍ നിര്‍മ്മിക്കാതിരിക്കുക.
കീടനാശിനികള്‍ ഒഴുകിയെത്താന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഒഴിവാക്കുക.
പ്രകൃതി ജലാശയങ്ങളില്‍ കുളങ്ങള്‍ നിര്‍മ്മിക്കുന്പോള്‍ വെള്ളത്തിന്‍റെ സ്വാഭാവികമായ പ്രവാഹ ഗതിക്ക് തടസ്സം വരാതെ ശ്രദ്ധിക്കുക.
ചെമ്മീന്‍ കൃഷിക്കായി ഭൂഗര്‍ഭജലസ്രോതസ്സുകള്‍ ചൂഷണം ചെയ്യാതിരിക്കുക.
മിതമായ തോതിലുള്ള വിസ്തൃതകൃഷിയോ അര്‍ദ്ധ ഊര്‍ജ്ജിത കൃഷിയോ നടത്തുക.
കുളങ്ങളില്‍ കീടനാശിനികള്‍, അണുനാശിനികള്‍ തുടങ്ങിയ രാസപദാര്‍ത്ഥങ്ങളുടെ ഉപയോഗം ഒഴിവാക്കുക.
കളമത്സ്യങ്ങളെ നശിപ്പിക്കാനായി സസ്യജന്യമായ മത്സ്യനാശിനികള്‍ മാത്രം ഉപയോഗിക്കുക.
പൊക്കാളി നിലങ്ങളില്‍ നെല്‍കൃഷിയും ചെമ്മീന്‍ കെട്ടും ഇടവിട്ട് നടത്തുന്നതുപോലെ പലതരം ചെമ്മീന്‍ / മത്സ്യവിളകള്‍ മാറി മാറി കൃഷി നടത്തുക.
കഴിവതും പ്രാദേശികമായി കാണപ്പെടുന്ന ഇനം ചെമ്മീനുകളെ വളര്‍ത്തുക.
തള്ളച്ചെമ്മീനിനേയോ ചെമ്മീന്‍കുഞ്ഞുങ്ങളേയോ രോഗ്യബാധിതപ്രദേശങ്ങളില്‍ നിന്ന് കൊണ്ടുവരാതിരിക്കുക.
കൃഷിസ്ഥലത്തെ വെള്ളത്തിന്‍റെയും, മണ്ണിന്‍റെയും ഗുണനിലവാര പരിശോധനയും നിയന്ത്രണവും കാര്യക്ഷമമായി നടത്തുക ചെമ്മീന്‍ കുളങ്ങളിലില്‍ നിന്ന് പുറംതള്ളപ്പെടുന്ന വെള്ളം സംസ്ക്കരണകുളങ്ങളില്‍ കയറ്റിനിര്‍ത്തി മലിനീകരണശേഷി നീക്കിയശേഷം മാത്രം പുറത്തുവിടുക.

ചെമ്മീന്‍ രോഗങ്ങള്‍

ചെമ്മീന്‍ രോഗങ്ങള്‍ ഹാനികരമായ അളവില്‍ കൃഷിപ്പാടങ്ങളില്‍ കണ്ടു തുടങ്ങിയത് 1990 കളുടെ ആരംഭത്തിലാണ്. 94-95 കാലഘട്ടത്തില്‍ രോഗബാധമൂലം പല കൃഷിപ്പാടങ്ങളിലെ 70-100% വരെ ചെമ്മീനുകള്‍ ചത്തൊടുങ്ങി.

മൂന്ന് പ്രധാന ഘടകങ്ങളുടെ അതിസങ്കീര്‍ണ്ണമായ പ്രവര്‍ത്തനം മൂലമാണ് രോഗം ഉണ്ടാവുന്നത്. അതില്‍ ഒന്നാമത്തെ ഘടകം രോഗത്തിന് കീഴ്പ്പെടുത്താന്‍ പറ്റിയ അവസ്ഥയിലുള്ള ആതിഥേയന്‍ ആണ്. രണ്ടാമത്തേത് രോഗകാരിയായ അണുജീവിയേയും, മൂന്നാമത്തേത് രോഗാനുകൂലിയായ പരിസ്ഥിതിയും.

ചെമ്മീന്‍ രോഗങ്ങലുടെ കാര്യത്തില്‍ ആതിഥേയന്‍ ചെമ്മീനും രോഗകാരി വൈറസ്, ബാക്ടീരിയ, കുമിള്‍, പ്രോട്ടോസോവ എന്നീ അണു ജീവികളില്‍ ഏതെങ്കിലും ഒന്നുമാണ്. ചെമ്മീന്‍ പാടങ്ങളിലെ ഡലപരിസ്ഥിതിയാണ് രോഗകാരിയായ അണുജീവിക്ക് ചെമ്മീനില്‍ രോഗമുളവാക്കാനും രോഗവ്യാപനമുള്ള സാഹചര്യം ഒരുക്കുന്നത്.

ചെമ്മീന്‍ കൃഷിയിടങ്ങളിലെ ഗുണമേന്മകുറഞ്ഞ ജല പരിസ്ഥിതി, കൃഷിക്കുപയോഗിച്ച രോഗബാധയുള്ള ചെമ്മീന്‍കുഞ്ഞുങ്ങള്‍, ജലത്തിലെ ലവണതയിലും ഊഷ്മാവിലും ഉണ്ടായ പ്രതികൂല മാറ്റങ്ങള്‍ എന്നിവ രോഗ ബാധക്കും രോഗവ്യാപനത്തിനും കാരണമാകാം.

ചെമ്മീന്‍ രോഗങ്ങള്‍ പ്രധാനമായും നാലുതരത്തില്‍ പെട്ടവയാണ്.

1. വൈറസ് രോഗങ്ങള്‍

2. ബാക്ടീരിയരോഗങ്ങള്‍

3. കുമിള്‍ രോഗങ്ങള്‍

4. പ്രോട്ടോസോവ രോഗങ്ങള്‍

വൈറസ് രോഗങ്ങള്‍

നാലുതരം വൈറസുകള്‍ ആണ് ചെമ്മീന്‍ രോഗം ഉണ്ടാക്കുന്നത്. ഇവയില്‍ ബാക്കലോവൈറസ് മൂലമുള്ള രോഗങ്ങളാണ് ഇന്ത്യയില്‍ കാണുന്നത്.

1. വെള്ളപ്പുള്ളി രോഗങ്ങള്‍

ചെമ്മീനുകള്‍ക്ക് ഏറ്റവും ദോഷം വരുത്തുന്നത് വെള്ളപ്പുള്ളി രോഗങ്ങളാണ്. 1994 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ആന്ധാപ്രദേശിലെ ചെമ്മീന്‍ പാടങ്ങളിലാണ് വെള്ളപ്പുള്ളിരോഗം ഇന്ത്യയില്‍ ആദ്യം ദൃശ്യമായത്. ക്രമേണ അത് ഇന്ത്യയില്‍ എല്ലാ കൃഷിപ്പാടങ്ങളിലേക്കും വ്യാപിച്ച് വന്‍തോതില്‍ ചെമ്മീന്‍ കൃഷിനാശം ഉണ്ടാക്കി ചെമ്മീന്‍റെ പുറംതോടില്‍ 1-5 മീ. വരെ വലിപ്പത്തിലുള്ള വെളുത്തപ്പൊട്ടുകള്‍ ആയി പ്രത്യക്ഷപ്പെടുന്ന ഈ രോഗം ചെമ്മീന്‍റെ എല്ലാ ആന്തരാവയവങ്ങളേയും ബാധിക്കുന്നു.ചെമ്മീന് ചുവപ്പ് നിറമായി തീരുകയും കൂട്ടത്തില്‍ ചത്തുപോവുകയും ചെയ്യുന്നു. ബാകുലോ വൈറസ് വിഭാഗത്തില്‍പെട്ട ടഋങആഢ വൈറസ് ആണ് രോഗകാരണം. യാതൊരു ചികിത്സയും ഫലപ്രദമല്ല. 94-95 കാലഘട്ടത്തില്‍ വെള്ളപ്പുള്ളി രോഗം മൂലം ഉദ്ദേശം 300 കോടി രൂപയുടെ വിള നഷ്ടം ഉണ്ടായി. കൃഷി ഒഴിവുകാലം നടപ്പാക്കി പാടങ്ങള്‍ വറ്റിച്ച് സൂര്യപ്രകാശത്തിലുണക്കി കുമ്മായം വിതറി അണു വിമുക്തമാക്കിയാല്‍ രോഗവ്യാപനം നിയന്ത്രിക്കാം.

2. മഞ്ഞത്തല രോഗം

ഇന്ത്യയിലാദ്യമായി 1994 ജൂലായില്‍ ആന്ധ്രയിലെ നെല്ലൂരില്‍ ചെമ്മീന്‍ പാടങ്ങളിലാണ് മഞ്ഞത്തലരോഗം എന്ന ബാക്കുലോ വൈറസ് രോഗം കാണപ്പെട്ടത്. 1992-93 കാലഘട്ടത്തില്‍ തായ്ലാണ്ടില്‍ നിന്നും ഒളിച്ചുകടത്തിയ കാര ചെമ്മീന്‍റെ തലഭാഗവും പിന്നീട് ശരീരം മുഴുവനും തന്നെ മഞ്ഞനിറമായി 4-5 ദിവസത്തിനുള്ളില്‍ ചെമ്മീന്‍ ചത്തു പോകുന്നു. ഉദ്ദേശം ഒരു മാസം പ്രായമായ 5-15 ഗ്രാം വരെ തൂക്കമുള്ള ചെമ്മീനിലാണ് ഈ രോഗബാധ ഉണ്ടാകുന്നത്. ചെമ്മീന്‍ പാടങ്ങളിലെ ജലത്തില്‍ ലവണാംശവും ഊഷ്മാവും സാധാരണ അളവിനേക്കാള്‍ കൂടുന്പോള്‍ ആണ് മഞ്ഞത്തല രോഗം പ്രത്യക്ഷപ്പെടുന്നത്.

3. എം.ബി.വി. വൈറസ് രോഗം

ചെമ്മീന്‍ ലാര്‍വകളെ ബാധിക്കുന്ന മോണോഡോണ്‍ ബാക്കുലോവൈറസ് രോഗം നമ്മുടെ നാട്ടില്‍ ഈയിടെ കണ്ടുതുടങ്ങി. ഈ രോഗംമൂലം ചെമ്മീന്‍ ചത്തുപോകുന്നില്ല. എന്നാല്‍ ചെമ്മീന്‍ ദുര്‍ബലമാകുകയും വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. ഇവ ബാക്ടീരിയ, കുമിള്‍ രോഗങ്ങള്‍ക്ക് വേഗം അടിപ്പെടുന്നു.

ബാക്ടീരിയ രോഗങ്ങള്‍

ബാക്ടീരിയ മൂലമുള്ള രോഗങ്ങള്‍ ഏതു പ്രായത്തിലും വലുപ്പത്തിലുമുള്ള ചെമ്മീനുകളേയും ബാധിക്കുന്നു.ഏറോമോണസ്, വിബ്രിയോ, സൂഡോമോണാസ് എന്നീ വിഭാഗങ്ങളില്‍പ്പെട്ട ബാക്ടീരിയകളാണ് രോഗമുണ്ടാക്കുന്നവ. ചെമ്മീന്‍റെ ശരീരോപരിതലം ചെകിളപ്പൂക്കള്‍, വാല്‍ച്ചിറകുകള്‍ മറ്റു ശരീരഭാഗങ്ങള്‍ എന്നിവടങ്ങളില്‍ കാണുന്ന അഴുകലുകളും വ്രണങ്ങളും ബാക്ടീരിയ മൂലമാണുണ്ടാകുന്നത്.

കുമിള്‍, പ്രോട്ടോസോവ രോഗങ്ങള്‍

ഫുസാരിയം, ലഗിനീഡിയം തുടങ്ങിയ കുമിളുകള്‍ ചെമ്മീന്‍ ലാര്‍വകളില്‍ രോഗമുണ്ടാക്കി ഹാച്ചറികളില്‍ വന്‍നാശമുണ്ടാക്കുന്നു. അതേപോലെ സീലിയേറ്റുകള്‍, മൈക്രോ സ്പോറീഡിയ തുടങ്ങിയ പ്രോട്ടോസോവകളും ചെമ്മീന്‍ ലാര്‍വകളും വലിയ കുഞ്ഞുങ്ങളെയും ബാധിക്കുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

ബാക്ടീരിയ, കുമിള്‍, പ്രോട്ടോസോവ രോഗങ്ങളെ, അണുനാശിനികളായ അയഡോഫോര്‍ ഫോര്‍മലിന്‍ എന്നിവ ഉപയോഗിച്ച് ചെമ്മീന്‍ ഹാച്ചറികളില്‍ നിയന്ത്രിക്കാനാവും. എന്നാല്‍ വലിയ ചെമ്മീന്‍ പാടങ്ങളില്‍ അപ്രകാരമുള്ള അണുനാശിനി പ്രയോഗങ്ങള്‍ സാദ്ധ്യമല്ല. ആന്‍റിബയോട്ടിക്കുകളില്‍ രാസവസ്തുക്കള്‍ എന്നിവ ഉപയോഗിച്ചുള്ള ചികിത്സാരീതികള്‍ ജലാശയങ്ങളില്ഡ യാതൊരു കാരണവശാലും അനുവദനീയമല്ല. എന്തെന്നാല്‍ അവ ഭയാനകമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കുകാരണമായി തീരാനിടയുണ്ട്.

നിവാരണമാര്‍ഗ്ഗങ്ങള്‍

ശാസ്ത്രീയമായ ചെമ്മീന്‍ കൃഷി രീതികള്‍ അവലംബിക്കുകമാത്രമാണ് രോഗങ്ങളില്‍ നിന്നുള്ള നിവാരണ മാര്‍ഗ്ഗം. ശാസ്ത്രീയമായ രീതിയിലും ക്രമത്തിലും തയ്യാറാക്കിയ ചെമ്മീന്‍ പാടങ്ങളില്‍ വേണ്ടത്ര അളവിലും താഴ്ചയിലും ഉള്ള ജലവിതാനം ഒരുക്കി അനുവദനീയമായ ലവണത (30-35 പി.പി.ടി), ഊഷ്മാവ് (25-30 ഡിഗ്രി സെല്‍ഷ്യസ്) ഇവ നിലനിര്‍ത്തിയിരിക്കണം. ചെമ്മീന്‍ ഹാച്ചറികളില്‍ നിന്നും ആരോഗ്യമുള്ള ചെമ്മീന്‍ കുഞ്ഞുങ്ങളെ മാത്രമെ കൃഷിക്കുപയോഗിക്കാവൂ. വിദഗ്ദോപദേശമനുസരിച്ച് കുഞ്ഞുങ്ങളെ സ്റ്റോക്ക് ചെയ്യാവൂ. അമിതവും ക്രമരഹിതവുമായ ആഹാരം ഒഴിവാക്കണം. ഓരോ വിളവെടുപ്പിനു ശേഷവും പാടം വറ്റിച്ചു മാലിന്യ വിമുക്തമാക്കി ഉണക്കണം. ഒന്നിടവിട്ട സീസണില്‍ ക്രോപ്ഹോളിഡേ പാലിക്കുക. ഒരിനം ചെമ്മീന്‍ മാത്രം തുടര്‍ച്ചയായി കൃഷി ചെയ്യാതിരിക്കണം.

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate