অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അക്വേറിയം

അക്വേറിയം

  1. ചരിത്രം
  2. വിവിധതരം അക്വേറിയങ്ങള്‍
  3. ശുദ്ധജല അക്വേറിയം
  4. സമുദ്രജല അക്വേറിയം
  5. അക്വേറിയം ജീവികള്‍
  6. ജലപരിസഞ്ചരണം
  7. കൃത്രിമ സമുദ്രജലം
  8. അലങ്കരണവും പ്രകാശ സംവിധാനവും
  9. ഭക്ഷണരീതി
  10. രോഗങ്ങള്‍
  11. അക്വേറിയം തയ്യാറാക്കുന്നരീതി
  12. അക്വേറിയം ഗാര്‍ഡനിങ്
  13. ഒരു സന്തുലിത അക്വേറിയമാണോ നിങ്ങളുടേത് ?
  14. സ്വര്‍ണ്ണമത്സ്യം വളര്‍ത്തല്‍ ഒറ്റനോട്ടത്തില്‍ !
  15. നിങ്ങൾ പുതുതായി അക്വേറിയം തുടങ്ങിയോ? ശ്രദ്ധിക്കൂ….
  16. അക്വേറിയത്തില്‍ ഏറ്റവും എളുപ്പം വളര്‍ത്താവുന്ന ജലസസ്യം
  17. ഒരു വാലിസ്നേറിയ പ്രശ്നം
  18. നാടപ്പുല്ലും ആരല്‍ മത്സ്യങ്ങളും !
  19. സ്വര്‍ണ്ണമത്സ്യം വളര്‍ത്തണമെങ്കില്‍ ചക്രവര്‍ത്തിയാകണം!
  20. സ്വര്‍ണ്ണമത്സ്യങ്ങള്‍ ഉണ്ടായതെങ്ങനെ ?
  21. സഫലമീ അക്വേറിയം ഹോബി
  22. അക്വേറിയം ഹോബിയില്‍ നിങ്ങള്‍ പരാജിതരാണോ?
  23. ഏന്‍ഡ്ലെര്‍ വര്‍ണ്ണമത്സ്യങ്ങള്‍
  24. അക്വേറിയം മത്സ്യങ്ങള്‍ ജൈവവൈവിധ്യത്തെ ബാധിക്കുമോ?
  25. വര്‍ണ്ണ മത്സ്യപരിപാലനത്തിലെ ധാര്‍മ്മികത
  26. ചെമപ്പിനഴക്‌
  27. പച്ചയിലനാരുകളും മഞ്ഞപ്പൂക്കളും
  28. അക്വേറിയത്തില്‍ കബൊംബ വളര്‍ത്താന്‍ ചില പൊടിക്കൈകള്‍
  29. കബൊംബ പടരുന്നു, കേരളത്തിലും !
  30. വർണ്ണമത്സ്യ ചൂഷണത്തിൽ നിങ്ങൾക്കും പങ്കുണ്ടോ?
  31. ഗപ്പി പ്രസവിച്ചു ! ഞാൻ എന്തു ചെയ്യും?
  32. മൃദുനയനങ്ങളെ എങ്ങനെ സംരക്ഷിക്കാം !
  33. സ്വർണ്ണമത്സ്യങ്ങളിലെ ബലൂണ്‍കണ്ണന്മാർ !
  34. നിങ്ങളുടെ സ്വർണ്ണമത്സ്യങ്ങൾ അക്വേറിയത്തിൽ മുട്ടകളിടാറുണ്ടോ?
  35. സ്വർണ്ണമത്സ്യങ്ങളുടെ പ്രജനനം എങ്ങനെ രസകരമാക്കാം !
  36. സ്വർണ്ണമത്സ്യങ്ങളിലെ കരിങ്കുപ്പായക്കാർ
  37. വാലിസ്നേറിയയിലെ വിവിധയിനങ്ങൾ
  38. ഭീമാകാരന്‍മാരായ അക്വേറിയം സസ്യങ്ങള്‍ !

അക്വേറിയം

വിനോദാര്‍ഥമോ പഠന നിരീക്ഷണാര്‍ഥമോ ഒരു അലങ്കാര സംരംഭം എന്ന നിലയിലോ ജലജന്തുക്കളേയും സസ്യങ്ങളേയും പ്രദര്‍ശിപ്പിക്കുന്നതിന് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള സംഭരണി/സ്ഥാപനം. അഴകും വര്‍ണവൈവിധ്യവും ആകാരഭംഗിയും ഒത്തിണങ്ങിയ അലങ്കാരമത്സ്യങ്ങളേയും മറ്റു ജലജീവികളേയും ആകര്‍ഷകമായ രീതിയില്‍ പ്രദര്‍ശിപ്പിച്ചു വളര്‍ത്തുന്ന കൃത്രിമസംവിധാനമാണ് ഇത്.

ചരിത്രം

പ്രാചീനകാലം മുതല്‍തന്നെ ജലജന്തുക്കളെയും സസ്യങ്ങളെയും ബന്ധനത്തില്‍ സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്തുവന്നിരുന്നു എന്നതിന് രേഖകളുണ്ട്; സുമേറിയക്കാര്‍ ഭക്ഷണാവശ്യങ്ങള്‍ക്കായി മത്സ്യങ്ങളെ പ്രത്യേക കുളങ്ങളില്‍ സംരക്ഷിച്ചിരുന്നു. റോമാക്കാര്‍ക്ക് മത്സ്യസംരക്ഷണത്തിനുവേണ്ടി പ്രത്യേകം സംവിധാനം ചെയ്യപ്പെട്ട കുളങ്ങളുണ്ടായിരുന്നു. കാര്‍പ്പുകളെയും സ്വര്‍ണമത്സ്യങ്ങളെയും വളര്‍ത്തിയെടുക്കുന്നതില്‍ ചൈനാക്കാരാണ് ആദ്യം പരിശ്രമിച്ചത്. സുംഗ് രാജവംശം (960-1278) സ്വര്‍ണ മത്സ്യങ്ങളെ പ്രത്യേക ജലാശയങ്ങളില്‍ സംരക്ഷിച്ചിരുന്നതായി കാണുന്നു.

കുളങ്ങളിലോ മറ്റു ചെറിയ ജലാശയങ്ങളിലോ സൂക്ഷിച്ചിരുന്നതല്ലാതെ മത്സ്യങ്ങളെ പ്രത്യേക സംഭരണികള്‍ക്കകത്ത് പ്രദര്‍ശനയോഗ്യമാക്കി സജ്ജീകരിക്കുന്ന പതിവ് ആദ്യകാലത്ത് ഉണ്ടായിരുന്നില്ല. ഈ വഴിക്കുള്ള സംരംഭങ്ങള്‍ പതിനെട്ടാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലാണ് ആരംഭിച്ചത്. ഈ കാലഘട്ടത്തില്‍ ലണ്ടനില്‍ സ്വര്‍ണമത്സ്യങ്ങളെ പ്രത്യേക സംഭരണികളില്‍ സൂക്ഷിക്കുവാന്‍ തുടങ്ങി. ഇതിനാവശ്യമായ മത്സ്യങ്ങളെ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തതായി കരുതപ്പെടുന്നു. പ്രദര്‍ശന മത്സ്യങ്ങളില്‍ ഇന്ന് അധികം പ്രചാരമുള്ള സ്വര്‍ണ മത്സ്യങ്ങളെ ചൈനക്കാരാണ് കണ്ടെത്തി പ്രയോജനപ്പെടുത്തിയത്.

1850-ഓടുകൂടി ജലസസ്യങ്ങളെ സംഭരണികള്‍ക്കുള്ളില്‍ വളര്‍ത്താമെന്ന് മനസ്സിലാക്കിയതോടെയാണ് ഇംഗ്ലണ്ടിലും സ്കോട്ട്ലന്‍ഡിലും ഇതൊരു വിനോദം (hobby) ആയി മാറിയത്. ഇംഗ്ലണ്ടില്‍നിന്ന് ഈ പ്രവണത മറ്റിടങ്ങളിലേക്കു വ്യാപിച്ചുവെന്നു കരുതപ്പെടുന്നു. എന്നാല്‍ 1852-വരെ ഇന്നത്തെ അര്‍ഥത്തില്‍ 'അക്വേറിയം' എന്ന പദം ഉപയോഗിച്ചിരുന്നില്ല. ബ്രിട്ടിഷ് പ്രകൃതിശാസ്ത്രജ്ഞനായ ഹെന്റിഗോസ്സെയാണ് 'അക്വേറിയം' എന്ന പദം ആദ്യമായി പ്രയോഗിച്ചത്. 1865-ല്‍ ന്യൂയോര്‍ക്കു നഗരത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ വിനോദം 1900-ത്തോടുകൂടി അമേരിക്കയിലാകെ വ്യാപിക്കുകയുണ്ടായി. ആകര്‍ഷകമായ രീതിയില്‍ അക്വേറിയം ടാങ്കുകളുണ്ടാക്കി അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്നത് അക്വേറിയം കീപ്പിംഗ് (Aquarium Keeping) എന്ന പേരില്‍ ഒരു വിനോദമായി ഇന്ന് ലോകമെമ്പാടും അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. വീട്ടിലെ സ്വീകരണമുറിയില്‍ സൂക്ഷിക്കുന്ന അലങ്കാര മത്സ്യങ്ങളടങ്ങുന്ന അക്വേറിയം ടാങ്ക് 'ഹോം അക്വേറിയം' (Home Aquarium) എന്നാണ് അറിയപ്പെടുന്നത്.

ആദ്യത്തെ പൊതു അക്വേറിയം 1853-ല്‍ ലണ്ടനിലെ റീജെന്റ്സ് പാര്‍ക്കിലാണ് സ്ഥാപിതമായത്. വലിയ കണ്ണാടി ഷീറ്റുകള്‍ ഉണ്ടാക്കിയെടുക്കത്തക്കവിധം സ്ഫടിക നിര്‍മാണവിദ്യ അതുവരെ വികാസം പ്രാപിച്ചിരുന്നില്ല. ഈ സാങ്കേതികശാഖ വികസിച്ചതോടെ അക്വേറിയങ്ങളുടെ പ്രചാരവും വര്‍ധിച്ചുതുടങ്ങി. ഇന്ത്യയില്‍ ഒരു പൊതു അക്വേറിയം ആദ്യമായി സ്ഥാപിതമായത് കേരളത്തിലാണ് (1938). ഈ അക്വേറിയം അന്ന് ഏഷ്യയിലെ ഏറ്റവും വലുപ്പം കൂടിയതായിരുന്നു. കേരള സര്‍വകലാശാലയുടെ കീഴിലുള്ള സമുദ്രജീവിശാസ്ത്രവിഭാഗവും അക്വേറിയവും ഗവേഷണങ്ങള്‍ക്കായിരുന്നു പ്രാധാന്യം കല്പിച്ചിരുന്നതെങ്കിലും പൊതുജനങ്ങള്‍ക്ക് മത്സ്യങ്ങളെ നിരീക്ഷിക്കുവാനുള്ള സൗകര്യവും ഇവിടെയുണ്ടായിരുന്നു. പിന്നീട് മുംബൈയില്‍ ആധുനിക സജ്ജീകണങ്ങളോടു കൂടിയ 'താരാപൂര്‍വാലാ' അക്വേറിയം സ്ഥാപിതമായി (1950). അതേ തുടര്‍ന്ന് ചെന്നൈ, പൂണെ എന്നിവിടങ്ങളിലും പൊതു അക്വേറിയങ്ങള്‍ സ്ഥാപിതമായി. ഇന്ന് ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും ഒന്നിലധികം അക്വേറിയങ്ങളുണ്ട്. കേരളത്തില്‍ത്തന്നെ ചെറുതും വലുതുമായ പത്തിലധികം പൊതു അക്വേറിയങ്ങളുണ്ട്. ഇതില്‍ പാലക്കാട് ജില്ലയിലെ 'മലമ്പുഴ ഗാര്‍ഡന്‍സി'നോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള മത്സ്യാകൃതിയിലുള്ള 'കട് ലഅക്വേറിയം', തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തുള്ള മറൈന്‍ അക്വേറിയം എന്നിവ പ്രസിദ്ധമാണ്.

ലക്ഷക്കണക്കിനു ഗ്യാലന്‍ വെള്ളം സംഭരിച്ച് നിരവധി ഇനം മത്സ്യങ്ങളെ ഒന്നിച്ചുവളര്‍ത്താവുന്ന പ്രത്യേക സംവിധാനങ്ങളുള്ള വലിയ അക്വേറിയങ്ങള്‍ ഇന്ന് നിലവിലുണ്ട്. കടല്‍ മത്സ്യങ്ങളേയും മറ്റു ജലജീവികളേയും പ്രദര്‍ശിപ്പിക്കുന്നവയാണ് ഇവയിലധികവും. ഇത്തരം അക്വേറിയങ്ങള്‍ ഓഷ്യനേറിയം (Oceanarium) എന്നറിയപ്പെടുന്നു. വലിയ ജലാശയങ്ങളിലും കടലിന്റെ ചില ഭാഗങ്ങളിലും കൃത്രിമമായി ഗ്ലാസ് ടണലുകള്‍ സ്ഥാപിച്ച് അവയിലൂടെ നടന്ന് മത്സ്യങ്ങളേയും മറ്റു ജലജീവികളേയും കണ്ടാസ്വദിക്കുന്നതിനുള്ള സൗകര്യങ്ങളുള്ള അക്വേറിയങ്ങളും ഓഷ്യനേറിയങ്ങളും ഇന്നുണ്ട്. ഫ്ളോറിഡയിലെ മറൈന്‍ ലാന്‍ഡിലുള്ള 'മറൈന്‍ സ്റ്റുഡിയോസ്', മിയാമിയിലുള്ള സ്വീക്വേറിയം, കാലിഫോര്‍ണിയയിലെ മറൈന്‍ ലാന്‍ഡ് ഒഫ് ദ പസിഫിക്ക് എന്നിവയാണ് 'ഓഷ്യനേറിയം' വിഭാഗത്തില്‍ പ്രസിദ്ധിയാര്‍ജിച്ചവ.

ഇറ്റലിയിലെ നേപ്പിള്‍സിലുള്ള അക്വേറിയം, മൊണാക്കോയിലെ ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഷ്യനോഗ്രഫിക്, പ്ലീമത്ത് അക്വേറിയം, കാലിഫോര്‍ണിയയിലെ സ്ക്രിപ്സ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഒഫ് ഓഷ്യനോഗ്രഫി എന്നിവ ഗവേഷണ പഠനങ്ങള്‍ക്കു പ്രാമുഖ്യം കല്പിച്ചിട്ടുള്ള ചില സ്ഥാപനങ്ങളാണ്. സാന്‍ഫ്രാന്‍സിസ്കോയിലെ സ്റ്റിന്‍ഹാര്‍ട്ട് അക്വേറിയം, ഷിക്കാഗോയിലെ ജോണ്‍ ജി. ഷെഡ് അക്വേറിയം, ന്യൂയോര്‍ക്ക് അക്വേറിയം എന്നിവയും ലണ്ടന്‍, ബര്‍ലിന്‍, ബോസ്റ്റണ്‍, വാഷിങ്ടണ്‍, ബാള്‍ടിമോര്‍, സ്വീഡന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലുള്ള അക്വേറിയങ്ങളും ലോക പ്രസിദ്ധമാണ്.

വിവിധതരം അക്വേറിയങ്ങള്‍

അലങ്കാരമത്സ്യങ്ങള്‍ വളരുന്ന ജലത്തിന്റെ സ്വഭാവമനുസരിച്ച് അക്വേറിയങ്ങളെ പ്രധാനമായി (i) ശുദ്ധജല അക്വേറിയം (ii) സമുദ്രജല അക്വേറിയം എന്ന് രണ്ടായി തിരിക്കാം. ശുദ്ധജല അക്വേറിയങ്ങള്‍ക്കും സമുദ്രജല അക്വേറിയങ്ങള്‍ക്കും പുറമേ 'ഓരുജല അക്വേറിയങ്ങളും' നിലവിലുണ്ട്. തീരപ്രദേശങ്ങളിലെ കായലുകളിലും അഴിമുഖ പ്രദേശങ്ങളിലും കണ്ടുവരുന്ന പല അലങ്കാര മത്സ്യങ്ങളും ശുദ്ധജല അക്വേറിയങ്ങളിലോ സമുദ്രജല അക്വേറിയങ്ങളിലോ വളരുന്നവയല്ല. അവ ലവണാംശം കുറഞ്ഞ ഓരുജലത്തില്‍ (കായല്‍ജലം) ആണ് വളരുന്നത്.

ശുദ്ധജല അക്വേറിയം

ശുദ്ധജലത്തില്‍ ജീവിക്കുന്ന അലങ്കാര മത്സ്യങ്ങളേയും മറ്റു ജന്തുക്കളേയും സസ്യങ്ങളേയും സന്തുലനാവസ്ഥയില്‍ സൂക്ഷിച്ച് വളര്‍ത്തുന്ന ജലസംഭരണികളാണ് ശുദ്ധജല അക്വേറിയങ്ങള്‍. സ്ഫടികമോ പ്ലാസ്റ്റിക്കോ അക്രിലിക്കോ കൊണ്ട് നിര്‍മിച്ച സുതാര്യമായ ടാങ്കുകളിലോ തറയില്‍ കുഴിച്ച് ഉണ്ടാക്കുന്ന തടാകങ്ങളിലോ ഗാര്‍ഡന്‍ പോണ്ടുകളിലോ ആണ് ശുദ്ധജല അലങ്കാര മത്സ്യങ്ങളുടെ അക്വേറിയങ്ങള്‍ സജ്ജീകരിക്കുന്നത്. ഇവയിലെ ജലത്തിലടങ്ങിയിരിക്കുന്ന ഭക്ഷ്യാംശങ്ങള്‍, താപനില, പ്രകാശാവസ്ഥ തുടങ്ങിയവയെ നിഷ്കൃഷ്ടമായി നിയന്ത്രിക്കേണ്ടതുണ്ട്. ഈ ഘടകങ്ങള്‍ വേണ്ടവിധം നിയന്ത്രണം ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ ഇവയിലെ വെള്ളം മാറ്റേണ്ട ആവശ്യം വളരെ വിരളമായേ ഉണ്ടാകാറുള്ളു. ഇങ്ങനെയുള്ളവയെ സമീകൃത (balanced) അക്വേറിയങ്ങള്‍ എന്ന് പറയുന്നു. ഇത്തരം ജലാവാസകേന്ദ്രങ്ങള്‍ ജീവികളുടെ വൃദ്ധി-പ്രത്യുത്പാദന പ്രക്രിയകള്‍ക്ക് വളരെ അനുകൂലമാണ്. പലതരം മത്സ്യങ്ങളെ ഒരു ടാങ്കില്‍ വളര്‍ത്തുന്നതിനാണ് പലര്‍ക്കും താത്പര്യം. എന്നാല്‍ എല്ലാ മത്സ്യങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നവയായിരിക്കില്ല. തമ്മില്‍ പൊരുത്തപ്പെട്ടു കഴിയുന്ന വിവിധയിനം മത്സ്യങ്ങളെ സൂക്ഷിച്ച് വളര്‍ത്തുന്ന അക്വേറിയം ടാങ്കുകള്‍ കമ്യൂണിറ്റി ടാങ്ക് (community tank) എന്നറിയപ്പെടുന്നു. ജലത്തിന്റെ താപനിലയെ അടിസ്ഥാനപ്പെടുത്തി ശുദ്ധജലാശയങ്ങളില്‍ ചിലവയെ 'ശീതജലാശയങ്ങള്‍' എന്നു തരംതിരിച്ചിട്ടുണ്ട്. 20°Cല്‍ താഴെ മാത്രം ജലോഷ്മാവുള്ള ജലാശയങ്ങളില്‍ മാത്രം വളരുന്ന ചില അലങ്കാര മത്സ്യങ്ങളുണ്ട്. ഇവ 'ശീതജലമത്സ്യങ്ങളെന്ന് അറിയപ്പെടുന്നു'. ശീതജല അലങ്കാര മത്സ്യങ്ങളെ സൂക്ഷിക്കുന്ന ശുദ്ധജല അക്വേറിയങ്ങളില്‍ താപനില നിയന്ത്രിക്കുന്നതിനാവശ്യമായ പ്രത്യേക സജ്ജീകരണങ്ങള്‍ ഉണ്ടായിരിക്കും. ഇത്തരം അക്വേറിയങ്ങളാണ് 'ശീതജല' അക്വേറിയങ്ങള്‍.

പ്രദര്‍ശനത്തിനുള്ള ജലജന്തുക്കള്‍.

ശുദ്ധജല സംഭരണികളില്‍ വളര്‍ത്താവുന്ന വിവിധതരം മത്സ്യങ്ങളുണ്ട്; സ്വര്‍ണമത്സ്യം (gold fish), ഗപ്പികള്‍ (guppies), കാര്‍പുകള്‍ (carps), അശല്‍കമത്സ്യം (cat fish), ടെട്രാകള്‍ (tetras), സീബ്ര (zebra), പരല്‍മത്സ്യങ്ങള്‍ (barbs), റാസ്ബോറ (rasbora), ടോപ്മിന്നോ (topminnow), പ്ലാറ്റിസ് (platys), വാള്‍വാലന്‍മാര്‍ (swordtails), മോളികള്‍ (mollies), സിക്ലിഡുകള്‍ (cichilids), ഏഞ്ജല്‍ മത്സ്യം (angel fish), സയാമീസ് ഫൈറ്ററുകള്‍ (siamese fighters), ഗൗരാമി (gourami) തുടങ്ങിയ പലതും ഇതില്‍പെടുന്നു.

സയാമീസ് ഫൈറ്റര്‍

പ്ലാറ്റി

ഗൗരാമി

സ്വര്‍ണ്ണ മത്സ്യങ്ങള്‍

സമുദ്രജല അക്വേറിയം

കടലില്‍ കാണുന്ന അതിവിശിഷ്ടങ്ങളായ അലങ്കാര മത്സ്യങ്ങളേയും മറ്റു ജലജീവികളേയും വളര്‍ത്തുന്നത് സമുദ്രജല അക്വേറിയങ്ങളിലാണ്. ലവണ ജലത്തില്‍ വളരുന്ന മത്സ്യങ്ങളെ മാത്രമല്ല സമുദ്രജല അക്വേറിയങ്ങളില്‍ വളര്‍ത്തുന്നത്. ഞണ്ട്, ചെമ്മീന്‍, റാള്‍, ശംഖ്, ചിപ്പി, അനിമോണ്‍ പവിഴപ്പുറ്റ്, സ്പോഞ്ച് തുടങ്ങിയ പലതരം ജലജീവികളേയും സമുദ്രജല അക്വേറിയങ്ങളില്‍ വളര്‍ത്താറുണ്ട്. സമുദ്രജല അക്വേറിയം തയ്യാറാക്കുന്നത് കടല്‍ജലം കൊണ്ടുവന്നാണ്. എന്നാല്‍ ഇപ്പോള്‍ കൃത്രിമ സമുദ്രജലം ഉണ്ടാക്കിയെടുക്കുന്നതിന് ആവശ്യമായ 'മറൈന്‍ സാള്‍ട്ട്' പാക്കറ്റുകളില്‍ ലഭ്യമാണ്. ശുദ്ധജലത്തില്‍ മറൈന്‍ സാള്‍ട്ട് കലക്കി അക്വേറിയത്തിനാവശ്യമായ സമുദ്രജലമുണ്ടാക്കുവാന്‍ കഴിയും.

മത്സ്യം തുടങ്ങിയ ജലജീവികളെ വളര്‍ത്താനുള്ള ശുദ്ധജലടാങ്കുകളുടെ നിര്‍മാണം താരതമ്യേന വിഷമം കുറഞ്ഞതാണ്; എന്നാല്‍ സാധാരണ ലോഹങ്ങളെ ക്ഷാരണം (corrode) ചെയ്യാനും പൊതുവേ സ്വീകരിക്കപ്പെട്ടുപോരുന്ന നിര്‍മാണ പദാര്‍ഥങ്ങളില്‍ രാസപ്രതിക്രിയകള്‍ വരുത്താനുമുള്ള സമുദ്രജലത്തിന്റെ ശക്തി പരിഗണിക്കുമ്പോള്‍ ലവണജലദ്രോണികള്‍ ഉണ്ടാക്കുന്നതില്‍ പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. ഉപയോഗിക്കുന്ന സാമഗ്രികളില്‍ നിന്നു വിഷമുള്ള (toxic) വസ്തുക്കള്‍ ഒന്നുംതന്നെ അലിഞ്ഞിറങ്ങാതിരിക്കാന്‍ സാരമായി ശ്രദ്ധിക്കേണ്ടതുണ്ട്. ചെമ്പും നാകവും അവയുടെ ലോഹമിശ്രണങ്ങളും ഇവയില്‍ ലേശമെങ്കിലും അടങ്ങിയിരുന്നാല്‍ അതു സമുദ്രജീവികളെ സംബന്ധിച്ചിടത്തോളം മാരകമായിത്തീരും. സമുദ്രജല അക്വേറിയങ്ങള്‍ക്ക് സാധാരണ ഉപയോഗിക്കപ്പെട്ടുവരുന്നത് സ്ലേറ്റുകല്ലുകളോ, പ്രബലിത (reinforced) കോണ്‍ക്രീറ്റോ ആണ്. സള്‍ഫേറ്റ് പ്രതിരോധക സിമന്റുകളോ തീവ്ര (high) അലൂമിനാസിമന്റുകളോ ആണ് കോണ്‍ക്രീറ്റിന് പറ്റിയവ. സിമന്റുകൂട്ടില്‍ ആവശ്യമുള്ള ജലസഹപദാര്‍ഥ(water proofer)ങ്ങളും ചേര്‍ത്തിരിക്കണം. ടാങ്കുകളുടെ അകവശത്ത് ബിറ്റൂമിനസ് അസ്ഫാള്‍ട്ട് പൂശേണ്ടതാണ്. സ്ഫടികാവൃതമായ ടാങ്കുകളുടെയുള്ളില്‍ ഇപോക്സി റെസീനുകള്‍ (epoxy resins) അടങ്ങിയ ചായം പൂശുന്നതു നല്ലതാണ്. പൈപ്പുകളെല്ലാംതന്നെ അക്ഷാരക (noncorrosive) പദാര്‍ഥങ്ങള്‍കൊണ്ട് നിര്‍മിതമായവയാകണം. കറുത്ത പോളിത്തീന്‍ ആണ് ഇതിന് ഏറ്റവും നല്ലത്. ടാപ്പുകളും വാല്‍വുകളും ഒന്നുകില്‍ അലോഹനിര്‍മിതമാകണം; അല്ലെങ്കില്‍ അവയുടെ ലോഹഘടകങ്ങള്‍ ഉപ്പുവെള്ളവുമായി സമ്പര്‍ക്കമുണ്ടാകാത്തവിധം സംവിധാനം ചെയ്തിരിക്കണം. തുരുമ്പെടുക്കാത്ത ഉരുക്കോ, ദൃഢീകരിച്ച റബറോ, പ്ലാസ്റ്റിക്കോ കൊണ്ടാകണം പമ്പുകളുടെ ബാഹ്യാവരണങ്ങളും മറ്റും. അവിഷാലുവായ ഏതെങ്കിലും യൌഗികംകൊണ്ടു ഭദ്രമായി ബന്ധിച്ച 2.5 സെ.മീ. ഘനമുള്ള, പ്ളേറ്റ്-ഗ്ളാസ് വാതായനങ്ങള്‍ വലിയ ടാങ്കുകള്‍ക്ക് അത്യന്താപേക്ഷിതമാണ്.

അക്വേറിയം ജീവികള്‍

സമുദ്രജീവികളായ പല മനോഹര ജന്തുക്കളേയും അക്വേറിയങ്ങളില്‍ വളര്‍ത്താന്‍ കഴിയും. അണ്ണാന്‍ മത്സ്യങ്ങള്‍ (holocentridae), ഫൈല്‍ മത്സ്യങ്ങള്‍ (monocanthidae), തവള മത്സ്യങ്ങള്‍ (antennariidae), ട്രങ്ക് മത്സ്യങ്ങള്‍ (ostraciidae), മുള്ളന്‍ മത്സ്യങ്ങള്‍ (diodontidae), മൂറീഷ് മത്സ്യങ്ങള്‍ (zanclidae), ചിത്രശലഭ മത്സ്യങ്ങളും, ഏഞ്ജല്‍ മത്സ്യങ്ങളും (chaetodontidae), ഡാംസെല്‍ മത്സ്യങ്ങള്‍ (Damsel), വിചിത്രമായ കാഞ്ചി മത്സ്യങ്ങള്‍ (Trigger fishes-easilidae), വര്‍ണശബളമായ റാസ്സുകള്‍ (Wrasseslabridae), 'തത്ത' മത്സ്യങ്ങള്‍ (Parrot fishes callyodontidae). 'പഫര്‍' മത്സ്യങ്ങള്‍ (canthigasteridae), ഫ്ളോ മത്സ്യങ്ങള്‍ (tetraoDontidae), 'കോമാളി' മത്സ്യങ്ങള്‍ (Clown-pomacentridae), വിഷമുള്ള തേള്‍മത്സ്യങ്ങള്‍ (Scorpaenidae), കടല്‍ക്കുതിരകള്‍, നീണ്ടു മെലിഞ്ഞ കുഴല്‍ മത്സ്യങ്ങള്‍ (Pipe-syngnathidae), 'ഗോബി'കള്‍ (gobiidae), കോലാടു മത്സ്യങ്ങള്‍ (Sullidae), വിചിത്രമായ വാവല്‍ മത്സ്യങ്ങള്‍ (Platacidae), തെറാപോണിഡുകള്‍ (theraponidae), സ്കാറ്റുകള്‍ (Scato-Phagidae), ക്രോക്കറുകള്‍ (sciaenidae), സ്നാപ്പറുകള്‍ (lutjanidae), ബാസ്സുകള്‍ (serranide), ആരലുകള്‍ (Eels-muraenidae), ചെറിയ സ്രാവുകള്‍, കടല്‍സിംഹം, ഗോ മത്സ്യം, മുയല്‍ മത്സ്യം, പട്ടാള മത്സ്യം, ഖുര്‍ആന്‍ മത്സ്യം, പെട്ടി മത്സ്യം എന്നിവയാണ് വളരെ സാധാരണമായ ഏതാനും അലങ്കാര മത്സ്യങ്ങള്‍.

ഇവയ്ക്കു പുറമേ പലതരം അകശേരുകികളേയും അക്വേറിയങ്ങളില്‍ വളര്‍ത്താം. കടലിലെ അനിമോണുകള്‍ (Sea anemones) വളരെയേറെ ഭംഗിയുള്ളവയാണ്. ബഹുശാഖികളും കുഴല്‍പോലെ നീണ്ടുകിടക്കുന്ന സ്പര്‍ശിനികളോടുകൂടിയവയുമായ ഒരുതരം സമുദ്രജീവികള്‍ (tubicolous polchaetes) ആണ് ഇവ. സ്പര്‍ശിനികള്‍ നിവര്‍ന്നുകഴിയുമ്പോള്‍ അവയുടെ വര്‍ണശബളിമകൊണ്ട് പീലി വിരിച്ചാടുന്ന മയൂരങ്ങള്‍ക്കു തുല്യമായിരിക്കും. നക്ഷത്രമത്സ്യങ്ങള്‍ (star fishes), സീ-അര്‍ച്ചിനുകള്‍ (sea urchins), ഒച്ചുകള്‍, ചെമ്മീനുകള്‍, ലോബ്സ്റ്ററുകള്‍ (lobsters) തുടങ്ങിയവയേയും പ്രദര്‍ശന ടാങ്കുകളില്‍ വളര്‍ത്താവുന്നതാണ്.

ജലപരിസഞ്ചരണം

സ്വച്ഛന്ദ പരിസഞ്ചരണം (open circulation) മൂലമോ 'സംവൃതപദ്ധതി' (closed system) എന്നു പറയുന്ന ലോയ്ഡ്പഥം (Lloyd system) മൂലമോ ജലപരിസഞ്ചരണം നിര്‍വഹിക്കപ്പെടാം. വെള്ളം സമുദ്രത്തില്‍നിന്ന് നേരിട്ടു പ്രദര്‍ശന ടാങ്കുകളിലേക്ക് പമ്പു ചെയ്യുകയും കവിഞ്ഞൊഴുകുന്നത് നേരെ സമുദ്രത്തിലേക്കുതന്നെ തിരിച്ചെത്താന്‍ സൌകര്യമുണ്ടാക്കുകയും ചെയ്യുന്ന പ്രക്രിയയ്ക്കാണ് 'സ്വച്ഛന്ദപരിസഞ്ചരണം' എന്നു പറയുന്നത്. ഈ പദ്ധതിയില്‍ അക്വേറിയ ജീവികള്‍ക്ക് സമുദ്രപ്ലവങ്ങള്‍ (planktons) ഭക്ഷണത്തിനു ലഭിക്കുമെന്നതുകൊണ്ട് ഇത് പ്രയോജനകരമായ ഒരേര്‍പ്പാടാണ്. പക്ഷേ വെള്ളത്തിന്റെ ശുദ്ധിയേയും ഗുണത്തേയും നിയന്ത്രിക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ ഈ പദ്ധതിക്ക് ചില ന്യൂനതകളുണ്ട്. പരോപജീവികളുടെ അന്തര്‍വേധനം (intrusion of parasites), താപനിയന്ത്രണം, മലിനീകരണം തുടങ്ങിയ പ്രശ്നങ്ങളേയും ഇവിടെ നേരിടേണ്ടിയിരിക്കുന്നു. ഇവയും ജലത്തിലെ ലവണാംശത്തില്‍ അനുഭവപ്പെടുന്ന ആനുകാലിക വൃദ്ധിക്ഷയങ്ങളുംമൂലം ഈ പദ്ധതി എല്ലായിടത്തും ഒന്നുപോലെ സ്വീകാര്യമല്ല.

'സംവൃത പദ്ധതി'യിലാകട്ടെ വീണ്ടും വീണ്ടും ഉപയോഗിക്കപ്പെടുന്നത് ആദ്യമെടുത്ത വെള്ളം തന്നെയാണെന്നതിനാല്‍, ദിവസവും കടലില്‍നിന്നു വെള്ളം പമ്പു ചെയ്യേണ്ട ആവശ്യമില്ല. നാലോ അഞ്ചോ മാസം കൂടുമ്പോള്‍ മാത്രമേ വെള്ളം മാറേണ്ട ആവശ്യമുണ്ടാകുന്നുള്ളു. ചില ആധുനിക ടാങ്കുകളില്‍ മാസത്തിലൊരിക്കല്‍ വീതം വെള്ളം മാറുന്ന ഒരു അര്‍ധ-സംവൃതരീതി നടപ്പിലുണ്ട്. സംവൃത പദ്ധതിയില്‍ സമുദ്രത്തില്‍നിന്നു പമ്പുചെയ്യുന്ന വെള്ളം ആദ്യം ചെന്നുചേരുന്നത് പ്രദര്‍ശന ടാങ്കുകളില്‍ കൊള്ളുന്നതിനെക്കാള്‍ അഞ്ചോ ആറോ മടങ്ങ് കൂടുതല്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ഭൂഗര്‍ഭസംഭരണിയിലാണ്. ഇവിടെനിന്നും ഈ വെള്ളം ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു ടാങ്കിലേക്ക് പമ്പുചെയ്യപ്പെടുന്നു. ഈ ടാങ്കില്‍നിന്നും ഗുരുത്വാകര്‍ഷണംമൂലം വെള്ളം പ്രദര്‍ശന ടാങ്കിലേക്ക് ഒഴുകുന്നു. ടാങ്കിന്റെ അടിഭാഗത്തുകൂടി അതില്‍ പ്രവേശിക്കുന്ന വെള്ളം ടാങ്കു നിറയുമ്പോള്‍ കവിഞ്ഞൊഴുകിക്കൊള്ളും. സമ്മര്‍ദിതവായു കുമിളകളായി ഓരോ ജലസംഭരണിയിലും പ്രവേശിച്ച് പരിസഞ്ചരണവും വായുമിശ്രണ(aeration)വും ഉണ്ടാക്കുന്നു. മണലരിപ്പിലൂടേയും pH നിയന്ത്രണ ടാങ്കിലൂടേയും ലവണതയെ സ്ഥിരീകരിക്കാന്‍ സ്വേദിതജലം (distilled water) കലര്‍ത്തുന്ന ഒരു മിശ്രണടാങ്കി(mixing tank)ലൂടെയും കടന്നുവരുന്ന ജലപ്രവാഹം മൗലിക സംഭരണിയില്‍ എത്തിച്ചേരുന്നു. ഏതുസമയത്തും ഏറെക്കുറെ ഒരളവുവരെ ബാഷ്പീകരണം നടക്കുമെന്നുള്ളതിനാല്‍ ഇടയ്ക്കിടെ ശുദ്ധജലം ചേര്‍ത്തുകൊണ്ടിരിക്കണമെന്നുള്ളത് സര്‍വപ്രധാനമാണ്. വെള്ളം കുറയുമ്പോള്‍ ഉപ്പിന്റെ സാന്ദ്രത കൂടുന്നതിനാല്‍ ശുദ്ധജലം ചേര്‍ത്തുകൊണ്ടിരിക്കണം.

1952-ല്‍ ജെ. ഗാര്‍ണാദ് ആണ് അക്വേറിയത്തിന്റെ ഭിത്തികള്‍ 45° കോണില്‍ ചരിച്ചു സംവിധാനം ചെയ്തത്. ഇതനുസരിച്ച് ത്രികോണടാങ്കുകളും മറ്റുള്ളവയും ഇടകലര്‍ന്ന് സംവിധാനം ചെയ്യപ്പെട്ടുവരുന്നു. ടാങ്കുകളില്‍ വെള്ളംനിറഞ്ഞിരിക്കുമ്പോള്‍ പ്രകാശാപ്രവര്‍ത്തനത്താല്‍ ഇടഭിത്തികള്‍ എല്ലാം അദൃശ്യമാകുന്നു എന്നത് ഈ സംവിധാനക്രമത്തിന്റെ പ്രത്യേകതയാണ്.

കൃത്രിമ സമുദ്രജലം

സംശ്ലിഷ്ട സമുദ്രജലം തയ്യാറാക്കാനുതകുന്ന നിരവധി ലവണങ്ങള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. ഇവ മൃദുജല(soft water)വുമായി മിശ്രണം ചെയ്താല്‍ ഒന്നാംതരം കടല്‍വെള്ളം ഉണ്ടാക്കാന്‍ കഴിയും. ഒരു പ്രകാരത്തില്‍ ഇത് കടല്‍വെള്ളത്തേക്കാള്‍ നല്ലതാണെന്നുതന്നെ പറയാം. ഈ മാര്‍ഗമുപയോഗിച്ച് ആര്‍ക്കും എവിടെയും സമുദ്രജലസംഭരണികള്‍ സജ്ജമാക്കാനും കഴിയും.

100 ലി. കൃത്രിമ സമുദ്രജലനിര്‍മാണത്തിന് താഴെ പറയുന്ന രാസപദാര്‍ഥങ്ങളാണ് വേണ്ടത്:

സോഡിയം ക്ളോറൈഡ് 2721.3 ഗ്രാം

മഗ്നീഷ്യം ക്ളോറൈഡ് 812.9 "

മഗ്നീഷ്യം സള്‍ഫേറ്റ് 165.8 "

കാല്‍സ്യം സള്‍ഫേറ്റ് 126.0

പൊട്ടാസ്യം സള്‍ഫേറ്റ് 86.3 "

കാല്‍സ്യം കാര്‍ബണേറ്റ് 12.3

സോഡിയം ബ്രോമൈഡ് 8.5

അലങ്കരണവും പ്രകാശ സംവിധാനവും

സമുദ്രസസ്യങ്ങള്‍ ആകര്‍ഷകങ്ങളാണെങ്കിലും ഉപ്പുവെള്ളം നിറച്ച അക്വേറിയങ്ങള്‍ക്കു അവ അത്ര യോജിച്ചവയല്ല; അവ വളരെവേഗം ജീര്‍ണിച്ചുതുടങ്ങും. അതുകൊണ്ട് ചെടികള്‍ വളരെ അപൂര്‍വമായേ ഇതിന് ഉപയോഗിക്കാറുള്ളൂ. വിചിത്ര സസ്യങ്ങളെക്കൊണ്ട് അക്വേറിയങ്ങളെ മനോഹരമാക്കാനുള്ള ഈ പരിമിതിയുടെ പശ്ചാത്തലത്തില്‍ മറ്റുവിധത്തില്‍ അലങ്കരിച്ചുവേണം ഇവയെ ആകര്‍ഷകമാക്കാന്‍. അതിനുവേണ്ടി മാര്‍ബിള്‍ തുടങ്ങിയ ശിലാഖണ്ഡങ്ങളും സ്ഫടികോപലങ്ങളും ഉപയോഗിക്കാവുന്നതാണ്. പ്രകൃതിദത്തമായ വര്‍ണവൈവിധ്യം കലര്‍ത്താന്‍, തിരഞ്ഞെടുത്ത പാറക്കഷണങ്ങളില്‍ ഇപോക്സി റെസിന്‍ കൊണ്ടു പെയിന്റ് ചെയ്യുന്നതുകൊള്ളാം. പറ്റിയ വലുപ്പവും ആകൃതിയുമുള്ള കടല്‍ കക്കകളും പവിഴങ്ങളും അലങ്കാരവസ്തുക്കളായി എടുക്കാവുന്നതാണ്. ഇവ വളരെ മനോഹരങ്ങളാണെന്നതിനു പുറമേ കടല്‍ക്കുതിര തുടങ്ങിയ ജീവികള്‍ക്ക് ഒളിക്കാനും മറ്റും പറ്റിയ ഇടങ്ങളും പ്രദാനം ചെയ്യുന്നു. 'കടല്‍വിശറി' (Sea fan) പോലെ സസ്യങ്ങളോട് സാദൃശ്യമുള്ള ജീവികളും അക്വേറിയങ്ങള്‍ക്ക് അലങ്കാരവസ്തുക്കളാണ്.

സമുചിതമായ പ്രകാശസന്നിവേശംകൂടി ഉണ്ടാകുമ്പോള്‍ മാത്രമേ ഇവയുടെ ആകര്‍ഷകത്വം പൂര്‍ണമാവുകയുള്ളു. താപദീപ്തമായ ദീപങ്ങള്‍ ഇതിന് പററിയതെങ്കിലും താപനില വര്‍ധനയുണ്ടാകാമെന്ന ഒരു ദോഷം ഇക്കാര്യത്തില്‍ പറയാനുണ്ട്. പ്രതിദീപ്തദീപങ്ങള്‍ക്കു ചെലവു കുറവാണ്. ഇതു സാരമായ ചൂടുണ്ടാക്കുകയില്ലെന്നും കൂടുതല്‍ പ്രകാശം തരുമെന്നും ഉള്ള മെച്ചവുമുണ്ട്. അര്‍ധതാര്യമായ ജന്തുക്കളുടെ പ്രദര്‍ശനത്തിന് പശ്ചാത് പ്രകാശനം വളരെയേറെ ഭംഗി നല്‍കും. ഉള്‍ഭാഗം കഴുകി വെടിപ്പാക്കാനും അലങ്കാരപദാര്‍ഥങ്ങള്‍ സംവിധാനം ചെയ്യാനും കഴിയത്തക്കവണ്ണമായിരിക്കണം ടാങ്കുകളുടെ സംവിധാനം. രോഗം പിടിപെട്ട മത്സ്യങ്ങളേയും ഭക്ഷണത്തിനുപയോഗിക്കുന്ന ജീവികളേയും സൂക്ഷിക്കാനും മറ്റുമായി വേറെ ചില ജലസംഭരണികളും ആവശ്യമാണ്.

ഭക്ഷണരീതി

അക്വേറിയത്തില്‍ വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ തീറ്റ നല്‍കണം. തീറ്റയുടെ നിറം, മണം, വലുപ്പം, ഗുണം, സ്വഭാവം എന്നിവയൊക്കെ പ്രധാനമാണ്. പെല്ലറ്റ്സ്, ഫ്ളേക്സ്, ടാബ്ലറ്റ്സ്, സ്റ്റിക്സ് എന്നിങ്ങനെ പല രൂപത്തിലും അക്വേറിയം തീറ്റകള്‍ ലഭിക്കും. വെള്ളത്തിന്റെ ഉപരിതലത്തില്‍ പൊങ്ങിക്കിടക്കുന്നവ, മധ്യതലത്തില്‍ തങ്ങിനില്‍ക്കുന്നവ, അടിത്തട്ടില്‍ വീണുകിടക്കുന്നവ എന്നിങ്ങനെ വിവിധതരം തീറ്റകളുണ്ട്. നായ്ബിസ്ക്കറ്റ് പൊടികള്‍, പുഴുങ്ങിയ മുട്ട, വേവിച്ച ധാന്യങ്ങള്‍, ചെമ്മീന്‍, പാകപ്പെടുത്തിയ കരള്‍, ജലപ്രാണികള്‍, കൊതുകിന്റെ ലാര്‍വ, ട്യൂബിഫെക്സ് തുടങ്ങിയവ ഉചിതമായ ഭക്ഷണസാധനങ്ങളാണ്. വൈവിധ്യമുള്ള പദാര്‍ഥങ്ങള്‍ അല്പാല്പം ഇടയ്ക്കിടയ്ക്കു നല്‍കുകയാണ് ഒരൊറ്റ തവണയായി ഒരുമിച്ചു കൊടുക്കുന്നതിനേക്കാള്‍ നല്ലത്. തെറ്റായ ഭക്ഷണരീതിമൂലം മത്സ്യങ്ങള്‍ ചത്തുപോയെന്നുവരാം. അക്വേറിയത്തിലെ മത്സ്യങ്ങള്‍ക്കു ദിവസങ്ങളോളം ഭക്ഷണം കൂടാതെ ജീവിക്കാന്‍ കഴിയും. ഒരിക്കലും അമിതമായി അവയ്ക്കു ഭക്ഷണം നല്‍കരുത്. യഥാര്‍ഥത്തില്‍ അമിതഭക്ഷണം കൊണ്ടുള്ള വിപത്തിനെക്കാള്‍ കൂടുതല്‍ ഭയപ്പെടേണ്ടത് ഹാനികരമായ ജീവാണു(bacteria)ക്കളുടെ വര്‍ധനവുണ്ടാക്കിത്തീര്‍ക്കുന്ന ഭക്ഷ്യാവശിഷ്ടങ്ങളെയാണ്. അതിനാല്‍ തീറ്റ അധികമായി അടിഞ്ഞുകൂടാതെയും അഴുകാതെയും ശ്രദ്ധിക്കണം.


താഴെപ്പറയുന്ന കാരണങ്ങള്‍കൊണ്ട് അക്വേറിയത്തിലെ ജീവികള്‍ക്ക് രോഗങ്ങള്‍ പിടിപെടാറുണ്ട്.

രോഗങ്ങള്‍

a.തെറ്റായ ഭക്ഷണരീതി;

b.വെള്ളം പെട്ടെന്നു മാറുമ്പോഴുണ്ടാകുന്ന പരിസരാഘാതം;

c.വൈറസ്സുകള്‍, ബാക്റ്റീരിയാ, പ്രോട്ടോസോവന്‍ പരോപജീവികള്‍ തുടങ്ങിയവ മൂലമുണ്ടാകുന്ന രോഗങ്ങള്‍.

ഫിന്‍റോട്ട്, ഡ്രോപ്സി, ഷിമ്മി, മലബന്ധം, ചിരങ്ങ് തുടങ്ങിയവ മത്സ്യങ്ങള്‍ക്കു സാധാരണ വരാറുള്ള രോഗങ്ങളാണ്. ഉടലും വാലും ചിറകുകളും അഴുകുകയാണ് ഏറ്റവും സാധാരണയായി കണ്ടുവരുന്ന മത്സ്യരോഗം. വ്രണങ്ങള്‍, കീറിയ ചിറകുകള്‍ തുടങ്ങിയവ 'ഫിന്‍റോട്ട്' എന്ന രോഗത്തിന്റെ ലക്ഷണങ്ങളാണ്. സമുദ്രജലത്തിലുള്ള ജീവാണുക്കളാണ് ഇതിന് നിദാനം. ഈ രോഗാണു സംക്രമണത്തിനുള്ള ഏറ്റവും നല്ല പ്രതിവിധി ക്ളോറോമൈസെറ്റിന്‍, പെനിസിലിന്‍, സ്ട്രെപ്റ്റോമൈസിന്‍ എന്നിവയുടെ ഒരു സംയോഗമാണ് (മൂന്നു ഗ്യാലന്‍ വെള്ളത്തില്‍ ഇവയോരോന്നിന്റേയും 250 മി.ഗ്രാം വീതം).

അക്വേറിയത്തെ ആരോഗ്യകരമായ നിലയില്‍ സംരക്ഷിക്കണമെങ്കില്‍ അതിലെ ശുചിത്വം, പ്രകാശം, സസ്യവര്‍ഗസമൃദ്ധി, ആഹാരം, സ്ഥലപര്യാപ്തി എന്നിവയില്‍ ശ്രദ്ധിച്ചേ മതിയാവൂ.

അക്വേറിയം തയ്യാറാക്കുന്നരീതി

ഒരു അക്വേറിയം ടാങ്ക് സജ്ജീകരിക്കുന്നതില്‍ പല ഘടകങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. അക്വേറിയം ടാങ്ക് സ്ഥാപിക്കുവാനുദ്ദേശിക്കുന്ന സ്ഥലം, ടാങ്കിന്റെ വലുപ്പം; ആകൃതി, തരം, ടാങ്ക് സ്ഥാപിക്കുന്നതിനുള്ള സ്റ്റാന്‍ഡ്. ടാങ്കിന്റെ മുകള്‍മൂടി, ടാങ്കില്‍ സ്ഥാപിക്കേണ്ട ഫില്‍ട്ടര്‍, എയ്റേറ്റര്‍, ഫീഡിംഗ് ട്രേകള്‍, ലൈറ്റുകള്‍, മറ്റനുസാരികള്‍, ടാങ്കില്‍ നിറയ്ക്കുന്ന വെള്ളം, നടുവാനുദ്ദേശിച്ചിട്ടുള്ള ചെടികള്‍, പായലുകള്‍, നിക്ഷേപിക്കാനുദ്ദേശിച്ചിട്ടുള്ള മത്സ്യഇനങ്ങള്‍, മത്സ്യങ്ങള്‍ക്കു നല്‍കേണ്ട തീറ്റകള്‍, രോഗപ്രതിരോധ മരുന്നുകള്‍ തുടങ്ങി എല്ലാ കാര്യങ്ങളും മുന്‍കൂട്ടി വിശദമായി ആലോചിച്ച് ആസൂത്രണം ചെയ്യണം.

സാധാരണയായി തയ്യാറാക്കിവരുന്ന അക്വേറിയം ടാങ്കുകളുടെ ആകൃതി ദീര്‍ഘചതുരമാണ്. നീളം x വീതി x ഉയരം എന്ന കണക്കില്‍ 60 x 30 x 30 സെ.മീ. (54 ലി.)., 90 x 30 x 38 സെ.മീ. (104 ലി.), 90 x 38 x 45 സെ.മീ. (156 ലി.), 120 x 38 x 45 സെ.മീ. (209 ലി.) - അളവിലുള്ള അക്വേറിയങ്ങളാണ് പൊതുവേ ഉണ്ടാക്കുന്നത്. അളവിലും ആകൃതിയിലും വ്യത്യസ്തമായ അക്വേറിയങ്ങള്‍ ഇപ്പോള്‍ ധാരാളമായി കണ്ടുവരുന്നുണ്ട്. ബലമുള്ള സ്റ്റാന്റുകളില്‍ ഉറപ്പിച്ചിട്ടുള്ളതും പല ആകൃതിയില്‍ നിര്‍മിച്ചിട്ടുള്ള മുകളടപ്പോടുകൂടിയതുമായ അക്വേറിയങ്ങളാണ് 'ഹോം അക്വേറിയം' എന്ന വിഭാഗത്തില്‍പ്പെടുന്നത്.

'സിലിക്കോണ്‍ സീലന്റ്' ഉപയോഗിച്ച് നാലുവശവും അടിയിലും ഗ്ളാസ് ഷീറ്റുകള്‍ ഒട്ടിച്ചുണ്ടാക്കുന്ന 'ആള്‍-ഗ്ളാസ് അക്വേറിയം ടാങ്കുകളാണ് ഇപ്പോള്‍ സര്‍വസാധാരണമായിട്ടുള്ളത്. വിവിധതരം ഫ്രെയിമുകള്‍ തീര്‍ത്ത് അക്വേറിയം ടാങ്കുകള്‍ അതിനുള്ളില്‍ ഇറക്കിവയ്ക്കുമ്പോള്‍ അവയ്ക്ക് കൂടുതല്‍ ആകര്‍ഷകത്വമുണ്ടാകുന്നു. ഗ്ളാസ് ഷീറ്റുകള്‍ക്കു പകരം 'അക്രിലിക്' ഷീറ്റുകള്‍ ഉപയോഗിച്ചും അക്വേറിയം ടാങ്കുകള്‍ ഉണ്ടാക്കാറുണ്ട്.

വെള്ളം ചോരാത്ത രീതിയില്‍ നന്നായി ഒട്ടിച്ചുണ്ടാക്കിയ അക്വേറിയത്തില്‍ ഒരു വാട്ടര്‍ ഫില്‍ട്ടര്‍ സജ്ജീകരിക്കുക എന്നതാണ് ആദ്യത്തെ നടപടി. വെള്ളം എപ്പോഴും ശുദ്ധമായിരിക്കാനും മത്സ്യങ്ങള്‍ ആരോഗ്യത്തോടെ ടാങ്കിലെ വെള്ളത്തില്‍ ജീവിച്ചിരിക്കുവാനും അക്വേറിയം ടാങ്കിലെ വെള്ളം നിരന്തരം മാറ്റുന്നത് ഒഴിവാക്കുവാനുമാണ് ടാങ്കില്‍ ഒരു വാട്ടര്‍ ഫില്‍ട്ടര്‍ ഘടിപ്പിക്കുന്നത്. വിവിധതരം വാട്ടര്‍ ഫില്‍ട്ടറുകള്‍ ഉണ്ട്. മെക്കാനിക്കല്‍, കെമിക്കല്‍, ബയോളജിക്കല്‍ എന്നിങ്ങനെ ഫില്‍ട്ടറുകളെ മൂന്നായി തരംതിരിക്കാം. മെക്കാനിക്കല്‍ ഫില്‍ട്ടര്‍ വെള്ളത്തില്‍ തങ്ങിനില്‍ക്കുന്ന വലിയ പൊടിപടലങ്ങളും അഴുക്കുകളും നീക്കം ചെയ്യും. കെമിക്കല്‍ഫില്‍ട്ടര്‍ ജലത്തിന്റെ രാസഘടന നഷ്ടപ്പെടാതെ നിലനിര്‍ത്തും. എന്നാല്‍ ഒരു ബയോഫില്‍ട്ടര്‍, ടാങ്കിന്റെ അടിത്തട്ടില്‍ കൂട്ടമായി വളരുന്ന ബാക്ടീരിയങ്ങളെ പരിപോഷിപ്പിച്ച് ടാങ്കിലുണ്ടാകുന്ന അഴുക്കുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ചുരുക്കത്തില്‍ ഒരു ബയോഫില്‍ട്ടര്‍ മെക്കാനിക്കല്‍, കെമിക്കല്‍ഫില്‍ട്ടറുകളുടേതടക്കമുള്ള എല്ലാ ശുചീകരണ പ്രവര്‍ത്തനങ്ങളും ഒരുമിച്ച് നിര്‍വഹിക്കുന്നു എന്നു പറയാം.

ഗ്ലാസ് അക്വേറിയങ്ങളുടെ അടിയില്‍ വയ്ക്കാവുന്ന പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ ചതുരത്തിലുള്ളതും ദ്വാരങ്ങളോടുകൂടിയതുമായ ഒരു ഉപകരണമാണ് ബയോളജിക്കല്‍ ഫില്‍ട്ടര്‍ ഉണ്ടാക്കുവാനുപയോഗിക്കുന്നത്. ഇതില്‍നിന്നുള്ള ഒരു ട്യൂബ് വഴി ഫില്‍ട്ടറിനടിയിലൂടെ വായു കടത്തിവിടുവാന്‍ കഴിയും. ഈ ഫില്‍ട്ടര്‍ സംവിധാനം ടാങ്കിനടിയില്‍ വച്ചതിനുശേഷം അതിനുള്ളില്‍ ചെറുപരലുകളും മണലും 5-7.5 സെ.മീ. കനത്തില്‍ വിതറിയശേഷം ടാങ്കില്‍ സാവകാശം വെള്ളം നിറയ്ക്കണം. ഫില്‍ട്ടറിനടിയിലൂടെ വായു കടത്തിവിടുമ്പോള്‍ അവ കുമിളകളായി മണലിലൂടെ മുകളിലേക്ക് പോകുകയും ടാങ്കിനുള്ളിലെ വെള്ളം പരിസഞ്ചരണം ചെയ്യുകയും അടിത്തട്ടിലെ മണ്ണില്‍ ജലത്തിലുള്ള അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും തങ്ങി നില്‍ക്കുകയും വെള്ളം ശുദ്ധീകരിക്കുകയും ചെയ്യും. ഈ മണ്ണില്‍ ജലസസ്യങ്ങള്‍ കൂടി വച്ചുപിടിപ്പിച്ചാല്‍ അക്വേറിയം ടാങ്കിലുണ്ടാകുന്ന അമോണിയയെ ഈ ഫില്‍ട്ടറിലെ ബാക്ടീരിയങ്ങള്‍ നൈട്രൈറ്റായും നൈട്രേറ്റായും മാറ്റുന്നതിനാല്‍ അവ ജലസസ്യങ്ങള്‍ക്കുള്ള പോഷകങ്ങളാകുന്നു.

ടാങ്കുകളില്‍ സസ്യങ്ങള്‍ക്കു വേരുറച്ചുനില്ക്കാന്‍ കഴിയുംവിധത്തില്‍ ആവശ്യത്തിന് മണലോ ചരലോ ഇടേണ്ടതാണ്. കരിങ്കല്ല്, ക്വാര്‍ട്സൈറ്റ്, സ്ലേറ്റ്കല്ല്, മാര്‍ബിള്‍ തുടങ്ങിയവ അനുയോജ്യമായ തരത്തിലും രൂപത്തിലും ഇവയ്ക്കു പശ്ചാത്തലമായി ഉപയോഗിക്കണം. കളിമണ്ണ്, സ്ഫടികം, പ്ലാസ്റ്റിക് തുടങ്ങിയവകൊണ്ട് നിര്‍മിച്ച കൃത്രിമ ശിലാഖണ്ഡങ്ങളും ഇതിനു സ്വീകരിക്കാവുന്നതാണ്. അക്വേറിയത്തില്‍ വളര്‍ ത്തേണ്ട സസ്യങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ വളരെ ശ്രദ്ധിക്കണം. മണല്‍ ആവശ്യമില്ലാതെ വേഗം പടര്‍ന്ന് വളരാന്‍ കഴിയുന്നവയും ഓക്സിജന്‍ ധാരാളം ഉത്പാദിപ്പിക്കുന്നവയുമാകണം തിരഞ്ഞെടുക്കപ്പെടുന്ന സസ്യങ്ങള്‍. വാലിസ്നേറിയ (vallisneria) സാജിറ്റേറിയ (Sagittaria) മിറിയോഫില്ലം (Myriophyllam) എക്കിനോഡോറസ് (Echinodorus) ഹൈഗ്രോഫില (Hygrophila) എന്നിവ ഇതിനു പറ്റിയവയാണ്. ഇവയുടെ പ്രതലാവരണത്തിനു റിക്സിയയും ലെമ്നയും (Riccia & Lemna) ഉപയോഗിക്കപ്പെടുന്നു. ഉള്‍ഭാഗത്തിന് തണല്‍ നല്കുന്ന കാര്യത്തിലും ഈ ചെടികള്‍ പ്രയോജനപ്പെടും.

നൈറ്റെല്ല (Nitella) തുടങ്ങിയ ചില പ്രത്യേകതരം ആല്‍ഗകള്‍ അന്നാംശം കലര്‍ന്നവയും ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നവയും ആകയാല്‍ ഇവ അക്വേറിയങ്ങളുടെ സുസ്ഥിതിക്കു സഹായകമാണെങ്കിലും, ഇക്കൂട്ടത്തിലെ പലതും വെള്ളത്തിനു പച്ചനിറം വരുത്തുകയും മത്സ്യങ്ങളെ നോക്കിക്കാണാന്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രകാശഗതി ക്രമപ്പെടുത്തിയും വെള്ളത്തില്‍ ആവശ്യമായ അഭിക്രിയകള്‍ നടത്തിയും ഇത് പരിഹരിക്കാം. മറ്റു ചിലയിനം ആല്‍ഗകള്‍ (Blue-green algae, Brown Algae) സ്ഫടികച്ചില്ലുകളില്‍ പായല്‍പോലെ പറ്റിപ്പിടിക്കും. ഇവ സ്പോഞ്ച് കൊണ്ടോ തുണിക്കഷണങ്ങള്‍ കൊണ്ടോ തുടച്ചുമാറ്റണം. അടിത്തട്ടില്‍ അടിഞ്ഞുകൂടുന്ന ജൈവപദാര്‍ഥങ്ങള്‍ കൃത്യമായി വെളിയിലേക്ക് വലിച്ചു കളയേണ്ടതാണ്.

സസ്യങ്ങള്‍ വേരുപിടിച്ചുകഴിഞ്ഞാല്‍ ടാങ്കിനെ പ്ലാസ്റ്റിക്കോ പ്ലൈവുഡോ കൊണ്ടുണ്ടാക്കിയ മൂടികൊണ്ടടയ്ക്കുന്നു. ഇതില്‍ ലൈറ്റിംഗിനും എയ്റേഷനും എല്ലാക്രമീകരണങ്ങളും ഉണ്ടാകണം. ഒരു വായുബുദ്ബുദധാര ഇതിനുള്ളിലൂടെ പായിച്ചാല്‍ കൂടുതല്‍ ഓക്സിജന്‍ ഇതിനുള്ളില്‍ ലയിക്കാനും കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുകളയാനും ജലപരിസഞ്ചരണം സുഗമമാക്കാനും കഴിയുന്നു. അക്വേറിയത്തിലെ ജലത്തിന്റെയും മത്സ്യങ്ങളുടെയും ആകര്‍ഷകത്വം വര്‍ധിപ്പിക്കുന്നതിനും നിറഭേദങ്ങള്‍ നല്‍കുന്നതിനും അക്വേറിയം ലൈറ്റുകള്‍ ഉപയോഗിക്കുന്നു. വെള്ളം ചൂടാക്കുന്ന ലൈറ്റുകള്‍ ഒഴിവാക്കണം. എന്നാല്‍ ജലസസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് ലൈറ്റുകള്‍ അത്യാവശ്യമാണ്. ദിവസവും ഏതാനും മണിക്കൂറുകളിലേക്കെങ്കിലും പ്രത്യക്ഷമോ പ്രസാരിതമോ ആയ ഏതെങ്കിലും പ്രകാശം ടാങ്കുകളില്‍ കടത്തിവിടണം. കൃത്രിമപ്രകാശത്തിന് പ്രതിദീപ്തമോ (flourescent) താപദീപ്തമോ (incandescent) ആയ ദീപമാണ് വേണ്ടത്.

വെള്ളത്തിന്റെ താപനില ക്രമപ്പെടുത്തി നിര്‍ ത്തേണ്ടതും വളരെ ആവശ്യമാണ്. ഒരിക്കലും അതു വളരെ ഉയര്‍ന്നു പോകാനിടയാകരുത്. ചൂടുവെള്ളത്തില്‍ മത്സ്യങ്ങള്‍ പെട്ടെന്നു തളര്‍ന്നുപോകും. പച്ചവെള്ളത്തെ അപേക്ഷിച്ച് വളരെ കുറച്ചു ഓക്സിജന്‍ മാത്രമേ ചൂടുവെള്ളമുള്‍ ക്കൊള്ളുന്നുള്ളു. ടാങ്കിലെ ജലത്തിന്റെ താപനില കുറയുന്ന അവസരങ്ങളില്‍ താപനില ക്രമീകരിക്കുന്നതിന് ടാങ്കിന്റെ അരികില്‍ ഹീറ്ററുകളും തെര്‍മോമീറ്ററുകളും സ്ഥാപിക്കാവുന്നതാണ്.

വിവിധതരം മീനുകള്‍ക്ക് ജീവിക്കാന്‍ അനുയോജ്യമായ വിധത്തില്‍ ജലത്തിന്റെ കാഠിന്യത്തിലും (hardness) വ്യത്യാസം വരുത്തേണ്ടതുണ്ട്. അല്‍പം കാഠിന്യമുള്ള ക്ഷാരീയജലമാണ് കുഞ്ഞുങ്ങളെ പെറ്റുവളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് ഉതകുന്നതെങ്കില്‍, മുട്ടയിടുന്നവയ്ക്കു വേണ്ടത് മൃദുവായ അമ്ളജലമാണ്. ജലസ്വഭാവത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ മത്സ്യവൃദ്ധിക്കു പ്രേരകമാകുമെന്നും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.

ടാങ്കിലെ ജലത്തിന്റെ ഗുണമേന്മ ഇടയ്ക്കിടെ പരിശോധിക്കണം. മത്സ്യങ്ങള്‍ പുറന്തള്ളുന്ന അഴുക്കും അവശിഷ്ടങ്ങളും 'അമോണിയ' ഉണ്ടാക്കുന്നവയാണ്. ഇത് ക്രമേണ മത്സ്യങ്ങള്‍ക്ക് ദോഷകരമാകുന്ന 'നൈട്രേറ്റു'കളായി മാറും. ബയോഫില്‍ട്ടര്‍ ശരിയായി ടാങ്കില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ നൈട്രൈറ്റുകളെല്ലാം നൈട്രേറ്റുകളാക്കി മാറ്റപ്പെടുകയും അവ ജലസസ്യങ്ങള്‍ക്ക് പോഷകങ്ങളാകുകയും ചെയ്യും. ജലത്തിന്റെ ഗുണമേന്മ നഷ്ടപ്പെടുകയാണെങ്കില്‍ ടാങ്കില്‍ നിന്നും ജലം മാറ്റണം. ഭാഗികമായോ പൂര്‍ണമായോ മാറ്റേണ്ടതുണ്ടോ എന്നു ശ്രദ്ധാപൂര്‍വം മനസ്സിലാക്കേണ്ടതുണ്ട്. ബയോഫില്‍ട്ടര്‍ നന്നായി പ്രവര്‍ത്തിക്കുന്ന ടാങ്കുകളില്‍ നിന്നും മാസങ്ങളോളം ജലം മാറ്റേണ്ടിവരില്ല. ജലം മാറ്റുന്നതിനും ഒഴിക്കുന്നതിനും കുഴലുകള്‍ ഉപയോഗിച്ച് 'സൈഫണ്‍' ചെയ്യുകയാണ് വേണ്ടത്. ടാങ്കിലേക്ക് ഒഴിക്കുന്ന ജലത്തിന്റെ ഗുണമേന്മ മുന്‍കൂട്ടി ഉറപ്പുവരുത്തിയിരിക്കണം.

ടാങ്കിനു പിന്നില്‍ ചിത്രങ്ങളോടു കൂടിയ വര്‍ണ പോസ്റ്ററുകള്‍ പതിപ്പിച്ച് അഴകും ഭംഗിയും വര്‍ധിപ്പിക്കുന്നു. ഒന്നോ രണ്ടോ ആഴ്ച ബയോഫില്‍ട്ടര്‍ മാത്രം പ്രവര്‍ത്തിപ്പിച്ച് ടാങ്കിനെ പ്രവര്‍ത്തന സജ്ജമാക്കിത്തീര്‍ക്കുന്നു. പ്രവര്‍ത്തന സജ്ജമായ ടാങ്കില്‍ മത്സ്യങ്ങളെ നിക്ഷേപിക്കാം.

അക്വേറിയം സജ്ജീകരിക്കുന്നതിനും സൂക്ഷിക്കുന്നതിനും ആവശ്യമായ വിവിധതരം അനുസാരികള്‍ വാണിജ്യാടിസ്ഥാനത്തില്‍ത്തന്നെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ലോക കമ്പോളത്തില്‍ 500-ലധികം ഇനം അക്വേറിയം അനുസാരികള്‍ ലഭ്യമാണ്. അക്വേറിയം അനുസാരികള്‍ കുടില്‍ വ്യവസായമായും ഫാക്ടറിതലത്തിലും ഉത്പാദിപ്പിക്കുന്നുണ്ട്. കയറ്റിറക്കുമതി കമ്പോളങ്ങളില്‍ അക്വേറിയം അനുസാരികളും ആധുനികതരം അക്വേറിയം ടാങ്കുകളും ലിസ്റ്റ് ചെയ്യപ്പെട്ട ഇനങ്ങളായി മാറിയിട്ടുണ്ട്.

അക്വേറിയം സൂക്ഷിപ്പ് ഒരു ഹോബിയായി ലോകമെമ്പാടും വ്യാപിച്ചതോടെ അലങ്കാര മത്സ്യങ്ങളുടെ വളര്‍ത്തലും വിപണനവും ആദായകരമായ ഒരു തൊഴിലായി മാറിയിട്ടുണ്ട്. വിവിധതരം അലങ്കാരമത്സ്യങ്ങളെ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നതിനുള്ള സാധ്യതകള്‍ വര്‍ധിച്ചതോടെ ശാസ്ത്രീയമായ രീതിയില്‍ അലങ്കാര മത്സ്യകൃഷി നടത്തുന്നതിനുള്ള ബൃഹത്സംരംഭങ്ങള്‍ പല രാജ്യങ്ങളിലും ആവിഷ്കരിച്ചു നടപ്പിലാക്കിവരുന്നുണ്ട്. വിദേശ വിപണികളില്‍ അലങ്കാര മത്സ്യങ്ങള്‍ക്ക് പ്രിയം ഏറിവരുന്നതിനാല്‍ കയറ്റുമതി ലക്ഷ്യമാക്കി വാണിജ്യാടിസ്ഥാനത്തിലുള്ള മത്സ്യകൃഷി ഫാമുകള്‍ പല രാജ്യങ്ങളിലും സ്ഥാപിതമാകുന്നുണ്ട്.

അക്വേറിയങ്ങളിലേക്കാവശ്യമായ അലങ്കാരമത്സ്യങ്ങളെ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അമേരിക്ക, ജര്‍മനി, ഹോളണ്ട്, ഫ്രാന്‍സ്, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ്, സ്വീഡന്‍, ഡെന്മാര്‍ക്ക്, ബല്‍ജിയം, ഇംഗ്ളണ്ട്, ജപ്പാന്‍, ആസ്റ്റ്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവയാണ്. അലങ്കാര മത്സ്യങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിലും കയറ്റുമതിയിലും മുന്നിട്ട് നില്‍ക്കുന്നത് ദക്ഷിണ-പൂര്‍വേഷ്യന്‍ രാജ്യങ്ങളായ ചൈന, ഹോങ്കോങ്, സിംഗപ്പൂര്‍, തായ് ലാന്റ്, തായ് വാന്‍, ഫിലിപ്പിന്‍സ്, ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ്. ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളും വന്‍തോതില്‍ അലങ്കാരമത്സ്യകൃഷി ചെയ്യുകയും മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. അമ്പതു വര്‍ഷങ്ങളിലധികമായി ചുരുങ്ങിയതോതില്‍ ഇന്ത്യയില്‍ നിന്നും അലങ്കാര മത്സ്യങ്ങളെ വിദേശങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്.

അക്വേറിയം ഗാര്‍ഡനിങ്

വിദേശരാജ്യങ്ങളില്‍ അക്വേറിയം സൂക്ഷിപ്പുകാര്‍ക്കിടയില്‍ വളര്‍ന്നു വരുന്ന കൌതുകകരമായ ഒരു ഹോബിയാണ് 'അക്വേറിയം ഗാര്‍ഡനിങ്'. ഗ്ളാസ് അക്വേറിയം ടാങ്കുകളില്‍ അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുക എന്നതിലുപരി ടാങ്കിനുള്ളില്‍ മനോഹരമായ ഒരു ഉദ്യാനം കൂടി സജ്ജീകരിക്കുക എന്നതാണ് അക്വേറിയം ഗാര്‍ഡനിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. അക്വേറിയം ടാങ്കിനുള്ളില്‍ ലാന്‍ഡ്-റോക്ക്-വാട്ടര്‍ സ്കേപ്പിംഗ് നടത്തിയും 'ബുഷ് കാര്‍പ്പറ്റുകള്‍' ഉണ്ടാക്കിയും ടെറാകോട്ട, ചൈനാ ക്ളേ, ഡ്രിഫ്റ്റ്വുഡ് മുതലായവ ഉപയോഗിച്ച് 'സ്ട്രക്ച്ചറു'കളുണ്ടാക്കിയും അക്വേറിയം ഗാര്‍ഡനുകള്‍ മോടിപിടിപ്പിക്കാറുണ്ട്. റോക്ക് ബേസുകളും (rock base) സ്മോക്കറുക(smokers)ളുമുപയോഗിച്ച് വെള്ളച്ചാട്ടങ്ങളും നീരൊഴുക്കുകളും 'ഫോഗും' സൃഷ്ടിച്ച് അക്വേറിയം ഗാര്‍ഡനുകള്‍ ആകര്‍ഷകമാക്കാം.

അക്വേറിയം ഗാര്‍ഡനിങ്ങിനാവശ്യമായ ജലസസ്യങ്ങളുടെ പരിചരണത്തിനുവേണ്ടി കാര്‍ബണ്‍ഡൈഓക്സൈഡ് പിഫ്യൂസറുകള്‍, പ്രത്യേകതരം ലൈറ്റുകള്‍, പ്ളാന്റ് ന്യൂട്രിയന്റുകള്‍ ഗാര്‍ഡന്‍ സെറ്റിംഗുകള്‍ മുതലായവ ഇന്ന് ലഭ്യമാണ്.

അക്വേറിയം-രംഗവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകള്‍ നാള്‍ക്കുനാള്‍ അഭിവൃദ്ധിപ്പെടുകയാണ്. ചൈനക്കാര്‍ രൂപകല്പന ചെയ്ത് പുറത്തിറക്കിയിട്ടുള്ള 'മോള്‍ഡഡ് അക്വേറിയ'ങ്ങളും ഓരോ വ്യക്തിയുടെയും അവരുടെ കുടുംബത്തിന്റേയും ഭാഗ്യ-ഐശ്വര്യ ചിഹ്നമായി വീടുകളില്‍ സൂക്ഷിക്കേണ്ട ഭാഗ്യലക്ഷണമൊത്തതും 'വാസ്തു'-'ഹസ്തരേഖ'-'ജ്യോതിഷ'-'ശാസ്ത്രങ്ങളനുസരിച്ച് രൂപകല്പന ചെയ്തിട്ടുള്ളതുമായി വിശേഷതരം പാം അക്വേറിയ'ങ്ങളും ഭാഗ്യവും ഭാവിയും പ്രവചിക്കുന്ന ഇനം അക്വേറിയം മത്സ്യങ്ങളെ ഭക്ത്യാദരപൂര്‍വം സൂക്ഷിക്കുന്ന ഹോം അക്വേറിയങ്ങളും ചൈന തായ്വാന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രചാരം നേടിക്കഴിഞ്ഞു.

ഒരു സന്തുലിത അക്വേറിയമാണോ നിങ്ങളുടേത് ?

അക്വേറിയം തുടക്കക്കാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് നൈട്രജന്‍ ചംക്രമണത്തിലെ അസന്തുലിതാവസ്ഥ.

അക്വേറിയത്തില്‍ വിഷലിപ്തമായ നൈട്രജന്‍ സംയുക്തങ്ങള്‍ ഉണ്ടാകുന്നത് മത്സ്യങ്ങളുടെയും മറ്റു ജീവികളുടെയും വിസര്‍ജ്ജ്യം, അവശേഷിക്കുന്ന മത്സ്യത്തീറ്റ, സസ്യഭാഗങ്ങള്‍ തുടങ്ങിയവ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനഫലമായി ജീര്‍ണ്ണിച്ചത്തിനു ശേഷമാണ്. അക്വേറിയത്തിലെ ജൈവാവഷിഷ്ടങ്ങള്‍ ജീര്‍ണ്ണിക്കുമ്പോള്‍ ആദ്യമുണ്ടാകുന്ന അമോണിയ പിന്നീട് നൈട്രൈറ്റ്, നൈട്രേറ്റ് തുടങ്ങിയ വിഷപദാര്‍ത്ഥങ്ങളാകുന്നു. സ്വതന്ത്ര അമോണിയ കുറഞ്ഞ അളവില്‍ തന്നെ മത്സ്യങ്ങള്‍ക്ക് ഹാനികരമാണ്. അതുപോലെ തന്നെ നൈട്രൈറ്റും.

ഒരു സുസ്ഥിര അക്വേറിയത്തില്‍ നൈട്രജന്‍ പദാര്‍ത്ഥങ്ങള്‍ അത്ര പ്രശ്നക്കാരനല്ലാത്ത നൈട്രേറ്റ് ആയി രൂപാന്തരപ്പെടുകയും അവ സസ്യങ്ങള്‍ വലിച്ചെടുക്കുകയോ, സ്വതന്ത്ര നൈട്രജനായി അന്തരീക്ഷത്തിലേക്ക് അപ്രത്യക്ഷമാകുകയോ ചെയ്യുന്നു.

ഒരു ശാസ്ത്രജ്ഞനല്ലെങ്കില്‍ പോലും നൈട്രജന്‍ ചംക്രമണത്തെ കുറിച്ചു നന്നായി മനസ്സിലാക്കേണ്ടത് ഏതൊരു അക്വേറിയം ഹോബിയിസ്റ്റിന്റെയും കടമയാണ്‌. നൈട്രജന്‍ ചംക്രമണത്തെ കൂടുതല്‍ അറിയാനായി മാതൃഭൂമി ഒണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം വായിക്കൂ. ഇതിന്റെ pdf രൂപത്തിനായി  ഇവിടെ ക്ലിക്ക് ചെയ്യൂ.

 

സ്വര്‍ണ്ണമത്സ്യം വളര്‍ത്തല്‍ ഒറ്റനോട്ടത്തില്‍ !

സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്താന്‍ ഏതൊരു അക്വേറിയം ഹോബിയിസ്റ്റിനും താത്പര്യം കാണും. എന്നാല്‍ ഈ മത്സ്യങ്ങള്‍ക്ക് വളരെയധികം പരിചരണം ആവശ്യമാണ് . സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒറ്റനോട്ടത്തില്‍ ചുവടെ.

ജലതാപനില : 20 മുതൽ 22 ഡിഗ്രി സെൽഷ്യസ്

pH: 7-8

ജലത്തിന്റെ കാഠിന്യം (GH): 10-16

പൂർണ്ണവളർച്ചയെത്തിയ മത്സ്യങ്ങളുടെ വലിപ്പം: ഇനത്തിനനുസരിച്ച് 40 സെ. മീ. വരെ

അക്വേറിയത്തിന്റെ വലിപ്പം: പെരുവിരലിന്റെ വലിപ്പമുള്ള രണ്ടു സ്വർണ്ണമത്സ്യങ്ങൾക്ക് കുറഞ്ഞതു 30 ലിറ്റർ, ഓരോ ഇഞ്ചു നീളം കൂടും തോറും 4-5 ലിറ്റർ അധികം

ഒരുമിച്ചിടാവുന്ന മറ്റു മത്സ്യങ്ങൾ: ചടുലമായി നീന്തുന്ന ഇനങ്ങളോടൊപ്പം മാത്രം സീബ്ര മത്സ്യങ്ങൾ, നിയോൺ ടെട്രകൾ, കോറിഡോറസുകൾ

ആഹാരക്രമം: ഉണങ്ങിയ മത്സ്യത്തീറ്റ, ജീവനുള്ള മത്സ്യത്തീറ്റകൾ, വേവിച്ച് തൊലി കളഞ്ഞ പട്ടാണിപയർ

ആയുർദൈർഘ്യം: 10-15 വർഷങ്ങൾ (അപൂർവ്വമായി 20 വർഷങ്ങൾ വരെ)

അടിത്തട്ടിലെ മാധ്യമം: ചരൽ

അക്വേറിയത്തിലെ അലങ്കാര വസ്തുക്കൾ: ഗുണമേന്മയുള്ള നിറം പോകാത്ത കൂർത്ത വശങ്ങളില്ലാത്ത വസ്തുക്കൾ, ഡ്രിഫ്റ്റ് വുഡുകൾ, പാറക്കല്ലുകൾ

മറ്റു നിർദ്ദേശങ്ങൾ: യഥാസമയമുള്ള അക്വേറിയം പരിപാലനം പ്രധാനം, തുടക്കക്കാർ ധാരാളം വിവരങ്ങൾ ശേഖരിച്ചതിനു ശേഷം മാത്രം വളർത്താൻ തുടങ്ങുക

സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, അവയുടെ ഭക്ഷണ ക്രമം, മുറിയില്‍ അക്വേറിയത്തിന്‍റെ സ്ഥാനം, എന്നിങ്ങനെ സ്വര്‍ണ്ണമത്സ്യ അക്വേറിയം എങ്ങനെ വിജയകരമായി സ്ഥാപിക്കാം എന്നതിനെ കുറിച്ച് കൂടുതലായറിയാന്‍ മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ‘സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്തുമ്പോള്‍’ എന്ന ലേഖനം വായിക്കൂ. ഇതിന്‍റെ പിഡിഎഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

നിങ്ങൾ പുതുതായി അക്വേറിയം തുടങ്ങിയോ? ശ്രദ്ധിക്കൂ….

വര്‍ണ്ണമത്സ്യം വളര്‍ത്തലില്‍ താത്പര്യമുള്ള രണ്ടു സുഹൃത്തുക്കളെ ഈയിടെ അക്വേറിയം സെറ്റ് ചെയ്യാന്‍ സഹായിച്ചിരുന്നു. അവര്‍ കബൊംബ, വാലിസ്നേറിയ തുടങ്ങിയ ചെടികളേയും, ഗപ്പി, സ്വോര്‍ഡ് ടെയില്‍ എന്നി മത്സ്യങ്ങളേയും ആണ് തെരഞ്ഞെടുത്തത്. അത്യുത്സാഹത്തോടെ ഹോബി തുടങ്ങിയ ആ ദമ്പതികള്‍…..രണ്ടാഴ്ച കഴിഞ്ഞതെയുള്ളൂ, പുതിയ അക്വേറിയത്തിലെ ചില പ്രശ്നങ്ങള്‍ അവതരിപ്പിച്ചു.

മത്സ്യങ്ങള്‍ പലപ്പോഴും ജലനിരപ്പിനു തൊട്ടു താഴെ ഉദാസീനരായി നീന്തല്‍ മറന്നത് പോലെ നില്‍ക്കുന്നതായും, അവ ടാങ്കിലുള്ള വസ്തുക്കളിലെ കൂര്‍ത്ത വശങ്ങളില്‍ ദേഹം ഉരസുന്നതായും ശ്രദ്ധയില്‍പ്പെട്ടു. തുടക്കത്തില്‍ ഒരു മത്സ്യത്തിലായിരുന്നു ഇത് കണ്ടെതെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എല്ലാ മത്സ്യങ്ങളും ഈ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. ആദ്യം ഇക്ക് (Ichthyophthirius multifiliis) മുതലായ പരാദങ്ങള്‍ ആണെന്നാണ്‌ സംശയിച്ചത്. പക്ഷെ വിശദാംശങ്ങള്‍ ചോദിച്ചപ്പോഴാണ് മനസ്സിലായത് അവര്‍ പുതുതായി വീണ്ടും മത്സ്യങ്ങളെ ടാങ്കില്‍ നിക്ഷേപിച്ചു എന്ന്. അക്വേറിയം സെറ്റ് ചെയ്തിട്ട് രണ്ടാഴ്ച പോലും ആയിട്ടില്ലായിരുന്നു.

 

പുതുതായി അക്വേറിയം തുടങ്ങുമ്പോള്‍ ടാങ്കിലെ നൈട്രജന്‍ ചംക്രമണം സുസ്ഥിരമാകാന്‍ നാല് മുതല്‍ എട്ടു ആഴ്ചയെങ്കിലും വേണം. ഇനി അഥവാ സുസ്ഥിരമായ ഒരു അക്വേറിയം ആണെങ്കില്‍ കൂടി പുതുതായി മത്സ്യങ്ങളെ നിക്ഷേപിക്കുമ്പോള്‍ ടാങ്കിലെ നൈട്രജന്‍ ചംക്രമണത്തിനു താളം തെറ്റാനിടയുണ്ട്. ഇവരുടെ പ്രശ്നം അക്വേറിയം സ്ഥാപിച്ച് അത് സുസ്ഥിരമാകുന്നതിനു മുന്‍പ് തന്നെ കൂടുതല്‍ മത്സ്യങ്ങളെ നിക്ഷേപിച്ചു എന്നതാണ്.

അക്വേറിയത്തിലെ ജൈവ ചംക്രമണത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ് ഈ പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം. അക്വേറിയം ഹോബിയില്‍ പരാജയപ്പെടാതിരിക്കാന്‍  നൈട്രജന്‍ ചംക്രമണത്തെ കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.

എന്താണ് അക്വേറിയത്തിലെ നൈട്രജന്‍ ചംക്രമണം, സുസ്ഥിരമാല്ലാത്ത ഒരു അക്വേറിയത്തില്‍ കാണാവുന്ന പ്രശ്നങ്ങള്‍ ഇവയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ‘അക്വേറിയത്തിലെ നൈട്രജന്‍ ചംക്രമണം’ എന്നാ ലേഖനം വായിക്കൂ. ഈ ലേഖനത്തിന്റെ pdf രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

അക്വേറിയത്തില്‍ ഏറ്റവും എളുപ്പം വളര്‍ത്താവുന്ന ജലസസ്യം

അക്വേറിയത്തില്‍ മത്സ്യങ്ങളോടൊപ്പം ജലസസ്യങ്ങള്‍ വളര്‍ത്തി വര്‍ണ്ണഭംഗി കൂട്ടാന്‍ എല്ലാ അക്വേറിയം ഹോബിയിസ്റ്റുകളും  താത്പര്യപ്പെടും. ടാങ്കിന്റെ പുറകിലായി വച്ച് പിടിപ്പിച്ച് അക്വേറിയത്തിന്റെ പച്ചപ്പ്‌ കൂട്ടാന്‍ പറ്റിയ ചെടികളിലൊന്നാണ്  വാലിസ്നേറിയകള്‍. ഇവയെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒറ്റനോട്ടത്തില്‍ ചുവടെ.

പ്രകാശ തീവ്രത : 0.5-2.5 വാട്ട്സ് ഒരു ഗാലണ് എന്ന തോതിൽ

ജലതാപനില  : 25-30ഡിഗ്രി സെൽഷ്യസ്

pH :  6-7.5

ജലത്തിന്റെ കാഠിന്യം : 15 ഓ അതിലല്പം താഴെയോ

അക്വേറിയത്തിന്റെ വലിപ്പം : പ്രശ്നമല്ല

അക്വേറിയത്തിലെ സ്ഥാനം : പിൻഭാഗം

പ്രജനനം : മുഖ്യമായും വല്ലരികളിലൂടെ, വിത്തു വഴി

വളർച്ചയെ ത്വരിതപ്പെടുത്തുന്ന പോഷകങ്ങൾ : പ്രത്യേകിച്ച് നിർബന്ധങ്ങളൊന്നുമില്ല

മറ്റു ചെടികൾക്കെതിരെയുള്ള രാസകങ്ങൾ : ഫീനോളിക് സംയുക്തങ്ങളും ആൽക്കലോയിഡുകളും

വേരുകൾ : ഭൂകാണ്ടത്തിൽ നിന്നും വെളുത്തു നാരുകൾ പോലെ

ഇലകളുടെ നിറം : പച്ച

ഇലകളുടെ സ്ഥാനം, ആകൃതി : ഭൂകാണ്ഡത്തിനു തൊട്ടു മുകളിൽ നിന്നു നാടകൾപോലെ

പൂക്കൾ : ഭൂകാണ്ഡത്തൊടു ചേർന്നുണ്ടാകുന്ന ആൺപൂക്കൾ, സ്പ്രിംഗ് പോലെയുള്ള തണ്ടുകളിൽ കാണുന്ന പെൺപൂക്കൾ

കാർബൺ ഡൈ ഓക്സൈഡ് : വേണമെന്നില്ല

വെള്ളത്തിനു പുറത്ത് വളർത്താമോ? : ഇല്ല, പൂർണ്ണമായും മുങ്ങിക്കിടന്ന് വളരുന്ന ചെടി

മറ്റ് നിർദ്ദേശങ്ങൾ : തുടക്കക്കാർക്ക് വളരെ യോജിച്ചത്

ഒരു വാലിസ്നേറിയ പ്രശ്നം

‘വാലിസ്നേറിയ എന്ന ആരൽപുല്ല് ‘ വായിച്ച ഒരു അക്വേറിയം ഹോബിയിസ്റ്റിന്റെ സംശയങ്ങളും അതിനു ലേഖകന്‍ നല്‍കിയ മറുപടികളും, അക്വേറിയം ഹോബി ഇഷ്ടപ്പെടുന്നവര്‍ക്കായി ഇവിടെ ചേര്‍ക്കുന്നു.

Sanjeev1asv:
ഇവിടെ എനിക്ക് വാലിസ്നേറിയയെ കുറിച്ച് വിശദമായി അറിയാന്‍ സാധിച്ചു. ഞാന്‍ എന്റെ വീട്ടിലുള്ള അക്വേറിയത്തിലും ഈ ചെടി നട്ടിടുണ്ട്. ആദ്യം അത് നല്ലതുപോലെ വളര്‍ന്നു. ഇപ്പൊൾ അത് വെള്ളത്തിന്റെ മുകളില്‍ പാറി കിടക്കുന്നുണ്ട്. എന്നാല്‍ അതില്‍ പുതിയ ഒരു തൈ വരുകയോ, ഉള്ള ചെടിയില്‍ നിന്നും പുതിയ ഇലകള്‍ വരുകയോ ചെയ്യുന്നില്ല. അക്വേറിയത്തിൽ ഞാന്‍ 2 ട്യൂബ് ലൈറ്റ് ആണ് കൊടുത്തിരിക്കുന്നത്‌. എന്നിട്ടും ചെടിയുടെ വളർച്ച മുന്നോട്ടില്ല. എന്താണ് ഇതിനു കാരണം?

VarnaMalsyangal :
ഇനി ചോദിക്കുന്ന വിവരങ്ങള്‍ തരാമോ?
– അക്വേറിയത്തിന്റെ വലിപ്പം, ട്യൂബ് ലൈറ്റുകള്‍ എത്ര വാട്ട്സിന്റെ, എത്ര എണ്ണം? ഏതൊക്കെ മത്സ്യങ്ങള്‍, എത്രയെണ്ണം ഉണ്ട്?
– അക്വേറിയം സെറ്റ് ചെയ്തിട്ട് എത്ര കാലമായി ? എത്ര കാലം കൂടുമ്പോള്‍ വെള്ളം മാറ്റാറുണ്ട്?
– അക്വേറിയത്തിന്റെ അടിത്തട്ടില്‍ ഇട്ടിരിക്കുന്ന മാധ്യമം ഏതൊക്കെ? എവിടെ നിന്നാണ് അക്വേറിയം ആവശ്യങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നത്?
– വാലിസ്നേറിയ നട്ടതിനു ശേഷം ഒരിക്കലെങ്കിലും വല്ലരികള്‍ മുളക്കുന്നത്‌ കണ്ടിട്ടുണ്ടോ? നട്ട ചെടികളുടെ ഭൂകാണ്ഡം ചരലിനു / മണലിനു മീതെ കാണാമോ?

Sanjeev1asv:
3 അടി നീളം, 1.5 അടി ഉയരം, 1 അടി വീതി. 2 ട്യൂബ് ലൈറ്റ് കൊടുത്തിട്ടുണ്ട്‌. എത്ര വാട്ട്സ് ആണ് എന്ന് കൃത്യമായി അറിഞ്ഞുകൂട. ഇപ്പോള്‍ അതില്‍ ഉള്ളത്  6 പ്ലാറ്റി മത്സ്യം, ഒരു ഷാർക്ക്, ഒരു ലോച് എന്നിവയാണ്. ഏതാണ്ട് ഒരു വര്‍ഷത്തോളം ആയി അക്വേറിയം സെറ്റ് ചെയ്തിട്ട്. സ്ഥിരമായി എല്ലാ ഞായറാഴ്ച്ചകളിലും ഞാന്‍ വെള്ളം മാറ്റാറുണ്ട് (അക്വേറിയത്തിന്റെ 25 % വെള്ളം). അക്വേറിയത്തില്‍ ഏറ്റവും അടിയിലായി മണ്ണ് ഇട്ടിടുണ്ട്. അതിന്റെ മുകളില്‍ സാധാരണ അക്വേറിയം ഗ്രാവലും ഉണ്ട്. ഇതില്‍ നിറക്കുന്നത് കുഴല്‍ കിണറില്‍ നിന്നും ഉള്ള വെള്ളമാണ്. ചില ചെടികളുടേ ഭൂകാണ്ഡം മുകളില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ആദ്യം വാലിസ്നേറിയ നട്ടതിനു ശേഷം കുറച്ചു കാലം വല്ലരികള്‍ മുളക്കുന്നത്‌ കണ്ടു. ഇപ്പോള്‍ ഇല്ല.

VarnaMalsyangal :
സെറ്റ് ചെയ്തു വളരെക്കാലമായി തുടരുന്ന താങ്കളുടെ അക്വേറിയത്തെ അങ്ങനെ തന്നെ നിലനിര്‍ത്തിക്കൊണ്ട് , എങ്ങനെ ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താം എന്നാണ് ഇനി പറയാന്‍ പോകുന്നത്.

എത്ര വാട്ട്സ് ആണ് ട്യൂബ് ലൈറ്റുകള്‍ എന്ന് താങ്കള്‍ക്കു കണ്ടുപിടിക്കാന്‍ കഴിയാതിരുന്നത് കാലപ്പഴക്കം കൊണ്ടാണ്. എങ്കിൽ അവ മാറ്റുവാന്‍ സമയമായി എന്നനുമാനിക്കാം. സാധാരണ ഗതിയില്‍ ട്യൂബ് ലൈറ്റുകള്‍ വര്‍ഷങ്ങളോളം ഫ്യൂസ് ആകാതെ ഇരിക്കും. പക്ഷെ അവ നല്‍കുന്ന വെളിച്ചത്തിന്റെ ഗുണമേന്മ കുറഞ്ഞു
കൊണ്ടിരിക്കുകയും ചെയ്യും. ഇത് നമുക്ക് നേരിട്ട് മനസ്സിലാക്കാനാകില്ല. മുറികള്‍ക്കും മറ്റും വെളിച്ചം കിട്ടാന്‍ ഈ ഗുണമേന്മ ഒരു പ്രശ്നമല്ലെങ്കിലും ഒരു അക്വേറിയത്തില്‍ കാലപ്പഴക്കം ചെന്ന ട്യൂബ് ലൈറ്റിന്റെ ഉപയോഗം ചെടികളുടെ വളര്‍ച്ചയെ ബാധിക്കും. ഓരോ ഒന്‍പതു-പത്തു മാസങ്ങള്‍ കൂടുമ്പോള്‍ ചെടികളുള്ള അക്വേറിയത്തിലെ ട്യൂബ് ലൈറ്റുകള്‍ മാറ്റുന്നത് നല്ലതാണ്. ഇവയെ വീട്ടിലെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. അതിനാല്‍ ആദ്യം അക്വേറിയത്തിലെ ട്യൂബ് ലൈറ്റുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുക. താങ്കളുടെ ടാങ്കിനു 18 വാട്ട്സ് വീതമുള്ള രണ്ടു കൂള്‍ വൈറ്റ് ട്യൂബ് ലൈറ്റുകള്‍ മതിയാകും. വാലിസ്നേറിയകള്‍ മാത്രമാണ് വളര്‍ത്തുന്നതെങ്കില്‍ ഫിലിപ്സിന്റെ TL-D Super 80 Linear fluorescent tube, 18W, G13, Cool white ഉപയോഗിക്കാം.

താങ്കള്‍ ഉപയോഗിക്കുന്നത് കുഴല്‍ കിണറിലെ വെള്ളം ആണല്ലോ. പലപ്പോഴും ഇത്തരം വെള്ളത്തില്‍ പല ധാതുക്കളും കൂടിയ അളവില്‍ ലയിച്ചു ചേര്‍ന്നിരിക്കാന്‍ സാധ്യതയുണ്ട്. വെള്ളം പരിശോധിച്ച് നോക്കിയാലെ കൃത്യമായി പറയാനാകൂ. ഇതേ വെള്ളം താങ്കള്‍ മറ്റൊരു അക്വേറിയത്തില്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിലെ
ചെടികളുടെ വളര്‍ച്ച നോക്കി വെള്ളത്തിന്റെ ഗുണം ഒരു പരിധിവരെ മനസ്സിലാക്കാം. പക്ഷെ എന്തായാലും ഇതിനു പകരം മറ്റൊരു സ്രോതസ്സ് പരീക്ഷിക്കുന്നത് നന്നായിരിക്കും. തുറന്ന കിണറിലെ വെള്ളം കിട്ടുകയാണെങ്കില്‍ അത് ഉപയോഗിച്ച് നോക്കാം. അല്ലെങ്കില്‍ ടാപ്പ് വെള്ളം ഒരു രാത്രി മുഴുവന്‍ പരന്ന പാത്രത്തില്‍ തുറന്നു വെച്ചു ഒരു എയ്റേറ്റര്‍ ഉപയോഗിച്ചു വായു കുമിളകള്‍ ഉണ്ടാക്കി ക്ലോറിന്‍ അംശങ്ങള്‍ പോയി എന്ന് ഉറപ്പു വരുത്തിയ ശേഷം ഉപയോഗിക്കാം. ആഴ്ചയില്‍ താങ്കള്‍ക്ക് ഉദ്ദേശം മുപ്പതു ലിറ്റര്‍ വെള്ളം മാത്രമേ ആവശ്യമായി വരൂ.

അക്വേറിയത്തിന്റെ അടിത്തട്ടില്‍ മണ്ണ് ഉള്ളതിനാല്‍ താങ്കള്‍ വെള്ളം മാറ്റുമ്പോള്‍ ചരല്‍ സൈഫണ്‍ ചെയ്തു വൃത്തിയാക്കാറില്ല എന്ന് തോന്നുന്നു. അങ്ങനെയാണെങ്കില്‍ ചരലിലെ കറുത്ത ചളിയില്‍ നിന്നും ധാരാളം നൈട്രേറ്റ്  ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. എപ്പോഴെങ്കിലും താങ്കള്‍ അക്വേറിയത്തിലെ നൈട്രേറ്റിന്റെ അളവ് പരിശോധിച്ചിട്ടുണ്ട് എങ്കില്‍ അവ കൂടുതലാണെന്ന് കാണാം. നൈട്രേറ്റിന്റെ കൂടിയ അളവ് മത്സ്യങ്ങളെയും ചെടികളെയും ബാധിക്കാറുണ്ട്. അതിനാല്‍ അടുത്ത തവണ വെള്ളം മാറ്റുമ്പോള്‍ ഒരു സൈഫണ്‍
ഉപയോഗിച്ച് അടിത്തട്ടിനു മുകള്‍ ഭാഗത്തെ ചരല്‍ വൃത്തിയാക്കാന്‍ ശ്രമിക്കുക. ഇത് ചെയ്യുന്നതിന് ഒരു മാസം മുന്‍പെങ്കിലും ഒരു നല്ല പവര്‍ ഹെഡ് ഉള്ള സ്പോഞ്ച് ഫില്‍റ്റര്‍ വാങ്ങി അക്വേറിയത്തില്‍ സ്ഥാപിക്കുക. സൈഫൺ, ചരലില്‍ കൂടുതല്‍ ആഴത്തിലേക്ക് കൊണ്ടുപോയാല്‍ അടിയിലെ മണ്ണ് പൊങ്ങി വന്നു അക്വേറിയം വൃത്തികേടാകും എന്നതിനാല്‍ വളരെ സൂക്ഷിച്ചു വേണം സൈഫണ്‍ ഉപയോഗിക്കാന്‍. ഈ സമയം മത്സ്യങ്ങളെ മറ്റൊരു അക്വേറിയത്തിലേക്കോ പ്ലാസ്റ്റിക് ബക്കറ്റിലേക്കോ മാറ്റുന്നത് നന്നായിരിക്കും. മേല്‍ഭാഗത്തെ
ചരല്‍ വൃത്തിയാക്കിയ ശേഷം പുതിയ വെള്ളം നിറച്ച് ഒരു ദിവസത്തിന് ശേഷം മത്സ്യങ്ങളെ ഇടാം.

ടാങ്ക് വൃത്തിയാക്കി ഒരാഴ്ച കഴിഞ്ഞ് വാലിസ്നേറിയകളെ എല്ലാം ശ്രദ്ധയോടെ പിഴുതെടുക്കുക. അവയിലെ പഴകി ദ്രവിച്ച ഇലകള്‍ നീക്കം ചെയ്ത ശേഷം, ഒന്നൊന്നായി ഭൂകാണ്ടം ചരലിനു മുകളില്‍ വരത്തക്ക വിധം നടുക. വെള്ളം
കലങ്ങുകയാണ് എങ്കില്‍ 50 ശതമാനം വെള്ളം മാറ്റി പുതിയ വെള്ളം ഒഴിച്ച് കൊടുക്കുക. ഒരു മാസത്തിനു ശേഷം വീണ്ടും നൈട്രേറ്റ് പരിശോധിച്ച് അധികമെന്ന് കണ്ടാൽ, വാലിസ്നേറിയകളെ പിഴുതു മാറ്റാതെ, ചരല്‍ വൃത്തിയാക്കല്‍ ആവര്‍ത്തിക്കുക. ഇത്രയും ചെയ്യുകയാണെങ്കില്‍ വാലിസ്നേറിയ താങ്കളുടെ അക്വേറിയത്തില്‍ തഴച്ചു വളരും.

 

നാടപ്പുല്ലും ആരല്‍ മത്സ്യങ്ങളും !

കുട്ടിക്കാലത്ത് അക്വേറിയം കടകളില്‍ നിന്ന് വാലിസ്നേറിയകള്‍ വാങ്ങി അക്വേറിയത്തില്‍ നട്ടു വളര്‍ത്താന്‍ തുടങ്ങിയതിനു ശേഷമാണ് കല്ലേപ്പുള്ളിയിലെ കനാലുകളില്‍ കാണുന്ന ആരല്പുല്ല്, ഇതേ ചെടി തന്നെയാണെന്ന് മനസ്സിലായത്‌ . വേനല്‍ക്കാലത്ത് കനാലുകളിലെ വെള്ളം കുറയുമ്പോള്‍ മാത്രമാണ് , ഒഴുക്കിനനുസരിച്ച് ഇളകിയാടുന്ന ഈ സുന്ദരന്‍ ചെടികള്‍ ശ്രദ്ധയില്‍പ്പെടുക!

കേരളത്തിലെ ജലാശയങ്ങളിൽ പൊതുവെ കാണപ്പെടുന്ന ഇവ, പലപ്പോഴും ആരൽപുല്ല്, നാടപ്പുല്ല്, കനാൽചണ്ടി എന്നിങ്ങനെയുള്ള പ്രാദേശിക പേരുകളിലും അറിയപ്പെടുന്നു. ഇതിനു രസകരമായ പല കാരണങ്ങളും ഉണ്ട്. വാലിസ്നേറിയകളില്‍  നീണ്ട നാടകള്‍ പോലെയുള്ള ഇലകള്‍ ഉള്ളതിനാലാകാം, ഈ ചെടിക്ക്  നാടപുല്ല് എന്ന പേര്‍ വീണത്‌. ആരല്‍ മത്സ്യങ്ങളോട് ഇവക്കുള്ള സാമ്യം കാരണം ഇവയ്ക്ക് ആരല്‍പുല്ല് എന്ന പേരും കിട്ടി. പേരിനെ അന്വര്‍ത്ഥമാക്കും വിധം ധാരാളം ആരല്‍ മത്സ്യങ്ങളും ഇവക്കിടയില്‍ താമസമാക്കാറുണ്ട്.  ഈ ടയര്‍ ട്രാക്ക് ആരല്‍ മത്സ്യങ്ങളെ പിടിക്കാനെത്തുന്ന മീന്‍പിടുത്തക്കാരുടെ ഭാഷയില്‍, വെള്ളത്തിനടിയില്‍ കുറ്റിക്കാടുകള്‍ പോലെ വളരുന്ന ചെടികള്‍ ‘കനാല്‍ചണ്ടി’യും ആയി!

ഉഷ്ണ-സമശീതോഷ്ണ മേഖലകളില്‍ സുലഭമായ ഈ ജലസസ്യം പക്ഷികള്‍ക്കും മറ്റു ജല ജീവികള്‍ക്കും  വാസസ്ഥലവും ഭക്ഷണവും പ്രദാനം ചെയ്യുന്നുണ്ട്. ക്യാന്‍വാസ് -ബാക്ക് താറാവുകള്‍ അഥവാ എയ്തിയ വാലിസ്നേരിയെ  എന്നറിയപ്പെടുന്ന ദേശാടന പക്ഷികള്‍ക്ക് ആ ശാസ്ത്രീയ നാമം ലഭിച്ചത് തന്നെ, അവ  വാലിസ്നേറിയകളെ ഭക്ഷണമാക്കുന്നതുകൊണ്ടാണ്. അങ്ങനെ പ്രകൃതിയിലെ ഭക്ഷ്യശൃംഖലയുടെ  ഒരു ഭാഗം കൂടിയാണ് വാലിസ്നേറിയ.

കബൊംബ ചെടികളില്‍ നിന്നും വ്യത്യസ്തമായി വാലിസ്നേറിയകളെ ഒരു കളയായി പറഞ്ഞു കേള്‍ക്കാറില്ല. മാത്രമല്ല, വാലിസ്നേറിയകള്‍ നിബിഡമായി വളര്‍ന്ന്  ജലാശയങ്ങളിലെ അടിമണ്ണൊലിപ്പ് തടഞ്ഞു ജാലാവാസ വ്യവസ്ഥയെ ക്രമീകരിക്കുന്നതിനാല്‍, പ്രകൃതി സംരക്ഷണത്തിലും ഒരു പങ്കു വഹിക്കുന്നുണ്ട്

ആന്റോണിയോ വാലിസ്നേറി എന്ന പ്രകൃതിസ്നേഹിയുടെ പേരില്‍ അറിയപ്പെടുന്ന വാലിസ്നേറിയ ചെടികള്‍ അക്വേറിയം ഹോബിയിസ്റ്റുകള്‍ക്ക് സുപരിചിതമാണ്. വാലിസ്നേറിയയെ അക്വേറിയത്തില്‍ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും അവയുടെ പ്രജനനത്തെയും കുറിച്ചും കൂടുതല്‍ അറിയാന്‍  മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ‘വാലിസ്നേറിയ എന്ന ആരല്‍പുല്ല്’ വായിക്കൂ. ഇതിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

സ്വര്‍ണ്ണമത്സ്യം വളര്‍ത്തണമെങ്കില്‍ ചക്രവര്‍ത്തിയാകണം!

അലങ്കാരമത്സ്യങ്ങളില്‍ ഗപ്പികള്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രചാരമുള്ളവയാണ്, ചെമപ്പും  ഓറഞ്ചും  മഞ്ഞയും എന്ന് വേണ്ട, കറുപ്പ് നിറത്തില്‍ വരെ ലഭ്യമായ സ്വര്‍ണ്ണമത്സ്യങ്ങള്‍.

ഇന്ന് നമ്മുടെ അക്വേറിയങ്ങളില്‍ സുലഭമായ സ്വര്‍ണ്ണവും ചെമപ്പും നിറങ്ങളുള്ള സ്വര്‍ണ്ണമത്സ്യങ്ങള്‍, ഒരു കാലത്ത് ചൈനയിലെ ചക്രവര്‍ത്തിമാരുടെ മാത്രം കുത്തകയായിരുന്നുവത്രെ. എളുപ്പം പ്രജനനം ചെയ്യിക്കാവുന്ന മഞ്ഞ നിറമുള്ള മത്സ്യങ്ങളെ മാത്രമേ അക്കാലത്തെ സാധാരക്കാര്‍ക്ക് വളര്‍ത്താന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. പ്രത്യേകം സജ്ജമാക്കി കൊത്തുപണികള്‍ കൊണ്ടലങ്കരിച്ച തടാകങ്ങളിലായിരുന്നു,  തങ്ങളുടെ ഇഷ്ടമത്സ്യങ്ങളെ ചക്രവര്‍ത്തിമാര്‍ വളര്‍ത്തിയത് !

ഇത്തരം ഒരവസ്ഥ തന്നെയായിരുന്നു ഏറെക്കുറെ ജപ്പാനിലും. സ്വര്‍ണ്ണമത്സ്യങ്ങള്‍ക്ക് അത്ഭുതശക്തികളുണ്ടെന്നും അവ ഭാഗ്യം കൊണ്ട് വരുമെന്നും ജാപ്പനീസ് ചക്രവര്‍ത്തിമാര്‍ വിശ്വസിച്ചു!  ജപ്പാനില്‍ ഈയടുത്തകാലം വരെ സമൂഹത്തിലെ ഒരു കുടുംബത്തിന്റെ സ്ഥാനം, അവര്‍ എങ്ങനെ സ്വര്‍ണ്ണമത്സ്യങ്ങളെ പരിപാലിക്കുന്നു എന്നതിനെ ആശ്രയിച്ചിരുന്നു എന്ന് പറഞ്ഞാല്‍, അതിശയിക്കേണ്ടതില്ല.

സ്വര്‍ണ്ണമത്സ്യങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത മണ്‍പാത്രങ്ങളും ശില്പങ്ങളും ചൈനയില്‍ പ്രസിദ്ധമായിത്തുടങ്ങിയത്, മിങ്ങ്‌ ചക്രവര്‍ത്തിമാരുടെ കാലം മുതലാണ്‌.

സ്വര്‍ണ്ണമത്സ്യങ്ങള്‍ ആലേഖനം ചെയ്ത കമനീയ വസ്തുക്കള്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് തുടങ്ങിയതാണെങ്കിലും, ഇന്നവ ഇന്ന് പരമ്പരാഗത ചൈനീസ്, ജാപ്പനീസ് കലകളുടെ ഭാഗമായിരിക്കുന്നു.

ചെമപ്പും ഓറഞ്ചും കറുപ്പും നിറങ്ങളിലുള്ള ഈ സ്വര്‍ണ്ണമത്സ്യങ്ങളെ എത്ര കണ്ടാലാണ്‌  മതി വരിക!

സ്വര്‍ണ്ണമത്സ്യങ്ങള്‍ ഉണ്ടായതെങ്ങനെ ?

സ്വര്‍ണ്ണമത്സ്യങ്ങള്‍ ഉണ്ടായതെങ്ങനെയെന്നു എത്രപേര്‍ക്ക് അറിയാം?

അക്വേറിയം ഹോബിയിലുള്ള ഏതൊരാളും എപ്പോഴെങ്കിലും സ്വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്തിക്കാണും. തുടക്കാരും മിക്കപ്പോഴും അക്വേറിയം കടയിലെത്തി ആദ്യം ചോദിക്കുന്നത് സ്വര്‍ണ്ണ മത്സ്യങ്ങളെയാണ്. സ്വര്‍ണ്ണ മത്സ്യങ്ങളെ വെല്ലുംവിധം പ്രശസ്തിയുള്ള വര്‍ണ്ണ മത്സ്യങ്ങള്‍ വേറെ ഇല്ലെന്നുതന്നെ പറയാം.

സ്വര്‍ണ്ണവര്‍ണ്ണം മുതല്‍ ഓറഞ്ച്, മഞ്ഞ, ചെമപ്പ്, കറുപ്പ് എന്നി നിറങ്ങളില്‍ വരെയുമുള്ള സ്വര്‍ണ്ണമത്സ്യങ്ങള്‍ ഇന്ന് ലഭ്യമാണ്.  പക്ഷെ ഈ സുന്ദരന്‍ മത്സ്യങ്ങള്‍ പ്രകൃത്യാ കാണപ്പെടുന്നവയല്ല എന്നറിയുന്നവര്‍ ചുരുക്കം. പുരാതന ചൈനയില്‍ ഭക്ഷ്യാവശ്യത്തിനായി വളര്‍ത്തി വന്നിരുന്ന കാര്‍പ്പ് മത്സ്യങ്ങള്‍ക്ക് ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ചാണ് സ്വര്‍ണ്ണമത്സ്യങ്ങള്‍ ഉണ്ടായത്.

സ്വര്‍ണ്ണനിറമുള്ള  ഒരു കാര്‍പ്പ് മത്സ്യത്തെ താഴെ കാണാം. ഈ മത്സ്യം സ്വര്‍ണ്ണമത്സ്യങ്ങളുടെ പൂര്‍വ്വികരായ പ്രഷ്യന്‍ കാര്‍പ്പ് ആണ്.

ഒരു കൂട്ടം ജനിതകവ്യതിയാനങ്ങള്‍ തീന്‍മേശയില്‍ നിന്നും രക്ഷിച്ച പ്രഷ്യന്‍ കാര്‍പ്പുകളില്‍ നിന്നും നാം ഇന്ന് കാണുന്ന വിവിധ നിറങ്ങളിലും ആകൃതിയിലും ഉള്ള സ്വര്‍ണ്ണമത്സ്യങ്ങള്‍ എങ്ങനെയുണ്ടായി എന്നറിയാന്‍ കൌതുകം തോന്നുന്നില്ലേ

സഫലമീ അക്വേറിയം ഹോബി

അക്വേറിയം ഹോബി വിജയിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ  കുറിച്ചു മാതൃഭുമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ‘വര്‍ണ്ണമത്സ്യങ്ങള്‍ നിങ്ങളെ നിരാശപ്പെടുത്തുന്നുവോ?’ എന്ന ലേഖനം വായിക്കൂ. ഈ ലേഖനത്തിന്റെ pdf രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.തുടക്കക്കാരും അതുപോലെ തന്നെ പരിചയസമ്പന്നരായ അക്വേറിയം ഹോബിയിസ്റ്റുകളും ശ്രദ്ധ കൊടുക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം .

1. അക്വേറിയം പരിപാലനത്തെക്കുറിച്ചുള്ള ഒരു അടിസ്ഥാന പുസ്തകമെങ്കിലും വായിക്കാന്‍ ശ്രമിക്കുക

2. ഇന്റര്‍നെറ്റില്‍ അലങ്കാര മത്സ്യങ്ങളെക്കുറിച്ച് വിവരങ്ങള്‍ തരുന്ന ധാരാളം വെബ്‌സൈറ്റുകളും ഫോറങ്ങളുമുണ്ട്

3. പരിചയക്കാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ അക്വേറിയമുണ്ടെങ്കില്‍ അവരുടെ വീടുകളില്‍ സ്ഥാപിച്ച ടാങ്കുകള്‍ കാണുകയും, അവരുടെ അനുഭവങ്ങളില്‍ നിന്നു കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക

4. അക്വേറിയത്തിന്റെ വലിപ്പത്തിനനുസരിച്ച് മത്സ്യങ്ങളുടെ എണ്ണം തീരുമാനിക്കുക

5. ആരോഗ്യമുള്ള മത്സ്യങ്ങളെ തെരഞ്ഞെടുക്കുക

6. കൃത്യസമയത്ത് മിതമായ തോതില്‍ ഭക്ഷണം നല്‍കു. ആഫ്രിക്കന്‍ സിക്ലിഡുകള്‍ക്ക്  ഭക്ഷണം കൊടുക്കുന്ന ഈ വീഡിയോ കാണൂ

7. അക്വേറിയത്തിനു വേണ്ട ശുദ്ധജലം യഥേഷ്ടം ലഭിക്കുമെന്ന് ആദ്യം തന്നെ ഉറപ്പുവരുത്തുക

8. കാലാകാലങ്ങളില്‍ അക്വേറിയത്തിലെ അഴുക്കു നീക്കം ചെയ്തു വെള്ളത്തിന്റെ ഗുണമേന്മ നിലനിര്‍ത്തുക

9. അത്യാവശ്യം വേണ്ട മരുന്നുകള്‍, വാട്ടര്‍ സ്റ്റബിലൈസേര്‍സ് (വെള്ളത്തിന്റെ ഗുണമേന്മ നിലനിര്‍ത്താന്‍), ടാപ്പ് വെള്ളത്തിലെ ക്ലോറിന്‍ നിര്‍വീര്യമാക്കുന്ന സംയുക്തങ്ങള്‍ എന്നിവ കരുതുക

10. ആദ്യമായി അക്വേറിയം തുടങ്ങുന്നവര്‍, ഓരോ ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ ഒരു ഡയറിയില്‍ കുറിച്ചുവയ്ക്കുന്നത്, പിന്നീട് അവലോകനം നടത്തുവാനും, അങ്ങനെ അറിവു വര്‍ദ്ധിപ്പിക്കാനും സഹായിക്കും

11. പുതുതായി വാങ്ങുന്ന മത്സ്യങ്ങളെ രണ്ടാഴ്ചയെങ്കിലും ക്വാറന്റൈന്‍ ടാങ്കിലിട്ട് ( രോഗ-കീട ബാധിത മത്സ്യങ്ങളെ നിരീക്ഷിക്കാനും ചികിത്സിക്കാനുമുള്ള പ്രത്യേകം അക്വേറിയം) നിരീക്ഷിച്ച്, അസുഖങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം, പ്രധാന ടാങ്കിലേക്കു മാറ്റുക

12. അക്വേറിയത്തിലെ പ്രധാന ഭാഗങ്ങളായ ഫില്‍റ്റര്‍, ഹീറ്റര്‍, എയര്‍ പമ്പ്, ലാമ്പ് തുടങ്ങിയവ, വിശ്വസിക്കാവുന്ന കമ്പനികളുടേതാണെന്ന് ഉറപ്പുവരുത്തു

അക്വേറിയം ഹോബിയില്‍ നിങ്ങള്‍ പരാജിതരാണോ?

നൈട്രജന്‍ ചംക്രമണം എന്താണെന്നറിയാമോ? അക്വേറിയത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് പരമപ്രധാനമായ ഒന്നാണിത്. തുടക്കക്കാര്‍ പലപ്പോഴും ചെയ്യുന്ന അബദ്ധങ്ങളിലൊന്നു നൈട്രജന്‍ ചംക്രമണത്തെ അവഗണിക്കുന്നതാണ്.

വര്‍ണ്ണമത്സ്യങ്ങളുടെ ഭംഗിയില്‍ മതിമറന്നു അക്വേറിയം ധൃതിയില്‍ സ്വന്തമാക്കുന്ന തുടക്കക്കാര്‍ക്ക്, പലപ്പോഴും നിരാശയായിരിക്കും ഫലം. വിജ്ഞാനപ്രദമായ ഈ ഹോബി തുടക്കത്തിലേ ഉപേക്ഷിക്കാതെ ആനന്ദകരമായി നടത്തിക്കൊണ്ടു പോകുന്നതിനു സാങ്കേതിക പരിജ്ഞാനം അത്യന്താപേക്ഷിതമാണ്.

അസന്തുലിതമായ സാഹചര്യങ്ങളില്‍ അക്വേറിയത്തില്‍ ആല്‍ഗകള്‍ പെരുകുന്നു. മത്സ്യങ്ങള്‍, സസ്യങ്ങള്‍, തീറ്റ, പരിപാലനം എന്നിവ തമ്മിലുള്ള ബന്ധം മനസ്സിലാക്കാതെ ഹോബിയില്‍ ഏര്‍പ്പെടുന്ന പലര്‍ക്കും ആല്‍ഗകളുമായി യുദ്ധം തന്നെ ചെയ്യേണ്ടിവരും.

തുടക്കക്കാര്‍ക്ക് സാധാരണയായി അഭിമുഖീകരിക്കേണ്ടി വരുന്ന അപ്രതീക്ഷിത അക്വേറിയം പരാജയങ്ങളെ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളെ പറ്റി മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ”വര്‍ണ്ണ മത്സ്യങ്ങള്‍ നിങ്ങളെ നിരാശപ്പെടുത്തുന്നുവോ?” എന്ന ലേഖനം വായിക്കൂ. ലേഖനത്തിന്റെ pdf രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ഏന്‍ഡ്ലെര്‍ വര്‍ണ്ണമത്സ്യങ്ങള്‍

തുടക്കക്കാര്‍ക്ക്  എളുപ്പത്തില്‍  വളര്‍ത്തി തുടങ്ങാവുന്ന വര്‍ണ്ണമത്സ്യങ്ങളാണ് എന്‍ഡ്ലെഴ്സ് ഗപ്പികള്‍. ഗപ്പി മത്സ്യങ്ങളോട് വളരെയധികം രൂപസാദൃശ്യം പുലര്‍ത്തുന്ന ഇവ പ്രസവിക്കുന്ന മത്സ്യങ്ങളാണ്. തിളങ്ങുന്ന മെറ്റാലിക്, ഫ്ലൂറസെന്റ്‌ പച്ച നിറത്തിലുള്ള പശ്ചാത്തലത്തില്‍ കറുപ്പ്, ഓറഞ്ച്, നീല വര്‍ണ്ണങ്ങളില്‍ ചിത്രപ്പണികളുള്ള എന്‍ഡ്ലെഴ്സ് മത്സ്യങ്ങളെ പറ്റി മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച, ‘അലങ്കാര മത്സ്യങ്ങളില്‍ ഒരു എന്‍ഡ്ലെര്‍ സാന്നിദ്ധ്യം’ എന്ന ലേഖനം വായിക്കൂ. ഇതിന്റെ പി ഡി ഫ് രൂപത്തിന് ഇവിടെ ക്ലിക്ക് ചെയ്യൂ.

അക്വേറിയം മത്സ്യങ്ങള്‍ ജൈവവൈവിധ്യത്തെ ബാധിക്കുമോ?

അക്വേറിയത്തില്‍ നാം മത്സ്യങ്ങളെ വളര്‍ത്തുന്നത് ജൈവ ആവാസ വ്യവസ്ഥയ്ക്ക്  തന്നെ എതിരാണോ? അലങ്കാര മത്സ്യങ്ങളുടെ അമിത ചൂഷണമാണോ മത്സ്യങ്ങളുടെ ജൈവ വൈവിധ്യത്തെ ബാധിക്കുന്നത്? അങ്ങനെയെങ്കില്‍ വര്‍ണ്ണമത്സ്യം വളര്‍ത്തല്‍ ധാര്‍മ്മികമാണോ? ആവാസവ്യവസ്ഥയ്ക്ക്  കോട്ടം വരാതെ ഹോബി തുടരാനാകുമോ? ഈ വിഷയത്തെക്കുറിച്ച് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ മാതൃഭൂമി കാര്‍ഷികത്തിലെ ഈ ലേഖനം വായിക്കൂ. വര്‍ണ്ണമത്സ്യങ്ങള്‍ വളര്‍ത്തുന്നതിലെ ധാര്‍മ്മികതയെപ്പറ്റിയുള്ള ഈ ലേഖനത്തിന്റെ PDF രൂപം ഇവിടെ കാണൂ.

അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്നവര്‍ എപ്പോഴെങ്കിലും ഇത് ചിന്തിച്ചിരിക്കാം. തങ്ങള്‍ ചെയ്യുന്നത് ക്രൂരതയല്ലേ? മത്സ്യങ്ങളും ജീവികളല്ലേ? അവയുടെ സ്വാതന്ത്ര്യം നാം കവര്‍ന്നെടുക്കുകയല്ലേ? അതും നമ്മുടെ സ്വാര്‍ഥതയല്ലേ?

അനിയന്ത്രിതമായി പിടിച്ചെടുക്കുന്നത് മത്സ്യങ്ങളുടെ ആവാസവ്യവസ്ഥകളെ തകര്‍ക്കില്ലേ?

വര്‍ണ്ണമത്സ്യങ്ങളെ കൃത്രിമപ്രജനനത്തിലൂടെ വളര്‍ത്തിയെടുക്കുന്നത് ഗുണകരമാണോ?

മത്സ്യങ്ങളുടെ ജൈവവൈവിധ്യത്തിനു ഭീഷണി അലങ്കാര മത്സ്യ വിപണി മാത്രമാണോ?

അലങ്കാര മത്സ്യങ്ങള്‍ മൂലം അല്ലെങ്കില്‍ കൃത്രിമപ്രജനനം മൂലം ഏതെങ്കിലും മത്സ്യത്തിന് അതിന്റെ ആവാസത്തില്‍ അഭിവൃദ്ധി ഉണ്ടായിട്ടുണ്ടോ?

വര്‍ണ്ണ മത്സ്യപരിപാലനത്തിലെ ധാര്‍മ്മികത

അക്വേറിയം ഹോബി തുടങ്ങാനാഗ്രഹിക്കുന്ന  പലരും പ്രകൃതിയുടെ ഭാഗമായ മത്സ്യങ്ങളെ കണ്ണാടിക്കൂടുകളില്‍ അടച്ചിട്ടു വളര്‍ത്തുന്നത് ശരിയാണോയെന്ന് ചിലപ്പോഴെങ്കിലും സംശയിച്ചിരിക്കാം.

ഇതിനനുകൂലമായും പ്രതികൂലമായും പലതരത്തിലുള്ള വാദപ്രതിവാദങ്ങള്‍ നിരത്താം. മത്സ്യങ്ങള്‍ പ്രകൃതിയില്‍ ഏറെ ദൂരം സഞ്ചരിക്കാറുള്ളത്  ഇര തേടാനും, പ്രജനനത്തിനും, ഇരപിടിയന്മാരില്‍ നിന്ന് രക്ഷനേടാനുമൊക്കെയാണ് .

ചെമപ്പിനഴക്‌

കബൊംബയിനത്തിലെ അക്വേറിയം സസ്യങ്ങളില്‍  വളര്‍ത്താന്‍ ഏറ്റവും പ്രയാസമുള്ള ഇനമാണ്, ചെമപ്പ് മുതല്‍ പര്‍പ്പിള്‍ നിറത്തില്‍ വരെ പൂക്കളുള്ള കബൊംബ ഫര്‍കേറ്റ. ശാഖകള്‍ കുറഞ്ഞു മൃദുലമായ തണ്ടുകളോട് കൂടിയ ഈ ചെടികളെ വളക്കൂറുള്ള അടിത്തട്ടില്‍ ധാരാളം പ്രകാശം നല്‍കി വളര്‍ത്തണം. സൂക്ഷ്മ മൂലകങ്ങള്‍,  CO2 എന്നിവ ഫര്‍കേറ്റയുടെ നല്ല വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്.

 

പച്ചയിലനാരുകളും മഞ്ഞപ്പൂക്കളും

മഞ്ഞ കബൊംബ എന്നറിയപ്പെടുന്ന കബൊംബ അക്വാട്ടിക്ക,  പലപ്പോഴും നമ്മുടെ അക്വേറിയം കടകളില്‍ വളരെ വിരളമായേ ലഭ്യമാകാറുള്ളൂ.  ഇനി അഥവാ കിട്ടുകയാണെങ്കില്‍ത്തന്നെ, ചെടികള്‍ വളരെ മോശമായ സ്ഥിതിയിലുമായിരിക്കും. പലപ്പോഴും  നിറം  മങ്ങി പാതി  അഴുകിയ  അവസ്ഥയില്‍,  കടകളില്‍ നിന്ന് വാങ്ങേണ്ടി വരുന്ന  ഇത്തരം ചെടികളെ, അക്വേറിയത്തിലേയ്ക്ക്  മാറ്റുന്നതിന് മുന്‍പ് പ്രത്യേകമായി വളര്‍ത്തിയെടുക്കേണ്ടാതായും വരും.  ഇത്തിരി ശ്രമപ്പെട്ടിട്ടാണെങ്കിലും വളര്‍ത്താന്‍ സര്‍വഥാ യോഗ്യനായ ഒരു അക്വേറിയം സസ്യമാണ് മഞ്ഞ കബൊംബ. കടും പച്ച നിറത്തില്‍ നാരുകള്‍ പോലെയുള്ള ഇലകളാണ് ഈ ചെടിയ്ക്കുള്ളത്. മഞ്ഞ കബൊംബയിലെ  ചിലയിനങ്ങളിലാകട്ടെ, മഞ്ഞ കലര്‍ന്ന പച്ച നിറത്തിലുള്ള ഇലകള്‍ കാണപ്പെടുന്നു. നന്നായി പരിപാലിക്കപ്പെടുന്ന ഒരു ടാങ്കില്‍, ചിലപ്പോള്‍ മഞ്ഞപ്പൂക്കള്‍ ഉത്പാദിപ്പിച്ചു ഹോബിയിസ്റ്റുകളെ സന്തോഷിപ്പിക്കാറുമുണ്ട് ഈ ചെടി! സസ്യാഹാരികളായ  മത്സ്യങ്ങളെ വളര്‍ത്തുന്ന ടാങ്കില്‍ കടിച്ചു മുറിക്കപ്പെടുന്നത്‌ മൂലം,  പലപ്പോഴും മഞ്ഞ കബൊംബ ശരിയായി വളരാറില്ല. അതുപോലെ തന്നെ ചിലയിനം ഒച്ചുകളും, ഇതിന്റെ ഇലകളെ ആഹരിക്കുന്നതായി  കണ്ടു വരുന്നു. ശക്തിയേറിയ ജലപ്രവാഹമുള്ള ഒരു ടാങ്കില്‍, മഞ്ഞ കബോംബ പലപ്പോഴും ശരിയായി വളരാന്‍ പ്രയാസമാണ്. പ്രത്യേകിച്ച്  വെളിച്ചത്തിന്റെ അഭാവവും കൂടിയായാല്‍, തണ്ടുകള്‍ മൃദുവാകുന്നതിനാല്‍ എളുപ്പം ഒടിഞ്ഞു പോരുകയും ചെയ്യും. പക്ഷെ മറ്റു ചെടികളോടോന്നിച്ചു നട്ടാല്‍, ഒരു പരിധി വരെ ഫില്‍റ്റെര്‍ ജലപ്രവാഹം മൂലമുള്ള തണ്ടൊടിയല്‍  ഒഴിവാക്കാം. വളര്‍ച്ചാസാഹചര്യങ്ങളില്‍ അല്പം നിഷ്കര്‍ഷത പുലര്‍ത്തുന്നതിനാല്‍, അനുഭവസമ്പന്നരായ ഹോബിയിസ്റ്റുകള്‍ക്കാണ് ഈ ചെടി വളര്‍ത്താന്‍ എളുപ്പം. എന്നാല്‍ അക്വേറിയത്തിലെ ജലതാപനില, വളക്കൂറുള്ള അടിത്തട്ട്, വെള്ളത്തിലെ ഇരുമ്പിന്റെ അളവ്, CO2 കൊടുക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു വെല്ലുവിളിയായി തുടക്കക്കാര്‍ക്കും മഞ്ഞ കബൊംബ വളര്‍ത്താവുന്നതാണ്.

 

അക്വേറിയത്തില്‍ കബൊംബ വളര്‍ത്താന്‍ ചില പൊടിക്കൈകള്‍

അക്വേറിയത്തിന്റെ പച്ചപ്പ്‌ കൂട്ടുക മാത്രമല്ല, ഉയര്‍ന്ന പ്രകാശസംശ്ലേഷണം വഴി ടാങ്കില്‍ ധാരാളം ഓക്സിജന്‍  ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ഒരു ജലസസ്യമാണ് കബൊംബ. ആമ്പല്‍ചെടി ഉള്‍പ്പെടുന്ന നിംഫയേല്‍സ് എന്ന വര്‍ഗ്ഗത്തിലാണ് കബൊംബയുടെ സ്ഥാനം. സ്വാഭാവിക സാഹചര്യങ്ങളില്‍ യാതൊരു പരിചരണവും കൂടാതെ ഇടതൂര്‍ന്നു വളര്‍ന്ന് ഒരു കളയായി മാറുമെങ്കിലും, പലരും അക്വേറിയത്തില്‍ കബൊംബ വളര്‍ത്തുന്നതില്‍ പരാജിതരാകാറുണ്ട്.പക്ഷെ അല്പം ശ്രദ്ധ വെച്ചാല്‍ ഇവയെ അക്വേറിയത്തിലും  നന്നായി വളര്‍ത്താനാകും. നല്ല വളക്കൂറുള്ള അടിത്തട്ട്, വേണ്ടത്ര പ്രകാശം, അക്വേറിയത്തിലെ ജലത്തിന്റെ ഗുണമേന്മ തുടങ്ങിയവ കബൊംബയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. ദ്രുതഗതിയില്‍ വളരുന്ന വലിയ ചെടികളെ  വെട്ടിയൊതുക്കി നിര്‍ത്തിയാല്‍ പുതിയ ശാഖകളുണ്ടാകും. മാത്രമല്ല ചെടികളുടെ ചുവടു ഭാഗത്തെ ഇലകള്‍ക്ക് വേണ്ടത്ര പ്രകാശം ലഭിക്കുകയും ചെയ്യും.

കബൊംബ പടരുന്നു, കേരളത്തിലും !

അക്വേറിയം ഹോബിയിലൂടെ കേരളത്തിലേയ്ക്ക് വന്ന കബൊംബ കരൊലിനിയാന എന്ന വിശറിച്ചെടി, ഇന്ന് നമ്മുടെ നാട്ടിലെ ജലാശയങ്ങളില്‍ ഒരു കളസസ്യമായി മാറിക്കൊണ്ടിരിക്കുന്നു.  പമ്പ പരിരക്ഷണ സമിതി നടത്തിയ ഒരു പഠനത്തില്‍, പമ്പാ നദിയില്‍ മാത്രമല്ല കുട്ടനാടിലെ ജലാശയങ്ങളിലും കനാലുകളിലും കബൊംബ ഒരു കളയായി പടര്‍ന്നു കൊണ്ടിരിക്കുന്നുവെന്ന് കണ്ടെത്തി. അനിയന്ത്രിത മണല്‍വാരല്‍ മൂലം ചളി നിറഞ്ഞ അടിത്തട്ട് , ഈ ചെടികള്‍ക്ക് വളരാന്‍ പറ്റിയ സാഹചര്യമൊരുക്കുന്നു.  കബൊംബയുടെ വളര്‍ച്ച ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നതിനോടൊപ്പം, നദിയുടെ അടിത്തട്ടില്‍ ജീര്‍ണ്ണവസ്തുക്കള്‍ നിറച്ച്  കാലക്രമേണ ആഴം കുറയ്ക്കുകയും ചെയ്യുന്നു. ചെടികള്‍ നിറഞ്ഞ ജലാശയങ്ങളില്‍ വേണ്ടത്ര സൂര്യപ്രകാശം കടത്തിവിടാതെ, ജലജീവികളുടെ വളര്‍ച്ചയിലും കബൊംബ സ്വാധീനം ചെലുത്തുന്നു. കബൊംബയിലെ രാസകങ്ങള്‍ ജലാശയങ്ങളിലെ തനതായ  സസ്യജാലങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും, അവിടങ്ങളിലെ ആവാസവ്യവസ്ഥയെ തകര്‍ക്കുകയും ചെയ്യുന്നു. കൃഷിസ്ഥലങ്ങളില്‍ നിന്നും ഒഴുകിവരുന്ന രാസവളങ്ങള്‍ ഈ ചെടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നുമുണ്ട്.

അക്വേറിയം ജലസസ്യമായി നമ്മുടെ നാട്ടില്‍ എത്തിയ ഒരു ചെടിയാണ്  ഇത്തരത്തില്‍ ഒരു കളയായി മാറിയത്  എന്നതിനാല്‍, ഈ പ്രശ്നത്തെക്കുറിച്ചുള്ള  അവബോധം ആദ്യമുണ്ടാകേണ്ടതും അക്വേറിയം ഹോബിയിസ്റ്റുകള്‍ക്കാണ്..

വർണ്ണമത്സ്യ ചൂഷണത്തിൽ നിങ്ങൾക്കും പങ്കുണ്ടോ?

അക്വേറിയം ഹോബിയിലേക്കായി വളർത്തുന്ന ശുദ്ധജല വർണ്ണമത്സ്യങ്ങളിൽ വളരെ കുറച്ചിനങ്ങൾ മാത്രമാണ് സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്നും നേരിട്ടു ശേഖരിക്കപ്പെടുന്നവ. പക്ഷെ അശാസ്ത്രീയ മത്സ്യബന്ധനവും, വ്യാപാരത്തിലെ അവ്യക്തയും ഇന്ത്യൻ വർണ്ണമത്സ്യങ്ങളെ വംശനാശത്തിന്റെ വക്കിലെത്തിച്ചുവെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.

2005 മുതല്‍ 2012 വരെ ഉദ്ദേശം 15 ലക്ഷത്തോളം ശുദ്ധജല അലങ്കാരമത്സ്യങ്ങളെ ഇന്ത്യയില്‍ നിന്നും കയറ്റി അയച്ചുവെന്ന്, രാജീവ് രാഘവനും സംഘവും ബയോളജിക്കല്‍ കണ്‍സെര്‍വേഷന്‍ (Biological Conservation) എന്ന ശാസ്ത്രമാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം (Uncovering an obscure trade : Threatened freshwater fishes and the aquarium pet markets. 2013) വെളിപ്പെടുത്തുന്നു. വംശനാശഭീഷണി നേരിടുന്ന 30-ൽ കൂടുതൽ മത്സ്യങ്ങളും ഇതിൽ ഉൾപ്പെടും. ശുദ്ധജല വർണ്ണമത്സ്യങ്ങളുടെ ചൂഷണത്തിന് അക്വേറിയം ഹോബി എങ്ങനെ കാരണമാകുന്നു എന്നതിനെപ്പറ്റി നാം ഗൗരവപൂർവ്വം ചിന്തിക്കേണ്ടിയിരിക്കുന്നു.

വംശനാശഭീഷണി നേരിടുന്ന ചില ഇന്ത്യൻ വർണ്ണമത്സ്യങ്ങൾ താഴെ.

മിസ്സ്‌ കേരള (Sahyadria denisoniiSahyadria chalakkudiensis)

റെഡ്-ലൈന്‍ ടൊര്‍പിഡോ ബാര്‍ബ് (Red-line torpedo barb) എന്ന പേരിൽ പരക്കെ അറിയപ്പെടുന്ന ഈ മത്സ്യങ്ങൾ, IUCN (International union for conservation of nature) പുറത്തിറക്കുന്ന ചെമന്ന പട്ടിക (Red list) യനുസരിച്ച്  വംശനാശത്തിന്റെ വക്കിലാണ്. എങ്കിലും 3 ലക്ഷത്തിനു മേല്‍ ‘മിസ്സ് കേരള’ മത്സ്യങ്ങളെയാണ് 2005-2012 കാലയളവിൽ വിദേശരാജ്യങ്ങളിലേക്ക് നാം കയറ്റുമതി ചെയ്തത് !

സീബ്ര ലോച്ച് (Botia striata)

ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന ഈ ശുദ്ധജലമത്സ്യത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥ, 400 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്. അതുകൊണ്ടുതന്നെ അനിയന്ത്രിത ശേഖരണം ഈ മത്സ്യങ്ങളെ വംശനാശഭീഷണിയിൽ എത്തിച്ചിരിക്കുന്നു.

കുള്ളൻ പഫർ മത്സ്യം (Carinotetraodon travancoricus)

കേരളത്തിലെ പമ്പാ നദിയിൽ മാത്രം കാണുന്ന മത്സ്യങ്ങളാണിവ. 22 മില്ലി മീറ്റർ മാത്രം വലിപ്പമുള്ള ഇവ പഫർ മത്സ്യങ്ങളിൽ തന്നെ എറ്റവും ചെറിയ ഇനങ്ങളിലൊന്നാണ്.

കല്ലു നക്കി (Garra hughi)

300 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം കാണപ്പെടുന്ന ഈ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ പശ്ചിമ ഘട്ടത്തിന്റെ തെക്കുഭാഗത്തിലെ അരുവികളാണ്.

വാക വരാല്‍ (Channa aurantimaculata)

ആസ്സാമിലെ ബ്രഹ്മപുത്ര നദീതടങ്ങളിൽ കാണപ്പെടുന്ന ഈ മത്സ്യത്തിന്റെ മറ്റൊരു പേരാണ് ഓറഞ്ച് സ്പോട്ടെഡ് സ്നേക്ക് ഹെഡ് (Orange spotted snake head). ധാരാളം സസ്യങ്ങളുള്ള ഒരക്വേറിയത്തിൽ സസുഖം വസിക്കുന്ന രണ്ടു വാക വരാൽ മത്സ്യങ്ങളെ ചുവടെ കാണൂ.

സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്നും അനിയന്ത്രിതമായി ശുദ്ധജല മത്സ്യങ്ങളെ ശേഖരിക്കുന്നത് തടയാൻ ആധികാരികമായ നിയമങ്ങൾ തന്നെ വേണ്ടി വരും. അതേസമയം വർണ്ണമത്സ്യങ്ങളുടെ ചൂഷണം തടയാൻ അക്വേറിയം ഹോബിയിസ്റ്റുകൾക്കും ഒരു പരിവധി വരെ സഹായിക്കാനാകും. അതിനായി,

1. വര്‍ണ്ണമത്സ്യങ്ങളെ വാങ്ങുന്നതിനു മുന്‍പ് അവയെക്കുറിച്ച് നന്നായി പഠിക്കുക

2. വാങ്ങാൻ ഉദേശിക്കുന്ന മത്സ്യത്തിന്റെ ഉറവിടം ഏതെന്നു കൃത്യമായി മനസ്സിലാക്കുക

3. കൃത്രിമ സാഹചര്യങ്ങളില്‍ വളര്‍ത്തി വില്‍ക്കുന്ന മത്സ്യങ്ങളെ മാത്രം വാങ്ങാൻ ശ്രമിക്കുക

4. വംശനാശ ഭീഷണി നേരിടുന്ന വർണ്ണമത്സ്യങ്ങൾ അക്വേറിയത്തിലുണ്ടെങ്കിൽ അവയെ ഉത്തരവാദിത്ത്വത്തോടെ പരിപാലിക്കുക

അക്വേറിയം ഹോബി ശുദ്ധജല മത്സ്യങ്ങളെ വംശനാശത്തിലേക്ക് നയിക്കുന്നുവോ എന്നറിയാനായി മാതൃഭൂമി ഓണ്‍ലൈനിൽ പ്രസിദ്ധീകരിച്ച ‘ഇന്ത്യന്‍ വര്‍ണ്ണമത്സ്യങ്ങള്‍ വംശനാശഭീഷണിയില്‍’ എന്ന ലേഖനം വായിക്കൂ. ഈ ലേഖനത്തിന്റെ പി ഡി എഫ് രൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ഗപ്പി പ്രസവിച്ചു ! ഞാൻ എന്തു ചെയ്യും?

ശ്രീ. എ. അബ്ദുൽ സലാം ആണ്, ഈ വൈകിപ്പോയ പോസ്റ്റിന്റെ  പ്രചോദനം. പ്രസവിക്കുന്ന മത്സ്യങ്ങളെ വളർത്തുന്നതിൽ തൽപ്പരനായ അദ്ദേഹത്തിന്റെ (ഇംഗ്ലീഷിൽ നിന്നും മൊഴിമാറ്റം നടത്തിയ) ചോദ്യം ചുവടെ:

ഹായ്, ഞാൻ ആലപ്പുഴയിൽ നിന്നാണ്. അലങ്കാര മത്സ്യങ്ങളിൽ എനിക്ക് ഗപ്പികളെയും വാൾവാലന്മാരെയുമാണ് കൂടുതലിഷ്ടം. ഈ മത്സ്യങ്ങളെ  ചെറിയ തോതിൽ വളർത്തിവരുന്നു. ഗപ്പിക്കുഞ്ഞുങ്ങളെ പരിപാലിക്കുന്ന വിധം, തീറ്റ നല്കുന്ന രീതി തുടങ്ങിയവയെപ്പറ്റി വിശദമാക്കാമോ?

 

കുഞ്ഞുമത്സ്യങ്ങളെ മുതിർന്ന മത്സ്യങ്ങൾ തിന്നാൻ സാദ്ധ്യതയുള്ളതിനാൽ, അവയെ മറ്റൊരു ടാങ്കിലേക്ക് മാറ്റുക. ജനിച്ചതിനു ശേഷമുള്ള ആദ്യത്തെ രണ്ടാഴ്ച, ഗപ്പിക്കുഞ്ഞുങ്ങൾക്ക് ആർട്ടീമിയ മുട്ടകൾ വിരിയിച്ച് ലാർവകളെ തീറ്റയായി നൽകാം. ആർട്ടീമിയ മുട്ടകളുടെ ലഭ്യത അടുത്തുള്ള അക്വേറിയം കടകളിൽ അന്വേഷിച്ച് ഉറപ്പുവരുത്തുക. സമുദ്രത്തിലെ കവച ജന്തുവർഗ്ഗത്തിൽ പെട്ട (Crustacean) ഒരു ചെറുജീവിയാണ്  ആർട്ടീമിയ (Artemia) അഥവാ ബ്രൈൻ ഷ്രിംപ് (Brine shrimp).

മുതിർന്ന ആർട്ടീമിയ

ഈ ജീവികളുടെ സിസ്റ്റ് (Cyst) അഥവാ കവചത്തോടു  കൂടിയ മുട്ടകളെ ഉപ്പു  വെള്ളത്തിലിട്ട് ലാർവകളെ വിരിയിക്കാം.

ആർട്ടീമിയ മുട്ടകൾ

ഈ ലാർവകളെ ദിവസത്തിൽ 5-6 തവണ ഒരു ഫില്ലർ ഉപയോഗിച്ച് ഗപ്പിക്കുഞ്ഞുങ്ങൾക്ക് നൽകുക. ശുദ്ധജലത്തിൽ മണിക്കൂറുകളോളം ജീവിക്കുമെങ്കിലും, ലാർവകളെ അധികമായി ടാങ്കിലിടുന്നത് ജലഗുണമേന്മയെ ബാധിക്കും.

 

ആർട്ടീമിയ ലാർവകൾ

ആർട്ടീമിയ മുട്ടകൾ ലഭ്യമല്ലെങ്കിൽ പുഴുങ്ങിയ കോഴിമുട്ടയുടെ മഞ്ഞക്കരു കുറേശ്ശയായി വെള്ളത്തിൽ ചാലിച്ച് ഗപ്പിക്കുഞ്ഞുങ്ങൾക്ക് നൽകാം. മാംസ്യസമ്പന്നവും ജലത്തെ എളുപ്പം മലിനമാക്കുന്നതുമായതിനാൽ, കോഴിമുട്ട ഉപയോഗിക്കുമ്പോൾ, ദിവസത്തിൽ ഒരു തവണയെങ്കിലും അക്വേറിയത്തിലെ വെള്ളം 15-20 ശതമാനം വരെ സൈഫൺ ചെയ്ത് മാറ്റാൻ ശ്രദ്ധിക്കുക.

കെട്ടിക്കിടക്കുന്ന മത്സ്യങ്ങളില്ലാത്ത വെള്ളത്തിൽ, സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ ധാരാളമായി വളരുന്ന ഒരിനം ജൈവപ്ലവകമാണു ഡാഫ്നിയ (Daphnia). ഇവയെ വലയുപയോഗിച്ചു ശേഖരിച്ച്, വലിപ്പത്തിനനുസരിച്ച് അരിച്ചുവേർതിരിച്ച്, ചെറുപ്രായത്തിലുള്ളവയെ രണ്ടാഴ്ചക്ക് മേൽ പ്രായമുള്ള ഗപ്പിക്കുഞ്ഞുങ്ങൾക്ക് തീറ്റയായി നൽകാം. വലിയ ഡാഫ്നിയകളെ മുതിർന്ന ഗപ്പി മത്സ്യങ്ങൾ തിന്നുകൊള്ളും.

 

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ വളരുന്ന മറ്റൊരു പോഷകസമ്പന്നമായ മത്സ്യത്തീറ്റയാണു കൊതുകിന്റെ കൂത്താടികൾ. രോഗവാഹികളായ കൊതുകിന്റെ ലാർവകൾ ഗപ്പികൾക്ക് തീറ്റയായി നൽകി, പകർച്ചവ്യാധികൾ പടരുന്നതിനെയും ഒരളവു വരെ നിയന്ത്രിക്കാം.

അഴുക്കുചാലുകളിൽ വളരുന്ന മണ്ണിരവർഗ്ഗത്തിൽപ്പെട്ട ട്യൂബിഫെക്സ് (Tubifex) പുഴുക്കളേയും, പ്ലവകസമ്പന്നമായ ശുദ്ധജലത്തിൽ കുഴലുകൾ നിർമ്മിക്കുന്ന ബ്ലഡ് വേംസ് (Blood worms) എന്നറിയപ്പെടുന്ന ചുവന്ന കൈറൊണോമസ് (Chironomus) ലാർവകളേയും ഒരു  മാസത്തിനുമേൽ പ്രായമുള്ള ഗപ്പിക്കുഞ്ഞുങ്ങൾ ആർത്തിയോടെ അകത്താക്കും. മൂന്നാമത്തെ ആഴ്ച മുതൽ ജീവനുള്ള തീറ്റകൾക്കൊപ്പം, ഉണങ്ങിയ മത്സ്യത്തീറ്റ നേർത്ത പൊടി രൂപത്തിൽ നൽകാം. തിളക്കുന്ന വെള്ളത്തിൽ ഒരു മിനിട്ട് നേരം വേവിച്ചെടുത്ത (blanching) വെള്ളരിക്കഷണങ്ങൾ ആഴ്ചയിലൊരിക്കൽ ടാങ്കിൽ ഇട്ടുകൊടുക്കണം.

ഒന്നരമാസം മുതൽ ആൺ-പെൺ മത്സ്യങ്ങളെ വേർതിരിച്ച് വളർത്താൻ തുടങ്ങണം. ഈ പ്രായത്തിലുള്ള മത്സ്യങ്ങൾക്ക് തീറ്റ നൽകുന്നത്  2 നേരമായി ചുരുക്കാം. പക്ഷെ പ്രജനനസജ്ജരായ മത്സ്യങ്ങൾക്ക്  3 നേരമെങ്കിലും തീറ്റ നൽകണം. ട്യൂബിഫെക്സ്, ബ്ലഡ് വേംസ്, ഡാഫ്നിയ, കൊതുകിന്റെ കൂത്താടികൾ മുതലായ ജീവനുള്ള തീറ്റകൾ, ആഴ്ചയിൽ 2 നേരമെങ്കിലും നൽകാൻ ശ്രദ്ധിക്കണം. ആകർഷകമായ നിറവും വലിയ വാലുകളുമൊക്കെയുള്ള സുന്ദരൻ ആൺ മത്സ്യങ്ങളെ വളർത്തിയെടുക്കാൻ, അക്വേറിയങ്ങൾ മുറിയിൽ സൂക്ഷിച്ച് ട്യൂബ് ലൈറ്റ് ഉപയോഗിച്ച് കൃത്രിമ വെളിച്ചം നൽകണം. ടാങ്കിലെ ജലഗുണമേന്മ സ്ഥായിയായി നിലനിർത്താൻ ശ്രദ്ധിക്കണം. അമോണിയ, നൈട്രൈറ്റ് തുടങ്ങിയവ അക്വേറിയത്തിൽ ഒട്ടും പാടില്ല. നൈട്രേറ്റിന്റെ അളവ് 10 ppm-ൽ താഴെയായിരിക്കാൻ ശ്രദ്ധിക്കണം. ധാരാളം നൈട്രജൻ ബാക്റ്റീരിയകൾ വളരുന്ന സ്പോഞ്ച് ഫിൽറ്ററുകളാണു ഗപ്പി ടാങ്കുകൾക്ക് ഉത്തമം.

മൃദുനയനങ്ങളെ എങ്ങനെ സംരക്ഷിക്കാം !

ബലൂൺ പോലെ വീർത്ത കണ്ണുകളുള്ള സ്വർണ്ണമത്സ്യയിനങ്ങളായ വിണ്മിഴികളേയും കുമിളക്കണ്ണന്മാരേയും അക്വേറിയത്തിൽ വളർത്തുമ്പോൾ അവയുടെ മൃദുനയനങ്ങളെ സംരക്ഷിക്കുന്നതിനായി ചില പ്രത്യേക വിണ്മിഴികളുടേയും കുമിളക്കണ്ണന്മാരുടേയും കണ്ണുകൾ വളരെ മൃദുവാണ്. വലിയ ബലൂൺ കണ്ണുകളാണുള്ളതെങ്കിലും, കാഴ്ചശക്തി താരതമ്യേന കുറവാണ് ഈ രണ്ടിനനങ്ങള്‍ക്കും. കണ്ണുകള്‍ക്ക് എളുപ്പം ക്ഷതമേൽക്കാവുന്നതിനാൽ കൂർത്ത കല്ലുകളും, മൂർച്ചയേറിയ അരികുകളുള്ള പ്ലാസ്റ്റിക് ചെടികളും, അലങ്കാരവസ്തുക്കളും അക്വേറിയത്തിൽ ഉപയോഗിക്കാതിരിക്കുക.

  1. വിണ്മിഴികളേയും കുമിളക്കണ്ണന്‍മാരേയും വളർത്തുന്ന ടാങ്കില്‍ ബ്ലാക്ക് മൂർ, പാന്‍ഡാ മൂർ, റ്റെലസ്‌കൊപ്പ് ഐസ് തുടങ്ങിയ മത്സ്യങ്ങളെ മാത്രം നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. മറ്റ് മത്സ്യങ്ങൾ ഇവയുടെ കണ്ണുകളെ അപകടപ്പെടുത്തുന്നത് തടയാനാണിത്.
  2. ജലഗുണമേന്മ കാത്തു സൂക്ഷിക്കുക. ടാങ്കിലെ ജലോഷ്മാവ് 18-19 ഡിഗ്രി, pH 6-8, ജലകാഠിന്യം 5-19 GH എന്നിവയായി നിലനിർത്തുക
  3. പവർ ഫിൽറ്റർ നിന്നുള്ള ശക്തമായ ഒഴുക്ക് കണ്ണുകൾക്ക് ക്ഷതമേൽപ്പിക്കുമെന്നതിനാൽ അക്വേറിയത്തിൽ  സ്‌പോഞ്ച്ഫില്‍റ്ററുകൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.5. കുമിളക്കണ്ണുകളിലേൽക്കുന്ന ചെറിയ പോറലുകളിപ്പോലും ബാക്റ്റീരിയ, ഫംഗസ് എന്നിവ അണുബാധയുണ്ടാക്കാം. അതിനാൽ ടാങ്കിൽ നിന്നും കുമിളക്കണ്ണന്മാരെ വലകൊണ്ട് മാറ്റുമ്പോൾ താങ്ങ് നൽകുന്നത് കണ്ണുകൾക്ക് പരിക്കേൽക്കാതിരിക്കാൻ സഹായിക്കും.

സ്വർണ്ണമത്സ്യങ്ങളിലെ ബലൂണ്‍കണ്ണന്മാർ !

ഓറഞ്ചും മഞ്ഞയും കലര്‍ന്ന ചെമപ്പ് നിറത്തിലും, കറുപ്പ് മുതല്‍ ഇരുണ്ട സ്വര്‍ണ്ണനിറത്തിലും തുടങ്ങി പല ആകൃതിയിലും വലിപ്പത്തിലുമുള്ള വാലുകളും കണ്ണുകളും ശരീരവുമൊക്കെയായി, നാം ഇന്ന് കാണുന്ന സ്വര്‍ണ്ണമത്സ്യയിനങ്ങൾ സഹസ്രാബ്ദങ്ങളിലൂടെയുള്ള ജനിതക വ്യതിയാനം വഴി സൃഷ്ടിച്ചെടുക്കപ്പെട്ടവയാണ്.

ബലൂണ്‍കണ്ണന്മാരായ സ്വർണ്ണമത്സ്യങ്ങളെ ഒന്നു സങ്കല്പിച്ചു നോക്കൂ. വീർത്ത കണ്ണുകളുള്ള ബ്ലാക്ക് മൂർ, വിണ്മിഴികള്‍, കുമിളക്കണ്ണന്മാർ തുടങ്ങിയ മത്സ്യങ്ങൾ ഈയിനത്തിൽപ്പെടുന്നു. കണ്ണുകൾ ബ്ലാക്ക് മൂറുകളുടേത് പോലെയാണെങ്കിലും വിണ്മിഴികളുടേയും കുമിളക്കണ്ണന്മാരുടേയും നോട്ടം ആകാശത്തേക്കാണ്!

വിവിധവര്‍ണ്ണങ്ങളോടു കൂടിയ മെറ്റാലിക് ചെതുമ്പലുകള്‍ ആകര്‍ഷകമാക്കുന്ന ശരീരമുണ്ടെങ്കിലും, ഇരട്ടവാലൻ (double_tailed) ഫാന്‍സി സ്വര്‍ണ്ണമത്സ്യങ്ങളായ വിണ്മിഴികളെ (Celestial eye goldfish) കാണാൻ എന്തു രസമാണെന്നോ ചടുലമായി നീന്തുന്ന മറ്റിനം സ്വര്‍ണ്ണമത്സ്യങ്ങളോടൊപ്പം ഇവയെ വളര്‍ത്തിയാൽ മറ്റു മത്സ്യങ്ങള്‍ ബലൂണ്‍കണ്ണുകള്‍ക്ക് ക്ഷതമേല്‍പ്പിക്കും.

നിങ്ങളുടെ സ്വർണ്ണമത്സ്യങ്ങൾ അക്വേറിയത്തിൽ മുട്ടകളിടാറുണ്ടോ?

അലങ്കാരമത്സ്യ ഹോബിയുള്ള  ചിലരെങ്കിലും, പെട്ടെന്ന് അക്വേറിയത്തിൽ മുട്ടകൾ കാണുമ്പോൾ എന്ത് ചെയ്യണമെന്നു ആലോചിച്ചു നിന്ന് കാണും. സ്വർണ്ണമത്സ്യങ്ങളും മുട്ടയിടുന്നവയാണ്. പക്ഷെ മുട്ടയിടുന്ന മറ്റ് ചില മത്സ്യങ്ങളെ പോലെ മുട്ടകളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാനൊന്നും അവ മെനക്കെടാറില്ല. അശ്രദ്ധമായി മുട്ടകൾ ചിതറിച്ചുകളയുകയാണ് (egg scatterer) സ്വർണ്ണമത്സ്യങ്ങളുടെ രീതി.

പ്രജനനം നടത്തുന്ന സ്വർണ്ണമത്സ്യങ്ങൾ ഓരോ പ്രാവശ്യവും ആയിരക്കണക്കിനു മുട്ടകളാണ് ഇടുന്നത്. ചില പ്രധാന കാര്യങ്ങളില്‍ ശ്രദ്ധ വെച്ചാല്‍ സ്വർണ്ണമത്സ്യക്കുഞ്ഞുങ്ങളെ വിഷമം കൂടാതെ സംരക്ഷിക്കാമെന്നു മാത്രമല്ല അത്യന്തം രസകരവുമാണ്‌ ഈ പ്രക്രിയ!

മുട്ടകൾ വിരിഞ്ഞയുടനെ സ്വർണ്ണമത്സ്യക്കുഞ്ഞുങ്ങൾ എങ്ങനെയിരിക്കുമെന്നു, താഴെ കാണുന്ന ചിത്രം നോക്കിയാൽ അറിയാം. റിയുക്കിൻ ഇനത്തിൽപ്പെട്ട സ്വർണ്ണമത്സ്യങ്ങളുടെ കുഞ്ഞുങ്ങളാണിവ!

സ്വര്‍ണ്ണമത്സ്യങ്ങള്‍ മുട്ടയിട്ടതിനു ശേഷം പ്രജനനടാങ്കിനെത്തന്നെ കുഞ്ഞുങ്ങളുടെ ടാങ്കായി ഉപയോഗിക്കാവുന്നതാണ്‌. പക്ഷെ മുട്ടകൾ വിരിയിക്കാനും കുഞ്ഞുങ്ങളെ വളര്‍ത്താനുമായി പ്രത്യേക ടാങ്ക്  തയ്യാറാക്കുകയാണെങ്കിൽ 10 ഗാലണ്‍ എങ്കിലും വലിപ്പമുള്ള അക്വേറിയം ഉപയോഗിക്കണം.

ഇണചേരല്‍ കഴിഞ്ഞ് പൊരുന്നുമത്സ്യങ്ങളെ മാറ്റിയ ശേഷം, പ്രജനനടാങ്കില്‍ നിന്നും മുട്ടകള്‍ പറ്റിപ്പിടിച്ചിരിക്കുന്ന സ്‌പോണിങ്ങ് മോപ്പിനേയും ചെടികളെയും ആഘാതം കൂടാതെ കുഞ്ഞുങ്ങളുടെ ടാങ്കില്‍ നിക്ഷേപിക്കാം.!

സ്വർണ്ണമത്സ്യങ്ങളുടെ പ്രജനനം എങ്ങനെ രസകരമാക്കാം !

സ്വര്‍ണ്ണനിറം മുതല്‍ ഓറഞ്ചും മഞ്ഞയും കലര്‍ന്ന ചെമന്ന നിറത്തില്‍ വരെ കാണപ്പെടുന്ന സ്വർണ്ണമത്സ്യങ്ങളെ  ഏവരും ഇഷ്ടപ്പെടും.

സ്വർണ്ണമത്സ്യങ്ങളെ വളർത്തുന്നതുപോലെ തന്നെ രസകരമാണ് അവയുടെ പ്രജനനവും. ആരോഗ്യകരമായ അക്വേറിയം സാഹചര്യങ്ങളില്‍ സ്വര്‍ണ്ണമത്സ്യങ്ങള്‍ പലപ്പോഴും സ്വമേധയാ പ്രജനനത്തില്‍ ഏര്‍പ്പെടാറുണ്ടെങ്കിലും അവയെ പ്രജനനത്തിനായി തയ്യാറാക്കുന്നത് ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ലഭിക്കാൻ സഹായിക്കും.

പൊരുന്നു മത്സ്യങ്ങളെ തെരഞ്ഞെടുക്കുമ്പോൾ അവയുടെ ആകര്‍ഷകമായ നിറം, ആകൃതി, ചടുലത, വാല്‍ച്ചിറകുകളിലെ വൈവിദ്ധ്യം എന്നിവ കൂടാതെ, വരും സ്വർണ്ണമത്സ്യ തലമുറകളില്‍ നിങ്ങളാഗ്രഹിക്കുന്ന പ്രത്യേകതകൾക്കും ശ്രദ്ധ നൽകണം. വിജയകരമായ പ്രജനനത്തിനു ഒരു ജോഡി പൊരുന്നു മത്സ്യങ്ങള്‍ മതിയാകുമെങ്കിലും ഒരു പെണ്‍മത്സ്യത്തിനു രണ്ട് ആണ്‍ മത്സ്യങ്ങള്‍ എന്ന തോതിലാണെങ്കിൽ ബീജസംയോഗം കൂടുതൽ ഫലപ്രദമാകും.

പ്രജനന സജ്ജരായ ആണ്‍-പെണ്‍ സ്വർണ്ണമത്സ്യങ്ങളെ കണ്ടെത്തുന്നതും പ്രജനനത്തിനനുകൂലമായ സാഹചര്യങ്ങളൊരുക്കുന്നതും  വളരെ പ്രധാനമാണ്.

സ്വർണ്ണമത്സ്യങ്ങളിലെ കരിങ്കുപ്പായക്കാർ

സ്വർണ്ണമത്സ്യങ്ങളിൽ കറുത്തവയുണ്ടോ? ഉണ്ട് ! വിവിധയിനം സ്വർണ്ണമത്സ്യങ്ങളുണ്ടായത് നൂറ്റാണ്ടുകളായുള്ള ക്രമാനുഗത പ്രജനനം വഴിയുണ്ടായ ജനിതകവ്യതിയാനങ്ങളിലൂടെയാണ്.

സ്വർണ്ണമത്സ്യങ്ങളിൽ ഏറ്റവും ജനപ്രീതിയാർജ്ജിച്ച പോപ്‌ ഐ മത്സ്യങ്ങളാണ് കറുത്തിരുണ്ട ദേഹവും പുറത്തേക്ക് ഉന്തി നില്ക്കുന്ന ബലൂണ്‍ കണ്ണുകളുമുള്ള ബ്ലാക്ക്‌ മൂർ അല്ലെങ്കിൽ കരിങ്കുമിളക്കണ്ണന്മാർ. കറുത്ത മെറ്റാലിക് നിറത്തിലുള്ള, വെൽവറ്റ് പോലെ തിളങ്ങുന്ന ചെതുമ്പലുകളും, ഒഴുകി നടക്കുന്ന ചിറകുകളുമാണ്  ഈ മത്സ്യങ്ങൾക്കുള്ളത്.

എന്നാൽ, ബ്ലാക്ക്‌ മൂർ സ്വർണ്ണമത്സ്യങ്ങളുടെ കുഞ്ഞുങ്ങൾക്കാകട്ടെ മറ്റ് സ്വർണ്ണമത്സ്യയിനങ്ങളിലേതുപോലെ പിച്ചള നിറമോ തവിട്ടു നിറമോ ആയിരിക്കും. കറുപ്പ് നിറവും ഉന്തിയ കണ്ണുകളും പ്രകടമാകുന്നത് മത്സ്യക്കുഞ്ഞുങ്ങൾ വളരുന്നതോട് കൂടിയാണ്. പൂർണ്ണ വളർച്ചയെത്തിയ ബ്ലാക്ക് മൂർ മത്സ്യങ്ങൾക്ക് 10 ഇഞ്ച്‌ വരെ നീളം വയ്കാറുണ്ട്.

വാലിസ്നേറിയയിലെ വിവിധയിനങ്ങൾ

വാലിസ്നേറിയ സ്പൈറലിസ്

ഒരുകാലം വരെ വാലിസ്നേറിയകളുടെ ഉപവിഭാഗങ്ങളെയെല്ലാം  വാലിസ്നേറിയ സ്പൈറലിസ് എന്നാണു വിളിച്ചിരുന്നത്.

വാലിസ്നേറിയ സ്പൈറലിസ്

വാലിസ്നേറിയ സ്പൈറലിസിന്റെ ഉപവിഭാഗമാണ്  ഫോമ റ്റോർറ്റിഫോളിയ

വാലിസ്നേറിയ സ്പൈറലിസ് ഫോമ റ്റോർറ്റിഫോളിയ

വാലിസ്നേറിയ റ്റോർട്ടിസ്സിമ എന്ന ഇനമുണ്ടായത് ഫോമ റ്റോർറ്റിഫോളിയയിലെ കായിക ഉല്പരിവർത്തനം വഴിയാണ്. സർപ്പിൾ ആകൃതിയിലുള്ള  ഇലകളാണ് ഇവയുടെ പ്രത്യേകത.

വാലിസ്നേറിയ ട്രൈപ്റ്റിറ

വാലിസ്നേറിയ ട്രൈപ്റ്റിറ (Vallisneria triptera) ആസ്ട്രേലിയയിലെ ചില സ്ഥലങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്. ചെമപ്പു നിറത്തിൽ ഇലകളുള്ള ഈ വാലിസ്നേറിയ ചെടികള്‍ മഴയും വെയിലും ഇടവിട്ടു വരുന്ന കാലാവസ്ഥയാണ് ഇഷ്ടപ്പെടുന്നത്. പാറമടവുകളിലൂടെ ഒഴുകുന്ന അരുവികളിലും ആഴം കുറഞ്ഞ ശാഖാനദികളിലും വളരുന്ന ട്രൈപ്റ്റിറക്ക് അഭികാമ്യം നല്ല പ്രകാശവും താരതമ്യേന ഉയർന്ന ജലോഷ്മാവും അധികം വളക്കൂറില്ലാത്ത അടിത്തട്ടുമാണ്. അതുകൊണ്ടുതന്നെ തുടക്കക്കാർക്ക് ഒട്ടും യോജിച്ചതല്ല ഈ ചെടി.

ഭീമാകാരന്‍മാരായ അക്വേറിയം സസ്യങ്ങള്‍ !

തെക്കൻ ജെർമ്മനിയിലെ ഷ്ടുട്ട്ഗാർട്ടിനടുത്തുള്ള വിൽഹെൽമ, യൂറോപ്പിലെ പ്രസിദ്ധിയാർജ്ജിച്ച മൃഗശാലകളിലൊന്നാണ്. വിവിധതരം ശുദ്ധജല-ലവണജല മത്സ്യങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളെ ഓർമ്മിപ്പിക്കുംവിധം  ഭീമൻ അക്വേറിയങ്ങളില്‍ ഇവിടെ സജ്ജീകരിച്ചത് 1967 ലാണ്.

അക്വേറിയം ഹോബിയിസ്റ്റുകൾക്കും കൊച്ചുകുട്ടികള്‍ക്കും ഏറെ പ്രിയങ്കരമായ വിൽഹെൽമയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്, തെക്കെ അമേരിക്കൻ ജലാവാസവ്യവസ്ഥയോട് സാദൃശ്യം പുലർത്തുന്ന, ഒരു ബൃഹത് ബയോറ്റോപ്പ് (biotope) അക്വേറിയമാണ്. ഇത്  കാണാനായി മാത്രം, ദിവസവും നൂറുകണക്കിന് അച്ഛനമ്മമാരാണ്‌ കുഞ്ഞുങ്ങളുമായെത്തുന്നത്. ഈ അക്വേറിയത്തില്‍ മുഴുവന്‍ തിങ്ങി നിറഞ്ഞു വളര്‍ന്നു നില്‍ക്കുന്നത്,  ഭീമാകാരന്മാരായ ജയന്റ് വാലിസ്നേറിയകളാണ്. വാലിസ്നേറിയ ജൈജാന്‍ഷ്യ എന്നാണ് പൊതുവെ ഈ ചെടികളെ വിളിക്കാറ്.

വിൽഹെൽമയിലെ അക്വേറിയങ്ങളിൽ ജൈജാൻഷ്യകളെ കൂടാതെ ഇലകളുടെ വലിപ്പത്തിലും, ആകൃതിയിലും, നിറത്തിലുമെല്ലാം വ്യത്യസ്തത പുലർത്തുന്ന പത്തിലധികം വാലിസ്നേറിയ ഇനങ്ങളുണ്ട്.

 

അവസാനം പരിഷ്കരിച്ചത് : 7/18/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate