অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഹെല്‍ത്ത് ടൂറിസവും ആയൂര്‍വേദവും

ഹെല്‍ത്ത് ടൂറിസവും ആയൂര്‍വേദവും

ആയിരക്കണക്കിന് വര്‍ഷം മുമ്പ് സതേണിക് ഗള്‍ഫിലെ ഹെവി സവാരിയ എന്ന ഒരു ചെറിയ നഗരത്തിലായിരുന്നു രോഗചികിത്സയുടെ ദേവനായ അത്കലോലിയോസിന്റെ ക്ഷേത്രം. രോഗശാന്തിയ്ക്കായി ഗ്രീക്ക് തീര്‍ത്ഥാടകര്‍ ഈ ക്ഷേത്രത്തിലേക്ക് നടത്തിയ യാത്രകളായിരിക്കാം മെഡിക്കല്‍ ടൂറിസത്തിന്റെ പ്രാരംഭ സങ്കല്പം. അതിനുശേഷം നൂറ്റാണ്ടുകളോളം അവികസിത രാജ്യങ്ങളില്‍ നിന്ന് വികസിതരാജ്യങ്ങളിലേക്ക് രോഗചികിത്സയ്ക്കായി ആധുനിക സൗകര്യങ്ങള്‍ തേടി നിരവധി ആളുകള്‍ യാത്ര നടത്തി.
എന്നാല്‍ ഇന്ന് വികസിതരാജ്യങ്ങളിലെ ചികിത്സയുടെ ഭാരിച്ച ചിലവുകള്‍ താങ്ങാന്‍ അവിടെയുളളവര്‍ക്ക് പോലും കഴിയാതെ വന്നിരിക്കുകയാണ്. മറുവശത്ത് വികസിതരാജ്യങ്ങളോട് കിടപിടിക്കുന്ന സാങ്കേതികമായ വളര്‍ച്ചയും സൗകര്യങ്ങളും ആരോഗ്യരംഗത്ത് വികസ്വര രാജ്യങ്ങളില്‍ നിലവില്‍ വന്നു. ചികിത്സയുടെ ചിലവ് വളരെയധികം കുറവാണ് താനും. ഇന്ത്യയില്‍ ഒരു ഹൃദയശസ്ത്രക്രിയയ്ക്ക് ആറായിരം മുതല്‍ പതിനായിരം വളരെ ഡോളര്‍ ആവശ്യമായി വരുമ്പോള്‍ യുഎസില്‍ അത് മുപ്പതായിരം ഡോളറിനും അന്‍പതിനായിരം ഡോളറിനും ഇടയിലാണ്. അതുകൊണ്ടാണ് ഏഷ്യന്‍ രാജ്യങ്ങളായ സിങ്കപ്പൂരും തായ്‌ലന്‍ഡും പിന്നെ ഇന്ത്യയും ഹെല്‍ത്ത് ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളായി മാറിയത്. കാര്‍ഡിയാക് ബൈപാസ് സര്‍ജറി, ഐ സര്‍ജറി, ഹിപ് സര്‍ജറി, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ തുടങ്ങിയ ശസ്ത്രക്രിയകള്‍ക്കാണ് കൂടുതല്‍പേരും ഈ രാജ്യങ്ങളിലേക്ക് എത്തുന്നത്. 2006 ല്‍ 1,50,000 പേര്‍ മെഡിക്കല്‍ ടൂറിസ്റ്റുകള്‍ ഇന്ത്യയില്‍ എത്തിയതായി കണക്കാക്കുന്നു. അവര്‍ 450 മില്യണ്‍ ഡോളറിന്റെ വരുമാനമാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. എല്ലാവര്‍ഷവും ഏതാണ്ട് മുപ്പത് ശതമാനം വര്‍ദ്ധന മെഡിക്കല്‍ ടൂറിസ്റ്റ് രംഗത്ത് ഉണ്ടാകുന്നുണ്ട്. 2012 ല്‍ മാത്രം 19.5 ബില്യണ്‍ ഡോളര്‍ മെഡിക്കല്‍ ടൂറിസം വഴി ഇന്ത്യയിലെത്തിയിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഇന്ത്യയുടെ വരുമാനമാര്‍ഗത്തിന്റെ വലിയൊരു സാധ്യതയാണ് മെഡിക്കല്‍ ടൂറിസം വഴി തുറന്നുകിട്ടാനുളളത്.
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ ആയൂര്‍വേദത്തിന്റെ കൂടി സ്വന്തം നാട് എന്ന് വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. ഒരു വൈദികശാസ്ത്രമായ ആയൂര്‍വേദത്തിന് ഏതാണ്ട് 5000 ല്‍പരം വര്‍ഷത്തെ ചികിത്സാചരിത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തിന്റെ ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ ഘടന മറ്റ് സംസ്ഥാനങ്ങളെക്കാളുപരി ഈ ശാസ്ത്രത്തിന്റെ ഫലസിദ്ധി കേരളത്തില്‍ കൂടുതല്‍ ലഭിക്കുന്നതിന് സഹായകരമാണ്. 24 മുതല്‍ 28 ഡിഗ്രി വരെ ഉള്ള താരതമ്യേന സുഖകരമായ കാലവസ്ഥാ, വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ലഭിക്കുന്ന മഴ, നിര്‍ലോഭമായി ലഭിക്കുന്ന ഔഷധസമ്പത്ത് ഏതാണ്ട് 900 ല്‍ പരം വിവിധ ഔഷധസസ്യസമ്പത്ത് എന്നിവയെല്ലാം ആയൂര്‍വേദത്തിന്റെ കേരളത്തിലെ വളര്‍ച്ചയ്ക്ക് കാരണഭൂതമാണ്. 
കേരളത്തിന്റെ വികസനപ്രക്രിയയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന ഒന്നാണ് ഹെല്‍ത്ത് ടൂറിസം. ഏകദേശം മൂന്നര ലക്ഷത്തിലേറെ വിദേശികള്‍ കേരളത്തില്‍ പ്രതിവര്‍ഷം വന്നുപോകുന്നു എന്നാണ് കണക്കാക്കുന്നത്. തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട് ചിന്തിക്കുകയാണെങ്കില്‍ ഏകദേശം നാല് ലക്ഷത്തോളം ആളുകള്‍ പ്രത്യക്ഷമായും പരോക്ഷമായും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിവര്‍ഷം 3200 കോടിയോളം രൂപയുടെ വിദേശവരുമാനം കേരളത്തിന് നേടിത്തരുവാന്‍ ആയുര്‍വേദത്തിന് കഴിയുന്നു.
ഹെല്‍ത്ത് ടൂറിസവുമായി സംയോജിച്ച് മുന്നേറേണ്ട ഒന്നാണ് മെഡിക്കല്‍ ടൂറിസം. മെഡിക്കല്‍ ടൂറിസത്തില്‍ കേരളത്തിന്റെ പരമ്പാരാഗത ശാസ്ത്രമായ ആയുര്‍വേദവും സിദ്ധവും വളരെ നിര്‍ണ്ണായകമായ ഒരു പങ്കുവഹിക്കുന്നുണ്ട്. ഖേദകരമെന്ന് പറയട്ടെ മെഡിക്കല്‍ ടൂറിസത്തിന് വേണ്ടവിധത്തിലുള്ള ഒരു പ്രാധാന്യം നമ്മുടെ നാട്ടില്‍ കിട്ടുന്നില്ല. ഇത് മെഡിക്കല്‍ ടൂറിസത്തിന്റെ വളര്‍ച്ചയേയും ആയൂര്‍വേദം പോലുള്ള തനത് ചികിത്സാശാസ്ത്രങ്ങളുടെ വളര്‍ച്ചയെയും പിറകോട്ട് വലിക്കുന്നുണ്ട്.
ആയൂര്‍വേദം, ടൂറിസം വികസനരംഗത്ത് വളരെ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്ന ഒന്നാണെങ്കില്‍ പോലും ഇതിന്റെ അപക്വമായ ഉപയോഗരീതി ആയൂര്‍വേദത്തെ സംബന്ധിച്ച് വിദേശികളുടെ ഇടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിനും ഈ ചികിത്സാരീതിയുടെ വികസനസാധ്യത ഇല്ലാതാക്കുന്നതിനും കാരണമാകുന്നു. ആയൂര്‍വേദം എന്നത് ഒരു ബോഡി മസാജ് മാത്രമായി ചിത്രീകരിക്കപ്പെടുമ്പോള്‍, അലോപ്പതി പോലുള്ള നൂതനചികിത്സാ സമ്പ്രദായങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ ഫലസിദ്ധികളും ആയൂര്‍വേദത്തിനും നല്‍കാന്‍ കഴിയുമെന്ന വസ്തുത മൂടപ്പെട്ട് പോവുകയാണ് ചെയ്യുന്നത്.
ആയുര്‍വേദത്തിന്റെ വളര്‍ച്ചയ്ക്ക് ടൂറിസം മേഖലയില്‍ കണ്ടുവരുന്ന തടസങ്ങളും തെറ്റിദ്ധാരണകളും താഴെ പറയുന്നവയാണ്.
1 ആയൂര്‍വേദം എന്നത് ഒരു മസാജ് മാത്രമാണെന്നോ റജുവിനേഷന്‍ തെറാപ്പി മാത്രമാണെന്നോ ഉള്ള തെറ്റിധാരണ. എന്നാല്‍ അലോപ്പതി പോലുള്ള നുതന വൈദ്യശാസ്ത്ര ശാഖകള്‍ക്ക് നല്‍കാന്‍ കഴിയുന്ന എല്ലാവിധ ഫലസിദ്ധിയും നല്കാന്‍ ആയുര്‍വേദത്തിന് കഴിയുമെന്നതാണ് യാഥാര്‍ത്ഥ്യം.
2. ആയൂര്‍വേദചികിത്സ വളരെ ചിലവേറിയ ഒന്നാണെന്ന മിഥ്യാധാരണ. ആയൂര്‍വേദ ഔഷധങ്ങളുടയും ചികിത്സകളുടെയും ചിലവ് താരതമ്യേന കൂടുതലാണെങ്കില്‍പോലും ഒരു രോഗത്തിന്റെ ശമനത്തിനുവേണ്ടി അലോപ്പതിയില്‍ വേണ്ടിവരുന്ന മൊത്തം ചിലവുമായി കണക്കാക്കുമ്പോള്‍ ചിലവ് തുലോം കുറവാണെന്ന് കാണാം. ഉദാഹരണമായി വിവിധയിനം ലാബ്‌ടെസ്റ്റുകള്‍, സ്‌കാനിംഗ് പോലുള്ള മറ്റ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ എന്നിവ കണക്കാക്കിയാല്‍ ആയുര്‍വേദത്തില്‍ ചിലവ് തുലോം കുറവാണ്.
3. ആയൂര്‍വേദ ഔഷധങ്ങള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവയും ആയൂര്‍വേദ ചികിത്സകള്‍ തരതമ്യനേ കഠിനവുമാണെന്ന തെറ്റിധാരണ. എന്നാല്‍ കഷായം പോലുള്ള ഔഷധങ്ങളുടെ രൂപത്തില്‍ നിന്നും ആയൂര്‍വേദം വളരെയേറെ മാറിയിരിക്കുന്നു. കയ്‌പേറിയതും ഉപയോഗിക്കാന്‍ വൈഷമ്യമുളളതുമായ പഴയരൂപത്തിന്‍നിന്നും ക്യാപ്‌സൂളുകള്‍, ടാബ്‌ലെറ്റുകള്‍, ഓയിന്‍മെന്റുകള്‍, നോണ്‍സ്റ്റിക്കി ഓയിലുകള്‍ എന്നിങ്ങനെ നൂതനരൂപത്തിലേക്ക് ആയൂര്‍വേദമരുന്നുകള്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ആയൂര്‍വേദഔഷധങ്ങള്‍ ഇപ്പോള്‍ അലോപ്പതി മരുന്നുകള്‍ പോലെതന്നെ ഈസിയായി കൊണ്ടുനടക്കാവുന്നതും ഉപയോഗിക്കാവുന്നതുമാണ്.
4. ആയൂര്‍വേദം വളരെ സാവകാശം മാത്രമെ രോഗത്തോട് പ്രതികരിക്കുന്നുള്ളു, അഥവാ അസുഖം മാറുന്നതിന് കൂടുതല്‍ സമയം വേണ്ടിവരുന്നു എന്ന തെറ്റായ കാഴ്ചപ്പാട്. ആയൂര്‍വേദ ഔഷധങ്ങളില്‍ വന്ന നവീകരണം, കൂടാതെ ഒറ്റമൂലിചികിത്സാ സമ്പ്രദായം, ഔഷധങ്ങളില്‍ ഉപയോഗിക്കുന്ന റോമെറ്റീരിയലുകളുടെ ശാസ്ത്രീയമായ വിശകലന പഠനം എന്നിവ ആയൂര്‍വേദ ഔഷധങ്ങളുടെ ഫലസിദ്ധി വളരെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

കേരളത്തിലെ ആയൂര്‍വേദ ശാസ്ത്രം


കേരളത്തില്‍ 100 -ല്‍ പരം ഗവണ്‍മെന്റ് ആയൂര്‍വേദ ഹോസ്പിറ്റലുകളും 3000 ല്‍ പരം സ്വകാര്യ ഹോസ്പിറ്റലുകളും പ്രവര്‍ത്തിക്കുന്നു. ഇത് കൂടാതെ സ്വകാര്യമേഖലയിലും പൊതുമേഖലയിലുമായി ഏകദേശം 5000 -ല്‍ പരം ഡിസ്‌പെന്‍സറികളും പ്രവര്‍ത്തിക്കുന്നു. 800 - ഓളം ആയൂര്‍വേദ മെഡിസിന്‍ മാനുഫാച്ചറിംഗ് യൂണിറ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ റിസോര്‍ട്ടുകള്‍, സ്പാ, യോഗാ സെന്ററുകള്‍ എന്നിവയും ഉണ്ട്. ആയൂര്‍വേദത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് ഉപയുക്തമായ വിധത്തില്‍ 16 ആയൂര്‍വേദ കോളേജുകളും പ്രവര്‍ത്തിക്കുന്നു.

മെഡിക്കല്‍ ടൂറിസവും കേരളവും

ആസൂത്രിതമായ പദ്ധതികളോ പ്രയത്‌നങ്ങളോ ഇല്ലാതെതന്നെ കേരളത്തില്‍ ആയൂര്‍വേദ ടൂറിസം വളരെയേറെ വളര്‍ച്ച പ്രാപിച്ചിട്ടുണ്ട്. ഇതില്‍ നിര്‍ണായക പങ്കുവഹിച്ചത് താഴെ പറയുന്ന ഘടകങ്ങളാണ്.
1. കേരള ആയൂര്‍വേദ എന്ന കണ്‍സെപ്റ്റ് ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നു. അതുപോലെ തന്നെ സിദ്ധാ സിസ്റ്റവും അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടുവരുന്നു.
2. വിദേശരാജ്യങ്ങളിലെ ഉയര്‍ന്ന ചികിത്സാചിലവുകള്‍
3. താരതമ്യേന ചിലവ് കുറഞ്ഞ ദേശീയ അന്തര്‍ദേശീയ യാത്രാചിലവുകള്‍.
4. സാങ്കേതികവളര്‍ച്ചയും ഗുണനിലവാരം ഉറപ്പാക്കുന്ന പദ്ധതികളും

കേരളത്തില്‍ എത്തുന്ന മെഡിക്കല്‍ ടൂറിസ്റ്റുകളുടെ ഏകദേശ സ്ഥിതിവിവരക്കണക്ക്


ഓള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ മോഡേണ്‍ മെഡിസിന്‍ 
ജര്‍മ്മനി 22.2.% മിഡില്‍ ഈസ്റ്റ് 26.46 % 
ഫ്രാന്‍സ് 13.14 % ഇംഗ്ലണ്ട് 18.41 % 
സ്വിറ്റ്‌സര്‍ലന്റ് 12.88 % ജര്‍മ്മനി 13.41 % 
അമേരിക്ക 12.29 % അമേരിക്ക 12.44 % 
ഇംഗ്ലണ്ട് 7.29 % മാലദീപ് 11.46 % 
ഇറ്റലി 7.20 % ഫ്രാന്‍സ് 7.32 % 
റഷ്യ 6.78 % ഓസ്‌ട്രേലിയ 3.84 % 
മിഡില്‍ ഈസ്റ്റ് 6.36 % സ്‌പെയിന്‍ 2.44 % 
ഡെന്‍മാര്‍ക്ക് 5.08 % സ്വിറ്റ്‌സര്‍ലന്റ് 2.44 % 
ജപ്പാന്‍ 4.66 % ഈസ്റ്റ് ആഫ്രിക്ക 1.83 % 
സ്‌പെയിന്‍ 1.69 % കെനിയ 0.24 % 
കെനിയ 0.42 %

മെഡിക്കല്‍ ടൂറിസത്തിന് കേരളത്തിലെ അനുകൂല ഘടകങ്ങള്‍


1. കേരളത്തിലെ കുറഞ്ഞ ചികിത്സാചിലവുകള്‍
മറ്റ് ഏത് രാജ്യത്തെക്കാളും മികച്ച ചികിത്സ ചുരുങ്ങിയ ചിലവില്‍ കേരളത്തില്‍ ലഭ്യമാണ്. ഇന്ത്യയിലെ ചിലവ് ബ്രിട്ടനിലേക്കാള്‍ ഏകദേശം 1/6 മാത്രം. അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ 1/10 മാത്രം.
2. കേരളത്തിലെ ഡോക്‌ടേഴ്‌സിനെയും മറ്റ് ചികിത്സാസ്റ്റാഫുകളെയും അവരുടെ മനോഭാവത്തിന്റെയും ചികിത്സാനൈപുണ്യത്തിന്റെയും അടിസ്ഥാനത്തില്‍ ലോകം അംഗീകരിച്ചിരിക്കുന്നു.
3. മിക്കവാറും എല്ലാ മികച്ച ഹോസ്പിറ്റലുകളും എല്ലാത്തരം രോഗത്തിനുള്ള ചികിത്സ കൊടുക്കാന്‍ പര്യാപ്തമാണ്.
4. കേരളത്തിലെ ഹോസ്പിറ്റലുകളുടെ എക്കോഫ്രണ്ട്‌ലി അറ്റ്‌മോസ്ഫിയര്‍ ലോകം അംഗീകിച്ചിട്ടുണ്ട്.
5. ലോകമെമ്പാടുമുള്ള മലയാളികളള്‍ ആയൂര്‍വേദത്തിന്റെ ബ്രാന്റ് അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കുന്നു.


മെഡിക്കല്‍ ടൂറിസത്തില്‍ ഗവണ്‍മെന്റിന്റെ പ്രാധാന്യം


പല സര്‍വേകളും കാണിക്കുന്നത് മെഡിക്കല്‍ ടൂറിസം വികസനത്തില്‍ ഗവണ്‍മെന്റിന്റെ നില വളരെ പരിതാപകരമാണെന്നാണ്. ഈ അവസ്ഥ മാറേണ്ടിയിരിക്കുന്നു. നമ്മുടെ സംസ്ഥാനത്തിന്റെ ടൂറിസത്തില്‍ നിന്നുള്ള വരുമാനത്തിന്റെ 40 % വും ആയൂര്‍വേദ മേഖലയില്‍ നിന്നുമാണ്. ഇത് മനസിലാക്കി ഈ മേഖലയില്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. അന്യംനിന്നു വരുന്ന ഔഷധസസ്യങ്ങളെ കണ്ടെത്തി അവയുടെ ഉല്‍പ്പാദനം വികസിപ്പിക്കണം. അതുപോലെതന്നെ അനാരോഗ്യകരമായ രീതിയില്‍ ആയൂര്‍വേദത്തെ പ്രചരിപ്പിക്കുന്ന നിലവാരം കുറഞ്ഞ ആയൂര്‍വേദ സെന്ററുകളെ ആയൂര്‍വേദതലത്തിന്‍ നിയന്ത്രിക്കുകയും വേണം.
ടൂറിസം കേരളത്തിലെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമായ ഒരു ഘടകമാണ്. കേരളമാണ് ഹെല്‍ത്ത് ടൂറിസത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം. 12 വര്‍ഷത്തോളമായി കേരളത്തില്‍ നടപ്പാക്കിവരുന്ന ആയൂര്‍വേദ വികസന പദ്ധതികള്‍ വളരെയേറെ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. കേരളത്തില്‍ വരുന്ന ടൂറിസ്റ്റുകളില്‍ ഏതാണ്ട് മുപ്പത് ശതമാനത്തോളം പേര്‍ ആയൂര്‍വേദ ചികിത്സ തേടുന്നുണ്ടെന്നാണ് കണക്ക്. ഈ രംഗത്ത് ഇനിയും വളരെയേറെ മുന്നേറാന്‍ നമുക്ക് കഴിയണം.


ആയൂര്‍വേദത്തിന്റെ വികസനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


1. വിദേശരാജ്യങ്ങളില്‍ ആയൂര്‍വേദത്തെ ഒരു മുഖ്യധാരാചികിത്സാരീതിയായി ഇതുവരെ അംഗീകരിച്ചിട്ടില്ല. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. ആയുര്‍വേദം ശരിയായ ഒരു ചികിത്സാശാസ്ത്രമാണെന്നും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത, ശാശ്വതപരിഹാരം നല്‍കുന്ന ആയൂര്‍വേദത്തെ ധൈര്യപൂര്‍വ്വം സമീപിക്കാമെന്നും ലോകം തിരിച്ചറിയേണ്ടതുണ്ട്. ആയുര്‍വേദ ഔഷധങ്ങള്‍ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നതിന് ഇപ്പോള്‍ പല വിലക്കുകളും നിലനില്‍ക്കുന്നു. ഇതിനും മാറ്റം വരേണ്ടതുണ്ട്.
2. ആയൂര്‍വേദ ചികിത്സാരീതിയ്ക്ക് ഒരു സ്റ്റാന്റേഡൈസേഷന്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ചികിത്സകര്‍ക്ക് മറ്റ് ശാസ്ത്രശാഖകളെപ്പോലെ പ്രത്യേക മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിക്കേണ്ടതും ചികിത്സയുടെ ഗുണമേന്‍മ ഉറപ്പുവരുത്തേണ്ടതുമാണ്. ഏകീകൃത ചികിത്സാചിലവ് നയം ഇല്ലാത്തതിനാല്‍ വിദേശികളെ പലരും ചൂഷണം ചെയ്യുന്ന സാഹചര്യവുമുണ്ട്. ഇത് ആയുര്‍വേദത്തെക്കുറിച്ച് തെറ്റായ മതിപ്പ് ഉണ്ടാക്കുവാന്‍ കാരണമാകുന്നു.
ഭാരതത്തിന്റെ തനത് ചികിത്സാ സമ്പ്രദായങ്ങളായ ആയുര്‍വേദയും സിദ്ധയുമെല്ലാം ഇന്ന് വിദേശികളെ കൂടുതല്‍ കൂടുതല്‍ ആകര്‍ഷിച്ചുവരുന്നു. ആയുര്‍വേദം ഒരു ചികിത്സാപദ്ധതി എന്നതിനേക്കാളുപരി ഒരു ജീവിതരീതിയായിത്തന്നെ മനസിലാക്കുവാനും പ്രവര്‍ത്തിതലത്തില്‍ എത്തിക്കുവാനും വിദേശികള്‍ ഇപ്പോള്‍ തയ്യാറാകുന്നുണ്ട്. ആയുര്‍വേദത്തെയും സിദ്ധത്തെയും ലോകനിലവാരത്തിലേക്ക് ഉയര്‍ത്തണമെങ്കില്‍ അതിന്റെ പഠനവും പ്രയോഗവും കുറെക്കൂടി ശാസ്ത്രീയവും സുതാര്യവുമാക്കേണ്ടിയിരിക്കുന്നു. അലോപ്പതി പോലുളള ചികിത്സാപദ്ധതികളില്‍ ശരിയായ ചികിത്സ നിശ്ചയിക്കാന്‍ പറ്റാത്ത വാതരോഗങ്ങള്‍, എല്ലിന്റെയും മറ്റും രോഗങ്ങള്‍ എന്നിവയ്ക്ക് ആയുര്‍വേദത്തിലൂടെയും സിദ്ധത്തിലൂടെയും ചികിത്സ തേടാനാകുമെന്ന പ്രത്യാശ ഇന്ന് പാശ്ചാത്യര്‍ക്കുണ്ട്. അതിന് അവരുടെ ജീവിതനിലവാരം വച്ചുകൊണ്ടുളള സേവനദാതാക്കളായി നമുക്ക് മാറാന്‍ കഴിയുമെങ്കില്‍ ഭാരതത്തിന്റെ ഇപ്പോഴുളള വാര്‍ഷിക ബജറ്റിന്റെ അത്രയും തന്നെയുളള തുക ഹെല്‍ത്ത് ടൂറിസത്തിലൂടെ നമുക്ക് നേടാന്‍ കഴിയും. പ്രത്യേകിച്ച് വ്യവസായങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കഴിയാത്ത കേരളം പോലുളള ഒരു സംസ്ഥാനത്തില്‍ ഏറ്റവും യുക്തമായ ഒരു വരുമാന സ്രോതസ് കൂടിയായിരിക്കും മെഡിക്കല്‍ ടൂറിസം. ആധുനിക സൗകര്യങ്ങളുളള മെഡിക്കല്‍ സിറ്റികള്‍ കേരളത്തിന്റെ വിവിധ നഗരങ്ങളില്‍ സ്ഥാപിക്കേണ്ടിയിരിക്കുന്നു. അലോപ്പതിയുടെയും ആയുര്‍വേദത്തിന്റെയും സിദ്ധത്തിന്റെയും ഏറ്റവും മികച്ച ചികിത്സാസൗകര്യങ്ങള്‍ ഈ മെഡിസിറ്റികളില്‍ ഉണ്ടായിരിക്കണം. വാര്‍ത്താവിനിമയ സൗകര്യങ്ങളും വൃത്തി, വെടിപ്പ് തുടങ്ങിയവയും ഏറ്റവും മുന്തിയ രീതിയിലായിരിക്കണം. ഐ.ടി മേഖലകള്‍ക്ക് നമ്മള്‍ കൊടുത്തുകൊണ്ടിരുന്ന പ്രാധാന്യത്തിന്റെ പത്ത് ശതമാനമെങ്കിലും ഈ വഴിക്ക് നീക്കിവച്ചിരുന്നെങ്കില്‍ കേരളത്തിന്റെ അവസ്ഥ ഇന്ന് എത്ര മനോഹരമായിരുന്നിരിക്കും.? ഓര്‍ക്കുക ലോകത്ത് റീട്ടെയ്ല്‍ രംഗം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സാമ്പത്തികവിനിമയം നടക്കുന്നത് ആരോഗ്യരംഗത്താണ്.

അവസാനം പരിഷ്കരിച്ചത് : 5/7/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate