অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആയുര്‍വേദ

കുട്ടികളിലെ ആസ്ത്മ തടയാം

ഡോ. പ്രിയ ദേവദത്ത് (കോട്ടക്കല്‍ ആര്യവൈദ്യശാല മാന്നാര്‍)

കുട്ടികളെ ബാധിക്കുന്ന വളരെ സാധാരണമായ ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് ആസ്ത്മ. പ്രത്യേകിച്ച് മഞ്ഞും തണുപ്പുമുള്ള രാത്രികാലങ്ങളില്‍. ശ്വാസനാളങ്ങള്‍ ചുരുങ്ങി അടയുമ്പോഴുണ്ടാകുന്ന ശ്വാസതടസ്സവും ഇത് മാറുമ്പോഴുണ്ടാകുന്ന അദ്ഭുതാവഹമായ ആശ്വാസവുമാണ് ആസ്ത്മയുടെ പ്രധാന ലക്ഷണങ്ങള്‍. 
ശ്വാസനാളങ്ങളെ ചുരുങ്ങാന്‍ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങള്‍മൂലം ശ്വാസകോശങ്ങള്‍ക്ക് ഉണ്ടാകുന്ന അലര്‍ജിയാണ് ആസ്ത്മ. ജീവിത ശൈലിയില്‍ വന്ന അനാരോഗ്യ പ്രവണതകളും പരിസ്ഥിതി മലിനീകരണവും മൂലം ആസ്ത്മ ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഇന്ന് കൂടുതലാണ്.

കാരണങ്ങള്‍
പാരമ്പര്യമായി ഉണ്ടാകാന്‍ സാധ്യതയുള്ള രോഗമാണ് ആസ്ത്മ. അച്ഛനമ്മമാര്‍ക്ക് ആസ്ത്മയുണ്ടെങ്കില്‍ കുട്ടികളില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 
പൊടി, മഞ്ഞ്, തണുപ്പ് , പുക, പൂമ്പൊടി, പുകവലിക്കുന്നവരുടെ സാമീപ്യം, ഫംഗസുകള്‍ , വളര്‍ത്തു മൃഗങ്ങളുടെ രോമങ്ങള്‍, പാറ്റപോലെയുള്ള ജീവികളുടെ സാന്നിധ്യം തുടങ്ങിയ അലര്‍ജനുകള്‍ (ശ്വാസനാളികളെ ചുരുക്കാന്‍ പ്രേരകമാകുന്ന വസ്തുക്കള്‍)ക്കെതിരെ ശരീരത്തിന്‍െറ പ്രതിരോധസംവിധാനം ആന്‍റിബോഡികളെ പ്രേരിപ്പിക്കും. ഈ ആന്‍റിബോഡികള്‍ ശരീരത്തിന്‍െറ അലര്‍ജി കോശങ്ങളെ ഉത്തേജിപ്പിച്ച് രാസപദാര്‍ഥങ്ങളെ ഉല്‍പാദിപ്പിക്കും. ഈ രാസപദാര്‍ഥങ്ങള്‍ ശ്വാസകോശങ്ങളിലും മൂക്കിലും കണ്ണിലുമൊക്കെ പ്രവര്‍ത്തിച്ച് അലര്‍ജി പ്രതികരണങ്ങളായ തുമ്മല്‍, ശ്വാസംമുട്ടല്‍, ചുമ തുടങ്ങിയവയുണ്ടാക്കുന്നു.

ആസ്ത്മ പകരില്ല
ആസ്ത്മ പകരുന്ന രോഗമല്ല. ആസ്ത്മ രോഗിയുമൊത്ത് കുട്ടികള്‍ ഉറങ്ങുന്നതുകൊണ്ടോ കളിക്കുന്നതുകൊണ്ടോ രോഗം പകരില്ല.

പ്രധാന ലക്ഷണങ്ങള്‍

  1. ശ്വാസം എടുക്കുമ്പോള്‍ ചൂളംവിളിക്കുന്ന ശബ്ദം
  2. തണുത്ത കാലാവസ്ഥയിലും തണുത്ത ഭക്ഷണശേഷവുമുള്ള ചുമ
  3. ചുമ, പ്രത്യേകിച്ച് രാത്രിയില്‍
  4. നെഞ്ചിനകത്ത് ഭാരം
  5. പെട്ടെന്ന് കിതപ്പ് വരുക
  6. നെഞ്ചിനകത്ത് കഫം കുറുകുക
  7. ജലദോഷം വന്നുകഴിഞ്ഞ് ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ചുമ
  8. സാധാരണ പ്രവൃത്തികളിലേര്‍പ്പെടുമ്പോള്‍ ശ്വാസംമുട്ടലും ചുമയും
  9. ശ്വാസം ശക്തിയായി പുറത്തോട്ട് വിടുമ്പോഴുള്ള ചുമ
  10. ഓടിക്കളിച്ചശേഷമുള്ള ചുമ
  11. ചിലപ്പോള്‍ നാസികാരോഗം ആസ്ത്മക്ക് മുന്നോടിയായി ഉണ്ടാകാം. ജനനം മുതല്‍ ഏതു പ്രായത്തിലും കുട്ടികളില്‍ ആസ്ത്മ രോഗലക്ഷണങ്ങള്‍ പ്രകടമാകാം.

കുട്ടികളില്‍ പലതരം ആസ്ത്മകള്‍
നിസ്സാരമായ ആസ്ത്മ
കുട്ടികളില്‍ വല്ലപ്പോഴും മാത്രമുണ്ടാകുന്ന ശ്വാസതടസ്സമാണിത്. ചുരുങ്ങിയ ദിവസത്തെ ചികിത്സകൊണ്ട് ഭേദമാകും.
സാമാന്യമായ ആസ്ത്മ
മേല്‍പറഞ്ഞതില്‍നിന്ന് അധികമായ തോതില്‍ ആസ്ത്മയുടെ ഉപദ്രവമുള്ളവരെയാണ് ഈ വിഭാഗത്തില്‍പെടുത്തിയിരിക്കുന്നത്. ഇവരില്‍ ആസ്ത്മയില്ലാത്ത അവസരങ്ങളിലും രാത്രിയിലെ ചുമപോലെയുള്ള അസ്വസ്ഥതകള്‍ കാണാറുണ്ട്.

ഗുരുതരമായ ആസ്ത്മ
ഈ വിഭാഗത്തില്‍പെടുന്ന കുട്ടികള്‍ക്ക് മിക്കവാറും എല്ലാ ദിവസവും ശ്വാസംമുട്ടലനുഭവപ്പെടുന്നു. ശരിയായ ചികിത്സയുടെ അഭാവമുള്ളവരില്‍ വളര്‍ച്ച മുരടിക്കാം. വിദ്യാഭ്യാസത്തിന് പ്രതിബന്ധമുണ്ടാകാറുണ്ട്. 
അപകടകാരി ആസ്ത്മ 
ശ്വാസതടസ്സം തുടങ്ങിയാല്‍ ഉടന്‍തന്നെ അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുന്ന വിഭാഗം ആസ്ത്മയും ചിലരില്‍ കാണുന്നു. ഇത്തരക്കാര്‍ പ്രാരംഭ ലക്ഷണങ്ങള്‍ കാണുമ്പോള്‍തന്നെ ചികിത്സ തേടേണ്ടതും തുടരേണ്ടതുമാണ്.

കളിയും വ്യായാമങ്ങളും
കായികവിനോദങ്ങളിലേര്‍പ്പെടുമ്പോള്‍ ശക്തമായ ചുമയോടുകൂടിയ ശ്വാസതടസ്സം ചില കുട്ടികളില്‍ കാണാറുണ്ട്. 
ആ പ്രത്യേക കായികവിനോദം ഒഴിവാക്കി മറ്റു കളികളില്‍ ഏര്‍പ്പെടാന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. രോഗശമനത്തിനും ഇത് അനിവാര്യമാണ്. തുറസ്സായ സ്ഥലങ്ങളില്‍ കളിച്ചുവളരുന്നത് ആസ്ത്മനിയന്ത്രണത്തിന് ഫലപ്രദമാകാറുണ്ട്. 
സാവധാനത്തിലും ആഴത്തിലുമുള്ള ശ്വസനവ്യായാമങ്ങളും കുട്ടികള്‍ക്ക് ആസ്ത്മയെ നിയന്ത്രിക്കാന്‍ പരിശീലിക്കാവുന്നതാണ്. ഒപ്പം ലഘുവ്യായാമങ്ങളും ഡോക്ടറുടെ നിര്‍ദേശാനുസരണം ശീലമാക്കാം.

ചികിത്സ
അലര്‍ജിക്കിടയാക്കുന്ന സാഹചര്യങ്ങളില്‍നിന്ന് പരമാവധി അകന്നുനില്‍ക്കുന്നതോടൊപ്പം കൃത്യമായ ഒൗഷധോപയോഗവും ആസ്ത്മയെ അകറ്റും. രോഗിയുടെ ആരോഗ്യം, രോഗത്തിന്‍െറ ദൈര്‍ഘ്യം, രോഗത്തിന്‍െറ അവസ്ഥ എന്നിവയുടെ അടിസ്ഥാനത്തില്‍ ചികിത്സ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ലഘുവായ പഞ്ചകര്‍മ ചികിത്സകളും ചിലര്‍ക്ക് നല്‍കേണ്ടതുണ്ട്. 
കുമ്പളം, വെള്ളരി, ചീര, നാരങ്ങ, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍, ചെറുമത്സ്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഭക്ഷണങ്ങള്‍ ആസ്ത്മരോഗിക്ക് അനുയോജ്യമാണ്. ഭക്ഷണം അമിതമായി കഴിക്കാതെ കുറഞ്ഞ അളവില്‍ പല തവണയായി ചൂടോടെ കഴിക്കാം. പഴകിയ ഭക്ഷണങ്ങള്‍, തൈര്, ഉഴുന്ന്, പകലുറക്കം, തണുത്ത ഭക്ഷണം, അസമയത്തെ കുളി, ചെമ്മീന്‍, ഞണ്ട്, വറുത്തതും പൊരിച്ചതുമായ ഭക്ഷണം എന്നിവ ഒഴിവാക്കണം.

വീട്ടില്‍ ശ്രദ്ധിക്കാന്‍

  • കുട്ടിക്ക് അലര്‍ജിക്കിടയാക്കുന്ന ഘടകം തിരിച്ചറിയാന്‍ ശ്രദ്ധിക്കുക.
  • മാസത്തില്‍ എത്രതവണ, ഏതു സാഹചര്യത്തില്‍ എന്നും ശ്രദ്ധിക്കണം.
  • രോഗം ഭക്ഷണത്തെയും പഠനത്തെയും ബാധിക്കാതെ നോക്കണം. ഭക്ഷണം ഒഴിവാക്കുക തുടങ്ങിയ പ്രവണത ഗുണകരമല്ല.
  • കുട്ടിക്ക് ആസ്ത്മയുള്ള കാര്യം സ്കൂളില്‍ അധ്യാപകരോട് പറയുകയും ആവശ്യത്തിനുള്ള മരുന്ന് കുട്ടിയുടെ കൈയില്‍ കരുതുകയും വേണം.
  • രാത്രിഭക്ഷണം ലഘുവാക്കാനും ശ്രദ്ധിക്കണം.
  • പാടമാറ്റി ഒരു ഗ്ളാസ് പാലില്‍ ഒരു ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നല്‍കുന്നത് നല്ല ഫലം തരും.
  • രോഗപ്രതിരോധത്തിന് അഗസ്ത്യരസായനം, ദശമൂല രസായനം, ച്യവനപ്രാശം ഇവയിലൊന്ന് സ്ഥിരമായി ശീലിക്കാം.

ടോണ്‍സിലൈറ്റിസ് പ്രതിരോധിക്കാം

ഡോ. പ്രിയ ദേവദത്ത് (കോട്ടക്കല്‍ ആര്യവൈദ്യശാല മാന്നാര്‍)

മനുഷ്യശരീരത്തിലെ പ്രതിരോധസംവിധാനത്തിലെ സുപ്രധാന കണ്ണികളാണ് ടോണ്‍സിലകുള്‍. ശ്വാസനാളം, അന്നനാളം, വായു, ഭക്ഷണം എന്നിവയിലൂടെയെല്ലാം എത്തിപ്പെടുന്ന അണുക്കളെ ആദ്യം നേരിടുന്നത് ടോണ്‍സിലുകളാണ്. ആയുര്‍വേദം ‘താലുഗ്രന്ഥി’ എന്നാണ് ടോണ്‍സിലുകളെ പറയുക. തൊണ്ടയില്‍ നാവിന്‍െറ ഉദ്ഭവസ്ഥാനത്ത് അണ്ണാക്കിന്‍െറ ഇരുവശങ്ങളിലുമായാണ് ഇവ സ്ഥിതിചെയ്യുക. മുട്ടയുടെ ആകൃതിയാണ് ഈ ഗ്രന്ഥികള്‍ക്ക്.

ടോണ്‍സിലുകള്‍ കീഴടങ്ങുന്നതെങ്ങനെ?
സാധാരണഗതിയില്‍ ടോണ്‍സിലുകള്‍ അണുക്കളെ തടഞ്ഞുനിര്‍ത്തി അവയെ നശിപ്പിച്ചോ നിര്‍വീര്യമാക്കിയോ ആണ് ആരോഗ്യം സംരക്ഷിക്കുക. എന്നാല്‍, ഈ പ്രതിരോധ നടപടികളുടെ താളം ചിലപ്പോള്‍ തെറ്റാറുണ്ട്. അണുക്കള്‍ കൂട്ടത്തോടെ എത്തി ആക്രമണത്തിന്‍െറ ശക്തി കൂടുമ്പോള്‍ ടോണ്‍സിലുകള്‍ കീഴടങ്ങുന്നു. 
ശരീരത്തിന്‍െറ പ്രതിരോധശക്തി കുറയുമ്പോഴും രോഗാണു ശക്തമാകുമ്പോഴും മറ്റും ടോണ്‍സില്‍ ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അണുബാധ ആണ് ടോണ്‍സിലൈറ്റിസ്. മുതിര്‍ന്നവരില്‍ ‘തുണ്ഡികേരി’ എന്നും ശിശുക്കളില്‍ ‘താലുകണ്ഡകം’ എന്ന പേരും ടോണ്‍സിലൈറ്റിസിനുണ്ട്. 
ടോണ്‍സിലൈറ്റിസ് മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കാറുണ്ടെങ്കിലും കുട്ടികളിലാണ് ധാരാളമായി കാണുക. സാധാരണഗതിയില്‍ ശ്രദ്ധയില്‍പ്പെടാതെയിരിക്കുന്ന ടോണ്‍സിലുകള്‍ അണുബാധ ഉണ്ടാകുന്നതോടെ തടിച്ച് ചുവന്ന് വലുതാകും.

കാരണങ്ങള്‍
ടോണ്‍സിലൈറ്റിസ് പെട്ടെന്നുണ്ടാവുകയോ നീണ്ടുനില്‍ക്കുന്ന അണുബാധയുടെ ഭാഗമായോ ഉണ്ടാകാം. വൈറസുകളും ബാക്ടീരിയകളും അണുബാധക്കിടയാക്കാറുണ്ട്. ശരീരത്തിന്‍െറ അകത്തും പുറത്തും അണുബാധക്കനുകൂലമായ സാഹചര്യം ഒരുങ്ങുന്നതോടെ രോഗം എളുപ്പം പിടിപെടുന്നു. അണുക്കള്‍ ടോണ്‍സില്‍ ഗ്രന്ഥിയുടെ ഉപരിതലത്തില്‍ അടിഞ്ഞുകൂടി അണുബാധക്കിടയാക്കും. 
തൊണ്ടയില്‍ താപനിലയില്‍ കുറവുണ്ടാകുന്നത് താല്‍ക്കാലികമാണെങ്കിലും അണുബാധ ഉണ്ടാക്കാം. നല്ല ചൂടുള്ള കാലാവസ്ഥയില്‍ തണുത്തവെള്ളം, തണുത്ത ഭക്ഷണം ഇവ കഴിക്കുക, മഞ്ഞുകൊള്ളുക, മഴ നനയുക, തുടര്‍ച്ചയായി എ.സി ഉപയോഗിക്കുക എന്നിവയും ടോണ്‍സിലൈറ്റിസിനിടയാക്കാറുണ്ട്.

പകരുന്നരോഗം
ടോണ്‍സിലൈറ്റിസ് പടരുന്ന രോഗമാണ്. രോഗിയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങളുമായുള്ള സമ്പര്‍ക്കം രോഗം പരക്കാനിടയാക്കും. രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗാണുക്കള്‍ അന്തരീക്ഷത്തിലത്തെും. വായുവിലൂടെയും കൈകള്‍ വഴി അന്നപഥത്തിലൂടെയും അടുത്തിടപെടുമ്പോള്‍ രോഗാണുക്കള്‍ പ്രവേശിക്കുന്നു.

ലക്ഷണങ്ങള്‍

  • പനി, ശരീരവേദന, ക്ഷീണം, ഇവക്കൊപ്പം ഉണ്ടാകുന്ന ശക്തിയായ തൊണ്ടവേദന
  • ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്
  • ടോണ്‍സിലുകളില്‍ ചുവപ്പ്, പഴുപ്പ്, വെളുത്ത പാട ഇവ കാണുക
  • കഴുത്തിലെ കഴലകളില്‍ വീക്കവും വേദനയും
  • ചെവിവേദന

ഇവയാണ് പ്രധാന ലക്ഷണങ്ങള്‍.
പലതവണ ടോണ്‍സിലൈറ്റിസ് വന്നവരില്‍ സ്ഥിരമായി ഒരു തടിപ്പ് കാണാറുണ്ട്. അണുബാധയുള്ളപ്പോള്‍ തടിപ്പില്‍ തൊട്ടാല്‍ വേദന ഉണ്ടാകും.

തൊണ്ടവേദന അവഗണിക്കരുത്
ചില ഗുരുതരരോഗങ്ങളുടെ പ്രധാന ലക്ഷണമായും തൊണ്ടവേദന വരാറുണ്ട്. തൊണ്ടയുടെ ഒരുഭാഗത്ത് മാത്രമായുണ്ടാകുന്ന വേദനയെ ഗൗരവമായി കാണണം, പ്രത്യേകിച്ച് മുതിര്‍ന്നവര്‍. അര്‍ബുദമല്ളെന്ന് പരിശോധനയിലൂടെ ഉറപ്പാക്കേണ്ടതുണ്ട്. ആവര്‍ത്തിച്ചുള്ള ടോണ്‍സിലൈറ്റിസും ശ്രദ്ധയോടെ കാണണം.

കുട്ടികളില്‍
2-5 വയസ്സുവരെയുള്ള കുട്ടികളില്‍ ശക്തമായ തൊണ്ടവേദനക്കും പനിക്കുമൊപ്പം കഴുത്തില്‍ മുഴകള്‍ കൂടിയുണ്ടെങ്കില്‍ അത്യന്തം അപകടകാരിയായ ഡിഫ്തീരിയ ആണോ എന്ന് പരിശോധിക്കണം.

സങ്കീര്‍ണതകള്‍
ഫലപ്രദമായി ചികിത്സിക്കാത്ത ടോണ്‍സിലൈറ്റിസും ആവര്‍ത്തിച്ചുണ്ടാകുന്ന ടോണ്‍സിലൈറ്റിസും നിരവധി സങ്കീര്‍ണതകള്‍ക്ക് വഴിയൊരുക്കാറുണ്ട്.

  • ഹൃദയവാല്‍വിനെയും വൃക്കകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുക
  • ടോണ്‍സിലൈറ്റിസ് ഉള്ളവരില്‍ റുമാറ്റിക് ഫിവര്‍ എന്ന രോഗം ബാധിക്കാനുള്ളസാധ്യത കൂടുതലാണ്
  • രോഗത്തെ അശ്രദ്ധമായി കാണുന്നവരില്‍ സൈനസുകള്‍, മധ്യകര്‍ണം, ശ്വാസകോശം, കഴുത്തിലെ ലസികാഗ്രന്ഥി തുടങ്ങിയ ഭാഗങ്ങളിലും അണുബാധ ഉണ്ടാകുന്നു
  • ഗ്രന്ഥിയുടെ ചുറ്റുമുള്ള ഭാഗത്ത് പഴുപ്പ് ബാധിക്കുന്നു
  • പഴുപ്പ് കഴുത്തിലേക്ക് ബാധിക്കുന്ന അതീവ ഗുരുതരാവസ്ഥയും ഉണ്ടാകാറുണ്ട്. ടോണ്‍സിലൈറ്റിസ് സ്ഥിരമായി വരുന്നവര്‍ക്ക് ചെവിവേദന ശക്തമായി ഉണ്ടാകും. അടിക്കടിയുള്ള ടോണ്‍സിലൈറ്റിസ് രോഗപ്രതിരോധശേഷി കുറയ്ക്കുന്നതിനൊപ്പം വായനാറ്റം, രുചിവ്യത്യാസം ഇവക്കുമിടയാക്കും.

കുട്ടികളില്‍ കൂര്‍ക്കം വലിയും ടോണ്‍സിലൈറ്റിസ് ഇടയാക്കാറുണ്ട്.

ചികിത്സ
ഒൗഷധങ്ങള്‍ക്കൊപ്പം നസ്യം, പ്രതിസാരണം (നീര്‍വാര്‍ത്തുകളയുക), ലേപനം, ഗണ്ഡൂഷം (കവിള്‍ക്കൊള്ളല്‍) ഇവ ഉള്‍പ്പെടെ ചികിത്സകളാണ് ടോണ്‍സിലൈറ്റിസിന് നല്‍കുക. ഒപ്പം വീണ്ടും ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രതിരോധചികിത്സകളും നല്‍കുന്നു. ചികിത്സക്കൊപ്പം രോഗി വിശ്രമിക്കുകയും കര്‍ശനമായി ശുചിത്വം പാലിക്കുകയും വേണം. രോഗി ഉപയോഗിച്ച പാത്രങ്ങള്‍, ടവല്‍ ഇവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്.

ഭക്ഷണം ശ്രദ്ധയോടെ
ടോണ്‍സിലൈറ്റിസ് രോഗിക്ക് ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടുള്ളതിനാല്‍ നിര്‍ജലീകരണത്തിനുള്ള സാധ്യത ഏറെയാണ്. ഇത് ഒഴിവാക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം, നെല്ലിക്കനീര്, പേരക്ക വെള്ളവും ചേര്‍ത്തരച്ചത്, കഞ്ഞിവെള്ളം, പച്ചക്കറി സൂപ്പ് ഇവ മാറിമാറി നല്‍കണം.

ലഘുചികിത്സകള്‍

  • മുയല്‍ച്ചെവിയന്‍ വേരോടെ അരച്ച് തൊണ്ടയില്‍ പുരട്ടുക. വേദന പെട്ടെന്ന് കുറക്കും.
  • മുയല്‍ച്ചെവിയന്‍ നീരും കുമ്പളങ്ങാനീരും ചേര്‍ത്ത് കഴിക്കുക.
  • ചുക്കും ഇന്തുപ്പും പൊടിച്ച് ചേര്‍ത്ത് വീക്കമുള്ള ഭാഗത്ത് പുരട്ടുക.
  • തുളസിയില ധാരാളം ചേര്‍ത്ത് തിളപ്പിച്ച വെള്ളം ഇളംചൂടോടെ വായില്‍ നിര്‍ത്തുക.
  • മുക്കുറ്റിയോ ആനച്ചുവടിയോ ചേര്‍ത്ത് എണ്ണ കാച്ചി പുരട്ടുന്നത് ടോണ്‍സിലൈറ്റിസിന്‍െറ ആവര്‍ത്തനം കുറക്കും.

വിളര്‍ച്ച തടയാന്‍ ആയുര്‍വ്വേദം

 

ഡോ. പ്രിയദേവദത്ത് കോട്ടക്കല്‍ ആര്യവൈദ്യശാല മാന്നാര്‍

രക്തത്തിലെ ഹീമോഗ്ളോബിന്‍െറയും ചുവന്ന രക്താണുക്കളുടേയും എണ്ണത്തിലും ഗുണത്തിലും കുറവ് വരുന്ന അവസ്ഥയാണ് വിളര്‍ച്ച അഥവാ അനീമിയ. ആയൂര്‍വ്വേദം ‘‘പാണ്ഡു’’ എന്നാണ് വിളര്‍ച്ചയെ പറയുക. ശരീരത്തില്‍ നിന്ന് രക്തം നഷ്ടപ്പെടുകയോ ഉത്പാദിപ്പിക്കപ്പെടുന്ന രക്തം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് മതിയാകാതെ വരികയോ ചെയ്യുമ്പോള്‍ വിളര്‍ച്ച ഉണ്ടാകുന്നു. ലോക ജനസംഖ്യയുടെ മുപ്പത് ശതമാനത്തോളം പേര്‍ക്ക് വിളര്‍ച്ചയുള്ളതായി കാണുന്നു.

വിളര്‍ച്ച ഉണ്ടാകുന്നതെങ്ങനെ ?

അസ്ഥികളിലെ മജ്ജയിലാണ് രക്തം ഉല്‍പാദിപ്പിക്കുന്നത്. ഏകദേശം അഞ്ചു ലക്ഷം കോടി ചുവന്ന രക്തകോശങ്ങളാണ് ഒരു ദിവസം മജ്ജയിലുണ്ടാകുന്നത്. ചുവന്ന രക്തകോശങ്ങളുടെ സ്വാഭാവികമായ ആയുസ്സ് 120 ദിവസമാണ്. അനാരോഗ്യമുള്ളവരില്‍ ഇത് വീണ്ടും കുറയും. ചില അവസ്ഥകളില്‍ നശിക്കപ്പെടുന്നതിന്‍െറയും നിര്‍മ്മിക്കപ്പെടുന്നതിന്‍െറയും അനുപാതം നഷ്ടപ്പെടുന്നത് ചുവന്ന രക്താണുക്കളുടെ അമിത നാശത്തിനിടയാക്കും. ഇത് വിളര്‍ച്ചയ്ക്കിടയാക്കുന്നു. ഇവരില്‍ മഞ്ഞപ്പിത്തത്തിന്‍െറ ലക്ഷണങ്ങളും കാണാറുണ്ട്.

വിളര്‍ച്ച പ്രധാനമായും നാലു തരം

കാരണങ്ങളുടെയും സ്വഭാവത്തിന്‍െറയും അടിസ്ഥാനത്തില്‍ വിളര്‍ച്ചയെ പ്രധാനമായും നാലായി തരംതിരിക്കാം.

1. രക്തകോശങ്ങളുടെ നിര്‍മാണത്തിന് ആവശ്യമായ പോഷകങ്ങളുടെ കുറവ് മൂലമുണ്ടാകുന്ന വിളര്‍ച്ച

ഏറ്റവും സാധാരണമായി കണ്ട് വരുന്ന വിളര്‍ച്ചയാണിത്. ഇരുമ്പിന്‍െറ കുറവാണ് ഇതിനിടയാക്കുക. വളര്‍ച്ചാവേഗം കൂടുന്ന ബാല്യത്തിലും കൗമാരത്തിലും ഇരുമ്പിന്‍െറ ആവശ്യകത വളരെ കൂടുതലാണ്. ഗര്‍ഭകാലത്തും ഇരുമ്പടങ്ങിയ ഭക്ഷണം ധാരാളം കഴിക്കേണ്ടതുണ്ട്. ആര്‍ത്തവവുമായി ബന്ധപ്പെട്ട് രക്തം നഷ്ടപ്പെടുന്നതിനാല്‍ ഇരുമ്പിന്‍െറ കുറവ് മൂലമുള്ള വിളര്‍ച്ച സ്ത്രീകളിലുണ്ടാകാറുണ്ട്.

2. അസ്ഥിമജ്ജക്ക് വേണ്ടത്ര രക്തകോശങ്ങളെ ഉല്‍പാദിപ്പിക്കാന്‍ കഴിയാതെ വരുന്നത് മൂലമുണ്ടാകുന്ന വിളര്‍ച്ച

ദീര്‍ഘനാളായുള്ള കരള്‍ വൃക്കരോഗങ്ങള്‍, അര്‍ബുദം, ക്ഷയം, തൈറോയ്ഡ് തകരാറുകള്‍ ഇവയൊക്കെ മജ്ജയുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കും.

3. ജന്മനായുള്ള ഹീമോഗ്ളോബീന്‍െറ ഉത്പാദനത്തിലെ തകരാറുകള്‍ മൂലമുള്ള വിളര്‍ച്ച

ഈ അവസ്ഥയില്‍ ചുവന്ന രക്തകോശങ്ങള്‍ മജ്ജയില്‍ നിര്‍മ്മിക്കപ്പെടുന്നതിനേക്കാള്‍ വേഗത്തില്‍ നശിച്ച് പോകുന്നു. ചുവന്ന രക്തകോശങ്ങളുടെ ഘടനാപരമായ തകരാറുകളും വിളര്‍ച്ചക്കിടയാക്കും.

4. അപകടങ്ങള്‍ മൂലമുള്ള രക്തസ്രാവം കൊണ്ടുണ്ടാകുന്ന വിളര്‍ച്ച

വിളര്‍ച്ച പ്രധാനലക്ഷണങ്ങള്‍

ചെറിയ ആയാസങ്ങള്‍ പോലും കഠിനമായ ക്ഷീണത്തിനും കിതപ്പിനും ഇടയാക്കുന്നത് വിളര്‍ച്ചയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. ദേഷ്യം, ശ്വാസം മുട്ടല്‍, തണുപ്പ് സഹിക്കാന്‍ വയ്യാതാവുക, ഹൃദയമിടിപ്പ് കൂടുക, മുടികൊഴിച്ചില്‍, തലകറക്കം, വിളറിയ വെളുപ്പുനിറം പ്രത്യേകിച്ച് കണ്ണിന് താഴെയുള്ള ശ്ളേഷ്മ സ്തരത്തിലും  ചര്‍മ്മത്തിലും നാക്കിലും തുടങ്ങിയവയാണ് മറ്റ് ലക്ഷണങ്ങള്‍. കല്ല്, മണ്‍കട്ട, അരി, പേപ്പര്‍, പെയിന്‍റ്, തടി, തലമുടി ഇവ കഴിക്കാന്‍ തോന്നുന്നതും വിളര്‍ച്ചയുടെ പ്രത്യേക ലക്ഷണമാണ്. കാലില്‍ രൂപപ്പെടുന്ന നീരും ശ്രദ്ധയോടെ കാണണം. മലം കറുത്ത നിറത്തില്‍ പോകുന്നത് ആന്തരിക രക്തസ്രാവത്തിന്‍െറ മുഖ്യ ലക്ഷണമാണ്.

വിളര്‍ച്ച -സാധ്യതകള്‍ ആര്‍ക്കൊക്കെ ?

ബാഹ്യമായും ആന്തരികമായും അമിതമായുണ്ടാകുന്ന രക്തസ്രാവങ്ങളൊക്കെ വിളര്‍ച്ചക്ക് വഴിയൊരുക്കാറുണ്ട്. അന്നനാളം, ആമാശയം തുടങ്ങിയ ഭാഗങ്ങളിലെ അര്‍ബുദം, അര്‍ശ്ശസ്, രക്തപിത്തം, കുടലിലും ആമാശയത്തിലുമുണ്ടാകുന്ന രക്തസ്രാവം ഇവയൊക്കെ കഠിനമായ വിളര്‍ച്ചിക്കിടയാക്കാറുണ്ട്.  ദീര്‍ഘകാല കരള്‍ രോഗങ്ങളത്തെുടര്‍ന്ന് അന്നനാളത്തില്‍ രക്തക്കുഴലുകള്‍ വീര്‍ത്ത് പൊട്ടുന്നതും, ഗുരുതരമായ രക്തസ്രാവത്തിനും വിളര്‍ച്ചക്കുമിടയാക്കും. കൂടാതെ ബാഹ്യമായുണ്ടാകുന്ന ആഘാതങ്ങള്‍, ഭക്ഷ്യവിഷബാധ ഇവയും  വിളര്‍ച്ചക്കിടയാക്കും. ചില കാരണങ്ങളാല്‍ ആഹാരത്തില്‍നിന്ന് ഇരുമ്പിനെ വലിച്ചെടുക്കാനുള്ള ശേഷി ചിലര്‍ക്ക് കുറവായിരിക്കും. ഇതും വിളര്‍ച്ചക്കിടയാക്കും. കൊക്കപ്പുഴുബാധ വിളര്‍ച്ചക്കിടയാക്കുന്ന മറ്റൊരു ഘടകമാണ്. മുലപ്പാലിന് പകരണം പശുവിന്‍പാല്‍ മാത്രം കുടിച്ച് വളരുന്ന കുട്ടികളിലും വിളര്‍ച്ച ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

സ്ത്രീകളില്‍ വിളര്‍ച്ച കൂടുതല്‍

പുരുഷന്മാരെ അപേക്ഷിച്ച്  സ്ത്രീകളിലാണ്  വിളര്‍ച്ച കൂടുതലായി കാണുന്നത്. സ്ത്രീകളില്‍  ആര്‍ത്തവകാലത്തെ അമിത രക്തസ്രാവത്തിന് പുറമേ ഗര്‍ഭാശയമുഴകള്‍, ഗര്‍ഭാശായാര്‍ബുദം,  അണ്ഡാശയങ്ങളിലും ഫലോപ്പിയന്‍ നാളികളിലുമുണ്ടാകുന്ന മുഴകള്‍ തുടങ്ങിയവയും രക്തസ്രാവത്തിനും വിളര്‍ച്ചക്കുമിടയാക്കും. പുരുഷന്മാരില്‍ ഹീമോഗ്ളോബിന്‍െറ നില 13 gm\d കുറവാണെങ്കില്‍  വിളര്‍ച്ചയുള്ളതായി കണക്കാക്കാം. സ്ത്രീകളില്‍ 12 gm\d ലും  ഗര്‍ഭകാലത്ത് 11.5 ഗ്രാം \dl ലും കുറയുന്നത് വിളര്‍ച്ചയുടെ സൂചനയാണ്. പ്രസവസമയത്തും, ഗര്‍ഭഥകാലങ്ങളിലും വിളര്‍ച്ച വിവിധതരത്തിലുള്ള സങ്കീര്‍ണ്ണതകള്‍ക്കുമിടയാക്കുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധയുണ്ടാവണം.

പരിഹാരങ്ങള്‍

വിളര്‍ച്ചക്കിടയാക്കുന്ന കാരണങ്ങള്‍ വ്യത്യസ്തമായതിനാല്‍ ചികിത്സയും ഓരോരുത്തരിലും വ്യത്യസ്ഥമായിരിക്കും. മുന്തിരി, ഈന്തപ്പഴം, നെല്ലിക്ക, ഇലവിന്‍ പശ, ഇരട്ടി മധുരം, ഞാഴല്‍പ്പൂവ്, ചീറ്റിന്തല്‍, പാച്ചോറ്റിത്തൊലി, മുരല്‍വിത്ത്, ലന്തപ്പഴം, മാതളം, അത്തിപ്പഴം, കരിമ്പ്, യവം, മുത്തുച്ചിപ്പി, മൈലാഞ്ചി ഇവ വിളര്‍ച്ചയുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളില്‍ പ്രയോജനപ്പെടുത്താറുണ്ട്. ഒൗഷധത്തോടൊപ്പം ഇരുമ്പടങ്ങിയ ഭക്ഷണങ്ങളും വിളര്‍ച്ചയുടെ  നിയന്ത്രണത്തിന് അനിവാര്യമാണ്.

  • പച്ചക്കറികള്‍- തക്കാളി, പാവയ്ക്ക, ബ്രോക്കോളി, ബീറ്റ്റൂട്ട്, കോവയ്ക്ക, പടവലങ്ങ, ബീന്‍സ്.
  • പയര്‍വര്‍ഗ്ഗങ്ങള്‍ -ചെറുപയര്‍, തുവര
  • ധാന്യങ്ങള്‍ -തവിട് കളയാത്ത അരി, ഗോതമ്പ്
  • പഴങ്ങള്‍ -ആപ്പിള്‍, നേന്ത്രപ്പഴം, പ്പം, മാതളം, നെല്ലിക്ക, പപ്പായ, പേരക്ക, മുന്തിരിങ്ങ
  • ഇലക്കറികള്‍ -വിവിധയിനം ചീരകള്‍, മുരിങ്ങയില
  • മത്സ്യങ്ങള്‍ -മത്തി, അയല, നെയ്മീന്‍
  • ഉണക്കപ്പഴങ്ങള്‍ -കപ്പലണ്ടി, ഉണങ്ങിയ ഈന്തപ്പഴം, ബദാം.

ഇവ ഭക്ഷണത്തില്‍ മാറിമാറി ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ച തടയും. കരിപ്പെട്ടി, എള്ള് ഇവയും നല്ല ഫലം തരും. അതുപോലെ ഭക്ഷണം തെരെഞ്ഞെടുക്കുന്നതിലെ അപാകതകളും വിളര്‍ച്ചക്കിടയാക്കാറുണ്ട്. കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം ഇരുമ്പടങ്ങിയ ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നത് ഇരുമ്പിന്‍െറ ആഗീകരണത്തെ തടസ്സപ്പെടുത്താറുണ്ട്. പാല്‍, പാല്‍ക്കട്ടി, മറ്റു പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയ കാത്സ്യത്തിന്‍െറ ഉറവിടങ്ങള്‍ക്കൊപ്പം ഇരുമ്പടങ്ങിയ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

മഴക്കാല രോഗങ്ങള്‍ വരുന്ന വഴി

ഡോ. പ്രിയ ദേവദത്ത്

സാംക്രമിക രോഗങ്ങള്‍ കൂട്ടായത്തെുന്നത് മഴക്കാലത്തിന്‍െറ മാത്രം പ്രത്യേകതയാണ്. രോഗപ്പകര്‍ച്ചക്ക് അനുകൂലമായ സാഹചര്യങ്ങളാണ് മഴക്കാല രോഗങ്ങളെ ഇത്രകണ്ട് വ്യാപകമാക്കുന്നത്. രോഗവാഹകര്‍, മലിനമായ ജലവും പരിസരവും, ഉയര്‍ന്ന ജനസാന്ദ്രത എന്നിവയെല്ലാം രോഗപ്പകര്‍ച്ച സുഗമമാക്കുന്ന പ്രധാന ഘടകങ്ങളാണ്.

രോഗങ്ങള്‍ വരുന്ന വഴി
പകര്‍ച്ചവ്യാധികള്‍ പരത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് രോഗാണു വാഹകരാണ്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാലും മിക്കവരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകാതെ തന്നെ ശരീരത്തില്‍ നിലനില്‍ക്കും. ഇവര്‍ രോഗികളാകണമെന്നില്ല.
ഇവരുടെ മലമൂത്രങ്ങളില്‍ കൂടി ലക്ഷക്കണക്കിന് രോഗാണുക്കളാണ് വിസര്‍ജിക്കുന്നത്. ശുചിത്വവും രോഗപ്രതിരോധശേഷിയും മഴക്കാലത്ത് കുറയുന്നതിനാല്‍ രോഗങ്ങള്‍ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്നു.

കുടിവെള്ളം മലിനപ്പെടുന്നതാണ് മഴക്കാല രോഗങ്ങള്‍ ഉണ്ടാകാനുള്ള മറ്റൊരു പ്രധാന കാരണം. ഫാക്ടറികളിലെയും ആശുപത്രികളിലേതുമടക്കം വിവിധ മാലിന്യങ്ങളുടെ സംഭരണകേന്ദ്രങ്ങളാണ് ജലസ്രോതസ്സുകളായ തണ്ണീര്‍ത്തടങ്ങളും പുഴകളും കൈത്തോടുകളുമെല്ലാം. മഴക്കാലമാകുന്നതോടെ കരകവിഞ്ഞൊഴുകുന്ന തോടുകളിലെയും പുഴകളിലെയും മാലിന്യങ്ങള്‍ കിണറിലെ വെള്ളവുമായി കലരുന്നതാണ് ജലജന്യ രോഗങ്ങള്‍ക്ക് കളമൊരുക്കുന്നത്. വേണ്ടത്ര മുന്‍കരുതലുകളില്ലാതെ മലിനജലം കുടിക്കുന്നതും ഈ വെള്ളത്തില്‍ ഭക്ഷണം പാകംചെയ്യുന്നതും പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ കഴുകാനുപയോഗിക്കുന്നതുമെല്ലാം വിവിധ രോഗങ്ങള്‍ക്കിടയാക്കുന്നു. കൂടാതെ തണുത്തതും തുറന്നുവെച്ചതും പഴകിയതും മലിനമായതുമായ ഭക്ഷണങ്ങളും മഴക്കാല രോഗങ്ങള്‍ക്ക് വഴിയൊരുക്കാറുണ്ട്.

കൊതുക് ഉയര്‍ത്തുന്ന വെല്ലുവിളികള്‍
വ്യാപകമായി പടരുന്ന പകര്‍ച്ചപ്പനികളിലധികവും പരത്തുന്നത് കൊതുകുകളാണ്. മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടുകളിലാണ് കൊതുകുകള്‍ അധികവും മുട്ടയിട്ടു പെരുകുന്നത്. മതിലുകളും കോണ്‍ക്രീറ്റ് മുറ്റങ്ങളും വെള്ളം ഭൂമിയില്‍ താഴാന്‍ അനുവദിക്കാതെ കൊതുകുകള്‍ പെറ്റുപെരുകാനും ജലസ്രോതസ്സുകള്‍ മലിനമാകാനുമിടയാക്കി.

400 മില്യണ്‍ വര്‍ഷങ്ങളായി ഭൂമുഖത്ത് നിലനില്‍ക്കുന്ന അസാമാന്യ പാടവമുള്ള ജീവികളാണ് കൊതുകുകള്‍. ദിവസവും ശരാശരി മൂന്നു മുതല്‍ 10 മുട്ടകള്‍ വരെ ഉല്‍പാദിപ്പിക്കാനുള്ള കഴിവ് കൊതുകുകള്‍ക്കുണ്ട്. കൂടാതെ വളര്‍ച്ചയുടെ കാലയളവ് അന്തരീക്ഷ ഊഷ്മാവ് അനുസരിച്ച് കൂട്ടാനും കുറക്കാനുമുള്ള കഴിവും ഇവക്കുണ്ട്. ജപ്പാന്‍ ജ്വരം, ചികുന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവയുടെ വൈറസുകളെ ശരീരത്തിനുള്ളിലേക്ക് കടത്തിവിടുന്നത് കൊതുകുകളാണ്.
ഓരോതരം കൊതുകുകളും മുട്ടയിടാന്‍ വ്യത്യസ്ത സ്ഥലങ്ങളാണ് തെരഞ്ഞെടുക്കുക. ഒരു സ്പൂണ്‍ വെള്ളം ധാരാളം മതി കൊതുകിന് മുട്ടയിട്ട് പെരുകാന്‍. മലിനജലത്തിലാണ് ജപ്പാന്‍ ജ്വരത്തിന് ഇടയാക്കുന്ന കൊതുകുകള്‍ മുട്ടയിടുന്നത്. പാത്രങ്ങളിലും മറ്റും ശേഖരിക്കുന്ന വെള്ളമാണ് ഡെങ്കിപ്പനിയും ചികുന്‍ഗുനിയയും പരത്തുന്ന കൊതുകുകള്‍ക്ക് താല്‍പര്യം. പാത്രം കഴുകുന്ന സ്ഥലം, പൂപ്പാത്രം എന്നിവ മുട്ടയിടാന്‍ കൊതുകുകള്‍ താവളമാക്കാറുണ്ട്.
പകര്‍ച്ചപ്പനി നിയന്ത്രണത്തിന് കൊതുക് നിവാരണം അനിവാര്യമാണ്. അതില്‍തന്നെ ഏറ്റവും ഫലപ്രദമായ മാര്‍ഗം കൊതുകുകളുടെ ലാര്‍വകളെ നശിപ്പിക്കുന്നതാണ്. കൊതുകുകളുടെ മുട്ടകള്‍ വിരിയാന്‍ ഏഴുമുതല്‍ 10 ദിവസം വരെ എടുക്കും. വീടിന്‍െറ പരിസരങ്ങളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം, തുണി നനക്കുന്ന സ്ഥലം, ചിരട്ടകള്‍, തൊണ്ടുകള്‍, ടയറുകള്‍ എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം എന്നിവ കളയുന്നതോടെ ലാര്‍വകളെ നശിപ്പിക്കാന്‍ കഴിയും. ഒപ്പം പ്രായപൂര്‍ത്തിയായ കൊതുകുകളെ നശിപ്പിക്കാനും ശ്രദ്ധിക്കണം.

മഴക്കാല രോഗങ്ങള്‍: പ്രധാന ലക്ഷണങ്ങള്‍

ഡെങ്കിപ്പനി: ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുക് പരത്തുന്നു. പനി, ശരീരത്തിലെ നിറംമാറ്റം, ശരീരവേദന, രക്തത്തിലെ പ്ളേറ്റ്ലെറ്റുകളുടെ എണ്ണം കുറയുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

ജപ്പാന്‍ ജ്വരം: ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍  പരത്തുന്ന ഈ രോഗത്തിന്‍െറ പ്രധാന ലക്ഷണങ്ങള്‍ പനിക്കൊപ്പം ശക്തമായ തലവേദന, ഓര്‍മക്കുറവ്, കൈകാല്‍ തളര്‍ച്ച എന്നിവയാണ്.

മഞ്ഞപ്പിത്തം: മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്നു. കണ്ണിന് മഞ്ഞനിറം, ആഹാരത്തോട് വെറുപ്പ്, മൂത്രത്തിന് നിറവ്യത്യാസം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

ചികുന്‍ഗുനിയ: ഈഡിസ് കൊതുക് പരത്തുന്നു. പനിക്കൊപ്പം സന്ധികളില്‍നിന്ന് നീര്, വേദന ഇവ ഉണ്ടാകും.

കോളറ: ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന രോഗം. പനി, വയറിളക്കം, ഛര്‍ദി, ചര്‍മത്തിന് തണുപ്പ്, ചുണ്ടും മുഖവും വിളറുക തുടങ്ങിയ ലക്ഷണങ്ങളുണ്ടാകും.

ടോണ്‍സിലൈറ്റിസ്: തൊണ്ടവേദനക്കൊപ്പം പനി, ആഹാരമിറക്കാന്‍ പ്രയാസം, ചുമ എന്നിവയുണ്ടാവും.

വൈറല്‍ പനി: എളുപ്പം പടര്‍ന്നുപിടിക്കുന്ന പനി, ശരീരവേദന, ജലദോഷം ഇവയാണ് പ്രധാന ലക്ഷണങ്ങള്‍.

എലിപ്പനി: എലിമൂത്രത്തിലൂടെ പുറത്തുവരുന്ന അണുക്കള്‍ ജലസ്രോതസ്സുകളിലൂടെ മനുഷ്യരിലത്തെുന്നു. മുറിവുകളിലൂടെയാണ് ശരീരത്തില്‍ കടക്കുന്നത്. പനി, കണ്ണിന് ചുവപ്പുനിറം, വേദന ഇവ കാണപ്പെടും.

ടൈഫോയ്ഡ്: രോഗികളുടെ വിസര്‍ജ്യവസ്തുക്കള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗമാണിത്. ഇടവിട്ട പനി, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
കൂടാതെ വാതരോഗങ്ങള്‍, ദഹനക്കുറവ് എന്നിവയും മഴക്കാലത്ത് കൂടുതല്‍ കാണാറുണ്ട്. ദഹനക്കേടിനൊപ്പം അണുബാധയും തണുപ്പുമെല്ലാം ഛര്‍ദി-അതിസാര രോഗങ്ങളെ കൂട്ടും.

മഴക്കാലത്തെ ആരോഗ്യസംരക്ഷണം
മഴക്കാലത്ത് ശരീരബലവും ദഹനശക്തിയും പൊതുവെ കുറവായിരിക്കും. അതിനാല്‍ രോഗപ്രതിരോധശേഷിയും ദഹനശക്തിയും വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ആഹാരൗഷധങ്ങളാണ് ആയുര്‍വേദം നിര്‍ദേശിക്കുക.
രോഗങ്ങളുടെ പുനരാക്രമണം, പകര്‍ച്ചവ്യാധികളുടെ കടന്നുകയറ്റം എന്നിവ തടയാന്‍ ശരീരത്തെ നേരത്തേ തന്നെ സജ്ജമാക്കേണ്ടതുണ്ട്. ച്യവന്നപ്രാശം, ബ്രഹ്മരസായനം, അഗസ്ത്യരസായനം, ബലാരിഷ്ടം ഇവയിലേതെങ്കിലും ഒന്ന് നിത്യവും മഴക്കാലത്ത് ശീലമാക്കുന്നത് ശരീരബലത്തെ കൂട്ടി പ്രതിരോധശക്തി മെച്ചപ്പെടുത്തും. പ്രമേഹം, രക്തസമ്മര്‍ദം എന്നിവ ഉള്ളവര്‍ക്ക് അനുയോജ്യമായ കഷായങ്ങള്‍ കഴിക്കാം. കുട്ടികള്‍ക്ക് ഇന്ദുകാന്തഘൃതം, ഇന്ദുകാന്താമൃതം, പശുവിന്‍ നെയ്യ് ഇവ മികച്ച പ്രതിരോധത്തെ നല്‍കും. വര്‍ഷാരംഭത്തില്‍ തുളസിയില, ഇരുവേലിയില, ആടലോടകത്തില എന്നിവ 50 ഗ്രാം വീതം അഞ്ചുഗ്രാം ചുക്കും ചേര്‍ത്ത് ഒരു ലിറ്റര്‍ വെള്ളം തിളപ്പിച്ച് കാല്‍ ലിറ്ററാക്കി കുടിക്കുന്നത് ജലദോഷം, പനി, തുമ്മല്‍ എന്നിവ കുറക്കും. ഒപ്പം പ്രതിരോധശക്തി മെച്ചപ്പെടുത്തും.

മഴക്കാലം -ശ്രദ്ധയോടെ ഭക്ഷണം
മഴക്കാലത്ത് എളുപ്പം ദഹിക്കുന്ന ലഘുവായ ഭക്ഷണങ്ങളാണ് ഉചിതം. ഗോതമ്പ്, ചെറുപയര്‍, തവിട് കളയാത്ത അരി, വഴുതനങ്ങ, വാഴക്കൂമ്പ്, പാവക്ക, നെല്ലിക്ക, കോവക്ക, മുരിങ്ങക്ക, കോഴിയിറച്ചി, ചെറുമത്സ്യങ്ങള്‍, ആട്ടിറച്ചി എന്നിവ ഭക്ഷണത്തില്‍പെടുത്താം.

പച്ചക്കറികളും തുമരയും ചേര്‍ത്ത സൂപ്പുകള്‍, മാംസസൂപ്പുകള്‍ എന്നിവയും മഴക്കാലത്ത് അനുയോജ്യമാണ്. ചുക്കും മല്ലിയും ജീരകവും ചേര്‍ത്ത് തിളപ്പിച്ച വെള്ളം ധാരാളം  കുടിക്കുക. തിളപ്പിച്ച വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കണം. മലരിട്ട് വെന്ത വെള്ളം ഛര്‍ദിയെയും മുത്തങ്ങയും വെളുത്തുള്ളിയും ചേര്‍ത്ത് തിളപ്പിച്ച വെള്ളം നിര്‍ജലീകരണത്തെയും തടയും.

അഭ്യംഗം
മഴക്കാലം വാതരോഗങ്ങളുടെ കാലമാണ്. ധന്വന്തരം കുഴമ്പ്, സഹചരാദി, പ്രഭഞ്ജനം ഇവയിലൊന്ന് പുറമേ പുരട്ടി കുളിക്കുന്നത് വേദനകള്‍ അകറ്റും. ഒപ്പം മുരിങ്ങയില, പുളിയില, ആവണക്കില ഇവ ചേര്‍ത്ത് ചൂടാക്കിയ വെള്ളം ഉപയോഗിച്ച് കുളിക്കുന്നതും നല്ല ഫലം തരും.

ശുചിത്വം
വര്‍ഷകാല രോഗനിയന്ത്രണത്തിന് ചികിത്സയോടൊപ്പം പ്രതിരോധ നടപടികളും ഊര്‍ജിതമാക്കേണ്ടതുണ്ട്. പരിസര ശുചിത്വത്തോടൊപ്പം വ്യക്തിശുചിത്വത്തിനും പ്രാധാന്യം നല്‍കണം. ഒപ്പം ജലശുചിത്വവും ഭക്ഷണ ശുചിത്വവും പാലിക്കേണ്ടതുണ്ട്.

വ്യായാമം
ജോഗിങ്, യോഗ, സ്കിപ്പിങ് തുടങ്ങി വീട്ടിനുള്ളില്‍ ചെയ്യാവുന്ന വ്യായാമങ്ങള്‍ വര്‍ഷകാലത്ത് അനുയോജ്യമാണ്.
മഴക്കാലരോഗങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത്. പടര്‍ന്നുപിടിക്കുന്ന രോഗങ്ങള്‍ പലപ്പോഴും മാരകമാകാറുണ്ട്. സ്വയം ചികിത്സകള്‍ ഒഴിവാക്കി വൈദ്യസഹായം തേടുകയും വേണം.

(ലേഖിക മാന്നാര്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ഡോക്ടറാണ്)

വര്‍ഷഋതുവില്‍ കരുതിയിരിക്കാം

ഡോ. ജിഷ്ണു ചന്ദ്രന്‍

മഴക്കാല ഋതുചര്യ
വര്‍ഷഋതുവാണ് ഋതുക്കളില്‍ ഏറ്റവും മനോഹരി എന്ന് പറയാം. കാരണം മഴയുടെ പകര്‍ന്നാട്ടം പ്രകൃതിയില്‍ വരുത്തുന്ന മാറ്റങ്ങള്‍; വിവിധാകാരങ്ങളായ ചിത്രപ്പണികളുമായി മേഘാവൃതമായ ആകാശം: ഇതിലും മനോഹരമായി നമുക്ക് ഏത് ഋതുവാണുള്ളത്! തണുപ്പിന്‍ കുളിര്‍മ്മ മനസിലേക്കും ശരീരത്തിലേക്കും അരിച്ചിറങ്ങുമ്പോള്‍ മനുഷ്യന്‍ ഉല്ലാസവാനായും സന്തോഷവാനായും മാറുന്നു.  മഴയുടെ സ്നിഗ്ധത മനസിലും പ്രകൃതിയിലും പുതു നാമ്പുകള്‍ ഉയിര്‍കൊള്ളുന്നതിന് കാരണമാകുന്നു. മഴയെ പ്രകീര്‍ത്തിക്കാത്ത കവിയില്ലത്രേ..

എന്നിരുന്നാലും മഴക്കാലം രോഗങ്ങളുടെ കാലമാണ്. സാംക്രമികവും അല്ലാത്തതുമായ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന കാലം. ത്രിദോഷങ്ങളും കോപിക്കുന്ന കാലം. ഗ്രീഷ്മകാലം ശരീരത്തിലേല്പിച്ച ആഘാതത്തിന് രൂപമുണ്ടാകുന്നത് മഴക്കാലത്താണ്. ഗ്രീഷമകാലത്ത് ശരീരത്തില്‍ ഉണ്ടായ രൂക്ഷഗുണ വൃദ്ധി മഴക്കാലത്തെ തണുപ്പുകൂടി ചേരുമ്പോഴാണ് രോഗകാരണമായ വാത ദോഷവൃദ്ധിയായി പരിണമിക്കുന്നത്. ഇത് സ്വസ്ഥനില്‍ നടക്കുന്ന പ്രവര്‍ത്തിയാണ്. എന്നാല്‍ രോഗമുള്ളവന് അവന്‍റെ ശരീരത്തില്‍ ആദ്യമേ ഉള്ള ദോഷപ്രകോപത്തിന് അനുസരിച്ച് രോഗത്തിന് വൃദ്ധി സംഭവിക്കുന്നു.  അതായത് വാത രോഗമുള്ളവര്‍ക്ക്  മഴക്കാലത്തെ തണുപ്പുകൂടി ചേരുമ്പോള്‍ വാത ദോഷ വൃദ്ധി ഉണ്ടാകുകയും രോഗത്തിന് വൃദ്ധിയുണ്ടാകുകയും ചെയ്യും.  അതുപോലെ കഫത്തിന്‍റെ ശല്യമുള്ളവര്‍ക്ക് തണുപ്പിന്‍റേയും ആര്‍ദ്രതയുടേയും ആധിക്യത്തില്‍ കഫദോഷം വര്‍ദ്ധിച്ച് ഉപദ്രവമുണ്ടാകുന്നു.

ഉദര സംബന്ധമായ അസുഖമുള്ളവര്‍ക്ക് മഴക്കാലത്തുണ്ടാകുന്ന അഗ്നിമാന്ദ്യം വീണ്ടും ഉദരവൈഷമ്യത്തിനും കാരണമാകുന്നു. മഴക്കാലം വിഷത്തിന്‍റെ വ്യാപനത്തിനും കാരണമാകുന്നുണ്ട്. മഴക്കാലത്ത്  കുളങ്ങളും കിണറുകളും കരകവിഞ്ഞൊഴുകുന്നു. ജലാശയങ്ങളിലെ ജലം ദുഷിച്ചതും വൃത്തിഹീനമായവയുമായ ഇടങ്ങളില്‍ നിന്ന് ഒഴുകി വന്നതുമായ ജലത്തിന്‍റെ ഉപഭോഗം മൂലം ഉദര സംബന്ധമായ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന കാലമാണിത്.  അതിനാല്‍ തന്നെ ആരോഗ്യ ചിന്തയുള്ളവര്‍ കരുതിയിരിക്കേണ്ടുന്ന കാലവുമാണ് മഴക്കാലം.

വര്‍ഷ ഋതുവില്‍ കഷായ വസ്തി പഞ്ചകര്‍മ്മമായി വിധിച്ചിരിക്കുന്നു. വാതത്തിന്‍റെ പ്രകോപകാലത്തുതന്നെ വാതദോഷ വൃദ്ധിക്ക് ഏറ്റവും ശ്രേഷ്ടമായ കഷായവസ്തി ചെയ്യുന്നത് ഉത്തമമത്രേ. അതിനാല്‍ തന്നെ വിവിധ ശരീരവേദനകള്‍, വാത രോഗങ്ങള്‍ എന്നിവയുള്ളവര്‍ വിധിപ്രകാരം കഷായവസ്തി ചെയ്യുന്നത് നല്ലതായിരിക്കും. ധാന്യങ്ങളില്‍ പഴക്കം ചെന്ന ധാന്യമാണ് മഴക്കാലത്ത് നല്ലത്. ദഹനത്തിന് ലഘുവായിരിക്കും എന്നുള്ളത് മാത്രമല്ല പഴകിയ ധാന്യം തവിടുകൊണ്ട് സംപുഷ്ടവുമാണ്. വിവിധ തരം മാംസങ്ങള്‍ കൊണ്ട് സൂപ്പ് ഉണ്ടാക്കികഴിക്കുന്നത് വര്‍ഷഋതുവില്‍ നന്ന്. അഗ്നിവര്‍ദ്ധിക്കുവാനും ശരീരബലമുണ്ടാകുവാനും ഇത് സഹായിക്കുന്നു.

അരിഷ്ടം ആസവം എന്നിവ ശീലമാക്കുന്നതും മഴക്കാലത്ത് പഥ്യമത്രേ. ഉദാഹരണത്തിന്, വിധിപ്രകാരം തയാറാക്കിയ ദശമൂലാരിഷ്ടം അഗ്നിബലമുണ്ടാകുവാനും ശരീരബലം, രോഗപ്രതിരോധ ശേഷി എന്നിവയുണ്ടാകുവാനും, വാത ദോഷത്തെ സമമാക്കുവാനും സഹായിക്കുന്നതാണ്.  തൈരിന്‍റെ തെളി വെള്ളം കൊണ്ടുണ്ടാക്കുന്ന ഒരു പാനകം ഈ ഋതുവില്‍ വിധിക്കുന്നു. പഞ്ചകോലം പൊടിച്ചതും  തുവര്‍ച്ചിലയുപ്പും ചേര്‍ത്ത് തൈരിന്‍റെ തെളിവെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്നത് അഗ്നിവൃദ്ധിക്കും ഉദര സംബന്ധമായ പ്രശ്മങ്ങള്‍ ഒഴിവാകുന്നതിനും നല്ലതാണ്.  കിണരിന്‍ വെള്ളമോ ശേഖരിച്ച മഴവെള്ളമോ നന്നായി തിളപ്പിച്ചതിന് ശേഷം മാത്രം കുടിക്കാന്‍ ഉപയോഗിക്കാം.

ഔഷധ കഞ്ഞി

മഴക്കാല രോഗങ്ങളെ ചെറുക്കാന്‍ ഔഷധ കഞ്ഞി ഫലപ്രദമാണ്. ഇന്ന് മാര്‍ക്കറ്റില്‍ പല ഔഷധ കഞ്ഞികളും ലഭ്യമാണ്.  നമ്മുടെ മുറ്റത്തും പറമ്പിലും കാണപ്പെടുന്ന പല ഔഷധ സസ്യങ്ങളും ഉപയോഗിച്ച് ഔഷധ കഞ്ഞി തയ്യാറാക്കാവുന്നതാണ്. യദാര്‍ത്ഥത്തില്‍ റെഡി മെയ്ഡ് കൂട്ടുകളേക്കാള്‍ ഫലപ്രദവും അത്തരം തയ്യാറിപ്പുകളാണ്. മഴക്കാല രോഗങ്ങളെ ചെറുക്കാന്‍ മഴയത്ത് മുളച്ച ചില ചെറു  ഔഷധ സസ്യങ്ങളെ തന്നെ നമുക്ക് ഉപയോഗിക്കാവുന്നതാണ്.  ഋതുക്കള്‍ മാറുമ്പോഴുണ്ടാകുന്ന രോഗങ്ങള്‍ക്ക് പ്രതിവിധിയായി ഔഷധ സസ്യങ്ങളും ഫലമൂലാദികളും അതാത് കാലത്ത് തന്നെ പ്രകൃതി ഒരുക്കുന്നു  എന്നത് കൌതുകകരമായി തോന്നിയേക്കാം.

ഔഷധ കഞ്ഞി ഉണ്ടാക്കുന്ന വിധം

ആവശ്യമുള്ള സാധനങ്ങള്‍

  1. തഴുതാമ,
  2. കുറുന്തോട്ടി
  3. മുക്കുറ്റി
  4. തൊട്ടാവാടി
  5. നിലപ്പന
  6. ചെറൂള
  7. ചെറുകടലാടി

എന്നിവയുടെ എല്ലാം നീര് ഒരു ഗ്ലാസ്.

  • ഉലുവ-  മൂന്ന് സ്പണ്‍
  • ജീരകം- ഒരു സ്പൂണ്‍(എന്നിവ പൊടിക്കാതെ)
  • മുത്തങ്ങ
  • ഞെരിഞ്ഞില്‍
  • ഓരില വേര്
  • (എല്ലാം കൂടി അരപ്പിടി, പൊടിക്കാതെ)
  • ചുക്ക്- ഒരു സ്പൂണ്‍
  • തിപ്പലി- ഒരു സ്പൂണ്‍
  • കുരുമുളക്- ഒരു സ്പൂണ്‍
  • ഇന്ദുപ്പ്- ഒരു നുള്ള്

(എന്നിവ പൊടിച്ചത്. )
ഉണക്കലരി- ഒരു ഗ്ളാസ്
തേങ്ങാപ്പാല്‍- ഒരു ഗ്ലാസ്, ഒന്നാം പാലും രണ്ടാം പാലും മാറ്റി

തയ്യാറാക്കുന്ന വിധം
രണ്ടാം പാലും പച്ചമരുന്നുകളുടെ നീരും, ഉലുവ, ജീരകം, മുത്തങ്ങ, ഞെരിഞില്‍, ഓരില വേര് എന്നിവയും ആവശ്യത്തിന് വേള്ളവും ചേര്‍ത്ത്  നന്നായി തിളപ്പിക്കുക. ഇത് നന്നായി വേവുമ്പോള്‍ ഉണക്കലരി ഇടുക. അരി വെന്തതിന് ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് വാങ്ങുക. അതിനുശേഷം ചുക്ക്, കുരുമുളക്, തിപ്പലി, ഇന്ദുപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് കഴിക്കുക.

വേനലിനെ നേരിടാം

ഡോ. പ്രിയ ദേവദത്ത് (കോട്ടക്കല്‍ ആര്യവൈദ്യശാല മാന്നാര്‍)

സൂര്യനോട് ഭൂമി ഏറ്റവും അടുത്തുവരുന്നത് വേനല്‍ക്കാലത്താണ്. തീക്ഷ്ണമായ സൂര്യരശ്മികള്‍ പതിക്കുന്നതോടെ വറ്റിവരണ്ട ജലാശയങ്ങളും വാടിക്കരിഞ്ഞ സസ്യങ്ങളുമായി പ്രകൃതിയും മാറുന്നു. ജീവജാലങ്ങളുടെ ബലത്തെ അപ്പാടെ വലിച്ചെടുക്കുന്നത് എന്നര്‍ത്ഥത്തില്‍ ‘ആദാനകാലം’ എന്നാണ് വേനലിനെ ആയുര്‍വേദം സൂചിപ്പിക്കുക.
വേനല്‍ക്കാലവുമായി ബന്ധപ്പെട്ട് നിരവധി ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. നിര്‍ജ്ജലീകരണം, പൊള്ളല്‍, സൂര്യാഘാതം എന്നീ മൂന്ന് ആരോഗ്യപ്രശ്നങ്ങളാണ് വേനല്‍ പ്രധാനമായും നല്‍കുന്നത്. ഇതിന് പുറമെ വെള്ളം, വായു ഇവവഴി പകരുന്ന രോഗങ്ങള്‍, ത്വക്രോഗങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങിയവ കൂട്ടമായത്തെുന്നതും വേനല്‍ക്കാലത്താണ്.

നിര്‍ജലീകരണം
നിര്‍ജലീകരണത്തിന് പ്രധാനമായും മൂന്ന് ഘട്ടങ്ങളാണുള്ളത്. ദാഹം, ഉണങ്ങിയ വായ, സാന്ദ്രത കൂടിയ ഉമിനീര് എന്നിവയാണ് നിര്‍ജലീകരണം നല്‍കുന്ന ആദ്യ സൂചനകള്‍. അമിതമായ ചൂടുള്ള സമയത്ത് വിയര്‍പ്പിലൂടെ മാത്രം ധാരാളം ജലം പുറത്തുപോകും. പുറംപണികളിലും മറ്റും ഏര്‍പ്പെട്ടിരിക്കുന്നവരില്‍ അതിവേഗത്തിലാണ് നിര്‍ജലീകരണം സംഭവിച്ച് ജലനഷ്ടമുണ്ടാവുക. ഈര്‍പ്പം നഷ്ടപ്പെട്ട കണ്ണ്, കടുംമഞ്ഞ നിറത്തിലോ തവിട്ട് നിറത്തിലോ മൂത്രം പോവുക, മൂത്രം പോകുന്നത് കുറയുക, വായും നാവും വരണ്ടുണങ്ങുക തുടങ്ങിയ ലക്ഷണങ്ങളിലൂടെ നിര്‍ജലീകരണം രണ്ടാം ഘട്ടത്തിലത്തെുന്നു.
ചിലപ്പോള്‍ നിര്‍ജലീകരണം മാരകമാകാറുണ്ട്. അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ സോഡിയം, പൊട്ടാസ്യം തുടങ്ങിയവ വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനാല്‍ ശരീരം പെട്ടെന്ന് ക്ഷീണിക്കും. ഗുരുതരമായ മൂന്നാം ഘട്ടത്തില്‍ കിടന്നാലും കുറയാത്ത തലചുറ്റല്‍, വേഗത്തിലും ദുര്‍ബലവുമായ നാഡിമിടിപ്പ്, മൂത്രമില്ലായ്മ, ബോധക്കേട് ഇവ പ്രകടമാകും. ഈ അവസ്ഥയില്‍ തീവ്രപരിചരണം അനിവാര്യമാണ്.
ചൂടുകാലത്ത് ക്ഷീണംതോന്നിയാല്‍ ഉടന്‍ വെള്ളം കുടിക്കണം. പതിവ് പോലെയുള്ള വെള്ളംകുടിയല്ല ചൂടുകാലത്ത് വേണ്ടത്. കൂടുതല്‍ തവണകളായി വെള്ളം കുടിക്കുന്നതാണ് ഉചിതം. കുറേവെള്ളം ഒറ്റയടിക്ക് കുടിക്കാതെ കുറേശ്ശെ വെള്ളം കൂടുതല്‍ തവണകളായി കുടിക്കുന്നതാണ് നല്ല ഫലം തരിക. ഉപ്പിട്ടകഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, മോര്, പഴങ്ങള്‍ ഇവ പ്രയോജനപ്പെടുത്താം. ശരീരത്തിന് ആവശ്യമായ വെള്ളത്തിന്‍െറ തോത് നിര്‍ണ്ണയിക്കുന്നത് വ്യക്തിയുടെ ജോലി, വ്യായാമം, രോഗങ്ങള്‍ എന്നിവ കണക്കാക്കിയാണ്.

പൊള്ളല്‍
സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് കിരണങ്ങളാണ് പൊള്ളലുണ്ടാക്കുന്നത്. ചര്‍മ്മത്തില്‍ വസ്ത്രംകൊണ്ട് മറയാത്ത ഭാഗത്താണ് കൂടുതല്‍ പൊള്ളലേല്‍ക്കുക. വേനല്‍ക്കാലത്ത് മേഘത്താല്‍ സൂര്യന്‍ മറഞ്ഞിരുന്നാലും അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ശരീരത്തില്‍ പതിക്കുന്നതിന് കുറവുണ്ടാകില്ല. ഇതറിയാതെ പുറം പണിയെടുക്കുന്നവരാണ് കൂടുതലും പൊള്ളലിനിരയാവുക. പൊള്ളലേറ്റാല്‍ ഉടന്‍ ചികിത്സതേടേണ്ടതാണ്. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെയുള്ള വെയില്‍ കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

സൂര്യാഘാതം
ചൂടില്‍നിന്ന് രക്ഷിക്കുന്നതിനായി ശരീരം സ്വയം ഒരുക്കുന്ന പ്രതിഭാസമാണ് വിയര്‍പ്പ്. വിയര്‍പ്പ് കണങ്ങള്‍ തൊലിപ്പുറത്ത് ബാഷ്പമാകുന്നതിന്‍െറ ഫലമായി ശരീരോഷ്മാവ് ഗണ്യമായി കുറയും. എന്നാല്‍, ഒരുപരിധിക്ക് മുകളിലുള്ള കഠിനമായ ചൂടില്‍ നിര്‍ജലീകരണം സംഭവിക്കുമ്പോള്‍ ജലനഷ്ടം കുറയ്ക്കാനായി ശരീരം വിയര്‍ക്കുന്ന പ്രതിഭാസം നിര്‍ത്തിവെക്കും. ഇതുമൂലം ശരീരതാപനില അപകടകരമായ നിലയില്‍ ഉയരുന്നതാണ് സൂര്യാഘാതം. തലവേദന, തലകറക്കം, പേശിപിടുത്തം തുടങ്ങിയ ലക്ഷ്ണങ്ങളിലൂടെ അതിവേഗത്തിലാണ് സൂര്യാഘാതം ശരീരത്തെ കീഴ്പ്പെടുത്തുക. നിര്‍ജലീകരണം ഉണ്ടാകുമ്പോള്‍ വൃക്കകള്‍, ഹൃദയം, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കാറുണ്ട്. ആന്തരികാവയവങ്ങളില്‍ രക്തമത്തൊത്ത രീതിയില്‍ നിര്‍ജലീകരണമുണ്ടാകും.

കുടിവെള്ളം ശ്രദ്ധയോടെ
വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. ഭക്ഷണപദാര്‍ത്ഥങ്ങളേക്കാള്‍ പാനീയങ്ങള്‍ക്കാണ് വേനല്‍ക്കാലത്ത് ഏറെ ആവശ്യകത. കിട്ടുന്ന വെള്ളമാകട്ടെ വിവിധതരത്തില്‍ മലിനപ്പെട്ട് രോഗങ്ങള്‍ക്ക് ഇടയാകുമെന്നതിനാല്‍ കുടിവെള്ളം ശ്രദ്ധയോടെ മാത്രമേ ഉപയോഗിക്കാവൂ.

  • ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ കിണറും കക്കൂസുകള്‍പോലെയുള്ള മാലിന്യസ്രോതസുകളും നിശ്ചിത അകലം പാലിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്.
  • ടാപ്പിലെ വെള്ളം ഇടക്കിടെ നിന്നുപോകുന്നതോടെ ടാപ്പിനുള്ളില്‍ ഒരുവാക്വം രൂപപ്പെടാറുണ്ട്. ഒപ്പം പൊട്ടലുണ്ടെങ്കില്‍ ചുറ്റുപാടുമുള്ള മലിനജലത്തെ ഉള്ളിലേക്ക് വലിച്ചെടുക്കുകയും വെള്ളത്തില്‍ കലര്‍ന്ന് വിവിധ രോഗങ്ങള്‍ക്കിടയാക്കുകയും ചെയ്യും.
  • ക്ളോറിനേറ്റഡ് വെള്ളം അപ്പാടെ ഉപയോഗിക്കാതെ രണ്ടു മണിക്കൂറോളം വാവട്ടമുള്ള പാത്രത്തില്‍ തുറന്ന് വെക്കുന്നത് ക്ളോറിന്‍െറയും ബ്ളീച്ചിങ് പൗഡറിന്‍െറയും സാന്നിധ്യം കുറെയൊക്കെ ഒഴിവാക്കും.
  • മധുരമുള്ള പാനീയങ്ങള്‍ വെള്ളത്തിന് പകരമാകില്ല. വേനല്‍ക്കാലത്ത് തിളപ്പിച്ചാറിയ ശുദ്ധജലം വേണ്ടത്ര അളവില്‍ ഉപയോഗിക്കണം. വെട്ടിത്തിളച്ച് ഇളകി മറിഞ്ഞശേഷം 2-3 മിനുറ്റ് കൂടി തിളപ്പിച്ച് ഉപയോഗിക്കുകയാണ് വേണ്ടത്.
  • പഴച്ചാറുകള്‍ വീട്ടില്‍തന്നെ തയാറാക്കുന്നതാണ് ഉചിതം. കടകളില്‍ പഴങ്ങള്‍ക്കൊപ്പം ഉപയോഗിക്കുന്ന വെള്ളം മലിനമാണെങ്കില്‍ വിവിധ രോഗങ്ങള്‍ വന്നേക്കാം.
  • അവധിക്കാലമായതിനാല്‍ വേനല്‍ യാത്രകളുടെ കാലം കൂടിയാണ്. മിനറല്‍ വാട്ടറുകള്‍ മാലിന്യ മുക്തമാണെന്നതിന് ഉറപ്പൊന്നുമില്ല. അതിനാല്‍ വീട്ടില്‍നിന്ന് തന്നെ വെള്ളം യാത്രാവേളകളില്‍ കൊണ്ടുവരാന്‍ ശ്രദ്ധിക്കണം.
  • വേനല്‍ ചൂടിനെ കുറക്കാന്‍ മദ്യം കഴിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍, ഇത് വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കും. മദ്യം ചൂടിനെ പ്രതിരോധിക്കാനുള്ള ശരീരത്തിന്‍െറ ശേഷിയെ കുറക്കുകയും മൂത്രത്തിന്‍െറ അളവ് കൂട്ടി ജലനഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് സൂര്യാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
  • മല്ലിവെള്ളം, ബാര്‍ലിവെള്ളം, കരിക്കിന്‍വെള്ളം, രണ്ട്, മൂന്ന് കഷ്ണം പച്ചമാങ്ങ ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളം, ഉപ്പ് കുറച്ച് ചേര്‍ത്ത നാരങ്ങവെള്ളം, കഞ്ഞിവെള്ളം ഇവ ചൂടിന്‍െറ കാഠിന്യത്തെകുറക്കാന്‍ മാറിമാറി കഴിക്കണം. നറുനീണ്ടിയൊ  രാമച്ചമോ ചേര്‍ത്ത് തിളപ്പിച്ചവെള്ളം കൂജയില്‍വെച്ച് കുടിക്കുന്നതും ചൂടകറ്റും. ഒപ്പം ശീതളപാനീയങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. അസിഡിറ്റി പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് ശീതളപാനീയങ്ങള്‍ കാരണമാകാറുണ്ട്.

ത്വക്രോഗങ്ങള്‍
ചര്‍മ്മ സൗന്ദര്യത്തിന് വേനല്‍ മങ്ങലേല്‍പ്പിക്കാറുണ്ട്. ചൂടുകുരു, ചര്‍മ്മം കാരുവാളിക്കല്‍, അണുബാധമൂലം ചര്‍മ്മം ചൊറിഞ്ഞ് തടിക്കല്‍ തുടങ്ങിയവയാണ് സാധാരണ കാണുന്ന പ്രശ്നങ്ങള്‍.

ചൂടുകുരു
സ്വേദഗ്രന്ഥികള്‍ അടഞ്ഞ് വിയര്‍പ്പ് തൊലിക്കടിയില്‍ അടിയുമ്പോഴാണ് ചൂടുകുരു പൊങ്ങുന്നത്. വസ്ത്രങ്ങള്‍ ഉരയുന്ന ഭാഗങ്ങളിലും തൊലിമടക്കുകളിലുമാണ് ഇത് കൂടുതലും ഉണ്ടാവുക. ചുമന്ന പാടുകളായോ ചെറിയ കുമിളകളായോ ഇത് പ്രകടമാകാം.

  • നെല്ലിക്കപ്പൊടി വെള്ളത്തില്‍ ചാലിച്ച് പുരട്ടുന്നത് ചൂടുകുരു അകറ്റും.
  • ഏലാദി ചൂര്‍ണ്ണവും നല്ല ഫലംതരും.
  • നാല്‍പ്പാമരം വെന്തവെള്ളത്തില്‍ മേല്‍കഴുകാം.

ചര്‍മ്മം കരുവാളിക്കല്‍
അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തിലെ മെലാനിന്‍ എന്ന രാസവസ്തുവുമായി പ്രതിപ്രവര്‍ത്തിക്കുന്നതാണ് കരുവാളിപ്പിനിടയാക്കുന്നത്. വെയില്‍ നേരിട്ട് കൊള്ളാതിരിക്കുന്നതിനോടൊപ്പം വെള്ളരിക്ക പാലില്‍ അരച്ച് പുരട്ടുന്നത് കരുവാളിപ്പ് അകറ്റും. തക്കാളി അരച്ച് പുറമേ പുരട്ടുന്നതും ഗുണകരമാണ്. പിണ്ണതൈലം, ഏലാദിതൈലം എന്നിവ നല്ല ഫലം തരും.

ചൊറിഞ്ഞ്തടിപ്പ്
വിവിധ അണുബാധകള്‍ മൂലം ചര്‍മ്മം ചൊറിഞ്ഞ് പൊട്ടുകയും തടിക്കുകയും ചെയ്യാറുണ്ട്. ഒൗഷധങ്ങള്‍ക്കൊപ്പം തെച്ചിവേരിലെ തൊലി തേങ്ങാപ്പാലില്‍ അരച്ച് പുരട്ടാം. ഏലാദി, ദുര്‍മാദി, ചെമ്പരുത്ത്യാദി കേരങ്ങള്‍ ചൊറിച്ചില്‍ അകറ്റും.

നേത്രരോഗങ്ങള്‍
നിസാരമായ ചൊറിച്ചില്‍ മുതല്‍ ഗുരുതരമായ നേത്രരോഗങ്ങള്‍വരെ വേനല്‍ച്ചൂട് മൂലം കണ്ണിനുണ്ടാകും. അലര്‍ജി, ചെങ്കണ്ണ്, കണ്ണ് വരളല്‍, കണ്‍കുരു, കണ്ണിന്‍െറ സുതാര്യമായ പാളി (കോര്‍ണിയ)യില്‍ അണുബാധ തുടങ്ങിയ പ്രശ്നങ്ങളാണ് വേനല്‍ക്കാലത്തുണ്ടാകുക. കൂടാതെ അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണിലേല്‍ക്കുന്നവരില്‍ തിമിരം നേരത്തെ ഉണ്ടാകാനുള്ള സാധ്യത  കൂട്ടാറുണ്ട്. രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും ദിവസവും വേനലില്‍ കുടിക്കുന്നത് കണ്ണിന്‍െറ ഈര്‍പ്പം നിലനിര്‍ത്തും. ശുചിത്വം കര്‍ശനമായി പാലിക്കുന്നതോടൊപ്പം പുറത്ത് പോകുമ്പോള്‍ സണ്‍ഗ്ളാസ് ധരിക്കുന്നതും കണ്ണിന്‍െറ ആരോഗ്യത്തിന് നല്ലതാണ്. നെല്ലിക്ക, കുമ്പളങ്ങ, വെള്ളരിക്ക, പടവലങ്ങ എന്നിവ ഭക്ഷണത്തില്‍പ്പെടുത്തുന്നതും നല്ല ഫലം തരും. നേത്രാമൃതം ഓരോതുള്ളി വീതം പകല്‍ കണ്ണിലിറ്റിക്കുന്നതും കണ്ണിന്‍െറ ചൂട് കുറക്കും. ഒൗഷധങ്ങള്‍ക്കൊപ്പം കണ്ണ് ശുചിയായി സംരക്ഷിക്കുക, കണ്ണിലേക്ക് ശുദ്ധജലം തെറിപ്പിക്കുക, കണ്ണ് ചിമ്മുക എന്നിവയും അനിവാര്യമാണ്.

ജലജന്യരോഗങ്ങള്‍
മഞ്ഞപ്പിത്തം, ടൈഫ്രോയ്ഡ്, കോളറ, വയറിളക്കം, അമീബിയാസിസ് എന്നിവ മലിനജലം വഴി പകരുന്ന രോഗങ്ങളാണ്.

വായുവഴി പകരുന്ന രോഗങ്ങള്‍
ചിക്കന്‍ പോക്സ്, അഞ്ചാം പനി എന്നിവയാണ് വേനലില്‍ വായുവഴി പകരുന്ന പ്രധാന രോഗങ്ങള്‍. ഡോക്ടറുടെ നിര്‍ദേശാനുസരണം ചികിത്സ നല്‍കേണ്ടതാണ്.

നടുവേദന തടയാം..

ഡോ. പ്രിയ ദേവദത്ത് (കോട്ടക്കല്‍ ആര്യവൈദ്യശാല മാന്നാര്‍)

നിവര്‍ന്നുനില്‍ക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്ന അവയവമാണ് നട്ടെല്ല്. മനുഷ്യശരീരത്തിന് ഉറപ്പുനല്‍കുന്നതോടൊപ്പം കുനിയാനും വളയാനുമൊക്കെയുള്ള വഴക്കം നല്‍കുന്നതും നട്ടെല്ലാണ്. തലച്ചോറില്‍നിന്ന് ശരീരത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്കും  തിരിച്ചും സന്ദേശങ്ങള്‍ എത്തിക്കുന്ന സുഷുമ്നാനാടി കടന്നുപോകുന്നതും നട്ടെല്ലിലൂടെയാണ്.
വളരെ സങ്കീര്‍ണമായ ഘടനയാണ് നട്ടെല്ലിനുള്ളത്. കശേരുക്കള്‍, ഡിസ്കുകള്‍, പേശികള്‍, സ്നായുക്കള്‍, ചലനവള്ളികള്‍ തുടങ്ങിയവയാലാണ് നട്ടെല്ല് നിര്‍മിച്ചിരിക്കുന്നത്. 33 കശേരുക്കളാണ് നട്ടെല്ലിന്‍െറ അടിസ്ഥാന ഘടകം. കശേരുക്കള്‍ തമ്മില്‍ കൂട്ടിയുരയുന്നത് തടയുന്നതും നട്ടെല്ലിന് മുകളിലുള്ള സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതും കശേരുക്കള്‍ക്കിടയിലെ മൃദുഭാഗമായ ഡിസ്കുകള്‍ ആണ്. നട്ടെല്ലില്‍ പ്രധാനമായും നാലു വളവുകള്‍ ഉണ്ട്. കശേരുക്കളും ഡിസ്കുകളും നട്ടെല്ലില്‍ ക്രമീകരിച്ചിരിക്കുന്നത് ഈ വളവുകള്‍ക്കനുസരിച്ചാണ്.

നടുവേദന ഉണ്ടാകുന്നതെങ്ങനെ..?

പുറത്തിന്‍െറ താഴ്ഭാഗത്തുണ്ടാകുന്ന വേദനയാണ് നടുവേദന.  വളരെ വ്യാപകമായി കാണപ്പെടുന്ന നടുവേദനയെ ‘വാതരോഗങ്ങളുടെ’  കൂട്ടത്തിലാണ് ആയുര്‍വേദം പെടുത്തിയിരിക്കുന്നത്. ‘Lower Back ache’ അല്ളെങ്കില്‍ ‘ലംബാഗോ’ എന്നും നടുവേദനക്ക് പേരുണ്ട്.
ഡിസ്കുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍, കശേരുക്കളെ പരസ്പരം ബന്ധിപ്പിക്കുന്ന ചലനവള്ളികള്‍ക്കുണ്ടാകുന്ന വലിച്ചിലുകള്‍, നട്ടെല്ലുമായി ബന്ധപ്പെട്ടുള്ള പേശികള്‍ക്കുണ്ടാകുന്ന ഉളുക്കുകള്‍, തെറ്റായ ജീവിതശൈലി തുടങ്ങിയവയാണ് നടുവേദനക്കിടയാക്കുന്ന  പ്രധാന ഘടകങ്ങള്‍. കൂടാതെ നട്ടെല്ലിനേല്‍ക്കുന്ന പരിക്കുകള്‍, കഠിനമായ ആയാസമുള്ള ജോലികള്‍, പൊട്ടിയതോ പുറത്തേക്ക് തള്ളിയതോ ആയ ഡിസ്കുകള്‍, കിടപ്പ് തുടങ്ങിയ ശാരീരിക നിലകളിലെ പ്രശ്നങ്ങള്‍, അസ്ഥിക്ഷയം, നട്ടെല്ലിന്‍െറ സ്വാഭാവിക വളവുകളിലുണ്ടാകുന്ന മാറ്റങ്ങള്‍, അമിതവണ്ണം ,മാനസിക പിരിമുറുക്കം, അര്‍ബുദം ഇവയും  നടുവേദനക്കിടയാക്കാറുണ്ട്.

ഡിസ്ക് പ്രശ്നങ്ങളും നടുവേദനയും

കശേരുക്കള്‍ക്കിടയിലെ മൃദുഭാഗമായ ഡിസ്കുകളില്‍ സാധാരണഗതിയില്‍ ധാരാളം ജലാംശം ഉണ്ടായിരിക്കും. പ്രായമാകുന്തോറും ഡിസ്കിനുള്ളിലെ  ജലാംശം കുറയുന്നത് ഡിസ്കിന്‍െറ ഇലാസ്തികതയും വഴക്കവും നഷ്ടമാക്കുന്നു. ഇത് ഡിസ്കുകള്‍ പൊട്ടാനും  തെന്നാനുമുള്ള സാധ്യത കൂട്ടും. ഘടനാമാറ്റം വന്ന ഡിസ്കുകള്‍ നാഡികളില്‍ ചെലുത്തുന്ന സമ്മര്‍ദമാണ് നടുവേദനയായി അനുഭവപ്പെടുന്നത്. വേദന കാലിലേക്കും വ്യാപിക്കാറുണ്ട്. കാലിന്‍െറ പിന്‍വശത്ത് കൂടി താഴേക്ക് പോകുന്ന വേദനയെ ‘ഗൃധ്രസി’ അഥവാ ‘സയാറ്റിക്ക’ എന്നാണ് പറയുക. ശരീരം തെറ്റായ രീതിയില്‍ പെട്ടെന്ന് തിരിയുകയോ, അമിത ഭാരം എടുക്കുകയോ ചെയ്യുമ്പോള്‍ കശേരുക്കളില്‍ സമ്മര്‍ദമുണ്ടായി ഡിസ്ക് തെറ്റാം.

നടുവേദനയുടെ ലക്ഷണങ്ങള്‍

നടുഭാഗത്തോ പുറത്തോ വേദന
കുനിയാനും നിവരാനും ബുദ്ധിമുട്ട്
നടുവില്‍ പെട്ടെന്നുണ്ടാകുന്ന വേദന
നില്‍ക്കാനും നടക്കാനും പ്രയാസം
നില്‍ക്കുമ്പോഴും  ഇരിക്കുമ്പോഴും വേദന കൂടുക
കാലിന് ബലക്ഷയം തുടങ്ങിയവയാണ് കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങള്‍.

സ്ത്രീകളും നടുവേദനയും

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ 2-3 ഇരട്ടിയോളം നടുവേദന കൂടുതലാണ്. ഗര്‍ഭാശയത്തതിലും അണ്ഡാശയങ്ങളിലുമുണ്ടാകുന്ന അണുബാധയും  രോഗങ്ങളും സ്ത്രീകളില്‍ നടുവേദനക്കിടയാക്കാറുണ്ട്. ഗര്‍ഭകാലം, പ്രസവം, വയര്‍ ചാടല്‍, പേശികളുടെ ബലക്ഷയം, ഇവയും സ്ത്രീകളില്‍ നടുവേദന കൂട്ടാറുണ്ട്. അസ്ഥിക്ഷയം പോലുള്ള  രോഗങ്ങള്‍ സ്ത്രീകളില്‍ കൂടുതലായതിനാല്‍ നടുവേദനക്കുമിത് കാരണമാകാറുണ്ട്.

കുട്ടികളും നടുവേദനയും

കുട്ടികളില്‍ പൊതുവെ നടുവേദന കാണാറില്ല. ജന്മനായുള്ള ഘടനാവൈകല്യം, അര്‍ബുദം തുടങ്ങിയ ഗൗരവമുള്ള കാരണങ്ങളാലാണ്  കുട്ടികളില്‍ നടുവേദന ഉണ്ടാവുക. ഉടന്‍ ചികിത്സ തേടേണ്ടതാണ്. പ്രായമായവരിലുണ്ടാകുന്ന നടുവേദനയും ശ്രദ്ധയോടെ കാണണം.

കുടവയറും നടുവേദനയും

നട്ടെല്ലിനെ താങ്ങിനിര്‍ത്തുന്നത് അവയോട് ചേര്‍ന്നുള്ള പേശികളാണ്. കുടവയറ് നട്ടെല്ലിന് മുമ്പിലുള്ള ഉദരപേശികളുടെ ബലവും ദൃഢതയും കുറയ്ക്കും. ഇത് പിന്നിലുള്ള പേശികളുടെ ആയാസത്തെ കൂട്ടുന്നു. പേശികള്‍ക്കും കശേരുക്കള്‍ക്കും ഡിസ്കിനും ചലനവള്ളികള്‍ക്കുമുണ്ടാകുന്ന അമിത ആയാസം കുടവയറുകാരില്‍ നടുവേദനക്കിടയാക്കുന്നു.

നടുവേദനയും സന്ധിവാതരോഗങ്ങളും

കൈകാലുകളിലെ സന്ധികളെ അപേക്ഷിച്ച് നട്ടെല്ലിനെ കൂടുതലായി ബാധിക്കുന്ന സന്ധിവാത രോഗങ്ങളുണ്ട്. വിട്ടുമാറാത്ത നടുവേദനയാണിവയുടെ പ്രധാന ലക്ഷണം. അന്‍കൈലോസിങ് സ്പോണ്ടലൈറ്റിസ്, സോറിയാറ്റിക്  ആര്‍ത്രൈറ്റിസ്, റിയാക്ടീവ് ആര്‍ത്രൈറ്റിസ്, എന്‍ററോപതിക് ആര്‍ത്രൈറ്റിസ് തുടങ്ങിയവയാണ് നട്ടെല്ലിനെ ബാധിക്കുന്ന പ്രധാന സന്ധിവാത രോഗങ്ങള്‍.

സങ്കീര്‍ണതകള്‍

വിവിധ ഘട്ടങ്ങളിലൂടെ കടന്നാണ് നടുവേദന സങ്കീര്‍ണതയിലത്തെുക. നടുവേദനയുടെ ആദ്യഘട്ടത്തില്‍ വേദന നടുവില്‍ മാത്രമായി ഒതുങ്ങിനില്‍ക്കും. ഡിസ്ക് ഘടനാ വ്യതിയാനം വന്ന് താഴേക്ക് പോകുന്ന നാഡിയില്‍ സമ്മര്‍ദമേല്‍പിക്കുന്നതോടെ വേദന നടുവിന്‍െറ ഒരുവശത്തും കാലിലും വ്യാപിക്കും. ഒപ്പം കാലിന് പിടുത്തവും കാല് നിവര്‍ത്താന്‍  ബുദ്ധിമുട്ടും ഉണ്ടാകും. നടുവേദനയുടെ രണ്ടാംഘട്ടമാണിത്. മൂന്നാംഘട്ടത്തില്‍ കാലിന് ബലക്കുറവും തരിപ്പും അനുഭവപ്പെടും. അടുത്തഘട്ടത്തില്‍ കാല്‍വിരല്‍ ഉയര്‍ത്താനാകാതെയും മുട്ടുമടക്കാനാകാതെയും  വരും. ഉദ്ധാരണശേഷി കുറയുക, നേരെ നില്‍ക്കാന്‍ വയ്യാതാവുക ഇവയും  നടുവേദന സങ്കീര്‍ണമാകുമ്പോള്‍ ഉണ്ടാകാം.

പരിഹാരങ്ങള്‍

ചികിത്സ: നടുവേദനയുടെ കാരണങ്ങള്‍ക്കനുസരിച്ച് ചികിത്സയും വ്യത്യസ്തമായിരിക്കും. ഒൗഷധങ്ങള്‍ കഴിക്കുന്നതോടൊപ്പം സ്വേദനം, ധാര, വസ്തി ഇവയും നല്‍കാറുണ്ട്.  കൂടാതെ ഇലക്കിഴി, മാംസക്കിഴി, ഞവരക്കിഴി ഇവയം നല്ല ഫലം നല്‍കും.
കഴുത്തിലെയും നടുവിലെയും പേശികള്‍ മാനസിക പിരിമുറക്കത്തോട് ശക്തമായി പ്രതികരിക്കാറുണ്ട്. പിരിമുറുക്കം കൂടുമ്പോള്‍ പേശികള്‍ വഴക്കം കുറഞ്ഞ് പേശിപിടിത്തത്തിനിടയാക്കിയാണ് നടുവേദനയുണ്ടാകുന്നത്. ഇത്തരം വേദനകള്‍ക്ക് ശിരോധാര ഫലപ്രദമാണ്.

നടുവേദന തടയാന്‍
നിത്യവും ലഘുവ്യായാമങ്ങള്‍ ശീലമാക്കുന്നത് നടുവേദനയുടെ  കടന്നുവരവിനെ തടയും. നീന്തല്‍, നടത്തം ഇവ ശീലമാക്കാം. ഭുജംഗാസനം, മേദണ്ഡാസനം ഇവ ഗുണംചെയ്യും.
നിത്യവും ശരീരത്തില്‍ എണ്ണതേച്ച്് കുളിക്കുന്നതും നടുവേദന പോലെയുള്ള പ്രശ്നങ്ങളെ തടയും. ധന്വന്തരം, സഹചരാദി ഇവ നല്ല ഫലം തരും.  ആഴ്ചയിലൊരിക്കല്‍ ശീലമാക്കിയാലും മതിയാകും.
നട്ടെല്ലിന് ആയാസമുണ്ടാകാത്ത രീതിയില്‍ ഇരിക്കുകയും കിടക്കുകയും വേണം. മൃദുവായതോ കട്ടിയായതോ ആയ കിടക്കകള്‍ ഒഴിവാക്കണം.
മോര്-മുതിര, പാല്‍-കോഴിയിറച്ചി, തൈര്-മീന്‍ തുടങ്ങിയ വിരുദ്ധാഹാരങ്ങള്‍ ഒഴിവാക്കുക.  ചുവന്നുള്ളി, മോര്, ചേന, ഇലക്കറികള്‍ ഇവ ധാരാളമായി ഭക്ഷണത്തില്‍ പെടുത്തുക.
ഇരുചക്രവാഹനങ്ങളില്‍ ദീര്‍ഘദൂരയാത്ര ഒഴിവാക്കുക.

കടപ്പാട്-www.madhyamam.com

അവസാനം പരിഷ്കരിച്ചത് : 3/5/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate