অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആയുർവേദത്തിലെ ഗവേഷണങ്ങൾ

ആയുർവേദം

നമ്മുടെ നാടിന്റെ ശാസ്ത്രമാണ് ആയുർവേദം. നമ്മുടെ ജീവിതരീതിയോട് അത് അഭേദ്യമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. എന്നിട്ടും നമ്മുടെ ശ്രദ്ധ ഈ ശാസ്ത്രത്തിനു വേണ്ടത്ര ലഭ്യമാകുന്നുണ്ടോ എന്നു സംശയമാണ്. പാശ്ചാത്യവൈദ്യത്തോടാണ് നമുക്ക് ആഭിമുഖ്യം. അതിനു കാരണം പാശ്ചാത്യവൈദ്യം തുടർച്ചയായ പരീക്ഷണനിരീക്ഷണങ്ങളുടെ ഫലമാണ് എന്നതാണ്. എന്നാൽ ആയുർവേദത്തിൽ നടക്കുന്ന ഗവേഷണങ്ങളെപ്പറ്റി എത്രപേർക്കറിയാം? ഇന്ന് ആയുർവേദത്തിൽ നടക്കുന്ന അനേകം ഗവേഷണഫലങ്ങൾ നമ്മുടെ പൂർവികരുടെ അറിവുകളെ ശരിവയ്ക്കുന്നു. ആയുർവേദത്തിൽ ഈ അടുത്ത കാലത്തായി നടന്ന രണ്ടു ശ്രദ്ധേയമായ ഗവേഷണഫലങ്ങളെപ്പറ്റിയാണ് ഇന്നു പറയാൻ പോകുന്നത്.

ഗവേഷണം ഒന്ന് - രസായനങ്ങൾ ജീവിതദൈർഘ്യം വർദ്ധിപ്പിയ്ക്കുന്നു

ആയുർവേദ രസായനങ്ങളുടെ ശരീരത്തിൽ ഉളവാകുന്ന ഫലങ്ങളെക്കുറിച്ച് ഈച്ചകളെ ഉപയോഗിച്ചു പരീക്ഷണം നടത്തി രസായനങ്ങളുടെ ഫലസിദ്ധിയെപ്പറ്റിയുള്ള ആചാര്യവചനം ആധുനികശാസ്ത്രത്തിന്റെ മാനദണ്ഡങ്ങൾ പ്രകാരം തെളിയിയ്ക്കാൻ സാധിച്ചു. പ്രഗത്ഭരായ ആയുർവേദ, മോഡേൺ ഭിഷഗ്വരന്മാരുടേയും ശാസ്ത്രജ്ഞന്മാരുടേയും മേൽനോട്ടത്തിലാണ് പഠനം നടന്നത്. മണിപ്പാൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആയിരുന്ന ഡോ. വല്യത്താൻ, ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ ജന്തുശാസ്ത്ര ജനിതകശാസ്ത്രവിഭാഗങ്ങൾ, കോട്ടയ്ക്കൽ ആര്യവൈദ്യശാല എന്നിവരാണ് ഈ ഗവേഷണത്തിന്റെ അമരക്കാർ.

ആയുർവേദത്തിൽ ഉപയോഗിയ്ക്കപ്പെടുന്ന രണ്ടു രസായനങ്ങൾ - ആമലകീരസായനവും രസസിന്ദൂരവും - ആണ് പഠനത്തിന്നായി തിരഞ്ഞെടുത്തത്. ആദ്യത്തേത് നെല്ലിയ്ക്ക അടങ്ങിയ ഒരു ഹെർബൽ മരുന്നും രണ്ടാമത്തേത് മെർക്കുറി, ഗന്ധകം എന്നിവ ചേർന്ന ഒരു ഹെർബോ-മിനറൽ മരുന്നും (രസൌഷധം) ആണ്. പരീക്ഷണത്തിന്നായി തിരഞ്ഞെടുത്ത ഡ്രോസോഫില മെലനോഗാസ്റ്റർ  എന്ന ഈച്ചകൾക്ക് ഈ രസായനങ്ങൾ ആഹാരമായി നൽകിയാണ് പഠനം നടന്നത്. പഠനത്തിൽ അവയുടെ ജീവിതദൈർഘ്യം വർദ്ധിച്ചതായി കണ്ടു. രസൌഷധമായ രസസിന്ദൂരം ഉപയോഗിച്ചിട്ടും ഹെവിമെറ്റൽ ടോക്സിസിറ്റി (ഖരലോഹങ്ങളിൽ നിന്നുള്ള വിഷബാധ) ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.

രസായനങ്ങൾ

ആയുർവേദത്തിലെ എട്ടു ശാഖകളിൽ ഒന്നാണ് രസായനചികിത്സ. ശരീരധാതുക്കളുടെ പുഷ്ടിയ്ക്കും വികാസത്തിനുമായി നൽകുന്ന മരുന്നുകളാണിവ. പലതരം രസായനചികിത്സകൾ വിവരിയ്ക്കുന്നുണ്ട്. ശരീരപുഷ്ടി, ആരോഗ്യം, നിറം, ആയുസ്സ് എന്നിവ വർദ്ധിപ്പിയ്ക്കാനായി നൽകപ്പെടുന്ന ഔഷധങ്ങളാണിവ. കഠിന പഥ്യ നിഷ്കർഷയിൽ നൽകപ്പെടുന്ന രസായന ചികിത്സകളുണ്ട്. അധികം പഥ്യമില്ലാതെ സാധാരണ രീതിയിലും രസായനങ്ങൾ ഉപയോഗിയ്ക്കാവുന്നതാണ്. ശോധനചികിത്സയിലൂടെ ശരീരശുദ്ധി വരുത്തിയ ശേഷം വിധിപ്രകാരം രസായനങ്ങൾ ശീലിയ്ക്കേണ്ടതാണ്.

ആമലകീരസായനം

നെല്ലിക്ക ഉപയോഗിച്ചുള്ള ഒരു രസായനമാണിത്. ഉണക്കനെല്ലിയ്ക്ക നിശ്ചിത അളവ് പൊടിയ്ക്കുന്നു. അതിനോടൊപ്പം പച്ചനെല്ലിയ്ക്കാനീര് അതേ അളവു ചേർത്തരയ്ക്കുന്നു. ഭാവന ചെയ്യുന്നു, എന്നാണീ പ്രക്രിയയ്ക്കു പേര്. പൂർണമായും നെല്ലിക്കാനീര് ഉണങ്ങിച്ചേരും വരെ അരയ്ക്കേണ്ടതാണ്. നെല്ലിക്കാനീരു വറ്റുമ്പോൾ വീണ്ടും അതേ അളവ് നെല്ലിക്കാനീരു ചേർത്ത് ഭാവന ചെയ്യുന്നു. ഇങ്ങനെ 21 പ്രാവശ്യം ഭാവന ചെയ്തെടുത്ത പൊടിയിൽ ഇരട്ടി തേനും പകുതി നെയ്യും ചേർത്ത് ഇളക്കുന്നു.

രസസിന്ദൂരം

വിധിപ്രകാരം ശുദ്ധി ചെയ്ത ഗന്ധകം, ശുദ്ധി ചെയ്ത രസം (മെർക്കുറി), തഴുതാമനീര് ഇവ പ്രത്യേക അനുപാതത്തിൽ ചേർത്തരയ്ക്കുന്നു. പത്തു ദിവസത്തോളം അരച്ചുകഴിയുമ്പോൾ കറുത്തു തിളങ്ങുന്ന കുഴമ്പുമിശ്രിതം രൂപാന്തരപ്പെടുന്നു. ഇതിനെ തണലിൽ ഉണക്കിപ്പൊടിച്ച് ആ പൊടി മൺചട്ടിയിലെടുത്ത് മറ്റൊരു ചട്ടികൊണ്ടടച്ച്, ചെളി കുഴച്ചു പുടം ചെയ്ത് ചൂളയിൽ വയ്ക്കുന്നു. നാൽ‌പ്പത്തെട്ടു മണിക്കൂർ ഉന്നത താപനിലയിലിരിയ്ക്കുന്ന ചട്ടി തണുത്തതിനു ശേഷം തുറക്കുമ്പോൾ ഇഷ്ടിക നിറത്തിൽ ഒരു പൊടി മൺചട്ടിയുടെ മുകൾഭാഗത്തു പറ്റിയിരിയ്ക്കുന്നതു കാണാം. അതു ചുരണ്ടിയെടുക്കുന്നു. ഇതിന്ന് രസസിന്ദൂരം എന്നു പറയുന്നു.

ഗവേഷണഫലങ്ങൾ

രസായനം കഴിച്ച ഈച്ചകൾ അല്ലാത്തവയേക്കാൾ അധികനാൾ ജീവിതദൈർഘ്യം ഉള്ളവയായി കണ്ടെത്തി. അവയുടെ ജീവിതചക്രം വേഗത്തിലായി. അതായത് ലാർവകൾ സാധാരണ ഈച്ചകളേക്കാൾ വേഗം വളർച്ച നേടി ധാരാളം മുട്ടകൾ ഇടാൻ തുടങ്ങി. താപനില ഏൽക്കാനുള്ള കഴിവു വർദ്ധിച്ചു. ആഹാരമില്ലാതെ കൂടുതൽ നേരം കഴിയാനുള്ള കഴിവു വർദ്ധിച്ചു. ആമലകീരസായനം രസസിന്ദൂരത്തേക്കാൾ ഫലം കാണിച്ചു.

ഹെവി മെറ്റൽ ടോക്സിസിറ്റി

ഖരലോഹമായ മെർക്കുറി അടങ്ങിയ മരുന്നു കഴിച്ചിട്ടും ഈച്ചകൾക്ക് വിഷബാധാലക്ഷണങ്ങൾ ഉണ്ടാകാതിരുന്നത് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി. ആയുർവേദമരുന്നുകളിൽ ഖരലോഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടെന്നും അത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നും പ്രചരണങ്ങളുണ്ട്. ആയുർവേദപ്രകാരം ശോധനപ്രക്രിയകൾ ചെയ്തൊരു മരുന്ന് ഒരു വിഷബാധയും ഉണ്ടാക്കുന്നില്ല. മറിച്ച് രസായനഗുണമാണു നൽകുന്നത്.

ഗവേഷണം രണ്ട് - ആയുർവേദ ഭസ്മങ്ങളിലെ നാനോ പാർട്ടിക്കിൾ

ലോഹങ്ങളും ധാതുക്കളും നമ്മുടെ ശരീരത്തിൽ ദഹിയ്ക്കുന്നവയോ ആഗിരണം ചെയ്യപ്പെടുന്നവയോ അല്ല. ആയുർവേദസംഹിതകളുടെ കാലം മുതൽ തന്നെ ലോഹങ്ങളും ധാതുക്കളും മരുന്നായി ഉപയോഗിച്ചുവരുന്നുണ്ട്. അന്ന് അവ സൂക്ഷ്മ ചൂർണ്ണങ്ങളാക്കിയാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ആയുർവേദത്തിൽ വന്ന വികാസം അവയെ ചില പ്രോസസ്സുകൾക്കു വിധേയമാക്കി (Marana Technique, 7th Century AD), അവയുടെ പാർട്ടിക്കിൾ സൈസ് കുറച്ച് വളരെച്ചെറിയ, ശരീരത്തിലേയ്ക്ക് എളുപ്പം ആഗിരണം ചെയ്യുന്ന, വിഷസ്വഭാവമില്ലാത്ത, പെട്ടെന്നു ഫലം ചെയ്യുന്ന മരുന്നുകളാക്കി മാറ്റിയെടുക്കാനും സാധിച്ചു. അവയാണ് ഭസ്മങ്ങൾ. ആ പുരോഗതി ആയുർവേദചികിത്സയിലെ ഒരു കുതിച്ചുചാട്ടമായിരുന്നു. ഏഴാം നൂറ്റാണ്ടിൽ വികാസം പ്രാപിച്ച രസശാസ്ത്രം എന്ന വിഭാഗം ആയുർവേദത്തിൽ അനേകം പുതുമാറ്റങ്ങൾക്കു വഴി തെളിച്ചു.

എന്നാൽ പാശ്ചാത്യശാസ്ത്രങ്ങളുടെ കടന്നുവരവ് ഭാരതത്തിലുണ്ടായ ഇത്തരം പുരോഗതികളെ കണ്ടില്ലെന്നു നടിയ്ക്കാനും അവമതിയ്ക്കാനും ഇടയാക്കി. അത്രമാത്രം പുരോഗതി കൈവരിച്ചിട്ടില്ലാത്ത പാശ്ചാത്യശാസ്ത്രത്തിന് ആയുർവേദഭസ്മങ്ങളെ മനസ്സിലാക്കാനാകാഞ്ഞതു സ്വാഭാവികം. എന്നാൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നാനോ ടെക്നോളജിയുടെ കടന്നുവരവ് ഭസ്മങ്ങളിലുള്ള നാനോ പാർട്ടിക്കിളുകളെ കുറിച്ചു പഠിയ്ക്കാനും, ഭസ്മങ്ങൾ ആയുർവേദത്തിലെ നാനോ മെഡിസിനുകളാണെന്നു തെളിയാനും സഹായിച്ചു.

നാനോ പാർട്ടിക്കിൾ എന്നാൽ നാനോമീറ്റർ വലിപ്പത്തിലുള്ള കണങ്ങളാണ്. നാനോമീറ്റർ എന്നാൽ അതിസൂക്ഷ്മമായ ഒരളവാണ്. അതായത് ഒരു മീറ്ററിനെ 1000,000,000 ഭാഗങ്ങളാക്കി മുറിച്ചെടുത്താൽ അതിലൊരു കണത്തിന്റെ വലിപ്പമാണ് ഒരു നാനോമീറ്റർ. ഈ നാനോ പാർട്ടിക്കിളുകളെ മരുന്നുകളായി ഉപയോഗിയ്ക്കാൻ സാധിയ്ക്കും. നാനോ മെഡിസിനെ നമുക്കു പ്രയോജനപ്പെടുത്താനാകുന്നത് ഔഷധവാഹികൾ (ഡ്രഗ് കാരിയർ) ആയാണ്. മരുന്നുകളെ നാനോ മെഡിസിനോടൊപ്പം ചേർത്ത് കോശങ്ങളിലേയ്ക്കും കോശകേന്ദ്രത്തിലേയ്ക്കും (ന്യൂക്ലിയസ്) പ്രത്യേക ലക്ഷ്യസ്ഥാനങ്ങളിലേയ്ക്കും എത്തിയ്ക്കാൻ സാധിയ്ക്കും.

ചില പ്രത്യേക പച്ചമരുന്നുകളിട്ടു ഭാവന ചെയ്ത ഭസ്മങ്ങൾ പ്രത്യേക രോഗങ്ങളിൽ ആയുർവേദം ശുപാർശ ചെയ്യുന്നു. മാത്രമല്ല, ധാരാളം മാരണ/ഭസ്മീകരണ മെത്തേഡുകൾ വിവിധ ചെടികളുടെ സ്വരസങ്ങളും കഷായങ്ങളും ഉപയോഗിച്ചുണ്ടാക്കി വിവിധ രോഗങ്ങളിൽ നൽകാൻ പറയുന്നുണ്ട്. ഇതു മുകളിൽ പറഞ്ഞ ഔഷധവാഹി ഗുണത്തെ പ്രയോജനപ്പെടുത്തുകയാവാം.

നാനോ പാർട്ടിക്കിളുകൾ കണ്ടെത്തിയ വിവിധ ഭസ്മങ്ങൾ ചുവടെ ചേർക്കുന്നു.

സ്വർണ്ണഭസ്മം - 56 nm
രസസിന്ദൂരം (മെർക്കുറി) - 25 - 50 nm
മുക്ത ശുക്തി ഭസ്മം - 84 - 123 nm
a
ആയുർവേദത്തിലെ നാനോ മെഡിസിനുകളായ ഭസ്മങ്ങൾ രോഗശമനത്തിന്റെ അനേകായിരം സാദ്ധ്യതകൾ മുന്നിൽ വയ്ക്കുന്നു.

ഇനിയും ഈ രംഗത്തുണ്ടാകുന്ന റിസർച്ചുകൾ ആയുർവേദത്തെ മുൻ നിരയിലേയ്ക്കെത്തിയ്ക്കുമെന്നു പ്രത്യാശിയ്ക്കാം.

ആയുര്‍വേദ വികാസം തനത് ശൈലിയില്‍

ആയുര്വേദത്തിന്റെ വികാസത്തിന് ഒരു തനത് ശൈലി ഉണ്ട്. അലോപ്പതിപോലെയല്ല അതിന് വ്യക്തമായ അടിത്തറയുണ്ട്. ആ അടിത്തറ എന്ന് പറയുന്നത് അതിന്റെ സിദ്ധാന്തങ്ങളാണ്. കാര്യകാരണത്തില് ആധിഷ്ടിതമാണത്.

കാര്യകാരണങ്ങള് എന്ന് പറയുമ്പോള് ആധുനിക ശാസ്ത്രത്തിന്റെ കാര്യകാരണങ്ങളല്ല. ആയുര്വേദത്തിന് അതിന്റേതായ കാര്യകാരണങ്ങളുണ്ട്. ഒരു അസുഖം എങ്ങനെയുണ്ടാകുന്നു, ഒരു മരുന്ന് എങ്ങനെ ശരീരത്തില് പ്രവര്ത്തിക്കുന്നു എന്നെല്ലാം ആയുര്വേദത്തില് തനതു സിദ്ധാന്തങ്ങളുപയോഗിച്ചുകൊണ്ടുള്ള കാര്യ കാരണ വിശദീകരണങ്ങളുണ്ട്.

ഉദാഹരണം;

കുറുന്തോട്ടി കേവല വാതരോഗങ്ങളെ മാറ്റുന്നു. എന്തുകൊണ്ട്?
ഉത്തരം:- കുറുന്തോട്ടി വാതപിത്തശാമകമാണ് ബൃംഹണമാണ്.
ചോ:അതെന്തുകൊണ്ട്?
ഉത്ത: കുറുന്തോടി മധുര രസ, സ്നിഗ്ധ ഗുണമുള്ള, ശീതവീര്യ ദ്രവ്യമാണ്.
ചോ; അതെന്തുകൊണ്ട്?
ഉത്ത: ജല ഭൂമി മഹാഭൂത പ്രധാന ദ്രവ്യമായത് കൊണ്ട്.

എന്നിങ്ങനെ പോകുന്നു ആയുര്വേദത്തിലെ കാര്യകാരണ സിദ്ധാന്തപ്രകാരമുള്ള വിശദീകരണം. അതില് ഉറച്ചു നിന്നെങ്കില് മാത്രമേ ആത്യുര്വേദപ്രകാരം നന്നായി ചികിത്സികാന് സാദ്ധിക്കൂ. അല്ലാതെ ഇന്ന അസുഖത്തിന് ഇന്ന മരുന്ന് എന്ന രീതിയാണെങ്കില് സകലമാന രോഗത്തിനും മരുന്ന് കാണാതെ പഠിച്ച് വയ്ക്കേണ്ടി വരും. തനിക്ക് മരുന്നറിയാത്ത അസുഖവുമായി ഒരാള് വന്നാല് ചുറ്റിപോകുകയും ചെയ്യും. എന്നാല് ആയുര്വേദ സിദ്ധാന്തങ്ങളില് അടിയുറച്ച് നില്ക്കുന്നൊരാള്ക്ക് വളരെ കുറച്ച് മരുന്നു മതി ഏത് രോഗവും ചികിത്സിക്കാം.

ആയുര്വേഡത്തിന്റെ വികാസത്തേക്കുറിച്ച് പറയുമ്പോഴും ഇത് പ്രധാനമാണ്. ആയുര്വേദം സിദ്ധാന്തങ്ങളില് അടിയുറച്ച് നില്ക്കും എന്നാല് ആധുനികം ഇടക്കിടക്ക് സിദ്ധാന്തങ്ങളും പ്രയോഗവും മാറ്റും.

ഇനി ആയുര്വേദത്തിന്റെ വികാസത്തിലേക്ക് കടക്കാം. അയുര്വേദത്തിന്റെ വികാസത്തിന് തനത് രീതി ഉണ്ട് എന്ന് ഞാന് പറഞ്ഞല്ലോ. അതെന്താണെന്ന് നോക്കാം. ഇന്നുവരെ ആയുര്വേദം വികസിച്ചത് ആന്തരികമായി തനിമ നിലനിര്ത്തിക്കൊണ്ട് ബാഹ്യമായി കാലത്തിന് അനുസരിച്ച് മാറിയാണ്.. എന്ന് വച്ചാല് അടിസ്ഥാന സിദ്ധാന്തങ്ങളില് ഉറച്ചുനിന്ന് കൊണ്ട് പ്രായോഗിക തലത്തില് വ്യത്യാസങ്ങള് വരുത്തിയാണ്.

ഉദാഹരണം പറഞ്ഞല് ചരകസം ഹിതയില് ആമവാതം മുതലായ രോഗങ്ങള് പ്രാധാന്യത്തോടെ പറഞ്ഞിട്ടില്ല. കാരണം ആ കാലത്ത് ആമവാതം അത്രയും ജനങ്ങള്ക്ക് വന്നിരുന്നില്ലായിരുന്നിരിക്കണം. എന്നാല് പിന്നീട് വന്ന മാധവ നിദാത്തില് വിശദമായിത്തന്നെ ആമവാതത്തെപറ്റി പറഞ്ഞിട്ടുണ്ട്. കാരണം മാധവാചാര്യന്റെ കാലമായപ്പൊഴേക്കും ആളുകളുടെ ജീവിതശൈലിയില് മാറ്റം വന്നു. രോഗകാരണങ്ങള് മാറി. അതിനനുസരിച്ച് രോഗവും മാറി. ആപ്പോള് അന്നത്തേ ആചാര്യന് ചെയ്തത് സിദ്ധാന്തപ്രകാരം പുതിയ രോഗത്തെ മനസിലാക്കി എന്നിട്ട് ആയുര്വേദ പ്രകാരം വിശദീകരിച്ചു. അപ്പോള് വൈദ്യന്മാര്ക്ക് എളുപ്പമായി. അല്ലെങ്കില് ആശയക്കുഴപ്പം വന്നേനെ.

അല്ലാതെ ഇന്നുള്ള സിദ്ധാന്തങ്ങള് കൊണ്ട് ഈ രോഗത്തെ ചികിത്സിക്കാന് ആകില്ല എന്നങ്ങ് പ്രഖ്യാപിച്ചിരുന്നെങ്കില് ആയുര്വേദത്തിന്റെ ഗതിയെന്താകുമായിരുന്നു.!

അതുപോലെ തന്നെയാണ് ഫിരംഗരോഗം (സിഫിലിസ്). പണ്ട് ഇന്ത്യയില് ഉണ്ടായിരുന്നില്ല ഇത്. എന്നാല് വിദേശികള് വരാന്തുടങ്ങിയതോടെ സിഫിലിസും ഇന്ത്യയില് വന്നു. മുകളില് പറഞ്ഞ അതേ സമീപനമാണ് അവിടേയും സ്വീകരിക്കപ്പെട്ടത്. ത്രിദോഷ സിദ്ധാന്തപ്രകാരം ലക്ഷണങ്ങളെ അപഗ്രധിച്ച് മനസിലാക്കി സംപ്രാപ്തിയും ചികിത്സയും വിവരിച്ചു.

ഇത് രണ്ട് ഉദാഹരണങ്ങള് മാത്രമാണ് ധാരളം രോഗങ്ങള് ഇനിയുമുണ്ട്.

ഇനി മരുന്നുകളെ കുറിച്ച് നോക്കാം.. സംഹിത കാലങ്ങളില് രസ ശാസ്ത്രം ആയുര്വേദത്തിന്റെ ഭാഗമായിരുന്നില്ല. എന്നാല് ശല്യതന്ത്രത്തിന്റെ അധപ്പതനവും, പിന്നീടുന്ന സമൂഹിക അവസ്ഥകളും ആയുര്വേദ ആചാര്യന്മാരെ കൊണ്ട് പുതിയ മരുന്നുകള്ക്കയുള്ള ഗവേഷണങ്ങള്ക്ക് പ്രേരിപ്പിച്ചു.അന്നു വരെ ചെയ്തുവന്ന ശസ്ത്രക്രിയ നിയമപരമല്ലാതായതുമൂലം ശസ്ത്രകിയ ഇല്ലാതെ മരുന്നുകൊണ്ട് രോഗം മറ്റേണ്ടിവന്നു അവര്ക്ക് അങ്ങനെയുള്ള അന്വേഷണങ്ങള്ക്കിടയില് ആചാര്യന്മാര് രസശാസ്ത്രം പഠിക്കുകയും അവരുടെ മരുന്നുകളേ ഉപയോഗിക്കുകയും ചെയ്തു. വെറുതെ ഉപയോഗിക്കുകയായിരുന്നില്ല. പരീക്ഷണങ്ങളിലൂടെ അയുര്വേദ സിദ്ധാന്തപ്രകരം മനസിലാക്കി അതിന് അനുസരിച്ച് ഉപയോഗിക്കാന് പര്യാപ്തമാക്കുകയും ചെയ്തു.

അല്ലാതെ ഇന്ന സുഖത്തിന് ഇന്നമരുന്ന് എന്ന രീതി വന്നില എന്നര്ത്ഥം. അപ്പോഴും ആയുര്വേദം ബാഹ്യമായി പ്രയോഗത്തില് മാറി. എന്നാല് ആന്തരികമായി സിദ്ധാന്തത്തില് മാറിയില്ല.

ഇനി വാഗ്ഭടാചാര്യന്റെ കാര്യം നോക്കാം. ചരാ സംഹിത സുശ്രുത സംഹിത എന്നിങ്ങനെ രണ്ട് ബൃഹത് സംഹിതകള് ഉള്ളപ്പോള്. എന്തിനാണ് അഷ്ടാംഗ സംഗ്രഹം എന്ന പുതിയ സംഹിത വാഗ്ഭടാചാര്യന് രചിച്ചത്? അതിന്റെ ഉത്തരം അദ്ദേഹം തന്നെ സംഹിതയില് പറയുന്നുണ്ട്. ശാസ്ത്രത്തെ യുഗാനുരൂപ സംദര്ഭമാക്കാനയിരുന്നു അത്. യുഗ- അനുരൂപ-സന്ദര്ഭം എന്നാല് കാലത്തിന് അനുസരിച്ച് എന്നര്ത്ഥം. ആയുര്വേദത്തേ കാലത്തിന് അനുസരിച്ച് ആക്കുകയായിരുന്നു വാഗ്ഭടാചാര്യന് ചെയ്തത്.

കാലത്തിന് അനുസരിച്ച് എന്നു പറയുമ്പോള് യുക്തിവാദി പറയുന്നപോലെയാണെന്ന് കരുതരുത്. അദ്ദേഹം ഒരുപാട് കാര്യങ്ങള് മാറ്റി. എന്നാല് അടിസ്ഥാന സിദ്ധാന്തത്തില് ഒന്നുപോലും മാറ്റിയില്ല. ചരക സുശ്രുത സംഹിതകളിലെ അഭിപ്രായ വ്യത്യാസങ്ങള്ക്ക് യുക്തിയുക്തമായ സമന്വയമുണ്ടാക്കി, പുതിയ രോഗങ്ങള് വിവരിച്ചു, പുതിയ മരുന്നുകള് എഴുതി, എന്തിന് പറയുന്നു ശസ്ത്രക്രിയ ഉപകരണങ്ങളില് സുശ്രുതന് പറയാത്ത പുതിയ ഉപകരണങ്ങളേ കുറിച്ച് പറഞ്ഞു. എന്നിട്ടും ത്രിദോഷ സിദ്ധാന്തങ്ങളില് ഒന്നുപോലും കുറഞ്ഞില്ല. ഷട് രസങ്ങളില് ഒന്നുപോലും കൂടിയുമില്ല,

സുശ്രുതന്റെ കാര്യം നോക്കുക. ഏറ്റവും അത്യാധുനികമായ കാര്യങ്ങളാണ് പുള്ളി അന്നുപയോഗിച്ചത്. സുശ്രുതന് രോഗദര്ശനാര്ത്ഥം നാടി യന്ത്രം ഉപയോഗിച്ചു ഇന്നു നമ്മള് അതിന്റെ മോഡിഫിക്കേറ്റട് വേര്ഷന് ഉപയോഗിക്കും. മലദ്വാരത്തിന്റെ ഉള്ളിലുള്ള അര്ശസിനെ ശരിക്കും കാണുവാന് അതിരാവിലേ സൂര്യരശ്മി ചരിഞ്ഞു പതിക്കുന്ന സമയത്ത് പൈല്സിന്റെ ശസ്ത്രക്രിയ ചെയ്യാന് പറയുന്നു. ഇന്നു നമുക്ക് അധുനിക പ്രകാശസ്രോതസുകളുണ്ട് അതുപയോഗിക്കും. ശബ്ദ പരീക്ഷക്ക് അന്ന് വെറും ചെവി ഉപയോഗിച്ചു ഇന്ന് സ്റ്റെതസ്കോപ്പ് ഉപയോഗിക്കും.

അതുകൊണ്ട് ഞാന് പറയുന്നത് അടിസ്ഥാന സിദ്ധാന്തങ്ങളെ മാറ്റാതെ ആധുനിക വിജ്ഞാനത്തെ സ്വാംശീകരിക്കാന് നമുക്ക കഴിയണം എന്നാണ്. സ്വാംശീകരണമാണ് വേണ്ടത് മൂടോടെയുള്ള പരിവര്ത്തനമല്ല. അതിന് ആയുര്വേദ ഡോക്ടര്മാര് മോഡേണിന്റെ പ്രാധമിക പാഠങ്ങള് പഠിക്കണം.

ആചാര്യന് പറഞ്ഞപോലെ 
സതതാധ്യയനം വാദഃ പരതന്ത്രാവലോകനം തദ്വിദ്യാചാര്യ സേവാ ച മേധാബുദ്ധികരോ ഗണഃ 

തുടര്ച്ചയായ വായന സഹപ്രവര്ത്തകരുമായുള്ള ചര്ച്ചകള് മറ്റുള്ള ശാസ്ത്രങ്ങളെ മനസിലാക്കല് എന്നിവ വൈദ്യന്റെ ബുദ്ധിശക്തി വര്ദ്ധിപ്പിക്കുന്നു.

ഗവേഷണ പഠനം

ആയുര്‍വേദ രസായനങ്ങളുടെ ശരീരത്തില്‍ ഉളവാകുന്ന ഫലങ്ങളെകുറിച്ച് ഈച്ചകളെ ഉപയോഗിച്ച് പരീക്ഷണം നടത്തി രസായനങ്ങളുടെ ഫലസിദ്ധിയെപറ്റിയുള്ള ആചാര്യവചനം ആധുനിക ശാസ്ത്രത്തിന്‍റെ മാനദണ്ഡങ്ങള്‍ പ്രകാരം തെളിയിക്കാന്‍ സാധിച്ചു. പ്രഗല്‍ഭരായ ആയുര്‍വേദ, മോഡേണ്‍ ഭിഷഗ്വരന്‍ മാരുടേയും ശാസ്ത്രജ്ഞന്‍മാരുടേയും മേല്‍നോട്ടത്തിലാണ് പഠനം നടന്നത്. മണിപ്പാല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ.വല്യത്താന്‍, ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ജന്തുശാസ്ത്ര ജനിതകശാസ്ത്ര വിഭാഗ‍ങ്ങള്‍, കോട്ടക്കല്‍ ആര്യവൈദ്യശാല എന്നിവരാണ് ഈ ഗവേഷണത്തിന്‍റെ അമരക്കാര്‍.

ആയുര്‍വേദത്തില്‍ ഉപയോഗിക്കപ്പെടുന്ന രണ്ട് രസായനങ്ങള്‍- ആമലകീ രസായനവും രസ സിന്ദൂരവും ആണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ആദ്യത്തെത് ഒരു നെല്ലിക്ക അടങ്ങിയ ഒരു ഹെര്‍ബല്‍ മരുന്നും രണ്ടാമത്തേത് മെര്‍ക്കുറി ഗന്ധകം എന്നിവ ചേര്‍ന്ന ഒരു ഹെര്‍ബോമിനറല്‍ മരുന്നും (രസൗഷധം) ആണ്.പരീക്ഷണത്തിനായി തിരഞ്ഞെടുത്ത Drosophila melanogaster എന്ന ഈച്ചകള്‍ക്ക് ഈ രസായനങ്ങള്‍ ആഹാരമായി നല്‍കിയാണ് പഠനം നടന്നത്. പഠനത്തില്‍ അവയുടെ ജീവിത ദൈര്‍ഘ്യം വര്‍ധിച്ചതായി കണ്ടു. രസൗഷധമായ രസസിന്ദൂരം ഉപയോഗിച്ചിട്ടും ഹെവിമെറ്റല്‍ ടൊക്സിസിറ്റി (ഘരലോഹങ്ങളില്‍ നിന്നുള്ള വിഷബാധ) ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.

രസായനങ്ങള്

ആയുര്‍വേദത്തിലെ എട്ട് ശാഖകളില്‍ ഒന്നാണ് രസായന ചികിത്സ. ശരീരധാതുക്കളുടെ പുഷ്ടിക്കും വികാസത്തിനുമായി നല്‍കുന്ന മരുന്നുകളാണ് ഇവ. പലതരം രസായന ചികിത്സകള്‍ വിവരിക്കുന്നുണ്ട്. ശരീരപുഷ്ടി, ആരോഗ്യം, നിറം, ആയുസ് എന്നിവ വര്‍ദ്ധിപ്പിക്കാനായി നല്‍കപ്പെടുന്ന ഔഷധങ്ങളണിവ. കഠിന പഥ്യ നിഷ്കര്‍ഷയില്‍ നല്കപ്പെടുന്ന രസായന ചികിത്സകളുണ്ട്. അധികം പഥ്യമില്ലാതെ സധാരണ രീതിയിലും രസായനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ശോധനചികിത്സയിലൂടെ ശരീരശുദ്ധി വരുത്തിയ ശേഷം വിധിപ്രകാരം രസായനങ്ങള്‍ ശീലിക്കേണ്ടതാണ്.

ആമലകീ രസായനം

നെല്ലിക്ക ഉപയോഗിച്ചുള്ള ഒരു രസായനമാണിത്. ഉണക്കനെല്ലിക്ക നിശ്ചിത അളവ് പൊടിക്കുന്നു. അതിനോടൊപ്പം പച്ചനെല്ലിക്ക നീര് അതേ അളവ് ചേര്‍ത്ത് അരക്കുന്നു. ഭാവന ചെയ്യുന്നു എന്നാണ് ഈ പ്രക്രിയക്ക് പേര്. പൂര്‍ണമായും നെല്ലിക്ക നീര് ഉണങ്ങിച്ചെരും വരെ അരയ്ക്കേണ്ടതാണ്. നെല്ലിക്ക നീരുവറ്റുമ്പോള്‍ വീണ്ടും അതേ അളവ് നെല്ലിക്ക നീര് ചേര്‍ത്ത് ഭാവന ചെയ്യുന്നു. ഇങ്ങനെ 21 പ്രാവശ്യം ഭാവന ചെയ്തെടുത്ത പൊടിയില്‍ ഇരട്ടി തേനും പകുതി നെയ്യും ചേര്‍ത്ത് ഇളക്കുന്നു.

രസസിന്ദൂരം

വിധിപ്രകാരം ശുദ്ധിചെയ്ത ഗന്ധകം, ശുദ്ധിചെയ്ത രസം (മെര്‍ക്കുറി), തഴുതാമ നീര് ഇവ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് അരക്കുന്നു. പത്തുദിവസത്തോളം അരച്ചുകഴിയുമ്പൊള്‍ കറുത്ത തിളങ്ങുന്ന കുഴമ്പ് മിശ്രിതം രൂപാന്തരപ്പെടുന്നു. ഇതിനെ തണലില്‍ ഉണക്കി പൊടിച്ച് ആ പൊടി മണ്ചട്ടിയില്‍ എടുത്ത് മറ്റൊരു ചട്ടികോണ്ട് അടച്ച് ചെളികുഴച്ച് പുടം ചെയ്ത് ചൂളയില്‍ വയ്ക്കുന്നു. നാല്പ്പത്തെട്ട് മണിക്കൂര്‍ ഉന്നത താപനിലയില്‍ ഇരിക്കുന്ന ചട്ടി തണുത്തതിനു ശേഷം തുറക്കുമ്പോള്‍ ഇഷ്ടിക നിറത്തില്‍ ഒരു പൊടി മണ്‍ചട്ടിയുടെ മുഗള്‍ഭാഗത്ത് പറ്റിയിരിക്കുന്നത് കാണാം അത് ചുരണ്ടിയെടുക്കുന്നു. ഇതിന് രസ സിന്ദൂരം എന്ന് പറയുന്നു.

ഗവേഷണ ഫലങ്ങള്

  1. രസായനം കഴിച്ച ഈച്ചകള്‍ അല്ലാത്തവയേക്കാള്‍ അധികനാള്‍ ജീവിത ദൈര്‍ഘ്യം ഉള്ളവായായി കണ്ടെത്തി.
  2. അവയുടെ ജീവിത ചക്രം വേഗത്തിലായി. അതായത് ലാര്‍വകള് സധാരണ് ഈച്ചകളേക്കാള്‍ വേഗം വളര്‍ച്ച നേടി
  3. ധാരാളം മുട്ടകള്‍ ഇടാന്‍ തുടങ്ങി
  4. താപനില ഏല്‍ക്കാനുള്ള കഴിവ് വര്‍ദ്ധിച്ചു.
  5. ആഹാരമില്ലാതെ കൂടുതല്‍ നേരം കഴിയാനുള്ള കഴിവ് വര്‍ദ്ധിച്ചു.
  6. ആമലകീ രസായനം രസ സിന്ദൂരത്തേക്കാള്‍ ഫലം കാണിച്ചു.

ഹെവി മെറ്റല്ടോക്സിസിറ്റി

ഘരലോഹമായ മെര്‍ക്കുറി അടങ്ങിയ മരുന്ന് കഴിച്ചിട്ടും ഈച്ചകള്‍ക്ക് വിഷബധാലക്ഷണ‌ങ്ങള്‍ ഉണ്ടാകാതിരുന്നത് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി. ആയുര്‍വേദ മരുന്നുകളില്‍ ഘരലോഹത്തിന്‍റെ സാനിധ്യം ഉണ്ടെന്നും അത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നു എന്നും പ്രചരണങ്ങള്‍ ഉണ്ട്. ആയുര്‍വേദ പ്രകാരം ശോധന പ്രക്രിയകള്‍ ചെയ്ത ഒരു മരുന്ന് ഒരു വിഷബാധയും ഊണ്ടാക്കുന്നില്ല മറിച്ച് രസായന ഗുണമാണ് നല്‍കുന്നത്.

എന്തിനും തെളിവുകള്‍ ആവശ്യപ്പെടുന്ന ആധുനിക ശാസ്ത്രത്തിനും പുതിയ തലമുറക്കും ശ്രദ്ധിക്കാന്‍ ഉതകുന്ന ഒരു ഗവേഷണ ഫലമാണ് ഇത്. ഇനിയും ഇത്തരം ഗവേഷണങ്ങള്‍ ആയുര്‍വേദത്തില്‍ നടക്കട്ടെ എന്ന് പ്രത്യാശിക്കാം.

ആയുര്‍വേദത്തിന്‍റെ പാര്‍ശ്വഫലങ്ങള്‍

"കിഴിയില്‍ പിഴച്ചാല്‍ കുഴിയില്‍" എന്നു കേട്ടിട്ടുണ്ടൊ? അതൊരു ചൊല്ലാണ്. ഈ ചൊല്ലിലൂടെ ആയുര്‍വേദ ചികിത്സയുടെ പാര്‍ശ്വഫലങ്ങളെ പറ്റി ഒരറിവു കിട്ടും. എന്നാല്‍ ഇന്ന് പ്രചരിപ്പിക്കപ്പെടുന്നത് അങ്ങനെയല്ല. കച്ചവട ലക്ഷ്യത്തോടെ കിഴി തന്നെ പരസ്യങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടത് ഉദാഹരണം. കിഴി എന്നാല്‍ സമ്പൂര്‍ണ ആയുര്‍വേദ ചികിത്സയല്ല. അതൊരു അപകടം നിറഞ്ഞ ചികിത്സാ രീതിയുമല്ല. എന്നാല്‍ എത് നിരാബാധകരമായ ചികിത്സയും അതിന്‍റേതായ പ്രധാന്യത്തോടെ ചെയ്യണം എന്നിത് അര്‍ത്ഥമാക്കുന്നു. ചികിത്സയുടെ ഉള്ളറകളിലേക്കിറങ്ങിച്ചെല്ലുമ്പോള്‍ ആയുര്‍വേദം ശരീരത്തിന്‍റെ സമ്പൂര്‍ണ്ണമായ ചികിത്സയാണ് ലക്ഷ്യമിടുന്നത് എന്നുമനസിലാകും. ഒരസുഖത്തിനായി നല്‍കപ്പെടുന്ന മരുന്ന് മറ്റൊരു രോഗം ഉണ്ടാകുന്നതായാല്‍ അതൊരു നല്ല ചികിത്സയായി ആയുര്‍വേദം അംഗീകരിക്കുന്നില്ല. വൈദ്യകൃതങ്ങളായ രോഗങ്ങളെ കുറിച്ച് പരാമര്‍ശങ്ങളുണ്ട്. പഞ്ചകര്‍മ്മം ചെയ്യുമ്പോഴുണ്ടാകുന്ന പിഴകള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ (ആധുനിക ഭാഷയില്‍ കോമ്പ്ലിക്കേഷനുകള്‍) വ്യാപത്തുകള്‍ എന്ന പേരില്‍ വിവരിക്കപ്പെടുന്നു. പിഴകള്‍ മാത്രമല്ല എതു ചികിത്സയും അത് ശരിയായ ദിശയില്‍ ആയിരുന്നാല്‍ പൊലും മരുന്നുകളുടെ ദീര്‍ഘകാല ഉപയൊഗം അനുവദിക്കുന്നില്ല (രസായനങ്ങളൊഴിച്ച്). രോഗി ദുര്‍ബലനും  ശാരീരികമായി അയോഗ്യനും ആയിരുന്നാല്‍ പഞ്ചകര്‍മ്മം ചെയ്യാന്‍ വിധിയില്ല. എന്നിങ്ങനെ നിരവധി വശങ്ങള്‍ ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ടുണ്ട്.

’’യാ ഹി ഉദീര്‍ണം ശമയതി നാന്യം വ്യാധിം കരോതി ച.
സാ ക്രിയാ ന തു യാ വ്യാധിം ഹരത്യന്യമുദീരയേത”
എത് കര്‍മ്മം വര്‍ദ്ധിച്ച അസുഖത്തെ ശമിപ്പിക്കുകയും മറ്റൊന്നിനെ ഉണ്ടാക്കാതിരിക്കുകയും ചെയ്യുന്നോ എത് കര്‍മ്മം ഒന്നിനെ ശമിപ്പിക്ക്മ്പോള്‍ മ്റ്റൊരസുഖത്തെ വര്‍ദ്ധിപ്പിക്കാതിരിക്കുന്നുവോ അതാണ് ശരിയായ ചികിത്സ. ഇത്തരം ഒരു അഭിപ്രായം വര്‍ഷങ്ങള്‍ക്കുമുന്‍പെഴുതിയ സംഹിതകളില്‍ കാണുന്നുണ്ടെങ്കില്‍ അന്നും ഒരു അസുഖത്തിനു ചെയ്യുന്ന ചികിത്സ മറ്റൊരു അസുഖം ഉണ്ടാക്കുന്ന അവസ്ഥയുണ്ടായിരുന്നു എന്നുവേണം കരുതാന്‍.അതിനെ ആയുര്‍വേദത്തിന്‍റെ മാത്രം സ്വന്തമായ സിദ്ധാന്തങ്ങളും അതിലുറച്ചു നില്ക്കുന്ന ചികിത്സാരീതിയിലൂടെയുമാണ് ആയുര്‍വേദം മറുപടി പറയുന്നത്. ദോഷം, ദൂഷ്യം, ബലം, കാലം, പ്രകൃതി, വയസ്, അഗ്നി, എന്നിവ പരിഗണിച്ച് നല്‍കപ്പെടുന്ന ഔഷധം യതൊരുവിധ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല എന്നത് സത്യം തന്നെയാണ്.എന്നാല്‍ ഇതൊന്നും പരിഗണിക്കപ്പെടാതെ നല്കപ്പെടുന്ന മരുന്നോ ചികിത്സയോ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

ദോഷത്തെ പറ്റി ചിന്തിച്ചുകൊണ്ടാണ് ആയുര്‍വേദ ചികിത്സയുടെ തുടക്കം. രോഗത്തിന് കാരണക്കാരനായ ദോഷത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക.   ദോഷപ്രകോപത്തിന് എതിരായുള്ള ചികിത്സയാണ് ചെയ്യേണ്ടത്. കൃത്യമായി ദോഷത്തെ നിര്‍ണയിക്കാതെ ചെയ്യുന്ന ചികിത്സ അസുഖം വര്‍ദ്ധിപ്പിക്കുകയോ ഗുണമില്ലാതെ പോകുകയോ ചെയ്യും. ഉദാഹരണത്തിന് വാതജമായ ശിരശൂലത്തിന്‍ (തലവേദന) കൊടുക്കുന്ന ക്ഷീരബല ആവര്‍ത്തി കഫജമായ ശിരശൂലത്തെ വര്‍ദ്ധിപ്പിക്കും. പിത്തജമായ ജ്വരത്തില്‍ ആമപാചനാര്‍ത്ഥം നല്‍കുന്ന ചുക്ക് പിത്തത്തെ വര്‍ദ്ധിപ്പിച്ച് പനി വഷളാക്കും. ദുര്‍ബലന് ബലവാന് നല്കുന്നപോലെയുള്ള തീക്ഷ്ണമായ ഔഷധങ്ങളും ക്ഷാര, അഗ്നി, ശോധന പ്രയോഗങ്ങളും അയാളെ ക്ഷീണിപ്പിച്ച് അവശനാക്കുകയാണ് ചെയ്യുക. പിത്ത പ്രകൃതിക്കാരന് കഫരോഗമുണ്ടായാല്‍ കഫത്തിന്‍ മരുന്നായി നല്‍കുന്ന ഉഷ്ണവീര്യമുള്ള ഔഷധങ്ങള്‍ പിത്ത കോപമുണ്ടാക്കി മറ്റൊരു രോഗത്തിന് അടിമയാക്കിയേക്കാം.

ഇത്രയെല്ലാം വ്യക്തമായി കാര്യങ്ങളെ സമീപിക്കുന്ന ആയുര്‍വേദത്തിനെ കുറിച്ച് ഇന്നു നടക്കുന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണ് എന്ന് പറയാതെ വയ്യ. പേറ്റന്‍റഡ് മരുന്നുകാരും പരസ്യക്കാരും ചേര്‍ന്ന് ആയുര്‍വേദത്തില്‍ വെള്ളം ചേര്‍ത്ത് കള്ളപ്രചാരണം നടത്തി ദിവ്യ മരുന്നുകള്‍ വിറ്റഴിക്കുന്നു. എത് രോഗത്തിനും ആയുര്‍വേദത്തില്‍ മരുന്നുണ്ട്. ആയാള്‍ കഴിച്ച മരുന്ന് ഇയ്യാള്‍ കഴിച്ചാല്‍ അസുഖം പൊകണമെന്നില്ല. ആയുര്‍വേദം സ്പെസിഫിക് ആയതുകൊണ്ടാണത്. ആയുര്‍വേദത്തില്‍ മരുന്നുകൊടുക്കുന്നതിന് മുന്പ് ഒരുപാട് കാര്യങ്ങളെ കുറിച്ച് ചിന്തിക്കുവാനുണ്ട്. അതല്ലാതെ ചെയ്യുന്ന ചികിത്സ ഗുണത്തിനു പകരം ദോഷമുണ്ടാക്കുന്നു.

ആയുര്‍വേദത്തിനു തമിഴ്നാട്ടില്‍ ശുദ്ധി കലശം അഥവാ കൊല്ലാനായുള്ള കുളിപ്പിക്കല്‍

ഈ തീരുമാനം തമിഴ്നാട് സര്‍ക്കാരിന്‍റേതാണെങ്കിലും പറയാതെ വയ്യ ആയുര്‍വേദ ബാച്ച്ലര്‍ കോഴ്സില്‍ നിന്നും ആധുനിക ശാസ്ത്ര വിഷയങ്ങള്‍  നീക്കം ചെയ്തുകൊണ്ട് തമിഴ് നാട്ടിലെ മെഡിക്കല്‍ സര്‍വകലാശാല അധിപന്‍ ഉത്തരവിറക്കി. നിസാരമെന്നും നിര്‍ദ്ദോഷകരമെന്നും കേള്‍ക്കുന്നവര്‍ക്ക് തോന്നാമെങ്കിലും പടിപടിയായി ആയുര്‍വേദത്തിന്‍റെ ആയുസ്സറക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്‍.

ആയുര്‍വേദക്കാരെന്തിനാണ് അലോപ്പതിയൊക്കെ പഠിക്കുന്നത് എന്ന് വിചാരിക്കുന്നവര്‍ ഉണ്ടാകാം. ആയുര്‍വേദ ചികിത്സകരില്‍ തന്നെ അധുനികശാസ്ത്രം പഠിക്കുന്നതാണ് ആയുര്‍വേദം വളരാത്തതിന് കാരണം എന്ന് കരുതുന്നവരും ഉണ്ട്. ഇന്നത്തെ ആയുര്‍വേദ പഠനം ഒരുപാട് മാറ്റങ്ങള്‍ക്കുശേഷമാണ് ഇന്നത്തെ നിലയില്‍ എത്തിയത്. ഡിഗ്രികളും ഒരുപാട് മാറി വന്നു. രാജാക്കന്മാരുടെ കാലം മുതല്‍ തന്നെ ഭാരതത്തില്‍ ആയുര്‍വേദ കൊഴ്സുകള്‍ നിലവിലുണ്ടായിരുന്നു. അത്തരം പഠശാലകളിലെ പഠനവും വ്യത്യസ്ത രീതിയികളിലായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ആദ്യമായി എകീകൃത പഠനക്രമം ആയുര്‍വേദത്തിനു വന്നത് സെന്‍ട്രല്‍ കൗണ്സിലിന്‍റെ വരവോടുകൂടിയാണ്.സി.സി.ഐ.എം നിശ്ചയിക്കുന്ന സിലബസ് ആണ് ഭാരതമൊട്ടകെയുള്ള സര്‍വകലാശാലകള്‍ പഠിപ്പിക്കുന്നത്.
അതിനു ശേഷവും പലതവണ ആയുര്‍വേദ സിലബസ് മാറുകയും കോഴ്സിനു തന്നെ രൂപമാറ്റങ്ങളും സംഭവിച്ചാണ് ഇന്നു കാണുന്ന ബി.എ.എം.ഏസ് വന്നത്. മാറ്റങ്ങള്‍ ഇപ്പൊഴും തുടരുന്നു. എല്ലാ മാറ്റങ്ങളും നന്മയിലേക്കു തന്നെ ആയിരുന്നു എന്നാണ് ഇതുവരെയുള്ള ആയുര്‍വേദ ചികിത്സകരുടെ ചരിത്രം തെളിയിക്കുന്നത്. കേരളത്തിലുള്‍പ്പെടെ പ്രഗല്‍ഭരായ ധാരാളം ആയുര്‍വേദ ചികിത്സകര്‍ ഇന്നുണ്ട്. അവരില്‍ വൈദ്യ പാരമ്പര്യമുള്ളവരും ഇല്ലാത്തവരും ഉള്‍പ്പെടുന്നു.

ആയുര്വേദക്കാരെന്തിന് മോഡേണ്പഠിക്കണം.

ആയുര്‍വേദ ചികിത്സ തീര്‍ച്ചയായും ആയുര്‍വേദ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. എന്നാല്‍ സമകാലിക ശാസ്ത്ര വിഷയങ്ങളിലുള്ള അറിവ് ഒരു ചികിത്സകന് ഒഴിച്ചുകൂടാനാകാത്തതാണ്. ജീവനുള്ള മനുഷ്യശരീരമാണ് അയാളുടെ പ്രവര്‍ത്തിമണ്ഡലം എന്നതാണ് പ്രധാന കാരണം. രോഗനിര്‍ണയത്തിനായി സമകാലികമായ എല്ലാ അറിവുകളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. രോഗങ്ങള്‍ പലരൂപത്തില്‍ ഭാവത്തില്‍ വരുന്നു. കൃത്യമായ രോഗനിര്‍ണയം രോഗശാന്തിയിലേക്കുള്ള ആദ്യത്തെ ചുവടുവയ്പ്പാണ്.

രോഗം നിര്‍ണ്ണയിക്കാന്‍ ഏതുമാര്‍ഗവും വൈദ്യനു സ്വീകരിക്കാം. രോഗം നിര്‍ണ്ണയിക്കുക എന്നതാണ് പ്രധാനം. അതൊരു ചെറിയ കാര്യമല്ല. "രോഗമാദൗ പരീക്ഷേത് തദനന്തരമൗഷധം" രോഗം ആദ്യം നിര്‍ണ്ണയിക്കണം എന്നിട്ടാണ് മരുന്ന് നല്‍കേണ്ടത് എന്ന് ആചാര്യന്‍ പറയുന്നു. ഇന്ന രീതിയില്‍ മാത്രമേ രോഗം കണ്ടെത്താവു എന്ന് ആരും പറയുന്നില്ല. ധാരാളം രോഗ രോഗീ പരീക്ഷാവിധികള്‍ അവര്‍ പറയുന്നുണ്ടെന്കിലും, ഉദാഹരണത്തിന് ’അഷ്ടസ്ഥാന പരീക്ഷ’ എട്ട് ശരീരഭാഗങ്ങളുടെ പരിശോധനയാണ്. ഈ എട്ട് പരിശോധനകള്‍ എട്ട് രീതിയില്‍ ശരീരത്തെ മനസിലാക്കലാണ്. ഏട്ട് കോണുകളിലൂടെയുള്ള നോക്കിക്കാണലാണ്. രോഗിയുടെ നാടി, മൂത്രം, മലം, നാക്ക്, ശബ്ദം, സ്പര്‍ശം, കണ്ണ്, ആകൃതി (വിവിധ ശാരീരാവയവങ്ങളുടെ രൂപമാറ്റം) ഇവ പരിശോധിച്ചാണ് രോഗനിര്‍ണ്ണയം ചെയ്യേണ്ടത് എന്ന് പറയുന്നു.

രോഗനിര്‍ണ്ണയത്തിനായി ധാരാളം വിധികള്‍ ഇനിയും പൊതുവായും അതാത് രോഗങ്ങളുടെ പ്രകരണത്തിലും പറയുന്നുണ്ട്. രോഗനിര്‍ണ്ണയത്തിനായി അവര്‍ സ്വീകരിച്ചിരുന്ന വഴികള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. രോഗിയുടെ പതിവ് വിസര്‍ജ്യസ്ഥലങ്ങളില്‍ ഉറുമ്പ് മുതലായ മധുരം ഇഷ്ടപ്പെടുന്ന പ്രാണികളുടെ സാനിധ്യം അയാള്‍ പ്രമേഹരോഗിയാണ് എന്ന തെളിവ് നല്‍കുന്നു. രോഗനിര്‍ണ്ണയത്തില്‍ മാത്രമല്ല മരണാസന്നനായ രോഗിയുടെ ജീവിതകാലം നിര്‍ണ്ണയിക്കുന്ന അരിഷ്ട ലക്ഷണങ്ങള്‍ പറയുന്ന സന്ദര്‍ഭത്തിലും ഇതേ മതിരിയുള്ള അറിവുകളുടെ പ്രയോഗങ്ങളുണ്ട്. രോഗിയുടെ ഗന്ധ വ്യത്യാസം, ശബ്ദവ്യത്യാസം, തൊട്ടും കണ്ടുമുള്ള പരിശോധനകള്‍ എന്നിവ നടത്തി രോഗ നിര്‍ണ്ണയം ചെയ്യുമായിരുന്നു.

അചാര്യന്‍മാര്‍ അവരുടെ കാലത്ത് ഉപയോഗിക്കുവാന്‍ പറ്റുമായിരുന്ന ഏത് ആധുനിക സാങ്കേതിക വിദ്യയും അവര്‍ ഉപയോഗിച്ചിരുന്നു. സുശ്രുത സംഹിതയില്‍ രോഗദര്‍ശനാര്‍ത്ഥം (രോഗഭാഗം നേരിട്ട്കാണുവാന്‍) നാഡി യന്ത്രങ്ങള്‍ (കുഴല്‍ രൂപത്തിലുള്ള ഉപകരണങ്ങള്‍) ഉപയോഗിക്കുന്നതിന്‍റെ വിവരണങ്ങളുണ്ട്. മലദ്വാരത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന അര്‍ശസുകളെ കാണുവാന്‍ ഉപയോഗിച്ചിരുന്ന ആര്‍ശോ യന്ത്രം. അതേ അര്‍ശോ യന്ത്രമാണ് ഇന്ന് പ്രൊക്ടോസ്കോപ് എന്ന പേരില്‍ അധുനികര്‍ ഉപയോഗിക്കുന്നത്. പഴയ നാഡി യന്ത്രതിന്‍റെ അതേ ഉപയോഗവും ധര്‍മ്മവുമാണ് ഇന്നത്തെ എന്‍ഡോസ്കോപ്പും കൊളാനോസ്കോപ്പും അഞ്ജിയോഗ്രാമും ഒക്കെ ചെയ്യുന്നത്. ശാസ്ത്രത്തിന്‍റെ വളര്‍ച്ച പഴയ നാഡി യന്ത്രത്തിന്‍റെ സാധ്യതകളെ വിപുലീകരിച്ചു.

ശബ്ദപരീക്ഷയെക്കുറിച്ച് പറയാം. ശബ്ദ പരീക്ഷ രോഗിയുടെ ശരീരത്തിലെ സ്വാഭാവികവും അസ്വാഭാവികവുമായ ശബ്ദങ്ങളുടെ പരിശോധനയാണ്. അതായത് ഒരാള്‍ ആരോഗ്യവാനായിരിക്കുമ്പോഴും രോഗിയാകുമ്പോഴും ശരീരത്തിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് ശബ്ദങ്ങള്‍ക്കുണ്ടാകുന്ന വ്യത്യാസം മനസിലാക്കി രോഗം നിര്‍ണ്ണയിക്കുക. ഈ ശബ്ദങ്ങള്‍ ഹൃദയ സ്പന്ദനവും ശ്വാസോഛ്വാസവുമൊക്കെയല്ലാതെ പിന്നെന്താണ്? അത് അന്നും ഇന്നും രോഗ പരിശോധനയുടെ പ്രധാന ഘടകമാണ്. അന്ന് സ്റ്റെതസ്കോപ്പോ മറ്റുപകരണങ്ങളോ ഇല്ലാതിരുന്ന കാലത്തുപൊലും നെഞ്ചില്‍ തലചേര്‍ത്തുവച്ച് അവര്‍ നൊക്കിയിരിക്കണം. ഭൗതികശാസ്ത്രം വികാസം പ്രാപിച്ചിട്ടില്ലായിരുന്ന ആ കാലഘട്ടത്തില്‍ വാഗ്ഭടന് ഒരു സ്റ്റെതസ്കോപ്പ് കിട്ടിയിരുന്നെങ്കില്‍ തീര്‍ച്ചയായും അത് ഉപയോഗിക്കുക മാത്രമല്ല സംഹിതയില്‍ എഴുതുകയും ചെയ്തേനെ. ഇങ്ങനെ ഓരൊ അഷ്ടസ്ഥാന പരീക്ഷകളില്‍ ഒരോന്നും എടുത്തു നോക്കിയാല്‍ ഒടുവില്‍ അത്യാധുനിക രോഗനിര്‍ണ്ണയോപധികളിലാകും ചെന്നു നില്ക്കുക. അവയൊന്നും ഒരു ആയുര്‍വേദ വിദ്യാര്‍ദ്ധി പഠിക്കരുത് എന്ന് പറയുന്നത് എന്ത് ന്യയമാണ്???

ഇത് പാശ്ചാത്യനാണ് ഇത് തൊടാന്‍ പാടില്ല എന്ന വിവേചനം പഴയവൈദ്യന്‍മാര്‍ക്കുണ്ടായിരുന്നില്ല. അതിന് എറ്റവും നല്ല ഉദാഹരണം ഫിരംഗം എന്ന രോഗമാണ്. സിഫിലിസ് ആണ് അത്. ആദ്യകാല ആയുര്‍വേദ ഗ്രന്ധങ്ങളില്‍ ഫിരംഗ രോഗത്തെപറ്റി പരാമര്‍ശങ്ങളില്ല. അന്ന് അങ്ങനെ ഒരു രോഗം ഇല്ലായിരുന്നു എന്നതാണ് കാരണം. എന്നാല്‍ ഭാരതത്തിലേക്ക് പാശ്ചാത്യര്‍ വരാന്‍ തുടങ്ങിയതോടുകൂടി ഈ രോഗം ഇവിടെയും വരികയും അത് ചികിത്സിക്കാനിടയായ വൈദ്യന്‍ അതും ആയുര്‍വേദത്തിന്‍റെ വിജ്ഞാന ശേഖരത്തിന്‍റെ ഭാഗമാക്കുകയാണ് ഉണ്ടായത്, ഫിരംഗരോഗം പിന്നീടുള്ള മാധവനിദാനം പോലുള്ള ഗ്രന്ധങ്ങളില്‍ വിവരിച്ചിട്ടുണ്ട്. രോഗനിര്‍ണ്ണയം ചെയ്യുന്നതിലും ചികിത്സിക്കുന്നതിലും പാശ്ചാത്യ പൗരസ്ഥ്യ വ്യത്യാസങ്ങള്‍ ഇവിടെയില്ലായിരുന്നു.

ഇന്നത്തെ കാലത്തെ ഒരു ആയുര്‍വേദ ചികിത്സകന് മോഡേണ്‍ ഒഴിച്ചുകൂടാനാകാത്തതാണ്. രോഗനിര്‍ണയത്തിന് ആധുനിക ഉപകരണങ്ങള്‍ ഇന്നവന്‍ പ്രയോജനപ്പെടുത്തുന്നു. അധുനിക ശാസ്ത്രപ്രകാരം രോഗനിര്‍ണയം ചെയ്യുന്നതോടൊപ്പം ലക്ഷണാനുസൃതമായി ത്രിദോഷനിരൂപണം ചെയ്താണ് ഇന്ന് ആയുര്‍വേദ ചികിത്സകര്‍ ചികിത്സിക്കുന്നത്. അതിന് അതിന്‍റേതായ ഗുണങ്ങളുമുണ്ട്. ബാഹ്യമായി കാലാനുസൃതമായി രൂപന്തരപ്പെട്ടുകൊണ്ട് ആന്തരികമായി അടിസ്ഥാന തത്വങ്ങളില്‍ ഉറച്ചുനിന്നാണ് ആയു‍ര്‍വേദം എന്നും നിലനിന്നു പോരുന്നത്.

ഇന്നത്തെ ഒരു രോഗി ഒരു സകല പരിശോധനാ ഫലങ്ങളുമായാണ് ആയുര്‍വേദ ചികിത്സക്കായി എത്തുന്നത്. സ്കാന്‍ റിപ്പൊര്‍ട്ടുമായി തന്‍റെ മുന്നില്‍ അത്തുന്ന രോഗിയോട് എന്താണ് ഒരു ആയുര്‍വേദക്കാരന്‍ പറയേണ്ടത്?? ’സ്കാന്‍ അയുര്‍വേദമല്ല ഞാനത്നോക്കില്ല’ന്നോ?? 
സ്കോളിയോസിസിനു ആയുര്‍വേദത്തില്‍ ചികിത്സയുണ്ടോ എന്നു ചോദിച്ചു വരുന്നയാളോട് അതെന്താണെന്ന് എനിക്കറിയില്ല എന്നൊരു ചികിത്സകന്‍ പറഞ്ഞാലെങ്ങെനിരിക്കും? ഇത്തരം നീക്കങ്ങള്‍ സൃഷ്ടിക്കുന്നത് ഭാവിയില്‍ ബി.പി നോക്കാനറിയാത്ത, ലാബ് പരിശോധനകള്‍ എന്തെന്നറിയാത്ത ഒരു ഡോക്ടര്‍ തലമുറയെ ആയിരിക്കും.
പക്ഷെ അതാണ് അവര്‍ക്കു വേണ്ടത് എന്നതാണ് സത്യം. ഇങ്ങനെയൊരു ബുദ്ധിശൂന്യതക്ക് പിന്നിലേ കുബുദ്ധി അതാണ് ഉദ്ദേശിക്കുന്നതും. ഇന്ന് ആയുര്‍വേദത്തെ ’സ്വതന്ത്രമാക്കാന്‍’ എന്ന വ്യാജേന ഭാവി തലമുറയെ തളര്‍ത്തുക. എന്നിട്ട് കാലത്തിനൊത്ത് വളര്‍ന്നില്ല എന്ന കുറ്റം ചുമത്തി ആയുര്‍വേദ പഠനം അവസാനിപ്പിക്കുക.

വിവേചനശേഷിയില്ലാതെ തീരുമാനങ്ങളെടുത്ത് സിലബസില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ദൂരവ്യാപകമായ ഫലങ്ങളാണ് വരുത്തുന്നത്. ഒരു തലമുറയെത്തെന്നെ അറിവില്ലായ്മയിലേക്ക് തള്ളിവിടുന്നു. ആയുര്‍വേദക്കാരുടെ വ്യാജ ചികിത്സ അവസാനിപ്പിക്കാന്‍ വേണ്ടിയാണ്. എന്നൊരു ന്യായവും പറഞ്ഞിട്ടുണ്ട്. ഇവിടെ പത്താം ക്ലാസ് പാസാകത്തവന്‍ വ്യാജ ചികിത്സ നടത്തിയിട്ട് മിണ്ടാത്തവരാണ് ഇപ്പൊ ആയുര്‍വേദക്കാരുടെ വ്യാജ ചികിത്സ നിര്‍ത്തുന്നത്. വ്യാജ ചികിത്സനിര്‍ത്താന്‍ അതു ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കുകയാണ് വേണ്ടത്.

വാലറ്റം

നാളെ ഇതേ ആള്‍ക്കാര്‍ ഒരു പുതിയ നിയമാവലി ഇറക്കികൂടയ്കയില്ലാ

1) ആയുര്‍വേദ ഡോക്ടര്‍മാര്‍ കാല്‍നടയായി സഞ്ചരിക്കുക. ആര്‍ഭാടത്തിന് കാളവണ്ടിയോ കുതിര വണ്ടിയോ ആകാം.
2)പേന, പേപ്പര്‍ മുതലായവ ഉപയോഗിക്കാതെ എഴുത്താണികൊണ്ട് പനയോലയില്‍ കുറിപ്പടി എഴുതുക.
3) മരവുരിയുടുക്കുക

മരുന്ന് കുറിപ്പിലെ പ്രായോഗികത

നമുക്കറിയാം ആയുര്‍വേദ മരുന്നുകള്‍ എന്ന് പറയുമ്പോള്‍ പെട്ടന്ന് മനസിലേക്ക് വരുന്നത് അരിഷ്ടങ്ങള്‍, കഷായങ്ങള്‍ എന്നിങ്ങനെയുള്ള പേരുകളാണ്. ഇവയില്‍ തന്നെ കഷായങ്ങളാണ്കേരളത്തില്‍ പ്രധാന  മരുന്നുകളായി  വൈദ്യന്മാരാലും ഡോക്ടര്‍ മാരാലും പൊതുവേ  അന്ഗീകരിക്കപെട്ടിട്ടുള്ളത്. അടുത്ത കാലത്തായി കഷായം ഗുളികകള്‍  രംഗത്ത് വന്നെങ്കിലും അത് പൊതുവേഔഷധ ഗുണത്തിന്റെ കാര്യത്തില്‍ അത്ര അന്ഗീകരിക്ക പെട്ടില്ല എന്ന് തന്നെ കരുതാം. ഇവിടെ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്  മരുന്നുകളുടെ ഔഷധ ഗുണങ്ങളെ കുറിച്ചല്ല. മറിച്ച് രോഗികളുടെ ഭാഗത്ത്‌ നിന്ന് ഒരു ചിന്തയാണ് പങ്കുവയ്കുന്നത്

ചികിത്സാ ഒരു സേവനം എന്ന നിലയിലോ പ്രൊഫെഷന്‍ എന്ന നിലയിലോ ഒരു ആയുര്‍വേദ ഡോക്ടര്‍   രോഗിയുടെ ഭാഗത്തുനിന്നു ഒരു ആയുര്‍വേദ ചികിത്സയെക്കുറിച്ച് ചിന്തിക്കുമ്പോള്‍  തീര്‍ച്ചയായും കടന്നു വരേണ്ട ഒരു വിഷയമാണ് ചികിത്സാ ചെലവ്.സമകാലിക ആയുര്‍വേദ ചികിത്സയില്‍ ചികിത്സ ചെലവ് വളരെയധികം വര്‍ധിക്കുന്നു എന്നത് ഒരു പുതിയ അറിവല്ല.യഥാര്‍ത്ഥത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ ചിത്സ ചെലവ് കുറക്കാന്‍ നമുക്ക് സാധിക്കും. അവിടെയാണ് ഞാന്‍ പറഞ്ഞ കഷായം കുറിക്കലിന്റെ പ്രസക്തി. കഷായങ്ങള്‍ അരിഷ്ടങ്ങള്‍ എന്നിവ ആയുര്‍വേദത്തിലെ പ്രധാന മരുന്നുകളായി നിലനില്‍ക്കുന്നിടത്തോളം കാലം അത് തുടരുകയും ചെയ്യും.

ഒരു ഉദാഹരണം നോക്കാം. ഒരു ചെറിയ പനിരോഗി ഒരു ആയുര്‍വേദ ഡോക്ടറെ കാണുമ്പൊള്‍ പതിവായി എഴുതപെടാറുള്ള ചില മരുന്നുകള്‍ നോക്കാം. അമ്ര്താരിഷ്ടം 20 രൂപ,അമ്ര്തോത്തരം കഷായം 58 രൂപ , വെട്ടുമാരന്‍ ഗുളിക 8  രൂപ . വിലയിലുള്ള വ്യത്യാസം  ശ്രദ്ധിക്കു...  ഒരാഴ്ചക്ക് കുറിച്ച കൊടുക്കുന്ന മരുന്നിന്റെ വിലയാണ് ഈ പറഞ്ഞത് . കഷായത്തിനാണ് ഏറ്റവും വില വരുന്നത്. കഷായങ്ങള്‍ ഉപേക്ഷിക്കാന്‍ സാധിച്ചാല്‍ മരുന്നിന്റെ വില നന്നായി കുറക്കാന്‍ സാധിക്കും. കഷായങ്ങള്‍ ചികിത്സയില്‍ നിന്നും ഒഴിവാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം മിക്ക ആയുര്‍വേദ ഡോക്ടര്‍ മാരും കഷായത്തിനോട് അത്ര മാനസിക അടുപ്പത്തിലാണ്. പ്രത്യകിച്ചും ആയുര്‍വേദ പാരമ്പര്യം ഉള്ളവരും പ്രായം ആയവരും ആയ ആയുര്‍വേദ ഡോക്ടര്‍മാര്‍. കഷായം കുടിക്കാന്‍ വിസമ്മതിച്ച ഒരു രോഗിയെ ഒരു സീനിയര്‍ ഡോക്ടര്‍  ചികിത്സ നിഷേധിച്ച് തന്റെ ഓ പി യില്‍ നിന്നും പറഞ്ഞുവിടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ അത്രയ്ക്ക് മാനസിക അടുപ്പമാണ് (വിശ്വാസം?) കഷായത്തോട് അവര്‍ക്കൊക്കെ  ഉള്ളത്.എന്നാല്‍ കേരളത്തിന്‌ പുറത്തേക്കൊന്നു പോയി നോക്കിയാല്‍ കഷായം എന്നൊരു സാധനമേ കാണാന്‍ കിട്ടില്ല.

.മറ്റു സംസ്ഥാനങ്ങളില്‍ അരിഷ്ടം ഗുളികകള്‍ എന്നിവകൊണ്ടുള്ള ഒരു പ്രക്ടിസ് ആണ് കാണാന്‍ കഴിയുന്നത്. കേരളത്തില്‍ മാത്രം കഷായത്തിനിത്ര പ്രാധാന്യം വരാന്‍ കാരണം എന്താകും? ശരിയായ ഉത്തരം എനിക്കിനിയും മനസിലായിട്ടില്ല. എങ്കിലും കഷായത്തിന്റെ പ്രത്യകതകള്‍ ഒന്ന് പരിശോധിച്ച് നോക്കിയാല്‍   അത് കുറെയൊക്കെ  മനസിലാക്കാവുന്നതാണ് . പഴയകാലത്തേക്ക്  അല്പം സഞ്ചരിച്ച്  നോക്കാം. കേരളത്തിലെ ആരോഗ്യരംഗം  പൂര്‍ണമായും ആയുര്‍വേദ വൈദ്യന്മാരാല്‍ കൈകാര്യം ചെയ്യപെട്ടിരുന്ന ആ സുവര്‍ണ്ണ കാലത്തേക്ക് ആണ്. ഇന്നത്തെ പോലെ prepared കഷായങ്ങള്‍ ഇല്ലായിരുന്നു. കഷായങ്ങളുടെ കുറിപ്പടികള്‍ കൊടുക്കുക മാത്രമായിരുന്നു പതിവ്. രോഗി മരുന്ന് പറിച്ച് ഉണക്കിയോ അല്ലാതെയോ കഷായം വച്ചിരുന്നു. (ഇന്നും ചില സ്ഥലങ്ങളില്‍ ഈ രീതിയുണ്ട് എന്നറിയുന്നു ). ഇത്തരം രീതിക്ക് ഒരു ഗുണം ഉണ്ടായിരുന്നു. അത് തികച്ചും ലാഭകരമായിരുന്നു. അതുമാത്രമല്ല സ്വയം തയ്യാര്‍ ചെയ്യുന്നതിനാല്‍ രോഗിക്ക് വിശ്വാസവും ആയിരുന്നു.

എന്നാല്‍ ഗുളികകളോ? മരുന്നുകള്‍ ഇടിച്ചു  പൊടിക്കാനും അരച്ചുരുട്ടി ഗുളികയാക്കാനും തണലത്തുണക്കി എടുക്കാനും ധാരാളം കയികാധ്വാനവും സമയവും പണവും വേണമായിരുന്നു. അതിനാല്‍ വൈദ്യന്മാര്‍ ഗുളികകളെ ഒഴിവാക്കികൊണ്ട് കഷായങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു. കഷായങ്ങളാകുമ്പോള്‍  രോഗികള്‍ തന്നെ ഉണ്ടാക്കി കുടിച്ചു കൊളളും എന്നതിനാല്‍ കഷയങ്ങള്‍ക്ക് പ്രാധാന്യം വന്നു. സഹസ്രയോഗം മുതലായ കേരളത്തിലെ വൈദ്യന്മാരുടെ കൈപ്പുസ്തകങ്ങളിലും കഷായങ്ങള്‍ക്കാണ് പ്രാധാന്യം.

എന്നാല്ഇന്നത്തെ സ്ഥിതി.

കഷായങ്ങള്‍ ആയുര്‍വേദ മരുന്ന് നിര്‍മാതാക്കള്‍ക്ക്‌  ഒരു ബാധ്യത  ആയിരിക്കുന്നു എന്ന് പറയേണ്ടി വരും.കഷായം ടാബ്ലെറ്റ് കള്‍ രംഗ പ്രവേശം ചെയ്യാന്‍ തന്നെ കാരണം ഇതാണ്. എന്നാല്‍ കഷായം ടാബ്ലെറ്റ് കള്‍ അമ്പേ പരാജയമായിരുന്നു. കഷായങ്ങളുടെ അരുചി ഒഴിവാക്കാം എന്നാ പരസ്യ ത്തോടെയാണ് അവ എത്തിയത്. എന്നാല്‍ കഷായം ടാബ്ലെടുകള്‍ രോഗികള്‍ക്ക് കൂടുതല്‍ അസൗകര്യങ്ങള്‍ ആണ് ഉണ്ടാക്കിയത്.

കഷായം ടാബ്ലെട്ടുകളുടെ ഡോസ്-

കോട്ടക്കല്‍ ആര്യവൈദ്യ ശാല പറയുന്നു. ഒരു  കഷായംടാബ്ലെറ്റ് 5 മില്ലി കഷായത്തിന് തുല്യമാണ്. ഒരുനേരത്തെ കഷായത്തിന്റെ ഡോസ് നടപ്പ് രീതി അനുസരിച്ച് മിനിമം 15  മില്ലി ആയിരിക്കുമ്പോള്‍ ഒരു നേരം രോഗി മൂന്ന് ടാബ്ലെടുകള്‍ കഴിക്കേണ്ടി വരുന്നു. ഒരു ദിവസം 6 ടാബ്ലെറ്റ് കള്‍ കഴിക്കേണ്ടി വരുന്ന രോഗിയുടെ മാനസിക അവസ്ഥ എന്തായിരിക്കും?? മറ്റു മരുന്നുകളും ഗുളികകളും  വേറെയും. ഈ അസൗകര്യം കാരണം മിക്ക ഡോക്ടര്‍ മാരും ഡോസ് കുറച്ചാണ് കൊടുക്കുന്നത് അതുകൊണ്ടാകാം  കഷായം കുടിക്കുന്ന റിസള്‍ട്ട്‌ ടാബ്ലെട്ടിനു കിട്ടുന്നില്ല എന്നതും.

ഇനി കഷായം ടാബ്ലെട്ടുകളുടെ വില-

അഷ്ടവര്‍ഗം കഷായം ടാബ്ലെറ്റിന്ഒരാഴ്ചത്തേക്ക് (42 എണ്ണം) 88 രൂപ ആകുമ്പോള്‍അഷ്ടവര്കം കഷായം 200 മില്ലിക്ക് 63  രൂപ മാത്രമാണ് വില. അപ്പൊ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന്‍ പറഞ്ഞപോലെകഷായം തന്നെയല്ലേ മെച്ചം???.
കാശം ടാബ്ലെട്ടുകള്‍ നിര്‍മ്മിക്കുന്നത്. എങ്ങനെ എന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കിടയില്‍  അധികം പേര്‍ക്കും അറിയില്ല. ഒരു കാര്യം മാത്രം അറിയാം കഷായം നന്നായി കുറുക്കുന്നു. കുരുക്കി അതൊരു ടാര്‍ പോലെയുള്ള പരുവമാകമ്പോള്‍ടാബ്ലെറ്റ് ആക്കുന്നതിനു സിലിക്ക, ബൈണ്ടിംഗ് മെടീരിയല്സ് എന്നിവ ചേര്‍ക്കുന്നു. ടാബ്ലെറ്റ് രൂപമാക്കുന്നു . (കടപ്പാട് ആപ്ത മാസിക vol -17   2010) 
ഇനി ഇതൊന്നു പരീക്ഷിക്കുക.
ആയുര്‍വേദത്തില്‍ ക്ലാസ്സിക്കല്‍ മരുന്നുകളുടെ കൂട്ടത്തില്‍ കഷായങ്ങളും അരിഷ്ടങ്ങളും മാത്രമല്ല ഉള്ളത്. ഗുളികകളും ധാരാളമായുണ്ട്. ഒരു പക്ഷെ ഉണ്ടാക്കാനുള്ള പ്രയാസം ആയിരിക്കാം ഗുളികകളെ പില്‍ക്കാലത്ത് പുറകിലാക്കിയത്. എന്തായാലും കഷായങ്ങളെ ആ രീതിയിലൊന്നു മാറ്റി നോക്കാവുന്നതാണ്.അതായത് കഷായത്തിന്റെ മരുന്നുകള്‍ എടുക്കുക. നന്നായി പൊടിച്ച് അനുയോജ്യമായ ദ്രവം ചേര്‍ത്ത്അരച്ച്  ഉരുട്ടി  ഗുളികയാക്കുക .
ഇങ്ങനെ ഒരുപ്രത്യേക ഔഷധ കല്‍പ്പനയെ മറ്റൊന്നിലേക്കുമാറ്റേണ്ടിവരുമ്പോള്‍ ചെയ്യേണ്ടത് എങ്ങനെ എന്ന് പൂര്‍വ വൈദ്യന്മാര്‍ നമുക്ക് കാട്ടിതന്ന രീതിയുണ്ട്. ഏത് കല്‍പ്പനയെ ആണോ മാറ്റേണ്ടത് അതിന്റെ മരുന്ന് എടുത്ത് എതിലെക്കാണോ മാറ്റെണ്ടത് ആ കല്‍പ്പനയുടെ വിധി പ്രകാരം മരുന്ന് നിര്‍മ്മിക്കുക.  സുകുമാരം നെയ്യിനെ സുകുമാരം ലേഹ്യമാക്കിയപ്പോള്‍ സുകുമാരം  നെയ്യിന്റെ മരുന്നുകള്‍ എടുത്ത് ലേഹ പാക വിധിപ്രകാരം ലെഹ്യമാകി. അതുപോലെ കഷായം, ഗുളിക  ആക്കുമ്പോള്‍ കഷയതിറെ മരുന്നുകള്‍ എടുക്കുക ഗുളിക വിധിപ്രകാരം അരച്ചുരുട്ടി ഗുളികയാക്കുക.എന്തായാലും ചെലവ് കുറയും. ഗുണം എങ്ങനെ വരുമെന്ന്   നമുക്ക് നോക്കാം....

കാമിലാരിയും , ഫാറ്റ് ഫ്രീ യും പിന്നെ ലവണ തൈലവും

ധാരാളം ഉത്പന്നങ്ങള്‍ ആയുര്‍വേദം എന്ന ലേബല്‍ ഒട്ടിച് പരസ്യത്തോടെ നമ്മുടെ മുന്നില്‍ എത്തുന്നു. മുകളില്‍ പറഞ്ഞ മൂന്നെണ്ണം അതില്‍ ചിലത് മാത്രം. ഈ മരുന്നുകള്‍ക്ക്(?) അവര്‍ അവകാശപെടുന്ന ഗുണങ്ങള്‍ ഉണ്ടോ എന്നുള്ള ചിന്തയല്ല ഞാനിവിടെ പങ്കുവയ്ക്കുന്നത്. ധാര്‍മികമായി ആയുര്‍വേദം എന്ന് അവകാശപെടാനുള്ള അര്‍ഹത ഇത്തരം ഇല്പന്നങ്ങള്‍ക്ക് ഉണ്ടോ?
ആയുര്‍വേദത്തില്‍ ഈ അസുഖത്തിന് ഈ മരുന്ന് എന്നുള്ള രീതി ഇല്ല എന്ന് അറിയാമല്ലോ. രോഗത്തിന്റെ അവസ്ഥ അനുസരിച്ച് മരുന്നുകളും മാറുന്നു.
രോഗം ഏത് അവസ്ഥയില്‍ ആണ് എന്ന് മനസിലാക്കുന്നത് രോഗ ലക്ഷണങ്ങള്‍ നോക്കിയാണ്. (അതായത് അവ്യക്തമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സ ബുദ്ധിമുട്ടാണ് എന്നും മനസിലാകാം. ഉദാ: ഹൈപ്പെര്‍ ടെന്‍ഷന്‍ ) ത്രിദോഷങ്ങള്‍ ആണ് ആയുര്‍വേദത്തിന്റെ ആധാര ശിലകള്‍. ഏതു രോഗവും ത്രിദോഷ വൈഷമ്യം കൊണ്ട് ഉണ്ടാകുന്നു. രോഗം ഏതു ദോഷം കൊണ്ടാണ് ഉണ്ടായത് എന്ന് മനസിലാകാന്‍ ലക്ഷണങ്ങള്‍ വൈദ്യനെ സഹായിക്കുന്നു.
ഞാന്‍ അതൊന്നു വിശദികരിക്കാന്‍ ശ്രമിക്കാം. മുട്ടുവേദനയുമായി ഒരാള്‍ ഒരു ആയുര്‍വേദ ചികിത്സകന്റെ അടുത്ത് എത്തിയാല്‍. ആദ്യം തന്നെ ദോഷങ്ങളെ കുറിച്ച ചിന്തിക്കുമ്പോള്‍ മനസ്സില്‍ വാത ദോഷമാണ് വരുക കാരണം വേദന വാത ദോഷത്തിന്റെ ലക്ഷണമാണ്. ഉടനെ ചികിത്സ എഴുതാന്‍ പറ്റുമോ? ഇല്ലാ... അസുഖത്തെ കുറിച്ച കൂടുതല്‍ വ്യക്തമാകേണ്ടിയിരിക്കുന്നു. വാത ദോഷ പ്രകോപത്തിന്റെ കാരണങ്ങളാണ് ഇനി അറിയേണ്ടത്. വാത കോപം പല വിധത്തില്‍ ഉണ്ടാകാം.
൧)ഇടി, ചതവ്, ഉളുക്ക് എന്നിവ മൂലം- അങ്ങനെ എങ്കില്‍ അവിടെ രക്ത ദുഷ്ടി ജന്യ വാതപ്രകോപചികിത്സ ആണ് ചെയ്യേണ്ടത് .
൨)രോഗിക്ക് ചെറിയ വേദന ഉണ്ടാകുക, നീരുണ്ടാക്കുക, മരവിപ്പ് ഉണ്ടാകുക, തരിപ്പ് ഉണ്ടാകുക ഇത്തരം ലക്ഷണങ്ങള്‍ വന്നാല്‍ അത് കഫ സംസര്‍ഗ വാതമാണ് അപ്പോള്‍ വാതകഫഹരമായ ചികിത്സ ആണ് ചെയ്യേണ്ടത്.
൩) കുത്തിനോവ് ഉണ്ടാകുക, ചുട്ടുനീറ്റല്‍, പുകച്ചില്‍ ഇവ ഉണ്ടെങ്കില്‍ പിത്ത സംസര്‍ഗ വാതമാണ് അപ്പോള്‍ വാത പിത്ത ഹര ചികിത്സ ചെയ്യണം.
൪) നീര് വലുതായിരിക്കുക, വേദന അതി കഠിനമായിരിക്കുക, വിശപ്പ്‌ കുറയുക തുടങ്ങിയ ലക്ഷണം വന്നാല്‍ സാമയുക്തമായ വാതമാണ്. അപ്പോള്‍ ചികിത്സ ആമപാചകവും വാത ഹരവും ആയിരിക്കണം.
൫) അസ്ഥിക്ക് തെയ്മാനമോ, മാംസത്തിനു ശോഷമോ ഉണ്ടെങ്കില്‍ ധാതുക്ഷയ ജന്യ വാത വൃദ്ധി ആണ്. അപ്പോള്‍ ചികിത്സ ബ്ര്മ്ഹണം (ധാതുപോഷണം) ആകണം.
ഒരു മുട്ട് വേദനക്ക് തന്നെ ആയുര്‍വേദത്തില്‍ ഇത്രെയും ചികിത്സ വൈവിധ്യങ്ങള്‍ ഉണ്ട്. ആയുര്‍വേദത്തില്‍ രോഗാവസ്ഥക്ക് അനുസരിച്ച് മരുന്ന് മാറുന്നു എന്ന് പറയാനാണ് ഇത്രയും പറയേണ്ടി വന്നത്.
അങ്ങനെ ദോഷങ്ങളെ മനസിലാക്കി ചികിത്സിക്കുമ്പോള്‍ ഒരേ രോഗത്തിന് തന്നെ രണ്ട് രോഗികളില്‍ രണ്ട് വ്യത്യസ്ഥമായ മരുന്നുകള്‍ ഉപയോഗിക്കുന്നു. അങ്ങനെ ഉപയോഗികേണ്ടി വരുമ്പോള്‍ കമാലാരിയും മറ്റു പല മരുന്നുകളും എങ്ങനെ ആയുര്‍വേദമാകും? പരസ്യങ്ങളില്‍ പറയുന്ന എല്ലാ മരുന്നുകളും ഞങ്ങളുടെ മരുന്ന് കഴിച്ചാല്‍ അസുഖം പമ്പകടക്കും എന്ന് അവകാശപ്പെടുന്നവയാണ്.അവിടെ ദോഷവുമില്ല ദൂഷ്യവുമില്ല. ഒട്ടു മിക്ക patented മരുന്നുകളും ഇങ്ങനെ തന്നെയാണ്. മോഡേണ്‍ മെഡിസിനെ അനുകരിച്ച് അതെ പേരുകളും ലേബലുകളും അനുകരിച് പുറത്തുവരുന്ന ഇത്തരം മരുന്നുകള്‍ കൊടുക്കാന്‍ ഇന്ന് ആയുര്‍വേദ ഡോക്ടര്‍ മാര്‍ മത്സരിക്കുന്നു. ഇത്തരം മരുന്നുകള്‍ പലതും യാതൊരു പഠനവും നടത്താതെ സംഹിതകളില്‍ പറയുന്നതും അല്ലാത്തതുമായ ചെടികള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കുന്ന തട്ടിക്കൂട് മരുന്നുകളാണ്. പുതിയ മരുന്നുകള്‍ വേണ്ട എന്നല്ല; അങ്ങനെ ഒരു പുതിയ മരുന്ന് വരുമ്പോള്‍ ആയുര്‍വേദ പ്രകാരം അതിന്റെ കര്‍മവും ഗുണവും വിവരിക്കേണ്ടതല്ലേ? ( മുകളില്‍ പറഞ്ഞ രീതിയില്‍ ഏത് അസുഖത്തിന് ഏത് അവസ്ഥയില്‍ എങ്ങനെ കൊടുക്കണം ).ക്ലാസ്സിക്കല്‍ ആയുര്‍വേദ മരുന്നുകള്‍ പരിശോധിച്ചാല്‍ ആചാര്യന്മാര്‍ എത്രമാത്രം നിഷ്കര്‍ഷയോടെ ആണ് അത് രൂപപെടുതിയത് എന്ന് മനസിലാക്കാം.
പുതിയ കാലത്തില്‍ അതിനു അനുസരിച്ചുള്ള കര്‍ശനമായ പരിശോധനകളും മറ്റും നടത്തിയ ശേഷമേ മരുന്ന് ഉണ്ടാക്കാന്‍ പാടുള്ളൂ. യാതൊരു ലജ്ജയുമില്ലാതെ ആയുര്‍വേദ ഡോക്ടര്‍ മാര്‍ മരുന്നുണ്ടാക്കാന്‍ മുന്നിട്ടിരങ്ങുന്നതാണ് നമ്മള്‍ ഇന്ന് കാണുന്നത്. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ശ്രമിക്കേണ്ടുന്ന സര്‍ക്കാര്‍ ഇതിനെല്ലാം കൂട്ടുനില്‍ക്കുന്നു. അടുത്ത കാലത്ത് ആയുര്‍വേദ രംഗത്തെ യുവ പ്രതിഭക്കുള്ള പുരസ്‌കാരം ഒരു കച്ചവട പ്രമുഖനു ലഭിച്ചതും നമ്മള്‍ കണ്ടു.
സര്‍വരോഗ സംഹാരികള്‍ ആയുര്‍വേദത്തിന്റെ പേര് കെടുത്തുന്നു. ഇത്തരം മരുന്നുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
കാമിലാരി  എന്ന മരുന്ന് ആയുര്‍വേദത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ക്ക് വരെ എതിരാണ്. 
കാരണം ആയുര്‍വേദം പറയുന്നു ഇതൊരു രോഗത്തിന്റെയും ഏറ്റവും പ്രാഥമികമായ ചികിത്സ 'നിദാന പരിവര്ജനം' (കാരണങ്ങളെ ഒഴിവാക്കല്‍  )  ആണ്. കാമിലാരി പരസ്യത്തില്‍ പറയുന്നു... '' ഞാന്‍ ഡെയിലി രണ്ടെണ്ണം അടിക്കാറുണ്ട് കാമിലാരി കഴിക്കുന്നുണ്ട് ഇപ്പൊ കുഴപ്പമില്ലത്രേ.." മദ്യപിക്കുന്നത് കൊണ്ട് കുഴപ്പമില്ല എന്റെ കാമിലാരി  കൂടി കഴിച്ചോളൂ എന്നാണു വൈദ്യന്‍ പറയുന്നത്.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate