অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സൗരോർജ്ജ വൈദ്യുതി

സൗരോർജ്ജ വൈദ്യുതി


രാജ്യത്തെ സൌെരോര്‍ജ്ജ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുത ഉല്പാദന ശേഷി 1000 മെഗാവാട്ട് മാത്രമാണ്. ഇതില്‍ ഗ്രിഡുമായി കൂട്ടിച്ചേര്‍ക്കാത്ത ഓഫ് ഗ്രിഡ് നിലയങ്ങളുമുണ്ട്. നിലവില്‍ ഫോട്ടോ വോള്‍ട്ടായിക് സാങ്കേതിക വിദ്യയും സോളാര്‍ തെര്‍മല്‍ സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നുണ്ട്. പഞ്ചാബ്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക് സൌെരോര്‍ജ്ജ വൈദ്യുതി ഉല്പാദനം ത്വരിതപ്പെടുത്താനായി ജെ.എന്‍.എന്‍.എസ്.എം. കൂടാതെ തനതായ സംസ്ഥാന പദ്ധതികളുമുണ്ട്.

ജെ.എന്‍.എന്‍.എസ്.എം. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 1815 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കാന്‍ ഉതകുന്ന 333 പദ്ധതികള്‍ ആണ് നിര്‍ദ്ദേശിക്കപ്പെട്ടത്. സംരംഭകര്‍ കാണിച്ച ഈ അമിതാവേശം കാരണം കേന്ദ്ര ഗവണ്മെന്റ് മത്സരാധിഷ്ടിത വിപരീത ലേല പ്രക്രിയയിലൂടെയാണ് പദ്ധതികള്‍ അനുവദിച്ചത്. ഇതിനാല്‍ ഉല്‍പ്പാദകര്‍ ആദ്യം മുന്നോട്ടുവച്ച വിലയായ 17 രൂപ 91 പൈസ എന്നത് 30% കുറഞ്ഞു 10 രൂപ 59 പൈസയായി. ഒന്നാംഘട്ടത്തിലെ ഒന്നാം ബാച്ചില്‍ പദ്ധതികള്‍ നേടുന്നതില്‍ വിജയിച്ച 30 സംരംഭകരില്‍ 28 പേര്‍ക്കും വൈദ്യുതി വാങ്ങല്‍ കരാര്‍ ഒപ്പ് വെക്കാന്‍ കഴിഞ്ഞു. ഇതില്‍ പകുതിയോളം പദ്ധതികളും പൂര്‍ത്തീകരണ തിയതിക്കു മുന്‍പു തന്നെ കമ്മീഷന്‍ ചെയ്യുകയുണ്ടായി. എന്നാല്‍ പ്രസരണ ശൃംഖല പൂര്‍ത്തിയാവാത്തതിനാല്‍ പല പദ്ധതികളിലും വൈദ്യുതി ഉല്‍പ്പാദനം ആരംഭിക്കാന്‍ കഴിഞ്ഞില്ല. സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത പദ്ധതികളുടെ സംരംഭകരില്‍ നിന്നും പിഴയും ഈടാക്കുകയുണ്ടായി.

പദ്ധതികള്‍ അനുവദിക്കുന്നതിലെ ഒന്നാം ഘട്ടത്തിന്റെ രണ്ടാം ബാച്ചില്‍ സൌെരോര്‍ജ്ജ വൈദ്യുതിയുടെ വില വീണ്ടും കുറയുകയുണ്ടായി. ഒന്നാം ഘട്ടത്തിലെ യൂണിറ്റ് നിരക്ക് 10 രൂപ 59 പൈസ എന്നത് കുറഞ്ഞ് 7 രൂപ 49 പൈസ വരെയെത്തി. ഈ വില നിലവാരത്തില്‍ സൌെരോര്‍ജ്ജ പദ്ധതികളില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത് ലാഭകരമാവില്ല എന്നും വൈദ്യുതി ഉല്‍പ്പാദനത്തെ ഗൌരവമായി കാണാത്തവരാണ് പല സംരംഭകരും എന്നും വാദങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. അതിനാല്‍ ലേല പ്രക്രിയയില്‍ തന്നെ മാറ്റം വരുത്തണമെന്ന വാദവും ഉയര്‍ന്നു വന്നു. ഈ വാദത്തിലുള്ള ശരി തെറ്റുകള്‍ കാത്തിരുന്ന് കാണേണ്ടതുണ്ട്. എന്നിരുന്നാലും രണ്ടാം ഘട്ടത്തിലെ ലേല പ്രക്രിയയില്‍ നിരവധി അന്താരാഷ്ട്ര കമ്പനികള്‍ പങ്കെടുത്തു എന്നത് നമ്മുടെ സൌെരോര്‍ജ്ജ രംഗത്ത് വിദേശ രാജ്യങ്ങള്‍ക്കുള്ള താല്പര്യം വെളിപ്പെടുത്തുന്നുണ്ട്. കൂടാതെ സാങ്കേതിക രംഗത്ത് ക്രിസ്റലൈന്‍ സിലിക്കോണ്‍ സാങ്കേതിക വിദ്യയില്‍ നിന്ന് തിന്‍ ഫിലിം സാങ്കേതിക വിദ്യയിലേക്കുള്ള മാറ്റവും വൈദ്യുതിയുടെ വില കുറയാനിടയാക്കിയിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ നാം ഊന്നല്‍ നല്‍കേണ്ടത് തനതു സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും തദ്ദേശീയമായി സോളാര്‍ സെല്ലുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുമാണ്.

സ്വകാര്യ നിക്ഷേപകര്‍ സൌെരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദന രംഗത്ത് ധാരാളമായി താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും നിരവധി നയ വിഷയങ്ങളില്‍ ഇനിയും സര്‍ക്കാര്‍ വ്യക്തത വരുത്തേണ്ടതുണ്ട്. സൌെരോര്‍ജ്ജ വൈദ്യുതി വാങ്ങാനും പ്രസരണം ചെയ്യാനും ഉള്ള സംസ്ഥാന വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ ശേഷി, പ്രാദേശികമായി സാമ്പത്തിക ശ്രോതസ്സുകള്‍ ക്രമീകരിക്കാനുള്ള സംവിധാനം, വൈദ്യുതി വാങ്ങല്‍ കരാറുകളുടെ ബാങ്കബിലിറ്റി, വൈദ്യുതി പ്രസരണ ശൃംഖലയുടെ ലഭ്യത, സര്‍ക്കാര്‍ നയ സമീപനങ്ങളുടെ തുടര്‍ച്ച മുതലായ നിരവധി വിഷയങ്ങള്‍ ഇതില്‍പ്പെടുന്നു.

കാറ്റില്‍ നിന്നും വൈദ്യുതി

കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന്റെ സ്ഥാപിത ശേഷിയില്‍ നമ്മുടെ രാജ്യത്തിന് ലോകത്ത് അഞ്ചാം സ്ഥാനമുണ്ട്. അമേരിക്ക, ചൈന, ജര്‍മനി, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ ആണ് സ്ഥാപിത ശേഷിയില്‍ നമ്മുടെ മുന്നിലുള്ളത്. 17352 മെഗാവാട്ട് ആണ് നമ്മുടെ സ്ഥാപിത ശേഷി. രാജ്യത്തിന്റെ അക്ഷയ ഊര്‍ജ്ജ മേഖലയില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനത്തിന്റെ 70% വും കാറ്റില്‍ നിന്നുമാണ് ലഭിക്കുന്നത്. കാറ്റില്‍ നിന്നുമുള്ള വൈദ്യുതി ഉല്‍പ്പാദനത്തിന് പ്രോത്സാഹനം നല്‍കുന്ന സര്‍ക്കാര്‍ നയ സമീപനങ്ങളും, രാജ്യത്ത് ലഭ്യമായ ഗുണനിലവാരമുള്ള ഉപകരണങ്ങളും ഈ മേഖലയിലെ നമ്മുടെ മുന്‍തൂക്കത്തിന് സഹായകമായി.

വിവിധ സംസ്ഥാനങ്ങളില്‍ ഈ രംഗത്ത് മുന്നില്‍ നില്‍ക്കുന്നത് തമിഴ്നാട് ആണ്. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനത്തിന് മുന്‍തൂക്കം നല്‍കുന്നുണ്ട്.
ഈ രംഗത്ത് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന അനുകൂല നയ സമീപനങ്ങളില്‍ പ്രധാനം സാമ്പത്തിക രംഗത്തെ ഇളവുകള്‍ ആണ്. ആക്സിലറേറ്റഡ് ഡിപ്രീസിയേഷന്‍ വഴി മൂലധന ചിലവിന്റെ 80% തുക ഒന്നാം വര്‍ഷം തന്നെ തിരിച്ചെടുക്കാമെന്നതാണ് അതില്‍ ഏറ്റവും പ്രധാനം. കൂടാതെ ഈ പദ്ധതിയില്‍ നിന്നുള്ളവരുമാനത്തിന് തുടര്‍ച്ചയായി 10 വര്‍ഷത്തേക്ക് ആദായ നികുതി നല്‍കേണ്ടതില്ല. ഇതു കൂടാതെ വൈദ്യുതി താരിഫില്‍ ഉല്‍പ്പാദനവുമായി ബന്ധപ്പെടുത്തി ഒരു യൂണിറ്റിന് 50 പൈസ നിരക്കില്‍ 10 വര്‍ഷത്തേക്ക് ഇളവുകളും ലഭിക്കും. ഒരു പദ്ധതിക്ക് ആക്സിലറേറ്റഡ് ഡിപ്രീസിയേഷന്‍ അല്ലെങ്കില്‍ താരിഫിലെ ഇളവ് എന്നിവയില്‍ ഒന്ന് മാത്രമേ ലഭിക്കൂ. നികുതി ഇളവുകള്‍ മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ചില കമ്പനികളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കണം. വിവിധ സംസ്ഥാന റഗുലേറ്ററി കമ്മീഷനുകള്‍ക്ക് അക്ഷയ ഊര്‍ജ്ജ ശ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനായി റിന്യൂവബള്‍ പര്‍ചേസ് ഒബ്ളിഗേഷന്‍സ്, കാറ്റില്‍ നിന്നുള്ള വൈദ്യുതിക്ക് ഫീഡ് ഇന്‍ താരീഫ് മുതലായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും.

ഈ രംഗത്തുള്ള ഒരു പ്രധാന വെല്ലുവിളി ആവശ്യത്തിന് പ്രസരണ ശൃംഖല ഇല്ലാത്തത് തന്നെയാണ്. കൂടാതെ പലപ്പോഴും വിതരണ സ്ഥാപനങ്ങള്‍ കാറ്റില്‍ നിന്നുള്ള വൈദ്യുതി വാങ്ങുന്നതിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നുമില്ല. ഇത് പരിഹരിക്കാനാവശ്യമായ ഇടപെടല്‍ സംസ്ഥാന/കേന്ദ്ര റഗുലേറ്ററി കമ്മീഷനുകള്‍ എടുക്കണം. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം ഇപ്പോള്‍ രൂപീകരിച്ച 'സ്മാര്‍ട്ട് ഗ്രിഡ് ടാസ്ക് ഫോഴ്സ്' അക്ഷയ ഊര്‍ജ്ജ ശ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. കൂടാതെ നമ്മുടെ രാജ്യത്തിന്റെ ഒരു പ്രത്യേകതയായ നീണ്ട് കിടക്കുന്ന തീരപ്രദേശം, കുറഞ്ഞു നില്‍ക്കുന്ന നിര്‍മ്മാണ ചിലവുകള്‍ മുതലായവ 'ഓഫ്ഷോര്‍ വിന്‍ഡ് പവ്വറി'ന് വലിയ സാധ്യതകള്‍ കാണുന്നുണ്ട്. തമിഴ്നാട്ടിലെ ധനുഷ്കോടി കേന്ദ്രീകരിച്ച് ചില പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്.


ചെറുകിട ജല വൈദ്യുതി നിലയങ്ങള്‍

25 മെഗാവാട്ട് വരെ ശേഷിയുള്ള ജല വൈദ്യുത നിലയങ്ങള്‍ ആണ് ഈ വിഭാഗത്തില്‍ വരുന്നത്. 15000 മെഗാവാട്ട് വരെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള സാധ്യത ഇന്ത്യയില്‍ ഉള്ളതായിട്ടാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. ഇതില്‍ 3500 മെഗാവാട്ട് ഉല്‍പ്പാദനശേഷി കൂട്ടിച്ചേര്‍ക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ അക്ഷയ ഊര്‍ജ്ജ മേഖലയില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനത്തിന്റെ ഏതാണ്ട് 12.5% വരും ഇത്. ഹിമാചല്‍ പ്രദേശ് (2500 മെഗാവാട്ട്), ഉത്തര്‍ഖണ്ഡ് (1800 മെഗാവാട്ട്), ജമ്മു കാശ്മീര്‍ (1500 മെഗാവാട്ട്), അരുണാചല്‍ പ്രദേശ് (1300 മെഗാവാട്ട്) മുതലായ സംസ്ഥാനങ്ങള്‍ ആണ് ചെറുകിട വൈദ്യുതി നിലയങ്ങളുടെ സാധ്യതയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ചെറുകിട വൈദ്യുതി നിലയങ്ങളുടെ കാര്യത്തിലും സര്‍ക്കാരില്‍ നിന്ന് ആവശ്യമായ പ്രോത്സാഹനം സാമ്പത്തിക ഇളവുകളുടെ രൂപത്തില്‍ ലഭിച്ചാല്‍ മാത്രമേ ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാനാവൂ. ചെറുകിട വൈദ്യുതി നിലയങ്ങളുടെ ഉപകരണ സാങ്കേതിക രംഗത്തുണ്ടായ പുരോഗതികള്‍ ഇത്തരം പദ്ധതികളുടെ ആശ്രയത്വവും, കാര്യക്ഷമതയും ഇപ്പോള്‍ വര്‍ദ്ധിക്കുന്നതിനിടയാക്കിയിട്ടുണ്ട്. നിയന്ത്രണ സംവിധാനങ്ങള്‍ യാന്ത്രികമായിരുന്നത് ഇലക്ട്രോണിക് ആയി മാറിയതും, ഗ്രിഡ് ഇന്റഗ്രേഷന്‍ മെച്ചപ്പെട്ടതും കൂടാതെ സൂപ്പര്‍വൈസറി കണ്‍ട്രോള്‍ ആന്റ് ഡാറ്റാ അക്ക്വിസിഷന്‍ സാങ്കേതിക വിദ്യയുടെ ഉപയോഗവും ചെറുകിട വൈദ്യുതി നിലയങ്ങള്‍ക്ക് ഗുണകരമാണ്. നിരന്തരം ഇടപെട്ട് സാങ്കേതിക വിദ്യ മെച്ചപ്പെടുത്തി ആശ്രയത്വം വര്‍ദ്ധിപ്പിച്ചും, നിര്‍മ്മാണ ചിലവുകള്‍ കുറച്ചും അതോടൊപ്പം കാര്യക്ഷമത വര്‍ദ്ധിപ്പിച്ചും മാത്രമേ ചെറു കിട വൈദ്യുതി നിലയങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയൂ.


ബയോമാസ്സ് നിലയങ്ങള്‍

പ്രധാനമായും മൂന്ന് രീതിയിലാണ് ബയോമാസ്സ് നിലയങ്ങള്‍ വൈദ്യുതി ഉല്‍പ്പാദനത്തിനായി ഉപയോഗിക്കുന്നത്. ഗ്രിഡ് കണക്റ്റ്ഡ്, ഓഫ് ഗ്രിഡ് ഡിസ്ട്രിബ്യൂട്ടഡ്, 'കോജെനറേഷന്‍' എന്നിവയാണവ. 'കോജെനറേഷന്‍' നിലയങ്ങള്‍ പ്രധാനമായും പഞ്ചസാര മില്ലുകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. നമ്മുടെ രാജ്യത്ത് വര്‍ഷത്തില്‍ ഏതാണ്ട് 565 മില്ല്യന്‍ ടണ്‍ ബയോമാസ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഏതാണ്ട് 189 മില്ല്യന്‍ ടണ്‍ ബയോമാസ്സ് വൈദ്യുതി ഉല്‍പ്പാദനത്തിനായി ഉപയോഗിക്കാന്‍ കഴിയും. ഇതില്‍ നിന്ന് ഏതാണ്ട് 25000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം.

സര്‍ക്കാരിന്റെ ഇടപെടലുകള്‍ അനിവാര്യം
നമ്മുടെ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന 'ഫോസില്‍' ഇന്ധന ആശ്രയത്വം കുറക്കാന്‍ അക്ഷയ ഊര്‍ജ്ജ ശ്രോതസ്സുകള്‍ക്ക് തീര്‍ച്ചയായും കഴിയും. ഇതിലൂടെ കാലാവസ്ഥ വ്യതിയാനത്തില്‍ ഫലപ്രദമായി ഇടപെടാനും സര്‍ക്കാരുകള്‍ക്ക് കഴിയും. പരിമിതമായ തോതില്‍ രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ ഉറപ്പു വരുത്താനും ഇതിലൂടെ കഴിയും. അക്ഷയ ഊര്‍ജ്ജ ശ്രോതസ്സുകള്‍ കൂടുതല്‍ ഫലപ്രദമാവാന്‍ അവ കുറഞ്ഞ ചിലവില്‍, കാര്യക്ഷമമായി, പൂര്‍ണ്ണമായും ആശ്രയിക്കാവുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നതാവണം. ഇതിനായി സര്‍ക്കാറിന്റെ നയപരമായ ഇടപെടല്‍ വേണ്ടി വരും. അതോടൊപ്പം സാങ്കേതികവിദ്യ കൂടുതല്‍ വികസിക്കേണ്ടതുമുണ്ട്. ഇതിനായി അക്ഷയ ഊര്‍ജ്ജ പ്രമാണ പത്രങ്ങള്‍ പോലുള്ള നയ തീരുമാനങ്ങള്‍, സാങ്കേതിക വിദ്യ വികാസത്തിനായി കൂടുതല്‍ സാമ്പത്തിക സഹായം, സാങ്കേതിക വിദ്യയുടെ ഇറക്കുമതിയുടെ പ്രോത്സാഹനം മുതലായവ നല്‍കാന്‍ സര്‍ക്കാരുകള്‍ ബാധ്യസ്ഥമാണ്.

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate