വൈദ്യുതി ഉല്പാദനത്തിനും മറ്റ് ഇന്ധനങ്ങളുടെ ലഭ്യതയ്ക്കും വലിയ പ്രതിസന്ധി നേരിടുന്ന സമയമാണിത്. പുനരുപയോഗം സാധ്യമാകാത്ത ഫോസില്‍ ഇന്ധനങ്ങളാണ് ഇന്നും നാം ഉപയോഗിച്ചുവരുന്നത്. ലോകത്ത് ഇന്നുപയോഗിക്കുന്ന ആകെ ഊര്‍ജ്ജത്തില്‍ പെട്രോള്‍/ഡീസല്‍ എന്നിവയുടെ പങ്ക് 40% ആണ്, 23% കല്‍ക്കരിയില്‍ നിന്നും, 22% പ്രകൃതിവാതകത്തില്‍ നിന്നുമാണ്. ശേഷിക്കുന്ന 15% മാത്രമാണ് പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നുളള ഊര്‍ജ്ജ ഉല്പാദനം.
ഫോസില്‍ ഇന്ധനങ്ങളായ പെട്രോള്‍, ഡീസല്‍, കല്‍ക്കരി, പ്രകൃതിവാതകം എന്നിവയുടെ ലഭ്യത, ഇവയുടെ ഉപയോഗത്തിന് ആനുപാതികമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. ഒപ്പം വലിയ തോതില്‍ കാര്‍ബണ്‍ ഡൈ ഓകസൈഡ് പുറത്തുവിടുകയും അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുകയും ചെയ്യുന്നു. ഇവയുടെ ജ്വലനത്തിലൂടെ പുറത്തുവരുന്ന കാര്‍ബണ്‍ വാതകങ്ങള്‍ അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമയി ഉയര്‍ത്തുകയും, ഇതുമൂലം മഞ്ഞുരുകിയൊലിച്ച് സമുദ്രനിരപ്പ് ഉയരുമെന്നും പഠനങ്ങള്‍ തെളിയിച്ചതാണ്.
കഴിഞ്ഞ 5 വര്‍ഷങ്ങളായി അമേരിക്ക, സ്പെയിന്, ഇറ്റലി, ജര്‍മ്മനി, നെതര്‍ലന്‍ഡ്, ചൈന, തുടങ്ങിയ രാജ്യങ്ങള്‍ മറ്റ് ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പുതുതായി വന്നവയില്‍ പലതും ഫോസില്‍ ഇന്ധനങ്ങളെക്കാള്‍ ചിലവേറിയതായിരുന്നു. എന്നാല്‍ ഇന്നു പല രാജ്യങ്ങളും ചിലവ് കുറഞ്ഞതും പ്രകൃതിദത്തവുമായ ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടെത്തുകയും, വിജയകരമായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തിരിക്കുന്നു.
മുമ്പ് വലിയ വിജയമാക്കാന്‍ കഴിയാതിരുന്ന പല പദ്ധതികള്‍ പോലും ഇപ്പോള്‍ ചില മാറ്റങ്ങള്‍ വരുത്തി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ധന ദൌര്‍ലഭ്യതയും വിലക്കയറ്റവും വൈദ്യുതി ക്ഷാമവും നേരിടുന്ന ഈ കാലഘട്ടത്തില്‍, വിദേശ രാജ്യങ്ങളില്‍ വിജയകരമായി നടപ്പാക്കിയ ഇത്തരം പദ്ധതികള്‍ ഇവിടെയും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കേണ്ടതാണ്. ഇത്തരത്തില്‍ ചില മാതൃകകള്‍ പരിചയപ്പെടാം.
നമ്മുടെ രാജ്യത്ത് നിലവിലുളള കാറ്റാടി യന്ത്രങ്ങള്‍ വളരെ ചിലവേറിയതായിരുന്നു. വലിയ തുക മുടക്കി യന്ത്രങ്ങള്‍ സ്ഥാപിച്ചാലും, കാറ്റു കുറവുളളപ്പോള്‍ അവ പ്രവര്‍ത്തിക്കാതെ കിടക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കാറ്റില്‍നിന്നും ചിലവ് കുറഞ്ഞ രീതിയില്‍ വൈദ്യുതി ഉല്പാദിപ്പിക്കാനുളള മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുന്നു.
ഹീലിയം ഉപയോഗിച്ച് അന്തരീക്ഷത്തില്‍ ഉയര്‍ത്തിക്കെട്ടിയ ചെറിയ ടര്‍ബൈനുകള്‍ കറക്കി, കാറ്റില്‍ നിന്ന് വൈദ്യുതിയുണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നു. വലിപ്പക്കുറവും ഭാരക്കുറവും മൂലം തീരെചെറിയ കാറ്റില്‍പോലും വൈദ്യതോല്പാദനം നടക്കുന്നതിനാല്‍ പഴയ കാറ്റാടി യന്ത്രങ്ങളെക്കാള്‍ വളരെ പ്രയോജനപ്രദമാണ് ഇത്.
ബഹ്റൈന്‍ വേള്‍ഡ് ട്രേഡ് സെന്ററില്‍ അടുത്തുളള രണ്ടു വലിയ കെട്ടിടങ്ങള്‍ക്കിടയില്‍, ടര്‍ബൈനുകള്‍ സ്ഥാപിച്ച് കാറ്റില്‍നിന്ന് വൈദ്യുതി ഉണ്ടാക്കുന്നുണ്ട്. ഈ രണ്ടു കെട്ടിടങ്ങളിലെയും ആകെ ഊര്‍ജ്ജ ആവശ്യങ്ങളുടെ 15% ഇതില്‍നിന്നു ലഭിക്കുന്നു. 300 വീടുകള്‍ക്ക് ഒരു വര്‍ഷം പ്രകാശം പകരാനുളള ഊര്‍ജ്ജത്തിനു തുല്ല്യമാണ് ഇത്.
സോഡിയം-പൊട്ടാസ്യം നൈട്രേറ്റ് മിശ്രിതം ഉപയോഗിക്കുന്ന സോളാര്‍ പവര്‍ പ്ളാന്റ്
സാധാരണ സോളാര്‍ പവര്‍ പ്ളാന്റുകളില്‍ സൌരോര്‍ജ്ജം ലഭ്യമല്ലാത്ത ദിവസങ്ങളിലും, രാത്രിയിലും ഊര്ജ്ജോല്പാദനം സാധ്യമല്ല. ഇതാണ് ഇത്തരം പ്ളാന്റുകളുടെ പോരായ്മയും. അതുപോലെ ഇവയില്‍ ഓയിലുകളാണ് താപനില കൈമാറ്റം ചെയ്യാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഉരുകിയ അവസ്ഥയിലുളള സോഡിയം-പൊട്ടാസ്യം നൈട്രേറ്റ് മിശ്രിതം വളരെ ഉയര്‍ന്ന താപനില കൈമാറ്റം ചെയ്യുന്നതിന് പ്രാപ്തമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.
ഇറ്റലിയിലെ സോളാര്‍ പവര്‍ പ്ളാന്റില്‍ 30,000 സ്ക്വയര്‍ മീറ്റര്‍ ഉളള കണ്ണാടികള്‍ ഉപയോഗിച്ച് പ്രകാശ രശ്മികളെ, ഈ ഉരുകിയ മിശ്രിതം നിറച്ച പൈപ്പിലേക്ക് പതിപ്പിച്ച്, താപോര്‍ജ്ജം കൈമാറ്റം ചെയത് വൈദ്യുതി ഉല്പാദിപ്പിക്കുന്നു. ഇത്തരത്തിലുളള പ്ളാന്റുകള്‍ 550 ഡിഗ്രീ സെല്‍ഷ്യസ് വരെയുളള ഉയര്‍ന്ന താപനിലയില്‍ പ്രവര്‍ത്തിക്കും. ഉയര്‍ന്ന താപസംഭരണ ശേഷിയുളള മിശ്രിതം ആയതിനാല്‍, സംഭരിച്ച താപമുപയോഗിച്ച് രാത്രിയിലും, സൌരോര്‍ജ്ജം ലഭ്യമല്ലാത്ത ദിവസങ്ങളിലും വൈദ്യുതോല്പാദനം സാധ്യമാകുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
പോര്‍ച്ചുഗലില്‍ തിരമാലയില്‍ന്ന് വൈദ്യതോല്പാദനം നടത്തുന്നുണ്ട്. കടലില്‍ പൊങ്ങിക്കിടക്കുന്ന പ്രത്യേകതരം ഫ്ളോട്ടിങ് ട്യൂബുകള്‍ വഴി തിരകളുടെ ഉയര്‍ന്നും താഴ്ന്നുമുളള ചലനങ്ങളില്‍ നിന്ന് ഊര്‍ജ്ജം ശേഖരിച്ച്, വേവ് പവര്‍ സ്റേഷനുകള്‍ വഴി വിതരണത്തിനു നല്കുന്നു. 1000 വീടുകള്‍ക്കുളള ഊര്‍ജ്ജം വരെ ഒരു പവര്‍ സ്റേഷനില്‍നിന്ന് ഉല്പാദിപ്പിക്കപ്പെടുന്നു.
ലോകത്തിലെ ഏറ്റവും വലിയ ബയോമാസ്സ് പവര്‍ പ്ളാന്റ് പ്രവര്‍ത്തിക്കുന്നത് നെതര്‍ലന്‍ഡിലാണ്. ഒരു വര്‍ഷം 440,000 ടണ്‍ ചിക്കന്‍വേസ്റില്‍ നിന്ന് 90,000 വീടുകള്‍ക്ക് വൈദ്യുതി നല്കാന് ഈ പ്ളാന്റിനു കഴിയുന്നു. 270 മില്ല്യണ്‍ കിലോ വാട്ട്സ് ആണ് വാര്‍ഷിക ഉല്പാദനശേഷി. ഊര്‍ജ്ജ ഉല്പാദനത്തിനൊപ്പം, വലിയ അളവിലുളള ചിക്കന്‍വേസ്റിന്റെ സംസ്കരണത്തിനും ഇത് സഹായകമാകുന്നു. ബയോഗ്യാസ് പ്ളാന്റും ഇതേരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കന്‍ രാജ്യമായ മിസ്സോറിയില്‍ ടര്‍ക്കിവേസ്റില്‍ നിന്ന് ബയോഡീസല്‍ ഉണ്ടാക്കുന്നുണ്ട്. മാലിന്യ സംസ്കരണം വലിയൊരു പ്രശ്നമായിരിക്കുന്ന കേരളത്തില്‍, ഇതെല്ലാം വളരെ ഫലപ്രദമായി നടപ്പാക്കാവുന്നതാണ്.
ഭൂമിയ്ക്കുളളിലെ ചൂട് ഊര്ജ്ജോല്പാദനത്തിനായി ചോര്‍ത്തിയെടുക്കുന്ന രീതിയും നിലവിലുണ്ട്. ഭൂമിയുടെ പുറത്തേക്കു വരുന്ന നീരാവിയും ഉഷ്ണജല പ്രവാഹവും ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കു വേണ്ടി പ്രയോജനപ്പെടുത്താം. ചില പ്രദേശങ്ങളില്‍ ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് അധികം താഴ്ച്ചയിലല്ലാതെ, ചുട്ടുപഴുത്ത പാറക്കെട്ടുകളും മറ്റും കണ്ടെത്താനാകും. ഇങ്ങനെയുളള പ്രദേശങ്ങളില്‍ ഭൂമി തുരന്ന് പൈപ്പുകളിറക്കി, അതിലൂടെ ഉന്നത മര്‍ദ്ദത്തില്‍ ജലം പ്രവേശിപ്പിച്ച് നീരാവിയുണ്ടാക്കി വൈദ്യുതി ഉല്പാദിപ്പിക്കുന്നുണ്ട്
സ്കോട്ലന്‍ഡിലെ മദ്യ നിര്‍മ്മാണ ശാലയില്‍, മദ്യത്തിന്റെ ഉപോല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് 7.2 മെഗാ വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നു. പ്രതിവര്‍ഷം 46,000 ടണ്‍ കാര്‍ബണ്‍ പുറത്തുവിടുന്നത് തടയാനും, 16,000 വീടുകള്‍ക്ക് വൈദ്യുതി നല്കുവാനും ഇതിലൂടെ സാധിക്കും.
600 സ്റ്റീല്‍ റിഫ്ളക്ടറുകള്‍ ഘടിപ്പിച്ച വലിയ കോണ്‍ക്രീറ്റ് ടവറില്‍ നിന്ന് സൌരോര്‍ജ്ജം പ്രയോജനപ്പെടുത്തി, സ്പെയ്നില്‍ വൈദ്യുതോല്പാദനം നടക്കുന്നു. ഈ ഒരു ടവറിലെ റിഫ്ളക്ടറുകളില്‍ നിന്നു മാത്രം ലഭിക്കുന്ന സൌരോര്‍ജ്ജം നീരാവിയാക്കി, ടര്‍ബൈനുകള്‍ കറക്കുകവഴി 6,000 വീടുകള്‍ക്ക് വൈദ്യുതി ലഭ്യമാകുന്നു. മറ്റു പല രാജ്യങ്ങളിലും, വലിയ കെട്ടിടങ്ങളുടെ പുറംഭിത്തിയില്‍ ഇത്തരത്തില്‍ പാനലുകള്‍ ഘടിപ്പിച്ച് വൈദ്യുതോല്പാദനം നടത്തുന്നുണ്ട്.
മൊത്തം ഊര്ജ്ജോല്പാദനത്തിന്റെ ഏറിയ പങ്കും പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന ജര്‍മ്മനിയില്‍, രാജ്യത്തുളള 36 വാതോര്‍ജ്ജ, സൌരോര്‍ജ്ജ, ബയോമാസ്സ്, ജലവൈദ്യുതി പ്ളാന്റുകള്‍ സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നു. ഒരു സെന്‍ട്രല്‍ കണ്ട്രോള് യൂണിറ്റുവഴി നിയന്ത്രിച്ചിരിക്കുന്നതിനാല്‍, ഏതെങ്കിലുമൊരു പ്ളാന്റിലെ ഉല്പാദനം നടക്കാത്ത അവസ്ഥയില്‍, യൂണിറ്റിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന മറ്റൊരു പ്ളാന്റിലെ ഉല്പാദനം ഉയര്‍ത്തിക്കെണ്ട് ഈ കുറവ് പരിഹരിക്കാനാകും.
ഇവിടെ പരിചയപ്പെട്ട പല പദ്ധതികളും നമ്മുടെ രാജ്യത്തും വിജയകരമായി നടത്താന്‍ സാധിക്കുന്നവയാണ്. കാനഡ, സ്വീഡന്, ഡെന്മാര്ക്ക്, ജപ്പാന്, യു.കെ, ജെര്‍മനി, സ്പെയ്ന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളെ മാതൃകയാക്കി, നമ്മുടെ രാജ്യത്തും പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തണം. വ്യാവസായിക അടിസ്ഥാനത്തില്‍ ഇത്തരത്തിലുളള പ്രകൃതിദത്ത സ്രോതസ്സുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയില്ലെങ്കില്‍ നമ്മുടെ രാജ്യം ഇതിലും വലിയ പ്രതിസന്ധികളെ നേരിടേണ്ടി വരും.
കടപ്പാട് : ദില്‍ജിത്ത് സി.ജി
അവസാനം പരിഷ്കരിച്ചത് : 12/29/2021
സൌര വൈദ്യുത പദ്ധതികളെപറ്റിയുള്ള ഒരു ചെറു അവലോകനം
സൗരോർജ്ജ വൈദ്യുതി -കൂടുതൽ വിവരങ്ങൾ