ഭൂമിയിലെ സൂര്യപ്രകാശ ലഭ്യത, ഭൂമധ്യരേഖക്കടുത്ത് കൂടുതലായും ധ്രുവങ്ങളിലേക്കു നീങ്ങുന്തോറും കുറഞ്ഞുവരികയും ചെയ്യുന്നു. ഇന്ത്യ താരതമ്യേന മെച്ചപ്പെട്ട സൌരോര്‍ജ്ജ ലഭ്യതയുള്ള ഒരു രാജ്യമാണ്. ശരാശരി 300 ദിനങ്ങളിലായി, 2300 മുതല്‍ 3200 വരെ മണിക്കൂര്‍ തെളിഞ്ഞ സൂര്യപ്രകാശം ലഭിക്കാവുന്ന ഇന്ത്യയില്‍ , ഒരു ചതുരശ്ര മീറ്റര്‍ ഭൂപ്രദേശത്ത് 4 മുതല്‍ 7 വരെ വൈദ്യുത യൂണിറ്റിനു സമാനമായ, സൌരോര്‍ജ്ജം ലഭിക്കുന്നു. മൊത്തം ലഭ്യമാകുന്ന ഊര്‍ജ്ജം കണക്കാക്കിയാല്‍, ഏകദേശം 5000 ട്രില്ല്യണ്‍ യൂണിറ്റ് വൈദ്യുതിക്കു തുല്യമാണ്. ഇതിന്റെ ഒരു ശതമാനം ഉപയോഗ്യമാക്കാനായാല് ഇന്ത്യയുടെ മൊത്ത ഊര്‍ജ്ജ ഉപയോഗത്തിനു മതിയാകുമെന്നു സൈദ്ധാന്തികമായി പറയാവുന്നതാണ്.
ഈ സാഹചര്യങ്ങള്‍ മുന്‍ നിര്‍ത്തി വിവിധ സൌര വൈദ്യുത പദ്ധതികളെപറ്റിയുള്ള ഒരു ചെറു അവലോകനമാണിത്.
രണ്ടു മുഖ്യമായ സമീപനമാണ് സൌര വൈദ്യുത രംഗത്ത് ലോകത്താകമാനം സ്വീകരിച്ചു വരുന്നത്.
1. സൌരോര്‍ജ്ജത്തിന്റെ താപ ഫലം ഉപയോഗിച്ചു വൈദ്യുതി ഉത്പാദിപ്പിക്കുക.
2. ഫോട്ടൊ ഇലക്ട്രിക് പ്രതിഭാസം പ്രയോജനപ്പെടുത്തുന്ന സൌര സെല്ലുകള്‍ ഉപയോഗിക്കുക.
ഇലക്ട്രോണിക് ഘടകമായ അര്‍ദ്ധചാലകങ്ങളില്‍ പ്രകാശം പതിക്കുമ്പോള്‍ അതില്‍ നിന്നും ഇലക്ട്രോണ്‍ പ്രവാഹം ഉണ്ടാവുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാന തത്വം.
സൌര സെല്ലുകളാണ് ഇവയുടെ പ്രാധമിക ഘടകം. നിരവധി സെല്ലുകളുടെ ഒരു കൂട്ടമാണ് ഒരു സൌര പാനല്‍. സൌര പാനലില്‍ നിന്നു ഉറവെടുക്കുന്ന വൈദ്യുതി നേരിട്ട് ഉപയോഗിക്കുകയോ , ലെഡ് ആസിഡ് ബാറ്ററി പോലെയുള്ള സംഭരണികളില്‍ സംഭരിച്ചു വക്കുകയോ ചെയ്യാവുന്നതാണ്.
സാധാരണയായി കുറഞ്ഞ ശേഷിയുള്ള പ്ലാന്റുകളാണ് ഈ ഇനം . സൌര സെല്ലില്‍ നിന്നും ലഭിക്കുന്ന വൈദ്യുതി നേര്‍ധാരാ (ഡി.സി) വൈദ്യുതിയാണ്. ഇവ ഡി .സി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ മാത്രമേ ഉപയുക്തമാകൂ. പ്രത്യാവര്‍ത്തിധാരാ (എ.സി) വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി ഒരു ഇന്‍ വേര്ട്ടര് ഉപയോഗിക്കേണ്ടതായി വരുന്നു.
സൌര താപ വൈദ്യുത നിലയത്തിന്റെ ഒരു ചിത്രീകരണമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ലെന്‍സുകള്‍, ദര്‍പ്പണങ്ങള്‍ മുതലായ മാര്‍ഗ്ഗങ്ങളുപയോഗിച്ചു സൊരോര്ജ്ജത്തെ കേന്ദ്രീകരിക്കുകയും, ഈ താപം വിവിധ ദ്രവവസ്തുക്കള്‍ മുഖേനെ ജലത്തില്‍ നിന്നും നീരാവി ഉണ്ടാക്കാനുപയോഗിക്കുകയുമാണിവിടെ. ചിത്രത്തിലെ സൌര കേന്ദ്രീകരണിയിലൂടെ കടന്നുപോകുന്ന ദ്രാവകം ഉന്നത ഊഷമാവിലെത്തുമ്പോള് , താപ മാറ്റം (ഹീറ്റ് എക്സ്ചേഞ്ച്) മുഖേന ജലത്തെ നീരാവിയാക്കുന്നു. ഈ നീരാവി ഒരു ടര്‍ബൈന്‍ കറക്കാന്‍ ഉപയോഗിക്കുകയും, തത്ഫലമായി, ഇതിനോട് ഇണക്കിയിട്ടുള്ള ഒരു ജെനറേറ്റര്‍ പ്രവര്‍ത്തിച്ചു വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.
രാത്രി കാലങ്ങളിലും, ആകാശം മേഘാവൃതമാവുന്ന സന്ദര്‍ഭങ്ങളിലും പ്രവര്‍ത്തനം തടസ്സപ്പെടാം എന്നതാണ്, സൌര വൈദ്യുത് പ്ലാന്റുകളുടെ ഏറ്റവും പ്രധാന പോരായ്മ.
ഹൈബ്രിഡ് പ്ലാന്റുകള്‍ നിര്‍മ്മിച്ചാണ് പ്രായോഗികമായി ഇതിനു പരിഹാരം കണ്ടിരുന്നത്. സൂര്യപ്രകാശം ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ പ്രകൃതി വാതകമോ, തത്തുല്യമായ മറ്റിന്ധനങ്ങളോ ഉപയോഗിച്ചു ബോയിലറുകള്‍ പ്രവര്‍ത്തിപ്പിക്കകയാണ് ഇത്തരം പ്ലാന്റുകളില്‍ ചെയ്യുന്നത്. എന്നാല്‍ ഹരിത വാതക പ്രതിഭാസം പൂര്‍ണ്ണമായും ഒഴിവാക്കുന്നതലത്തിലേക്ക് ഗവേഷണങ്ങള്‍ വളരുകയും സൌരതാപം സംഭരിച്ചു വക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുകയും ചെയ്തു.
ഉന്നത മര്‍ദ്ദത്തിലുള്ള അത്യുഷ്ണ നീരാവി സൃഷ്ടിക്കുകയും അതു സംഭരിച്ച് സൂക്ഷിക്കുകയുമാണ് ഒരു വിദ്യ.
ഉയര്‍ന്ന ദ്രവണാങ്കമുള്ള നൈട്രേറ്റ് സോള്‍ട്ടുകള്‍ താപവാഹിനികളായി ഉപയോഗിക്കുകയും ഉന്നത ഊഷ്മാവും , ഊര്‍ജ്ജവും വഹിക്കുന്ന ദ്രാവകങ്ങളായി മാറ്റി പ്രത്യേകം തയ്യാറാക്കിയ ടാങ്കുകളില്‍ സംഭരിച്ച്, ആവശ്യാനുസരണം ഉപയുക്തമാക്കുകയുമാണ് മറ്റൊരു മാര്‍ഗ്ഗം.
ലെഡ് ആസിഡ് ബാറ്ററികള്‍ പോലെയുള്ള വിദ്യകള്‍ ഉപയോഗിക്കാമെങ്കിലും ഉയര്‍ന്ന ശേഷിയുള്ള പ്ലാന്റുകള്‍ക്ക് ഇത് പ്രായോഗികമല്ല.
സൌരോര്‍ജ്ജം ഗാര്‍ഹിക ഉപയോഗത്തിന് ഗണ്യമായ തോതില്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഇവയില്‍ മുഖ്യമായതു താപോര്‍ജ്ജം നേരിട്ടു ഉപയോഗപ്പെടുത്തുന്ന സൌര ഹീറ്ററുകളാണ്. ഇവയില്‍ നിന്നും ലഭിക്കുന്ന ചൂടുള്ള ജലം പാചകത്തിനും മറ്റും ഉപയോഗപ്പെടുത്തുന്നത് മറ്റ് ഊര്‍ജ്ജരൂപങ്ങള്‍ സംരക്ഷിക്കുന്നതിനും, തദ്വാരാ മൊത്തം ഊര്‍ജ്ജ ക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
സോളാര്‍ പാനലുകള്‍ ഉപയോഗിച്ചു വീടുകളില്‍ വൈദ്യുതോര്‍ജ്ജം ഉത്പാദിപ്പിക്കാവുന്നതാണ്. ഈ മേഖലയിലെ ഗവേഷണങ്ങള്‍ ത്വരിതഗതിയില്‍ മുന്നോട്ടു നീങ്ങുകയാണ്. തത്ഫലമായി കൂടുതല്‍ ക്ഷമതയുള്ള സോളാര്‍ പാനലുകള്‍ , ചിലവു കുറഞ്ഞ രീതിയില്‍ നിര്മ്മിക്കാനാവുമെന്നു പ്രതീക്ഷിക്കുകയാണ് ശാസ്ത്രലോകം. അതോടെ സൊരവൈദ്യുതി സാധാരണക്കാരനും പ്രാപ്യമാവുന്ന ഒന്നായി മാറുന്നതാണ്. സോളാര്‍ പാനല്‍ മേച്ചില്‍ ഓടുകണക്കെ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ കാണുക.
മറ്റു വൈദ്യുതോത്പാദന മാര്‍ഗ്ഗങ്ങളെ അപേക്ഷിച്ചു നിര്‍മ്മാണ ചിലവു ഏറെയാണെങ്കിലും ഹരിതഗൃഹ വാതകങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്ന സൌരോര്‍ജ്ജം, യാതൊരു വിധ മലിനീകരണങ്ങക്കും സൃസ്ഷ്ടിക്കുന്നുമില്ല.ഏറെ താമസ്സിയാതെ സൊരോര്ജ്ജം നാളെയുടെ ഊര്‍ജ്ജ സ്രോതസ്സായി വളരുകതെന്നെ ചെയ്യും എന്നു പ്രത്യാശിക്കാം.
കടപ്പാട് : അനില്‍@ബ്ലോഗ്
അവസാനം പരിഷ്കരിച്ചത് : 12/29/2019
ഊർജ്ജ ക്ഷാമം പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ
സോളാർ പവർ പ്ലാന്റ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർ അവശ...
സൗരോർജ്ജ വൈദ്യുതി -കൂടുതൽ വിവരങ്ങൾ
കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്ന വിവിധ തരം സൌരോർജ്...