অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പെപ്റ്റിക് അള്‍സറിന് ഹോമിയോ ചികിത്സ

ഉദരരോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പെപ്റ്റിക് അള്‍സര്‍. അള്‍സര്‍ എന്ന് പൊതുവെ പറയുമെങ്കിലും ആമാശയത്തിലും കുടലിലുമായി വരുന്ന പുണ്ണിനെ പെപ്റ്റിക് അള്‍സര്‍ എന്നാണ് വൈദ്യശാസ്ത്രം വിളിക്കുന്നത്.

എങ്ങനെ പെപ്റ്റിക് അള്‍സര്‍ രൂപപ്പെടുന്നു?

വായയും അന്നനാളവും ആമാശയവും ചെറുകുടലും വന്‍കുടലും ചേര്‍ന്നതാണ് മനുഷ്യന്‍െറ ദഹനേന്ദ്രിയ വ്യവസ്ഥ. ദഹനപ്രക്രിയ സുഗമമാക്കാനും ഭക്ഷണത്തിലൂടെ കടന്നുവരുന്ന രോഗാണുക്കളെ ശരീരത്തില്‍ കടക്കാതെ നശിപ്പിച്ചുകളയാനും ഹൈ¤്രഡാ ക്ളോറിക് അമ്ളവും പെപ്സിന്‍ എന്ന ദീപനവസ്തുവും ആമാശയത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു.
ഹൈഡ്രോ ക്ളോറിക് അമ്ളത്തിനും പെപ്സിനും ദഹനേന്ദ്രിയ വ്യവസ്ഥയിലെ ആന്തരികപടലത്തെ വ്രണപ്പെടുത്താനുള്ള കഴിവുണ്ട്. എന്നാല്‍, ആരോഗ്യമുള്ള ഒരു വ്യക്തിയില്‍ ഇതു സംഭവിക്കാറില്ല. ആരോഗ്യമുള്ള ദഹനേന്ദ്രിയത്തിന്‍െറ ആന്തരികപടലത്തിന് അമ്ളരസത്തെ ചെറുക്കാനുള്ള ശക്തിയുണ്ട്. ആരോഗ്യകരമായ അവസ്ഥയില്‍ അമ്ളത്തിന്‍െറ നശീകരണ സ്വഭാവവും ആന്തരികപടലത്തിന്‍െറ ക്ഷാരഗുണവും തുല്യമാണ്. അമ്ളത്തിന്‍െറ അളവ് കൂടുന്നതോ, ആന്തരികപടലത്തിന്‍െറ ചെറുത്തുനില്‍ക്കാനുള്ള കഴിവ് ദുര്‍ബലമാകുകയോ ചെയ്താല്‍ ആമാശയത്തില്‍ പുണ്ണുകള്‍ രൂപപ്പെടുന്നു.

കുടലിലും ആമാശയത്തിലും അന്നനാളത്തിലും
പെപ്സിനും ഹൈഡ്രോക്ളോറിക് അമ്ളവും ഉദ്ഭവിക്കുന്നത് ആമാശയത്തിലായതിനാല്‍ ഈ രോഗം ആമാശയത്തിലും അതിനോടു ചേര്‍ന്ന് കിടക്കുന്ന അന്നനാളത്തിന്‍െറയും ചെറുകുടലിന്‍െറയും ഭാഗങ്ങളിലും കാണപ്പെടാറുണ്ട്. ആമാശയത്തിലെ പുണ്ണിന് ഗാസ്ട്രിക് അള്‍സര്‍ എന്നും ചെറുകുടലിലെ പുണ്ണിന് ഡിയോഡിനല്‍ അള്‍സര്‍ എന്നുമാണ് പേര്.

കാരണങ്ങള്‍

  • ഹെലിക്കൊ ബാക്ക്റ്റൊര്‍ പൈലോറി :- ആമാശയത്തില്‍ കാണപ്പെടുന്ന ഒരുതരം ഗ്രാം നെഗറ്റീവ് ബാക്റ്റീരിയയാണ് ഹെലിക്കൊ ബാക്ക്റ്റൊര്‍ പൈലോറി. ഈ രോഗാണു ആമാശയത്തിന്‍െറ ആന്തരികപടലത്തിന്‍െറ കോശങ്ങള്‍ക്ക് നാശംവരുത്തി അള്‍സര്‍ രോഗത്തിനുള്ള സാഹചര്യമൊരുക്കുന്നു. ആമാശയ പുണ്ണുകളുള്ളവരില്‍ 60 ശതമാനം പേരിലും ചെറുകുടല്‍ പുണ്ണ് ഉള്ളവരില്‍ 80 ശതമാനം പേരിലും എച്ച് പൈലോറി അണുബാധയുള്ളതായി പഠനങ്ങള്‍ തെളിയിക്കുന്നു.
  • വേദന സംഹാരികള്‍:- തലവേദനക്കും പല്ലുവേദനക്കും മാസമുറകളിലെ വേദനക്കും ശമനം കിട്ടാന്‍ വേണ്ടി കഴിക്കുന്ന വേദന സംഹാരികള്‍ ആമാശയത്തിലെ ആന്തരികപടലത്തിലെ കോശങ്ങളെ നേരിട്ട് നശിപ്പിക്കുകയും അതുവഴി ആമാശയപ്പുണ്ണിന് കാരണമാവുകയും ചെയുന്നു.

ഉദാ: ഇബുപ്രോഫെന്‍, ആസ്പിരിന്‍, ഡിക്ക്ലോഫെനാക്ക്, നാപ്റോക്സന്‍ തുടങ്ങിയവ.

  • പുകവലിയും മദ്യപാനവും:- സ്ഥിരമായി പുകവലിക്കുന്നവര്‍ക്കും മദ്യപിക്കുന്നവര്‍ക്കും പെപ്റ്റിക് അള്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്.
  • മാനസിക സമ്മര്‍ദം:- മാനസികസമ്മര്‍ദം പെപ്റ്റിക് അള്‍സറിന്‍െറ ഉദ്ഭവവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ളെങ്കിലും, മാനസിക സമ്മര്‍ദം പെപ്റ്റിക് അള്‍സര്‍ രോഗികളില്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട്.

രോഗ ലക്ഷണങ്ങള്‍


പെപ്റ്റിക് അള്‍സറിന്‍െറ പ്രധാന ലക്ഷണം വയറിന്‍െറ മുകള്‍ഭാഗത്തായി അനുഭവപ്പെടുന്ന വേദനയാണ്. ചിലപ്പോള്‍ വിശപ്പനുഭവപ്പെടുമ്പോഴോ അല്ളെങ്കില്‍ ഭക്ഷണം കഴിച്ചതിനുശേഷമോ ആണ് വേദന അനുഭവപ്പെടുക. എരിച്ചില്‍, പുകച്ചില്‍ എന്നിങ്ങനെ പലരീതിയില്‍ ഈ വേദന അനുഭവപ്പെടാം. ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, ഭക്ഷണം തികട്ടി വരുക, ഭക്ഷണത്തിനുശേഷം ക്ഷീണം അനുഭവപ്പെടുക, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക എന്നിവ പെപ്റ്റിക് അള്‍സറിന്‍െറ മറ്റു ലക്ഷണങ്ങളാണ്. രക്തം ഛര്‍ദിക്കുകയോ മലത്തിലൂടെ രക്തം കറുത്തനിറത്തില്‍ പോകുകയോ ചെയ്യുന്നത് ഈ രോഗത്തിന്‍െറ സങ്കീര്‍ണാവസ്ഥയെ കാണിക്കുന്നു. അള്‍സറിന്‍െറ ഫലമായി ചെറുകുടലിന്‍െറ വ്യാസം കുറയുകയും അത് ഭക്ഷണങ്ങള്‍ ദഹിക്കാതെ ഛര്‍ദിക്കാന്‍ കാരണമാകുകയും ചെയ്യുന്നു.

രോഗനിര്‍ണയം


രോഗിയുടെ ലക്ഷണങ്ങള്‍ അള്‍സര്‍ സംശയിക്കാന്‍ സഹായിക്കുമെങ്കിലും രോഗനിര്‍ണയത്തിന് ചില വൈദ്യപരിശോധനകള്‍ അത്യാവശ്യമാണ്. എച്ച് പൈലോറിയുടെ സാന്നിധ്യം മനസ്സിലാക്കാന്‍ രക്തപരിശോധനയോ സ്റ്റൂള്‍ ആന്‍റിജന്‍ ടെസ്റ്റോ മതിയാകും. എന്‍ഡോസ്കോപ്പി പരിശോധനകള്‍ വ്യക്തവും പരിപൂര്‍ണവുമായ രോഗനിര്‍ണയത്തിന് സഹായിക്കുന്നു. ബയോപ്സി പരിശോധന അര്‍ബുദ സാഹചര്യങ്ങള്‍ ഉണ്ടോ എന്നറിയാന്‍ ഗുണകരമാണ്.
രോഗലക്ഷണങ്ങള്‍ 40 വയസ്സില്‍ കൂടുതലുള്ളവരില്‍ പൊടുന്നനെ കാണുകയോ, ലക്ഷണങ്ങളുടെ കൂടെ ശരീരം മെലിച്ചില്‍, വിളര്‍ച്ച, ഛര്‍ദി, വിശപ്പില്ലായ്മ, രക്തസ്രാവം എന്നിവയും അനുഭവപ്പെട്ടാല്‍ ചികിത്സക്ക് മുമ്പ് തീര്‍ച്ചയായും രോഗനിര്‍ണയം നടത്തണം.

ഹോമിയോ ചികിത്സ


മറ്റു ചികിത്സാരീതികളില്‍നിന്ന് വ്യത്യസ്തമായി ഹോമിയോപ്പതിയില്‍ രോഗത്തെയല്ല, മറിച്ച് രോഗിയെയാണ് ചികിത്സിക്കുന്നത്. അള്‍സര്‍ രോഗമുള്ള എല്ലാ രോഗികള്‍ക്കും ഒരേ മരുന്നല്ല നല്‍കുന്നത്. രോഗിയുടെ ശാരീരികവും മാനസികവുമായ പ്രത്യേകതകള്‍ മനസ്സിലാക്കിയും പാരമ്പര്യരോഗ പ്രവണതകളെ കണക്കിലെടുത്തുമാണ് മരുന്ന് നിശ്ചയിക്കുന്നത്. ഇങ്ങനെ തെരഞ്ഞെടുക്കുന്ന ഒൗഷധങ്ങള്‍ ശരീരത്തിന്‍െറ പ്രതിരോധശക്തി വര്‍ധിപ്പിക്കുകയും അതുവഴി ആരോഗ്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു.
ഹോമിയോ ഒൗഷധങ്ങളായ കാര്‍ബോ വെജ്, പള്‍സാറ്റില, നക്സ് വോമിക്ക, ഹൈഡ്രസ്റ്റിസ്, റൊബീനിയ, കാരിക്കാപപ്പായ, ലൈകോപോഡിയം, ആര്‍സ് ആല്‍ബ് തുടങ്ങിയവ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഹോമിയോ ചികിത്സ സ്വീകരിക്കുമ്പോള്‍ താഴെപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

  • ഒരു വിദഗ്ധ ഡോക്ടറെ കാണുക.
  • രോഗിയെ പൂര്‍ണമായും മനസ്സിലാക്കുന്നതിന് ഡോക്ടര്‍ക്ക് അവസരം നല്‍കുക. പ്രത്യക്ഷത്തില്‍ രോഗവുമായി ബന്ധമില്ലാത്തത് എന്നു തോന്നിയേക്കാവുന്ന ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ മറുപടി നല്‍കുക.
  • പാരമ്പര്യമായ രോഗാവസ്ഥയെ കുറിച്ച് അറിയാവുന്ന വിവരങ്ങള്‍ ഡോക്ടറെ ധരിപ്പിക്കുക.
  • ഡോക്ടര്‍ നിര്‍ദേശിക്കുന്ന ആഹാര ചിട്ടകള്‍ നിര്‍ബന്ധമായും പാലിക്കുക.
  • മദ്യപാനവും പുകവലിയും പൂര്‍ണമായും വര്‍ജിക്കുക.
  • ലളിതമായ ആഹാരശൈലി സ്വീകരിക്കുക.
  • പുളി, എരിവ്, ഉപ്പ് എന്നിവ നിയന്ത്രിക്കുക. അമിതമായി എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ ഉപേക്ഷിക്കുക.
  • നന്നായി വെള്ളം കുടിക്കുക.

കടപ്പാട് : ഡോ. ജാഫര്‍ സാദിഖ് എം.പി

അവസാനം പരിഷ്കരിച്ചത് : 7/11/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate