Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വിവിധ രീതിയിലുള്ള സംയോജിത കൃഷി

ആളോഹരി ഭൂവിസ്തൃതി കുറവായ കേരളത്തില്‍; കുറഞ്ഞ സ്ഥലത്തു നിന്ന് കൂടുതല്‍ ഉത്പാദനം സാധ്യമാക്കാനുതകുന്ന കൃഷിരീതികള്‍...

സംയോജിത കൃഷി

ആളോഹരി ഭൂവിസ്തൃതി കുറവായ കേരളത്തില്‍; കുറഞ്ഞ സ്ഥലത്തു നിന്ന് കൂടുതല്‍ ഉത്പാദനം സാധ്യമാക്കാനുതകുന്ന കൃഷിരീതികള്‍...

ആളോഹരി ഭൂവിസ്തൃതി കുറവായ കേരളത്തില്‍; കുറഞ്ഞ സ്ഥലത്തു നിന്ന് കൂടുതല്‍ ഉത്പാദനം സാധ്യമാക്കാനുതകുന്ന കൃഷിരീതികള്‍ അവലംബിക്കേണ്ടതുണ്ട്. ഈ ലക്ഷ്യ പ്രാപ്തിക്ക്, ആവശ്യമായ വിഭവങ്ങള്‍ പരമാവധി ഉപയോഗിക്കണം. കൃഷി, മൃഗസംരക്ഷണം, മത്സ്യം വളര്‍ത്തല്‍ സമന്വയിപ്പിച്ചുള്ള സംയോജിത കൃഷിയ്ക്ക് അനന്ത സാധ്യതകളാണുള്ളത്. ഒരു കൃഷിയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ മറ്റൊരുകൃഷിയ്ക്ക് അസംസ്‌കൃതവസ്തുവായിത്തീരുന്നു എന്നുള്ളതാണ് സംയോജിതകൃഷിയുടെ പ്രാധാന്യം. ചൈന, ഫിലിപ്പൈന്‍സ്, തായ്‌ലന്റ്, ഇന്‍ഡോനേഷ്യ, വിയറ്റ്‌നാം, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വളരെ വിജയകരമായി സംയോജിതകൃഷി പ്രാവര്‍ത്തികമാക്കി വരുന്നു. കന്നുകാലികള്‍, പന്നി, ആട്, മുയല്‍, കോഴി, താറാവ് മുതലായവയെ സംയോജിതകൃഷിയില്‍ ഉള്‍പ്പെടുത്താം. 

കേരളത്തില്‍ പരമ്പരാഗതമായ സംയോജിതകൃഷി നിലനിന്നിരുന്നെങ്കിലും തല്‍സംബന്ധമായ ഗവേഷണപ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ തുലോം കുറവാണ്. സംയോജിതകൃഷി പ്രോത്സാഹിപ്പിക്കാനായി വിവിധതലങ്ങളിലുള്ള കൂട്ടായ്മയും പ്രവര്‍ത്തനവും അത്യന്താപേക്ഷിതമാണ്. അടുത്തകാലത്തായി ഈ രീതിയ്ക്ക് മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ദക്ഷിണപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ സംയോജിതകൃഷിമേഖലകളില്‍ വന്‍ സാധ്യതകളാണ് നിലനില്‍ക്കുന്നത്.

പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന കാര്‍ഷികരീതികളുടെ സമന്വയമാണ് സംയോജിത കൃഷികൊണ്ട് വിവക്ഷിക്കുന്നതെന്നു പറഞ്ഞുവല്ലൊ. ഇതിലൂടെ കാര്‍ഷിക അവശിഷ്ടങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും. സംയോജിതകൃഷി പുത്തന്‍ സാങ്കേതിക വിദ്യയല്ല, മറിച്ച് നമ്മുടെ നാട്ടില്‍ നിലവിലുള്ള പരമ്പരാഗത കൃഷിരീതികളുടെ ശാസ്ത്രീയ അനുബന്ധം മാത്രമാണ്.

കാര്‍ഷികരംഗത്ത് ഓരോ വിളയ്ക്കും മറ്റൊന്നുമായി അഭേദ്യമായ ബന്ധമുണ്ട്. കാലിവളം കാര്‍ഷിക വിളകള്‍ക്ക് ഉപയോഗിക്കുമ്പോള്‍ കാര്‍ഷിക ഉപോത്പന്നങ്ങള്‍, കാലിത്തീറ്റയായി പ്രയോജനപ്പെടുന്നു. ലഭ്യമായ കൃഷിയിടങ്ങളും, ജലാശയങ്ങളും പരമാവധി പ്രയോജനപ്പെടുത്തി കാര്‍ഷികോത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഒരു കൃഷിയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ മറ്റൊരുകൃഷിയ്ക്ക് പ്രയോജനപ്പെടുത്തുന്നതാണ് ഉത്പാദനച്ചെലവ് കുറയാന്‍ കാരണം. പരസ്പരപൂരകങ്ങളായ ഇത്തരം കാര്‍ഷികവിളകളെ ഫലപ്രദമായി സമന്വയിപ്പിച്ചുകൊണ്ടാണ് സംയോജിതകൃഷി അനുവര്‍ത്തിച്ചു വരുന്നത്. ലോക ഭക്ഷ്യകാര്‍ഷിക സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ഉപയോഗശൂന്യമായ യാതൊരു വസ്തുവുമില്ല. കാര്‍ഷികാവശിഷ്ടങ്ങള്‍ കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കാം. കാലിവളം കൃഷിക്കും കുളങ്ങളില്‍ മത്സ്യങ്ങളുടെ വളര്‍ച്ചയ്ക്കാവശ്യമായ ജലസസ്യങ്ങളുടെ വളര്‍ച്ച ഉപകരിക്കും. അതായത് പന്നി, കോഴി, താറാവ്, ടര്‍ക്കി എന്നിവയുടെ വിസര്‍ജ്ജ്യങ്ങള്‍ കുളങ്ങളിലേക്ക് വിടുന്നത് മത്സ്യങ്ങള്‍ക്ക് ആഹാരമായി ഉപയോഗിക്കാവുന്ന ജലസസ്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സഹായിക്കും. കൃഷി, മൃഗപരിപാലനം, മത്സ്യം വളര്‍ത്തല്‍, വനപരിപാലനം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് മൃഗങ്ങളുടെ തീറ്റക്രമം, വിവിധ കാര്‍ഷിക വിളകള്‍, സാമൂഹിക പ്രശ്‌നങ്ങള്‍ സാമ്പത്തികനേട്ടം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. സംയോജിതകൃഷിയുടെ നടത്തിപ്പ്, കാലയളവ്, പൂര്‍ത്തീകരണം എന്നിവ മുന്‍കൂട്ടി നിശ്ചയിക്കേണ്ടതുണ്ട്. കൃഷി, മൃഗപരിപാലനം മത്സ്യോത്പാദനം എന്നീ മേഖലകള്‍ ഒരുമിച്ചാലുണ്ടാകുന്ന ചേര്‍ച്ചയും ഉള്‍ബന്ധങ്ങളും നന്നായി വിലയിരുത്തണം.

പണ്ടുമുതല്‍ക്കേ കന്നുകാലിവളര്‍ത്തലും നെല്‍പ്പാടങ്ങളും മത്സ്യം വളര്‍ത്തലും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഈ രംഗത്ത് ദശാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്. കൃഷിരീതികള്‍ സമന്വയിപ്പിക്കുമ്പോള്‍ ഒരു കൃഷിയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍/ഉപോത്പന്നങ്ങള്‍ മറ്റുകൃഷിക്കുള്ള അസംസ്‌കൃത വസ്തുക്കളായി മാറും. വെള്ളം, സ്ഥലലഭ്യത, തൊഴിലവസരങ്ങള്‍ വിസര്‍ജ്ജ്യവസ്തുക്കള്‍, ഉപയോഗശൂന്യമായ അവശിഷ്ടങ്ങള്‍ എന്നിവ പൂര്‍ണ്ണമായു ഉപയോഗപ്പെടുത്താന്‍ ഇതുമൂലം സാധിക്കും. വെള്ളം കെട്ടിനില്‍ക്കുന്ന നെല്‍പ്പാടങ്ങളില്‍ മത്സ്യം വളര്‍ത്തുന്നത് നെല്ലുത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം ഗ്രാമീണജനതയുടെ പോഷകാഹാരക്കമ്മി കുറയ്ക്കാനും സംയോജിതകൃഷിരീതി സഹായിക്കും.മിക്ക ആഫ്രിക്കന്‍, തെക്കെ അമേരിക്കന്‍ രാജ്യങ്ങളും സംയോജിതകൃഷി പ്രാവര്‍ത്തികമാക്കി വരുന്നു. കൃഷി-മത്സ്യം വളര്‍ത്തല്‍ കന്നുകാലിവളര്‍ത്തല്‍ മുതലായവ സ്ഥലാനുസൃതവിളകളുമായി സമന്വയിപ്പിക്കാം. നദികള്‍, കുളങ്ങള്‍, തോടുകള്‍, കായലുകള്‍, പാടങ്ങള്‍ മുതലായവ ഇതിനു പ്രയോജനപ്പെടുത്താം.

സംയോജിതകൃഷി വികസിപ്പിക്കാന്‍ വിവിധ സ്ഥലങ്ങളിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിക്കൊണ്ട്, മുന്‍ഗണനാക്രമത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങളും പദ്ധതി പ്രവര്‍ത്തനങ്ങളും അവലംബിക്കുകയും സുസ്ഥിര വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുകയും വേണം. Systems approach അവലംബിച്ച് പാരിസ്ഥിതിക പ്രശ്‌നങ്ങളും മൃഗസംരക്ഷണ ഘടകങ്ങളും പഠനവിധേയമാക്കണം. കന്നുകാലികളുടെ എണ്ണം, ജനുസ്സ്, പരിമിതികള്‍ സാധ്യതകള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവ ശ്രദ്ധയോടെ വിലയിരുത്തണം. ബാംഗ്ലൂരിലെ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സ് ഹെബ്ബാളില്‍ നടത്തിയ പഠനങ്ങളില്‍ സംയോജിതകൃഷിയില്‍ നിലനില്‍ക്കുന്ന ഉയര്‍ന്ന സ്ത്രീപങ്കാളിത്തം ഉത്പാദനവര്‍ദ്ധനവിനെ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ആദായം സുസ്ഥിരമാക്കാൻ സംയോജിത നാളികേര കൃഷി

നാളികേരത്തിന്‌ ഭേദപ്പെട്ട വില നിലവിലുള്ള സാഹചര്യത്തിൽ കേരകർഷകർക്ക്‌ ലഭിക്കുന്ന വരുമാനം മെച്ചപ്പെടുത്തുന്നതിനും വരുമാനസ്ഥിരത ഉറപ്പ്‌ വരുത്തുന്നതിനും വേണ്ട കാര്യങ്ങളെക്കുറിച്ച്‌ ചർച്ച ചെയ്യുകയാണ്‌ ഈ ലക്കം ഇന്ത്യൻ നാളികേര ജേണൽ. നാളികേര മൂല്യവർദ്ധനവിനുവേണ്ടി കർഷകർ ഏറ്റെടുക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ മുൻലക്കങ്ങളിൽ ചർച്ച ചെയ്യുകയുണ്ടായി. തെങ്ങുകൃഷിയിൽ വളരെ പ്രാധാന്യമുള്ളതും നമ്മുടെ മികച്ച കർഷകർക്ക്‌ അറിവുള്ളതമായ സംയോജിത നാളികേരകൃഷി  വരുമാന സ്ഥിരത നേടുന്നതിനുള്ള മുഖ്യ ഉപാധികളിൽ ഒന്നായി കാണുന്നു. അത്‌ വ്യാപകമാക്കേണ്ടത്‌ ആവശ്യമാണ്‌. ലഭ്യമായ ഭൂമിയുടെ വിസ്തൃതി വർദ്ധിക്കുന്നില്ല.  തലമുറ തോറും  കൈവശമുള്ള ഭൂമി വിഭജിക്കപ്പെടുകയും  ആളോഹരി കൃഷി ഭൂമിയുടെ ലഭ്യത ചുരുങ്ങി വരുകയും ചെയ്യുന്നു. അതിനാൽ കൈവശമുള്ള ഭൂമിയിൽ നിന്ന്‌ പരമാവധി വരുമാനം നേടുന്നതിന്‌ ഉതകുന്ന രീതികളും സംവിധാനങ്ങളും അവലംബിച്ചെങ്കിൽ മാത്രമേ തെങ്ങുകൃഷി  ആദായകരമാവൂ. ഭൂമി വാങ്ങി കൃഷി ആരംഭിക്കാൻ ഇന്ന്‌ കേരളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്തും കർഷകർക്ക്‌ സാധിക്കാത്ത സാഹചര്യമാണ്‌. തങ്ങളുടെ നിലവിലുള്ള കൃഷിഭൂമിയിൽ നിന്നു ലഭിക്കുന്ന വരുമാനമിച്ചം കൊണ്ട്‌ കൂടുതൽ കൃഷിഭൂമി വാങ്ങാൻ കഴിയുന്ന ഒരു വിളയും നിലവിൽ ഇല്ല എന്നുള്ളതാണ്‌ വാസ്തവം. മറ്റ്‌ മേഖലകളിൽ നിന്ന്‌ പണം സ്വരൂപിച്ച്‌ കൊണ്ടുവന്ന്‌ ഭൂമി വാങ്ങി കാർഷിക വൃത്തിയിലേക്ക്‌ വരുന്നവരുടെ അംഗസംഖ്യയും കുറഞ്ഞുവരുന്നു. ഇതര ധനാഗമ മാർഗ്ഗങ്ങൾ ഉള്ളവർ കഴിയുന്നത്ര  കൃഷിയെ അവഗണിക്കുന്ന കാലഘട്ടം കൂടിയാണിത്‌. ഉയരുന്ന ഉത്പാദനച്ചെലവ്‌, വിലയിലെ വൻ വ്യതിയാനങ്ങൾ, ലാഭക്ഷമമല്ലാത്ത വിപണി, ലാഭപ്രതീക്ഷയില്ലാത്ത വിളകൾ ഇതൊക്കെക്കൂടി ചേരുമ്പോൾ ഭൂമി വാങ്ങി കൃഷിയിൽ മുതൽമുടക്കാൻ തയ്യാറുള്ളവർ വിരളം. തൊഴിലാളികളുടെ ലഭ്യതക്കുറവും കാലാവസ്ഥാ വ്യതിയാനങ്ങളുമൊക്കെ ഇതിന്‌ ആക്കം കൂട്ടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ്‌ നാളികേര കൃഷിയുടെ മേഖലയിൽ ഇടവിളകൾ എന്ന ആശയത്തെ കാലാനുസൃതമായി നാം നോക്കികാണേണ്ടത്‌. ഇത്‌ സംബന്ധിച്ച്‌ വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും അനുഭവ സമ്പന്നരായ കർഷകരുടെ   ആശയങ്ങളും ഒരുമിച്ച്‌ പങ്കുവെയ്ക്കുക എന്നതാണ്‌ ഈ ലക്കത്തിന്റെ ഉദ്ദേശ്യം.

മറ്റേത്‌ തോട്ടവിളകളേയും അപേക്ഷിച്ച്‌ നാളികേര കൃഷിയിൽ  ഇടവിളകൾക്കും സംയോജിത കൃഷിക്കുമുള്ള സാദ്ധ്യതകൾ കൂടുതലാണ്‌. ഒരേക്കറിൽ വളരുന്ന ശരാശരി 70 തെങ്ങുകളുടെ പുതുവേരുകളിൽ 90 ശതമാനവും അവയുടെ ചുവട്ടിൽ നിന്ന്‌ 2 മീറ്റർ വ്യാസാർദ്ധത്തിനുള്ളിലാണ്‌ സ്ഥിതി ചെയ്യുക. ഇത്‌ കണക്കാക്കുമ്പോൾ കൃഷിഭൂമിയുടെ 22 ശതമാനം സ്ഥലം മാത്രമേ തെങ്ങുകൾ ഉപയോഗിക്കുന്നുള്ളൂ.  അതുപോലെ തന്നെ കൃഷിഭൂമിയിൽ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ കേവലം 40 ശതമാനത്തിൽ താഴെയും ഉപയോഗപ്രദമായ ജലത്തിന്റെ 20 ശതമാനത്തിൽ താഴെയും മാത്രമേ തെങ്ങിന്‌ ആവശ്യമുള്ളൂ. മണ്ണ്‌, സൂര്യപ്രകാശം,ജലം എന്നീ മൂന്ന്‌ അടിസ്ഥാന ഘടകങ്ങൾ ഇത്രയധികം മിച്ചമുള്ള തെങ്ങിൻ തോട്ടത്തിൽ ദീർഘകാല - ഹ്രസ്വകാല ഇടവിളകളും വാർഷിക, സീസണൽ ഇടവിളകളും ഒരേപോലെ കൃഷി ചെയ്യാവുന്ന ബഹുതല ബഹുവിള സമ്പ്രദായം അവലംബിക്കുന്ന നിരവധി കർഷകർ ഇന്നുണ്ട്‌.  നാളികേര വികസന ബോർഡും കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനവും കാർഷിക സർവ്വകലാശാലയും ഇത്തരം കാര്യങ്ങളിൽ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്‌. വളരെ അനുകൂല ഫലമാണ്‌ സംയോജിത കൃഷി രീതിയിലൂടെ കർഷകർക്ക്‌ ലഭ്യമാകുന്നത്‌ എന്നാണ്‌ ഈ പഠനങ്ങളിൽ തെളിയിച്ചിട്ടുള്ളത്‌. നല്ലപങ്ക്‌ കേരകർഷകരും ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര താൽപര്യം എടുക്കാത്തതിന്റെ കാരണമെന്ത്‌? പ്രദർശന കൃഷിയിടം പോലുള്ള പദ്ധതികളിലൂടെ മാതൃക കൃഷിത്തോട്ടങ്ങൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ വികസിപ്പിച്ചെടുക്കുന്ന രീതി നാളികേര വികസന ബോർഡ്‌ നടപ്പാക്കിയിട്ടുണ്ട്‌. സംസ്ഥാന കൃഷി വകുപ്പും ഇതിന്‌ മുൻകൈ എടുത്തിട്ടുണ്ട്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളിലും ഇത്തരം പദ്ധതികൾ കാണുന്നു. പക്ഷേ ഇത്‌ പ്രവൃത്തി പഥത്തിലേക്ക്‌ കൊണ്ടുവന്ന്‌ വിജയം കാണുന്നതിന്‌ നമുക്ക്‌ ഇനിയും കൂട്ടായി യത്നിക്കേണ്ടിയിരിക്കുന്നു. 
നാളികേര വികസന ബോർഡിന്റെയും കേന്ദ്ര, സംസ്ഥാന, തദ്ദേശ ഗവണ്‍മന്റുകളുടെയും പദ്ധതികൾ തെങ്ങുകൃഷിയിടങ്ങളിലേക്ക്‌ ഏകോപിപ്പിച്ചാൽ തെങ്ങുകർഷകർക്ക്‌ മാത്രമല്ല സംസ്ഥാനത്തിനും പച്ചക്കറി,ഫലവർഗ്ഗങ്ങൾ, ക്ഷീരോത്പാദനം എന്നീ രംഗങ്ങളിൽ കുറവ്‌ അനുഭവിക്കുന്ന കേരള സമൂഹത്തിനും വലിയ അനുഗ്രഹമായിരിക്കും. ബഹുവിള രീതിയിൽ കൃഷി ചെയ്യുന്ന തോട്ടങ്ങളിൽ ഒരുപക്ഷേ നാളികേരവില കുറഞ്ഞാലും മറ്റുൽപന്നങ്ങളിൽ നിന്നും ലഭിക്കുന്ന ആദായം കർഷകരെ സംബന്ധിച്ചിടത്തോളം സ്ഥിരവരുമാനത്തിന്റെ ഘട്ടത്തിലേക്ക്‌ കടക്കുന്നതിന്‌ സഹായകരമാണ്‌.  തമിഴ്‌നാട്ടിലെ നിരവധി കർഷകർ മാതൃക കൃഷിയിട പദ്ധതി പ്രകാരം തെങ്ങിന്‌ ഇടവിളയായി ജാതിയും കൊക്കോയും കൃഷി ചെയ്യുകയുണ്ടായി. വർഷങ്ങൾക്ക്‌ മുൻപ്‌ ഇത്തരം ഇടവിളക്കൃഷിയെ പ്രോത്സാഹിപ്പിച്ചപ്പോൾ  പൊള്ളാച്ചിയിലും ഉടുമൽപേട്ടയിലുമുള്ള കർഷകർ പോലും സംശയത്തോടെയാണ്‌ അതിനെക്കണ്ടിരുന്നത്‌. തെങ്ങിന്റെ ഉത്പാദനം അത്രയും കുറഞ്ഞുപോകില്ലേ എന്നതായിരുന്നു അവരുടെ ആശങ്ക. പക്ഷേ, 2013ൽ നിരവധി കർഷകർ  നാളികേര വികസന ബോർഡിൽ നേരിട്ടെത്തി, തങ്ങളുടെ തോട്ടത്തിൽ തെങ്ങിൽ നിന്നുള്ള വരുമാനത്തിന്റെ രണ്ടും മൂന്നും മടങ്ങ്‌ ജാതിയിൽ നിന്നും രണ്ട്‌ മടങ്ങുവരെ കൊക്കോയിൽ നിന്നും വരുമാനം ലഭിച്ചു എന്ന സാക്ഷ്യം നൽകുകയുണ്ടായി. 2013 എന്നത്‌ നാളികേരത്തിന്‌ ഏറ്റവും വിലയിടിഞ്ഞ കാലവും ആഗോളതലത്തിലും ഇന്ത്യയിലും ജാതിക്കക്ക്‌ ഏറ്റവും മികച്ച വില ലഭിച്ച കാലവും കൊക്കോയ്ക്ക്‌ കഴിഞ്ഞ 10 വർഷമായി സ്ഥിരവിലയുള്ള കാലവുമായിരുന്നു. മൂന്ന്‌ പ്രധാന വിളകളിൽ ഒന്നിന്‌ ബംമ്പർ വിലയും  മറ്റൊന്നിന്‌ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ വിലയും മറ്റൊന്നിന്‌ സ്ഥിരവിലയും ലഭിക്കുന്നു. മൊത്തത്തിൽ തരക്കേടില്ലാത്ത ആദായം. ഇതിനിടയിൽ പൈനാപ്പിളും പച്ചക്കറികളും പുൽകൃഷിയും  കൂടി ചെയ്യുന്ന കർഷകരുമുണ്ട്‌. ക്ഷീരവികസനത്തിനുവേണ്ടി പുൽക്കൃഷി നടത്തുന്നതിനാൽ  ഉപോൽപന്നമായ ബയോഗ്യാസ്‌ സ്ലറി ഉപയോഗിച്ച്‌  മണ്ണിന്റെ ഫലപുഷ്ടി വർദ്ധിപ്പിച്ച്‌ അടുത്തപടിയായി ജൈവകൃഷിയിലേക്ക്‌ തിരിയുകയും ചെയ്ത  കേരകർഷകർ കേരളത്തിലും ധാരാളമുണ്ട്‌. 
ബഹുവിള സംയോജിത കൃഷി എന്നാൽ മണ്ണും സൂര്യപ്രകാശവും ജലവും പരമാവധി ഉപയോഗപ്പെടുത്തി കർഷകർക്കും മണ്ണിനും വിളകൾക്കും അനുകൂലമായ  വ്യവസ്ഥ രൂപപ്പെടുത്തുക എന്നതാണ്‌. മിശ്ര വിള, ബഹുവിള രീതി പൈന്തുടരുന്ന തെങ്ങിൻതോട്ടത്തിൽ സ്വഭാവികമായും ഏകവിള സമ്പ്രദായത്തിൽ തെങ്ങുകൃഷി ചെയ്യുന്നതിനേക്കാൾ മണ്ണിന്റെ ഫലപുഷ്ടിയും ജൈവസാന്നിദ്ധ്യവും വിളലഭ്യതയും കൂടുന്നതായി കാണുന്നുണ്ട്‌.  ചെറുകിട നാമമാത്ര കർഷകരും ചിന്നിച്ചിതറിക്കിടക്കുന്ന  തെങ്ങിൻ തോപ്പുകളുമാണ്‌ കേരളത്തിലെ തെങ്ങുകൃഷിയുടെ ചിത്രം. അതുകൊണ്ട്‌ മറ്റ്‌ വിളകൾ ഇടവിളയായി കൃഷി ചെയ്യുന്നതിനെക്കുറിച്ച്‌ നമുക്ക്‌ ചിന്തിക്കുവാൻ സാധിച്ചിരുന്നില്ല.  ചില കർഷക കൂട്ടായ്മകളുടെ യോഗത്തിൽ അവരുടെ സ്ഥലത്ത്‌ തെങ്ങിനേക്കാൾ കൂടുതൽ വിഷക്കായകൾ വളരുന്ന ചെടികൾ വളരുന്നതെന്ത്‌ എന്ന്‌ ചോദിച്ചപ്പോൾ നഞ്ച്‌ കലക്കുവാൻ കായലുകളിലും പുഴയിറമ്പുകളിലും ഇതിന്‌ ആവശ്യമുണ്ട്‌ എന്ന ആലസ്യത്തോടെയുള്ള മറുപടിയാണ്‌ ലഭിച്ചതു. കൈവശമിരിക്കുന്ന ഭൂമിയുടെ യഥാർത്ഥമൂല്യവും അതിൽ നിന്ന്‌ ലഭ്യമാക്കാവുന്ന യഥാർത്ഥവരുമാനവും പലരും അറിയുന്നില്ല. ഇവിടെയാണ്‌ നമ്മുടെ തൃത്താല കർഷക കൂട്ടായ്മകൾ മുഖ്യപങ്ക്‌ വഹിക്കേണ്ടത്‌.  2014 വർഷം കേന്ദ്രസർക്കാർ ഇയർ ഓഫ്‌ ഫാർമർ പ്രോഡ്യൂസേഴ്സ്‌  ഓർഗനൈസേഷൻ - കർഷകരുടെ കൂട്ടായ്മകളുടെ വർഷം - ആയി ആചരിക്കുമ്പോൾ ഏറ്റവും ഉചിതമായി കേരകർഷകർക്ക്‌ ഏറ്റെടുക്കാവുന്ന വിഷയമാണ്‌ കൂട്ടായ്മകളിലൂടെ  പരമാവധി സംയോജിത നാളികേര കൃഷി പ്രോത്സാഹിപ്പിക്കുക എന്നുള്ളത്‌.
ഇതിനുള്ള മാതൃകകൾ ഓരോ ജില്ലയിലും  നാളികേരോത്പാദക സംഘങ്ങളും  ഫെഡറേഷനുകളും കണ്ടെത്തുകയും അവരെ സമൂഹത്തിന്‌ പരിചയപ്പെടുത്തുകയും വേണം. ഈ തോട്ടങ്ങളിലെ പ്രായോഗിക അനുഭവങ്ങൾ മറ്റുള്ളവർക്കും പ്രചോദനമാകണം. ഇത്തരം അഞ്ചോ പത്തോ മാതൃകകൾ ഓരോ ജില്ലയിലും നമുക്ക്‌ ഉണ്ടാവണം. കേരളത്തിൽ ദൗർലഭ്യം നേരിടുന്ന പച്ചക്കറിയിനങ്ങളും, പാലും ഉത്പാദിപ്പിക്കുന്നതിന്‌ തെങ്ങിൻതോപ്പുകൾ ഒരു പരീക്ഷണശാലയായി മറ്റിക്കൂടെ? നിലവിൽ തെങ്ങുകൃഷി ചെയ്യുന്ന ഭൂമിയുടെ നാലിലൊന്നെങ്കിലും ഇടവിളയായി പച്ചക്കറികൾക്കായി മാറ്റിവെയ്ക്കാൻ കഴിഞ്ഞാൽ, കുറെ സ്ഥലത്തെങ്കിലും കൊക്കൊയും ഇടവിളയായി കൃഷി ചെയ്യാൻ കഴിഞ്ഞാൽ, തീറ്റപ്പുൽ വളർത്തുന്നതിൽ അൽപ്പം കൂടി ശ്രദ്ധകൊടുക്കുവാൻ കഴിഞ്ഞാൽ, നമ്മുടെ ഗ്രാമീണ സമ്പട്‌ ഘടന വളരുക മാത്രമല്ല, സുരക്ഷിതമായ പച്ചക്കറികളും പഴവർഗ്ഗങ്ങളും നമുക്കിവിടെ ലഭ്യമാക്കാനും കഴിയും. തനിയെ ശ്രമിച്ചാൽ അതു വിഷമമാണ്‌. പക്ഷേ, കർഷക കൂട്ടായ്മകൾക്ക്‌ മുൻകൂട്ടി ആസുത്രണം ചെയ്ത്‌ തയ്യാറെടുത്ത്‌ വിത്തുകൾ ശേഖരിച്ച്‌ വിഎഫ്പിസികെ, ഹോർട്ടികോർപ്പ്‌ തുടങ്ങിയ സർക്കാർ സംവിധാനങ്ങളുമായി ചേർന്ന്‌  വിൽപനയ്ക്കുകൂടിയുള്ള സംവിധാനം ആവിഷ്ക്കരിച്ചാൽ കൂടുതൽ ഗുണകരമാവും എന്നതിൽ സംശയമില്ല. പലപ്പോഴും കർഷകരെ സംബന്ധിച്ചിടത്തോളം കൃഷി ചെയ്യുന്നതിലല്ല, മറിച്ച്‌ വിപണനം നടത്തുന്നതിലാണ്‌  പരാജയം സഭവിക്കുന്നത്‌.  വിപണിയുടെ ചാഞ്ചാട്ടങ്ങളിൽ അവർക്ക്‌ പലപ്പോഴും ലാഭകരവും ന്യായവുമായ വില ലഭിക്കാറുമില്ല.  മുൻകൂട്ടി ആസൂത്രണം ചെയ്ത്‌ സമയബന്ധിതമായി വിളവെടുത്താൽ വിലകുറഞ്ഞ അവസരങ്ങളിൽ വിളയുടെ ലഭ്യത കുറച്ച്‌ വർഷം മുഴുവൻ മികച്ച വില ലഭിക്കുന്ന ഒരു സാഹചര്യം ഉണ്ടാക്കുവാൻ കഴിയും. പരസ്പരം ആലോചിച്ച്‌ ആസൂത്രണം ചെയ്ത്‌ ഇന്നത്തെ ആധുനിക കാർഷിക സങ്കേതങ്ങളും വിവരസാങ്കേതിക വിദ്യയും  പ്രയോജനപ്പെടുത്തി കേരളത്തിലെ ഓരോ ജില്ലയിൽ നിന്നും ഉത്പാദിപ്പിക്കുവാൻ കഴിയുന്ന പച്ചക്കറികളും അവയുടെ അളവും കൃത്യമായി പ്രവചിക്കാൻ പോലും സാധിക്കും. ഈ രംഗത്ത്‌ നമ്മുടെ ഉത്പാദക കമ്പനികൾക്കും ഫെഡറേഷനുകൾക്കും സംഘങ്ങൾക്കും വലിയൊരു പങ്ക്‌ ഉണ്ട്‌. വിലസ്ഥിരതയ്ക്കും വരുമാനസ്ഥിരതയ്ക്കുമുള്ള മാർഗ്ഗങ്ങളിലൊന്നായി ഇത്തരം ഇടവിള കൃഷിയെ നമുക്ക്‌ കാണുവാൻ കഴിയണം. ഇതിനു വേണ്ടത്‌ മികച്ചയിനം വിത്തുകളും തൈകളുമാണ്‌. നമ്മുടെ ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും മികച്ച തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ച്‌ ചർച്ച ചെയ്തിരുന്നു. അത്തരം നഴ്സറികളിൽ ഇടവിളക്കൃഷിക്കും സംയോജിതകൃഷിക്കും ആവശ്യമായ മറ്റ്‌ നടീൽവസ്തുക്കൾ കൂടി ഉത്പാദിപ്പിക്കാൻ കഴിഞ്ഞാലോ? അതും വരുമാനമാർഗ്ഗമായി നമ്മുടെകർഷക കൂട്ടായ്മകൾക്ക്‌ മാറ്റിയെടുക്കുവാൻ സാധിക്കില്ലേ?

നാളികേര മേഖലയിൽ ഗുണമേന്മ കൂടിയ, ഉത്പാദനക്ഷമത (ഉത്പാദനക്ഷമതയെന്നാൽ കേവലം നാളികേരത്തിന്റെ മാത്രമല്ല കരിക്കിന്റെ ഉത്പാദനവും നീരയുടെ ഉത്പാദനവും ഒരുപോലെ) വർദ്ധിപ്പിക്കാൻ കഴിയുന്ന മികച്ചയിനം തെങ്ങിൻ തൈകളുടെ ഉത്പാദനം വളരെ പരിമിതമാണിന്ന്‌. കാൽനൂറ്റാണ്ടായി തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നതിന്‌ ടിഷ്യുകൾച്ചർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള ഗവേഷണങ്ങൾ ചെറിയ തോതിൽ നടക്കുന്നുണ്ടെങ്കിലും ഇതുവരെയും ഇക്കാര്യത്തിൽ വലിയ മുന്നേറ്റം സാദ്ധ്യമായിട്ടില്ല. നാളികേര വികസന ബോർഡിന്റെ നേതൃത്വത്തിൽ സിപിസിആർഐ, ഐസിഎആർ, ഡിപ്പാർട്ടുമന്റ്‌ ഓഫ്‌ ബയോടെക്നോളജി (ഡിബിടി) ആകഞ്ഞഅഇ എന്നീ സ്ഥാപനങ്ങളുമായി കൈകോർത്തുകൊണ്ട്‌ ഈ മേഖലയിൽ നാമൊരു വലിയ മുന്നേറ്റം സൃഷ്ടിക്കേണ്ടതുണ്ട്‌ എന്ന കാര്യത്തിൽ സംശയമില്ല. തീർച്ചയായും ഇക്കാര്യത്തിലും നാളികേര വികസന ബോർഡ്‌ മുൻകൈ എടുക്കുകയാണ്‌. ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച്‌ അസിസ്റ്റന്റ്‌ കൗൺസിൽ  (ആകഞ്ഞഅഇ) ഡിപ്പാർട്ടുമന്റ്‌ ഓഫ്‌ ബയോടെക്നോളജി എന്നിവ ടിഷ്യുകൾച്ചർ സാങ്കേതിക വിദ്യവികസിപ്പിക്കുന്നതിന്‌ കർഷകർക്കും കർഷക കൂട്ടായ്മകൾക്കും വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കുപോലും ഇപ്പോൾ സാമ്പത്തിക സഹായം ചെയ്യുന്നുണ്ട്‌. നമ്മുടെ അടുത്ത അഞ്ച്‌ വർഷക്കാലത്തെ ലക്ഷ്യം ലോകത്തിൽ ലഭ്യമായ ഏറ്റവും മികച്ച ടിഷ്യുകൾച്ചർ സാങ്കേതിക വിദ്യയിലൂടെ ഏറ്റവും മികച്ച തെങ്ങിൽ നിന്ന്‌ അതിന്റെ സമാനഗുണങ്ങളുള്ള  ലക്ഷക്കണക്കിന്‌ തൈകൾ ഉത്പാദിപ്പിക്കുവാൻ കഴിയുമോ എന്നതാണ്‌. തെങ്ങിന്റെ ചങ്ങാതിക്കൂട്ടവും ഉത്പാദക കൂട്ടായ്മകളും നീരയ്ക്കുവേണ്ടി നാം ഏറ്റെടുത്ത പ്രവർത്തനങ്ങളും പോലെ തന്നെ  ടിഷ്യുകൾച്ചർ തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നതിനുള്ള പരിശ്രമവും നാളികേര ബോർഡ്‌ മുന്നോട്ടുവെയ്ക്കുകയാണ്‌. ഇത്തരത്തിലുള്ള തെങ്ങിൻ തൈകൾ നാളികേര കൃഷിക്കു മാത്രമല്ല, നാടിന്റെ സമ്പട്‌ വ്യവസ്ഥയ്ക്കും വലിയൊരു വാഗ്ദാനമായിരിക്കും. 
സംയോജിത നാളികേര കൃഷിയുടെ അടുത്തപടിയാണ്‌ സുരക്ഷിത ഭക്ഷണവും, പരിസ്ഥിതി സൗഹൃദ കൃഷിയും  ഈ രണ്ട്‌ മേഖലകളിലും നമ്മുടെ കർഷക കൂട്ടായ്മകൾ വേണ്ടത്ര ശ്രദ്ധ ചെലുത്തി മുന്നേറണമെന്ന്‌ കൂടി അഭ്യർത്ഥിക്കുന്നു. 
നാളികേര വികസന ബോർഡിന്റേയും കർഷക കൂട്ടായ്മകളുടേയും നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ കൂടി അറിയിക്കട്ടെ. നീര മാസ്റ്റർ ടെക്നീഷ്യന്മാർക്കുള്ള പരിശീലനം ആലുവയിലും കളമശ്ശേരിയിലുമായി തുടരുന്നു.  തെങ്ങിന്റെ കൂടുതൽ ചങ്ങാതിമാരെ കണ്ടെത്തി പരിശീലനം ലഭ്യമാക്കുന്നതിന്‌  ശ്രദ്ധിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു. നീര ടാപ്പിംഗിന്‌  അനുമതി ലഭിച്ച 17 ഫെഡറേഷനുകളിൽ തെങ്ങിന്റെ മാർക്കിംഗ്‌ നടന്നുവരുന്നു.  ബാക്കിയുള്ള 156 ഫെഡറേഷനുകൾക്കും ലൈസൻസ്‌ നൽകുവാൻ മാർച്ച്‌ 5 ന്റെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നെങ്കിലും തെരഞ്ഞടുപ്പ്‌ പെരുമാറ്റച്ചട്ടം മൂലം സർക്കാർ ഉത്തരവ്‌ ഇറങ്ങിയിരുന്നില്ല; അതും മെയ്‌ രണ്ടാം പകുതിയോടെ ഇറങ്ങിക്കഴിഞ്ഞു. ഫെഡറേഷനുകൾ നീര ടാപ്പിംഗിനായി തെങ്ങുകൾ മാർക്ക്‌ ചെയ്യുന്ന നടപടി വേഗത്തിൽ പൂർത്തിയാക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു. 12 ഉത്പാദക കമ്പനികളും അവരുടെ പ്രോജക്ടുകൾ നാളികേര വികസന ബോർഡിൽ സമർപ്പിക്കുകയും,  ബോർഡിന്റെ ടെക്നോളജി മിഷൻ ഓൺ കോക്കനട്ട്‌ പ്രോജക്ട്‌ അപ്രോ‍ാവൽ കമ്മറ്റി ഈ പദ്ധതികൾ സസൂഷ്മം പഠിച്ച്‌ അർഹതയ്ക്കനുസരിച്ചുള്ള സബ്സിഡി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്‌. കേരളത്തിൽ ആദ്യത്തെ നീര സംസ്ക്കരണ പ്ലാന്റിന്റെ ശിലാസ്ഥാപനം കൊല്ലം ജില്ലയിലെ കൈപ്പുഴയിൽ മെയ്മാസം 19-ന്‌ നടന്നുകഴിഞ്ഞു.  മറ്റ്‌ 11 ഉത്പാദക കമ്പനികളും മത്സര ബുദ്ധിയോടെ പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ടുകൊണ്ടുപോകണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

ചൊരിമണലിലെ സംയോജിത കൃഷി വിജയം


ആലപ്പുഴ ജില്ലയിലെ ചൊരിമണൽ ഗ്രാമങ്ങളിലൊന്നായ കഞ്ഞിക്കുഴിയിൽ കൂട്ടായ്മയോടെ നടപ്പാക്കിയ കേരഗ്രാമം പദ്ധതിയും കുരുമുളക്‌, കുറ്റിമുല്ല, പച്ചക്കറി വിജയഗാഥകളും പ്രസിദ്ധി നേടിയിട്ടുള്ളതാണ്‌. കഠിനാദ്ധ്വാനികളും സ്ഥിരോത്സാഹികളുമായ ഒട്ടേറെപ്പേർ ഈ കാർഷിക മുന്നേറ്റത്തിന്‌ കാരണക്കാരായിട്ടുണ്ട്‌. നാളികേര വികസന ബോർഡ്‌ നടപ്പാക്കിയ നാളികേരക്ലസ്റ്റർ പദ്ധതിയിൽ അരഡസൻ ക്ലസ്റ്ററുകൾ ഈ പഞ്ചായത്തിൽത്തന്നെയായിരുന്നു. നാളികേര സ്വാശ്രയ ഗ്രൂപ്പുകൾ രൂപീകരിച്ചവയിൽ അഞ്ചുഗ്രൂപ്പുകൾ ഇപ്പോഴും പ്രവർത്തിക്കുന്നു. ഒടുവിൽ നാളികേര വികസന ബോർഡിന്റേയും കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്തിന്റേയും മാർഗ്ഗനിർദ്ദേശങ്ങളോടെ പതിനേഴ്‌ വാർഡുകളിലായി 22 നാളികേര ഉത്പാദക സംഘങ്ങളും പ്രവർത്തിക്കുന്നു. രണ്ട്‌ നാളികേര ഉത്പാദക ഫെഡറേഷനുകളും രൂപീകരിച്ചു ബോർഡിന്റെ അംഗീകാരം നേടിക്കഴിഞ്ഞു. വിവിധ പദ്ധതികളിലൂടെയും പരീക്ഷണങ്ങളിലൂടെയും ചൊരിമണൽ ഗ്രാമത്തിലെ കേരകർഷകർ ഇടവിള കൃഷിയിലും സമ്മിശ്രകൃഷിയിലും സംയോജിത കൃഷിയിലും കാര്യമായ പുരോഗതിതന്നെ നേടിയിട്ടുണ്ട്‌. നാമമാത്ര കർഷകനായ എസ്‌. എൽ. പുരം ഭാരതീസദനത്തിൽ ഹരിദാസിന്റെ കൃഷിയിടം തന്നെ അതിന്‌ ഒരു ഉദാഹരണമാണ്‌.

മുപ്പത്തിരണ്ട്‌ വർഷം മുമ്പ്‌ പട്ടാളത്തിൽ നിന്നും വിരമിച്ച്‌ നാട്ടിലെത്തുമ്പോൾ കയ്യിലുണ്ടായിരുന്ന സമ്പാദ്യം കൊണ്ട്‌ എഴുപതുസെന്റ്‌ വെളിസ്ഥലം സ്വന്തമാക്കി. ഏതാനും പാഴ്മരങ്ങളും കുറ്റിക്കാടുകളും മാത്രമുണ്ടായിരുന്ന ഒരു കൊച്ചുമണൽക്കാടായിരുന്നു തന്റെ ഭൂമിയെന്ന്‌ ഹരിദാസ്‌ പറയുന്നു. പഞ്ചാബിലും മറ്റും ജോലിനോക്കിയിരുന്ന കാലത്ത്‌ അവിടെയുള്ള കൃഷികളേയും കൃഷിക്കാരേയും കുറിച്ച്‌ നന്നായി മനസിലാക്കിയിരുന്നു. അതുകൊണ്ട്‌ തന്നെ നാട്ടിലെത്തി ഭൂമി സ്വന്തമാക്കിയതോടെ കൃഷി ചെയ്യാനുള്ള ഉത്സാഹത്തിലായി. അക്കാലത്ത്‌ കറപ്പുറത്തെ കൃഷിക്കാർ ചെയ്യുന്നത്‌ അനുകരിച്ച്‌ അമ്പതിലേറെ തെങ്ങിൻ തൈകൾ ഹരിദാസും നട്ട്‌ വളർത്തി. ഗുണമേന്മയുള്ള തൈകളുടെ ലഭ്യതയെക്കുറിച്ച്‌ അന്ന്‌ അറിവില്ല. കിട്ടിയ ഇടത്തുനിന്നെല്ലാം തെങ്ങിൻ തൈകൾ സംഘടിപ്പിക്കുകയായിരുന്നു. തന്റെ പ്രയത്നഫലമായി തൈകളെല്ലാം വളർന്നു വലുതായെങ്കിലും പ്രതീക്ഷിച്ചത്ര ഫലം നേടാനായില്ലെന്ന്‌ ഹരിദാസ്‌ നിരാശയോടെ ഓർമ്മിക്കുന്നു. ചെമ്പൻ ചെല്ലിയും കൊമ്പൻ ചെല്ലിയും കാറ്റുവീഴ്ചയുമൊക്കെ കടന്നുവന്ന്‌ ആദായംതരുന്ന തെങ്ങുകളെതന്നെ ഇല്ലാതാക്കിയത്‌ കൂടുതൽ വേദനിപ്പിച്ചു.
തെങ്ങുകൾ കുറഞ്ഞുവന്നപ്പോൾ ആദായത്തിനായി മറ്റ്‌ ഇടവിളകളെക്കുറിച്ചുള്ള അന്വേഷണമാണ്‌ കുരുമുളകുകൃഷിയിൽ എത്തിച്ചതു. അവിടവിടെയായി നിന്ന മരങ്ങളിലും തെങ്ങുകളിലും എന്തിന്‌ ശീമക്കൊന്ന മരങ്ങളിൽപ്പോലും കുരുമുളക്‌ വള്ളികൾ പടർത്തി. രണ്ടുക്വിന്റൽവരെ കുരുമുളക്‌ ഉത്പാദിപ്പിച്ചപ്പോൾ കൃഷിയിൽ വിജയം കണ്ടെത്താമെന്ന ആത്മവിശ്വാസം ഈ കർഷകനിൽ വർദ്ധിച്ചു. കേരളത്തിലെ ആദ്യത്തെ കേരകർഷക കൂട്ടായ്മയായ പൊന്നിട്ടുശ്ശേരി ഫാർമേഴ്സ്‌ ക്ലബ്ബിന്റെ പ്രവർത്തനം വന്നതോടെ കേടുവന്ന തെങ്ങുകൾ വെട്ടിമാറ്റാനും പകരം കുറച്ച്‌ നല്ല തൈകൾ നട്ടുപിടിപ്പിക്കാനും സാധിച്ചു. ഇടവിളയായി പച്ചക്കറികളും കൃഷി ചെയ്തു. ജൈവവളങ്ങൾ സ്വന്തമായി ഉത്പാദിപ്പിക്കാനുള്ള ആഗ്രഹം കൊണ്ടാണ്‌ നല്ലയിനം പശുക്കളെ വാങ്ങിയത്‌. ക്രമേണ ഇടവിള കൃഷികൾ വ്യാപിച്ചു. എല്ലാവിധ കിഴങ്ങുവർഗ്ഗങ്ങളും കൃഷിചെയ്തു. ചേമ്പും ചേനയും കാച്ചിലും മരച്ചീനിയും ഹരിദാസിന്‌ കൂടുതൽ പ്രിയപ്പെട്ട കൃഷികളായി. തെങ്ങുകളുടെ എണ്ണം നിയന്ത്രിച്ചതിനാൽ ഇടവിളകൾ നന്നായി വളർന്നു. പാവലും പടവലവും, പയറും പീച്ചിലും ഇവിടെ സ്ഥിരം കൃഷികളായി. വിവിധതരം വഴുതനകളും മുളകും വരെ ആദായം തരുന്ന കൃഷികൾ. തൊഴുത്തിലെ വളങ്ങളും പച്ചിലകളും കരിയിലയും പായലും ചാരവും ഒപ്പം രാസവളങ്ങളും ഉപയോഗിച്ചാണ്‌ അന്ന്‌ കൃഷിചെയ്തിരുന്നത്‌. ഉള്ള ഭൂമിയിൽ ഒത്തിരി വിളകൾ കൃഷിചെയ്ത്‌ നേടിയ വിജയം ഹരിദാസിനും കുടുംബത്തിനും ആശ്വാസം പകർന്നിരുന്നു. ഒരു പട്ടാളക്കാരന്റെ പെൻഷൻ തുകകൊണ്ട്‌ ഭാര്യയും രണ്ട്‌ പെൺമക്കളും അമ്മയും ഉൾപ്പെട്ട കുടുംബത്തിന്‌ മുന്നോട്ടുപോകുവാൻ പ്രയാസമായിരുന്നു. കൃഷിയിലൂടെ നേടിയ വരുമാനമാണ്‌ കുടുംബം പുലർത്താനും കുട്ടികളുട വിദ്യാഭ്യാസത്തിനും സഹായിച്ചതെന്ന്‌ ഈ നാമമാത്ര കർഷകൻ സമ്മതിക്കുന്നു.
"കൃഷിപ്പണികളെല്ലാം ഞാൻ തന്നെ ചെയ്യും. ഭാര്യ പങ്കജവും സഹായിക്കും. ചെറിയ കുട്ടികളായിരുന്നപ്പോൾ തന്നെ എന്റെ രണ്ട്‌ പെൺമക്കളും എന്നെ സഹായിച്ചിരുന്നു. കുരുമുളകായിരുന്നു എനിക്ക്‌ സംതൃപ്തി നൽകിയ ആദ്യത്തെ കൃഷി. വാട്ടം വന്ന്‌ കുറെ ചെടികൾ പോയെങ്കിലും ഇപ്പോഴും അമ്പതുമരങ്ങളിൽ കുരുമുളക്‌ നന്നായിട്ടുണ്ട്‌. തെങ്ങിന്റെ കാര്യത്തിൽ ആദ്യമൊക്കെ വിചാരിച്ച നേട്ടങ്ങളുണ്ടായില്ല. ഇപ്പോൾ പുതിയ ഇനങ്ങൾ കൃഷിചെയ്തിട്ടുണ്ട്‌.നല്ല വിളവ്‌ ലഭിച്ചുതുടങ്ങുന്നുമുണ്ട്‌. പച്ചക്കറികളും, കിഴങ്ങുകൃഷിയും, വെറ്റിലയും വാഴയുമൊക്കെ ആദായം തരുന്നുണ്ട്‌. ആദ്യമൊക്കെ രാസവളങ്ങളും മരുന്നുമൊക്കെ കാര്യമായി ഉപയോഗിച്ചിട്ടുണ്ട്‌. എന്നാൽ ഇവയെല്ലാം കുറച്ച്‌ ജൈവകൃഷിയിലേയ്ക്ക്‌ വന്നു. ഇപ്പോൾ സുഭാഷ്‌ പലേക്കറുടെ സീറോ ബജറ്റ്‌ കൃഷിയും പരീക്ഷിക്കുന്നുണ്ട്‌."
ജഴ്സി ഇനത്തിൽപ്പെട്ട രണ്ടു പശുക്കൾ ഹരിദാസിന്റെ തൊഴുത്തിലുണ്ട്‌. അവയ്ക്ക്‌ നൽകാൻ ആവശ്യമായ പച്ചപ്പുല്ലിന്റെ ണല്ലോരുപങ്കും പുരയിടത്തിൽത്തന്നെ കൃഷിചെയ്തിരിക്കുന്നു. അതിരുകളിലും മതിലിനോടുചേർന്നും മികച്ചയിനം പുല്ലുകൾ തഴച്ചുവളരുന്നു. പശുത്തൊഴുത്തിലെ ചാണകവും മൂത്രവും മറ്റും ശേഖരിച്ച്‌ കമ്പോസ്റ്റ്‌ വളവും ജീവാമൃതവും തയ്യാറാക്കുന്നുണ്ട്‌. തള്ളയും പിള്ളയുമായി പതിനഞ്ചിലേറെ ആടുകളുമുണ്ട്‌. വിവിധതരം കോഴികളുടെ എണ്ണം ഇരുപതിലേറെയുണ്ട്‌. മുട്ടയിടുന്ന പന്ത്രണ്ട്‌ താറാവുകളുമുണ്ട്‌. അവയുടെ പാലും മുട്ടയും മാത്രമല്ല അവ തരുന്ന ജൈവ വളങ്ങളാണ്‌ തന്റെ ഭൂമിയെ സംരക്ഷിക്കുന്നതെന്ന്‌ ഹരിദാസ്‌ പറയുന്നു.
"ഒരു പൈസയുടെ വളം പോലും ഇന്ന്‌ ഞാൻ പുറമെ നിന്നും വാങ്ങുന്നില്ല. പറമ്പിലെ മുഴുവൻ കളച്ചെടികളും കരിയിലയും ശീമക്കൊന്നയിലയുമെല്ലാം ശേഖരിച്ച്‌ ഓരോന്നിന്റേയും ചുവട്ടിൽ വയ്ക്കും. ചാണകവും ഗോമൂത്രവും പയർപൊടിയും ശർക്കരയും ഒരുപിടിമണ്ണും ചേർത്ത്‌ ജീവാമൃതമുണ്ടാക്കി തെങ്ങിനും വാഴയ്ക്കും പച്ചക്കറികൾക്കും കുരുമുളകിനുമൊക്കെ നൽകും. പലേക്കർജി പറയുംപോലെ നാടൻ പശു ഇല്ലെന്നേയുള്ളു. ജീവാമൃതമുണ്ടാക്കാൻ ഞാൻ കൂടുതൽ ചാണകവും ഗോമൂത്രവും ഉപയോഗിക്കും."
രണ്ടുവർഷമായി ജീവാമൃതം നൽകിപ്പോരുന്ന തൈത്തെങ്ങുകളെ ചൂണ്ടിക്കാട്ടിക്കൊണ്ട്‌ ഹരിദാസ്‌ പറഞ്ഞു.
"ഡി ഃ ടി ഇനത്തിൽപ്പെട്ട തെങ്ങുകളാണ്‌. രണ്ടുവർഷമായി ജീവാമൃതം ഒഴിക്കുന്നുണ്ട്‌. അതിന്റെ ഫലം മുകളിൽ കാണാനുണ്ട്‌."
നിറകുലകളുമായി നിൽക്കുന്ന തെങ്ങുകളുടെ കീഴിൽ ഹരിദാസ്‌ എന്ന കർഷകന്‌ തികഞ്ഞ ആത്മസംതൃപ്തി.
കന്യേയുള്ള കുളത്തിൽ നിറയെ മലേഷ്യൻ വാള എന്ന മത്സ്യത്തിന്റെ മലക്കം മറിച്ചിൽ! നാലുവർഷത്തിലേറെയായത്രേ മത്സ്യകൃഷി തുടങ്ങിയിട്ട്‌. നാല്‌ സെന്റ്‌ തികച്ചില്ലാത്ത തന്റെ കുളത്തിൽനിന്നും ഓരോവർഷവും അയ്യായിരം രൂപയിൽ കുറയാത്ത വരുമാനം ലഭിക്കുന്നുണ്ട്‌. കുളത്തിലെ വെള്ളം പുരയിടത്തിലെ പുല്ലിനും പച്ചക്കറികൾക്കും നൽകുന്നതുമൂലം അവയ്ക്കെല്ലാം നല്ല വളർച്ചയും കാണാനുണ്ട്‌. കുളത്തിൽ വളരുന്ന കുടപ്പായലും ഒന്നാംതരം ജൈവവളം!.
ചെറുതെങ്കിലും തികച്ചും സംയോജിതമെന്നു പറയാവുന്ന ഈ കൃഷിത്തോട്ടത്തിൽ ഇല്ലാത്ത ഇടവിളകളൊന്നുമില്ല. എല്ലാവിധ വാഴകളും വിവിധ പ്രായത്തിലുള്ള മരച്ചീനികളും ചേമ്പും, ചേനയും, വാഴക്കാച്ചിലും, എലിവാലൻ കാച്ചിലും, ഇഞ്ചിയും, മഞ്ഞളും കുരുമുളകുമെല്ലാം നിറഞ്ഞുനിൽക്കുന്നു. കായ്ച്ച്‌ തുടങ്ങിയ ജാതികൾ, മുറ്റത്തിനലങ്കാരമായി വിളഞ്ഞുകിടക്കുന്ന പാഷൻ ഫ്രൂട്ട്‌, പൈനാപ്പിൾ, കായ്‌ ഫലങ്ങളുള്ള ഒരു ഡസൻ പപ്പായകൾ....
പപ്പായയെ സംബന്ധിച്ച ഒരു രഹസ്യം കൂടി ഹരിദാസ്‌ വെളിപ്പെടുത്തി.
"ചെനച്ച്‌ തുടങ്ങുമ്പോൾതന്നെ പപ്പായക്കായ്കൾ അടർത്തി രണ്ടായി മുറിച്ച്‌ കോഴിക്കൂട്ടിൽ വയ്ക്കും. കോഴികൾ ഓരോന്നായി അവ മുഴുവൻ കൊത്തിത്തിന്നും. നിത്യവും അവ മുട്ടയിടുന്നതിനും ഇത്‌ സഹായിക്കുന്നുണ്ട്‌."
പത്തുവർഷമായി ആടിനെ വളർത്തുന്നു. ഒരു വർഷം പ്രായമായ മുട്ടനാടിനെ വിറ്റാൽ മൂവായിരത്തിൽ കുറയാതെ വിലകിട്ടും. ആവശ്യക്കാർക്ക്‌ വളർത്താൻ ആട്ടിൻ കുട്ടികളെയും നൽകും. വീട്ടാവശ്യത്തിന്‌ പുറമെ ചോദിച്ചുവരുന്നവർക്ക്‌ ആട്ടിൻപാൽ നൽകും. പശുവിൻ പാൽ തൊട്ടടുത്തുള്ള ക്ഷീരസഹകരണസംഘത്തിലാണ്‌ നൽകുന്നത്‌. പാലിനുവില കൂട്ടിയതുമൂലം ക്ഷീരകർഷകന്‌ ആശ്വാസമുണ്ടെന്ന്‌ ഹരിദാസ്‌ പറയുന്നു. പുല്ലും മറ്റും ഉത്പ്പാദിപ്പിച്ചുനൽകുന്നവർക്ക്

‌ കൂടുതൽ നേട്ടമുണ്ടാകുമെന്നാണ്‌ ഈ കർഷകന്റെ അഭിപ്രായം.
"പശുവും കോഴിയും താറാവും ആടുമെല്ലാം തരുന്ന വളമാണ്‌ കർഷകനെ സംബന്ധിച്ച്‌ മഹാകാര്യം!. അവ വേണ്ടവണ്ണം ഉപയോഗിച്ചാൽ നേട്ടം വലുതാണ്‌."
മണ്ണിനെ അടുത്തറിയുന്ന ഈ സംയോജിത കർഷകൻ ചെലവ്‌ കുറഞ്ഞ കൃഷിമാർഗ്ഗങ്ങളിലൂടെ കുടുതൽ ആദായമുണ്ടാക്കാമെന്ന്‌ മറ്റുള്ളവരെ പറഞ്ഞുമനസ്സിലാക്കും. ജൈവ കർഷകസമിതി അംഗമായ ഹരിദാസ്‌ കർഷകയോഗങ്ങളിൽ പങ്കെടുത്ത്‌ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ട്‌. കൃഷിയുടെ നഷ്ടക്കണക്കുകളും കൃഷിയിൽ നിന്നും അഭ്യസ്തവിദ്യരടക്കം അകന്നുപോകുന്നതുമെല്ലാം എന്തുകൊണ്ട്‌ എന്നുചോദിച്ചാൽ ഹരിദാസിന്‌ മറുപടി സ്വന്തം ജീവിതാനുഭവങ്ങൾ മാത്രമാണ്‌.
"എഴുപത്‌ സെന്റിലെ കൃഷികൊണ്ടുമാത്രമാണ്‌ എന്റെ കുടുംബം പുലരുന്നത്‌. എന്റെ മക്കളെ രണ്ടുപേരേയും അത്യാവശ്യം പഠിപ്പിച്ചതും വിവാഹം കഴിച്ച്‌ അയച്ചതുമെല്ലാം കൃഷികൊണ്ടാണ്‌. മൂത്തമകളുടെ ഭർത്താവ്‌ ജവാനാണ്‌. ഇളയയാളുടെ ഭർത്താവ്‌ കേരളാപോലീസിലും. എൺപത്തിയേഴ്‌ വയസ്സായ എന്റെ അമ്മയും എന്നോടൊപ്പമുണ്ട്‌.  പേരക്കുട്ടികളും അധികസമയവും ഞങ്ങളുടെ കൂടെയുണ്ട്‌. ഞങ്ങൾ തികച്ചും ഒരു സന്തുഷ്ടകുടുംബമായി കഴിയുന്നത്‌ കൃഷിയിലെ വരുമാനവും കൃഷി നൽകുന്ന അനുഗ്രഹവും കൊണ്ടാണ്‌."
ഫോൺ നമ്പർ: 9447952885
ചിന്ത, കരിക്കാട്‌ പി. ഒ., ആലപ്പുഴ, ഫോൺ : 9496884318

 

കാര്‍ഷിക വിപണിയിലെ പുത്തന്‍ പ്രവണതകള്‍

ഡോ. ടി.പി. സേതുമാധവന്‍

തൊഴില്‍ സംരംഭകത്വം അഥവാ എന്റര്‍പ്രണര്‍ഷിപ്പിന് ഇന്ന് ഏറെ പ്രാധാന്യം ലഭിച്ചു വരുന്നു. ടെക്‌നോ പാര്‍ക്കുകളില്‍ അനുദിനം വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ട് അപ് കമ്പനികള്‍ ഇതിനു തെളിവാണ്. മികച്ച തൊഴില്‍ രൂപപ്പെടുത്തിയെടുക്കാനും കൂടുതല്‍ വരുമാനം ഉറപ്പു വരുത്താനും തൊഴില്‍ സംരംഭകത്വ വികസനം സഹായിക്കും. തൊഴില്‍ സംരംഭകത്വ വികസനത്തില്‍ മുന്‍കാലങ്ങളെ വിലയിരുത്തിയുള്ള ബിസിനസ്സ് മോഡലിങ്ങ് പ്രവചനം (Prediction), ലഭ്യമായ ഭൗതീക സൗകര്യങ്ങള്‍ ഉപയോഗിച്ചുള്ള സൃഷ്ടിക്കല്‍ (Creation) എന്നിവ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
സംരംഭകന് സ്വന്തം കഴിവുകള്‍, ആത്മവിശ്വാസം എന്നിവയെക്കുറിച്ചുള്ള സാമൂഹിക ആവബോധമുണ്ടെങ്കില്‍ മാത്രമെ സുസ്ഥിരമായ ബിസിനസ്സ് രൂപപ്പെടുത്തി യെടുക്കാന്‍ സാധിക്കൂ! എന്റര്‍പ്രണര്‍ഷിപ്പില്‍ സാമ്പത്തികവും, സാമൂഹികവും പാരിസ്ഥിതികവുമായ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം. സുസ്ഥിരത കൈവരിക്കാത്ത തൊഴില്‍ സംരംഭകങ്ങള്‍ നഷ്ടത്തിനിടവരുത്തും. 
വിപണിയെക്കുറിച്ച് വ്യക്തമായ ധാരണ വേണം. ആഭ്യന്തര, അന്തര്‍ദേശീയ സ്ഥിതിവിവരക്കണക്കുകള്‍, പുത്തന്‍ പ്രവണതകള്‍ എന്നിവ അറിഞ്ഞിരിക്കണം. ഡിവിസിബിലിറ്റി, മൂല്യ വര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം, ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കല്‍, ഗുണനിലവാരം നിലനിര്‍ത്തല്‍, കയറ്റുമതി സാധ്യതകള്‍, അന്താരാഷ്ട്ര വിപണിയിലെ സാധ്യതകള്‍ എന്നിവ പ്രയോജനപ്പെടുത്തുകയും വേണം. 
കേരളത്തില്‍ കാര്‍ഷിക അനുബന്ധ മേഖലകളില്‍ മുതല്‍ മുടക്കാന്‍ നിരവധി സംരംഭകര്‍ തയ്യാറായി വരുന്നുണ്ട്. എളുപ്പത്തില്‍ ലാഭകരമായി നടത്താവുന്ന സംരംഭങ്ങളോടാണ് ഏവര്‍ക്കും താല്‍പര്യം! വിപണി ലക്ഷ്യമിട്ട യൂണിറ്റുകളാണ് ഏറെ ലാഭകരം. 
കേരളത്തില്‍ ലാഭകരമായി നടത്താവുന്ന സംരംഭങ്ങള്‍ ഏതെന്ന് നോക്കാം. 
ഇറച്ചിത്താറാവ് ഫാം
ഇന്ന് താറാവിറച്ചിക്ക് പ്രിയമേറി വരുന്നു. പരമ്പരാഗതമായി വളര്‍ത്തുന്ന കുട്ടനാടന്‍ താറാവുകളെയാണ് മുമ്പ് ഇതിനായി വളര്‍ത്തിയിരുന്നത്. ഇന്ന് ഇറച്ചിക്കുവേണ്ടി വൈറ്റ് പെക്കിന്‍, വിഗോവ എന്നീ വിദേശ ഇനം താറാവുകളുണ്ട്. താറാവുകളെ എട്ട് ആഴ്ച പ്രായത്തില്‍ വില്‍പ്പനയ്ക്ക് തയ്യാറാക്കാം. ഈ പ്രായത്തില്‍ ഇവയ്ക്ക് മൂന്ന് കി.ഗ്രാം. ശരീരതൂക്കമുണ്ടായിരിക്കും. താറാവൊന്നിന് കിലോയ്ക്ക് 150 രൂപ വില ലഭിയ്ക്കും. ഒരു താറാവില്‍ നിന്നും ശരാശരി 30 രൂപവരെ ലാഭം പ്രതീക്ഷിക്കാം. 1000 താറാവുകളെ വളര്‍ത്താന്‍ ഇറച്ചിക്കോഴികള്‍ക്ക് നിര്‍മ്മിക്കുന്നതുപോലെ കൂട് പണിയാം. താറാവൊന്നിന് കൂട്ടില്‍ മൂന്ന് ചതുരശ്രയടി ആവശ്യമാണ്. കൂടിന്റെ ഉള്ളില്‍ രണ്ട് വശങ്ങളിലും എളുപ്പത്തില്‍ വൃത്തിയാക്കാന്‍ കഴിയുന്ന രീതിയില്‍ ചാലുകളില്‍ വെള്ളം നിറച്ചിരിക്കണം. താറാവുകളെ മുറിയില്‍ ഡീപ്പ്‌ലിറ്റര്‍ സിസ്റ്റത്തില്‍ വളര്‍ത്താം. എട്ട് ആഴ്ചയില്‍ വിപണനത്തിന് തയ്യാറാകുന്നതിനാല്‍ രോഗപ്രതിരോധ കുത്തിവെപ്പിന്റെ ആവശ്യമില്ല. കൂടിന് മേല്‍ക്കൂരയായി ലൈറ്റ് റൂഫിംഗ് ഉപയോഗിക്കാം. 500 താറാവുകളെ ഒരുമിച്ച് വളര്‍ത്താം. നാല് ലക്ഷത്തോളം രൂപ മുതല്‍മുടക്കി 1000 താറാവുകളെ വളര്‍ത്തുന്ന ഫാമുകളില്‍ നിന്നും എട്ട് ആഴ്ചയില്‍ 30,000 രൂപവരെ ലാഭം പ്രതീക്ഷിക്കാം. 
കാട വളര്‍ത്തല്‍-മുട്ടയ്ക്കും ഇറച്ചിയ്ക്കും 
കുറഞ്ഞ മുതല്‍ മുടക്കുള്ള കാട വളര്‍ത്തലിന് സാധ്യതകളേറെയുണ്ട്. കാടയിറച്ചിയ്ക്കും, മുട്ടയ്ക്കും ഔഷധ ഗുണമേറെയുണ്ട്. ഇറച്ചിക്കാടയെ അഞ്ച് ആഴ്ച പ്രായത്തില്‍ വില്‍പ്പനയ്ക്ക് തയ്യാറാക്കാം. മുട്ടക്കാടകള്‍ എട്ട് ആഴ്ച പ്രായത്തില്‍ മുട്ടയിടാന്‍ തുടങ്ങും. ഇറച്ചിക്കാടകളെ അപേക്ഷിച്ച് മുട്ടക്കാടകളെ വളര്‍ത്തുന്നതാണ് ലാഭകരം! ഒരുമിച്ച് കാടകളെ വളര്‍ത്തുമ്പോള്‍ പൂവനെ ഇറച്ചിക്കായി അഞ്ച് ആഴ്ച പ്രായത്തില്‍ വില്‍പ്പന നടത്താം. കാടകളെ പ്രത്യേകം കൂടുകളില്‍ തട്ടുകളായി വളര്‍ത്താം. ഇത് ബാറ്ററി കേജുകളെന്ന പേരില്‍ അറിയപ്പെടുന്നു. 7 അടി നീളവും, 3 അടി വീതിയും ഒരടി ഉയരവുമുള്ള കേജില്‍ 100 കാടകളെ വളര്‍ത്താം. ഇത്തരം കേജുകള്‍ മൂന്നെണ്ണം തട്ടുകളായി ഘടിപ്പക്കാം. 20 x 6 അടി വിസ്തീര്‍ണ്ണമുള്ള ഷെഡില്‍ 500 കാടകളെ വളര്‍ത്താവുന്ന കേജുകള്‍ സ്ഥാപിക്കാം. 
കാടകള്‍ എട്ടാമത്തെ ആഴ്ചയില്‍ മുട്ടയിടാന്‍ തുടങ്ങും. 80% ത്തോളം മുട്ടകള്‍ പ്രതീക്ഷിക്കാം. മുട്ടയൊന്നിന് 90 പൈസയോളം ഉല്പാദനച്ചെലവ് വരും. കാടയൊന്നിന് പ്രതിദിനം 30 ഗ്രാം തീറ്റ വേണ്ടിവരും. കാടമുട്ടയ്ക്ക് വിപണിയില്‍ 1.50 മുതല്‍ രണ്ട് രൂപവരെ വില ലഭിക്കും. 500 കാടകളെ വളര്‍ത്തുന്ന യൂണിറ്റ് തുടങ്ങാന്‍ 50,000 രൂപയില്‍ താഴെ മാത്രമെ ചെലവ് വരികയുള്ളൂ. ആദ്യ വര്‍ഷത്തില്‍ 36,000 രൂപയോളം വരുമാനം പ്രതീക്ഷിക്കാം. 
തീറ്റപ്പുല്‍കൃഷി വ്യാവസായികാടിസ്ഥാനത്തില്‍ 
കേരളത്തില്‍ ക്ഷീരമേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തീറ്റപ്പുല്ലിന്റെ ക്ഷാമവും കൃഷി ചെയ്യുവാനുള്ള സ്ഥലത്തിന്റെ ദൗര്‍ലഭ്യവുമാണ്. എന്നാല്‍ ലഭ്യമായ സ്ഥലത്തോ, സ്ഥലം പാട്ടത്തിനെടുത്തോ വ്യാവസായികാടിസ്ഥാനത്തില്‍ തീറ്റപ്പുല്‍കൃഷി ലാഭകരമായി നടത്താം. 
മികച്ച Co3, കിള്ളിക്കുളം ഇനം തീറ്റപ്പുല്‍ കടകള്‍ നടാം. ശാസ്ത്രീയമായ രീതിയില്‍ വളര്‍ത്തിയാല്‍ ഒരേക്കറില്‍ നിന്നും രണ്ടുമാസത്തിലൊരിക്കല്‍ 80 ടണ്‍ തീറ്റപ്പുല്ല് ലഭിയ്ക്കും. വര്‍ഷത്തില്‍ 6 തവണ വിളവെടുക്കാം. കിലോയ്ക്ക് ആദ്യവര്‍ഷം ഒന്നര രൂപ ഉല്‍പാദനച്ചെലവ് വരും. ആദ്യത്തെ മൂന്ന് വര്‍ഷങ്ങളില്‍ ഒരു കിലോ തീറ്റപ്പുല്ലില്‍ നിന്നും യഥാക്രമം 50 പൈസ, 80 പൈസ, 90 പൈസ വീതം ലാഭം പ്രതീക്ഷിക്കാം. ഒരേക്കറില്‍ നിന്നും രണ്ട് മാസത്തില്‍ 40,000 രൂപവരെ വരുമാനം പ്രതീക്ഷിക്കാം. ജലസേചന സൗകര്യം, രാസവള പ്രയോഗം എന്നിവ ശാസ്ത്രീയ രീതിയില്‍ നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 
സമ്മിശ്ര സംയോജിത കൃഷി
കേരളത്തില്‍ ഉപഭോക്താക്കളില്‍ ഫ്രഷ് മില്‍ക്കിനോടുള്ള താല്‍പര്യം വര്‍ദ്ധിച്ചു വരുന്നു. മൂല്യ വര്‍ദ്ധിത പാലുല്പന്നങ്ങള്‍ക്കും വന്‍ സാധ്യതകളുണ്ട്. അര ഏക്കര്‍ സ്ഥലത്ത് അഞ്ച് പശുക്കളെ വളര്‍ത്താനാവും. മിനി ഡയറിഫാം, തീറ്റപ്പുല്‍കൃഷി, പച്ചക്കറികൃഷി, മത്സ്യകൃഷി എന്നിവ അനുവര്‍ത്തിച്ചുള്ള സമ്മിശ്ര-സംയോജിത കൃഷിരീതികള്‍ക്ക് സാധ്യതകളുണ്ട്. ഇതോടൊപ്പം മുട്ടക്കോഴികളെ വളര്‍ത്താം. ഫ്രഷ് പാല്‍, പാലുല്പന്നങ്ങള്‍, പച്ചക്കറി എന്നിവ ഗുണനിലവാരത്തോടെ വീടുകളിലെത്തിച്ച് മികച്ച വരുമാനം നേടാം. ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ക്ക് വിപണിയില്‍ മികച്ച വില ലഭിയ്ക്കും. ഉദാഹരണമായി പാലിന് ലിറ്ററിന് 45 രൂപവരെ വില ലഭിയ്ക്കും. വെറ്ററിനറി സര്‍വ്വകലാശാല കോള്‍ നിലങ്ങളില്‍ സ്റ്റാര്‍ട്ട് അപ് വില്ലേജ് തുടങ്ങാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു വരുന്നു. പശു വളര്‍ത്തല്‍ ഉള്‍ക്കൊള്ളിച്ചുള്ള സമ്മിശ്ര, സംയോജിത കൃഷി വളര്‍ത്തലിലൂടെ മാസത്തില്‍ കുറഞ്ഞത് 25,000 രൂപയോളം ലാഭം പ്രതീക്ഷിക്കാം. മുടക്കുമുതല്‍ നാലുലക്ഷം രൂപയോളം വരും. തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി തീറ്റപ്പുല്‍ കൃഷി ചെയ്യാം. ഡയറി ഫാമില്‍ നിന്നും ബയോഗ്യാസും, വൈദ്യുതിയും ഉത്പാദിപ്പിക്കാം. ഉണക്കിപ്പൊടിച്ച ചാണകം പച്ചക്കറി കൃഷിയ്ക്കും, പൂന്തോട്ട കൃഷിയ്ക്കും ഉപയോഗിക്കാം. ജൈവകൃഷിയ്ക്ക് വേണ്ടി ഗോമൂത്രം, പഞ്ചഗവ്യം എന്നിവയും വിപണനം നടത്താം. 
ഇറച്ചിക്കോഴി ഫാം
കേരളത്തില്‍ വിപണിയില്‍ ഇടയ്ക്കിടെയുണ്ടാകുന്ന മാറ്റങ്ങള്‍ ഇറച്ചിക്കോഴി വളര്‍ത്തലിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. എന്നാല്‍ കോഴിയിറച്ചി കഴിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഇറച്ചിക്കോഴികളെ 6-8 ആഴ്ചവരെ വളര്‍ത്തി വിപണനത്തിന് തയ്യാറാകുന്ന സംരംഭകര്‍ ഇടനിലക്കാര്‍ വഴിയാണ് കൂടുതലായും വില്‍പ്പന നടത്തി വരുന്നത്. എന്നാല്‍ ഡ്രസ്സ് ചെയ്ത് വില്‍പ്പന നടത്തുന്നതിലൂടെ ഉയര്‍ന്ന വരുമാനം പ്രതീക്ഷിക്കാം. കോഴികളെ പ്രത്യേകം മുറികളില്‍ ലിറ്ററില്‍ ഡീപ് ലിറ്റര്‍ രീതിയില്‍ വളര്‍ത്താം. വിപണിയ്ക്കനുസരിച്ച് 5-6 ആഴ്ച മുതല്‍ വിപണനം തുടങ്ങാം. 
കോഴിയൊന്നിന് കൂട്ടില്‍ ഒരു ചതുരശ്രയടി സ്ഥലം വേണം ആറ് ആഴ്ച പ്രായത്തില്‍ 11/2 കിലോഗ്രാം ശരീരതൂക്കമുണ്ടായിരിക്കും. ഡ്രസ്സ് ചെയ്ത് വില്‍പന നടത്തുമ്പോള്‍ ഒരു കോഴിയില്‍ നിന്നും 50 രൂപയും, നേരിട്ട് വില്‍പന നടത്തുമ്പോള്‍ 20 രൂപയും ശരാശരി ലാഭം പ്രതീക്ഷിക്കാം. 250-500 കോഴികളെ ഒരു കൂട്ടില്‍ പാര്‍പ്പിക്കാം. ആഴ്ചയില്‍ 500 കോഴികളെ ആഴ്ചതോറും വളര്‍ത്താവുന്ന യൂണിറ്റില്‍ നിന്നും പ്രതിമാസം 40,000 രൂപയിലധികം ലാഭം പ്രതീക്ഷിക്കാം. ഈസ്റ്റര്‍, ശബരിമല സീസണില്‍ വിപണിയ്ല്‍ മാന്ദ്യം പ്രതീക്ഷിക്കാം. ഗുണനിലവാരം, ജൈവസുരക്ഷ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. ആഴ്ചയില്‍ 500 കോഴികളെ വീതം വില്‍പ്പന നടത്തുന്ന യൂണിറ്റിന് അഞ്ച് ലക്ഷത്തോളം തുക മുടക്കുമുതല്‍ വേണ്ടി വരും. 
കൂടുതലറിയാന്‍
സംരംഭങ്ങള്‍ തുടങ്ങാന്‍ ദേശസാല്‍കൃത ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വായ്പ ലഭിയ്ക്കും. നബാര്‍ഡിന്റെ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടില്‍ ഉള്‍പ്പെട്ട പദ്ധതികള്‍ക്ക് പലിശ ഇളവും ലഭിയ്ക്കും. തുടങ്ങാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ രേഖ ബാങ്കില്‍ പണയപ്പെടുത്തിയിരിക്കണം. 
മൃഗാശുപത്രികള്‍, ക്ഷീരവികസന ഓഫീസ്, കേരള കന്നുകാലി വികസന ബോര്‍ഡ്, വെറ്ററിനറി സര്‍വ്വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം, പൗള്‍ട്രി സയന്‍സ് വിഭാഗം, കൃഷിഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിയ്ക്കും. 
കോഴി, കാട, താറാവ് എന്നിവയെക്കുറിച്ചറിയാന്‍ വെറ്ററിനറി സര്‍വ്വകലാ ശാലയുടെ പൗള്‍ട്രി സയന്‍സ് വിഭാഗമുമായി ബന്ധപ്പെട്ടാല്‍ മതി. 
ഫോണ്‍ നമ്പര്‍ : 0487-2371178, 0487-2370117.
തീറ്റപ്പുല്‍ കൃഷി, സമ്മിശ്ര കൃഷി - വെറ്ററിനറി യൂണിവേഴ്‌സിറ്റി ലൈവ് സ്റ്റോക്ക് ഫാം, മണ്ണുത്തി , തൃശ്ശൂര്‍, ഫോണ്‍ - 0487 - 2370302

പൂക്കോട്, വയനാട് - 04936 - 256470 
എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം - 0487 - 2376644 (പ്രസിദ്ധീകരണങ്ങള്‍ക്ക്)
കോലാഹലമേട് - 04869 - 24842
തുമ്പൂര്‍മുഴി - 0480 - 2828606
തിരുവാഴാംകുന്ന് - 04924 - 2237270
എന്നീ നമ്പറില്‍ ബന്ധപ്പെടാം.

ലാഭം കൊയ്യാന്‍ സംയോജിത മത്സ്യകൃഷി

മത്സ്യം വളര്‍ത്തല്‍ വിവിധ രീതികളില്‍ ചെയ്യാം. ഒരു ജലശയത്തിലെ മത്സ്യ സമ്പത്ത്‌ കഴിയുന്നത്ര പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താനാണ് നാം ശ്രമിക്കേണ്ടത്. മത്സ്യോത്പാദനം വര്‍ദ്ധിക്കുന്നതിനായി ത്വരിത വളര്‍ച്ചയുള്ളതും പരസ്പരം പൊരുത്തപ്പെടുന്നതുമായ വിവിധയിനം മത്സ്യങ്ങളെ ഒന്നിച്ച് ഒരു കുളത്തില്‍ വളര്‍ത്തുന്നതിനെ സമ്മിശ്ര മത്സ്യം വളര്‍ത്തല്‍ എന്നു പറയുന്നു. സംയോജിത മത്സ്യംവളര്‍ത്തലാണ്  മറ്റൊരു രീതി. ഈ രീതിയിലാകട്ടെ മത്സ്യം വളര്‍ത്തലിനോടൊപ്പം നെല്ല്, പച്ചക്കറി കൃഷി എന്നിവയും നടപ്പിലാക്കുന്നു. ലഭ്യമായ വിഭവങ്ങള്‍ കഴിയുന്നത്ര കാര്യക്ഷമതയോടെ ഉപയോഗിക്കപ്പെടുന്നതിനു പുറമേ, വിവിധയിനം കൃഷികളിലെ പാഴ്വസ്തുക്കള്‍ അല്ലെങ്കില്‍ അവശിഷ്ടങ്ങള്‍ ഫലപ്രദമായി വീണ്ടും ഉപയോഗിക്കാനും സാധ്യമാകുന്നു.  ഉല്‍പ്പന്നങ്ങള്‍/ പാഴ്വസ്തുക്കള്‍/ ഉപഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പുനര്‍ വിനിയോഗമാണ് സംയോജിത കൃഷിയെ ഏറെ സുസ്ഥിരവും പരിസ്ഥിതി സൗഹൃദരീതിയുമാക്കുന്നത്.  സംയോജിത കൃഷിക്ക് നിരവധി ഗുണങ്ങളുണ്ട്. പരിസ്ഥിതി സൗഹൃദമാണ് എന്നതാണ് ഏറ്റവും വലിയ സവിശേഷത.  ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. തീറ്റയ്ക്കും വളപ്രയോഗതിനുമുള്ള ചെലവ് കുറവ് മതി.  കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

സംയോജിത മത്സ്യം വളര്‍ത്തലില്‍  പന്നി/താറാവ്/കോഴി എന്നിവയേയും ഉള്‍പ്പെടുത്തി, അവയുടെ കൂടുകള്‍ മത്സ്യക്കുളങ്ങളുടെ കരയില്‍ നിര്‍മ്മിച്ച് തീറ്റയുടെ അവശിഷ്ട്ടങ്ങള്‍ കുളങ്ങളിലേക്ക് തിരിച്ചുവിട്ട്, മത്സ്യകൃഷിയുമായി ഫലപ്രദമായി കൂട്ടിചേര്‍ക്കാം. വളര്‍ത്തു മൃഗങ്ങള്‍ ഉപയോഗിക്കാതെ വരുന്ന തീറ്റയ്ക്കു പുറമേ, പോഷക സമൃദ്ധമായ വിസര്‍ജ്യവസ്തുക്കളും മത്സ്യങ്ങള്‍ക്ക് ഭക്ഷണമായി നല്‍കാവുന്നതാണ്. അതുപോലെ ഈ വിസര്‍ജ്യവസ്തുക്കള്‍ മത്സ്യകുളങ്ങളില്‍ നിക്ഷേപിച്ചാല്‍ അത്  വളമായി ഭവിച്ച് കുളത്തിലെ ജീവ പ്ലവകങ്ങളുടെ ഉല്‍പാദനo കൂട്ടുന്നു.  അതുവഴി മത്സ്യോത്പാദനവും വര്‍ദ്ധിപ്പിക്കാം. ഇങ്ങനെയുള്ള സംയോജിത കൃഷിയില്‍ കുളങ്ങളില്‍ പ്രത്യേക വളപ്രയോഗമോ  മത്സ്യങ്ങള്‍ക്ക് കൈത്തീറ്റയോ ആവശ്യമില്ലാത്തതിനാല്‍  ചെലവ് തരതമ്യേന കുറവായിരിക്കും

കോഴി/താറാവ്/പന്നി എന്നീവയോടോപ്പമുള്ളപ്പമുള്ള മത്സ്യo വളര്‍ത്തലാണ് കൂടുതല്‍ പ്രചാരത്തിലുള്ള സംയോജിതകൃഷി

മത്സ്യവും കോഴിയും

കോഴിവളര്‍ത്തല്‍-മത്സ്യവളര്‍ത്തല്‍ സംയോജിത കൃഷി തമിഴ്നാട്, കേരളം, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രചാരത്തിലുണ്ട്. കോഴികള്‍ വിവിധയിനത്തില്‍  ലഭ്യമാണ്. മുട്ടക്കോഴി, ഇറച്ചിക്കോഴി, അലങ്കരയിനം എന്നിങ്ങനെ. കോഴിവളര്‍ത്തലില്‍ സാധാരണ രണ്ട് രീതികളാണ് അവലംബിക്കാറുള്ളത്. 1. ബാറ്റര്‍ രീതി, 2. ഡീപ്പ് ലിറ്റര്‍ രീതി. സംയോജിത രീതിയില്‍ സാധാരണ ബ്രോയിലര്‍/ മുട്ടക്കോഴി കളെയാണ് ഉപയോഗിക്കുന്നത്.

ഒരു ഹെക്ടര്‍ മത്സ്യക്കുളത്തിന് 300-500 ഇറച്ചിക്കോഴികളാണ് ആവശ്യമായി വരുന്നത്. മുട്ടക്കോഴികളെയാണ് ഉപയോഗിക്കുന്നതെങ്കില്‍ 500 മുതല്‍ 600 എണ്ണമാണ് ഒരു ഹെക്റ്ററിന് വേണ്ടി വരുന്നത്. എട്ടാഴ്ച പ്രായമുള്ള പ്രതിരോധ കുത്തിവയ്പു നടത്തിയ കോഴിക്കുഞ്ഞുകളെയാണ് വളര്‍ത്തേണ്ടത്. മുട്ടക്കോഴികള്‍ 22 ആഴ്ച മുതല്‍ മുട്ട  നല്‍കിത്തുടങ്ങും. ശരാശരി  മുട്ട ഒരു വര്‍ഷം ലഭിക്കും. 18 മാസംവരെ മുട്ട മുറയ്ക്കു ലഭിക്കും.

ഡീപ്പ് ലിറ്റര്‍ രീതിയാണ് കൂടുതല്‍ ഗുണകരം. ഡീപ്പ് ലിറ്റര്‍ രീതിയില്‍ ഉളവാക്കുന്ന വളം ഹെക്ടറൊന്നിന് 60 കി.ഗ്രാം എന്ന കണക്കിനാണ് മത്സ്യകുളത്തില്‍ നിക്ഷേപിക്കുന്നത്. അമിതമായി ആല്‍ഗയുടെ സാന്ദ്രത ദൃശ്യമായാല്‍ വളപ്രയോഗത്തിന്‍റെ നിരക്ക് ക്രമീകരിക്കേണ്ടതാണ്. മത്സ്യക്കുഞ്ഞുങ്ങള്‍ ഹെക്റ്ററൊന്നിന് 6000 എണ്ണം എന്ന തോതിലാണ് നിക്ഷേപിക്കാറുള്ളത്. കട് ല, രോഹു, മൃഗാള്‍, സില്‍വര്‍ കാര്‍പ്പ്, ഗ്രാസ് കാര്‍പ്പ്, കോമണ്‍ കാര്‍പ്പ് എന്നീയിനങ്ങളാണ് സാധാരണ നിക്ഷേപിക്കാറുള്ളത്. ഒരു ഹെക്റ്ററില്‍ നിന്ന് 70000 മുട്ടയും 1250 കി.ഗ്രാം കോഴിയിറച്ചിയും വരെ ലഭിക്കുന്നതാണ് ഒരു വര്‍ഷ കാലയളവിനുള്ളില്‍.  കോഴികളെ മത്സ്യകുളത്തിന് 0.5 മീറ്റര്‍ മുകളിലായി സ്ഥാപിച്ച കൂടുകളിലാണ് പാര്‍പ്പിക്കാറുള്ളത്. 4500 മുതല്‍ 5000 കി.ഗ്രാം മത്സ്യവും ലഭിക്കുന്നതാണ്‌. കോഴികള്‍ക്ക് അതാത് വളര്‍ച്ചാ ഘട്ടത്തിന് അനുയോജ്യമായ തീറ്റയും ധാരാളം വെള്ളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

മത്സ്യവും താറാവും

താറാവ്-മത്സ്യ സംയോജിത കൃഷി ഏറെ പ്രിയമുള്ള ഒരു രീതിയാണ്. താറാവിനായുള്ള കൂടുകള്‍ മത്സ്യക്കുളത്തിന്‍റെ മദ്ധ്യത്തിലോ അല്ലെങ്കില്‍ മത്സ്യക്കുളത്തിന്‍റെ ചുറ്റുമുള്ള വരമ്പുകളിലോ സ്ഥാപിക്കാവുന്നതാണ്. 3 മുതല്‍ 4 മാസം വരെ പ്രായമുള്ള താറാവിന്‍ കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. പകല്‍ സമയങ്ങളില്‍ കുളത്തില്‍ താറാവുകള്‍ നീന്തി നടക്കാന്‍ അനുവദിക്കണം. താറാവിന്‍റെ ഇനം ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കേണ്ടതുണ്ട്. ഒരു ഹെക്ടറിന് 200-300 താറാവ് എന്ന കണക്കിനാണ് നിക്ഷേപിക്കേണ്ടത്. താറാവ് തീരെ ചെറിയ മത്സ്യക്കുഞ്ഞുങ്ങളെ ഭക്ഷിക്കുമെന്നതിനാല്‍ ഈ സംയോജിത രീതിയില്‍ മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് 12 സെ.മീറ്ററെങ്കിലും നീളം ഉണ്ടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. താറാവിനായുള്ള കൂടുകള്‍ ചെലവു കുറഞ്ഞ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ചതും നല്ല വായുസഞ്ചാരമുള്ളതും ആയിരിക്കണം.  ശ്രദ്ധാപൂര്‍വ്വം ശുചിയായി സൂക്ഷിക്കേണ്ടതുമാണ്. താറാവ് കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയതായിരിക്കണം. താറാവിന് ആവശ്യമായ ആഹാരത്തിന്‍റെ ഒരു ഭാഗം കുളത്തില്‍ നിന്ന്‍ ലഭിക്കുന്നു. ഇതിനുപുറമേ ശരിയായ വളര്‍ച്ചയ്ക്ക് താറാവൊന്നിന് 100-150 ഗ്രാം നിരക്കില്‍ സമീകൃതാഹാരവും ഒപ്പം ആവശ്യത്തിന് വെള്ളവും ലഭ്യമാക്കണം. 6 മാസം മുതല്‍ താറാവ് മുട്ടയിടുവാന്‍ തുടങ്ങും. ഒരു വര്‍ഷത്തില്‍ ഒരു ഹെക്ടറില്‍ നിന്ന്‍ 500- 600 കിലോ താറാവിറച്ചിയും 17000 മുതല്‍ 18000 മുട്ടയും വരെ ലഭിക്കുതാണ്. ഇതിനു പുറമേ ഹെക്ടറിന് 3000 മുതല്‍ 3500 കി.ഗ്രാം വരെ മത്സ്യവും ലഭിക്കും.

മത്സ്യവും പന്നിയും

ഇതിനു പുറമേ പന്നിയും മത്സ്യവും സംയോജിപ്പിച്ചും കൃഷി നടത്താറുണ്ട്. ഈ രീതി ചെലവു കുറഞ്ഞ പ്രോട്ടീന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനു പുറമേ ഉച്ഛിഷ്ട പദാര്‍ത്ഥങ്ങളുടെ ഉപകാരപ്രദമായ ഉപയോഗത്തിനും ഇടയാക്കുന്നു.

നാടന്‍ ഇനം പന്നികളും വിദേശയിനം പന്നികളും ഈ കൃഷിക്കുപയോഗിക്കം. പന്നികളുടെ വിസര്‍ജ്ജ്യവസ്തുക്കള്‍ നേരെ കുളത്തിലേക്ക് വീഴത്തക്ക രീതിയില്‍ പന്നിക്കൂടുകള്‍ കുളത്തിന്‍ കരയില്‍ നിര്‍മ്മിക്കാവുന്നതാണ്. ഒരു ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ളകുലത്തിന് 30-40 പന്നികളെ വളര്‍ത്താവുന്നതാണ്. 2 മാസം പ്രായമെത്തിയ പന്നിക്കുഞ്ഞുങ്ങളെയാണ് തിരഞ്ഞെ ടുക്കേണ്ടത്. 6 മാസത്തിനുള്ളില്‍ ഇവ 60-70 കി. ഗ്രാം. തൂക്കമെത്തും. പ്രതിദിനം പന്നിയൊന്നിന് ഒരു കിലോയെന്ന നിരക്കില്‍ പന്നിത്തീറ്റ നല്‍കണം. ഇതിനുപുറമേ പച്ചപ്പുല്ലും തീറ്റയായി നല്‍കണം. ആവശ്യമായ ധാതുലവണങ്ങള്‍ ആഴ്ചയിലൊരിക്കല്‍ നല്‍കേണ്ടതുണ്ട്. കുടിയ്ക്കാനുള്ള ശുദ്ധജലം യഥേഷ്ടം ലഭ്യമാക്കാന്‍ ശ്രദ്ധിക്കണം. പന്നിക്കൂടുകളുടെ ശുചിത്വത്തിന് ഏറെ പ്രാധാന്യം നല്‍കേണ്ടതുണ്ട്. ഹെക്ടറൊന്നിന് 5000-6000 എന്ന തോതില്‍ കാര്‍പ്പ് കുഞ്ഞുങ്ങളെ നിക്ഷേപിക്കും. ഇതില്‍ നിന്ന്‍ ഹെക്ടറൊന്നിന് 2500-3500 കി.ഗ്രാം മത്സ്യം  പ്രതീക്ഷിക്കാം.

ശ്രദ്ധാപൂര്‍വ്വം നടപ്പിലാക്കിയാല്‍ വളരെ ഫലപ്രദമായി പ്രാവര്‍ത്തികമാക്കാവുന്നതാണ് സംയോജിത മത്സ്യം വളര്‍ത്തല്‍. ചുരുങ്ങിയ നിരക്കില്‍ ഒരു കൃഷിയിടത്തില്‍ നിന്ന്‍ വിളവ്‌ ഗണ്യമായി ഉയര്‍ത്തുന്നതിനു പുറമെ, ഈ രീതിയിലൂടെ മാലിന്യ സംസ്കരണവും സാധ്യമാകുന്നു എന്നതിനാല്‍ തികച്ചും പ്രകൃതി സൗഹാര്‍ദവുമാണ്.

3.2
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top