অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

രോഗങ്ങൾ

ആടുകളിലെ നാടവിരബാധ

 

ആടുകളുടെ ഉത്പാദനക്ഷമതയെ സാരമായി ബാധിക്കുന്ന ഒരു രോഗമാണ് നാടവിരബാധ. മൊണീസിയ, എവിറ്റലീന, സ്റ്റെലേസിയ എന്നീ ജനുസ്സുകളില്‍പ്പെട്ട നാടവിരകളാണ് ആടുകളില്‍ കാണപ്പെടുന്നത്. ഇവയില്‍ തന്നെ മൊണീസിയ വിരബാധയാണ് നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണം. വെളുത്ത നിറത്തില്‍ ഏകദേശം അരമീറ്ററോളം വലിപ്പം വരുന്ന നാടവിരകള്‍ റിബ്ബണ്‍ പോലെ കാണപ്പെടുന്നു. ‘ഒറിബാറ്റിഡേ’ വിഭാഗത്തില്‍പ്പെടുന്ന വളരെ ചെറിയ പുല്‍മണ്ഡരികള്‍ വഴിയാണ് രോഗസംക്രമണം ഉണ്ടാകുന്നത്. നാടവിരയുടെ ശൈശവ ദിശയായ ‘സിസ്റ്റിസെര്‍ക്കോയിഡ്’ അടങ്ങിയ ഇത്തരം മണ്ഡരികളെ പുല്ലിനൊപ്പം തിന്നുമ്പോളാണ് ആടുകള്‍ക്ക് വിരബാധയുണ്ടാകുന്നത്.

രോഗലക്ഷണങ്ങള്‍


ആറുമാസത്തില്‍ താഴെ പ്രായമുള്ള ആട്ടിന്‍കുട്ടികളിലാണ് നാടവിരബാധ കൂടുതലായി കാണപ്പെടുന്നത്. ചെറിയതോതിലുള്ള വിരബാധ പൊതുവെ വലിയ പ്രശ്‌നമുണ്ടാക്കുകയില്ല. എന്നാല്‍ പരിപാലനത്തിലും, പോഷണത്തിലും പോരായ്മ വരുന്ന പക്ഷം സ്ഥിതി അപകടത്തിലായേക്കാം. നാടവിരകള്‍ ആടുകളുടെ ചെറുകുടലില്‍ ക്ഷതം വരുത്തുകയും ഭക്ഷണപദാര്‍ത്ഥങ്ങളിലെ പോഷകങ്ങള്‍ ആഗിരണം ചെയ്‌തെടുക്കുകയും ചെയ്യുന്നു. തന്മൂലം ആടുകളില്‍ വിശപ്പില്ലായ്മ, ദഹനക്കുറവ്, വയറ്റിളക്കം, വളര്‍ച്ചക്കുറവ്, ശരീരം ശോഷിക്കല്‍ തുടങ്ങി ഒട്ടനവധി രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നു. വിശപ്പില്ലായ്മയും, പോഷകക്കുറവും, മൂലം ആട്ടിന്‍കുട്ടികളുടെ വളര്‍ച്ച മുരടിക്കുകയും ഉത്പാദനം കുറയുകയും ചെയ്യുന്നു. ചിലസമയം വിരകള്‍ കൂട്ടംകൂടി കെട്ടുപിണഞ്ഞു കിടന്ന് കുടലില്‍ തടസ്സം സൃഷ്ടിക്കുന്നു. ഈ അവസ്ഥ ഗുരുതരമായാല്‍ ആട്ടിന്‍കുട്ടികളുടെ മരണത്തിനുവരെ കാരണമായേക്കാം. നാടവിരകള്‍ ചിലപ്പോള്‍ കുടലിലെ അണുബാധയ്ക്കും വഴിവെയ്ക്കുന്നു.

കാഷ്ഠപരിശോധനയും, മരണാന്തര പരിശോധനയും വഴിയാണ് രോഗനിര്‍ണ്ണയം നടത്തുന്നത്. രോഗം ബാധിച്ച് 5 മുതല്‍ 6 ആഴ്ച കഴിയുമ്പോള്‍ കാഷ്ഠത്തിലൂടെ നാടവിരയുടെ മുട്ടകള്‍ അല്ലെങ്കില്‍ മുട്ടകള്‍ അടങ്ങിയ ഖണ്ഡങ്ങള്‍ വിസര്‍ജ്ജിക്കപ്പെടുന്നു. വേവിച്ച ചോറ് പോലെ തോന്നിക്കുന്ന ഖണ്ഡങ്ങള്‍ കാഷ്ഠത്തില്‍ കാണുന്നത് വിബാധയുടെ സൂചന നല്‍കുന്നു.


ചികിത്സയും രോഗനിയന്ത്രണവും


രോഗസംക്രമണത്തിനു കാരണമാകുന്ന പുല്‍മണ്ഡരികളെ നിയന്ത്രിക്കുക അത്ര പ്രായോഗികമല്ല. ആയതിനാല്‍, വിരബാധിതരായ ആടുകളെ ചികിത്സിച്ച് അവയില്‍ നിന്നും വീണ്ടും രോഗം പകരുന്നത് തടയുകയാണ് രോഗനിയന്ത്രണത്തിനുള്ള പ്രായോഗിക മാര്‍ഗ്ഗം. തുരിശ്ശു ലായനി (1%), അടയ്ക്ക ഉരച്ചു നല്‍കുക എന്നിവ നാടവിരകള്‍ക്കെതിരെ പണ്ടു മുതലെ പ്രയോഗിച്ചു വരുന്ന ഒരു ചില ചികിത്സാ രീതികളാണ്. എന്നാല്‍ ആവശ്യത്തില്‍ കൂടുതല്‍ അളവില്‍ ഉള്ളിലെത്തിയാല്‍ ഇവ ചിലപ്പോള്‍ മാരകമായേക്കാം. അതിനാല്‍ ഇത്തരം ചികിത്സകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം നല്‍കുക. ഇന്ന് നാടവിരകള്‍ക്കെതിരെ ഫലപ്രദമായ ഒട്ടനവധി മരുന്നുകള്‍ ലഭ്യമാണ്. നിക്ലോസാമൈഡ്, പ്രാസിക്വാന്റല്‍, ആല്‍ബെന്റസോള്‍ തുടങ്ങിയ മരുന്നുകള്‍ ശരിയായ അളവില്‍ നല്‍കുന്ന പക്ഷം വിരബാധ ചികിത്സിച്ചു മാറ്റാം.

രോഗനിയന്ത്രണത്തില്‍ ശ്രദ്ധിക്കേണ്ട വസ്തുതകള്‍


  • ആട്ടിന്‍ കുട്ടികള്‍ക്ക് പോഷകമൂല്യമുള്ള തീറ്റ നല്‍കുക. ഇതുവഴി അവയുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം.
  • വിരബാധയുള്ളതായി സംശയം തോന്നിയാല്‍, കാഷ്ഠം പരിശോധിച്ച് ഡോക്ടറുടെ ഉപദേശപ്രകാരം മരുന്നു നല്‍കുക. ശരിയായ അളവില്‍ മരുന്നു നല്‍കേണ്ടത് അത്യാവശ്യമാണ്.
  • ആടുകളെ അതിരാവിലെയും വൈകുന്നേരങ്ങളിലും മേയാന്‍ വിടാതിരിക്കുക. രോഗവാഹകരായ മണ്ഡരികള്‍ പുല്ലില്‍ കൂടുതലായി കാണപ്പെടുന്നത് ഈ സമയങ്ങളിലാണ്.
  • ആടുകള്‍ക്കുള്ള മേച്ചില്‍ സ്ഥലങ്ങള്‍ മാറി മാറി ഉപയോഗിക്കുക, ഇടയ്ക്കിടയ്ക്ക് ഉഴുതുമറിച്ച് പുതിയ പുല്‍കൃഷി നടത്തുക തുടങ്ങിയ രീതികള്‍ അവലംബിച്ചാല്‍ പുല്‍മണ്ഡരികളെ ഒരു പരിധിവരെ നിയന്ത്രിക്കാനാവും.

ആടുകളുടെ വളര്‍ച്ചയും ഉല്പാദനത്തെയും ബാധിക്കുന്ന ഇത്തരം പരാദരോഗങ്ങള്‍ നിയന്ത്രിക്കുക വഴി ആടുവളര്‍ത്തല്‍ കര്‍ഷകന് ലാഭകരമായ ഒരു സേരംഭമായി തീര്‍ക്കാനാവും.

 

ആടുകളിലെ അകിടു രോഗങ്ങള്‍

 

അകിടുവീക്കം

ആടുകളില്‍ അകിടിനെ ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അകിടുവീക്കം. മുലക്കാമ്പിലൂടെ അകിടില്‍ പ്രവേശിക്കുന്ന ബാക്ടീരിയ, ഫംഗസ്, വൈറസ് മുതലായ അണുക്കളാണ് രോഗഹേതുക്കള്‍. പനി, തീറ്റയ്ക്ക് മടുപ്പ്, അകിടില്‍ ചൂട്, നീര്, വേദന,കല്ലിപ്പ്, പാലിന് നിറംമാറ്റം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ മറ്റ് ചിലപ്പോള്‍ തീവ്രരൂപത്തിലും അകിടുവീക്കം വരാം. ഗാംഗ്രിനസ് മാസ്റ്റൈറ്റിസ് എന്നാണിതറിയപ്പെടുന്നത്. അകിടിന് കല്ലിപ്പ് കാണുമെങ്കിലും വേദന അനുഭവപ്പെടാറില്ല. തണുത്ത് മരവിച്ച് കോശങ്ങള്‍ നിര്‍ജ്ജീവമാകും. അകിട് വീണ്ടുകീറി വ്രണങ്ങള്‍ ആയി ചില ഭാഗങ്ങള്‍ അടര്‍ന്നുപോകാനും ഇടയാകും. കറന്നാല്‍ കടുത്ത കട്ടന്‍ചായ നിറത്തില്‍ സ്രവങ്ങള്‍ വരും. രോഗാണുക്കള്‍ പുറന്തള്ളുന്ന വിഷാംശം രക്തത്തില്‍ കലരുന്നതോടെ മാരകമായിത്തീരും. ചികിത്സിച്ചാല്‍ ആടിന്റെ ജീവന്‍ രക്ഷിക്കാമെങ്കിലും പാലുല്പാദനം ഗണ്യമായി കുറയും. 

അകിടുവീക്കം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ഡോക്ടറുടെ സേവനം തേടണം. സ്വയം ചികിത്സ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ദിവസവും കുറഞ്ഞത് മൂന്നുനേരം ആടിനെ ശ്രദ്ധയോടെ പരിചരിച്ചാല്‍ രോഗം ആരംഭത്തില്‍ കുപിടിക്കുന്നതിനും വൈകാതെ ചികിത്സ നല്‍കാനും കഴിയും. പാല്‍ പരിശോധിച്ച് രോഗാണുക്കളുടെ പ്രത്യേകത അനുസരിച്ച് ആന്റിബയോട്ടിക്കുകള്‍ നല്‍കണം. നീര് കുറയുന്നതിന് മഗ്നീഷ്യം സള്‍ഫേറ്റ് ഗ്ലിസറിന്‍ കുഴമ്പ് പുരട്ടാം. അണുബാധയുള്ള പാല്‍ കറന്നു കളയണം. രോഗം പൂര്‍ണ്ണമായും ഭേദമാകുന്നതുവരെ പാല്‍ ഭക്ഷ്യയോഗ്യമല്ല. ആട്ടിന്‍കൂടും പരിസരവും വൃത്തിയായും അണുവിമുക്തമായും സൂക്ഷിച്ചാല്‍ രോഗസാധ്യത കുറയ്ക്കാം. 
ഉയര്‍ന്ന അളവില്‍ പാല്‍ ലഭിക്കുന്ന ആടുകള്‍ക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ പ്രത്യേക ശ്രദ്ധ നല്‍കണം. അകിടുവീക്കത്തിന് കാരണക്കാരായി വിവിധതരം രോഗാണുക്കള്‍ ഉള്ളതിനാല്‍ ഫലപ്രദമായ വാക്‌സിനുകള്‍ ലഭ്യമല്ല.

ഹീമഗലക്ഷ്യ


അകിടിന് ക്ഷതങ്ങള്‍ ഏല്‍ക്കുമ്പോള്‍ പാലില്‍ രക്തം കലരുന്ന അവസ്ഥയാണ് റോസ് മില്‍ക്ക് അഥവാ ഹീമഗലക്ഷ്യ. അകിടിലെ രക്തക്കുഴലുകള്‍ പൊട്ടി രക്തവാര്‍ച്ചയുാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. മിക്കപ്പോഴും പ്രസവത്തോടനുബന്ധിച്ചാണ് റോസ് മില്‍ക്ക് വരാറുള്ളത്. കറന്നെടുത്ത പാല്‍ ഒരു ഗ്ലാസ്സിലേക്ക് പകര്‍ന്നു വച്ചാല്‍ റോസ് നിറമായി കാണാം. അല്പനേരം കഴിഞ്ഞ് ഗ്ലാസ്സിന്റെ അടിഭാഗം പരിശോധിച്ചാല്‍ രക്തം അടിഞ്ഞുകൂടിയിരിക്കും. പുറമേയ്ക്ക് പ്രകടമല്ലാത്ത രീതിയിലുള്ള മുറിവുകള്‍ അകിടില്‍ വരാനിടയുണ്ട്. മറ്റ് ആടുകളുടെ ആക്രമണം, ആട്ടിന്‍കുട്ടികള്‍ പാല്‍ കിട്ടാതെ വരുമ്പോള്‍ അകിടില്‍ ഇടിച്ചു കുടിക്കാന്‍ ശ്രമിക്കുക, കറവക്കാര്‍ പെരുവിരല്‍ മടക്കി കാമ്പില്‍ അമര്‍ത്തി പിഴിയുക എന്നിവയാണ് പ്രധാന കാരണങ്ങള്‍. 

മരുന്ന് നല്‍കാതെ തന്നെ മിതമായ തോതിലുള്ള റോസ് മില്‍ക്ക് നാലോ അഞ്ചോ ദിവസത്തിനകം സ്വാഭാവികമായി ഭേദമാകും. എന്നാല്‍ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ വിറ്റമിന്‍ കെ, കാത്സ്യം, എന്നിവയുടെ ന്യൂനതയുണ്ടെങ്കില്‍ ചികിത്സിക്കണം. രക്തവാര്‍ച്ച കുറയുന്നതിനുള്ള മരുന്നുകളും വിറ്റമിന്‍ കെ, കാത്സ്യം എന്നിവയും നല്‍കണം. പ്രകടമല്ലാത്ത അകിടുവിക്കവും കാണപ്പെടാം. പാല്‍ പരിശോധിച്ച് ആന്റിബയോട്ടിക്കുകള്‍ നല്‍കണം.

പോക്‌സ് രോഗം


അകിടിന്റെ തൊലിപ്പുറത്ത് കുരുപ്പും കുമിളകളും വന്ന് പൊട്ടിയടരുന്നത് വൈറസ് രോഗമായ പോക്‌സിന്റെ ഒരു ലക്ഷണമാണ്. പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ അകിട് കഴുകി ആന്റിബയോട്ടിക് ലേപനമോ ബോറിക് ആസിഡ് കുഴമ്പോ പുരട്ടിയാല്‍ മുറിവുണങ്ങും.

സ്‌പൈടര്‍ റ്റീറ്റ്


പാല്‍ ഒഴുകി വരുന്നതിന് തടസ്സമായി ദശവളര്‍ന്ന് മുലക്കാമ്പിന്റെ നാളി അടഞ്ഞുപോകുന്ന അവസ്ഥയാണ് സ്‌പൈടര്‍ റ്റീറ്റ്. ശസ്ത്രക്രിയയിലൂടെ ദശനീക്കം ചെയ്താല്‍ പാല്‍ കറന്നെടുക്കാം. ചികിത്സയിലൂടെ ഭേദമാകുമെങ്കിലും താമസിയാതെ ദശ വീണ്ടും വളരാനിടയുണ്ട്.

വ്രണങ്ങള്‍


മേഞ്ഞുനടക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് ആടുകള്‍. കമ്പിവേലികള്‍ക്കിടയിലൂടെ നുഴഞ്ഞു കയറിയും കുറ്റിച്ചെടിയും മുള്‍പ്പടര്‍പ്പുമുള്ള പ്രദേശത്ത് മേയുമ്പോള്‍ കൂര്‍ത്ത ഭാഗങ്ങളില്‍ അകിട് തട്ടിയും മുറിവേല്‍ക്കുന്നത് സാധാരണമാണ്. മുറിവ് അണുവിമുക്തമാക്കി ലേപനങ്ങള്‍ പുരട്ടണം. ചികിത്സിക്കാതിരുന്നാല്‍ മുറിവില്‍ ഈച്ചകള്‍ മുട്ടയിടും. വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ അകിടിലെ കലകള്‍ കാര്‍ന്നുതിന്നും. ഇത് അകിടുവീക്കത്തിനിടയാക്കും.

ഔഷധ ഗുണമുള്ള പാല്‍


മാംസാവശ്യങ്ങള്‍ക്കായാണ് മുഖ്യമായും ആടിനെ വളര്‍ത്താറുള്ളത്. പാലുല്പാദനത്തിനും അത്രതന്നെ പ്രാധാന്യമുണ്ട്. ഔഷധ ഗുണമുള്ള സമ്പൂര്‍ണ്ണ പോഷകാഹാരമായ ആട്ടിന്‍പാലിന് ആവശ്യക്കാരേറെയാണ്. പശുവിന്‍പാലിനെ അപേക്ഷിച്ച് ആട്ടിന്‍ പാലിന്റെ കൊഴുപ്പ് കണികകള്‍ക്ക് വലുപ്പം കുറവായതിനാല്‍ പെട്ടെന്ന് ദഹിക്കും. അതിനാല്‍ വൃദ്ധര്‍ക്കും രോഗികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഒരുപോലെ നല്‍കാവുന്ന ഭക്ഷ്യവസ്തുവാണ് ആട്ടിന്‍ പാല്‍. താരതമ്യേന രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് ആട്ടിന്‍പാല്‍ നല്‍കുമ്പോള്‍ പാസ്ച്വറൈസ് ചെയ്ത് അണുവിമുക്തമാക്കി നല്‍കുന്നതാണ് അഭികാമ്യം. പാലിലൂടെ പകരാവുന്ന ജന്തുജന്യരോഗങ്ങളായ ക്ഷയം, എലിപ്പനി, ബ്രൂസല്ലോസിസ്, ടോക്‌സോപ്ലാസ്‌മോസിസ് മുതലായ രോഗങ്ങളുടെ വ്യാപനം തടയാന്‍ ഇതുപകരിക്കും. ശുചിത്വമുള്ള അന്തരിക്ഷവും ചിട്ടയായ പരിചരണവും രോഗത്തെക്കുറിച്ചുള്ള അറിവും പാലിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും ഉല്പാദനം കൂട്ടുന്നതിനും ഉപകരിക്കും.

 

ആടുകള്‍ക്ക് പോളിയോ വന്നാല്‍

 

ആടുകളില്‍ സാധാരണ കാണാറുള്ള രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പോളിയോ എന്‍സഫലോ മലേഷ്യ അഥവാ പോളിയോ രോഗം. വിറ്റാമിന്‍ ബി1 അഥവാ തയമിന്‍ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അളവില്‍ ലഭിക്കാതെ വരുന്നതാണ് രോഗകാരണമായി കണ്ടെത്തിയിട്ടുള്ളത്. അയവെട്ടുന്ന മൃഗങ്ങളില്‍ ആടുകളിലാണ് ഈ രോഗം കൂടുതലായി കാണുന്നത്. ഒരുമാസം മുതല്‍ മൂന്നു വയസ്സുവരെയുള്ള ആടുകള്‍ക്കാണ് രോഗസാദ്ധ്യത ഏറ്റവും കൂടുതല്‍. ചെമ്മരിയാട്, പശു എന്നിവയിലും രോഗം കണ്ടെത്തിയിട്ടുണ്ട്

ഇനി നമുക്ക് തയമിന്റെ അളവ് കുറയുന്നതെങ്ങനെയെന്ന് നോക്കാം. ആടിന്റെ ആമാശയത്തിലെ ആദ്യ അറയായ റൂമനില്‍ കാണുന്ന ബ്ക്ടീരിയകളുടെ പ്രവര്‍ത്തനഫലമായാണ് തയമിന്‍ വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാകുന്നത്. റൂമനിലെ അമ്ല-ക്ഷാര നിലയില്‍ പ്രകടമായ വ്യതിയാനം വന്നാല്‍ തയമിന്റെ പ്രവര്‍ത്തനം തടസ്സപ്പെടും. അമിതമായി കഞ്ഞിയോ ചോറോ നല്‍കുമ്പോള്‍ ആമാശയത്തില്‍ അമ്ലത കൂടുന്നത് ഇതിനൊരുദാഹരണമാണ്. തയമിന്‍ അഭാവം ഉാകാവുന്ന മററ് സാഹചര്യങ്ങള്‍ ഇവയാണ്. പൂപ്പല്‍ വിഷബാധ, സള്‍ഫര്‍ വിഷബാധ, ആമ്പ്രോളിയം മരുന്നിന്റെ ഉപയോഗം, ഖരാഹാരം പരുഷാഹാരത്തേക്കാള്‍ കൂടിയ അളവില്‍ തിന്നുക, എന്തിന് സാധാരണ നല്‍കാറുള്ള തീറ്റയില്‍ നിന്നും പെട്ടെന്നുള്ള ഒരു മാറ്റം പോലും റൂമന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കും.

പോളിയോ രോഗത്തിന്റെ ലക്ഷണങ്ങള്‍

പോളിയോ രോഗത്തിന്റെ ലക്ഷണങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണ്. നന്നായി തീറ്റ തിന്ന് പൂര്‍ണ്ണ ആരോഗ്യത്തോടെയുള്ള ആടുകള്‍ നിന്നനില്പില്‍ വേച്ച് നിലവിളിച്ച് നിലത്തുവീഴും. ഉടന്‍ എഴുന്നേല്‍ക്കുമെങ്കിലും ബാലന്‍സ് തെറ്റി വീഴാന്‍ ഭാവിക്കും. തല നേരേ പിടിക്കാന്‍ കഴിയാതെ വെട്ടിക്കൊണ്ടിരിക്കും. കാഴ്ച മങ്ങുക, കണ്ണ് കോട്ടുക, പല്ലിറുക്കുക, മാംസപേശികള്‍ കോച്ചി വലിക്കുക, കാലുകള്‍ മരവിച്ച് വടിപോലാകുക, വയറ് വീര്‍ക്കുക എന്നീ ലക്ഷണങ്ങള്‍ കാണാം. രോഗം മൂര്‍ഛിക്കുമ്പോള്‍ ഒരു വശത്തേയ്ക്ക് മാത്രം ചരിഞ്ഞ് കിടപ്പിലാകും. തയമിന്‍ കുറയുമ്പോള്‍ തലച്ചോറില്‍ നീര്‍ക്കെട്ടുണ്ടാകുന്നതാണ് ഈ അവസ്ഥയ്ക്ക് നിദാനം.

ആരംഭത്തില്‍ ചികിത്സിച്ചാല്‍ നാല് മുതല്‍ ആറ് ദിവസത്തിനകം ഭേദമാകും. തയാമിന്‍ അടങ്ങിയ വിറ്റമിന്‍ മിശ്രിതവും തലച്ചോറിലെ നീര്‍ക്കെട്ട് കുറയുന്നതിനുള്ള മരുന്നുകളും കുത്തിവയ്ക്കണം. ശ്വാസകോശത്തിനും തലച്ചോറിനും അണുബാധയേല്‍ക്കാന്‍ ഇടയുള്ളതിനാല്‍ ആന്റിബയോട്ടിക്കുകള്‍ ചിലപ്പോള്‍ നല്‍കേണ്ടി വരും.

പോളിയോ ലക്ഷണങ്ങള്‍ക്ക് മറ്റ് പല രോഗങ്ങളുമായി സാമ്യമുള്ളതിനാല്‍ ഒരു വിദഗ്ധ ഡോക്ടര്‍ക്കു മാത്രമേ രോഗം കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയൂ. അതിനാല്‍ രോഗലക്ഷണം ശ്രദ്ധയില്‍പ്പെട്ടാലുടന്‍ തന്നെ ഡോക്ടറുടെ സേവനം തേടണം. ചികിത്സ വൈകിയാല്‍ മരണം സംഭവിക്കാം.

ആടുകളിലെ പോളിയോ രോഗം ഒരു സാംക്രമിക രോഗമല്ല എന്ന കാര്യം പ്രത്യേകം ഓര്‍ക്കണം. പോളിയോ വരാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ ആവശ്യമാണ്. തീറ്റവസ്തുക്കള്‍ ശ്രദ്ധയോടെ തെരഞ്ഞെടുക്കണം. സ്ഥിരമായി നല്‍കാറുള്ള തീറ്റയില്‍ പെട്ടെന്നൊരു മാറ്റം പാടില്ല. കഞ്ഞി അമിതമായി നല്‍കരുത്. ചില സീസണില്‍ (ജൂണ്‍-ജൂലൈ) പ്ലാവില മാത്രം കൂടുതലായി നല്‍കുന്നതും അപകടമാകാനിടയുണ്ട്. രോഗസാധ്യത സംശയിച്ചാല്‍ തീറ്റയില്‍ തയമിന്‍ മിശ്രിതം ചേര്‍ക്കുന്നത് നല്ലതാണ്. രോഗത്തെക്കുറിച്ച് അറിയുക, ആരംഭത്തില്‍ ചികിത്സിക്കുക, ആട് വളര്‍ത്തല്‍ ലാഭകരമാക്കാന്‍ മററ് വഴികളില്ല.

കടപ്പാട് : ഡോ. ആശാ രാജഗോപാല്‍,
ഡോ. ബിജു.പി. ഹബീബ്, ഡോ. ജാനസ്.എ.
വെറ്ററിനറി കോളേജ്, മണ്ണുത്തി - 680651

അവസാനം പരിഷ്കരിച്ചത് : 6/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate