ദഹനത്തിനാവശ്യമായ പിത്തരസ നിര്‍മാണം കരളിന്‍െറ പ്രധാന ധര്‍മങ്ങളിലൊന്നാണ്. ദിവസവും അര ലിറ്ററിലധികം പിത്ത രസം കരള്‍ നിര്‍മിക്കുന്നുണ്ട്. കരളില്‍ രൂപം കൊള്ളുന്ന പിത്തരസം അഥവാ ബൈല്‍ പിത്താശയത്തില്‍ ആണ് സംഭരിക്കുന്നത്. പേരക്കയുടെ ആകൃതിയില്‍ ഏകദേശം 7 സെ.മി നീളവും 3 സെ.മീ വീതിയും ഉള്ള ഒരു സഞ്ചിയാണ് പിത്താശയം. 30-50 ml വരെ സംഭരണ ശേഷി പിത്താശയത്തിനുണ്ട്. കരളിന്‍െറ അടിഭാഗത്ത് വലതു വശത്തായാണ് പിത്താശയത്തിന്‍െറ സ്ഥാനം.
ഭക്ഷണത്തിലെ കൊഴുപ്പിനെ വിഘടിപ്പിക്കുകയും ദഹിപ്പിക്കുകയും ചെയ്യുന്നത് പിത്തരസമാണ്. കൊഴുപ്പമ്ളങ്ങളുടെ ആഗിരണത്തെ ത്വരിതപ്പെടുത്താനും കൊഴുപ്പിലലിയുന്ന ജീവകങ്ങളുടെ ആഗിരണത്തിനും പിത്തരസം അനിവാര്യമാണ്. കരളില്‍നിന്ന് മാലിന്യങ്ങളെ പുറന്തള്ളാനും പിത്തരസം സഹായിക്കും.
ഭക്ഷണവേളയില്‍ പിത്താശയം സങ്കോചിച്ച് പിത്തനാളി വഴി പിത്തരസം ചെറുകുടലിലത്തെി ഭക്ഷണവുമായി കൂടിച്ചേര്‍ന്ന് ദഹനപ്രക്രിയയില്‍ പങ്കുചേരുന്നു.
പിത്താശയത്തില്‍ കല്ല് ബാധിക്കുന്ന രോഗികളുടെ എണ്ണം ഇന്ന് കൂടുതലാണ്. അമിതവണ്ണവും ഉയര്‍ന്ന കൊളസ്ട്രോളും ഇതിനുള്ള സാധ്യത കൂട്ടുന്നു. സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് പിത്താശയക്കല്ലുകള്‍ക്കുള്ള സാധ്യത കൂടുതലാണ്. ആയുര്‍വേദം കല്ലുകളെ ‘അശ്മം’ എന്നാണ് പറയുക.
പിത്തരസത്തിന്‍െറ 98 ശതമാനവും വെള്ളമാണ്. വെള്ളത്തിന് പുറമെ പിത്തലവണങ്ങള്‍, കൊഴുപ്പ്, ബിലിറൂബിന്‍ എന്ന വര്‍ണകം ഇവയും പിത്തരസത്തില്‍ അടങ്ങിയിട്ടുണ്ട്. പിത്താശയക്കല്ലുകള്‍ രൂപപ്പെടുന്നത് ഈ ഘടകങ്ങളില്‍ നിന്നു തന്നെയാണ്. പ്രധാനമായും കൊഴൂപ്പ്, കാല്‍സ്യം, ബിലിറൂബിന്‍ എന്നിവയില്‍ നിന്നാണ് കല്ലുകള്‍ ഉണ്ടാകുന്നത.് ആദ്യഘട്ടത്തില്‍ വെറും തരികളായി കാണപ്പെടുന്ന കല്ലുകള്‍ എണ്ണത്തില്‍ നൂറിലധികമായും കാണാറുണ്ട്.
രാസഘടനക്കനുസരിച്ച് കല്ലുകളുടെ രൂപത്തിലും നിറത്തിലും വ്യത്യാസം വരാം. മൂന്ന് തരം കല്ലുകളാണ് പ്രധാനമായും കാണുക.
1. കൊഴുപ്പ് കല്ലുകള്‍ (കൊളസ്ട്രോള്‍ കല്ലുകള്‍)
ഇത്തരം കല്ലുകളില്‍ 70 - 80 ശതമാനം വരെയും കൊഴുപ്പ് കാണാം. വൃത്താകൃതിയിലോ കോഴിമുട്ടയുടെ ആകൃതിയിലോ കാണപ്പെടുന്ന കൊഴുപ്പ് കല്ലുകള്‍ പച്ച നിറത്തിലാണ് കാണപ്പെടുക. അപൂര്‍വമായി മഞ്ഞയോ വെള്ളയോ നിറത്തില്‍ കാണുന്നു.
2. പിഗ്മന്‍റ് സ്റ്റോണ്‍സ്
ബിലിറൂബിന്‍ എന്ന വര്‍ണകത്തില്‍നിന്നോ കാല്‍സ്യം ലവണങ്ങളില്‍ നിന്നോ രൂപപ്പെടുന്നവയാണ് പിഗ്മന്‍റ് കല്ലുകള്‍. ഇരുണ്ട (ബ്രൗണോ കറുപ്പോ) നിറത്തിലുള്ള ചെറുതും മൃദുവുമായ കല്ലുകളാണിവ. ഇത്തരം കല്ലുകളില്‍ 20 ശതമാനത്തില്‍ താഴെ മാത്രമേ കൊഴുപ്പുണ്ടാകൂ. രക്തകോശങ്ങളുടെ ഘടനയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ മൂലം ഉണ്ടാകുന്ന രോഗങ്ങള്‍, കരള്‍വീക്കം തുടങ്ങിയ രോഗങ്ങള്‍ മൂലവും ഇത്തരം കല്ലുകള്‍ രൂപപ്പെടാം.
3. സമ്മിശ്രക്കല്ലുകള്‍ (Mixed Stones)
വിവിധ രാസഘടകങ്ങള്‍ ചേര്‍ന്നുള്ള കല്ലുകളും പിത്താശയത്തില്‍ രൂപപ്പെടാറുണ്ട്.
കരളില്‍ സംസ്കരിക്കുന്ന കൊഴുപ്പിന്‍െറ ഘടകങ്ങള്‍ പിത്തരസവുമായി കൂടിച്ചേര്‍ന്നാണ് പിത്താശയത്തില്‍ ശേഖരിക്കുന്നത്. എന്നാല്‍ ഈ മിശ്രിതത്തില്‍ കൊഴുപ്പിന്‍െറ അളവ് കൂടുതലാണെങ്കില്‍ കല്ലുകള്‍ രൂപപ്പെടാനിടയാക്കും. കൊഴുപ്പിന്‍െറ ഉപഭോഗം കൂടുതലായവരില്‍ ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ പിത്തരസം കൂടലിലേക്കൊഴുകുന്നതില്‍ ഉണ്ടാകുന്ന താല്‍ക്കാലിക തടസ്സങ്ങള്‍, പിത്താശയത്തിന്‍െറ സ്വാഭാവിക ചലനം നഷ്ടപ്പെടുന്നത് മൂലം ഒഴുക്കില്ലാതെ പിത്തരസം കെട്ടിനില്‍ക്കുക ഇവയും പിത്താശയക്കല്ലുകളുടെ രൂപീകരണത്തിന് സഹായകമാകാറുണ്ട്. സിറോസിസ് (യകൃദുദരം) ഉള്ളവരില്‍ കരളില്‍ നിന്ന് പിത്തരസത്തിന് സുഗമമായി ഒഴുകാനാകാതെ വരുന്നതും പിത്താശയക്കല്ലുകള്‍ ഉണ്ടാകാനിടയാകും.
പൊതുവേ രോഗലക്ഷണങ്ങളൊന്നും തന്നെ പിത്താശയക്കല്ലുകള്‍ പ്രകടമാക്കാറില്ല. കല്ലുകള്‍ ഒരു ഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് നീങ്ങുകയോ പിത്തനാളത്തെ പൂര്‍ണമായും തടസ്സപ്പെടുത്തുകയോ ചെയ്യുമ്പോഴാണ് പൊതുവേ ലക്ഷണങ്ങള്‍ പ്രകടമാകുക. ഉദരത്തിന്‍െറ വലതുഭാഗത്ത് വാരിയെല്ലുകള്‍ക്ക് തൊട്ട്താഴെ അനുഭവപ്പെടുന്ന ശക്തമായ വേദന പിത്താശയക്കല്ലുകളുടെ പ്രധാന ലക്ഷണമാണ്. വലതുവശത്തെ തോളിന് താഴെയോ വയറിന്‍െറ വലതു മധ്യഭാഗത്തോ വേദന വരാം.
അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണം കഴിച്ച് കുറച്ച് കഴിയുമ്പോഴാണ് പലപ്പോഴും വേദന തുടങ്ങുക. ദഹന പ്രക്രിയയെ സഹായിക്കാനായി പിത്തരസം ഒഴുകാന്‍ തുടങ്ങുമ്പോള്‍ കല്ലുകള്‍ തടസ്സം സൃഷ്ടിക്കുന്നതോടെ വേദന ആരംഭിക്കും. പിത്താശയത്തിന്‍െറ ഇടുങ്ങിയ കഴുത്തില്‍ തടഞ്ഞിരിക്കുന്ന കല്ല് കഠിനമായ വേദനക്കും പിത്താശയ വീക്കത്തിനും ഇടയാക്കും. ഓക്കാനം, ഛര്‍ദി, പനി തുടങ്ങിയവ വേദനയോടൊപ്പം ചിലരില്‍ ഉണ്ടാകും.
പൊതു പിത്തനാളിയില്‍ കല്ലുകള്‍ തടസ്സം സൃഷ്ടിക്കുന്നതോടൊപ്പം കരളില്‍നിന്നും പിത്താശയത്തില്‍നിന്നും പിത്തരസത്തിന് കുടലിലേക്കൊഴുകാന്‍ കഴിയാത്തത് വിട്ടുവിട്ട് വേദനക്കിടയാക്കും. മഞ്ഞപ്പിത്തവും ഉണ്ടാകാറുണ്ട്.
തുടങ്ങിയവരില്‍ പിത്താശയക്കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്‍െറ നില ഉയരുന്ന ഘട്ടങ്ങളിലെല്ലാം പിത്താശയക്കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൊഴുപ്പ് കൂടുതലായി ഉപയോഗിക്കുന്ന പൊണ്ണത്തടിയുള്ള സ്ത്രീകളില്‍ പിത്താശയക്കല്ലുകള്‍ കൂടുതലായി കാണുന്നു.
പെട്ടെന്ന് ഉണ്ടാകുന്ന കഠിനവേദനക്ക് പുറമെ പിത്തസഞ്ചിയില്‍ തുളകള്‍ വീഴ്ത്തുക, പിത്തസഞ്ചി പൊട്ടി ഉദരം മുഴുവന്‍ പഴുപ്പ് ബാധിക്കാന്‍ ഇടയാക്കുക തുടങ്ങിയ സങ്കീര്‍ണതകള്‍ കല്ലുകള്‍ സൃഷ്ടിക്കാറുണ്ട്. അപൂര്‍വമായി അര്‍ബുദത്തിനും ഇത് വഴിയൊരുക്കാറുണ്ട്.
ചികിത്സ
വേദന ശമിപ്പിച്ചും പിത്താശയത്തില്‍ നിന്നും ചെറുകുടലിലേക്കുള്ള പിത്തരസത്തിന്‍െറ ഒഴുക്കിനെ ത്വരിതപ്പെടുത്തിയും പിത്താശയ വീക്കത്തെ കുറച്ചും കരള്‍ കോശങ്ങളില്‍നിന്നുള്ള പിത്തരസത്തിന്‍െറ ഒഴുക്കിനെ ക്രമപ്പെടുത്തിയും ആണ് ആയുര്‍വേദ ഒൗഷധങ്ങള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. തിപ്പലി, കൈയോന്നി, മഞ്ഞള്‍, ഗുഗ്ഗുലു, തഴുതാമ, മുരിങ്ങപ്പൂവ്, അമൃത്, കടുക് -രോഹിണി, കീഴാര്‍നെല്ലി, ചുക്ക്, നെല്ലിക്ക, കറ്റാര്‍ വാഴ, മുന്തിരി ഇവ നല്ല ഫലം തരും. വിരേചനം, അപതര്‍പ്പണം ഇവ ചികിത്സയുടെ ഭാഗമാണ്.
കൊഴുപ്പിന്‍െറ ഉപഭോഗം പരമാവധി കുറച്ചുകൊണ്ടുള്ള ജീവിതശൈലി പിത്താശയക്കല്ലുകളെ ഒഴിവാക്കാന്‍ അനിവാര്യമാണ്. വാഴപ്പിണ്ടി, കൈതച്ചക്ക, നാരങ്ങ, കരിക്ക് ഇവ പിത്താശയക്കല്ല് രൂപപ്പെടുന്നത് തടയും. ലഘു വ്യായാമങ്ങളും അനിവാര്യമാണ്.
കടപ്പാട് : ഡോ. പ്രിയ ദേവദത്ത് (കോട്ടക്കല്‍ ആര്യവൈദ്യശാല, മാന്നാര്‍)
അവസാനം പരിഷ്കരിച്ചത് : 7/23/2020
വിവിധ കരള്‍ രോഗങ്ങള്‍
കരളിനെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ രോഗങ്ങളിലൊന...
രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്‍്റെ...
വിവിധ അവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങളും അവയെ പറ്റിയ...