ശ്വാസകോശസംബന്ധിയായ തീവ്രമായ രോഗമാണ് ആസ്തമ. എന്നാല്‍, രോഗം നേരത്തേ തന്നെ തിരിച്ചറിഞ്ഞാല്‍ ലളിതമായ യോഗാസനങ്ങളും ഭക്ഷണനിയന്ത്രണവും കൊണ്ട് ആസ്തമ മാറ്റാവുന്നതേയുള്ളൂ. ആസ്തമ രോഗികള്‍ ദിവസവും 15 മിനിറ്റ് ശ്വാസകോശത്തെയും അതിനെ സംരക്ഷിക്കുന്ന വാരിയെല്ലുകളെയും വികസിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നതും, രക്തചംക്രമണം വര്‍ധിപ്പിക്കുന്നതും രോഗം കുറയ്ക്കും. താഴെക്കൊടുത്തിരിക്കുന്നതു പ്രധാനമായും ശ്വസനകേന്ദ്രീകൃത യോഗാസനങ്ങളാണ്.
യോഗ ചെയ്യുമ്പോള്‍
രാവിലെ അഞ്ചു മണിക്കും ഏഴരമണിക്കും ഇടയിലും വൈകുന്നേരം അഞ്ചരയ്ക്കും ഏഴു മണിക്കും ഇടയിലും യോഗാസനംചെയ്യാം. അവിചാരിതമായി പനി, ഛര്‍ദി, അതിസാരം തുടങ്ങിയ സാംക്രമികരോഗങ്ങള്‍ വന്നാല്‍ യോഗ ചെയ്യരുത്. രോഗം മാറിയശേഷം തുടരാം. സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി അഞ്ചുദിവസത്തേക്ക് യോഗാവ്യായാമങ്ങള്‍ ചെയ്യരുത്.
സുഖാസനം: നല്ല കട്ടിയുള്ള വിരിയോ പായയോ വിരിച്ച് അതില്‍ സൂര്യന് അഭിമുഖമായി കാലുകള്‍ നീട്ടിയിരിക്കുക. വലതുകാല്‍ മടക്കി ഇടതു തുടയില്‍ ചവിട്ടത്തക്കവിധം വയ്ക്കുക. ഇടതു കാല്‍ മടക്കി മടക്കിയ വലതുകാലിനോട് അടുപ്പിച്ചും വയ്ക്കുക. വലതുകാല്‍ ഉപ്പൂറ്റിയും വിരലുകളും ഇടതുകാല്‍ മുട്ടിന്നിടയിലും ഇടതുകാല്‍പ്പാദം വലതുകാല്‍ മുട്ടിന്നരികിലായും വരണം. ഇരുകൈകള്‍കൊണ്ടും ഇരുകാല്‍മുട്ടുകളിലും പിടിച്ച് നല്ലപോലെ നട്ടെല്ല് നിവര്‍ത്തിയിരിക്കുക. മാറ് അല്‍പം മുമ്പോട്ടു തള്ളിയിരിക്കണം. ഇനി സാവധാനം ശ്വാസം (പ്രാണവായു) ഉള്ളിലേക്കു നാസാദ്വാരത്തിനു ശക്തികൊടുക്കാതെ എടുക്കുക. ശ്വാസകോശത്തിനു മിതമായ ശക്തി കൊടുത്തുകൊണ്ട് വലിച്ചെടുക്കുക. ഈ സമയം വല്ല പ്രയാസവും തോന്നുന്നുണ്ടെങ്കില്‍ ശക്തി കുറച്ചു ശ്വാസം എടുക്കണം. ശ്വാസോച്ഛ്വാസത്തിന്റെ ഗതി നിയന്ത്രിച്ചു സാവധാനത്തില്‍ എടുക്കുകയും വിടുകയും ചെയ്യുക. മനസ് ഏകാഗ്രമാക്കുക. ഈ ശ്വാസോച്ഛ്വാസ നിയന്ത്രണമാണ് ലഘുപ്രാണായാമം. ഒരേ ഇരിപ്പില്‍ മുപ്പതോ നാല്‍പതോ തവണ (മൂന്നോ നാലോ മിനിറ്റ്) ഇതു ചെയ്യാം.
പ്രാണായാമങ്ങള്‍
അനുലോമ പ്രാണായാമം: വലതുകൈയിലെ നടുവിരല്‍ നാസാഗ്രത്തിലും ചൂണ്ടുവിരല്‍ വലതു നാസാദ്വാരം അടച്ചു പിടിച്ചും മോതിരവിരല്‍കൊണ്ട് ഇടതു നാസാദ്വാരവും അടച്ചു പിടിച്ചു സുഖാസനത്തില്‍ത്തന്നെ നിവര്‍ന്നിരിക്കുക. ആദ്യമായി ചൂണ്ടുവിരല്‍ വലതു നാസാദ്വാരം തുറക്കത്തക്കവിധം അല്‍പം പൊക്കി കഴിവിനനുസരിച്ചു ശ്വാസം എടുത്ത് ഉടന്‍ തന്നെ ഇടതു നാസാദ്വാരം തുറന്ന് അതിലൂടെ ഉച്ഛ്വസിക്കുക. ഉടന്‍ തന്നെ ഇടതു നാസാദ്വാരത്തിലൂടെ ശ്വാസം എടുത്ത് വലതു നാസാദ്വാരം തുറന്ന് അതിലൂടെ ഉച്ഛ്വസിക്കുക. ഇങ്ങനെ മാറിമാറി 10 തവണ ശ്വാസോച്ഛ്വാസം നടത്തുക. വലതു മൂക്കില്‍കൂടെ ശ്വാസം എടുക്കുകയും ഇടതു മൂക്കില്‍ വിടുകയും ഉടന്‍ ഇടതു മൂക്കില്‍കൂടെ എടുത്തു വലതു മൂക്കില്‍കൂടെയും എടുക്കുന്നതിന് അനുലോമ പ്രാണായാമം എന്നു പറയുന്നു. (ഒരു മിനിറ്റുസമയം ചെയ്യുക).
വിലോമ പ്രാണായാമം: ഇതേ ഇരുപ്പില്‍ തന്നെ വലതു നാസാദ്വാരത്തില്‍ കൂടെ ശ്വാസം എടുത്ത് അതേ നാസാദ്വാരത്തിലൂടെ ഉച്ഛ്വസിക്കുകയും ഇടതു നാസാദ്വാരത്തിലൂടെ ശ്വാസം എടുക്കുകയും അതിലൂടെതന്നെ ഉച്ഛ്വസിക്കുകയും ചെയ്യുക. ഇങ്ങനെ മാറിമാറി ഓരോ മൂക്കില്‍ കൂടെ 10 പ്രാവശ്യം ശ്വസിക്കുക. ഈ വ്യായാമവും ഓക്സിജന്റെ അഭാവം നികത്താന്‍ സഹായിക്കുന്നു. (ഒരു മിനിറ്റ് സമയം ചെയ്യുക).
യോഗമുദ്ര: അനുലോമവിലോമ പ്രാണായാമം കഴിഞ്ഞ ഉടനെ അതേ ഇരുപ്പില്‍ത്തന്നെ കൈകള്‍ ശരീരത്തിനു പുറകില്‍ ബന്ധിച്ചു പിടിച്ചു ശ്വാസം എടുക്കുക. ഉച്ഛ്വസിച്ചുകൊണ്ടു മുമ്പോട്ടു കുനിഞ്ഞു മൂക്കു തറയില്‍ തൊടുവിക്കാല്‍ ശ്രമിക്കുക. ഉടനെ ശ്വാസം എടുത്ത് പൂര്‍വസ്ഥിതിയില്‍ നിവര്‍ന്നിരിക്കുക. നിവരുമ്പോള്‍ എടുത്തിരിക്കുന്ന ശ്വാസം വിട്ടുകൊണ്ടു വീണ്ടും കുനിഞ്ഞു മൂക്കു തറയില്‍ തൊടുവിക്കാന്‍ ശ്രമിക്കുക. അഞ്ചോ പത്തോ ദിവസത്തെ പരിശീലനം കൊണ്ടു തൊടുവിച്ചാല്‍ മതി, ഒരു ശ്വാസോച്ഛ്വാസം കൊണ്ടു കുനിയുകയും നിവരുകയും ചെയ്യുക. അഞ്ചോ ആറോ തവണ ഇങ്ങനെ ചെയ്യാം.
പാര്‍ശ്വയോഗമുദ്ര: യോഗമുദ്ര ചെയ്തപോലെതന്നെ ശ്വാസം എടുത്തുവിടാന്‍ തുടങ്ങുമ്പോള്‍ ഇടതുഭാഗം ചരിഞ്ഞു മൂക്ക് കാല്‍മുട്ടില്‍ തൊടുവിക്കാന്‍ ശ്രമിക്കുക. ഉടന്‍തന്നെ അവിടെനിന്നു ശ്വാസമെടുത്ത് നല്ലതുപോലെ നിവര്‍ന്നു ശ്വാസം വിട്ടുകൊണ്ടു വലതുകാല്‍ മുട്ടില്‍ മൂക്കുതൊടുവിക്കുകയോ തൊടാന്‍ ശ്രമിക്കുകയോ ചെയ്യുക. ഓരോ ശ്വാസോച്ഛ്വാസംകൊണ്ട് ഇടത്തോട്ടും വലത്തോട്ടും കുനിയുകയും നിവരുകയും ചെയ്യുക. കൈകള്‍ പുറംഭാഗം യോഗമുദ്രയിലെന്നപോലെ ബന്ധിച്ചിരിക്കണം. അഞ്ചു പ്രാവശ്യം രണ്ടു ഭാഗത്തേക്കും കുനിച്ചു കാല്‍മുട്ട് തൊടുവിക്കണം.
വജ്രാസനം: കാലുകള്‍ പുറകോട്ടു മടക്കി കാല്‍ പെരുവിരലുകള്‍ തമ്മില്‍ തൊടുവിച്ച് ഉപ്പൂറ്റി അല്‍പം അകറ്റി ശരീരത്തിന്റെ പിന്‍വശം ഉപ്പൂറ്റിക്കുള്ളില്‍ വരത്തക്കവിധം ഇരുന്നു കൈകള്‍ നിവര്‍ത്തി കാല്‍മുട്ടില്‍ പിടിക്കുക. നട്ടെല്ലു നിവര്‍ത്തി നെഞ്ച് അല്‍പം മുന്നോട്ടു തള്ളിക്കൊണ്ട് ഇരിക്കുക. ഇതേ ഇരിപ്പില്‍ നല്ല പോലെ ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക. ഇത് അഞ്ചു മുതല്‍ 10വരെ പ്രാവശ്യം ചെയ്യാം.
ശശാസനം: വജ്രാസനത്തില്‍ത്തന്നെ നിവര്‍ന്നിരുന്ന് കൈകള്‍ പുറകില്‍ ബന്ധിച്ചു ശ്വാസം എടുക്കുക. തുടര്‍ന്ന് ഉച്ഛ്വസിക്കാന്‍ തുടങ്ങുമ്പോള്‍ മുമ്പോട്ടു കുനിഞ്ഞു നെഞ്ച് തുടകളില്‍ മുട്ടത്തക്കവിധം ഇരുന്നു മൂക്കു തറയില്‍ തൊടുവിക്കുക. നിവരാതെ ഇരുന്നുകൊണ്ടുതന്നെ ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക. കുനിയാന്‍ കഴിയുന്നിടത്തോളം കുനിഞ്ഞു ചെയ്യുക. ഈ ഇരിപ്പില്‍ അഞ്ചോ എട്ടോ തവണ ശ്വാസോച്ഛ്വാസം ചെയ്യാം.
ഉര്‍ദ്ധ്വഭുജാസനം: വജ്രാസനത്തില്‍ ഇരുന്നുകൊണ്ടു കൈകള്‍ കാല്‍മുട്ടില്‍ നിവര്‍ത്തിപ്പിടിച്ചു കൈമുട്ടുകള്‍ മടങ്ങിപ്പോകാതെ ശ്വാസം എടുത്തുകൊണ്ടു കൈകള്‍ മേല്‍പോട്ട് ഉയര്‍ത്തുക. കൈത്തണ്ടകള്‍ ചെവിയോട് തൊട്ടിരിക്കണം. ശ്വാസം വിട്ടുകൊണ്ടു കൈകള്‍ താഴ്ത്തി കാല്‍മുട്ടില്‍ പിടിക്കുക. ശ്വാസം എടുത്തുകൊണ്ടു കൈകള്‍ പൊക്കുകയും വിട്ടുകൊണ്ടു കൈകള്‍ താഴ്ത്തുകയും ചെയ്യുക.
വിസ്തൃതഭുജാസനം: ഉര്‍ദ്ധ്വഭുജാസനം ചെയ്തു കഴിഞ്ഞ് ഉടനെ ഇതേ ഇരിപ്പില്‍ കൈകള്‍ രണ്ടു മാറിനു സമാന്തരമായി കൈമുട്ടു മടക്കാതെ മുമ്പോട്ടു നീട്ടിപ്പിടിക്കുക. പ്രാണവായു ഉള്ളിലേക്ക് എടുത്തുകൊണ്ടു കൈകള്‍ ഇരുവശത്തേക്കും നീട്ടുക. കൈകള്‍ പൊങ്ങിപ്പോകാതിരിക്കാനും താഴ്ന്നുപോകാതിരിക്കാനും ശ്രദ്ധിക്കുക. ഇപ്പോള്‍ മാറു വികസിച്ചിരിക്കും. ഉടന്‍തന്നെ ശ്വാസം വിട്ടുകൊണ്ടു കൈകള്‍ പൂര്‍വസ്ഥിതിയില്‍ കൊണ്ടുവരിക. ഇങ്ങനെ ഒരു ശ്വാസോച്ഛ്വാസം കൊണ്ടു കൈകള്‍ വികസിപ്പിക്കുകയും ചുരുക്കുകയും ചെയ്യുക. ഇതും അഞ്ചു മുതല്‍ 10 വരെ തവണ ആവര്‍ത്തിക്കുക.
അവസാനമായി അഞ്ചുമിനിറ്റു നേരം നിര്‍ബന്ധമായി ശവാസനം ചെയ്യേണ്ടതാണ്. ഭുജംഗാസനം, അര്‍ദ്ധമേരുദണ്ഡാസനം, അര്‍ദ്ധപവനമുക്താസനം എന്നിവയും ആസ്തമ ചെറുക്കും.
ഉഴുന്ന്, ഉഴുന്നില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന ഇഡ്ഡലി, ദോശ, പപ്പടം തുടങ്ങിയവ, പാലും പാലുല്‍പന്നങ്ങളായ തൈര്, മോര്, നെയ്യ് തുടങ്ങിയവ, വാളന്‍പുളി, ഗ്യാസ് ഉണ്ടാക്കുന്ന തുവരപരിപ്പ്, ഉരുളക്കിഴങ്ങ് എന്നിവ ആസ്തമരോഗികള്‍ കഴിവതും ഒഴിവാക്കണം. സസ്യഭക്ഷണം ശീലിക്കുക. ദിവസവും രാത്രി കിടക്കാന്‍ നേരം ഇരുപത്തഞ്ചോ മുപ്പതോ ഉണക്ക മുന്തിരി എടുത്തു കഴുകി ഈ രണ്ടു വീതം വായിലിട്ടു ചവച്ചരച്ചു കഴിക്കുക. പാളയങ്കോടന്‍ (മൈസൂര്‍പഴം) പപ്പായ എന്നീ പഴങ്ങള്‍ ഒഴികെ, പൈനാപ്പിള്‍, പേരയ്ക്ക തുടങ്ങി ഇഷ്ടമുള്ള പഴങ്ങള്‍ കഴിക്കാം. മധുരം കുറയ്ക്കണം. ബേക്കറി സാധനങ്ങള്‍ ഐസ് വാട്ടര്‍, ഐസ്ക്രീം തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
സമയക്രമം
പ്രഭാതഭക്ഷണം ഏഴു മണിക്കും ഒമ്പതു മണിക്കുമുള്ളില്‍ കഴിക്കണം. ഉച്ചഭക്ഷണം 12.30 നും രണ്ടിനുമിടയില്‍. ഇതിനിടയില്‍ ആവശ്യമെങ്കില്‍ ചായയോ കാപ്പിയോ കഴിക്കാം. വൈകുന്നേരം ലഘുഭക്ഷണം ആകാം. ഏഴിനും എട്ടിനുമിടയ്ക്കു രാത്രി ഭക്ഷണം. ഉച്ചയ്ക്കു കഴിക്കുന്നതിന്റെ പകുതി ആഹാരമേ രാത്രി കഴിക്കാവൂ.
എണ്ണതേച്ചുകുളി, ആസ്തമ രോഗികള്‍ക്ക് ഗുണകരമല്ല. തേയ്ക്കുന്നവര്‍ക്കു കുഴപ്പമില്ലെങ്കില്‍ തുടരാവുന്നതാണ്. ഷാംപൂ, താളി, മുടികറുപ്പിക്കാനുള്ളവ എന്നിവയും ഒഴിവാക്കണം.
ഇ ബാലകൃഷ്ണന്‍ കിടാവ് യോഗചികിത്സാ വിദഗ്ധന്‍, യോഗനിലയം, പനങ്ങാട്, കോഴിക്കോട്.
ഭക്ഷണം അലര്‍ജിയുണ്ടാക്കുമ്പോള്‍
അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തിന്റെ പ്രതിരോധസംവിധാനം അവയിലെ അലര്‍ജനുകള്‍ക്കെതിരെ പ്രവര്‍ത്തിച്ച് ആന്റിബോഡികളെ പുറപ്പെടുവിക്കുന്നു. ഇവ ശരീരത്തിലെ അലര്‍ജി കോശങ്ങളായ മാസ്റ്റ് സെല്ലുകളെ ഉത്തേജിപ്പിച്ച് ചില രാസപദാര്‍ഥങ്ങളുടെ പ്രവര്‍ത്തനഫലമായി ശ്വാസനാളത്തിലെ പേശികള്‍ വലിഞ്ഞു മുറുകി ശ്വാസനാളം വീങ്ങി പ്രാണവായു ശ്വാസകോശങ്ങളിലെത്തുന്നതു തടയപ്പെടും. ഇങ്ങനെയാണ് ആസ്തമയുണ്ടാകുന്നത്. ഏതെങ്കിലും ഭക്ഷണപദാര്‍ഥത്തിനെതിരെ ഒരിക്കല്‍ ആന്റിബോഡികള്‍ ഉല്‍പാദിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ എപ്പോള്‍ ആ ഭക്ഷണം കഴിച്ചാലും അലര്‍ജിയുണ്ടാകും.
ആധുനിക ചികിത്സയില്‍ ആസ്തമയ്ക്കു പ്രത്യേക ഭക്ഷണക്രമമൊന്നുമില്ല. ആസ്തമരോഗികള്‍ക്കു സാധാരണ ഭക്ഷണമൊക്കെയാവാം. പോഷകസമ്പന്നമായ ആഹാരം (പ്രത്യേകിച്ചും വൈറ്റമിന്‍ ഡി, ഇ, സി, ഏ, മഗ്നീഷ്യം, സെലനിയം, സിങ്ക് തുടങ്ങിയ ധാതുക്കളും) മറ്റേതു രോഗപ്രതിരോധത്തിനെന്നതുപോലെ ആസ്തമയിലും ആവശ്യമാണ്. ആധുനിക സമൂഹത്തില്‍ ആസ്തമ കൂടുന്നതിന്റെ കാരണമായി അമിതവണ്ണവും വ്യായാമമില്ലാത്ത ജീവിതരീതിയുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ അമിതവണ്ണം കുറയ്ക്കുന്ന ഭക്ഷണരീതി ആസ്തമ കുറയാനും ഉപകരിക്കും.
ഏതുതരം ഭക്ഷണമാണ് ആസ്തമയുള്ളവര്‍ ഒഴിവാക്കേണ്ടതെന്നു കൃത്യമായ ലിസ്റ്റ് ഇല്ലെങ്കിലും ആസ്തമാ രോഗിയുടെ ആവശ്യത്തിനായി ഭക്ഷ്യവസ്തുക്കളെ മൂന്നായി തിരിക്കാം.
യഥേഷ്ടം കഴിക്കാവുന്നവ
ആന്റിഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ കാരറ്റ്, ബീറ്റ്റൂട്ട്, ചീര തുടങ്ങിയ പച്ചക്കറികള്‍ (വേവിച്ചും വേവിക്കാതെയും) മത്സ്യം, ഒമേഗാ 3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമായ മീനെണ്ണ, പഴവര്‍ഗങ്ങള്‍, പാല്‍, പാലുല്‍പന്നങ്ങള്‍, ധാന്യങ്ങള്‍, മാംസം, മുട്ട, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയെല്ലാം ഇഷ്ടംപോലെ കഴിക്കാവുന്ന ഭക്ഷണവിഭവങ്ങളാണ്. മീന്‍, പച്ചക്കറികള്‍ എന്നിവയിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം ശ്വാസനാളികളിലെ വീക്കമകറ്റി അവയെ സ്വാതന്ത്രമാക്കുന്നു
ആസ്തമ തടയാന്‍ കാപ്പി കുടിക്കുന്നതു സഹായിക്കും. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ആസ്തമ ഔഷധമായ തിയോഫില്ലിനെപ്പോലെ പ്രവര്‍ത്തിക്കുന്നതു കൊണ്ടാണു കാപ്പി കുടിക്കുമ്പോള്‍ ആസ്തമയ്ക്കു കുറവുണ്ടാകുന്നത്.
മിതമായി കഴിക്കേണ്ടവ
ചോക്ളേറ്റ്, ബേക്കറി പലഹാരങ്ങള്‍, എണ്ണ, കൃത്രിമ ഭക്ഷണസാധനങ്ങള്‍ ടിന്നിലടച്ചതും കൂടുതല്‍ കാലം തണുപ്പിച്ചു സൂക്ഷിച്ചവയും എണ്ണയില്‍ പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ മിതമായി കഴിക്കുക. ചിലര്‍ക്ക് ആസ്തമ കൂടാന്‍ ഇവ കാരണമാവുന്നതായി കണ്ടിട്ടുണ്ട്.
തീര്‍ത്തും വര്‍ജിക്കേണ്ടവ
പ്രത്യേകിച്ച് ഒരു ആഹാരസാധനവും തീര്‍ത്തും വര്‍ജിക്കണമെന്നു പറയാനാവില്ല. ചിലരില്‍ ഭക്ഷ്യഅലര്‍ജിയുടെ ഭാഗമായും ആസ്തമ വരാറുണ്ട്. അങ്ങനെയുള്ളവര്‍ അത്തരം വസ്തുക്കള്‍ ഏതൊക്കെ എന്നു മനസിലാക്കി അവ വര്‍ജിക്കുന്നതാണ് ഉത്തമം. വേണ്ടിവന്നാല്‍ ഇതിനായി അലര്‍ജിടെസ്റ്റിങ് നടത്താം. സാധാരണയായി അലര്‍ജിക്കു കാരണമാവുന്ന ഭക്ഷണങ്ങള്‍ പാല്‍, മുട്ട, മാംസം, ഗോതമ്പ്, മത്സ്യം (പ്രത്യേകിച്ചും കൊഞ്ച്, ഞണ്ട്, കക്ക മുതലായ കടല്‍ വിഭവങ്ങള്‍), കശുവണ്ടി, നാളികേരം, പയര്‍, കടല എന്നിവയാണ്.
ഭക്ഷണസാധനങ്ങള്‍ ദീര്‍ഘകാലം കേടാവാതിരിക്കാന്‍ ചേര്‍ക്കുന്ന പ്രിസര്‍ലേറ്റീവുകള്‍, കൃത്രിമമധുരം, നിറം കൊടുക്കാനുപയോഗിക്കുന്ന രാസവസ്തുക്കള്‍ മുതലായവയും അലര്‍ജിക്കു കാരണമായേക്കാം. ഏതെങ്കിലും പ്രത്യേക ആഹാരപദാര്‍ഥത്തോട് അലര്‍ജിയുണ്ടെന്നു ബോധ്യമായാല്‍ അവ കഴിയുന്നതും വര്‍ജിക്കണം.
പൊതുവെ തണുപ്പ് ശ്വാസകോശരോഗലക്ഷണങ്ങളായ ചുമ, ശ്വാസതടസം എന്നിവ കൂട്ടുന്നു. അതിനാല്‍ രോഗം നിയന്തണവിധേയമല്ലാത്തവര്‍ ഐസ്ക്രീം, ശീതളപാനീയങ്ങള്‍, തണുത്ത വെള്ളം എന്നിവ ഉപയോഗിക്കരുത്.
ഗര്‍ഭകാലത്ത് അണ്ടിപ്പരിപ്പ് ഒഴിവാക്കാം
ഗര്‍ഭിണിയായിരിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണവും നവജാതശിശുക്കളിലെ ആസ്തമയും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അണ്ടിവര്‍ഗത്തില്‍പെട്ട ഭക്ഷണം പ്രത്യേകമായി നിലക്കടല ധാരാളമായി കഴിക്കുന്നവര്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് ആസ്തമയുണ്ടാകാനുള്ള സാധ്യത അല്ലാത്തവരെക്കാള്‍ 50 ശതമാനം കൂടുതലാണത്രെ. അലര്‍ജികാരകങ്ങളായ ഭക്ഷണങ്ങള്‍ ഗര്‍ഭിണി കഴിക്കുമ്പോള്‍ ഗര്‍ഭസ്ഥശിശുവും അത്തരം ഭക്ഷണപദാര്‍ഥങ്ങളോട് കൂടുതല്‍ സംവേദനക്ഷമത കാണിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, പഴങ്ങള്‍, മത്സ്യം, പാലുല്‍പന്നങ്ങള്‍, ഒലിവെണ്ണ എന്നിങ്ങനെയുള്ള ഘടകങ്ങളടങ്ങിയ മെഡിറ്ററേറിയന്‍ ഭക്ഷണരീതി ഗര്‍ഭിണികള്‍ പാലിക്കുന്നത് ഗര്‍ഭസ്ഥശിശുവിനെ അലര്‍ജിയില്‍ നിന്നും ആസ്തമയില്‍ നിന്നും രക്ഷിക്കും. ആഴ്ചയില്‍ എട്ടു തവണ പച്ചക്കറികള്‍, മൂന്നു തവണ മത്സ്യം, ആഴ്ചയിലൊരിക്കല്‍ പയര്‍വര്‍ഗങ്ങള്‍ എന്നിങ്ങനെ ഭക്ഷണം ക്രമീകിരക്കുന്നത് കൂടുതല്‍ ഫലപ്രദമാണ്. മത്സ്യം വറുത്തുകഴിക്കുന്നതൊഴിവാക്കി കറിയായി കഴിക്കാം. വറുത്ത മീനിലെ ഒമേഗ-6 ഫാറ്റി ആസിഡുകള്‍ ശ്വാസനാളികളുടെ വീക്കം കൂട്ടും. ഗര്‍ഭകാലത്ത് പതിവായി പഴങ്ങള്‍ കഴിക്കുന്നത് നവജാത ശിശുക്കളില്‍ ശ്വാസംമുട്ടല്‍ ഉണ്ടാകുന്നത് ഒഴിവാക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.
അലര്‍ജിക്കു കാരണമാകുന്ന എല്ലാത്തരം ഭക്ഷണവും ഗര്‍ഭകാലത്ത് ഒഴിവാക്കണമെന്ന് ഇതിനര്‍ഥമില്ല.
വിവരങ്ങള്‍ക്കു കടപ്പാട്: ഡോ വോണുഗോപാല്‍ പി നെഞ്ചുരോഗ വിഭാഗം മേധാവി, മെഡിക്കല്‍ കോളജ്, ആലപ്പുഴ
ചുമ, വലിവ്, ശ്വാസതടസം തുടങ്ങിയ പ്രശ്നങ്ങളുമായാണ് ആ യുവതി നെഞ്ചുരോഗവിദഗ്ധനെ കാണാനെത്തിയത്. കുടുംബ ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കിലും അസുഖം വിട്ടുമാറുന്നില്ല. അതുകൊണ്ടാണ് പുതിയ ഡോക്ടറെ കാണാന്‍ തീരുമാനിച്ചത്.
രോഗിയെ വേണ്ടവിധം പരിശോധിച്ചശേഷം പഴയ പ്രിസ്ക്രിപ്ഷന്‍ കൊണ്ടുവന്നിട്ടുണ്ടോയെന്ന് ഡോക്ടര്‍ തിരക്കി. കഴിച്ചുകൊണ്ടിരിക്കുന്നത് ഉചിതമായ മരുന്നുകള്‍ തന്നെയാണെന്ന് അതില്‍ നിന്നും അദ്ദേഹത്തിന് മനസിലായി. പിന്നെ എവിടെയാണ് ചികിത്സ പിഴച്ചത്.
അതു മനസിലാക്കാന്‍ മറ്റു ചില വിവരങ്ങള്‍ കൂടി മനസിലാക്കാനായി ഡോക്ടറുടെ ശ്രമം.
ചോദ്യം : വായിലൂടെ വലിച്ചുപയോഗിക്കേണ്ട രണ്ടു മരുന്നുകള്‍ നിങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇപ്പോഴും അവ ഉപയോഗിക്കുന്നുണ്ടോ? ഉത്തരം : ആദ്യത്തെ മരുന്ന് ഇപ്പോഴും രണ്ടോ മൂന്നോ ദിവസത്തിലൊരിക്കല്‍, ശ്വാസതടസം വരുമ്പോള്‍ ഞാന്‍ ഉപയോഗിക്കുന്നുണ്ട്. അപ്പോള്‍ അല്‍പം ആശ്വാസം കിട്ടുമെങ്കിലും എനിക്ക് തൃപ്തി കിട്ടുന്നില്ല.
ചോദ്യം: പക്ഷേ, മുറതെറ്റാതെ രാവിലെയും വൈകിട്ടും വലിച്ചുശ്വസിക്കേണ്ട മറ്റേ മരുന്നോ? ഉത്തരം: ഡോക്ടര്‍, ഒരുമാസം ഞാന്‍ ആ മരുന്ന് ഉപയോഗിച്ചു. കുറച്ചു ഭേദം കണ്ടതുകൊണ്ടു പിന്നീടു നിര്‍ത്തി. ഡോക്ടര്‍ പറഞ്ഞിരുന്നതുപോലെ വീണ്ടും കാണാനോ മരുന്നു തുടരാനോ കഴിഞ്ഞില്ല.
ഡോക്ടര്‍ മേശവലിപ്പില്‍ നിന്ന് ഒരു ഇന്‍ഹേലര്‍ എടുത്തിട്ട്, സാധാരണ ഉപയോഗിക്കും പോലെ അതൊന്നു വായിലൂടെ വലിച്ചുപയോഗിക്കാന്‍ പറഞ്ഞു.
ചെറിയൊരു ചമ്മലോടെ യുവതി രണ്ടു പ്രാവശ്യം ഇന്‍ഹേലര്‍ വലിച്ചു കാണിച്ചു.
ഡോക്ടര്‍: നിങ്ങളുടെ അസുഖം വിട്ടുമാറാത്തതിന്റെ കാരണം പിടികിട്ടി. നിങ്ങള്‍ക്കു രണ്ടു പ്രശ്നങ്ങളാണ്. ഒന്ന്, നിങ്ങളുടെ ഇന്‍ഹേലേഷന്‍ വേണ്ടപോലെയല്ല. ഫലമോ? വേണ്ടത്ര മരുന്ന് ഉള്ളില്‍ ചെല്ലുന്നില്ല. പിന്നെ, ഡോക്ടര്‍ കുറിച്ചുതന്ന രണ്ടാമത്തെ മരുന്നു രോഗലക്ഷണങ്ങളെ തടയുന്നതിനുള്ള പ്രതിരോധമരുന്നാണ്. നിങ്ങള്‍ കുറച്ചുകാലം കൂടി കഴിക്കണമായിരുന്നു. അതുകൊണ്ടാണ് രോഗം അടിക്കടി വന്നു കൊണ്ടിരിക്കുന്നത്. പഴയ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ കൃത്യതയോടെ അനുസരിക്കുകയായിരുന്നു വേണ്ടിയിരുന്നത്.
ചുമയോടുകൂടിയ വലിവും ശ്വാസതടസവും ചേര്‍ന്ന് പെട്ടെന്നാണ് ആസ്തമയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ശരിയായ മരുന്നുകള്‍ തക്കസമയത്ത് ഉപയോഗിച്ചാല്‍ ഇത്തരം ലക്ഷണങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കും. അലര്‍ജിയുണ്ടാക്കുന്ന പദാര്‍ഥങ്ങള്‍, പൊടി, പുക മുതലായവയടക്കം പൊതുവേ രോഗലക്ഷണങ്ങളെ തീവ്രമാക്കാനുള്ള കഴിവുണ്ട്. ശക്തമായ രോഗാവസ്ഥയില്‍ ശരീര ആയാസം പോലും രോഗലക്ഷണങ്ങളെ വര്‍ധിപ്പിക്കും.
മരുന്ന്: ലക്ഷണത്തിനും പ്രതിരോധത്തിനും
രണ്ടു വ്യത്യസ്തതരം മരുന്നുകളാണ് ഈ രോഗത്തെ നിയന്ത്രിച്ചു നിര്‍ത്തുന്നതിനായി ഉപയോഗിക്കുന്നത്. പെട്ടെന്ന് ആശ്വാസം നല്‍കുന്നവയും രോഗപ്രതിരോധത്തിനു സഹായിക്കുന്നവയും.
സങ്കോചിച്ചിരിക്കുന്ന ശ്വാസനാളത്തെ വികസിപ്പിച്ച് പ്രാണവായുവിന്റെ പ്രവാഹം സുഗമമാക്കുന്ന ബ്രോങ്കോഡയലേറ്റേസ് മരുന്നുകള്‍ ലക്ഷണങ്ങളെ പെട്ടെന്ന് കുറച്ച് ആശ്വാസം നല്‍കും. അങ്ങനെ വായുവിന്റെ വഴി സുഗമമാകുന്നു. ആശ്വാസമായാല്‍ മരുന്നു നിര്‍ത്താം. ഒരു തവണ ഉപയോഗിച്ചിട്ട് ആശ്വാസമില്ലെങ്കില്‍ ഒരിക്കല്‍ക്കൂടി ഉപയോഗിക്കുകയും ചെയ്യാം.
വളരെ പെട്ടെന്ന്, അതായത് 10,15 മിനിട്ടിനുള്ളില്‍ രോഗിക്ക് ആശ്വാസം കിട്ടും. മണിക്കൂറുകളോളം മരുന്നിന്റെ പ്രവര്‍ത്തനം നിലനില്‍ക്കുകയും ചെയ്യും. അസുഖലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനേ തന്നെ ഉപയോഗിക്കേണ്ടവയാണ് ഇവയെന്ന് മനസിലായിക്കാണുമല്ലോ. സാല്‍ബുട്ടമോളോ, ടെര്‍ബ്യൂറ്റാലിനോ പ്രധാന ചേരുവയായുള്ള മരുന്നാണ് ഈ വിഭാഗത്തിലുള്ളത്. അസ്താലിന്‍, സാല്‍ബെയര്‍, അസ്താകൈന്‍ഡ്, ബ്രിക്കാനില്‍, വെന്‍ട്രോലിന്‍എന്നീ ബ്രാന്‍ഡ് പേരുകളില്‍ ഇവ ലഭ്യമാണ്.
ശ്വാസനാളത്തിലുള്ള നീര്‍വീക്കത്തെ കുറയ്ക്കുന്നതുവഴി ലക്ഷണങ്ങള്‍ക്ക് കാരണക്കാരായ പുറത്തുനിന്നുള്ള അലര്‍ജനുകളോടുള്ള അമിതപ്രതികരണത്തെ അമര്‍ത്തിവെയ്ക്കുന്ന മരുന്നുകളാണ് രണ്ടാമത്തെ വിഭാഗം. രോഗം അടിക്കടിവരാതെ ഇവ പ്രതിരോധിക്കുന്നു. ഇവ മുടക്കം കൂടാതെ കുറച്ചുമാസങ്ങളോളം തുടര്‍ച്ചയായി കഴിക്കേണ്ടിവരും. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മരുന്നു നിര്‍ത്താനും പാടില്ല.
ഈ വിഭാഗത്തില്‍ രണ്ടുതരം മരുന്നുകളാണ് ഉള്ളത്. ബിക്ളോമെത്താസോണ്‍, ബ്യൂഡിസോണൈഡ് എന്നിവയിലൊന്ന് പ്രധാനചേരുവയായുള്ള മരുന്നുകളാണ് ഒന്നാമത്തേത്. ബെക്ളേറ്റ്, ബ്യൂഡികോര്‍ട്ട്, ബ്യൂഡെസ്, പല്‍മികോര്‍ട്ട്, ഫ്ലോഹേല്‍ മുതലായ ബ്രാന്‍ഡുകളില്‍ ഈ മരുന്ന് ലഭ്യമാണ്.
സോഡിയം ക്രോമോഗൈക്കേറ്റ് പ്രധാന ചേരുവയായ മരുന്നാണ് രണ്ടാമത്തെ വിഭാഗത്തിലുള്ളത്. ഇഫിറാല്‍, ഫിന്റാല്‍, ക്രോമാല്‍എന്നീ ബ്രാന്‍ഡു പേരുകളില്‍ ഈ മരുന്നു ലഭ്യമാണ്.
ഡോ ടി എസ് ഹരിഹരന്‍ ഫാര്‍മക്കോളജി വിഭാഗം മേധാവി, എം ഒ എസ് സി മെഡിക്കല്‍ കോളജ്, കോലഞ്ചേരി, കൊച്ചി.
ശ്വാസകോശ നാഡികളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്ന-സങ്കോചമോ, നീർവീക്കമോ മൂലം അസ്വസ്ഥതയും, ശ്വാസം കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആസ്ത്മ. വിവിധതരം അലർജികൾ പരിസ്ഥിതിയിലുള്ളവ, ഭക്ഷണം, പെയിന്റ്, നിറങ്ങൾ, പൂക്കൾ എന്നു വേണ്ട ഏതു സാധനവും അലർജി ഉണ്ടാക്കുന്നു. അലർജിയുണ്ടാക്കുന്ന വസ്തുക്കൾ ഹിസ്റ്റമിൻ, ബ്രാഡിക്കിനിൻ എന്നീ രാസവസ്തു ശരീരത്തിലുണ്ടാകും. അവ ശ്വാസ നാളീഭിത്തികളിൽ പ്രവർത്തിക്കുന്നു. വലിവ്, കിതപ്പ്, വരണ്ട ചുമ, ഉയർന്ന നെഞ്ചിടിപ്പ്, അമിത വിയർപ്പ് എന്നീ ലക്ഷണങ്ങൾ കാണിക്കുന്നു.
രണ്ടു തരത്തിലുള്ള അലർജി പ്രതികരണങ്ങൾ ഉണ്ടാകാറുണ്ട്. ഒന്ന് അലർജി ഉണ്ടായാൽ ഉടൻ തന്നെ ശരീരം പ്രതികരിക്കുന്നത്, മറ്റൊന്ന് അലർജി ശരീരത്തിലുണ്ടായ ഇരുപത്തിനാലു മണിക്കൂർ മുതൽ എഴുപത്തിരണ്ടു മണിക്കൂറിനകം പ്രതികരണമുണ്ടാകുന്നത്. എന്താണ് അലർജിക്കു കാരണമെന്നു വളരെ ശ്രദ്ധാപൂർവം കണ്ടുപിടിക്കണം.
അലർജി ഉണ്ടാക്കുന്ന പലതരം ഭക്ഷണങ്ങളുണ്ട്. ഓരോരുത്തരിലും വ്യത്യസ്തമായ ഭക്ഷ്യവസ്തുക്കൾ വ്യത്യസ്തമായ രീതിയിലാണ് അലർജി ഉണ്ടാക്കുന്നത്. കോശങ്ങളിൽ പ്രത്യേകതരം അസ്വസ്ഥതകൾ ചില ഭക്ഷണങ്ങളിലടങ്ങിയിരിക്കുന്ന മാംസ്യാംശമോ ആന്റിജനോ ഉണ്ടാക്കുന്ന അവസ്ഥയെയാണ് അലർജി എന്നു പറയുന്നത്. ആന്റിജൻ ഹിസ്റ്റാമിൻ അല്ലെങ്കിൽ ഹിസ്റ്റാമിൻ പോലുള്ള വസ്തുക്കൾ കോശങ്ങളിൽ നിന്നു പുറം തള്ളുമ്പോഴാണ് അലർജി ഉണ്ടാകുന്നത്. പാലിലുള്ള ലാക്ടോസ്, ഗോതമ്പിലുള്ള ഗ്ലൂട്ടൻ, മാംസം, മത്സ‍്യം പ്രത്യേകിച്ചും കൊഞ്ച്, ഞണ്ട്, മുട്ടയുടെ വെള്ള എന്നിവ അലർജി ഉണ്ടാക്കാറുണ്ട്.
ആസ്ത്മ പലപ്പോഴും അലർജിയിൽ നിന്നുണ്ടാകാറുണ്ട്. ജന്തുജന്യമായ ഭക്ഷണങ്ങളിൽ നിന്ന് അരക്കിഡോണിക് ആസിഡ് എന്ന കൊഴുപ്പ് ആണ് ഭക്ഷണത്തിൽ നിന്നുള്ള ആസ്ത്മയ്ക്ക് പ്രധാന കാരണം.
ക്ലോറിൻ കലർന്ന വെള്ളം ആസ്ത്മ ഉള്ളവർ ഉപയോഗിക്കുവാൻ പാടില്ല. ചായ, കാപ്പി, ചോക്കലേറ്റ്, നട്സ്, മധുരം, ഉപ്പ് എന്നിവയും കുറയ്ക്കണം. വൃത്തിയായി ഒഴുക്കുവെള്ളത്തിൽ കഴുകിയ പച്ചക്കറികളും പഴങ്ങളും ആസ്മാരോഗിക്കു നൽകണം. സംസ്കരിച്ച ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന രാസവസ്തുക്കളും അലർജിയും ആസ്മയും ഉണ്ടാക്കുന്നു. കപ്പലണ്ടി, പുളിയുള്ള പഴങ്ങൾ, നിറം ചേർത്ത പാനീയങ്ങൾ, പലഹാരങ്ങൾ എന്നിവയും അലർജിയും ആസ്തമയും ഉണ്ടാക്കും. റ്റാർട്രാസിൻ, ബെൻസോയേറ്റ്, സൾഫർ ഡയോക്സൈഡ്, സൾഫൈറ്റ് എന്നിവ ചേർത്തുണ്ടാക്കുന്ന വിഭവങ്ങളും ആസ്മാരോഗി കഴിക്കരുത്.
ഉള്ളി, വെളുത്തുള്ളി, എന്നിവ ധാരാളം ഉപയോഗിക്കുന്നത് ചില എൻസൈമുകളെ അകറ്റും. മ്യൂക്കസ് സ്തരങ്ങൾ വീങ്ങുവാനിടയാകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കണം.
കുരുമുളക് ചേർത്ത ചൂടുള്ള സൂപ്പുകൾ ശ്വസനേന്ദ്രിയങ്ങളിലെ സ്തരങ്ങളെ ആരോഗ്യമുള്ളതാക്കുകയും ശ്വസനം എളുപ്പം ആക്കുകയും ചെയ്യുന്നു.
ആമാശയത്തിലെ ദഹനരസങ്ങൾ കുറയുന്നതും ആസ്ത്മയ്ക്കു കാരണമാകുന്നു. ഇതു വൈദ്യ പരിശോധന മൂലം സ്ഥിരീകരിക്കേണ്ടതാണ്.
നാരങ്ങാ നീര് വെള്ളത്തിൽ ചേർത്തു ഭക്ഷണത്തിനു മുൻപു നൽകുന്നത് ആസ്ത്മ കുറയ്ക്കുന്നതായി കണ്ടിട്ടുണ്ട്.
ഇഞ്ചിച്ചായ, ചുമന്നുള്ളി നീര് തേനിൽ ചേർത്തതു നൽകുന്നതും ആശ്വാസം നൽകും. ജീവകം ബി 6ന്റെ അഭാവം ചിലരിൽ ആസ്മാ ഉണ്ടാക്കുന്നതായി കാണുന്നു.
ശ്വാസകോശ നാളികളുടെ ആരോഗ്യത്തിനും വികാസത്തിനും സഹായിക്കുകയും അതിലൂടെ ആസ്മ കുറയ്ക്കുകയും ചെയ്യുന്ന ഒരു പോഷകമാണ് മഗ്നീഷ്യം. പഴങ്ങൾ, മിക്കവാറും എല്ലാ പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ മഗ്നീഷ്യത്തിന്റെ ഉറവിടങ്ങളാണ്.
കടപ്പാട്: ആരോഗ്യ പാചകം
അവസാനം പരിഷ്കരിച്ചത് : 9/12/2019
കൂടുതല്‍ വിവരങ്ങള്‍
അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ ആഹാര നിയന്ത്രണത്തിന...
ആഹാരപദാര്ഥടങ്ങള് ദഹിക്കാതിരിക്കുന്ന അവസ്ഥ
കൂടുതല്‍ വിവരങ്ങള്‍