അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ ആഹാര നിയന്ത്രണത്തിനാണ് പ്രാധാന്യം വേണ്ടത്. അഹാരത്തിന്റെ നല്ലൊരു ഭാഗം പഴങ്ങളും പച്ചക്കറികളുമായിരിക്കുന്നതിനു ശ്രദ്ധിക്കുക. അസമയത്തുള്ള ഭക്ഷണം, അമിതഭക്ഷണം, വേണ്ടവണ്ണം ചവച്ചരയ്ക്കാതെയുള്ള ഭക്ഷണം അവയൊക്കെ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നവയാണ്. വിശപ്പ് ശമിപ്പിക്കത്തക്കതും കലോറി കുറഞ്ഞതുമായ ആഹാരമാണു തിരഞ്ഞെടുക്കേണ്ടത്.
ഉപവാസം
15 കിലോ ഗ്രാം വരെ അമിതഭാരമുള്ള ശരീരത്തില്‍ ഏകദേശം 1,41,000 കലോറി വരെ അമിതമായി അടങ്ങിയിരിക്കും. ആയതിനാല്‍ ഉപവാസം അത്യാവശ്യമായി വരുന്നു. ഭാരം കുറയണമെങ്കില്‍ ആഹാരനിയന്ത്രണം അത്യാവശ്യമാണ്. ഉപവാസ സമയത്തെ ശരീരത്തെ അമിത കൊഴുപ്പിനു വിഘടനം സംഭവിക്കുകയും കീറ്റോണ്‍ ബോഡീസ് ഉണ്ടാവുകയും ചെയ്യുന്നു. ഇതിന് അസിഡിക് സ്വഭാവമാണ്. ഇതിന്റെ അളവു രക്തത്തില്‍ കൂടുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് കീറ്റോ അസിഡോസിസ്. ഇതു കാരണം ഓക്കാനം ഛര്‍ദ്ദി, തലവേദന, വയറിന്റെ ഭാഗത്തുള്ള വൈഷമ്യം, വയറിളക്കം എന്നിവ ഉണ്ടാകാറുണ്ട്.
ഈ അവസ്ഥയില്‍ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. മറ്റു ഭക്ഷണപാനിയങ്ങള്‍ക്കു പുറമേ രണ്ടര ലിറ്റര്‍ വെള്ളം കുടിക്കുക. ഉപവാസത്തിന്റെ ദിവസങ്ങളിലെടുക്കുന്ന ടോണിക് എനിമ തല വേദനകളെയും മറ്റു വൈഷമ്യങ്ങളെയും കുറയ്ക്കാന്‍ സഹായിക്കും.
തിരുമ്മി മാറ്റാം
അമിതകൊഴുപ്പിനെ നിയന്ത്രിക്കുന്നതിനുള്ള ഒരുപാധിയായി തിരുമലിനെ ഉപയോഗപ്പെടുത്താം. അമിതവണ്ണമുള്ള ആളുകള്‍ക്കു പൊതുവെ ശാരീരികവും മാനസികവുമായ ക്ഷീണമനുഭപ്പെടുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു രക്തയോട്ടം കുറയുകയും ചെയ്യുന്നതിനാല്‍ ഇതു ശരീരത്തിന്റെ ലിംഫാറ്റിക് ഡ്രെയിനേജിനെ ബാധിക്കുന്നു. മസാജ് ചെയ്യുന്ന സമയത്തു ശരീരത്തില്‍ അടങ്ങിയി രിക്കുന്ന കൊഴുപ്പിനു വിഘടനം സംഭവിക്കുകയും ചെറിയ കൊഴുപ്പിന്റെ കണങ്ങളായി ലിംഫാറ്റിക് സിസ്റ്റത്തിലേക്കു മാറ്റപ്പെടുകയും ചെയ്യുന്നു. മാംസപേശികളില്‍ അനുഭവപ്പെടുന്ന വരിഞ്ഞു മുറുക്കല്‍, വേദന ഇവ തിരുമ്മികൊണ്ടു പരിഹരിക്കാവുന്നതാണ്.
മാനസികവും ശാരീരികവുമായുണ്ടാക്കുന്ന പിരിമുറുക്കം, ഉറക്കമില്ലായ്മ, ദഹനേന്ദ്രിയ വ്യവസ്ഥയിലുണ്ടാകുന്ന വൈഷമ്യങ്ങള്‍, ശരീരത്തില്‍ നീരുകെട്ടല്‍, വെരിക്കോസ് വെയിന്‍, ത്വക്കിന്റെ പുറത്തുണ്ടാ കുന്ന പാടുകള്‍ (സ്റ്റച്ച് മാര്‍ക്ക്) ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥ, ഡിപ്രഷന്‍, നടുവേദന, സന്ധിവേദന ഇവയ്ക്കെല്ലാം ഈ ചികിത്സ പ്രയോജനപ്രദമാണ്.
ജലചികിത്സ
ദിവസവും 8 മുതല്‍ 10 ഗാസ് വരെ വെള്ളം ഓരോരുത്തരും കുടിക്കേണ്ടതാണ്. ഒരു വിശപ്പ് ശമനിയായി ഇതു പ്രവര്‍ത്തിക്കുന്നു. കരള്‍ പാന്‍ക്രിയാസ്, കുടല്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കു വാന്‍ സാധിക്കുന്ന വിവിധതരം ജലചികിത്സാരീതികളുണ്ട്. ആവി സ്നാനം വഴിയായി ശരീരത്തിലെ മാലിന്യങ്ങള്‍ പുറംതള്ളുന്നതും അമിതകൊഴുപ്പിനെ നിര്‍മാര്‍ജനം ചെയ്യുന്നതിനും സഹായിക്കുന്നു.
അമിതവണ്ണമുള്ള കുട്ടികള്‍ പൊതുവെ മടിയന്മാരും മാനസിക വളര്‍ച്ചയില്‍ പിന്നോക്കം നില്‍ക്കുന്നവരുമാണ്. ചെറുപ്രായത്തില്‍ തന്നെ പ്രമേഹം. അമിതരക്തസമ്മര്‍ദം, അസ്ഥികള്‍ തേയ്മാനം എന്നിവ ക്ഷണിച്ചുവരുത്തുന്നു. ആയതിനാല്‍ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ കൊടുത്ത് ദിവസവും വ്യായാമം പരിശീലിക്കുവാനും ഭക്ഷണത്തില്‍ ക്രമീകരണം നടത്താനുമുള്ള ബോധവത്കരണം നടത്തേണ്ടതുമാണ്.
പ്രകൃതി ചികിത്സയില്‍ അനുശാസിക്കുന്ന ഭക്ഷണക്രമീകരണം, ഉപവാസം, ക്രമീകൃതമായ വ്യായാമം, യോഗാസനമുറകള്‍, പ്രകൃതി ചികിത്സയിലെ അനുഷ്ഠാനങ്ങള്‍, ജലചികിത്സാ ടെക്നിക്കുകള്‍ ഇവ വഴി അമിതഭാരം നിയന്ത്രിക്കുവാന്‍ സാധിക്കുന്നു.
അമേരിക്കന്‍ ഐക്യനാടുകളിലെ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഹെല്‍ത്ത് ശരീരഭാരത്തെ അഞ്ചു ഗണങ്ങളായി തരം തിരിച്ചിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പിന്റെ അമിതമായ നിക്ഷേപമാണല്ലോ അമിതവണ്ണത്തിനു കാരണം. കൊഴുപ്പിന്റെ അളവു നിര്‍ണയിക്കാന്‍ ശാസ്ത്രീയമാര്‍ഗങ്ങള്‍ പലതുണ്ട്. -*
ബോഡി മാസ് ഇന്‍ഡക്സ് (ബി എം ഐ) എന്ന സൂചികയാണ് ഇതിലൊന്ന്. ഒരു വ്യക്തിയുടെ ആരോഗ്യപരവും അതിനോടുബന്ധപ്പെട്ട ഇതരശാരീരിക പ്രശ്നങ്ങളുടെ രൂക്ഷതയും അമിതവണ്ണം അളക്കുന്നതുവഴി നിര്‍ണയിക്കുന്നതിനുള്ള ഉപാധിയായി ട്ടാണു നാഷണല്‍ ഇസ്റ്റിറ്റ്യൂട്ട് ഒാഫ് ഹെല്‍ത് ഇതിനെ നിര്‍വചിച്ചിരിക്കുന്നത്. കിലോഗ്രാമിലുള്ള ശരീരഭാരത്തെ മീറ്ററിലുള്ള ശരീര ഉയരത്തിന്റെ ചതുരശ്രം കൊണ്ട് ഹരിക്കുമ്പോള്‍ ലഭിക്കുന്ന ഫലമാണ് ബി എം ഐ .
കൊഴുപ്പിന്റെ കളികള്‍
ശരീരത്തിലെത്തുന്ന ഊര്‍ജത്തില്‍ എത്രത്തോളം ഉപയോഗിക്കാപ്പെടാതിരിക്കുന്നുവോ അത്രയും ഊര്‍ജം കൊഴുപ്പിന്റെ രൂപത്തില്‍ സംഭരിക്കുന്നു. കാര്‍ബോഹൈഡ്രേറ്റുകളും മധുരവും കൊഴുപ്പും കലര്‍ന്ന ഭക്ഷണവുമാണു ശരീരത്തില്‍ ഈ വിധത്തില്‍ അധിക ഊര്‍ജം എത്തിക്കുന്നത്. ഈ ഊര്‍ജത്തിന്റെ അളവു കോലാണു കാലറി.
തുടകളിലും പൃഷ്ഠഭാഗങ്ങളിലും കൂടുന്നതിനേക്കാള്‍ അപകടകരമാണ് ഉദരഭാഗത്തു കൂടുന്നത്. അപ്രകാരം തന്നെ അങ്ങനെ അടിഞ്ഞുകൂടുന്ന കൊഴുപ്പു ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും വഴി ഒരുക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. വയറ്റിന്റെ ചുറ്റളവ്പൊക്കിളിന്റെ ഭാഗത്തു സ്ത്രീകള്‍ക്കു 95 സെന്റീമീറ്ററിലും പുരുഷന്മാര്‍ക്കു 100 സെന്റീമീറ്ററിലും കുറവായിരിക്കണം.
അമിതവണ്ണത്തെത്തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങള്‍
കേരളത്തിലെ ഏതൊരു ആശുപത്രിയിലും ചികിത്സക്കെത്തുന്ന മുതിര്‍ന്നവരില്‍ 50 ശതമാനവും ദുര്‍മേദസുള്ളവരാണ്. അവരില്‍ ഏറിയ പങ്കും പ്രമേഹബാധിതരും. കുടുംബത്തില്‍ തലമുറകളായി തുടരുന്ന പ്രമേഹപാരമ്പര്യം അമിതവണ്ണം വര്‍ധിപ്പിക്കുന്നതിനു കാരണമാകുന്നു. അമിതവണ്ണം പ്രമേഹമുണ്ടാകുവാന്‍ ഉള്ള ഒരു കാരണമാണ്. അതോടൊപ്പം കുടുംബപാരമ്പര്യം കൂടി ഉണ്ടെങ്കില്‍ വളരെ ചെറുപ്പത്തില്‍ തന്നെ പ്രമേഹം ബാധിക്കും.
'നിശബ്ദ കൊലപാതകി എന്നറിയപ്പെടുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം ബാധിച്ചവരില്‍ 90%പേര്‍ക്കും പ്രത്യക്ഷരോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരിക്കുകയില്ല. പക്ഷാഘാതമോ ഹൃദയസ്തംഭനമോ ആയിരിക്കും സ്വാഭാവിക വിപത്തുകള്‍. രക്തസമ്മര്‍ദം ഉയരുന്നതിനു ശരീരഭാഗം മുഖ്യകാരണമാകാറുണ്ട്.
അമിതവണ്ണം മൂലമുണ്ടാകുന്ന ശ്വാസകോശരോഗങ്ങളും ശരീരഭാരം കുറയുന്നതോടെ പൂര്‍ണ്ണമായി ഭേദപ്പെടുന്നതായി കാണാറുണ്ട്. കയറ്റം കയറുകയോ ചവട്ടുപടികള്‍ കയറുകയോ ചെയ്യുമ്പോള്‍ അമിതവണ്ണമുള്ളവര്‍ക്കു കിതപ്പനുഭവപ്പെട്ടേക്കാം. കൂടാതെ ബി എം ഐ 35 വരെയുള്ള രേഖ കടന്നാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വിധേയരാകും. ഇവര്‍ ക്ഷീണിതരായി കാണപ്പെടും.
പിത്തകോശത്തിലെ കല്ലുകള്‍, അതിനോടനുബന്ധിച്ച് ഇടവിട്ടുള്ള വയറുവേദന, അണുബാധ, അനുബന്ധ ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ അമിതവണ്ണമുള്ളവരില്‍ കാണുന്നത്. കാല്‍മുട്ടുകളിലേയും ഇടുപ്പിലേയും അസ്ഥികളുടെ തേയ്മാനവും വീക്കവും അമിതവണ്ണമുള്ളവരില്‍ കാണപ്പെടുന്ന സ്ഥിരം ആരോഗ്യപ്രശ്നമാണ്. സന്ധികള്‍ക്കു ഒരിക്കല്‍ കേടു സംഭവിച്ചാല്‍ ഗണ്യമായ വേദനയും ബലഹീനതയും ഉണ്ടാകാം. വളരെ ചിലവേറിയ സന്ധിമാറ്റശസ്ത്രക്രിയ പലര്‍ക്കും വേണ്ടി വന്നേക്കാം. അതിലൊക്കെ ഉപരിയായി വ്യായാമം ചെയ്യണമെന്ന് ആഗ്രഹമുണ്ടായാല്‍പ്പോലും ഇവര്‍ക്കതു കഴിയാതെ വരും. അധികഭാരമുള്ളവരില്‍ ത്വക്കിനോടനുബന്ധിച്ച പ്രയാസങ്ങള്‍ ഉളവാകാം. ഉരസലിലൂടെ തുടയിലെ തൊലി ഉരഞ്ഞുപോകല്‍, ചൊറിച്ചില്‍, വീക്കം മൂലം കാലുകള്‍ വ്രണപ്പെടുന്നത് എന്നിവയുണ്ടാകാം.
സ്ത്രീകളിലെ സ്തനങ്ങള്‍, ഗര്‍ഭാശയമുഖം, അണ്ഡാശയം, പിത്തഗ്രന്ഥി എന്നിവിടങ്ങളില്‍ .പുരുഷന്മാരില്‍ അന്നനാളം, വന്‍കുടല്‍, ഗുദം, കരള്‍, പിത്തഗ്രന്ഥി, പ്രോസറ്റേറ്റ് എന്നിവിടങ്ങളിലെ കാന്‍സര്‍ സാധ്യതയെപ്പറ്റി പലര്‍ക്കും അറിയില്ല.
മാനസിക പ്രശ്നങ്ങളും
അമിതവണ്ണമുള്ള വ്യക്തിയില്‍ ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യവും തകരാം. മനശാസ്ത്രപരം: വിഷാദം/നൈരാശ്യം നിദ്രാഭംഗം,ആത്മവിദ്വേഷം, കുറ്റബോധം, ആത്മഹത്യാപ്രവണത,
സാമൂഹികം: സാമൂഹികമായ ഒറ്റപ്പെടല്‍, ശാരീരികമോ, ലൈംഗികമോ ആയ അവഹേളനം, വ്യക്തിബന്ധങ്ങളിലെ പ്രശ്നങ്ങള്‍, ദിനചര്യാനിര്‍വഹണ രംഗത്തെ പരിമിതി.
സാമ്പത്തികം: ഭാരം കുറയ്ക്കുവാനുള്ള വിഫലയത്നങ്ങളുടെ ചെലവ്. തൊഴില്‍ ലഭിക്കുവാനും അതില്‍ തുടരുവാനുമുള്ള ബുദ്ധിമുട്ട്.
എന്തൊക്കെ ചെയ്യണം?
അമിതവണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളില്‍ അടിസ്ഥാനപരമായി വേണ്ട ശാരീരികമാനസിക ഭക്ഷണക്രമീകരണങ്ങള്‍ താഴെ പറയുന്നു.
1.ശരീരഭാരം കുറയ്ക്കണമെന്ന ആദമ്യമായ ആഗ്രഹവും തീരുമാനവു മാണ് ആദ്യം വേണ്ടത്. ഭക്ഷണത്തോടുള്ള ആസക്തിയെ അതിജീവിക്കുവാന്‍ ഈ തീവ്ര നിശ്ചയദാര്‍ഢ്യം ആവശ്യമാണ്.
2. നിരവധി മാസങ്ങളിലേക്കോ, വര്‍ഷങ്ങളിലേക്കു പോലുമോ നിലനിര്‍ത്തുവാന്‍ കഴിയുന്ന ആഹാരക്രമം തിരഞ്ഞെടുക്കുന്നതിലാണു കാര്യം. അപ്രകാരമൊരു ചിട്ട തുടരുമ്പോള്‍ വളരെപ്പെട്ടെന്നു വണ്ണവും ഭാരവും കുറയും എന്നു കരുതരുത്. അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ഒറ്റമൂലി ഭക്ഷണക്രമങ്ങളുടെ പിന്നാലെ പായുന്നവരുണ്ട്. ഇവയില്‍ പലതും ശരീരത്തിലെ ജലാംശത്തില്‍ കുറവു വരുത്തും എന്നല്ലാതെ ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്നില്ല.
വണ്ണം കുറയ്ക്കാനുള്ള ഡയറ്റ് പ്ളാനുകള്‍ പിന്തുടര്‍ന്ന ശേഷം ഭക്ഷണക്രമം പൂര്‍വ്വസ്ഥിതിയിലാകുമ്പോള്‍ കുറച്ചുനാളത്തേയ്ക്ക് അനുഭവപ്പെട്ട തൂക്കക്കുറവ് വളരെ വേഗം പൂര്‍വ്വസ്ഥിതിയിലേയ്ക്ക് എത്തിച്ചേരുന്നതായും കാണാറുണ്ട്. അതിനാല്‍ ആഹാര രീതി വിവേകപൂര്‍ണമാക്കുന്നതാണു വിജയമുറപ്പിക്കുവാനുള്ള മാര്‍ഗം. അതിനൊപ്പം വ്യായാമവും കൂടിയേതീരൂ. ഭാരം കുറയ്ക്കുന്നതില്‍ നിയന്ത്രിത ഭക്ഷണക്രമവും പര്യാപ്തമായ വ്യായാമക്രമവും ഒരുമിച്ചു പോകേണ്ടതാണ്.
അമിതവണ്ണത്തിനും ഭാരം കുറയ്ക്കുന്നതിനും കുറുക്കുവഴിയൊന്നുമില്ല. ഉറച്ച തീരുമാനമെടുക്കുകയും അതില്‍ ഉറച്ചുനില്‍ക്കാനും കഴിയുന്ന ഏതൊരാള്‍ക്കും ഇതു സാധ്യമാണ്. ശരീരഭാരം കുറയ്ക്കുന്നതില്‍ പലരും പരാജയപ്പെടുന്നത് അമിതവണ്ണം കുറയ്ക്കാനുള്ള പരിപാടികളില്‍ സ്ഥിരോത്സാഹമോ നിശ്ചയദാര്‍ഢ്യമോ പ്രകടിപ്പിക്കാത്തതു കൊണ്ടാണ്.
ആഹാരരീതിയില്‍ പൊടുന്നനെ വരുത്തുന്ന മാറ്റങ്ങള്‍ പലപ്പോഴും വിജയകരമാകുന്നില്ല. വേഗത്തില്‍ ഫലം കിട്ടാനായി തീവ്രമായ ഡയറ്റ് പാക്കേജുകള്‍ തെരെഞ്ഞെടുക്കേണ്ട. ലക്ഷ്യപ്രാപ്തി സാവധാനത്തിലാകുമെങ്കിലും സമീകൃതാഹാരം തന്നെ തിരഞ്ഞെടുക്കുന്നതിലായിരിക്കണം ശ്രദ്ധ.
ആഹാരക്രമത്തിലെ അടിസ്ഥാന കാര്യങ്ങള്‍
1. മധുരപലഹാരങ്ങള്‍, പഞ്ചസാര, ശര്‍ക്കര, തേന്‍, കേക്ക്, പേസ്റ്റുകള്‍, ഹല്‍വാ, ലഡു, ഐസ്ക്രീം, ചോക്ളേറ്റ് തുടങ്ങിയവ ഒഴിവാക്കുക. ശുദ്ധി ചെയ്ത മധുരപലഹാരങ്ങൾ വേണ്ടേ വേണ്ട. മധുരം ഉപയോഗിക്കാന്‍ അതിയായ താത്പര്യമുള്ളവര്‍ പഞ്ചസാരയ്ക്ക് പകരമായി സ്പ്ളെന്‍ഡാ, ഈക്വല്‍ തുടങ്ങിയവ ഉപയോഗിക്കാം. ഇവ സുരക്ഷിതവും രുചികരവും ഭാരം വര്‍ധിപ്പിക്കാത്തതുമാണ്.
2. അരി ആഹാരത്തിന്റെ അളവു നിയന്ത്രിക്കുക. ഒരു നേരം ഒരു കപ്പ് ചോറുമതി. കപ്പ, ചേന, കാച്ചില്‍, ഉരുളക്കിഴങ്ങ് എന്നിവ നെല്ലരിയെപ്പോലെ അന്നജം ധാരാളമടങ്ങിയ ഭക്ഷണമായതിനാല്‍ ഇവ ചോറിനൊപ്പം കഴിക്കാതെ അരിക്കോ ഗോതമ്പിനോ പകരമായി ഉപയോഗിക്കാം.
3. ഒരു ഗ്രാം അന്നജം നാലു കാലറി ശരീരത്തിലെത്തിക്കുമ്പോള്‍ ഒരു ഗ്രാം കൊഴുപ്പ് ഒമ്പതു കാലറി (125% അധികം) ഉല്‍പ്പാദിപ്പിക്കും. ഏതു തരം എണ്ണയും തേങ്ങായും പാചകത്തില്‍ അധികം ഉപയോഗിക്കുന്നതു ഊര്‍ജം വര്‍ധിപ്പിക്കും. എണ്ണയില്‍ വറുത്ത മീന്‍. കട് ലറ്റുകള്‍, ഉപ്പേരികള്‍, പൊറോട്ട, വട മുതലായവ ഒഴിവാക്കുകയോ ആവതും കുറയ്ക്കുകയോ ചെയ്യുക.
പുറത്തു നിന്നു വാങ്ങുന്ന പൊറോട്ടയില്‍ ഗുണനിലവാരം കുറഞ്ഞ എണ്ണയോ, ഡാല്‍ഡയോ കൂടുതല്‍ ഉള്ളതിനാല്‍ നിര്‍ബന്ധമായും ഒഴിവാക്കുകയാണു വേണ്ടത്. പാമോയില്‍, നെയ്യ്, വെണ്ണ തുടങ്ങിയ പൂരിതകൊഴുപ്പുകളുടെ ഉപയോഗം കുറച്ച് കടല എണ്ണ, സണ്‍ഫ്ളവര്‍ ഒായില്‍, എള്ളെണ്ണ, സോയ എണ്ണ തുടങ്ങിയ അപൂരിത എണ്ണകള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം.
വെളിച്ചെണ്ണയുടേയും നാളികേരത്തിന്റേയും ഉപയോഗം എക്കാലത്തും വിവാദ വിഷയമാണ്. ഒരു വീട്ടില്‍ ഒരു മുതിര്‍ന്ന വ്യക്തിയ്ക്കു ഒരു മാസത്തില്‍ അരക്കിലോ എണ്ണ എന്ന നിലയില്‍ പരിമിതപ്പെടുത്തുന്നതാണു ആരോഗ്യകരം. അങ്ങനെ എണ്ണയുടെ ഉപയോഗം കുറച്ചാല്‍ വെളിച്ചെണ്ണ തന്നെ ഉപയോഗിക്കാമെന്നും വിദഗ്ധര്‍ അഭിപ്രായ പ്പെടുന്നു. ഏത് എണ്ണയുടേയും രാസഘടന ചൂടുപിടിക്കുമ്പോള്‍ ദോഷകരമായി വ്യത്യാസപ്പെടുന്നതിനാല്‍ ഒരിക്കല്‍ പാചകത്തിനു ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കുക. ഏറ്റവും കുറഞ്ഞ അളവില്‍ എണ്ണ ഉപയോഗിക്കുന്നതു ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
4. ആഹാരത്തിലെ സുപ്രധാന ഘടകമാണ് പഴവര്‍ഗങ്ങള്‍. ശരീരത്തിനാവശ്യമായ പല വിറ്റാമിനുകളും ധാതുലവണങ്ങളും അവയില്‍ നിന്നു ലഭിക്കും. ആപ്പിള്‍, ഒാറഞ്ച്, വാഴപ്പഴം, പേരയ്ക്ക, ഒാമയ്ക്ക എന്നിവ ഊര്‍ജം കുറവുള്ളതും ഗുണപ്രദവുമാണ്. ചക്ക, മാങ്ങാ, കൈതച്ചക്ക, നേന്ത്രപ്പഴം എന്നിവയില്‍ പഞ്ചസാരയുടെ അളവ് ആദ്യം പറഞ്ഞവയേക്കാള്‍ കൂടുതലാണ്. അതിനാല്‍ മിതമായി ഉപയോഗിക്കുക. അധികം പഴുക്കാത്ത പേരയ്ക്കയും ഒാമയ്ക്കായും കാലറി കുറവുള്ളതാകയാല്‍ ഇടവേളകളില്‍ വിശപ്പടക്കുവാന്‍ പറ്റിയവയാണ്.
5. ചായ, കടുപ്പമുള്ള കാപ്പി എന്നിവ ഭക്ഷണാസക്തി കുറയ്ക്കും. ദിവസം രണ്ടോ മൂന്നോ കാപ്പി കുടിയ്ക്കുന്നതു അമിതഭക്ഷണം ഒഴിവാക്കുവാന്‍ സഹായിക്കും. കാപ്പി ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് അടുത്തകാലത്തെ പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കട്ടന്‍ ചായയിലും കാലറി കുറവാണ്. ഇതുപയോഗിക്കുന്നതു വിശപ്പടക്കാന്‍ സഹായിക്കും.
6 തക്കാളി, കുമ്പളങ്ങ, വെള്ളരിക്കാ, ഉള്ളി, സെലറി ലെറ്റൂസ് പോലുള്ള ഇലച്ചെടികള്‍, കാരറ്റ് എന്നിവ ഉള്‍പ്പെടുന്ന സാലഡുകള്‍ കാലറി കുറവുള്ള ഉത്തമ ആഹാരപദാര്‍ ത്ഥങ്ങളാണ്. കാബേജ്, കോളിഫ്ളവര്‍, തുടങ്ങിയവ പുഴുങ്ങി ഉപയോഗിക്കുന്നത് നല്ലതാണ്. കേക്ക്, ഐസ്ക്രീം മുതലായ മധുരപലഹാരങ്ങള്‍ക്കു പകരം പഴവര്‍ഗങ്ങള്‍ ധാരാളമായി ഉപയോഗിക്കാം. ഇടവേളകളില്‍ വിശക്കുമ്പോള്‍ കാലറി കുറഞ്ഞ ഭക്ഷണ സാധനങ്ങള്‍ കഴിക്കുക. അതോടൊപ്പം കാപ്പി, കട്ടന്‍ചായ, മോരുംവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപയോഗിക്കാം.
വിശപ്പോടു കൂടെ തീന്‍മേശയിലേയ്ക്കു പോകാതെ ഒരു ഗാസ് വെള്ളമോ, മോരും വെള്ളമോ, രസമോ, സാലഡോ കഴിച്ചിട്ടു പ്രധാനആഹാരം കഴിക്കാനരംഭിക്കുക. ഒാരോ നേരത്തേയും ആഹാരം 10 മിനിറ്റോളം എടുത്ത് വളരെ സാവധാനത്തില്‍ കഴിക്കുവാന്‍ ശീലിക്കുക. തിടുക്കത്തില്‍ കഴിച്ചാല്‍ വയറു നിറഞ്ഞാലും വിശപ്പുമാറാതിരിക്കുകയും അമിതഭക്ഷണം കഴിച്ചു എന്നു പിന്നീടോര്‍ത്തു വ്യാകുലപ്പെടുകയും ചെയ്യും.
ഡോ ജെ ജേക്കബ്
അമിതവണ്ണം അഥവാ പൊണ്ണത്തടി സാംക്രമിക രോഗമല്ല. പക്ഷേ, പകര്‍ച്ചവ്യാധിപോലെയാണ് അമിതവണ്ണക്കാരുടെ എണ്ണം കൂടിവരുന്നത്. അമിതവണ്ണത്തെ രോഗാവസ്ഥയായല്ല, മറിച്ച് സൗന്ദര്യപ്രശ്നമായി കാണുന്നവരാണ് ഏറെയും. എന്നാല്‍, ഹൃദ്രോഗം, പ്രമേഹം, അര്‍ബുദം തുടങ്ങി ഒട്ടേറെ രോഗങ്ങളിലേക്കുള്ള കുറുക്കുവഴിയാണ് ഈ ദുര്‍മേദസ് എന്നറിയുക.
ലോകത്ത് നൂറുകോടിയിലേറെപ്പേര്‍ക്ക് അമിതവണ്ണം ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇന്ത്യയിലാകട്ടെ പത്തുകോടി ജനങ്ങള്‍ പൊണ്ണത്തടിക്കാരാണത്രേ. രാജ്യത്തെ 45% സ്ത്രീകളും 29% പുരുഷന്‍മാരും ദുര്‍മേദസ് ഉള്ളവരാണെന്നു ന്യൂട്രീഷ്യന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കും വ്യക്തമാക്കുന്നു. കേരളത്തിലും പൊണ്ണത്തടിക്കാരുടെ എണ്ണം ഏറുന്നതായാണ് കണക്ക്. മുതിര്‍ന്നവര്‍ മാത്രമല്ല, കുട്ടികളും പൊണ്ണത്തടിക്കാരാവുകയാണെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ആഹാരം കൂടുതല്‍; വ്യായാമം കുറവ്
ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ഊര്‍ജവും അതിന്റെ വിനിയോഗവും എപ്പോഴും സന്തുലിതമായിരിക്കണം. എന്നാല്‍, ഭക്ഷണത്തിന്റെ അളവു വര്‍ധിക്കുകയും അതിനനുസരിച്ച് മെയ്യനങ്ങിയുള്ള പ്രവൃത്തികള്‍ ചെയ്യാതിരിക്കുകയും ചെയ്താല്‍ ഊര്‍ജ വിനിയോഗം സാരമായി കുറയുകയും ഇതുമൂലം അധികമുള്ള ഊര്‍ജം കൊഴുപ്പായി ശരീരത്തില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നു. പൊണ്ണത്തടിയിലേക്കു വഴിയൊരുക്കുന്ന ഒരു പ്രധാന കാരണം ഇതാണ്. തെറ്റായ ആഹാര രീതി, ആവശ്യത്തിനു വ്യായാമം ഇല്ലാതിരിക്കല്‍ എന്നിവതന്നെയാണു പ്രധാന പ്രശ്നമെന്നു ചുരുക്കം.
ജനിതക കാരണങ്ങള്‍, മാറുന്ന ജീവിതശൈലി, പാരിസ്ഥിതികമായ പ്രചോദനം, മാനസിക പ്രശ്നങ്ങള്‍, ഹോര്‍മോണ്‍ തകരാറുകള്‍, ഗര്‍ഭനിരോധന ഗുളികകളുടെ അമിത ഉപയോഗം, ഹൈപ്പോതലാമസിന്റെ വര്‍ധിച്ച പ്രവര്‍ത്തനം ഇവയെല്ലാം പൊണ്ണത്തടിയിലേക്കു വഴിയൊരുക്കാം. മാതാപിതാക്കളില്‍ ഒരാള്‍ക്ക് അമിതവണ്ണമുണ്ടെങ്കില്‍ കുട്ടിക്ക് അമിതവണ്ണം ഉണ്ടാവാനുള്ള സാധ്യത 50 ശതമാനത്തില്‍ കൂടുതലാണ്. സാധാരണയായി കൗമാരപ്രായത്തിലാണ് അമിതവണ്ണം ആരംഭിക്കുന്നത്. 1013 വയസ്സിനിടയ്ക്ക് ഒരു കുട്ടിക്ക് അമിതഭാരമുണ്ടെങ്കില്‍ പ്രായമാകുമ്പോള്‍ ദുര്‍മേദസ് ഉണ്ടാവാനുള്ള സാധ്യത 80 ശതമാനമാണ്.
നടപ്പ് കുറഞ്ഞപ്പോള്‍ തടിയേറുന്നു
അമിതവണ്ണമുള്ളവരില്‍ കൊഴുപ്പിന്റെ (കൊളസ്ട്രോള്‍) അളവ് കൂടുതലായിരിക്കും. എന്നാല്‍, മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരില്‍ കൊളസ്ട്രോള്‍ അധികം ഉണ്ടാവില്ല എന്ന ധാരണ തെറ്റാണ്. അതേസമയം, ശരീരം അനങ്ങാതെ മണിക്കൂറുകളോളം ഒരിടത്ത് ഇരുന്നു ജോലിചെയ്യുന്ന ഐടി പ്രഫഷനലുകള്‍ പോലുള്ളവരില്‍ പൊണ്ണത്തടി ഉണ്ടാവാനുള്ള സാധ്യത വളരെ വലുതാണ്. തിരക്കിട്ട ജോലിക്കും വിശ്രമത്തിനും ഇടയില്‍ വ്യായാമത്തിന് അരമണിക്കൂര്‍ പോലും സമയം കണ്ടെത്താനാവുന്നില്ല എന്നതാണ് ഇത്തരക്കാരുടെ പ്രധാന പ്രശ്നം.
പുതിയ ജീവിതശൈലിയുടെ കൂടി സംഭാവനയാണു പൊണ്ണത്തടി. നടപ്പ് ശീലമാക്കിയിരുന്ന ഒരു തലമുറയുടെ സ്ഥാനത്ത് അത്യാവശ്യത്തിനു പോലും നടന്നു യാത്ര ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കുന്നു. നടക്കുന്നതും ഓടുന്നതും പോലെ സൈക്കിള്‍ ചവിട്ടുന്നതും മികച്ച വ്യായാമമാണെങ്കിലും സൈക്കിള്‍ യാത്രയും പുതിയ തലമുറയ്ക്കിടയില്‍ ഔട്ട് ഓഫ് ഫാഷന്‍ ആയിക്കഴിഞ്ഞു. കൊഴുപ്പു കൂടിയ ഫാസ്റ്റ് ഫുഡും ശീതളപാനീയങ്ങളും വ്യാപകമായി ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി വരുന്നു.
പൊണ്ണത്തടി ഹൃദയത്തിലേക്ക്
പൊണ്ണത്തടിയുള്ളവരില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്തവും ക്രമരഹിതവുമായ നിലയിലായിരിക്കും. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം ക്ളേശപൂര്‍ണമായിത്തീരും. പൊണ്ണത്തടി ഏറ്റവും ശക്തമായ ഭീഷണി ഉയര്‍ത്തുന്നതു ഹൃദയത്തിനു തന്നെയാണ്. ദുര്‍മേദസ് ഉള്ളവരില്‍ ഹൃദ്രോഗത്തിനു കാരണമാകുന്ന ചീത്ത കൊളസ്ട്രോള്‍(എല്‍ഡിഎല്‍) വളരെ കൂടുതലും നല്ല കൊളസ്ട്രോള്‍ (എച്ച്ഡിഎല്‍) വളരെ കുറവുമായിരിക്കും. ചീത്ത കൊളസ്ട്രോള്‍ രക്തത്തില്‍ വര്‍ധിക്കുമ്പോള്‍ ഓക്സീകരണ പ്രക്രിയ വഴി ധമനികളുടെ ആന്തരിക പാളികളില്‍ അടിഞ്ഞുകൂടി ഉള്‍വ്യാസം ചെറുതാകുന്നു. ഇത്തരത്തില്‍ ധമനികളിലൂടെയുള്ള രക്തയോട്ടം ദുഷ്കരമാകുമ്പോള്‍ ഹൃദയപേശികള്‍ നശിക്കുന്നു. ഇതാണു ഹൃദയാഘാതത്തിലേക്കു വഴിതെളിക്കുന്നത്.
പൊണ്ണത്തടി ഹൃദ്രോഗത്തിലേക്കെന്നപോലെ പ്രമേഹത്തിലേക്കും കുറുക്കുവഴി തീര്‍ക്കുന്നുണ്ട്. ശരീരഭാരം കൂടിയവരില്‍ ഇന്‍സുലിനോടുള്ള പ്രതികരണശേഷി കുറഞ്ഞു വരുന്നതായാണു കാണപ്പെടുന്നത്. ഇന്‍സുലിന്‍ ആവശ്യാനുസരണം ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ആ ഹോര്‍മോണിനോടുള്ള ശരീരത്തിന്റെ പ്രതിരോധം നിമിത്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമാകുന്നു. ക്രമേണ പ്രമേഹരോഗികളായി മാറുകയും ചെയ്യുന്നു. പൊണ്ണത്തടിക്കാരില്‍ പ്രമേഹം മൂന്നുമുതല്‍ ഏഴിരട്ടി വരെ കൂടാം.
പല രോഗങ്ങളുടെ പടിവാതില്‍
അമിതവണ്ണമുള്ളവരെ ബാധിക്കുന്ന പ്രധാന രോഗാവസ്ഥയാണു മെറ്റാബോളിക് സിന്‍ട്രോം. ഒട്ടേറെ സങ്കീര്‍ണ രോഗാവസ്ഥകള്‍ ഒത്തുചേരുന്നതാണ് ഇത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, കുടവയര്‍, ഹൃദയധമനികള്‍ ചുരുങ്ങുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് കൊച്ചിയില്‍ നടത്തിയ ബൃഹത്തായ പഠനത്തില്‍ പൊണ്ണത്തടിയുള്ള സ്കൂള്‍ കുട്ടികളില്‍ അഞ്ചിലൊരാള്‍ക്കുവീതം കടുത്ത രക്തസമ്മര്‍ദവുമുണ്ടെന്നു കണ്ടെത്തി. പെണ്‍കുട്ടികളിലായിരുന്നു ഇതേറെ കണ്ടെത്തിയത്. പൊണ്ണത്തടിക്കാരില്‍ വിശപ്പ്, ദാഹം, ഉറക്കം എന്നിവ അമിതമായിരിക്കും. ഇതു കൂടാതെ ഹൃദയപേശീ വീക്കം, അര്‍ബുദം, പിത്തസഞ്ചി രോഗം, സന്ധിവാതം, ശ്വാസകോശ രോഗം, ഉറക്കത്തില്‍ ശ്വാസം നിലച്ചുപോകുന്ന അവസ്ഥ(സ്ലീപ് അപ്നിയ) തുടങ്ങിയ രോഗങ്ങളും പൊണ്ണത്തടിക്കാരെ പിടികൂടാനുള്ള സാധ്യത വളരെ ഏറെയാണ്. പൊണ്ണത്തടിയുള്ളവരില്‍ 80 ശതമാനത്തിലേറെപ്പേര്‍ക്ക് കാന്‍സര്‍ സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കണ്ടെത്തല്‍. ഗര്‍ഭിണികള്‍ക്കും പൊണ്ണത്തടി ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
കടപ്പാട്: ഡോ. ജോര്‍ജ് തയ്യില്‍,
പൊണ്ണത്തടിയുടെ കാര്യമായാലും വന്നതിനുശേഷം കുറയ്ക്കാന്‍ ശ്രമിക്കുന്നതിനെക്കാള്‍ വരാതെ സൂക്ഷിക്കുന്നതാണു നല്ലത്. ഇതിന് ചിട്ടയായ ആഹാരക്രമവും ജീവിത ശൈലിയും ചെറുപ്പത്തിലേതന്നെ രൂപപ്പെടുത്തുകയാണു വേണ്ടത്.
കൂടുതല്‍ ആഹാരം കഴിച്ചാല്‍ കരുത്തും ആരോഗ്യവും വര്‍ധിക്കും എന്നൊരു ധാരണ വച്ചുപുലര്‍ത്തുന്നവര്‍ ഏറെയുണ്ട്. ആദ്യം ഉപേക്ഷിക്കേണ്ടത് ഈ തെറ്റിദ്ധാരണയാണ്. കഴിക്കുന്ന അളവിനേക്കാള്‍ എന്തു കഴിക്കുന്നു എന്നതാണ് പ്രധാനം. ഭാരം കുറയ്ക്കാന്‍ ഡയറ്റിങ് എന്ന പേരില്‍ പട്ടിണി കിടക്കുന്നതു ഗുണം ചെയ്യില്ലെന്നു മാത്രമല്ല, ദോഷം ചെയ്യുകയും ചെയ്യും. ദിവസവും 1500 കലോറി ലഭ്യമാകുന്ന തരത്തില്‍ ഭക്ഷണം കഴിച്ചിരിക്കണം. ഇതില്‍ കുറഞ്ഞാല്‍ ശരീരത്തില്‍ ജീവകങ്ങളുടെയും കാല്‍സ്യത്തിന്റെയും മറ്റു ധാതുപദാര്‍ഥങ്ങളുടെയും അപര്യാപ്തത ഉണ്ടാവും.
∙ കൊളസ്ട്രോള്‍ അധികമടങ്ങിയ മാംസം (ആട്ടിറച്ചി, പന്നിയിറച്ചി തുടങ്ങിയവ മുഖ്യം), പാലും പാല്‍ ഉല്‍പ്പന്നങ്ങളും, വെളിച്ചെണ്ണ, പാമോയില്‍, വെണ്ണ, കൊക്കോ, മുട്ട, ക്രീം, ഐസ്ക്രീം, കേക്ക്, പേസ്ട്രി, ചാപ്സ്, കുക്കീസ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക.
∙ അമിതവണ്ണമുള്ളവര്‍ അന്നജത്തിന്റെ അളവ് കര്‍ശനമായി നിയന്ത്രിക്കുന്ന തരത്തിലുള്ള ആഹാരം ശീലിക്കുക. അരി, ഉഴുന്ന്, പഞ്ചസാര, മധുരപലഹാരങ്ങള്‍ എന്നിവയുടെ അളവ് കുറയ്ക്കുക.
∙ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ഇലക്കറികള്‍, പച്ചക്കറി എന്നിവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. ഭക്ഷണത്തിലെ കൊളസ്ട്രോളിന്റെ തോത് ദിവസവും 200 മില്ലി ഗ്രാമില്‍ കവിയരുതെന്നാണ് വൈദ്യശാസ്ത്രം നിര്‍ദേശിക്കുന്നത്.
∙ മധുരമില്ലാത്ത പാനീയങ്ങളും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളും ശീലമാക്കുക.
∙ മെയ്യനങ്ങിയുള്ള ജോലികളില്‍ ഏര്‍പ്പെടാത്തവര്‍ ദിവസവും മുക്കാല്‍ മണിക്കൂറെങ്കിലും (കുട്ടികള്‍ ഒരു മണിക്കൂര്‍) വ്യായാമത്തിനായി നീക്കിവയ്ക്കുക. നടക്കുക, നീന്തുക, ഓടുക, സൈക്കിള്‍ ചവിട്ടുക, നൃത്തം ചെയ്യുക തുടങ്ങിയ എയ്റോബിക് വ്യായാമ മുറകള്‍ തന്നെയാണ് ഉത്തമം.
∙ കലോറി കളയാനും ബോഡി ബില്‍ഡിങ്ങിനും ജിംനേഷ്യത്തിലും മറ്റും ചെയ്യുന്നതുപോലുള്ള അനെയ്റോബിക് വ്യായാമ മുറകള്‍ നല്ലതാണെങ്കിലും ഹൃദ്രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അഭികാമ്യമല്ല. ഇത്തരക്കാര്‍ വിദഗ്ധ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരമുള്ള വ്യായാമമാണ് ശീലിക്കേണ്ടത്.
ഗുളിക മുതല്‍ ശസ്ത്രക്രിയ വരെയുള്ള പ്രതിവിധികള്‍ പൊണ്ണത്തടിക്കാര്‍ക്ക് ആശ്വാസം പകരാനുണ്ട്. വിശപ്പും കൊഴുപ്പിന്റെ ആഗിരണവും കുറയ്ക്കുക, ശരീരത്തില്‍ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും ഇന്‍സുലിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും ചെയ്യുക, ഹൃദയധമനികളില്‍ കൊഴുപ്പ് അടിയുന്നത് ഇല്ലാതാക്കുക തുടങ്ങി പലതരത്തില്‍ പ്രവര്‍ത്തിക്കുന്ന ഔഷധങ്ങളുണ്ട്. അധികമുള്ള കൊഴുപ്പ് നീക്കം ചെയ്ത് അമിതഭാരം കുറയ്ക്കുന്ന ശസ്ത്രക്രിയകളെയും ഏറെപ്പേര്‍ ആശ്രയിക്കുന്നു. കുറച്ച് ഭക്ഷണം മതിയാവുന്ന തരത്തില്‍ ആമാശയത്തിന്റെ വലുപ്പം കുറയ്ക്കുന്ന വിവിധ ശസ്ത്രക്രിയകളും നിലവിലുണ്ട്. ബിഎംഐ 40ല്‍ കൂടിയവരിലാണ് ഇതു ചെയ്യുന്നത്.
എന്താണ് അമിതവണ്ണം?
ശരീരത്തില്‍ അമിത അളവില്‍ കൊഴുപ്പ് സംഭരിക്കപ്പെടുന്ന അവസ്ഥയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി. ആകെയുള്ള കൊഴുപ്പിന്റെ അളവ് പുരുഷന്‍മാരില്‍ 18 മുതല്‍ 23% വരെയും സ്ത്രീകളില്‍ 2530 ശതമാനവുമാണ്. പുരുഷന്‍മാരില്‍ കൊഴുപ്പിന്റെ അളവ് 25 ശതമാനത്തിലും സ്ത്രീകളില്‍ 30 ശതമാനത്തിലും അധികമായാല്‍ അവരെ ദുര്‍മേദസ് (അമിതവണ്ണം) ഉള്ളവരായി കണക്കാക്കാം. ആവശ്യമുള്ള തൂക്കത്തെക്കാള്‍ 20% വര്‍ധിച്ചാല്‍ ദുര്‍മേദസ് ഉണ്ടെന്നര്‍ഥം.
ശരീരഭാരം ശാസ്ത്രീയമായി നിര്‍ണയിക്കുന്ന മാനദണ്ഡമാണ് ബിഎംഐ (ബോഡി മാസ് ഇന്‍ഡക്സ്). തൂക്കവും ഉയരവും തമ്മിലുള്ള അനുപാതമാണിത്. കിലോഗ്രാമിലുള്ള ഒരാളുടെ ശരീരഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ വര്‍ഗം കൊണ്ട് ഹരിച്ചു കിട്ടുന്ന സംഖ്യയാണിത്. (1.80 മീറ്റര്‍ ഉയരമുള്ള ഒരാള്‍ക്ക് 80 കിലോ ഭാരമുണ്ടെങ്കില്‍ 24.69 ആണ് ബിഎംഐ).
ബിഎംഐ 18.5നും 24.9നും ഇടയിലാണെങ്കില്‍ ആവശ്യത്തിനുള്ള വണ്ണമേ ഉള്ളൂ എന്നര്‍ഥം. ഇത് 25ല്‍ കൂടിയാല്‍ അമിത ഭാരമാണ്. 30ല്‍ അധികമായാല്‍ നിങ്ങള്‍ ദുര്‍മേദസ് അഥവാ പൊണ്ണത്തടിക്ക് അടിപ്പെട്ടിരിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 40ല്‍ അധികമാണെങ്കില്‍ ദുര്‍മേദസ്സുകൊണ്ടുള്ള അപകടസാധ്യത, പ്രത്യേകിച്ചും ഹൃദ്രോഗസാധ്യത വളരെ ഏറെയാണ്. അരക്കെട്ടിന്റെ ചുറ്റളവാണ് അമിതവണ്ണം അറിയാനുള്ള മറ്റൊരു മാര്‍ഗം. നാഭിക്കു മുകളില്‍ അളക്കുമ്പോള്‍ ചുറ്റളവ് പുരുഷന്‍മാര്‍ക്ക് 90 സെന്റിമീറ്ററിലും സ്ത്രീകള്‍ക്ക് 80 സെന്റിമീറ്ററിലും അധികമായാല്‍ പൊണ്ണത്തടിയുണ്ടെന്നര്‍ഥം. കുടവയറും ദുര്‍മേദസിന്റെ ലക്ഷണം തന്നെയെന്നു വ്യക്തം.
ബിഎംഐ 29ല്‍ കൂടിയവര്‍ക്ക് ഹൃദ്രോഗസാധ്യത നാലിരട്ടിയാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. ഒരു കിലോഗ്രാം ശരീരഭാരം കൂടിയാല്‍ ഹൃദ്രോഗസാധ്യത ഒരു ശതമാനം കൂടുന്നതായാണ് മറ്റൊരു പഠനത്തില്‍ വ്യക്തമായത്.
ശരീരഭാരം അധികമുള്ള ആര്‍ക്കും പരീക്ഷിക്കാവുന്ന ചില 'മെലിയല്‍ വിദ്യകള്‍'
∙ 100 ഗ്രാം തേങ്ങ തിരുകിയതില്‍ 444 കലോറിയും ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ(ഏത് എണ്ണയായാലും)യില്‍ 135 കലോറിയും ഉണ്ട്!! രണ്ടും അധികം വേണ്ട. നാലംഗ കുടുംബം 20 തേങ്ങ, ഒന്നര കിലോഗ്രാം പാചക എണ്ണയില്‍ ഒരു മാസത്തെ ഉപയോഗം നിര്‍ത്തുക.
∙ 100 ഗ്രാം ചിപ്സ് പായ്ക്കറ്റില്‍ 1200 കലോറിയുണ്ട്; ഒരു ജിലേബിയില്‍ 600 കലോറിയും. പ്രത്യേകിച്ചു ഗുണമൊന്നുമില്ലാത്ത ഇത്തരം എണ്ണപ്പലഹാരങ്ങളും മധുരപലഹാരങ്ങളും ഉപേക്ഷിച്ചതുകൊണ്ട് ഒരാപത്തും വരാനില്ല. കോള, സിന്തറ്റിക് പാനീയങ്ങളുടെ കാര്യവും അതുതന്നെ. വൈകിട്ട് എണ്ണപ്പലഹാരത്തിനു (ഒരു ഉഴുന്നുവട= 230 കലോറി. അതായത്, മൂന്നു ചപ്പാത്തി/ഒന്നരക്കപ്പ് ചോറിനു സമം) പകരം ഇഡ്ഡലിയും ഇടിയപ്പവും (ഒന്നില്‍ 80-100 കലോറി) പോലുള്ള വിഭവങ്ങള്‍ മതി. പൊറോട്ട (270 കലോറി) വേണ്ടേ വേണ്ട.
∙ ചായയുടെ എണ്ണം നാലില്‍ കൂടുതലാണെങ്കില്‍ മൂന്നാക്കുക. ഒന്നു പഞ്ചസാരയില്ലാതെയാകട്ടെ. പഞ്ചസാര ചേര്‍ത്ത ഒരു പാല്‍ച്ചായയുടെ കലോറി മൂല്യം 125 ആണ്.
∙ മിതമായ അളവില്‍ മല്‍സ്യ മാംസാദികള്‍ കറിവച്ച് (സാദാ ചിക്കന്‍ കറിയില്‍ 120 കലോറി മാത്രം) ഉപയോഗിക്കാം. പൊരിച്ചു കഴിക്കണ്ട (ചിക്കന്‍ ഫ്രൈ രണ്ടു കഷണം= 400 കലോറി). മുട്ട പുഴുങ്ങിക്കഴിക്കാം. സസ്യഭുക്കുകള്‍ പകരം പയര്‍വഗങ്ങള്‍ ഉള്‍പ്പെടുത്തണം. പാട നീക്കിയ പാല്‍ നിത്യശീലമാക്കുക. പാലിലെ കാല്‍സ്യം ഡയറ്റിങ്ങിനും നല്ലതാണ്.
∙ കലോറി മൂല്യം കുറഞ്ഞ പഴങ്ങള്‍ (പപ്പായ, പേരയ്ക്ക, പാളയംകോടന്‍ പഴം, ഓറഞ്ച്, ആപ്പിള്‍) പതിവായി കഴിക്കുക. നേന്ത്രപ്പഴം (270 കലോറി) പോലുള്ളവ എന്നുംവേണ്ട. ചോറിന്റെ അളവ് വളരെക്കൂടുതലാണെങ്കില്‍ ഒന്നരക്കപ്പ് ആയി കുറയ്ക്കുക, പകരം പച്ചക്കറി സാലഡുകള്‍, സൂപ്പ്, തേങ്ങ ചേര്‍ക്കാത്ത കറികള്‍ എന്നിവ പരീക്ഷിക്കുക. പപ്പട(ഒന്നിന് 65 കലോറി)വും അച്ചാറും തല്‍ക്കാലത്തേക്കു മറന്നേക്കൂ.
∙ വെള്ളത്തിന്റെ അളവ് കൂട്ടി 10 ഗ്ലാസ് ആക്കുക. മോരുവെള്ളം, ഉപ്പിട്ട (തേന്‍ ചേര്‍ത്ത) നാരങ്ങാവെള്ളം എന്നിവയും ഉള്‍പ്പെടുത്തുക. രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ പാനീയാഹാരവും, നാലു മണിക്കൂര്‍ കൂടുമ്പോള്‍ കട്ടിയാഹാരവും വേണം. കിടക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പ് അത്താഴം കഴിച്ചിരിക്കണം.
∙ ജീവിതശൈലിയും മാറ്റണം. നടപ്പ് വളരെ നല്ലതാണ്. വ്യായാമത്തിനു വേണ്ടി നടക്കണ്ട. നടപ്പ് ജീവിതശൈലിയാക്കിയാല്‍ മതി. ദിവസം അര മണിക്കൂര്‍ വീതം ആഴ്ചയില്‍ മൂന്നു ദിവസം (രണ്ടു ദിവസത്തിലധികം ഇടവേള വരാതെ) നടന്നിരിക്കും എന്നു തീരുമാനിക്കുക. ഒരുമിച്ചു നടക്കണ്ട. 10 മിനിറ്റ് വീതം മൂന്നു തവണ നടന്നാല്‍ മതി. ഓഫിസിനകത്തോ, വീട്ടിലോ, റോഡിലോ എവിടെ വേണമെങ്കിലും.
രണ്ടാഴ്ച കൊണ്ട് 10 കിലോഗ്രാം കുറയ്ക്കാമെന്നു പറയുന്നവരെ മറന്നേക്കൂ. ആരോഗ്യകരമായ ഡയറ്റിങ്ങില്‍ അത്ഭുതവിദ്യകളില്ല. സാവധാനം, ആസൂത്രിതമായി നീങ്ങുക, ലക്ഷ്യം ഉറപ്പ്
പൊണ്ണത്തടിയന്മാര്‍ ക്ഷമിക്കുക.
പൊണ്ണത്തടിയനെ എന്തിനു കൊള്ളാം
വലിയപുരയ്ക്കൊരു തൂണിനു കൊള്ളാം എന്നു പറഞ്ഞത് കുഞ്ചന്‍ നമ്പ്യാരാണ്.
ചുറ്റുമുള്ളവരുടെ സഹതാപം നിറഞ്ഞ നോട്ടം, നേരെ നില്‍ക്കാന്‍ പോലും കഴിയാത്ത വിധം ക്ഷീണം, കിതപ്പ്, പിന്നെ ആകെക്കൂടി ഒരു വിമ്മിട്ടം. പൊണ്ണത്തടി സ്വയം ആസ്വദിക്കുന്നവരുടെ എണ്ണം തീരെ മെലിഞ്ഞതായിരിക്കും. തടി കുറയ്ക്കണമെന്ന് എല്ലാ പൊണ്ണത്തടിയന്മാരും ആഗ്രഹിക്കും. ഒരുപക്ഷേ, ഭക്ഷണം കഴിക്കുമ്പോഴാവും അവര്‍ക്ക് ഇക്കാര്യം ആലോചിക്കാന്‍ ഏറ്റവും കൂടുതല്‍ സമയം കിട്ടുന്നത്.
നല്ലതുപോലെ ഭക്ഷണം കഴിക്കുക. തടി കുറയാന്‍ ഏറ്റവും ലളിതവും അനായാസവുമായ ആദ്യമാര്‍ഗം അതു തന്നെ. നല്ലതുപോലെ എന്നത് അളവിലല്ല, ആസ്വാദനത്തില്‍. ഭക്ഷണത്തില്‍ ശ്രദ്ധിക്കാതെ കഴിച്ചാല്‍ നമ്മള്‍ അറിയാതെ തന്നെ ആവശ്യത്തില്‍ക്കൂടുതല്‍ അകത്തു ചെല്ലും. എന്നാല്‍ സ്വാദുപിടിച്ചു കഴിക്കുന്നവരാണെങ്കില്‍, എപ്പോള്‍ രുചികേട് തോന്നുന്നോ അപ്പോള്‍ തന്നെ ഭക്ഷണം നിര്‍ത്തും. പിന്നെ, രുചി തോന്നുന്ന ഭക്ഷണം കിട്ടിയാലേ കഴിക്കാനും തോന്നൂ.
തടികുറയ്ക്കുന്നതില്‍ വ്യായാമം അതിപ്രധാനമാണ്. എന്നാല്‍ ശരീരം അനക്കാന്‍ മടി കാണിച്ച് ഭക്ഷണം കുറച്ചു മാത്രം തടിയുടെ പിടിയില്‍ നിന്നു രക്ഷതേടാന്‍ ശ്രമിക്കുന്നവരുണ്ട്. ഈ പരിപാടി വിജയിക്കില്ലെന്നാണ് അനുഭവ പാഠങ്ങളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രം പറയുന്നത്. കൊഴുപ്പ് കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ആവശ്യത്തില്‍ക്കൂടുതല്‍ നിയന്ത്രണം വേണ്ടി വരും. കാര്യമായി വിശക്കാനും തുടങ്ങും. ഭക്ഷണനിയന്ത്രണം ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍ 15 മിനിട്ടെങ്കിലും ദിവസവും ലഘുവ്യായാമം ചെയ്യുകയും ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തുകയും ചെയ്തു നോക്കൂ. തടി കുറയും. ഉറപ്പ്.
ചിലര്‍ ഭക്ഷണകാര്യത്തില്‍ കടുകട്ടി നിയന്ത്രണങ്ങളാണ്. കൊഴുപ്പു കുറയ്ക്കാനുള്ള ശ്രമത്തില്‍ വീട്ടിലെ മറ്റുള്ളവരും ഭക്ഷണപീഡനങ്ങള്‍ മുഴുവന്‍ സഹിക്കേണ്ടി വരും. എന്നാല്‍ വൈകുന്നേരമായാല്‍ രണ്ടെണ്ണം വീശുന്ന കാര്യത്തില്‍ ഒട്ടും നിയന്ത്രണമുണ്ടാവുമകയുമില്ല. ഒാരോ പെഗ്ഗിലും അടങ്ങിയിട്ടുള്ള കലോറി അളവ് ഏറെക്കൂടുതലാണ്. പലപ്പോഴും കലോറി അളന്നു കഴിക്കുന്നവര്‍ മദ്യത്തിന്റെ കണക്ക് ഉള്‍പ്പെടുത്താറില്ല. അതുകൊണ്ട് വെളളമടിക്കും മുന്‍പ് മദ്യത്തിലും കലോറിയുണ്ടെന്ന് മനസിലാക്കുക.
കൊഴുപ്പു കുറഞ്ഞ ഭക്ഷണത്തെ ആശ്രയിക്കുന്നത് കാര്യമായ പ്രയോജനം ചെയ്യുന്നില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കാരണം അനാവശ്യമായ സുരക്ഷാബോധത്തോടെ മറ്റുള്ളവരെക്കാള്‍ ഭക്ഷണം കഴിക്കാന്‍ പലപ്പോഴും ഇതു കാരണമാകും. സ്വയം നിയന്ത്രണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ രീതി ഫലം ചെയ്യൂ. ഭൂരിഭാഗം പേരെക്കൊണ്ടും ഇതിന് കഴിയില്ല.
അനാവശ്യഭക്ഷണം ഒഴിവാക്കുകയെന്നതും പ്രധാനമാണ്. ബേക്കറി ഷെല്‍ഫില്‍ പലഹാരങ്ങള്‍ നിരന്നിരിക്കുന്നതു കാണുമ്പോള്‍ നമുക്ക് ഭക്ഷണത്തോട് ഒരു താല്‍പര്യം തോന്നും. പലപ്പോഴും വിശപ്പാണെന്നാവും നമ്മള്‍ തെറ്റിദ്ധരിക്കുന്നത്. ഇതു പോലുള്ള സാഹചര്യങ്ങള്‍ ദിവസവും തന്നെ സംഭവിക്കും. അതുകൊണ്ട് വിശന്നാല്‍ അല്‍പനേരം കാത്തിരിക്കുക. എന്നിട്ടും വിശപ്പു തോന്നുന്നുണ്ടെങ്കില്‍ മാത്രം കഴിക്കുക. ഏതെങ്കിലും ഭക്ഷണസാധനം കണ്ട് കൊതി തോന്നിയുള്ള വിശപ്പാണെങ്കില്‍ ഏറെ നേരം ആയുസുണ്ടാവില്ല.
വ്യായാമം ചെയ്യുന്നതുകൊണ്ടു മാത്രം ഭാരം കുറയണമെന്നില്ല. കാരണം വ്യായാമം ചെയ്യുന്തോറും മസിലുകള്‍ക്ക് കട്ടിവയ്ക്കും. തടിയും കൊഴുപ്പും കുറഞ്ഞാലും വെയിങ് മെഷീനില്‍ നിന്നു നോക്കുമ്പോള്‍ ഒാരോ തവണയും ഭാരം കൂടുന്നുണ്ടെന്നാവും കണക്കുകള്‍ കാണിക്കുന്നത്. അതുകൊണ്ട് തടിയുടെ ഗതി മനസിലാക്കാന്‍ എപ്പോഴും ടേപ്പ് ഉപയോഗിച്ച് ശരീര ചുറ്റളവ് എടുക്കുന്നതാവും ഉചിതം.
അതുപോലെ തന്നെ, സമയത്തു മാത്രം കഴിക്കുക. കയ്യില്‍കിട്ടുന്നത് എപ്പോഴാണെങ്കിലും കഴിക്കാന്‍ മടിക്കാത്തവരാണ് മിക്ക തടിയന്മാരും. മൂന്നു നേരം ഭക്ഷണമെന്ന അടിസ്ഥാന പ്രമാണം ഇവരില്‍ പലര്‍ക്കും 30 നേരം എന്നാണ്. അതു മാറണം. കുറച്ചുദിവസം കൊണ്ട് ശീലിച്ചെടുക്കാവുന്ന രീതിയാണിത്.
തടി കുറയ്ക്കാന്‍ ഭക്ഷണം നിയന്ത്രിക്കുന്നവര്‍ ഭക്ഷണം മടുപ്പിക്കാതെ നോക്കണം. പ്രത്യേക ഭക്ഷണം കുറച്ചുകാലം തുടര്‍ന്നാല്‍ മടുക്കും. സര്‍വ നിയന്ത്രണങ്ങളും തെറ്റും. അതുകൊണ്ട് പുതിയ വിഭവങ്ങള്‍ ഒാരോ ആഴ്ചയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. വ്യത്യസ്തതരം പഴങ്ങള്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കിയാലും മതി. ഭക്ഷണത്തോടു മാത്രം ഒരിക്കലും ബോറടി തോന്നരുത്. നല്ലതുപോലെ സ്നേഹിക്കണം. എന്നാലേ നിയന്ത്രണങ്ങള്‍ക്കും കഴിയൂ.
ആരോഗ്യത്തിന്റെ നല്ലനടപ്പിനുവേണ്ടി മുതിര്‍ന്ന തലമുറയും ഫിറ്റ്നെസിന്റെ ശരീരസൗന്ദര്യം തേടി യുവാക്കളും പ്രഭാതസവാരിയും ഹെല്‍ത്ത് ക്ളബും ദിനചര്യയുടെ ഭാഗമാക്കിക്കഴിഞ്ഞു. പക്ഷേ, തടി യല്‍പ്പം കൂടിയെന്നു സുഹൃത്ത് സംശയം പറഞ്ഞാല്‍, വയറല്‍പ്പം ചാടിയല്ലോയെന്നു കൂട്ടുകാരി കളിയാക്കിയാല്‍ ഉടന്‍ ക്രാഷ് ഡയറ്റിന്റെ പിന്നാലെ പായുകയായി. പട്ടിണി കിടന്നെങ്കിലും ശരീരഭംഗി നേടണമെന്ന നിശ്ചയദാര്‍ഢ്യം. എന്നാല്‍, അമിത വണ്ണം (ഒബീസിറ്റി) സൗന്ദര്യപ്രശ്നമല്ല, രോഗാവ സ്ഥയാണെന്നു തിരിച്ചറിയുന്നില്ല മലയാളികള്‍. അമേരിക്കന്‍ ജനതയുടെ നാലിലൊന്ന് മുതിര്‍ന്ന വരെയും 14% കുട്ടികളെയും ബാധിക്കുന്ന ഈ ആരോഗ്യപ്രശ്നം ഇന്ത്യയിലും വര്‍ധിക്കുകയാണ്. അമിതവണ്ണക്കാരില്‍ പഞ്ചാബ് ഒന്നാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ രണ്ടാമതിടത്ത് കേരളമാണെന്ന് അറിയുക.
അമിതവണ്ണം രോഗം
ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് ആവശ്യത്തിലും കൂടുന്ന രോഗാവസ്ഥയാണ് അമിതവണ്ണം അഥവാ ഒബീസിറ്റി. ആഹാരരീതി, വ്യായാമം ഇല്ലാതിരിക്കുക, മാതാപിതാക്കളുടെ വണ്ണക്കൂടുതല്‍ തുടങ്ങി സങ്കീര്‍ണമായ വിവിധ ഘടകങ്ങള്‍ അമിതവണ്ണം ഉണ്ടാക്കാം. ഈയിടെ നടത്തിയ പഠനങ്ങളനുസരിച്ച് ഉയര്‍ന്ന അളവിലെ മദ്യപാനത്തേക്കാളും പുകവലിയേക്കാളും കടുത്തതാണ് അമിതവണ്ണംമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍.
ശരീരത്തിന്റെ എല്ലാ പ്രധാന പ്രവര്‍ത്തനങ്ങളെയും ഒബീസിറ്റി ബാധിക്കുന്നു. ഹൃദയം, ശ്വാസകോശം, മസിലുകള്‍, എല്ലുകള്‍ എന്നിവയുടെ ആരോഗ്യംതന്നെ അപകടഭീഷണിയുടെ നിഴലിലാകും. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍, ഉറക്കപ്രശ്നങ്ങള്‍, ഹൃദയാഘാതം തുടങ്ങി യൂട്രസ്, സെര്‍വിക്സ്, പ്രോസ്റ്റേറ്റ്, കോളണ്‍, ഗാള്‍ബ്ളാഡര്‍, ബ്രെസ്റ്റ് കാന്‍സറിനു വരെ അമിതവണ്ണം കാരണമായേക്കാം.
ചികിത്സാ രീതികള്‍
ശരീരഭാരം വര്‍ധിക്കാതെ നിലനിര്‍ത്തുകയാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം. ബിഎംഐ അനുസരിച്ച് ശരീരഭാരം കൂടുതലുള്ളവര്‍ക്ക് ജീവിതരീതിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍തന്നെ അമിതവണ്ണമെന്ന അപകടത്തിലേക്കു വഴുതി വീഴാതെ ആരോഗ്യം കാത്തുരക്ഷിക്കാം. ഇതിനായി വ്യായാമവും ആഹാരരീതിയും ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയാല്‍ മതി. അമിതവണ്ണമുള്ളവര്‍ക്ക് തടി കുറയ്ക്കാനുള്ള മരുന്നുകളെക്കൂടി ആശ്രയിക്കേണ്ടിവരും. അധികഭാരത്തിന്റെ 1015% വരെ കുറയ്ക്കാന്‍ സാധിക്കുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ഭാവിയില്‍ ഇതു തിരിച്ചുവരാനുള്ള സാധ്യതയുണ്ട്. എന്നാല്‍, പൊണ്ണത്തടിയുള്ള (അപകടകരമായ ഒബീസിറ്റി) വ്യക്തികളില്‍ മേല്‍പ്പറഞ്ഞ രണ്ടു രീതികളും ഫലപ്രദമാകില്ല. ഇവര്‍ക്ക് ഒബീസിറ്റി സര്‍ജറി ആവശ്യമായി വരും.
ഒബീസിറ്റി സര്‍ജറി
പ്രമേഹം, ഉറക്കക്കുറവ് (സ്ലീപ് അപ്നിയ), ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നീ അപകട ഭീഷണിയുള്ളവര്‍ക്കും ഡയറ്റും വ്യായാമവും വഴി കാര്യമായ രീതിയില്‍ ഭാരം കുറയ്ക്കാനാകാത്ത വര്‍ക്കും സര്‍ജറി അത്യന്താപേക്ഷിതമാകും. ഓപ്പണ്‍, ലാപ്രോസ്കോപിങ് എന്നീ രണ്ടു തരത്തിലും ഒബീസിറ്റി സര്‍ജറി സൌകര്യമുണ്ട്. ആമാശയത്തിന്റെ വലുപ്പം കുറയ്ക്കുക, ശരീരം കാലറി സ്വീകരി ക്കുന്നതിന്റെ അളവു കുറയ്ക്കുക, വിശപ്പ് തോന്നിക്കുന്ന ഹോര്‍മോണിന്റെ അളവു കുറയ്ക്കുക എന്നീ മൂന്നു രീതിയിലാണ് സര്‍ജറി സാധ്യമാകുന്നത്. ഇതുവഴി സര്‍ജറിക്കുശേഷം പഴയ രീതിയുള്ള തടിയി ലേക്ക് ഒരിക്കലും തിരിച്ചുപോകില്ല. ആമാശയത്തിന്റെ വലുപ്പം കുറയ്ക്കുന്നതിനാല്‍ അമിതമായി ആഹാരം കഴിക്കാന്‍ തോന്നുകയില്ല. എന്നാല്‍, സര്‍ജറിക്കുശേഷം ഡോക്ടര്‍ നിര്‍ദേശിക്കുന്ന തരത്തില്‍ ജീവിതരീതി ക്രമപ്പെടുത്തുക കൂടി വേണം. ആഹാരത്തിന്റെ അളവു കുറയുന്നതിനാല്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കുന്ന ഡയറ്റ് രീതി പിന്തുടരണമെന്നതുകൂടി പ്രധാനമാണ്.
മാറിയ ജീവിതശൈലി സമ്മാനിക്കുന്ന രോഗമാണ് അമിതവണ്ണം. തെറ്റായ ഭക്ഷണശീലങ്ങളുടെയും അലസജീവിതത്തിന്റെയും പ്രതീകമാണ് കുടവയർ. ശരീരത്തിൽ കൊഴുപ്പ് അടിയുമ്പോഴാണ് വയർ ചാടുന്നതും തടി കൂടുന്നതും. കേരളത്തിൽ മൂന്നിലൊന്ന് സ്ത്രീകളിൽ അമിതവണ്ണമോ അമിതഭാരമോ ഉണ്ടെന്നാണ് കണക്ക്. നാലിലൊന്ന് പുരുഷൻമാർക്കും അമിതവണ്ണമോ അമിതഭാരമോ ഉണ്ട്.
ലോക ജനസംഖ്യയിൽ 39% ആളുകളും പൊണ്ണത്തടിയുള്ളവരാണ്. അതിൽതന്നെ 13% അമിതവണ്ണമുള്ളവർ. ഇന്ത്യയിൽ ആറുശതമാനം പേർ അമിതവണ്ണമുള്ളവർ. കൊഴുപ്പും കൊളസ്ട്രോളും അന്നജവും വലിയ തോതിൽ അടങ്ങിയ ഭക്ഷണമാണ് നാം പതിവായി കഴിക്കുന്നത്. ശരീരത്തിൽ എത്തുന്ന അമിത കലോറി കൊഴുപ്പായി അടിയും. അത് അമിതവണ്ണത്തിനും ഭാരക്കൂടുതലിനും കാരണമാകുന്നു. അതോടെ പല അസുഖങ്ങളും നമ്മെ കീഴടക്കാൻ എത്തും.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നിർദേശപ്രകാരം ആരോഗ്യവാനായ പുരുഷനു വേണ്ട ശരീരഭാരം 60 കിലോഗ്രാമും സ്ത്രീക്ക് 55 കിലോഗ്രാമുമാണ്. കലോറി കൂടുതലുള്ള ഭക്ഷണം ധാരാളം കഴിക്കുന്നതും അതിനു ആനുപാതികമായി ശരീര വ്യായാമം ഇല്ലാത്തതുമാണ് അമിതവണ്ണത്തിനുള്ള കാരണം. ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) 18 മുതൽ 25 വരെയാണെങ്കിൽ കുഴപ്പമില്ല. 25–30 ആണെങ്കിൽ ഭാരക്കൂടുതലാണ്, അപ്പോൾ ചികിൽസ തുടങ്ങണം. ആദ്യഘട്ടത്തിലെ ചികിൽസ ഭക്ഷണനിയന്ത്രണവും വ്യായാമവും തന്നെ. പക്ഷേ, ബിഎംഐ 30നു മുകളിലായാൽ സ്ഥിതി ഗുരുതരമാകും.
∙ എന്താണ് ബിഎംഐ?
നമുക്ക് ആവശ്യമായതിനേക്കാൾ ഭാരം കൂടുതലുണ്ടോ എന്ന് കണ്ടെത്താനുള്ള വഴിയാണ് ബോഡി മാസ് ഇൻഡക്സ് പരിശോധിക്കൽ. ശരീരഭാരത്തെ ഉയരത്തിന്റെ വർഗം കൊണ്ട് ഹരിച്ചാൽ ബിഎംഐ ലഭിക്കും. ബിഎംഐ = ഭാരം / മീറ്ററിലുള്ള ഉയരത്തിന്റെ വർഗം. ശരീരഭാരം കിലോഗ്രാമിലും ഉയരം മീറ്ററിലും വേണം കണക്കാക്കാൻ.
∙ അമിതവണ്ണം ഉണ്ടെങ്കിൽ എന്താണ് പ്രശ്നം?
അമിതവണ്ണം നമ്മുടെ ശരീരത്തിന്റെ ഏത് അവയവത്തെ വേണമെങ്കിലും ദോഷമായി ബാധിക്കാം എന്നതു തന്നെയാണ് പ്രശ്നം. പക്ഷാഘാതം, ഹൃദയസ്തംഭനം, രക്തസമ്മർദം, പ്രമേഹം, ലിവർ സിറോസിസ്, ഫാറ്റി ലിവർ, വന്ധ്യത, സന്ധിവേദന തുടങ്ങിയവയൊക്കെ വരാൻ പൊണ്ണത്തടി കാരണമാകും. കാൻസറിന്റെ പ്രധാന കാരണങ്ങളിലൊന്ന് അമിതവണ്ണമാണ്. ഉറക്കത്തിൽ കൂർക്കം വലിക്കാനും ശ്വാസം കിട്ടാതെ ഉറക്കം നഷ്ടപ്പെടാനും അമിതവണ്ണം കാരണമാകും. ഈ ഉറക്കക്കുറവ് നികത്താനായി പകൽ ഉറങ്ങുമ്പോൾ അലസത കൂടുകയും ചെയ്യും.
∙ എത്ര കലോറി വരെയാകാം?
ഒരു പുരുഷന് ഒരു ദിവസം ഭക്ഷണത്തിലൂടെ 2000 കിലോഗ്രാം കലോറി വരെയാകാം. സ്ത്രീകൾക്ക് 1800 കലോറി വരെയും. ഒരു ബിരിയാണി കഴിക്കുമ്പോൾ തന്നെ 1500 കലോറി നമ്മുടെ ശരീരത്തിൽ എത്തും. നാല് ഇഡ്ഡലി കഴിച്ചാൽ 150 കലോറി. ഒരു ചായ കുടിച്ചാൽ 150 കലോറി. അപ്പോൾ ഒരു ദിവസം നമ്മുടെ ശരീരത്തിൽ എത്തുന്ന കലോറിയുടെ അളവ് ആവശ്യത്തിലേറെയാണ്. അരമണിക്കൂർ വേഗത്തിൽ നടന്ന് വിയർക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽനിന്ന് പുറത്തുപോകുന്നത് 300 കിലോഗ്രാം കലോറിയാണ്. അമിതവണ്ണമുണ്ടെങ്കിൽ ഒരു ദിവസം ശരീരത്തിൽ എത്തുന്ന കലോറിയുടെ അളവ് 1200 ആയി കുറക്കണം. അതായത് ഇപ്പോഴുള്ളതിന്റെ പകുതി. അമിതവണ്ണം കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഇപ്പോൾ കഴിക്കുന്നതിന്റെ പകുതി ഭക്ഷണം മതി എന്ന് ചുരുക്കം.
∙ ചികിൽസ എപ്പോൾ?
കലോറി കുറച്ചാലും ശരീരഭാരം ഒറ്റയടിക്ക് കുറയണമെന്നില്ല. ചിട്ടയായ വ്യായാമം കൂടിയാകുമ്പോൾ ഭാരം പതിയെ കുറഞ്ഞുവരും. ജോഗിങ്, സൈക്ലിങ് എന്നിവയെല്ലാം ഭാരം കുറയ്ക്കാൻ പറ്റിയ വ്യായാമങ്ങളാണ്. ഇത്രയൊക്കെ ചെയ്തിട്ടും ബോഡി മാസ് ഇൻഡക്സ് 32.5നു മുകളിൽ പോകുകയാണെങ്കിൽ നിർബന്ധമായും ചികിൽസ വേണം. 37നു മുകളിലാണെങ്കിൽ ശസ്ത്രക്രിയ തന്നെ വേണ്ടി വരും.
∙ ബാരിയാട്രിക് സർജറി
അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയെയാണ് ബാരിയാട്രിക് സർജറി എന്നു പറയുന്നത്. പല രീതികളുണ്ടെങ്കിലും ബാരിയാട്രിക് ശസ്ത്രക്രിയ പ്രധാനമായും രണ്ടുതരത്തിലാണ്. ആമാശയം ചുരുക്കുന്നതാണ് ഇതിൽ ആദ്യത്തേത്. രണ്ടുലീറ്റർ വരെ സംഭരണ ശേഷിയുണ്ട് ആമാശയത്തിന്.
ശസ്ത്രക്രിയയിലൂടെ അത് 100 മില്ലിയാക്കി കുറയ്ക്കുകയാണ് ചെയ്യുക. അപ്പോൾ കുറച്ചു ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയറു നിറയും. അതോടെ ഭക്ഷണം കഴിക്കുന്നതിൽ കുറവു വരും. ഭക്ഷണം കഴിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തുക മാത്രം ചെയ്യുന്നതാകയാൽ ഈ ശസ്ത്രക്രിയ കൊണ്ട് മറ്റ് പാർശ്വഫലങ്ങളൊന്നുമില്ല.
ഗ്യാസ്ട്രിക് ബൈപാസ് ആണ് മറ്റൊരു ശസ്ത്രക്രിയ. ഇതും കഴിക്കുന്ന ആഹാരത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് ഉള്ളതാണെങ്കിലും മറ്റൊരു രീതിയിലാണെന്നു മാത്രം. ചെറുകുടലിന്റെ പകുതി ഭാഗത്തുകൂടെ മാത്രം ആഹാരം കടത്തിവിടാനുള്ള സജ്ജീകരണമാണ് ഈ ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. അതോടെ നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരം ആഗീരണം ചെയ്യുന്നതിന്റെ അളവ് കുറയും. ഇതാണ് കൂടുതൽ ഫലപ്രദമെങ്കിലും അൽപം സങ്കീർണമാണ്.
സാധാരണഗതിയിൽ 200 കിലോഗ്രാമിനും മേലെ ഭാരമുള്ളവർക്കേ ഈ ശസ്ത്രക്രിയ നിർദേശിക്കാറുള്ളു. ശസ്ത്രക്രിയക്കു ശേഷം പോഷകാഹാരക്കുറവ് വരാനും പിത്താശയക്കല്ല് രൂപപ്പെടാനും സാധ്യതയുള്ളതിനാൽ അവ പ്രതിരോധിക്കുന്നതിന് മറ്റ് ചികിൽസകൾ വേണ്ടി വരും എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ശസ്ത്രക്രിയകൾക്ക് രണ്ടരലക്ഷം മുതൽ മൂന്നരലക്ഷം രൂപവരെ ചെലവു വരും.
മൂന്നുമണിക്കൂർ വരെ ദൈർഘ്യം വരുന്ന താക്കോൽദ്വാര ശസ്ത്രക്രിയയാണ് ചെയ്യുന്നത്. നാലോ അഞ്ചോ ദിവസത്തെ ആശുപത്രി വാസവും 10 ദിവസത്തെ വിശ്രമവും മതിയാകും ശസ്ത്രക്രിയ കഴിഞ്ഞാൽ. മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും ഒഴികെ ആർക്കും ഈ ശസ്ത്രക്രിയ ചെയ്യാം.
ശസ്ത്രക്രിയ കൊണ്ടു മാത്രം ഭാരം കുറച്ച് പൂർണമായും പഴയ അവസ്ഥയിലേക്ക് എത്താമെന്ന് തെറ്റിദ്ധരിക്കരുത്. ഉദാഹരണമായി 70 കിലോഗ്രാം ഭാരമുണ്ടായിരുന്നയാൾക്ക് ഇപ്പോൾ 120 കിലോഗ്രാം ഉണ്ടെങ്കിൽ ശസ്ത്രക്രിയയിലൂടെ അത് 85 കിലോഗ്രാം വരെയായി കുറയ്ക്കാം. ബാക്കിയുള്ളത് ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും തന്നെ കുറച്ചെടുക്കേണ്ടി വരും.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ശൈലേഷ് ഐക്കോട്ട്, സീനിയർ കൺസൽറ്റന്റ് ആൻഡ് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ സർജൻ,
ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്.
അവസാനം പരിഷ്കരിച്ചത് : 11/3/2019
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
അരിവാള്‍ രോഗം -വിശദ വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍