ശ്വാസകോശങ്ങളെ ബാധിക്കുന്ന രോഗമാണ് ആസ്ത്മ. കിതപ്പ് എന്ന് അര്‍ഥംവരുന്ന ഗ്രീക് വാക്കായ 'പാനോസി'ല്‍നിന്നാണ് ആസ്ത്മ എന്ന പദത്തിന്റെ ഉത്ഭവം. ശ്വാസനാളികള്‍ ചുരുങ്ങി ശ്വാസതടസ്സം അനുഭവപ്പെടുന്ന അവസ്ഥയാണ് ആസ്ത്മ എന്നു പറയാം. ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു എന്നതാണ് ആസ്ത്മയുടെ അടിസ്ഥാനപ്രശ്നം. ആയുര്‍വേദത്തില്‍ 'ശ്വാസരോഗം' എന്നാണ് ആസ്ത്മ അറിയപ്പെടുക. സ്ത്രീപരുഷ ഭേദമന്യേ ഏതുപ്രായത്തിലും ആസ്ത്മ വരാം.
ആസ്ത്മയ്ക്ക് വഴിയൊരുക്കുന്ന അലര്‍ജിഘടകങ്ങള്‍ നിരവധിയാണ്. വീടിനകത്തും തൊഴിലിടങ്ങളിലും ചുറ്റുപാടുകളിലുമെല്ലാം ഇത്തരം അലര്‍ജിഘടകങ്ങള്‍ ധാരാളമുണ്ട്. ശ്വാസകോശങ്ങളെ അലര്‍ജി ബാധിക്കുന്നതോടെ ആസ്ത്മ ഉണ്ടാകുന്നു. ഒരാളില്‍ത്തന്നെ ഒന്നിലധികം അലര്‍ജിഘടകങ്ങള്‍ ആസ്ത്മയ്ക്ക് ഇടയാക്കാറുണ്ട്.
അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ചില രാസവസ്തുക്കള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇവ ശ്വാസനാളങ്ങള്‍ ചുരുങ്ങി ശ്വാസംമുട്ടല്‍ ഉണ്ടാകാന്‍ ഇടയാക്കുന്നു. പാരമ്പര്യമായും ചിലരില്‍ ആസ്ത്മ ഉണ്ടാകാം.
പൊടിയില്‍ ജീവിക്കുന്ന പൊടിച്ചെള്ളുകളാണ് ആസ്ത്മയ്ക്കു പിന്നിലെ പ്രധാന വില്ലന്‍. കര്‍ട്ടനുകള്‍, കിടക്കവിരികള്‍, തലയണ ഉറകള്‍ ഇവയിലെ പൊടികള്‍ ആസ്ത്മയ്ക്ക് വഴിയൊരുക്കുന്ന പ്രധാന ഘടകമാണ്. കൂടാതെ പുസ്തകങ്ങള്‍, കാര്പെറ്റുകള്, തുണികള്‍ ഇവയിലെ പൊടികളും ആസ്ത്മയ്ക്ക് ഇടയാക്കും.
സിഗരറ്റ് പുക, വാഹനങ്ങളില്‍നിന്നുള്ള പുക, അടുപ്പില്‍നിന്നുള്ള പുക, ഇവ ആസ്ത്മാ ലക്ഷണങ്ങള്‍ക്ക് കാരണമാകാറുണ്ട്്. വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍ ഇവയുടെ രോമങ്ങള്‍, ചിറകുകള്, ഉമിനീര്, ചര്‍മപാളികള്‍, മൂത്രം എന്നിവ ആസ്ത്മയ്ക്ക് ഇടയാക്കാറുണ്ട്.
പ്രിന്റിങ്, പെയിന്റിങ്, കീടനാശിനി, പ്ളാസ്റ്റിക് വ്യവസായം, ക്വാറികള്‍, കയര്‍മേഖല ഇവയുമായി ബന്ധപ്പെട്ട് തൊഴില്‍ചെയ്യുന്നവര്‍ക്കും ആസ്ത്മയ്ക്ക് സാധ്യത കൂടുതലാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സ്ത്രീകളില്‍ ആസ്ത്മയുണ്ടാകാന്‍ ഇടയാക്കാറുണ്ട്. ഗര്‍ഭധാരണവേളകള്‍, ആര്‍ത്തവത്തിനുമുമ്പ്, ആര്‍ത്തവവിരാമം തുടങ്ങിയ ഘട്ടങ്ങളില്‍ ചിലരില്‍ ആസ്ത്മ ഉണ്ടാകാറുണ്ട്. മാനസിക പിരിമുറുക്കം, ജലദോഷം, വൈറസ്ബാധ ഇവയും ആസ്ത്മയ്ക്ക് ഇടയാക്കും. ചിലയിനം ഭക്ഷണങ്ങളും ആസ്ത്മയ്ക്ക് ഇടവരുത്താറുണ്ട്. പൂമ്പൊടി, കൊതുകുതിരി, കാലാവസ്ഥയിലെ മാറ്റങ്ങള്‍, കാറ്റുള്ള ദിവസങ്ങള്‍ ഇവയൊക്കെ ആസ്ത്മയെ ഉദ്ദീപിപ്പിക്കുന്ന ഘടകങ്ങളായതിനാല്‍ പ്രത്യേക ശ്രദ്ധ വേണം.
സാധാരണഗതിയില്‍ ശ്വാസനാളികളിലെ അയഞ്ഞപേശികളും നേര്‍ത്ത കലകളും വായുസഞ്ചാരത്തെ സുഗമമാക്കും. ആസ്ത്മയുള്ളവരില്‍ പലതരത്തില്‍ വായുസഞ്ചാരത്തിന് തടസ്സങ്ങള്‍ വരാറുണ്ട്. അലര്‍ജിഘടകങ്ങളോട് ശരീരത്തിന്റെ അമിത പ്രതികരണംമൂലം ശ്വാസനാളിയുടെ ഭിത്തികള്‍ മുറുകി ചുരുങ്ങുന്നത് വായുവിന് കടന്നുപോകാന്‍ വേണ്ടത്ര സ്ഥലം ഇല്ലാതാക്കുന്നു. കൂടാതെ ശ്വാസനാളങ്ങള്‍ക്കകത്തുള്ള ശ്ളേഷ്മപാളികള്‍ക്ക് നീര്‍ക്കെട്ടുണ്ടാകുന്നതും വായുസഞ്ചാരം കുറയ്ക്കുന്നു. നീരുകെട്ടിയ ശ്വാസനാളികളില്‍നിന്ന് കഫം ധാരാളം ഉല്‍പ്പാദിപ്പിക്കുന്നതും വായുസഞ്ചാരം തടസ്സപ്പെടുത്തും. ഇതിനുപുറമെ ശ്വാസനാളികളെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പേശീസഞ്ചയങ്ങള്‍ ആസ്ത്മാരോഗിയില്‍ പെട്ടെന്ന് സങ്കോചിക്കുന്നത് ശ്വാസനാളങ്ങള്‍ വലിഞ്ഞുമുറുകി അവയുടെ വ്യാസത്തെ കുറച്ച് ശ്വസനത്തെ ആയാസകരമാക്കുന്നു.
ശ്വാസതടസ്സം ഇടയ്ക്കിടെ ഉണ്ടാവുക, ചുരുങ്ങിയ ശ്വാസനാളത്തില്‍ക്കൂടി വായു കടക്കുമ്പോഴുണ്ടാകുന്ന കുറുങ്ങല്‍, ഇടവിട്ട് നീണ്ടുനില്‍ക്കുന്ന ചുമ.
കൂടെക്കൂടെ കഫക്കെട്ട്, നെഞ്ചില്‍ വലിഞ്ഞുമുറുക്കം, രാത്രിയില്‍ ചുമ കാരണം ഉറക്കത്തിന് തടസ്സം നേരിടുക, വ്യായാമസമയത്തുണ്ടാകുന്ന ശ്വാസതടസ്സം, ചുമ, ശ്വാസം പുറത്തേക്കു വിടുമ്പോള്‍ ചൂളമടിക്കുന്നപോലെയുള്ള ശബ്ദം, കൂടെക്കൂടെ ജലദോഷവും ചുമയും, അധ്വാനിക്കുമ്പോള്‍ കിതപ്പ്.
രക്തബന്ധമുള്ളവര്‍ക്ക് ആസ്ത്മയോ, അലര്‍ജിയോ അതുമൂലമുള്ള രോഗങ്ങളോ വന്നിട്ടുണ്ടെങ്കിലും രോഗലക്ഷണങ്ങളെ പ്രത്യേക പരിഗണനയോടെ കാണണം.
കുട്ടികളില്‍ ഏറിവരുന്ന ആസ്ത്മയുടെ കാരണങ്ങള്‍ പലതാണ്. അന്തരീക്ഷ മലിനീകരണം, കുപ്പിപ്പാലിന്റെയും ടിന്‍ഫുഡിന്റെയും അമിതോപയോഗംപോലെയുള്ള ആഹാരരീതിയില്‍ വന്ന മാറ്റങ്ങള്‍, വേണ്ടത്ര മുലപ്പാല്‍ നല്‍കാതിരിക്കുക ഇവ കുട്ടികളില്‍ പ്രധാനമായും ആസ്ത്മയ്ക്ക് ഇടയാക്കാറുണ്ട്. ആറുമാസത്തിനു മേല്‍ പ്രായമുള്ള കുഞ്ഞുങ്ങളില്‍മുതല്‍ ആസ്ത്മ കണ്ടുവരുന്നു. വീടിനുപുറത്ത് നന്നായി കളിച്ചുവളരാത്ത കുട്ടികളിലും ആസ്ത്മയ്ക്കുള്ള സാധ്യത കൂടുതലാണ്. നേരം പുലരാറാകുമ്പോഴുള്ള ചുമ, അര്‍ധരാത്രിയില്‍ തുടരെയുള്ള ചുമ, ശ്വാസംമുട്ടല്‍മൂലം സംസാരിക്കാന്‍ കഴിയാതിരിക്കുക, ശ്വാസംമുട്ടല്‍മൂലം കൈകള്‍ വശത്തു കുത്തി എഴുന്നേറ്റിരിക്കുക തുടങ്ങിയവയാണ് ആസ്ത്മയുള്ള കുട്ടികളുടെ പ്രധാന ലക്ഷണങ്ങള്‍.
കൃത്യമായി ഔഷധങ്ങള്‍ കഴിക്കുന്നതോടൊപ്പം മാതാപിതാക്കളുടെ ക്രിയാത്മകമായ സമീപനവും കുട്ടികളുടെ ആസ്ത്മാ നിയന്ത്രണത്തില്‍ അനിവാര്യമാണ്. രോമങ്ങള്‍കൊണ്ടുള്ള കളിപ്പാട്ടങ്ങള്‍, കമ്പിളികള്‍, പഴയ സാധനങ്ങള്‍ ഇവ ഒഴിവാക്കണം. ആസ്ത്മാബാധിതരായ കുട്ടികള്‍ക്ക് അമിതനിയന്ത്രണമോ ലാളനയോ പാടില്ല. ക്ളാസ് ടീച്ചറോട് ആസ്ത്മാരോഗമുള്ള കാര്യം രക്ഷിതാക്കള്‍ തുറന്നുപറയണം. കളിക്കിടയില്‍ ആസ്ത്മാ കൂടുന്നുവെങ്കില്‍ അതിനുള്ള മരുന്നും സ്കൂളില്‍ കൊടുത്തുവിടേണ്ടതാണ്.
ആസ്ത്മയുള്ള സ്ത്രീകളില്‍ ഗര്‍ഭിണികളാകുമ്പോള്‍ ചിലരില്‍ രോഗം വര്‍ധിക്കാറുണ്ട്. മറ്റു ചിലരില്‍ രോഗാവസ്ഥ അതേപടി നിലനില്ക്കുന്നു. ഗര്‍ഭകാലത്ത് ആസ്ത്മാരോഗം കുറയുന്നവരുമുണ്ട്. ശ്വാസകോശത്തിനും അനുബന്ധ അവയവങ്ങള്‍ക്കും ഗര്‍ഭകാലത്ത് പലവിധ വ്യതിയാനങ്ങള്‍ സ്വാഭാവികമായും ഉണ്ടാകാറുണ്ട്. ഉള്ളില്‍ വളരുന്ന കുഞ്ഞിനു വേണ്ടിവരുന്ന അധിക ഓക്സിജനുവേണ്ടി ശ്വാസകോശങ്ങള്‍ ഗര്‍ഭകാലത്ത് കൂടുതല്‍ പ്രവര്‍ത്തിക്കാറുണ്ട്.
ഗര്‍ഭിണിക്ക് സ്ഥിരമായി ആസ്ത്മ വന്നാല്‍ കുഞ്ഞിന്റെ വലുപ്പം കുറയാനും മാസംതികയാതെ പ്രസവിക്കാനും സാധ്യതയേറെയാണ്. അമ്മയ്ക്ക് ആസ്ത്മ ഗുരുതരമായാല്‍ ഗര്‍ഭസ്ഥശിശുവിന് ഓക്സിജന്‍ ആവശ്യത്തിന് ലഭിക്കാതെ വളര്‍ച്ചക്കുറവ്, ബുദ്ധിമാന്ദ്യം ഇവ ഉണ്ടാകാം. അതിനാല്‍ ആസ്ത്മയുള്ളവര് ഗര്‍ഭകാലത്ത് ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്നുകഴിക്കേണ്ടത് അനിവാര്യമാണ്.
പരിസരമലിനീകരണം ഉണ്ടാക്കുന്നതില്‍ ഒന്നാമന് പുകയിലപ്പുകയാണ്. ആസ്ത്മയുണ്ടാക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യുന്ന പ്രധാന ഘടകങ്ങളിലൊന്ന് പുകയിലപ്പുകയാണ്. കൂടാതെ കുട്ടികളില്‍ ആസ്ത്മ തുടങ്ങുന്നതിനും ഇത് ഇടയാക്കാറുണ്ട്. കൌമാരത്തില്‍ പുകവലിക്കുന്നവരെ ആസ്ത്മ വിടാതെ പിടികൂടാറുണ്ട്. എരിയുന്ന സിഗരറ്റ്/ബീഡി ഇവയില്‍നിന്നു പരക്കുന്ന പുകയില്‍ അപകടഘടകങ്ങള്‍ ഏറെയാണ്.
ഗര്‍ഭകാലത്ത് അമ്മ പുകവലിക്കുകയോ പരോക്ഷപുക ഏല്‍ക്കുകയോ ചെയ്യുന്നത് നവജാതശിശുവിന്റെ തൂക്കം കുറയ്ക്കും. കൂടാതെ കുഞ്ഞിന്റെ ശ്വാസനാളവ്യാപ്തിയും ശ്വാസകോശവളര്‍ച്ചയും കുറഞ്ഞിരിക്കും. കുട്ടിക്കാല ആസ്ത്മ ഇവരില്‍ കൂടുതലാകും.
നിക്കോട്ടിന്, അമോണിയ, അക്രോലിന്‍, അസെറ്റാല്‍ഡിഹൈഡ്, ഹൈഡ്രോസയനിക് ആസിഡ് തുടങ്ങി പുകയിലപ്പുകയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശ്വാസനാളത്തിന് തകരാറുണ്ടാക്കി ആസ്ത്മയ്ക്ക് ഇടയാക്കുന്നു. പരോക്ഷ പുകവലി ഏല്ക്കുന്ന ആസ്ത്മാരോഗികളില്‍ ലക്ഷണങ്ങള്‍ ശക്തമാകും. ആസ്ത്മയെ തടയാന്‍ പുകയിലയെ അകറ്റിനിര്‍ത്തിയേ മതിയാകൂ.
ആസ്ത്മയ്ക്ക് ഇടയാക്കുന്ന ബാഹ്യകാരണങ്ങള്‍ കണ്ടെത്തി അത് ഒഴിവാക്കുന്നത് ചികിത്സയുടെ ഭാഗമാണ്. ഔഷധത്തോടൊപ്പം ജീവിതശൈലി ക്രമീകരണം, ലഘുവ്യായാമം, ശ്വസനവ്യായാമം, വിശ്രമം ഇവയും അനിവാര്യമാണ്. ക്ഷീണം പരിഹരിച്ച് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് പഞ്ചകര്‍മചികിത്സകള്‍ ഫലപ്രദമാണ്. സ്നേഹപാനം, സ്വേദനം, വമനം, നസ്യം, വിരേചനം ഇവ നല്ല ഫലം തരും.
ആസ്ത്മയ്ക്ക് ഔഷധക്കഞ്ഞി
1. പുഷ്കരമൂലവും അരിയും ചേര്‍ത്ത് കഞ്ഞിവച്ചു കുടിക്കുന്നത് ആസ്ത്മയുടെ തീവ്രത കുറയ്ക്കും. 2. മലര്, അരി, ഓരിലവേര്, ചുക്ക്, കൂവളത്തിന് വേര്, അയമോദകം, ചതകുപ്പ, വെളുത്തുള്ളി ഇവ ചേര്‍ത്ത് കഞ്ഞിവച്ചുകഴിക്കുന്നത് ആസ്്ത്മയ്ക്ക് ആശ്വാസമേകും. കഞ്ഞി രാവിലെ കഴിക്കുന്നതാണ് ഗുണകരം. രാത്രി ഭക്ഷണത്തില്‍നിന്ന് കഞ്ഞി ഒഴിവാക്കാനും ആസ്ത്മരോഗി ശ്രദ്ധിക്കണം.
തണുത്ത ഭക്ഷണം, തുണത്ത വെള്ളം, തൈര്, പാല്, പുളിയുള്ള ഓറഞ്ച്, പഴം, പൈനാപ്പിള്‍, കക്ക, ചെമ്മീന്‍, നിറംചേര്‍ത്ത ഭക്ഷണങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഇവ ആസ്ത്മയ്ക്ക് ഇടയാക്കുമെന്നതിനാല്‍ ഒഴിവാക്കണം. മസാല ചേര്‍ത്ത ഭക്ഷണങ്ങള്‍, വിരുദ്ധാഹാരങ്ങള്‍ ഇവയും ഒഴിവാക്കണം.
ആപ്പിള്‍, ഉള്ളി ഇവയിലടങ്ങിയിരിക്കുന്ന ക്വര്സെറ്റിന് എന്ന പ്രോട്ടീന്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താറുണ്ട്. വെളുത്തുള്ളി, അലര്‍ജിക്ക് കാരണമാകുന്ന ഫ്രീറാഡിക്കിളുകളെ നിയന്ത്രിക്കും. കറികളില്‍ വെളുത്തുള്ളിക്കു പുറമെ ജീരകം, മഞ്ഞള്‍, കറിവേപ്പില, കുരുമുളക് ഇവ ധാരാളം ചേര്‍ക്കുന്നത് ആസ്ത്മാരോഗിക്ക് ഗുണകരമാണ്. കോവയ്ക്ക, പാവയ്ക്ക, പടവലങ്ങ, ചുരക്ക, വെള്ളരി, വഴുതന, ചുണ്ടയ്ക്ക തഴുതാമ ഇവ ഭക്ഷണത്തില്‍ പെടുത്താന്‍ ശ്രദ്ധിക്കണം.
ശരീരബലം, ശരീരത്തിലെ ജലാംശത്തിന്റെ തോത്, അന്തരീക്ഷത്തിലെ ജലാംശം, തണുപ്പ് എന്നീ ഘടകങ്ങളെ കണക്കിലെടുത്താണ് ആസ്ത്മാരോഗിക്ക് ഡോക്ടര്‍മാര്‍ വ്യായാമം നിര്‍ദേശിക്കുക. ആസ്ത്മാനിയന്ത്രണത്തിനുള്ള വ്യായാമങ്ങള്‍ 5–10 മിനിറ്റ്വീതം ദിവസവും മൂന്നുനേരം മതിയാകും. കിതപ്പ് ഒഴിവാക്കാന്‍ വളരെ പതുക്കെ മാത്രമേ എയ്റോബിക് വ്യായാമങ്ങള്‍ ആസ്ത്മാരോഗി തുടങ്ങാവൂ. മെല്ലെയുള്ള നടത്തം ഗുണകരമാണ്്. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന, ആഴംകുറഞ്ഞ മെല്ലെയുള്ള ശ്വസനവ്യായാമമാണ് ആസ്തമാരോഗിക്ക് ഗുണംചെയ്യുക.
കടപ്പാട് : ഡോ. പ്രിയ ദേവദത്ത്
മാന്നാറില്‍ കോട്ടയ്ക്കല്‍ ആര്യവൈെദ്യശാല
അവസാനം പരിഷ്കരിച്ചത് : 6/10/2020
ശ്വാസകോശസംബന്ധിയായ തീവ്രമായ രോഗമാണ് ആസ്തമ
കൂടുതല്‍ വിവരങ്ങള്‍
ആസ്തമ കൂടുതൽ വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍