অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വണ്ണം കുറയ്ക്കാന്‍

വണ്ണം കുറയ്ക്കാന്‍

 

എന്താണ് ലൈപ്പോസക്ഷന്‍?

സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ (cosmetic surgery) രീതികള്‍ അവലംബിച്ച് മനുഷ്യശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് അമിത കൊഴുപ്പ് (ദുര്‍മേദസ്സ്) വലിച്ചെടുത്ത് നീക്കം ചെയ്യുന്ന പ്രക്രിയയാണ് ലൈപ്പോസക്ഷന്‍.

എങ്ങിനെയതു നടപ്പാക്കുന്നു?

മനുഷ്യശരീരത്തിന്റെ എതെങ്കിലും ഭാഗത്ത് ആവശ്യത്തിലധികം അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പ് ഒരു നേരിയ കുഴലിന്റെ അറ്റത്തു ഘടിപ്പിച്ചിട്ടുള്ള നിര്‍ഗ്ഗമനാഗ്രം വഴി ന്യൂനമര്‍ദ്ദം ഉപയോഗിച്ച് വലിച്ചെടുക്കുന്ന രീതിയാണ് ലൈപ്പോസക്ഷന്‍ ഉള്‍ക്കൊള്ളുന്നത്. ഉയര്‍ന്ന സാങ്കേതിക വിദ്യയും അതിനനുസൃതമായ യന്ത്രസംവിധാനങ്ങളും വിനിയോഗിക്കുന്ന സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയാ മാര്‍ഗ്ഗം ലോകമൊട്ടുക്കും പ്രചുരപ്രചാരത്തിലായിക്കഴിഞ്ഞു. കേരളത്തിലും തത്തുല്യമായ സംവിധാനസൗകര്യങ്ങളുള്ള ചുരുക്കം ആശുപത്രികളിലും അത് നടപ്പില്‍ വന്നിട്ടുണ്ട്.
കൊഴുപ്പ് വളരെ കൂടുതല്‍ അടിഞ്ഞുകൂടിയിട്ടുള്ളതു കാരണം ശരീരത്തിന്റെ വണ്ണവും തൂക്കവും ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുള്ളവര്‍ക്ക് പലപ്പോഴും കടുത്ത ഭക്ഷണക്രമങ്ങളോ വ്യായാമമോ രണ്ടുംകൂടിയോ അത് നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന സ്ഥിതി വിശേഷ പലപ്പോഴും കണ്ടുവരുന്നുണ്ട്. അങ്ങിനെയുള്ളവര്‍ക്ക് ശരീരവടിവും ആരോഗ്യവും വീണ്ടെടുക്കുവാന്‍ ഏറ്റവും അനുയോജ്യമായ ചികിത്സാമാര്‍ഗ്ഗമാണ് ലൈപ്പോസക്ഷന്‍ ലഭ്യമാക്കുന്നത്.
ആരോഗ്യകരമായ ജീവിതചര്യകള്‍ക്ക് പകരം പ്രവര്‍ത്തിച്ച് ഫലം നല്‍കാന്‍ ലൈപ്പോസക്ഷന് കഴിയുകയില്ല. ശസ്ത്രക്രിയ പൂര്‍ണ്ണമായും വിജയിക്കണമെങ്കില്‍ അതിന്നായി തെരഞ്ഞെടുക്കുന്ന വ്യക്തി അതിന് അവശ്യം വേണ്ട മാനദണ്ഡങ്ങള്‍ തൃപ്തിപ്പെടുത്തുന്ന ആളായിരിക്കണം. അതില്‍ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ ഗുണമാകട്ടെ, മാതൃകാപരമായ ശരീരാകൃതിയോടേറ്റവും അടുത്ത സാമ്യം നേടാന്‍ കഴിയുന്നു എന്നതാണ്. അമിതവണ്ണവും തൂക്കവുമുള്ളവര്‍ക്ക് പോലും ലൈപ്പോസക്ഷന്‍ വഴി അവ രണ്ടും അതിവേഗം ശ്രദ്ധേയമായി കുറയ്ക്കുവാന്‍ കഴിയും. ഉദരഭാഗം, അരക്കെട്ട്, തുടകള്‍, പൃഷ്ഠഭാഗം, കൈവണ്ണകള്‍ എന്നിവിടങ്ങളില്‍ നിന്ന് അമിത വണ്ണം ഇഞ്ചുകണക്കിന് നീക്കം ചെയ്ത് അംഗവടിവും ശരീരത്തിന്റെ ആകെയുള്ള പ്രതിച്ഛായയും മെച്ചപ്പെടുത്തുന്നു. അതിനെല്ലാമുപരി ആരോഗ്യകരമായ ജീവിതചര്യകള്‍ തുടര്‍ന്ന് അനുവര്‍ത്തിക്കാനുള്ള പ്രചോദനവും അത് പ്രദാനം ചെയ്യും.
ലൈപ്പോസക്ഷന്‍ മുഖേന കൊഴുപ്പു കോശങ്ങള്‍ ഒട്ടൊക്കെ നീക്കം ചെയ്യപ്പെടുന്നതിനാല്‍ ശരീരത്തിന്റെ ആ ഭാഗത്തു കൊഴുപ്പ് വീണ്ടും അടിഞ്ഞു കൂടാനുള്ള സാദ്ധ്യതയും ലഘൂകരിക്കപ്പെടും.

ലൈപ്പോസക്ഷന്‍ സുരക്ഷിതമാണോ?

ചര്‍മ്മത്തിനും മാംസപേശിക്കും ഇടയിലുള്ള കൊഴുപ്പിനേയും കൊഴുപ്പു കോശങ്ങളേയും നീക്കം ചെയ്യുക എന്നതു മാത്രമേ ലൈപ്പോസക്ഷന്‍ ലക്ഷ്യമാക്കുന്നുള്ളൂ. ഈ ഭാഗത്തു പ്രാധാന്യമുള്ള ശരീരഘടകങ്ങളൊന്നും ഇല്ലാത്തതിനാല്‍ അനുഭവജ്ഞാനം വേണ്ടത്രയുള്ള ഒരു കോസ്‌മെറ്റിക് ശസ്ത്രക്രിയ വിദഗ്ദന്‍ സുരക്ഷിത സീമകള്‍ക്കകത്തുതന്നെ എങ്ങിനെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് തികച്ചും ബോധവാനായിരിക്കും. ഒരു ലൈപ്പോസക്ഷന്‍ ശസ്ത്രക്രിയയ്ക്ക് അതിന് വിധേയനാകുന്ന ഒരാളുടെ ആരോഗ്യത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഹാനികരമായി ബാധിക്കുന്ന സൂചനകളൊന്നുമില്ല. നേരെ മറിച്ച് പല പഠനങ്ങള്‍ കാണിക്കുന്നത് കൊഴുപ്പു കുറയ്ക്കുന്നതുവഴി പ്രമേഹത്തിലും ഹൃദയകോശങ്ങള്‍, രക്തക്കുഴലുകള്‍ എന്നിവ സംബന്ധമായ മറ്റുചില ക്രമക്കേടുകളിലും ആശ്വാസം ലഭിക്കുന്നു എന്നതാണ്. എന്നാല്‍ ഈ നിരീക്ഷണം ലൈപ്പോസക്ഷന്‍ മുഖേന ലഭിക്കുന്ന ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഗുണഫലമായി ഗവേഷകര്‍ ഒന്നടങ്കം സ്വീകരിച്ചിട്ടുണ്ടെന്നു പറയാനുമാവില്ല.
ശസ്ത്രക്രിയയ്ക്കു വിധേയമാകേണ്ട ശരീരഭാഗം മാത്രം  മരവിപ്പിച്ചോ (local anesthesia) വ്യക്തിയെ അപ്പാടെ ബോധം കെടുത്തിയോ (general anesthesia) ലൈപ്പോസക്ഷന്‍ നടത്താം. ശസ്ത്രക്രിയയുടെ വ്യാപ്തിയേയും ഫലത്തേയും ആശ്രയിച്ചാണ് എങ്ങിനെ വേണമെന്ന് തീരുമാനിക്കുക.
ലൈപ്പോസക്ഷന്റെ സുരക്ഷിതത്വം
നീക്കം ചെയ്യുന്ന കൊഴുപ്പിന്റെ അളവ്, ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ആളിന്റെ നിലവിലുള്ള ആരോഗ്യനില, ശസ്ത്രക്രിയ നിര്‍വ്വഹിക്കുന്നതിന് ലഭ്യമായ വൈദഗ്ധ്യവും സൂക്ഷ്മതയും എന്നിവയെ ബന്ധപ്പെടുത്തിയാണ് സുരക്ഷിതത്വം നിര്‍ണ്ണയിക്കുക. നീക്കം ചെയ്യുന്ന കൊഴുപ്പിന്റെ അളവ് അഞ്ചു ലിറ്റര്‍ അധികരിക്കുമ്പോഴും ശസ്ത്രക്രിയയ്‌ക്കെടുക്കുന്ന സമയപരിധി നീണ്ടു പോകുമ്പോഴും അപകടസാദ്ധ്യതകള്‍ ഏറിവരാം.
ലൈപ്പോസക്ഷന്റെ സുരക്ഷിതത്വം കഴിഞ്ഞ ഏതാനും കാലമായി വമ്പിച്ച തോതില്‍ മെച്ചപ്പെട്ടു വന്നിട്ടുണ്ട്. അതിനു കാരണം ദ്രാവകങ്ങളുടെ ഒഴുക്കിന്റെ ഗതിവിഗതികളെ സംബന്ധിക്കുന്ന സാങ്കേകിത ജ്ഞാനത്തിലുള്ള വര്‍ദ്ധമാനമായ മികവ്, ബോധം കെടുത്തുന്നതിന് നല്‍കുന്ന മരുന്നുകളുടെ മാത്രയിലുള്ള കൃത്യമായ നിയന്ത്രണം, ശസ്ത്രക്രിയയിലും ബോധം കെടുത്തുന്നതിലും അന്തര്‍ഭവിക്കുന്ന സങ്കീര്‍ണ്ണതകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്ത് മൊത്തത്തിലുള്ള ആരോഗ്യപരിപാലനത്തില്‍ വരുത്തിയിട്ടുള്ള അഭിവൃദ്ധി എന്നിവയാണ്. കുറഞ്ഞ തോതിലുള്ള പ്രശ്‌നങ്ങള്‍ എളുപ്പം ചികിത്സിച്ച് ഒഴിവാക്കാം. കൂടിയ സങ്കീര്‍ണ്ണതകള്‍ പരിഹരിക്കുവാന്‍ ശസ്ത്രക്രിയയില്‍ ഗുണനിയന്ത്രണം കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ കെല്പുള്ള ശസ്ത്രക്രിയാ കേന്ദ്രങ്ങള്‍ക്കേ കഴിയൂ.
ജീവല്‍പ്രധാനമായ സകല കാര്യങ്ങളും അതിസൂക്ഷ്മമായി നിരീക്ഷിച്ച് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാന്‍ കഴിവുള്ള ഉപകരണസംവിധാനമുള്ളതും അന്തര്‍ദേശീയ തലത്തില്‍ നിശ്ചയിച്ചിട്ടുള്ള മാര്‍ഗ്ഗരേഖകള്‍ അനുവര്‍ത്തിച്ച് സുരക്ഷ ഉറപ്പുവരുത്തുന്ന സ്ഥാപനമെന്ന് തികച്ചും അധികൃത അംഗീകാരമുള്ള ശസ്ത്രക്രിയാ കേന്ദ്രങ്ങളിലാണ് ലൈപ്പോസക്ഷന്‍ വിശ്വാസയോഗ്യമായി ഏറ്റെടുത്ത് നടത്തുന്നത്. 
അപകട സാദ്ധ്യതകളും പാര്‍ശ്വഫലങ്ങളും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നിങ്ങളുടെ കോസ്‌മെറ്റിക് ശസ്ത്രക്രിയാവിദഗ്ദനുമായി സംസാരിച്ച് മനസ്സിലാക്കുക.

ലൈപ്പോസക്ഷന്‍ ആര്‍ക്കൊക്കെ?

കൊഴുപ്പുകല അമിതമായി വളരുകയും അത് ഭക്ഷണനിയന്ത്രണങ്ങള്‍ക്കും ക്രമമായ വ്യായാമങ്ങള്‍ക്കും വിധേയമാകാത്ത അനുഭവമുള്ള ഏതൊരു ആരോഗ്യമുള്ള വ്യക്തിക്കും ലൈപ്പോസക്ഷന്‍ മുഖേന കൊഴുപ്പു നിര്‍മ്മാര്‍ജ്ജനം സ്വീകരിക്കാം. കുട്ടികളിലും കൗമാരക്കാരിലും ലൈപ്പോസക്ഷന്‍ ഒരിക്കലും  നടത്തില്ല. അമിതവണ്ണമുള്ളവരും ബി.എം.ഐ. (ആീറ്യ ങമ ൈകിറലഃ) 35ഓ അതിലധികമോ ഉള്ളവരും അമിതവണ്ണത്തിനുള്ള ശസ്ത്രക്രിയ നടത്തി വണ്ണവും തൂക്കവും കുറവു ചെയ്യുന്നത് പരിഗണിക്കണം. ലൈപ്പോസക്ഷന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലൈപ്പോസക്ഷന്‍ പരിഗണിക്കുന്നവര്‍ ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യകരമായ ജീവിതം നയിക്കേണ്ട ആവശ്യകത കരുതി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഫലപ്രാപ്തി നേടാന്‍ കഴിയൂ.

ശസ്ത്രക്രിയയ്ക്കു ശേഷം എന്തു പ്രതീക്ഷിക്കാം?

ഒരിക്കല്‍ കൊഴുപ്പുമൂലമുള്ള വീക്കം മാറ്റിക്കഴിഞ്ഞാല്‍ (അധിക പങ്കിനും മൂന്നാല് ആഴ്ച കൊണ്ട് നല്ല ശമനമുണ്ടാകും. ബാക്കിയുള്ളത് മാറിക്കിട്ടാന്‍ കുറഞ്ഞ മാസങ്ങള്‍ കൂടി വേണ്ടിവരാം) ശരീരം ഭംഗിയാര്‍ന്ന വടിവും ആകര്‍ഷണീയതയും നേടുമെന്ന് പ്രതീക്ഷിക്കാം. വീക്കം മാറിവരുന്ന ഘട്ടത്തില്‍ അല്പം അസ്വാസ്ഥ്യം, മരവിപ്പ്, കുറഞ്ഞ തോതിലുള്ള ക്ഷീണം, ശസ്ത്രക്രിയ നടന്ന ഭാഗത്ത് അല്പം പരുക്ക്, വേദന എന്നിവ അനുഭവപ്പെടാം. ലൈപ്പോസക്ഷനു ശേഷം ആദ്യത്തെ നാലാഴ്ചക്കാലം ശസ്ത്രക്രിയ നടന്ന ഭാഗത്ത് നല്ലപോലെ ചേര്‍ന്ന് ഇറുകിയ ഒരു വസ്ത്രകവചം (corset)േ ധരിക്കേണ്ടത് അത്യാവശ്യമാണ്. സാധാരണ നിലയ്ക്കുള്ള കുളി നാലഞ്ചു ദിവസം കഴിഞ്ഞ് തുടങ്ങാം. ശസ്ത്രക്രിയയുടെ തയ്യല്‍ താനെ അലിഞ്ഞു പൊയ്‌ക്കൊള്ളും.

ലഭിക്കുന്ന ഫലങ്ങള്‍ ശാശ്വതമായിരിക്കുമോ?

ചികിത്സയ്ക്കു വിധേയമാകുന്നിടത്തെ കൊഴുപ്പു കോശങ്ങള്‍ മിക്കവാറും മുഴുവന്‍ തന്നെ നീക്കം ചെയ്യപ്പെടും. പുതിയ കൊഴുപ്പു കോശങ്ങളെ വളര്‍ത്തിയെടുക്കാനാകട്ടെ നമ്മുടെ ശരീരത്തിന് കഴിവില്ല താനും. അങ്ങിനെ ലൈപ്പോസക്ഷന്‍ കൊഴുപ്പിനെ സ്ഥിരാടിസ്ഥാനത്തില്‍ തന്നെ നീക്കം ചെയ്യുന്നതായി പരിഗണിക്കാം. ലൈപ്പോസക്ഷന്‍ ഭക്ഷണം കഴിക്കുന്നതിനോ ദഹിപ്പിക്കുന്നതിനോ ഉള്ള നമ്മുടെ കഴിവില്‍ വ്യത്യാസം വരുത്തുന്നില്ല എന്നതുകൊണ്ട് കണക്കിലേറെ ഭക്ഷണം കഴിക്കുകയും കായികാധ്വാനം വഴി അത് ദഹിപ്പിച്ചുകളയുകയും ചെയ്യുന്നില്ലെങ്കില്‍ ദേഹം അധികമായി ശേഖരിക്കുന്ന താപം (കലോറി) കൊഴുപ്പായി രൂപാന്തരപ്പെട്ട് ചികിത്സക്കു വിധേയമായിട്ടില്ലാത്ത ശരീരഭാഗങ്ങളില്‍ അടിഞ്ഞുകൂടും. ഇവിടെ മനസ്സിലാക്കേണ്ട വസ്തുത ലൈപ്പോസക്ഷന്റെ ഗുണഫലം നിലനിര്‍ത്താന്‍ കഴിയണമെങ്കില്‍ ആരോഗ്യകരമായി ഭക്ഷണം കഴിക്കാനും ആവശ്യമായ തോതില്‍ കായികയത്‌നങ്ങള്‍ നടത്താനും ശ്രദ്ധിക്കണമെന്നതാണ്.

ഏതെല്ലാം ഭാഗങ്ങളില്‍ ചികിത്സിക്കാം?

ലൈപ്പോസക്ഷന്‍ മുഖേന കൊഴുപ്പ് കുറയ്ക്കുന്നത് സാധാരണ വയര്‍ (കുടവയര്‍), അരക്കെട്ട്, തുടകള്‍, കൈവണ്ണകള്‍, കീഴ്ത്താടി, മുതുക് (നിതംബം) എന്നിവിടങ്ങളിലാണ്. പുരുഷ സ്തനങ്ങളാണ് വിശേഷ സങ്കേതമുപയോഗിച്ച് ലൈപ്പോസക്ഷന്‍ വഴി വിജയകരമായി ചികിത്സിച്ച് ശരിപ്പെടുത്താവുന്ന മറ്റൊരു മേഖല. 
പാര്‍ശ്വഫലങ്ങളും അപകടസാദ്ധ്യതകളും എന്തൊക്കെ?
ആപേക്ഷികമായി പരിഗണിക്കുമ്പോള്‍ വളരെ സുരക്ഷിതമായതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ വരുത്തിവയ്ക്കാത്തതുമായ ശസ്ത്രക്രിയാസങ്കേതമാണ് ലൈപ്പോസക്ഷന്‍. കഴിഞ്ഞ അഞ്ചു ദശാബ്ദങ്ങളിലായി അടിയ്ക്കടി സ്വീകരിച്ചു വന്നിട്ടുള്ള നിത്യ നൂതന സാങ്കേതിക പരിഷ്‌ക്കാരങ്ങളും ഉയര്‍ന്ന സൂക്ഷ്മതാ പരിമാണങ്ങളുമുള്ള ഉപകരണങ്ങളുടെ ഉപയോഗവും അതിവിപുലമായ അഭിവൃദ്ധിയും സുരക്ഷിതത്വവും ലൈപ്പോസക്ഷന്‍ ഫലങ്ങളില്‍ വരുത്തിത്തീര്‍ത്തിട്ടുണ്ട്. അല്പാല്പമായിട്ടൊക്കെ തടിപ്പ്, നോവ്, പരുക്ക്, മരവിപ്പ് എന്നിവ ആദ്യത്തെ ഏതാനും ആഴ്ചകളില്‍ മുന്‍കൂട്ടി കരുതാവുന്നതാണ്. എന്നാല്‍ സുരക്ഷാനടപടികള്‍ വേണ്ടവിധം സ്വീകരിച്ചിട്ടുള്ള പക്ഷം ചര്‍മ്മനഷ്ടം, ആഴത്തിലുള്ള രക്തധമനികളില്‍ രക്തം കട്ടകെട്ടല്‍, നീര്‍വീക്കം, അവയവഹാനി എന്നിങ്ങനെയുള്ള ഗൗരവതരമായ കുഴപ്പങ്ങള്‍ അത്യന്തം വിരളമായേ സംഭവിക്കാറുള്ളൂ. ഒരു പ്രതികൂല ഫലമുണ്ടാകാനുള്ള സാദ്ധ്യത കൂടുതലായി ഉണ്ടാകാവുന്നത് അനിയന്ത്രിതമായ പ്രമേഹം, വളരെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കടുത്ത പുകവലി എന്നിങ്ങനെ വൈദ്യശാസ്ത്രസംബന്ധമായ പൊരുത്തക്കേടുകളുള്ളവരുടെ കാര്യത്തില്‍ മാത്രമാണ്. അത്യന്തം ദീര്‍ഘതരമായ ശസ്ത്രക്രിയാനടപടിയും വന്‍തോതിലുള്ള ലൈപ്പോസക്ഷന്‍ ആഗിരണവും ചില സങ്കീര്‍ണ്ണതകള്‍ വരുത്തിവയ്ക്കാം.
ശസ്ത്രക്രിയയ്ക്കു ശേഷം ആദ്യത്തെ ഏതാനും ആഴ്ചകളില്‍ 5 ശതമാനത്തില്‍ അധികരിക്കാത്ത എണ്ണത്തില്‍ നീര്‍ക്കെട്ട് ഉണ്ടാകാം. അത് നീര് വലിച്ചെടുത്ത് കളയുന്ന മാര്‍ഗ്ഗം (മുെശൃമീേൃ പ്രയോഗം) അവലംബിച്ച് എളുപ്പം ചികിത്സിച്ചു ഭേദമാക്കാവുന്നതേയുള്ളൂ.

ശസ്ത്രക്രിയയ്ക്കു ശേഷം മരുന്നുകള്‍ ആവശ്യമാണോ?

അഞ്ചുമുതല്‍ ഏഴുവരെ ദിവസം മാത്രമേ മരുന്നു വേണ്ടിവരികയുള്ളൂ. വേദന സംഹാരികളാണ് അതിന് സാധാരണയായി നിര്‍ദ്ദേശിക്കാറുള്ളത്.

ലൈപ്പോസക്ഷന് എന്തെല്ലാം സാങ്കേതിക രീതികളാണുള്ളത്?

ഏറ്റവും പ്രചാരത്തിലുള്ളതും പരമാവധി സുരക്ഷിതത്വവുമുള്ളത് (കുമളിച്ച) ലൈപ്പോസക്ഷന് ആണ്. അതില്‍ പ്രത്യേകം തയ്യാറാക്കിയ ഒരു ദ്രാവകം ധാരാളമായി കൊഴുപ്പുകോശങ്ങളിലേക്ക് കുത്തിവെച്ച ശേഷമാണ് കൊഴുപ്പ് വലിച്ചെടുക്കുന്നത്. ആ ശരീരഭാഗത്തെ മന്ദീഭവിപ്പിക്കാന്‍ വേണ്ട ഔഷധവും (ഹീരമഹ മിലേെവലശേര) രക്തസ്രാവം കഴിയുന്നത്ര കുറയ്ക്കാന്‍ സഹായിക്കുന്ന ഔഷധവും ചേര്‍ത്തിരിക്കും.
ഊര്‍ജ്ജശക്തി ഉപയോഗിച്ചുള്ള ലൈപ്പോസക്ഷന്‍ (ജീംലൃ ഘശുീൗെരശേീി) ഊര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന നിര്‍ഗ്ഗമനാഗ്രം ഉപയോഗിച്ച് കൊഴുപ്പ് വലിച്ചെടുക്കുന്നതിനാല്‍ ആയാസം കുറയ്ക്കാം. പുരുഷസ്തനവലുപ്പം കുറയ്ക്കുന്നതിനും ലൈപ്പോസക്ഷന്‍ ആവര്‍ത്തിച്ചു ചെയ്യുന്നതിനും ഇത് ഉത്തമമാണ്.
അള്‍ട്രാസൗണ്ട് ലൈപ്പോസക്ഷനില്‍ അള്‍ട്രാസൗണ്ട് ഊര്‍ജ്ജം ഉപയോഗിച്ച് കൊഴുപ്പിനേയും കൊഴുപ്പ് കോശങ്ങളേയും ആദ്യം കുഴമ്പു രൂപത്തിലാക്കിയ ശേഷമാണ് വലിച്ചെടുക്കുക. ഈ രീതി രക്ത നഷ്ടം കുറയ്ക്കുവാനും ശമനാവസ്ഥയില്‍ ചര്‍മ്മം നന്നായി വലിയുവാനും സഹായകമാണ്. എങ്കിലും സങ്കീര്‍ണ്ണതകള്‍ വര്‍ദ്ധിച്ച് ചര്‍മ്മനഷ്ടവും നീര്‍വീക്കവും വര്‍ദ്ധിക്കാനിടവരുത്താം.
ലേസര്‍ ലൈപ്പോസക്ഷന്‍ എന്ന രീതിയുടെ പ്രവര്‍ത്തനം അള്‍ട്രാസോണിക് രീതിയുടേതുമായി സാമ്യമുള്ളതും അതേപോലെ അപകടസാദ്ധ്യതയുള്ളതുമാണ്.

ശസ്ത്രക്രിയയ്ക്കു ശേഷം ചര്‍മ്മത്തിന് എന്തു സംഭവിക്കാം?

ചര്‍മ്മം നല്ല ഇലാസ്തിക കഴിവുകളും (വലിച്ചാല്‍ നീളുക, വിട്ടാല്‍ പൂര്‍വ്വസ്ഥിതിയെ പ്രാപിക്കുക) ഊര്‍ജ്ജിത സ്വഭാവവുമുള്ള ഘടനാപരമായ വസ്തുവാണ്. രൂപങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ക്കനുസൃതമായി സ്വയം ക്രമീകരിക്കാനുള്ള കഴിവ് അതിനുണ്ട്. അതിന് കീഴ്ഭാഗത്തുള്ള കൊഴുപ്പ് കുറഞ്ഞുപോകുന്നതനുസരിച്ച് ചര്‍മ്മവും ഏതാനും ആഴ്ചകളോ മാസങ്ങളോ കൊണ്ട് ചുരുങ്ങും. ചെറുപ്പക്കാരുടെ കാര്യത്തില്‍ ഇത് പ്രത്യേകിച്ചും അനുഭവപ്പെടാം. എന്നാല്‍ വന്‍തോതില്‍ ശരീരഭാരം കുറയുമ്പോഴും സ്ത്രീകള്‍ പ്രസവിച്ച് വയറൊഴിയുമ്പോഴും ത്വക്കിന്റെ ഇലാസ്തിക സ്വഭാവം വേണ്ടത്ര ഫലപ്രദമാകാറില്ല. അങ്ങിനെയുള്ള സന്ദര്‍ഭങ്ങളിലാണ് ശരീരഭാഗം ഉയര്‍ത്തുന്നതിനോ ഉദരപ്രതലത്തിലുള്ള ചര്‍മ്മം ഒതുക്കി തയ്‌ക്കേണ്ടി വരികയോ (ൗോാ്യ ൗേരസ) ആവശ്യമാകുന്നത്.

കൊഴുപ്പ് എത്ര അളവില്‍ വരെ നീക്കം ചെയ്യാം?

ശരീരത്തിന് നല്ല ആകാരഭംഗി കൈവരുത്തുന്നതിനാണ് ലൈപ്പോസക്ഷന്‍ നടത്തുന്നത്. സൂക്ഷ്മമായ സാങ്കേതിക പ്രയോഗവും കലാവൈദഗ്ധ്യവും അതിനാവശ്യമായി വരും. ഇരുപതു ലിറ്റര്‍ വരെ കൊഴുപ്പ് സുരക്ഷിതമായി നീക്കം ചെയ്ത മാതൃകകള്‍ ചുരുക്കമായി നടന്നിട്ടുണ്ട്. പത്തും പതിനഞ്ചും ലിറ്റര്‍ നീക്കം ചെയ്ത സന്ദര്‍ഭങ്ങള്‍ (ാലഴമ ഹശുീൗെരശേീി) ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നു. കൂടിയ അളവിലുള്ള ലൈപ്പോസക്ഷന്‍ അതിസൂക്ഷ്മവും ഉയര്‍ന്ന നിലയിലുള്ള ഫലനിരീക്ഷണ ഉപകരണങ്ങളുടെ സംവിധാന സൗകര്യങ്ങളുള്ളതുമായ ആശുപത്രികളില്‍ മാത്രമേ നടത്താവൂ.
കൂടിയ അളവില്‍ ലൈപ്പോസക്ഷന്‍ നടത്തുന്നത് വ്യക്തിയെ അപ്പാടെ ബോധം കെടുത്തിയ ശേഷം (ഴലിലൃമഹ മിമേെവലശെമ) കര്‍ശനമായ സുരക്ഷാപ്രമാണങ്ങളനുസരിച്ചു മാത്രമാണ്. അത്തരം ശസ്ത്രക്രിയകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഉയര്‍ന്ന വൈദഗ്ദ്ധ്യവും നൈപുണ്യവും ഉള്ളവരുടെ മേല്‍നോട്ടം അനിവാര്യമാണ്.
കേരളത്തില്‍ ലൈപ്പോസക്ഷന്‍
കേരളത്തില്‍ ഏറ്റവും സാധാരണയായി നടത്തിവരുന്ന സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ ലൈപ്പോസക്ഷന്‍ തന്നെയാണ്. വര്‍ദ്ധിച്ചുവരുന്ന സമ്പന്നതയും ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരത്തിന്റെ അതിപ്രസരവും മൂലം പൊണ്ണത്തടി ഒരു വലിയ പൊതുജനാരോഗ്യ പ്രശ്‌നമായിരിക്കുന്നു എന്നതാണ് അതിന് പ്രധാന കാരണം. വന്‍നഗരങ്ങളിലാണ് അതിന്റെ ആഘാതം കൂടുതലായി അനുഭവപ്പെടുന്നത്.
ലൈപ്പോസക്ഷന്റെ കേരളത്തിലെ പുരോഗതി നിപുണരും ധര്‍മ്മശാസ്ത്രനീതികളനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുമായ ശാസ്ത്രീയ വിദഗ്ധരുള്ള കേന്ദ്രങ്ങളെ സംബന്ധിച്ചിടത്തോളം മികച്ചതാണ്. താങ്ങാവുന്ന ചിലവില്‍ ഉയര്‍ന്ന ഗുണനിലവാരം പുലര്‍ത്തുന്ന ശസ്ത്രക്രിയ നടത്തിക്കിട്ടുന്നതിനാഗ്രഹിച്ച് മറുനാടുകളില്‍ നിന്നും വന്നെത്തുന്നവരുടെ എണ്ണത്തില്‍ ഒരു വിസ്‌ഫോടനം തന്നെ കേരളം ഇപ്പോള്‍ ദര്‍ശിച്ചുകൊണ്ടിരിക്കുന്നു

കടപ്പാട്-cosmeticsurgery-kerala.in

അവസാനം പരിഷ്കരിച്ചത് : 6/2/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate