ഇത് ഒരു സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയാ സമ്പ്രദായമാണ്. വയറിന്റെ ചര്‍മ്മഭാഗവും അതോടു ചേര്‍ന്നുള്ള മാംസപേശിയും വളര്‍ന്ന് തൂങ്ങിവരുമ്പോഴാണ് ടമ്മിടക്ക് നടത്തേണ്ടിവരാറുള്ളത്. അമിതമായിട്ടുള്ള ചര്‍മ്മവും മാംസപേശിയും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് തൂങ്ങിയ പേശികള്‍ മുറുക്കിതയ്ക്കുകയാണ് പ്രസ്തുത ശസ്ത്രക്രിയയില്‍ ഉള്‍പ്പെടുന്നത്. അവ നടത്തുന്നതോടെ മിക്കവാറും അവസരങ്ങളില്‍ ഒപ്പം തന്നെ ലൈപ്പോസക്ഷന്‍ പ്രയോഗത്തിലൂടെ അമിതമായി അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പും നീക്കം ചെയ്യും.
ടമ്മിടക്ക് അഥവാ ഉദരവൈരൂപ്യ പരിഹാര ശസ്ത്രക്രിയ എന്ന വളരെ സുരക്ഷിതമായ പ്രക്രിയ ലക്ഷ്യമാക്കുക നല്ല പോലെ പരന്ന, സൌഷ്ഠവമാര്‍ന്ന ഉദരാവസ്ഥ സൃഷ്ടിക്കുകയാണ്. ഉദരഭാഗത്തെ ചര്‍മ്മാവരണവും അതോടൊപ്പം ദുര്‍ബ്ബലാവസ്ഥയിലുള്ളതോ അല്ലാത്തതോ ആയ ഉദരമാംസപേശിയും അയഞ്ഞുതൂങ്ങുമ്പോഴാണ് ടമ്മിടക്കിനുള്ള ആവശ്യം വേണ്ടിവരിക. ചര്‍മ്മം ഉദരഭാഗത്ത് അയഞ്ഞുവരുന്നത് സാധാരണഗതിയില്‍ സംഭവിക്കുക, ഗര്‍ഭധാരണത്തിന്റേയും പ്രസവത്തിന്റേയും ശേഷമുള്ള ഘട്ടങ്ങളിലാണ്. പെട്ടെന്ന് ശരീരഭാരം കുറയുന്നത്, പ്രത്യേകിച്ച് അതിനായി നടത്തുന്ന ശസ്ത്രക്രിയാ (ഉദാഹരണം പൊണ്ണത്തടി പരിഹാരാര്‍ത്ഥം നടത്തുന്നത്) ഫലമായും സംഭവിക്കാം. ചെറുപ്പക്കാരില്‍ മുറുക്കം നഷ്ടപ്പെട്ട ചര്‍മ്മം കുറഞ്ഞ തോതില്‍ അയയുന്നത് പരിഹരിക്കുവാന്‍ ഉപയുക്തമായ വ്യായാമം സഹായകരമായിരിക്കും. എന്നാല്‍ മിതമായോ കൂടിയ തോതിലോ അയവുണ്ടായാല്‍ ടമ്മി ടക്ക് ശസ്ത്രക്രിയ മുഖേനയുള്ള പരിഹാരം തന്നെ ആവശ്യമായേക്കും.
ഉദരവൈരൂപ്യ ശസ്ത്രക്രിയ തൊണ്ണൂറു ശതമാനവും സ്ത്രീകള്‍ക്കു വേണ്ടിയാണ് നടത്തിവരുന്നത്. പുഷുന്മാരെ സംബന്ധിച്ചിടത്തോളം വയര്‍ തൂങ്ങിവരുന്നുണ്ടെങ്കില്‍ അവര്‍ക്കും ടമ്മി ടക്ക് മുഖേനയുള്ള പരിഹാരം തേടാവുന്നതാണ്.
ലൈപ്പോസക്ഷന്‍ കൊഴുപ്പിനേയും കൊഴുപ്പുകോശങ്ങളേയും നീക്കം ചെയ്യുക മാത്രമാണ് നടപ്പാക്കുന്നത്. സാരമായ നിലയില്‍ അയഞ്ഞിട്ടുള്ള അല്ലെങ്കില്‍ കൂടുതലായി തൂങ്ങിയിട്ടുള്ള ചര്‍മ്മം നേരെയാക്കാന്‍ ലൈപ്പോസക്ഷന്‍ മാത്രം കൊണ്ടാകില്ല. അതിന് ടമ്മി ടക്ക് തന്നെ ആവശ്യമായിവരും. അവയവം ഏറ്റവും കുറച്ചു തുറന്നുള്ള ശസ്ത്രക്രിയയാണ് ലൈപ്പോസക്ഷന്‍. അതിന് തീരെ ചെറിയ മുറിവുകളേ വേണ്ടിവരികയുള്ളൂ. ടമ്മി ടക്ക് ആവട്ടെ, ഉദരവടിവ് അതിന്റെ ആദ്യ രൂപത്തില്‍ തന്നെ ആക്കി എടുക്കുന്നതിന് ഉതകുന്ന വിധം അവയവം തുറന്ന ശസ്ത്രക്രിയ ആവശ്യമായ പ്രവൃത്തിയാണ്. ടമ്മി ടക്കിനോടൊപ്പം പലപ്പോഴും ലൈപ്പോസക്ഷനും നടത്തേണ്ടിവരും. എങ്കില്‍ മാത്രമേ ഉദരരൂപം അതിന്റെ പൂര്‍ണ്ണഗോളാകൃതിയില്‍ ആക്കത്തക്കവണ്ണം അമിതമായുള്ള കൊഴുപ്പ് നീക്കം ചെയ്യുക, അയഞ്ഞ ചര്‍മ്മം വലിച്ചുമുറുക്കുക, മാംസപേശിയുടെ ദൗര്‍ബല്യം പരിഹരിക്കുക എന്നിവയെല്ലാം ഒറ്റയടിക്ക് നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ.
ടമ്മിടക്ക് മാതൃകകള്‍
അടിവയര്‍ ഭാഗത്തുള്ള ചര്‍മ്മം മിക്കവാറും മുഴുവനായിത്തന്നെ അയഞ്ഞിരിക്കുന്ന അവസ്ഥയിലാണ് ഈ രീതിയിലുള്ള ശസ്ത്രക്രിയ നടത്തേണ്ടിവരിക. പൊക്കിളിന് താഴെ ഭാഗത്തുളള ചര്‍മ്മം മുഴുവന്‍ ഇളക്കിയെടുത്ത് കഴിഞ്ഞ് മാംസപേശിയുടെ ബാഹ്യപാളി വലിച്ചുമുറുക്കിയ ശേഷം അടിവസ്ത്ര(പാന്റീസ്) നിരപ്പിന് തൊട്ടുതാഴെ ഒരു നേര്‍ത്ത രേഖയില്‍ വീണ്ടും തുന്നിക്കൂട്ടും. പൊക്കിള്‍ പുറത്തെടുത്ത് അതിന്റെ സ്വാഭാവികസ്ഥാനത്ത് തയ്ച്ച് പിടിപ്പിക്കും. അതോടൊപ്പം അവശേഷിച്ചിട്ടുള്ള അമിതകൊഴുപ്പ് മിക്കപ്പോഴും ലൈപ്പോസക്ഷന്‍ നടത്തി നീക്കം ചെയ്യാറുണ്ട്. സൃഷ്ടിച്ചെടുക്കുന്ന മാറ്റം ത്രിമാനതലത്തില്‍ തന്നെ മെച്ചപ്പെടുത്തുന്നതിനായി കൊഴുപ്പുനിര്‍മ്മാര്‍ജ്ജനം ശരീരത്തിന്റെ ഉദരഭാഗത്ത് ചുറ്റോടുചുറ്റും എത്തിച്ചാണ് ചെയ്യുക.
അടിവയറിന്റെ ഏറ്റവും കീഴ്ഭാഗത്തു മാത്രമായും കുറഞ്ഞതോതിലും ചര്‍മ്മം അയഞ്ഞുതൂങ്ങിയ അവസ്ഥയേ ഉള്ളൂവെങ്കില്‍ നടത്താവുന്ന അനുയോജ്യമായ ശസ്ത്രക്രിയയാണിത്. അയഞ്ഞ ചര്‍മ്മം നീക്കിയ ശേഷം ഉദരമാംസപേശിയുടെ ബാഹ്യപാളി മുറുക്കുന്നു. സമ്പൂര്‍ണ്ണ ശസ്ത്രക്രിയയിലേതുപോലെ ലൈപ്പോസക്ഷന്‍ കൂടി കൂട്ടത്തില്‍ നടത്തുന്നു.
ടമ്മിടക്ക് സധാരണഗതിയില്‍ നടത്തുന്നത് വ്യക്തിയെ ബോധം കെടുത്തിയതിനു ശേഷമാണ്. ആദ്യം ലൈപ്പോസക്ഷനാണ് നടത്തുക. സമ്പൂര്‍ണ്ണ ടമ്മി ടക്കിനുള്ള മുറിവ് കീറുന്നത് വളരെ താഴെ അടിവസ്ത്ര(പാന്റീസ്) നിരപ്പിനുള്ളിലാണ്. ഏതാനും മാസങ്ങള്‍ക്കകം ആ മുറി കൂടുമ്പോള്‍ ഒരു നേര്‍ത്ത രേഖ മാത്രമേ അവിടെ അവശേഷിക്കുകയുള്ളൂ. ആവശ്യത്തിലധികമുള്ള ഉദരചര്‍മ്മം വൃത്തിയായി വെട്ടിനീക്കി താഴെ മാംസപേശിയുടെ ബാഹ്യപാളി (മാംസപേശി മുറിയ്ക്കാതെ തന്നെ) വലിച്ചു മുറുക്കുന്നു. അടുത്തതായി മുറിവു കൂട്ടി തയ്ക്കുന്നതോടെ ഉദരഭാഗം നല്ലതുപോലെ പരന്ന നിലയിലും അരക്കെട്ട് തികവുറ്റ ആകൃതിയിലുമായി രൂപപ്പെടുത്തുന്നു. പൊക്കിള്‍ പുറത്തെടുത്ത് അതിന്റെ ശരിയായ സ്ഥാനത്ത് അതീവ സൂക്ഷ്മതയോടെ തയ്ച്ചുപിടിപ്പിക്കുന്നു. ദ്രാവകസ്രാവം മൂലം ഒലിപ്പ് ഉണ്ടാകുന്നുവെങ്കില്‍ അത് പുറത്തേയ്ക്ക് പോകുന്നതിനായി നിര്‍ഗ്ഗമന കുഴലുകള്‍ പിടിപ്പിക്കുന്നു. അവ അതാതുസ്ഥാനങ്ങളില്‍ രണ്ടുമൂന്നു ദിവസത്തേയ്ക്കു മാത്രമേ നിലനിര്‍ത്തുകയുള്ളൂ. മിനി ടമ്മി ടക്കില്‍ പൊക്കിള്‍ മാറ്റി ഉറപ്പിക്കലോ പുതിയ പൊക്കിള്‍ ഉറപ്പിക്കലോ വേണ്ടി വരില്ല.
ശസ്ത്രക്രിയ ആദ്യന്തം മുഴുമിക്കുന്നതിന് രണ്ട്-മൂന്ന് മണിക്കൂര്‍ സമയം മതിയാകും.
നല്ല പ്രവൃത്തി പരിചയമുള്ള അനസ്‌തെസ്സോളൊജിസ്റ്റ് ബോധം കെടുത്തല്‍ പ്രക്രിയ നടപ്പാക്കുകയും ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുന്ന അവസരം വേണ്ട മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നുവെങ്കില്‍ രോഗിയുടെ സുരക്ഷ അങ്ങേയറ്റം ഉറപ്പാകും. മാത്രമല്ല, ബോധം കെടുന്നതുമുതല്‍ തെളിയുന്നതുവരെയുള്ള അനുഭവം മിക്കവര്‍ക്കും സഖകരവുമാകും.
സമ്പൂര്‍ണ്ണ ടമ്മി ടക്ക് എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രിയിലേ ഏറ്റെടുക്കാറുള്ളൂ. ശസ്ത്രക്രിയയുടെ എല്ലാ ഘട്ടങ്ങളും നടക്കുന്നതിന് രണ്ട്മൂന്ന് ദിവസത്തെ ആശുപത്രി താമസം വേണ്ടിവരും. മിനി ടമ്മി ടക്ക് ഒരു പകല്‍സമയ പ്രക്രിയയായി നടപ്പാക്കാം.
ടമ്മി ടക്കിനെ തുടര്‍ന്ന് പിറ്റേദിവസം മുതല്‍ നടക്കാന്‍ അനുവദിക്കും. ഭാരം ഉയര്‍ത്തുന്നതും ആയാസമുള്ള മറ്റ് പ്രവര്‍ത്തികളും 6 മുതല്‍ 8 ആഴ്ച വരെ നിഷിദ്ധമായിരിക്കും. ശസ്ത്രക്രിയയ്ക്കു വിധേയമായ ശരീരഭാഗത്തിന് താങ്ങും ഉറപ്പും നല്‍കുന്നതിനായി ശസ്ത്രക്രിയയ്ക്കു ശേഷം 6 ആഴ്ചക്കാലം സമുചിതമായ ഒരു മര്‍ദ്ദക്കുപ്പായം ധരിക്കേണ്ടതത്യാവശ്യമാണ്. ശസ്ത്രക്രിയയെത്തുടര്‍ന്ന് ഏതാനും ദിവസം കുറച്ചു ക്ഷീണമോ തളര്‍ച്ചയോ അനുഭവപ്പെടാമെന്ന് കരുതിയിരിക്കണം.
ശസ്ത്രക്രിയയെത്തുടര്‍ന്നുണ്ടാകുന്ന വീക്കം അധിക പങ്കും 4 ആഴ്ചക്കാലം കൊണ്ട് മാറും. അവശേഷിക്കുന്നത് കുറേശ്ശെയായി ഏതാനും ആഴ്ചകള്‍ കൊണ്ടേ ശമിക്കുകയുള്ളൂ. ടമ്മി ടക്കിന് സാമാന്യം ആഴവും നീളവുമുള്ള മുറിവ് വേണ്ടിവരുമെങ്കിലും കുറഞ്ഞ തോതിലുള്ള വേദനയോ അസുഖമോ മാത്രമേ മുറിവുഭാഗത്ത് അനുഭവപ്പെടൂ. ഏതായാലും ശസ്ത്രക്രിയയുടെ സ്വഭാവമനുസരിച്ച് ആ ശരീരഭാഗത്ത് ആഴ്ചകളോ മാസങ്ങളോ കാലം മരവിപ്പ് ഉണ്ടാകാം. ലൈപ്പോസക്ഷന്‍ നടന്ന ഭാഗത്ത് അതിന്റേതായി ഉണ്ടാകുന്ന നിസ്സാര പരിക്കുകള്‍ രണ്ടുമൂന്നാഴ്ച കൊണ്ട് പൂര്‍ണ്ണമായി മാറിക്കിട്ടും.
ആയാസരഹിതജോലികള്‍ ശസ്ത്രക്രിയയ്ക്കു ശേഷം രണ്ടാഴ്ച കഴിയുമ്പോള്‍ പുനരാരംഭിക്കാം. ഉദരഭാഗത്ത് വലിച്ചില്‍ അനുഭവപ്പെടുന്ന പ്രവൃത്തികള്‍ മൂന്നുമാസത്തേക്ക് കര്‍ശനമായും ഒഴിവാക്കണം.
കേരളമടക്കം ലോകമെമ്പാടും ധാരാളമായി നടത്തിവരുന്ന ഒരു സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ എന്ന നിലയ്ക്ക് ടമ്മി ടക്കിന്റെ സുരക്ഷാവശങ്ങളെക്കുറിച്ച് പരക്കേ ബോദ്ധ്യമുള്ളതാണ്. ശസ്ത്രക്രിയയ്ക്കു മുമ്പുള്ള തയ്യാറെടുപ്പ്, ശസ്ത്രക്രിയയ്ക്കായുള്ള ആസൂത്രണപ്രക്രിയ, കൃത്യനിര്‍വ്വഹണം എന്നിവ ടമ്മി ടക്ക് ശസ്ത്രക്രിയയുടെ സുരക്ഷയും ഫലസിദ്ധിയും മെച്ചപ്പെടുത്തുന്നതില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ അവയിലെല്ലാം അങ്ങേയറ്റം ശ്രദ്ധ വയ്‌ക്കേണ്ടത് അനുപേക്ഷണീയവുമാണ്. മുറിവുണങ്ങാന്‍ താമസം, ദ്രാവകം കെട്ടിക്കിടപ്പ്, രക്തസ്രാവം, ചര്‍മ്മം സംബന്ധിച്ച് അസുഖങ്ങള്‍ എന്നിവ ഉണ്ടാകാമെങ്കിലും അവയുടെ തീണ്ഷത തുലോം കുറവായിരിക്കും.
ടമ്മി ടക്കിന്റെ മുറിപ്പാടുകള്‍
ടമ്മിടക്ക് പരിഗണനയിലുള്ള ആളുകളില്‍ ഏറിയ പങ്കും അക്കാര്യത്തില്‍ കൂടിയ ആശങ്കയുള്ളവരാണ്. നിര്‍ഭാഗ്യവശാല്‍ അയഞ്ഞ ചര്‍മ്മം നീക്കം ചെയ്യുമ്പോള്‍ മുറിപ്പാട് അല്ലെങ്കില്‍ അതിന്റേതായ കല ഒഴിവാക്കാന്‍ മാര്‍ഗ്ഗമൊന്നുമില്ല. മിക്കവാറും സ്ത്രീകള്‍ ഇത് നല്ലവണ്ണം മനസ്സിലാക്കി വീര്‍ത്തു തൂങ്ങിയ വയറിനും മടക്കുകള്‍ക്കും സൃഷ്ടിക്കാവുന്ന അരോചകമായ കാഴ്ചയേക്കാള്‍ എത്രയോ സ്വീകാര്യമായതാണ് ഒരു നേര്‍ത്ത രേഖ അവശേഷിക്കുന്നത് എന്ന് സമാധാനിക്കുന്നവരാണ്. ചിലര്‍ക്ക് അത്തരം മുറിപ്പാടുകള്‍ ഏറെക്കാലത്തിനു ശേഷവും വീക്കമോ വേദനയോ സൃഷ്ടിക്കുന്നുണ്ട് (keloid tendencey ഉള്ളവര്‍) അങ്ങനെയുള്ളവര്‍ക്കു മാത്രമേ മുറിപ്പാടുകള്‍ അസ്വസ്ഥതയ്‌ക്കോ ഉല്‍ക്കണ്ഠയ്‌ക്കോ കാരണമാകാറുള്ളൂ. ശസ്ത്രക്രിയയ്ക്കായുള്ള മുറിവ് അടിവസ്ത്ര (പാന്റീസ്) നിരപ്പിനുള്ളില്‍ വരത്തക്കവണ്ണമേ ഉണ്ടാക്കുകയുള്ളൂ. മുറികൂടുന്നിടത്ത് വളരെ നേര്‍ത്ത വരമാത്രം അവശേഷിക്കത്തക്കവിധമുള്ള ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തയ്യലുമാണ് നടത്തുക. ആദ്യമുണ്ടാകുന്ന മുറിപ്പാടിനു തന്നെ 6 മുതല്‍ 8 മാസം കൊണ്ട് കൂടുതല്‍ മങ്ങലേല്‍ക്കുകയും ചെയ്യും.
ടമ്മി ടക്കിനു ശേഷം ഗര്‍ഭധാരണം
ഉദരമാംസപേശിക്ക് പുറത്തു മാത്രമേ ടമ്മി ടക്കു മൂലം വ്യത്യാസങ്ങള്‍ സംഭവിക്കുന്നുള്ളൂ. ആന്തരിക അവയവങ്ങളിന്മേല്‍ അത് യാതൊരു മാറ്റവും ഉണ്ടാക്കുകയില്ല എന്നതുകൊണ്ട് ഗര്‍ഭം ധരിക്കുന്നതിനോ തുടര്‍ന്നുള്ള പുരോഗതിക്കോ യാതൊരു തടസ്സവും ഉളവാകുകയില്ലെന്ന് ഉറപ്പിക്കാം
കടപ്പാട്-cosmeticsurgery-kerala.in
അവസാനം പരിഷ്കരിച്ചത് : 7/1/2020