অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യ അറിവുകള്‍

ആരോഗ്യ അറിവുകള്‍

അനാവശ്യ ചിന്തകള്‍ മാറ്റാന്‍ തോട്ട് സ്റ്റോപ്പ് ടെക്നോളജി

ആധുനികമനുഷ്യനെ വേട്ടയാടുന്ന ഏറ്റവും വലിയ മാനസികപ്രശ്നമാണ് അനാവശ്യചിന്തകള്‍. ഭൗതികവളര്‍ച്ചയുടെ പരമകാഷ്ഠയിലെത്തിയെന്നു നാം അഭിമാനിക്കുമ്പോള്‍ത്തന്നെ ടെന്‍ഷന്‍കൊണ്ട് ആത്മാവ് നഷ്ടപ്പെട്ട ആധുനിക മനുഷ്യന്‍ നിഷേധചിന്തകളുടെ സമ്മര്‍ദത്താല്‍ നട്ടംതിരിഞ്ഞ് മദ്യത്തിലും സിഗരറ്റിലും കഞ്ചാവിലും മയക്കുമരുന്നിലും മനോഹരമായ പേരുകളില്‍ വിപണിയിലിറങ്ങുന്ന ട്രാന്‍ക്യുലൈസേഴ്സിന്‍റെ അഡിക്ഷനിലും വീണ് ജീവിതം നഷ്ടപ്പെടുന്നു. അനാവശ്യ ചിന്തകളുടെ ആധിക്യംകൊണ്ട് പൊറുതിമുട്ടിയ അനേകമാളുകള്‍ ഇന്നു മനഃശാസ്ത്ര സഹായം തേടിയെത്താറുണ്ട്. ഒരു ശാസ്ത്രജ്ഞനും മനുഷ്യന്‍റെ ചിന്തകളെ നേരിട്ട് ഇതുവരെ കണ്ടിട്ടില്ല. കാരണം ചിന്തകള്‍ ഒരു മെറ്റീരിയല്‍ പാര്‍ട്ടിക്കിള്‍പോലെ ഒരു നിശ്ചിത സ്ഥലത്ത് അടങ്ങിയൊതുങ്ങിയിരിക്കുന്ന ഒരു വസ്തുവല്ല.

എന്നാല്‍ ചിന്തകളുടെ ക്വാണ്ടം മെക്കാനിക്സിനെക്കുറിച്ച് ഏറ്റവും ഫലപ്രദമായി പഠിക്കുന്ന ശാസ്ത്രം ആധുനിക മനഃശാസ്ത്രംതന്നെയാണ്. ചിന്തയെ കണ്‍ട്രോള്‍ ചെയ്യാനുള്ള സോഫ്റ്റ്വെയര്‍ ടെക്നോളജി ആധുനിക മനഃശാസ്ത്രത്തിന്‍റെ ഏറ്റവും വലിയ സംഭാവനയായിട്ടും അതിന്‍റെ പ്രയോജനം ഇന്നും സാധാരണമനുഷ്യരിലേക്ക് എത്താത്തതിനു കാരണം ബോധവത്കരണത്തിന്‍റെ അഭാവമാണ്. എന്‍റെ ചിന്തകള്‍ കാടുകയറുന്നു, എങ്ങനെയാണ് അനാവശ്യചിന്തകളെ നിയന്ത്രിക്കേണ്ടത്? എന്‍റെ മനസിന്‍റെ ചിന്തകള്‍ അപരിചിതത്വത്തിന്‍റെ മേഖലയിലേക്ക് ഭ്രാന്തമായ രീതിയില്‍ സഞ്ചരിക്കുന്നു. ഇത്തരം ചിന്തകളെ നിയന്ത്രിക്കാന്‍ ഒരു കുറുക്കുവഴി പറഞ്ഞുതരൂ എന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന അനേകം ബുദ്ധിമാന്മാരും ബുദ്ധിമതികളുമായ ആളുകളെ കണ്‍സള്‍ട്ടേഷന്‍ വേളകളില്‍ നേരിട്ട് അഭിമുഖീകരിക്കേണ്ടിവരുന്നു. ഇത്തരം അനാവശ്യചിന്തകള്‍ക്ക് അടിമയാകുന്ന ആളുകള്‍ക്കു നല്ലവണ്ണം അറിയാം അവര്‍ ചിന്തിക്കുന്നതൊന്നും സംഭവിക്കുന്നതല്ലെന്ന്.

ഇത്തരം നിര്‍ബന്ധിത ചിന്തകളുടെ നിസാരതയെക്കുറിച്ച് അവര്‍ക്കു വേണ്ടത്ര ഉള്‍ക്കാഴ്ച ഉണ്ടായിരിക്കുമ്പോള്‍ത്തന്നെ അത് നിയന്ത്രിക്കേണ്ടതെങ്ങനെയാണെന്നുള്ളതാണ് അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രശ്നം. ആഗ്രഹിക്കാത്ത കാര്യങ്ങള്‍ ചിന്തിക്കാന്‍ മനസ് പ്രേരിപ്പിക്കുന്നത് സാത്താന്‍റെ സ്വാധീനംകൊണ്ടാണെന്നുവരെ ചിന്തിക്കുന്നവര്‍ വിരളമല്ല. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ അനാവശ്യചിന്തകള്‍ കാരണം പുസ്തകം അടച്ചുവച്ചിട്ട് ഒരു രക്ഷപ്പെടല്‍ തന്ത്രം എന്ന നിലയ്ക്ക് ടിവിയുടെ മുന്നിലിരുന്ന് ടിവി അഡിക്ഷന് ഇരയാകുന്നവരും ഇന്‍റര്‍നെറ്റ് ബ്രൗസിംഗിന് അടിമയാകുന്നവരും അവരുടെ മാനസികപ്രശ്നങ്ങളെ അതിജീവിക്കാന്‍വേണ്ടി പരുക്കന്‍ യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടുന്നവരാണ്.

പ്രാര്‍ഥിക്കാനിരിക്കുമ്പോള്‍പോലും അസഭ്യചിന്തകള്‍ നിര്‍ബന്ധിതമായി വരുന്നതിനാല്‍ കുറ്റബോധംകൊണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളവരെ വരെ മനഃശാസ്ത്ര ചികിത്സയിലൂടെ സഹായിക്കാന്‍ സാധിച്ചിട്ടുണ്ട്.

എന്തായാലും ടെന്‍ഷന്‍റെ ആധിക്യംകൊണ്ട് ചിന്തകള്‍ വളരെ അപകടകരമായ നിലയിലേക്കു നിര്‍ബന്ധിതമായി കടന്നുവരികയും അവയെ നിര്‍ബന്ധിതമായി നിയന്ത്രിക്കാന്‍ ശ്രമിക്കുന്തോറും അത് കൂടുതല്‍ ശക്തമായിവരികയും ചെയ്യുന്ന നിസാഹായാവസ്ഥയാണ് പല കേസുകളിലും ആത്മഹത്യാ ചിന്തകളില്‍വരെ കൊണ്ടെത്തിക്കുന്നത്.

കുറേ വര്‍ഷം മുന്‍പ് നിര്‍ബന്ധിത ചിന്തകളുടെ വിഷാദലോകത്തേക്ക് വഴുതിപ്പോയി അവസാനം പല ചികിത്സകളും ചെയ്ത ശേഷം ഒടുവില്‍ കൊഗിനിറ്റീവ് ബിഹേവിയര്‍ തെറാപ്പി ലഭിക്കുന്നതിനായി എ്നെ സമീപിച്ച ഒരു സോഫ്റ്റ്വെയര്‍ എന്‍ജിനിയറുടെ കഥ ഞാനിവിടെ ഓര്‍ക്കുകയാണ്. താന്‍ കിടക്കുന്ന മുറിയില്‍ മുകളിലേക്ക് നോക്കിയാല്‍ നേരിട്ടു കാണുന്ന ഫാനില്‍ താന്‍ തൂങ്ങിമരിക്കുമോ എന്ന നിര്‍ബന്ധിത ചിന്ത അയാളെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അലട്ടിക്കൊണ്ടിരുന്നു.അസ്വസ്ഥതയുണ്ടാക്കുന്ന ഇത്തരം ചിന്തകളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്തോറും ചിന്തകള്‍ കൂടിവരുന്നതു കാരണം റൂം ലോക്ക് ചെയ്ത് കോട്ടയത്തെ തന്‍റെ വീട്ടില്‍ വന്ന് പിതാവിനെയും കൂട്ടിക്കൊണ്ടുപോയി കൂടെ താമസിപ്പിക്കുന്നത് പതിവായി. ചിന്തകള്‍ കാരണം ഒറ്റയ്ക്കു കിടക്കാനും ഉറങ്ങാനും പേടി. കോട്ടയത്തുനിന്ന് മദ്രാസ് മെയിലില്‍ കയറി യാത്രചെയ്യുമ്പോള്‍ ട്രെയിനില്‍നിന്ന് താന്‍ ചാടിക്കളയുമോ എന്ന അനാവശ്യചിന്ത ആവര്‍ത്തിച്ചാവര്‍ത്തിച്ച് വന്നിരുന്നതുകൊണ്ട് ഒറ്റയ്ക്കു യാത്രചെയ്യാന്‍ ഭയം. വീട്ടില്‍ വന്നാല്‍ അമ്മയുടെ കൂടെ അടുക്കളയില്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ പിച്ചാന്തി കണ്ടാല്‍ അതെടുത്ത് പ്രയോഗിച്ചുകളയുമോ എന്ന ഭയചിന്തയാല്‍ അതെടുത്ത് കബോര്‍ഡില്‍ വച്ച് അടയ്ക്കുന്ന സ്വഭാവം. ഇവയൊക്കെ ആ സമര്‍ഥനായ ചെറുപ്പക്കാരന്‍റെ സ്വസ്ഥത കെടുത്തി. ഇതൊന്നും താന്‍ ചെയ്യാന്‍പോകുന്നില്ലെന്ന് അയാള്‍ക്ക് നല്ലവണ്ണം അറിയാമെങ്കിലും ആവര്‍ത്തിച്ചുള്ള ചിന്തകളുടെ ഘോഷയാത്ര കാരണം വിചിത്രമായ ഈ മനോനിലയെ അയാള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്നു.

മറ്റെല്ലാ ചികിത്സകളും എടുത്ത ശേഷമാണ് ഒടുവില്‍ മരുന്നില്ലാത്ത ബിഹേവിയര്‍ തെറാപ്പി ചികിത്സയ്ക്കായി എന്‍റെ അടുക്കല്‍ വന്നത്. ഒബ്സസീവ് കമ്പള്‍സീവ് ന്യൂറോസിസ് എന്ന് മനഃശാസ്ത്രജ്ഞന്മാര്‍ വിളിക്കുന്ന ഈ മാനസികരോഗത്തെ ബിഹേവിയര്‍ തെറാപ്പിയിലെ തോട്ട് സ്റ്റോപ് ടെക്നോളജി, റിലാക്സേഷന്‍ ടെക്നോളജി, ബയോഫീഡ്ബാക്ക് ടെക്നോളജി എന്നിവയിലൂടെ യാതൊരു മരുന്നുമില്ലാതെ ഫലപ്രദമായി സൗഖ്യപ്പെടുത്താന്‍ കഴിഞ്ഞു. ഇന്ന് അയാള്‍ മാനസികാരോഗ്യം വീണ്ടെടുത്ത് പോസിറ്റീവ് തിങ്കിംഗിന്‍റെ വക്താവായി ചെന്നൈയില്‍ സന്തോഷമായി ജീവിക്കുന്നു.

ഡോ.ജോസഫ് ഐസക്,

(റിട്ട. അസിസ്റ്റന്‍റ് പ്രഫസര്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജി, മെഡിക്കല്‍ കോളജ്)

കാളിമഠത്തില്‍,അടിച്ചിറ റെയില്‍വേ ക്രോസിനു സമീപം, തെളളകം പി.ഒ.-കോട്ടയം 686 016

ഫോണ്‍ നമ്പര്‍ - 9847054817. സന്ദര്‍ശിക്കുക

സോഫ്റ്റ് ഡ്രിംഗ്സ് ശീലമാക്കരുത്

ചില ബേക്കറി വിഭവങ്ങളില്‍ പഞ്ചസാരയ്ക്കു പകരം കോണ്‍ സിറപ്പും ചോളത്തില്‍ നിന്നു തയാറാക്കുന്നത്) സാക്കറിനുമൊക്കെ ചേര്‍ക്കാറുണ്ട്. സാക്കറിനു വില കുറവാണ്. പക്ഷേ, അമിതമായി ഉപയോഗിക്കരുത്. കോണ്‍ സിറപ്പ് ഫ്രക്ടോസാണ്, അതും അമിതമായി കഴിക്കരുത്. ശരീരത്തില്‍ അധികമായി വരുന്ന പഞ്ചസാരയെ അസിറ്റേറ്റാക്കി മാറ്റി അതു ട്രൈ ഗ്ലിസറൈഡിന്‍റെ തോതു കൂട്ടും.

ഹൃദയാഘാതം വന്നവര്‍... സര്‍ജറി കഴിഞ്ഞവര്‍..

ഹൃദയാഘാതം വന്നവര്‍, സര്‍ജറി കഴിഞ്ഞവര്‍ എന്നിവര്‍ക്ക് പ്രമേഹമില്ലെങ്കില്‍ ചായയ്ക്ക് മിതമായ തോതില്‍ പഞ്ചസാര ചേര്‍ത്തു കഴിക്കാം. വല്ലപ്പോഴും മധുരപലഹാരങ്ങള്‍ മിതമായി കഴിക്കാം. എന്നാല്‍ അതു ശീലമാക്കരുത്. എന്നാല്‍ എത്രത്തോളം പഞ്ചസാര കഴിക്കാം എന്നതു തീരുമാനിക്കുന്നത് വണ്ണമുള്ള ആളാണോ മെലിഞ്ഞ ആളാണോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ്. വണ്ണമുള്ള ആളുകളോടു പഞ്ചസാര കഴിക്കാന്‍ നിര്‍ദേശിക്കാറില്ല. എന്നാല്‍ വണ്ണം കുറഞ്ഞവരോട് മറ്റു രോഗങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ വല്ലപ്പോഴും കഴിക്കാം എന്നു പറയാറുണ്ട്. അതായതു വ്യക്തിയുമായി ബന്ധപ്പെട്ട ചില ഘടകങ്ങള്‍ പരിഗണിച്ചാണ് എത്രത്തോളം പഞ്ചസാര കഴിക്കാം എന്നു നിര്‍ദേശിക്കുന്നത്. അതിനാല്‍ പൊതുവില്‍ ബാധകമായ നിര്‍ദേശം നല്കാനാവില്ല. ഒരു നുട്രീഷനിസ്റ്റിന്‍റെ സഹായത്തോടെ എത്രത്തോളം മധുരം കഴിക്കാം എന്നു തീരുമാനിക്കാം.

പഞ്ചസാരയും സ്ത്രീകളുടെ വണ്ണവും

പഞ്ചസാര എത്രത്തോളം കഴിക്കുന്നുവോ അത്രത്തോളം ശരീരഭാരവും കൂടും. ഇയ്ക്കിടെ മധുരം ചേര്‍ത്ത ചായ കഴിക്കുന്നതാണ് സ്ത്രീകളുടെ വണ്ണം കൂടുന്നതിനുള്ള കാരണങ്ങളിലൊന്ന്. കുട്ടികള്‍ക്കു കൊടുത്ത മധുരപലഹാരങ്ങളുടെ ബാലന്‍സ് ഉണ്ടെങ്കില്‍ അതു കളയേണ്ട എന്നു കരുതി കഴിക്കുന്ന വീട്ടമ്മമാര്‍ ധാരാളം. ദിവസം മധുരമിട്ട ചായ രണ്ടില്‍ അധികം കഴിക്കുന്ന സ്ത്രീകളും ധാരാളം. ഇതെല്ലാം സ്ത്രീകളെ സംബന്ധിച്ചിടത്തോളം അമിതഭാരം വരുന്നതിനിടയാക്കുന്നു. വീട്ടില്‍ നില്‍ക്കുമ്പോള്‍ ഇടയ്ക്കിടെ സോഫ്റ്റ് ഡ്രിംഗ്സ് (നാരങ്ങാവെള്ളം, ജ്യൂസ്...)കഴിക്കുന്നതും സ്ത്രീകളുടെ ശരീരത്തിലേത്തുന്ന മധുരത്തിന്‍റെ തോതു വര്‍ധിപ്പിക്കുന്നു. അവയൊക്കെ ഒരു ഭക്ഷണമായി തോന്നില്ലെങ്കിലും അവയിലൂടെയൊക്കെ അമിത കലോറി ശരീരത്തിലെത്തുന്നു. അതു കൊഴുപ്പാക്കി ശരീരത്തില്‍ അടിയും.

മധുരവും സ്ത്രീരോഗങ്ങളും

മധുരവും സ്ത്രീരോഗങ്ങളും തമ്മില്‍ നേരിട്ടു ബന്ധമില്ല. മധുരം കഴിച്ചതുകൊണ്ടു പിസിഒഡി സാധ്യതയില്ല. വണ്ണമുള്ളവര്‍ക്കു പിസിഒഡി വന്നാല്‍ അവരോടു മധുരം കുറയ്ക്കാന്‍ നിര്‍ദേശിക്കാറുണ്ട്. വണ്ണം കുറയ്ക്കുന്നതിനു മധുരം കുറയ്ക്കണം.

സോഫ്റ്റ് ഡ്രിംഗ്സില്‍ മധുരം കൂടും

ഗാഢത കൂടിയ പഞ്ചസാരയാണ് സോഫ്റ്റ് ഡ്രിംഗ്സിലൂടെ കിട്ടുന്നത്. ഓരാള്‍ക്ക് ഒരു ദിവസം ആവശ്യമായതിന്‍റെ മൂന്നിരട്ടി പഞ്ചസാര സോഫ്റ്റ് ഡ്രിംഗ്സില്‍ നിന്നു ലഭിക്കും. അതിനാല്‍ അതു ശീലമാക്കേണ്ട. വിവരങ്ങള്‍: ഡോ. അനിതമോഹന്‍, ക്ലിനിക്കല്‍ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സള്‍ട്ടന്‍റ് ; തയാറാക്കിയത്: ടി.ജി.ബൈജുനാഥ്

ബിപി കൂട്ടുന്നതു സോഡിയം

ബിപി കൂടും, കാല്‍സ്യം നഷ്ടമാകും.

രക്തസമ്മര്‍ദവും ഉപ്പുമായി ഏറെ ബന്ധമുണ്ട്. ഉപ്പ് കഴിച്ചാല്‍ രക്തസമ്മര്‍ദം പെട്ടെന്നു കൂടും. ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ ശരീരത്തില്‍ നിന്ന് കാല്‍സ്യം കൂടുതല്‍ അളവില്‍ നഷ്ടമാകും.

സോഡിയം വേണം, പക്ഷേ...

സോഡിയം ശരീരത്തിന് അവശ്യം വേണ്ട ധാതുവാണ്. ഉപ്പിലൂടെയാണ് സോഡിയം മുഖ്യമായും ശരീരത്തിലെത്തുന്നത്. എല്ലാ ഭക്ഷ്യവസ്തുക്കളിലും സോഡിയമുണ്ട്. പലപ്പോഴും നാം കഴിക്കുന്ന പല മരുന്നുകളിലും സോഡിയമുണ്ട്.

സോയാസോസിലും സോഡിയം

അജിനോമോട്ടോ, സോയാസോസ്, ടൊമാറ്റോ സോസ് എന്നിവയിലൊക്കെ സോഡിയം അടങ്ങിയിട്ടുണ്ട്. കാന്‍ഡ്ഫുഡ്, പ്രോസസ് ഫുഡ്, പായ്ക്ക്ഡ് ഫുഡ് എന്നിവയിലൊക്കെ സോഡിയം ധാരാളം. ഇതിലൂടെയെല്ലം ശരീരത്തില്‍ ധാരാളം സോഡിയം എത്തുന്നുണ്ട്. സോയാസോസില്‍ ഉപ്പ് ധാരാളമുണ്ട്. അതിനും പുറമേയാണ് കറികളില്‍ അമിതമായി ചേര്‍ക്കുന്ന ഉപ്പിലൂടെ എത്തുന്ന സോഡിയത്തിന്‍റെ തോത്.

ശരീരത്തിലെത്തുന്ന സോഡിയത്തിന്‍റെ തോത് ബാലന്‍സ് ചെയ്യുന്നതു പൊട്ടാസ്യമാണ്. പൊട്ടാസ്യം കിട്ടുന്നതു പച്ചക്കറികളില്‍ നിന്നും പഴവര്‍ഗങ്ങളില്‍ നിന്നുമാണ്. മിക്ക പച്ചക്കറികളിലും സോഡിയവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പച്ചക്കറികള്‍ ഒഴിവാക്കി പ്രോസസ് ഫുഡ്സ് ശീലമാക്കുന്നവരാണ് നമ്മളില്‍ പലരും. പച്ചക്കറികള്‍ ധാരാളം കഴിക്കാത്തവര്‍ ഉപ്പ് കൂടുതലായി കഴിക്കുമ്പോല്‍ ശരീരത്തില്‍ സോഡിയത്തിന്‍റെ അളവു ക്രമാതീതമായി കൂടുന്നു. സോഡിയം ശരീരത്തില്‍ വെള്ളം പിടിച്ചുനിര്‍ത്തും. അതായത് രക്തത്തിലെ വെള്ളത്തിന്‍റെ അളവു കൂടും. രക്തത്തിന്‍റെ വ്യാപ്തം കൂടും. അപ്പോള്‍ രക്തസമ്മര്‍ദം(ബിപി) കൂടും.

വിവരങ്ങള്‍: ഡോ. അനിതമോഹന്‍ ക്ലിനിക്കല്‍ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സള്‍ട്ടന്‍റ്.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്.

മദ്യപാനവും സ്ത്രീകളും: ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ശ്രദ്ധയ്ക്ക്

ആല്‍ക്കഹോള്‍ രക്തത്തിലേക്ക് കലരുന്നതിന്‍റെ തോതനുസരിച്ചു വിശപ്പും കൂടും.

ശരീരത്തിന് മതിയായ തോതില്‍ ഊര്‍ജം ലഭിക്കുന്നില്ല എന്നതിന്‍റെ സൂചനയാണ് ക്ഷീണം. കരളിനു കാര്യക്ഷമമായി ആല്‍ക്കഹോളിനെ കൈകാര്യം ചെയ്ത് പുറന്തളളാനാകുന്നില്ല എന്നതും വ്യക്തം. ചുരുക്കത്തില്‍ ആല്‍ക്കഹോളിനെ ശരീരത്തില്‍ നിന്നു പുറന്തളളുന്ന പ്രവര്‍ത്തനങ്ങള്‍ സാവധാനത്തിലാകുന്നു. മദ്യത്തിന്‍റെ ഡിപ്രസന്‍റ് സ്വഭാവം മനസിന്‍റെ നിലവിലുളള അവസ്ഥ പതിന്മടങ്ങു വര്‍ധിപ്പിക്കുന്നു. ക്ഷീണവും മാനസികപിരിമുറുക്കവും അനുഭവപ്പെട്ടിരുന്നവര്‍ക്ക് അതിന്‍റെ തോത് പിന്നെയും കൂടും.

ഗര്‍ഭകാലത്ത് മദ്യപാനം നിര്‍ബന്ധമായും ഉപേക്ഷിക്കണം. ഗര്‍ഭധാരണത്തിനു പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ മദ്യപാനം എന്ന ദുശ്ശീലം അവസാനിപ്പിക്കണം. ആരോഗ്യപരമായ എല്ലാത്തരം മുന്നറിയിപ്പുകളും അവഗണിക്കുന്ന മദ്യപരായ ഗര്‍ഭിണികള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളില്‍ ചിലത്:

1. കുഞ്ഞിന് ഫീറ്റല്‍ ആല്‍ക്കഹോള്‍ സ്പെക്ട്രം ഡിസോഡര്‍ സാധ്യതയേറും. ഒരു നിര പ്രശ്നങ്ങള്‍ ഇതില്‍ പെടും. തലച്ചോറിനു തകരാര്‍, കാഴ്ച - കേള്‍വി സംബന്ധമായ പ്രശ്നങ്ങള്‍, വളര്‍ച്ചക്കുറവ്, എല്ലുകള്‍ ശരിയായ രീതിയില്‍ രൂപപ്പെടാ അവസ്ഥ പോലെയുളള ജനന തകരാറുകള്‍, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍... ഇവയെല്ലാം ഇതില്‍ ഉള്‍പ്പെടും. കുഞ്ഞിന്‍റെ തലച്ചോറിനുണ്ടാകുന്ന തകരാറിന്‍റെ ദോഷഫലങ്ങള്‍ ആജീവനാന്തം തുടരും. പഠനവൈകല്യങ്ങള്‍, ഓര്‍മത്തകരാറുകള്‍, യുക്തിപൂര്‍വമായി ചിന്തിക്കുന്നതില്‍ പിഴവ്, കൃത്യസമയത്തു വ്യക്തമായ തീരുമാനങ്ങളെടുക്കുന്നതില്‍ പിഴവ് എന്നിവ ഉദാഹരണം.

2. ഗര്‍ഭമസലസല്‍, മാസം തികയാതെയുളള പ്രസവം

3. കുഞ്ഞിനു തൂക്കക്കുറവ്

ഗര്‍ഭിണികള്‍ മാത്രമല്ല മുലയൂട്ടുന്ന അമ്മമാരും മദ്യപാനം തീര്‍ത്തും ഉപേക്ഷിക്കണം. മുലപ്പാലില്‍ കലരുന്ന ആല്‍ക്കഹോള്‍ കുഞ്ഞിന്‍റെ ഉറക്കത്തെ സാരമായി ബാധിക്കുന്നു. കുഞ്ഞ് കുടിക്കുന്ന പാലിന്‍റെ അളവിലും കുറവുണ്ടാകുന്നു. അതിനാല്‍ മുലയൂട്ടുന്നവര്‍ മദ്യപാനം ഉപേക്ഷിക്കുന്നതാണ് അഭികാമ്യം. അതിനു സാധ്യമാകാതെ വരുമ്പോള്‍ കുഞ്ഞിനെ പാലൂട്ടിയശേഷം മദ്യപിക്കുന്നതാണ് ഉചിതമെന്നും വിദഗ്ധര്‍ അറിയിക്കുന്നു. എന്നാല്‍, അമിതമായി മദ്യപിക്കുന്ന അമ്മമാര്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതില്‍ നിന്നു പിന്തിരിയണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്.

പുഞ്ചിരിക്കാം....  ദി സ്മൈല്‍ സെന്‍റര്‍ ഡോട്ട്ഇന്നിലൂടെ...

മുല്ലമൊട്ടു പോലെയുള്ള പല്ലുകാട്ടിയുള്ള അവളുടെ ചിരികാണാന്‍ എന്തു ഭംഗിയാണെന്നോ? ആ വര്‍ണനയില്‍ തന്നെ മനോഹരമായ മുഖം നമുക്ക് ഓര്‍ത്തെടുക്കാനാകും. ഇങ്ങനെയുള്ള വര്‍ണന കേള്‍ക്കാനാഗ്രഹിക്കുന്നവരാണ് എല്ലാവരും. അതിനുള്ള കൃത്യമായ ഉത്തരമാണ് കടവന്ത്രയിലുള്ള ദി സ്മൈല്‍ സെന്‍റര്‍ ഡോട്ട് ഇന്‍ എന്ന ദന്തസംരംക്ഷണ കേന്ദ്രം. മനോഹരമായ പുഞ്ചിരിയും സുന്ദരമായ പല്ലുകളും സമ്മാനിക്കാന്‍ ഇതിന്‍റെ തലവനായ പ്രശാന്ത് പിള്ളയും തയാറാണ്. ഇമ്മീഡിയറ്റ് ലോഡിംഗ് ഡെന്‍റല്‍ ഇംപ്ലാന്‍റേഷന്‍, സ്മൈല്‍ ഡിസൈനിംഗ് ആന്‍ഡ് കറക്ഷന്‍ എന്നിവയാണ് ഇവിടത്തെ സേവനങ്ങള്‍.

എല്ലാറ്റിനും പരിഹാരം ഇവിടെയുണ്ട്

മനോഹരമായ പല്ലുകളും അതിനെക്കാളേറെ മനോഹരമായ പുഞ്ചിരിയും സൗന്ദര്യത്തിന്‍റെ എണ്ണപ്പെട്ട ഘടകങ്ങളിലൊന്നാണ്. പ്രായമേറി വരുമ്പോഴോ, അല്ലാതെയോ ഒക്കെ പല്ലുകള്‍ നഷ്ടപ്പെടുന്നത് ഇന്നു സാധാരണസംഭവമാണ്. പാരമ്പര്യമായി പല്ലിനു പ്രശ്നങ്ങളുണ്ടെങ്കില്‍ അത് കൂടും എന്നാണ് ഡോ. പ്രശാന്ത് പറയുന്നത്. പക്ഷേ, പ്രശ്നം എന്തുമാകട്ടെ പരിഹാരം ഇവിടെത്തന്നെയുണ്ട്. പ്രായാധിക്യം മൂലം പല്ലുകള്‍ കൊഴിയുന്നു എന്നുള്ളതു തെറ്റായ ധാരണയാണ്. ഒരിക്കലും പ്രായമായി അതിനാല്‍ പല്ലു കൊഴിയുന്നു എന്നു പറയാന്‍ പറ്റില്ല. പല്ലുകള്‍ക്കു സംഭവിക്കുന്ന ക്ഷയം, മോണവീക്കം തുടങ്ങിയ രോഗങ്ങളാണ് ഇതിനു കാരണം. കൃത്യമായി ദന്തപരിശോധന നടത്തുകയും ദന്തഡോക്ടര്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമായി നിറവേറ്റുകയും ചെയ്താല്‍ ഒരു പരിധിവരെ ഈ പ്രശ്നങ്ങളെ തടയാം. ഇന്നത്തെ ഭക്ഷണശീലം തന്നെ പല്ലിന്‍റെ പ്രശ്നങ്ങള്‍ക്കുള്ള പ്രധാന കാരണമാകുന്നുണ്ട്. പേസ്ട്രി, ചോക്ലേറ്റുകള്‍, കൊക്കോകോള, എന്നിവയെല്ലാം ശരീരത്തിനെന്നതുപോലെ പല്ലിനും ഹാനികരമാണ്. ഇവയൊക്കെ കഴിച്ചതിനുശേഷം വായ വൃത്തിയാക്കുന്നില്ല എന്നതാണു പ്രധാനകാരണം. രണ്ടുനേരം പല്ലു തേക്കുകയും ദന്തഡോക്ടര്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യുകയും ചെയ്താല്‍ തന്നെ പല്ലിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നാണ് ഡോക്ടറുടെ അഭിപ്രായം. കുഞ്ഞുന്നാളിലേ തുടങ്ങണം ദന്തസംരക്ഷണം. എങ്കിലേ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനും പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനും സാധിക്കൂ. ഒരേ ഡോക്ടറെ തന്നെ സ്ഥിരമായി സമീപിക്കുക എന്നതും അത്യാവശ്യമാണ്. ഇനി ഇതൊക്കെ ചെയ്തിട്ടും പ്രശ്നങ്ങള്‍ ഉള്ളവരുണ്ടോ? അവര്‍ക്കു ധൈര്യപൂര്‍വം സ്മൈല്‍ സെന്‍ററിലെത്താം.

സുന്ദരമായ പല്ലുകള് എല്ലായ്പ്പോഴും

പല്ലു പോയി ഇനി എന്തു വഴി എന്ന് ആലോചിക്കുന്നവര്‍ക്കു മുന്നിലേക്കു പെട്ടന്നെത്തുന്ന ഉത്തരമാണ് വെപ്പു പല്ലുകള്‍ എന്നത്. ഊരിയെടുത്തു കഴുകാവുന്ന ഈ പല്ലുകള്‍ ചെലവു കുറഞ്ഞതും സൗകര്യപ്രദവുമാണെങ്കിലും ഇതിനുമുണ്ട് ന്യൂനതകള്‍. ഇതു സ്ഥിരമല്ല. ഭക്ഷണം ചവച്ചരച്ചു കഴിക്കാനാവില്ല. വായ്ക്കകത്തു ദുഷിച്ച ഗന്ധം ഉണ്ടാകാന്‍ ഇതു കാരണമാകും. താടിയെല്ലുകള്‍ ചുരുങ്ങുന്നതിനും പല്ലുകള്‍ പാകമാകാതെ വരുന്നതിനും മുഖം വികൃതമാകുന്നതിനും ഇതു കാരണമാകും. ഇതിനൊക്കെയുള്ള പോം വഴിയാണ് പകരം സ്ഥിരമായ പല്ലുകള്‍ സ്ഥാപിക്കുക എന്നത്. ഇതില്‍ സ്ഥിരമായുള്ള പകരം വെക്കല്‍ രണ്ടു തരമുണ്ട്. ഒന്നാമതായി ബ്രിഡ്ജ് വര്‍ക്ക് ചെയ്യുക എന്നുള്ളതാണ്. രണ്ടു പല്ലുകള്‍ക്കിടയില്‍ വിടവു വരുമ്പോഴാണ് ഇങ്ങനെ ചെയ്യുന്നത്. രണ്ടു പല്ലുകളെ മുറിച്ച് നീളം കുറച്ച് ക്യാപ്പിട്ടതിനു ശേഷം അതിനിടയില്‍ ഒരു പല്ലു വെക്കുക എന്നതാണിത്. അടുത്തതാണ് ഇമ്മീഡിയറ്റ് ലോിംഗ് ഡെന്‍റല്‍ ഇംപ്ലാന്‍റേഷന്‍. എല്ലുകളുടെ ഗ്രാഫ്റ്റിംഗ് നടത്താതെ തന്നെ ഇമ്മീഡിയറ്റ് ലോഡിംഗ് നടത്താന്‍ സാധിക്കും. കാരണം എല്ലുകള്‍ക്കു വളരാനുള്ള അവസരം ഇവിടെ ലഭിക്കുന്നുണ്ട്. കാരണം സ്ക്രൂ ഉപയോഗിച്ചു മുറുക്കിയതിനുശേഷം പല്ലുകള്‍ സ്ഥാപിക്കുന്നതിനാല്‍ എല്ലുകള്‍ക്ക് നല്ല ഉത്തേജനം ലഭിക്കും. ഫേഷ്യല്‍ കൊളാപ്സ് സംഭവിക്കുകയുമില്ല. ഒരു പല്ലേ ഉള്ളുവെങ്കിലും മുഴുവന്‍ പല്ലുകളും മാറ്റിവെയ്ക്കണമെങ്കിലും ഇതു വഴി സാധിക്കും. എല്ലില്‍ സ്ക്രൂ പിടിപ്പിച്ച് അതിനു മുകളിലാണ് ടൈറ്റേനിയം ഉപയോഗിച്ചുള്ള പല്ലു വെയ്ക്കുന്നത്. ടൈറ്റേനിയമായതിനാല്‍ അലര്‍ജിയുണ്ടാക്കുന്നില്ല എന്നതു തന്നെയാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ജീവിതാവസാനം വരെ ഒരു വിധത്തിലുള്ള പ്രശ്നങ്ങളും ഇതു സാധാരണയായി സൃഷ്ടിക്കാറില്ല. കൃത്യമായി ചെക്കപ്പുകള്‍ നടത്തണം എന്നുമാത്രം.

ഇനി പരമ്പരാഗത രീതിയിലുള്ള ഇംപ്ലാന്‍റേഷനും നടത്താം. ഇതിന് ഏകദേശം രണ്ടോ മൂന്നോ സ്റ്റേജ് സിറ്റിംഗ് ആവശ്യമായി വരാറുണ്ട്. കൂടാതെ ഓപ്പണ്‍ സര്‍ജറിയുമാണ് നടത്താറ്. പക്ഷേ, ഇമ്മീഡിയറ്റ് ലോഡിംഗ് ഇംപ്ലാന്‍റേഷന്‍ വഴിയാണെങ്കില്‍ ഒരു സിറ്റിംഗ് മതി. മൂന്നു ദിവസം കൊണ്ടു നല്ല പല്ലുകളുണ്ടായിരുന്ന കാലത്ത് എങ്ങനെയായിരുന്നോ അതേ രീതിയിലേക്കു മാറാന്‍ കഴിയും.

മനോഹരമായി പുഞ്ചിരിക്കാന്‍

സ്മൈല്‍ കറക്ഷനില്‍ പല്ലില്‍ മാത്രം മാറ്റം വരുത്താനുള്ളതാണെങ്കില്‍ ശസ്ത്രക്രിയ വേണ്ടാത്ത കോസ്മെറ്റിക് ഡെന്‍റിസ്ട്രിയുണ്ട്. ഇനി മോണയും കറക്ട് ചെയ്യണമെന്നുണ്ടെങ്കില്‍ സര്‍ജറി ആവശ്യമായി വരും. ഉദാഹരണമായി മോണ വല്ലാതെ പൊന്തിയതു കൊണ്ട് പല്ലിനുണ്ടാകുന്ന പൊന്തല്‍. സര്‍ജറി കഴിഞ്ഞാല്‍ നാലു ദിവസം കഴിയുമ്പോള്‍ തന്നെ ഭക്ഷണം കഴിച്ചു തുടങ്ങാം. ഇതുവഴി വായ് നാറ്റം, മോണവീക്കം എന്നിങ്ങനെയുള്ള നിരവധി പ്രശ്നങ്ങള്‍ക്കു കൂടിയാണ് പരിഹാരമാകുന്നത്. ഇങ്ങനെ ജീവിതത്തെ പുതിയൊരു തലത്തിലേക്കെത്തിക്കാന്‍ കഴിയുക എന്നതു തന്നെ വളരെ സംതൃപ്തി നല്‍കുന്നുവെന്നാണ് ഡോക്ടര്‍ പ്രശാന്ത് പറയുന്നത്.

പരിശീലകന്‍റെ റോളിലും

ഡോ. പ്രശാന്ത്പിള്ള ഒരു ഇംപ്ലാന്‍റോളജി മെന്‍ററു കൂടിയാണ്. ദക്ഷിണേന്ത്യയില്‍ ആദ്യമായി ഇത്തരമൊരു ചികിത്സാസംവിധാനം അവതരിപ്പിച്ചത് ഇദ്ദേഹമാണ്. നിരവധി സ്ഥലങ്ങളില്‍ ഇതു സംബന്ധിച്ച ക്ലാസുകള്‍ അദ്ദേഹം എടുക്കാറുണ്ട്. കേരളത്തില്‍ ഇന്ന് ഇമ്മീഡിയറ്റ് ലോഡിംഗ് ഇംപ്ലാന്‍റേഷന്‍ നടത്തുന്ന പലരും അദ്ദേഹത്തിന്‍റെ ശിഷ്യരാണ്. വിദേശികളാണ് ചികിത്സയ്ക്കായി കൂടുതലായും ഡോക്ടറെ സമീപിക്കാറ്. വെബ്സൈറ്റ് നോക്കിയാണ് രോഗികളില്‍ പലരും എത്തുന്നത്. ചികിത്സ നേടി തിരിച്ചെത്തിയ ശേഷം മറ്റുള്ളവരെ പറഞ്ഞു വിടുന്നവരും നിരവധിയാണ് എന്നു ഡോക്ടര്‍ പറയുന്നു.

ബിഡിഎസ്, എംഡിഎസ് എന്നിവ നേടിയത് അണ്ണാമലൈ യൂണിവേഴ്സിറ്റിയില്‍ നിന്നുമാണ്. 1994 ല്‍ എറണാകുളത്ത് പ്രാക്ടീസ് ആരംഭിച്ചു. 2011 ലാണ് സ്മൈല്‍ സെന്‍റര്‍ ആരംഭിച്ചത്. മാക്സിലോ ഫേഷ്യല്‍ സര്‍ജറിയിലാണ് പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്തിരിക്കുന്നത്. ഇംപ്ലാന്‍റോളജിയില്‍ ജര്‍മനി, അമേരിക്ക എന്നിങ്ങനെ നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നെല്ലാം ഫെല്ലോഷിപ്പുകളും ചെയ്തു. ദന്തല്‍ ഡോക്ടറായ ഭാര്യ ശ്രീജ പിള്ളയും പ്രശാന്തിനൊപ്പം സ്മൈല്‍ സെന്‍ററിലുണ്ട്. മകന്‍ വിവേക് ബംഗളൂരുവില്‍ ബിബിഎ എല്‍എല്‍ബി ചെയ്യുന്നു. മകള്‍ നീലിമ ആറാം ക്ലാസില്‍ പഠിക്കുന്നു.

-നൊമിനിറ്റ ജോസ്

പുകവലി നിര്‍ത്തിയാല്‍ ഹൃദ്രോഗസാധ്യത കുറയും

പുകയിലയും പുകയില ഉത്പന്നങ്ങളും പരിപൂര്‍ണമായി വര്‍ജിക്കുകയാണ് ആരോഗ്യജീവിതത്തിന് ഉത്തമം.

ചില പുകയുന്ന യാഥാര്‍ഥ്യങ്ങള്‍:

ലോകമാസകലം പുകയിലയുടെ ഉപയോഗവും അനുബന്ധ രോഗങ്ങളും നിമിത്തം ഏകദേശം ആറു ദശലക്ഷം ആളുകള്‍ക്ക് മരണം സംഭവിച്ചുകൊണ്ടിരിക്കുന്നു.

ഇന്ത്യയില്‍ ഓരോ വര്‍ഷവും ഒന്‍പത് ലക്ഷം പേര്‍ പുകയില ജന്യരോഗങ്ങള്‍ മൂലം മരിക്കുന്നു

ഇന്ത്യയിലെ കാന്‍സറുകളില്‍ പുരുഷന്മാരില്‍ 56.4 ശതനമാനവും സ്ത്രീകളില്‍ 44.9 ശതമാനവും പുകയില മൂലമാണ്.

വായിലെ കാന്‍സര്‍ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണ്.

82 ശതമാനം ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ക്കും കാരണം പുകയിലയാണ്.

പുകവലിച്ചവരില്‍ ടിബി വരാനുള്ള സാധ്യത ഒരിക്കലും പുകവലിക്കാത്തവരെക്കാള്‍ മൂന്നിരട്ടിയാണ്. ടിബി മൂലമുള്ള മരണ സാധ്യതയും ഇവരില്‍ 3-4 ഇരട്ടിയാണ്.

കൗമാരത്തില്‍ത്തന്നെ പുകയില ഉപയോഗിച്ചു തുടങ്ങുന്നവരില്‍ പകുതിയിലേറെ പേരുടെയും മരണകാരണം പുകയിലയായിരിക്കും.

പുകയില ഉപയോഗം കൊണ്ടുമാത്രം ഒരു കൗമാരകാരന്‍റെ ആയുസില്‍നിന്നു 20 വയസ് കുറയുന്നു

പുകയില ജന്യരോഗങ്ങള്‍

* ഹൃദ്രോഗം (ഹാര്‍ട്ട് അറ്റാക്ക്, അന്‍ജൈന)

* പക്ഷാഘാതം

* പിവിഡി

* ഉദ്ധാരണ ശേഷിക്കുറവ്

* പ്രമേഹസാധ്യത വര്‍ധിപ്പിക്കുന്നു

* സബ് മ്യൂക്കസ് ഫൈബ്രോസിസ് (വായ തുറക്കാനാവാത്ത അവസ്ഥ) ലൂക്കോപ്ലേക്കിയ (വായിലെ വെളുത്ത പാടുകള്‍)

* വായിലെ കാന്‍സര്‍

ഗര്‍ഭിണികളിലെ പുകവലിയും പുകവലിക്കാര്‍ പുറത്തുവിടുന്ന പുക ശ്വസിക്കുന്നതും കുട്ടിയുടെ വളര്‍ച്ച മുരടിപ്പിക്കുകയും ജനനസമയത്തെ തൂക്കം കുറയ്ക്കുകയും ചെയ്യും. ജനിക്കുമ്പോള്‍ തൂക്കക്കുറവുള്ള കുട്ടികളില്‍ ശാരീരിക-മാനസിക വളര്‍ച്ച കുറയാനും ഭാവിയില്‍ ഹൃദ്രോഗം, പ്രമേഹം, രക്താതിസമ്മര്‍ദം എന്നിവ വരാനുമുള്ള സാധ്യത കൂടുതലാണ്.പുകവലി നിര്‍ത്തിയാല്‍ 24 മണിക്കൂര്‍ കൊണ്ട് ഹൃദ്രോഗസാധ്യത കുറയാന്‍ തുടങ്ങുകയും ഒരു വര്‍ഷം കൊണ്ട് 50 ശതമാനം കുറയുകയും ചെയ്യും. അഞ്ചുവര്‍ഷം പുകവലിക്കാതിരുന്നാല്‍ ഹൃദ്രോഗം, പക്ഷാഘാതം എന്നിവയക്കുള്ള സാധ്യത സാധാരണക്കാരുടേതിനടുത്തെത്തും.

പുകവലി നിര്‍ത്താന്‍ ചില പ്രായോഗിക നിര്‍ദേശങ്ങള്‍

പുകയില നിര്‍ത്താന്‍ ഓരോ വ്യക്തിയും സ്വയം തീരുമാനിക്കണം.

സിഗരറ്റ്, ബീഡി മുതലായവ പെട്ടെന്നു കിട്ടുന്ന/കാണുന്ന സ്ഥലത്ത് വയ്ക്കാതിരിക്കുക.

പുകവലിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍/സന്ദര്‍ഭങ്ങള്‍ സ്വയം കണ്ടെത്തി അവ ഒഴിവാക്കാന്‍ ബോധപൂര്‍വം ശ്രമിക്കുക.

കൃത്യമായ ഒരു തീയതി തീരുമാനിച്ച് അന്നു മുതല്‍ പുകവലി നിര്‍ത്താന്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം തേടുക.

പുകവലി നിര്‍ത്തുന്ന ആദ്യത്തെ രണ്ട്, മൂന്ന് ദിവസത്തേയ്ക്ക് മുന്‍കൂട്ടി പ്രത്യേക പദ്ധതികള്‍ തയാറാക്കിവയ്ക്കുകയും അതനുസരിച്ച് പ്രവൃത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ചെയ്യാന്‍ ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങള്‍ ഈ ദിവസങ്ങളില്‍ ചെയ്യുക. ഒഴിവുസമയവും ഒറ്റയ്ക്കിരിക്കുന്ന സമയവും ഈ ദിവസങ്ങളില്‍ കുറയ്ക്കുകയും പുകവലിക്കാരായ സുഹൃത്തുക്കളുമായുള്ള സംസര്‍ഗം കുറച്ച് ദിവസത്തേയ്ക്ക് ഒഴിവാക്കുകയും ചെയ്യുക. സ്വയം പ്രോത്സാഹിപ്പിക്കുക. ചെറുത്തുനില്‍ക്കുന്ന ഓരോ പ്രേരണയും ഓരോ വിജയാഘോഷമാക്കി സ്വയം പുകഴ്ത്തുക.

യോഗ, നടത്തം, കളികള്‍, സംഗീതം, വിനോദങ്ങള്‍ തുടങ്ങിയ മനസിന് ശാന്തത തരുന്ന കാര്യങ്ങള്‍ ചെയ്യുക.

ചില പ്രത്യേക മരുന്നുകള്‍ പുകവലി നിര്‍ത്തുമ്പോഴുള്ള മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കും.

തയാറാക്കിയത്:

ഡോ. ജോണി സെബാസ്റ്റ്യന്‍

കണ്‍സള്‍ട്ടന്‍റ് പീഡിയാട്രിക് തലശേരി.

സ്വയംചികിത്സ പാടില്ല

ചിലരില്‍ ചര്‍മത്തിലുള്ള രോഗത്തോടനുബന്ധിച്ച് സോറിയാസിസ് സന്ധികളെയും ബാധിക്കാറുണ്ട്. പത്തുശതമാനം രോഗികളെയാണ് ഇത്തരത്തില്‍ സോറിയാറ്റിക് ആര്‍ത്രോപ്പതി ബാധിക്കുന്നത്. സന്ധികളില്‍ വേദനയും നീര്‍വീക്കവുമാണ് ലക്ഷണങ്ങള്‍. പിന്നീട് അവയുടെ ചലനത്തെ ബാധിക്കുന്നു. ചികിത്സ സ്വീകരിക്കാതിരുന്നാല്‍ സ്ഥിരമായി വൈകല്യങ്ങള്‍ക്കു കാരണമാകുന്നു. അപൂര്‍വം വ്യക്തികളില്‍ നട്ടെല്ലിനെ ബാധിക്കുകവഴി ശയ്യാവലംബിയായി പോകാറുണ്ട്.

ചികിത്സ

രണ്ടുമൂന്നു വിഷയങ്ങള്‍ ഇതുമായി ബന്ധപ്പെടുത്തി പ്രതിപാദിക്കാനുണ്ട്.

1. സോറിയാസിസ് മാറ്റിത്തരാമെന്ന വാഗ്ദാനവുമായി പല മാധ്യമങ്ങളിലും പല അവകാശവാദങ്ങളുമായി പലരും പ്രത്യക്ഷപ്പെടാറുണ്ട്. അസുഖംമൂലം നിസഹായരായവര്‍ പലരും ഇവര്‍ക്ക് തലവച്ചുകൊടുക്കാറുമുണ്ട്. ഒരു വ്യക്തി ഏതുതരം ചികിത്സ സ്വീകരിക്കണമെന്ന് ആ വ്യക്തിയുടെ പൂര്‍ണ സ്വാതന്ത്ര്യമാണ്. എങ്കിലും പറയട്ടെ ഇത്തരം അതിവിദഗ്ധ ചികിത്സകന്മാര്‍ നല്‍കുന്ന പല ലേപനങ്ങളും പുരട്ടി, ഞാന്‍ നേരത്തേ സൂചിപ്പിച്ച എറിത്രോഡെര്‍മാക്, പസ്റ്റ്യുലാര്‍ സോറിയാസിസ് ആയി വരുന്ന പലരെയും ലേഖകന്‍ കണ്ടിട്ടുണ്ട്.

2. സ്വയംചികിത്സയ്ക്ക് മുതിരാതിരിക്കുക. ഒരു ചര്‍മരോഗ വിദഗ്ധന്‍റെ വ്യക്തമായ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും മാത്രം വിധേയനാവുക. സ്വയം ചികിത്സ പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷത്തില്‍നിന്നു മാറ്റാനും പലപ്പോഴും രോഗനിര്‍ണയം വൈകിക്കാനും ഇടവരുത്താറുണ്ട്.

3. ചികിത്സകനെ ഇടയ്ക്കിടെ മാറ്റാതെ ഒന്നില്‍തന്നെ ഉറച്ചുനില്‍ക്കുക. ഒന്നോ രണ്ടോ ആഴ്ച ചികിത്സയെടുത്തശേഷം വേറൊരാളെ തേടിപ്പോകുന്ന പ്രവണത മലയാളിയുടെ ഒരു സ്വഭാവമായതുകൊണ്ട് കുറിക്കുന്നതാണിത്.

ധാരാളം മരുന്നുകള്‍ സോറിയാസാസിന്‍റെ ചികിത്സയ്ക്കായി വിപണിയിലുണ്ട്. രോഗത്തിന്‍റെ പ്രാരംഭഘട്ടത്തില്‍ ഡോക്സിസൈക്ലിന്‍, അസിത്രോമൈസിന്‍ പോലുള്ള ആന്‍റിബയോട്ടിക്കുകള്‍ക്ക് വ്യക്തമായ പങ്കുണ്ട്. ഞാന്‍ നേരത്തേ സൂചിപ്പിച്ച ന്യൂട്രോഫിലുകളെ ചര്‍മത്തിലെത്താതെ പ്രതിരോധിക്കുന്നതുകൊണ്ടാണ് ഇവയ്ക്ക് സോറിയാസിസ് ചികിത്സയില്‍ പ്രാധാന്യം കല്‍പിക്കുന്നത്.

മദ്യപാനവും പുകവലിയും പൂര്‍ണമായി നിര്‍ത്തുക എന്ന കാര്യത്തില്‍ വേറൊരഭിപ്രായം തേടേണ്ടതില്ല. മാനസികസമ്മര്‍ദം കുറയ്ക്കാന്‍ യോഗപോലുള്ള മാര്‍ഗം തേടുന്നതില്‍ തെറ്റില്ല. സോറിയാസിസ് വര്‍ധിപ്പിക്കുന്ന ഏതെങ്കിലും തരത്തിലുള്ള മരുന്നുകളുണ്ടെങ്കില്‍ പൂര്‍ണമായും ഒഴിവാക്കണം. ചികിത്സിക്കുന്ന ഡോക്ടറോട് കഴിക്കുന്ന മരുന്നുകള്‍ പൂര്‍ണമായും വെളിപ്പെടുത്തുക. ഏതെങ്കിലും തരത്തിലുള്ള അണുബാധ ശരീരത്തുണ്ടെങ്കില്‍ അത് ചികിത്സിച്ചു ഭേദമാക്കണം. കുളിക്കാന്‍ പ്രത്യേക സോപ്പുകള്‍ (ആവശ്യമെങ്കില്‍ മാത്രം) വേണ്ടിവരും. (തുടരും).

ഡോ.പി.ജയേഷ്

സ്കിന്‍ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂര്‍

തടയാം, സന്ധിവാതം

സിട്രസ് ഫലമായ ഓറഞ്ചിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ സന്ധിവാതത്തെ പ്രതിരോധിക്കുന്നതിനു ഗുണപ്രദം

* കാല്‍സ്യം അടങ്ങിയ ആഹാരം ശീലമാക്കുക. പാലും പാലുത്പന്നങ്ങളും ഇതിനു സഹായകം. വിറ്റാമിന്‍ സി, ഇ എന്നിവയടങ്ങിയ ആഹാരം ശീലമാക്കുക

* ശരീരഭാരം നിയന്ത്രിക്കുക. അമിതഭാരവും അമിതവണ്ണവും സന്ധികളില്‍ മര്‍ദ്ദമേല്‍പ്പിക്കും.

* വിവിധ തരത്തിനുളള വ്യായാമമുറകള്‍ സ്വീകരിക്കുക

* ഇടുപ്പിനും കാല്‍മുട്ടുകള്‍ക്കും ആയാസം നല്കുന്ന ജോലികള്‍ ഒഴിവാക്കുക

* പുകവലി ഉപേക്ഷിക്കുക

* തുടര്‍ച്ചയായി ഏറെ നേരം ഒരിടത്തു തന്നെ ഇരുന്നു ജോലിചെയ്യുന്ന ശീലം ഉപേക്ഷിക്കുക

* മീനെണ്ണ ആഹാരത്തിലുള്‍പ്പെടുത്തുക

* ധാരാളം ശുദ്ധജലം കുടിക്കുക

* നീരു കുറയ്ക്കാനുളള മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്വീകരിക്കുക.

* സ്വയംചികിത്സയും ചികിത്സ വൈകിപ്പിക്കുന്നതും അപകടം.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്

അടുക്കളയില്‍ ഉപയോഗിക്കുന്നതെല്ലാം ഔഷധഗുണമുള്ളവ

ഒരു വീടിനെ സംബന്ധിച്ച് അടുക്കളയാവണം ആശുപത്രി. അടുക്കള കൈകാര്യം ചെയ്യുന്ന വീട്ടമ്മയാകണം ഡോക്ടര്‍. പണ്ടുകാലത്ത് ഇങ്ങനെയായിരുന്നു കുടുംബങ്ങള്‍. അതുകൊണ്ടുതന്നെ മുന്‍തലമുറയ്ക്ക് രോഗങ്ങളും കുറവായിരുന്നു. സ്വന്തം കുടുംബാംഗങ്ങളുടെ ശാരീരികപ്രവര്‍ത്തനങ്ങള്‍ മനസിലാക്കി അതിനനുസരിച്ച് ചെറിയ ചെറിയ മരുന്നുകള്‍ കൊടുക്കാന്‍ പഴയ മുത്തശിമാര്‍ സമര്‍ഥരായിരുന്നു. ഒരു കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്പോലെയായിരുന്നു അവരുടെ തലച്ചോറ്. പനിയുണ്ടെങ്കില്‍ അതിനോടനുബന്ധിച്ച് ഏതൊക്കെ അസുഖമുണ്ട് എന്നു മനസിലാക്കി അതിനനുസരിച്ച് ഔഷധങ്ങള്‍ അവര്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കിയിരുന്നു.

ഔഷധം മാത്രമല്ല ഭര്‍ത്താവിന്‍റെ ശാരീരിക മാനസികാരോഗ്യത്തിലും മകന്‍റെയും മകളുടെയും ആരോഗ്യത്തിലും അവര്‍ക്കു പ്രത്യേകം കരുതലുണ്ടായിരുന്നു. അസുഖങ്ങള്‍ ഉണ്ടായാല്‍ ആദ്യം പനി വരുമെന്നും അത് ദഹനത്തിന് തകരാറു വന്നതുകൊണ്ടാണെന്നും മനസിലാക്കിയിരുന്നു. അടുക്കളയിലെ അടുപ്പിലുള്ളതുപോലെ ഒരു അഗ്നിയാണ് വയറ്റിലുള്ളതെന്നും അതു കുറഞ്ഞാല്‍ ദഹനം താമസിക്കുമെന്നും കൂടിയാലും പ്രശ്നമാകുമെന്നും മനസിലാക്കിയിരുന്നു. ശരീരത്തിലെ ദഹനപ്രക്രിയ അവര്‍ താരതമ്യം ചെയ്തിരുന്നത് അടുക്കളയോടായിരുന്നു. അതുകൊണ്ടുതന്നെ അടുക്കളയുടെ ശുചിത്വത്തില്‍ അവര്‍ പ്രാധാന്യം നല്‍കിയിരുന്നു. പിന്നീട് അതീവശ്രദ്ധയോടെ ശുചിയാക്കിയിരുന്നത് ശൗചാലയമായിരുന്നു. അവ കഴുകി വൃത്തിയാക്കിവയ്ക്കാന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പിന്നീട് അവര്‍ സൂക്ഷിച്ചത് അകത്തേക്കു വരുന്നവയെയാണ്. പച്ചക്കറികള്‍, പഴങ്ങള്‍, പാല്‍, വെള്ളം ഇവയൊക്കെ അകത്തേക്കുവരുന്നവയാണ്. ഇവയും ശുദ്ധമായിരിക്കണം. ഇതിനൊപ്പം ഇവ അകത്തേക്കും പുറത്തേക്കും പോകുന്ന കവാടങ്ങളും ശുദ്ധമായിരിക്കണം. ഇന്ദ്രിയങ്ങള്‍ ശുദ്ധിയുള്ളതായിരിക്കണം എന്ന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മകള്‍ എവിടെയാ നോക്കിനില്‍ക്കുന്നത്? മകനെങ്ങോട്ടാണു തിരിഞ്ഞത്? ആരോടാണു വര്‍ത്തമാനം പറയുന്നത്? വര്‍ത്തമാനം പറയുമ്പോള്‍ ആ നില്‍ക്കുന്നയാള്‍ എന്തെല്ലാം പറഞ്ഞ് അവള്‍ കേള്‍ക്കും? അവളുടെ ചെവിയിലേക്ക് എന്തെല്ലാം വരും? ആരാണ് അവനെ തൊട്ടുകൊണ്ടിരിക്കുന്നത്? ആ സ്പര്‍ശം എങ്ങനെയാണ്? ആരുടെ മടിയിലാണ് തന്‍റെ കുട്ടി കയറിയിരിക്കുന്നത്? ഇതൊക്കെ അടുക്കളയില്‍നിന്നുകൊണ്ട് ഒരമ്മ ശ്രദ്ധിക്കുമായിരുന്നു. ആരോഗ്യത്തിന് ഇതൊക്കെ വളരെ പ്രധാന കാര്യങ്ങളായി അവര്‍ കണ്ടു. ഒരുവാക്കു മതി എന്‍റെ കുഞ്ഞിനെ നശിപ്പിക്കാനും തദ്വാരാ എന്‍റെ കുടുംബത്തെ ആകെ നശിപ്പിക്കാനും എന്‍റെ കുഞ്ഞിന്‍റെ ശാരീരിക മാനസിക ആരോഗ്യത്തെ ബാധിക്കാനും... എന്നും അറിഞ്ഞിരുന്നു.

വേഗരോധം അഥവാ പ്രകൃതിദത്തമായ ആവശ്യങ്ങളെ (മലമൂത്രവിസര്‍ജനം, ഏമ്പക്കം, തുമ്മല്‍ തുടങ്ങിയവ) തടയല്‍ അല്ലെങ്കില്‍ ബലപ്പെട്ടു പുറപ്പെടുവിക്കല്‍ രോഗകാരണമാണ് എന്ന് അവര്‍ മനസിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ കുട്ടികളുടെ പിറകെ അവരുണ്ടായിരുന്നു. കുട്ടി മുക്കി മലമൂത്രവിസര്‍ജനം ചെയ്യുന്നു എന്നു കണ്ടാല്‍ അതില്‍ ഇടപെടുമായിരുന്നു. സൂര്യപ്രകാശം ഏല്‍ക്കാത്ത കുട്ടിയുടെ ഭാഗങ്ങള്‍ പ്രത്യേകിച്ചു ഗുഹ്യഭാഗങ്ങള്‍ അതീവ ശുചിയാക്കി വയ്ക്കുന്നതിനു കുട്ടിക്കാലത്തുതന്നെ അമ്മമാര്‍ കുട്ടികളെ പരിശീലിപ്പിച്ചിരുന്നു.

അടുക്കളയില്‍ നാം ഉപയോഗിക്കുന്ന വസ്തുക്കള്‍ എല്ലാംതന്നെ ഔഷധഗുണമുള്ളവയാണ്. ഇഞ്ചി, കടുക്, കറിവേപ്പില, വെളുത്തുള്ളി, കായം എന്നു തുടങ്ങി എല്ലാത്തിനും ഏതെങ്കിലും ഒരു ഔഷധഗുണമുണ്ട്. കറിവേപ്പിലയെ നോക്കൂ. കറിവേപ്പിലയുടെ ഇല മലബന്ധം മാറ്റി മലശോധനയുണ്ടാക്കുമെങ്കില്‍ കറിവേപ്പില തണ്ട് വയറിളക്കം മാറ്റും. ഉദരരോഗങ്ങള്‍ക്ക് കൈക്കൊണ്ട ഔഷധമാണ് കറിവേപ്പില. കുടുംബാംഗങ്ങള്‍ക്ക് ദഹനക്കേടുണ്ടാകുമ്പോള്‍ അത് എന്തുമൂലം ഉണ്ടായതാണ് എന്നു നോക്കി അവര്‍ അടുക്കളയിലെ സാധനങ്ങള്‍ നല്‍കിയിരുന്നു. ചക്ക തിന്നുന്നതുമൂലം ഉണ്ടാകുന്ന ദഹനക്കേടിന് മരുന്ന് ചുക്ക് ആണ് എന്നും മാങ്ങ തിന്നുന്നതുമൂലമുണ്ടാകുന്ന ദഹനക്കേടിന് മരുന്ന് കല്ലുപ്പാണ് എന്നും അവര്‍ മനസിലാക്കിയിരുന്നു. പ്രമേഹം വരാതിരിക്കാനും ഉള്ളവര്‍ക്കു കുറയാനും നല്ലതാണ് മോര്. കറിവേപ്പിലയും ഇഞ്ചിയും ചേര്‍ത്തുണ്ടാക്കിയ സംഭാരം ആരോഗ്യദായകമാണ്. പനിക്കോള് കണ്ടാല്‍ ഉടന്‍ ചുക്കും കുരുമുളകും തുളസിയും കരിപ്പെട്ടിയും ചേര്‍ത്ത് ഒരു കാപ്പി ഉണ്ടാക്കി നല്‍കുമായിരുന്നു. ചൂടോടെ ഇതു കുടിക്കുന്നയാള്‍ വിയര്‍ത്തുതുടങ്ങും. അങ്ങനെ എത്രയെത്ര ഔഷധങ്ങള്‍...

ഡോ.രാമകൃഷ്ണന്‍ ദ്വരസ്വാമി

ചീഫ് ഫിസിഷ്യന്‍, ചിരായു ആയുര്‍വേദ സ്പെഷാലിറ്റി ക്ലിനിക്, കുടയംപടി, കോട്ടയം.

ആരോഗ്യജീവിതത്തിന് ആപ്പിള്‍

നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോ കെമിക്കലുകളായ ഡി- ഗ്ലൂക്കാറേറ്റ്, ഫ്ളേവനോയ്ഡ് തുടങ്ങിയ വിവിധ പോഷകങ്ങള്‍ ആപ്പിളില്‍ സുലഭം. ഇവ ഡി ടോക്സിഫിക്കേഷന്‍ പ്രവര്‍ത്തനത്തില്‍ ഉപയോഗപ്പെടുന്നു. ആപ്പിളിലടങ്ങിയ പ്ളോറിസിഡിന്‍ എന്ന ഫ്ളേവനോയ്ഡ് ബൈല്‍ സ്രവത്തിന്‍റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നു. ചിലതരം വിഷമാലിന്യങ്ങളെ ബൈല്‍ സ്രവത്തിലൂടെയാണ് കരള്‍ പുറന്തളളുന്നത്.

ജലത്തില്‍ ലയിക്കുന്നതരം നാരായ പെക്റ്റിന്‍ ആപ്പിളില്‍ സുലഭം. ആപ്പിളിന്‍റെ തൊലിയിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍ ശരീരത്തിലെ വിഷപദാര്‍ഥങ്ങളെ നീക്കം ചെയ്യാന്‍ സഹായകം. ചിലതരം ലോഹങ്ങള്‍, ഫുഡ് അഡിറ്റീവ്സ് എന്നിവയെ ശരീരത്തില്‍ നിന്നു നീക്കുന്നതിന്(ഡീറ്റോക്സ് ചെയ്യുന്നതിന്) പെക്റ്റിന്‍ സഹായകം. ദിവസവും ഒരാപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ ഒഴിവാക്കാം എന്ന ചൊല്ലിന്‍റെ പൊരുള്‍ ഇപ്പോള്‍ വ്യക്തമായില്ലേ!

ജൈവരീതിയില്‍ വിളയിച്ച ആപ്പിളിനാണ് ഗുണം കൂടുതല്‍. ആപ്പിളിലടങ്ങിയിരിക്കുന്ന മാലിക് ആസിഡ്, ടാര്‍ടാറിക് ആസിഡ് എന്നിവ കരളിനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും ഇതു ഫലപ്രദം

ആപ്പിളിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തിനു സഹായകം. ദിവസവും ആപ്പിള്‍ കഴിക്കുന്നതു മലബന്ധം കുറയ്ക്കാന്‍ സഹായകം.

ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡ്, പോളിഫീനോള്‍സ് എന്നീ ശക്തിയേറിയ ആന്‍റിഓക്സിഡന്‍റുകള്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും യുവത്വം നിലനിര്‍ത്തുന്നതിനും സഹായകം. ആപ്പിളിലടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും രക്തം പോഷിപ്പിക്കുന്നു.

ദിവസവും ആപ്പിള്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ചര്‍മരോഗങ്ങള്‍ അകറ്റുന്നതിനും ഫലപ്രദം. തലച്ചോറിലെ കോശങ്ങളുടെ നാശത്തെ പ്രതിരോധിക്കുന്നു. ആല്‍സ്ഹൈ

മേഴ്സ് രോഗത്തെ ചെറുക്കുന്നു അമിതവണ്ണം, സന്ധിവാതം, വിളര്‍ച്ച, ബ്രോങ്കെയ്ല്‍ ആസ്ത്മ, മൂത്രാശയവീക്കം എന്നിവയ്ക്കും ആപ്പിള്‍ പ്രതിവിധിയായി ഉപയോഗിക്കാമെന്നു വിദഗ്ധര്‍.

100 ഗ്രാം ആപ്പിള്‍ കഴിക്കുന്നതിലൂടെ 1500 മില്ലിഗ്രാം വിറ്റാമിന്‍ സി ശരീരത്തിനു ലഭിക്കുന്നതായി ഗവേഷകര്‍. ശരീരത്തിന്‍റെ ക്ഷീണമകറ്റാന്‍ ആപ്പിള്‍ ഫലപ്രദം.

ദന്താരോഗ്യത്തിനു ഫലപ്രദമായ ഫലമാണ് ആപ്പിള്‍. പല്ലുകളില്‍ ദ്വാരം വീഴുന്നത് ഒഴിവാക്കാന്‍ സഹായകം. വൈറസിനെ ചെറുക്കാന്‍ ശേഷിയുണ്ട്. സൂക്ഷ്മാണുക്കളില്‍ നിന്നു പല്ലിനെ സംരക്ഷിക്കുന്നു.

റുമാറ്റിസം എന്ന രോഗത്തില്‍ നിന്ന് ആശ്വാസം പകരാന്‍ ആപ്പിളിനു കഴിയുമെന്നു വിദഗ്ധര്‍. കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ ഫലപ്രദം. നിശാന്ധത ചെറുക്കാന്‍ ആപ്പിള്‍ ഫലപ്രദം.

ആപ്പിള്‍, തേന്‍ എന്നിവ ചേര്‍ത്തരച്ച കുഴമ്പ് മുഖത്തു പുരട്ടുന്നതു മുഖകാന്തി വര്‍ധിപ്പിക്കുന്നതിനു ഗുണപ്രദം. ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡ്, ബോറോണ്‍ എന്നിവ എല്ലുകളുടെ ശക്തി വര്‍ധിപ്പിക്കുന്നു.

ശ്വാസകോശ കാന്‍സര്‍, സ്തനാര്‍ബുദം, കുടലിലെ കാന്‍സര്‍, കരളിലെ കാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ ആപ്പിളിനു കഴിയുമെന്നു ഗവേഷകര്‍. ആപ്പിള്‍ പ്രമേഹനിയന്ത്രണത്തിനു ഫലപ്രദമെന്നു പഠനങ്ങള്‍.

മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ ആപ്പിള്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ വെള്ളത്തിലോ പുളിവെള്ളത്തിലോ ഒരു മണിക്കൂര്‍ മുക്കിവയ്ക്കണം. അതിലെ കീടനാശിനിയുടെ അംശം നീക്കാന്‍ ഒരു പരിധിവരെ സഹായകം.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്

സദ്യ പോഷകസമൃദ്ധം

ശുദ്ധീകരണത്തിന് ഓലന്‍

ഓലന്‍ എരിവു കുറഞ്ഞ വിഭവമായതിനാല്‍ കുട്ടികള്‍ക്കും ഏറെയിഷ്ടം. പണ്ടു നാട്ടിന്‍പുറങ്ങളില്‍ ചെറിയ നെയ്ക്കുമ്പളങ്ങ സുലഭമായിരുന്നു. ഇന്ന് അതിനുപകരം മാര്‍ക്കറ്റില്‍ നിന്നു തടിയന്‍ കായയാണ് അടുക്കളയിലെത്തുന്നത്. ചെറിയ കുമ്പളങ്ങയില്‍ ജലാംശം കുറവാണ്. വയറിനുണ്ടാകുന്ന എല്ലാ അസുഖങ്ങള്‍ക്കും നെയ്ക്കുമ്പളങ്ങയുടെ ജ്യൂസ് ഗുണപ്രദമെന്ന് ആയുര്‍വേദം പറയുന്നു. ശരീരത്തിന് ക്ലെന്‍സിംഗ് ഇഫക്ട് നല്കുന്ന പച്ചക്കറിയാണ് കുമ്പളങ്ങ. ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്നതിനു സഹായകമെന്നു ചുരുക്കം.

മോരും രസവും ദഹനത്തിന്

ഇഞ്ചിയും പുളിയും ചേര്‍ത്തു തയാറാക്കുന്ന പുളിയിഞ്ചിയാണ് ഓണസദ്യയിലെ മറ്റൊരു താരം. മോരും രസവും ദഹനത്തിനു സഹായകം. പായസവും കുടിച്ചു തീരുമ്പോള്‍ സദ്യയില്‍ രസവും മൊരും വിളമ്പുന്നത്. രസത്തിലുള്ള കുരുമുളകും വെളുത്തുള്ളിയും ചേര്‍ന്നുവരുമ്പോള്‍ അത് ഔഷധക്കൂട്ടുപോലെയാണ്. പെട്ടെന്നു ദഹനം സാധ്യമാക്കുന്നു. അവസാനം രസവും മോരും കുടിച്ചാല്‍ വയറിനു സദ്യയുടെ ഭാരം ഉണ്ടാവില്ല. കാളനിലെ പുളിയും എരിശേരിയിലെ എരിവുമാണ് ഓണസദ്യ സമ്മാനിക്കുന്ന മറ്റു രസങ്ങള്‍.പായസത്തില്‍ മധുരം. പാവയ്ക്ക മെഴുക്കുപുരട്ടിയുടെ ചവര്‍പ്പ്.. ഷഡ്ജസങ്ങള്‍ ഓണസദ്യയില്‍ പൂര്‍ണമാകുന്നു.

ഓണസദ്യയിലെ തെക്കനും വടക്കനും

ഓണസദ്യയില്‍ പിന്നെയുള്ളതു കൂട്ടുകറി. വടക്കന്‍ മലബാറില്‍ എല്ലാ പച്ചക്കറികളും ചേര്‍ത്താണ് കൂട്ടുകറി തയാറാക്കുന്നത്. എന്നാല്‍ തെക്കന്‍ കേരളത്തില്‍ ഉരുളക്കിഴങ്ങും ഉള്ളിയും മസാ ലയും ചേര്‍ത്താണ് കൂട്ടുകറി തയാറാക്കുന്നത്. വടക്കന്‍ കേരളത്തില്‍ ഓണസദ്യയില്‍ ചിക്കന്‍ ഉള്‍പ്പെടെയുള്ള നോണ്‍ വെജും വിളമ്പും. തെക്കന്‍ കേരളത്തില്‍ ഓണസദ്യ ശുദ്ധ വെജിറ്റേറിയന്‍.

രോഗപ്രതിരോധത്തിന്

പച്ചക്കറികളില്‍ നിന്നു ലഭിക്കുന്ന ആന്‍റിഓക്സിഡന്‍റുകളും സൂക്ഷ്മപോഷകങ്ങള്‍ എന്നു വിളിക്കുന്ന മൈക്രോ ന്യൂട്രിയന്‍റുകളും ഓണസദ്യയിലൂടെ സുലഭമായി ശരീരത്തിനു കിട്ടുന്നു. കടുകില്‍ നിന്ന് ഒമേഗ 3 ഫാറ്റി ആസിഡുകള്‍. മഞ്ഞളില്‍ നിന്ന് കുര്‍ക്യുമിന്‍. ചുരുക്കത്തില്‍ പോഷകസമൃദ്ധമാണ് ഓണസദ്യ. അവയെല്ലാം ശരീരത്തിനു രോഗപ്രതിരോധ ശേഷി നല്കുന്നു.

സദ്യ സാത്വികം

സസ്യാഹാരത്തിന്‍റെ പ്രസക്തിയെക്കുറിച്ചു പണ്ടേക്കുപണ്ടേ നാം ബോധവാന്മാരാണ്. അതിനാല്‍ കേരളത്തില്‍, പ്രത്യേകിച്ചു തെക്കന്‍ കേരളത്തില്‍ എല്ലാ ചടങ്ങുകളിലും ശുദ്ധ സസ്യാഹാരം മാത്രമാണു വിളമ്പുന്നത്. ദൈവികവും സാത്വികവുമാണ് ഓണസദ്യയിലെ വിഭവങ്ങള്‍. സാത്വിക് ഡയറ്റ് എന്നാല്‍ ജെന്‍റില്‍ എന്നര്‍ഥം. ഭക്ഷണം നമ്മുടെ സ്വഭാവത്തെയും സ്വാധീനിക്കുമെന്ന് ഓര്‍ക്കുമല്ലോ.

വിവരങ്ങള്‍: ഡോ. അനിതമോഹന്‍, ക്ലിനിക്കല്‍ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സള്‍ട്ടന്‍റ്, തയാറാക്കിയത്: ടി.ജി.ബൈജുനാഥ്

ഷാമ്പുവിനു പകരം ചെമ്പരത്തിയില

പ്രതിരോധമാണു ചികിത്സയേക്കാള്‍ പ്രധാനം. മുടികൊഴിച്ചില്‍ ഒഴിവാക്കുന്നതിനും ആരോഗ്യമുളള മുടിക്കും ചില നിര്‍ദേശങ്ങള്‍.

* അഴകുളള മുടിക്ക് അടിസ്ഥാനം പോഷകസമൃദ്ധമായ ഭക്ഷണം തന്നെ. ഇലക്കറികള്‍, പഴച്ചാറുകള്‍, പാല്‍ എന്നിവ ഉത്തമം. നാളികേരവിഭവങ്ങള്‍ കേശാരോഗ്യത്തിനു ഗുണകരം.

* രാസപദാര്‍ഥങ്ങളും പ്രിസര്‍വേറ്റിവുകളും(ഭക്ഷ്യവിഭവങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനു ചേര്‍ക്കുന്ന രാസവസ്തുക്കള്‍) ചേര്‍ത്ത ഭക്ഷണം ഒഴിവാക്കുക.

* കുരുമുളക്, ജീരകം, മഞ്ഞള്‍ തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതു കേശാരോഗ്യത്തിനു ഗുണപ്രദം

* ധ്യാനം, യോഗ, ഉറക്കം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ടെന്‍ഷന്‍ കുറയ്ക്കുക.

* കുളിക്കു ശേഷം മുടി സ്വാഭാവികമായി ഉണങ്ങിക്കഴിഞ്ഞു മാത്രം ചീകുക. മുടി ചീകുമ്പോള്‍ എല്ലാ വശങ്ങളില്‍ നിന്നും പതിയെ ചീകുക.

* തലയോട്ടിയില്‍ സ്പര്‍ശിക്കത്തക്ക വിധം അമര്‍ത്തി ചീകരുത്.

* നാരങ്ങാനീരു തേച്ചു മുടി കഴുകുന്നതു മുടിയുടെ തിളക്കം കൂട്ടുന്നതിനു സഹായകം. താരന്‍ അകറ്റുന്നതിനും അതു ഗുണപ്രദം.

* അനാവശ്യമായി രാസപദാര്‍ഥങ്ങള്‍ മുടിയില്‍ ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കുക. രാസപദാര്‍ഥങ്ങള്‍ കഴിവതും ഒഴിവാക്കുന്നതാണു മുടിയുടെ ആരോഗ്യത്തിനു ഗുണകരം.

* ക്ലോറിന്‍ കലര്‍ന്ന വെളളത്തില്‍ നീന്തുകയോ കുളിക്കുകയോ ചെയ്യുന്നവര്‍ ശുദ്ധജലം ഉപയോഗിച്ചു തല കഴുകി വൃത്തിയാക്കുക

* രാസപദാര്‍ഥങ്ങള്‍ അടങ്ങിയ ഷാമ്പൂ ഒഴിവാക്കുക; പ്രകൃതിദത്തമെന്നും മറ്റുമുളള പരസ്യവാചകങ്ങളില്‍ അകപ്പെടാതിരിക്കുക.

* ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണ പുരട്ടി ആഴ്ചയില്‍ ഒരിക്കലെങ്കിലും തല മസാജ് ചെയ്യുക. വിരലുകളുടെ അഗ്രം ഉപയോഗിച്ചു നന്നായി മസാജ് ചെയ്യുക. മസാജ് ചെയ്യുമ്പോള്‍ നഖം തലയില്‍ കൊളളരുത്. പിന്നീടു വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ചു കഴുകിക്കളയുക. ഷാമ്പുവിനു പകരം ചെമ്പരത്തിയില താളിയായി ഉപയോഗിക്കാം.

* ഡ്രയര്‍ തലയ്ക്കു വളരെയടുത്തു നീക്കിവച്ചു മുടിയുണക്കുന്ന രീതി ഒഴിവാക്കുക.

* ഹെയര്‍ ലോഷന്‍ ഉപയോഗിക്കുമ്പോള്‍ തലയോട്ടിയില്‍ നേരിട്ടു തേച്ചു പിടിപ്പിക്കുന്ന രീതി ഉപേക്ഷിക്കുക.

* മുടിക്കു വലിച്ചിലുണ്ടാക്കുന്ന ഹെയര്‍ സ്റ്റൈലുകള്‍ ഉപേക്ഷിക്കുക.

* തേനും മുട്ടയുടെ മഞ്ഞക്കരുവും ചേര്‍ത്തു തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ഇതു മുടികൊഴിച്ചില്‍ പ്രതിരോധിക്കും.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്.

കടപ്പാട് : ദീപിക© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate