ശാസ്ത്രം ഒരു വൈറസ്ബാധയായി കരുതുന്നതുമായ ഒന്നാണ് ജലദോഷം. നമ്മുടെ നാട്ടിൽ, തല നനയുന്നതു കൊണ്ടും എണ്ണ, കുളിക്കുന്ന വെള്ളം ഇവ മാറുന്നതുകൊണ്ടും ഇവയുണ്ടാകുന്നതായി പലരും കരുതുന്നു. എന്നാൽ പാശ്ചാത്യരാജ്യങ്ങളിലുള്ളവർ നെഞ്ച്, കഴുത്ത്, കൈകാലുകൾ ഇവ നനയുന്നതുകൊണ്ടും അമിതമായി തണുക്കുന്നതുകൊണ്ടുമാണ് കോമൺ കോൾഡ് എന്ന ജലദോഷം ഉണ്ടാകുന്നതെന്നാണു കരുതുന്നത്.
മൂക്കടപ്പ്, തുമ്മൽ, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളാണു തുടക്കത്തിലുണ്ടാവുക. എന്നാൽ ഇതേത്തുടർന്നു പലപ്പോഴും അണുബാധകളും അനുബന്ധ പ്രശ്നങ്ങളുമുണ്ടാവാറുണ്ട്. ഇതുമാത്രമല്ല, പക്ഷിപനി, എവിഎൻ ഫ്ളൂ, പന്നിപനി എന്നിവയ്ക്കും ഇതുപോലെയുള്ള അപകടകരമായ അവസ്ഥകൾക്കും സമാനമായ ലക്ഷണങ്ങളുണ്ടാകാം. അതുകൊണ്ടു രോഗനിർണയവും ചികിത്സയും ഈ ഘട്ടത്തിൽ ആവശ്യമായി വരും.
ജലദോഷത്തിനു പരിഹാരമായി ചില ലഘുപ്രയോഗങ്ങൾ ചുവടെ ചേർക്കുന്നു.
∙ മഞ്ഞൾപ്പൊടിയും ഉഴുന്നുപരിപ്പും
ചൂടുപാലിൽ ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി— രണ്ടുനേരം ആഹാരത്തിനു മുമ്പു സേവിക്കുന്നത് ജലദോഷത്തെ അകറ്റും.
∙ ഉഴുന്നുപരിപ്പ് 15 ഗ്രാം ഒരു ഗ്ലാസ് പാലും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് തിളപ്പിച്ച് ഒരു ഗ്ലാസാക്കി വറ്റിച്ച് രാത്രി ആഹാരശേഷം കഴിക്കുന്നത് ജലദോഷത്തെ ശമിപ്പിക്കാൻ വളരെ നല്ലതാണ്.
∙ ചുക്ക് — അയമോദകം— കടുക്ക
ചുക്ക്, അയമോദകം, കടുക്ക എന്നിവ രണ്ടു ഗ്രാം വീതം അരച്ചെടുത്ത് ആഹാരത്തിനു മുമ്പായി രാവിലെയും രാത്രിയും തുടർച്ചയായി ഒരാഴ്ച കഴിക്കുന്നതുകൊണ്ട് കടുത്ത ജലദോഷം ശമിക്കും.
∙ ഇഞ്ചിനീരും തേനും
ഇഞ്ചിനീര് ഒരു ടീസ്പൂണെടുത്ത് അതിൽ അര ടീസ്പൂൺ വറുത്തെടുത്ത ഗോതമ്പുപൊടിയും ഒരു ടീസ്പൂൺ തേനും ചേർത്തു കഴിക്കുന്നതു ജലദോഷം ശമിപ്പിക്കും.
∙ Starve a fever, But feed a cold എന്ന പാശ്ചാത്യ ആരോഗ്യതത്വമനുസരിച്ച് പനിക്ക് പട്ടിണിയെങ്കിൽ ജലദോഷത്തിന് ശരിയായ ആഹാരമാണ് ചികിത്സ.
ആയുർവേദ വിധി പ്രകാരം നെയ്യും തൈരും കൂട്ടിയുള്ള ആഹാരം പഴകിയതല്ലാത്ത ജലദോഷത്തെ ശമിപ്പിക്കാൻ ഉത്തമമാണ്.
∙ കാട്ടുതുളസിവേര് കഷായം
ഒരു ടീസ്പൂൺ ശർക്കരയിൽ കാൽ ടീസ്പൂൺ കുരുമുളകുപൊടി സേവിക്കുന്നതു ജലദോഷശമനകരമാണ്.
∙ കാട്ടുതുളസിവേര് 50 ഗ്രാം 800 മി ലീ വെള്ളം ചേർത്തു തിളപ്പിച്ച് 100 മി ലീ ആക്കി വറ്റിച്ചെടുക്കുക. ഇതു 50 മി ലി വീതം രാവിലെയും രാത്രിയും ആഹാരത്തിനു മുമ്പായി കഴിക്കുന്നത് ജലദോഷം ശമിപ്പിക്കും.
∙ ചിറ്റമൃതിന്റെ വേരും ചുക്കും
ചിറ്റമൃതിന്റെ വേര്, മുത്തങ്ങ, ചുക്ക്, ചന്ദനം ഇവ 15 ഗ്രാം വീതം എടുത്ത് 800 മി ലീ വെള്ളം ചേർത്തു തിളപ്പിച്ച് 100 മി ലീ ആക്കി വറ്റിച്ചെടുക്കണം. ഇത് 50 മി ലീ വീതം രണ്ടുനേരം കഴിക്കുന്നത് രോഗഹരമാണ്.
∙ വെൺവഴുതിന വേര് തിപ്പലിപ്പൊടി ചേർത്ത്
വെൺവഴുതിന വേര്, ചുക്ക്, അമൃത് എന്നിവ 20 ഗ്രാം വീതം എടുത്ത് 800 മി ലീ വീതം വെള്ളം ചേർത്തു നന്നായി തിളപ്പിച്ച് 200 മി ലീ ആയി വറ്റിച്ചെടുക്കുക. ഇത് 50 മി ലീ വീതം രണ്ടുനേരം ഒരു നുള്ളു തിപ്പലിപ്പൊടിയും ചേർത്തു കഴിച്ചാൽ ജലദോഷം പെട്ടെന്നു തന്നെ കുറയും
നമ്മുടെ ഭക്ഷണ രീതിയിൽ ഒരുപാടു മാറ്റം ആവശ്യമാണ്. കാരണം ഭക്ഷണം നമ്മെ ഇന്നു രോഗികളാക്കുകയാണ്. പുകയില ഉൽപന്നങ്ങൾ, മദ്യം, മയക്കുമരുന്ന് തുടങ്ങിയവ പോലെ തന്നെ പ്രാധാന്യം കൊടുത്തു പുതിയ കാലത്തെഭക്ഷണ രീതിയും നാം ഉപേക്ഷിക്കണം എന്നാണ് ആയുർവേദം പറയുന്നത്. ജീവിക്കാൻ ഏതൊരു ജീവിക്കും ഭക്ഷണം വേണം, എന്നാൽ ഭക്ഷണം നമ്മെ രോഗിയാക്കുകയാണിപ്പോൾ. അപ്പോൾ നാം അവ ഒഴിവാക്കണം.
ഇന്നു നാം കഴിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണങ്ങളിൽ ഏറിയ പങ്കും അപകടകാരികളാണ്. നമ്മുടെ കാലാവസ്ഥയ്ക്കും ചുറ്റുപാടുകൾക്കും ഇണങ്ങാത്തഭക്ഷണം ശീലമാക്കിയതാണ് ഇൗ അപകടത്തിനു കാരണം. നമ്മെ രോഗിയാക്കുന്ന ആഹാരരീതി ഒഴിവാക്കുക. പുതിയ തലമുറയെ നാശത്തിലേക്കു വലിച്ചിഴക്കാതിരിക്കുക.
നമ്മുടെ നാട്ടിൽ ചെറുപ്രായത്തിലെവാർധക്യം ബാധിച്ച ഒരുപാടു പേരെ കാണാനാകും. പ്രമേഹം, പ്രഷർ, അൾസർ, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങളാണ്ഇന്നു ചെറുപ്പക്കാർക്ക്. ഇതെല്ലാം ഉണ്ടാകാൻ കാരണം പുതിയ കാലത്തെ ജീവിത ശൈലികളാണെന്നാണ് ആയുർവേദംപറയുന്നത്. കാലാവസ്ഥയ്ക്കും സാമൂഹ്യ ചുറ്റുപാടുകൾക്കും ഇണങ്ങാത്ത ഭക്ഷണം കഴിക്കുന്നതാണു രോഗ കാരണം.
പ്രപഞ്ചത്തിലെ എല്ലാത്തിനും ഉള്ളതുപോലെമനുഷ്യന്റെ ഭക്ഷണ രീതിക്കും ഒരു താളമുണ്ട്. ആ താളത്തിനനുസരിച്ചാണ് മനുഷ്യൻ ഭക്ഷണം കഴിച്ചിരുന്നത്. എന്നാൽ ഇന്ന് ആ താളം തെറ്റിയിരിക്കുകയാണ്. അതു തെറ്റിയതാണ് എല്ലാ തകർച്ചയ്ക്കും കാരണം.
ആദ്യകാലത്ത് മനുഷ്യൻ രണ്ടു നേരമാണ് ഭക്ഷണം കഴിച്ചിരുന്നത്. പ്രഭാതത്തിലും വൈകുന്നേരവും. പിന്നെയത് മൂന്നു നേരമായി. ഇപ്പോൾ കൃത്യമായി ഒരു സമയമില്ല. തോന്നുമ്പോൾ തോന്നിയ പോലെ ഭക്ഷണം കഴിക്കുകയാണ് നമ്മൾ. ഭക്ഷണത്തെ ദൈവമായി കാണാൻ ആയുർവേദം പറയുന്നു. എന്നാൽ ഇന്ന് ഒരു ബഹുമാനവും ഭക്ഷണത്തിനു നൽകുന്നില്ല; അതാണ് ഇന്നത്തെ രോഗത്തിന്റെ പ്രധാന കാരണം.
വിരുദ്ധാഹാരങ്ങൾ
നാം എല്ലാദിവസവും കഴിക്കുന്ന ആഹാരങ്ങളിൽ ചിലത് ഒരിക്കലും തമ്മിൽ ചേരാത്തവയാണ്. അങ്ങനെ ഉള്ളവഭക്ഷണരീതിയിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ ഭക്ഷണം കഴിക്കുന്ന രീതിയിലും നാം ഏറെ മാറ്റം വരുത്തേണ്ടതായുണ്ട്. ചിക്കൻ ബിരിയാണിയും തൈര് സാലഡും, തൈരും മീനും, പാലും പുളിയുള്ള പഴവും, പാൽ ചേർത്തുള്ള മീൻകറി, ഒരിക്കൽ ഉപയോഗിച്ച എണ്ണ, തോന്നിയ സമയത്തെ ഭക്ഷണം കഴിക്കൽ, വായിച്ചും ടിവി കണ്ടുമുള്ള ഭക്ഷണം കഴിക്കൽ ഇവയെല്ലാം ഒഴിവാക്കേണ്ടതു തന്നെ.
നാവിനെ മാനിച്ചാൽ ആരോഗ്യം സൂക്ഷിക്കാം
നാവ് നന്നായാൽ ആരോഗ്യത്തിനു വലിയ കേടുണ്ടാകില്ല എന്നു കേട്ടിട്ടില്ലെ. അത് നാക്കിട്ടടിച്ചു ശരീരത്തിനു കേടു വരുത്തുന്ന സ്വഭാവത്തെക്കുറിച്ചു മാത്രമുള്ളതല്ല. കൃത്യമായ ഭക്ഷണശൈലിയെക്കുറിച്ചു കൂടിയാണ്. ഏതു രീതിയിൽ നോക്കിയാലും നമ്മുടെ ശരീരത്തിലെ ഏറ്റവും കഴിവുള്ള അവയവങ്ങളിലൊന്നാണ് നാക്ക്. എണ്ണിയാൽ തീരാത്ത രൂചി വ്യത്യാസങ്ങളാണ് നാവിനു തിരിച്ചറിയാൻ കഴിയുക. നാവിന്റെ ഇൗ ഗുണം പുതിയ തലമുറയ്ക്കു നഷ്ടമാകുന്നു എന്നാണ് സാഹചര്യങ്ങൾ തെളിയിക്കുന്നത്. കാരണം ഭക്ഷണ രീതിയിലുള്ള മാറ്റം തന്നെ. ഓരോ ഭക്ഷണവും കഴിക്കാൻ ചില രീതികളുണ്ട്. അവയ്ക്കനുസരിച്ചു കഴിച്ചില്ലെങ്കിൽ ഭക്ഷണം നാവിനു രുചികരമാകില്ല. അങ്ങനെ ആകാത്തത് അപകടമാണ്. അതുമാത്രമല്ല, കടകളിൽ നിർമിച്ചു വച്ചിരിക്കുന്ന ഭക്ഷണ പദാർഥങ്ങളുടെ ചുരുക്കം ചില രുചികൾ മാത്രമാണ് പുതിയ തലമുറയ്ക്കു പരിചയം. അത് നമ്മുടെ ചുറ്റുപാടുകളിൽ നിന്നുള്ളവയുമല്ല.
അഞ്ചു തരത്തിലുള്ള ഭക്ഷണങ്ങളാണ് ഉള്ളതെന്ന് ആയുർവേദം പറയുന്നു. കടിച്ചു തിന്നാനുള്ളത്, ചോറുപോലെ കുഴച്ചു തിന്നാനുള്ളത്, കുടിക്കാനുള്ളത്, നക്കി തിന്നാനുള്ളത്, ചവച്ച് ഉൗറിക്കുടിക്കാനുള്ളത്. ശാസ്ത്രം പറയും വിധം കട്ടിയുള്ള ആഹാരം കടിച്ചു തന്നെ കഴിക്കണം. ചോറുപോലുള്ള ആഹാരങ്ങൾ ഭോജിക്കുകയാണ്. അവയാണ് കുഴച്ചു കഴിക്കേണ്ട ആഹാരം. പാനീയം കുടിക്കുവാനുള്ളത്. ലേഹ്യം, അച്ചാറ് തുടങ്ങിയവ നക്കി തിന്നാനുള്ളതാണ്. കരിമ്പു പോലുള്ള ആഹാരമാണ് ചവച്ചരച്ച് ഉൗറിക്കുടിക്കാനുള്ളത്. മേൽ പറഞ്ഞ രീതിയിൽ കഴിച്ചാൽ മാത്രമെ ഓരോന്നിന്റെയും രുചിയറിഞ്ഞു കഴിക്കാനാകൂ. അച്ചാറ് ചോറിൽ കുഴച്ചു കഴിക്കുന്നതും കരിമ്പ് ജ്യുസടിച്ചു കുടിക്കുന്നതും ആഹാര വിധി പ്രകാരം ശരിയല്ല. അവയ്ക്കെല്ലാം പ്രകൃതി കൊടുത്തിരിക്കുന്ന ഉത്തരവാദിത്തങ്ങളാണ്. ചവച്ച് ഉൗറിക്കുടിക്കുമ്പോൾ രുചി മാത്രമല്ല, പല്ലുകളുടെ ബലം കൂടിയാണ് ഉറപ്പാകുന്നത്.
നമുക്ക് കഴിക്കാവുന്നതും, കഴിക്കാൻ പാടില്ലാത്തതും...
തവിട് കളയാത്ത അരി, ഗോതമ്പ് ,ആട്ടിറച്ചി, മുള്ളങ്കി, നെല്ലിക്ക, മുന്തിരിങ്ങ, പടവലം, ചെറുപയർ, പഞ്ചസാര, നെയ്യ്, പാൽ, തേൻ, മാതളം, ഇന്തുപ്പ് അരിയാഹാരങ്ങളായ ചോറ് ,ദോശ, പുട്ട്, അപ്പം, പരിപ്പുപയോഗിച്ചുള്ള കറികൾ, പച്ചക്കറി തോരൻ, കോഴക്കൊട്ട, ചപ്പാത്തി ,അട തുടങ്ങിയ വിഭവങ്ങളൊക്കെ കേരളത്തിന്റെ കാലാവസ്ഥയ്ക്കും ചുറ്റുപാടുകൾക്കും പൂർണമായും ഇണങ്ങുന്ന ഭക്ഷണങ്ങളാണ്. പഴങ്കഞ്ഞിയും കപ്പയും നമ്മുടെ നാടൻ ഭക്ഷണങ്ങളാണ്. എന്നാൽ നന്നായി അധ്വാനിക്കുന്നവരാണ് ഇൗ ഭക്ഷണങ്ങൾ കഴിക്കേണ്ടത്. അമിതമായി ശാരീരിക അധ്വാനം ഇല്ലാത്തവർ ഇവ സ്ഥിരമായി കഴിച്ചാൽ അത് ആരോഗ്യത്തിനു നന്നല്ല.
പൊറോട്ട, ന്യൂഡിൽസ്, ബ്രോയിലർ ചിക്കൻ, വറുത്ത ഭക്ഷണ സാധനങ്ങൾ തുടങ്ങിയവ കഴിക്കാൻ പാടില്ലാത്തവയാണ്. പന്നിയിറച്ചി കഴിച്ച് ഉടൻ തന്നെ ചൂടുവെള്ളം കുടിക്കരുത്. കൊറിക്കാനായി നാം ഉപയാഗിക്കുന്ന കപ്പ വറുത്തത്, നുറുക്ക്, വാഴക്കാവറുത്തത് തുടങ്ങിയ ഭക്ഷണ സാധനങ്ങളും നമുക്ക് യോജിച്ചവയല്ല. രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതും നല്ലതല്ല. മൈദ, എണ്ണ തുടങ്ങിയവ കൂടുതൽ അടങ്ങിയ ഭക്ഷണവും ഒഴിവാക്കണമെന്നും ആയുർവേദം പറയുന്നു.
വിരോധ ഭക്ഷണത്തിനൊപ്പം തന്നെ നാൽകവലയിൽ നിന്നു ഭക്ഷണം കഴിക്കുന്നതും കോപിഷ്ടമായും ടെൻഷനോടെയും ഭക്ഷണം കഴിക്കുന്നതും തെറ്റാണ്.
കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം
കൊച്ചു കുട്ടികളുടെ കാര്യത്തിൽ നാം എന്നും വലിയ ആകുലത കാണിക്കാറുണ്ട്. എന്നാൽ നല്ലതെന്നു കരുതി നാം അവർക്കുകൊടുക്കുന്ന ആഹാരം പലപ്പോഴും കൊച്ചു കൂട്ടികൾക്കു യോജിക്കാത്തവയാണ്. കുട്ടികൾക്കു കൊടുക്കുന്ന ബിസ്കറ്റ് കുറുക്കാണ് ഒരിക്കലും കൊടുക്കാൻ പാടില്ലാത്തത്. കാരണം അവർക്കു ദഹനം കുറവും വളർച്ച കൂടുതലും ഉള്ള സമയമാണിത്. മൈദ ചേർത്തുള്ള ഒരു ഭക്ഷണവും കുട്ടികൾക്കു കൊടുക്കാൻ പാടില്ല. നമ്മുടെ തൊടിയിലെ നാടൻ സാധനങ്ങളായ വാഴയ്ക്ക, കൂവയ്ക്ക തുടങ്ങിയ വസ്തുക്കൾ പൊടിച്ചു കുറുക്കി കൊടുക്കുന്നതാണ് ഉത്തമം.
ആയുർവേദം പറയുന്നു, എങ്ങനെ ഭക്ഷണം കഴിക്കണമെന്ന്.
ചൂടുള്ള ഭക്ഷണം കഴിക്കുക
മയമുള്ളത് കഴിക്കുക
അളവനുസരിച്ചു കഴിക്കുക
മുൻപേ കഴിച്ചത് ദഹിച്ചശേഷം കഴിക്കുക
ചേരാത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക
ഇഷ്ടമുള്ള സ്ഥലത്തിരുന്നു കഴിക്കുക
ഇഷ്ടപ്പെട്ട സജ്ജീകരണങ്ങളോടെ കഴിക്കുക
അധികം വേഗത്തിൽ കഴിക്കരുത്
അധികം സമയമെടുത്തും കഴിക്കരുത്
ഭക്ഷണ സമയം സംസാരം ഒഴിവാക്കുക
ഭക്ഷണ സമയം ചിരി ഒഴിവാക്കുക
ഭക്ഷണ സമയം മനസും ശരീരവും ഭക്ഷണത്തിൽ കേന്ദ്രീകരിക്കുക.
അഞ്ചു തരത്തിലുള്ള ഭക്ഷണങ്ങളാണ് ഉള്ളതെന്ന് ആയുർവേദം പറയുന്നു. കടിച്ചു തിന്നാനുള്ളത്,ചോറുപോലെ കുഴച്ചു തിന്നാനുള്ളത്, കുടിക്കാനുള്ളത്, നക്കിത്തിന്നാനുള്ളത്, ചവച്ച് ഊറിക്കുടിക്കാനുള്ളത്. ശാസ്ത്രം പറയുംവിധം കട്ടിയുള്ള ആഹാരം കടിച്ചു തന്നെ കഴിക്കണം. ചോറുപോലെയുള്ള ആഹാരങ്ങൾ ഭോജിക്കുകയാണ്. അവയാണ് കുഴച്ചു കഴിക്കേണ്ട ആഹാരം. പാനീയം കുടിക്കുവാനുള്ളത്. ലേഹ്യം, അച്ചാർ തുടങ്ങിയവ നക്കി തിന്നാനുള്ളതാണ്. കരിമ്പു പോലെയുള്ള ആഹാരമാണ് ചവച്ചരച്ച് ഊറിക്കുടിക്കുവാനുള്ളത്. മേൽപറഞ്ഞ രീതിയിൽ കഴിച്ചാൽ മാത്രമെ ഓരോന്നിന്റെയും രുചിയറിഞ്ഞ് കഴിക്കാനാകൂ. അച്ചാറ് ചോറിൽ കുഴച്ചു കഴിക്കുന്നതും, കരിമ്പ് ജ്യൂസടിച്ച് കുടിക്കുന്നതും ആഹാരവിധിപ്രകാരം ശരിയല്ല. അവയ്ക്കെല്ലാം പ്രകൃതി കൊടുത്തിരിക്കുന്ന ഉത്തരവാദിത്തങ്ങളാണ്. ചവച്ച് ഊറിക്കുടിക്കുമ്പോൾ രുചി മാത്രമല്ല, പല്ലുകളുടെ ബലം കൂടിയാണ് ഉറപ്പാക്കുന്നത്.
ആടലോടകം: ശ്വാസകോശ രോഗങ്ങൾക്ക് ഉത്തമം. ആടലോടകത്തിന്റെ നീരും ഇഞ്ചി നീരും ജീരകവും തേനും ചേർത്തു കഴിക്കുന്നതു ചുമയ്ക്കു നല്ലതാണ്. വലിയ ആടലോടകവും ചെറിയ ആടലോടകവും ഉണ്ടെങ്കിലും മരുന്നുകൾക്കു നല്ലതു ചെറിയ ആടലോടകമാണ്. വേലികളിലൂടെയും മറ്റും ഇവ ഭംഗിയായി വളർത്താൻ കഴിയും.
ചെറിയ പനിക്കും ജലദോഷത്തിനും പോലും മരുന്നുകളെ ആശ്രയിക്കുന്നവരാണു മലയാളികളിൽ ഭൂരിഭാഗവും. ആരോഗ്യത്തിനായി നീക്കി വയ്ക്കാൻ അൽപ്പം സമയം ഉണ്ടെങ്കിൽ ഈ ഓട്ടപ്പാച്ചിൽ ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും. സ്വന്തം വീട്ടുവളപ്പിൽ തന്നെ നട്ടുവളർത്താവുന്ന ചില ചെടികളിലൂടെ ഒരുവിധമുള്ള രോഗങ്ങൾക്ക് ആശ്വാസം കണ്ടെത്താനും രോഗം വരാതെ സൂക്ഷിക്കാനും കഴിയും. അത്തരത്തിലുള്ള അഞ്ചു ചെടികളെ പരിചയപ്പെടാം.
കറ്റാർവാഴ: സ്ത്രീകളിലെ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കു നല്ല മരുന്നാണ് കറ്റാർവാഴയുടെ നീര്. മുടി വളരാനും കറ്റാർവാഴ നീര് ഉപയോഗിക്കാം. സൂര്യാതപം ഒഴിവാക്കാൻ കറ്റാർവാഴയുടെ നീരു പുരട്ടാം. കറ്റാർവാഴ നീരും മഞ്ഞപ്പൊടിയും തേനും ചേർത്തു കഴിക്കുന്നതു കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും.
തുളസി: ഒട്ടുമിക്ക ആയുർവേദ മരുന്നുകളിലെയും പ്രധാന ചേരുവ. പനി, ഗ്യാസ്‌സ്ട്രബിൾ, ജലദോഷം തുടങ്ങി സാധാരണ വരുന്ന രോഗങ്ങൾക്കെല്ലാം വിവിധ ചേരുവകളോടൊപ്പം തുളസി നീര് ഉപയോഗിക്കാം. തുളസി ഇല ഇട്ടു തിളപ്പിച്ച വെള്ളം എല്ലാ ദിവസവും കുടിക്കുന്നതും നല്ലതാണ്.
കരിനൊച്ചി: വാതരോഗങ്ങൾക്ക് ഉത്തമം. കരിനൊച്ചി നീരും ആവണക്കെണ്ണയും ചേർത്തു കഴിക്കുന്നതു വാതസംബന്ധമായ വേദനകൾ കുറയ്ക്കാൻ സഹായിക്കും. കരിനൊച്ചി ഇല കിഴി കെട്ടി ചൂടു പിടിക്കുന്നതും മുട്ടുവേദനയ്ക്കും മറ്റും പരിഹാരമാണ്.
തുമ്പ: ചുമ, ഛർദ്ദിൽ, വയറുകടി, അർശസ് എന്നിവയ്ക്കു പരിഹാരമേകാൻ തുമ്പ നീര് ഉപയോഗിക്കാം. തുമ്പ നീരും തേനും ചേർത്തു ബാഹ്യാർശസിനും പുരട്ടാം.
വിവരങ്ങൾക്ക് കടപ്പാട്: _ഡോ.കെ.എസ് വിഷ്ണു നമ്പൂതിരി _ (സീനിയർ മെഡിക്കൽ ഓഫിസർ, ഗവ.ആയുർവേദ പഞ്ചകർമ്മ ഹോസ്പിറ്റൽ ആലപ്പുഴ)
വയറില്‍ നിന്നുതുടങ്ങി മനസ്സു വരെയെത്തി നില്‍ക്കുന്ന പല ഘടകങ്ങളുമായും നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടു കിടക്കുന്ന ഗൗരവമായൊരു ശിരോ രോഗമാണ് മൈഗ്രേന്‍. സമഗ്രചികിത്സകള്‍ ആവശ്യമായ ഒരു രോഗമായിട്ടാണ് ആയുര്‍വേദം ഇതിനെ കണക്കാക്കുന്നത്. എന്നാല്‍, പല ചികിത്സകളും മാറിമാറി ചെയ്തിട്ടും ഫലം കാണാത്ത ചിലരില്‍ ചില ഒറ്റമരുന്നുകള്‍ ചില അവസരങ്ങളില്‍ അത്ഭുതകരമായ ഫലങ്ങള്‍ കാണിക്കാറുണ്ട്. വീട്ടില്‍ തന്നെ ചെയ്യാവുന്ന പത്ത് ഫലപ്രദമായ ചികിത്സകള്‍ ചുവടെ വായിക്കാം.
1. മുയല്‍ച്ചെവിയന്‍ സമൂലം ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് നെറുകയില്‍ വാര്‍ക്കുകയും മൂക്കിലിറ്റിക്കുകയും ചെയ്യുക. രാവിലെ ഭക്ഷണം കഴിക്കും മുമ്പ് വേണം ഇതു ചെയ്യാന്‍.
2. കടുക്കാത്തോട് കഷായ് വച്ച് രാത്രി കിടക്കുംമുമ്പും രാവിലെ വെറുംവയറ്റിലും കുടിക്കുക.
3. പാലില്‍ വേവിച്ച ഉഴുന്ന് രാവിലെ വെറുംവയറ്റില്‍ കഴിക്കുക.
4. ചുവന്നുള്ളിയരിഞ്ഞിട്ട് കാല്‍ഗ്ലാസ് പാലും അരഗ്ലാസ് വെള്ളവും ചേര്‍ത്തു തിളപ്പിച്ച് കാല്‍ ഗ്ലാസാക്കി രാവിലെ വെറുംവയറ്റില്‍ കുടിക്കുക.
5. തകരക്കുരുന്ന് കാടിയിലോ മുലപ്പാലിലോ അരച്ച് നെറ്റിയില്‍ തേക്കുക.
6. ഇരുവേലി, മുത്തങ്ങ, ശതാവരിക്കിഴങ്ങ്, നിലപ്പനക്കിഴങ്ങ്, ജീരകം എന്നിവ പാലിലരച്ച് വെളുത്ത തുണിയില്‍ തിരിയായി തെറുത്ത് നെയ്യില്‍ മുക്കിക്കത്തിച്ച് ആ പുക വലിക്കുക.
7. തണുത്തവെള്ളം തുണിയില്‍ നനച്ച് നെറ്റിയില്‍ ചുറ്റിക്കെട്ടുക. കഴുത്തിനു പിന്നില്‍ ചൂടുപിടിക്കുന്നതും വളരെ നല്ലതാണ്.
8. കോഴിമുട്ടയുടെ വെള്ളയില്‍ തേറ്റാമ്പരല്‍ അരച്ച് നെറ്റിയില്‍ ലേപനം ചെയ്യുക.
9. കുന്നിക്കുരുവും വേരും നെയ്യിലരച്ച് നെറ്റിയിലിടുന്നതും മൈഗ്രേന്‍ മാറാന്‍ വളരെ നല്ലതാണ്.
10. മുലപ്പാല്‍ കൊണ്ട് നസ്യം ചെയ്യുന്നതും പഴകിയ തലവേദനയുള്‍പ്പെടെ മാറാന്‍ സഹായിക്കും.
ഡോ. പി. എം. മധു ലക്ചറര്‍, രോഗനിദാനവിഭാഗം, ഗവ. ആയുര്‍വേദ കോളജ്, കണ്ണൂര്‍
തലനീരിറക്കം എന്ന പുരാതന പദം കേരളീയർക്ക് വളരെ സുപരിചിതമാണ്. ആയുർവേദ ചികിത്സാരീത്യാ ഈ പദത്തിന് ഒരു ശാസ്ത്രീയവശമുണ്ട്. ആയുർവേദ ചികിത്സാതത്വപ്രകാരം വാതപിത്തകഫങ്ങളുടെ സമമായിട്ടുള്ള അവസ്ഥ ആരോഗ്യവും, അവയുടെ ഏറ്റക്കുറച്ചിൽ രോഗത്തിനും കാരണമാകുന്നു. ഭൂമി, ആകാശം, വായു, ജലം, അഗ്നി എന്നീ പഞ്ചഭൂതങ്ങളാൽ നിർമിതമാകുന്നു ശരീരം. ജലം, ഭൂമി എന്നിവയുടെ ഗുണങ്ങളുടെ ആധിക്യമുള്ളതാണു കഫം, അഗ്നി, വായു ഗുണങ്ങളുടെ ആധിക്യമുള്ളതാണു പിത്തം. ആകാശം, വായു എന്നിവയിൽ ഗുണാധിക്യമുളളത് വായുവിനാകുന്നു. കഫത്തിന്റെ ഒരു ദോഷമായിട്ടാണു ശരീരത്തിൽ നീർക്കെട്ട് ഉണ്ടാകുന്നത്. ആകാശത്തിൽ കാർമേഘം കാറ്റിനാൽ സഞ്ചരിച്ചു പർവതത്തിൽ തടഞ്ഞു നിർത്തി മഴ പെയ്യിക്കുന്നതു പോലെ നീർക്കെട്ടുകൾ ഏത് അവയവത്തിലാണോ പറ്റിപ്പിടിച്ചിരിക്കുന്നത് ആ അവയവത്തിലേക്കുള്ള രക്തയോട്ടവും വായുസഞ്ചാരവും തടസപ്പെടുന്നു. ആ ശരീരഭാഗം രോഗഗ്രസ്ഥമാകുകയും ചെയ്യുന്നു.
ആയുർവേദത്തിൽ എല്ലാ രോഗങ്ങളുടെയും കാരണം പചന(ദഹന) പ്രക്രിയയിൽ ഉള്ള വ്യത്യാസം ആകുന്നു. നാം കഴിക്കുന്ന ഭക്ഷണം അഗ്നിമാന്ദ്യത്തിനാൽ ദഹിക്കാതിരിക്കുകയും അന്നരസം മലിനമാവുകയും അധികമായി കഫം ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. കഫത്തിന്റെ ആധിക്യത്തോടു കൂടി അന്നരസം രക്തത്തിൽ ചേരുകയും രക്തത്തോടു കൂടി ചേർന്നു സർവശരീരത്തിൽ സഞ്ചരിക്കുകയും ചെയ്യുന്നു. അരി, വെള്ളം, വായു എന്നിവയുടെ സഹായത്താൽ കലത്തിലെ അരി എപ്രകാരം വേവുന്നുവോ അപ്രകാരം തന്നെ ആമാശയത്തിൽ വാതം, പിത്തം, കഫം എന്നിവയുടെ സംസർഗത്താൽ ആഹാരം പചിക്കപ്പെടുന്നു. ജലസ്വഭാവമുള്ള കഫത്തിന്റെ ആധിക്യത്താൽ പിത്തഗുണമുള്ള അഗ്നിയും കത്താൻ സഹായിക്കുന്ന വായുവും കത്തുന്ന അടുപ്പിലെ കനലിനെ ചാരമെന്നപോലെ കഫവും അഗ്നിയെ മറയ്ക്കുന്നു. ഇത് ആഹാരത്തിന്റെ പചനം ആമാശയത്തിൽ നടക്കാതിരിക്കാൻ കാരണമാകുന്നു.
തലനീരിറക്കം— ശിരസിൽ നിന്നു താഴേക്ക്
ഒരു വൃക്ഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതിന്റെ വേരാകുന്നതുപോലെ ശരീരമാകുന്ന വൃക്ഷത്തിന്റെ വേരാകുന്നു ശിരസ്. രക്തത്തിൽ തിങ്ങിനിറഞ്ഞ മാലിന്യങ്ങൾ ശിരസിൽ സഞ്ചയിക്കുകയും വെള്ളം താഴോട്ടൊഴുകുന്നതുപോലെ ജലസ്വഭാവമുള്ള ദോഷങ്ങൾ താഴെ ശരീരത്തിലേക്ക് ഇറങ്ങുകയും ശരീരത്തിന്റെ പല ഭാഗങ്ങളിലായി പറ്റിപിടിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ ദോഷങ്ങൾ മനസിനെയും മനസിന്റെ ദോഷങ്ങൾ ശരീരത്തെയും ബാധിക്കും. നീർക്കെട്ടുകൾ നിറഞ്ഞ ശരീരത്തിൽ കുടികൊള്ളുന്ന മനസിനെയും പലമാതിരി ദോഷങ്ങൾ ബാധിക്കുകയും മാനസികമായിട്ടുള്ള പല രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ദുഷിക്കാതിരിക്കുന്ന വായു ആരോഗ്യത്തിനും ദുഷിച്ച വായു രോഗത്തിനും കാരണമാകുന്നു. നീർക്കെട്ടുകൾ മുഖാന്തരം അടങ്ങിയിരിക്കുന്ന ശരീരകോശങ്ങളിലേക്കും സൂക്ഷ്മകോശങ്ങളിലേക്കും ആഹാരസാരാംശങ്ങളും പ്രാണവായുവും കലർന്ന രക്തം എത്തിച്ചേരാതിരിക്കുന്നതിനാൽ പ്രസ്തുത അവയവത്തിന്റെ പ്രവർത്തനം സ്തംഭിച്ച് രോഗം ഉണ്ടാകുന്നു. ഈ രക്തം ശരീരത്തിൽ എത്തിച്ചേരാത്ത ഒരു ഭാഗവും ഇടവുമില്ല. ശുദ്ധമായ രക്തത്തിന്റെ ഗുണം ശരീരത്തിൽ നല്ല നിറം, ബലമുള്ള ശരീരം, തടസം കൂടാതെയുള്ള പചനപ്രക്രിയ, പിന്നെ പഞ്ചേന്ദ്രിയങ്ങളുടെയും മനസിന്റെയും ശരിയായ പ്രവർത്തനം എന്നിവയാകുന്നു.
വ്യായാമം ചെയ്യാതിരിക്കുക, ഇടനേരങ്ങളിൽ ഭക്ഷണം കഴിക്കുക, കഫസ്വഭാവം കൂടുതലുള്ള ഭക്ഷണപദാർഥങ്ങൾ കഴിക്കുക, വിരുദ്ധാഹാരങ്ങൾ സേവിക്കുക.
ഉദാഹരണത്തിന് (മോര്, തൈര്, മത്സ്യം) (പാലും പഴവും) ഈ വിരുദ്ധാഹാരം കൊണ്ടും ക്രമംതെറ്റിയ ആഹാരസേവ കൊണ്ടും രക്തം വിഷസ്വഭാവമാകുകയും ചെയ്യുന്നു. എന്നാൽ വിരുദ്ധാഹാരങ്ങൾ കൊണ്ടുള്ള ദോഷങ്ങൾ കൊല്ലങ്ങളോളം ശരീരത്തിൽ നിലനിൽക്കുകയും ഇതു നിർവീര്യമാക്കാനോ വലിച്ചെടുക്കാനോ കഴിയാതെ അപാകിയായിട്ട് ശരീരത്തിൽ നിൽക്കുകയും പലവിധ മാറാരോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
മറ്റു രോഗാവസ്ഥകളിലേക്ക്
ശിരസിൽ നിന്നിറങ്ങുന്ന നീർക്കെട്ട് അസ്ഥിയിൽ സഞ്ചിതമായാൽ കഴുത്തുവേദന, കൈകാൽമുട്ടുകഴപ്പ്, സന്ധിവേദന, തോൾസന്ധിവേദന, കണംകാൽവേദന, നീര്, തലവേദന, കുത്തിനോവ് ഇവ ഉണ്ടാകുന്നു. ഇതിനെ രക്തവാതം അല്ലെങ്കിൽ ആമവാതം എന്നോ സന്ധിവാതമെന്നോ പറയുന്നു. ഓസ്റ്റിയോ ആർത്രൈറ്റിസ്, റുമറ്റോയ്ഡ് ആർത്രൈറ്റിസ്, റുമാറ്റിക് ഫീവർ, ഗൗട്ട്, സീറോ നെഗറ്റീവ് ആർത്രൈറ്റിസ്, സെർവിക്കൽ റാഡിക്കുലോ മൈലോപ്പതി, സോറിയാറ്റിക് ആർത്രൈറ്റിസ് എന്നിങ്ങനെയുള്ള രോഗങ്ങൾ ഉണ്ടാകുന്നു.
നീർക്കെട്ട് ശിരസിൽ സഞ്ചയിച്ചാൽ— തലവേദന, തലചുറ്റൽ, വിവിധയിനം നേത്രരോഗങ്ങൾ, മൂക്കടപ്പ്, മൂക്കിൽ ദശ, പനി, ഹൈപ്പോതൈറോയിഡിസം, ഹൈപ്പർതൈറോയിഡിസം, ചെവിവേദ എന്നിവ ഉണ്ടാകുന്നു.
നീർക്കെട്ട് മസ്തിഷ്കത്തിൽ സഞ്ചിതമായാൽ— മോട്ടോർ ന്യൂറോൺ ഡിസീസ്, കോർട്ടിക്കൽ അട്രോഫി, ബ്രെയിൻ ട്യൂമർ, ഡിമൻഷ്യ, അൽഷൈമേഴ്സ് ഡിസീസ്.
നീർക്കെട്ട് തൊണ്ടയിൽ സഞ്ചിതമായാൽ— തൈറോയിഡിന്റെ ബുദ്ധിമുട്ട്, ഫാരിൻജൈറ്റിസ്, ലാരിൻജൈറ്റിസ്, ടോൺസിലൈറ്റിസ്, കൂർക്കംവലി, ശ്വാസതടസം.
നീർക്കെട്ട് ശ്വാസകോശങ്ങളിൽ സഞ്ചിതമായാൽ— നടക്കുമ്പോൾ കിതപ്പ്, കൊറോണറി ഹാർട്ട് ഡിസീസ്, മയോകാർഡിയൽ ഇൻഫാർക്ഷൻ, ഹൈപ്പർടെൻഷൻ.
നീർക്കെട്ട് കരളിൽ സഞ്ചിതമായാൽ— ഫാറ്റി ലിവർ, ഹെപ്പറ്റോമെഗലി, ലിവർ സിറോസിസ്, പ്രമേഹം.
നീർക്കെട്ട് ആമാശയത്തിൽ സഞ്ചിതമായാൽ— പുളിച്ചു തികട്ടൽ, ഗ്യാസ്ട്രബിൾ, വയറുവീർപ്പ്, രുചിയില്ലായ്മ, വിശപ്പില്ലായ്മ, ഏമ്പക്കം, അൾസർ ഇവയുണ്ടാകുന്നു.
നീർക്കെട്ട് വൃക്കയിലും മൂത്രാശയത്തിലും സഞ്ചിതമായാൽ— മൂത്രത്തിൽ പഴുപ്പ്, മൂത്രത്തിൽ നിറഭേദം, കുറച്ചു മൂത്രം മാത്രം പോകുക, മൂത്രം കൂടുതലായി പോകുക, പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ, യൂറിൻ ടർബിഡിറ്റി.
നീർക്കെട്ട് രക്തത്തിൽ സഞ്ചിതമായാൽ— ചുട്ടുപുകച്ചിൽ, ത്വക്ക്രോഗങ്ങൾ, ഉദാഹരണത്തിന്: സോറിയാസിസ്, എക്സിമ, ത്വക്കിൽ നിറഭേദം, കരിവാളിച്ച നിറം എന്നിവയുണ്ടാകുന്നു. ഉറക്കമില്ലായ്മ, മാനസിക അസ്വസ്ഥത, ദേഷ്യം, വിഷമം, അനവസ്ഥിത, ചിത്തത്വം (മനോവിഭ്രാന്തി), ദുഃസ്വപ്നങ്ങൾ കാണുക, ജോലി ചെയ്യാൻ താൽപര്യമില്ലായ്മ, പലവിധ രോഗങ്ങൾ ഉണ്ടെന്നു സംശയം, ഡിപ്രഷൻ, ടെൻഷൻ എന്നിവയുണ്ടാകും.
നീർക്കെട്ട് ഗർഭാശയത്തിൽ സഞ്ചിതമായാൽ— ആർത്തവ തകരാറുകൾ, പിസിഒഡി, വന്ധ്യത, ചോക്ലേറ്റ്സിസ്റ്റ്, നബോത്തിയാൻ സിസ്റ്റ്, ഡെർമോയ്ഡ് സിസ്റ്റ്, ഡിസ്ഫങ്ഷനൽ യൂട്രൈൻ ബ്ലീഡിങ്, ഗർഭാശയമുഴകൾ എന്നിവ ഉണ്ടാകുന്നു.
രോഗപ്രതിരോധമാർഗങ്ങൾ
അറിഞ്ഞും അറിയാതെയും ദിനംപ്രതി നാം ചെയ്യുന്ന അപഥ്യാഹാരസേവനം മുതലായ കാരണങ്ങളാൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ ശരീരം മലം, മൂത്രം, വിയർപ്പ് എന്നിവയുടെ രൂപത്തിൽ പുറന്തള്ളുന്നു. ആയാസകരമായ പ്രവർത്തികളിൽ ഏർപ്പെടാത്ത അലസനായ ഒരുവന്റെ ശരീരത്തിൽ നിന്നുപോലും ദിനംപ്രതി ഏകദേശം അരലിറ്റർ വിയർപ്പ് പുറന്തള്ളപ്പെടുന്നുണ്ട്. ഇതിനു ശരീരത്തെ സഹായിക്കുക മാത്രമാണു രോഗപ്രതിരോധത്തിനുവേണ്ടി നാം ചെയ്യേണ്ടത്. പകലുറക്കം ഒഴിവാക്കുക, ചൂടുവെള്ളം കുടിക്കുക, എരിവ്, പുളി, ഉപ്പ് ഇവ അധികമായ അളവിലടങ്ങിയിട്ടുള്ളതും ഫാസ്റ്റ്ഫുഡും ഉപേക്ഷിക്കുക. വിയർക്കുന്നതുവരെ വ്യായാമം ചെയ്യുന്നതു നല്ലതാണ്.
നീരിറക്കത്തെ തടയാം
ആയുർവേദപ്രകാരം ശാരീരികരോഗങ്ങൾക്ക് ഒരു കാരണം ശോഫം (നീര്) ആണ്. കേരളീയ വൈദ്യന്മാർ ഇതിനെ നീരിറക്കം എന്നു പറയുന്നു. ഈ നീരിറക്കത്തെ അതിന്റെ പ്രാഥമിക അവസ്ഥയിൽ ചികിത്സിക്കാതിരുന്നാൽ ഈ നീര് ശരീരത്തിന്റെ ഏതു ഭാഗത്തു സഞ്ചിതമാകുന്നുവോ അതതു ഭാഗങ്ങളിൽ രോഗത്തെ ഉണ്ടാക്കുന്നു. നീരിറക്കം സ്പർശഗ്രാഹ്യമായാൽ സാധാരണക്കാർ ഇതിനെ നീർക്കെട്ട് എന്നു വിളിക്കും. ഈ നീർക്കെട്ടിനെ തുടച്ചുനീക്കുകയും ശരീരത്തിന് ബലത്തെ പ്രദാനം ചെയ്യുകയും ചെയ്യുന്നതിലൂടെ നമുക്ക് വരാനിരിക്കുന്ന രോഗങ്ങളെ തടയാനും സാധിക്കും.
നീർ പിടുത്തവും എണ്ണകളും ചികിത്സയും
നീർപിടുത്തത്തിന് സഹായിക്കുന്ന ഉചിതമായ എണ്ണകളും ഉണ്ട്. ഉദാഹരണത്തിന്: ഗുഗ്ഗുലു തിക്തക എണ്ണ, ബലാഗുളിച്യാദി എണ്ണ, അരിമേദാദി എണ്ണ, അസന ഏലാദി എണ്ണ, വില്വാദി എണ്ണ, പലതരം കഷായയാഗങ്ങൾ, ഉദാഹരണത്തിന്: ബൃഹത്കട്ഫലാദി കഷായം, അർധവില്വാംകഷായം, കോകിലാക്ഷം കഷായം, പുനർന്നവാദി കഷായം, ദശമൂലപഞ്ചകോല കഷായം എന്നിവയാണ്. ചന്ദ്രപ്രഭ ഗുളിക, കൗഡജത്രിഫല ലേഹ്യം, ഷഡ്ധരണ ചൂർണം, ഹിംഗുവചാദി ചൂർണം, ദശമൂലഹരീതകി ലേഹ്യം, ആവിൽത്തോലാദി ഭസ്മം എന്നീ മരുന്നുകൾ വൈദ്യനിർദേശമനുസരിച്ചു തലനീരിറക്കത്തിന് ഉപയോഗിക്കാം. പഞ്ചകർമങ്ങളായ നസ്യം, വമനം, വിരേചനം, വസ്തി, രക്തമോക്ഷണം, കബളം, ധൂമപാനം, സ്വേദക്രിയകൾ എന്നിവയും ചെയ്യാം.
നീർക്കെട്ട് വേണ്ട രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ ശരീരത്തിലെ പ്രതിരോധശക്തിയെ ബാധിക്കും. ഈ രോഗികൾ രക്തം പരിശോധിച്ചാൽ ഇ എസ് ആർ കൂടുതലായും രക്തത്തിലെ ഇരുമ്പിന്റെ അംശം (ഹീമോഗ്ലോബിൻ) കുറഞ്ഞിരിക്കുന്നതായും കാണാം.
നീർക്കെട്ടും നേത്രരോഗങ്ങളും
കണ്ണുകളിൽ ദൂഷിതകഫം സഞ്ചയിക്കുമ്പോൾ വിവിധതരത്തിലുള്ള നേത്രരോഗങ്ങൾ ഉണ്ടാവുന്നു. കഫസ്ഥാനമായ ശിരസിൽ സ്ഥിതി ചെയ്യുന്ന നേത്രത്തിൽ പിത്തത്തിനും തേജസിനുമാണ് ആധിക്യം. തലനീരിറക്കത്തിന്റെ ഫലമായി ദുഷിക്കുന്ന കഫം കണ്ണുകളിൽ സഞ്ചയിച്ചു വിവിധ നേത്രരോഗങ്ങൾ ഉണ്ടാക്കി കാഴ്ചശക്തിയും കണ്ണുകളുടെ തേജസും സൗന്ദര്യവും നശിപ്പിക്കുന്നു.
നേത്രാന്തർമർദം വർധിപ്പിക്കുന്നു (ഗ്ലോക്കോമ), കഫജതിമിരം (കാറ്ററേക്റ്റ്), കുട്ടികളാണെങ്കിൽ ദൂരക്കാഴ്ചയ്ക്കു ബുദ്ധിബുട്ട് (മയോപ്പിയ), പ്രമേഹരോഗികളിൽ പിത്താഭിഷ്യന്തം (ഡയബറ്റിക് റെറ്റിനോപ്പതി), വിട്ടുമാറാത്ത കണ്ണുചൊറിച്ചിൽ, തടിപ്പ്, കണ്ണുകളുടെ ഞരമ്പുകളെ ക്ഷയിപ്പിക്കുന്ന റെറ്റിനൈറ്റിസ്, പിഗ്മെന്റോസ, മാക്കുലർ ഡിജനറേഷൻ, ഒപ്റ്റിക് അട്രോഫി എന്നീ നേത്രരോഗങ്ങൾ ഉണ്ടാക്കി കണ്ണുകളുടെ കാഴ്ചയും സൗന്ദര്യവും നശിപ്പിക്കുന്നു.
നേത്രചികിത്സ ചെയ്യാം
നേത്രരോഗങ്ങളിൽ ഫലപ്രദമായ ചികിത്സകൾ.
1. നേത്രധാര (അക്ഷിസേകം)— കണ്ണിൽ അടിഞ്ഞ മാലിന്യങ്ങൾ വൃത്തിയാക്കാനും കാഴ്ചശക്തി വർധിപ്പിക്കാനും സഹായിക്കുന്നു.
2. അഞ്ജനം (കണ്ണിൽ മരുന്നെഴുതൽ/കൺമഷിയെഴുതൽ)— കണ്ണിൽ കെട്ടിയിരിക്കുന്ന ദോഷങ്ങൾ പുറത്തേക്കു വാർത്തുകളയാനും കാഴ്ചയുടെ സൂക്ഷ്മത വർധിപ്പിക്കാനും സഹായിക്കുന്നു.
3. നസ്യം (മരുന്നു മൂക്കിൽ ഇറ്റിച്ച് കഫം വലിച്ചു തുപ്പുക)— കണ്ണുകളിലും സൈനസുകളിലും തലയിലും അടിഞ്ഞ ദൂഷിത കഫത്തെ ഇളക്കിക്കളയുന്നു.
4. കബളം (മരുന്നിട്ടു തിളപ്പിച്ച കഷായം ചെറുചൂടിൽ കവിൾകൊള്ളൽ)— വായിലും തൊണ്ടയിലും മോണയിലും അടിഞ്ഞ കഫത്തെ ശുദ്ധീകരിക്കുന്നു.
ഗുണങ്ങൾ: സ്വാദ് വർധിപ്പിക്കുന്നു, കഫദോഷങ്ങളെ അകറ്റുന്നു.
5. വിഡാലകം (പുറമ്പട)— മരുന്നു യുക്തമായ ദ്രവത്തിൽ അരച്ചു കൺപോളകളിൽ പുരട്ടൽ.
ഗുണങ്ങൾ— കണ്ണുകളിലെയും കൺപോളകളിലെയും നീർക്കെട്ടു മാറ്റി രക്തസഞ്ചാരം വർധിപ്പിക്കുന്നു.
ഇത്തരം ചികിത്സകൾ കൊണ്ടു കഫനിർഹരണത്തിനു ശേഷം കണ്ണുകൾക്കു പുഷ്ടിയും ബലവും വർധിപ്പിക്കുന്ന തർപ്പണം, പുടപാകം തുടങ്ങിയ ചികിത്സകൾ വളരെ ഫലപ്രദമാണ്.
ഈർപ്പവും നീർക്കെട്ടും
കാലാവസ്ഥയുമായി ബന്ധപ്പെട്ടു ശരീരത്തിൽ നീർക്കെട്ടിനുള്ള സാധ്യത വളരെ കൂടുതലാണ്. ഈർപ്പം കൂടിയ വായു നിറഞ്ഞ കാലാവസ്ഥ നീർക്കെട്ട് വർധിപ്പിക്കുന്നതായി കാണുന്നു. ഈർപ്പം (50—60)ഹ്യൂമിഡിറ്റിയുടെ ഇടയിൽ വരുന്നതാണ് ഏറ്റവും ആരോഗ്യകരമായ അന്തരീക്ഷം. കേരളത്തിൽ ഇതുപല സ്ഥലങ്ങളിലും 80നു മുകളിലാണ്. അതുകൊണ്ടുതന്നെ ഈർപ്പം കൂടുതലുള്ളതിനാൽ നീരിറക്കവുമായി ബന്ധപ്പെട്ട രോഗങ്ങൾ കൂടുതലാണ്.
ഡോ. ഡി. രാമനാഥൻ
ആരോഗ്യപൂര്‍ണമായ ജീവിതത്തിന്റെ അടിസ്ഥാനമാണ് ആയുര്‍വേദം അനുശാസിക്കുന്ന ദിനചര്യകള്‍. ഈ അടിസ്ഥാനചര്യകള്‍ പാലിക്കുന്നതോടെ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു താളം കൈവരും. അതോടെ ടെന്‍ഷനും രോഗങ്ങളും അകലും.
രാവിലെ ഉണരുന്നതു മുതല്‍ രാത്രി കിടക്കും വരെയുള്ള കാര്യങ്ങളാണ് ദിനചര്യയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചര മുതല്‍ ആറര വരെയുള്ള സമയമാണ് ഉണരാന്‍ അഭികാമ്യമാണ്. തുടര്‍ന്നു മലവിസര്‍ജനം, പല്ലുതേയ്ക്കല്‍, കുളി എന്നിവ നടത്താം.
പല്ലിന്റെ ആരോഗ്യത്തിന്
ആയുര്‍വേദ ചൂര്‍ണങ്ങളോ ആര്യവേപ്പിന്‍ കമ്പു ചതച്ചതോ ഉപയോഗിച്ചു പല്ലു തേയ്ക്കുന്നത് ഉത്തമമാണ്. എള്ള് അരച്ചു ചൂടുവെള്ളത്തില്‍ കലക്കി കവിള്‍ കൊള്ളുന്നതും നല്ലതാണ്. കര്‍പ്പൂരതൈലം, കരയാമ്പു, ജാതിക്ക തുടങ്ങിയവയും ദന്തശുചീകരണത്തിനു നല്ലതു തന്നെ.
തിളങ്ങും ചര്‍മത്തിനു തേച്ചുകുളി
തൈലമോ എണ്ണയോ തേച്ചുള്ള കുളിയാണ് ഉത്തമം. നല്ലെണ്ണ, നാല്‍പാമരാദി വെളിച്ചെണ്ണ, ധന്വന്തരം തൈലം എന്നിവയെല്ലാം തേച്ചുകുളിക്കാന്‍ പൊതുവായി ഉപയോഗിക്കാവുന്നതാണ്. തലയിലും ഉള്ളം കാലിലും ചെവിക്കുടന്നയിലും എണ്ണ തേച്ചു മസാജ് ചെയ്യണം. എണ്ണ തേച്ചു 20-30 മിനിട്ടെങ്കിലും കഴിഞ്ഞേ കുളിക്കാവൂ. നിത്യവും ഇങ്ങനെ ചെയ്താല്‍ നല്ല ഉറക്കം കിട്ടും. ക്ഷീണം മാറും. ഉത്സാഹം വര്‍ധിക്കും. ലൈംഗികശക്തിക്കും ഉത്തമം. വ്യായാമം ചെയ്യുന്നുണ്ടെങ്കില്‍ ശരീരത്തില്‍ എണ്ണ പുരട്ടി തിരുമ്മിയശേഷം ചെയ്യാം. വിയര്‍ത്താല്‍ വിയര്‍പ്പാറിയേ കുളിക്കാവൂ. ഇളം ചൂടുവെള്ളത്തിലാണു കുളിക്കേണ്ടത്. തേച്ചു കുളിക്കാന്‍ സോപ്പിനു പകരം പയറുപൊടിയോ കടലമാവോ ഉപയോഗിക്കാം. ഇതു ത്വക്കിനു തിളക്കവും മൃദുത്വവും നല്‍കും. തല തണുത്ത വെള്ളത്തിലേ കഴുകാവൂ.
കരുതല്‍ കണ്ണു മുതല്‍ പാദം വരെ
ദിവസവും രണ്ടുതുള്ളി അണുതൈലം മൂക്കിലൊഴിക്കുന്നതു നല്ലതാണ്. ഇതു ശ്വാസകോശരോഗങ്ങളും കഫവും അകറ്റും. ഇതിനു ശേഷം ചെറുചൂടുവെള്ളം കവിള്‍ കൊള്ളുന്നതു കഫം പൂര്‍ണമായും ഇളകിപ്പോകാന്‍ സഹായിക്കും. ഇളനീര്‍ക്കുഴമ്പു ദിവസവും കണ്ണിലൊഴിക്കുന്നതു കണ്ണിനു കുളിര്‍മ നല്‍കും. നേത്രരോഗങ്ങളെ തടയും. ഇതുപോലെ തന്നെ ദിനവും ഉപയോഗിക്കാവുന്ന ഒന്നാണ് ത്രിഫലചൂര്‍ണം. നെല്ലിക്ക, താന്നിക്ക, കടുക്ക എന്നിവ സമം ചേര്‍ത്തു പൊടിച്ചതാണിത്. രോഗപ്രതിരോധത്തിനും മലബന്ധം മാറാനും ഇതു നല്ലതാണ്.
ആഹാരം മുതല്‍ ഉറക്കം വരെ
ആഹാരം രണ്ടുനേരം മതിയെന്നാണ് ആയുര്‍വേദ പക്ഷം. അതു കൃത്യസമയത്തും മിതമായും വേണം. മുഖ്യാഹാരങ്ങള്‍ക്കിടയില്‍ 3-4 മണിക്കൂര്‍ ഇടവേള വേണം. അതാതു കാലങ്ങളില്‍ ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതാണു നല്ലത്. എരിവും ഉപ്പും മിതമായി മതി.
രാത്രി അധിക ഭക്ഷണം വേണ്ട. ഭക്ഷണശേഷം ഉടനെ കുളിച്ചാല്‍ ദഹനക്കേടുണ്ടാകാം. സ്നാക്്സ് കഴിവതും പച്ചക്കറികളോ പഴങ്ങളോ മതി. ആഹാരം കഴിഞ്ഞശേഷം ഉടനെ ഉറക്കം വേണ്ട. കസേരയില്‍ ചാരിക്കിടന്നുള്ള മയക്കമാവാം. രാത്രിയില്‍ തല നനയ്ക്കേണ്ട. ദേഹം കഴുകിയാല്‍ മതി. അധികനേരം ഉറക്കമിളയ്ക്കുന്നതും നല്ലതല്ല. ആറു മണിക്കൂറെങ്കിലും ഉറങ്ങണം.
വാതം കൂടുതലുണ്ടാകുന്ന എല്ലാ സാഹചര്യങ്ങളും നടുവേദന കൂട്ടും. 80 ശതമാനം നടുവേദനയും ആയുര്‍വേദ ചികിത്സയിലൂടെ മാറ്റിയെടുക്കാം. നടുവേദന ഗൌരവത്തോടെ അറിയുകയും പരിഹരിക്കുകയും ചെയ്താല്‍ കൂടുതല്‍ പ്രത്യാശയോടെ ജീവിതത്തിലേക്കു തിരിച്ചെത്താനും കഴിയും.
ഇരുമ്പിന്റെ ദൃഢതയും പ്ളാസ്റ്റിക്കിന്റെ വഴക്കവും പ്രദര്‍ശിപ്പിക്കുന്ന വിപരീത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന മാജിക് ബാര്‍ എന്നു നട്ടെല്ലിനെ വിശേഷിപ്പിക്കാം. 33 കശേരുക്കളും അവ പരസ്പരം കൂട്ടിമുട്ടാതെ നോക്കുന്ന ഡിസ്ക്കുകളും ഇവ പ്രത്യേക രീതിയില്‍ വിന്യസിച്ചു രൂപപ്പെടുത്തുന്ന ടണലിലൂടെ കടന്നുപോകുന്ന സുഷുമ്നാനാഡിയുമടങ്ങിയതാണു നട്ടെല്ല്. വാഹനങ്ങളിലെ ഷോക്ക് അബ്സോര്‍ബര്‍ എന്ന പോലെ നട്ടെല്ലിനെയും സുഷുമ്നാനാഡിയെയും സംരക്ഷിക്കുന്നതും നട്ടെല്ലിന്റെ പരസ്പരമുള്ള കൂട്ടിമുട്ടലുകള്‍ ഒഴിവാക്കുന്നതും ഡിസ്ക്കുകളാണ്. ഡിസ്ക്കിന്റെ തള്ളല്‍, സ്ഥാന ഭ്രംശം, ഉളുക്ക്, ചതവ് എല്ലാം തന്നെ നടുവേദനയുണ്ടാക്കും.
നടുവേദനയുടെ കാരണങ്ങള്‍
പാരമ്പര്യമായി നട്ടെല്ലിനുണ്ടാകുന്ന ഘടനാവൈകല്യങ്ങള്‍, ജീവിതശൈലികള്‍ അമിതവണ്ണം, മദ്യപാനം, പുകവലി പോലുള്ള ദുശീലങ്ങള്‍, വാഹനയാത്ര, ഓരോ ജോലിയിലുമുള്ള ഇരിപ്പും നടപ്പും നില്‍പ്പും തുടങ്ങി മാംസപേശികള്‍ക്കും നട്ടെല്ലിലെ സന്ധികള്‍ക്കുമുണ്ടാകുന്ന ക്ഷതം വഴിയുള്ള വിവിധതരം രോഗങ്ങള്‍ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ കൊണ്ടു നടുവേദനയുണ്ടാകാം. ചേരുവകളറിയാതെ പരസ്യം കണ്ടു വാങ്ങിയുപയോഗിക്കുന്ന ലൈംഗികോത്തേജക ഔഷധങ്ങള്‍ പോലുള്ള ഔഷധങ്ങളും നടുവേദനയ്ക്കു കാരണമാകുന്നു.
മല-മൂത്ര വിസര്‍ജ്യസ്വഭാവങ്ങള്‍, ലൈംഗിക ബന്ധങ്ങള്‍ തുടങ്ങിയ സ്വാഭാവിക ത്വരകള്‍ അഥവാ വേഗങ്ങള്‍ ശരിയായി പാലിക്കപ്പെടാത്തതും മാനസികാസ്വാസ്ഥ്യങ്ങളും നടുവേദനയുണ്ടാക്കാം.
പരിശോധിച്ചറിയാം
ആയുര്‍വേദത്തില്‍ രോഗനിര്‍ണയത്തിനായി മൂന്നു പരിശോധന മാര്‍ഗങ്ങളാണുള്ളത്.
ദര്‍ശനം : നടുവേദനയുള്ള രോഗിയെയും രോഗഭാഗവും ശരിയായി നോക്കി പരിശോധിക്കുക. സൂക്ഷ്മദര്‍ശത്തിനായി സി ടി സ്കാന്‍, എം ആര്‍ ഐ സ്കാന്‍, എക്സറേ പരിശോധനകളും അവലംബിക്കാം. വിവിധതരം രക്തപരിശോധനകളും അവലംബിക്കാം. വിവിധതരം രക്തപരിശോധനകളും നിര്‍വഹിക്കണം.
സ്പര്‍ശനം : വേദനയുള്ള ഭാഗം കൈകൊണ്ടു തൊട്ടുനോക്കി മനസിലാക്കാം.
പ്രശ്നം : രോഗിയെക്കുറിച്ചു വിശദമായി ചോദിച്ചു മനസിലാക്കുന്നതാണു പ്രശ്നം.
നടുവേദനക്കാരനാണോ?
ഈ ലക്ഷണങ്ങളുണ്ടെങ്കില്‍ നിങ്ങളൊരു നടുവേദനക്കാരനാണ്. വേണ്ട ചികിത്സ ചെയ്യണം.
1 അരക്കെട്ടിന്, വേദനയും പിടുത്തവും അനുഭവപ്പെടുക. 2 നിവര്‍ന്നു നില്‍ക്കാന്‍ പ്രയാസം. 3 വശങ്ങളിലേക്കു തിരിയുമ്പോള്‍ വേദനയും പേശികള്‍ക്കു സങ്കോചവും. 4 മലര്‍ന്നു കിടന്നു കാലുകളുയര്‍ത്തുമ്പോള്‍ നടുവിനു വേദനയും പിടുത്തവും. നില്‍ക്കുവാനും നടക്കുവാനും ഇരിക്കുവാനും പ്രയാസം. 5 നട്ടെല്ലിന്റെ ഭാഗത്തു ചുവപ്പു നിറം, ചൂട്.
തടയാന്‍ വേണ്ടത്
1 വ്യായാമം സ്ഥിരമാക്കുക. നിത്യേന രാവിലെ അരമണിക്കൂറെങ്കിലും നല്ല വായു സഞ്ചാരമുള്ള ഭാഗത്തു നടക്കുകയോ നില്‍ക്കുകയോ കുളത്തില്‍ നീന്തുകയോ ചെയ്യുന്നതു നല്ല വ്യായാമം തന്നെയാണ്. അല്ലെങ്കില്‍ പ്രത്യേകം ശ്രദ്ധയോടെ യോഗ ചെയ്യുക. 2 പ്രഭാതത്തിലെയോ വൈകുന്നേരത്തെയോ സൂര്യപ്രകാശം ശരീരമാകെ തട്ടാനുള്ള സാഹചര്യമുണ്ടാക്കുക. 3 വീഴ്ച, ഉളുക്ക് മുതലായവ വരാതെ സൂക്ഷിക്കുക. 4 പൊക്കമുള്ള തലയിണകള്‍ ഒഴിവാക്കുക. കഴിയുന്നതും മരക്കട്ടിലില്‍ കിടക്കുക. 5 സ്ഥിരമായി ഒരേ രീതിയില്‍ ഇരിക്കാനും നില്‍ക്കാനും ശ്രദ്ധിക്കുക. 6 ഇടയ്ക്ക് അല്‍പ സമയം എഴുന്നേറ്റു നടക്കണം. 7 തുടര്‍ച്ചയായി ഇരുന്നു ജോലികള്‍ ചെയ്യുമ്പോള്‍ നടുനിവര്‍ന്നിരുന്ന് പാദങ്ങള്‍ ലംബമായി നിലത്തുറപ്പിച്ചുവെച്ച് ഇരിക്കുക. 8 നടുകുനിയാതെ, നിവര്‍ന്നിരിക്കാത്ത വണ്ണം മേശയും കസേരയും തമ്മിലുള്ള അകലം ക്രമീകരിക്കുക. 9 ഇരിക്കുമ്പോള്‍ അരഭാഗം വളച്ചു വശങ്ങളില്‍ നിന്നു ഭാരമുള്ളവ ഉയര്‍ത്താന്‍ ശ്രമിക്കരുത്. 10 ഭാരമുള്ള സാധനങ്ങള്‍ ശരീരത്തോടു ചേര്‍ത്തു പിടിച്ച് ഉയര്‍ത്തുന്നതും മുട്ടുകുത്തി നിന്നു ഭാരമുയര്‍ത്തുന്നതും നട്ടെല്ലിന്റെ സമ്മര്‍ദം കുറയ്ക്കും. 11 ശരീരത്തിന്റെ ഭാരം ഉയര്‍ത്തി അനുപാതമായി ക്രമപ്പെടുത്തണം. 12 മലമൂത്രവിസര്‍ജനങ്ങള്‍ യഥാസമയം നിര്‍വഹിക്കണം. 13 ആറുമണിക്കൂറെങ്കിലും സുഖമായി ഉറങ്ങി വിശ്രമിക്കുക. 14 ദിവസവും ദേഹത്ത് എണ്ണ തേച്ചു കുളിക്കുന്നതു നടു വേദന ഒഴിവാക്കാന്‍ സഹായിക്കും.
ആയുര്‍വേദ ചികിത്സ
ആയുര്‍വേദചികിത്സ രോഗകാരണം കണ്ടെത്തി അതില്ലാതാക്കലാണ്. അതുകൊണ്ടു തന്നെ രോഗത്തെ സൂക്ഷ്മമായി മനസിലാക്കിയാലേ ചികിത്സിക്കുവാന്‍ കഴിയൂ. ഔഷധപ്രയോഗങ്ങള്‍ കൊണ്ടു രോഗലക്ഷണങ്ങളെ ശമിപ്പിച്ചു സാവധാനം പരിഹാരം കണ്ടെത്തുകയാണു ചെയ്യുന്നത്.
നടുവേദന വാതരോഗത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ പൊതുവെ വാതചികിത്സ തന്നെയാണു വേണ്ടത്. ആയുര്‍വേദത്തിലെ അസ്ഥി ചികിത്സ, വ്രണ ചികിത്സ, നാഡീരോഗ ചികിത്സ എന്നീ വിഭാഗങ്ങളെ ബന്ധിപ്പിച്ചു യുക്തിപൂര്‍വം ചികിത്സിക്കാനാകും.
ശമനചികിത്സ- ആദ്യഘട്ടം
1 ആഹാരനിയന്ത്രണം. 2 ഔഷധങ്ങളുടെ അകത്തേക്കും പുറത്തേക്കുമുള്ള ഉപയോഗം. 3 വ്യായാമം.
വീട്ടിലെ ഔഷധങ്ങള്‍
. വഴുതനങ്ങ ആവണക്കെണ്ണയില്‍ വരട്ടി കറിയായി ഉപയോഗിക്കുക. . കുറുന്തോട്ടി ചുക്കു ചേര്‍ത്തു ചതച്ചിട്ടു തിളപ്പിച്ചുണ്ടാക്കുന്ന പാല്‍ കഷായം വേദനയും തരിപ്പുമില്ലാതാക്കും. വെളുത്തുള്ളി ആറു ചുള പാലില്‍ പുഴുങ്ങി ഉരസിച്ചേര്‍ത്ത് കഴിച്ചാല്‍ നടുവേദനയ്ക്കു ശമനവും വിശപ്പുമുണ്ടാകും. . ജീരകമിട്ടു തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
കഷായങ്ങള്‍ : രാസ്നാദി കഷായം, ഗന്ധര്‍വഹസ്താദി കഷായം, വരണാദി കഷായം, ഗുല്‍ഗുലു തിക്തകം കഷായം, സഹചരാദി കഷായം, നാഡീമുസ്താദി കഷായം.
ഗുളികകള്‍ : ധാന്വന്തരം ഗുളിക, ബൃഹത് വാത ചിന്താമണി, യോഗരാജ ഗുല്‍ഗുലു, ഗോരാചനാദി ഗുളിക.
അരിഷ്ടങ്ങള്‍ : ധാന്വന്തരാരിഷ്ടം, ബലാരിഷ്ടം, അമൃതാരിഷ്ടം.
തൈലങ്ങള്‍ : കുഴമ്പുകള്‍, പുറമേ പുരട്ടുക. മുറിവെണ്ണ, സഹചരാദി തൈലം, ധന്വന്തരം തൈലം, കര്‍പ്പൂര തൈലം, ഗന്ധ തൈലം.
തലയ്ക്കു തേക്കുവാന്‍ : ക്ഷീരബല തൈലം, രാസ്നാദശമൂലാദി തൈലം, ധന്വന്തരം തൈലം, ബലാതൈലം, കായതിരുമേനി എണ്ണ.
അകമെ സേവിക്കാനുള്ള തൈലങ്ങള്‍ : ക്ഷീരബല 101, ധന്വന്തരം 101, സഹചരാദി തുടങ്ങിയ ആവര്‍ത്തികള്‍, ഗന്ധതൈലം, ഗന്ധര്‍വഹസ്താദി ആവണക്കെണ്ണ.
ലേപനങ്ങള്‍ : ജഢാമയാദി ചൂര്‍ണം വെപ്പുകാടിയില്‍ അരച്ചിടുന്നതും വലിയ മര്‍മഗുളിക മുറിവെണ്ണയില്‍ ചേര്‍ത്തരച്ചു വേദനയുള്ള ഭാഗത്തു പൂച്ചിടുന്നതു നല്ലതാണ്. നാഗരാദിചൂര്‍ണം വെള്ളത്തില്‍ ചാലിച്ചിടുക.
പഞ്ചകര്‍മ ചികിത്സ
നടുവേദനയില്‍ പഞ്ചകര്‍മചികിത്സയ്ക്കു വളരെയേറെ പ്രാധാന്യമുണ്ട്. ആധുനികശാസ്ത്രത്തില്‍ സൂചിപ്പിക്കുന്ന ട്രാക്ഷന്‍ തുടങ്ങിയ ഫിസിയോ തെറപിയോടൊപ്പം സമന്വയിപ്പിച്ചുകൊണ്ടു തന്നെ ആയുര്‍വേദചികിത്സ ചെയ്യാം. സ്നേഹനം, സ്വേദനം, ശോധനം എന്ന 3 ഘട്ടമായാണു പഞ്ചകര്‍മചികിത്സ ചെയ്തുവരുന്നത്.
സ്നേഹനചികിത്സ : വിവിധതം നെയ്യ്, തൈലം എന്നിവ അകത്തേക്കും പുറത്തേക്കും ശാസ്ത്രീയമായി ഉപയോഗിച്ചു രോഗിക്കു സ്നിഗ്ധത ഉണ്ടാക്കുന്നതാണ് ഈ ഘട്ടം.
സ്വേദനചികിത്സ : സര്‍വസാധാരണയായി കണ്ടുവരുന്ന ആയുര്‍വേദചികിത്സകളായ ഉഴിച്ചില്‍, പിഴിച്ചില്‍, വിവിധതരം കിഴികള്‍ എല്ലാം തന്നെ സ്വേദനത്തില്‍ ഉള്‍പ്പെടുന്നു.
പ്രത്യേക ചികിത്സകള്‍
പിചു : വേദനയുള്ള ഭാഗത്ത്, ശീലക്കഷണമോ പഞ്ഞിയോ ഉപയോഗിച്ചു ചെറുചൂടോടെ തൈലം നിര്‍ത്തുന്നതാണു പിചു.
ഗന്ധതൈലം, മുറിവെണ്ണ, ധന്വന്തരം തൈലം തുടങ്ങിയ തൈലങ്ങളാണു സാധാരണയായി പിചുവിന് ഉപയോഗിക്കുന്നത്. അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ പിചു വയ്ക്കാറുണ്ട്. 100 രൂപ മുതല്‍ ചിലവു വരും.
പൃഷ്ഠവസ്തി : കടിവസ്തി എന്നും പേരുണ്ട്. ഡിസ്ക് തകരാറുമുലമുള്ള നടുവേദനയ്ക്കു പൃഷ്ഠവസ്തി ഫലപ്രദമാണ്.
നടുവേദനയുള്ള രോഗിയെ കമിഴ്ത്തിക്കിടത്തി വേദനയുള്ള ഭാഗത്തു ഉഴുന്നുമാവ് ഉപയോഗിച്ച് ഒരു തടമുണ്ടാക്കിയെടുക്കുന്നു. ഉഴുന്നുമാവ് ഉണങ്ങിയശേഷം ഈ തടത്തില്‍ ചെറു ചൂടോടെ തൈലം നിര്‍ത്തിവയ്ക്കുന്നതാണ് പൃഷ്ഠവസ്തി. ഒരു മണിക്കൂര്‍ നേരം വരെ ചെയ്യാം. 200 രൂപ മുതല്‍ നിത്യേന ചിലവുവരും.
നവരക്കിഴി : നട്ടെല്ലിനോടനുബന്ധിച്ചുള്ള മാംസപേശികളുടെ വികാസത്തിന് ഇത്രയും ഫലപ്രദമായ മറ്റൊരു ചികിത്സ ഇല്ലെന്നു തന്നെ പറയാം. കുറുന്തോട്ടി കഷായവും പാലും ചേര്‍ത്തു തയ്യാറാക്കുന്ന മിശ്രിതത്തില്‍ നവരയരി വേവിച്ചു ഓറഞ്ച് വലിപ്പത്തില്‍ കിഴികെട്ടി, തൈലം പുരട്ടിയ ശേഷം ദേഹത്തു കിഴി ചൂടാക്കി കുത്തുന്ന രീതിയാണു നവരക്കിഴി.
കിഴിക്ക് മുമ്പും ശേഷവും തൈലം പുരട്ടി തടവാറുണ്ട്. 700 രൂപ മുതല്‍ നിത്യേന ചിലവു വരുന്നു.
വീട്ടില്‍ ചെയ്യാം പച്ചക്കിഴി
പത്രപോടല സ്വേദനം : നടുവേദനയ്ക്ക് ഏറ്റവും ഫലപ്രദവും ചെലവു കുറഞ്ഞതുമായ കിഴിയാണു പത്രപോട സ്വേദനം അഥവാ പച്ചക്കിഴി.
മുരിങ്ങയില, വാതംകൊല്ലിയില, ആവണക്കില, പുളിയില, എരിക്കിനില, മുഞ്ഞയില, മുരിക്കിനില തുടങ്ങിയ വാതശമനികളായ ഇലകള്‍ ചെറുതായി അരിഞ്ഞതും ഒരു മുറി നാളികേരം ചിരകിയതും നാലു ചെറുനാരങ്ങ ചെറുതായി അരിഞ്ഞെടുത്തതും ചേര്‍ത്ത് ആവണക്കെണ്ണയില്‍ ചുവക്കെ വറുത്തെടുത്ത് ഓറഞ്ചു വലിപ്പത്തില്‍ കിഴികെട്ടി ഉപയോഗിക്കുന്നതാണു പച്ചക്കിഴി. തൈലം പുരട്ടി തടവിയ ശേഷം ദേഹത്ത് ഒരു മണിക്കൂര്‍ നേരം പാകത്തിനു ചൂടോടെ കിഴി കുത്തുന്ന ഈ ചികിത്സാരീതി ആര്‍ക്കും വീട്ടില്‍ തന്നെ പ്രയോഗിച്ചു നോക്കാവുന്നതും വളരെ ചെലവുകുറഞ്ഞതുമാണ്.
അവഗാഹസ്വേദം : ഔഷധങ്ങളിട്ടു തിളപ്പിച്ച വെള്ളത്തില്‍ പാകമായ ചൂടില്‍ ഇറങ്ങിയിരിക്കുന്നതാണ് അവഗാഹസ്വേദം. വേദനയ്ക്കു തുടക്കത്തില്‍ തന്നെ ഈ ചികിത്സാരീതി ആരംഭിക്കാം.
പഴുത്ത പ്ളാവില, കരിനെച്ചിയില, ആവണക്കില, വാതംകൊല്ലിയില, പുളിയില, ഉങ്ങിന്റെ ഇല തുടങ്ങിയവയാണ് വെള്ളത്തില്‍ തിളപ്പിക്കുന്നത്. മരുന്നിട്ടു തിളപ്പിച്ച വെള്ളത്തിലിരിക്കുന്നതിന് അര മണിക്കൂര്‍ മുമ്പു മഹമാഷതൈലം, സഹചരാദിതൈലം, ധന്വന്തരംതൈലം, മുറിവെണ്ണ ഇവയിലേതെങ്കിലും വേദനയുള്ള ഭാഗത്തു പുരട്ടാം. വെള്ളത്തിലിരുന്നു വിയര്‍ക്കുന്നതോടെ വേദന കുറയും. നന്നായി വിയര്‍ക്കുന്നതുവരെ അവഗാഹസ്വേദം ചെയ്യാം. 2-3 ആഴ്ച വരെ എല്ലാ ദിവസവും ഇതു ചെയ്യാം.
ശോധന ചികിത്സ, വിരേചനം : ഗന്ധര്‍ഹസ്താദി ആവണക്കെണ്ണ, ഹിംഗുത്രികുണം തൈലം എന്നിവ ഉപയോഗിച്ചു വയറിളക്കുന്നതാണു സ്നിഗ്ധ വിരേചനം.
വസ്തി : രോഗത്തിന്റെ അവസ്ഥയ്ക്കനുസരിച്ചു യോജിച്ച തൈലം ചെറിയ അളവിലെടുത്തു ഗിസറിന്‍ എനിമ പോലെ ചെയ്യുന്നതാണു സാമാന്യേന മാത്രാവസ്തി എന്നു പറയുന്നത്. വേദനയ്ക്കു പെട്ടെന്നു ശമനമുണ്ടാകും. ഒരാഴ്ച തുടര്‍ച്ചയായി മാത്രാവസ്തി പ്രയോഗിക്കാം.
നടുവേദന ചികിത്സയിലെ രാജാവാണു കഷായവസ്തി. ആവണക്കിന്‍ വേര് പ്രധാനമായുള്ള ഏരണ്ടമൂലാദി, ഗന്ധര്‍വഹസ്താദി, കഷായവസ്തികള്‍ വളരെ ഫലപ്രദമാണ്.
മാധുതൈലികവസ്തിയും ദോഷശോധനത്തിനു നടുവേദന ചികിത്സയില്‍ ശ്രദ്ധേയമാണ്.
വേഷ്ഠനം അഥവാ വിവിധതരം ബാന്‍ഡേജുകള്‍ നടുവേദന കുറയാന്‍ഉപയോഗിക്കാവുന്നതാണ്. വേഷ്ഠനത്തിന്റെ പരിഷ്കൃതരൂപങ്ങളാണു ലമ്പോ സാക്രല്‍ കോര്‍സെറ്റ് മുതലായ കെട്ടുകള്‍.
പ്രത്യേക ഔഷധങ്ങള്‍ പുരട്ടിയ ബാന്‍ഡേജുകള്‍ ഉപയോഗിക്കുന്നതുംഏറം ഫലപ്രദമാണ്.
തണുപ്പുകാലത്തു വേദന കൂടും
തണുപ്പു കാലത്തു പൊതുവേ സന്ധികള്‍ക്കും പേശികള്‍ക്കു സങ്കോചം കൂടുതലാണ്. ഇതുവേദന കൂടാനിടയാക്കും. അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന വ്യതിയാനങ്ങളും സന്ധികളിലെ വീക്കം കൂടാനിടയാക്കും. ചൂടില്‍ നിന്നും പെട്ടെന്നു തണുപ്പിലേയ്ക്കു മാറുമ്പോള്‍ പ്രത്യേകിച്ചും. തണുപ്പുകാലത്തെ പൊതുവെ അലസമായ ജീവിതശൈലിയും വ്യായാമമില്ലാത്ത അവസ്ഥയും പ്രശ്നങ്ങളെ കൂടുതല്‍ വഷങ്ങളാക്കും.
തണുപ്പുകാലത്തു വിശപ്പു കൂടുതലായിരിക്കും. ദഹനശേഷി കുറവും. ഇതു ഭക്ഷണം ദഹിക്കാതെയിരിക്കാനുംമലബന്ധത്തിനും കാരണമാകാം. ഇതും നടുവേദനയും മുട്ടുവേദനയും കൂടാനിടയാക്കും.
വേണം ആഹാരനിയന്ത്രണം
നാരുള്ള പച്ചക്കറികള്‍ ധാരാളമായി ഉപയോഗിക്കണം. പ്രത്യേകിച്ചു വഴുതന, ഉണ്ണിപ്പിണ്ടി, മുരിങ്ങക്കായ തുടങ്ങിയവ. തവിടു കളയാത്ത അരി പാകപ്പെടുത്തി ഉപയോഗിക്കുന്നതു ശീലമാക്കുക. ചേന, ചുവന്ന ഉള്ളി എന്നിവ കറികളില്‍ ധാരാളമായി ഉപയോഗിക്കുക.
മലബന്ധമുണ്ടാക്കുന്ന കിഴങ്ങുകള്‍, പരിപ്പുകള്‍, എണ്ണയില്‍ വറുത്ത സാധനങ്ങള്‍, മസാലക്കൂട്ടുകള്‍ ഇവ കഴിയുന്നത്ര ഒഴിവാക്കുക. മഞ്ഞള്‍, ചുക്ക്, കറിവേപ്പില ഇവ ചതച്ചിട്ടു കാച്ചിയ മോര് ധാരാളം ഉപയോഗിക്കുക. മത്സ്യ-മാംസങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തുക.
_ഡോ പി കൃഷ്ണദാസ് ചീഫ് ഫിസിഷന്‍ അമൃതം ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, പെരിന്തല്‍മണ്ണ_
ചിട്ടയില്ലാത്ത ഭക്ഷണം, പുകവലി, വ്യായാമമില്ലായ്മ എന്നിവയാല്‍ രക്തസമ്മര്‍ദവും കൊളസ്ട്രോളുമൊക്കെ കൂടി ദശലക്ഷക്കണക്കിനാളുകള്‍ മരിക്കാനിടവരുന്നതിനെ ജൂലിയന്‍ വിറ്റേക്കര്‍ എന്ന അമേരിക്കന്‍ കാര്‍ഡിയോളജിസ്റ്റ് റിവേഴ്സിംഗ് ഹാര്‍ട്ട് ഡിസീസസ് എന്ന പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നത് ദി അമേരിക്കന്‍ വേ റ്റു ഡൈ (അമേരിക്കന്‍ മരണരീതി) എന്നാണ്. ലോകമെമ്പാടുമുള്ള ആളുകള്‍ ഈ രീതിയിലാണ് ഇപ്പോള്‍ ദിനംപ്രതി മരിച്ചുകൊണ്ടിരിക്കുന്നത്. പഥ്യാഹാരവും ചിട്ടയായ ജീവിതരീതികളുമില്ലാതെ രക്തസമ്മര്‍ദം പോലുള്ള രോഗങ്ങള്‍ നിയന്ത്രിക്കുക മരുന്നുകള്‍ കൊണ്ടു മാത്രം സാധ്യമല്ലെന്നു ചുരുക്കം.
ഇന്തുപ്പും സംഭാരവും
നമ്മള്‍ ഭക്ഷ്യവസ്തുക്കളായി ഉപയോഗിക്കുന്ന കുരുമുളകിനും മഞ്ഞളിനും കുടമ്പുളിക്കും വെളുത്തുള്ളിക്കും ചുക്കിനുമൊക്കെ രക്തസമ്മര്‍ദം കുറയ്ക്കാന്‍ കഴിയും. സംഭാരം അല്ലെങ്കില്‍ വെണ്ണ മാറ്റിയ മോരില്‍ ഉള്ളിയും ഇഞ്ചിയും കാന്താരിമുളകും കറിവേപ്പിലയുമൊക്കെ ഇട്ട്, ആവശ്യമെങ്കില്‍ കുറച്ച് ഇന്തുപ്പും ഇട്ടു കുടിക്കുന്നതു രക്തത്തിലെ കൊഴുപ്പിനെ അലിയിക്കും എന്നു പഴമക്കാര്‍ പറയാറുണ്ട്.
കറിയുപ്പിനു പകരം ഇന്തുപ്പ് എന്ന പൊട്ടാസ്യം ക്ളോറൈഡ് ഉപയോഗിക്കുന്നതാണു നüല്ലത്. ഉപ്പുകളില്‍ ശ്രേഷ്ഠം ഇന്തുപ്പാണെന്ന് ആയുര്‍വേദം പറയുന്നു.
ഔഷധപ്രയോഗങ്ങള്‍
ഭക്ഷണക്രമീകരണം കൊണ്ട് രക്തസമ്മര്‍ദം കുറയുന്നില്ലെങ്കില്‍ തീര്‍ച്ചയായിട്ടും ഔഷധപ്രയോഗങ്ങള്‍ വേണ്ടിവരും.
അഷ്ടവര്‍ഗം കഷായം, വരണാദി കഷായം, രസോനാദി കഷായം, സര്‍പ്പഗന്ധചൂര്‍ണം, ത്രിഫലാചൂര്‍ണം, ഗുഗ്ഗുലു ചേരുന്ന യോഗങ്ങള്‍ എന്നിവ രക്തസമ്മര്‍ദത്തില്‍ സര്‍വസാധാരണമായി വൈദ്യന്മാര്‍ നിര്‍ദേശിക്കുന്ന ഔഷധങ്ങളാണ്. അതുപോലെ തന്നെ മുരിങ്ങവേരിന്മേല്‍ തൊലി കഷായം വച്ച് സേവിക്കാനും വാഴപ്പിണ്ടി (ഉണ്ണിപിണ്ടി) ഇടിച്ചുപിഴിഞ്ഞ നീര് കുടിക്കാനും പേരയില ഇട്ടു വെന്തവെള്ളം കുടിക്കാനുമൊക്കെ നിര്‍ദേശിക്കാറുണ്ട്. . ഒരു നെല്ലിക്ക അളവിനു കൂവളത്തില അരച്ച് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു ദിവസവും രാവിലെ വെറുംവയറ്റില്‍ സേവിക്കുന്നതു രക്തസമ്മര്‍ദവും കൊളസ്ട്രോളും കുറയ്ക്കും. . നീര്‍മാതളത്തിന്‍ തൊലി, വെളുത്തുള്ളി എന്നിവ പാലില്‍ തിളപ്പിച്ചു ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്പു രണ്ടുനേരം സേവിച്ചാല്‍ രക്തസമ്മര്‍ദം കുറയും. . ഒരു ടേബിള്‍സ്പൂണ്‍ വറുത്ത മുതിരയും ഒരു ടീസ്പൂണ്‍ പഞ്ചകോലചൂര്‍ണവും തേനില്‍ ചാലിച്ചു രാവിലെയും ഉച്ചയ്ക്കും ആഹാരത്തിന് അരമണിക്കൂര്‍ മുമ്പു സ്ഥിരമായി സേവിക്കുകയും മുതിരയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുകയും ചെയ്താല്‍ രക്തസമ്മര്‍ദം കുറയും. . ചെമ്പരത്തിമൊട്ട് ഏഴെണ്ണം കഞ്ഞിവെള്ളവും ചേര്‍ത്തരച്ചു രാവിലെ വെറുംവയറ്റില്‍ സേവിക്കാം. . ഒരു കഷണം ചുരയ്ക്ക, 7-10 തുളസിയില, 7-10 പുതിനയില എന്നിവ നന്നായി അരച്ച് രാവിലെ വെറുംവയറ്റില്‍ സ്ഥിരമായി സേവിക്കാം.
_ഡോ കെ ശ്രീകുമാര്‍ സ്പെഷലിസ്റ്റ്് മെഡിക്കല്‍ ഓഫിസര്‍, (മര്‍മ) ജില്ലാ ആയുര്‍വേദ ആശുപത്രി, പാലക്കാട്._
മാര്‍ച്ച് മാസാരംഭം മുതല്‍ മെയ്മാസം അവസാനം വരെയുള്ള കാലയളവാണ് കേരളത്തില്‍ ഉഷ്ണകാലമായി പറയപ്പെടുന്നത്. ഈ കാലയളവില്‍ സൂര്യന്‍ ഭൂമിയോടടുത്തു നില്‍ക്കുന്നതിനാല്‍ ചൂട് വളരെക്കൂടുതലായി അനുഭവപ്പെടുന്നു. ഭൂമിയില്‍ നിന്നും പരമാവധി ജലാംശം നഷ്ടപ്പെടുന്ന ഈ സമയത്തു സൂര്യന്റെ ശുഷ്കീകരണപ്രഭാവം മനുഷ്യശരീരത്തെയും സാരമായി ബാധിക്കുന്നു. ശരീരബലം കുറയുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. വ്യക്തിശുചിത്വത്തിലും ആരോഗ്യപരിചരണത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല, ഇപ്പോള്‍ പുതുതായി കണ്ടുവരുന്ന മഴയും ചൂടും ഇടകലര്‍ന്ന കാലാവസ്ഥ നിരവധി പേരില്‍ ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. വിട്ടുമാറാത്ത ചുമയും നീരിളക്കവും ഉദാഹരണം. രാവിലെ 10 മണിക്കു ശേഷമുള്ള വെയില്‍ കൊള്ളാതിരിക്കുക, വിയര്‍ത്തു വന്നു കഴിഞ്ഞാലുടന്‍ കുളിക്കാതിരിക്കുക എന്നീ പ്രാഥമിക കരുതലുകള്‍ അത്യാവശ്യമാണ്.
ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം, അമീബിയാസിസ് (പ്രവാഹിക), ചെങ്കണ്ണ് തുടങ്ങിയ പകര്‍ച്ചവ്യാധികളും തൊലിപ്പുറത്തുണ്ടാക്കുന്ന ഫംഗസ്ബാധ, മൂത്രനാളിയിലെ അണുബാധ, ഫോട്ടോഡര്‍മറ്റൈറ്റിസ്, ചൂടുകുരു എന്നിവയും സാധാരണയായി കാണാറുണ്ട്. പ്രമേഹരോഗികള്‍ക്ക് ദാഹവും ക്ഷീണവും അതിയായി വര്‍ധിക്കുന്ന ഒരു കാലയളവ് കൂടിയാണിത്. അതുകൊണ്ടു തന്നെ ധാരാളം ശുദ്ധജലം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കരിങ്ങാലി വെള്ളവും രാമച്ചവും
നറുനീണ്ടി, കരിങ്ങാലി, രക്തചന്ദനം എന്നിവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുകയോ ഷഡംഗപാനീയം (മുത്തങ്ങാക്കിഴങ്ങ്, ചന്ദനം, ചുക്ക്, ഇരുവേലി, പര്‍പ്പടകപ്പുല്ല്, രാമച്ചം) ശീലിക്കുകയോ ചെയ്യുന്നത് ദാഹവും ക്ഷീണവും മാറുന്നതിനും ഉഷ്ണകാലരോഗങ്ങള്‍ വരാതിരിക്കുന്നതിനും ഉത്തമമാണ്.
ചിക്കന്‍പോക്സ് വരാതിരിക്കുന്നതിന് ഗുളൂച്യാദി കഷായത്തിലെ മരുന്നുകള്‍ പാനീയമായി കഴിക്കുന്നതു നല്ലതാണ്. ഗുളൂച്യാദി കഷായം കുടിക്കുന്നതും വെട്ടുമാറന്‍ ഗുളിക കരിക്കിന്‍വെള്ളത്തില്‍ ചേര്‍ത്തു കഴിക്കുന്നതും ചിക്കന്‍പോക്സിനു ഫലപ്രദമാണ്.
മഞ്ഞപ്പിത്തം തടയാന്‍ ദ്രാക്ഷാദി കഷായം
വെള്ളത്തില്‍ക്കൂടി പകരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസ് ഇക്കാലത്തു സാധാരണമാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ദ്രാക്ഷ”ാദി കഷായം കുടിക്കുക എന്നിവ കൊണ്ട് ഈ അസുഖം വരാതെ നോക്കാവുന്നതാണ്. അന്നഭേദി സിന്ദൂരം 50 മി ഗ്രാം നാരങ്ങാനീരും തേനും ചേര്‍ത്ത് മാസത്തില്‍ നാലോ അഞ്ചോ ദിവസം രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതും ഹെപ്പറ്റൈറ്റിസ് (മഞ്ഞപ്പിത്തം) വരാതിരിക്കാന്‍ നല്ലതാണ്.
ഹെപ്പറ്റൈറ്റിസിന് പ്രതിവിധിയായി ദ്രാക്ഷാദികഷായമാണ് ഉത്തമം. മഞ്ഞപ്പിത്തം മൂലമുണ്ടാക്കുന്ന താല്‍ക്കാലികമായ കരള്‍വീക്കത്തിന് ദ്രാക്ഷാദികഷായവും പുനര്‍നവാദി കഷായവും മാറിമാറി ഉപയോഗിക്കാവുന്നതാണ്. ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുന്നതിനനുസരിച്ചു വെള്ളം കുടിച്ചില്ലെങ്കില്‍ മൂത്രാശയക്കല്ല്, മൂത്രനാളിയില്‍ അണുബാധ, സ്ത്രീകള്‍ക്ക് അണുബാധ മൂലം വെള്ളപോക്ക് എന്നീ രോഗങ്ങള്‍ പിടിപെടുന്നതാണ്.
മൂത്രാശയക്കല്ലിന് ബൃഹത്യാദി കഷായം
ബൃഹത്യാദി കഷായം കുടിക്കുകയും ഗോക്ഷുരാദി ഗുഗ്ഗുലു ഓരോന്നുവീതം രണ്ടുനേരം കഷായത്തില്‍ ചേര്‍ത്തു കഴിക്കുന്നതും മൂത്രാശയക്കല്ലും മൂത്രനാളിയിലെ അണുബാധയും മാറുന്നതിന് ഫലപ്രദമാണ്. വെള്ളപോക്കിന് മുസലീഖദിരാദി കഷായവും ഗോക്ഷുരാദി ഗുഗ്ഗുലുവും കഴിക്കാവുന്നതാണ്.
ഉഷ്ണകാലത്ത് അതിയായി വിയര്‍ക്കുന്നതുമൂലം ഫംഗസ് ബാധയുണ്ടാവാന്‍ സാധ്യത കൂടുതലാണ്. ഉശീരാസവം, ശാരിബാസവം ഇവയിലേതെങ്കിലും കഴിക്കുന്നതും വജ്രകതൈലം പുറമെ പുരട്ടുന്നതും രോഗം മാറാന്‍ സഹായിക്കും. രണ്ടുനേരം കുളിക്കുന്നതും വൃത്തിയായി കഴുകിയുണക്കിയ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും മുമ്പു പറഞ്ഞ ഷഡംഗപാനീയം കഴിക്കുന്നതും തൊലിപ്പുറത്തുണ്ടാക്കുന്ന ഫംഗസ്ബാധ തടയാന്‍ ശീലിക്കേണ്ടതാണ്.
ചെങ്കണ്ണ് തടയാന്‍ വാളമ്പുളിയില ധാര
ചെങ്കണ്ണ് മഴക്കാലത്താണധികം ഉണ്ടാകുന്നതെങ്കിലും ഉഷ്ണകാലത്തും സാധാരണയായി കണ്ടുവരുന്നുണ്ട്. ഗുളൂച്യാദി കഷായം കണ്ണില്‍ ധാര ചെയ്യുന്നതും വാളന്‍പുളിയില മണ്‍ചട്ടിയില്‍ തിളപ്പിച്ചു തണുത്തതിനുശേഷം ധാര ചെയ്യുന്നതും ചെങ്കണ്ണ് വരാതിരിക്കാന്‍ ഉപകരിക്കും. ധാരയോടൊപ്പം സുദര്‍ശനാരിഷ്ടം രണ്ടുനേരം കഴിക്കുന്നതും സുദര്‍ശനം ഗുളിക ഒന്നുവീതം മൂന്നുനേരം കഴിക്കുന്നും ചെങ്കണ്ണ് മാറാന്‍ സഹായിക്കും.
അമീബിക് ഡിസന്‍ട്രിയക്ക് (പ്രവാഹിക) കൈഡര്യാദി കഷായം, അന്നഭേദിസിന്ദൂരം എന്നിവ ഗുണം ചെയ്യും. ചൂടുകാലത്തുണ്ടാകുന്ന ഫോട്ടോഡര്‍മറ്റൈറ്റിസ്, സണ്‍ബേണ്‍ എന്നിവയ്ക്കു വജ്രകതൈലം പുറമെ പുരട്ടിയാല്‍ മതിയാകും.
ചൂടുകാലത്തും തണുപ്പുകാലത്തും ഒരുപോലെ കണ്ടുവരുന്നതാണ് തലനീരിറക്കം. സുദര്‍ശനം ഗുളിക രണ്ടുവീതം മൂന്നുനേരം കഴിച്ചാല്‍ തലനീരിളക്കം മാത്രമല്ല അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തലവേദനയും ഫലപ്രദമായി തടയാം.
അല്‍പം ശ്രദ്ധിച്ചാല്‍ ഉഷ്ണകാലരോഗങ്ങളെല്ലാം ഒഴിവാക്കാവുന്നതേയുള്ളൂ. രോഗം വരുകയാണെങ്കില്‍ മുമ്പു പറഞ്ഞ മരുന്നുകള്‍ എല്ലാം ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കാം.
_ഡോ സി ഡി സഹദേവന്‍ ആയുര്‍വേദ ചികിത്സാ വിദഗ്ധന്‍, തൊടുപുഴ_
പൈല്‍സ്
ആയുര്‍വേദത്തിന്റെ അടിസ്ഥാന പ്രമാണമായ അഷ്ടാംഗഹൃദയത്തില്‍ പറയുന്ന എട്ടു മഹാവ്യാധികളില്‍ പെടുന്നവയാണ് അര്‍ശസും (പൈല്‍സ്) ഭഗന്ദരം അഥവാ ഫിസ്റ്റുലയും. കൊടിയ പാപം ചെയ്തവര്‍ക്കാണത്രെ ഈ രോഗങ്ങള്‍ വരിക. പൂര്‍ണശമനം ലഭിക്കാന്‍ പ്രയാസമുള്ളതും വളരെക്കാലം രോഗിയെ ദുരിതത്തിലാഴ്ത്തുന്നതുമായ രോഗങ്ങളാണ് മഹാവ്യാധികളില്‍ ഉള്‍പ്പെടുന്നത്.
മനുഷ്യശരീരത്തിലെ മഹാമര്‍മ്മമായ ഗുദത്തെ (മലദ്വാരം) കേന്ദ്രീകരിച്ചുണ്ടാകുന്ന ഈ രോഗങ്ങള്‍ക്ക് വൈദഗ്ധ്യത്തോടെയുള്ള ചികിത്സയാണ് ആവശ്യം. ലിംഗഭേദമില്ലാതെ ബാധിക്കുന്ന ഈ രോഗങ്ങളില്‍ പാരമ്പര്യവും ഘടകമായി വരുന്നു. പൊരിച്ചതും വറുത്തതും ഉള്‍പ്പെടെയുള്ള ഫാസ്റ്റ് ഫുഡ് സംസ്ക്കാരമാണ് അര്‍ശസ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കു കാരണം. അതുകൊണ്ടു ആഹാരരീതി ക്രമപ്പെടുത്തി വേണം ഈ രോഗങ്ങള്‍ക്കുള്ള ചികിത്സ തുടങ്ങാന്‍.
മരുന്നുകള്‍ അറിയാം
മറ്റേതൊരു രോഗവും പോലെ അര്‍ശസും തുടക്കത്തിലെ തിരിച്ചറിഞ്ഞു ചികിത്സിക്കുന്നതാണ് നല്ലത്. ആദ്യഘട്ടത്തിലാണെങ്കില്‍ ഔഷധപ്രയോഗം മാത്രം മതിയാകും അര്‍ശസിന്. വിവിധ തരം കഷായങ്ങള്‍, ആസവങ്ങള്‍, ചൂര്‍ണങ്ങള്‍, ലേഹ്യങ്ങള്‍ എന്നിവ അര്‍ശസിനെ ശമിപ്പിക്കുന്നതായി ആയുര്‍വേദം നിര്‍ദേശിക്കുന്നു.
അര്‍ശസിന്റെ ആദ്യഘട്ടത്തില്‍ മാത്രമേ ഔഷധപ്രയോഗം കൊണ്ടു പ്രയോജനമുള്ളൂ. അതുകഴിഞ്ഞാല്‍ ക്ഷാരസൂത്രമുള്‍പ്പെടെയുള്ള പ്രയോഗങ്ങളാണ് വേണ്ടി വരിക. എന്നാല്‍ അര്‍ശസിന്റെ കാര്യത്തില്‍ നൂലുകെട്ടിയുള്ള ക്ഷാരസൂത്രം വേദനാജനകമായതിനാല്‍ രോഗികള്‍ മറ്റുചികിത്സാരീതികളെ ആശ്രയിക്കാറുണ്ട്.
വസ്തിയും കഷായം ഉപയോഗിച്ചുള്ള എനിമയുമാണ് ഭഗന്ദരത്തിന്റെ ആദ്യഘട്ടത്തില്‍ പ്രയോഗിക്കുക. രോഗം കലശലായാല്‍ ക്ഷാരസൂത്രം തന്നെ വേണ്ടിവരാം.
ഭഗന്ദരത്തിന്റെ കാര്യത്തില്‍ ഇന്നു ലഭ്യമായിട്ടുള്ളതില്‍ ഏറ്റവും നല്ല ചികിത്സാരീതിയാണ് ക്ഷാരസൂത്രം എന്നു പറയാം. അലോപ്പതിയില്‍ ശസ്ത്രക്രിയ മാത്രം പോംവഴിയുള്ള ഈ രോഗത്തിനു വളരെ ഗുണപ്രദമാണ് ആയുര്‍വേദത്തിലെ ക്ഷാരസൂത്രം. മാത്രമല്ല വിദഗ്ദ്ധരായ ഡോക്ടര്‍മാരെ കണ്ട് ശരിയായ വിധത്തില്‍ ക്ഷാരസൂത്രം ചെയ്താല്‍ രോഗം ആവര്‍ത്തിക്കാനുള്ള സാധ്യതയും വിരളമാണ്.
ഫിഷര്‍ അഥവാ വിണ്ടുകീറലിന് ആയുര്‍വേദത്തില്‍ ഉള്ളില്‍ കഴിക്കാനുള്ള മരുന്നാണ് നല്‍കുക. ഗന്ധര്‍വഹസ്താതി കഷായവും കങ്കായനം ഗുളികയും ഇതിനു നല്‍കി വരുന്ന മരുന്നുകളില്‍പെടുന്നു. കൂടാതെ ചിലയിനം തൈലങ്ങള്‍ ഇന്‍ഞ്ചക്ട് ചെയ്യുന്ന രീതിയുമുണ്ട്.
മരുന്നു കഴിക്കുന്നതിനൊപ്പം ആഹാരകാര്യത്തിലും നിയന്ത്രണം വേണം. നാരുകളടങ്ങിയ ഭക്ഷണം നന്നായി കഴിക്കുക. നാടന്‍ രീതിയിലാണെങ്കില്‍ കഞ്ഞിയും പയറും നല്ലതാണ്. പച്ചക്കറി ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അതുപോലെ പഴവര്‍ഗങ്ങള്‍. നമ്മുടെ നാട്ടില്‍ യഥേഷ്ടം ലഭിക്കുന്ന പപ്പായ. പേരയ്ക്ക. വാഴപ്പഴം, കോമയ്ക്കാ ഒക്കെയും നല്ലതാണ്.
കാലത്തിനനുസരിച്ചു ഭക്ഷണം ക്രമപ്പെടുത്തുക. എരിവ്, പുളി എന്നിവയ്ക്കൊപ്പം ഭക്ഷണത്തില്‍ മസാലയുടെ അളവു പരിമിതപ്പെടുത്തുക. നോണ്‍വെജിറ്റേറിയന്‍, വറുത്തതരം പൊരിച്ചതും, പുളിപ്പിച്ച സാധനങ്ങള്‍ എന്നിവ ഒഴിവാക്കണം. കടുക്കയോ മുത്തങ്ങയോ ചേര്‍ത്ത് തിളപ്പിച്ച മോര് മലദ്വാരരരോഗങ്ങള്‍ക്കു ഫലപ്രദമാണ്.
ദിവസവും മൂന്നോ നാലോ ഗാസ് മോരു കുടിക്കുകയാണെങ്കില്‍ വയറിനു നല്ല സുഖം കിട്ടും. രാവിലെ നെയ് ചേര്‍ത്ത കഞ്ഞി, ഉച്ചയ്ക്ക് ഒരു തവി ചോറും രണ്ടു തവി പച്ചക്കറികളും, രാത്രി ചപ്പാത്തി, ചെറുപയര്‍ മുളപ്പിത്, വെജിറ്റബിള്‍ സലാഡ്, അല്ലെങ്കില്‍ പഴങ്ങള്‍ മാത്രം.
പൈനാപ്പിള്‍, മുന്തിരി, ഓറഞ്ച് തുടങ്ങിയ പുളിയുള്ള പഴങ്ങള്‍ ഒഴിവാക്കുക. വെള്ളം ധാരാളം കുടിക്കുക. അമിത മദ്യപാനം ഒഴിവാക്കുക. ദിവസവും രണ്ടു കിലോമീറ്റര്‍ എങ്കിലും നടക്കുക.
ക്ഷാരസൂത്രം തയാറാക്കുന്നത്
കടലാടിക്ഷാരവും കള്ളിപ്പാലും മഞ്ഞള്‍ പൊടിയുമാണ് ക്ഷാരസൂത്രം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ഇവ പ്രത്യേക അനുപാതത്തിലെടുത്ത് കൂട്ടി യോജിപ്പിക്കുന്നു. അതിനുശേഷം തയാറാക്കിയെടുത്ത നൂലില്‍ പലതവണ തേയ്ചുപിടിപ്പിച്ചാണ് ക്ഷാരസൂത്രം തയാറാക്കുക
ആകാശത്തു നിന്നു വീഴുന്ന മഴവെള്ളം നിര്‍ദേശിക്കാന്‍ കഴിയാത്തവിധം രസമുള്ളതും അമൃതിനു സമമായി ഉള്ളതും ജീവനെ നിലനിര്‍ത്തുന്നതും തൃപ്തിയെ ഉണ്ടാക്കുന്നതും ആണെന്നാണ് സുശ്രുതാചാര്യന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
മഴവെള്ളത്തിന്റെ ഗുണം
മഴവെള്ളം ദേഹത്തു വീഴ്ത്തിയാല്‍ ശരീരായാസം കൊണ്ടുള്ള തളര്‍ച്ച, ക്ഷീണം, ദാഹം മദം, മോഹം, മോഹാലസ്യം, മടി, ഉറക്കക്കുറവ്, ശരീരത്തിലെ പുകച്ചില്‍ തുടങ്ങിയവയെ ശമിപ്പിക്കുന്നു.
മഴനനഞ്ഞ് നനഞ്ഞ് ശരീരത്തിന് രോഗപ്രതിരോധം ഉണ്ടാക്കുന്നതിനെക്കുറിച്ച് പ്രകൃതി ചികിത്സകര്‍ പറയാറുണ്ട്. കഠിനമായ ചൂടുകൊണ്ടുണ്ടാകുന്ന ശാരീരിക വ്യതിയാനങ്ങളേയും രോഗങ്ങളെയുമെല്ലാം മഴവെള്ളം കൊണ്ട് ഇല്ലാതെയാക്കാന്‍ കഴിയുമെന്നാണു പറയുന്നത്.
വേനല്‍ക്കാലത്ത് രക്തം ചൂടായി ചൂടുകുരുക്കള്‍ ഉണ്ടാകുന്നതും പരുക്കള്‍ ഉണ്ടായി പഴുത്തു പൊട്ടുന്നതും ഒക്കെ സാധാരണ കണ്ടുവരുന്നതാണ്.
അടുപ്പിച്ച് കുറേ ദിവസത്തെ മഴ നനച്ചില്‍ക്കൊണ്ട് ഈ രോഗങ്ങള്‍ മാറുന്നതായി കാണാറുണ്ട്.
മഴവെള്ളം മറ്റുള്ള വെള്ളങ്ങളെ അപേക്ഷിച്ച് നല്ലതാണെങ്കിലും എല്ലാ മഴവെള്ളവും അപ്രകാരമല്ല, മഴ വെള്ളം രണ്ടു തരത്തിലുണ്ട്.
1 ഗാംഗം, 2 സാമുദ്രം.
നല്ല ചെന്നെല്ലരി പാകത്തില്‍ വേവിച്ച് ഒരു നല്ല സ്റ്റീല്‍ പാത്രത്തില്‍ ആക്കി മഴയത്ത് വച്ച് മഴവെള്ളേല്‍പ്പിക്കുക. ആ ചോറിന് മണിക്കൂറുകള്‍ക്കു ശേഷവും നിറഭേദവും ഗന്ധവ്യത്യാസവും ഉണ്ടാകാതെ ഇരിക്കുന്നു എങ്കില്‍ മഴവെള്ളം ഗാംഗമാണെന്നറിയുക.
ചോറിന് ഗുണഹാനി സംഭവിച്ചാല്‍ ഈ ജലം സാമുദ്രമാണ്. ശുദ്ധമായ പാത്രത്തില്‍ കേടുകൂടാതെ ഇരിക്കുന്ന ഗാംഗമായ ജലം എക്കാലവും ഉപയോഗിക്കാവുന്നതാണ്. സാമുദ്രമായ മഴവെള്ളം ഗുണമുള്ളതല്ല.
_തയാറാക്കിയത് ഡോ എം എന്‍ ശശിധരന്‍ അപ്പാവു വൈദ്യന്‍ ആയുര്‍വേദ ചികിത്സാലയം, കോട്ടയം._
വീട്ടിൽ നട്ടുവളർത്താവുന്ന ഔഷധച്ചെടികൾ നിരവധിയുണ്ട്. പനിക്കൂർക്ക, തുളസി, തുമ്പ, ആര്യവേപ്പ്, മഞ്ഞൾ, ബ്രഹ്മി, ആടലോടകം...തുടങ്ങി പലതും. ചെടിച്ചട്ടിയിലോ പറമ്പിലോ ഇവ നട്ടുവളർത്തുകയാണെങ്കിൽ പല ചെറുരോഗങ്ങളും വീട്ടിൽ തന്നെ ചികിത്സിച്ചു ഭേദമാക്കാം. വിവിധതരം ഔഷധച്ചെടികൾ, അവയുടെ ഔഷധഗുണം, ചികിത്സാരീതികൾ എന്നിവ വിശദമാക്കുന്ന പംക്തിയാണിത്. നമ്മുടെ കാലാവസ്ഥയ്ക്ക് ഇണങ്ങി വളരുന്ന ഈ ചെടികൾ വീട്ടിലുണ്ടെങ്കിൽ പല അസുഖങ്ങളും തുടക്കത്തിലേ തടയാം.
ആര്യവേപ്പിന്റെ ഇല ചതച്ചെടുത്ത നീര് സ്ഥിരം കഴിച്ചാൽ രോഗപ്രതിരോധശേഷി വർദ്ധിക്കും. ആര്യവേപ്പുള്ളിടത്തു മഹാമാരികൾ അടുക്കില്ല എന്നൊരു ചൊല്ലുണ്ട്. രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാനും അന്തരീക്ഷത്തിലേക്കു ഏറെ ശുദ്ധവായു പ്രദാനം ചെയ്യാനും കഴിവുള്ള ചെടിയാണ് ആര്യവേപ്പ്. ഇതിന്റെ ഇലകളിൽ തട്ടി കടന്നു വരുന്ന കാറ്റ് ശ്വസിക്കുന്നതു പോലും ആരോഗ്യദായകമാണ്. വീടിന്റെ മുൻവശത്തു വേപ്പ് നട്ടു വളർത്തുന്നതും ഇതുകൊണ്ടു തന്നെ. ക്കന്മന്റദ്ധ്രത്സന്റ്യന്ധന്റ ദ്ധnദ്ധ്യ്രന്റ എന്നാണ് വേപ്പിന്റെ ശാസ്ത്രീയ നാമം. വേപ്പിന്റെ വിത്തിലെ പൾപ്പു നീക്കം ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ തടങ്ങളിൽ പാകി മുളപ്പിക്കണം. നല്ല സൂര്യപ്രകാശം കിട്ടുന്നതും നീർവാഴ്ചയുള്ളതുമായ സ്ഥലത്ത് കുഴിയെടുത്ത് ആവശ്യത്തിനു ജൈവവളം ചേർത്ത് നാലു മാസമെങ്കിലും പ്രായമായ തൈകൾ നട്ടു പിടിപ്പിക്കാം. ആര്യവേപ്പിന്റെ ഇലയും തൊലിയും ഉപയോഗിച്ചുള്ള ചില ചികിത്സാവിധികൾ ചുവടെ.
∙ വേപ്പില ചതച്ചെടുത്ത നീര് ഒരു സ്പൂൺ സ്ഥിരമായി കഴിച്ചാൽ രോഗപ്രതിരോധശേഷി കൂടും. പ്രമേഹ രോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാനും ഇതു നല്ലതാണ്. വേപ്പിലനീര് വെറും വയറ്റിൽ കഴിച്ചാൽ വ്രണങ്ങൾ, ത്വക്ക്രോഗങ്ങൾ ഇവയ്ക്കു ശമനമുണ്ടാകും.
∙ പഴുതാര, തേൾ, എട്ടുകാലി തുടങ്ങിയ ക്ഷുദ്രജീവികൾ കടിച്ചുണ്ടാകുന്ന വിഷം ഏശാതിരിക്കാനും ഇതു നല്ലതാണ്.
∙ എട്ടോ പത്തോ വേപ്പില ചവച്ചരച്ചു തിന്നാലും മതി. ചമ്മന്തിയാക്കി ചോറിനൊപ്പവും കഴിക്കാം.
∙ വേപ്പിൻ തളിര് പിഴിഞ്ഞ നീര് അതിദാഹം, മോഹാലസ്യം, അത്യാഗ്നി ഇവ അകറ്റാൻ നല്ലതാണ്.
∙ ഉണങ്ങിയ മഞ്ഞളും വേപ്പിലയും ഗോമൂത്രത്തിൽ അരച്ചു പുരട്ടി രണ്ടു മണിക്കൂറിനുശേഷം ചെത്തിയില ഇട്ട് വെന്തവെള്ളത്തിൽ കുളിപ്പിച്ചാൽ കുട്ടികളുടെ ചിരങ്ങും ചൊറിയും മാറും.
∙ വേപ്പിലയും മഞ്ഞളും കൂടി അരച്ചു പുരട്ടുന്നതും കൊള്ളാം.
∙ വേപ്പില കഷായം തണുപ്പിച്ച് പതിവായി മുഖം കഴുകിയാൽ മുഖക്കുരുവിന്റെ ശല്യം ഉണ്ടാകില്ല.
∙ വേപ്പിന്റെ മൂക്കാത്ത കമ്പ് ചതച്ചു പല്ലുതേയ്ക്കുന്നത് പല്ലിന്റെ മാത്രമല്ല, മോണയുടെയും ആരോഗ്യത്തിനു നന്ന്.
∙ മുറിവുകളും വ്രണങ്ങളും കരിയാൻ ആര്യവേപ്പില വെന്ത വെള്ളം കൊണ്ടു കഴുകിയാൽ മതി. ചെറുതായി പൊള്ളലേറ്റ ഭാഗങ്ങളിൽ വേപ്പില അരച്ചിടുക. പൊള്ളൽ ഉണങ്ങും.
∙ വേപ്പില ഇട്ടു വെള്ളം തിളപ്പിച്ച് തണുപ്പിക്കുക. ഇതുകൊണ്ടു തല കഴുകിയാൽ മുടികൊഴിച്ചിൽ, താരൻ, പേൻ ഇവ കൊഴിയും.
∙ ആര്യവേപ്പിന്റെ പഴുത്ത കായ്കൊണ്ട് സർബത്തുണ്ടാക്കി കഴിച്ചാൽ വയറ്റിലെ കൃമികളെ ഇല്ലാതാക്കാം. ഇലനീരിൽ ഉപ്പുചേർത്തു കഴിക്കുന്നത് കുടൽകൃമികളെ നശിപ്പിക്കും.
∙ വേപ്പിൻ തൊലി, ഗ്രാമ്പു/കറുവാപ്പട്ട ഇവ ചതച്ചു കഷായം വെച്ചു കുടിക്കുന്നത് പനിക്കുശേഷമുള്ള ക്ഷീണവും വിശപ്പില്ലായ്മയും അകറ്റാൻ ഉത്തമം.
∙ ധാന്യങ്ങളിൽ അഞ്ചോ ആറോ വേപ്പില ഇട്ടുവച്ചാൽ കീടങ്ങളുടെ ഉപദ്രവം കുറയും. പച്ചക്കറികളിൽ വേപ്പില ചതച്ച നീരു തളിച്ചാൽ കീടശല്യം കുറയും.
∙ കാർഷിക വിളകൾക്ക് വേപ്പിൻ പിണ്ണാക്ക് അടിവളമായി നൽകാം. നിമാ വിരകളും കുമിൾബാധയും അകറ്റാൻ ഇതു മതി.
ബേബി ജോസഫ്
കാർഷികവിഭാഗം മേധാവി,നാഗാർജുന ആയുർവേദിക് ഗ്രൂപ്പ്
തൊടുപുഴ
ലോകത്ത് ഏറ്റവുമധികമാളുകൾ ചികിത്സ തേടിയെത്തുന്ന രോഗങ്ങളിലൊന്നാണ് തലവേദന. തലവേദന അനുഭവിച്ചിട്ടില്ലാത്തവർ ആരും തന്നെ ഉണ്ടാകാനിടയില്ല.
വേദനയുടെ കാരണങ്ങൾ
മിക്കപ്പോഴും തലവേദനയുണ്ടാക്കുന്നതു നിസാരകാരണങ്ങളായിരിക്കാം. ഉറക്കക്കുറവ്, മാനസികസംഘർഷം, കണ്ണുകളുടെ അമിതായാസം, കാലാവസ്ഥയിലെ മാറ്റങ്ങൾ എന്നിങ്ങനെ പോകുന്നു കാരണങ്ങൾ. തലവേദനയുടെ കാഠിന്യം പലപ്പോഴും രോഗത്തിന്റെ ഗുരുതരാവസ്ഥയെ സൂചിപ്പിക്കുന്നില്ല. പനി, ജലദോഷം എന്നിവയും തലവേദനയ്ക്കു കാരണമാകാറുണ്ട്. ശിരസിലെ നാഡീഞരമ്പുകളിലെ വീക്കം, പല്ലുകളുടെ തകരാറുകൾ, ചെവിയിലെ രോഗങ്ങൾ എന്നിവയെല്ലാം തലവേദനയായി ആരംഭിക്കുകയോ തലവേദനയിലേക്കു മുന്നേറുകയോ ആണ്.
കണ്ണിന്റെ തകരാർ കൊണ്ട്, ജീവിതശൈലിയിലെ താളപ്പിഴ കൊണ്ട് കുട്ടികളിൽ വരാറുള്ള തലവേദന, അർധാവഭേദകം എന്ന മൈഗ്രേൻ, പ്രതിശ്യായം എന്ന സൈനസൈറ്റിസ് തുടങ്ങിയ പലതരത്തിലുള്ള തലവേദനകൾ ഉണ്ട്.
തലവേദനയ്ക്ക് ചികിത്സ
ശരിയായ സമയത്തുള്ള കൃത്യമായ രോഗനിർണയമാണു ചികിത്സയിൽ ഏറ്റവും നിർണായകം. തലവേദനയ്ക്കുള്ള ആയുർവേദ ചികിത്സ വേദനസംഹാരികളുപയോഗിച്ചല്ല, രോഗത്തിന്റെ യഥാർഥ കാരണങ്ങൾ, അതിന്റെ സ്വാധീനത്താൽ പ്രവർത്തിക്കുന്ന രോഗപ്രക്രിയ എന്നിവ കണ്ടെത്തി ഒഴിവാക്കുക എന്നതാണ് ആയുർവേദ സമീപനം. അതുകൊണ്ടു തന്നെ എല്ലാ ചികിത്സയും എല്ലാത്തരം തലവേദനകളിലും ഉപയോഗിക്കാറില്ല. അതു ഫലപ്രദവുമല്ല. എന്നാൽ ചികിത്സ തികച്ചും സമഗ്രമാണ് എന്നതുകൊണ്ടു ഫലപ്രാപ്തി ഏറെക്കുറെ സുനിശ്ചിതവും സ്ഥിരവുമാണ്. ചികിത്സയിൽ മൂന്നു കാര്യങ്ങൾക്കാണ് ഊന്നൽ. (1) അടിസ്ഥാന പ്രശ്നപരിഹാരം. (2) ഒപ്പം ചെയ്യേണ്ട മറ്റു കാര്യങ്ങൾ (3) ജീവിതശൈലിയുടെ പരിഷ്കാരം.
ഏറെ പഴകിയ തലവേദനകളിലും അർധാവഭേദകം പോലുള്ള രോഗങ്ങളിലും പക്ഷേ, അടിസ്ഥാനപ്രശ്നപരിഹാരം മാത്രം മതിയാകാതെ വരാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ചില സവിശേഷചികിത്സകൾ പ്രയോജനപ്പെടുത്തുന്നു. അന്യതോവാതം, ശംഖകം എന്നിങ്ങനെയുള്ള രോഗങ്ങളിലും ഇത്തരം ചികിത്സകൾ ആവശ്യമായി വരാറുണ്ട്. സ്നേഹപാനം, നസ്യം, ശിരോവസ്തി, ശിരോധാര, സിരാവേധം, അഗ്നികർമം എന്നിവയെല്ലാം ഇവ്വിധം സന്ദർഭാനുസരണം ചെയ്യാം.
സൈനസൈറ്റിസിന് അരിഷ്ടവും ഗുളികയും
വിട്ടുമാറാതെ നിൽക്കുന്ന പഴകിയ സൈനസൈറ്റിസിനു വിശ്രമമാണ് ഏറ്റവും ആവശ്യം. നീർക്കെട്ട് ലഘൂകരിക്കാനുള്ള മരുന്നുകൾ ഉപയോഗിക്കുന്നു. പുനർന്നവാദി കഷായം, പഥ്യാഷഡംഗം കഷായം, അമൃതോത്തരം കഷായം, അമൃതാരിഷ്ടം, പുനർന്നവാസവം, വെട്ടുമാറാൻഗുളിക, സൂര്യപ്രഭ ഗുളിക എന്നിങ്ങനെയുള്ള ഔഷധങ്ങൾ ആവശ്യാനുസരണം ഉപയോഗിക്കാറുണ്ട്. വിട്ടൊഴിയാൻ മടിക്കുന്ന രോഗമാണ് സൈനസൈറ്റിസ്. അതുകൊണ്ട് പലപ്പോഴും ദീർഘകാലത്തെ ഔഷധസേവ ആവശ്യമായി വരും.
മരുന്നുകൾ തേച്ചുണക്കിയെടുത്ത തിരികൾ കത്തിച്ചു നടത്തുന്ന ധൂമപാനം, മരുന്നുവെള്ളം വായിൽ നിറച്ചു പിടിക്കൽ (ഗണ്ഡൂഷം) എന്നിവ നല്ലതാണ്. ലാക്ഷാദി, ത്രിഫല, രാസ്നാദി, വചാദി, നിർഗുണ്ഡ്യാദി, അസനമഞ്ജിഷ്ഠാദി തുടങ്ങിയ തൈലങ്ങളും ഉപയോഗിക്കുന്നു. രോഗാവസ്ഥ കൂടെക്കൂടെ ആവർത്തിക്കാതിരിക്കാൻ രസായന ചികിത്സ സഹായിക്കും. തിപ്പലി, ച്യവനപ്രാശം, അഗസ്ത്യരസായനം എന്നിവ ഉപയോഗിച്ച് രസായന ചികിത്സ നടത്താം.
കണ്ണുകളുടെ ആയാസം നിമിത്തമുള്ള തലവേദനയ്ക്ക് 101 ആവർത്തിച്ച് ക്ഷീരബല നെറ്റിയിലും കൺപോളകളിലും പുരട്ടി തലോടുന്നതു കൊണ്ട് ശമനമുണ്ടാകും. അൽപനേരത്തേക്ക് ഉറങ്ങുന്നതു നല്ലതാണ്.
തലയെണ്ണ ഫലപ്രദം
രോഗത്തിന്റെ ദോഷസ്വഭാവം, രോഗിയുടെ ശാരീരിക പ്രകൃതി എന്നിവ പരിഗണിച്ചുകൊണ്ട് തലയെണ്ണ നിശ്ചയിക്കുന്നത് തലവേദനയിൽ ഫലപ്രദമാണ്. ബലാധാത്രാദി, ബലാഹഠാദി, അമൃതാദി, ചന്ദനാദി എന്നിങ്ങനെയുള്ള തൈലങ്ങളെല്ലാം ഇത്തരത്തിൽ ഉപയോഗിക്കുന്നു. ഇതേ തൈലങ്ങൾ പാത്രപാകം ചെയ്തു തണുപ്പിച്ച് വൈകുന്നേരം നെറുകയിൽ തേച്ചു തുടയ്ക്കുന്നതും വളരെ നല്ലതാണ്.
നസ്യം ചെയ്യാം
പഴകിയ പ്രതിശ്യായം, അർധാവഭേദകം എന്നിവയിൽ ഏറെ ഫലപ്രദമായ ചികിത്സയാണ് നസ്യം. ഇതിന് സർവസാധാരണമായി ഉപയോഗിക്കുന്ന ഔഷധമാണ് അണുതൈലം. പൂർണരൂപത്തിലുള്ള നസ്യം പഞ്ചകർമചികിത്സയുടെ ഭാഗമാണ്. എന്നാൽ ഇതിന്റെ ലളിതരൂപം വീടുകളിൽ ചെയ്യാവുന്നതാണ്. മുഖത്ത് നല്ലപോലെ ആവി കൊണ്ട് വിയർപ്പിച്ചശേഷം മലർന്നു കിടക്കുക, തുടർന്ന് നേരിയ ചൂടുള്ള ഔഷധം മൂന്നോ നാലോ തുള്ളി വീതം ഓരോ മൂക്കിലും മറ്റൊരാളെക്കൊണ്ട് ഒഴിപ്പിച്ച്, മെല്ലേ വായിലേക്ക് വലിച്ചെടുത്ത് കഫത്തോടൊപ്പം തുപ്പിക്കളയണം.
പഥ്യാക്ഷധാത്രാദി കഷായം വരണാദികഷായം, വരണാദിഘൃതം തുടങ്ങി നിരവധി ഔഷധങ്ങൾ വിവിധതരം തലവേദനകളിൽ ഉപയോഗിക്കാവുന്നവയാണ്. മലബന്ധം മാറ്റാൻ കല്യാണഗുള, അവിപത്തിചൂർണം എന്നിവ ഉപയോഗിക്കാം. ചികിത്സ പൂർത്തിയായശേഷവും രോഗത്തിന്റെ പുരനാവർത്തനം ഒഴിവാക്കാനായി ചില രസായനപ്രയോഗങ്ങൾ നല്ലതാണ്. ച്യവനപ്രാശം, ബ്രാഹ്മരസായനം, മഹാകല്യാണഘൃതം എന്നിവ രസായനപ്രയോഗത്തിന് ഉപയോഗിക്കാം.
തലവേദനയ്ക്ക് 15 ഒറ്റമൂലികൾ
∙ ജാതിക്ക നന്നായി അരച്ച് തലയിൽ ലേപനം ചെയ്യുക.
∙ കൊത്തമല്ലി പനിനീരിലരച്ച് നെറ്റിയിൽ പുരട്ടുക.
∙ ചന്ദനവും ചുക്കും കൂടിയരച്ച് നെറ്റിയിൽ പുരട്ടുക.
∙ രക്തചന്ദനം അരച്ച് നെറ്റിയിലിടുക.
∙ മഞ്ഞക്കടമ്പിൻ പൂവുണക്കി കുരുമുളകുപൊടിയും ചേർത്ത് നസ്യം ചെയ്യുക.
∙ കയ്യോന്നി അരച്ചുചേർത്ത എള്ളെണ്ണ കാച്ചി തലയിൽ തേയ്ക്കുക.
∙ പടവലത്തിന്റെ വേരരച്ച് നെറ്റിയിൽ ലേപനം ചെയ്യുക.
∙ കുന്നിക്കുരു പൊടിച്ച് നസ്യം ചെയ്യുക.
∙ കുമ്പിളിന്റെ ഇല നന്നായി അരച്ച് ലേപനം ചെയ്യുക.
∙ കടുക് പച്ചവെള്ളത്തിലരച്ച് നെറ്റിയിൽ ലേപനം ചെയ്യുക.
∙ ഇഞ്ചിനീരിൽ പാൽ ചേർത്തു നസ്യം ചെയ്യുക.
∙ മുരിങ്ങക്കുരുവിന്റെ വിത്തുണക്കി പൊടിച്ച് ലേപനം ചെയ്യുക.
∙ മുക്കുറ്റി അരച്ചെടുത്തു ചെന്നിയിൽ പുരട്ടുക.
∙ തുമ്പയിലനീര് നെറ്റിയിൽ പുരട്ടുക.
∙ മുരിങ്ങപ്പശ പശുവിൻപാൽ ചേർത്തു ചെന്നിയിൽ പുരട്ടുക.
കടപ്പാട് :
ഒറ്റമൂലികൾ— ഡോ. കെ. മുരളീധരൻപിള്ള
കരളിനെയും രക്തത്തെയും ആശ്രയിച്ചുണ്ടാകുന്ന ദുഷ്ടിയാണു മഞ്ഞപ്പിത്തത്തിനു കാരണമായി ആയൂർവേദം പറയുന്നത് . ദ്രാക്ഷാദി കഷായം എന്നിവ , വാശാഗുളു ച്യാദി കഷായം, പുനർവാദി കഷായം എന്നിവ മഞ്ഞപ്പിത്തത്തിന് ഉത്തമമായഔഷധങ്ങളാണ്. കൂടാതെ ധാരാളം ഏകൗഷധികളും വിധിക്കുന്നുണ്ട്.
കീഴാർനെല്ലി സമൂലം അരച്ച് അപ്പോൾ കറന്ന പാലിൽ കലക്കി സേവിക്കുക
∙ പൂവാംകുറുന്തിലയും ഒരു നുള്ളിജീരകവും കൂട്ടി അരച്ചു പാലിൽ കലക്കി രാവിലെ കഴിക്കുക.
∙ വെളുത്ത ആവണക്കിന്റെ കുരുന്നിലയും ജീരകവും കൂട്ടി അരച്ചു നെല്ലിക്കാവലുപ്പത്തിൽ അതിരാവിലെ വെറും വയറ്റിൽ മൂന്നുദിവസവും സേവിക്കുക
∙ മാവിന്റെ തളിരില അരച്ച് ഇളനീരിൽ കലക്കി രാവിലെ സേവിക്കുക.
∙ വെളുത്ത ചെത്തിയുടെ വേരു പച്ചമോരിലോ ഇളനീരിലോ അരച്ചുകലക്കി കുടിക്കുക
∙ അമൃത് ഇടിച്ചുപിഴിഞ്ഞ നീര് തേൻ മേമ്പൊടി ചേർത്തു കഴിക്കുക.
∙ പഴുത്ത പ്ലാവിലഞെട്ടും ജീരകവും ചേർത്തു കഷായം വച്ചു കഴിക്കുക.
∙ മൈലാഞ്ചിയുടെ തളിരു പിഴിഞ്ഞു നീരു കുടിക്കുക / സമൂലം കഷായം വച്ചു കഴിക്കുക
∙ തുളസിയിലയുടെ സ്വരസം ഓരോ ടേബിൾ സ്പൂൺ വീതം രാവിലെയും വൈകിട്ടും പതിവായി സേവിക്കുക
∙ നീലപ്പനക്കിഴങ്ങ് പച്ചയ്ക്കരച്ച് 3—6 ഗ്രാം പാലിൽ കലക്കി ദിവസവും രണ്ടുനേരം വീതം ഒരാഴ്ച സേവിക്കുക
∙ ചെമ്പരത്തിവേര് പാലിൽ അരച്ചു സേവിക്കുക
∙ ചുവന്ന തഴുതാമ വേരുകൊണ്ടു കഷായമുണ്ടാക്കി കഴിക്കുക.
∙ പഴുത്തമാങ്ങ പിഴിഞ്ഞ് തേൻ ചേർത്തു കഴിക്കാം
∙ നെല്ലിക്കാനീരും കരിമ്പിൻനീരും സമം ചേർത്ത് അതിരാവിലെ കഴിക്കുക. ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് തേനോ പഞ്ചസാരയോ ചേർത്തു കഴിക്കുക
∙ കൊഴിഞ്ഞിൽ സമൂലം പൊടിച്ച് 5 ഗ്രാം വീതം ശുദ്ധജലത്തിൽ രണ്ടുനേരം സേവിക്കുക.
ഈ ഔഷധങ്ങളെല്ലാം അവസ്ഥയ്ക്കനുസരിച്ചു വൈദ്യനിർദേശാനുസരണം മാത്രം പ്രയോഗിക്കണം
പ്രഫ. ഡോ. ശ്രീകൃഷ്ണൻ
ധന്വന്തരി ഭവൻ , നെല്ലുവായ്
അവസാനം പരിഷ്കരിച്ചത് : 10/24/2019
ആയുർവേദം-ഉത്പത്തി
ആയുര്‍വേദ പരിഹാരമാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള വിവരങ്ങള...
ആയുർവേദത്തിൽ ഈ അടുത്ത കാലത്തായി നടന്ന രണ്ടു ശ്രദ്ധ...
കൂടുതല്‍ വിവരങ്ങള്‍