ഭൂമിയുടെ മേലട്ടിയായി കാണപ്പെടുന്ന അതീവ ദുര്‍ബലവും നഷ്ടപ്പെട്ടാല്‍ തിരിച്ചു കിട്ടാത്തതുമായ അമൂല്യമായ വസ്തുവാണ് മണ്ണ്. ഭൂമിയുടെ 70 ശതമാനവും കടലാണെന്ന് നമുക്കറിയാം. ബാക്കി വരുന്ന 30 ശതമാനം മാത്രമാണ് കരപ്രദേശം. ഇതില്‍ തന്നെ 2.7 ശതമാനം മാത്രമേ കൃഷിക്കനുയോജ്യമായ മണ്ണുള്ളൂ. ബാക്കി 21 ശതമാനവും കൃഷിചെയ്യാന്‍ പറ്റാത്ത ഭാഗങ്ങളാണ്. ഈ കൃഷിഭൂമിയില്‍ തന്നെ ഏഴിലൊന്നു ഭാഗം മനുഷ്യന്റെ ഇടപെടലുകളിലൂടെ കഴിഞ്ഞ ഏതാനും വര്‍ഷംകൊണ്ട് കൃഷിയോഗ്യമല്ലാതായി എന്ന് പഠന ഫലങ്ങള്‍ സൂചിപ്പിക്കുന്നു. മനുഷ്യരുടെ എണ്ണം പെരുകുന്നതിനനുസരിച്ച് അവര്‍ ഉപയോഗിച്ചുവരുന്ന മണ്ണിന്റെ അളവ് കുറഞ്ഞുകൊണ്ടേയിരിക്കുന്നു. മലിനീകരണം കൂടിക്കൊണ്ടിരിക്കുന്നു.
അനേകകോടി സംവത്സരങ്ങളിലെ പരിണാമങ്ങളിലൂടെയാണ് മണ്ണ് രൂപപ്പെട്ടുവന്നിട്ടുള്ളത്. ഉരുകിത്തിളച്ചുകൊണ്ടിരുന്ന ഭൂമി ക്രമേണ തണുക്കുകയും പാറകള്‍ ഉണ്ടാവുകയും ചെയ്തു. വിവിധ ഇനം പാറകളില്‍ നിന്നും പ്രകൃതിശക്തിയുടെ പലവിധത്തിലുള്ള പ്രവര്ത്തനഫലമായിട്ടുണ്ടായതാണ് മണ്ണ്. താപനില, വായു, ജലം, കാറ്റ് മുതലായ പ്രകൃതി ശക്തികളെല്ലാം മണ്ണിന്റെ രൂപീകരണത്തില്‍ തങ്ങളുടേതായ പങ്കുവഹിച്ചിട്ടുണ്ട്. ഓരോ ജീവജാലവും തങ്ങളുടെ അവശിഷ്ടങ്ങളും ജഡശരീരവും മണ്ണില്‍ അലിയിച്ചുചേര്‍ത്ത് അതിന് ഫലപുഷ്ടി നല്കി.
പാറപൊടിഞ്ഞ് മണ്ണില്‍ പോഷകപദാര്‍ത്ഥങ്ങള്‍ ലഭിച്ചു തുടങ്ങുമ്പോള്‍ ആദ്യമായി വളരുന്നത് ലൈക്കനുകള്‍ എന്ന സസ്യങ്ങളാണ്. അവയ്ക്കുശേഷം ആല്‍ഗകള്‍ വളരുന്നു. ഇവയുടെയെല്ലാം അവശിഷ്ടങ്ങള്‍ മണ്ണില്‍ ജീര്‍ണ്ണിച്ചു ലയിച്ചുചേര്‍ന്ന് ഫലപുഷ്ടി പ്രാപിക്കുന്നതോടെ മറ്റു സസ്യങ്ങളും വളരുകയായി.
വയലില്‍ നിന്ന് ഒരു മണ്‍കട്ടയെടുത്ത് പരിശോധിച്ചു നോക്കൂ. അതില്‍ ഒരുപാട് സുഷിരങ്ങള്‍ കാണാം. ഏകദേശം 50 ശതമാനത്തോളം സുഷിരങ്ങളും ബാക്കി 50 ശതമാനത്തോളം ഖരപദാര്‍ത്ഥങ്ങളും ആയിരിക്കും. ഈ സുഷിരങ്ങള്‍ രണ്ടുതരത്തിലുണ്ട്. സൂക്ഷ്മസുഷിരങ്ങളും സ്ഥൂലസുഷിരങ്ങളും. ഇതില്‍ സൂക്ഷ്മസുഷിരങ്ങള്‍ ജലാംശംകൊണ്ട് നിറഞ്ഞിരിക്കും. ഈ ജലാംശമാണ് ചെടികള്‍ വലിച്ചെടുക്കുന്നത്. സസ്യപോഷണമൂലകങ്ങള് ജലാംശത്തില്‍ ലയിക്കുന്നതുമൂലമാണ് ചെടികള്‍ക്കു ലഭ്യമായിത്തീരുന്നത്. വലിയ സുഷിരങ്ങളിലാകട്ടെ വായു നിറഞ്ഞിരിക്കും. ജലസേചനം നടത്തുമ്പോഴും വലിയ മഴ പെയ്യുമ്പോഴും വലിയ സുഷിരങ്ങളില്‍ വെള്ളം നിറയുമെങ്കിലും അല്പസമയങ്ങള്‍ക്കുള്ളില്‍ വെള്ളം വാര്‍ന്നുപോയി പകരം വായുനിറയുന്നു. ഈ വായുവാണ് സസ്യങ്ങളുടെ വേരുകള്‍ ശ്വസിക്കുന്നത്. അന്തരീക്ഷത്തിലെ വായുവും മണ്ണിലെ വായുവും തമ്മില്‍ ചേരുവയില്‍ അല്പം വ്യത്യാസമുണ്ട്. നീരാവിയും കാര്ബണ്ഡൈയോക് സൈഡും മണ്ണിലെ വായുവില്‍ കൂടുതലും ഓക്സിജന്‍ അല്പം കുറവുമായിരിക്കും എന്നുള്ളതാണ് ഈ വ്യത്യാസം.
മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനരംഗമാണ് ജൈവാംശം. സസ്യങ്ങളുടെ വളര്‍ച്ചയില്‍ ആവശ്യമായ പല മൂലകങ്ങളും (നൈട്രജന്‍, ഫോസ്ഫറസ്, സള്‍ഫര്‍) എന്നിവ ചെടിക്ക് ലഭ്യമായിത്തീരുന്നത് സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനംകൊണ്ടാണ്. മണ്ണിന്റെ ജലസംഗ്രഹണശേഷി വർധിപ്പിക്കുന്നതും ജൈവാംശം തന്നെ.
മണ്ണ് ജീവനുള്ള ഒരു സമൂഹമാണ്. മണ്ണിലെ ഇരുട്ടുനിറഞ്ഞ ലോകത്ത് കോടിക്കണക്കിനു ജീവികള്‍ പുലരുന്നു. അമെരിക്കയിലെ വിസ്കോണ്‍സില്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഒരു ടീസ്പൂണ്‍ മണ്ണില്‍നിന്നും അഞ്ഞൂറു കോടിയോളം ബാക്ടീരിയകളെയും രണ്ടു കോടിയോളം ആക്റ്റിനോമൈസൈറ്റിസുകളെയും പത്തുലക്ഷത്തോളം പ്രോടോസോവകളെയും രണ്ടുലക്ഷത്തോളം ആല്‍ഗകളെയും ഫംഗസുകളെയും നിരീക്ഷിച്ചു. ഓര്‍ക്കുക…! ഒരു തുണ്ട് പ്ലാസ്റ്റിക് മണ്ണിലേക്ക് വലിച്ചെറിയുമ്പോഴോ ഒരു തുള്ളി കീടനാശിനി മണ്ണില്‍ തളിക്കുമ്പോഴോ ഒരു പിടി മണ്ണ് ഒലിച്ചുപോകുമ്പോഴോ ഒരു കോടി ജീവനുകളാണ് ഇല്ലാതാകുന്നത്.
മണ്ണൊലിപ്പുമൂലമുണ്ടായിട്ടുള്ള നഷ്ടങ്ങള്‍ ലോകമഹായുദ്ധങ്ങളുണ്ടാക്കിയ നഷ്ടങ്ങളേക്കാള്‍ വലുതാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു തരുന്നു. പ്രകൃതിയിലുള്ള മനുഷ്യന്റെ തെറ്റായ രീതിയിലുള്ള ഇടപെടലുകളാണ് മണ്ണൊലിപ്പിന് കാരണമാകുന്നത്. കേരളത്തിലെ 0.45 ലക്ഷം ഹെക്ടര്‍ വരുന്ന കൃഷിഭൂമിയെ തരിശാക്കി കൃഷിയോഗ്യമല്ലാതാക്കിയത് മണ്ണൊലിപ്പാണെന്ന് പഠനങ്ങള്‍ പറയുന്നു. നല്ല തോതില്‍ മഴ ലഭിക്കുന്ന മലഞ്ചെരിവുകള്‍ വെട്ടിവെളുപ്പിച്ച് തോട്ടങ്ങളാക്കി മാറ്റിയതിന്റെ ഫലമായി മണ്ണൊലിച്ചുപോയ പ്രദേശങ്ങളാണ് കേരളത്തിലെ നിത്യഹരിത പ്രദേശങ്ങളിലെ പാറമലകള്‍. ഏകവിളത്തോട്ടങ്ങളും തെറ്റായ കൃഷിരീതിയുമാണ് ഇതിന്റെ പ്രധാന കാരണം. ഓരോ വര്‍ഷവും 600 കോടി ടണ്‍ വളക്കൂറുള്ള മേല്‍മണ്ണ് ഇന്ത്യയില്‍നിന്നും ഒലിച്ചുപോകുന്നുണ്ടെന്നും അതുവഴി പ്രതിവര്‍ഷം പ്രകൃതിയൊരുക്കിയ 700 കോടി രൂപ വിലവരുന്ന ജൈവവളങ്ങള്‍ നഷ്ടമാകുന്നുണ്ടെന്നും തെളിയിച്ചത് മണ്ണൊലിപ്പിനെക്കുറിച്ച് പഠിച്ച ബി.ബി.വോറ എന്ന പരിസ്ഥിതി പത്രപ്രവര്‍ത്തകനാണ്. പ്രതിവര്‍ഷം ഒരു ശതമാനം ഭൂമി മണ്ണൊലിപ്പിലൂടെ മരുഭൂമിയായിക്കൊണ്ടിരിക്കുന്നു.
ശക്തമായ വെള്ളപ്പാച്ചില്‍ സൃഷ്ടിക്കുന്ന മണ്ണൊലിപ്പില്‍ നിന്ന് പ്രകൃതിയെ സംരക്ഷിക്കുന്നത് മരങ്ങളും വനങ്ങളുമാണ്. മണ്ണില്‍ ശക്തിയായി പതിക്കുന്ന മഴവെള്ളത്തുള്ളികളെ ഇലകള്‍ താങ്ങി മരച്ചില്ലകളിലൂടെ സാവധാനം മണ്ണിലേക്കൊഴുക്കിവിടുന്നു. ഇലവീണടിഞ്ഞലിഞ്ഞ് സ്പോഞ്ചു പരുവത്തിലായ മണ്ണാവട്ടെ ഈ ജലത്തെ ആവാഹിച്ച് സംരക്ഷിച്ച് ഉറവകളായി പുറത്തുവിടുന്നു. പുല്ലുതൊട്ട് വന്‍മരങ്ങള്‍വരെയുള്ള ഇവയുടെ വേരുപടല വ്യൂഹം അവയോടുചേര്ന്ന മണ്തരികളെ കെട്ടിപ്പിടിച്ച് ഉറപ്പിച്ചു നിര്‍ത്തുന്നു.
സസ്യാവരണമില്ലാതെ തുടര്‍ച്ചയായി കാറ്റും വെയിലുമേറ്റ് കിടന്നാല്‍ ചെമ്മണ്ണ് ഉറച്ച് ചെങ്കല്പ്പാറകളായിത്തീരുന്നു. ഈ പ്രവര്‍ത്തനമാണ് ലാറ്ററൈറ്റീകരണം. മണ്ണിലെ ജൈവാംശം നഷ്ടപ്പെട്ടാലും അന്തരീക്ഷ സമ്പര്‍ക്കത്താല്‍ ലാറ്ററൈറ്റീകരണം സംഭവിക്കും. ഇടവിള കൃഷിയില്ലാതാകുന്നതും ഭൂമി തരിശായിടുന്നതും ലാറ്ററൈറ്റീകരണ പ്രക്രിയകള്‍ക്ക് ആക്കം കൂട്ടുന്നു.
മനുഷ്യജന്യമായ പ്രവര്‍ത്തനങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന വിഷപദാര്‍ത്ഥങ്ങള്‍, ജൈവവിഘടനത്തിന് വിധേയമാകാത്ത പ്ലാസ്റ്റിക് പോലുള്ള വസ്തുക്കള്‍ എന്നിവ കലരുന്നതിലൂടെ മണ്ണിന്റെ സ്വാഭാവിക ജൈവ ഘടന തകരാറിലാകുന്നതാണ് മണ്ണു മലിനീകരണം. കീടനാശിനികള്‍, കളനാശിനികള്‍, പെട്രോളിയം ഉത്പന്നങ്ങള്‍, കല്‍ക്കരിപ്പൊടി, ഡിറ്റര്‍ജന്റുകള്‍, വ്യാവസായിക മാലിന്യങ്ങളുടെ നിക്ഷേപം, ആണവമാലിന്യങ്ങള്‍, ഘന ലോഹങ്ങള്‍, രാസമാലിന്യങ്ങള്‍ എന്നിവ മണ്ണില്‍ കലരുന്നതിന്റെ ഫലമായി മണ്ണിലെ സൂക്ഷ്മജീവികള്‍ നശിക്കുകയും അതിന്റെ സ്വാഭാവികത നഷ്ടമാകുകയും മണ്ണിലെ ആഹാരശൃംഖലകള്‍ ഇല്ലാതാവുകയും ചെയ്യുന്നു.
ഇതില്‍ വെള്ളത്തില്‍ ലയിക്കുന്നവ മണ്ണില്‍ കലര്‍ന്ന് ജലത്തില്‍ ലയിച്ച് കുടിവെള്ളത്തിലൂടെയും ഭക്ഷ്യവിളകള്‍ ആഗിരണം ചെയ്യുന്നതിലൂടെ ആഹാരത്തിലൂടെയും മനുഷ്യരിലും മറ്റു ജീവികളിലും കടന്നുകൂടി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. ഘനലോഹങ്ങളുടെ പ്രധാന ഉറവിടം വ്യാവസായിക മാലിന്യങ്ങളാണ്. ആര്‍സെനിക്, കാഡ്മിയം, ക്രോമിയം, കറുത്തീയം, സിങ്ക്, മെര്‍ക്കുറി തുടങ്ങിയവയാണ് മണ്ണ് മലിനീകരണം സൃഷ്ടിക്കുന്ന പ്രധാന ഘനലോഹങ്ങള്‍. അര്‍ബുദം, ജനിതകവൈകല്യം, വൃക്കരോഗങ്ങള്‍, കരള്‍രോഗങ്ങള്‍, നാഡീരോഗങ്ങള്‍ എന്നിവ ഈയിടെ പെരുകിവരുന്നത് മണ്ണില്‍ കലരുന്ന ഇത്തരം ഘനലോഹങ്ങള്‍ കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ശരീരത്തില്‍ കടക്കുന്നതു കൊണ്ടാണെന്ന് ശാസ്ത്രലോകം മുന്നറിയിപ്പു തരുന്നു.
ഉപയോഗശേഷം ഉപയോഗിക്കപ്പെടുന്ന ഓരോ കംപ്യൂട്ടറിലും രണ്ടു കിലോയോളവും ഓരോ ടെലിവിഷന്‍ സെറ്റിലും അതിലധികവും ഈയം അടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ ഒരു വര്‍ഷം ഒന്നരലക്ഷം ടണ്‍ ഇ-മാലിന്യങ്ങള്‍ മണ്ണിലേക്ക് വലിച്ചെറിയുന്നു. ലെഡ് നാഡീവ്യവസ്ഥയെ തകരാറിലാക്കുന്നു. കാഡ്മിയം കരളിനെയും വൃക്കയേയും നശിപ്പിക്കുന്നു. മെര്‍ക്കുറി തലച്ചോറിനെയാണ് ബാധിക്കുന്നത്. പ്ലാസ്റ്റിക് അര്‍ബുദകാരിയാണ്. കൂടാതെ പ്രത്യുല്പാദന വ്യവസ്ഥയേയും അത് തകരാറിലാക്കുന്നു. കംപ്യൂട്ടര്‍ മദര്‍ ബോഡിലെ ബെറിലിയം അര്‍ബുദകാരിയാണ്.
മണ്ണൊലിപ്പ് കുറയ്ക്കാനും അതോടൊപ്പം തന്നെ ഭൂഗര്‍ഭജലം സംരക്ഷിക്കാനും സഹായിക്കുന്ന വിവിധ കൃഷിരീതികള്‍ പരമ്പരാഗതമായി ചെയ്തുവരുന്ന കര്‍ഷകരുടെ നാടാണ് കേരളം. അത്തരം പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം. കൂട്ടുകാര്‍ക്ക് വീട്ടില്‍ ചെയ്യാവുന്ന ചില മണ്ണുസംരക്ഷണരീതികള് പരിചയപ്പെടാം.
പുതയിടല്‍: ഉണങ്ങിയ ഇലകളും മറ്റു ജൈവവസ്തുക്കളും ഉപയോഗിച്ച് മണ്ണിനു പുതയിടുന്നത് മണ്ണൊലിപ്പ് തടയുന്നു. ഇതുമൂലം സൂര്യരശ്മി നേരിട്ട് മണ്ണില്‍ പതിക്കാത്തതിനാല്‍ മണ്ണില്‍ നിന്നുള്ള ജലബാഷ്പീകരണം കുറച്ച് ഈര്‍പ്പം നിലനിര്‍ത്താനും സൂക്ഷ്മജീവികളുടെയും വിഘാടകരുടെയും വളര്‍ച്ചയ്ക്കും സഹായിക്കുന്നു.
ആവരണ വിളകള്‍: മണ്ണില്‍ പടരുന്ന ചില ആവരണ വിളകളും ഇതേ ഗുണങ്ങള്‍ ചെയ്യുന്നു.
ജൈവവേലികള്‍: കൃഷിസ്ഥലത്തിനു ചുറ്റുമായി ശീമക്കൊന്ന, ആവണക്ക്, മുരിക്ക്, ആടലോടകം തുടങ്ങിയവകൊണ്ട് ജൈവവേലികള്‍ നിര്‍മിക്കാം. അതുവഴി കൃഷിഭൂമിക്കാവശ്യമായ ജൈവവളങ്ങളും ലഭ്യമാക്കാം. രാസവളപ്രയോഗത്തിന്റെ ദൂഷ്യഫലങ്ങളില്നിന്നും കൃഷിഭൂമിയെ രക്ഷിക്കാം.
തെങ്ങിന്‍തൊണ്ട്: തെങ്ങുകള്‍ക്കിടയില്‍ ചാലുകള്‍ നിർമിച്ച് അതില്‍ തൊണ്ട് അടുക്കിയാല്‍ അത് അഴുതി മണ്ണിനോടു ചേരാന്‍ മൂന്നുനാലു വര്‍ഷമെടുക്കും. ഇത്രയുംകാലം മണ്ണിന്റെ ജലാഗിരണശേഷി വർധിപ്പിക്കാനും സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം ത്വരിതമാക്കാനും മേല്‍മണ്ണിനെ കൂടുതല്‍ ഫലഭൂയിഷ്ഠമാക്കാനും ഇതിടയാക്കും.
മാലിന്യം കമ്പോസ്റ്റാക്കാം: വീട്ടിലെ അടുക്കള വേസ്റ്റില്‍ നിന്നും വീട്ടുവളപ്പിലെ കൃഷിക്കാവശ്യമുള്ള കമ്പോസ്റ്റ് ഉണ്ടാക്കാം. ജൈവവളങ്ങളുടെ ഉപയോഗം മണ്ണിന്റെ ജലാഗിരണശേഷി വർധിപ്പിക്കുകയും മണ്ണൊലിപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
എല്ലാ ജീവശരീരവും നിർമിച്ചിരിക്കുന്നത് മൂലകങ്ങള്‍ കൊണ്ടാണ്. കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍, നൈട്രജന്‍, കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയവയാണ് മനുഷ്യശരീരത്തിലെ പ്രധാന മൂലകങ്ങള്‍. മണ്ണില്‍ നിന്നുമാണ് ഇതിലെ പല ഘടകങ്ങളും ജീവികളുടെ ശരീരത്തില്‍ എത്തുന്നത്. ജീവികള്‍ മരിക്കുമ്പോള്‍ മൃതശരീരങ്ങള്‍ അഴുകി ദ്രവിച്ച് മണ്ണിലേക്കു ചേരും. മണ്ണില്നിന്നുമുണ്ടായ ജീവി മണ്ണിലേക്കു തന്നെ ചേരുന്നു.
കിണര്‍ കുഴിക്കുമ്പോള്‍ പുറത്തേക്കിടുന്ന മണ്ണ് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. മണ്ണിന്റെ പല അടുക്കുകള്‍ പലനിറ ങ്ങളില്‍ കാണാന്‍ കഴിയും. മണ്ണിന്റെ ഈ പല മേഖലകളെ മണ്ചക്രവാളങ്ങള് എന്നാണ് വിളിക്കുന്നത്.
അവസാനം പരിഷ്കരിച്ചത് : 6/10/2020
കൂടുതൽ വിവരങ്ങൾ
കൂടുതൽ വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍