অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാലാവസ്ഥ - വിശദ വിവരങ്ങൾ

കാലാവസ്ഥ - വിശദ വിവരങ്ങൾ

കാലാവസ്ഥ - ആമുഖം

ഭൂമിക്ക് ചൂടു കൂടുന്നതിനനുസരിച്ച് മണ്ണില്‍നിന്നുള്ള കാര്‍ബണ്‍ഡയോക്‌സയിഡിന്റെ ബഹിര്‍ഗമനം വര്‍ധിച്ചുവെന്നാണ് ഏറ്റവും ഒടുവിലത്തെ കണ്ടെത്തല്‍.

ഇരുപത് വര്‍ഷം നീണ്ട പഠനത്തിലാണ്, സസ്യങ്ങളും മണ്ണിലെ സൂക്ഷ്മജീവികളും പുറത്തുവിടുന്ന കാര്‍ബണ്‍ഡയോക്‌സയിഡി (CO2)ന്റെ തോത് വര്‍ധിച്ചതായി കണ്ടതെന്ന്, 'നേച്ചറി'ന്റെ പുതിയ ലക്കത്തിലെ റിപ്പോര്‍ട്ട് പറയുന്നു.

'മണ്ണിന്റെ ശ്വസനം' (soil respiration) എന്നാണ്, മണ്ണില്‍ നിന്ന് CO2 ബഹിര്‍ഗമിക്കപ്പെടുന്ന പ്രക്രിയ വിശേഷിപ്പിക്കുന്നത്. ഇതിന്റെ തോത് 1998 ന് ശേഷം, വര്‍ഷംതോറും ഒരു ശതമാനത്തിന്റെ പത്തിലൊന്ന് വീതം വര്‍ധിച്ചതായി പഠനറിപ്പോര്‍ട്ട് പറയുന്നു.

സംബന്ധിച്ച് മുമ്പ് നടന്ന പഠനങ്ങളും ഗവേഷകര്‍ വിശകലനം ചെയ്യുകയുണ്ടായി. മണ്ണില്‍ നിന്ന് പുറത്തുവരുന്ന ആകെ CO2 ന്റെ അളവ്, മുമ്പ് കണക്കാക്കിയിരുന്നതിലും 10-15 ശതമാനം കൂടുതലാണെന്ന് പഠനത്തില്‍ തെളിഞ്ഞു. പുതിയ കണക്കുകള്‍ പ്രകാരം, ഒരു വര്‍ഷം മണ്ണില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന CO2 ന്റെ ആകെ അളവ് 98 പെറ്റാഗ്രാം (9800 കോടി മെട്രിക് ടണ്‍) ആണ്.

ആഗോള കാര്‍ബണ്‍ ശൃംഗലയെക്കുറിച്ച് വ്യക്തത ലഭിക്കാനും, അതുവഴി കാലാവസ്ഥാമാറ്റത്തില്‍ ഹരിതഗൃഹവാതകങ്ങള്‍ നടത്തുന്ന സ്വാധീനം മനസിലാക്കാനും, മണ്ണില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം കൃത്യമായി അറിയേണ്ടതുണ്ട്. ആ അര്‍ഥത്തില്‍ പ്രധാന്യമര്‍ഹിക്കുന്ന പഠനമാണ്, അമേരിക്കയില്‍ പെസഫിക് നോര്‍ത്ത്‌വെസ്റ്റ് നാഷണല്‍ ലബോറട്ടറിയിലെ ബെന്‍ ബോണ്ട്-ലാംബെര്‍ട്ടിയും കൂട്ടരും നടത്തിയിരിക്കുന്നത്.

ഭൂമിയുടെ ചൂടുകൂടുന്നതിനനുസരിച്ച് മണ്ണില്‍നിന്ന് കൂടുതല്‍ CO2 പുറത്തുവരിക എന്നു പറഞ്ഞാല്‍, അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ സാന്ദ്രത അത്രയും വര്‍ധിക്കുന്നു എന്നാണര്‍ഥം. അതിനനുസരിച്ച് ആഗോളതാപനം (global warming) വീണ്ടും വര്‍ധിക്കും. ശരിക്കുമൊരു വിഷമവൃത്തമാണിത്.

പുതിയ പഠനം അനുസരിച്ച്, 1989-ന് ശേഷം മണ്ണില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന CO2 ന്റെ അളവ് പ്രതിവര്‍ഷം ഏതാണ്ട് 0.1 പെറ്റാഗ്രാം (10 കോടി മെട്രിക് ടണ്‍) വീതം വര്‍ധിച്ചു. പക്ഷേ, പുറത്തുവരുന്ന CO2 പഴയ സ്റ്റോക്കാണോ അതോ ചൂടു കൂടിയ കാലാവസ്ഥയില്‍ ഹരിതസസ്യങ്ങള്‍ കൂടുതല്‍ വേഗത്തില്‍ വളരുന്നതിനാലാണോ ഇങ്ങനെ സംഭവിക്കുന്നതെന്ന് വ്യക്തമല്ല. പക്ഷേ, ലഭ്യമായ തെളിവുകള്‍ സൂചിപ്പിക്കുന്നത് ഇത് പഴയ സ്റ്റോക്കാവാനാണ് സാധ്യതയെന്നാണ് ബോണ്ട്-ലാംബെര്‍ട്ടി പറയുന്നു.

സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ CO2, ജലം എന്നിവയുടെ സഹായത്തോടെ സസ്യങ്ങള്‍ ധാന്യകം നിര്‍മിക്കുന്ന പ്രക്രിയയാണ് പ്രകാശസംശ്ലേഷണം. അപ്പോള്‍ ഓക്‌സിജന്‍ ഉപോത്പന്നമായി പുറത്തു വരും. അതേസമയം, മറ്റ് ജീവികളെപ്പോലെ സസ്യങ്ങള്‍ ഓക്‌സിജന്‍ ആഗിരണം ചെയ്ത് CO2 പുറത്തുവിടാറുമുണ്ട്. സസ്യങ്ങളും സൂക്ഷ്മജീവികളും CO2 പുറത്തുവിടുന്നതിനെയാണ് 'മണ്ണിന്റെ ശ്വസനം' എന്ന് വിളിക്കുന്നത്.

സൈദ്ധാന്തികമായി, സസ്യങ്ങളും സൂക്ഷ്മജീവികളും ഏര്‍പ്പെടുന്ന ജൈവരാസപ്രവര്‍ത്തനങ്ങളില്‍ താപം വര്‍ധിക്കുന്നതിനനുസരിച്ച് പുറത്തു വരുന്ന CO2 ന്റെ അളവും വര്‍ധിക്കും. എന്നാല്‍, 'മണ്ണിന്റെ ശ്വസനം' അളക്കുക എളുപ്പമല്ല, സാധാരണരീതികളുപയോഗിച്ച് സാധിക്കില്ല.

അതിനാല്‍, മറ്റൊരു സമീപനമാണ് ബോണ്ട്-ലാംബെര്‍ട്ടിയും കൂട്ടരും കൈക്കൊണ്ടത്. മണ്ണില്‍ നിന്ന് CO2 ബഹിര്‍ഗമിക്കുന്നത് സംബന്ധിച്ച് 1989 - 2008 കാലത്ത് നടന്ന 439 പഠനങ്ങള്‍ അവര്‍ പുനപ്പരിശോധിച്ചു. വാതക ക്രൊമാറ്റോഗ്രാഫി (gas chromatography), ഇന്‍ഫ്രാറെഡ് വാതക വിശകലനം തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് മാര്‍ഗങ്ങളുപയോഗിച്ച് നടത്തിയ പഠനങ്ങളുടെ ഫലങ്ങളേ പുതിയ പഠനത്തില്‍ ഉള്‍പ്പെടുത്തിയുള്ളു.

അതുപയോഗിച്ച് നടത്തിയ വിശകനത്തിലാണ്, മണ്ണില്‍ നിന്നുള്ള CO2 ന്റെ ബഹിര്‍ഗമന തോത് 1989-ലേതിനെക്കാള്‍ 2008-ല്‍ കൂടുതലാണെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. (അവലംബം: പെസഫിക് നോര്‍ത്ത്‌വെസ്റ്റ് നാഷണല്‍ ലബോറട്ടറിയുടെ വാര്‍ത്താക്കുറിപ്പ്).

പക്ഷികളുടെ വലിപ്പം കുറയുന്നു; കാലാവസ്ഥാമാറ്റമാകാം കാരണമെന്ന് പഠനം

വടക്കെ അമേരിക്കയില്‍ ഒട്ടേറെ പക്ഷികളുടെ ശരീരവലിപ്പം കുറയുന്നതായി കണ്ടെത്തല്‍. കാലാവസ്ഥാമാറ്റത്തിന്റെ ഫലമായ താപവര്‍ധനയാകാം ഇതിന് കാരണമെന്ന് ഗവേഷകര്‍ സംശയിക്കുന്നു.

നൂറിലേറെ വ്യത്യസ്തയിനത്തില്‍പെട്ട അഞ്ചു ലക്ഷത്തോളം പക്ഷികളുടെ വിവരങ്ങള്‍ ശേഖരിച്ച ഗവേഷകരാണ്, അവയുടെ ശരീരഭാരത്തിലും ചിറകിന്റെ വലിപ്പത്തിലും ക്രമേണ കുറവു വരുന്നതായി കണ്ടെത്തിയത്.

എന്നാല്‍, ഈ വലിപ്പക്കുറവ് മൂലം പക്ഷികള്‍ക്കെന്തെങ്കിലും ദോഷം വരുന്നതായി തെളിവ് ലഭിച്ചിട്ടില്ല. അരനൂറ്റാണ്ടുകൊണ്ട് നടന്ന പഠനത്തിന്റെ വിശദാംശങ്ങള്‍ 'ഒയികോസ് ജേര്‍ണലി'ലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ചൂടേറിയ കലാവസ്ഥയില്‍ ജീവികളുടെ ശരീരവലിപ്പം കുറയും എന്നൊരു വിവാദ നിയമം നിലവിലുണ്ട്-'ബര്‍ഗ്മാന്‍ നിയമം' (Bergmann's Rule) എന്നാണത് അറിയപ്പെടുന്നത്. വിവിധ അക്ഷാംശങ്ങളിലോ വിതാനങ്ങളിലോ കഴിയുന്ന ജീവിവര്‍ഗങ്ങള്‍ക്കിടയിലാണ് ഈ നിയമം പ്രയോഗിക്കാറ്.

ധ്രുവങ്ങളോട് കൂടുതല്‍ അടുത്തുള്ള അക്ഷാംശങ്ങളില്‍ അല്ലെങ്കില്‍ കൂടുതല്‍ ഉയര്‍ന്ന വിതാനങ്ങളില്‍ തണുപ്പ് കൂടുതലായിരിക്കും. അത്തരം പ്രദേശങ്ങളില്‍ കഴിയുന്ന ജീവികള്‍ക്ക്, ഭൂമധ്യരേഖയോടടുത്തുള്ള അക്ഷാംശങ്ങളിലോ അല്ലെങ്കില്‍ താഴ്ന്ന വിതാനങ്ങളിലോ കഴിയുന്നവയെക്കാള്‍ ശരീരവലിപ്പം നേരിയ തോതില്‍ കൂടുതലായിരിക്കും എന്ന് ബര്‍ഗ്മാന്‍ നിയമം പറയുന്നു.

എന്നുവെച്ചാല്‍, ചൂടുകൂടിയ കാലാവസ്ഥയില്‍ ശരീരവലിപ്പം കുറയും എന്നര്‍ഥം. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന് വ്യക്തമല്ല. ഈ നിയമത്തിന്റെ പശ്ചാത്തലത്തില്‍, കാലാവസ്ഥാമാറ്റം മൂലം ചൂടു കൂടുമ്പോഴും ജീവികള്‍ സമാനമായ രീതിയില്‍ പ്രതികരിക്കുമോ എന്ന ചോദ്യത്തിനാണ് ഗവേഷകര്‍ ഉത്തരം തേടിയത്.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ സൂറിച്ച് സര്‍വകലാശാലയിലെ ഡോ.ജോഷ് വാന്‍ ബുസ്‌കിര്‍ക്ക്, അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ കാര്‍നെജീ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെറോബര്‍ട്ട് മുല്‍വിഹില്‍,റോബര്‍ട്ട് ലിബര്‍മാന്‍എന്നിവരാണ് ഈ ചോദ്യത്തിന് ഉത്തരം തേടിയത്. ഇതിനായി, പെന്‍സില്‍വാനിയയില്‍ കാര്‍നെജീ മ്യൂസിയത്തിന്റെ വകയായുള്ള പൗഡര്‍മില്‍ റിംഗിങ് സ്റ്റേഷന്‍ വഴി കടന്നു പോയ ലക്ഷക്കണക്കിന് പക്ഷികളുടെ വലിപ്പവ്യത്യാസം വിശകലനം ചെയ്യാന്‍ അവര്‍ തീരുമാനിച്ചു.

1961 മുതല്‍ 2007 വരെയുള്ള കാലയളവില്‍ പൗഡര്‍മില്‍ സ്റ്റേഷനില്‍ പിടികൂടിയ 486,000 പക്ഷികളെ സംബന്ധിച്ച രേഖകള്‍ ഇതിനായി അവര്‍ പരിശോധിച്ചു. വിവിധ ഋതുക്കളില്‍ എത്തുന്ന 102 സ്പീഷിസുകളില്‍ പെട്ട പക്ഷികള്‍ അതില്‍ ഉള്‍പെട്ടിരുന്നു. തദ്ദേശവാസികളായ പക്ഷികളും ദേശാടനപക്ഷികളും സാമ്പിളുകളില്‍ ഉണ്ടായിരുന്നു. അവയുടെ ശരീരഭാരം, ചിറകിന്റെ നീളം എന്നിവയാണ് ഗവേഷകര്‍ പ്രത്യേകം പരിശോധിച്ചത്.

46 വര്‍ഷം നീണ്ട കാലയളവില്‍, വസന്തകാലത്ത് പിടികൂടിയ 83 ഇനം പക്ഷികളില്‍ 60 ഇനത്തിന്റെ വലിപ്പം കുറഞ്ഞതായി ഗവേഷകര്‍ കണ്ടു. ശരല്‍ക്കാലത്ത് പിടികൂടിയ 75 ഇനങ്ങളില്‍ 66 ഇനങ്ങളുടെയും, ഗ്രീഷ്മത്തില്‍ പിടികൂടിയ 65 -ല്‍ 51 ഇനങ്ങളുടെയും, ശൈത്യകാലത്ത് എത്തിയ 26-ല്‍ 20 ഇനത്തിന്റെയും ശരീരഭാരവും ചിറകുകളുടെ വലിപ്പവും കുറഞ്ഞിരുന്നു.

എന്നാല്‍, പൊതുവെ അത്ര കാര്യമായ വലിപ്പവ്യത്യാസമല്ല പക്ഷികള്‍ക്ക് സംഭവിച്ചത്. '46 വര്‍ഷത്തിനിടെ വസന്തകാലത്തെത്തിയവയുടെ ശരീരഭാരത്തില്‍ ശരാശരി 1.3 ശതമാനം കുറവ് മാത്രമാണ് സംഭവിച്ചത്'-ഡോ. ബുസ്‌കിര്‍ക്ക് അറിയിച്ചു. 10 ഗ്രാം ഭാരമുള്ള വാര്‍ബ്ലര്‍ പക്ഷിയുടെ ഭാരത്തില്‍ കുറവ് വന്നത് വെറും 130 മില്ലിഗ്രാം മാത്രം-അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍, ചിലയിനം പക്ഷികളുടെ കാര്യത്തില്‍ ശരീരഭാരത്തില്‍ കൂടുതല്‍ കുറവ് വന്നു, നാലു ശതമാനം വരെ ശരീരം ചെറുതായവയുണ്ട്.

വടക്കെ അമേരിക്കയിലെ പക്ഷിയിനങ്ങള്‍ ബര്‍ഗ്മാന്‍ നിയമം അനുസരിക്കുന്നു എന്നാണ് പഠനത്തില്‍ തെളിഞ്ഞത്. എന്നുവെച്ചാല്‍, അന്തരീക്ഷതാപനില വര്‍ധിക്കുമ്പോള്‍ ശരീരം ചെറുതാകുന്നു. ഈ വ്യത്യാസം പെട്ടന്നാണ് സംഭവിച്ചതെന്നും പഠനം വ്യക്തമാക്കുന്നു; പക്ഷികളുടെ വെറും 20 തലമുറകള്‍ക്കിടയില്‍.

പരിണാമശാസ്ത്രത്തിന്റെ ഭാഗത്തുനിന്ന് നോക്കിയാല്‍, മറുന്ന പരിസ്ഥിതികള്‍ക്ക് അനുയോജ്യമായ വിധത്തില്‍ പക്ഷികള്‍ക്ക് മാറ്റം സംഭവിക്കുന്നതാണ് ഗവേഷകര്‍ കണ്ടത്. ചൂടുകൂടുമ്പോള്‍ ഭക്ഷ്യലഭ്യത കുറയാം, അല്ലെങ്കില്‍ ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനത്തില്‍ വ്യതിയാനം സംഭവിക്കാം. ഇത്തരം പ്രശ്‌നങ്ങളോട് ജീവിവര്‍ഗങ്ങള്‍ നടത്തുന്ന പ്രതികരണമാകാം ഈ മാറ്റമെന്ന് കരുതുന്ന ഗവേഷകരുണ്ട്.

ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് ഡോ.ബുസ്‌കിര്‍ക്ക് പറയുന്നു. പക്ഷികള്‍ക്ക് സംഭവിക്കുന്ന മാറ്റം, മൃഗങ്ങള്‍ക്കിടയിലും ഉണ്ടാകുന്നുണ്ടോ എന്ന് സ്ഥിരീകരിക്കണം. അതിന് കൂടുതല്‍ ഗവേഷണവും സ്ഥിതിവിവരക്കണക്കുകളും ആവശ്യമാണ്. (കടപ്പാട്: ബി.ബി.സി.ന്യൂസ്).

ഇന്ത്യയില്‍ കഴിഞ്ഞ 110 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു 2009 എന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് (IMD) കണ്ടെത്തി. കഴിഞ്ഞ വര്‍ഷം രാജ്യത്താകമാനം ശരാശരി താപനില സാധാരണയിലും ഒരു ഡിഗ്രി സെല്‍ഷ്യസ് (കൃത്യമായി 0.913 ഡിഗ്രി) കൂടുതലായിരുന്നു.

മാത്രമല്ല, ഈ കാലയളവിലെ ഏറ്റവും ചൂടുകൂടിയ 10 വര്‍ഷങ്ങളില്‍ ആറെണ്ണവും 2000-ന് ശേഷമായിരുന്നുവെന്നും (യഥാക്രമം 2009, 2002, 2006, 2003, 2007, 2004) ഐ.എം.ഡി. അതിന്റെ വെബ്ബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

അന്തരീക്ഷ താപനിലയും കാലാവസ്ഥയും സംബന്ധിച്ച കണക്കുകള്‍ സൂക്ഷിക്കാന്‍ ഐ.എം.ഡി. ആരംഭിച്ചത് 1901-ലാണ്. അന്നുമുതലുള്ള നിരീക്ഷണവിവരങ്ങള്‍ വിശകലനം ചെയ്താണ് അധികൃതര്‍ ഈ നിഗമനത്തിലെത്തിയത്.

1961 മുതല്‍ 1990 വരെയുള്ള ശരാശരി താപനില മാനദണ്ഡമാക്കിയായിരുന്നു കണക്കുകൂട്ടല്‍. ആ 30 വര്‍ഷം രാജ്യത്തെ ശരാശരി താപനില 24.64 ഡിഗ്രിയായിരുന്നു. 2009-ല്‍ അത് 25.553 ഡിഗ്രിയായതായി ഐ.എം.ഡി.യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ 110 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ വര്‍ഷങ്ങള്‍ ഇവയാണ്: 2009 (+0.913), 2002 (+0.708), 2006 (+0.6), 2003 (+0.560), 2007 (+0.553), 2004 (+0.515), 1998 (+0.514), 1941 (+0.448), 1999 (+0.445), 1958 (+0.435), 2001 (+0.429), 1987 (+0.413), 2005 (+0.410).

മാത്രമല്ല, വിവിധ സീസണുകളിലെ ശരാശരി താപനിലയും ഐ.എം.ഡി. പരിശോധിക്കുകയുണ്ടായി. ജനവരി-ഫിബ്രവരി മാസത്തിലെ ശൈത്യകാലം, മണ്‍സൂണിന് മുമ്പുള്ള മാര്‍ച്ച്-മെയ് കാലയളവ്, മണ്‍സൂണ്‍ കാലമായ ജൂണ്‍-സപ്തംബര്‍, മണ്‍സൂണിന് ശേഷമുള്ള ഒക്ടോബര്‍-ഡിസംബര്‍ എന്നിവയില്‍, മണ്‍സൂണിലും ശൈത്യകാലത്തും ഏറ്റവും ഉയര്‍ന്ന ശരാശരി താപനില രേഖപ്പെടുത്തിയതും 2009-ലായിരുന്നു.

രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ വാര്‍ഷിക താപനില പരിശോധിച്ചപ്പോള്‍, രാജസ്ഥാന്‍, ഗുജറാത്ത്, ബീഹാര്‍ എന്നിവിടങ്ങളൊഴികെ ബാക്കിയെല്ലായിടത്തും 2009-ല്‍ ശരാശരി താപനില കാര്യമായി വര്‍ധിച്ചെന്നു കണ്ടു. എന്നാല്‍, മേല്‍പ്പറഞ്ഞ മൂന്ന് മേഖലയില്‍ താപനിലയില്‍ കാര്യമായ കുറവാണ് നിരീക്ഷിച്ചത്.

2009 ജനവരി-ഫിബ്രവരി കാലത്താണ് രാജ്യത്തിന്റെ പല ഭാഗത്തും താപനിലയില്‍ അസാധാരണ വ്യതിചലനം ദര്‍ശിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉദാഹരണത്തിന്, പടിഞ്ഞാറന്‍ ഹിമാലയത്തില്‍ ആ ജനവരി രണ്ടാംപകുതിയിലെ താപനില സാധാരണയിലും മൂന്നു മുതല്‍ അഞ്ച് ഡിഗ്രി വരെ കൂടുതലായിരുന്നു. അതേസമയം ജനവരിയില്‍ തന്നെ ഉത്തര്‍പ്രദേശില്‍ അതിശൈത്യത്തില്‍ എണ്‍പതിലേറെപ്പേര്‍ മരിച്ചു.

2009 മാര്‍ച്ച്, ഏപ്രില്‍, മെയ് കാലയളവില്‍ രാജ്യത്തെ വിവിധ പ്രദേശങ്ങള്‍ അത്യുഷ്ണത്തിന്റെ (സാധാരണയിലും അഞ്ച് ഡിഗ്രി കൂടുതല്‍) പിടിയിലായി. ആന്ധ്രപ്രദേശില്‍ മാത്രം മെയ് മാസത്തില്‍ 150 പേരാണ് സൂര്യാഘാതമേറ്റും, ചൂട് താങ്ങാനാകാതെയും മരിച്ചത്. (അവലംബം:ഐ.എം.ഡി)

ഒരു മരവും ഒരു സംസ്‌ക്കാരവും

ജയിംസ് കാമറൂണിന്റെ പുതിയ ചിത്രമായ 'അവതാര്‍'കണ്ടവര്‍ക്ക്, ഒരു മരം എങ്ങനെ ഒരു സംസ്‌ക്കാരത്തിന്റെ ആണിക്കല്ലായി മാറുന്നു എന്ന് മനസിലാക്കാന്‍ എളുപ്പമാണ്. വിദൂരനക്ഷത്രലോകത്തെ ഉപഗ്രഹമായ പന്‍ഡോരയില്‍ നാ'വി (Na'vi) വര്‍ഗം നിലനില്‍ക്കുന്നത് അവരുടെ ഭവനവൃക്ഷത്തെ ആശ്രയിച്ചാണ്. ഭവനവൃക്ഷം നശിച്ചാല്‍ ആ വര്‍ഗവും നശിക്കും. ആ ഉപഗ്രഹത്തില്‍ ധാതുഖനനം ലാക്കാക്കി എത്തുന്ന അന്യഗ്രഹജീവികളായ മനുഷ്യര്‍, ഭവനവൃക്ഷത്തിനും അതുവഴി നാ'വി വര്‍ഗത്തിനും വെല്ലുവിളിയാകുന്നതാണ് സിനിമയുടെ മുഖ്യപ്രമേയം.


ഇത് സിനിമാക്കഥ. ഒരു ജീവിവര്‍ഗത്തിന്റെ നിലനില്‍പ്പിന് ഒരു വൃക്ഷം എങ്ങനെ താങ്ങുംതണലുമാകുന്നു എന്നതിന് ഉദാഹരണങ്ങള്‍ നമുക്ക് അടുത്തു തന്നെയുണ്ട്. സൈലന്റ് വാലിയിലെ സിംഹവാലന്‍ കുരങ്ങുകളും വെടിപ്ലാവുകളും തമ്മിലുള്ള ബന്ധം ഉദാഹരണം. ആ അമൂല്യമഴക്കാട്ടിലെ സ്ഥാനികജീവിയെന്നാണ് സിംഹവാലന്‍ അറിയപ്പെടുന്നത്. ലോകത്ത് ഈ ജീവിവര്‍ഗത്തിന്റെ നിലനില്‍പ്പിന് ഏറ്റവുമധികം തുണയാകുന്ന ഒന്നായി സൈലന്റ് വാലി മാറാന്‍ കാരണം അവിടുത്തെ വെടിപ്ലാവുകളുടെ സുലഭ സാന്നിധ്യമാണ്. വെടിപ്ലാവിന്റെ ചക്ക സിംഹവാലന്‍ കുരങ്ങിന്റെ മുഖ്യഭക്ഷണമാകയാല്‍, ആ വൃക്ഷം നശിച്ചാല്‍ സിംഹവാലനും നിലനില്‍ക്കാനാവില്ല.

ഒരു വൃക്ഷത്തിന് ഒരു വര്‍ഗത്തിന്റെ നിലനില്‍പ്പില്‍ ഇത്രയൊക്കെ സ്ഥാനമുണ്ടാകുമോ എന്ന് സംശയിക്കുന്നവരുണ്ടാകാം. അത്തരക്കാരുടെ കണ്ണുതുറപ്പിക്കുന്ന ഒരു കണ്ടെത്തല്‍ അടുത്തയിടെ തെക്കെയമേരിക്കയില്‍ നിന്നുണ്ടായി. പെറുവിലെനാസ്‌ക (Nasca) വര്‍ഗക്കാര്‍ക്ക് ഏതാണ്ട് 1500 വര്‍ഷംമുമ്പ് സംഭവിച്ചത് എന്താണെന്ന് പഠിച്ച പുരാവസ്തുഗവേഷകരാണ് അക്കാര്യം കണ്ടെത്തിയത് - ആ പ്രാചീന ജനതയെ സംബന്ധിച്ചിടത്തോളം കല്‍പ്പവൃക്ഷമെന്ന് കരുതാവുന്ന ഹ്യുരാന്‍ഗോ മരങ്ങള്‍ (huarango trees) വ്യാപകമായി നശിപ്പിക്കപ്പെട്ടതാണത്രേ അവരുടെ സംസ്‌ക്കാരത്തിന് അന്ത്യംകുറിച്ചത്.

പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ നിന്ന് 400 കിലോമീറ്റര്‍ തെക്കുമാറി, തീരപ്രദേശത്തെ അര്‍ധഊഷര താഴ്‌വരകളായിരുന്നു നാസ്‌ക വര്‍ഗക്കാരുടെ വാസഗേഹം. സമീപത്തെ മരുപ്രദേശങ്ങളില്‍ കാണപ്പെടുന്ന ഭീമന്‍ ചിത്രരൂപങ്ങളാണ് ആ പ്രാചീനസംസ്‌കാരത്തിന്റെ ഇപ്പോഴും അവശേഷിക്കുന്ന തെളിവ്. ('നാസ്‌ക ലൈന്‍സ്' എന്നറിയപ്പെടുന്ന ആ ചിത്രരൂപങ്ങള്‍ ആകാശത്തുനിന്ന് നോക്കിയാലാണ് വ്യക്തമായി കാണാനാവുക. വിളവലയങ്ങളെ (crop circles) അനുസ്മരിപ്പിക്കുന്ന ആ ചിത്രരൂപങ്ങള്‍ക്ക് പിന്നില്‍ ഭൗമേതരശക്തികളാണെന്ന് ഒരുകാലത്ത് കരുതിയിരുന്നെങ്കിലും, അവ മനുഷ്യസൃഷ്ടി തന്നെയെന്ന് പിന്നീട് തെളിഞ്ഞു). കിലോമീറ്ററുകളോളം നീളത്തില്‍ വ്യാപിച്ചു കിടക്കുന്ന ചിത്രരൂപങ്ങള്‍ വരച്ചത് 500 ബി.സിക്കും 500 എ.ഡിക്കും മധ്യേയുള്ള കാലത്താണ്.

തെക്കെയമേരിക്കയില്‍ ഇന്‍ക വര്‍ഗക്കാര്‍ക്ക് മുമ്പ് നിലനിന്ന ഏറ്റവും പ്രധാനപ്പെട്ട സംസ്‌ക്കാരമായിരുന്നു നാസ്‌കകളുടേത്. വസ്ത്രനിര്‍മാണത്തിലും ചിത്രരചനയിലും കരകൗശലവിദ്യകളിലും അവര്‍ പ്രാവിണ്യം നേടിയിരുന്നു. കൃഷിക്കായി ജലസേചനസംവിധാനവും അവര്‍ വികസിപ്പിച്ചിരുന്നു. ഏതാണ്ട് എട്ട് നൂറ്റാണ്ടിലേറെ ആ വര്‍ഗം പ്രതാപത്തോടെ നിലനിന്നു. എന്നാല്‍, എ.ഡി.600 ഓടെ നാസ്‌കകള്‍ ഏതോ ശാപത്താലെന്നോണം നശിച്ചു, അവരുടെ സംസ്‌ക്കാരവും അന്യംനിന്നു.

എന്താണ് സംഭവിച്ചത്, ഏത് ശാപമാണ് ആ വര്‍ഗത്തെ ഗ്രസിച്ചത്? ആ സഹസ്രാബ്ദത്തിലെ ഏറ്റവും ശക്തമായ എല്‍നിനോ (El Nino)പ്രതിഭാസമാണ് നാസ്‌ക സംസ്‌ക്കാരത്തിന് അന്ത്യംകുറിച്ചതെന്നായിരുന്നു വിദഗ്ധരുടെ നിഗമനം. എല്‍നിനോ മൂലമുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും പെട്ട് ആ വര്‍ഗത്തിന് അവസാനിക്കേണ്ടി വന്നിരിക്കാമെന്ന് അവര്‍ കരുതി.

എന്നാല്‍, മേല്‍പ്പറഞ്ഞത് കഥയുടെ ഒരു ഭാഗമേ ആകുന്നുള്ളുവത്രേ. പ്രബലമായ മറ്റൊരു കാരണം കൂടി ആ വര്‍ഗത്തിന്റെ അസ്തമയത്തിന് പിന്നിലുണ്ടായിരുന്നുവെന്ന് പുരാവസ്തുഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. അത് ഹ്യുരാന്‍ഗോ മരങ്ങളുടെ വ്യാപകമായ നാശമായിരുന്നുവത്രേ. ആ മരങ്ങള്‍ വെട്ടിമാറ്റിയിരുന്നില്ലെങ്കില്‍, നാസ്‌ക വര്‍ഗം നശിക്കില്ലായിരുന്നുവെന്ന് 'ലാറ്റിനമേരിക്കന്‍ ആന്റിക്വിറ്റി'യില്‍ അടുത്തയിടെ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.

ജലസേചന ശൃംഗലകളുടെ സഹായത്തോടെയാണ് പെറൂവിയന്‍ തീരത്തെ അര്‍ധഊഷര പ്രദേശങ്ങളെ ചോളവും മധുരക്കിഴങ്ങും മത്തനും വിളയുന്ന കൃഷിഭൂമികളാക്കി നാസ്‌ക വര്‍ഗം മാറ്റിയത്. ഹ്യൂരാന്‍ഗോ മരങ്ങളെ വ്യാപകമായി വെട്ടിമാറ്റിക്കൊണ്ടായിരുന്നു ആ മുന്നേറ്റം. എല്‍നിനോയുടെ ഫലമായുണ്ടായ പേമാരിയില്‍ ജലസേചനസംവിധാനം തകരുകയും മണ്ണൊലിപ്പ് മൂലം കൃഷിഭൂമി നശിക്കുകയും ചെയ്തു. കൃഷിഭൂമിയായിരുന്ന പ്രദേശങ്ങള്‍ മരുഭൂമിയായി മാറി.

പുതിയ പഠനം പറയുന്നത്, ഹ്യൂരാന്‍ഗോ മരങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ പ്രളയം ചെറുക്കാനും അതുവഴിയുണ്ടായ മണ്ണൊലിപ്പ് പരിമിതപ്പെടുത്താനും കഴിയുമായിരുന്നു എന്നാണ്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ നാസ്‌ക വര്‍ഗത്തിന് അതിജീവനം സാധ്യമാകുമായിരുന്നു. നൈട്രജന്‍ ആഗിരണം ചെയ്ത് മണ്ണിനെ ഫലഭൂയിഷ്ഠമാക്കാന്‍ മികച്ച കഴിവുള്ള വൃക്ഷജനുസായിരുന്നു ഹ്യൂരാന്‍ഗോ. മാത്രമല്ല, ഭക്ഷണത്തിനും തടിക്കും വിറകിനുമൊക്കെ ഉപയോഗിക്കാനാകുന്ന വൃക്ഷവുമായിരുന്നു അത്് - കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പുരാവസ്തുഗവേഷകനും നാസ്‌ക വിദഗ്ധനുമായ ഡേവിഡ് ബെരെസ്‌ഫോര്‍ഡ്-ജോണ്‍സ് പറയുന്നു. പഠനത്തിന് നേതൃത്വം നല്‍കിയത് അദ്ദേഹമാണ്.

ലോലമായ ആ അര്‍ധഊഷര പരിസ്ഥിതിവ്യൂഹം സംരക്ഷിക്കുന്നതുള്‍പ്പടെ, അവിടുത്തെ ആവാസവ്യവസ്ഥയില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിരുന്ന ഒന്നാണ് ഹ്യൂരാന്‍ഗോ വൃക്ഷങ്ങള്‍ (Prosopis pallida). മണ്ണിന്റെ വളക്കൂറും സൂക്ഷ്മകാലാവസ്ഥയും സംരക്ഷിക്കാന്‍ ഹ്യൂരാന്‍ഗോ മരങ്ങള്‍ ധാരാളമുള്ള പരിസ്ഥിതിക്ക് കഴിയും. മാത്രമല്ല, അറിയപ്പെടുന്നതില്‍ ഏറ്റവും ആഴത്തില്‍ വളരുന്ന വേരുകളുള്ള മരം കൂടിയാണിത്. അതുമൂലം, മണ്ണൊലിപ്പിനെതിരെ ശക്തമായ പ്രതിരോധം കൂടിയാകുന്നു ആ മരങ്ങള്‍-ഡോ. ബെരെസ്‌ഫോര്‍ഡ്-ജോണ്‍സ് പറയുന്നു.

നാസ്‌ക വര്‍ഗത്തിന്റെ പ്രമുഖ കേന്ദ്രങ്ങളിലൊന്നായിരുന്ന ഇകാ താഴ്‌വരയില്‍ നടത്തിയ ഉല്‍ഖനനമാണ്, ആ സംസ്‌ക്കാരം മണ്ണടിയാന്‍ ഇടയാക്കിയതിന് പിന്നില്‍ ഹ്യൂരാന്‍ഗോ മരങ്ങളുടെ നാശവും ഉണ്ടായിരുന്നു എന്ന നിഗമനത്തിലെത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്. കൂടുതല്‍ കൃഷിയിറക്കാനായി മരങ്ങള്‍ വന്‍തോതില്‍ വെട്ടിമാറ്റിയതിന് വ്യക്തമായ തെളിവ് ഗവേഷകര്‍ക്ക് ലഭിച്ചു. 'വൃക്ഷങ്ങള്‍ വെട്ടിമാറ്റിയതോടെ പ്രദേശം മുഴുവന്‍ പാരിസ്ഥിതികമായ ഒരു അപകടാവസ്ഥയിലെത്തി. മരൂഭൂമിയില്‍ നിന്നുള്ള കാറ്റും എല്‍നിനോ വഴിയുണ്ടായ പ്രളയവും അവിടം കൃഷിക്ക് പറ്റാത്ത ഇടമാക്കി മാറ്റിയിരിക്കണം'-ഗവേഷകര്‍ പറയുന്നു.

കൃഷി ക്രമേണ അസാധ്യമായതോടെ ആ വര്‍ഗത്തിന്റെ നിലനില്‍പ്പും അപകടത്തിലായി. നാസ്‌ക തലസ്ഥാനമായ കഹൂയാച്ചി ഉപേക്ഷിക്കപ്പെട്ടു, ഭാവി വര്‍ഗങ്ങള്‍ക്ക് പഠിക്കാനുള്ള ഒരു പ്രാചീന ചരിത്രമേഖല മാത്രമായി അത് മാറി. 'സ്പാനിഷ് അധിനിവേശം ആരംഭിക്കും വരെ അമേരിക്കയിലെ പ്രാദേശിക വര്‍ഗങ്ങള്‍ പ്രകൃതിയുമായി സമരസപ്പെട്ടാണ് കഴിഞ്ഞതെന്ന കാഴ്ചപ്പാടിന് വിരുദ്ധമാണ് ഞങ്ങളുടെ ഗവേഷണം'-ഡോ. ബെരെസ്‌ഫോര്‍ഡ്-ജോണ്‍സ് ചൂണ്ടിക്കാട്ടി. മുന്‍പിന്‍ നോക്കാതെ പ്രകൃതിക്ക് മേല്‍ കൈവെയ്ക്കുന്ന ഏത് വര്‍ഗത്തിനുമുള്ള മുന്നറിയിപ്പാണ് നാസ്‌ക സംസ്‌കാരത്തിന്റെ പതനമെന്ന് സാരം. ഒപ്പം അന്താരാഷ്ട്രജൈവവൈവിധ്യവര്‍ഷം ആയി 2010-നെ ആചരിക്കുമ്പോള്‍ ഓര്‍ക്കേണ്ട വിലപ്പെട്ട പാഠവും ഈ പ്രാചീനസംസ്‌ക്കാരത്തിന്റെ പതനം മുന്നോട്ടുവെയ്ക്കുന്നു. (കടപ്പാട്: ബി.ബി.സി, ടൈംസ് ഓണ്‍ലൈന്‍)

മുഖംരക്ഷിക്കാന്‍ പേരിനൊരു ധാരണ, കാലാവസ്ഥാവ്യതിയാനം തുടരും

'കുറ്റവാളികളായ സ്ത്രീപുരുഷന്‍മാര്‍ വിമാനത്താവളത്തിലേക്ക് ഓടി രക്ഷപ്പെടുന്ന തരത്തിലൊരു കുറ്റകൃത്യമേഖലയായി കോപ്പന്‍ഹേഗന്‍ ഈ രാത്രിയില്‍ പരിണമിച്ചു'

-ജോണ്‍ സൗവന്‍, ഗ്രീന്‍പീസ്

രണ്ടുവര്‍ഷത്തെ മുന്നൊരുക്കം, പന്ത്രണ്ട് ദിവസത്തെ ചര്‍ച്ച, കഠിനമായ വിലപേശലുകള്‍...ഒടുവില്‍ 'മല എലിയെ പ്രസവിച്ചതുപോലെ' കരാറെന്നോ ധാരണയെന്നോ തീര്‍ത്തുപറയാനാകാത്ത ഒരു ഏര്‍പ്പാടും. കോപ്പന്‍ഹേഗന്‍ തെളിയിക്കുന്നത് എന്താണ്. അതേതായാലും ഭാവിതലമുറയോട് അഭിമാനത്തോടെ പറഞ്ഞുകൊടുക്കാന്‍ കഴിയുന്ന ഒന്നല്ല, തീര്‍ച്ച.

യു.എന്നിന്റെ നേതൃത്വത്തിലുള്ള കോപ്പന്‍ഹേഗന്‍ ഉച്ചകോടി എങ്ങുമെത്താതെ അവസാനിക്കുമെന്ന ആശങ്ക നേരത്തെ തന്നെ പലകോണുകളും പ്രകടിപ്പിച്ചിരുന്നു. ഉച്ചകോടിക്കിടെ ലഭിച്ച ചില സൂചനകള്‍ (യൂറോപ്യന്‍ യൂണിയന്‍ അവരുടെ വാതകവ്യാപന പരിധി ഉയര്‍ത്താന്‍ കൂട്ടാക്കാത്തത് ഉള്‍പ്പടെ) അത് ശരിവെയ്ക്കുകയും ചെയ്തു. ഡിസംബര്‍ ഏഴിന് ആരംഭിച്ച ഉച്ചകോടി ഡിസംബര്‍ 18-ന് അവസാനിക്കുമ്പോള്‍, ആ ആശങ്കകള്‍ ശരിയായിരുന്നു എ്ന്ന് തെളിയുകയാണ്.

ഏതായാലും കോപ്പന്‍ഹേഗന്‍ ഒരുകാര്യം അസന്നിഗ്ധമായി തെളിയിക്കുന്നു-ലോകരാഷ്ട്രങ്ങള്‍ ഇപ്പോള്‍ പിന്തുടരുന്ന രാഷ്ട്രീയം കൊണ്ട് കാലാവസ്ഥാവ്യതിയാനം ചെറുക്കാനോ, ഭൂമി ചൂടുപിടിക്കുന്നത് തടയാനോ ഭാവിയെ പ്രതീക്ഷയോടെ നേരിടാനോ കഴിയില്ല. ഒരു പ്രതീക്ഷ, അമേരിക്ക അതിന്റെ മുന്‍നിലപാടില്‍ നിന്ന് മാറി, കാര്‍ബണ്‍ രാഷ്ട്രീയത്തിന്റെ മുഖ്യവേദിയില്‍ പ്രത്യക്ഷപ്പെട്ടു എന്നതുമാത്രം.

കാലാവസ്ഥാവ്യതിയാനം ചെറുക്കുന്നതിന് ഫലപ്രദമായ ഉടമ്പടിക്ക് രൂപം നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍, അമേരിക്ക, ചൈന, ബ്രിസീല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു ധാരണയുണ്ടാക്കുകയാണ് ഉച്ചകോടിക്കൊടുവില്‍ ചെയ്തത്. മുഖംരക്ഷിക്കാനുള്ള വിഫലശ്രമം എന്ന് അത് വിശേഷിപ്പിക്കപ്പെടുകയും ചെയ്തു.

ആഗോളതാപനിലയിലെ വര്‍ധന രണ്ട് ഡിഗ്രിയില്‍ താഴെ പിടിച്ചു നിര്‍ത്തുക ഉള്‍പ്പടെയുള്ള കാര്യങ്ങളിലാണ് അഞ്ചുരാജ്യങ്ങളും ചേര്‍ന്ന് ധാരണയിലെത്തിയതെന്നും, 'അര്‍ഥവത്തായ കരാര്‍' ആണതെന്നും യു.എസ്.പ്രസിഡന്റ് ബാരക് ഒബാമ അവകാശപ്പെടുന്നു. ആഗോളനടപടിക്കുള്ള അടിത്തറയാണ് ഈ കരാറെന്നും, ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍, പല രാജ്യങ്ങളും ആ തട്ടിക്കൂട്ട് കരാറിന്റെ ഉള്ളടക്കത്തില്‍ അസന്തുഷ്ടരാണ്. 'ജനാധിപത്യവിരുദ്ധവും സുതാര്യതയില്ലാത്തതും അസ്വീകാര്യവുമായ' കരാര്‍ എന്നാണ് ബൊളീവിയന്‍ പ്രതിനിധികള്‍ അതിനെ വിശേഷിപ്പിച്ചത്. യു.എന്നിന് എതിരെ അമേരിക്കന്‍ നേതൃത്വത്തില്‍ നടന്ന 'അട്ടിമറി'-വെനസ്വലയുടെ പ്രതിനിധി ക്ലാഡിയോ സലെര്‍നോ കാല്‍ഡെര കുറ്റപ്പെടുത്തി.

'മുപ്പത് വെള്ളിക്കാശിന് ഭാവിയെ ഒറ്റിക്കൊടുത്തിരിക്കുക'യാണ് ഈ കരാര്‍ വഴിയെന്ന്, തുവാലുവെന്ന ചെറുദ്വീപ് രാഷ്ട്രത്തിന്റെ പ്രതിനിധി ഇയാന്‍ ഫ്രൈ വിലപിച്ചു. അതിനാല്‍ കരാര്‍ തള്ളിക്കളയുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. ആഗോളതാപനം മൂലം സമുദ്രവിതാനമുയര്‍ന്ന് സമീപഭാവിയില്‍ തന്നെ വെള്ളത്തില്‍ മുങ്ങാന്‍ പോകുന്ന ചെറുദ്വീപ് രാഷ്ട്രങ്ങളിലൊന്നാണ് തുവാലു.

ആഗോളതാപനില പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച വ്യക്തമായ പരിധി കരാറിലില്ല, നിയമപരമായ കരാറായിരിക്കുമതെന്ന് ഉറപ്പ് പറയുന്നില്ല, വാതകവ്യാപനം കുറയ്ക്കുന്നതിന് വ്യക്തമായ സമയപരിധിയില്ല - ആഗോളതാപനത്തിന്റെ തിക്തഫലങ്ങള്‍ ഇപ്പോള്‍ തന്നെ ഏറ്റുവാങ്ങാന്‍ തുടങ്ങിയിരിക്കുന്ന രാജ്യങ്ങള്‍ ഇത്തരമൊരു കരാറോ ധാരണയോ അല്ല കോപ്പന്‍ഹേഗനില്‍ നിന്ന് പ്രതീക്ഷിച്ചത്.

കാലാവസ്ഥാവ്യതിയാനത്തിന്റെ ദുരിതഫലങ്ങള്‍ നേരിടാന്‍ അടുത്ത മൂന്ന് വര്‍ഷക്കാലത്തേക്ക് വികസ്വരരാഷ്ട്രങ്ങള്‍ക്ക് 3000 കോടി ഡോളര്‍ സഹായം നല്‍കുമെന്ന് പഞ്ചരാഷ്ട്രകരാറിലുണ്ട്. 2020 ആകുമ്പോഴേക്കും ഇത് പ്രതിവര്‍ഷം 10000 കോടി ഡോളര്‍ എന്ന കണക്കിനാക്കുകയാണ് ലക്ഷ്യമെന്നും പറയുന്നു.

എന്നാല്‍, ഈ കരാര്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ ഉച്ചകോടിയില്‍ പങ്കെടുത്ത 193 രാജ്യങ്ങളും അംഗീകരിക്കേണ്ടതുണ്ട്. എത്ര രാജ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. ജി 77 - ചൈന ഗ്രൂപ്പിന്റെ പ്രതിനിധിയായ ലുമുംബ സ്റ്റാനിസ്ലാസ് ഡി-അപിങ് കോപത്തോടെയാണ് പുതിയ സംഭവവികാസങ്ങളോട് പ്രതികരിച്ചത്. തങ്ങളുടെ അറിവില്ലാതെ പിന്നാമ്പുറത്തുണ്ടായ കരാറാണിതെന്ന് അദ്ദേഹ പറഞ്ഞു.

'നിയമപരമായ പ്രാബല്യമില്ലാത്ത തരത്തിലൊരു കരാര്‍ ഉണ്ടാക്കിയതിലുള്ള നിരാശ ഞാന്‍ മറച്ചു പിടിക്കുന്നില്ല'-യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഷൂസെ മാനുവര്‍ ബരോസോ പറഞ്ഞു. 'പ്രതീക്ഷയ്‌ക്കൊപ്പം ഉയരുന്ന ഒന്നല്ല കരാര്‍'-അദ്ദേഹം അറിയിച്ചു.

''കരട് കരാര്‍ കുറ്റമറ്റതല്ല'-ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍കോസി സമ്മതിക്കുന്നു. എന്നാല്‍ ഒരു കരാറും ഉണ്ടാക്കാനായില്ലെങ്കില്‍, ഇന്ത്യയും ചൈനയും ഒരു തരത്തിലുള്ള നിയന്ത്രണത്തിലും പെടില്ല എന്നുവരും. ക്യോട്ടോ ഉടമ്പടിയില്‍ ഇല്ലാത്ത അമേരിക്കയ്ക്ക് ഏത് തരത്തിലുള്ള കരാറും ഉണ്ടാക്കാന്‍ സ്വാതന്ത്ര്യമുണ്ട്, പഞ്ചരാഷ്ട്രകരാറിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് അദ്ദേഹം അറിയിച്ചു.

കോപ്പന്‍ഹേഗനില്‍ പയറ്റിയ രാഷ്ട്രീയത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണ് ആഗോളതാപനം ചെറുക്കാന്‍ ആവശ്യം എന്ന് വ്യക്തമായതായി ഗ്രീന്‍പീസിന്റെ ജോണ്‍ സൗവന്‍ പറഞ്ഞത് വാസ്തവമാണ്. പക്ഷേ, പുതിയ രാഷ്ട്രീയം ലോകനേതാക്കള്‍ അഭ്യസിച്ചു വരുമ്പോഴേക്കും രക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരിക്കുമോ ഭൂമിയെന്നേ സംശയമുള്ളു.(അവലംബം: വിവിധ വാര്‍ത്താഏജന്‍സികള്‍).

സമുദ്രവിതാനം ഉയരുന്നു; പ്രതീക്ഷിച്ചതിലും വേഗത്തില്‍

ആഗോളതാപനം മൂലം പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയില്‍ മഞ്ഞുപാളികള്‍ ഉരുകുന്നതിന്റെ തോത് വര്‍ധിച്ചിരിക്കുന്നു. ഒരു നൂറ്റാണ്ട് കൊണ്ട് സമുദ്രവിതാനം 1.4 മീററര്‍ ഉയരാന്‍ ഇത് കാരണമാകുമെന്ന് പുതിയ പഠനറിപ്പോര്‍ട്ട്.

'സയന്റിഫിക് കമ്മിറ്റി ഓണ്‍ അന്റാര്‍ട്ടിക് റിസര്‍ച്ച്' (SCAR) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് അസ്വസ്ഥതയുളവാക്കുന്ന ഈ വിവരമുള്ളത്. നൂറിലേറെ പ്രമുഖ ഗവേഷകര്‍ ചേര്‍ന്ന് തയ്യാറാക്കുകയും ഇരുന്നൂറോളം ഗവേഷകര്‍ അവലോകനം നടത്തുകയും ചെയ്ത റിപ്പോര്‍ട്ട് ലണ്ടനിലാണ് പുറത്തിറക്കിയത്.

സമുദ്രവിതാനം 1.4 മീറ്റര്‍ ഉയരുമ്പോള്‍ കൊല്‍ക്കത്ത, ന്യൂയോര്‍ക്ക്, ധാക്ക, ലണ്ടന്‍, ഷാങ്ഹായി തുടങ്ങിയ വന്‍നഗരങ്ങള്‍ കടുത്ത വെള്ളപ്പൊക്ക ഭീഷണി നേരിടും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മലെദ്വീപ്, ശാന്തസമുദ്രത്തിലെ ടുവാലു തുടങ്ങിയ ചെറുദ്വീപ് രാഷ്ട്രങ്ങള്‍ കടലിന്നടിയിലാകും.

രണ്ട് വര്‍ഷം മുമ്പ് പുറത്തു വന്ന 'ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചി' (IPCC) ന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത് 2100 അവസാനിക്കുമ്പോഴേക്കും സമുദ്രവിതാനം 28-43 സെന്റീമീറ്റര്‍ വര്‍ധിക്കുമെന്നാണ്. ആ കണക്ക് ശരിയല്ലെന്ന് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അന്റാര്‍ട്ടിക്കയിലെ ശരാശരി താപനില കഴിഞ്ഞ 50 വര്‍ഷത്തിനിടെ മൂന്ന് ഡിഗ്രി സെല്‍സിയസ് വര്‍ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

വന്‍ദുരന്തമാണ് ലോകം നേരിടാന്‍ പോകുന്നതെന്ന്, റിപ്പോര്‍ട്ട് പുറത്തിറക്കുന്ന വേളയില്‍ 'സ്‌കാര്‍' എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. കോളിന്‍ സമ്മര്‍ഹെയ്‌സ് പറഞ്ഞു.

'അന്റാര്‍ട്ടിക്ക് ഉടമ്പടി' അവതരിപ്പിച്ചതിന് അമ്പത് വര്‍ഷം തികയുന്ന ദിവസ(ഡിസംബര്‍ ഒന്ന്) മാണ് സ്‌കാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കോപ്പന്‍ഹേഗന്‍ സമ്മേളനം ആരംഭിക്കാന്‍ ഇനി ദിവസങ്ങളേ ഉള്ളു എന്നതും ശ്രദ്ധേയമാണ്.

പ്രവചനങ്ങള്‍ തെറ്റുന്നു; ഭൗമതാപനില നാല് ഡിഗ്രി വര്‍ധിക്കാം

കാലാവസ്ഥാമാറ്റത്തിന്റെ ഫലമായുള്ള താപവര്‍ധന പ്രവചിക്കപ്പെട്ടതിലും കൂടുതലാകാം എന്ന് മുന്നറിയിപ്പ്. 2060 ആകുമ്പോഴേക്കും ഭൂമിയുടെ ശരാശരി താപനിലയില്‍ നാല് ഡിഗ്രി സെല്‍സിയസിന്റെ വര്‍ധനയുണ്ടാകാമെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ പറയുന്നു.

ബ്രിട്ടനിലെ മെറ്റ് ഓഫീസ് ഹാഡ്‌ലി സെന്ററിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തെ പ്രവണത കണക്കിലെടുത്ത് നടത്തിയ കമ്പ്യൂട്ടര്‍ മാതൃകാപഠനത്തിലാണ് പുതിയ ഫലം ലഭിച്ചത്.

'ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം അടിയന്തരമായി കുറച്ചില്ലെങ്കില്‍, നമ്മുടെ ആയുഷ്‌ക്കാലത്ത് തന്നെ ഗുരുതരമായ കാലാവസ്ഥാമാറ്റത്തിന് നമ്മള്‍ സാക്ഷികളാകും'-മെറ്റ് ഓഫീസിലെ ഗവേഷകന്‍ റിച്ചാര്‍ഡ് ബെറ്റ്‌സ് അറിയിക്കുന്നു.

ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ എന്‍വിരോണ്‍മെന്റല്‍ ചേഞ്ച് ഇന്‍സ്റ്റിട്ട്യൂട്ടില്‍ നടന്ന സമ്മേളനത്തിലാണ് പഠനഫലം അവതരിപ്പിക്കപ്പെട്ടത്. ഏറ്റവും നല്ല കണക്കുകൂട്ടല്‍ പ്രകാരം 2070 ആകുമ്പോഴേക്കും ശരാശരി താപനില നാല് ഡിഗ്രി വര്‍ധിക്കാം. ഒരുപക്ഷേ, അത് 2060 ആകുമ്പോഴേക്കും സംഭവിക്കാം- റിച്ചാര്‍ഡ് ബെറ്റ്‌സ് പറഞ്ഞു.

യു.എന്നിന് കീഴിലുള്ള ഇന്റര്‍ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി), 2007-ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും അന്തരീക്ഷ താപനിലയില്‍ 1.8 ഡിഗ്രി മുതല്‍ നാല് ഡിഗ്രി വരെ വര്‍ധനയുണ്ടാകാം. അതില്‍ കൂടുതല്‍ താപവര്‍ധനയ്ക്ക് സാധ്യത ഐ.പി.സി.സി. തള്ളിക്കളയുന്നുമില്ല.

എന്നാല്‍, ഈ നൂറ്റാണ്ട് പകുതി കഴിയുമ്പോള്‍ തന്നെ ഐ.പി.സി.സി. പ്രവചിച്ചതിലെ ഏറ്റവും മോശമായ അവസ്ഥയിലെത്തും ഭൂമി എന്നാണ് ബ്രിട്ടീഷ് പഠനം സൂചന നല്‍കുന്നത്. 'നാല് ഡിഗ്രി ശരാശരി താപവര്‍ധന എന്നു പറഞ്ഞാല്‍, പല മേഖലകളിലും വന്‍വര്‍ധനയാണുണ്ടാവുക. വര്‍ഷപാതത്തിന്റെ സ്വഭാവത്തിലും കാര്യമായ മാറ്റം സംഭവിക്കും'-ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

മെറ്റ് ഓഫീസ് ഗവേഷകര്‍ നടത്തിയ കമ്പ്യൂട്ടര്‍ പഠനമനുസരിച്ച്, ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ വ്യത്യാസമായിരിക്കും താപവര്‍ധനയില്‍ സംഭവിക്കുക. പുതിയ പഠനം പ്രവചിക്കുംപോലെ സംഭവിച്ചാല്‍ ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ആര്‍ട്ടിക്ക് മേഖലകളില്‍ 15 ഡിഗ്രി വരെ താപനില വര്‍ധിക്കാം.

ആഫ്രിക്കയുടെ പടിഞ്ഞാറും തെക്കും മേഖലകള്‍ സാക്ഷിയാവുക ഇപ്പോഴത്തേതിലും പത്തുഡിഗ്രി വരെ താപവര്‍ധനയ്ക്കാകും. ആഫ്രിക്കയുടെ മറ്റ് പ്രദേശങ്ങളില്‍ ഏഴ് ഡിഗ്രി വരെ താപനില വര്‍ധിക്കാമെന്നും പഠനഫലം പറയുന്നു.

കോപ്പന്‍ഹേഗനില്‍ അടുത്ത ഡിസംബറില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയുടെ മുന്നൊരുക്ക സമ്മേളനം ബാങ്കോക്കില്‍ ചേരാനിരിക്കെയാണ് പുതിയ പഠനഫലം പുറത്തു വന്നിരിക്കുന്നത്. 192 രാജ്യങ്ങളുടെ പ്രതിനിധികളാണ് ബാങ്കോക്കില്‍ ഒത്തുചേരുക. ഉച്ചകോടിക്ക് മുന്നോടിയായുള്ള അവസാനത്തെ മുന്നൊരുക്ക സമ്മേളനമാണ് ബാങ്കോക്കിലേത്.(കടപ്പാട്: ബി.ബി.സി.ന്യൂസ്)

ജീവികള്‍ കുലംമുടിയുമ്പോള്‍

മുമ്പുണ്ടായ അഞ്ച്‌ സംഭവങ്ങളെ അപേക്ഷിച്ച്‌ ഭൂമിയില്‍ ഇപ്പോള്‍ അരങ്ങേറുന്ന കൂട്ടവംശനാശം വ്യത്യസ്‌തമാണ്‌. ഏതെങ്കിലും ജീവിയുടെ പ്രവര്‍ത്തനഫലമായി ഇതുവരെ ലോകത്ത്‌ വംശനാശം സംഭവിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍, മനുഷ്യന്‍ എന്ന ജീവിയാണ്‌ വംശനാശത്തിലേക്ക്‌ ഇതര ജീവിവര്‍ഗങ്ങളെ തള്ളിവിടുന്നത്‌.

'ഗോബിയോഡന്‍ സ്‌പിഷിസ്‌ സി' എന്നു കേട്ടാല്‍ നമ്മുക്ക്‌ എന്തെങ്കിലും തോന്നുമോ. ഇതൊരു മത്സ്യമാണ്‌. പ്രത്യേകയിനം പവിഴപ്പുറ്റിലാണ്‌ ഇവയുടെ താമസം. 1997-1998 കാലത്തെ ശക്തമായ എല്‍നിനോയില്‍ പെസഫിക്‌ സമുദ്രം ചൂടുപിടിക്കുകയും, ഈ മത്സ്യത്തിന്റെ അഭയകേന്ദ്രമായ പവിഴപ്പുറ്റുകള്‍ ഏതാണ്ട്‌ പൂര്‍ണമായിത്തന്നെ നശിക്കുകയും ചെയ്‌തു. പപ്പ്വാ ന്യൂ ഗിനിക്ക്‌ സമീപം കടലിലെ ചെറിയൊരു പവിഴപ്പുറ്റുഭാഗം മാത്രമാണ്‌ ഈ മത്സ്യത്തിന്റെ വാസഗേഹമായി ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളത്‌.

ഈ വര്‍ഷം പുതിയൊരു എല്‍നിനോ ശക്തിപ്പെടുന്ന വാര്‍ത്ത കേട്ടു തുടങ്ങിയിരിക്കുന്നു. പെസഫിക്‌ സമുദ്രം വീണ്ടും ചൂടുപിടിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്‌. ആ ചെറിയ പവിഴപ്പുറ്റു ഭാഗത്തിന്‌ ഇപ്പോഴത്തെ എല്‍നിനോയില്‍ എന്തു സംഭവിക്കും. അതിന്‌ അതിജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, 'സ്‌പിഷിസ്‌ സി' പിന്നെ ഉണ്ടാവില്ല. ആ ജീവിവര്‍ഗം പഴങ്കഥ മാത്രമാകും! വംശനാശം നമ്മുടെ കണ്‍മുന്നില്‍ അരങ്ങേറുകയാണ്‌.

ഈ മത്സ്യത്തിന്റെ പേരിലെ 'സ്‌പിഷിസ്‌ സി' (species C) എന്ന സൂചകം ശ്രദ്ധിക്കുക. ഈ ജീവിക്ക്‌ ഇപ്പോഴും ശരിക്കൊരു ശാസ്‌ത്രീയനാമം ലഭിച്ചിട്ടില്ല എന്നാണ്‌ ഈ സൂചകം വ്യക്തമാക്കുന്നത്‌. സ്വന്തം പേരുപോലും കിട്ടുംമുമ്പ്‌ ഒരു ജീവിവര്‍ഗം അന്യംനില്‍ക്കാന്‍ പോകുന്നു. ഇതാണ്‌, ജീവലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. കണ്ടുപിടിക്കുകയും തിരിച്ചറിയുകയും ചെയ്യും മുമ്പ്‌ ജീവികള്‍ അപ്രത്യക്ഷമാകുന്നു, കുലം മുടിയുന്നു. ഭൂമുഖത്ത്‌ 300 ലക്ഷം ജീവജാലങ്ങള്‍ (സസ്യങ്ങളും ജന്തുക്കളും സൂക്ഷ്‌മജീവികളും ഉള്‍പ്പടെ) ഉണ്ടെന്നാണ്‌ ഏകദേശ കണക്ക്‌. അവയില്‍ 17 ലക്ഷത്തെ മാത്രമേ ശാസ്‌ത്രലോകം ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളൂ. ബാക്കി 283 ലക്ഷത്തെക്കുറിച്ച്‌ ഒന്നും അറിയില്ല.

അവിടെയാണ്‌ പ്രശ്‌നം. എന്താണെന്നോ ഏതാണെന്നോ അറിയുംമുമ്പ്‌ ജീവികള്‍ അന്യംനില്‍ക്കുന്നു. മനുഷ്യന്‌ പരിചിതമായ ജീവികളും സസ്യങ്ങളും വംശനാശം നേരിടുന്നതിന്റെ കണക്കേ നമുക്ക്‌ മുന്നിലുള്ളു. ഇനിയും അറിയാത്ത എത്രയോ ഇനങ്ങള്‍ ഇതിനകം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കാം, അല്ലെങ്കില്‍ സമീപഭാവിയില്‍ ഇല്ലാതായേക്കാം. എയ്‌ഡ്‌സ്‌ പോലെ മനുഷ്യകുലത്തെ അലട്ടുന്ന മഹാമാരികള്‍ക്കുള്ള പ്രതിവിധിയാകാം, ഏതെങ്കിലുമൊരു ജീവിവര്‍ഗത്തിനൊപ്പം എന്നന്നേക്കുമായി നഷ്ടമാകുന്നത്‌. ഈസ്റ്റര്‍ ദ്വീപുകളില്‍ കാണപ്പെടുന്ന ഒരിനം ബാക്ടീരികളില്‍ നിന്ന്‌ ആയുസ്സ്‌ വര്‍ധിപ്പിക്കാനുള്ള മരുന്ന്‌ കണ്ടെത്തിയതായി അടുത്തയിടെ വാര്‍ത്തയുണ്ടായിരുന്നു . അമൂല്യഗുണങ്ങളുള്ള അത്തരം എത്രയോ സൂക്ഷ്‌മജീവികള്‍ നമ്മളറിയാതെ അന്യംനില്‍ക്കുന്നുണ്ടാകാം. അല്ലെങ്കില്‍, ലോകത്തിന്റെ ഭക്ഷ്യക്ഷാമം പരിഹരിക്കാനുള്ള ജീനടങ്ങിയ ഏതെങ്കിലും സസ്യം, മലിനീകരണം പഴങ്കഥയാക്കാന്‍ ശേഷിയുള്ള സൂക്ഷ്‌മജീവി.

ഭൂമിയില്‍ അംഗസംഖ്യ വര്‍ധിക്കുന്നു എന്നു ഉറപ്പിച്ച്‌ പറയാവുന്ന ഏക ജീവി മനുഷ്യന്‍ മാത്രമാണ്‌. ഇരുപതാംനൂറ്റാണ്ട്‌ പിറക്കുമ്പോള്‍ ലോകജനസംഖ്യ 165 കോടിയായിരുന്നു. നൂറ്റാണ്ട്‌ അവസാനിക്കുമ്പോള്‍ അത്‌ ഏതാണ്ട്‌ നാലിരട്ടി (600 കോടി) ആയി. ഇന്നത്തെ നില വെച്ച്‌ 2025 ആകുമ്പോഴേക്കും ലോകത്ത്‌ 900 കോടി ജനങ്ങളുണ്ടാകും. മനുഷ്യന്റെ ഈ ആധിക്യം അപഹരിക്കുന്നത്‌ മറ്റ്‌ ജീവികളുടെ നിലനില്‍പ്പിനുള്ള സാധ്യതകളെയും സാഹചര്യങ്ങളെയുമാണ്‌. അവയുടെ ആവാസവ്യവസ്ഥകളെ മനുഷ്യന്‍ കൈയേറുന്നു, വിഭവങ്ങള്‍ പിടിച്ചു പറിക്കുന്നു, അമിതോപഭോഗത്തിന്റെ ഫലമായി കാലാവസ്ഥ മാറുന്നു. ഒപ്പം അധിനിവേശ വര്‍ഗങ്ങളുമായുള്ള മത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരുന്നതോടു കൂടി വംശനാശത്തിന്റെ തോത്‌ ഭീതിജനകമാം വിധം വര്‍ധിക്കുന്നു.

ആറാം കൂട്ടനാശം

മനുഷ്യന്റെ കാര്യമെടുത്താല്‍, ചരിത്രത്തില്‍ ആദ്യമായാകാം, ഒരു ജീവിവര്‍ഗം ഇത്തരത്തില്‍ പെരുകുന്നത്‌. അതോടൊപ്പം അന്യജീവജാതികളുടെ നാശത്തിന്‌ ആക്കം വര്‍ധിക്കുകയും ചെയ്‌തിരിക്കുന്നു. ഈ രണ്ട്‌ പ്രസ്‌താവനകളും ചേര്‍ത്ത്‌ വായിക്കേണ്ടതാണെന്ന്‌ തോന്നുന്നില്ലേ. ലോകത്ത്‌ വന്‍തോതില്‍ വംശനാശം സംഭവിക്കുന്നത്‌ ആദ്യമായല്ല. മുമ്പ്‌ അഞ്ചു തവണ കൂട്ടവംശനാശത്തിന്‌ ജീവിവര്‍ഗം ഇരയായിട്ടുണ്ടെന്നാണ്‌ കണക്ക്‌. അത്‌ ശരിയെങ്കില്‍, ആറാം ഉന്‍മൂലനത്തിന്റെ പിടിയിലാണ്‌ ഇപ്പോള്‍ ലോകം.

ഏതാണ്ട്‌ 44 കോടി വര്‍ഷം മുമ്പായിരുന്നു ആദ്യ കൂട്ടവംശനാശം. 'ഓര്‍ഡോവിഷ്യന്‍-സിലൂരിയന്‍' യുഗമായിരുന്നു അത്‌. ഹിമാനികള്‍ രൂപപ്പെടുകയും ഉരുകുകയും ചെയ്‌തതിന്റെ ഫലമായി സമുദ്രവിതാനത്തിലൂണ്ടായ ഏറ്റക്കുറച്ചിലുകളാണ്‌ പ്രശ്‌നമായത്‌. സമുദ്രജീവികളില്‍ നാലിലൊന്ന്‌ ഭാഗം അന്ന്‌ നാശത്തിനിരയായി. 36 കോടി വര്‍ഷം മുമ്പ്‌, 'ലേറ്റ്‌ ഡിവോണിയന്‍' യുഗത്തിലായിരുന്നു രണ്ടാം കൂട്ടവംശനാശം. അതിന്റെ കാരണം വ്യക്തമല്ല. സമുദ്ര ജീവിവര്‍ഗങ്ങളില്‍ അഞ്ചിലൊന്ന്‌ ഭാഗം അന്ന്‌ അന്യംനിന്നു. ഏതോ അജ്ഞാതമായ കാരണത്താല്‍, ഭൂമുഖത്തെ ജീവിവര്‍ഗങ്ങളില്‍ 95 ശതമാനത്തിന്റെയും നാശത്തിനിടയാക്കിയ മൂന്നാം ദുരന്തം നടന്നത്‌ ഏതാണ്ട്‌ 25 കോടി വര്‍ഷം മുമ്പാണ്‌; 'പെര്‍മിയന്‍ട്രിയാസ്സിക്‌' യുഗത്തില്‍.

ട്രിയാസ്സിക്‌ യുഗത്തിന്റെ അവസാനം, ഏതാണ്ട്‌ 20 കോടി വര്‍ഷം മുമ്പ്‌, സമുദ്ര ജീവിവര്‍ഗങ്ങളുടെ വലിയൊരു ഭാഗം നാമാവശേഷമായ സംഭവം നടന്നു. അതാണ്‌ നാലാമത്തെ കൂട്ടവംശനാശം എന്നറിയപ്പെടുന്നത്‌. മധ്യഅത്‌ലാന്റിക്കില്‍ നിന്നുണ്ടായ അതിഭീമമായ ലാവാപ്രവാഹം മൂലം സംഭവിച്ച മാരകമായ ആഗോളതാപനമാണ്‌ ആ നാശത്തിന്‌ ഹേതുവായത്‌ എന്നാണ്‌ നിഗമനം. അഞ്ചാം കൂട്ടനാശം ലോകത്തുണ്ടായത്‌ ആറര കോടി വര്‍ഷം മുമ്പാണത്‌. 'ക്രിറ്റേഷ്യസ്‌-ടെര്‍ഷ്യറി' കാലമായിരുന്നു അത്‌. ദിനോസറുകള്‍ ഉന്‍മൂലനം ചെയ്യപ്പെട്ടു. കരയില്‍ കാണപ്പെട്ട നട്ടെല്ലികളില്‍ അഞ്ചിലൊന്ന്‌ ഭാഗം അപ്രത്യക്ഷമായി. സമുദ്രജീവികളുടെ കുടുംബങ്ങളില്‍ 16 ശതമാനം നാശം നേരിട്ടു. ക്ഷുദ്രഗ്രഹം ഭൂമിയില്‍ പതിച്ചുണ്ടായതാണ്‌ അഞ്ചാം കൂട്ടനാശമെന്നാണ്‌ പ്രബല നിഗമനം
മുമ്പുണ്ടായ അഞ്ച്‌ സംഭവങ്ങളെ അപേക്ഷിച്ച്‌ ഇപ്പോള്‍ അരങ്ങേറുന്ന കൂട്ടവംശനാശം വ്യത്യസ്‌തമാണ്‌. ഏതെങ്കിലും ജീവിയുടെ പ്രവര്‍ത്തനഫലമായി ഇതുവരെ ലോകത്ത്‌ വംശനാശം സംഭവിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍, മനുഷ്യന്‍ എന്ന ജീവിയാണ്‌ വംശനാശത്തിലേക്ക്‌ ഇതര ജീവിവര്‍ഗങ്ങളെ തള്ളിവിടുന്നത്‌. നിലവില്‍ അരങ്ങേറുന്ന വംശനാശത്തിന്റെ മുഖ്യകാരണങ്ങള്‍ നോക്കുക-ആവാസവ്യവസ്ഥകളുടെ നാശം, കാലാവസ്ഥാ വ്യതിയാനം, അധിനിവേശ ജീവജാതികളുടെ കടന്നുവരവ്‌, അമിത ചൂഷണം, മലിനീകരണം, വന്യരോഗങ്ങള്‍. ഇതില്‍ ആദ്യത്തെ അഞ്ച്‌ കാരണങ്ങളും മനുഷ്യന്റെ ചെയ്‌തികള്‍ മൂലമുണ്ടാകുന്നതാണ്‌. വന്യരോഗങ്ങള്‍ പടരുന്നതിനു കാരണവും പരോക്ഷമായി മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ. ആ നിലയ്‌ക്ക്‌ ചിന്തിച്ചാല്‍, ഇപ്പോഴത്തെ കുലംമുടിയലില്‍ മുഖ്യപ്രതി മനുഷ്യന്‍ തന്നെയെന്ന്‌ വരുന്നു.

സങ്കടങ്ങളുടെ കണക്കുപുസ്‌തകം

സ്വിറ്റ്‌സര്‍ലന്‍ഡ്‌ ആസ്ഥാനമായി 1948-ല്‍ സ്ഥാപിതമായ സ്വകാര്യസംഘടനയാണ്‌ 'അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍'  പ്രകൃതി സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും പ്രമുഖമായ ഗവര്‍ണമെന്റിതര സംഘടനയാണിത്‌. യു.എന്‍. ഉള്‍പ്പടെയുള്ള രാജ്യാന്തരസംഘടനകളും സര്‍ക്കാരുകളും വിവിധ പരിസ്ഥിതിഗ്രൂപ്പുകളുമെല്ലാം ഈ സംഘടനയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നു. അതുവഴി, ലോകത്തെ ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട സുപ്രധാനമായ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്ന ഗ്രൂപ്പായി ഐ.യു.സി.എന്‍. മാറി. ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനം അവര്‍ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന 'ചുവപ്പ്‌ പട്ടിക' യാണ്‌. വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളുടെ പട്ടികയാണത്‌. ഓരോ വര്‍ഗവും നേരിടുന്ന ഉന്‍മൂലന ഭീഷണിയെത്രയെന്ന്‌ മനസിലാക്കാനുള്ള ഏറ്റവും ആധികാരിക രേഖയാണ്‌ ചുവപ്പ്‌ പട്ടിക.

ശരിക്കു പറഞ്ഞാല്‍ സങ്കടങ്ങളുടെ കണക്കുപുസ്‌തകമാണ്‌ ചുവപ്പ്‌ പട്ടിക. ഭൂമിയില്‍ നിന്ന്‌ അപ്രത്യക്ഷമായ, അല്ലെങ്കില്‍ താമസിയാതെ അപ്രത്യക്ഷമാകാന്‍ പോകുന്ന ജീവികളുടെ പട്ടികയാണത്‌. 2008-ല്‍ ഈ പട്ടികയില്‍ സസ്‌തനികളുടെ കണക്ക്‌ ചേര്‍ക്കപ്പെട്ടത്‌ ലോകമെമ്പാടുമുള്ള 1700 വിദഗ്‌ധരുടെ ശ്രമഫലമായാണ്‌. അതു പ്രകാരം ശാസ്‌ത്രലോകം ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ള സസ്‌തനികള്‍ 5488 ഇനങ്ങളുണ്ട്‌. അവയില്‍ 1207 ഇനങ്ങള്‍ (22 ശതമാനം) വംശനാശ ഭീഷണിയിലാണ്‌. 1500-ന്‌ ശേഷം ഇതുവരെ 76 സസ്‌തനികള്‍ അന്യംനിന്നിട്ടുണ്ടെന്ന്‌ ചുവപ്പ്‌ പട്ടിക പറയുന്നു.

ഉഭയജീവികളുടെ കാര്യത്തില്‍, 2008-ലെ ചുവപ്പ്‌ പട്ടിക പറയുന്നത്‌ 32 ശതമാനം കടുത്ത വംശനാശഭീഷണി നേരിടുന്നതായാണ്‌. ഉഭയജീവികളുടെ 6260 ഇനങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്‌. അതില്‍ 2003 ഇനങ്ങള്‍ ഭീഷണി നേരിടുന്നു എന്നാണ്‌ ഇതിനര്‍ഥം. ഉഭയജീവികളില്‍ 159 ഇനങ്ങള്‍ ഇതിനകം വംശമറ്റ്‌ പോയതായാണ്‌ ഐ.യു.സി.എന്‍. കണക്കാക്കുന്നത്‌. പക്ഷികളുടെ കാര്യം പരിഗണിച്ചാല്‍ 12 ശതമാനം ഇനങ്ങള്‍ ഭീഷണിയിലാണ്‌. ഇഴജന്തുക്കളാണ്‌ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത്‌; 51 ശതമാനം. 40 ശതമാനം മത്സ്യയിനങ്ങളും പ്രാണികളില്‍ 52 ശതമാനവും സസ്യകുലത്തില്‍ 70 ശതമാനവും കടുത്ത ഭീഷണിയാണ്‌ നേരിടുന്നതെന്ന്‌ ചുവപ്പ്‌ പട്ടിക പറയുന്നു.

പല കാരണങ്ങളാല്‍ സ്വാഭാവികമായി സംഭവിക്കുന്ന വംശനാശമുണ്ട്‌. അതിനെ അപേക്ഷിച്ച്‌ നൂറുമടങ്ങ്‌ കൂടുതലാണ്‌ ഇപ്പോഴത്തെ വംശനാശത്തിന്റെ തോത്‌ എന്ന്‌ ഐ.യു.സി.എന്‍. കണക്കാക്കുന്നു. എന്നാല്‍, ഒരു ജീവിയുടെ കാര്യം മാത്രം ചുവപ്പ്‌ പട്ടിക പരിഗണിക്കുന്നില്ല; മനുഷ്യനാണ്‌ അത്‌. ഒരു ജീവി വേറൊരു ജീവിയുടെ നിലനില്‍പ്പിന്‌ ആവശ്യമാണെന്നത്‌ പ്രകൃതി നിയമമാണ്‌. പരസ്‌പരാശ്രിതത്വത്തിലാണ്‌ ജീവലോകത്തിന്റെ നിലനില്‍പ്പെന്ന്‌ സാരം. മറ്റ്‌ ജീവികളെല്ലാം അന്യംനില്‍ക്കുന്നെങ്കില്‍ മനുഷ്യനെന്ന ജീവി ആരെ ആശ്രയിക്കും. വംശനാശത്തിന്റെ ഈ തീരാദുരിതം ഒടുവില്‍ തേടിയെത്തുക മനുഷ്യനെ തന്നെയാവില്ലേ.(മാതൃഭൂമി തൊഴില്‍വാര്‍ത്ത പ്രസിദ്ധീകരണമായ 'ഹരിശ്രീ'യുടെ 2009 സപ്‌തംബര്‍ 26 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ഒരു ഭാഗം).

ഓസോണ്‍പാളിക്ക്‌ പുതിയ ഭീഷണി

ഓസോണ്‍ശോഷണത്തിലെ പുതിയ വില്ലന്‍ കാലാവസ്ഥാവ്യതിയാനമെന്ന്‌ റിപ്പോര്‍ട്ട്‌.

ഓസോണ്‍പാളി നേരിടുന്ന ഭീഷണി നേരിടാന്‍ ക്ലോറോഫ്‌ളൂറോകാര്‍ബണുകളുടെ (സി.എഫ്‌.സി.കള്‍) വ്യാപനം തടഞ്ഞതുകൊണ്ട്‌ മാത്രം ആയില്ല. ആഗോളതാപനം വഴി ഭൂമിക്ക്‌ ചൂടുപിടിക്കുന്നത്‌ അന്തരീക്ഷത്തിലെ വാതകപ്രവാഹങ്ങള്‍ക്ക്‌ മാറ്റമുണ്ടാക്കുന്നുവെന്നും, ഓസോണ്‍പാളി ശിഥിലമാകാന്‍ അത്‌ കാരണമാകുമെന്നും പുതിയൊരു പഠനം മുന്നറിയിപ്പ്‌ നല്‍കുന്നു. അതുവഴി, ദക്ഷിണാര്‍ധഗോളത്തില്‍ പതിക്കുന്ന ആള്‍ട്രാവയലറ്റ്‌ കിരണങ്ങളുടെ തോത്‌ 20 ശതമാനം വര്‍ധിക്കുമെന്നാണ്‌ കനേഡയന്‍ ഗവേഷകരുടെ കണ്ടെത്തല്‍.

അതേസമയം, ഓസോണിന്‌ ഏറ്റവും വിനാശകാരിയായ രാസവസ്‌തു അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത്‌ ഇപ്പോഴും നിര്‍ബാധം തുടരുന്നതായി മറ്റൊരു പഠനം പറയുന്നു. 'ലാഫിങ്‌ഗ്യാസ്‌' എന്ന ഓമനപ്പേരുള്ള നൈട്രസ്‌ ഓക്‌സൈഡാണ്‌ സ്‌ട്രാറ്റോസ്‌ഫിയറില്‍ മറ്റേത്‌ രാസവസ്‌തുവിനെക്കാളും ഓസോണിനെ ദോഷകരമായി ബാധിക്കുന്നത്‌. ഇന്നത്തെ നിലയില്‍ വ്യാപനം തുടര്‍ന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഓസോണ്‍പാളിക്ക്‌ ഏറ്റവുമധികം പരിക്കേല്‍പ്പിക്കുന്ന രാസവസ്‌തു നൈട്രസ്‌ ഓക്‌സൈഡ്‌ ആയിരിക്കുമെന്ന്‌, നാഷണല്‍ ഓഷ്യാനിക്‌ ആന്‍ഡ്‌ അറ്റ്‌മോസ്‌ഫറിക്‌ അഡ്‌മിനിസ്‌ട്രേഷനിലെ ഗവേഷകനായ എ.ആര്‍. രവിശങ്കരയും സംഘവും നടത്തിയ പഠനം പറയുന്നു.

ഭൂമിയില്‍ നേരിട്ട്‌ പതിച്ചാല്‍ ചര്‍മാര്‍ബുദം മുതല്‍ ഭക്ഷ്യക്ഷാമത്തിന്‌ വരെ വന്‍തോതില്‍ കാരണമായേക്കാവുന്നതാണ്‌ സൂര്യനില്‍ നിന്നുള്ള ആള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍. അപകടകാരിയായ അത്തരം കിരണങ്ങളില്‍ 95 ശതമാനത്തെയും തടഞ്ഞുനിര്‍ത്തി ഭൂമിയെ രക്ഷിക്കുന്ന കവചമാണ്‌ ഓസോണ്‍പാളി. ഭൂപ്രതലത്തില്‍ നിന്ന്‌ 10 മുതല്‍ 50 കിലോമീറ്റര്‍ വരെ മുകളില്‍, സ്‌ട്രാറ്റോസ്‌ഫിയറില്‍ ഓസോണിന്റെ സാന്ദ്രത കൂടുതലുള്ള ഭാഗത്തെയാണ്‌ ഓസോണ്‍പാളിയെന്ന്‌ വിളിക്കുന്നത്‌.

കാലാവസ്ഥാവ്യതിയാനം മൂലം അന്തരീക്ഷ മേല്‍പ്പാളിയിലെ വാതകപ്രവാഹങ്ങള്‍ മാറുകയും ഓസോണ്‍പാളി ശിഥിലമാകുമെന്നും കണ്ടെത്തയത്‌, ടൊറന്റോ സര്‍വകലാശാലയിലെ തിയോഡോര്‍ ഷെപ്പേര്‍ഡും മൈക്കല ഹെഗ്ലിനും ചേര്‍ന്നാണ്‌. വരുന്ന നൂറ്‌ വര്‍ഷത്തേക്ക്‌ കാലാവസ്ഥാ മാറ്റത്തിന്റെ അനന്തരഫലങ്ങള്‍ എന്തായിരിക്കുമെന്നറിയാന്‍ നടത്തിയ കമ്പ്യൂട്ടര്‍ പഠനത്തിലാണ്‌, ഓസോണ്‍പാളി നേരിടുന്ന പുതിയ ഭീഷണിയെക്കുറിച്ച്‌ സൂചന ലഭിച്ചത്‌.

ഓസോണ്‍പാളി ശിഥിലമാകുമ്പോള്‍, അന്തരീക്ഷത്തിലെ താഴ്‌ന്ന വിതാനത്തില്‍ ഓസോണിന്റെ സാന്നിധ്യം വര്‍ധിക്കുമെന്ന്‌ പഠനം പറയുന്നു.യൂറോപ്പിലെ പര്‍വത മേഖലകളിലും, വടക്കേയമേരിക്കയുടെ പടിഞ്ഞാറന്‍ തീരമേഖലയിലും ഓസോണിന്റെ സാന്നിധ്യം വര്‍ധിച്ചതായി നിരീക്ഷിച്ചിട്ടുണ്ട്‌. പുതിയ പഠനത്തില്‍ പറയുന്ന ഓസോണ്‍ ശിഥിലീകരണം ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞതിന്റെ തെളിവാണ്‌ ഇതെന്ന്‌ ഗവേഷകര്‍ കരുതുന്നു. ഈ നൂറ്റാണ്ട്‌ അവസാനിക്കുമ്പോഴേക്കും ഇപ്പോഴത്തേതിലും 23 ശതമാനം കൂടുതല്‍ ഓസോണ്‍ (ഏതാണ്ട്‌ 15.1 കോടി ടണ്‍) അന്തരീക്ഷത്തില്‍ താഴേയ്‌ക്കെത്തുമെന്നാണ്‌ അനുമാനം.

ഓസോണ്‍ കൂടുതലായി അന്തരീക്ഷത്തിന്റെ താഴ്‌ന്ന വിതാനത്തിലേക്ക്‌ എത്തുമ്പോള്‍, ആള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍ തടയപ്പെടേണ്ട സ്‌ട്രാറ്റോസ്‌ഫിയറില്‍ വാതകത്തിന്റെ സാധ്യത കുറയും (മാത്രവുമല്ല, ഉയര്‍ന്ന വിതാനത്തില്‍ ഉപകാരിയായ ഓസോണ്‍, ഭൂപ്രതലത്തില്‍ വിഷവാതകമാണ്‌). ദക്ഷിണാര്‍ധഗോളത്തില്‍ പതിക്കുന്ന ഇത്തരം കിരണങ്ങളുടെ തോത്‌ 20 ശതമാനം വര്‍ധിക്കാന്‍ അത്‌ കാരണമാകും-'നേച്ചര്‍ ജിയോസയന്‍സി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. വന്‍തോതിലുള്ള ജൈവഅപചയത്തിനും അര്‍ബുദബാധയ്‌ക്കും ഇത്‌ കാരണമാകും. ഭൂമിയില്‍ ആവാസവ്യവസ്ഥകളുടെ ആരോഗ്യകരമായ നിലനില്‍പ്പും അപകടത്തിലാകും.

അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയില്‍ വെച്ച്‌ ആള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍ തന്നെയാണ്‌ ഓസോണിന്‌ ജന്മമേകുന്നത്‌. ആള്‍ട്രാവയലറ്റ്‌ കിരണങ്ങളേറ്റ്‌ ഓക്‌സിജന്‍ തന്മാത്ര (O2) കള്‍ വിഘടിച്ച്‌ ഓക്‌സിജന്‍ ആറ്റങ്ങളാകും. വളരെ അസ്ഥിരമാണ്‌ ഓക്‌സിജന്‍ ആറ്റങ്ങള്‍, അവയ്‌ക്ക്‌ ഒറ്റയ്‌ക്ക്‌ നിലനില്‍ക്കാനാവില്ല. അതിനാല്‍, വിഘടിക്കപ്പെടുന്ന ഓരോ ഓക്‌സിജന്‍ ആറ്റങ്ങളും ഓക്‌സിജന്‍ തന്മാത്രകളുമായി കൂട്ടുചേര്‍ന്ന്‌, ഓക്‌സിജന്റെ അലോട്രോപ്പായ ഓസോണ്‍ (O3) ആയി മാറുന്നു.

നൈട്രസ്‌ ഓക്‌സയിഡ്‌, റഫ്രിജറേറ്ററുകളിലും ശീതീകരണികളിലും ഉപയോഗിക്കുന്ന സി.എഫ്‌.സികള്‍ തുടങ്ങിയ രാസവസ്‌തുക്കള്‍ അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയിലെത്തി ഓസോണിനെ വിഘടിപ്പിക്കുന്നു. ഇത്തരം രാസവസ്‌തുക്കളുടെ അളവ്‌ അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നതിന്‌ അനുസരിച്ച്‌ ഓസോണ്‍ശേഷണം വര്‍ധിക്കുന്നു. 1970-കളിലാണ്‌ ഈ വിപത്തിനെക്കുറിച്ച്‌ ശാസ്‌ത്രലോകത്തിന്‌ ബോധ്യമുണ്ടാകുന്നതെങ്കിലും, പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ തന്നെ ഓസോണിനെക്കുറിച്ച്‌ അറിയാമായിരുന്നു.

1830-കളിലാണ്‌ ഓക്‌സിജന്റെ വകഭേദമായ ഓസോണ്‍ പരീക്ഷണശാലയില്‍ കണ്ടെത്തുന്നത്‌. പ്രകൃതിദത്തമായ രീതിയിലും ആ വാതകം ഉണ്ടാകുന്ന കാര്യം 1850-ല്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു. അന്തരീക്ഷപാളിയായ സ്‌ട്രാറ്റോസ്‌ഫിയറില്‍ ഓസോണിന്‌ പ്രധാനപ്പെട്ട പങ്കുണ്ടെന്ന്‌ മനസിലാകുന്നത്‌ 1920-കളിലാണ്‌. ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയിലെ ഗോര്‍ഡന്‍ ഡോബ്‌സണ്‍, സഹപ്രവര്‍ത്തകനായ എഫ്‌. എ. ലിന്‍ഡെമാന്‍ (പില്‍ക്കാലത്ത്‌ ചെര്‍വെല്‍ പ്രഭു) എന്നിവരാണ്‌ ഇക്കാര്യം മനസിലാക്കിയത്‌. (അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ്‌ 'ഡോബ്‌സണ്‍' യൂണിറ്റിലാണ്‌ പറയപ്പെടുന്നത്‌).

ഈ വാതകത്തെക്കുറിച്ച്‌ പഠിക്കാന്‍ 1948-ല്‍ ഇന്റര്‍നാഷണല്‍ ഓസോണ്‍ കമ്മീഷന്‍ നിലവില്‍ വന്നു. ശാസ്‌ത്രസംബന്ധമായ ജിജ്ഞാസ മാത്രമായിരുന്നു അക്കാലത്ത്‌ ഈ വാതകത്തെക്കുറിച്ച്‌ പഠിക്കാന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്‌. ഏതെങ്കിലും തരത്തില്‍ മനുഷ്യരാശിയുടെ ഭാവിയെ ബാധിക്കുന്ന ഒന്നായി ഓസോണിനെ അന്നാരും പരിഗണിച്ചിരുന്നില്ല. 1957-ല്‍ അന്താരാഷ്ട്ര ജിയോഫിസിക്കല്‍ വര്‍ഷമായിരുന്നു. ആ വര്‍ഷാചരണത്തിന്റെ ഭാഗമായി അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ്‌ മനസിലാക്കാന്‍ ശ്രമം ആരംഭിച്ചു.

ദക്ഷിണധ്രുവമായ അന്റാര്‍ട്ടിക്കയ്‌ക്ക്‌ മുകളില്‍ സ്‌്‌ട്രാറ്റോസ്‌ഫിയറിലെ ഓസോണ്‍ സാന്ദ്രതയില്‍ അസാധാരണമായ വ്യതിയാനം ഉള്ളതായി 1970-കളില്‍ കണ്ടെത്തിയതാണ്‌, ഓസോണ്‍പാളിയും സി.എഫ്‌.സികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അറിവിലേക്ക്‌ ഗവേഷകലോകത്തെ നയിച്ചത്‌. 1955-ല്‍ അന്റാര്‍ട്ടിക്കയ്‌ക്ക്‌ മുകളില്‍ ഓസോണിന്റെ സാന്ദ്രത 320 ഡോബ്‌സണ്‍ യൂണിറ്റായിരുന്നു. 1975-ല്‍ അത്‌ 280 ഡോബ്‌സണ്‍ യൂണിറ്റായി, 1995-ല്‍ 90 യൂണിറ്റും.

1920-കളുടെ അവസാനമാണ്‌ സി.എഫ്‌.സി.കള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്‌. എന്നാല്‍, ആ രാസവസ്‌തുക്കള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത്‌ ഓസോണ്‍ ശോഷണത്തിന്‌ കാരണമാകുമെന്ന്‌ വ്യക്തമാകുന്നത്‌ 1974-ലാണ്‌. മൂന്ന്‌ ഗവേഷകരുടെ ശ്രമഫലമായിട്ടായിരുന്നു ആ കണ്ടെത്തല്‍; പോള്‍ ക്രൂറ്റ്‌സണ്‍, എഫ്‌. ഷെര്‍വുഡ്‌ റൗലന്‍ഡ്‌, മരിയോ മൊലിന എന്നിവരുടെ. ആ കണ്ടെത്തലിന്‌ മൂവരും 1995-ല്‍ രസതന്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം പങ്കിട്ടു.

ഓസോണ്‍വിള്ളല്‍ (ozone hole) എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌, ശരിക്കുള്ള തുളയോ വിള്ളലോ അല്ല. ഓസോണ്‍പാളിയില്‍ 220 ഡോബ്‌സണ്‍ യൂണിറ്റില്‍ താഴെ ഓസോണ്‍ സാന്ദ്രതയുള്ള പ്രദേശത്തെയാണ്‌ ഓസോണ്‍പാളിയിലെ വിള്ളല്‍ എന്ന്‌ വിളിക്കുക. 2000 ആയപ്പോഴേക്കും വിള്ളലിന്റെ വിസ്‌താരം 280 ലക്ഷം ചതുരശ്ര കിലോമീറ്ററായി.

സി.എഫ്‌്‌.സി. തന്മാത്രകള്‍ അന്തരീക്ഷത്തിന്റെ മേല്‍ഭാഗത്തെത്തുമ്പോള്‍, ആള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍ അവയെ വിഘടിപ്പിച്ച്‌ ക്ലോറിന്‍ ആറ്റങ്ങളെ സ്വതന്ത്രമാക്കും. ക്ലോറിന്‍ ആറ്റങ്ങളാണ്‌ ഓസോണിന്‌ വിനാശകാരിയാകുന്നത്‌. വെറും ഒരു ക്ലോറിന്‍ ആറ്റത്തിന്‌ ഒരുലക്ഷം ഓസോണ്‍ തന്മാത്രകളെ നശിപ്പിക്കാന്‍ ശേഷിയുണ്ട്‌.

മൈനസ്‌ 43 ഡിഗ്രി സെല്‍ഷ്യസില്‍ താഴ്‌ന്ന ഊഷ്‌മാവില്‍, ഓസോണിനെ നശിപ്പിക്കാനുള്ള ക്ലോറിന്റെ ശേഷി വല്ലാതെ വര്‍ധിക്കും. ദക്ഷിണധ്രുവത്തിന്‌ മുകളില്‍ ഓസോണ്‍പാളിയില്‍ വിള്ളല്‍ പ്രത്യക്ഷപ്പെടുന്നതിന്‌ കാരണം ഇതാണ്‌. അവിടെ താപനില മൈനസ്‌ 62 ആണ്‌. എന്നാല്‍, ഉത്തരധ്രുവത്തിന്‌ മുകളില്‍ സ്‌ട്രാറ്റോസ്‌ഫിയറിലെ താപനില മൈനസ്‌ 42 ഡ്രിഗ്രി മാത്രമാണ്‌. അതിനാല്‍, അവിടെ ഓസോണ്‍ വിള്ളല്‍ ദക്ഷിണധ്രുവത്തിലേതുപോലെ പ്രത്യക്ഷപ്പെടുന്നില്ല.

1980-കളില്‍ ഉപഗ്രഹങ്ങള്‍ നടത്തിയ നിരീക്ഷണങ്ങള്‍ വഴി, ദക്ഷിണധ്രുവത്തിലെ ഓസോണ്‍വിള്ളല്‍ യാഥാര്‍ഥ്യമാണെന്ന്‌ തെളിഞ്ഞതോടെ ലോകരാഷ്ട്രങ്ങള്‍ ഈ വിപത്തിനെതിരെ അണിനിരന്നു. അതിന്റെ ഫലമാണ്‌ 1989-ലെ മോണ്‍ട്രിയള്‍ ഉടമ്പടി. ഓസോണിന്‌ ഭീഷണിയായ സി.എഫ്‌.സികള്‍ പോലുള്ള രാസവസ്‌തുക്കളുടെ ഉപയോഗം ഇല്ലാതാക്കുകയായിരുന്നു ഉടമ്പടിയുടെ മുഖ്യലക്ഷ്യം. അതില്‍ ലോകം ഏതാണ്ട്‌ വിജയിക്കുകയും ചെയ്‌തു.

എന്നാല്‍, മോണ്‍ട്രിയള്‍ ഉടമ്പടി പ്രകാരം നൈട്രസ്‌ ഓക്‌സയിഡിന്റെ ഉപയോഗം വിലക്കിയിട്ടില്ല. അതിനാല്‍, ഓസോണിന്‌ ഏറ്റവും വിനാശകാരിയായ രാസവസ്‌തു ഉപയോഗിക്കുന്നത്‌ ഇപ്പോഴും തുടരുന്നതായി എ.ആര്‍. രവിശങ്കരയും സംഘവും 'സയന്‍സ്‌' ഗവേഷണ വാരികയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. നൈട്രസ്‌ ഓക്‌സയിഡിന്റെ ഉപയോഗം പരിമിതപ്പെടുത്താന്‍ നടപടിയെടുക്കേണ്ടത്‌ ഓസോണിന്റെ രക്ഷയ്‌ക്ക്‌ അനിവാര്യമാണെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.


(അവലംബം: നേച്ചര്‍ ജിയോസയന്‍സ്‌, സയന്‍സ്‌ മാഗസിന്‍, ടിം ഫ്‌ളാനെറി രചിച്ച The Weather Makers എന്ന പുസ്‌തകം).

ആഗോളതാപനത്തിന്റെ ആദ്യ ഇര

അപൂര്‍വം പേരൊഴികെ ആരും കണ്ടിട്ടില്ലാത്ത ഒരു ജീവി, ലോകത്തെയാകെ ഗ്രസിച്ചു തുടങ്ങിയിരിക്കുന്ന ഒരു പ്രശ്‌നത്തിന്റെ മുന്നറിയിപ്പായി മാറിയതിന്റെ കഥയാണിത്‌. സുവര്‍ണ തവള (ഗോള്‍ഡന്‍ ടോഡ്‌) എന്നാണ്‌ ആ ജീവിയുടെ പേര്‌. ആഗോളതാപനത്തിന്റെ ഫലമായി ഭൂമുഖത്തുനിന്ന്‌ അപ്രത്യക്ഷമായെന്ന്‌ ശാസ്‌ത്രലോകം വിധിയെഴുതിയ ആദ്യജീവി. ഭൂമിക്ക്‌ ചൂടുകൂടുന്നതിന്റെ ഫലമായി സമീപഭാവിയില്‍ അന്യംനില്‍ക്കുമെന്ന്‌ പ്രവചിക്കപ്പെടുന്ന പത്തുലക്ഷത്തോളം വര്‍ഗങ്ങളുടെ പ്രതിനിധി.

കോസ്‌റ്റാറിക്കയിലെ മോന്റെവെര്‍ഡെ മേഖലയില്‍ വെറും പത്ത്‌ ചതുരശ്രകിലോമീറ്റര്‍ വനപ്രദേശമായിരുന്നു ഈ ജീവിവര്‍ഗത്തിന്റെ വാസഗേഹം. ലോകത്ത്‌ വേറൊരിടത്തും ഈ തവളകള്‍ ഉള്ളതായി കണ്ടെത്തിയിട്ടില്ല. സമുദ്രനിരപ്പില്‍നിന്ന്‌ ഒന്നര കിലോമീറ്റര്‍ ഉയരെ മലയിടുക്കുകളിലെ കോടമഞ്ഞ്‌ മൂടിയ ഉഷ്‌ണമേഖലാവനങ്ങളില്‍ 'ഒളിച്ചു' കഴിഞ്ഞിരുന്ന ഇവയെ, അമേരിക്കന്‍ ഗവേഷകനായ ജെയ്‌ സാവേജ്‌ കണ്ടത്തി 'ബ്യൂഫോ പെരിഗ്ലെനെസ്‌' (Bufoperiglenes) എന്ന്‌ ശാസ്‌ത്രീയനാമം നല്‍കിയത്‌ 1966-ല്‍ മാത്രമാണ്‌. എഴുപതുകളില്‍ കോസ്‌റ്റാറിക്കയില്‍ ജൈവവൈവിധ്യ സംരക്ഷണസംരക്ഷണ പ്രവര്‍ത്തനങ്ങളിലെ സുവര്‍ണതാരമായി മാറിയ ഈ അപൂര്‍വ തവള പ്രചാരണ പോസ്‌റ്ററുകളില്‍ നിറഞ്ഞുനിന്നു.

സുവര്‍ണതവള മുന്നില്‍ പെട്ടാല്‍ ആരും സ്‌തംഭിച്ച്‌ നിന്നുപോകുമെന്ന്‌, ആ ജീവിയെ അവസാനമായി കാണാന്‍ അവസരമുണ്ടായ മാര്‍ട്ടി ക്രംപ്‌ എന്ന ഗവേഷക രേഖപ്പെടുത്തുന്നു. അത്ര ഉജ്ജ്വലമായ ദൃശ്യമാണത്രേ അത്‌. സ്വര്‍ണത്തില്‍ നിര്‍മിച്ച കളിപ്പാട്ടം എന്നല്ലാതെ, അതൊരു ജീവിയാണെന്ന്‌ ആദ്യം വിശ്വാസം വരില്ലെന്നാണ്‌ അവര്‍ പറയുന്നത്‌. `കാനനമധ്യേ ചിതറിക്കിടക്കുന്ന രത്‌നങ്ങള്‍ പോലയാണവ`- ഇന്‍ സെര്‍ച്ച്‌ ഓഫ്‌ ദി ഗോള്‍ഡന്‍ ഫ്രോഗ്‌ എന്ന ഗ്രന്ഥത്തില്‍ ആ ഗവേഷക രേഖപ്പെടുത്തുന്നു. അഞ്ച്‌ സെന്റീമീറ്ററോളം നീളമുള്ള ഈ തവളകളില്‍ ആണ്‍ജീവികള്‍ക്കാണ്‌ സ്വര്‍ണവര്‍ണം. പെണ്‍തവളകള്‍ കറുപ്പില്‍ പലനിറത്തിലുള്ള പൊട്ടുകളുള്ളവയാണ്‌. മുപ്പതിനായിരത്തോളം സുവര്‍ണതവളകള്‍ മോന്റെവെര്‍ഡെ കാട്ടില്‍ ഒരുകാലത്ത്‌ ഉണ്ടായിരുന്നു എന്നാണ്‌ കണക്ക്‌.

വര്‍ഷത്തില്‍ ഏറിയപങ്കും 'അണ്ടര്‍ഗ്രൗണ്ടില്‍' ആയിരിക്കും എന്നതാണ്‌ ഈ ജീവികളുടെ പ്രത്യേകത. കോടക്കാടുകളിലെ തറയില്‍ മണ്‍കൂനകള്‍ക്കും വേരുകള്‍ക്കും കീഴെ കഴിയുന്ന സുവര്‍ണ തവളകള്‍ ഏപ്രില്‍-മെയ്‌ കാലയളവില്‍, മഴ തുടങ്ങുമ്പോള്‍, മാത്രമാണ്‌ പുറത്തിറങ്ങുക. പ്രജനനം നടത്താനാണ്‌ ആ വരവ്‌. വെള്ളം കെട്ടിനില്‍ക്കുന്ന ചെറിയ ഊറ്റുകുഴികള്‍ക്ക്‌ ചുറ്റും സ്വര്‍ണവര്‍ണമാര്‍ന്ന ഡസണ്‍ കണക്കിന്‌ തവളകള്‍ ഇണകള്‍ക്കായി മത്സരിക്കും. ഏത്‌ ആണ്‍തവളയ്‌ക്ക്‌ ഏത്‌ ഇണയെ കിട്ടും എന്നത്‌ പ്രവചിക്കാനേ കഴിയില്ല. `ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും അതുല്യമായ കാഴ്‌ച' എന്നാണ്‌ മാര്‍ട്ടി ക്രംപ്‌ ഇതെപ്പറ്റി പറയുന്നത്‌. അതുകഴിഞ്ഞാല്‍ വീണ്ടും അണ്ടര്‍ഗ്രൗണ്ടിലേക്ക്‌! ഓരോ പെണ്‍തവളയും 200 മുതല്‍ 400 വരെ മുട്ടകളിടും. വെള്ളത്തില്‍ കിടന്ന്‌ അവ രണ്ടുമാസംകൊണ്ട്‌ വിരിഞ്ഞ്‌ വാല്‍മാക്രികളാകും.

1987 വരെ ഇതായിരുന്നു സ്ഥിതി. ആ വര്‍ഷം പക്ഷേ, കോസ്‌റ്റാറിക്ക പതിവില്ലാത്ത വിധം വരള്‍ച്ചയില്‍ പെട്ടു. ശാന്തസമുദ്രത്തില്‍ ശക്തിപ്രാപിച്ചിരുന്ന എല്‍നിനോ പ്രതിഭാസമായിരുന്നു കാരണം. അന്ന്‌ മോന്റെവെര്‍ഡെ ക്ലൗഡ്‌ ഫോറസ്‌റ്റ്‌ റിസര്‍വിലുള്ള 'ഗോള്‍ഡന്‍ ടോഡ്‌ ലബോറട്ടറി ഫോര്‍ കണ്‍സര്‍വേഷനി'ല്‍ പ്രവര്‍ത്തിച്ചുന്ന മാര്‍ട്ടി ക്രംപ്‌, 1987 ഏപ്രില്‍ 15-ന്‌ 133 സുവര്‍ണ തവളകള്‍ ഇണചേരാനായി പ്രത്യക്ഷപ്പെട്ട കാര്യം രേഖപ്പെടുത്തി. പക്ഷേ, വരണ്ട കാലാവസ്ഥയില്‍ ഊറ്റുകുഴികള്‍ പെട്ടന്ന്‌ വറ്റി. തവളകള്‍ തിരിച്ചു പോയതിന്‌ പിന്നാലെ മുട്ടകള്‍ ചെളിയില്‍ പുതഞ്ഞ്‌ നശിക്കുന്ന കാഴ്‌ചയാണ്‌ ദിവസങ്ങള്‍ കഴിഞ്ഞ്‌ ആ ഗവേഷക നിരീക്ഷിച്ചത്‌.

തങ്ങളുടെ വംശത്തിന്റെ വിധി തിരിച്ചറിഞ്ഞിട്ടെന്ന പോലെ, കാട്ടില്‍ മറഞ്ഞ തവളകള്‍ ഒരു മാസത്തിന്‌ ശേഷം മഴപെയ്‌തപ്പോള്‍ ഒരിക്കല്‍കൂടി തിരികെയെത്തി ഇണചേരല്‍ നടത്തി. പത്ത്‌ ചെറുകുളങ്ങളിലായി 43,500 മുട്ടകള്‍ ക്രംപ്‌ കണ്ടെത്തി. പക്ഷേ, കുളങ്ങള്‍ വീണ്ടും വറ്റി. വെറും 29 വാല്‍മാക്രികള്‍ മാത്രമേ ഒരാഴ്‌ചയില്‍ കൂടുതല്‍ നിലനിന്നുള്ളു. അതിനടുത്ത വര്‍ഷത്തെ പ്രജനന സീസണില്‍ മോന്റെവെര്‍ഡെയിലെത്തി വിശദമായ അന്വേഷണം നടത്തിയിട്ടും, ഏകനായ ഒരു സുവര്‍ണതവളയെ അല്ലാതെ മറ്റൊന്നിനെയും ക്രംപിന്‌ കണ്ടെത്താനായില്ല. 1988 ജൂണ്‍ 18-ന്‌ അവര്‍ തന്റെ നോട്ട്‌ബുക്കില്‍ ഇങ്ങനെ രേഖപ്പെടുത്തി: `അവസാനം നീണ്ട വേനലിന്‌ അന്ത്യമായി. കഴിഞ്ഞ വര്‍ഷം നൂറുകണക്കിന്‌ സുവര്‍ണ തവളകള്‍ ഇണകള്‍ക്കായി മത്സരിച്ച സ്ഥലങ്ങളെല്ലാം ശൂന്യം. ഒറ്റ തവളയെപ്പോലും കാണാനില്ല. സ്വര്‍ണവര്‍ണമുള്ള ആ ചലനങ്ങളില്ലാതെ, വനത്തിന്‌ വന്ധ്യതയും ദൈന്യതയും ബാധിച്ചതുപോലെ!'

ഒരുവര്‍ഷം കൂടി കഴിഞ്ഞു. സുവര്‍ണ തവളകളെത്തേടി കാട്ടില്‍ അലയുന്നതിനിടെ, 1989 മെയ്‌ 15-ന്‌ മാര്‍ട്ടി ക്രംപ്‌ വീണ്ടുമൊരു ഏകനായ തവളയെ കണ്ടു. അതായിരുന്നു അവസാനമായി മനുഷ്യന്‍ കണ്ട സുവര്‍ണ തവള. കോസ്‌റ്റാറിക്കയില്‍ പിന്നീട്‌ ഗവേഷകര്‍ ഒട്ടേറെ പര്യവേക്ഷണങ്ങള്‍ നടത്തിയിട്ടും ആ ജീവിയെ കണ്ടിട്ടില്ല. വര്‍ഷങ്ങള്‍ കടന്നുപോയതോടെ കാര്യം വ്യക്തമായി. ആ മനോഹര ജീവി ഭൂമിയില്‍ അവശേഷിച്ചിട്ടില്ല. വംശനാശം സംഭവിച്ച ജീവികളുടെ പട്ടികയില്‍ 2004-ഓടെ അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍ (ഐ.യു.സി.എന്‍) സുവര്‍ണ തവളയുടെ പേരും ചേര്‍ത്തു. ഒരുകാലത്ത്‌ പ്രദേശവാസികളുടെ ഐതീഹ്യങ്ങളില്‍ നിലനിന്നിരുന്ന ആ അപൂര്‍വജീവി ഇപ്പോള്‍ അവരുടെ ഓര്‍മകളില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു.

സുവര്‍ണതവള അവശേഷിച്ചില്ലെങ്കിലും അതിന്‌ എന്തുസംഭവിച്ചു എന്നറിയാനുള്ള ആകാംക്ഷ നിലനിന്നു. അതാണ്‌ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക്‌ ഗവേഷകരെ പ്രേരിപ്പിച്ചത്‌. സുവര്‍ണ തവള ഉള്‍പ്പടെ, ആ വനമേഖലയിലെ ഒട്ടേറെ ജീവിവര്‍ഗങ്ങളുടെ തിരോധാനത്തിന്‌ പിന്നില്‍ കാലാവസ്ഥാമാറ്റം ഒരു ഘടകമാണെന്ന്‌ ആദ്യംമുതലേ പലരും സംശയിച്ചിരുന്നു. 1999-ല്‍നേച്ചര്‍ മാഗസിനിലൂടെ പുറത്തുവന്ന ഒരു പഠനം കാര്യങ്ങള്‍ക്ക്‌ വ്യക്തത നല്‍കി. സുവര്‍ണ തവളകളുടെ ദുര്‍വിധിക്കുള്ള കാരണം മാത്രമല്ല, ഉഷ്‌ണമേഖലാകാടുകളിലെ ജൈവവൈവിധ്യത്തിന്‌ കാലാവസ്ഥാമാറ്റം കാത്തുവെച്ചിട്ടുള്ള വിധിയെന്താണെന്ന്‌ സൂചന നല്‍കാനും ആ പഠനം സഹായിച്ചു.

ഈസ്റ്റ്‌ ആംഗ്ലിയ സര്‍വകലാശാലയ്‌ക്ക്‌ കീഴില്‍ ക്ലൈമറ്റ്‌ റിസര്‍ച്ച്‌ യൂണിറ്റിലെ മൈക്ക്‌ ഹ്യൂല്‍മിയും നിക്കോള ഷേര്‍ഡും ചേര്‍ന്ന്‌ നടത്തിയ ആ പഠനത്തില്‍, 1970-കള്‍ക്ക്‌ ശേഷം മോന്റെവെര്‍ഡെ കാടുകളില്‍ കോടമഞ്ഞില്ലാത്ത ദിവസങ്ങളുടെ എണ്ണം പതിവില്ലാത്ത വിധം വര്‍ധിച്ചതായി കണ്ടെത്തി. ആഗോളതാപനത്തിന്റെ ഫലമായി മധ്യപടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ ഉപരിതല ഊഷ്‌മാവ്‌ വര്‍ധിച്ചപ്പോള്‍, അന്തരീക്ഷവായു ചൂടാവുകയും മേഘങ്ങളുടെ വിതാനം ഉയര്‍ന്നു പോവുകയും ചെയ്‌തു. അതാണ്‌ മലഞ്ചെരുവുകളിലെ കാടുകളില്‍നിന്ന്‌ കോടമഞ്ഞ്‌ അകറ്റിയത്‌. കോടമഞ്ഞെന്നാല്‍ ഈര്‍പ്പവും ജലബാഷ്‌പവുമാണ്‌. അത്‌ അകന്നതോടെ സുവര്‍ണ തവളകളുടെ നിലനില്‍പ്പ്‌ ഭീഷണിയിലായി. ആ വര്‍ഗത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി 1987 കാലത്തെ എല്‍നിനോയും അതുവഴിയുണ്ടായ വരള്‍ച്ചയും.

കല്‍ക്കരിയും പെട്രോളും ഉള്‍പ്പടെയുള്ള ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുമ്പോള്‍ പുറത്ത്‌ വരുന്ന കാര്‍ബണ്‍ഡയോക്‌സയിഡാണ്‌ ആഗോളതാപനത്തിലെ മുഖ്യപ്രതി. `നമ്മുടെ കല്‍ക്കരി നിലയങ്ങളും കൊട്ടാരസമാനമായ കാറുകളുമുപയോഗിച്ചാണ്‌ നമ്മള്‍ സുവര്‍ണ തവളയെ കൊന്നത്‌; അവ ജീവിച്ചിരുന്ന വനം ബുള്‍ഡോസര്‍ വെച്ച്‌ ഇടിച്ച്‌ നിരത്തിയാലെന്നപോല`- ദി വെതര്‍ മേക്കേഴ്‌സ്‌ എന്ന ഗ്രന്ഥത്തില്‍ പരിസ്ഥിതി ശാസ്‌ത്രജ്ഞന്‍ ടിം ഫ്‌ളാനെറി അഭിപ്രായപ്പെടുന്നു. മഞ്ഞുമൂടിയ മലകളില്‍ കഴിയുന്ന നിഗൂഢജീവികളായ സുവര്‍ണ തവളകളെക്കുറിച്ച്‌ കോസ്‌റ്റാറിക്കയിലെ ഗോത്രവര്‍ഗക്കാര്‍ക്കുള്ള വിശ്വാസങ്ങളിലൊന്ന്‌, 'അവയെ ആരാണോ കണ്ടെത്തുന്നത്‌ അയാള്‍ക്ക്‌ ആനന്ദം ലഭിക്കും' എന്നാണ്‌. ഇനിആര്‍ക്കും ആ ജീവിയെ കണ്ടെത്താന്‍ കഴിയില്ല എന്നുവരുമ്പോള്‍ നമ്മുക്ക്‌ എന്താണ്‌ ലഭിക്കാനിരിക്കുന്നത്‌!

ഹിമയുഗത്തിന്‌ കാരണം CO2 കുറഞ്ഞതല്ല-പഠനം

ഭൗമാന്തരീക്ഷത്തില്‍ 21 ലക്ഷം വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന കാര്‍ബണ്‍ഡയോക്‌സയിഡ്‌ സാന്ദ്രത ഇപ്പോള്‍. ആഗോളതാപനവും ഹരിതഗൃഹവാതകങ്ങളുടെ വര്‍ധനയും നേരിട്ട്‌ ബന്ധപ്പെട്ടിരിക്കുന്നു.

ഹിമയുഗങ്ങള്‍ക്ക്‌ വഴിതെളിച്ച ഘടകങ്ങള്‍തേടുന്നതിനിടെയാണ്‌ ഗവേഷകര്‍ ആഗോളതാപനമെന്ന വിപത്ത്‌ തിരിച്ചറിഞ്ഞത്‌. പ്രാചീനകാലത്ത്‌ അപ്രതീക്ഷിതമായ കാരണങ്ങളാല്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സയിഡ്‌ (CO2) കുറഞ്ഞതാകാം, അന്തരീക്ഷ താപനില താഴാനും ഹിമയുഗങ്ങള്‍ക്ക്‌ വഴിതെളിച്ചതും എന്നാണ്‌ പലരും കരുതിയിരുന്നത്‌. എന്നാല്‍, എട്ടരലക്ഷം വര്‍ഷംമുമ്പ്‌ കഠിനമായ ഹിമയുഗത്തിന്‌ കാരണമായത്‌ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ കുറവല്ലെന്ന്‌ പുതിയൊരു പഠനം പറയുന്നു. കടലിന്നടിയിലെ പ്ലാങ്‌ടണ്‍ അവശിഷ്ടങ്ങളെ വിശകലനംചെയ്‌ത്‌ 21 ലക്ഷം വര്‍ഷത്തെ അന്തരീക്ഷനില പരിശോധിച്ച ഗവേഷകരാണ്‌ ഈ നിഗമനത്തിലെത്തിയത്‌-പുതിയ ലക്കം 'സയന്‍സ്‌' ഗവേഷണവാരിക റിപ്പോര്‍ട്ടു ചെയ്യുന്നു.

പ്ലാങ്‌ടണുകളുടെ സഹായത്തോടെ അന്തരീക്ഷത്തിലെ CO2-ന്റെ സാന്ദ്രത നിര്‍ണയിക്കുകയാണ്‌, ലമൊന്റ്‌-ഡോഹെര്‍ത്തി എര്‍ത്ത്‌ ഒബ്‌സര്‍വേറ്ററിയിലെ ജിയോകെമിസ്‌റ്റായ ബാര്‍ബെല്‍ ഹോനിഷും സംഘവും ചെയ്‌തത്‌. പരിശോധനയ്‌ക്ക്‌ വിധേയമായ കാലഘട്ടത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹിമയുഗം പ്രത്യക്ഷപ്പെട്ടപ്പോള്‍ പ്രതീക്ഷിച്ചതുപോലെ അന്തരീക്ഷത്തില്‍ CO2 -ന്റെ സാന്ദ്രത താണില്ല. അതിനാല്‍, എ്‌ട്ടരലക്ഷം വര്‍ഷംമുമ്പ്‌ ഭൂമിയെ ഗ്രസിച്ച കഠിന ഹിമയുഗത്തിന്‌ കാരണം, ഭൂമിയുടെ ഭ്രമണപഥത്തില്‍ ചാക്രികമായി സംഭവിക്കുന്ന ഭ്രംശം ആകണം എന്നേ കരുതാനാകൂ എന്ന്‌ പഠനറിപ്പോര്‍ട്ട്‌ പറയുന്നു.

അതേസയമം, 21 ലക്ഷം വര്‍ഷത്തിനിടെ താപനില ഉയര്‍ന്ന വേളയിലെല്ലാം അന്തരീക്ഷത്തില്‍ CO2-ന്റെ സാന്ദ്രത വര്‍ധിച്ചിരുന്നു എന്ന്‌ പഠനം പറയുന്നു. നിലവിലുള്ള സ്ഥിതി മാറ്റി നിര്‍ത്തിയാല്‍, ഈ കാലത്തിനിടെ ഏറ്റവും ഉയര്‍ന്ന CO2 സാന്ദ്രത 280 പി.പി.എം. (പാര്‍ട്‌സ്‌ പെര്‍ മില്യണ്‍) ആയിരുന്നു. ഇപ്പോള്‍, പക്ഷേ അത്‌ 385 പി.പി.എം. ആണ്‌; 38 ശതമാനം കൂടുതല്‍. ഹരിതഗൃഹവാതകങ്ങള്‍ക്കും അന്തരീക്ഷതാപനിലയിലെ വര്‍ധയ്‌ക്കും നേരിട്ട്‌ ബന്ധമുണ്ടെന്ന്‌ മാത്രമല്ല, കഴിഞ്ഞ 21 ലക്ഷം വര്‍ഷത്തിനിടെ ഏറ്റവും വലിയ താപനത്തിനാണ്‌ ഭൂമി ഇപ്പോള്‍ ഇരയാകുന്നതെന്നും ഈ പഠനം വ്യക്തമാക്കുന്നു.

ആഫ്രിക്കന്‍ തീരത്ത്‌ അറ്റ്‌ലാന്റിക്‌ സമുദ്രത്തില്‍ ഏകകോശ പ്ലാങ്‌ടണുകളുടെ തോടില്‍ അടങ്ങിയിട്ടുള്ള ബോറോണ്‍ (boron) ഐസോടോപ്പുകളുടെ അനുപാതം കണക്കാക്കി, ആ ജീവി നിലനിന്ന കാലത്ത്‌ അന്തരീക്ഷത്തില്‍ CO2 -ന്റെ സാന്ദ്രത എത്രയായിരുന്നു എന്ന്‌ മനസിലാക്കാന്‍ കഴിയും. ലമൊന്റ്‌-ഡോഹെര്‍ത്തി എര്‍ത്ത്‌ ഒബ്‌സര്‍വേറ്ററിയിലെയും ക്വീന്‍സ്‌ കോളേജിലെയും ഗവേഷകനായ ഗാരി ഹെമ്മിങ്‌ കഴിഞ്ഞ പതിറ്റാണ്ടില്‍ വികസിപ്പിച്ച ഈ 'ബോറാണ്‍ ഐസോടോപ്പ്‌ സങ്കേതം' ഉപയോഗിച്ചാണ്‌, ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളിലെ കാലാവസ്ഥയെക്കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയത്‌. ധ്രുവപ്രദേശത്തെ മഞ്ഞുപാളികള്‍ തുരക്കുമ്പോള്‍ ലഭിക്കുന്ന സാമ്പിളുകളാണ്‌ അന്തരീക്ഷത്തില്‍ CO2 സാന്ദ്രത എത്രയായിരുന്നു എന്ന്‌ കണ്ടെത്താന്‍ സഹായിക്കുന്ന മറ്റൊരു മാര്‍ഗം. പക്ഷേ, അതുവഴി എട്ടുലക്ഷം വര്‍ഷത്തെ ചരിത്രമേ ഇതുവരെ കണ്ടെത്താനായിട്ടുള്ളു. അതിലും വളരെ പിന്നിലേക്ക്‌ പോകാന്‍ പുതിയ പഠനം വഴി ഗവേഷകര്‍ക്കായി.

ചാക്രികമായി പ്രത്യക്ഷപ്പെടുന്ന ഹിമയുഗങ്ങള്‍ മുമ്പ്‌ പലതവണ ഭൂമിയെ ഗ്രസിച്ചിട്ടുണ്ട്‌. ഏതാണ്ട്‌ എട്ടര ലക്ഷം വര്‍ഷംമുമ്പ്‌ പ്രത്യക്ഷപ്പെട്ട ഹിമയുഗത്തിന്റെ ദൈര്‍ഘ്യവും തീവ്രതയും വളരെ കൂടുതലായിരുന്നു. അന്തരീക്ഷത്തിലെ CO2 അസാധാരണമായി കുറഞ്ഞതാണ്‌ ആ ഹിമയുഗത്തിന്‌ കാരണമെന്ന്‌ ഗവേഷകര്‍ കരുതി. എന്നാല്‍, ആ സമയത്തെല്ലാം CO2 നില ഏതാണ്ട്‌ സ്ഥിരമായിരുന്നുവെന്നും, അതിനാല്‍ ഹിമയുഗത്തിന്‌ കാരണം ഹരിതഗൃഹവാതകവ്യാപനം കുറഞ്ഞതാണ്‌ എന്ന്‌ കരുതാനാകില്ലെന്നും റിപ്പോര്‍ട്ട്‌ പറയുന്നു. "കഴിഞ്ഞ 200 ലക്ഷം വര്‍ഷത്തിനിടെ അന്തരീക്ഷത്തില്‍ CO2 സാന്ദ്രത കാര്യമായി വ്യത്യാസപ്പെട്ടിട്ടില്ലെന്ന്‌ മുന്‍പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്‌"-ബാര്‍ബെല്‍ ഹോനിഷ്‌ പറയുന്നു. "ഹിമയുഗത്തിന്‌ മുഖ്യകാരണം CO2 ആയിരുന്നില്ലെന്നാണ്‌ ഈ പഠനവും പറയുന്നത്‌. എന്നാല്‍ ഹരിതഗൃഹവാതകങ്ങളും ആഗോളകാലാവസ്ഥയും തമ്മില്‍ വളരെ അടുത്ത്‌ ബന്ധപ്പെട്ടിരിക്കുന്നുവെന്ന്‌ ഞങ്ങളുടെ ഡേറ്റ വ്യക്തമാക്കുന്നു".

ഭൂമിയും സൂര്യനും തമ്മില്‍

സാധാരണഗതില്‍ 41000 വര്‍ഷങ്ങള്‍ കൂടുമ്പോഴാണ്‌ ഭൂമി ഓരോ ഹിമയുഗങ്ങള്‍ക്ക്‌ വിധേയമാവുക. എന്നാല്‍, ഏതാണ്ട്‌ എട്ടരലക്ഷം വര്‍ഷം മുമ്പ്‌ പ്രത്യക്ഷപ്പെട്ട ഹിമയുഗം അങ്ങനെ അവസാനിച്ചില്ല. അത്‌ ഒരുലക്ഷം വര്‍ഷം നീണ്ടുനിന്നു. ആ പെരുംഹിമയുഗത്തിന്‌ കാരണം അന്തരീക്ഷത്തില്‍ CO2 കുറഞ്ഞതല്ലെങ്കില്‍, പിന്നെ ഗവേഷകര്‍ക്ക്‌ ആശ്രയം മിലുറ്റിന്‍ മിലാന്‍കോവിച്ച്‌ എന്ന സെര്‍ബിയന്‍ വംശജനായ എന്‍ജിനിയര്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ അവതരിപ്പിച്ച കണക്കുകളാണ്‌. ഹിമയുഗങ്ങള്‍ക്ക്‌ കാരണം തിരയുന്നതിലായിരുന്നു അദ്ദേഹത്തിനും താത്‌പര്യം. അതിനായി, ഭൗമകാലാവസ്ഥയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിയന്ത്രിക്കുന്ന മൂന്ന്‌ ചാക്രികഘടകങ്ങള്‍ (Milankovich's cycles) അദ്ദേഹം നിര്‍ണയിച്ചു.

അതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയത്‌ സൂര്യന്‌ ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥവുമായി ബന്ധപ്പെട്ടതാണ്‌. ഭൗമഭ്രമണപഥത്തിന്‌ വാര്‍ത്തുളാകൃതിയാണുള്ളത്‌. ഒരുലക്ഷം വര്‍ഷം വരുന്ന കാലയളവില്‍ ഭ്രമണപഥത്തിന്റെ ആകൃതിയില്‍ ചെറിയ വ്യതിയാനമുണ്ടാകും. സൂര്യനില്‍നിന്ന്‌ ഭൂമിയിലെത്തുന്ന ഊര്‍ജത്തിന്റെ അളവ്‌ വ്യത്യാസപ്പെടും, ഒപ്പം കാലാവസ്ഥയിലും. നിലവില്‍ ഭൂമിയുടെ ഭ്രമണപഥം അത്ര അധികം വാര്‍ത്തുളമല്ല. അതിനാല്‍, ഭൂമിയിലെത്തുന്ന വികിരണോര്‍ജത്തില്‍, ജനവരിയ്‌ക്കും ജൂലായ്‌ക്കുമിടയ്‌ക്ക്‌ വെറും ആറ്‌ ശതമാനത്തിന്റെ വ്യത്യാസമേയുള്ളു. വാര്‍ത്തുളാകൃതി വര്‍ധിക്കുമ്പോള്‍ പക്ഷേ, ഈ വ്യത്യാസം 20 മുതല്‍ 30 ശതമാനം വരെയെത്തും. ഭൂമിയിലെത്തുന്ന സൗരോര്‍ജത്തിന്റെ അളവ്‌ വ്യത്യപ്പെടാന്‍ ഇടയാക്കുന്ന ഏക ചാക്രികഘടകം ഇതാണ്‌.

മിലാന്‍കോവിച്ച്‌ നിര്‍ണയിച്ച രണ്ടാമത്തെ ഘടകം 42,000 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവിലുണ്ടാകുന്ന നേരിയ വ്യതിയാനം അടിസ്ഥാനമാക്കിയുള്ളതാണ്‌. അച്ചുതണ്ടിന്റെ ചെരിവ്‌ 21.8 ഡിഗ്രിയില്‍ നിന്ന്‌ 24.4 ഡിഗ്രിയാകുന്നു. സൂര്യപ്രകാശം ഭൂമിയില്‍ ഏത്‌ ഭാഗത്ത്‌ വീഴുന്നു എന്നതിലാണ്‌ ഈ ചാക്രികഘടകം മാറ്റമുണ്ടാക്കുക. നിലവില്‍ ഭൗമഅച്ചുതണ്ടിന്റെ ചെരിവ്‌ ഏതാണ്ട്‌ അതിന്റെ മധ്യത്തിലാണ്‌. മൂന്നാമത്തെ ഘടകമാണ്‌ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞത്‌. 22,000 വര്‍ഷം കൂടുമ്പോള്‍, ഭൂമിയുടെ അച്ചുതണ്ടിന്‌ സംഭവിക്കുന്ന ചെറിയൊരു ആന്തോളനമാണ്‌ അതിന്‌ കാരണം. ഭൂമിയുടെ അച്ചുതണ്ട്‌ ധ്രുവനക്ഷത്രത്തിന്‌ നേരെ തിരിഞ്ഞിരിക്കുന്നതിന്‌ പകരം, വേഗ നക്ഷത്രത്തിന്‌ നേരെയാകുന്നു. ഭൂമിയില്‍ ധ്രുതുക്കളുടെ താളംതെറ്റാന്‍ ഇതിടയാക്കുന്നു. മഞ്ഞുകാലവും വേനലും കഠിനമാകുന്നു.

ഭൂപ്രതലത്തിലെ ഫലകങ്ങളിലുണ്ടായ ചലനം മൂലം ഭൂഖണ്ഡങ്ങള്‍ ധ്രുവങ്ങള്‍ക്ക്‌ അരികിലേക്ക്‌ നീങ്ങിയപ്പോഴാണ്‌, മിലോന്‍കോവിച്ച്‌ പ്രവചിച്ച ചാക്രികഘടകങ്ങള്‍ ഭൂമിയില്‍ ഹിമയുഗങ്ങള്‍ കൊണ്ടുവന്നത്‌. എട്ടരലക്ഷം വര്‍ഷം മുമ്പ്‌ ദൈര്‍ഘ്യമേറിയ ഹിമയുഗം സമ്മാനിച്ചതിന്‌ കാരണം, ഭൂമിയുടെ ഭ്രമണപഥത്തില്‍ വന്ന വ്യതിയാനവും അതുവഴി സൂര്യനില്‍നിന്നുള്ള ഊര്‍ജം കുറഞ്ഞതുമാണ്‌ എന്നുവേണം കരുതാന്‍. 1941-ല്‍ മിലോന്‍കോവിച്ച്‌ പ്രസിദ്ധീകരിച്ച പഠനം ശരിയാണെന്ന്‌ വീണ്ടും തെളിയുന്നു എന്നുസാരം. (അവലംബം: 'സയന്‍സ്‌' ഗവേഷണവാരിക, കൊളംബിയ സര്‍വകലാശാലയ്‌ക്കു കീഴിലെ എര്‍ത്ത്‌ ഇന്‍സ്‌റ്റിട്ട്യൂട്ടിന്റെ വാര്‍ത്താക്കുറിപ്പ്‌, The Weather Makers, by Tim Flannery).

കാലവര്‍ഷം എല്‍നിനോയുടെ പിടിയിലായോ

ഭൂഗോളത്തിന്റെ മറുവശത്ത്‌ ശാന്തസമുദ്രത്തില്‍ എല്‍നിനോ സാഹചര്യം ശക്തിപ്പെടുന്നത്‌ കേരളത്തെ എന്തിന്‌ ആശങ്കപ്പെടുത്തണം. കിഴക്കന്‍ ശാന്തസമുദ്ര മേഖലയില്‍ ഉപരിതല ഊഷ്‌മാവ്‌ ഇപ്പോള്‍ പതിവിലും അരഡിഗ്രി കൂടുതലാണെന്ന റിപ്പോര്‍ട്ടും, നമ്മുടെ ഇടവപ്പാതിക്ക്‌ ഇതുവരെ അതിന്റെ യഥാര്‍ഥ സ്വഭാവം കൈവന്നിട്ടില്ല എന്നകാര്യവും ചേര്‍ത്തു വായിക്കുമ്പോള്‍, നമ്മള്‍ എന്തിന്‌ ആശങ്കപ്പെടണം എന്ന്‌ വ്യക്തമാകും.

ഇന്ത്യന്‍ മണ്‍സൂണിന്റെ താളം തെറ്റിക്കാന്‍ ശേഷിയുള്ള കാലാവസ്ഥാ പ്രതിഭാസമാണ്‌ എല്‍നിനോ. ജൂലായില്‍ ഉണ്ടാകുമെന്ന്‌ കരുതിയ എല്‍നിനോ സാഹചര്യം ജൂണില്‍ തന്നെ പ്രത്യക്ഷപ്പെട്ടതാണ്‌ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ താളംതെറ്റിച്ചിരിക്കുന്നതെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ആരംഭിച്ച്‌ 22 ദിവസമായിട്ടും കേരളത്തില്‍ ഇതുവരെ ഇടവപ്പാതി യഥാര്‍ഥ രൂപത്തില്‍ ശക്തിപ്പെട്ടിട്ടില്ല. മാത്രവുമല്ല, രാജ്യത്തിന്റെ വടക്കോട്ടുള്ള കാലവര്‍ഷത്തിന്റെ ഗതി തടസ്സപ്പെട്ടിരിക്കുകയുമാണ്‌.

കേരളത്തില്‍ ഈ വര്‍ഷം വേനല്‍മഴ സാധാരണയിലും 25 ശതമാനം കുറവായിരുന്നു. ആ നിലയ്‌ക്ക്‌ ഇടവപ്പാതി കൂടി ശരിക്ക്‌ ലഭിച്ചില്ലെങ്കില്‍ കഠിനമായ വരള്‍ച്ചയും ജലക്ഷാമവുമാകും ഫലം. കാര്‍ഷിക മേഖലയ്‌ക്കും അത്‌ വന്‍ തിരിച്ചടിയാകും. 2008-ല്‍ സംസ്ഥാനത്ത്‌ ലഭിച്ച മഴ സാധാരണയിലും 22 ശതമാനം കുറവായിരുന്നു. അതേ ഗതിയാണോ ഈ വര്‍ഷവുമെന്ന ആശങ്ക, പുതിയ സാഹചര്യത്തില്‍ വര്‍ധിക്കുകയാണ്‌. എന്നാല്‍, ജൂണ്‍ 16-ഓടെ ആന്‍ഡമാന്‍-നിക്കോബാര്‍ പ്രദേശത്ത്‌ രൂപംകൊള്ളുന്ന ന്യൂനമര്‍ദം ഇടവപ്പാതിക്ക്‌ അതിന്റെ കരുത്ത്‌ തിരിച്ചു നല്‍കുമെന്നും, അതിനാല്‍ ഭയപ്പെടാനില്ലെന്നും തിരുവനന്തപുരം കാലാവസ്ഥാനിരീക്ഷണകേന്ദ്രം മേധാവി ഡോ.എം.ഡി.രാമചന്ദ്രന്‍ പറയുന്നു.

ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാപ്രദേശത്ത്‌ സമുദ്രോപരിതലത്തെ അകാരണമായി ചൂട്‌ പിടിപ്പിക്കുന്ന പ്രതിഭാസമാണ്‌ എല്‍നിനോ (El Nino). രൂപംകൊള്ളുന്നത്‌ ശാന്തസമുദ്രത്തിലാണെങ്കിലും, ഇന്ത്യന്‍ മണ്‍സൂണ്‍ അടക്കം ലോകത്താകമാനം കാലാവസ്ഥ തകിടം മറിക്കാന്‍ ശേഷിയുള്ള പ്രതിഭാസമാണത്‌. ആഗോളതലത്തില്‍ അത്‌ പ്രകൃതിദുരന്തങ്ങള്‍ സൃഷ്ടിക്കും. സാധാരണഗതിയില്‍ മഴ ലഭിക്കുന്ന രാജ്യങ്ങള്‍ കൊടുംവരള്‍ച്ചയുടെ വറുതിയിലാകും. ചൂടുള്ള കാലാവസ്ഥ അനുഭവിക്കുന്ന മേഖലകള്‍ ശൈത്യത്തിന്റെയും പേമാരിയുടെയും പിടിയിലാകും.

ഇന്ത്യയില്‍ കഴിഞ്ഞ 132 വര്‍ഷത്തിനിടെയുണ്ടായ രൂക്ഷമായ വരള്‍ച്ചക്കാലത്തെല്ലാം എല്‍നിനോ ശക്തിപ്പെട്ടിരുന്നു എന്ന്‌ 2006 സപ്‌തംബര്‍ എട്ടിന്‌ 'സയന്‍സ്‌' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. പൂണെയില്‍ 'ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ട്രോപ്പിക്കല്‍മിറ്റിയോരോളജി'യിലെ ഡോ.കെ.കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പഠനം നടത്തിയത്‌. 2002-ല്‍ പ്രത്യക്ഷപ്പെട്ട ശക്തികുറഞ്ഞ എല്‍നിനോ ഇന്ത്യയില്‍ കൊടുംവരള്‍ച്ചയാണ്‌ ഉണ്ടാക്കിയത്‌. 2006-2007 കാലത്താണ്‌ ഏറ്റവുമൊടുവില്‍ എല്‍നിനോ പ്രത്യക്ഷപ്പെട്ടത്‌.

കിഴക്കന്‍ ശാന്തസമുദ്രത്തില്‍ സമുദ്രോപരിതല ഊഷ്‌്‌മാവ്‌ ഇപ്പോള്‍ സാധാരണയിലും അര ഡിഗ്രി സെല്‍സിയസ്‌ കൂടുതലാണെന്ന വിവരം യു.എസ്‌. 'ക്ലൈമറ്റ്‌ പ്രെഡിക്ഷന്‍ സെന്റര്‍' (CPC) പുറത്തുവിട്ടത്‌. ജൂലായ്‌-ആഗസ്‌തോടെ സാമാന്യം ശക്തമായ എല്‍നിനോ രൂപപ്പെടാന്‍ എല്ലാ സാധ്യതയുമുണ്ടെന്ന്‌ ഓസ്‌ട്രേലിയന്‍ കാലാവസ്ഥാ ബ്യൂറോ മുന്നറിയിപ്പ്‌ നല്‍കി. അമേരിക്കയിലെ 'നാഷണല്‍ ഓഷ്യാനിക്‌ ആന്‍ഡ്‌ അറ്റ്‌മോസ്‌ഫറിക്‌ അഡ്‌മിനിസ്‌ട്രേഷന്‍'(NOAA) ഇക്കാര്യം ശരിവെച്ചിട്ടുമുണ്ട്‌.

ജൂലായോടുകൂടിയേ എല്‍നിനോ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടൂ എന്നായിരുന്നു കണക്കുകൂട്ടല്‍. അതിനാല്‍ മണ്‍സൂണിന്റെ ആദ്യഘട്ടം പ്രവചനത്തില്‍ എല്‍നിനോയുടെ കാര്യം ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ്‌ പരിഗണിച്ചില്ല. എന്നാല്‍, അത്‌ ജൂണില്‍ തന്നെ പ്രത്യക്ഷപ്പെട്ട സ്ഥിതിക്ക്‌ അടുത്തഘട്ടം പ്രവചനത്തില്‍ അക്കാര്യംകൂടി കണക്കിലെടുക്കുമെന്ന്‌ ഡോ. എം.ഡി.രാമചന്ദ്രന്‍ അറിയിച്ചു.

ജൂണ്‍ 23-ന്‌ ഇത്തവണ കാലവര്‍ഷം ആരംഭിച്ചെങ്കിലും, മഴ ശക്തപ്രാപിക്കുന്നതിന്‌ തടസ്സമായത്‌ ബംഗാളില്‍ ആഞ്ഞടിച്ച 'ഐല' ചുഴലിക്കൊടുങ്കാറ്റാണ്‌്‌. തെക്കന്‍ പ്രദേശത്തുനിന്ന്‌ ഈര്‍പ്പവും നീരാവിയും ആ ചുഴലിക്കാറ്റ്‌ കൊണ്ടുപോയതിനാല്‍ കാലവര്‍ഷം പിന്‍വാങ്ങി. പിന്നീട്‌ ജൂണ്‍ അഞ്ചോടെ ശക്തിപ്പെട്ട കാലവര്‍ഷം രണ്ടുദിവസത്തിന്‌ ശേഷം ദുര്‍ബലമായി. അതിന്‌ ശേഷം ജൂണ്‍ 12-ഓടെ വീണ്ടും ശക്തിപ്രാപിക്കുമെന്നായിരുന്നു പ്രവചനം. പക്ഷേ, ന്യൂനമര്‍ദത്തിന്‌ പകരം അന്തരീക്ഷത്തില്‍ രണ്ട്‌ കിലോമീറ്റര്‍ മുകളിലൂടെയുള്ള വായൂപ്രവാഹമാണ്‌ പ്രത്യക്ഷപ്പെട്ടത്‌. അത്‌ കാലവര്‍ഷത്തിന്റെ മുന്നോട്ടുള്ള ഗതിയ്‌ക്ക്‌ തടസ്സമായി. ഇനി ജൂണ്‍ 16-ഓടെ ന്യൂനമര്‍ദം പ്രത്യക്ഷപ്പെടുമെന്നും അതോടെ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്നാണ്‌ പ്രതീക്ഷ.

ജൂണില്‍ ആദ്യത്തെ പത്തു ദിവസം സാധാരണയിലും ഒന്‍പത്‌ ശതമാനം കുറച്ച്‌ മഴയാണ്‌ കേരളത്തില്‍ ലഭിച്ചത്‌. 20 സെന്റിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത്‌ 18.2 ശതമാനം ലഭിച്ചതായി ഡോ. രാമചന്ദ്രന്‍ അറിയിക്കുന്നു. എന്നാല്‍, ദേശീയ തലത്തില്‍ ജൂണ്‍ ആദ്യവാരം ലഭിച്ച മഴ സാധാരണയിലും 35 ശതമാനം കുറവാണെന്ന്‌ കാലാവസ്ഥാ വകുപ്പ്‌ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി.

ഇത്തവണ കാലവര്‍ഷം മെയ്‌ 23-ന്‌ ആരംഭിച്ച സ്ഥിതിക്ക്‌ ഇതിനകം തന്നെ രാജ്യത്തിന്റെ മധ്യമേഖലയിലേക്ക്‌ ഇതിനകം കാലവര്‍ഷം മുന്നേറേണ്ടതായിരുന്നു. എന്നാല്‍, ശക്തമായ ന്യൂനമര്‍ദത്തിന്റെ അഭാവത്തില്‍ മുന്നേറ്റം നിലച്ചിരിക്കുകയാണെന്ന്‌ കാലാവസ്ഥാ വകുപ്പ്‌ അറിയിക്കുന്നു. ജൂണ്‍ ഏഴിന്‌ ശേഷം മണ്‍സൂണ്‍ പുരോഗമിച്ചിട്ടില്ല. ഇതുമൂലം മധ്യപ്രദേശ്‌, മഹാരാഷ്ട്ര, ഗുജറാത്ത്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സൊയാബീന്‍, പരുത്തി, കരിമ്പ്‌, പയര്‍വര്‍ഗങ്ങള്‍, നിലക്കടല തുടങ്ങിയവ സമയത്ത്‌ കൃഷി ചെയ്യാനാവാതെ വന്നിരിക്കുകയാണ്‌.

കാലവര്‍ഷത്തിന്റെ കാലിടറുന്നു

ഭൂമിയുടെ ചൂട്‌ വര്‍ധിക്കുന്നത്‌ നമ്മുടെ കാലവര്‍ഷത്തിന്റെയും താളംതെറ്റിക്കുന്നതായി സൂചന. സംസ്ഥാനത്ത്‌ സമീപകാലത്ത്‌ കാലവര്‍ഷം പരാജയപ്പെടുന്നതിന്റെ തോത്‌ ആശങ്കയുണര്‍ത്തും വിധം വര്‍ധിക്കുകയാണ്‌.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ സംസ്ഥാനത്ത്‌ മഴ 20 ശതമാനത്തിലും കുറഞ്ഞത്‌ അഞ്ച്‌ തവണ മാത്രമാണ്‌. അതേസമയം, കഴിഞ്ഞ വെറും പത്ത്‌ വര്‍ഷത്തിനിടെ അഞ്ചു തവണ കേരളത്തില്‍ കാലവര്‍ഷം 20 ശതമാനത്തിലും കുറഞ്ഞു. മുമ്പ്‌ അമ്പത്‌ വര്‍ഷംകൊണ്ട്‌ സംഭവിച്ച കാര്യം ഇപ്പോള്‍ ഒരു പതിറ്റാണ്ടിനിടെ ഉണ്ടാകുന്നു എന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. ലോക കാലാവസ്ഥാ അസോസിയേഷന്റെ പഠനം അനുസരിച്ച്‌, രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ പതിറ്റാണ്ട്‌ 1998-2007 ആയിരുന്നു എന്നകാര്യം കൂടി ചേര്‍ത്ത്‌ വായിക്കുമ്പോള്‍, കാലാവസ്ഥാവ്യതിയാനത്തിന്റെ പിടിയിലാണ്‌ കേരളവുമെന്ന്‌ കാണാം.

ഇത്തവണ സാധാരണ മഴ ലഭിക്കും എന്നാണ്‌ പ്രവചനമെങ്കിലും, കേരളത്തില്‍ വേനല്‍മഴയില്‍ 25 ശതമാനം കുറവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. 428 മില്ലിമീറ്റര്‍ ലഭിക്കേണ്ടിടത്ത്‌ കിട്ടിയത്‌ 398 മി.മീ. വേനല്‍മഴ മാത്രം. ഇടവപ്പാതി (തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം) ഇത്തവണ മെയ്‌ 23-ന്‌ ആരംഭിച്ചത്‌ പ്രതീക്ഷയുണര്‍ത്തിയെങ്കിലും, ബംഗാളില്‍ നാശംവിതച്ച ഐല ചുഴലിക്കൊടുങ്കാറ്റ്‌ കാര്യങ്ങളെയാകെ തകിടം മറിച്ചു. തെക്കന്‍ മേഖലയില്‍നിന്ന്‌ അന്തരീക്ഷത്തിലെ ബാഷ്‌പവും നീരാവിയും ഐല അകറ്റിയതിനാല്‍ കാലവര്‍ഷം ആശങ്കയുണര്‍ത്തിക്കൊണ്ട്‌ പിന്‍വാങ്ങിയിരിക്കുകയാണ്‌. ദേശീയതലത്തില്‍ കാലവര്‍ഷത്തിന്റെ മുന്നേറ്റം തടയപ്പെട്ടു. ജൂണ്‍ ആദ്യവാരം രാജ്യത്ത്‌ 35 ശതമാനം മഴ കുറഞ്ഞതായി കാലാവസ്ഥ വകുപ്പ്‌ പറയുന്നു. ഐല പോലെ സംഹാരശേഷിയേറിയ ചുഴലിക്കൊടുങ്കാറ്റുകളുടെ വരവും കാലാവസ്ഥാമാറ്റത്തിന്റെ തെളിവാണ്‌.

കാലാവസ്ഥയുടെ തകിടംമറിയല്‍ ആണ്‌ ആഗോളതാപനത്തിന്റെ ദുരന്തഫലങ്ങളില്‍ പ്രധാനപ്പെട്ടതായി പറയപ്പെടുന്നത്‌. ചുഴലിക്കൊടുങ്കാറ്റുകളുടെ പ്രഹരശേഷി വര്‍ധിക്കുക, മഴ പെയ്യേണ്ടിടത്ത്‌ അത്‌ കുറയുക, വരള്‍ച്ച അനുഭവപ്പെടേണ്ട മേഖലയില്‍ പേമാരി നാശം വിതയ്‌ക്കുക എന്നിങ്ങനെ. കേരളത്തില്‍ കാലവര്‍ഷവും അത്തരമൊരു ദുരന്തഫലത്തിന്റെ ഇരയാവുകയാവുയാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ കേരളത്തിലെ താപനില 0.8 ഡിഗ്രി സെല്‍സിയസ്‌ വര്‍ധിച്ചതായി 2005-ല്‍ പുറത്തുവന്ന ഒരു പഠനം വ്യക്തമാക്കുകയുണ്ടായി. ലോകത്താകെ 1880-ന്‌ ശേഷമുണ്ടായ ശരാശരി താപവര്‍ധനയ്‌ക്ക്‌ തുല്യമാണിത്‌.

പുതിയ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം കേരളത്തിലെ ശരാശരി വര്‍ഷപാതം 3108 മില്ലിമീറ്ററാണ്‌. അതില്‍ 70 ശതമാനം ഇടവപ്പാതിയിലാണ്‌ ലഭിക്കേണ്ടത്‌. തുലാവര്‍ഷം (വടക്കുകിഴക്കന്‍ കാലവര്‍ഷം), വേനല്‍മഴ എന്നിവ വഴിയാണ്‌ ബാക്കി മഴ കിട്ടുക. 1901 മുതല്‍ ഇതുവരെ 18 തവണ കേരളത്തില്‍ മഴ 20 ശതമാനത്തിലേറെ കുറഞ്ഞു. ഏറ്റവും വലിയ കുറവ്‌ 1918-ലാണ്‌ രേഖപ്പെടുത്തിയത്‌; 47 ശതമാനം. ഈ കാലയളവില്‍ ഏറ്റവുമധികം മഴ ലഭിച്ചത്‌ 1924-ലാണ്‌; 64 ശതമാനം കൂടുതല്‍.

കാലാവസ്ഥാവകുപ്പിന്റെ കണക്കുകള്‍ പ്രകാരം, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ മഴയുടെ അളവ്‌ 20 ശതമാനത്തിലും കുറഞ്ഞത്‌ 1918 (47 ശതമാനം കുറവ്‌), 1928 (22 ശതമാനം), 1934 (21 ശതമാനം), 1935 (20 ശതമാനം), 1944 (29 ശതമാനം) എന്നീ അഞ്ച്‌ വര്‍ഷങ്ങളില്‍ മാത്രമാണ്‌. നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ 1951 (35 ശതമാനം), 1952 (32 ശതമാനം), 1965 (27 ശതമാനം), 1966 (26 ശതമാനം), 1976 (33 ശതമാനം), 1986 (23 ശതമാനം), 1987 (31 ശതമാനം), 1990 (25 ശതമാനം), 1999 (25 ശതമാനം) എന്നിങ്ങനെ ഒന്‍പത്‌ തവണ കാലവര്‍ഷം കാര്യമായി കുറഞ്ഞു. കാലവര്‍ഷം കുറയുന്നതിന്റെ തോത്‌ കാലം പുരോഗമിക്കുന്തോറും വര്‍ധിക്കുന്നതായി ഈ കണക്ക്‌ വ്യക്തമാക്കുന്നു. മനുഷ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഗോളതാപനം രൂക്ഷമാകാന്‍ തുടങ്ങിയത്‌ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലാണെന്ന വസ്‌തുതകൂടി ഓര്‍ക്കുക.

അതേസമയം, ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ പിറന്ന്‌ ഒരു പതിറ്റാണ്ട്‌ തികയും മുമ്പ്‌ നാല്‌ തവണ സംസ്ഥാനത്ത്‌ കാലവര്‍ഷം പരാജയപ്പെട്ടു- 2002 (35 ശതമാനം കുറവ്‌), 2003 (27 ശതമാനം), 2004 (22 ശതമാനം), 2008 (22 ശതമാനം). കഴിഞ്ഞ ഒരു പതിറ്റാണ്ടിന്റെ കാര്യം പരിഗണിച്ചാല്‍ 1999-ലെ കണക്കുകൂടി കൂട്ടേണ്ടി വരും. കഴിഞ്ഞ പതിറ്റാണ്ടില്‍ അഞ്ചു തവണ കേരളത്തില്‍ കാലവര്‍ഷം സാരമായി കുറഞ്ഞെന്ന്‌ കാണാം. യഥാര്‍ഥത്തില്‍ 2000 (18 ശതമാനം കുറവ്‌), 2001 (13 ശതമാനം കുറവ്‌) വര്‍ഷങ്ങളിലും മഴ ലഭ്യത കുറഞ്ഞിരുന്നു, കുറവ്‌ അത്ര സാരമായ തോതില്‍ അല്ലായിരുന്നു എന്നുമാത്രം. അതുകൂടി ചേര്‍ത്താല്‍, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സംസ്ഥാനത്ത്‌ ശരാശരിയിലും താഴെ മഴ ലഭിച്ച വര്‍ഷങ്ങളുടെ എണ്ണം ഏഴാകും. മഴ കൂടുതല്‍ ലഭിച്ചത്‌ 2007-ല്‍ മാത്രം; 30 ശതമാനം കൂടുതല്‍.

ഇരുപതാം നൂറ്റാണ്ടിലെ കാര്യം പരിഗണിച്ചാല്‍ തുടര്‍ച്ചയായി രണ്ട്‌ വര്‍ഷം മഴ കുറയുന്ന സംഭവം നാല്‌ തവണ ആവര്‍ത്തിച്ചതായി കാണാം; 1934-1935, 1951-1952, 1965-1966, 1986-1987 എന്നീ സമയങ്ങളില്‍. മൂന്ന്‌ വര്‍ഷം തുടര്‍ച്ചയായി കാലവര്‍ഷം പരാജയപ്പെട്ട ഒരു സംഭവവും പോയ നൂറ്റാണ്ടിലില്ല. എന്നാല്‍, പുതിയ നൂറ്റാണ്ടില്‍ അതും സംഭവിച്ചു-2002, 2003, 2004 വര്‍ഷങ്ങളില്‍. ചരിത്രത്തില്‍ ഇതുവരെ കാണാത്ത തരത്തിലാണ്‌, കേരളത്തില്‍ കാലം ചെല്ലുന്തോറും കാലവര്‍ഷത്തിന്റെ താളംതെറ്റുന്നതെന്ന്‌ ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗോളതാപനത്തിന്റെ പിടി മുറുകുന്നത്‌ കാലവര്‍ഷത്തെയും കുഴപ്പത്തിലാക്കുന്നു എന്നുവേണം അനുമാനിക്കാന്‍.

ഭൗമാന്തരീക്ഷത്തില്‍ ചൂട്‌ വര്‍ധിക്കാന്‍ കാരണം കാര്‍ബണ്‍ഡയോക്‌സയിഡ്‌ പോലുള്ള ഹരിതഗൃഹവാതകങ്ങളുടെ (green house gases) ആധിക്യം ഏറുന്നതാണ്‌. ഊര്‍ജോത്‌പാദനം, വ്യവസായവത്‌ക്കരണം, ഗതാഗതം, കൃഷി തുടങ്ങിയ മേഖലകളൊക്കെ കാര്‍ബണ്‍ വ്യാപനത്തിന്‌ ആക്കംകൂട്ടുന്നു. വ്യവസായവിപ്ലവം തുടങ്ങുന്ന കാലത്ത്‌ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ സാന്ദ്രത 280 പി.പി.എം. (പാര്‍ട്‌സ്‌ പെര്‍ മില്യണ്‍) ആയിരുന്നത്‌, ഇപ്പോള്‍ 384 പി.പി.എം.ആയി എന്നാണ്‌ കണക്ക്‌. പോയ നൂറ്റാണ്ടില്‍ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ വ്യാപനത്തിന്റെ പ്രതിവര്‍ഷ വര്‍ധന 1.8 ശതമാനമായിരുന്നെങ്കില്‍, 2002, 2003 കാലത്ത്‌ അത്‌ 2.54 ശതമാനമായതായി ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ നടത്തിയ സമീപകാല പഠനം മുന്നറിയിപ്പ്‌ നല്‍കുകയുണ്ടായി. ആഗോളതാപനത്തിന്റെ അനന്തരഫലങ്ങള്‍ക്ക്‌ പുതിയ നൂറ്റാണ്ടില്‍ ആക്കംകൂടിയത്‌ എന്തുകൊണ്ടെന്ന്‌ ഇക്കാര്യം സൂചന നല്‍കുന്നു. (കടപ്പാട്‌: IMD)

ശാന്തസമുദ്രത്തില്‍ ശക്തിപ്പെട്ടിരിക്കുന്ന ലാനിനാ എന്ന കാലാവസ്ഥാ പ്രതിഭാസത്തിനും എന്റെ മുറിയിലുണ്ടായ ഉറുമ്പുശല്യത്തിനും തമ്മിലെന്താണ്‌ ബന്ധം. പൊരിവേനലില്‍ പെരുമഴ വരുന്ന കാര്യം ഉറുമ്പുകള്‍ നേരത്തെയറിഞ്ഞിരുന്നു എന്നുവേണം കരുതാന്‍.

മാര്‍ച്ച്‌ രണ്ടാമത്തെ ആഴ്‌ചയിലായിരുന്നു അത്‌. പാലക്കാട്ട്‌ ഞാന്‍ താമസിക്കുന്ന വീട്ടിനുള്ളില്‍ തുണിയിടുന്ന അയയില്‍ ഉറുമ്പുകള്‍ ജാഥയായി പ്രത്യക്ഷപ്പെട്ടു. പുറംഭിത്തിയുടെ ഭാഗത്തുനിന്നാണ്‌ വരവ്‌. നാലുമീറ്റര്‍ നീളമുള്ള അയച്ചരടിന്‌ മുകളിലൂടെ ഒരുതരം വേവലാതിയോടെ ധൃതിപിടിച്ച്‌ പോകുന്ന അവയെല്ലാം വീട്ടിനുള്ളിലെ ഭിത്തിയിലെ ചെറുസുക്ഷിരത്തില്‍ അപ്രത്യക്ഷരാകുന്നു. അയയിലെ മുഷിഞ്ഞ തുണികളാകാം അവറ്റയെ ആകര്‍ഷിക്കുന്നതെന്ന്‌ ആദ്യം കരുതി. വസ്‌ത്രങ്ങളെല്ലാം മാറ്റിയിട്ടു നോക്കി. എന്നിട്ടും ഉറുമ്പുകളുടെ തത്രപ്പാടിന്‌ അയവില്ല. വീട്ടിനുള്ളിലേക്ക്‌ വരുന്നവയുടെയെല്ലാം പക്കല്‍ ധാന്യശകലങ്ങളുണ്ട്‌. സുക്ഷിരത്തില്‍നിന്ന്‌ തിരികെ ഇറങ്ങിപ്പോകുന്നവര്‍ കൈയുംവീശി പോകുന്നു. ഭക്ഷണം സംഭരിക്കുകയാണവിടെ. ധൃതിപിടിച്ചുള്ള ആ സംഭരണമഹാമഹം മൂന്നുദിവസം തുടര്‍ന്നു. നാലാംദിവസം ഒറ്റ ഉറുമ്പിനെയും കണ്ടില്ല. അയ ഒഴിഞ്ഞുകിട്ടി. വസ്‌ത്രങ്ങള്‍ വീണ്ടും അവിടെ സ്ഥാനംപിടിച്ചു. 

കൊടുംചൂടിന്റെ ഏപ്രിലിനെ വരവേല്‍ക്കാന്‍ മാര്‍ച്ച്‌ മാസം പ്രകൃതിയ തപപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, ഉറുമ്പുകള്‍ ഭക്ഷണം ശേഖരിക്കാന്‍ കാട്ടുന്ന ഈ ധൃതിയെപ്പറ്റി ഞാനാലോചിച്ചു. കോഴിക്കോട്ട്‌ മുമ്പ്‌ വാടകയ്‌ക്കു താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ ഉറുമ്പുനിരീക്ഷണം ചെറിയ തോതില്‍ നടത്തിയിരുന്നു (നല്ല രസമുള്ള ഏര്‍പ്പാടാണ്‌, അല്‍പ്പം അകന്നുനിന്ന്‌ വേണം നിരീക്ഷണം എന്നുമാത്രം. ഉറുമ്പുകടി അത്ര സുഖമുള്ള ഏര്‍പ്പാടല്ലല്ലോ). വേനലില്‍ മഴയ്‌ക്ക്‌ ഒരു സാധ്യതയുമില്ലാത്ത സമയത്ത്‌ ഉറുമ്പുകള്‍ ഇങ്ങനെ ധൃതിപിടിച്ച്‌ ധാന്യശേഖരണം നടത്തിയാല്‍, പെരുമഴ അടുത്തിരിക്കുന്നു എന്നതിന്റെ സൂചനയായി അത്‌ കണക്കാക്കാം. മൂന്നുവര്‍ഷം മുമ്പാണെന്ന്‌ ഓര്‍മ, മെയ്‌ ആദ്യവാരം വീട്ടിലാകെ ഉറുമ്പുകള്‍ പ്രത്യക്ഷപ്പെടുകയും കൈയില്‍ കിട്ടുന്നതൊക്കെ അരിക്കുകയും ചെയ്‌തതുകണ്ട്‌ ഭാര്യ പൊറുതിമുട്ടി. ഉറുമ്പുകളുടെ തത്രപ്പാട്‌ കണ്ടപ്പോള്‍ ഇടവപ്പാതി നേരത്തെ പെയ്യും എന്നതിന്റെ സൂചനയാകാം അതെന്ന്‌ ഞാന്‍ ഭാര്യയോട്‌ പറഞ്ഞു. ആ മെയ്‌ 19-ന്‌ മഴ തുടങ്ങി. അന്തംവിട്ടുപോയ കാലാവസ്ഥാ വകുപ്പിന്‌, പക്ഷേ, പെയ്യുന്നത്‌ ഇടവപ്പാതിയാണെന്ന്‌ സ്ഥിരീകരിക്കാന്‍ പിന്നെയും ഒരാഴ്‌ച വേണ്ടിവന്നു. 

ഈ മാര്‍ച്ച്‌ രണ്ടാംവാരത്തില്‍ ഉറുമ്പുകള്‍ മൂന്നുദിവസം പൊറുതിമുട്ടിച്ചതിന്റെ കാരണം മനസിലാക്കാന്‍ അധികനാള്‍ കാക്കേണ്ടി വന്നില്ല. ഇടവപ്പാതിയെ തോല്‍പ്പിക്കുംപോലുള്ള വേനല്‍മഴ, തുലാവര്‍ഷമെന്നു തോന്നുംവിധം ഇടിമിന്നലോടെ കേരളത്തില്‍ പെയ്‌തിറങ്ങി. കാലാവസ്ഥാവകുപ്പിന്‌ ഒരു പ്രവചനത്തിനും ഇടകൊടുക്കാതെയായിരുന്നു വരവ്‌. കൊയ്‌ത്തിനായി കാത്തുകിടന്ന നെല്‍പ്പാടങ്ങള്‍ക്കും കാര്‍ഷികമേഖലയ്‌ക്കും മഴ ശരിക്കും ഇടിത്തീയായി. റിക്കോഡ്‌ വേനല്‍മഴയായിരുന്നു ഇത്തവണത്തേത്‌. മാര്‍ച്ച്‌ ഒന്നു മുതല്‍ 19 വരെയുള്ള കാലയളവില്‍ കേരളത്തില്‍ ലഭിക്കുന്ന ശരാശരി മഴ 1.8 സെന്റീമീറ്ററാണ്‌. ഇത്തവണ പക്ഷേ, അതിന്റെ ഏതാണ്ട്‌ ആറിരട്ടി മഴ (10.3 സെന്റീമീറ്റര്‍) പെയ്‌തു. തിരുവനന്തപുരം നഗരത്തില്‍ മാത്രം മാര്‍ച്ച്‌ 23-ന്‌ 24 മണിക്കൂറില്‍ പെയ്‌ത മഴയുടെ അളവ്‌ 8.4 സെന്റീമീറ്ററാണ്‌. ഇതിന്‌ മുമ്പ്‌ മാര്‍ച്ചില്‍ ഇത്തരമൊരു കനത്തപെയ്‌ത്ത്‌ 62 വര്‍ഷം മുമ്പാണുണ്ടായത്‌; 1946 മാര്‍ച്ച്‌ 16-ന്‌. അന്ന്‌ 24 മണിക്കൂര്‍കൊണ്ട്‌ തലസ്ഥാനനഗരിയില്‍ എട്ടുസെന്റീമീറ്റര്‍ മഴ പെയ്‌തു. (ആര്‍.ലക്ഷ്‌മി നാരായണന്‍, മാതൃഭൂമി, 2008 മാര്‍ച്ച്‌ 31).

അറബിക്കടലിലുണ്ടായ അസാധാരണമായ ന്യൂനമര്‍ദമാണ്‌ കനത്ത വേനല്‍മഴയ്‌ക്ക്‌ നിദാനമെന്ന്‌ കാലാവസ്ഥാവകുപ്പ്‌ പറയുന്നു. ശരിയാണ്‌. പക്ഷേ, എന്തുകൊണ്ട്‌ ഇത്തരമൊരു ന്യൂനമര്‍ദം ഈ വേനലില്‍? ഈ ചോദ്യത്തിന്‌ ഉത്തരം തേടുമ്പോഴാണ്‌, 2007 ആഗസ്‌ത്‌ മുതല്‍ ശാന്തസമുദ്രത്തില്‍ ശക്തിപ്രാപിച്ചുവരുന്ന ഒരു തണുപ്പന്‍ കാലാവസ്ഥാപ്രതിഭാസം പരിഗണനയ്‌ക്കെത്തുന്നത്‌. കഴിഞ്ഞ 56 വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത 'ലാനിനാ'(La Nina) പ്രതിഭാസം ശാന്തസമുദ്രമേഖലയില്‍ ഇപ്പോള്‍ ശക്തിപ്പെട്ടിരിക്കുകയാണ്‌. ശാന്തസമുദ്രോപരിതലത്തെ അകാരണമായി തണുപ്പിക്കുന്ന പ്രതിഭാസമാണിത്‌. ആറുമാസമായി ശാന്തസമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത്‌ ശരാശരിയിലും 0.5 ഡിഗ്രി സെല്‍സിയസ്‌ കുറവാണ്‌ താപനില. ആഗോളകാലാവസ്ഥയാകെ തകിടം മറിക്കാന്‍ ശേഷിയുള്ള പ്രതിഭാസമാണിത്‌. മഴപെയ്യേണ്ടിടത്ത്‌ വരള്‍ച്ചയുണ്ടാകും. നല്ല വേനലും ചൂടും അനുഭവപ്പെടേണ്ട ഇടങ്ങളില്‍ മഞ്ഞും മഴയും നാശംവിതയ്‌ക്കും. കേരളത്തിലെ പെരുമഴയ്‌ക്കു പിന്നിലും ലാനിനായുടെ സ്വാധീനം ഉണ്ടെന്നു വേണം അനുമാനിക്കാന്‍. 

ലാനിനായുടെ സ്വാധീനഫലമായി ഈ വര്‍ഷം ആഗോളതാപനിലയില്‍ നേരിയ കുറവുണ്ടാകുമെന്ന്‌ 'ലോക കാലാവസ്ഥാസംഘടന' (WMO)യുടെ മേധാവി മൈക്കല്‍ ജറൗഡ്‌ കഴിഞ്ഞ ദിവസം പ്രസ്‌താവിക്കുകയുണ്ടായി. 2008-ന്റെ ആദ്യപകുതി മുഴുവന്‍ നീണ്ടുനില്‍ക്കുമെന്ന്‌ പ്രതീക്ഷിക്കുന്ന ഈ കാലാവസ്ഥാ പ്രതിഭാസത്തിന്റെ തിക്തഫലങ്ങള്‍ ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ അനുഭവിച്ചു തുടങ്ങിയതായും ജറൗഡ്‌ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ അടുത്തയിടെയുണ്ടായ പേമാരി ഉദാഹരണം.

അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഞ്ഞുവീഴ്‌ചയ്‌ക്കും ഹിമക്കാറ്റിനും ചൈന ഇരയായതും ലാനിനാ മൂലമാണെന്നു വിദഗ്‌ധര്‍ പറയുന്നു. കഴിഞ്ഞ ജനവരിയില്‍ മധ്യ-തെക്കന്‍ ചൈനയിലെ 19 പ്രവിശ്യകള്‍ അതിശക്തമായ മഞ്ഞുവീഴ്‌ചയ്‌ക്ക്‌ ഇരയായി. അതുമൂലം ജനവരിയില്‍ മാത്രം രാജ്യത്ത്‌ 60 പേര്‍ മരിച്ചു. 18 ലക്ഷം പേരെ മാറ്റി പാര്‍പ്പിക്കേണ്ടിവന്നു. സിവില്‍ അഫയേഴ്‌സ്‌ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം മഞ്ഞുവീഴ്‌ച ചൈനയിലുണ്ടാക്കിയത്‌ 750 കോടി ഡോളറിന്‌ (30,000 കോടിരൂപ) സമാനമായ നാശനഷ്ടമാണ്‌. (വേനല്‍മഴ മൂലമുണ്ടായ നാശനഷ്ടം നേരിടാന്‍ കേരളം കേന്ദ്രത്തോട്‌ ചോദിച്ചത്‌ 150 കോടിരൂപാ സഹായമെന്ന്‌ ഏപ്രില്‍ ആറിന്റെ പത്രങ്ങള്‍).

എന്നുവെച്ചാല്‍, ശാന്തസമുദ്രത്തില്‍ ശക്തിപ്പെട്ട ആ കാലാവസ്ഥാ പ്രതിഭാസത്തിനും ചൈനയിലെ മഞ്ഞുവീഴ്‌ചയ്‌ക്കും എന്റെ മുറിയിലൂണ്ടായ ഉറുമ്പുശല്യത്തിനും തമ്മില്‍ ബന്ധമുണ്ടെന്നു സാരം. പെരുമഴ വരുന്നു എന്നത്‌ ഉറുമ്പുകള്‍ നേരത്തെ മനസിലാക്കിയതിന്റെ പ്രതിഫലനമായിരുന്നു ഞാന്‍ മൂന്നുദിവസം കണ്ടതും നിരീക്ഷിച്ചതും. 

'ചെറിയ പെണ്‍കുട്ടി'യും വലിയ പ്രശ്‌നങ്ങളും
'ലാനിനാ'യെന്നാല്‍ സ്‌പാനിഷ്‌ഭാഷയില്‍ 'ചെറിയ പെണ്‍കുട്ടി'യെന്നാണ്‌ അര്‍ഥം. ഇത്തവണത്തേതുപോലെ മറ്റൊരു റിക്കോഡ്‌ വേനല്‍മഴ ദക്ഷിണേന്ത്യയില്‍ പെയ്‌തത്‌ 1984-ലാണ്‌. അത്‌ മറ്റൊരു ലാനിനാക്കാലത്തായിരുന്നു. ആ ഫിബ്രവരി, മാര്‍ച്ച്‌ കാലയളവില്‍ കേരളത്തില്‍ യഥാക്രമം 469 ശതമാനവും, 131 ശതമാനവും അധികം മഴ ലഭിച്ചു. അതിന്റെ പിറ്റേ വര്‍ഷമാണ്‌ (1985) ശാന്തസമുദ്രത്തിലെ തണുപ്പന്‍ പ്രതിഭാസത്തിന്‌ 'ലാനിനാ'യെന്ന്‌ പേര്‌ ലഭിച്ചത്‌. 'ചെറിയ പെണ്‍കുട്ടി'യെന്നാണ്‌ പേരെങ്കിലും, ലോകത്ത്‌ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശേഷി ഈ പ്രതിഭാസത്തിനുണ്ട്‌. യഥാര്‍ഥത്തില്‍ ലാനിനാ എന്താണെന്ന്‌ മനസിലാക്കണമെങ്കില്‍, ഇതിന്റെ വിപരീത പ്രതിഭാസമായ 'എല്‍നിനോ'(El Nino) എന്താണെന്നുകൂടി അറിയണം. 

മൂന്നു മുതല്‍ ഏഴുവര്‍ഷംവരെ നീളുന്ന ഇടവേളകളില്‍ ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാപ്രദേശത്താണ്‌ എല്‍ നിനോ രൂപപ്പെടുക. 'എല്‍നിനോ സതേണ്‍ ഓസിലേഷന്‍'(ENSO) എന്നാണ്‌ ഈ പ്രതിഭാസത്തിന്റെ പൂര്‍ണനാമം. ആഗോള കാലാവസ്ഥയാകെ തകിടം മറിക്കാന്‍ എല്‍ നിനോയ്‌ക്ക്‌ കഴിയും. എല്‍ നിനോക്കാലത്ത്‌ ഭൂമിയുടെ ചുറ്റളവിന്റെ അഞ്ചിലൊന്ന്‌ വരുന്ന ഭാഗത്ത്‌ (യൂറോപ്പ്‌ ഭൂഖണ്ഡത്തിന്റത്ര വിസ്‌തൃതിയില്‍) ശാന്തസമുദ്രോപരിതലം അകാരണമായി ചൂടുപിടിക്കാനാരംഭിക്കും. മേഖലയില്‍ കിഴക്കുനിന്ന്‌ പടിഞ്ഞാറോട്ട്‌ വീശുന്ന വാണിജ്യവാതങ്ങള്‍ (Trade winds) നിലയ്‌ക്കുകയോ ദുര്‍ബലമാവുകയോ ചെയ്യും. അതിന്‌ പകരം, എതിര്‍ദിശയിലേക്കുള്ള കാറ്റിന്റെ ശക്തിവര്‍ധിക്കും. സമുദ്രോപരിതലം ചൂടുപിടിച്ചിരിക്കുന്നതിനാല്‍, ആ കാറ്റിന്റെ തള്ളലിന്‌ വിധേയമായി ചൂടിന്റെ ഒരു പ്രവാഹം പെറുവിന്‌ സമീപത്തേക്കു നീങ്ങും. സാധാരണഗതിയില്‍ തണുത്തിരിക്കുന്ന പെറുവിന്റെ തീരം ചൂടുപിടിക്കും. അവിടെനിന്ന്‌ മത്സ്യങ്ങള്‍ അപ്രത്യക്ഷമാകും. 

അങ്ങനെ എല്‍നിനോയുടെ തിക്തഫലം ആദ്യം അനുഭവിക്കേണ്ടിവരിക പെറുവിലെ മുക്കുവരാണ്‌. ക്രിസ്‌മസ്‌ കാലത്താണ്‌ ഈ ചൂടന്‍പ്രതിഭാസം പ്രത്യക്ഷപ്പെടുന്നത്‌ എന്നതിനാല്‍, 'ഉണ്ണിയേശു' അഥവാ 'ചെറിയ ആണ്‍കുട്ടി' എന്ന്‌ സ്‌പാനിഷില്‍ അര്‍ത്ഥം വരുന്ന 'എല്‍നിനോ' എന്ന പേര്‌ അതിന്‌ നല്‍കിയത്‌ പെറുവിലെ മുക്കുവരാണ്‌; പത്തൊന്‍പതാം നൂറ്റാണ്ടില്‍. 13000 വര്‍ഷം മുമ്പും എല്‍ നിനോ രൂപപ്പെട്ടിരുന്നു എന്നതിന്‌ പെറുവിന്റെ തീരത്തുനിന്ന്‌ ഭൗമശാസ്‌ത്രജ്ഞര്‍ക്ക്‌ തെളിവു ലഭിച്ചിട്ടുണ്ട്‌. പക്ഷേ, ഏറ്റവും ശക്തമായ എല്‍നിനോകള്‍ രൂപപ്പെട്ടത്‌ ഇരുപതാം നൂറ്റാണ്ടിലാണ്‌. ഇരുപതാംനൂറ്റാണ്ടില്‍ 23 തവണ എല്‍ നിനോ പ്രത്യക്ഷപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ എല്‍നിനോ എന്നറിയപ്പെടുന്നത്‌ 1997-1998 കാലത്തേതാണ്‌. ലോകത്താകെ 2100 പേരുടെ മരണത്തിനും 3300 കോടി ഡോളറിന്റെ(148500കോടി രൂപ) നാശനഷ്ടങ്ങള്‍ക്കും ആ എല്‍നിനോ കാരണമായി. 

ഇന്ത്യന്‍മണ്‍സൂണിന്റെയും താളംതെറ്റിക്കാന്‍ എല്‍നിനോയ്‌ക്കും ലാനിനായ്‌ക്കും കഴിയും. ഇന്ത്യയില്‍ കഴിഞ്ഞ 132 വര്‍ഷത്തിനിടെയുണ്ടായ രൂക്ഷമായ വരള്‍ച്ചക്കാലത്തെല്ലാം എല്‍നിനോ ശക്തിപ്പെട്ടിരുന്നു എന്ന പഠനറിപ്പോര്‍ട്ട്‌ 2006 സപ്‌തംബര്‍ എട്ടിന്‌ 'സയന്‍സ്‌' ഗവേഷണവാരിക പ്രസിദ്ധീകരിക്കുകയുണ്ടായി. പൂണെയില്‍ 'ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ട്രോപ്പിക്കല്‍ മെറ്റീരിയോളജി'യിലെ ഡോ.കെ.കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പഠനം നടത്തിയത്‌. 

എല്‍നിനോയുടെ വിപരീത പ്രതിഭാസമാണ്‌ ലാനിനാ അഥവാ ചെറിയ പെണ്‍കുട്ടി. എല്‍നിനോ ശമിച്ചുകഴിഞ്ഞാള്‍ ചില കാലത്ത്‌ ലാനിനാ ശക്തിപ്രാപിക്കും. 2007-ല്‍ അത്ര ശക്തമല്ലാത്ത ഒരു എല്‍നിനോ രൂപപ്പെട്ടിരുന്നു. അതിന്‌ പിന്നാലെയാണ്‌ ഇപ്പോള്‍ ലാ നിനാ ശക്തിപ്രാപിച്ചിരിക്കുന്നത്‌. ഈ നൂറ്റാണ്ടിലെ ആദ്യ ലാ നിനായാണിത്‌. ഇരുപതാം നൂറ്റാണ്ടില്‍ 23 തവണ എല്‍നിനോ പ്രത്യക്ഷപ്പെട്ടപ്പോള്‍, 15 തവണ ലാ നിനാ ശക്തിപ്രാപിച്ചു. എല്‍ നിനോക്കാലത്ത്‌ പേമാരിയും ദുരിതവുമുണ്ടായിടത്ത്‌ ലാനിനാക്കാലത്ത്‌ കൊടിയ വരള്‍ച്ചയായിരിക്കും. അല്ലാത്തിടങ്ങളില്‍ നേരെ തിരിച്ചും. 

എല്‍നിനോയും ലാനിനായും എന്തുകൊണ്ടുണ്ടാകുന്നു എന്നത്‌ ശാസ്‌ത്രലോകത്തിന്‌ ഇനിയും പിടികിട്ടാത്ത പ്രഹേളികയാണ്‌. ഒരുകാര്യം വാസ്‌തവമാണ്‌; ഈ പ്രതിഭാസങ്ങളുടെ തോതും ശക്തിയും വര്‍ധിച്ചത്‌ സമീപകാലത്താണ്‌. ആഗോളതാപനത്തിന്റെ തോതു വര്‍ധിച്ചതും പോയ നൂറ്റാണ്ടിലാണ്‌. ഇത്‌ യാദൃശ്ചികമല്ലെന്ന്‌ ചില വിദഗ്‌ധര്‍ കരുതുന്നു. ആഗോളതാപനം മൂലം ഭൗമാന്തരീക്ഷം ചൂടുപിടിക്കുമ്പോള്‍, ഭൂമി സ്വന്തം നിലയ്‌ക്ക്‌ അത്‌ പുനക്രമീകരിക്കാന്‍ ശ്രമിക്കും. ഈ പുനക്രമീകരണമാണ്‌ എല്‍നിനോയുടെയും ലാനിനായുടെയും രൂപത്തില്‍ നടക്കുന്നതെന്ന്‌ കരുതുന്നവരുണ്ട്‌. അത്‌ ശരിയാണെങ്കില്‍, ആഗോളതാപനം നേരിടുന്നതിലൂടെയേ ഇത്തരം കാലാവസ്ഥാ പ്രതിഭാസങ്ങളുടെ പ്രഹരശേഷി കുറയ്‌ക്കാന്‍ കഴിയൂ.

'കാലാവസ്ഥാവ്യതിയാനം ആരോഗ്യത്തിന്‌ ഹാനികരം'
ഇതൊരു പിന്‍കുറിപ്പാണ്‌. ഇന്ന്‌ ഏപ്രില്‍ ഏഴാണ്‌-'ലോകാരോഗ്യദിനം'. ഇത്തവണത്തെ വിഷയം 'കാലാവസ്ഥാവ്യതിയാനം ആരോഗ്യത്തിനും നന്നല്ല' എന്നതാണ്‌. അസാധാരണമായ വേനല്‍മഴയ്‌ക്കിരയായ കേരളത്തില്‍ ഈ വിഷയത്തിനിപ്പോള്‍ വളരെ പ്രാധാന്യമുണ്ട്‌. ചൂടുകാലത്ത്‌ മഴപെയ്യുന്നത്‌ കൊതുകിന്‌ പെരുകാന്‍ അനുകൂലമായ സാഹചര്യം ഒരുക്കുന്നു. ചൂടും ഈര്‍പ്പവും ഒന്നിച്ചു വര്‍ധിക്കുന്നത്‌ വിവിധ രോഗാണുക്കള്‍ക്ക്‌ പെരുകാനുള്ള അവസരവും ഒരുക്കിക്കൊടുക്കുന്നു. അങ്ങനെയെങ്കില്‍, കൃഷിനാശംകൊണ്ടു മാത്രം ഈ വേനല്‍മഴയുടെ കെടുതി സംസ്ഥാനത്ത്‌ അവസാനിച്ചേക്കില്ല എന്നുവേണം കരുതാന്‍. ഡെങ്കിപ്പനി, കോളറ, ചിക്കുന്‍ഗുനിയ തുടങ്ങിയ പകര്‍ച്ചവ്യാധികളും നമ്മളെ കാത്തിരിക്കുകയല്ലേ എന്നാണ്‌ ആശങ്ക.

രണ്ടുവര്‍ഷമേ ആയുള്ളു കേരളത്തില്‍ ചിക്കുന്‍ഗുനിയ പടരാന്‍ തുടങ്ങിയിട്ട്‌. ഇത്രകാലവും കാണാത്ത മഹാമാരികള്‍, പ്രത്യേകിച്ചും കൊതുകു പരത്തുന്നവ, പെട്ടന്ന്‌ പ്രത്യക്ഷപ്പെടുന്നത്‌, കാലാവസ്ഥാവ്യതിയാനത്തിന്റെ ആദ്യസൂചനയാണെന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അങ്ങനെയെങ്കില്‍, തെക്കന്‍കേരളത്തെ വേട്ടയാടിയ, ഇപ്പോള്‍ മലബാറില്‍ ആരംഭിച്ചിട്ടുള്ള ചിക്കുന്‍ഗുനിയ തീര്‍ച്ചയായും ഒരു സൂചനയാണ്‌, ആഗോളതാപനം കേരളത്തെ നേരിട്ടു ബാധിക്കാന്‍ ആരംഭിച്ചിരിക്കുന്നു എന്നതിന്റെ.(അവലംബം:WMO,WHO,NOAA).© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate