Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

തൃശ്ശൂർ ജില്ല

തൃശ്ശൂർ ജില്ല ചരിത്രവും കൂടുതൽ വിവരങ്ങളും

ഒറ്റനോട്ടത്തില്‍

വിസ്തീര്‍ണത്തില്‍ അഞ്ചാം സ്ഥാനം
ജില്ലാ രൂപീകരണം 1949 ജൂലൈ 1
വിസ്തീര്‍ണം 3,032 ച.കി.മീ.
നിയമസഭാ മണ്ഡലങ്ങള്‍ 14 (ഒല്ലൂര്‍, ഗുരുവായൂര്‍, ചാലക്കുടി, നാട്ടിക 
(എസ്.സി.), കുന്നംകുളം, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, മണലൂര്‍, കൊടുങ്ങല്ലൂര്‍, ചേലക്കര 
(എസ്.സി.), പുതുക്കാട്, കയ്പമംഗലം, തൃശൂര്‍, കൊടുങ്ങല്ലൂര്‍)
റവന്യൂ ഡിവിഷനുകള്‍ 1
താലൂക്കുകള്‍ 5 (തൃശൂര്‍, മുകുന്ദപുരം, ചാവക്കാട്, കൊടുങ്ങല്ലൂര്‍, തലപ്പിള്ളി)
വില്ലേജുകള്‍ 254
കോര്‍പ്പറേഷന്‍ 1 തൃശൂര്‍
നഗരസഭകള്‍ 6 (കുന്നംകുളം, ചാവക്കാട്, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, 
ഇരിങ്ങാലക്കുട, ചാലക്കുടി)
ബ്ലോക്ക് പഞ്ചായത്തുകള്‍ 16
ഗ്രാമപഞ്ചായത്തുകള്‍ 88
ജനസംഖ്യ (2011) 31,10,327
പുരുഷന്മാര്‍ 14,74,665
സ്ത്രീകള്‍ 16,35,662
ജനസാന്ദ്രത 1026/ച.കി.മീ.
സ്ത്രീപുരുഷ അനുപാതം 1,109/1000
സാക്ഷരത 95.32%
പ്രധാന നദികള്‍ കച്ചേരി, കരുവന്നൂര്‍, ചാലക്കുടി

തൃശൂര്‍

തിരു ശിവപുരം എന്ന വാക്കില്‍ നിന്നും "തൃശിവപേരൂരും', അതില്‍നിന്ന് "തൃശൂരും' ഉണ്ടായതായി പറയുന്നു. പ്രസിദ്ധ ശിവക്ഷേത്രമായ വടക്കുംനാഥന്റെചുറ്റുമാണ് തൃശൂര്‍ പട്ടണം.

ചരിത്രത്തിന്റേയും സംസ്കാരത്തിന്റേയും സംഗമഭൂമിയാണ് തൃശൂര്‍ ജില്ല. സാംസ്കാരിക തലസ്ഥാനം എന്നാണ് തൃശൂരിനെ അറിയപ്പെടുന്നത്. ശക്തന്‍ തമ്പുരാന്‍ ഏര്‍പ്പെടുത്തിയ തൃശൂര്‍പുരം ഇന്ന് വിശ്വവിഖ്യാതമാണ്. പൂരങ്ങളുടെ നാട് എന്നാണ് തൃശൂരിനെ പുറംലോകത്ത് അറിയപ്പെടുന്നത്. ഐതിഹ്യകഥകളും ചരിത്രവും തുടികൊട്ടി നില്‍ക്കുന്ന കൊടുങ്ങല്ലൂര്‍ കേരളത്തില്‍ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുള്ള ചരിത്രഭൂമിയാണ്. പ്രാചീന തുറമുഖമായ മുസിരിസ് ആണ് ഇപ്പോഴത്തെ കൊടുങ്ങല്ലൂര്‍. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് റോം ഉള്‍പ്പെടെയുള്ള വിദേശങ്ങളുമായി കച്ചവടബന്ധം ഉണ്ടായിരുന്ന കൊടുങ്ങല്ലൂരില്‍ അഗസ്റ്റസ് ദേവാലയം ഉണ്ടായിരുന്നതായി പറയുന്നു. ക്രിസ്തുമതവും ഇസ്ലാംമതവും ഇതുവഴിയാണ് കേരളത്തിലെത്തിയത്. ഇവിടം വഴിയെത്തിയ ക്രിസ്തുശിഷ്യന്മാരില്‍ ഒരാളായ സെന്റ്തോമസും, കേരളത്തില്‍ പല പള്ളികളും സ്ഥാപിച്ചതായി വിശ്വസിക്കുന്നു. ഇസ്ലാം മതത്തിന്റെസ്ഥിതിയും ഇതുതന്നെ. ഇസ്ലാം മതം പ്രചരിക്കാന്‍ മാലിക് ഇബ്ന്‍ദിനാരും കുടുംബവും കൊടുങ്ങല്ലൂരിലെത്തിയെന്നും അവിടെ ആദ്യത്തെ പള്ളി സ്ഥാപിച്ചു എന്നുമുള്ള വിശ്വാസം ഇന്നും ശക്തമാണ്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാന്‍ മസ്ജിദ് കൊടുങ്ങല്ലൂരിലാണ്. മതപീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ എ.ഡി. 68ല്‍ ജൂതന്മാരും കേരളത്തിലെത്തിയതും ഇതുവഴിയാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ശക്തികളുടെ പടയോട്ടങ്ങള്‍ക്കും അവരുടെ ദ്രോഹങ്ങള്‍ക്ക് സാക്ഷിയായ തൃശൂരിന് ചരിത്രത്തിന്റെനൂറുനൂറ് കഥകള്‍ പറയാനുണ്ട്.

കേരളത്തിന്റെ'സാംസ്കാരിക തലസ്ഥാനം' എന്നറിയപ്പെടുന്ന തൃശൂരിലെ കേരളകലാമണ്ഡലം, കേരളസാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി, സ്കൂള്‍ ഓഫ് ഡ്രാമ എന്നിവയുടെ ആസ്ഥാനമാണ്. പീച്ചിയിലാണ് ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്.

ഗുരുവായൂര്‍ ക്ഷേത്രം, തൃപ്പയാര്‍ ശ്രീരാമക്ഷേത്രം, ഭരതക്ഷേത്രമായ കൂടല്‍മാണിക്യം, കൊടുങ്ങല്ലൂര്‍ ഭദ്രകാളിക്ഷേത്രം, ആറാട്ടുപുഴ ക്ഷേത്രം, തിരുവല്ലാമലയിലെ രാമലക്ഷ്മണക്ഷേത്രം, ക്രിസ്ത്യന്‍ പള്ളികളായ കുന്നംകുളം സിംഹാസന ചര്‍ച്ച്, പാലയൂര്‍ ചര്‍ച്ച്, പറവട്ടി സെന്റ്ജോസഫ് ചര്‍ച്ച്, വലപ്പാട് സെന്റ്സെബാസ്റ്റ്യന്‍ റോമന്‍ ചര്‍ച്ച്, കൊടുങ്ങല്ലൂരില്‍ സെന്റ്തോമസ് സ്ഥാപിച്ച പള്ളി, സെന്റ്ജോണ്‍സ് ചര്‍ച്ച്, സെന്റ്സെബാസ്റ്റ്യന്‍ ചര്‍ച്ച് തഴ്ക്കാട്, സെന്റ്മേരീസ് ചര്‍ച്ച്, കൊരട്ടി എന്നിവ പ്രധാനമാണ്. കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദും ചാവക്കാട്ടെ മണത്തല പള്ളിയും മുസ്ലിം ആരാധനാലയങ്ങളാണ്. ആതിരപ്പള്ളി, വാഴച്ചല്‍ വെള്ളച്ചാട്ടങ്ങള്‍ തൃശൂരിലാണ്.

വടക്കുംനാഥൻ

അമ്പലം

തൃശൂര്‍പുരം

തൃശൂര്‍പുരം

ഗുരുവായൂർ ക്ഷേത്രം

ജില്ലയിലൂടെ

കേരളത്തിന്റെ സാംസ്കാരികതലസ്ഥാനമാണ് തൃശ്ശൂര്‍ എന്നറിയപ്പെടുന്ന തൃശ്ശിവപേരൂര്‍. കേരളത്തിന്റെ വടക്കേയറ്റത്തുനിന്നും തെക്കേയറ്റത്തുനിന്നും ഏകദേശം ഒരേ ദൂരത്തില്‍ സംസ്ഥാനത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു എന്നതാണ് തൃശ്ശൂരിന്റെ ഏറ്റവും വലിയ ഭൂമിശാസ്ത്രപരമായ പ്രത്യേകത. തീര്‍ച്ചയായും കേരളത്തിന്റെ സാംസ്കാരികതലസ്ഥാനം മാത്രമല്ല, തലസ്ഥാനം തന്നെയാകാന്‍ എല്ലാ  നിലയിലും യോഗ്യതയുള്ള നഗരമാണ് തൃശ്ശൂര്‍ എന്നു പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയില്ല. തൃശ്ശൂര്‍പൂരം എന്ന മഹോത്സവത്തിലൂടെ തൃശ്ശൂരിന്റെ ഖ്യാതി ഇന്ന് ലോകം മുഴുവനുമെത്തിയിരിക്കുന്നു. തൃശ്ശൂരിന്റെ സാംസ്കാരികമാഹാത്മ്യം രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് നീളുന്നതാണ്. പുരാതനലോകത്തെ ഏറ്റവും പ്രശസ്തമായ ദേശാന്തര തുറമുഖവും, ഭാരതത്തിലേക്കുള്ള കവാടവുമായിരുന്നു മുസ്സിരിസ് എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂര്‍. അക്കാലത്ത് പുരാതന ചൈനയുടെയും അറേബ്യയുടെയും ഈജിപ്റ്റിന്റേയും മറ്റും കപ്പലുകള്‍ കൊടുങ്ങല്ലൂരിന്റെ തീരങ്ങളില്‍ വന്നടുത്തിരുന്നു. വാണിജ്യ ഉല്‍പ്പന്നങ്ങളുടെ ക്രയവിക്രയം മാത്രമല്ല ഇവിടെ നടന്നിട്ടുള്ളത്. വ്യത്യസ്ത ആശയങ്ങളുടെയും ആത്മീയചിന്തകളുടെയും സംസ്കാരത്തിന്റേയും പ്രവാഹം ആദ്യമായി ഭാരതത്തിന്റെ മണ്ണിലേക്ക് ഒഴുകിയെത്തിയതും തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ എന്ന സമുദ്രകവാടത്തിലൂടെയാണ്.എ.ഡി.52-ല്‍ ക്രിസ്തുശിഷ്യനായ വിശുദ്ധതോമാശ്ളീഹാ കൊടുങ്ങല്ലൂരിന്റെ മണ്ണില്‍ കാലുകുത്തുമ്പോള്‍ ക്രിസ്തുമതം യൂറോപ്പില്‍ പോലും എത്തിയിട്ടുണ്ടായിരുന്നില്ല. അതിനും മുമ്പു തന്നെ ഹൈന്ദവവേദധാരയും, ബുദ്ധമതവും ഈ മണ്ണില്‍ വേരുറപ്പിച്ചിരുന്നു. ഇസ്ളാംമതവും ജൂതമതവും ഭാരതത്തിലേക്ക് കാലെടുത്തു വച്ചതും കൊടുങ്ങല്ലൂരിലൂടെ തന്നെ. ഇന്ത്യയിലെ ആദ്യത്തെ മുസ്ളീം ദേവാലയവും ക്രിസ്തീയദേവാലയവും സ്ഥാപിക്കപ്പെട്ടതും ഈ മണ്ണില്‍ തന്നെ. സമ്പുഷ്ടമായ ഭൂതകാലവും, വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും ഒരുപോലെ അനുഗ്രഹിച്ച മണ്ണാണ് തൃശ്ശൂര്‍. പൂരവും, പുലിക്കളിയും, ആനപ്രേമവുമെല്ലാം തൃശ്ശൂരിന്റെ സാംസ്കാരികഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളതാണ്. മധ്യകേരളത്തില്‍ എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകള്‍ക്കും തെക്കുകിഴക്കേ അതിരിലെ തമിഴ്നാട് അതിര്‍ത്തിക്കും മധ്യത്തിലായാണ് തൃശ്ശൂര്‍ ജില്ലയുടെ സ്ഥാനം. പടിഞ്ഞാറുഭാഗത്ത് 54 കിലോമീറ്റര്‍ നീളത്തില്‍ കടല്‍ത്തീരമുള്ള തൃശ്ശൂര്‍ ജില്ലയുടെ കിഴക്കേ അതിരാകട്ടെ മലകളും കൊടുമുടികളും നിറഞ്ഞ സഹ്യപര്‍വ്വതത്തെ തൊട്ടുകിടക്കുന്നതിനാല്‍ ഭൂവൈവിധ്യം കൊണ്ടും, വിസ്തൃതമായ വനഭൂമികളും, ജലസമൃദ്ധമായ നദികളും, മലനിരകളും, ഇടനാടന്‍ സമതലങ്ങളും, മനോഹരമായ കടല്‍ത്തീരങ്ങളും കൊണ്ടും സമ്മിശ്ര ഭൂപ്രകൃതിയാല്‍ ഇവിടം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. പണ്ടുകാലത്ത് കൊച്ചി നാട്ടുരാജ്യത്തിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു തൃശ്ശൂര്‍. കൊച്ചി രാജാവായിരുന്ന ശക്തന്‍തമ്പുരാനാണ് തൃശ്ശൂര്‍ നഗരത്തിന് ആധുനികമുഖം നല്‍കിയത്. വൃത്താകൃതിയിലുള്ള നഗരകേന്ദ്രവും തൃശ്ശൂര്‍പൂരവുമെല്ലാം അദ്ദേഹത്തിന്റെ ആശയങ്ങളായിരുന്നു. 1949 ജൂലൈ 1-ന് തിരു-കൊച്ചി സംയോജന ദിവസമാണ് തൃശ്ശൂര്‍ ജില്ലയുടെയും പിറവി. കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന കാലത്ത് കോവിലകത്തുംവാതുക്കലുകള്‍ എന്ന 10 താലൂക്കുകളായി കൊച്ചി സംസ്ഥാനം വിഭജിക്കപ്പെട്ടിരുന്നു. 1860-ല്‍ ഈ താലൂക്കുകള്‍ പുനസംഘടിപ്പിച്ച് 6 താലൂക്കുകളാക്കി. പ്രസ്തുത 6 താലൂക്കുകളും കോട്ടയം ജില്ലയുടെ ചില ഭാഗങ്ങളും ചേര്‍ത്താണ് 1949-ല്‍ തൃശ്ശൂര്‍ ജില്ല രൂപീകരിച്ചത്. കേരളസംസ്ഥാനം നിലവില്‍ വന്ന ശേഷം 1957-ല്‍ മലബാറിനെ 3 ജില്ലകളായി പുനര്‍നിര്‍ണ്ണയിച്ചപ്പോള്‍ ചാവക്കാട് താലൂക്ക് കൂടി തൃശ്ശൂരിനോട് കൂട്ടിച്ചേര്‍ക്കുകയും, ചിറ്റൂര്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നും വേര്‍പെടുത്തുകയും ചെയ്തു. തൃശ്ശൂര്‍ ജില്ലയെ വിഭജിച്ചുകൊണ്ട് 1958 ഏപ്രിലില്‍ കണയന്നൂര്‍, കൊച്ചി, കുന്നത്തുനാട് എന്നീ താലൂക്കുകള്‍ ചേര്‍ത്തുകൊണ്ടുള്ള എറണാകുളം ജില്ല രൂപീകൃതമായി. 254 റവന്യൂ വില്ലേജുകളും, 92 ഗ്രാമപഞ്ചായത്തുകളും,  17 ബ്ളോക്ക് പഞ്ചായത്തുകളും, 6 മുനിസിപ്പാലിറ്റികളും, ഒരു കോര്‍പ്പറേഷനും, 5 താലൂക്കുകളുമുള്ള തൃശ്ശൂര്‍ ജില്ലയ്ക്ക് 3032 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് മലപ്പുറം, പാലക്കാട് ജില്ലകളും, കിഴക്കുഭാഗത്ത് പാലക്കാട് ജില്ലയും, തമിഴ് നാട് സംസ്ഥാനവും, തെക്കുഭാഗത്ത് ഇടുക്കി, എറണാകുളം ജില്ലകളും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ് തൃശ്ശൂര്‍ ജില്ലയുടെ അതിരുകള്‍. 1995 ഒക്ടോബര്‍ 2-നാണ് തൃശ്ശൂര്‍ ജില്ലാപഞ്ചായത്തിന്റെ ആദ്യ ജനകീയഭരണസമിതി അധികാരത്തില്‍ വന്നത്.

3.34
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top