অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

എറണാകുളം ജില്ല

എറണാകുളം ജില്ല

കേരളത്തിലെ പതിനാല്‌ ജില്ലകളിലൊന്ന്‌. വിസ്‌തീർണത്തിൽ (3068 ച.കി.മീ.) എട്ടാംസ്ഥാനമാണിതിനുള്ളത്‌. ജനസംഖ്യ: 32,79,860 (2011); ജനസാന്ദ്രത: ച.കി.മീറ്ററിന്‌ 1069; തലസ്ഥാനം എറണാകുളം.

തൃശൂർ ജില്ലയിലെ ആലുവ, പറവൂർ, കുന്നത്തുനാട്‌, കൊച്ചി, കണയന്നൂർ എന്നീ താലൂക്കുകളും; കോട്ടയം ജില്ലയിലെ മൂവാറ്റുപുഴ, തൊടുപുഴ താലൂക്കുകളും ഉള്‍പ്പെടുത്തി 1958 ഏ. 1-ന്‌ ഈ ജില്ല രൂപവത്‌കരിക്കപ്പെട്ടു. വൈക്കം താലൂക്കിലുള്ള വെള്ളൂർ വില്ലേജിലെ കലമ്പൂർകരയും മുളക്കുളം വില്ലേജിലെ മുളക്കുളം വടക്കേക്കരയും മൂവാറ്റുപുഴ താലൂക്കിലെ പിറവം വില്ലേജിനോട്‌ 1968 നവംബറിൽ ചേർത്തു. ഇടുക്കി ജില്ല രൂപവത്‌കൃതമായപ്പോള്‍ (ജനു. 26, 1972) തൊടുപുഴ താലൂക്ക്‌ (കല്ലൂർക്കാട്‌ വില്ലേജ്‌, മഞ്ഞള്ളൂർ വില്ലേജിലെ മഞ്ഞള്ളൂർ, കല്ലൂർക്കാട്‌ പഞ്ചായത്തിൽപ്പെട്ട പ്രദേശങ്ങള്‍ ഒഴിച്ച്‌) ആ ജില്ലയുടെ ഭാഗമായി. അതോടുകൂടി മൂവാറ്റുപുഴ താലൂക്കിലെ പിണ്ടിമന, കോട്ടപ്പടി, കീരമ്പാറ, കുട്ടമംഗലം, കടവൂർ, പോത്താനിക്കാട്‌, വാരപ്പെട്ടി, കോതമംഗലം, എരമല്ലൂർ എന്നീ വില്ലേജുകള്‍ ചേർത്ത്‌ കോതമംഗലം എന്നപേരിൽ ഒരു പുതിയ താലൂക്ക്‌ രൂപവത്‌കരിച്ചു. ഇപ്പോഴത്തെ എറണാകുളം ജില്ലയിൽ ഏഴു താലൂക്കുകള്‍ (ആലുവ, പറവൂർ, കൊച്ചി, കണയന്നൂർ, കുന്നത്തുനാട്‌, കോതമംഗലം, മൂവാറ്റുപുഴ) ആണുള്ളത്‌.

എറണാകുളം ജില്ലയുടെ വടക്കേ അതിരുകളായി തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, മുകുന്ദപുരം താലൂക്കുകളും കിഴക്ക്‌ ഇടുക്കി ജില്ലയിലെ ദേവികുളം, തൊടുപുഴ താലൂക്കുകളും തെക്ക്‌ കോട്ടയം ജില്ലയിലെ മീനച്ചിൽ, വൈക്കം താലൂക്കുകളും പടിഞ്ഞാറ്‌ ആലപ്പുഴ ജില്ലയിലെ ചേർത്തലത്താലൂക്കും അറബിക്കടലും സ്ഥിതിചെയ്യുന്നു. ഈ ജില്ലയുടെ തടരേഖ 46 കി.മീ.വരും. ഇത്‌ മുഴുവന്‍ കൊച്ചിതാലൂക്കിന്റെ പടിഞ്ഞാറെ അതിരുമാണ്‌. എറണാകുളം ജില്ല വടക്ക്‌ അക്ഷാംശം 9º42' മുതൽ 10º18' വരെയും കിഴക്ക്‌ രേഖാംശം 76º9' മുതൽ 77º2' വരെയും വ്യാപിച്ചിരിക്കുന്നു.

ഒറ്റനോട്ടത്തില്‍

വിസ്തീര്‍ണത്തില്‍ നാലാം സ്ഥാനം
ജില്ലാ രൂപീകരണം 1958 ഏപ്രില്‍ 1
വിസ്തീര്‍ണം 3608 ച.കി.മീ.
നിയമസഭാ മണ്ഡലങ്ങള്‍ 14 (ആലുവ, എറണാകുളം, കുന്നത്തുനാട് (എസ്.സി.), പെരുമ്പാവൂര്‍, കളമശ്ശേരി, അങ്കമാലി, മൂവാറ്റുപുഴ, വൈപ്പിന്‍, തൃക്കാക്കര, കൊച്ചി, പറവൂര്‍, കോതമംഗലം, തൃപ്പൂണിത്തുറ, പിറവം
റവന്യൂ ഡിവിഷനുകള്‍ 2
താലൂക്കുകള്‍ 7
വില്ലേജുകള്‍ 117
കോര്‍പ്പറേഷന്‍ 1 കൊച്ചി
നഗരസഭകള്‍ 11 (പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, പറവൂര്‍ നോര്‍ത്ത്, കളമശ്ശേരി, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം, ഏലൂര്‍, മരട്, തൃക്കാക്കര)
ബ്ലോക്ക് പഞ്ചായത്തുകള്‍ 14
ഗ്രാമപഞ്ചായത്തുകള്‍ 84
ജനസംഖ്യ (2011) 32,79,860
പുരുഷന്മാര്‍ 16,17,602
സ്ത്രീകള്‍ 16,62,258
ജനസാന്ദ്രത 1,069/ച.കി.മീ.
സ്ത്രീപുരുഷ അനുപാതം 1,028/1000
സാക്ഷരത 95.68%
റവന്യൂ ഡിവിഷനുകള്‍ മൂവാറ്റുപുഴ, ഫോര്‍ട്ട് കൊച്ചി
നദികള്‍ പെരിയാര്‍, മൂവാറ്റുപുഴ, തൊടുപുഴയാര്‍
കായലുകള്‍ കൊടുങ്ങല്ലൂര്‍, വാരാപ്പുഴ, വേമ്പനാട്

എറണാകുളം

കുളുമുനി തന്റെ ശിഷ്യനായ ദേവാലനെ ശപിച്ചുവെന്നും അയാളുടെ തല പത്തിവളര്‍ന്നതോടെ "നാഗര്‍ഷി' എന്ന് ആളുകള്‍ വിളിച്ചുവെന്ന് പറയുന്നു. ഒടുവില്‍ ദേവാലയന്‍ ശിവനെ തപസ്സുചെയ്ത് ശാപമോക്ഷം നേടി. ആ സ്ഥലം പിന്നീട് "ഋഷി നാഗക്കുളം' എന്നറിയപ്പെട്ടു. "ശിവന്റെ സ്ഥലം' എന്ന അര്‍ഥം വരുന്ന "ഇറെയ്നാര്‍ കുലം' എന്ന പേരില്‍ അറിയപ്പെട്ട സ്ഥലമാണ് എറണാകുളം ആയി മാറിയതെന്ന് പറയുന്നു.

കേരളത്തിലെ ഏറ്റവും വലിയ വ്യവസായതരംഗമായ എറണാകുളത്തിന് അതിവിപുലമായ ചരിത്രമാണ് ഉള്ളത്. സംഘകാലകൃതികളില്‍ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളം, പൂഴിനാട്, കുടനാട്, കുട്ടനാട്, വേണാട് എന്നീ നാടുകളായിരുന്നു. ഇതില്‍ കുട്ടനാട്ടിലാണ് എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളും കൊല്ലം ജില്ലയുടെ ഒരുഭാഗവും ഉണ്ടായിരുന്നതായി പറയപ്പെടുന്നത്. 12-ം ശതകത്തില്‍ എറണാകുളം ജില്ലയുടെ ചരിത്രത്തില്‍ പെരുമ്പടപ്പു സ്വരൂപം (കൊച്ചി)യുമായി ബന്ധപ്പെടുന്നു. പഴയന്നൂരിലെ (തലപ്പിള്ളി)യിലായിരുന്ന പെരുമ്പടുപ്പു മൂപ്പിലി (രാജാവ്)ന്റെ ആസ്ഥാനം പിന്നീട് വന്നേരി (പൊന്നാനി)യിലേക്ക് മാറ്റി. 1405ല്‍ ആണ് തലസ്ഥാനം കൊച്ചി ആക്കിയതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. പെരുമ്പടപ്പു സ്വരൂപത്തിലെ ആഭ്യന്തരകലഹങ്ങള്‍ മുതലെടുത്ത് കോഴിക്കോട്ടെ സാമൂതിരി രാജാവ് കൊച്ചിയെ ചൊല്‍പ്പടിയ്ക്കു നിര്‍ത്താന്‍ തുടങ്ങി. ഭരണം നടത്തിയിരുന്ന ഇളയതായ്വഴിയെ സാമൂതിരിയുടെ സഹായത്തോടെ പുറത്താക്കി മൂത്തതായ്വഴി അധികാരം പിടിച്ചെടുത്തു. എറണാകുളത്തിന് സമീപമുള്ള പ്രദേശങ്ങള്‍ കൈയടക്കി വച്ചിരുന്ന അഞ്ചിക്കൈമള്‍മാരും രാജാവിനെ ധിക്കരിച്ചു. ഇങ്ങനെ ഇരിക്കുമ്പോഴാണ് പോര്‍ട്ടുഗീസുകാര്‍ കൊച്ചിയിലെത്തിയത്. അവര്‍ക്ക് ആദ്യം കച്ചവടതാല്പര്യമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പിന്നീട് ഭരണത്തില്‍ പിടിമുറുക്കാന്‍ തുടങ്ങി. അങ്ങോട്ട് കൊച്ചിയുടെ ചരിത്രം കുറക്കൊലത്തേക്ക് പോര്‍ട്ടുഗീസ് സഹായത്തോടെ സാമൂതിരിയോടുള്ള ഏറ്റുമുട്ടല്‍ ആയിരുന്നു. 1503ല്‍ പോര്‍ട്ടുഗീസുകാര്‍ കൊച്ചിയില്‍ കോട്ടകെട്ടി. ഒരു യൂറോപ്പ്യന്‍ ശക്തി ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യകോട്ടയായ ഇതിനെ പോര്‍ട്ടുഗീസ് രാജാവ് മാനുവലിന്റെ പേര് നല്‍കി. പിന്നീട് 1662ല്‍ ഡച്ചുകാര്‍ കൊച്ചി പിടിച്ചെടുക്കുന്നതുവരെ പോര്‍ട്ടുഗീസുകാരാണ് ഭരണം നിയന്ത്രിച്ചിരുന്നത്.

പോര്‍ട്ടുഗീസുകാരുടെ മതനയം കൊച്ചിയിലെ സുറിയാനി ക്രിസ്ത്യാനികളെ ക്ഷോഭിപ്പിച്ചു. റോമിലെ പോപ്പിന്റെ കീഴില്‍ എല്ലാ ക്രിസ്ത്യാനികളേയും കൊണ്ടുവരാനായിരുന്നു പോര്‍ട്ടുഗീസുകാരുടെ ശ്രമം. ഇതേത്തുടര്‍ന്നാണ് തൃപ്പൂണിത്തുറയ്ക്ക് അടുത്തുള്ള ഉദയംപേരൂരില്‍ 1599 സുനഹദോസും, 1653ല്‍ മട്ടാഞ്ചേരിയില്‍ "കൂനന്‍കുരിശു' സത്യവും നടന്നത്. 1795 ഒക്ടോബര്‍ 20ന് ആണ് ഡച്ചുകാര്‍, കൊച്ചിയെ ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുത്തത്. അതിനുമുമ്പുതന്നെ ശക്തന്‍ തമ്പുരാന്‍ (1790-1805) കൊച്ചിയില്‍ രാജാവായി. ഇംഗ്ലീഷുകാരുടെ ഭരണത്തോടെ കൊച്ചിയില്‍ ആധുനികഭരണം ആരംഭിക്കുന്നു. സ്വാതന്ത്ര്യലബ്ധി വരെ ഇംഗ്ലീഷുകാര്‍ റസിഡന്‍റുമാര്‍ വഴി കൊച്ചിയിലേയും തിരുവിതാംകൂറിലേയും ഭരണം നിയന്ത്രിച്ചിരുന്നു. 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ഒന്നായി തിരുകൊച്ചി സംസ്ഥാനമായി.

കൊച്ചിയില്‍ പോര്‍ട്ടുഗീസുകാര്‍ ആദ്യം നിര്‍മ്മിച്ച മാനുവല്‍കോട്ട ഇന്നില്ല. ആ സ്ഥലമാണ് "ഫോര്‍ട്ട് കൊച്ചി' എന്നറിയപ്പെടുന്നത്. കൊച്ചി വൈപ്പിന്‍ ദ്വീപില്‍ പോര്‍ട്ടുഗീസുകാര്‍ നിര്‍മിച്ച പള്ളിപ്പുറം കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഉണ്ട്. യൂറോപ്പ്യന്മാരുടെ വരവിനുശേഷമുള്ള കോട്ടകളും കൊട്ടാരങ്ങളും അവരുടെ വാസ്തുശില്പരീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങളും ധാരാളം ഇപ്പോഴും നിലനില്‍ക്കുന്ന ജില്ലയാണ് എറണാകുളം. ഒരുകണക്കിന് പറഞ്ഞാല്‍ പോര്‍ട്ടുഗീസുകാരും, ഡച്ചുകാരും, ഇംഗ്ലീഷുകാരും ഭരണം നടത്തിയത് കൊച്ചിയില്‍ മാത്രമാണ്.

കൊച്ചി രാജാക്കന്മാര്‍ക്ക് പോര്‍ട്ടുഗീസുകാര്‍ നിര്‍മ്മിച്ചുകൊടുത്തതും ഡച്ചുകാര്‍ പുതുക്കിപണിതതുമായ കൊട്ടാരം ഇന്ന് "ഡച്ച് കൊട്ടാരം' എന്നാണ് അറിയപ്പെടുന്നത്. വാസ്ഗോഡിഗാമയുടെ ഭൗതികശരീരം അടക്കംചെയ്തിരുന്ന (പിന്നീട് പോര്‍ട്ടുഗീസിലേക്ക് കൊണ്ടുപോയി) സെന്‍റ് ഫ്രാന്‍സിസ് പള്ളി, ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന് എന്ന് ശ്രീനാരായണ ഗുരു സന്ദേശം നല്‍കിയ ആലുവയിലെ അദ്വൈതാശ്രമം, ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി സ്ഥിതിചെയ്യുന്ന മട്ടാഞ്ചേരി, ഡച്ചുകാര്‍ നിര്‍മ്മിച്ച ബോള്‍ഗാട്ടി പാലസ്, കേരള ഹൈക്കോടതിയുടെ ആസ്ഥാനം, പുരാവസ്തുക്കളുടെ കലവറയായ ഹില്‍പാലസ്, നാവിക സൈന്യകേന്ദ്രം, കപ്പല്‍നിര്‍മാണ കേന്ദ്രം തുടങ്ങിയവയെല്ലാം എറണാകുളത്തുണ്ട്. "അറബിക്കടലിന്റെ റാണി' എന്നറിയപ്പെടുന്ന കൊച്ചി തുറമുഖത്തിന്റെ ശില്പി സര്‍. റോബര്‍ട്ട് ബ്രിസ്റ്റോ ആണ്. ഡച്ച് ഗവര്‍ണര്‍ വാന്‍റീഡ് കൊച്ചിയിലിരുന്നാണ് "ഹോര്‍ത്തൂസ് മലബാറിക്കോസ്' എന്ന ഔഷധസസ്യങ്ങളെക്കുറിച്ചുള്ള വിശ്വവിഖ്യാതമായ പുസ്തകത്തിന്റെ നിര്‍മാണത്തിന് നേതൃത്വം കൊടുത്തത്.

ഭൂതത്താന്‍ അണക്കെട്ട്, അദ്വൈതാചാര്യനായ ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടി, കോടനാട് ആന പരിശീലനകേന്ദ്രം, തട്ടേക്കാട് പക്ഷികേന്ദ്രം തുടങ്ങിയവയെല്ലാം എറണാകുളത്താണ്. ആലുവയിലെ ശിവരാത്രി മഹോത്സവം പ്രസിദ്ധമാണ്. തൃപ്പൂണിത്തുറയിലെ ശ്രീകൃഷ്ണക്ഷേത്രം, തൃക്കാക്കര വാമനക്ഷേത്രം, രവിപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ചേന്ദമംഗലത്തെ കോവിലകം ക്ഷേത്രം, മട്ടാഞ്ചേരിയിലെ വെങ്കിടാചലപതി ക്ഷേത്രം, വെള്ളാരുപള്ളി ശ്രീകൃഷ്ണസ്വാമിക്ഷേത്രം, എറണാകുളം, തിരുവാളൂര്‍, ഉദിയന്നൂര്‍, ഉദയംപേരൂര്‍, വാഴൂര്‍, തൃക്കാരിയൂര്‍, തിരുമാറാടി, ചേന്ദമംഗലം ശിവക്ഷേത്രങ്ങള്‍, ചോറ്റാനിക്കര, പുത്തന്‍കാവ്, വെള്ളാരപ്പിള്ളി, ഓണക്കൂര്‍, മട്ടാഞ്ചേരി, നായരമ്പലം ഭഗവതിക്ഷേത്രങ്ങള്‍, പരവൂരിലെ മൂകാംബിക ക്ഷേത്രം, മൂഴികുളത്തെ ലക്ഷ്മണക്ഷേത്രം, ചാക്കന്‍കുളങ്ങര ക്ഷേത്രത്തിലെ നവഗ്രഹക്ഷേത്രം, സുബ്രഹ്മണ്യക്ഷേത്രങ്ങളായ വെറ്റില, ഇളങ്കുന്നപ്പുഴ, പൊന്നുരുത്തി, പെരുമ്പാവൂരിലേയും അമ്പലമുകളിലേയും ശാസ്താക്ഷേത്രങ്ങള്‍ എന്നിവ പ്രധാനമാണ്. ജില്ലയിലെ ഏക ജൈനഗുഹാക്ഷേത്രം പെരുമ്പാവൂരിലേതാണ്. മട്ടാഞ്ചേരിയിലെ ജൂതപ്പള്ളി ചരിത്രപ്രസിദ്ധമാണ്. മലയാറ്റൂര്‍, ഞാറയ്ക്കല്‍, ചേന്ദമംഗലം, ഉദയംപേരൂര്‍, വല്ലാര്‍പാടം, കാത്തൂര്‍, കോതമംഗലം, മുളന്തുരുത്തി, കോലഞ്ചേരി, കൊച്ചി, ക്രിസ്ത്യന്‍പള്ളികളും പ്രധാനമാണ്. കാഞ്ഞിരമറ്റം, കരിക്കാട് എന്നിവിടങ്ങളിലാണ് പഴക്കംചെന്ന മുസ്ലിം ആരാധനാലയങ്ങളുള്ളത്.

ആലുവമണപ്പുറം കൊച്ചി തുറമുഖം കൊച്ചി തുറമുഖം കൊച്ചി തുറമുഖം കൊച്ചി കനാല്‍

Maharajas College-

Ernakulam

St Francis Church,

Kochi

കൊച്ചി റെസിഡന്‍സ്സി



Maharajas College-

Ernakulam

Kochi Synagoue
എറണാകുളം ജില്ല

The old ernakulam

Railway Station

St. Ablert's High School,

Ernakulam 1950

ബോള്‍ഗാട്ടി പാലസ്

ഭൂപ്രകൃതി

വൈവിധ്യമാർന്ന ഭൂപ്രകൃതിയുള്ള ഈ ജില്ലയെ മൂന്നായി തരംതിരിക്കാം: (1) സഹ്യപർവതനിരയോട്‌ ചേർന്ന്‌ സമുദ്രനിരപ്പിൽനിന്ന്‌ 75 മീറ്ററിലധികം ഉയരമുള്ള മലനാട്‌; (2) 7.5 മീറ്ററിനും 75 മീറ്ററിനും മധ്യേ ഉയരമുള്ള ഇടനാട്‌; (3) 7.5 മീറ്ററിൽ താഴെ ഉയരമുള്ള തീരപ്രദേശങ്ങള്‍. പെരിയാറിന്റെ വലത്തേക്കരയിലുള്ള വനപ്രദേശങ്ങള്‍ മാത്രമേ മലനാടിൽ ഉള്‍പ്പെടുന്നുള്ളൂ. പെരിയാറിന്റെ തെക്കേക്കരയിലുള്ള കുന്നത്തുനാട്‌ താലൂക്ക്‌, മൂവാറ്റുപുഴ താലൂക്ക്‌, കണയന്നൂർ താലൂക്കിന്റെ കിഴക്കന്‍ ഭാഗം എന്നിവ ഉള്‍പ്പെട്ട ഫലഭൂയിഷ്‌ഠമായ പ്രദേശങ്ങള്‍ ഈ നാടിൽപ്പെടുന്നു. സമുദ്രനിരപ്പിൽനിന്ന്‌ അധികം ഉയരമില്ലാത്ത തീരപ്രദേശങ്ങളിൽ പറവൂർ, കൊച്ചി താലൂക്കുകള്‍, കണയന്നൂർ താലൂക്കിന്റെ പശ്ചിമഭാഗം എന്നിവ ഉള്‍പ്പെടുന്നു.

കാലാവസ്ഥ

കേരളത്തിന്റെ ഇതരഭാഗങ്ങളിൽ അനുഭവപ്പെടുന്ന മണ്‍സൂണ്‍ കാലാവസ്ഥ തന്നെയാണ്‌ ഈ ജില്ലയിലുള്ളത്‌. ഡിസംബർ മുതൽ ഫെബ്രുവരി വരെയും വേനൽക്കാലം മാർച്ച്‌ മുതൽ മേയ്‌ വരെയും തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ മുതൽ സെപ്‌തംബർ വരെയും വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ഒക്‌ടോബർ-നവംബർ മാസങ്ങളിലുമാണ്‌. മഞ്ഞുകാലം വളരെ സുഖകരമാണ്‌. സമശീതോഷ്‌ണമായ പകലുകളും ചെറിയ തണുപ്പോടുകൂടിയ രാത്രികളുമുള്ള ഈ കാലത്ത്‌ മഴ വളരെ കുറവാണ്‌. വേനൽക്കാലത്ത്‌ താപനില 25ബ്ബഇ-നും 32ബ്ബഇ-നും മധ്യേയായിരിക്കും. പൊതുവേ അസഹ്യമായ ചൂട്‌ അനുഭവപ്പെടുന്നില്ല. മേയ്‌ മാസാവസാനത്തോടെ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിക്കുന്നു. ഈ ജില്ലയിൽ ഏറ്റവുമധികം മഴ കിട്ടുന്നത്‌ അപ്പോഴാണ്‌. വടക്കു പടിഞ്ഞാറ്‌ ഭാഗത്തുള്ള ആലങ്ങാട്‌ പ്രദേശത്ത്‌ 248 സെ.മീ. മഴ ലഭിക്കുമ്പോള്‍ സഹ്യാദ്രിയുടെ അടിവാരങ്ങളിൽ 588 സെ.മീ. ലഭ്യമാകുന്നു. പലപ്പോഴും വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ അനുഭവപ്പെടാറുണ്ട്‌. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാലത്ത്‌ ശ. ശ. 55 സെ.മീ. മഴയേ കിട്ടാറുള്ളൂ. പൊതുവേ നല്ല കാലാവസ്ഥയാണ്‌ ഈ ജില്ലയിലുള്ളത്‌.

ജില്ലയിലൂടെ

“ഋഷിനാഗക്കുളം” എന്ന പേരില്‍ പുരാതനകാലത്ത് അറിയപ്പെട്ടിരുന്ന പ്രദേശമാണ് കാലാന്തരത്തില്‍ ശബ്ദഭേദം സംഭവിച്ച് എറണാകുളം എന്നു വിളിക്കപ്പെട്ടത്. എറണാകുളം എന്നാണ് ഈ ജില്ലയുടെയും നാമം എങ്കിലും കൊച്ചി എന്ന മഹാനഗരത്തിന്റെ അപരനാമധേയമായാണ് ഇന്ന് ഇവിടം ലോകം മുഴുവന്‍ അറിയപ്പെടുന്നത്. കേരളത്തിന്റെ വ്യാവസായിക-വിനോദസഞ്ചാര തലസ്ഥാനം എന്നും കൊച്ചി അറിയപ്പെടുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദേശ ടൂറിസ്റ്റുകള്‍ വന്നെത്തുന്ന കൊച്ചിയില്‍ അന്താരാഷ്ട്ര തുറമുഖവും, അന്താരാഷ്ട്ര വിമാനത്താവളവുമുണ്ട്. ഇന്ത്യയിലെ രണ്ടാമത്തെ കപ്പല്‍ നിര്‍മ്മാണശാല കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്. കൊച്ചി തുറമുഖം ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖമാണ്. കൊച്ചിയിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ്ണമായും സ്വകാര്യപങ്കാളിത്തത്തോടെ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാണ്. കേരളത്തിന്റെ മധ്യഭാഗത്തുനിന്ന് അല്‍പം തെക്കോട്ടു മാറിയാണ് എറണാകുളം ജില്ല സ്ഥിതി ചെയ്യുന്നത്. പറവൂര്‍, ആലങ്ങാട്, അങ്കമാലി, കൂവപ്പടി, വാഴക്കുളം, ഇടപ്പള്ളി, വൈപ്പിന്‍, പള്ളുരുത്തി, മുളന്തുരുത്തി, വടവുകോട്, കോതമംഗലം, പാമ്പാക്കുട, പാറക്കടവ്, മൂവാറ്റുപുഴ എന്നിങ്ങനെ 14 ബ്ളോക്കു പഞ്ചായത്തുകളാണ് എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. മേല്‍പ്പറഞ്ഞ 14 ബ്ളോക്കുകളിലായി 84 ഗ്രാമപഞ്ചായത്തുകളും 124 വില്ലേജുകളുമുള്ള എറണാകുളം ജില്ലയ്ക്ക് 2377.29 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. കൊച്ചി കോര്‍പ്പറേഷനും, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ആലുവ, കളമശ്ശേരി, വടക്കന്‍ പറവൂര്‍, തൃപ്പൂണിത്തുറ, അങ്കമാലി, കോതമംഗലം, ഏലൂര്‍‍, മരട്, തൃക്കാക്കര എന്നിങ്ങനെ 11 മുനിസിപ്പാലിറ്റികളുമാണ് ജില്ലയിലെ നഗരസഭകള്‍. കൊച്ചി, കണയന്നൂര്‍, പറവൂര്‍, ആലുവ, കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം എന്നിങ്ങനെ 7 താലൂക്കുകളിലായി ഈ ജില്ലയിലെ തദ്ദേശ-സ്വയംഭരണ സ്ഥാപനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. എറണാകുളം ജില്ലാപഞ്ചായത്തില്‍ ആകെ 26 ഡിവിഷനുകളുണ്ട്. ഭൂപ്രകൃതി അനുസരിച്ച് ഈ ജില്ലയെ മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ തരം തിരിക്കാം. പൂര്‍ണ്ണമായും സഹ്യപര്‍വ്വത നിരകള്‍ നിറഞ്ഞ ഇടുക്കി ജില്ലയുമായി അതിര്‍ത്തി പങ്കു വയ്ക്കുന്ന എറണാകുളം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ ഉയര്‍ന്ന മലനിരകളും ഇടത്തരം കുന്നിന്‍പ്രദേശങ്ങളും താഴ്വരകളും പ്ളാന്റേഷനുകളുമെല്ലാം നിറഞ്ഞതാണ്. പടിഞ്ഞാറോട്ടു പോകുന്തോറും പൊതുവേ ഇടനാടന്‍ മേഖലയില്‍ കാണപ്പെടുന്ന തരത്തില്‍ ചെറുകുന്നുകളും സമനിരപ്പാര്‍ന്ന പ്രദേശങ്ങളും പാടശേഖരങ്ങളുമെല്ലാം കാണപ്പെടുന്നു. എറണാകുളം ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളും തീരപ്രദേശവും തലങ്ങും വിലങ്ങും കായലുകളും ഉള്‍നാടന്‍ ജലാശയങ്ങളും ചെറുദ്വീപുകളും കൊണ്ടു നിറഞ്ഞതാണ്.

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

സ്വാതന്ത്ര്യത്തിനു മുന്‍പ് നൂറ്റാണ്ടുകളോളം കൊച്ചി നാട്ടുരാജ്യത്തിന്റെ അധീനതയില്‍ കഴിഞ്ഞിരുന്ന പ്രദേശങ്ങളുള്‍പ്പെട്ടതാണ് ഇന്നത്തെ എറണാകുളം ജില്ല. കൊച്ചഴി എന്ന പദത്തില്‍ നിന്നാണ് കൊച്ചി എന്ന സ്ഥലനാമമുണ്ടായത്. പഞ്ചായത്ത് സംവിധാനം നിലവില്‍ വരുന്നതിനു മുമ്പ് മഹാരാജാവിന്റെ അനുവാദത്തോടെ നാട്ടു പ്രമാണികള്‍ ആയിരുന്നു ഇവിടങ്ങളില്‍ ഭരണം നടത്തിയിരുന്നത്. ഈ ജില്ലയിലെ തീരപ്രദേശത്തിലുള്‍പ്പെടുന്ന ഭൂരിഭാഗം പഞ്ചായത്തുകളും ഭൂമിശാസ്ത്രപരമായി പറഞ്ഞാല്‍ കടല്‍ വച്ചുപോയ കരപ്രദേശമാണ്. എ.ഡി 1341-ല്‍ പെരിയാറില്‍ ഉണ്ടായ അതിശക്തമായ വെള്ളപ്പൊക്കത്തില്‍ വൈപ്പിന്‍കര ഉടലെടുത്തു എന്നാണ് കരുതപ്പെടുന്നത്. എ.ഡി.1341-ല്‍ ഉണ്ടായ അധിവര്‍ഷം മൂലം പെരിയാറും ചാലക്കുടിപ്പുഴയും കര കവിഞ്ഞൊഴുകുകയും, മലവെള്ളം കുത്തിയൊഴുകി വലിയൊരു പ്രളയമായി വരികയും താഴ്ന്ന പ്രദേശമായ ഇപ്പോഴത്തെ കൊച്ചി ഭാഗത്ത് ഒരു തുറമുഖം (അഴിമുഖം) രൂപപ്പെടുകയും ചെയ്തു. പ്രസ്തുത അഴിയെ ‘കൊച്ച് അഴി’ എന്നു വിളിച്ചുവരുകയും, പിന്നീടത് ലോപിച്ച് ‘കൊച്ചി’ എന്നറിയപ്പെടുകയും ചെയ്തു. കൊച്ചിയെ അറബിക്കടലിന്റെ റാണി എന്നും വിളിക്കപ്പെടുന്നു. 1498-ല്‍ വാസ്കോ ഡ ഗാമ എന്ന പോര്‍ച്ചുഗീസ് നാവികന്‍ കോഴിക്കോട് കാപ്പാട് കടല്‍ത്തീരത്ത് വന്നെത്തുകയും കച്ചവടബന്ധം സ്ഥാപിക്കുകയും ചെയ്തു. സാമൂതിരിയുമായി തെറ്റിപ്പിരിഞ്ഞതിനെ തുടര്‍ന്ന് പോര്‍ച്ചുഗീസുകാര്‍ പിന്നീട് നീങ്ങിയത് കൊച്ചിയിലേക്കായിരുന്നു. സാമൂതിരിയുമായി ശത്രുതയിലായിരുന്ന കൊച്ചി രാജാവ് പോര്‍ച്ചുഗീസുകാര്‍ക്ക് കൊച്ചിയില്‍ താവളമനുവദിച്ചുകൊണ്ട് കച്ചവടാനുകൂല്യങ്ങള്‍ ഒന്നൊന്നായി കനിഞ്ഞുനല്‍കി. കൊച്ചിരാജാവിനു സാമൂതിരിയുമായുണ്ടായിരുന്ന ശത്രുത മുതലെടുത്തുകൊണ്ട് പോര്‍ച്ചുഗീസുകാര്‍ കൊച്ചിയില്‍ സൈനികതാവളവും കോട്ടയും നിര്‍മ്മിച്ചു. സാമൂതിരിയ്ക്ക് നിരന്തരം തലവേദനയുണ്ടാക്കിക്കൊണ്ടിരുന്ന പോര്‍ച്ചുഗീസുകാര്‍ക്ക് കൊച്ചി രാജാവ് ചെയ്തുകൊടുക്കുന്ന സഹായങ്ങളില്‍ പ്രകോപിതനായ സാമൂതിരി കൊച്ചിയുമായി യുദ്ധം പ്രഖ്യാപിക്കുകയും കടല്‍മാര്‍ഗ്ഗം ആക്രമിക്കുകയും ചെയ്തു. ചില യുദ്ധങ്ങളില്‍ ചില്ലറ നേട്ടങ്ങളുണ്ടാക്കാന്‍ സാമൂതിരിക്കായെങ്കിലും പോര്‍ച്ചുഗീസുകാരെ പൂര്‍ണ്ണമായും കൊച്ചിയില്‍ നിന്നും തുരത്താന്‍ സാധിച്ചില്ല. എന്നു മാത്രമല്ല പല യുദ്ധങ്ങളിലും പോര്‍ച്ചുഗീസുകാരുടെ പീരങ്കിയായുധങ്ങള്‍ക്കു മുന്‍പില്‍ സാമൂതിരിക്കു പിന്‍വാങ്ങേണ്ടിയും വന്നു. എല്ലാ യുദ്ധങ്ങളിലും കൊച്ചിയെ സഹായിച്ചുകൊണ്ടു നിലകൊണ്ട പോര്‍ച്ചുഗീസുകാര്‍ക്ക് അതോടെ കൂടുതല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചു കൊടുക്കപ്പെട്ടു. പോര്‍ച്ചുഗീസുകാരെ തുടര്‍ന്ന് ബ്രിട്ടീഷുകാരുള്‍പ്പെടെ മറ്റ് വിദേശശക്തികളും കൊച്ചിയിലെത്തി. ഇതിനെയെല്ലാം തുടര്‍ന്നാണ് യൂറോപ്യന്‍ ശക്തികള്‍ നമ്മുടെ രാജ്യത്തെ വരുതിയിലാക്കുന്നതിന് തുടക്കമിട്ടത്. പുരാതനകാലം മുതല്‍ അറബികളും ചീനക്കാരും ജൂതന്മാരും കൊച്ചിയുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി കൊച്ചിയിലെ മട്ടാഞ്ചേരിയിലാണ് സ്ഥാപിതമായിരിക്കുന്നത്. മട്ടാഞ്ചേരിയിലെ ജൂതത്തെരുവ് ഇന്നും തനിമ നഷ്ടപ്പെടാതെ നിലനില്‍ക്കുന്നു. ഗസലിന്റേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും ആര്‍ദ്രമായ സന്ധ്യകള്‍ കൊച്ചിയുടെ മാത്രം പ്രത്യേകതയാണ്. ഗുജറാത്തികളും ബോംബെയില്‍ നിന്നുള്ളവരും കൊങ്ങിണികളുമുള്‍പ്പെടെ ധാരാളം ഉത്തരേന്ത്യക്കാര്‍ കൊച്ചിയില്‍ ജീവിക്കുന്നുണ്ട്. ഇന്ന് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദേശവിനോദസഞ്ചാരികള്‍ വന്നെത്തുന്ന കേന്ദ്രങ്ങളിലൊന്നാണ് കൊച്ചി. അതിദ്രുതം വളരുന്ന നഗരമാണ് കൊച്ചി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അംബരചുംബികളായ കെട്ടിടങ്ങളുള്ളതും എറണാകുളം നഗരത്തിലാണ്. ഏറ്റവും കൂടുതല്‍ നഗരവാസികള്‍ ജീവിക്കുന്നതും കൂടുതല്‍ നഗരവല്‍ക്കരണം നടന്നിട്ടുള്ളതും ഏറ്റവും കൂടുതല്‍ മുനിസിപ്പാലിറ്റികളുള്ളതുമായ ജില്ലയും എറണാകുളമാണ്. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട ദേശീയപാതകളായ എന്‍.എച്ച് 17, എന്‍.എച്ച് 47 എന്നീ സുപ്രധാന ഗതാഗതപാതകള്‍ സംഗമിക്കുന്ന സ്ഥലം എന്ന പ്രത്യേകതയും എറണാകുളത്തിനുണ്ട്. ആലപ്പുഴ വഴിയുള്ള തീരദേശറെയില്‍വേയും മധ്യ-തിരുവിതാംകൂറിലൂടെയുള്ള റെയില്‍ പാതയും കൂടിച്ചേരുന്നതും എറണാകുളത്തു വച്ചാണ്. കേരളത്തിലുള്ള ഏറ്റവും പ്രമുഖമായ വ്യവസായശാലകളില്‍ പലതും സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്. പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമായ നിരവധി കായലോരങ്ങള്‍ ഈ ജില്ലയിലുണ്ട്. ചെമ്മീന്‍-മത്സ്യക്കയറ്റുമതിയുടെയും മലഞ്ചരക്കുവ്യാപാരത്തിന്റേയും പ്രമുഖ കേന്ദ്രമാണ് കൊച്ചി. കേരള ഹൈക്കോടതിയുടെ ആസ്ഥാനമാണ് കൊച്ചിയിലുള്ള ഏറ്റവും പ്രമുഖ സ്ഥാപനം. നിരവധി സാംസ്കാരിക സ്ഥാപനങ്ങളുടെയും മതസ്ഥാപനങ്ങളുടെയും ആസ്ഥാനം കൂടിയാണ് എറണാകുളം. വിശുദ്ധ തോമാശ്ളീഹയുമായി ബന്ധമുള്ള മലയാറ്റൂര്‍ പള്ളിയാണ് ജില്ലയിലെ ഏറ്റവും പ്രമുഖമായ തീര്‍ത്ഥാടനകേന്ദ്രം. തൃപ്പൂണിത്തുറയ്ക്കു സമീപത്തുള്ള ഉദയംപേരൂര്‍ സൂനഹദോസ് പള്ളി കേരള ക്രിസ്തീയ ചരിത്രത്തിലെ പ്രമുഖ ദേവാലയമാണ്. കോവിലകങ്ങളും കൊട്ടാരങ്ങളും കൊണ്ടു നിറഞ്ഞ തൃപ്പൂണിത്തുറ കൊച്ചി രാജാക്കന്മാരുടെ രാജധാനിയായിരുന്നു. പ്രാചീനകാലത്ത് കടല്‍ കയറിക്കിടന്നിരുന്ന തൃപ്പൂണിത്തുറ പ്രമുഖ തുറമുഖം കൂടിയായിരുന്നു. പെരിയാറിന്റെ തീരത്ത് ആലുവാ മണല്‍പ്പുറത്ത് നടക്കുന്ന ശിവരാത്രിമഹോത്സവം ചരിത്രപ്രസിദ്ധവും കവികളുടെ കാല്‍പനികഭാവങ്ങളെ ധന്യമാക്കിയിട്ടുള്ളതുമാണ്. ആലുവ യു.സി കോളേജും, എറണാകുളം മഹാരാജാസ് കോളേജും ഒട്ടേറെ പ്രതിഭകളെ വാര്‍ത്തെടുത്തിട്ടുള്ള മഹത്തായ കലാലയങ്ങളാണ്. ശ്രീശങ്കരാചാര്യരുടെ ജന്മം കൊണ്ട് ധന്യമായ കാലടി ഭാരതത്തിലെ ഹൈന്ദവനവോത്ഥാന ചരിത്രത്തിന്റെ ഉറവിടമാണെന്നു പറയാം. ഇന്ന് ശങ്കരാചാര്യരുടെ നാമധേയത്തിലുള്ള ആത്മീയകേന്ദ്രവും സംസ്കൃത സര്‍വ്വകലാശാലയും കാലടിയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. സ്വാതന്ത്ര്യാനന്തരം കേരളസംസ്ഥാന രൂപീകരണത്തിനിടയ്ക്കുള്ള കാലത്ത് തിരുവിതാംകൂറിനേയും കൊച്ചിയേയും സംയോജിപ്പിച്ചുകൊണ്ട് തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമാവുകയുണ്ടായി. കൊച്ചി രാജാവിനെ രാജപ്രമുഖനായി നിലനിറുത്തിക്കൊണ്ട്  തിരു-കൊച്ചിയുടെ ഭരണത്തലവന്‍ എന്ന സ്ഥാനം തിരുവിതാംകൂര്‍ രാജാവ് വഹിച്ചു. ആദ്യകാലത്ത് തൃശ്ശൂര്‍ ജില്ലയുടെ ഭാഗമായിരുന്നു എറണാകുളം. കോട്ടയം ജില്ലയില്‍ നിന്നും അടര്‍ത്തിയെടുത്ത കുറെ പ്രദേശങ്ങളും തൃശ്ശൂര്‍ ജില്ലയുടെ വിഭജിച്ചുമാറിയ തെക്കന്‍പ്രദേശങ്ങളും ചേര്‍ത്തുകൊണ്ടാണ് എറണാകുളം ജില്ലയ്ക്കു രൂപം കൊടുത്തത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അങ്കമാലിയ്ക്കടുത്ത് നെടുമ്പാശ്ശേരിയിലാണ് സ്ഥിതി ചെയ്യുന്നത്. അന്താരാഷ്ട്ര വിമാനത്താവളവും, തുറമുഖവും, ഹൈക്കോടതിയും, സര്‍വ്വകലാശാലയുമെല്ലാമുള്ള നഗരമാണ് കൊച്ചി. കേരള ലളിതകലാ അക്കാദമിയുടെ കൊച്ചി ആസ്ഥാനമായ ഡര്‍ബാര്‍ ഹാള്‍(ആര്‍ട്ട് ഗാലറി)ഏകദേശം നൂറു കൊല്ലം മുമ്പ് നിര്‍മ്മിക്കപ്പെട്ടതാണ്. ഈ കെട്ടിടം ആദ്യം കൊച്ചി രാജാവിന്റെ ഡര്‍ബാറായിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് കൊച്ചിരാജ്യത്തിന്റെ വിവിധ ഓഫീസുകള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതിയുടെ ഓഫീസും ഇവിടെയായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഇവിടം കോടതിയായി മാറി. പിന്നീട് കോടതി വേറെ കെട്ടിടത്തിലേക്ക് മാറ്റിയപ്പോള്‍ ഇത് എന്‍.സി.സി-യുടെ ആസ്ഥാനമായി മാറി. ഡര്‍ബാര്‍ ഹാള്‍ പിന്നീട് പുരാവസ്തു ഗവേഷണ വകുപ്പ് എറ്റെടുത്തു. ഹാളിന്റെ താഴത്തെ നില പരീക്ഷിത്ത് തമ്പുരാന്‍ സ്മാരക മ്യൂസിയം ആയി രൂപപ്പെടുത്തി. 1989-ല്‍ ഹാളിന്റെ മുകളിലത്തെ നില ലളിതകലാ അക്കാദമിക്ക് കൈമാറി. 1991 ഫെബ്രുവരി 7-ന് ഡര്‍ബാര്‍ ഹാളില്‍ ലളിതകലാ അക്കാദമിയുടെ ഗാലറി ഓഫ് കണ്‍ടംപററി ആര്‍ട്ട് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇന്ന് കേരളത്തിലെ പ്രമുഖ ആര്‍ട്ട് ഗാലറികളിലൊന്നാണ് ഡര്‍ബാര്‍ഹാള്‍. 1969-ലാണ് കേരളകലാപീഠം രൂപീകരിക്കപ്പെട്ടത്. അറുപതുകളുടെ ആദ്യപകുതിയില്‍ അന്ന് ഫാക്ടിന്റെ ചെയര്‍മാനായിരുന്ന എം.കെ.കെ നായര്‍ സംഘടിപ്പിച്ച അഖിലേന്ത്യാ സാഹിത്യസമ്മേളനത്തില്‍ ഉയര്‍ന്നുവന്ന ചിത്രകലാകേന്ദ്രമെന്ന ആശയമാണ് കേരളകലാപീഠത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. 1956-ലാണ് കേരള ഫൈന്‍ ആര്‍ട്സ് സൊസൈറ്റി സ്ഥാപിക്കപ്പെട്ടത്. ഇന്ന് ഭാരത് ടൂറിസ്റ്റ് ഹോം നില്‍ക്കുന്ന സ്ഥലത്ത് ഒരു ഓലഷെഡ്ഡിലാണ് ആദ്യകാലത്ത് സൊസൈറ്റി പ്രവര്‍ത്തിച്ചിരുന്നത്. അറുപതുകളിലാണ് പൊതുജന പങ്കാളിത്തത്തോടെ ഇപ്പോഴുള്ള കെട്ടിടം പണിതത്. 1997-ലെ പുതുവല്‍സരദിനത്തിലാണ് ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തത്. ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാര്‍ക്കിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഏറ്റവും പ്രധാന പരിപാടി വിശ്വകലാസംഗമം 2000/2002 ആണ്. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രസിദ്ധരായ ചിത്രകാരന്മാരും ശില്പികളും പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്രം നടത്തുന്ന കാവ്യമൂല എന്ന പരിപാടി വളര്‍ന്നുവരുന്ന കവികളെ പ്രോല്‍സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇവിടെ എല്ലാ മാസവും അക്ഷരശ്ളോക സംഗമവും സംഘടിപ്പിക്കുന്നുണ്ട്. കുട്ടികള്‍ക്കായി മഴവില്ല് എന്ന പേരില്‍ ഒരു നാടകകളരിയും ഈ കേന്ദ്രം നടത്തുന്നു. ഇവിടം ആസ്ഥാനമായി സജീവമായ ഒരു കഥകളി ആസ്വാദകസംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. സംഘത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ടുമാസത്തിലൊരിക്കല്‍ പ്രമുഖ കഥകളി കലാകാരന്മാര്‍ ഇവിടെ പരിപാടികളവതരിപ്പിക്കുന്നു. രാമായണകഥയെ നാടന്‍ രീതിയില്‍ അവതരിപ്പിക്കുന്ന ഒരു കലാരൂപമാണ് ഗൊഡ്ഡെ. 1600-നു ശേഷം ഫോര്‍ട്ടുകൊച്ചി അമരാവതി പ്രദേശത്ത് വൈശ്യ-വാണിയ വിഭാഗത്തിന്റെതായി രണ്ടു പ്രധാനക്ഷേത്രങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഒന്ന് ശ്രീമട്ട് ജനാര്‍ദ്ദനക്ഷേത്രവും മറ്റൊന്ന് അമരാവതി ആല്‍ത്തറ ഭഗവതി ക്ഷേത്രവും. ദുഷ്ടഗണങ്ങളെ അകറ്റും എന്ന വിശ്വാസപ്രമാണത്തിലാണ് ഗൊഡ്ഡെ ഇവിടെ നടത്തുന്നത്. ഫാല്‍ഗുനമാസത്തിലെ ശുക്ളപക്ഷ ദ്വാദശി നാളില്‍ ഈ കലാരൂപം ഇപ്പോഴും അവതരിപ്പിക്കുന്നു. 15-ാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ക്കേ ഇത് ഗോവയില്‍ സ്ഥിരപ്രതിഷ്ഠ നേടിയിരുന്നു. 1540-ല്‍ പോര്‍ച്ചുഗീസുകാരുടെ പീഡനത്തിനിരയായ ഒരു കൂട്ടം ഗോവക്കാര്‍ കേരളത്തില്‍ കുടിയേറി. അവരുടെ മാതൃഭാഷ കൊങ്കണിയായിരുന്നു. കൊങ്കണിഭാഷാവിഭാഗത്തില്‍ തന്നെയുള്ള വൈശ്യ-വാണിയ വിഭാഗമാണ് വാത്മീകിരാമായണത്തെ സാധാരണക്കാരില്‍ എത്തിക്കുന്നതിന് ജനകീയ രീതി സ്വീകരിച്ചത്. ഇത് പില്‍ക്കാലത്ത് ഗൊഡ്ഡെ രാമായണ്‍ ആയി മാറി. കൊങ്കണി ഭാഷയുടെ തനതുകലയായ ഗൊഡ്ഡെ ഫോക്ക് പാരമ്പര്യങ്ങളില്‍ ശ്രദ്ധേയമാണ്. നൂറിലേറെ കഥാപാത്രങ്ങളുമായി 15 ദിവസത്തോളം അന്തി മുതല്‍ ഉദയം വരെ കളിക്കുന്ന ചവിട്ടുനാടകങ്ങള്‍ കൊച്ചി തീരപ്രദേശത്തെ പഴയ തലമുറയുടെ ജീവനായിരുന്നു. ഇപ്പോള്‍ രണ്ടും മൂന്നും മണിക്കൂറില്‍ ഒതുങ്ങുന്ന പത്തോ പതിനഞ്ചോ കഥാപാത്രങ്ങള്‍ മാത്രമുള്ള ചവിട്ടുനാടകങ്ങളും രംഗത്തുണ്ട്. ചെന്തമിഴില്‍ 16-ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ചവിട്ടുനാടകകൃതികള്‍ ഇന്നും അതേപടി തുടരുന്നു. ആദ്യകാല കൃതികളായ കാറല്‍സ്മാന്‍ ചരിത്രം, ജനോവ നാടകം തുടങ്ങിയവ താളിയോലകളില്‍ വട്ടെഴുത്ത് ലിപികളില്‍ തന്നെ അവശേഷിക്കുന്നു. ഇത്തരം കയ്യെഴുത്തു പ്രതികളിലാണ് ചവിട്ടുനാടകങ്ങളുടെ നിലനില്‍പ്. വിക്ടോറിയന്‍ നാടകവേദിയില്‍ നിന്ന് തമിഴ് സംഗീത നാടകങ്ങളിലൂടെ മലയാളത്തിലേക്കുവന്ന ചവിട്ടുനാടകങ്ങള്‍ നാലു നൂറ്റാണ്ടുമുന്‍പു തന്നെ കൊച്ചിയിലുണ്ടായിരുന്നു. ഇന്ന് കേരളത്തില്‍ ഏറ്റവുമധികം ഗുജറാത്തികളുള്ള പ്രദേശം കൊച്ചിയാണ്. എഴുന്നൂറോളം കുടുംബങ്ങളിലായി അയ്യായിരത്തോളം പേരുണ്ടിവിടെ. ലോഹാന, വൈശ്യ, ബ്രാഹ്മണ്‍, ജൈന്‍, കച്ച് തുടങ്ങി പതിമൂനോളം ഗുജറാത്തിവിഭാഗങ്ങള്‍ ഇന്ന് കൊച്ചിയിലുണ്ട്. ഓരോ സമുദായത്തിനും പ്രത്യേകം ക്ഷേത്രങ്ങളുമുണ്ട്. ദുര്‍ഗാപൂജയും ദീപാവലിയുമാണ് പ്രധാന ആഘോഷങ്ങള്‍. ഗുജറാത്തികളുടെ തനത് നൃത്തരൂപമായ ഗര്‍ബായാണ് ആഘോഷങ്ങളിലെ മുഖ്യയിനം. നവരാത്രിദിനങ്ങളിലെ ദാണ്ഡിയ റാസ് നൃത്തം പ്രധാനപ്പെട്ടതാണ്. 1865-ല്‍ കൊച്ചിയില്‍ നിന്ന് പ്രസിദ്ധീകരിച്ച “കേരളപത്രിക”, ദേവ്ജി ഭീംജി എന്ന ഗുജറാത്തിയുടെ സംഭാവനയാണ്. “ദീപ്തി” വാരിക, നൌക, കൊച്ചിന്‍പത്രിക, ദക്ഷിണ്‍ഭാരത് തുടങ്ങിയവ കൊച്ചി ഗുജറാത്തികളുടെ പ്രസിദ്ധീകരണങ്ങളായിരുന്നു. മട്ടാഞ്ചേരി മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന പോപ്പട് ലാല്‍ ഗോവര്‍ധന്‍ ലാലന്‍ കേരളത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച മറ്റൊരു ഗുജറാത്തിയായിരുന്നു. കൊച്ചിന്‍ സ്റ്റേറ്റ് ലെജിസ്ളേറ്റീവ് കൌണ്‍സില്‍ അംഗമായും പോപ്പട് ലാല്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊച്ചി പാലസ് റോഡിനടുത്ത ലാലന്‍ റോഡ് പോപ്പട് ലാലിന്റെ സ്മാരകമായി നിലനില്‍ക്കുന്നു. മട്ടാഞ്ചേരി ബസാറിലും ജ്യൂടൌണിലും ഗുജറാത്തികളുടെ വക അനേകം പാണ്ടികശാലകളുണ്ട്. ഗുജറാത്തി മഹാജന്‍ വക രണ്ട് സ്കൂളുകളും രാംബഹദൂര്‍ സിങ്ങ് പാരലല്‍ കോളേജും കൊച്ചിയിലുണ്ട്. ഫാഷന്‍ ലോകത്തെ മാറ്റങ്ങളെ സ്വീകരിക്കുന്ന സിറ്റിയാണ് കൊച്ചി. പൂക്കാട്ടുപടി ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഫാഷന്‍, അക്കാദമി ഓഫ് ഫാഷന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി എന്നിവിടങ്ങളില്‍ നിന്നും ഫാഷന്‍ ഡിസൈനിംഗ് പഠിച്ച് കൊച്ചിയിലെത്തുന്നവര്‍ ഇന്ന് ധാരാളമാണ്.

അപവാഹം

ഈ ജില്ലയിൽ രണ്ട്‌ (പെരിയാറ്‌, മൂവാറ്റുപുഴയാറ്‌) നദികളാണുള്ളത്‌. ഭൂപ്രകൃതിയുടെ പ്രത്യേകതമൂലം ഈ ജില്ലയിലെ നദികള്‍ പടിഞ്ഞാറോട്ടാണ്‌ ഒഴുകുന്നത്‌. 227 കി.മീ. നീളമുള്ള പെരിയാറിന്റെ ഉദ്‌ഭവം ഇടുക്കി ജില്ലയിലെ പീരുമേട്‌ താലൂക്കിലാണെങ്കിലും എറണാകുളം ജില്ലയുടെ വ്യാവസായിക വികസനത്തിലും ഗതാഗതസൗകര്യങ്ങളിലും ഗണ്യമായ പങ്ക്‌ ഇതിനുണ്ട്‌. മൂവാറ്റുപുഴ താലൂക്കിന്റെയും ദേവികുളം താലൂക്കിന്റെയും അതിരിലൂടെ ഒഴുകുന്ന പെരിയാറിന്‌ ഈ ജില്ലയിൽ പ്രവേശിക്കുമ്പോള്‍ 300 മീ. വീതിയുണ്ട്‌. മലയാറ്റൂരിൽ എത്തുമ്പോഴേക്കും നദിയുടെ ഗതിയിൽ ചെറിയ വ്യതിയാനം ഉണ്ടാകുന്നു. ആലുവായിൽ വച്ച്‌ രണ്ടായി തിരിഞ്ഞ്‌, വലത്തേശാഖ പുത്തന്‍വേലിക്കരയിൽ വച്ച്‌ ചാലക്കുടിനദിയോടും ഇടത്തേശാഖ ചെറിയ ശാഖകളായി പിരിഞ്ഞ്‌ വരാപ്പുഴവച്ച്‌ വേമ്പനാട്ട്‌ കായലിനോടും ചേരുന്നു. ചരിത്രപ്രസിദ്ധമായ മലയാറ്റൂർ, കാലടി, ആലുവ എന്നീ സ്ഥലങ്ങള്‍ പെരിയാറിന്റെ തീരപ്രദേശത്താണ്‌. കാളിയാർ, തൊടുപുഴയാറ്‌, നേര്യമംഗലം ആറ്‌ എന്നിവ ചേർന്നതാണ്‌ മൂവാറ്റുപുഴയാറ്‌. ഈ മൂന്ന്‌ പോഷകനദികളും തൊടുപുഴ താലൂക്കിൽ നിന്നാണ്‌ ഉദ്‌ഭവിക്കുന്നത്‌. നഗരംപാറ വനങ്ങളിൽ നിന്നുദ്‌ഭവിക്കുന്ന കാളിയാർ, നേര്യമംഗലം ആറുമായി മൂവാറ്റുപുഴയിൽ നിന്ന്‌ അഞ്ച്‌ കി.മീ. മുകളിലായി സന്ധിക്കുന്നു. തൊടുപുഴയാറ്‌ മൂവാറ്റുപുഴയിൽവച്ച്‌ ഇതിനോടുചേരുകയും ഇത്‌ മൂവാറ്റുപുഴയാറ്‌ ആകുകയും ചെയ്യുന്നു. പിന്നീട്‌ രാമമംഗലം, പിറവം എന്നീ സ്ഥലങ്ങളിൽക്കൂടി ഒഴുകി വെട്ടിക്കാട്ടുമുക്കിൽ എത്തി, രണ്ടായി പിരിഞ്ഞ്‌, മൂവാറ്റുപുഴയാറ്‌ വേമ്പനാട്ടുകായലിൽ പതിക്കുന്നു. ജലഗതാഗതസൗകര്യത്തിന്‌ ഈ പുഴകളും വേമ്പനാട്ടുകായലും വടക്കേ അതിർത്തിയിലുള്ള കൊടുങ്ങല്ലൂർ കായലും വളരെ ഉപകരിക്കുന്നു.

സസ്യജാലം

കാലടി, കോടനാട്‌, തുണ്ടത്തിൽ, കോതമംഗലം, അടിമാലി എന്നീ റേഞ്ചുകളിൽ ഉള്‍പ്പെട്ടവയാണ്‌ ഈ ജില്ലയിലെ വനങ്ങള്‍. നിത്യഹരിത മഴക്കാടുകളും പത്രപാതിവനങ്ങളും അർധപത്രപാതിവനങ്ങളും ഇവയിലുണ്ട്‌. 1,200 മീ. വരെ ഉയരവും 250 സെന്റീമീറ്ററിൽ കുറയാതെ മഴയും ലഭ്യമാകുന്ന പ്രദേശങ്ങളിലാണ്‌ നിത്യഹരിതമായ മഴക്കാടുകള്‍ കണ്ടുവരുന്നത്‌. പലതരം വൃക്ഷലതാദികള്‍ ഈ വനങ്ങളിലുണ്ട്‌. അവയിൽ പ്രധാനമായവ തേക്ക്‌, ഈട്ടി, ചന്ദനം, തമ്പകം, കരിഞ്ഞാലി, ആഞ്ഞിലി, വേങ്ങ, തേമ്പാവ്‌ എന്നിവയാണ്‌. മറ്റു വനവിഭവങ്ങളിൽ മരോട്ടി, ഓടൽ, പുന്ന, പൂണ്ണം, ഇലുപ്പ, വെള്ളപ്പയിന്‍, നാങ്ക്‌ എന്നിവയുടെ കുരുക്കളും ഉള്‍പ്പെടുന്നു. കടലാസ്‌, തീപ്പെട്ടി വ്യവസായങ്ങള്‍ക്ക്‌ ആവശ്യമായ കടുപ്പം കുറഞ്ഞ മരങ്ങളും ഈറ, മുള എന്നിവയും ധാരാളമായി ഈ വനങ്ങളിൽനിന്ന്‌ ലഭ്യമാകുന്നുണ്ട്‌.

ജന്തുവർഗങ്ങള്‍

മലഞ്ചരിവുകളും കാടുകളും കൂടുതൽ കൂടുതൽ കൃഷിക്കുപയുക്തമാക്കുന്നതിനാൽ വന്യമൃഗങ്ങളുടെ സംഖ്യയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്‌. മലയാറ്റൂർ കാടുകള്‍ ആനകളുടെ വിഹാരരംഗമാണ്‌. പലതരം വാനരവർഗങ്ങളും കാട്ടുപോത്ത്‌, കരടി, പുള്ളിമാന്‍, കേഴമാന്‍, കാട്ടാട്‌, കാട്ടുപന്നി, വെരുക്‌, കീരി, നീർനായ്‌, വണ്ണാൽ, മുയൽ, മരപ്പട്ടി, അളുങ്ക്‌, അണ്ണാന്‍, മുള്ളന്‍പന്നി, തുരപ്പന്‍, മലയണ്ണാന്‍ എന്നീ മൃഗങ്ങളും വിവിധയിനത്തിലുള്ള പക്ഷികളും ധാരാളമായുണ്ട്‌.

മണ്ണും ധാതുദ്രവ്യങ്ങളും

മലഞ്ചരിവുകളും കാടുകളും കൂടുതൽ കൂടുതൽ കൃഷിക്കുപയുക്തമാക്കുന്നതിനാൽ വന്യമൃഗങ്ങളുടെ സംഖ്യയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്‌. മലയാറ്റൂർ കാടുകള്‍ ആനകളുടെ വിഹാരരംഗമാണ്‌. പലതരം വാനരവർഗങ്ങളും കാട്ടുപോത്ത്‌, കരടി, പുള്ളിമാന്‍, കേഴമാന്‍, കാട്ടാട്‌, കാട്ടുപന്നി, വെരുക്‌, കീരി, നീർനായ്‌, വണ്ണാൽ, മുയൽ, മരപ്പട്ടി, അളുങ്ക്‌, അണ്ണാന്‍, മുള്ളന്‍പന്നി, തുരപ്പന്‍, മലയണ്ണാന്‍ എന്നീ മൃഗങ്ങളും വിവിധയിനത്തിലുള്ള പക്ഷികളും ധാരാളമായുണ്ട്‌.

ജനങ്ങള്‍

2011-ലെ സെന്‍സസ്‌ അനുസരിച്ച്‌ 32,79,860 പേരിൽ 16,17,602 പുരുഷന്മാരും 16,62,258 സ്‌ത്രീകളുമാണ്‌ (സ്‌ത്രീ പുരുഷാനുപാതം 1000-1028) പറവൂർ താലൂക്കിലൊഴികെ മറ്റെല്ലാ താലൂക്കുകളിലും സ്‌ത്രീകളെക്കാള്‍ പുരുഷന്മാരാണ്‌ കൂടുതൽ. 2001-11-ലെ ജനസംഖ്യാവർധനവ്‌ 5.6 ശതമാനമാണ്‌. ജില്ലയിലെ ഏഴു താലൂക്കുകളിൽ ഏറ്റവും കൂടുതൽ ജനസംഖ്യ കണയന്നൂർ താലൂക്കിലാണ്‌ 7,90,212 (2001). ഏറ്റവും കുറവ്‌ കോതമംഗലത്തും 2,25,551 (2001). ജനസംഖ്യയുടെ 68.7 ശതമാനം പട്ടണപ്രദേശങ്ങളിലാണ്‌ വസിക്കുന്നത്‌. മലപ്പുറം, തിരുവനന്തപുരം ജില്ലകള്‍ കഴിഞ്ഞാൽ ഏറ്റവും കൂടിയ ജനസാന്ദ്രത എറണാകുളം ജില്ലയിലാണ്‌. വിശേഷിച്ച്‌ കൊച്ചി താലൂക്കിൽ; ഏറ്റവും കുറവ്‌ കുന്നത്തുനാട്‌ താലൂക്കിലാണ്‌. മലനാടിനെയും ഇടനാടിനെയും അപേക്ഷിച്ച്‌ ജനസാന്ദ്രത തീരപ്രദേശത്താണ്‌ അധികം. നഗരങ്ങളിൽ വച്ച്‌ ഏറ്റവും ഉയർന്ന ജനസാന്ദ്രത രേഖപ്പെടുത്തുന്നത്‌ കൊച്ചിയാണ്‌. ആലുവ, പറവൂർ എന്നീ പട്ടണങ്ങള്‍ തൊട്ടുപിന്നിൽ നില്‌ക്കുന്നു. ഏറ്റവും കുറഞ്ഞ ജനസാന്ദ്രത കാണുന്നത്‌ കോതമംഗലം പട്ടണത്തിലാണ്‌.

ജനസംഖ്യയിൽ 14,44,994 ഹിന്ദുക്കളും 12,04,471 ക്രിസ്‌ത്യാനികളും 4,51,764 മുസ്‌ലിങ്ങളും ആണ്‌. മറ്റു സമുദായക്കാർ തുലോം കുറവാണ്‌. 2001-ലെ സെന്‍സസ്‌ അനുസരിച്ച്‌ 2,63,518 പട്ടികജാതിക്കാരും (8.48 ശ.മാ.) 1,046 (0.32 ശ.മാ.) പട്ടികവർഗക്കാരുമാണ്‌. പട്ടികജാതിക്കാരിൽ അയ്യനവർ, ഭരതർ, ബോയന്‍, പറയർ, ചക്കിലിയർ, കാക്കാലന്‍, കണക്കന്‍, കാവര, കുറവർ, മണ്ണാന്‍, നായാടി, പടന്നന്‍, പല്ലന്‍, വള്ളുവന്‍, പാണർ, പരവർ, പതിയർ, പെരുവണ്ണാന്‍, പുലയർ, തണ്ടാന്‍ ഉള്ളാടർ എന്നിവരാണുള്ളത്‌. ഇവരിൽ എണ്ണത്തിൽ കൂടുതൽ പുലയർ (1,99,732), പറയർ (19,233), ഉള്ളാടർ (4006), വേലന്‍ (14,545) എന്നീ വിഭാഗങ്ങളിൽപ്പെട്ടവരാണ്‌. പട്ടികജാതിക്കാർ കൂടുതൽ താമസിക്കുന്നത്‌ കണയന്നൂർ താലൂക്കിലും കുറവ്‌ കോതമംഗലം താലൂക്കിലുമാണ്‌. മലയരയർ, ഉള്ളാടർ എന്നിവരാണ്‌ പട്ടികവർഗത്തിലെ പ്രധാനവിഭാഗങ്ങള്‍. മലമ്പുലയർ, കാടർ, കാണിക്കാർ, മലമ്പണ്ടാരം, മലവേടന്‍, മലക്കുറവർ, മലയന്‍, മന്നാന്‍, മുതുവന്‍, പല്ലേയന്‍, ഊരാളി എന്നീ സമുദായങ്ങളിൽപ്പെട്ടവരും ഈ ജില്ലയിലുണ്ട്‌. പട്ടികവർഗത്തിൽപ്പെട്ടവർ ഏറ്റവും കൂടുതൽ കൊച്ചിതാലൂക്കിലും ഏറ്റവും കുറവ്‌ കോതമംഗലം താലൂക്കിലുമാണ്‌. ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി 42 കോളനികള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ലക്ഷംവീട്‌ പദ്ധതി അനുസരിച്ച്‌ നിർമിച്ച വീടുകള്‍ ഇതിൽ ഉള്‍പ്പെടുന്നില്ല.

വ്യത്യസ്‌ത മതാനുയായികളുടെ നിരവധി ദേവാലയങ്ങള്‍ ഈ ജില്ലയിലുണ്ട്‌. വൈഷ്‌ണവ ക്ഷേത്രങ്ങളുടെ കൂട്ടത്തിൽ. തൃപ്പൂണിത്തുറയിലെ ശ്രീ പൂർണത്രയീശക്ഷേത്രം, രവിപുരം ശ്രീകൃഷ്‌ണക്ഷേത്രം, തൃക്കാക്കര വാമനക്ഷേത്രം, ചേന്ദമംഗലത്തെ കോട്ടക്കോവിലകം ക്ഷേത്രം, മട്ടാഞ്ചേരിയിലെ വെങ്കിടാചലപതി ക്ഷേത്രം, വെള്ളാരപ്പള്ളി ശ്രീകൃഷ്‌ണക്ഷേത്രം, കണ്ണന്‍ കുളങ്ങര ശ്രീകൃഷ്‌ണക്ഷേത്രം എന്നിവ എടുത്തുപറയേണ്ടവയാണ്‌. ശിവക്ഷേത്രങ്ങളിൽ പ്രധാനമായത്‌ എറണാകുളം, ആലുവ, തിരുവാളൂർ, ഉളിയന്നൂർ, ഉദയംപേരൂർ, പാഴൂർ, തൃക്കാരിയൂർ, തിരുമാറാടി, ചേന്ദമംഗലം എന്നിവിടങ്ങളിലുള്ളവയാണ്‌. ചോറ്റാനിക്കര, വെള്ളാരപ്പിള്ളി, ഓണക്കൂർ, മട്ടാഞ്ചേരി, നായരമ്പലം, പുത്തന്‍കാവ്‌ എന്നീ സ്ഥലങ്ങളിലെ ദേവീക്ഷേത്രങ്ങളും, ഇളങ്കുന്നപ്പുഴ, വൈറ്റില, പൊന്നുരുത്തി എന്നിവിടങ്ങളിലെ സുബ്രഹ്മണ്യക്ഷേത്രങ്ങളും പെരുമ്പാവൂർ, അമ്പലമുകള്‍ എന്നിവിടങ്ങളിലെ ശാസ്‌താക്ഷേത്രങ്ങളും എറണാകുളത്തെ ഹനുമാന്‍ ക്ഷേത്രവും പറവൂരിലെ മൂകാംബിക ക്ഷേത്രവും മൂഴിക്കുളത്തെ ലക്ഷ്‌മണ പ്രതിഷ്‌ഠയും കുന്നത്താലി, ചാക്കന്‍കുളങ്ങര ക്ഷേത്രങ്ങളിലെ നവഗ്രഹപ്രതിഷ്‌ഠകളും പ്രത്യേക പ്രാധാന്യമർഹിക്കുന്നു.

ജില്ലയിലെ ഏക ജൈനക്ഷേത്രം പെരുമ്പാവൂരിനടുത്തുള്ള കല്ലിൽ സ്ഥിതിചെയ്യുന്നു. ഇതൊരു ഗുഹാക്ഷേത്രമാണ്‌. നോ. കല്ലിൽ മലയാറ്റൂർ (കിരിശുമുടി), ഞാറയ്‌ക്കൽ, ചേന്ദമംഗലം, ഉദയംപേരൂർ, വല്ലാർപാടം, കാഞ്ഞൂർ, കോതമംഗലം, മുളന്തുരുത്തി, കോലഞ്ചേരി, കൊച്ചി എന്നിവിടങ്ങളിലെ ക്രസ്‌തവപ്പള്ളികള്‍ വളരെയധികം ആരാധകരെ ആകർഷിച്ചുവരുന്നു.

മട്ടാഞ്ചേരിയിലെ ജൂതപ്പള്ളിയും കാഞ്ഞിരമിറ്റം, കരിക്കോട്‌ എന്നിവിടങ്ങളിലെ മുസ്‌ലിം പള്ളികളും പ്രധാന ആരാധനാകേന്ദ്രങ്ങളാണ്‌.

സമ്പദ്‌ഘടന

വ്യാവസായികമായി വികസ്വരമായ ഒരു ജില്ലയാണെങ്കിലും കാർഷികവൃത്തിയിൽ കഴിയുന്നവർ ഒട്ടും കുറവല്ല. പെരിയാർ, ചാലക്കുടി നദീതടപദ്ധതികള്‍ ഈ ജില്ലയുടെ കാർഷികവികസനത്തെ സഹായിക്കുന്നു. നെല്ല്‌, കരിമ്പ്‌, ഇഞ്ചി, കുരുമുളക്‌, മഞ്ഞള്‍, അടയ്‌ക്ക, വാഴ, കശുവണ്ടി, നാളികേരം, മരിച്ചീനി എന്നിവയാണ്‌ പ്രധാന കാർഷികവിളകള്‍. കായൽത്തീരങ്ങളിൽ ബണ്ടുകള്‍ നിലനിർത്തിയും ഉപ്പുവെള്ളം വറ്റിച്ചും കൃഷിചെയ്യുന്നുണ്ട്‌. ഇത്‌ പൊക്കാളികൃഷി എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ചേറ്‌, കുറക, ചോറ്റുപൊക്കാലി, ചെട്ടിവിരിപ്പ്‌, ആര്യന്‍, കുതിരവാലി, തവളക്കണ്ണന്‍, ഓണവാട്ടന്‍, ചീര, ഇട്ടിക്കണ്ടലന്‍, ചിറ്റേനി, അധികാരി, ചമ്പാവ്‌ എന്നീയിനങ്ങളിലെ നെൽവിത്തുകളാണ്‌ സാധാരണയായി ഉപയോഗിക്കുന്നത്‌. ജാതി, സർപ്പഗന്ധി എന്നിവയും ധാരാളമായി കൃഷി ചെയ്‌തു വരുന്നു.

വനസമ്പത്ത്‌

തേക്ക്‌, ഈട്ടി, കരിന്താളി, കാഞ്ഞിരം, ചന്ദനം, ആഞ്ഞിലി, വേങ്ങ, മുള, ചൂരൽ, കടുക്ക, താന്നിക്ക, നെല്ലിക്ക, ആനക്കൊമ്പ്‌, തേന്‍, അരക്ക്‌ മുതലായവയാണ്‌ പ്രധാനപ്പെട്ട വനവിഭവങ്ങള്‍. കടലാസ്‌, തീപ്പെട്ടി, പ്ലൈവുഡ്‌ തുടങ്ങിയ വ്യവസായങ്ങള്‍ക്ക്‌ ആവശ്യമായ ഈറ, മുള, യൂക്കാലിപ്‌റ്റ്‌സ്‌, പാഴ്‌മരങ്ങള്‍ എന്നിവ മലയാറ്റൂർ വനങ്ങളിൽനിന്ന്‌ ധാരാളമായി ലഭ്യമാണ്‌.

വ്യവസായങ്ങള്‍

കേരളത്തിലെ പ്രധാന വന്‍കിടവ്യവസായങ്ങള്‍ മിക്കതും ഈ ജില്ലയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. എറണാകുളം മുതൽ അങ്കമാലിവരെ, നാഷണൽ ഹൈവേയുടെ ഇരുപാർശ്വങ്ങളിലും പുതിയ പുതിയ വ്യവസായങ്ങള്‍ വളർന്നുകൊണ്ടിരിക്കുകയാണ്‌. വന്‍കിടവ്യവസായങ്ങളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ടവ കൊച്ചി കപ്പൽനിർമാണകേന്ദ്രം, കൊച്ചി എണ്ണ ശുദ്ധീകരണശാല, ബ്രഹ്മപുരം ഡീസൽപ്ലാന്റ്‌, നാപ്‌താപ്ലാന്റ്‌, ഹിന്ദുസ്ഥാന്‍ യന്ത്രാപകരണശാല, ഏലൂരിലെ വളനിർമാണശാല (എഫ്‌.എ.സി.ടി.), ട്രാവന്‍കൂർ കൊച്ചിന്‍ കെമിക്കൽസ്‌, ട്രാന്‍സ്‌ഫോർമേഴ്‌സ്‌ ആന്‍ഡ്‌ ഇലക്‌ട്രിക്കൽസ്‌, ഇന്ത്യന്‍ അലുമിനിയം കമ്പനി, ഇന്ത്യന്‍ റെയർ എർത്‌സ്‌, പ്രീമിയർ ടയേഴ്‌സ്‌, ട്രാവന്‍കൂർ റയോണ്‍സ്‌, ചക്കോള സ്‌പിന്നിങ്‌ ആന്‍ഡ്‌ വീവിങ്‌ മിൽസ്‌, ടാറ്റാ ഓയിൽമിൽസ്‌, ടാറ്റാ ഫീസണ്‍, ട്രാക്കോ കേബിള്‍സ്‌, ട്രാവന്‍കൂർ ഒഗേൽ ഗ്ലാസ്‌ കമ്പനി, ചാലക്കുടി പോട്ടറീസ്‌, ഫോറസ്റ്റ്‌ ഇന്‍ഡസ്‌ട്രീസ്‌, ശ്രീചിത്രാ മിൽസ്‌, ഹിന്ദുസ്ഥാന്‍ ഇന്‍സെക്‌റ്റിസൈഡ്‌സ്‌ എന്നിവയാണ്‌. സമീപകാലത്ത്‌ ഇന്‍ഫർമേഷന്‍ ടെക്‌നോളജി മേഖലയിൽ പ്രവർത്തനമാരംഭിച്ച ഇന്‍ഫോപാർക്കിൽ അനേകം ദേശീയ-ദേശാന്തരീയകമ്പനികള്‍ പ്രവർത്തിക്കുന്നു. സ്‌മാർട്ട്‌സിറ്റി എന്നപേരിൽ പുതിയൊരു സംരംഭവും ഇവിടെ ആരംഭിച്ചിട്ടുണ്ട്‌. ആയിരക്കണക്കിന്‌ കംപ്യൂട്ടർ വിദഗ്‌ധർ ഇവിടെ സേവനമനുഷ്‌ഠിക്കുന്നു. എറണാകുളം ജില്ലയുടെ വികസനപാതയിൽ ഒരു നാഴികക്കല്ലാണ്‌ ഈ വ്യവസായസംരംഭങ്ങള്‍.

എറണാകുളം ജില്ലയിൽ 2,93,037 ചെറുകിട വ്യവസായ യൂണിറ്റുകള്‍ ഉണ്ട്‌. അങ്കമാലി, പള്ളുരുത്തി, വാഴക്കുളം എന്നിവിടങ്ങളിലെ വ്യവസായ എസ്റ്റേറ്റുകള്‍ ചെറുകിട വ്യവസായങ്ങളെ പരിപോഷിപ്പിക്കുന്നു. അശോകാ ടിന്‍ ഫാക്‌ടറി (എറണാകുളം), ആലുവ തീപ്പെട്ടിക്കമ്പനി, ഇന്‍ഡോ മറൈന്‍ ഏജന്‍സീസ്‌ (കൊച്ചി), ഇന്ത്യന്‍ ട്രാന്‍സ്‌ഫോർമേഴ്‌സ്‌ (ആലുവ), കേരള ഫുഡ്‌ പാക്കേഴ്‌സ്‌ (കൊച്ചി), കൊച്ചിന്‍ ഹാർബർ വർക്ക്‌ഷോപ്‌സ്‌ (പിറവം) എന്നിവയാണ്‌ ഇതിൽ പ്രധാനം. മോഡേണ്‍ ബേക്കറിയുടെ ഇടപ്പള്ളിയിലെ ഉത്‌പാദനകേന്ദ്രം പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്‌. വളരെയധികം ഓടുക്കമ്പനികള്‍ ഈ ജില്ലയിലുണ്ട്‌. കയർ വ്യവസായം തീരപ്രദേശങ്ങളിൽ ധാരാളം തൊഴിൽ സാധ്യതയുണ്ടാക്കിയിട്ടുണ്ട്‌. ചേന്ദമംഗലം, പറവൂർ, തൃപ്പൂണിത്തുറ, മുളന്തുരുത്തി, വരാപ്പുഴ എന്നിവിടങ്ങളിലെ കൈത്തറി വ്യവസായകേന്ദ്രങ്ങള്‍ പ്രത്യേകപ്രാധാന്യം അർഹിക്കുന്നു. എറണാകുളം, പള്ളുരുത്തി, പിറവം, ആലുവ, പെരുമ്പാവൂർ എന്നിവിടങ്ങളിലെ തടിഅറുപ്പു കേന്ദ്രങ്ങള്‍ എടുത്തുപറയേണ്ടവയാണ്‌. ഇതിനുപുറമേ വൈവിധ്യമുള്ള കരകൗശല കേന്ദ്രങ്ങള്‍ ധാരാളമുണ്ട്‌. കയർബോർഡിന്റെയും സുഗന്ധദ്രവ്യ ബോർഡിന്റെയും ആസ്ഥാനം ജില്ലാതലസ്ഥാനത്താണ്‌.

മത്സ്യബന്ധനം

മത്സ്യബന്ധനത്തിന്‌ പണ്ടുമുതല്‌ക്കേ ഈ ജില്ല പ്രസിദ്ധമാണ്‌. നീണ്ട കടലോരവും കായൽപ്പരപ്പും വിവിധതരം മത്സ്യങ്ങളാൽ സമ്പന്നമാണ്‌. ചെല്ലാനം, ഫോർട്ട്‌ കൊച്ചി, കണ്ണമാലി, മരുവക്കാട്‌, മാലിപ്പുറം, ഞാറയ്‌ക്കൽ, നായരമ്പലം, പള്ളിപ്പുറം, മുനമ്പം എന്നിവയാണ്‌ പ്രമുഖ മത്സ്യബന്ധനകേന്ദ്രങ്ങള്‍. വള്ളം, കട്ടമരം എന്നിവ ഉപയോഗിച്ചുള്ള പരമ്പരാഗത രീതിക്കു പുറമേ മോട്ടോർ ബോട്ടുകളും ഈ രംഗത്ത്‌ സാധാരണയായിക്കഴിഞ്ഞിട്ടുണ്ട്‌.

കണ്ണമാലി, ചെല്ലാനം, മാലിപ്പുറം, നായരമ്പലം, ഞാറയ്‌ക്കൽ എന്നീ കേന്ദ്രങ്ങളിൽ മത്സ്യസംസ്‌കരണസൗകര്യങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്‌. മാലിപ്പുറവും ഞാറയ്‌ക്കലും മത്സ്യം വളർത്തൽ കേന്ദ്രങ്ങളെന്ന നിലയിലും പ്രസിദ്ധങ്ങളാണ്‌.

ഗതാഗതം

മറ്റു ജില്ലകളെ അപേക്ഷിച്ച്‌ മെച്ചപ്പെട്ട ഗതാഗതസൗകര്യങ്ങള്‍ ഈ ജില്ലയ്‌ക്കുണ്ട്‌. കൂത്താട്ടുകുളം, മൂവാറ്റുപുഴ, പെരമ്പാവൂർ, കാലടി വഴി അങ്കമാലിവരെ എത്തുന്ന എം.സി. റോഡ്‌ 1877-78-ലാണ്‌ പൂർത്തിയായത്‌. ഇടക്കൊച്ചി-എറണാകുളം-കറുകുറ്റി റോഡ്‌ നാഷണൽ ഹൈവേ 47-ന്റെ ഭാഗമാണ്‌. ഇതിനുപുറമേ പെരുമ്പാവൂർ-ആലുവ-വൈപ്പിന്‍-പള്ളിപ്പുറം, ആലുവ, പറവൂർ, എറണാകുളം-വൈക്കം, ഇടപ്പള്ളി-ചേർത്തല ബൈപ്പാസ്‌ എന്നീ റോഡുകളും പ്രത്യേകം പ്രാധാന്യം അർഹിക്കുന്നു. അരൂർ, മംഗലപ്പുഴ, ചേരാനല്ലൂർ, ചുണ്ടന്‍ തുരുത്ത്‌, പനംകുറ്റി, പരമ്പായം ചെറായ്‌, കാലടി, കുഴിക്കണ്ടം എന്നിവയാണ്‌ പ്രധാനപാലങ്ങള്‍. ബോള്‍ഗാട്ടി, വല്ലാർപാടം, വൈപ്പിന്‍ ദ്വീപുകളെ റോഡുമാർഗം ബന്ധിപ്പിക്കുന്ന ഗോശ്രീപാലം എടുത്തുപറയേണ്ട ഒന്നാണ്‌. കേരള ഗവണ്‍മെന്റിന്റെ ഗോശ്രീ ഐലന്റ്‌അതോറിറ്റിയാണ്‌ പാലം നിർമിച്ചിരിക്കുന്നത്‌. ഇതിന്റെ ഒന്നാംഘട്ടമായ എറണാകുളം ബോള്‍ഗാട്ടി പാലം 2003 ഡിസംബറിലും രണ്ടാംഘട്ടമായ ബോർഗാട്ടി വല്ലാർപാടം പാലം 2004 ഫെബ്രുവരിയിലും അവസാനഘട്ടം 2004 മാർച്ചിലും പൂർത്തിയാക്കി. മൂന്ന്‌ ദ്വീപുകളെ ബന്ധിപ്പിക്കുന്ന പാലം എന്ന പ്രത്യേകത ഇതിനുണ്ട്‌.

1898-1902 കാലഘട്ടത്തിൽ നിർമിച്ച ഷൊർണൂർ-എറണാകുളം മീറ്റർഗേജ്‌ തീവണ്ടിപ്പാത ജില്ലയിലെ വ്യവസായ വികസനത്തിനു വളരെ സഹായകമായിരുന്നു. 1940-ൽ ഈ പാത കൊച്ചി തുറമുഖം വരെ നീട്ടി. കോട്ടയം വഴി കൊല്ലത്തേക്കും തുടർന്ന്‌ തിരുവനന്തപുരത്തേക്കും ഉണ്ടായിരുന്ന മീറ്റർഗേജ്‌ പാത ഇപ്പോള്‍ ബ്രാഡ്‌ഗേജാക്കി മാറ്റിയിട്ടുണ്ട്‌. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള തീവണ്ടികള്‍ ഈ ജില്ലയിലൂടെ എറണാകുളം സ്‌പർശിച്ച്‌ കടന്നുപോകന്നു. 15 പ്രധാന റയിൽവേ സ്റ്റേഷനുകള്‍ ഈ ജില്ലയിലുണ്ട്‌. ഡൽഹി, ബോംബെ, കൊൽക്കത്ത എന്നിവിടങ്ങളിൽ ഉള്ളതുപോലെ ആധുനികരീതിയിലുള്ള മെട്രാ തീവണ്ടിപ്പാതയുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്‌.

"അറബിക്കടലിന്റെ റാണി' എന്നറിയപ്പെടുന്ന കൊച്ചിതുറമുഖം ഈ ജില്ലയുടെ വ്യവസായവികസനത്തിൽ നിർണായകമായ പങ്കു നിർവഹിക്കുന്നു. ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്നാണിത്‌. ഇന്ത്യയിലെതന്നെ ആദ്യത്തെ കണ്ടെയ്‌നർ ട്രാന്‍സ്‌ഷിപ്‌മെന്റ്‌ ടെർമിനലാണ്‌ 3200 കോടി രൂപ നിർമാണച്ചെലവുള്ള വല്ലാർപാടം അന്താരാഷ്‌ട്ര കണ്ടെയ്‌നർ ട്രാന്‍സ്‌ഷിപ്‌മെന്റ്‌ ടെർമിനൽ. വല്ലാർപാടത്തോടു ചേർന്നുളള രാമന്‍തുരുത്ത്‌, ഡയമണ്ട്‌കട്ട്‌ തുടങ്ങിയ പല ദ്വീപുകളും ചേർത്ത്‌ 115 ഹെക്‌ടർ സ്ഥലത്താണ്‌ ടെർമിനലിന്റെ വികസനം. 49 ഹെക്‌ടറിലാണ്‌ ടെർമിനലിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയത്‌. ആദ്യഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി ഇതിനുണ്ട്‌. 605 മീ. നീളമുള്ള വാർഫ്‌ ആണ്‌ ഇതിന്‌ ഉപയോഗിച്ചിരിക്കുന്നത്‌. 8.86 കി.മീ. ആണ്‌ ടെർമിനൽ പ്രദേശത്തുള്ള റെയിൽപ്പാതയുടെ നീളം. ഇതിൽ 4.62 കിലോമീറ്ററും വേമ്പനാട്‌ കായലിലാണ്‌ എന്നതാണ്‌ സവിശേഷത.

നാവികത്താവളത്തിന്റെ അധികാര പരിധിയിൽ സ്ഥിതിചെയ്യുന്ന കൊച്ചി വിമാനത്താവളത്തിനു പുറമേ നെടുമ്പാശ്ശേരിയിൽ ഒരു അന്താരാഷ്‌ട്രവിമാനത്താവളവുമുണ്ട്‌. ഇവിടെനിന്ന്‌ ഇന്ത്യയിലെ എല്ലാ പ്രമുഖ കേന്ദ്രങ്ങളിലേക്കും അമേരിക്ക, കാനഡ ഉള്‍പ്പെടെ പ്രധാനപ്പെട്ട എല്ലാ വിദേശരാജ്യങ്ങളിലേക്കും വിമാനസർവീസുകള്‍ ഉണ്ട്‌.

ഇതിനെല്ലാം പുറമേ എറണാകുളം ജലഗതാഗതത്തിന്റെ സിരാകേന്ദ്രമാണ്‌. ആലപ്പുഴ, കോട്ടയം, വേമ്പനാട്‌ കായലിന്റെ പ്രധാനതീരപ്രദേശങ്ങള്‍ എന്നിവയുമായി ബോട്ട്‌ മാർഗമുള്ള യാത്ര ചെലവ്‌ ചുരുങ്ങിയതും വിനോദകരവുമാണ്‌.

ടൂറിസം

വളരെയേറെ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധികേന്ദ്രങ്ങള്‍ ഈ ജില്ലയിലുണ്ട്‌. ആലുവയിൽ നിന്ന്‌ 12 കി.മീ. ദൂരെ പെരിയാർ (പൂർണ) നദീതീരത്ത്‌ സ്ഥിതിചെയ്യുന്ന ആദിശങ്കരന്റെ ജന്മദേശമായ കാലടി അന്താരാഷ്‌ട്ര പ്രശസ്‌തിയുള്ള ഒരു സ്ഥലമാണ്‌. ശാരദാദേവിയുടെയും ദക്ഷിണാമൂർത്തിയുടെയും ക്ഷേത്രങ്ങള്‍ക്കു പുറമേ 1936-ൽ സ്ഥാപിതമായ ശ്രീരാമകൃഷ്‌ണാശ്രമവും 1978-ൽ സ്ഥാപിച്ച ശ്രീശങ്കരസ്‌തൂപവും ഈ സ്ഥലത്തേക്ക്‌ നിരവധി ആരാധകരെ ആകർഷിക്കുന്നുണ്ട്‌. നോ. കാലടി

ശ്രീനാരായണഗുരു ആലുവയിൽ സ്ഥാപിച്ചിരിക്കുന്ന അദ്വൈതാശ്രമം മതപഠിതാക്കളെയും ടൂറിസ്റ്റുകളെയും വളരെ ആകർഷിക്കുന്നു. "ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്ന സൂക്തം അദ്ദേഹം ലോകത്തിനു നല്‌കിയത്‌ ഇവിടെവച്ചായിരുന്നു.

ആലുവയിൽനിന്ന്‌ 28 കി.മീ. അകലെയുളള മലയാറ്റൂർ, തോമാശ്ലീഹയുടെ പാദമുദ്രകളാൽ ധന്യമെന്ന്‌ വിശ്വസിക്കപ്പെടുന്നു. അവിടത്തെ പള്ളിയും കുരിശുമുടിയുടെ സാനുക്കളിൽക്കൂടി ഒഴുകുന്ന പെരിയാറും അതിനുപരി പ്രകൃതിഭംഗിനിറഞ്ഞ സഹ്യാദ്രിയും സന്ദർശകരെയും മതവിശ്വാസികളെയും ആകർഷിക്കുന്നു.

കൊച്ചീപ്പട്ടണത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ബോള്‍ഗാട്ടിദ്വീപ്‌ മറ്റൊരു വിനോദസഞ്ചാരകേന്ദ്രമാണ്‌. അറബിക്കടലിലെ സൂര്യാസ്‌തമയവും കായലിലെ ബോട്ടുയാത്രയും സഞ്ചാരികളെ ഹഠാദാകർഷിക്കുന്നു. ഡച്ച്‌പാലസ്‌, ഹിൽപാലസ്‌, പരീഷത്ത്‌ തമ്പുരാന്‍ മ്യൂസിയം, ഹിസ്റ്റോറിക്കൽ മ്യൂസിയം, ചിൽഡ്രന്‍സ്‌ പാർക്ക്‌, വെല്ലിങ്‌ടണ്‍ ഐലന്റ്‌, മറൈന്‍ഡ്രവ്‌, പള്ളിപ്പുറം ഫോർട്ട്‌, സാന്താക്രൂസ്‌ ബസലിക്ക, സെന്റ്‌ ഫ്രാന്‍സിസ്‌ ചർച്ച്‌, ചീനവല മുതലായവ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന മറ്റുകേന്ദ്രങ്ങളാണ്‌.

ചരിത്രം

എറണാകുളം നഗരത്തെ ആസ്‌പദമാക്കി രൂപവത്‌കരിച്ച ഈ ജില്ലയ്‌ക്ക്‌ ഈ പേര്‌ ലഭിച്ചതിനെക്കുറിച്ച്‌ പല ഐതിഹ്യങ്ങള്‍ നിലവിലുണ്ടെങ്കിലും വളരെ പ്രചാരം നേടിയിട്ടുള്ള ഒരു കഥ ഇതാണ്‌. പണ്ട്‌ കുളുമുനിയുടെ മുഖ്യശിഷ്യനായിരുന്ന ദേവാലന്‍, ഗുരുശാപം നിമിത്തം സർപ്പ-മനുഷ്യനായിത്തീരുകയും അയാളുടെ പത്തിവളർന്നു വരികയും ചെയ്‌തു. "നാഗർഷി' എന്നു പിന്നീട്‌ വിളിക്കപ്പെട്ട അയാള്‍ ശിവനെ തപസ്സുചെയ്‌ത്‌ മോക്ഷം സമ്പാദിച്ചു. തപസ്സനുഷ്‌ഠിച്ച സ്ഥലത്തുള്ള കുളം "ഋഷിനാഗക്കുളം' എന്നും അതിനുചുറ്റുമായി വളർന്നുവന്ന സ്ഥലം പിന്നീട്‌ ആ പേരിൽത്തന്നെയും അറിയപ്പെടാന്‍ തുടങ്ങി എന്നുമാണ്‌ കഥ. എന്നാൽ ഉച്ചാരണശാസ്‌ത്രമനുസരിച്ച്‌ അത്‌ ശരിയല്ലെന്നാണ്‌ പണ്ഡിതമതം. "ഇറെയ്‌നാർകലം' (ശിവന്റെ സ്ഥലം) എന്നതിൽ നിന്നായിരിക്കണം ഈ നാമം നിഷ്‌പന്നമായത്‌ എന്നും ചിലർ അഭ്യൂഹിക്കുന്നു. എറണാകുളം തിരുമല ദേവസ്വം ക്ഷേത്രത്തിൽനിന്ന്‌ കണ്ടുകിട്ടിയിട്ടുള്ള ചില ലോഹപ്പാത്രങ്ങളിലും ദീപസ്‌തംഭലിഖിതങ്ങളിലും "പഞ്ചബ്‌ജപുരം' എന്ന പേരിലാണ്‌ ഈ സ്ഥലത്തെ സൂചിപ്പിച്ചിട്ടുള്ളത്‌.

പ്രാചീനചരിത്രം

പോർച്ചുഗീസുകാരുടെ ആഗമനത്തിനു മുമ്പുള്ള ഈ ജില്ലയുടെ ചരിത്രത്തെക്കുറിച്ച്‌ അറിയാന്‍ പര്യാപ്‌തമായ ലിഖിതങ്ങളോ ആധികാരികസ്വഭാവമുള്ള സാഹിത്യകൃതികളോ ലഭ്യമല്ല.

എറണാകുളം ജില്ലയുടെ പ്രാചീനരാഷ്‌ട്രീയചരിത്രം സംഘകാലത്തെ ചേരരാജക്കന്മാരുടെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. വഞ്ചി അഥവാ കരൂർ കേന്ദ്രമാക്കി കേരളത്തിലെ ഭൂരിഭാഗം സ്ഥലങ്ങളും ഭരിച്ചിരുന്നവരായിരുന്നു ചേരന്മാർ. അന്ന്‌ തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളം പൂഴിനാട്‌, കുടനാട്‌, കുട്ടനാട്‌, വേണാട്‌ എന്നീ നാലു രാഷ്‌ട്രീയവിഭാഗങ്ങളായിട്ടായിരുന്നു വർത്തിച്ചിരുന്നത്‌. ഇതിൽ കുട്ടനാട്ടിലായിരുന്നു എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളും കൊല്ലം ജില്ലയിലെ ചില ഭാഗങ്ങളും ഉള്‍പ്പെട്ടിരുന്നത്‌. ഒന്നാം ചേരസാമ്രാജ്യത്തിന്റെ ആദ്യത്തെ യഥാർഥ തലസ്ഥാനനഗരിയായിരുന്ന വഞ്ചി (കരൂർ) ഈ ജില്ലയിലുള്ള തിരുവഞ്ചിക്കുളമോ തൃക്കാരിയൂരോ ആണെന്നാണ്‌ ചില പണ്ഡിതന്മാരുടെ അഭിപ്രായം. മഹോദയപുരം ആസ്ഥാനമാക്കി കേരളം ഭരിച്ച രണ്ടാം ചേരസാമ്രാജ്യം എ.ഡി. 12-ാം ശതകംവരെ നിലനിന്നു. അക്കാലത്ത്‌ എറണാകുളവും അതിലുള്‍പ്പെട്ടിരുന്നുവെന്ന്‌ മൂഴിക്കുളം, തൃക്കാക്കര, തൃപ്പൂണിത്തുറ, ഉദയംപേരൂർ എന്നിവിടങ്ങളിൽ നിന്നു കിട്ടിയ ലിഖിതങ്ങള്‍ വ്യക്തമാക്കുന്നു. രണ്ടാം ചേരസാമ്രാജ്യകാലത്ത്‌ (800-1102) എറണാകുളം ജില്ലയിൽപ്പെട്ട തൊടുപുഴയും മൂവാറ്റുപുഴയും കീഴ്‌മലൈനാടിന്റെ ഭാഗമായിരുന്നു. എന്നാൽ തൃക്കാക്കരയും അതിനടുത്ത പ്രദേശങ്ങളും കാൽക്കരൈ നാട്ടിൽ ഉള്‍പ്പെട്ടിരുന്നു. ഈ നാടുകള്‍ കുലശേഖര ചക്രവർത്തി നിയമിച്ചിരുന്ന നാടുവാഴികളായിരുന്നു ഭരിച്ചിരുന്നത്‌. മഹോദയപുരത്തിലെ ചേരചക്രവർത്തി കാൽക്കരൈ നാട്ടിൽ നിയമിച്ചിരുന്ന "യാക്കന്‍ കുന്റപ്പോളന്‍' കണ്ണന്‍ പുറൈയന്‍, പോളന്‍ രവി തുടങ്ങിയ നാടുവാഴികളെക്കുറിച്ച്‌ തൃക്കാക്കര ലിഖിതങ്ങള്‍ പരാമർശിക്കുന്നുണ്ട്‌. നാടുവാഴികളെ നിയന്ത്രിക്കുവാന്‍ ചക്രവർത്തിയുടെ പ്രതിപുരുഷനായി "കോയിലധികാരികളും' ജനകീയ സമിതികളായ മുന്നൂറ്റുവർ, അറുന്നൂറ്റുവർ (നോ. അറുന്നൂറ്റുവർ) എന്നിവരും ഉണ്ടായിരുന്നു. 9 മുതൽ 12 വരെ ശതകങ്ങളിലെ മഹോദയപുരത്തെ കുലശേഖര ചരിത്രവുമായി എറണാകുളത്തിന്റെ ചരിത്രം ബന്ധപ്പെട്ടു കിടക്കുന്നു. നോ. കുലശേഖരസാമ്രജ്യം

മധ്യകാലചരിത്രം

പെരുമ്പടപ്പുസ്വരൂപം

12-ാം ശ. മുതൽ എറണാകുളം ജില്ലയുടെ ചരിത്രത്തിന്‌ പെരുമ്പടപ്പുസ്വരൂപ(കൊച്ചി രാജ്യം)വുമായി അടുത്ത ബന്ധമുള്ളതായി കാണാം. പെരുമ്പടപ്പു മൂപ്പിലിന്റെ പഴയ ആസ്ഥാനം പഴയന്നൂരി (തലപ്പിള്ളി താലൂക്ക്‌)ലായിരുന്നുവെങ്കിലും പിന്നീട്‌ അത്‌ വന്നേരി (പൊന്നാനി താലൂക്ക്‌)യിലെ പെരുമ്പടപ്പു ഗ്രാമത്തിലേക്കു മാറ്റപ്പെട്ടു. മഹോദയപുരത്തുള്ള കൊട്ടാരത്തിലും ഇടയ്‌ക്കിടെ ഇദ്ദേഹം താമസിച്ചിരുന്നു. 15-ാം ശ. വരെ ഇവിടം ആസ്ഥാനമാക്കിയാണ്‌ ഈ സ്വരൂപക്കാർ ഭരണം നടത്തിയിരുന്നത്‌. പിന്നീട്‌ ആസ്ഥാനം കൊച്ചിയിലേക്കുമാറ്റി. ഇത്‌ 1405-ൽ ആയിരിക്കാമെന്ന്‌ കരുതുന്നു.

കൊച്ചിയും കോഴിക്കോടും തമ്മിലുള്ള സംഘർഷം

13-ഉം 14-ഉം ശതകങ്ങളിൽ അറബിവ്യാപാരികള്‍ ആളും അർഥവും നല്‌കി കോഴിക്കോട്‌ സാമൂതിരിയെ സഹായിച്ചതിനാൽ, സാമൂതിരിക്ക്‌ മറ്റു രാജ്യങ്ങളെ ആക്രമിക്കാനും ശക്തനാകാനും കഴിഞ്ഞു. സാമൂതിരിയുടെ വളർച്ച കൊച്ചിക്കു ഭീഷണിയായിത്തീർന്നു. 15-ാം ശതകത്തിന്റെ അന്ത്യത്തിൽ പെരമ്പടപ്പുസ്വരൂപത്തിലുണ്ടായ ആഭ്യന്തരക്കുഴപ്പം മുതലെടുക്കാന്‍ സാമൂതിരിക്കു കഴിഞ്ഞു. ഭരണം നടത്തിയിരുന്ന ഇളയ തായ്‌വഴിക്കെതിരായി സഹായാഭ്യർഥന നടത്തിയ മൂത്ത തായ്‌വഴിക്കാരെ സാമൂതിരി സഹായിച്ചു. ഇളയ തായ്‌വഴി രാജാവിനെ പരാജയപ്പെടുത്തി, മൂത്ത തായ്‌വഴിയെ അധികാരത്തിലേറ്റി. അതോടെ കൊച്ചിയുടെ മേലുള്ള കോഴിക്കോടിന്റെ സ്വാധീനത ദൃഢമായി. എറണാകുളവും പ്രാന്തപ്രദേശങ്ങളും കൈയടക്കി വാണിരുന്ന അഞ്ചിക്കൈമള്‍മാരും കൊച്ചീരാജാവിനെ ധിക്കരിച്ച്‌, സാമൂതിരിയുടെ ചൊല്‌പടിയിലായിരുന്നു. ഈ അപമാനകരമായ ചുറ്റുപാടിലായിരുന്നു പോർച്ചുഗീസ്‌ അഡ്‌മിറലായ കബ്രാള്‍ 1500 ഡി. 24-ന്‌ കൊച്ചിയിലെത്തിയത്‌. പോർച്ചുഗീസുകാരുമായി വാണിജ്യ-രാഷ്‌ട്രീയ ബന്ധങ്ങള്‍ സ്ഥാപിച്ചുകൊണ്ട്‌ സാമൂതിരിയിൽനിന്നും സ്വാതന്ത്യ്രം നേടുവാന്‍ കൊച്ചീരാജാവു തീരുമാനിച്ചു.

സാമൂതിരിയുടെ കൊച്ചി ആക്രമണം

പോർച്ചുഗീസുകാർ കൊച്ചിയിൽ ശക്തി പ്രാപിക്കുന്നതിൽ ആശങ്കാകുലനായ സാമൂതിരി ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. രാജാവിന്റെ സംരക്ഷണയിലുള്ള എല്ലാ പോർച്ചുഗീസ്‌ സ്ഥാപനങ്ങളും അടിയറവയ്‌ക്കാന്‍ 1503-ൽ സാമൂതിരി കൊച്ചീരാജാവിന്‌ അന്ത്യശാസനം നല്‌കി. ഈ ശാസനം കൊച്ചി തള്ളിക്കളഞ്ഞതിനെത്തുടർന്ന്‌ സാമൂതിരി വമ്പിച്ച ഒരു സേനയുമായി കൊച്ചിയിലേക്കു നീങ്ങി. കൊച്ചിയും കോഴിക്കോടും തമ്മിൽ 1503 മാ. 1-ന്‌ യുദ്ധം തുടങ്ങി. സംഘട്ടനത്തിൽ കൊച്ചിസൈന്യം പരാജയപ്പെട്ടു. രാജാവും ഏതാനും സഹായികളും വൈപ്പിന്‍ ദ്വീപിലെ ഇളങ്കുന്നപ്പുഴക്ഷേത്രത്തിൽ അഭയം പ്രാപിച്ചു. കാലവർഷത്തിന്റെ കാഠിന്യംമൂലം സാമൂതിരി നാട്ടിലേക്ക്‌ തിരിച്ചു; അതിനിടയ്‌ക്ക്‌ ഫ്രാന്‍സിസ്‌കൊ ആൽബുക്കർക്കിന്റെ നേതൃത്വത്തിലുള്ള ഒരു ചെറിയ സേന 1503 സെപ്‌. 2-ന്‌ കൊച്ചിയിലെത്തി. അവർ വൈപ്പിന്‍കരയിലെത്തി കൊച്ചിയുടെ സഹായത്തിനണിനിരന്നു. കൊച്ചി തിരിച്ചുപിടിച്ച പോർച്ചുഗീസ്‌ സൈന്യം ഇടപ്പിള്ളി തുടങ്ങിയ സ്ഥലങ്ങളും കീഴടക്കി. യുദ്ധത്തിൽ വിജയിച്ച പോർച്ചുഗീസുകാർ പല സൗജന്യങ്ങളും രാജാവിനെ നിർബന്ധിച്ച്‌ അനുവദിപ്പിച്ചു; ഒരു കോട്ട - മാനുവൽക്കോട്ട - നിർമിക്കാനുള്ള അനുവാദവും ഇക്കൂട്ടത്തിൽ നേടി. കോട്ടയുടെ ശിലാസ്ഥാപനം 1503 സെപ്‌. 27-ന്‌ നിർവഹിക്കപ്പെട്ടു. പോർച്ചുഗൽ രാജാവായ മാനുവലിന്റെ പേരിലാണ്‌ ഈ കോട്ട നിർമിക്കപ്പെട്ടത്‌. ഇതായിരുന്നു യൂറോപ്യന്മാർ ഇന്ത്യയിൽ ആദ്യമായി നിർമിച്ച കോട്ട. ആദ്യത്തെ പോർച്ചുഗീസ്‌ വൈസ്രായി അൽമേഡ (1505-09) 1505 നവംബറിൽ കൊച്ചിയിലെത്തി.

1509-ൽ അൽഫോന്‍സോ-ഡ ആൽബുക്കർക്ക്‌ വൈസ്രായിയായി കൊച്ചിയിലെത്തി. അധികം കഴിയുന്നതിന്‌ മുമ്പ്‌ കൊച്ചി സിംഹാസനത്തിനുവേണ്ടി, മൂത്ത തായ്‌വഴിയും ഇളയ തായ്‌വഴിയും തമ്മിൽ തർക്കമുണ്ടായി. പോർച്ചുഗീസ്‌ പക്ഷക്കാരനായിരുന്ന കൊച്ചീരാജാവ്‌ ഉണ്ണിരാമകോയിൽ ക, 1503-ൽ സ്ഥാനമൊഴിഞ്ഞു. തുടർന്ന്‌ ഭരിച്ചിരുന്ന ഇളയ തായ്‌വഴിയിലെ ഉണ്ണിരാമകോയിൽ കക, പാരമ്പര്യാചാരമനുസരിച്ച്‌, മൂത്ത തായ്‌വഴിക്കാർക്ക്‌ സ്ഥാനമൊഴിഞ്ഞ്‌ കൊടുക്കേണ്ടതായിരുന്നു. പക്ഷേ മൂത്ത തായ്‌വഴിക്കാർ സാമൂതിരിയുടെ പക്ഷക്കാരായിരുന്നതിനാൽ പോർച്ചുഗീസുകാർ അതനുവദിച്ചില്ല. തുടർന്ന്‌ സാമൂതിരി പക്ഷക്കാരനായ മൂത്ത തായ്‌വഴിയിലെ രാജകുമാരനും ആൽബുക്കർക്കും തമ്മിലുണ്ടായ സംഘട്ടനത്തിൽ, രാജകുമാരന്‍ പരാജയപ്പെട്ടു. അന്നുതൊട്ട്‌ 150 വർഷത്തോളം ഇളയ തായ്‌വഴിയിൽപ്പെട്ടവരായിരുന്നു കൊച്ചി ഭരിച്ചിരുന്നത്‌.

ആൽബുക്കർക്ക്‌ (1509-15) പോർച്ചുഗീസ്‌ നയത്തിൽ ചില മാറ്റങ്ങള്‍ വരുത്തി. കൊച്ചിയുടെ പ്രതീക്ഷയ്‌ക്കു വിരുദ്ധമായി ഇദ്ദേഹം കോഴിക്കോട്‌ സാമൂതിരിയുമായി ഒരു സന്ധിയിൽ (1513) ഒപ്പുവച്ചു. കൊച്ചി രാജാവ്‌ ശക്തമായി പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. ആൽബുക്കർക്കിനെ പിന്തുടർന്നുവന്ന പോർച്ചുഗീസ്‌ വൈസ്രായിമാരായ ലോപൊ സോറസ്‌ (Lopo Soares, 1515-18)ഡിസെക്വിറ (Duarte D'Menezes, 1522-24)ദുവാർത്തെ ഡിമെനെസസ്‌ (Duarte D'Menezes, 1522-24) എന്നിവർ ദുർബലരും സത്യനിഷ്‌ഠയില്ലാത്തവരുമായിരുന്നതിനാൽ പോർച്ചുഗീസ്‌ ഭരണത്തിന്റെ അന്തസ്സ്‌ ഇടിഞ്ഞു.

തൃപ്പൂണിത്തുറയ്‌ക്കടുത്തു ഉദയംപേരൂരിൽ 1599 ജൂണ്‍ 20-ന്‌ നടന്ന സൂനഹദോസ്‌ ചരിത്രപ്രസിദ്ധമാണ്‌. ആർച്ച്‌ഡീക്കന്‍ തോമസിന്റെ അഭ്യർഥന പ്രകാരം അന്ത്യോഖ്യയിലെ ജാക്കോബ്‌ പാത്രിയാർക്കീസ്‌ അയച്ച "അഹത്തുള്ള'യോട്‌ പോർച്ചുഗീസുകാർ കാണിച്ച ക്രൂരതയ്‌ക്കെതിരെ സിറിയന്‍ ക്രിസ്‌ത്യാനികള്‍ 1653-ൽ മട്ടാഞ്ചേരിയിൽ നടത്തിയ "കൂനന്‍ കുരിശുസത്യ'വും കേരളത്തിൽ ഇക്കാലത്തുനടന്ന ഒരു പ്രധാനചരിത്രസംഭവമാണ്‌ (നോ. കൂനന്‍കുരിശുസത്യം). പറങ്കിമാവ്‌, പുകയില എന്നിവയുടെ കൃഷി കൊച്ചിയിൽ ആരംഭിച്ചത്‌ പോർച്ചുഗീസുകാരായിരുന്നു.

ഡച്ചുകാർ കൊച്ചിയിൽ

കൊച്ചിയിലെ മൂത്ത തായ്‌വഴിയിലെ വീരകേരളവർമ, സിലോണിൽ വ്യാപാരം നടത്തിയിരുന്ന ഡച്ചുകാരോട്‌ പോർച്ചുഗീസ്‌ പക്ഷപാതിയും ഇളയതായ്‌വഴിക്കാരനുമായ രാജാവിനെതിരായിതന്നെ സഹായിക്കണമെന്ന്‌ അഭ്യർഥിച്ചു. വാന്‍ഡർ മെയ്‌ഡന്റെ നേതൃത്വത്തിലെത്തിയ ഡച്ച്‌ കപ്പൽപ്പടയെ സാമൂതിരി മൂത്ത തായ്‌വഴി രാജകുമാരന്‍, കൊടുങ്ങല്ലൂർ രാജാവ്‌ എന്നിവർ ചേർന്ന്‌ സ്വീകരിച്ചു. ഡച്ചുസൈന്യം പള്ളിപ്പുറംകോട്ട ആക്രമിച്ച്‌ സാമൂതിരിക്ക്‌ നല്‌കിയശേഷം കൊളംബിലേക്കു തിരിച്ചു. പാലിയത്ത്‌ അച്ചനുമായും ഡച്ചുകാർ ഒരു രഹസ്യക്കരാറുണ്ടാക്കി.

1662 ജനുവരിയിൽ ഡച്ചുകാർ വീണ്ടും മലബാർ തീരത്ത്‌ ശ്രദ്ധകേന്ദ്രീകരിച്ചു. കൊടുങ്ങല്ലൂർ കീഴടക്കിയ ഡച്ചുകാർ വൈപ്പിന്‍ ദ്വീപിലെത്തി. അവിടെ "ന്യൂ ഓറഞ്ച്‌' എന്ന പേരിൽ ഒരു കോട്ടകെട്ടി. പിന്നീട്‌ മട്ടാഞ്ചേരിയിൽ വച്ച്‌ കൊച്ചിയും ഡച്ചുകാരും തമ്മിൽ നടന്ന യുദ്ധത്തിൽ രാജാവ്‌ ചരമമടഞ്ഞു. 1663 ജനു. 6-ന്‌ കൊച്ചിക്കോട്ട കീഴടക്കിയ ഡച്ചുകാർ, കൊച്ചിയുടെമേൽ പൂർണനിയന്ത്രണം നേടി.

വീരകേരളവർമ

ചാഴൂർ തായ്‌വഴിയിൽ നിന്നും മൂത്ത തായ്‌വഴിയിലേക്ക്‌ ദത്തെടുക്കപ്പെട്ട വീരകേരളവർമയെ ഡച്ചുകാർ കൊച്ചീരാജാവാക്കി. 1663 മാ. 20-ന്‌ കൊച്ചീരാജാവും ഡച്ച്‌ ഈസ്റ്റ്‌ഇന്ത്യാക്കമ്പനിയും തമ്മിലുണ്ടാക്കിയ കരാറിന്‍പ്രകാരം, പണ്ട്‌ പോർഗീസുകാരുടേതായി ത്തീർന്ന എല്ലാ പ്രദേശങ്ങളുടെ മേലും ഡച്ചുകാർ അധീശത്വം നേടി. 1674 സെപ്‌. 2-ലെ കരാറോടെ ഡച്ചുകാരുടെ മേൽക്കോയ്‌മ കൊച്ചിയുടെ മേൽ പൂർണമായി. വീരകേരളവർമ 1687-ൽ തൃശൂരിൽ വച്ച്‌ നിര്യാതനായതോടെ അദ്ദേഹത്തിന്റെ സഹോദരനായ രാമവർമ (1687-93) രാജാവായി. ഇദ്ദേഹത്തോടുകൂടി മൂത്ത തായ്‌വഴി അന്യംനിന്നു. പക്ഷേ അടുത്ത രാജാവ്‌ ചാഴൂർ തായ്‌വഴിയിലേതായിരിക്കണമെന്ന്‌ 1681 മേയിൽ ചേന്ദമംഗലത്ത്‌ ചേർന്ന സമ്മേളനത്തിൽ ഡച്ചുകാർ വാദിച്ചു. ഡച്ചുകാരുടെ പാവകളെ വാഴിക്കുന്നതിൽ ജനങ്ങള്‍ എതിരായിരുന്നു. എന്നാൽ രാമവർമയുടെ മരണാനന്തരം ചാഴൂർ തായ്‌വഴിയിലെ പ്രഥമ ദത്താവകാശിയായ രവിവർമ (ഭ. കാ. 1693-97) രാജാവായി. അതിനുശേഷം രാമവർമ (ഭ.കാല. 1697-1701)യും തുടർന്ന്‌ മറ്റൊരു രാമവർമ (ഭ. കാ. 1701-21)യും അധികാരത്തിലെത്തി. രാജ്യത്തുടനീളം ആഭ്യന്തര കലാപങ്ങള്‍ ഉടലെടുത്തു. 1795-ൽ ബ്രിട്ടീഷ്‌ മേധാവിത്വം കൊച്ചിയിൽ ഉറയ്‌ക്കുന്നതുവരെ ആ രാജ്യം ഡച്ചുകാരുടെ അധീശത്വത്തിലും സ്വാധീനതയിലും അമർന്നിരുന്നു.

കൊച്ചിയിലെ മൈസൂർ മേധാവിത്വം

കൊച്ചിയിലെ മൈസൂർ മേധാവിത്വം. 18-ാം ശതകത്തിന്റെ ഉത്തരാർധത്തിലെ മൈസൂർ ആക്രമണം എറണാകുളം ജില്ലയെ സാരമായി ബാധിച്ചു. 1773-ൽ ഹൈദരലി കൊച്ചി കീഴടക്കി; ഒരു ലക്ഷം ഇക്കേരിപഗോഡ (നാല്‌ ലക്ഷത്തോളം രൂപ) സബ്‌സിഡിയായി കൊച്ചി മൈസൂറിന്‌ നല്‌കേണ്ടതായും വന്നു. 1776 സെപ്‌തംബറിൽ മൈസൂർ സൈന്യം സർദാർഖാന്റെ നേതൃത്വത്തിൽ പാലക്കാടുവഴി കൊച്ചിയിൽ പ്രവേശിക്കുകയും തൃശൂർ കൈവശപ്പെടുത്തുകയും ചെയ്‌തു. യുദ്ധം കൂടാതെതന്നെ കൊച്ചി മൈസൂറിന്‌ കീഴടങ്ങി. മൈസൂറിന്റെ കീഴിൽ ആ രാജ്യത്തിന്‌ ഒരു പ്രത്യേകപദവി നല്‌കപ്പെട്ടു.

1782 ഡിസംബറിൽ ഹൈദരലിയുടെ നിര്യാണത്തെത്തുടർന്ന്‌ മൈസൂർ സുൽത്താനായ ടിപ്പു പ്രാരംഭത്തിൽ കൊച്ചിയെ ശല്യപ്പെടുത്തിയിരുന്നില്ല. കാരണം കൊച്ചിയെ ഉപകരണമാക്കി തിരുവിതാംകൂർ ആക്രമിക്കുക എന്നതായിരുന്നു ടിപ്പുവിന്റെ പദ്ധതി. കൊച്ചിയെ ഉപകരണമാക്കിക്കൊണ്ട്‌ കാര്യങ്ങള്‍ നടക്കുകയില്ലെന്ന്‌ ബോധ്യമായതോടെ, ടിപ്പു തിരുവിതാംകൂറുമായി നേരിട്ട്‌ സംഘട്ടനത്തിനൊരുങ്ങി. 1789 ഡി. 29-ന്‌ ടിപ്പുവിന്റെ സൈന്യം തിരുവിതാംകൂർ ആക്രമിച്ചു; ആലുവവരെ എത്തി. കാലവർഷവും നൈസാം-മഹാരാഷ്‌ട്ര സൈന്യത്തിന്റെ ശ്രീരംഗപട്ടണം ആക്രമണഭീഷണിയുംനിമിത്തം ഉടനെ ടിപ്പുവിന്‌ തിരിച്ചുപോകേണ്ടിവന്നു.

ടിപ്പുസുൽത്താന്‍ തിരിച്ചുപോയ ഉടന്‍ കൊച്ചി മൈസൂറിൽനിന്ന്‌ മോചനം നേടി; തുടർന്ന്‌ ഈസ്റ്റിന്ത്യാക്കമ്പനിയുടെസംരക്ഷിതരാജ്യമായി (1791 ജനു. 6). കൊച്ചി അങ്ങനെ ബ്രിട്ടീഷ്‌ നിയന്ത്രണത്തിന്‍കീഴിലായി.

ആധുനികകാലം

ശക്തന്‍തമ്പുരാന്റെ (ഭ.കാ. 1790-1805) ഭരണാരംഭത്തോടെയാണ്‌ കൊച്ചിയുടെ ആധുനികചരിത്രം ആരംഭിക്കുന്നത്‌. ശക്തന്‍തമ്പുരാനുശേഷം കൊച്ചി ഭരിച്ച രാമവർമ (1805-09), കേരളവർമ (1809-28), രാമവർമ (1828-37) എന്നിവർ മതതത്ത്വചിന്താമേഖലകളിൽ അമിതമായ താത്‌പര്യം പ്രകടിപ്പിക്കുകയും ഭരണകാര്യങ്ങള്‍ മന്ത്രിമാർക്കായി വിട്ടുകൊടുക്കുകയും ചെയ്‌തു. പാലിയത്ത്‌അച്ചന്റെ ബ്രിട്ടീഷ്‌-വിരുദ്ധ കലാപം (1808-09) ഇക്കാലത്തായിരുന്നു.

പാലിയത്ത്‌അച്ചന്റെ പരാജയത്തോടെ കൊച്ചിയിൽ "സർവാധികാര്യക്കാർ' ആയിരുന്ന നടവരമ്പ്‌ കുഞ്ഞിക്കൃഷ്‌ണമേനോന്റെ ഭരണം രാജ്യത്തെ ദരിദ്രമാക്കി. 1812 ജൂണിൽ ബ്രിട്ടീഷ്‌ റസിഡന്റായിരുന്ന കേണൽ മണ്‍റോ കൊച്ചി ദിവാനായി ഭരണം ഏറ്റെടുത്തു. പിന്നീട്‌ കൊച്ചി ദിവാനായിരുന്ന നഞ്ചപ്പയ്യ (1818-25) സൃഷ്‌ടിച്ച "പുത്തന്‍' എന്ന പുതിയ നാണയം പി. രാജഗോപാലാചാരിയുടെ (1896-1901) കാലംവരെ നിലനിന്നു. ശേഷഗിരിറാവു (1825-30) എടമന ശങ്കരമേനോന്‍ (1830-35), വെങ്കടസുബ്ബയ്യ (1835-40), ശങ്കരവാരിയർ (1840-56), വെങ്കടറാവു (1956-60), ശങ്കുണ്ണിമേനോന്‍ (1860-79), ഗോവിന്ദമേനോന്‍ (1879-89), സി. തിരുവെങ്കടാചാര്യ (1889-92), വി. സുബ്രഹ്മണ്യപിള്ള (1892-96) തുടങ്ങി നിരവധി ദിവാന്മാർ കൊച്ചി ഭരിച്ചിരുന്നു. കൊച്ചിയിൽ അടിമത്തം നിരോധിച്ചതും എറണാകുളത്ത്‌ ഒരു ഇംഗ്ലീഷ്‌ സ്‌കൂള്‍, ആതുരാലയം എന്നിവ സ്ഥാപിച്ചതും ദിവാന്‍ ശങ്കരവാരിയരായിരുന്നു. അടുത്ത രാജാവായ രാജരാമവർമ (1895-1914)യുടെ കീഴിലും ഒട്ടേറെ പ്രഗല്‌ഭരായ ദിവാന്മാർ കൊച്ചി ഭരിച്ചിരുന്നു. പി. രാജഗോപാലാചാരി (1896-1901), എസ്‌. ലോക്ക്‌ (1901-02), എന്‍. പട്ടാഭിരാമറാവു (1902-07), എ.ആർ. ബാനർജി (1907-14), ജെ. ഡബ്ല്യൂ. ഭോർ (1914-19) എന്നിവരായിരുന്നു ഈ കാലയളവിൽ കൊച്ചി ഭരിച്ച ദിവാന്മാർ. ഷൊർണൂർ-എറണാകുളം റയിൽവേ നിർമാണം ആരംഭിച്ചതും പൂർത്തിയാക്കിയതും പി. രാജഗോപാലാചാരി ദിവാനായിരുന്ന കാലത്തായിരുന്നു.

രാമവർമ (1914-32)യുടെ കാലത്തെ ദിവാന്മാരായിരുന്നു ടി. വിജയരാഘവാചാരി (1919-22), ടി.എസ്‌. നാരായണ അയ്യർ (1925-30), സി.ജി. ഹെർബർട്ട്‌ (1930-35) എന്നിവർ. കൊച്ചി ലെജിസ്ലേറ്റീവ്‌ കൗണ്‍സിൽ 1925-ൽ സമുദ്‌ഘാടനം ചെയ്യപ്പെട്ടത്‌ പി. നാരായണമേനോന്‍ ദിവാനായിരിക്കുമ്പോഴാണ്‌. എറണാകുളത്തിന്റെ ചരിത്രത്തിൽ വളരെയേറെ പരിവർത്തനങ്ങള്‍ സൃഷ്‌ടിച്ച ദിവാനായിരുന്നു ആർ.കെ. ഷണ്‍മുഖംചെട്ടി (1935-41); രാമവർമ (1932-41)യായിരുന്നു ആ കാലത്തെ കൊച്ചീരാജാവ്‌. കൊച്ചീതുറമുഖത്തിന്റെ പണിപൂർത്തിയാക്കിയതും ആനമലറോഡ്‌ നിർമിച്ചതും വെണ്ടുരുത്തി വിമാനത്താവളം നിർമിക്കാന്‍ മുന്‍കൈയെടുത്തതും എറണാകുളം നഗരത്തെ മോടിപിടിപ്പിച്ചതും വൈദ്യുതവത്‌കരണം നടത്തിയതും റാംമോഹന്‍ പാലസ്‌ (ഇപ്പോള്‍ ഹൈക്കോടതിയുടെ ആസ്ഥാനം) നിർമിച്ചതും കൊച്ചി പബ്ലിക്‌ സർവീസ്‌ കമ്മിഷന്‍ ഏർപ്പെടുത്തിയതും പഴയ കൊച്ചിന്‍ ചീഫ്‌കോർട്ട്‌ ഹൈക്കോടതിയാക്കി മാറ്റിയതും (1938 ജൂണ്‍ 18-ന്‌ ഉദ്‌ഘാടനം ചെയ്യപ്പെട്ടു.) ദ്വിഭരണസമ്പ്രദായം ഉണ്ടാക്കി ആദ്യമായി ഒരു ജനകീയ മന്ത്രിയെ നിയമിച്ചതും ഷണ്‍മുഖം ചെട്ടിയുടെ ഭരണകാലത്തായിരുന്നു. കോമാട്ടിൽ അച്യുതമേനോന്‍ (1941 ജൂണ്‍-ഒക്‌ടോബർ) എ.എഫ്‌. ഡബ്യൂ. ഡിക്‌സണ്‍ (1941-43), ജോർജ്‌ബോഗ്‌ (1943-44), സി.പി. കരുണാകരമേനോന്‍ എന്നിവരായിരുന്നു അദ്ദേഹത്തെ പിന്തുടർന്ന്‌ ദിവാന്മാരായത്‌. കേരളവർമ (1941-43), രവിവർമ (1943-46), കേരളവർമ (1946-48) എന്നിവർ കൊച്ചിയിലെ അവസാനകാലരാജാക്കന്മാരായിരുന്നു. കേരളവർമയുടെ കാലത്തെ സി.പി. കരുണാകരമേനോനായിരുന്നു അവസാനത്തെ ദിവാന്‍. രാമവർമ പരീഷത്ത്‌ തമ്പുരാന്റെ ഭരണകാലത്ത്‌, 1949 ജൂലായിൽ തിരുവിതാംകൂറും കൊച്ചിയും സംയോജിക്കപ്പെട്ടു. പിന്നീട്‌ 1956-ൽ കൊച്ചി ഐക്യകേരളത്തിന്റെ ഭാഗവുമായി.

ഗ്രറ്റർ കൊച്ചിന്‍ ഡെവലപ്‌മെന്റ്‌ അതോറിറ്റി

1958 ഏ. 1-ന്‌ നിലവിൽവന്ന എറണാകുളം ജില്ലയിൽ കൊച്ചികേന്ദ്രമാക്കി വികസനത്തിനുള്ള ഒരു പദ്ധതി ആവിഷ്‌കരിക്കപ്പെട്ടു. 1965 ന. 19-ന്‌ കൊച്ചിന്‍ കോർപ്പറേഷന്‍, ആലുവ മുനിസിപ്പാലിറ്റി എന്നിവയ്‌ക്കു പുറമേ 14 പഞ്ചായത്തുകളുംകൂടി ചേർന്ന പ്രദേശങ്ങളുടെ വികസനത്തിനായി ഗവണ്‍മെന്റ്‌ ഒരു ജോയിന്റ്‌ ടൗണ്‍പ്ലാനിങ്‌ കമ്മിറ്റി രൂപവത്‌കരിച്ചു. 1968 സെപ്‌. 26-ന്‌ മറ്റൊരുത്തരവിലൂടെ ഈ പദ്ധതി കൊച്ചിന്‍ ടൗണ്‍പ്ലാനിങ്‌ ട്രസ്റ്റിനെ ഏല്‌പിച്ചു. 1976 ജനു. 24-ന്‌ ഇതിന്റെ സ്ഥാനത്ത്‌ ഗ്രറ്റർ കൊച്ചിന്‍ ഡെവലപ്‌മെന്റ്‌ അതോറിറ്റിക്കു ഗവണ്‍മെന്റ്‌ രൂപംനല്‌കി. കൂടുതൽ പ്രദേശങ്ങള്‍ വികസനമേഖലയിൽ ഉള്‍പ്പെടുത്തപ്പെട്ടു. കൊച്ചിന്‍ കോർപ്പറേഷനുപുറമേ പെരുമ്പാവൂർ, വടക്കന്‍ പറവൂർ, ആലുവ എന്നീ മുനിസിപ്പാലിറ്റികളും ജില്ലയിലെ 35 പഞ്ചായത്തുകളും ഇതിന്റെ പരിധിയിൽ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു നവസംവിധാനം നടത്തിയത്‌.

വിദ്യാഭ്യാസം

ആധുനികവിദ്യാഭ്യാസത്തിന്റെ പ്രാരംഭം കുറിച്ചത്‌ 16-ാം ശതകത്തിൽ വൈപ്പിന്‍കരയിലും കൊച്ചിയിലും ജസ്യൂട്ട്‌ കോളജുകളും ചേന്ദമംഗലത്തെ സെമിനാരിയും സ്ഥാപിക്കപ്പെട്ടതോടെയാണ്‌. 19-ാം ശ. ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിക്ക്‌ സാക്ഷ്യം വഹിച്ചു; ആധുനിക സമ്പ്രദായത്തിലുള്ള പല വിദ്യാലയങ്ങളും ഈ കാലത്ത്‌ സ്ഥാപിതമായി. എറണാകുളം ജില്ലയിൽ 2001-ലെ കണക്കനുസരിച്ച്‌ 487 പ്രമറി സ്‌കൂളുകളും 220 മിഡിൽസ്‌കൂളുകളും 169 ഹൈസ്‌കൂളുകളും 141 ഹയർസെക്കന്‍ഡറി സ്‌കൂളുകളും 14 ടീച്ചേഴ്‌സ്‌ ട്രയിനിങ്‌ സ്‌കൂളുകളും നിലവിലുണ്ട്‌. 26 ആർട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജുകളും 11 പ്രാഫഷണൽ കോളജുകളും 19 ടെക്‌നിക്കൽ ഇന്‍സ്റ്റിറ്റ്യൂട്ടുകളും പ്രവർത്തിക്കുന്നു. കൊച്ചിന്‍ സർവകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃതസർവകലാശാല, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ സർവകലാശാലയുടെ പ്രാദേശികകേന്ദ്രം എന്നിവയും ഇവിടെയുണ്ട്‌.

1845-ൽ ആരംഭിച്ച ഒരു ഇംഗ്ലീഷ്‌ സ്‌കൂളാണ്‌ 1875-ൽ കോളജായിത്തീർന്നതും 1925-ൽ മഹാരാജാസ്‌ കോളജ്‌ എന്ന പേര്‌ സ്വീകരിച്ചതും, ആലുവ യൂണിയന്‍ ക്രിസ്‌ത്യന്‍, തേവര സേക്രഡ്‌ ഹാർട്ട്‌, സെന്റ്‌ ആൽബെർട്ട്‌സ്‌, മൂവാറ്റുപുഴ നിർമല, കാലടി ശ്രീശങ്കരാ, കോതമംഗലം മാർ അത്തനേഷ്യസ്‌, എറണാകുളം സെന്റ്‌ തെരേസാസ്‌ എന്നിവയാണ്‌ മറ്റ്‌ ഒന്നാം ഗ്രഡ്‌ കോളജുകള്‍, പ്രാഫഷണൽ കോളജുകളിൽ എറണാകുളം ലാ കോളജാണ്‌ ഏറ്റവും പഴക്കമുള്ള സ്ഥാപനം. സെന്റ്‌ ജോസഫ്‌സ്‌ ട്രയിനിങ്‌ കോളജ്‌, മൂത്തകുന്നം എസ്‌.എന്‍.എം. ട്രയിനിങ്‌ കോളജ്‌, കോതമംഗലം മാർ അത്തനേഷ്യസ്‌ എന്‍ജിനീയറിങ്‌ കോളജ്‌ എന്നിവയാണ്‌ മറ്റു പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. തൃപ്പൂണിത്തുറയിലെ ശ്രീരാമവർമ സംസ്‌കൃതകോളജാണ്‌ ഈ ജില്ലയിലെ ഏക പൗരസ്‌ത്യഭാഷാവിദ്യാകേന്ദ്രം. തൃപ്പൂണിത്തുറയിലെ സംഗീത അക്കാദമിയും പ്രസ്‌താവ്യമാണ്‌. മത്സ്യബന്ധന പരിശീലനകേന്ദ്രവും സാങ്കേതിക സ്ഥാപനങ്ങളുടെ ഭാഗങ്ങളായി ഈ ജില്ലയിലുണ്ട്‌. സമസ്‌ത കേരള സാഹിത്യപരിഷത്ത്‌, കേരള ഫൈന്‍ ആർട്‌സ്‌ സൊസൈറ്റി, ദക്ഷിണ ഭാരത്‌ ഹിന്ദി പ്രചാരസഭയുടെ കേരളശാഖ, കേരള ഹിസ്റ്ററി അസോസിയേഷന്‍ എന്നിവയുടെ ആസ്ഥാനവും എറണാകുളമാണ്‌. സർവോപരി കൊച്ചി സർവകലാശാലയുടെ കീഴിലുള്ള വിദ്യാകേന്ദ്രങ്ങളും ഈ ജില്ലയിലാണ്‌. പബ്ലിക്‌ ലൈബ്രറി, കൊച്ചിന്‍ സർവകലാശാലാ ലൈബ്രറി, ചങ്ങമ്പുഴ സ്‌മാരക ലൈബ്രറി എന്നിങ്ങനെ ഒമ്പതു ലൈബ്രറികളും രാമവർമ ക്ലബ്‌, ലയണ്‍സ്‌ ക്ലബ്‌ എന്നിങ്ങനെ നാലു പ്രമുഖ ക്ലബ്ബുകളും രാജീവ്‌ഗാന്ധി ഇന്‍ഡോർ സ്റ്റേഡിയം, ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം എന്നിവ ഉള്‍പ്പെടെ എട്ടു സ്റ്റേഡിയവും, കാശി ആർട്ട്‌ ഗാലറി, മരീചിക ആർട്ട്‌ ഗാലറി, ദ്രാവിഡ ആർട്ട്‌ ഗാലറി എന്നിങ്ങനെ 11 ആർട്ട്‌ ഗാലറികളുമുണ്ട്‌.

പൊതുജനാരോഗ്യം

പൊതുജനാരോഗ്യം. പൊതുജനാരോഗ്യത്തിന്‌ പ്രാധാന്യം നല്‌കിത്തുടങ്ങിയത്‌ 19-ാം ശതകത്തിന്റെ അവസാനവർഷങ്ങളിലാണ്‌. 1848-ൽ സ്ഥാപിതമായ എറണാകുളം ആശുപത്രിയാണ്‌ ഏറ്റവും പഴക്കംചെന്ന ആതുരാലയം. 1872-ൽ ഫോർട്ട്‌ കൊച്ചിയിൽ സ്ഥാപിതമായ ഡിസ്‌പെന്‍സറി പിന്നീട്‌ സർക്കാർ ആശുപത്രിയായി വളർന്നു. പില്‌ക്കാലത്ത്‌ തൃപ്പൂണിത്തുറയിലും (1888) ഞാറയ്‌ക്കലും (1907) മട്ടാഞ്ചേരിയിലും (1909) ആതുരാലയങ്ങള്‍ സ്ഥാപിതമായി. ഇപ്പോള്‍ സർക്കാർ അധീനതയിൽ 22 അലോപ്പതി ആശുപത്രികളും 10 കമ്യൂണിറ്റി ഹെൽത്ത്‌ സെന്ററുകളും 65 മിനി പബ്ലിക്‌ ഹെൽത്ത്‌ സെന്ററുകളും നാല്‌ ഡിസ്‌പെന്‍സറികളും ഒരു ടി.ബി. സെന്ററുമുണ്ട്‌ (2001). മൂന്ന്‌ ഹോമിയോ ആശുപത്രിയും 51 ഹോമിയോ ഡിസ്‌പെന്‍സറികളുമുണ്ട്‌. അലോപ്പതി സ്ഥാപനങ്ങളിൽ 5278 കിടക്കകളും ആയുർവേദ സ്ഥാപനങ്ങളിൽ 419 കിടക്കകളും ആണുള്ളത്‌. ഇതിനുപുറമേ നല്ല നിലയിൽ പ്രവർത്തിക്കുന്ന മൂന്നു മെഡിക്കൽ കോളജുകളും ഈ ജില്ലയിലുണ്ട്‌.

1914-ൽ ചൊണ്ണരയിൽ നിർമിച്ച വാട്ടർവർക്‌സ്‌ ആണ്‌ കൊച്ചിനഗരത്തിലെ ജലവിതരണം നിർവഹിക്കുന്നത്‌. മൃഗചികിത്സയ്‌ക്കായി 28 ആശുപത്രികളും 74 ഡിസ്‌പെന്‍സറികളുമുണ്ട്‌.

ഭരണവ്യവസ്ഥ

ഭരണവ്യവസ്ഥ. എറണാകുളം ജില്ലയിൽ രണ്ടു പാർലമെന്റ്‌ മണ്ഡലങ്ങളിലായി പതിനാല്‌ നിയോജകമണ്ഡലങ്ങളുണ്ട്‌. ഏഴു താലൂക്കുകളിലായി 124 വില്ലേജുകളും പതിമൂന്ന്‌ ബ്ലോക്കുകളിലായി 81 പഞ്ചായത്തുകളുമുണ്ട്‌. ഒരു കോർപ്പറേഷനും 11 മുനിസിപ്പാലിറ്റികളുമാണ്‌ നഗരത്തിലുള്ളത്‌.

 

അവസാനം പരിഷ്കരിച്ചത് : 7/1/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate