അലങ്കാര ചമയങ്ങള്‍
വൈവിധ്യമാര്‍ന്ന അലങ്കാര ചമയങ്ങള്‍ നമുക്ക് പൈതൃകമായിട്ടുണ്ട്.
ആഘോഷങ്ങള്‍ക്കുപയോഗിക്കുന്ന അലങ്കാര വസ്തുക്കള്‍, ചമയങ്ങള്‍ തുടങ്ങിയവ
വേടന് പാടല്‍
വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന കലാരൂപമാണ് വേടന്‍പാടല്‍.കര്‍ക്കടകമാസത്തില്‍ തുടങ്ങുന്ന ഈ കലാരൂപം ഓണം കഴിഞ്ഞാണ് അപ്രത്യക്ഷമാവുക.ചെറിയ ചെണ്ട കഴുത്തില്‍ തൂക്കിയിട്ട ആളിനൊപ്പം വേടനെ പോലെ അമ്പും വില്ലും ധരിച്ച് ഒരു കുട്ടി രംഗത്തുവരും.വനത്തില്‍ വേടന് അനുഭവിക്കുന്ന കഷ്ടതകളെക്കുറിച്ചുള്ള പാട്ടാണ് ഇതിനൊപ്പം പാടുക.കിരാതം കഥയാണ് പാട്ടിന്റെ ഇതിവൃത്തം.ചോറും കറിയും അരിയും മറ്റു സാധനങ്ങളും നല്കി എല്ലാ വീട്ടുകാരും വേടനെ സ്വീകരിച്ചിരുന്നു.വേടന്‍പാട്ട് പാടിയാല്‍ ഐശ്വര്യം നിറയുമെന്നാണ് പഴമക്കാരുടെ വിശ്വാസം
ഓണപ്പൊട്ടന്
തിരുവോണനാളില്‍ വീടുകളിലെത്തി പല ചേഷ്ടകളും കാണിച്ച് വീട്ടുകാരെയും നാട്ടുകാരെയും ചിരിപ്പിക്കുന്ന ഒരു ഹാസ്യകഥാപാത്രമാണ് ഓണപ്പൊട്ടന്.പ്രജകളെ കാണാനും അവരുടെ ക്ഷേമം അന്വേഷിക്കാനും മഹാബലി ഓണപ്പൊട്ടന്റെ വേഷത്തില്‍ വരുന്നു എന്നാണ് ഐതിഹ്യം.മുഖത്ത് ചായം പൂശി ചുവന്ന പട്ടുടുത്ത് തലയില്‍ തെച്ചിപ്പൂ നിറച്ച കിരീടവും വെച്ച് കുരുത്തോലക്കുടയുമേന്തിയാണ് ഓണപ്പൊട്ടന്റെ വരവ്. ഓണപ്പൊട്ടന് ആരോടും ഒന്നും സംസാരിക്കാറില്ല. കയ്യിലെ മണി കിലുക്കിയാണ് നാട്ടുകാരെ തന്റെ വരവറിയിക്കുന്നത്. ആര്‍ത്തുല്ലസിച്ച് തന്നോടൊപ്പം കൂടുന്ന കുട്ടികളോടൊത്ത് തുള്ളിച്ചാടി ഓരോ വീട്ടിലുമെത്തി അവിടെനിന്ന് അരിയും ഓണക്കോടിയും ഭക്ഷണവും സ്വീകരിക്കുന്നു
തടുത്തുതല്ല് / ഓണത്തല്ല്
പണ്ടുകാലത്ത് ഓണാഘോഷത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു കയ്യാങ്കളി അഥവാ ഓണത്തല്ല്. കളരിഅഭ്യാസ മുറകളുമായി കളിക്ക് സാമ്യമുണ്ട്. ചാണകം മെഴുകി പ്രത്യേകം തയ്യാറാക്കിയ നല്ല വീതിയും നീളവുമുള്ള തറയിലാണ് തല്ല് നടക്കുക. തറക്ക് രണ്ടുവശത്തുമായി തല്ലുകാര്‍ അഭിമുഖമായി അണിനിരക്കും. അങ്കത്തട്ടില്‍ ആയുധമില്ലാതെ രണ്ടുപേര്‍ ഉടുത്തുകെട്ടി പരസ്പരം തല്ലുകയും തടുത്ത് തല്ലുകൊള്ളാതിരിക്കുകയും ചെയ്യുന്നു. ഉടുമുണ്ട് തറ്റുടുത്ത് രണ്ടാംമുണ്ട് അരയില്‍ കെട്ടമുറുക്കിയുമാണ് തല്ലിന് ഇറങ്ങുന്നത്. ആര്‍പ്പുവിളിയും അട്ടഹാസവും കഴിഞ്ഞ് ഒരാള്‍ കളത്തിലിറങ്ങും. എതിര്‍ചേരിയിലെ കാഴ്ചയില്‍ തുല്യനെന്ന് തോന്നിക്കുന്ന മറ്റൊരാള്‍ കളരിയിലിറങ്ങി തല്ല് ആരംഭിക്കും. ഇന്നത്തെപോലെ റഫറിമാരും നിയമങ്ങളുമൊക്കെ ഓണത്തല്ലിനും ഉണ്ടായിരുന്നു. കൈ നിവര്‍ത്തി കൈത്തലം പരത്തി മാത്രമേ അടിയും തടയും പാടുള്ളൂ. മുഷടിചുരുട്ടി ഇടിക്കുക, കാല് വാരുകയോ പിടിക്കുകയോ ചെയ്യുക, ചവിട്ടുക, കെട്ടിപ്പിടിക്കുക എന്നിവ ചെയ്താല്‍ കളിക്കളത്തില്‍ നിന്ന് പുറത്താകും. പാലക്കാടന്‍ ഗ്രാമങ്ങളില്‍ നിലനിന്നിരുന്ന ഈ വിനോദം ഇപ്പോള്‍ ഓണമത്സരങ്ങളില്‍ പ്രധാനപ്പെട്ട ഇനമാണ്.
ഉറിയടി
നാട്ടിന്‍പുറങ്ങളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി ഇപ്പോഴും നിലനില്‍ക്കുന്ന ഒരു വിനോദമാണ് ഉറിയടി. ശ്രീകൃഷ്ണന്റെ അമ്മയായ യശോദ മകനെ കാണാതെ ഉറിയില്‍ ഒളിപ്പിച്ചുവെച്ച വെണ്ണ കൃഷ്ണന് കട്ടുതിന്നുന്നതും പിടിക്കപ്പെടുമ്പോള്‍ ചമ്മലോടെ നില്ക്കുന്ന ശ്രീകൃഷ്ണനെയുമാണ് ഈ കളിയിലൂടെ അനുസ്മരിക്കപ്പെടുന്നത്. ഒരു കയറിന്റെ ഒരറ്റത്ത് വെള്ളം നിറച്ച മണ്‍കലത്തോടെ ഉറി കെട്ടിയിടും. കപ്പികെട്ടി അതിലൂടെ കയറിട്ട് കയറിന്റെ മറ്റേ അറ്റം ഉറിക്കാരന്‍ പിടിക്കും. ചെണ്ടയുടെ താളത്തിനൊത്ത് ചുവടുവെക്കുന്ന കളിക്കാരന് നീണ്ട വടികൊണ്ട് ഉറിയിലെ കലം അടിച്ചു പൊട്ടിക്കാന്‍ ശ്രമിക്കുന്നു. ഉറിക്കാരനാകട്ടെ കയറ് അയച്ചും മുറുക്കിയും കളിക്കാരനെ പ്രലോഭിപ്പിക്കുന്നു. ഇതിനിടെ ചുറ്റുഭാഗത്തുനിന്നും ആളുകള്‍ കളിക്കാരന്റെ മുഖത്തേക്ക് ശക്തിയായി വെള്ളം ചീറ്റും. ഇതിനിടയില്‍ ഉറിയിലെ കലം പൊട്ടിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കും
മലവേട്ടുവര്‍ നൃത്തം
ആലപ്പുഴ ജില്ലയില്‍ പറയര്, വേട്ടുവര്‍ എന്നീ വിഭാഗത്തില്പെട്ടവര്ക്കിടയില് പ്രചാരത്തിലുണ്ടായിരുന്ന മലവേട്ടുവര്‍നൃത്തം ഇപ്പോള്‍ ഓണനാളിലാണ് പ്രധാനമായും അവതരിപ്പിക്കുന്നത്. മലവേട്ടുവര്‍ ആഹാരത്തിനായി മൃഗങ്ങളെ വേട്ടയാടുന്ന സമ്പ്രദായം നൃത്തരൂപേണ അവതരിപ്പിക്കുന്നതാണ് ഈ നൃത്തം. 8 പുരുഷന്മാരും 4 സ്ത്രീകളുമടങ്ങുന്ന 12 പേരാണ് ഈ നൃത്തം അവതരിപ്പിക്കുന്നത്.
സംഘക്കളി
നമ്പൂതിരി സമുദായത്തില്‍പെട്ടവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു വിനോദമാണിത്. സ്റ്റേജോ തിരശ്ശീലയോ ഇല്ലാതെ തുറന്ന വേദിയിലാണ് സംഘക്കളി അവതരിപ്പിക്കുക. കേളി, നാലുപാദം, പാന, ആംഗ്യം, ഹാസ്യം എന്നിവ ചേര്‍ന്നതാണ് ഈ കളി. പുരാണകഥയോ ദേവസ്തുതിയോ ആയ ഇതിന്റെ പാട്ടില്‍ ഓണക്കാലത്ത് മാവേലി തമ്പുരാന്റെ വര്‍ണ്ണനയാണ് അവതരിപ്പിക്കുക. രസകരമായി തുള്ളി ആടിപാടുന്ന ഈ കളി ഇന്ന് തീര്‍ത്തും അന്യമായിട്ടുണ്ട്.
വട്ടക്കളി
ഓണനാളില്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന ഒരു പ്രധാന വിനോദമാണ് വട്ടക്കളി. പത്തു മുതല്‍ പന്ത്രണ്ടുവരെ ആളുകള്‍ വൃത്തത്തില്‍ നിന്ന് കൈകൊട്ടിപ്പാട്ടു പാടി താളത്തിനൊത്ത് വട്ടത്തില്‍ നടക്കുകയാണ് ഈ കളിയുടെ രീതി. വൃത്തത്തിന്റെ വ്യാസം വലുതാവുകയും ചുരുങ്ങുകയും ചെയ്തുകൊണ്ടേയിരിക്കും
നീലിയാട്ടം
വടക്കന്‍ കേരളത്തില്‍ നീലിയാട്ടം എന്നും തെക്കന്‍ കേരളത്തില്‍ മുടിയാട്ടം എന്നും അറിയപ്പെടുന്ന ഈ നൃത്തരൂപം ഇപ്പോള്‍ പ്രധാനമായും ഓണത്തോടനുബന്ധിച്ചു മാത്രമാണ് കൊട്ടിയാടുന്നത്. ചില ക്ലബ്ബുകളും മറ്റും ഓണാഘോഷത്തിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്. മരം, പറ, കരു, കൊക്കരോ തുടങ്ങിയ വാദ്യമേളങ്ങള്‍ക്കൊപ്പം മുടി ഇളക്കി ആടുന്ന ഈ ആട്ടരൂപം കേരളത്തില്‍ ഹരിജന്‍ സമുദായംഗങ്ങളായിരുന്നു അവതരിപ്പിച്ചിരുന്നത്. ചങ്ങഴിപ്പുറത്തു കയറിയിരുന്ന് ഇരുകൈകളും മാറിടത്തോടു ചേര്‍ത്ത് പാട്ടിന്റെ ഗതിയനുസരിച്ച് എല്ലാ ശരീരഭാഗങ്ങളും ചലിപ്പിച്ച് മുടിയാട്ടുകയാണ് ചെയ്യുന്നത്.
മയിലാട്ടം
കേരളത്തിലിപ്പോള്‍ ഓണാഘോഷത്തിന്റെ ഭാഗമായും ഘോഷയാത്രകളിലും മാത്രമാണ് പ്രധാനമായും മയിലാട്ടം നടത്തുന്നത്. സുബ്രഹ്മണ്യന്റെ വാഹനമായ മയിലിന്റെ പുറപ്പാട് കാണിക്കുകയാണ് ഇതിന്റെ ലക്ഷ്യം. മുഖത്ത് മനയോല തേച്ച് തലയില്‍ പാളകൊണ്ടുള്ള കിരീടമണിഞ്ഞ് മയില്‍പ്പീലി വിടര്‍ത്തി അരയില്‍ കെട്ടി വെച്ചാണ് നര്‍ത്തകര്‍ മയിലാട്ടം നടത്തുന്നത്
തലമകളി
പുരുഷന്മാര് ഏര്‍പ്പെട്ടിരുന്ന പ്രധാന ഓണവിനോദമായിരുന്നു തലമകളി. തോല്പ്പന്തോ നൂല്പന്തോ ഉപയോഗിച്ചാണ് തലമകളിയില് പങ്കെടുക്കുന്നത്. വെട്ടുകാര്, എതിരുകാര് എന്നിങ്ങനെ കളിക്കാര്‍ രണ്ടു സംഘമായി പിരിഞ്ഞാണ് കളിയിലേര്‍പ്പെടുന്നത്. ഉയരത്തില്‍ കുത്തിനിര്‍ത്തിയിരിക്കുന്ന കമ്പിന്റെ മുന്നില്‍ നിന്നുകൊണ്ട് വെട്ടുകാരില്‍ ഒരുത്തന് പന്തുവെട്ടുന്നു. തലമ, ഒറ്റ, ഇരട്ട, അഴമ, തൊടമ, പിടിച്ചുകെട്ടല്‍, കാല്ക്കൂട്, ഇട്ടോടി എന്നിങ്ങനെ മുന്നേറുന്ന കളിയില്‍ വാല്യക്കാര് ആവേശത്തോടെ പങ്കാളികളാകുന്നു.
പൂച്ചാരിക്കളി
പെണ്‍കുട്ടികളുടെ വിവാഹത്തോടനുബന്ധിച്ച് കളിച്ചിരുന്ന പൂച്ചാരിക്കളി ഇപ്പോള്‍ ഓണാഘോഷചടങ്ങിലാണ് ചിലയിടങ്ങളിലെങ്കിലും കണ്ടുവരുന്നത്. കണക്ക സമുദായത്തില്‍പെട്ട സ്ത്രീകളാണ് ഈ കളിയില്‍ ഏര്‍പ്പെട്ടിരുന്നത്. രംഗസജ്ജീകരണമോ സംഗീതവാദനങ്ങളോ ഈ കലാരൂപത്തിനാവശ്യമില്ല. മുടിയഴിച്ചിട്ട് തലയാട്ടിയും കൈകൊട്ടിപ്പാട്ടു പാടിയുമാണ് ചുവടുകള്‍ നീക്കി കളിയിലേര്‍പ്പെട്ടവര്‍ മുന്നേറുന്നത്.
ചരടുകുത്തിക്കളി
കണ്ണൂര്‍ - കാസര്‍ഗോഡ് ജില്ലകളില്‍ നിലനിന്നിരുന്ന പ്രധാന ഓണവിനോദമായിരുന്നു ചരടു കുത്തിക്കളി. വീടിന്റെ കഴുക്കോലില്‍ രണ്ടു നിറത്തിലുള്ള പത്തോ അതിലധികമോ ചരടുകള്‍ കൂട്ടിപ്പിരിച്ച് ഉണ്ടയാക്കി കെട്ടിത്തൂക്കും. ഒരാള്‍ ഒരു നിറത്തിലുള്ള ചരട് പിടിക്കുമ്പോള്‍ അടുത്തയാള്‍ മറ്റേ നിറത്തിലുള്ള ചരടും തുള്ളി പിടിക്കണം. രസകരമായ പാട്ട് കാണികള്‍ പാടികൊണ്ടിരിക്കും
തുമ്പിതുള്ളല്‍
വീട്ടുമുറ്റമോ അകത്തളമോ വേദിയാക്കി പെണ്‍കുട്ടികള്‍ ഏര്‍പ്പെട്ടിരുന്ന പ്രധാന ഓണ വിനോദമാണ് തുമ്പിതുള്ളല്‍. ഒരു പെണ്‍കുട്ടിയെ ഓണത്തുമ്പിയായി സങ്കല്‍പ്പിച്ച് കവുങ്ങിന്പൂക്കുല നല്കി നടുക്കിരുത്തും. തലയില്‍ മുണ്ടിട്ടിരിക്കുന്ന പെണ്‍കുട്ടിക്കു ചുറ്റുമായി ഏഴോ എട്ടോ പെണ്‍കുട്ടികള്‍ വട്ടത്തിലിരിക്കുന്നു. ചുറ്റിലുമിരിക്കുന്നവര് - ഒന്നാം തുമ്പിയും അവള് പെറ്റമക്കളും, പോക നടക്ക തുമ്പി തുള്ളാന്‍ തുമ്പിയിരുമ്പല്ല ചെമ്പല്ല ഓടല്ല, തുമ്പത്തുടം മാല പൊന്മാല തുടങ്ങിയ പാട്ടുകള്‍ പാടും. പത്താം തുമ്പിയും എന്നുവരേക്കും പാടുമ്പോഴേക്കും തുമ്പി ഉറഞ്ഞു തുള്ളാന്‍ തുടങ്ങും. പാട്ടിനൊത്ത് ബോധം നഷ്ടപ്പെടും വരെ തുമ്പി തുള്ളുന്നു
തുള്ളലുവരവ്
ഓണക്കാലത്തെ പ്രധാന വിനോദങ്ങളിലൊന്നാണ് ഈ കലാരൂപം. ഉത്രാടം നാളിലാണിത് നടത്താറുള്ളത്. വേഷമണിഞ്ഞ പെണ്‍കുട്ടി ഉടുക്കിന്റെ സംഗീതത്തിനൊത്ത് തുള്ളി വരുന്നു. സന്താനഗോപാലം പാനയിലെ വരികളാണ് പ്രധാനമായും ആലപിക്കാറ്. വീടുകള്‍ തോറും തുള്ളിവരുന്ന ഈ സംഘത്തിന് വീട്ടുകാര്‍ കാണിക്ക നല്കുന്നു.
പുലികളി
ഓണത്തിന് തെക്കന്കേരളത്തില് നടത്തി വരാറുള്ള കളിയാണ് പുലികളി. പുലിയുടെ മുഖംമൂടിയണിഞ്ഞും ദേഹത്ത് പുലിയുടെ ചായമടിച്ചും നടത്തുന്ന കളിയാണിത്. ചെണ്ടയുടെയും മറ്റും അകമ്പടിയോടെ നടത്തുന്ന പുലികളിയില്‍ വലിയ ആള്ക്കുട്ടമുണ്ടാവും.
കുമ്മാട്ടി
പ്രധാന ഓണക്കാല വിനോദമാണ് കുമ്മാട്ടി. തൃശ്ശൂരിലാണ് ഇതിന്റെ കേന്ദ്രം. കുമ്മാട്ടിപ്പുല്ല് ദേഹത്തുകെട്ടി പുരാണ കഥാപാത്രങ്ങളുടെ പൊയ്മുഖങ്ങളിഞ്ഞ് പുരുഷന്മാരും കുട്ടികളുമാണ് ഈ കളിയില്‍ പങ്കെടുക്കുക.
പരിചമുട്ടുകളി
ഇതിനായി ഒരടി നീളത്തിലുള്ള ഒരു വടിയും മുരുക്കില്‍ തീര്‍ത്ത ഒരു പരിചയും ഒരിലത്താളവും വേണം. ചുരുങ്ങിയത് എട്ടാളെങ്കിലും ഇതിന് വേണം. വട്ടത്തില്‍ നിന്നാണ് കളിക്കുക. വട്ടത്തിന്റെ നടുക്ക് നിലവിളക്ക് വെയ്ക്കും. വിളക്കുവെച്ചതിനുശേഷം ഗുരുവിനെ പൂജിച്ച് കളി ആരംഭിക്കും. പുരാണകഥകളായ മഹാഭാരതം, രാമായണം എന്നിവയിലെ പാട്ടുകളാണ് ഇതില്‍ ഉപയോഗിക്കുക. ഒരു ബനിയനും മുണ്ടുമാണ് വേഷം. കളികഴിഞ്ഞാല്‍ മംഗളംചൊല്ലി ഇത് അവസാനിപ്പിക്കും. ചുരുങ്ങിയത് ഏതാണ്ട് ഒരു മണിക്കൂര്‍ സമയം നീണ്ടുനില്‍ക്കുന്നതാണിത്. കല്ല്യാണാഘോഷങ്ങളിലും താലപ്പൊലി മഹോത്സവങ്ങളിലുമാണ് ഇത് നടത്തുക.
തുള്ളല്‍
കേരളത്തിലെ പ്രാചീനവും സമ്പന്നവുമായ ഒരു കലാരൂപമാണ് തുള്ളല്‍ . കുഞ്ചന്‍ നമ്പ്യാരാണ് ഈ കലാരൂപം വികസിപ്പിച്ചെടുത്തത്. തുള്ളലിന്റെ വേഷം, നൃത്തരീതി, പാട്ടിലെ വൃത്തങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി മൂന്നുതരം തുള്ളലുകളുണ്ട്. ഓട്ടന്തുള്ളല്, പറയന്‍തുള്ളല്‍, ശീതങ്കന്‍തുള്ളല്‍ എന്നിവയാണത്. ശാസ്താവ്, കാളി, ശിവന് മുതലായവരെ പ്രതിഷ്ഠിച്ചിരുന്ന ക്ഷേത്രങ്ങളില്‍ മാത്രമേ ആദ്യകാലത്ത് തുള്ളല്‍ നടന്നിരുന്നുള്ളൂ. തുള്ളല്‍ ഒരുതരം നൃത്തരൂപമാണ്. അതില്‍ തുള്ളുന്നവര് കഥാപാത്രത്തിന്റെ വേഷം കെട്ടുന്നില്ല. നാട്ട്യധര്മ്മം അനുസരിച്ച് ഓരാഖ്യാതാവിന്റെ വേഷമാണ് അണിയുക. ആഖ്യാതാവ് നമ്പ്യാരെന്ന ഓട്ടനോ മാരാരെന്ന ശീതങ്കനോ പാക്കനാര്‍ എന്ന പറയനോ ആവാം.
യക്ഷഗാനം
ഉത്തരകേരളത്തിലെ കാസര് കോഡ് പ്രചാരത്തിലുള്ള ഒരു നാടോടി കലാരൂപമാണ് യക്ഷഗാനം. സംഗീതത്തിന്റെയും താളാത്മക ചലനങ്ങളുടെയും മുദ്രകളുടെയും സമ്മിശ്രമാണിത്. കര്‍ണ്ണാടക ഭാഷയിലാണ് ഇതിന്റെ വാജികാംശം. വേഷം, സംഗീതം തുടങ്ങിയവയില്‍ യക്ഷഗാനത്തിന് കഥകളിയോട് ചില സാദൃശ്യങ്ങളുണ്ട്. എന്നാല്‍ കഥകളിക്ക് വ്യത്യസ്തമായി ഇതിലെ കഥാപാത്രങ്ങള്‍ സംസാരിക്കാറുണ്ട്. തെയ്യത്തിന്റെതുപോലുള്ള ചലനമാണ് യക്ഷഗാനത്തിന്. കാസര് കോഡ് ജനിച്ച പാര്‍ഥി സുബ്ബനാണ് യക്ഷഗാനത്തിന്റെ പിതാവ്.
കൃഷ്ണനാട്ടം
കേരളീയമായ ആദ്യത്തെ നൃത്തനാടകമാണ് കൃഷ്ണനാട്ടം. ഉടുത്ത്കെട്ട്, ഉത്തരീയം, കിരീടം, ചുട്ടി തുടങ്ങിയ ആഹാര്യാംശങ്ങള്ക്കും കൂടിയാട്ടത്തെയും വേഷവൈവിധ്യത്തിനും, ആട്ടത്തിനും തെയ്യം തുടങ്ങിയവയുമാണ് കൃഷ്ണനാട്ടത്തെ അവലംബമാക്കിയിട്ടുള്ളത്. എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം. എട്ടുനാഴി എണ്ണ, എട്ടുതിരി, എട്ടു കുട്ടികള്‍ , എട്ടുനാഴിക നേരത്തെ കളി, എട്ടു അരങ്ങു പണം എന്നിങ്ങനെ എട്ടു ചേര്‍ന്നുള്ള കണക്കുകളാണ് കൃഷ്ണനാട്ടത്തിനുള്ളത്.
കൂടിയാട്ടം
കേരളത്തിന്റെ ഒരു ക്ഷേത്രകലയാണ് കൂടിയാട്ടം. പ്രാചീനകാലത്തെ ഒരു നാടകീയാഭിനയമാണിത്. ചാക്യാര്‍മാരും, നങ്ങ്യാര്‍മാരും, നമ്പ്യാന്മാരും കൂടിയാണ് കൂടിയാട്ടം നടത്തുന്നത്. ചാക്യാന്മാര് പുരുഷവേഷവും നങ്ങ്യാന്മാര്‍ സ്ത്രീവേഷവും കെട്ടിയാടുന്നു. മിഴാവ് കൊട്ടുന്നത് നമ്പ്യാന്മാരാണ്. നമ്പ്യാര്‍, നങ്ങ്യാര്‍ എന്നിങ്ങനെ രണ്ടുവിഭാഗത്തില്‍ പെട്ടവര്‍ കൂടിയാടുന്നത് കൊണ്ടാവാം കൂടിയാട്ടം എന്ന പേര് ഈ കലാരൂപത്തിന് വന്നത് എന്നു കരുതപ്പെടുന്നു.
മോഹിനിയാട്ടം
കേരളീയമായ ഒരു ലാസ്യനൃത്തമാണ് മോഹിനിയാട്ടം. പ്രാചീനകേരളത്തില് നിലനിന്നിരുന്ന ഭായിയാട്ടത്തില്നിന്നും ദേവദാസികള്‍ വികസിപ്പിച്ചെടുത്തതാണ് മോഹിനിയാട്ടം. കാമവൈരിയായ ശിവനെ മോഹിനി വേഷം കെട്ടിയ വിഷ്ണു, കാമവിവശനാക്കുന്നതാണ് കഥാവസ്തു. സ്വര്‍ണ്ണക്കര സാരി, നാഗഫണധര്മ്മില്ലം തുടങ്ങിയവയാണ് മോഹിനിയാട്ടത്തിന്റെ വേഷങ്ങള്‍. കൊളുത്തിവെച്ച നിലവിളക്കിന്റെ മുമ്പില്‍ വെച്ചാണ് നൃത്തം. മൃദംഗം, തിത്തി എന്നീ വാദ്യങ്ങള്‍ പാട്ടിന് അകമ്പടിയായുണ്ടാകും. കേരളകലാമണ്ഡലത്തിലെ ഒരു പ്രധാന പാഠ്യവിഷയമാണ് മോഹിനിയാട്ടം
മുടിയാട്ടം
കേരളത്തിലെ ഹരിജന്‍ മങ്കമാര്‍ക്കിടയില്‍ നിലനിന്നിരുന്ന ഒരു നൃത്തസംവിധാനമാണ് മുടിയാട്ടം. മരം, പറ, കരു, കൊക്കരോ തുടങ്ങിയ വാദ്യമേളങ്ങള്‍ക്കൊപ്പം മുടിയിളക്കിയാടുന്ന ഒരു നൃത്തരൂപമാണിത്. ഇരുകരങ്ങളും മാറോടുചേര്‍ത്ത് പാട്ടിന്റെ ഗതിക്കനുസരിച്ച് സര്‍വ്വാംഗങ്ങളും ചലിപ്പിച്ചാണ് മുടിയാട്ടുക. കഴുത്തിന്റെ മുകള്ഭാഗം പമ്പരം കറങ്ങുന്നതുപോലെ കറക്കും. മലബാറില്‍ നീലിയാട്ടം എന്നാണ് ഈ നൃത്തസംവിധാനം അറിയപ്പെടുന്നത്.
തിരുവാതിര
കേരളത്തിലെ മങ്കമാരുടെ വസന്തോത്സവമാണ് തിരുവാതിര. ധനുമാസത്തിലെ താരുവാതിര നാളില്‍ കുളിച്ച് കുറിയിട്ട് നൃത്തം വെച്ചും ഊഞ്ഞാലാടിയും ആഹ്ളാദിക്കും. പരമശിവന്റെ തിരുനാളാണ് തിരുവാതിര. ബാലികമാരുടെ കെട്ടുകല്ല്യാണം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിര പൂതിരുവാതിര എന്നറിയപ്പെടുന്നു
ഉദാ:തെയ്യം, തിറ മുതലായ കലാരൂപങ്ങളില്‍ വെളിച്ചപാട് മുതലായവര്‍ ഉപയോഗിക്കുന്ന ചമയങ്ങള്‍
ഭദ്രകാളി തുള്ളല്‍
പുലയ സമുദായത്തില്‍പെട്ടവര്‍ അവതരിപ്പിച്ചിരുന്ന അനുഷ്ഠാനപരമായ ഒരു നാടന്‍കലയാണ് ഭദ്രകാളി തുള്ളല്‍. ഇപ്പോള്‍ ഓണോത്സവങ്ങളിലെ ചടങ്ങുകളില്‍ ഇതിന്റെ ചെറിയ രൂപം അവതിരിപ്പിക്കുന്നുണ്ട്. മഞ്ഞള്‍പൊടിയും അരിപ്പൊടിയും അരച്ച് മുഖത്തും മാറത്തും തേച്ച്, കച്ചയുടുത്ത്, ചുവന്നപട്ട് തലയില്‍ കെട്ടി,കുരുത്തോല കൊണ്ടുള്ള ആടയാഭരണങ്ങളിഞ്ഞ് ചെണ്ട, മദ്ദളം, ചേങ്ങില എന്നീ മേളത്തിനൊത്ത് നൃത്തം ചെയ്യുന്ന രീതിയാണിത്.
തെയ്യം
വടക്കേ മലബാറിലെ കാവുകളില്‍ കെട്ടിയാടുന്ന അനുഷ്ഠാനകലയാണ് തെയ്യം. തെയ്യം എന്നതിന് ദൈവം എന്നാണര്‍ത്ഥം. അതായത് ദൈവം എന്ന പദത്തിന്റെ ഗ്രാമ്യരൂപമാണ് തെയ്യം. ദേവതാരൂപങ്ങളുടെ കോലങ്ങള്‍ ആസുരവാദ്യങ്ങളില്‍ നിന്നുയരുന്ന താളങ്ങള്‍ക്കനുസരിച്ച് കെട്ടിയാടുന്നതാണ് ഇതിലെ രീതി. ഒരു പുരാവൃത്തത്തിന് അനുസൃതമായുള്ള വേഷഭൂഷാദികളോടെ ദേവതാ രൂപം കൈകൊണ്ട് ഉറഞ്ഞുതുള്ളുകയും വ്യക്തികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്ന ആരാധനാ രീതിയാണ് തെയ്യം കെട്ടിയാടലില്‍ കാണുന്നത്. തെയ്യത്തിനു മുന്നില്‍ ഓരോരുത്തരും അവരവരുടെ പ്രയാസങ്ങള്‍ പറയുക പതിവാണ്. അതുകേട്ട് അവരെ സമാശ്വസിപ്പിക്കുകയും ക്ലേശങ്ങള്‍ പരിഹരിക്കുമെന്ന് വാക്കുകൊടുക്കുകയും പതിവാണ്. ഉരിയാടല്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. വര്‍ണ്ണപ്പകിട്ടാര്‍ന്ന വേഷവിധാനമാണ് തെയ്യങ്ങള്‍ക്കുള്ളത്. മുഖത്തെഴുത്തിലും മെയ്യെഴുത്തിലുമുള്ള വ്യത്യാസമനുസരിച്ച് തെയ്യങ്ങളുടെ രൂപത്തിലും വ്യത്യാസം കാണും. മലയന്‍, വണ്ണാന്‍, വേലന്‍ തുടങ്ങിയ ജാതിക്കാരാണ് കോലം കെട്ടിയാടുന്നത്.ഫോക് ലോറിസ്റ്റുകള്‍ കൌതുകത്തോടെയും ഗൌരവത്തോടെയും വീക്ഷിക്കുന്ന അനുഷ്ഠാനകലയാണ് തെയ്യം
തിറ
നൃത്തപ്രധാനമായ അനുഷ്ഠാനകലയാണ് തിറ. തെയ്യം പോലെ മലബാറിലെ ചിലയിടങ്ങളില്‍ കെട്ടിയാടുന്ന നാടന്‍കലയാണിത്. ധനുമാസത്തിലും മേടമാസത്തിലുമാണ് തിറയാട്ടം നടത്തുന്നത്. മൂന്നുദിവസം നീണ്ടുനില്‍ക്കുന്നതാണിത്. കോഴിക്കോട് ജില്ലയിലാണ് തിറയാട്ടം ഏറെ പ്രചാരത്തിലിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ പൂതം എന്നും കോഴിക്കോട് ജില്ലയില്‍ തിറയെന്നും കണ്ണൂര്‍ ജില്ലയില്‍ തെയ്യമെന്നും കാസര്‍കോഡിനപ്പുറം ഭൂതമെന്നുമാണ് പേര്. കടലുണ്ടിക്കടുത്തുള്ള പേടിയാട്ടുത്സവത്തോടെ ആരംഭിക്കുന്ന തിറയുത്സവം മൂന്നിയൂര്‍ കാളിയാട്ടത്തോടെ അവസാനിക്കും. അരിച്ചാന്ത്, കരിപ്പൊടി, മഞ്ഞള്‍പൊടി, ചുണ്ണാമ്പ്, മനയോല തുടങ്ങിയവ ഉപയോഗിച്ചുള്ള മുഖത്തെഴുത്തും ചുവന്ന വസ്ത്രവും വലിയ മുടി എന്നറിയപ്പെടുന്ന കിരീടങ്ങളും കാല്‍ച്ചിലമ്പും കുരുത്തോലയുടെ അലങ്കാരവുമെല്ലാം വ്യത്യസ്തമായ രീതിയില്‍ സന്നിവേശിപ്പിച്ചാണു തെയ്യത്തെ ചമയിപ്പിക്കുന്നത്. വണ്ണാന്‍, പെരുമണ്ണാന്, മുന്നൂറ്റാന്‍, പാണന്, അഞ്ഞൂറ്റാന്‍, വേലന്‍, മലയന്‍, കോപ്പാളന്‍, ചിങ്ങത്താന്‍, കളനാടി എന്നീ സമുദായക്കാരാണ് സാധാരണയായി തെയ്യം കെട്ടിയാടുന്നത്.
പരദേവത, ഗുളികന്, ഘണ്ടാകര്ണന്, കാളി, കുട്ടിച്ചാത്തന്, മുത്തപ്പന്, കതിവന്നൂര്‍ വീരന്, കടവാങ്കോട്ട മാക്കം തുടങ്ങിയവയുടെ തെയ്യങ്ങള്‍ മലബാറില്‍ പ്രസിദ്ധമാണ്. വടക്കന്‍പാട്ടിലെ പ്രധാന നായകരായ തച്ചോളി ഒതേനനും കപ്പള്ളി പാലാട്ട് കോമനും കറ്റോടി രയരപ്പനും തേവര് വെള്ളനുമെല്ലാം മറ്റുള്ള ദേവതമാരോടൊപ്പം കടത്തനാട്ടില്‍ കെട്ടിയാടപ്പെടുന്നുണ്ട്. നാലുതരം ദേവതാരപങ്ങളാണു തെയ്യങ്ങളായി ആടുന്നത്. ഒന്ന്, പുരാണങ്ങളിലെ ദൈവങ്ങള്‍, രണ്ട്, അഭൌമ ജനനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നവര്‍, മൂന്ന്, മനുഷ്യന് മരിച്ചതിനുശേഷം ദൈവികത്വം കല്പിക്കപ്പെടുന്നവര്, നാല്, കാരണവന്മാര്, പരദേവതയും കാളിയുമൊക്കെ പുരാണങ്ങളിലെ ദേവതാ സങ്കല്പങ്ങളാണ്. ഗുളികന്, ഘണ്ടാകര്ണന്, എന്നിവ അഭൌമ ജനനം വഴി ദേവതാരൂപം കൈകൊള്ളുന്നതിന് ഉദാഹരണമാണ്. കുട്ടിച്ചാത്തനും കതിവന്നൂര്‍ വീരനും മുത്തപ്പനുമെല്ലാം മരിച്ചതിനു ശേഷം ദൈവികത്വം കല്പിക്കപ്പെടുന്നതാണ്. ഒതേനനും മറ്റും കാരണവന്മാര് എന്ന നിലയ്ക്കാണ് കെട്ടിയാടുന്നത്.
കാക്കാരിശ്ശി നാടകം
മധ്യതിരുവിതാംകൂറിലെ കരുനാഗപ്പള്ളിക്ക് സമീപത്തുള്ള പ്രദേശങ്ങളിലും തിരുവനന്തപുരം ജില്ലയുടെ ഭാഗങ്ങളിലും നിലനിന്ന ഗ്രാമീണ കലാരൂപമാണിത്. പൊറാട്ടു നാടകങ്ങളുടെയും സംഗീതനാടകങ്ങളുടെയും സംയുക്ത ഭംഗി ഇതിനുണ്ട്. കാക്കാലനാടകം, കാക്കാലിച്ചി നാടകം, കാക്കരുകളി എന്നീ പേരുകളിലും ഈ കല അറിയപ്പെടുന്നു. ശിവനും പാര്‍വതിയും കാക്കാനും കാക്കാത്തിയുമായി ഭൂമിയില്‍ സഞ്ചരിച്ചുവെന്ന വിശ്വാസമാണ് ഇതിന്റെ പാശ്ചാത്തലം. പാണന്മാര്, കമ്മാളന്മാര് തുടങ്ങിയവരാണ് ഇത്അവതരിപ്പിക്കുന്നത്. തെക്ക് ഈഴവരും കുറുവരും ഇത് അഭിനയിക്കുന്നു. നൃത്തം, അഭിനയം, സംഗീതം എന്നീ അടിസ്ഥാനകലകള്‍ കൂടിച്ചേര്‍ന്നതാണ് കാക്കാരിശ്ശിനാടകം. ഇലത്താളം, ഗിഞ്ചറ, മൃദംഗം തുടങ്ങിയവയാണ് ഈ കലാരൂപത്തില്‍ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങള്‍
വിവിധയിനം പടയണിക്കോലങ്ങള്‍
മധ്യതിരുവിതാംകൂറിന്റെ കലയാണ് പടയണി. പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയാണ് പടയണിക്കലയുടെ ഒരു പ്രധാന കേന്ദ്രം. മറ്റൊന്ന് കോട്ടയം-ആലപ്പുഴ ജില്ലകളുടെ സംഗമസ്ഥാനങ്ങളില്‍ ഒന്നായ നീലംപേരൂരാണ്. കാളീപ്രീതിക്കുവേണ്ടി നടത്തുന്ന കലാരൂപമാണിത്. വിളവെടുപ്പിനും വിത്തിറക്കിനുമിടക്കുള്ള വേളയിലാണു ഇത് നടത്തുക. അനുഷ്ഠാനകലകളില് പാരമ്പര്യവും വേഷസൌന്ദര്യവും തികഞ്ഞ ഒന്നാണ് പടയണി. കാവുകളില്‍ നിശ്ചിതകാലത്തില്‍ നിശ്ചിതസമുദായത്തില്പെട്ട അടിയാന്മാരുടെ ആത്മാര്‍ത്ഥമായ പങ്കാളിത്തത്തോടുകൂടി ചിട്ടപ്പെടുത്തിയെടുത്ത ഒരനുഷ്ഠാനമാണിത്. പരിഷ്കാരം കത്തിനില്‍ക്കുന്ന ഇക്കാലത്തുപോലും കാവിലും അമ്പലമുറ്റങ്ങളിലും കെട്ടിയാടി ഉറഞ്ഞുതുള്ളുന്ന രൂക്ഷമൂര്‍ത്തിയായ കോലത്തിനുമുന്നില്‍ ഭയഭക്തിയോടെ തങ്ങളുടെ വരുംകാല സൌഭാഗ്യത്തിന് കൈനീട്ടി തൊഴുതു നില്‍ക്കുന്നവരെ നാട്ടിന്‍പുറങ്ങളില്‍ കാണാം. ദേവതാരൂപം ധരിച്ച് നടത്തുന്ന നൃത്തവും വായ്ത്താരിയും മേളങ്ങളും കൂടിച്ചേര്‍ന്ന ഒരാരാധനയാണ് നാടോടിക്കലയിലെ ഊര്‍ജ്ജപ്രവാഹമായ പടയണി.
കണിയാന്മാരാണ് പടയണിക്കോലങ്ങള്‍ വരയ്ക്കുകയും തുള്ളുകയുംചെയ്യുന്നത്. ഇതു ചെയ്യുമ്പോള്‍ സുബ്രഹ്മണ്യന്റെ പരിവേഷമാണ് തങ്ങള്‍ക്കുള്ളത് എന്നാണവരുടെ വിശ്വാസം. പ്രദര്‍ശനപരമായി ഏറെ ആകര്‍ഷകത്വമുള്ള പടയണിയില്‍ വ്യത്യസ്ത കലാരൂപങ്ങള്‍ ഉണ്ടാവും. ഗണപതിക്കോലം, കുതിരക്കോലം,മറുത, പക്ഷി, കാലന്, മാടന്, യക്ഷി, ഭൈരവി എന്നിങ്ങനെ ക്രമമനുസരിച്ചായിരിക്കും കോലങ്ങള്‍ പ്രവേശിക്കുക. ഓരോ കോലത്തിനും ഭാവം വെളിപ്പെടുത്താന്‍ വ്യത്യസ്ത വര്‍ണങ്ങള്‍ ഉപയോഗിക്കും. പടയണിയിലെ ഏറ്റവും വലിയ കോലം ഭൈരവിയുടേതാണ്.
പിശാച് കോലം - ശിവന്റെ ഭൂതഗണങ്ങളെക്കൊണ്ട് പാര്‍വതി അതിയായി ഭയക്കുന്നു. പാര്‍വതിയുടെ പേടിമാറ്റാന്‍ ശിവന് ഭൂതഗണങ്ങളോടാവശ്യപ്പെടുന്നു. അതനുസരിച്ച് പേടിമാറ്റാന്‍ കളിക്കുന്ന കോലമാണ് പിശാചുകോലം. ശരിയായ പേര് പിശാച് കോലം എന്നാണ്. എന്നാല്‍ വിഘ്നേശ്വരനായ ഗണപതിക്കു വേണ്ടി കളിക്കുന്നതു കൊണ്ടിതിനെ ഗണപതിക്കോലം എന്ന് വിളിക്കുന്നു.
മറുത - ദാരികനെ കൊല്ലാതിരിക്കുവാന്‍ വേണ്ടി, ഭാര്യ പൌര്‍ണമിവ്രതം നോക്കി, അപ്പോള്‍ ഭദ്രകാളിക്ക് വസൂരിരോഗം പിടിപെട്ടു. ഇതെല്ലാം ശിവന് കാണുന്നുണ്ടായിരുന്നു. ശിവന് മറുത തുടങ്ങിയ തന്റെ 16008ഭൂതഗണങ്ങളെയും വിളിച്ച് ഭദ്രകാളിയുടെ സമീപത്തുചെന്ന് വസൂരി മാറ്റാന്‍ ആവശ്യപ്പെട്ടു. ഭദ്രകാളിയുടെ അരികിലെത്തിയ ഭൂതഗണങ്ങള്‍ ഭയന്ന് പുറകോട്ടു മാറി. ആ സമയത്ത് ശിവന് ഘണ്ഠാകര്‍ണ്ണന്‍ എന്ന ഒരു പുത്രനെ ജനിപ്പിച്ചു. എന്തു ചെയ്യണം എന്ന ഘണ്ഠാകര്‍ണന്റെ ചോദ്യത്തിന് ഭദ്രകാളിയുടെ ശരീരത്തിലുള്ള വസൂരി നക്കിത്തോര്‍ത്താന്‍ ശിവന് ആവശ്യപ്പെട്ടു. ഘണ്ഠാക്കര്ണന് ഭദ്രകാളിയുടെ ശരീരം മുഴുവന്‍ നക്കിത്തോര്‍ത്തുകയും മുഖത്ത് നക്കാന്‍ തുടങ്ങിയപ്പോള്‍ അരുത് എന്ന് പറഞ്ഞ് ഭദ്രകാളി ഘണ്ഠാകര്‍ണനെ വിലക്കി. അങ്ങനെ ഭദ്രകാളിയുടെ ശരീരത്തിലുള്ള വസൂരിക്കല മുഴുവന്‍ മാറുകയും മുഖത്തേത് അവശേഷിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഇന്നും വസൂരി പിടിപെട്ടാല്‍ മുഖത്തെ വസൂരിക്കല അവശേഷിക്കുന്നത് എന്നാണ് വിശ്വാസം. ഘണ്ഠാകര്‍ണനെ അനുസ്മരിച്ചാണ് മറുതക്കോലം തുള്ളുന്നത്. അതു കൊണ്ടാണ് മറുതക്കോലത്തിന് വസൂരിക്കല അടയാളമായി വന്നിട്ടുണ്ട്.
മാടന് - ശിവന്റെ ഭൂതഗണത്തില്‍ പെട്ട കോലമാണിത്. കാലമാടന്, നെരിപ്പോടുമാടന്‍ എന്നിങ്ങനെ പേരുകള്‍ക്ക് പ്രാദേശികഭേദമുണ്ട്.
യക്ഷിക്കോലം – ദേവിയുടെ ഉപദേവതയാണിത്. തോഴിക്ക് തുല്യം. സുന്ദരയക്ഷി, അന്തരയക്ഷി, മായയക്ഷി,നാഗയക്ഷി, കാലയക്ഷി, അരക്കിയക്ഷി, കര്‍ണ്ണയക്ഷി ഇങ്ങനെ വിവിധതരം യക്ഷിക്കോലങ്ങളുണ്ട്. ഓരോ യക്ഷിക്കോലത്തിന്റെയും രൂപഭാവങ്ങള്‍ക്ക് വ്യത്യാസമുണ്ട്. ഇവിടെ സുന്ദരയക്ഷിക്കോലം മാത്രമെ തുള്ളാറുള്ളൂ
കാലന് കോലം - പടയണിയിലെ കൂട്ടക്കോലസങ്കല്പ്പത്തിനു പുറത്താണ് ഇന്നും കാലന് കോലവും മാടന് കോലവും. ഇതിന് ഒന്‍പത് പാളകള്‍ ഉപയോഗിക്കുന്നു. അഞ്ച് മുഖമായിരിക്കും ഉണ്ടാവുക. ഏറ്റവും മുകളില്‍ കിമ്പിരി മുഖമാണ്. ഭൈരവിക്കോലത്തിലുള്ള മുഖങ്ങള്‍ തന്നെയാണ് ഇതിലും ഉണ്ടാവുക. കിമ്പിരി മുഖത്തിനും മുകളിലുമായി കോലത്തിനു ചുറ്റുമായി കുരുത്തോല അല്ലി നിവര്‍ത്തി വച്ചിരിക്കും. കറുപ്പ്, ചുവപ്പ്, വെളുപ്പ് എന്നീ നിറങ്ങള്‍ ഈ കോലത്തില്‍ കാണുന്നു. പ്രഭാപരിവേഷം മുഖങ്ങള്‍ക്കു ചുറ്റുമായി വെച്ചിരിക്കും. പരിവേഷത്തില്‍ ചുവപ്പ്, കറുപ്പ്, വെള്ള മഞ്ഞ എന്നീ നിറങ്ങള്‍ കാണുന്നു. പീലിമുഖത്തെ പ്രതിനിധാനം ചെയ്ത് രണ്ടു പീലിക്കണ്ണുകള്‍ വരക്കുന്നു. ഇതിന് കറുപ്പു നിറമാണ് ഉപയോഗിക്കുന്നത്. പിന്നീട് പച്ചമുഖം. പാളയുടെ പുറംതൊലി ചെത്തിക്കളയാതെ വരച്ചുണ്ടാക്കുന്നതാണ് പച്ചമുഖം. കറുത്തകണ്ണും പൊട്ടും ദംഷ്ട്രകളും ഈ മുഖത്തിനുണ്ടാവും. താമര, മന്ദാരം, തുടങ്ങിയ പുഷ്പങ്ങള്‍ വരച്ചിട്ടുള്ള കാതലങ്കാരം ഉണ്ടാകും. കറുപ്പു നിറമാണ് ഇതിനുപയോഗിക്കുക. കണ്ഠാഭരണവും നെഞ്ചാഭരണവും ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങള്‍ ഉപയോഗിച്ച് വരക്കുന്നു.
ഭൈരവിക്കോലം - ഏറ്റവും വലുതും കൂടുതല്‍ വരക്കുന്നതുമായ കോലമാണ് ഭൈരവിക്കോലം. ദേവിയുടെ തനിരൂപമാണിത്. 1001 പാളകള്‍ വരെ ഇതിനുവേണം. ഇവിടെ 51 മുതല്‍ 101 പാളകള്‍ വരെ ഉപയോഗിക്കുന്നുണ്ട്. 1001 പാളകള്‍ ഉപയോഗിക്കുന്ന കോലത്തിന് 101 മുഖങ്ങളുണ്ടാകും. 101 പാളകള്‍ ഉപയോഗിക്കുന്ന കോലത്തിന് 5 മുഖമാവും ഉണ്ടാവുക. ഏറ്റവും മുകളിലായി കിമ്പിരിമുഖം പിന്നീട് താഴെത്താഴെയായി യഥാക്രമം ചുണ്ടാന്‍, പച്ച, കൃഷ്ണമുടി, മുഖമറ എന്നീ മുഖങ്ങള്‍ കോലത്തിന്റെ നടുക്കായി വച്ചു പിടിപ്പിക്കുന്നു. അതിനുചുറ്റുമായി മന്ദാരം, താമര എന്നീ പൂക്കളും നാഗപ്പത്തികളും വരച്ചുവെക്കുന്നു. അതിനു ചുറ്റുമായി പുറവട എന്നു പറയുന്ന പാളയില്‍ വരച്ചുണ്ടാക്കിയ പ്രഭ വെക്കുന്നു. അലങ്കാരത്തിനുവേണ്ടി അതിനു പുറമെ കുരുത്തോല അല്ല്ലി നിവര്‍ത്തി വെക്കുന്നു. ഇതാണ് ഭൈരവിക്കോലം.
കാഞ്ഞിരമാലക്കോലം - 101 പാളകളാണ് ഇതിനുപയോഗിക്കുക. 9 മുഖമാണ് ഈ കോലത്തിനുള്ളത്. ഭൈരവിക്കോലത്തിനുള്ള മുഖങ്ങള്‍തന്നെയായിരിക്കും ഇതിനും ഉണ്ടാവുക. മുഖങ്ങള്‍ക്കു ചുറ്റുമായി മന്ദാരം,താമര തുടങ്ങിയ പൂക്കളും നാഗപ്പത്തികളും വരച്ചുവച്ചിരിക്കും. ഭൈരവിക്കോലം ജ്യേഷ്ഠത്തിയും കാഞ്ഞിരമാല അനുജത്തിയുമാണ്. പരസ്പരസഹായത്തിനുവേണ്ടിയാണ് ഈ രണ്ടുകോലങ്ങള്‍ ഉള്ളത്.
പക്ഷിക്കോലം - കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന പക്കിബാധ (പക്ഷിബാധ) തടയുവാന്‍ വേണ്ടി തുള്ളുന്നതാണ് ഈ കോലം. ഈ കോലത്തിന്റെ മുഖത്ത് പക്ഷിച്ചുണ്ടുപോലെ പാളകൊണ്ട് ഉണ്ടാക്കിവെക്കുന്നു.
കുതിരക്കോലം - കുരുത്തോലയോടുകൂടിയ മടല് നെടുകെ ഛേദിക്കുന്നു. ആ ഓല മടലിന്റെ ഇരുവശത്തുമായി കെട്ടിവെക്കുന്നു. ഓലയുടെ മുന്‍ഭാഗത്ത് പാളകൊണ്ട് കുതിരയുടെ മുഖാകൃതി ഉണ്ടാക്കിവെക്കുന്നു. ഇതാണ് കുതിരക്കോലം.
മുടിയേറ്റ്
തിരുവിതാംകൂര്‍, കൊച്ചി പ്രദേശങ്ങളില്‍ നടത്തുന്നു. ചുവപ്പും കറുപ്പും നിറമുള്ള പട്ട് കുപ്പായങ്ങളാണ് ഈ കോലത്തിന് ഉപയോഗിക്കുക. അരിമാവ്, കരി എന്നിവകൊണ്ട് മുഖത്ത് ചുട്ടികുത്തിയിരിക്കും. കാളിയുടെ ഭീകരമായ രൂപം വരുത്താന്‍ ദംഷ്ട്രകള്‍ ധരിക്കുന്നു. കാളിയുടെ ഭീകരമായ മുഖം മരംകൊണ്ടോ ലോഹംകൊണ്ടോ ഉണ്ടാക്കിയതാവും. മെയ്യാഭരണമായി ചെമ്പരത്തി, ചെത്തി എന്നിവ കൊണ്ടുണ്ടാക്കിയ മാലകളും കേശാലങ്കാരത്തിന് ചുവന്ന പട്ടും ഇവര്‍ ഉപയോഗിക്കുന്നു
വേലന്‍തുള്ളല്‍
വേലന്‍ സമുദായത്തില്‍പെട്ടവരാണ് ഈ കലാരൂപം അവതരിപ്പിക്കാറ്. ഓണം തുള്ളല്‍ എന്നൊരു പേരും ഇതിനുണ്ട്. ഓണക്കാലത്ത് മാത്രമാണ് ഇത് നടത്താറുള്ളത്. അരങ്ങേറ്റക്കാര്‍ വീടുകള്‍തോറും കയറിയിറങ്ങിയാണ് കലാപ്രകടനം നടത്തുക. ഇതിലെ മുഖ്യ വാദ്യോപകരണം ഉടുക്കാണ്
ഗരുഡന്‍തൂക്കം
ഗരുഡന്‍തൂക്കം എന്ന ഈ കലാരൂപത്തെ ഗരുഡന്‍പറവ എന്നും അറിയപ്പെടുന്നു. അനുഷ്ഠാനപരമായ കലാരൂപമാണിത്. കൂത്തമ്പലത്തിന്റെ മാതൃകയിലുള്ള ചാട്ടുകളിലാണ് ഗരുഡന് അരങ്ങേറുക. ചാട്ട് അഥവാ തട്ട് മുഴുവനായും പ്രകാശപൂരിതമായിരിക്കും. ആസുരവാദ്യമായ ചെണ്ടയാണ് പ്രധാനമായും ഇതിന് ഉപയോഗിക്കുന്നത്.
പൊറാട്ടുകളി
പൊറാട്ടുകളി എന്ന പേരിലറിയപ്പെടുന്ന ഈ കലാരൂപത്തിന് പൊറാട്ടുനാടകം എന്നും പേരുണ്ട്. പാണസമുദായത്തില്പെട്ടവരാണ് ഇത് അവതരിപ്പിക്കുന്നത്. രസകരമായ പാട്ടുകള്‍, ചടുലനൃത്തം, നര്‍മ്മഭാഷണം എന്നിവ ഈ കലയുടെ ആകര്‍ഷണമാണ്. കളിയമ്പലം എന്നാണ് അരങ്ങേറ്റവേദിയുടെ പേര്. സ്ത്രീകള്‍മാത്രം അരങ്ങേറുന്ന പൊറാട്ടുകളിയെ പാങ്കളി എന്നാണ് വിശേഷിപ്പിക്കാറ്
തീയാട്ട്
പ്രാചീനമായ ഒരു അനുഷ്ഠാന കലാരൂപമാണിത്. അയ്യപ്പന് തീയാട്ട്, ഭദ്രകാളി തീയാട്ട് എന്നിങ്ങനെ തീയാട്ട് രണ്ട് തരമുണ്ട്. കൊട്ടാരങ്ങള്‍, പ്രഭുഗൃഹങ്ങള്‍, ഇല്ലങ്ങള്‍, എന്നിവിടങ്ങളില്‍ വിശേഷദിവസങ്ങളിലാണ് തീയാട്ട് നടത്തുന്നത്
പുള്ളുവന്‍ പാട്ട്
തനതു പാരമ്പര്യത്തിലധിഷ്ഠിതമായ പുള്ളുവന്‍ പാട്ട് പ്രധാനമായൂം ആരാധന, അനുഷ്ഠാനം, മന്ത്രവാദം, കാര്‍ഷികവൃത്തി എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഇതിഹാസപുരാണ കഥകളും, വര്ഗ്ഗോല്പത്തിയെ സംബന്ധിക്കുന്ന പുരാവൃത്തങ്ങളും ഇവയില്‍ കാണാം. സര്പ്പോല്പത്തി, സര്‍പ്പസത്രം, പാലാഴിമഥനം, അനന്തശയന വര്‍ണ്ണന, കളമെഴുത്തു തോറ്റം തുടങ്ങിയവയാണവ. പറക്കുട്ടി, ഗുളികന് തുടങ്ങിയ ഉപാസനാമൂര്ത്തികളെക്കുറിച്ചുള്ള ഗാനങ്ങളും പുള്ളുവന്‍ പാടുന്നു. കൂടെ പാടുവാന്‍ പുള്ളുവത്തിയും പങ്കുചേരും. ഇതിനായി ഉപയോഗിക്കുന്ന സംഗീതോപകരണങ്ങളാണ് വീണ, കുടം, കൈമണി മുതലായവ.
വെളിച്ചപ്പാട്
താലപ്പൊലി മഹോത്സവത്തിലാണ് വെളിച്ചപ്പാട് ഉറഞ്ഞുതുള്ളുന്നത്. ചുവന്നപട്ട, അരമണി, ചിലമ്പ്, കൂറ, മാല, കയ്യില്‍ പള്ളിവാള് എന്നിവയാണ് വെളിച്ചപ്പാടിന്റെ വേഷവിധാനങ്ങള്‍. ചെണ്ടവാദ്യത്തിന്റെ അകമ്പടിയോടെ മുന്നില്‍ കോല്‍വിളക്കു പിടിച്ച് കോമരങ്ങള്‍ ഉറഞ്ഞു തുള്ളും
തെയ്യം ചമയങ്ങള്‍
ഓരോ തെയ്യത്തിനും സ്ഥായിഭാവത്തിലുള്ള മുഖമെഴുത്താണ് ഉണ്ടാവുക. അതിന്റെ പാറ്റേണുകള്ക്കനുസരിച്ചുള്ള പേരും മുഖമെഴുത്തിനുണ്ട്. ചായില്യം, മനയോല, വിളക്കുകരി എന്നിവ വെളിച്ചെണ്ണയില്‍ ചാലിച്ചാണ് മുഖമെഴുത്ത് നിര്‍മ്മിക്കുന്നത്. ഈര്‍ക്കിലിന്റെ ഒരറ്റം ചതച്ചാണ് മുഖമെഴുതുന്നത്. നരികുറിച്ചെഴുത്ത്, കട്ടാരംപുള്ളി, കൊടംപുരികം, പ്രാക്കെഴുത്ത്, വെള്ളാട്ടികുറി, ചുരുളെഴുത്ത് എന്നിവയാണ് പ്രധാന മുഖമെഴുത്ത്.
കൃഷ്ണനാട്ടം, കൂടിയാട്ടം എന്നിവക്ക് ചുട്ടി സമ്പ്രദായമാണ് ഉപയോഗിക്കുന്നത്.
പൂതംകളി
പുരാണത്തിലെ ഒരു കഥയാണ് പൂതംകളിയുടെ ഉത്ഭവം. അസുരരാജാവായ ദാരികന് ബ്രഹ്മാവില്‍ നിന്നും സ്ത്രീകളാല്‍ മാത്രമേ കൊല്ലപ്പെടാവൂ, തന്റെ രക്തം ഭൂമിയില്‍ വീണാല്‍ ആയിരം ദാരികന്മാര് ജനിക്കണമെന്നും രണ്ടുവരം നേടി. അഹങ്കാരിയായ ദാരികന്റെ ഉപദ്രവം സഹിക്കവയ്യാതെ ബ്രഹ്മാവും, വിഷ്ണുവും ദേവഗണങ്ങളും ശിവനെ സമീപിച്ചു. ശിവന്റെ മൂന്നാം കണ്ണില്‍ നിന്നും ഭദ്രകാളി ജന്മമെടുത്തു. ഭദ്രകാളിയും ദാരികനും ഏഴു ദിവസം രാപ്പകലില്ലാതെ യുദ്ധം ചെയ്യുകയും ദാരികനെ വധിക്കുകയും ചെയ്തു. ഭദ്രകാളിയുടെ പടയാളികളായാണ് പൂതങ്ങളെ കണക്കാക്കുന്നത്. ഇവക്ക് തൊണ്ണൂറ്റിയാറ് കണ്ണുകളുണ്ട്. ഭദ്രകാളിയുടെ പടയായി വന്നത് ശിവന്റെ ഭൂതകണങ്ങളായിരുന്നു ഇതിന്റെ ഓര്‍മ്മക്കായാണ് അമ്പലങ്ങളില്‍ നടത്തുന്ന ഒരു പ്രധാന ചടങ്ങായി പൂതംകളി കൊണ്ടാടുന്നത്. തട്ടകത്തെ അമ്പലത്തില്‍ താലപ്പൊലി ദിവസം എല്ലാ ഭൂതങ്ങളും ഒത്തുകൂടുന്നു. അഷ്ടദേവികളില്‍ പ്രധാനിയായ ഭദ്രകാളി പിശാചായ അശ്വവേതാളത്തിന്റെ പുറത്തുകയറിയാണ് യുദ്ധത്തിന് എത്തിയത്. ഒരു തുള്ളി രക്തം പോലും ഭൂമിയില്‍ പതിക്കാതെ പാനം ചെയ്യാന്‍ ഇവക്ക് കഴിവുണ്ടായിരുന്നു. ഈ ഐതിഹ്യപ്രകാരമാണ് ഉത്സവങ്ങള്‍ക്ക് വേതാളക്കുതിര ഉണ്ടാക്കുന്നത്. മകരം മുതല്‍ മേടം വരെ ഭഗവതിക്ഷേത്രങ്ങളില് പൂതംകളി നടത്താറുണ്ട്. ഏഴുദിവസത്തെ വ്രതനിഷ്ഠ പൂതം കെട്ടിയാടുന്ന കലാകാരന്മാര്ക്ക് ഉണ്ടായിരിക്കണം. മണ്ണാന്‍ സമുദായക്കാരാണ് പ്രധാനമായും പൂതവേഷം കെട്ടാറുള്ളത്.
ആഭരണങ്ങള്‍
പൂതംകളിക്കായി തോളുവള, മുളവള, ഘടകവള, കാപ്പ്, മാര്‍താലി, അരതാലി, അരഞ്ഞാണം, ചിലമ്പ്, മയില്‍പീലി എന്നിവ ഉപയോഗിക്കുന്നു. കാതില്‍ തോടയാണ് ആഭരണമായി ഉപയോഗിക്കുന്നത്
വര്‍ണ്ണ ചേരുവകള്‍
പൂതംകളിക്ക് മുഖമെഴുത്തിനായി ഉപയോഗിക്കുന്ന വര്‍ണ്ണങ്ങള്‍ ചുവപ്പ്, വെള്ള, കറുപ്പ് എന്നിവയാണ്. കറുപ്പിന് ചിരട്ട ചുട്ട കരി പൊടിച്ചതും, മോര്, ചുണ്ണാമ്പ് എന്നിവ ചേര്‍ത്ത് വെള്ളക്കായി ഉപയോഗിക്കുന്നു. ചുവപ്പിന് തേക്കിന്റെ ചാന്ത് (തേക്കിന് തൂമ്പ് തിളപ്പിച്ചത്) ഉപയോഗിക്കുന്നു
സാങ്കേതിക വിദ്യ
പൂതംകളിക്ക് വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്ക് കരകൌശല വിദ്യയാണ് ഉപയോഗിക്കുന്നത്. കൊത്തുപണി ഉപയോഗിച്ച് മുഖം, ആഭരണം എന്നിവ നിര്‍മ്മിക്കുന്നു.
ഉദാ: കഥകളി, തുള്ളല്‍, മോഹിനിയാട്ടം മുതലായവയ്ക്കുപയോഗിക്കുന്ന അലങ്കാര ചമയങ്ങള്‍
പൂതംകളി
അലങ്കാര വസ്തുക്കള്‍
മയില്‍പീലി, തുണി, പട്ട്, ചൂരല്‍, പീലിതണ്ട്, കണ്ണാടി, വ്യത്യസ്ത നിറത്തിലുള്ള പേപ്പര്‍ മുള എന്നിവ അലങ്കാരത്തിനുവേണ്ടി പ്രത്യേക ശൈലിയില്‍ അണിയിച്ചൊരുക്കുന്നു. പൂതത്തിനു താഴെ (കിരീടം) ഉപയോഗിക്കുന്ന അലങ്കാര വസ്തുക്കളാണ്.
പൂതംകളിയില്‍ അനവധി അലങ്കാര ചമയങ്ങള്‍ ഉപയോഗിക്കാറുണ്ട്. ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം വൈവിധ്യം നിറഞ്ഞതാണ്. കഥകളിയുടെ വേഷത്തോട് സാമ്യമുള്ളതാണ് പൂതംകളിയുടെ വേഷവിധാനങ്ങള്‍. പൂതംകളിയില്‍ കഴുത്തില്‍ മാര്‍താലിയും, അരയില്‍ അരത്താലിയും ഉപയോഗിക്കുന്നു. തോളില്‍ തോളുവളകളും, രണ്ടു കയ്യിലും രണ്ടു വളകള്‍ വീതവും ധരിക്കുന്നു. കയ്യില്‍ മുള്ളുവളകളും അണിയുന്നു. കെച്ച എന്ന ആഭരണവും ധരിക്കുന്നു. ദേഹം മറക്കാന്‍ ഒരു ചുവന്ന വസ്ത്രം ധരിക്കുകയും അതിനു മുകളിലായാണ് ഈ ആഭരണങ്ങള്‍ ചാര്‍ത്തുന്നത്. കാലില്‍ ചിലമ്പ് ഇടാറുണ്ട്. മുടിക്കു പകരമായി മയില്‍ പീലികള്‍ കൂട്ടമായി നീളത്തില്‍ തലയില്‍ നിന്നും താഴോട്ടു വെക്കുന്നു. പാല, മുരുക്ക് എന്നീ മരങ്ങളില്‍ കൊത്തിയുണ്ടാക്കി ചായം കൊടുത്ത മുഖംമൂടിയും ഇതിനെ ബന്ധിപ്പിച്ചുകൊണ്ട് ഒരു വലിയ കിരീടവും ധരിക്കുന്നു. ഈ മുഖംമൂടിയില്‍ നാക്ക് പുറത്തേക്ക് നീട്ടിയിരിക്കും. യുദ്ധത്തിനു പോകുന്ന ശിവഭൂതഗണങ്ങളുടെ രോഷമാണ് ഇത് കാണിക്കുന്നത്. കിരീടം നല്ല ഭംഗിയുള്ളതും, വലിപ്പമുള്ളതും അര്‍ദ്ധവൃത്താകൃതിയിലുള്ളതുമാണ്. വെള്ളമുണ്ടുകൊണ്ട് ഞൊറിഞ്ഞ് പൊന്തി നില്ക്കുന്ന പാവാടയുടെ ആകൃതിയിലുള്ള വസ്ത്രവും ധരിക്കുന്നു. ഒരു കയ്യില്‍ പരിചയും മറ്റേ കയ്യില്‍ പൊന്തിയും ഉണ്ടായിരിക്കും. ഈ വേഷഭൂഷാദികളോടെ പ്രത്യേക ചുവടുവെപ്പുകളുമായി പൂതംകളി കളിക്കുന്നു. കാലില്‍ ചിലങ്കയണിഞ്ഞ് എത്തുന്ന പൂതംകളിക്കാര്‍ തുടികൊട്ടുന്ന താളത്തിനനുസരിച്ച് നൃത്തം ചെയ്യുന്നു. ആദ്യം പതിഞ്ഞമട്ടിലും പിന്നീട് വേഗത്തിലും താളം വെക്കുന്നു. നല്ല മെയ് വഴക്കം ആവശ്യമുള്ള ഒരു കലാരൂപമാണ് പൂതംകളി.
മണ്ണാന്‍ ഭൂതം
ഉത്രം വിളക്ക്, മറ്റു ഉത്സവകാലങ്ങളിലാണ് മണ്ണാന്‍ ഭൂതം കെട്ടിയാടുന്നത്. ഭൂതത്തിന് കാലില്‍ ചിലമ്പ്, അരയില്‍ ചിലങ്ക, മണികള്‍ കൊണ്ടുള്ള അരപ്പട്ട, തലയില്‍ മുളയും വര്‍ണ്ണക്കടലാസും തുണിയും കൊണ്ട് നിര്‍മ്മിച്ച വലിയ കിരീടം തുടങ്ങിയവയുണ്ടാകും
കണ്യാര്‍ക്കളി
കണ്യാര്‍ക്കളിക്കു തച്ചുശാസ്ത്രവിധി പ്രകാരമുള്ള ഒമ്പതു കാല് 'പച്ചപ്പന്തല്‍' വേണം. പന്തല്‍ ശരാശരി നാല്പതുകോല് എട്ടംഗുലം ചുറ്റളവുള്ള സമചതുരമായിരിക്കും. നല്ല മുഹൂര്‍ത്തം നിശ്ചയിച്ചു തൂപ്പുകളുണ്ടാക്കി കൊണ്ടുവന്നു തോരണങ്ങള്‍ തൂക്കിയ മുളയില്‍ മൂലസ്ഥാനത്തുനിന്നു ഭഗവതിയെ ആവാഹിച്ചു പന്തല്‍ സ്ഥാനത്തിന്റെ ഒത്ത നടുക്കു 'ഭഗവതിക്കാല്‍' നാട്ടുന്നു. ഈ മുള പൊളിഞ്ഞു പോവാതിരിക്കാന്‍ മുകളറ്റം മുതല്‍ ഒമ്പതംഗുലം താഴെവരെ ഒരു വിരല്‍ അകലത്തില്‍ ഇടവിട്ടു ചൂടികൊണ്ടു വരിഞ്ഞുകെട്ടിയിരിക്കും. ഗന്ധര്വന്,യക്ഷി തുടങ്ങിയ ദുര്‍ദേവതകളെ ഒഴിവാക്കുകയെന്ന ഉദ്ദ്യേശവും ഇതിനു പിന്നില്‍ പറയാറുണ്ട്. പന്തല്‍ക്കാലുകളില്‍ അഷ്ടവസ്തുക്കളായി സങ്കല്പിച്ചു എട്ടെണ്ണം പാലത്തടിയിലുള്ളതും മദ്ധ്യഭാഗത്തുള്ള ഒരെണ്ണം മുളയിലുള്ളതുമായിരിക്കണം. എട്ടംഗുലം വീതിയും നാലംഗുലം കനവുമുള്ളവിധം ചെത്തി മിനുക്കിയ പാലത്തടിയില്‍ തെരണി, കൊളവി, കമ്പി തുടങ്ങി വിവിധ നാമങ്ങളിലുള്ള അലങ്കാരമുണ്ടാകും. ഭഗവതിക്കാലിനു മുകളില്‍ ഒരുകോല്‍ രണ്ടംഗുലം സമചതുരത്തില്‍ 'ഉള്‍പ്പന്തലും' നിര്‍മ്മിക്കും. ഉള്‍പ്പന്തല്‍ കുരുത്തോല കൊണ്ടും പന്തലാകമാനം കണിക്കൊന്നപ്പൂവും കുരുത്തോലയും കൊണ്ടലങ്കരിക്കുന്നു. ഉള്‍പ്പന്തലില്‍ അഞ്ചു തിരയിട്ട നിലവിളക്കു പ്രതിഷ്ഠിച്ചശേഷം സമീപത്തായി പീഠമിട്ട് അതിന്മേല് തിരുവാടയായ പട്ട്, പള്ളിവാള്, അരമണി, കാല്‍ചിലമ്പ് എന്നിവ എഴുന്നള്ളിച്ചു വയ്ക്കുകയും കുത്തുവിളക്കു നിറുത്തുകയും ചെയ്യുന്നു. പന്തലിന്റെ രണ്ടുകാലുകള്‍ക്കിടയിലും ഓരോന്നുവിധം തൂക്കു വിളക്കുകളും വേണം.
കണ്യാര്‍ക്കളിയുടെ സമാരംഭമറിയിക്കുന്നതിനായി സന്ധ്യക്കു ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം എന്നീ വാദ്യങ്ങള്‍ ചേര്‍ന്ന് കേളി കൊട്ടുണ്ടാകും. അതിനുശേഷം മന്ദത്തമ്മയുടെ പൂജയും കോമരത്തിന്റെ തുള്ളലും കല്പനയും അനുഗ്രഹവും കഴിഞ്ഞു കണ്യാര്‍ക്കളി സമാരംഭിക്കുകയായി. പാവമുണ്ട്, കസവുമുണ്ട്, പട്ട് എന്നീ വസ്ത്രധാരണവും കണ്ണെഴുത്ത്, ചന്ദനക്കുറി, വാലിട്ട തലേക്കെട്ട്, അരയില്‍ രണ്ടാമുണ്ട്, കഴുത്തില്‍ സ്വര്‍ണ്ണമാല, കയ്യില്‍ ഹസ്ത കടകം, അരയില്‍ ഒഢ്യാണം, മേലാസകലം ചന്ദനംപൂശല്‍ എന്നിവ കണ്യാര്‍ക്കളിയുടെ പ്രാചീനമായ വേഷസംവിധാനമായിരുന്നു. കണ്യാര്‍ക്കളിയില്‍ അനുഷ്ഠാന സ്വഭാവമുള്ള വട്ടക്കളി എന്നും സാമൂഹിക വിമര്‍ശനസ്വഭാവമുള്ള പുറാട്ടെന്നും രണ്ടു ഭാഗങ്ങളുണ്ട്. ഭഗവതിക്കാലിനു സമീപം പ്രതിഷ്ഠിച്ച വിളക്കിനു ചുറ്റും ചുവടുവെച്ചു വട്ടക്കളി നടത്തും. അപ്പോള്‍ ദേവീദേവന്മാരുടെ സ്തുതിഗീതങ്ങളാണു പാടുന്നത്
സാധാരണ ഉപയോഗിക്കുന്ന ചമയങ്ങള്‍
പാരബര്യമായി, കുടുംബപരമായി, സാമുദായികപരമായി ഉപയോഗിക്കുന്ന ആടയാഭരണങ്ങള്‍ ഇങ്ങനെ ഈ ഉപമേഖലയെ കുടുംബപരം,സാമുദായികപരം, മതപരം എന്നിങ്ങനെ വ്യത്യസ്ത ഉപമേഖലകളായി തിരിക്കാം.
ഈ ഓരോ ഉപമേഖലയിലും പെടുന്ന അലങ്കാര ചമയങ്ങളെ വീണ്ടും ഉപമേഖലകളാക്കാം.
പൂവാംകുരുന്നില നീരില്‍ വൃത്തിയുള്ള വെള്ള തുണിമുക്കി ഉണക്കുക. ഇതുപലയാവര്ത്തി ചെയ്യുക. അതിനുശേഷം എള്ളെണ്ണയില്‍ മുക്കി കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക ശേഖരിച്ച് അഞ്ജനം, പച്ചക്കര്‍പ്പൂരം എന്നിവ ചേര്‍ത്ത് നല്ലെണ്ണയില്‍ ചാലിച്ച് കണ്മഷി ഉണ്ടാക്കാം
കേരളം നാടന്‍കലകളുടെയും നാട്ടറിവുകളുടെയും വിപുലതകൊണ്ട് സമ്പുഷ്ടമാണെങ്കിലും പലതും കാലത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടപ്പെട്ടിരിക്കുന്നു. പുതുമയെ പുല്കാനുള്ള നെട്ടോട്ടത്തിനിടയില്‍ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരാന്‍ കലകള്‍ക്കുള്ള കഴിവ് വലുതാണ്. ഗ്രാമീണമായ കൂട്ടായ്മയില്‍ നിന്നാണ് നാടന്‍കലകള്‍ പിറവിയെടുക്കുന്നത്.
ഒരു ജനതയുടെ ആശകളും വിശ്വാസങ്ങളും സൌന്ദര്യബോധവും കലാഭിരുചിയുമെല്ലാം ഇതില്‍ കാണാം. കൃഷി, സാമൂഹികജീവിതം, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവയുമായി നാടന്‍കലകള്‍ ബന്ധപ്പെട്ടുകിടക്കുന്നു. കാലംമാറിയതനുസരിച്ച് കോലംമാറിയ മലയാളിക്കുമുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ പല കലകളും മണ്മറഞ്ഞു. ചിലത് തലമുറകള്‍ കൈമാറി ഇന്നും സജീവമായി നിലനില്ക്കുന്നു. നാട്ടുകലകള്‍ നാടുനീങ്ങുമ്പോള്‍ മറയുന്നത് നമ്മുടെ സംസ്ക്കാരത്തിന്റെ ബലങ്ങളില്‍ ചിലതാണ്.
തെയ്യം, തിറ, പടയണി, മുടിയേറ്റ്, വേലന്‍തുള്ളല്‍, കാക്കാരിശ്ശി നാടകം, ഗരുഡന്‍തൂക്കം, തീയാട്ട്, പുള്ളുവന്‍പാട്ട്, വേലന്‍തുള്ളല്‍ തുടങ്ങി ഒട്ടനവധി നാടന്കലകളുണ്ട് നമുക്ക്. ഇവയ്ക്കെല്ലാം വ്യത്യസ്തയിനം ചമയങ്ങളാണ് ഉപയോഗിക്കുന്നത്
കുറുന്തിനിപ്പാട്ട്
പെരുവണ്ണാന് സമുദായത്തില്‍ പെട്ടവരാണ് കുറുന്തിനിപ്പാട്ട് ആടുന്നത്. കര്‍ക്കടകമാസത്തില്‍ സന്താനലബ്ധിക്കായി കെട്ടിയാടുന്ന ഈ കലാരൂപത്തിന് എണ്ണൂറ് വര്‍ഷത്തെ പഴക്കമുണ്ട്. ഏഴുപേരാണ് ഈ കലാപ്രകടനത്തിന് വേണ്ടത്. മുറ്റത്ത് പന്തലിട്ട്, കുരുത്തോല കൊണ്ടലങ്കരിച്ച്, തറയില്‍ നാഗക്കളമെഴുതിയാണ് അരങ്ങൊരുക്കുന്നത്. നാഗക്കളത്തില്‍ ഇത് ഒരുക്കിയ സ്ത്രീ ഇരിക്കുകയും പാട്ടുകള്‍ പാടുകയും പാട്ടിനൊടുവില്‍ കുറുന്തിനി ഭാഗവതി, കാമന്, കുതിരുമേല്‍ കാമന് എന്നീ കോലങ്ങള്‍ പ്രവേശിക്കുന്നു. മദ്ദളം മാത്രമാണ് ഇതിലുപയോഗിക്കുന്ന വാദ്യം
കുട്ടിച്ചാത്തനാട്ടം
കുട്ടിച്ചാത്തന് എന്ന മൂര്‍ത്തിയെ പ്രീതിപ്പെടുത്താനായി കെട്ടിയാടുന്നതാണിത്. കുട്ടിച്ചാത്തന്റെ പ്രതിമക്കുചുറ്റും തോരണങ്ങള്‍ കെട്ടി, കളമെഴുതി, നാളികേര മുറിയില്‍ തിരികത്തിച്ച് വാള് കൈയിലേന്തിയ ആള്‍പ്രതിമക്കുചുറ്റും നൃത്തംവെക്കുന്നു. തുള്ളിയുറഞ്ഞ് പ്രതിമക്കുമുമ്പില്‍ വീഴുന്നിടത്താണ് അവസാനം. ചെണ്ട, ചിലമ്പ്, കുഴല്‍ എന്നീ വാദ്യമേളങ്ങള്‍ നൃത്തച്ചുവടിന് അകമ്പടിയേകും.
കോല്‍ക്കളി
കമ്പടികളി എന്ന പേരിലറിയപ്പെടുന്ന കോല്‍ക്കളി കര്‍ക്കടകനാളില്‍ സമയം പോകാന്‍ കളിച്ചിരുന്ന ഒരു വിനോദമായിരുന്നു. ഇപ്പോള്‍ എല്ലാ സമയത്തും കളിക്കുന്നുണ്ടിത്. കോലാട്ടക്കളി എന്നും ചില സ്ഥലങ്ങളിലറിയപ്പെടുന്നു. ഒരറ്റത്ത് ചെറിയ മണികള്‍ ഘടിപ്പിച്ച കമ്പുകളാണ് ഈ കളിക്ക് ഉപയോഗിക്കുന്നത്. പാട്ടിനും താളത്തിനുമൊപ്പം വട്ടത്തിലിരുന്നും നിന്നും ഓടിയും ചാടിയും കമ്പുകള്‍ കൊട്ടി ഈ കളി മുന്നേറുന്നു
പാലക്കാട്ടുള്ള ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലെ നായര്‍ സമുദായത്തിന്റെ അനുഷ്ഠാനപ്രദമായ കലാപ്രകടനമാണ് ഉര്വ്വരപ്രധാനമായ കണ്യാര്‍ക്കളി. പൊന്നാനക്കളിയെന്നും ദേശക്കളിയെന്നും വിളിക്കുന്ന ഇതു ഭഗവതിക്കാവുകളില്‍ മാത്രമെ പതിവുള്ളൂ. മേടം ഒന്നിനു 'കണ്ണിയാര്‍ കൊള്ളല്‍' എന്ന ചടങ്ങുണ്ട്. വിത്തുവിതയുടെ ആരംഭത്തില്‍ പല വേഷങ്ങള്‍ പുറപ്പെടുന്ന കരിവേല എന്ന ചടങ്ങോടെ നടത്തുന്ന കണ്യാര്‍ക്കളി ചിലസ്ഥലങ്ങളില്‍ ഭഗവതിക്കാവുകളില്‍ നടക്കുന്ന കുമ്മാട്ടിയോടനുബന്ധമായി നടന്നുവരുന്നു. ഒമ്പതുവട്ടം കളിക്കാനുള്ള വട്ടക്കളിയുടെ 'കാലും കലാശവും' ഉറക്കാനുള്ള പരിശീലനമായ 'കളികുമ്പിട' ലോടെ തന്നെ അനുഷ്ഠാനം ആരംഭിക്കും.
പാണ്ഡ്യരാജ്യം ചുട്ടെരിച്ചശേഷം ക്രോധാവേശത്തോടെ കേരളക്കരയിലെത്തിയ കണ്ണകിയുടെ കോപം ശമിപ്പിക്കാനായി ദേശക്കാര്‍ ഒന്നിച്ചു നടത്തിയ പ്രാര്‍ത്ഥനയും സ്തുതിയും കൊണ്ട് ശാന്തയായി തങ്ങളുടെ ദേശത്തു കുടിയിരുന്നുവെന്നും, അതിനാല്‍ കര്ണകിയ്ക്കു വേണ്ടിയുള്ള കളിയാണു കണ്യാര്ക്കളിയായതെന്നും പറയുന്നു. അപൂര്‍വം ചില വട്ടക്കളിപ്പാട്ടുകളില്‍ പ്രാദേശിക ദേവതകളെ സ്തുതിക്കുമ്പോള്‍ കര്ണകിയാര് പ്രയോഗം വരുന്നുണ്ട്. 'ആണ്ടിക്കൂത്തി' ല്‍ ശിവന്റെ കണ്ണില്‍ നിന്നു ജനിച്ചവളെന്നു വാഴ്ത്തുന്നതിനാല്‍ കണ്ണകിക്കു ഭദ്രകാളിയെന്നും അര്‍ത്ഥമുണ്ട്. മാത്രമല്ല, വട്ടക്കളിപ്പാട്ടുകളില്‍ പൊതുവെ ദാരികനിധാനം ചെയ്ത ഭദ്രകാളിയെയാണു സ്തുതിച്ചു കാണുന്നത്. ഭദ്രകാളിയുടെ മറുപിറവിയായി ചിലപ്പതികാരകഥയിലെ നായികയെ കണ്ടുവരുന്നതിനാല്‍ കണ്യാര്ക്കളിയെ കണ്ണകിയുമായി ബന്ധിപ്പിക്കുന്നതും അനുചിതമാവില്ല. കുലദേവതയായ ശക്തിദേവിയ്ക്കു മുമ്പില്‍ ശരീര നായകന്മാര് നടത്തുന്ന നേര്‍ച്ചയാണു കണ്യാര്ക്കളിയെന്നും അഭിപ്രായമുണ്ട്. ആണ്ടിക്കൂത്തു തുടങ്ങുമ്പോള്‍ ശിവനേത്രത്തില്‍ നിന്നു പിറന്ന ഭദ്രകാളിയെ സ്തുതിച്ചു കാണുന്നു. മാത്രമല്ല, കണ്യാര്ക്കളിയോടനുബന്ധമായി മുക്കണ്ണന്റെ തൃക്കണ്ണിലുത്ഭവിച്ച ദേവിക്കു പുത്തന്കലത്തില് സ്ത്രീകള്‍ പൊങ്കല്‍ നിവേദിക്കും. തിരുവനന്തപുരം ജില്ലയില്‍ ഭദ്രകാളീ പ്രീണനാര്‍ത്ഥം നടത്തുന്ന പൊങ്കാല ചിലപ്പതികാരകഥ ഭദ്രകളിപ്പാട്ടായി പാടുന്ന എല്ലാ മുടിപ്പുരകളിലും നടത്തുമെന്ന കാര്യവും ഇവിടെ അനുബന്ധമാക്കേണ്ടതുണ്ട്. ഭഗവതിയെ മുളയില്‍ ആവാഹിച്ചു ആ മുള പന്തലിന്റെ മദ്ധ്യത്തില്‍ സ്ഥാപനം ചെയ്തു അതിനടുത്തു വിളക്കു പ്രതിഷ്ഠിച്ചു അതിനുചുറ്റും കണ്യാര്‍ക്കളി നടത്തുകയാണു പതിവ്. കണക്കോല്‍, കണിയാരം എന്നീ പേരുകളുള്ള മുള പ്രതിഷ്ഠിക്കുന്നതിനെ 'കണ്യാര് കൊള്ളല്‍' എന്നു വ്യവഹരിക്കാറുമുണ്ട്. അതിനാല്‍ ഭഗവതിക്കു പ്രാമുഖ്യം നല്‍കിവരുന്ന ഈ കളി അതിന്റെ 'കണ്യാര്' എന്ന അനുഷ്ഠാനവുമായി ചേര്‍ത്തു പ്രസിദ്ധമായെന്നകാര്യം യുക്തിസഹമാണെങ്കിലും വിഷുക്കണി പോലുള്ള കണി കാണുമ്പോള്‍ ദീപം പ്രധാനമാകയാല്‍ കണിയാര് എന്നാല്‍ ഈ ദീപ പ്രതിഷ്ഠയുമാകാം.
കണ്യാര്‍ക്കളിക്കു തച്ചുശാസ്ത്രവിധി പ്രകാരമുള്ള ഒമ്പതു കാല് 'പച്ചപ്പന്തല്‍' വേണം. പന്തല്‍ ശരാശരി നാല്പതുകോല് എട്ടംഗുലം ചുറ്റളവുള്ള സമചതുരമായിരിക്കും. നല്ല മുഹൂര്‍ത്തം നിശ്ചയിച്ചു തൂപ്പുകളുണ്ടാക്കി കൊണ്ടുവന്നു തോരണങ്ങള്‍ തൂക്കിയ മുളയില്‍ മൂലസ്ഥാനത്തുനിന്നു ഭഗവതിയെ ആവാഹിച്ചു പന്തല്‍ സ്ഥാനത്തിന്റെ ഒത്ത നടുക്കു 'ഭഗവതിക്കാല്‍' നാട്ടുന്നു. ഈ മുള പൊളിഞ്ഞു പോവാതിരിക്കാന്‍ മുകളറ്റം മുതല്‍ ഒമ്പതംഗുലം താഴെവരെ ഒരു വിരല്‍ അകലത്തില്‍ ഇടവിട്ടു ചൂടികൊണ്ടു വരിഞ്ഞുകെട്ടും. ഗന്ധര്വന്, യക്ഷി തുടങ്ങിയ ദുര്‍ദേവതകളെ ഒഴിവാക്കുകയെന്ന ഉദ്ദ്യേശവും ഇതിനു പിന്നില്‍ പറയാറുണ്ട്. പന്തല്‍ക്കാലുകളില്‍ അഷ്ടവസ്തുക്കളായി സങ്കല്പിച്ചു എട്ടെണ്ണം പാലത്തടിയിലുള്ളതും മദ്ധ്യഭാഗത്തുള്ള ഒരെണ്ണം മുളയിലുള്ളതുമായിരിക്കണം.
എട്ടംഗുലം വീതിയും നാലംഗുലം കനവുമുള്ളവിധം ചെത്തി മിനുക്കിയ പാലത്തടിയില്‍ തെരണി, കൊളവി, കമ്പി തുടങ്ങി വിവിധ നാമങ്ങളിലുള്ള അലങ്കാരമുണ്ടാകും. ഭഗവതിക്കാലിനു മുകളില്‍ ഒരുകോല്‍ രണ്ടംഗുലം സമചതുരത്തില്‍ 'ഉള്‍പ്പന്തലും' നിര്‍മ്മിക്കും. ഉള്‍പ്പന്തല്‍ കുരുത്തോല കൊണ്ടും പന്തലാകമാനം കണിക്കൊന്നപ്പൂവും കുരുത്തോലയും കൊണ്ടലങ്കരിക്കുന്നു. ഉള്‍പ്പന്തലില്‍ അഞ്ചു തിരിയിട്ട നിലവിളക്കു പ്രതിഷ്ഠിച്ചശേഷം സമീപത്തായി പീഠമിട്ട് അതിന്മേല് തിരുവാടയായ പട്ട്, പള്ളിവാള്, അരമണി, കാല്‍ചിലമ്പ് എന്നിവ എഴുന്നള്ളിച്ചു വയ്ക്കുകയും കുത്തുവിളക്കു നിറുത്തുകയും ചെയ്യുന്നു. പന്തലിന്റെ രണ്ടുകാലുകള്‍ക്കിടയിലും ഓരോന്നുവീതം തൂക്കുവിളക്കുകളും വേണം.
കണ്യാര്‍ക്കളിയുടെ സമാരംഭമറിയിക്കുന്നതിനായി സന്ധ്യക്കു ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം എന്നീ വാദ്യങ്ങള്‍ ചേര്‍ന്ന് കേളി കൊട്ടുണ്ടാകും. അതിനുശേഷം മന്ദത്തമ്മയുടെ പൂജയും കോമരത്തിന്റെ തുള്ളലും കല്പനയും അനുഗ്രഹവും കഴിഞ്ഞു കണ്യാര്‍ക്കളി സമാരംഭിക്കുകയായി. പാവമുണ്ട്, കസവുമുണ്ട്, പട്ട് എന്നീ വസ്ത്രധാരണവും കണ്ണെഴുത്ത്, ചന്ദനക്കുറി, വാലിട്ട തലേക്കെട്ട്, അരയില്‍ രണ്ടാമുണ്ട്, കഴുത്തില്‍ സ്വര്‍ണ്ണമാല, കയ്യില്‍ ഹസ്ത കടകം, അരയില്‍ ഒഢ്യാണം, മേലാസകലം ചന്ദനംപൂശല്‍ എന്നിവ കണ്യാര്‍ക്കളിയുടെ പ്രാചീനമായ വേഷസംവിധാനമായിരുന്നു. കണ്യാര്‍ക്കളിയില്‍ അനുഷ്ഠാന സ്വഭാവമുള്ള വട്ടക്കളി എന്നും സാമൂഹിക വിമര്‍ശനസ്വഭാവമുള്ള പുറാട്ടെന്നും രണ്ടു ഭാഗങ്ങളുണ്ട്. ഭഗവതിക്കാലിനു സമീപം പ്രതിഷ്ഠിച്ച വിളക്കിനു ചുറ്റും ചുവടുവെച്ചു വട്ടക്കളി നടത്തും. അപ്പോള്‍ ദേവീദേവന്മാരുടെ സ്തുതിഗീതങ്ങളാണു പാടുന്നത്.
കണ്യാര്‍ക്കളിയുടെ ആദ്യമൂന്നു ദിവസങ്ങളില്‍ വട്ടക്കളി, ആണ്ടിക്കൂത്ത്, മലമ എന്നിവ അവതരിപ്പിക്കും. വട്ടക്കളിയെ 'പൊന്നാന'യെന്നും പറയും. നാലുദിവസമാണു കളിയെങ്കില്‍ പൊന്നാന, ആണ്ടിക്കൂത്ത്,വള്ളോന്‍, മലമ എന്നിങ്ങനെയാകും യഥാക്രമം കളിയുടെ രീതി. വട്ടക്കളി പന്തലിലേക്കു പോകുന്നതിനു 'നടുവട്ടം' എന്നു പറയും. പന്തല്‍ വലംവച്ചു പന്തല്‍ പ്രവേശവും ദീപപ്രദക്ഷിണവും കഴിഞ്ഞ് മൂന്നുവട്ടം കളിയും കലാശവും നടത്തും.
അതുകഴിഞ്ഞു കളിക്കാര്‍ വൃത്തത്തില്‍ നിന്നുകൊണ്ടു ചിട്ടപ്രകാരം തൊഴുതശേഷം ചെണ്ട,മദ്ദളം, ഇലത്താളം, ചേങ്ങില എന്നിവ സമന്വയിപ്പിച്ച കൊട്ടിക്കലാശവും കഴിഞ്ഞു അനുപല്ലവി പാടി ചുവടുവച്ചു കളി തുടങ്ങുന്നു. ഒരു ചുവടില്‍ നിന്നു മറ്റൊരു ചുവടിലേക്കു മാറുന്നതിനു മുമ്പായി 'കലാശം' വരാം. ഒന്നാംകാല്‍, രണ്ടാംകാല്‍, മൂന്നാംകാല്, നാലാംകാല്, മൂന്നില്‍ ഒന്ന്, മൂന്നില്‍ രണ്ട്, നാലില്‍ ഒന്ന്, നാലില്‍ രണ്ട്, നേരുകാല്‍, വട്ടക്കാല്‍, തട്ടുകാല്, തൂക്കുകാല്‍ എന്നിങ്ങനെ അറുപത്തിനാലു ചുവടുവെയ്പുകള്‍ കണ്യാര്ക്കളിക്കുണ്ട്. പതികാലം, ഇടകാലം, ദ്രുതകാലം എന്നിങ്ങനെ ചുവടുവെയ്പുകള്ക്കു കാലപ്രമാണവുമുണ്ട്. നടന്മാര് പാട്ടുപാടുന്നു. നാലുദിവസത്തെ കളിക്കുശേഷം ഇരു ചേരിക്കാരും ഒപ്പം കൂടി വട്ടക്കളി കളിക്കുന്നതിനെ ' പൂവാരല്‍' എന്നു പറയും.
സാമൂഹികവിമര്‍ശനം ഏറെയുള്ള പുറാട്ടുകൊണ്ടു കാണികളെ രസിപ്പിക്കുകയാണു ഉദ്ദ്യേശമെന്നു കരുതുന്നുവെങ്കിലും അശ്ലീലസ്പര്‍ശമുള്ള അതിലെ സംഭാഷണങ്ങള്‍ കാളിയുടെ ആരാധനയിലെ പഞ്ചമകാര്യങ്ങളില്‍ മൈഥുനത്തിന്റെ ധര്‍മ്മം കൂടി അനുഷ്ഠിക്കുന്നുണ്ട്. ഒരു കഥാപാത്രം മാത്രം രംഗത്തുവന്നവതരിപ്പിക്കുന്ന ഒറ്റപ്പുറാട്ട്, ഒന്നിലധികം പേര് അരങ്ങത്തു വരുന്ന കൂട്ടുപുറാട്ട്, സ്ത്രീപ്രധാനമായപെണ്പുറാട്ട് എന്നു പുറാട്ടിനെ വിഭജിച്ചിരിക്കുന്നു. പുറാട്ടില്‍ കളിക്കാര്‍ തമ്മിലുള്ള ചോദ്യോത്തരമായ'വാണാക്കു'ണ്ടാകും. പുറാട്ടിലെ ഭാഷ തമിഴ് വഴക്കം പ്രകടമാക്കുന്നതിനാല്‍ കണ്യാര്‍കളി തമിഴ് വഴിയാണെന്നവാദമുണ്ട്. എന്നാല്‍ പുറാട്ടുകളില്‍ വരുന്ന കഥാപാത്രങ്ങള്‍ തമിഴ് ജാതികളായതിനാല്‍ അവരുടെ ഭാഷാവഴക്കം അതില്‍ പ്രകടമായെന്നും കരുതുകയാണുത്തമം. മാത്രവുമല്ല, അനുഷ്ഠാനപ്രാമുഖ്യമുള്ളവട്ടക്കളിപ്പാട്ടുകള് പ്രധാനമായും മലയാളത്തിലായതുകൊണ്ടു കണ്യാര്‍ക്കളി തമിഴ്വഴക്കമുള്ളതാകാന്വഴിയില്ല. നായര്‍ സമുദായം തമിഴ് ജാതിയെല്ലെന്ന കാര്യവും പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. ഭദ്രകാളീപ്രധാനമായ ആരാധനാവഴക്കങ്ങളില് പ്രധാനമായ കണ്യാര്‍ക്കളി പാലക്കാട് പ്രദേശത്തെ കേരളവുമായിഏകീകരിച്ചതില് നിസ്തൂലമായ പങ്കു വഹിച്ചിട്ടുണ്ട്.
കാണിദാരിക വധവുമായി ബന്ധപ്പെട്ടത്.
അലൌകികവും അതിമാനുഷികവുമായ പ്രതീതിയുളവാക്കുവാന്‍ ഉപയുക്തമായ വേഷവിധാനങ്ങളാണ് പല വേഷവിധാനങ്ങള്‍ക്കുമുള്ളത്. വെള്ള, ചുമപ്പ്, കറുപ്പ്, പച്ച എന്നീ നിറങ്ങള്‍ കൊണ്ട് മുഖത്തും മാറത്തും ചിത്രങ്ങള്‍ രചിക്കുന്നതോടുകൂടി തന്നെ കോലത്തിന് പരമമായ ദിവ്യത്വം കൈവരുന്നു. ആടയാഭരണങ്ങളുടുത്തണിയുന്നതോടു കൂടി ആ ദിവ്യദൃശ്യത്തിന്റെ സൌന്ദര്യം വര്‍ദ്ധിക്കുന്നു. വെട്ടിത്തിളങ്ങുന്നവര്ണ്ണത്തകിടുകള് പതിച്ച കിരീടങ്ങളും മുളയും പാളയും കുരുത്തോലയും കൊണ്ട് നിര്‍മ്മിക്കുന്ന വലുതുംചെറുതുമായ മുടികളും എടുത്തണിയുന്നതോടു കൂടി ദൈവഭാവം വളരെ വര്‍ദ്ധിക്കുന്നു. കത്തിയാളുന്ന ചൂട്ടുകളുടെയും പന്തങ്ങളുടെയും വെളിച്ചത്തില്‍ ആ കോലം മിന്നിത്തിളങ്ങി നില്‍ക്കുന്നത് ദൈവീകമായ ഒരുകാഴ്ചയാണ്.
പ്രകൃതിയില്‍ തന്നെ കിട്ടുന്ന വസ്തുക്കളാണ് ചമയങ്ങള്‍ക്ക് എടുക്കുന്നത്. ഉപയോഗിച്ചശേഷം വീണ്ടുംഉപയോഗിക്കുന്നതാണ് അവയില്‍ മിക്കതും. പച്ചപ്പാള, കുരുത്തോല, വാഴപ്പോള എന്നിവ ചെത്തി മിനുക്കി മുറിച്ച് രൂപപ്പെടുത്തി ഉണ്ടാക്കുന്ന മുടിക്കും മറ്റു കോലങ്ങള്‍ക്കും അനാദൃശ്യമായ ചൈതന്യമുണ്ട്. മുരിക്ക്, കുമിഴ്,പാല എന്നിങ്ങനെ കട്ടികുറഞ്ഞ മരങ്ങള്‍ ചെത്തി രൂപപ്പെടുത്തി ചുമപ്പ്, പച്ച, മഞ്ഞ എന്നീ നിറങ്ങളില്‍ വര്‍ണ്ണത്തകിടുകളും കല്ലുകളും ശീലത്തരങ്ങളും പതിച്ച് മനോഹരമായി നിര്‍മ്മിക്കുന്ന കിരീടങ്ങളുംപൊയ്ക്കാലുകളും ധാരാളമുപയോഗിക്കുന്നു. താടിക്കാല്‍, കമ്പിക്കാല്, കൈതോല, കാറ, കഴുക്കട്ട്, കഴുത്താരം,മാല, തണ്ട, പൂക്കാത്, മിന്നി, താടി, മീശ, വള, ചക്കമുള്ളന്‍, ഹസ്തക്കടകം, തോള്‍പ്പട്ട്, കുരലാരം,പട്ടയരഞ്ഞാണം എന്നിങ്ങനെയുള്ള മെയ്യലങ്കാരങ്ങളും വട്ടമുടി. പീലിമുടി, മണിമുടി, മകുടം, മണിമകുടം മരവെട്ടം, കേശഭാരം എന്നിങ്ങനെയുള്ള മുടികളും കിരീടങ്ങളും മുടികീറി നീളത്തില്‍ കെട്ടിയുണ്ടാക്കിയ പച്ചപ്പാള, കുരുത്തോല എന്നിവ കൊണ്ടലങ്കരിക്കുന്ന വലിയ മുടികളും ഉപയോഗിക്കുന്നു.
വട്ടപ്പുള്ളികളും കരകളും പതിച്ച ചുമപ്പ്, കറുപ്പ്, വെള്ള എന്നീ നിറത്തിലുള്ള തുണികള്‍ ചമയങ്ങള്‍ക്കായുപയോഗിക്കുന്നു.
വെള്ള, ചുമപ്പ്, കറുപ്പ്, മഞ്ഞ എന്നീ നിറങ്ങളില്‍ അരിച്ചാന്ത്, മനയോല, കശം, മഷി എന്നീ ചമയങ്ങളാണ് കോലമെടുക്കുന്നതിനായിട്ടുപയോഗിക്കുന്നത്. ഉണങ്ങിയ നെല്ലു കുത്തി അരിയാക്കി കുതിര്‍ത്ത ശേഷം നല്ലതുപോലെ അരച്ച് അരിച്ചാണ് വെള്ളയുണ്ടാക്കുന്നത്. ഇതില്‍ അല്പം മഞ്ഞള്‍ കൂടി ചേര്ത്ത്അരച്ചാണ് മെയ്യില്‍ പൂശാനുള്ള മഞ്ഞളരിച്ചാന്ത് ഉണ്ടാക്കുന്നത്.
ചായങ്ങള്‍ക്ക് നിറം എന്നാണ് ആട്ടക്കാര്‍ പറയുന്നത്. ചുമല നിറത്തിന് കാരം എന്നും പറയുന്നു. പൊന്‍കാരം ചേര്‍ത്തുണ്ടാക്കുന്നതുകൊണ്ടാണ് ഇങ്ങനെ പേരു പറയുന്നത്. പൊന്‍കാരം നല്ലതുപോലെ പൊടിച്ച് ചെറുനാരങ്ങ നീര് ചേര്‍ത്ത് കുഴച്ച് കമുകിന്റെ ഇളയപോള (കൂമ്പാള) യില്‍ പൊതിഞ്ഞ് തണലില്‍ വെച്ച് ഇതുണ്ടാക്കുന്നു. ഒരു മണ്‍ചട്ടി ചൂടാക്കിയ ശേഷം ഈ പൊടി അതിലിട്ടു നല്ലതുപോലെ വറുക്കണം.ചൂടേറുന്തോറും ചുമല നിറം കൂടി വരും. പാകത്തിന് ചുമലയായാല്‍ എടുത്ത് ചാണമേല്‍ തേച്ച് നേര്മ്മയായിപൊടിച്ചെടുക്കുന്നു
പ്രാചീനകാലം മുതല്‍ തന്നെ നാട്ടിന്‍പുറങ്ങളിലെ അമ്പലങ്ങളില്‍ നടത്തിവരുന്ന ഒരു അനുഷ്ഠാനകലയാണ് കളംപാട്ട്.കുറുപ്പന്മാരാണ് ഇത് അവതരിപ്പിക്കുന്നത്.അമ്പലത്തിനുള്ളില്‍ ഒരു പ്രത്യേകസ്ഥലത്ത് പൂക്കുലയും കുരുത്തോലയും കൊണ്ടലങ്കരിച്ച രംഗവേദി സജ്ജമാക്കുന്നു.ഭഗവതിയുടെ കളമെഴുതി, കളത്തിനുചുറ്റും നിലവിളക്കുകള്‍ വെക്കുന്നു.പാട്ടുകൊട്ടില്‍ എന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ഒരിടത്തിരുന്ന് ഭഗവതിയുടെ അപദാനങ്ങളെ വര്‍ണ്ണിച്ചു പാടുന്നു.പാട്ടുതുടങ്ങി അല്പം കഴിയുമ്പോള്‍ വെളിച്ചപ്പാട് രംഗത്തെത്തി കളത്തിനു ചുറ്റും നൃത്തം ചെയ്യുന്നു.അതിനുശേഷം കല്പന പുറപ്പെടുവിക്കുന്നു.7 പേരാണ് ഈ കലാപ്രകടനത്തിന് ഉണ്ടാവുക.ചെണ്ട, ഇലത്താളം, വീണ എന്നീ വാദ്യോപകരണങ്ങളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്.
അവസാനം പരിഷ്കരിച്ചത് : 3/12/2020
എറണാകുളം ജില്ല - ചരിത്രവും കൂടുതൽ വിവരങ്ങളും
കേരളത്തിന്റെ സ്വാഭാവികമായ ലളിത ജീവിതശൈലിക്കുമേല്‍ ...
തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടുന്ന ആരാധനാലയങ്ങ...
പാരിസ്ഥിതികമോ സാമൂഹികമോ ആയ കോട്ടങ്ങളൊന്നും വരുത്താ...