കേരളത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ജില്ലയും, അതിന്റെ തലസ്ഥാനമായ മുനിസിപ്പൽപട്ടണവും. പഴയ കൊല്ലം ജില്ലയുടേയും കോട്ടയം ജില്ലയുടേയും ഏതാനും ഭാഗങ്ങള്‍ കൂട്ടിയിണക്കി, 1957 ആഗ. 27-നാണ് ആലപ്പുഴ ജില്ല രൂപവത്‌കൃതമായത്. എന്നാൽ പട്ടണം 1762-ൽത്തന്നെ സ്ഥാപിതമായിരുന്നു.
വിസ്തീര്‍ണത്തില്‍ പതിനാലാം സ്ഥാനം | |
ജില്ലാ രൂപീകരണം | 1957 ആഗസ്റ്റ് 17 |
വിസ്തീര്‍ണം | 1414 ച.കി.മീ. |
നിയമസഭാ മണ്ഡലങ്ങള്‍ | 9 (അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂര്‍, മാവേലിക്കര (എസ്.സി.) |
റവന്യൂ ഡിവിഷനുകള്‍ | 2 |
താലൂക്കുകള്‍ | 6 (ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍, മാവേലിക്കര) |
വില്ലേജുകള്‍ | 91 |
നഗരസഭകള്‍ | 5 (ചേര്‍ത്തല, ആലപ്പുഴ, കായംകുളം, ചെങ്ങന്നൂര്‍, മാവേലിക്കര) |
ബ്ലോക്ക് പഞ്ചായത്തുകള്‍ | 12 |
ഗ്രാമപഞ്ചായത്തുകള്‍ | 73 |
ജനസംഖ്യ (2011) | 21,21,943 |
പുരുഷന്മാര്‍ | 10,10,252 |
സ്ത്രീകള്‍ | 11,11,691 |
ജനസാന്ദ്രത | 1,501/ച.കി.മീ. |
സ്ത്രീപുരുഷ അനുപാതം | 1,100/1000 |
സാക്ഷരത | 96.26% |
ഡിവിഷനുകള്‍ | ചെങ്ങന്നൂര്‍, ആലപ്പുഴ |
നദികള്‍ |
മണിമല, പമ്പ, അച്ചന്‍കോവില്‍
|
വീതിയുള്ളതും നീളമുള്ളതും എന്ന് അര്‍ത്ഥം വരുന്ന "ആലം' എന്ന വാക്കും പുഴയും കൂടി ചേര്‍ന്നാണ് "ആലപ്പുഴ'യുടെ പേര് ഉണ്ടായതായി പറയുന്നു. ഇവിടത്തെ പുഴകളുടെ മനോഹാരിതയും ഗതാഗതസൗകര്യത്തേയുംപ്പറ്റി ഡച്ച് ക്യാപ്റ്റന്‍ ന്യൂഹാഫ് തുടങ്ങി എത്രയോ വിദേശികള്‍ എഴുതിയിട്ടുണ്ട്.
സ്ഥാനം 9º 25' h. 76º 30' കി. കേരളത്തിൽ ജനസംഖ്യാപരമായി ഒന്നാം സ്ഥാനത്തുനില്‌ക്കുന്ന പട്ടണമാണിത്. ജനസംഖ്യ 21,09,160 (2001). മുന്‍ തിരുവിതാംകൂർ സംസ്ഥാനത്തിലെ ഏറ്റവും വലിയ തുറമുഖമായിരുന്നു ആലപ്പുഴ. ധർമരാജാ എന്ന അപരാഭിധാനത്താൽ അറിയപ്പെടുന്ന കാർത്തികതിരുനാള്‍ രാമവർമ മഹാരാജാവിന്റെ കാലത്ത് അദ്ദേഹത്തിന്റെ ദിവാനായിരുന്ന രാജാകേശവദാസനാണ് ഈ തുറമുഖപട്ടണം സ്ഥാപിച്ചത്. ആലപ്പുഴയുടെ അഭിവൃദ്ധിക്കായി അദ്ദേഹം ഭാരതത്തിന്റെ നാനാഭാഗത്തുനിന്നും വ്യാപാരി പ്രമുഖന്മാരെവരുത്തി പാർപ്പിക്കുകയും, പാണ്ടകശാലകള്‍ കെട്ടിക്കൊടുത്തും മറ്റു സൗകര്യങ്ങള്‍ നല്‌കിയും അവരെ പ്രാത്സാഹിപ്പിക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ കാലശേഷം വേലുത്തമ്പിദളവയും തുറമുഖത്തിന്റെ വികസനകാര്യത്തിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി കാണാം. 1862-ൽ ഇവിടെ വ്യാപാരസൗകര്യത്തിനായി 305 മീ. നീളമുള്ള ഒരു കടൽപ്പാലവും പശ്ചിമതീരത്തെ ആദ്യത്തെ ദീപസ്‌തംഭവും (1862) പണികഴിപ്പിക്കപ്പെട്ടു. ഈ ദീപസ്‌തംഭത്തിൽനിന്നുള്ള പ്രകാശം 20 കി.മീ. ദൂരത്തോളം വ്യാപിക്കുന്നു. ഇതിന്റെ പണി ന്യൂക്രാഫോഡ് എന്ന യൂറോപ്യന്‍ വാസ്‌തുശില്‌പിയുടെ മേൽനോട്ടത്തിലാണ് നടന്നത്. റോഡുകളും തോടുകളും നിർമിച്ച് പട്ടണത്തിനുള്ളിലും ഉള്‍നാടുകള്‍ തമ്മിലും ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. മലഞ്ചരക്കുകള്‍ തുറമുഖത്ത് എത്തിക്കുന്നതിലും കയറ്റുമതി ചെയ്യുന്നതിലും സർക്കാർ മേൽനോട്ടം വഹിച്ചു. ബോംബെ, കല്‌ക്കത്ത തുടങ്ങിയ തുറമുഖങ്ങളുമായി വ്യാപാരബന്ധം പുലർത്തുന്നതിന് മൂന്നു കപ്പലുകള്‍ നിർമിച്ചു. പട്ടണത്തിന്റെ വടക്കു കിഴക്കുഭാഗത്ത് പന്ത്രണ്ട് കൊത്തളങ്ങളുള്ള ഒരു കോട്ട പണിയിച്ചതായും രേഖയുണ്ട്. തുടർന്നുള്ളകാലത്ത് ആലപ്പുഴ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു. ഹൃദയഭാഗത്തു കൂടിയുള്ള സമാന്തരജലമാർഗങ്ങളും, അവയ്‌ക്കു കുറുകെയുള്ള നിരവധി പാലങ്ങളും, സ്വതേയുള്ള പ്രകൃതിസൗന്ദര്യവും, വാണിജ്യപ്രാധാന്യവും ചേർന്ന് ഈ പട്ടണം "പൗരസ്‌ത്യദേശത്തെ വെനീസ്' എന്ന ബഹുമതി നേടിയിട്ടുണ്ട്. കയർ, കൊപ്ര, കുരുമുളക്, ചുക്ക്, ഏലം, കശുവണ്ടി, റമ്പർ, തേയില തുടങ്ങിയ ഉത്‌പന്നങ്ങളുടെ ലോകവിപണിയായി പരിലസിച്ച ആലപ്പുഴ ക്രമേണ ഒരു വ്യവസായകേന്ദ്രം കൂടിയായിത്തീർന്നു. ആ നിലയിലും ജില്ലാതലസ്ഥാനം, കേരവിഭവവിപണി എന്നീ നിലകളിലും ആലപ്പുഴ കേരളത്തിലെ പ്രമുഖ പട്ടണങ്ങളിലൊന്നായിത്തീർന്നിരിക്കുന്നു. 1414 ഗാ2 വിസ്‌തൃതിയുള്ള ഈ നഗരം 91 വാർഡുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. കയർഫാക്‌ടറികള്‍, ഓയിൽമില്ലുകള്‍ തുടങ്ങി നിരവധി വ്യവസായസ്ഥാപനങ്ങള്‍ക്കുപുറമേ ബോട്ടുജെട്ടി, ബസ് സ്റ്റേഷന്‍, കളക്‌ടറേറ്റ് തുടങ്ങിയ ഗവണ്‍മെന്റാഫീസുകള്‍, ജില്ലാ ആശുപത്രി, മെഡിക്കൽ കോളജ്, ഇതര വിദ്യാലയങ്ങള്‍, പ്രസവശുശ്രൂഷാ കേന്ദ്രങ്ങള്‍ തുടങ്ങിയവയും ഈ പട്ടണത്തിലുണ്ട്. നാഷണൽഹൈവേ 47-ലെ ഒരു പ്രധാന കേന്ദ്രമാണ് ആലപ്പുഴ; കോട്ടയം, ചങ്ങനാശ്ശേരി തുടങ്ങി കിഴക്കുള്ള പട്ടണങ്ങളുമായും ഇത് ബന്ധിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ ജലഗതാഗതത്തിലെ ഒരു പ്രധാനകേന്ദ്രമാണ് ഇവിടം. തിരുവിതാംകൂർ ഭാഗത്തെ ആദ്യത്തെ തപാലാഫീസ് ആലപ്പുഴയിലാണ് സ്ഥാപിക്കപ്പെട്ടത്. പഴവങ്ങാടി, പുത്തനങ്ങാടി, മുല്ലയ്‌ക്കൽ ഗുജറാത്തി തെരുവ് എന്നിവിടങ്ങളാണ് പട്ടണത്തിലെ വ്യാപാരകേന്ദ്രങ്ങള്‍. മുല്ലയ്‌ക്കൽ ഭഗവതീക്ഷേത്രം, കിടങ്ങാമ്പറമ്പു ക്ഷേത്രം, കളർകോട്ട് മഹാദേവർക്ഷേത്രം, മൗണ്ട്‌കാർമൽപള്ളി (1809), ഹോളിക്രാസ്‌പള്ളി (1400) എന്നിവ ആലപ്പുഴയിലെ പ്രസിദ്ധദേവാലയങ്ങളാണ്. ഉദയാസ്റ്റുഡിയോ, റേഡിയോസ്റ്റേഷന്‍ എന്നിവ പട്ടണത്തിനോടുചേർന്നുള്ള മറ്റു സ്ഥാപനങ്ങളാണ്. സ്വാതന്ത്യ്രദിനത്തിന് ഇവിടത്തെ പുന്നമടക്കായലിൽ നടത്തപ്പെടുന്ന നെഹ്‌റുട്രാഫി വള്ളംകളി കേരളത്തിലെ എച്ചപ്പെട്ട ജലോത്സവങ്ങളിലൊന്നായിത്തീർന്നിരിക്കുന്നു. 1928-ൽ കൊച്ചിതുറമുഖം വികസിച്ചതുമുതൽ ആലപ്പുഴയുടെ പ്രാധാന്യം കുറഞ്ഞുതുടങ്ങി. കേരള സംസ്ഥാനം രൂപവത്‌കൃതമായത് കൊച്ചിയുടെ പ്രശസ്‌തി വർധിക്കുന്നതിനു കാരണമായി. അരൂർ പാലം പൂർത്തിയായതോടെ കോട്ടയം തുടങ്ങിയ കിഴക്കന്‍ വിപണികള്‍ക്ക് കൊച്ചിയുമായി നേരിട്ടു ബന്ധം പുലർത്തുവാന്‍ സാധ്യതയുണ്ടായിരിക്കുന്നു. തന്മൂലം ആലപ്പുഴ നിന്നും കൊച്ചിയിലേക്കുള്ള ജലഗതാഗതം കുറഞ്ഞു.
വടക്ക് എറണാകുളവും, വ.കി. കോട്ടയവും, കിഴക്കും തെക്കും കൊല്ലവുമാണ് ആലപ്പുഴയുടെ അതിർത്തിജില്ലകള്‍; പടിഞ്ഞാറതിര് അറേബ്യന്‍ കടൽ ആണ്. വ. അക്ഷാ. 9മ്പ 05' മുതൽ 09മ്പ 55' വരെയും, കി. രേഖാ. 76മ്പ 17' മുതൽ 76മ്പ 46' വരെയും ഈ ജില്ല വ്യാപിച്ചുകിടക്കുന്നു. ജനസംഖ്യ 2105349 (2001). നേരത്തേ ഈ ജില്ലയുടെ ഭാഗമായിരുന്ന തിരുവല്ല താലൂക്കും ചെങ്ങന്നൂർ താലൂക്കിലെ ആറന്മുള കിടങ്ങന്നൂർ, മെഴുവേലി, കുളനട എന്നീ വില്ലേജുകളും മാവേലിക്കര താലൂക്കിലെ പന്തളം തെക്കേക്കര, തോന്നല്ലൂർ വില്ലേജുകളും 1983-ൽ രൂപീകൃതമായ പത്തനംതിട്ട ജില്ലയിൽ ലയിപ്പിച്ചു. വടക്ക് എറണാകുളം, വടക്ക് കിഴക്ക് കോട്ടയം, കിഴക്ക് പത്തനംതിട്ട തെക്ക് കൊല്ലം എന്നിവയാണ് അതിർത്തി ജില്ലകള്‍. വിസ്‌തൃതി 1256 ച.കി.മീ. ജനസംഖ്യ 2105349 (2001). 91 വില്ലേജുകളും 69 പഞ്ചായത്തുകളും ജില്ലയിൽ ഉണ്ട്. അഞ്ച് മുനിസിപ്പാലിറ്റുകളും ഉണ്ട്.
സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് വിദേശവാണിജ്യബന്ധം ഉണ്ടായിരുന്ന ആലപ്പുഴയെ "കിഴക്കിന്റെ വെന്നീസ്' എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ന് ഇവിടം വിനോദസഞ്ചാര ലോകഭൂപടത്തില്‍ ജലോത്സവങ്ങളുടെ നാടാണ്. കേരളത്തിലെ ഏറ്റവും വലിയ ജലോത്സവമായ നെഹ്റുട്രോഫി വള്ളംകളി വേമ്പനാട്ടുകായലിലെ പുന്നമടയില്‍ ആണ്. ഈ വള്ളംകളി കണ്ട് ആവേശഭരിതനായ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പിന്നീട് വെള്ളികൊണ്ട് ട്രോഫി ഉണ്ടാക്കി ഭാരവാഹികള്‍ക്ക് അയച്ചുകൊടുത്തു. ഈ ട്രോഫിക്കായിട്ടാണ് വര്‍ഷംതോറും നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്. ഇന്ത്യയിലെ യൂറോപ്യന്‍ അധിനിവേശത്തിന്റെ തുടക്കമായ പോര്‍ട്ടുഗീസുകാര്‍ മുതല്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവരെ നീളുന്നതാണ് ആധുനിക ആലപ്പുഴയുടെ ചരിത്രം. പോര്‍ട്ടുഗീസുകാര്‍ മാത്രമല്ല ഡച്ചുകാരും ഇംഗ്ലീഷുകാരും സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവടകേന്ദ്രമായ ഈ മണ്ണിനെ കൈയ്ക്കലാക്കാന്‍ മോഹിച്ചു. കേരളത്തിന്റെ നെല്ലറയായ കുട്ടനാട് ഉള്‍പ്പെട്ട ആലപ്പുഴയ്ക്ക് കേരളചരിത്രത്തില്‍ എത്രയോ കഥകള്‍ ആണ് പറയാനുള്ളത്. അമ്പലപ്പുഴ, കുട്ടനാട് ഉള്‍പ്പെട്ട പ്രദേശങ്ങള്‍ "പുറക്കാട്' അഥവാ ചെമ്പകശ്ശേരി എന്നാണ് അറിയപ്പെട്ടിരുന്നത്. യൂറോപ്പ്യന്‍ രേഖകളില്‍ ഇതിനെ "പൊര്‍ക്ക' എന്ന് രേഖപ്പെടുത്തി കാണുന്നു. ദേവന്‍ നാരായണന്മാര്‍ എന്ന് അറിയപ്പെട്ടിരുന്ന ബ്രാഹ്മണ രാജാക്കന്മാരാണ് ഇവിടം ഭരിച്ചിരുന്നത്. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് അയല്‍രാജ്യങ്ങള്‍ ഓരോന്നായി കിഴടക്കിയപ്പോള്‍ ചെമ്പകശ്ശേരിയേയും പിടിച്ചെടുത്ത് തിരുവിതാംകൂറിനോട് ചേര്‍ത്തു. ഇതോടെ ഈ ഭാഗത്തെ പുതിയ ചരിത്രം ആരംഭിക്കുന്നു. മാര്‍ത്താണ്ഡവര്‍മ്മയ്ക്കുശേഷം അധികാരമേറ്റ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ (ധര്‍മ്മരാജാവ്)ന്റെ ദിവാന്‍ രാജാ കേശവദാസന്‍ (1788-1799) ആണ് ആലപ്പുഴ തുറമുഖത്തിനും, പട്ടണത്തിനും തുടക്കം കുറിച്ചത്. വേലുത്തമ്പി ദളവ (1800-1809)യുടെ ആസ്ഥാനം കുറച്ചുകാലം ആലപ്പുഴ ആയിരുന്നു. 1859ല്‍ ഉത്രം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് ആലപ്പുഴ ആദ്യത്തെ പോസ്റ്റാഫീസ് തുറന്നതും ജെയിംസ് ഡാറ എന്ന അമേരിക്കക്കാരന്റെ കീഴില്‍ നവീന രീതിയിലുള്ള കയര്‍ ഫാക്ടറി ആരംഭിച്ചതും. 1863ന് ആലപ്പുഴയില്‍ ടെലഗ്രാഫ് ഓഫീസ് ആരംഭിച്ചു. കരുമാടിയിലെ ബുദ്ധവിഗ്രഹം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, എടത്വപള്ളി, നാഗരാജ ക്ഷേത്രമായ മണ്ണാറശാല, പ്രസിദ്ധമായ കൃഷ്ണപുരം കൊട്ടാരം, വിപ്ലവഭൂമിയായ വയലാര്‍പുന്നപ്ര, കുഞ്ചന്‍നമ്പ്യാരുടെ തുള്ളലിന്റെ ജന്മഭൂമി, വഞ്ചിപ്പാട്ട് പ്രസ്ഥാനമായ രാമപുരത്ത് വാര്യരുടെ കര്‍മ്മഭൂമി, വിശ്വസാഹിത്യകാരനായ തകഴി ശിവശങ്കരപിള്ളയുടെ ജന്മഭൂമി, കായംകുളം താപനിലയം തുടങ്ങിയവയെല്ലാം ആലപ്പുഴയിലാണ്.
ജില്ലയിലെ ഭൂപ്രകൃതി തികച്ചും വൈവിധ്യമാർന്നതാണ്. ഒരു കാലത്ത് തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം എന്നീ താലൂക്കുകളുടെ പടിഞ്ഞാറതിർത്തിയോളം കയറിക്കിടന്നിരുന്ന അറേബ്യന്‍കടൽ, എ.ഡി. 4-ാം ശ.-ത്തോടെ പിന്‍വാങ്ങിയാണ് ഇന്നത്തെ ചേർത്തല, അമ്പലപ്പുഴ താലൂക്കുകള്‍ ഉദ്‌ഭൂതമായതെന്ന് ഭൂവിജ്ഞാനികള്‍ അനുമാനിക്കുന്നു; ഭൂകമ്പത്തിന്റെ ഫലമായാണ് വേമ്പനാട്ടുകായൽ ഉദ്‌ഭവിച്ചതെന്നും കരുതപ്പെടുന്നു. വൃക്ഷനിബിഡമായിരുന്ന കുട്ടനാട് പ്രദേശത്ത് പില്‌ക്കാലത്ത് സമുദ്രാതിക്രമണമുണ്ടായതിന് അവിടെ ധാരാളമായി കാണപ്പെടുന്ന കക്ക, ചിപ്പി തുടങ്ങിയവ തെളിവാണ്. ഇപ്പോഴും അമ്പലപ്പുഴയുടെയും ചേർത്തലയുടെയും പടിഞ്ഞാറന്‍തീരം ഇടയ്‌ക്കിടെയുള്ള കടലാക്രമണങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. ചേർത്തല താലൂക്കിൽ വേമ്പനാട്ടുകായലിന്റെ തീരമൊഴിച്ചുള്ള ഭാഗം മണൽപ്പരപ്പാണ്; കായൽത്തീരം ചെളിപ്രദേശമാണ്. അമ്പലപ്പുഴ താലൂക്കിന്റെ പടിഞ്ഞാറേപ്പകുതി മണൽപ്പുറവും കിഴക്കേപ്പകുതി ചെളിപ്രദേശവുമാണ്. കാർത്തികപ്പള്ളി താലൂക്കിന്റെ സ്ഥിതിയും വിഭിന്നമല്ല. കുട്ടനാട് ഒന്നാകെയും മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂർ എന്നീ താലൂക്കുകളുടെ പടിഞ്ഞാറരികുകളും ചെളിപ്രദേശമാണ്. കിഴക്കോട്ടു പോകുന്തോറും ചെമ്മച്ചും മക്കിക്കല്ലുകളുമാണുള്ളത്. കേരളത്തിന്റെ കിഴക്കരികിലുള്ള മലമ്പ്രദേശത്തോളം ഈ ജില്ല വ്യാപിച്ചിട്ടില്ല. ജില്ലയുടെ പടിഞ്ഞാറുഭാഗം മുമ്പ് കടലിനടിയിലായിരുന്നു വെന്നതിന് ചരിത്രപരമായ തെളിവുകളുമുണ്ട്. തോമാശ്ലീഹ പള്ളികള്‍ പണികഴിപ്പിച്ചു എന്ന് ഐതിഹ്യമുള്ള സമുദ്രതീരസ്ഥാന ങ്ങളിൽ നിരണവും കൊക്കമംഗലവും ഉള്‍പ്പെട്ടുകാണുന്നു. കടുത്തുരുത്തി, കടപ്ര തുടങ്ങിയ സ്ഥലനാമങ്ങള്‍ മറ്റൊരു തെളിവാണ്.
മണ്‍സൂണ്‍ കാലാവസ്ഥയാണ് പൊതുവേയുള്ളതെങ്കിലും ജില്ലയുടെ ഉള്‍പ്രദേശങ്ങളിൽ സമുദ്രതീരത്തെ അപേക്ഷിച്ച് സമീകൃതമായ ആർദ്രാഷ്‌ണാവസ്ഥ അനുഭവപ്പെടുന്നു. ശരാശരി ചൂട് 18മ്പ ആണ്. ഇടവപ്പാതിയും തുലാവർഷവും മഴ നല്‌കുന്ന ഈ ജില്ലയിലെ വാർഷികവൃഷ്‌ടിപാതം 302 സെ.മീ. ആണ്. കഢ. അപവാഹം. മണിമലയാറ് മണിമല, മല്ലപ്പള്ളി, കവിയൂർ, കല്ലൂപ്പാറ, തിരുവല്ല, തലവടി, കോഴിമുക്ക്, ചമ്പക്കുളം എന്നീ വില്ലേജുകളിലൂടെ ഒഴുകി വേമ്പനാട്ടു കായലിൽ പതിക്കുന്നു. തോട്ടപ്പുഴശ്ശേരിയിൽവച്ച് ആലപ്പുഴ ജില്ലയിൽ കടക്കുന്ന പമ്പാനദി പല കൈവഴികളായിപ്പിരിഞ്ഞ് വേമ്പനാട്ടുകായലിൽ പതിക്കുന്നു. കൈപ്പട്ടൂരിന് 5 കി.മീ. പടിഞ്ഞാറായി ജില്ലാതിർത്തിയിൽ കടക്കുന്ന അച്ചന്‍കോവിലാറ് മാവേലിക്കര കഴിഞ്ഞ് പല ശാഖകളായി പിരിഞ്ഞും കുറേശ്ശേ ഗതിമാറിയും ഒഴുകി വീയപുരത്തുവച്ച് പമ്പാനദിയിൽ ലയിക്കുന്നു. മണിമലയാറ് 802.9 ച.കി.മീറ്ററും പമ്പാനദി 1976.17 ച.കി. മീറ്ററും അച്ചന്‍കോവിലാറ് 1155.14 ച.കി.മീറ്ററും പ്രദേശങ്ങള്‍ ജലസിക്തമാക്കുന്നു. ആലപ്പുഴജില്ലയുടെ അകത്തും പുറത്തുമായി കിടക്കുന്നവയാണ് വേമ്പനാട്ടുകായലും കായംകുളം കായലും; ഇവ തോടുകള്‍ മൂലം ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. വേമ്പനാട്ടു കായൽ ആലപ്പുഴ മുതൽ കൊച്ചി വരെ നീണ്ടുകിടക്കുന്നു.
ആലപ്പുഴജില്ലയിൽ മൊത്തമുള്ള 5,00,000 (2001) തൊഴിലാളികള്‍ 2,77,641 പേർ കാർഷികരംഗത്താണ് പണിയെടുക്കുന്നത്. ഇവരിൽ 95,554 പേർ മാത്രമേ ഭൂവുടമകളായുള്ളൂ. ശേഷിക്കുന്ന 1,82,087 പേരും ഭൂരഹിതരായ കർഷകത്തൊഴിലാളികളാണ്. മൊത്തത്തിൽ ഒരു കാർഷികമേഖലയായി വ്യവഹരിക്കാവുന്ന ആലപ്പുഴ ജില്ലയിൽ നെൽകൃഷിയ്‌ക്കാണ് പ്രാമുഖ്യം. നെല്ലാണ് മുഖ്യവിള. കുട്ടനാടുപ്രദേശം കേരളത്തിലെ രണ്ടാമത്തെ നെല്ലറയായി വിശേഷിപ്പിക്കപ്പെടുന്നു. ഇവിടത്തെ ഉത്‌പാദനത്തോത് ആണ്ടൊന്നിന് ഒന്നരലക്ഷം ടണ്‍ എന്ന ക്രമത്തിലാണ്. വിരിപ്പൂ, മുണ്ടകന്‍, പുഞ്ച എന്നീ മൂന്നിനം കൃഷിസമ്പ്രദായങ്ങളും ഈ ജില്ലയിൽ സ്വീകരിച്ചു കാണുന്നു. സർക്കാർ കണക്കുകളനുസരിച്ച് 24,105 ഹെക്‌ടറിൽ വിരിപ്പൂവും 15,186 ഹെക്‌ടറിൽ മുണ്ടകനും 40,098 ഹെക്‌ടറിൽ പുഞ്ചയും കൃഷിചെയ്‌തുവരുന്നു (2001). കായൽനിലങ്ങള്‍ കൂടി ഉള്‍പ്പെടുന്ന പുഞ്ച(കരിനിലങ്ങള്‍)യിൽ രണ്ടാണ്ടിലൊരിക്കലെന്ന ക്രമം മാറ്റി വർഷംതോറും കൃഷിചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്; കരയോരപ്രദേശങ്ങളിൽ മീനക്കൊയ്‌ത്തിനുശേഷം ഒരു ഹ്രസ്വകാലവിളവുകൂടി തരപ്പെടുത്തിയിരിക്കുന്നു(കുളപ്പാലകൃഷി). കുട്ടനാട്ടിലെ 18 "കരി'കളെ ചുറ്റിക്കിടക്കുന്നതിനാൽ ഇവയ്‌ക്ക് കരിനിലങ്ങളെന്ന പേർവന്നു. ജില്ലയിലെ ഇരുപ്പൂനിലങ്ങള്‍ അധികവും വർഷപാതത്തെ ആശ്രയിക്കുന്നവയാണ്. കുട്ടനാട്ടെ പുഞ്ചനിലങ്ങളിൽ ജലാധിക്യമാണ് പ്രശ്‌നം. വെള്ളം വറ്റിച്ചുകളയുന്നതിനുള്ള പദ്ധതികള്‍ പ്രാവർത്തികമാക്കി ഒരുപ്പുനിലങ്ങളിൽ ആണ്ടുതോറും രണ്ടോ മൂന്നോ വിളവെടുക്കുന്നു.
കൃഷിവികസനത്തിനായി നാനാമുഖ പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ തച്ചീർമുക്കം ബണ്ട്, തോട്ടപ്പള്ളിസ്‌പിൽവേ, പമ്പാതട പദ്ധതി എന്നിവയാണ് പ്രധാനപ്പെട്ടവ. 408 ലക്ഷം രൂപ ചെലവു കണക്കാക്കിയിട്ടുള്ള തച്ചീർമുക്കം ബണ്ട് പൂർത്തിയാകുന്നതോടെ കുട്ടനാടുപ്രദേശത്ത് കൃഷിയുടെ തവണ വർധിപ്പിച്ച് ആണ്ടേക്ക് 1.35 ലക്ഷം ടണ്‍ നെല്ല് കൂടുതലായി ഉത്‌പാദിപ്പിക്കാം. കടലിൽനിന്നുള്ള ഉപ്പുവെള്ളത്തിന്റെ തള്ളിക്കയറ്റം ഒഴിവാക്കുകയാണ് ബണ്ടിന്റെ ഉദ്ദേശ്യം. വേലിയേറ്റങ്ങളോടനുബന്ധിച്ച് സമുദ്രജലം കുട്ടനാടുപ്രദേശത്തു കടക്കാതെ രോധിക്കുന്നതോടൊപ്പം വെള്ളപ്പൊക്കകാലത്ത് ജലത്തെ കടലിലേക്കൊഴുക്കിക്കളയാനും കൂടി ഉപകരിക്കുന്നവിധമാണ് തോട്ടപ്പള്ളി സ്‌പിൽവേയുടെ സംവിധാനം. 19 കോടി രൂപ ചെലവുവരുന്ന പമ്പാതട പദ്ധതിയിലൂടെ, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി, പത്തനംതിട്ട (കൊല്ലംജില്ല) എന്നീ താലൂക്കുകളിലായി 17,814 ഹെക്‌ടർ നിലങ്ങള്‍ ജലസിക്തമാകും. കല്ലട ജലസേചന പദ്ധതിയിലൂടെയും ആലപ്പുഴ ജില്ലയുടെ ചില ഭാഗങ്ങളിൽ വെള്ളം ലഭിക്കുന്നതാണ്. ചെറുകിട ജലസേചന പദ്ധതികളും പ്രാവർത്തികമായിട്ടുണ്ട്. തന്മൂലം മൊത്തം 16,624 ഹെക്‌ടർ ഭൂമി ജലസിക്തമാണ്. ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിൽ തെങ്ങ്, സമൃദ്ധമായി വളരുന്നു. നെല്ലും തെങ്ങും കൂടാതെ കരിമ്പ്, പയറുവർഗങ്ങള്‍, മരച്ചീനി, കാച്ചിൽ, ചേന, കുരുമുളക്, വാഴ, എള്ള്, വെള്ളരി, പാവൽ, പടവലം തുടങ്ങിയവയും കൃഷിചെയ്യപ്പെടുന്നു; കശുമാവുകൃഷിയും വികസിച്ചിട്ടുണ്ട്. ജില്ലയിലൊട്ടാകെ മൊത്തം 11,40,607 കന്നുകാലികളുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതിൽ എരുമകളുടെ എച്ചം 15,604 ആണ്. ആട്, പന്നി, കോഴി, താറാവ് എന്നിവയും ധാരാളമായുണ്ട്. ആലപ്പുഴ ജില്ലയിലൊട്ടാകെ 33 മൃഗാശുപത്രികള്‍ പ്രവർത്തിച്ചുവരുന്നു.
സമുദ്രതീരപ്രദേശങ്ങളിൽ-വിശിഷ്യ തൃക്കുന്നപ്പുഴ, പുറക്കാട്, കക്കാഴം എന്നി ചാകരപ്രദേശങ്ങളിൽ വന്‍തോതിൽ മത്സ്യബന്ധനം നടക്കുന്നു. ചെമ്മീന്‍ തുടങ്ങിയ മത്സ്യങ്ങളും തവളകളും കയറ്റുമതി ചെയ്യപ്പെടുന്നു. മത്തി, അയില മുതലായ ഇനങ്ങള്‍ ഐസുകട്ടകളിൽപൊതിഞ്ഞ് കിഴക്കന്‍ പ്രദേശങ്ങളിലേക്ക് ലോറികളിൽ കയറ്റി അയയ്‌ക്കുന്നു. കായലുകളിലും നദികളിലും മീന്‍പിടിത്തം നടക്കുന്നുണ്ട്. ആഴക്കടൽമീന്‍പിടിത്തവും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. കായലുകളിലെ ആഴംകുറഞ്ഞ കരയോരപ്രദേശങ്ങള്‍ നികത്തി കൃഷിയിറക്കുന്ന സമ്പ്രദായവും അടുത്തകാലത്തായി വികസിച്ചുവരുന്നു.
തുറമുഖമെന്നനിലയിൽ പ്രാധാന്യം മങ്ങിപ്പോയിട്ടുണ്ടെങ്കിലും ആലപ്പുഴപട്ടണം ഇന്നും ഒരു വാണിജ്യകേന്ദ്രമായി തുടരുന്നു. വെളിച്ചെച്ച, കൊപ്ര, കയറുത്‌പന്നങ്ങള്‍ തുടങ്ങിയവയുടെ പ്രധാന വിപണി ഈ പട്ടണമാണ്. കയറുത്‌പന്നങ്ങളുടെ വികസനത്തിനായി രൂപവത്‌കരിച്ചിട്ടുള്ള കയർ കോർപ്പറേഷന്റെ ആസ്ഥാനവും ആലപ്പുഴയാണ്.
കായംകുളം, മാവേലിക്കര, തിരുവല്ല, പുളിങ്കുന്ന് എന്നിവിടങ്ങളാണ് ജില്ലയിലെ മറ്റു വ്യാപാരകേന്ദ്രങ്ങള്‍. ഇവയിൽ കായംകുളം മലഞ്ചരക്കുവിപണനത്തിന് പ്രസിദ്ധിനേടിയിരിക്കുന്നു. കയർവ്യവസായമാണ് ഈ ജില്ലയിൽ ഏറ്റവും മുന്നിട്ടു നില്‌ക്കുന്നത്. കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല എന്നീ താലൂക്കുകളിലെ നല്ലൊരു ശതമാനം ആളുകള്‍ ഈ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നു. എച്ചയാട്ടു വ്യവസായം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. മത്സ്യക്കയറ്റുമതി പുരോഗമിച്ചതോടെ ഐസ് ഫാക്‌ടറികള്‍ ധാരാളമായി പ്രവർത്തിച്ചുവരുന്നു. പുളിക്കീഴിലും പന്തളത്തും ഓരോ പഞ്ചസാര ഫാക്‌ടറികള്‍ ഉണ്ട്. എക്‌സൽഗ്ലാസ് ഫാക്‌ടറിയുടെയും, "കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാർമസ്യൂട്ടിക്കൽസ്' എന്ന ഔഷധ നിർമാണശാലയുടെയും ആസ്ഥാനം ആലപ്പുഴയാണ്. "സൗത്ത് ഇന്ത്യാ റമ്പർ ഫാക്‌ടറി' ഇവിടെയുള്ള മറ്റൊരു വ്യവസായ സ്ഥാപനമാണ്. നഗരത്തിന് 5 കി.മീ. വടക്ക് കോമളപുരത്ത് "കേരളാ സ്‌പിന്നേഴ്‌സ്' എന്ന പേരിൽ ഒരു നൂൽനൂല്‌പുമിൽ ഉണ്ട്. പന്തളത്ത് പ്രഭുറാം മിൽസ് എന്ന പേരിൽ മറ്റൊരു സ്ഥാപനവും പൂർത്തിയായിവരുന്നു. വെള്ളമണലുപയോഗിച്ച് ഇഷ്‌ടികയുണ്ടാക്കുന്ന പള്ളിപ്പുറത്തെ (ചേർത്തല) പള്ളത്രബ്രിക്‌സ്, അസംസ്‌കൃതവസ്‌തുവിന്റെ സവിശേഷത വച്ചുനോക്കുമ്പോള്‍, ഇന്ത്യയിൽ ഈ ഇനത്തിലുള്ള ഏക ഫാക്‌ടറിയാണ്. മാവേലിക്കരയ്‌ക്കടുത്തുള്ള കൊല്ലക്കടവിലും അരൂരിലും ഇന്‍ഡസ്‌ട്രിയൽ എസ്റ്റേറ്റുകള്‍ പ്രവർത്തിച്ചുവരുന്നു. അരൂർ ഒരു വ്യവസായമേഖലയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ചെറുതും വലുതുമായ അനേകം വ്യവസായങ്ങള്‍ ഈ പ്രദേശത്ത് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ചെങ്ങന്നൂരിലെ സെന്‍ട്രൽ ഹാച്ചറി മറ്റൊരു വ്യവസായാമാണ്. തിരുവല്ലയിലെ മുട്ടപ്പൊടി ഫാക്‌ടറിയും മാന്നാറിലെ സ്വിച്ച് ഗിയർ ഫാക്‌ടറിയും ശ്രദ്ധേയമാണ്. കായംകുളത്തിനു ചുറ്റുമായി അനേകം കശുവണ്ടി ഫാക്‌ടറികള്‍ പ്രവർത്തിച്ചുവരുന്നു. ചെറുകിട വ്യവസായങ്ങള്‍ വന്‍തോതിൽ അഭിവൃദ്ധിപ്പെട്ടിതീപ്പെട്ടി, മിഠായിത്തരങ്ങള്‍, സ്‌ട്രാബോർഡ് തുടങ്ങിയവയുടെ നിർമാണം ഈ ജില്ലയിൽ ആശാസ്യമായ നിലയിൽ പുരോഗമിച്ചുവരുന്നു. ദേശീയ, അന്തർദേശീയ ടൂറിസം ഭൂപടത്തിൽ ആലപ്പുഴയ്‌ക്കു നിർണായക സ്ഥാനമുണ്ട്. ആലപ്പുഴയുടെ ഭൂപ്രകൃതി സൗന്ദര്യം തന്നെയാണ് ടുറിസ്റ്റുകളെ ഇവിടേയ്‌ക്കു ആകർഷിക്കുന്നത്. ആലപ്പുഴയുടെ സാമ്പത്തിക മേഖലയ്‌ക്കു ടൂറിസം ഗണ്യമായ സംഭാവന നൽകിവരുന്നു.
തിരുവനന്തപുരം-എറണാകുളം റെയിൽപ്പാത ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല എന്നീ താലൂക്കുകളിലൂടെ കടന്നുപോകുന്നു. വടക്ക് അരൂർ മുതൽ തെക്ക് കൃഷ്‌ണപുരം വരെ നാഷണൽ ഹൈവേയുടെ 98 കി.മീ. ദൂരം ഈ ജില്ലയിലാണ്. എം.സി. റോഡ് ചെങ്ങന്നൂർ, തിരുവല്ല എന്നീ താലൂക്കുകളിലൂടെ കടന്നുപോകുന്നു. കായംകുളം-തിരുവല്ല, തിരുവല്ല-കോഴഞ്ചേരി, മാവേലിക്കര-കോഴഞ്ചേരി, മല്ലപ്പള്ളി-കോഴഞ്ചേരി, ആലപ്പുഴ-ചങ്ങനാശ്ശേരി, അമ്പലപ്പുഴ-തിരുവല്ല, മാവേലിക്കര-ചങ്ങനാശ്ശേരി തുടങ്ങി പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഒട്ടനവധി റോഡുകളുണ്ട്. ബസ് സൗകര്യങ്ങള്‍ മിക്കവാറും എല്ലായിടത്തും ലഭ്യമാണ്. പൊതുമരാമത്തുവകുപ്പിന്റെ കീഴിൽ 802 കി.മീ. റോഡുകള്‍ ഈ പ്രദേശത്തിനുവേണ്ടി ഉള്ളതായി കാണുന്നു. തോട്ടപ്പള്ളി, ദാനപ്പടി, കുത്തിയതോട്, ആറാട്ടുകടവ്, പന്നായ്, പുളിക്കീഴ്, പരുമല, വള്ളംകുളം, മല്ലപ്പള്ളി, കൊല്ലക്കടവ്, എറാപ്പുഴ, തോണ്ടറ, പന്തളം എന്നിവിടങ്ങളിൽ പാലങ്ങള്‍ നിർമിച്ചിട്ടുണ്ട്. തച്ചീർമുക്കം പാലവും പൂർത്തിയായിട്ടുണ്ട്. കുട്ടനാടന്‍പ്രദേശത്തെ വിവിധ കേന്ദ്രങ്ങളിലേക്കും കൊല്ലം, ചങ്ങനാശ്ശേരി, എറണാകുളം എന്നിവിടങ്ങളിലേക്കും ബോട്ട് സർവീസുകളുണ്ട്. ചരക്കുകള്‍ കയറ്റിയിറക്കുന്നതിന് വള്ളങ്ങള്‍ ധാരാളമായി ഉപയോഗപ്പെടുത്തുന്നു. കുട്ടനാട്ടിൽ ജലഗതാഗതത്തിന് ജനജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട്.
ചരിത്രം. ഇന്നത്തെ ആലപ്പുഴജില്ലയിൽപ്പെട്ട ചില സ്ഥലങ്ങളെപ്പറ്റി പെരിപ്ലസ് കർത്താവും, പ്ലിനിയും ടോളമിയും തങ്ങളുടെ കൃതികളിൽ പരാമർശിച്ചിട്ടുണ്ട്. റോമാസാമ്രാജ്യവുമായി വ്യാപാരബന്ധം പുലർത്തിയിരുന്ന കേരളതുറമുഖങ്ങളിൽ ബക്കറെ (Bacare), നെൽക്കിണ്ട (Nelcynda) എന്നിവ യഥാക്രമം പുറക്കാടും നിരണവുമാണെന്നു കരുതപ്പെടുന്നു. പുരാതന ചരിത്രരേഖകളിൽ പ്രതിപാദിക്കപ്പെടുന്ന ബാരിസ്‌നദി (Baris) ഇന്നത്തെ പമ്പാനദിയാണ്.
ജില്ലയുടെ പ്രാചീനചരിത്രത്തിലെ ഒരു മുഖ്യ ഘടകം ഇവിടെ ബുദ്ധമതം സാർവത്രികമായിരുന്നു എന്നതാണ്. ഭരണിക്കാവ്, മാവേലിക്കര, കരുമാടി എന്നിവിടങ്ങളിൽ കാണപ്പെടുന്ന ബുദ്ധവിഗ്രഹങ്ങള്‍ ഇതിനു സാക്ഷ്യം വഹിക്കുന്നു. ആയ്‌രാജാവായ വിക്രമാദിത്യവരഗുണന്റെ കാലത്ത് (എ.ഡി. 885-925) പ്രശസ്‌തമായിത്തീർന്ന ബുദ്ധമതകേന്ദ്രമായിരുന്നു തൃക്കുന്നപ്പുഴയ്‌ക്കും കരുമാടിക്കുമിടയ്‌ക്കു കടലോരത്തു സ്ഥിതിചെയ്‌തിരുന്ന ശ്രീമൂലവാസം. ഗാന്ധാരത്തിൽനിന്നു ലഭിച്ച ബുദ്ധപ്രതിമയിൽ കാണുന്ന "ദക്ഷിണാപഥെ മുലവാസ ലോകനാഥ' എന്ന ലിഖിതം ശ്രീമൂലവാസത്തിന്റെ പ്രസിദ്ധിയിലേക്കു വെളിച്ചം വീശുന്നു. ഈ ബൗദ്ധ കേന്ദ്രം എ.ഡി. പത്താം ശ. വരെ പ്രമുഖമായിത്തന്നെ നിലനിന്നിരുന്നു.
സംഘകാലം. സംഘകാലത്ത് കേരളത്തിന്റെ നാല് പ്രധാന ഭാഗങ്ങളിൽ ഒന്നായ കുട്ടനാട്ടിൽ ഉള്‍പ്പെട്ടതായിരുന്നു ഇന്നത്തെ ആലപ്പുഴ ജില്ല. കുട്ടനാട് എന്നതിന് തടാകങ്ങളുടെ നാട് എന്നായിരുന്നു അർഥകല്‌പന. ആദ്യകാലചേരന്മാരുടെ ഒരു പ്രമുഖ കേന്ദ്രമായിരുന്നു കുട്ടനാട്. കുട്ടനാട്ടുകാർ എന്ന അർഥത്തിൽ ചേരന്മാരെ കുട്ടുവന്മാർ എന്നും വിളിച്ചിരുന്നു. കുട്ടനാടിന്റെ തലസ്ഥാനമായിരുന്ന കുഴുയൂർ ഇന്നത്തെ കുമളി (കോട്ടയം ജില്ലയിൽ) ആണെന്നു പറയപ്പെടുന്നു.
ചേരസാമ്രാജ്യകാലം. 9-ാം ശ. മുതൽ 12-ാം ശ. വരെ ചേരസാമ്രാജ്യത്തിന്റെ ഭാഗങ്ങളായിരുന്ന ഓടനാടും നന്തുഴൈനാടും ചേർന്നതാണ് ഇന്നത്തെ ആലപ്പുഴ ജില്ല. ഓടനാട്. ഇപ്പോഴത്തെ കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകള്‍ ഉള്‍പ്പെട്ടതായിരുന്നു ഓടനാട്; തലസ്ഥാനം മാവേലിക്കരയിലെ കണ്ടിയൂർമറ്റവും. 14-ാം ശ.-ത്തിൽ തലസ്ഥാനം കായംകുളത്തിനുസമീപമുള്ള എരുവയിലേക്കു മാറ്റി. ഇവിടത്തെ ഭരണകർത്താക്കളെപ്പറ്റിയുള്ള വിശദവിവരങ്ങള്‍ ലഭ്യമല്ല. രാമകോതവർമ, രവി ആദിച്ചന്‍, രവികേരളവർമ, രാമന്‍ ആദിച്ചവർമന്‍ എന്നിവർ ഓടനാട്ടു രാജാക്കന്മാരായിരുന്നുവെന്ന് സ്ഥാപിക്കുന്ന ലിഖിതങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1225-ലെ വീര രാഘവപ്പട്ടയത്തിലും, തിരുച്ചെന്തൂർലിഖിതത്തിലും ഓടനാട് അടിമകളെപ്പറ്റി പരാമർശമുണ്ട്. ഉച്ചുനീലി സന്ദേശത്തിൽ ഓടനാട്ടിലെ ഇരവിവർമയെപ്പറ്റി സൂചിപ്പിച്ചുകാണുന്നു. 1400-നോടടുത്ത് രചിക്കപ്പെട്ട ഉച്ചിയാടിചരിതത്തിലും ഓടനാട്ടുരാജാവായ ഇരവിവർമയെപ്പറ്റി പരാമർശമുണ്ട്. ഇദ്ദേഹത്തിന്റെ പുത്രിയായിരുന്നു ഉച്ചിയാടി. ശിവവിലാസം എന്ന കൃതിയിലും ഓടനാട്ടു രാജാവായ കേരളവർമയെപ്പറ്റിയുള്ള വർണന കാണുന്നു.
നന്തുഴൈനാട്. തിരുവല്ല, ചെങ്ങന്നൂർ ഭാഗങ്ങളും കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയും ഉള്‍പ്പെട്ടതായിരുന്നു നന്തുഴൈനാട്. ചേരചക്രവർത്തിമാരുടെ ലിഖിതങ്ങള്‍ നന്തുഴൈനാടിന്റെ പൂർവചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. മാമ്പള്ളിപ്പട്ടയം (എ.ഡി. 974) തിരുവന്‍വണ്ടൂർ, തൃക്കൊടിത്താനം ശാസനങ്ങള്‍ എന്നിവ ചരിത്രപരമായി പ്രാധാന്യമർഹിക്കുന്നു. ഭാസ്‌കരരവിവർമന്‍ തന്റെ 14-ാം ഭരണവർഷത്തിൽ വേണാട് ഭരണാധികാരിയായ ഗോവർധനമാർത്താണ്ഡനെ നന്തുഴൈനാട്ടിന്റെ കൂടി ഭരണാധികാരിയാക്കി. ഇതിൽനിന്നും നന്തുഴൈനാട് രണ്ടാം ചേരസാമ്രാജ്യത്തിലെ ഒരു സാമന്തരാജ്യമായിരുന്നുവെന്നും അവിടത്തെ ഭരണാധികാരിയെ ചേരചക്രവർത്തിയാണ് നിയോഗിച്ചിരുന്നതെന്നും അഭ്യൂഹിക്കാന്‍ കഴിയും. നന്തുഴൈനാട് പില്‌ക്കാലത്ത് ഓടനാട്ടിൽ ലയിച്ചു. പിന്നീടത് തെക്കുംകൂറിന്റെ ഭാഗമായിത്തീർന്നു.
തെക്കുംകൂർ ഓടനാട്ടിനെ പരാജയപ്പെടുത്തി, ചെങ്ങന്നൂർ-തിരുവല്ല പ്രദേശങ്ങള്‍വരെ വ്യാപിച്ചു. ഓടനാട്ടിന്റെ അധികാരപരിധി മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളായി ചുരുങ്ങി. ഓടനാട്ടുരാജാവ് തലസ്ഥാനം കണ്ടിയൂർനിന്നു കായംകുളത്തേക്ക് മാറ്റിയതോടെ കായംകുളം രാജാവ് എന്ന് അറിയപ്പെട്ടുതുടങ്ങി.
കരപ്പുറം. ഇന്നത്തെ ചേർത്തലപ്രദേശം മുന്‍കാലത്ത് കരപ്പുറം എന്ന പേരിലാണറിയപ്പെട്ടിരുന്നത്. മൂത്തേടത്ത്, ഇളേടത്ത് എന്നീ രണ്ടുചെറിയ നാടുകള്‍ ഇവിടെ നിലവിലിരുന്നു. ഈ നാടുകളിലെ ഭരണാധികാരികള്‍ കൈമള്‍മാർ ആയിരുന്നു. കൊച്ചിരാജാവുമായി ഇവർക്കു ബന്ധമുണ്ടായിരുന്നു. കൊച്ചിരാജാക്കന്മാർ കരപ്പുറം, തെക്കുംകൂർ, കായംകുളം, ചെമ്പകശ്ശേരി എന്നിവിടങ്ങളിലെ ഭരണാധികാരികളുമായി സൗഹൃദബന്ധം പുലർത്തിവന്നു. മൂത്തകൈമള്‍ മുട്ടത്തും (ചേർത്തല) ഇളയകൈമള്‍ തുമ്പോളി (ആലപ്പുഴ)യിലും വസിച്ചിരുന്നു. 1640-ൽ ഈ നാടുവാഴിവംശം അന്യം നിന്നു. പിന്നീട് കരപ്പുറത്തെ 72 നാടുവാഴികള്‍ രാജ്യം ഭരിച്ചു. 1718-ൽ കൊച്ചി കരപ്പുറം കീഴടക്കി. 1754-ൽ മാർത്താണ്ഡവർമ ഈ പ്രദേശം വേണാടിനോടു ചേർത്തു. പോർച്ചുഗീസുകാരുടെ കാലം. വാസ്‌കോ ദെ ഗാമയുടെ രണ്ടാമത്തെ പര്യടനവേളയിൽ (1502) പോർച്ചുഗീസുകാർ ആലപ്പുഴജില്ലയുമായി ബന്ധം ആരംഭിച്ചു. കൊല്ലത്തെ രാജ്ഞിയുടെ ക്ഷണമനുസരിച്ചാണ് വാസ്‌കോ ദെ ഗാമയുടെ കപ്പലുകള്‍ കൊല്ലത്തേക്കുപോയത്. ഈ യാത്രാമധ്യേ അവർ കായംകുളവും സന്ദർശിച്ചു. ലുഡോവിക്കോ ദെ വർതേമ, ദുവാർ ദെ ബാർബോസ് തുടങ്ങിയ പോർച്ചുഗീസ് സഞ്ചാരികള്‍ ഇക്കാലത്താണ് പുറക്കാടും കായംകുളവും സന്ദർശിച്ചത്. ഇവരുടെ യാത്രാക്കുറിപ്പുകള്‍ ഈ പ്രദേശങ്ങളുടെ അന്നത്തെ സ്ഥിതിഗതികള്‍ മനസ്സിലാക്കുന്നതിനു സഹായകമാണ്. ചെമ്പകശ്ശേരി (പുറക്കാട്) അമ്പലപ്പുഴയുടെയും കുട്ടനാടിന്റെയും ചില ഭാഗങ്ങള്‍ ചേർന്ന് ഒരു ബ്രാഹ്മണനാടുവാഴിയുടെ കീഴിൽ രൂപംകൊണ്ട സ്വതന്ത്രരാജ്യമായിരുന്നു. ഈ രാജ്യം പുറക്കാട്, അമ്പലപ്പുഴ എന്നീ പേരുകളിലും അറിയപ്പെടുന്നു.
ചെമ്പകശ്ശേരിയും പോർച്ചുഗീസുകാരും തമ്മിൽ ആദ്യകാലത്ത് സൗഹൃദബന്ധം നിലവിലിരുന്നു. പോർച്ചുഗീസുകാർ പൊന്നാനി ആക്രമിച്ചപ്പോള്‍ ചെമ്പകശ്ശേരി രാജാവിന്റെ നാവികസൈന്യാധിപനായിരുന്ന പുറക്കാട് അരയന്‍, രാജാവിന്റെ അഭിമതത്തിനെതിരായി പോർച്ചുഗീസുകാരെ സഹായിച്ചു. എന്നാൽ പോർച്ചുഗീസ് വൈസ്രായി ഹെന്‌റിക് ദെ മെനസസ് പുറക്കാട് അരയനെ വെടിവച്ചു ക്ഷതമേല്‌പിച്ചതിന്റെ പേരിലുണ്ടായ യുദ്ധത്തിൽ ചെമ്പകശ്ശേരി രാജാവ് പരാജയപ്പെട്ടു (1525). പുറക്കാട് രാജാവ് സാമൂതിരിയുടെ പക്ഷം ചേർന്നു, രാജാവ് സ്ഥലത്തില്ലാതിരുന്ന അവസരത്തിൽ പോർച്ചുഗീസുകാർ പുറക്കാട് ആക്രമിച്ച് കൊള്ളയടിച്ചു (1528); രാജ്ഞിയെയും സഹോദരിയെയും ബന്ധനസ്ഥരാക്കി. വലിയ ഒരു തുക നഷ്‌ടപരിഹാരം നല്‌കി രാജാവ് ഭാര്യയെയും സഹോദരിയെയും വീണ്ടെടുത്തു. പിന്നീട് കരപ്പുറം കൈമളുടെ സഹായത്തോടെ പുറക്കാട് രാജാവ് പോർച്ചുഗീസുകാരെ ആക്രമിച്ച് നാശനഷ്‌ടങ്ങള്‍ വരുത്തി. പുറക്കാട് രാജാവ് സന്ധിസംഭാഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കവെതന്നെ കൈമള്‍ പോർച്ചുഗീസുകാരെ ആക്രമിച്ചു. തുടർന്നുണ്ടായ യുദ്ധത്തിൽ കൈമളും സേനയും നശിപ്പിക്കപ്പെട്ടു; പുറക്കാട് രാജാവ് പോർച്ചുഗീസുകാരുമായി സന്ധിചെയ്‌തു.
ചെമ്പകശ്ശേരി രാജാവും മുത്തേടത്ത് കൈമളും ഇളേടത്തുകൈമളും ക്രിസ്‌തുമതത്തെ പ്രാത്സാഹിപ്പിച്ചിരുന്നു. അർത്തുങ്കൽപള്ളി പണിയാനുള്ള അനുവാദം മൂത്തേടത്തുകൈമള്‍ നല്‌കി (1518). അതിനുവേണ്ട തടി ക്ഷേത്രവളപ്പിൽനിന്നു നല്‌കുകയും ചെയ്‌തു. കൊച്ചി രാജാക്കന്മാരും മൂത്തേടത്തുകൈമളന്മാരും തമ്മിൽ നടന്ന മത്സരവേളകളിൽ ഇരുകക്ഷികളുടെയും വിലപിടപ്പുള്ള വസ്‌തുക്കള്‍ സൂക്ഷിച്ചുപോന്നത് ഈ പള്ളിയിലായിരുന്നു. 16-ഉം 17-ഉം ശ.-ങ്ങളിലെ ആലപ്പുഴയെപ്പറ്റിയുള്ള വിവരങ്ങള്‍ ഡിയോഗോഗൊണ്‍ സാൽവസ് രചിച്ച മലബാർ ചരിത്രം (Historica Do Malabar) എന്ന ഗ്രന്ഥത്തിൽനിന്നു ലഭിക്കുന്നുണ്ട്. 1610-ൽ അർത്തുങ്കൽ താമസിച്ചിരുന്ന ഒരു ക്രസ്‌തവ മിഷനറിയാണ് ഈ ചരിത്രകാരന്‍. ചെമ്പകശ്ശേരി രാജാക്കന്മാരുടെ തുടർച്ചയായ പട്ടിക ലഭ്യമല്ല. പോർച്ചുഗീസ് കാലഘട്ടത്തിൽ ജീവിച്ചിരുന്ന പൂരാടം തിരുനാള്‍ ദേവനാരായണന്‍ ആണ് ചെമ്പകശ്ശേരിയിലെ മുഖ്യ രാജാവ്.
17-ാം ശതകം. 17-ാം ശ.-ത്തിലെ ആലപ്പുഴ ജില്ലയുടെ സ്ഥിതിഗതികള്‍ ഡച്ചുരേഖകളിൽനിന്നും ലഭ്യമാണ്. ജില്ലയുടെ ദക്ഷിണഭാഗങ്ങള്‍ തിരുവിതാംകൂറിന്റെ അധീനതയിലായിരുന്നു. ഇക്കാലത്ത് ആലപ്പുഴ പ്രദേശങ്ങള്‍ താഴെപറയുന്ന വിധം വിഭജിക്കപ്പെട്ടിരുന്നു: മാർത (മരുതൂർകുളങ്ങര). മാവേലിക്കര ഉള്‍പ്പെട്ട ഈ പ്രദേശത്ത് മുസ്ലിങ്ങളും ക്രസ്‌തവരും വസിച്ചിരുന്നു. ബെറ്റിമേനി (വെട്ടുവേനി). കരിമ്പാലി എന്നും അറിയപ്പെട്ടിരുന്നു. കായംകുളത്തിനും പുറക്കാടിനും ഇടയ്‌ക്കാണ് ഇത് സ്ഥിതിചെയ്‌തിരുന്നത്. കാർത്തികപ്പള്ളിയും ചേപ്പാടും ഇതിൽ ഉള്‍പ്പെട്ടിരുന്നു. 1664-ൽ ഇതിന്റെ ആസ്ഥാനം കാർത്തികപ്പള്ളിയായിരുന്നു. കായംകുളം. വടക്ക് പുറക്കാടും തെക്ക് കൊല്ലവും ആയിരുന്നു അതിരുകള്‍. ഇന്നത്തെ കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളിലെ പ്രദേശങ്ങള്‍ ഇതിൽ ഉള്‍പ്പെട്ടിരുന്നു. തൃക്കുന്നപ്പുഴ. കായംകുളത്തിനും പുറക്കാടിനും ഇടയ്‌ക്ക് കടലോരത്ത് സ്ഥിതിചെയ്‌തിരുന്ന ഈ ചെറിയ രാജ്യം ഇടപ്പള്ളി രാജാവിന്റെ അധീനതയിലായിരുന്നു. പനാപൊളി (പടനായർകുളങ്ങര). കായംകുളത്തിനും കരുനാഗപ്പള്ളിക്കുമിടയ്‌ക്ക് സ്ഥിതിചെയ്‌തിരുന്നു. പിന്നീട് ഈ രാജ്യം കായംകുളത്തിൽ ലയിച്ചു. പുറക്കാട് (ചെമ്പകശ്ശേരി: അമ്പലപ്പുഴ). തൃക്കുന്നപ്പുഴ മുതൽ വടക്ക് മുട്ടം വരെ വ്യാപിച്ചിരുന്നു. മുട്ടം. ചേർത്തലത്താലൂക്കിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെട്ട രാജ്യം; കരപ്പുറം എന്നും അറിയപ്പെട്ടിരുന്നു. തെക്കുംകൂർ. തിരുവല്ല, കുട്ടനാട്, ചങ്ങനാശ്ശേരി, കോട്ടയം എന്നീ താലൂക്കുകളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ഒരു സ്വതന്ത്ര രാജ്യമായിരുന്നു ഇത്. ബ്രിട്ടീഷുകാരും പുറക്കാട് വാണിജ്യകേന്ദ്രം സ്ഥാപിച്ചിരുന്നു. 1663-ലെ സന്ധിക്കുശേഷം ബ്രിട്ടീഷുകാരുടെ വ്യാപാരകേന്ദ്രങ്ങള്‍ക്കു മാന്ദ്യം സംഭവിച്ചു. ബ്രിട്ടീഷുകാരും ഡച്ചുകാരും കുരുമുളകുവ്യാപാര കുത്തകയ്‌ക്കുവേണ്ടി പരസ്‌പരം മത്സരിച്ചു. പുറക്കാട്ടുരാജാവ് ഡച്ചുപക്ഷത്തായിരുന്നു. 1665-ൽ ഡച്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ യുദ്ധമുണ്ടായപ്പോള്‍ പുറക്കാട്ടെ ബ്രിട്ടിഷ് വാണിജ്യകേന്ദ്രം ഡച്ചുകാർ പിടിച്ചെടുത്തു (1665 ജൂല.). ഡച്ചുകാർ ബെറ്റിമേനി(കരിമ്പാലി)യും യുദ്ധാനന്തരം തങ്ങളുടെ അധികാരപരിധിയിൽ വരുത്തി. 1665 27-ന് ഡച്ചുകാർ ബെറ്റിമേനിയുമായി സന്ധിയിൽ ഏർപ്പെട്ടു. 1672 ജൂല. 17-ന് കാർത്തികപ്പള്ളിയിൽവച്ച് ഡച്ചുകാരും ബെറ്റിമേനിരാജാവും തമ്മിൽ സന്ധി പുതുക്കി. ഈ സന്ധികളുടെ ഫലമായി ബെറ്റിമേനി ഡച്ച് രാഷ്‌ട്രീയാധികാരത്തിന്‍ കീഴിലായി. കുരുമുളകുകേന്ദ്രമായിരുന്ന മാർതയുമായി ഡച്ചുകാർ വാണിജ്യക്കരാറിൽ ഏർപ്പെട്ടു. ക്യാപ്‌റ്റന്‍ ന്യൂഹോഫ് 1664-ൽ രാജാവിനെ സന്ദർശിച്ച് ആനുകൂല്യങ്ങള്‍ സമ്പാദിച്ചു. 1664 ഫെ. 7-ന് ഇരുകൂട്ടരും ഒരു സന്ധിയിൽ ഒപ്പുവച്ചു. 1665 ജനു. 29-ന് കൂടുതൽ വ്യവസ്ഥകളോടുകൂടി വീണ്ടും ഒരു സന്ധി ഉണ്ടാക്കി. ഇതനുസരിച്ച് ഡച്ചുകാരുമായല്ലാതെ മറ്റു യൂറോപ്യന്മാരുമായോ മുസ്‌ലിങ്ങളുമായോ വാണിജ്യം നടത്താന്‍ ഇവിടത്തെ രാജാവിന് അനുവാദം ഇല്ലാതായി. 1672-ൽ ഡച്ചുകാർ മൂന്നാമതും സന്ധി പുതുക്കി. തുടർച്ചയായുള്ള ഈ സന്ധികളുടെ ഫലമായി ഡച്ചുകാർ പരമാധികാരികളായി മാറി; കച്ചവടക്കുത്തകയും അവർക്കു മാത്രമായി. 18-ാം ശതകം. 18-ാം ശ.-ത്തിൽ ആലപ്പുഴജില്ലയിൽ ഡച്ചുകാർ ശക്തന്മാരായിരുന്നു. കുരുമുളകുവ്യാപാരത്തിൽ കുത്തക സ്ഥാപിക്കുകയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം ക്രമേണ കായംകുളത്തും പുറക്കാട്ടും യഥാർഥ ഭരണാധികാരികള്‍ ഡച്ചുകാരായിത്തീർന്നു. കരപ്പുറവും അവരുടെ സ്വാധീനമേഖലയിലായി. 1716-17-ലെ ചേറ്റുവായുദ്ധത്തിനുശേഷം സാമൂതിരിയുടെമേൽ അധീശത്വം സ്ഥാപിക്കാന്‍ ഡച്ചുകാർക്ക് സാധിച്ചു. കായംകുളവും പുറക്കാടുമായി വീണ്ടും പുതിയ സന്ധികളിൽ ഏർപ്പെട്ടു. ഡച്ചുശക്തി പ്രകടനമായിരുന്നു ലക്ഷ്യം. ഡച്ചുകാർ കേരളത്തിലെ നാടുവാഴികളുടെ മത്സരങ്ങളിൽ കക്ഷിചേർന്നു. ഡച്ചുകാർക്ക് എതിരായി സഖ്യമുണ്ടാക്കുന്നതിന് സാമൂതിരി ശ്രമിച്ചു. ഈ അവസരത്തിലാണ് മാര്‌ത്താണ്ഡവർമയുടെ (1729-58) കീഴിൽ തിരുവിതാംകൂർ ശക്തിപ്രാപിച്ചുതുടങ്ങിയത്. തന്മൂലം പിന്നീട് ഡച്ചുകാർക്ക് ഇവിടെ രാഷ്‌ട്രീയാധിപത്യം സ്ഥാപിക്കാന്‍ സാധിക്കാതെപോയി. മാർത്താണ്ഡവർമ. ആലപ്പുഴ ജില്ലയിലെ ചെറുരാജ്യങ്ങളെമുഴുവന്‍ തിരുവിതാംകൂറിൽ ലയിപ്പിച്ചത് മാർത്താണ്ഡവർമയാണ്. കൊല്ലംരാജാവും കായംകുളംരാജാവും സഖ്യത്തിലേർപ്പെട്ടു. കൊല്ലംരാജാവും തിരുവിതാംകൂർ രാജാവും അക്കാലത്ത് ശത്രുതയിലായിരുന്നു. തിരുവിതാംകൂറിന്റെ വക കല്ലട ആക്രമിക്കപ്പെട്ടതിനാൽ ദളവാ ആറുമുഖംപിള്ള കൊല്ലം ആക്രമിച്ച് അവിടത്തെ രാജാവായ ഉച്ചിക്കേരളവർമയെ തടവുകാരനാക്കി. ഇത് കായംകുളം രാജാവിൽ ഭീതി ഉളവാക്കി. മാർത്താണ്ഡവർമ കരുനാഗപ്പള്ളിയും കീഴടക്കി. മാർത്താണ്ഡവർമയ്‌ക്കെതിരായി, കായംകുളവും കൊച്ചിയും തടവിൽനിന്നു രക്ഷപ്പെട്ട ഉച്ചിക്കേരളവർമയും സംഘടിച്ചു. കായംകുളംരാജാവ് കരുനാഗപ്പള്ളി ആക്രമിച്ചു. അവർ ഡച്ചുകാരോട് സഹായത്തിനപേക്ഷിച്ചെങ്കിലും അത് ലഭ്യമായില്ല. ബ്രിട്ടിഷ്-ഫ്രഞ്ച് സഹായത്തോടെ മാർത്താണ്ഡവർമ കായംകുളം ആക്രമിച്ചു. കായംകുളംരാജാവ് യുദ്ധത്തിൽ കൊല്ലപ്പെട്ടു (1734); അടുത്ത രാജാവ് യുദ്ധം തുടർന്നു നടത്തി. ഡച്ചുസഹായമുണ്ടായിരുന്നെങ്കിലും കായംകുളം തോല്‌പിക്കപ്പെട്ടു. 1742-ൽ മാന്നാർസന്ധിയിൽ ഒപ്പുവച്ചു. മാവേലിക്കരവച്ച് ഡച്ചുകാരും തിരുവിതാംകൂർ പ്രതിനിധികളും തമ്മിൽ നടത്തിയ സംഭാഷണങ്ങള്‍ പരാജയപ്പെട്ടു. കായംകുളം രാജാവ് മാന്നാർസന്ധിവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് വീണ്ടും യുദ്ധമുണ്ടാകുകയും അതിൽ പരാജിതനായ രാജാവ് ആങ്ങരക്ഷാർഥം നാട്ടിൽനിന്നു കുടുംബസമേതം പലായനം ചെയ്യുകയും ചെയ്‌തു; ഈ പോക്കിനിടയിൽ ജംഗമസ്വത്തുക്കള്‍ എല്ലാം കായംകുളം കായലിൽ താഴ്‌ത്തി എന്നാണ് ഐതിഹ്യം. രാമയ്യന്‍ദളവയുടെ നേതൃത്വത്തിലുള്ള തിരുവിതാംകൂർസേനയെ 1752-ൽ മാത്തൂർ പണിക്കരും തെക്കേടത്തു ഭട്ടതിരിയും തോട്ടപ്പള്ളിയിൽവച്ച് എതിർത്തു. രാമയ്യന്‍ അവരെ തോല്‌പിച്ച് അമ്പലപ്പുഴ കീഴടക്കി (1753). തുടർന്ന് തെക്കുംകൂറും വടക്കുംകൂറും തിരുവിതാംകൂറിൽ ലയിച്ചു. മാവേലിക്കര സന്ധി(1753)യോടെ ഡച്ചുശക്തി അസ്‌തമിച്ചു. കരപ്പുറം മാർത്താണ്ഡവർമ കീഴടക്കി. രാജകുടുംബത്തിലെ ഒരു ശാഖയിൽപ്പെട്ട ചാഴൂർതമ്പാനെ സാമന്തനായി വാഴിച്ചു. അമ്പലപ്പുഴയുദ്ധത്തിൽ (1754) കൊച്ചി, അമ്പലപ്പുഴ, തെക്കുംകൂർ, വടക്കുംകൂർ എന്നിവയുടെ സംയുക്തസൈന്യത്തെ തിരുവിതാംകൂർസൈന്യം തോല്‌പിച്ചു. രാമയ്യന്‍ദളവ അരൂക്കുറ്റിവരെയുള്ള പ്രദേശങ്ങള്‍ കീഴടക്കി. അതോടെ കൊച്ചിരാജാവ് സന്ധിക്കു നിർബന്ധിതനായി. ധർമരാജാവിന്റെ (1758-98) ഭരണകാലത്ത് ആലപ്പുഴ അഭിവൃദ്ധിപ്പെട്ടു. അയ്യപ്പന്‍ മാർത്താണ്ഡപിള്ളയും രാജാകേശവദാസനും ഈ ജില്ലയിൽ പരിഷ്‌കാരങ്ങള്‍ വരുത്തി. രാജകേശവദാസന്‍ ആലപ്പുഴതുറമുഖം സ്ഥാപിച്ചു. പന്തളം. ഈ ജില്ലയിൽപ്പെട്ട പന്തളം റാണി പാർവതീഭായിയുടെ കാലത്ത് (1815-29) തിരുവിതാംകൂറിൽ ലയിച്ചു (1820). മധുരയിലെ പാണ്ഡ്യരാജാക്കന്മാരുടെ വംശപരമ്പരയിൽപ്പെട്ടവരാണ് പന്തളം രാജാക്കന്മാർ എന്ന് കരുതപ്പെടുന്നു. ചെമ്പഴത്തൂർസ്വരൂപം എന്നും ഈ രാജകുടംബത്തിനു പേരുണ്ട്. 904-ൽ ഇവർ പന്തളത്തെത്തിയിരിക്കണമെന്ന് ചരിത്രകാരനായ ശങ്കുച്ചിമേനോന്‍ അഭിപ്രായപ്പെടുന്നു. ഉദയമാർത്താണ്ഡവർമയുടെ കാല(1175-95)ത്തായിരുന്നു പന്തളംരാജ്യം സ്ഥാപിതമായതെന്നും അഭിപ്രായമുണ്ട്. എ.ഡി. ഒന്നാം ശ.-ത്തിൽതന്നെ കേരളത്തിൽ, പ്രത്യേകിച്ച് ആലപ്പുഴജില്ലയിൽ ക്രിസ്‌തുമതം പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. അക്കാലത്ത് തോമാശ്ലീഹ സ്ഥാപിച്ചതെന്നു കരുതപ്പെടുന്ന ഏഴു പള്ളികളിൽ ഒരെച്ചം പള്ളിപ്പുറത്തും മറ്റൊന്നു നിരണത്തുമാണെന്നു വിശ്വസിക്കപ്പെടുന്നു. രാഷ്‌ട്രീയസാമൂഹിക പ്രവർത്തനങ്ങള്‍ക്ക് ഈ ജില്ല നേതൃത്വം വഹിച്ചിട്ടുണ്ട്. ആലപ്പുഴജില്ലയിലെ പുന്നപ്ര വയലാർ എന്നീ സ്ഥലങ്ങളിൽവച്ചുനടന്ന കമ്യൂണിസ്റ്റ് നേതൃത്വത്തിലുണ്ടായ വിപ്ലവം (1946) ചരിത്രപ്രസിദ്ധമാണ്. (നോ: പുന്നപ്ര വയലാർ സമരം)
ജില്ലയിലെ ജനസംഖ്യ 1,77,079 (2001) ആണ്. ജനസാന്ദ്രത ച.കി.മീറ്ററിന് 1,128 ആണ്. 1961-71 ദശകത്തിൽ ജില്ലയിലെ ജനവർധനവ് 15.87 ശ.മാ. ആയിരുന്നു. സംസ്ഥാനത്തെ മറ്റു ജില്ലകളുമായി തട്ടിച്ചുനോക്കുമ്പോള്‍ താരതമ്യേന കുറഞ്ഞ ജനപ്പെരുപ്പമേ ഈ ജില്ലയിലുണ്ടായിരുന്നുള്ളൂ. സ്‌ത്രീപുരുഷാനുപാതം എന്ന ക്രമത്തിലാണ്. പുരുഷന്മാർ 48% സ്‌ത്രീകള്‍ 52%. ഭാഷ. ജില്ലയിലെ പൊതുഭാഷ മലയാളമാണ്. പുറക്കാട്, ആലപ്പുഴ, തുറവൂർ എന്നിവിടങ്ങളിലെ ഗൗഢസാരസ്വത ബ്രാഹ്മണർ കൊങ്കണിഭാഷക്കാരാണ്. നന്നേ ചുരുക്കം ആളുകള്‍ ഇംഗ്ലീഷ്, അറബി, ഹിന്ദി എന്നീ ഭാഷകള്‍ സംസാരിക്കുന്നവരായിട്ടുണ്ട്.
ജില്ലയിലെ വിവിധഭാഗങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുപോരുന്ന നിരവധി നാടകസമിതികളും നൃത്തസംഘങ്ങളും കഥകളിയോഗങ്ങളുമുണ്ട്. കഥാപ്രസംഗകലയിൽ മുന്‍പന്തിയിൽ നില്‌ക്കുന്ന മിക്ക കാഥികന്മാരും ഈ ജില്ലയിൽനിന്നുള്ളവരാണ്. മാവേലിക്കരയിലെ ആർട്ടിസ്റ്റ് രാജാരവിവർമ മെമ്മോറിയൽ പെയിന്റിംഗ് സ്‌കൂളും കീരിക്കാട്ടെ സമസ്‌തകേരള കഥകളി വിദ്യാലയവും അതതുരംഗങ്ങളിൽ പ്രതിഷ്‌ഠനേടിയിരിക്കുന്നു. ആലപ്പുഴയിലെ ഉദയാസ്റ്റുഡിയോ ചലച്ചിത്രരംഗത്ത് പ്രസിദ്ധമാണ്. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും സിനിമാതിയെറ്ററുകള്‍ കാണാം. കൃഷ്‌ണപുരത്തെ പഴയകൊട്ടാരം ഇപ്പോള്‍ പുരാവസ്‌തുശേഖരങ്ങളുടെ കാഴ്‌ചബംഗ്ലാവായി മാറ്റിയിരിക്കുന്നു. നിരവധി സായാഹ്നപത്രങ്ങളും ഏതാനും മാസികകളും ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്ന് പ്രസിദ്ധീകരിക്കപ്പെടുന്നു. മൂന്ന് വന്‍കിട പ്രസിദ്ധീകരണശാലകളുമുണ്ട്. ആലപ്പുഴയിലെ റേഡിയോ സ്റ്റേഷനും പ്രക്ഷേപണവ്യാപ്‌തിയെ അടിസ്ഥാനമാക്കി നോക്കുമ്പോള്‍ തെന്നിന്ത്യയിൽ ഗണനീയമാണ്. ദേവാലയങ്ങള്‍. അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമിക്ഷേത്രം, കണ്ടിയൂർ മഹാദേവർ ക്ഷേത്രം, ചെങ്ങന്നൂർ ക്ഷേത്രം, ചുനക്കര മഹാദേവർ ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം, ചെട്ടികുളങ്ങര ദേവീക്ഷേത്രം, തിരുവന്‍ വണ്ടൂർ ക്ഷേത്രം എന്നിവ പ്രസിദ്ധങ്ങളാണ്. അർത്തുങ്കൽ പള്ളി, ചേർത്തല ഫെറോന പള്ളി, എടത്വാപള്ളി എന്നിവയും പ്രസിദ്ധമാണ്.
അവസാനം പരിഷ്കരിച്ചത് : 3/12/2020
കണ്ണൂർ ജില്ല ചരിത്രവും കൂടുതൽ വിവരങ്ങളും
എറണാകുളം ജില്ല - ചരിത്രവും കൂടുതൽ വിവരങ്ങളും
കൊല്ലം - ജില്ലാ ചരിത്രം
കോട്ടയം ജില്ലാ ചരിത്രവും കൂടുതൽ വിവരങ്ങളും