സുവനീറുകള്‍ ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളെ ഓര്‍മപ്പെടുത്തുന്ന വസ്തുക്കളാണ്. ഈ അനുഭവങ്ങള്‍ എന്തിനെ സംബന്ധിച്ചുമാകാം. യാത്രകളുടെ ഓര്‍മ്മക്കായി നാം ശേഖരിക്കുന്ന സുവനീറുകള്‍ അമൂല്യങ്ങളാണ്. യാത്രകള്‍ കേരളം പോലെ വിസ്മയിപ്പിക്കുന്ന ടൂറിസം കേന്ദ്രങ്ങളിലേക്കാവുമ്പോള് വിശേഷിച്ചും. കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്ക്, ഈ നാടിന്റെ സംസ്കാരവും ചരിത്രവും കലാപാരമ്പര്യവും സാമൂഹ്യവും മതപരവുമായ പ്രത്യേകതകളും പ്രതിഫലിപ്പിക്കുന്ന ഒട്ടേറെ സുവനീറുകള്‍ ലഭ്യമാണ്.
കൈകൊണ്ട് നിര്‍മ്മിച്ച ഒട്ടേറെ മൗലിക കലാവസ്തുക്കള്‍ കേരളാ സുവനീറുകളുടെ കൂട്ടത്തിലുണ്ട്. ആറന്മുള കണ്ണാടി, ചിരട്ട, തടി, കളിമണ്ണ്, ചൂരല്‍ എന്നിവയില്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍, ചുവര് ചിത്രങ്ങള്‍, കൈത്തറി ഉല്പന്നങ്ങള്, കസവുസാരി എന്നിവ കൂട്ടത്തില്‍ ഏറെ പ്രശസ്തമാണ്. സംസ്ഥാന ടൂറിസം വകുപ്പിന്റെ സുവനീര്‍ പ്രചാരണത്തിനുള്ള ഔദ്യോഗിക ഏജന്‍സിയായ കള്‍ച്ചര്‍ ഷോപ്പിയില്‍ നിന്ന് സഞ്ചാരികള്‍ക്ക് കേരള സുവനീറുകള്‍ വാങ്ങാവുന്നതാണ്. ഉരുളി, പറ, കെട്ടുവള്ളം, ആറന്മുള കണ്ണാടി, നെറ്റിപ്പട്ടം, നെട്ടൂര്‍പെട്ടി, തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെടുന്നു.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പത്തനംതിട്ട ജില്ലയിലെ ആറന്മുള പ്രദേശത്തുള്ള ഒരു സംഘം ലോഹപ്പണിക്കാരാണ് വിശിഷ്ടമായ കണ്ണാടി ആദ്യമായി നിര്‍മ്മിച്ചത്. പ്രത്യേക രീതിയില്‍ ലോഹമുരുക്കി മിനുക്കിയെടുക്കുന്ന കൈപിടിയോടു കൂടിയ ഈ കണ്ണാടി ആറന്മുള കണ്ണാടി എന്ന പേരില്‍ ലോകപ്രശസ്തമായി.ആറന്മുള കണ്ണാടി തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലുള്ള കള്‍ച്ചര്‍ ഷോപ്പി ശാഖയില്‍ ലഭിക്കും
ഒരു കാലത്ത് കേരളത്തിലെ സ്വാധീനശക്തിയും സമ്പത്തുമുള്ള ആഢ്യഗൃഹങ്ങളിലെ സ്ത്രീകള്‍ കൈവശം വച്ചിരുന്ന പരമ്പരാഗത ആഭരണപെട്ടിയാണ് നെട്ടൂര്‍പെട്ടി. മലബാറിലെ നെട്ടൂര്‍ പ്രദേശത്ത് രൂപകല്പന ചെയ്ത ഈ പേടകം കരകൗശല വിദഗ്ധരുടെ കരവിരുതിന്റെയും ക്ഷമയുടെയും സാക്ഷ്യപത്രമാണ്. നിറയെ അലങ്കാരങ്ങളുള്ള നെട്ടൂര്‍പെട്ടി മഹാഗണിത്തടിയിലാണ് തീര്‍ക്കുന്നത്. യന്ത്രോപകരണങ്ങളുടെ സഹായമില്ലാതെ ഇതിന്റെ ഓരോ ആണിയും വിജാഗരിയും പൂട്ടുമടക്കം എല്ലാ ഘടകങ്ങളും കൈ കൊണ്ടു തന്നെയൈണ് നിര്‍മ്മിക്കുന്നത്. തടിപ്പെട്ടി വാര്‍ണിഷ് ചെയ്ത ശേഷം പിത്തള ഫ്രെയിമില്‍ ഉറപ്പിക്കുന്നു. വിടിന്റെ മേല്‍ക്കുരയോട് സാമ്യമുള്ള അടപ്പോടു കൂടിയ ഈ പെട്ടി ഇപ്പോള്‍ പുരാവസ്തുശേഖരണത്തില്‍ താല്പര്യമുള്ളവരുടെ ഇഷ്ട ഇനമാണ്. നെട്ടൂര്‍ പെട്ടി ഉണ്ടാക്കുന്ന കലാകാരന്മാര് തീരെ കുറവായതിനാല്‍ ഇത് ഒരപൂര്‍വ വസ്തുവായി മാറിയിട്ടുണ്ടിപ്പോള്‍.
കേരളീയര്‍ക്ക് സ്വര്‍ണ്ണമെന്ന ലോഹത്തോടുള്ള സ്നേഹം അവരുടെ ഏറ്റവും പ്രിയപ്പെട്ട ജീവിയായ ആനയെ അണിയിക്കുന്ന നെറ്റിപ്പട്ടത്തിലും വളരെ പ്രകടമാണ്. ഏത് ഘോഷയാത്രയ്ക്കും രാജകീയ പ്രൗഢി പകരുന്ന നെറ്റിപ്പട്ടമണിഞ്ഞ ഗജവീരന്മാര് കേരളത്തിലെ ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമാണ്. ഒരു കൂട്ടം വിദഗ്ദ്ധകലാകാരന്മാര് ആനയുടെ മസ്തകത്തില്‍ ചാര്‍ത്താന്‍ സ്വര്‍ണ്ണത്തില്‍ തീര്‍ത്തെടുക്കുന്ന ആഭരണമാണ് 'നെറ്റിപ്പട്ടം'. കേരളത്തിലല്ലാതെ ഇന്ത്യയില്‍ മറ്റെങ്ങും ആനകളെ ഇത്ര മനോഹരമായി അണിയിച്ചൊരുക്കാറില്ല. നെറ്റിപ്പട്ട നിര്‍മ്മാണം : സാധാരണ നെറ്റിപ്പട്ടം നിര്‍മ്മിക്കാന്‍ ഏകദേശം മൂന്നര കിലോഗ്രാം ഓടും, 24 ഗ്രാം സ്വര്‍ണ്ണവുമാണ് ഉപയോഗിക്കുന്നത്. ഇതിന്റെ നിര്‍മ്മാണത്തിന് ഇരുപതോളം ദിവസങ്ങള്‍ വേണ്ടിവരും. നെറ്റിപ്പട്ടത്തിന്റെ വലിപ്പം ആനയുടെ വലിപ്പത്തിനനുസൃതമായി വ്യത്യാസപ്പെടും. ഒന്‍പതു മുതല്‍ പത്തുവരെ അടി ഉയരമുള്ള ആനയ്ക്ക് പതിനൊന്ന് ചന്ദ്രക്കലകള്‍ പതിപ്പിച്ച 60-66 ഇഞ്ച് നീളമുള്ള നെറ്റിപ്പട്ടമാണ് സാധാരണയായി തയ്യാറാക്കുന്നത്.
മലയാളിയുടെ ഏതാണ്ട് എല്ലാ ആചാരങ്ങളിലും, ആഘോഷങ്ങളിലും നിലവിളക്ക് നിര്‍ബന്ധമാണ്. ഹിന്ദു ആചാരവേളകളില്‍ മാത്രമല്ല കേരളത്തിലെ എല്ലാ സാമൂഹ്യ-സാംസ്കാരിക വേദികളിലും നിലവിളക്ക് ഒഴിച്ചു കൂടാനാവാത്ത ഘടകം തന്നെ. ആചാരപ്രകാരം, ഹിന്ദുകുടുംബങ്ങളില്‍ സന്ധ്യാസമയത്ത് പെണ്‍കുട്ടികള്‍ നിലവിളക്ക് തെളിയിക്കുകയും അത് വീടിന്റെ ഉമ്മറത്ത് വെയ്ക്കുകയും ചെയ്യും. നിലവിളക്കിന്റെ വെളിച്ചത്തില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് സന്ധ്യാനാമങ്ങള്‍ ചൊല്ലുന്നത് പതിവാണ്. ഓരോ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുമ്പോഴും, അതിന്റെ ഉന്നതിക്കും വിജയത്തിനുമായി ഉദ്ഘാടനവേളകളില്‍ നിലവിളക്ക് തെളിയിക്കാറുണ്ട്. രാത്രിയില്‍ അരങ്ങേറുന്ന പല കലാപരിപാടികളും വലിയ ഒരു നിലവിളക്കിന്റെ മുമ്പിലാണ് സാധാരണയായി അവതരിപ്പിക്കാറുള്ളത്.
പരമ്പരാഗത അറേബ്യന്‍ വ്യാപാര നൗകയാണ് 'ഉരു'. കേരളത്തിന്റെ സമൃദ്ധി, ഗുണമേന്മയും ഉറപ്പുള്ള വൃക്ഷസമ്പത്ത് വിദഗ്ദ്ധരായ മരപ്പണിക്കാര്‍, തദ്ദേശീയമായ നിര്‍മ്മാണ രീതികളുടെ മേന്മഎന്നിവ കണ്ടറിഞ്ഞ അറബ് വ്യാപാരികള്‍ തങ്ങളുടെ ഉരു നിര്‍മ്മാണം ഉത്തര കേരളത്തിലെ മലബാറിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായ ബേപ്പൂര്‍ പില്ക്കാലത്ത് ഉരു നിര്‍മ്മാണത്തിന് പേരുകേട്ട പ്രദേശമായിത്തീര്‍ന്നു. ഇരുമ്പും സ്റ്റീലും കപ്പല്‍ നിര്‍മ്മാണമേഖലയില്‍ ആധിപത്യം ഉറപ്പിക്കുന്നതു വരെ ബേപ്പൂരില്‍ ഈ വ്യവസായം ശക്തമായ സാന്നിധ്യമായി തുടര്‍ന്നു.
വളരെ ശ്രദ്ധാപൂര്‍വ്വം ചെത്തി മിനുക്കിയ മരപ്പലകകള്‍ ആണിയടിച്ച് ചേര്‍ത്തുണ്ടാക്കുന്ന വലിയ നൗകകളാണ് 'ഉരു' എന്നറിയപ്പെടുന്നത്. അമ്പതോളം പേര് നാല് വര്‍ഷം കഠിനപ്രയ്തനം ചെയ്താണ് ഒരു 'ഉരു' പൂര്‍ത്തിയാക്കുന്നത്. ഇപ്പോള്‍ ബേപ്പൂരില്‍ അധികം 'ഉരു'ക്കളുടെ നിര്‍മ്മാണം നടക്കുന്നില്ല. അതിനാല്‍ ഈ പ്രദേശത്തെ ഉരു നിര്‍മ്മാണ വിദഗ്ദ്ധര്‍ തങ്ങളുടെ പഴയ മാസ്റ്റര്‍പീസുകളുടെ തടിയില്‍ തീര്‍ത്ത ചെറിയ മാതൃകകള്‍ ഉണ്ടാക്കുന്നു. മൂന്ന് മുതല്‍ പത്ത് ഇഞ്ച് വരെ വലിപ്പമുള്ള ഈ മാതൃകകള്‍ക്ക് 450 മുതല്‍ 2500 രൂപ വരെയാണ് വില.
വളരെ നേര്‍ത്ത കോട്ടണ്‍ കൈത്തറി വസ്ത്രത്തില്‍ സ്വര്ണനൂലുകള് കൊണ്ട് കര നെയ്താണ് കസവു മുണ്ടും നേര്യതും തയ്യാറാക്കുന്നത്. കര നെയ്യാന്‍ സ്വര്‍ണ്ണം ചേര്‍ന്ന കസവു നൂലിനൊപ്പം കടുത്ത വര്‍ണ നൂലുകളും ചിലപ്പോള്‍ ഉപയോഗിക്കാറുണ്ട്. കസവ് മുണ്ടും നേര്യതും അണിഞ്ഞ്, അലസമായി കെട്ടിയ നീണ്ട കാര്‍ക്കൂന്തലില്‍ മുല്ലപ്പൂവ് ചൂടി നില്ക്കുന്ന മലയാളി സ്ത്രീയുടെ ദൃശ്യം പ്രൗഢവും മനോഹരവുമാണ്. കൃത്രിമമായ അലങ്കാരങ്ങള്‍ ഒന്നും തന്നെ ആവശ്യമില്ലാത്ത മലയാളി വനിത, തനിക്കു പ്രിയപ്പെട്ട സ്വര്ണാഭരണങ്ങളോടൊപ്പം ആകെ അണിയുന്നത് നെറ്റിയിലെ കുങ്കുമക്കുറിയും കണ്പീലിത്തടത്തിലെ കരിമഷിയുമാണ്. പുരുഷന്മാര് വേഷ്ടി അഥവാ മുണ്ട് അരയില്‍ ചുറ്റുകയും നേര്യത് തോളിലിടുകയും ചെയ്യുന്നു.
സവിശേഷമായ ഒരു കെട്ടിന്റെ രൂപത്തില്‍ വളരെ ശ്രദ്ധാപൂര്‍വ്വം സ്വര്‍ണ്ണത്തില്‍ തീര്‍ത്തെടുക്കുന്ന ഒരു ദിവ്യാഭരണമാണ് പയ്യന്നൂര്‍ പവിത്രമോതിരം, കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ പ്രദേശത്തുള്ള ഒരു കുടുംബത്തിന് മാത്രമാണ് ഈ പവിത്ര മോതിരം നിര്‍മ്മിക്കാനുള്ള അവകാശം. ഭക്തിപൂര്വ്വവും നിഷ്ഠയോടും കൂടി ഈ മോതിരം വിരലിലണിയുന്നവര്‍ക്ക് എല്ലാവിധ സൗഭാഗ്യങ്ങളും വന്ന് ചേരുമെന്ന് വിശ്വസിക്കപ്പെടുന്നു.
മറ്റ് വിളകളോടൊപ്പമാണ് കേരളത്തില്‍ കുരുമുളക് കൃഷി നടത്തുന്നത്. വയനാട്ടില്‍ കാപ്പിത്തോട്ടങ്ങളിലാണ് കുരുമുളക് വന്‍തോതില്‍ ഉല്പാദിപ്പിക്കപ്പെടുന്നത്. കേരളത്തിലെ മിക്ക അടുക്കള തോട്ടങ്ങളിലും കുരുമുളകിന് പ്രമുഖ സ്ഥാനമുണ്ട്. സുഗന്ധ ദ്രവ്യങ്ങളുടെ നാടായ കേരളം ചരിത്രാതീത കാലം മുതലിന്നോളം വിദേശ വ്യാപാരികളെ ആകര്‍ഷിച്ചു കൊണ്ടേയിരിക്കുന്നു. കേരളത്തിന്റെ തനതായ സുഗന്ധ ദ്രവ്യങ്ങളാണ് അവരെ മുഖ്യമായും ആകര്‍ഷിക്കുന്നത്. ലോകത്തേറ്റവുമധികം സുഗന്ധ ദ്രവ്യങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇതില്‍ നാലില്‍ മൂന്നു ഭാഗവും ശേഖരിക്കുന്നത് കേരളത്തിലെ സമൃദ്ധമായ തോട്ടങ്ങളില്‍ നിന്നാണ്. ബാബിലോണിയയും ഗ്രീസു മായുള്ള കേരളത്തിന്റെ സുഗന്ധ ദ്രവ്യവാണിജ്യത്തിന്റെ വേരുകള്‍ ബി.സി. മൂന്നാം നൂറ്റാണ്ടോളം നീളുന്നു. കേരളത്തില്‍ നിന്നുള്ള കുരുമുളക് ഫറവോമാരുടെ ശവശരീരങ്ങള്‍ മമ്മികളാക്കി സൂക്ഷിക്കാനും സുഗന്ധ ലേപനങ്ങളും ദിവ്യമായ എണ്ണകളും മറ്റും നിര്‍മ്മിക്കാനും ഉപയോഗിച്ചിരുന്നു. ഇസ്രയേലിലെ സോളമന് മഹാരാജാവ് സുഗന്ധ വ്യഞ്ജനങ്ങള്‍ കൊണ്ടു വരാനായി തന്റെ കപ്പലുകള്‍ കേരളത്തിലേക്കയച്ചതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മധ്യപൗരസ്ത്യ ദേശങ്ങളിലേക്ക് കേരളത്തിന്റെ കുരുമുളക് എത്തിച്ചത് അറബികളാണ്.
പുരാണ കഥകളെ അടിസ്ഥാനമാക്കിയുള്ള ചുവര് ചിത്രശേഖരങ്ങളില്‍ രാജസ്ഥാന് തൊട്ട് പിറകിലായി രണ്ടാം സ്ഥാനത്താണ് കേരളം. സാങ്കേതികമായും കലാപരമായും ഏറെ പ്രത്യേകതകളുള്ളതാണ് കേരളത്തിന്റെ ചുവര് ചിത്രങ്ങള്‍. ഈ ചിത്രങ്ങളില്‍ ഏറെയും പതിനഞ്ചാം നൂറ്റാണ്ടിനും, പത്തൊമ്പതാം നൂറ്റാണ്ടിനുമിടയില്‍ പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ അപൂര്‍വ്വം ചില ചിത്രങ്ങല്‍ എ.ഡി. എട്ടാം നൂറ്റാണ്ടില്‍ തന്നെ വരച്ചവയാണ്.
ഹിന്ദു ദേവീദേവന്മാരുടെ കഥകളും അവരുടെ ധീര കൃത്യങ്ങളുടെ ചിത്രങ്ങളും കൊണ്ട് സമ്പന്നമാണ് കേരളത്തിലെ ക്ഷേത്രങ്ങളുടേയും കൊട്ടാരങ്ങളുടേയും ചുവരുകള്‍. ഏറെക്കാലത്തെ ആത്മസമര്‍പ്പണത്തിന്റേയും അര്‍പ്പണത്തിന്റേയും ഫലമാണ് ഈ ദൃശ്യവിസ്മയങ്ങള്‍. ചിത്രങ്ങള്‍ക്കാവശ്യമായ നിറങ്ങളും പശയും ബ്രഷുകളും എല്ലാം തന്നെ ചെടികളില്‍ നിന്നും മറ്റു പ്രകൃതിദത്തവസ്തുക്കളില്‍ നിന്നും എടുത്തിട്ടുള്ളതാണ്. കുങ്കുമം, ചുവപ്പ്, മഞ്ഞ, വെള്ള, നീല, കറുപ്പ്, സ്വര്‍ണ്ണം എന്നീ വര്‍ണങ്ങളാണ് കേരളത്തിലെ ചുവര്‍ച്ചിത്രങ്ങളില്‍ ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ളത്.നിങ്ങള്‍ ഈ കലയുടെ ഗൗരവമുള്ള ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ കേരളത്തിലെ ചുവര് ചിത്രങ്ങള്‍ കാണാതിരുന്നു കൂടാ.ഇപ്പോള്‍ തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ തിരുനന്ദിക്കര ഗുഹാക്ഷേത്രത്തിലാണ് കേരളത്തിലെ ഏറ്റവും പുരാതനമായ ചുവര്‍ച്ചിത്രങ്ങളുള്ളത്.
കേരളത്തിലെ ഏറ്റവും വലിയ ചുവര് ചിത്രമായ 'ഗജേന്ദ്രമോക്ഷം' ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് കൃഷ്ണപുരം കൊട്ടാരത്തിലാണുള്ളത്. രാമായണത്തിലേയും മഹാഭാരതത്തിലേയും ദൃശ്യങ്ങള്‍ ആവിഷ്കരിച്ച വിശാലമായ ചുവര്‍ചിത്രങ്ങള്‍ എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി കൊട്ടാരത്തില്‍ കാണാന്‍ കഴിയും. ദ്രാവിഡ കാലത്തെ ചുവര് ചിത്രങ്ങളെപ്പറ്റി ഉള്‍ക്കാഴ്ച പകരുന്നവയാണ് കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ ശിവക്ഷേത്രത്തിലുള്ള ചുവര്‍ച്ചിത്രങ്ങള്‍.
കേരള വിഭവങ്ങള്‍ മറുനാടന്‍ നാക്കിന് കൂടുതല്‍ എരിവും മണവുമുള്ളതായി തോന്നാമെന്ന മുന്നറിയിപ്പ് ടൂറിസ്റ്റുകള്‍ക്കായുള്ള ചില പ്രസിന്ധീകരണങ്ങളില് ഗൈഡുകളിലെങ്കിലും കാണാം.ഏതാണ്ട് 7500 വര്‍ഷങ്ങള്‍ക്കു മുമ്പ് മുതലേ ആരംഭിച്ചതാണ് കേരളത്തിലെ സുഗന്ധവ്യഞ്ജന വ്യാപാരം. മലബാറിലെ സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ച് പല ആദ്യകാല യാത്രാവിവരണങ്ങളിലും കാണാം. മുളകും, കുരുമുളകും എക്കാലത്തും ലോകര്‍ക്ക് പ്രിയമുള്ള വസ്തുക്കളാണ്. മലബാറിലെ ഏലമാണ് ലോകത്തിലെ ഏറ്റവും ഗുണമേന്മയുള്ളതായി അറിയപ്പെടുന്നത്.
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിരവധി ഔഷധാവശ്യങ്ങള്‍ക്കായി ഇന്ന് കേരളത്തില്‍ നിന്ന് ലഭിക്കുന്ന ഏലം മാത്രമാണ് ഉപയോഗിക്കുന്നത്. ഔഷധഗുണം കൂടാതെ ഏലത്തിന്റെ ആസ്വാദ്യമായ രുചിയും ഗന്ധവും അതിനെ ചായ, ശീതള പാനീയങ്ങള്‍, മധുരപലഹാരങ്ങള്‍, സസ്യ-മാംസ വിഭവങ്ങള്‍ എന്നിവയുടെയെല്ലാം അവശ്യ ചേരുവയായി മാറ്റിയിരിക്കുന്നു. സമുദ്രത്തില്‍ നിന്ന് ഏതാണ്ട് 750 - 1000 മീറ്റര്‍ ഉയരത്തിലുള്ള പടിഞ്ഞാറന്‍ മലനിരകളിലാണ് ഏലം ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്നത്.
ഇടുക്കി ജില്ലയിലെ മലനിരകള്‍ അറിയപ്പെടുന്നത് തന്നെ കാര്‍ഡമം ഹില്‍സ് എന്നാണ്. ഏലം ഉല്പാദനത്തില് ലോകത്തില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ, അതിന്റെ സിംഹഭാഗവും കൃഷി ചെയ്യുന്നത് കേരളത്തിലും. നിത്യവും ഉപയോഗിക്കുന്ന ഏലം മിക്കവാറും കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ലഭ്യമാണ്. കിലോയ്ക്ക് 500 രൂപ മുതല്‍ 600 രൂപ വരെയാണ് വില. ഗുണമനുസരിച്ച് വിലയില്‍ വ്യത്യാസം വരാം.
'ദ്രവ്യസ്വര്ണ്ണം' എന്നറിയപ്പെടുന്ന 'ചന്ദനത്തൈലം' കാലങ്ങളായി ഏറ്റവും ജനപ്രിയമായ സുഗന്ധലേപനമാണ്. ചന്ദനമരങ്ങളുടെ വേര്, തടി എന്നിവയില്‍ നിന്നെടുക്കുന്ന തൈലം വളരെയേറെ വിലപിടിപ്പുള്ള വസ്തുവാണ്. അതിനാല്‍ തെരഞ്ഞെടുക്കപ്പെട്ട ഏതാനും കടകളില്‍ മാത്രമേ ഇത് ലഭ്യമായുള്ളൂ. കര്‍ണ്ണാടക, തമിഴ്നാട് എന്നീ അയല്‍ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ ചന്ദനമരക്കാടുകളുടെ വിസ്തൃതി വളരെക്കുറവാണ്. കോട്ടയം ടൗണില്‍ നിന്ന് ഏതാണ്ട് 149 കി. മീ. അകലെ ദേവികുളത്തുള്ള മറയൂരിലും വയനാട് ജില്ലയിലെ ഏതാനും വനപ്രദേശങ്ങളിലും മാത്രമാണ് കേരളത്തില്‍ ചന്ദനമരങ്ങള്‍ ഉള്ളത്.
സ്വാഭാവിക ചന്ദനക്കാടുകളുള്ള കേരളത്തിലെ ഏക പ്രദേശമാണ് മറയൂര്‍. കേരള സര്‍ക്കാരിന്റെ വനംവകുപ്പ് നടത്തുന്ന ചന്ദന ഫാക്ടറി വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു കേന്ദ്രമാണ്. കുറഞ്ഞ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് ഗുണമേന്മയുള്ള എണ്ണ ലഭിക്കുന്ന ചന്ദനമരങ്ങള്‍ വളരാന്‍ കൂടുതല്‍ അഭികാമ്യം. കര്‍ണ്ണാടക സര്‍ക്കാരിന്റെ ചന്ദനത്തൈലത്തിന് വര്‍ഷങ്ങളായി കേരളത്തില്‍ ആവശ്യക്കാരേറെയാണ്. കാരണം ഈ തൈലം സമ്പന്ന മലയാളിയുടെ ഒഴിച്ചു കൂടാനാകാത്ത സൗന്ദര്യ വര്‍ധക വസ്തുവായി മാറിക്കഴിഞ്ഞിരിക്കുന്നു.
കേരള സര്‍ക്കാരിന്റെ ഏതാണ്ട് എല്ലാ കരകൗശല വില്പനശാലകളില് നിന്നും ചന്ദനത്തൈലം വാങ്ങാന്‍ കഴിയും. അത്തരം വില്പനശാലകളിലൊന്നാണ് തിരുവനന്തപുരത്തുള്ള എസ്.എം.എസ്.എം. ഇന്‍സ്റ്റിറ്റിയൂട്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്ന ചന്ദനത്തൈലവും സര്‍ക്കാര്‍ ലാബുകളില്‍ ഗുണമേന്മ ഉറപ്പു വരുത്തിയശേഷം വില്പന നടത്തുന്നുണ്ട്.
ഈ രൂപങ്ങള്‍ അല്പം വിലയേറിയതാണെങ്കിലും സംസ്കാര സമ്പന്നമായ ഒരു നാടിന്റെ സുഗന്ധവും സ്മരണയും പേറുന്നവയാണ്. ചന്ദന ശില്പങ്ങള് വളരെ ജനപ്രിയമായ സുവനീറുകളാണ്. ഇത്തരം ശില്പങ്ങളില് ഗണപതിയുടെ രൂപങ്ങള്‍ക്കാണ് ഏറ്റവും പ്രിയം. ഒപ്പം ത്രിമൂര്‍ത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവന്, ചെറിയ ചുണ്ടന് വള്ളങ്ങള്‍, ഗജവീരന്മാര് തുടങ്ങിയവയും. കേരളത്തിലെ കരകൗശലവില്പനശാലകളില് ചന്ദനത്തടിയില്‍ തീര്‍ത്ത ശില്പങ്ങളുടെ വലിയ ശേഖരമുണ്ട്.
കേരളത്തിലെ കലാകാരന്മാരുടെ കരവിരുതിന്റെ സാക്ഷ്യങ്ങളായ ഈ ശില്പങ്ങളില് വിവിധ ഭാവങ്ങള്‍ക്കൊപ്പം ചന്ദനത്തടിയുടെ സ്വര്‍ണ്ണ വര്‍ണവും സമന്വയിക്കുന്നു. ചന്ദനസുഗന്ധം വര്‍ഷങ്ങളോളം നില നില്ക്കുന്നു. ചന്ദന തടിയില്‍ അല്പം വെള്ളം തളിച്ചാല്‍ സുഗന്ധം മുറി നിറയെ പരന്ന്് ദിവസങ്ങളോളം തങ്ങി നില്ക്കും. കൊത്തു പണിയുടെയും വലിപ്പത്തിന്റേയും അടിസ്ഥാനത്തിലാണ് ശില്പങ്ങളുടെ വില നിശ്ചയിക്കപ്പെടുന്നത്. നാനൂറ് രൂപയ്ക്ക് ചെറിയൊരു ശില്പം സ്വന്തമാക്കാം എന്നാല്‍ അഞ്ചടി പൊക്കമുള്ള ഒരു ശില്പത്തിന് 5 ലക്ഷം രൂപയോളം വിലവരും. തിരുവനന്തപുരത്തുള്ള എസ്.എം.എസ്.എം. ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇവ ലഭ്യമാണ്.
കേരളത്തിന്റെ സാംസ്കാരികത്തനിമയുടെ പ്രതീകം പോലെ കഥകളി രൂപങ്ങള്‍ ഇന്ന് സുവനീറുകളായി ലഭ്യമാണ്. പ്ലാസ്റ്റര്‍ ഓഫ് പാരീസിലോ കളിമണ്ണിലോ പേപ്പര്‍ പള്‍പ്പിലോ ഉണ്ടാക്കുന്ന കഥകളി രൂപത്തില്‍ കിരീടവും ചുട്ടി കുത്തിയ മുഖവും കറുത്ത നീളന്‍ മുടിയും എല്ലാം ഉണ്ടാകും. മുഖത്തെ ചായത്തിന്റെ നിറം, തലയില്‍ ചൂടുന്ന കിരീടം, താടി എന്നിവയുടെ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ കഥകളിയില്‍ അഞ്ച് തരം വേഷങ്ങളാണുള്ളത്. 'പച്ച' വേഷം നന്മയും സദ്ഗുണങ്ങളുമുള്ള കഥാപാത്രങ്ങള്ക്കുള്ളതാണ്. 'കത്തി' വേഷം അഹങ്കാരത്തേയും തിന്മയേയും അക്രമത്തേയും സൂചിപ്പിക്കുന്നു. 'ചുവന്ന താടി' രാക്ഷസ സ്വഭാവത്തേയും അസഹിഷ്ണുതയേയും ധ്വനിപ്പിക്കുന്നു. മിത്തിക്കല്‍ കഥാപാത്രങ്ങള്‍ക്കും ഹനുമാനും മറ്റും 'വെള്ളത്താടി'യാണ്. 'കറുത്ത താടി' വനത്തില്‍ ജീവിക്കുന്നവരേയും ഗുഹാവാസികളേയും ആദിവാസികളേയും മറ്റും സൂചിപ്പിക്കുന്നു. 'മിനുക്ക്' എന്നത് സ്ത്രീകഥാപാത്രങ്ങള്‍ക്കും സന്യാസിവര്യന്മാര്ക്കും ബ്രഹ്മണന്മാര്ക്കുമുള്ളതാണ്.
മലയാളികള്‍ സാധാരണയായി 'പച്ച' അല്ലെങ്കില്‍ നന്മനിറഞ്ഞ കഥാപാത്രങ്ങളുടെ ശില്പങ്ങളാണ് സ്വന്തം വീടുകളില്‍ വയ്ക്കുന്നത്. വിവിധ ചായക്കൂട്ടുകളുപയോഗിച്ചുള്ള ഈ കല ഇന്ന് ഏറെ വരുമാനം തരുന്ന ഒരു ചെറുകിട വ്യവസായമായി മാറിക്കഴിഞ്ഞിരിക്കുന്നു. ചെറിയ കഥകളി രൂപത്തിന് നൂറ് രൂപയില്‍ താഴെ മാത്രമെ വിലവരൂ. എന്നാല്‍ വലിപ്പവും ഉപയോഗിച്ചിട്ടുള്ള വസ്തുക്കളും കലാപരമായ മറ്റു പ്രത്യേകതകളുമനുസരിച്ച് വില വ്യത്യാസമുണ്ടാകാം. പ്രധാന ക്ഷേത്ര പരിസരങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമുള്ള കരകൗശല വില്പനശാലകളില് കഥകളി രൂപങ്ങള്‍ ലഭ്യമാണ്.
ആഞ്ഞിലിത്തടിയില്‍ തീര്‍ക്കുന്ന യഥാര്‍ത്ഥ ചുണ്ടന് വള്ളങ്ങള്‍ക്ക് 24 മുതല്‍ 36 മീറ്റര്‍ വരെ നീളമാണുള്ളത്. വള്ളങ്ങളുടെ ഒരഗ്രം മൂര്‍ഖന്‍ പാമ്പിന്റെ വിടര്‍ന്ന പത്തിപോലെ ഉയര്‍ന്നു നില്ക്കുന്നു. ഏതാണ്ട് നൂറോളം തുഴക്കാരെ ഈ വള്ളത്തിന് ഉള്‍ക്കൊള്ളാനാകും. രളത്തിന് പണ്ടു മുതലേ വ്യത്യസ്ത തരം യാത്രാ, ചരക്ക് വള്ളങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും മനോഹരവും ആരുടേയും ശ്രദ്ധപിടിച്ചു പറ്റുന്നതുമാണ് ചുണ്ടന് വള്ളങ്ങള്‍. കേരളത്തിലെ വള്ളംകളി മത്സരങ്ങള്‍ക്ക് പിന്നില്‍ ഒട്ടേറെ ഐതീഹ്യങ്ങളുണ്ട്.
രാജഭരണകാലത്ത് വിവിധ നാട്ടു രാജാക്കന്മാര് യാത്രയ്ക്കായി വള്ളങ്ങള്‍ ഉപയോഗിച്ചിരുന്നു. അകമ്പടി വള്ളങ്ങളില്‍ ഭക്ഷണം, പാത്രങ്ങള്‍, വസ്ത്രങ്ങള്‍, സ്ത്രീകള്‍, വേലക്കാര്‍, ആയുധങ്ങള്‍ അങ്ങനെയെല്ലാം കരുതും. ജനങ്ങള്‍ക്ക് ഇത്തരം രാജകീയ യാത്രകള്‍ കൗതുകകരമായ കാഴ്ച തന്നെയായിരുന്നു. രാജഭരണം അവസാനിച്ചിട്ടും ഈ ഘോഷയാത്രകള്‍ അനുഷ്ഠാന പാരമ്പര്യത്തിന്റെ ഭാഗമായി നിലനിര്‍ത്തിപ്പോന്നു. ഇന്ന് ചുണ്ടന് വള്ളങ്ങള്‍ വള്ളം കളികള്‍ക്ക് മാത്രമാണ് ഉപയോഗിക്കുന്നത്. ഒന്‍പതാം നൂറ്റാണ്ടിലാണ് ആദ്യ ചുണ്ടന്‍വള്ളം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. 200 ഓളം തുഴക്കാരെ ഉള്ക്കൊള്ളുന്നതായിരുന്നത്രെ ഈ ഭീമന് വള്ളം. കേരളത്തിലേക്ക് ആദ്യമെത്തിയ യൂറോപ്യന്മാര് ഇതിന് 'സ്നേക്ക് ബോട്ട്' എന്നു വിളിച്ചു. നോര്‍വെയിലെ ഭീമന് 'പാമ്പു വള്ള'ങ്ങളുമായി ചുണ്ടന് വള്ളങ്ങള്‍ക്കുള്ള രൂപസാദൃശ്യമാണ് അവരെ ഇതിന് പ്രേരിപ്പിച്ചത്. നൂറുകണക്കിന് ഗ്രാമീണരാണ് ഇന്ന് ചുണ്ടന് വള്ളങ്ങളുടെ മാതൃക ഉണ്ടാക്കി ഉപജീവനം കണ്ടെത്തുന്നത്.
കേരള ഭവനങ്ങളിലും കരകൗശല വില്പനശാലകളിലും ശ്രദ്ധേയമായ ഇടം കണ്ടെത്തിയിട്ടുള്ള ഈ കലാവസ്തുവിന് ലോകമെങ്ങും ആവശ്യക്കാരുണ്ട്. വ്യത്യസ്തമായ അലങ്കാരങ്ങളുമായി ചുണ്ടന് വള്ള മാതൃകകള്‍ ഒരുക്കുന്നു. ചന്ദനത്തിലും ആനക്കൊമ്പിലുമുള്ള അലങ്കാരങ്ങള്‍, പിത്തള മൊട്ടുകള്‍ എന്നിവ കൊണ്ട് ചുണ്ടന് വള്ള മാതൃകകള്‍ മനോഹരമാക്കും. ചില രൂപങ്ങള്‍ മെഴുകുതിരി കാലുകളും പെന്സ്റ്റാന്ഡുകളും മറ്റുമായി ഉപയോഗിക്കാന്‍ കഴിയും വിധമാണ് രൂപകല്പന ചെയ്തിട്ടുള്ളത്. നൂറു രൂപയില്‍ താഴെയുള്ള വിലയ്ക്ക് സാധാരണ മട്ടിലുള്ള ചെറുചുണ്ടന്‍ വള്ള മാതൃകകള്‍ ലഭിക്കും. എന്നാല്‍ വലുപ്പവും അലങ്കാരവും വ്യത്യാസപ്പെടുന്നതോടെ വിലയിലും മാറ്റം വരും. സ്വകാര്യ കടകളില്‍ നിന്ന് ഇവ വിലപേശി വാങ്ങാം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കരകൗശല വില്പന ശാലകളിലും മിതമായ നിരക്കില്‍ ഈ സുവനീര്‍ ലഭ്യമാണ്.തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലുള്ള സംസ്ഥാന ടൂറിസം വകുപ്പിന്റെ ഔദ്യോഗിക ഏജന്‍സിയായ കള്‍ച്ചര്‍ ഷോപ്പിയില്‍ നിന്നും ചുണ്ടന് വള്ളമാതൃക വാങ്ങാവുന്നതാണ്.
ലോകമെങ്ങും പ്രായഭേദമന്യേ പ്രിയങ്കരമായ ലഘുഭക്ഷണമാണ് ഉപ്പേരി. ഉരുളക്കിഴങ്ങിന്റെയും മറ്റും ഉപ്പേരികളും ഫ്രഞ്ച് ഫ്രൈസും പരിചയപ്പെടാത്തവരുണ്ടാകില്ല. ഒരിക്കല്‍ ഉപ്പേരി രുചി ആസ്വദിച്ചിട്ടുള്ളവര്‍ക്ക് അതൊരിക്കലും പൂര്‍ണ്ണമായി ഒഴിവാക്കാന്‍ മനസു വരില്ലെന്ന കാര്യം ആര്‍ക്കും നിഷേധിക്കാനാവില്ല. കേരളത്തിന്റെ കുശിനിയില്‍ കൃതൃമ നിറമോ രുചിക്കൂട്ടുകളോ ചേര്‍ക്കാത്ത തികച്ചും പ്രകൃതിദത്തമായ ഒട്ടേറെ ഉപ്പേരി വിഭവങ്ങളുണ്ട്.
പച്ച നേന്ത്രക്ക, ചക്ക, മരച്ചീനി, ഉരുളക്കിഴങ്ങ് തുടങ്ങിയവ കൊണ്ടെല്ലാം ഉപ്പേരി ഉണ്ടാക്കാന്‍ സാധിക്കും. ഇവയില്‍ ഏറ്റവും പ്രിയങ്കരമായത്്് നേന്ത്രക്കായ ഉപ്പേരിയാണ്. കേരളത്തിലെവിടെയും ഇത്തരം ഉപ്പേരികള്‍ ഉണ്ടാക്കുന്നവരെ നമുക്ക് കാണാനാകും. വീടുകളിലും ഉപ്പേരി ഒരു സ്ഥിരം വിഭവമാണ്.പാചകം ചെയ്യുന്ന എണ്ണ, നേന്ത്രക്കായ, ചക്ക, മരച്ചീനി, ഉരുളക്കിഴങ്ങ് എന്നിവയുടെ വ്യത്യാസമനുസരിച്ച് ഉപ്പേരിയുടെ വിലയിലും വ്യത്യാസം വരും.
കേരളത്തിന്റെ ഏറ്റവും പഴക്കമുള്ള പരമ്പരാഗത ഉല്പന്നമാണ് പുല്‍പ്പായ. ബി.സി. 3500 നും 1500 നും ഇടയില്‍ രചിക്കപ്പെട്ടതെന്നു കരുതുന്ന ചതുര്വേദങ്ങളിലൊന്നില് പുല്പ്പായകളെപ്പറ്റി പരാമര്‍ശമുണ്ടത്രെ. പണ്ടുകാലത്ത് സാധാരണക്കാരായ ആളുകള്‍ ഇരിക്കാന്‍ തടിപ്പലകകള്‍ ഉപയോഗിച്ചിരുന്നപ്പോള്‍ സമൂഹത്തിലെ ഉന്നതകുലജാതര്‍ ഇരിക്കാനും കിടക്കാനുമായി വ്യത്യസ്തതരം പുല്‍പ്പായകളാണ് ഉപയോഗിച്ചിരുന്നത്. പാപ്പിറസ് സസ്യകുടുംബത്തില്‍പ്പെട്ട സൈപ്രസ് കോറിംബോസസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കോരപ്പുല്ല് ഉപയോഗിച്ചാണ് വിവിധ നിറത്തിലുള്ള പുല്‍പ്പായ നിര്‍മ്മിക്കുന്നത്.
തൊണ്ണൂറ്റിയൊന്നു മുതല്‍ 152 സെന്റിമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നതാണ് കോരപ്പുല്ല്്്്.ആഗസ്്ത് - സെപ്തംബര്‍ മാസമാവുമ്പോഴേക്കും ഇത് പരമാവധി വളര്‍ച്ച കൈവരിക്കും. ഗ്രാമവാസികള്‍ ഈ പുല്ല് വെട്ടിയെടുത്ത് കീറി മൂന്നു ദിവസം വെയിലത്തു വച്ച് ഉണക്കിയെടുക്കുന്നു. ഇത് ചമ്പകമരതടിയിട്ട വെള്ളത്തിലിട്ട് തിളപ്പിക്കും. ഇങ്ങനെ തയ്യാറാക്കിയെടുക്കുന്ന ഇഴ ഉപയോഗിച്ചാണ് പുല്‍പ്പായ നെയ്യുന്നത്. 183 സെന്റിമീറ്റര്‍ നീളവും 91.5 സെന്റി മീറ്റര്‍ വീതിയുമുള്ള ഒരു പായ നെയ്യാന്‍ ഒരു നെയ്ത്തുകാരന് ഒരു ദിവസം വേണ്ടിവരും. ചൂടുകാലത്ത് നല്ല കുളിര്‍മ നല്കുന്ന പുല്പായകള് ഇന്നും ഏറെ ജനപ്രിയമാണ്. സഞ്ചികള്‍, മേശ പുറത്തിടുന്ന തടുക്കുകള്‍, ചുവരില്‍ തൂക്കുന്ന അലങ്കാര കൗതുക വസ്തുക്കള്‍ തുടങ്ങിയവയും ഇതുപയോഗിച്ച് ഉണ്ടാക്കാവുന്നതാണ്.
മുഖ്യമായും തൃശ്ശൂരിലും പാലക്കാടുമായി പുല്‍പ്പായ നിര്‍മ്മാണം കേന്ദ്രീകരിച്ചിരിക്കുന്നു. വിദേശ കമ്പോളങ്ങളിലും കേരളത്തിന്റെ ഈ തനതുല്പ്പന്നത്തിന് ആവശ്യക്കാരേറെ. കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി കാനഡ, ജര്‍മനി, അമേരിക്ക, ഇംഗ്ലണ്ട്, ഇറ്റലി, ന്യൂസിലാണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് നമ്മുടെ പുല്പ്പായകള് കയറ്റി അയയ്ക്കുന്നു.മുംബൈ, ദില്ലി, ചെന്നൈ, കല്‍ക്കട്ട തുടങ്ങി ഇന്ത്യയിലെ ഇതര പ്രദേശങ്ങളിലും പുല്‍പ്പായ വിപണനത്തിനെത്തുന്നു. പുല്‍പ്പായകള്‍ക്ക് താരതമ്യേന വിലക്കുറവാണ്. വലിപ്പവും രൂപഭംഗിയും അനുസരിച്ച് 45 രൂപ മുതല്‍ 800 രൂപ വരെ വിലവരുന്ന പായകള്‍ ലഭ്യമാണ്.
വളരെക്കാലം മുന്‍പു മുതല്‍ തന്നെ രാമച്ചം കൊണ്ടുണ്ടാക്കിയ വിശറി, പായ, രാമച്ച വേരില്‍ നിന്ന് എടുക്കുന്ന തൈലം എന്നിവ കേരളത്തില്‍ ഉപയോഗിച്ചിരുന്നു. തണുപ്പു തരുന്ന വസ്തുക്കളായതിനാല്‍ ഉഷ്ണകാലത്താണ് ഇവ ഏറെ ഉപയോഗിക്കപ്പെട്ടത്. ആധുനിക കാലത്ത് ഇവയുടെ സ്ഥാനം ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഏറ്റെടുത്തെങ്കിലും രാമച്ച ഉല്പന്നങ്ങള് കേരള ഭവനങ്ങളിലെ ആഡംബരങ്ങളുടെ ഭാഗമായി നിലനില്ക്കുന്നു
.വെറ്റിവേറിയ സെസാനോയിഡസ് എന്നാണ് രാമച്ചത്തിന്റെ ശാസ്ത്രീയ നാമം. ഇതിന്റെ ഇലയും വേരും ഔഷധ നിര്‍മ്മാണത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.രാമച്ച വിശറിയില്‍ അല്പം വെള്ളം തളിച്ച ശേഷം വീശിയാല്‍ സുഗന്ധപൂരിതമായ തണുത്ത കാറ്റ് ലഭിക്കും. ഉഷ്ണകാലത്ത് രാമച്ച തടുക്കുകള്‍ വെള്ളം തളിച്ച് ഭിത്തികളില്‍ തൂക്കിയിട്ട് മുറി തണുപ്പിക്കുക പണ്ടു കാലത്തേ പതിവാണ്.
രാമച്ച വേരും, ജലവും ഒരു ചെറിയ ഇലക്ട്രിക് മോട്ടോറും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉപകരണം പാവപ്പെട്ടവന്റെ എയര്‍ കണ്ടീഷണര്‍ എന്നാണറിയപ്പെടുന്നത്. ഇതില്‍ നിന്നു വരുന്ന കാറ്റ് ആരോഗ്യദായിനി കൂടിയാണ്. കുടിക്കാനുള്ള ജലം രാമച്ചവേരിട്ട മണ് കലങ്ങളില്‍ നിറച്ചു വയ്ക്കാറുണ്ട്. ഈ വെള്ളം കുടിച്ചാല്‍ ശരീരോഷ്മാവ് വളരെ വേഗം താഴുമെന്ന് വിശ്വസിക്കപ്പെടുന്നു. മേല്ക്കൂരകളില് രാമച്ചം വിതറി വെള്ളം തളിച്ച് വീടുകളില്‍ തണുപ്പു നിലനിര്‍ത്തുന്ന വിദ്യ ഉഷ്ണകാലത്ത് കേരളീയര്‍ പരീക്ഷിച്ചിരുന്നു.
കേരളീയരുടെ സ്വര്‍ണഭ്രമത്തിന് പ്രാചീനകാലത്തോളം പഴക്കമുണ്ട്. ഓരോ ജാതി മത സമുദായങ്ങള്‍ക്കും തങ്ങളുടേതായ പരമ്പരാഗത ആഭരണ മാതൃകകളുണ്ടായിരുന്നു. കുടുംബ തട്ടാന്‍ എന്നു പറയാവുന്നവരാണ് ഇവ നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ കാലക്രമേണ ഈ ചിത്രം മാറി. ഫാഷന്‍ വ്യവസായം ഉയരങ്ങളിലേക്ക് കുതിച്ചതോടെ ആധുനികവും പരമ്പരാഗതവുമായ ഫാഷനുകളിലുള്ള ആഭരണങ്ങള്‍ എല്ലാം ഒരേ കൂരയ്ക്കു കീഴില്‍ ജ്വല്ലറികളില്‍ ലഭിക്കാന്‍ അവസരം കൈവന്നു.
ജാതിമതഭേദമന്യെ മലയാളികളെല്ലാം സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നു. മതപരവും സാമൂഹ്യവുമായ ചടങ്ങുകളില്‍ സംബന്ധിക്കുമ്പോള്‍ സ്വര്‍ണാഭരണം ഒഴിച്ചു കൂടാനാവാത്ത അലങ്കാരമായി കേരള ജനത കരുതുന്നു. ഇവയിലേറ്റവും പ്രധാനം വിവാഹ ചടങ്ങുകളാണ്. വിവാഹത്തിന്റെ വിശുദ്ധ പ്രതീകമായി വരന് വധുവിന്റെ കഴുത്തില്‍ മഞ്ഞചരടില് കോര്‍ത്ത താലി ചാര്‍ത്തുന്നു. ക്രിസ്തീയ സമുദായത്തില്‍ പെട്ടവരുടെ താലിയില്‍ കുരിശിന്റെ രൂപം കൂടി ഉണ്ടാവും. ക്രിസ്ത്യന്‍ വനിതകളുടെ ആഭരണ ശേഖരത്തില്‍ ഏറ്റവും ശ്രദ്ധേയമായത് ചെവിയില്‍ അണിയുന്ന വലിയ വൃത്താകൃതിയിലുള്ള ആഭരണം തന്നെയായിരിക്കും. മുസ്ലീം സ്ത്രീകള്‍ക്കും അവരുടേതായ ഡിസൈനിലുള്ള കമ്മലുകളും നെക്ലേസും അരയില്‍ കെട്ടുന്ന ഓഢ്യാണവും ഉണ്ട്. കേരളത്തില്‍ സ്വര്‍ണ പണിക്കാരില്ലാത്ത പ്രദേശമുണ്ടാകില്ല. എങ്കിലും പരമ്പരാഗത സ്വര്‍ണാഭരണങ്ങളുടെ പറുദീസയായി അറിയപ്പെടുന്നത് തൃശ്ശൂരാണ്. ഇവിടുത്തെ സ്വര്‍ണത്തെരുവില്‍ നിരനിരയായി ചേര്‍ന്നു നില്ക്കുന്ന ഒട്ടേറെ സ്വര്‍ണക്കടകള്‍ കാണാം.
പയ്യന്നൂര്‍ പവിത്രമോതിരം, മനോന്മണി, ഇളക്കത്താലി, പൂത്താലി, പാലയ്ക്കാമാല, മാങ്ങാമാല, ദാലാമിനി, ചുട്ടിയും ചേലും, പുളിയ മോതിരം തുടങ്ങിയവ ഏറെ പ്രശസ്തമായ പരമ്പരാഗത സ്വര്‍ണാഭരണങ്ങളാണ്. കണ്ഠാഭരണങ്ങളായ ജിമിക്കി, കണ്ണുനീര്‍ത്തുള്ളി, തോട എന്നിവയും പ്രചാരം നേടിയവയാണ്. വസ്ത്രത്തിനുള്ളില്‍ അരയില്‍ കെട്ടുന്ന നേര്‍ത്ത ആഭരണമാണ് അരഞ്ഞാണം. എന്നാല്‍ മുസ്ലീം സ്ത്രീകള്‍ വസ്ത്രത്തിനു മുകളില്‍ ഒരു ബെല്റ്റു പോലെ ഓഢ്യാണം ധരിക്കുന്നു. വീതിയുള്ള നിറയെ കൊത്തു പണി ചെയ്ത ഒരാഭരണമാണിത്.
ഉച്ചഭക്ഷണത്തിനും അത്താഴത്തിനും എരിവുള്ള അച്ചാര്‍ കേരളീയരുടെ പ്രിയ വിഭവമാണ്.
കണ്ണിമാങ്ങ, ഉണങ്ങിയ മാങ്ങ, കടുമാങ്ങ എന്നിങ്ങനെ പലവിധ മാങ്ങ, അച്ചാറുകള്‍ കഴിഞ്ഞാല്‍ തൊട്ടടുത്തു വരുന്നത് നാരങ്ങാ അച്ചാറാണ്. ഇതും പല രൂപങ്ങളില്‍ ബഹു രുചികളില്‍ തയ്യാറാക്കുന്നുണ്ട്. ഇഞ്ചി അച്ചാര്‍, നെല്ലിക്ക അച്ചാര്‍, മുളകച്ചാര്‍, ചെമ്മീന്‍ അച്ചാര്‍, നെയ്മീന് അച്ചാര്‍, വെളുത്തുള്ളി അച്ചാര്‍, വിവിധ തരം പച്ചക്കറികള്‍ കൊണ്ടുള്ള അച്ചാറുകള്‍ എന്നിങ്ങനെ അച്ചാറിനങ്ങള് നീളുന്നു. അച്ചാര്‍ നിര്‍മ്മാണത്തിലെ സാമര്‍ത്ഥ്യം തലമുറകള്‍ കഴിയുന്നതോടെ കുറഞ്ഞു വരികയാണ്.
സമൂഹം കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബങ്ങളായി പരിണമിച്ചതോടെ ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങളാണിതിന് കാരണം. പണ്ടൊക്കെ കൂട്ടു കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളുടെ നേതൃത്വത്തില്‍ വലിയ അളവില്‍ അച്ചാറുകളുണ്ടാക്കി ചീന ഭരണികളില്‍ വായു കടക്കാതെ അടച്ച് സൂക്ഷിച്ചിരുന്നു. തികച്ചും വൃത്തിയുള്ളതും ഈര്‍പ്പം തട്ടാത്തതുമായ അന്തരീക്ഷത്തിലായിരുന്നു അച്ചാര്‍ നിര്‍മ്മാണം. അതിനാല്‍ മാസങ്ങളോളം ഇത് പൂപ്പല്‍ പിടിക്കാതെയും കേടാകാതെയും സൂക്ഷിക്കാന്‍ സാധിച്ചിരുന്നു.നല്ലെണ്ണയോ വെളിച്ചെണ്ണയോ ഉപയോഗിച്ചാണ് അച്ചാര്‍ തയ്യാറാക്കുന്നത്. അതിനാല്‍ ഭരണിയില്‍ സൂക്ഷിക്കുന്ന അച്ചാറിന്റെ മുകള്‍ തട്ടില്‍ എണ്ണയുടെ കട്ടിയുള്ള ഒരു പാളി ഉണ്ടാകും. നന്നായി അടച്ച ഭരണിയുടെ വായ് തുണി ഉപയോഗിച്ച് പൊതിയുന്നു. വായു കടക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനായി ചിലര്‍ അച്ചാര്‍ ഭരണി കുഴിച്ചിടാറുണ്ട്.
പഴയ ഭീമന് അച്ചാര്‍ ഭരണികള്‍ ഇന്ന് കൗതുകവസ്തുക്കളാണ്. ചിലവ വലിയ ഹോട്ടലുകളിലെ പൂപ്പാത്രങ്ങളായി രൂപം മാറി. മറ്റു ചിലവയാകട്ടെ മ്യൂസിയത്തില്‍ കാഴ്ച വസ്തുക്കളായി ഇടം പിടിച്ചു.പക്ഷെ അച്ചാറുകളെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഏവരുടെയും നാവില്‍ വെള്ളമൂറും. ഈയവസരത്തില്‍ നാം അവിടവിടെയായി മുളച്ചു പൊന്തുന്ന അച്ചാര്‍ കമ്പനികള്‍ക്കു നന്ദി പറയുക. നമ്മുടെ തനത് അച്ചാറുകളുടെ ഗുണവും മണവും പൂര്‍ണ്ണമായും ഇല്ലെങ്കില്‍ കൂടി, അതെല്ലാം ഒരു പരിധിവരെ നിലനിര്‍ത്തുന്ന ഈ ഉല്പന്നങ്ങളാണ് കേരളീയനെ ഹൃദ്യമായ ഒരു സദ്യയൊരുക്കാന്‍ ഇന്ന് സഹായിക്കുന്നത്.
കേരളത്തിന്റെ അതിപ്രശസ്തമായ ഒരുല്പന്നമാണ് കശുവണ്ടി പരിപ്പ്. കശുവണ്ടി പരിപ്പ് അതേപടിയോ വറുത്തോ ഉപ്പ് ചേര്‍ത്ത് വറുത്തോ ആണ് സാധാരണയായി ഉപയോഗിക്കുന്നത്. നൂറ്റാണ്ടുകളായി കേരളത്തിലെ പ്രധാന വാണിജ്യ കയറ്റുമതി ഉത്പന്നമായ കശുവണ്ടി, പുരാതന കാലത്ത് നമ്മുടെ ഇഷ്ട വിഭവങ്ങളുടെ രുചി കൂട്ടാനാണുപയോഗിച്ചിരുന്നത്. പോര്‍ച്ചുഗീസ് വ്യാപാരികളാണ് കശുവണ്ടി കേരളത്തിലെത്തിച്ചത് എന്നാണ് പറയപ്പെടുന്നത്.
കശുമാവ് അഥവാ പറങ്കിമാവ് എന്നറിയപ്പെടുന്ന മരത്തിലാണ് കശുവണ്ടി ഉണ്ടാകുന്നത്. കേരളത്തിലെ ഒട്ടുമുക്കാല്‍ കശുവണ്ടി സംസ്കരണ കേന്ദ്രങ്ങളും കൊല്ലം ജില്ല കേന്ദ്രീകരിച്ചാണുള്ളത്. ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഫിലിപ്പീന്‍സ്, ബ്രസീല്‍, ആഫ്രിക്ക എന്നീ ട്രോപ്പിക്കല്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്ന കശുമാവ് ഏകദേശം 12 മീറ്ററോളം ഉയരത്തില്‍ വളരുന്നു. നട്ട്് രണ്ട് മൂന്ന് വര്‍ഷമാകുമ്പോഴേക്കും കശുമാവ് കായ്ക്കാറുണ്ട്. എട്ടോ പത്തോ വര്‍ഷമാകുമ്പോഴേക്കും പരമാവധി ഫലം തരുന്ന ഇവയ്ക്ക് മുപ്പതു മുതല്‍ നാല്പതു വര്‍ഷം വരെ ആയുസ്സുണ്ട്.
കശുവണ്ടി സംസ്കരിച്ചെടുക്കുന്നത് വിവിധ ഘട്ടങ്ങളിലൂടെയാണ്. നല്ലവണ്ണം വറുത്തെടുത്ത് ഇവയുടെ തോട് നീക്കം ചെയ്യുന്നതാണ് ആദ്യ ഘട്ടം. ഇങ്ങനെ നീക്കം ചെയ്ത തോടില്‍ നിന്ന് എണ്ണ വേര്‍തിരിച്ചെടുക്കാറുണ്ട്. അടുത്ത ഘട്ടത്തില്‍ കശുവണ്ടി പരിപ്പിന് പുറമേയുള്ള നേര്‍ത്ത ആവരണം നീക്കിയെടുക്കുന്നു. അവസാന ഘട്ടത്തില്‍ കശുവണ്ടി പരിപ്പിന്റെ ഗുണ നിലവാരത്തിനനുസൃതമായി അവയെ തരംതിരിച്ച് കവറുകളിലാക്കുന്നു. ഇത്തരത്തില്‍ സംസ്കരിച്ചെടുത്ത കശുവണ്ടി പരിപ്പുകള്‍ ഗുണനിലവാരത്തിനനുസരിച്ച് വിവിധ വിലകളില്‍ വിപണിയില്‍ ലഭ്യമാണ്.
ചെമ്മീന്‍, കണവ തുടങ്ങി കേരളത്തിന്റെ നിരവധി മത്സ്യ ഇനങ്ങള്‍ക്ക് ആഗോള വിപണിയില്‍ വലിയ പ്രിയമുണ്ട്. ആദ്യന്തര വിപണിയില്‍ ഏറെ വിറ്റഴിക്കപ്പെടുന്ന മത്തിചാള, മുള്ളന്‍, അയല തുടങ്ങിയവയും കേരളത്തില്‍ സുലഭമായി ലഭിക്കുന്നു.
മൂവായിരത്തി അറുന്നൂറ് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള സമുദ്രഭാഗവും 44 നദികളും നിരവധി കനാലുകളും കായല്‍ പരപ്പും മത്സ്യം വളര്‍ത്തല്‍ കേന്ദ്രങ്ങളുമുള്‍പ്പെടുന്ന 3400 ചതുരശ്ര കിലോമീറ്റര്‍ ഉള്‍നാടന്‍ നീര്‍ത്തടങ്ങളുമുള്ള കേരളം ഇന്ത്യയില്‍ ഏറ്റവുമധികം മത്സ്യ ബന്ധനം നടത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ്. പ്രതിവര്‍ഷം ഒരു ദശലക്ഷം സമുദ്രോല്‍പ്പന്നങ്ങളുടെ ലഭ്യത കേരളത്തിനുണ്ട്.കേരളത്തില്‍ നിന്നുള്ള ടിന്നിലടച്ച സമുദ്രവിഭവം ദക്ഷിണ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, പടിഞ്ഞാറന്‍ യൂറോപ്പ്, ജപ്പാന്, അമേരിക്ക എന്നിവിടങ്ങളിലെല്ലാം പ്രിയങ്കരമാണ്. നമ്മുടെ സമുദ്രവിഭവങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കളെന്ന സ്ഥാനം പതിറ്റാണ്ടുകള്‍ക്കു മുമ്പേ ജപ്പാന് സ്വന്തം.
കേരളത്തിലെ മത്സ്യ സമ്പത്തിന്റെ മുക്കാല്‍ ഭാഗവും കൊല്ലം ജില്ലയില്‍ നിന്നാണ് ലഭിക്കുന്നത്. പ്രത്യേകിച്ചും അറബി കടല്‍ത്തീരത്തെ ഒരു പഴയ തുറമുഖമായിരുന്ന നീണ്ടകരയില്‍ നിന്ന്. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന മധ്യകേരളത്തിലെ ആലപ്പുഴയും മത്സ്യബന്ധനത്തില്‍ മുന്‍പന്തിയിലാണ്. നിരവധി സമുദ്രോല്പന്ന കയറ്റുമതി സ്ഥാപനങ്ങള്‍ അറബിക്കടലിന്റെ രാജ്ഞി എന്നറിയപ്പെടുന്ന കൊച്ചിയിലുണ്ട്.എണ്‍പത് കിലോമീറ്ററോളം നീളത്തില്‍ കടല്‍ത്തീരത്തുള്ള കാസര്‍ഗോഡ് ജില്ലയാണ് മറ്റൊരു മത്സ്യബന്ധന കേന്ദ്രം. 82 കിലോമീറ്റര്‍ കടല്‍ത്തീരം സ്വന്തമായ കണ്ണൂര്‍ ജില്ലയും മത്സ്യ വ്യവസായത്തിന് വലിയ സംഭാവനകള്‍ നല്കുന്നു.
കേരളത്തിലെ ഉത്സവങ്ങളെക്കുറിച്ച് മനസ്സിലാകുമ്പോള്‍ നെറ്റിപ്പട്ടം കെട്ടിയ ആന, വര്‍ണ്ണ മുത്തുക്കുടകള്‍ തുടങ്ങിയവ നിങ്ങള്‍ക്ക് സുപരിചിതമാകും. കേരളീയ ജീവിതത്തിന്റെ ഒരു ഭാഗമാണ് ആന. നിരവധി വീടുകളില്‍ ആനയുടെ ശില്പങ്ങള് കാണാനാവും. നിങ്ങള്‍ക്കും ഇത്തരത്തിലൊരു ശില്പം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാവുന്നതാണ്.
ഞങ്ങളുടെ അതിവിദഗ്ധരായ ശില്പികള് തടിയിലും കല്ലിലും ആനയുടെ ചെറു രൂപങ്ങള്‍ കൊത്തിയെടുക്കുന്നു. അവ ചെറിയ കണ്ണാടികളും മുത്തുകളും കൊണ്ട് അലങ്കരിച്ച് യഥാര്‍ത്ഥ നെറ്റിപ്പട്ടം കെട്ടിയ ആനകളെപ്പോലെ മനോഹരമാക്കുന്നു.കാസ്റ്റ് അയണ്‍, ഗ്രാനൈറ്റ്, ചിരട്ട, കക്കാ കയര്‍, ഈട്ടിത്തടി, ചന്ദനം തുടങ്ങിയവയില്‍ നിര്‍മ്മിക്കുന്ന മനോഹരമായ ചെറു രൂപങ്ങള്‍ക്ക് പേരുകേട്ട നാടാണ് കേരളം. ഓരോ കരകൗശല വസ്തുവും അതാതിന്റേതായ ചില പ്രദേശങ്ങളുടെ സ്വന്തം ഉല്പന്നങ്ങളാണ്. ഉദാഹരണത്തിന് ഈട്ടി തടിയില്ലുള്ള ആനയുടെ ശില്പങ്ങള്, കക്ക കൊണ്ടുള്ള പേപ്പര്‍ വെയിറ്റുകള്‍ തുടങ്ങിയവ തിരുവനന്തപുരം ജില്ലയിലെ കലാകാരന്മാരുടെ സൃഷ്ടികളാണെങ്കില്‍ നെറ്റിപ്പട്ടവും മറ്റാന ചമയങ്ങളും എറണാകുളം ജില്ലയിലെ തിരുവാങ്കുളത്തും തൃശ്ശൂരിന്റെ സമീപ പ്രദേശങ്ങളിലുമാണ് നിര്‍മ്മിക്കുന്നത്.
കേരളത്തിന്റെ സമ്പുഷ്ടമായ ചിത്രകലാ പാരമ്പര്യം കളമെഴുത്തു പോലെയുള്ള ആചാരാനുഷ്ഠാനങ്ങളിലും പുരാതനമായ ക്ഷേത്രങ്ങളിലും പള്ളികളിലും കണ്ടുവരുന്ന ചുവര് ചിത്രങ്ങളിലുമാണ് വേരോടിയിരിക്കുന്നത്. പേപ്പറും മഷിയും കണ്ടുപിടിക്കുന്നതിന് മുന്‍പ് ചിത്രമെഴുതാന്‍ പനയോലയും ഇലച്ചായങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. ആധുനിക കാലഘട്ടത്തില്‍ രാജാരവിവര്‍മ്മയുടെ ചിത്രങ്ങളിലൂടെയാണ് കേരളം ചിത്രകലാരംഗത്ത് അന്താരാഷ്ട്ര ശ്രദ്ധ നേടിയത്.
പഴയ തിരുവിതാംകൂര്‍ രാജ്യത്ത് കിളിമാനൂര്‍ കൊട്ടാരത്തിലെ അംഗമായ രാജാ രവിവര്‍മ്മ (1848 - 1906) ചെറു പ്രായത്തില്‍ തന്നെ ചിത്രമെഴുത്തിലുള്ള തന്റെ പ്രാഗല്ഭ്യം തെളിയിച്ചിരുന്നു. അക്കാലത്ത് കൊട്ടാരത്തില്‍ തങ്ങിയിരുന്ന തിയോഡോര്‍ ജോണ്സണ് എന്ന ഇംഗ്ലീഷ് ചിത്രകാരനില്‍ നിന്നാണ് അദ്ദേഹം എണ്ണ ഛായാചിത്രരചന സ്വായത്തമാക്കിയത്.മനുഷ്യരുടേയും പ്രകൃതിയുടേയും സൂഷ്മഭാവങ്ങളെ യഥാതഥമായി പ്രതിഫലിപ്പിക്കുന്നവയാണ് രവിവര്‍മ ചിത്രങ്ങള്‍. അപൂര്‍വ്വമായ രവിവര്‍മ്മ ചിത്രങ്ങളുടെ ഒരു ശേഖരം ശ്രീ ചിത്ര ആര്ട്ട്് ഗാലറിയിലുണ്ട്. തിരുവനന്തപുരത്തെ നേപ്പിയര്‍ മ്യൂസിയം വളപ്പിലാണ് ഈ ഗ്യാലറി സ്ഥിതി ചെയ്യുന്നത്. തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ച് വരെ ഈ ഗ്യാലറി പ്രവര്‍ത്തിക്കുന്നു
രവിവര്‍മ്മ ചിത്രങ്ങളോടൊപ്പം തന്നെ റോറിക്കിന്റെ ചിത്രങ്ങള്‍, രജപുത്ര, തഞ്ചാവൂര്‍ ശൈലിയിലുള്ള പെയിന്റിംഗുകള്‍, അജന്ത, ബാഗ് ഗുഹാചിത്രങ്ങള്‍, ചൈന, ജപ്പാന്, ടിബറ്റ്, ബാലി എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രശേഖരം എന്നിവയും ഇവിടെ കാണാനാകും. ഇന്ന് കേരളത്തില്‍ രണ്ട് പ്രമുഖ ചിത്രകലാ പഠനകേന്ദ്രങ്ങളാണ് തിരുവനന്തപുരത്തെ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സും ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലുള്ള ഗവണ്‍മെന്റ്് രവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സും രാജാരവിവര്‍മ്മയുടെ പുത്രനായ രാമവര്‍മ്മയാണ് രവി വര്‍മ്മ സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സ് സ്ഥാപിച്ചത്.
വളരെ ലളിതവും ആഢ്യത്വം വിളിച്ചോതുന്നതുമായ കയറുല്പന്നങ്ങള് ഏത് വീടിനും ഓഫീസിനും ഭംഗി പകരുന്നു. പ്രകൃതിരമണീയമായ കയര്‍ ഗ്രാമങ്ങളിലെ സ്ത്രീകള്‍ നെയ്തെടുത്ത തടുക്കുകള്‍, കയറ്റു പായകള്‍, ചവിട്ടു മെത്തകള്‍, ചുവരില്‍ തൂക്കുന്ന ചിത്രപടങ്ങള്‍, ഊഞ്ഞാല് കിടക്കകള്‍, സഞ്ചികള്‍, കിടക്ക, കുഷ്യനുകള്‍, ചെറിയ കൗതുക വസ്തുക്കള്‍ തുടങ്ങിയ കയറുല്പന്നങ്ങള് വളരെ വ്യത്യസ്തതയാര്‍ന്നതാണ്.
കയറുല്പന്ന നിര്‍മ്മാണം ശ്രമകരമായ ഒരു ദീര്‍ഘ പ്രക്രിയയാണ്. ഗ്രാമങ്ങളെ ചുറ്റിക്കിടക്കുന്ന ജലാശയങ്ങളില്‍ തേങ്ങയുടെ തൊണ്ട് ചീയാനിടുന്നതാണ് ഇതിന്റെ ആദ്യഘട്ടം. അഴുകുന്ന തൊ ണ്ടില്‍ ചകിരി മാത്രമാവുമ്പോള്‍ അവ ശേഖരിച്ച് റാട്ട്്് എന്ന പ്രത്യേക യന്ത്രത്തിന്റെ സഹായത്തോടെ കയറാക്കി മാറ്റുന്നു. അതിനു ശേഷം അവയ്ക്ക നിറം കൊടുത്ത് ആവശ്യാനുസരണം ഉപയോഗിക്കുന്നു. കയര്‍ വ്യവസായം കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കേരളത്തില്‍ ഇന്നും നില നില്ക്കുന്ന ഈ പരമ്പരാഗത വ്യവസായ മേഖലയില്‍ ഏകദേശം നാലു ലക്ഷത്തോളം ആളുകളാണ് പണിയെടുക്കുന്നത്. ഇവയില്‍ 84 ശതമാനവും സ്ത്രീകളാണ്.
രാജ്യത്തുടനീളമുള്ള കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്റെ (കയര്‍ഫെഡ്) ഷോറൂമുകളില്‍ ഇത്തരം കയറുല്പന്നങ്ങള് ലഭിക്കുന്നതാണ്. കയര്‍ഫെഡിന്റെ http://www/coirfed.com എന്ന വെബ്സൈറ്റ് വഴിയും കയറുല്പന്നങ്ങള് തിരഞ്ഞെടുക്കാം. പുതിയ ഡിസൈനുകള്‍ സമര്‍പ്പിക്കാനും ഓര്‍ഡറുകള്‍ നല്‍കാനും ഈ സൈറ്റില്‍ സൗകര്യമുണ്ട്. ഓര്‍ഡര്‍ നല്കി ദിവസങ്ങള്‍ക്കകം ഈ പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് നിങ്ങളുടെ വീടുകളിലെത്തിച്ചേരുന്നതാണ്. വലിപ്പവും ഗുണമേന്മയും അനുസരിച്ച് കയറുല്പന്നങ്ങളുടെ വില നൂറു രൂപയില്‍ താഴെ മുതല്‍ ഏതാനും ആയിരങ്ങള്‍ വരെയാകും.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഓട്ട് ശില്പമാണ് പുരാതനമായ ശിവന്റെ താണ്ഡവ നൃത്തരൂപമായ നടരാജ ശില്പം. പക്ഷേ കേരളത്തില്‍ ഓട് വലുതും ചെറുതുമായ പാത്രങ്ങളും വിളക്കുകളും നിര്മ്മിക്കാനാണുപയോഗിക്കുന്നത്. വിവിധ തരത്തിലും വലുപ്പത്തിലുമുള്ള നിലവിളക്ക്, തൂക്കുവിളക്ക് എന്നിവ വീടുകളില്‍ സാധാരണയായി ഉപയോഗിച്ചു വരുന്നു. ഐശ്വര്യത്തിന്റെ ദേവതയായ മഹാലക്ഷ്മിയുടെ പ്രതീകമാണ് വാല്‍ക്കണ്ണാടി. മറ്റ് പൂജാ പാത്രങ്ങളായ കിണ്ടി, ഉരുളി, തട്ടം എന്നിവയും ഓടില്‍ നിര്‍മ്മിക്കുന്നവയാണ്. ഒരുകാലത്ത് നിത്യോപയോഗത്തിലുണ്ടായിരുന്ന ഇവയെല്ലാം കൗതുക വസ്തുക്കളായാണ് ഇന്ന് കരുതപ്പെടുന്നത്. യഥാര്‍ത്ഥ ഓട്ടുപാത്രങ്ങള്‍ വളരെ വിലയേറിയതാണ്.
മലയാളിയുടെ അടുക്കളയില്‍ നിറഞ്ഞിരുന്ന ഓട്ട് പാത്രങ്ങളുടെ സ്ഥാനം ഇന്ന് കൈയ്യടക്കിയിരിക്കുന്നത് സ്റ്റെയിന്‍ലസ് സ്റ്റീല്‍, അലുമിനിയം, കളിമണ്ണ്, ഗ്ലാസ് എന്നിവകൊണ്ടുള്ള പാത്രങ്ങളാണ്.പക്ഷേ ഇന്നും ആചാരങ്ങള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും ഓട്ട് പാത്രങ്ങള്‍ തന്നെയാണ് ഉപയോഗിക്കാറ്. ഈയത്തിന്റെ അംശം കൂടുതലടങ്ങിയ വെള്ളോട് എന്ന വകഭേദമാണ് ഉരുളി നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്നത്. ഓട് നിര്‍മ്മാണം മുഖ്യമായും നടക്കുന്നത് വടക്കന്‍ കേരളത്തിലാണ്. കണ്ണൂരിലെ പയ്യന്നൂര്‍, കുഞ്ഞിമംഗലം, തൃശ്ശൂരിലെ ഇരിങ്ങാലക്കുട, പാലക്കാട്ടെ പള്ളിപ്പുറം എന്നീ വടക്കന്‍ പ്രദേശങ്ങളിലും തെക്കന്‍ കേരളത്തില്‍ ആലപ്പുഴ ജില്ലയിലെ ആറന്മുള, മാന്നാര്‍ എന്നിവിടങ്ങളിലും നിരവധി ഓട് നിര്‍മ്മാണ കേന്ദ്രങ്ങളുണ്ട്.
കഥകളി എന്നത് ഇന്ന് കേരളത്തിന്റെ പര്യായമായി മാറിയിട്ടുണ്ട്. അതോടൊപ്പം തന്നെ കഥകളി രൂപ മാതൃക കേരളത്തിന്റെ പ്രതീകമായിട്ടാണ് കണക്കാക്കി വരുന്നത്. തടിയിലോ, പ്ലാസ്റ്റര്‍ ഓഫ് പാരീസിലോ നിര്‍മ്മിച്ചെടുത്ത കഥകളി രൂപത്തിന്റെ ചെറിയ മാതൃകകള്‍ വളരെ ജനപ്രിയമായ സുവനീറുകളാണ്. ഇത്തരം ചെറിയ പാവകള്‍ കഥകളി വേഷത്തെ പ്രതിനിധീകരിക്കുന്നു. ചെറിയ രൂപം മുതല്‍ വലിയ പ്രതിമകള്‍ വരെ ഈ ശൈലിയില്‍ നിര്‍മ്മിക്കാറുണ്ട്.
300 വര്‍ഷത്തോളം പഴക്കമുള്ള ശാസ്ത്രീയ നൃത്ത നാടകമായ കഥകളി വിവിധ കലകള്‍ ഒരുമിക്കുന്ന ഒരു കലാരൂപമാണ്. ഭാവാഭിനയവും മുദ്രകളും സംഗീതോപകരണങ്ങളുടെ സഹായത്തോടെ വേദിയിലെത്തിക്കുന്ന കഥകളി പുരാതന മിത്തുകളെ അടിസ്ഥാനപ്പെടുത്തിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.മാനുഷികവും അമാനുഷികവുമായ കഥാപാത്രങ്ങളെ വേദിയിലെത്തിക്കുന്ന കഥകളിയുടെ വേഷവിധാനങ്ങളും ചമയങ്ങളും വളരെ കര്‍ക്കശമായ ചില ചട്ടങ്ങള്‍ക്ക് അനുസൃതമാണ്.
കഥാപാത്രങ്ങള്‍ക്കനുസൃതമായി കിരീടവും മുഖത്തെ ചായങ്ങളും വ്യത്യസ്തമാകുന്നു. കേരളത്തിലെ ഇതര കലാരൂപങ്ങളില്‍ നിന്ന് കഥകളിയെ തികച്ചും വ്യത്യസ്തമാക്കുന്നത് വേഷവിധാനങ്ങളാണ്. കുടപോലെ വിടര്‍ന്നു നില്ക്കുന്ന ഉടയാടകളും മുഴുക്കൈയുള്ള ബ്ലൗസിന്റെ മാതൃകയിലുള്ള മേലാടയും ഭാരമേറിയ ആടയാഭരണങ്ങളും വലിയ കിരീടങ്ങളും മറ്റും. കഥകളി പാവകളിലും ഇത്തരത്തിലുള്ള എല്ലാ സവിശേഷതകളും പൂര്‍ണ്ണമായും പാലിക്കുന്നു. കേരളത്തിലുടനീളമുള്ള കരകൗശല വിപണന കേന്ദ്രങ്ങളില്‍ ഇവ ലഭ്യമാണ്. അതു കൂടാതെ ഇവ നിര്‍മ്മിക്കുന്ന ഗ്രാമങ്ങളില്‍ നിന്ന് നേരിട്ട് വാങ്ങാവുന്നതുമാണ്.
കേരളത്തിലെ ഒരു സാധാരണ സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. യൂജനിയ കാരിയോഫൈലേറ്റ എന്ന ചെടിയുടെ ഉണങ്ങിയ പൂമൊട്ടുകളാണ് ഇവ. മലയാളികള്‍ ഇതിനെ ഗ്രാമ്പൂ അഥവാ കരയാമ്പൂ എന്ന് വിളിക്കുന്നു.വിവിധ തരത്തിലുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ ഉണക്കി പൊടിച്ചെടുക്കുന്ന ഗരം മസാലയിലെ ഒരു പ്രധാന ഘടകമാണ് ഗ്രാമ്പൂ. പണ്ട് കാലത്ത് വീടുകളില്‍ ഗരംമസാല ഉണക്കിയെടുത്ത് സൂക്ഷിക്കുമായിരുന്നു. എന്നാല്‍ ഇന്ന് ഗരം മസാലയുടെ വിവിധ ബ്രാന്‍ഡുകള്‍ വിപണിയില്‍ ലഭ്യമാണ്.
ചില മധുരപലഹാരങ്ങളിലും ഗ്രാമ്പൂ ഉപയോഗിക്കാറുണ്ട്.പലചരക്ക് കടകളില്‍ മെച്ചപ്പെട്ട പാക്കറ്റുകളില്‍ ഗ്രാമ്പൂ ലഭ്യമാണ്. ഇങ്ങനെ ലഭിക്കുന്ന ഗ്രാമ്പൂ വര്‍ഷങ്ങളോളം സൂക്ഷിച്ചു വയ്ക്കാന്‍ കഴിയും. സുഗന്ധവ്യഞ്ജനം എന്നതിനപ്പുറം വൈദ്യശാസ്ത്രത്തിലും ഗ്രാമ്പൂ ഉപയോഗിക്കുന്നുണ്ട്. ഗ്രാമ്പൂ തൈലം പല്ലുവേദന, ദഹനക്കേട്, അമ്ലത എന്നിവയ്ക്ക് ഔഷധമാണ്. ഗ്രാമ്പൂവിന്റെ ചതച്ച ഇലകളും പല്ലുവേദനയ്ക്ക് ആശ്വാസം പകരും. ഗുണമേന്മയും സീസണും അനുസരിച്ച് ഗ്രാമ്പൂ വിലയില്‍ വ്യത്യാസം വരാം.
തൂവല്‍ പോലെ ഭാരം കുറഞ്ഞ പാവകള്‍, പരവതാനികള്‍, പഴ്സുകള്‍, ബാഗുകള്‍, വളകള്‍ ചുവരലങ്കാരങ്ങള്‍, വസ്ത്രങ്ങളുടെ ഭാഗങ്ങള്‍ ഇങ്ങനെ പോകുന്നു നാരുല്‍പ്പന്നങ്ങളുടെ നിര. ഇവ നിര്‍മ്മിക്കുന്നവരുടെ കരവിരുതിലാണ് ഉല്‍പ്പന്നങ്ങളുടെ ഭംഗിയും വൈവിധ്യവും. കേരളത്തിലെ വിവിധ ഗ്രാമങ്ങളിലെ യൂണിറ്റുകളില്‍ നിന്നാണ് ഈ കരകൗശലവസ്തുക്കള്‍ നഗരത്തിലെ വിപണനശാലകളിലെത്തുന്നത്.
സാധാരണയായി വെള്ളയും വിളറിയ മഞ്ഞ നിറത്തിലുമുള്ള നാരുകള്‍ വാഴപ്പിണ്ടിയില്‍ നിന്നും കൈതോലയില്‍ നിന്നുമാണ് വേര്‍തിരിച്ചെടുക്കുന്നത്. ഇവയുടെ നേര്‍മ്മയും മിനുസവും നാരുല്പന്നങ്ങള്ക്ക് സ്വാഭാവിക തിളക്കം നല്കുന്നു. ഈ നാരുകളെ പിരിച്ചുണക്കിയ ശേഷം അതിന് നിറം കൊടുക്കുന്നു. ഇങ്ങനെ നിറം കൊടുത്ത നാരുകളാണ് വിവിധ ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. നാരുല്പന്നങ്ങള് വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. വിവിധ ഫാന്‍സി സ്റ്റോറുകളിലും തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കരകൗശല വിപണന കേന്ദ്രമായ എസ്.എം.എസ്.എം. ഇന്‍സ്റ്റിറ്റിയൂട്ടിലും ഇവ ലഭ്യമാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കു സമീപം വഴിയോര കച്ചവടക്കാരില്‍ നിന്നും ഇവ വാങ്ങാവുന്നതാണ്.വിലയധികമില്ലാത്ത ഈ ഉല്പന്നങ്ങള് പൊടിപിടിക്കാതെ സൂക്ഷിച്ചുപയോഗിച്ചാല്‍ വളരെക്കാലം ഇാടുനില്ക്കും.
ഉള്‍നാടന്‍ ജലാശയങ്ങള്‍, സായംസന്ധ്യ, വള്ളംകളി, ഗ്രാമീണ ഉത്സവങ്ങള്‍, കുടിലുകളും ഗ്രാമങ്ങളും, മലകളും താഴ്വാരങ്ങളും എന്നുവേണ്ട കേരളത്തിന്റെ മാസ്മരിക കാഴ്ചകളെല്ലാം ഒപ്പിയെടുത്ത് ജീവന് നല്കുന്നവയാണ് വൈക്കോല്‍ ചിത്രങ്ങള്‍. വിവിധ വലിപ്പത്തിലുള്ള വയ്ക്കോല് കഷ്ണങ്ങള്‍ മുറിച്ച ശേഷം അവയെ തുണിയിലോ കാന്‍വാസിലോ പതിപ്പിച്ചാണ് ഈ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത്.
പ്രധാന കുടില്‍ വ്യവസായങ്ങളിലൊന്നായ വയ്ക്കോല് ചിത്ര നിര്‍മ്മാണത്തിന് ഓണം, ക്രിസ്മസ്, ന്യൂ ഇയര്‍ തുടങ്ങിയ വേളകളില്‍ നല്ല വിപണി ലഭിക്കുന്നു. ഈ ഉത്സവ നാളുകളില്‍ വൈക്കോല്‍ ചിത്രങ്ങളുടെ കാര്‍ഡുകള്‍ പ്രിയങ്കരമാകുന്നു. വിപണിയില്‍ ലഭ്യമാകുന്ന മറ്റ് ആശംസാ കാര്‍ഡുകളേക്കാള്‍ ഇവയ്ക്കു വിലയും താരതമ്യേന കുറവാണ്. വയ്ക്കോല് ചിത്ര കലാകാരന്മാരിലേറെയും ഗ്രാമീണരാണ്. അതുകൊണ്ടു തന്നെ ഒരു ഗ്രാമീണന്റെ ലാളിത്യവും നിര്‍മല ചിന്തയും സൗന്ദര്യബോധവും എല്ലാം ഇത്തരം ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നു. ദ്വിമാന ശൈലിയില്‍ തീര്‍ത്ത ചുവരില്‍ തൂക്കിയിടാവുന്ന വൈക്കോല്‍ ചിത്രങ്ങളും ലഭ്യമാണ്. ഇങ്ങനെ തികഞ്ഞ കൈത്തഴക്കത്തോടെ ചെയ്തെടുത്ത പുതുമയാര്‍ന്നതും മനോഹരവുമായ വൈക്കോല്‍ ചിത്രങ്ങള്‍ കേരളത്തിലുടനീളമുള്ള കരകൗശല വിപണന കേന്ദ്രങ്ങളില്‍ ലഭ്യമാണ്.
അവസാനം പരിഷ്കരിച്ചത് : 6/10/2020
ഉദ്യോഗാർഥികളെയും തൊഴിൽദായകരെയും പരസ്പരം ബന്ധിപ്പി...
കേരളത്തിന്റെ സ്വാഭാവികമായ ലളിത ജീവിതശൈലിക്കുമേല്‍ ...
അലങ്കാര ചമയങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ
തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടുന്ന ആരാധനാലയങ്ങ...