ഭൂമിശാസ്ത്രം
തിരുവനന്തപുരം നഗരത്തിന്റെ കിഴക്ക് നെടുമങ്ങാട് താലൂക്കും, പടിഞ്ഞാറ് അറബിക്കടലും, തെക്ക് നെയ്യാറ്റിന്‍കര താലൂക്കും, വടക്ക് ചിറയിന്‍കീഴ് താലൂക്കുമാണ്. കടല്‍ത്തീര നഗരമാണെങ്കിലും ചെറുകുന്നുകളും താഴ്വരകളും നിറഞ്ഞ നിമ്നോന്നതമായ ഒരു ഭൂപ്രദേശമാണ്. കേരളത്തിന്റെ മൂന്നു പ്രധാന ഭൂമി ശാസ്ത്രമേഖലകളായ മലനാട്, ഇടനാട്, തീരപ്രദേശം എന്നിവയില്‍ ഇടനാടിന്റെ പ്രത്യേകതകളാണ് നഗരത്തിനുള്ളത്.:ചെമ്മണ്ണ്, മണല്‍ മണ്ണ് എന്നിവയാണ് നഗരപ്രദേശത്ത് പൊതുവെ കാണുന്ന മണ്ണിനങ്ങള്‍. ഭൂമധ്യരേഖയോട് വളരെ അടുത്തു കിടക്കുന്ന തിരുവനന്തപുരം നഗരത്തില്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലൊഴികെ എല്ലാ മാസങ്ങളിലും കുറഞ്ഞ തോതിലാണെങ്കിലും മഴ ലഭിക്കാറുണ്ട്. :ഉഷ്ണമേഖലാ പ്രദേശമാണെങ്കിലും നഗരത്തിലെ ശരാശരി താപനില 32 ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍ തണുപ്പുകാലത്ത് താപനില 20 ഡിഗ്രി സെല്‍ഷ്യസ് വരെ താഴും.കോട്ടണ്‍ ഹില്‍, ബാര്‍ട്ടണ്‍ ഹില്‍, കനകക്കുന്ന്, തുളസീഹില്‍ തുടങ്ങിയവയാണ് നഗരത്തിലെ പ്രധാന കുന്നുകള്‍.
ഏഴോ എട്ടോ ദശകങ്ങള്‍ക്കു മുന്‍പുപോലും ധാരാളം ചെറുകാടുകളും, വനപ്രദേശങ്ങളും നിറഞ്ഞതായിരുന്നു ഇന്നത്തെ തിരുവനന്തപുരം നഗരത്തിന്റെ പല പ്രദേശങ്ങളും.. നഗരവല്‍ക്കരണത്തിന്റെ ഭാഗമായി അവയൊക്കെ ക്രമേണ അപ്രത്യക്ഷമായിരിക്കുന്നു. എങ്കിലും നഗരത്തിനുള്ളിലൊരു ചെറുവനം എന്ന കണക്കെ തിരുവനന്തപുരം കാഴ്ചബംഗ്ളാവ് സ്ഥിതിചെയ്യുന്ന പ്രദേശം വിവിധ ഇനം വൃക്ഷങ്ങള്‍ നിറഞ്ഞ ഒരു ഹരിതഭൂമിയാണ്. നഗരസഭാമന്ദിരം മുതല്‍ കവടിയാര്‍ വരെ നീളുന്ന രാജപാതയ്ക്കിരുവശവും ചന്തവും, തണലുമേകിക്കൊണ്ട് അനവധി വൃക്ഷങ്ങളുണ്ട്. പഴക്കം ചെന്നവയും മുറിച്ചുമാറ്റപ്പെട്ടതുമായ വൃക്ഷങ്ങള്‍ക്കു പകരം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചുകൊണ്ട് നഗരത്തെ കൂടുതല്‍ മനോഹരമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
നഗരത്തിലൂടെ ഒഴുകുന്ന നദികള്‍
കരമനയാര്‍ മാത്രമാണ് നദി എന്ന വിശേഷണത്തിനര്‍ഹതയുള്ളത്. അഗസ്ത്യമലയില്‍ നിന്നുത്ഭവിച്ച്, കാവി, അട്ട, വയ്യാപ്പാടി എന്നീ തോടരുവികള്‍ ചേര്‍ന്ന് പടിഞ്ഞാറോട്ടൊഴുകി നഗരത്തില്‍ പ്രവേശിക്കുന്ന കരമനയാര്‍ കടലിനോട് ചേര്‍ന്നുള്ള കായലില്‍ ചേരുന്നു. കരമനയാറിന്റെ ഭാഗമായ അരുവിക്കരയില്‍ നിന്നു നഗരത്തിനുവേണ്ട ശുദ്ധജലം ലഭിക്കുന്നു. കേരളത്തിലെ ആദ്യത്തെ കോണ്‍ക്രീറ്റ് പാലമായ കരമനപാലത്തിന് നൂറോളം വര്‍ഷത്തെ പഴക്കമുണ്ട്. രാജഭരണകാലത്ത് ബ്രിട്ടീഷ് മേല്‍നോട്ടത്തില്‍ പണികഴിപ്പിച്ചതാണ് ഈ പാലം. പേരുകൊണ്ട് നദി എന്ന് ധ്വനിപ്പിക്കുന്നുണ്ടെങ്കിലും സാമാന്യം വലിയ ഒരു തോടുമാത്രമാണ് കിള്ളിയാര്‍. കിള്ളിയാറും പടിഞ്ഞാറോട്ടൊഴുകി തിരുവല്ലം പരശുരാമക്ഷേത്രത്തിനു സമീപത്തായി കരമനയാറില്‍ ചേരുന്നു. കരമന-കിള്ളിയാര്‍ സംഗമസ്ഥാനം അതിമനോഹരമായ ഒരു ഭൂപ്രദേശമാണ്. റാണി പാര്‍വ്വതിബായിയുടെ ഭരണകാലത്ത് (1815-1829) കണിയാപുരം മുതല്‍ വളളക്കടവ് (കല്പാലക്കടവ്) വരെ ഗതാഗതത്തിനായി വെട്ടിയ ജലപാതയാണ് പാര്‍വ്വതി പുത്തനാര്‍ . ചാക്ക- വളളക്കടവുപാലം ഈ ആറ്റിലാണ്.
നഗരത്തിലെ കായലുകള്‍, തടാകങ്ങള്‍
ആക്കുളം കായല്‍, വേളി കായല്‍ വെള്ളായണി കായല്‍ എന്നിവ നഗരാതിര്‍ത്തിയിലാണ്. ഇതില്‍ ആക്കുളം, വേളി എന്നീ രണ്ടുകായലുകള് കടലുമായി ബന്ധപ്പെട്ടുകിടക്കുന്നു. എന്നാല്‍ വെള്ളായണിക്കായല്‍ ഒരു ശുദ്ധജലതടാകമാണ്. വെള്ളായണിക്കായലിലെ ശുദ്ധജലം നഗരത്തിലെ ജനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. വിശാലമായ നെല്‍പ്പാടങ്ങളും തെങ്ങിന്‍തോപ്പുകളും വാഴക്കൃഷിയും നിറഞ്ഞുനില്ക്കുന്ന ഈ തടാകതീരം വിനോദസഞ്ചാരികളേയും ആകര്‍ഷിക്കുന്നു. ഈ തടാകത്തില്‍ നിന്നു സമീപത്തെ കൃഷിഭൂമികള്‍ നനയ്ക്കുന്നതിനായി ചെറിയ തോതില്‍ കനാല്‍ ജലസേചന സൌകര്യവുമുണ്ട്.
കനാലുകള്‍ , തോടുകള്‍
കരമനയാറിന്റെ പോഷകനദിയായ കിള്ളിയാറ് , ആമയിഴഞ്ചാന്‍തോട്, ഉള്ളൂര്‍ തോട് ,പാര്വ്വതീപുത്തനാറ് തുടങ്ങി നഗരത്തില്‍ അനേകം നീരൊഴുക്കുകള്‍ ഉണ്ടെങ്കിലും അവയുടെ ഉപഭോഗം നാമമാത്രമാണ്.റാണി പാര്‍വ്വതീഭായിയുടെ ഭരണകാലത്ത്് (1815-1829) കണിയാപുരം മുതല്‍ വള്ളക്കടവ് കല്പാലക്കടവ് വരെ ഗതാഗതത്തിനായി വെട്ടിയ ജലപാതയാണ് പാര്‍വ്വതിപുത്തനാര്‍. ചാക്ക, വള്ളക്കടവ് പാലം എന്നിവ ഈ ആറ്റിലാണ്. നാടിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റം വരെ യാത്രക്കും ചരക്കുഗതാഗതത്തിനും ഇവിടം ഉപയോഗിച്ചിരുന്നു.പാര്‍വ്വതീപുത്തനാറിന്റെ അരികിലുള്ള വള്ളക്കടവില്‍ (കല്‍പ്പാലക്കടവ്) തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ആവശ്യത്തിനായുള്ള പള്ളിയോടങ്ങള്‍ അടുത്തിരുന്നു. “ചാന്നാങ്കര മുതല്‍ തിരുവനന്തപുരം കല്‍പ്പാലം വരെ പുത്തനായി തോടു വെട്ടിയതിനു” പണം നല്കിയ വിവരം ചരിത്രരേഖകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാജവാഴ്ചകാലത്ത് ജനശ്രദ്ധ പിടിച്ചുപറ്റിയതാണ് വള്ളക്കടവ്-ചാക്ക ബോട്ടുപുരകള്. ചാക്കയിലേത് പിന്നീട് പൊളിച്ചുമാറ്റിയെങ്കിലും വള്ളക്കടവിലേത് തകര്‍ന്ന നിലയിലാണ്. ആലപ്പുഴയും തിരുവനന്തപുരവുമായി കച്ചവടബന്ധം സ്ഥാപിക്കുവാന്‍ ഈ ജലപാത ഒരുകാലത്ത് വളരെ ഉപകരിച്ചിരുന്നു. യാത്രയ്ക്കുപയോഗിച്ചിരിച്ചിരുന്നതിനാല് തിരുവനന്തപുരം-ചേര്‍ത്തല കനാല്‍ എന്നും വിളിച്ചിരുന്നു. ഇന്ന് നിര്‍മ്മാണത്തിലിരിക്കുന്ന ഷൊര്‍ണ്ണൂര്‍ വരെ നീളുന്ന ദേശീയജലപാതാ പദ്ധതിയുടെ ആരംഭ കേന്ദ്രമാണ് വള്ളക്കടവ്.
മറ്റു ജലസ്രോതസ്സുകള്‍
അറുപതില്‍ പരം കുളങ്ങള്‍ നഗരത്തിലുണ്ട്. കൂടാതെ നിരവധി ചെറു തോടുകളും അരുവികളും നഗരത്തെ ജലസമൃദ്ധമാക്കുന്നു.
നഗരത്തിലെ കുളങ്ങള്‍ :
പത്തുകിലേമീറ്ററിലധികം വരുന്ന ഒരു സമുദ്രതീരം തിരുവനന്തപുരം നഗരത്തോട് ചേര്‍ന്നുണ്ട്. ബീച്ചുകള്‍ കൂടാതെ നിരവധി മല്‍സ്യബന്ധന കേന്ദ്രങ്ങളും, ജനവാസകേന്ദ്രങ്ങളും നിറഞ്ഞ പ്രദേശമാണ് നഗരത്തിന്റെ തീരദേശം.തിരുവനന്തപുരം നഗരത്തിലെ പ്രധാന ഒരു ബീച്ച് ആണ് ശംഖുമുഖം. അന്താരാഷ്ട്ര പ്രസിദ്ധമായ കോവളം ബീച്ച് നഗരത്തില്‍നിന്നും 12 കിലോമീറ്റര്‍ ദൂരെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ശംഖുമുഖം ബീച്ച് അനേകം വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന കേന്ദ്രം കൂടിയാണ്.
തിരുവനന്തപുരം ജില്ലയിലെ പകുതിയിലേറെ ജനങ്ങളും കൃഷിയെ ആശ്രയിക്കുന്നുണ്ടെങ്കിലും നഗരത്തിലെ സ്ഥിതി അതല്ല. 2001-ലെ സെന്‍സസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ പ്രധാന ഉപതൊഴിലുകളില് ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണം 248054 ആണ്. ഇതില്‍ 6.8 ശതമാനം കര്‍ഷകരും 12.5 ശതമാനം കര്‍ഷക തൊഴിലാളികളും 6.3 ശതമാനം കുടില്‍ വ്യവസായ മേഖലയിലെ തൊഴിലാളികളും 74.4 ശതമാനം മറ്റു മേഖലകളിലും ആണ്. ഉപനഗര പ്രദേശങ്ങളിലാണ് പൊതുവെ കൃഷിയുടെ സാന്നിധ്യം കാണുന്നത്. നെല്‍കൃഷി നഗരത്തിലെ ചുരുക്കം വാര്‍ഡുകളിലായി പരിമിതപ്പെട്ടിരിക്കുന്നു. പുഞ്ചക്കരി, കിഴക്കേക്കരി, വെള്ളായണി, കോലിയക്കോട്, നേമം, അയിരുപാറ, കോലോത്തുങ്കര, കളപ്പാട്ടുകരി, ആറ്റിപ്ര, കരിമണ്‍കുളം പാങ്ങോട്, തൃക്കണ്ണാപുരം, ആറന്നൂര്‍ എന്നിവിടങ്ങളിലായിരുന്നു പ്രധാന നെല്പ്പാടങ്ങളെന്നു പറയാം. നെല്ലിക്കുഴി ഏലാ, ആനയറ ഏലാ, കരിക്കകം ഏലാ, എന്നിവ നികത്തിക്കഴിഞ്ഞു. നെല്‍കൃഷി ലാഭകരമല്ലാത്തതിനാലും മറ്റാവശ്യങ്ങള്‍ക്കു വേണ്ടി ഭൂമിയുടെ വിനിയോഗം കൂടിവരുന്നതിനാലും ഉണ്ടായിരുന്ന നെല്‍ വയലുകള്‍ നികത്തി വാഴ, തെങ്ങ് മുതലായവ കൃഷിചെയ്യുകയും പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുകയും ചെയ്യുന്ന പ്രവണത ഏറിവരുന്നതിനാലും 9-ാം പദ്ധതിയുടെ ആരംഭത്തിലുണ്ടായിരുന്ന കൃഷിഭൂമിയുടെ വിശേഷിച്ച് നെല്‍വയലുകളുടെ വിസ്തൃതി ഏകദേശം മൂന്നിലൊന്നായി ചുരുങ്ങിയിട്ടുണ്ട്. വ്യാപകമായി എല്ലാ പ്രദേശത്തും തെങ്ങുകൃഷി കാണാം. തീരദേശവാര്‍ഡുകളിലെ പ്രധാന കൃഷി വരുമാനം തെങ്ങുകൃഷിയില്‍ നിന്നു തന്നയാണ്. മരച്ചീനി, വാഴ, പച്ചക്കറി, ഇവയുടെ ഏറിയകൂറും നഗരത്തോടു കൂട്ടിച്ചേര്‍ക്കപ്പെട്ട മുന്‍ പഞ്ചായത്തു പ്രദേശങ്ങളിലാണ് നിലനിന്നുവരുന്നത്. ഈ പ്രദേശത്തെ മൊത്തം കൃഷിഭൂമിയുടെ 50 ശതമാനവും കാര്‍ഷികാവശ്യത്തിനു തന്ന വിനിയോഗിക്കുന്നതായി കാണുന്നു. 9-ാം പദ്ധതിയുടെ ആരംഭത്തില്‍ നഗരാതിര്‍ത്തിക്കുള്ളില്‍ ഭൂമിയുടെ കേവലം 10 ശതമാനം മാത്രമാണ് കാര്‍ഷികാവശ്യത്തിനു വിനിയോഗിച്ചിരുന്നത്. 9-ാം പദ്ധതിയുടെ അവസാനത്തോടെ നെല്‍കൃഷിയിടത്തിന്റെ വിസ്തൃതി 144 ഹെക്ടറായി വര്‍ദ്ധിച്ചു. തെങ്ങുകൃഷിയാകട്ടെ 3653 ഹെക്ടറില്‍ നിന്ന് 8000 ഹെക്ടറായി വര്‍ദ്ധിച്ചു. കര്‍ഷകരുടെ എണ്ണവും വര്‍ദ്ധിച്ചു. കര്‍ഷകരെ ശാസ്ത്രീയ കൃഷിരീതിയില്‍ സഹായിക്കാനും ആവശ്യമായ വിജ്ഞാനം പ്രദാനം ചെയ്ത് കാര്‍ഷികവൃത്തിയില്‍ സാധാരണ ജനങ്ങളെ തല്പ്പരരാക്കാനും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനത്തില്‍ സഹായിക്കാനും വേണ്ടി നഗരത്തില്‍ 1998-99 മുതല്‍ നഗരസഭയുടേതായി ഒരു കാര്‍ഷികവിജ്ഞാന വിപണന കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നു. വിവിധ വാര്‍ഡുകളില്‍ കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ വിപണനകേന്ദ്രങ്ങള്‍ വാടകയ്ക്കു നല്‍കുക, വാര്‍ഡടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് ശാസ്ത്രീയ കൃഷിരീതികളില്‍ അറിവു പകരുന്ന ക്ളാസ്സുകള്‍ സംഘടിപ്പിക്കുക, തൈകള്‍ , വിത്തുകള്‍, രാസവളം, എന്നിവ വിതരണം ചെയ്യുക. സസ്യസംരക്ഷണം മുതലായ പ്രവര്‍ത്തനങ്ങള്‍ ഈ കേന്ദ്രത്തില്‍ നടക്കുന്നു.ഭക്ഷ്യധാന്യങ്ങള്‍ക്കും കായ്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയ്ക്കും അയല്‍ സംസ്ഥാനമായ തമിഴ്നാടിനെ ആശ്രയിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ തിരുവനന്തപുരം ജില്ലയിലുള്ളത്.നഗരത്തിലെ കൃഷിഭവനുകള്ആറ്റിപ്ര, ഉള്ളൂര്‍, കടകംപള്ളി, തിരുവല്ലം, നേമം എന്നിവയാണ്
സര്‍ക്കാര്‍ മൃഗാശുപത്രി
ജില്ലാടിസ്ഥാനത്തില്‍ തിരുവനന്തപുരം മൃഗസമ്പത്തുകൊണ്ട് സമ്പന്നമാണെങ്കിലും നഗരപ്രദേശത്ത് തുലോം കുറവാണ്. നഗരത്തിനുള്ളില്‍ സര്‍ക്കാര്‍ - സ്വകാര്യ മേഖലകളിലായി മൃസംരക്ഷണാര്ത്ഥം കുറച്ചുസ്ഥാപനങ്ങള് പ്രവര്‍ത്തിച്ചു വരുന്നു. നഗരപ്രദേശത്ത് കുടിലുകളില്‍ ചെറിയ തോതിലും ചെറുകിടഫാമുകളില്‍ സാമാന്യമായ തോതിലും കോഴികൃഷി നടന്നുവരുന്നു. റീജ്യണല്‍ പൌള്‍ട്രി ഫാമും ഡിസ്ട്രിക്ട് ലൈവ്സ്റോക്ക് ഫാമും കുടപ്പനക്കുന്നിലാണ് സ്ഥാപിച്ചിരിക്കുന്നത്. പാലോടുളള ഡ്രൈ സ്റ്റോക്ക് ഫാം, പേട്ടയില്‍ സ്ഥിതി ചെയ്യുന്ന ഇന്റന്‍സീവ് പൌള്‍ട്രി ഫാമിനു പുറമേ വെറ്റിനറി സബ് സെന്ററുകള്‍, ക്ളിനിക്കല്‍ ലാബ്, ബയോളജിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട്, ഡിസീസ് ഇന്‍വസ്റിഗേഷന്‍ ഓഫീസ്, ലൈവ് സ്റോക്ക് ഡിസീസ് കണ്ട്രോള് യൂണിറ്റ്, സൊസൈറ്റി ഫോര്‍ പ്രിവെന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ് എന്നിവയാണ് ജില്ലയിലെ പ്രമുഖ ആനിമല്‍ ഹസ്ബന്‍ഡറി സ്ഥാപനങ്ങള്‍. ഉപഭോക്താക്കള്‍ക്ക് പാല് വിതരണം ചെയ്യുന്നത് അമ്പലത്തറയിലെ ഡെയറിയില്‍ നിന്നാണ്. നഗരത്തിലെ വെറ്ററിനറി ഹോസ്പിറ്റലുകള്‍ പേട്ട, തിരുവല്ലം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ആറ്റിന്‍കുഴി, കടകംപളളി, അമ്പലത്തറ, തൃക്കണ്ണാപുരം, വെട്ടിക്കുഴി, പോങ്ങുംമൂട് എന്നിവിടങ്ങളിലാണ് വെറ്റിനറി ഡിസ്പെന്‍സറികള്‍. വെറ്റിനറി ഹോസ്പിറ്റലുകളുടെയും വെറ്റിനറി ഡിസ്പെന്‍സറികളുടേയും ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ സീനിയര്‍ വെറ്റിനറി സര്ജന്മാരോ വെറ്റെറിനറി സര്ജന്മാരോ ആണ്. തിരുവല്ലം, പൂഴിക്കുന്ന്, പാപ്പനംകോട്, ആര്യശാല, മണക്കാട്, പോങ്ങുംമൂട്, ആറ്റിന്‍കുഴി, മാധവപുരം, പൂജപ്പുര, മരുതന്‍കുഴി എന്നിവിടങ്ങളിലാണ് ബീജസങ്കലന ഉപ കേന്ദ്രങ്ങള്‍. ഇതിന്റെ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ ലൈവ് സ്റോക്ക് ഇന്‍സ്പെക്ടര്‍മാരാണ്.
ക്ഷീരോല്പാദനം
ക്ഷീരോല്പ്പാദനം വര്‍ദ്ധിപ്പിക്കുകയും ക്ഷീര ഉപഭോഗത്തിന് പ്രചാരം നല്‍കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ഡയറി ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് (ക്ഷീരവികസന വകുപ്പ്) കേരളത്തില്‍ രൂപം കൊണ്ടത് 1962 ലാണ്. ഗ്രാമങ്ങളിലെ ക്ഷീരോല്‍പ്പാദന മേഖലകളെക്കൂടി ഉള്‍പ്പെടുത്തി പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക, ക്ഷീരസഹകരണ സംഘങ്ങള്‍ സംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, പുല്ലുവളര്‍ത്തല്‍,പശുഗ്രാമം ഡയറി പ്രോജക്ടുകള്‍ തുടങ്ങിയവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍.
നഗരത്തോട് ചേര്‍ന്നു കിടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രമാണ് വിഴിഞ്ഞം.ഔട്ട്ബോര്‍ഡ് എന്‍ജിനുകള്‍, യന്ത്രവത്കൃത ബോട്ടുകള്‍ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളിലൂടെ സമുദ്രോത്പ്പന്നങ്ങളുടെ അളവ് ഇരട്ടിപ്പിക്കുന്നതിനും വിദേശങ്ങളില്‍ പ്രിയമുള്ള ഇനങ്ങളെ വലയിലാക്കി കയറ്റുമതി വികസനം നേടുന്നതിനുമുള്ള യത്നങ്ങള്‍ പുരോഗതിയാര്ജ്ജിച്ചിട്ടുണ്ട്. മത്സ്യബന്ധന മേഖല സംസ്ഥാനത്തെ വരുമാനത്തിന്റെ 2 ശതമാനം സംഭാവന ചെയ്യുന്നുണ്ട്. മീന്‍പിടിത്തവും സംസ്കരണവും വിതരണവും സംസ്ഥാനത്തെ ജനസംഖ്യയുടെ 3 ശതമാനം വിഭാഗത്തിന് ഉപജീവനമാര്‍ഗ്ഗം പ്രദാനം ചെയ്യുന്നു. നഗരത്തിലെ കടലോരവാര്ഡുകള്, പള്ളിത്തുറ, പൌണ്ട്കടവ്, വെട്ടുകാട്, ശംഖുമുഖം, വലിയതുറ, വള്ളക്കടവ്, ബീമാപള്ളി, പൂന്തുറ, പാച്ചല്ലൂര്‍, വെള്ളാര്‍ എന്നിവയാണ്. എന്നാല്‍ മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തുന്ന സമൂഹത്തിലെ ഒരു ഗണനീയ വിഭാഗത്തിന്റെ സാമൂഹ്യെ-സാമ്പത്തിക സ്ഥിതിയും ജീവിത നിലവാരവും സംസ്ഥാനത്തെ ഇതര ജനവിഭാഗത്തേക്കാള്‍ തുലോം പിന്നാക്കമായി നിലനില്ക്കുന്നു. നമ്മുടെ നഗരാതിര്‍ത്തിയില്‍ ഏകദേശം അഞ്ഞൂറോളം മോട്ടോര്‍ ഘടിപ്പിച്ച വള്ളങ്ങളും രണ്ടായിരത്തോളം പരമ്പരാഗതയാനങ്ങളും ഉണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. പരമ്പരാഗത യാനങ്ങളില്‍ ഭൂരിഭാഗവും ചാളത്തടികളാണ്. റിംഗ്, വല, കോരുവല, ബോട്ടുസീന്, മിനിട്രോന്, കരമടിവല, ഗില്വല, ഒഴുക്കുവല, ട്രോള്‍ വല, വീശുവല, ചൂണ്ട മുതലായവയാണ് ഇവിടെ പ്രചാരത്തിലുള്ള ഉപകരണങ്ങള്‍. നഗരത്തില്‍ രജിസ്റര്‍ ചെയ്ത ഐസ് പ്ളാന്റുകള്‍ ഒന്നും തന്ന മത്സ്യ തൊഴിലാളികളുടെ സ്വന്തമായിട്ടില്ല. മത്സ്യോത്പാദന വിപണനരംഗത്ത് പ്രവര്‍ത്തിക്കുന്ന 3 ഏജന്‍സികളാണ് ഫിഷറീസ് വകുപ്പ്, മത്സ്യഫെഡ്, കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നിവ.
അവസാനം പരിഷ്കരിച്ചത് : 3/13/2020
കലാസാംസ്ക്കാരിക പ്രവർത്തനങ്ങളെ കുറിച്ചുള്ള കൂടുതൽ ...
ടൂറിസം ഡിപ്പാർട്ട്മെന്റിനെ കുറിച്ചുള്ള വിശദ വിവരങ്...
ഗതാഗത സൗകര്യങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങൾ
തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടുന്ന ആരാധനാലയങ്ങ...