പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിവരേയും വാഹന ഗതാഗതയോഗ്യമായ പാതകള്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. കാല്‍നടയും പല്ലക്കും മാത്രമാണ് ഉണ്ടായിരുന്നത്. ദിവാന് മാധവറാവുവിന്റെ കാലത്താണ് (1858-72) രാജപാതകള്‍ക്ക് തുടക്കം കുറിച്ചത്. തിരുവനന്തപുരത്തു നിന്നും ആരുവാമൊഴിക്കും; നെടുമങ്ങാട് വഴി ചെങ്കോട്ടയ്ക്കും; കൊട്ടാരക്കര വഴി അങ്കമാലിക്കും; പേട്ട, ഉള്ളൂര്‍ വഴി കൊല്ലത്തേക്കും രാജപാതകളുണ്ടായി. 1830 തിനു ശേഷം ഇംഗ്ലീഷുകാര്‍ തിരുവനന്തപുരത്ത് താമസമാക്കിയതാണ് നഗരവികസനത്തിനും പാതകളുടെ നിര്‍മ്മാണത്തിനും കാരണമായത്. ഇപ്പോള്‍ തിരുവനന്തപുരം നഗരത്തില്‍ നിന്നും സംസ്ഥാനത്തിന്റെയും, രാജ്യത്തിന്റെയും ഏതു ഭാഗത്തേക്ക് പോകുവാനും ഹൈവേകളും, അനുബന്ധ പാതകളുമുണ്ട്. നഗരത്തിന്റെ ഹൃദയത്തിലൂടെ കടന്നു പോകുന്ന ഏറ്റവും പ്രധാന റോഡാണ് എം.ജി റോഡ്. കൊല്ലം, കൊച്ചി, കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളിലേക്ക് പോകുന്ന ദേശീയപാത (എന്‍.എച്ച്-47) യും, കൊട്ടാരക്കര, കോട്ടയം ഭാഗത്തേക്ക് പോകുന്ന എം.സി റോഡ് എന്ന സംസ്ഥാനപാതയും (എസ്.എച്ച്-1) കേശവദാസപുരത്ത് വച്ച് സന്ധിച്ച് ഒറ്റ പാതയായി നഗരത്തിലൂടെ കടന്നു പോകുന്നതാണ് എം.ജി റോഡ്. പഴയ രാജപാതകളാണ് ഇപ്പോഴത്തെ പ്രധാന പാതകളായി വികസിച്ചിരിക്കുന്നത്. എന്‍.എച്ച്-47 ന്റെ തെക്കോട്ടുള്ള ഭാഗമാണ് നാഗര്‍കോവില്‍ വഴി കന്യാകുമാരിയിലേക്കുള്ളത്. നെടുമങ്ങാട് വഴി ചെങ്കോട്ടയ്ക്കുള്ള പുരാതന പാതയാണ് മറ്റൊരു പ്രധാന പാത. 1918 ലാണ് കൊല്ലത്ത് നിന്നും റെയില്‍ ഗതാഗതം തിരുവനന്തപുരത്തെ ചാക്ക വരെ നീട്ടിയത്. 1931 ല്‍ അത് തമ്പാനൂര്‍ സെന്‍ട്രല്‍ സ്റ്റേഷന് വരെ നീട്ടി. റെയില്‍ ഗതാഗതം ഇപ്പോള്‍ കന്യാകുമാരി വരെ നീട്ടിയിട്ടുണ്ട്. കനാല്മുഖേന കൊച്ചിയേയും തിരുവനന്തപുരത്തേയും ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി റാണി പാര്‍വ്വതി ഭായിയുടെ കാലത്ത് കഠിനംകുളം കായല്‍ മുതല്‍ തിരുവനന്തപുരത്തെ വള്ളക്കടവ് വരെ കനാല്‍ നിര്‍മ്മിച്ച് അതിന് പാര്‍വ്വതീ പുത്തനാര്‍ എന്ന നാമകരണം ചെയ്തു. 1877 ല്‍ വര്‍ക്കല ടണല്‍ പണി തീര്‍ത്തതോടെ തിരുവനന്തപുരം മുതല്‍ കൊച്ചി വരെ ജലയാത്ര സുഗമമായി. ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ ഡക്കോട്ട വിമാനം ഇറങ്ങുന്നതിന് വേണ്ടി സര്. സി. പി യുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ചതാണ് തിരുവനന്തപുരം വിമാനത്താവളം. തിരുവിതാംകൂറിലെ ആദ്യത്തെ വിമാനത്താവളം കൊല്ലത്തായിരുന്നു. പിന്നീട് തിരുവനന്തപുരത്തേക്ക് മാറ്റി. കൊ. വ. 1108 ല്‍ ആദ്യമായി കൊല്ലത്ത് വിമാനമിറങ്ങി. 1935 ഒക്ടോബര്‍ 29 തിന് തിരുവനന്തപുരത്ത് നിന്നും സ്ഥിരമായി വിമാന സര്‍വ്വീസ് ആരംഭിച്ചു.
ട്രാന്‍സ്പോര്‍ട്ട് വകുപ്പ്
അരുമന ശ്രീ നാരായണന് തമ്പിയാണ് ആദ്യമായി സ്വകാര്യമേഖലയില്‍ പ്രൈവറ്റ് ട്രാന്‍സ്പോര്‍ട്ടിന് രൂപം കൊടുത്തത്. 1910 ല്‍ കമേഴ്സ്യല്‍ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് രജിസ്റ്റര്‍ ചെയ്തു. 8 വാഹനങ്ങളാണ് അന്ന് നിരത്തിലിറക്കിയത്. തിരുവനന്തപുരം-നാഗര്‍കോവില്‍, തിരുവനന്തപുരം-കൊല്ലം എന്നീ റൂട്ടുകളിലാണ് കല്ടയറും, കരിഗ്യാസും ഉപയോഗിച്ചുള്ള വാഹനങ്ങള്‍ സര്‍വ്വീസ് നടത്തിയിരുന്നത്. എയിറ്റ് സീറ്റര്‍ എന്ന പേരിലാണ് ഈ വാഹനം അറിയപ്പെട്ടിരുന്നത്. സര്‍ക്കാര്‍ തലത്തില്‍ ഭാരതത്തിലെ നാട്ടു രാജ്യങ്ങളില്‍ ആദ്യം പാസഞ്ചര്‍ ബസ്സ് സര്‍വ്വീസ് ആരംഭിച്ചത് 1937 ല്‍ തിരുവിതാംകൂറിലായിരുന്നു. കൊല്ല വര്‍ഷം 1113 ലാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസ് ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് ഉദ്ഘാടനം ചെയ്തത്. സ്വാതന്ത്ര്യലബ്ധിക്കുമുന്‍പ് 1938 ല്‍ സര് സി പി രാമസ്വാമി അയ്യരാണ് തിരുവിതാംകൂറിന്റെ രാജധാനിയായ തിരുവനന്തപുരത്ത് മൂന്നു സര്‍ക്കാര്‍ ബസ്സുകള്‍ നിരത്തിലിറക്കി ഇന്നത്തെ കേരളാ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് തുടക്കം കുറിച്ചത്.
കെ എസ് ആര് ടി സി
സര്‍ക്കാര്‍-സ്വകാര്യമേഖലകളുടെ നിരവധി സര്‍വ്വീസുകള്‍ നഗരത്തിലുണ്ട്. കെ എസ് ആര് ടി സി (കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്) ആണ് സര്‍ക്കാര്‍ മേഖലയിലുള്ള സംരംഭം. നഗരത്തിലെ തമ്പാനൂര്‍ സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍നിന്നും ദീര്‍ഘദൂര സര്‍വ്വീസുകളും, അന്തര്‍ സംസ്ഥാന സര്വ്വീസുകളുമടക്കമുളള സൌകര്യങ്ങളുണ്ട്. നഗരത്തിനുള്ളിലും, ഉപനഗരപ്രദേശങ്ങളിലും ഗതാഗതം നടത്തുന്നതിന് കെ എസ് ആര് ടി സി ക്ക് സിറ്റി ബസ് സര്‍വ്വീസുണ്ട്. കിഴക്കേകോട്ട, വികാസ്ഭവന്‍, പാപ്പനംകോട്, പേരൂര്‍ക്കട എന്നീ സ്ഥലങ്ങളില്‍ കെ.എസ്.ആര്.ടി.സി, സിറ്റി ബസ് സ്റ്റേഷനുകളുണ്ട്. ആദ്യകാലത്ത് നഗരത്തിലെ ഗതാഗത സൌകര്യങ്ങളില്‍ കെ എസ് ആര് ടി സി ഉള്‍പ്പെടുത്തിയിരുന്ന രണ്ടുനില ബസ്സുകള്‍ ഇന്നും നിലവിലുണ്ട്.
സ്വകാര്യമേഖലയിലെ സര്‍വ്വീസുകള്‍
നഗരത്തിനുള്ളില്‍ കെ എസ് ആര് ടി സി യോടൊപ്പം സിറ്റി ബസ് സര്‍വ്വീസ് എന്ന നിലയില്‍ സ്വകാര്യബസുകളും സര്‍വ്വീസ് നടത്തുന്നു. നഗരത്തിലോടുന്ന സ്വകാര്യ ബസുകളുടെ നിറം നീലയാണ്. ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ധാരാളം സ്വകാര്യ ട്രാവല്‍ ഏജന്‍സികളും നഗരത്തില്‍ പ്രവര്‍ത്തിക്കുന്നു. മദ്രാസ്, ബാംഗ്ളൂര്‍, ഹൈദരാബാദ്, ബോംബെ, മാംഗ്ളുര്‍, കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളിലേക്ക് ഇവിടെ നിന്നു ഏജന്‍സികള്‍ മുഖേന ലക്ഷ്വറി ബസുകള്‍ ട്രിപ്പ് നടത്തുന്നു.
ട്രാവല്‍സ് | ഫോണ്‍ നമ്പര്‍ |
മേഘ ട്രാവല്‍സ് | 0471-2323639, 3013662 |
ജി ജി ടൂര്‍സ് & ട്രാവല്‍സ് | 0471-2321805, 9388650565 |
നമ്പര്‍ വണ്‍ ട്രാവല്‍സ് | 0471-2326410, 2323524 |
കെ പി എന്‍ ട്രാവല്‍സ് | 0471-2323972, 4066279 |
ലില്ലീസ് ടൂര്‍സ് & ട്രാവല്‍സ് | 9388213331 |
സെന്റ് ആന്റണീസ് ടൂര്‍സ് & ട്രാവല്‍സ് | 9387820210 |
വിജയാലയം ട്രാവല്‍സ് | 0471-329269 |
ആസ് പിന് ട്രാവല്‍സ് | 0471-3291655, 2324837 |
മൂകാംബിക ട്രാവല്‍സ് | 0471-2339481 |
തെക്കോട്ടും വടക്കോട്ടുമുള്ള ബ്രോഡ്ഗേജ് പാതകളിലൂടെ ഇന്ത്യയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളുമായും തിരുവനന്തപുരം റെയില്‍ ബന്ധം സാധ്യമാക്കിയിരിക്കുന്നു. കൊച്ചുവേളി കേന്ദ്രീകരിച്ചു രണ്ടാമത്തെ റെയില്‍വേ ടെര്‍മിനല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പ്രധാന റെയില്‍വേ സ്റ്റേഷനായ തിരുവനന്തപുരം ആസ്ഥാനമാക്കി അതേ പേരിലുള്ള റെയില്‍വേ ഡിവിഷനുമുണ്ട്. തിരുവനന്തപുരം വരെ വൈദ്യുതീകരണവും പൂര്‍ത്തിയായിരിക്കുന്നു. തിരുവനന്തപുരം നഗര പ്രദേശത്തിനുള്ളില്‍ പേട്ട, വേളി, കൊച്ചുവേളി, കഴക്കൂട്ടം, നേമം എന്നീ ചെറിയ റെയില്‍വേ സ്റ്റേഷനുകള്‍ കൂടി പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നു.
റെയില്‍വേ - ഫോണ്‍ നമ്പരുകള്‍
ജനറല്‍ ഇന്‍ഫര്‍മേഷന്‍ | 131 |
റിസര്‍വേഷന്‍ എന്‍ക്വയറീസ് | 132 |
റെയില്‍വേ പോലീസ് അസിസ്റ്റന്റ് | 9846200100 |
റെയില്‍ അലര്‍ട്ട് | |
ട്രെയിന്‍ അറൈവല്‍സ് (റെക്കോര്‍ഡഡ്) | 133 |
റെയില്‍വേ സ്റ്റേഷനുകള്‍ | |
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന് | 0471-2323066 |
പേട്ട സ്റ്റേഷന് | 0471-2470181 |
കൊച്ചുവേളി | 0471-2500646 |
നേമം | |
റെയില്‍വേ ഹോസ്പിറ്റല്‍ | 0471-2478739 |
പാര്‍സല്‍ ഓഫീസ് | 0471-2331564 |
ടിക്കറ്റ് റിസര്‍വേഷന്‍ ഓഫീസ് | 0471-2334680 |
പട്ടം | 0471-2542130 |
റിസര്‍വേഷന്‍ & അവൈലബിലിറ്റി | |
ഇന്‍ഫര്‍മേഷന്‍ (ഇംഗ്ലീഷ്) | 1361 |
ഇന്‍ഫര്‍മേഷന്‍ (ഹിന്ദി) | 1362 |
ഇന്‍ഫര്‍മേഷന്‍ (മലയാളം) | 1363 |
ജലഗതാഗത മേഖലയുമായി ബന്ധപ്പെട്ട് ദശകങ്ങള്‍ക്കു മുന്‍പ് ഉണ്ടായിരുന്ന ടി എസ് കനാല്‍ പുനരുജ്ജീവിപ്പിച്ചുകൊണ്ടു ഷൊര്‍ണ്ണൂര്‍ വരെ നീളമുള്ള ദേശീയ ജലപാതയാക്കി മാറ്റുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നു വരുന്നു. അതിന്റെ ഭാഗമായി നൂറ്റാണ്ട് പഴക്കമുള്ള വര്‍ക്കല തുരപ്പ് (ടണല്‍) വൃത്തിയാക്കി ഗതാഗത സജ്ജമാക്കിയിരിക്കുന്നു. ധാരാളം കായല്‍ പ്രദേശങ്ങളും, നദികളും നിറഞ്ഞ തിരുവനന്തപുരം ജില്ല ജലാഗതാഗതത്തിനുള്ള അനന്ത സാധ്യതകള്‍ കൊണ്ടു സമൃദ്ധമാണെങ്കിലും നിലവില്‍ വിനോദസഞ്ചാര മേഖലയില്‍ മാത്രം ചുരുങ്ങി നില്ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എങ്കിലും ചരക്ക് നീക്കത്തിനായി വഞ്ചികളും, വള്ളങ്ങളും അങ്ങിങ്ങായി ഉപയോഗിക്കപ്പെടുന്നു. വിഴിഞ്ഞം കേന്ദ്രമായി ഉടന്‍ തന്നെ നിര്‍മ്മാണമാരംഭിക്കാന്‍ പോകുന്ന തുറമുഖം അനന്തപുരിക്ക് ജലഗതാഗതമേഖലയില്‍ സുപ്രധാന സ്ഥാനം നേടിക്കൊടുക്കാന്‍ പോന്നവയാണ്.
1935 ല്‍ നിലവില്‍ വന്ന തിരുവനന്തപുരം വിമാനത്താവളം പിന്നീട് അന്താരാഷ്ട്ര വിമാനത്താവളമായി ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ ഈ വിമാനത്താവളത്തില്‍ നിന്നും ആഭ്യന്തര സര്‍വ്വീസുകളോടൊപ്പം അന്തര്‍ ദേശീയ സര്‍വ്വീസുകളും ഉണ്ട്. അറുപത്തൊമ്പതോളം അന്തര്‍ ദേശീയ സര്‍വ്വീസുകളും 28 ല്‍ പ്പരം ആഭ്യന്തര സര്‍വ്വീസുകളും ഉള്‍പ്പെടെ ആഴ്ചയില്‍ 97 ല്‍ അധികം സര്‍വ്വീസുകള്‍ തിരുവനന്തപുരത്തു നിന്നുമുണ്ട്
അവസാനം പരിഷ്കരിച്ചത് : 7/7/2020
തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടുന്ന ആരാധനാലയങ്ങ...
കലാസാംസ്ക്കാരിക പ്രവർത്തനങ്ങളെ കുറിച്ചുള്ള കൂടുതൽ ...
നീതിന്യായ മേഖലകളെ കുറിച്ചുള്ള വിശദ വിവരങ്ങൾ
ചിത്ര -ശില്പകല രംഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ