ചിത്രകലാരംഗത്ത് തിരുവനന്തപുരത്തിന്റെ സംഭാവന മഹത്തരവും ആഗോളതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുള്ളതുമാണ്. കൈരളിയുടെ സംസ്കാരം തുടിച്ചു നില്ക്കുന്ന ധാരാളം ചുവര്‍ച്ചിത്രങ്ങള്‍ പുരാതന മന്ദിരങ്ങളുടെയും, രാജകൊട്ടാരങ്ങളുടെയും അലങ്കാരമായി ഇന്നും നിലനില്ക്കുന്നു. പ്രാചീന മനുഷ്യര്‍ നിവസിച്ചിരുന്ന ഗുഹകളിലെ കരിങ്കല്‍ ചുവരുകളില്‍ അതിപുരാതനമായ ഒരു സംസ്കാരത്തിന്റെ അവശിഷ്ടമെന്ന നിലയില്‍ ചില ചിത്രമെഴുത്തുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഹൈന്ദവ ദേവതകളുടെ രൂപങ്ങളാണ് ഇവയൊക്കെയെങ്കിലും ബുദ്ധമത സംസ്കാരവുമായി ഇവയില്‍ പലതും ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
18-ാം നൂറ്റാണ്ടിലെ ധാരാളം ചുവര്‍ച്ചിത്രങ്ങള്‍ ശ്രീ പത്മനാഭക്ഷേത്രത്തിന്റെ മനോഹാരിതയ്ക്ക് മകുടം ചാര്ത്തുന്നതായുണ്ട്. കോയിക്കല്കൊട്ടാരത്തിലെ ചുവര്‍ച്ചിത്രങ്ങള്‍ 16-ാം നൂറ്റാണ്ടിലേതാണ്. ലോകപ്രശസ്തചിത്രകാരന് രാജാരവിവര്‍മ്മയുടെ ചിത്രങ്ങള്‍ ഇന്ത്യന്‍ ചിത്രകലാചരിത്രത്തിലെ സുപ്രധാനമായ ഏടാണ്. അദ്ദേഹം ചിത്രകാരന്മാര്‍ക്കിടയിലെ രാജകുമാരനും, രാജകുമാരന്മാര്ക്കിടയിലെ ചിത്രകാരനുമായിരുന്നു. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും ശ്രീചിത്ര ആര്‍ട്ട് ഗ്യാലറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ശിലയില്‍ തീര്‍ത്ത കലാവിരുതുകള്‍കൊണ്ട് അനുഗ്രഹീതമാണ് അനന്തപുരി. ശില്പകലാ പാരമ്പര്യത്തിന്റെ മകുടോദാഹരണമാണ് ശ്രീ പത്മനാഭ ക്ഷേത്രവും അതിലെ ശില്പഭംഗിയാര്ന്ന നിര്‍മ്മിതികളും. മനോഹരമായ ദാരുശില്പനിര്മ്മിതികള് കൊണ്ടു നിറഞ്ഞതാണ് അനന്തപുരിയിലെ കുതിരമാളികയും മറ്റനേകം കൊട്ടാരങ്ങളും.
ചിത്രമെഴുത്ത് കോയിത്തമ്പുരാന്‍ എന്ന പേരില്‍ വിശ്വവിഖ്യാതിയാര്‍ജ്ജിച്ച രാജാരവി വര്‍മ്മ (1848-1906), കിളിമാനൂര്‍ രാജകുടുംബാംഗമായിരുന്നു. ജന്മസിദ്ധമായ വാസനയും നിരന്തരമായ അഭ്യാസവും കൊണ്ട് വളരെ വേഗം അദ്ദേഹം ഭാരതീയ ചിത്രകാരന്മാരുടെ മുന്‍നിരയിലേക്ക് കയറിച്ചെല്ലാന്‍ തക്ക പ്രാഗത്ഭ്യം നേടി. അതിപ്രശസ്ത പാരമ്പര്യമുള്ള രാജകുടുംബത്തില്‍ ജനിച്ച രാജാരവിവര്‍മ്മ അമ്മാവനില്‍ നിന്നു തന്നെയാണ് ചിത്രരചനയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. രവിവര്‍മ്മയില്‍ മൊട്ടിട്ട് നിന്ന കലാഭിരുചി വേണ്ടത്ര ഗ്രഹിച്ച ആയില്യം തിരുനാള്‍ മാഹാരാജാവാണ് ആവശ്യമായ പ്രോത്സാഹനം നല്‍കിയത്. തിയഡോര്‍ജെന്‍സണ്‍ എന്ന പ്രസിദ്ധ ഡച്ച് എണ്ണച്ചായാ ചിത്രകാരന്റെ മാര്‍ഗ്ഗദര്‍ശിത്വം കൂടിയായപ്പോള്‍ രവിവര്‍മ്മ ആ രംഗത്തും അസാധാരണ പ്രാഗല്ഭ്യം ആര്‍ജ്ജിച്ചു. രവിവര്‍മ്മച്ചിത്രങ്ങള്‍ മദിരാശിയിലും, വിയന്നയിലും നടന്ന ചിത്രകലാ മത്സരങ്ങളില്‍ സമ്മാനാര്‍ഹമായതോടെ രവിവര്‍മ്മ ലോക പ്രശസ്തിയാര്‍ജ്ജിച്ചു. രവിവര്‍മ്മയുടെ രചനകള്‍ക്ക് തിരുവനന്തപുരം ചിത്രാലയത്തില്‍ അര്‍ഹമായ സ്ഥാനം നല്കി ഇന്നും ആദരിക്കുന്നു. ഭാരതീയ ചിത്രകലയെ പാശ്ചാത്യവല്‍ക്കരിച്ചത് രാജാരവിവര്മ്മയാണ്.
1937 ജൂലൈ 25 നാണ് കാനായി കുഞ്ഞിരാമന് ജനിച്ചത്. അറുപതുകളുടെ ഒടുവില്‍ മലമ്പുഴ ഉദ്യാനത്തില്‍ മുതലയും, നന്ദിയും, യക്ഷിയും ഉയര്‍ന്നതോടെയാണ് കാനായി കുഞ്ഞിരാമന് എന്ന കലാകാരന് ശ്രദ്ധേയനായത്. എറണാകുളത്തെ ജി.സി.ഡി.എ വളപ്പിലും, അമ്പലമേട്ടിലും, കാനായി കുഞ്ഞിരാമന് നിര്‍മ്മിച്ച ശില്പങ്ങള് ഉല്കൃഷ്ടങ്ങളായിരുന്നു. തിരുവനന്തപുരത്തെ ഫൈന്‍ ആര്‍ട്സ് കോളേജില്‍ അദ്ധ്യാപനം തുടരവേ തന്നെ മൂര്ത്താവമൂര്ത്തശില്പങ്ങള് നിര്‍മ്മിക്കുന്നതിലും ശ്രദ്ധാലുവായിരുന്നു. വി.ജെ.ടി ഹാളിനു മുന്നിലെ പട്ടം താണുപിള്ള പ്രതിമയും മസ്ക്കറ്റ് സ്ക്വയറിലെ സുഭാഷ് ചന്ദ്രബോസ് പ്രതിമയും, വേളിയിലേയും ശംഖുമുഖത്തേയും ലാന്‍ഡ് സ്ക്കേപിംഗും കാനായിയുടെ കരവിരുതാണ്.
അനുഗ്രഹീത കലാകാരനായ ആര്‍ട്ടിസ്റ്റ് ഗോപാലന് അറുപതുകളില്‍ ബിമല്‍ മിത്രയുടെ “വിലയ്ക്കു വാങ്ങാം” എന്ന പ്രശസ്ത നോവലിലെ ദീപാങ്കുരന്, ലക്ഷ്മിയേടത്തി തുടങ്ങിയ കഥാപാത്രങ്ങളെ തന്റെ തൂലികാ ചലനത്തിലൂടെ സഹൃദയ ഹൃദയങ്ങളില്‍ പ്രതിഫലിപ്പിച്ചതോടെ ആ രംഗത്ത് തികഞ്ഞ ബഹുമതിക്കര്‍ഹനായി. “മാലി ഭാരത”ത്തിലെ ഒരു രംഗമാണ് ആദ്യം പ്രസിദ്ധീകൃതമായത്. കേരള ശബ്ദം, കുങ്കുമം, മലയാളനാട്, ചിത്രകാര്‍ത്തിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ശീര്‍ഷകങ്ങള്‍ ഗോപാലന് എഴുതിയിരുന്നു. 1965 ല്‍ ജനയുഗം വാരികയുടെ ചിത്രകാരനായി ചേര്‍ന്നു. ചലച്ചിത്ര രംഗത്തും ഗോപാലന് തന്റെ കലാവിരുത് പ്രകടമാക്കിയിട്ടുണ്ട്. തുലാഭാരം, നദി, നിഴലാട്ടം തുടങ്ങി ആദ്യകാല ചിത്രങ്ങളുടെ പരസ്യകല നിര്‍വ്വഹിച്ചതും ഗോപാലനാണ്. കുട്ടികളുടെ മാസികയായ “തത്തമ്മ”യുടെ ആര്‍ട്ട് എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1987 ലാണ് ഒരു സംഘം യുവാക്കളായ ചിത്രകാരന്മാരുടേയും ശില്പികളുടേയും ശ്രമഫലമായി റാഡിക്കല്‍ ഗ്രൂപ്പ് രൂപം കൊള്ളുന്നത്. 1970-കളിലെ കേരളത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവും ബൌദ്ധികവും വിപ്ളവപരവുമായ പശ്ചാത്തലത്തില്‍ ബാല്യവും, കൌമാരവും, യൌവ്വനവും, ഇഴചേര്‍ന്നുകിടക്കുന്ന ഒരു തലമുറയില്‍ നിന്നും വന്ന 20 ചെറുപ്പക്കാരായ ചിത്രകാരന്മാരും, ശില്പികളും തിരുവനന്തപുരത്തെ ഫൈന്‍ ആര്‍ട്സ് കോളേജില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കി തിളയ്ക്കുന്ന ചിന്തകളുമായി “ഇന്ത്യന്‍ റാഡിക്കല്‍ പെയിന്റേഴ്സ് ആന്‍ഡ് സ്കള്‍പ്ടേഴ്സ് അസോസിയേഷന്” എന്ന റാഡിക്കല്‍ ഗ്രൂപ്പ് രൂപീകരിച്ചു. കൃഷ്ണകുമാര്‍, രഘുനാഥന്.കെ, അലക്സ് മാത്യു, പ്രഭാകരന്, ജ്യോതി ബസു, പുഷ്കിന് തുടങ്ങി പ്രമുഖരായ ഒരുപറ്റം ചിത്രകാരന്മാരും ശില്പികളുമായിരുന്നു അരങ്ങിലും അണിയറയിലും. റാഡിക്കല്‍ ഗ്രൂപ്പ് മുന്നോട്ട് വച്ച ആശയങ്ങള്‍ ഇന്ത്യന്‍ ചിത്രശില്പകലാ രംഗത്ത് പുത്തന്‍ വിപ്ളവത്തിന് നാന്ദി കുറിച്ചു. റാഡിക്കല്‍ ഗ്രൂപ്പിന് മുന്‍പും, പിന്‍പും എന്ന് ആധുനിക കലാചരിത്ര കാലഘട്ടത്തെ രണ്ടായി പകുത്തുമാറ്റുന്നതിന് ഇത് കാരണമായി. കല ജന്മസിദ്ധം മാത്രമല്ല എന്നും അതിന് സാമൂഹ്യവും, രാഷ്ട്രീയവും, മാനുഷികവുമായ ഒരു തലവും കാരണവും കൂടിയുണ്ടെന്നും ലോകത്തെവിടെയുമുള്ള കലാകാരന്മാരെപ്പോലെ തന്നെയാണ് ഇന്ത്യയിലുമുള്ള കലാകാരന്മാരെന്നും നമ്മുടെ പരിമിതികള്‍ അതിന് ഒരു തടസ്സമല്ലെന്നുമുള്ള വിപ്ളവപ്രഖ്യാപനവും ഒപ്പം അതിനു വേണ്ടിയുള്ള കേരളത്തിന്റെ തയ്യാറെടുപ്പുമായിരുന്നു റാഡിക്കല്‍ ഗ്രൂപ്പ്. ഇന്ത്യന്‍ കലാരംഗത്ത് ജ്വലിക്കുന്ന ഒരു അദ്ധ്യായമായി ദീര്‍ഘകാലം നിലനില്ക്കേണ്ടിയിരുന്ന റാഡിക്കല്‍ ഗ്രൂപ്പ്, ഗ്രൂപ്പിനെ മുന്നില്‍ നിന്ന് നയിച്ച കൃഷ്ണകുമാറിന്റെ ആത്മഹത്യയോടെ ഗ്രൂപ്പ് എന്ന നിലയില്‍ ശിഥിലമായിപ്പോവുകയുണ്ടായി. റാഡിക്കല്‍ ഗ്രൂപ്പിലുണ്ടായിരുന്ന പലരും ഇന്ന് ആഗോളപ്രശസ്തിയാര്‍ജ്ജിച്ച കലാകാരന്മാരായി വളര്‍ന്ന് കഴിഞ്ഞു. റാഡിക്കല്‍ ഗ്രൂപ്പിനെപ്പറ്റിയും അത് മുന്നോട്ട് വച്ച ആശയങ്ങളേയും പറ്റി ഇന്ത്യയിലെ പല കലാപഠന യൂണിവേഴ്സിറ്റികളിലും (ശാന്തിനികേതന്‍, ബറോഡ എം.എസ് യൂണിവേഴ്സിറ്റി തുടങ്ങിയവ) പാഠ്യവിഷയമാണ്. അന്നുവരെ കലയിലുണ്ടായിരുന്ന പരമ്പരാഗത കാഴ്ചപ്പാടുകളില്‍ പലതിലും മാറ്റമുണ്ടാക്കുന്ന ഒരു തുടക്കമായിരുന്നു റാഡിക്കല്‍ ഗ്രൂപ്പ്. ഇന്നും കൃഷ്ണകുമാറിനെ അനുസ്മരിക്കുന്ന ചടങ്ങുകള്‍ ഇന്ത്യയിലെ പ്രമുഖ ആര്ട്സെന്ററുകളില് നടത്തപ്പെടാറുണ്ട്.
ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ നാമം അനുസ്മരിപ്പിക്കുന്ന പ്രമുഖ ആര്‍ട്ട് ഗാലറിയാണ് ചിത്രാലയം. 1935-ലാണ് ചിത്രാലയം പ്രവര്‍ത്തനമാരംഭിച്ചത്. രവിവര്‍മ്മചിത്രങ്ങളും കിളിമാനൂര്‍ കൊട്ടാരത്തില്‍ നിന്നും കൊണ്ടുവന്ന നിരവധി ചിത്രങ്ങളും ചിത്രാലയത്തിനു പകിട്ടും മേന്മയും കൈവരുത്തി. റോയി ചൌധരി, ഉകില്‍ സഹോദരന്മാര്, അബിനീന്ദ്രനാഥ്, നന്ദലാല്‍ബോസ്, മാധവമേനോന് എന്നിവരുടെ ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കെ.സി.എസ്.പണിക്കര്‍, കെ.എച്ച്.ഹെബ്ബാര്‍ എന്നിവരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഏഷ്യയിലെ മികച്ച ചിത്രാലയങ്ങളില് ഒന്നെന്ന ബഹുമതിക്കര്ഹമാണ് ഇവിടത്തെ ചിത്രശാല. ചിത്രശാലാ പ്രവര്‍ത്തനം ആരംഭിച്ചകാലത്ത് അവിടെ പ്രവേശനത്തിന് രണ്ട് ചക്രം നല്‍കണമായിരുന്നു (ഇരുപത്തെട്ടര ചക്രം ഒരു ബ്രിട്ടീഷ് രൂപയായിരുന്ന കാലം). മ്യൂസിയം വളപ്പിനുള്ളിലെ ചിത്രാലയം അതിവിശിഷ്ടങ്ങളായ ചിത്രശേഖരങ്ങളുടെ വേദിയാക്കി മാറ്റുന്നതില്‍ മഹാരാജാവും സര് സി.പിയും വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. ചിത്രാലയം നിര്‍മ്മിക്കാന്‍ ശ്രീമൂലം തിരുനാള്‍ കല്പന പുറപ്പെടുവിച്ചു. ചിത്രകലയില്‍ അതീവതല്പരയായ അമ്മ മഹാറാണിയുടെ പ്രേരണയോടെ ശ്രീ ചിത്തിര തിരുനാള്‍ കാഴ്ചബംഗ്ളാവില്ത്തന്നെ പുതിയ മന്ദിരം പണിയിച്ചു.
കല്‍ക്കത്തായിലെ നാഷണല്‍ ഗ്യാലറിയോടു കിടപിടിക്കുന്ന നമ്മുടെ ചിത്രശാലയില്‍ വിശേഷപ്പെട്ട ഓടുകൊണ്ടു നിര്‍മ്മിച്ച ദേവീദേവന്മാരുടെ ചിത്രങ്ങള്‍, ചൈന, ജപ്പാന്, ടിബറ്റ് എന്നിവിടങ്ങളിലെ മനോഹരമായ പെയിന്റിംഗുകള്‍ രവിവര്‍മ്മയുടെയും റോറിച്ചിന്റെയും കലാസൃഷ്ടികള്‍ എന്നിവയെല്ലാം ആസ്വാദകരെ ആകര്‍ഷിച്ചു നിര്‍ത്താന്‍ പര്യാപ്തമാണ്. മ്യൂസിയം വളപ്പിനുള്ളിലാണ് ചിത്രാലയം. നഗരത്തിലെ പൊതുമേഖലയിലുള്ള സാംസ്കാരിക കലാകേന്ദ്രമായ വൈലോപ്പിള്ളി സംസ്കൃതി ഭവനോടനുബന്ധിച്ചാണ് മറ്റൊരു ആര്‍ട്ട്ഗാലറി പ്രവര്‍ത്തിക്കുന്നത്.
അവസാനം പരിഷ്കരിച്ചത് : 7/22/2020
ടൂറിസം ഡിപ്പാർട്ട്മെന്റിനെ കുറിച്ചുള്ള വിശദ വിവരങ്...
കലാസാംസ്ക്കാരിക പ്രവർത്തനങ്ങളെ കുറിച്ചുള്ള കൂടുതൽ ...
നീതിന്യായ മേഖലകളെ കുറിച്ചുള്ള വിശദ വിവരങ്ങൾ
ഗതാഗത സൗകര്യങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങൾ