കേരളത്തിന്റെ വാണിജ്യ തലസ്ഥാനവും, പ്രധാന പട്ടണവുമാണ് കൊച്ചി. അറബിക്കടലിന്റെ റാണിയെന്നറിയപ്പെടുന്ന കൊച്ചി ലോകത്തില്‍ പ്രകൃതിദത്ത തുറമുഖങ്ങളില്‍ ഒന്നാണ്. ഒരിക്കല്‍ അറബികള്‍ , ചൈനക്കാര്‍ , ഡച്ചുകാര്‍ , പോര്‍ച്ചുഗീസുകാര്‍ , ബ്രിട്ടീഷുകാര്‍ എന്നിവരുമായുള്ള വ്യാപാര-വാണിജ്യ ബന്ധങ്ങളാല്‍ സജീവമായിരുന്നു കൊച്ചി. ഇന്ന് ശതകോടികളുടെ വല്ലാര്‍പാടം പദ്ധതിയിലൂടെ ഇന്ത്യയിലെ പ്രമുഖ കണ്ടെയ്നര്‍ ടെര്‍മിനല്‍ തുറമുഖമായി മാറുകയാണ് കൊച്ചി. കൊച്ചിയുടെ മനോഹാരിത കണ്ടാസ്വദിക്കുവാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നും, മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി നിരവധി ആളുകള്‍ അനുദിനം എത്തിച്ചേരുന്നു.
1557-ല്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച കൊട്ടാരമാണിത്. കൊച്ചി മഹാരാജാവ് വീര കേരളവര്‍മ്മയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന് ഇത് സമ്മാനിച്ചു. ഡച്ചുകാര്‍ 1663-ല്‍ പുതുക്കിപണിതു. അന്നു മുതല്‍ ഇത് ഡച്ച് പാലസ് എന്നറിയപ്പെട്ടു തുടങ്ങി. രാമായണ മഹാഭാരത കഥകള്‍ ആലേഖനം ചെയ്തു പ്രതിഫലിപ്പിക്കുന്ന ദൃശ്യങ്ങളും ഹിന്ദുപുരാണ ദൃശ്യങ്ങളും വര്‍ണ്ണചിത്രങ്ങളും ചുമരുകളില്‍ കോറിയിട്ടിട്ടുണ്ട്. ഡച്ച്കാരുടെ കാലത്തെ കൊച്ചിയുടെ മാപ്പും, രാജകീയ പല്ലക്കുകളും, രാജകീയ കിരീട ധാരണത്തിനുപയോഗിക്കുന്ന വസ്ത്രങ്ങളും അക്കാലയളവിലെ ഫര്‍ണിച്ചറുകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. കൊട്ടാരത്തിന്റെ കമാനങ്ങളും വിശാലമായ ഹാളുകളും പാശ്ചാത്യ ശൈലിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഈടുറ്റ മരം കൊണ്ടുള്ള മച്ചുകളും അതില്‍ കൊത്തിയിരിക്കുന്ന വിവിധങ്ങളായ പുഷ്പങ്ങളുടെ ഘടനയും ആകര്‍ഷകമാണ്. ഈ ഇരുനില സൌധത്തിന്റെ വിവിധ മുറികളിലായി 1000 ചതുരശ്ര അടി വിസ്താരത്തില്‍ ചുമര് ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. കേരളത്തിലെ മറ്റ് ചുവര് ചിത്രങ്ങളില്‍ വെച്ച് ഓജസുറ്റതും ക്ലാസിക്കലും കാലപ്പഴക്കമുള്ളതുമാണ് കൊട്ടാരത്തിലെ ചിത്രങ്ങള്‍ . രാജഭരണ കാലത്തെ ആയുധങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കേരള പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ ഈ കൊട്ടാരം.
കേരളത്തിലെ ഒന്നര സഹസ്രാബ്ദത്തിലധികം പഴക്കമുള്ള ജുതചരിത്രം ഇവിടെ ഉറങ്ങിക്കിടക്കുന്നു. പൊളിഞ്ഞു വീഴാറായ മന്ദിരങ്ങള്‍ ഒരു കാലഘട്ടത്തിന്റെ സ്മാരകങ്ങളാണ്. കുടിയേറ്റവും കുടിയിറക്കവും കണ്ട മണ്ണിന്റെ നിശബ്ദ സാക്ഷികളാണ്. യഹൂദന്മാരുടെ കേരളവുമായുള്ള ബന്ധം എന്നുതുടങ്ങി എന്നതിന് വ്യക്തമായ ചരിത്ര തെളിവുകളില്ലെങ്കിലും നീതിമാനായ സോളമന് ചക്രവര്‍ത്തിയുടെ കപ്പലിലാണ് ആദ്യമായി ഒരു സംഘം ഇവിടെയെത്തിയതെന്ന് അനുമാനിക്കപ്പെടുന്നു. രണ്ടാംലോക യുദ്ധാനന്തരം 1948-ല്‍ ജുതന്മാര്‍ക്കായി ഇസ്രായേല്‍ രൂപം കൊണ്ടതോടെ യഹൂദര്‍ തങ്ങളുടെ മാതൃരാജ്യം തേടി യാത്ര തുടങ്ങി. ഇരുപതിനായിരത്തോളം ജുതന്മാര് അധിവസിച്ചിരുന്ന ഇവിടെ ഇപ്പോള്‍ അവശേഷിക്കുന്നത് വിരലിലെണ്ണാവുന്നവര്‍മാത്രം.
1568-ല്‍ നിര്‍മ്മിക്കപ്പെട്ട സിനഗോഗ് ഇന്ന് ലോകത്ത് നിലവിലുള്ള സിനഗോഗുകളില്‍ എറ്റവും പഴക്കംചെന്നതാണ്. 1662-ല്‍ പോര്‍ച്ചുഗീസ് ഷെല്ലാക്രമണത്തില്‍ ഗുരുതരമായ കേടുപാടുകള്‍ സുഭവിച്ചിരുന്നു. രണ്ടുവര്‍ഷത്തിനു ശേഷം ഡച്ചുകാര്‍ ഇത് പുതുക്കിപണിതു. 18-ാം നൂറ്റാണ്ടെന്ന് അനുമാനിക്കുന്നു. ഹാന്‍ഡ് പെയിന്റിംഗാണ് ഉപയോഗിച്ചിരിക്കുന്നത്. മനോഹരങ്ങളായ തറയോടുകള്‍ പാകിയിരിക്കുന്നു. ഹീബ്രു ശകലങ്ങള്‍ മാര്‍ബിളില്‍ കൊത്തിയതും, പഴയ നിയമ ചുരുളുകളും, ചെമ്പ് പ്ലേറ്റുകളിലെ പുരാണ രചനകളും സിനഗോഗിന്റെ മാത്രം പ്രത്യേകതകളാണ്. ഇപ്പോള്‍ ജൂതത്തെരുവിന്റെ വടക്കേയറ്റത്തുള്ള സിനഗോഗിന്റെ മുകളിലെ വൃത്ത ഘടികാരത്തില്‍ സമയ സൂചികള്‍ നിശ്ചലമാണ്. എങ്കിലും സമ്പന്നമായ ഓര്‍മ്മകളുടെ തിരുശേഷിപ്പായി നില്ക്കുന്ന ഈ ജുതപ്പള്ളിയില് ഇപ്പോഴും സന്ദര്‍ശകരുടെ തിരക്കാണ്.
മുളവുകാട് ദ്വീപിലാണ് ബോര്‍ഗാട്ടി പാലസ് സ്ഥിതിചെയ്യുന്നത്. പേരുപോലെ തന്നെ ആകര്‍ഷകമാണ് ബോര്‍ഗാട്ടി. ചെറു തുരുത്തുപോലുള്ള ബോര്‍ഗാട്ടി ദ്വീപിലെ മനോഹരമായ പാലസ് 1744-ല്‍ ഡച്ചുകാര്‍ നിര്‍മ്മിച്ചതാണ്. കൊച്ചിയുടെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ മനോഹര ദ്വീപ് സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ ഏറ്റവും മികച്ചതാണ്. ബോള്‍ഗാട്ടി ദ്വീപിലേക്ക് ജെട്ടിയില്‍ നിന്നും ബോട്ട് സര്‍വീസ് ലഭ്യമാണ്. കേരള ടുറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഒരു ഹോട്ടലും ഗോള്‍ഫ് കോഴ്സും പ്രത്യേകമായ ഹണിമൂണ്‍ കോട്ടേജുകളും ഇവിടെയുണ്ട്.
റോബര്‍ട്ട് ബ്രിസ്റ്റോയാണ് കൊച്ചി തുറമുഖത്തിന്റെ ശില്പി. അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണവും ഭാവനയും നിരവധി വര്‍ഷങ്ങളിലെ മനുഷ്യാധ്വാനത്തിലൂടെ പരിണമിച്ചപ്പേള്‍ രൂപം കൊണ്ടതാണ് വെല്ലിംഗ്ടണ്‍ ഐലന്റ്. മുന്‍ വൈസ്രോയിയാരുന്ന വെല്ലിംഗ്ടന്റെ സ്മരണ നിലനിര്‍ത്തുന്ന പേരാണ് ഇതിന്. ഇപ്പോള്‍ കൊച്ചിയുടെ തന്ത്രപ്രധാന ഭാഗമാണിത്. സതേണ്‍ നാവിക കമാന്‍ഡിന്റെയും പോര്‍ട്രസ്റ്റിന്റെയും ആസ്ഥാനം കൂടിയാണിവിടം. കൊച്ചിയിലെ പ്രധാന ഹോട്ടലുകളും വാണിജ്യ കേന്ദ്രങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. കായലും കരയും ഒത്തു ചേരുന്ന തീരങ്ങളിലൂടെയുള്ള യാത്ര സന്തോഷകരവും നയനാനന്ദകരവും ആരെയും ആകര്‍ഷിക്കുന്നതുമാണ്.
ചീനവലകള്‍ നിറഞ്ഞു നില്ക്കുന്ന ഫോര്‍ട്ടുകൊച്ചി ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങളുടെ സംഗമ ഭൂമിയാണ്. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യന്‍ ടൌണ്‍ഷിപ്പ് സ്ഥാപിച്ചത് ഇവിടെയാണ്. ഇപ്പോള്‍ കേരളത്തിലെ പ്രധാന മത്സ്യബന്ധന തുറമുഖമാണ്. ഇവിടെ നിന്നും കടല്‍ വഴി പുരാതന കാലത്ത് നടന്ന വ്യാപാരങ്ങളെപ്പറ്റി മധ്യകാലഘട്ടത്തിലെ ഇറ്റാലിയന്‍ സഞ്ചാരി നിക്കോളാസ് കോന്റി രേഖപ്പെടുത്തിയിട്ടുണ്ട്. ചൈനയായിരുന്നു മുഖ്യ വ്യാപാര പങ്കാളി. ഇപ്പോഴത്തെ ഫോര്‍ട്ടുകൊച്ചി രൂപപ്പെടുത്തിയെടുക്കുന്നതില്‍ പോര്‍ച്ചുഗീസുകാരും ഡച്ചുകാരും പിന്നീട് ബ്രിട്ടീഷുകാരും തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഈ സംസ്ക്കാരങ്ങളുടെ സമന്വയവും ഇന്തോ-യൂറോപ്യന്‍ കലകളുടെ കൂടിച്ചേരലിന്റെ ബാക്കി പത്രവും പലതുറകളിലും ഇവിടെ ഇന്നും ദൃശ്യമാണ്.
ഈ വശ്യസുന്ദരമായ മന്ദിരം 1862-ല്‍ നിര്‍മ്മിച്ചതാണ്. കോഫി കച്ചവടക്കാരായ പിയേഴ്സ് ലെസ്ലി കമ്പിനിയുടെ ഓഫീസായി ഈ മന്ദിരം ഉപയോഗിച്ചിരുന്നു. ഫോര്‍ട്ടുകൊച്ചിയിലെ കൊളോണിയല്‍ സംസ്ക്കാരത്തിന്റെ ഒരടയാളമാണിത്. പോര്‍ച്ചുഗീസ്, ഡച്ച് തദ്ദേശീയ ഇന്ത്യന്‍ സംസ്ക്കാരങ്ങളുടെ സ്വാധീനം വിളിച്ചോതുന്നു. വുഡ്പാനലുകള് പാകിയ മേല്‍ക്കൂരകളും ആര്‍ച്ച് രൂപത്തിലുള്ള ഇടവഴികളും കൊത്തുപണികളോടുകൂടിയ വാതിലുകളും സ്പ്രാളിങ്ങ് റൂമുകളും വെള്ളം ചിതറിത്തെറിക്കുന്ന വരാന്തകളുമാണ് ഇതിന്റെ പ്രധാന സവിശേഷതകള്‍
മറ്റൊരു പ്രൌഢ ഗംഭീര മന്ദിരമായ ഓള്‍ഡ് ഹാര്‍ബര്‍ ഹൌസ് 1808-ല്‍ നിര്‍മ്മിച്ചതാണ്. പ്രശസ്ത തേയില കമ്പനിയായ കാരിറ്റ് മോര്ഗന് കോര്‍പ്പറേഷന്റെ കൈവശമായിരുന്നു. ഇപ്പോളിത് അവരുടെ വസതിയായി ഉപയോഗിക്കുന്നു. പണ്ടിത് ഒരു ബോട്ട് ക്ലബ്ബായിരുന്നു.
1808-ല്‍ സ്ഥാപിക്കപ്പെട്ട ഈ ഹെറിറ്റേഡ് ബംഗ്ലാവ് ഒരിക്കല്‍ വെയര്‍ ഹൌസ് ആയി ഉപയോഗിച്ചിരുന്നു. ഇപ്പോഴിവിടെ ഒരു ഹൈസ്ക്കുള് പ്രവര്‍ത്തിക്കുന്നു.
കൊച്ചിന് ഇലക്ട്രിക് കമ്പനിയിലെ സാമുവല്‍ എസ് കോഡര്‍ 1808-ല്‍ നിര്‍മ്മിച്ചതാണ് ശ്രദ്ധേയമായ ഈ മന്ദിരം. കൊളോണിയല്‍ സംസ്ക്കാരത്തില്‍ നിന്നും ഇന്തോ-യൂറോപ്യന്‍ സമന്വയത്തിലുള്ള വാസ്തു ശില്പമാതൃകയിലേയ്ക്കുള്ള വരാന്തസീറ്റുകള് , ചെസ് ബോര്‍ഡിന്റെ ആകൃതിയില്‍ നിലത്ത് പാകിയ ടൈല്‍സുകള്‍ , മുന്‍വശത്തുള്ള ചുവന്ന നിറമുള്ള ഇഷ്ടികകള്‍ , ഈടുറ്റ മരം കൊണ്ടുള്ള ഫര്‍ണിച്ചറുകള്‍ , തെരുവുമായി ബംഗ്ലാവിനെ ബന്ധിപ്പിക്കുന്ന പ്രത്യേക ഘടനയിലുള്ള മരപ്പാലം എന്നിവ ഈ മണിമന്ദിരത്തിന്റെ അതുല്യമായ സവിശേഷതകളാണ്.
പോര്‍ട്ടുഗീസുകാരാണ് ചരിത്ര പ്രസിദ്ധമായ ഈ പള്ളി നിര്‍മ്മിച്ചത്. 1558-ല്‍ പോപ്പ് പോള്‍ നാലാമന് ഈ പള്ളിയെ ഒരു ബസലിക്കയാക്കി ഉയര്‍ത്തി. ബ്രിട്ടീഷുകാര്‍ കൊച്ചിയില്‍ ആധിപത്യം പുലര്‍ത്തിയപ്പോള്‍ ഈ ബസലിക്ക അവരുടെ കൈവശമാവുകയും 1795-ല്‍ അവരിതിനെ പൊളിച്ചുമാറ്റുകയും ചെയ്തു. 1887-ല്‍ ബിഷപ്പ് ഡോം ഗോമസ് ഫെറീറ ഒരു പുതിയ കെട്ടിടം ഈ സ്ഥാനത്ത് പണി കഴിപ്പിച്ചു. ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ 1984-ല്‍ ഈ പള്ളിയെ ഒരു ബസലിക്കയായി പ്രഖ്യാപിച്ചു.
ഫോര്‍ട്ടുകൊച്ചിയില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ തെരുവുകളിലൊന്നാണിത്. പ്രിന്‍സ് സ്ട്രീറ്റ് എന്നും ഇത് അറിയപ്പെടുന്നു. യൂറോപ്യന്‍ ശൈലിയിലുള്ള റസിഡന്‍സുകള്‍ കൊണ്ട് ഇപ്പോഴും അതിന്റെ പഴമയും തനിമയും നിലനിര്‍ത്തുന്നു. ഈ തെരുവിന്റെ ഏറ്റവും നല്ല കാഴ്ച ലോഫേര്‍സ് കോര്‍ണറില്‍ നിന്നുമാണ് കിട്ടുക. പഴയകാലത്ത് സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ പതിവായി ആളുകള്‍ ഒത്തുകൂടി നര്‍മ്മഭാഷണങ്ങള്‍ നടത്തിയിരുന്നതില്‍ നിന്നുമാണ് ലോഫേര്‍സ് കോര്‍ണര്‍ എന്ന പേരു വീണുകിട്ടിയത്.
വാസ്കോഡ ഗാമയുടെ വസതിയായിരുന്നു എന്ന് കരുതുന്ന ഈ മന്ദിരം കൊച്ചിയിലെ പോര്‍ച്ചുഗീസുകാരുടെ നിര്‍മ്മിതികളില്‍ ഏറ്റവും പഴക്കം ചെന്നതാണ്. 16-ാം ശതകത്തിന്റെ തുടക്കത്തില്‍ നിര്‍മ്മിച്ചതാണ്. പരമ്പരാഗത യൂറോപ്യന്‍ ഗ്ലാസ് കൊണ്ടുള്ള ജനലുകളും ബാല്‍ക്കണിയോടു ചേര്‍ന്നുള്ള വരാന്തകളും ഇതിന്റെ സവിശേഷകളാണ്.
നാല് ഏക്കറുള്ള പരേഡ് ഗ്രൌണ്ട് പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷുകാര്‍ മിലിറ്ററി പരേഡ് നടത്തിയ സ്ഥലമായിരുന്നു. മിലിറ്ററി പരിശീലനത്തിനും ഈ ഗ്രൌണ്ട് ഉപയോഗിച്ചിരുന്നു. ചുറ്റുമുള്ള കെട്ടിടങ്ങള്‍ അവരുടെ പ്രതിരോധ സ്ഥാപനങ്ങളായിരുന്നു. ഇന്ന് ഫോര്‍ട്ടുകൊച്ചിയിലെ വിശാലമായ സ്പോര്‍ട്സ് ഗ്രൌണ്ടുകളിലൊന്നാണിത്.
മലബാര്‍ തീരത്തേക്കുവന്ന ആദ്യ സന്ദര്‍ശകര്‍ ഉപയോഗിച്ചിരുന്ന വലിയ മീന്‍പിടുത്ത നെറ്റുകളിലൊന്നാണിത്. ഏ.ഡി 1350നും-1450നും ഇടയില്‍ ഇവിടെയെത്തിയ, കുബ്ലെഖന്‍ രാജാവിന്റെ വ്യാപാരികള്‍ ഈ നെറ്റ് ഉപയോഗിച്ചിരുന്നു. തേക്ക് മരത്തിലും മുള തുണ്ടുകളിലുമായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ബീച്ചിനരികിലുള്ള വാസ്കോഡ ഗാമ സ്ക്വയറില്‍ നിന്നു നിരീക്ഷിച്ചാല്‍ ഈ നെറ്റ് താഴ്ന്നു പോകുന്നതും മീന്‍പിടിക്കുന്നതും കാണാം. രുചികരമായ കടല്‍ വിഭവങ്ങളും ഇളനീരും ലഭിക്കുന്ന ഈ സ്ഥലം സഞ്ചാരികളുടെ കണ്ണും മനവും കവരുന്നതാണ്.
ഒരിക്കല്‍ കൊച്ചിയിലെ ബ്രിട്ടീഷുകാരുടെ നാല് എലൈറ്റ് ക്ലബുകളിലൊന്നായിരുന്നു ഇത്. 1907 മുതല്‍ കുറച്ചുകാലം ഫോര്‍ട്ടുകൊച്ചി മുനിസിപ്പാലിറ്റിയുടെ ഓഫീസ് ആയും ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ഈ മന്ദിരം പകല്‍ സെന്റ് ഫ്രാന്‍സിസ് പ്രൈമറി സ്ക്കുളിന്റെ ക്ലാസ്മുറിയായും സായാഹ്നങ്ങളില്‍ മെമ്പര്‍മാരുടെ ക്ലബായും ഉപയോഗിക്കുന്നു.
പോര്‍ച്ചുഗലിലെ ചക്രവര്‍ത്തിയായ ഇമ്മാനുവേലിന്റെ പേരിലുള്ള ഈ കോട്ട കൊച്ചി മാഹാരാജാവും പോര്‍ച്ചുഗല്‍ ചക്രവര്‍ത്തിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ മുന്‍നിര്‍ത്തി നിര്‍മ്മിച്ചതാണ്. 1503-ല്‍ നിര്‍മ്മിക്കപ്പെട്ട ഇത് 1538-ല്‍ നവീകരിച്ചു. 1800-കള്‍ ആകുമ്പോഴേയ്ക്കും ഡച്ചുകാരും പിന്നീട് ബ്രിട്ടീഷുകാരും ഈ കോട്ടയുടെ എല്ലാ ചുമരുകളും തകര്‍ത്തു. ഇന്ന് ബീച്ചിലൂടെ നടന്നുപോകുമ്പോള്‍ ഈ ചരിത്ര സ്മാരകത്തിന്റെ അവശിഷ്ട ഭാഗങ്ങള്‍ കാണാം.
പ്രൌഢ ഗംഭീരമായ ഈ മന്ദിരം കൊളോണിയല്‍ കാലഘട്ടത്തിന്റെ പ്രതിഫലനമാണ്. ഗെല്ഡര്ലാന്റ് കോട്ടയോടു ചേര്‍ന്നാണ് ഇത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. മുമ്പ് കുനല്‍ ബംഗ്ലാവെന്നും ഹില്‍ ബംഗ്ലാവെന്നും അറിയപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നാഷണല്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ മാനേജര്‍മാരുടെ വസതിയായിരുന്നു. പ്രമുഖ തേയില വ്യവസായിയായ രാം ബഹാദുര്‍ താക്കൂര്‍ കമ്പനിയുടെ കൈകളിലാണ് ഇന്ന് ഈ ബംഗ്ലാവ്.
1695-ല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി നിര്‍മ്മിച്ചു. പിന്നീട് ഒരു ജൂത വ്യാപാരിയായ ഡേവിഡ് കോഡര്‍ എന്നയാള്‍ കൈവശപ്പെടുത്തി. ഇപ്പോള്‍ ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. മലബാര്‍ തീരത്തെ സസ്യങ്ങളെപ്പറ്റി ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന അമൂല്യ ഗ്രന്ഥം രചിച്ച ഡച്ച് കമാണ്ടര്‍ വാന്റഡുമായി ബന്ധപ്പെട്ടാണ് ഈ ബംഗ്ലാവ് പ്രശസ്തമായത്.
പരേഡ് ഗ്രൌണ്ടിനു മുന്‍വശമുള്ള ഈ വലിയ തടി ഗെയ്റ്റ് ഒരിക്കല്‍ ഇവിടെ ആദിപത്യം പുലര്‍ത്തിയ ഡച്ച് ഇന്ത്യാ കമ്പനിയുടെ മോണോഗ്രാം മുദ്ര കുത്തിവെച്ചതാണ് .1740-ലാണ് നിര്‍മ്മിച്ചത്.
മികച്ച രീതിയില്‍ ഒരുക്കിയിട്ടുള്ള ലൈബ്രറി, സ്പോര്‍ട്സ് ട്രോഫികളുടെ അതുല്യ ശേഖരം എന്നിവയുള്ള കൊച്ചിന് ക്ലബ് വളരെ മനോഹരമായ പാര്‍ക്കിലാണ് സ്ഥിതിചെയ്യുന്നത്. 1900 കാലഘട്ടത്തില്‍ ഈ ക്ലബ് രുപം കൊള്ളുമ്പോള്‍ ഇവിടേക്കുള്ള പ്രവേശനം ബ്രിട്ടീഷുകാരായ പുരുഷന്മാര്ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇന്നും ചിലകാര്യങ്ങളില്‍ പരമ്പരാഗത ഇംഗ്ലീഷ് സംസ്ക്കാരത്തോട് ചായ്പ് പുലര്‍ത്തുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്കും മെമ്പര്‍ഷിപ്പ് നല്‍കുന്നുണ്ട്. അതി വിചിത്രമെന്നു പറയട്ടെ മദ്യപാനം കര്‍ശനമായി നിരോധിച്ചിട്ടുണ്ടിവിടെ.
പോര്‍ച്ചുഗീസു ഗവര്‍ണറുടെ വസതിയായി 1506-ല്‍ നിര്‍മ്മിച്ചതാണ് ബിഷപ്പ് ഹൌസ്. പിന്നീട് കൊച്ചിന് രൂപതയുടെ 27-ാം ബിഷപ്പ് ടോം ജോസ് ഗോമസ് ഫെരേര ഇവിടെ താമസിച്ചിരുന്നു. ഇന്ത്യയ്ക്കു പുറമെ ബര്‍മ്മ, മലയ, സിലോണ്‍ എന്നിവിടങ്ങളിലൊക്കെ പ്രശസ്ത സേവനം അനുഷ്ഠിച്ച അദ്ദേഹത്തോടുള്ള ആദരവ് നിലനിര്‍ത്തിയാണ് ബിഷപ്പ് ഹൌസ് എന്ന് ഈ ബംഗ്ലാവിനെ വിളിച്ചു പോരുന്നത്. പരേഡ് ഗ്രൌണ്ടിനടുത്തുള്ള ചെറിയ കുന്നിന് ചെരുവിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മുന്‍വശത്ത് വലിയ ഗോത്തിക്ക് ആര്‍ച്ചും പ്രധാന പ്രവേശനകവാടം വരെ നീളുന്ന വൃത്താകൃതിയിലുള്ള കമനീയമായ പുന്തോട്ടവുമുണ്ട്.
ഇന്തോ-യുറോപ്യന്‍ മാതൃകയില്‍ നിര്‍മ്മിച്ച ബംഗ്ലാവാണിത്. വൃത്താകൃതിയില്‍ കോട്ട കൊത്തളത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ഈ കെട്ടിടത്തിന്റെ ടൈലുകള്‍ പതിച്ച മേല്‍ക്കൂരയും ഒന്നാം നിലയുടെ മുന്‍ഭാഗത്ത് തടികൊണ്ടു നിര്‍മ്മിച്ച വരാന്തയും ഉണ്ട്. ആരും കാണാത്ത രീതിയില്‍ നിര്‍മ്മിച്ച രഹസ്യ തുരങ്കങ്ങളുടെ ഒരു ശൃംഖല ഇതിനടിയിലുണ്ടെന്നാണ് പറഞ്ഞുപോരുന്നത്. ഇന്ന് ഈ ബംഗ്ലാവ് സബ് കളക്ടറുടെ ഔദോഗിക വസതിയാണ്.
സാമ്രാജ്യ മോഹവുമായി കോളനികള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യമേറ്റെടുത്ത് സ്വന്തം നാടുപേക്ഷിക്കുകയും കൊച്ചിയുടെ ചരിത്രത്തെ മാറ്റിത്തീര്‍ക്കുകയും ചെയ്ത നൂറുകണക്കിന് യൂറോപ്യന്മാരുടെ ശവകുടീരങ്ങള്‍ ഇവിടെയുണ്ട്. 1724-ല്‍ നിര്‍മ്മിച്ച ഈ സെമിത്തേരി ഇന്ന് ചര്‍ച്ച് ഓഫ് സൌത്ത് ഇന്ത്യ (സി.എസ്.ഐ)യുടെ കീഴിലാണ്.
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യന്‍ പള്ളിയാണിത്. 1503-ല്‍ പോര്‍ച്ചുഗീസുകാരായ ഫ്രാന്‍സിസ്കന്‍ സന്യാസിമാരാണ് ഇത് നിര്‍മ്മിച്ചത്. മരം കൊണ്ടു നിര്‍മ്മിച്ചിരുന്ന ഈ പള്ളി പിന്നീടാണ് കല്ലുകളുപയോഗിച്ച് പുതുക്കിപ്പണിതത്. 1779-ല്‍ ഡച്ചു പ്രൊട്ടസ്റ്റന്റുകള്‍ ഇതിനെ നവീകരിച്ചു. ബ്രിട്ടീഷുകാര്‍ 1795-ല്‍ ആംഗ്ലിക്കന്‍ ചര്‍ച്ചാക്കി മാറ്റിയ ഈ പള്ളി ഇപ്പോള്‍ ചര്‍ച്ച് ഓഫ് സൌത്ത് ഇന്ത്യയുടെ കീഴിലാണ്. 1524-ല്‍ വാസ്കോഡഗാമ അന്തരിച്ചപ്പോള്‍ ഇവിടെയാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. ഭൌതികാവശിഷ്ടം പിന്നീട് പോര്‍ച്ചുഗലിലെ ലിസ്ബണിലേക്ക് കൊണ്ടുപോയെങ്കിലും ശവകുടീരം ഇപ്പോഴും ഇവിടെയുണ്ട്.
നഗരത്തിലെ തിരക്കുകള്‍ക്കിടയിലെ ആശ്വാസ തീരമാണ് മറൈന്‍ ഡ്രൈവ്. കായല്‍ക്കാറ്റേറ്റ് കായലോളങ്ങളുടെ സൌന്ദര്യവും സൂര്യാസ്തമയവും കണ്‍കുളിര്‍ക്കെ കണ്ട് മ്യൂസിക്കല്‍ വാക്ക്വേയിലൂടെയുള്ള സായാഹ്ന സവാരി ആസ്വാദകരം തന്നെയാണ്. സഞ്ചാരികള്‍ക്കായി കായലിലൂടെ ബോട്ട് സര്‍വ്വീസുകളും ഉണ്ട്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളുമായി കാത്തിരിക്കുന്ന ജി.സി.ഡി.എ ഷോപ്പിങ്ങ് കോംപ്ലക്സില്‍ നിന്നും എന്തും ഷോപ്പിങ്ങ് നടത്താം. കായല്‍ കുറേ സ്ഥലം കരയോട് ചേര്‍ത്ത് രൂപപ്പെടുത്തിയെടുത്തതാണ് മറൈന്‍ ഡ്രൈവ്.
ഏഷ്യയിലെ ഏറ്റവും ഉയരം കുടിയ ഈ ലൈറ്റ് ഹൌസ് വൈപ്പിന്‍ കരയിലെ പുതുവൈപ്പിനിലാണ്. 150 അടിയാണ് ഉയരം. 1979-ല്‍ സ്ഥാപിതമായി. കൊച്ചിവഴി പോകുന്ന കൂറ്റന്‍ കപ്പലുകള്‍ക്കും മത്സ്യബന്ധന ബോട്ടുകള്‍ക്കും ചെറുതോണികള്‍ക്കും ലൈറ്റ് ഹൌസ് സഹായകമാണ്. ലൈറ്റ് ഹൌസിനോടനുബന്ധിച്ചുള്ള ഇലക്ട്രോണിക്ക് സംവിധാനം വഴി കപ്പലുകളുടെ ഗതിയും ദിശയും നിര്‍ണ്ണയിക്കാനാകും. പകല്‍ സമയം ലൈറ്റ് ഹൌസ് സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുവാദമുണ്ട്.
കേരളചരിത്രത്തെ ശബ്ദവും രൂപവും നല്കി അവതരിപ്പിക്കുന്ന ഇടപ്പള്ളി ചരിത്ര മ്യൂസിയം ഒരു ആകര്‍ഷണ കേന്ദ്രമാണ്. 90-ഓളം പ്രതിമകളുടെ നിയോലിത്തിക്ക് മുതല്‍ നവീനയുഗം വരെയുള്ള നിശ്ചലദൃശ്യം വഴി കേരളചരിത്രം അനാവരണം ചെയ്യപ്പെടുന്നു. ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോയും നടത്താറുണ്ട്. നാഷണല്‍ ഹൈവേയോട് ചേര്‍ന്ന് പച്ചപ്പു നിറഞ്ഞ കുളിര്‍മയിലാണ് മ്യൂസിയം ഓഫ് കേരള ഹിസ്റ്ററി സ്ഥിതി ചെയ്യുന്നത്. മ്യൂസിയത്തോട് ചേര്‍ന്ന് ആര്‍ട്ട് ഗ്യാലറിയും സ്ഥിതി ചെയ്യുന്നു. 1987-ലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ആര്‍ട്ട് ഗ്യാലറിയില്‍ ലോകപ്രശസ്ത കലാകാരന്മാരുടെ ചിത്രങ്ങളുടെ 200-ഓളം ഒറിജിനല്‍ വര്‍ക്കുള്ള സെന്റര്‍ ഫോര്‍ വിഷ്വല്‍ ആര്‍ട്സും ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാവകള്‍ ഉള്‍ക്കൊള്ളുന്ന ഡോള്‍ മ്യൂസിയവും സ്ഥിതിചെയ്യുന്നു. ഇന്ത്യന്‍ ചുവര് ചിത്രങ്ങളുടെ സമ്പന്ന പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന മാര്‍ഷല്‍ ആര്‍ട്ട്സ് ഗാലറി സമ്പന്നമായ കലാ പാരമ്പര്യത്തിന്റെ പ്രൌഢി വിളിച്ചോതുന്നു.
മലയാളത്തിന്റെ പ്രിയകവി ചങ്ങമ്പുഴയുടെ സ്മാരകമാണ് ഇടപ്പള്ളിയിലെ ചങ്ങമ്പുഴപാര്‍ക്ക്. 1998-ല്‍ നിലവില്‍ വന്നു. മഹാകവി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം മാര്‍ബിള്‍ പതിച്ച് ആകര്‍ഷകമാക്കിയിരിക്കുന്നു. ബോംബര്‍ വിമാനത്തിന്റെ മേല്ക്കൂരയോടുകൂടിയ ഓഡിറ്റോറിയവുമുണ്ട്. മഹാകവിയുടെ ഓര്‍മ്മകള്‍ മേയുന്ന അന്തരീക്ഷം സഞ്ചാരികളില്‍ നനവായി പടരുന്നു.
എറണാകുളം ഷണ്മുഖം റോഡില്‍ ബോട്ട് ജെട്ടിക്കു സമീപമാണ് കുട്ടികള്‍ക്കു മാത്രമായുള്ള പ്രിയദര്‍ശിനി പാര്‍ക്ക്. 1971-ല്‍ നിലവില്‍ വന്നു. കുട്ടികള്‍ക്കുള്ള ലൈബ്രറി, ടോയ്സ് മ്യുസിയം എന്നിവയുമുണ്ട്. കുട്ടികള്‍ക്കുള്ള ചെറിയ മത്സരങ്ങളും റോളര്‍ സ്കേറ്റിങ്ങ് പോലുള്ള കായിക പരിശീലനവും ഇവിടെ നടക്കാറുണ്ട്.
ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി 2005-ല്‍ ഉയര്‍ത്തപ്പെട്ട വല്ലാര്‍പാടം പള്ളി ഇപ്പോള്‍ വല്ലാര്‍പാടം ബസലിക്കയാണ്. ദിവ്യാനുഗ്രഹ ശക്തിചൊരിയുന്ന വല്ലാര്‍പാടത്തമ്മയുടെ ദര്‍ശനം തേടി നിരവധി വിശ്വാസികള്‍ വന്നണയാറുണ്ട്. ഗോശ്രീപാലങ്ങള്‍ കടന്നാല്‍ വല്ലാര്‍പാടം പള്ളിയായി.
കൊച്ചി നഗരത്തിന്റെ തിരക്കുകള്‍ക്കിടയിലെ അഭയ കേന്ദ്രമായ പച്ചപ്പിന്റെ ചെറുതുരുത്താണിവിടം. കണ്ടല്‍ക്കാടുകളും വലിയമരങ്ങളും ഇടതൂര്‍ന്ന് നില്ക്കുന്ന ഒരു ചെറു ജൈവ ആവാസ വ്യവസ്ഥ ഹൈക്കോര്ട്ടിനടുത്താണ് മംഗളവനം. ദേശാടന പക്ഷികള്‍ കൂട്ടത്തോടെ വന്നണയാറുണ്ടിവിടെ. ചുട്ടുപൊള്ളുന്ന നട്ടുച്ചയിലും തണുപ്പിന്റെ കുളിരുമായ് നില്ക്കുന്ന മംഗളവനം നഗരത്തിരക്കിലെ ഗ്രാമീണതയുടെ മനോഹാരിതയാണ്.
തൃപ്പൂണിത്തുറ കൊച്ചിയില്‍ നിന്നും 10 കി.മീ ദൂരം. 1865-ല്‍ നിര്‍മ്മിച്ചതാണ്. കൊച്ചി രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു. കേരളത്തിന്റെ പരമ്പരാഗത ശില്പകലാ ചാരുതയില്‍ തീര്‍ത്ത 49 മന്ദിരങ്ങളും ഒരു കമനീയമായ പാര്‍ക്കും ചേര്‍ന്ന 52 ഏക്കര്‍ ഭൂമിയാണിത്. പുരാവസ്തു മ്യൂസിയവും നാടന്‍ കലാവിരുന്നുകളുടെ ശേഖരവും ഏറെ ആകര്‍ഷകമാണ്. ഉള്ളിലെ 13 ഗ്യാലറികള്‍ ഓയില്‍ പെയിന്റിങ്ങുകളും കല്ലിലും പ്ലാസ്റ്റര്‍ ഓഫ് പാരീസിലും തീര്‍ത്ത ദാരുശില്പങ്ങളും കൈയെഴുത്തു പ്രതികളും രാജകീയ നാണയങ്ങളും കല്ലില്‍ ചിത്രപ്പണികളും നിറഞ്ഞതാണ്.
ഇന്ത്യയിലെ തന്നെ പ്രഥമ സ്ഥാനത്തുള്ള അമ്യൂസ്മെന്റ് പാര്‍ക്ക് കേരളത്തില്‍ ഇത്തരത്തില്‍ ആദ്യത്തേതാണ്. ചിറ്റിലപള്ളി എന്ന സ്വകാര്യ ഗ്രൂപ്പിന്റെ സംരംഭമാണിത്. തുരങ്കങ്ങളും ഗര്‍ത്തങ്ങളും റൈഡുകളുമൊക്കെയായി കുട്ടികളെയും യുവാക്കളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് ഈ വാട്ടര്‍ തീംപാര്‍ക്ക്. എറണാകുളത്തിന്റെ ജില്ലാകളക്ടറേറ്റ് സ്ഥിതിചെയ്യുന്ന കാക്കനാട് നിന്ന് 5 കി.മീ അകലെയാണ് വീഗാലാന്റ്.
എറണാകുളം ആലുവ റോഡില്‍ നഗരത്തില്‍ നിന്ന് 8 കി.മീ അകലെയാണ് കേരള ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത്. നവീന ശിലായുഗം മുതല്‍ ആധുനിക യുഗം വരെയുള്ള കേരളചരിത്രം യഥാര്‍ത്ഥമായ രീതിയില്‍ ഇവിടെ സന്ദര്‍ശകര്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും വിവരങ്ങളുടെ ലൈറ്റ് ആന്റ് സൌണ്ട് ഷോയും ഇവിടെയുണ്ടാകാറുണ്ട്. സമകാലികരായ ഇരുന്നൂറോളം കലാകാരന്മാരുടെ പെയിന്റിംഗുകള്‍ , ശില്പങ്ങള് എന്നിവയടങ്ങിയ ഗ്യാലറി ഇതിന്റെ പ്രത്യേകതയാണ്. ഇതോടനുബന്ധിച്ചുള്ള സെന്റര്‍ ഫോര്‍ വിഷ്വല്‍ ആര്‍ട്സില്‍ ലോകപ്രശസ്തരായ ചിത്രകാരന്മാരുടെ സൃഷ്ടികളുടെ യഥാര്‍ത്ഥ പകര്‍പ്പുകളും ഇന്ത്യന്‍ ചിത്രകലാ രംഗത്തെ പ്രധാന ചുവര് ചിത്രങ്ങളുടെയും പകര്‍പ്പുകള്‍ സൂക്ഷിക്കുന്നുണ്ട്.സന്ദര്‍ശന സമയം 10 മുതല്‍ 5 വരെയാണ്. തിങ്കള്‍ ഒഴിവുദിനമാണ്.
ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധമുള്ള ക്ഷേത്രമാണിത്. വാമനനാണ് ഇവിടെ പ്രതിഷ്ഠ. മഹാബലിയെ പാതാളത്തിലേക്കയച്ചത് ഇവിടെ നിന്നാണെന്ന് പറയപ്പെടുന്നു. പത്തും പതിമൂന്നും നൂറ്റാണ്ടുകളിലെ ശിലാ ലിഖിതങ്ങളില്‍ ഈ ക്ഷേത്രത്തെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. എറണാകുളം ഇടപ്പള്ളിയില്‍ നിന്ന് 205 കി.മീ. അകലെയാണ് ക്ഷേത്രം.
വടക്കന്‍ പറവൂര്‍ ആലുവ റോഡില്‍ ചേന്ദമംഗലം ജംഗ്ഷനില്‍ നിന്ന് 2 കി.മീ. അകലെയാണിത്. മൂന്നു നദികളും ഏഴു വഴികളും സംഗമിക്കുന്ന അപൂര്‍വ്വ ഭൂപ്രദേശമാണിത്. കൂടാതെ പുല്‍മേടുകളും ചെറുകുന്നുകളും നിറഞ്ഞതാണ് ഈ പ്രദേശം. കൊച്ചി രാജാവിന്റെ പ്രധാനമന്ത്രിമാരായിരുന്ന പാലിയത്ത് അച്ചന്മാരുടെ കൊട്ടാരം (പാലിയം കൊട്ടാരം) ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. കേരളത്തിന്റെ വാസ്തു സവിശേഷതകള്‍ വിളിച്ചറിയിക്കുന്ന നിര്‍മ്മിതിയാണിത്. നിരവധി ചരിത്രരേഖകളും ലിഖിതങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കോട്ടയില്‍ കോവിലകം സ്ഥിതിചെയ്യുന്ന ഈ കുന്നിന് മുകളില്‍ ഒരു ക്ഷേത്രം, ക്രിസ്ത്യന്‍ ചര്‍ച്ച്, മുസ്ലീം പള്ളി എന്നിവ ഒരുമിച്ചു കാണാം. കൂടാതെ ജുതപള്ളിയുടെ അവശിഷ്ടങ്ങളും പതിനാലാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച വൈപ്പിന്‍ കോട്ട സെമിനാരിയും ഇവിടെയുണ്ട്.
എട്ടാം നൂറ്റാണ്ടില്‍ ജീവിച്ച് അദ്വൈത ദര്‍ശനത്തിലൂടെ പ്രസിദ്ധമായിത്തീര്‍ന്ന ജഗദ്ഗുരു ശങ്കരാചാര്യരുടെ ജന്മസ്ഥലമാണ് കാലടി. ഇവിടെ ശ്രീശങ്കരനും ശാരദാ ദേവിക്കും ശ്രീകൃഷ്ണനും ശ്രീരാമകൃഷ്ണനും ആരാധനയ്ക്കുള്ള ക്ഷേത്രങ്ങളുണ്ട്. ശ്രീശങ്കരന് സന്യാസം സ്വീകരിക്കാന്‍ കാരണമായ മുതലകളും ഇവിടെയുണ്ട്. ഈ കുളത്തില്‍ വച്ച് ഒരു മുതല ശ്രീ ശങ്കരനെ പിടികൂടുകയും ശ്രീ ശങ്കരന്റെ അമ്മ ആര്യാംബ അവിടെയെത്തി തന്നെ സന്യാസത്തിന് പറഞ്ഞയക്കുമെന്ന് ഉറപ്പു നല്‍കിയപ്പോഴാണ് മുതല ശങ്കരനെ വിട്ടതെന്നും ഐതിഹ്യമുണ്ട്. തുടര്‍ന്ന് ശങ്കരന് സര്വ്വസംഗ പരിത്യാഗിയായി സന്യാസം സ്വീകരിക്കുകയായിരുന്നു. എറണാകുളത്തു നിന്നും 45 കി.മീ. അകലെയാണ് കാലടി.
പെരിയാറിന്റെ തെക്കേതീരത്തെ മലഞ്ചെരിവു പ്രദേശമാണ് കോടനാട്. എറണാകുളം ജില്ലയിലെ വലത്തുനിന്ന് 7.5 കി.മീ. അകലെയാണ് കോടനാട്. കേരളത്തിലെ ആന പരിശീലന കേന്ദ്രങ്ങളിലൊന്ന് ഇവിടെയാണ്. വിനോദ സഞ്ചാരികളായെത്തുന്നവര്ക്ക് ആന സവാരി നടത്താനുള്ള അവസരവും ഇവിടെയുണ്ട്. വന്യമൃഗങ്ങളുള്ള ഒരു മൃഗശാലയും ഇവിടെയുണ്ട്.
മലയാറ്റൂര്‍ മലയില്‍ 609 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സെന്റ് തോമസ് പള്ളി അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമാണ്. എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ ഇന്ത്യയിലെത്തിയ ക്രിസ്തു ശിഷ്യന്മാരിലൊരാളായ സെന്റ് തോമസ് മലയാറ്റൂരില്‍ പ്രാര്‍ത്ഥിച്ചുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. മാര്‍ച്ച് /ഏപ്രില്‍ മാസത്തില്‍ നടക്കുന്ന ഈ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ഇവിടെയെത്താറുണ്ട്. എറണാകുളത്തു നിന്ന് കാലടി വഴി നീലീശ്വരത്തു നിന്ന് 8 കി.മീ. അകലെയാണ് മലയാറ്റൂര്‍
ഭൂതത്താന്‍ കെട്ട് എറണാകുളം ജില്ലയുടെ വടക്കുകിഴക്കായി 50 കി.മീ. അകലെ വനപ്രദേശത്തിനു മധ്യത്തിലായി സ്ഥിതിചെയ്യുന്നു. നയന മനോഹരമായ ജലാശയം ഇവിടെയുണ്ട്. തട്ടേക്കാട് പക്ഷി സങ്കേതത്തിനടുത്താണ് ഇതിഹാസ പ്രാധാന്യമുള്ള ഈ വിനോദ സഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്. ജില്ലയിലെ പെരിയാര്‍ പാലി, ഇടമലയാര്‍ എന്നീ ജലസേചന പദ്ധതികള്‍ ഇവിടെയുണ്ട്. സാഹസികരായ യാത്രക്കാര്‍ക്ക് വന്യത ആസ്വദിച്ചുകൊണ്ട് ഭൂതത്താന്‍ കെട്ടിലൂടെ ട്രെക്കിംഗ് നടത്താനുള്ള സൌകര്യമുണ്ട്.
കൊച്ചി-മൂന്നാര്‍ റൂട്ടില്‍ കോതമംഗലത്തു നിന്ന് 20 കി.മീ. അകലെ നിത്യഹരിത വനങ്ങള്‍ക്കു നടുവിലാണ് തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത്. പ്രശസ്ത പക്ഷി നിരീക്ഷകനായിരുന്ന സാലിം അലിയുടെ പേരിലാണ് ഇതറിയപ്പെടുന്നത്. അപൂര്‍വ്വവും വൈവിധ്യമാര്‍ന്നതുമായ നിരവധി പക്ഷിയിനങ്ങളെ ഇവിടെ കാണാനാവും.
അതിരപ്പള്ളി വെള്ളച്ചാട്ടം(80 കി.മീ.), ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം(108 കി.മീ.), പെരിയാര്‍ വന്യജീവി സങ്കേതം(192 കി.മീ.), മൂന്നാര്‍ തേയിലത്തോട്ടങ്ങളും ഹില്‍ സ്റ്റേഷനും(130 കി.മീ.), കുമരകം(92 കി.മീ.) എന്നിവയും കൊച്ചിയിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്.
കൊച്ചിയില്‍ നിന്ന് 300 കി.മീ. അകലെ അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന 36 ദ്വീപുകളുടെ സഞ്ചയമാണ് ലക്ഷദ്വീപുകള്‍ . കേന്ദ്രഭരണ പ്രദേശമായ ഇവിടെ അന്ത്രോന്ത്, അമിനി, അഗത്തി, ബിത്ര, ചേട്ലാത്, കഡാമത്, കല്പേനി, കവരത്തി, മിനിക്കോയ് എന്നീ ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്. മത്സ്യബന്ധനമാണ് ഇവിടത്തെ ജനങ്ങളുടെ പ്രധാന തൊഴില്‍ . മലയാളവും മാഹിയുമാണ് ഇവരുടെ ഭാഷ. ഇന്ത്യാക്കാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാനായി പ്രത്യേക ടൂര്‍ പാക്കേജുകളുണ്ട്. വിദേശ സഞ്ചാരികള്‍ക്ക് ബാംഗാരം ദ്വീപിലേക്കു മാത്രമേ യാത്ര ചെയ്യാനാവൂ. വിശദ വിവരങ്ങള്‍ വെല്ലിംഗ്ടണ്‍ ഐലന്റിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 0484 668387, 668647.
വൈപ്പിന്‍ ദ്വീപിനടുത്തുള്ള ചെറായി ബീച്ച് കടലില്‍ കുളിക്കാനെത്തുന്നവര്‍ക്ക് പ്രിയപ്പെട്ടതാണ്. അപൂര്‍വാവസരങ്ങളില്‍ അവിടെ ഡോള്‍ഫിനുകളെ കാണാറുണ്ട്. തെങ്ങും നെല്‍പാടങ്ങളുമുള്ള ഈ ഗ്രാമം കേരളത്തിന്റെ പ്രകൃതി ഭംഗി പ്രതിഫലിപ്പിക്കുന്നതാണ്.
ക്രമ നമ്പര്‍
|
ഹോട്ടല്‍
|
വാടക നിരക്ക്
|
ഫോണ്‍
|
ഇ-മെയില്‍
|
1
|
താജ് മലബാര്‍ |
5000-10000
|
2668010
|
|
2
|
കാസിനോ ഹോട്ടല്‍ |
2750-4000
|
2668421
|
|
3
|
ദി ത്രിഡെന്റ് |
2600-6000
|
2668421
|
|
4
|
കാമ്യകം ഹെവന്‍ |
2050-2950
|
2432701
|
|
5
|
എ.റ്റി.എസ് വില്ലിംഗ്ടണ്‍ |
750-1250
|
2669223
|
|
6
|
മാരുതി ട്യുറിസ്റ്റ് ഹോം, എറണാകുളം |
175-600
|
2666365
|
|
7
|
ലെ മെറിഡിയന് |
4000-15000
|
2705777
|
|
8
|
പീള്‍സ് പോട്ട് റിസോര്‍ട്ട് |
2700-5400
|
2371430
|
|
9
|
താജ് റെസിഡന്‍സി |
2700-4500
|
2371470
|
|
10
|
ഗോകുലം പാര്‍ക്ക് ഇന്‍ |
2250-3295
|
2400707
|
|
11
|
ദി സൂര്യ |
2200-3500
|
2455570
|
|
12
|
ദി റിനൈസെന്റ് |
2000-3000
|
2344463
|
|
13
|
ബോള്‍ഗാട്ടി പാലസ് |
1900-5600
|
2750500
|
|
14
|
അവന്യൂ റീജന്റ് |
1800-4850
|
2377977
|
|
15
|
സര്‍ക്കിള്‍ മാനര്‍ |
1800-2500
|
2408066
|
|
16
|
റോയല്‍ വില്ലേജ് |
1500-2000
|
2545261
|
|
17
|
ക്വാളിറ്റി ഇന്‍ പ്രസിഡന്‍സി |
1495-2500
|
2394040
|
|
18
|
ദി വൈറ്റ് ഫോര്‍ട്ട് |
1350-2500
|
2706953
|
|
19
|
അവലന്യൂ സെന്റര്‍ ഹോട്ടല്‍ |
1300-2800
|
2315301
|
|
20
|
ഗ്രാന്റ് ഹോട്ടല്‍ |
1300-2300
|
2366833
|
|
21
|
ദി വുഡ്സ് മാനര്‍ |
1200-2200
|
2382059
|
|
22
|
വുഡ് ലാന്‍സ് |
1200-2200
|
2382051
|
|
23
|
മെര്‍മെയ്ഡ് ഡെയ്സ് ഇന്‍ |
1195-1395
|
2307999
|
|
24
|
അബാദ് പ്ലാസ |
1190-2995
|
2381122
|
|
25
|
റിവിറാ സൂട്ട്സ് |
1100-7000
|
2664850
|
|
26
|
ചെറായി ബീച്ച് റിസോര്‍ട്ട് |
1000-3500
|
2481818
|
|
27
|
ബി.റ്റി.എച്ച് സരോവരം |
1000-1500
|
2305519
|
|
28
|
ഭാരത് ഹോട്ടല്‍ |
1000-1500
|
2361415
|
|
29
|
സണ്‍ ഇന്റര്‍ നാഷണല്‍ |
950-1400
|
2364162
|
|
30
|
ദി മെട്രോ പൊളിറ്റ്യന് |
825-1500
|
2376931
|
|
31
|
ബെസ്റ്റ് വെസ്റ്റേണ്‍ അബാദ് ഫോര്‍ട്ട് |
800-1550
|
2228211
|
|
32
|
ഹോട്ടല്‍ സീ ലോര്‍ഡ് |
800-1500
|
2382472
|
|
33
|
ഹോട്ടല്‍ യുവറാണി റെസിഡന്‍സി |
750-2600
|
2377040
|
|
34
|
സ്റ്റാര്‍ ഹോംസ് ഹോട്ടല്‍ |
700-1800
|
2323051
|
|
35
|
അബാട്ട് മെട്രോ |
700-1400
|
2364102
|
|
36
|
വിന്നര്‍ ഗ്രീന്‍ കോട്ടേജ് |
650-850
|
2380531
|
|
37
|
ഹോട്ടല്‍ കൊച്ചിന് ടവര്‍ |
600-1900
|
2401910
|
|
38
|
ഇന്റര്‍ നാഷണല്‍ ഹോട്ടല്‍ |
550-2500
|
2382091
|
|
39
|
ഹോട്ടല്‍ എക്സലന്‍സി |
550-950
|
2376901
|
|
40
|
ഹോട്ടല്‍ മെഴ്സി |
377-805
|
2367379
|
|
41
|
ക്വീന്‍സി റെസിഡന്‍സി |
325-650
|
2365775
|
|
42
|
നോര്‍ത്ത് ഫെയ്സ് ടൂറിസ്റ്റ് ഹോം |
300-1200
|
2402011
|
|
43
|
ഗാനം ഹോട്ടല്‍സ് |
300-1020
|
2376123
|
|
44
|
ഹോട്ടല്‍ സംഗീത, ഫോര്‍ട്ടുകൊച്ചി |
200-800
|
2376123
|
|
45
|
ബ്രണ്ടന്‍ ബോട്ട് യാര്‍ഡ് |
4500-9000
|
2215461
|
|
46
|
മലബാര്‍ ഹൌസ് |
3500-7000
|
2216666
|
|
47
|
ഫോര്‍ട്ട് ഹെറിറ്റേജ് |
3500-4500
|
2215455
|
|
48
|
ഓള്‍ഡ് കോര്‍ട്ടിയാര്‍ഡ് |
1000-3500
|
2216302
|
|
49
|
ഹോട്ടല്‍ സംഗീത, നെടുമ്പാശ്ശേരി |
220-575
|
2217172
|
|
50
|
അബാദ് എയര്‍പോര്‍ട്ട് ഹോട്ടല്‍ |
1800-2995
|
2610411
|
|
51
|
ക്വാളിറ്റി എയര്‍പോര്‍ട്ട് ഹോട്ടല്‍ |
1700-2800
|
2610366
|
അവസാനം പരിഷ്കരിച്ചത് : 8/30/2019
കൊച്ചി കോർപ്പറേഷനിലെ സാമൂഹ്യ രാഷ്ട്രീയ കായിക വിവരങ...
കൊച്ചിയിലെ ആരാധനാലയങ്ങള്‍
കൊച്ചി നഗരസഭ-പൊതുവിവരങ്ങള്‍
കൊച്ചിയിലെ പ്രമുഖ സ്ഥാപനങ്ങള്‍