കൊച്ചി രാജ വംശത്തിന്റെ കുലദൈവ സ്ഥാനമാണ് പൂര്‍ണത്രയീശ ക്ഷേത്രത്തിനുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പഞ്ചലോഹ വിഗ്രഹമുള്ള അമ്പലമാണിത്. വൃശ്ചിക മാസത്തിലാണ് ഇവിടെ ഉത്സവം നടത്തുന്നത്. ചോതി നാളില്‍ കൊടികയറി തിരുവോണത്തിന് ആറാട്ട് നടത്തുന്നു. ആറാട്ട് തിരുവോണ ദിവസം തന്നെ വേണമെന്ന് വളരെ നിര്‍ബന്ധമുള്ള കാര്യമാണ്. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം കേരളത്തിലെ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ആഘോഷമാണ്. ഒരു കാലത്ത് നിലനിന്നിരുന്ന രാജകീയ പാരമ്പര്യം വിളിച്ചോതുന്ന ‘തൃക്കേട്ട പുറപ്പാട്’ വളരെ പ്രധാനപ്പെട്ട ചടങ്ങാണ്. കൊച്ചിന് സ്റ്റേറ്റില്‍ ആദ്യമായി ഉത്സവ കമ്മിറ്റി രൂപം കൊണ്ടത് ഈ ക്ഷേത്രത്തിലാണ്.
പരമശിവന് ഉള്‍പ്പെടെ 12 ഉപപ്രതിഷ്ഠകളുള്ള തൃക്കാക്കര ക്ഷേത്രപ്രതിഷ്ഠ നടത്തിയത് പരശുരാമനാണ് എന്നാണ് സങ്കല്പം. എ.ഡി. ഒന്‍പതാം നൂറ്റാണ്ടുമുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടുവരെ ഉള്ള രണ്ടാം ചേരസാമ്രാജ്യത്തിന്റെ കാലഘട്ടത്തില്‍ ആണ് തൃക്കാക്കര ക്ഷേത്രം പ്രശസ്തിയാര്‍ജ്ജിച്ചത്. ഇന്ന് എറണാകുളം ജില്ലയുടെ ആസ്ഥാനമാണ് തൃക്കാക്കര. കര്‍ക്കിടകത്തിലെ തിരുവോണത്തിന് കൊടികയറി ചിങ്ങത്തിലെ തിരുവോണത്തിന് കൊടിയിറങ്ങുന്ന 28 ദിവസത്തെ ഉത്സവമായിരുന്നു പണ്ട് ഇവിടെ നടന്നിരുന്നത്. അത്തത്തിന്റെ ഉത്സവം നടത്തിയിരുന്നത് പെരുമ്പടപ്പും നെടിയിരിപ്പും ചേര്‍ന്നായിരുന്നു. രാജഭരണം അവസാനിച്ചതോടെ ഉത്സവം10 ദിവസമാക്കി കുറച്ചു. ചിങ്ങമാസത്തിലെ അത്തം മുതല്‍ തിരുവോണം വരെയാണത്. ഓണക്കാഴ്ച, പൂപ്പറ, തിരുവോണ സദ്യ, ഉത്സവത്തിന് കഥകളി, കൂത്ത്, പാഠകം എന്നിവയെല്ലാം ഇന്നത്തെ കാഴ്ചകളാണ്.
ശ്രീനാരായണ ഗുരു പ്രതിഷ്ഠനടത്തിയ ഒരു ക്ഷേത്രമാണ് പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രം. നവോത്ഥാന പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് 1905-ല്‍ ‘ശ്രീധര്‍മ പരിപാലന യോഗം’ രൂപം കൊണ്ടത്. ശ്രീനാരായണ ഗുരുവിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു അത്. പത്തുവര്‍ഷത്തിനു ശേഷം ശ്രീഭവാനീശ്വര ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരു ശിവലിംഗ പ്രതിഷ്ഠ നടത്തി.
ജ്ഞാനോദയം സഭ
സാമൂഹിക പരിഷ്കര്‍ത്താവായ പണ്ഡിറ്റ് കറുപ്പന് , പള്ളുരുത്തി കേന്ദ്രീകരിച്ച് മത്സ്യതൊഴിലാളികളുടെ സംഘടന രൂപീകരിക്കുന്നതിന് മുന്‍കൈ എടുത്തു. പിന്നോക്കം നില്ക്കുന്ന മത്സ്യതൊഴിലാളി സമൂഹത്തിന് നേതൃത്വം കൊടുത്തുകൊണ്ട് ഇടക്കൊച്ചിയില്‍ പണ്ഡിറ്റ് കറുപ്പന് സ്ഥാപിച്ചതാണ് ‘ജ്ഞാനോദയം സഭ’.
തിരുമല ദേവസ്വം ക്ഷേത്രം
ഗൌഢ സാരസ്വതരുടെ കേരളത്തിലെ ഏറ്റവും പ്രധാന ക്ഷേത്രമാണ് എറണാകുളത്തെ തിരുമല ദേവസ്വം ക്ഷേത്രം. സമ്പത്തിന്റെ അധിപനായ വിഷ്ണു, തിരുപ്പതി വെങ്കിടാചലത്തിന്റെ പ്രതിരൂപത്തില്‍ ഇവിടെ കുടികൊള്ളുന്നു എന്നു വിശ്വസിക്കുന്നു. ഒരിക്കല്‍ ക്ഷേത്രദര്‍ശനം നടത്തിയ തിരുവിതാംകൂര്‍ മഹാരാജാവ് ശോഭചൊരിയുന്ന വിഗ്രഹത്തെ മരതകപ്പച്ച എന്നു വിളിച്ചത് വളരെ പ്രശസ്തമാണ്. എട്ടുദിവസം നീണ്ടുനില്‍ക്കുന്നതാണ് ഇവിടുത്തെ ഉത്സവം. കാഴ്ച ശീവേലിയും രഥയാത്രയും അവസാന ദിവസത്തെ വഞ്ചിയെടുപ്പും പ്രസിദ്ധങ്ങളായ ആചാരങ്ങളാണ്. ക്ഷേത്ര വാദ്യങ്ങളകമ്പടിയാകുന്ന ഗരുഢവാഹന എഴുന്നള്ളിപ്പ് വിശേഷപ്പെട്ടതാണ്.
ശിവക്ഷേത്രം
എറണാകുളം നഗരത്തില്‍ കൊച്ചി കായലിനഭിമുഖമായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് എറണാകുളം ശിവക്ഷേത്രം. 385 വര്‍ഷമെങ്കിലും പഴക്കം കണക്കാക്കുന്ന ഈ ക്ഷേത്രം എറണാകുളമെന്ന പേരുമായി ബന്ധപ്പെട്ടുകിടക്കുന്നു. തമിഴില്‍ ‘ഇറയനാര്‍ ’എന്നാല്‍ ശിവന് എന്നാണര്‍ത്ഥം. ഇവിടെ പ്രചാരത്തിലിരുന്ന തമിഴ് ഭാഷാ ക്ഷേത്രം ഇരുന്ന സ്ഥലത്തെ ഇറയനാര്‍ കുളമെന്നു വിളിച്ചുവെന്നും അതുലോപിച്ച് എറണാകുളമായി എന്നും ചരിത്രകാരന്മാര് ചൂണ്ടികാണിക്കുന്നു. മകരമാസത്തിലാണ് 8 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം.
എറണാകുളം അതിരൂപത (സിറിയന്‍ പാരമ്പര്യം)
പതിനൊന്നാം പീയൂസ് മാര്‍പ്പാപ്പ ‘റൊമാനി പൊന്തി ഫൈസസ്’എന്ന പ്രഖ്യാപനം വഴിയാണ് മലബാര്‍ ഹയറാര്‍ക്കി സ്ഥാപിക്കുന്നത്. അതോടെ എറണാകുളം വികാരിയത്ത് അതിരൂപതയായി. പ്രഥമ ആര്‍ച്ച് ബിഷപ്പ് അഗസ്റ്റിന് കണ്ടത്തില്‍ ആയിരുന്നു. വരാപ്പുഴ അതിരൂപതയുടെ ഭാഗമായിരുന്ന സുറിയാനിക്കാരെ ആദ്യം കോട്ടയം തൃശൂര്‍ വികാരിയത്തുകളായി വിഭജിച്ചു. 1896-ല്‍ ഇവയെ എറണാകുളം തൃശൂര്‍ ചങ്ങനാശ്ശേരി വികാരിയത്തുകളായി പുന:സംഘടിപ്പിച്ചു. 1923 ഡിസംബര്‍ 21-ന് മലബാര്‍ ഹയറാര്ക്കിയും അതിരൂപതയും മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 1956 ജൂലായ് 20-ന് മാര്‍ ജോസഫ് പാറേക്കാട്ടില്‍ അതിരൂപതയുടെ അജപാലകനായി.1969 മാര്‍ച്ച് 28-ന് മാര്‍ ജോസഫ് പാറേക്കാട്ടില്‍ കര്‍ദിനാള്‍ പദവിയിലേക്കുയര്‍ന്നു. കേരളത്തിലെ ആദ്യത്തെ കര്‍ദിനാള്‍ ആയിരുന്നു അദ്ദേഹം. 1985 മേയ് 18-ന് മാര്‍ ആന്റണി പടിയറ മൂന്നാമത്തെ മെത്രോപ്പോലിത്തയായി. പിന്നീട് കര്‍ദ്ദിനാളും. നാലു വര്‍ഷത്തിനു ശേഷം സീറോ മലബാര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പുമായി. പടിയറ തിരുമേനിക്കു ശേഷം മാര്‍ വര്‍ക്കി വിതയത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പായി. തീര്‍ത്ഥാടന കേന്ദ്രങ്ങളും ചരിത്ര സ്മാരകങ്ങളും കൊണ്ട് സമ്പന്നമാണ് അതിരൂപത. ഉദയംപേരൂര്‍ , വൈപ്പിന്‍ കോട്ട സെമിനാരി, പുത്തന്‍പള്ളി, മലയാറ്റൂര്‍ എന്നിങ്ങനെ നിരവധിയാണ് സ്ഥലങ്ങളും സ്ഥാപനങ്ങളും. ലോകത്തിലെ ഏറ്റവും വലിയ സെമിനാരികളില്‍ ഒന്നായ ആലുവ പൊന്തിഫിക്കല്‍ സെമിനാരി, പാലാരിവട്ടത്തെ പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്റര്‍ എന്നിവ അതിരൂപതയിലെ പ്രധാന സ്ഥാപനങ്ങളാണ്.
കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടില്‍
1968-ലെ മതസാമൂഹിക സര്‍വ്വേ ആയിരുന്നു മാര്‍ പാറേക്കാട്ടിലിന്റെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം. സര്‍വ്വേയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ജന ജീവിതത്തിന്റെ ദയനീയസ്ഥിതി വെളിപ്പെടുത്തുന്നതായിരുന്നു. ഈ സ്ഥിതി മാറ്റിയെടുക്കുന്നതിനായി തൃക്കാക്കരയില്‍ പാര്‍പ്പിട സൌകര്യവും നിരവധി സ്വയംതൊഴില്‍ പരിശീലന സൌകര്യങ്ങളും സ്വയംതൊഴില്‍ സഹായങ്ങളും ഒരുക്കി. തൃക്കാക്കര ഭാരത് മാതാ കോളേജ് ഇദ്ദേഹം നിര്‍മ്മിച്ചതാണ്. ലിസി ആശുപത്രി, കുസുമഗിരി മാനസികാരോഗ്യ കേന്ദ്രം, അശരണരുടെ ആലയമായ കരുണാലയം, കലൂരിലെ റെന്യൂവല്‍ സെന്റര്‍ , കലാഭവന്‍ എന്നിവ കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെ ദീര്‍ഘവീഷണത്തിന്റെ ഫലമാണ്. 1960-ല്‍ കളമശ്ശേരിയില്‍ തൊഴിലാളികള്‍ക്കു വേണ്ടി ഒരു ഹോസ്റ്റല്‍ ആരംഭിച്ചു. തൊഴിലാളികളെ പരിശീലിപ്പിക്കാന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും ആരംഭിച്ചു. എറണാകുളത്ത് ഇന്നുള്ള 137 സോഷ്യല്‍ സെന്ററുകളില്‍ 106 എണ്ണം മാര്‍ പാറേക്കാട്ടില്‍ സ്ഥാപിച്ചതാണ്.
കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറ
മാര്‍ ജോസഫ് പാറേക്കാട്ടില്‍ തിരുമേനിയുടെ സ്ഥാന ത്യാഗത്തെ തുടര്‍ന്ന് മാര്‍ പടിയറയെ എറണാകുളം അതിരൂപതയുടെ ഇടയനായി മാര്‍പ്പാപ്പ നിയമിച്ചു. 1988 മെയ് 29-ന് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് അവരോധിച്ചു. 1992 ഡിസംബര്‍ 16-ന് എറണാകുളം അതിരൂപത എറണാകുളം അങ്കമാലി മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ സഭയായി ഉയര്‍ത്തപ്പെട്ടു. സഭയുടെ ആദ്യമേജര്‍ ആര്‍ച്ച് ബിഷപ്പായി കര്‍ദ്ദിനാള്‍ ആന്റണി പടിയറയെ നിയമിച്ചു. കാക്കനാട് അദ്ദേഹം സ്ഥാപിച്ച ഒരു പ്രകൃതിയോഗ ആശ്രമമുണ്ട്. 1955-ല്‍ ഊട്ടി രൂപതയുടെ ഇടയനായപ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ മെത്രാന് എന്ന ബഹുമതി അദ്ദേഹത്തിന് ലഭിച്ചു. ജീവിതാവസാനം വരെ ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിയായിരുന്നു പടിയറ.
വരാപ്പുഴ അതിരൂപത
1886 സെപ്തംബര്‍ 1-നാണ് വരാപ്പുഴ അതിരൂപത സ്ഥാപിതമാകുന്നത്. എറണാകുളത്തിന് 8 കിലോമീറ്റര്‍ വടക്കുമാറിയുള്ള തുരുത്താണ് വരാപ്പുഴ. ‘കൂനന്‍ കുരിശു സത്യ’ത്തെ തുടര്‍ന്ന് 1659-ല്‍ വരാപ്പുഴ ആസ്ഥാനമായി മലബാര്‍ വികാരിയത്ത് രൂപം കൊണ്ടു. ചാണ്ടി കത്തനാരാണ് ആദ്യത്തെ കേരളീയ മെത്രാന് . ചേരാനെല്ലൂരെ ഇടപ്രഭുവായിരുന്ന രാമകുമാര കയ്മള്‍ നല്കിയ സ്ഥലത്ത് 1674-ല്‍ ‘വുസുപാതിരി’ ദേവാലയവും സെമിനാരിയും നിര്‍മ്മിച്ചു. ഇന്നുകാണുന്ന വരാപ്പുഴ ദേവാലയം 1923-ല്‍ പണിതതാണ് . എറണാകുളം വലിയ നഗരമായി വളര്‍ന്നതോടെ മെത്രാസന മന്ദിരം നഗര മധ്യത്തിലേക്കു കൊണ്ടു വന്നു. അങ്ങനെ 1905-ല്‍ എറണാകുളം നഗരം, വരാപ്പുഴ അതിരൂപതയുടെ ആസ്ഥാനമായി. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ മേഖലയിലും കൊച്ചിക്ക് വലിയ സംഭാവനകള്‍ നല്കിയ വ്യക്തിയായിരുന്നു ആര്‍ച്ച് ബിഷപ്പ് അട്ടിപ്പേറ്റി. ഇദ്ദേഹത്തിന്റെ കാലത്താണ് സെന്റ് ആല്‍ബര്‍ട്ട്സ്, സെന്റ് പോള്‍സ് എന്നീ കോളേജുകളും ലൂര്‍ദ്ദ് ആശുപത്രിയും സ്ഥാപിച്ചത്. 1934 ഡിസംബര്‍ 21-നാണ് ഡോ:ജോസഫ് അട്ടിപ്പേറ്റി വരാപ്പുഴയുടെ 19-ാമത് ഇടയനായത്.
മുന്നൂറുകൊല്ലം വരാപ്പുഴ നിയന്ത്രിച്ചിരുന്ന കര്‍മ്മലീത്ത മിഷനറിമാര്‍ , മലയാള ഭാഷക്ക് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഭാഷയിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥവും ശബ്ദകോശവും വരാപ്പുഴയിലെ മിഷനറിയായിരുന്ന ആഞ്ചലോ ഫ്രാന്‍സീസ് (1700-1712)ല്‍ തയ്യാറാക്കിയതാണ്. ഡോ:ലിയൊനാര്‍ഡ് മെലാനോയുടെ കാലത്താണ് ‘സത്യനാദകാഹളം’ ആരംഭിക്കുന്നത്. പിന്നീട് സത്യനാദമായി. അതിന്റെ പിന്തുടര്ച്ചയായി ആരംഭിച്ചതാണ് കേരള ടൈംസ്. തൊഴിലധിഷ്ഠിത കോഴ്സുകളുടെ പ്രാധാന്യം മനസ്സിലാക്കിയാണ് കളമശ്ശേരി ലിറ്റില്‍ ഫ്ലവര്‍ എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, എറണാകുളം വിമലാലയം, പനങ്ങാട് സ്നേഹാലയം എന്നിവ സ്ഥാപിച്ചത്. ലൂര്‍ദ്ദിനു പുറമെ തുരുത്തിപ്പുറത്തെ എ.ജെ.ആശുപത്രി, മരടിലെ നിത്യസഹായ മാതാ ആശുപത്രി, അനാഥ മന്ദിരങ്ങള്‍ , വൃദ്ധസദനങ്ങള്‍ എന്നിവ ആതുര രംഗത്തേയും സാമൂഹ്യ രംഗത്തേയൂം സേവനങ്ങള്‍ എടുത്തുകാണിക്കുന്നു.പിന്‍ഗാമിയായ ഡോ:ജോസഫ് കേളന്തറയുടെ കാലത്ത് ആരംഭിച്ചതാണ് കേരള കാത്തലിക്ക് യൂത്ത് മൂവ്മെന്റ്.
കൊച്ചി രൂപത
1557 ഫെബ്രുവരി 4-നാണ് കൊച്ചി രൂപത സ്ഥാപിച്ചത്. പോള്‍ നാലാമന് മാര്‍പ്പാപ്പയാണ് സ്ഥാപകന്‍ . ഗോവയുടെ സമാന്തര രൂപത എന്ന നിലക്കാണ് കൊച്ചി രൂപതയുടെ പിറവി. ഡൊമിനിക്കന്‍ സഭാംഗമായ ദോം ജോര്‍ജിയാസ് തെമുദോ ആണ് പ്രഥമ മെത്രാന് . ഫോര്‍ട്ടുകൊച്ചിയിലെ സാന്റാക്രൂസ് ദേവാലയം ഭദ്രാസന ദേവാലയമായി മാറി. എന്നാല്‍ ഡച്ചുകാരുടെ ആക്രമണത്തില്‍ ‘ലന്തപള്ളി’ ഒഴികെ മറ്റെല്ലാം നശിച്ചു. 1838-ല്‍ കൊച്ചി രൂപത 16-ാം ഗ്രിഗോറിയസ് മാര്‍പാപ്പ നിര്‍ത്തലാക്കി. പിന്നീട് 1886-ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ പോര്‍ച്ചുഗല്‍ രാജാവ് ലൂയീസ് പ്രഥമന്റെ അപേക്ഷ പരിഗണിച്ചാണ് കൊച്ചി രൂപത പുന:സ്ഥാപിച്ചത്. 1950-ല്‍ പോര്‍ച്ചുഗീസ് ഗവണ്മെന്റുമായുള്ള കരാര്‍ റദ്ദാക്കിയതോടെ വിദേശ ഭരണം അവസാനിച്ചു. കൊച്ചിയിലെ അവസാന വിദേശി ഡോ:ജോസ് അല്‍വര്‍ണാസ് ആയിരുന്നു. 1952-ല്‍ ഡോ:അലക്സാണ്ടര്‍ എടേഴത്ത് കൊച്ചി രൂപതയുടെ മെത്രാനായി അഭിഷിക്തനായി.
വിശ്വപ്രസിദ്ധങ്ങളായ വേളാങ്കണ്ണി ബസലിക്ക, നിരവധി ദേവാലയങ്ങള്‍ , മിഷന് കേന്ദ്രങ്ങള്‍ എന്നിവ കൊച്ചി രൂപത സ്ഥാപിച്ചിട്ടുണ്ട്. വടക്ക് വൈപ്പിന്‍ മുതല്‍ തെക്ക് പൂങ്കാവ് വരെയും കിഴക്ക് അരൂക്കുറ്റി മുതല്‍ പടിഞ്ഞാറ് അറബിക്കടല്‍ വരെയും ആണ് കൊച്ചി രൂപത. ഫോര്‍ട്ടുകൊച്ചിയാണ് രൂപതയുടെ ആസ്ഥാനം. ഡൊമനിക്കല്‍ സന്യാസി ഡോ:ജോര്‍ജ് തെമുദോ മുതല്‍ ഡോ:ജോസഫ് കുരീത്തറ വരെ 33 മെത്രാന്മാര് കൊച്ചി രൂപത ഭരിച്ചു. ഡോ:ജോണ്‍ തട്ടുങ്കല്‍ 2000-ല്‍ രൂപതയുടെ മെത്രാനായി. ഡോ:ജോസി കണ്ടനാട്ടുതറ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി സ്ഥാനമേറ്റു. ഗോഫിക്ക് വാസ്തു ശില്പകലയുടെ കമനീയതയുമായി ഫോര്‍ട്ടുകൊച്ചി സാന്റാക്രൂസ് ദേവാലയം കൊച്ചി രൂപതയുടെ ചരിത്ര സാക്ഷിയാണ്. 1984-ല്‍ ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ ബസലിക്കയായി ഈ ദേവാലയം ഉയര്‍ത്തി.
കൊച്ചിയിലെ മസ്ജിദുകള്‍
ചെമ്പിട്ട പള്ളി
നൂറ്റാണ്ടുകളുടെ ചരിത്രപാരമ്പര്യം കൊണ്ടും പ്രാചീന കലാശില്പ മാതൃക കൊണ്ടും കേരളത്തില്‍ തന്നെ ഏറ്റവും പ്രശസ്തമായ പള്ളികളില്‍ ഒന്നാണ് മട്ടാഞ്ചേരി കൊച്ചങ്ങാടിയിലെ ചെമ്പിട്ട പള്ളി. കവരത്തിയില്‍ നിന്ന് എത്തിയ സയ്യിദ് മൌലാന ബുഖാരി തങ്ങളാണ് ഹിജറ വര്‍ഷം 926-ല്‍ ഈ പള്ളി ഇന്നത്തെ രൂപത്തില്‍ നിര്‍മ്മിച്ചത്. പള്ളി പണിയാനാവശ്യമുള്ള സ്ഥലം കൊച്ചിരാജാവ് നല്‍കിയെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. പള്ളിയുടെ പ്രധാന ഹാളിന്റെ മേല്‍ക്കൂര മുഴുവന്‍ ഓടുപോലെ പാകിയിരിക്കുന്നത് ചെമ്പുതകിടുകള്‍ കൊണ്ടാണ്. അതിനാലാണ് ‘ചെമ്പിട്ട പള്ളി’ എന്ന പേര്വന്നത്. പള്ളിയില്‍ പൌരാണിക വാസ്തുശില്പ കലയുടെ അടയാളങ്ങള്‍ നിലനില്ക്കുന്നു. കൊച്ചി രാജകുടുംബവുമായി ബന്ധപ്പെട്ട നൈനമാരാണ് തലമുറകളായി പള്ളിയുടെ പരിപാലനം നടത്തിയിരുന്നത്. ഇന്ന് ഇത് പുരാവസ്തു വകുപ്പ് ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചിരിക്കുന്നു.
കല്‍വത്തി പള്ളി
ഫോര്‍ട്ട്കൊച്ചിയിലെ ഈ പള്ളി ചരിത്ര സ്മാരകമായി നിലനില്ക്കുന്നു. പൌരാണിക കൊച്ചിയുമായി വാണിജ്യബന്ധത്തിലേര്പ്പെട്ട അറബികളുടെ സംഭാവനയാണ് കല്‍വത്തി പള്ളി. ഒഴിഞ്ഞസ്ഥലം എന്ന അര്‍ത്ഥമുള്ള ‘ഹല്വത്ത്’എന്ന പദമാണ് കല്വത്തിയായി മാറിയത്. പത്തേമാരിയില്‍ വന്ന അറബികള്‍ കടലും കായലും സന്ധിക്കുന്ന ഭാഗത്തിന് സമീപം കരയില്‍ ഒഴിഞ്ഞ സ്ഥലത്ത് നമസ്കരിക്കാന്‍ സൌകര്യം കണ്ടെത്തിയതാണ് കല്‍വത്തി പള്ളിയുടെ ഉത്ഭവത്തിനു പിന്നിലെ കഥയെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. അഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ള പള്ളി ഏതാണ്ട് 130 വര്‍ഷം മുമ്പ് പരപ്പനങ്ങാടിക്കാരന് കമ്മുക്കുട്ടി എന്നയാളാണ് ഇന്നത്തെ രീതിയില്‍ പുനരുദ്ധാരണം നടത്തിയത്. പ്രമുഖ സൂഫി വര്യന്മാരായ പരീത് ഔലിയയും മക്കി തങ്ങളും ഈ പള്ളി ഖബര്‍സ്ഥാനിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.
മട്ടാഞ്ചേരിയിലെ സിനഗോഗ്
കൊടുങ്ങല്ലൂരില്‍ തദ്ദേശീയരായ മുസ്ലീങ്ങളും ജൂതന്മാരും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷമാണ് ജൂതന്മാരെ കൊച്ചിയില്‍ വാസമുറപ്പിക്കാന്‍ പ്രേരിപ്പിച്ചത്. കൊച്ചി രാജാവ് അവരെ സ്വീകരിക്കുകയും ആവശ്യമുള്ള സ്ഥലവും സഹായങ്ങളും നല്‍കുകയും ചെയ്തു. യഹൂദ സമുദായത്തില്‍ നിന്നുള്ള ഒരു മുഖ്യനെ ‘മുതലിയാര്‍ ’ എന്ന സ്ഥാനപ്പേരു നല്കി ആദരിച്ചു. സൈനിക കാര്യങ്ങളിലും നയതന്ത്ര ബന്ധങ്ങളിലും രാജാവിന്റെ മുഖ്യ ഉപദേശകര്‍ ജൂതരായിരുന്നു. അധികാരചിഹ്നം എന്ന നിലയില്‍ മുതലിയാര്‍ക്ക് ഒരു വെള്ളി കെട്ടിയ ദണ്ഡും നല്‍കിയിരുന്നു . ആദ്യത്തെ മുതലിയാരായ ജോസഫ് ലെവിയുടെ മകന്റെ കാലത്താണ് മട്ടാഞ്ചേരിയിലെ പ്രശസ്തമായ ഈ പള്ളി നിര്‍മ്മിച്ചത്. മട്ടാഞ്ചേരിയിലെ ജൂതത്തെരുവില്‍ പഴയ ഒരു ശ്മശാനമുണ്ട്. എറണാകുളം സെന്റ് തെരേസാസ് കോണ്‍വെന്റിന്റെ പിന്‍ഭാഗം സംസ്കാര സ്ഥലമായിരുന്നു. കൊച്ചിയിലെ ‘റൂബി ഡാനിയേല്‍ ’ എന്ന ഒരു ജൂത വനിത എഴുതിയ ആദ്യഗ്രന്ഥമാണ് ‘റൂബി ഓഫ് കൊച്ചിന് ’. കേരളത്തിലെ ആദ്യത്തെ ഹിബ്രു-മലയാളം അച്ചടികേന്ദ്രം ആരംഭിക്കുന്നത് 1877-ല്‍ ജോസഫ് ഡാനിയേല്‍ മോഹന്‍ എന്ന വിദ്യാഭ്യാസ വിചക്ഷനാണ്.
രാജേന്ദ്ര മൈതാനംകൊച്ചിയിലെ പ്രശസ്തമായ ഒരു മൈതാനമാണ് രാജേന്ദ്ര മൈതാനം. ഒരിക്കല്‍ ഇത് സേലം മൌണ്ടായിരിന്നു. ഇംഗ്ലണ്ടിലെ ഹൈഡ് പാര്‍ക്കിന്റെ മാതൃകയില്‍ എ.ബി.സേലം ഇവിടെ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. ഇംഗ്ലണ്ടിലെ ഹൈഡ് പാര്‍ക്കില്‍ ആര്‍ക്കും ഏതു വിഷയത്തെ കുറിച്ചും സംസാരിക്കാം, താല്പര്യമുള്ളവര്ക്ക് കേള്‍ക്കാം കേള്‍ക്കാതിരിക്കാം. എ.ബി.സേലത്തിന്റെ കാലത്ത് രാജേന്ദ്ര മൈതാനം കേരളത്തിന്റെ ഹൈഡ് പാര്‍ക്ക് ആയിരുന്നു.
ഇടപ്പള്ളി പള്ളി
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇടപ്പള്ളി ജുമാ മസ്ജിദ് കേരളത്തിലെ പ്രമുഖ ഇസ്ലാമിക വിജ്ഞാന കേന്ദ്രമാണ്. മലബാറില്‍ പോര്‍ച്ചുഗീസ് ആക്രമണം ശക്തമായപ്പോള്‍ അവര്‍ക്കെതിരെ പോരാടാന്‍ കൊച്ചിയിലെ മുസ്ലീം ജനങ്ങളെ ആഹ്വാനം ചെയ്ത സൈനുദ്ദീന്‍ മഖ്ദും ആണ് ഈ പള്ളിയുടെ സ്ഥാപകന്‍ . സാമൂതിരിയും പോര്‍ച്ചുഗീസും തമ്മിലുള്ള യുദ്ധത്തില്‍ ഇടപ്പള്ളി രാജാവ് സാമൂതിരിയെ സഹായിച്ചു. യുദ്ധത്തില്‍ നിരവധി മുസ്ലീങ്ങള്‍ രക്തസാക്ഷികളായി. പള്ളിയുടെ തെക്ക് പടിഞ്ഞാറ് മൂലയിലെ തറയില്‍ ദീര്‍ഘ ചതുരത്തില്‍ ഒരു ഫലകം പതിച്ചിരിക്കുന്നത് ഒരു പ്രധാന മുസ്ലീം സേനാനിയുടെ സ്മരണയ്ക്കായിട്ടാണ്. ഇടപ്പള്ളി പള്ളി ഇന്ന് പ്രമുഖ ഇസ്ലാമിക വിജ്ഞാനകേന്ദ്രമാണ്. ഇടപ്പള്ളി ഉസ്താദ് എന്നറിയപ്പെടുന്ന അബൂബക്കര്‍ മൌലവിയാണ് ഇടപ്പള്ളിയെ ഈ നിലയിലേക്ക് ഉയര്‍ത്തിയത്. സമുദായ മൈത്രിയില്‍ മുന്‍പന്തിയിലാണ് കേരളീയ വാസ്തു വിദ്യയുടേയും പേര്‍ഷ്യന്‍ ശില്പകലയുടേയും സമഞ്ജസമായ ഇടപ്പള്ളി പള്ളി.
മറ്റു പള്ളികള്‍
നഗരത്തിനകത്തെ പള്ളികളില്‍ പ്രശസ്തമായ ഒന്നാണ് തമ്മനത്തെ പള്ളി. നഗരത്തിനു പുറത്തെ പള്ളികളില്‍ പ്രധാനപ്പെട്ട ഒന്നാണ് കാഞ്ഞിരമറ്റം പള്ളി. കാഞ്ഞിരമറ്റം പള്ളിക്ക് 900-ലേറെ വര്‍ഷത്തെ പഴക്കമുണ്ട്. ഇവിടുത്തെ ചന്ദനക്കുടം നേര്‍ച്ച വളരെ പ്രശസ്തമാണ്.
അവസാനം പരിഷ്കരിച്ചത് : 6/18/2020
കൊച്ചി കോർപ്പറേഷനിലെ സാമൂഹ്യ രാഷ്ട്രീയ കായിക വിവരങ...
കൊച്ചിയിലെ പ്രമുഖ സ്ഥാപനങ്ങള്‍
കൊച്ചി-കലയും സംസ്കാരവും
കൊച്ചി-സാഹിത്യം,സിനിമ ചരിത്രം