অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കലയും സംസ്കാരവും

കലയും സംസ്കാരവും

ഡര്‍ബാര്‍ ആര്‍ട്ട്സ് ഗ്യാലറി


കേരള ലളിതകലാ അക്കാദമിയുടെ കൊച്ചി ആസ്ഥാനമായ ഡര്‍ബാര്‍ ഹാള്‍‍‍‍‍‍‍‍‍ ‍(ആര്‍ട്ട് ഗ്യാലറി) ഏകദേശം നൂറ് കൊല്ലം മുമ്പ് നിര്‍മ്മിക്കപ്പെട്ടതാണ്. ഈ കെട്ടിടം ആദ്യം കൊച്ചി രാജാവിന്റെ ഡര്‍ബാറായിരുന്നു. സ്വാതന്ത്ര്യത്തിനുമുമ്പ് കൊച്ചിരാജ്യത്തിന്റെ വിവിധ ഓഫീസുകള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതിയുടെ ഓഫീസ് ഇവിടെയായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഇവിടെ കോടതിയായിരുന്നു. പിന്നീട് കോടതി വേറെ കെട്ടിടത്തിലേക്ക് മാറ്റിയപ്പോള്‍ ഇത് എന്‍ സി സി യുടെ ആസ്ഥാനമായി മാറി. ഡര്‍ബാര്‍ ഹാള്‍ പിന്നീട് പുരാവസ്തു ഗവേഷണ വകുപ്പ് എറ്റെടുത്തു. ഹാളിന്റെ താഴത്തെ നില പരീക്ഷിത്ത് തമ്പുരാന്‍ സ്മാരക മ്യൂസിയം ആയി രൂപപ്പെടുത്തി. 1989-ല്‍ ഹാളിന്റെ മുകളിലത്തെ നില ലളിതകലാ അക്കാദമിക്ക് കൈമാറി. 1991 ഫെബ്രുവരി 7-ന് അന്ന് സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന ടി.കെ.രാമകൃഷ്ണന്‍ ഡര്‍ബാര്‍ ഹാളില്‍ ലളിതകലാ അക്കാദമിയുടെ ഗ്യാലറി ഓഫ് കണ്‍ടംപററി ആര്‍ട്ട് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. 1992-ല്‍ മ്യൂസിയം തൃപ്പൂണിത്തുറ ഹില്‍ പാലസിലേക്ക് മാറ്റിയപ്പോള്‍ ഡര്‍ബാര്‍ ഹാള്‍‍‍‍‍‍‍‍‍ ‍പൂര്‍ണ്ണമായി അക്കാദമിയുടെ കീഴിലായി. പ്രശസ്ത ആര്‍ക്കിടെക്ട് റ്റി.എം.സിറിയക്കിന്റെ മേല്‍നോട്ടത്തിലാണ് ഡര്‍ബാര്‍ ഹാളിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇന്ന് കേരളത്തിലെ പ്രമുഖ ആര്‍ച്ച് ഗ്യാലറികളില്‍ ഒന്നാണ് ഡര്‍ബാര്‍ ഹാള്‍‍‍‍‍‍‍‍‍ ‍.

കേരള കലാപീഠം


1969-ലാണ് കേരള കലാപീഠം രൂപീകരിക്കപ്പെട്ടത്. അറുപതുകളുടെ ആദ്യപകുതിയില്‍ അന്ന് ഫാക്ടിന്റെ ചെയര്‍മാനായിരുന്ന എം.കെ.കെ.നായര്‍ സംഘടിപ്പിച്ച അഖിലേന്ത്യാ സാഹിത്യ സമ്മേളത്തില്‍ ഉയര്‍ന്നുവന്ന ചിത്രകലാകേന്ദ്രമെന്ന ആശയമാണ് കേരള കലാപീഠത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. ശ്രീ. എം.കെ.കെ.നായരായിരുന്നു കലാപീഠത്തിന്റെ ചെയര്‍മാന്‍ . ശ്രീ. സി.എന്‍ ശ്രീകണ്ഠന്‍നായര്‍ സെക്രട്ടറിയും ശ്രീ. എം.വി.ദേവന്‍ ഡയറക്ടറുമായിരുന്നു. ആദ്യം ഇത് കേരള ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ആര്‍ട്ട്സ് എന്നാണറിയപ്പെട്ടിരുന്നത്. ആദ്യം പുല്ലേപ്പടിയിലെ ഓലമേഞ്ഞ ഒരു ചെറിയ ഷെഡ്ഡിലായിരുന്നു പ്രവര്‍ത്തനം. കലാകാരന്‍ന്മാര്‍ മാത്രമല്ല സിനിമയേയും, നാടകത്തേയും, സാഹിത്യത്തേയും ഗൌരവമായി സമീപിക്കുന്ന ഒട്ടേറെപ്പേര്‍ അന്നു കലാപീഠത്തില്‍ ഒത്തുകൂടുമായിരുന്നു. 1973-ല്‍ സാമ്പത്തിക ബുദ്ധിമുട്ടുമൂലം സ്ഥാപനം സൌത്തില്‍ ചിറ്റൂര്‍ റോഡിലുള്ള ഖാദി ഷോറൂമിന്റെ മുകളിലത്തെ നിലയിലേക്ക് മാറ്റി. ആറുമാസം ദൈര്‍ഘ്യമുള്ള ചിത്രകലാ-ശില്പകലാ പരിശീലനമാണ് കലാപീഠത്തില്‍ നല്‍കിയിരിക്കുന്നത്. എം.വി.ദേവനെ കൂടാതെ ആര്‍ട്ടിസ്റ്റ് നമ്പൂതിരി, സി.എന്‍ കരുണാകരന്‍‍ , കാനായി കുഞ്ഞിരാമന്‍‍ , കെ.പി.സോമന്‍‍ , എ.സി.കെ.രാജന്‍ , കെ.എന്‍ ദാമോദരന്‍ , കെ.കെ.രാജപ്പന്‍ , റ്റി.കലാധരന്‍ എന്നിവര്‍ അധ്യാപകരായി പ്രവര്‍ത്തിച്ചിരുന്നു. സാമ്പത്തിക ബുന്ധിമുട്ടുകള്‍ ഏറിയപ്പോള്‍ സ്ഥാപനം റ്റി.കലാധരന്റെ കാരയ്ക്കാമുറിയിലെ സഥലത്തേക്ക് മാറ്റി. 1978 മുതല്‍ 2000 വരെ കലാപീഠത്തിന്റെ ആസ്ഥാനം അതായിരുന്നു. കലാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ ഒട്ടേറെ ചിത്രപ്രദര്‍ശനങ്ങളും, ശില്‍പകലാമേളകളും, സാഹിത്യസംഗമങ്ങളും, നാടകങ്ങളും സംഘടിപ്പിച്ചിരുന്നു. എം.ടി.വാസുദേവന്‍ നായര്‍ , ഒ.വി.വിജയന്‍ , ടി.പത്മനാഭന്‍ , മാധവിക്കുട്ടി, സുഗതകുമാരി, എം.കെ.സാനു തുടങ്ങിയ എഴുത്തുകാര്‍ ഇവിടെ സ്ഥിരം സന്ദര്‍ശകരായിരുന്നു. 1984-ല്‍ കലാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിന്‍ ഫിലിം സൊസൈറ്റി ആരംഭിച്ചു. 1990-ല്‍ കുട്ടികളിലെ നാടകാഭിരുചി വളര്‍ത്താന്‍ ലിറ്റില്‍ തിയേറ്റര്‍ രൂപീകരിച്ചു. കേരള കലാപീഠം ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സാംസ്കാരിക സ്ഥാപനമാണ്. 25 പേരടങ്ങുന്ന ട്രസ്റ്റിനാണ് ഭരണചുമതല. 1985 മുതല്‍ റ്റി.കലാധരനാണ് കലാപീഠത്തിന്റെ സെക്രട്ടറി. ഇപ്പോള്‍ കലാപീഠത്തിന്റെ ഓഫീസ് പി.ടി.ഉഷ റോഡില്‍ മഹാരാജാസ് കോളേജ് ഗ്രൌണ്ടിനു സമീപമുള്ള കെട്ടിടത്തിലാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം കലാപീഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. കേരള കലാപീഠം ഒരു കലാപരിശീലനകേന്ദ്രം മാത്രമല്ല മറിച്ച് കൊച്ചിയുടെ സംസ്കാരിക മണ്ഡലത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ ഒരു പ്രസ്ഥാനമായാണ് പ്രവര്‍ത്തിച്ചത്. കലാപീഠത്തിലൂടെ പ്രശസ്തരായവര്‍ നിരവധിയാണ്.

ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റി


1956-ലാണ് കേരള ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റി സ്ഥാപിക്കപ്പെട്ടത്. ഇന്ന് ഭാരത് ടൂറിസ്റ്റ് ഹോം നില്‍ക്കുന്ന സ്ഥലത്ത് ഒരു ഓല ഷെഡ്ഡിലാണ് ആദ്യകാലത്ത് സൊസൈറ്റി പ്രവര്‍ത്തിച്ചിരുന്നത്. അറുപതുകളിലാണ് പൊതുജന പങ്കാളിത്തതോടെ ഇപ്പോഴുള്ള കെട്ടിടം പണിതത്. സൊസൈറ്റിയില്‍ ഇപ്പോള്‍ ലൈഫ്, റെസിഡന്റ്, ഇന്‍സ്റ്റിറ്റ്യൂഷന്‍ എന്നീ വിഭാഗങ്ങളിലായി 600 അംഗങ്ങള്‍ ഉണ്ട്. 1977-78 കാലത്ത് കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ദേശീയ നാടകോത്സവം ഫൈന്‍ ആര്‍ട്ട്സ് ഹാളില്‍ വെച്ച് നടത്തപ്പെട്ടു. 1983-ല്‍ ഒക്ടോബറില്‍ ആരംഭിച്ച ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ എന്ന പരിപാടിയില്‍ ഉസ്താദ് അംജദ് അലിഖാന്‍ , ബിര്‍ജു മഹാരാജ്, ലാല്‍ഗുഡി ജയരാമന്‍ , മഹാരാജപുരം സന്താനം, യു.ശ്രീനിവാസ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നടന്ന ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ രാജ്യത്തുടനീളമുള്ള പ്രമുഖ കലാകാരന്മാര്‍ പരിപാടികളവതരിപ്പിച്ചു. കൊച്ചിന്‍ ഫിലിം സൊസൈറ്റി, ബീം തുടങ്ങിയ സംഘടനകളുമായി സഹകരിച്ചു ഏറെ പരിപാടികള്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി നടത്തുന്നു. സാംസ്കാരിക പരിപാടികള്‍ക്ക് പുറമെ സംഗീത-നൃത്ത ക്ലാസ്സുകളും സൊസൈറ്റി നടത്തുന്നു. മാവേലിക്കര ആര്‍ പ്രഭാകരവര്‍മ്മ ഡയറക്ടറായി ആരംഭിച്ച ഈ സംരംഭം നയിക്കാന്‍ ഡോ:മാലിനി ഹരിഹരന്‍‍ , കുമാര കേരളവര്‍മ, പ്രൊഫ:ജി.സീതാലക്ഷ്മി തുടങ്ങിയ പ്രഗല്‍ഭരുടെ സഹായം ലഭിക്കുന്നുണ്ട്. ശ്രീ. റ്റി.എം.എബ്രഹാമിന്റെ നേതൃത്വത്തില്‍ സ്കൂള്‍ വിദ്വാര്‍ത്ഥികള്‍ക്കായി ഒരു നാടകക്കളരിയും ഇവിടെ പ്രവര്‍ത്തിക്കുന്നു. ചെമ്പൈ എന്‍ഡോവ്മെന്റ്, എം.ഉണ്ണികൃഷ്ണമേനോന്‍ എന്‍ഡോവ്മെന്റ്, ശാരദാകൃഷ്ണയ്യര്‍ എന്‍ഡോവ്മെന്റ് എന്നിവ അര്‍ഹരായിട്ടുള്ള വ്യക്തികള്‍ക്ക് സൊസൈറ്റി വിതരണം ചെയ്യുന്നു. സൊസൈറ്റിയുടെ ആദ്യകാല പ്രവര്‍ത്തകരില്‍ പ്രമുഖരായിരുന്നു ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ , ജസ്റ്റിസ് പി.കെ.സുബ്രഹ്മണ്യയ്യര്‍ , കെ.വി.സൂര്യനാരായണയ്യര്‍ , ജോസഫ് ചാക്കോ തുടങ്ങിയവര്‍ ‍. ആര്‍ മാധവന്‍നായര്‍ ദീര്‍ഘകാലം സൊസൈറ്റി പ്രസിഡന്റായും എം.സുരേന്ദ്രന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം

1997-ലെ പുതുവല്‍സര ദിനത്തിലാണ് ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തത്. ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാര്‍ക്കിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കലാസാഹിത്യ, സാംസ്കാരിക കാര്യങ്ങളില്‍ പൊതുവായും മലയാളഭാഷയേയും കേരളസംസ്കാരത്തെയും പ്രത്യേകമായും പ്രോല്‍സാഹിപ്പിക്കാനും പരിപോഷിപ്പിക്കാനുമുള്ള വേദിയായി പ്രവര്‍ത്തിക്കുകയെന്നതാണ് കേന്ദ്രത്തിന്റെ പ്രധാനലക്ഷ്യം. കേന്ദ്രത്തിന്റെ ഭരണഘടനയനുസരിച്ച് ജില്ലാകളക്ടര്‍ , ജി.സി.സി.എ ചെയര്‍മാന്‍ , സെക്രട്ടറി, കൊച്ചിമേയര്‍ , എറണാകുളം എം പി, തൃപ്പുണിത്തുറ എം എല്‍ എ എന്നിവര്‍ കേന്ദ്രത്തിന്റെ നിര്‍വാഹകസമിതിയില്‍ സ്ഥിരാംഗങ്ങളാണ്. സ്ഥാപക പ്രസിഡന്റ് കെ.ബാലചന്ദ്രന്‍ ആണ്. ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഏറ്റവും പ്രധാന പരിപാടി വിശ്വകലാ സംഗമം 2000-2002 ആണ്. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രസിദ്ധരായ ചിത്രകാരന്മാരും ശില്പികളും പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്രം നടത്തുന്ന കാവ്യമൂല എന്ന പരിപാടി വളര്‍ന്നുവരുന്ന കവികളെ പ്രോല്‍സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇവിടെ എല്ലാ മാസവും അക്ഷരശ്ലോക സംഗമവും സംഘടിപ്പിക്കുന്നുണ്ട്. കുട്ടികള്‍ക്കായി മഴവില്ല് എന്ന പേരില്‍ ഒരു നാടക കളരിയും ഈ കേന്ദ്രം നടത്തുന്നു. ഇവിടം ആസ്ഥാനമായി സജീവമായ ഒരു കഥകളി ആസ്വാദകസംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. സംഘത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ടുമാസത്തിലൊരിക്കല്‍ പ്രമുഖ കഥകളി കലാകാരന്മാര്‍ ഇവിടെ പരിപാടികളവതരിപ്പിക്കുന്നു.

ഗൊഡ്ഡെ


രാമായണകഥയെ നാടന്‍ രീതിയില്‍ അവതരിപ്പിക്കുന്ന ഒരു കലാരൂപമാണ് ഗൊഡ്ഡെ. 1600-നു ശേഷം ഫോര്‍ട്ടുകൊച്ചി അമരാവതി പ്രദേശത്ത് വൈശ്യ-വാണിയ വിഭാഗത്തിന്റെതായി രണ്ടു പ്രധാന ക്ഷേത്രങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഒന്ന് ശ്രീമട്ട് ജനാര്‍ദ്ദന ക്ഷേത്രവും മറ്റൊന്ന് അമരാവതി ആല്‍ത്തറ ഭഗവതി ക്ഷേത്രവും ആണ്. ദുഷ്ടഗണങ്ങളെ അകറ്റും എന്ന വിശ്വാസ പ്രമാണത്തിലാണ് ഗൊഡ്ഡെ ഇവിടെ നടത്തുന്നത്. ഫാല്‍ഗുന മാസത്തിലെ ശുക്ലപക്ഷ ദ്വാദശി നാളില്‍ ഈ കലാരൂപം ഇപ്പോഴും അവതരിപ്പിക്കുന്നു. 15ാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ക്കേ ഇത് ഗോവയില്‍ സ്ഥിരപ്രതിഷ്ടനേടി. 1540-ല്‍ പോര്‍ച്ചുഗീസുകാരുടെ പീഢനത്തിനിരയായ ഒരു കൂട്ടം ഗോവക്കാര്‍ കേരളത്തില്‍ കുടിയേറി. അവരുടെ മാതൃഭാഷ കൊങ്കണിയായിരുന്നു. കൊങ്കണി ഭാഷാവിഭാഗത്തില്‍ തന്നെയുള്ള വൈശ്യ-വാണിയ വിഭാഗമാണ് വാത്മീകി രാമായണത്തെ സാധാരണക്കാരില്‍ എത്തിക്കുന്നതിന് ജനകീയ രീതി സ്വീകരിച്ചത്. ഇത് പില്‍ക്കാലത്ത് ഗൊഡ്ഡെ രാമയണ്‍ ആയി മാറി. കൊങ്കണി ഭാഷയുടെ തനതുകലയായ ഗൊഡ്ഡെ ഫോക്ക് പാരമ്പര്യങ്ങളില്‍ ശ്രദ്ധേയമാണ്.

ചവിട്ടുനാടകം

നൂറിലേറെ കഥാപാത്രങ്ങളുമായി 15 ദിവസത്തോളം അന്തി മുതല്‍ ഉദയം വരെ കളിക്കുന്ന ചവിട്ടുനാടകങ്ങള്‍ കൊച്ചി തീരപ്രദേശത്തെ പഴയ തലമുറയുടെ ജീവനായിരുന്നു. ഇപ്പോള്‍ രണ്ടും മൂന്നും മണിക്കൂറില്‍ ഒതുങ്ങുന്ന പത്തോ പതിനഞ്ചോ കഥാപാത്രങ്ങള്‍ മാത്രമുള്ള ചവിട്ടുനാടകങ്ങളും രംഗത്തുണ്ട്. ചെന്തമിഴില്‍ ‍16ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ചവിട്ടുനാടക കൃതികള്‍ ഇന്നും അതേപടി തുടരുന്നു. ആദ്യകാല കൃതികളായ കാറല്‍സ്മാന്‍ ചരിത്രം, ജനോവ നാടകം തുടങ്ങിയവ താളിയോലകളില്‍ വട്ടെഴുത്ത് ലിപികളില്‍ തന്നെ അവശേഷിക്കുന്നു. ഇത്തരം കയ്യെഴുത്തു പ്രതികളിലാണ് ചവിട്ടുനാടകങ്ങളുടെ നിലനില്‍പ്. വിക്ടോറിയന്‍ നാടകവേദിയില്‍ നിന്ന് തമിഴ് സംഗീത നാടകങ്ങളിലുടെ മലയാളത്തിലേക്കുവന്ന ചവിട്ടുനാടകങ്ങള്‍ നാലു നൂറ്റാണ്ടു മുന്‍പു തന്നെ കൊച്ചിയിലുണ്ടായിരുന്നു.

കൊച്ചിയും ഗുജറാത്തി സമൂഹവും

ഇന്ന് കേരളത്തില്‍ ഏറ്റവുമധികം ഗുജറാത്തികളുള്ള പ്രദേശം കൊച്ചിയാണ്. എഴുന്നുറോളം കുടുംബങ്ങളിലായി നാലായിരത്തോളം പേരുണ്ടിവിടെ. ലോഹാന, വൈശ്യ, ബ്രാഹ്മണ്‍ , ജൈന്‍‍ , കച്ച് തുടങ്ങി പതിമൂന്നോളം ഗുജറാത്തി വിഭാഗങ്ങള്‍ ഇന്ന് കൊച്ചിയിലുണ്ട്. ഓരോ സമുദായത്തിനും പ്രത്യേകം ക്ഷേത്രങ്ങളുണ്ട്. ദുര്‍ഗാപൂജയും ദീപാവലിയുമാണ് പ്രധാന ആഘോഷങ്ങള്‍ ‍. ഗുജറാത്തികളുടെ തനത് നൃത്തരൂപമായ ഗര്‍ബായാണ് ആഘോഷങ്ങളിലെ മുഖ്യഇനം. നവരാത്രി ദിനങ്ങളിലെ ദാണ്ഡിയ റാസ് നൃത്തം പ്രധാനപ്പെട്ടതാണ്. 1865-ല്‍ കൊച്ചിയില്‍ നിന്ന് പ്രസിദ്ധീകരിച്ച “കേരള പത്രിക” ദേവ്ജി ഭീംജി എന്ന ഗുജറാത്തിയുടെ സംഭാവനയാണ്. “ദീപ്തി” വാരിക, നൌക, കൊച്ചിന്‍ പത്രിക, ദക്ഷിണ്‍ ഭാരത് തുടങ്ങിയവ കൊച്ചി ഗുജറാത്തികളുടെ പ്രസിദ്ധീകരണങ്ങളായിരുന്നു. മട്ടാഞ്ചേരി മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്ന പോപ്പട് ലാല്‍ ഗോവര്‍ധന്‍ ലാലന്‍ കേരളത്തില്‍ വ്യക്തി മുദ്രപതിപ്പിച്ച മറ്റൊരു ഗുജറാത്തിയായിരുന്നു. കൊച്ചിന്‍ സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൌണ്‍സില്‍ അംഗമായും പോപ്പട് ലാല്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊച്ചി പാലസ് റോഡിനടുത്ത ലാലന്‍ റോഡ് പോപ്പട് ലാലിന്റെ സ്മാരകമായി നിലനില്‍ക്കുന്നു. ബെഞ്ച് മജിസ്ട്രേറ്റ് ആയിരുന്ന കേശവന്‍ദാസ് മാളവ്യ, പെരുമ്പാവൂര്‍ മുന്‍സിപ്പാലിറ്റി കൌണ്‍സില്‍ അംഗമായിരുന്ന പ്രേംജിഭായി എന്നിവര്‍ മലയാളകരയില്‍ വ്യക്തിമുദ്ര പതിപ്പിച്ച കൊച്ചി ഗുജറാത്തികളാണ്. മട്ടാഞ്ചേരി ബസാറിലും ജ്യൂ ടൌണിലും ഗുജറാത്തികളുടെ വക അനേകം പാണ്ടികശാലകളുണ്ട്. ഗുജറാത്തി മഹാജന്‍ വക രണ്ട് സ്കൂളുകളും രാംബഹദൂര്‍ സിങ്ങ് പാരലല്‍ കോളേജും കൊച്ചിയിലുണ്ട്.

ഫാഷന്‍

ഫാഷന്‍ ലോകത്തെ മാറ്റങ്ങളെ സ്വീകരിക്കുന്ന സിറ്റിയാണ് കൊച്ചി. കോപ്റിപാന്റ്സും കാര്‍ഗോസും കൊച്ചിയിലെത്തിയിട്ട് കുറച്ചു കാലമായി. പൂക്കാട്ടുപടി ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഫാഷന്‍ , അക്കാദമി ഓഫ് ഫാഷന്‍ , നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി എന്നിവിടങ്ങളില്‍ നിന്നും ഫാഷന്‍ ഡിസൈനിംഗ് പഠിച്ച് കൊച്ചിലെത്തുന്നവര്‍ ഇന്ന് ധാരാളമാണ്.

ഭക്ഷണം

ലീ പാങ്ജുയി എന്ന ചൈനക്കാരനാണ് കേരളത്തിലെ ആദ്യത്തെ ചൈനീസ് ഭക്ഷണശാല കൊച്ചിയില്‍ സ്ഥാപിച്ചത്. പുതിയ അതിഥി ഇറ്റലിക്കാരനായ പിസ ആണ്. വിവിധവിഭാഗം ജനങ്ങളുടെ സവിശേഷമായ കൂടിച്ചേരല്‍ കൊച്ചിയുടെ പ്രത്യേകത ആണ്. കേരളത്തിലെ ആദ്യത്തെ പിസാകോര്‍ണര്‍ 2000 ജനുവരിയില്‍ കൊച്ചിയിലെത്തി. ഇറ്റലിയിലെ പിസാഗോപുരത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ള ഒരു ആഹാരമാണ് പിസ. ഇതിനു മുമ്പ് പ്രശസ്തിനേടിയ മറ്റൊരു വിദേശിയാണ് അമേരിക്കന്‍ ഹംബര്‍ഗ്ഗര്‍‍ . എന്നാല്‍ മാറുന്ന ശീലത്തിനു മുന്നറിയിപ്പായി നഗരത്തിലുള്ള രണ്ട് പ്രകൃതി ഭക്ഷണശാലകളാണ് കൊച്ചിന്‍ ടൂറിസ്റ്റ് ഹോമിലുള്ള ഗ്രാസ് ഹോപ്പറും നോര്‍ത്ത് റെയില്‍വേ സ്റ്റേഷനടുത്തുള്ള “അരുവി കുരുവി പൂങ്കുരുവി” റസ്റ്റോറന്റും.

കൊച്ചി ഫിലിം സൊസൈറ്റി

1984-ല്‍ കേരള കലാപീഠത്തോടനുബന്ധിച്ച് പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട ഫിലിം സൊസൈറ്റികളില്‍ ഒന്നാണിത്. പ്രശസ്ത ഛായാഗ്രാഹകന്‍ മങ്കട രവി വര്‍മ്മയാണ് ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തനോല്‍ഘാടനം നിര്‍വ്വഹിച്ചത്. ബാറ്റില്‍ഷിപ്പ് പോട്ടെംകിന്‍ ആണ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രദര്‍ശിപ്പിച്ച ആദ്യസിനിമ. അതേതുടര്‍ന്ന് ഒരൊറ്റമാസം പോലും മുടങ്ങാതെ സൊസൈറ്റി സിനിമാപ്രദര്‍ശനം നടത്തുന്നു.

കലാഭവന്‍

1969-ല്‍ ഫാദര്‍ ആബേല്‍ സി.എം.ഐ തുടങ്ങിവച്ച കലാഭവന്‍ കേരളത്തിനകത്തും പുറത്തും ഖ്യാതി നേടിയ കലാകേന്ദ്രമാണ്. 1971-ല്‍ യേശുദാസ്, ജയചന്ദ്രന്‍ , എസ്.ജാനകി, ബി.വസന്ത തുടങ്ങിയവരെ അണിനിരത്തി നടത്തിയ ഗാനമേള കലാഭവന്റെ ആദ്യ മഹാസംരംഭമായിരുന്നു. 1973-ല്‍ തിയേറ്റര്‍ സ്കൂള്‍ ആരംഭിച്ചു. 1992 മുതല്‍ പ്രൊഫഷണല്‍ നാടക രംഗത്തെത്തിയ കലാഭവന്‍ “വിന്‍സെന്റ് ഡിപോള്‍ ” “അന്തിചുവപ്പ്” എന്നീ പരീക്ഷണ നാടകങ്ങള്‍ അവതരിപ്പിച്ചു. ഗാനമേളയുടെ ഇടവേളയില്‍ ഒതുങ്ങിനിന്ന മിമിക്രിയെ ഒരു സ്വതന്ത്ര പരിപാടിയായി മെനഞ്ഞെടുത്തത് കലാഭവനാണ്. 1981-ലാണ് കലാഭവന്‍ മിമിക്സ് പരേഡ് ആരംഭിക്കുന്നത്. ചാരിറ്റബിള്‍ സൊസൈറ്റിക്കും അതിന്റെ അക്കാദമിക്കും സമാന്തരമായി 1971-ല്‍ കലാഭവന്‍ സ്റ്റുഡിയോസ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുംസ്ഥാപിക്കപ്പെട്ടു. കലാഭവന് ദുബായ്, കുവൈറ്റ്, അജ്മാന്‍ എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുണ്ട്.

ചാവറ കള്‍ച്ചര്‍ സെന്റര്‍

1971-ല്‍ സ്ഥാപിക്കപ്പെട്ടു വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ഛന്റെ ചരമശതാബ്ദി സ്മാരകം എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷനു സമീപം സ്ഥിതിചെയ്യുന്നു. 1981,1991,1996 വര്‍ഷങ്ങളില്‍ ഈ സ്ഥാപനം ലോക മത സമ്മേളനങ്ങള്‍ക്ക് വേദിയായി. മതേതര കാഴ്ചപ്പാടോടെ സാമൂഹിക-സാംസ്കാരിക വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഉപകരണ സംഗീതത്തിലും വായ്പ്പാട്ടിലും കേന്ദ്രം പരിശീലനം നല്‍കുന്നു. സെന്റര്‍ വിദ്യാഭ്യാസ മേഖലയ്ക്കും ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്നു. ചാവറ കമ്പ്യൂട്ടര്‍ സെന്റര്‍ , ചാവറ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്, ചാവറ സ്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നു. സ്പോക്കണ്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ ഭാഷകളും ഇവിടെ പഠിപ്പിക്കുന്നു. നഗരത്തിലെ ഏറ്റവും വലിയ ലൈബ്രറികളില്‍ ഒന്നാണ് ചാവറ ലൈബ്രറി. ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്ററില്‍ വിവാഹാര്‍ത്ഥികളായ യുവതി യുവാക്കന്മാരുടെ ഡാറ്റാബാങ്കും ആല്‍ബങ്ങളും ഉണ്ട്. നിശ്ചിത ഫീസടച്ചു റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അനുയോജ്യമായ ആലോചനകള്‍ സ്വയം കണ്ടെത്താം. കേരളത്തിന്റെ പാരമ്പര്യകലകള്‍ പ്രോല്‍സാഹിപ്പിക്കുകയെന്നത് സെന്ററിന്റെ പ്രഖ്യാപിതനയമാണ്. കൂടെ കൂടെ സെന്ററിന്റെ ആഭിമുഖ്യത്തില്‍ കഥകളി, കൂടിയാട്ടം, ഓട്ടംതുള്ളല്‍ എന്നീ കലകള്‍ സംഘടിപ്പിക്കാറുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് കള്‍ച്ചര്‍ സെന്റര്‍ പ്രത്യേക ഊന്നല്‍ കൊടുക്കുന്നു. ഫാ: റോബി കണ്ണന്‍ചിറ സി.എം.ഐ ആണ് സെന്ററിന്റെ ഡയറക്ടര്‍ ‍. ശ്രീ.റ്റി.എ.വര്‍ക്കി, പ്രൊ: ഗീതാ ശശികുമാര്‍ എന്നിവര്‍ സെക്രട്ടറിമാരാണ്.

ചിത്രം ആര്‍ട്ട് ഗ്യാലറി

കേരളത്തിലെ ആദ്യ കൊമേഴ്സ്യല്‍ ആര്‍ട്ട് ഗ്യാലറി രാമചന്ദ്രന്‍ നായരാണ് സ്ഥാപകന്‍ ‍. എം.ജി. റോഡില്‍ രവിപുരത്ത് സ്ഥിതിചെയ്യുന്നു. 178-ഓളം കലാകാരന്‍മാരുടെ സൃഷ്ടികള്‍ ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഏകദേശം 500-ഓളം ചിത്രങ്ങളുടെ ശേഖരം ഗ്യാലറിക്കുണ്ട്.

കൊച്ചിയിലെ മറ്റു കലാസാംസ്കാരിക സ്ഥാപനങ്ങള്‍

  1. ദ്രവീഡിയ ആര്‍ട്ട് ആന്റ് പെര്‍ഫോര്‍മെന്‍സ് ഗ്യാലറി, മട്ടാഞ്ചേരി
  2. കാശി ആര്‍ട്ട് കഫെ, ഫോര്‍ട്ടുകൊച്ചി
  3. ഗലേറിയ സിനഗോഗ്, മട്ടാഞ്ചേരി
  4. വേള്‍ഡ് ഓഫ് ആര്‍ട്ട്, എം ജി റോഡ്
  5. കഫേ പാലറ്റ് (റെയിമണ്ട് ഷോറൂമിനുള്ളില്‍ ‍) എം ജി റോഡ്
  6. ദി പാലറ്റ് ആര്‍ട്ട് ഗ്യാലറി, പനമ്പള്ളി നഗര്‍
  7. കൊച്ചിന്‍ ആര്‍ട്ട് ഗ്യാലറി, ഫോര്‍ട്ടുകൊച്ചി

അവസാനം പരിഷ്കരിച്ചത് : 6/18/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate