অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നെല്ല്

തവിടെണ്ണ

ഭാരതത്തില്‍ ഏതാണ്ട് 13 ലക്ഷം ടണ്‍ തവിടെണ്ണ (ൃശരല യൃമി ീശഹ) ഉല്‍പ്പാദിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് 'സോള്‍വന്‍റ് എക്സ്ട്രാക്ഷന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ' ചൂണ്ടിക്കാട്ടുന്നു. ഇന്നത്തെ ഉല്‍പ്പാദനമാകട്ടെ 5 ലക്ഷം ടണ്ണില്‍ താഴെ മാത്രമാണ്. ചൈന, തായ്വാന്‍, തായ്ലാന്‍റ് എന്നിവിടങ്ങളില്‍ തവിടെണ്ണ വന്‍തോതില്‍ ഉല്‍പ്പാദിപ്പിച്ചു കയറ്റുമതി ചെയ്യുന്നുണ്ട്. ഭാരതത്തില്‍ അടുത്ത കാലത്തായി തവിടെണ്ണയുടെ ഉപഭോഗം വര്‍ധിച്ചു. കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള അതിന്‍റെ ശേഷിയാണ് കാരണം. മൂന്നു വിഭാഗത്തില്‍പ്പെട്ട നിരോക്സീകാരികള്‍ തവിടെണ്ണയിലുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. ഒറിസനോളാണ് ഇവയില്‍ മുഖ്യം. ഇന്ന് കേരളത്തില്‍ ഉപയോഗിക്കുന്ന തവിടെണ്ണയിലേറെയും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നതാണ്.
ഹൈദരാബാദിലുള്ള 'ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി' തവിടില്‍നിന്ന് എണ്ണ വേര്‍തിരിക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭ്യമാക്കുന്നുണ്ട്. പത്തൊന്‍പതോളം വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഈ സാങ്കേതികവിദ്യ നല്‍കിക്കഴിഞ്ഞു. 'ടെക്നോളജി മിഷന്‍ ഓണ്‍ ഓയില്‍ സീഡ്സ്, പള്‍സസ് ആന്‍റ് മെയ്സ്' എന്ന കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്‍റെ പദ്ധതിയുടെ കീഴിലുള്ള ഗ്രാന്‍റ് ഈ വ്യവസായങ്ങള്‍ക്കു ലഭിക്കും.

റൈസ് വൈന്‍

വൈന്‍ ഉപഭോഗം ലോകത്തെമ്പാടും കുതിച്ചുകയറുകയാണ്. ഭാരതത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ലോകത്ത് അരിവൈന്‍ സമര്‍ത്ഥമായി വിപണനം ചെയ്യുന്ന ഫിലിപ്പൈന്‍സിനും മറ്റും ഇത് ഏറെ ഗുണകരമായിട്ടുണ്ട്. സാക്കി എന്ന പേരിലറിയപ്പെടുന്ന അരിവൈന്‍ ജപ്പാനിലും ചൈനയിലും ഏറെ പ്രിയങ്കരമാണ്. ചോറിനെ റൈസ് ഈസ്റ്റ് ഉപയോഗിച്ച് പുളിപ്പിച്ചാണ് അരിവൈനുണ്ടാക്കുന്നത്. 350 മി.ലി. വീതം നിറച്ച 1500 കുപ്പി വൈനുണ്ടാക്കുന്ന ഒരു യൂണിറ്റില്‍നിന്ന് പ്രതിമാസം മൂന്നേകാല്‍ ലക്ഷത്തോളം രൂപയുടെ (690 അമേരിക്കന്‍ ഡോളര്‍) അറ്റാദായമുണ്ടാക്കാമെന്ന് യൂണിവേഴ്സിറ്റി ഓഫ് ഫിലിപ്പൈന്‍സിന്‍റെ പഠനം വെളിപ്പെടുത്തുന്നു.

വൈക്കോല്‍ പേപ്പര്‍

'ഇന്‍റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ' സഹായത്തോടെ വൈക്കോലില്‍നിന്നു പേപ്പറുണ്ടാക്കിയും ഫിലിപ്പൈന്‍സ് വരുമാനമുണ്ടാക്കുന്നുണ്ട്. ഗിഫ്റ്റ് റാപ്പര്‍, ഫോള്‍ഡര്‍, ചുവരലങ്കാരവസ്തുക്കള്‍ തുടങ്ങിയവയൊക്കെ ഈ പേപ്പറുപയോഗിച്ചുണ്ടാക്കാം. വൈക്കോല്‍, റെസിന്‍, ആലം, കാസ്റ്റിക്ക് സോഡാ, വെണ്ടക്കായയുടെ സത്ത്, വെള്ളം, സോഡിയം ഹൈഡ്രോക്ലോറൈറ്റ്, ഡൈ എന്നിവയാണ് വൈക്കോല്‍ പേപ്പറുണ്ടാക്കാന്‍ വേണ്ട വസ്തുക്കള്‍. ഒരു കി.ഗ്രാം വൈക്കോലില്‍നിന്ന് 6 ഷീറ്റ് പേപ്പറുണ്ടാക്കാനാവും. 150 മി.മീ. പ്രതലവിസ്തീര്‍ണ്ണമുള്ള ഒരു പെട്ടി വൈക്കോല്‍ പേപ്പര്‍ അന്തര്‍ദേശീയ വിപണിയില്‍ 900 രൂപയ്ക്കാണ് വില്‍ക്കപ്പെടുന്നത്. ഫോട്ടോഫെയിമാകട്ടെ 150 രൂപയ്ക്കും. ജൈവവിഘടനശേഷിയുള്ളതിനാല്‍ പാശ്ചാത്യരാജ്യങ്ങളിലിതിനു പ്രിയമേറുന്നു.

റൈസ് കോഫി

ഫിലിപ്പൈന്‍സിലും മറ്റും പരമ്പരാഗതമായി ഉപയോഗിക്കുന്നതാണ് അരിയില്‍നിന്നുണ്ടാക്കുന്ന റൈസ്കോഫി. കഞ്ഞിവെള്ളത്തിന്‍റെയും കാപ്പിയുടെയും രുചി ഒത്തുചേര്‍ന്നതാണീ പാനീയം. ഇതിന്‍റെ വാണിജ്യസാധ്യത മനസ്സിലാക്കിയ പല വ്യവസായികളും വ്യത്യസ്ത രുചികളിലുള്ള റൈസ്കോഫി വിപണിയിലിറക്കിയിട്ടുണ്ട്. ഈ കോഫി വില്‍ക്കുന്ന കോഫിഷോപ്പുകളും രംഗത്തെത്തിക്കഴിഞ്ഞു.

മുളപ്പിച്ച അരി

മുളപ്പിച്ച ചെമ്പാവരി ആരോഗ്യഭക്ഷണമായി പ്രിയം നേടുകയാണ്. ജപ്പാനിലാണ് ഇതിനേറ്റവും ആവശ്യമുള്ളത്. ഇതുമായി ബന്ധപ്പെട്ട 49 ഉല്‍പ്പന്നങ്ങള്‍ പേറ്റന്‍റ് ചെയ്യപ്പെട്ടു.
ഒന്നോ രണ്ടോ ദിവസം നെല്ലിനെ വെള്ളത്തില്‍ കുതിര്‍ത്തു മുളപ്പിച്ചെടുക്കുക മാത്രമാണ് ഇതിനു പിന്നിലുള്ള സാങ്കേതികവിദ്യ. ഇത്തരം അരി പാചകം ചെയ്തു കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയുമെന്നും, ഉറക്കമില്ലായ്മ മാറുമെന്നും, ആര്‍ത്തവത്തകരാറുകള്‍ പരിഹരിക്കപ്പെടുമെന്നും, കരളിന് ഉത്തേജനം ലഭിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്. പാചകഗുണവും പോഷകമേന്മയും കൂടുമെന്നതാണു മറ്റു ഗുണങ്ങള്‍. 'ഗാമാ അമിനോബ്യൂട്ടറിക്ക് ആസിഡെന്ന' നിരോക്സീകാരി മുളപ്പിച്ച ചെമ്പാവില്‍ സാധാരണ അരിയെക്കാള്‍ പത്തിരട്ടി കൂടുമെന്നും, ഭക്ഷ്യനാര്, വിറ്റാമിന്‍-ഇ, നിയാസിന്‍, ലൈസിന്‍ എന്നിവ നാലിരട്ടിയാവുമെന്നും, വിറ്റാമിന്‍-ബിയും മഗ്നീഷ്യവും മൂന്നിരട്ടിയാവുമെന്നും കണ്ടെത്തിയിട്ടുണ്ട്.
സമീപകാല പഠനങ്ങളനുസരിച്ച് ഇത്തരം അരി, അല്‍ഷൈമേഴ്സ്, ഡയബറ്റിസ്, കുടലിലെ കാന്‍സര്‍, ഹൃദ്രോഗം, തലവേദന, മലബന്ധമെന്നിവ മാറാന്‍ സഹായിക്കും. ഒരു കി.ഗ്രാം മുളപ്പിച്ച അരിക്ക് അന്തര്‍ദേശീയ വിപണിയില്‍ 300 ലേറെ രൂപ വില വരാന്‍ ഇതു കാരണമായിട്ടുണ്ട്.
ഇത്തരം അരി ഉപയോഗിച്ച് റൈസ്ബോള്‍, റൈസ് സൂപ്പ്, ബ്രഡ്, കുക്കീസ് എന്നിവയൊക്കെ ഉണ്ടാക്കി വിപണനം ചെയ്യുന്നു.

അരി ബ്രഡ്

അരിമാവില്‍നിന്നുണ്ടാക്കുന്ന ബ്രഡിനു വ്യവസായ സാധ്യതയേറുന്നുണ്ട്. ഗോതമ്പ്, മൈദ തുടങ്ങിയവയില്‍നിന്നുണ്ടാക്കുന്ന ബ്രഡിനെക്കാള്‍ അരിബ്രഡിന് ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രിയമായിക്കഴിഞ്ഞു. 80% അരിയും 20% ഗ്ലൂട്ടനും (മാവില്‍നിന്നു വേര്‍തിരിക്കുന്ന പശിമയുള്ള പ്രോട്ടീന്‍) ചേര്‍ത്താണ് റൈസ് ബ്രഡുണ്ടാക്കുക. ഗ്ലൂട്ടനില്ലാത്ത അരിബ്രഡുമുണ്ടാക്കുന്നു. ഇത് കൂടാതെ ബ്രഡ് റോള്‍സ്, ഉണക്കമുന്തിരി ചേര്‍ത്ത റൈസ് ബ്രഡ്, നട്ട് റൈസ് ബ്രഡ് തുടങ്ങി പുതിയ പല ഉല്‍പ്പന്നങ്ങളും വിപണിയിലെത്തിയിട്ടുണ്ട്. ഒരു ലോഫ് റൈസ് ബ്രഡ് 65-ഓളം രൂപയ്ക്കു തുല്യം വിലയ്ക്കു വില്‍ക്കപ്പെടുന്നു.
ജൈവ അരി, നിറമുള്ള അരി, സുഗന്ധം അരി എന്നിവയ്ക്കും തുണി ബാഗില്‍വെച്ചുതന്നെ ചൂടുവെള്ളത്തില്‍ മുക്കി വേകിച്ചു പെട്ടെന്നു കഴിക്കാവുന്ന 'റെഡി-ടു-ഈറ്റ്' റൈസിനുമൊക്കെ വിപണനസാധ്യത ഏറിയിട്ടുമുണ്ട്.
കേരളത്തിലെ നെല്‍കര്‍ഷകര്‍ ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണത്തിനു വൈകാതെ തുടക്കമിടേണ്ടിയിരിക്കുന്നു. ഇതു നെല്‍കൃഷി കൂടുതല്‍ ലാഭകരമാക്കും.

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate