অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നാരുവിളകള്‍

നാരുവിളകള്‍

നാരുകള്‍

Fibers

സസ്യങ്ങള്‍, മൃഗങ്ങള്‍, ധാതുക്കള്‍ എന്നിവയില്‍ നിന്നോ ചില രാസപദാര്‍ഥങ്ങളില്‍ നിന്നോ വികസിപ്പിച്ചെടുക്കുന്ന നേര്‍ത്ത നീളമേറിയ വസ്തുക്കള്‍. പ്രകൃതിയില്‍ അതിവിശിഷ്ടമായ അനേകതരം നാരുകള്‍ കണ്ടുവരുന്നു. സസ്യങ്ങളുടെ ഇല, തണ്ട്, വിത്ത് എന്നിവയില്‍ നിന്ന് ലഭിക്കുന്ന സെല്ലുലോസ് നാരുകളും മൃഗങ്ങളുടെ മുടി, രോമം, ശലഭകോശങ്ങള്‍ എന്നിവയില്‍നിന്നുള്ള പ്രോട്ടീന്‍ നാരുകളും ധാതുനാരായ ആസ്ബസ്റ്റോസും വ്യാവസായികമായി പ്രാധാന്യം നേടിയിട്ടുള്ള പ്രകൃതിദത്തനാരുകളാണ്.

പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന അസംസ്കൃത വസ്തുക്കളില്‍ നിന്നും കൃത്രിമമായി നാരുകള്‍ ഉത്പാദിപ്പിക്കാറുണ്ട്. റയോണ്‍ പോലുള്ള കൃത്രിമ നാരുകളുടെ അസംസ്കൃത പദാര്‍ഥം സെല്ലുലോസ് തന്നെയാണ്. സോയാബീന്‍, കപ്പലണ്ടി, ചോളം തുടങ്ങിയ പ്രോട്ടീനുകളും കൃത്രിമ നാരുകള്‍ക്കനുയോജ്യമായ അസംസ്കൃത പദാര്‍ഥങ്ങള്‍ ആണ്. എന്നാല്‍ കോള്‍, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയവയില്‍ നിന്നും സംശ്ലേഷിപ്പിച്ചെടുക്കുന്ന നൈലോണ്‍, പോളിഅമൈഡുകള്‍, പോളി എസ്റ്ററുകള്‍, അക്രിലിക്കുകള്‍ എന്നിവയാണ് യഥാര്‍ഥ കൃത്രിമ നാരുകളായി കണക്കാക്കി വരുന്നത്. ധാതവ പദാര്‍ഥങ്ങളില്‍ നിന്നും നിര്‍മിച്ചെടുക്കുന്ന ഗ്ലാസ് നാരുകളും (fiber glass) ലോഹങ്ങളില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന ഉരുക്കുകമ്പിളി (steel wool) പോലുള്ള വിവിധ ലോഹനാരുകളുമാണ് മനുഷ്യ നിര്‍മിത കൃത്രിമ നാരുകളില്‍ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു വിഭാഗം.

ചരിത്രം

മൃഗജന്യനാരുകളെയപേക്ഷിച്ച് സസ്യനാരുകളെ കുറിച്ചാണ് കൂടുതല്‍ പുരാരേഖകള്‍ ലഭ്യമായിട്ടുള്ളത്. സസ്യനാരുകളില്‍ പ്രധാനമായും അടങ്ങിയിട്ടുള്ള സെല്ലുലോസ് ദീര്‍ഘകാലം ക്ഷയിക്കാതെ നിലനില്ക്കുന്നതും മൃഗജന്യമായ പ്രോട്ടീന്‍ നാരുകള്‍ വളരെ വേഗം നശിച്ചു പോകുന്നതുമാണ് ഇതിനു കാരണം. നാരുകളുടെ ഉപയോഗത്തിന്റെ ഏറ്റവും പുരാതന രേഖ മെക്സിക്കോയിലെ ഗുഹയില്‍നിന്നുമാണ് ലഭിച്ചിട്ടുള്ളത്. 10,000 ബി.സി.യില്‍ ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന ഒരു പനയോലക്കഷണമാണിത്. ഇത്തരം ഓലക്കഷണങ്ങള്‍ ചിലയിനം പരുക്കന്‍ തുണിത്തരങ്ങള്‍ നെയ്തെടുക്കാനുപയോഗിച്ചിരുന്നതായി അറിവുണ്ട്. ഊത്താ ഗുഹകളില്‍ നടന്ന ഉത്ഖനനങ്ങളില്‍ നിന്ന് ലഭ്യമായ വലബാഗ്, ബി.സി. 9000-ല്‍ത്തന്നെ അമേരിന്ത്യര്‍ സസ്യനാരുകളുടെ സംസ്കരണത്തില്‍ പ്രാവീണ്യം നേടിയിരുന്നതായി തെളിയിക്കുന്നു.

ബി.സി. 5000-ത്തോടെ ഇന്ന് ഉപയോഗത്തിലുള്ള ഏതാണ്ട് എല്ലാ സസ്യനാരുകളും തിരിച്ചറിയപ്പെട്ടിരുന്നതായി രേഖകളുണ്ട്. 2000 ബി.സി.-യില്‍ ഇന്ത്യയിലും പാകിസ്താനിലും പരുത്തിനൂല്‍നൂല്‍പ്പ് വ്യാപകമായിരുന്നു. പെറുവിലും മെക്സിക്കോയിലും 'ലേസ്' നിര്‍മാണവും ചൈനയില്‍ ഹെംപ് കൃഷിയും നേര്‍ത്ത പട്ട് വസ്ത്രങ്ങളുടെ നിര്‍മാണവും ആരംഭിച്ചിരുന്നതായി കരുതാനാവും. ഈജിപ്തില്‍ മമ്മികളെ ലിനന്‍ തുണികൊണ്ട് മൂടിയിരുന്നതായും തെളിവുകളുണ്ട്.

സ്വാഭാവിക സെല്ലുലോസില്‍നിന്ന് വികസിപ്പിച്ചെടുത്ത റയോണിന്റെയും സെല്ലുലോസ് അസറ്റേറ്റിന്റെയും നിര്‍മാണത്തോടെയാണ് സംശ്ളേഷിത നാരുകളുടെ ചരിത്രം തുടങ്ങുന്നത്. 1891-ലാണ് റയോണ്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ചു തുടങ്ങിയത്; ഗണ്യമായ തോതില്‍ അസറ്റേറ്റ് നാരുകള്‍ ഉത്പാദിപ്പിച്ചത് 1921-ലും. പെട്രോളിയം ഉത്പന്നങ്ങളില്‍നിന്നും വികസിപ്പിച്ചെടുത്ത നൈലോണ്‍ ആണ് ആദ്യത്തെ യഥാര്‍ഥ കൃത്രിമനാര്. ഇന്ന് രാസവസ്തുക്കളില്‍നിന്നും മറ്റും സംശ്ളേഷിപ്പിച്ചെടുക്കുന്ന പോളിമറികനാരുകളും മറ്റും നിരവധിയാണ്. ഗ്ളാസ്, കാര്‍ബണ്‍, പ്ളാസ്റ്റിക് തുടങ്ങിയ നാരുകള്‍ കോമ്പസിറ്റ് ആക്കി ലോഹങ്ങളെക്കാള്‍ ഉറപ്പും ഗുണമേന്മയുമുള്ള സാധനങ്ങള്‍ നിര്‍മിക്കപ്പെടുന്നുണ്ട്. ഇത്തരം മനുഷ്യനിര്‍മിത നാരുകള്‍ ഉപയോഗത്തില്‍ വന്നതോടെ പ്രകൃതിദത്ത നാരുകളുടെ ഉപയോഗം വളരെ കുറഞ്ഞിരിക്കുന്നു.

സങ്കലന പ്ലാസ്റ്റിക്കുകള്‍ ഉളവാക്കുന്ന പരിസ്ഥിതി മലിനീകരണം വ്യാപകമായതോടെ പ്രകൃതിദത്ത നാരുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഭക്ഷ്യകൃഷിസംഘടന 2009 പ്രകൃതിദത്തനാരു വര്‍ഷമായി പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട കര്‍ഷകരുടെ വരുമാനമാര്‍ഗം സംരക്ഷിക്കുന്നതിനും നാരുകളുടെ മൂല്യം ഉറപ്പുവരുത്തുന്നതിനുമാണ് ഇത്തരമൊരു പ്രചരണ പരിപാടി.

സസ്യനാരുകളുടെ ഉത്പാദനമേഖല 40 ബില്ല്യന്‍ ഡോളര്‍ മതിക്കുന്ന ഒന്നാണ്. വികസ്വരരാഷ്ട്രങ്ങളുടെ കയറ്റുമതിയില്‍ ഏതാണ്ട് രണ്ടു ശ.മാ. നാരുകളും നാരുല്പന്നങ്ങളുമാണ്. ചൈന മുതല്‍ ആന്‍ഡസ് മേഖലയിലുള്ള അല്‍പ്പാക(Alpaca)വരെയുള്ള പ്രദേശങ്ങളില്‍നിന്നുള്ള കര്‍ഷകരാണ്, പ്രതിവര്‍ഷം 30 MT നാരുകള്‍ മൃഗങ്ങളില്‍നിന്നും ചെടികളില്‍നിന്നും ഉത്പാദിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ ഉത്പാദനം പരുത്തി(25MT പ്രതിവര്‍ഷം)യും രണ്ടാമത് കമ്പിളിയുമാണ്. ആസ്റ്റ്രേലിയയിലാണ് ഇതിന്റെ കാല്‍ഭാഗവും ഉത്പാദിപ്പിക്കുന്നത്. സസ്യനാരുകളില്‍ രണ്ടാംസ്ഥാനം ചണ(Jute)ത്തിനാ(2.32.8 MT)ണെങ്കിലും കമ്പിളിനാരിനെ അപേക്ഷിച്ച് കുറഞ്ഞ വരുമാനമേ ലഭിക്കുന്നുള്ളൂ. ഇന്‍ഡ്യയും ബാംഗ്ലാദേശുമാണ് ചണനാരിന്റെ പ്രധാന ഉത്പാദകര്‍.

വര്‍ഗീകരണം

നാരുകളെ പ്രധാനമായും പ്രകൃതിദത്ത മെന്നും മനുഷ്യനിര്‍മിതമെന്നും രണ്ടായി തിരിക്കാവുന്നതാണ്. പ്രകൃതിദത്ത നാരുകള്‍ തന്നെ രണ്ടുവിധമാണ്. സസ്യനാരുകളും മൃഗജന്യനാരുകളും. ഇല, തണ്ടിന്റെ ഉള്‍ത്തൊലി, വിത്ത് തുടങ്ങിയ സസ്യഭാഗങ്ങളില്‍നിന്ന് വേര്‍തിരിക്കുന്നവയാണ് വിവിധ സസ്യനാരുകള്‍. മനുഷ്യനിര്‍മിത നാരുകളാകട്ടെ മൂന്നു തരമാണ്. സെല്ലുലോസ് പോലെയുള്ള പ്രകൃതിദത്ത വസ്തുക്കളുടെ രൂപാന്തരീകരണത്തിലൂടെ ഉത്പാദിപ്പിക്കുന്ന റയോണ്‍, സെല്ലുലോസ് അസറ്റേറ്റ് തുടങ്ങിയവയാണ് ഒന്ന്. സങ്കലന പ്ലാസ്റ്റിക്കുകളാണ് രണ്ടാമത്തെ വിഭാഗം. കാര്‍ബണ്‍, സിലിക്ക, സിറാമിക്, ഗ്ലാസ് തുടങ്ങിയ അകാര്‍ബണിക നാരുകളാണ് മൂന്നാമത്തേത്.

സസ്യനാരുകള്‍

സസ്യനാരുകളുടെ പ്രധാന ഘടകം സെല്ലുലോസാണ്. വിവിധയിനം നാരുകളില്‍ 60 ശ.മാ. മുതല്‍ 90 ശ.മാ. വരെ വ്യത്യസ്ത അളവിലായിരിക്കും സെല്ലുലോസ് അടങ്ങിയിരിക്കുക. സെല്ലുലോസ് കൂടുതലുള്ള നാരുകള്‍ക്ക് ദൃഢതയും ഈടുറപ്പും കൂടും. ലിഗ്നിന്‍ (2-12%) ഹെമിസെല്ലുലോസ് (12-16%) പെക്ടിനുകള്‍ (0.5-4%) തുടങ്ങിയവയാണ് മറ്റു പ്രധാന ഘടകങ്ങള്‍.

ഈര്‍പ്പം ആഗിരണം ചെയ്യുന്നതിനാല്‍ സസ്യനാരുകള്‍ വസ്ത്ര നിര്‍മാണത്തിന് അനുയോജ്യമാണ്. ചൂടുകൊണ്ട് രൂപഭേദം ഉണ്ടാകുന്നില്ല (non thermoplastic), തണുപ്പിച്ചാല്‍ പൊടിഞ്ഞു പോകുന്നുമില്ല; 225°C-ല്‍ അധികം ചൂടാക്കിയാല്‍ മാത്രമേ വിഘടിക്കുന്നുള്ളൂ. ദീര്‍ഘനാള്‍ സൂര്യപ്രകാശമേല്‍ക്കാനിടയായാല്‍ ബലം കുറയും. മണ്ണില്‍ വിഘടിക്കുന്നതിനാല്‍ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകുന്നില്ല എന്നതാണ് സസ്യനാരുകളുടെ ഏറ്റവും സവിശേഷമായ ഗുണം.

വിത്തുനാരുകള്‍

Seed fiber

പരുത്തി

ലോകത്തിലെ ഏറ്റവും പ്രധാന ഭക്ഷ്യേതര കാര്‍ഷികവിഭവമായ പരുത്തി വസ്ത്രനിര്‍മാണത്തിനുപയോഗിച്ച പ്രാചീനമായ സസ്യനാരുകളിലൊന്നാണ്. പരുത്തിവസ്ത്രങ്ങള്‍ 3000 ബി.സിയില്‍ത്തന്നെ പ്രചാരത്തിലിരുന്നതായി പുരാവസ്തുഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പുരാണങ്ങളില്‍ പരുത്തിവസ്ത്രങ്ങളെക്കുറിച്ചുള്ള പരാമര്‍ശം 1400-ബി.സിയില്‍ത്തന്നെ ഭാരതത്തില്‍ ഇത് പ്രചാരത്തിലുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്നു. ഈജിപ്തില്‍ 600മാണ്ടില്‍ത്തന്നെ പരുത്തിക്കൃഷിയുണ്ടായിരുന്നതായി കരുതുന്നു. പുരാതന ചൈനീസ് സംസ്കാരത്തില്‍ പരുത്തി നൂലിനെക്കുറിച്ച് പരാമര്‍ശമുണ്ട്. അറബി കച്ചവടക്കാര്‍, ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് പരുത്തി പ്രചരിപ്പിച്ചു. 12-ാം ശതകത്തില്‍തന്നെ വെനീസ് പരുത്തിഉത്പാദിപ്പിക്കുന്ന പട്ടണമായിരുന്നു. മെഡിറ്ററേനിയന്‍ പ്രദേശത്തുനിന്ന് മധ്യയൂറോപ്പിലേക്കും അത് വ്യാപിച്ചു. 17-ഉം 18-ഉം ശതകത്തില്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനി പോലെയുള്ള വ്യവസായ പ്രമുഖര്‍ പരുത്തിക്കച്ചവടം ഏറ്റെടുത്തു. ബി.സി. 2000-ല്‍ പെറുവിലെ ഇന്‍കാ വര്‍ഗക്കാര്‍ക്കും അരിസോണയിലെ ആദിമ വര്‍ഗക്കാര്‍ക്കുമിടയില്‍ പരുത്തിനൂല്‍ ഉപയോഗത്തിലിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അമേരിക്കന്‍ ഐക്യനാടുകളില്‍ 12-ാം ശതകത്തിന്റെ ആദ്യപകുതിയില്‍ പരുത്തിക്കൃഷിയിടങ്ങളിലാണ് അടിമവ്യാപാരം തുടങ്ങിയതെന്നു കരുതപ്പെടുന്നു. 1793-ല്‍ എലിവിറ്റ്നി (Eli whitney) പഞ്ഞി കടയുന്ന ഒരു യന്ത്രം കണ്ടുപിടിച്ചതോടെ അമേരിക്കന്‍ ഐക്യനാടുകള്‍ പരുത്തി ഉത്പാദനകേന്ദ്രമായി മാറി

മാല്‍വേസീയാ സസ്യകുടുംബത്തില്‍പ്പെടുന്ന പരുത്തി, വാര്‍ഷികവിളയായി ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കൃഷിചെയ്യുന്നു. കുരുനീക്കം ചെയ്ത് (ginning) പിരിച്ചെടുത്ത(bailing)ശേഷം നീളത്തിനനുസരിച്ച് തരംതിരിക്കുകയാണ് (grading) പരുത്തി. നൂലുത്പാദനത്തിലെ ആദ്യപടി. തുടര്‍ന്ന് നാരുകള്‍ ചീകിവെടിപ്പാക്കി(Combing)യ പഞ്ഞി നീളത്തില്‍ വലിച്ചെടുത്ത് (drawing) നിരത്തി(rowing)യാണ് നൂല്‍ നൂല്‍ക്കുന്നത്. നാരുകള്‍ കഴകളാക്കി (yarn) പിരിച്ചെടുത്ത്, തുണിനെയ്ത്തിനുപയോഗിക്കുന്നു. പഞ്ഞികടയുന്നതിനുപയോഗിച്ചിരുന്ന ആദ്യകാല യന്ത്രങ്ങളിലൊന്നാണ് ഇന്ത്യയില്‍ നൂറ്റാണ്ടുകളായി ഉപയോഗത്തിലിരുന്ന ചര്‍ക്ക. രണ്ടു റോളറുകള്‍ക്കിടയിലേക്ക് പഞ്ഞി ഇട്ടുകൊടുക്കുമ്പോള്‍ കുരുവില്‍ നിന്ന് പഞ്ഞി വേര്‍പെടുന്നു. പരുത്തി നാരിന് നീളം കൂടുന്നതനുസരിച്ച് ഗുണവും കൂടുന്നു. ഏറ്റവും നീളം കൂടിയ പരുത്തിനാര് ഈജിപ്ത് (നൈല്‍ നദീതടം), വെസ്റ്റിന്‍ഡീസ് എന്നിവിടങ്ങളില്‍ കിട്ടുന്ന 1-2 1/2 ഇഞ്ച് വരെ നീളമുള്ളതാണ്, ഏറ്റവും കുറഞ്ഞ നീളമുള്ളവ (1/2 ഇഞ്ച്) ഇന്ത്യ, പാകിസ്താന്‍, ചൈന എന്നിവിടങ്ങളില്‍ കാണപ്പെടുന്നു.

കയര്‍ അഥവാ ചകിരിനാര്

തേങ്ങയുടെ തൊണ്ടില്‍നിന്നാണ് ചകിരി വേര്‍തിരിച്ചെടുക്കുന്നത്. വളരെ മൂത്തുപോകാത്ത തേങ്ങയാണ് കയര്‍ ഉല്പാദനത്തിനു നന്ന്. അല്ലാത്തപക്ഷം കയര്‍ കടുത്തനിറമുള്ളതും പരുക്കനുമാകും. ഇന്ത്യയുടെ പടിഞ്ഞാറുതീരവും കേരളവും ശ്രീലങ്കയും കയറുത്പാദന കേന്ദ്രങ്ങളാണ്. ഫീലിപ്പൈന്‍സ്, കെനിയ, വെസ്റ്റിന്‍ഡീസ് എന്നീ രാജ്യങ്ങളാണ് ചെറുകിട കയറുത്പാദക രാജ്യങ്ങള്‍. തേങ്ങ പൊതിച്ചെടുത്ത തൊണ്ട് ചീയാനായി (അഴുകാന്‍) കുളത്തിലോ തടാകത്തിലോ മാസങ്ങളോളം ഇടുന്നു. ബാക്റ്റീരിയയുടെ പ്രവര്‍ത്തനഫലമായി നാരുകള്‍ വേര്‍തിരിയുന്നു. തൊണ്ട് ശേഖരിച്ച് തല്ലി, ചകിരിച്ചോറ് മാറ്റി ചീകിയെടുത്ത് ഉണക്കുന്നു.

ചില ഫാക്റ്ററികളില്‍ അഴുകല്‍ സമയം ലാഭിക്കാന്‍ ചൂടുവെള്ളത്തില്‍ മുക്കിഎടുത്ത് നാരുകള്‍ വേര്‍തിരിക്കുന്നു. കട്ടിയുള്ള കോശഭിത്തിയുള്ള നാരാണ് കയര്‍. കനക്കുറവും ഈടും കുറഞ്ഞ ചെലവുമാണ് കയറുത്പന്നങ്ങളുടെ പ്രത്യേകത. ബ്രഷ്, ചൂല് എന്നിവയ്ക്കു കട്ടിയുള്ള പച്ചത്തൊണ്ടില്‍നിന്നെടുത്ത നാരുകളും മെത്ത, കുഷ്യന്‍ മുതലായവയ്ക്ക് അഴുക്കിയെടുത്ത ചെറിയ കനം കുറഞ്ഞ നാരുകളും ഉപയോഗിക്കുന്നു. കയറുത്പന്നമായ ജിയോ ടെക്സ്റ്റൈല്‍സ് കടലാക്രമണം തടയുന്നതിനും മണ്ണിടിച്ചില്‍ ഒഴിവാക്കുന്നതിനും ഉപയോഗിക്കുന്നു. കയര്‍-പോളിമര്‍ കോമ്പസിറ്റ്സ് തടിക്കുപകരമായി ഭവനനിര്‍മാണ മേഖലയില്‍ ഉപയോഗിക്കുന്നു.

പഞ്ഞിമരം

Kapok

ബൊംബകേസീ കുടുംബത്തില്‍പ്പെടുന്ന പഞ്ഞി ജാവയിലാണ് കൂടുതലായി കാണുന്നത്. തെക്കുകിഴക്കനേഷ്യയിലും ഇന്‍ഡോനേഷ്യയിലും കൂടാതെ ഇന്‍ഡ്യയില്‍ കൊല്‍ക്കത്തയിലും കേരളത്തിലും കൃഷി ചെയ്യപ്പെടുന്നു. ഇതിന്റെ വലിയ കായകള്‍ ഉണക്കിയെടുത്ത് പൊട്ടിച്ച് കുരു മാറ്റി വേര്‍തിരിച്ചെടുക്കുന്ന പഞ്ഞി, പെട്ടെന്നു പൊട്ടിപ്പോകുന്ന മൃദുലമായ ചെറിയ നാരുകളാണ്. ഇത് നെയ്ത്തിന് ഉപയോഗിക്കാറില്ല. സീറ്റുകള്‍, കുഷ്യനുകള്‍, മെത്തകള്‍, ജാക്കറ്റുകള്‍ എന്നിവ നിറയ്ക്കാനാണ് കൂടുതലായും ഉപയോഗിക്കുന്നത്.

തണ്ടുനാരുകള്‍

Bast Fibers

ഡൈകോട്ടിലിഡണ്‍ വിഭാഗത്തില്‍പ്പെടുന്ന ചെടികളുടെ തണ്ടിന്റെ ഉള്‍ത്തൊലി(bast tissues)യില്‍ നിന്നാണ് ഈ നാരുകള്‍ വേര്‍തിരിച്ചെടുക്കുന്നത്. ചണം, ലിനന്‍ (flax), ഹെമ്പ് (hemp), റാമി (ramie), സണ്‍ഹെമ്പ് (Sunhemp), കെനാഫ് (Kenaf), യുറേനാ (Urena), കൊടിത്തൂവ (nettle) തുടങ്ങിയവയാണ് പ്രധാനം. നീളമുള്ള ഒറ്റകോശങ്ങളായ ഈ നാരുകള്‍ മൃദുനാരുകള്‍ (Soft fiber) എന്നറിയപ്പെടുന്നു. ബാസ്റ്റ് കലകള്‍ തണ്ടില്‍നിന്ന് വേര്‍പെടുത്തി വേണം നാരുകള്‍ സ്വതന്ത്രമാക്കാന്‍. സാധാരണയായി തൊലി വേര്‍തിരിച്ച് ഒരു മാസത്തോളം സാധാരണ ഊഷ്മാവില്‍, അഴുകാന്‍ (ചീയാന്‍) ഒഴുക്കു വെള്ളത്തില്‍ ഇടുന്നു. പിന്നീട് കഴുകിയെടുത്ത് ഉണക്കി സംസ്കരിച്ചെടുക്കുകയാണ് ചെയ്യുന്നത്.

ചണം

Jute

പുരാതന കാലം മുതല്‍ക്കേ ചണം ഇന്ത്യയില്‍ കൃഷിചെയ്യപ്പെടുന്നു. നെയ്ത്ത് യന്ത്രങ്ങള്‍ വന്നതോടെ കയറ്റുമതി വര്‍ധിക്കുകയും കൃഷി കൂടുതല്‍ വ്യാപിക്കുകയും ചെയ്തു. വെള്ളചണം ആണ് ഇന്ത്യയില്‍ കൂടുതലായി കാണപ്പെടുന്നത്. 3-5 മാസങ്ങളാണ് വിളവിന് വേണ്ടത്. ഭക്ഷ്യവിളകള്‍ക്കുപകരം ഇവ കൃഷിചെയ്യേണ്ടിവരുന്നത് പലപ്പോഴും ഒരു പ്രശ്നമാണ്. ഇന്ത്യയില്‍ ശരാശരി 560 കി.ഗ്രാം ചണം ഒരേക്കറില്‍ നിന്നു ലഭിക്കുന്നു.

ചണനാരുകള്‍ തൊലിയില്‍നിന്ന് വേര്‍പെടുന്നത് ബാക്റ്റീരിയയുടെ പ്രവര്‍ത്തനഫലമായാണ്. 1 മുതല്‍ 10 വരെ മാസം അഴുകാന്‍ ഇടാറുണ്ട്. നാരുകളെ കൂട്ടിയോജിപ്പിച്ചുനിര്‍ത്തുന്ന പശ, പെക്ടിനുകള്‍ മുതലായവയെല്ലാം വിഘടിച്ചു പോകുന്നത് ഈ ബാക്റ്റീരിയല്‍ പ്രതിപ്രവര്‍ത്തനം കൊണ്ടാണ്. ചണത്തിന്റെ നിറവും തിളക്കവും ബലവും എല്ലാം ഇതിനെ ആശ്രയിച്ചിരിക്കും. അഴുകല്‍ കൂടിയാല്‍ ബലം കുറയാനിടയാകും. ഒഴുക്കുള്ള അരുവിയില്‍ അഴുകാനിട്ടാല്‍ ഓക്സിജന്റെ ലഭ്യത മൂലവും വിഘടിച്ചുമാറുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെടുന്നതിനാലും നല്ല നാരുകള്‍ ലഭിക്കും. ഒഴുക്കുകൂടിയാല്‍ ബാക്റ്റീരിയങ്ങളുടെ അളവുകുറയുന്നത് അഴുകലിനെ പ്രതികൂലമായി ബാധിക്കും. അഴുക്കിയെടുത്തതിനുശേഷം തടിക്കഷണമുപയോഗിച്ച് തല്ലി പതം വരുത്തുന്നു. വെള്ളച്ചണമാണ് നല്ലയിനം. ചാരനിറമോ കറുത്തനിറമോ ഉള്ള ഡെയ്സി ചണം, ദുര്‍ബലമായ ടോസാ ചണം എന്നിവയാണ് മറ്റു രണ്ടിനം.

ധാന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള ചാക്ക് നിര്‍മിക്കുന്നതിനാണ് 75 ശ.മാ ചണവും ഉപയോഗിക്കുന്നത്. കാര്‍പ്പറ്റ്, ബാഗ് എന്നിവയുടെ നിര്‍മാണവും അലങ്കാരവസ്ത്രങ്ങളുടെ നിര്‍മാണവുമാണ് മറ്റ് ഉപയോഗങ്ങള്‍. കൊല്‍ക്കത്തയിലാണ് 60% ഉത്പാദനവും. കൃത്രിമനാരുകളുടെയും മറ്റു ചിലവുകുറഞ്ഞ തണ്ടുനാരുകളുടെയും കടന്നുകയറ്റവും പ്ളാസ്റ്റിക് ബാഗുകളുടെ ഉപയോഗവും ചണനാരു വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന പുതിയ ചണച്ചെടികളുടെ കണ്ടുപിടുത്തവും യന്ത്രവത്കരണവും ബോധവത്കരണവും നൂതന സാങ്കേതികവിദ്യയും ഈ വ്യവസായത്തെ രക്ഷപ്പെടുത്തുന്നതിന് ആവശ്യമാണ്.

ലിനന്‍

Flax

ലിനന്‍ ഉത്പാദിപ്പിക്കുന്ന നാരുകള്‍ ചെറുചണ ചെടി(Linum Usitatissimum)യില്‍നിന്നാണ് ലഭിക്കുന്നത്. ബി.സി. 3400-ല്‍ത്തന്നെ പുരാതന ഈജിപ്തില്‍ ലിനന്‍ ഉപയോഗത്തിലുണ്ടായിരുന്നതിനു തെളിവാണ് മമ്മികളുടെ ശവക്കച്ചകള്‍. റോമാക്കാരാണ് ഈജിപ്തില്‍നിന്നും മെഡിറ്ററേനിയന്‍ വഴി വടക്കുപടിഞ്ഞാറന്‍ യൂറോപ്പില്‍ ഇത് പ്രചരിപ്പിച്ചത്. ക്രമേണ ഫ്രാന്‍സ് ലിനന് കേഴ്വികേട്ട സ്ഥലമായി. അയര്‍ലണ്ടിന്റെ കാലാവസ്ഥ ഫ്ളാക്സ് ചെടികളുടെ വളര്‍ച്ചയ്ക്കു പറ്റിയതായതിനാല്‍ കൂടുതല്‍ ഉല്പാദനം അവിടെ നിന്നായി. 19-ാം ശ.-ത്തിന്റെ പകുതിയോടെ വിലകുറഞ്ഞ പരുത്തിത്തുണികള്‍ വ്യാപകമാവുകയും ലിനന്‍ പുറന്തള്ളപ്പെടുകയും ചെയ്തു.

ലിനന്‍ ചെടി നാരിനും അതിന്റെ കുരുവിനും വേണ്ടിയാണ് കൃഷിചെയ്യുന്നത്. ലിന്‍സീഡ് എണ്ണ ലിനന്‍ ചെടിയുടെ കുരുവില്‍നിന്നാണ് എടുക്കുന്നത്. ചണം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട തണ്ടുനാരാണ് ലീനേസി സസ്യകുടുംബത്തില്‍പ്പെട്ട ലിനന്‍. മൂന്നുമാസത്തെ വിളവാണ്, ഈ കൃഷിക്ക്. ചെടി പൂത്ത് ഒരു മാസത്തിനകം ഇലകൊഴിഞ്ഞ്, പഴുക്കുമ്പോള്‍ പിഴുതെടുക്കുന്നു. സു. 200-360 കിലോ നാര് ഒരേക്കറില്‍ നിന്ന് ലഭിക്കുന്നു.

ഫിലിപ്പൈന്‍സ്, തായ്വാന്‍, ചൈന, റഷ്യ, അമേരിക്ക എന്നിവിടങ്ങളില്‍ കൃഷിയിടത്തില്‍ത്തന്നെ നിരത്തിയിട്ട് മൂടല്‍മഞ്ഞില്‍ അഴുക്കിയെടുക്കുന്നു. ഇവിടെ ഫംഗസിന്റെ പ്രവര്‍ത്തന ഫലമായാണ് അഴുകല്‍ നടക്കുന്നത്. റോളറില്‍ക്കൂടി കടത്തിവിട്ട് മുറിച്ചെടുക്കുന്നു (Scutching). പിന്നീട് ഇത് ചതച്ച് നാരുകള്‍ വേര്‍പ്പെടുത്തി ചീകിയെടുത്ത് നെയ്ത്തിനുപയോഗിക്കുന്നു. മറ്റ് തണ്ടു നാരുകളെ അപേക്ഷിച്ച് 100 ശ.മാ. സെല്ലുലോസ് അടങ്ങിയ ലിനന്‍ ഏറ്റവും ബലമേറിയ സസ്യനാരാണ്. ക്രീം മുതല്‍ ബ്രൌണ്‍ വരെ നിറമുണ്ടാവാം. 30-75 സെ.മീ. നീളവും 5-28 മൈക്രോണ്‍ വ്യാസവുമുണ്ടാവും, നാരുകള്‍ക്ക്.

നല്ല ഗ്രേഡ് ലിനന്‍, വിലകൂടിയ വസ്ത്രങ്ങളുടെ (damask) നിര്‍മിതിക്കും വിരികള്‍, ഉടുപ്പുകള്‍ എന്നിവയ്ക്കും ഉപയോഗിക്കുന്നു. പരുക്കന്‍ ലിനനാകട്ടെ ബാഗ്, വല, കാന്‍വാസ് എന്നിവയ്ക്കുപയോഗിക്കുന്നു. റഷ്യയാണ് പ്രധാനമായും ലിനന്‍ ഉത്പാദിപ്പിക്കുന്നത്. യൂറോപ്പിലേക്ക് ധാരാളമായി കയറ്റുമതിയും ഉണ്ട്.

റാമി

Ramie

റാമി നാരുകള്‍ എടുക്കുന്നത് ശിഖരങ്ങളോടുകൂടിയ കുറ്റിച്ചെടിയായ ബോഹമെറിയ നിവിയ (Boehmeria nivea) എന്ന ചെടിയില്‍നിന്നാണ്. അര്‍ട്ടിക്കേസീ കുടുംബത്തില്‍ ഉള്‍പ്പെടുന്ന റാമി ചൈനപ്പുല്ല് എന്നും അറിയപ്പെടുന്നു. ചൈനയില്‍ നൂറ്റാണ്ടുകളായി കൃഷി ചെയ്തുവരുന്ന ഈ പുല്ല് 18-ാം ശതകത്തിന്റെ ആദ്യദശകങ്ങളിലാണ് യൂറോപ്പിലേക്ക് കയറ്റിയയ്ക്കപ്പെട്ടത്. തണ്ട് ഇടയ്ക്കിടെ വെട്ടിയെടുത്തശേഷം കുറ്റിമുളയ്ക്കാന്‍ അനുവദിക്കുന്നതിനാല്‍ ഒരേ ചെടിയില്‍നിന്നും രണ്ടുമൂന്നു വിളവെടുക്കാറുണ്ട്. വിളയുമ്പോള്‍ തവിട്ടുനിറമാകുന്ന തണ്ടിന്റെ ചുവടുവെച്ച് മുറിച്ചെടുത്ത് ആറടിയോളം നീളമുള്ള നാരുകള്‍ ചതച്ചെടുക്കുന്നു. സോഡിയം ഹൈഡ്രോക്സൈഡ് ലായനിയില്‍ പുഴുങ്ങിയെടുത്തശേഷം മുറിച്ചെടുത്ത്, കഴുകി, നാരുകള്‍ വേര്‍പെടുത്തി നെയ്ത്തിനുപയോഗിക്കുന്നു.

വെളുപ്പുനിറത്തില്‍ തിളക്കമുള്ള നാരുകളാണിവ. ബാക്റ്റീരിയ, ഫംഗസ് മുതലായവയ്ക്കെതിരെ പ്രതിരോധശക്തി കൂടുതലാണ് ഈ നാരുകള്‍ക്ക്. വെള്ളം പെട്ടെന്നു വലിച്ചെടുക്കുകയും പെട്ടെന്നുതന്നെ പുറത്തുവിടുകയും ചെയ്യുന്ന പ്രത്യേകത ഇവയ്ക്കുണ്ട്. ലിനന്‍, ഹെമ്പ് എന്നിവയേക്കാള്‍ നീളം കൂടിയ നാരുകളാണ് ഇത്.

ഫ്ളാക്സ്, ഹെമ്പ് എന്നിവയെപ്പോലെ തന്നെയാണ് റാമിയുടെയും ഉപയോഗം. നല്ല ബലമുണ്ടെങ്കിലും ഇലാസ്തികത (വലിവുറപ്പ്) കുറവാണ്. പെട്ടെന്ന് ഉണങ്ങുന്നതുകൊണ്ടും നനഞ്ഞ നാരുകള്‍ക്ക് നല്ല വലിവുറപ്പുള്ളതിനാലും മീന്‍ വലകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. വസ്ത്രങ്ങള്‍ക്കും കാന്‍വാസ്, മേശവിരി, ഇരിപ്പിടങ്ങള്‍ മുതലായവയ്ക്കും ഉപയോഗിക്കുന്നു. ചെലവേറിയതാകയാല്‍ സാധാരണ വിലകുറഞ്ഞ സാധനങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാറില്ല. ചൈനയ്ക്കാണ് ഉത്പാദനത്തില്‍ ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം ജപ്പാനും. ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ളണ്ട് എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നു.

ഹെമ്പ്

Hemp

ചൈനയില്‍ 6000 വര്‍ഷങ്ങളായി കൃഷിചെയ്യപ്പെടുന്ന 'കഞ്ചാവുചെടി'(Canabis sativa)യാണ് ഹെമ്പ്. മിതോഷ്ണമേഖലയില്‍, പ്രത്യേകിച്ച് മധ്യയൂറോപ്പ്, റഷ്യ, ചൈന, തുര്‍ക്കി, ജപ്പാന്‍, ചിലി, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവിടങ്ങളില്‍ വളരുന്നു.

ഹെമ്പ് പലയിനം ഉണ്ടെങ്കിലും നാരുകള്‍ എടുക്കുന്നതിന് ഉപയോഗിക്കുന്നത് നീളമുള്ള തണ്ടോടുകൂടിയ ശിഖരങ്ങളില്ലാത്തയിനം ചെടിയാണ്. ഹാഷിഷ്, മരിജുവാന എന്നിങ്ങനെ മയക്കുമരുന്നുകളുണ്ടാക്കാനുപയോഗിക്കുന്നത് ചെറിയ ധാരാളം ശിഖരങ്ങളുള്ളയിനമാണ്. ഇവയ്ക്കു ഇരുണ്ട പച്ചനിറമുള്ള ചെറിയ ഇലകളാണുള്ളത്. അഴുക്കല്‍, ചതച്ചെടുക്കല്‍, ഉണക്കല്‍ തുടങ്ങിയ സംസ്കരണ പ്രക്രിയകള്‍ക്കുശേഷം 2-3 മീറ്റര്‍ വരെ നീളമുള്ള നാരുകള്‍ സൌകര്യത്തിന് 80 സെ.മീ. നീളത്തില്‍ മുറിച്ചെടുത്ത്, യന്ത്രമുപയോഗിച്ച് ചീകിയെടുത്ത് നാരുകള്‍ നെയ്തെടുക്കുന്നു.

ലിനന്‍ നാരുകളെ അപേക്ഷിച്ച് കുറഞ്ഞ ഗുണനിലവാരമുള്ളവയാണ് ഹെമ്പ്. ബ്ളീച്ച് ചെയ്യുവാനും ബുദ്ധിമുട്ടാണ്. അതിനാല്‍ നല്ല തുണിത്തരങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നില്ല. ഈ നാരുകളിലെ പ്രകൃതിദത്ത ചുളിവുകള്‍ (rimps) Z ആകൃതിയിലാണ്. എന്നാല്‍ ലിനന്‍ നാരുകള്‍ക്ക് 'ട' ആകൃതിയുള്ള ചുളിവുകളാണ്. വടം, ട്വൈന്‍, വലകള്‍, കാന്‍വാസ്, ടാര്‍പ്പാളിന്‍ മുതലായവയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നു.

റഷ്യയാണ് ഉത്പാദനത്തില്‍ മുന്‍പന്തിയില്‍. ഇറ്റലി, യുഗോസ്ളാവിയ, റൊമാനിയ, ഹംഗറി, പോളണ്ട്, ബള്‍ഗേറിയ എന്നിവയാണ് മറ്റു ഉത്പാദകര്‍. ജര്‍മനിയിലേക്കും ഫ്രാന്‍സിലേക്കും ധാരാളമായി ഇറക്കുമതിച്ചെയ്യുന്നു.

കാട്ടുചണം

Sunn hemp   ലെഗുമിനോസീ (Lenguminosae) കുടുംബത്തില്‍പ്പെടുന്ന ഈ ചെടി നാരുകള്‍ക്കുവേണ്ടിയും പച്ചിലവളത്തിനായും ഉപയോഗിക്കുന്നു. മീന്‍പിടുത്ത നൂലുകള്‍, കാന്‍വാസ് മുതലായവയുടെ നിര്‍മിതിക്ക് ഇത് അനുയോജ്യമാണ്. ഇന്ത്യയില്‍ പ്രതിവര്‍ഷം 65,000 ടണ്‍ ഉത്പാദിപ്പിക്കപ്പെടുന്നു. മൂന്നുതരം ചെടികളാണ് ഇന്ത്യയില്‍ കൃഷി ചെയ്തുവരുന്നത്. (1) വെളുത്തയിനം-ഏറ്റവും കൂടുതലായി കാണപ്പെടുന്നു. (2) പച്ചയിനം-വെളുത്തയിനത്തേക്കാള്‍ ദൃഢവും വിലകൂടുതല്‍ ലഭിക്കുന്നതും (3) ഡ്യൂഗുഡി ക്രീം (dewghuddy cream) നീളം കൂടിയതും മിനുസമുള്ളതുമായ നാരുകളാണ് ഏറ്റവും മുന്തിയയിനം.

കെനാഫ്, റൊസെല്ലി, യുറിന

Kenaf,roselle and Urena

നാരു ചെടികളില്‍ പ്രധാനപ്പെട്ട മാല്‍വേസീ കുടുംബത്തില്‍പ്പെട്ട നാരുകളാണ് ഇവ. ചണത്തിനു പകരമായി ഉപയോഗിക്കപ്പെടുന്നു.

കെനാഫ് (Hibiscus cannabinus) ചെടികളുടെ തണ്ടുകളില്‍നിന്നാണ് കെനാഫ് നാരുകള്‍ ഉത്പാദിപ്പിക്കുന്നത്. 12 അടി വരെ മാത്രം വളരുന്ന, കനം കുറഞ്ഞ തണ്ടോടുകൂടിയ, മുള്ളുകളുള്ള കുറ്റിച്ചെടിയാണിത്. ഇതിന്റെ നാര് മെസ്റ്റ (mesta) എന്ന് ഇന്ത്യയിലും റ്റാഷ്കെന്റി (Taschkentii) എന്ന് ചൈനയിലും അറിയപ്പെടുന്നു. ഇടവിളയായി കൃഷിചെയ്യാവുന്നതും ചണത്തെയപേക്ഷിച്ച് ആദായകരമായി ഏതുകാലാവസ്ഥയിലും കൃഷിചെയ്യാവുന്നതുമാണിവ.

റൊസെല്ലി (Hibiscus sabdariffa) ആഫ്രിക്കന്‍ ചെടിയാണ്. യുറിന (Urena lobata), പടിഞ്ഞാറന്‍ ആഫ്രിക്ക, ഇന്ത്യ, ബ്രസീല്‍, ചൈന എന്നിവിടങ്ങളില്‍ കാണപ്പെടുന്നു.

അബൂട്ടിലോണ്‍

Abutilon മാല്‍വേസീ കുടുംബത്തില്‍പ്പെട്ട ഈ നാര് ചൈനയില്‍ ധാരാളമായി ചണത്തോടൊപ്പം കയറുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ചൈനാചണമെന്നും അറിയപ്പെടുന്നു. രോഗപ്രതിരോധശക്തി കൂടിയയിനമാണ്. എല്ലാ കാലാവസ്ഥയിലും വളരുന്നു.

ഇലനാരുകള്‍

Leaf fibres ഇലകള്‍ക്കു ദൃഢതകൊടുക്കുന്ന കലകളാണ് ഇത്തരം നാരുകള്‍. അബാക്കാ (Abaca Manila hemp), സിസാല്‍ (Sisal), വാഴ (Banana), പന (Palmyra), മൌറീഷ്യസ് ഹെമ്പ്, ന്യൂസിലാന്‍ഡ് ഫ്ളാക്സ് എന്നിവയാണ് പ്രധാനപ്പെട്ടവ. എല്ലാം ഭൂഗര്‍ഭകാണ്ഡങ്ങളോടുകൂടിയ ചെടികളാണ്.

സിസാല്‍

Sisal

അഗവേസിയേ (Agavaceae) കുടുംബത്തില്‍പ്പെട്ട മൂന്നുറു ഇനം സ്പീഷീസ് കൈതകള്‍ ഉള്ളതില്‍ ഒരിനമാണ് സിസാല്‍ എന്നറിയപ്പെടുന്ന നാരുകൈത. മെക്സിക്കോയിലെ യുകാറ്റന്‍ പട്ടണ തുറമുഖമാണ് സിസാല്‍. ഇവിടെനിന്നാണ് ഈ നാരുകള്‍ കയറ്റിയയ്ക്കപ്പെട്ടിരുന്നത്. അങ്ങനെയാണ് സിസാല്‍ എന്ന നാമത്തില്‍ ഈ കൈത നാരുകള്‍ അറിയപ്പെട്ടത്. മുള്ളുകളുള്ള, 2-6 അടി വരെ നീളമുള്ള ഇലകളാണ്. 6-8 ഇലകള്‍ വരെ മഴക്കാലത്ത് ഉണ്ടാവും. വരണ്ടകാലത്ത് ഇലകള്‍ കുറവായിരിക്കും. മുളകള്‍ അടര്‍ത്തിമാറ്റി വേറെ നട്ടാണ് പ്രജനനം. 20 അടിയോളം ഉയരത്തില്‍ വളര്‍ന്ന് ശിഖരങ്ങളായി പൂത്തുകഴിഞ്ഞാല്‍ 2-4 വര്‍ഷം കൊണ്ട് നശിക്കുന്നു. ഓരോ ഹെക്ടറില്‍ നിന്നും 17 ടണ്ണോളം ഇലകള്‍ വെട്ടിയെടുക്കാന്‍ പറ്റും. 1000 നാരുകളെങ്കിലും ഓരോ ഇലയിലും ഉണ്ടാവും. 30 ഇലകള്‍ ഓരോ കെട്ടാക്കി 70 കെട്ടുകള്‍ ഓരോ ടാസ്ക് (task) ആക്കി മാറ്റിയാണ് ശേഖരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 2000-2800 കിലോ നാര് ഓരോ ഏക്കറില്‍നിന്നും ലഭിക്കുന്നുണ്ട്. ഇല ചതച്ച് നാരുകള്‍ വേര്‍തിരിച്ച് കഴുകി വൃത്തിയാക്കി തരംതിരിച്ച് കെട്ടുകളാക്കി മാറ്റുന്നു.

3-5 അടി നീളവും വെള്ള മുതല്‍ മഞ്ഞ വരെ നിറവുമുള്ള ദൃഢമായ നാരുകളാണ്. പക്ഷേ അബാക്കാ നാരുപോലെ പഴക്കം കിട്ടില്ല. ചെറിയ ചെറിയ നാരുകള്‍ കൂട്ടിയൊട്ടിപ്പിടിച്ച രീതിയിലാണ് ഈ നാരുകള്‍. ഉപ്പുവെള്ളത്തില്‍ ഇവയ്ക്കു നല്ല പ്രതിരോധശേഷിയും ഇലാസ്തികതയുമുണ്ട്. പെട്ടെന്ന് പൊട്ടിപ്പോകുന്നുവെന്നതാണ് ദോഷം. 60,000 ടണ്‍ ഉത്പാദനം ഉണ്ട്. ടാന്‍സാനിയയും ബ്രസീലുമാണ് പ്രധാന ഉത്പാദകരാജ്യങ്ങള്‍.

അബാക്കാ

Abaca

വാഴയുടെ കുടുംബത്തില്‍പ്പെട്ട (Musaceae) മ്യൂസ ടെക്സ്റ്റൈലിസ് എന്ന ചെടിയാണ് അബാക്കാ. ആദ്യമായി കയറ്റുമതി ചെയ്യപ്പെട്ട തുറമുഖത്തിന്റെ പേരില്‍ മനിലാ ഹെമ്പ് (Manila hemp) എന്നും അറിയപ്പെടുന്നു.

സു. 40 സെ.മീ. വ്യാസമുള്ള, മുകളിലേക്ക് വളരുന്ന, കാണ്ഡങ്ങളെ പൊതിഞ്ഞ് ഇരുപത്തഞ്ചോളം ഇലകള്‍ പോളകള്‍ പോലെ കാണപ്പെടുന്നു. 3.8 അടി വരെ നീളമുള്ളവയാണ് ഈ ഇലകള്‍. 75 സെ.മീ. മഴകിട്ടുന്ന കാലാവസ്ഥയാണ് അനുയോജ്യം. പോള പൊളിച്ചെടുത്ത്, നാരുകള്‍ വേര്‍തിരിച്ച്, പള്‍പ്പ് മാറ്റി, വെയിലിലിട്ടുണക്കുന്നു. മൊസേക് വൈറസ് ബാധ ഉണ്ടാവാറുണ്ട്. ഫിലിപ്പൈന്‍സില്‍ നിന്നു രണ്ടാം ലോകയുദ്ധകാലത്ത് നാരുകള്‍ ലഭ്യമല്ലാതായപ്പോള്‍, ഇന്‍ഡോനേഷ്യ, ഇന്ത്യ, മധ്യ അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ കൃഷി തുടങ്ങി. കോസ്റ്റാറിക്ക, ഗ്വാട്ടിമാല, പനാമ തുടങ്ങിയ രാജ്യങ്ങളില്‍ ഉത്പാദനം വര്‍ധിച്ചതും ഈ കാലയളവിലാണ്.

നല്ല ദൃഢതയും ഉപ്പുവെള്ളം പ്രതിരോധിക്കാനുള്ള ശേഷിയും ഉള്ളതിനാല്‍ നാവികാവശ്യങ്ങള്‍ക്കുള്ള വടം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ഏറ്റവും ബലമുള്ള (ഹാര്‍ഡ്) നാരുകളാണിവ. തേയിലസഞ്ചികള്‍, തൊപ്പി, ചവിട്ടുമെത്തകള്‍ തുടങ്ങിയവ ഉണ്ടാക്കുവാനും ഉപയോഗിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകള്‍, ജപ്പാന്‍, ഇംഗ്ളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യപ്പെടുന്നു, ഫിലിപ്പൈന്‍സ് ആണ് ഏറ്റവും വലിയ ഉത്പാദകര്‍ (ഏകദേശം 67,000 ടണ്‍ വര്‍ഷംതോറും).

വാഴനാര്

Banana

വാഴയിനത്തില്‍ മുകളിലേക്കു കാണുന്ന കാണ്ഡഭാഗത്തെ പൊതിഞ്ഞുകാണുന്ന, വെള്ളം ശേഖരിച്ചുവയ്ക്കുന്ന ഇലയുടെ തണ്ടുഭാഗമാണ് (petiole) നാരുകള്‍ എടുക്കാനുപയോഗിക്കുന്നത്. വാഴയുടെ പോളകീറിയെടുത്ത് ഞെക്കിപിഴിഞ്ഞ് വലിച്ചെടുത്തശേഷം ഉണക്കുന്നു. തിരഞ്ഞെടുത്ത് ഒന്നിനോടൊന്ന് കെട്ടി നീളമുള്ള നാരുകളാക്കുന്നു.

ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ വാഴക്കൃഷി ചെയ്യുന്നത്. വാഴനാര് അബാക്കാ നാരുകള്‍ പോലെത്തന്നെ ഉപയോഗമുള്ളതാണ്. 13-ാം ശ.-ത്തില്‍തന്നെ ജപ്പാനില്‍ വാഴനാര് സംസ്കരിച്ചെടുത്ത് വസ്ത്രനിര്‍മാണത്തിനുപയോഗിച്ചിരുന്നു. നേപ്പാളിലും വസ്ത്രനിര്‍മാണത്തിന് വാഴനാരുകള്‍ ഉപയോഗിച്ചിരുന്നു.

പോളിമറുകളുടെ ബലം കൂട്ടുന്നതിന് വാഴനാര്, സിസാല്‍ തുടങ്ങിയവ ഉപയോഗിക്കുന്നുണ്ട്. ഇത്തരം കോമ്പസിറ്റുകള്‍ കാറുകളുടെയും മറ്റ് വാഹനങ്ങളുടെയും ബോഡിയുടെ നിര്‍മാണത്തിന് ഉപയോഗിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഹെനികെന്‍

Henequen

മായന്‍ വംശജരും ഇന്‍ഡ്യരും നൂറുകണക്കിനു വര്‍ഷങ്ങളായി യൂകാറ്റന്‍ (Yucatan) ഉപദ്വീപില്‍ ഇത് കൃഷിചെയ്തിരുന്നതായി കരുതപ്പെടുന്നു. അവഗേസീ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഹെനികെന്റെ ശാ.നാ. അഗേവ് ഫോര്‍ക്രോയിഡെസ് (Agave fourcoydes) എന്നാണ്. 20-30 വര്‍ഷം വരെ നില്ക്കുന്ന ഇത് 2 മീ. വരെ പൊക്കത്തില്‍ വളരുന്നു. 5-6 വര്‍ഷത്തിനുശേഷം 2 മീ. നീളമുള്ള ഇലകള്‍ മുറിച്ചെടുക്കുന്നു. 3-4 ശ.മാ. നാരുകള്‍ ഇലകളില്‍നിന്നു വേര്‍തിരിച്ചെടുക്കുന്നു. ട്വൈന്‍, ചെറിയ കയര്‍ എന്നിവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ഇന്ന് മെക്സിക്കോ മാത്രമാണ് ഈ നാരുകള്‍ ഉത്പാദിപ്പിക്കുന്നത്.

മൗറിഷ്യസ് ഹെമ്പ്

സിസാലിനേക്കാള്‍ നീളമുള്ള ഇലകളാണ് മൗറീഷ്യസ് ഹെമ്പി(Furcraea gigantea)ന്റേത്. മറ്റ് അഗാവേസീ കുടുംബത്തിലെ ചെടികളെപോലെ പൂത്തുകഴിഞ്ഞാല്‍ ഇവ നശിച്ചുപോകുന്നു. 7-10 വര്‍ഷം വരെ നില്ക്കും. നാലുവര്‍ഷം കഴിയുമ്പോള്‍ എല്ലാ രണ്ടു വര്‍ഷം കൂടുമ്പോഴും ഇല മുറിച്ചെടുക്കുന്നു. മൗറീഷ്യസില്‍ പഞ്ചസാര ചാക്ക് ഉണ്ടാക്കുന്നത് ഈ നാരുകള്‍ ഉപയോഗിച്ചാണ്. സിസാലിനെ അപേക്ഷിച്ച് ബലം കുറവാണ്. അബാക്ക, സിസാല്‍ എന്നീ നാരുകള്‍ക്കൊപ്പം നല്ല നിറം കിട്ടുന്നതിനുവേണ്ടി കയര്‍ നിര്‍മാണത്തില്‍ ഉപയോഗിക്കുന്നു. വെളുത്തനിറവും മിനുസവുമുള്ള നീളം കൂടിയ നാരുകളാണ് ഇവ.

ദക്ഷിണ അമേരിക്ക, ഇന്ത്യ, ആഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ബ്രസീല്‍ എന്നിവിടങ്ങളില്‍ ഉത്പാദിപ്പിക്കുന്നു.

ഫോര്‍മിയം (ന്യൂസിലന്‍ഡ് ഫ്ളാക്സ്)

(Phormium tenax) 1-4 മീറ്റര്‍ വരെ നീളമുള്ള, ഫാന്‍പോലെ വളര്‍ന്നു നില്ക്കുന്ന ഇലകളാണ് ഇതിന്റെ പ്രത്യേകത. 15-20 സെ.മീ മുകളില്‍ നിര്‍ത്തി ഇല വെട്ടിയെടുക്കുന്നു, 10-14 ശ.മാ. നാരുകള്‍ കിട്ടും. സിസാലിനെ അപേക്ഷിച്ച് കൂടുതല്‍ വലിവുറപ്പ് ഉണ്ട്.

പനനാര്

Palmyra Fibre

ദക്ഷിണേന്ത്യയുടെ തീരപ്രദേശങ്ങളിലും ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും പന ധാരാളമായുണ്ട്. വര്‍ഷംതോറും 7500 ടണ്‍ പനനാര് കയറ്റുമതി ചെയ്യുന്നുണ്ട്. കേരളത്തില്‍ പശ്ചിമഘട്ടത്തില്‍ ധാരാളമായി കാണപ്പെടുന്ന പനയാണ് താലിപോട്ട് (Tailpot). ഇവ വേണ്ടത്ര ഉപയോഗപ്പെടുത്തിയിട്ടില്ലെന്നു കാണാം.

ഇലയുടെ തണ്ടുകള്‍ ചതച്ചുതല്ലിചീകി വേര്‍തിരിച്ചെടുക്കുന്ന കട്ടിയുള്ള നാരുകള്‍ ബ്രഷ് ഉണ്ടാക്കാന്‍ ആണ് മുഖ്യമായും ഉപയോഗിക്കുന്നത്. താലിപോട്ട് നാരുകള്‍ ബാഗ്, കൌതുകവസ്തുക്കള്‍, ചവിട്ടുമെത്തകള്‍ എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു.

മൃഗജന്യനാരുകള്‍

കമ്പിളി (wool)

ഒരുപക്ഷേ, മനുഷ്യനിര്‍മിതമായ ആദ്യ കുപ്പായം കമ്പിളിനാരുകള്‍ ഉപയോഗിച്ചുണ്ടാക്കിയതാവാം. ശിലായുഗമനുഷ്യര്‍ രോമക്കുപ്പായങ്ങള്‍ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. ബി.സി. 4200-ല്‍ കമ്പിളിക്കച്ചവടത്തിന്റെ ശേഷിപ്പുകള്‍ ഇറാക്കില്‍നിന്നും പുരാവസ്തുഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ മധ്യഏഷ്യയില്‍ നിന്നായിരിക്കാം ആടും കമ്പിളിയും ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് പ്രചരിച്ചത് എന്നനുമാനിക്കപ്പെടുന്നു.‌‌

സ്പാനിഷ് മെറിനോ(Spanish Merino)കളാണ് ഏറ്റവും നല്ലയിനം കമ്പിളി നല്‍കുന്ന ആടുകളുടെ മുന്‍ഗാമികള്‍. കമ്പിളി വ്യവസായത്തിന് അടിത്തറയിട്ടത് മെറിനോകളാണെന്നു പറയാം.

വസ്ത്രനിര്‍മാണത്തിനുപയോഗിക്കുന്ന ആട്ടിന്‍ രോമമാണ് കമ്പിളി. മറ്റു മൃഗങ്ങളുടെ രോമങ്ങളും വസ്ത്രനിര്‍മാണത്തിന് ഉപയോഗിക്കാറുണ്ട്, ഉദാ. മൊഹേര്‍ (Mohair-Angora Goat), ഒട്ടകത്തിന്റെ മുടി (Camel's hair). കമ്പിളിരോമം പലയിനങ്ങളായി തിരിക്കാം. മികച്ചത് (Fine wool), ഇടത്തരം (Medium wool), നീളമുള്ളത് (Long wool), സങ്കരയിനം (Cross bred wool), മെത്തക്കമ്പിളി (Carpet wool) എന്നിങ്ങനെ. നീളം, മേന്മ, ബലം, നിറം, തിളക്കം, ചുരുളല്‍, ചുരുങ്ങല്‍ സാധ്യത, മറ്റു രോമങ്ങളുമായി ഇഴചേരാനുള്ള വഴക്കം എന്നിവ ചെമ്മരിയാടിന്റെ വര്‍ഗഗുണമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

ഹാംഷയര്‍ (Hampshire), സഫോക്ക് (Suffolk), ഷ്രോപ്ഷയര്‍ (Shropshire), ഇംഗ്ളണ്ടിലെ ലിങ്കണ്‍ (Lincoln), റോംനീ (Romeny), കോട്സ്വോള്‍ഡ് (Cotswold), ലൈസെസ്റ്റര്‍ (Licester) എന്നീ ഇനങ്ങള്‍ നീളമുള്ള രോമങ്ങള്‍ തരുന്നു. സങ്കരവര്‍ഗങ്ങളായ കോറിഡേല്‍ (Corriedale), കൊളംബിയ (Columbia) എന്നീ ഇനങ്ങള്‍ ഇടത്തരം കമ്പിളി ഉത്പാദിപ്പിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ സങ്കരയിനം അല്ലെങ്കില്‍ മെത്തക്കമ്പിളി മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ.

ആസ്റ്റ്രേലിയ, ദക്ഷിണ ആഫ്രിക്ക, ആര്‍ജന്റീന എന്നിവിടങ്ങളില്‍ മെറിനോ ആടുകള്‍ ധാരാളമായി വളര്‍ത്തപ്പെടുന്നു. സാധാരണയായി തണുപ്പില്ലാത്ത കാലാവസ്ഥയിലാണ് യന്ത്രങ്ങളുപയോഗിച്ച് രോമം മുറിച്ചെടുക്കുന്നത്. ആടിന്റെ തോള്‍ഭാഗത്തുനിന്നു ലഭിക്കുന്നതാണ് നീളം കൂടിയ രോമങ്ങള്‍. ഇവ തിരഞ്ഞു ശേഖരിച്ച് കഴുകി വൃത്തിയാക്കുന്നു. പിന്നീട് കാര്‍ബണിക ലായകങ്ങളുപയോഗിച്ചോ സോപ്പുലായനി ഉപയോഗിച്ചോ വൃത്തിയാക്കി എടുക്കുന്നു. ലായകത്തില്‍ ലയിച്ചുചേരുന്ന മെഴുക് ലായനിയില്‍നിന്നും വേര്‍തിരിച്ചെടുത്ത് സൗന്ദര്യവര്‍ധകവസ്തുക്കളില്‍ ലനോളിന്‍ (lanolin) എന്ന മെഴുകുവസ്തുവായി ഉപയോഗിക്കുന്നുണ്ട്. 6 ശ.മാ. സള്‍ഫ്യൂറിക് അമ്ളത്തില്‍ കഴുകി പിഴിഞ്ഞെടുത്ത് 82-104°-ല്‍ ഉണക്കിയെടുത്തശേഷം സോഡിയം കാര്‍ബണേറ്റ് ലായനിയില്‍ കഴുകി അമ്ളം നീക്കം ചെയ്യുന്നു. വീണ്ടും സോപ്പുവെള്ളത്തില്‍ കഴുകി ഉണക്കുന്നു. ഏറ്റവും കൂടുല്‍ ചുളിവുക(Crimps)ളുള്ളതാണ് നല്ല രോമമായി കണക്കാക്കുന്നത്. ചീകിയെടുത്ത രോമം ആവശ്യമെങ്കില്‍ പെറോക്സൈഡ് ഉപയോഗിച്ച് ബ്ളീച്ച് ചെയ്തെടുക്കുന്നു.

കെരാറ്റിന്‍ എന്ന പ്രോട്ടീന്‍ തന്തുക്കളാണ് രോമങ്ങള്‍. 10 കോടി രോമങ്ങളെങ്കിലും ഒരു മെറിനോ ആടില്‍ നിന്നും കിട്ടും. മെറിനോ രോമങ്ങളുടെ വ്യാസം ഏകദേശം 16 മൈക്രോണ്‍ മുതല്‍ 40 മൈക്രോണ്‍ (പരുക്കന്‍ രോമങ്ങള്‍ക്ക്) വരെയാണ്. ആടുകളുടെ പോഷകാഹാരവ്യതിയാനവും ഈ രോമങ്ങളുടെ കനത്തെ ബാധിക്കാം. എത്ര ചുളിവുകള്‍ ഒരിഞ്ചുനീളത്തില്‍ കാണപ്പെടുന്നു എന്നതും രോമങ്ങളുടെ മേന്മ നിര്‍ണയിക്കുന്ന ഒരു പ്രധാന ഘടകമാണ്. കമ്പിളിരോമങ്ങള്‍ ഈര്‍പ്പം വലിച്ചെടുക്കുകയും അതേപോലെ തന്നെ പെട്ടെന്ന് പുറത്തുകളയുകയും ചെയ്യും. നല്ല വലിവുറപ്പും ഇലാസ്തികതയുമാണ് കമ്പിളിനാരിന്റെ പ്രത്യേകത. വലിയ പ്രോട്ടീന്‍ തന്മാത്രകള്‍ക്ക് സ്പ്രിങ് പോലെയുള്ള ചുരുണ്ട ഘടനയും ചുളിവുകളും ഉള്ളതാണ് കാരണം. കമ്പിളിനാരുകള്‍ക്ക് 2 ശ.മാ. വലിവും 99 ശ.മാ. പുനപ്രാപ്തിയും ഉണ്ടെന്ന് പറയാം. അതായത് വലിച്ചുനീട്ടിവിട്ടാല്‍ പെട്ടെന്ന് പഴയനിലയില്‍ എത്തിച്ചേരും. 50 ശ.മാ. വലിച്ചുനീട്ടിയാല്‍ മാത്രമേ പൊട്ടിപ്പോവുകയുള്ളൂ. നനഞ്ഞ രോമങ്ങള്‍ ഒരേ ദിശയില്‍ അമര്‍ത്തിയാല്‍ അവ കൂടിച്ചേര്‍ന്നിരിക്കും. അമിനോ അമ്ളങ്ങളാല്‍ നിര്‍മിതമായ പോളിപെപ്റ്റൈഡ് ശൃംഖലകളാണ് ഈ നാരുകളുടെ അടിസ്ഥാനഘടകം. രാസപ്രക്രിയവഴി നാരുകളുടെ ഘടനയില്‍ മാറ്റങ്ങള്‍ വരുത്തി അവയുടെ ഗുണങ്ങള്‍ മെച്ചപ്പെടുത്താനും സാധിക്കും. ആസ്റ്റ്രേലിയ, റഷ്യ, ന്യൂസിലന്‍ഡ്, ആര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് മുന്തിയയിനം കമ്പിളി ഉത്പാദിപ്പിക്കുന്നത്. ഇന്ത്യ, പാകിസ്താന്‍, ചൈന, ഉത്തര ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഉത്പാദിപ്പിക്കുന്നത് കുറഞ്ഞയിനം കമ്പിളിയാണ് (Carpet type).

തുര്‍ക്കിയിലെ അങ്കാറ പ്രദേശത്ത് കാണപ്പെടുന്ന അങ്കാറാ ആടിന്റെ രോമമായ മൊഹെയ്ര്‍ (Mohair), ഹിമാലയന്‍ മലനിരകളിലെ കാശ്മീര്‍ ആടുകളുടെ രോമമായ കാശ്മീരി, ഒട്ടകങ്ങളുടെ രോമം, ദക്ഷിണ അമേരിക്കയിലെ ആന്‍ഡസ് പുല്‍മേടുകളിലെ ഒട്ടകസമാനമായ മൃഗത്തിന്റെ രോമമായ ലാമാസ്, പശുവിന്റെ രോമം, കുതിരയുടെ രോമം, അങ്കോറയിലെ എലികളുടെ രോമംഎന്നിവയെല്ലാം മറ്റു മൃഗ രോമങ്ങളുടെ വിഭാഗത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്.

പട്ടുനൂല്‍

Silk

ചൈനാക്കാരാണ് പട്ടുനൂല്‍ ഉത്പാദനത്തിന്റെ സാങ്കേതികവിദ്യ കണ്ടെത്തിയതെന്നു പറയാം. 2640 ബി.സി.-യില്‍ തന്നെ സൈ ലിങ്ഷീ (Hsi-ling shih) എന്ന ചൈനീസ് രാജ്ഞി പട്ടുനൂല്‍പുഴുവളര്‍ത്തി അതിന്റെ കൊക്കൂണ്‍ അഴിച്ചെടുത്ത് പട്ടുനൂല്‍ എടുത്തിരുന്നതായുള്ള രേഖകള്‍ ലഭ്യമാണ്. മൂവായിരം വര്‍ഷത്തോളം കൊട്ടാര രഹസ്യമായിരുന്ന വിദ്യ പതുക്കെ ജപ്പാന്‍, ഇന്ത്യ, ഇറാന്‍ എന്നീ രാജ്യങ്ങളിലേക്കു പ്രചരിപ്പിക്കപ്പെട്ടു. അലക്സാണ്ടര്‍ ചക്രവര്‍ത്തിയായിരിക്കണം ഈ വിദ്യ ഇന്ത്യയില്‍നിന്നും യൂറോപ്പിലേക്ക് കൊണ്ടുപോയത്. ജസ്റ്റിനിയന്‍ (527565) രാജാവിന്റെ കാലത്ത്, രണ്ടു പേര്‍ഷ്യന്‍ സന്ന്യാസിമാര്‍ ചൈനയില്‍ നിന്ന് പട്ടൂനൂല്‍ പുഴുക്കളുടെ മുട്ടയും, മള്‍ബറി വിത്തുകളും ഒളിച്ചുകടത്തി പട്ടുവ്യവസായം തുടങ്ങിയതായി വിശ്വസിക്കപ്പെടുന്നു. 8-ാം ശ.-ത്തില്‍ അറബികള്‍ പട്ടുനൂല്‍പുഴുവളര്‍ത്തല്‍ പഠിച്ചെടുക്കുകയും 12-ാം ശ.-ത്തോടെ ഇറ്റലിക്കാര്‍ അത് യൂറോപ്പില്‍ പ്രചരിപ്പിക്കുകയും ചെയ്തു. നൂറ്റാണ്ടുകളായി യൂറോപ്യര്‍ ആഡംബര വസത്രനിര്‍മാണത്തില്‍ പട്ടുനൂല്‍ ഉപയോഗിക്കുന്നു.

ഉത്പാദനം

കൊക്കൂണ്‍ ഉണ്ടാക്കാന്‍ വേണ്ടി പട്ടുനൂല്‍പുഴുക്കളുടെ ലാര്‍വകള്‍ പുറപ്പെടുവിക്കുന്ന, പ്രോട്ടീന്‍ തന്മാത്രകളാല്‍ നിര്‍മിതമായ, തന്തുക്കളാണ് പട്ടുനൂല്‍. പട്ടുനൂല്‍പുഴു (Order-Lepidoptera,genus-Bombyx) ഇനത്തില്‍ പ്രധാനപ്പെട്ട സ്പീഷീസ് ആയ ബോംബിക്സ് മോറി (Bombyx mori) എന്ന മള്‍ബെറി പട്ടുനൂല്‍പുഴു ആണ് വ്യാവസായികമായി പട്ട് ഉത്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത്. ജപ്പാന്‍, ചൈന, യൂറോപ്പ് എന്നീ രാജ്യങ്ങളിലെ. പുഴുക്കളുടെ സങ്കരവര്‍ഗങ്ങളും ജപ്പാനില്‍ ഉണ്ട്. 600900 മീ. നീളമുള്ള നൂലുകള്‍ ഈ കൊക്കൂണുകളില്‍നിന്നു ലഭിക്കും.

മുട്ടകള്‍ 6-10 മാസം ശീതീകരണിയില്‍ സൂക്ഷിക്കുന്നു. മള്‍ബെറി ചെടിവളര്‍ന്നു കാലമാകുമ്പോള്‍ ഇന്‍കുബേറ്ററില്‍ മുട്ട വിരിയാനനുവദിക്കുന്നു. 10 ദിവസങ്ങള്‍ക്കകം ഒരു ഔണ്‍സ് മുട്ടയില്‍നിന്ന് 40,000-60,000 പുഴുക്കളുണ്ടാകുന്നു. 5-9 സെ.മീ. നീളത്തില്‍ പുഴു വളരുന്നു. 30 ദിവസങ്ങള്‍കൊണ്ട് രണ്ട് പട്ടുത്പാദന ഗ്രന്ഥികള്‍ വളരുകയും ചെയ്യുന്നു. രണ്ടു കുഴലുകളും ഒന്നുചേര്‍ന്ന് ഒറ്റ കുഴലായി തലയിലൂടെ പുറത്തേക്കൊഴുക്കുന്നതാണ് പട്ടുനൂല്‍ തന്തുക്കള്‍. രണ്ടു ഫൈബ്രോയിന്‍ തന്തുക്കള്‍ സെറിസിന്‍ (Silk glue) കൊണ്ട് ഒട്ടിച്ചേര്‍ന്നിരിക്കുന്ന അവസ്ഥയിലാണ് പട്ടുനൂല്‍ പുറത്തു വരുന്നത്. ഈ പുഴു അതിന്റെ തല '8' ആകൃതിയില്‍ ചലിപ്പിച്ച് 24-72 മണിക്കൂര്‍ കൊണ്ട് അണ്ഡാകൃതിയിലുള്ള കൊക്കൂണ്‍ ചുറ്റും നിര്‍മിച്ച് സുഷുപ്താവസ്ഥയിലുള്ള പ്യൂപ്പാ ഘട്ടത്തിലേക്കു കടക്കുന്നു. തുടര്‍ന്ന് വളരെ വേഗം ശലഭമായി (moth), ഒരു രാസവസ്തു പ്രയോഗിച്ച് കൊക്കൂണില്‍ സുഷിരമുണ്ടാക്കി പുറത്തുവരുന്നു. വെള്ള കലര്‍ന്ന ചാരനിറമുള്ള ശലഭങ്ങള്‍ക്ക് ചെറിയ ചിറകുകളേ (rudimentary wings) ഉണ്ടാവൂ. വായ ഇല്ലാത്തതിനാല്‍ ഭക്ഷിക്കാനുമാവില്ല. സംയോഗത്തിനുശേഷം പെണ്‍ശലഭം 500 മുട്ടകള്‍ ഇടുന്നു. 1-4 ദിവസത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കില്ല. അടുത്ത വിളയ്ക്കുവേണ്ട മുട്ട ലഭിക്കുന്നതിനുള്ള ഈച്ചകളെ മാത്രമേ കൊക്കൂണില്‍ നിന്നു പുറത്തുവരാന്‍ അനുവദിക്കുന്നുള്ളൂ. ബാക്കിയുള്ള മുട്ടകള്‍ ശീതികരണിയില്‍ സൂക്ഷിച്ച് വളര്‍ച്ച തടയുന്നു.

കൊക്കൂണുകള്‍ തിരഞ്ഞെടുത്ത് പട്ടുനൂല്‍ നൂല്‍ക്കുന്നതിനുമുമ്പായി ഇവ ചൂടുവെള്ളത്തില്‍ പുഴുങ്ങുന്നു. നൂലിന്റെ അഗ്രം കണ്ടെത്തി വലിച്ചുനിവര്‍ത്തി '8' ആകൃതിയിലുള്ള കൊക്കൂണില്‍ നിന്നും വലിച്ചെടുക്കുന്നു. 4-9 കൊക്കൂണുകളിലെ നൂലുകള്‍ ഒന്നിച്ചു ചേര്‍ത്തു പിരിച്ചെടുക്കാറുമുണ്ട്. 14 ഗ്രാം/9000 മീ. അതായത് 14 ഡെനീര്‍ (denier) പട്ടുനൂല്‍ ആക്കി മാറ്റുന്നു. എണ്ണയിലോ, സോപ്പുലായനിയിലോ മുക്കി നൂലുകള്‍ ചുറ്റിയെടുക്കുന്നു. ബോംബിക്സ്മോറിയെ കൂടാതെ ടസ്സാ (Tussah) പട്ടുനൂല്‍പ്പുഴു, ചൈനയില്‍ കാണുന്ന ആന്തിറാ പെര്‍ണൈ (Antheraea Pernyi), ഓക്കുമരത്തിന്റെ ഇലകള്‍ മാത്രം തിന്നു ജീവിക്കുന്ന ക്വെര്‍ക്കസ് സെറാറ്റാ (Quercus Serrata) എന്നിവയും പട്ടുനൂല്‍ ഉത്പാദിപ്പിക്കുന്നു. കൊക്കൂണുകളില്‍ കൂടുതല്‍ പശയും കാത്സ്യം സംയുക്തങ്ങളും കാണപ്പെടുന്നതിനാല്‍ സോഡിയം കാര്‍ബണേറ്റ് ലായനിയില്‍ 1മ്മ മണിക്കൂര്‍ തിളപ്പിക്കാറുണ്ട്.

സ്വഭാവം

ത്രികോണാകൃതിയിലുള്ള നാരുകളാണ് പട്ടുനൂല്‍. ചെറുനാരുകള്‍ കൂടിച്ചേര്‍ന്നാണ് കാണപ്പെടുന്നത്. 9-12 ശ.മാ. ഈര്‍പ്പവുമുണ്ടാവും. കമ്പിളി നൂലില്‍ പ്രോട്ടീന്‍ ഘടന സ്പ്രിങ് പോലെ (helical) ആണെങ്കിലും പട്ടുനൂലില്‍ ഇവ നീണ്ടനാരുകള്‍ പോലെയാണ് (extended chain structure). പരുത്തി, കമ്പിളി എന്നിവയേക്കാള്‍ സാന്ദ്രത കുറവാണ്. വൈദ്യുത ചാലകത വളരെ മോശമാണ് (ഇന്‍സുലേറ്റര്‍ ആയി ഉപയോഗിക്കുന്നു.) ഉരസുമ്പോള്‍ സ്ഥിതിക വൈദ്യുതി ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍, ഈര്‍പ്പമുള്ള അവസ്ഥയിലാണ് നൂലുകള്‍ നെയ്തെടുക്കുന്നത്. പട്ടുനൂലില്‍ 70-76 ശ.മാ. ഫൈബ്രോയിനും 15-25 ശ.മാ. സെറിസീനും അടങ്ങിയിട്ടുണ്ട്. ഫൈബ്രോയിനും സെറിസിനും ആകട്ടെ 95 ശ.മാ. പ്രോട്ടീന്‍, 5 ശ.മാ. മെഴുക്, കൊഴുപ്പ് ലവണങ്ങള്‍ എന്നിവ അടങ്ങുന്ന സംയുക്തങ്ങളാണ്. ഗ്ളൈസീനും (45%) അലാനിനു (30%)മാണ് ഇതിലടങ്ങിയിട്ടുള്ള പ്രധാന പ്രോട്ടീനുകള്‍. ബലവും തിളക്കവും ഇലാസ്തികതയും ഉള്ളതിനാല്‍ കനംകുറഞ്ഞ ഷിഫോണ്‍ മുതല്‍ കനംകൂടിയ വെല്‍വെറ്റ് വസ്ത്രങ്ങള്‍ വരെ ഉണ്ടാക്കാന്‍ പട്ടുനൂല്‍ ഉപയോഗിക്കുന്നു.

ഇന്ത്യ, ജപ്പാന്‍, ചൈന, റഷ്യ, കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളാണ് പട്ടുനൂല്‍ ഉത്പാദിപ്പിക്കുന്നത്. അമേരിക്ക, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നു. കൂടുതലും ജപ്പാനാണ് ഉത്പാദനത്തില്‍ മുന്‍പന്തിയില്‍ (വര്‍ഷം തോറും 83,000,000 പൗണ്ട്).

ധാതുനാരുകള്‍

ആസ്ബസ്റ്റോസ് ഗ്രൂപ്പില്‍പ്പെട്ട മഗ്നീഷ്യം സിലിക്കേറ്റ് നാരുകളാണ് പ്രധാനപ്പെട്ട ഒരേയൊരു ധാതുനാര്. എഡി 1-ാം ശതകത്തില്‍ പ്ളീനി എന്ന റോമന്‍ സഞ്ചാരി ആസ്ബസ്റ്റോസിന്റെ ഉപയോഗം കണ്ടെത്തിയിരുന്നു. റോമാക്കാര്‍ ഈ നാരുകള്‍ വിളക്കുതിരിയായും ശവക്കച്ചയായും ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. 13-ാം ശതകത്തില്‍ മാര്‍ക്കോപോളോ തീപിടിക്കാത്ത തുണിയെന്നു പറഞ്ഞ് ചൈനയില്‍ നിന്ന് ഇവ കൊണ്ടുവന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. 19-ാം ശതകത്തില്‍ ആവി എഞ്ചിനുകളില്‍ ഇവ വന്‍തോതില്‍ ഉപയോഗിക്കാന്‍ തുടങ്ങി.

മുപ്പതോ അതിലധികമോ നാരൂരൂപത്തിലുള്ളതും ക്രിസ്റ്റല്‍ ഘടനയുള്ളതുമായ ധാതുക്കളുടെ ഗ്രൂപ്പാണ് ആസ്ബസ്റ്റോസ് എന്നറിയപ്പെടുന്നത്. അതില്‍ ആറ് എണ്ണത്തിനു മാത്രമേ പ്രാധാന്യമുള്ളു. ക്രൈസോറ്റൈല്‍ (Chrysotile) (95 ശ.മാ. ഉത്പാദനം), ക്രോസിഡോലൈറ്റ് (Crocidolite), അമോസൈറ്റ് (amosite), ആന്‍ഥോഫൈലൈറ്റ് (anthophyllite), ട്രെമോലൈറ്റ് (tremolite), ആക്ടിണോലൈറ്റ് (actinollite) എന്നിവയാണ് മറ്റുള്ളവ. ക്രൈസോറ്റൈലിന് നാരു രൂപത്തിലുള്ള ഘടനയാണുള്ളത്. മറ്റ് അഞ്ചെണ്ണവും സിലിക്ക അടങ്ങിയ പാറകളാണ് (amphiboles). പാറ പൊട്ടിച്ച്, വേര്‍തിരിച്ചെടുത്ത്, കഴുകി ശുദ്ധീകരിച്ച്, നീളമനുസരിച്ച് തരംതിരിച്ചു ശേഖരിക്കുന്നു. കൈകൊണ്ടുവേര്‍തിരിച്ചെടുക്കുന്ന നീളം കൂടിയ വിലകൂടിയയിനം നാരുകളാണ് തുണി നിര്‍മാണത്തിനുപയോഗിക്കുന്നത്. കൂടുതല്‍ വേര്‍തിരിഞ്ഞ നാരുകള്‍ക്ക് വെളുപ്പുനിറമാണ്.

ജലീയ മഗ്നീഷ്യം സിലിക്കേറ്റ് ആണ് ക്രൈസോറ്റൈല്‍. 800,000 പി.എസ്.ഐ. വലിവുറപ്പുള്ളതാണ് ഈ നാരുകള്‍. താപരോധകസ്വഭാവം ഏറ്റവും കൂടുതലുള്ളവയുമാണ്. (600°C യില്‍ വെള്ളം നഷ്ടപ്പെടുന്നു, 1520°C യില്‍ ഉരുകുന്നു.)

സുരക്ഷാവസ്ത്രങ്ങള്‍, തീപിടിക്കാത്ത കര്‍ട്ടനുകള്‍, റോക്കറ്റിന്റെ താപപ്രതിരോധ സംവിധാനങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്നു. ലോകത്ത് വര്‍ഷംതോറും 30 ലക്ഷം ടണ്‍ ആസ്ബസ്റ്റോസ് ഉത്പാദിപ്പിക്കുന്നതില്‍ പകുതിയും കാനഡയിലാണ്. റഷ്യയും ഒരു ഉത്പാദക രാജ്യമാണ്.

കൃത്രിമനാരുകള്‍

മനുഷ്യനിര്‍മിത നാരുകള്‍ പ്രധാനമായും രണ്ടുതരമാണ്. സെല്ലുലോസ് പോലെ പ്രകൃതിദത്ത നാരുകളുടെ രൂപാന്തരീകരണത്തിലൂടെ ഉത്പാദിപ്പിക്കുന്ന റയോണ്‍, സെല്ലുലോസ് അസറ്റേറ്റ് തുടങ്ങിയവയാണ് ഒന്ന്. രാസപദാര്‍ഥങ്ങളില്‍നിന്നും രാസപ്രക്രിയവഴി നിര്‍മിക്കുന്ന പോളിമറിക നാരുകളാണ് രണ്ടാമത്തേത്. ആയിരക്കണക്കിന് ആറ്റങ്ങള്‍ ഒന്നിച്ചുചേര്‍ന്ന വലിയ തന്മാത്രകളാല്‍ നിര്‍മിതമാണ് ഇത്തരം നാരുകള്‍.

19-ാം ശതകത്തില്‍ ഇംഗ്ളീഷ് നെയ്ത്തുകാരനായ ലൂയി ഷ്വാബേ ഗ്ലാസ് ഉരുക്കി ഗ്ലാസ് നാരുകള്‍ ഉല്പാദിപ്പിച്ചതാണ് ആദ്യത്തെ മനുഷ്യനിര്‍മിത നാരുകള്‍. 1846-ല്‍ ഒരു ജര്‍മന്‍ രസതന്ത്രജ്ഞന്‍ സെല്ലുലോസിനെ നൈട്രിക് അമ്ലവുമായി പ്രതിപ്രവര്‍ത്തിപ്പിച്ച് നൈട്രോസെല്ലുലോസാക്കി മാറ്റാമെന്നു കണ്ടുപിടിച്ചു. ഇത് സെല്ലുലോസിനെ അപേക്ഷിച്ച് ഈഥര്‍, ആല്‍ക്കഹോള്‍ എന്നിവയില്‍ ലയിക്കുന്നതായിരുന്നു. ഈ ലായനിയില്‍നിന്നു നൈട്രോ സെല്ലുലോസ് നാരുകള്‍ ഉണ്ടാക്കിയെടുത്തു. നൈട്രോസെല്ലുലോസ് നാരുകള്‍ കണ്ടുപിടിച്ചതിനു 1855-ല്‍ ആദ്യത്തെ പേറ്റന്റ് ലഭിച്ചു. നല്ല വലിവുറപ്പും ഇലാസ്തികതയും ഉണ്ടായിരുന്നെങ്കിലും പെട്ടെന്നു തീപിടിക്കുന്നതായതിനാല്‍ തുണിവ്യവസായത്തില്‍നിന്നും ഇത് പുറന്തള്ളപ്പെട്ടു.

1883-ല്‍ സര്‍ ജോസഫ് വില്‍സന്‍ സ്വാന്‍ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ നൈട്രോസെല്ലുലോസ് ലായനിയെ ചെറിയ സുഷിരങ്ങളിലൂടെ കടത്തിവിട്ട് നൂലുകള്‍ ഉണ്ടാക്കുകയും രാസമാറ്റത്തിനു വിധേയമാക്കി, അപകടരഹിതമായ സെല്ലുലോസ് നാരുകളാക്കി മാറ്റുകയും ചെയ്തു. ഈ പ്രക്രിയയ്ക്കു ബൗദ്ധിക സ്വത്തവകാശം നേടിയെങ്കിലും തുണിവ്യവസായത്തില്‍ ഇത് പരീക്ഷിക്കപ്പെട്ടില്ല.

റയോണ്‍

ഹിലേയ്ര്‍ ദ് ഷാര്‍ഡോണറ്റ് 1899-ല്‍ ഷാര്‍ഡോണറ്റ് സില്‍ക്ക് എന്ന പേരില്‍ ഉണ്ടാക്കിയ നാരുകള്‍ 1891-ഓടെ വ്യാവസായികമായി റയോണ്‍ എന്ന പേരില്‍ വസ്ത്രനിര്‍മാണത്തിന് ഉപയോഗിക്കുവാന്‍ തുടങ്ങി. ഷാര്‍ഡോണറ്റ് പ്രക്രിയ ലളിതവും മാലിന്യമുക്തവുമായിരുന്നെങ്കിലും ചെലവേറിയതും അപകടകരവുമായിരുന്നു. 1890-ല്‍ മറ്റൊരു ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ റയോണ്‍ ഉത്പാദനത്തിന് മറ്റൊരു പേറ്റന്റെടുത്തു. കുപ്രിക് ഹൈഡ്രോക്സൈഡും അമോണിയയും ചേര്‍ത്തുണ്ടാക്കുന്ന കുപ്രാമോണിയം ലായനിയില്‍ സെല്ലുലോസ് ലയിപ്പിച്ചശേഷം ചെറിയ സുഷിരങ്ങളിലൂടെ ഈ ലായനി, അമ്ളങ്ങളിലേക്ക് കടത്തി, സെല്ലുലോസ് പുനരുത്പാദിപ്പിച്ച്, നീളം കൂടിയ നാരുകള്‍ ഉണ്ടാക്കിയെടുക്കുന്നതായിരുന്നു ഈ പ്രക്രിയ. ഇത് ചെലവേറിയതും ബലമില്ലാത്ത, ഉപയോഗയോഗ്യമല്ലാത്ത നാരുകള്‍ ഉത്പാദിപ്പിക്കുന്നതുമായിരുന്നു. 1892-ല്‍ സാന്‍തേറ്റ് പ്രക്രിയ (Xanthate) കണ്ടുപിടിക്കപ്പെട്ടു. കാര്‍ബണ്‍ഡൈ സള്‍ഫൈഡില്‍ സെല്ലുലോസ് പ്രതിപ്രവര്‍ത്തിച്ച് സെല്ലുലോസ് സാന്‍തേറ്റിന്റെ കൊഴുപ്പുള്ള (Viscose) ലായനിയുണ്ടാക്കി, അമ്ളലായനിയിലൂടെ ഇത് കടത്തിവിട്ട് നാരുകളുണ്ടാക്കുന്ന വിദ്യ ഉപയോഗിച്ച് 1905-ല്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങി.

അസറ്റേറ്റ് നാരുകള്‍

ഒന്നാം ലോകയുദ്ധത്തിനുശേഷമാണ് അസറ്റേറ്റ് നാരുകളുടെ ഉത്പാദനം തുടങ്ങിയത്. സെല്ലുലോസ് അസറ്റേറ്റ് ആദ്യം വിമാനങ്ങളുടെ വാര്‍ണീഷായി ഉപയോഗിച്ചു തുടങ്ങിയെങ്കിലും 1921-ല്‍ ഹെന്റി, കാമില്‍ ഡ്രെഫസ് (Henry & Camille Dreyfus ) സഹോദരങ്ങള്‍ സെലനീസ് (Celanese) എന്ന പേരില്‍ അമേരിക്കയില്‍ ഇവയുടെ ഉത്പാദനം തുടങ്ങി. സെല്ലുലോസ് അസറ്റേറ്റ്, അസറ്റോണ്‍ എന്ന ലായനിയില്‍ ലയിപ്പിച്ച് സുഷിരങ്ങളിലൂടെ കടത്തിവിട്ട് നാരുകളാക്കുകയാണവര്‍ ചെയ്തത്.

പ്രോട്ടീന്‍ നാരുകള്‍

പ്രോട്ടീന്‍ അടിസ്ഥാനമായ കൃത്രിമനാരുകള്‍. കെസിന്‍ (Casein) എന്ന പാലുത്പന്നം, സെയ്ന്‍ (Zein), മെയ്ജ് (Maige) എന്നീ ചോള ഉത്പന്നങ്ങള്‍, അരാക്കിന്‍ (arachin) എന്ന കപ്പലണ്ടി ഉത്പന്നം, ആല്‍ജനിക് അമ്ലനാരുകള്‍ തുടങ്ങിയവ പ്രചാരത്തിലുണ്ടെങ്കിലും മില്‍നാരുകളുടെ ഗണത്തില്‍ ഉപയോഗപ്പെടുത്താനായിട്ടില്ല.

പോളിമര്‍ നാരുകള്‍

പോളിമറുകളുടെ രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങള്‍ പുതിയ നാരുകളുടെ ഉത്പാദനത്തിനു വഴിതെളിച്ചു. 1913-ല്‍ പോളിവിനൈല്‍ ക്ലോറൈഡ് (PVC) നാരുകള്‍ ഉണ്ടാക്കിത്തുടങ്ങി. 1928-ല്‍ ജര്‍മനിയില്‍ വിനൈല്‍ ക്ലോറൈഡ് വിനൈല്‍ അസറ്റേറ്റ് കോ പോളിമര്‍ നാരുകള്‍ പ്രചാരത്തില്‍ വന്നു. 1936-ല്‍ ക്ളോറിനീകരിച്ച പിവിസി നാരുകള്‍ വിപണിയില്‍ ഇറങ്ങിയെങ്കിലും തുണിവ്യവസായത്തില്‍ ഉപയോഗപ്പെട്ടില്ല.

പോളിഎസ്റ്ററുകളുടെയും പോളിഅമൈഡുകളുടെയും കണ്ടുപിടിത്തത്തോടെയാണ് കൃത്രിമനാരുകള്‍ തുണിവ്യവസായത്തില്‍ പ്രയോജനപ്പെടുത്തിത്തുടങ്ങിയത്. 1935-ല്‍ ഡ്യുപോണ്ട് കമ്പനിക്കു വേണ്ടി ഡബ്ലിയു എച്ച് കാരോതേഴ്സ് (W.H.Carothers) നൈലോണ്‍ നാരുകള്‍ വികസിപ്പിച്ചെടുത്തു. രണ്ടാം ലോകയുദ്ധാനന്തരം പോളിമറിക നാരുകളുടെ വ്യാവസായിക ഉത്പാദനത്തില്‍ വമ്പിച്ച വര്‍ധനവുണ്ടായി. പോളിയെസ്റ്റര്‍, പോളിഅമൈഡ്, പോളിഅക്രൈലോനൈട്രൈല്‍, പോളിവിനൈല്‍ ക്ലോറൈഡ്, പോളിവിനൈല്‍ ആല്‍ക്കഹോള്‍, പോളിഒളിഫിന്‍സ്, പോളിയൂറിത്തേന്‍ നാരുകള്‍ എന്നിവ ഉദാഹരണങ്ങളാണ്.

നാരുത്പാദന സാങ്കേതികവിദ്യയിലുണ്ടായ വികാസങ്ങള്‍ ഉയര്‍ന്ന താപരോധവും ദൃഢതയും ഉള്ള അരാമിഡ് (Aramid), നോവോലോയ്ഡ് (Novoloid) തുടങ്ങിയ പോളിമറിക നാരുകളുടെ ഉത്പാദനം സാധ്യമാക്കി. നൈലോണിനു സമാനമായ നാരുകളാണ് അരാമിഡുകള്‍. ഇതിലെ അമൈഡ് ബന്ധങ്ങളുടെ 85 ശതമാനവും ആരോമാറ്റിക റിങ്ങുകളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതാണ്. അരോമാറ്റിക റിങ്ങുകളുടെ പോളിമറിക വിന്യാസമാണ് നാരിനു സവിശേഷഗുണങ്ങള്‍ പ്രദാനം ചെയ്യുന്നത്. നോമക്സും (Nomex-പോളി മെറ്റാ-ഫിനലീന്‍ ഐസോഥാലമൈഡ്) കെവ്ലാറും (Kevlar-പോളി പാരാ-ഫിനലീന്‍ ടെറിഥാലമൈഡ്) ആണ് പ്രധാനപ്പെട്ട രണ്ടിനം അരാമിഡ് നാരുകള്‍. ഉരുക്കിനെക്കാള്‍ ദൃഢതയുള്ള ഈ നാരുകള്‍ക്ക് സവിശേഷമായ നിരവധി ഉപയോഗങ്ങളുണ്ട്. അരാമിഡുകളുടെ അത്രതന്നെ ബലമേറിയതല്ലെങ്കിലും കൂടുതല്‍ സുഖകരമായ തുണിത്തരങ്ങളുടെ ഉത്പാദനത്തിനുപയോഗപ്രദമായ നാരുകളാണ് നോവോലോയ്ഡ് നാരുകള്‍. ബഹിരാകാശ വസ്ത്രങ്ങള്‍ നിര്‍മിക്കുന്നതിന് ഇത് ഉപയോഗപ്രദമാണ്.

മറ്റു കൃത്രിമനാരുകള്‍

ബഹിരാകാശ വാഹനങ്ങളില്‍ കാര്‍ബണ്‍, ബോറോണ്‍, ലോഹങ്ങള്‍ തുടങ്ങിയവയുടെ നാരുകള്‍ താപരോധകവും ബലവുമുള്ള കോമ്പസിറ്റുകളുടെ നിര്‍മാണത്തിനുപയോഗിക്കുന്നുണ്ട്. അക്രിലിക നാരുകളുടെ താപവിഘടന പ്രക്രിയയിലൂടെയാണ് കാര്‍ബണ്‍ നാരുകള്‍ ഉണ്ടാക്കുന്നത്. ഈ നാരുകള്‍ക്ക് ആപേക്ഷിക ദൃഢത വളരെ കൂടുതലാണ്. ഉയര്‍ന്ന ഊഷ്മാവിലും ബലം നിലനിര്‍ത്തുന്നതിനാല്‍ വിമാന എന്‍ജിനുകളുടെ കംപ്രസര്‍ ബ്ളേഡുകളുണ്ടാക്കാനുപയോഗിക്കുന്നു.

ഉത്പാദന പ്രക്രിയകള്‍

നൂല്‍നൂല്‍പ്പ്

Spinning ഒരു ലായകത്തില്‍ ലയിപ്പിച്ച് ചെറിയ സുഷിരങ്ങളിലൂടെ കടത്തി ഘനീഭവിപ്പിച്ച് ഖരരൂപത്തിലാക്കി നാരുകളുത്പാദിപ്പിക്കുന്ന പ്രക്രിയയാണിത്. വെറ്റ് സ്പിന്നിങ് (വിസ്കസ് ഫൈബര്‍), ഡ്രൈ സ്പിന്നിങ് (അസറ്റേറ്റ്), മെല്‍റ്റ് സ്പിന്നിങ് (നൈലോണ്‍) എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്ന പ്രക്രിയകള്‍.

വലിച്ചുനീട്ടലും ഏകദിശയിലാക്കലും

Stretching & Orientation നാരുകളെ പ്രത്യേകരീതിയില്‍ വലിച്ച് പിരിച്ചെടുത്ത് അവയുടെ വലിവുറപ്പ് കൂട്ടാനാവും. മടങ്ങിക്കിടക്കുന്ന വലിയ തന്മാത്രകളെ ഒരേ ദിശയിലാക്കി അവയുടെ പരസ്പരാകര്‍ഷണം കൂട്ടിയാണ് ഇത് സാധിച്ചെടുക്കുന്നത്. നൈലോണ്‍ പിരിച്ചെടുക്കുമ്പോള്‍ ഏകദേശം അഞ്ചിരട്ടി വലിയുന്നു; കൂടുതല്‍ ക്രിസ്റ്റലീകരണവും അതോടൊപ്പം ബലവര്‍ധനവും ഉണ്ടാകുന്നു. എന്നാല്‍ ഇലാസ്തികത കുറയുന്നു.

ചുളിവുണ്ടാക്കല്‍ (Crimping)

നാരുകള്‍ തമ്മിലുള്ള ബന്ധം കൂട്ടുന്നതിന് ചുളിവുകള്‍ ഇടുന്ന പ്രക്രിയയാണിത്. പ്രതലത്തില്‍ വേണ്ട രാസമാറ്റങ്ങള്‍ വരുത്തി ചുളിവുകള്‍ നിയന്ത്രിച്ച് നാരുകളുടെ ഗുണം വര്‍ധിപ്പിക്കാന്‍ കഴിയും. സാധാരണയായി 11/2 ഡെനീറിന് (1 ഡെനീര്‍ = 9000 മീ. നാരിന്റെ ഭാരം) 12 ചുളിവുകള്‍ ഉണ്ടാകും. ചുളിവുകള്‍ കൂടുന്നത് നൂലുകള്‍ കുരുങ്ങാന്‍ കാരണമാകും.

കൃത്രിമനാരുകള്‍ ഏതു നീളത്തിലും ഉത്പാദിപ്പിക്കാന്‍കഴിയും. കുറേ നൂലുകള്‍ ഒന്നിച്ചു പിരിച്ചുചേര്‍ത്ത് കഴകള്‍ ഉണ്ടാക്കി അവ ഒരേ നീളത്തില്‍ മുറിച്ചെടുത്ത് നെയ്തെടുക്കുന്നു.

മൃദുവായ സാറ്റിന്‍ തുണിത്തരങ്ങള്‍ കൊണ്ടുള്ള ബ്ളാങ്കറ്റ്, കായികതാരങ്ങളുടെ കുപ്പായം, മീന്‍ വല തുടങ്ങിയവയ്ക്കു വേണ്ട ഞൊറികളിടാന്‍ നീളമേറിയ നാരുകള്‍ ഉപയോഗിക്കുന്നു.

പ്രാകാശിക നാരുകള്‍ (Optical fibers)

1990-കളില്‍ പ്രകാശ രശ്മികളെ കടത്തിവിടുവാന്‍ കഴിവുള്ള, ശുദ്ധമായ ഗ്ളാസുകൊണ്ടുണ്ടാക്കിയ പ്രാകാശികനാരുകള്‍ നിര്‍മിക്കപ്പെട്ടു. നടുവില്‍ സാന്ദ്രതകൂടിയും പുറത്തേക്ക് കുറഞ്ഞുമിരിക്കുന്ന ഗ്രേഡഡ് ഗ്ലാസ് നാരുകളാണ് ഇതിനായി ഉപയോഗിക്കപ്പെടുന്നത്. പൂര്‍ണ ആന്തരിക പ്രതിഫലന(total internal reflection)ത്തിലൂടെ പ്രകാശ രശ്മികളെ പ്രസരണം ചെയ്യിച്ച് ചിത്രങ്ങളുടെയും വിവരങ്ങളുടെയും വിനിമയം സാധ്യമാക്കുകയാണ് ഈ നാരുകളുടെ ധര്‍മം.

യാതൊരു വിധത്തിലുള്ള പ്രകാശ ആഗിരണവും ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി ഈ നാരുകളെ വളരെ ചെറിയ അപഭംഗമാനം (refractive index) ഉള്ള സുതാര്യമായ ഗ്ലാസ്സ് അല്ലെങ്കില്‍ പ്ലാസ്റ്റിക് കൊണ്ട് ആവരണം ചെയ്യുന്നു. ഈ ആവരണം നാരിന്റെ പൂര്‍ണ പ്രതിഫലന പ്രതലത്തെ സംരക്ഷിക്കുകയും സമീപസ്ഥനാരുകളെ പ്രാകാശികമായി ഇന്‍സുലേറ്റ് ചെയ്യുകയും ചെയ്യുന്നു.

വളരെ ചെറിയ അപഭംഗമാനമുള്ള ഒരു ഗ്ലാസ് ട്യൂബിനുള്ളിലായി വളരെ ഉയര്‍ന്ന അപഭംഗമാനമുള്ള ഒരു ഗ്ലാസ് ദണ്ഡുറപ്പിച്ചശേഷം ഇതിനെ കുഴല്‍ രൂപത്തിലുള്ള ഒരു ചൂളയ്ക്കുള്ളില്‍വച്ച് ചൂടാക്കുന്നു. ഇതിന്റെ അറ്റം ഉരുകി ചേരുമ്പോള്‍ നേര്‍ത്ത നാരായി വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ വലിച്ചെടുക്കുന്ന നിരവധി നാരുകളെ പുന:സമാഹരിച്ച് ഒരു കെട്ടാക്കി വീണ്ടും ഇപ്രകാരം നാരായി വലിച്ചെടുക്കാം (multiple fiber). നല്ല ഉറപ്പും ഇലാസ്തികതയും ഉള്ള നിരവധി നാരുകളടങ്ങുന്ന ഒരു ഒറ്റ നാരായിരിക്കും ഇത്.

വൈദ്യശാസ്ത്രരംഗത്ത് ജഠരാന്ത്രപഥം, ശ്വസനനാളം, ഹൃദയം, ആമാശയം തുടങ്ങിയ ആന്തരാവയവങ്ങള്‍ ദൃശ്യമാക്കുന്നതിനു പ്രാകാശിക നാരുകള്‍ വളരെയെറെ പ്രയോജനപ്പെടുത്തിവരുന്നു. ഫോട്ടോ ഇലക്ട്രോണികം, നിശാദൃശ്യ ഉപകരണങ്ങള്‍, ഛായാഗ്രഹണം എന്നിവയിലും വ്യാപകമായി ഉപയോഗപ്പെടുത്തി വരുന്നു.

നാരുകളുടെ ഗുണധര്‍മങ്ങളും ഉപയോഗവും

പദാര്‍ഥങ്ങള്‍ നാരു രൂപത്തിലാകുമ്പോള്‍ വണ്ണം വളരെ കുറവായതിനാല്‍ വിള്ളല്‍ മുതലായ ന്യൂനതകള്‍ കുറവായിരിക്കും. അതിനാല്‍ സ്ഥൂലരൂപത്തില്‍ കാണുന്നതിനെക്കാള്‍ വളരെയധികം ഉറപ്പും ദൃഢതയും വലിവുറപ്പും നാരുകള്‍ക്കുണ്ടായിരിക്കും. നാരുകളുടെ വ്യാസം സു. 5-20 മൈക്രോണ്‍ മാത്രമാണ്. പദാര്‍ഥത്തിലെ തന്മാത്രകള്‍ നിരനിരയായി അടുക്കപ്പെടുന്നതുമൂലം ഉയര്‍ന്ന ഗുണനിലവാരം ലഭിക്കുന്നു.

ചില പ്രധാന നാരിനങ്ങളും അവയുടെ ഗുണങ്ങളും പട്ടിക ക-ല്‍ കൊടുത്തിരിക്കുന്നു.

വ്യത്യസ്ത യാന്ത്രിക, രാസ, താപ, വൈദ്യുത ഗുണങ്ങളുള്ള വിവിധയിനം നാരുകള്‍ ലഭ്യമാണ്. നാരുകള്‍ തനതുരൂപത്തിലും പിരിച്ച് നൂലാക്കിയും നെയ്ത് തുണിയാക്കിയും റെസിനുകളുപയോഗിച്ച് ഒട്ടിച്ച് കോമ്പസിറ്റാക്കിയുമാണ് വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തി വരുന്നത്.

മെച്ചപ്പെട്ട നാരുകള്‍ വികസിപ്പിച്ചെടുക്കുവാനായി നിരവധി ഗവേഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും എല്ലാ ഉപയോഗങ്ങള്‍ക്കും അനുയോജ്യമായ വിധത്തില്‍ ഒരു നാര് വികസിപ്പിച്ചെടുക്കുവാന്‍ സാധ്യമായിട്ടില്ല. കാരണം അത് പലപ്പോഴും പരസ്പരവിരുദ്ധമായ ഗുണധര്‍മങ്ങളുടെ സംയോഗമായിരിക്കും. പഴകുന്തോറുമുണ്ടാകുന്ന മഞ്ഞപ്പ്, ഉറപ്പ് കുറവ്, സ്ഥിതിക വൈദ്യുതിയുടെ സാന്നിധ്യം, ആകൃതി നിലനിര്‍ത്താനുള്ള കഴിവില്ലായ്മ തുടങ്ങിയവയാണ് പല നാരുകള്‍ക്കും നിലവിലുള്ള ന്യൂനതകള്‍. ഇത്തരം ഓരോ ന്യൂനതയ്ക്കും പരിഹാരമെന്ന നിലയില്‍ വിവിധ നാരുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

നാരുവിളകള്‍

Fiber Crops

വ്യാവസായിക പ്രാധാന്യമുള്ള കാര്‍ഷികവിള. വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന ഇവ ഇന്ത്യയ്ക്ക് വിദേശനാണ്യം നേടിത്തരുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നു.

ഏത് സസ്യഭാഗത്തു നിന്നാണ് നാരുകള്‍ വേര്‍തിരിച്ചെടുക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി നാരുവിളകളെ വിത്തുനാരുകള്‍ (ലെലറ ളശയൃല ഉദാ: പരുത്തി, തെങ്ങ്), തണ്ടുനാരുകള്‍ (seed fiber-ഉദാ: ചണം, ലിനന്‍, ഹെമ്പ്, റാമി, കാട്ടുചണം, കെനാഫ്) ഇലനാരുകള്‍ (ഉദാ: സിസാല്‍, വാഴ, പന) എന്നിങ്ങനെ മൂന്നുവിഭാഗമായി തിരിച്ചിരിക്കുന്നു. ചില പ്രധാനപ്പെട്ട നാരുവിളകള്‍ ചുവടെ ചേര്‍ക്കുന്നു.

പരുത്തി

മനുഷ്യന്‍ പുരാതനകാലം മുതല്‍ ഉപയോഗിച്ചുവരുന്ന ഒഴിച്ചുകൂടാനാവാത്ത നാരുവിളയാണ് പരുത്തി. ഭക്ഷണം കഴിഞ്ഞാല്‍ മനുഷ്യന് ഏറ്റവും ആവശ്യമുള്ളത് വസ്ത്രമാണ്. വാണിജ്യവിളകളില്‍ ഏറ്റവും പഴക്കം ചെന്നത് എന്നവകാശപ്പെടാവുന്നതാണ് പരുത്തി. വസ്ത്രനിര്‍മാണത്തിന്റെയും നെയ്ത്തിന്റെയും കണ്ടുപിടിത്തം മുതല്‍ ലോകമെമ്പാടും പരുത്തിക്കൃഷി ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ പ്രാഥമികാവശ്യമായ വസ്ത്രത്തിന് ഉപയോഗിച്ചുവരുന്നത് പരുത്തിയില്‍ നിന്നെടുക്കുന്ന നൂലുപയോഗിച്ചു നെയ്യുന്ന പരുത്തിത്തുണിയാണ്.ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടിത്തത്തോടെ കൃത്രിമനാരുപയോഗിച്ചുണ്ടാക്കുന്ന വസ്ത്രങ്ങളും നിലവില്‍വന്നു.

ചരിത്രാതീത കാലം മുതലേ ലോകത്തിന്റെ എല്ലാഭാഗങ്ങളിലും പരുത്തികൊണ്ടുണ്ടാക്കിയ വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. ക്രിസ്തുവിന് 300 വര്‍ഷങ്ങള്‍ക്കു മുന്‍പു മുതല്‍ ഇന്ത്യയില്‍ പരുത്തി വസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നതിന് തെളിവുകളുണ്ട്. ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട പരുത്തിയിനങ്ങള്‍ ഇന്ത്യയിലുത്പാദിപ്പിക്കുന്നതായി മാര്‍ക്കോപോളോ അദ്ദേഹത്തിന്റെ യാത്രാക്കുറിപ്പില്‍ പ്രതിപാദിച്ചിട്ടുണ്ട്.

മാല്‍വേസി (Malvaceae) സസ്യകുടുംബത്തിലെ ഗോസിപ്പിയം (Gossypium) ജീനസ്സില്‍പ്പെടുന്ന നിരവധി സ്പീഷിസ് ഇന്ത്യയില്‍ കൃഷിചെയ്യുന്നു.

ഗോസിപ്പിയം ആര്‍ബോറിയം (G.aurborium), ഗോ. ഹെര്‍ബേഷ്യം (G.herbaceum), ഗോ ഹിര്‍സൂട്ടം (G.hirsutum), ഗോ. ബാര്‍ബഡന്‍സ് (G.barbedense) എന്നിവയാണ് ഇന്ത്യയില്‍ കൃഷി ചെയ്യുന്ന പ്രധാന സ്പീഷീസ്. ആദ്യത്തെ രണ്ട് സ്പീഷീസ് ഏഷ്യന്‍ പരുത്തി, 'ദേശി പരുത്തി' എന്നീ പേരുകളിലും, മറ്റ് രണ്ടെണ്ണം 'നവലോകപരുത്തി' (New world cotton) എന്ന പേരിലും അറിയപ്പെടുന്നു. ഗോ. ആര്‍ബോറിയത്തിന്റെ ജന്മദേശം ഇന്ത്യയാണ്. ഇതിന് നാര് കുറവാണ്. ഗോ. ഹെര്‍ബേഷ്യത്തിന്റെ നാരിന് താരതമ്യേന കൂടുതല്‍ നീളവും മിനുസവും ഉണ്ടായിരിക്കും. അമേരിക്കന്‍ പരുത്തി എന്നറിയപ്പെടുന്ന ഗോ. ഹിര്‍സൂട്ടത്തിന്റെ നാരുകള്‍ക്കാണ് നല്ല നീളവും കൂടുതല്‍ മിനുസവും ഉളളത്. ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും പരുത്തിക്കൃഷി ചെയ്യുന്നുണ്ട്.

ജനിതക എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്ത മറ്റൊരിനം പരുത്തിയാണ് ബി.ടി. പരുത്തി (Bt.cotton). ഈ ഇനത്തിന് വളരെയധികം കീടപ്രതിരോധശേഷി യുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥലത്ത് ബി.ടി. പരുത്തി കൃഷി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത് ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നത്.

പരുത്തിച്ചെടി ഒരിനം കുറ്റിച്ചെടിയാണ്. ഇതിന്റെ ശാഖകള്‍ താഴേക്ക് ചാഞ്ഞു കിടക്കുന്നു. ശാഖകളും ഇലകളും കടുംപച്ചനിറമാണ്. ചുവപ്പുനിറം കലര്‍ന്ന ചെറുലോമങ്ങളുമുണ്ട്. ഇലകള്‍ പാളികളുള്ളതും അനുപര്‍ണങ്ങളുള്ളതുമാണ്. ഇലകളുടെ കക്ഷ്യങ്ങളില്‍ നിന്ന് ഒറ്റയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പത്തിന്റെ ഞെട്ട് ചെറുതാണ്. ഇതിന് നന്നായി വികാസം പ്രാപിച്ച സഹപത്രങ്ങളാ(bracteoles)ണുള്ളത്. ബാഹ്യദളപുടം സംയോജിപ്പിച്ചിരിക്കുന്നു. കടും ചുവപ്പുനിറമുള്ള അഞ്ചു ദളങ്ങളുണ്ടായിരിക്കും. വെള്ളയും മഞ്ഞയും നിറമുള്ള ദളങ്ങളുണ്ട്. ദളങ്ങള്‍ ജനിപുടത്തിനോടു ചേരുന്ന കുറച്ചുഭാഗം കറുപ്പു നിറമുള്ളതായിരിക്കും. അണ്ഡാശയത്തിന് 3-5 അറകളുണ്ടായിരിക്കും. വിത്ത് കടുപ്പമുള്ള തോടിനുള്ളില്‍ കാണപ്പെടുന്നു. വിത്തിനെച്ചുറ്റി പരുത്തിനാരുകള്‍ (fuzz) ഉണ്ടായിരിക്കും.

ഇന്ത്യയില്‍ കൃഷിചെയ്യുന്ന പരുത്തി വിവിധ വാണിജ്യനാമങ്ങളിലറിയപ്പെടുന്നു. കോകനാദ (Cocanada) വെസ്റ്ററസ് (Westerus), നോര്‍തെറസ് (Northerus), ടിന്നീസ് (Tinnies), സേലംസ് (Salems) എന്നിങ്ങനെയാണിവ അറിയപ്പെടുന്നത്. ഇവ പ്രത്യേക ഒരിനമല്ല; സങ്കര ഇനങ്ങളാണ്.

ഇന്ത്യയില്‍ വളരുന്ന പരുത്തി ഇനങ്ങളധികവും ഏഷ്യാറ്റിക്, അമേരിക്കന്‍ ഇനങ്ങളാണ്. ഇന്ത്യന്‍ ഇനങ്ങള്‍ പച്ചകാണ്ഡവും ഇളംപച്ച ഇലകളും കുറഞ്ഞ വളര്‍ച്ചാനിരക്കും പ്രദര്‍ശിപ്പിക്കുന്നവയാണ്. പുഷ്പങ്ങള്‍ കടും മഞ്ഞയോ മഞ്ഞയില്‍ കടും കറുപ്പുനിറത്തിലുള്ള അടയാളങ്ങളോടുകൂടിയതോ ആയിരിക്കും. ദളങ്ങളുടെ ചുവടുഭാഗത്തില്‍ കറുപ്പു നിറമാണ്. ബീജസങ്കലനശേഷം ദളങ്ങള്‍ വാടിക്കൊഴിയുമ്പോഴും ദളങ്ങള്‍ക്ക് നല്ല മഞ്ഞ നിറമായിരിക്കും. പരുത്തിക്കായകള്‍ ചെറുതും ഉരുണ്ടതും പച്ചനിറത്തിലുള്ളതുമാണ്. കായകള്‍ ഉണങ്ങിയ ശേഷം 3-5 ഭാഗങ്ങളായി പൊട്ടുന്നു. പൊട്ടിയ കായ്കളാണ് ശേഖരിക്കുന്നത്. അധികം പരുത്തിയിനങ്ങളുടെയും കായ്കളിലെ നൂല് തൂവെള്ളനിറമായിരിക്കും. എന്നാല്‍ മങ്ങിയ വെള്ളനിറമുള്ളവയുമുണ്ട്. വളര്‍ച്ചയുടെ കാലദൈര്‍ഘ്യമനുസരിച്ച് പരുത്തിയെ എട്ടൊമ്പതുമാസം കാലയളവുള്ളവയെന്നും അഞ്ചാറുമാസം കാലയളവുള്ളതെന്നും രണ്ടായി തരം തിരിക്കാം. കാലദൈര്‍ഘ്യം കൂടുതലുള്ളവ ജലസേചനം നടത്തിയാണ് കൃഷിചെയ്യുന്നത്. എന്നാല്‍ മഴയെ ആശ്രയിച്ച് കൃഷിചെയ്യുന്ന സ്ഥലങ്ങളില്‍ കാലദൈര്‍ഘ്യം കുറഞ്ഞ പരുത്തിയാണ് കൃഷിചെയ്യാറുള്ളത്.

വിത്ത് വിതറി വിതച്ചാണ് പരുത്തി കൃഷിചെയ്യുക. വിത്ത് വരിവരിയായി വിതയ്ക്കുന്നതിന് സീഡ്ഡ്രില്‍ ഉപയോഗിക്കുന്നു. പരുത്തി, കരിമണ്ണിലും ചുവന്നമണ്ണിലുമാണ് കൃഷി ചെയ്യുന്നത്. സാധാരണയായി വരികളിലായാണ് വിതയ്ക്കുന്നത്. ജലസേചനം ചെയ്തു വളര്‍ത്തുന്ന തമിഴ്നാട്ടിലെ കമ്പോസിയപരുത്തിയായി തിണ്ടുകളില്‍ വിതക്കുകയാണു പതിവ്. കൂടുതല്‍ ശാഖകളുണ്ടാകുന്ന ഏകാക്ഷിരൂപപരുത്തിയിനങ്ങള്‍, കുറച്ചു ശിഖരങ്ങളുണ്ടാകുന്ന സന്ധിതാക്ഷരൂപ ഇനങ്ങളേക്കാള്‍ കൂടുതല്‍ അകലത്തില്‍ വിതയ്ക്കണം.

കൃത്യമായി വളം ചേര്‍ക്കലും മണ്ണിന്റെ ഈര്‍പ്പനിലയും പരുത്തിച്ചെടിയുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. മഴ കൂടുതല്‍ ലഭിക്കുന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് ചെടികള്‍ക്ക് നാശം സംഭവിക്കാം. പുഷ്പിക്കുന്ന കാലമാണ് ജലസേചനത്തിന്റെ നിര്‍ണായകഘട്ടം. ജലാംശം കുറഞ്ഞാല്‍ പൂമൊട്ടും പുഷ്പങ്ങളും ഇളം കായ്കളും കൊഴിഞ്ഞുവീഴും. പഞ്ഞിക്കായ് പൊട്ടിവിടരുന്ന ഘട്ടത്തില്‍ ചെടിക്ക് കുറച്ചു ജലാംശം മതിയാകും.

വിളപരിക്രമം അനുവര്‍ത്തിക്കുന്നത് പരുത്തിയുടെ വിളവ് വര്‍ധിക്കാനിടയാക്കും. പരുത്തി-ഗോതമ്പ്, പരുത്തി, ചോളം, പരുത്തി-ഗോതമ്പ്, കടുകുവര്‍ഗങ്ങള്‍ എന്നിവയാണ് പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അനുവര്‍ത്തിക്കപ്പെടുന്ന വിളപരിക്രമം.

പരുത്തി-പയര്‍-ഗോതമ്പ്, പരുത്തി-നിലക്കടല, പരുത്തി-ചോളം-നിലക്കടല തുടങ്ങിയ വിളപരിക്രമരീതികളും നിലവിലുണ്ട്. പരുത്തി-നിലക്കടല എന്ന വിളപരിക്രമരീതി അനുവര്‍ത്തിക്കുന്നതാണ് ഉത്പന്നങ്ങള്‍ കൂടുതലും ലഭിക്കാനിടയാക്കുന്നത്.

ചുവന്ന മണ്ണില്‍ പരുത്തി-ചോളം, പരുത്തി-ബജറ, പരുത്തി-എള്ള്, പരുത്തി-ആവണക്ക്, പരുത്തി-കൂവരക് എന്നീ വിളപരിക്രമ രീതികളാണ് സാധാരണ അനുവര്‍ത്തിക്കാറുള്ളത്.

പരുത്തിയുടെ ഇനം, പാകമാകുന്ന കാലം, വര്‍ഷകാലദൈര്‍ഘ്യം, കൃഷിചെയ്യുന്ന സ്ഥലം, വിതയ്ക്കുന്ന കാലം എന്നിവയെ ആശ്രയിച്ച് വിളവെടുപ്പിന്റെ സമയവും കാലദൈര്‍ഘ്യവും മാറിക്കൊണ്ടിരിക്കും.

പഞ്ഞിക്കായകള്‍ കൈകള്‍കൊണ്ടു പറിച്ചെടുക്കുകയാണു പതിവ്. പറിച്ചെടുക്കുന്ന കായ്കളില്‍ നിന്നുള്ള ഉത്പന്നം 'കപ്പാസ്' എന്നറിയപ്പെടുന്നു പരുത്തിക്കുരുവില്‍ നിന്ന് പഞ്ഞിനാര് വേര്‍പെടുത്തുന്നതിനെ 'ജിന്നിങ്' എന്നു പറയും. മുന്‍കാലങ്ങളില്‍ ചര്‍ക്കജിന്‍ ഉപയോഗിച്ചാണ് ജിന്നിങ് നടത്തിയിരുന്നത്. അടുത്തകാലത്തായി റോളര്‍ജിന്‍ വ്യവസായികായിസ്ഥാനത്തില്‍ ഉപയോഗിച്ചാണ് ജിന്നിങ് നടത്തുന്നത്. കുരു മാറ്റിയ പഞ്ഞി 'ലിന്റ്' എന്നറിയപ്പെടുന്നു.

പഞ്ഞിക്കെട്ടുകള്‍ സൂക്ഷിക്കാനും നീക്കം ചെയ്യാനും കയറ്റി അയയ്ക്കാനും സൗകര്യത്തിനു വേണ്ടി 'പ്രസ്' ചെയ്ത് 90-135 കി.ഗ്രാം. ഭാരമുള്ള കെട്ടുകളാക്കുകയാണ് പതിവ്. ഇത് ഡോക്ര അഥവാ ബോറ എന്നാണറിയപ്പെടുന്നത്.

നിരവധി കൃമികീടങ്ങളും വാട്ടരോഗങ്ങളും പരുത്തിച്ചെടിയെ ബാധിക്കുന്നു. പാടലബോള്‍പ്പുഴു എന്ന പുഴു പരുത്തിയുടെ മുകുളം, പുഷ്പങ്ങള്‍, കായ, കുരു എന്നിവയില്‍ തുളച്ചുകയറി അവയെ നശിപ്പിക്കുന്നു. ഇലചുരുട്ടിപ്പുഴു, പരുത്തിയിലകളെ ചുരുട്ടി അതിനുള്ളില്‍ കഴിയുന്നു. ഈ സമയം ഇവ ഇല ഭക്ഷിക്കുകയും തത്ഫലമായി ചെടി നശിക്കുകയും ചെയ്യുന്നു. പരുത്തിയിലകളിലെ നീര് വലിച്ചുകുടിക്കുന്നവയാണ് പരുത്തിജാസ്സിഡുകള്‍.

വാട്ടരോഗമാണ് പരുത്തിയെ പ്രധാനമായി ബാധിക്കുന്ന ഒരു രോഗം. ചെടികള്‍ ക്രമേണ വാടി നശിക്കുന്നതാണ് രോഗലക്ഷണം. കോണിപ്പൊട്ട് എന്ന രോഗവും പരുത്തിയെ നശിപ്പിക്കാറുണ്ട്. കോണാകൃതിയിലുള്ള നീരു നിറഞ്ഞ പാടുകള്‍, ഇല, കാണ്ഡം എന്നിവയില്‍ കാണപ്പെടുന്നു.

വസ്ത്രനിര്‍മാണമാണ് പരുത്തിയുടെ ഏറ്റവും പ്രധാന ഉപയോഗം. മെത്ത, തലയിണ, കുഷ്യന്‍ തുടങ്ങിയവ നിറയ്ക്കാനും പഞ്ഞി ഉപയോഗിക്കുന്നുണ്ട്. ആശുപത്രികളിലും, ലബോറട്ടറികളിലും ടിഷ്യുകള്‍ച്ചര്‍ രംഗത്തും ഉപയോഗിക്കുന്നത് ശുദ്ധമായ പരുത്തിനാര് (പഞ്ഞി) ആണ്.

പരുത്തിക്കുരു കാലിത്തീറ്റയായി ഉപയോഗിക്കുന്നു. കുരുവിന്റെ തോട് തീ കത്തിക്കാനും, പരിപ്പ് ആട്ടി എണ്ണയെടുത്ത് ശുദ്ധീകരിച്ചാല്‍ പാചകത്തിനുമുപയോഗിക്കാം. പിണ്ണാക്ക് കാലിത്തീറ്റയായും ഉപയോഗിക്കാറുണ്ട്. മാര്‍ഗറിന്‍ എന്ന ശുദ്ധിചെയ്ത പരുത്തിക്കുരു എണ്ണ മെച്ചപ്പെട്ടതാണ്.

ചണം

പരുത്തികഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള നാരുവിളയാണ് ചണം. പണ്ടുമുതല്ക്കേ ചണക്കൃഷി ഭാരതത്തിന്റെ കുത്തകയായിരുന്നു. ഇന്നും ഭാരതത്തിന്റെ വിദേശനാണ്യസമ്പാദനത്തില്‍ ചണത്തിന് സുപ്രധാന പങ്കാണുള്ളത്. എന്നാല്‍ ചണക്കൃഷിയുടെ ആരംഭത്തെക്കുറിച്ച് ഇന്നും അവ്യക്തത നിലനില്‍ക്കുന്നു. വേദങ്ങളിലും മഹാഭാരതത്തിലും ചണക്കൃഷിയെപ്പറ്റി പ്രതിപാദിച്ചിട്ടുള്ളതില്‍ നിന്നും അന്നും ചണനാരിന് നാരുവിളയെന്ന പ്രചാരം ലഭിച്ചിരുന്നതായി മനസ്സിലാക്കാം. പതിനാറാം ശ.-ത്തില്‍ വന്‍തോതില്‍ ചണനാര് വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നതായി ചില ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. 1590-ല്‍ അബുല്‍ ഫാസല്‍ എഴുതിയ എയിന്‍-ഇ അക്ക്ബാരി എന്ന ഗ്രന്ഥത്തില്‍ ചണനാരുകൊണ്ടു നിര്‍മിച്ച തുണിയെപ്പറ്റിയുള്ള വിവരണമുണ്ട്.

ഒറിയ ഭാഷയിലെ ജെട്, ജൂട് എന്നീ പദങ്ങളില്‍ നിന്നായിരിക്കാം ജൂട്ട് എന്ന ചണത്തിന്റെ ആംഗലേയനാമം ഉദ്ഭവിച്ചതെന്ന് അനുമാനിക്കുന്നു. ശാ.നാ. കോര്‍ക്കോറസ് കാപ്സുലാരിസ് (Corchorus capsularis). കോര്‍ക്കോറസ് എന്ന പദം ഈജിപ്ഷ്യന്‍ പദമായ കോര്‍ക്കോറസില്‍ നിന്ന് ഉണ്ടായതാണെന്നും അതിനാല്‍ ചണത്തിന്റെ ഉദ്ഭവസ്ഥാനം ഈജിപ്റ്റാണെന്നും അതല്ല ഇന്തോ-ബര്‍മീസ് പ്രദേശങ്ങളോ ചൈനയോ ആയിരിക്കാം ചണത്തിന്റെ ജന്മദേശം എന്നും വാദഗതികളുണ്ട്. ഒളിറ്റാരിയസ് എന്ന ഇനം ചണത്തിന്റെ ജന്മദേശം ആഫ്രിക്കയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ടിലിയേസി സസ്യകുടുംബത്തില്‍പ്പെടുന്ന കോര്‍ക്കോറസിന് നാല്പതിലധികം സ്പീഷിസുണ്ടെങ്കിലും കോ. കാപ്സുലാരിസ്, കോ. ഒളിറ്റാരിയസ് എന്നീ രണ്ടിനങ്ങളെ കൃഷിചെയ്യുന്നുള്ളൂ. ഈ രണ്ടിനങ്ങളും കാഴ്ചയില്‍ ഏതാണ്ടൊരുപോലെയാണെങ്കിലും സൂക്ഷ്നിരീക്ഷണത്തില്‍ ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാം.

വടക്കേ ഇന്ത്യയിലാണ് ചണം പ്രധാനമായും കൃഷിചെയ്യുന്നത്. അസം, ബിഹാര്‍, ഒറീസ്സ, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ത്രിപുര എന്നിവിടങ്ങളിലാണ് വ്യാപകമായി ചണക്കൃഷി ഉള്ളത്. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയും ഫലഭൂയിഷ്ഠതയുള്ള പശിമരാശിമണ്ണും ഇതിന് അനിവാര്യമാണ്. വിളപരിക്രമത്തില്‍ ഉള്‍പ്പെടുത്തിയും ഇത് കൃഷി ചെയ്യുന്നുണ്ട്. ബംഗാളില്‍ ഒരു ഇലക്കറിവിള എന്ന നിലയിലാണ് ചണക്കൃഷി പ്രസിദ്ധമായിട്ടുള്ളത്.

ചണച്ചെടി പുഷ്പിച്ച് കായ്കള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ വിളവെടുപ്പ് നടത്തിയാലേ ഗുണമേന്മയുള്ള ചണനാര് ലഭിക്കുകയുള്ളൂ. ചണനാര് ചെടിയുടെ തൂക്കത്തിന്റെ 4.5 ശ.മാ. മുതല്‍ 7.5 ശ.മാ. വരെ വരും. ചണം വെട്ടിയെടുത്തും പറിച്ചെടുത്തും ചെറിയ കെട്ടുകളാക്കി ഇല കൊഴിഞ്ഞുപോകുന്നതുവരെ സൂക്ഷിക്കുന്നു. അതിനുശേഷം നാരുവേര്‍തിരിക്കാനായി തണ്ട് അഴുകല്‍ പ്രക്രിയയ്ക്കു വിധേയമാക്കണം. അഴുകാനായി ഒഴുക്കില്ലാത്ത തെളിഞ്ഞ വെള്ളത്തില്‍ ഒരു മീറ്ററോളം ആഴത്തില്‍ ചണക്കെട്ടുകള്‍ താഴ്ത്തി വയ്ക്കുകയാണ് പതിവ്. അഴുകലിനു ശേഷം നാരുകള്‍ വേര്‍പെടുത്തി ഉണക്കുന്നു. തുടര്‍ന്ന് തണ്ടുചീയല്‍, മൃദുചീയല്‍, ആന്ത്രക്നോസ് തുടങ്ങിയ രോഗങ്ങള്‍ വരാതെയും നോക്കണം. ചണച്ചെല്ലി, ഇലതീനിപ്പുഴു എന്നിവയുടെ കീടബാധയും ചണത്തിനുണ്ടാകാറുണ്ട്.

ചണനാര്, ചാക്കുകള്‍ നിര്‍മിക്കാനാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. പരുത്തിയോടൊപ്പം ചേര്‍ത്ത് പരവതാനി ഉണ്ടാക്കാനും ഇത് ഉപയോഗിക്കാറുണ്ട്. ചണനാരു കൊണ്ട് നിര്‍മിക്കുന്ന കട്ടിയുള്ള തുണി കാറ്റുമറയായും, ചെടികള്‍ക്ക് വെയില്‍ മറയായും ഉപയോഗിക്കുന്നു. ചണനാരുകൊണ്ടുള്ള കൂടകള്‍, സഞ്ചികള്‍, ചെരുപ്പുകള്‍, മറ്റു കരകൌശല വസ്തുക്കള്‍ മുതലായവ വ്യാപകമായി ഉപയോഗിച്ചുവരുന്നു. വളരെവേഗം ജീര്‍ണിച്ച് മണ്ണില്‍ അലിഞ്ഞുചേരുന്നതിനാല്‍ ചണം കൊണ്ടുള്ള വസ്തുക്കള്‍ക്ക് ഇന്ന് വളരെയേറെ പാരിസ്ഥിതിക പ്രാധാന്യമുണ്ട്.

കാട്ടുചണം

സണ്‍ഹെമ്പ് (Sunhemp) എന്ന് പൊതുവേ അറിയപ്പെടുന്ന കാട്ടുചണത്തിന് വക്ക് (Wuckoo), ബോംബെ ചണം, ദേവഗുഡി ചണം, വാറംഗല്‍ ചണം, ബനാറസ് ചണം എന്നീ പേരുകളുണ്ട്. ശാ.നാ. ക്രോട്ടലേറിയ ജന്‍സിയ (Crotalaria juncea). ഇന്ത്യയില്‍ കൃഷി ചെയ്യുന്ന നാരുവിളകളില്‍ പ്രധാനപ്പെട്ട ഒന്നാണിത്. പച്ചിലവളമായും കാലിത്തീറ്റയായും കാട്ടുചണം ഉപയോഗിച്ചുവരുന്നു. ഇത് ഉണക്കാതെയും ഉണക്കി വയ്ക്കോലായും കാലിത്തീറ്റയായും ഉപയോഗിക്കുന്നു.

ലെഗുമിനോസീ (Leguminosae) സസ്യകുടുംബത്തിന്റെ ഉപകുടുംബമായ പാപ്പിലിയോണേസി(Papolionaeeae)യില്‍പ്പെടുന്ന കാട്ടുചണം മൂന്നു മീറ്ററോളം ഉയരത്തില്‍ വളരുന്നു. അര സെ.മീ. വ്യാസമുള്ള നീണ്ടുകനം കുറഞ്ഞ കാണ്ഡമാണ് കാട്ടുചണത്തിന്റേത്. കാണ്ഡത്തിന്റെ തൊലിയിലാണ് നാര് പിത്ത് നിറഞ്ഞിരിക്കുന്നത്. വേരുകളില്‍ മൂലാര്‍ബുദ (root nodules) ങ്ങള്‍ ഉണ്ടായിരിക്കും. ഇലകള്‍ വീതി കുറഞ്ഞ് നീളം കൂടിയതാണ്. ഇലഞെട്ട് വളരെ ചെറുതും ശാഖകളുണ്ടാകാറില്ല എന്നതാണ് കാട്ടുചണത്തിന്റെ മുഖ്യസവിശേഷത. എന്നാല്‍ അഗ്രമുകുളം നഷ്ടമാകുന്ന അവസ്ഥയില്‍ ശാഖകളുണ്ടാകാറുണ്ട്. കാണ്ഡാഗ്രത്തില്‍ കടും മഞ്ഞനിറത്തിലുള്ള പുഷ്പങ്ങള്‍ പൂങ്കുലകളായുണ്ടാകുന്നു. സ്വപരാഗണം മൂലം കായ്കളുണ്ടാകാറില്ല. പ്രാണികള്‍ വഴിയാണ് പരപരാഗണം നടക്കുന്നത്. കായ്കള്‍ക്ക് 5 സെ.മീറ്ററോളം നീളവും 0.7 സെ.മീ. വ്യാസവുമുണ്ടായിരിക്കും. ഉണങ്ങിയ വിത്തുകള്‍ കായ്കള്‍ക്കുള്ളില്‍ക്കിടന്ന് ചലിക്കുമ്പോള്‍ ഒരു പ്രത്യേക ശബ്ദം ഉണ്ടാകുന്നു.

ഇന്ത്യയില്‍ മിക്കവാറും എല്ലാ ഭാഗങ്ങളിലും കുറഞ്ഞതോതിലെങ്കിലും കാട്ടുചണം കൃഷിചെയ്തുവരുന്നു. ഉഷ്ണമേഖലയിലും സമശീതോഷ്ണമേഖലയിലും ഇവ നന്നായി വളരും. ബിഹാര്‍, തമിഴ്നാട്, മധ്യപ്രദേശ്, കര്‍ണാടകം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ കാട്ടുചണം വിപുലമായി കൃഷിചെയ്യുന്നു. കാട്ടുചണം, സമതലങ്ങളിലും പീഠഭൂമികളിലും സമൃദ്ധമായി വളരുന്നു. ചെമ്മണ്ണും ചെളിക്കൂടുതലുള്ള കറുത്ത പശിമരാശി മണ്ണും ഇതിന്റെ കൃഷിക്ക് ഏറെ അനുയോജ്യമാണ്. മണ്ണില്‍ നല്ല ഈര്‍പ്പമുണ്ടായിരിക്കേണ്ടത് കാട്ടുചണത്തിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. വിതയന്ത്രങ്ങളുപയോഗിച്ചും വിത്തു വിതയ്ക്കാറുണ്ട്.

4-4 1/2 മാസം വളര്‍ച്ചയെത്തിയ കാട്ടുചണത്തില്‍ നിന്നാണ് വിളവെടുക്കുക. പച്ചില വളത്തിനായി കൃഷിചെയ്യുമ്പോള്‍ രണ്ടു മാസംകഴിയുമ്പോഴേക്കും വെട്ടിയെടുക്കാം. നാരിനുവേണ്ടി കൃഷിചെയ്യുമ്പോള്‍ മൂന്നു നാലുമാസക്കാലമാകുമ്പോഴേക്കും വിളവെടുക്കാം.

പുഷ്പകാലം കഴിഞ്ഞ് കായ്കള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ചെടികള്‍ പറിച്ചെടുക്കുകയോ മണ്ണിന്റെ നിരപ്പില്‍ വച്ച് വെട്ടിയെടുക്കുകയോ ചെയ്യുന്നു. നാരിന്റെ നിറം, ബലം, മൃദുത്വം എന്നീ മേന്മകളുള്ള നാരുലഭിക്കുന്നതിന് കായ്കളുണ്ടായിക്കൊണ്ടിരിക്കുന്ന സമയത്ത് വിളവെടുക്കുന്നതാണു നല്ലത്. പിഴുതെടുത്ത ചെടികള്‍ തറയിലിട്ട് നന്നായി ഉണക്കിയശേഷം അഴുകാനായി കെട്ടുകളാക്കി വെള്ളത്തില്‍ മുക്കിയിടുന്നു. കെട്ടുകള്‍ വെള്ളത്തില്‍ പൂര്‍ണ്ണമായും മുങ്ങിയിരിക്കാനായി കെട്ടുകള്‍ക്കു മുകളില്‍ ഭാരം കയറ്റിവയ്ക്കുന്നു. ഒരാഴ്ചയ്ക്കുശേഷം അഴുകിയ കെട്ടുകള്‍ പുറത്തെടുത്ത് നാരുകളടങ്ങിയ പുറന്തൊലി വേരിന്റെ ഭാഗത്തുനിന്ന് മുകളിലേക്ക് നീളത്തില്‍ വേര്‍പെടുത്തിയെടുക്കുന്നു. നന്നായി അഴുകിയ ചെടികളില്‍ ഇത് നിഷ്പ്രയാസം ചെയ്യാനാകും. നാരുകള്‍ക്കിടയിലും പുറമേയുമുള്ള സസ്യഭാഗങ്ങള്‍ നീക്കംചെയ്യാന്‍ കല്ലില്‍ അടിക്കുകയും വെള്ളത്തില്‍ കഴുകുകയും ചെയ്യുന്നു. ഇതുമൂലം അഴുക്കുകളും മാലിന്യങ്ങളും നീങ്ങിയ നീളമുളള പാളികളായി നാരുകള്‍ ലഭിക്കുന്നു.

ചെടികള്‍ അഴുകലിനിടാന്‍ പ്രയാസമുള്ള സ്ഥലങ്ങളില്‍ ശുഷ്കപ്രക്രിയ (Dry process) യാണു പതിവ്. പിഴുതെടുത്ത ചണം റോളറുകള്‍ക്കുള്ളില്‍ കടത്തി ചതച്ചെടുത്ത് ചീകല്‍ യന്ത്രങ്ങളുടെ സഹായത്തോടെ ചീകി തടിയുടെ അംശവും മാലിന്യങ്ങളും മാറ്റി നാരുകള്‍ വേര്‍തിരിച്ചെടുക്കുന്നു.

വിവിധതരത്തിലുള്ള കയറുകള്‍, പരുക്കന്‍തുണി, ധാന്യസഞ്ചികള്‍, മീന്‍ പിടിക്കുന്ന വല, പരവതാനികള്‍, കട്ടിയേറിയ തുണിത്തരങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനാണ് കാട്ടുചണം വന്‍തോതില്‍ ഉപയോഗിക്കുന്നത്. കൃത്രിമപട്ടുനിര്‍മാണത്തിനും ബലമുള്ള കടലാസ്സുനിര്‍മാണത്തിനും ഇത് ഉപയോഗിച്ചുവരുന്നു.

കെനാഫ്

മാല്‍വേസി സസ്യകുടുംബത്തില്‍പ്പെടുന്ന ഈ സസ്യത്തിന്റെ ശാ.നാ. ഹിബിസ്കസ് കന്നാബിനസ് (Hibiscus cannabinuss) എന്നാണ്. മെസ്താ ഹെമ്പ്, ഡെക്കാന്‍ ഹെമ്പ്, ബോംബെ ഹെമ്പ് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. രണ്ടിനം ഗോഗുക്കളുണ്ട്; പച്ച ഇലയും തണ്ടുമുള്ളവയും, ചുവന്നയിലയും തണ്ടുമുള്ളവയും. ശാഖകളില്ലാതെ നീളത്തില്‍ വളരുന്ന എന്‍.വി-3 വേഗത്തില്‍ വിളയുന്നു. ഗുണത്തിലും അളവിനും നല്ല വിളവു നല്‍കുന്ന മറ്റൊരിനമാണ് എന്‍.വി.-6.

പരുത്തിക്കരിമണ്ണാണ് കെനാഫിന്റെ വളര്‍ച്ചയ്ക്ക് അത്യുത്തമം. നേരിട്ട് വിത്തു വിതയ്ക്കുകയാണു പതിവ്. മേയ്-ജൂണ്‍ മാസങ്ങളിലാണ് വിത്തുവിതയ്ക്കുക. ചോളവും കൂവരകും വളരുന്നതിനിടെ ഇടവിളയായി ഇതും കൃഷി ചെയ്യുന്നു. നാലരമാസംകൊണ്ട് കെനാഫ് 2.5-3 മീ. ഉയരത്തില്‍ വളരുന്നു. ചെടികള്‍ പുഷ്പിക്കുന്ന സമയത്താണ് വിളവെടുക്കുന്നത്. ഒ. ന. മാസത്തോടെ പാകമായ ചെടികള്‍ പിഴുതെടുക്കുകയോ മണ്‍നിരപ്പില്‍ വച്ച് മുറിച്ചെടുക്കുകയോ ചെയ്യുന്നു. പിഴുതെടുക്കുന്നതാണ് ഉത്തമം. പിഴുതെടുക്കുന്ന ചെടികള്‍ ചെറിയ കെട്ടുകളാക്കി ചെടിയുടെ ചുവടുഭാഗം മാത്രം വെള്ളത്തില്‍ മുങ്ങിയിരിക്കത്തക്കവിധം രണ്ടോ നാലോ ദിവസം വെള്ളത്തില്‍ മുക്കിവയ്ക്കുന്നു. നാലുദിവസത്തിനുശേഷം കെട്ടുകള്‍ മുഴുവനായും ജലത്തില്‍ മുക്കിത്താഴ്ത്തി വയ്ക്കുന്നു 10-15 ദിവസം കൊണ്ട് ചെടികള്‍ അഴുകുന്നു. കൂടുതല്‍ ദിവസം വെള്ളത്തില്‍ മുക്കിയിടുന്നത് നാരുകളുടെ ബലക്ഷയത്തിന് കാരണമാകുന്നു. അഴുകിയ ശേഷം നാരുകളുള്ള ഭാഗം പാളികളാക്കി അവയിലെ മാലിന്യവും കാണ്ഡഭാഗങ്ങളും വെള്ളമുപയോഗിച്ച് കഴുകിമാറ്റുന്നു. നന്നായി കഴുകിയശേഷം നാരുകള്‍ ഉണക്കി കെട്ടുകളാക്കി മാറ്റുന്നു. അഴുകാനാവശ്യമായ സൌകര്യം ഇല്ലാത്ത അവസരങ്ങളില്‍ പറിച്ചെടുത്ത ചെടികള്‍ ഉണക്കിവച്ചശേഷം പിന്നീട് അത് അഴുക്കിയെടുക്കാനാകും.

വിവിധയിനം കയറുകള്‍, ചാക്കുകള്‍, സഞ്ചികള്‍, കാന്‍വാസ്, മീന്‍പിടിക്കുന്ന വല തുടങ്ങിയവ നിര്‍മിക്കുന്നതിന് കെനാഫ്നാര് ഉപയോഗിച്ചുവരുന്നു.

സിസാല്‍.

അമേരിക്കന്‍ കൈത, ബിലാത്തി കൈത എന്നീ പേരുകളില്‍ അറിയപ്പെടുന്നു. സിസാലിന്റെ ശാ.നാ. അഗേവ് സിസലാന (Agave sisalana) എന്നാണ്. ഇതിന്റെ ഇലയില്‍ നിന്നാണ് വാണിജ്യപ്രാധാന്യമുള്ള നാര് ലഭിക്കുന്നത്. കിഴക്കനാഫ്രിക്ക, മധ്യ ആഫ്രിക്ക, മധ്യ അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് ഇതു വ്യാപകമായി കൃഷിചെയ്യുന്നത്. ഇന്ത്യയില്‍ തമിഴ്നാട്, കര്‍ണാടകം, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സിസാല്‍ കൃഷിചെയ്യുന്നു. അമേരിക്കയില്‍ നിന്നാണ് സിസാല്‍ ഇന്ത്യയില്‍ എത്തിയതെന്നു കരുതപ്പെടുന്നു.

ഒരു മരുരൂഹസസ്യമാണ് സിസാല്‍. സാധാരണ വിളകള്‍ കൃഷിചെയ്യാന്‍ കഴിയാത്ത തരിശുഭൂമികളിലും വേലി, കയ്യാല , റെയില്‍വേപാതയുടെ പാര്‍ശ്വങ്ങള്‍ തുടങ്ങിയ പാഴ്സ്ഥലങ്ങളിലുമാണ് ഇവ ധാരാളമായി വളര്‍ത്തുന്നത്. വയലുകള്‍ ഉള്‍പ്പെടെയുള്ള കൃഷിയിടങ്ങളില്‍ വേലിപോലെയാണ് സിസാല്‍ നട്ടുവളര്‍ത്തുന്നത്. കന്നുകാലികളുടെ ഉപദ്രവങ്ങളില്‍ നിന്നും വിളയെ സംരക്ഷിക്കുന്നതിന് ഉപയുക്തമാണ്.

വേരില്‍ നിന്നുണ്ടാകുന്ന മുകുള(കന്നുകള്‍)ങ്ങള്‍ നട്ടാണ് സിസാലിന്റെ പ്രജനനം സാധ്യകുന്നത്. പുഷ്പവൃന്തത്തില്‍ (Flower stalk) നിന്നുണ്ടാകുന്ന ബള്‍ബിലുകളും നടാനുപയോഗിക്കാറുണ്ട്. തൈകള്‍ നട്ട് മൂന്നു വര്‍ഷം കഴിയുമ്പോള്‍ കന്നുകളുണ്ടാകുന്നു. 20 കന്നുകള്‍ വരെ ഒരേസമയം ഉണ്ടാകാറുണ്ട്. ചെടി 15 വര്‍ഷം വളര്‍ച്ചയെത്തുമ്പോള്‍ പുഷ്പിക്കുന്നു. പുഷ്പവൃന്തം തടിച്ചതും ദൃഢവും ബലമുള്ളതുമാണ്. പാര്‍ശ്വഭാഗങ്ങളില്‍ ചെറിയ മുകുളങ്ങളുണ്ടായി ബള്‍ബിലുകളായിത്തീരുന്നത് സിസാലിന്റെ സവിശേഷതയാണ്.

കന്നുകള്‍ നട്ട് മൂന്നുവര്‍ഷം കഴിയുമ്പോഴേക്കും ഇലകള്‍ മുറിച്ചെടുക്കാം. മൂപ്പെത്താത്ത ഇലകള്‍ മാത്രം നിര്‍ത്തി ചുവട്ടില്‍നിന്നുള്ള ഇലകള്‍ മുറിച്ചുമാറ്റുകയാണ് പതിവ്. ഒരു ചെടിയില്‍നിന്ന് വര്‍ഷംതോറും ശ.ശ. 20-40 വരെ ഇലകള്‍ ലഭിക്കും. ജനു. മുതല്‍ മാ.-ഏ. വരെയാണ് വിളവെടുപ്പുകാലം. 15 വര്‍ഷകാലത്തിനുശേഷം പുഷ്പിക്കുന്ന സിസാല്‍ ചെടികള്‍ പുഷ്പിക്കുന്നതോടെ നശിച്ചുപോകുകയാണ് പതിവ്. കന്നുകളുപയോഗിച്ചുണ്ടായ ചെടികളെക്കാള്‍ വേഗത്തില്‍ പുഷ്പിക്കുന്നത് ബള്‍ബിലുകള്‍ നട്ട് ഉണ്ടായ ചെടികളാണ്.

മുറിച്ചെടുത്ത ഇലകളില്‍നിന്ന് ശുഷ്കപ്രക്രിയയും ആര്‍ദ്രപ്രക്രിയയും നടത്തി നാര് വേര്‍തിരിച്ചെടുക്കുന്നു. ഇലയുടെ കൂര്‍ത്ത അഗ്രവും മുള്ളോടുകൂടിയ അരികുകളും മുറിച്ചുമാറ്റിയശേഷം ബലമായി ഉറപ്പിച്ചിട്ടുള്ള ഒരു പലകയ്ക്കും അധികം മൂര്‍ച്ചയില്ലാത്ത മുനയുള്ള ഒരു കത്തിക്കും ഇടയ്ക്കുകൂടി കടത്തിവിടുന്നു. കത്തിയുടെ വായ്ത്തല ഇലയോടടുപ്പിച്ച് ഇല നിരവധി തവണ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്നു. ഓരോ പ്രാവശ്യം ചലിപ്പിക്കുമ്പോഴും നാരിനോടു പറ്റിപ്പിടിച്ചിരിക്കുന്ന സസ്യഭാഗങ്ങള്‍ (മാംസളഭാഗങ്ങള്‍) കത്തികൊണ്ട് ചീകിനീക്കം ചെയ്യുന്നു. ഇത്തരത്തില്‍ നാരുകള്‍ വേര്‍തിരിച്ചെടുക്കാനാകുന്നു. ഇലകളെ നീളത്തില്‍ കൊട്ടുവടികൊണ്ട് അടിച്ചു ചതച്ച് അതിലുള്ള മാലിന്യങ്ങളും സസ്യഭാഗങ്ങളും നീക്കിയശേഷം ഉണക്കിയെടുക്കുന്നു.

ആര്‍ദ്രപ്രക്രിയയിലൂടെയും സിസാലിന്റെ ഇലകളില്‍നിന്ന് നാരെടുക്കാറുണ്ട്. 15-20 ദിവസം വരെ ഇലകള്‍ അഴുകുന്നതിന് ആവശ്യമാണ്. അഴുകിയ ഇലകളില്‍നിന്ന് മാലിന്യങ്ങള്‍ കഴുകിയ ശേഷമാണ് നാരെടുക്കുന്നത്. വെളുത്തനിറവും തിളക്കമുള്ള ഇതിന്റെ നാരുകള്‍ നീളം കൂടിയതാണ്. വിവിധതരത്തിലുള്ള കയറുകളും ചരടുകളും ഉണ്ടാക്കാന്‍ ഇത് ഉപയോഗിച്ചുവരുന്നു.

തെങ്ങ്.

പൊതുവേ ഒരു എണ്ണക്കുരുവിളയായും ധാന്യവിളയായും അറിയപ്പെടുന്ന തെങ്ങ് ഒരു സുപ്രധാന നാരുവിളകൂടിയാണ്. ചിരസ്ഥായി വൃക്ഷമായ തെങ്ങിന് സാധാരണ ശാഖകളുണ്ടാകാറില്ല. ഏകബീജപത്രികളിലെ പാമേ സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ. കോക്കസ് ന്യൂസിഫെറ (Cocos nucifera). തേങ്ങയുടെ പുറന്തോടായ ചകിരിയില്‍നിന്നു ലഭിക്കുന്ന നാര് (Coconut fiber) കയര്‍നിര്‍മാണത്തിനും കാര്‍പ്പെറ്റ് നിര്‍മാണത്തിനും ഉപയോഗിക്കുന്നു. ഇന്ത്യയ്ക്ക് വന്‍തോതില്‍ വിദേശ നാണ്യം നേടിത്തരുന്നതില്‍ ചകിരിനാര് നിര്‍ണായകപങ്കുവഹിക്കുന്നു.

ഉഷ്ണമേഖലാ വിളയായ തെങ്ങ് ഉഷ്ണമേഖലാ കാലാവസ്ഥയുള്ള പ്രദേശങ്ങളിലെല്ലായിടങ്ങളിലും വന്‍തോതില്‍ കൃഷി ചെയ്യുന്നുണ്ട്. മണല്‍ കലര്‍ന്ന മണ്ണാണ് തെങ്ങുകൃഷിക്ക് അനുയോജ്യം. കേരളത്തിലെ ഏറ്റവും പ്രധാന പരമ്പരാഗത വ്യവസായങ്ങളില്‍ ഒന്നാണ് കയര്‍വ്യവസായം. തേങ്ങയുടെ തൊണ്ടില്‍നിന്നും വേര്‍തിരിച്ചെടുത്തുന്ന ചകിരിയാണ് ഈ വ്യവസായത്തിലെ പ്രധാന അസംസ്കൃത വസ്തു.

ചകിരിനാരുകള്‍ വേര്‍തിരിച്ചെടുക്കുന്നതിനായി തൊണ്ട് വെള്ളത്തിലിട്ട് അഴുകിച്ചെടുക്കുന്നു. ഇതിനായി ചകിരി അഥവാ തൊണ്ട് വെള്ളത്തില്‍ മുക്കി താഴ്ത്തിയിടുകയാണ് പതിവ്. ഇക്കാരണത്താലാണ് വെള്ളക്കെട്ടുള്ള കായലോരപ്രദേശങ്ങളില്‍ കയര്‍വ്യവസായം കേന്ദ്രീകരിച്ചിരിക്കുന്നത്. ചില പ്രദേശങ്ങളില്‍ കയര്‍ വലകള്‍ ഉപയോഗിച്ച് തൊണ്ടുമൂടി വെള്ളത്തിലിടുന്ന പതിവുമുണ്ട്. മറ്റു ചിലയിടങ്ങളില്‍ തൊണ്ടിനുമുകളില്‍ ഓലയും മണ്ണും കല്ലും മറ്റുംകയറ്റിവച്ച് തൊണ്ട് മുങ്ങിയിരിക്കത്തക്കവണ്ണം വെള്ളത്തില്‍ താഴ്ത്തിയിടുന്നു.

ചകിരിനാരുകള്‍ക്കിടയ്ക്കുള്ള ചകിരിച്ചോറുനീക്കി നാരുകള്‍ വേഗത്തില്‍ വേര്‍തിരിച്ചെടുക്കുന്നതിനാണ് തൊണ്ട് അഴുകിക്കുന്നത്. ബാക്റ്റീരിയകളാണ് തൊണ്ട് അഴുകാന്‍ സഹായകമാകുന്നത്. ഇത്തരം ബാക്റ്റീരയകള്‍ക്ക് ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും ഒരുപോലെ പ്രവൃത്തിക്കാനാവും. എന്നാല്‍ ഉപ്പുവെള്ളത്തില്‍ ഇതിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായിരിക്കും.

ഉപ്പുവെള്ളത്തില്‍ ചീയിച്ച് എടുക്കുമ്പോഴാണ് നിറമുള്ളതും ബലം കൂടുതലുള്ളതുമായ നാരു ലഭിക്കുക. ശുദ്ധജലത്തില്‍ അഴുകിച്ചെടുക്കുന്ന നാരുകളില്‍നിന്ന് ചകിരിച്ചോറ് മുഴുവന്‍ വേര്‍തിരിച്ചെടുക്കുക സാധ്യമല്ല. ചകിരി ശരിയായ രീതിയില്‍ ചീയാത്തതാണ് ഇതിനു കാരണം.

പച്ചത്തൊണ്ടാണ് അഴുക്കിയെടുക്കുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. ഉണങ്ങിയ തൊണ്ടില്‍ നിന്നുള്ള നാരില്‍നിന്ന് ചകിരിച്ചോറ് വേര്‍പെടുത്തിയെടുക്കുക ശ്രമകരമായ ജോലിയാണ്. ഇത്തരത്തില്‍ ലഭിക്കുന്ന നാരിന് ബലം കുറവായിരിക്കും.

തൊണ്ട് ചീഞ്ഞുതുടങ്ങുമ്പോള്‍ ഒരു പ്രത്യേക ഗന്ധം ഉണ്ടാകുന്നു. തൊണ്ട് അഴുക്കാന്‍ തുടങ്ങുമ്പോള്‍ ഉദ്ഭവിക്കുന്ന ഹൈഡ്രജന്‍ സള്‍ഫൈഡ് വാതകമാണ് ഇതിനു നിദാനം. തൊണ്ട് അഴുകിത്തുടങ്ങാന്‍ 30 ദിവസം വേണം. അഞ്ചുമാസം കൊണ്ട് ചീയല്‍ പ്രക്രിയ ത്വരിതഗതിയിലാവുകയും കൂടുതല്‍ വാതകം വമിക്കുകയും ചെയ്യുന്നു. ആറുമാസമാകുമ്പോഴേക്കും ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ അളവ് ഗണ്യമായി കുറയുകയും വെള്ളത്തിന്റെ കറുപ്പുനിറം ഇല്ലാതാവുകയും ചെയ്യും.

അഴുകിയ തൊണ്ട് വെള്ളത്തില്‍ കഴുകിയെടുത്തശേഷം ചകിരിയുടെ പുറത്തെത്തൊലി ഉരിഞ്ഞുമാറ്റി തല്ലി ചകിരിനാര് വേര്‍പെടുത്തിയെടുക്കുന്നു. മരംകൊണ്ടുള്ള കൊട്ടുവടികളും വടികളും ഉപയോഗിച്ച് ചകിരി തല്ലിയാണ് ചകിരിച്ചോര്‍ മുഴുവന്‍ വേര്‍പെടുത്തിയെടുക്കുന്നത്. മുന്‍ കാലങ്ങളിലെന്നപോലെ ഇപ്പോഴും ചകിരിതല്ലിയാണ് നാരുകള്‍ വേര്‍തിരിച്ചെടുക്കുന്നതെങ്കിലും യന്ത്രസഹായത്താല്‍ നാര് വേര്‍തിരിച്ചെടുക്കുന്ന രീതിയും നിലവിലുണ്ട്. രാസ പദാര്‍ഥങ്ങളും നീരാവിയുമുപയോഗിച്ചും നാരുകള്‍ വേര്‍പെടുത്തിയെടുക്കാറുണ്ട്. രാസപദാര്‍ഥങ്ങളുപയോഗിക്കുമ്പോള്‍ സമയം ലാഭിക്കാമെന്നതും കൂടുതല്‍ നാരുലഭിക്കുമെന്നതും ഒരു നേട്ടം തന്നെയാണ്. ഗുണനിലവാരമനുസരിച്ച് നാരുതരം തിരിച്ചശേഷമാണ് കയറ്റുപായയും ചകിരിമെത്തയും മറ്റു കയറുത്പന്നങ്ങളുമുണ്ടാക്കുന്നത്. കയറും കയറുത്പന്നങ്ങളുമുണ്ടാക്കാന്‍ ചകിരിനാരുകൊണ്ട് കയറുകള്‍ പിരിച്ചെടുക്കുന്നു.© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate