മുളയോ, കൃഷിചെയ്യാനോ ? മുള ആരെങ്കിലും കൃഷി ചെയ്യുമോ !’ മറുചോദ്യം കേട്ട് ഹുസൈനും അമ്പരന്നു. മുള കൃഷി ചെയ്യാൻ താൽപര്യമുണ്ട്, അതിന്റെ വിവരങ്ങൾ അറിയാൻ വന്നതാണ് എന്ന അന്വേഷണത്തിനു കിട്ടിയ ആദ്യ പ്രതികരണം. വന്ന സ്ഥലം മാറിപ്പോയോ, ബോർഡിലേക്ക് ഒന്നുകൂടി പാളി നോക്കി, അതെ, ബാംബൂ കോര്‍പറേഷൻ തന്നെ.
ഏതായാലും കോര്‍പറേഷൻ അധികൃതർ ഹുസൈനെ നിരാശനാക്കിയില്ല. തലസ്ഥാനത്തു തന്നെയുള്ള വനം വകുപ്പ് ഒാഫീസിലേക്കു പറഞ്ഞുവിട്ടു. അവരാകട്ടെ, തൃശൂര്‍ പീച്ചിയിലെ വന ഗവേഷണ സ്ഥാപന (കെഎഫ്ആർെഎ)ത്തിലേക്കും.
കെഎഫ്ആർെഎയിൽ എത്തിയതോടെ ഹുസൈന്റെ ആശങ്ക മാറിെയന്നു മാത്രമല്ല, ആത്മവിശ്വാസം ഇരട്ടിച്ചു. മൂന്നു ദിവസം അവിടെ താമസിച്ചു മുളയെക്കുറിച്ചു പഠിച്ചു. ഇനി വയനാട് പടിഞ്ഞാറത്തറ യൂസിഹൗസിൽ ഹുസൈന്റെ പത്തരയേക്കർ കൃഷിയിടത്തിലേക്ക് പോകാം.
ഒരു വര്‍ഷം പ്രായമെത്തിയ ചെറിയ മുളങ്കൂട്ടങ്ങൾ നിറഞ്ഞ കൃഷിയിടം. അഞ്ചാം വർഷം മുതൽ ചുരുങ്ങിയത് ഇരുപത്തഞ്ച് വർഷത്തേക്ക് സ്ഥിരവരുമാനം ഉറപ്പെന്ന് ഹുസൈൻ. ഇൗ വിളയ്ക്ക് മറ്റൊരു ആകർഷണവുമുണ്ട്. വെള്ളം വേണ്ട, വളം വേണ്ട, കീടനാശിനി വേണ്ട, കൂലിച്ചെലവില്ല, മൃഗങ്ങള്‍ വിള നശിപ്പിക്കുമെന്ന പേടി വേണ്ട, എന്തിന് ! മഴയും വേയിലും കാറ്റും പോലും പ്രശ്നമല്ല.
വീട്ടില്‍ കോൺക്രീറ്റ് വാർക്ക വേണ്ടിവന്നപ്പോഴാണ് മുളങ്കാലുകള്‍ കിട്ടാനുള്ള ക്ഷാമം ഹുസൈന്‍ ശ്രദ്ധിക്കുന്നത്. പത്തടി നീളമുള്ള ഒരു മുളങ്കാലിന് 100 രൂപ ശരാശരി വിലയുണ്ട്. പന്തൽ, വീട്, ഫർണിച്ചര്‍, കരകൗശല ഉൽപന്ന നിർമാണങ്ങളിലും വാഴയ്ക്കു താങ്ങിനുമെല്ലാം മുള ആവശ്യമുണ്ടെങ്കിലും വേണ്ടത്ര കിട്ടാനില്ല. അതിനാൽ വിപണി ഉറപ്പ്. നടീൽവസ്തു വയനാട്ടിൽ തൃക്കൈപ്പറ്റയിലെ ഉറവ് എന്ന സ്ഥാപനത്തിൽനിന്നു ലഭിച്ചു.
ജൂൺ മാസമാണ് നടാൻ പറ്റിയ സമയം. 20* 20 അകലത്തിൽ ഏക്കറിൽ നൂറ് കണക്കിനാണ് നടീൽ. ഒരടി ആഴത്തില്‍ കുഴിയെടുത്ത് അടിവളയായി ചാണകം നൽകിയാണ് തൈകൾ നട്ടത്. ഒരു വർഷം പിന്നീടുമ്പോൾ ഹുസൈന്റെ മുളകൾ 5-6 അടി ഉയരത്തിൽ മുളങ്കൂട്ടമായി വളര്‍ന്നുയര്‍ന്നിരിക്കുന്നു.
പത്തരയേക്കറിൽ പടിഞ്ഞാറത്തറയിലെ നാലേക്കര്‍ സ്ഥലത്ത് രണ്ടിനമാണ് കൃഷി. കല്ലൻ മുളയും ഗഡ്‌വാ മുളയും. മുളങ്കാലുകൾക്ക് നല്ല ഇൗടും ശക്തിയുമുള്ളതാണ് ഗഡ്‌വാ എന്ന ഇനം. കല്ലന്‍ മുള താരതമ്യേന ഭാരം കുറഞ്ഞ ഇനമാണ്. പന്തൽ നിർമാണം, വാഴയ്ക്കു താങ്ങുകാൽ എന്നിവയ്ക്കു യോജിച്ച ഇനമാണിത്.
മാനന്തവാടിയിലുള്ള കൃഷിയിടത്തില്‍ ഇവ രണ്ടിനുമൊപ്പം പറമുളകൂടി കൃഷി ചെയ്തിരിക്കുന്നു. മികച്ച വളർച്ച വേഗമുള്ള ഇൗയിനം കൂടുതൽ വണ്ണം വയ്ക്കുന്നതും അലങ്കാരവസ്തുക്കള്‍, മുളപ്പാത്രങ്ങൾ എന്നിവ നിർമിക്കാൻ പ്രയോജനപ്പെടുന്നതാണ്.
മാനന്തവാടിയിലെ കൃഷിയിടം വെള്ളം കയറുന്ന പാഴ്ഭൂമിയായിരുന്നു. ഏതു കുന്നിലും ,പാറപ്പറുള്ള പ്രദേശത്തും, ചതുപ്പുനിലത്തും കൃഷി ചെയ്യാമെന്നതിനാൽ പാഴ്ഭൂമികളെ തിരഞ്ഞെടുക്കാനണ് ഹുസൈന്റെ നിര്‍ദേശം.
അഞ്ചാം വർഷം മുതൽ ഒാരോ വർഷവും 40-50 അടി ഉയരം വച്ച ശരാശരി 10-12 മുളകൾ വീതം മുറിച്ചെടുക്കാം. ഹുസൈന്റെ കണക്കുകൂട്ടൽ ഇങ്ങനെ. ചുരുങ്ങിയത് ഒരു മുളങ്കൂട്ടത്തിൽനിന്നു മൂപ്പെത്തിയ 7 മുളകൾ. ഒരു മുളയിൽനിന്ന് കുറഞ്ഞത് രണ്ട് കഷണങ്ങള്‍. മുറിക്കുന്ന കൂലി കഴിച്ച് ഒരു മുളയിൽ നിന്നു ശരാശരി 150 രൂപ വരുമാനം. എഴുകാലുകൾ ലഭിക്കുന്ന ഒരു മുളങ്കൂട്ടത്തിൽനിന്ന് 1050 രൂപ. ഏക്കറിന് ഒരു ലക്ഷത്തിഅയ്യായിരം രൂപ. പത്തരയേക്കറിൽനിന്ന് ഏറ്റവും കുറഞ്ഞത് 11 ലക്ഷം രൂപ.
ഏതായാലും ഹുസൈന്റെ പരീക്ഷണവിള അതിവേഗം വളരുകയാണ്. കൃഷിയിടത്തിൽ നിന്ന് നോക്കിയാൽ കാണാവുന്ന ബാണാസുര മലയുടെ ഉയരത്തിനൊപ്പമെത്താൻ മത്സരിക്കുന്ന മുളത്തണ്ടുകൾക്കൊപ്പം ഹുസൈന്റെ പ്രതീക്ഷകള്‍ക്കും ഉയരം കൂടുന്നു. ഫോൺ- 9605013123
കേരളത്തിന്റെ മണ്ണ്, ഭൂപ്രകൃതി, കാലാവസ്ഥ എന്നിവയെല്ലാം മുളക്കൃഷിക്കു യോജ്യമാണ്. പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളിൽ ഇപ്പോൾ ലോകം താല്‍പര്യം കാട്ടുന്നത് മുളയുടെ വിപണനസാധ്യത കൂട്ടുന്നു. കരകൗശല വസ്തു നിർമാണം, പേപ്പർ നിർമാണം, ബാംബൂ പ്ലേ ഇൻഡസ്ട്രി എന്നീ മേഖലകളിൽ മുള ആവശ്യത്തിനു കിട്ടാനില്ല.
ലാത്തിമുള, ആനമുള, കല്ലൻ മുള, ബാംബൂസ് ബാൽകോവ തുടങ്ങി ഒട്ടേറെ ഇനങ്ങൾ കേരളത്തിൽ നന്നായി വളരുകയും നല്ല വിളവു തരുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിലെ ബാംബൂ ടെക്നിക്കൽ സപ്പോർട്ട് ഗ്രൂപ്പ് ( ബിടിഎസ്ജി) നൽകും. കൃഷി, വിളവെടുപ്പിനു ശേഷമുള്ള സംസ്കരണം എന്നിവയിൽ പരീശീലനവും ലഭിക്കും. Áഫോൺ-9847903430
ഡോ. എ. വി. രഘു സയന്റിസ്റ്റ്, എക്സ്റ്റൻഷൻ ആൻഡ് ട്രെയിനിങ് വിഭാഗം കേരള വന ഗവേഷണ സ്ഥാപനം , പീച്ചി.
ആഹാരം മുതൽ ഒൗഷധം വരെ സകലതിനും ആശ്രയിക്കാവുന്ന മുള മനുഷ്യരാശിയുടെ നാളത്തെ ഉൗന്നുവടിയാകുമെന്നതിൽ സംശയമില്ല.
മുളകൾക്കും പൂക്കലാമുണ്ട്. എന്നാൽ മുള ആയുസ്സിൽ ഒരിക്കൽ മാത്രമേ പുഷ്പിക്കുകയുള്ളൂ. അതോടെ അതു നശിക്കും. പുല്ലുവർഗത്തിൽപെട്ട മിക്കവയുടെയും സ്ഥിതി അതാണ്. എന്നാൽ വർഷം തോറും പൂക്കുന്ന ചുരുക്കം ചില ഇനങ്ങളും മുളക്കുടുംബത്തിലുണ്ട്. അവ പുഷ്പിക്കലിനെ തുടർന്ന് നശിക്കുകയുമില്ല. പൂക്കുന്നതിന് മുമ്പ് മൂത്ത ഇലകൾ കൊഴിഞ്ഞു പോകും. പിന്നെ ഇലയില്ലാതെ പൂക്കൾ മാത്രമേ ഉണ്ടാകുകയുള്ളൂ. പൂക്കൾ പൊതുവെ വളരെ ചെറുതാണ്. അവ ഒന്നുചേർന്ന് കുലകളായി കാണപ്പെടുന്നു. സാധാരണയായി നവംബർ മുതൽ ജനുവരി വരെയുള്ള കാലയളവിലാണ് മുള പൂത്തുതുടങ്ങുന്നത്.
മുളയരിക്ക് നെല്ലിനും ഗോതമ്പിനുമൊക്കെ സമാനമായ ആകൃതിയും പോഷകഗുണവുമുണ്ട്. മുളയരി പോറു വയ്ക്കാൻ നല്ലതാണ്. ആദിവാസികളും മറ്റും ആഹാരത്തിനായി മുളയരി ഉപയോഗിക്കാറുണ്ട്. ഒരിക്കൽ മാത്രം പുഷ്പിക്കുന്ന മുളകൾ അവയുടെ കായ മൂത്തു പാകമാകുമ്പോഴേക്കും ഉണങ്ങിക്കഴിഞ്ഞിരിക്കും.
മുളങ്കൂമ്പ് ഭക്ഷിക്കുന്നവരിൽ ഭാരതീയരും ഉൾപ്പെടും. ഇന്ത്യയിൽ മണിപ്പൂരിലുള്ളവരാണ് മുളങ്കൂമ്പ് തിന്നുതിൽ മുൻപന്തയിൽ. ബാംബൂ സബാംബോസ്, ഡെൻഡ്രോകലാമസ് ജൈജാന്റിയസ് എന്നിവയുടെ കൂമ്പകളാണ് മുഖ്യമായും ഉപയോഗിക്കുന്നത്. എണ്ണയിൽ വറുത്തും കറിവച്ചും ഉപയോഗിക്കുന്നു. വിശപ്പുണ്ടാവാനും കൂമ്പ് ഗുണകരമാണ്.
ക്ഷാമകാലത്ത് ആദിവാസികളുടെ പ്രധാന ഭക്ഷണമാണ് മുളയരി. നെല്ലുൾപ്പെട്ട പുൽവർഗ്ഗത്തിൽപെട്ട മറ്റു സസ്യങ്ങളിൽ നിന്നു ലഭിക്കുന്ന അരിക്കു തുല്യമായ ഗുണമേന്മയും ഗോതമ്പിനു സമാനമായ പ്രോട്ടീനും മുളയരിയിൽ ഉണ്ട്. കൂടാതെ മുളങ്കൂമ്പും ഭക്ഷണത്തിന് പറ്റിയതാണ്. അച്ചാറുകളും മറ്റു സ്വാദുള്ള കറികളും ഉണ്ടാക്കുവാൻ ഇവ ഉപയോഗിക്കാം.
മുളയുടെ ഒൗഷധഗുണവും പരക്കെ പ്രചാരമുള്ളതാണ്. ചൈനയിലും മറ്റും മുളകൊണ്ട് ഉണ്ടാക്കുന്ന കഷായം പനിയും മറ്റും സുഖപ്പെടുത്താൻ ഉപയോഗിക്കുന്നു. രക്തശുദ്ധീകരണം, നീര്, പനി, കഫക്കെട്ട്, ആസ്ത്മ, ചുമ, പക്ഷാഘാതം, ക്ഷയം, ശക്തിഹീനത എന്നിവയ്ക്കെല്ലാം ആയുർവേദത്തിൽ മുളയുടെ ഇല ഉപയോഗിക്കുന്നുണ്ട്.
ഒൗഷധ ഗുണമുള്ള മുളയരി കൊണ്ട് മുളയരിക്കഞ്ഞി, ചോറ്, ഉപ്പുമാവ്, പുട്ട്, പായസം, അച്ചാർ എന്നിങ്ങനെ വിവിധ വിഭവങ്ങൾ ഉണ്ടാക്കുന്നവരുണ്ട്. ക്ഷാമകാലത്തും പൊതുവേ ജോലികൾ കുറവായ ജുൺ, ജൂലൈ മാസങ്ങളേയും അതിജീവിക്കാൻ വയനാട്ടിലെ സാധാരണക്കാരും ആദിവാസികളുമെല്ലാം ഒരുകാലത്ത് പ്രധാനമായി ആശ്രിയിച്ചിരുന്നത് മുളയരിയായിരുന്നു. 1943-ലെ ബംഗാൾ ക്ഷാമകാലത്തും കേരളത്തിലെ പലർക്കും മുളയരി ആഹാരമായിട്ടുണ്ട്. ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധിയായ പല രോഗങ്ങൾക്കും ഉത്തമ ഒൗഷധം കൂടിയാണ് മുളയരിക്കൊണ്ടുള്ള വിഭവങ്ങൾ.
ജീവന്റെ തുടര്‍ച്ചയ്ക്ക് പ്രകൃതിയുടെ നൈസര്‍ഗിക ആവാസവ്യവസ്ഥ കൂടിയേതീരൂ. പ്രകൃതിയുടെ വന പുനഃസ്ഥാപനത്തിന് മുളങ്കാടുകള്‍ ഏറെ പങ്കുവഹിക്കാറുണ്ട്. സസ്യഭുക്കുകളായ ജീവികളുടെ നിലനില്‍പ്പിന്റെ ആധാരവും മുള ഉള്‍പ്പെട്ട പുല്‍മേടുകളാണ്. മനുഷ്യന്‍ പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍, പ്രത്യേകിച്ച് നിയമം ലംഘിച്ചുള്ള മുളവെട്ടല്‍, കാട്ടുതീ, വനശീകരണം തുടങ്ങിയവയൊക്കെ മുളങ്കാടുകളെ കൂട്ടമായി നശിപ്പിക്കാറുണ്ട്. ആഹാരം, ഔഷധം, നിത്യജീവിതവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍, വന്‍കിട വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളിലൊക്കെ അനിവാര്യമായ മുളകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കാനാണ് സെപ്തംബര്‍ 18 "ലോക മുളദി"മായി ആചരിക്കുന്നത്. മുള ഉല്‍പ്പാദനം ശാസ്ത്രീയമായി വര്‍ധിപ്പിക്കാനും കൂടുതല്‍ മെച്ചപ്പെട്ട ഇനങ്ങള്‍ രൂപപ്പെടുത്താനും ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് റിസര്‍ച്ച് സെന്റര്‍, പീച്ചിയിലെ ബാംബൂ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉള്‍പ്പടെയുള്ള വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നു.പുല്‍വര്‍ഗത്തില്‍പ്പെടുന്ന സസ്യങ്ങളാണ് മുളകള്‍. ഏറ്റവും വലിയ പുല്ലും മുളയാണ്. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് മുളകള്‍ അതിവേഗം വളരാറുണ്ട്.
നമുക്ക് വളരെ പരിചിതങ്ങളായ ഗോതമ്പ്, നെല്ല്, ബാര്‍ളി തുടങ്ങിയവ ഉള്‍പ്പെടുന്ന പോയേസീ എന്ന സസ്യകുടുംബത്തില്‍പ്പെട്ടവയാണ് മുളകള്‍. സംസ്കൃതത്തില്‍ വേണു, വംശരോചന, ശംശ, വംശവിദള, വംശാലേഖ എന്നിങ്ങനെ പല പേരുകളും മുളയ്ക്കുണ്ട്. ബാംബുസ അരുണ്‍ഡിനേസിയ വിന്‍ഡ് എന്നാണ് മുളയുടെ ശാസ്ത്രനാമം. മുളയുടെ ഇടതൂര്‍ന്നു പടര്‍ന്നിറങ്ങുന്ന വേരുപടലങ്ങളും മരങ്ങളെക്കാള്‍ 35 ശതമാനത്തിലധികം ഓക്സിജന്‍ പുറത്തുവിടാനുള്ള ഇലകളുടെ കഴിവും പരിസ്ഥിതിക്ക് ഏറെ ഗുണകരമാണ്. അണുബോംബ് ദുരന്തത്തിനുശേഷം മലിനീകരണം കുറയ്ക്കാനായി ഹിരോഷിമയില്‍ ആദ്യം നട്ടുപിടിപ്പിച്ച സസ്യവും മുളകളാണ്. വിവിധ തരം മുളകള്‍പുല്‍വര്‍ഗങ്ങളെക്കുറിച്ചുള്ള പഠനത്തിന് "അഗ്രോസ്റ്റോളജി' എന്നാണ് പറയുക.
ലോകത്ത് മൊത്തം 75 വിഭാഗങ്ങളിലായി 1250 ഓളം ഇനം മുളകളുണ്ട്. ജലസാന്നിധ്യമുള്ള സ്ഥലങ്ങളില്‍ വളരുന്നവയും വരണ്ട സ്ഥലങ്ങളില്‍ വളരുന്നവയുമായി രണ്ടുതരം മുളകളാണ് പ്രധാനമായും കാണുന്നത്. വന്‍ മരങ്ങളെക്കാള്‍ ഉയരമുള്ളവയും പുല്‍ച്ചെടിയുടെ മാത്രം വലുപ്പമുള്ളവയും മുളകളിലുണ്ട്. തണ്ടുകള്‍ പരസ്പരം ചുറ്റിപ്പിണഞ്ഞു വളരുന്നവയും വള്ളിപോലെ മരങ്ങളില്‍ പടര്‍ന്നുകയറുന്നവയും മുളകളുടെ കൂട്ടത്തിലുണ്ട്. മുള്ളുകളുള്ള മുളകളും കാണാറുണ്ട്. മുളന്തണ്ട് പുറമെ മിനുസമുള്ളതും മഞ്ഞയോ പച്ചയോ നിറമുള്ളതുമാണ്. പൂക്കള്‍ ദ്വിലിംഗികളും കൂട്ടത്തോടെ കാണുന്നവയുമാണ്. വിത്തുകള്‍ നെന്‍മണിപോലെ കാണുന്നു. ഓരോതരം മുളയ്ക്കും വ്യത്യസ്തമായ വളര്‍ച്ചാകാലങ്ങളാണ്. 4-12 വരെ വര്‍ഷം പൊതുവെ വളര്‍ച്ചയ്ക്ക് എടുക്കാറുണ്ട്.
മുളങ്കൂട്ടങ്ങള്‍ ഉണ്ടാകുന്നതെങ്ങനെ? മുളയ്ക്ക് തായ്വേരുകളില്ല. മൂലകാണ്ഡത്തില്‍നിന്നാണ് മുളന്തണ്ട് വളരുന്നത്. ഒരു മൂലകാണ്ഡത്തില്‍നിന്ന് ഒരു മുളന്തണ്ടേ ഉണ്ടാവുകയുള്ളു. എന്നാല്‍, ഒരു മൂലകാണ്ഡത്തില്‍നിന്ന് പല പുതിയ മൂലകാണ്ഡങ്ങള്‍ ഉണ്ടാകാറുണ്ട്. അവയില്‍നിന്നെല്ലാം മുളന്തണ്ടുകള്‍ ഉണ്ടാകുന്നതുകൊണ്ടാണ് മുള കൂട്ടംകൂട്ടമായി കാണപ്പെടുന്നത്. മുളംതൈകള്‍ സ്വാഭാവികമായും കൃത്രിമരീതിയിലും കിളിര്‍ക്കാറുണ്ട്. ഒരുവര്‍ഷം പ്രായമായ മൂലകാണ്ഡത്തില്‍നിന്നാണ് മുളന്തണ്ടുകള്‍ ഉണ്ടാകുന്നത്. രണ്ടുവര്‍ഷത്തിലേറെ പഴക്കമുള്ള മൂലകാണ്ഡത്തില്‍നിന്ന് മുളന്തണ്ടുകള്‍ ഉണ്ടാകാറില്ല. കാഴ്ചയില്‍ വാഴക്കൂമ്പുപോലുള്ള മുളന്തണ്ടുകള്‍ മഴ പെയ്യുന്നതോടെ ആര്‍ത്ത് കിളിര്‍ക്കുന്നു. "ആണ്ടാന്‍' എന്നാണ് ഇതിനു പറയുന്നത്. വളരെ വ്യാപകമായി ഭക്ഷ്യവിഭവമായി ആണ്ടാന്‍ ഉപയോഗിക്കാറുണ്ട്.
കേരളത്തില്‍ പ്രധാനമായും ബാംബുസ, ഡെന്‍ഡ്രോകലാമസ്, ഓക്ലാന്‍ഡ്ര എന്നീ വിഭാഗത്തില്‍പ്പെട്ട മുളകളാണ് ധാരാളമായി കണ്ടുവരുന്നത്. ബാംബുസയും ഡെന്‍ഡ്രോകലാമസും വലുപ്പംകൂടിയ ഇനം മുളകളാണ്. വലുപ്പം നന്നേ കുറഞ്ഞവയാണ് ഓക്ലാന്‍ഡ്ര വിഭാഗത്തില്‍പ്പെട്ടവ. കേരളത്തില്‍ ഏറ്റവും കൂടുതലായി കാണുന്നത് "ബാംബുസ ബാംബോസ്' എന്ന പൊള്ളന്‍ മുളയാണ്. പുറത്ത് മുള്ളുകളുള്ള ഇവ പുഴയോരങ്ങളിലും ഈര്‍പ്പമുള്ള ഇലകൊഴിയും കാടുകളിലും ഹരിതവനങ്ങളിലും സമൃദ്ധമായി വളരാറുണ്ട്. ഇടതൂര്‍ന്നു വളര്‍ന്ന് കൂട്ടമായി പൂക്കുന്നവയാണിത്. 35-45 വരെ വര്‍ഷം അകലം രണ്ടു പൂക്കാലങ്ങള്‍ക്കിടയില്‍ ഉണ്ടാകാറുണ്ട്. കൂടുതലായും നട്ടുവളര്‍ത്തുന്ന ഇനം മുളകളാണ് "ബാംബുസ വള്‍ഗാരിസ്'. "മഞ്ഞ മുള' എന്നാണ് ഇവ അറിയപ്പെടുന്നത്. താഴത്തെ മുട്ടുകളില്‍ വേരുകള്‍ നിറഞ്ഞിരിക്കുന്ന ഇവ ഇടതൂര്‍ന്ന് വളരാറില്ല. മഞ്ഞ നിറമുള്ള, അഗ്രം കൂര്‍ത്തിരിക്കുന്ന ഇലകള്‍ക്ക് ത്രികോണാകൃതിയാണ്. മേല്‍പ്പറഞ്ഞ രണ്ടിനം മുളകള്‍ കഴിഞ്ഞാല്‍ 8-16 മീറ്റര്‍വരെ പൊക്കംവയ്ക്കുന്ന "ഡെന്‍ഡ്രോകലാമസ് സ്ട്രിക്ട്രസ്' എന്ന ഇനമാണ് കേരളത്തില്‍ കൂടുതലായി കാണുന്നത്. ഉള്ളില്‍ പൊള്ള കുറവായ ഇവയെ "കല്ലന്‍മുള' എന്നും പറയാറുണ്ട്. ഇളം പച്ചനിറമാണ് ഇവയ്ക്ക്. ഇതേ കുടുംബത്തില്‍പ്പെട്ട "ഡെന്‍ഡ്രോകലാമസ് ലോന്‍ജിസ്പാഥസ്' എന്ന ഇനം മുളകള്‍ കേരളത്തില്‍ ഉണ്ടെങ്കിലും ഇന്ത്യയുടെ കിഴക്കന്‍പ്രദേശങ്ങളില്‍ കൂടുതലായി കാണുന്നു. 18 മീറ്റര്‍വരെ ഉയരംവയ്ക്കുന്ന ഇവയ്ക്ക് കല്ലന്‍മുളയോട് ഏറെ സാമ്യമുണ്ട്. കേരളത്തില്‍ കുറഞ്ഞതോതില്‍ കാണുന്ന ഒരു മുളയാണ് "സെന്‍ഡ്രോകലാമസ് ബ്രാന്‍ഡിസി'. പച്ചയോ ചാരമോ കലര്‍ന്ന തവിട്ടുനിറത്തില്‍ കാണുന്ന ഇവയ്ക്ക് 33 മീറ്റര്‍വരെ പൊക്കംവയ്ക്കാറുണ്ട്. കൊല്ലം ജില്ലയില്‍ പട്ടാഴിയില്‍ 1989ല്‍ നീളത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മുള ഗിന്നസ്ബുക്കില്‍ ഇടംനേടി.
ചെറുമുളകള്‍
കേരളത്തിലെ ചെറുമുളകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഇനമാണ് ഈറ്റ അഥവാ "ഓക്ലാന്‍ഡ്ര ട്രാവന്‍കൂറിക്ക'. ഏഴുവര്‍ഷത്തിലൊരിക്കലാണ് ഇതിന്റെ പൂക്കാലം. അധികം പൊക്കംവയ്ക്കാത്ത ഇവ 1000 മീറ്ററിലധികം ഉയര്‍ന്ന പ്രദേശങ്ങളില്‍ തിങ്ങികൂട്ടമായി വളരുന്നു. ഈറല്‍, ഓട എന്നീ പേരുകളും ഈറ്റയ്ക്കുണ്ട്. പുഴയോരങ്ങളില്‍ ധാരാളമായി കണ്ടുവരുന്ന കൂര്‍ത്ത ഇലയോടുകൂടിയ ഒരിനം ഈറ്റയാണ് "ഓക്ലാന്‍ഡ്ര സ്ക്രിപ്റ്റോറിയ'. ഒട്ടല്‍, കൊളഞ്ഞി എന്നറിയപ്പെടുന്ന ഇവ മണ്ണൊലിപ്പു തടയാനും പേപ്പര്‍ നിര്‍മാണത്തിനും ധാരാളമായി ഉപയോഗിക്കുന്നു.കേരളത്തില്‍ കാണുന്ന ആറു മീറ്ററോളം പൊക്കംവയ്ക്കുന്ന ഒരിനം ഈറ്റയാണ് "ഓക്ലാന്‍ഡ്ര സെറ്റിജെറ'. ഇവയുടെ ഇലയുടെ അടിഭാഗത്ത് നേരിയ നാരുകളുണ്ട്. മണ്ണൊലിപ്പു തടയാനും മണ്ണിടിച്ചില്‍ ഒഴിവാക്കാനും അനുയോജ്യമായ "ഈറ' എന്നയിനവും കേരളത്തിലുണ്ട്് "ഓക്ലാന്‍ഡ്ര ബ്രാന്‍ഡിസി' എന്നാണ് ഇതിന്റെ ശാസ്ത്രനാമം.
ഇന്ത്യക്ക് രണ്ടാംസ്ഥാനം
ഭൂമിയില്‍ എല്ലായിടത്തുംകൂടി ഏകദേശം 14 ദശലക്ഷം ഹെക്ടറോളം സ്ഥലത്ത് മുളകള്‍ ഉണ്ട്. അവയില്‍ ഏറ്റവും കൂടുതല്‍ ഇനങ്ങളുള്ളത് തെക്കേ അമേരിക്കയിലും കിഴക്കന്‍ ഏഷ്യയിലുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മുള ഉല്‍പ്പാദിപ്പിക്കുന്നത് ചൈനയിലാണ്. അവിടുത്തെ മുളങ്കാടുകളില്‍നിന്ന് 50 ലക്ഷത്തോളം ടണ്‍ മുളകളാണ് ഒരുവര്‍ഷം ലഭിക്കുന്നത്. 26 തരത്തില്‍പ്പെടുന്ന മുന്നൂറോളം വര്‍ഗങ്ങള്‍ ചൈനയിലുണ്ട്. മുളകൊണ്ടുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലും ചൈനയാണ് മുന്നില്‍. ഉല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയും മുളസമ്പത്തുള്ള രാജ്യങ്ങളുടെ പട്ടികയിലാണ്. ഇന്ത്യയില്‍ ബാംബുസ വിഭാഗത്തില്‍പ്പെട്ട മുളകളാണ് കൂടുതലുള്ളത്. തൊട്ടുതാഴെ ഡെന്‍ഡ്രോകലാമസ് മുളകളാണ്. ഒരുവര്‍ഷം ഇന്ത്യയിലെ മുളങ്കാടുകളില്‍നിന്ന് 32 ലക്ഷത്തിലേറെ മെട്രിക് ടണ്‍ മുളയാണ്് ഉല്‍പ്പാദിപ്പിക്കുന്നത്. ഉല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ജപ്പാനില്‍ തണ്ടുകള്‍ക്കും കൂമ്പുകള്‍ക്കും 13 തരം മുളകള്‍ വെവ്വേറെ കൃഷിചെയ്യുന്നു. തായ്ലന്‍ഡ്, ബംഗ്ലാദേശ്, വിയ്ത്നാം, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, നേപ്പാള്‍, മലേഷ്യ, സിംഗപ്പുര്‍, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം മുളകള്‍ വ്യാപകമായി കൃഷിചെയ്യുന്നുണ്ട്.
മുള അതിന്റെ ആയുഷ്ക്കാലത്തില്‍ ഒരിക്കലേ പൂക്കുകയുള്ളു. അതോടെ അത് നശിക്കും. എന്നാല്‍, വര്‍ഷന്തോറും പൂക്കുന്ന അപൂര്‍വം ഇനങ്ങളും മുളകുടുംബത്തില്‍ ഉണ്ട്. പൂക്കള്‍ ചെറുതും മഞ്ഞ കലര്‍ന്ന പച്ചനിറത്തില്‍ ഒന്നുചേര്‍ന്ന് കുലകളായി കാണപ്പെടുന്നവയുമാണ്. പൂക്കുന്നതിനുമുമ്പ് മുളയുടെ മൂത്ത ഇലകള്‍ കൊഴിഞ്ഞുപോകും. അതിനാല്‍ ഇലയില്ലാതെ പൂക്കള്‍ മാത്രമായാണ് കാണപ്പെടുക. മുളകളുടെ പുഷ്പിക്കല്‍ രീതിയെ അടിസ്ഥാനമാക്കി കൂട്ടമായി പൂക്കുന്നവ, ക്രമംതെറ്റി പൂക്കുന്നവ, വര്‍ഷംതോറും പൂക്കുന്നവ എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. കൂട്ടമായി പൂക്കുന്നവയിലും ക്രമംതെറ്റി പൂക്കുന്നവയിലും പൂക്കുന്നതിന്റെ തലേവര്‍ഷം പുതിയ മുളകള്‍ ഉണ്ടാവുകയില്ല. വര്‍ഷംതോറും പൂക്കുന്നവ പുഷ്പിക്കലിനെത്തുടര്‍ന്ന് നശിക്കുകയുമില്ല. നവംബര്‍മുതല്‍ ജനുവരിവരെയാണ് മുളകള്‍ പൂത്തുതുടങ്ങുക. കൂട്ടമായി പൂക്കുന്ന മുളയിനങ്ങളില്‍ ഒരേസമയം എല്ലാ മുളങ്കൂട്ടവും പൂക്കണമെന്നില്ല. ഒന്നിനു പിറകെ ഒന്നായി ഓരോ മുളങ്കൂട്ടവും പൂവിടും. അവയുടെ വിത്തു പാകമാകുമ്പോഴേക്കും മുള ഉണങ്ങിയിരിക്കും. മുള വളരുന്നത് അനുയോജ്യമായ മണ്ണിലാണെങ്കില്‍ പൂവിടാന്‍ വൈകും. ഒരു മുളങ്കൂട്ടം പൂക്കുമ്പോള്‍ അതില്‍ നിന്ന് എടുത്ത് നട്ടുപിടിപ്പിച്ചിട്ടുള്ളവയും പൂവിടുമെന്ന പ്രത്യേകതയും മുളകള്‍ക്കുണ്ട്. "ഫില്ലോസ്റ്റാച്ചിസ് ബാംബൂസോയ്ഡ്സ്' എന്ന മുളയിനം 120 വര്‍ഷം കൂടുമ്പോള്‍ മാത്രമേ പൂക്കുകയുള്ളു.
മുളങ്കാടുകള്‍ ആവാസസ്ഥലമാക്കിയ നിരവധി ശലഭങ്ങളുണ്ട്. പുല്‍മേടുകളില്‍ വിഹരിക്കുന്നതോടൊപ്പം മുട്ടയിടാനും, ലാര്‍വകള്‍ക്ക് ഭക്ഷണമാക്കാനും മുളയുള്‍പ്പെടെയുള്ള പുല്ലുകളെ ഇവ ആശ്രയിക്കുന്നു. അപൂര്‍വ കരിയില ശലഭം നമ്മുടെ ഈറ്റക്കാടുകളില്‍ മാത്രം കാണുന്ന ഇനമാണ്. ഒരുകാലത്ത് നാമാവശേഷമായി എന്നു കരുതിയ ഈ ശലഭത്തെ 1994ല്‍ തേക്കടിയില്‍ കണ്ടെത്തി. തേനിനൊപ്പം മരനീരും ചീഞ്ഞ പഴങ്ങളും ആഹാരമാക്കുന്ന ശലഭമാണിത്. ചിലപ്പോള്‍ പനങ്കള്ളും ആഹാരമാക്കും. പുല്ലിലകളിലും ഉണക്കപ്പുല്ലിലും മുട്ടയിടും. മുട്ട വിരിഞ്ഞാല്‍ പുഴുക്കള്‍ പുല്ലിലകളിലേക്ക് ഇഴഞ്ഞുപോകും. മുളന്തവിടന്‍: മുളങ്കാടുകള്‍ പ്രിയപ്പെട്ട ആവാസസ്ഥലമായ ശലഭമാണിത്. മുളകളുടെ ഇലകളില്‍ മുട്ടയിടുന്നു. ശലഭപ്പുഴു മുളന്തണ്ടും തളിരിലയും ആഹാരമാക്കും. ഇരുണ്ട തവിട്ടുനിറമുള്ള ഇവ രാവിലെയും വൈകിട്ടും മുളങ്കാടുകളില്‍ കൂട്ടത്തോടെ പാറിപ്പറക്കാറുണ്ട്. പൂങ്കണ്ണി: പ്രധാനമായും പശ്ചിമഘട്ടത്തിലെയും ശ്രീലങ്കയിലെയും മുളങ്കാടുകളില്‍ പറന്നുല്ലസിക്കുന്നു. സാവധാനം പറക്കുന്ന ഇവയ്ക്ക് മരനീരും ചീഞ്ഞ പഴങ്ങളുടെ സത്തും ഏറെ ഇഷ്ടമാണ്. പുല്‍ച്ചെടികളില്‍ മുട്ടയിടുന്നു. തെളിയപ്പുള്ളി ശരശലഭം: പശ്ചിമഘട്ടത്തില്‍ കാണുന്ന ശലഭമാണിത്. മുളങ്കാടുകളിലും പുല്‍മേടുകളിലും വിഹരിക്കുന്ന ഇവ പുല്‍വര്‍ഗ സസ്യങ്ങളില്‍ മുട്ടയിടും. ചെങ്കണ്ണി: കടും ചുവപ്പു കണ്ണുകളുള്ള ശലഭമാണിത്. മുളങ്കാടുകളിലും ഇലപൊഴിയും വനങ്ങളിലും കാണുന്നു. വളരെ വേഗം പറക്കുന്ന ഇവ തേന്‍കൊതിയന്മാരാണ്. മുളവര്‍ഗത്തില്‍പ്പെട്ട സസ്യങ്ങളില്‍ മുട്ടയിടുന്നു. ഇവയുടെ ലാര്‍വകള്‍ കുഴലിന്റെ ആകൃതിയില്‍ ഇല ചുരുട്ടി അതിനുള്ളില്‍ കഴിയുന്നു.
പ്രാചീനകാലംമുതല്‍ പാര്‍പ്പിടം, വേലി, വള്ളം തുഴയാനുള്ള കഴ, പന്തല്‍, ഏണി എന്നിങ്ങനെ നിത്യജീവിതവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ക്ക് മുള പ്രയോജനപ്പെടുത്തിയിരുന്നു. വന്‍കിട വ്യവസായങ്ങള്‍ക്കും മുളകള്‍ അനിവാര്യമാണ്. നീളമുള്ള നാരുകളുള്ളതിനാല്‍ മുളകളാണ് മറ്റ് അസംസ്കൃത വസ്തുക്കളെക്കാള്‍ ന്യൂസ്പ്രിന്റ് നിര്‍മാണത്തിന് ഉത്തമം. മുള ഉപയോഗിച്ചുള്ള വീടുകള്‍ പരിസ്ഥിതിക്ക് ഏറെ ഇണങ്ങുന്നവയാണ്. ഭാരം കുറവാണെന്നതിനു പുറമെ പെട്ടെന്ന് വളര്‍ന്നുകിട്ടുമെന്നതും മുളയെ പ്രിയപ്പെട്ട നിര്‍മാണവസ്തുവാക്കുന്ന ഘടകങ്ങളാണ്. പെട്ടെന്നു വളയുമെന്നതിനാല്‍ സങ്കല്‍പ്പത്തിനുസരിച്ച് രൂപകല്‍പ്പന ചെയ്യാനും കഴിയുന്നു. ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാവുന്ന വീടുകളും മുളകൊണ്ട് നിര്‍മിക്കാനാവും. ചൈനയില്‍ മുള മാത്രം ഉപയോഗിച്ചു നിര്‍മിച്ച ഏറ്റവും നീളംകൂടിയ പാലമുണ്ട്. മരപ്പലകപോലെയുള്ള മുളനിര്‍മിത സാമഗ്രികള്‍ക്കും പാത്രങ്ങള്‍, വസ്ത്രങ്ങള്‍, മാറ്റുകള്‍, ഫര്‍ണിച്ചര്‍, സംഗീതോപകരണങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയവയുടെ നിര്‍മിതിക്കും വന്‍തോതില്‍ മുളകള്‍ ഉപയോഗിക്കുന്നു. ഓടക്കുഴലാണ് മുളകൊണ്ടുള്ള ഏറ്റവും പഴയ സംഗീത ഉപകരണം. ലോകമെമ്പാടും പലതരം ഓടക്കുഴലുണ്ട്. ബാംസുരി, ജിംഗ്ഹു, തിയവോ എന്നിങ്ങനെ പല പേരുകളില്‍ അവ അറിയപ്പെടുന്നു. ആദിവാസികള്‍ മുളംചെണ്ടകളാണ് ഉപയോഗിക്കുക. ഇന്തോനേഷ്യയിലെ കാലുംഗ എന്ന മുളസംഗീത ഉപകരണം ഏറെ ശ്രദ്ധേയമാണ്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ മുളംകമ്പുകള്‍ ഉപയോഗിച്ചുള്ള മുളനൃത്തവുമുണ്ട്.
പുല്ലിനത്തില്‍പ്പെട്ട മുളയ്ക്ക് മണ്ണില്‍ ഇടതൂര്‍ന്നു പടര്‍ന്നിറങ്ങാനുള്ള വേരുകളാണുള്ളത്. അതിനാല്‍ മണ്ണൊലിപ്പും മണ്ണിടിച്ചിലും തടയാന്‍ വച്ചുപിടിപ്പിക്കാവുന്ന ഏറ്റവും മികച്ച സസ്യങ്ങളിലൊന്നാണ് മുള. സണ്ണിലെ ഈര്‍പ്പം വര്‍ധിപ്പിച്ചു നിലനിര്‍ത്താനും മുളയ്ക്കു കഴിയും. വരള്‍ച്ചയുള്ളിടത്ത് ഏറെ അനുയോജ്യമാണിത്. ഔഷധഗുണത്തിലും മുന്നില്‍മുളയുടെ തളിരില, മുട്ടുകള്‍, വേര്, വംശരോചന അഥവാ മുളനൂറ്, മുളയരി ഇവയെ വിവിധ രോഗങ്ങളില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. തളിരിലയും പുതുനാമ്പും ഗര്‍ഭാശയരോഗങ്ങളിലും, തളിരില മാത്രമായി വ്രണങ്ങളിലും ഉപയോഗിക്കാറുണ്ട്. മുളയുടെ തൊലിയും വേരും മുടിവളര്‍ച്ചയ്ക്കും വേരു കത്തിച്ച ചാരം ദന്തരോഗങ്ങള്‍ക്കും ഉത്തമമാണ്. മുളയുടെ ഇല കത്തിച്ച ചാരം പുറമെ പുരട്ടുന്നത് വിവിധ ത്വക്രോഗങ്ങള്‍ക്ക് ഗുണകരമാണ്. പോഷകസമ്പന്നമായ മുളംകൂമ്പുകളും മുളയരിയും ഉയര്‍ന്ന രക്തസമ്മര്‍ദത്തെ കുറയ്ക്കും. പല സ്ഥലങ്ങളിലും ചോറിനു പകരമായി മുളയരി ഉപയോഗിക്കാറുണ്ട്.
വംശരോചന അഥവാ മുളനൂറ്അകം പൊള്ളയായ ചില മുളകളുടെ ഉള്ളില്‍ ഒരു ദ്രാവകം ഊറിവരാറുണ്ട്. സിലിക്കയുടെ അംശം ഏറെയുള്ള ഈ ദ്രാവകം ഉറഞ്ഞ് കട്ടിയാകുന്ന വസ്തുവാണ് "വംശരോച". ഇതിനെ മുളവെണ്ണ, മുളനൂറ് എന്നിങ്ങനെയും പറയാറുണ്ട്. വംശരോചനയ്ക്ക് ക്ഷീരി, തുഗാക്ഷീരി, വംശി, ശുഭ എന്നീ പേരുകളാണ് ആയുര്‍വേദം നല്‍കിയിരിക്കുന്നത്. വംശരോചനയില്‍ 90 ശതമാനം സിലിസിക് അമ്ലത്തിനു പുറമെ പൊട്ടാഷ്, ചുണ്ണാമ്പ്, അലൂമിനിയം, ഇരുമ്പ്, ചില എന്‍സൈമുകള്‍ ഇവയും അടങ്ങിയിട്ടുണ്ട്. ആസ്ത്മ, ക്ഷയം, ശുക്ലക്ഷയം, പക്ഷവാതം തുടങ്ങിയ രോഗങ്ങള്‍ക്കും സിദ്ധൗഷധമാണ് വംശരോചന. മുളകള്‍ കുലുക്കുമ്പോഴുണ്ടാകുന്ന പ്രത്യേക ശബ്ദത്തിലൂടെ ഇതിന്റെ സാന്നിധ്യം തിരിച്ചറിയാം. ച്യവനപ്രാശം അടക്കമുള്ള വിവിധ ഔഷധങ്ങളില്‍ മുളനൂറ് ഉപയോഗിക്കാറുണ്ട്.മുള ഭക്ഷണമാക്കുന്ന ജീവികള്‍ആനകള്‍ക്ക് ഇഷ്ടഭക്ഷണമാണ് മുളയിനമായ ഈറ്റ. മുളയരി എലികളുടെ ഇഷ്ടഭക്ഷണമാണ്. കന്നുകാലികളും കുതിരകളും മുളയില ഭക്ഷണമാക്കാറുണ്ട്. ഭീമന്‍ പാണ്ടകളുടെ ഭക്ഷണത്തിലെ പ്രധാന ഇനം മുളകളാണ്. മുളംകൂമ്പകളും തണ്ടുകളും ഇലകളുമെല്ലാം ഇവ ഭക്ഷണമാക്കാറുണ്ട്.
മുളങ്കാടുകള്‍ കൂട്ടമായി നശിക്കുന്നതിന്റെ പ്രധാന കാരണം കാട്ടുതീയാണ്. മുള മുറിക്കുമ്പോള്‍ മുറിച്ചതിന്റെ അവശിഷ്ടങ്ങള്‍ ചെടിയില്‍നിന്ന് പൂര്‍ണമായി മാറ്റേണ്ടതാണ്. അവ ഉണങ്ങി അഗ്നിബാധയ്ക്ക് ഇടയാക്കുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധ വേണം. വരണ്ട കാടുകളില്‍ തിങ്ങി വളരുന്ന കല്ലന്‍മുളയാണ് കാട്ടുതീയില്‍ കൂടുതലും നശിക്കുന്നത്. പുതുനാമ്പുകള്‍ ഉണ്ടാകുന്ന കാലത്തും തൈകള്‍ വളരുന്ന സമയത്തും മുളങ്കാടുകളില്‍ കന്നുകാലികള്‍ മേയുന്നത് മുളയെ നശിപ്പിക്കും. വനശീകരണവും മുളങ്കാടുകള്‍ക്ക് ഭീഷണിയാണ്. മുള മുറിക്കുമ്പോള്‍ ആദ്യത്തെയും രണ്ടാമത്തെയും മുട്ടിനിടയില്‍ തറനിരപ്പിനോടു പരമാവധി ചേര്‍ത്ത് മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് മുറിക്കണം. മൂപ്പെത്തിയ മുളകള്‍ ആദ്യം മുറിച്ചുമാറ്റാനും ശ്രദ്ധിക്കണം. മുള പൂത്തുകഴിഞ്ഞാല്‍ കായ വിളഞ്ഞ് കൊഴിയുംവരെ ആ കൂട്ടത്തില്‍നിന്ന് മുറിക്കരുത്.
മുള നശിപ്പിക്കുന്ന കീടങ്ങള്‍ക്കെതിരെയും ജാഗ്രത വേണം. മറ്റു മരത്തടികള്‍ക്ക് കീടങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിക്കു പുറമെ, കീടങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്ന രാസവസ്തുക്കളെ വലിച്ചെടുക്കാനുള്ള കഴിവുമുണ്ട്. മുളന്തണ്ടുകള്‍ക്ക് ഇത്തരം കഴിവുകള്‍ ഇല്ലാത്തതിനാല്‍ വേഗംതന്നെ രോഗ-കീട ബാധയുണ്ടാകും. എസ്റ്റിഗ്മെന ചൈനെന്‍സിസ്, പൈറോസ്റ്റ കൊക്ളെസാലിസ് എന്നിവ മുളയെ നശിപ്പിക്കുന്ന കീടങ്ങളില്‍ പ്രധാനമാണ്. മുളയിലെ പൊട്ടലിലൂടെ ഈര്‍പ്പം ഉള്ളില്‍ എത്തുന്നതും കീടശല്യത്തിനിടയാക്കും.
( മാന്നാര്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഡോക്ടറാണ് ലേഖിക )
ഉപജീവനം മുന്നില്‍ക്കണ്ട് വയനാടന്‍ കര്‍ഷകര്‍ മുള കൃഷിയും പരീക്ഷിക്കുന്നു. നിരവധി കൃഷിക്കാരാണ് ജില്ലയില്‍ ഇതിനകം മുള കൃഷി ആരംഭിച്ചത്. നട്ട് പരിപാലിച്ച് അഞ്ച് വര്‍ഷം കഴിയുമ്പോള്‍ മുതല്‍ കുറഞ്ഞത് നാല് പതിറ്റാണ്ട് മുള കൃഷി ഭേദപ്പെട്ട വരുമാനമാര്‍ഗമാകുമെന്ന തിരിച്ചറിവാണ് ഇതിനു പിന്നില്‍. കൈവശഭൂമിയില്‍ തരിശുകിടക്കുന്ന ഭാഗങ്ങളാണ് കര്‍ഷകര്‍ മുള കൃഷിക്ക് തെരഞ്ഞെടുക്കുന്നത്.
10 സെന്റ് മുതല്‍ 10 ഏക്കര്‍ വരെ സ്‌ഥലം മുള കൃഷിക്ക് നീക്കിവച്ചവര്‍ ജില്ലയിലുണ്ട്. ചിലര്‍ ഇടവിളയായും മറ്റുചിലര്‍ തനിവിളയായുമാണ് മുള കൃഷി ചെയ്യുന്നത്. ജില്ലയില്‍ തനിവിളയായി മുള കൃഷിചെയ്യുന്ന കര്‍ഷകരിലൊരാളാണ് പടിഞ്ഞാറെത്തറെ പഞ്ചായത്ത് ഭരണസമിതിയംഗവും പരിസ്‌ഥിതി പ്രവര്‍ത്തകനുമായ ഉള്ളിയപ്പന്‍ചാലില്‍ ഹുസൈന്‍. പത്തര ഏക്കര്‍ സ്‌ഥലമാണ് ഇദ്ദേഹത്തിന്.
ഇതില്‍ അഞ്ചര ഏക്കര്‍ പടിഞ്ഞാറെത്തറയിലാണ്. അഞ്ച് ഏക്കര്‍ മാനന്തവാടിക്കടുത്ത് ജസിയിലും. കൈവശമുള്ളതില്‍ വീടിനോടു ചേര്‍ന്നുള്ള അര എക്കര്‍ ഒഴികെ മുഴുവന്‍ സ്‌ഥലത്തും ഹുസൈന്‍ കഴിഞ്ഞവര്‍ഷം മുള കൃഷി തുടങ്ങി. പ്രായംചെന്ന റബ്ബര്‍മരങ്ങള്‍ വെട്ടിമാറ്റിയതോടെ തരിശായി മാറിയ ഭൂമിയിലാണ് 20 അടി അകലത്തില്‍ ഏക്കറില്‍ 100 വീതം മുളയുടെ 1000 തൈകള്‍ നട്ടത്.
ഇനി വിളവെടുപ്പിന് കൃഷിയിടത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ മതിയെന്ന് ഹൂസൈന്‍ പറയുന്നു. ആനമുള, തോട്ടിമുള, കല്ലന്‍മുള കെട്ടിടനിര്‍മാണത്തിനും മറ്റും ഉപയോഗിക്കാവുന്ന ഗ്വാഡ ബാംബു എന്നീ ഇനങ്ങളാണ് കൃഷിചെയ്ുന്നത്‌യ. തൃക്കൈപ്പറ്റയിലെ ഉറവ് നാടന്‍ ശാസ്‌ത്ര-സാങ്കേതിക ഗവേഷണ കേന്ദ്രത്തില്‍ ഈയിനം തൈകളുടെ നഴ്‌സറികളുമുണ്ട്.
34 ഇനം മുളകള്‍ ഉറവില്‍ നട്ടുപരിപാലിക്കുന്നുണ്ട്. അലങ്കാര ഇനങ്ങളില്‍പ്പെട്ടതാണ് ഇതില്‍ കുറെ. 76 ഇനം മുളകളാണ് ഇന്ത്യയിലാകെ. ഏറ്റവും ചെലവ് കുറഞ്ഞും ലാഭകരവുമായി ചെയ്യാവുന്ന ഒന്നാണ് മുള കൃഷിയെന്ന് ഉറവ് പ്രസിഡന്റ് എം. ബാബുരാജ് പറഞ്ഞു.
മൂപ്പെത്തിയ മുളയുടെ 10 അടി നീളമുള്ള കഷണത്തിനു 100 രൂപയാണ് ഇപ്പോള്‍ വില. മുളയ്‌ക്ക് ആവശ്യക്കാരും ഏറെയാണ്. മുളയുടെ നീളമുള്ള കഷണങ്ങളാണ് കൃഷിക്കാര്‍ വാഴക്കുത്തായി ഉപോയോഗിക്കുന്നത്. ടണ്ണിനു 3000 രൂപ നിരക്കില്‍ കടലാസ് ഉല്‍പാദന മേഖലയിലേതടക്കം കമ്പനികളും മുള വാങ്ങുന്നുണ്ട്.
ഒരു ഏക്കര്‍ സ്‌ഥലത്ത് മുള കൃഷി നടത്തിയാല്‍ നിലവിലെ നിരക്കനുസരിച്ച് അഞ്ചാം വര്‍ഷം മുതല്‍ ഓരോ വര്‍ഷവും ഒരു ലക്ഷം രൂപ വരെ വരുമാനം ലഭിക്കുമെന്ന് ബാബുരാജ് പറഞ്ഞു. ഏത് കാലാവസ്‌ഥയിലും വളരുന്നതാണ് മുള. വളപ്രയോഗമോ ജലസേചനമോ ആവശ്യമില്ല. നടുന്ന തൈകള്‍ ആദ്യത്തെ ഒരു വര്‍ഷം മൃഗങ്ങള്‍ തിന്നും ചവിട്ടിയും നശിപ്പിക്കാതെ ശ്രദ്ധിച്ചാല്‍ മതി. പരിസ്‌ഥിതി സംരക്ഷണത്തിനും ഉതകുന്നതാണ് മുള കൃഷി. മണ്ണൊലിപ്പ് തടയാനുള്ള മുളങ്കൂട്ടങ്ങളുടെ ശേഷി അപാരമാണ്.
മണ്ണിന്റെ ജലാഗികരണശേഷി വര്‍ധിപ്പിക്കുന്ന മുളങ്കട്ടങ്ങള്‍ക്ക് കാര്‍ബണ്‍ റേറ്റിംഗ് കുറയ്‌ക്കാനും കഴിവുണ്ട്. 50 വര്‍ഷം വരെയാണ് മുളങ്കൂട്ടത്തിന്റെ ആയുസ്. പൂവിടുന്നതിനു പിന്നാലെ മുളങ്കൂട്ടങ്ങള്‍ ഉണങ്ങിനശിക്കും. പരോക്ഷമായി നടത്തുന്ന പരിസ്‌ഥിതി സംരക്ഷണവും മുള കൃഷിയിലൂടെ നടക്കും
പ്രകൃതി നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ഒറ്റമൂലിയായി കണക്കാക്കാവുന്ന അല്‍ഭുത സസ്യമാണ് മുള. നിത്യജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള ഒന്നെന്ന നിലയില്‍ കേരളീയരെ മുളയുടെ ഗുണഗണങ്ങള്‍ പഠിപ്പിക്കേണ്ട ആവശ്യമില്ല. കാര്‍ഷികോപകരണങ്ങള്‍, പണിയായുധങ്ങള്‍, അളവുപാത്രങ്ങള്‍, കുട്ട, വട്ടി, പലതരം മുറങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് മുള പണ്ടുമുതലേ നാം ഉപയോഗിച്ചു വരുന്നു. എന്നാല്‍ ഇന്ന്് ഇത്തരം വസ്തുക്കളില്‍ പലതും പ്ലാസ്റ്റിക്കിലാണ് നിര്‍മിക്കുന്നത്. ഫലമോ, ആരോഗ്യപ്രശ്‌നങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും.
കെട്ടിടനിര്‍മാണത്തിന് ഒഴിച്ചു കൂടാന്‍ പാടില്ലാത്ത ഒന്നായി ഇന്നും മുള ഉപയോഗിച്ചു വരുന്നു. കോണ്‍ക്രീറ്റിങ് സമയത്ത് താങ്ങുകാലുകളായും, പന്തല്‍, ചായ്പ്പ്, തൊഴുത്ത്, തുടങ്ങിയവയ്ക്കും നാട്ടിന്‍പുറങ്ങളില്‍ മുള തന്നെ ശരണം. വള്ളം ഊന്നുന്നതിനും മുളകൊണ്ടുള്ള കഴുക്കോല്‍ ഉപയോഗിക്കുന്നു.വാഴകൃഷിക്ക് കാറ്റില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ മുളങ്കാലുകള്‍ കൊണ്ട് താങ്ങു നല്‍കിയേ തീരു. ചിലതരം മല്‍സ്യബന്ധനോപകരണങ്ങളും വേലിയും കോഴിക്കൂടുമെല്ലാം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന മുള കാര്‍ഷിക കേരളത്തിന്റെ അവിഭാജ്യ ഘടകം തന്നെയാണിന്നും. ഓടക്കുഴലുണ്ടാക്കാനുപയോഗിക്കുന്നതും മാറാല തട്ടുന്ന ചൂലുണ്ടാക്കുന്നതും ചിലയിനം മുളകൊണ്ടു തന്നെ. കുരുമുളക് വള്ളി
പടര്‍ത്തിയ തെങ്ങില്‍ക്കയറാന്‍ ഏണിമുള കൂടിയേ തീരു. പോലീസുകാര്‍ മര്‍ധനോപകരണമായി ഉപയോഗിക്കുന്നത് ലാത്തിമുളയാണ്. ചിലയിനം മുളകള്‍ ഉദ്യാനങ്ങളെ അലങ്കരിക്കുന്നു.
എന്നാല്‍ മുള ഭക്ഷണാവശ്യത്തിന് ഉപയോഗപ്പെടുത്തുന്നതില്‍ നാം ഏറെ പിന്നിലാണ്.
ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മുളയുടെ തളിരും കൂമ്പും ഭക്ഷണാവശ്യത്തിന് വ്യാപകമായി ഉപയോഗിക്കുന്നു. മുളയുടെ കൂമ്പ് അച്ചാറിന് ഉപയോഗിക്കുന്നവരുമുണ്ട്. മുളങ്കൂമ്പും തളിരും കേരളത്തില്‍ ചിലരെങ്കിലും ഭക്ഷണത്തിനായി എടുക്കുന്നുണ്ടെങ്കിലും പായസമുണ്ടാക്കാനുള്ള മുളയരിയാണ് നമ്മളില്‍ പലര്‍ക്കും ഏറെ പരിചയമുള്ള മുളവിഭവം. എന്നാല്‍ ഒരു കാര്യം തീര്‍ച്ചയാണ്. മുള എന്ന സസ്യമില്ലായിരുന്നെങ്കില്‍ മലയാളിയുടെ ഇഷ്ടഭക്ഷണമായ പുട്ട് എന്ന വിഭവം ഉണ്ടാകുമായിരുന്നില്ല.
മുള പരിസ്ഥിതിക്ക് ചെയ്യുന്ന സേവനങ്ങള്‍ ചില്ലറയല്ല. ഇന്ന് മരം കൊണ്ടും പ്ലാസ്റ്റിക് കൊണ്ടും നിര്‍മിക്കുന്ന ഒട്ടുമിക്ക വസ്തുക്കളും മുളക്കൊണ്ട് നിര്‍മിക്കാന്‍ സാധിക്കും. പ്ലൈവുഡും ഫ്‌ളോര്‍ടൈലുകളും ആഭരണങ്ങളും കൗതുക വസ്തുക്കളുമെല്ലാം ഇത്തരത്തില്‍പെടുന്നു. പ്ലാസ്റ്റികില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണമായും പ്രകൃതിയില്‍ അലിഞ്ഞുചേരുന്ന വസ്തുവായതിനാല്‍ പരിസ്ഥിതി സൗഹൃദ വസ്തുവായി മുളയെ കണക്കാക്കുന്നു.
കടലാസ് നിര്‍മാണത്തിന് മുള ഉപയോഗിക്കുന്നത് മൂലം ലക്ഷക്കണക്കിന് ടണ്‍ മരങ്ങളാണ് ഓരോ വര്‍ഷവും കോടാലിക്കിരയാകാതെ രക്ഷപ്പെടുന്നത്. വസ്ത്രനിര്‍മാണത്തിനും മുളനാര് ഉപയോഗപ്പെടുത്തുന്നുണ്ട്.
എന്തെല്ലാം വസ്തുക്കള്‍ പ്ലാസ്റ്റിക്കിന് പകരം മുളകൊണ്ട് നിര്‍മിക്കാമെന്ന് അനുദിനം ശാസ്ത്രലോകം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഫര്‍ണിച്ചറുകള്‍, സൈക്കിളുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിങ്ങനെ ഇ്ത്തരം പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ പട്ടിക അനുദിനം വിപുലമായിക്കൊണ്ടിരിക്കുന്നു. ലോകമെമ്പാടും ഇവയ്ക്ക് പ്രിയവും വര്‍ധിച്ചു വരികയുമാണ്.
പ്രകൃതിയോടിണങ്ങുന്നു എന്നതിലപ്പുറം കാഴ്ച്ചയ്ക്കും ഇവ മോശമല്ല എന്നതും പ്രചാരത്തിന് ഒരു കാരണമാണ്.മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും മുതല്‍ സൈക്കിള്‍ വരെ നീളുന്നതാണ് ഈ പട്ടിക. മുളകൊണ്ട് നിര്‍മിക്കുന്ന കൗതുക വസ്തുക്കള്‍ക്ക് നിറം കൊടുക്കാനും കൃത്രിമ ചായങ്ങളുടെ ആവശ്യമില്ല. തീജ്വാല കൊണ്ട് അല്‍പമൊന്ന് കരിച്ചാല്‍ ബ്രൗണ്‍ മുതല്‍ കറുപ്പു വരെയുള്ള നിറങ്ങളുടെ ഒരു ശ്രേണി തന്നെ മുളന്തണ്ടില്‍ വിരിയും. ഈ തന്ത്രം ഉപയോഗിച്ച് ആകര്‍ഷകമായ പല ഡിസൈനുകളും ഇത്തരം കൗതുകവസ്തുക്കളില്‍ രൂപപ്പെടുത്താന്‍ സാധിക്കും.
വള, മാല, കമ്മല്‍, ബ്രേസ് ലെറ്റ്- മുള കൊണ്ടുള്ള ഇത്തരം ആഭരണങ്ങള്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഹരമാണ്. ചെടിച്ചട്ടിയായി കളിമണ്‍ പാത്രങ്ങള്‍ക്ക് പകരം മുള കൊണ്ടുള്ള ചെടിച്ചട്ടികളാണ് പ്രകൃതിക്ക് കൂടുതല്‍ ഇണങ്ങുക എന്ന് നാം തിരിച്ചറിഞ്ഞു വരുന്നതേയുള്ളു.
കാടിന്റെ പാരിസ്ഥിതിക സംതുലനാവസ്ഥ നിലനിര്‍ത്തുന്നതില്‍ മുളങ്കൂട്ടങ്ങള്‍ക്ക്് വലിയൊരു പങ്കുണ്ട്. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷണവും പാര്‍പ്പിടവും ചൂടില്‍നിന്നുള്ള സംരക്ഷണവും മുളങ്കൂട്ടങ്ങള്‍ നല്‍കുന്നു.
ജീവിതത്തിലൊരിക്കല്‍ മാത്രമാണ് മുള പൂക്കുക. പൂത്ത് അരിയായി കഴിഞ്ഞാല്‍ മുളങ്കൂട്ടം നശിക്കാനാരംഭിക്കും. ഇതിനിടയില്‍ താഴെ വീഴുന്ന മുളയരികള്‍ തുണിയോ ഷീറ്റോ ഉപയോഗിച്ച് ശേഖരിച്ചാണ് മുളയരി വിപണിയില്‍ എത്തിക്കുന്നത്. മുള പൂക്കുന്ന കാലം വന്യജീവികള്‍ക്ക് ഉത്സവമാണ്. എലി,അണ്ണാന്‍ എന്നിവ മുതല്‍ ആന വരെയുള്ള ജീവികള്‍ക്ക് മുളയരി പ്രിയങ്കരമാണ്. ചെറുജീവികള്‍ ഇക്കാലത്ത് ധാരാളം വംശവര്‍ധന നടത്തുന്നതിനാല്‍ ഇവയെ ആശ്രയിച്ച് ജീവിക്കുന്ന വലിയ ജീവികള്‍ക്ക് കോളാണ്. ഒരു പ്രദേശത്തെ മുളകളെല്ലാം തന്നെ ഒരേസമയത്ത് മുളയ്ക്കുന്നതായതിനാല്‍ ഇവ ഒരേസമയത്ത് പൂക്കുന്നു. എന്നാല്‍ ഇവ കൂട്ടത്തോടെ ഉണങ്ങി നശിക്കുന്നതോടെ കാട്ടുതീയ്ക്ക് സാധ്യതയേറെയാണ്.
പരിസ്ഥിതിയെ കാര്‍ന്നു തിന്നുന്ന പ്ലാസ്റ്റിക്കിന് പകരക്കാരനായും കെട്ടിടനിര്‍മാണം മുതല്‍ ഭക്ഷണം വരെയുള്ള കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന ഈ വലിയ പുല്‍ച്ചെടിയുടെ പ്രാധാന്യം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 18ന് വേള്‍ഡ് ബാംബൂ ഓര്‍ഗനൈസേഷന്‍ ആഹ്വാനപ്രകാരം ലോക മുള ദിനം ആചരിക്കുന്നു. 2009 ല്‍ ബാങ്കോക്കില്‍ വച്ചു ചേര്‍ന്ന ലോക മുള സമ്മേളനത്തിലാണ് ഈ ദിനാചരണത്തിനു തുടക്കം കുറിച്ചത്.
വീടിന്റെ ഭംഗിയ്ക്ക് മതിലും വേണം. ചിലര്‍ ഇത് ഭംഗിയുള്ള വേലികളുടെ രൂപത്തിലോ മതിലുകളില്‍ തന്നെ പച്ചപ്പു പിടിപ്പിച്ചോ കൂടുതല്‍ ആകര്‍ഷകവുമാക്കാറുണ്ട്. ഇത്തരത്തില്‍ വീട് ഭംഗിയാക്കാന്‍ പറ്റിയ ചില വേലികളെക്കുറിച്ച് അറിയൂ. വീടുണ്ടാക്കുന്ന ചിലര്‍ക്കെങ്കിലും പ്രയോജനപ്പെടും.
മുള കൊണ്ടുള്ള വേലികളുണ്ടാക്കാം. വീടിന് പ്രകൃതിയോട് അടുത്തു നില്‍ക്കുന്ന ഛായ നല്‍കാന്‍ ഇത് സഹായിക്കും. ചിലര്‍ വേലികളുടെ സ്ഥാനത്ത് മുള അങ്ങനെ തന്നെ വളര്‍ത്താറുമുണ്ട്. അല്‍പം വ്യത്യസ്തതയും അതേ സമയം ലാളിത്യവും ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഉണ്ടാക്കാന്‍ പറ്റിയ വേലിയാണിത്.
ജാപ്പനീസ് ഹോളി എന്ന ഒരിനം ചെടിയുണ്ട്. മതിലിനോട് ചേര്‍ന്നോ അല്ലെങ്കില്‍ മതിലിന്റെ സ്ഥാനത്തോ ഇത്തരം ചെടികള്‍ വച്ചു പിടിപ്പിക്കാം. ഇവ നീളത്തില്‍ മുകളിലേക്കു വളരുന്നവയാണ്.
ഇംഗ്ലീഷ് ഐവി എന്ന ഒരിനമുണ്ട്. പേരു സൂചിപ്പിക്കുന്ന പോലെ ഇംഗ്ലീഷ് രീതിയിലുള്ള ഒരു രീതിയാണിത്. പച്ചസസ്യങ്ങള്‍ മതിലിലേക്കു പടര്‍ത്തി വിടുന്ന രീതിയാണിത്. കോണ്‍ക്രീറ്റില്‍ ഒരു പച്ചപ്പും ഇതു നല്‍കും.
വീടായാല്‍ മതിലും വേണം അമേരിക്കന്‍ ഹോളി എന്ന ഒരിനമുണ്ട്. ജാപ്പനീസ് ഹോളിയുടെ തരം തന്നെയാണിത്. ഇത് മതിലില്‍ കനത്തു വളരുന്ന ഒരു പച്ചപ്പാണ്. മറ്റുള്ളവരില്‍ നിന്നും മതിലിന്റെ കാഴ്ച അപ്പാടെ മറച്ച് സ്വകാര്യത നല്‍കുന്ന ഒരിനം. പ്രൈവറ്റ് ഹെഡ്ജ് എന്നാണ്
ഫേണ്‍ അഥവാ പന്നച്ചെടി വളരെ ചെലവു കുറഞ്ഞ ഒരു മതിലലങ്കാര രീതിയാണ്. ഇവ കല്‍മതിലുകളിലാണ് വളര്‍ത്താന്‍ കൂടുതല്‍ നല്ലതും ഭംഗിയും.
വീടായാല്‍ മതിലും വേണം ക്ലെമന്റിസ് എന്ന ഒരു അലങ്കാര രീതിയുണ്ട്. കഥകളിലേതിന് സമാനമായ കനം കുറഞ്ഞ മരം കൊണ്ടുണ്ടാക്കുന്ന വേലി. ഇതിന് ഭംഗി നല്‍കാന്‍ ചെടികളും മറ്റും ഇതോട് ചേര്‍ത്ത് വളര്‍ത്തുകയുമാകാം.
കണ്ടാല്‍ ഗോതമ്പ് പോലെ തോന്നുമെങ്കിലും മുളയരി സ്വാദിലും ഗുണത്തിലും അരി പോലെ തന്നെ ആണ്. അല്‍പം മധുരിമ കൂടുതലുണ്ട്. അരി കൊണ്ടുള്ള എല്ലാ പലഹാരങ്ങളും ഇത് കൊണ്ടും ഉണ്ടാക്കാം. ചോറും വെക്കാം. ഉഷ്ണമാണ്. ശരീരത്തെ തടിപ്പിയ്ക്കും. രക്തസ്രാവം വര്‍ദ്ധിപ്പിയ്ക്കും. വയനാട്ടില്‍ മിക്കവാരും എല്ലാ കടകളിലും കിട്ടുന്നു. 200 മുതല്‍ 400 വരെ തക്കം പോലെ ആണ് കിലോ വില.
സ്വര്‍ണ്ണവര്‍ണ്ണത്തില്‍ തലകുനിച്ച് നില്‍ക്കുന്ന മുളങ്കാടുകള്‍ വയനാടന്‍ കാടുകളിലെ സാധാരണ കാഴ്ചയാണ്. ഒരിക്കല്‍ മാത്രം പൂത്തുലഞ്ഞ് നില്ക്കുന്ന അവരുടെ ജീവിതം അരിമണികള്‍ പാകമായി പൊഴിഞ്ഞുവീഴുന്നതോടെ അവസാനിക്കുന്നു. മുളകള്‍ പൂത്‌താല്‍ പിന്നെ ഉണങ്ങി നശിച്ചു പോകുകയാണ് ചെയ്യുന്നത്.
പന്ത്രണ്ടുവര്‍ഷമാകുമ്പോള്‍ മുതല്‍ നാല്‍പത് വര്‍ഷം വരെയാകുമ്പോള്‍ ആണ് മുള പൂക്കുന്നത്. പൂത്ത് കഴിഞ്ഞാല്‍ അരി വീഴുന്നതും നോക്കി പായ വിരിച്ച് ആദിവാസികളും നാട്ടുകാരും കാത്തിരിക്കും.മുളയരിയുടെ ഔഷധമൂല്യവും വിലയും ആവശ്യക്കാരെ മുളയുടെ കാവല്‍ക്കാരാക്കുന്നു.
മുളയരി പോലെ തന്നെ മുളയുടെ മറ്റ് ഭാഗങ്ങളും ഉപയോഗപ്രദമാണ്.
മുളം കൂമ്പ് ആദിവാസികളുടെ ഇഷ്ട ആഹാരമാണ്. മുളം കൂമ്പ് അച്ചാര്‍ ഇപ്പോള്‍ കടകളിലും കാണാം. മുള ഉപയോഗിചച് കരകൌശലവസ്തുക്കള്‍ ഉണ്ടാക്കുന്ന വിദ്യ ആദിവാസികള്‍ക്ക് തൊഴിലാണ്.
ഇപ്പോള്‍ വയനാട്ടില്‍ മുളയരി വീണ് മുളച്ച തൈമുളംകൂട്ടങ്ങളുടെ കാലമാണ്.
മുള പൂത്താല്‍ ക്ഷാമ കാലം എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. മുള പൂക്കുന്ന കാലത്ത് മുളയരി തിന്ന് ഒരുപാടു എലികള്‍ പെറ്റു പെരുകും, മുളയരി തീരുമ്പോള്‍ ഈ എലികള്‍ മറ്റു ഭക്ഷ്യ സാധനങ്ങളില്‍ കൈ വെക്കും. അതും തീര്‍ന്നാല്‍ നാട്ടില്‍ ഇറങ്ങി വിളകള്‍ തിന്നു നശിപ്പിക്കാന്‍ തുടങ്ങും. അങ്ങനെ നാട്ടിലുള്ള ഭക്ഷ്യ സാധനങ്ങള്‍ എല്ലാം തീര്‍ന്നാല്‍ ക്ഷാമം വരും.. അത് കൊണ്ടായിരിയ്ക്കണം ഈ പറച്ചില്‍.
പുല്ലിന്റെ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ് മുള. കുറച്ചുകാലം മുമ്പുവരെ, പാട്ടിന്റെ പാലാഴി തീര്‍ക്കുന്ന ഓടക്കുഴലുകളുടെ നിര്‍മാണത്തിനു മാത്രമാണ് ഒരു വ്യവസായം എന്ന നിലയില്‍ മുള അല്‍പ്പമെങ്കിലും ഉപയോഗിക്കപ്പെട്ടത്. പിന്നീട് നിര്‍മാണ മേഖലയിലേക്കും മുള എത്തി. മുളയില്‍ നിന്നും വര്‍ഷങ്ങളോളം ഈടു നില്‍ക്കുന്ന പേന മുതല്‍ വീട് വരെയുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ കേരളത്തിലും മുള അസംസ്‌കൃത വസ്‌തുവായി ഉപയാഗിക്കുന്ന വ്യവസായങ്ങള്‍ക്ക് സാധ്യതയേറുകയാണ്. പ്രകൃതിദത്തമായ മുള കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ വഴി ഒരു പരിസ്ഥിതി സൗഹൃദ അന്തരീക്ഷം കെട്ടിപ്പടുക്കാമെന്നതിനൊപ്പം വനനശീകരണം തടയുവാനും സാധിക്കും. മുള വ്യവസായത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണ് `ഇന്‍ഡസ്‌ട്രി ഫോക്കസ്.'
പരമ്പരാഗതമായി തഴപ്പായ്, പനമ്പ്, കൂട, വട്ടി, മുറം എന്നിവയുടെ നിര്‍മാണത്തിന് മുള, ഈറ്റ, ചൂരല്‍, കൈതോല തുടങ്ങിയവ ഉപയോഗിച്ചിരുന്നു. എന്നാല്‍ കാലക്രമേണ പ്ലാസ്റ്റിക്കിന്റെ മുറവും കൂടയും പായയുമെല്ലാമെത്തിയതോടെ മുള വ്യവസായം പ്രതിസന്ധിയിലാകുകയായിരുന്നു. തൊഴില്‍ നഷ്ടത്തിന്റെയും തിരിച്ചടികളുടെയും നാളുകളില്‍ നിന്ന് ഈ പരമ്പരാഗത വ്യവസായത്തെ രക്ഷിക്കുവാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ബാംബു കോര്‍പ്പറേഷന്‍
പിറവിയെടുക്കുന്നത്. കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളിലൊന്നായ മുള /ഈറ്റ എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ വികസനവും പ്രോത്സാഹനവും എന്നതായിരുന്നു 1971ല്‍ കേരള സ്റ്റേറ്റ് ബാംബു കോര്‍പ്പറേഷന്‍ ആരംഭിക്കുമ്പോഴുള്ള പ്രഖ്യാപിത ലക്ഷ്യം.
സര്‍ക്കാര്‍ വനത്തില്‍ നിന്ന് ഗുണമേന്മയുള്ള മുള ശേഖരിക്കുക, കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത മുളപായ് നെയ്‌ത്തുകാര്‍ക്ക് സംസ്ഥാനത്തെല്ലായിടത്തും വായ്‌പ അനുവദിക്കുക, നെയ്‌ത പായകള്‍ക്ക് ന്യായവില നല്‍കിക്കൊണ്ട് ശേഖരിക്കുക, നെയ്‌ത്തുകാര്‍ക്ക് തൊഴിലും നി രന്തരമായ ജീവിത മാര്‍ഗവും ലഭ്യമാക്കുക തുടങ്ങിയ പ്രാഥമികമായ പ്രവര്‍ത്തനങ്ങളായിരുന്നു കോര്‍പ്പറേഷന്‍ ആദ്യകാലങ്ങളില്‍ ചെയ്‌തത്. എന്നാല്‍ മുളയുല്‍പ്പന്നങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് കൃത്യമായ അറിവില്ലാത്തതും വിലകുറഞ്ഞ ചൈനീസ് മുളയുല്‍പ്പന്നങ്ങളുടെ കടന്നുകയറ്റവും കേരളത്തില്‍ മുളവ്യവസായത്തിന്റെ ശോഷണത്തിനു കാരണമായി. 1983ലെ സര്‍വെ പ്രകാരം മൂന്ന് ലക്ഷത്തോളം കുടുംബങ്ങളാണ് മുളയുല്‍പ്പന്ന വ്യവസായവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉപജീവനം നടത്തിയിരുന്നത്. എന്നാല്‍ 2000ത്തോടെ അത് നാല്‍പ്പത്തെണ്ണായിരമായി ചുരുങ്ങി.
ഏറെ ബിസിനസ് സാധ്യതകളുള്ള മുള വ്യവസായം കേരളത്തിലെ അന്‍പതോളം വരുന്ന എന്‍ജിഒകളിലൂടെയും രജിസ്റ്റര്‍ ചെയ്‌തുപ്രവര്‍ത്തിക്കുന്ന ഇരുന്നൂറോളം കരകൗശല വിദഗ്‌ദ്ധരിലൂടെയുമാണ് മികച്ച തിരിച്ചുവരവ് നടത്തിയത്. ഇവര്‍ കൂടുതലായും മുള കൊണ്ടുള്ള കരകൗശലവസ്‌തുക്കള്‍ക്കാണ് പ്രാമുഖ്യം കൊടുത്തത്. കാഴ്‌ചക്കാരെ ആകര്‍ഷിക്കുന്നതും വാങ്ങാന്‍ പ്രേരിപ്പിക്കുന്നതുമായിരുന്നു പല ഉല്‍പ്പന്നങ്ങളും. മുള കൊണ്ടു നിര്‍മിച്ച സൈക്കിള്‍, മ്യൂറല്‍ പെയിന്റിംഗുകള്‍, മുളന്തണ്ടുകളില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍, മുളയില്‍ തീര്‍ത്ത പൂക്കള്‍, ബൊ ക്കെകള്‍, പേന, ബാഗ്, ആഭരണങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഇത്തരത്തില്‍ തയ്യാറാക്കപ്പെട്ടു. കേരളത്തിലെ വിവിധ ജില്ലകളില്‍ മുളയുല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ചെറുകിടസംഘങ്ങളുണ്ട്. വയനാടുള്ള `ഉറവാ'ണ് ഇത്തരത്തില്‍ ശ്രദ്ധേയമായ ഒരു സ്ഥാപനം. ഇവിടെനിന്ന് നൂറിലധികം മുളയുല്‍പ്പന്നങ്ങളാണ് നി ര്‍മിക്കുന്നത്. ഇപ്പോള്‍ വീടു നിര്‍മാണത്തിലേക്കും ഉറവ് കടന്നിരിക്കുന്നു. അഞ്ഞൂറിലധികം തൊഴിലാളികളാണ് ഉറവില്‍ ജോലി ചെയ്യുന്നത്. സ്വന്തമായി മുള പ്ലാന്റേഷന്‍ കരസ്ഥമാക്കിയതടക്കം വ്യാവസായികാടിസ്ഥാനത്തില്‍ വിജയകരമായ മുന്നേറ്റമാണ് ഉറവ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഉറവ് ക്രാഫ്‌റ്റ് വര്‍ക്ക് വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ സുരേന്ദ്രനാഥ് പറയുന്നു.
പേന, കസേര, കട്ടില്‍, ജനല്‍ കര്‍ട്ടന്‍, നിലവിളക്ക് തുടങ്ങിയവയൊക്കെ ഈ പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നം കൊണ്ട് നിര്‍മിച്ചെടുക്കാന്‍ കഴിയും. മുളകൊണ്ടുണ്ടാക്കിയ കൗതുക വസ്‌തുക്കള്‍ മുതല്‍ അത്യാകര്‍ഷകമായ കലാസൃഷ്ടികള്‍ വരെ വിപണിയിലെത്താന്‍ തുടങ്ങിയതോടെ കേരളത്തില്‍ മുളയുല്‍പ്പന്നങ്ങളുടെ വിപണി വളരുകയാണ്.
പേന മുതല്‍ വീടു വരെ നിര്‍മിക്കാനാകുമെന്നതാണ് മുളയുടെ മേന്മയെന്ന് സുരേന്ദ്രനാഥ് പറയുന്നു. ഓഫീസുകളിലെ ഇന്റീരിയര്‍ ഡിസൈനിംഗില്‍ പോലും മുളയ്‌ക്ക് ഇന്ന് പ്രഥമ സ്ഥാനമാണ് പലരും കല്‍പ്പിക്കുന്നത്. ആദിവാസികളുടെ കരകൗശല ഉല്‍പ്പന്നം എന്ന ലേബലില്‍ നിന്ന് വമ്പന്‍ ബിസിനസുകളുടെ ചുറ്റുവട്ടങ്ങളിലേക്ക് മുളയുല്‍പ്പന്നങ്ങള്‍ വളരുകയാണ്. കേരള സ്റ്റേറ്റ് ബാംബു മിഷന്‍, കേരള സ്റ്റേറ്റ് ബാംബു കോര്‍പ്പറേഷന്‍ തുടങ്ങിയ സംവിധാനങ്ങളിലൂടെ സര്‍ക്കാരിന്റെ അകമഴിഞ്ഞുള്ള പ്രോത്സാഹനവും ഈ മേഖലയ്‌ക്ക് കൂടുതല്‍ ഉണര്‍വേകുന്നു.
മുളയുടെ നാരുകള്‍ ഉപയോഗിച്ച് പോലും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനാകും. വിദേശ രാജ്യങ്ങളില്‍ പൂര്‍ണമായും മരത്തടികളാല്‍ വീടുകള്‍ നി ര്‍മിക്കുന്നതുപോലെ മുള കൊണ്ട് ഏതെല്ലാം രീതിയില്‍ കേരളത്തില്‍ വീടുകള്‍ നിര്‍മിക്കാമെന്ന കാര്യത്തില്‍ പരീക്ഷണങ്ങള്‍ നടക്കുകയാണ്. മുളകൊണ്ട് നിര്‍മിക്കുന്ന വീടുകള്‍ക്ക് മരംകൊണ്ട് നിര്‍മിക്കുന്ന വീടുകള്‍ പോലെ കേടുപാടുകള്‍ വരില്ലെന്ന ആനുകൂല്യവുമുണ്ട്. വിദേശ രാജ്യങ്ങളിലെ വീടുകളിലും ഫ്‌ളാറ്റുകളിലുമെല്ലാം ഇന്ന് മുളയുല്‍പ്പന്നങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ചില വന്‍കിട ഹാര്‍ഡ്‌വെയര്‍ കമ്പനികള്‍ ഡിസൈനര്‍ ലാപ്‌ടോ പ്പുകളുടെ നിര്‍മാണത്തിനായും മുളയുപയോഗിക്കുന്നു.
നിരവധി സാധ്യതകളുള്ള മുളയുല്‍പ്പന്ന വ്യവസായം ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് അത്യാധുനിക സാങ്കേതികവിദ്യയുടെ അഭാവം. മുള വ്യവസായത്തില്‍ കേരളത്തിന്റെ സാധ്യതകളെ പരിമിതപ്പെടുത്തുന്നത് ചൈനയാണ്. മുള സംസ്‌കരിച്ച് കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കാന്‍ ഇപ്പോഴുള്ള സൗകര്യങ്ങളും സാങ്കേതികവിദ്യയും അപര്യാപ്‌തമാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള മത്സരവും കേരളത്തിലെ മുള വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നു.
മുള വ്യവസായത്തില്‍ മുന്നിട്ടുനില്‍ക്കുന്ന ചൈനയിലും തായ്‌വാനിലും പുതിയ ടെക്‌നോളജിയുടെ സഹായത്തോടെയാണ് നിര്‍മാണം നടക്കുന്നത്. എന്നാല്‍ കേരളത്തിലാകട്ടെ കൈകൊണ്ടാണ് ഭൂരിഭാഗം നിര്‍മാണവും നടക്കുന്നത്. കൈകൊണ്ട് ഉണ്ടാക്കുന്നതിന്റെ അപര്യാപ്‌തതകള്‍ പരിഹരിക്കാനായി മാത്രമാണ് ചിലര്‍ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത്.
ഏറെ ചെലവുള്ള സാങ്കേതിക ഉപകരണങ്ങള്‍ പുറം രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരികയെന്നത് ചെറുകിട യൂണിറ്റുകള്‍ക്കോ സര്‍ക്കാരിനോ താങ്ങാന്‍ സാധിക്കില്ലെന്ന് കേരള സ്റ്റേറ്റ് ബാംബു കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ടി സുകുമാരന്‍ നായര്‍ പറയുന്നു. കോഴിക്കോട് നല്ലളത്തുള്ള ഹൈടെക് ബാംബു ഫ്‌ളോറിംഗ് ടൈല്‍സ് നിര്‍മാണത്തിനായി ചൈനീസ് സാങ്കേതിക വിദ്യ ലഭ്യമാക്കാന്‍ ബാംബു കോര്‍പ്പറേഷന് 12 കോടി രൂപയാണ് ചെലവഴിക്കേണ്ടി വന്നത്. ടൈല്‍സ് മാത്രം നിര്‍മിക്കുന്നൊരു സാങ്കേതിക വിദ്യയ്‌ക്ക് 12 കോടി രൂപയായെങ്കില്‍, മറ്റ് യൂണിറ്റുകള്‍ക്കോ എന്‍ജിഒകള്‍ക്കോ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സഹായം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇക്കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായാല്‍ കേരളത്തിനും മുളയുല്‍പ്പന്നങ്ങളുടെ വിപണി വിപുലമാക്കാവുന്നതാണ്.
പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നമായ മുള, ഈറ്റ, ചൂരല്‍, കൈതോല എന്നിവയുടെ സാധ്യതകള്‍ അവതരിപ്പിക്കുന്നതിനായാണ് വ്യവസായ വാണിജ്യവകുപ്പ് 2004 മുതല്‍ ബാംബു ഫെസ്റ്റ് സംഘടിപ്പിച്ചു തുടങ്ങിയത്. കേരള സ്റ്റേറ്റ് ബാംബു മിഷനും കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്‌ട്രിയല്‍ പ്രൊമോഷനും സംയുക്തമായാണ് മേള നടത്തുന്നത്. കേരളത്തില്‍ നിന്നുള്ള കരകൗശല തൊഴിലാളികള്‍ക്ക് പുറമെ നാഗാലാന്‍ഡ്, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, ഛത്തീസ്‌ഗഡ്, ത്രിപുര, അസം, ജാര്‍ഖണ്ഡ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി കരകൗശല തൊഴിലാളികളും ഈ മേളയില്‍ പങ്കാളികളാകാറുണ്ട്. മുളയിലെ കരകൗ ശല വസ്‌തുക്കള്‍, തടികള്‍, ഇന്റീരി യര്‍ ഉല്‍പ്പന്നങ്ങള്‍, മുളങ്കൂമ്പ്, മുളയരി ഉല്‍പ്പന്നങ്ങള്‍, മുളയുപയോഗിച്ചുള്ള ഗൃഹനി ര്‍മാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, മുള തൈകള്‍ എന്നിവ അണിനിരത്തുന്ന ബാംബു ഫെസ്റ്റിലൂടെ മുളയുല്‍പ്പന്നങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് സാധിക്കുന്നുണ്ട്.
മരത്തിന് പകരം മുളയോ?
ഭാവിയില്‍ മരത്തിന് പകരം മുളയും മുളയുല്‍പ്പന്നങ്ങളുമാണ് വരാന്‍ പോകുന്നതെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. മുള കൊണ്ടുള്ള വീടുകളും ഇപ്പോള്‍ വിപണിയില്‍ സജീവമാകുകയാണ്. ആദിവാസികള്‍ പണ്ട് മുള ഉപയോഗിച്ച് നിര്‍മിച്ചിരുന്ന വീടുകള്‍ക്ക് നൂറ് വര്‍ഷത്തോളം ആയുസുണ്ടായിരുന്നു. ചൈന, തായ്‌വാന്‍ എന്നിവിടങ്ങളിലേതിനേക്കാള്‍ ഉറപ്പും ഈടുമുള്ള ജനുസില്‍ ഉള്ളതാണ് കേരളത്തിലെ മുളകള്‍. എന്നാല്‍ മുളയെക്കുറിച്ചും മുളയുല്‍പ്പന്നങ്ങളെക്കുറിച്ചും ജനങ്ങളില്‍ നിലനില്‍ക്കുന്ന ആശങ്കകളും തെറ്റിദ്ധാരണകളും വളരെ വലുതാണ്. ഈ വ്യവസായത്തിന്റെ വളര്‍ച്ചയെ തടസപ്പെടുത്തുന്ന പ്രധാന ഘടകമാണിത്. മുള കുത്തിപ്പോകുമോയെന്ന തെറ്റിദ്ധാരണയും നിലനി ല്‍ക്കുന്നു. എന്നാല്‍ മുളയ്‌ക്കകത്തെ ഷുഗര്‍, വെള്ളം എന്നിവ വലിച്ചെടുത്ത് ഇവ മരത്തിന് പകരം ഉത്തമമായിത്തന്നെ ഉപയോഗിക്കാവുന്നതാണ്.
മുള വ്യവസായത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിന് വലിയൊരു നിക്ഷേപം ഈ മേഖല കേന്ദ്രീകരിച്ച് നടക്കേണ്ടതുണ്ട്. അതിലുപരി ഈ പരമ്പരാഗത മേഖലയെ സംരക്ഷിക്കാനും മുളയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനുമുള്ള ശ്രമങ്ങളും അധികൃതരില്‍ നിന്നുമുണ്ടാകണം
സെപ്തംബര്‍ 18 ലോക മുളദിനമാണ്. മുളയുടെ പാരിസ്ഥിതിക പ്രസക്തിയുംഉപയോഗ യോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യം വച്ചാണ് എല്ലാ വര്‍ഷവും മുള ദിനം ആചരിക്കുന്നത്. മുളയുടെ വിശേഷങ്ങളിലേക്ക്...
ഏറ്റവും വേഗത്തില്‍ വളരുന്ന സസ്യം ഏതെന്നറിയാമോ? പുല്ല് വര്‍ഗത്തില്‍പെട്ട മുള. മൂന്നുനാലു മാസംകൊണ്ട് വളര്‍ച്ചാഘട്ടം പൂര്‍ത്തിയാക്കുന്ന മുള ഒരുദിവസം നൂറ് സെന്റീമിറ്റര്‍വരെ വളരും! ലോകത്താകെ 14 ദശലക്ഷം ഹെക്ടര്‍സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മുള നമ്മുടെ ജീവിതവുമായി അടുത്തുനില്‍ക്കുന്ന സസ്യമാണ്. വനത്തിന്റെ ചാരുതയെയും, സമ്പന്നതയെയും മുളങ്കാടുകള്‍ കാത്തുപോരുന്നു. സസ്യഭുക്കുകളായ മൃഗങ്ങളുടെയും വിവിധയിനം പക്ഷികളുടെയും പ്രധാന ആശ്രയമാണ് മുളങ്കാടുകള്‍. ഒപ്പം വിവിധയിനം പൂമ്പാറ്റകളും ഇതില്‍ വസിക്കുന്നു. വിവിധ ജീവികള്‍ക്ക് ഭക്ഷണവും സംരക്ഷണവും നല്‍കുന്നു. ഈ മുളങ്കാടുകളെ സംരക്ഷിക്കാന്‍ നമ്മെ ഓര്‍മിപ്പിക്കുന്നതിനാണ് സെപ്തംബര്‍ 18ന് ലോക മുളദിനം ആചരിച്ചുവരുന്നത്.
2009-ല്‍ ബാങ്കോക്കില്‍ ചേര്‍ന്ന വേള്‍ഡ് ബാംബൂ ഓര്‍ഗനൈസേഷന്‍ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ അടങ്ങിയ സമ്മേളനം വിളിച്ചുചേര്‍ത്തു. മുളയുടെ പ്രാധാന്യവും നിലനില്‍പ്പും പൊതുസമൂഹത്തെ അറിയിക്കേണ്ടതിന്റെ ആവശ്യം ഈ സമ്മേളനം ചര്‍ച്ചചെയ്തു.അതോടെയാണ് സെപ്തംബര്‍ 18 ലോകമുളദിനമായി ആചരിക്കാന്‍ തീരുമാനമായത്. ആദ്യ ദിനാചരണം നടത്തിയത് നാഗാലാന്റിലായിരുന്നു.പുരാതനകാലം മുതലുള്ള മുളയുടെ ഉപയോഗം, ഇവയുടെ പ്രത്യേകതകള്‍, വളര്‍ച്ചയുടെ രീതി, കാലം തുടങ്ങിയകാര്യങ്ങള്‍ ഇതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.ഇതോടെ ലോകം മുഴുവന്‍ പതുക്കെ മുളയുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാന്‍ തുടങ്ങുകയായിരുന്നു.
ചൈനയാണ് ലോകത്തില്‍ മുളയുല്‍പ്പാദനത്തില്‍ മുന്നില്‍. ജപ്പാനാണ് ഉപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യം. ഇന്ത്യ ഉല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനത്താണ്. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളില്‍ മുളയുടെ കഥ പറയുന്നുണ്ട്. കൗടില്യന്റെ അര്‍ഥശാസ്ത്രത്തിലും മുള പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.നമ്മുടെ രാജ്യത്ത് വിവിധയിടങ്ങളിലായി വസിക്കുന്ന ആദിവാസി ഗോത്രവിഭാഗങ്ങള്‍ മുളയെ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയാണ് കണക്കാക്കുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍മേഖലയിലെ ആദിവാസികള്‍ മുളകൊണ്ടുള്ള ഭാരം കുറഞ്ഞ വീടുകളുണ്ടാക്കിയാണ് താമസിക്കുന്നത്. ഇവ നിര്‍മിക്കാനും പുനര്‍നിര്‍മിക്കാനും ആവശ്യമെങ്കില്‍ പൊളിച്ചുമാറ്റാനും വളരെ എളുപ്പമാണ്. ഇക്കാലത്ത് ഇരുമ്പ്, ഇഷ്ടിക, സിമന്റ് തുടങ്ങിയവ ഉപയോഗിക്കുന്ന പോലെയാണ് ഈ മേഖലകളില്‍ ആദിവാസികള്‍ മുള ഉപയോഗിക്കുന്നത്. വീടിന്റെ ചട്ടം നിര്‍മ്മിക്കുന്നതിനു പുറമേ ഇവ നെയ്ത് ചെറ്റകള്‍ തീര്‍ക്കുന്നതിനും, കെണികള്‍, കത്തികള്‍, കുന്തം തുടങ്ങിയവ നിര്‍മ്മിക്കുന്നതിനും മുള ഉപയോഗിക്കുന്നു. മുളയുടെ ഒരു കഷണം മറ്റൊരു മുളക്കഷണത്തിന്റെ വിടവിലൂടെ ഉരസി തീയുണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു.
ഭക്ഷണം പാകം ചെയ്യുന്നതിനും മുള ഉപയോഗിക്കുന്നു. മുളയുടെ ഉള്ളില്‍ അരി നിക്ഷേപിച്ച് അത് തീയിലിട്ട് അരി വേവിക്കുന്നതും ഇവിടങ്ങളില്‍ പതിവാണ്. ഇളം മുളങ്കൂമ്പ് വേനല്‍ക്കാലത്ത് ഉണക്കി സൂക്ഷിക്കുകയും വര്‍ഷകാലത്ത് ഭക്ഷണമായി ഉപയോഗിക്കുകയും ചെയ്യുന്നവരും കുറവല്ല.
മുളയുടെ ശരീരം
പുല്ലിന്റെ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ് മുള. ഇതൊരു ഏകപുഷ്പിയാണ്. ഇതിലെ ഏറ്റവും വലിയ ഇനമായ ഭീമന്‍ മുളകള്‍ക്ക് 80അടിയോളം ഉയരമുണ്ടാകും. ഇതില്‍ ചില ഇനങ്ങള്‍ എല്ലാ വര്‍ഷവും പുഷ്പിക്കുമെങ്കിലും ചിലത് ആയുസ്സില്‍ ഒരിക്കല്‍ മാത്രമേ പുഷ്പിക്കാറുള്ളൂ. 1200-ലധികം ഇനം മുളകള്‍ ഉള്ളതായി കണക്കാക്കുന്നു. അതായത് വന്‍മരങ്ങളേക്കാള്‍ വലിപ്പുമുള്ളവമുതല്‍ കുഞ്ഞുചെടിയായി നില്‍ക്കന്നവവരെ ഇതില്‍ ഉള്‍പ്പെടുമെന്ന് ചുരുക്കം.നാലുമുതല്‍ 14 വര്‍ഷംവരെ എടുത്താണ് മുളകള്‍ വളര്‍ച്ച പൂര്‍ത്തീകരിക്കുന്നത്.
ഇളംപച്ച നിറത്തിലുള്ള ഇവയുടെ പൂക്കള്‍ വളരെ ചെറുതാണ്. മുളയുടെ ഫലത്തിന് ഗോതമ്പുമണിയോടാണ് കൂടുതല്‍ സാദൃശ്യം. പൂക്കുന്നതിനും രണ്ടുവര്‍ഷം മുമ്പ് തന്നെ മൂലകാണ്ഡത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതുമൂലം പുതുമുളകള്‍ നാമ്പിടാതിരിക്കുകയും ചെയ്യും. സാധാരണ ഒരു മുളയ്ക്ക്80 മീറ്റര്‍വരെ നീളവും 100 കിലോവരെ ഭാരവും കാണപ്പെടുന്നു. മുളയ്ക്ക് തായ് വേരുകളില്ല എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയില്‍ 120 ഇനം മുളകള്‍ ഉള്ളതായി കണക്കാക്കിയിട്ടുണ്ട്. കേരളത്തില്‍ ഇത് മുപ്പതെണ്ണത്തിനടുത്തുവരും.
2006-ല്‍ ഇന്ത്യയില്‍ നാഷണല്‍ ബാംബൂ കോര്‍പ്പറേഷന്‍ സ്ഥാപിച്ചു. സംസ്ഥാനത്ത് പീച്ചിയിലെ വനഗവേഷണ കേന്ദ്രമാണ് മുളയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിര്‍ദേശങ്ങളും പരിപാടികളും ആവിഷ്കരിക്കുന്നത്. വയനാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഉറവ് കേന്ദ്രം മുളയുല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ പേരുകേട്ട സ്ഥാപനമാണ്. കരകൗശലവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണ പരിശീലനവും ഇവിടെ ലഭിക്കുന്നു.
മുളയുടെ ഉപയോഗങ്ങള്‍
വലിയ പാലംമുതല്‍ ചെറുതും ശരാശരി വലുപ്പത്തിലുള്ളതുമായ പാര്‍പ്പിടങ്ങള്‍ വരെ മുളകള്‍കൊണ്ട് നിര്‍മിക്കാറുണ്ട്. കടലാസ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തുകൂടിയാണിത്. പന്തല്‍ വച്ചുകെട്ടിയുണ്ടാക്കുന്നതിനും, കോണ്‍ക്രീറ്റ് കെട്ടിടനിര്‍മാണത്തില്‍ താല്‍ക്കാലികമായ താങ്ങുകളായും ഇവ വ്യാപകമായി ഉപയോഗിക്കുന്നു. ഓടക്കുഴല്‍ നിര്‍മാണത്തിന് വിവിധതരം ഓടകള്‍ ഉപയോഗിക്കുന്നു. വട്ടി, കുട്ട,മുറം, വിവിധതരം മീന്‍പിടുത്ത ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് മുളകള്‍ എല്ലാസ്ഥലങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ മുളയുടെ തളിര് ഭക്ഷണമാണ്. ചിലയിടങ്ങളില്‍ മുളയുടെ കൂമ്പ് അച്ചാറിനും ഉപയോഗിക്കുന്നു.
വള്ളം ഊന്നുന്നതിന് മുളയുടെ കഴുക്കോല്‍ ഉപയോഗിക്കാറുണ്ട്. ആഴം കൂടിയ നദികളിലും, കായലിലും സഞ്ചരിക്കുന്ന വലിയ വള്ളങ്ങള്‍ വലിയ കഴുക്കോല്‍ വെള്ളത്തിനടിയില്‍ മണ്ണില്‍ ആഴ്ത്തി അതില്‍ പ്രയോഗിക്കുന്ന ബലംകൊണ്ടാണ് സഞ്ചരിക്കുന്നത്. സഞ്ചാരപാതയില്‍ ഇവയുടെ ഉപയോഗം വളരെക്കാലം മുമ്പേ തുടങ്ങിയതാണ്. മുളവര്‍ഗത്തില്‍പ്പെട്ട ഇല്ലി നാട്ടിന്‍ പുറങ്ങളില്‍ ഏണിയായി ഉപയോഗിക്കുന്നു. പ്രധാനമായും തെങ്ങുകയറ്റത്തിനായിരുന്നു ഇത്തരം കോണികള്‍ ഉപയോഗിച്ചിരുന്നത്. വന്യമൃഗങ്ങളില്‍നിന്ന് രക്ഷനേടാനും കൃഷിയുടെ സംരക്ഷണ ലക്ഷ്യംവച്ചും നിര്‍മിക്കുന്ന ഏറുമാടങ്ങള്‍ മുളകള്‍ വച്ചുകെട്ടിയാണ് നിര്‍മിക്കാറുള്ളത്. മുളയുടെ ഇളം തളിരിലകള്‍, മുട്ടുകള്‍, വേര് തുടങ്ങിയവയും ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. നമ്മുടെ നാട്ടില്‍ ആനകളുടെ ഇഷ്ട ഭക്ഷണമായി മുളയുടെ വിഭാഗത്തില്‍പ്പെട്ട ഈറ്റകള്‍ ധാരാളമായി ഉപയോഗിക്കുന്നു. അതുപോലെ ചൈനയില്‍ പാണ്ടകള്‍ ഭക്ഷണത്തിന് മുളം കൂമ്പുകളും ഇളം തണ്ടുകളും ഇലകളും ഉപയോഗിക്കുന്നു.
മുളയരി
വളരെ ഔഷധഗുണമുള്ള ഭക്ഷ്യവസ്തുവാണ് മുളയരിയെന്ന് വിലയിരുത്തപ്പെടുന്നു. മിക്കവാറും മുളകള്‍ ആയുസ്സില്‍ ഒരു തവണമാത്രമാണ് പൂക്കുക.പൂക്കാലം കഴിഞ്ഞുണ്ടാകുന്ന വിത്തുകള്‍ മുളയരിയായി കണക്കാക്കുന്നു. ഇവ ഏറെ ഔഷധപ്രാധാന്യമുള്ളതാണ്. അതോടൊപ്പം ഇത് പോഷകഗുണവും നല്‍കുന്നു.
നശിപ്പിക്കല്‍ തുടര്‍ക്കഥ
മുളകള്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കായി വന്‍തോതില്‍ വെട്ടി നശിപ്പിക്കുന്നതുമൂലം കാട്ടാനകള്‍ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നു. ആനകളുടെ ആവാസമേഖലയില്‍പോലും ഇവ നിഷ്ക്കരുണം മുറിച്ചുമാറ്റപ്പെടുകയാണ്. മുളകള്‍ പൂക്കുന്ന കാലം വരെയെങ്കിലും അവയുടെ ആയുസ്സ് നിലനിര്‍ത്തേണ്ടത് വന്യജീവികള്‍ക്കും മുളയുടെ വംശം നിലനിര്‍ത്തുവാനും വളരെ അത്യാവശ്യമാണ്.മുളകളെ ആശ്രയിച്ച് ജീവിച്ചുവന്നിരുന്ന ആദിവാസി ജനവിഭാഗങ്ങളും മുളയുടെ നാശത്തോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഫെംഗ്ഷൂയി വസ്തുക്കള്‍ കടകളില്‍ ലഭ്യമായി തുടങ്ങിയപ്പോള്‍ മുതല്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ആകര്‍ഷിക്കുന്ന ഇനമാണ് ചൈനീസ് മുള. ഇത് ഭാഗ്യ മുള അഥവാ “ലക്കി ബാംബൂ” എന്ന പേരിലാണ് ലഭിക്കുന്നത്.
ഭാഗ്യ മുള സമ്മാനമായി ലഭിക്കുന്നത് ഏറ്റവും നല്ല ഭാഗ്യാനുഭവങ്ങള്‍ കൊണ്ടുവരുമെന്നാണ് കരുതുന്നത്. എന്നുവച്ച് ഇത് വാങ്ങരുത് എന്ന് അര്‍ത്ഥമില്ല എന്നും വിദഗ്ധര്‍ പറയുന്നു. വാങ്ങുമ്പോള്‍ ഒരു സമ്മാനമായി സങ്കല്‍പ്പിക്കുന്നത് ഗുണഫലം കൂട്ടുമെന്നാണ് വിശ്വാസം.
ഓഫീസുകളിലും വീടുകളിലും ഒരുപോലെ സൂക്ഷിക്കാവുന്ന ഭാഗ്യ വസ്തുവാണ് ചൈനീസ് ഭാഗ്യ മുള. ഇത് ഉള്ള സ്ഥലത്ത് മാനസിക പിരിമുറുക്കം ലഘൂകരിക്കപ്പെടുമെന്നും നല്ല ഊര്‍ജ്ജ പ്രവാഹമുണ്ടാവുമെന്നുമാണ് വിശ്വാസം.
മുള പെട്ടെന്ന് നശിക്കാത്തതും എന്നാല്‍ വഴക്കം പ്രദര്‍ശിപ്പിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ ഇത് ഓഫീസിലോ വീട്ടിലോ സൂക്ഷിച്ചാല്‍ ഉന്നതിക്കും വിജയത്തിനും കാരണമാവും എന്നും വിശ്വാസമുണ്ട്. ഇത് ദുഷ്ട ശക്തികളില്‍ നിന്നും വീടിനെ സംരക്ഷിക്കുമെന്നും വിശ്വാസമുണ്ട്.
ചൈനീസ് മുള പരിപാലിക്കാനും എളുപ്പമാണ്. സൂര്യപ്രകാശം നേരിട്ട് വേണ്ടാത്തതിനാല്‍ വീടിന്‍റെ ഏതു മുറിയില്‍ വേണമെങ്കിലും വയ്ക്കാവുന്നതാണ്. പ്രത്യേകിച്ച് പരിചരണം ഒന്നും ആവശ്യമില്ല. പക്ഷേ, ആഴ്ചയില്‍ ഒരിക്കല്‍ ശുദ്ധജലം ഒഴിച്ചു കൊടുക്കാന്‍ മറക്കരുത്
മുള കൊണ്ട് എന്തൊക്കെ ഉണ്ടാക്കാം. എന്തും ഉണ്ടാക്കാമെന്നാണ് വയനാട്ടിലെ ഒരുകൂട്ടം കലാകാരികള്‍ പറയുന്നത്. കൊച്ചിയിലെ വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന വണ്ടര്‍ഗ്രാസ് മുളകരകൗശല മേളയിലാണ് മുളയില്‍ തീര്‍ത്ത വ്യത്യസ്ത കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ക്ലോക്കായും ലാംപ് ഷെയ്ഡായും പേനയായും ഒക്കെയുള്ള മുളയുടെ വേഷപ്പകര്‍ച്ചകള്‍ ഇവിടെ കാണാം. മുള കൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങളും പ്രദര്‍ശനത്തിനുണ്ട്. മാലകള്‍, കമ്മലുകള്‍, വളകള്‍, ബ്രേസ് ലൈറ്റുകള്‍ തുടങ്ങിയ ആഭരണങ്ങളിലെല്ലാം ഉപയോഗിച്ചിരിക്കുന്നത് പ്രകൃതിദത്ത നിറങ്ങളാണ്. മുപ്പതു രൂപ മുതലാണ് ആഭരണങ്ങളുടെ വില. പല വലിപ്പത്തിലും ആകൃതിയിലുമുളള ലാംപ് ഷെയ്ഡുകളാണ് മറ്റൊരാകര്‍ഷണം.
650 രൂപ മുതലാണ് ലാംപ് ഷെയ്ഡുകളുടെ വില. ഈറ്റയും ചണവും ഉപയോഗിച്ച് നിര്‍മ്മിച്ച സ്ലിങ് ബാഗുകള്‍, വാനിറ്റി ബാഗുകള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനുണ്ട്. പ്രിയപ്പെട്ടവര്‍ക്ക് സമ്മാനം നല്‍കാവുന്ന സ്‌പൈസസ് ബുക്ക് പ്രദര്‍ശനത്തിലെ സവിശേഷതയാണ്. മുളയില്‍ തീര്‍ത്ത പൂക്കളും പ്രദര്‍ശനത്തിനുണ്ട്. പാത്രങ്ങള്‍, പപ്പട കോല്‍, തവി തുടങ്ങിയ അടുക്കള ഉപകരണങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്.
മുള ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് കാണാനും മേളയില്‍ അവസരം ഒരുക്കിയിട്ടുണ്ട്. വയനാട്ടിലെ ഉറവ് സംഘടനയും കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയവും കരകൗശല വികസന കമ്മീഷനും ചേര്‍ന്നാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ഉറവിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 19 വനിതാസ്വാശ്രയ സംഘത്തിലെ അംഗങ്ങളാണ് വ്യത്യസ്ത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഗ്രാമവികസനം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരമൊരു മേള സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഉറവിലെ ക്രാഫ്റ്റ് വിഭാഗം കോ- ഓര്‍ഡിനേറ്റര്‍ സുരേന്ദ്രനാഥ് പറഞ്ഞു.
അവസാനം പരിഷ്കരിച്ചത് : 3/12/2020
അടുക്കളത്തോട്ടം ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
വിവിധ തരം എണ്ണകുരുക്കളെ കുറിച്ചുള്ള വിവരങ്ങൾ