অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അടുക്കളത്തോട്ട പരിപാലനം

അടുക്കളത്തോട്ട പരിപാലനം

ഔഷധ ഗുണങ്ങളുമായി ചിരങ്ങ

ചിരങ്ങ, ചുരക്ക, ചുരങ്ങ, ചെരവക്കായ എന്നിങ്ങനെയുള്ള പേരുകളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറിയപ്പെടുന്ന ഈ പച്ചക്കറി ഏറെ ഔഷധ ഗുണമുള്ളതാണ്. മത്തന്‍, വെള്ളരി എന്നിവയെപ്പോലെ വള്ളിയായി പടര്‍ന്നാണ് ചിരങ്ങ വളരുക. ചിരങ്ങ താളിച്ചു വയ്ക്കുന്നത് ഒരുകാലത്ത് മലയാളിയുടെ പ്രധാന കറികളിലൊന്നായിരുന്നു. എന്നാല്‍ പുതുതലമുറയ്ക്ക് ചിരങ്ങയെക്കുറിച്ച് വലിയ ധാരണയില്ല. ഫെബ്രുവരി, മാര്‍ച്ച്, മെയ് മാസങ്ങളാണ് ചിരങ്ങ നടാന്‍ അനുയോജ്യം. വിറ്റാമിന്‍ സി,ബി3, കാല്‍സ്യം, അയണ്‍ എന്നിവ ധാരാളം ചിരങ്ങയില്‍ അടങ്ങിയിട്ടുണ്ട്.

നടുന്ന രീതി

മണ്ണ് കൊത്തിയിളക്കി ജൈവവളങ്ങായ എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, എന്നിവ മണ്ണില്‍ കൂട്ടിയിളക്കി ഒരടി ഉയരത്തില്‍ തടങ്ങളെടുത്ത് രണ്ടോ മൂന്നോ വിത്തുകള്‍ പാവുക. ചെടികള്‍ പടര്‍ന്ന് വള്ളി വീശുമ്പോള്‍ പന്തലിട്ടു കൊടുക്കുന്നത് നല്ലതാണ്. മണ്ണിവൂടെയും ചിരങ്ങയുടെ വള്ളികള്‍ വളരും. മരത്തില്‍ വള്ളി കയറ്റിയും വളര്‍ത്താം. നട്ട് 45-50 ദിവസങ്ങള്‍ കൊണ്ടു തന്നെ ചിരങ്ങ പൂവിടും. കായ് മൂപ്പെത്തുന്നതിന് മുന്‍പ് ഇളം പരുവത്തില്‍ പറിച്ചു കറിവയ്ക്കുന്നതാണ് നല്ലത്. പ്രമേഹമുള്ളവര്‍ക്ക് ഏറെ നല്ലതാണ് ചിരങ്ങ വിഭവങ്ങള്‍. ഗ്രോ ബാഗിലും ടെറസിലും ചിരങ്ങ വളര്‍ത്താം. ടെറസില്‍ വള്ളികളായി പടര്‍ത്തിയാല്‍ വീടിന് നല്ല തണുപ്പും ലഭിക്കും.

പരിചരണം

വലിയ തോതിലുള്ള കീടബാധയൊന്നും ചിരങ്ങയെ സാധാരണ ബാധിക്കാറില്ല. ഇലകളില്‍ ബാധിക്കുന്ന കീടങ്ങളെ വേപ്പെണ്ണ മിശ്രിതം, വെളുത്തുള്ളി കഷായം തുടങ്ങിയ ഉപയോഗിച്ച് നേരിടാം. ഇടയ്ക്ക് പച്ചച്ചാണകം വെള്ളത്തില്‍ കലക്കി ഒഴിച്ചു കൊടുക്കുന്നത് വളര്‍ച്ച എളുപ്പത്തിലാക്കും.

തക്കാളിച്ചെടിയെ സംരക്ഷിക്കാം

അടുക്കളത്തോട്ടിലെ പ്രധാന ഇനമാണ് തക്കാളി. നമ്മള്‍ തയാറാക്കുന്ന മിക്ക കറികളിലും തക്കാളി ഉപയോഗിക്കുന്നുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന തക്കാളികളില്‍ മാരകമായ തോതിലാണ് രാസകീടനാശിനികള്‍ പ്രയോഗിച്ചിട്ടുള്ളത്. ഇതിനാല്‍ മൂന്നോ നാലോ ചുവട് തക്കാളി അടുക്കളത്തോട്ടത്തില്‍ വിളയിച്ചാല്‍ വിഷമില്ലാത്ത കറികള്‍ കഴിക്കാം. നിമ വിരകളുടെ ആക്രമണമാണ് തക്കാളി കൃഷി ചെയ്യുന്നവരെ ബുദ്ധിമുട്ടിലാക്കുന്ന പ്രധാന കാര്യം. തക്കാളിയുടെ വേരിനെ ആക്രമിക്കുന്ന നിമ വിരകള്‍ നീരൂറ്റിക്കുടിക്കും. വേരിന് ക്ഷതമേറ്റ് ഒടുവില്‍ ചെടി നശിച്ചു പോകുന്നു. തക്കാളി ചെടിയുടെ വേരിനെ ആക്രമിക്കുന്ന നിമ വിരയെ തുരത്താനുള്ള മാര്‍ഗങ്ങളിതാ.

1.
തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുക

തക്കാളിയുടെ വേരുകളെ നിമ വിരകള്‍ ആക്രമിക്കാതിരിക്കാന്‍ നല്ലൊരു മാര്‍ഗമാണിത്. തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക് വിതറുന്നത് നിമ വിരകളെ തുരത്താന്‍ സാധിക്കും. തക്കാളി ചെടിക്ക് മറ്റു കീടങ്ങളില്‍ നിന്നു പ്രതിരോധ ശക്തി ലഭിക്കാനും വേപ്പിന്‍ പിണ്ണാക്ക് വിതറുന്നത് നല്ലതാണ്.

2. ഉമിയും പച്ച ചാണകവും

ഉമിയും പച്ചച്ചാണകവും ചേര്‍ത്ത് തടത്തില്‍ വിതറുന്നതും നിമ വിരകളെ അകറ്റാന്‍ സഹായിക്കും. നല്ല വളം കൂടിയാണ് പച്ചച്ചാണകം. കായ്കള്‍ ആരോഗ്യത്തോടെ വളരാനുമിത് സഹായിക്കും.

3. കമ്മ്യൂണിസ്റ്റ് പച്ച, കരിനെച്ചി

കമ്മ്യൂണിസ്റ്റ് പച്ച, കരിനെച്ചി എന്നിവയുടെ ഇലകള്‍ തക്കാളി ചെടിയുടെ ചുവട്ടില്‍ വിതറുക. ഇലകള്‍ ചീഞ്ഞ് വളമാകുന്നതിനൊപ്പം നിമ വിരകളെയും തുരത്തിക്കൊള്ളും.

വേനല്‍ച്ചൂടകറ്റാന്‍ തണ്ണിമത്തന്‍

വേനല്‍ക്കാലത്ത് നമ്മുടെ നാട്ടില്‍ ധാരാളമായി ലഭിക്കുന്ന വെള്ളരി വര്‍ഗത്തില്‍പ്പെട്ട വിളയാണ് തണ്ണിമത്തന്‍. വത്തക്ക, കുമ്മട്ടി എന്നീ പേരുകളിലും കേരളത്തില്‍ തണ്ണിമത്തന്‍ അറിയപ്പെടുന്നു. 96% ജലാംശമുള്ള ഇതിന്റെ കായ്കളില്‍ മറ്റുവെള്ളരി വര്‍ഗവിളകളെ അപേക്ഷിച്ച് കൂടുതല്‍ ഇരുമ്പ് സത്തും പഞ്ചസാരയും അടങ്ങിയിരിക്കുന്നു. കാല്‍സ്യം, ജീവകങ്ങള്‍ എന്നിവയും തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തണ്ണിമത്തനില്‍ വലിയ തോതില്‍ കീടനാശിനി പ്രയോഗം നടത്തിയിട്ടുണ്ട്. നമ്മുടെ അടുക്കളത്തോട്ടത്തില്‍ മൂന്നോ നാലോ തണ്ണിമത്തന്‍ നട്ടാല്‍ വേനല്‍കടുക്കുമ്പോള്‍ പറിച്ചെടുത്ത് കഴിക്കാം. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന തുറസ്സായ സ്ഥലം വേണം കൃഷിക്കായി തെരഞ്ഞെടുക്കാന്‍. ടെറസില്‍ ഗ്രോബാഗിലും തള്ളിമത്തന്‍ നടാം.

നടുന്ന രീതി

നന്നായി വിളഞ്ഞു പഴുത്ത കായ്കളില്‍ നിന്നെടുത്ത വിത്ത് വേണം നടാന്‍ ഉപയോഗിക്കാം. ഷുഗര്‍ ബേബി എന്ന ഇനമാണ് കേരളത്തില്‍ നടാന്‍ അനുയോജ്യം. കളകള്‍ ചെത്തി മാറ്റി കിളച്ച് പരുവപ്പെടുത്തിയ സ്ഥലത്ത് മൂന്ന് മീറ്റര്‍ അകലത്തായി രണ്ട് മീറ്റര്‍ ഇടവിട്ട് കുഴിയെടുത്താണ് വിത്ത് നടേണ്ടത്. 60 സെ.മി. നീളവും 60 സെ.മീ.വീതിയും 45 സെ.മീ. താഴ്ചയുള്ള കുഴികളെടുത്ത്. മേല്‍ മണ്ണും അടി വളവും ചേര്‍ത്ത് കുഴി മൂടണം. ഒരു കുഴിയില്‍ നാലോ അഞ്ചോ വിത്തുകള്‍ പാകി അവ മുളച്ചു വരുമ്പോള്‍ ആരോഗ്യമുള്ള മൂന്ന് തൈകള്‍ മാത്രം നിറുത്തി ബാക്കിയുള്ളവ പറിച്ചു കളയാം. തൈകള്‍ പറിച്ചെടുത്ത് ഗ്രോബാഗിലും നടാം. തടത്തില്‍ വിത്തിടുന്നതിന് മുന്‍പ് അടിവളമായി മൂന്നു കിലോഗ്രാം ചാണകവും ചേര്‍ത്ത്, മണ്ണിളക്കിയതിനു ശേഷം തടം മൂടണം. ഇതോടൊപ്പം അര കിലോ വേപ്പിന്‍ പിണ്ണാക്ക് കൂടി ചേര്‍ക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. വിത്ത് മുളച്ച് മൂന്നു നാല് ഇല മുളയ്ക്കുമ്പോള്‍ 3 കിലോഗ്രാം മണ്ണിര കമ്പോസ്‌റും 100 ഗ്രാം കടലപ്പിണ്ണാക്കും മേല്‍വളമായി ചേര്‍ക്കാം. ഒരു മാസത്തിനകം ചെടികള്‍ വള്ളി വീശി തുടങ്ങും. ഈ സമയത്ത് മണ്ണിര കമ്പോസ്റ്റ് ചേര്‍ത്ത് മണ്ണ് ഇളക്കി കൊടുക്കുന്നത് നല്ലതാണ്. ആദ്യസമയത്ത് രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നനച്ചു കൊടുക്കണം. മണ്ണില്‍ ഈര്‍പ്പം കൂടാതെ നോക്കണം, ഈര്‍പ്പം കൂടിയാല്‍ കായ പൊട്ടാനും മധുരം കുറയാനും കാരണമാകും.

കീടങ്ങളെ തുരത്താം

തണ്ണിമത്തന് നമ്മുടെ നാട്ടില്‍ താരതമേന്യ കീടങ്ങളും രോഗങ്ങലും കുറവാണ്. എന്നാല്‍ വെളളരിവര്‍ഗ്ഗ വിളകളെ ആക്രമിക്കുന്ന മത്തന്‍ വണ്ട്, കായീച്ച എന്നിവ വളരെ വിരളമായി തണ്ണിമത്തനേയും ആക്രമിക്കാറുണ്ട്. ചെറിയ കായകളുടെ പുറത്തുളള രോമങ്ങള്‍ ഒരു പരിധിവരെ കായീച്ചകളെ അകറ്റുന്നു. ആക്രമണം രൂക്ഷമാക്കുക ആണെങ്കില്‍ കാര്‍ബറില്‍ നാലു ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിച്ച് മത്തന്‍ വണ്ടുകളേയും പഴക്കെണി ഉപയോഗിച്ച് കായീച്ചകളേയും നിയന്ത്രിക്കാം. ഒന്നരമാസമാകുമ്പോഴേക്കും കായ്കള്‍ പറിക്കാന്‍ പാകമാകും. വിളവെടുക്കാറായ കായകളോട് സമീപത്തുള്ള വള്ളികള്‍ വാടിത്തുടങ്ങിയാല്‍ പാകമായെന്ന് മനസിലാക്കാം

കണി കാണാനും കറിവെയ്ക്കാനും വെള്ളരി നടാം

വിഷുവിന് കണികാണാന്‍ വെള്ളരി നടാനുള്ള സമയമാണിത്. കര്‍ഷകരെല്ലാം കണിവെള്ളരിക്കൃഷി തുടങ്ങാനുള്ള തയാറെടുപ്പിലാണ്. നമ്മുടെ അടുക്കളത്തോട്ടത്തിലും കണിവെള്ളരി നടാം. രണ്ടുമാസത്തിനകം വിളവെടുക്കാന്‍ കഴിയുന്നതാണ് കണിവെള്ളരിയുടെ പ്രത്യേകത. ഇപ്പോള്‍ കൃഷി ചെയ്താല്‍ ഏപ്രില്‍ ആദ്യ വാരം തന്നെ കണിവെള്ളരി വിളവെടുപ്പു നടത്താം. സ്വന്തം അടുക്കളത്തോട്ടതില്‍ നിന്നു വിളവെടുത്ത വെള്ളരി ഉപയോഗിച്ച് കണിയൊരുക്കി ഐശ്വര്യപൂര്‍ണായൊരു പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത് സന്തോഷമുള്ള കാര്യമാണ്.

നടുന്ന രീതി

മുടിക്കോട് ലോക്കല്‍, സൗഭാഗ്യ, അരുണിമ എന്നിവയാണ് കേരളത്തില്‍ പ്രധാനമായും നടുന്ന കണിവെള്ളരി ഇനങ്ങള്‍. ജനുവരി അവസാന വാരമോ ഫെബ്രുവരി ആദ്യമോ വേണം കണിവെള്ളരി കൃഷി ആരംഭിക്കാന്‍. ഒരു സെന്റ് സ്ഥലത്ത് കൃഷി ചെയ്യാന്‍ മൂന്നു ഗ്രാം വിത്താണ് വേണ്ടത്. നടുന്ന വരികള്‍ തമ്മില്‍ രണ്ടു മീറ്ററും തടങ്ങള്‍തമ്മില്‍ 1.5 മീറ്ററും അകലം നല്‍കണം. 60 സെമി വ്യാസവും 45 സെമി ആഴവുമുള്ള തടങ്ങളില്‍ ഉണ്ടാക്കി ഇതില്‍ ചവറിട്ട് കത്തിക്കുന്നതും ഗുണം ചെയ്യും. 10 കിലോഗ്രാം ചാണകപ്പൊടിയും ഒരു കിലോ വേപ്പിന്‍ പിണ്ണാക്കും മേല്‍ മണ്ണും ചേര്‍ത്ത് തടത്തില്‍ അഞ്ച് വിത്ത് വീതം നടാം. അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗില്‍ നടുമ്പോഴും ഇതേ അളവില്‍ മിശ്രിതം ചേര്‍ത്താല്‍ മതി. വിത്തുകള്‍ മുളച്ച് കഴിഞ്ഞാല്‍ ആരോഗ്യമുള്ള മൂന്ന് തൈകള്‍ മാത്രം നിലനിര്‍ത്തുക, ബാക്കി പറിച്ചു കളയാം. തുടര്‍ന്ന് വള്ളി വീശുമ്പോഴും പൂവിടുന്ന സമയത്തും പച്ചച്ചാണകം കടലപ്പിണ്ണാക്ക് ചേര്‍ക്ക് പുളിപ്പിച്ച് ഒഴിച്ചു കൊടുക്കുന്നത് കായ്കള്‍ നന്നായി ഉണ്ടാകാന്‍ സഹായിക്കും. മൂന്നു ദിവസം ഇടവിട്ട് നനയ്ക്കാന്‍ മറക്കരുത്. വള്ളി വീശി പടരാന്‍ തുടങ്ങിയാല്‍ പുതയിടുന്നത് പൂക്കളും കായ്കളും വാടിപ്പോകുന്നത് തടയും.

പരിചരണം

കായീച്ചകളാണ് വെള്ളരിയുടെ പ്രധാന ശത്രുക്കള്‍. ജൈവരീതിയില്‍ കെണിയൊരുക്കി ഇവയെ നശിപ്പിക്കാം. ഇലകള്‍ നരച്ചു പൊകുന്ന രോഗവും ചിലപ്പോള്‍ ബാധിക്കാറുണ്ട്. സുഡോമോണാസ് സ്േ്രപ ചെയ്താല്‍ നരപ്പ് രോഗം ഇല്ലാതാകും. രുചികരമായ വിഭവങ്ങള്‍ തയാറാക്കുന്നതിനോടൊപ്പം സാലഡുകള്‍ ഉണ്ടാക്കാനും സൗന്ദര്യ സംരക്ഷണത്തിനും വെള്ളരി ഉപയോഗിക്കാം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും മലബന്ധം അകറ്റാനും വെള്ളരി സഹായിക്കും. വെള്ളരി വട്ടത്തില്‍ അരിഞ്ഞ് കണ്ണിനു ചുറ്റും വയ്ക്കുന്നതും നല്ലതാണ്. കണ്ണിന് കുളിര്‍മ നല്‍കാനും തടത്തിലെ കറുപ്പ് അകറ്റാനും ഇത് സഹായിക്കും

കറിവേപ്പ് നന്നായി വളരാനുള്ള പൊടിക്കൈകള്‍

അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ ആദ്യം നടേണ്ട വിളയാണ് കറിവേപ്പ്. ഏതു കറിവച്ചാലും അതിനു മുകളില്‍ കറിവേപ്പിലകള്‍ വിതറുന്നത് മലയാളികളുടെ ശീലമാണ്. നിരവധി ഔഷധ ഗുണങ്ങളുള്ള വിളാണിത്. എന്നാല്‍ പലപ്പോഴും കറിവേപ്പില്‍ ഇലകള്‍ നല്ല പോലെ വളരാറില്ല. കീടങ്ങളുടെ ആക്രമണവും വളമില്ലായ്മയും ഇതിനു കാരണമാണ്. കറിവേപ്പ് നന്നായി വളരാനുള്ള ചില മാര്‍ഗങ്ങളിതാ.

നാടന്‍ പ്രയോഗങ്ങള്‍

കറിവേപ്പിലകള്‍ നന്നായി വളരാന്‍ പണ്ടു മുതലേ ചില പൊടിക്കൈകള്‍ ഉപയോഗിക്കാറുണ്ട്. പുളിച്ച കഞ്ഞി വെള്ളം രണ്ട് ഇരട്ടി വെളളം ചേര്‍ത്ത് കറിവേപ്പ് ഇലകളില്‍ [രണ്ട് വശവും] തളിക്കുന്നത് കീടങ്ങളുടെ ആക്രമണം ഇല്ലാതാകാന്‍ സഹായിക്കും. വീട്ടിലുള്ള കഞ്ഞിവെള്ളം കളയാതെ കറിവേപ്പിന് ഒഴിച്ചു കൊടുത്താല്‍ മതി. ചെടിയുടെ ചുവട്ടില്‍ പതിവായി കഞ്ഞിവെള്ളം ഒഴിച്ചു കൊടുക്കുന്നത് നല്ല പുഷ്ടിയുള്ള തളിര്‍ ഇലകള്‍ ഉണ്ടാകാന്‍ സഹായിക്കും.പുളിച്ച കഞ്ഞിവെള്ളത്തിന്റെ മണം കീടങ്ങളെ അകറ്റാം. ചെടിയുടെ ചുവട്ടില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. എന്നാല്‍ വെള്ളം കെട്ടിക്കിടക്കാന്‍ സമ്മതിക്കരുത്. ഇലകള്‍ പറിച്ചെടുക്കുമ്പോഴും ശ്രദ്ധിക്കണം. ഇലകള്‍ മാത്രമായി പറിച്ചെടുക്കാതെ ചെറു ശിഖരങ്ങള്‍ വേണം മുറിച്ചെടുക്കാന്‍. ശിഖരങ്ങള്‍ മുറിച്ചെടുക്കുന്നത് ചെടിയുടെ വേഗത്തിലാക്കും. ഒരു ശിഖരം മുറിച്ചെടുക്കുമ്പോള്‍ പുതിയ മൂന്നോ നാലോ ശിഖരങ്ങള്‍ വളര്‍ന്നുവരും. ചെടി വലിയ ഉയരത്തില്‍ വളരാതെ നില്‍ക്കാനുമിത് സഹായിക്കും. ചാണകപ്പൊടി, ചകിരിച്ചോറ്, പച്ചില കമ്പോസ്റ്റ് എന്നിവയും ഇടയ്ക്ക് നല്‍കണം. പച്ചച്ചാണകം-കടലപ്പിണ്ണാക്ക് എന്നിവ ചേര്‍ത്തു തയാറാക്കിയ കുഴമ്പ് ഇടയ്ക്ക് വേരിന് ചുറ്റും ഒഴിച്ചു കൊടുക്കുന്നത് ഇലകള്‍ നന്നായി വളരാന്‍ സഹായിക്കും. ഈര്‍പ്പം നിലനില്‍ക്കാന്‍ പുതുയിടുകയും വേണം

അടുക്കളത്തോട്ടത്തിന്റെ അതിരുകാക്കാന്‍ ശീമപ്ലാവ്

അടുക്കളത്തോട്ടത്തിന്റെ അതിരില്‍ നടാന്‍ പറ്റിയ ഇനമാണ് ശീമപ്ലാവ് അഥവാ കടപ്ലാവ്. ഈ രണ്ടു പേരുകളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ചെടി അറിയപ്പെടുന്നു. ശീമ എന്നാണ് അതിര് എന്നാണര്‍ത്ഥം, അതിരില്‍ നടന്നു പ്ലാവ് എന്നര്‍ഥത്തില്‍ ശീമ പ്ലാവ് എന്നറിയപ്പെടുന്നു. ചക്ക പോലെയുള്ള കായാണ് ഭക്ഷ്യയോഗ്യമായ വിഭവം. കടച്ചക്ക, ശീമചക്ക എന്നീ പേരുകളില്‍ ഇതറിയപ്പെടുന്നു. രുചികരമായ നിരവധി വിഭവങ്ങള്‍ കടച്ചക്ക കൊണ്ടു തയാറാക്കാം. അന്നജം, വിറ്റാമിന്‍ എ-സി എന്നിവ ധാരാളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഏകദേശം 25 മീറ്റര്‍ വരെ ഉയരത്തില്‍ ശീമപ്ലാവ് വളരുന്നു. ഇലകള്‍ വലിപ്പമേറിയതും കട്ടികൂടിയതുമാണ്. വൃക്ഷത്തിന്റെ എല്ലാ ഭാഗങ്ങളും പാല്‍ നിറത്തിലുള്ള കറ പുറപ്പെടുവിക്കും. പണ്ടു കാലത്ത് നമ്മുടെ നാട്ടില്‍ സുലഭമായിരുന്നു ശീമച്ചക്ക. എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് ഇത് അന്യമാണ്. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് ശീമച്ചക്കൊണ്ടുള്ള വിഭവങ്ങള്‍ നല്ലതാണ്. ശീമച്ചക്കകൊണ്ടു തയാറാക്കുന്ന മസാലക്കറി കേരളത്തിന്റെ തനതു വിഭവമാണ്.മുതിരയും ശീമച്ചക്കയും ചേര്‍ത്തുള്ള തോരനും ഏറെ പോഷകസമ്പുഷ്ടവും രുചികരവുമാണ്.

ശീമപ്ലാവിന്റെ വേര് മുറിച്ച് കിളിര്‍പ്പിച്ചും ചെറു ശിഖരങ്ങളില്‍ പതിവച്ചും ഇവയുടെ വംശവര്‍ദ്ധന നടത്താവുന്നതാണ്. മരത്തിന്റെ സമീപത്തുള്ള ചെറിയ വേരുകള്‍ മുറിച്ച് മണല്‍, മണ്ണ്, ചാണകപ്പൊടി എന്നിവ കലര്‍ത്തിയ മിശ്രിതങ്ങളില്‍ വച്ച് പുതിയ തൈകള്‍ കിളിര്‍പ്പിക്കാം. ഒരു മീറ്റര്‍ നീളത്തിലും വീതിയിലും ആഴത്തിലുമുള്ള കുഴികളില്‍ മണ്ണ്, ചാണകപ്പൊടി എന്നിവ കലര്‍ത്തിയാണ് ശീമപ്ലാവിന്റെ തൈകള്‍ നടുന്നത്. തൈകള്‍ നട്ട് മൂന്ന് നാല് വര്‍ഷമാകുന്നതോടേ കായ്ച്ചുതുടങ്ങും. മാര്‍ച്ച് – ഏപ്രില്‍, സെപ്റ്റംബര്‍ – ഒക്ടോബര്‍ എന്നിങ്ങനെ രണ്ട് സീസണുകളിലായാണ് വിളവ് ലഭിക്കുക.

നമ്മുടെ മുറ്റത്തും മുന്തരി വിളയും, പഴത്തോടൊപ്പം ചൂടിനും ശമനം നല്‍കും മുന്തിരി വള്ളികള്‍

തണുപ്പുള്ള കാലാവസ്ഥയിലാണ് സാധാരണ മുന്തിരി വളരുക, എന്നാല്‍ കേരളത്തിലെ വീട്ടുമുറ്റങ്ങളിലും ടെറസിലും ഇപ്പോള്‍ പലരും മുന്തിരി വളര്‍ത്തുന്നുണ്ട്. സ്വാദിഷ്ടമായ മുന്തിരി ലഭിക്കുന്നതിനോടൊപ്പം ചൂടില്‍ നിന്നുള്ള ശമനവും മുന്തിരി വള്ളികള്‍ നല്‍കുന്നു. ഒന്നോ രണ്ടോ മുന്തിരിത്തൈകള്‍ നട്ടുവളര്‍ത്തിയാല്‍ മുറ്റത്തോ ടെറസ്സിലോ നിര്‍മിച്ച പന്തലില്‍ കയറ്റിവളര്‍ത്തി ചൂട് ശമിപ്പിക്കാം. മുന്തിരി നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരിപാലനവും എങ്ങിനെയെന്നു നോക്കൂ.

8000 ത്തില്‍പ്പരം ഇനങ്ങള്‍

ലോകത്ത് 8000-ത്തില്‍പ്പരം മുന്തിരിയിനങ്ങള്‍ കാണപ്പെടുന്നുണ്ടത്രേ. അനാബെഷാഹി, ബാംഗ്ലൂര്‍ പര്‍പ്പിള്‍, ബോഖ്റി, ഗുലാബി, കാളി സാഹേബി, തോംസണ്‍ സീഡ്ലസ് തുടങ്ങിയവയാണ് നമ്മുടെ നാട്ടില്‍ പ്രധാനമായും കൃഷി ചെയ്യുന്നത്. ശരദ് സീഡ്ലസ് എന്ന ഇനം മുന്തിരി 110 ദിവസം കൊണ്ട് പഴുത്ത് പാകമാകും. മാംസളവും മണവുമുള്ള ഈ ഇനം ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ഏറെ പ്രചാരത്തിലായി വരുന്നു. മുന്‍ കൃഷി മന്ത്രി ശരദ് പവാര്‍ മുന്തിരിക്കൃഷിക്ക് നല്‍കിയപ്രോത്സാഹനത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പേരാണ് ഈ ഇനത്തിന് നല്‍കിയിരിക്കുന്നത്. പാലക്കാട് മുതലമടയിലാണ് കേരളത്തില്‍ വന്‍ തോതില്‍ മുന്തിരി കൃഷി ചെയ്യുന്നത്.

നമ്മുടെ മുറ്റത്ത് വിളയും ബാംഗ്ലര്‍ പര്‍പ്പിള്‍

കേരളത്തില്‍ വീട്ടുമുറ്റത്ത് കൃഷിചെയ്യാന്‍ അനുയോജ്യമായത് ബാംഗ്ലൂര്‍ പര്‍പ്പിള്‍ എന്നറിയപ്പെടുന്ന ഇനമാണ്. തമിഴ്നാട്ടില്‍ ഇതിനെ ചാണദ്രാക്ഷയെന്നും അറിയപ്പെടുന്നു. ഇടത്തരം കുലകള്‍, നീലിമ കലര്‍ന്ന കറുപ്പുനിറം, ഉരുണ്ട വിത്തും കട്ടിയുള്ള തൊലിയും മാംസളമായ ഉള്ള് ഒന്നിച്ച് പാകമാകുന്ന സ്വഭാവം ഇതൊക്കെയുണ്ടെങ്കിലും മറ്റിനങ്ങളെക്കാള്‍ മധുരം അല്‍പ്പം പിറകോട്ടാണ്. പഴത്തിനും ജ്യൂസിനും ഉപയോഗിക്കാം. മിതമായ ചൂടും തണപ്പും അനുഭവപ്പെടുന്ന നമ്മുടെ കാലാവസ്ഥയ്ക്ക് പറ്റിയ ഇനമാണിത്.

മുന്തിരി വള്ളി നടുന്ന രീതി

മുന്തിരി എല്ലാകാലത്തും നടാം. നല്ല വെയില്‍കിട്ടുന്ന സ്ഥലം വേണം തെരഞ്ഞടുക്കാന്‍. മണ്ണ് ഏതുമായിക്കൊള്ളട്ടെ രണ്ടരയടി ചതുരുത്തിലും ആഴത്തിലും ടെറസിന് ചേര്‍ന്നോ മുറ്റത്തോ കുഴിയെടുക്കാം. അതില്‍ രണ്ടുഭാഗം മണലും ഒരുഭാഗം ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ്റ്റോ മണ്ണിരവളമോ നിറച്ച് 100 ഗ്രാം കുമ്മായവും ചേര്‍ത്ത് അഞ്ച് ദിവസം വെള്ളമൊഴിച്ച് മണ്ണ് കുതിര്‍ക്കണം. നഴ്സറികളില്‍ നിന്നും വാങ്ങുന്ന കരുത്തുറ്റ ഒരടി പൊക്കമുള്ള ഒരു പൊടിപ്പ് മാത്രം നിലനിര്‍ത്തി വേരുകള്‍ക്ക് ക്ഷതമേല്‍ക്കാതെ കുഴിയുടെ മധ്യേ നട്ടതിന് ശേഷം താങ്ങുകമ്പ് നാട്ടണം. മിതമായി ദിവസവും നനയ്ക്കുകയും വേണം. ടെറസ്സിലാണ് പന്തലൊരുക്കുന്നതെങ്കില്‍ ടെറസില്‍ നിന്ന് ആറടി ഉയരം വരെ വള്ളിവളര്‍ത്തിക്കൊണ്ടുവരണം. മുറ്റത്താണെങ്കില്‍ ബലമുള്ള തൂണുകള്‍ നാട്ടി പന്തലാക്കി പന്തലില്‍ വള്ളിതൊടുമ്പോള്‍ തലപ്പ് നുള്ളിവിടുക. ഇങ്ങനെ നുള്ളി വിടുന്ന തലപ്പുകള്‍ കൂടുതല്‍ വള്ളികളായി പന്തലിലേക്ക് കയറും. പരിചരണത്തിനും കായ് പറിക്കുന്നതിനും വേണ്ടിയാണ് പന്തല്‍ ആറടി ഉയരത്തില്‍ ക്രമീകരിക്കുന്നത്.

വേനല്‍ക്കാല പച്ചക്കറികള്‍ നടാം

കേരളത്തില്‍ വേനല്‍ക്കാല പച്ചക്കറികള്‍ നടുന്ന സമയമാണിപ്പോള്‍. വിഷുവിന് കണി കാണാന്‍ വെള്ളരി മുതല്‍ കറിവയ്ക്കാന്‍ പടവലം വരെ നടാനേവരും തയാറെടുത്തു തുടങ്ങി. അടുക്കളത്തോട്ടത്തിലും പച്ചക്കറി കൃഷി ചെയ്യാന്‍ ഒരുങ്ങിക്കോളൂ… വിഷമില്ലാത്ത വിഷു സദ്യ കുടുംബത്തോടൊപ്പം കഴിക്കാം.

വേനല്‍ക്കാലത്തെ താരങ്ങള്‍

വെള്ളരി തന്നെയാണ് വേനല്‍ക്കാലത്ത് പച്ചക്കറികളിലെ സൂപ്പര്‍ സ്റ്റാര്‍. ധാരാളം ജലാംശമുള്ളതു കൊണ്ട് വെള്ളരി ചൂടുകാലത്ത് കഴിക്കുന്നത് നല്ലതാണ്. വിഷുവിന് കണിയൊരുക്കാനും വെള്ളരി വേണം. സ്വന്തമായി നട്ടുവളര്‍ത്തിയ കണിവെള്ളരി കണ്ടു പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് മനസിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. പയര്‍, വെണ്ട, തക്കാളി, മുളക്, വഴുതന, പാവല്‍, പടവലം, ചീര തുടങ്ങി മിക്ക വിളകളും ഇപ്പോള്‍ നടാം. തണ്ണിമത്തനാണ് മറ്റൊരു പ്രധാന ഇനം. തണ്ണിമത്തന്റെ കുരുനട്ടാല്‍ നല്ല പോലെ വിളവ് ലഭിക്കും. വേനല്‍ക്കാലത്ത് ദാഹം മാറ്റാനും ശരീരത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനുമിതു നല്ലതാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തണ്ണിമത്തനില്‍ നിരവധി രാസവസ്തുക്കളാണ് ചേര്‍ക്കുന്നത്. നനയ്ക്കാനുള്ള സൗകര്യം മുന്‍കൂട്ടി കണ്ടാവണം അടുക്കളത്തോട്ടത്തില്‍ പുതിയ വിളകള്‍ നടേണ്ടത്.

വിത്ത് തെരഞ്ഞെടുക്കുമ്പോള്‍

കലര്‍പ്പില്ലാത്ത വിത്താവണം നടാന്‍ ഉപയോഗിക്കേണ്ടത്. പലയിനങ്ങളും ഒരേസ്ഥലത്ത് കൃഷിചെയ്യുമ്പോള്‍ മറ്റിനങ്ങളുടെ കലര്‍പ്പുണ്ടാകം. രോഗകീടബാധ ഇല്ലാത്ത വിത്ത് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. കായ്കള്‍ ശരിയായി മൂത്തുപഴുത്ത ശേഷമുള്ളവയില്‍ നിന്നു വേണം വിത്തെടുക്കാന്‍. തക്കാളി, മുളക്, വഴുതന എന്നിവയുടെ കായ്കള്‍ നന്നായി പഴുത്ത ശേഷമേ വിത്തെടുക്കാവൂ. പാവല്‍- പടവലം എന്നിവയുടെ മുക്കാല്‍ഭാഗം പഴുത്താല്‍ വിത്തിനായെടുക്കാം.
വെള്ളരി- കുമ്പളം-എന്നിവയുടെ കായ്കള്‍ പഴുത്ത് ഞെട്ട് വാടി ഉണങ്ങിയ ശേഷമാണ് വിത്തെടുക്കേണ്ടത്.
കായ് ഉണങ്ങിയശേഷമാണ് പയര്‍-വെണ്ട എന്നിവയുടെ വിത്ത് എടുക്കേണ്ടത്.

നടേണ്ട രീതി

നേരിട്ടും മുളപ്പിച്ചുമാണ് പച്ചക്കറി വിത്തുകള്‍ നടേണ്ടത്. ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന എന്നിവ നേരിട്ട് മണ്ണില്‍ നടാം. മറ്റുചില വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചശേഷമാണ് നടേണ്ടത്. വെണ്ട, പയറ്, വെള്ളരി, പാവല്‍, പടവലം, താലോരി, മത്തന്‍, കുമ്പളം എന്നിവ ഇത്തരത്തില്‍ നടേണ്ടവയാണ്. മണ്ണ് പാകപ്പെടുത്തിയ തടത്തിലാണ് നേരിട്ടു നടേണ്ട വിത്തുകള്‍ ഇടുന്നത്. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റര്‍ കനത്തില്‍ മണ്ണിട്ട് മൂടിയശേഷം നന്നായി നനക്കണം, തുള്ളി നനയാണ് നല്ലത്. രണ്ടു നേരം നനയ്ക്കുന്നത് എളുപ്പത്തില്‍ മുളയ്ക്കാന്‍ സഹായിക്കും. ഉറുമ്പുകളുടെ ആക്രമണത്തെ എപ്പോഴും ശ്രദ്ധിക്കണം. മുളച്ചു കഴിഞ്ഞാല്‍ പറിച്ചുമാറ്റി വേണ്ട അകലത്തില്‍ നടാം.
മുളപ്പിച്ച് നടേണ്ട വിത്തുകള്‍ ഓരോന്നും പ്രത്യേകമായി 12 മണിക്കൂര്‍ സമയം വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കണം. പിന്നീട് ദ്വാരമുള്ള ഒരു ചിരട്ടയില്‍ കോട്ടണ്‍തുണി നാലായി മടക്കിയതിനു മുകളില്‍ വിത്തുകള്‍ ഇട്ടതിനുശേഷം തുണിയുടെ അറ്റം വിത്തിനു മുകളിലേക്ക് മടക്കിയിട്ട് വെള്ളം നനച്ച് അവയുടെ മുകളില്‍ ചെറിയ ഒരു കല്ല്വെച്ച്, തണലത്ത് വെയ്ക്കുക. അധികമുള്ള വെള്ളം ചിരട്ടയുടെ അടിയിലുള്ള ദ്വാരം വഴി പുറത്തുപോകും. ഓരോ ഇനം വിത്തും പ്രത്യേകം ചിരട്ടകളില്‍ വെച്ച് മുളപ്പിക്കണം. ദിവസേന രാവിലെ നനച്ചാല്‍ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകള്‍ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ചെടിച്ചട്ടിയിലോ നടാം.

ഗുണങ്ങള്‍ നിറഞ്ഞ വള്ളിച്ചീര

 

അടുക്കളത്തോട്ടത്തില്‍ വളര്‍ത്താവുന്ന വള്ളിച്ചെടിയാണ് വള്ളിച്ചീര. കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന വള്ളിച്ചീര പോഷകങ്ങള്‍ കൊണ്ടു സമ്പുഷ്ടമാണ്. ബസല്ല, മലബാര്‍ സ്പിനാഷ് എന്നീ പേരുകളിലറിയപ്പെടുന്ന വള്ളിച്ചീര അറിയപ്പെടുന്നു. ജീവകം എയും ഇരുമ്പും കാത്സ്യവും മാംസ്യവും വള്ളിച്ചീരയുടെ ഇലയില്‍ ഉയര്‍ന്ന തോതിലുണ്ട്.
അടുക്കളത്തോട്ടത്തില്‍ വളര്‍ത്താവുന്ന ഒരു മികച്ച ചെടിയാണ് വള്ളിച്ചീര. തണ്ടിന് പച്ച നിറമുള്ളതും, വയലറ്റ് നിറമുള്ളതുമായ രണ്ടിനങ്ങളാണ് സാധാരണ കണ്ടുവരുന്നത്. പച്ച ഇനമാണ് ഏറെ രുചികരം.
മെയ്-ജൂണ്‍, സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലാണ് വള്ളിച്ചീര നടാന്‍ അനുയോജ്യം. പല തരത്തിലുള്ള മണ്ണില്‍ വളരുമെങ്കിലും മണല്‍ കലര്‍ന്ന മണ്ണാണ് ഉത്തമം. ഒരടി നീളത്തിലുള്ള തണ്ട് നടാനായി ഉപയോഗിക്കാം. കറുത്ത നിറത്തിലുള്ള വിത്തുകളും പുതിയ തൈ ഉണ്ടാക്കാന്‍ ഉപയോഗിക്കാം. പടര്‍ന്നുവരുന്ന ചെടിയായതിനാല്‍പന്തലിട്ട് പടര്‍ത്തി ഉല്പാദനം കൂട്ടാം. ഇല ഉപയോഗിച്ച് തോരന്‍, മെഴുക്കുപുരട്ടി പോലുള്ള നിരവധി വിഭവങ്ങള്‍ തയാറാക്കാം.

ടെറസിന് മുകളിലെ കുരുമുളക് വളര്‍ത്തല്‍

മനോഹരമായ പാക്കറ്റില്‍ ലഭിക്കുന്ന മുളക് പൊടിയുടെ ഉപയോഗം മലയാളിക്ക് സമ്മാനിച്ചത് നിരവധി രോഗങ്ങളാണ്. ചുവന്ന മുളകിനേക്കാള്‍ എത്രയോ ആരോഗ്യത്തിന് ഗുണകരമാണ് കുരുമുളക്. കേരളത്തിലെ കുരുമുളക് കറുത്ത പൊന്നെന്ന പേരില്‍ ലോക പ്രശസ്തവുമാണ്. നഗരത്തില്‍ താമസിക്കുന്നവര്‍ക്ക് ടെറസില്‍ വളരെ എളുപ്പത്തില്‍ കുരുമുളക് വളര്‍ത്താം. ഇതിനു പറ്റിയ ഇനമാണ് കുറ്റിക്കുരുമുളക്. ചെടിച്ചട്ടിയിലോ ഗ്രോബാഗിലോ കുറ്റിക്കുരുമുളക് നിഷ്പ്രയാസം കൃഷി ചെയ്യാം.

തൈ തയാറാക്കാം

വശങ്ങളിലേക്ക് വളരുന്ന ശാഖകളാണ് കുറ്റിക്കുരുമുളക് തൈകള്‍ തയാറാക്കാന്‍ ഉപയോഗിക്കുക. സെപ്തംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളിലാണ് നടാന്‍പറ്റിയ സമയം. ശാഖകള്‍ നാലഞ്ച് മുട്ടുകള്‍ വീതം നീളമുള്ള കഷണങ്ങളായി മുറിക്കണം. അഗ്രഭാഗത്തുള്ള ഇലകള്‍ മുറിച്ചുമാറ്റുക. സാധാരണ കൃഷിചെയ്യുന്ന തണ്ടില്‍നിന്ന്വേരുകള്‍ പിടിച്ചുകിട്ടുന്നതിനെക്കാള്‍ അല്‍പ്പം സാവകാശം വേണ്ടി വരും വശങ്ങളിലുള്ള ശാഖകള്‍ക്ക് വേരുപിടിക്കാന്‍. ഇന്റോള്‍ ബ്യൂട്ടിക് ഏസിഡ് എന്ന ഹോര്‍മോണ്‍ 20 മി. ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ തണ്ടിന്റെ അടിഭാഗം അഥവാ വേരുപിടിക്കേണ്ട ഭാഗം മുക്കിവച്ചശേഷം നടുന്നത് വേരുപിടിക്കുന്നത് വേഗത്തിലാക്കാന്‍ സഹായിക്കും. മുറിച്ച് അധികം താമസിയാതെ നടാന്‍ ശ്രദ്ധിക്കണം.

കൃഷി രീതി

അത്യാവശ്യം വലുപ്പമുള്ള ഗ്രോബാഗോ, ചട്ടിയോ വേണം തൈ നടാന്‍ ഉപയോഗിക്കാന്‍. വെള്ളം വാര്‍ന്നുപോകാന്‍ ദ്വാരങ്ങള്‍ ഇവയുടെ അടിയിലിടണം. ഇതില്‍ 1:1:1 എന്ന അനുപാദത്തില്‍ മേല്‍മണ്ണ്, ഉണങ്ങിയ ചാണകം അഥവാ കമ്പോസ്റ്റ്, മണല്‍ എന്നിവ ചേര്‍ത്ത് കുഴച്ച പോട്ടിങ് മിശ്രിതം നിറയ്ക്കണം. മുകള്‍ഭാഗം രണ്ട് ഇഞ്ച് താഴ്ചവരത്തക്കവിധം നിറയ്ക്കുക. ഇതിലാണ് തൈ നടേണ്ടത്. നട്ടശേഷം ഏതാനും ദിവസം തണലില്‍ വയ്ക്കുക. 2 ഃ 2 മീറ്റര്‍ അകലത്തില്‍ നിരത്തിവയ്ക്കാം. കരിയിലകൊണ്ടോ മറ്റോ ചട്ടിക്കകത്ത് പുതയിടുന്നതും നല്ലതാണ്. എല്ലാ ദിവസവും നനയ്ക്കുക. വെള്ളം കെട്ടികിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

വളപ്രയോഗം

മാസത്തില്‍ ഒരുതവണവീതം ഉണക്കിപ്പൊടിച്ച ചാണകം, കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് എന്നിവ മാറിമാറി ഉപയോഗിക്കാം. ചാണകപ്പൊടിയില്‍ ‘ട്രൈക്കോഡര്‍മ’ എന്ന മിത്രകുമിളിന്റെ പാക്കറ്റ് വാങ്ങി വളവുമായി കലര്‍ത്തി പൂപ്പല്‍ വളര്‍ത്തിയെടുത്ത് ഉപയോഗിച്ചാല്‍ വാട്ടരോഗം തടയാം. സ്യൂഡൊമോണസ് ലായനിയോ ബോഡോമിശ്രിതമോ തളിക്കാം. കീടങ്ങളെ തടയാന്‍ മണ്ണില്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കാം. വേപ്പധിഷ്ഠിത കീടനാശിനി തളിക്കാം. നട്ട് ഒരുവര്‍ഷം കഴിയുമ്പോള്‍ ചെടി കായ്ച്ചുതുടങ്ങും. രണ്ടാം വര്‍ഷംമുതല്‍ നല്ല വിളവുതരും. 500 മുതല്‍ ഒരുകിലോ ഗ്രാം കുരുമുളക് ഒരു ചെടിയില്‍ നിന്നു പ്രതീക്ഷിക്കാം.

പൈപ്പ് കമ്പോസ്റ്റ് വീട്ടില്‍ തയ്യാറാക്കാം

 

വീട്ടിലെ മാലിന്യം സംസ്‌കരിക്കാനും ഇതുവഴി ജൈവളം ഉത്പാദിപ്പിക്കാനുമുള്ള എളുപ്പ വഴിയാണ് പൈപ്പ് കമ്പോസ്റ്റ്. മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 90 ശതമാനം സബ്‌സിഡിയില്‍ പൈപ്പ് കമ്പോസ്റ്റ് വിതരണം ചെയ്യുന്നുണ്ട്. വീട്ടിലും പരിസരത്തും ശുചിത്വം ഉറപ്പാക്കുന്നതോടൊപ്പം അടുക്കളത്തോട്ടത്തിന് ആവശ്യമായ ജൈവവളവും നല്‍കുന്നുവെന്നതാണ് പൈപ്പ് കമ്പോസ്റ്റിന്റെ ഗുണം. പൈപ്പ് കമ്പോസ്റ്റ് തയാറാക്കുന്ന വിധം പരിശോധിക്കൂ.

ആവശ്യമായ വസ്തുക്കള്‍

1.3 മീറ്റര്‍ നീളവും എട്ട് ഇഞ്ച് വ്യാസവുമുള്ള രണ്ടു പിവിസി പൈപ്പുകളാണ് പ്രധാന വസ്തുക്കള്‍. പൈപ്പ് 6, 12 എന്നീ വ്യാസങ്ങളിലുള്ളതായാലും കുഴപ്പമില്ല. പൈപ്പുകള്‍ക്ക് ആവശ്യമായ അടപ്പുകള്‍ രണ്ടെണ്ണം ഒരുവശത്തേക്കായി മാത്രം മതി.

സ്ഥാപിക്കുന്നവിധം

അടുക്കളയുടെ സമീപത്ത് സ്ഥാപിക്കുന്നതാണ് നല്ലത്. പിവിസി പൈപ്പ് 30 സെ. മീറ്റര്‍ താഴ്ചയില്‍ മണ്ണില്‍ കുത്തനെ ഉറപ്പിച്ചുനിര്‍ത്തണം. മണ്ണില്‍താഴ്ത്തുന്ന ഭാഗത്ത് പൈപ്പില്‍ 20 സെ.മി ഉയരത്തിലായി മൂന്നോ നാലോ തുളകളിടുന്നതു നല്ലതാണ്. പൈപ്പിന്റെ മുകള്‍ ഭാഗം അടപ്പ് ഉപയോഗിച്ച് അടയ്ക്കാം. ഉറച്ച പ്രതലമാണെങ്കില്‍ മണ്ണുനിറച്ച 35 സെ.മി ഉയരമുള്ള ബക്കറ്റിലും പൈപ്പ് താഴ്ത്തിവയ്ക്കാം.

മാലിന്യസംസ്‌കരണ രീതി

ആദ്യമായി പൈപ്പിന്റെ ഏറ്റവും അടിത്തട്ടില്‍ മണ്ണിലേക്കായി പച്ചച്ചാണക ലായനി ഒഴിക്കണം. ലായനിക്കായി ഒരുലിറ്റര്‍ വെള്ളത്തില്‍ 300 ഗ്രാം പച്ചച്ചാണകം കലക്കാം. ഇതിനു ശേഷം അഴുകുന്ന പാഴ് വസ്തുക്കള്‍ പൈപ്പിലേക്കിടുക.
പാകംചെയ്തതും അല്ലാത്തതുമായ ഭക്ഷണവസ്തുക്കള്‍, പച്ചക്കറി അവശിഷ്ടങ്ങള്‍, പൂവ്, ഇലകള്‍, വേഗത്തില്‍ അഴുകുന്ന അടുക്കളമാലിന്യങ്ങള്‍ മുതലായവ ജലാംശം കളഞ്ഞ് ദിവസേന പൈപ്പിലിടാം. വലുപ്പമുള്ള അവശിഷ്ടങ്ങള്‍ മുറിച്ചു ചെറിയ കഷ്ണങ്ങളാക്കി ഇടുന്നതാണ് നല്ലത്. ജലാംശം ചെറിയ അളവില്‍ പൈപ്പിനുള്ളില്‍ വേണം. എന്നാല്‍ അമിതമാകാതെ ശ്രദ്ധിക്കുകയും വേണം. ചാണകം, ശര്‍ക്കര, പുളിച്ച തൈര്, നന്നായി പുളിപ്പിച്ച മോര്, വെപ്പിന്‍ പിണ്ണാക്ക് എന്നിവയില്‍ ഏതെങ്കിലുമൊന്ന് പൈപ്പിനകത്ത് തളിച്ചു കൊടുക്കണം. വായുസഞ്ചാരത്തിനായി ഇടയ്ക്കിടെ ഇളക്കിക്കൊടുക്കാം. അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുമ്പോള്‍ ആഴ്ചയില്‍ ചെറിയ ചുള്ളിക്കമ്പുകളോ അല്‍പ്പം പുല്ലോ ഇട്ടുകൊടുക്കാം. പ്ലാസ്റ്റിക്, ഖരമാലിന്യം എന്നിവ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. പച്ചക്കറി അവശിഷ്ടങ്ങളാണ് ഉത്തമം. പച്ചച്ചാണക ലായനി രണ്ട് അടപ്പുവീതം ദിവസവും ഒഴിച്ചുകൊടുക്കുകയാണെങ്കില്‍ സൂഷ്മാണുക്കള്‍ പെരുകി വിഘടനം വേഗത്തിലാക്കും. കഞ്ഞിവെള്ളം പൈപ്പില്‍ ഒഴിക്കുന്നത് ഒഴിവാക്കണം. ഇടയ്ക്കിടെ അടപ്പ് പാതി തുറന്നുവയ്ക്കുകയുമാവാം. ഒരുമാസത്തോടെ പൈപ്പ് നിറയും. മേല്‍പ്പറഞ്ഞതുപോലെ അടുത്ത പൈപ്പും ഇതുപോലെ സ്ഥാപിക്കുകയും അവശിഷ്ടങ്ങള്‍ ഇടുകയും ചെയ്യുക. രണ്ടുമാസം ആകുമ്പോഴേക്കും ആദ്യ പൈപ്പില്‍ മാലിന്യം വിഘടിച്ച് വളം രൂപപ്പെട്ടിട്ടുണ്ടാകും.

കമ്പോസ്റ്റ് സംസ്‌കരണത്തില്‍ ശ്രദ്ധിക്കുക

പൈപ്പ് കമ്പോസ്റ്റില്‍ നിന്നുള്ള ദുര്‍ഗന്ധമാണ് ഒരു പ്രശ്‌നം. ഇതൊഴിവാക്കാന്‍ വിവിധതരം ബാക്ടീരിയ ലായനികള്‍ / ഇ, എം ലായനികള്‍ ലഭ്യമാണ്. ഇടയ്ക്കിടെ ഇവ നേര്‍പ്പിച്ച് നേരിയ അളവില്‍ ഒഴിച്ചുകൊടുക്കണം. വീട്ടുവളപ്പിലെ എല്ലാതരം കൃഷിക്കും ചെടികളുടെ ഏതു പ്രായത്തിലും പൈപ്പ് കമ്പോസ്റ്റ് വളമായി നല്‍കാം. കാര്‍ബണിന്റെയും നൈട്രജന്റെയും അഭാവത്തില്‍ വിഘടനം നടക്കാതെ വരുമ്പോഴാണ് അവശിഷ്ടങ്ങള്‍ മഞ്ഞ സ്ലറി രൂപത്തില്‍ ചിലപ്പോള്‍ കാണുന്നത്. സംസ്‌കരണം എളുപ്പത്തിലാക്കാന്‍ അവശിഷ്ടങ്ങള്‍ക്കകത്ത് വായുഅറകള്‍ ഉണ്ടാകണം. ഓക്‌സിജനും ത്വരിതസംസ്‌കരണത്തിന് അഭികാമ്യം. ഇതിനായി കമ്പ് ഉപയോഗിച്ച് ഇളക്കിക്കൊടുക്കാം.

അടുക്കളത്തോട്ടത്തില്‍ ഈ മാസം

അടുക്കളത്തോട്ടത്തില്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ട മാസമാണിത്. കാലാവസ്ഥമാറ്റം വിളകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. നന്നായി പരിചരിച്ചില്ലെങ്കില്‍ പച്ചക്കറികള്‍ നശിച്ചു പോകാനും കാരണമാകും. അടുക്കളത്തോട്ടത്തിലെ പ്രധാന വിളകള്‍ക്ക് ഈ മാസം നല്‍കേണ്ട പരിചണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

മുളക്, വഴുതന, തക്കാളി

ഒരുമാസത്തോളം പ്രായമായ തൈകള്‍ക്ക് മേല്‍വളം ചേര്‍ക്കാം. വളം തൈകള്‍ക്കു ചുറ്റും തണ്ടില്‍ തട്ടാതെ വിതറി മണ്ണില്‍ ഇളക്കി ചേര്‍ക്കണം. കളകള്‍ നീക്കം ചെയ്ത് ഇളകിയ മണ്ണ് ചുറ്റും കൂട്ടുക. വഴുതനയിലെ കായും തണ്ടും തുരക്കുന്ന കീടത്തെ നിയന്ത്രിക്കാന്‍ വേപ്പെണ്ണ-വെളുത്തി കഷായം ഉപയോഗിക്കാം. ബാക്റ്റീരിയയുടെ ആക്രമണം കാരണം ചെടികള്‍ പെട്ടെന്നു വാടാനും സാധ്യതയുണ്ട്. വാടിക്കരിഞ്ഞ ചുവടുകള്‍ പിഴുതെടുത്തു ചുടുക. ചുറ്റുമുള്ള തടത്തില്‍ 200 ഗ്രാം വീതം കുമ്മായം ചേര്‍ത്ത് വിതറി മണ്ണില്‍ കൊത്തിച്ചേര്‍ക്കുക. ചെറുകീടങ്ങളായ വെള്ളീച്ച, ജാസിഡ് എന്നിവ വരുത്തുന്ന കുരുടിപ്പ്, ഇലകളുടെ

മാര്‍ദവംനഷ്ടപ്പെടല്‍, ഇലകളുടെ അരികു വളയുക എന്നിവ നിയന്ത്രിക്കാന്‍ വെളുത്തുള്ളി നീര് നേര്‍പ്പിച്ചതും ഫലപ്രദമാണ്. കൂടാതെ, വെളുത്തുള്ളി-വേപ്പെണ്ണ-സോപ്പു മിശ്രിതവും ഉപയോഗിക്കാം.

പാവല്‍, പടവലം

പാവലിനും പടവലത്തിനും 8-10 ദിവസം ഇടവിട്ട് നേരിയ തോതില്‍ വളം ചേര്‍ക്കുന്നതാണ് നല്ലത്. നേരിയ അളവില്‍ ചാണകപ്പൊടി ചേര്‍ക്കാം. പച്ചച്ചാണകം നേര്‍പ്പിച്ച് ഇവയുടെ ചുവട്ടില്‍ ഇടയ്ക്കിടെ ഒഴിക്കുന്നതു നല്ലതാണ്. വെള്ളരി, കുമ്പളം, മത്തന്‍, ചുരയ്ക്ക, തണ്ണിമത്തന്‍ എന്നിവയ്ക്ക് പടര്‍ന്നു തുടങ്ങുമ്പോഴും പുഷ്പിച്ചു തുടങ്ങുമ്പോഴും മേല്‍വളം ചേര്‍ക്കാം.

വെണ്ട

ഈ മാസ വെണ്ട നടാനും ഉത്തമമാണ്. നന്നായി നനയ്ക്കാന്‍ മറക്കരുത്. ചാലുകളില്‍ വിത്തിടുന്നതാണ് നല്ലത്. അടിവളമായി ജൈവവളം ചാലില്‍ ചേര്‍ത്ത് നന്നായി കിളച്ച് അടിമണ്ണ് ഇളക്കുക. നന്നായി അഴുകിപ്പൊടിഞ്ഞ കാലിവളമോ കമ്പോസ്റ്റോ ചേര്‍ക്കാം. വിത്തു മുളച്ച് 4-5 ഇലയാകുമ്പോള്‍ അല്‍പം ചാണകപ്പൊടി തൈകള്‍ക്കു ചുറ്റും വിതറി മണ്ണില്‍ കൊത്തിച്ചേര്‍ക്കുക. തുടര്‍ന്ന് ഒരാഴ്ച കഴിയുന്നതോടെ ചാരം ചെറിയ അളവില്‍ തൈകള്‍ക്കു ചുറ്റും വിതറി കൊത്തിച്ചേര്‍ക്കുക.

നമ്മുടെ മുറ്റത്തും വിളയും മുന്തിരി തക്കാളി

 

മുന്തിരി പോലെ കുലകുലയായി തൂങ്ങിക്കിടക്കുന്ന തക്കാളി… പേരു സൂചിപ്പിക്കും പോലെ മുന്തിരിയും തക്കാളിയും ചേര്‍ന്ന ചെടിയാണിത്. തണുപ്പുള്ള കാലാവസ്ഥയിലാണ് ഇതു ധാരാളമായി വളരുക. കേരളത്തില്‍ ഹൈറേഞ്ചില്‍ മുന്തിരി തക്കാളി കൃഷി ചെയ്യുന്നുണ്ട്. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുള്ള മുന്തിരി തക്കാളി കൃഷി നമ്മുടെ നാട്ടിലുമിപ്പോള്‍ വ്യാപകമായി വരുകയാണ്.

പച്ചക്കറിയും അലങ്കാര ചെടിയും

ധാരാളം പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിവിളയാണ് മുന്തിരി തക്കാളി. കറന്റ് ടുമാറ്റോ, സ്‌നാക് ടുമാറ്റോ, സ്പൂണ്‍ ടുമാറ്റോ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. പഴത്തിന് മുന്തിപ്പഴത്തോളം വലുപ്പവും മൂന്നുഗ്രാംവരെ തൂക്കവുമുണ്ടാകും. സൊളാനിയേസി കുടുംബത്തില്‍പ്പെടുന്ന മുന്തിരി തക്കാളിയുടെ ശാസ്ത്രനാമം സൊളാനം പിസിനെല്ലിഫോളിയം എന്നാണ്. പച്ചക്കറിവിളയായും അലങ്കാരച്ചെടിയായും ഈ വിള വളര്‍ത്താം. മഞ്ഞയും ചുവപ്പും നിറം കലര്‍ന്ന അനേകം ഇനങ്ങള്‍ വിദേശരാജ്യങ്ങളില്‍വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നു. ഗവേഷണാവശ്യങ്ങള്‍ക്കും ഈ ചെടി ഉപയോഗപ്പെടുത്തണം.

കൃഷി രീതികള്‍

കൃഷിരീതികള്‍ സാധാരണ തക്കാളിയുടേതു പോലെ തന്നെ. തൈകള്‍ തയ്യാറാക്കി കൃഷിയിടങ്ങളിലേക്കോ, ഗ്രോബാഗുകളിലേക്കോ മാറ്റിനടാം. ആഴ്ചയിലൊരിക്കല്‍ ജൈവവളം നല്‍കാം. വേനലില്‍ നനച്ചു കൊടുക്കുന്നതു നല്ലതാണ്. പടരാന്‍ തുടങ്ങുമ്പോള്‍ കയര്‍ കെട്ടിയോ ഫ്രെയിം സ്ഥാപിച്ചോ നിര്‍ത്തണം. നന്നായി പരിപാലിച്ചാല്‍ കുറേനാള്‍ വിളവുതരും. ഗ്രോബാഗുകളില്‍ വീട്ടുമുറ്റത്തും ടെറസിലും ചെടി വളര്‍ത്താം. രോഗങ്ങളും കീടങ്ങളും ഈ വിളയ്ക്ക് പൊതുവേ കുറവാണ്.

പോഷകങ്ങള്‍ ധാരാളം

ജീവകം എ, സി തുടങ്ങി അനേക പോഷകങ്ങളടങ്ങിയ ഈ പഴം സലാഡിനാണ് അധികവും ഉപയോഗിക്കുന്നത്. കറിവെയ്ക്കാനും അച്ചാര്‍ തയാറാക്കാനുമിതു നല്ലതാണ്.പഴങ്ങള്‍ ഉണക്കിയെടുത്ത് പല വിഭവങ്ങളില്‍ ചേര്‍ക്കുന്നതിനും ഉപയോഗിക്കുന്നു. ഇതില്‍ ആന്റി ഓക്‌സിഡിന്റെ അളവ് കൂടുതലായതിനാല്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു.

ശീതകാല പച്ചക്കറികള്‍ നടാം

ഹൈറേഞ്ചു പോലുള്ള തണുപ്പ് പ്രദേശങ്ങളില്‍ വളര്‍ന്നിരുന്ന ശീതകാല പച്ചക്കറികള്‍ നമ്മുടെ നാട്ടിലുമിപ്പോള്‍ വളര്‍ത്തുന്നുണ്ട്. ഗ്രോബാഗ് കൃഷി വ്യാപകമായതോടെ അടുക്കളത്തോട്ടത്തില്‍ ഇവ നിഷ്പ്രയാസം വളര്‍ത്തിയെടുക്കാം. ക്യാബേജ്, കോളിഫഌര്‍, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയവ വന്‍തോതില്‍ വിഷപ്രയോഗം നടത്തിയ ശേഷമാണ് നമ്മുടെ മാര്‍ക്കറ്റില്‍ എത്തുന്നത്. അടുക്കളത്തോട്ടത്തില്‍ ഇവ വളര്‍ത്തിയെടുക്കുന്നാണ് എന്തു കൊണ്ടും ഉത്തമം. ശീതകാല പച്ചക്കറികള്‍ നടാനുള്ള തയാറെടുപ്പുകള്‍ തുടങ്ങാനുള്ള സമയമാണിപ്പോള്‍.

നടുന്ന രീതി

നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചയും ഇത്തരം വിളകള്‍ക്ക് ആവശ്യമാണ്. ഒരു സെന്റില്‍150 തൈകള്‍ വരെ നടാം. മണല്‍ കലര്‍ന്ന മണ്ണാണ് ഇവ നടാന്‍ അത്യുത്തമം . മണ്ണ്, ചാണക പൊടി, മണല്‍, ജൈവ വളങ്ങളായ എല്ലുപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ കൂട്ടി കലര്‍ത്തി ചെറു തടങ്ങളെടുത്ത് ഇവ നടാവുന്നതാണ്. നല്ല ഇനം തൈകള്‍ വേണം ഇതിന് വേണ്ടി ശേഖരിക്കാന്‍. തൈകള്‍ തമ്മില്‍ 45-50 സെമി അകലം പാലിക്കണം. തടങ്ങള്‍ തയാറാക്കുബോള്‍ തൈ ഒന്നിന് അര ടീസ്പൂണ്‍ വീതം ട്രൈക്കോഡര്‍മ ചേര്‍ത്ത് കൊടുക്കുന്നത് വേരു ചീച്ചില്‍, ഫംഗസ് രോഗങ്ങള്‍ എന്നിവയില്‍ നിന്ന് ചെടികളെ രക്ഷിക്കും. ടെറസിലും മറ്റും കൃഷി ചെയ്യാന്‍ ഗ്രോബാഗ് ഉപയോഗിക്കുന്നവര്‍ക്കും ഇതേ രീതി പിന്തുടരാം.

പരിപാലനം

വേപ്പിന്‍ പിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക്, ചാണകം ഗോമൂത്രം എന്നിവ ഒരു കിലോഗ്രാം വീതം 10 ലിറ്റര്‍ വെള്ളത്തില്‍ പുളിപ്പിച്ച് അത്രയും തന്നെ വെള്ളം ചേര്‍ത്ത് ആഴ്ചയില്‍ രണ്ട് പ്രാവശ്യം ചെടികള്‍ക്ക് നല്‍കുക. രണ്ട് ആഴ്ചയിലൊരിക്കല്‍ ഒരു പിടി വേപ്പിന്‍ പിണ്ണാക്ക് ചാണകപ്പൊടിയുമായി കലര്‍ത്തി ചേര്‍ക്കാം. ശീതകാല പച്ചക്കറി വിളകളുടെ വിള ദൈര്‍ഘ്യം വളരെ കുറവായതിനാല്‍ ഇടവിട്ടുള്ള വളപ്രയോഗം നല്‍കണം. രാവിലെയും വൈകിട്ടും ചെറിയ നനയും വേണം. തൈകള്‍ നട്ട്, ഒന്നരമാസം കഴിയുമ്പോഴേക്കും കോളിഫ്‌ളവറില്‍ മുളകള്‍ വന്നു തുടങ്ങും. ക്യാബേജില്‍ 50-60 ദിവസം കൊണ്ട് ഹെഡുകള്‍ ഉണ്ടാകും. 90-100 ദിവസം കൊണ്ടു കോളിഫഌവറും കാബേജും വിളവെടുക്കാം.

വിഷമില്ല, ഏറെ രുചികരം

കാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ് തുടങ്ങിയവ സലാഡ് ഉണ്ടാക്കിയും പച്ചയ്ക്കും നമ്മള്‍ കഴിക്കുന്നു. വലിയ തോതില്‍ വിഷപ്രയോഗം നടത്തിയാണ് ഇവ നമ്മുടെ തീന്‍മേശയിലേക്ക് എത്തുന്നത്. പച്ചയ്ക്ക് കഴിക്കുമ്പോള്‍ വിഷം വലിയ തോതില്‍ നമ്മുടെ ശരീരത്തിലെത്തും. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇതു കാരണമാകും. സ്വന്തം വീട്ടുമുറ്റത്തോ ടെറസിലോ ഇവ വിളയിച്ചാല്‍ തീരാവുന്ന പ്രശ്‌നം മാത്രമാണിത്. മാര്‍ക്കറ്റില്‍ ലഭിക്കുന്നവയുട അത്ര വലിപ്പം നമ്മുടെ മുറ്റത്ത് വിളയുന്നത് ഉണ്ടാകില്ല. പക്ഷെ രുചിയും പോഷകങ്ങളും ഏറെയായിരിക്കും.

മീന്‍ കറിവെയ്ക്കാന്‍ പുളിവെണ്ട

 

വെണ്ടയ്ക്കയിട്ട് സാമ്പാര്‍ വയ്ക്കുന്നത് സ്ഥിരമാണ്. എന്നാല്‍ മീന്‍ കറിവയ്ക്കാന്‍ വെണ്ടയ്ക്ക ഉപയോഗിക്കുമോ…? മീന്‍ കറിവെയ്ക്കാന്‍ ഉപയോഗിക്കുന്ന വെണ്ടയാണ് പുളിവെണ്ട. വെണ്ടയുടെ കുടുംബത്തില്‍പ്പെട്ട സസ്യമായ ഇതു മത്തിപ്പുളി, മീന്‍പുളി, ചെമ്മീന്‍ പുളി എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. അരമീറ്റര്‍ മുതല്‍ മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു കുറ്റിച്ചെടിയാണ് പുളിവെണ്ടയുടേത്. ഇതിന്റെ മാംസളവും പുളിരസമുളളതുമായ പുഷ്പകോശം ആണ് ഭക്ഷ്യയോഗ്യമായ ഭാഗം. ജീവകം സിയുടെയും ആന്റി ഓക്‌സിസെന്റുകളുടെയും ഉത്തമ കലവറയാണീ വിള. ജാം, ജെല്ലി, അച്ചാര്‍, സ്‌ക്വാഷ് എന്നിവ ഇതില്‍ നിന്നുണ്ടാക്കിവരുന്നു. ചിലതരം ക്യാന്‍സര്‍ തടയാന്‍ വരെ പുളിവെണ്ടയുടെ ഉപയോഗം സഹായിക്കും. ‘സ്‌കര്‍വി’ രോഗം തടയാനും ഇത് നല്ലതാണിത്.

രണ്ടുതരം പുളിവെണ്ടകള്‍

ചുവന്നതും പച്ചനിറത്തിലുള്ളതുമായി പുളിവെണ്ടകള്‍ കണ്ടുവരുന്നു. ഇതില്‍ ചുവന്നതാണ് കൂടുതല്‍ ഉപയോഗത്തിലുള്ളത്. അച്ചാര്‍, ചമ്മന്തി,പുളിങ്കറി, മീന്‍കറി എന്നിവയുണ്ടാക്കാന്‍ പുളിവെണ്ട നല്ലതാണ്. കായ്കളെ പൊതിഞ്ഞിരിക്കുന്ന പുളിരസമേറിയ ദളങ്ങള്‍ കറിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. പുളിവെണ്ടയുടെ ഇളം തണ്ടും ഇലകളും ഉപ്പും പച്ചമുളകും ചേര്‍ത്തരച്ച് ചട്ണിയുണ്ടാക്കാറുണ്ട്.

നടുന്ന രീതി

വിത്ത് പാകിയാണ് തൈകള്‍ മുളപ്പിച്ചെടുത്താണ് പുളിവെണ്ട നടുക. വേരുപിടിപ്പിച്ച കമ്പുകള്‍ നട്ടും പുളിവെണ്ട വച്ചു പിടിപ്പിക്കാം. അടുക്കളത്തോട്ടത്തിലും ടെറിസിലും നടാന്‍ ഉത്തമമാണ് പുളിവെണ്ട, ഗ്രോ ബാഗിലും ചെടിച്ചട്ടിയിലും നന്നായി വളരും. ചാണകമാണ് ഇതിന് ഉത്തമവളം. നന്നായി നനച്ചുകൊടുത്താല്‍ നല്ല വിളവ് കിട്ടും. 60 സെന്റീമീറ്റര്‍ അകലത്തില്‍ ചാലുകളെടുത്ത് 30 സെന്റീ മീറ്റര്‍ അകലത്തിലായി വിത്ത് പാകാം. ചെടി പൂത്ത് 15 മുതല്‍ 20 ദിവസത്തിനുളളില്‍ പാകമായവ പറിച്ചെടുക്കാം. നല്ല ചുവപ്പു നിറമാര്‍ന്നവയാണ് ഇത്തരത്തില്‍ പറിച്ചെടുക്കുന്നത്. നവംബര്‍ മുതല്‍ ജനുവരി വരെയാണ് വിളവെടുപ്പ്. ഒരു ചെടിയില്‍ നിന്നും ഉദ്ദേശം ഒരു കിലോഗ്രാം വരെ പുളിവെണ്ട ലഭിക്കും.

ഔഷധ ഗുണവും

ഇതിന്റെ ഇല, ചെടിത്തണ്ട് എന്നിവ ചതച്ച് വെള്ളം തിളപ്പിച്ചത് കുടിച്ചാല്‍ വയറുവേദന ശമിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്. ശരീരത്തിന്റെ വേദന, നീര്, ഇവ മാറുന്നതിന് പുളിവെണ്ടയുടെ ഇലയിട്ടുവെന്ത വെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്. ആരോഗ്യത്തിനും കറിവെയ്ക്കാനും ഏറെ ഉത്തമമായ പുളിവെണ്ടയിപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍പ്പോലും കാണാന്‍ പ്രയാസമാണ്. എളുപ്പത്തില്‍ വളരുന്ന പുളിവെണ്ട അടുക്കളത്തോട്ടത്തില്‍ നടേണ്ടത് അത്യാവശ്യമാണ്. വലിയ തരത്തിലുള്ള കീടരോഗ ബാധയും ഈ ചെടിക്ക് ഏല്‍ക്കില്ല.

ഇഞ്ചിക്കൃഷി ഗ്രോ ബാഗില്‍

ഔഷധ ഗുണമുള്ള സുഗന്ധവ്യജ്ഞനാണ് ഇഞ്ചി, കറികളിലെ എല്ലാം പ്രധാന ചേരുവകളില്‍ ഒന്ന്. വയനാട്, ഇടുക്കി തുടങ്ങിയ ഹൈറേഞ്ച് മേഖലകളില്‍ ഇഞ്ചിക്കൃഷി വ്യാപകമാണ്. കുടക്, മൈസൂര്‍ തുടങ്ങി ഇതരസംസ്ഥാനങ്ങളില്‍ സ്ഥലം പാട്ടത്തിനെടുത്തും മലയാളികള്‍ ഇഞ്ചിക്കൃഷി നടത്തുന്നു. രോഗബാധ എളുപ്പം ഏല്‍ക്കുമെന്നതിനാല്‍ വന്‍തോതില്‍ കീടനാശിനി പ്രയോഗമാണ് ഇഞ്ചിപ്പാടങ്ങളില്‍ നടത്തുന്നത്. അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗില്‍ ഇഞ്ചി നിഷ്പ്രയാസം വിളയിക്കാവുന്നതേയുള്ളൂ.

കൃഷി രീതി

ഇഞ്ചി വളരെയെളുപ്പത്തില്‍ ഗ്രോ ബാഗില്‍ കൃഷി ചെയ്യാം. ചെടിച്ചട്ടി, പ്ലാസ്റ്റിക് ചാക്ക് , കവര്‍ എന്നിവയും ഉപയോഗിക്കാം. മട്ടുപ്പാവില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഏറെ അനുയോജ്യമാണ് ഗ്രോബാഗിലെ ഇഞ്ചി വളര്‍ത്തല്‍. ഭൂകാണ്ഡമാണ് ഇഞ്ചിയുടെ നടീല്‍ വസ്തു. രോഗ കീട വിമുക്തമായ വിത്തിഞ്ചി വേണം നടാനായി തെരഞ്ഞെടുക്കേണ്ടത്. മേല്‍ മണ്ണിനൊപ്പം ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം/ചാണകപ്പൊടി ,വേപ്പിന്‍ പിണ്ണാക്ക്, എല്ല് പൊടി ഇവ ചേര്‍ത്ത് ഇളക്കിവേണം ഗ്രോബാഗ്

നിറയ്ക്കാന്‍. മണ്ണ് നിറച്ച ശേഷം 3-4 ഇഞ്ചി അതില്‍ നടുക. ഇടയ്ക്ക് നനച്ചു കൊടുക്കണം. വെള്ളം കെട്ടികിടക്കാന്‍ അനുവദിക്കരുത്. ചീഞ്ഞാല്‍ ഇഞ്ചി പെട്ടെന്നു നശിക്കും. ഇടയ്ക്ക് പച്ച ചാണകം കലക്കി ഒഴിച്ചു കൊടുക്കണം. സ്യൂഡോമോണാസും ഇടയ്ക്ക് പ്രയോഗിക്കാം. ഏതാണ്ട് ആറു മാസം കൊണ്ടു തന്നെ ഇഞ്ചി വിളവെടുക്കാനാകും.

പ്രധാന ഇനങ്ങള്‍

കുറുപ്പംപടി, തൊടുപുഴ, വേങ്ങര, വള്ളുവനാട്, ഏറനാട്, ചേറനാട്, ഏറനാട് മഞ്ചേരി, വയനാട് ലോക്കല്‍, വയനാട് മാനന്തവാടി, വയനാട് കുന്ദമംഗലം തുടങ്ങിയ കേരളീയ ഇനങ്ങളും റയോഡിജനിറോ, ചൈന, തൈവാന്‍, ടാഫിന്‍ജിവ, സിറോലിയോ തുടങ്ങിയ വിദേശ ഇനങ്ങളും ഇഞ്ചിയിലെ പ്രധാന ഇനങ്ങളാണ്. ഇവ കൂടാതെ കേരള കാര്‍ഷിക സര്‍വ്വകലാശാല, കേന്ദ്രസുഗന്ധവിള ഗവേഷണ കേന്ദ്രം എന്നിവയുടെ ഗവേഷണഫലമായി അത്യുല്‍പാദനശേഷിയുള്ള ആതിര, കാര്‍ത്തിക, ഐ.ഐ.എസ്.ആര്‍ വരദ, ഐ.ഐ.എസ്.ആര്‍ രജത, ഐ.ഐ.എസ്.ആര്‍ മഹിമ തുടങ്ങിയ അഞ്ച് ഇനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം ഗ്രോ ബാഗിലും കൃഷി ചെയ്യാം.

അടുക്കളത്തോട്ടമൊരുക്കാം ആയിരം രൂപയ്ക്ക്

അടുക്കളമുറ്റത്ത് ആരോഗ്യം വിളയുന്ന നല്ലൊരു പച്ചക്കറിത്തോട്ടമൊരുക്കാം, വെറും ആയിരം രൂപയ്ക്ക്. നന്നായി പരിപാലിച്ചാല്‍ വര്‍ഷം മുഴുവനും വിഷരഹിതമായ പച്ചക്കറികള്‍ സ്വന്തമാക്കാം. അധ്വാനിക്കുള്ള മനസുണ്ടെങ്കില്‍ സമയമെല്ലാം കൂടെവരും. ആരോഗ്യകരമായ ഭക്ഷണശീലത്തിനൊപ്പം മാനസികോല്ലാസവും അടുക്കളത്തോട്ടം പ്രദാനം ചെയ്യും. എല്ലാതരം പച്ചക്കറികളും നടാന്‍ പറ്റിയ കാലാവസ്ഥയാണിപ്പോള്‍. ഇടവിട്ടുള്ള മഴയും സൂര്യപ്രകാശവും പച്ചക്കറികള്‍ക്ക് വളരാന്‍ കരുത്തേകും. സ്ഥല പരിമിതിയുള്ളവര്‍ക്ക് ഗ്രോ ബാഗിലെ കൃഷിയിലൂടെ ചുരുങ്ങിയ ചെലവില്‍ വീട്ടിലേക്കാവശ്യമായ എല്ലാതരം പച്ചക്കറികളും

കൃഷി ചെയ്യാം. വീടിന്റെ ടെറസിലും ഗ്രോബാഗുകള്‍വയ്ക്കാം. കുറഞ്ഞ ചെലവില്‍ അടുക്കളത്തോട്ടമൊരുക്കുന്ന വിധം പരിശോധിക്കാം.

ഗ്രോബാഗ് തയാറാക്കാന്‍ ആവശ്യമുള്ളവ

1) 6 കൊട്ട മേല്‍ മണ്ണ്
2) 1 ചാക്ക് ചകിരി ചോറ്3) 5 കൊട്ട ചാണക പൊടി
4) 3 കിലോ ജൈവ വളം (എല്ലുപൊടിയും വേപ്പിന്‍ പിണ്ണാക്കുമടങ്ങിയത് )
5) 500 ഗ്രാം ട്രൈക്കോഢര്‍മ (വേര് ചീയല്‍, ഫങ്കസ് രോഗം തുടങ്ങിയവ ഒഴിവാക്കാന്‍)

തയാറാക്കുന്ന വിധം

ഇവയെല്ലാം കൂട്ടി കലര്‍ത്തി ഒരു ദിവസം തണലത്ത് വയ്ക്കുക. തുടര്‍ന്ന് ഗ്രോബാഗിന്റെ 75-80 ശതമാനം ഇവ നിറച്ച് തൈകള്‍ നടാം. വിത്താണ് നടുന്നതെങ്കില്‍ വിത്തിന്റെ വലുപ്പത്തിലേ വിത്ത് താഴാന്‍ പാടുള്ളു (വിത്ത് വിത്തോളം). തൈയ്യാണെങ്കില്‍ വേരിന്റെ മുകളില്‍ മണ്ണ് വരത്തക്ക വിധത്തില്‍ നടേണ്ടതാണ്. ഒരാഴ്ച്ച കൊണ്ട് പുതിയ വേരുകള്‍ വന്ന് തുടങ്ങും. 20 ദിവസം കൂടുമ്പോള്‍ ജൈവ വളങ്ങള്‍ ചേര്‍ത്താല്‍ രണ്ടു മാസത്തിനുള്ളില്‍ ഫലം ലഭിക്കും. മേല്‍ പറഞ്ഞ അളവില്‍ 20-22 ഗ്രോ ബാഗ് തയാറാക്കാന്‍ കഴിയും. രണ്ടു ടേമിലായി ഇത്തരത്തില്‍ ഗ്രോ ബാഗ് തയാറാക്കിയാല്‍ ഒരു വര്‍ഷത്തിനു വേണ്ട പച്ചക്കറികള്‍ നമുക്ക് വീട്ടില്‍ തന്നെ ഉത്പാദിപ്പിക്കാം, ചെലവ് 1000-1200 രൂപ മാത്രം. വിഷം പ്രയോഗിക്കാത്ത നല്ല പച്ചക്കറികള്‍ കഴിച്ച് ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാം.

കോവല്‍ പാലിനു തുല്ലൃം, പ്രമേഹക്കാര്‍ക്ക് ഉത്തമം

അടുക്കളത്തോട്ട പരിപാലനം

അടുക്കളത്തോട്ട പരിപാലനംപറയിപെറ്റ പന്തിരുകുലത്തില്‍ പാക്കനാരു കൊണ്ടുവന്ന പശുവിന്റെ അകിട് അഗ്നിഗോത്രി വലിച്ചെറിഞ്ഞത്് കോവലായി മാറിയെന്നാണ് ഐതിഹ്യം. കോവല്‍ പാലിനു സമമാണെന്നാണ് പറയുക. രുചിയും പോഷകങ്ങളും ഏറെയടങ്ങിയ വിളയാണിത്. കോവയ്ക്കയുടെ ജന്മദേശം ഈസ്റ്റ് ആഫ്രിക്കയാണ്. വിറ്റാമിന്‍ ബി1, വിറ്റാമിന്‍ ബി2, അയണ്‍, പൊട്ടാസൃം, കാല്‍സൃം, ഫൈബര്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. കോവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുകയും ക്ഷീണം കുറയുന്നതിനു സഹായിക്കുകയും ചെയ്യുന്നു. മൂത്രത്തില്‍ കല്ലിനെ നിയന്ത്രിക്കുന്നതിനും കോവല്‍ നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

നടുന്ന രീതി

വള്ളിയായി പടരുന്നതിനാല്‍ പന്തലിട്ടോ മറ്റു മരങ്ങളിലേക്ക് പടര്‍ത്തിയോ വേണം നടാന്‍. തണ്ടു മുറിച്ചെടുത്താണ് നടുന്നത് . തടങ്ങളെടുത്ത് നടാം്. കൂടാതെ ചെറിയ കവറുകളില്‍ മണ്ണുനിറച്ച്് നട്ടുമുളപ്പിച്ചതിനു ശേഷം മണ്ണില്‍ നടുന്ന രീതിയും നല്ലതാണ്. ജൈവവളം, ചാണകപ്പൊടി എന്നിവ ചേര്‍ത്തുവേണം നടാന്‍. മേയ്-ജൂണ്‍ മാസങ്ങളില്‍ നടുന്നതാണ് നല്ലത് .വേനല്‍ക്കാലത്ത്് നന്നായി വെള്ളമൊഴിച്ചുകൊടുക്കണം. ധാരാളം ഫലങ്ങള്‍ കിട്ടാന്‍ നയ്ക്കുന്നത് സഹായിക്കും. വള്ളി നീളുന്നതനുസരിച്ച് ഇടയ്്ക്കു പച്ചചാണക കുഴമ്പ്് ഒഴിച്ചുകൊടുക്കുന്നത്് വേരോട്ടമുണ്ടാകാന്‍ സഹായിക്കും. നല്ല വെയിലുള്ള സ്ഥലം നോക്കി പന്തലിട്ടു പടര്‍ത്തി വിടണം. നന്നായി പരിപാലിച്ചാല്‍ വര്‍ഷം മുഴുവന്‍ കായ്കള്‍ ലഭിക്കും. വലുപ്പം കൂടിയ കായ്കള്‍ ഉണ്ടാകുന്ന സുലഭ ഒരു പ്രധാന ഇനമാണ്. കായീച്ചയുടെ അക്രമണമാണ്് കോവലില്‍ കണ്ടുവരുന്ന പ്രധാന പ്രശ്‌നം. ഫെറമോണ്‍ കെണി കായീച്ചയെ തുരത്താന്‍ നല്ലതാണ്. പുതുമഴയത്ത്് കോവല്‍ വെട്ടിവിട്ടാല്‍ വീണ്ടും കിളിര്‍ത്തു പുതിയ വള്ളിവീശി നല്ല ഫലം ലഭിക്കും.

കടപ്പാട്-http:harithakeralamnews.com

അവസാനം പരിഷ്കരിച്ചത് : 7/17/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate